Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഫൈബ്രോമയാള്‍ജിയ

കൂടുതല്‍ വിവരങ്ങള്‍

എന്താണ് ഫൈബ്രോമയാള്‍ജിയ

ഇന്ന് വര്‍ധിച്ചുവരുന്ന മിക്ക രോഗങ്ങള്‍ക്കും പ്രധാന കാരണം ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ്. ഒരു വ്യക്തിയുടെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ അവരുടെ ദൈനംദിന ജീവിതത്തെ മാത്രമല്ല, കുടുംബജീവിതത്തെയും ബാധിക്കുന്നു. ഇത്തരം അസ്വാസ്ഥ്യങ്ങളില്‍ ഇന്നത്തെ സമൂഹത്തില്‍ കൂടുതലായി കണ്ടുവരുന്നതും ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ രോഗാവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ. അസന്തുഷ്ടമായ ശരീരവും മനസ്സും കൈകോര്‍ത്ത് രണ്ടുമുതല്‍ മൂന്നു ശതമാനംവരെ ആളുകളില്‍ ഇത് കാണപ്പെടുന്നു. എന്നാല്‍, ശരിയായ അവബോധത്തിന്റെ അപര്യാപ്തതമൂലം ഗൌരവപൂര്‍വമായ ചികിത്സക്ക് ആരും തയ്യാറാവുന്നില്ല. സാധാരണ രീതിയില്‍ ശാരീരികവേദന അനുഭവിക്കുന്ന വ്യക്തികള്‍ക്ക് ഒരുപക്ഷേ, വേദനയുടെ യഥാര്‍ഥ കാരണം പറയാന്‍കഴിയാത്ത അവസ്ഥ. മറ്റുള്ളവരില്‍, പ്രത്യേകിച്ച് കുടുംബാംഗങ്ങളില്‍ തണുത്ത പ്രതികരണത്തിന് കാരണമാവുകയും കുടുംബബന്ധത്തില്‍ വിള്ളലുണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം തിക്താനുഭവങ്ങള്‍ വേദന അനുഭവിക്കുന്ന രോഗിക്ക് കൂടുതല്‍ മാനസികാഘാതങ്ങള്‍ക്കും അതുവഴി രോഗം മൂച്ഛിക്കുന്നതിനും കാരണമായേക്കും. മുമ്പ് തെറ്റിദ്ധരിച്ച് മാനസികരോഗങ്ങളുടെ കൂട്ടത്തില്‍പെടുത്തിയിരുന്ന ഇതിനെ അടുത്തകാലത്താണ് ചികിത്സ ആവശ്യമുള്ള ശാരീരിക രോഗമായി കണക്കാക്കാന്‍ തുടങ്ങിയത്.

വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ പേശികളുടെയും അസ്ഥികളുടെയും വ്യാപകമായ വേദന, ശരീരത്തിന്റെ മര്‍മഭാഗങ്ങളില്‍ തൊടുമ്പോള്‍ ഉണ്ടാകുന്ന അതിശക്തമായ വേദന, ക്ഷീണം, ഉറക്കമില്ലായ്മ, കോച്ചിപ്പിടിത്തം എന്നിവയുടെ ആകെത്തുകയാണ് ഫൈബ്രോമയാള്‍ജിയ.

ആരെയെല്ലാമാണ് ഫൈബ്രോമയാള്‍ജിയ കുടൂതലായി ബാധിക്കുന്നത്?

കേരളത്തില്‍ രണ്ടുമുതല്‍ മൂന്നു ശതമാനംവരെ വ്യക്തികളില്‍ ഫൈബ്രോമയാള്‍ജിയ കാണപ്പെടുന്നു. സാധാരണയായി പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഒമ്പത് മടങ്ങ് കൂടുതല്‍ കണ്ടുവരുന്നു. 20 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകളിലാണ് ഫൈബ്രോമയാള്‍ജിയ കൂടുതലായി കാണപ്പെടുന്നത്.

ഫൈബ്രോമയാള്‍ജിയ രോഗലക്ഷണങ്ങള്‍

വേദനയാണ് ഫൈബ്രോമയാള്‍ജിയയുടെ പ്രധാന ലക്ഷണം. സന്ധികളെ ബാധിക്കുന്നില്ലെങ്കിലും കുത്തിത്തറയ്ക്കുന്ന വേദന, സന്ധിവേദനയായി ഇത്തരം വ്യക്തികളില്‍ തെറ്റിദ്ധരിക്കപ്പെടാം.
വ്യാപകമായ പേശിവേദന, കോച്ചിപ്പിടിത്തം.

  • പെട്ടെന്നുള്ള ക്ഷീണം
  • കാലുകളിലേക്ക് വ്യാപിക്കുന്ന രീതിയിലുള്ള നടുവേദന, കഴുത്ത്, തോള്‍ എന്നീ ഭാഗങ്ങളിലുള്ള അസഹ്യമായ വേദനയും ഭാരം അനുഭവപ്പെടലും.
  • മൈഗ്രേന്‍പോലുള്ള തലവേദന
  • അമിതമായ ഉല്‍ക്കണ്ഠ, വിഷാദം
  • വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍
  • ഓര്‍മക്കുറവ്
  • കൈകള്‍ക്കും കാലുകള്‍ക്കും മരവിപ്പ്, തരിപ്പ്

കാരണങ്ങള്‍ എന്തെല്ലാം

വ്യക്തമായ കാരണം പറയാനില്ലെങ്കിലും താഴെപറയുന്നവ ഫൈബ്രോമയാള്‍ജിയ  ഉണ്ടാക്കാന്‍ സാധ്യത കൂട്ടുന്നു. ജീവിതശൈലിയിലെ മാറ്റങ്ങള്‍തന്നെയാണ് പലപ്പോഴും കാരണമാകുന്നത്.
വേദന സഹിക്കാനുള്ള കഴിവ് കുറയുന്നതാണ് ഫൈബ്രോമയാള്‍ജിയയുടെ പ്രധാന കാരണം. ഒരു സാധാരണ വ്യക്തിക്ക് സ്പര്‍ശനമായി അനുഭവപ്പെടുന്നത് ഫൈബ്രോമയാള്‍ജിയയുള്ള വ്യക്തിക്ക് അതിശക്തമായ വേദനയായാണ് അനുഭവപ്പെടുന്നത്. ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നവരില്‍ ഫൈബ്രോമയാള്‍ജിയ കൂടുതലായി കാണപ്പെടുന്നു. അതുപോലെത്തന്നെ ഫൈബ്രോമയാള്‍ജിയയുള്ള രോഗികളില്‍ മാനസിക പിരിമുറുക്കമുള്ളപ്പോള്‍ വേദന കൂടുതല്‍ അനുഭവപ്പെടും.

ഏതൊക്കെ ശരീരഭാഗങ്ങളെയാണ് ബാധിക്കുന്നത്?

ശരീരത്തിലാകമാനം ഉണ്ടാകുന്ന വേദനയാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം. ഇത് കഴുത്തുവേദനയായോ, നട്ടെല്ലു വേദനയായോ തുടങ്ങുമെങ്കിലും തുട, കാല്‍മുട്ടുകള്‍, നെഞ്ച്, തോളുകള്‍, കൈമുട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ബാധിക്കാം.

എങ്ങിനെ കണ്ടുപിടിക്കാം?

അമേരിക്കന്‍ കോളേജ് ഓഫ് റുമറ്റോളജിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ഫൈബ്രോമയാള്‍ജിയ രോഗം നിര്‍ണയിക്കുന്നത്. ഹൈപ്പോ തൈറോയ്ഡിസം, വിഷാദം മുതലായ ചില രോഗങ്ങള്‍ ഫൈബ്രോമയാള്‍ജിയയുടെ രോഗലക്ഷണവുമായി സാമ്യമുള്ളതാണ്. നേരത്തെ സൂചിപ്പിച്ചപോലെ അതിശക്തമായ ശരീരവേദനയാണ് ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കണ്ടുവരുന്നത്. ഇതുകൂടാതെ അകാരണമായ വിഷാദം, രാവിലെ ഉണ്ടാകുന്ന ക്ഷീണം, തലവേദന, അടിവയറ്റിലുണ്ടാകുന്ന വേദനകള്‍, ഇതും ഫൈബ്രോമയാള്‍ജിയയുടെ ലക്ഷണമായി കാണാറുണ്ട്. ഈ രോഗികളില്‍ രക്തപരിശോധനയിലും സ്കാനിങ്ങിലും ഒരുവിധ അപാകങ്ങളും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഇത് മാനസികരോഗമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ആയതിനാല്‍ രോഗിക്ക് അതിയായ മാനസികസംഘര്‍ഷം ഉണ്ടാകുകയും പലപ്പോഴും വിഷാദത്തിനു കാരണമാകുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഉറക്കമില്ലായ്മ, ഉല്‍ക്കണ്ഠ, മുന്‍കോപം തുടങ്ങിയവ ഉണ്ടാകുന്നു. ഇത് വേദനയുടെ തീവ്രത വര്‍ധിപ്പിക്കുന്നു. മര്‍മസ്ഥാനങ്ങളിലെ വേദനയുടെയും മറ്റു ലക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് രോഗനിര്‍ണയം നടത്തുന്നത്.

ദൈനംദിന ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു?

ഫൈബ്രോമയാള്‍ജിയയുള്ള വ്യക്തികളില്‍ ശാരീരികാസ്വാസ്ഥ്യം, കോച്ചിപ്പിടിത്തം എന്നിവ സര്‍വസാധാരണമാണ്. രാവിലെ അനുഭവപ്പെടുന്ന ഇത്തരം അസ്വസ്ഥതകള്‍ ദിവസം പുരോഗമിക്കുന്നതനുസരിച്ച് കുറയുകയും രാത്രിയില്‍ കൂടുകയും ചെയ്യുന്നു. ചില വ്യക്തികള്‍ക്ക് ദിവസം മുഴുവനും വേദന അനുഭവപ്പെടും. ഇതുകൂടാതെ കാലാവസ്ഥാ വ്യതിയാനങ്ങളും അമിതാധ്വാനവും മാനസിക പിരിമുറുക്കവും വേദനയെ കൂട്ടുന്ന ഘടകങ്ങളാണ്. അതിനാല്‍ രോഗലക്ഷണങ്ങളുടെ പ്രഥമഘട്ടത്തില്‍ത്തന്നെ വിദഗ്ധനായ റുമറ്റോളജിസ്റ്റിനെ കാണേണ്ടത് അത്യാവശ്യമാണ്.

ചികിത്സാരീതികള്‍: വ്യായാമം

ഈ രോഗത്തില്‍ പേശികളില്‍ നീര്‍വീഴ്ചയുള്ളതുകൊണ്ട് ഫിസിയോതെറാപ്പി വളരെ ഫലപ്രദമാണ്. ഫിസിയോതെറാപ്പിയില്‍ പ്രധാനമായും ട്രിഗര്‍ റിലീസിങ്, മയോഫേഷ്യല്‍ തൊറാപ്പി, ഇലക്ട്രോ തെറാപ്പി, ഡ്രൈ നീഡിലിങ് തുടങ്ങിയ ആധുനിക ചികിത്സാരീതികളും ഇപ്പോള്‍ നിലവിലുണ്ട്. രോഗിക്ക് ഒരാഴ്ചത്തെ ഫിസിയോതെറാപ്പിക്കുശേഷം വീട്ടില്‍പോയുള്ള നിരന്തരമായ വ്യായാമങ്ങള്‍, വേദനയുടെ കാഠിന്യം കുറയ്ക്കുന്നു. ദിവസവും രാവിലെയുള്ള നടത്തം മാനസിക പിരിമുറുക്കം കുറയുന്നതിനും പേശികള്‍ക്ക് അയവുവരുത്തുന്നതിനും കൂടാതെ വേദന കുറയ്ക്കുന്നതിനും വളരെയധികം ഉപകരിക്കുന്നു.

ഭക്ഷണ ക്രമീകരണം

പോഷാകാഹാരം കഴിക്കുക, മദ്യപാനം, പുകവലി, അമിതമായ ചായയുടെയും കാപ്പിയുടെയും ഉപയോഗം കുറയ്ക്കുക എന്നിവ കൂടാതെ നല്ല ഉറക്കത്തിനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ക്രമമായ ദിനചര്യകള്‍ ശീലിക്കുക എന്നതും ഫലപ്രദമാണ്.

മരുന്നുകള്‍

ഫൈബ്രോമയാള്‍ജിയ ചികിത്സയില്‍ ആദ്യഘട്ടത്തില്‍ മരുന്നുകളുടെ പങ്ക് വളരെ പ്രധാനമാണ്. ഞരമ്പുകളുടെ പ്രവര്‍ത്തനത്തിനുള്ള അപാകമാണ് ഫൈബ്രോമയാള്‍ജിയ രോഗത്തിന്റെ പ്രധാന കാരണം. അതിന്റെ ഫലമായി വേദന സഹിക്കാനുള്ള കഴിവ് കുറഞ്ഞുപോകുന്നു. ഞരമ്പുകളുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലേക്ക് തിരികെകൊണ്ടുവരിക എന്നതാണ് മരുന്നുകളുടെ ഉപയോഗത്തിലൂടെയുള്ള പ്രധാന ലക്ഷ്യം. ആദ്യഘട്ടത്തില്‍ മരുന്നുകളില്‍ തുടങ്ങി വേദന കുറച്ചശേഷം നിരന്തരമായ വ്യായാമത്തിലൂടെ മരുന്നുകളുടെ അളവ് കുറയ്ക്കാനും സാവധാനം നിര്‍ത്തുവാനും സാധിക്കും.

ബോധവല്‍ക്കരണം

രോഗിയെയും രോഗിയുടെ കുടുംബാംഗങ്ങളെയും രോഗത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുക എന്നത് ചികിത്സയുടെ പ്രധാന ഭാഗമാണ്. രോഗിക്ക് കുടുംബാംഗങ്ങളുടെ പരിപൂര്‍ണ സംരക്ഷണവും പിന്തുണയും ആവശ്യമാണ്. രോഗിയുടെ വേദനയെ കുടുംബാംഗങ്ങള്‍ തിരിച്ചറിയുകയും അവരെ മനസ്സിലാക്കുകയും ചെയ്യുന്നത് ഈ രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നു.

തിരിച്ചറിയുക – നിങ്ങള്‍ ഒറ്റയ്ക്കല്ല

രോഗിയായി എന്നുകരുതി ജീവിതം അതോടെ തീര്‍ന്നു എന്ന മട്ടില്‍ തീര്‍പ്പിലെത്തരുത്.  ശരിയായ ജീവിതക്രമത്തിലൂടെയും പോസിറ്റീവ് ചിന്തകളിലൂടെയും ജീവിതത്തെ തിരികെപിടിക്കാം. ലോകത്ത് നിങ്ങള്‍ക്കൊരാള്‍ക്കു മാത്രമല്ല ഈ രോഗമെന്നറിയുക. ഓരോ വ്യക്തികളുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാനസികസംഘര്‍ഷങ്ങള്‍ കുറയ്ക്കാനുള്ള രീതികള്‍ തെരഞ്ഞെടുക്കാം. വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍, വ്യായാമം, യോഗ എന്നിവയും രോഗത്തെ ഒരുപരിധിവരെ തടയാന്‍ സഹായിക്കുന്നു. രോഗിയുടെ മാനസികനിലയിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും മാനസികസംഘര്‍ഷങ്ങള്‍ കുറയ്ക്കാനും കുടുംബത്തിന്റെ പിന്തുണ അത്യാവശ്യമാണെന്ന് സമൂഹം തിരിച്ചറിയണം.

തയ്യാറാക്കിയത്: എ കൃഷ്ണകുമാരി
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. പത്മനാഭ ഷേണായ് റുമറ്റോളജിസ്റ്റ്, ഇമ്മ്യൂണോളജിസ്റ്റ് ഷേണായ്സ് കെയര്‍, നെട്ടൂര്‍

കടപ്പാട്-homeremedyinkerala.blogspot.com

3.31578947368
സലിം Mar 16, 2018 09:26 PM

ഈ രോഗം എന്റെ ഭാര്യക്കു സ്ഥിരീകരിച്ചതാണ് ഈ ലക്ഷണങ്ങളും മറ്റു കാര്യങ്ങളും എല്ലാം തന്നെ വ്യക്തമായി പ്രകടമാണ്...കിംസ്ഹോസ്പിറ്റലിൽ വർഷങ്ങളായി ചികിത്സയും തുടരുന്നു. ഇതിനു ഫലപ്രധമായ ചികിത്സയും, വിദഗ്ദനായ ഒരു ഡോക്ടറെയും നിർദ്ദേശിക്കണമെന്ന് അപേക്ഷിക്കുന്നു....

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top