Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / മഞ്ഞുകാലവും ആരോഗ്യവും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മഞ്ഞുകാലവും ആരോഗ്യവും

മഞ്ഞുകാലമെത്തിയാല്‍ ആരോഗ്യകാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്‌.

വില്ലന്‍മാരായ രോഗങ്ങള്‍ തലയുയര്‍ത്തുന്നതാണ്‌ മഞ്ഞുകാലം ദുസ്സഹമാക്കുന്നത്‌. അതുകൊണ്ടുതന്നെ മഞ്ഞുകാലമെത്തിയാല്‍ ആരോഗ്യകാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്‌.

പുലര്‍കാലെ മഞ്ഞും കൊണ്ട്‌ മുറ്റത്തുകൂടി നടക്കുമ്പോള്‍ കിട്ടുന്ന സുഖം..ഹാ പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. പക്ഷേ ഇങ്ങനെ നടക്കുമ്പോള്‍ കൂടെ കൂടുന്ന അസുഖങ്ങളെ നമ്മള്‍ മറന്നുപോകരുത്‌.

ശ്വാസ തടസം, ആസ്‌തമ, ടോണ്‍സിലൈറ്റിസ്‌, വൈറല്‍ പനി എന്നിവ മഞ്ഞുകാലത്തിന്റെ വരവറിയിക്കുന്ന ചില ആരോഗ്യ പ്രശ്‌നങ്ങള്‍മാത്രം.

കാലാവസ്‌ഥയ്‌ക്കൊപ്പം മാറിമറിയുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന വെല്ലുവിളികള്‍ നിരവധിയാണ്‌. തണുപ്പ്‌ അസഹ്യമാകുന്നതോടെ ജലദോഷവും വാതരോഗങ്ങളും തലയുയര്‍ത്തും.

ഒച്ചയടപ്പും ആസ്‌ത്മയും

പ്രായഭേദമെന്യേയുള്ള ആരോഗ്യ പ്രശ്‌നമാണ്‌ ഒച്ചയടപ്പ്‌. ഇതിനെ ചെറുക്കാനായി ചൂടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രം ഉപയോഗിക്കുന്നത്‌ ശീലമാക്കുക. കുരുമുളകു കാപ്പി ഒച്ചയടപ്പുമാറാന്‍ നല്ലതാണ്‌.

കാലാവസ്‌ഥയിലുണ്ടാവുന്ന മാറ്റങ്ങള്‍ ഗുരുതരമായി ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമാണ്‌ ആസ്‌ത്മ. അസഹ്യമായ തണുപ്പ്‌ ആസ്‌ത്മാരോഗികളെ ഏറെ അലട്ടുന്നു.

മൂക്കില്‍ നിന്നു ശ്വാസകോശങ്ങളിലെ നേര്‍ത്ത അറകളിലേക്ക്‌ വായു എത്തിക്കുന്ന ശ്വാസക്കുഴല്‍ ചുരുങ്ങി ശ്വാസതടസം അനുഭവപ്പെടുന്ന അവസ്‌ഥയാണിത്‌.

ശ്വാസമെടുക്കുമ്പോള്‍ ചൂളംവിളിക്കുന്നതുപോലെയുള്ള ശബ്‌ദം, ശ്വാസംമുട്ട്‌, കുറുകലും ചുമയും എന്നിവയാണ്‌ ആസ്‌തമയുടെ പ്രധാന ലക്ഷണങ്ങള്‍. പൊടി, പുക മുതലായ അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങളാണ്‌ പ്രധാനമായും ആസ്‌തമയ്‌ക്ക് കാരണമാകുന്നത്‌.

ഇത്തരക്കാര്‍ അലര്‍ജി ഏതു വസ്‌തുവാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ഒഴിവാക്കേണ്ടതാണ്‌. പുകയില്‍ നിന്ന്‌ ഒഴിഞ്ഞുമാറുക. പ്രത്യേകിച്ച്‌ കൊതുകുതിരി പോലെയുള്ളവയുടെ പുക പ്രശ്‌നം രൂക്ഷമാക്കും.

കമ്പിളിയില്‍ പൊടി പടലങ്ങള്‍ കൂടുതലായുള്ളതിനാല്‍ കമ്പിളിയുടെ ഉപയോഗം നല്ലതല്ല. കിടക്ക, തലയണ, കമ്പിളിപ്പുതപ്പ്‌ എന്നിവ ഉപയോഗിക്കുന്നുവെങ്കില്‍ അവ പൂര്‍ണ്ണമായും അണുവിമുക്‌തമാക്കുന്നതില്‍ ശ്രദ്ധിക്കണം.

കിടക്കവിരിയും പുതപ്പുമൊക്കെ ചൂടുവെള്ളത്തില്‍ കഴുകി വെയിലത്തിട്ടുണക്കണം. മുറികളും ജനലുകളുമൊക്കെ നനച്ച്‌ തുടച്ച്‌ പൊടി വിമുക്‌തമാക്കുക. ഇത്തരക്കാര്‍ വാഹനമോടിക്കുമ്പോള്‍ ഫെയ്‌സ് മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

പൂക്കളുണ്ടാവുന്ന ചെടികളും മണമുള്ള ഇലകളുള്ള ചെടികളും മുറികളില്‍ വയ്‌ക്കാതിരിക്കുക. തണുത്ത ഭക്ഷണം കഴിവതും ഒഴിവാക്കുക. മുറിയില്‍ കടലാസും അലക്കാനുള്ള തുണികളുമൊക്കെ കൂട്ടിയിടുന്ന പ്രവണത ഒഴിവാക്കുക.

ടോണ്‍സിലൈറ്റിസ്‌

തണുപ്പുകാലമാകുന്നതോടെ ടോണ്‍സിലൈറ്റിസ്‌ മൂലമുണ്ടാകുന്ന തൊണ്ടവേദന അസഹ്യമാകും. ഈ അവസ്‌ഥ പ്രത്യേകിച്ചും കുട്ടികളിലാണ്‌ കൂടുതലായും കണ്ടുവരുന്നത്‌.

തൊണ്ടവേദന, ആഹാരവും ഉമിനീരും ഇറക്കാനുള്ള ബുദ്ധിമുട്ട്‌, പനി എന്നിവയാണ്‌ പ്രധാനമായും ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ചെറുചൂടോടെ ഉപ്പുവെള്ളം കൊണ്ട്‌ കവിള്‍ കൊള്ളുന്നത്‌ നന്നായിരിക്കും.

രണ്ടുനേരം പല്ലുതേക്കുകയും ഇടയ്‌ക്കിടെ ദന്തഡോക്‌ടറെ സമീപിക്കുന്നതും നല്ലതാണ്‌. ടോണ്‍സിലൈറ്റിസിനെ കൃത്യമായി ചികിത്സിച്ച്‌ ഭേദമാക്കിയില്ലെങ്കില്‍ അത്‌ മറ്റുള്ള അവയവങ്ങളെക്കുടി ബാധിക്കാനിടയുണ്ട്‌.

അതിരാവിലെ നടക്കാന്‍പോകുന്ന ശീലമുള്ളവരാണെങ്കില്‍ ചെവി നന്നായി മൂടിക്കൊണ്ടുമാത്രം പുറത്തേയ്‌ക്കിറങ്ങുക.

വൈറല്‍പനി

വൈറല്‍പനിയാണ്‌ മറ്റൊരു വില്ലന്‍. വൈറസിന്റെ സ്വഭാവമനുസരിച്ച്‌ രോഗത്തിന്റെ ലക്ഷണങ്ങളില്‍ മാറ്റമുണ്ടാകുമെന്നുമാത്രം. ക്ഷീണം, ശരീര വേദന, സന്ധിവേദന, വയറിളക്കം, തലവേദന എന്നിവയോടുകൂടിയ പനി ഇവയൊക്കെ പ്രധാനമായും വൈറല്‍ പനിയുടെ ലക്ഷണങ്ങളായി കാണാറുണ്ട്‌.

പൂര്‍ണ വിശ്രമമാണ്‌ വൈറല്‍ പനിയെ പ്രതിരോധിക്കാനുള്ള ഒരുമാര്‍ഗ്ഗം. ഈ സമയത്ത്‌ ലഘുവായ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. കര്‍ശനമായ ശുചിത്വം പാലിക്കേണ്ടതും ഒരു ആവശ്യകതയാണ്‌.

പലരും പനിയല്ലേ എന്ന ധാരണയില്‍ സ്വയചികിത്സയ്‌ക്ക് മുതിരാറുണ്ട്‌. ഈ പ്രവണത പലപ്പോഴും അപകടങ്ങളെ വിളിച്ചുവരുത്തുകയാണ്‌ ചെയ്യുന്നത്‌.

കണ്‍ജന്റിവൈറ്റിസ്‌

മഞ്ഞുകാലത്ത്‌ പടര്‍ന്നുപിടിക്കുന്ന അലര്‍ജിക്‌ കണ്‍ജന്റിവൈറ്റിസ്‌. കണ്ണുകളില്‍ ചൊറിച്ചിലുണ്ടാവുക, കണ്ണുകള്‍ ചുവന്ന നിറത്തിലാവുക എന്നിവയാണ്‌ കണ്ണുകള്‍ക്ക്‌ ഉണ്ടാകാവുന്ന മഞ്ഞുകാല രോഗങ്ങള്‍.

കാറ്റില്‍ പറന്നെത്തുന്ന പൂമ്പൊടികളും പൊടി പടലങ്ങളുമൊക്കെയാണ്‌ ഇതിനു കാരണം. യാത്രചെയ്യുമ്പോള്‍ സണ്‍ഗ്ലാസ്‌ ഉപയോഗിക്കുന്നത്‌ നന്നായിരിക്കും. ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ ഹെല്‍മെറ്റ്‌ ധരിക്കുന്നത്‌ ശീലമാക്കുക.

വരണ്ടകാറ്റും പൊടിപടലങ്ങളുമേറ്റാല്‍ കണ്ണ്‌ വരണ്ടുണങ്ങാനും കൃഷ്‌ണമണിയുടെ ശരിയായ ചലനത്തിനും തടസം ഉണ്ടാവാനിടയുണ്ട്‌. ഇടയ്‌ക്കിടെ തണുത്തവെള്ളത്തില്‍ മുഖം കഴുകുന്നത്‌ കണ്ണുകളുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന്‌ നല്ലതാണ്‌.

മഞ്ഞുകാലം സൗന്ദര്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണ്ട സമയമാണ്‌. കാല്‍പാദങ്ങള്‍ വരഞ്ഞുകീറുകയും, ചര്‍മ്മം വരളുകയും, ചുണ്ടുകള്‍ വരഞ്ഞുപൊട്ടുന്നതും തൊലിപൊളിയുകയുമൊക്കെ ചെയ്യുന്നതാണ്‌ സ്‌ത്രീകളെ അലട്ടുന്നത്‌.

മഞ്ഞുകാലങ്ങളില്‍ മുന്‍കരുതല്‍ എടുക്കുകയാണ്‌ രോഗത്തെ അകറ്റാനുള്ള ഏകവഴി.

കടപ്പാട് :അബിത പുല്ലാട്ട്‌

2.96666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top