Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / പ്രളയാനന്തരം എലിപ്പനിക്കെതിരെ ജാഗ്രത
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പ്രളയാനന്തരം എലിപ്പനിക്കെതിരെ ജാഗ്രത

എലിപ്പനിക്കെതിരെയുള്ള ബോധവത്കരണം

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് എലിപ്പനി . ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണിത്. എലി മൂത്രത്തിലൂടെയാണ് പ്രധാനമായും മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത് . വളർത്തുമൃഗങ്ങൾ ,കാർന്നുതിന്നുന്ന ജീവികൾ ,കുറുക്കൻ എന്നിവയിലും രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്.  രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന മണ്ണ്, ജലം ,ഫലവർഗ്ഗങ്ങൾ എന്നിവയിലൂടെ രോഗാണുക്കൾ മനുഷ്യ ശരീരത്തിലെത്തുന്നു. കൈകാലുകളിലുണ്ടാകുന്ന മുറിവുകൾ ,കണ്ണ് ,മൂക്ക് ,വായ എന്നിവയിലൂടെ രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു.

എലികളും മറ്റും വരാറുള്ള ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ, കുളിക്കുകയോ ചെയ്യുന്നതിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നു . കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ , കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. കണ്ണിലുള്ള പോറലുകളിൽക്കൂടിപ്പോലും മുഖം കഴുകുമ്പോൾ രോഗബാധ ഉണ്ടാകാം. കുടിക്കുന്ന വെള്ളത്തിലൂടെയും രോഗബാധയുണ്ടാവാം  ഏത് സമയത്തും എലിപ്പനി പിടിപെടാം. ഈ പനിക്ക് സ്വയം ചികിത്സ അത്യന്തം അപകടകരമാണ്.

ഇന്ത്യയിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്  ഓഗസ്റ്റ് 2000ത്തിലാണ്.  ഗുജറാത്ത് ,കേരളം, മഹാരാഷ്ട്ര ,ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ഈ രോഗം മരണം വിതയ്ക്കാൻ തുടങ്ങി. എലികൾ മാത്രമല്ല ഇതിലെ വില്ലൻ, കന്നുകാലി ,ചെമ്മരിയാട്, എരുമ, പന്നി, കുതിര, നായ എന്നിവയിലൂടെയും രോഗം ബാധിക്കാം. എലിവർഗ്ഗത്തിൽപ്പെട്ട ജീവികളാണ് കൂടുതലായി ഈ രോഗം പരത്തുന്നത്.അതുകൊണ്ടാണ് എലിപ്പനിയെന്ന പേര് വന്നത്.

രോഗലക്ഷണത്തിന്റെ ആദ്യഘട്ടം

രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ രണ്ടുമുതൽ  21 ദിവസം വരെ എടുക്കാറുണ്ട് .ശരാശരി പത്ത് ദിവസത്തിനുള്ളിൽ രോഗലക്ഷണം കണ്ടുതുടങ്ങും. എലിപ്പനിക്ക് ശരാശരി രണ്ടുഘട്ടങ്ങളാണുള്ളത്. ആദ്യ ഘട്ടത്തിൽ രോഗിയുടെ രക്തത്തിലും സുഷ്മ നാഡിസ്രവത്തിലും രോഗാണുക്കൾ കാണും. പെട്ടന്നുള്ള തലവേദന, തലയുടെ മുൻഭാഗങ്ങളിലും കണ്ണുകൾക്കു ചുറ്റും ശക്തിയായ വേദന, പ്രത്യേകിച്ച് ഇടുപ്പിലും കണങ്കാലിലെ മാംസപേശികളിലും കഠിനമായ വേദന, തുടർന്ന് വിറയലോടുകൂടിയ പനിയും അനുഭവപ്പെടാം. പനി 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പേശീ വേദന നാലുമുതൽ ഒൻപത് ദിവസം വരെ നീണ്ടു നിൽക്കും. കരൾ, വൃക്ക, ശ്വാസകോശം, കുടൽ തുടങ്ങിയ അവയവങ്ങളിൽ ഏതിനെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മറ്റ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക .ഈ അവസ്ഥയിൽ കണ്ണിനുണ്ടാകുന്ന ചുവപ്പാണ് പ്രധാന ലക്ഷണം. വെളിച്ചം കാണുന്നതിനുള്ള പ്രയാസവും അനുഭവപ്പെടാം. തൊണ്ടവേദന ,ദേഹത്ത് രക്തം പൊടിയുക, തൊലിപ്പുരത്ത് തടിപ്പ് എന്നിവയാണ് മറ്റ് രോഗലക്ഷണങ്ങൾ.

രോഗലക്ഷണങ്ങൾ രണ്ടാംഘട്ടം

രോഗത്തിന്റെ രണ്ടാംഘട്ടത്തിൽ 39 ഡിഗ്രി സെൽഷ്യൻ വരെ പനി അനുഭവപ്പെടുന്നതാണ് പ്രധാന ലക്ഷണം. എൻസഫലൈറ്റിസ്  ,സുഷുമ്നാനാസി വീക്കം, കൈകാലുകളിലെ ഞരമ്പുകൾക്ക് ബലഹീനത തുടങ്ങിയവയാണ് മറ്റ് രോഗലക്ഷണങ്ങൾ .രോഗം ഉണ്ടായാൽ ഗർഭം അലസിപ്പോകാനുള്ള സാദ്ധ്യത ഏറെയാണ്. വീൽ സിൻഡ്രോം വൃക്കത്തകരാറ്‌. മെനിഞ്ചൈറ്റിസ്, മയോകാർ ഡൈറ്റിസ് എന്നിവയാണ് രോഗത്തിന്റെ രണ്ടാം ഘട്ടം.

എലിപ്പനിക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്

തുടക്കത്തിലെ രോഗനിർണ്ണയം നടത്തി ചികിത്സിച്ചാൽ എലിപ്പനി പൂർണ്ണമായും ഭേദമാക്കാനാകും .ക്രിസ്റ്റിലൈൻ പെൻസിലിൻ ഏറ്റവും ഫലപ്രദമായ ഔഷധമാണ്. രോഗസാധ്യതയുള്ള മേഖലകളിൽ ജോലിയെടുക്കുന്നവർ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായ പ്രതിരോധ ചികിത്സ ഉപയോഗപ്പെടുത്തുക.

മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ച്   എലിപ്പനിക്ക് ചികിത്സ വൈകിപ്പിക്കുന്നത് മരണത്തിലേയ്ക്ക് നയിച്ചേക്കാം. ഓർക്കുക പനിക്ക് സ്വയം ചികിത്സ അത്യന്തം അപകടകരമാണ്.

പ്രതിരോധ നടപടികൾ

 • എലി നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുക.
 • മാലിന്യങ്ങൾ കുമിഞ്ഞുകൂടാൻ അനുവദിക്കാതിരിക്കുക.
 • ആഹാരപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ വീട്ടിലും പരിസരത്തും വലിച്ചെറിയാതിരിക്കുക.
 • അഴുക്കുവെള്ളം  കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.
 • കെട്ടിക്കിടക്കുന്ന വെള്ളം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് കോറിനേറ്റ് ചെയ്യുക.
 • ആഹാരപദാർത്ഥങ്ങൾ മൂടിവെച്ച് എലിമൂത്രം പറ്റാതെ സൂക്ഷിക്കുക.
 • കൈകാലുകളിലെ  മുറിവുകൾ അഴുക്കു വെള്ളത്തിൽ സ്പർശിക്കാതെ സൂക്ഷിക്കുക.
 • മൃഗപരിപാലനത്തിനുശേഷം  കൈകാലുകൾ ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കുക.
 • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
 • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ,കൃഷി വകുപ്പ് എന്നിവയുടെ കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക.
 • കാർഷിക മേഖലക്കെന്ന പോലെ മനുഷ്യർക്കും അപകടകാരിയായ എലിയെ ഉന്മൂലനം ചെയ്യുകയാണ് മറ്റൊരു പ്രധാന നടപടി.

ഇങ്ങനെയുള്ള പ്രതിരോധങ്ങളിലൂടെ എലിപ്പനി തടയാം . കേരളത്തിൽ പ്രളയക്കെടുതിക്ക് ശേഷം എലിപ്പനി പടരുന്ന സാധ്യത കൂടുതലായതിനാൽ ഈ രോഗത്തെ തുടക്കത്തിൽ  തിരിച്ചറിഞ്ഞാൽ  ജീവൻ രക്ഷിക്കാം .

ആര്യ ഉണ്ണി.

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top