অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മറവിരോഗം

 

നിങ്ങള്‍ക്ക് കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതില്‍ എപ്പോഴും ബുദ്ധിമുട്ട് നേരിടാറുണ്ടെങ്കില്‍, നിങ്ങളുടെ മനസ്സ് അല്‍ഷിമേഴ്‌സ് രോഗത്തിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍, മറവിയുടെ കാരണം അത് മാത്രമായിരിക്കണം എന്നില്ല.ജനസമൂഹത്തിന് പ്രായമേറുമ്പോള്‍ അവരില്‍ വാര്‍ധക്യരോഗങ്ങളും വര്‍ധിക്കുന്നു. വാര്‍ധക്യ സംബന്ധമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് അല്‍ഷിമേഴ്‌സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം. മറവിരോഗം എന്നാണ് ഇതിനെ സാധാരണക്കാര്‍ വിളിക്കുന്നത്. ഓരോ ഏഴ് സെക്കന്‍ഡിലും ഓരോ അല്‍ഷിമേഴ്‌സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭാരത ജനസംഖ്യയില്‍ 3.7 കോടി ജനങ്ങളാണ് അല്‍ഷിമേഴ്‌സ് ബാധിതര്‍. 2030 ആകുമ്പോള്‍ രോഗബാധിതര്‍ 7.6 കോടിയാകുമെന്നും പഠനങ്ങള്‍ പറയുന്നു.
ലോകത്തെ വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ ദേശീയ ശരാശരി 62 വയസ്സാണെങ്കില്‍ കേരളത്തിന്റേത് 72-74 വയസ്സാണ്. കേരള ജനസംഖ്യയില്‍ 2011-ല്‍ വൃദ്ധരുടെ എണ്ണം 12 ശതമാനം ആയതായാണ് കണക്ക്. അപ്പോള്‍ അല്‍ഷിമേഴ്‌സ് രോഗഭീഷണിയും വ്യാപകമാകുന്നു.അടുത്തിടെ നടത്തിയ ചില പഠനങ്ങളനുസരിച്ച് കേരളത്തില്‍ 65 വയസ്സിന് മുകളിലുള്ളവരില്‍ മൂന്നുശതമാനത്തോളം മറവിരോഗത്താല്‍ വലയുന്നുണ്ട്. ഈ സംഖ്യ ഉയരാനാണ് സാധ്യത. കാരണം അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും പ്രായാധിക്യത്തിന്റെ സ്വാഭാവിക പരിണാമമായി കരുതുന്നവരാണ് ഏറെയും.

എന്താണ് അല്‍ഷിമേഴ്‌സ്

തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാകുന്നത്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ അവയെ പുനര്‍ജീവിപ്പിക്കുക അസാധ്യമായതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സാവിധികള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

അടിസ്ഥാനകാരണം

കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്. പ്രായമായവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 65 വയസ്സിനു മുകളിലുള്ളവരില്‍ 15 പേരില്‍ ഒരാള്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ട്. ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചുവരുന്നതായി കാണാം. 85 നു മുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യതയുണ്ട്. ചില കുടുംബങ്ങളില്‍ രോഗസാധ്യത ഉണ്ടാക്കുന്ന ജീനുകള്‍ തലമുറകളിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലാണ് അല്‍ഷിമേഴ്‌സ് ബാധിതര്‍ കൂടുതലുള്ളത്.

ലക്ഷണങ്ങള്‍

മിക്കപ്പോഴും രോഗം പതുക്കെയാണ് ആരംഭിക്കുക. യഥാര്‍ഥത്തില്‍ പലര്‍ക്കും അവര്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ടെന്ന കാര്യം അറിഞ്ഞുകൊള്ളണമെന്നില്ല. അവര്‍ മറവിയെ വാര്‍ധക്യത്തിന്റെ ഭാഗമായി പഴിചാരുന്നു. എന്നാല്‍ നാളുകള്‍ ചെല്ലുന്തോറും ഓര്‍മശക്തി കുറഞ്ഞുവരുന്നു. അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങളാണ് ആദ്യഘട്ടത്തില്‍ മറന്നുപോകുന്നത്. വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓര്‍മിച്ചെടുക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചെറിയ കണക്കുകള്‍ പോലും ചെയ്യുന്നതിന് പ്രയാസം നേരിടും. കാലക്രമേണ എല്ലാത്തരം ഓര്‍മകളും നശിച്ചുപോകും. ഭാഷയുമായി ബന്ധപ്പെട്ട കഴിവുകള്‍ എന്നിവ നഷ്ടമാകുന്നു. ഈ അവസ്ഥയില്‍ എങ്ങനെ പല്ലുതേക്കണമെന്നും മുടിചീകണമെന്നും മറന്നുപോകുന്നു. കാലക്രമേണ രോഗി വൈകാരികാവസ്ഥയിലും പ്രകടമായ മാറ്റങ്ങള്‍ കാണിച്ചുതുടങ്ങുന്നു. ഇവര്‍ക്ക് ദിശാബോധം നഷ്ടപ്പെടുകയും നിസ്സാര കാര്യങ്ങള്‍പോലും ചെയ്യുന്നതിന് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. രോഗം ഘട്ടംഘട്ടമായി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിനോടൊപ്പം രോഗി ശയ്യാവലംബിയും പരിപൂര്‍ണ പരാശ്രയിയുമായി മാറുന്നു.
അല്‍ഷിമേഴ്‌സ് മൂര്‍ച്ഛിക്കുന്നതിനൊപ്പം പലവിധ പെരുമാറ്റപ്രശ്‌നങ്ങളും മാനസിക രോഗലക്ഷണങ്ങളും പ്രകടമാകുന്നു. പലതരത്തിലുള്ള മിഥ്യാധാരണകളും മിഥ്യാഭ്രമങ്ങളും ഇവര്‍ പ്രകടമാക്കുന്നു. ഇപ്പോള്‍ താമസിക്കുന്നത് സ്വന്തം വീട്ടിലല്ല, മറ്റേതോ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ് എന്നൊക്കെ ഇവര്‍ നിരന്തരം പരാതിപ്പെടും. ഈ ധാരണയില്‍ പലപ്പോഴും വീടുവിട്ട് പുറത്ത് ഇറങ്ങിപ്പോകാന്‍ ശ്രമിക്കുന്നു. മറ്റൊന്ന്, തങ്ങളുടെ സാധനങ്ങളും വസ്തുവകകളും മറ്റാരോ മോഷ്ടിക്കുന്നു എന്ന ആരോപണമാണ്. സ്വന്തം കുടുംബാംഗങ്ങളെപ്പോലും തിരിച്ചറിയാന്‍ ചിലര്‍ക്ക് കഴിയില്ല. അനുചിതമായ ലൈംഗികസ്വഭാവങ്ങള്‍ ഇവര്‍ കാണിക്കും. ചില രോഗികള്‍ സംശയാലുക്കളായിത്തീരുന്നു. ചിലരാകട്ടെ മറ്റുള്ളവര്‍ തങ്ങളെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന മിഥ്യാധാരണ പ്രകടിപ്പിക്കുന്നു.

ചികിത്സയും പുനരധിവാസവും

ഫലപ്രദമായ ഔഷധങ്ങളൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഇന്ന് പ്രചാരത്തിലുള്ള ഔഷധങ്ങള്‍ രോഗാവസ്ഥ മൂര്‍ച്ഛിക്കാതിരിക്കുന്നതിനും ദിനചര്യകള്‍ നടത്തിക്കൊണ്ടുപോകാനുള്ള കഴിവ് നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അല്‍ഷിമേഴ്‌സ് രോഗികളുടെ നാഡീകോശങ്ങളില്‍ അസറ്റൈന്‍ കോളിന്‍ എന്ന രാസവസ്തുവിന്റെ കുറവ് ഉള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഈ രാസവസ്തുവിന്റെ വിഘടനം തടഞ്ഞ് തലച്ചോറില്‍ അതിന്റെ അളവ് വര്‍ധിപ്പിക്കുന്ന ഔഷധങ്ങളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ഡോണപ്പസില്‍, റിവാസ്റ്റിഗ്മിന്‍, മെമാന്റിന്‍, ഗാലന്റമിന്‍ തുടങ്ങി വിദേശരാജ്യങ്ങളില്‍ ലഭ്യമായിട്ടുള്ള ഒട്ടുമിക്ക ഔഷധങ്ങളും ഇന്ന് ഇന്ത്യയില്‍ ലഭ്യമാണ്. ഇത്തരം മരുന്നുകള്‍ അസുഖത്തിന്റെ മുന്നോട്ടുള്ള ഗതിയെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അസുഖം നേരത്തേ കണ്ടുപിടിക്കാന്‍ ഇടയാകുന്നപക്ഷം ഈ മരുന്നുകള്‍ കൂടുതല്‍ പ്രയോജനം ചെയ്‌തേക്കും.

പരിചരണം

രോഗത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍, രോഗിയുടെ സവിശേഷതകള്‍ ഇവയൊക്കെ ഉള്‍ക്കൊണ്ട് ശരിയായ രീതിയിലുള്ള പരിചരണം ഉറപ്പുവരുത്തുക അതിപ്രധാനമാണ്. ഇതിന് വിദഗ്ധരുടെ സഹായം തേടാം. ഇതോടൊപ്പം തന്നെ അല്‍ഷിമേഴ്‌സ് രോഗബാധിതരും അവരുടെ ബന്ധുക്കളും അനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനുവേണ്ടിയുള്ള സഹായങ്ങളും സാന്ത്വനങ്ങളും ആവശ്യമാണ്.

അല്‍ഷിമേഴ്‌സ് പ്രതിരോധിക്കാമോ ?

അല്‍ഷിമേഴ്‌സ് രോഗത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലാത്തതിനാല്‍ ഇത് പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളൊന്നും നിലവിലില്ല. കൂടുതല്‍ ഗവേഷണങ്ങളുടെ ഫലമായി പുതിയ പ്രതിരോധ മാര്‍ഗങ്ങള്‍ ഉരുത്തിരിയുന്നതിനനുസരിച്ച് അവ ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തുന്നത് ഈ രോഗം ഒഴിവാക്കുന്നതിന് ഒരു പരിധിവരെ സഹായിച്ചേക്കും. മാനസികവും ശാരീരികവുമായി പ്രവര്‍ത്തനനിരതരാകുക, ശരിയായ രക്തസമ്മര്‍ദം നിലനിര്‍ത്തുക, തലയിലെ പരിക്കുകള്‍ ഒഴിവാക്കുന്നതിന് സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമാണ്. കൂടാതെ ശരിയായ ഭക്ഷണക്രമം പാലിക്കുക, മദ്യപാനം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ അല്‍ഷിമേഴ്‌സ് കൂടാതെ ഡിമന്‍ഷ്യയ്ക്ക് ഇടയാക്കുന്ന മറ്റു രോഗങ്ങളും തടയാന്‍ കുറേയൊക്കെ സാധിക്കും.

മറവിരോഗത്തിനുള്ള കാരണങ്ങള്‍! .

ഓര്‍മ്മക്കുറവ്
നിങ്ങള്‍ക്ക് വീടിന്റെ താക്കോല്‍ എവിടെയാണ് വച്ചതെന്ന് ഓര്‍ക്കാന്‍ സാധിക്കാതിരിക്കുകയോ, മീറ്റിങ്ങിനുള്ള അപ്പോയിന്മെന്റ് മറക്കുകയോ ചെയ്യുന്ന അവസ്ഥ വന്നേക്കാം. മധ്യവയസ്സിലോ പ്രായമായവരിലോ ഇത്തരം നിസ്സാര മറവികള്‍ പോലും പേടിപ്പെടുത്തുന്നതാണ്. കാരണം, അവ അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാം.
എന്നാല്‍ അല്‍ഷിമേഴ്‌സ് മാത്രമാവണം മറവിയിലേക്ക് നയിക്കുന്നത് എന്ന് പറയാന്‍ സാധിക്കില്ല. കാരണം അറിയുകയാണെങ്കില്‍ ചികിത്സിച്ച്‌ മാറ്റാന്‍ കഴിയുന്നതാണ് മറവിരോഗം എന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏജിങ് പറയുന്നു. ഓര്‍മ്മ നഷ്ടപ്പെടുന്നത് പല കാരണങ്ങളാല്‍, ഏത് വയസ്സിലും സംഭവിക്കാവുന്നതാണ്.
ബോസ്റ്റനിലെ ബ്രിഘാം ആന്‍ഡ് വുമണ്‍സ് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ സേഥ് ഗേല്‍, എം.ഡി, പറയുന്നത്, "രോഗികളില്‍ പലര്‍ക്കും ഓര്‍മ്മക്കുറവ് അനുഭവപ്പെടുകയും, അതിന്റെ ലക്ഷണങ്ങള്‍ അവര്‍ക്ക് പലര്‍ക്കും ഒരേപോലെയായിരിക്കും അനുഭവപ്പെടുക. എന്നാല്‍ ഒരു ഡോക്ടര്‍ക്ക് മാത്രമേ മനസ്സിലാകൂ, അവരുടെ തലച്ചോറിന്റെ ഏത് ഭാഗത്താണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത് എന്ന്‌.
കാരണങ്ങള്‍
പോളീഫാര്‍മസി (പല തരം മരുന്നുകള്‍ കഴിക്കുന്നത്), വിഷാദരോഗം, ശരിയായ ഉറക്കം ലഭിക്കാത്തത്, എന്നിവയൊക്കെ ഓര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. "തലച്ചോറിലേക്ക് ചുഴിഞ്ഞുനോക്കി പരിശോധിച്ച്‌ എന്താണ് അതിന്റെ പ്രവര്‍ത്തനത്തില്‍ സംഭവിക്കുന്നത് എന്നറിഞ്ഞാല്‍ നിങ്ങള്‍ക്ക് അവരെ സമാശ്വസിപ്പിക്കാന്‍ സാധിക്കും. അവര്‍ക്ക് കാര്യങ്ങള്‍ പഠിക്കുവാനും വിവരങ്ങള്‍ സൂക്ഷിക്കുവാനുമുള്ള കഴിവുണ്ട്. എന്നാല്‍, നിറഞ്ഞുതുളുമ്ബിയ മാനസികോപാധികള്‍ കാരണം അവര്‍ക്ക് പ്രശ്നം സംഭവിക്കുന്നു." എന്നാണ് ഡോ. ഗേല്‍ പറയുന്നത്.
നിങ്ങളുടെ ഓര്‍മ്മശക്തിയുമായി ബന്ധപ്പെട്ട വ്യാകുലതകള്‍ ഡോക്ടറോട് തുറന്ന് സംസാരിക്കുക. അങ്ങിനെയെങ്കില്‍, ഓര്‍മ്മക്കുറവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കണ്ടുപിടിക്കുവാന്‍ എളുപ്പമാകും. ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് ചര്‍ച്ച ചെയ്യുന്നതോടൊപ്പം, എം.ആര്‍.ഐ പോലുള്ള ടെസ്റ്റുകള്‍ നടത്തിയാല്‍ നിങ്ങളുടെ പ്രശ്നം എന്തെന്ന് കണ്ടുപിടിക്കുവാന്‍ ഡോക്ടര്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നു എന്ന് ഗേല്‍ അഭിപ്രായപ്പെടുന്നു.
ചില കേസുകളില്‍ താഴെ കൊടുത്തിരിക്കുന്ന കാരണങ്ങളില്‍ ഒന്നോ അതില്‍ കൂടുതലോ കാരണങ്ങള്‍ ഓര്‍മ്മക്കുറവിന് പങ്കുവഹിക്കുന്നു.
കൂര്‍ക്കം വലി
ഉറങ്ങുന്നതിനിടയില്‍ ശ്വാസം വലിക്കുന്നതില്‍ ഉണ്ടാകുന്ന തടസ്സം മൂലമാണ് കൂര്‍ക്കം വലിക്കുന്നത്. ഇത് ഓര്‍മ്മക്കുറവും മറവിരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ ജോണ്‍സ് ഹോപ്കിന്‍സിലെ മെമ്മറി ആന്‍ഡ് അല്ഷിമേഴ്സ് ട്രീറ്റ്‌മെന്റ് സെന്ററിലെ ഡയറക്ടറും, ജോണ്‍സ് ഹോപ്കിന്‍സ് ബേവ്യൂവിലെ പ്രൊഫസറും സൈക്യാട്രീ മേധാവിയുമായ കൊണ്‍സ്റ്റന്റൈന്‍ ലൈക്കെട്സോസ് പറയുന്നു.
തലവേദനയോടെ എഴുന്നേല്‍ക്കുമ്ബോഴും, പകല്‍സമയത്തെ തളര്‍ച്ചയുമെല്ലാം ഇതിന് കാരണമായേക്കാം.
ഇത് ചികിത്സ നല്‍കിയില്ലെങ്കില്‍ നമ്മുടെ നാവിഗേഷണല്‍ ഓര്‍മ്മശക്തി കുറയ്ക്കുന്നു എന്ന് ദി ജേര്‍ണല്‍ ഓഫ് ന്യൂറോസയന്‍സ് പറയുന്നു. ദിശകള്‍ ഓര്‍ക്കുക, താക്കോല്‍ പോലെയുള്ള വസ്തുക്കള്‍ എവിടെ വച്ചു എന്ന് ഓര്‍ക്കുക, ഇവയെല്ലാം ഇത്തരത്തില്‍ ഉള്ള ഓര്‍മ്മശക്തിയില്‍ പെടുന്നതാണ്. ഗാഢ നിദ്ര ലഭിക്കുന്നതാണ് ഓര്‍മ്മശക്തിക്ക് ആധാരമെന്ന് പഠനം വ്യക്തമാക്കുന്നു.
ഈ പ്രശ്നം ഉള്ളവര്‍ക്ക് രാത്രിയില്‍ തലച്ചോറിലേക്കുള്ള ഓക്സിജന്‍ പ്രവാഹത്തിന് പലപ്പോഴും തടസ്സമുണ്ടാക്കുന്നു എന്ന് ഡോ. ലൈക്കെറ്റ്സോസ്.
"തലച്ചോര്‍ സമ്മര്‍ദ്ദത്തില്‍ ആകുമ്ബോള്‍ ആളുകള്‍ എഴുന്നേല്‍ക്കുന്നു" എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കൂര്‍ക്കം ഓര്‍മ്മ ശക്തി നഷ്ടപ്പെടുന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
നിശബ്ദ പ്രഹരം
സാധാരണപോലെ നടക്കണം, ആലോചിക്കണം എന്നിങ്ങനെയുള്ളതില്‍ മാറ്റങ്ങള്‍ സ്ട്രോക്കിലൂടെ നിങ്ങളില്‍ വന്നുചേര്‍ന്നേക്കാം. ഇത് തലച്ചോറിലെ പ്രധാന ധമണികളില്‍ തടസ്സം സൃഷ്ടിക്കും. നിശബ്ദ സ്ട്രോക്കുകള്‍ മൂലം ചെറിയ ഓര്‍മ്മക്കുറവ് തുടങ്ങിയേക്കാം. അതും ചെറിയ രക്തധമനികള്‍ കാരണം. തലച്ചോറില്‍ വരുന്ന ഇത്തരം ചെറുതും വലുതുമായ മാറ്റങ്ങളെ വാസ്കുലാര്‍ കോഗ്നിട്ടീവ് ഇമ്ബയര്‍മെന്റ് എന്ന് വിളിക്കുന്നു.
ഓക്സിജന്റെയും പോഷകങ്ങളുടെയും എന്നിവയ്ക്ക് തടസ്സം നില്‍ക്കുന്ന വേഗം കുറഞ്ഞതോ തടസ്സമായതോ ആയ രക്തയോട്ടം തലച്ചോറിനെ സാരമായി ബാധിക്കും. ഓര്‍മ്മക്കുറവുള്ളവര്‍ക്ക് സ്ട്രോക്ക് അഥവാ തളര്‍വാദം വരാനുള്ള സാധ്യത കൂടുതലാണ്. മറവിരോഗം സ്‌ട്രോക്കിനുള്ള സൂചനയായും കണക്കാക്കാം എന്ന് ജേര്‍ണല്‍ സ്ട്രോക്കില്‍ പ്രസിദ്ധീകരിച്ച പഠനം അല്ല.
മറവിരോഗത്തിനുള്ള കാരണങ്ങള്‍!
മരുന്നുകള്‍
നിങ്ങളുടെ മരുന്നുകള്‍ മാറ്റേണ്ട സമയമായി എന്ന് ശരീരം തരുന്ന സൂചനയുമാകാം ഈ ഓര്‍മ്മക്കുറവ്. യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി. എ) പറയുന്നത്, ചില തരം മരുന്നുകള്‍ നിങ്ങളുടെ ഓര്‍മ്മശക്തിയെ ബാധിക്കും എന്നാണ്. ഉദാഹരണത്തിന് ;
ഉറക്ക ഗുളികകള്‍
അലര്‍ജിയുടെ മരുന്നുകള്‍
ഉത്കണ്ഠാ രോഗത്തിനുള്ള മരുന്നുകള്‍
വേദനസംഹാരി ഗുളികകള്‍
കൊളസ്ട്രോളിനുള്ള ഗുളികകള്‍
പ്രമേഹ മരുന്നുകള്‍
സ്റ്റാറ്റിന്‍സ് എന്ന കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ ഉപയോഗിക്കുന്ന മരുന്ന് ഓര്‍മ്മ നഷ്ടപ്പെടുന്നതിനും വിഭ്രാന്തിക്കുമെല്ലാം കാരണമായേക്കാം എന്നും എഫ്.ഡി.എ മുന്നറിയിപ്പ് നല്‍കുന്നു.
ഏറ്റവും കൂടുതല്‍ കൊടുക്കുന്ന ടൈപ്പ് 2 പ്രമേഹ മരുന്നായ മെറ്റ്ഫോര്‍മിന്‍ ഗുളികയും ഓര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്നതാണ്. ഡയബറ്റിസ് കെയറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്, ഈ മരുന്ന് ഉപയോഗിക്കുന്ന പ്രമേഹ രോഗികള്‍ക്ക് ഇത് ഉപയോഗിക്കാത്തവരെക്കാള്‍ മറവി പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്നാണ്.
പോഷക കുറവ്
നാഡികളുടെ പ്രവര്‍ത്ഥനത്തിനാവശ്യമായ ബി വിറ്റാമിനുകളില്‍ ഒന്നായ ബി12 മതിയായ അളവ് ഇല്ലെങ്കില്‍, അത് വിഭ്രാന്തിക്കും മതിഭ്രമത്തിനും കാരണമായേക്കാം. ദിനംപ്രതി 2.4 മൈക്രോഗ്രാം ബി12 നിങ്ങളുടെ ശരീരത്തില്‍ എത്തണം. ഇതിനായി പാല്‍ ഉല്‍പ്പന്നങ്ങള്‍, മത്സ്യമാംസാദികള്‍, കരുത്തുറ്റ ധാന്യങ്ങള്‍ എന്നിവ കഴിക്കുക.
ഞങ്ങളുടെ സൗജന്യ ഓണ്‍ലൈന്‍ ടൂള്‍ ഉപയോഗിച്ച്‌ വിറ്റാമിന്‍ ലഭിക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന്‌ നോക്കാവുന്നതാണ്.
മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദരോഗം
കടുത്ത മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ഓര്‍മ്മക്കുറവിലേക്ക് നയിക്കുമെന്ന് ലൈകെറ്റ്സോസ് മുന്നറിയിപ്പ് നല്‍കുന്നു. ഇത് കൂടുതലായും കണ്ടുവരുന്നത് ജോലിയും വീടും ആയി ഓടി നടന്ന്, ഉറക്കം അധികം ലഭിക്കാതെ വരുന്ന ആളുകളിലാണ്. സമ്മര്‍ദ്ദം കുറച്ചാല്‍ ഓര്‍മ്മയ്ക്ക് നല്ലതാണെന്ന് ലൈകെസ്റ്റോസ് അഭിപ്രായപ്പെടുന്നു.
കടപ്പാട്:boldsky,മാതൃഭൂമി


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate