Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഭക്ഷ്യവസ്തുക്കളിലെ മായം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഭക്ഷ്യവസ്തുക്കളിലെ മായം

കൂടുതല്‍ വിവരങ്ങള്‍

കരിക്കും കറിവേപ്പിലയും സുരക്ഷിതമോ?

പണ്ടെ‍ാക്കെ നല്ല പച്ചക്കറി തിരഞ്ഞെടുക്കാൻ നല്ല തുടുപ്പും നിറവുമുണ്ടോ എന്നാണ് നോക്കിയിരുന്നത്. എന്നാൽ ഇന്നോ? നല്ല നിറവും തുടപ്പും മുഴുപ്പുമുള്ള പച്ചക്കറി തപ്പിയെടുത്താൽ പണികിട്ടും. കാരണം ആ നിറവും വലുപ്പവുമെല്ലാം വിവിധ രാസപദാർഥങ്ങളും നിറങ്ങളും കാർ ബൈഡും തളിച്ച് കൃത്രിമമായി സൃഷ്ടിക്കുന്നതാണ്. മുന്ത‍ിരിങ്ങ, ആപ്പിൾ, അത്തപ്പഴം എന്നിവയിലൊക്കെ കീടനാശിനി അംശങ്ങളുണ്ടെന്ന് സാധാരണക്കാർക്കുൾപ്പെടെ അറിയാം. എന്നാൽ പൊതുവേ സുരക്ഷിതമെന്നു കരുതുന്ന കരിക്കും കറിവേപ്പിലയും പോലുള്ളവയുടെ സ്ഥിതി എന്താണ്? ഒരു അന്വേഷണം.

വിത്തുവിതയ്ക്കുന്നത‍ിനു മുമ്പ് കളനാശിനിയായി തുടങ്ങുന്നു വിഷപ്രയോഗം. വളർച്ചയുടെ ഒാരോ ഘട്ടത്തിലും വിവിധ കീടനാശിനികൾ മാറി മാറി അടിക്കുന്നു. കൂടാതെ വിളവെടുക്കുന്നതിനു തൊട്ടുമുമ്പ് ഒരു മരുന്നടി കൂടെയുണ്ട് . എങ്കിലേ വിറ്റു തീരും വരെ ഇവ കേടുകൂടാതിരിക്കൂ. കറിവേപ്പിലയിലൊക്കെ കടകളിലേക്ക് കയറ്റിയയ്ക്കുന്നതിനു തൊട്ടുമുമ്പും വിഷം സ്പ്രേ ചെയ്തുകൊടുക്കുന്നുണ്ടത്രെ. പഴങ്ങൾക്ക് തുടുപ്പും മിനുപ്പും കിട്ടാൻ മെഴുകുപുരട്ടുക, ഫ്രഷായി തോന്നിക്കാൻ കൃത്രിമനിറങ്ങളിൽ മുക്കിയെടുക്കുക എന്നിങ്ങനെ പോകുന്നു മറ്റ് പച്ചക്കറി വിൽപന സൂത്രങ്ങൾ.

റമ്മടിച്ച് ഏലയ്ക്ക, വിഷപരിധി വിട്ട് കറിവേപ്പില

നാം നിത്യജീവിതത്തിൽ സംശയലേശമന്യേ ഉപയോഗിക്കുന്ന പല ഭക്ഷ്യവസ്തുക്കളില‌‍ും വിഷാംശങ്ങളും നിരോധിക്കപ്പെട്ട കീടനാശിനികളുടെ പോലും അവശിഷ്ടങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് തിരുവനന്തപുരത്തെ വെള്ളായണിയിലെ കീടനാശിനി അവശിഷ്ട പരിശോധന ലാബിൽ നിന്നുള്ള ഫലങ്ങൾ കാണിക്കുന്നത്.

ഏലയ്ക്ക

ഇറച്ചിക്കറ‍ി മുതൽ പായസം വരെ എന്തിലും ഏതിലും മണവും രുചിയും കൂട്ടാൻ‌ പൊടിച്ചിടുന്ന ഏലയ്ക്കയിൽ നിഷ്കർഷിച്ച പരിധിക്കും മുകളിലാണ് വിഷാംശം കണ്ടെത്തിയത്. ക്യൂനാൽഫോസ് സെപെർമെത്രിൻ, ക്ലോർ പെറിഫോസ്, എത്തയോൺ, ലാംബ്ഡാ, സൈഹാലോത്രിൻ എന്നിവയുടെ അംശമാണ് കണ്ടത്. പരിശോധനകളിൽ വെളിവായിട്ടില്ലെങ്കിലും നിരോധിച്ച കീടനാശിനികളായ എൻഡോസൾഫാനും ഫ്യൂറാഡാനും ഏലക്കൃഷിയിൽ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ നിരോധിച്ച കീടനാശിനികൾ പലതും തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികൾ വഴിയാണ് ഏലത്തോട്ടങ്ങളിലെത്തുന്നത്. ഏലം വേഗം പൂക്കാനും കായ വളരാനും സ്റ്റീറോയ്ഡുകളും ആന്റിബയോട്ടിക്കുകളും വിറ്റമിൻ ബിയും പോലുള്ള അലോപ്പതി മരുന്നുകളും റമ്മും വരെ ചേർക്കുന്നുണ്ടെന്നാണ് റിപ്പ‍ോർട്ടുകൾ.

കറിമസാല, ജീരകം, അയമോദകം

ചുവന്ന മുളകിൽ എത്തയോൺ, ബെഫെൻത്രിൻ, പ്രൊപെനോഫോസ് എന്നിവയുടെ അംശംമാണ് കണ്ടെത്തിയത്. എത്തയോൺ‌ ഒാർഗാനോഫോസ്ഫെറ്റ് വിഭാഗത്തിൽ പെടുന്ന കീടനാശിനിയാണ്. നാഡ‍ീവ്യൂഹത്തിന്റെ പ്രവർ‌ത്തനം മന്ദീഭവിപ്പിക്കാൻ ശേഷിയുള്ളതാണിത്.

ജീരകത്തിൽ ക്ലോർപെറിഫോസിന്റെയും സെപെർമെത്രിന്റെയും അംശം കണ്ടിരുന്നു. ക്യൂനാൽഫോസിന്റെയും ക്ലോർപെറിഫോസിന്റെയും അംശം ജീരകപ്പൊടിയിലുണ്ട്. വികസിതരാജ്യങ്ങളിൽ നിരോധിത കീടനാശിനിയായാണ് ക്യ‍ുനൽഫോസിനെ കണക്കാക്കുന്നത്. ഫോർമോൺ വ്യവസ്ഥയെ തകിടം മറിക്കാൻ ശേഷിയുള്ള മാരകവിഷമാണിത്. രസംപൊടിയിൽ പ്രൊഫൈനോഫോസിന്റെ അംശം കണ്ടിരുന്നു. ഇതു രസംപൊടിയിൽ ചേർക്കുന്ന മുളകുവഴി വന്നതാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പൊതുവേ സുരക്ഷിതമെന്നു കരുതിപ്പോരുന്ന, കുഞ്ഞ‍ുങ്ങൾക്കു സംശയലേശമന്യേ നൽകുന്ന അയമോദകത്തിൽ പ്രൊഫെനോഫോസ് എന്ന നിരോധിത കീടനാശിനിയുടെ അംശം കണ്ടു. പ്രൊഫൈനോഫോസ് പച്ചക്കറി കൃഷിയിൽ അനുവദിച്ചിട്ടുള്ള കീടനാശിനിയല്ല. അതുകൊണ്ടു തന്നെ പൊതുവേ സുരക്ഷിതമായ ഒരു അളവ് ഇതിനു നിഷ്കർഷിച്ചിട്ടുമില്ല.

കറിവേപ്പിലയില

ഡൈമെത്തോയേറ്റ്, പ്ര‍ൊഫൈനോഫോസ്, ബൈഫെൻത്രിൻ, ഏത്തയോൺ, സൈഹാലോത്രിൻ, സൈപ്പർമെത്രിൻ, മീതൈൽ പാരത്തിയോൺ എന്നിങ്ങനെ ഒരു കൂട്ടം വിഷങ്ങളുണ്ട് കറിവേപ്പിലയിൽ. ചില കറിവേപ്പില സാമ്പിളുകളിൽ ഈ വിഷാംശങ്ങൾ നിഷ്കർഷിച്ചിരിക്കുന്ന പരിധിവിട്ടും കണ്ടിരുന്നു.

മല്ലിയില, പുതിനയില, പച്ചമുളക്

ക്ലോർപൈറോഫോസ്, എതിയോൺ, ഫോറേറ്റ്, പ്രൊഫേനോഫോസ് എന്നിവയുടെ അവശിഷ്ടങ്ങളാണ് മല്ലിയിലയിൽ കണ്ടത്. ഇതിൽ ഫോറേറ്റ് അതിമാരകമായ വിഷമാണ്. പുതിനയിലയിൽ ക്ലോർപെറ‍ിഫൊസ് എന്ന കീടനാശിനിയുടെ അംശമാണ് കണ്ടത്. പച്ചമുളകിൽ എത്തയോൺ പ്രൊഫെനോഫോസ് എന്നിവയുടെ അവശിഷ്ടം കണ്ടു.

മഞ്ഞ ഉണക്കമുന്തിരിയിൽ കോർപെറ‍ിഫോസ്, പ്രോഫെനോ ഫോസ്, സൈഹാലോത്ര‍ിൻ എന്നീ കീടനാശിനികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇവയ്ക്കൊന്നും സുരക്ഷിത ഉപയോഗപരിധി നിശ്ചയിച്ചിട്ടുപോലുമില്ല. മുന്തിരിയുടെ വളർച്ചാഘട്ടത്തിൽ ചേർക്കുന്ന കീടനാശിനികളാകാം ഇതെന്നാണ് അനുമാനം. മുന്തിരിപ്പാടങ്ങളിൽ വൻതോതിൽ രാസമരുന്നുകൾ അടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ പരിശോധയിൽ കറുത്ത ഉണക്കമുന്തിരിയിൽ കീടനാശിനികളുടെ അംശം കണ്ടെത്താനായിട്ടില്ല.

പരിശോധനാലാബുകളിൽ നിന്നുവെളിവാകാത്ത ചില യാഥാർഥ്യങ്ങളുണ്ട്. ഫീൽ‌ഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നവ. ആരേയും ഞെട്ടിക്കുന്ന കണക്കുകളും കാഴ്ചകളുമാണ് ഇവിടങ്ങളിൽ നിന്നും ലഭിക്കുന്നത്. ലാഭം മാത്രം മുൻനിർത്തിയുള്ള ഒാട്ടപ്പാച്ചിലിൽ നമ്മ‍ുടെ ഭക്ഷ്യസംസ്കാരം മരണസംസ്കാരമായി മാറുന്നതെങ്ങനെയെന്ന് ഇവിടെങ്ങളിൽ നിന്നുള്ള വിവരങ്ങൾ വെളിവാക്കുന്നു. ‍

കരിക്ക് സുരക്ഷിതമോ?

അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന കരിക്കിൽ വൻതോതിൽ കീടനാശിനികളുടെ അവശിഷ്ടമുണ്ടെന്ന വാർത്ത കോളിളക്കം സൃഷ്ടിച്ചിരുന്നു. മോണോ ക്രോറ്റൊഫോസ്, കോപ്പർ ഒക്സിക്ലോറൈഡ് എന്നിങ്ങനെ ഒന്നിലധികം രാസകീടനാശിനികളുടെ അവശിഷ്ടങ്ങൾ കരിക്കു വെള്ളത്തിൽ കണ്ടെതായി തമിഴ്നാട്ടിൽ നടന്ന ചില പഠനങ്ങൾ സൂചിപ്പിക്കുന്നുമുണ്ട്.

ഏത്തപ്പഴം

ഫ്യൂറഡാൻ, ബെൻസോ ഹെക്സാക്ലോറൈഡ്, എക്കാലക്സ്, ഹിൽബാൻ, ബവിസ്റ്റിൻ, ബോർഡോക്സ് എന്നിങ്ങനെയുള്ള കീടനാശിനികൾ വാഴക്കൃഷിയിൽ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഏത്തവാഴക്കുലകൾ വലുപ്പം വയ്ക്കാന‍ായി പൂവ് ഒടിച്ച് വളർച്ചാത്വരകങ്ങളായ രാസപദാർഥങ്ങൾ മുക്കിവച്ചു കൊടുക്കുന്ന രീതിയും പ്രചാരത്തിലുണ്ടെത്രെ. വണ്ടുകൾ പോലുള്ള കീടങ്ങളെ നശിപ്പിക്കാൻ ഫോറേറ്റ് പോലുള്ള മാരകവിഷങ്ങളാണ് ഉപയോഗിക്കുന്നത്.

പൈനാപ്പിൾ

കേരളത്തിൽ ഏറ്റവുമധികം ആളുകൾ ഭയത്തോടെ കാണുന്ന പഴമാണ് പൈനാപ്പിൾ. ഹോർമോൺ അടിക്കുന്നുവെന്നാണ് പൈനാപ്പിൾ നേരിടുന്ന വലിയ ആരോപണം. എന്നാൽ പൈനാപ്പിൾ ഒരേപോലെ പൂവിടാനാണ് ഹോർമോൺ തളിക്കുന്നതെന്നും വളരെ നിരുപദ്രവകാരിയാണ് ഇതെന്നുമാണ് കർഷകരുടെ വാദം. പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഭീകരനല്ലെങ്കിലും ചിലയിടങ്ങളിലെങ്കിലും നിരോധിക്കപ്പെട്ട കീടനാശിനികളായ എൻഡോസൾഫാനും ഹിൽബാനുമൊക്കെ ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിര‍ുന്നു. കേരളസംസ്ഥാന ബയേ‍ാ ഡൈവേഴ്സിറ്റിബോർഡ് നടത്തിയ നിരീക്ഷണത്തിൽ എത്തിഫോൺ, കാൽസ്യം കാർബണേറ്റ് എന്നിവയൊക്കെ പൈനാപിൾ തോട്ടങ്ങളിൽ അടിക്കുന്നതായി കണ്ടിരുന്നു.

മരുന്നടി തോന്നും പോലെ

അശാസ്ത്ര‍ീയമായ മരുന്നടിയാണ് മിക്കയിടങ്ങളിലും നടക്കുന്നത്. അതാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നതും. പലതരം കീടനാശിനികൾ കൂട്ടിക്കലർത്തി അടിക്കുന്നതും പതിവാണ്. ഇതു ദോഷകരമായ പ്രതിപ്രവർത്തനങ്ങൾക്ക് ഇടയ‍ാക്കാം. കൂടുതൽ വിഷമടിച്ചാൽ കൂടുതൽ വിളവു കിട്ടുമെന്ന ലാഭക്കൊതിയിൽ പച്ചക്കറിപാടങ്ങൾ വിഷത്തിൽ മുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. കേരളകാർഷിക സർവകലാശാലയിൽ നടന്ന ഒരു പഠനത്തിൽ സുരക്ഷിതമായ രാസവസ്തുക്കളുടെ ഉപയോഗം കുറയുന്നതായും രൂക്ഷതയേറിയതും ചെടിയിലേക്ക് ആഴ്ന്നിറങ്ങുന്നതുമായ കീടനാശിനികൾ കൂടുതൽ ഉപയോഗിക്കുന്നതായി കണ്ടിരുന്നു. ഉദാഹരണത്തിന് മാങ്ങ പഴുപ്പിക്കാൻ അനുവദനീയമായത് എതിഫോൺ ആണ്. എന്നാൽ ഇതിനേക്കാൾ വില കുറഞ്ഞതാണ് കാർബൈഡ്. അതുകൊണ്ട് കൂടുതൽ കച്ചവടക്കാരും കാർബൈഡ് ഉപയോഗിക്കുന്നു. എന്നാൽ കാൻസറുണ്ടാക്കാൻ സാധ്യതയുണ്ടെന്നു കണ്ട് വികസിതരാജ്യങ്ങളിൽ നിരോധിച്ചതാണ് കാർബൈഡെന്ന് ആരറിയുന്നു.

കീടനാശിനികളുടെ പ്രവർത്തനം

വളരെ കുറഞ്ഞ അളവിലാണെങ്കിൽ പോലും കീടനാശിനികളുടെ അംശം ദീർഘനാൾ ഉള്ളിലെത്തിയാൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. മനുഷ്യരിലെ കൊഴുപ്പു കലകളിലാണ് വിഷാംശം അടിഞ്ഞുകൂടുന്നത്. ഇങ്ങനെ ഉള്ളിലെത്തുന്ന ചില രാസവസ്തുക്കൾ കാലക്രമേണ വിഘട‍ിച്ച് ശരീരത്തിൽ നിന്നും നീക്കപ്പെടുന്നു. ചിലത് കാലങ്ങളോളം ശരീരത്തിൽ തങ്ങിനിന്ന് ആരോഗ്യപ്രശ‍്നങ്ങളുണ്ടാക്കുന്നു.

രണ്ടു തരത്തിലുള്ള കീടനാശിനികളാണ് പ്രധാനമായും ഉപയോഗിച്ചു കാണുന്നത്. ഒാർഗാനോഫോസ്ഫറസ് സംയുക്തങ്ങളും ഒാർഗാനോക്ലേ‍ാറിൻ സംയുക്തങ്ങളും ക്ലോർപൈറിഫോസ്, മാലത്തിയോൺ, മീതൈൽ പാരത്തിയോൺ എന്നിവ ഒാർഗാനോഫോസ്ഫേറ്റ് വിഭാഗത്തിൽപെട്ട എഡിഎച്ച്ഡി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് നിരീക്ഷണങ്ങളുണ്ട്. ഡിഡിറ്റി, ക്ലോർഡെയ്ൻ, ആൽഡ്രിൻ എന്നിവ രണ്ടാമത്തെ ഗ്രൂപ്പിൽപെടുന്നു. ഒർഗാനോഫോസ്ഫ‍േറ്റുകൾ കീടങ്ങളുടെ നാഡിവ്യൂഹത്തെ പ്രവർത്തനത്തെ തകരാറിലാക്കുന്നവയാണ്. സാമാന്യയുക്തിയിൽ ചിന്തിച്ചാൽ സമാനമായ ജൈവരാസഘടനയുള്ള മനുഷ്യരുടെ തലച്ച‍ോറിനും ഇവ ദോഷകരമായേക്കാമെന്നു മനസ്സിലാകും. ചില പഠനങ്ങൾ ഇതു സംബന്ധിച്ചു നടന്നിട്ടുമുണ്ട്.

കാൻസർ ഉണ്ടാക്കുമോ?

ചില കീടനാശിനികൾ ശരീരത്തിലെത്തിയാൽ ഹോർമോണുകളെ പോലെ പ്രവർത്തിക്കും. പല കീടനാശിനികൾക്കും ഈസ്ട്രജനു സമാനമായ ശേഷികളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് ഹോർമോൺ അ സന്തുലിതാവസ്ഥയ്ക്കും അതുവഴി സതാനാർബുദം പോലുള്ള അർബുദങ്ങൾക്കും കാരണമാകും. ഇതിനു ചിലപ്പോൾ ദശാബ്ദങ്ങളെടുക്കാം. പുരുഷന്മാരിൽ കീടനാശിനി നിർമാതാക്കൾക്ക് അവയുടെ ദൂരവ്യാപകഫലങ്ങളേക്കുറിച്ച് വിവരം നൽകേണ്ടാത്തതിനാൽ ഇതു സംബന്ധിച്ചുള്ള പഠനങ്ങളൊന്നും നടക്കുന്നുമില്ല.

കീടനാശിനികൾ നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ മന്ദ‍ീഭവിപ്പിക്കുന്നതിനാൽ കാലിലും കൈയിലും പെരുപ്പും മരവിപ്പും പോലെ ന്യൂറോപ്പതിക്കുസമാനമായ പ്രശ്നങ്ങളുണ്ട‍ാക്കാം ഉദരപ്രശ്നങ്ങൾക്കും കാരണമാകാം. ആമാശയം, കുടൽ എന്നിവിടങ്ങളിൽ നീർവീക്കം, ഗ്യാസ്ട്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ എന്നിവ വരാം. ആമാശയവ്രണങ്ങൾക്കിടയാക്കാം. തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കാം. ഒാർമക്കുറവു സംഭവിക്കാം. പേശീതളർച്ച, ബലക്ഷയം എന്നിവയ്ക്കു കാരണമാകാം. കീടനാശിനികളുടെ അങ്ങേയറ്റം ഗുരുതരമായ ദോഷഫലമാണ് അർബുദം. കീടനാശിനികളും അർബുദവുമായി നേരിട്ടു ബന്ധമുണ്ടെന്നു തെളിയിക്കാൻ കൃത്യമായ സൂചനകളോ ക്ലിനിക്കൽ പഠനങ്ങളോ ഇല്ലെന്നതു സത്യം തന്നെ. എന്നാൽ സാഹചര്യതെളിവുകൾ നമ്മുടെ നാട്ടിൽ തന്നെ ധാരാളമുണ്ട്. െനൽകൃഷിക്കുവേണ്ടി ധാരാളമായി കീടനാശിനികൾ ഉപയോഗിക്കുന്നു കുട്ടനാടൻ പ്രദേശങ്ങളിൽ നിന്നുള്ളവരിൽ ചുണ്ട്, ആമാശയം, ചർമം, തലച്ചോറ് എന്നിവിടങ്ങളിലെ കാൻസർ വ്യാപകമായി കാണുന്നതായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പഠനത്തിൽ പറഞ്ഞിട്ടുണ്ട്.

കുട്ടികളിലും ഗർഭിണികളുലും അപകടകരം

മുതിർന്ന ഒരാളുടെ ശരീരത്തിൽ കീടനാശിനികൾ സൃഷ്ടിക്കുന്നതിലുമധികമാണ് കുട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ. കാരണം, കുട്ടികളിൽ അവരുടെ ശരീരഭാരത്തെ അപേക്ഷിച്ച് ഗണ്യമായ അളവിൽ ക‍ീടനാശിനികൾ ഉള്ളിലെത്തുന്നുണ്ട്. 1പിപിഎം കീടനാശിനി 60 കിലോ ഉള്ള ഒരാളിൽ സൃഷ്ടിക്കുന്നതിലും അപകടകരമായിരിക്കുമല്ലോ 10 കിലോ ഉള്ള ഒരാളിൽ സൃഷ്ടിക്കുന്നത്. തന്നെയുമല്ല വളരുന്ന പ്രായത്തിൽ ഉണ്ടാകുന്ന ഇത്തരം വിഷക്ക‍ൂട്ടുകെട്ടുകൾ അവരുടെ തലച്ച‍ോറിന്റെ വികാസത്തെ തന്നെ ദോഷകരമായി ബാധിക്കും. ഭ്രൂണമായിരിക്കേ ക്ലോർപൈറിഫോസ് എന്ന കീടനാശിനിയുമായുണ്ടായ സമ്പർക്കം കുഞ്ഞിന്റെ തലച്ചോറിന്റെ നിർമാണഘടനയെ പോലും തകിടംമറിച്ചതായി അമേരിക്കയിൽ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രീ സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ കീടനാശിനികളുടെ സമ്പർക്കം അർബുദസാധ്യത കൂട്ടുന്നതായി മറ്റൊരു അമേരിക്കൻ പഠനം പറയുന്നു. കുഞ്ഞുങ്ങളുടെ സ്വതവേ ദുർബലമായ ശരീരസംവിധാനത്തെ ചെറിയ ഡോസിലുള്ള രാസവസ്തുക്കൾ‌ പോലും താളം തെറ്റിക്കാമെന്നു ഗവേഷകർ പറയുന്നു.

ഗർഭിണിയായിരിക്കേ ഭക്ഷണത്തിലൂടെ ഉയർന്ന അളവിൽ കീടനാശിനികളെത്തുന്നത് ഗർഭസ്ഥശിശുവിനു ദോഷമാണ്. കാരണം അമ്മയുടെ ശരീരത്തിലെത്തുന്ന രാസമാലിന്യങ്ങൾ മറുപിള്ളയിലൂടെ കുഞ്ഞിലേക്കു നീക്കപ്പെടുന്നുണ്ട്. കുഞ്ഞ് വളരുന്ന ആദ്യ അന്തരീക്ഷം തന്നെ അങ്ങനെ വിഷമയമാകുന്നു. കുഞ്ഞുങ്ങളിൽ മുതിർന്നവരിലെ പോലെ വിഷങ്ങൾ വിഘടിച്ചു നിർവീര്യമാകാനും സാധ്യത കുറവാണ്.

ഭക്ഷണത്തിലൂടെ മാത്രമല്ല കീടനാശിനികളുമായി സമ്പർക്കം വരുന്നത്, ഇവ ഉപയോഗിക്കുന്ന കൃഷിയിടങ്ങളോടു ചോർന്നു താമസിക്കുന്നവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകാം എന്നു മറക്കരുത്. കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തം തന്നെ ഉദാഹരണം. വൻതോതിലുള്ള കീടനാശിനി പ്രയോഗം മൂലം അവിടം ജനിച്ച കുഞ്ഞുങ്ങളിൽ ഏറിയ പങ്കിനും വൈകല്യങ്ങളുണ്ടായിരുന്നു. കീടനാശിനി പ്രയോഗമുള്ളിടങ്ങളുമായി ഇങ്ങനെ സമ്പർക്കമുണ്ടായ ഗർഭിണികളുടെ കുഞ്ഞുങ്ങൾ വൈകല്യങ്ങളോടെ ജനിക്കാനുള്ള സാധ്യത കൂടുതലാണെന്നു വിദേശപഠനങ്ങളും പറയുന്നു.

പോംവഴിയെന്ത്?

കഴുകിയാലും തൊലിയുരിഞ്ഞു കളഞ്ഞാലും ഉയർന്ന ചൂട‍ിൽ വേവിച്ചാലും ചെടിയുടെ കോശങ്ങളിലേക്ക് കടന്നു വളരുന്ന കീടനാശിനികളൊന്നും അത്ര എളുപ്പം മാറിക്കിടില്ല അവ സാവധാനം നമ്മുടെ ഉള്ളിൽ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കും.

അതുകൊണ്ട് വിഷവിമുക്തമായ ഭക്ഷണത്തിന് കൂടുതൽ പ്രയോഗികവഴികൾ കണ്ടെത്ത‍േണ്ടിയിരിക്കുന്നു. നമ്മുടെ പച്ചക്കറി വാങ്ങൽ രീതി തന്നെ മാറ്റണം. കാഴ്മീരീ ആപ്പിളിനു പകരം നാടൻ പേരയ്ക്ക കഴിക്കുക. കാരറ്റിനും ബ്രോക്കോളിക്കും പകരം പപ്പായയും ചീരയും കഴിക്കുക. ഇങ്ങനെ അതാതു സ്ഥലങ്ങളിൽ പ്ര‍ാദേശികമായി ലഭ്യമായ ഭക്ഷ്യവസ്തുക്കൾ കൂടുതൽ ഉപയോഗിച്ചാൽ ഉയർന്ന അളവിൽ രാസമാലിന്യങ്ങൾ ഉയർന്ന അളവിൽ രാസമാലിന്യങ്ങൾ ഉള്ളിലെത്തുന്നതു തടയാം. നമ്മുടെ തനിനാടൻ പഴങ്ങളും പച്ചക്കറികളും വിദേശ വെറ്റൈറ്റികളേക്കാൾ പോഷകമേറിയതുമാണ്. സീസണനുസരിച്ചു ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും മതിയെന്നു തീരുമാനിക്കാനുള്ള ആർജവം ഉപഭോക്താവിനുണ്ടായാൽ തന്നെ വിഷവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി വിളയിക്കുന്നതും പഴുപ്പിക്ക‍‌ുന്നതും നിലയ്ക്കും. ജൈവകൃഷി രീതിയിലൂടെ സ്വന്തം ആവശ്യത്തിനുള്ളത് ഉത്പാദിപ്പിക്കുകയാണ് മറ്റൊരു മാർഗം. അൽപം ക്ഷമയും ചെലവിടാൻ സമയവുമുണ്ടെങ്കിൽ അതു തീർച്ചയായും സാധ്യമാകും. ആമാശയത്തിന്റെയും മനസ്സിന്റെയും സമാധാനത്തിന് ഇതേയുള്ള‍ു പോംവഴി.

വിഷം പരിധി വിടുന്നോ?-തിരിച്ചറിയാം

ഇന്ത്യയിലെ ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി കീടനാശിനികൾക്ക് നിയമാനുസൃതമായ ഒരു പരിധി (പെർമിസിബിൾ മാക്സിമം റെസിഡ്യൂ ലിമിറ്റ്) അനുവദിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാത്ത ഏറ്റവും കുറഞ്ഞ വിഷാംശ അളവെന്നാണ് ഇതു കൊണ്ടുദ്ദേശിക്കിന്നത് . എന്നാൽ ഈ അളവിലാണെങ്കിൽ പോലും ദീർഘകാലമായി വിഷം ശരീരത്തിൽ അട‍‍‌ിഞ്ഞുകൂടുന്നത് ഒട്ടും ആരോഗ്യകരമല്ല എന്നാണ് വൈദ്യശാസ്ത്രവിദഗ്ധരുടെ അഭിപ്രായം. വിഷാംശത്തിനു പരിധി നിശ്ചയിച്ചിട്ടുള്ളതുപോലെ ചില വിലക്കുകളും ഉണ്ട്. പച്ചക്കറികളുലും പഴങ്ങളിലും കൃത്രിമനിറം ഉപയോഗ‍ിക്കുന്നത് അനുവദന‍ിയമല്ല. അതുപോലെ തിളക്കം കിട്ടാനായി മിനറൽ എണ്ണകൾ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ചിലയിനം മെഴുകുകൾ മാത്രമാണ് അനുവദനീയമായുള്ളത്.

സേഫ് ടു ഈറ്റ് പദ്ധതി

പച്ചക്കറികളിലെ വിഷാംശം കണ്ടുപിടിക്കാനായി 2013-ൽ തിരുവനന്തപുരത്ത്, വെള്ളായണിയിലെ കേരള കാർഷിക സർവകലാശയും കൃഷിവകുപ്പും യോജിച്ച് സേഫ് ടു ഈറ്റ് പദ്ധതി കൊണ്ടുവന്നു. ഈ പദ്ധതിപ്രകാരം വിവിധ ജില്ലകളിലെ പച്ചക്കറി കടകൾ, പച്ചക്കറി ചന്തകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവയിൽ നിന്നും നേരിട്ടും ശേഖരിച്ച പച്ചക്കറി സാമ്പിളുകൾ വെള്ളായണിയിലുള്ള കീടനാശിനി അവശ‍ിഷ്ട വിഷാംശ പരിശോധനാ ലാബിലെത്തിച്ച് പരിശോധിക്കുന്നു. പച്ചക്കൾ, പഴവർഗങ്ങൾ എന്നിവ കൂടാതെ സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, ഉണക്കപഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മസാലപ്പൊടികൾ ഇവയ‍ിലും പരിശോധന നടത്തുന്നു. കീടനാശിനിയുടെ 100 കോടിയിൽ ഒരു അംശ‍ം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, മാസ് സ്പെക്ട്രോമീറ്റർ എന്നിങ്ങനെ എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള സർക്കാർ തലത്തിലെ ഒരോയൊരു കീടനാശിനി പരിശോധനാ ലാബാണിത്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ.ബി.പത്മകുമാർ, മെഡിസിൻ വിഭാഗം, മെഡിക്കൽ കോളജ്, തിര‍ുവനന്തപുരം
ഡോ. തോമസ് ബിജു മാത്യു, എന്റമോളജി വിഭാഗം, കാർഷികസർവകലാശാല, വെള്ളായണി, തിരുവനന്തപുരം
ഡോ. ഷിനോജ് സുബ്രഹ്മണ്യൻ സീനിയർ സയന്റിസ്റ്റ് ആൻഡ് ഹെഡ്
പി. ശ്രീലത, ഗൃഹശാസ്ത്രവിഭാഗം, കേരള കാർഷിക വിജ്ഞാനകേന്ദ്രം, എറണാകുളം

ഭക്ഷണം വിഷമയമാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഭക്ഷ്യവിഭവങ്ങളുടെ സ്വഭാവം അനുസരിച്ച് അവയെ വേർതിരിച്ചു വയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇറച്ചിയോ, മീനോ സൂക്ഷിക്കുന്ന ഇടത്തിനടുത്ത് പച്ചക്കറികളോ പാകം ചെയ്ത ഭക്ഷണങ്ങളോ വയ്ക്കാൻ പാടില്ല. ഇവയിൽ അടങ്ങിയ അണുക്കൾ പാചകം ചെയ്ത വിഭവങ്ങളിലേക്ക് വേഗം പ്രവേശിക്കാൻ ഇടയാകുന്നു.

പാകം ചെയ്യുന്ന താപന‍ിലയും പ്രധാനമാണ്. ഉദാഹരണത്തിന് മണ്ണിനടിയിൽ ഉണ്ടാകുന്ന ചേനയും ചേമ്പും മറ്റും അതുപോലെ കുമുളുകളിലെ ‘ബട്ടൻ’ കൂണുകളുമെല്ലാം നല്ല ചൂടിൽ തന്നെ പാകം ചെയ്യാൻ ശ്രദ്ധിക്കണം. ഇതിൽ അടങ്ങ‍ാനിടയുള്ള അണുക്കളെ പ്രവർത്തനരഹിതമാക്കാനാണിത്.

ഇറച്ചിയും മീനും വെട്ടാൻ ഉപയോഗിച്ച് കത്തികളും പ്രതലങ്ങളും ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. കാരണം മാംസാഹാരങ്ങളിലാണ് അണുക്കൾ കൂടുതലായി കാണുന്നത്.

ഭക്ഷ്യവിഭവങ്ങൾ വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കേടു സംഭവിക്കാത്ത ധാന്യങ്ങളും പയറുകളും മറ്റും കടയിൽ നിന്നു വാങ്ങിയതിനു ശേഷമേ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതായ ഇറച്ചി, മീൻ, പാൽ, െഎസ്ക്രീം എന്നിവ വാങ്ങാൻ‍ പാടുള്ളൂ. ഏറ്റവും കുറച്ചു നേരമേ അവ തണുപ്പേൽക്കാത്ത സാഹചര്യങ്ങളിൽ വയ്ക്കാവൂ. കൂടാതെ അവയിൽ നിന്നിറങ്ങുന്ന വെള്ളം മറ്റു ഭക്ഷ്യവിഭവങ്ങളെ മലിനമാക്കാതെ നോക്കണം. ഉപയോഗപരിധി കഴിഞ്ഞ ഒരുൽപന്നവും വാങ്ങാതിരിക്കുക. പ്രത്യേകിച്ചു പാലുൽപന്നങ്ങൾ. പെതുവെ ദഹനപ്രശ്നങ്ങൾ ഉള്ളവർ നന്നായി പാകം ചെയ്തു എന്ന് ഉറപ്പുവരാത്ത മത്സ്യമാംസവിഭവങ്ങൾ ഒഴിവാക്കുന്നതാണു നല്ലത്. പ്രത്യേകിച്ചു കക്ക, ചിപ്പി. ചെമ്മീൻ, കണവ എന്നീ ഗണത്തിൽപ്പെട്ടവ. കൂണുകളും ഈ ഗണത്തിൽപ്പെട്ടവയാണ്.

പഴം, പച്ചക്കറികളുടെ കാര്യം എടുക്കാം. ഇവയിലൂടെ സാൽമോണല്ല ഇ-കോളി തുടങ്ങിയ ബാക്ടീരിയകളും ഹെപ്പറൈറ്റിസ് എപരത്തുന്ന വൈറസുകളും ശരീരത്തിൽ പ്രവേശിക്കാൻ ഇടയാകുന്നു. വിളവെടുക്കുന്ന സമയം മുതൽ പാകം ചെയ്യുന്ന ഘട്ടം വരെയും ഇവയിൽ അണുക്കളുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്. സാധാരണ അണുബാധിത ഉത്പന്നങ്ങൾ കഴിക്കുന്നതുകൊണ്ട്, തലവേദന, തലകറക്കം, ഛർദി, വയറിളക്കം, പനി എന്ന‍ീ ലക്ഷണങ്ങൾ വരാനിടയുണ്ട്. ഭക്ഷിച്ചുകഴിഞ്ഞു 12-72 മണിക്കൂറിനുള്ളിൽ ഈ ലക്ഷണങ്ങൾ കാണുന്നു. നല്ല വിളഞ്ഞ വിഭവങ്ങൾ വിളവെടുത്തയുടൻ എത്രയും കാലദൈർഘ്യം കൂടാതെ തെരഞ്ഞെടുക്കേണ്ടതുണ്ട്. അവയ്ക്ക് കേടുപാടുകൾ ഇല്ലാത്തതുമായിരിക്കണം.

സോപ്പ്, ലോഷൻ തുടങ്ങിയ പദാർഥങ്ങളുടെ അടുക്കൽ ഭക്ഷ്യവിഭവങ്ങളെ സൂക്ഷിക്കരുത്. ഇവയിലെ വിഷാംശം ഭക്ഷണത്തിൽ കയറാൻ ഇടയാകും പഴങ്ങളുടെയും പച്ചക്കറികളുടെയും പുറത്തു ഭാരമുള്ള ഒരു സാധാനവും വയ്ക്കരുത്. അണുബാധയ്ക്ക് കാരണമാകും അരിഞ്ഞ പച്ചക്കറി കഷണങ്ങൾ രണ്ടു മണ‍ിക്കൂറിൽ കൂടുതൽ പാകം ചെയ്യതെ വയ്ക്കാനും പാടില്ല.

ഭക്ഷണം പാകം ചെയ്യുമ്പോഴും ശുചിത്വം പാലിക്കേണ്ടതുണ്ട്. പാകം ചെയ്യുന്ന ആൾ കൈകൾ വൃത്തിയായി കഴുകാൻ ശ്രദ്ധിക്കണം.

പഞ്ചസാരയിലെയും തേനിലെയും മായം കണ്ടെത്താം

പഞ്ചസാരയും തേനും ഒക്കെ ശുദ്ധമായിരിക്കണമെന്ന് നമുക്ക് നിർബന്ധമുണ്ട്. പക്ഷേ അവയ‍ിലൊക്കെ മായം ചേരുന്നത് നമ്മൾ അറിയുകയോ ഇല്ല. മായങ്ങൾ കണ്ടെത്താൻ ചില എളുപ്പവഴികൾ.

∙ തേനിൽ പഞ്ചസാര ലായനി ചേർത്താൽ: പഞ്ചസാര വെള്ളത്തിൽ ലയിപ്പിച്ച് തേനിൽ മായമായി ചേർക്കാറുണ്ട്. കുറച്ച് പഞ്ഞി അൽപം നീളത്തിൽ ചുരുട്ടിയെടുത്ത് തേന‍ിൽ മുക്കുക. തുടർന്ന് അത് കത്തിച്ചാൽ‌ നന്നായി കത്തുന്നുണ്ടെങ്കിൽ പഞ്ചസാര ലായനി ചേരാത്ത തേനാണ്. എന്നാൽ കത്തുമ്പോൾ പൊട്ടലും ചീറ്റലും ഉണ്ടാകുകയാണെങ്കിൽ തേൻ ശുദ്ധമല്ല. പഞ്ചസാര ലായനിയിലെ ജലാംശമാണ് ഇങ്ങനെ വെളിപ്പെടുന്നത്.

∙ ഒരു ഗ്ലാസ് വെള്ളം മേശപ്പുറത്ത് നിശ്ചലമാക്കി വയ്ക്കുക. ജലത്തിന്റെ ഉപരിതലത്തിലേക്ക് ഒരു തുള്ളി തേൻ ഇറ്റിക്കുക. അത് അലിയാതെ തേൻതുള്ളിയായി നിൽക്കുകയാണെങ്കിൽ ശുദ്ധമായ തേനാണെന്നും അലിയുകയാണെങ്കിൽ പഞ്ചസാര ലായന‍ി ചേർത്തുവെന്നും മനസ്സിലാക്കാം.

∙ തേനിൽ ശർക്കര ലായനി ചേർത്താൽ: ഒരു തുള്ളി തേൻ ഒരു ഗ്ലാസ്സ് വെള്ളത്തിലേക്ക് ഒഴിക്കുക. തുള്ളിക്ക് യാതൊരു ആകൃതിവ്യത്യാസവും ഇല്ലാതെ വെള്ളത്തിന്റെ അടിഭാഗത്ത് എത്തുകയാണെങ്കിൽ ശുദ്ധമായ തേൻ ആയിരിക്കും. എന്നാൽ ശർക്കര ലായനി ചേർത്ത തേൻ തുള്ളി പെട്ടെന്നുവെള്ളത്തിൽ പടരും.

∙ ശർക്കരയിൽ ചോക്കു പൊടി ചേർത്താൽ: കുറച്ചു ശർക്കര വെള്ളത്തിൽ നന്നായി ലയിപ്പിക്കുക. ചോക്ക് പൗഡർ ഉണ്ടെങ്കിൽ അത് അടിഭാഗത്ത് അടിയുന്നതു കാണാം.

∙ പഞ്ചസാരയിൽ യൂറിയ ചേർത്താൽ: പഞ്ചസാരയോട് കാഴ്ചയിൽ സമാനമാണ് യൂറിയ തരികളും. പഞ്ചസാര വെള്ളത്തിൽ ലയിപ്പിക്കുമ്പോൾ അമോണിയയുടെ ഗന്ധം ഉണ്ടാകുകയാണെങ്കിൽ അതിൽ യൂറിയ ചേർത്തിട്ടുണ്ടെന്നു മനസ്സിലാക്കാം.

∙ സാക്കറിൻ ചേർത്താൽ: െഎസ്ക്രീം മുതൽ ശർക്കര വരെയുള്ളവയിൽ മായം ചേർക്കാൻ ഉപയോഗിക്കുന്ന അതിമ ധുരവസ്തുവാണ് സാക്കറിൻ. ഇതിന്റെ മധുരം ദീർഘനേരം നാവിൽ തങ്ങിനിൽക്കും. ഒടുവിൽ അരുചിയും തോന്നും. പഞ്ചസാരയുടേയോ ശർക്കരയുടേയോ മധ‍ുരത്തിന് ആ സവിശേ‍ഷതയില്ല. ഈ വ്യത്യാസം കൊണ്ട് സാക്കറിൻ തിരിച്ചറിയാം.

മായം കലർന്ന കാപ്പി തിരിച്ചറിയാം

ചായയും കോഫ‍ിയും നമ്മുടെ ദിനചര്യയുടെ ഭാഗമാണ്. ദിവസവും കുടിക്കുന്നതിനാൽ ഈ പാനീയങ്ങളിലെ കലർപ്പും നിറവും ആരോഗ്യത്തെ ഗൗരവമായിതന്ന ബാധിക്കും. അവയിൽ മായം വരുന്ന രീതികൾ തിരിച്ചറിയാം.

∙ തേയിലയിൽ കൃത്രിമ നിറങ്ങൾ ചേർത്താൽ: അല്പം തേയില ഒരു ഗ്ലാസ്സിലെ വെള്ളത്തിലേക്കിട്ടാൽ കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടെങ്കിൽ നിറങ്ങൾ ഇളകി വരുന്നതായി കാണാം.

∙ തേയിലയിൽ കോൾടാർ ചേർത്താൽ: ഒരു ഫിൽട്ടർ പേപ്പറിൽ അൽപം തേയിലപ്പെ‍ാടി വിതറുക തുടർന്ന് അതിനു മുകളിലേക്ക് വെള്ളം സ്പ്രേ ചെയ്യുക. േപപ്പർ കുതിർന്നു കഴിഞ്ഞാൽ ഉടനേ ടാപ് വെള്ളത്തിൽ കാണ‍ിച്ച് തേയില കഴുകിക്കളയുക. തേയിലയിൽ നിറത്തിനായി കോൾടാർ കലർത്തിയിട്ടുണ്ടെങ്കിൽ അത് ഉടൻ‌ തന്നെ പേപ്പറിൽ കറയുണ്ടാക്കിയതു കാണാനാകും ശുദ്ധമായ നിറം ചേർക്കാത്ത തേയിലയാണെങ്കിൽ പേപ്പറിൽ‌ കറ കാണ‍ില്ല.

∙ തേയിലയിൽ കോൾടാർ പോലുള്ളവ നിറത്തിനായി ചേർത്താൽ അറിയാൻ മറ്റൊരു മാർഗവുമുണ്ട്. അൽപം ചുണ്ണാമ്പ് കുഴച്ച് ഒരു സ്ഫടിക പാത്രത്തിൽ തേച്ചു പിടിപ്പിക്കുക. തുടർന്ന് അൽപം തേയില അതിലേക്ക് വിതറുക. തുടർന്ന് ചുവപ്പ്, ഒാറഞ്ച് അവയോടടുത്ത മറ്റ് നിറങ്ങൾ ചുണ്ണാമ്പുവെണ്മയിൽ പടരുന്നതുകണ്ടാൽ കോൾടാറോ മറ്റു നിറങ്ങളോ നിറത്തിനായി ചേർത്തിട്ടുണ്ട‍െന്ന് മനസ്സിലാക്കാം.

∙ കോഫിയിലെ ചിക്കറി: കാപ്പിപ്പൊട‍‍ിയിൽ വളരെ സ‍ാധാരണമായി ചേർക്കുന്ന ഒന്നാണ് ചിക്കറി. ഗ്ലാസിൽ വെള്ളമെടുത്ത് ഉപരിതലത്തിലേക്ക് കാപ്പിപ്പൊടി വിതറിയാൽ നിൽക്കും. അതിൽ ചിക്കറിയുണ്ടെങ്കിൽ ന‍ിമിഷങ്ങൾക്കകം അതു താഴേക്ക് പതിക്കുന്നതും കാണാം. മിക്കപ്പോഴും ചിക്കറി പെട്ടന്ന് തിരിച്ചറിയ‍ാതിരിക്കുന്നതിനായി അതിൽ കാരമൽ നിറം ചേർത്ത ചിക്കറി തരികൾ വെള്ളത്തിൽ താഴുമ്പോൾ വെള്ളത്തിൽ തവിട്ട് വരകൾ വീഴുന്നതും കാണം.

ഫോർമലിൻ ചേർത്ത മത്സ്യം തിരിച്ചറിയാം

മത്സ്യവും മാംസവുമായാലും മായം ചേർക്കലിന് അത‍‍ീതമല്ല. ഇവയിലെ മായം ചേർക്കൽ കണ്ടെത്താൻ കുറച്ചു പ്രയാസവുമാണ്. വിലകുറഞ്ഞ മാംസം കൂട്ടിച്ചേർത്താൽ തിരിച്ചറിയാൻ ലാബു പരിശേ‍ാധനകളും വേണ്ടിവരാം. എങ്കിലും ചില പൊടിക്കൈകൾ അറിയാം.

∙ ഫോർമലിൻ ചേർത്ത മത്സ്യം: ശരീരഭാഗങ്ങളോ മറ്റു ചെറു ജന്തുക്കളേയോ ഒക്കെ അഴുകാതെ ദീർഘകാലം സൂക്ഷിക്കാനുപയോഗിക്കുന്ന രാസലായനിയാണ് ഫോർമലിൻ. ഈ വിഷപദാർഥം മത്സ്യം കേടാകാതെയിരിക്കാൻ ചേർക്കുന്നതു കാണാറുണ്ട്. അപകടകരമായ ഒരു മായം ചേർക്കലാണിത്. ഇതു തിരിച്ചറിയാനുള്ള പ്രത്യേകതകളിൽ പ്രധാനം ഫോർമലിൻ ചേർത്ത മത്സ്യം കൂടുതൽ മൃദുത്വമുള്ളതായിതീരുന്നുവെന്നതാണ്. മത്സ്യത്തിന്റെ തിളക്കമുള്ള കണ്ണുകൾ ഫോർമലിൻ സാന്നിധ്യത്തിൽ മങ്ങിയനിറമുള്ളതാകും. ചെകിളയുടെ നിറവും മങ്ങും. മാത്രമല്ല മീന‍ിന്റെ സാധാരണ ഗന്ധം കാണുകയുമില്ല. ഈ ലക്ഷണങ്ങൾ കൂട്ടിച്ചേർത്തു മത്സ്യം നിരീക്ഷിച്ചാൽ ഫോർമലിൻ സാന്നിധ്യം എളുപ്പത്തിൽ മനസ്സിലാവും. ഫോർമലിൻ കലർന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല.

∙ മ‍ുട്ട കേടായതെങ്കിൽ: നല്ല മുട്ടയും കേടായ മുട്ടയും പൊട്ടിച്ചു നോക്കാതെ തന്നെ തിരിച്ചറിയാൻ വഴിയുണ്ട്. ഒരു ഗ്ലാസിൽ മുക്കാൽ ഭാഗത്തോളം തണുത്ത വെള്ളം ഒഴിക്കുക. ആ വെള്ളത്തിലേക്ക് സാവധാനം മുട്ടവയ്ക്കുക. കൈവിട്ട ഉടനെ തന്നെ മുട്ട വെള്ളത്തിൽ താഴ്ന്ന ഗ്ലാസിന്റെ അടിത്തട്ടിലേക്ക് പതിക്കുകയാണെങ്കിൽ അത് നല്ല മുട്ടയാണ്. എന്നാൽ മുട്ട താഴാതെ ചത്തമീൻപോലെ വെള്ളത്തിൽ ഉയർന്നു കിടക്കുകയാണെങ്കിൽ മുട്ട കേടായി ഭക്ഷ്യയോഗ്യമല്ലെന്ന് മനസ്സിലാക്കാം. എന്നാൽ ചില മുട്ട അട‍‌ിത്തട്ടിൽതട്ടി വീണ്ടും ഉയർന്ന് വീണ്ടും താഴ്ന്ന് സാവധാനം അടിത്തട്ടിൽ തങ്ങും. ഈ മുട്ട ഉപയോഗയോഗ്യമാണെങ്കിലും അത്ര ഫ്രഷ് ആയിരിക്കില്ല.

∙ മാംസത്തിലെ മായം: വിലയേറിയ ആട്ടിറച്ചിയിൽ താരതമ്യേന വിലകുറഞ്ഞ മാട്ടീറച്ചി കലർത്തുന്നാണ് മാംസത്തിലെ സാധാരണമായം ചേർക്കൽ മാംസത്ത‍ിന്റെയും എല്ലുകളുടേയും ഘടന താരതമ്യം ചെയ്താൽ ഈ വ്യത്യാസം തിരിച്ചറിയാം. മാംസത്തിന്റെ ഗുണനിലവാരം നിറം നോക്കിയും മനസ്സിലാക്കാം. മാംസം പഴകുന്തോറും കുടുതൽ വിളറുകയും മൃദുലമാവുകയും ഗന്ധത്തിൽ മാറ്റം വര‍ുകയും ചെയ്യും. ബീഫ് പഴകുമ്പോൾ കൂടുതൽ ഇരുളും.

ഐസ്ക്രീം: നല്ലതും ചീത്തയും

പാൽ, ക്രീം എന്നിവയോടൊപ്പം പഞ്ചസാര, ഗന്ധം, നിറം എന്നിവ ചേർത്തു തണുപ്പിച്ചുണ്ടാക്കുന്ന ഡെസേർട്ടാണ് ഐസ്ക്രീം. ചില തരങ്ങളിൽ പഴങ്ങൾ, നട്സ് എന്നിവയും ചേർക്കാറുണ്ട്. ചിലതിൽ സാധാരണ ഘടകങ്ങൾക്കു പുറമേ കൃത്രിമ നിറങ്ങളും ഗന്ധവും മധുരവും കൂടി ചേർക്കും. ഐസ്ക്രീം സ്റ്റിക്കുകളും പലഭാവത്തിൽ വിപണിയിലുണ്ട്.

ഓരോ രാജ്യത്തും ഐസ്ക്രീം പല നാമങ്ങളിൽ അറിയപ്പെടുന്നു. ഫ്രോസൺ കസ്റ്റാർഡ്, സോർബെറ്റ്, ജെലാറ്റോ, ഐസ്മിൽക്ക് മുതലായ നാമങ്ങൾ പലതരത്തിലുള്ള ഐസ്ക്രീമിനെ തരംതിരിക്കാനുപയോഗിക്കുന്നു. ഇവയിലടങ്ങിയിട്ടുള്ള ഭക്ഷണ ഘടകങ്ങളും പലതരമാണ്.

ഐസ്ക്രീം: നല്ലതും ചീത്തയും

വളരെ ഊർജദായകമായ ഒരു മധുരപദാർഥമാണിത്. ഒപ്പം പലതരം നല്ല പോഷകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, വിറ്റമിൻ എ, വീ വിറ്റമിനുകൾ, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയ്ക്കു പുറമേ കാത്സ്യവും. കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണെങ്കിലും മിതമായ ഉപയോഗം കുട്ടികളിലും കൗമാരക്കാരിലും ഹാനികരമല്ല.

അമിതമായാൽ വണ്ണം കൂട്ടും

എന്നാൽ അമിതമായി കഴിച്ചാൽ ഐസ്ക്രീം ചീത്തയാണ്. അതുകൊണ്ടു വണ്ണം കൂടുതൽ ഉള്ളവർ ശ്രദ്ധിക്കേണ്ടത് അതിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവാണ്. ഐസ്ക്രീം കാലറികൾ കൊണ്ടു നിറഞ്ഞതുകൊണ്ട് ഒരളവിൽ കൂടുതൽ കഴിക്കുന്നതു നല്ലതല്ല. വേണ്ടത്ര കായികാധ്വാനമില്ലാത്തവരിൽ അമിതവണ്ണത്തിനുള്ള സാധ്യത ഐസ്ക്രീം കൂട്ടും.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് ഐസ്ക്രീമിന്റെ ഒപ്പം കഴിക്കുന്ന മറ്റ് ആഹാരപദാർഥങ്ങളുടെ കാര്യം. വേനൽക്കാലത്ത് പുറത്തു നിന്നുമൊക്കെ ആഹാരം കഴിച്ചതിനുശേഷം കഴിക്കുന്ന ഡസർട്ടാണിത്. മറ്റ് ആഹാരപദാർഥങ്ങൾ കൊഴുപ്പും കാലറിയും നിറഞ്ഞതാണെങ്കിൽ അതിന്റെ കൂടെ ഐസ്ക്രീം ഒന്നിൽ കൂടുതൽ കഴിച്ചാൽ അത് നല്ലതല്ല.

പ്രമേഹ രോഗിക്കു കഴിക്കാമോ?

ഐസ്ക്രീമിൽ കൂടിയ അളവിൽ കൊഴുപ്പും മധുരവും അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹരോഗി ഐസ്ക്രീം കഴിക്കുന്നത് നല്ലതല്ല. പ്രമേഹരോഗികൾക്കെന്ന പേരിൽ ഗ്ലൂക്കോസ് അടങ്ങിയിട്ടില്ലാത്ത, കൃത്രിമ മധുരം ചേർത്ത ഐസ്ക്രീമുകൾ ഇന്നു വിപണിയിലുണ്ട്. അവ വല്ലപ്പോഴും കഴിക്കുന്നതിൽ തെറ്റില്ല. പക്ഷേ, മികച്ച ബ്രാൻഡുകളുടേതായാൽ പോലും അതിൽ കൊഴുപ്പിന്റെ അളവു കുറവാണെന്നു കൂടി ഉറപ്പുവരുത്തിയിട്ടേ കഴിക്കാവൂ. എത്ര സുരക്ഷിതമെന്നു പറഞ്ഞാലും ഐസ്ക്രീം പതിവാക്കുന്നതു നല്ലതല്ല. മറ്റു ഭക്ഷണത്തിന്റെ അളവിൽ ആവശ്യമായ കുറവ് വരുത്തുകയും വേണം.

ഐസ്ക്രീം തിരഞ്ഞെടുക്കുമ്പോൾ

പലതരം നിറങ്ങളിൽ ചാലിച്ചെടുത്ത ഐസ്ക്രീമുകളാണ് കുട്ടികൾക്കിഷ്ടം. സാധാരണ ബ്രാൻഡഡ് ഐസ്ക്രീമുകളിൽ ഹാനികരമല്ലാത്ത നിറങ്ങൾ അംഗീകൃത അളവിലായിരിക്കും ചേർത്തിരിക്കുക. പക്ഷേ, ബേക്കറികളിലും റസ്റ്റോറന്റുകളിലും മറ്റും തയാറാക്കുന്ന ഐസ്ക്രീമുകളിൽ പലപ്പോഴും ആകർഷണീയത കൂട്ടാൻ ചുവപ്പും പച്ചയുമൊക്കെ പോലുള്ള കടും നിറങ്ങൾ കൂടുതലായി ചേർക്കുന്നതു കാണാറുണ്ട്. നിറങ്ങളുടെ ഗുണനിലവാരവും ചേർക്കുന്ന അളവും ആരോഗ്യകരമായ പരിധിയിൽ പെട്ടതാണോ എന്ന് ഉറപ്പില്ലെങ്കിൽ അത്തരം ഐസ്ക്രീം വാങ്ങിക്കഴിക്കാതിരിക്കുന്നതാണു നല്ലത്.

ഐസ്ക്രീമിന്റെ ഘടനയ്ക്ക് (ടെക്സചറിന്) മാറ്റം വന്നിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കരുത്. അലിഞ്ഞതും കല്ലുപോലെ ഉറച്ചതുമായ ഐസ്ക്രീമുകൾ കഴിക്കാൻ ഉചിതമല്ല. ഗുണമേന്മയുള്ള ഐസ്ക്രീമുകൾ റഫ്രിജറേറ്ററിന്റെ ഫ്രീസറിൽ സൂക്ഷിച്ചാലും കട്ടപിടിക്കില്ല. അതിന്റെ ക്രീം സ്വഭാവം നിലനിൽക്കും. കാലഹരണതീയതി കഴിഞ്ഞവ ഒരു കാരണവശാലും കഴിക്കരുത്.

രോഗാവസ്ഥകളിൽ കഴിക്കേണ്ട

പല രോഗാവസ്ഥകളിലും ഐസ്ക്രീം ഒഴിവാക്കുന്നതാണു നല്ലത്. ശ്വാസകോശത്തിലെ അണുബാധ, ബ്രോങ്കൈറ്റിസ്, ആസ്തമ, സൈനസൈറ്റിസ്, പനി, ചുമ തുടങ്ങിയവയുള്ളപ്പോൾ ഐസ്ക്രീം നല്ലതല്ല. ഛർദിയോ വയറിളക്കമോ ഉള്ളപ്പോഴും ഐസ്ക്രീം കഴിക്കരുത്. ഈ ഘട്ടങ്ങളിൽ ദഹനപ്രക്രിയ മന്ദഗതിയിലായിരിക്കും. കൊഴുപ്പേറിയ ഐസ്ക്രീം ഈ സമയത്ത് വേണ്ടവിധം ദഹിച്ചുവെന്നു വരില്ല. അത് ആ രോഗാവസ്ഥകളെ വർധിപ്പിക്കാം.

ദന്തരോഗങ്ങളുള്ളവരും ഐസ്ക്രീം ഒഴിവാക്കണം. ഐസ്ക്രീം എപ്പോൾ കഴിച്ചാലും അതിനുശേഷം വായ്നന്നായി കഴുകി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഐസ്ക്രീമിലെ മധുരം പല്ലുകളിൽ തങ്ങി നിന്ന് അവയെ എളുപ്പം ക്ഷയിപ്പിക്കും. പല്ലിനു കേടുള്ള കുട്ടികൾ ഐസ്ക്രീം കഴിച്ചാൽ വായ് കഴുകി വൃത്തിയാക്കിയില്ലെങ്കിൽ കേട് ഗുരുതരമാകും.

സോളി ജയിംസ് പള്ളിക്കാപറമ്പിൽ

ചീഫ് ഡയറ്റീഷ്യൻ,

എസ് എൽ രഹേജാ ഹോസ്പിറ്റൽ, മുംബൈ

കറിക്കൂട്ടുകളിലെ ചതികൾ മനസിലാക്കാം

മുളകും മല്ലിയും മഞ്ഞളുമൊക്കെ വീട്ടിൽ കഴുകി ഉണക്കി പൊടിച്ച് സൂക്ഷിച്ചുവച്ചുപയോഗിച്ചിരുന്ന കാലം ഏതാണ്ട് കഴിഞ്ഞിരിക്കുന്നു. ഏതു കറിക്കൂട്ടുവെണമെങ്കിലും പൊടി രൂപത്ത‍ിൽ കിട്ടും. പക്ഷേ ചുടുകല്ലു പൊടിച്ചതുമുതൽ വിഷ സ്വഭാവമുള്ള മായങ്ങൾ വരെ പായ്ക്കറ്റുകൾക്കുള്ളിൽ വരുന്നുണ്ടെന്ന് പലർക്കും അറിയില്ല. സംശയം തോന്നിയാൽ തന്നെ ഉറപ്പു വരുത്താൻ മാർഗങ്ങളുമില്ല. മസാലപ്പെടികളിലെ മായമറിയാൻ ഇതാ ചില പൊടിക്കൈകൾ.

കറിക്കൂട്ടുകളിൽ അന്നജം

മസാലപ്പെ‍ാടികള‍ിൽ അന്നജം (സ്റ്റാർച്ച്) ചേർത്താൽ: മല്ല‍ിപ്പൊടിയും മുളകുപൊടിയും ഉൾപ്പെടെ ഏതു മസാലപ്പെടികളിലും മായമായി (അന്നജം) പൊടി. ഇതു അറിയാനായി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ മസാലപ്പൊടി കലക്കിവയ്ക്കുക. തുടർന്ന ആ ലായനിയിലേക്ക് അല്പം അയൊഡിൻ ലായനി ഒഴിച്ചാൽ നീലനിറം ലഭിക്കുകയാണെങ്കിൽ അതു സ്റ്റാർച്ച് ചേർത്ത് അളവു കൂട്ടിയ മസാലപ്പെടിയാണെന്ന് ഉറപ്പിക്കാം. എന്നാൽ ഈ പരിശോധന മഞ്ഞൾപ്പൊടിക്ക് ബാധകമല്ല എന്ന് ഒാർക്കുക.

മുളകുപൊടിയിലെ മായം

മുളകുപൊടിയിൽ ചെങ്കല്ല് (ഇഷ്ടിക) പെ‍ാടി ചേർത്താൽ: ഒരു ടീസ്പൂൺ മുളകുപൊടി ഒരു ഗ്ലാസ്സിലെ വെള്ളത്തിൽ ഇട്ടശേഷം നല്ലവണ്ണം ഇളക്കുക. തുടർന്ന് സാവധാനം ലായനിയുടെ 90 ശതമാനവും മറ്റൊരു ഗ്ലാസിലേക്കു പകരുക. ആദ്യ ഗ്ലാസിൽ ശേഷിച്ച ലായനിയിൽ വിരൽകൊണ്ട് അമർത്തിനോക്കുമ്പോൾ പരുപരുപ്പ് അനുഭവപ്പെടുകയാണെങ്കിൽ അതിൽ ചെങ്കൽ പൊടി (ഇഷ്ടികപ്പൊടി) ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.

മുളകുപൊടിയിൽ കൃത്രിമ നിറം ചേർത്താൽ: ഒരു ഗ്ലാസ്സ‍ിൽ വെള്ളമടുത്ത് മേശമേൽ നിശ്ചലമാക്കി വയ്ക്കുക. തുടർന്ന് വെള്ളത്തിന്റെ മേൽപ്പരപ്പിൽ ഒരു നുള്ളു മുളകുപൊടി വിതറുക. കൃത്രിമ കളറുകൾ ഉണ്ടെങ്കിൽ വെള്ളത്തിൽ മേൽപ്പരപ്പിൽ നിന്നും താഴേക്ക് നിറങ്ങളുടെ വരകൾ ഉണ്ടാകും.

സോഫ്റ്റ് ഡ്രിങ്കുകൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

 

മലയാളി യുവത്വത്തിന്റെ പുതിയ ശീലമാണ് കാർബണേറ്റഡ് ഡ്രിങ്ക്സ്, കോക്ക്, ഫിസ്സി ഡ്രിങ്ക്, പോപ്പ് ഡ്രിങ്ക്, കൂൾ ഡ്രിങ്ക് എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന സോഫ്റ്റ് ഡ്രിങ്കുകൾ. യാത്രയിൽ ഒരു കുപ്പി വെള്ളം കൂടെക്കരുതാൻ മടിക്കുന്ന നമുക്ക് സോഫ്റ്റ്ഡ്രിങ്ക്സ് ആണു കൂടുതലിഷ്ടം. സൗഹൃസദസ്സുകളിലും പാർട്ടികളിലും കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപ്പെടുന്നതു നിറമുള്ള ഈ പാനീയങ്ങള‍ുടെ ലഹര‍ിയാണ്. ഈ സോഫ്റ്റ് ഡ്രിങ്കുകൾ നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു? അവയുടെ നിർമാണവും ചേരുവകളും അറിയാം

എങ്ങനെ തയാറാക്കുന്നു?

സോഫ്റ്റ് ഡ്രിങ്കുകൾ ഉത്പാദിപ്പിക്കുന്നതു കാർബൺ ഡൈ ഒാക്സൈഡ് വെള്ളത്തിലൂടെ കടത്തിവിട്ട് കൃത്രിമനിറങ്ങളും പ്രിസർവേറ്റീവുകളും (ഭക്ഷ്യവസ്തുക്കൾ കേടാകാതിരിക്കാൻ ഉപയോഗിക്കുന്നവ) സുക്രോസ് അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഷുഗർ തുടങ്ങ‍ിയവയും കൂട്ടിക്കലർത്തിയാണ്. 18-ാം നൂറ്റാണ്ടിൽ ജോസഫ് പ്രിസ്റ്റ്ലി അദ്ദേഹത്തിന്റെ പരീക്ഷണശാലയിൽ കാർബൺഡൈ ഒാക്സൈഡ് വെള്ളത്തിലൂടെ കടത്തിവിട്ട് കാർബണേറ്റഡ് വാട്ടർ (സോഡാവെള്ളം) വികസിപ്പിച്ചെടുത്തു. ഇതാണു സോഫ്റ്റ് ഡ്ര‍ിങ്കുകളുടെ ഉത്പാദനത്തിന്റെ അടിസ്ഥാനതത്വം.

അറിയാം ചേരുവകൾ

സോഫ്റ്റ് ഡ്രിങ്ക്സുകളുടെ പ്രധാന ചേരുവ അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഷുഗറി ഡ്രിങ്ക് എന്നും ഇതറിയപ്പെടുന്നു. ഇതു വിവിധ തരത്തിലുണ്ട്. ചില ഡ്രിങ്ക്സിൽ പഞ്ചസാര ചേർക്കുന്നു. എന്നാൽ ഡയറ്റ് സോഡാ, സിറോ കാലറി ഡ്രിങ്ക്സ് തുടങ്ങിയവയിൽ കൃത്രിമ മധുരങ്ങൾ അഥവാ ആർട്ടിഫിഷ്യൽ സ്വീറ്റ്നേഴ്സ് ആണു ചേർക്കുന്നത്. ഇത്തരം മധുരങ്ങൾ നമ്മുടെ രുചിമുകുളത്തെ ഉത്തേജിപ്പിച്ചു കൂടുതൽ മധുരം കഴിക്കണമെന്നുള്ള തോന്നൽ ഉണ്ടാക്കും. ഇതുവഴി ധാരാളം കാലറിയും കൊഴുപ്പും ഉള്ളിലെത്താൻ കാരണമാകും.

ഫ്രക്ടോസ് കോൺസിറപ്പ് എന്ന വില്ലൻ

മധുരങ്ങളിലെ പ്രധാന വില്ലൻ പല സോഫ്റ്റ് ഡ്രിങ്ക്സിലും ചേർക്കുന്ന ഫ്രക്ടോസ് കോൺസിറപ്പാണ്. സാധാരണ പഞ്ചസാരയെക്കാൾ പലമടങ്ങ് മധുരവും താരതമ്യേന വിലക്കുറവും കാരണം ഇതു കോളകളിലെല്ലാം ചേർക്കാൻ പ്ര‍േരിപ്പിക്കപ്പെടുന്നു. ഇതു വിവിധതരം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മറ്റു മധുരങ്ങൾ വേഗം ആഗിരണം ചെയ്യുകയും രക്തത്തിലെ ട്രൈഗ്ലിസറൈഡ്, ചീത്ത കൊഴുപ്പുകളുടെ ഉത്പാദനം എന്നിവ കൂട്ടുകയും ചെയ്യുന്നു. സ്ഥിരമായ ഉപയോഗം നോൺ ആൽക്കഹോളിക് ലിവർ ഡിസീസിനും വിശപ്പ‍ുകൂട്ടുന്നതിനും കാരണമാകുന്നു. ഈ മധുരം രക്തത്തിലെ യൂറിക് ആസിഡിന്റെ അളവു വർധിപ്പിച്ച് ഗൗട്ട് പോലുള്ള രോഗങ്ങളിലേക്കും വഴിതെളിക്കുന്നു.

സോഫ്റ്റ് ഡ്രിങ്ക്സിലൂടെ എത്തുന്ന മധുരം കുട്ടികളിലും കൗമാരക്കാർക്കിടയിലും അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടാക്കുന്നതായി പല പഠനങ്ങളും പറയുന്നു. ഇവയുടെ ഉപയോഗം വയറിനു ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പിന്റെ (വിസറൽ ഫാറ്റ്) അളവു കൂട്ടുകയും ഇതു പ്രമേഹത്തിനു കാരണമാകുകയും ചെയ്യുന്നു.

ട്രാഫിക് ലൈറ്റ് ലേബലിങ്ങ്സ്

2014-ൽ സോഫ്റ്റ് ഡ്രിങ്കുകൾക്ക് കളർകോഡ്സ് അഥവാ ട്രാഫിക് ലൈറ്റ് ലേബലിങ്ങ്സ,് എന്ന സംവിധാനം എത്തി. അതോടെ അമിതമധുരം ചേർത്ത പാനീയങ്ങളെ റെഡ്, ആംബർ, ഗ്രീൻ എന്നിങ്ങനെ തരംതിരിക്കാനായി. 100 മിലീ ഡ്രിങ്ക്സിൽ 11.2 ഗ്രാമിൽ കൂടുതൽ പഞ്ചസാര അടങ്ങിയാൽ അത് റെഡ് ഗ്രൂപ്പിലും 11.2 ഗ്രാമിൽ താഴെ പഞ്ചസാര അടങ്ങിയാൽ ആംബർ ഗ്രൂപ്പിലും ഉൾപ്പെടുത്തുന്നു. 100 മിലീയിൽ 2.2 ഗ്രാമും അതിനുതാഴെയും ആണു പഞ്ചസാരയുടെ അളവെങ്കിൽ അതിനെ ഗ്രീൻവിഭാഗത്തിലുൾപ്പെടുത്തുന്നു. ഈ കളർ കോ‍ഡുകൾ കുപ്പികളിൽ രേഖപ്പെടുത്തുന്നുണ്ട്. നാം വാങ്ങുന്ന കുപ്പികളിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതു നന്നായിരിക്കും.

അനാരോഗ്യവഴികൾ

നിറം നൽകാൻ ചേർക്കുന്ന പദാർഥങ്ങളും ചീത്തയാകാതിരിക്കാൻ ചേർക്കുന്ന സോഡിയം ബെൻസോയേറ്റും പേശികളുടെ പ്രവർത്തനം ഉത്തേജിപ്പിക്കുകയും കുട്ടികളിൽ ശ്രദ്ധക്കുറവിനും പിരുപിരിപ്പിനും കാരണമാകുകയും ചെയ്യുന്നു. സോഡിയം ബെൻസോയേറ്റ് ചിലരിൽ ആസ്മയ്ക്കും കാരണമാകാം.

കഫീൻ അടങ്ങിയ പാന‍ീയങ്ങൾ മൂത്രത്തിലൂടെ കാത്സ്യത്തെ പുറംതള്ളി ബോൺ ഡെൻസിറ്റി കുറച്ച് ഒാസ്റ്റിയോപൊറോസിസിനു കാരണമാകുന്നു. ഈ പാന‍ീയങ്ങളുടെ സ്ഥിരം ഉപയോഗം ഉറക്കക്കുറവിനും രക്തസമ്മർദം ഉയരാനും കാരണമാകുന്നു. ഇറിറ്റബിൾ ബവൽ സിൻഡ്രത്തിലേക്കും നയിക്കാമെന്നു പഠനങ്ങൾ പറയുന്നു. ടിന്നിലടച്ച പഴച്ചാറുകളിലും കോളകളിലേതുപോലെതന്നെ ഉയർന്ന അളവിൽ പഞ്ചസാരയുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ കനത്ത ചൂടിൽ ദാഹം തീർക്കാൻ നിരന്തരം സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗിച്ച് പ്രമേഹലക്ഷണങ്ങളുമായി നാട്ടിലെത്തുന്നവർ നിരവധിയുണ്ട്.

ദന്തക്ഷയം വരാം

സോഫ്റ്റ് ഡ്രിങ്ക്സിലെ പഞ്ചസാരയെ (കാർബോഹൈഡ്രേറ്റ്) പല്ലിലെ ബാക്ടീരിയകൾ ഫെർമന്റ് ചെയ്യിപ്പിച്ച് ആസിഡ് ഉണ്ടാക്കുകയും പല്ലിന്റെ ഇനാമലിനെ ദ്രവിപ്പിക്കുകയും ചെയ്യുന്നു. ഇതു ദന്തക്ഷയത്തിനു കാരണമാകുന്നു. സോഫ്റ്റ് ഡ്രിങ്കുകൾ മൊത്തിക്കൂടിക്കുന്നതു പല്ലുകൾക്ക് ഏറെ ദോഷം ചെയ്യും.

പായ്ക്കറ്റ് ജ്യൂസുകൾ

ടെട്രാ പായ്ക്കിങ് അഥവാ കാർട്ടണുകളിൽ പായ്ക്കു ചെയ്ത ജ്യൂസുകൾ ദീർഘകാലം കേടാവാതിരിക്കാൻ പാസ്ചുറ്റെസ് ചെയ്യുന്നുണ്ട്. ഇങ്ങനെ ചെയ്യ‍ുമ്പേ‍ാൾ പ്രകൃതിദത്തമായ പോഷകങ്ങളും ദഹനസഹായികളായ എൻസൈമുകളും നശിപ്പിക്കപ്പെടുന്നു. പഴങ്ങളിലെ പി എച്ച് (pH)ക്ഷാരസ്വഭാവത്തിൽ നിന്നും (Alkaline) അമ്ലഗുണമുള്ളതായി മാറുന്നു. ഇത്തരത്തിൽ പാസ്ചുറ്റെസ് ചെയ്ത പാക്കറ്റുകൾ താഴ്ന്ന താപനിലയിൽ സൂക്ഷിക്കുകയും തുറന്നാലുടൻ ഉപയോഗിച്ചു തീർക്കുകയും വേണം. ഇല്ലെങ്കിൽ അണുബാധയുണ്ടാകും.

സോഡ കുടിച്ചാൽ

സോഡ താരതമ്യേന സുരക്ഷിതമാണെന്നു പറയാറുണ്ട്. അതു പോലെ സോഡ ഗ്യാസ് ട്രബിൾ കുറയ്ക്കും എന്നൊരു ധാരണയുമുണ്ട്. എന്നാൽ സോഡയുടെ ഉപയോഗം ഗ്യാസ് വർധിപ്പിക്കും. സോഡയിൽ രൂപപ്പെടുന്ന കാർബോണിക് ആസിഡ് ദഹനക്ക‍േടിനും കാരണമാകുന്നുണ്ട്.

കുട്ടികളും സോഫ്റ്റ് ഡ്രിങ്കുകളും

സോഫ്റ്റ് ഡ്രിങ്കുകളിലെ സംസ്കരിച്ച് പഞ്ചസാരയുടെ വർധിതമായ അളവ് അഡ്രിനാലിന്റെ അളവു കൂട്ടുകയും കുട്ടികളെ പിരുപിരുപ്പ് അഥവാ ഹൈപ്പർ ആക്ടിവിറ്റ‍ി ഉള്ളവരാക്കുകയും ചെയ്യുന്നു. കുട്ടികളിൽ ഏകാഗ്രത കുറയുന്നതായും പഠനങ്ങൾ പറയുന്നു. ഊർജഭരിതമായ സോഫ്റ്റ് ഡ്രിങ്കുകൾ കുട്ടികളുടെ വയർ െ‌പട്ടെന്നു നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നു. അതു കൊണ്ട് പോഷതസമൃദ്ധമായ മറ്റ് ആഹാരപദാർഥങ്ങളോട് താത്പര്യം കാണിക്കാതെ വരുന്നു. അങ്ങനെ കുട്ടികളുടെ ശരിയായ വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു. രക്തക്കുറവും വളർച്ചക്കുറവും ഉണ്ടാകുന്നു. ചില കുട്ടികളിൽ സോഫ്റ്റ് ഡ്രിങ്കുകളിൽ അടങ്ങിയ പ‍‍ഞ്ചസാര ദഹിപ്പിക്കാനാകാതെ വരുന്നതിനാൽ വയറിളക്കവും മറ്റ് അനുബന്ധ ലക്ഷണങ്ങളും പ്രകടമായേക്കാം. ഇത്തരം ഡ്രിങ്കുകൾ നിർത്തുമ്പേ‍ാൾ അവരുടെ ആഹാരത്തിലെ പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുകയും കുഞ്ഞ‍ുങ്ങളുടെ വളർച്ച മെച്ചപ്പെടുകയും ചെയ്യുന്നു. കുട്ടികൾക്കു ഫ്രഷ് ജ്യൂസ് നൽകുന്നതാണു സുരക്ഷിതം.

ജീന വർഗീസ്

ഡയറ്റീഷ്യൻ എൻ സി ടി വിഭാഗം ജനറൽ ആശുപത്രി ആലപ്പുഴ

ബ്രെഡും ബണ്ണും അത്ര സുരക്ഷിതമല്ല

ബ്രെഡ്, ബൺ, ബിസ്ക്കറ്റ്, പിസ്സ ഇവയൊക്കെയാണ് നാം സാധാരണയായി പ്രശ്നമൊന്നുമുണ്ടാവാനിടയില്ലെന്ന് കരുതി ഉപയോഗിക്കുന്ന ആഹാരസാധനങ്ങള്‍. പക്ഷേ ഇവ അത്ര സുരക്ഷിതമല്ലെന്ന വാദവുമായി എത്തുകയാണ് ഒരുകൂട്ടം ഗവേഷകർ. ഈ ഉൽപ്പന്നങ്ങൾ മനുഷ്യന് അർബുദത്തിന് കാരണമായേക്കാവുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ഒരു പഠനം അവകാശപ്പെടുന്നു.

സെന്റർ ഓഫ് സയൻസ് ആന്റ് എൻവയോണ്‍മെന്റ് നടത്തിയ പഠനത്തിൽ ഡൽഹിയിൽ നിന്ന് ശേഖരിച്ച ബേക്കറി ഉൽപ്പന്നങ്ങളു‌ടെ സാമ്പിളുകളിൽ 84% പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയഡേറ്റും അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ ( IARC ) പ്രകാരം പൊട്ടാസ്യം ബ്രോമേറ്റ് മനുഷ്യർക്ക് അർബുദത്തിന് കാരണമാകുന്നതാണ്.

അയഡിന്റെ അളവ് കൂ‌‌ടുതലാണെന്നതിനാൽ തൈറോയ്ഡിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നതുകൊണ്ട് പൊട്ടാസ്യം അയഡേറ്റ് പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുകയാണ്. എന്നാൽ നമുക്ക് യഥേഷ്‌ടം ലഭ്യമാകുന്നുമുണ്ട്. ഒരു വിഷ വസ്തുവാെന്നതിനാൽ ഇതിന്റെ ഉപയോഗം അനുവദിക്കാനാവില്ലെന്നാണ് ജോയിന്റ് എഫ്എഒ /ഡബ്ലിയുഎച്ച്ഒ വിദഗ്ദ സമിതിയുടെ നിഗമനം.

യൂറോപ്യൻ യൂണിയൻ, കാനഡ, നൈജീരിയ, ബ്രസീൽ, ദക്ഷിണ കൊറിയ, പെറു എന്നീ രാജ്യങ്ങളിൽ ഇത്തരം ഘടകങ്ങൾ ചേർത്ത ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്. വയറുവേദന, വയറിളക്കം, ഓക്കാനം, ഛർദ്ദി , കിഡ്നി പരാജയം, വിഷാദം എന്നീ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ നമ്മുടെ നാട്ടിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ( FSSAI ) ബേക്കറി ഉൽപ്പന്നങ്ങളിൽ പൊട്ടാസ്യം ബ്രോമേറ്റും / അല്ലെങ്കിൽ പൊട്ടാസ്യം അയഡേറ്റും നിയന്ത്രിതമായ അളവിൽ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.

കാൻസറുണ്ടാക്കാൻ വെറും രണ്ട് സ്ളൈസ് ബ്രെഡ് മതി

ബ്രെഡ്, ബൺ, ബിസ്ക്കറ്റ് പിസ്സ ഇവയൊക്കെ സുരക്ഷിതമല്ലെന്ന സെന്റർ ഓഫ് സയൻസ് ആന്റ് എൻവയോണ്‍മെന്റിന്റെ പഠനം പുറത്തുവന്നതിനെത്തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കാൻസർ -തൈറോയ്ഡ് പ്രശ്നങ്ങളുണ്ടാകാൻ ദിനവും വെറും രണ്ട് സ്ളൈസ് ബ്രെഡ് ധാരാളം മതിയെന്ന് സിഎസ്ഇ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഭൂഷൺ പറയുന്നു.

ഡല്‍ഹിയില്‍ വില്‍പ്പനയിലുള്ള വൈറ്റ് ബ്രെഡ്, പാവ്, ബണ്‍, പിസ, ബര്‍ഗര്‍ തുടങ്ങിയവയാണ് സി.എസ്.ഇ. പരിശോധിച്ചത്. 24 ബ്രാന്‍ഡുകളുള്ള ബ്രെഡുകളില്‍ 19 എണ്ണത്തിലും പൊട്ടാസ്യം ബ്രോമേറ്റിന്റെയും അയോഡേറ്റിന്റെയും സാന്നിധ്യം 1.15-22.54 പി.പി.എം. (പാര്‍ട്‌സ് പെര്‍ മില്യണ്‍) എന്ന അളവിലാണ്.

ധാന്യമാവിനെ ബേക്ക് ചെയ്യാനായി ഉപയോഗിക്കുന്നതിനു മുമ്പാണ് പൊ‌ട്ടാസ്യം ബ്രോമേററും അയഡേറ്റുമ‌ടങ്ങിയവ ചേർക്കുക. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ ( IARC ) പ്രകാരം പൊട്ടാസ്യം ബ്രോമേറ്റ് മനുഷ്യർക്ക് അർബുദത്തിന് കാരണമാകുന്നതാണ്. തൈറോയ്ഡിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നതുകൊണ്ട് പൊട്ടാസ്യം അയഡേറ്റ് പല രാജ്യങ്ങളിലും നിരോധിച്ചിരിക്കുകയാണ്. എന്നാൽ നമുക്ക് യഥേഷ്‌ടം ലഭ്യമാകുന്നുമുണ്ട്. ഒരു വിഷ വസ്തുവാെന്നതിനാൽ ഇതിന്റെ ഉപയോഗം അനുവദിക്കാനാവില്ലെന്നാണ് ജോയിന്റ് എഫ്എഒ /ഡബ്ലിയുഎച്ച്ഒ വിദഗ്ദ സമിതിയുടെ നിഗമനം.

യൂറോപ്യൻ യൂണിയൻ , കാനഡ, നൈജീരിയ , ബ്രസീൽ , ദക്ഷിണ കൊറിയ , പെറു എന്നീ രാജ്യങ്ങളിൽ ഇത്തരം ഘടകങ്ങൾ ചേർത്ത ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്. വയറുവേദന, വയറിളക്കം, ഓക്കാനം, ഛർദ്ദി, കിഡ്നി പരാജയം, വിഷാദം എന്നീ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

നമ്മുടെ നാട്ടിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ( FSSAI ) ബേക്കറി ഉൽപ്പന്നങ്ങളിൽ പൊട്ടാസ്യം ബ്രോമേറ്റും / അല്ലെങ്കിൽ പൊട്ടാസ്യം അയഡേറ്റും നിയന്ത്രിതമായ അളവിൽ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടുണ്ടെന്ന റിപ്പോർ‌ട്ടുകൾ പറയുന്നു. ഈ നിയമത്തിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ വിപണിയിലുള്ള പല ഉത്പന്നങ്ങൾക്കും തിരിച്ചടിയാകും.

രുചിയോടെ തിന്നിരുന്ന ബ്രെഡിലെ വില്ലൻ ആരെന്നറിയാമോ?

പഠനത്തിൽ ബ്രെഡ് മാവ് കുഴയ്ക്കുമ്പോള്‍ ചേര്‍ക്കുന്ന അപകടകരമായ രാസവസ്തുക്കളിൽ പലതും അപകടകരമാണെന്നും കാൻസറിനുവരെ കാരണമായേക്കുമെന്നുമറിഞ്ഞ് ഞെ‌ട്ടിയിരിക്കുകയാണ് ഏവരും. സെന്റർ ഓഫ് സയൻസ് ആന്റ് എൻവയോണ്‍മെന്റ് ഡൽഹിയിൽ നടത്തിയ പ​ഠനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ഡൽഹിയിൽ നിന്ന് ശേഖരിച്ച ബേക്കറി ഉൽപ്പന്നങ്ങളു‌ടെ സാമ്പിളുകളിൽ 84% പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയഡേറ്റും അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു.ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ ( IARC ) പ്രകാരം പൊട്ടാസ്യം ബ്രോമേറ്റ് അർബുദത്തിന് കാരണമാകുന്നതാണ്. എന്തിനാണ് പൊട്ടാസ്യം ബ്രോമേറ്റ് ‌‌ഉപയോഗിക്കുന്നെന്ന് നോക്കാം.

1. ബ്രെഡിന്റെ വെൺമ കൂട്ടാനും അതേസമയം മൈദാ മാവിന്റെ കരുത്ത് വർദ്ധിപ്പിക്കുകയും മ‍ൃദുവാക്കുകയും ചെയ്യുന്നു.

2. പൊട്ടാസ്യം ബ്രോമേറ്റ് അർബുദത്തിന് കാരണമാകുന്നതാണ് പ്രധാന ആശങ്ക. എലികളിലും മറ്റും ന‌ടത്തിയ പഠനത്തിൽ ഇക്കാര്യത്തിൽ 1982ൽത്തന്നെ സ്ഥിരീകരണം ലഭിച്ചതാണ്.

3. യൂറോപ്യൻ യൂണിയൻ, കാനഡ, നൈജീരിയ, ബ്രസീൽ, ദക്ഷിണ കൊറിയ, പെറു എന്നീ രാജ്യങ്ങളിൽ ഇത്തരം ഘടകങ്ങൾ ചേർത്ത ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം നിരോധിച്ചിരിക്കുകയാണ്.

4. അമേരിക്കയിൽ ഈ രാസവസ്തുവിന്റെ ഉപയോഗത്തിന് നിയന്ത്രണമില്ല.

5. ഭക്ഷണത്തിലൂടെ അകത്തുചെല്ലുമ്പോള്‍ മാത്രമല്ല ഈ രാസവസ്തു അപകടകരമാകുന്നത്. ത്വക്കിലോ കണ്ണിലോ ഒക്കെ വീണാലും പ്രത്യാഘാതങ്ങളുണ്ടായേക്കാമത്രെ.

6. പൊട്ടാസ്യം ബ്രോമേറ്റ് ഉണ്ടാക്കുന്നത് പൊട്ടാസ്യം ഹൈഡ്രോക്സൈഡ് സംയുക്തത്തിലേക്ക് ബ്രോമീൻ കടത്തിവിട്ടാണ്.

7. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ എന്ന സംഘടന പൊട്ടാസ്യം ബ്രോമേറ്റിനെ 2ബി കാര്‍സിനോജെൻ( മനുഷ്യര്‍ക്ക് കാൻസറുണ്ടാകാൻ സാധ്യതയുള്ള) ആയാണ് കാണുന്നത്.

കൃത്രിമമധുരങ്ങൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

ഷുഗർഫ്രീ എന്ന പേരിൽ വിവിധതരം കൃത്രിമ മധുരങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഇന്നു ലഭ്യമാണ്. ആളുകൾ ധാരാളമായി ഇവ ഉപയോഗിക്കുന്നുമുണ്ട്. സോഫ്റ്റ് ഡ്രിങ്കുകൾ, ച്യൂയിങ്ഗം, ജെല്ലി, ബേക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ, കാൻഡി, പഴച്ചാറുകൾ, ഐസ്ക്രീം, യോഗർട്ട് ഇവയിലെല്ലാം ഉപയോഗിക്കുന്നത് കൃത്രിമമധുരങ്ങളാണ്.

പൊണ്ണത്തടി കുറയ്ക്കാനും കാലറി കുറച്ച് ശരീരഭാരം നിയന്ത്രിക്കാനുമെല്ലാം കൃത്രിമ മധുരങ്ങൾ സഹായിക്കുന്നുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിനു ഹാനികരമാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

ശരീരം ഇവയെ ദഹിപ്പിക്കാത്തതിനാലാണ് ശരീരഭാരം നിയന്ത്രിക്കാൻ ഇവ ഉപയോഗിക്കുന്നത്. എന്നാൽ കുടലിലെ ബാക്ടീരിയയ്ക്ക് ഇവയെ വിഘടിപ്പിക്കാനാകും. ഇത് ആരോഗ്യത്തിനു ദോഷകരമാണ്.

കൃത്രിമമധുരങ്ങൾ, പ്രത്യേകിച്ചും അസ്പാർടെം ഉപയോഗിക്കുന്നത് പൊണ്ണത്തടിയുള്ളവരിൽ, പഞ്ചസാരയ്ക്കു പകരം കൃത്രിമമധുരങ്ങൾ തേടാത്തവരെക്കാൾ ഗ്ലൂക്കോസ് മാനേജ്മെന്റ് വഷളാക്കും. എന്നാൽ സാക്കറിനും നാച്ച്വറൽ ഷുഗറും ഉപയോഗിക്കുന്നവരിൽ ദൂഷ്യഫലം കണ്ടില്ല.

കൃത്രിമമധുരങ്ങൾ പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുമെങ്കിലും ഗുണത്തെക്കാളേറെ ഇവ ദോഷകരമോ എന്നറിയാൻ ഇനിയും പഠനം നടത്തേണ്ടിയിരിക്കുന്നുവെന്ന് പ്രൊഫ.ജെനിഫർ കുക്ക് പറയുന്നു.

പഠനത്തിനായി 2856 മുതിർന്ന യു.എസ് പൗരൻമാരുടെ വിവരങ്ങൾ നാഷണൽ ഹെൽത് ആൻഡ് ന്യൂട്രീഷൻ സർവേയിൽ നിന്നു ശേഖരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ കഴിച്ച ഭക്ഷണം ഏതെന്നു മനസിലാക്കി, ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. അസ്പാർടെമും സാക്കറിനും പോലെ കൃത്രിമമധുരങ്ങൾ ഉപയോഗിക്കുന്നവരെന്നും ഫ്രക്ടോസും ഷുഗറും ഉൾപ്പെട്ട സാധാരണ മധുരങ്ങൾ കൂടുതലായോ കുറഞ്ഞ അളവിലോ ഉപയോഗിക്കുന്നവരെന്നും തരം തിരിച്ചു.

ഓറൽ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ് ിവരിൽ നടത്തി. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനുള്ള കഴിവ് അറിയാനാണിത്. പ്രമേഹസാധ്യതയും ഇതുവഴി കണക്കുകൂട്ടി. കാനഡയിലെ യോർക്ക് സർവകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.

കടപ്പാട്- മനോരമ ഓണ്‍ലൈന്‍

3.36111111111
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ