Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / പൂര്‍ണ്ണാരോഗ്യ വിവരങ്ങള്‍-2
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പൂര്‍ണ്ണാരോഗ്യ വിവരങ്ങള്‍-2

കൂടുതല്‍ വിവരങ്ങള്‍

വായ്ക്കുള്ളിലെ അള്‍സര്‍ ഒഴിവാക്കാം


വായ്ക്കുള്ളില്‍ വരുന്ന അള്‍സര്‍ അഥവാ വായ്പ്പുണ്ണ് ഒരു തവണയെങ്കിലും ഉണ്ടായിട്ടില്ലാത്തവര്‍ ചുരുക്കമാണ്. ഇതുമൂലമുണ്ടാകുന്ന നീറ്റലും പുകച്ചിലും, വെള്ളവും ഭക്ഷണവും ഇറക്കാനുള്ള ബുദ്ധിമുട്ടും സാധാരണ ജീവിതത്തെ വളരെയധികം ബാധിക്കും. അള്‍സര്‍ ഉണ്ടാകാനുള്ള കാരണവും ചികിത്സയും അറിയുന്നത് ഒരു പരിധി വരെ ഇതിനെ തരണം ചെയ്യാന്‍ സഹായിക്കും.
ചെറിയ പാടുകളായോ തടിപ്പുകളായോ കുത്തലോടുകൂടിയ പുകച്ചിലായോ ആണ് ഇതിന്റെ തുടക്കം. വെളുത്തതോ, മഞ്ഞനിറത്തിലോ ഉള്ള നടുഭാഗത്തിനു ചുറ്റു ചുവന്നു തടിച്ച് അതിരുകളോടുകൂടിയ അള്‍സര്‍ വളരെ വേദനയുണ്ടാക്കുന്നതാണ്. അഫത്തസ് അള്‍സര്‍, കോള്‍ഡ്സോര്‍ (ചുണ്ടില്‍ കാണുന്ന ഹെര്‍പ്പിസ് സിംപ്ളക്സ് വൈറസ്സാണു കാരണം) എന്നിങ്ങനെ അള്‍സറിനെ രണ്ടായി തിരിക്കാം. കാരണങ്ങള്‍ വായില്‍ ഉണ്ടാകുന്ന മുറിവുകള്‍, കൂര്‍ത്തിരിക്കുന്ന പല്ലുകള്‍, പൊട്ടിയപല്ലുകള്‍, കൃത്രിമപല്ലുകള്‍ ഇളക്കമുള്ളതായി ഇരിക്കുമ്പോള്‍, പല്ലില്‍ കമ്പിയിടുന്ന ചികിത്സ നടത്തുമ്പോള്‍, പല്ല് തേയ്ക്കുമ്പോള്‍ ഇങ്ങനെ അള്‍സര്‍ വരുന്ന വഴികള്‍ പലതാണ്. കാരണങ്ങള്‍ ചികില്‍സിച്ചു മാറ്റിയാല്‍ തന്നെ അള്‍സറിനെ പൂര്‍ണ്ണമായി മാറ്റാവുന്നതാണ്. കെമിക്കല്‍ ഇന്‍ഞ്ചുറീസ് മരുന്നുകള്‍ ഉദാ. ആസ്പിരിന്‍, ആല്‍ക്കഹോള്‍, ടൂത്ത് പേസ്റ്റില്‍ ചിലരില്‍ അള്‍സര്‍ ഉണ്ടാക്കുന്നു. രോഗാണുബാധ വൈറസ്, ബാക്ടീരിയ, ഫംഗസ്സ്, പ്രോട്ടോസോവന്‍സ് വായ്പുണ്ണിനു കാരണമാകുന്നു. ഏതുകാര്യം ചെയ്യുന്നതിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയായി കഴുകുന്നത് രോഗാണുബാധ തടയാന്‍ സഹായിക്കും.
പ്രതിരോധശേഷിക്കുറവ് ആഫ്ത്തസ് അള്‍സറില്‍ പ്രതിരോധശേഷികുറവുമായി ബന്ധമുണ്ട് എന്ന് പഠനങ്ങളില്‍ വെളിപ്പെടുന്നു. അലര്‍ജി വിവിധ തരത്തിലുള്ള ആഹാരസാധനങ്ങള്‍, ചിലതരം എണ്ണ, വീണ്ടും വീണ്ടും ഉപയോഗിച്ച എണ്ണ എന്നിവ ചിലരില്‍ അള്‍സര്‍ ഉണ്ടാക്കുന്നു. കാന്‍സര്‍ അള്‍സര്‍ മൂന്നാഴ്ചക്കുമേല്‍ ഉണങ്ങാതെ ഒരേ സഥലത്തു തന്നെ നിലനില്‍ക്കുന്നുവെങ്കില്‍ ഒരു ഡോക്ടറെ കണ്ട് പരിശോധിപ്പിക്കേണ്ടത് ആവശ്യമാണ്. സിസ്റമിക്ക് ഡിസീസസ് ശരീരത്തിലെ മറ്റ് ആന്തരിക അവയവങ്ങളുമായി ബന്ധപ്പെട്ട ചില രോഗങ്ങളുള്ളവര്‍ക്ക് വായ്ക്കുള്ളിലെ അള്‍സര്‍ ഉണ്ടാകാറുണ്ട്. കുടല്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വായില്‍ അള്‍സര്‍ വരാന്‍ സാധ്യതകൂടുതലാണ്. ആത്മസംഘര്‍ഷം, ഹോര്‍മോണുകളുടെ വ്യത്യാസം, ആര്‍ത്തവം, പെട്ടെന്നുള്ള ഭാരം കുറയല്‍, അലര്‍ജി വൈറ്റമിന്‍െറ കുറവുകള്‍ കാലാവസ്ഥാമാറ്റങ്ങള്‍ ഇവയെല്ലാം ഓറല്‍ അള്‍സറിന് കാരണമാകുന്നു.
പ്രമേഹം ഉള്ളവര്‍ അള്‍സര്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. ഏതെങ്കിലും കാരണത്താല്‍ മുറിവുകള്‍ ഉണ്ടായാല്‍ മൌത്ത് വാഷുകളും, ആന്‍റിസെപ്റ്റിക്കുകളും ഉപയോഗിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നു. ചികിത്സ വേദനയും നീറ്റലുമുണ്ടെങ്കില്‍ മാറ്റാനുള്ള ചികിത്സ യും അലര്‍ജിയാണെങ്കില്‍ ആന്‍റിഹിസ്റമിന്‍, സ്റിറോയിഡുകള്‍, എന്നിവയത്മാണ് നല്‍കുക. ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നുകള്‍ വേദനയ്ക്കും നീര്‍ക്കെട്ടിനും നല്‍കുന്നു. ചെറിയ ചൂടുവെള്ളത്തില്‍ ഉപ്പിട്ടു വായില്‍ കൊള്ളുന്നത് ഗുണം ചെയ്യും. ആന്‍റിസെപ്റ്റിക്ക് മൌത്ത് വാഷുകള്‍ ആന്‍റിസെപ്റ്റിക്ക് ലോക്കല്‍ അനസ്തെറ്റിക്ക് ജെല്ലുകള്‍ എന്നിവ രോഗാണുബാധ കുറയ്ക്കുവാന്‍ സഹായിക്കുന്നു

ഇതാ സോണി ഹെല്‍ത്ത്‌ ഡിവൈസ്‌; ഇനി ഡോക്‌ടര്‍ വേണ്ട!

പതിവായുള്ള പരിശോധനകള്‍ നടത്തി ഡോക്‌ടറെ കാണിച്ച്‌ ചികില്‍സ തേടുന്നത്‌ എത്രത്തോളം ബുദ്ധിമുട്ടേറിയതാണ്‌. മിക്കപ്പോഴും ഡോക്‌ടറെ കാണണമെങ്കില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരും. അത്തരം ബുദ്ധിമുട്ടുകളോട്‌ ഇനി ഗുഡ്‌ ബൈ പറയാം. പ്രശസ്‌ത ഇലക്‌ട്രോണിക്‌ നിര്‍മ്മാതാക്കളായസോണി പുറത്തിറക്കുന്ന ഹെല്‍ത്ത്‌ ഡിവൈസ്‌അധികം വൈകാതെ വിപണിയിലെത്തുന്നു.

മറ്റ്‌ ലാബ്‌ പരിശോധനകളെ അപേക്ഷിച്ച്‌ കൂടുതല്‍ കൃത്യവും ആധികാരികവുമായ പരിശോധനാ ഫലമാണ്‌ സോണി ഹെല്‍ത്ത്‌ ഡിവൈസിന്റെ മുഖ്യ സവിശേഷത. രണ്ടുവര്‍ഷം മുമ്പ്‌ വികസിപ്പിച്ചെടുത്ത ഹെല്‍ത്ത്‌ ഡിവൈസ്‌ 2010ലാണ്‌ പേറ്റന്റ്‌ അവകാശത്തിനായി അപേക്ഷിച്ചത്‌.

രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌, രക്‌തസമ്മര്‍ദ്ദം, ഹൃദയസ്‌പന്ദനം, ബോഡി മാസ്‌ ഇന്‍ഡക്‌സ്‌ എന്നിവ കണക്കാക്കാന്‍ സോണി ഹെല്‍ത്ത്‌ ഡിവൈസിന്‌ സാധിക്കും. ഒരു വാച്ച്‌ പോലെ കൈയില്‍ കെട്ടാവുന്ന ഉപകരണമാണിത്‌. കൈയില്‍ കെട്ടിയാല്‍ നിങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സെറ്റ്‌ടോപ്പ്‌ ബോക്‌സുള്ള ടിവിയിലേക്കോ, ഇന്റര്‍നെറ്റുള്ള കംപ്യൂട്ടറിലേക്കോ മാറ്റാന്‍ സാധിക്കും. ഇതുവഴി പരിശോധനാ റിപ്പോര്‍ട്ട്‌ ഡോക്‌ടര്‍ക്ക്‌ കൈമാറാന്‍ സാധിക്കും. കൂടാതെ പഴയ പരിശോധനാ റിപ്പോര്‍ട്ടുകളുമായി പുതിയത്‌ താരതമ്യം നടത്താനും ഈ ഉപകരണം നിങ്ങളെ സഹായിക്കും. പ്രായമേറിയവര്‍ക്കാണ്‌ ഈ ഉപകരണം ഏറെ പ്രയോജനപ്പെടുക. സോണി ഹെല്‍ത്ത്‌ ഡിവൈസ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ ആരോഗ്യസ്ഥിതിയില്‍ അപകടകരമായ എന്തെങ്കിലുമുണ്ടെങ്കില്‍ മാത്രം ഡോക്‌ടറുടെ സേവനം തേടിയാല്‍ മതിയാകും.

അധികം വൈകാതെ വിപണിയിലെത്തുന്ന സോണി ഹെല്‍ത്ത്‌ ഡിവൈസ്‌ ലോകത്താകമാനമായി ലക്ഷകണക്കിന്‌ പേര്‍ ഉപയോഗിക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. എന്നാല്‍ ഇതിന്റെ വില സംബന്ധിച്ച്‌ യാതൊരു വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പേ വിഷബാധ

 

പേ വിഷബാധയുണ്ടാക്കുന്നത് ഒരു തരം വൈറസ്സാണ്. റാബ്‌ഡോ കുടുംബത്തില്‍പ്പെട്ട ഞ.ച.എ വൈറസ്സാണിത്. ബുള്ളറ്റിന്റെ ആകൃതിയിലുള്ള ഈ വൈറസ്സിന്റെ ശരീരത്തില്‍ 72ശതമാനം പ്രോട്ടീനും ഒരു ശതമാനം ഞ.ച.എയും 22 ശതമാനം കൊഴുപ്പും 3 ശതമാനം അന്നജവും അടങ്ങിയിട്ടുണ്ട്. പുറംഭാഗത്ത് മുള്ളുപോലുള്ള വസ്തുക്കളുണ്ട്. ഇതിനെ ലിസ വൈറസ് എന്നും വിളിക്കുന്നു. ലിസ എന്ന ഗ്രീക്ക് വാക്കിനര്‍ത്ഥം പേവിഷബാധയെന്നാണ്. ലിസ വൈറസ് നാലുതരത്തില്‍ കണ്ടുവരുന്നുണ്ട്.

 • റാബീസ് വൈറസ് (RABV)
 • ലോഗോസ് ബാറ്റ് വൈറസ് (LBV)
 • മൊക്കോള വൈറസ് (MOKV)
 • ഡുവന്‍ഹേജ് വൈറസ് (DUVV)

ഈ വൈറസ് നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. സൂര്യപ്രകാശവും അള്‍ട്രാ വയലറ്റ് രശ്മികളും ഏറ്റാല്‍ വൈറസ്സ് നശിക്കും.
ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും ഈ രോഗം ബാധിക്കും. എന്നാല്‍ ഏറ്റവും കൂടുതല്‍ രോഗം ബാധിക്കുന്നതും മനുഷ്യരിലേക്ക് പരത്തുന്നതും നായ്ക്കളും പൂച്ചകളുമാണ്. കുരങ്ങ്, പശു, എരുമ, കീരി, കുറുക്കന്‍, ചെന്നായ, ആട്, കരടി, പന്നി, കഴുത, കുതിര എന്നീ മൃഗങ്ങളിലും പേ വിഷബാധ കണ്ടുവരുന്നുണ്ട്. 
മനുഷ്യരിലേയ്ക്ക് എങ്ങനെ?
ഇന്ത്യയില്‍ പേ വിഷബാധയുടെ 95 ശതമാനവും പകരുന്നത് നായയുടെ കടിയിലൂടെയാണ്. 5 ശതമാനം പൂച്ചയുള്‍പ്പെടെയുള്ള മറ്റ് മൃഗങ്ങള്‍ വഴിയും. 
മനുഷ്യര്‍ക്കു പകരുന്നത് ഈ വഴികളിലൂടെയാണ്:

 • പേ വിഷബാധയുള്ള നായയുടെ കടിയേറ്റാല്‍.
 • നമ്മുടെ ശരീരത്തിലെ മുറിവുള്ള ഭാഗങ്ങളില്‍ പേ ബാധിച്ച നായ നക്കിയാല്‍.
 • പേ നായയുടെ /മൃഗത്തിന്റെ ഉമിനീര്‍ ശ്ലേഷ്മസ്തരങ്ങളില്‍ പതിച്ചാല്‍ (ഉദാ: കണ്ണ്, മൂക്ക്, വായ)
 • അന്തരീക്ഷത്തിലെ ബാഷ്പകണങ്ങളിലൂടെ ശ്വസനം വഴി.
 • രോഗം ബാധിച്ചു മരിച്ചവരുടെ അവയവങ്ങള്‍ മാറ്റിവെക്കുന്നതുമൂലം.
 • രോഗം ബാധിച്ചവരുമായി ലൈംഗികബന്ധം നടത്തുന്നതു വഴി.
 • രോഗം ബാധിച്ച മൃഗങ്ങളുടെ പാല്‍ തിളപ്പിക്കാതെ കുടിച്ചാല്‍.
 • രോഗം ബാധിച്ച മൃഗത്തിന്റെ മാംസം കൈകാര്യം ചെയ്താല്‍
 • ഗര്‍ഭിണിയായവരില്‍ നിന്നും പ്ലാസന്റ വഴി കുഞ്ഞിലേക്കും രോഗം പകരാം.
 • കൈകളില്‍ മുറിവുകളുള്ളവര്‍ രോഗം ബാധിച്ച മൃഗത്തെ പരിപാലിച്ചാല്‍.

രോഗലക്ഷണങ്ങള്‍
മനുഷ്യരില്‍ കാണുന്ന ലക്ഷണങ്ങളെ മൂന്ന് ഘട്ടങ്ങളാക്കി തിരിച്ചിരിക്കുന്നു. 
ഒന്നാം ഘട്ടം - (പ്രോഡോര്‍മല്‍ ഘട്ടം). ഇതില്‍ കടിയേറ്റ ഭാഗത്ത് ചൊറിച്ചില്‍, മുറിപ്പാടില്‍ തൊട്ടാല്‍ അറിയാത്ത അവസ്ഥ, തലവേദന, തൊണ്ടവേദന എന്നിവ ഉണ്ടാവും.
രണ്ടാംഘട്ടം - ആകാംക്ഷയുടെയും ഉത്തേജനത്തിന്റെയും ഘട്ടമാണ്. ഇതില്‍ വിറയല്‍, ശ്വാസതടസ്സം, ഉത്കണ്ഠ, പേടി, ശബ്ദവ്യത്യാസം, ഉറക്കമില്ലായ്മ, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയോട് ഭയം എന്നിവ കാണിക്കും.
മൂന്നാംഘട്ടം - തളര്‍ച്ചയുടെ ഘട്ടമാണ്. ഇതില്‍ രോഗി തളര്‍ന്ന് കിടന്നുപോകുന്നു. ശ്വാസതടസ്സം, ശബ്ദവ്യത്യാസം, ഉമിനീരൊലിപ്പ് എന്നിവ കാണിക്കും. മൂന്നാം ഘട്ടത്തിന്റെ അവസാനം രോഗി മരണപ്പെടുന്നു.
വളര്‍ത്തുനായ്ക്കളില്‍ രണ്ടു തരത്തിലുള്ള ലക്ഷണങ്ങളാണ് കണ്ടുവരുന്നത്.
മൂകരൂപം: ഈ രോഗാവസ്ഥയില്‍ നായ്ക്കള്‍ പൊതുവെ ശാന്തസ്വഭാവക്കാരായിരിക്കും. തീറ്റയെടുക്കാതിരിക്കുക, കീഴ്ത്താടി തൂക്കിയിട്ട് വായില്‍ നിന്നും നുരയും പതയും ഒഴുകിവരിക എന്നിവയാണ് മറ്റ് പ്രധാനലക്ഷണങ്ങള്‍. നായ വെള്ളം കുടിക്കാന്‍ ശ്രമിക്കുമെങ്കിലും സാധിക്കുകയില്ല.
ക്രുദ്ധരൂപം: ഇതില്‍ നായ അക്രമകാരിയായി മാറുന്നു. കണ്ണുകള്‍ ചുവന്ന് വായില്‍ നിന്നും ഉമിനീരൊലിപ്പിച്ച് ദിശാബോധമില്ലാതെ ഓടുന്നതു കാണാം. ഒരു പ്രകോപനവുമില്ലാതെ വഴിയില്‍ കണ്ടതിനെയെല്ലാം കടിക്കുന്നു.
നായ്ക്കളില്‍ നിന്ന് വ്യത്യസ്തമായി ക്രുദ്ധരൂപത്തിലുള്ള ലക്ഷണങ്ങള്‍ മാത്രമേ പൂച്ച കാണിക്കുകയുള്ളൂ.
പക്ഷേ, നായ്ക്കളില്‍ കാണുന്നതിനേക്കാളും തീവ്രമായ പ്രകടനമാണ് പൂച്ച കാണിക്കുന്നത്. പശുക്കളില്‍ ആക്രമണസ്വഭാവം കൂടുതലാണ്.

ആദ്യംചെയ്യേണ്ടത്
കടിയേറ്റ ഭാഗം വൃത്തിയായി സോപ്പ് ഉപയോഗിച്ച് പൈപ്പ് വെള്ളത്തില്‍ കഴുകണം. 15 മിനുട്ടെങ്കിലും മുറിപ്പാടില്‍ വെള്ളം ഒഴുക്കിക്കൊണ്ടു കഴുകുന്നതാണ് നല്ലത്. നല്ല തുണികൊണ്ട് തുടച്ചശേഷം ബീറ്റാഡിന്‍ പോലുള്ള ഏതെങ്കിലും അണുനാശിനികൊണ്ട് തുടയ്ക്കണം. മുറിവ് ഒരിക്കലും തുറന്നിടാന്‍ പാടില്ല. മുറിവില്‍ എണ്ണ, തേന്‍, ചാരം എന്നിവ പുരട്ടുന്ന രീതികളുണ്ട്. അതൊന്നും ചെയ്യരുത്. പഴയ കാലങ്ങളില്‍ പഴുപ്പിച്ച ഇരുമ്പുകൊണ്ട് മുറിപ്പാട് കരിക്കാറുണ്ട്. അതും അപകടം വരുത്തും. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഡോക്ടറുടെ സേവനം തേടുക.
കടിച്ചാല്‍ നിരീക്ഷിക്കുക
നമ്മള്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ കടിക്കുകയാണെങ്കില്‍ അതിനെ കെട്ടിയിട്ട് 10 ദിവസം നിരീക്ഷിക്കണം. പേവിഷബാധയേറ്റ ഏതൊരു ജീവിയും രോഗലക്ഷണം തുടങ്ങി ഏഴ് ദിവസത്തിനകം മരണപ്പെടും. രോഗലക്ഷണം തുടങ്ങുന്നതിന് 3 ദിവസങ്ങള്‍ക്കു മുമ്പു മുതല്‍ അതിന്റെ ശരീരത്തിലെ സ്രവങ്ങളില്‍ രോഗമുണ്ടാക്കാന്‍ ശേഷിയുള്ള അണുക്കളുണ്ടാകും. അതിന്റെഅര്‍ത്ഥം കടിച്ച മൃഗം 10 ദിവസം ജീവിച്ചിരുന്നാല്‍ അതു കടിക്കുന്ന സമയത്ത് പേ വിഷബാധയുടെ അണുക്കള്‍ അതിന്റെ സ്രവങ്ങളിലുണ്ടാകില്ല എന്നാണ്. അതുകൊണ്ടു തന്നെ കുത്തിവെപ്പ് 10 ദിവസത്തിനു ശേഷം തുടരേണ്ടതില്ല. അതായത് കടിയേറ്റശേഷം ആദ്യ ദിവസം, 3-ാം ദിവസം, 7-ാം ദിവസം എന്നിങ്ങനെ കുത്തിവെപ്പ് നടത്തിയാല്‍ മതിയാകും

ഫാറ്റിലിവര്‍ ചെറുപ്പക്കാരുടെ രോഗം

 

കരളിലെ കോശങ്ങളില്‍ കൊഴുപ്പടിഞ്ഞുകൂടി ഉണ്ടാകുന്ന ഫാറ്റിലിവര്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു കരള്‍ രോഗമാണ്. പ്രമേഹവും രക്താതിസമ്മര്‍ദവുമൊക്കെ ശരീരത്തെ ബാധിക്കുന്ന ജീവിതശൈലീ രോഗങ്ങളാണെങ്കില്‍, കരളിനെ ബാധിക്കുന്ന ഒരു ആധുനിക ജീവിതശൈലീ രോഗമാണ് ഫാറ്റിലിവര്‍ എന്നുപറയാം.

സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടുന്ന ഫാറ്റിലിവര്‍, ചെറുപ്പക്കാരിലാണ് കൂടുതലായി കണ്ടുവരുന്നത്. രോഗങ്ങളുടെ കൂട്ട ആക്രമണമായ മെറ്റബോളിക് സിന്‍ഡ്രോമിന്റെ ഭാഗമായി ഫാറ്റിലിവര്‍ പ്രത്യക്ഷപ്പെടാറുണ്ട്. രക്താതിസമ്മര്‍ദം, അമിത കൊഴുപ്പ്, പൊണ്ണത്തടി, ഇന്‍സുലിന്‍ പ്രതിരോധത്തെ തുടര്‍ന്നുള്ള പ്രമേഹം തുടങ്ങിയവയാണ് മെറ്റബോളിക് സിന്‍ഡ്രോമിന്റെ ഉപഘടകങ്ങള്‍.
മദ്യപാനമാണ് ഫാറ്റി ലിവറിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. തുടര്‍ച്ചയായി മദ്യപിക്കുന്ന 90 ശതമാനമാളുകളിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇവരില്‍ പത്തുമുതല്‍ ഇരുപത് ശതമാനം വരെ മദ്യപര്‍ ഹെപ്പറ്റൈറ്റിസ് എന്ന കൂടുതല്‍ ഗുരുതരമായ കരള്‍ രോഗത്തിലേക്ക് പുരോഗമിക്കുന്നു.

പോഷകാഹാരക്കുറവ്, സ്റ്റീറോയ്ഡ് അടക്കമുള്ള ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, ദീര്‍ഘകാല ഉദരരോഗങ്ങള്‍, എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ വൈറല്‍ രോഗങ്ങള്‍ ഇവയെ തുടര്‍ന്നെല്ലാം ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനായി പട്ടിണികിടക്കുന്നതും ഫാറ്റി ലിവറിനുള്ള മറ്റൊരു കാരണമാണ്.

ഇന്‍സുലിന്‍ പ്രതിരോധമുള്ള വ്യക്തികളില്‍ കരളിലെ കോശങ്ങളിലേക്ക് കൂടുതല്‍ കൊഴുപ്പ് എത്തുകയുംഅതിനനുസരിച്ച് കോശങ്ങളില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നതാണ് ഫാറ്റി ലിവറിന്റെ അടിസ്ഥാന കാരണം. തുടര്‍ന്ന് കരളിന് നീര്‍വീക്ക മുണ്ടാകുകയും കരളിലെ കോശങ്ങള്‍ക്ക് ചുറ്റുമായി നീര്‍വീക്കകോശങ്ങള്‍ വന്നു നിറയുകയും ചെയ്യുന്നു. രോഗം പുരോഗമിക്കുകയാണെങ്കില്‍ സിറോസിസ് എന്ന മാരകമായ കരള്‍രോഗമുണ്ടാകാനിടയുണ്ട്.

മദ്യപിച്ചില്ലെങ്കിലും രോഗം വരും
രോഗത്തിന്റെ സ്വഭാവമനുസരിച്ച് ഫാറ്റി ലിവര്‍ രണ്ടു തരത്തിലുണ്ട്. കരളില്‍ അല്പം കൊഴുപ്പടിഞ്ഞുകൂടി എന്നതൊഴിച്ചാല്‍ മറ്റു കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാത്ത അവസ്ഥയെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ എന്ന് വിളിക്കുന്നു. എന്നാല്‍ കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടൊപ്പം തന്നെ കരളില്‍ നീര്‍വീക്കമുണ്ടാകുന്ന കൂടുതല്‍ ഗുരുതരമായ അവസ്ഥകള്‍ നോണ്‍ ആല്‍ക്കഹോളിക് സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ് (നാഷ്) എന്ന് വിളിക്കുന്നു.

ഫാറ്റിലിവര്‍ പ്രകടമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല. യാദൃച്ഛിമായി ഒരു വൈദ്യപരിശോധനയ്ക്കിടയിലായിരിക്കും കരളിന് വീക്കമുണ്ടെന്ന് കണ്ടെത്തുന്നത്. എന്നാല്‍ ചിലര്‍ക്ക് ക്ഷീണം, വയറിന്റെ വലതുവശത്തായി വേദന തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം. അപൂര്‍വമായി ഗുരുതരമായ കരള്‍രോഗലക്ഷണങ്ങളും പ്രകടമാകാറുണ്ട്.

രക്തപരിശോധനയില്‍ (ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്) എ.എല്‍.ടി., എ.എസ്.ടി. തുടങ്ങിയ എന്‍സൈമുകള്‍ ഉയര്‍ന്ന അളവില്‍ കാണാനിടയുണ്ട്. അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെ കരളിന്റെ വലിപ്പത്തെക്കുറിച്ചും രോഗത്തിന്റെ സ്ഥിതിയെക്കുറിച്ചും കൂടുതല്‍ വ്യക്തമായ സൂചനകള്‍ ലഭിക്കും. കരളിന്റെ കോശങ്ങള്‍ക്കുണ്ടായ നാശത്തെക്കുറിച്ച് മനസ്സിലാക്കാനായി ബയോപ്‌സി പരിശോധനയും വേണ്ടിവന്നേക്കാം. രോഗനിയന്ത്രണത്തിന് ജീവിതശൈലിയുടെ പുനഃക്രമീരണമാണ് പ്രധാനം. ചില മരുന്നുകള്‍ ഭാഗികമായി ഫലം ചെയേ്തക്കാം. യു.ഡി.സി.എ. (അര്‍സോ ഡിയോക്‌സി കോളിക് ആസിഡ്), മെറ്റ്‌ഫോര്‍മിന്‍ ഇന്‍സുലിന്‍ സെന്‍സിറ്റൈസുകള്‍ തുടങ്ങിയവയാണ് സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകള്‍.

രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായി കൃത്യമായി വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കണം. പ്രതിദിനം 30-40 മിനിറ്റെങ്കിലും വ്യായാമത്തിലേര്‍പ്പെടണം. നടത്തം, ജോഗിങ്, സൈക്കിളിങ്, നീന്തല്‍ തുടങ്ങിയവ നല്ല വ്യായാമമുറകളാണ്. ക്രമമായ വ്യായാമം ശരീരഭാരം നിയന്ത്രിക്കുന്നു. ഇന്‍സുലിന്റെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിച്ച് പ്രമേഹസാധ്യത കുറയ്ക്കുന്നു. മദ്യപാനശീലം പരിപൂര്‍ണമായും ഒഴിവാക്കണം. മദ്യപാനം ഒഴിവാക്കിയാല്‍ ഉണ്ടായ ഫാറ്റി ലിവര്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍തന്നെ പൂര്‍ണമായും ഭേദമാകുമെന്നതാണ് ആശ്വാസകരമായ വസ്തുത. ഭക്ഷണത്തില്‍ എണ്ണയും കൊഴുപ്പും കുറയ്ക്കണം. പഴങ്ങളും പച്ചക്കറിയും ഇലക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രമേഹവും കൊളസ്‌ട്രോളിന്റെ പ്രശ്‌നങ്ങളുമുള്ളവര്‍ രോഗം കൃത്യമായും നിയന്ത്രിച്ചു നിര്‍ത്തണം.

'പാര്‍ക്കിന്‍സ'ണ് ആയൂര്‍വേദം

 

ഓര്‍ക്കാപ്പുറത്ത് ഉറക്കത്തിന്റെ ആക്രമണം. പിന്നെ മണിക്കൂറുകള്‍ ബോധമില്ലാതെ ഉറങ്ങും. ഉണര്‍ന്നിരിക്കുമ്പോള്‍ വിഷാദരോഗികളെപ്പോലെ പെരുമാറുക. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുമെങ്കിലും സ്വന്തം പരിസരത്തോട് പ്രതികരിക്കാനാവാതെ വരിക. പാര്‍ക്കിന്‍സണ്‍സിന്റെ ലക്ഷണങ്ങളില്‍ ചിലവയാണിത്. രണ്ടുതരം ലക്ഷണങ്ങളാണ് പാര്‍ക്കിന്‍സണ്‍ രോഗികളില്‍ കണ്ടുവരുന്നത്. ശരീരത്തിന്റെ ചലനശേഷി കുറയുകയും കാലംചെല്ലുന്തോറും പൂര്‍ണമായും നഷ്ടമാവുകയും ചെയ്യുകയാണ് ഒന്ന്. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതുമൂലം ഉണര്‍വിലും പ്രതികരണശേഷിയിലും ഗണ്യമായ കുറവുണ്ടാവുകയാണ് മറ്റൊന്ന്.

പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. കേരളത്തില്‍ ഏതാണ്ട് അറുപതിനായിരത്തോളം പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണയായി അമ്പതിനും അറുപതിനും ഇടയിലാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ഒരുകാലത്ത് വളരെ അപൂര്‍വമായിരുന്നു ഈ രോഗം. ചെറുപ്രായത്തിലേ ഇതുബാധിക്കുന്നത് ജനിതകമായ കാരണങ്ങളാലാണ്. ശരീരത്തിലെ മാംസപേശികളുടെ പ്രവര്‍ത്തനത്തിനും ചലനത്തിനും ശരീരത്തിന്റെ നില ക്രമീകരിക്കുന്നതിനും സഹായിക്കുന്ന മസ്തിഷ്‌കത്തിലെ ചില സിരാകോശങ്ങളുടെ കാര്യക്ഷമത കുറയുന്നതുകാരണം നടക്കുന്നതിനും ശിരസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും നടക്കുമ്പോള്‍ കൈവീശുന്നതിനും മറ്റും പ്രയാസം നേരിടുന്നു.
തലച്ചോറിലെ സിരാകേന്ദ്രങ്ങള്‍ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. ശരീര ചലനങ്ങളെ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ഡോപാമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ നിര്‍മിക്കുന്ന കോശങ്ങളാണ് നശിക്കുന്നത്. ഡോപാമിന്റെ അളവ് എഴുപത് ശതമാനത്തോളം കുറയുമ്പോഴാകും രോഗലക്ഷണങ്ങള്‍ കാര്യമായി പ്രത്യക്ഷപ്പെട്ടുതുടങ്ങുക.

വിട്ടുമാറാത്ത ഗൗരവമേറിയ പല രോഗങ്ങളും വാര്‍ധക്യകാലത്താണ് കൂടുതലായും ബാധിച്ചുകാണുന്നത്. പാരമ്പര്യം, ഭക്ഷണരീതി കുടുംബപരമായ സാഹചര്യങ്ങള്‍, ചെയ്തുവന്ന ജോലിയുടെ പ്രത്യേകത, വ്യക്തിയുടെ മാനസിക നിലവാരം എന്നിവ'െല്ലാം ശരീരത്തിന്റെ വാര്‍ധക്യകാലത്തെ മാറ്റങ്ങളില്‍ നിര്‍ണായകമായി സ്വാധീനിക്കുവാന്‍ കഴിവുണ്ട്. വാര്‍ധ്യമാകുന്നതോടെ ശരീരകോശങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും. വയസ്സുകൂടുന്നതിനനുസരിച്ച് പ്രവര്‍ത്തനശേഷി കുറഞ്ഞ കോശങ്ങളാണ് ശരീരത്തില്‍ പുതിയതായി ഉണ്ടാകുക. അതുകൊണ്ടുതന്നെ വൃദ്ധരില്‍ എല്ലാ അവയവങ്ങളിലും പ്രവര്‍ത്തനമാന്ദ്യം സ്വാഭാവികമായും സംഭവിക്കുന്നു. മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനമാന്ദ്യം വൃദ്ധരില്‍ പലതരത്തിലുള്ള ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. പാര്‍ക്കിന്‍സണ്‍സ് രോഗം സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത്.

വിറയാണ് ഈ രോഗത്തിന്റെ മുഖ്യലക്ഷണം. അതുകൊണ്ട് 'കമ്പവാതം' എന്ന പേരും ഇതിനുണ്ട്. പ്രത്യേക രീതിയിലുള്ള നടത്തവും വികാര രഹിതമായ മുഖഭാവവും കൂടി കാണപ്പെട്ടാല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം തന്നെ ഏതാണ്ടുറപ്പിക്കാം.

വളരെ സാവധാനത്തിലും ആകസ്മികവുമായിട്ടായിരിക്കും രോഗം പ്രത്യക്ഷപ്പെടുക. വിറയല്‍, പേശീകാഠിന്യം, തല ഉരസ്സിലേക്കടുക്കുന്ന രീതിയില്‍ ശരീരം അകത്തോട്ട് വളയുക എന്നിവ ഈ രോഗത്തിന്റെ മറ്റു ചില ലക്ഷണങ്ങളാണ്. മിക്കവാറും ഒരു കൈക്ക് മാത്രമായിരിക്കും ആദ്യം വിറയല്‍ അനുഭവപ്പെടുക. ക്രമേണ മാസങ്ങളോ വര്‍ഷങ്ങളോകൊണ്ട് മറ്റേ കൈയിലും വിറയല്‍ ഉണ്ടാകാന്‍ തുടങ്ങും. കരുതിക്കൂട്ടിയുള്ള ചലനങ്ങളുടെ സമയത്ത് ഇത്തരം വിറയല്‍ കാണപ്പെടാറില്ല. ഉറക്കത്തിലും ഇതുണ്ടായിക്കാണുന്നില്ല. പേശികളുടെ കാഠിന്യം ഭൂരിഭാഗം രോഗികളിലും മുഖത്താണ് കാണപ്പെടുക. ഇതു സ്ഥിരമായിരിക്കുകയും നിര്‍വികാരതയോടെയുള്ള മുഖഭാവത്തിനു കാരണമാവുകയും ചെയ്യും. ഇതു രോഗിയുടെ യഥാര്‍ഥ മുഖത്തില്‍ നിന്നും വിഭിന്നമായിരിക്കും.

അന്തിമമായി ഈ പേശീകാഠിന്യം ശരീരത്തെയാകമാനം ബാധിച്ചുകൂടായ്കയില്ല. അതിനാല്‍ രോഗി നടക്കുവാന്‍ തുടങ്ങുമ്പോള്‍ ശരീരം മുമ്പോട്ട് കുനിയുകയും ഹൃസ്വവും വേഗതയേറിയതുമായ കാല്‍വെയ്പുകളിലൂടെ മുന്നോട്ട് നീങ്ങേണ്ടിവരികയും ചെയ്യും. ഞെട്ടലോടുകൂടിയ ചലനങ്ങളായിരിക്കും രോഗിയില്‍ കാണപ്പെടുക. ചിലപ്പോള്‍ ചലനം പൂര്‍ത്തിയാകുന്നതിനുമുമ്പു തന്നെ നിന്നുപോയേക്കാം. താങ്ങില്ലാതെയിരുന്നാല്‍ രോഗിമറിഞ്ഞു വീഴാന്‍ സാധ്യതയുണ്ട്. കുറയുകയോ കൂടുകയോ ചെയ്യാത്ത ഏകസ്വരത്തിലുള്ള സംഭാഷണ ശൈലിയായിരിക്കും പാര്‍ക്കിന്‍സണ്‍സ് രോഗി അവലംബിക്കുക. ശബ്ദം വളരെ പതുക്കെയായിരിക്കും. ചുണ്ടുകള്‍ കഠിനവും വിറയലുള്ളതുമാകയാല്‍ വായിലൂടെ തുപ്പല്‍ ഒലിച്ചിറങ്ങിയേക്കാം.

പ്രകടമായി കാണുന്ന ഭാവമാറ്റം പാര്‍ക്കിന്‍സണ്‍ രോഗിയില്‍ എടുത്തുപറയേണ്ട പ്രത്യേകതയാണ്. ഉറ്റ സുഹൃത്തുക്കളെയോ, ഏറ്റവും അടുത്ത ബന്ധുക്കളെയോ കണ്ടാല്‍പ്പോലും ഇവരുടെ മുഖത്തു യാതൊരുവിധ ഭാവമാറ്റവും ഉണ്ടാവില്ല. കാണപ്പെടുന്ന ഒരേ ഭാവം ചൈതന്യംപൂര്‍ണമായും നഷ്ടപ്പെട്ട നിസ്സംഗത മാത്രമായിരിക്കും. അലക്ഷ്യമായി എവിടെയോ തറപ്പിച്ചുനോക്കുന്ന രീതി. മറ്റുള്ളവരില്‍ സഹതാപം ജനിപ്പിക്കുന്നതരത്തിലായിരിക്കും ഇവരുടെ നടത്തം. ഇരുന്നിട്ട് എണീക്കുവാന്‍ ബുദ്ധിമുട്ട്, നടക്കാന്‍ വളരെപ്രയാസം എന്നിവ അനുഭവപ്പെടും. കൈയ്യക്ഷരം വായിക്കുവാന്‍ പറ്റാത്തവിധം തീരെ ചെറുതായിപ്പോകും. രോഗം തീവ്രമാകുമ്പോള്‍ ഓര്‍മ്മശക്തിയെ ബാധിക്കുന്നതിനൊപ്പം പ്രവൃത്തികളെല്ലാം മന്ദമായേക്കാം. അംഗചലനങ്ങളെല്ലാം സ്ലോമോഷനിലാകും. നടക്കുമ്പോള്‍ വേഗതകുറക്കുവാനോ പെട്ടെന്നു നില്‍ക്കുവാനോ ഇവര്‍ക്കാവില്ല. വെറുതെയിരിക്കുമ്പോള്‍ രോഗിയുടെ കൈവിരലുകള്‍ വിറക്കുകയോ ജപമാലയുടെ മുത്തുകള്‍ തള്ളിവിടുന്നതുമാതിരി അംഗവിക്ഷേപങ്ങള്‍ കാണിക്കുകയോ ചെയേ്തക്കാം.

മസ്തിഷ്‌ക മുഴ, തലയേ്ക്കല്‍ക്കുന്ന ആഘാതങ്ങള്‍, സിഫിലിസ്‌പോലെയുള്ള ചില ലൈംഗിക രോഗങ്ങള്‍, രക്താതിസമ്മര്‍ദ്ദം, പ്രമേഹം, വര്‍ദ്ധിച്ച കൊളസ്‌ട്രോള്‍ എന്നിങ്ങനെ പാര്‍ക്കിന്‍സണ്‍സ് രോഗത്തിനു പ്രേരക ഘടകങ്ങള്‍ ധാരാളം ഉണ്ട്. കാര്‍ബണ്‍ മോണോകൈ്‌സഡ്/മെര്‍ക്കുറി വിഷബാധകള്‍, ഫിനോത്തയാസിന്‍ ഗ്രൂപ്പില്‍പ്പെട്ട മരുന്നുകളുടെ വിവേചന രഹിതമായ ഉപയോഗം എന്നിവയും രോഗത്തിനു കാരണമാകും.

പാര്‍ക്കിന്‍സണ്‍ രോഗം പഴക്കമേറിയാല്‍ നാക്കിലും കണ്‍പോളകളിലും വിറയല്‍ പ്രത്യക്ഷപ്പെടാം. അത്തരം ഘട്ടത്തില്‍ വിശ്രമാവസ്ഥയിലെ വിറയല്‍കൂടുതല്‍ പ്രകടമായിത്തീരും. കണ്‍പോളകളടക്കാതെ നിര്‍വികാരമായ രോഗിയുടെ മുഖഭാഗം ഒരു മന്ദബുദ്ധിയുടെ പ്രതീതി ഉണ്ടാക്കിയേക്കും. നടക്കുമ്പോഴുള്ള കൈവീശലിന്റെ താളക്രമം തെറ്റുകയോ ഇല്ലാതാകുകയോ ചെയ്യും. നടക്കുന്ന സമയത്തെ ശരീരത്തിന്റെ ബാലന്‍സ് ക്രമീകരിക്കുവാന്‍ രോഗിക്കു കഴിയുന്നതല്ല. പേശികളുടെ കോച്ചിവലി നിമിത്തം നന്നായി എഴുതാന്‍ കഴിയില്ല. ശ്രദ്ധയോടെ ചെയ്താന്‍ ഏതാനും മിനിറ്റു നേരത്തേക്കു ഇതുശരിയാകുമെങ്കിലും ശ്രദ്ധപതറുമ്പോള്‍ പഴയരീതിയിലായിത്തീരും. സ്പര്‍ശനശേഷിക്കുനാശം സംഭവിക്കുന്നില്ല.

പേശീകാഠിന്യം, വിറയല്‍, ചലനപ്രക്രിയയിലെ വ്യത്യാസങ്ങള്‍ ഇവ മൂന്നുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ അടയാളങ്ങള്‍. മദ്യപാനാധിക്യത്തിലും തൈറോയ്ഡ് വീക്കത്തിലും കാണപ്പെടുന്ന വിറയല്‍ ഈ രോഗത്തിലെ വിറയലുമായി വേര്‍തിരിച്ചറിയുവാന്‍ ഒരു വിദഗ്ദ്ധനു കഴിയും. രോഗത്തിന്റെ പേരുപറയുവാന്‍ കഴിയുന്നില്ല എന്നതുകൊണ്ട് മാത്രം ആയുര്‍വേദത്തില്‍ ചികിത്സയ്ക്ക് ബുദ്ധിമുട്ടുകളുണ്ടാകുന്നില്ല. ത്രിദോഷങ്ങളുടെ വൃദ്ധിക്ഷയങ്ങളാണ് രോഗങ്ങളുടെ അടിസ്ഥാനകാരണം എന്നതിനാല്‍ ഓരോ രോഗത്തിലെയും ലക്ഷണങ്ങള്‍ സൂക്ഷ്മമായി പഠിച്ച് ഏതൊക്കെ ദോഷങ്ങള്‍ക്കാണ് സമാവസ്ഥയില്‍ നിന്നും മാറ്റം സംഭവിച്ചിരിക്കുന്നതെന്നു വിലയിരുത്തി അവയെ ക്രമത്തിലാക്കുന്നതിനുള്ള ഔഷധങ്ങളും ക്രിയാക്രമങ്ങളും വിദഗ്ദ്ധ മേല്‍നോട്ടത്തില്‍ ശമിപ്പിക്കുവാന്‍ കഴിയും. ആയുര്‍വേദത്തിലെ പഞ്ചകര്‍മ - രസായന ചികിത്സകള്‍ക്ക് ഈ രോഗത്തിന്റെ ശമനത്തിനും പ്രതിരോധത്തിലും നിര്‍ണായക പങ്കുവഹിക്കുവാന്‍ കഴിയും. പഞ്ചകര്‍മ ചികിത്സ വിദഗ്ദ്ധ മേല്‍നോട്ടത്തില്‍ ചെയ്യുക വഴി മസ്തിഷ്‌കത്തിലേക്കുള്ള രക്തഓട്ടം സുഗമമാക്കുവാനും പോഷകന്യൂനത പരിഹരിക്കുവാനും കഴിയും. രസായന ചികിത്സയിലൂടെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന മസ്തിഷ്‌കകോശങ്ങള്‍ക്കു പുതുജീവന്‍ പ്രദാനം ചെയ്യുവാനും ഊര്‍ജം നല്‍കി കൂടുതല്‍ കര്‍മക്ഷമമാക്കുവാനും കഴിയും.

രസ്‌നാദികഷായം, ബലാരിഷ്ടം, പുനര്‍ന്നവാസവം, കപികച്ചുചൂര്‍ണം, ശുണുീബലാദികഷായം, ക്ഷീരബല ആവര്‍ത്തികള്‍, ഭേളതൈലം, ധാന്വന്തരം സഹചരാദി, മഹാമാഷ തൈലങ്ങള്‍ എന്നിങ്ങനെ ധാരാളം ഔഷധങ്ങള്‍ രോഗാവസ്ഥ, രോഗിയുടെ ശരീരപ്രകൃതി, മാനസികാവസ്ഥ, പ്രായം, ആരോഗ്യസ്ഥിതി എന്നിവ സൂക്ഷ്മമായി പഠിച്ചശേഷം യുക്ത്യനുസരണം ഉപയോഗപ്പെടുത്തണം.
പാര്‍ക്കിന്‍സണ്‍രോഗം ഒരാളിന്റെ ജീവിതത്തില്‍ വലിയമാറ്റങ്ങളാണുണ്ടാക്കുക. അതിനാല്‍ ക്ഷമയോടെയുള്ള പരിചരണം രോഗിക്കു നല്‍കണം. മാംസ്യം കൂടുതലടങ്ങിയ ആഹാരം ഒഴിവാക്കുകയും പഴങ്ങളും പച്ചക്കറികളും ശുദ്ധജലവും ധാരാളമായി ഉപയോഗപ്പെടുത്തുകയും വേണം.

ആയുര്‍വേദത്തിലെ സ്നേഹസ്വേദങ്ങള്‍ (അനുയോജ്യമായ ഔഷധീകരിച്ച തൈലം / ഘൃതം ബാഹ്യമായും ആന്തരികമായും ഉപയോഗിച്ച് സ്‌നിഗ്ദ്ധ മാക്കിയശേഷം ചൂടേല്പിച്ചു വിയര്‍പ്പിക്കുക). ശരീരാവയവങ്ങള്‍ക്കുണ്ടാകുന്ന വേദന, വിറയല്‍, കോച്ചിവലി, സ്തംഭനം എന്നിവക്ക് പൂര്‍ണശമനം നല്‍കുവാന്‍ പര്യാപ്തമാണ്. മറ്റൊരു സ്വേദനക്രിയയായ ധാര ഈ രോഗത്തില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. രോഗശമനത്തിനു സഹായകമായ ഔഷധങ്ങള്‍ ചേര്‍ത്തു പാകപ്പെടുത്തിയ തൈലം മുതലായ അനുയോജ്യമായ ദ്രവ്യങ്ങള്‍ നിശ്ചിത ചൂടില്‍ പ്രത്യേക അകലത്തില്‍ ധാരയായി ഒഴുക്കുന്നതിനെയാണ് ധാര എന്നു പറയുന്നത്. തലയില്‍ മാത്രമായി ചെയ്യുന്ന 'ശിരോധാര' പ്രത്യേകിച്ചും ഈ രോഗത്തില്‍ ഏറെ പ്രയോജനകരമായി കണ്ടിട്ടുണ്ട്. ധാരയ്ക്ക് നാഡീകേന്ദ്രത്തില്‍ ഉത്തേജനവും അന്തഃസ്രാവക്രമീകരണവും വരുത്തുവാന്‍ പര്യാപ്തമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. മോര്, ചില പ്രത്യേകതരം കഷായങ്ങള്‍, അരിക്കാടി എന്നിവയും ധാരയ്ക്കു ഉപയോഗപ്പെടുത്താം. പ്രത്യേക ഔഷധങ്ങളിട്ടു കാച്ചിയ പാലില്‍ നിന്നുണ്ടാക്കുന്ന മോരാണ് ഇതിലേക്കുപയോഗപ്പെടുത്തുക. രോഗത്തിന്റെ ഘട്ടം മനസ്സിലാക്കിവേണം മരുന്നുകള്‍ യുക്തമായവ തിരഞ്ഞെടുക്കാന്‍. ശിരോധാരയ്ക്കു മുമ്പ് സ്നേഹസ്വേദങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ ചെയ്തു എന്നുറപ്പു വരുത്തേണ്ടതാണ്.

പിഴിച്ചില്‍, ഇലക്കിഴി, ശിരോവസ്തി, ധാന്യാധാര എന്നീ ക്രിയാക്രമങ്ങളും പാര്‍ക്കിന്‍സണ്‍സിന്റെ മൂലകാരണത്തെയും ലക്ഷണങ്ങളെയും പൂര്‍ണമായും ശമിപ്പിക്കുവാന്‍ എത്രത്തോളം പര്യാപ്തമാണെന്നു ഗവേഷണങ്ങളിലൂടെ നിരീക്ഷിക്കേണ്ടതുണ്ട്.

ഡോ. കെ. മുരളീധരന്‍പിള്ള,
മുന്‍ പ്രിന്‍സിപ്പല്‍, ആയുര്‍വേദ കോളേജ്,
ഒല്ലൂര്‍, തൃശ്ശൂര്‍

വിഷാദരോഗം: ലക്ഷണങ്ങള്‍ തിരിച്ചറിയുക

കൈകാലുകള്‍ക്ക് വേദനയും തരിപ്പും പുകച്ചിലും പുറംവേദന, തലയ്ക്കു പുകച്ചില്‍, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ചുരുങ്ങിയത് 20 ശതമാനം രോഗികളെങ്കിലും ഒരു പ്രൈമറി ഹെല്‍ത്ത് സെന്‍ററിലോ അല്ലെങ്കില്‍ ജനറല്‍ പ്രാക്ടീഷണറുടെ ക്ലിനിക്കിലോ എത്തുന്നത്. സാധാരണ ഗതിയില്‍ ഒരു വേദനസംഹാരിയും ഉറക്കഗുളികയും ക്ഷീണത്തിന് ഒരു വിറ്റാമിന്‍ ഗുളികയും നല്‍കി നിങ്ങള്‍ക്ക് രോഗമൊന്നുമില്ല, ടെന്‍ഷന്‍ കൊണ്ടാണെന്ന് പറഞ്ഞു സമാധാനിപ്പിച്ചുവിടുകയാണ് കണ്ടുവരുന്നത്.

പലപ്പോഴും ഇത്തരം രോഗികള്‍ ഇതേ ലക്ഷണങ്ങളുമായി വീണ്ടും വീണ്ടും ഡോക്ടറെ സമീപിക്കുകയും ഇതേ ചികിത്സ തുടരുകയും ചെയ്യാറുണ്ട്. ഇവരുടെ വീട്ടുകാര്‍ പലപ്പോഴും നിങ്ങള്‍ക്ക് രോഗമൊന്നുമില്ല, വെറുതെ അഭിനയിക്കുകയാണെന്നു പറഞ്ഞ് ഇവരെ അധിക്ഷേപിക്കുകയും ചെയ്യാറുണ്ട്.

ലബോറട്ടറി പരിശോധനയിലും ശാരീരിക പരിശോധനയിലും ശരീരത്തിന്‍േറതായ രോഗങ്ങള്‍ ഒന്നും കാണാതിരിക്കുകയും എന്നാല്‍ രോഗിക്ക് ശാരീരിക ലക്ഷണങ്ങള്‍ വ്യക്തമായി അനുഭവിക്കുകയും ചെയ്യുന്ന ഈ അവസ്ഥ അതായത് വേദനയോ പുകച്ചിലോ ഉണ്ടാകാനുള്ള ശാരീരിക വൈകല്യങ്ങളൊന്നുമില്ലാതെ രോഗി വേദനയും പുകച്ചിലും അനുഭവിക്കുക. ഇത്തരം ലക്ഷണങ്ങളെ സൈക്കോ സോമാറ്റിക് ലക്ഷണങ്ങള്‍ എന്നാണ് പറയുക. അതായത് മാനസികനിലയുടെ ശാരീരികമായ ആവിഷ്‌കരണം, മനുഷ്യമനസ്സിന്റെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും ചിന്താഗതികളും പ്രകടിപ്പിക്കുവാന്‍ ശരീരം കണ്ടുപിടിച്ച ഒരു വഴിയാണിത്. ഇത്തരം ലക്ഷണങ്ങള്‍ അനുഭവിക്കുന്ന ഒരു വ്യക്തിക്ക് അവന്റെ വൈകാരികാവസ്ഥയുടെ ഭാഗമായി ഇതിനെ മനസ്സിലാക്കുവാന്‍ കഴിയില്ല. കാരണം ബോധമനസ്സിന് ഇത്തരം ലക്ഷണങ്ങളില്‍ വലിയ സ്ഥാനമില്ല. ഒരു വ്യക്തിക്ക് തന്നത്താന്‍ തിരിച്ചറിയുവാന്‍ കഴിയാത്ത അവന്റെ ഉപബോധമനസ്സില്‍നിന്ന് മാനസിക സമ്മര്‍ദം നേരിട്ട് ശാരീരിക ലക്ഷണങ്ങളായ വേദനയും തരിപ്പായുമൊക്കെ പരിണമിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അനുഭവിക്കുന്ന വ്യക്തിക്ക് നൂറുശതമാനം ശരിയായ വേദനയായും തരിപ്പായും തന്നെയാണ് ഇത് അനുഭവപ്പെടുന്നത്.

നമ്മുടെ ശരീരത്തിലുണ്ടാകുന്ന എല്ലാതരം സംവേദനങ്ങളിലും (Sensations) നമ്മുടെ വൈകാരികാവസ്ഥയുടെ നിയന്ത്രണമുണ്ട്. ഒരു പട്ടാളക്കാരന്‍ തനിക്കേറ്റ മാരകമായ മുറിവില്‍നിന്ന് യാതൊരു വേദനയുമനുഭവിക്കാതെ യുദ്ധമുഖത്ത് മുന്നേറുന്നത് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.

സ്ഥിരമായുണ്ടാകുന്ന പുറംവേദനകളില്‍ 70 ശതമാനത്തിലധികവും മനശ്ശാത്രപരമാണെന്ന് മിക്കവാറും എല്ലാ പഠനങ്ങളും തെളിയിക്കുന്നു. കൂടാതെ ശരീരത്തിന്റെ പല ഭാഗത്ത് മാറിമാറിവരുന്ന വേദനകള്‍ അതായത് ചില ദിവസങ്ങളില്‍ നെഞ്ചുവേദന, മറ്റു ചില ദിവസങ്ങളില്‍ തലവേദന, കൈകാലുകള്‍ക്ക് വേദന എന്നിങ്ങനെ ഉണ്ടാകുന്നതും മിക്കവാറും മാനസിക നിലയുമായി ബന്ധപ്പെട്ടതാണ്.

സാമൂഹികമായ പിന്തുണയില്ലായ്മ, കുടുംബത്തിലെ ആശയവിനിമയത്തിലുള്ള വൈകല്യങ്ങള്‍, വളര്‍ന്നുവന്ന സാഹചര്യങ്ങള്‍, താഴ്ന്ന വിദ്യാഭ്യാസ നിലവാരം, വ്യക്തിത്വവൈകല്യങ്ങള്‍, വിവിധ മാനസികരോഗങ്ങള്‍ എന്നിവയൊക്കെ സൈക്കോസോമാറ്റിക് ലക്ഷണങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രായമായവരിലാണ് ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. പ്രായമാകുമ്പോഴുണ്ടാകുന്ന വിവിധ ശാരീരികാസുഖങ്ങളും അധികാരസ്ഥാനങ്ങള്‍ നഷ്ടപ്പെടുന്നതും ഉറ്റവരുടെ മരണങ്ങള്‍ക്ക് സാക്ഷിയാകുന്നതുമൊക്കെ ഇതിനു കാരണമാകുന്ന ഘടകങ്ങളാണ്.

ശാരീരിക പരിശോധനയിലും ലബോറട്ടറി പരിശോധനകളിലുമെല്ലാം നോര്‍മലായ ഇത്തരം രോഗികളെ രോഗമില്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കുമ്പോള്‍ സംഭവിക്കുന്നത് പൂര്‍ണമായും ചികിത്സിച്ചുമാറ്റാന്‍ കഴിയുന്ന ഒരു മാനസികരോഗത്തില്‍നിന്ന് രോഗിയുടെ മോചനം അസാധ്യമാക്കുകയാണ്. അതായത്, മുകളില്‍ വിവരിച്ച ശാരീരിക ലക്ഷണങ്ങളുമായി വരുന്ന ഭൂരിപക്ഷം രോഗികളിലും വിഷാദരോഗത്തിന്റെ ഭാഗമായാണ് ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. വിഷാദരോഗത്തിന്റെ സാധാരണലക്ഷണങ്ങളായ അമിതമായ സങ്കടം, ഒന്നിനും താത്പര്യമില്ലായ്മ, തളര്‍ച്ച, നിരാശാബോധം, പ്രതീക്ഷയില്ലായ്മ, ആത്മഹത്യാപ്രവണത, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, ദേഷ്യക്കൂടുതല്‍ എന്നിവയില്‍ പലതും ഇവരില്‍ മിക്കവാറും പേര്‍ക്ക് ഉണ്ടാകുമെങ്കിലും അതിനെപ്പറ്റി നേരിട്ടന്വേഷിക്കുമ്പോള്‍ മാത്രമേ പലരും അതൊക്കെ പറയാറുള്ളൂ.

ചിലപ്പോള്‍ അമിതമായ സങ്കടവും നിരാശാബോധവും താത്പര്യമില്ലായ്മയുമൊക്കെ തരിപ്പും പുകച്ചിലിനുമൊപ്പം രോഗി പറയാറുണ്ടെങ്കിലും വിഷാദരോഗത്തെപ്പറ്റി വേണ്ടത്ര അവബോധമില്ലാത്തതുകൊണ്ടുമാത്രം യഥാര്‍ഥ ചികിത്സ ലഭിക്കാതെ അസുഖം നീണ്ടുപോകുകയോ അല്ലെങ്കില്‍ ആത്മഹത്യയില്‍വരെ എത്തുകയോ ചെയ്യാറുണ്ട്. പ്രഷറും പ്രമേഹവുംപോലെ ശരീരത്തിന്റെ രാസഘടനയിലുണ്ടാകുന്ന ഒരു മാറ്റംമൂലമാണ് വിഷാദരോഗവും ഉണ്ടാകുന്നത്.

ഒരുപാട് വേദനസംഹാരികളും വിറ്റാമിന്‍ ഗുളികകളും കഴിച്ചാലും മാറ്റുവാന്‍ കഴിയാത്ത തരിപ്പും പുകച്ചിലും വേദനകളുമൊക്കെത്തന്നെ തലച്ചോറിലെ സെറോടോണീവിന്റെ അളവ് കൂട്ടുന്ന വിഷാദരോഗത്തിനുള്ള മരുന്നുകള്‍ കഴിച്ചാല്‍ മൂന്നുനാല് ആഴ്ചയ്ക്കുള്ളില്‍ത്തന്നെ പൂര്‍ണമായി മാറ്റം വരാറുണ്ട്. വിഷാദരോഗത്തിന് പഴയകാലത്തുള്ള പാര്‍ശ്വഫലങ്ങളുണ്ടാകുന്ന മരുന്നുകളില്‍നിന്ന് വ്യത്യസ്തമായി പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത പുതിയതരം മരുന്നുകളുള്ളത് ഇത്തരം രോഗികളുടെ ചികിത്സയ്ക്ക് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്.

വൃക്കയിലെ കല്ല്‌

വീടിന്റെ ഉമ്മറത്ത് വെച്ചാണ് ചന്ദ്രനെ കണ്ടത്. കസേരയില്‍ കൂനിക്കൂടി ഇരിക്കുകയായിരുന്നു ചന്ദ്രന്‍. കണ്ടാല്‍ 45 വയസ്സ് തോന്നും. വാടിയ മുഖം. ചുറ്റിലുമുള്ള കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്തോ ആലോചിച്ച് ഇരിക്കുകയാണ്. കൈയിലൊരു പ്ലാസ്റ്റിക്ക് കവറുണ്ട്. അതില്‍ മുറുകെ പിടിച്ചിരിക്കുന്നു. അതില്‍ നിറയെ ചികിത്സാ രേഖകളാണ്. പരിശോധനാമുറിയില്‍ വെച്ച് ചന്ദ്രന്‍ രോഗവിവരങ്ങള്‍ പറഞ്ഞു. വടകരയിലാണ് വീട്. ടൗണില്‍നിന്ന് കുറച്ച് ഉള്ളില്‍ പോകണം. നാടന്‍ പണിയാണ് ചന്ദ്രന്. ഇയാളുടെ രോഗത്തിന് കുറച്ചു വര്‍ഷത്തെ പഴക്കമുണ്ട്. പുറത്ത് താഴെ ഭാഗത്ത് ഇടയ്ക്ക് വേദന വരുമായിരുന്നു. അന്നത് കാര്യമാക്കിയില്ല. ശ്രദ്ധിച്ചില്ല. ദേഹമനങ്ങി പണിയെടുക്കുന്നത് കൊണ്ടായിരിക്കുമെന്ന് വിചാരിച്ചു. ഒരു ദിവസം മൂത്രക്കടച്ചില്‍ വന്നു. നല്ല വേദനയായിരുന്നു. പുകച്ചിലും, മൂത്ര തടസ്സവുമുണ്ടായി. അപ്പോള്‍ ഡോക്ടറെ കാണിച്ചു. കുറച്ചു മരുന്നുകള്‍ തന്നു. മൂത്രത്തില്‍ അണുബാധ ആയിരിക്കുമെന്നാണ് പറഞ്ഞത്. മരുന്നു കഴിച്ചപ്പോള്‍ സുഖമായി. കുറച്ചു നാളുകള്‍ക്ക് ശേഷം അസുഖം വീണ്ടും വന്നു. വീണ്ടും പഴയപടി ചികിത്സ. വിശദ പരിശോധന നടത്തണമെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷെ മരുന്ന് കഴിച്ചതല്ലാതെ പരിശോധനയ്ക്ക് പോയില്ല. അതിന്റെയൊന്നും ആവശ്യമില്ലെന്ന് കരുതി. കുറച്ചു കാലത്തിന് ശേഷം രോഗം ആവര്‍ത്തിച്ചപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എക്‌സറേ എടുത്തു. മൂത്രപരിശോധന നടത്തി. ചെറിയൊരു പ്രശ്‌നമുണ്ട്. ഓപ്പറേഷന്‍ വേണ്ടിവരുമെന്ന് പറഞ്ഞു. ഓപ്പറേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയായിരുന്നു. വീട്ടുകാരും കൂട്ടുകാരും കാര്യം അറിഞ്ഞു. ഓപ്പറേഷന്‍ ഇല്ലാതെ രോഗം മാറ്റാനുള്ള വഴികള്‍ തേടി. അങ്ങനെ ആയുര്‍വേദ ചികിത്സ ചെയ്തു. ചില പച്ചമരുന്നുകളും പരീക്ഷിച്ചു. കുറേക്കാലം കഴിഞ്ഞപ്പോള്‍ പഴയതുപോലെ വീണ്ടും വേദന വന്നു. പലതരം ചികിത്സകള്‍ തുടര്‍ന്നു. ഇപ്പോള്‍ കുറച്ചു ദിവസമായി അതികഠിനമായ വേദന. മൂത്രം തടസ്സപ്പെടുന്നുമുണ്ട്. അങ്ങനെയാണ് വിദഗ്ധ ചികിത്സ തേടി എത്തിയത്. സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധന കഴിഞ്ഞ ശേഷമാണ് ഒരു കിഡ്‌നിയ്ക്ക് ഗുരുതരമായ തകരാറുണ്ടെന്ന് കണ്ടെത്തിയത്. കിഡ്‌നി പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ എടുത്തുമാറ്റുകയല്ലാതെ വേറെ വഴിയില്ല. ആദ്യം തന്നെ ഓപ്പറേഷന്‍ ചെയ്തിരുന്നെങ്കില്‍ രക്ഷപ്പെട്ടേനെ.

ജന്മനാ ഉള്ള തകരാറാണ് ചന്ദ്രന്. കിഡ്‌നിയില്‍ നിന്ന് മൂത്രവാഹിനിയിലേക്കുള്ള വഴി ഇടുങ്ങിപ്പോയതാണ് പ്രശ്‌നം. പെല്‍വി- യൂറിറ്ററിക് ജംഗ്ഷന്‍ ഒബ്‌സ്ട്രക്ഷന്‍ (PUJ obstruction) എന്നാണ് ഈ അവസ്ഥയുടെ പേര്. ജന്മനാ ഉള്ള തകരാറാണെങ്കിലും വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാവും ഇതിന്റെ പ്രശ്‌നങ്ങള്‍ പുറത്തു വരിക. രോഗിക്ക് വേദനയുണ്ടാവും. മൂത്രം ശരിക്ക് ഒഴിഞ്ഞു പോവില്ല. മൂത്രത്തില്‍ അണുബാധയും വരാം.

ചന്ദ്രനാകട്ടെ കിഡ്‌നിയില്‍ കല്ലും വന്നു. സ്വതവേ ഇടുങ്ങിയ പെല്‍വി-യൂറിറ്ററിക് ജംഗ്ഷനിലും കല്ല് അടിഞ്ഞു കൂടിയതോടെ പ്രശ്‌നം രൂക്ഷമായി. ജന്മനായുള്ള തകരാറ് ചെറിയൊരു ശസ്ത്രക്രിയയിലൂടെ ശരിയാക്കാനാവുമായിരുന്നു. അത് ചെയ്യാത്തത് പാളിച്ചയായി. കല്ല് കൂടിവന്നതോടെ സ്ഥിതി വളരെ മോശമായി. കിഡ്‌നി 10 ശതമാനം പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ആ നിലയില്‍ അത് എടുത്തു കളയുകയല്ലാതെ മാര്‍ഗമൊന്നുമില്ല.

കണ്ണൂരില്‍ നിന്ന് രാവിലെ ബസ്സില്‍ കയറിയതാണ് സതീഷ്. കോഴിക്കോട്ടേയ്ക്ക് പോകാന്‍. ബസ്സില്‍ കയറി ഇരിക്കുമ്പോള്‍ തന്നെ ചെറിയ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു. വയറിന് പിന്‍ഭാഗത്ത് ചെറിയ വേദന. അത് സാരമാക്കിയില്ല. ബസ്സ് ഓടിത്തുടങ്ങി. ഇതിനിടയില്‍ വേദന കൂടിവന്നു. വേദന ശ്രദ്ധിക്കാതെ സീറ്റില്‍ കണ്ണടച്ച് ഇരുന്നു. ഒന്നര മണിക്കൂര്‍ കഴിഞ്ഞുകാണും. അപ്പോഴേക്കും അടിവയറ്റിലും വേദന തുടങ്ങി. അത് തുടയിടുക്കിലേക്കും വ്യാപിക്കുന്നു. ഇതിനിടയില്‍ മൂത്രമൊഴിക്കാനും തോന്നിത്തുടങ്ങി. മൂത്രം പിടിച്ചുനിര്‍ത്തി വയറും അമര്‍ത്തിപ്പിടിച്ച് ബസ്സില്‍ ഇരുന്നു. കോഴിക്കോട് എത്തുമ്പോള്‍ കലശലായ വേദന. മെല്ലെ ബസ്സില്‍ നിന്നിറങ്ങി. മൂത്രപ്പുരയിലേക്ക് കയറി. പക്ഷേ മൂത്രം വരുന്നില്ല. വേദന മൂത്രനാളിയിലും എത്തുന്നു. കുറേ നേരം മൂത്രം പിടിച്ചുനിര്‍ത്തിയിട്ടാവുമെന്നു കരുതി. വീണ്ടും ശ്രമിച്ചു. തുള്ളികളായി കുറച്ച് മൂത്രം പോയി. വെളുത്ത യൂറിനലില്‍ ഒരു തുള്ളി ചോര ഉറ്റിവീണു. ഞെട്ടിപ്പോയി. ഇതെന്താണ് മൂത്രമൊഴിക്കുമ്പോള്‍ ചോരയോ? കുറച്ചു തുള്ളി മൂത്രം കൂടി പോയി. ബ്രൗണ്‍ നിറത്തില്‍. എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലായി. ടൗണില്‍ തന്നെ ലോഡ്ജ് മുറിയില്‍ താമസിക്കുന്ന കൂട്ടുകാരനെ മൊബൈലില്‍ വിളിച്ച് കാര്യം പറഞ്ഞു. അവന്‍ പെട്ടെന്ന് തന്നെ എത്തി. മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തിലേക്ക് പോയി. ഡോക്ടറെ കണ്ട് വിവരങ്ങള്‍ പറഞ്ഞു. ലക്ഷണങ്ങള്‍ കണ്ടിട്ട് മൂത്രക്കല്ലായിരിക്കാനാണ് സാധ്യതയെന്ന് ഡോക്ടര്‍ പറഞ്ഞു. ആദ്യം വേദന മാറാന്‍ ഇഞ്ചക്ഷന്‍. പിന്നെ എക്‌സറേ എടുത്തു. വൃക്കയില്‍ കല്ലുണ്ട്. ചെറിയ ഒരു കല്ല് വൃക്കയില്‍ നിന്നും മൂത്രനാളിവരെ എത്തിയതാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. തുടര്‍ ചികിത്സകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അന്ന് കോഴിക്കോട്ട് തങ്ങി. പിറ്റേന്ന് വീട്ടിലേക്ക് തിരിച്ചുപോന്നു. നാട്ടിലെത്തിയപ്പോള്‍ കൂട്ടുകാര്‍ കല്ല് പോകാനുള്ള മറ്റ് ചികിത്സകളെക്കുറിച്ച് പറഞ്ഞു. അങ്ങനെ ആയുര്‍വ്വേദവും നാടന്‍ മരുന്നുകളും പരീക്ഷിച്ചു. അപ്പോല്‍ കല്ല് ഉരുകി പോയ്‌ക്കൊള്ളും എന്നാണ് പറഞ്ഞത്. കുറച്ചു മാസങ്ങള്‍ ചികിത്സ തുടര്‍ന്നു. ഒരു ദിവസം രാത്രി, ഏതാണ്ട് ഒന്നര മണിയായിക്കാണും. പിന്‍ഭാഗത്ത് വാരിയെല്ലിനു താഴെ വേദന തുടങ്ങി. മുമ്പ് ബസ്സില്‍ വച്ച് ഉണ്ടായതിനേക്കാള്‍ ശക്തമായി. വേദന ഇറങ്ങിവന്നു. അടിവയറ്റില്‍, തുടയിടുക്കില്‍, ലിംഗത്തില്‍ എല്ലാം അതി കഠിനമായ വേദന. സഹിക്കാനാവാതെ കിടക്കയില്‍ കിടന്ന് പുളഞ്ഞു. കരഞ്ഞു. വീട്ടുകാര്‍ പേടിച്ചുപോയി. ഉടനെ ഡോക്ടറുടെ അടുത്തു പോയി. അവിടെ നിന്ന് വേദന മാറ്റാന്‍ ഇഞ്ചക്ഷന്‍ നല്‍കി. കല്ല് തന്നെയായിരുന്നു പ്രശ്‌നക്കാരന്‍. പിറ്റേന്ന് രാവിലെ തന്നെ കോഴിക്കോട്ടേയ്ക്ക് വന്നു. വീണ്ടും എക്‌സറേ എടുത്തു. കല്ല് ഉരുകിയിട്ടില്ല. വൃക്കയില്‍ ഇപ്പോഴുമുണ്ട്. പിന്നീട് മറ്റ് പരീക്ഷണങ്ങള്‍ക്ക് നിന്നില്ല. കല്ലുകള്‍ നീക്കി. അതോടെ ആശ്വാസമായി. കല്ല് വീണ്ടും രൂപപ്പെടാതിരിക്കാന്‍ കരുതലോടെ ജീവിക്കുകയാണ് സതീഷ് ഇപ്പോള്‍.

മൂത്രക്കല്ല് ഇപ്പോള്‍ ഒരു സാധാരണ രോഗമായിത്തീര്‍ന്നിട്ടുണ്ട്. 'സ്റ്റോണി'ന്റെ തകരാറുണ്ട് എന്നു പറയുന്നവരെ നാട്ടില്‍ ഇഷ്ടംപോലെ കാണാനാവും. അനവധി പേര്‍ കല്ലിന് ചികിത്സ തേടി എത്താറുമുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം ദിവസവും ശരാശരി 85 പേര്‍ മൂത്രക്കല്ലിന്റെ ചികിത്സയ്ക്കായി എത്താറുണ്ട്. ഇതില്‍ 20 പേരെങ്കിലും കഠിനവേദനയും നിലവിളിയുമായി എത്തുന്ന രോഗികളുമാണ്.

മൂത്രക്കല്ല് എന്ന് നാട്ടുകാര്‍ വിളിക്കുന്ന കല്ലിന്റെ ഉത്ഭവസ്ഥാനം മഹാഭൂരിഭാഗം സന്ദര്‍ഭങ്ങളിലും വൃക്കകളാണ്. മൂത്രസഞ്ചിയിലെ കല്ലുകളും ഉണ്ടാകാറുണ്ട്. വൃക്കയില്‍ ഇങ്ങനെ കല്ലുമായി ജീവിക്കുന്ന ഒരുപാട്‌പേരുണ്ട്. പലപ്പോഴും പ്രത്യക്ഷ ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. മറ്റേതെങ്കിലും രോഗത്തിന് ചികിത്സ തേടി എത്തുമ്പോഴാവും വൃക്കയില്‍ കല്ലുണ്ടെന്ന് തിരിച്ചറിയുന്നത്. വലിയ കല്ലുകളാണെങ്കില്‍ വൃക്കകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിക്കാം. അപ്പോള്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. ചിലപ്പോള്‍ കല്ലുകള്‍ വൃക്കയില്‍നിന്ന് ഇറങ്ങിവരാറുണ്ട്. ഉരുള്‍പൊട്ടുന്നപോലെ. ഇങ്ങനെ ഇറങ്ങിവരുന്ന കല്ലുകള്‍ വളരെ ചെറുതാണെങ്കില്‍ മൂത്രത്തിലൂടെ പുറത്തുപോകും. കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല. പലപ്പോഴും ചെറിയ കല്ലുകള്‍ ഇങ്ങനെയാണ് പുറത്തുപോകുന്നത്. നാല് മില്ലിമീറ്റര്‍വരെ വലുപ്പമുള്ള കല്ലുകള്‍ ഇങ്ങനെ പൊയ്‌ക്കൊള്ളും. എന്നാല്‍, കല്ലുകള്‍ വലുതാണെങ്കില്‍ കാര്യങ്ങള്‍ കുഴയും. നേര്‍ത്ത മൂത്രവാഹിനിയിലൂടെയും മൂത്രനാളിയിലൂടെയും കല്ലിന് കടന്നുപോകാന്‍ പ്രയാസമായിരിക്കും. ഈ കുഴലുകളുടെ ഭിത്തിയില്‍ അമര്‍ന്നും ഉരസിയും ഞെരുങ്ങിയുമൊക്കെയാവും കല്ല് ഉരുണ്ടുവരുന്നത്. കല്ലിനെ പുറന്തള്ളാന്‍ പേശികളും പണിപ്പെടും. ഞെങ്ങിഞെരുങ്ങി വരുന്ന കല്ലുകള്‍ കുഴലുകളുടെ ഉള്‍ഭാഗത്ത് മുറിവേല്‍പ്പിക്കും. അപ്പോള്‍ ചോര പൊടിയും. കഠിന വേദനയുണ്ടാകും. രോഗി പിടഞ്ഞുപോകും. കല്ലുകള്‍ വഴിമുടക്കുന്നതു കാരണം മൂത്രപ്രവാഹവും തടസ്സപ്പെടും. ഇത്തരത്തിലാണ് മൂത്രക്കല്ലുകള്‍ പ്രശ്‌നകാരികളാവുന്നത്.

ഉഷ്ണരാജ്യങ്ങളിലും വരണ്ട കാലാവസ്ഥയുള്ള സ്ഥലങ്ങളിലുമെല്ലാം വൃക്കയിലെ കല്ല് കൂടുതല്‍ കാണാറുണ്ട്. ചില പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് കല്ല് കൂടുതലായി കാണാറുണ്ട്. സ്റ്റോണ്‍ ബെല്‍റ്റ് എന്നാണ് ഈ പ്രദേശങ്ങളെ വിളിക്കാറ്. വയനാട് ഇത്തരമൊരു സ്റ്റോണ്‍ബെല്‍റ്റ് ആണ്.

ആണുങ്ങളിലും പെണ്ണുങ്ങളിലും വൃക്കയിലെ കല്ല് ഉണ്ടാകാറുണ്ട്. എന്നാല്‍ ആണുങ്ങളില്‍ കല്ലുണ്ടാകാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. 20 മുതല്‍ 70 വരെ വയസ്സ് പ്രായമുള്ളവരിലാണ് കല്ല് കൂടുതല്‍ കാണാറുള്ളത്. ചെറിയ കുട്ടികളില്‍പ്പോലും അപൂര്‍വമായി വൃക്കയിലെ കല്ല് കണ്ടെത്താറുണ്ട്. ഇത്തരം കല്ലുകള്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ടുണ്ടാകുന്നതല്ല. കുറേ വര്‍ഷങ്ങള്‍ കൊണ്ടാണ് രൂപപ്പെടുന്നത്.

മൂത്രാശയ വ്യവസ്ഥ
രണ്ട് വൃക്കകള്‍, മൂത്രസഞ്ചി, രണ്ട് മൂത്രവാഹിനിക്കുഴലുകള്‍, മൂത്രനാളി ഇത്രയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് മൂത്രാശയ വ്യവസ്ഥ.
വൃക്കയില്‍നിന്നും മൂത്രം സഞ്ചിയില്‍ എത്തിക്കുന്നത് മൂത്രവാഹിനികളാണ്. ഇവയ്ക്ക് 30 സെമീറ്റര്‍ നീളമുണ്ടാകും. മൂന്ന് മില്ലീമീറ്റര്‍ വ്യാസവും. മൂത്രസഞ്ചിയില്‍ നിന്നും മൂത്രനാളി വഴി മൂത്രം പുറത്തുപോകും. വയറ്റില്‍ നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായാണ് വൃക്കകള്‍. രക്തത്തിലെ മാലിന്യങ്ങള്‍ അരിച്ചുനീക്കുന്നത് വൃക്കകളാണ്. ഓരോ വൃക്കയിലും 10 ലക്ഷം നെഫ്രോണുകളുണ്ട്. ഇവയാണ് അരിപ്പകളായി പ്രവര്‍ത്തിക്കുന്നത്. ശരീരത്തില്‍ ജലാംശം ലവണങ്ങളുടെ അളവ് എന്നിവ ക്രമീകരിക്കല്‍, അമ്ലക്ഷാരങ്ങളുടെ അനുപാതം ക്രമീകരിക്കല്‍, ഹോര്‍മോണ്‍ ഉത്പാദനം തുടങ്ങിയ ധര്‍മങ്ങളും വൃക്കകള്‍ നിര്‍വഹിക്കുന്നു.

മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്‌

കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് (Multiple Sclerosis). ഈ രോഗത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ജനിതക കാരണങ്ങളാലും മറ്റും ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകരാറിലാകുന്നതുമായി രോഗത്തിനു ബന്ധമുണ്ടെന്ന്ചില പഠനങ്ങള്‍ നിരീക്ഷിക്കുന്നു. കേന്ദ്ര നാഡീവ്യൂഹത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന അജ്ഞാതമായ വൈറസ്സുകളും രോഗാവസ്ഥ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസിന്റെ തുടക്കം മിക്കവാറും കേന്ദ്ര നാഡീവ്യൂഹത്തിലെ മെയ്‌ലീനി (Myelin) ലായിരിക്കും. നാഡികളെ വൈദ്യുതവയറിലെ ചെമ്പ് കമ്പിയോട് ഉപമിക്കാമെങ്കില്‍ അതിനു ചുറ്റുമുള്ള പ്രതിരോധ കവചമാണ് മെയ്‌ലീന്‍. അതുകൊണ്ടുതന്നെ മെയ്‌ലിന്റെ നാശം നാഡീവ്യൂഹത്തെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

പ്രാരംഭദശയില്‍ മെയ്‌ലിനാണ് നാശമുണ്ടാകുന്നതെങ്കിലും അടുത്ത ഘട്ടത്തില്‍ രോഗം നാഡീകേന്ദ്രങ്ങളേയും ബാധിക്കും. ഇത് നാഡീവ്യൂഹത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെ സ്ഥിരമായി ബാധിക്കുന്നു. ബുദ്ധിശക്തി, അറിവ് ശേഖരണം എന്നീ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതിലേക്കും രോഗാവസ്ഥ നയിക്കുന്നു. എം.ആര്‍.ഐ. സ്‌കാനില്‍ മെയ്‌ലിന്റെ നാശം ആദ്യഘട്ടത്തില്‍ അഴുക്കടിഞ്ഞതുപോലെയാണ് ദൃശ്യമാവുക. എന്നാല്‍ നാഡികളിലെ കോശങ്ങള്‍ പൂര്‍ണമായും നശിക്കുന്ന അടുത്ത ഘട്ടത്തില്‍ തെളിയുന്നത് 'തമോഗര്‍ത്തങ്ങള്‍' തന്നെയായിരിക്കും.

പാശ്ചാത്യരാജ്യങ്ങളിലാണ് മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാല്‍ ഒരു ലക്ഷത്തില്‍ അഞ്ചുപേര്‍ക്ക് എന്ന കണക്കില്‍ ഇന്ത്യക്കാര്‍ക്ക് രോഗബാധയുള്ളതായി അടുത്തകാലത്ത് നടന്ന പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് നസ്ര്തീകളിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. 15നും 50നുമിടയിലുള്ള പ്രായത്തിലാണ് രോഗബാധയുണ്ടാകുന്നത്.

കേന്ദ്ര നാഡീവ്യൂഹത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലാണ് രോഗബാധയുണ്ടാകുന്നത്. ഇക്കാരണത്താലാണ് 'മള്‍ട്ടിപ്പിള്‍' സ്‌ക്ലീറോസിസ് (രക്തക്കുഴലുകളുടെ ഭിത്തിക്കു കട്ടി കൂടുന്ന അവസ്ഥയാണ് സ്‌ക്ലീറോസിസ്) എന്നു പറയുന്നത്. വ്യത്യസ്തമായ ഇടവേളകളിലും രോഗം ആക്രമിച്ചുകൊണ്ടിരിക്കാം. തലച്ചോറിന്റെ ഓരോ ഭാഗവും വ്യത്യസ്തമായ ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനാല്‍ രോഗത്തിന്റെ പ്രത്യാഘാതവും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് കണ്ണുമായി ബന്ധപ്പെട്ട നാഡിക്കാണ് രോഗബാധയുണ്ടായതെങ്കില്‍ കാഴ്ചശക്കി തകരാറിലാവുകയായിരിക്കും ഫലം.

രോഗബാധയുടെ ഇടവേളകളില്‍ സ്വാഭാവികമായ രോഗശമനം ഉണ്ടായേക്കാം. എന്നാല്‍ ഈ അവസ്ഥ നാഡീവ്യൂഹത്തിന് മറ്റൊരു തകരാറ് സംഭവിക്കുന്നതിലാണ് കലാശിക്കുക. രോഗം ബാധിച്ച് 15-20 വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും രോഗി നടക്കാന്‍പോലും പറ്റാതെ വീല്‍ചെയറില്‍ സഞ്ചരിക്കേണ്ട അവസ്ഥയിലാകും. ഒരേ രീതിയില്‍ രോഗം വര്‍ധിച്ചുവരുന്ന പ്രൈമറി പ്രോഗ്രസീവ് മട്ടിപ്പിള്‍ സ്‌ക്ലീറോസിസും കണ്ടുവരുന്നു. ഇത് ചികിത്സിക്കാന്‍ പ്രയാസമുള്ളതാണ്.

രോഗം തുടക്കത്തില്‍ കണ്ടുപിടിക്കാന്‍ എം.ആര്‍.ഐ. സംവിധാനമാണ് ഏറെ ഫലപ്രദം. പ്രാരംഭ ദിശയിലുള്ള രോഗ നിര്‍ണയവും ചികിത്സയും രോഗം നിയന്ത്രിക്കാന്‍ സഹായകമാണ്. കോര്‍ട്ടിക്കോസ്റ്റിറോയ്ഡ് ഉപയോഗിച്ചുള്ള ഇന്‍ജക്ഷനോ തുള്ളിമരുന്നോ ആണ് ചികിത്സയില്‍ ഉപയോഗിക്കുന്നത്. അടുത്ത കാലത്ത് ന്യൂറോ മോഡുലേറ്ററി ചികിത്സയും പ്രാബല്യത്തിലുണ്ട്. വില കൂടിയതും പാര്‍ശ്വഫലം കുറഞ്ഞതുമായ മരുന്നുകളാണിതില്‍ നല്കുന്നത്

വായ് പുണ്ണ്‌

വായ്ക്കുള്ളിലുണ്ടാകുന്ന പുണ്ണ് അല്ലെങ്കില്‍ വ്രണത്തെയാണ് വായ്പുണ്ണ് (Oral Ulcer) എന്നുവിളിക്കുന്നത്. വ്യത്യസ്ത കാരണങ്ങളാല്‍ ഇങ്ങനെയുണ്ടാകാം.
ലക്ഷണങ്ങള്‍

· വായ്ക്കുള്ളില്‍ വേദനയും അസ്വസ്ഥതയും
· വായ്ക്കുള്ളില്‍ വ്രണങ്ങള്‍ കാണപ്പെടുക.രോഗത്തിന്റെ പ്രത്യേകതക്കനുസരിച്ച് പുണ്ണിന്റെ രൂപവും പ്രത്യക്ഷപ്പെടുന്ന സ്ഥാനവും വ്യത്യാസപ്പെടാം.
ചികില്‍സ
രോഗലക്ഷണങ്ങള്‍ക്ക് ആശ്വാസം നല്‍കുകയാണ് ചികില്‍സയുടെ ലക്ഷ്യം. രോഗകാരണം വ്യക്തമായാല്‍ അത് ചികില്‍സിക്കപ്പെടണം. വായ ശുചിയായി സൂക്ഷിക്കുന്നത് രോഗലക്ഷണത്തിന് ആശ്വാസമേകാം. ചില കേസുകളില്‍ ടോപ്പിക്കല്‍ ആന്റിഹിസ്റ്റമൈനുകള്‍, അന്റാസിഡുകള്‍, കോര്‍ട്ടിക്കോ സ്റ്റീറോയിഡുകള്‍ തുടങ്ങിയവ പോലുള്ള ആശ്വാസം നല്‍കുന്ന മരുന്നുകള്‍ പുണ്ണിന് മേല്‍ പുരട്ടാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. വായ്പുണ്ണ് മൂലമുള്ള വേദന വര്‍ദ്ദിപ്പിക്കുന്ന മസാല ചേര്‍ത്തതും ചുടുള്ളതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയും വേണം. 
രോഗ കാരണം
പലകാരണങ്ങള്‍കൊണ്ട് വായ്പുണ്ണ് ഉണ്ടാകാം. അവയില്‍ ചിലത് ഇവയാണ്:
· വെളുത്ത നിറത്തിലോ മഞ്ഞനിറത്തിലോ വായ്ക്കുള്ളില്‍ കാണപ്പെടുന്ന വേദനയോടു കൂടിയ ചെറിയ വ്രണം(Canker sores)
· വായിലും മോണയിലും നീരും വ്രണവുമുണ്ടാക്കുന്ന വൈറസ്മൂലമുള്ള അണുബാധ(Gingivostomatitis)
· ഹെര്‍പ്‌സ് സിംപ്‌ളെക്‌സ് എന്ന വൈറസ് രോഗം
· നാക്കിലും കവിളിന്റെ ഉള്‍ഭാഗത്തും വ്രണമുണ്ടാക്കുന്ന ലൂക്കോപഌക്കിയ എന്ന രോഗം
· വായ്ക്കുള്ളിലുണ്ടാകുന്ന അര്‍ബുദം
· വായ്ക്കുള്ളില്‍ പുണ്ണുണ്ടാക്കുന്ന ഓറല്‍ ലൈക്കന്‍ പഌനസ് എന്ന രോഗം.
· നാക്കിലും കവിളിന്റെ ഉള്‍ഭാഗത്തും വെളുത്ത വ്രണമുണ്ടാക്കുന്ന ഓറല്‍ ത്രഷ് എന്ന രോഗം.
ഹിസ്റ്റോപഌസ്‌മോസിസ് മൂലം ത്വക്കിലുണ്ടാകുന്ന വ്രണങ്ങള്‍ വായ് പുണ്ണ് ആയിമാറാം. കാങ്കര്‍ സോര്‍ രോഗം കുട്ടികളേക്കാളും പ്രായമായവരേക്കാളും യുവാക്കളിലാണ് വ്യാപകമായി കാണപ്പെടുന്നത്.

സന്ധിവാതരോഗം: ചികിത്സയിലെ മുന്നേറ്റങ്ങള്‍

 

കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കു മുമ്പുവരെ സന്ധിവാതരോഗങ്ങളുടെ ചികിത്സ രോഗലക്ഷണങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. വേദനാ സംഹാരികളായിരുന്നു ചികിത്സയില്‍ മുഖ്യപങ്കുവഹിച്ചിരുന്നത്. എന്നാല്‍ സന്ധിവാതരോഗ കാരണങ്ങളെയും രോഗത്തിന്റെ സ്വഭാവത്തെക്കുറിച്ചുമുള്ള കൂടുതല്‍ ശാസ്ത്രീയമായ അറിവുകള്‍, ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മിക്കവാറും എല്ലാസന്ധിവാതരോഗങ്ങളും പ്രാരംഭദശയില്‍ തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ച് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുവാന്‍ കഴിയും.

സന്ധിവാത രോഗചികിത്സയില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മരുന്നുകളാണ് വേദനസംഹാരികള്‍. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന അന്‍പതോളം വേദനസംഹാരികള്‍ വിപണിയിലുണ്ട്. എന്നാല്‍ 1999-ല്‍ പുറത്തുവന്ന 'കോക്‌സിബുകള്‍' വേദനസംഹാരികളുടെ പൊതു പാര്‍ശ്വഫലമായ ആമാശയവ്രണങ്ങള്‍ ഉണ്ടാക്കുകയില്ല എന്ന ഗുണമേന്മകൊണ്ട് വിപണി പെട്ടെന്ന് കീഴടക്കുകയുണ്ടായി. കോക്‌സ്-1 ആണ് ആമാശയത്തിന്റെയും വൃക്കകളുടെയും സംരക്ഷണത്തിനുതകുന്ന പ്രോസ്റ്റ്ഗ്ലാന്‍ഡിനുകളുടെ ഉത്പാദനത്തെ സഹായിക്കുന്ന, എന്‍സൈം. ഇതിന്റെ ഉത്പാദനത്തെ തടയാത്തതുകൊണ്ടാണ് നൂതന വേദനസംഹാരികളായ കോക്‌സിബുകള്‍ പരക്കെ സ്വീകാര്യമായത്. എന്നാല്‍ ചില കോക്‌സിബുകളുടെ ഹൃദ്രോഗസാധ്യത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

സ്റ്റിറോയിഡുകളുടെ വ്യാപകമായ ഉപയോഗമാണ് സന്ധിവാത രോഗ ചികിത്സയിലെ മറ്റൊരു മുന്നേറ്റം. പെട്ടെന്നു തന്നെ പ്രവര്‍ത്തിച്ചുതുടങ്ങുന്നതും സന്ധി വാതരോഗലക്ഷണങ്ങളായ സന്ധികളുടെ വേദനയും നീര്‍ക്കെട്ടും ഗണ്യമായി കുറയ്ക്കുന്നത് സ്റ്റിറോയിഡുകളെ ചികിത്സകരുടെ ഇഷ്ട ഔഷധമാക്കിമാറ്റിയിരിക്കുന്നു. എന്നാല്‍ ശ്രദ്ധാപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ സ്റ്റിറോയിഡുകളുടെ പാര്‍ശ്വഫലങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും. രോഗാണുബാധ, അമിതവണ്ണം, പ്രമേഹം, രക്താതിസമ്മര്‍ദം, പേശീബലക്ഷയം, അസ്ഥിദ്രവീകരണം, ആമാശയ വ്രണങ്ങള്‍, വിഷാദരോഗം, തിമിരം തുടങ്ങിയവയാണ് സാധാരണ പ്രശ്‌നങ്ങള്‍. ദീര്‍ഘകാലം സ്റ്റിറോയിഡുകള്‍ ഉപയോഗിക്കേണ്ടിവരുന്നവര്‍ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണം.

സന്ധിവാതരോഗ ചികിത്സയിലെ ഒരു നൂതന അധ്യായമാണ് രോഗത്തിന്റെ പുരോഗതിയെ നിയന്ത്രിക്കുന്ന മരുന്നുകളുടെ ആവിര്‍ഭാവത്തോടെ തുറക്കപ്പെട്ടത്. വേദനാസംഹാരികള്‍ വേദനയും നീര്‍ക്കെട്ടുമുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളെ ലഘൂകരിക്കും എന്നല്ലാതെ രോഗ പുരോഗതിയെ സ്വാധീനിക്കുകയില്ലായിരുന്നു. മെത്തോടകേ്‌സറ്റ്, സള്‍ഫാ സാലസിന്‍, ക്ലോറോക്വിന്‍, ലഫ്ലുനമൈഡ്, സൈക്ലോ സ്‌പോറിന്‍, ഗോള്‍ഡ് തുടങ്ങിയവയാണ് രോഗപുരോഗതിയെ നിയന്ത്രിക്കുന്ന മരുന്നുകളുടെ ശ്രേണിയില്‍ പെട്ടവ.

മത്തോടകേ്‌സറ്റ്, സാധാരണയായി കണ്ടുവരുന്ന സന്ധിവാതരോഗമായ റുമറ്റോയിഡ് ആര്‍ത്രൈറ്റിസിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മരുന്നാണ്. ഫോമിക് ആസിഡിനെ ആശ്രയിക്കുന്ന ചില എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ തടഞ്ഞുകൊണ്ടാണിതു പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ ഒരുദിവസം എന്ന രീതിയിലാണ് മരുന്നിന്റെ ഡോസ് ക്രമീകരിക്കുന്നത്.

സന്ധിവാത ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ കൂട്ടത്തിലെ പുതിയ അംഗമാണ് ലഫ്ലൂനമൈഡ്. പൈരിമിഡിന്‍ എന്ന ഘടകത്തിന്റെ ഉത്പാദനത്തെ തടഞ്ഞുകൊണ്ട്, സന്ധികളുടെ നീര്‍വീക്കത്തിനു കാരണമാകുന്ന പ്രതിപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയാണ് ഇവ ചെയ്യുന്നത്.

റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് പോലെയുള്ള സന്ധിവാതരോഗങ്ങളുടെ ചികിത്സയില്‍ രോഗനിര്‍ണയം നടത്തിയാലുടന്‍ തന്നെ പുതിയ മരുന്നുകള്‍ ആരംഭിക്കുന്നത് രോഗത്തെ പരിപൂര്‍ണമായി നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു. രോഗത്തിന്റെ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത് ആദ്യത്തെ രണ്ടുവര്‍ഷങ്ങളിലാണ്. അതുകൊണ്ടാണ് രോഗ പുരോഗതിയെ നിയന്ത്രിക്കുന്ന മരുന്നുകള്‍ രോഗാരംഭത്തില്‍ത്തന്നെ നിര്‍ദേശിക്കപ്പെടുന്നത്. പൊതുവേ ഇവ സാവധാനത്തിലാണ് പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. മരുന്നുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുവാന്‍ ഒന്നോ രണ്ടോ മാസങ്ങള്‍ വേണ്ടിവന്നേക്കും. ഈ കാലയളവില്‍ രോഗത്തെ നിയന്ത്രിക്കുവാനായി പെട്ടെന്ന് പ്രവര്‍ത്തിച്ചുതുടങ്ങുന്ന സ്റ്റിറോയ്ഡുകള്‍ നല്‍കുന്നു
ഒരു വിഭാഗത്തില്‍പ്പെട്ട മരുന്നുകൊണ്ട് രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ പല വിഭാഗത്തില്‍പ്പെട്ട ഒന്നില്‍ക്കൂടുതല്‍ മരുന്നുകള്‍ സംയുക്തമായി നല്‍കാറുണ്ട്. സന്ധിവാതരോഗങ്ങള്‍ ഒരു ദീര്‍ഘകാലരോഗമായതിനാല്‍ മരുന്നുകള്‍ ദീര്‍ഘനാള്‍ നല്‍കേണ്ടിവരും.

സന്ധിവാതരോഗ ചികിത്സയിലെ ഏറ്റവും പുതിയ വഴിത്തിരിവാണ് ജൈവ ഔഷധങ്ങളുടെ (ബയോളജിക്കലുകള്‍) ആവിര്‍ഭാവം. രോഗാരംഭത്തില്‍ത്തന്നെ തുടങ്ങുകയാണെങ്കില്‍, സന്ധിവാതരോഗങ്ങളെ ഭേദപ്പെടുത്തുവാന്‍ പോലും ജൈവ ഔഷധങ്ങള്‍ക്കുകഴിയുമെന്നാണ് വൈദ്യശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

ഡോ. ബി. പദ്മകുമാര്‍
അസോ. പ്രൊഫസര്‍ മെഡിക്കല്‍ കോളേജ്,
ആലപ്പുഴ

സോറിയാസിസ്‌

 

സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം

ലോകത്ത് ഏതാണ്ട് 12.7 കോടി പേരെ ബാധിച്ചിട്ടുണ്ടെന്ന് കണക്കാക്കുന്ന സോറിയാസിസ് എന്ന ത്വഗ്‌രോഗം നമ്മുടെ നാട്ടിലും സാധാരണമായിരിക്കുകയാണ്. രോഗകാരണമായ ജനിതക മേഖലകളും ചികിത്സാസമീപനങ്ങളിലെ പുതു പരീക്ഷണങ്ങളും ശാസ്ത്രലോകത്ത് ഗൗരവതരമായ ചര്‍ച്ചാവിഷയമാകുമ്പോള്‍ രോഗം മൂലമുള്ള ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് പുതിയ പരിഹാരം തേടുകയാണ് സോറിയാസിസ് രോഗികള്‍. ഇതിന്റെ പ്രസക്തി ഉയര്‍ത്തിക്കാട്ടാനാണ് ഒക്ടോബര്‍ 29 'ലോക സോറിയാസിസ് ദിന'മായി ആചരിക്കുന്നത്.

അടര്‍ത്തിയെടുക്കാവുന്ന ശല്ക്കങ്ങളായും ചുവന്ന ചെറിയ വൃത്തങ്ങളായും കുത്തുകളായും മറ്റും ദേഹത്തിന്റെ പലഭാഗത്തും സോറിയാസിസ് പ്രകടമാകാം. ചിലരില്‍ വളരെ കുറഞ്ഞതോതില്‍ തലയിലോ നഖങ്ങളിലോ മാത്രം കാണാമെങ്കിലും മറ്റുചിലരില്‍ ദേഹമൊട്ടാകെ പടര്‍ന്ന് വികൃതമായിട്ടായിരിക്കും കാണപ്പെടുക. ചൊറിച്ചിലാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. തൊലിയുടെ കട്ടി കൂടുന്നതും ചൊറിയുമ്പോള്‍ ശല്ക്കങ്ങള്‍ പൊഴിയുന്നതും ഇതില്‍ സാധാരണമാണ്. ചെറുപ്പക്കാര്‍ക്കാണ് രോഗം കൂടുതല്‍ കാണുന്നതെങ്കിലും കുട്ടികളിലും പ്രായമായവരിലും അപൂര്‍വമല്ല. കൃത്യമായ ചികിത്സയുടെ അഭാവത്തില്‍, രോഗം സന്ധികളെ ബാധിക്കാനും 'സോറിയാറ്റിക് ആര്‍ത്രൈറ്റിസ്' ഉണ്ടാകാനുമുള്ള സാധ്യതയേറെയാണ്. ഏറെക്കാലം നിലനിന്നേക്കാവുന്ന ഈ ചര്‍മരോഗം പൊതുവെ തണുപ്പുകാലത്താണ് അധികരിക്കാറുള്ളത്.

'എപ്പിഡെര്‍മിസ്' എന്ന ബാഹ്യചര്‍മ സ്തരത്തിന്റെ വളര്‍ച്ച ചിലയിടങ്ങളില്‍ മാത്രം ക്രമാതീതമായി വര്‍ധിക്കുന്ന പ്രതിഭാസമാണ് യാഥാര്‍ഥത്തില്‍ സോറിയാസിസ്. ഇതിന്റെ കാരണം വ്യക്തമായി കണ്ടുപിടിച്ചിട്ടില്ലെങ്കിലും രോഗപ്രതിരോധ സംവിധാനത്തിന്റെ വൈകല്യം കൊണ്ടുള്ള രോഗങ്ങളിലൊന്നായിട്ടാണ് സോറിയാസിസ് പരിഗണിക്കപ്പെടുന്നത്. ജനിതക ഘടകങ്ങള്‍ക്ക് രോഗത്തില്‍ വളരെ ശക്തമായ സ്വാധീനമുണ്ട്. തൊലിയിലേല്‍ക്കുന്ന മുറിവുകളും അമിതമായ ചൂടും തണുപ്പും മാനസിക സംഘര്‍ഷങ്ങളും മറ്റും രോഗം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

സോറിയാസിസ് സമ്മാനിക്കുന്ന വൈരൂപ്യം മൂലം വല്ലാത്ത അപകര്‍ഷതയും ആത്മനിന്ദയുമാണ് രോഗികള്‍ അനുഭവിക്കുന്നത്. ബന്ധുക്കളില്‍നിന്നുയരുന്ന ചെറിയ പരാമര്‍ശങ്ങള്‍പോലും മനസ്സില്‍ തറയ്ക്കുന്ന കുറ്റപ്പെടുത്തലായാണ് ഇവര്‍ കാണുന്നത്. ആള്‍ക്കാരുടെ പെരുമാറ്റങ്ങളില്‍ തന്നോടുള്ള അകല്‍ച്ച ഒളിഞ്ഞിരിക്കുന്നതായും എല്ലാവരും തന്നെ ഒരു നികൃഷ്ടനായി കാണുന്നതായും ചിന്തിച്ച് രോഗിയില്‍ കടുത്ത മാനസിക സമ്മര്‍ദം വളരാറുണ്ട്. വ്യക്തി-കുടുംബ -സാമൂഹിക ബന്ധങ്ങളില്‍ സോറിയാസിസ് ഏല്പിക്കുന്ന ആഘാതങ്ങള്‍ വളരെ ഗൗരവത്തോടെയാണ് വൈദ്യലോകം ഇന്ന് നിരീക്ഷിക്കുന്നത്.

'ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ഡെര്‍മറ്റോളജി'യില്‍ ഡോ. ഡേവിഡ്, ഡോ. ഐലിബ് എന്നിവര്‍ ചേര്‍ന്ന് അടുത്ത കാലത്തായി പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ സോറിയാസിസ് വ്യത്യസ്തതലങ്ങളില്‍ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങളുടെ വളരെ വിശദമായ സര്‍വേ റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പൊതു ചടങ്ങുകളും ലൈംഗിക ബന്ധവും കുട്ടികളോടൊത്തുള്ള ഉല്ലാസവും മറ്റും ക്രമേണ ഒഴിവാക്കുന്ന സോറിയാസിസ് രോഗികള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതായാണ് ഈ റിപ്പോര്‍ട്ട് കാണിക്കുന്നത്. പഠന വിധേയരാക്കിയ രോഗികളില്‍ ഏതാണ്ട് പതിനെട്ടുശതമാനം പേര്‍ കടുത്ത മാനസിക രോഗത്തിനടിമകളായിരുന്നു. ഇത് ചൂണ്ടിക്കാണിക്കുന്നത് രോഗത്തെക്കുറിച്ചുള്ള ശരിയായ ബോധം വളര്‍ത്താത്തതും സമൂഹത്തിന്റെ കാഴ്ചപ്പാടിലുള്ള പ്രശ്‌നങ്ങളുമാണ്. ഏറെ കാലമായി ഇത് നിലനില്ക്കുന്നുണ്ട്.

ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് പല വിദേശരാജ്യങ്ങളിലും സോറിയാസിസ് രോഗികളുടെ പ്രശ്‌നം ചര്‍ച്ചചെയ്യാനും പരസ്​പരം സാന്ത്വനം പകരാനും ഉപദേശനിര്‍ദേശങ്ങള്‍ സ്വരൂപിക്കാനുമുള്ള പൊതുവേദികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. 1968-ല്‍ കാനഡയിലെ ഡോ. ഡിക്‌കോള്‍സിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ 'നാഷണല്‍ സോറിയാസിസ് അസോസിയേഷന്‍' ഇത്തരത്തിലുള്ള സംഘടനകളില്‍ പ്രഥമഗണനീയമാണ്. ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞ 'ഇന്റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് സോറിയാസിസ് അസോസിയേഷന്‍സി'ന്റെ നേതൃത്വത്തിലാണ് ഒക്ടോബര്‍ 29 സോറിയാസിസ് ദിനമായി ആചരിക്കുന്നത്. രോഗികളുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിനു മുന്നില്‍ പ്രാധാന്യത്തോടെ എടുത്തുകാട്ടാനും ആരോഗ്യനയ രൂപീകരണ വേളയില്‍ അര്‍ഹിക്കുന്ന പരിഗണന ഇവര്‍ക്ക് ലഭിക്കാനും രോഗസംബന്ധിയായ ഗവേഷണങ്ങള്‍ക്കും ചികിത്സകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം ലഭ്യമാക്കാനും മറ്റും ഇത്തരം ആചരണങ്ങള്‍ പിന്‍ബലമാകേണ്ടതുണ്ട്. വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. പുസ്തകങ്ങളും ഡോക്യുമെന്ററികളും ഇവര്‍ നിര്‍മിക്കുന്നു. 2006-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള അമേിക്കന്‍ ഗവണ്‍മെന്റിന്റെ 'ഗോള്‍ഡ് ട്രയാംഗിള്‍' അവാര്‍ഡ് നേടിയ ഫ്രെഡ് ഫിന്‍കിള്‍സ്റ്റൈന്റെ 'മൈ സ്‌കിന്‍സ് ഓണ്‍ ഫയര്‍' സോറിയാസിസ് അനുഭവിക്കുന്ന കുട്ടികളുടെ കഥ പറഞ്ഞുകൊണ്ട് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടുകയുണ്ടായി.

ഈ രോഗത്തിനെതിരെ ഓരോ വൈദ്യസമ്പ്രദായവും ഓരോ ചികിത്സാസമീപനം സ്വീകരിച്ചു വരുന്നുണ്ടെങ്കിലും ഒന്നും തന്നെ പരിപൂര്‍ണമായി വിജയപ്രദമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ച തടയാനോ ചൊറിച്ചില്‍ കുറയ്ക്കാനോ നീരോ അണുബാധയോ ഉണ്ടെങ്കില്‍ അതൊഴിവാക്കാനോ ഒക്കെ പല ഘട്ടങ്ങളിലും ഉപയോഗിച്ചു വരുന്ന ചികിത്സകള്‍ താത്കാലികാശ്വാസം പകരാറുണ്ടെങ്കിലും കുറച്ചു കാലങ്ങള്‍ക്കുശേഷം രോഗം ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. പ്രതിരോധ വ്യവസ്ഥയെ അമര്‍ത്തിവെച്ച് രോഗത്തെ അത്ഭുതകരമായി ഭേദപ്പെടുത്തുന്ന പല ആധുനികൗഷധങ്ങള്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടെന്ന് വിദഗ്ദ്ധര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ജൈവൗഷധങ്ങള്‍ക്കു വേണ്ടിയുള്ള ഗവേഷണത്തിലാണിന്ന് ശാസ്ത്രലോകം.

നേരത്തേ സൂചിപ്പിച്ചതുപോലെയുള്ള മാനസികവും ശാരീരികവുമായ ഒട്ടേറെ മാനങ്ങള്‍ ഈ രോഗത്തിനുള്ളിനാല്‍ സമഗ്രമായ ചികിത്സകളാണ് പൊതുവെ സോറിയാസിസില്‍ ഏറെക്കുറെ ഫലപ്രദമായി കാണുന്നത്. ഡോ. ബക്ക്‌ലിയുടേതായി 'ഇന്റര്‍ നാഷണല്‍ ജേര്‍ണല്‍ ഓഫ് ഡര്‍മറ്റോളജി'യില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇത് ശാസ്ത്രീയമായി വിവരിച്ചിട്ടുണ്ട്. മനസ്സും തലച്ചോറും ഹോര്‍മോണുകളും പ്രതിരോധവ്യവസ്ഥയും ചേര്‍ന്ന ഒരു ബന്ധത്തിലൂടെ ത്വഗ്‌രോഗവും മനസ്സും തമ്മില്‍ അനുപൂരകമായി കിടക്കുന്നു. സമ്മര്‍ദമില്ലാത്ത മാനസികാവസ്ഥ രോഗശമനത്തിനനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ആന്തരിക ശുദ്ധി വരുത്തുന്ന ചികിത്സകളും രോഗശമനത്തിനുള്ള ശരീരത്തിന്റെ തന്നെ സ്വാഭാവിക സങ്കേതങ്ങളെ ഉദ്ദീപിപ്പിക്കുന്ന പുനരുജ്ജീവന ചികിത്സകളുമാണ് ഏറെക്കുറെ സമഗ്രമായ പദ്ധതികള്‍. ഇവ ഒത്തുചേര്‍ന്നു വരുന്ന രീതിയെന്ന നിലയില്‍ സോറിയാസിസ് ചികിത്സയില്‍ ഭാരതീയ വൈദ്യശാസ്ത്രം ഏറെ പ്രതീക്ഷ നല്കുന്നുണ്ട്. അതുകൊണ്ടാവണം വിദേശികളടക്കം ഒട്ടേറെപ്പേര്‍ ഇന്ന് സോറിയാസിസിന് ആയുര്‍വേദ ചികിത്സ തേടിയെത്തുന്നത്.

കോശങ്ങളുടെ ആന്തരിക പരിതഃസ്ഥിതി മാറ്റി മറിക്കുന്ന സ്നേഹപാന-ശോധന ചികിത്സകളും രസായന ചികിത്സകളുമടങ്ങിയ ആയുര്‍വേദ പദ്ധതി തൊലിയുടെ വൈകല്യം തിരുത്തുന്നതില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രീയ പഠനങ്ങളും തെളിവുകളും നിരത്തി സാക്ഷ്യപ്പെടുത്തുവാനുള്ള ഗവേഷണങ്ങള്‍ ആയുര്‍വേദത്തിലും സജീവമായി വരുന്നു. എങ്കിലും ഇതിനു വേണ്ടിവരുന്ന ഭീമമായ സാമ്പത്തിക ബാധ്യത തനത് വൈദ്യത്തിനു താങ്ങാനാകുന്നില്ല. ലോകോത്തര നിലവാരത്തില്‍ ജനിതക മേഖലയിലും മറ്റും നടക്കുന്ന സൂക്ഷ്മ പഠനങ്ങളോടൊപ്പം ഈ കണ്ടെത്തലുകള്‍ കൂടി ഗവേഷണവിധേയമാക്കുകയാണെങ്കില്‍ ഭാരതീയ വൈദ്യശാസ്ത്രം ലോകത്തിനു നല്കുന്ന വിലപ്പെട്ട സംഭാവനയായിരിക്കും സോറിയാസിസിനുള്ള ചികിത്സാ പദ്ധതി.

ഡോ. മധു പി.എം,
മെഡിക്കല്‍ ഓഫീസര്‍,
ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി,
പെരളം, കണ്ണൂര്‍

നടുവേദന

യൗവനാരംഭം മുതല്‍ വാര്‍ധക്യം വരെ ഏതു പ്രായത്തിലുമുള്ളവരെ ബാധിക്കുന്ന സര്‍വസാധാരണമായ ദുരിതമാണ് നടുവേദന. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകില്‍ കൂടുതല്‍ കാലം നിലനില്‍ക്കുകയും ചെയ്യുന്നു. കഠിനമായ ജോലി, ആരോഗ്യം, പരിഷ്‌കാരം (ഫാഷന്‍) എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് സ്ത്രീകള്‍ക്ക് നടുവേദനയ്ക്ക് കാരണമാവുന്നത്.

പുരുഷന്മാര്‍ക്ക് പരിക്കുകളും. പ്രായപൂര്‍ത്തിയായവരില്‍ 80 ശതമാനത്തോളം പേരും ഒരിക്കലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ നടുവേദനയുടെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടാവുമെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരം പെട്ടെന്ന് വളയുന്ന വിധത്തിലും മുന്നോട്ട് ആയല്‍, പുറകോട്ട് വലിയല്‍ എന്നിവ വേണ്ടിവരുന്ന വിധത്തിലുമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ദീര്‍ഘനേരം ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ ജോലി ചെയ്യുന്നവര്‍, കനമുള്ള വസ്തുക്കള്‍ ഉയര്‍ത്തല്‍, വലിക്കല്‍, ശരീരം വളയ്ക്കല്‍ എന്നിവ ജോലിയുടെ ഭാഗമായ സ്ത്രീകളിലുമാണ് നടുവേദന പെട്ടെന്ന് പിടിപെടുന്നത്.

ഗര്‍ഭാവസ്ഥ, കുട്ടികളെ സംരക്ഷിക്കേണ്ട സമയം, മാസമുറ സമയം, ആര്‍ത്തവം നിലയ്ക്കുന്ന സമയം എന്നിവയും സ്ത്രീകള്‍ക്ക് നടുവേദന ഉണ്ടാക്കുന്ന സമയങ്ങളാണ്. ചിലരില്‍ ഹൈഹീല്‍ഡ് ചെരിപ്പും ഇറുക്കം കൂടിയ വസ്ത്രങ്ങളും നടുവേദനയ്ക്ക് കാരണമാവാറുണ്ട്.

നടുവേദനയുണ്ടാക്കുന്ന കാരണങ്ങള്‍

ഡിസ്‌ക് സ്ഥാനം തെറ്റല്‍:
നടുവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണിത്. ഈ അവസ്ഥയില്‍ ഇന്‍റര്‍ വെര്‍ട്ടിബ്രല്‍ ഡിസ്‌കിന്റെ പുറംപാട പൊട്ടുന്നു. ജല്ലി പോലുള്ള വസ്തു പുറത്തേക്ക് ഒഴുകുന്നു.

പേശിവേദന (മസില്‍ എയ്ക്ക്):
വൈറല്‍ ഇന്‍ഫെക്ഷന്‍ മൂലം ഉണ്ടാവുന്നത്.

ഓസ്റ്റിയോ പൊറോസിസ് : എല്ല് ശോഷിക്കുന്നതു മൂലം കശേരുക്കളില്‍ സുഷിരങ്ങളുണ്ടാവുന്നു. ഇത് ബലക്ഷയം, ഒടിയല്‍, അംഗഭംഗം എന്നിവക്ക് കാരണമാവുന്നു.

മസ്‌കുലോ സെ്കലറ്റല്‍ : പേശികള്‍, എല്ല്, സന്ധികള്‍ എന്നിവയിലെ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാവുന്നത്. പേശിപിടിത്തം , കോച്ചിവലിവ് എന്നിവ ഉണ്ടാവുന്നു. നട്ടെല്ലിലെ പരിക്കോ, നട്ടെല്ലിനുണ്ടാവുന്ന അമിത സമ്മര്‍ദമോ മൂലം സംഭവിക്കുന്നു.

സന്ധിവീക്കം (ആര്‍ത്രൈറ്റിസ്):
നട്ടെല്ലിലെ സന്ധികളില്‍ വീക്കമുണ്ടാവുമ്പോള്‍ ഡിസ് കിന്റെ ക്ഷയം മൂലം എല്ല് വളരാനും ഇത് കശേരുക്കളില്‍ തട്ടി വേദനയുണ്ടാകാനും കാരണമാവുന്നു.

തേയ്മാനം (വിയര്‍ ആന്‍റ് ടിയര്‍):
പ്രായമാകുന്നതോടെ ഡിസ്‌കിന്റെ ബലക്ഷയം മൂലം കശേരുക്കള്‍ക്കിടയില്‍ സ്‌പോഞ്ചുപോലുള്ള ഡിസ്‌ക് വരണ്ട സ്വഭാവമുള്ളതാവുന്നു. മൃദുസ്വഭാവം നഷ്ടപ്പെടുന്നു. ബലം കുറയുന്നു.

ആര്‍ത്തവപൂര്‍വ അസ്വാസ്ഥ്യങ്ങള്‍:
മാസമുറ, അതിനു തൊട്ടുമുമ്പുള്ള കാലം എന്നീ സമയങ്ങളിലുള്ള വേദനയും മറ്റ് അസ്വാസ്ഥ്യങ്ങളും.
സേ്കാളിയോസിസ് കൈഫോസിസ് : നട്ടെല്ലിന്റെ ക്രമാതീതമായ വളവ്.
സിയാട്ടിക : ഇന്‍റര്‍വെര്‍ട്ടബ്രല്‍ ഡിസ്‌കില്‍ മുഴയുണ്ടാവുന്നത് ഇടുപ്പിലെ ഞരമ്പുകളെ അമര്‍ത്തുന്നു. ഇത് വേദനയുണ്ടാക്കാന്‍ കാരണമാവുന്നു.

ഗൗരവമായ കാരണങ്ങള്‍

 • നട്ടെല്ലില്‍ ട്യൂമര്‍
 • ക്ഷയം (ടിബി)
 • ബ്ലാഡര്‍ ഇന്‍ഫക്ഷന്‍ (മൂത്രസഞ്ചിയിലെ അണുബാധ)
 • അണ്ഡാശയ കാന്‍സര്‍
 • അണ്ഡാശയ മുഴ
 • ഗര്‍ഭാവസ്ഥ
 • വൃക്കരോഗം
 • ഹൃദ്രോഗം
 • പിള്ളവാതം, ഓസ്റ്റിയോ മലാസിയ വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ട് എല്ലിനുണ്ടാവുന്ന ബലക്ഷയം.
ജീവിതരീതിയിലെ പ്രശ്‌നങ്ങള്‍
 • ഒട്ടെല്ലാ നടുവേദനയും ജീവിതരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില കാരണങ്ങള്‍ ഇതാ:
 • വ്യായാമത്തിന്റെ കുറവ്.
 • ശരീരം തീരെ ഇളകാത്ത രീതിയിലുള്ള ജീവിതരീതി.
 • അത്യധികമായ കായികാധ്വാനം.
 • അമിതമായ ശരീരഭാരം. ആരോഗ്യമല്ലാത്ത തടി.
 • ശാരീരികപ്രശ്‌നങ്ങള്‍.
 • ശരിയല്ലാത്ത നില, നടപ്പുരീതി, കൂനിക്കൂടിയുള്ള നടപ്പ്, കൂനിക്കൂടി ഇരുന്നുള്ള ഡ്രൈവിങ്, ശരീരം വളച്ചുകൊണ്ടുള്ള നില്‍പ്, നിരപ്പല്ലാത്ത പ്രതലത്തില്‍ കിടന്നുകൊണ്ടുള്ള ഉറക്കം.
 • വൈകാരിക സമ്മര്‍ദം.
 • ശരിയായ ബാലന്‍സില്ലാതെ ഭാരമുയര്‍ത്തല്‍.
 • തെറ്റായ ജോലിപരിശീലനം.
 • ഒന്നിലധികം തവണയായുള്ള ഗര്‍ഭാവസ്ഥ
 • പുകവലി, മദ്യപാനം.
 • ജോലിസംബന്ധമായ അപകടം, അനിഷ്ടസംഭവങ്ങള്‍ തുടങ്ങിയവ.

എന്താണ് രക്താര്‍ബുദം

നോവലുകളിലും സിനിമകളിലുമൊക്കെ ലുക്കീമിയയെ (രക്താര്‍ബുദം) ഒരു മാറാരോഗമായിട്ടാണല്ലോ ചിത്രീകരിക്കുന്നത്. ഇതെല്ലാം വായിക്കുകയും കാണുകയും ചെയ്യുന്ന ഏതൊരാളും ലുക്കീമിയ പിടിപെട്ടാല്‍ മരണം മാത്രമേ മുന്നിലുള്ളൂ എന്നു ധ രിക്കുന്നതില്‍ തെറ്റില്ല. വിട്ടുമാറാത്ത പനിയും ക്ഷീണവുമൊക്കെയായി വരുന്ന ഒരു രോഗിയു ടെ രക്തം പരിശോധിച്ചിട്ട് 'ലുക്കീമിയ' ആണെ ന്ന് ഡോക്ടര്‍ വിധി എഴുതിയാല്‍ നടുക്കവും നിരാശയും മനോവേദനയുമായിരിക്കും ഫലം. വാസ്തവത്തില്‍ രക്താര്‍ബുദത്തെ ഇത്രമാത്രം ഭയക്കേണ്ടതുണ്ടോ?

ശ്വേതരക്താണുക്കളുടെ അമിതവും അസാ ധാരണവും അനിയന്ത്രിതവുമായ വര്‍ദ്ധനയാ ണ് രക്താര്‍ബുദം എന്നു ചുരുക്കത്തില്‍ പറയാം. മനുഷ്യശരീരത്തില്‍ ശരാശരി അഞ്ചു ലിറ്റര്‍ രക്തമാണുള്ളത്. ഇതില്‍ പ്രധാന അംശം പ്ലാസ്മയാണ്. വെള്ളത്തില്‍ ഏതാണ്ട് ഏഴു ശതമാനം പ്രോട്ടീനുകള്‍ അലിഞ്ഞു ചേര്‍ന്നതാണ് പ്ലാസ്മ. പ്ലാസ്മയ്ക്കു പുറമെ ഹെമോഗ്ലോബിന്‍, പലവിധത്തിലുള്ള രക്താണുക്കള്‍ (കോശങ്ങള്‍), ലവണങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയ ഒരുപാടു ഘടകങ്ങളടങ്ങിയ ഒരു മിശ്രിതദ്രാവകമാണ് രക്തം. ഇതിലെ ഓരോഘടകത്തിനും സുപ്രധാനമായ പലകര്‍ത്തവ്യങ്ങളുമുണ്ട്. ഏറ്റ വും പ്രാധാന്യമുള്ള ഘടകം രക്താണുക്കളാണ്. രക്താണുക്കളെ ചുവന്ന രക്താണുക്കള്‍ , ശ്വേതരക്താണുക്കള്‍ , പ്ലേറ്റ്‌ലറ്റുകള്‍ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ശരീരകോശങ്ങള്‍ക്കാവശ്യമായ പോഷകങ്ങളും ഓക്‌സിജനും മറ്റും എത്തിച്ചുകൊടുക്കുന്നത് രക്തമാണ്. അതോടൊപ്പം മാലിന്യങ്ങള്‍ മാറ്റാനും സഹായിക്കുന്നു. ശരീരത്തെ രോഗാണുബാധയില്‍നിന്നും രക്ഷിക്കുകയും രോഗപ്രതിരോധശക്തി നല്‍കുകയുമാണ് ശ്വേതരക്താണുക്കളുടെ കര്‍ത്തവ്യം. സാധാരണയായി 400011,000 ശ്വേതരക്താണുക്കള്‍ ഒരു മില്ലിലിറ്റര്‍ രക്തത്തിലുണ്ട്.

ശ്വേതാണുക്കളെ അഞ്ചായി തിരിച്ചിട്ടുണ്ട്: ന്യൂട്രോഫില്‍ , ലിംഫോസൈറ്റ് , ഇയോസിനോഫില്‍ , മോണോസൈറ്റ് , ബേസോഫില്‍ . ഇതില്‍ ഏതുതരം കോശത്തേയും രക്താര്‍ബുദം ബാധിക്കാം. രക്തസ്രാവം ഉണ്ടാകാതെ തടയുകയാണ് പ്ലേറ്റ്‌ലെറ്റുകളുടെ കര്‍ത്തവ്യം. ശ്വേതാണുക്കള്‍ പ്രധാനമായും എല്ലുകളിലെ മജ്ജയിലാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ ലിംഫോസൈറ്റുകളുടെ ഉല്‍പാദനപ്രക്രിയയില്‍ മജ്ജയെകൂടാതെ ലിംഫ്ഗ്രന്ഥികളും തൈമസും, പ്ലീഹയും സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്.

സാധാരണയായി ശ്വേതാണുക്കള്‍ വളര്‍ച്ച പൂര്‍ത്തിയായ ശേഷമേ രക്തത്തിലേക്കു കടന്നുവരുകയുള്ളൂ. ഓരോ തരത്തിലുള്ള രക്താണുവിന്റെയും ആയുസ്സ് വ്യ ത്യസ്തമായിരിക്കും. നശിച്ചുകൊണ്ടിരിക്കുന്ന രക്താണുക്കള്‍ക്ക് പകരമായി പുതിയ കോശങ്ങള്‍ നിര്‍മിക്കപ്പെടുന്നു. അങ്ങനെ ഈ അണുക്കളുടെ എണ്ണം ഒരു പ്രത്യേക പരിധിയില്‍ നിലനിന്നുപോരുന്നു. രോഗാണുബാധയിലും അലര്‍ ജിയിലും മറ്റും ശ്വേതാണുക്കളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യാം. ഈ വ്യതിയാനങ്ങള്‍ താല്‍ക്കാലികമാണ്.

എന്നാല്‍ മാതൃകോശത്തിലോ തായ്‌കോശത്തിലോ വരുന്ന തകരാറുമൂലം യാതൊരു നിയന്ത്രണവുമില്ലാതെ ശ്വേതാണുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. അസാധാരണ കോശങ്ങള്‍ രക്തത്തില്‍ കടക്കുകയും ചെയ്യുന്നു. ഇത്തരം ശ്വേതാണുക്കള്‍ക്ക് തങ്ങളുടെ കടമകള്‍ നിര്‍വഹിക്കാനാവാതെ വരുകയും രോഗിക്ക് പലവിധത്തിലുള്ള അണുബാധയുണ്ടാകുകയും ചെ യ്യുന്നു. തലച്ചോറിന്റെ ആവരണമുള്‍പ്പെടെ ശരീരത്തിന്റെ ഏതു ഭാഗത്തും രക്താര്‍ബുദകോശങ്ങള്‍ അടിയുന്നതിനുള്ള സാധ്യതയുണ്ട്. അങ്ങനെ പല അവയവങ്ങളുടെയും പ്രവര്‍ത്തനം അവതാളത്തിലാകാം. രോഗത്തിന്റെ ഒരുപ്രത്യേക ഘട്ടത്തില്‍ മജ്ജയിലെ മറ്റു രക്താണുക്കളുടെ ഉല്‍പാദനത്തേയും പ്രവര്‍ത്തനത്തേയും ബാധിക്കുകയും ചെയ്യാം.

ഗ്യാസ്ട്രബിള്‍

ലോകമെമ്പാടുമുള്ള രോഗികള്‍, ഡോ ക്ടര്‍മാരോട് പറയുന്ന പരാതികളിലൊന്നാണ് ഗ്യാസ്ട്രബിള്‍. വളരെ സാധാരണവും എന്നാല്‍ അവ്യക്തവുമായ പരാതി. ചിലര്‍ ഇത് വലിയൊരു രോഗമായി പറയുന്നു, ചിലര്‍ വലിയൊരു അസ്വസ്ഥതയായി ചൂണ്ടിക്കാട്ടുന്നു. സത്യത്തില്‍ ഗ്യാസ്ട്രബിള്‍ ഒരു രോഗമേയല്ല. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇങ്ങനെയൊരു രോഗമില്ല. എന്നാല്‍ ഗ്യാസിന്റെ പ്രശ്‌നം നമ്മളില്‍ പലര്‍ക്കുമുണ്ട്. അപ്പോള്‍പ്പിന്നെ ഈ പ്രശ്‌നമെന്താണ്?

വയറ്റില്‍ വായു നിറഞ്ഞ അസ്വസ്ഥത യാണ് പലര്‍ക്കും ഈ പ്രശ്‌നം. ഓരോരുത്ത രും ഓരോ ലക്ഷണമാണ് പറയുക. ഈ അസ്വസ്ഥത ചിലപ്പോള്‍ വയറുമായും നെഞ്ചുമായും ബന്ധപ്പെട്ട രോഗങ്ങളുടെ ലക്ഷണമാവാം. എന്നാല്‍ മിക്ക കേസുകളിലും കാര്യമായ പ്രശ്‌നമൊന്നും കാണില്ല; വെറും 'ഗ്യാസ്' ആയിരിക്കും ആ രോഗം.

ഗ്യാസിന്റെ ലക്ഷണങ്ങള്‍
സാധാരണ, വയറുമായി ബന്ധപ്പെട്ട ഏതു പ്രശ്‌നവും ഗ്യാസിന്റെ ഉപദ്രവമായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഗ്യാസ്ട്രബിള്‍ പലരിലും പല ലക്ഷണങ്ങളാണ് ഉണ്ടാക്കുക. വയര്‍ വീര്‍ത്തതുപോലെ തോന്നുക, വയര്‍ വീര്‍ത്താലുണ്ടാവുന്ന അസ്വസ്ഥത, പുകച്ചില്‍, വയറുവേദന, നെഞ്ചെരിച്ചില്‍, ഏമ്പക്കം, നെഞ്ച് നിറഞ്ഞപോലെ തോന്നുക, നെഞ്ചുവേദന, പുറംവേദന, ശ്വാസംമുട്ടല്‍ തുടങ്ങി പലതരം ലക്ഷണങ്ങളാണ് പലരിലും കാണുക.

എന്താണ് നെഞ്ചെരിച്ചില്‍?
വയറ്റിലെ പ്രശ്‌നങ്ങള്‍ മൂലം നെഞ്ചില്‍ ഹൃദയത്തിനു പിന്നിലായി അനുഭവപ്പെടുന്ന അസ്വാസ്ഥ്യമാണ് നെഞ്ചെരിച്ചില്‍. ആമാശയത്തില്‍ അത് വര്‍ധിക്കുകയും ഈ അരസം ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്കു തിരിച്ചുകയറുകയും ചെയ്യുന്നതുകൊണ്ടാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്. ആമാശയത്തിന്റെ മര്‍ദ്ദം വര്‍ധിച്ച് അന്നനാളത്തില്‍ നിന്ന് ആമാശയത്തിലേക്കുള്ള വാല്‍വ് തുറക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
ചിലയിനം ഭക്ഷണങ്ങള്‍, മദ്യം, പുകവലി, ഗ്യാസ്ട്രബിള്‍ തുടങ്ങി പലകാരണങ്ങള്‍ കൊ ണ്ട് നെഞ്ചെരിച്ചിലുണ്ടാവും. മിക്കപ്പോഴും ഇത് ഗുരുതരമായ പ്രശ്‌നമൊന്നുമല്ല.

ചവച്ചരച്ചു കഴിക്കുക
ആഹാരം കഴിയുന്നത്ര ചെറുതാക്കുന്നതിനും ഉമിനീരുമായി നന്നായി കലര്‍ത്തുന്നതിനും വേണ്ടിയാണ് ചവച്ചരയ്ക്കുന്നത്. നന്നായി ചവച്ചരയ്ക്കുന്നതുമൂലം ദഹനപഥങ്ങളിലൂടെ ഭക്ഷണത്തിന് അനായാസം കടന്നുപോകാനാവുന്നു. നന്നായി ചവച്ചരച്ചു കഴിക്കുന്നത് ഗ്യാസ്ട്രബിള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ദഹിക്കാനുള്ള സമയം?
ഒരു തവണ ഭക്ഷണം കഴിച്ചാല്‍ അതു പൂര്‍ ണമായും ദഹിച്ചുതീരാന്‍ 24 മണിക്കൂറോ അ തിലധികമോ എടുക്കും. ആമാശയത്തില്‍ വെച്ച് ലഘു ഘടകങ്ങളായി വേര്‍തിരിഞ്ഞ ഭക്ഷണം ചെറു, വന്‍കുടലുകളിലൂടെ കടന്നുപോകുന്നു. വളരെ പതുക്കെയാണ് ഈ ഒഴുക്ക്. എങ്കിലും 12-14 മണിക്കൂര്‍ കൊണ്ട്, ദഹിച്ച ആഹാരത്തിന്റെ എല്ലാ അംശവും വന്‍കുടല്‍ ഭിത്തിയുമായി സമ്പര്‍ക്കത്തില്‍ വരും. ഈ സമ്പര്‍ക്കത്തിലൂടെയാണ് ആഹാരത്തിലെ പോഷകാഹാരഘടകങ്ങളെ ശരീരം ആഗിരണം ചെയ്യുന്നത്.

പല കാരണങ്ങള്‍കൊണ്ട് ദഹനപ്രക്രിയ വേണ്ടവിധം നടക്കാതെ വരാം. ദഹിക്കാത്ത പദാര്‍ഥങ്ങളില്‍ നിന്നും മറ്റുമുണ്ടാകുന്ന വായു ആമാശയത്തിലും കുടലിലും മലാശയത്തിലും നിറയുമ്പോള്‍ ഗ്യാസ്ട്രബിള്‍ അനുഭവപ്പെടുന്നു.

ആഹാരം ആമാശയത്തില്‍ എത്തുന്നതെങ്ങനെ?
വായില്‍ നിന്ന് നാവിന്റെയും വദനപേശികളുടെയും സമ്മര്‍ദഫലമായി ആഹാരം അന്നനാളത്തില്‍ പ്രവേശിക്കുന്നു. അതോടെ അന്നനാളം ക്രമമായി ചുരുങ്ങുകയും വികസിക്കുക യും ചെയ്യും. അങ്ങനെ, അന്നനാളത്തിലൂടെ ക ടന്ന് ആഹാരം ആമാശയത്തിലെത്തുന്നു.

ആമാശയത്തില്‍ നടക്കുന്നത്
ആമാശയത്തില്‍ വച്ചാണ് ഭക്ഷണം വിഘടിച്ച് അടിസ്ഥാന പോഷകഘടകങ്ങളായി തിരിയുന്നത്. മൂന്നു പാളി പേശികള്‍കൊണ്ടു നിര്‍മിച്ച ഒരുതരം സഞ്ചിയാണ് ആമാശയം. ആഹാരം എത്തുന്നതോടെ ആമാശയം സങ്കോചവികാസങ്ങളിലൂടെ ദഹനപ്രക്രിയയ്ക്ക് തുടക്കമിടുന്നു. ദഹനരസങ്ങളുമായി കൂടിക്കലര്‍ന്ന് ആഹാരം ഒരുതരം കുഴമ്പു പരുവത്തിലാകുന്നു. ചെറുകുടലിന്റെ തുടക്കമായ ഡുവോഡിനത്തില്‍ കടക്കുന്നു. അവിടെ നിന്ന് കുടലിലൂടെ കടന്നുപോകുമ്പോഴാണ് ശരീരം പോഷകാംശങ്ങള്‍ ആഗിരണം ചെയ്യുന്നത്.

ആവശ്യത്തിനനുസരിച്ച് ഒരളവോളം വി കസിക്കാന്‍ ആമാശയത്തിനു കഴിവുണ്ട്. ആ മാശയഭിത്തികള്‍ക്ക് ചെറിയ തോതില്‍ ഇലാസ്റ്റിക് സ്വഭാവമുള്ളതിനാലാണിത്. ശരീരപ്രകൃതമനുസരിച്ച് ആമാശയത്തിന്റെ വലിപ്പത്തില്‍ വ്യത്യാസമുണ്ടാവും. എങ്കിലും ആമാശയത്തിന്റെ ശരാശരി വ്യാപ്തം 1.2 ലിറ്റര്‍ ആണ്.

ദഹനരസങ്ങളുടെ പ്രവൃത്തികള്‍
ആഹാരം ആമാശയത്തില്‍ നിന്ന് കുടലിലേക്കു പ്രവേശിച്ച ശേഷമാണ് ദഹനപ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നത്. ഹൈഡ്രോക്ലോറിക് ആസിഡും മറ്റു പ്രമുഖ ദഹനരസങ്ങളും ആമാശയത്തില്‍ വെച്ച് ഭക്ഷണവുമായി ചേരുന്നു. ആഹാരത്തിലെ ബാക്ടീരിയയെയും മറ്റു അണുക്കളെയും ഹൈഡ്രോക്ലോറിക് ആസിഡ് നശിപ്പിക്കുന്നു. മാംസ്യഘടകങ്ങളെ വിഘടിപ്പിക്കുന്നതിലും ഹൈഡ്രോക്ലോറിക് ആസിഡിന് മുഖ്യപങ്കുണ്ട്. ആമാശയത്തിലെ ഗ്യാസ്ട്രിന്‍ ഹോര്‍മോണ്‍ ദഹനരസങ്ങളുടെ ഉ ത്പാദനത്തെ പ്രചോദിപ്പിക്കുന്നു.

ദഹനത്തില്‍ കരളിന്റെ പങ്ക്
പ്രതിദിനം 0.5 മുത ല്‍ 0.9 വരെ ലിറ്റര്‍ പിത്തരസം കരളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഗാള്‍ ബ്ലാഡറില്‍ സംഭരിക്കുന്ന ഈ പിത്തരസത്തില്‍ 97 ശതമാനത്തോളവും ജലാംശമാണ്. പി ത്താശയത്തില്‍ നിന്ന് ചെറുകുടലിലെത്തുന്ന പിത്തരസം ആഹാരഘടകങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുന്നു. ശരീരത്തിന് ആഗിരണം ചെ യ്യാനാവുംവിധം ആഹാരഘടകങ്ങളെ രൂപാന്തരപ്പെടുത്തുന്നത് മുഖ്യമായും പിത്തരസമാ ണ്. ആമാശയത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന അസ്വഭാവമുള്ള പദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കുന്ന ആല്‍ക്കലി കൂടിയാണ് പിത്തരസം.

പാന്‍ക്രിയാസിന്റെ ധര്‍മമെന്ത്?
ആമാശയത്തിനു പിന്നില്‍ ഇടതുഭാഗത്തായി സ്ഥിതിചെയ്യുന്ന നീണ്ട ഗ്രന്ഥിയാണ് പാന്‍ ക്രിയാസ്. എക്‌സോക്രൈന്‍, എന്‍ഡോക്രൈന്‍ എന്ന രണ്ടു വിഭാഗം ഗ്രന്ഥികളുണ്ട് പാന്‍ക്രിയാസില്‍. എക്‌സോക്രൈനില്‍ നിന്ന് ദഹനരസങ്ങളും എന്‍ഡോക്രൈനില്‍ നിന്ന് ഗ്ലൂ ക്കോജന്‍, ഇന്‍സുലിന്‍ തുടങ്ങിയ ഹോര്‍മോണുകളും ഉല്‍പാദിപ്പിക്കപ്പെടുന്നു. പാന്‍ക്രിയാസിലെ ഐലൈറ്റ്‌സ് ഓഫ് ലാംഗര്‍ഹാന്‍സ് എന്ന ഭാഗത്താണ് ഇന്‍സുലിന്‍ ഉല്‍പാദനം നടക്കുന്നത്. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിക്കുന്നത് ഇന്‍സുലിനാണ്.

പാന്‍ക്രിയാസിന്റെ പങ്കെന്ത്?
ദഹനരസങ്ങള്‍ കൃത്യസമയത്ത് കൃത്യമായ അളവിലും ഗുണത്തിലും ഉല്‍പാദിപ്പിക്കാന്‍ പാന്‍ക്രിയാസിന് സ്വഭാവികശേഷിയുണ്ട്. ആ മാശയത്തില്‍ നിന്ന് ചെറുകുടലിലേക്ക് ഭക്ഷണം പ്രവേശിക്കാന്‍ തുടങ്ങുമ്പോള്‍തന്നെ പാ ന്‍ക്രിയാസില്‍ നിന്ന് ദഹനരസങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു.

ചെറുകുടലിന്റെ പങ്ക്?
ആഹാരം ലഘു ഘടകങ്ങളായി വേര്‍തിരിയുന്ന പ്രക്രിയ പൂര്‍ണമാകുന്നത് ചെറുകുടലില്‍ വച്ചാണ്. ആമാശയത്തില്‍ നിന്ന് ആഹാരം ചെറുകുടലിന്റെ തുടക്കമായ ഡുവോഡിനത്തില്‍ പ്രവേശിക്കുമ്പോള്‍ നാല് ഗ്രന്ഥികളില്‍ നിന്ന് ദഹനരസം ഉല്‍പാദിപ്പിക്കപ്പെടുന്നു. ചെറുകുടലിലൂടെ ആഹാരം കടന്നുപോകുമ്പോള്‍ വിവിധ ദഹനരസങ്ങളും പിത്തരസവും മറ്റു ഘടകങ്ങളും കലര്‍ന്ന് ദഹനം പൂര്‍ത്തിയാകുന്നു. ദഹിച്ച ആഹാരത്തില്‍ നിന്നുള്ള പോഷകഘടകങ്ങള്‍ ആഗിരണം ചെയ്തശേഷം അവശിഷ്ടങ്ങള്‍ വിസര്‍ജനാവയവങ്ങളിലേക്ക് പോകുന്നു.

വന്‍കുടലിന്റെ ധര്‍മം
വായയില്‍ തുടങ്ങുന്ന, ഭക്ഷണത്തിന്റെ യാത്രയുടെ അന്ത്യഘട്ടം വന്‍കുടലിലാണ്. വന്‍കുടലിന്റെ ഒടുവിലാണ് മലാശയവും മലദ്വാരവും. സാധാരണഗതിയില്‍ രണ്ടര ഇഞ്ചു വ്യാസവും ആറടിയോളം നീളവുമാണ് മുതിര്‍ന്നയാളിന്റെ വന്‍കുടലിനുണ്ടാവുക.

കടപ്പാട്-alchemisthealth.blogspot.in

2.96428571429
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ