Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ

നമ്മിൽ ആരും രോഗം വരാൻ ആഗ്രഹിക്കുന്നില്ല

നമ്മിൽ ആരും രോഗം വരാൻ ആഗ്രഹിക്കുന്നില്ല. കാരണം, രോഗം നമുക്ക് പലവിധത്തിലുള്ള അസൗകര്യങ്ങൾ ഉളവാക്കുന്നെന്നു മാത്രമല്ല അത്‌ ഭാരിച്ച ചെലവും വരുത്തിവെക്കുന്നു. അസുഖം വരുമ്പോൾ നമുക്ക് ഉന്മേഷക്കുറവ്‌ അനുഭവപ്പെടുന്നു. അതിനാൽ, കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയുന്നില്ല. മുതിർന്നവർക്കാകട്ടെ, ജോലിചെയ്യാനോ കുടുംബോത്തരവാദിത്വങ്ങൾ നിർവഹിക്കാനോ സാധിക്കുന്നില്ല. മാത്രമല്ല, ആരെങ്കിലും നിങ്ങളെ നോക്കേണ്ടതുണ്ടായിരിക്കാം. കൂടാതെ, വിലകൂടിയ മരുന്നുകളും ചികിത്സയും ഒക്കെ ആവശ്യമായും വന്നേക്കാം.

“പ്രതിരോധമാണ്‌ പ്രതിവിധിയേക്കാൾ മെച്ചം” എന്നൊരു ചൊല്ലുണ്ടെങ്കിലും ചില രോഗങ്ങൾ നമുക്ക് ഒഴിവാക്കാനാവില്ല. എന്നിരുന്നാലും മറ്റു ചില രോഗങ്ങളുടെ കാര്യത്തിൽ അതിന്‍റെ തീവ്രത കുറയ്‌ക്കാനും രോഗം വരുന്നതിനുമുമ്പേ തടയാൻപോലും നമുക്ക് സാധിച്ചേക്കും. നല്ല ആരോഗ്യം നിലനിറുത്തുന്നതിന്‌ ചെയ്യാനാകുന്ന അഞ്ച് വഴികൾ ചിന്തിക്കാം.

നല്ല ശുചിത്വം പാലിക്കുക

മായോ ക്ലിനിക്കിന്‍റെ അഭിപ്രായപ്രകാരം “രോഗം വരാതിരിക്കാനും അത്‌ പകരാതിരിക്കാനും ഉള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ്‌” കൈ കഴുകുന്നത്‌. എന്നാൽ, ജലദോഷമോ പനിയോ എളുപ്പത്തിൽ പിടിക്കാൻ അഴുക്കുപുരണ്ട കൈകൾകൊണ്ട് മൂക്കോ കണ്ണോ തിരുമ്മിയാൽ മതിയാകും! അഴുക്ക് നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കൈ കൂടെക്കൂടെ കഴുകി വെടിപ്പാക്കുന്നതാണ്‌. മാത്രമല്ല ന്യുമോണിയ, വയറിളക്കം പോലെയുള്ള ഗുരുതരമായ രോഗങ്ങൾ തടയാനും ശുചിത്വം പാലിക്കുന്നത്‌ സഹായിക്കും. ശുചിത്വക്കുറവ്‌ മൂലമാണ്‌ അഞ്ച് വയസ്സിൽ താഴെയുള്ള 20 ലക്ഷത്തിലധികം കുട്ടികൾ ഓരോ വർഷവും മരണമടയുന്നത്‌. എന്തിനേറെ, കൈ വൃത്തിയായി കഴുകുക എന്ന നിസ്സാരമായ കാര്യത്തിന്‌ മാരകമായ എബോളയെപ്പോലും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.

നിങ്ങളുടെയും മറ്റുള്ളവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന്‌ താഴെപ്പറയുന്ന സാഹചര്യങ്ങളിൽ കൈ നിർബന്ധമായും കഴുകേണ്ടതാണ്‌.

 • കക്കൂസ്‌ ഉപയോഗിച്ചതിനു ശേഷം.
 • കക്കൂസിൽ പോയ കുട്ടികളെ കഴുകിയതിനു ശേഷവും ഡയപ്പർ മാറ്റിയതിനു ശേഷവും.
 • ഒരു മുറിവോ വ്രണമോ വൃത്തിയാക്കിയതിനു ശേഷം.
 • രോഗികളെ സന്ദർശിക്കുന്നതിനു മുമ്പും പിമ്പും.
 • ഭക്ഷണം പാകം ചെയ്യുകയോ വിളമ്പുകയോ കഴിക്കുകയോ ചെയ്യുന്നതിനു മുമ്പ്.
 • തുമ്മുകയോ ചുമയ്‌ക്കുകയോ മൂക്കുചീറ്റുകയോ ചെയ്‌തതിനു ശേഷം.
 • മൃഗത്തെയോ മൃഗവിസർജ്യമോ തൊട്ടതിനു ശേഷം.
 • ചപ്പുചവറുകളും ഉച്ഛിഷ്ടങ്ങളും നീക്കം ചെയ്‌തതിനു ശേഷം.

അതുകൊണ്ട് കൈ വൃത്തിയായി കഴുകുന്നത്‌ നിസ്സാരമായി കാണരുത്‌. പൊതുകക്കൂസുകൾ ഉപയോഗിച്ചതിനു ശേഷം മിക്കവരും കൈ കഴുകാറില്ലെന്നതാണ്‌ വസ്‌തുത. ഇനി കഴുകിയാൽത്തന്നെ അത്‌ വേണ്ടവിധത്തിലല്ലതാനും. അങ്ങനെയെങ്കിൽ കൈ വൃത്തിയായി കഴുകുന്നതിൽ എന്തെല്ലാമാണ്‌ ഉൾപ്പെടുന്നത്‌?

 • ശുദ്ധമായ വെള്ളത്തിൽ കൈ നനച്ചതിനു ശേഷം സോപ്പ് തേക്കുക.
 • സോപ്പ് പതയുന്നതുവരെ കൈകൾ കൂട്ടിത്തിരുമ്മി നഖങ്ങൾ, തള്ളവിരൽ, പുറംകൈ, വിരലുകൾക്കിടയിലെ ഭാഗം എന്നിവ വൃത്തിയാക്കുക.
 • കുറഞ്ഞത്‌ 20 സെക്കന്‍റ് എങ്കിലും ഇങ്ങനെ ചെയ്യുക.
 • ശുദ്ധമായ വെള്ളത്തിൽ കഴുകുക.
 • വൃത്തിയുള്ള തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് കൈ തുടയ്‌ക്കുക.

ഇതെല്ലാം വളരെ നിസ്സാരമായ കാര്യമാണെന്ന് തോന്നിയേക്കാമെങ്കിലും ഇവയ്‌ക്ക് രോഗങ്ങൾ അകറ്റിനിറുത്തുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സാധിക്കും.

ശുദ്ധജലം ഉപയോഗിക്കുക

ചില രാജ്യങ്ങളിൽ വളരെ ബുദ്ധിമുട്ടിയാണ്‌ ദിവസേന വീട്ടാവശ്യത്തിനുവേണ്ട വെള്ളം കൊണ്ടുവരുന്നത്‌. എന്നിരുന്നാലും, ശുദ്ധജലം കണ്ടെത്തുന്നത്‌ ലോകത്തിന്‍റെ ഏതു ഭാഗത്തും ഒരു പ്രശ്‌നമായിത്തീർന്നേക്കാം. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്‌, പൈപ്പുപൊട്ടൽ എന്നിവയാലോ മറ്റേതെങ്കിലും കാരണത്താലോ ശുദ്ധജലം മലിനമാകാൻ സാധ്യതയുണ്ട്. അതുപോലെ, സുരക്ഷിതമല്ലാത്ത ഇടങ്ങളിൽനിന്ന് വെള്ളം ശേഖരിക്കുന്നതോ അല്ലെങ്കിൽ അത്‌ ശരിയാംവണ്ണം സൂക്ഷിച്ചുവെക്കുന്നതിലെ അപാകതയോ കോളറ, വയറിളക്കം, ടൈഫോയ്‌ഡ്‌, ഹെപ്പറ്റൈറ്റിസ്‌ എന്നിവയ്‌ക്ക് കാരണമായേക്കാം. കൂടാതെ മറ്റ്‌ അണുബാധകൾക്കും അത്‌ ഇടയാക്കിയേക്കാം. വയറിളക്കവുമായി ബന്ധപ്പെട്ട് ഓരോ വർഷവും ഏതാണ്ട് 107 കോടിയോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്‍റെ കാരണം സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കുന്നതാണ്‌.

രോഗത്തിന്‍റെ തീവ്രത കുറയ്‌ക്കാനോ രോഗം വരുന്നത്‌ തടയാനോ നിങ്ങൾക്ക് പലതും ചെയ്യാനാകും

മിക്കപ്പോഴും, കോളറ പിടിപെടുന്നത്‌ അത്‌ ബാധിച്ച ആളുകളുടെ വിസർജ്യത്താൽ മലിനമായ വെള്ളം കുടിക്കുന്നതുകൊണ്ടോ ആ വെള്ളം ഉപയോഗിച്ച് പാകം ചെയ്‌ത ഭക്ഷണം കഴിക്കുന്നതുകൊണ്ടോ ആണ്‌. ഈ രോഗവും വെള്ളത്തിലൂടെ പകരുന്ന മറ്റു രോഗങ്ങളും നമ്മളെ ബാധിക്കാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാനാകും?

 • പല്ല് തേക്കുന്നതിനും ഐസ്‌ ഉണ്ടാക്കുന്നതിനും പാചകം ചെയ്യുന്നതിനും പഴങ്ങൾ, പച്ചക്കറികൾ, പാത്രങ്ങൾ എന്നിവ കഴുകുന്നതിനും ആയി നിങ്ങൾ ഉപയോഗിക്കുന്ന വെള്ളം ശരിയായ ഉറവിൽനിന്ന്, അതായത്‌ ശരിയായി ശുദ്ധി ചെയ്‌ത ജലസേചന കേന്ദ്രത്തിൽനിന്നുള്ളതാണോ എന്നും കൂടാതെ, നമ്മൾ ഉപയോഗിക്കുന്ന കുപ്പിവെള്ളം ഗുണമേന്മയുള്ള ശുദ്ധജലവിതരണക്കാരിൽനിന്നുള്ളതാണോ എന്നും ഉറപ്പുവരുത്തുക.
 • പൈപ്പിലൂടെ ലഭിക്കുന്ന വെള്ളം മലിനമാകാൻ സാധ്യതയുണ്ടെങ്കിൽ തിളപ്പിച്ച് ഉപയോഗിക്കുക. അല്ലെങ്കിൽ, ഉചിതമായ രാസപദാർഥം ഉപയോഗിച്ച് ശുദ്ധിവരുത്തുക.
 • ക്ലോറിൻ പോലെയുള്ള രാസപദാർഥം ഉപയോഗിക്കുമ്പോൾ നിർമാതാക്കളുടെ നിർദേശങ്ങൾ പാലിക്കുക.
 • ഗുണനിലവാരമുള്ള വാട്ടർ ഫിൽറ്റർ വാങ്ങാനാകുമെങ്കിൽ അത്‌ ഉപയോഗിക്കുക.
 • വെള്ളം ശുദ്ധീകരിക്കാൻ ഒരു ഉത്‌പന്നവും ലഭ്യമല്ലെങ്കിൽ വീടുകളിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന ബ്ലീച്ച്, ലിറ്ററിന്‌ രണ്ട് തുള്ളി എന്ന കണക്കിന്‌ വെള്ളത്തിൽ ഇട്ട് നന്നായി കലക്കി 30 മിനിറ്റിനു ശേഷം ഉപയോഗിക്കുക.
 • ശുദ്ധീകരിച്ച വെള്ളം വീണ്ടും മലിനമാകാതിരിക്കാൻ വൃത്തിയുള്ള പാത്രങ്ങളിൽ അടച്ച് സൂക്ഷിക്കുക.
 • വെളളം എടുക്കാൻ ഉപയോഗിക്കുന്ന കപ്പുകളും മറ്റു പാത്രങ്ങളും വൃത്തിയുള്ളതായിരിക്കണം.
 • കൈ നന്നായി കഴുകി വേണം വെള്ളം എടുക്കാൻ; കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ കൈയോ വിരലുകളോ മുക്കാതിരിക്കുക.

ഭക്ഷണം ശ്രദ്ധിക്കുക

നല്ല ആരോഗ്യത്തിന്‌ പോഷകാഹാരം കൂടിയേതീരൂ. അതിന്‌, ആരോഗ്യാവഹവും സമീകൃതവും ആയ ആഹാരക്രമം ആവശ്യമാണ്‌. അധികം ഭക്ഷണം കഴിക്കരുത്‌. ഉപ്പ്, കൊഴുപ്പ്, മധുരം എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും തുടങ്ങി പല ഇനം ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. സംസ്‌കരിച്ച ഉത്‌പന്നങ്ങളിൽ പോഷകങ്ങളും നാരുകളും നഷ്ടപ്പെടുന്നു. അതുകൊണ്ട്, ബ്രഡ്‌, അരി, ഗോതമ്പുകൊണ്ട് ഉണ്ടാക്കിയ ഉത്‌പന്നങ്ങൾ എന്നിവ തവിടുനീക്കി സംസ്‌കരിച്ചെടുക്കാത്തവയാണോ എന്ന് പായ്‌ക്കറ്റ്‌ നോക്കി ഉറപ്പുവരുത്തുക. കോഴിയിറച്ചിയും മറ്റ്‌ മാംസങ്ങളും കുറഞ്ഞ അളവിൽ കഴിക്കുക. എന്നാൽ പ്രോട്ടീൻ ലഭിക്കുന്നതിന്‌ സാധ്യമെങ്കിൽ ആഴ്‌ചയിൽ രണ്ട് തവണ മീൻ കഴിക്കുക. പച്ചക്കറികളിൽനിന്നുപോലും പ്രോട്ടീൻ സമൃദ്ധമായ ആഹാരം ചില രാജ്യങ്ങളിൽ ലഭ്യമാണ്‌.

മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണപദാർഥങ്ങൾ വളരെയധികം കഴിക്കുന്നത്‌ അമിതവണ്ണത്തിന്‌ കാരണമാകും. മധുരപാനീയങ്ങൾക്കു പകരം വെള്ളം കുടിക്കുക. ഭക്ഷണത്തിനുശേഷം മധുരപദാർഥങ്ങൾ കഴിക്കുന്നതിനു പകരം പഴവർഗങ്ങൾ കഴിക്കാം. സോസേജുകൾ, ഇറച്ചി, വെണ്ണ, കേക്കുകൾ, പാൽക്കട്ടികൾ, ബിസ്‌ക്കറ്റുകൾ എന്നിങ്ങനെ കൊഴുപ്പു കൂടിയ ഭക്ഷണം കഴിവതും ഒഴിവാക്കുക. കൂടാതെ, ഭക്ഷണം പാകം ചെയ്യുമ്പോൾ കൊഴുപ്പ് കുറഞ്ഞ എണ്ണ ഉപയോഗിക്കുക.

കൂടുതൽ ഉപ്പ് അല്ലെങ്കിൽ സോഡിയം കഴിക്കുന്നത്‌ നിങ്ങളുടെ രക്തസമ്മർദം വർധിപ്പിച്ചേക്കാം. ഇതാണ്‌ പ്രശ്‌നമെങ്കിൽ സോഡിയം കഴിക്കുന്നതിന്‍റെ അളവ്‌ കുറയ്‌ക്കാൻ ഭക്ഷണത്തിന്‍റെ ചേരുവകളെക്കുറിച്ച് പായ്‌ക്കറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ നോക്കുക. ഉപ്പ് ഉപയോഗിക്കുന്നതിനു പകരം നിങ്ങളുടെ ആഹാരത്തിന്‍റെ രുചി കൂട്ടാൻ പുതിനയില, മല്ലിയില പോലുള്ളവയോ കുരുമുളക്‌, ഗ്രാമ്പൂ, ഏലക്കായ്‌ പോലെയുള്ള സുഗന്ധവ്യഞ്‌ജനങ്ങളോ ഉപയോഗിക്കാം.

എത്രത്തോളം കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനമാണ്‌ എന്ത് കഴിക്കുന്നുഎന്നതും. വിശപ്പ് അടങ്ങിയതിനു ശേഷം ആഹാരം കഴിക്കുന്നത്‌ ഒഴിവാക്കുക.

ആഹാരവുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്‌നമാണ്‌ ഭക്ഷ്യവിഷബാധ. നന്നായി പാകം ചെയ്യാത്തതോ ശരിയായ രീതിയിൽ സൂക്ഷിച്ചുവെക്കാത്തതോ ആയ ഏതൊരു ഭക്ഷണവും വിഷബാധയ്‌ക്ക് കാരണമായേക്കാം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ദശലക്ഷങ്ങളാണ്‌ ഓരോ വർഷവും ഭക്ഷ്യവിഷബാധയ്‌ക്ക് ഇരയാകുന്നത്‌. മിക്കവർക്കും രോഗം ഭേദമാകാറുണ്ടെങ്കിലും ചിലർ ഇതുമൂലം മരണമടയുന്നു. ഇത്‌ തടയുന്നതിന്‌ എന്തു ചെയ്യാനാകും?

 • പച്ചക്കറികൾ കൃഷി ചെയ്യുന്നത്‌ വളം ഉപയോഗിച്ചായിരിക്കാം. അതുകൊണ്ട്, അവ പാചകം ചെയ്യുന്നതിനുമുമ്പ് നന്നായി കഴുകുക.
 • ഓരോ പ്രാവശ്യവും ഭക്ഷണം തയ്യാർ ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ കൈ, കറിക്കരിയുന്ന ബോർഡുകൾ, മറ്റ്‌ അടുക്കളസാമഗ്രികൾ, പാത്രങ്ങൾ, അടുക്കളസ്ലാബ്‌ എന്നിവ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക.
 • ഭക്ഷ്യവസ്‌തുക്കളിൽനിന്നുള്ള വിഷബാധ ഏൽക്കാതിരിക്കാൻ മുട്ട, ഇറച്ചി, മീൻ തുടങ്ങിയവ എടുത്ത പാത്രങ്ങളും മറ്റ്‌ ഉപകരണങ്ങളും നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രമെ അവയിൽ മറ്റ്‌ ഭക്ഷണപദാർഥങ്ങൾ എടുക്കാവൂ.
 • ഓരോ ഭക്ഷണവും കൃത്യമായ ചൂടിൽ പാകം ചെയ്യുക. പെട്ടെന്ന് കേടാകുന്ന ഭക്ഷണപദാർഥങ്ങൾ ഉടൻ കഴിക്കുന്നില്ലെങ്കിൽ എത്രയും പെട്ടെന്ന് ഫ്രിഡ്‌ജിൽ വെക്കുക.
 • പെട്ടെന്ന് കേടാകുന്ന ഭക്ഷണപദാർഥങ്ങൾ രണ്ടു മണിക്കൂറിലധികം പുറത്ത്‌ വെക്കരുത്‌. പുറത്തെ ചൂട്‌ 32 ഡിഗ്രി സെൽഷ്യസിൽ അധികമാണെങ്കിൽ ഒരു മണിക്കൂറിലധികം പുറത്തു വെച്ചാൽ അത്‌ കളയണം.

ഊർജസ്വലതയുള്ളവരായിരിക്കുക

ഏത്‌ പ്രായത്തിലുള്ളവരാണെങ്കിലും പതിവായി വ്യായാമം ചെയ്യുന്നെങ്കിൽ മാത്രമേ നല്ല ആരോഗ്യം നിലനിറുത്താനാകുകയുള്ളൂ. മിക്കവരും മതിയായ അളവിൽ വ്യായാമം ചെയ്യാറില്ല. എന്തുകൊണ്ടാണ്‌ വ്യായാമം പ്രധാനമായിരിക്കുന്നത്‌? നന്നായി വ്യായാമം ചെയ്‌താൽ:

 • നല്ല ഉറക്കം ലഭിക്കും.
 • ഊർജസ്വലരായിരിക്കും.
 • എല്ലുകൾക്കും പേശികൾക്കും ബലം ലഭിക്കും.
 • ശരിയായ ശരീരഭാരം നിലനിറുത്തും.
 • വിഷാദം അകറ്റും.
 • അകാലമരണം ഒഴിവാക്കാം.

എന്നാൽ വ്യായാമം ചെയ്യുന്നില്ലെങ്കിൽ പിൻവരുന്ന കാര്യങ്ങൾ സംഭവിച്ചേക്കാം:

 • ഹൃദ്രോഗം.
 • ടൈപ്പ് 2 പ്രമേഹം.
 • ഉയർന്ന രക്തസമ്മർദം.
 • അമിതകൊളസ്‌ട്രോൾ.
 • പക്ഷാഘാതം.

ഏതു തരത്തിലുള്ള വ്യായാമത്തിൽ ഏർപ്പെടണമെന്നുള്ളത്‌ നിങ്ങളുടെ പ്രായവും ആരോഗ്യവും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് പുതിയ ഒരു വ്യായാമം തിരഞ്ഞെടുക്കുന്നതിനു മുമ്പ് ഡോക്‌ടറുടെ ഉപദേശം തേടുന്നത്‌ നല്ലതാണ്‌. കുട്ടികളും കൗമാരപ്രായത്തിലുള്ളവരും ദിവസേന ഒരു മണിക്കൂർ നേരം നല്ല വ്യായാമം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നാണ്‌ പല വിദഗ്‌ധരും ശുപാർശ ചെയ്യുന്നത്‌. പ്രായപൂർത്തിയായവർ ഓരോ ആഴ്‌ചയിലും മിതമായ അളവിലാണെങ്കിൽ 150 മിനിറ്റും കഠിനമായ അളവിലാണെങ്കിൽ 75 മിനിറ്റും വ്യായാമം ചെയ്യേണ്ടതാണ്‌.

രസകരമായി ചെയ്യാവുന്ന വ്യായാമം തിരഞ്ഞെടുക്കുക. ബാസ്‌ക്കറ്റ്‌ ബോൾ, ടെന്നീസ്‌, ഫുട്‌ബോൾ, സൈക്കിൾചവിട്ടൽ, പൂന്തോട്ടപരിപാലനം, വിറകുകീറൽ, നീന്തൽ, വള്ളംതുഴയൽ, ഓട്ടം, മറ്റ്‌ കായികവിനോദങ്ങൾ തുടങ്ങിയവയിൽ ഏർപ്പെടാവുന്നതാണ്‌. ഒരു വ്യായാമം മിതമായതാണോ കഠിനമായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? മിതമായ വ്യായാമം വിയർക്കാൻ സഹായിക്കും. എന്നാൽ, വ്യായാമം ചെയ്‌തുകൊണ്ടിരിക്കുമ്പോൾ നമുക്ക് സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ അത്‌ കഠിനവ്യായാമമാണെന്ന് പറയാം.

നന്നായി ഉറങ്ങുക

എത്രമാത്രം ഉറക്കം വേണമെന്നത്‌ ഒരോ വ്യക്തിയെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നവജാത ശിശുക്കൾ ദിവസവും 16 മുതൽ 18 മണിക്കൂർ ഉറങ്ങുമ്പോൾ 1-3 വയസ്സുവരെയുള്ള കുട്ടികൾ 14 മണിക്കൂറും 3-ഉം 4-ഉം വയസ്സുള്ള കുട്ടികൾ 11-ഓ 12-ഓ മണിക്കൂറും ഉറങ്ങേണ്ടത്‌ ആവശ്യമാണ്‌. സ്‌കൂളിൽ പോകുന്ന കുട്ടികൾ 10 മണിക്കൂറും കൗമാരത്തിലുള്ളവർ 9-ഓ 10-ഓ മണിക്കൂറും പ്രായപൂർത്തിയായവർ 7-ഓ 8-ഓ മണിക്കൂറും ഉറങ്ങേണ്ടതാണ്‌.

ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന ഒന്നല്ല ഉറക്കം. വിദഗ്‌ധരുടെ അഭിപ്രായമനുസരിച്ച് പിൻവരുന്ന കാര്യങ്ങൾക്ക് ഉറക്കം പ്രധാനമാണ്‌.

 • കുട്ടികളുടെയും കൗമാരത്തിലുള്ളവരുടെയും വളർച്ചയ്‌ക്കും ബുദ്ധിവികാസത്തിനും.
 • പുതിയ വിവരങ്ങൾ പഠിക്കുന്നതിനും ഓർമയിൽ സൂക്ഷിക്കുന്നതിനും.
 • ഭക്ഷണത്തിലൂടെയുള്ള ഊർജോത്‌പാദനത്തെയും ശരീരഭാരത്തെയും സ്വാധീനിക്കുന്ന ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കാൻ.
 • ഹൃദയാരോഗ്യത്തിന്‌.
 • രോഗങ്ങൾ തടയുന്നതിന്‌.

അമിതവണ്ണം, വിഷാദം, ഹൃദ്രോഗം, പ്രമേഹം, അപകടങ്ങൾ എന്നിവയ്‌ക്ക് ഉറക്കക്കുറവ്‌ കാരണമായേക്കാം. ഇത്‌, മതിയായി ഉറങ്ങേണ്ടതിന്‍റെ പ്രാധാന്യത്തിന്‌ അടിവരയിടുന്നു.

വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും?

 • എല്ലാ ദിവസവും ഒരേ സമയത്തുതന്നെ കിടക്കുക. ഒരേ സമയത്ത്‌ എഴുന്നേൽക്കുക.
 • നിങ്ങളുടെ കിടപ്പുമുറി ശാന്തവും ഇരുട്ടുള്ളതും സ്വസ്ഥവുമായിരിക്കണം. കൂടാതെ, അധികം ചൂടോ തണുപ്പോ ഇല്ലാത്ത ഒരു അന്തരീക്ഷവും ആയിരിക്കണം.
 • കിടന്നുകൊണ്ട് ടിവി കാണുകയോ മൊബൈലും മറ്റ്‌ ഉപകരണങ്ങളും ഉപയോഗിക്കുകയോ ചെയ്യരുത്‌.
 • നിങ്ങളുടെ കിടക്ക പരമാവധി സുഖപ്രദമാക്കുക.
 • കാപ്പിയും കഫീൻ അടങ്ങിയ മറ്റ്‌ ഭക്ഷണപദാർഥങ്ങളും അമിതഭക്ഷണവും മദ്യവും കിടക്കുന്നതിനുമുമ്പ് കഴിക്കാതിരിക്കുക.
 • ഇക്കാര്യങ്ങളെല്ലാം ചെയ്‌തതിനു ശേഷവും ഉറക്കമില്ലായ്‌മയോ അതിനോട്‌ ബന്ധപ്പെട്ട മറ്റ്‌ തകരാറുകളോ, അതായത്‌ പകൽസമയത്ത്‌ അസാധാരണമായി ഉറക്കം തൂങ്ങുക, ഉറങ്ങുന്നതിനിടയിൽ ശ്വാസം കിട്ടാതെ ചാടി എഴുന്നേൽക്കുക തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ആരോഗ്യവിദഗ്‌ധരുടെ നിർദേശം സ്വീകരിക്കുക.
2.55555555556
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top