Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള ചില ടിപ്പുകള്‍ (De-Stressing Techniques)
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള ചില ടിപ്പുകള്‍ (De-Stressing Techniques)

മാനസിക പിരിമുറുക്കം എന്ന വാക്ക് ഇന്ന് സര്‍വസാധാരണമായി ഉപയോഗിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. കുട്ടികള്‍, മുതിര്‍ന്നവര്‍, കോര്‍പറേറ്റുകള്‍, തൊഴില്‍രഹിതര്‍, ഉദ്യോഗസ്ഥര്‍ എന്നുവേണ്ട ജീവിതത്തിലെ വിവിധ തലങ്ങളില്‍ ഉള്ള ആളുകള്‍ക്ക് ഇത് സുപരിചിതമായിരിക്കുന്നു. ഒരളവു വരെയുള്ള പിരിമുറുക്കം, ഒരാളെ ദൈനം ദിന ലക്ഷ്യങ്ങളില്‍ എത്തപ്പെടാനുള്ള പ്രേരകം എന്ന നിലയില്‍ സഹായിക്കുന്നു. ഒരു പ്രേരകം എന്ന നിലയില്‍ നില്‍ക്കുന്നിടത്തോളം സമയം പിരിമുറുക്കം നല്ലതാണ്. എന്നാല്‍, പിരിമുറുക്കം നിങ്ങളുടെ വിഷമതകള്‍ക്കും പരാജയത്തിനും കാരണമാകുമ്ബോള്‍, അത് ആരോഗ്യപ്രശ്നങ്ങള്‍ക്കും സൃഷ്ടിപരത കുറയുന്നതിനും കാരണമാവുന്നു.
ദൈനം ദിന ജീവിതത്തില്‍ പിരിമുറുക്കം ഒഴിച്ചുകൂടാനാവാത്ത കാര്യമാകുമ്ബോള്‍, നമ്മില്‍ ആരൊക്കെ അത് കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്? എന്തെങ്കിലും പ്രശ്നങ്ങളെ കുറിച്ച്‌ സംസാരിക്കുന്നതുകൊണ്ടു മാത്രം അതിനു പരിഹാരം ലഭിക്കില്ല, അതിനായി ശ്രമം നടത്തേണ്ടതുണ്ട്. അതിനാ ല്‍, പിരിമുറുക്കത്തെ നേരിടാന്‍ തയ്യാറാകൂ.
പിരിമുറുക്കം കുറയ്ക്കുന്നതിനു സ്വീകരിക്കാവുന്ന ചില രീതികളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്;
പിരിമുറുക്കത്തിന്റെ സ്രോതസ്സിനെ തിരിച്ചറിയുക (Identify the source of stress)
നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന പിരിമുറുക്കത്തെ ഫലപ്രദമായി നേരിടുന്നതിന്, അതിന്റെ സ്രോതസ്സ് തിരിച്ചറിയുക പ്രധാനമാണ്. അത് പാരിസ്ഥിതികമോ (ശബ്ദകോലാഹലം, മലിനീകരണം, വെന്റിലേഷന്‍ പ്രശ്നങ്ങള്‍ തുടങ്ങിയവ) ശാരീരികമോ (ഹോര്‍മോണ്‍ വ്യതിയാനം, രോഗാവസ്ഥ, പുകവലി, മദ്യപാനാസക്തി തുടങ്ങിയവ) അല്ലെങ്കില്‍ ദൈനം ദിന ജീവിതത്തില്‍ പെട്ടെന്നുണ്ടായ മാറ്റം മൂലമോ (വീടുമാറ്റം, പുതിയ ജോലിസ്ഥലം, പുതിയ നഗരം തുടങ്ങിയവ) ആണോയെന്ന് പരിശോധിക്കണം. പിരിമുറുക്കത്തിന്റെ സ്രോതസ്സ് മനസ്സിലാക്കുന്നത്, നിങ്ങള്‍ക്ക് അതിനെ വിജയകരമായി മറികടക്കുന്നതിനുള്ള ഉപാധികള്‍ കണ്ടെത്താന്‍ സഹായകമാവും.
സ്വീകാര്യത (Acceptance):
എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലാവാന്‍ ബുദ്ധിമുട്ടാണ്. ഒഴിച്ചുകൂടാന്‍ കഴിയാത്ത മാറ്റങ്ങളെയും സംഭവങ്ങളെയും അംഗീകരിക്കുക മാത്രമാണ് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കാനുള്ള മാര്‍ഗം. മാറ്റങ്ങളെ എത്രത്തോളം നിങ്ങള്‍ പ്രതിരോധിക്കുന്നോ അത്രത്തോളം പിരിമുറുക്കത്തെ ക്ഷണിച്ചുവരുത്തുന്നു, നിങ്ങള്‍ക്ക് ബുദ്ധിമുട്ടേറിയതും മാറ്റമില്ലാത്തതുമായ സാഹചര്യത്തില്‍ തുടരേണ്ടിവരികയും ചെയ്യുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പുതിയൊരു വീട്ടിലേക്ക് താമസം മാറ്റി എന്ന് കരുതുക. നിങ്ങള്‍ എത്രത്തോളം അനിഷ്ടം പ്രകടിപ്പിക്കുന്നോ, അത്രത്തോളം പിരിമുറുക്കം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇതിനു പകരം, ഇത് സംഭവിക്കേണ്ടതായിരുന്നു എന്ന് ചിന്തിക്കുകയും തുടര്‍ന്നുള്ള കാര്യങ്ങളില്‍ സജീവമാവുകയും ചെയ്യുകയാണ് വേണ്ടത്. വീടിനെക്കുറിച്ചുള്ള എന്തു കാര്യമാണ് നിങ്ങളെ അലോസരപ്പെടുത്തുന്നത് എന്ന് വിശകലനം നടത്തുക. അത് ഇല്ലാതാക്കുന്നതിനുള്ള നടപടികളെ കുറിച്ച്‌ ചിന്തിക്കുകയും പ്രായോഗികമായത് നടപ്പാക്കുകയും ചെയ്യുക.
ചിന്തകകള്‍ പുന:ക്രമീകരിക്കുക (Restructure your Thought Process):
മറ്റുള്ളവരെ അല്ലെങ്കില്‍ സ്ഥിരമായി നിങ്ങളെ അസ്വസ്ഥമാക്കുന്ന സംഭവങ്ങളെ വീക്ഷിക്കുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്, കാര്യങ്ങളെ വ്യത്യസ്തമായ രീതിയില്‍ മനസ്സിലാക്കുന്നതിനും അതിനോട് പിരിമുറുക്കത്തോടു കൂടിയല്ലാതെ പ്രതികരിക്കുന്നതിനും സഹായകമാവും. ഉദാഹരണത്തിന്, നിങ്ങളുടെ മേലധികാരി നിങ്ങളോട് സ്ഥിരമായി ദേഷ്യപ്രകടനം നടത്തുന്നുവെന്ന് കരുതുക. ഇതില്‍ നിങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിക്കാതിരിക്കുകയും മേലധികാരിയുടെ ഇത്തരം സ്വഭാവപ്രകടനം മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ മൂലമാണെന്നും കരുതുക. ഇത് ഇത്തരം സാഹചര്യങ്ങളെ വിജയകരമായി നേരിടുന്നതിനു നിങ്ങള്‍ക്ക് സഹായകമാവും.
അതിനെ അഭിമുഖീകരിക്കുക (Face it): നിങ്ങള്‍ക്ക് പിരിമുറുക്കം നല്‍കുന്ന കാര്യങ്ങളില്‍ നിന്ന് എത്രത്തോളം അകന്നു നില്‍ക്കാന്‍ ശ്രമിക്കുന്നോ അത്രത്തോളം നിങ്ങള്‍ക്ക് കൂടുതല്‍ അധ്വാനിക്കേണ്ടിവരും. അതിനെ അഭിമുഖീകരിക്കാന്‍ നിങ്ങള്‍ തയ്യാറാവുക. പിരിമുറുക്കം നല്‍കുന്ന സംഗതിയെ നേരിടാന്‍ നിങ്ങള്‍ക്കുള്ള ശക്തിയെക്കുറിച്ച്‌ മാത്രം ചിന്തിക്കുക, പോരായ്മകളെ അവഗണിക്കുക.
പോസിറ്റീവ് സെല്‍ഫ് ടോക്ക് (Positive Self Talk):
സംഗതികള്‍ എപ്പോഴും നമ്മുടെ പദ്ധതിക്ക് അനുസൃതമായി വരണമെന്നില്ല, നിങ്ങള്‍ ശരിയായ പാതയില്‍ അല്ല എന്ന് മനസ്സിലാവുന്ന അവസരങ്ങളിലെല്ലാം സ്വയം നിഷേധാത്മകമായി കുറ്റപ്പെടുത്താതിരിക്കുക. നിങ്ങള്‍ക്ക് ഒരു അവസരം കൂടി ആവശ്യമാണ്. പിരിമുറുക്കമുള്ള അവസരങ്ങളില്‍ പോസിറ്റീവായി സ്വന്തം മനസ്സുമായി സംവദിക്കുന്നത് നിഷേധാത്മക ചിന്തകളുമായി ബന്ധപ്പെട്ട ഉത്കണ്ഠ കുറയ്ക്കുന്നതിനും പിരിമുറുക്കം സൃഷ്ടിക്കുന്ന കാരണങ്ങളെ ഫലപ്രദമായി നേരിടുന്നതിനും സഹായിക്കും. വെല്ലുവിളിനിറഞ്ഞ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുമ്ബോള്‍, നിങ്ങള്‍ക്ക് കഴിയുന്നത് എന്താണെന്ന് മാത്രം ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങളെ കുറിച്ച്‌ ഓര്‍ത്ത് വിഷമിക്കാതിരിക്കുക.
സമയക്രമം നിശ്ചയിക്കല്‍ (Time Management): മുന്‍ഗണനാക്രമം അനുസരിച്ച്‌ പ്രവൃത്തികള്‍ ക്രമപ്പെടുത്തുകയും നിശ്ചിത സമയത്തിനുള്ളില്‍ അവ ചെയ്തു തീര്‍ക്കുന്നതും, നിങ്ങള്‍ക്ക് കര്‍ത്തവ്യങ്ങള്‍ ചിട്ടയായി പൂര്‍ത്തീകരിക്കുന്നതിനും ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. അല്ലെങ്കില്‍, പൂര്‍ത്തീകരിക്കാത്ത ഉത്തരവാദിത്വങ്ങള്‍ നിങ്ങള്‍ക്ക് പിരിമുറുക്കം നല്‍കുന്നതിനു കാരണമാവും.
ലക്ഷ്യം നിശ്ചയിക്കല്‍ (Goal Setting): ലക്ഷ്യങ്ങള്‍ ഇല്ലാതെ അനിശ്ചിതത്വത്തോടെ മുന്നോട്ടു പോവുന്നത് അല്ലെങ്കില്‍ തെറ്റായ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പായുന്നത് ഒരാളുടെ വൈകാരിക ക്ഷേമത്തെ പ്രതികൂലമായി ബാധിക്കും. വ്യാപ്തി മനസ്സിലാക്കാന്‍ സാധിക്കുന്നതും പൂര്‍ത്തീകരിക്കാന്‍ നിശ്ചിത സമയക്രമം നിശ്ചയിച്ചിട്ടുള്ളതുമായ വിദൂരമായ ഭാവി ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക. ഇവയ്ക്ക് യാഥാര്‍ത്ഥ്യവുമായും നിങ്ങളുടെ ജീവിതവുമായും ബന്ധമുണ്ടായിരിക്കണം. ഇതിനെ ചെറിയ കാലയളവിലുള്ള ലക്ഷ്യങ്ങളായി വിഭജിക്കുക. ഇവയോരോന്നും നിങ്ങളുടെ പ്രധാന ലക്ഷ്യത്തിലേക്കുള്ള നാഴികക്കല്ലുകളായി കാണാം. ഓരോ ചെറിയ ലക്ഷ്യങ്ങള്‍ നേടുമ്ബോഴുള്ള ആഹ്ളാദത്തിനൊപ്പം അടുത്ത ലക്ഷ്യത്തെ കുറിച്ചുള്ള ചിന്തയും ഉണ്ടായിരിക്കണം.
നിശ്ചയദാര്‍ഢ്യം ഉണ്ടായിരിക്കണം (Be assertive): മറ്റുള്ളവരോട് 'കഴിയില്ല' എന്ന് ഉറപ്പിച്ചു പറയാന്‍ കഴിവില്ലാത്ത ആളാണ് നിങ്ങളെങ്കിലും അനാവശ്യ ഉത്തരവാദിത്വങ്ങള്‍ തലയിലേറ്റുന്ന പ്രകൃതമാണെങ്കിലും നിങ്ങള്‍ അനുഭവിക്കുന്ന പിരിമുറുക്കത്തിന്റെ തോത് വളരെ കൂടുതലായിരിക്കും. അനാവശ്യ ഭാരങ്ങള്‍ പിരിമുറുക്കം സൃഷ്ടിക്കുമെന്ന് ഉറപ്പുള്ള അവസരങ്ങളില്‍, അനാവശ്യ ഉത്തരവാദിത്വങ്ങള്‍ 'പറ്റില്ല' എന്ന് ഉറപ്പിച്ചു പറയാന്‍ പഠിക്കുക. നിശ്ചയദാര്‍ഢ്യത്തോടെ പെരുമാറുന്നത് നല്ലവണ്ണം ആശയവിനിമയം നടത്താന്‍ സഹായിക്കും. മറ്റുള്ളവരുടെ വികാരങ്ങളെയും വീക്ഷണങ്ങളെയും മാനിക്കുന്നതിനൊപ്പം നിങ്ങളുടെ വീക്ഷണം വ്യക്തമാക്കുന്നതിനും അതിനായി നിലകൊള്ളുന്നതിനും നിശ്ചയദാര്‍ഢ്യം സഹായിക്കും.
ജീവിതശൈലി മെച്ചപ്പെടുത്തുക (Boost up your lifestyle): യോഗ, കായികവിനോദങ്ങള്‍, നൃത്തം തുടങ്ങി നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ശാരീരികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ഇത് നിങ്ങളുടെ ശരീരത്തിനു മാത്രമല്ല മനസ്സിനും ഊര്‍ജം പകരും. ദിവസവും കുറച്ചു നേരമെങ്കിലും ഇതിനായി മാറ്റിവയ്ക്കുന്നത് ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് പുതുമ നല്‍കാന്‍ സഹായിക്കും.
ടവേഴ്സ് വാട്സന്റെ 'സ്റ്റേയിങ്ങ് അറ്റ് വര്‍ക്ക്' സര്‍വേ (2013) അനുസരിച്ച്‌, ഇന്ത്യയിലെ തൊഴില്‍ ദാതാക്കളില്‍ അമിതവണ്ണത്തിനും ശാരീരിക നിഷ്ക്രിയാവസ്ഥയ്ക്കും മേലെ അപകടസാധ്യത ഉയര്‍ത്തുന്ന ഒന്നാമത്തെ ജീവിതശൈലീ പ്രശ്നമാണ് മാനസിക പിരിമുറുക്കം. പിരിമുറുക്കം കുറയ്ക്കുന്നതിനും അതിനെ വിജയകരമായി അതിജീവിക്കുന്നതിനും സഹായിക്കുന്ന ടെക്നിക്കുകള്‍ പ്രാവര്‍ത്തികമാക്കുകയും അതുവഴി അതിന്റെ ദോഷഫലങ്ങളില്‍ നിന്ന് രക്ഷനേടുന്നതിന്റെയും പ്രാധാന്യത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. മുകളില്‍ പറഞ്ഞ രീതികള്‍ പ്രാവര്‍ത്തികമാക്കിയിട്ടും ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെങ്കില്‍ പ്രഫഷണല്‍ സഹായം തേടുകതന്നെ വേണം.
നിരാശരാവേണ്ട കാര്യമില്ല, നിങ്ങളുടെ മാനസിക പിരിമുറുക്കം നിയന്ത്രിക്കാന്‍ കഴിയുന്നതാണ്.
കടപ്പാട് ഇപേപ്പർ
3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top