Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പേഴ്സണാലിറ്റി

കൂടുതല്‍ വിവരങ്ങള്‍

ഡിപ്രഷന് ‘ഇന്‍റര്‍പേഴ്സണല്‍ തെറാപ്പി’

 

ഒരാള്‍ക്ക് മറ്റുള്ള വ്യക്തികളുമായുള്ള ബന്ധത്തെ അടിസ്ഥാനമാക്കി ഡിപ്രഷന്‍ അടക്കമുള്ള മാനസികാസ്വസ്ഥതകളെ ചികിത്സിക്കുന്ന സൈക്കോ തെറാപ്പിയാണ് ‘ഇന്‍റര്‍ പേഴ്സണല്‍ തെറാപ്പി (Interpersonal therapy – IPT). സാധാരണ ഗതിയില്‍ ‘ഡിപ്രഷന്‍’ ചികിത്സയ്ക്കാണ് ഈ മാര്‍ഗം അവലംബിക്കാറുള്ളതെങ്കിലും ‘ബൈ പോളാര്‍ ഡിസോര്‍ഡര്‍’ (Bipolar disorder), ‘ഡിസ്തൈമിയ’ (dysthymia) തുടങ്ങിയ മനോരോഗങ്ങളുടെ ട്രീറ്റ്മെന്‍റിനും IPT ഉപയോഗിക്കാറുണ്ട്. തികച്ചും സമയ ബന്ധിതമായ ചിട്ടയോടെ നടക്കുന്ന ഒരു ചികിത്സാ രീതിയാണിത്. സാധാരണ 12 മുതല്‍ 16 ആഴ്ച്ച വരെയാണ് ഇതിന്‍റെ കാലാവധി.

മാനസിക പ്രശ്നങ്ങളുടെ കേന്ദ്രവും, അടിസ്ഥാന കാരണവും, വ്യക്തി ബന്ധങ്ങളും അവയിലുള്ള തകരാറും ആണെന്ന ചിന്തയാണ് ഈ ചികിത്സയുടെ അടിസ്ഥാന സങ്കല്‍പ്പം. വ്യക്തികളുമായി ബന്ധപ്പെട്ട  ഒരു സംഭവമോ, വിനിമയമോ ഒരാളെ ഡിപ്രഷന്‍ രോഗിയാക്കാം. ഡിപ്രഷന്‍ ബാധിച്ച വ്യക്തിയാകട്ടെ മറ്റുള്ളവരുമായുള്ള ബന്ധങ്ങളുടെ ‘പാലം’ തകര്‍ത്ത് കളയുകയും ചെയ്യുന്നു. മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ സുഗമമാക്കുകയും അവരുമായുള്ള വിനിമയം പ്രശ്നരഹിതമാക്കുകയുമാണ് ഈ തെറാപ്പിയുടെ വഴി. അതിലൂടെ രോഗി തന്നെ സ്വന്തം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ പ്രാപ്തനാകുന്നു.

രോഗിയും തെറാപ്പിസ്റ്റും തമ്മിലുള്ള ഒരു അഭിമുഖത്തിലൂടെയാണ് ഈ ചികിത്സയുടെ ആരംഭം. ആ അഭിമുഖത്തില്‍ രോഗി തന്‍റെ പ്രശ്നങ്ങള്‍ വിശദീകരിക്കുന്നു. തെറാപ്പിസ്റ്റിന് അതുവഴി കാരണങ്ങള്‍ കണ്ടെത്താനാകുന്നു. അതിനനുസരിച്ച് ട്രീറ്റ്മെന്‍റിന്‍റെ ഒരു രൂപരേഖ തയ്യാറാക്കുന്നു. മുഖ്യപ്രശ്നങ്ങളില്‍ ഫോക്കസ് ചെയ്തുകൊണ്ട് തെറാപ്പിസ്റ്റ് ചെയ്യുന്ന ചികിത്സയില്‍ രോഗിയുടെ സജീവ പങ്കാളിത്തവും സംഭവിക്കുന്നുണ്ട്. ആഴ്ച്ചകളോളമുള്ള തെറാപ്പി സെഷനുകളാണ് ഈ ചികിത്സയുടെ ഘടന. ഒരാളുടെ അബോധത്തിലേക്കിറങ്ങിച്ചെന്ന് കൊണ്ടുള്ള ഒരു സമീപനമല്ല ഈ സമ്പ്രദായത്തില്‍ തെറാപ്പിസ്റ്റ് സ്വീകരിക്കുന്നത്. ഡിപ്രഷന്‍ ഉണ്ടാക്കിയ യാഥാര്‍ഥ്യങ്ങളില്‍ അത് ഊന്നല്‍ നല്‍കുന്നു എന്നുള്ളതാണ് മറ്റ് മനശാസ്ത്ര ചികിത്സാ രീതികളില്‍ നിന്നുള്ള ഇതിന്‍റെ വ്യത്യാസം. ഇപ്പോള്‍ നില നില്‍ക്കുന്ന ‘പ്രോബ്ള’ ങ്ങളില്‍ അത് ‘ഫോക്കസ്’ ചെയ്യുന്നു. ഡിപ്രഷന്‍ വ്യക്തി ബന്ധങ്ങളെ എങ്ങനെ താറുമാറാക്കുന്നു എന്ന് നിരീക്ഷിച്ചറിയുന്നു. ഈ ക്രമരഹിതാവസ്ഥയെ വ്യക്തി ബന്ധങ്ങള്‍ ഉറപ്പിച്ച് കൊണ്ടുതന്നെ പരിഹരിക്കാനുള്ള മാര്‍ഗമാണ് IPT തേടുന്നത്. രോഗിയുടെ അന്തര്‍മുഖമായ മാനസികാവസ്ഥയെ അത് വഴി ബഹിര്‍മുഖമാക്കി മാറ്റുന്നു.

ഡിപ്രഷനിലേക്ക് നയിച്ച മുഖ്യ കാരണത്തെ കണ്ടെത്തുക എന്നതാണ് ഇവിടെ ഒരു തെറാപ്പിസ്റ്റ് ഏറ്റെടുക്കുന്ന വെല്ലുവിളി. ഇത് കഴിഞ്ഞാല്‍ പിന്നെ രോഗിക്ക് മാനസികമായ പിന്തുണ നല്‍കുകയാണ് അടുത്ത പടി. വിഷമകരമായ മാനസികാവസ്ഥകളെ അഭിമുഖീകരിക്കുന്നതിനുള്ള പോസിറ്റീവ് ആയ കഴിവുകള്‍ രോഗിയില്‍ ഉണ്ടാക്കിയെടുക്കുന്നു. സാമൂഹ്യമായ ബന്ധങ്ങളില്‍ ഇടപഴകാനും മറ്റുള്ളവരോട് സംവദിക്കാനുമുള്ള പ്രചോദനം നല്‍കുന്നു. വളരെ പ്രായോഗികമായ ഒരു രോഗനിവൃത്തി മാര്‍ഗം അതോടെ രോഗിയുടെ മുന്നില്‍  തെളിയുന്നു.

മുന്‍പ് സൂചിപ്പിച്ച രോഗങ്ങളെക്കൂടാതെ മറ്റു പല മാനസിക ക്രമക്കേടുകള്‍ക്കും ഇന്‍റര്‍ പേഴ്സണല്‍ തെറാപ്പി പ്രതിവിധി നല്‍കുന്നുണ്ട്. ബോര്‍ഡര്‍ ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍. പാനിക്ക് ഡിസോര്‍ഡര്‍, മയക്ക് മരുന്ന് ഉപയോഗം, വൈവാഹികമായ വഴക്കുകള്‍, ഭക്ഷണപരമായ ക്രമക്കേടുകള്‍ തുടങ്ങിയവക്ക് IPT ചികിത്സാമാര്‍ഗമാണ്.

വ്യക്തിയുടെ  വിനിമയ ക്രമത്തില്‍ (communication patterns) പരിഷ്കാരങ്ങള്‍ നടത്തിക്കൊണ്ടാണ് രോഗ മുക്തി ഉറപ്പാക്കുന്നത്. ഒരാളുടെ നെഗറ്റീവ് വികാരങ്ങളുടെ ഉറവിടം അയാളെക്കൊണ്ട് തന്നെ കണ്ടെത്തിക്കുന്നു. അടക്കി വച്ച മനസ്സിനെ ഫ്രീ ആയി തുറന്ന് വിടാന്‍ പ്രേരിപ്പിക്കുന്നു. മുന്‍കാല ബന്ധങ്ങള്‍ വര്‍ത്തമാന കാലത്തെ മൂഡുകളിലും പെരുമാറ്റത്തിലും പ്രതികൂലമായി ഇടപെടുന്നതില്‍ നിന്ന് രോഗിയെ മുക്തമാക്കുകയാണ് ഇന്‍റര്‍പേഴ്സണല്‍ തെറാപ്പി ചെയ്യുന്നത്. മരുന്നുകളും തെറാപ്പിയോടൊന്നിച്ച് പോകുന്നു. മരുന്നും മാനസികമായ ശാക്തീകരണവും ഒന്നിക്കുന്ന ഈ സമ്പ്രദായം പൂര്‍ണമായ മാനസികാരോഗ്യത്തെയാണ് ലക്ഷ്യം വെയ്ക്കുന്നത്.

നാർസിസിസ്റ്റിക് പെഴ്സണാലിറ്റി ഡിസോർഡർ

താൻ ഒരു ‘പുപ്പുലി’ ആണെന്ന് സ്വയം കരുതുക. അവനവനെ എപ്പോഴും മഹത്വവൽക്കരിക്കുക. ഈ ലോകം മുഴുവൻ തനിക്കുള്ളിലാണെന്നും, തനിക്ക് വേണ്ടി ഉള്ളതാണെന്നും സ്വയം ധരിക്കുക. ‘നാർസിസിസ്റ്റിക് പെഴ്സണാലിറ്റി ഡിസോർഡർ‘ (Narcissistic personality disorder) എന്ന മാനസിക വൈകല്യം ഉള്ളവർക്ക് വൃത്ത കേന്ദ്രവും വൃത്തവുമെല്ലാം അവനവൻ തന്നെ. (‘നാർസിസസ്‘ എന്ന ഗ്രീക്ക് പുരാണ കഥാപാത്രത്തിൽ നിന്നാണ് ഈ പ്രയോഗം ഉണ്ടായത്. തടാകത്തിൽ പ്രതിബിംബിച്ച സ്വന്തം ഇമേജിൽ അമിതമായി അനുരക്തനായ  ഇദ്ദേഹം ‘ആത്മരതി‘യുടെ ഉത്തമപര്യായമാണ്).

പൊങ്ങച്ചക്കൂടാരങ്ങൾ

ഇത്തരക്കാരുടെ സമൂഹബന്ധങ്ങളും മറ്റുള്ളവരോടുള്ള പെരുമാറ്റങ്ങളുമെല്ലാം തന്നെ സ്വയംനാട്യങ്ങളും പൊങ്ങച്ചങ്ങളും നിറഞ്ഞതായിരിക്കും. ഒരാളോട് സംസാരിക്കുമ്പോഴും ഈ ‘അവനവനിസം‘ ഉയർന്നുനിൽക്കുന്നു. മറ്റുള്ളവരെല്ലാം തന്നെക്കാൾ ചെറുതാണെന്ന് കരുതുന്നു. തന്നെ ‘അസാധാരണവ്യക്തി‘യായി മറ്റുള്ളവർ കണ്ടില്ലെങ്കിൽ  കോപവും അസ്വസ്ഥതകളും ഇരട്ടിക്കുന്നു. എല്ലാകാര്യങ്ങളിലും താൻ തന്നെയാണ് മുന്നിലെന്ന് നടിക്കുന്നു.

താഴെക്കാണുന്ന ലക്ഷണങ്ങളുണ്ടെങ്കിൽ ഒരാൾക്ക് നാർസിസ്റ്റിക് പെഴ്സണാലിറ്റി ഡിസോർഡർ ഉണ്ടെന്ന് നിശ്ചയിക്കാം.

 • ഊതിവീർപ്പിക്കപ്പെട്ട സ്വയം പ്രാധാന്യം
 • താൻ ‘സുപ്പീരിയറാ‘ണെന്ന് മറ്റുള്ളവർ കരുതണമെന്ന നിർബന്ധം
 • സ്വന്തം വിജയം, അധികാരം, സൌന്ദര്യം, പ്രാപ്തി ഇവയെപ്പറ്റിയുള്ള ഭാവനാലോകത്ത് കഴിയുക
 • തന്റെ ‘അസാധാരണത്വം‘ അസാധാരണ വ്യക്തികൾക്കുമാത്രമേ മനസ്സിലാകൂ എന്ന തോന്നൽ
 • തന്നെ എപ്പോഴും ആളുകൾ പ്രശംസിക്കണം എന്ന നിർബന്ധം
 • തനിക്കുവേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുന്നു
 • മറ്റുള്ളവരെ മാനിക്കാതിരിക്കുന്നു
 • മറ്റുള്ളവരോട് സഹാനുഭൂതി  തെല്ലും ഇല്ല
 • മറ്റുള്ളവരുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ വിമുഖത
 • മറ്റുള്ളവരോടുള്ള അസഹിഷ്ണുതയും അസൂയയും. മറ്റുള്ളവർക്ക് തന്നോട് അസൂയയാണെന്ന തെറ്റിദ്ധാരണ
 • യുക്തിയില്ലാത്ത, അമിത ആത്മവിശ്വാസം.
 • താൻ ശരിമാത്രമേ ചെയ്യുന്നുള്ളു എന്ന തോന്നൽ
 • സ്വയം വിമർശിക്കാനോ കുറ്റങ്ങൾ ഏറ്റുപറയാനോ ഉള്ള വിമുഖത
 • വികാരങ്ങൾ നിയന്ത്രിക്കാനുള്ള  ബുദ്ധിമുട്ട്

തരിമ്പുപോലും വിമർശനം ഇത്തരക്കാർ സഹിക്കില്ല. അവയോടുള്ള പ്രതികരണങ്ങളിൽ കടുത്ത പുച്ഛവും ദേഷ്യവും പുറത്തേക്കെടുത്ത് ചാടും. സാധാരണ ബാല്യകാലത്തുതന്നെ ഒരാളിൽ ഈ ലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നു. സാധാരണഗതിയിൽ സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ് ഈ അവസ്ഥ കുടുതൽ കണ്ടുവരുന്നത്. പ്രായം കൂടുന്നതോടെ  ഗാഢത കുറഞ്ഞുവരികയും ചെയ്യുന്നു. മാനസികവും ശാരീരികവും സാമൂഹ്യവും ചുറ്റുപാടുകളുമായി ബന്ധപ്പെട്ടതുമായ നിരവധി കാരണങ്ങൾ ഈ മാനസിക വൈകല്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നു. ഒരൊറ്റ കാരണത്തിൽ മാത്രം അധിഷ്ഠിതമല്ല ഈ ഡിസോർഡർ. ചെറുപ്രായത്തിൽത്തന്നെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതുകൊണ്ട് മാതാപിതാക്കളുടെ പൂർണമായ ശ്രദ്ധകൊണ്ടുമാത്രമേ ഈ രോഗത്തിൽ നിന്ന് മുക്തമാകാൻ കഴിയൂ. വിദഗ്ധനായ ഒരു മന:ശാസ്ത്രജ്ഞന് കീഴിൽ ദീർഘകാലം ചികിത്സിച്ചാൽ നാർസിസ്റ്റിക് പെഴ്സണാലിറ്റി ഡിസോർഡറിൽ നിന്ന് ഒരാൾക്ക് മുക്തനാകാം.

മോട്ടിവേഷൻ എന്ന ജീവമന്ത്രം

കേവലം ഒരാഗ്രഹത്തിന്‍റെ പിൻബലത്തിൽ നമുക്ക് ഒന്നും ചെയ്തുപൂർത്തിയാക്കാനാകില്ല. പുറമേ നിന്നോ, ഉള്ളിൽ നിന്നോ പുറപ്പെടുന്ന ഒരു പ്രചോദക ശക്തിയുടെ ഊർജ്ജം നമ്മുടെ പ്രവൃത്തികളെ  പൂർണവും ആനന്ദദായകവുമാക്കാൻ അനിവാര്യമാണ്.  മോട്ടിവേഷൻ എന്ന ഈ മാന്ത്രിക ചോദനയുടെ അസാധാരണമായ ‘ഡ്രൈവിംഗ് ഫോഴ്സ്’ ജീവിതത്തിൽ ‘അപ്ലൈ’ ചെയ്യുമ്പോളാണ്  ഒരു വ്യക്തിയുടെ വിജയം സംഭവിക്കുന്നത്.

എന്ത് കർമ്മം ചെയ്യുമ്പോഴും നാം പെട്ടെന്ന് മാനസികമായി തളർന്ന് പോകുന്നു. ജോലി എന്ന പരിശ്രമബദ്ധമായ നമ്മുടെ കടമയെപ്പറ്റി  മാത്രമല്ല ഇവിടെ പറയുന്നത്. നമ്മുടെ വിനോദ സങ്കൽപ്പങ്ങൾക്കുപോലും  ഇടക്ക് ഈ നിറം  മങ്ങൽ സംഭവിക്കുന്നു. ഒന്നും നാം തുടങ്ങി പൂർത്തിയാക്കുന്നില്ല.  സ്വയം തീരുമാനിച്ച് ഇറങ്ങിപ്പുറപ്പെടുന്ന ഒരു  ജിംനേഷ്യം ദിനചര്യയോ, ഏതോ  ദുർബല നിമിഷത്തിൽ നമ്മിലാവിർഭവിച്ച  ഭാഷാപഠനത്തിനുള്ള അഭിവാഞ്ഛയോ ഒക്കെ  ഒരൊറ്റ നിമിഷം കൊണ്ട് തകിടം മറിയുന്നു. നാം പെട്ടെന്ന് തളർന്ന് പോകുന്നു.

സെൽഫ് മോട്ടിവേഷന്‍റേയും ബാഹ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മോട്ടിവേഷന്‍റേയും പ്രാധാന്യത്തെപ്പറ്റി നാം  ബോധവാൻ മാരാകാതെ ഈ എനർജി ബ്ലോക്ക് നമ്മെ വിട്ടു പോകില്ല.

ഇന്ന്  സമൂഹത്തിൽ  നമുക്ക് ഒരു മോട്ടിവേഷൻ ഇൻസ്ട്രക്റ്ററെ കിട്ടുക വിഷമമുള്ള കാര്യമല്ല. അത്രയധികം പുസ്തകങ്ങളും സീഡികളുമൊക്കെ സുലഭമാണ്. മതാത്മകമായും ന്യൂ സൈക്കോളജിയുടെ പിൻബലത്തിലുള്ളതുമായ എണ്ണിയാലൊടുങ്ങാത്ത മാർഗങ്ങൾ നമുക്ക് തെരഞ്ഞെടുക്കുവാനുണ്ട്. എന്നാൽ നമ്മുടെ അന്തരാത്മാവിന്‍റെ , അല്ലെങ്കിൽ  വ്യക്തിപരമായ ഈഗോയുടെ, തുറന്ന മനസ്സിന്‍റെ സപ്പോർട്ട് ഇല്ലാതെ ഈ ഇവയൊന്നും തന്നെ പ്രവർത്തിക്കില്ല എന്നു നാം തിരിച്ചറിയുന്നില്ല. പുറമേ നിന്നുള്ള അദ്ഭുതകരമായ ഒരു തള്ളലിനു വേണ്ടി നാം കാത്തു നിൽക്കുകയാണ്. സത്യത്തിൽ ഈ തള്ളൽ എവിടേ നിന്നു വരുന്നതാണെന്ന് ആലോചിച്ചിട്ടുണ്ടോ? ബാഹ്യമായ മാധ്യമങ്ങളുടെ സഹായത്തോടെ നാം തന്നെ ഉണർത്തി വിടുന്ന ഒന്നാണ് മോട്ടിവേഷൻ എന്ന ശക്തി എന്ന് തിരിച്ചറിയുക ഒരു കർമ്മയോഗിയെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ ഒരു വാസ്തവമാണ്.

ചെറിയൊരാഗ്രഹത്തെ കരുത്തുറ്റ ഇച്ഛാശക്തിയായി സംക്രമിപ്പിക്കുകയെന്നതാണ് മോട്ടിവേഷന്‍റെ  ധർമ്മം. നിശ്ചിതമായ ഒരു ലക്ഷ്യത്തിലേക്കുള്ള ഈ കുതിപ്പാകട്ടെ ശ്രദ്ധയും സർഗാത്മകമായ അധ്വാനവും കൂടിച്ചേർന്ന ഒന്നാണ്. സെൽഫ് മോട്ടിവേഷന്‍റെ ഒരു തലത്തിലേക്ക് സ്വയം  പരിവർത്തനപ്പെടാനുള്ള തയ്യാറെടുപ്പും മന:സ്ഥിതിയും ആദ്യം ഒരുക്കിയെടുക്കുക. ഹ്രസ്വ കാലത്തെക്കുള്ള താത്കാലികമായ ഒരു ഫോഴ്സ് ആയി അതിനെ കണക്കാക്കരുത്.  നിതാന്തമായ ഒരു  നീക്കത്തിലുള്ള ശക്തി  ആർജിക്കാൻ മോട്ടിവേഷൻ നമ്മെ സഹായിക്കണം. ചെറിയ കാര്യത്തിലെ ചെറിയ  വിജയമാകാം നമുക്ക് നാളെ വലിയൊരു ലക്ഷ്യത്തിനുള്ള വലിയൊരു മോട്ടിവേഷനാകുന്നത്. ശൂന്യതയിലല്ല, അനുഭവത്തിലാണ് മോട്ടിവേഷൻ ഫോഴ്സ് കുടിയിരിക്കുന്നതെന്നു സാരം. വികാരം  ഭാവനയായും ഭാവന പ്രവൃത്തിയായും വളർന്ന് പൂർണമാകും വരെ മോട്ടിവേഷനൽ ശക്തിക്ക് വിശ്രമമുണ്ടാകില്ല.

 

സ്വന്തം മോട്ടിവേഷനെ എങ്ങനെ വഴിതിരിച്ച് വിടണമെന്നും അതിന്‍റെ   രൂപം എന്തായിരിക്കണമെന്നതുമൊക്കെ ഒരർത്ഥത്തിൽ വ്യക്തി തന്നെയാണ് തീരുമാനിക്കുന്നത്. ആദ്യം നിങ്ങളുടെ അഭിലാഷത്തെ വിശകലനം ചെയ്യുക. നിങ്ങൾ സത്യത്തിൽ അത് സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് സ്വയം വിലയിരുത്തുക. ലക്ഷ്യത്തെപ്പറ്റിയുള്ള ഈ വ്യക്തത തന്നെ  മോട്ടിവേഷനായി നിങ്ങളിൽ ഇടപെട്ട് തുടങ്ങും. സംശയങ്ങളെയും അവിശ്വാസങ്ങളെയും അകറ്റി നിർത്തിക്കൊണ്ടുള്ള മുന്നേറ്റത്തിലേക്ക് നിങ്ങൾ സ്വയം നയിക്കപ്പെടുകയാണിവിടെ. ലക്ഷ്യത്തെ നിരന്തരം  ‘വിഷ്വലൈസ്’ ചെയ്യുക എന്നതാണ് മന:ശാസ്ത്രപരമായ ഒരു മോട്ടിവേഷനൽ ടെക്നിക്ക്. ആ ലക്ഷ്യത്തെ സംബന്ധിച്ച മറ്ററിവുകളും പുസ്തകങ്ങളുമൊക്കെ നിങ്ങളുടെ ആവേഗം വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കും. പല പല കോണുകളിൽ നിന്നുള്ള മോട്ടിവേഷന്‍റെ നിരന്തരമായ ഇടപെടലുകൾ നിങ്ങളുടെ കർമ്മത്തെ കൂടുതൽ വിശാലവും  അതോടൊപ്പം തന്നെ  കേന്ദ്രീകൃതവുമാക്കിത്തീർക്കുന്നു. ആന്തരിക ശക്തി എന്നൊന്ന് കുതിച്ചുയരുന്നതിനെപ്പറ്റി സ്വയം ബോധവാനാവുക. മുഹൂർത്തമോ, സ്ഥലമോ കാത്തുനിന്ന് സമയം കളയാതെയുള്ള അധ്വാനത്തിന് സ്വയം സന്നദ്ധനാകുമ്പോൾ നിങ്ങൾ ‘മോട്ടിവേറ്റഡ്’ ആയെന്ന് ഉറപ്പിച്ചു പറയാം.

ലക്ഷ്യത്തെ മനസ്സിൽ നിരന്തരം ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള ഈ ദീർഘയാത്രയിൽ നിങ്ങൾ ഒരിക്കലും തളരില്ലെന്നതാണ് സത്യം. നിങ്ങളിലെ യന്ത്രം അതിന്‍റെ സർവ്വവിധ ഊർജ്ജ സന്നാഹങ്ങളോടെയും പ്രവർത്തനോത്സുകമാകുന്ന ആ അമൂല്യ നിമിഷമാണ് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ഉടലിലെ ഓരോ കോശത്തിൽ നിന്നും ഉണർന്നുവരുന്ന ആ സർഗാത്മക ശക്തിയുടെ പിൻബലം ഉണ്ടെങ്കില്‍പ്പിന്നെ നിങ്ങൾക്ക് അസാധ്യമായത് എന്താണ്?

ഉറപ്പാക്കൂ, തൊഴിലിലെ സുഖം

ജോലിസ്ഥലത്തെ  ടെന്‍ഷന്‍ വീട്ടിലേക്കും എഴുന്നള്ളിച്ച് കൊണ്ടുവരുന്നവരുടെ എണ്ണം ചെറുതല്ല.  ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളെ ഗ്രസിക്കുക മാത്രമല്ല , കുടുംബ ജീവിതത്തിന്‍റെ മൊത്തം ബാലന്‍സ് തകര്‍ക്കുന്നതിനും തൊഴിലിടത്തില്‍ വെച്ച് നാം തന്നെ വളര്‍ത്തിയെടുത്ത ‘മനോഭാരം’ കാരണമാകുന്നു. ചെറിയ പ്രശ്നങ്ങളെ  വലിയവയാക്കി മാറ്റുന്നതിന് നാം തന്നെ ഉത്തരവാദി.

ഇവിടെയാണ് തൊഴില്‍പരമായ സംതൃപ്തി ഉറപ്പാക്കുന്ന ഒക്കുപ്പേഷണല്‍ വെല്‍നെസ്സിന്‍റെ (occupational wellness) പ്രസക്തി. ജോലി സ്ഥലത്തെ സ്ട്രസ്സിനെ ലഘൂകരിച്ചും, ഒപ്പം ജോലി ചെയ്യുന്നവരുമായി നല്ല ബന്ധം ഉണ്ടാക്കിയെടുത്തും നമ്മുടെ കരിയര്‍ ഒരു സുഖാനുഭവമാക്കുക. ജോലിഭാരം എന്ന പ്രശ്നം തൊഴിലിടത്ത് വെച്ചുതന്നെ പരിഹരിക്കുക.   നമ്മുടെ ഒഴിവു സമയ ആനന്ദങ്ങളെയും കുടുംബ സുഖത്തെയും ബാധിക്കാത്ത രീതിയില്‍ , തൊഴിലും വീടും തമ്മില്‍  അരോഗ്യകരമായ ഒരു ബന്ധത്തിന്‍റേതായ  സമതുലിതാവസ്ഥ (ബാലന്‍സ്) നേടിയെടുത്ത് ജീവിത സൌഖ്യം നിലനിര്‍ത്തലാണ് ‘ഒക്കുപ്പേഷണല്‍ വെല്‍നസ്സ്’. തൊഴില്‍ ഒരു ഭാരമായി കാണാതെയുള്ള പോസിറ്റീവ് സമീപനമാണ്  ഈ  ‘വെല്‍നസ്സി’ലേക്കുള്ള വഴി.

 

കരിയര്‍ അഥവാ ജോലി നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒന്നാണ്. ഒരു ദിവസത്തിന്‍റെ വലിയ ഒരു ഭാഗം നമ്മള്‍ ജോലിയിലോ, ജോലി സ്ഥലത്തോ ആയിരിക്കും. അതുകൊണ്ടു തന്നെ നമ്മുടെ  പെഴ്സനാലിറ്റിയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് തൊഴിലിടമായിരിക്കും. സാവധാനം തൊഴിലിടത്തിലെ പ്രശനങ്ങളും പിരിമുറുക്കങ്ങളും നമ്മുടെ വ്യക്തി-കുടുംബ-സമൂഹ ജീവിതങ്ങളിലേക്ക് പകരുന്നുവെന്നതാണ് ദുരന്തം. ഇവിടെ തൊഴിലിനെ നമ്മുടെ എതിരാളിയായി കാണാതെ സുഹൃത്തായി കണ്ടുനോക്കൂ. നമുക്കിഷ്ടമുള്ളതും നമ്മുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സാമ്പത്തിക ഭദ്രത ലഭിക്കുന്നതുമായ ജോലി ലഭിക്കാനും ആ ജോലിയില്‍ ക്രിയാത്മകമായി ഇടപെട്ട് സന്തുഷ്ടമായി മുന്നോട്ട് പോകാനും, നമ്മള്‍ നേടിയെടുത്ത   ഒക്കുപ്പേഷണല്‍ വെല്‍നസ് നമ്മെ സഹായിക്കുന്നു.

ഏതൊരു ജോലിയോടുമുള്ള പോസിറ്റീവ് മനോഭാവമാണ് ആ ജോലിയിലുള്ള നമ്മുടെ വളര്‍ച്ചയെ പ്രധാനമായും സ്വാധീനിക്കുന്നത്. അത് നമ്മുടെ ജോലിയിതര കാര്യങ്ങളിലും പ്രതിഫലിക്കും. ഈ പൊസിറ്റീവ് മനോഭാവമാണ് ഒക്കുപ്പേഷണല്‍ വെല്‍നസിലൂടെ നമ്മള്‍ നേടാന്‍ ശ്രമിക്കുന്നത്.

ഒക്കുപ്പേഷണല്‍ വെല്‍നസ് നേടാന്‍

 • നമ്മള്‍ക്ക് സന്തോഷം നല്‍കുന്ന ജോലികള്‍ തിരിച്ചറിഞ്ഞ് തെരഞ്ഞെടുക്കുക
 • സാമ്പത്തിക അളവുകോലില്‍ മാത്രം ജോലി തിരഞ്ഞെടുക്കാതിരിക്കുക
 • സഹപ്രവര്‍ത്തകരുമായി തുറന്ന മനസ്സോടെ ഇടപെടുക
 • പ്രശ്നങ്ങളെ ക്രിയാത്മകമായി സമീപിക്കുകയും പരിഹരിക്കുകയും ചെയ്യുക
 • വ്യത്യസ്ത അഭിപ്രായങ്ങളെ അംഗീകരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക
 • ‘കരിയര്‍ ഗോളുകള്‍’ സെറ്റ് ചെയ്യുക. അത് നേടാന്‍ പരിശ്രമിക്കുക. നേട്ടത്തിന്‍റെ പൂര്‍ണതയില്‍ ആനന്ദിക്കുക.

ഇങ്ങനെ ചെറിയ വഴികളിലൂടെ നമുക്ക് ജോലിയും ജീവിതവും മനോഹരമാക്കാം.

മാനസികാരോഗ്യത്തിന് ലളിത ജീവിതം

നമ്മുടെ  കാഴ്ച്ചപ്പാടും മാനസികാരോഗ്യവും  തമ്മില്‍ ഒരു ഇക്വേഷനുണ്ട്. ജീവിത സങ്കല്‍പ്പങ്ങള്‍ക്ക് സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുമ്പോള്‍ മാനസികാരോഗ്യവും കലുഷമാകുന്നു. അത് കൊണ്ട്  ലളിത ജീവിതത്തിന്‍റെ ‘മിനിമലിസ്റ്റിക്’ (minimalistic) പാതയിലൂടെ സഞ്ചരിക്കുകയാണ് ജീവിതസുഖം ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്.

ചൈനീസ് തത്വചിന്തകനായ കണ്ഫ്യൂഷ്യസ് പറഞ്ഞത് ശ്രദ്ധിക്കുക. ‘ജീവിതം സത്യത്തില്‍ ലളിതമാണ്,എന്നാല്‍  മനുഷ്യന്‍ അതിനെ സങ്കീര്‍ണമാക്കുന്നതില്‍ മുഴുകിക്കൊണ്ടിരിക്കുന്നു’ കണ്‍ഫ്യൂഷ്യസിന്‍റെ ഈ ചിന്തയില്‍  മാനസികാരോഗ്യത്തിന്‍റെ മൂലതത്വം കുടി കൊള്ളുന്നുണ്ട്.

ഉപഭോഗത്തിന്‍റെ പ്രലോഭനങ്ങള്‍ തഴച്ച് വളരുന്ന ഈ ലോകപരിസ്ഥിതിയില്‍ ഒഴുക്കിനെതിരെ നീന്തുക വളരെ ബുദ്ധിമുട്ടായി  തോന്നാം. എന്നാല്‍ ചെറുതായൊന്ന്  എതിരെ തുഴഞ്ഞ് നോക്കൂ. വലുതായ ഒരു ഭാരക്കുറവ് നിങ്ങള്‍ക്കനുഭവപ്പെടും. ഇന്ന് ഉപയോഗിക്കുന്ന വസ്തുക്കളിലും സമീപന രീതികളിലും ഭക്ഷണങ്ങളിലും നല്ലൊരു ശതമാനവും നിങ്ങള്‍ക്ക് ആവശ്യമല്ലാത്തതാണെന്ന് അറിയുന്ന ആ നിമിഷമാണ്  മാനസികാരോഗ്യത്തിലേകുള്ള താക്കോല്‍. ജീവിതത്തെ ‘സിമ്പ്ലിഫൈ’ ചെയ്ത്  നേടേണ്ട ഒന്നാണ് മാനസിക സുഖാരോഗ്യങ്ങള്‍ എന്ന് ആരും ചിന്തിക്കാറില്ല. നിത്യ ജീവിതത്തിന് ആവശ്യമില്ലാത്ത വസ്തുക്കളെ  അകറ്റുക പലര്‍ക്കും വിഷമകരമാണ്.

ആവശ്യമില്ലാത്ത  ഹാബിറ്റുകള്‍ ഒരു ബാധ്യതയാകുകയും  നമ്മുടെ  വിലപ്പെട്ട സമയത്തെ ‘ബോട്ടില്‍ നെക്ക്’ ആക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, പലതും തള്ളിക്കളയേണ്ടതിന്‍റെ പ്രാധാന്യത്തെപ്പറ്റി നാം ബോധവാന്മാരായേ പറ്റൂ.

കാഴ്ച്ചപ്പാടിലുള്ള മാറ്റത്തിലൂടെ  നമുക്ക് ‘സിമ്പ്ലിസിറ്റി’യിലേക്ക് കടക്കാം. വികാരങ്ങളുടേയും ചോദനകളുടേയും (instincts) നിയന്ത്രണച്ചരടുകളില്‍ ചിലതിനെ  മുറിച്ചുകളയാനുള്ള തയ്യാറെടുപ്പ് അതില്‍ സുപ്രധാനമാണ്. ഏറ്റവും മിനിമം   കൊണ്ട് മാക്സിമം സന്തോഷത്തിലേക്കുള്ള ഈ വഴി ഒരേ സമയം  തന്നെ ഭൌതികവും ആത്മീയവുമായി നമുക്കനുഭവപ്പെട്ട് തുടങ്ങും. നിത്യ ജീവിതത്തിലെ സ്ട്രെസ്സ് എന്നത് മഹാരോഗങ്ങള്‍ക്ക് കാരണമാകുന്നതായി വൈദ്യശാസ്ത്രം കണ്ടെത്തുമ്പോള്‍ , നമ്മുടെ പുതിയ  ജീവിത ശീലത്തെത്തന്നെ വിലപ്പെട്ട ഔഷധമായി തിരിച്ചറിയുക. ‘എക്സ്ട്രാ’ എന്ന് തോന്നുന്ന എല്ലാത്തിനേയും ഉപേക്ഷിക്കാന്‍ പഠിക്കുക. നമ്മുടെ കൈവശമുള്ള പലതുമുപേക്ഷിക്കുമ്പോള്‍ നമ്മില്‍ കൂടുതല്‍ സംതൃപ്തി നിറഞ്ഞുവരുന്നത് നാം നേരിട്ടറിയുന്നു. നമ്മുടെ സമയവും ഊര്‍ജവും കൂടുതല്‍ മഹത്തരമായ കാര്യങ്ങളിലേക്ക് തിരിയുമ്പോള്‍   നമ്മുടെ  മാനസികാനന്ദം  കൂടിക്കൂടി വരുന്നു. ‘കുറഞ്ഞ മാനസിക സംഘര്‍ഷം, കൂടുതല്‍ സന്തോഷം’ (Less stress, more pleasance) എന്നൊരു ഇക്വേഷന്‍നമ്മില്‍ രൂപം കൊള്ളുന്നു. ഇവിടെ നമുക്ക് ചെയ്യാവുന്ന പല കാര്യങ്ങളുണ്ടെന്ന കാര്യം നാം തിരിച്ചറിയണം. കണ്‍സ്യൂമര്‍ സംസ്കാരത്തിനെ പ്രതിരോധിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ധാരാളം

 • കൂടുതല്‍ ഫാഷനബിളായ വസ്തുക്കളില്‍പ്രലോഭിതനാകരുത്.
 • ബയിംഗ് ഹാബിറ്റ് ഗണ്യമായി കുറയ്ക്കുക.
 • കൃത്രിമഹാരങ്ങള്‍ നിര്‍ത്തലാക്കുക.  വീട്ടിലെ ഭക്ഷണം മാത്രം  കഴിക്കുക.
 • നിങ്ങള്‍ ഉപയോഗിക്കുന്ന ഗാഡ്ജറ്റുകളുടെ എണ്ണം  മെല്ലെമെല്ലെ കുറയ്ക്കുക.
 • വീട്ടില്‍ അനാവശ്യവസ്തുക്കള്‍ വാങ്ങി നിറച്ച് ശാന്തമായ ഗൃഹാന്തരീക്ഷത്തെ കലുഷമാക്കാതിരിക്കുക.
 • കൂടുതല്‍ സാമ്പത്തിക ബാധ്യതകളിലേക്ക് വീഴാതിരിക്കുക.

നമ്മുടെ മനസ്സിലെ   കലുഷതകളെ മെല്ലെമെല്ലെ ചെറുതാക്കുന്ന ഒരു പ്രക്രിയയാണ് ലളിത ജീവിതം. നിത്യ ജീവിതത്തെ പക്ഷിത്തൂവല്‍ പോലെ  മൃദുലമാക്കുന്ന ഈ പ്രവര്‍ത്തനം ഏതൊരു വ്യക്തിക്കും സാധ്യമാണെന്നറിയുക. സാമ്പത്തികവും സുഖകേന്ദ്രീകൃതവുമായ ഒരുള്ളടക്കത്തില്‍ നിന്ന് നാം മെല്ലെ പുറത്ത് ചാടുകയാണ്. അതിന് ധാര്‍മികമായ ഒരു ശുദ്ധി ഉണ്ടാവുകയാണ്. ഭൌതികോല്‍പ്പന്നങ്ങളുടെ പരമാധികാരത്തില്‍ നിന്നുള്ള ഈ മോചനം നമ്മുടെ മനസ്സിനെ കൂടുതല്‍ സ്വതന്ത്രമാക്കുന്നു. ഒരൊറ്റച്ചാട്ടം കൊണ്ട് ഒന്നും നേടാന്‍ പറ്റില്ലെന്നും നാം ധരിക്കുക. സാവധാനത്തിലുള്ള  ഒരു ‘സെല്‍ഫ് ക്ലീനിംഗ്’ വഴി സ്വന്തം ജൈവത കൂടുതല്‍ ശക്തമാക്കിക്കൊണ്ട് നാം മാനസികാരോഗ്യത്തിന്‍റെ പച്ചപ്പുകളെ സ്വന്തമാക്കിക്കൊണ്ടിരിക്കേണ്ടതുണ്ട്.

കാണാം ദിവാസ്വപ്നങ്ങള്‍

മനസ്സ് ആകാശം പോലെ  അനന്തവിശാലമാണെങ്കിലും, ഒരു കുടുസ്സുമുറിപോലെ ഇടുങ്ങിയ ഒരവസ്ഥയും അതിനുണ്ട്. ഏതൊരു മനസ്സും നേരിടുന്ന വൈരുദ്ധ്യമാണിത്. ‘The mind is everything,what you think you become’ എന്ന് ബുദ്ധന്‍ പറയുന്നത് ഏറ്റവും വലിയ മന:ശാസ്ത്ര തത്വമായി എടുത്താല്‍ ‘മൈന്‍റ്  മാനേജ്മെന്‍റിന്‍റെ’ പ്രാധാന്യം കൂടുതല്‍ വ്യക്തമാകുന്നു.

കുഞ്ഞിന്‍റെ മനസ്സ്  ഒരു ക്ലീന്‍ സ്ലേറ്റ് പോലെശൂന്യമാണ്. ഈ മനസ്സിലാണ് ഒരു’ വ്യക്തി’ രൂപം കൊള്ളുന്നത്.മനസ്സില്ലാതെ വ്യക്തിയില്ല. ഭാവനയുടെ അനന്തലോകം മാത്രം  കൈമുതലുള്ള കുഞ്ഞ്, മെല്ലെ മെല്ലെ റിയാലിറ്റിയുടെ വസ്തുനിഷ്ഠമായ ലോകത്തിലെ അംഗമായി മാറുന്നു. ഇതിനിടയില്‍ത്തന്നെ  നിശ്ചിതമായ ഒരു ‘  മൈന്‍റ്  സെറ്റ്’ അവനില്‍ രൂപപ്പെടുന്നു. ഈ  മൈന്‍റ്  സെറ്റിനെ പിന്തുടര്‍ന്നാകും അവന്‍റെ ഭാവി ജീവിതം.

എന്നാല്‍ ഇങ്ങനെ ഒരൊറ്റ മൈന്‍റ് സെറ്റില്‍ കുടുങ്ങിക്കിടക്കേണ്ടവനാണോ  ഒരു വ്യക്തി? എന്തിനവന്‍ തന്‍റെ ഭാവനയെ കെട്ടിയിടണം? ഭാവനയെ ഇല്ലായ്മ ചെയ്ത് കൊണ്ടുള്ള  ഒരു ജീവിതം ആരോഗ്യദായകമാണോ? പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ  ദി ഇമാജിനേഷന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഇന്‍ ദ പോസിറ്റീവ് സൈക്കോളജി സെന്‍ററിന്‍റെ സയന്‍റിഫിക് ഡയറക്റ്ററും മന:ശാസ്ത്രജ്ഞനും, ‘’അണ്‍ ഗിഫ്റ്റഡ്: ഇന്‍റെല്ലിജന്സ് റിഡിഫൈന്ഡ്’’ എന്ന ആധികാരിക ഗ്രന്ഥത്തിന്‍റെ രചയിതാവുമായ  സ്കോട്ട് ബാരി കോഫ്മാന്‍ പറയുന്നതിങ്ങനെ, “ഭാവനാ സഞ്ചാരത്തിലുള്ള മനസ്സിന്‍റെ കഴിവ് മനുഷ്യന് പല  സാധ്യതകളുംതുറന്നുതരുന്നു..നമ്മുടെ ആഴത്തിലുള്ള അഭിലാഷങ്ങളേയും പ്രയാസങ്ങളേയും തിരിച്ചറിയാന്‍ അത് സഹായിക്കുന്നു”. ഭാവനയുടേയും ദിവാ സ്വപ്നങ്ങളുടേയും പോസിറ്റീവ് ആയ വശങ്ങളെ തള്ളിക്കളയാനാകില്ലെന്ന് കോഫ് മാന്‍ അനുഭവങ്ങളില്‍നിന്ന് പറയുന്നു. പഠനകാലത്തുണ്ടായ ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങളേയും താന്‍ അതിജീവിച്ചത് ദിവാസ്വപ്നം കാണുക എന്ന ശീലത്തില്‍ മുഴുകിയത് കൊണ്ടാണെന്നദ്ദേഹം പറയുന്നു.കുട്ടികളിലെ ദിവാസ്വപ്ന സ്വഭാവത്തെ മാതാപിതാക്കള്‍ അടിച്ചമര്‍ത്താന്‍ പാടില്ല എന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നുണ്ട്. ഭാവന തലച്ചോറിലെ വിവിധ ഭാഗങ്ങളെ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കുകയും അതുവഴി കൂടുതല്‍ ജീവിത വിജയ സാധ്യതകള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെ അസിസ്റ്റന്‍റ് ക്ലിനിക്കല്‍ പ്രൊഫസറായ ഡോ. ശ്രീനി പിള്ള പറയുന്നു. നാം വിചാരിക്കുന്നതുപോലെ നിഷ്പ്രയോജനമായ ഒന്നല്ല ദിവാസ്വപ്നമെന്നും,കുട്ടികളുടെ  മാനസിക വികാസത്തില്‍ അതിനു സുപ്രധാന പങ്കുണ്ടെന്നും, തലച്ചോറിന്‍റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ ജ്ഞാനപരമായ വികാസത്തില്‍ (cognitive development) മാത്രമല്ല, വസ്തുനിഷ്ഠമായി കാര്യങ്ങള്‍ തിരിച്ചറിയാനും ഭാവനാപ്രവര്‍ത്തനം  സഹായിക്കുന്നുണ്ട്.

തലക്കുള്ളില്‍ കെട്ടുകഥകളുണ്ടാക്കാന്‍ മാത്രമേ ദിവാസ്വപ്നങ്ങള്‍ സഹായിക്കുകയുള്ളു എന്ന ധാരണ തെറ്റാണ്. ഭാവന ഓര്‍മ്മശക്തി ഇരട്ടിപ്പിക്കും. ഇവ രണ്ടും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ധാരാളം പഠനങ്ങള്‍ ഇന്ന് ലഭ്യമാണ്. സര്‍ഗാത്മകത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, മറ്റുള്ളവന്‍റെ മനസ്സറിഞ്ഞ് കൊണ്ടുള്ള(empathetic) പെരുമാറ്റ ശീലങ്ങള്‍ക്കും  ഭാവന സഹായിക്കുന്നുണ്ട്. “ഇല്ലാത്തത് സൃഷ്ടിക്കാനുള്ള മനുഷ്യന്‍റെ കഴിവ് മാത്രമല്ല ഭാവന, അത് എല്ലാ കണ്ടുപിടുത്തങ്ങളുടേയും അടിസ്ഥാനവുമാണ്” , ഹാരിപ്പോട്ടര്‍ പുസ്തകങ്ങളുടെ രചയിതാവായ ജെ. കെ. റൌളിംഗ് പറയുന്നു.

ഏതൊരു ദിവാസ്വപ്നവും ആരംഭിക്കുന്നത് ഒരാശയത്തില്‍ നിന്നാണ്.എന്നാല്‍ ഈ ആശയങ്ങളില്‍ നിന്ന് നമ്മുടെ ഭാവന  മറ്റ് ഒട്ടേറെ അവസരങ്ങളും മേഖലകളും കണ്ടെത്തുന്നു. ഒരാളുടെ ഫുള്‍ ‘പൊട്ടെന്ഷ്യല്‍’ സ്ഥിതി ചെയ്യുന്നത് അയാളുടെ ഭാവനാ ശക്തിയിലാണെന്ന്  ആധുനിക മന:ശാസ്ത്രം പറയുമ്പോള്‍  , ഭാവനയില്‍ വിഹരിക്കുകയെന്നത് സൈക്കോസിസിന്‍റെ ലക്ഷണമായിക്കണ്ട  ഫ്രോയിഡിയന്‍ കാഴ്ച്ചപ്പാടില്‍ നിന്നുള്ള ഒരു വ്യത്യസ്ത ചിന്തയാണിത്.

തലച്ചോറിലെ നെറ്റ് വര്‍ക്കുകളെ ‘സ്റ്റിമുലേറ്റ്’ ചെയ്യുക വഴി അതിന്‍റെ പ്രാപ്തി വര്‍ദ്ധിപ്പിക്കുകയാണ് ഭാവന ചെയ്യുന്നത്. നാം ദിവാസ്വപ്നങ്ങളില്‍ കെട്ടിപ്പൊക്കുന്ന ഓരോ ഇമേജിനും ഇത്തരം സ്റ്റിമുലേറ്റിംഗ് എഫെക്റ്റ് ഉണ്ടെന്ന് നവീന മന:ശ്ശാസ്ത്രം പറയുന്നു. അതുകൊണ്ട് കുട്ടികളായാലും മുതിര്‍ന്നവരായാലും  മനസ്സിനെ കെട്ടഴിച്ചുവിടുക. അതിന്‍റെ സ്വതന്ത്രമായ സഞ്ചാരം തീര്‍ച്ചയായും നിങ്ങളെ കൂടുതല്‍ വ്യക്തിത്വമുള്ളവനാക്കും. സര്‍ഗാത്മക സാഹിത്യകാരന്മാരോ കവികളോ മാത്രമല്ല, ദിവാസ്വപ്നങ്ങളെ പ്രോല്‍സാഹിപ്പിച്ചിരുന്നതെന്ന് അറിയുക. വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞന്‍മാരായ ഐസക്ക് ന്യൂട്ടണും ആല്‍ബര്‍ട്ട് ഐന്സ്റ്റീനും വെറുതെയിരുന്ന് ദിവാസ്വപ്നം കാണുന്നതില്‍ രസം കണ്ടെത്തിയവരായിരുന്നു.

ജീവിതം മനോഹരമാക്കാന്‍ പ്രകൃതിയെ അറിയുക

നല്ല ജീവിതത്തിനായ് പ്രകൃതിയെ സ്നേഹിക്കുക. ഇതാണു എന്‍വയോണ്മെന്‍റൽ വെല്‍നസിന്‍റെ  അടിസ്ഥാനം. ചുറ്റുപാടുകള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. എന്‍വയോണ്മെന്‍റൽ വെല്‍നസിന്‍റെ  തത്വം ‘ബഹുമാനമാണ്’ . നമ്മുടെ ചുറ്റുപാടിനോടുള്ള ബഹുമാനം, ചുറ്റുപാടുമുള്ള ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാത്തിനോടുമുള്ള ബഹുമാനം. ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ പരിസരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും അതുപോലെ തന്നെ ചുറ്റുപാടിലെ മാറ്റങ്ങൾ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നും മനസ്സിലാക്കിയുള്ള ഒരു ജീവിത ശൈലി ഉണ്ടാക്കിയെടുക്കലാണു എന്‍വയോണ്മെന്‍റൽ വെല്‍നസ്.

നമ്മുടെ പരിസ്ഥിതിയെ ആഴത്തില്‍ അറിയണം.ചെടികളും ,മരങ്ങളും, ജന്തു ജാലങ്ങളും എല്ലാം നമ്മുടെ പരിസ്ഥിതിയുടെ ഭാഗമാണ്. ഇവയെ അറിയൽ നമ്മുടെ കടമയും സന്തോഷകരവും സൗഖ്യപൂർണവും ആയ ജീവിതത്തിനു ഇത് അത്യന്താപേക്ഷിതവുമാണ്.

എന്‍വയോണ്മെന്‍റൽ വെല്‍നസ് എങ്ങനെ

പ്രകൃതിയെ അഥവാ നമ്മുടെ ജീവിത പരിസരത്തെ അറിയൽ തന്നെയാണു എന്‍വയോണ്മെന്‍റൽ വെല്‍നസ് എന്ന് പറയുന്നത്.  പ്രകൃതിയെ നമ്മൾ  സംരക്ഷിക്കുക. പ്രകൃതി വിഭവങ്ങൾ കൊണ്ട് നാം പണമുണ്ടാക്കുന്നു , പക്ഷെ  പണം കൊണ്ട് പ്രകൃതി ഉണ്ടാക്കാനാവില്ല എന്ന ബോധം ഉണ്ടാവലാണു  എന്‍വയോണ്മെന്‍റൽ വെല്‍നസിലേക്കുള്ള ആദ്യ ചുവട്. എന്‍വയോണ്മെന്‍റൽ വെല്‍നസിന് വേണ്ടി  നമുക്ക് ജീവിതത്തിൽ ചെയ്യാൻ പറ്റുന്ന മറ്റ് കാര്യങ്ങൾ

 • നമ്മൾ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങൾ മറ്റുള്ളവർക്ക് കൂടി അവകാശപ്പെട്ടതാണു എന്ന ബോധം ഉണ്ടാക്കിയെടുക്കുക.
 • റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാൻ പറ്റുന്ന കാര്യങ്ങൾ അങ്ങനെ ഉപയോഗിക്കുക. മാലിന്യം കുറയ്ക്കാനും പരിസരം വൃത്തിയാവാനും ഇത് സഹായകമാവുന്നു.
 • പ്രകൃതിക്ക് വേണ്ടി നമ്മളാൽ കഴിയുന്നത് ചെയ്യുക. അങ്ങനെയുള്ള കൂട്ടായ്മകളുമായി സഹകരിക്കുക.
 • പ്രകൃതി വിഭവങ്ങളെക്കുറിച്ച് അറിവ് ഉണ്ടാവുക. അവയുടെ ഉപയോഗം മനസ്സിലാക്കുകയും സംരക്ഷിക്കുകയും മിതമായി ഉപയോഗിക്കുകയും ചെയ്യുക.
 • ചുറ്റുപാടുകളുമായി സംവദിക്കുക. അത് നമ്മുടെ ജീവിത പരിസരത്തെ മനസ്സിലാക്കുന്നതിനും ജീവിതം പോസിറ്റീവ് ആക്കുന്നതിനും സഹായകമാവും.
 • കടപ്പാട്-channellife.in
3.19047619048
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ