অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഫിറ്റ്നെസ്സ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്താണ് ഉറക്കം

ഉറക്കം നിസ്സാരമായി തള്ളാവുന്ന കാര്യമല്ല. ശാസ്ത്രലോകത്ത് ഉറങ്ങാന്‍പോലും നേരമില്ലാതെ ഗവേഷകര്‍ ഇതിന്റെ പിന്നാലെയാണ്. ഉറക്കത്തിന്റെ ഓരോഘട്ടത്തിലും ഓരോ രീതിയിലാണ് ശാരീരിക പ്രവര്‍ത്തനം. ഉറങ്ങുമ്പോള്‍ തലച്ചോറ് ഉണര്‍ന്നിരിക്കുമെങ്കിലും ഓരോ ഘട്ടത്തിലും ഓരോ ധര്‍മമാണ് തലച്ചോറ് നിര്‍വഹിക്കുന്നത്. ഉറക്കത്തിന്റെ ഒരുഘട്ടം നിങ്ങള്‍ക്ക് മതിയായ വിശ്രമം നല്‍കുന്നതിനും പിറ്റേന്ന് ഊര്‍ജ്വസ്വലരായി നിര്‍ത്തുന്നതിനുമുള്ളതാണെങ്കില്‍ മറ്റൊരു ഘട്ടം ഓര്‍മകളിലൂടെ സഞ്ചരിക്കാനും പഠിക്കുന്നതിനും വേണ്ടിയുള്ളതാണ്.

നല്ല ആരോഗ്യം നിലനിര്‍ത്തുന്നതിനും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും ഒക്കെ വേണ്ട പ്രവര്‍ത്തനങ്ങള്‍ ഉറക്കത്തിനിടെ ശരീരത്തില്‍ നടക്കുന്നുണ്ട്. വേണ്ടത്ര ഉറക്കം കിട്ടിയില്ലെങ്കില്‍ അപകടത്തില്‍ ചാടിക്കുന്നത് അതുകൊണ്ടാണ്.

എത്രത്തോളം നന്നായി ഉറങ്ങുന്നുവെന്നതിനെയും എത്രനേരം ഉറങ്ങാന്‍ കഴിയുന്നുവെന്നതിനെയും ആശ്രയിച്ചാണ് ഒരാളുടെ ഉറക്കത്തെ വിലയിരുത്തേണ്ടത്. മറ്റൊന്ന് തലച്ചോറിലെ ജൈവ ഘടികാരത്തിന്റെ പ്രവര്‍ത്തനമാണ്. കണ്ണിലടിക്കുന്ന പ്രകാശസിഗ്നലുകളോട് പ്രതികരിക്കുകയും ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന കോശക്കൂട്ടമാണ് ജൈവ ഘടികാരം. ഈ ക്ലോക്കിന്റെയും മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങളുടെയും ഫലമാണ് അര്‍ദ്ധരാത്രി മുതല്‍ രാവിലെ വരെയും ഉച്ചയ്ക്ക്‌ശേഷവും നമുക്ക് ഉറക്കം വരുന്നത്.

രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്ക് ജോലിസമയത്തും ഉറക്കച്ചടവ് തോന്നാറുണ്ട്. പകല്‍നേരത്ത് ഉറങ്ങേണ്ടിവരുന്നുവെന്ന കുഴപ്പം ഇത്തരക്കാരെ ബാധിക്കുന്നു. ഉറക്കച്ചടവുമൂലം റോഡിലും ജോലിസ്ഥലത്തും അപകടങ്ങളില്‍പ്പെടാനുള്ള സാധ്യതയും ഇത്തരക്കാരില്‍ കൂടുതലാണ്. ഹൃദ്രോഗം, ദഹനക്കുറവ് മൂലമുള്ള അസുഖങ്ങള്‍, വന്ധ്യത തുടങ്ങിയവ രാത്രിജോലിക്കാരെ ബാധിക്കാന്‍ സാധ്യത കൂടുതലുമാണ്. വൈകാരിക പ്രശ്‌നങ്ങളും ഇവരെ ബാധിക്കാം. ഈ പ്രശ്‌നങ്ങളെല്ലാം തന്നെ ഉറക്കമില്ലായ്മയെന്ന അടിസ്ഥാന പ്രശ്‌നവുമായി ബന്ധപ്പെട്ടിരിക്കുന്നു.

വിമാനയാത്ര ചെയ്യുന്നവര്‍ക്കും ഉറക്കം തലവേദന പിടിച്ച കാര്യമാണ്. സമയ മേഖലകള്‍ മാറി യാത്ര ചെയ്യേണ്ടിവരുന്നവരുടെ ഉറക്ക ടൈംടേബിള്‍ ആകെ തെറ്റും. ജെറ്റ് ലാഗ് എന്നാണ് ഇതറിയപ്പെടുന്നത്. പകലുറക്കവും ഏകാഗ്രത നഷ്ടപ്പെടലും അനിയന്ത്രിതമായ ശുണ്ഠിയുമെല്ലാം ജെറ്റ് ലാഗിന്റെ സമ്മാനങ്ങളാണ്. എന്നാല്‍ ഉറക്കം നിയന്ത്രിക്കുന്ന ജൈവ ഘടികാരത്തെ നിയന്ത്രിച്ച് ആവശ്യമനുസരിച്ച് മാറ്റിയെടുക്കാനാവും എന്നതാണ് വാസ്തവം. പുതിയ സമയ മേഖലയുമായും ജോലി സാഹചര്യവുമായും ഉറക്കം ഇണങ്ങിവരണമെങ്കില്‍ കുറച്ചുദിവസമെടുക്കുമെന്നുമാത്രം. മറ്റൊരു സമയ മേഖലയിലേക്ക് യാത്ര ചെയ്യേണ്ടിവരുമ്പോള്‍, അവിടുത്തെ സമയക്രമമനുസരിച്ച് ഉറക്കത്തെ ക്രമീകരിക്കാന്‍ മുന്‍കൂട്ടി തയ്യാറെടുക്കുന്നത് നല്ലതാണ്. എന്നാല്‍ യാത്ര കുറച്ചുദിവസത്തേക്കു മാത്രമാണെങ്കില്‍, പഴയ ഉറക്ക ശീലം നിലനിര്‍ത്തുകയാണ് വേണ്ടത്.

നന്നായി ഉറങ്ങാന്

കൃത്യമായ ഉറക്കം: എല്ലാ ദിവസവും ഒരേസമയത്ത് ഉറങ്ങുകയും ഒരേ സമയത്ത് ഉണരുകയും ചെയ്യുക.

വ്യായാമം: വ്യായാമം ശരീരത്തിനു നല്ലതാണ്. എന്നാല്‍ ഉറക്കത്തോടടുപ്പിച്ച് വ്യായാമം ചെയ്യരുത്. വ്യായാമം ഉറക്കത്തിന് അഞ്ചാറ് മണിക്കൂറെങ്കിലും മുമ്പായി ചെയ്യുക.

കഫിനും നിക്കോട്ടിനും ഒഴിവാക്കുക: കാപ്പി, കോള, ചായ, ചോക്കളേറ്റ് എന്നിവയിലടങ്ങിയിരിക്കുന്ന കഫിന്‍ ഉറക്കത്തിന് തടസ്സമാണ്. പുകവലിയിലൂടെ അകത്താക്കുന്ന നിക്കോട്ടിനും ഉറക്കമില്ലാതാക്കും.

മദ്യപാനം ഒഴിവാക്കുക: ഉറങ്ങുന്നതിനുമുമ്പ് രണ്ടെണ്ണം അകത്താക്കുന്ന ശീലവും നല്ലതല്ല. മദ്യം നല്ലയുറക്കം തരില്ല. ലഹരിപോകുന്ന മുറയ്ക്ക് ഉറക്കം നഷ്ടപ്പെടുകയും ചെയ്യും.

അമിതഭക്ഷണം വേണ്ട: വലിയ തോതില്‍ അകത്താക്കിയാല്‍ അത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കും. അധികം വെള്ളം കുടിച്ചാല്‍ കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ തോന്നുകയും ഉറക്കം മുറിയുകയും ചെയ്യും.

മരുന്നുകള്‍ ഒഴിവാക്കുക: ഉറക്കം വൈകിപ്പിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്ന മരുന്നുകള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കുക. ഹൃദ്രോഗം, രക്തസമ്മര്‍ദം, ആസ്ത്മ, കഫക്കെട്ട്, ജലദോഷം തുടങ്ങിയവയ്ക്കുള്ള പല മരുന്നുകളും ഉറക്കത്തെ തടസ്സപ്പെടുത്തുന്നവയാണ്.

റിലാക്‌സ് ചെയ്യുക: ഉറങ്ങുന്നതിനുമുമ്പ് സ്വസ്ഥമായി കിടന്ന് റിലാക്‌സ് ചെയ്യുക. സംഗീതം ആസ്വദിക്കുകന്നതും പുസ്തകം വായിക്കുന്നതുമൊക്കം മനസ്സിനെ കുളിര്‍പ്പിക്കും. നന്നായി ഉറങ്ങാനാവും.

ചൂടുവെള്ളത്തിലൊരു കുളി: ഉറക്കത്തിനുമുമ്പ് ചൂടുവെള്ളത്തിലൊന്ന് കുളിച്ചാല്‍, കൂടുതല്‍ ശാന്തമായ ഉറക്കം ഉറപ്പ്.

നല്ല അന്തരീക്ഷം: ഉറക്കം തടസ്സപ്പെടുത്തുന്ന ശബ്ദങ്ങള്‍, വലിയ ലൈറ്റുകള്‍, ടി.വി, മോശം കിടക്ക, തുടങ്ങിയവയെല്ലാം കിടപ്പറയില്‍നിന്ന് ഒഴിവാക്കുക. മുറിയിലെ താപനിലയും അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ളതാവരുത്.

സൂര്യവെളിച്ചമേല്‍ക്കുക: പകല്‍വെളിച്ചമാണ് ഉറക്കത്തെ നിയന്ത്രിക്കുന്നത്. ദിവസവും അരമണിക്കൂറെങ്കിലും സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്.

ഉറങ്ങാതെ കിടക്കരുത്: കിടക്കയില്‍ കിടന്ന് 20 മിനിറ്റ് കഴിഞ്ഞിട്ടും ഉറക്കം വന്നില്ലെങ്കില്‍ എണീക്കുക. പുസ്തകം വായിച്ചോ സംഗീതം ആസ്വദിച്ചോ ശരീരത്തെ റിലാക്‌സ് ചെയ്യിക്കുക. ഉറക്കം വരുന്നില്ലെന്ന ആശങ്ക നല്ല ഉറക്കം തരില്ല.

ഡോക്ടറെ കാണുക: വേണ്ടത്ര വിശ്രമിച്ചില്ലെന്ന് സ്ഥിരമായി തോന്നുകയും സ്ഥിരമായി ക്ഷീണിതനാണെന്ന് തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുക.

ഊര്‍ജസ്വലതയ്ക്ക് ഉറക്കം

ഏതൊരു പകലിനും മുമ്പ് ഒരു രാത്രിയുണ്ടെന്നതുപോലെ ഊര്‍ജസ്വലതയോടെ ഒരു ദിവസം തുടങ്ങാന്‍ അതിന് മുമ്പ് ആവശ്യത്തിന് ഉറങ്ങിയിരിക്കണം. ഉറക്കത്തിന്റെ ഉള്ളറകള്‍ പൂര്‍ണമായും അനാവരണം ചെയ്യപ്പെട്ടിട്ടില്ലെങ്കിലും എല്ലാ ജീവികളും ഉറങ്ങുന്നുണ്ടത്രേ. തുടര്‍ച്ചയായി ചലിക്കുന്ന ഡോള്‍ഫിനുകള്‍ പോലും ഓരോ കണ്ണും, മസ്തിഷ്‌കത്തിന്റെ ഓരോ പകുതിയും വെച്ച്, വിശ്രാന്താവസ്ഥയിലാക്കി ഉറങ്ങാറുണ്ട്. ഉറക്കം നഷ്ടപ്പെടുത്തി എലികളെയും ശലഭങ്ങളെയും പോലെ പല ജീവികളെയും കൊല്ലാന്‍പോലും കഴിയും. ദിവസം 20 മണിക്കൂര്‍ ഉറങ്ങുന്ന തേവാങ്കാണ് (Sloth)കൂടുതല്‍ സമയം ഉറങ്ങുന്ന ജീവി.

പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 7 മുതല്‍ 8 മണിക്കൂര്‍ ഉറക്കം അനിവാര്യമാണെങ്കില്‍ പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 11-13 മണിക്കൂറും സ്‌കൂള്‍ കുട്ടികള്‍ക്ക് 10-11 മണിക്കൂറും ഉറക്കം അവശ്യമത്രേ. ഉറക്കം മാനസിക സൗഖ്യത്തിനാണ്, ശാരീരിക സൗഖ്യത്തിനല്ല എന്നൊരു കാഴ്ചപ്പാട് ആദ്യകാലത്തുണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള പഠനങ്ങള്‍ ഇത് തിരുത്തുന്നതായിരുന്നു. ഉറക്കമില്ലായ്മ ഗ്രന്ഥികളുടെ മാസ്റ്ററായ പീയൂഷ ഗ്രന്ഥിയെയും ഹൈപോതലാമസിനെയും സ്വതന്ത്രനാഡീ വ്യവസ്ഥയെയും സാരമായി ബാധിക്കുന്നു. ഉറക്കം സിമ്പതറ്റിക് നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം കുറയ്ക്കുമ്പോള്‍ പാരാസിമ്പതറ്റിക് നാഡീ വ്യവസ്ഥയെ ഊര്‍ജസ്വലമാക്കുന്നു. ഈ അസന്തുലനം മിക്ക അന്തസ്രാവ്യഗ്രന്ഥികളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. വിശപ്പിനെ തടയുന്ന ലെപ്റ്റിന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നു. രണ്ട് ദിവസത്തെ ഉറക്കക്കുറവുകൊണ്ട് തന്നെ വിശപ്പിനെ ഉത്തേജിപ്പിക്കുന്ന പെപൈ്റ്റഡായ ഗ്രെലിന്‍ (Ghrelin) ആമാശയത്തില്‍ കൂടുന്നത്രേ. ഇത് പൊണ്ണത്തടിക്ക് കാരണമായേക്കാം. ഗ്ലൂക്കോസിനോട് പ്രതികരിക്കാനുള്ള ശരീരത്തിന്റെ കഴിവ് 30 ശതമാനം വരെ വ്യതിചലിക്കപ്പെടാം. ചുരുക്കത്തില്‍ ഉറക്കമില്ലായ്മ ടൈപ്പ്-2 പ്രമേഹത്തിനും കാരണമാകാം.

ശരീരത്തിലെ നാഡീവ്യവസ്ഥയുടെ കേന്ദ്രമാണല്ലോ മസ്തിഷ്‌കം. നാഡീയ ആവേഗങ്ങളെ ഒരു നാഡീ കോശത്തില്‍നിന്ന് അടുത്തതിലേക്ക് കൈമാറുന്ന വിടവുകളെ സിനാപ്‌സ് എന്നു വിളിക്കുന്നു. മസ്തിഷ്‌കം ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ 80 ശതമാനവും സിനാപ്‌സിന്റെ പ്രവര്‍ത്തനത്തിനാണത്രെ. ഉറക്കം സിനാപ്‌സിന് വിശ്രമം നല്‍കും.

ഉറക്കക്കുറവ് മൂലമുണ്ടായ പ്രശ്‌നങ്ങളെയെല്ലാം തുടര്‍ന്നുള്ള ഒരുറക്കത്തിലൂടെ പരിഹരിക്കാന്‍, മസ്തിഷ്‌കത്തെ സഹായിക്കുന്ന ഒരു തന്മാത്ര ഗവേഷകര്‍ അടുത്തിടെ കണ്ടെത്തുകയുണ്ടായി. അഡിനോസിന്‍ സ്വീകാരി (adenosine receptor) യാണത്. ഓരോ മണിക്കൂറുമുള്ള മസ്തിഷ്‌കത്തിന്റെ ഉണര്‍ന്നുള്ള പ്രവര്‍ത്തനം അഡിനോസിന്‍ അടിഞ്ഞുകൂടാന്‍ കാരണമാകുമത്രേ. എന്നാല്‍ അഡിനോസിന്‍ സ്വീകാരി ഈ അഡിനോസിനുകളെ തളയ്ക്കാന്‍ പോന്നവയാണ്. മസ്ത്തിഷ്‌കത്തിന്റെ ഓര്‍മശക്തിയും ശ്രദ്ധയും നിയന്ത്രണ ഏകോപന പ്രവര്‍ത്തനങ്ങളും പൂര്‍വസ്ഥിതിയിലാക്കാനും മസ്തിഷ്‌കത്തിലെ നാഡീയ ആവേഗങ്ങളുടെ ത്വരണത്തിനും ഈ തന്മാത്രയുടെ പ്രവര്‍ത്തനം സഹായിക്കുമത്രേ. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീനെപ്പോലെയുള്ള ആല്‍ക്കലോയിഡുകള്‍ അഡിനോസിന്‍ സ്വീകാരികളെയും തളയ്ക്കാന്‍ പോന്നവയാണത്രേ. അതിനാലാണ് കാപ്പികുടി ഉറക്കക്കുറവിന് കാരണമാകുന്നത് എന്നാണ് ഇവരുടെ അഭിപ്രായം.

ഉണര്‍ന്നിരിക്കുവാന്‍ വേണ്ടത്ര ഉറങ്ങുക

ഏതുനേരവും ഉറക്കം തൂങ്ങിയിരിക്കുന്നവരെ ശകാരിക്കാന്‍ വരട്ടെ. ഉറക്കവും ഉറക്കക്കുറവും വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങളറിഞ്ഞിട്ടാവാം ബാക്കി. ഓരോരുത്തര്‍ക്കും ഉറക്കം വ്യത്യസ്തരീതിയിലാണ്. ആജീവനാന്തം അതിന്റെ ദൈര്‍ഘ്യം ഏറിയും കുറഞ്ഞുമിരിക്കും. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏഴ്-എട്ട് മണിക്കൂര്‍ വരെ നല്ലഉറക്കം രാത്രിയില്‍ കിട്ടണം. നവജാതശിശുക്കള്‍ക്ക് ദിവസവും 16 മുതല്‍ 18 മണിക്കൂര്‍ വരെയും തീരെ ചെറിയ കുട്ടികള്‍ക്ക് 10 മുതല്‍ 12 മണിക്കൂര്‍ വരെയും ഉറക്കംവേണം. സ്‌കൂളില്‍ പോകുന്നവര്‍ക്കും കൗമാരപ്രായക്കാര്‍ക്കും രാത്രിയുറക്കത്തിന്റെ ദൈര്‍ഘ്യം ഒമ്പതു മണിക്കൂറാണെന്ന് വിദഗ്ധര്‍ പറയുന്നു.

പ്രായമാകുന്തോറും കുറച്ച് ഉറങ്ങിയാല്‍ മതിയെന്ന ധാരണതെറ്റാണ്. ചെറുപ്പക്കാരെക്കാള്‍ കുറച്ചുറങ്ങിയാലും പ്രായമുള്ളവര്‍ക്ക് പ്രസരിപ്പ് നിലനിര്‍ത്താനാവുമെന്നതിന് ഒരു തെളിവുമില്ല. പ്രായം ചെന്നവര്‍ക്ക് ഉറക്കം പലവിധകാരണങ്ങളാല്‍ കുറയുന്നുവെന്നതാണ് യാഥാര്‍ഥ്യം. ശാന്തവും ഗാഢവുമായ ഉറക്കം വളരെകുറച്ചേ അവര്‍ക്ക് ലഭിക്കുന്നുള്ളൂ. അവരെ പെട്ടെന്ന് ഉണര്‍ത്താനും കഴിയും.

ഉറക്കത്തിന്റെ ദൈര്‍ഘ്യവും വ്യക്തിയ്ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. ചിലര്‍ക്ക് ഒമ്പതുമണിക്കൂര്‍ രാത്രിയുറങ്ങിയാലും ഉറക്കച്ചടവുമാറില്ല. എന്നാല്‍ മറ്റുചിലര്‍ അഞ്ചുമണിക്കൂര്‍ നേരമേ ഉറങ്ങിയുള്ളൂവെങ്കിലും പ്രസരിപ്പോടെ ഓടിനടക്കും. എങ്കിലും ശരാശരി ഏഴുമുതല്‍ എട്ടുമണിക്കൂര്‍വരെ ഒരാള്‍ ഉറങ്ങണമെന്നാണ് വിദഗ്ധമതം.
ആവശ്യമുള്ളത്ര ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉറക്കക്കുറവുമൂലമുള്ള തകരാറുകള്‍ നിങ്ങളെ ബാധിക്കും. ഉറക്കച്ചടവോടെ വാഹനമോടിക്കുന്നവരുടെ നിയന്ത്രണശേഷി മദ്യപിച്ചശേഷമോ ലഹരിമരുന്നുപയോഗിച്ച ശേഷമോ വാഹനമോടിക്കുന്നവരെക്കാള്‍ മോശമാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ഉറക്കംതൂങ്ങി വാഹനമോടിക്കുന്നതുമൂലം അപകടങ്ങളേറെയുണ്ടാകുന്നതില്‍ ആശ്ചര്യപ്പെടാനുമില്ല.

വേണ്ടത്ര ഉറക്കം കിട്ടുന്നുണ്ടോയെന്ന കാര്യത്തില്‍ സംശയമുള്ളവര്‍ക്ക് അതു കണ്ടെത്തുന്നതിന് ഒരെളുപ്പവഴിയുണ്ട്. പകല്‍നേരത്ത് മന്ദത അനുഭവപ്പെടാറുണ്ടോ, കിടന്നാല്‍ ആദ്യ അഞ്ചുമിനിറ്റിനുള്ളില്‍ത്തന്നെ ഉറങ്ങാന്‍ കഴിയുന്നുണ്ടോ എന്നീ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. ഇതിന് രണ്ടിനും ഉത്തരം അതെ എന്നാണെങ്കില്‍ നിങ്ങളുടെ ഉറക്കം ശരിയല്ലെന്നും ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടെന്നുമാണ് ഉത്തരം. പകല്‍നേരത്തെ മന്ദതയും പെട്ടെന്ന് ഉറക്കത്തിലേത്ത് വഴുതിവീഴുന്നതും ഉറക്കക്കുറവിന്റെ പാര്‍ശ്വഫലങ്ങളാണ്.

കുഞ്ഞുറക്കങ്ങളാണ് മറ്റൊരു ലക്ഷണം. വിചാരിക്കാത്ത നേരത്ത് ചെറിയ മയക്കത്തിലേക്ക് പോവുന്നതാണ് ഈ കുഞ്ഞുറക്കങ്ങള്‍. കഫിനടങ്ങിയ പാനീയങ്ങള്‍ കുടിച്ചോ മറ്റ് ഉന്മേഷദായിനികള്‍ കഴിച്ചോ ഉറക്കക്കുറവിനെ നേരിടാന്‍ സാധിക്കില്ല. ആരോഗ്യകരമായ ഉറക്കം സാധ്യമാക്കുകയും അത് നിലനിര്‍ത്തുകയുമാണ് ഉറക്കമില്ലായ്മയെ പ്രതിരോധിക്കാനുള്ള മാര്‍ഗം. നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, ഉറക്കശീലത്തില്‍ നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ അതിന് ഡോക്ടറുടെ ഉപദേശം തേടുകയാണ് പോംവഴി.

പ്രമേഹവും കൊളസ്ട്രോളും

'കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍, പയര്‍, കടല, പരിപ്പ് തുടങ്ങിയവ നിത്യാഹാരത്തിലുള്‍പ്പെടുത്തുന്നത് പ്രമേഹരോഗത്തെ കുറയ്ക്കാന്‍ സഹായിക്കും''-ഡോ. പി. മോഹനന്‍വാര്യര്‍ പറയുന്നു.

തവിട് കളയാത്ത അരിയാണ് പണ്ട് മലയാളികള്‍ ഉപയോഗിച്ചിരുന്നത്. നാര് ധാരാളമായി അടങ്ങിയ ഭക്ഷ്യവസ്തുവാണ് തവിട്. നാര് അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും നല്ലതാണ്.

കടല, ചെറുപയര്‍ എന്നിവ മുളപ്പിച്ച് കഴിക്കുമ്പോള്‍ അവയിലെ പ്രോട്ടീന്‍ കൂടുതല്‍ കിട്ടുന്നു. അതുപോലെ പുളിരസമുള്ള (സിട്രസ്) പഴങ്ങള്‍ - ഓറഞ്ച്, പൈനാപ്പിള്‍ - പ്രമേഹം കുറയ്ക്കും. ആന്തരികാവയവങ്ങളെ ശുദ്ധീകരിക്കുന്നതിന് ഇവയ്ക്ക് കഴിവുണ്ട്.

കട്ടന്‍ചായ പഞ്ചസാര കൂടാതെ കഴിക്കുന്നത് കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവരില്‍ രോഗാവസ്ഥ കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചിയും ചെറുനാരങ്ങനീരും അല്പം പനംചക്കരയും സ്വാദിന് ചേര്‍ക്കാം.

നെല്ലിക്ക, ചുക്ക്, കുരുമുളക്, ജീരകം, ഉലുവ, വെളുത്തുള്ളി എന്നിവ സമം അളവിലെടുത്ത് അരച്ച് സൂക്ഷിക്കുക. ദിവസവും ഒരു ടീസ്​പൂണ്‍ വീതം ഇത് കഴിക്കുന്നത് പ്രമേഹത്തിനും കൊളസ്‌ട്രോള്‍ പ്രശ്‌നത്തിനും നല്ലതാണ്.

കറിവേപ്പില, പച്ചമഞ്ഞള്‍, നെല്ലിക്ക എന്നിവ അരച്ച് ദിവസവും ഓരോ സ്​പൂണ്‍ വീതം കഴിക്കുന്നത് പ്രമേഹത്തെ നശിപ്പിക്കും.

ചര്‍മ്മസൗന്ദര്യത്തിന് എട്ട് ഗ്ലാസ് വെള്ളം

'ശുദ്ധജലമാണ് ചര്‍മസൗന്ദര്യത്തിന്റെ പ്രധാന രഹസ്യം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുക. ചര്‍മത്തിന്റെ ആരോഗ്യവും ഓജസ്സും കൂടും''-തിരുവനന്തപുരം ഡോ. കെ. യോഗിരാജ് സെന്റര്‍ ഫോര്‍ ഡര്‍മറ്റോളജി ആന്‍ഡ് കോസ്മറ്റോളജിയിലെ കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് ഡോ. രാഖീനായര്‍ പറയുന്നു.

വരണ്ട ചര്‍മമുള്ളവര്‍ മോയിസ്ചറൈസര്‍ ഉപയോഗിക്കണം. പാലും തൈരും മുഖത്ത് പുരട്ടുന്നത് ഈ ഫലം തരും. പക്ഷേ, ചിലരില്‍ ഇവ മുഖക്കുരു വളരാന്‍ ഇടയാക്കും.

ചര്‍മത്തിന് സൗന്ദര്യം ലഭിക്കാന്‍ ഇരുമ്പുസത്ത് അടങ്ങിയ മുരിങ്ങയില, ചീര തുടങ്ങിയ ഇലക്കറികളും പയര്‍വര്‍ഗങ്ങളും കഴിക്കുന്നത് നല്ലതാണ്. കാരറ്റില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കാരറ്റ് പച്ചയായി കഴിക്കുന്നതും ഗുണം ചെയ്യും.

വരണ്ട ചര്‍മമുള്ളവര്‍ സോപ്പിന് പകരം ചെറുപയര്‍പൊടി ഉപയോഗിക്കുന്നതാണ് നല്ലത്.

എപ്പോഴും പൊടിയും പുകയുമേറ്റ് എളുപ്പം ചര്‍മസൗന്ദര്യം നഷ്ടമാവുക മുഖത്തും കൈകാലുകളിലുമാണ്. പഴുത്ത പപ്പായ അരച്ചുപുരട്ടുന്നത് ചര്‍മത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും. നാര് അടങ്ങിയ ഓട്‌സ് അരച്ച് പുരട്ടുന്നതും ചര്‍മകാന്തി വര്‍ധിപ്പിക്കും.

ജീവന്റെ ഊര്‍ജ്ജം

ഏതു യന്ത്രം പ്രവര്‍ത്തിക്കുവാനും ഊര്‍ജം ആവശ്യമാണ്. അതുപോലെ മനുഷ്യശരീരമെന്ന യന്ത്രത്തിനും പ്രവര്‍ത്തിക്കാന്‍ ഊര്‍ജം കൂടിയേതീരൂ. ഈ ഊര്‍ജം നല്‍കുന്നത് നാം കഴിക്കുന്ന ആഹാരമാണ്. ഇതിനുപുറമെ ശരീരത്തിന്റെ വളര്‍ച്ചക്കും (വിശിഷ്യാ യൗവനപ്രാപ്തിവരെ) ശരീരത്തിനാവശ്യമായ എന്‍സൈമുകള്‍, ഹോര്‍മോണുകള്‍ എന്നിവയെല്ലാം ഉണ്ടാക്കുന്നതിനും ആഹാരം (പ്രത്യേകിച്ച് പ്രോട്ടീനുകള്‍) ആവശ്യമാണ്. ദൈനംദിന പ്രവര്‍ത്തനത്തില്‍ കലകള്‍ക്കുണ്ടാകുന്ന തേയ്മാനങ്ങളും അറ്റകുറ്റങ്ങളും ശരിപ്പെടുത്താനുള്ള അവശ്യവസ്തുക്കള്‍ സൃഷ്ടിക്കാനും ആഹാരം അത്യാവശ്യമാണ്. അതുകൊണ്ടു തന്നെയാണ് ഋഷിവര്യന്മാര്‍ 'അന്നം ബ്രഹ്മഃ' എന്നു പറഞ്ഞതും. നമ്മുടെ ആഹാരത്തിലുള്ള വസ്തുക്കളെ ആറ് പ്രധാന ഘടകങ്ങളായി വിഭജിക്കാം: അന്നജം, മാംസ്യങ്ങള്‍, കൊഴുപ്പ്, വിറ്റാമിനുകള്‍, ലവണങ്ങള്‍, വെള്ളം എന്നിവയാണവ.

അന്നജം
ഇവ പ്രധാനമായും സസ്യങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. നാം ഉപയോഗിക്കുന്ന അന്നജ(കാര്‍ബോഹൈഡ്രേറ്റ്)വസ്തുക്കളില്‍ പ്രധാനപ്പെട്ടവ പഞ്ചസാരയും പോളിസാക്കറൈഡുകളും ആണ്. പഞ്ചസാരകളില്‍ ഗ്ലൂക്കോസ്, ഫ്രക്‌റ്റോസ്, പാലിലെ പഞ്ചസാരയായ ലാക്ടോസ്, യവമദ്യത്തിലെ മാള്‍ട്ടോസ് എന്നിവയെല്ലാം ഉള്‍പ്പെടും. നമ്മുടെ നിത്യാഹാര സാധനങ്ങളായ അരി, ഉരുളക്കിഴങ്ങ്, കപ്പ, റൊട്ടി എന്നിവയെല്ലാം തന്നെ പോളിസാക്കറൈഡുകളാണ്.

മാംസ്യങ്ങള്
മാംസ്യം അഥവാ പ്രോട്ടീന്‍ ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യുന്നതിനു പുറമെ ശരീരകോശങ്ങളെ സൃഷ്ടിക്കുവാനും ദൈനംദിന പ്രവര്‍ത്തനങ്ങളിലൂടെ നഷ്ടപ്പെടുന്ന തേയ്മാനം പരിഹരിക്കുവാനും സഹായിക്കുന്നു. അടിസ്ഥാനപരമായി, പ്രോട്ടീനുകള്‍ അന്നജത്തില്‍ നിന്നും കൊഴുപ്പില്‍ നിന്നും അല്‍പം വ്യത്യസ്തമാണ്. കാര്‍ബണ്‍, ഓക്‌സിജന്‍, ഹൈഡ്രജന്‍ എന്നിവ എല്ലാ ഭക്ഷ്യവസ്തുക്കളിലും ഉണ്ടെങ്കിലും, മറ്റു രണ്ടു ഘടകങ്ങളിലും ഇല്ലാത്ത നൈട്രജന്‍ ലഭിക്കുവാനുള്ള ഏകഉപാധി പ്രോട്ടീനുകളാണ്. ഇതിനുപുറമെ പ്രോട്ടോപ്ലാസം സൃഷ്ടിക്കുവാന്‍ അത്യാവശ്യമായ സള്‍ഫര്‍, ഫോസ്ഫറസ് എന്നീ വസ്തുക്കളും പ്രോട്ടീനില്‍ നിന്നാണു ലഭിക്കുന്നത്.

മാംസ്യവും മാംസവും
മാംസാഹാരം സസ്യാഹാരത്തേക്കാള്‍ മെച്ചമാണ് എന്ന തെറ്റായ വിശ്വാസം നമുക്കിടയില്‍ പ്രചരിപ്പിച്ചത് ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാരാണ്. മെക്കോളെ നമുക്ക് തന്ന വിദ്യാഭ്യാസ സമ്പ്രദായം പോലെയും, ഡല്‍ഹൗസിയുടെ നിയമസംഹിത പോലെയും, വില്യം ആര്‍ക്ക് റോയഡ് നമ്മില്‍ അടിച്ചേല്‍പ്പിച്ച ഒരു സിദ്ധാന്തമാണ് മാംസ്യാഹാരത്തിന്റെ മഹത്ത്വം. മദിരാശി ക്രിസ്ത്യന്‍ കോളേജിലെ ബയോളജി പ്രൊഫസറായിരുന്ന ആര്‍ക്ക്‌റോയഡ് ആണ് പ്രോട്ടീനുകളെ രണ്ടായി തരംതിരിക്കണമെന്നു ഞങ്ങളെ പഠിപ്പിച്ചത്. പ്രോട്ടീനുകള്‍ രണ്ടുതരമുണ്ടെന്നും (മാംസാഹാരത്തില്‍ നിന്നു കിട്ടുന്ന ഒന്നാംക്ലാസ് പ്രോട്ടീനുകളും സസ്യാഹാരങ്ങളായ കടല, പയര്‍, പരിപ്പ് എന്നിവയില്‍നിന്നു കിട്ടുന്ന രണ്ടാംക്ലാസ് പ്രോട്ടീനുകളും) ഇതിലെ ഒന്നാംക്ലാസ് പ്രോട്ടീനുകള്‍, രണ്ടാംക്ലാസ് പ്രോട്ടീനുകളെക്കാള്‍ മഹത്വമേറിയതാണെന്നുമായിരുന്നു മെഡിക്കല്‍ വിദ്യാര്‍ഥികളായ ഞങ്ങള്‍ ടെക്സ്റ്റ് ബുക്കുകളില്‍ നിന്നു പഠിച്ചത്.

പിന്നീടാണ് ഇതിലെ അസാംഗത്യം മനസ്സിലാക്കുവാന്‍ സാധിച്ചത്. കാരണം, എല്ലാ പ്രോട്ടീനുകളും ദേഹത്തില്‍ അമിനോ ആസിഡുകളായിട്ടാണ് മാറ്റപ്പെടുന്നത്. ഏതാണ്ട് ഇരുപതോളം അമിനോ ആസിഡുകള്‍ ഉണ്ട്. ഇതില്‍ മിക്കവാറും എല്ലാ അമിനോ ആസിഡുകളേയും സൃഷ്ടിക്കുവാനും മറ്റൊന്നായി മാറ്റുവാനും നമ്മുടെ ദഹനവ്യവസ്ഥിതിക്ക് കഴിവുണ്ട്. ദേഹത്തില്‍ നിര്‍മിക്കുവാന്‍ കഴിയാത്ത എട്ട് അമിനോ ആസിഡുകളേ ഉള്ളൂ. ഇവയെ നല്‍കുവാന്‍ സസ്യാഹാരത്തിലെ പ്രോട്ടീനുകള്‍ക്ക് സാധ്യമാണുതാനും. അതുകൊണ്ടുതന്നെ ആര്‍ക്ക്‌റോയഡിന്റെ വിഭജനം വെറും മിഥ്യ മാത്രമാണ്. നല്ലൊരു ജീവിതനിലവാ രം നിലനിര്‍ത്തുവാന്‍ മാംസാഹാരത്തിന്റെ ആവശ്യമൊന്നുമില്ല.

കൊഴുപ്പുകള്
ഒരു നിശ്ചിത തൂക്കത്തില്‍ നിന്ന് ഏറ്റവുമധികം കലോറി ചൂട് ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള ഭക്ഷണസാമഗ്രിയാണ് കൊഴുപ്പ്. അതുകൊണ്ടുതന്നെ തണുപ്പുള്ള രാജ്യങ്ങളിലെ ഏറ്റവും പ്രിയങ്കരമായ ഭക്ഷണസാമഗ്രിയാണിത്. മാത്രമല്ല, ഭക്ഷണത്തിലെ ഒരു മുഖ്യഘടകമായ വിറ്റാമിനുകളില്‍ ചിലത് കൊഴുപ്പില്‍ മാത്രമേ അലിഞ്ഞുചേരുകയുള്ളൂ. അതുകൊണ്ട് കുറച്ചെങ്കിലും കൊഴുപ്പ് നാം ഭക്ഷിച്ചേതീരൂ. അല്ലാത്തപക്ഷം കൊഴുപ്പില്‍ മാത്രം അലിയുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവയുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ വരും. കൊഴുപ്പുകളില്‍ പൂരിതവും അപൂരിതവും ആയവയുണ്ട്. ഇതില്‍ അപൂരിത കൊഴുപ്പുകളെ സൃഷ്ടിക്കുവാന്‍ നമ്മുടെ ശരീരത്തിനു ശക്തിയില്ല. അവ ആഹാരത്തില്‍ക്കൂടി തന്നെ ലഭിക്കണം. വെണ്ണ, നെയ്യ്, കോഴിമുട്ടയിലെ മഞ്ഞക്കരു, മാംസക്കൊഴുപ്പ്, വെളിച്ചെണ്ണ, നല്ലെണ്ണ, കടുകെണ്ണ എന്നിവ ഇക്കാര്യത്തില്‍ പ്രയോജനപ്പെടും.

മറ്റു ഘടകങ്ങള്
മറ്റു മൂന്നു ഘടകങ്ങളായ വെള്ളം, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ (മിനറലുകള്‍) എന്നിവ ഊര്‍ജം നല്‍കുന്നില്ല. എങ്കിലും അവ നമ്മുടെ ആരോഗ്യം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്.

വെള്ളം ദാഹത്തിനും ആരോഗ്യത്തിനും

ഭക്ഷണം കഴിക്കാതെ മനുഷ്യന് ദിവസങ്ങളോളം ജീവിക്കാം. എന്നാല്‍ വെള്ളം കുടിക്കാതെ നിലനില്‍ക്കാന്‍ കഴിയുന്ന കാലയളവ് അതിലും കുറയും. ശരീരത്തിന്റെ 60 മുതല്‍ 70 ശതമാനം വരെ ജലാംശമാണ്. വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ജലം അത്യന്താപേക്ഷിത ഘടകം തന്നെ. വെള്ളം വേണ്ടത്ര കുടിക്കാത്തതിനാലും അശുദ്ധജലം കുടിക്കുന്നതിനാലും മനുഷ്യനു പിടിപെടുന്ന രോഗങ്ങള്‍ ഒട്ടേറെ.

ജലം ശരീരത്തില്എന്തു ചെയ്യുന്നു?
ജലത്തിനു ശരീരത്തില്‍ വിവിധ ധര്‍മങ്ങളുണ്ട്. ശരീര താപനില സാധാരണ നിലയില്‍ നിലനിര്‍ത്തുകയാണ് പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന്. സന്ധികളെ അയവുള്ളതാക്കുകയും മാര്‍ദവമുള്ളതാക്കുകയും ചെയ്യുന്നത് ജലസാന്നിധ്യമാണ്. സുഷുമ്‌നാ കാണ്ഡത്തെയും (ട്യഹൃമാ *സ്ില) ലോലമായ ശരീരകലകളെയും സംരക്ഷിക്കുന്നത് ജലമാണ്. ശരീരത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങളെ വിയര്‍പ്പ്, വിസര്‍ജന പ്രക്രിയ തുടങ്ങിയവയിലൂടെ പുറന്തള്ളുന്നതിനും ജലത്തിന്റെ സഹായം ആവശ്യമാണ്.

കുടിക്കേണ്ട വെള്ളമെത്ര?
ഒരു വ്യക്തിക്ക് ദിവസേന ആവശ്യമായ വെള്ളത്തിന്റെ അളവ് ശാരീരികാവസ്ഥ, കായികാധ്വാനം, കാലാവസ്ഥ എന്നിവയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 19നു 30നും ഇടയില്‍ പ്രായമുള്ള ഒരാള്‍ക്ക് ദിവസേന 3.7 ലിറ്റര്‍ ജലം ആവശ്യമുണ്ടെന്നാണ് കണക്ക്. ഇതില്‍ കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് ഒരു ലിറ്റര്‍ ജലം ലഭിക്കും. പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റുകള്‍ ഇവ ഊര്‍ജമാക്കി മാറ്റുന്ന പ്രക്രിയയ്ക്കിടയില്‍ അര ലിറ്റര്‍ വരെ ജലം വേറെയും ലഭിക്കും. ഇക്കാരണത്താല്‍ വെറും വെള്ളമായി കുടിക്കേണ്ടത് രണ്ടുലിറ്റര്‍ വരെ മാത്രമാണ്.

ശരീരത്തിലെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ജലാംശം നഷ്ടപ്പെടുത്തുന്നുണ്ട്. വിയര്‍ക്കുമ്പോഴും മൂത്രമൊഴിക്കുമ്പോഴും ഇത് നമുക്ക് പ്രത്യക്ഷത്തില്‍ മനസ്സിലാകും. എന്നാല്‍, ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍പോലും നേരിയ അളവില്‍ ജലം നഷ്ടപ്പെടുന്നുണ്ട്.കൂടുതല്‍ ശാരീരികാധ്വാനം ചെയ്യുമ്പോഴും ചൂടുള്ള കാലാവസ്ഥയിലും ധാരാളം വെള്ളം കുടിക്കണം. പനിയുള്ളപ്പോഴും ശരീരത്തില്‍ ജലം കൂടുതല്‍ ആവശ്യമാണ്. ഛര്‍ദിയും വയറ്റിളക്കവുമുള്ള അവസരത്തിലും കൂടുതല്‍ ജലം അകത്തു ചെല്ലേണ്ടത് ആവശ്യമാണ്.

സാധാരണയായി ശരീരത്തില്‍ ജലം ആവശ്യമുണ്ടെന്ന സൂചന ദാഹത്തിലൂടെയാണ് ലഭിക്കുന്നത്. എന്നാല്‍, കായികാധ്വാനത്തിനിടയില്‍ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിയേ്ക്കണ്ടത് ആവശ്യമാണ്.

വെള്ളത്തിനു പകരം പാനീയങ്ങള്
ശരീരത്തിനാവശ്യമായ ജലം നല്‍കാന്‍ ചായയേ്ക്കാ കാപ്പിക്കോ പൂര്‍ണമായി കഴിയില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇക്കാരണത്താല്‍ നമ്മള്‍ കുടിക്കുന്ന ചായയുടെ പകുതി മാത്രമേ ആവശ്യമായ വെള്ളത്തിന്റെ അളവില്‍ ഉള്‍പ്പെടുത്താന്‍ പറ്റൂ. കൂടാതെ ചായ നിര്‍ജലീകരണമുണ്ടാക്കുമെന്നും ഉദരത്തില്‍ ഇരുമ്പുസത്ത് ആഗിരണം ചെയ്യുന്ന പ്രവര്‍ത്തനത്തെ തടയുമെന്നും തെളിഞ്ഞിട്ടുണ്ട്.മദ്യം ഒരിക്കലും ശുദ്ധജലത്തിന് പകരമാകുന്നില്ല. അതുകൊണ്ടുതന്നെ 'ദാഹത്തിന് തണുത്ത ബിയര്‍' എന്ന സങ്കല്പം തെറ്റാണ്. മദ്യം ശരീരത്തില്‍ സൃഷ്ടിക്കുന്ന നിര്‍ജലീകരണം തടയാന്‍ അതേ അളവില്‍ ശുദ്ധജലം കഴിക്കേണ്ടതാണ്.

ഊര്ജോപയോഗം വര്ധിപ്പിക്കും
വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഊര്‍ജോപയോഗം വര്‍ധിപ്പിക്കുമെന്ന് ജേര്‍ണല്‍ ഓഫ് ക്ലനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. ഓരോ അരലിറ്റര്‍ വെള്ളവും ശരീരത്തിന്റെ ഊര്‍ജോത്പാദന പ്രക്രിയയുടെ ദൈര്‍ഘ്യം അരമണിക്കൂര്‍ വര്‍ധിപ്പിക്കുന്നു. അധികമുള്ള കലോറി എരിച്ചുകളയാന്‍ ഇത് സഹായിക്കും.

വാര്‍ധക്യം ബാധിക്കാതിരിക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍

ചര്‍മംകണ്ടാല്‍ പ്രായംതോന്നുകയേയില്ല. വാര്‍ധക്യം ബാധിക്കാതിരിക്കാന്‍ വിപണിയില്‍ കിട്ടുന്ന മരുന്നിന്റെ പരസ്യമാണോ?. അല്ലങ്കില്‍ ചുളിവുകള്‍വീണ ചര്‍മത്തെ മൂടിവെയ്ക്കാന്‍ പുതിയതായി വികസിപ്പിച്ച സൗന്ദര്യവര്‍ധക വസ്തുവിനെക്കുറിച്ചുള്ള പ്രതികരണമോ? അല്ലേയല്ല. പ്രകൃതിയില്‍തന്നെ ലഭ്യമായ ജീവകങ്ങളും ധാതുക്കളുംതന്നെയാണ് പ്രായത്തെ തോല്‍പ്പിക്കാനുള്ള കരുത്തുമായി മനുഷ്യരാശിക്കുമുന്നില്‍ നില്‍ക്കുന്നത്. സ്വപ്‌നത്തിലെന്നപോലെ നമ്മുടെ മുന്നില്‍ ഈ ജീവകങ്ങളുടെ സാന്നിധ്യമുണ്ട്. ശരീരകോശങ്ങള്‍ക്കുണ്ടാകുന്ന നാശവും ക്ഷതവും തടയാന്‍കഴിയുന്ന ഇവ ആന്റിഓക്‌സിഡന്റുകള്‍ എന്നാണ് അറിയപ്പെടുന്നത്.

എന്താണ് ആന്റിഓക്‌സിഡന്റുകള്‍

വയസുകൂടിയാലും വയസന്‍മാരാകാതെ ശരീരത്തെ യൗവനതുടിപ്പോടെ കാത്തുസൂക്ഷിക്കാന്‍ ഇവക്കാകും. അതിന് സഹായകമായ വൈറ്റമിനുകളും ധാതുക്കളുമാണ് ആന്റിഓക്‌സിഡന്റുകള്‍. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്‍ഭുതകരമായ സാധ്യതകളുണ്ട് ഇവയ്ക്ക്. ബീറ്റ കരോട്ടിന്‍, ലൈകോപിന്‍, ജീവകം സി, ജീവകം ഇ തുടങ്ങിയവയാണ് ആന്റിഓക്‌സിഡന്റുകള്‍ എന്നപേരില്‍ അറിയപ്പെടുന്നത്.

ആന്റിഓക്‌സിഡന്റുകളടങ്ങിയ ഭക്ഷണം
പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പയറുകള്‍ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഉറവിടം. പഴങ്ങളില്‍തന്നെ ആപ്പിള്‍, മുന്തിരി, ഓറഞ്ച്, പീച്ച്, പ്ലം, സ്‌ട്രൊബറീസ്, പച്ചക്കറികളില്‍ ബീറ്റ്‌റൂട്ട്, കോളിഫ്ലര്‍, കാബേജ്, ഉള്ളി, തക്കാളി തുടങ്ങിയവ ഇവയുടെ പ്രധാന ഉറവിടങ്ങളാണ്. നട്‌സ്, മത്സ്യം, കോഴിയിറച്ചി, വിവിധ ധാന്യങ്ങള്‍ എന്നിവയിലും ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ബീറ്റ കരോട്ടിന്‍:

ഓറഞ്ച്, മധുരമുള്ള തക്കാളി, കാരറ്റ്, ആപ്രിക്കോട്ട്(ശീമബദാം പഴം), മത്തങ്ങ, മാമ്പഴം, ഇലക്കറികള്‍ തുടങ്ങിയവയില്‍ ബീറ്റ കരോട്ടിന്‍ ധാരാളണായി അടങ്ങിയിട്ടുണ്ട്.

ലൈകോപിന്‍:

തക്കാളി, തണ്ണിമത്തന്‍, പപ്പായ, ആപ്രിക്കോട്ട്, റോസ് മുന്തിരി, ഓറഞ്ച് തുടങ്ങിയവയിലാണ് ലൈകോപിന്‍ ധാരാളമായി അടങ്ങിയിട്ടുള്ളത്.

ലൂട്ടിന്‍:

കണ്ണിന്റെ ആരോഗ്യത്തിന് ഏറെ സഹായകമാണ് ലൂട്ടിന്‍. പ്രായമായവരുടെ അന്തതക്ക് പ്രധാനകാരണമായ തിരമിരം തടയാന്‍ ഇത് സഹായകമാണ്. ഇലക്കറികള്‍, മുന്തരി, മുട്ടയുടെ മഞ്ഞ, ഓറഞ്ച്, പയറുകള്‍ തുടങ്ങിയവ ലൂട്ടിന്റെ പ്രധാന ഉറവിടമാണ്.

സെലേനിയം:

മണ്ണിലാണ് സെലേനിയം ധാരാളം അടങ്ങിയിട്ടുള്ളത്. ചിലപ്രദേശങ്ങളിലെ മണ്ണില്‍ സെലേനിയത്തിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വളരുന്ന പഴങ്ങളിലും പച്ചക്കറികളിലും ഈ ധാതുവിന്റെ അളവ് കൂടുതലായി കണ്ടുവരുന്നു. സെലേനിയം ധാരാളമുള്ള സ്ഥലങ്ങളില്‍ മേയുന്ന ആടുമാടുകളുടെ പേശികളില്‍ സെലേനിയം ധാരാളം കണ്ടുവരുന്നുണ്ട്.

ജീവകം :

പാല്‍, മുട്ടയുടെ മഞ്ഞ, കരള്‍, തക്കാളി, കാരറ്റ് തുടങ്ങിയവയിലാണ് ജീവകം എ ധാരാളമായി അടങ്ങിയിട്ടുള്ളത്.

ജീവകം ഡി:

പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പോത്തിറച്ചി, കോഴിയിറച്ചി, മത്സ്യം തുടങ്ങിയവയിലാണ് ജീവകംഡി ധാരാളമായി കണ്ടുവരുന്നത്.

ജീവകം :

സണ്‍ഫ്‌ളെവര്‍ എണ്ണ, സോയാബീന്‍, മാമ്പഴം, നട്‌സ് തുടങ്ങിയവയില്‍ ധാരാളം ജീവകം ഇ അടങ്ങിയിട്ടുണ്ട്. കോശഭിത്തിയെയും കോശസ്തരങ്ങളെയും സംരക്ഷിക്കുന്നവയാണ് ജീവകം ഇ.

ആന്റിഓക്‌സിഡന്റുകളുടെ പ്രവര്‍ത്തനം
അര്‍ബുദം, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവക്കുള്ള സാധ്യതയെ ചെറുക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍ക്കാകും. ജീവകം എ, ജീവകം സി, ജീവകം ഇ, ബീറ്റ കരോട്ടിന്‍ എന്നിവ ഹൃദയാഘാതത്തെ പ്രതിരോധിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ്. ഹൃദയധമനികളില്‍ രക്തംകട്ടപിടിക്കുന്നതും കൊഴുപ്പ് ശകലങ്ങള്‍ അടിഞ്ഞകൂടി കട്ടപിടിക്കുന്നതും ജീവകം ഇ പ്രതിരോധിക്കുന്നു.

രക്തയോട്ടം സുഗമമാക്കുന്നവയാണ് ജീവകം സി. ബീറ്റ കരോട്ടിന്‍, ലൈകോപിന്‍ എന്നിവ മസ്തിഷ്‌കാഘാതത്തില്‍നിന്ന് സംരക്ഷണം നല്‍കുന്നതായി പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ജീവകം സി, ജീവകം ബി6, ബി 12 എന്നിവയിലെ രാസവസ്തുക്കള്‍ തലച്ചോറിലെ ഭാവനിലക്രമീകരിക്കുകയും കൂര്‍മബൂദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യും.

പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള രാസവസ്തുക്കളാണ് കാന്‍സര്‍ സാധ്യതകളെ ഉന്മൂലനം ചെയ്യാന്‍ സഹായിക്കുന്നത്.

അല്‍ഷിമേഴ്‌സ്, ആസ്തമ, ചര്‍മരോഗങ്ങള്‍, അസ്ഥിക്ഷയം, ആര്‍ത്തവ തകരാറുകള്‍ എന്നിവയെ ചെറുക്കാനും ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നുണ്ട്.

സമീകൃതാഹാരം

അറിവുകേടു കൊണ്ടോ അനാസ്ഥ കൊണ്ടോ നാം നമ്മുടെ ആഹാരക്രമത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല എന്നത് ദുഃഖകരമാണ്. ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാവണം. ഇതിനര്‍ഥം ധാരാളം ഭക്ഷണം കഴിക്കണമെന്നല്ല. നമ്മളില്‍ പലരും ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നുണ്ട് എന്നതാണ് വാസ്തവം. പക്ഷേ, അത് സമീകൃതാഹാരമാവണമെന്നില്ല. അതുകൊണ്ടാണ് അമിതവണ്ണവും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകുന്നത്.

ആവശ്യത്തിലധികം തൂക്കമുണ്ടാകുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. സമീകൃതാഹാരത്തില്‍ നിന്ന് വേണ്ടത്ര ഊര്‍ജം ലഭിക്കും. ഒരാള്‍ക്ക് പ്രതിദിനം കുറഞ്ഞത് 2000 കലോറി - ചെയ്യുന്ന ജോലിയുടെ കാഠിന്യമനുസരിച്ച് 4000 കലോറി വരെയും - ഊര്‍ജം വേണ്ടിവരും.

ഒരു ഗ്രാം കാര്‍ബോഹൈഡ്രേറ്റ് 4.5 കലോറി ഊര്‍ജമാണ് നല്‍കുന്നത്. ഒരു ഗ്രാം പ്രോട്ടീനും അത്രതന്നെ ഊര്‍ജം നല്‍കും. കൊഴുപ്പ്, അതിന്റെ ഇരട്ടി (ഗ്രാമിന്ന് 9 കലോറി) ഊര്‍ജം നല്‍കും. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയുടെ അനുപാതത്തെപ്പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. പാശ്ചാത്യ ശാസ്ത്രകാരന്മാര്‍ അവിടങ്ങളിലെ തണുപ്പ് കാരണം കൊഴുപ്പിനും പ്രോട്ടീനിനും അമിതമായ പ്രാധാന്യം നല്‍കുമ്പോള്‍, നാം കൊഴുപ്പ് കുറയ്ക്കാനും വിലകുറഞ്ഞ അന്നജങ്ങള്‍ ഉപയോഗിക്കാനും ശീലിക്കണം.

കൊഴുപ്പില്‍ മാത്രം അലിയുന്ന വിറ്റാമിനുകള്‍ക്കും അപൂരിത കൊഴുപ്പുകള്‍ക്കും വേണ്ടി ദിവസം 50 ഗ്രാം കൊഴുപ്പ് മതിയാകും. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയുടെ അനുപാതം 6:2:1 ആയാല്‍ നന്ന്. അതായത് 400 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 130 ഗ്രാം പ്രോട്ടീനും 65 ഗ്രാം കൊഴുപ്പും. ഇത് 2970 കലോറി ഊര്‍ജം നല്‍കും. ഇവയില്‍ എ ത്രത്തോളം പച്ചക്കറികളും പഴങ്ങളും (നാരുള്ള ഭക്ഷണം) ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്നുവോ അത്രയും നന്ന്.

നമ്മെപ്പോലെ ഉഷ്ണമേഖലയില്‍ താമസിക്കുന്നവര്‍ ധാരാളം വെള്ളം കുടിക്കണം. ദിവസംതോറും ഏതാണ്ട് 1500 മി.ലി. മൂത്രവും അതിന്റെ ഇരട്ടി വിയര്‍പ്പും നാം പുറംതള്ളുന്നുണ്ട്. അതുകൊണ്ട് ഭക്ഷണത്തില്‍ അടങ്ങിയ വെള്ളത്തിനു പുറമെ ദിവസവും കുറഞ്ഞത് രണ്ടുലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. കുഞ്ഞുങ്ങള്‍ക്കും വളരുന്ന കുട്ടികള്‍ക്കും ധാരാളം ആഹാരം നല്‍കണം. ചില രോഗാവസ്ഥകളില്‍ ആഹാരത്തിന് പ്രത്യേക നിയന്ത്രണങ്ങള്‍ വേണ്ടിവരും. അതുകൊണ്ട് ഇത് ഡയറ്ററ്റിക്‌സ് എന്നൊരു പ്രത്യേക ശാഖതന്നെ ആയിട്ടുണ്ട്.

വിറ്റാമിനുകള്അമിതമായാല്

ഇന്ന് വിറ്റാമിനുകളും മിനറലുകളും അടങ്ങുന്ന നിരവധി ടോണിക്കുകളും ഗുളികകളും നിത്യോപയോഗവസ്തുക്കളായിത്തീര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ മൂന്നുശതമാനം മാത്രം ജനസംഖ്യയുള്ള കേരളത്തിലാണ്, ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ടോണിക്കുകളുടെയും വിറ്റാമിനുകളുടെയും 19 ശതമാനവും ചെലവഴിക്കപ്പെടുന്നത് എന്ന കാര്യം, എത്രമാത്രം പണം (അതും അനാവശ്യമായി) ചെലവാക്കു ന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ഇവയെല്ലാം നമുക്ക് പച്ചക്കറി, പഴങ്ങള്‍ എന്നിവയിലൂടെ ആഹാരത്തില്‍നിന്ന് കിട്ടാവുന്നതേയുള്ളൂ. മാത്രമല്ല, വളരെ കുറച്ചുനേരം മാത്രം നമ്മുടെ ദേഹത്തില്‍ നില്‍ക്കുന്ന വിറ്റാമിന്‍ ബി.കോംപ്ലക്‌സിനെ പോലുള്ള ഗുളികകള്‍ അനാവശ്യമായി കഴിച്ചാല്‍ അത് 24 മണിക്കൂറിനുള്ളില്‍ മൂത്രത്തില്‍ക്കൂടി പുറത്തുപോവുമെന്നതാണ് സത്യം. ന്യൂട്രീഷന്‍ ആചാര്യനായ ഡോ. രാമലിംഗസ്വാമി പറഞ്ഞത് കേരളത്തില്‍ ദിവസംതോറും ഒരു കോടി രൂപയോളം വിറ്റാമിനുകളാണ് മൂത്രപ്പുരകളില്‍ കൂടി ഒഴുകിപ്പോകുന്നത് എന്നാണ്.

വിലകൂടുതല്‍; ഗുണമോ?
നമ്മുടെ നാട്ടിലെ സാധാരണക്കാരായ ആളുകളുടെ ഇടയില്‍ വിലകൂടിയ ആഹാരമാണ് മെച്ചപ്പെട്ട ആഹാരം എന്ന ഒരു തെറ്റിധാരണയുണ്ട്. ഇലക്കറികള്‍ (മുരിങ്ങ, കാബേജ്, ചീര), വാഴക്കൂമ്പ്, വാഴപ്പിണ്ടി, നെല്ലിക്ക, മാങ്ങ, കപ്പ, കഞ്ഞി, തവിട്, കടല ഇവയെല്ലാം ഒന്നാംതരം ആഹാരവസ്തുക്കളാണ്. മാംസ്യാഹാരങ്ങളില്‍ ഏറ്റവും നല്ലത് മീനാണ്. ആവോലി, ഐക്കൂറ, സ്രാവ്, നെയ്മീന്‍ എന്നീ വലിയ മീനുകള്‍ക്ക് ധാരാളം വില കൊടുക്കണമെങ്കിലും അവ ദേഹത്തിനു നല്ലതല്ല. അവയിലെ കൊഴുപ്പും അവ വറക്കുമ്പോള്‍ ഉപയോഗിക്കുന്ന എണ്ണയും എല്ലാംതന്നെ അപകടകാരികളാണ്. നേരേമറിച്ച് ഏറ്റവും നല്ലത് ചെറിയ ഇനം മത്സ്യങ്ങളാണ്. മത്തി, നെത്തോലി, അയില, കോര, പുതിയാപ്ലകോര എന്നിവയെല്ലാംതന്നെ ഉത്തമ ഭക്ഷ്യാഹാരങ്ങളാണ്.

സമീകൃതാഹാരത്തില്ശ്രദ്ധിക്കേണ്ടവ

1. ഭക്ഷണത്തില്‍ വേണ്ടത്ര കലോറി ഉണ്ടായിരിക്കണം.
2. അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയുടെ അനുപാതം ശ്രദ്ധിക്കണം.
3. അതതുകാലത്ത് ലഭിക്കുന്ന പച്ചക്കറികളും പ്രാദേശികമായി ലഭിക്കുന്ന ഭക്ഷണസാമഗ്രികളുമാണ് ആഹാരത്തില്‍ മുഖ്യമായും വേണ്ടത്. എങ്കിലേ വേണ്ടത്ര വിറ്റാമിനുകളും നാരുകളും ലഭിക്കുകയുള്ളൂ. നാരുകള്‍ ഉണ്ടെങ്കിലേ ദഹനവ്യൂഹം ശരിക്കു പ്രവര്‍ത്തിക്കൂ. വേണ്ടത്ര വിസര്‍ജനവസ്തുക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ പെരിസ്റ്റാല്‍ടിക് ചലനം ഉണ്ടാവുകയുള്ളൂ. ഗോതമ്പ്, ബാര്‍ലി തുടങ്ങിയ പുല്‍ധാന്യങ്ങള്‍ പച്ചക്കറികള്‍, പഴങ്ങള്‍, തവിട്, എന്നിവയിലാണ് ധാരാളം നാരുകള്‍ ഉള്ളത്. ഭക്ഷണത്തില്‍ നാരിന്റെ അംശം വേണ്ടത്ര ഇല്ലെങ്കില്‍ മലബന്ധം ഉണ്ടാകും. പ്രമേഹത്തിന്റെ ഗൗരവം വര്‍ധിക്കും. അത് കുടലിലെ കാന്‍സറിനും ഒരു കാരണമാണ്.
4. ഭക്ഷണത്തില്‍ വേണ്ടത്ര ലവണങ്ങള്‍ ഉണ്ടാവണം; വിശിഷ്യ സോഡിയം, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ് മുതലായവ.
5. വേണ്ടത്ര വെള്ളം ഉണ്ടാവണം.
6. ഭക്ഷണം, രുചിയുള്ളതും കാണാന്‍ ഭംഗിയുള്ളതും (ഭക്ഷണത്തിന്റെ അലങ്കാരം ഇന്ന് ഒരു കലയാണ്) എളുപ്പത്തില്‍ ദഹിക്കുന്നതും ആയിരിക്കണം.
7. കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍, രോഗികള്‍ എന്നിവരുടെ ആഹാരം വേണ്ടവിധത്തില്‍ സംവിധാനം ചെയ്യണം.

വിശപ്പിന്റെ ശാസ്ത്രം

സ്വയം ഭക്ഷിക്കുവാനല്ലാതെ മറ്റൊരു ജീവിയെ കൊല്ലുകയും വിശപ്പില്ലാതെ ഭക്ഷിക്കുകയും ചെയ്യുന്ന ഏക ജീവി മനുഷ്യന്‍ മാത്രമേ ഉള്ളൂവെന്ന് പണ്ട് വാള്‍ട്ടര്‍ തൊറോ പറഞ്ഞിട്ടുണ്ട്. വാസ്തവത്തില്‍ വിശപ്പ് എന്താണെന്നുള്ളതിന്റെ ശരിയായ നിര്‍വ്വചനം ഇന്നുവരെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. ലോകത്തില്‍ ഇന്നുള്ള ജനങ്ങളില്‍ 60 ശതമാനത്തിലധികം പേരും ആവശ്യത്തില്‍ അധികം മേദസ്സുള്ളവരാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്നു കണ്ടുവരുന്ന രോഗങ്ങളില്‍ പരമപ്രധാനമായ ഒന്നാണ് അമിതവണ്ണം. വളരെയധികം മോശമായ സാമ്പത്തികനിലവാരമുള്ള കേരളത്തില്‍പോലും ഇതാണു സ്ഥിതി. ആവശ്യത്തിലധികം ഭക്ഷണം കഴിച്ചാല്‍ മാത്രമേ ഈ സ്ഥിതിവിശേഷം ഉണ്ടാവുകയുള്ളൂ. നാം വിശപ്പില്ലാത്തപ്പോള്‍ എത്രമാത്രം ഭക്ഷണം കഴിക്കുന്നുണ്ട് എന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണല്ലോ.
വിശപ്പ് എന്ന് നാം സാധാരണ വിളിക്കുന്ന പ്രതിഭാസത്തിനു മൂന്നു പ്രധാന ഘടകങ്ങളാണുള്ളത്. നമ്മളെ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന എല്ലാ സംവിധാനങ്ങളും ഇതില്‍ പെടും. രുചി , വിശപ്പുകൊണ്ടുണ്ടാകുന്ന സംവേദം അഥവാ വേദന,വിശപ്പിന്റെ പ്രവര്‍ത്തനം എന്നിവയാണ് ഈ ഘടകങ്ങള്‍.

രുചി

രുചി, ചില പ്രത്യേക ഭക്ഷണങ്ങളോടു തോന്നുന്ന അഭിനിവേശമാണ്. ഇത് മുമ്പുണ്ടായ അറിവിന്റെ അഥവാ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതാണ്. കാനണിന്റെ ഭാഷയില്‍ ഈ അറിവാണ് ഭക്ഷണത്തെ സംബന്ധിച്ചുള്ള നമ്മുടെ ഇഷ്ടാനിഷ്ടങ്ങളുടെ നിദാനം. ഇവയാണ് ദഹനവ്യവസ്ഥിതിയിലെ പ്രതികരണ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും. നമുക്കു പ്രിയപ്പെട്ട ഭക്ഷണവസ്തുക്കളുടെ കാഴ്ചയോ മണമോ സ്വാദോ മാത്രം കൊണ്ടു നമ്മുടെ ഉമിനീര്‍ഗ്രന്ഥികളും ആമാശയവും ധാരാളം ദഹനസ്രവങ്ങള്‍ സൃഷ്ടിക്കും.

നമുക്കിഷ്ടമല്ലാത്ത ഭക്ഷണവസ്തുക്കള്‍ക്ക് ഇതിന്നു കഴിവില്ല എന്നും ഓര്‍ക്കേണ്ടതുണ്ട്. അമിതമേദസ്സിന്റെ കാരണം, ഇഷ്ടഭോജനത്തോടുള്ള ആവേശവും അത്തരം ഭക്ഷണങ്ങള്‍ അധികം കഴിക്കാനുള്ള വ്യഗ്രതയും ആണ്. അതുകൊണ്ടാണ് അമിത മേദസ്സ് മാനസിക പ്രശ്‌നം ആണ് എന്നു പറയുന്നത്. രുചി നമുക്കു പരിചയം കൊണ്ടുണ്ടാകുന്ന ഒരു സിദ്ധി ആണെങ്കിലും, പാരമ്പര്യത്തിനും ഇതില്‍ സ്വാധീനം ഉണ്ടെന്നു പറയാതെ തരമില്ല. ഉദാഹരണത്തിന് സിംഹങ്ങള്‍ തക്കാളി ഭക്ഷിക്കുകയില്ല, കുരങ്ങുകള്‍ മാംസം കഴിക്കുകയില്ല. തക്കാളി സിംഹത്തിനും മാംസം കുരങ്ങിനും രുചിക്കുകയില്ല എന്നര്‍ത്ഥം.

രുചിയും ഭക്ഷണം കഴിക്കുന്നതിന്റെ നിയന്ത്രണവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനെപ്പറ്റി പല ഊഹങ്ങളും നിലവിലുണ്ടായിരുന്നുവെങ്കിലും ശാസ്ത്രീയമായ അറിവൊന്നും ഉണ്ടായിരുന്നില്ല. ഈ രംഗത്ത് സുപ്രധാനമായ ഗവേഷണങ്ങള്‍ നടത്തിയത് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡീന്‍ ആയിരുന്ന ഡോ.ബി.കെ. ആനന്ദും അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ ഫിസിയോളജി പ്രൊഫസറായിരുന്ന ഡോ. ബ്രോബെക്കും ആയിരുന്നു. ഈ രണ്ടു ശാസ്ത്രജ്ഞന്മാരുമായി അടുത്തു പ്രവര്‍ത്തിക്കുവാന്‍ സാധിച്ചുവെന്നത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. വിശപ്പിനെയും ഭക്ഷണം കഴിക്കുന്നതിനെയും നിയന്ത്രിക്കുന്നത് തലച്ചോറിലെ ഹൈപ്പോതലാമസില്‍ ഉള്ള രണ്ട് ന്യൂക്ലിയര്‍ ഗ്രൂപ്പുകളാണ്. ഹൈപ്പോതലാമസിന്റെ മധ്യത്തിലുള്ള കേന്ദ്രം പ്രചോദിപ്പിക്കപ്പെടുമ്പോള്‍ വിശപ്പു വര്‍ദ്ധിക്കുകയും വ്യക്തി കണക്കില്ലാതെ ഭക്ഷിക്കുകയും ചെയ്യും. നേരെ മറിച്ച്, ഹൈപ്പോതലാമസിന്റെ രണ്ടരികുകളിലുംഉള്ള കേന്ദ്രങ്ങള്‍ ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ വ്യക്തി ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിക്കും. വിശപ്പില്ലാത്തതുകൊണ്ട് ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുന്നതു കാരണം മരണമടഞ്ഞെന്നും വരാം.

ഓരോ തരം ഭക്ഷണത്തേയും (ഉദാ: സോഡിയം ക്ലോറൈഡ് അഥവാ ഉപ്പ്, ഗ്ലൂക്കോസ് മുതലായവ) ദാഹത്തേയും മറ്റും നിയന്ത്രിക്കുന്ന കേന്ദ്രങ്ങള്‍ ഹൈപ്പോതലാമസിലുണ്ട്. പശു മേയുന്ന പുല്‍ത്തകിടിയില്‍ ഉപ്പിന്റെ കട്ട വെച്ചാല്‍, രക്തത്തിലെ ഉപ്പിന്റെ അളവു കുറയുന്ന സമയത്തു മാത്രമേ പശു ഉപ്പുകട്ടയില്‍ നക്കുകയുള്ളൂ. അങ്ങിനെ വിവിധതരത്തിലുള്ള ഭക്ഷണങ്ങളുടെ കുറവു സ്വയം അറിയുവാനും അതനുസരിച്ചു ഭക്ഷണവസ്തുക്കളുടെ അളവു കൂട്ടാനും കുറയ്ക്കുവാനും പല ജന്തുക്കള്‍ക്കും കഴിവുണ്ട്. എന്നാല്‍ മറ്റെല്ലാ കാര്യങ്ങളിലും ഏറ്റവും 'കഴിവ്' കൂടിയ മനുഷ്യനിലെത്തിയതോടുകൂടിയാണ് ഈ പ്രത്യേകസിദ്ധി നഷ്ടമാവുകയാണുണ്ടായത്. 'വിശപ്പിന്നു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും, വിശിഷ്ട ഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും' എന്നു പറയുന്നതുപോലെ ഇഷ്ടമുള്ള വിഭവങ്ങള്‍ കൊതിമൂത്ത് ആവശ്യത്തിലധികം കഴിച്ചുതുടങ്ങിയതോടെ, മൗലികാവശ്യങ്ങളെ മനസ്സിലാക്കാന്‍ ഉള്ള സിദ്ധി നമ്മുടെ മസ്തിഷ്‌കത്തിലെ ഉന്നത സിരാകേന്ദ്രങ്ങള്‍ക്ക് നഷ്ടമായി.

ഇന്‍സ്റ്റന്റ് ഫുഡ് വന്നപ്പോള്‍ ഭക്ഷണം പാകം ചെയ്യാനുള്ള കഴിവു നമുക്കു നഷ്ടപ്പെട്ടതു പോലെ.
പാചകം, വിശ്വോത്തരമായ ഒരു കലയായി മാറിയതിനു കാരണം മനുഷ്യന്റെ അനാവശ്യമായ ആഗ്രഹങ്ങളാണ്. അതുകൊണ്ടാണ് മാരകമായ കോഴിയിറച്ചിയും ഭ്രാന്തിപ്പശു മാംസവും അമോണിയ ചേര്‍ത്ത മത്സ്യവും അജിനോ മോട്ടോ ചേര്‍ത്ത ചൈനീസ് വിഭവങ്ങളും പശുക്കുട്ടിക്ക് പ്രകൃതി കരുതിവെച്ച പാലും എല്ലാം ഭക്ഷിച്ചു നാം ദുരന്തങ്ങള്‍ വിലകൊടുത്തു വാങ്ങുന്നത്. അതുകൊണ്ടു തന്നെയാണ് നമ്മുടെ പാരമ്പര്യം നമ്മളോട് ജീവിക്കാന്‍ വേണ്ടി ഭക്ഷിക്കുക, ഒരിക്കലും ഭക്ഷിക്കുവാന്‍ വേണ്ടി ജീവിക്കരുത് എന്ന നിര്‍ദ്ദേശം നല്‍കുന്നത്. പണ്ട് ശങ്കരാചാര്യരുടെ നിര്‍ദ്ദേശപ്രകാരം, വിദ്യാര്‍ത്ഥിയായ ഒരു ബ്രഹ്മചാരിക്കു ഭക്ഷണത്തോടൊപ്പം കാഞ്ഞിരം അരച്ച ചമ്മന്തിയും നല്‍കി. ''എന്താ ഇതിന് ഒരു കയ്പ്'' എന്ന് വിദ്യാര്‍ത്ഥി പറഞ്ഞാല്‍ അന്നു പഠിപ്പു നിര്‍ത്തണമെന്നും ശങ്കരന്‍ നിര്‍ദ്ദേശിച്ചിരുന്നുവത്രെ. പഠനത്തേക്കാളുപരി ഭക്ഷണത്തില്‍ ശ്രദ്ധ വന്നാല്‍, പഠിപ്പുനിര്‍ത്തണമെന്നു സാരം. ഇന്ന് നാം പഠിപ്പിന്നു പാരിതോഷികമായി കുട്ടികള്‍ക്ക് മക്‌ഡോണാള്‍ഡ് വിഭവങ്ങളും കോളകളും ആണല്ലോ നല്‍കുന്നത്.

വിശപ്പിന്റെ സംവേദനങ്ങള്

വിശപ്പിന്റെ നാഡീപരമായ കാര്യങ്ങളാണ് ഇതൊക്കെ. എന്നാല്‍ നമ്മളുടെ ഭക്ഷണചര്യയെ നിയന്ത്രിക്കുന്നത് ഈ ഫിസിയോളജി പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല. അവയെ നിയന്ത്രിക്കുന്ന മുഖ്യഘടകങ്ങള്‍ സാമുദായികവും ആചാരക്രമമനുസരിച്ചുള്ളതും ആയ സാഹചര്യങ്ങളാണ്. കാനണ്‍ ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. വേഗസ് ഞരമ്പുകള്‍ വേര്‍പ്പെടുത്തുന്നതുകൊണ്ടോ, ഇന്‍സുലിന്‍ നല്‍കി രക്തത്തിലെ പഞ്ചസാരയുടെ അളവു കുറച്ചതുകൊണ്ടോ, വിശപ്പിന്റെ വേദന ഉണ്ടാകുന്നില്ല. നേരെമറിച്ച്, ആമാശയത്തില്‍ ഭക്ഷണമൊന്നുമില്ലാതെ, മുഴുവനായി ഒഴിഞ്ഞ സമയത്താണ് ഇത്തരം വേദന പ്രത്യക്ഷപ്പെടുന്നത്.
ഈ സംവേദനങ്ങളോടു ബന്ധപ്പെട്ടുതന്നെയാണ് ഭക്ഷണം കഴിക്കാനുള്ള ആഗ്രഹവും കാണുന്നത്.

ഭക്ഷണത്തിന്റെ സ്വഭാവത്തിനനുസരിച്ച് ഭക്ഷണം കഴിക്കാനുള്ള അഭിവാഞ്ഛയിലും വ്യത്യാസം ദൃശ്യമാണ്. ഉദാഹരണത്തിന് കലോറി കുറഞ്ഞതും ധാരാളം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയതുമായ ഭക്ഷണമാണെങ്കില്‍ വയര്‍ നല്ലവണ്ണം നിറഞ്ഞാ ലേ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയുകയുള്ളൂ, തൃപ്തിയടയൂ. മറിച്ച് ധാരാളം കൊഴുപ്പ് അടങ്ങിയതും ദഹിക്കുവാന്‍ ബുദ്ധിമുട്ടുള്ളതുമായ ഭക്ഷണങ്ങളാണ് കഴിക്കുന്നതെങ്കില്‍ ചുരുങ്ങിയ അളവിലുള്ള ഭക്ഷണം കൊണ്ടുതന്നെ വിശപ്പ് അടങ്ങും. ഇത് നമ്മുടെ മൗലികമായ ഫിസിയോളജി പ്രവര്‍ത്തനങ്ങളില്‍, പരിചയവും സാഹചര്യങ്ങളും വരുത്തുന്ന മാറ്റമാണ് കാണിക്കുന്നത്.

പോഷകങ്ങളും ഊര്‍ജവും

ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്ധനമാണ് ഭക്ഷണം. ഭക്ഷണത്തില്‍ ഊര്‍ജമുണ്ടാവും. അനാവശ്യമായ ഊര്‍ജമാണ് മറ്റു കുഴപ്പങ്ങളുണ്ടാക്കുക. ഭക്ഷണത്തില്‍ പ്രധാനപ്പെട്ട ആറു ഘടകങ്ങളുണ്ട്. വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, നാര്, അന്നജം, കൊഴുപ്പ്, മാംസ്യം എന്നിവ. ഈ ഘടകങ്ങള്‍ ശരിയായ അളവില്‍ ഒത്തുചേര്‍ന്ന ഭക്ഷണമാണ് സമീകൃതാഹാരം അഥവാ ബാലന്‍സ്ഡ് ഡയറ്റ്.

അന്നജം
ശരീരത്തിന്റെ മുഖ്യ ഊര്‍ജസ്രോതസ്സാണ് അന്നജങ്ങള്‍. സാക്കറൈഡുകള്‍ എന്ന തന്മാത്രകള്‍കൊണ്ടുണ്ടാകുന്ന രാസസംയുക്തങ്ങളാണ് അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ്. ഇതു പ്രധാനമായും രണ്ടുതരമുണ്ട്. പഞ്ചസാരയും സ്റ്റാര്‍ച്ചും. ഒന്നോ രണ്ടോ സാക്കറൈഡ് തന്മാത്രകളുള്ള ലളിതഘടനയാണ് പഞ്ചസാരയുടേത്. (മോണോ, ഡൈസാക്കറൈഡുകള്‍). സ്റ്റാര്‍ച്ചിന്റെ ഘടന സങ്കീര്‍ണമാണ്. ചുരുങ്ങിയത് 10 സാക്കറൈഡ് തന്മാത്ര കാണുമിതില്‍. ഇത് തകര്‍ത്ത് ഗ്ലൂക്കോസ് രൂപത്തിലാണ് ഇവശരീരം ആഗിരണം ചെയ്യുക. പച്ചക്കറികള്‍, ധാന്യങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവയില്‍ ധാരാളം സ്റ്റാര്‍ച്ചുണ്ട്.

കൊഴുപ്പ്
ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്നത്, ഗാഢ ഊര്‍ജസ്രോതസ്സുകളായ കൊഴുപ്പുകളാണ്. രണ്ടുതരം കൊഴുപ്പുകളുണ്ട്. പൂരിതവും അപൂരിതവും . രണ്ടിന്‍േറയും രാസഘടന വ്യത്യസ്തമാണ്. മാംസത്തിലും പാല്‍ ഉല്‍പന്നങ്ങളിലും കാണുന്ന കൊഴുപ്പാണ് പൂരിതം. അന്തരീക്ഷ താപനിലയില്‍ ഇത് കട്ടിയായിരിക്കും. വെണ്ണ, മാംസങ്ങള്‍, നറുംപാല്‍ തുടങ്ങിയവ ഉദാഹരണം. സസ്യ എണ്ണകളില്‍ കാണുന്നത് അപൂരിത കൊഴുപ്പാണ്. അന്തരീക്ഷ താപനിലയില്‍ ഇത് ദ്രവരൂപത്തിലായിരിക്കും. മീനില്‍ അപൂരിത കൊഴുപ്പാണുള്ളത്. അപൂരിത കൊഴുപ്പുതന്നെ രാസഘടനയനുസരിച്ച് രണ്ടു തരത്തിലുണ്ട്-ഏകഅപൂരിതവും ബഹു അപൂരിതവും . അപൂരിതകൊഴുപ്പാണ് പൂരിത കൊഴുപ്പിനേക്കാള്‍ ഗുണകരം, വിശേഷിച്ച് ഹൃദയത്തിനും മറ്റും.

കരള്‍ ഉല്‍പാദിപ്പിക്കുന്ന പിത്തരസത്തില്‍ ലയിച്ച്, പാന്‍ക്രിയാസ് ഉല്‍പാദിപ്പിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി കൊഴുപ്പ്, ഫാറ്റി ആസിഡുകളായും ഗ്ലിസറോളായും മാറുന്നു. ഇവ 3:1 അനുപാതത്തില്‍ കൂടിച്ചേര്‍ന്ന് ട്രൈഗ്ലിസറൈഡുകളായി മാറും. ശരീരത്തിന് ഊര്‍ജം പകരുന്നത് ട്രൈഗ്ലിസറൈഡുകളാണ്.

മാംസ്യം
ശരീരകലകളും കോശങ്ങളും നിര്‍മിക്കുന്ന അടിസ്ഥാന വസ്തുക്കളാണ് മാംസ്യം അഥവാ പ്രോട്ടീന്‍. നൂറുകണക്കിന്/ആയിരക്കണക്കിന് രാസഘടകങ്ങളുള്ള ഭീമന്‍ തന്മാത്രകളാണ് പ്രോട്ടീനുകള്‍. ഈ രാസഘടകങ്ങളാണ് അമിനോ ആസിഡുകള്‍. ഇവ വലിയ ശൃംഖലയായി കൊരുക്കപ്പെട്ടിരിക്കുന്നു. വളര്‍ച്ച, ശരീരത്തിന്റെ കേടുപാടുകള്‍ തീര്‍ക്കല്‍ തുടങ്ങിയ അടിസ്ഥാന ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോട്ടീന്‍ വേണം. പാല്‍, മാംസം, മീന്‍, ഉരുളക്കിഴങ്ങ്, അരി, പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ ഇവയിലൊക്കെ പ്രോട്ടീനുണ്ട്. നല്ല പോഷകാഹാരങ്ങള്‍ കഴിക്കുന്നവരില്‍, പ്രോട്ടീനിലെ അമിനോ അങ്ങള്‍ പേശികളില്‍ സംഭരിക്കപ്പെടും. ഊര്‍ജം അന്നജത്തില്‍നിന്നും കൊഴുപ്പില്‍നിന്നും കിട്ടും. പട്ടിണി കിടക്കുമ്പോള്‍, ഈ അമിനോ അങ്ങളാണ് ഊര്‍ജം പകരുക. പ്രോട്ടീന്‍ അമിതമായാല്‍ കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ക്ക് കുഴപ്പങ്ങള്‍ പറ്റും. മാംസങ്ങളില്‍, വിശേഷിച്ച് ചുകന്ന മാംസങ്ങളില്‍ പൂരിത കൊഴുപ്പും പ്രോട്ടീനുമൊക്കെ കൂടുതലാണ്. ഇവ അധികം കഴിക്കരുത്.

വിറ്റാമിനുകള്
മിക്ക ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും വിറ്റാമിനുകള്‍ (ജീവകം) ആവശ്യമാണ്. പലതരം രാസവസ്തുക്കളാണിവ. എ. വിറ്റാമിന്‍, ബി. വിറ്റാമിനുകള്‍, സി. വിറ്റാമിന്‍, ഡി. വിറ്റാമിന്‍, ഇ. വിറ്റാമിന്‍ എന്നിങ്ങനെ ഓരോന്നും ഓരോ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കും.
ധാതുലവണങ്ങള്
ശരീരകലകളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചയാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന ഇരുപതോളം ധാതുലവണങ്ങളുണ്ട്. സോഡിയം, ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ്, സിങ്ക്, അയഡിന്‍ എന്നിങ്ങനെ. ശരീരാരോഗ്യത്തിന് ഇവ അത്യാവശ്യങ്ങളാണ് .

നാര്
ഹൃദ്രോഗം, ഉദര കാന്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങളൊഴിവാക്കാനും ദഹനം സുഗമമാക്കാനും ഭക്ഷണത്തില്‍ നാര് ഉണ്ടാവണം. ഒരുതരം ചണ്ടി തന്നെയാണ് നാരുകള്‍. ധാന്യങ്ങളുടെ തവിട്, പുറംപാളി, പഴങ്ങളുടേയും പച്ചക്കറികളുടേയും മാംസളഭാഗം, തൊലി, ഇലക്കറികള്‍ തുടങ്ങിയവയിലൊക്കെ നാരുണ്ട്. നോണ്‍-വെജില്‍ ഇതു തീരെയില്ല. ദഹനരസങ്ങളെക്കൊണ്ട് ഈ നാരിനെ ദഹിപ്പിക്കാ നാവില്ല. ശരീരം ഇത് ആഗിരണം ചെയ്യുകയുമില്ല. പോഷകപ്രധാനമോ ഊര്‍ജദായകമോ അല്ല നാര്. പക്ഷേ, ഭക്ഷണത്തില്‍ ഇതുണ്ടെങ്കിലേ ദഹനം സുഗമമാവൂ. എങ്കിലേ മറ്റു പോഷകങ്ങള്‍ ശരിയായി ആഗിരണം ചെയ്യപ്പെടൂ. തടി കുറയ്ക്കുവാന്‍ നാരുള്ള ഭക്ഷണം ശീലമാക്കണം.
ശരീരമാലിന്യങ്ങള്‍ ശരിയായി വിസര്‍ജിക്കപ്പെടാന്‍ നാരു വേണം. കൊളസ്‌ട്രോള്‍ നില താഴാനും ഹൃദ്രോഗം തടയാനും നാരുകള്‍ക്ക് കഴിയും. പരസ്​പരബന്ധിതമായ പഞ്ചസാര തന്മാത്രകളാണ് നാരിലുള്ളത്. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നിവ രാസഘടകങ്ങളും. പ്രതിദിനം 25 ഗ്രാം നാരെങ്കിലും ഭക്ഷണത്തിലുണ്ടാവണം. ചോ റിലും പയറിലും തോരനിലും പഴത്തിലുമൊക്കെ ഇതുണ്ടായിരിക്കും.

ഊര്ജവും കലോറിയും
ഏത് പ്രവര്‍ത്തനത്തിനും ഊര്‍ജം വേണം. ഭക്ഷണം ഊര്‍ജമാകുന്നത് മൂന്നു ഘട്ടങ്ങളിലാണ്. ആദ്യം, ഭക്ഷണത്തിലെ പോഷകങ്ങള്‍ രക്തത്തിലേക്കു വലിച്ചെടുക്കപ്പെടുന്നു. ഇവ എല്ലാ കോശങ്ങളിലുമെത്തുന്നു. രണ്ടാമത്, കോശങ്ങള്‍ ഗ്ലൂക്കോസിനേയും ഫാറ്റി ആസിഡുകളേയും ഇന്ധനമായി ഉപയോഗിച്ച് സങ്കീര്‍ണമായ രാസപ്രവര്‍ത്തനങ്ങളിലൂടെ ഊര്‍ജം സ്വതന്ത്രമാക്കുന്നു. ഈ ഊര്‍ജം അഡിനോസൈന്‍ ട്രൈ ഫോസേ്ഫറ്റ് തന്മാത്രകളായാണ് കോശങ്ങള്‍ സംഭരിക്കുന്നത്. പിന്നീട് ശരീരമോ ശരീരകോശങ്ങളോ എന്തെങ്കിലുമൊരു ജോലി ചെയ്യുമ്പോള്‍ എ.ടി.പി, എ.ഡി.പി. (അഡിനോസൈന്‍ ഡൈ ഫോസേ്ഫറ്റ്) ആയി മാറി ഊര്‍ജസ്രോതസ്സ് ശൂന്യമാകുന്നു.

കഴിക്കുന്ന ഭക്ഷണത്തില്‍നിന്നു കിട്ടുന്ന ഊര്‍ജം, വെറുതെയിരിക്കുന്ന ഒരാള്‍പോലും ഏതാണ്ട് 70 ശതമാനം ചെലവാക്കും. ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തിനാണിത്. ശരീരതാപനില സംരക്ഷിക്കാനും കോശ കലകളുടെ വളര്‍ച്ചയ്ക്കും അനന്തമായ ആന്തരിക പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ഊര്‍ജം വേണമല്ലോ. വ്യായാമം, ജോലി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും വ്യത്യസ്ത അളവില്‍ ഊര്‍ജം വേണം. ഭക്ഷണഊര്‍ജം കലോറി എന്ന യൂണിറ്റിലാണ് അളക്കുക. ഒരു ഗ്രാം വെള്ളത്തിന്റെ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ത്താന്‍ വേണ്ട ഊര്‍ജത്തിന്റെ അളവാണ് ഒരു കലോറി. 1,000 കലോറിയാണ് കിലോകലോറി.

ആരോഗ്യത്തിന് ജ്യൂസ്‌

ഇളനീര്പാനീയം

ഇളനീര്‍: 1, ഏലക്കായ: 2, തേന്‍: മധുരം പാകത്തിന്
ഇളനീര്‍ വെട്ടിയശേഷം കാമ്പും വെള്ളവും ചേര്‍ത്ത് മിക്‌സിയിലിട്ടടിച്ച് മധുരം പാകത്തിന് തേനും ചേര്‍ത്ത് ഏലക്കായയും പൊടിച്ചിട്ട് ഉപയോഗിക്കാം.

ചെറുനാരങ്ങ പാനീയം
മണ്‍കൂജയിലോ മണ്‍കലത്തിലോ വെച്ച് തണുപ്പിച്ച വെള്ളം ഒരു ഗ്ലാസ് എടുത്ത് ഒരു ചെറുനാരങ്ങയുടെ നീരും കാല്‍ ടീസ്​പൂണ്‍ ഇഞ്ചിനീരും രണ്ട് ഏലക്കായയും പൊടിച്ചിട്ട് മധുരം പാകത്തിന് തേനും ചേര്‍ക്കാം.

വാഴപ്പിണ്ടി പാനീയം
വാഴപ്പിണ്ടി: 250 ഗ്രാം, മോര്: 1/2 ഗ്ലാസ്, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 1 ഞെട്ട്, ഉപ്പ്: പാകത്തിന്
വാഴപ്പിണ്ടി ചതച്ച് നീരെടുത്ത് അതിലേക്ക് ഇഞ്ചിയും കറിവേപ്പിലയും അരച്ചിട്ട് മോരും ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

കുമ്പളങ്ങ പാനീയം
കുമ്പളങ്ങ: 250 ഗ്രാം, തേങ്ങ: 1 മുറി, ജീരകം: 1 ടീസ്​പൂണ്‍, ഏലക്കായ: 2, ഉപ്പ്: പാകത്തിന്
കുമ്പളങ്ങയും നാളികേരവും ചിരവി വെള്ളം ചേര്‍ത്തരച്ച് പിഴിഞ്ഞ് നീരെടുത്ത് ഏലക്കായയും ജീരകവും പൊടിച്ചിട്ട് ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.
തക്കാളി പാനീയം
പഴുത്ത തക്കാളി: 100 ഗ്രാം, വെള്ളം: 1 കപ്പ്, ഏലക്കായ: 4, ചെറുനാരങ്ങ നീര്: 2 ടീസ്​പൂണ്‍, ശര്‍ക്കര: മധുരം പാകത്തിന്
തക്കാളി വെള്ളം ഒഴിച്ച് പിഴിഞ്ഞ് ചാറെടുത്ത് ചെറുനാരങ്ങനീരും ചേര്‍ത്തിളക്കി ഏലക്കായയും ശര്‍ക്കരയും പൊടിച്ചിട്ട് അരിച്ചെടുത്ത് ഉപയോഗിക്കാം.

നെല്ലിക്ക പാനീയം
ഉണക്ക നെല്ലിക്ക പത്ത് എണ്ണം കഴുകി തലേദിവസംതന്നെ വെള്ളത്തിലിട്ടുവെക്കണം. പിറ്റേന്ന് നെല്ലിക്ക പിഴിഞ്ഞ് ചണ്ടി ഒഴിവാക്കി നേര്‍ത്ത അരിപ്പയില്‍ അരിച്ചെടുത്ത് ചെറുനാരങ്ങനീരും മധുരം പാകത്തിന് തേനോ ശര്‍ക്കരയോ ചേര്‍ത്ത് കഴിക്കാം.

നെല്ലിക്ക സംഭാരം
പച്ചനെല്ലിക്ക: 10, ഇഞ്ചി: 1 കഷ്ണം, ചെറുനാരങ്ങ: 2, കറിവേപ്പില: 1 ഞെട്ട്, വെള്ളം: 5 ഗ്ലാസ്, ഉപ്പ്: പാകത്തിന്
നെല്ലിക്ക കുരുകളഞ്ഞ് ഇഞ്ചിയും കറിവേപ്പിലയും കൂട്ടി നന്നായി അരച്ച് വെള്ളത്തില്‍ കലര്‍ത്തി ചെറുനാരങ്ങനീരും ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കാം.

മിക്സഡ് ഫ്രൂട്ട് ജ്യൂസ്
ഓറഞ്ച് നീര്: 1/2 കപ്പ്, കൈതച്ചക്കനീര്: 1/2 ക പ്പ്, മൂസമ്പിനീര്: 1/2 കപ്പ്, ചെറുനാരങ്ങനീര്: 10 ടീസ്​പൂണ്‍, തേന്‍: 2 ഔണ്‍സ്, ആപ്പിള്‍: 100 ഗ്രാം
ആപ്പിള്‍ കഴുകി ചെറുതാക്കി അരിഞ്ഞുവയ്ക്കുക. മറ്റു പഴങ്ങളുടെ നീരില്‍ തേനും ചെറുനാരങ്ങനീരും ചേര്‍ത്ത് യോജിപ്പിച്ച് ഗ്ലാസുകളില്‍ ഒഴിച്ച് മുകളില്‍ അരിഞ്ഞുവച്ച ആപ്പിള്‍ സമനിരപ്പായി ഇട്ട് ഉപയോഗിക്കാം.

ഫ്രൂട്ട് ഷേക്ക്
പൈനാപ്പിള്‍ നുറുക്കിയത്: 2 കപ്പ്, വാഴപ്പഴം നുറുക്കിയത്: 2 കപ്പ്, മാമ്പഴം നുറുക്കിയത്: 2 കപ്പ്, സപ്പോട്ട നുറുക്കിയത്: 2 കപ്പ്, പൈനാപ്പിള്‍ വട്ടത്തില്‍ മുറിച്ചത്: 1 കപ്പ്, ചെറുനാരങ്ങനീര്: 2 ടീസ്​പൂണ്‍, തേന്‍: 2 ഔണ്‍സ്
നുറുക്കിയ പഴക്കഷ്ണങ്ങളും തേനും ചെറുനാരങ്ങനീരും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ഇത് ഗ്ലാസില്‍ ഒഴിച്ച് പൈനാപ്പിള്‍ കഷ്ണം ഗ്ലാസിനു മീതെവെച്ച് കൊടുക്കാം.

മാങ്ങ സംഭാരം
പച്ചമാങ്ങ: 1, ഇഞ്ചി: 1 കഷ്ണം, കറിവേപ്പില: 1 ഞെട്ട്, പച്ചമുളക്: 1, വെള്ളം: 5 ഗ്ലാസ്, ഉപ്പ്: പാകത്തിന്
മാങ്ങ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് ചതച്ചെടുക്കുക. ഇഞ്ചി നന്നായി അരച്ച് ഉപ്പും ചതച്ചെടുത്ത മാങ്ങയും വെള്ളത്തില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

കാരറ്റ് പാനീയം
കാരറ്റ്: 2, തേങ്ങ: 1 മുറി, ഏലക്കായ: 2, ശര്‍ക്കര: മധുരം പാകത്തിന്
കേരറ്റും നാളികേരവും ചിരകി മിക്‌സിയില്‍ ഇട്ട് വെള്ളം ചേര്‍ത്തടിച്ച് അരിച്ചെടുത്ത് ശര്‍ക്കരയിട്ട് ചൂടാക്കുക. കുടിക്കാന്‍ പാകത്തിന് ചൂടാവുമ്പോള്‍ ഏലക്കായയും പൊടിച്ചുചേര്‍ത്ത് ഇറക്കിവെച്ച് ഉപയോഗിക്കാം.

നാളികേര പാനീയം
തേങ്ങ: 1, ശര്‍ക്കര: 2 അച്ച്, ഏലക്കായ: 2 എണ്ണം
തേങ്ങ ചിരകി വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചോ അല്ലെങ്കില്‍ കൈകൊണ്ട് പിഴിഞ്ഞോ പാലെടുത്ത് അതില്‍ ശര്‍ക്കരയും ഏലക്കായയും ഇട്ട് ചൂടാക്കിയതിനുശേഷം ഉപയോഗിക്കാം. (കുറിപ്പ്: തേങ്ങാപ്പാല്‍ തിളയ്ക്കാന്‍ പാടില്ല.

തുളസി പാനീയം
ആവശ്യത്തിന് വെള്ളത്തില്‍ മധുരം പാകത്തിന് ശര്‍ക്കരയിട്ട് തിളപ്പിക്കുക. തിളച്ചാല്‍ അല്‍പം തുളസിക്കതിര് (ഇലയും പൂവും) ഇട്ട് ഇറക്കിവച്ച് അരിച്ചെടുത്ത് തേങ്ങാപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ ഉപയോഗിക്കാം.

കറിവേപ്പില വലിച്ചെറിയാനുള്ളതല്ല

കറികള്‍ പാകമായല്‍ മീതെ കുറച്ച് കറിവേപ്പില കൂടി വിതറിയാലേ പാചകത്തിന് 'ഫിനിഷിങ്' ആകൂ എന്നത് പാചകത്തില്‍ താത്പര്യമുള്ള ഏതൊരു വീട്ടമ്മയും സമ്മതിക്കും. പക്ഷേ, കറിമുന്നിലെത്തുമ്പോള്‍ കറിവേപ്പിലയെ നിഷ്‌കരുണം എടുത്തുകളയുന്നത് ചിലര്‍ക്കെങ്കിലും ശീലമാണ്. എന്നാല്‍, ഇങ്ങനെ വലിച്ചെറിയുന്ന കറിവേപ്പിലയുടെ മഹാത്മ്യം പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.

ദക്ഷിണേന്ത്യന്‍ വിഭവങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായ ഈ സുഗന്ധപത്രം രുചി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം , ദഹനശക്തി കൂട്ടുകയും വയറ് ശുദ്ധിയോടെ കാത്തുസൂക്ഷിക്കുകയും ചെയ്യും. ആഹാരത്തിലൂടെ വയറ്റില്‍ എത്തിപ്പെടുന്ന വിഷാംശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാനും കറിവേപ്പിലയ്ക്കുകഴിയും.

ജീവകം എ, ബി, ഇ എന്നിവയുടെ കലവറയായ കറിവേപ്പിലയില്‍ അന്നജത്തോടൊപ്പം ശരീരത്തിന് ഗുണകരമായ അമിനോ ആസിഡുകളും ആല്‍ക്കലോയിഡുകളും ഉണ്ട്. കറിവേപ്പിന്റെ ഇല ത്വഗ്‌രോഗങ്ങള്‍ക്കും വിഷജന്തുക്കളുടെയും കീടങ്ങളുടെയും കടിയേറ്റാല്‍ ഔഷധമായും പ്രയോഗിക്കാവുന്നതാണ്. കറിവേപ്പ് മരത്തിന്റെ തൊലിക്ക് ശീതഗുണമുള്ളതിനാല്‍, അര്‍ശസ്സ്, രക്തദൂഷ്യത്താലുണ്ടാകുന്ന ത്വഗ്‌രോഗങ്ങള്‍, വെള്ളപ്പാണ്ഡ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധരൂപേണ ഉപയോഗപ്പെടുത്താറുണ്ട്. പ്രമേഹം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ക്കും കറിവേപ്പില ചേര്‍ന്ന ഔഷധക്കൂട്ടുകള്‍ ഉപയോഗിച്ചുവരുന്നു. മികച്ച ആന്റിസെപ്റ്റിക്കായി പ്രവര്‍ത്തിക്കുവാനും കറിവേപ്പിന് കഴിവുണ്ട്.

കറിവേപ്പിന്റെ കുരുന്നിലകള്‍ ചവച്ച്കഴിച്ചാല്‍ വയറ്റില്‍ നിന്നും ചോരയും ചളിയും കൂടി പോകുന്ന അസുഖത്തിന് ശമനം കിട്ടും. മോരില്‍ കറിവേപ്പില അരച്ചുകലക്കി കഴിച്ചാല്‍, ദഹനസംബന്ധിയായ അസ്വസ്ഥതകള്‍ അകലും. ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ ആധുനികൗഷധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വയറിനുണ്ടാകാറുള്ള അസ്വസ്ഥതകള്‍ക്ക് കറിവേപ്പില അരച്ചുകലക്കിയ മോര് അതിവിശിഷ്ടമാണ്. ദഹനരസങ്ങളെ ഉദ്ദീപിപ്പിക്കുന്നതോടൊപ്പം, മരുന്നുകളുടെ വിഷാംശം നശിപ്പിച്ച് സ്വസ്ഥത വീണ്ടെടുക്കുകയാണ് ഈ പ്രയോഗത്താല്‍ സാദ്ധ്യമാകുന്നത്. തലമുടിയുടെ ആരോഗ്യത്തിനും നിറത്തിനും കറിവേപ്പിനെ പണ്ടുമുതലേ ആശ്രയിച്ചുവരുന്ന കാര്യം അറിവുള്ളതാണ്. കുട്ടികളുടെ വിരശല്യം നമ്മെ നിരന്തരം അലോസരപ്പെടുത്തുന്ന ഒന്നാണല്ലോ. ആറുമാസത്തിലൊരിക്കല്‍ വിരയിളക്കുന്നതിന് മരുന്ന് നല്‍കിയാലും മധുരപ്രിയരും പൊതുവെ ദഹനശക്തി കുറഞ്ഞവരുമായ കുട്ടികള്‍ക്ക് ഇടയ്ക്കിടെ കൃമിശല്യം പതിവാണ്. ആഴ്ചയിലൊരുദിവസം കറിവേപ്പിലനീര് ഒരൗണ്‍സ് വീതം രണ്ട് നേരം തേന്‍ ചേര്‍ത്ത് നല്‍കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. കുഞ്ഞുങ്ങള്‍ക്ക് ആവശ്യത്തിന് വൈറ്റമിന്‍ എ യും ഇതു വഴി ലഭിക്കും.

കുട്ടികള്‍ക്കുള്ള വിഭവങ്ങളില്‍ കറിവേപ്പില ചേര്‍ക്കുന്നത് ആരോഗ്യകരമാണ്. മുത്താറി കുറുക്ക് തയ്യാറാക്കുമ്പോള്‍ കറിവേപ്പില നീരും ശര്‍ക്കരയും ചേര്‍ത്താല്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടും. ഇത് നെയ്പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് ഫ്രീസറില്‍ തണുപ്പിച്ച് കശുവണ്ടിപ്പരിപ്പ് വിതറി വിവിധ ആകൃതിയില്‍ മുറിച്ചാല്‍ പച്ചനിറത്തിലുള്ള ഹല്‍വ കുട്ടികളെ ആകര്‍ഷിക്കാതിരിക്കില്ല. പച്ചരിപ്പൊടി കറിവേപ്പിലനീരും കരുപ്പെട്ടിയും ചേര്‍ത്ത് കുറുക്കി നാളികേരം ചുരണ്ടിയിട്ടാല്‍ വിശേഷസ്വാദുള്ള ഒരു ഭക്ഷണമായിരിക്കും. കറിവേപ്പിലയും മഞ്ഞളും രക്തശുദ്ധിയുണ്ടാക്കുന്നതിനാല്‍ ഇവയുടെ കൂട്ടായ ഔഷധപ്രയോഗം അലര്‍ജിമാറ്റും. കറിവേപ്പിലയുടെ ഞെട്ട്‌പോലും ഉപയോഗപ്പെടുത്തുന്ന കഷായക്കൂട്ടുകള്‍ ആയുര്‍വേദത്തിലുണ്ട്.

കുടിവെള്ളത്തില്‍ ഇരുമ്പ് ബാക്ടീരിയ

ഇരുമ്പ് ബാക്ടീരിയ അഥവാ അയേണ്‍ ബാക്ടീരിയയെക്കുറിച്ച് എത്രപേര്‍ കേട്ടിരിക്കും? ഇവന്‍ ആള് നിസ്സാരനല്ല. പ്രത്യക്ഷത്തില്‍ ഇവ നമ്മുടെ ആരോഗ്യത്തിന് ഹാനികരമാകില്ലെങ്കിലും കുടിവെള്ളത്തില്‍ ഇതിന്റെ സാന്നിധ്യം പ്രശ്‌നമുണ്ടാക്കാറുണ്ട്. ഇരുമ്പിന്റെ ആധിക്യം ഏറെയുള്ള സ്ഥലങ്ങളിലാണ് ഈ ബാക്ടീരിയയുടെ സാന്നിധ്യം കാണുന്നത്. ഇരുമ്പാണ് അയേണ്‍ ബാക്ടീരിയയുടെ പ്രധാന ഭക്ഷണം. ഇരുമ്പ് ഭക്ഷിച്ച ശേഷം ഇവ പുറത്തുവിടുന്ന ദ്രവരൂപത്തിലുള്ള ഒരു പദാര്‍ഥമാണ് പാടയുടെ രൂപത്തില്‍ നമ്മുടെ കിണറുകളിലും ജലവിതരണ പൈപ്പുകളിലും കാണപ്പെടുന്നത്.

ശാസ്ത്രലോകം ഇതിനകം ഏതാണ്ട് 18 ഇനം ഇരുമ്പ് ബാക്ടീരിയകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഗാലിയോനല്ല, ലെപ്‌റ്റോത്രിക്‌സ് എന്നീ അയേണ്‍ ബാക്ടീരിയകളാണ് നമ്മുടെ കിണറുകളിലും ഭൂഗര്‍ഭ ജലത്തിലും കാണപ്പെടുന്നത്. തടാകങ്ങള്‍, അരുവികള്‍, തണ്ണീര്‍ത്തടങ്ങള്‍, മണ്ണ് തുടങ്ങി ഭൂമിയുടെ ഉപരിതലത്തിലെവിടെയും അയേണ്‍ ബാക്ടീരിയകളുണ്ടാകും. എന്നാല്‍ ഇവയുടെ യഥാര്‍ഥ ഉറവിടം എവിടെയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരുപക്ഷേ, കിണര്‍ കുഴിക്കുന്നതിനു മുന്‍പുതന്നെ ഭൂഗര്‍ഭ ജലത്തില്‍ ഇവ ഉണ്ടായേക്കാം. കാലക്രമേണ അവ വളര്‍ന്ന് പെരുകുന്നു. ഒരു പുതിയ കിണര്‍ കുഴിക്കുമ്പോഴോ നിലവിലുള്ള കിണര്‍ നന്നാക്കുമ്പോഴോ മണ്‍വെട്ടി തുടങ്ങിയ ഉപകരണങ്ങള്‍ മുഖേനയും ഇവ വ്യാപിക്കുവാന്‍ സാധ്യതയുണ്ട്. മറ്റു ബാക്ടീരിയകളെപ്പോലെ തന്നെ അയേണ്‍ ബാക്ടീരിയകള്‍ക്കും വളര്‍ന്നു വികാസം പ്രാപിക്കാന്‍ സമയം വേണം.

ഈ ബാക്ടീരിയകള്‍ ജലവിതരണ പൈപ്പുകളിലും മറ്റും കോളനികള്‍ ഉണ്ടാക്കും. ഇത്തരം ബാക്ടീരിയാ കോളനികള്‍ ഒരുതരം പശയുള്ള ചെളി രൂപപ്പെടുത്തുകയും അത് ജലവുമായി ചേര്‍ന്ന്, പൈപ്പുകളിലും ട്യൂബുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പൈപ്പുകള്‍ ക്രമേണ അടഞ്ഞുപോകാനും സാധ്യതയുണ്ട്. പൈപ്പുകളുടെ തുരുമ്പിക്കലിനു വേഗം കൂട്ടാനും ഇവയ്ക്ക് കഴിയും. അയേണ്‍ ബാക്ടീരിയ ചീഞ്ഞുനശിക്കുമ്പോള്‍ വെള്ളത്തിന് ഉണ്ടാകുന്ന ദുര്‍ഗന്ധം പലപ്പോഴും അസഹനീയമായിരിക്കും. അയേണ്‍ ബാക്ടീരിയയുടെ സാന്നിധ്യത്തില്‍ കാണപ്പെടുന്ന മറ്റൊരുതരം ബാക്ടീരിയയാണ് സള്‍ഫേറ്റ് റെഡ്യൂസിങ് ബാക്ടീരിയ അഥവാ എസ്.ആര്‍.ബി. ഈ ബാക്ടീരിയയാണ് ഭൂഗര്‍ഭജലത്തിലെ സള്‍ഫേറ്റിനെ ഹൈഡ്രജന്‍ സള്‍ഫൈഡാക്കി മാറ്റുന്നത്. വെള്ളത്തിനു ചീഞ്ഞ മുട്ടയുടെ മണം ഉണ്ടാകുന്നത് ഇതുകൊണ്ടാണ്.

വെള്ളത്തില്‍ ഇരുമ്പിന്റെ അംശം ഉണ്ടാകുന്നത് പ്രധാനമായും വെള്ളത്തിന് മണ്ണ്, പാറ, ഓക്‌സിജന്‍ എന്നിവയുമായുള്ള സമ്പര്‍ക്കത്താലാണ്. ഫെറസ്, ഫെറിക്, ഓര്‍ഗാനിക് എന്നീ രൂപങ്ങളിലാണ് വെള്ളത്തില്‍ 'ഇരുമ്പി'ന്റെ സാന്നിധ്യം കാണപ്പെടുന്നത്. ജലവിതരണത്തിനുള്ള പൈപ്പുകള്‍ തുരുമ്പ് പിടിച്ച് കുടിവെള്ളത്തില്‍ ഇരുമ്പിന്റെ സാന്ദ്രത കൂട്ടിയെന്ന് വരാം. വേനല്‍ക്കാലത്ത് നമ്മുടെ കിണറുകളില്‍ ജലവിതാനം കുറയുമ്പോഴും ഇരുമ്പിന്റെ അംശം കൂടാനിടയുണ്ട്. ഇരുമ്പ് ചെറിയതോതിലേ ഉള്ളൂവെങ്കില്‍ അത് വലിയ പ്രശ്‌നമുണ്ടാക്കില്ല. എന്നാല്‍ കൂടുതലായാല്‍ അലക്കുന്ന തുണികളിലും പാത്രങ്ങളിലും മഞ്ഞയോ തവിട്ടുനിറമോ ഉണ്ടാക്കും.

ജലത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഫെറസ് അയേണ്‍ ഭൂഗര്‍ഭജലത്തിലാണ് സാധാരണ കണ്ടുവരുന്നത്. ഫെറസ് അയേണ്‍ കലര്‍ന്ന ജലം പൊതുവെ തെളിഞ്ഞതായിരിക്കും. എന്നാല്‍ ക്രമേണ അന്തരീക്ഷത്തിലെ ഓക്‌സിജനുമായി ഇത് പ്രതിപ്രവര്‍ത്തിച്ച് ഫെറിക് ഹൈഡ്രോകൈ്‌സഡായി മാറുകയും ജലത്തില്‍ ലയിക്കാതെ അവക്ഷിപ്തമായി ജലത്തിനടിയില്‍ കിടക്കുകയും ചെയ്യുന്നു. ഓര്‍ഗാനിക് അയേണ്‍ ആണ് വെള്ളത്തില്‍ത്തന്നെയുള്ള ഓര്‍ഗാനിക് പദാര്‍ഥങ്ങളുമായി കൂടിച്ചേര്‍ന്ന് ചായയ്ക്കും കാപ്പിക്കും കറുത്തനിറം ഉണ്ടാക്കുന്നത്.

വെള്ളം ഇറ്റുവീഴുന്ന സ്ഥലങ്ങളായ വാഷ്‌ബേസിന്‍, ടോയിലറ്റ് എന്നിവിടങ്ങളില്‍ കാണപ്പെടുന്ന മഞ്ഞനിറമോ തവിട്ടുകലര്‍ന്ന ചുവപ്പുനിറമോ ഇരുമ്പിന്റെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ മാനദണ്ഡമനുസരിച്ച് നമ്മുടെ കുടിവെള്ളത്തില്‍ അനുവദനീയമായ ഇരുമ്പിന്റെ അംശം 0.30 മില്ലിഗ്രാം/ലിറ്റര്‍ ആണ്. ഇത് കൂടിയാല്‍ ആരോഗ്യപ്രശ്‌നമുണ്ടാകാനിടയുണ്ട്. ജലത്തില്‍ അയേണ്‍ ബാക്ടീരിയയുടെ സാന്നിധ്യം ഇല്ലാതാക്കാന്‍ മുന്‍കരുതലാണ് അഭികാമ്യം. കിണര്‍ കുഴിക്കുമ്പോള്‍ അതിനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ അയേണ്‍ബാക്ടീരിയയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്.

അയേണ്‍ ബാക്ടീരിയയെ ഉന്മൂലനം ചെയ്യാന്‍ ഇന്ന് നിലവിലുള്ള എളുപ്പമാര്‍ഗം ക്ലോറിനേഷനാണ്. ഉയര്‍ന്ന ഡോസില്‍ ബ്ലീച്ചിങ് പൗഡര്‍ വെള്ളത്തില്‍ കലക്കി അയേണ്‍ ബാക്ടീരിയയുള്ള കിണറുകളില്‍ ചേര്‍ത്ത് നല്ലവണ്ണം ഇളക്കേണ്ടതാണ്. ചിലപ്പോള്‍ ഇവയെ പരിപൂര്‍ണമായും നീക്കം ചെയ്യാന്‍ കൂടിയ അളവില്‍ ക്ലോറിന്‍ ഉപയോഗിക്കേണ്ടിവന്നേക്കാം. ഭൂമിയില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട മൂലകങ്ങളിലൊന്നാണ് ഇരുമ്പ്. എവിടെയെല്ലാം ഇരുമ്പും വെള്ളവും ഓക്‌സിജനുമുണ്ടോ അവിടെയെല്ലാം അയേണ്‍ ബാക്ടീരിയ എന്ന വില്ലന്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഈ ശല്യക്കാരനെ പിടിച്ചുകെട്ടാന്‍ നമ്മള്‍ ജാഗ്രതയോടെയിരിക്കേണ്ടിരിക്കുന്നു.

കറിവേപ്പില അഴകിനും ആരോഗ്യത്തിനും

വീട്ടുവളപ്പിലെ ഫലപ്രദമായ നാടന്‍മരുന്നുകൂടിയാണ് കറിവേപ്പില
ഭക്ഷണവിഭവങ്ങള്‍ക്ക് രുചി പകരാന്‍ മാത്രമല്ല ശരീരകാന്തിക്കും നമുക്കു വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. ഇതാ ചില കറിവേപ്പില വിശേഷങ്ങള്‍.

പാദ സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി മൂന്ന് ദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക. തന്മൂലം ഉപ്പൂറ്റി വീണ്ടുകീറുന്നതും മാറിക്കിട്ടും.

കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാല്‍ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം കൈവരികയും ചെയ്യും.

കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന്ന് ശേഷം സ്‌നാനം ചെയ്യുക. പേന്‍, ഈര്, താരന്‍ എന്നിവ നിശ്ശേഷം ഇല്ലാതാകും.

തലമുടി കൊഴിച്ചില്‍ തടയാല്‍ കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേക്കുക.

പതിവായി കഴിക്കുന്ന ഭക്ഷണത്തില്‍ കറിവേപ്പില ഉള്‍പ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ജീവകം 'എ' ഏറ്റവുമധികം ഉള്‍ക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടാണ് കണ്ണുസംബന്ധമായ അസുഖങ്ങള്‍ക്ക് ഫലപ്രദമായിരിക്കുന്നതും.

ദഹനത്തിന്നും, ഉദരത്തിലെ ക്രിമി നശീകരണത്തിന്നും ജീവകം 'എ' കൂടുതല്‍ അടങ്ങിയ കറിവേപ്പില കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

ചര്‍മരോഗങ്ങള്‍ അകലാന്‍ കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടിയാല്‍ മതി.

അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം കൈവരാന്‍ കറിവേപ്പിലയും മഞ്ഞളും കുടിയരച്ച് തുടര്‍ച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാല്‍ മതി.

അരുചി മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് മോരില്‍കലക്കി സേവിക്കുന്നത് ഫലപ്രദമാണ്.

കറിവേപ്പിലയരച്ച് പൊളിച്ച അടക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ധന മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ശമനം കിട്ടും.

പുഴുക്കടി അകലാന്‍ കറിവേപ്പിലയും, മഞ്ഞളും ചേര്‍ത്തരച്ചിട്ടാല്‍ മതി.

ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരില്‍ കലക്കിക്കഴിക്കുക.

കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് നെല്ലിക്ക വലുപ്പത്തില്‍ കാലത്ത് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ കാലില്‍ ഉണ്ടാകുന്ന എക്‌സിമയ്ക്ക് ശമനം കിട്ടും.

ഉദരരോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പിലയിട്ട് വെന്ത വെള്ളം പതിവായി കുടിക്കുക

തേനിന്റെ ഔഷധഗുണങ്ങള്‍

നമുക്കേവര്‍ക്കും ഏറെ പ്രിയങ്കരമായ മധുരാഹാരമാണല്ലോ തേന്‍. ശരീരത്തിനാവശ്യമായ മിക്ക മൂലകങ്ങളും അടങ്ങിയിട്ടുള്ള തേന്‍ വര്‍ധിച്ച തോതില്‍ ഊര്‍ജവും പ്രദാനം ചെയ്യുന്നു. നേരിട്ട് രക്തത്തില്‍ ലയിക്കുമെന്നതിനാല്‍ ഈ ഊര്‍ജം അതിവേഗം ശരീരത്തിന് ലഭിക്കുകയും ക്ഷീണം എളുപ്പത്തില്‍ മാറുകയും ചെയ്യുന്നു. അതിനാല്‍ കനത്ത മത്സരങ്ങള്‍ക്കുശേഷം നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കാന്‍ കായികാഭ്യാസികളും മറ്റും തേന്‍ കഴിക്കാറുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വൃദ്ധര്‍ക്കുമെല്ലാം തന്നെ ഏതു സമയത്തും രോഗാവസ്ഥയില്‍പ്പോലും തേന്‍ കഴിക്കാം. അമൃതതുല്യമായ തേനിന്റെ ഔഷധഗുണങ്ങളെക്കുറച്ച് പ്രാചീന വൈദ്യഗ്രന്ഥങ്ങളായ ചരകസംഹിത, ശുശ്രുതസംഹിത, അഷ്ടാംഗഹൃദയം തുടങ്ങിയവയിലൊക്കെ പരാമര്‍ശിച്ചിട്ടുണ്ട്.

തേന്‍ സേവിക്കുന്നതുവഴി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിക്കുകയും രക്തം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ഹൃദയപേശികള്‍ക്ക് ആവശ്യമായ ഊര്‍ജം ലഭിക്കുന്നതിനാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തപ്രവാഹവും സുഗമമാക്കുന്നു. ദഹനേന്ദ്രിയത്തിന്റെ ചലനങ്ങള്‍ ഉത്തേജിപ്പിച്ച് ദഹനം എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിനു സഹായകമാണ് തേനിലെ ഘടകങ്ങളായ സ്നേഹാങ്ങള്‍. വിവിധ ആന്തരിക ഗ്രന്ഥികളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനുതകുന്നു ഇതിലടങ്ങിയിരിക്കുന്ന കാല്‍സ്യം.

നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള ഒട്ടേറെ ആയുര്‍വേദ-ഹോമിയോ-യുനാനി-നാടന്‍ മരുന്നുകളിലെ അവശ്യചേരുവയാണ് തേന്‍. കൃത്രിമമായി നിര്‍മിക്കപ്പെടുന്ന പഞ്ചസാരയുടെ യാതൊരു ദൂഷ്യവശവും ഈ പ്രകൃതിദത്ത മധുരവസ്തുവിനില്ല. ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് തണുത്തവെള്ളത്തില്‍ രണ്ടു ടീസ്​പൂണ്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത് സുഖനിദ്ര പ്രദാനം ചെയ്യുന്നു. മാത്രമല്ല, രാത്രിയില്‍ അമിതമായി മൂത്രം ഉണ്ടാകുന്നതിനെ തടയുകയും പ്രത്യേകിച്ച്, കുട്ടികള്‍ രാത്രിയില്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ചുമ, ജലദോഷം, തൊണ്ടയിലെ കഫക്കെട്ട് തുടങ്ങിയ അസ്വസ്ഥകളകറ്റുന്നതിനു തുളസിയിലനീരില്‍ തേന്‍ ചേര്‍ത്തു സേവിക്കുന്നത് ഗുണകരമാണ്. നല്ല ചൂടുള്ള വെള്ളത്തില്‍ തേന്‍ ചേര്‍ത്ത ശേഷം ആവി പിടിക്കുന്നത് ശ്വാസതടസ്സം മാറാന്‍ സഹായിക്കുന്നു. ദേഹത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനാല്‍ തേന്‍ സേവിക്കുന്നത് ആസ്ത്മ പോലുള്ള രോഗമുള്ളവര്‍ക്കും ഏറെ പ്രയോജനകരമാണ്.

ദീര്‍ഘായുസ്സ് നല്കുന്ന ഒരു ദിവ്യൗഷധമായാണ് തേന്‍ കണക്കാക്കപ്പെടുന്നത്. കാന്‍സര്‍, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍പോലും അകറ്റിനിര്‍ത്താന്‍ തേന്‍ സേവിക്കുന്നതുവഴി കഴിയുമത്രെ! കാല്‍സ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന ഓസ്റ്റിയോ പൊറോസിസ് എന്ന അസ്ഥിരോഗത്തെ ചെറുക്കുന്നതിനു തേന്‍ സഹായകമാണ്.

മുറിവും ചതവും മറ്റും വേഗം ഭേദമാക്കുന്നതിനു തേന്‍ പുരട്ടിയാല്‍ മതി. പൊള്ളിയ ഭാഗത്ത് ഉടന്‍ തേന്‍ പുരട്ടുന്നത് ആ ഭാഗത്തെ വേദനയകറ്റുന്നതിനും അതിവേഗം സുഖപ്പെടുന്നതിനും ഉതകുന്നു. ഒരു പ്രകൃതിദത്ത അണുനാശകമാണ് തേന്‍. അര്‍ബുദത്തെ ചെറുക്കുന്നതിനു സഹായകമായ ഒട്ടേറെ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട് ഇതില്‍. ഒരു മള്‍ട്ടി വിറ്റാമിന്‍ ടോണിക് ആയ തേന്‍ നിത്യേന സേവിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളെ ചെറുക്കുന്നതിനും ഒപ്പം മാനസികസമ്മര്‍ദം കുറയ്ക്കുന്നതിനും ഗുണപ്രദമാണ്.

മാതൃകാഭക്ഷണക്രമം
കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക് പിന്തുടരാന്‍ പറ്റിയ ഒരു ഭക്ഷണക്രമം.

കാപ്പി/ചായ (ഒരു കപ്പ്)
ഇഡ്ഡലി, സാമ്പാര്‍/ചട്ട്ണി, ചായ/കാപ്പി
ദോശ, സാമ്പാര്‍/ചട്ട്ണി, ചായ/കാപ്പി
ചപ്പാത്തി, കൂട്ടുകറി, ചായ/കാപ്പി
പുട്ട്, കടലക്കറി, ചായ/കാപ്പി
പുട്ട്, പയറ്, പഴം, ചായ/കാപ്പി
കഞ്ഞി, ചെറുപയര്‍ തോരന്‍
കഞ്ഞി, പുഴുക്ക്

ചോറ് രണ്ട് കപ്പ്
സാമ്പാര്‍/പരിപ്പുകറി/മീന്‍ കറി/ഇറച്ചിക്കറി
അവിയല്‍
സാലഡ്
മോര്
ചെറുപഴം 1/തക്കാളി 1/ ഓറഞ്ച് 1/ മുന്തിരിങ്ങ (10 എണ്ണം)

കാപ്പി/ചായ ഒരു കപ്പ്
കഞ്ഞി, ചെറുപയര്‍ കടുക് വറുത്തത്
ചോറ്, അവിയല്‍, രസം
ചപ്പാത്തി, കൂട്ടുകറി, സാലഡ്‌

കടപ്പാട്-xa.yimg.com

അവസാനം പരിഷ്കരിച്ചത് : 6/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate