অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ മരുന്നറിവുകള്‍

വിവിധ മരുന്നറിവുകള്‍

ജലദോഷപ്പനി

മഴക്കാലത്ത്‌ ജലദോഷം (common cold) , ജലദോഷപ്പനി (flu) ഇവ വരാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ ഇവയെ എങ്ങനെ നേരിടുമെന്ന്‌ ശരിയായി അറിയുന്നവര്‍ വളരെ ചുരുക്കമാണ്‌. അലര്‍ജി വിരുദ്ധ മരുന്നുകള്‍, (അവില്‍ (Avil) - എന്ന്‌ കമ്പനിപ്പേരുള്ള മരുന്ന്‌ സ്വയം ചികിത്സയ്‌ക്കായി പൊതുവെ ഉപയോഗിച്ചുകാണുന്നു), ചുമയ്‌ക്കെതിരെയുള്ള മരുന്നുകള്‍, മൂക്കിലൊഴിക്കുന്ന തുള്ളി മരുന്നുകള്‍, പനി തടയാനുള്ള മരുന്നുകള്‍, ഏതെങ്കിലും ആന്റിബയോട്ടിക്കുകള്‍, ഇതൊന്നുമല്ലെങ്കില്‍ ഏതിന്റെയെങ്കിലുമൊക്കെ മിശ്രിതങ്ങളടങ്ങിയ മരുന്നുകള്‍ ഇവയൊക്കെ മാറിമാറിയോ, ഒരുമിച്ചോ മരുന്നുകടയില്‍ നിന്ന്‌ സ്വയം വാങ്ങിക്കഴിച്ചാണ്‌ പലരും മഴക്കാലപ്പനികളെ ശമിപ്പിക്കാന്‍ ശ്രമിക്കുന്നത്‌. എല്ലാം പരീക്ഷിച്ച്‌ രോഗം മറ്റൊരു രീതിയില്‍ അധികരിക്കുമ്പോള്‍ ഡോക്‌ടറുടെ അടുത്തെത്തും. പിന്നെ ചികിത്സയില്‍ ടെസ്റ്റുകള്‍ ഉള്‍പ്പെടുത്തേണ്ടി വരും, ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വാങ്ങി ചികിത്സാചെലവ്‌ കൂടുതലാവുകയും ചെയ്യും.

മഴക്കാലത്ത്‌ ഈര്‍പ്പം തങ്ങിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ മനുഷ്യശരീരത്തിന്റെ സഹജമായ രോഗപ്രതിരോധശേഷി വളരെ കുറഞ്ഞിരിക്കും. വൈറസുപോലുള്ള രോഗാണുക്കളുടെ ശക്തി കൂടിയിരിക്കും. പലതരത്തില്‍പ്പെട്ട വൈറസുകളാണ്‌ ജലദോഷം വരുത്തുന്നത്‌. ഓരോ പ്രാവശ്യവും രോഗബാധവരുത്തുന്ന വൈറസുകള്‍ഘടനയിലും സ്വഭാവത്തിലും പലതരത്തില്‍ വ്യത്യസ്‌തത യുള്ളവയാണ്‌; തന്നെയുമല്ല പുതിയ അണുക്കള്‍ ഉണ്ടാകുമ്പോള്‍ ഘടനും സ്വഭാവവും മാറ്റാനുള്ള (mutation) കഴിവും ബാക്‌ടീരിയകളെക്കാള്‍ വളരെ കൂടുതലായി വൈറസുകള്‍ക്കുണ്ട്‌. അതുകൊണ്ട്‌ ഓരോ തരം വൈറസിനെതിരെയും മരുന്നുകളും വാക്‌സിനുകളും കണ്ടുപിടിച്ച്‌ കൂടെക്കൂടെ വരുന്ന വൈറസുബാധയ്‌ക്കെതിരെ ഉപയോഗിക്കുന്നത്‌ പ്രായോഗികമല്ല. അതുകൊണ്ട്‌ വൈറസുകള്‍ ശരീരത്തെ ആക്രമിക്കാതെ സൂക്ഷിക്കുന്നതാണ്‌ ഏറ്റവും നല്ല പ്രതിവിധി. വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി നിലനിര്‍ത്താനും വീണ്ടെടുക്കാനും നല്ലതാണ്‌. ഇതടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും വൈറ്റമിന്‍ സി ഗുളികകള്‍ കഴിക്കുന്നതും വളരെ ഗുണം ചെയ്യും. ഗുളികയാണ്‌ തിരെഞ്ഞെടുക്കുന്നതെങ്കില്‍ ദിവസം രണ്ടുനേരം കഴിച്ചാല്‍ മതിയാകും; അളവ്‌ കൂടരുത്‌. മറ്റ്‌ മരുന്നുകള്‍ കഴിക്കുന്നവരും വൃക്കയ്‌ക്ക്‌ പ്രശ്‌നങ്ങളുള്ളവരും ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കഴിക്കുക.

ഇനി ജലദോഷപ്പനി വന്നുകഴിഞ്ഞാല്‍ തുമ്മല്‍, ചുമ ഇവയെ പെട്ടെന്ന്‌ പിടിച്ചുനിര്‍ത്തുന്ന മരുന്നുകള്‍ കഴിക്കരുത്‌. മൂക്കിലെ സ്രവങ്ങളുടെ അളവ്‌ കൂടുക, ചുമ വഴി കഫം പുറന്തള്ളുക, ശരീരത്തിന്റെ താപ നില ഉയര്‍ത്തുക എന്നീ പ്രക്രിയകളിലൂടെ ശരീരം വൈറസിനെ എതിര്‍ക്കുകയും അവയുടെ അവശിഷ്‌ടങ്ങളെ പുറന്തള്ളുകയുമാണ്‌ ചെയ്യുന്നത്‌. ഈ പ്രതിരോധപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമ്പോള്‍ രോഗം വഷളാകും. സ്വാഭാവികമായും ശരീരം തനിയെ ഒരാഴ്‌ചകൊണ്ട്‌ വൈറസിനെ എതിര്‍ത്ത്‌ സുഖാവസ്ഥയിലെത്തിക്കോളും. ധാരാളം വെള്ളം കുടിച്ച്‌ (മൂത്രം വഴിയും രോഗാണുക്കളുടെ അവശിഷ്‌ടങ്ങള്‍ പുറന്തള്ളപ്പെടും) വിശ്രമിക്കുകയാണ്‌ രോഗി ചെയ്യേണ്ടത്‌. ഇതിനുള്ള ക്ഷമ പലര്‍ക്കും ഇല്ല. പനിയെ നിയന്ത്രിച്ചുനിര്‍ത്തേണ്ടത്‌ അത്യാവശ്യമാണ്‌. പ്രത്യേകിച്ച്‌ കൊച്ചുകുട്ടികളില്‍ പനികൂടിയാല്‍ അപസ്‌മാരം പോലുള്ള (Febril Fits) അവസ്ഥ സാധാരണമാണ്‌. ദേഹം നനഞ്ഞ തുണി കൊണ്ട്‌ തുടയ്‌ക്കുകയോ, പാരസെറ്റമോള്‍ ദിവസത്തില്‍ 3,4 പ്രാവശ്യം (അളവ്‌ കൂടിയാല്‍ കരളിനെ ബാധിക്കും) കൊടുക്കുകയോ ചെയ്‌ത്‌ പനിയെ നിയന്ത്രിച്ച്‌ നിര്‍ത്തണം. തുമ്മലിനെ പിടിച്ചുനിര്‍ത്തിയാല്‍ തലയ്‌ക്കുള്ളിലെ വായുഅറകളില്‍ (sinus pores) ഈ സ്രവങ്ങള്‍ കട്ടിപിടിച്ചിരിക്കാനും പിന്നീട്‌ അതില്‍ ബാക്‌ടീരിയകളുടെ ആക്രമണം ഉണ്ടാകാനും (sinusitis) ഇടയാക്കും. ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന തലവേദനയാകും ഫലം; ചികിത്സ സങ്കീര്‍ണ്ണമാകും. കഫത്തോടുകൂടിയ ചുമയെ പിടിച്ചുനിര്‍ത്തുന്നത്‌ നെഞ്ചുഭാഗത്ത്‌ സ്രവങ്ങള്‍ കട്ടിപിടിച്ച്‌ അണുബാധയുണ്ടാകാന്‍ ഇടയാക്കും. 

1.ജലദോഷപ്പനിയെ നേരിടാന്‍ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ധാരാളം വെള്ളം (തിളപ്പിച്ചിട്ട്‌, ചെറുചൂടോടെ) കുടിച്ച്‌ നന്നായി വിശ്രമിക്കുക. രോഗാണുക്കളെയും വിഷകരമായ അവയുടെ അവശി ഷ്‌ടങ്ങളെ മൂത്രം വഴി പുറന്തള്ളുക, പനിമൂലം കോശങ്ങളില്‍ നിന്ന്‌ നഷ്‌ടപ്പെടുന്ന ജലനിഷ്‌ടം പരിഹരിക്കുക (to avoid dehydration), ചുമച്ചു തുപ്പുമ്പോഴും മൂക്കിലൂടെയും കഫം അയഞ്ഞ്‌ എളുപ്പത്തില്‍ പുറന്തള്ളുക എന്നിവയ്‌ക്ക്‌ വെള്ളം കുടിക്കുന്നത്‌ വളരെ ഗുണം ചെയ്യും.

2. ദഹിക്കാന്‍ എളുപ്പമുള്ള ലഘുഭക്ഷണങ്ങള്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. ദഹനവ്യൂഹം (Digestive system) ഉള്‍പ്പെടെ വൈറസിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുമ്പോള്‍ കട്ടികൂടിയതും, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ കഴിച്ച്‌ ജോലിഭാരം കൂട്ടുന്നത്‌ അഭികാമ്യമല്ല.

3.വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളോ, വൈറ്റമിന്‍ സി. ഗുളികകളോ (അളവ്‌ ദിവസം 2 നേരത്തില്‍ കൂടരുത്‌) കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വീണ്ടെടുക്കാന്‍ സഹായിക്കും.

4.മുഖത്തും നെഞ്ചത്തും ആവി പിടിക്കുന്നത്‌ കഫം എളുപ്പത്തില്‍ പുറന്തള്ളാന്‍ വളറെയേറെ സഹായിക്കും.

(ചുമ അധികരിച്ച്‌ കഫം പുറന്തള്ളാന്‍ ബുദ്ധിമുട്ടുകയാണെങ്കില്‍ കഫം അയഞ്ഞുകിട്ടുന്ന ചുമ മരുന്നുകള്‍ (അമോണിയം ക്ലോറൈഡ്‌, ബ്രോംഹെക്‌സിന്‍ -Bromhexine, ആംബ്രോക്‌സോള്‍ - Ambroxol) കഴിക്കാം. ഇത്‌ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമാകുന്നതാണ്‌ നല്ലത്‌. കൊഡീന്‍ (Codein), ഡൈഫിന്‍ ഹൈഡ്രാമിന്‍ (Dephenhydramine) എന്നീ വിഭാഗം ചുമ മരുന്നുകള്‍ (Cough syrups) ചുമ പെട്ടെന്ന്‌ പിടിച്ചുനിര്‍ത്തുന്ന വിഭാഗം മരുന്നുകളാണ്‌; കഫമില്ലാത്ത, അലര്‍ജിചുമ (Drugs for non-productive cough) യ്‌ക്കാണ്‌ ഇവ ഉപയോഗിക്കേണ്ടത്‌ എന്നത്‌ സ്വയം ചികിത്സയാണെങ്കില്‍ ചുമ മരുന്നു വാങ്ങുമ്പോള്‍ പ്രത്യേകം ഓര്‍മ്മവയ്‌ക്കുക.)

5. മൂക്കടഞ്ഞ്‌ ശ്വാസം കിട്ടാതെ വരുമ്പോള്‍ (പ്രത്യേകിച്ച്‌ കൊച്ചുകുട്ടികള്‍ക്ക്‌ രാത്രിയില്‍) വളരെ പ്രയാസമനുഭവപ്പെടുന്നുവെങ്കില്‍ സൈലോമെറ്റസോളിന്‍ (Xylometazoline) (കമ്പനിനാമം otrivin) ഒന്നോ രണ്ടോ തുള്ളി 8-10 മണിക്കൂര്‍ ഇടവിട്ട്‌ മൂക്കിലൊഴിക്കാം. അളവ്‌ കൂടരുത്‌; 5 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ഉപയോഗിക്കയുമരുത്‌.

വൈറസ്‌ ബാധ കൊണ്ട്‌ ശരീരം ദുര്‍ബ്ബലമായിരിക്കുന്ന അവസ്ഥയില്‍ ബാക്‌ടീരിയകൂടി കടന്നുകൂടാന്‍ സാദ്ധ്യതയുണ്ട്‌. മൂക്കില്‍ നിന്നുവരുന്ന സ്രവത്തിനും കഫത്തിനും ഇളം മഞ്ഞകലര്‍ന്ന പച്ചനിറമായാല്‍ ബാക്‌ടീരിയ ബാധിച്ചിരിക്കുന്നുവെന്ന്‌ ഉറപ്പിക്കാം. ശക്തമായ തലവേദനയും ഉണ്ടാവാം. എത്രയും വേഗം ഡോക്‌ടറിനെ കാണണം; ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതാണ്‌ പ്രതിവിധി. ഡോക്‌ടര്‍ നിര്‍ദ്ദേശിക്കും വിധം പറയുന്ന കാലയളവുവരെ യഥാവിധി കഴിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

നിര്‍ജലീകരണം (Dehydration)

ശരീരത്തില്‍ വെളളം കുറഞ്ഞാ‍ല്‍ (Dehydration)
ശരീരത്തിന്റെ എഴുപത്തഞ്ചു ശതമാനത്തോളം വെളളമാണ്‍; കോശങ്ങളി(intracellular space)ലാണ്. ഇതില്‍ ഭൂരിഭാഗവും. ബാക്കിയുളളത് കോശങ്ങ്ള്‍ക്ക് പുറത്തുളള(extracellular space) ഭാഗത്താണ്.വെളളം ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് ഉപയോഗപ്പെടുത്തുകയും പുറന്തളളപ്പെടുകയും ചെയ്യുന്നതെങ്ങനെയെന്നു നോക്കാം. വ്ൃക്ക(kidney)യോടു ചേ൪ന്നു പ്രവര്‍ത്തിക്കുന്ന എ.ഡി.എച്ച് (Anti-Diuretic Hormone – ADH) എന്ന ഹോ൪മോണാണ്‍ വെള്ളത്തെ എപ്പോഴൊക്കെയാണ് മൂത്രം വഴി പുറന്തള്ളേണ്ടത് എപ്പോഴാണ് ശരീരത്തില്‍ സംഭരിച്ചു വക്കേണ്ടത് എന്നു തീരുമാനിക്കുന്നത്.

ശ്വാ‍സോഛ്വാസം ചെയ്യുമ്പോഴും(breathe), വിയര്‍ക്കുമ്പോഴും(sweat),കുടല്‍ മാലിന്യം പുറന്തളളുമ്പോഴും, മൂത്രം വഴിയും, ശരീരത്തില്‍നിന്ന് ജലാംശം നഷ്ടപ്പെടുന്നുണ്ട്. ഇത്തരത്തിലുളള നഷ്ടം വെളളം കുടിക്കുന്നതിനനുസരിച്ചു നികത്തപ്പെട്ടുകൊണ്ടേയിരിക്കും.

പക്ഷേ ഇങ്ങനെ ശരീരം നിലനിര്‍ത്തുന്ന സംതുലനാവസ്ഥ ചിലപ്പോഴൊക്കെ പല കാരണങ്ങള്‍ കൊണ്ടും തകിടം മറിയാറുണ്ട്. നാം കുടിക്കുന്നതിലേറെ വെളളം ശരീരത്തില്‍നിന്ന് പുറന്തളളപ്പെടുന്ന സാഹചര്യങ്ങളോ, അസുഖങ്ങളോ ഉണ്ടാകുമ്പോഴാണിത് സംഭവിക്കുന്നത്. ഇതിനെ നിര്‍ജലീകരണം(Dehydration) എന്ന് പറയാം.

നിര്‍ജലീകരണത്തിനുള്ള കാ‍രണങ്ങള്‍
വയറിളക്കമാണ് (diarrhoea) ശരീരത്തില്‍ നിന്ന് വളരെ വേഗത്തില്‍ ധാരാളമായി വെളളം നഷ്ടപ്പെടുന്നതില്‍ പ്രധാനകാരണം. ഛര്‍ദ്ദി(vomiting)യും തുല്യപ്രാധാന്യം വഹിക്കുന്നു. വയറിനുള്ളില്‍ കടന്നുകൂടുന്ന രോഗാണുക്കളെ(infectious organisms)യോ വിഷാംശ(toxic substances)ങ്ങളേയോ അലര്‍ജിവസ്തുക്കളെയോ(allergens) പുറന്തളളാനായി ശരീരത്തിന്റെ പ്രതിരോധസംവിധാനം(defence mechanism)പ്രവര്‍ത്തിക്കുമ്പോഴാണ് വയറിളക്കമോ, ഛര്‍ദ്ദിയോ, ചിലപ്പോള്‍ രണ്ടും കൂടിയോ ഉണ്ടാകുന്നത്. പൊളളലേല്‍ക്കുമ്പോള്‍ കേടുപാടുവന്ന തൊലിയിലൂടെയും, നല്ല പനി കഴിഞ്ഞ് വിയര്‍ക്കുമ്പോഴും, പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോഴുമൊക്കെ ശരീരം നിലനിര്‍ത്തുന്ന വെളളത്തിന്റെ സംതുലനാവസ്ഥ താറുമാറാകും; നിര്‍ജലീകരണം(dehydration) അനുഭവപ്പെടും. പഞ്ചസാരയുടെ കൂടിയ അളവിനെ ശരീരം നിയന്ത്രിക്കുന്നത് മൂത്രത്തിലൂടെ പുറന്തളളിക്കൊണ്ടാണ്.ഈ പ്രക്രിയക്കുവേണ്ടി ധാരാളം വെളളവും മൂത്രത്തിലൂടെ പുറന്തളളപ്പെടും. തൊലിപ്പുറമെ നീരുണ്ടാകുന്നതരം അസുഖങ്ങളിലും നിര്‍ജലീകരണത്തിനു സാദ്ധ്യതയുണ്ട്. അന്തരീക്ഷത്തില്‍ ചൂടുകൂടുമ്പോഴും, വ്യയാമം ചെയ്യുമ്പോഴും,ശരീരത്തില്‍നിന്ന് വിയര്‍പ്പായി ധാരാളം വെളളം നഷ്ടപ്പെടുമല്ലോ. രോഗാണുബാധയെ തുടര്‍ന്നുണ്ടാകുന്ന പനിയാണെങ്കില്‍ ഇടവിട്ട് പനിക്കുന്നത് നമുക്ക് പരിചിതമാണ്. പനി വിടുമ്പോഴുണ്ടാകുന്ന വിയര്‍പ്പുവഴിയും വെളളം ധാരാളമായി നഷ്ടപ്പെടുന്നു.

പ്രത്യാഘാതങ്ങള്‍

നിര്‍ജലീകരണം (Dehydration) എന്ന അവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ചെറിയ തലവേദന മുതല്‍ രക്തസമ്മര്‍ദ്ദം കുറയുന്നതുകൊണ്ടുണ്ടാകുന്ന(lowered BP) ഷോക്ക്(hypovoleimic shock) വരെ ശരീരത്തില്‍ വെളളത്തിന്റെ കുറവിനനുസരിച്ച് പ്രത്യക്ഷപ്പെടാം. തലച്ചോറിലേക്കുളള രക്തപ്രവാഹം കുറയുന്നതുകൊണ്ട് അബോധാവസ്ഥയിലായി കോമ(coma)യിലെത്തുന്ന അവസ്ഥയും വന്നു ചേരാം. തുടര്‍ന്ന് മറ്റുളള അവയവങ്ങള്‍ കൂടി പ്രവര്‍ത്തനരഹിതമായാല്‍ മരണം വരെ സംഭവിക്കാം. വ്ൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവുന്നതും (kidney failure) അസാധാരണമല്ല. ശരിയായ സമയത്ത് കണ്ടെത്തി ചികിത്സിക്കാനായാലേ വ്ൃക്കയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനാ‍കൂ. നിര്‍ജലീകരണം തുടര്‍ന്നുകൊണ്ടിരുന്നാല്‍ രക്തസമ്മര്‍ദ്ദം കുറയുകയും, തുടര്‍ന്ന് മറ്റ് അവയവങ്ങളിലേക്കുളള രക്തയോട്ടം കുറയുകയും ചെയ്യും. ചൂടുസംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങളാണ് മറ്റ്ചിലത്. വിയര്‍പ്പു വഴി വെളളം ധാരാളമായി നഷ്ടപ്പെടുമ്പോള്‍ തകരാറിലാകുന്നത് തുടര്‍ച്ചയായി വ്യായമത്തിലേര്‍പ്പെടുന്ന മസിലുകളുടെ സുഗമമായ പ്രവര്‍ത്ത്നമാണ്; മസിലുകളില്‍ കോച്ചിപ്പിടുത്തം (heat cramps) അനുഭവപ്പെടാനിടയാകും.

ലക്ഷണങ്ങള്‍

തലവേദന, തലകറക്കം, കുറഞ്ഞ രക്തസമ്മര്‍ദ്ദം, ഇടുമിച്ച മുഖം(flushed face), കണ്ണുകളില്‍ ഭാരം അനുഭവപ്പെടുക(sunken eyes), വായ വരളുക(dry mouth), തൊലി വരളുക(dry skin), മൂത്രത്തിന്റെ അളവ് നന്നേ കുറവാകുക, മൂത്രം നല്ല മഞ്ഞ നിറത്തില്‍ പോകുക, ചിലപ്പോള്‍ മൂത്രം ഒട്ടും തന്നെ പോകാതിരിക്കുക, വിയര്‍ക്കാതിരിക്കുക, ഒരു പക്ഷെ അബോധാവസ്ഥയിലാകുക, ഇതൊക്കെയാണ് പ്രകടമാകുന്ന ലക്ഷണങ്ങള്‍. രോഗിയെ കിടത്തിയിട്ട് കാലുകള്‍ ഒരു തലയിണയിലോ മറ്റോ ഉയര്‍ത്തിവെയ്ക്കുന്നത് നല്ലതാണ്. ഒപ്പം കാറ്റു കൊളളാനുളള സൗകര്യവും ചെയ്തുകൊടുക്കും.ബോധാവസ്ഥയിലാണെങ്കില്‍ കുറച്ചുവെളളം കൂടികുടിപ്പിച്ചാല്‍ പ്രാഥമികമായ പരിചരണമായി. അബോധാവസ്ഥയിലാണ് രോഗിയെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം.
ചികിത്സ
നിര്‍ജലീകരണം ഏതു വിധമാണെങ്കിലും നഷ്ടപ്പെട്ട ജലാംശത്തെ വീണ്ടെടുക്കുക (fluid replacement or rehydration) എന്നതാണ് പ്രധാന ചികിത്സ. വയറിളക്കം പോലുളള പ്രശ്നത്തേത്തുടര്‍ന്നാണെങ്കില്‍ ഓറല്‍ റീഹൈഡ്രേഷന്‍ സോള്‍ട്ട് (oral rehydration salt-ORS) തിളപ്പിച്ചാറിയ വെളളത്തില്‍ കലക്കി ഇടക്കിടക്ക് കുടിപ്പിക്കാം. ഓരോ മലവിസര്‍ജ്ജനതിനുശേഷവും ഒരു കപ്പ് (250 മി.ല്ലി) ഓ.അര്‍.എസ് മിശ്രിതം നഷ്ടപ്പെട്ട ജലാംശത്തെ വീണ്ടെടുക്കാനാകും. ഗ്ലൂക്കോസും സോഡിയം, പൊട്ടാസ്യം പോലുളള മറ്റ് ലവണങ്ങളും ഉള്‍പ്പെട്ട ഈ മിശ്രിതം ശരീരത്തിലെ നഷ്ടപ്പെട്ട ഊര്‍ജ്ജത്തേയും ലവണങ്ങളെയും(electrolytes) വീണ്ടെടുക്കും. വീടുകളില്‍ ഉപ്പിട്ട കഞ്ഞിവെളളവും കരിക്കിന്‍ വെളളവും ലഭ്യമെങ്കില്‍ ഇവയും നഷ്ടപ്പെട്ട ജലാംശത്തെയും ഊര്‍ജ്ജത്തേയും ലവണങ്ങളേയും വീണ്ടെടുക്കും.

ഛര്‍ദ്ദി പോലുളള പ്രശ്നം കൂടിയുണ്ടെങ്കില്‍ വായിലൂടെയുളള ചികിത്സ വഴി ജലാംശത്തെ വീണ്ടെടുക്കുക പ്രയാസമാണ്. വൈദ്യസഹായം തേടുകതന്നെ വേണം. രക്തക്കുഴലുകള്‍ വഴി ജലത്തേയും ലവണങ്ങളേയും (electrolytes) വീണ്ടെടുക്കുകയാണ് പോംവഴി. നിര്‍ജലീകരണം മൂലം രക്തസമ്മര്‍ദ്ദം കുറഞ്ഞ് മറ്റു പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കിലും രോഗിയെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കണം. കാരണം ഇത്തരം സാഹചര്യങ്ങളിലും ജലനഷ്ടത്തെ വീണ്ടെടുക്കാന്‍ വീട്ടിലുളള സ്വയംചികിത്സക്കു കഴിയില്ല. രക്തക്കുഴലുകള്‍ വഴി പലതരം മരുന്നുകള്‍ കയറ്റിയാലേ ചികിത്സ വിജയിക്കൂ. ഇത്തരം ചികിത്സയുടെ വിജയം അളക്കുന്നത് രോഗി പുറന്തളളുന്ന മൂത്രത്തിന്റെ അളവ് പരിശോധിച്ചിട്ടാ‍ണ്.കാരണം ശരീരത്തില്‍ ജലമില്ലാത്തപ്പോള്‍ വ്ൃക്ക ജലത്തെ പുറന്തളളാതെ സംഭരിച്ചു വക്കുന്നതിന്റെ ഫലമായി മൂത്രം വളരെ കുറവേ ഉണ്ടാകൂ. പക്ഷെ ചികിത്സ തുടങ്ങിക്കഴിഞ്ഞാല്‍ വ്ൃക്ക അത് തിരിച്ചറിയുകയും വര്‍ദ്ധിതമായ അളവില്‍ മൂത്രം പുറന്തളളുകയും ചെയ്യും.

അണുബാധ കൊണ്ട് പനി, ഛര്‍ദ്ദി, വയറിളക്കം, എന്നീ പ്രശ്നങ്ങള്‍ കൂടിയുണ്ടെങ്കില്‍ നിര്‍ജലീകരണത്തിനുളള ചികിത്സക്കുപുറമേ രോഗത്തിന്റെ ശരിയായ കാരണത്തിനും ചികിത്സ നല്‍കണം.
തടയാനുളള വഴികള്‍
1.ദിവസവും 8 ഗ്ലാസ്സ് വെളളം കുടിക്കാ൯ ശ്രദ്ധിക്കണം
(പ്രത്യേകിച്ച് വേനല്‍ക്കാലത്ത്)
2.കാര്‍ബണ്‍ ഡൈഒക്സൈഡ് ലയിപ്പിച്ചതും കഫീന്‍ അടങ്ങിയതുമായ പാനീയങ്ങള്‍ കഴിവതും ഒഴിവാക്കണം.
3.തൊലിയെ കഴിയുന്നിടത്തോളം സൂര്യപ്രകാശമേല്‍ക്കാതെ സംരക്ഷിക്കണം
4.വ്യായാമം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്ന ജലനഷ്ടം അപ്പോഴപ്പോള്‍ നികത്തുവാന്‍ ശ്രദ്ധിക്കണം.

കുടിവെള്ളം കുടിക്കാന്‍ അനുയോജ്യമോ?

കുടിക്കുവാന്‍ അനുയോജ്യമായ വെള്ളം (potable water) നമുക്ക്‌ ലഭിക്കുന്നത്‌ പല സ്രോതസ്സുകളില്‍ നിന്നാണല്ലോ. ജലസേചന വകുപ്പ്‌ വഴി ലഭിക്കുന്ന പൈപ്പുവെള്ളവും പലതരം രാസ പ്രക്രിയകള്‍ വഴി ശുദ്ധീകരിക്കുന്നതാണെന്ന്‌ നമുക്കറിയാം. ഇതിനും ചില മാന ദണ്‌ഡങ്ങള്‍ പാലിക്കുകയും ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്‌. വെള്ളം ഒരു നല്ല ലായകമാണ്‌. അതുകൊണ്ട്‌ പരിസര സംരക്ഷണസമിതി (Environmental Protection Agency - EPA) വെള്ളത്തില്‍ ലയിച്ചുചേരുന്ന 64 തരം മാലിന്യവസ്‌തുക്കളുടെ (pollutants) അളവുകള്‍ക്ക്‌ മാനദണ്‌ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

വെള്ളം എവിടെ നിന്നായാലും (കിണറ്‌, പൈപ്പ്‌, കുപ്പിവെള്ളം, മറ്റ്‌ ജലസ്രോതസ്സുകള്‍) അതിന്റെ ശുദ്ധി പരീക്ഷിച്ചറിയാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്‌. മലിനീകരണ നിയന്ത്രണബോര്‍ഡ്‌ (pollution control board) അനുശാസിക്കുന്ന മാനദണ്‌ഡങ്ങള്‍ക്കനുസരിച്ച്‌ നമുക്ക്‌ ലഭ്യമാകുന്ന വെള്ളം കുടിക്കാന്‍ യോഗ്യമാണോ എന്ന്‌ പരിശോധിച്ചറിയാന്‍ ലബോറട്ടറികളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പൊതുജനങ്ങള്‍ക്ക്‌ ഇത്‌ ഉപയോഗപ്പെടുത്താം. രാസപരിശോധനയും അണുക്കള്‍ ഉണ്ടോ എന്നറിയാനുള്ള (മൈക്രോബയോളജി പരിശോധന) പരിശോധനയും ഉള്‍പ്പെടെ പലതും നമുക്ക്‌ ഇത്തരം ലബോറട്ടറികളില്‍ നിന്ന്‌ ചെയ്‌തു കിട്ടും.

കുടിവെളളം കുപ്പിയിലാക്കുമ്പോള്‍

കുടിവെള്ളം പോലും പണം കൊടുത്ത്‌ വാങ്ങേണ്ടതിലെത്തി നില്‍ക്കുന്നതാണ്‌ ഇന്നത്തെ നമ്മുടെ ആധുനികത. കുടിവെള്ളം കുപ്പിയിലാക്കുമ്പോള്‍ അത്‌ കുപ്പിവെള്ളം (Bottled water) എന്നോ ധാതുജലം (mineral water) എന്നോ ഒക്കെ നാം പറയുന്നു. മറ്റ്‌ പല ഉത്‌പന്നങ്ങളേയും പോലെ കുടിവെള്ളത്തിനും ചില മാനദണ്‌ഡങ്ങള്‍ പാലിക്കണമെന്ന്‌ ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്‌ (Baureau of Indian standard) അനുശാസിക്കുന്നു. അത്തരം മാന ദണ്‌ഡങ്ങള്‍ പാലിക്കുന്ന ഉത്‌പന്നങ്ങള്‍ക്കാണല്ലോ ISI മുദ്ര ലഭിക്കുക. കുടിവെള്ളത്തിനുണ്ടാകേണ്ട ഗുണനിലവാരം എന്താവണമെന്ന്‌ ലോകാരോഗ്യസംഘടക തുടങ്ങിയ അന്തരാഷ്‌ട്ര സംഘടനകള്‍ നിര്‍ദ്ദേശിക്കുന്നു. രാസപരിശോധനയിലും, മൈക്രോബയോളജി പരിശോധനയിലും, വിശിഷ്യാ കാഴ്‌ചയിലും വേണ്ടതായ ഗുണനിലവാര സൂചികകള്‍ ദേശീയതലത്തിലും നിര്‍വ്വചിക്കപ്പെടുന്നുണ്ട്‌. ലേബലിലേയ്‌ക്കൊന്ന്‌ നോക്കിയാല്‍ ultra filtered, uv treated, ozonized എന്നൊക്കെ കാണാം. മാനദണ്‌ഡങ്ങള്‍ പാലിക്കപ്പെടണ മെങ്കില്‍ പ്രധാനമായും ഈ വെള്ളം അണുവിമുക്തമായിരിക്കണം. 0.2 മൈക്രോഗ്രാം നമ്പറിലുള്ള അരിപ്പകൊണ്ടു അണുക്കളെ അരിച്ചെടുക്കുമ്പോള്‍ ഈ വെള്ളം ഒരു തരത്തില്‍ അണുവിമുക്ത മാകുന്നു. സ്റ്റെറിലൈസേഷന്‍ (sterilization) എന്ന പ്രക്രിയ വഴിയും അണുനശീകരണം നടത്താം. പ്രഷര്‍കുക്കറിന്റെ ഏകദേശ തത്ത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോക്ലേവ്‌ (atuoclave) എന്ന ഉപകരണത്തില്‍ വച്ച്‌ മര്‍ദ്ദവും ആവിയും ഉപയോഗിച്ചാണ്‌ വ്യാവസായികമായി ഇത്‌ നടത്തുക. 15 പൗണ്ട്‌ മര്‍ദ്ദത്തില്‍, 1200c ചൂടില്‍, അരമണിക്കൂര്‍ ഓട്ടോക്ലേവ്‌ (autoclave) ചെയ്യുമ്പോള്‍ അണുനശീകരണം നടക്കുന്നു. സാധാരണയായി നമ്മുടെ വീട്ടില്‍ വെള്ളം 5 മിനിറ്റ്‌ വെട്ടിത്തിളപ്പിച്ച്‌ ഒരു പരിധി വരെ അണുനശീകരണം നടത്താം. 15-20 മിനിറ്റുവരെ തിളപ്പിക്കുന്നതാണ്‌ ഉത്തമം.

ചിലതരം വാതകങ്ങള്‍ ഉപയോഗിച്ചും വ്യാവസായികമായി അണുനശീകരണം നടത്താം. ഇന്‍ഫോറെഡ്‌ റേഡിയേഷന്‍ (infrared radiation) അള്‍ട്രവയലറ്റ്‌ റേഡിയേഷന്‍
(ultraviolet radiation) ഗാമാ റേഡിയേന്‍ (Gamma radiation) എന്നിവയാണ്‌ അവ. ലളിത മായി പറഞ്ഞാല്‍ അള്‍ട്രാവയലറ്റ്‌ റേഡിയേഷന്‍ ഉപയോഗിച്ച്‌ അണുവിമുക്തമാക്കപ്പെട്ട കുടിവെള്ളമാണ്‌ നാം വാങ്ങുന്നത്‌. ഓസോണൈസ്‌ഡ്‌ (ozonized) എന്നതാണ്‌ അടുത്തത്‌. ഓസോണ്‍ (ozone) എന്ന വാതകം ഒരു ഓക്‌സീകാരി (oxidant) ആണ്‌. ഓക്‌സീകരണം (oxidation) എന്ന രാസ പ്രവര്‍ത്തനം നടക്കും. ക്ലോറിന്‍ ഉപയോഗിച്ച്‌ ക്ലോറിനേഷന്‍ വഴി വെള്ളം ശുദ്ധീകരിക്കുന്നതുപോലെ തന്നെ അത്യാധുനികമായ ജലശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണ്‌ ഓസോണൈസേഷന്‍ (ozonosation). ഓക്‌സീകരണം (oxidation) വഴിയാണ്‌ അണു ക്കളെ നശിപ്പിക്കുന്നത്‌.

ഇതു പോലെ പലതരത്തില്‍ അണുവിമുക്തമാക്കപ്പെട്ട കുടിവെള്ളം എങ്ങനെ സൂക്ഷിക്ക ണമെന്നും ലേബലില്‍ നിര്‍ദ്ദേശമുണ്ട്‌ . Store in a cool place. അപ്പോള്‍ cool place എന്ന തിന്റെ മാനദണ്‌ഡം അറിയേണ്ടേ.. 80c നും 250c ഇടയിലുള്ള ചൂടാണിത്‌. ഒരിക്കല്‍ തുറന്നു പയോഗിച്ച കുപ്പിയില്‍ വെള്ളം ബാക്കിയുണ്ടെങ്കില്‍ പുറത്തുനിന്നും പുതിയ അണുക്കള്‍ കയറികൂടാനും പെരുകാനും സാദ്ധ്യതയുണ്ടല്ലോ. അതുകൊണ്ട്‌ cool place ല്‍ അതായത്‌ ഫ്രിഡ്‌ജിന്റെ ഏറ്റവും താഴ്‌ന്ന തട്ടില്‍ സൂക്ഷിക്കുക. ഈ വെള്ളത്തിലേക്ക്‌ വീട്ടിലിരിക്കുന്ന വെള്ളം ഒഴിച്ച്‌, വീണ്ടും കുപ്പി നിറച്ച്‌, ഫ്രിഡ്‌ജില്‍ സൂക്ഷിച്ചുവയ്‌ക്കുന്ന പ്രവണത ഒഴിവാക്കുന്നതാണ്‌ ഉത്തമം. ഇനിയാണ്‌ നാം സാധാരണയായി ശ്രദ്ധിക്കാറുള്ള എക്‌സ്‌പയറി തീയതി ( Expiry date ). Best before 6 months from the date of packaging . Date of Packaging നോക്കുക; 6മാസത്തിനുള്ളിലാണ്‌ നാമത്‌ വാങ്ങുന്നതെന്ന്‌ ഉറപ്പുവരുത്തുക. ഉപയോഗശേഷം പ്ലാസ്റ്റിക്‌ കുപ്പികള്‍ നശിപ്പിച്ചുകളയുവാനും ലേബലില്‍ നിര്‍ദ്ദേമുണ്ട്‌. വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന ഗുണനിലവാരമുള്ള പ്ലാസ്റ്റിക്‌ കൊണ്ടല്ല കുപ്പികള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌ (PET) എന്നതുകൊണ്ടാണിത്‌. പ്ലാസ്റ്റിക്‌ കത്തിക്കുമ്പോഴുണ്ടാകുന്ന ഡയോക്‌സൈയ്‌ന്‍ ( Dioxane )എന്ന രാസവസ്‌തു കാന്‍സറിന്‌ കാരണമാകുമെന്നതു കൊണ്ട്‌ കത്തിച്ചല്ല പ്ലാസ്റ്റിക്‌ നശിപ്പിക്കേണ്ടത്‌ എന്ന കാര്യവും ഓര്‍മ്മയില്‍ വയ്‌ക്കുമല്ലോ

ക്യാന്‍സറും പുകയിലയും പിന്നെ പുകവലിയും

നമ്മുടെ ശരീരത്തിലെ സാധാരണകോശങ്ങള്‍ക്ക്‌ (Normal cells) ഒരു പ്രത്യേക സാഹചര്യത്തില്‍ ഭ്രാന്തിളകുന്നതാണ്‌ ക്യാന്‍സറിന്റെ ആരംഭം. അതിന്‌ കൃത്യമായ ഒരു കാരണം ഉണ്ടാകണമെന്നില്ല. ആ കോശങ്ങളുടെ പിന്നീടുള്ള വിഭജനം ത്വരിതഗതിയിലായിത്തീരുന്നതും പലതരം രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമാണ്‌ പിന്നീടുണ്ടാകുന്നത്‌. അതിവേഗത്തിലുള്ള കോശവിഭജനത്തെ തുടര്‍ന്ന്‌ നിയന്ത്രണാതീതമായി പെരുകുന്നവയാണ്‌ ക്യാന്‍സര്‍ കോശങ്ങള്‍; അവ അസാധാരണമായ രാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.
പെരുകിക്കൊണ്ടിരിക്കുന്ന പുതിയ കോശങ്ങളെ നശിപ്പിക്കുകയാണ്‌ മരുന്നുകള്‍, റേഡിയേഷന്‍, സര്‍ജറി എന്നീ ചികിത്സാമാര്‍ഗ്ഗങ്ങളിലൂടെ ചെയ്യുന്നത്‌. അതുകൊണ്ട്‌ ആരംഭത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയുക എന്നത്‌ പ്രധാനമായ കാര്യമാണ്‌. രോഗം ബാധിച്ച ക്യാന്‍സര്‍ കോശങ്ങളുടെ അളവ്‌ ശരീരത്തില്‍ വര്‍ദ്ധിക്കുന്തോറും ചികിത്സാമാര്‍ഗ്ഗങ്ങള്‍ അവയെ നേരിടുവാന്‍ അപര്യാപ്‌തമാകും.
സാധാരണ കോശങ്ങള്‍ക്ക്‌ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്‌ മിക്കപ്പോഴും അവ അത്തരം സാഹചര്യങ്ങളിലാകുവാന്‍ അവസരം ഉണ്ടാകുന്നതു കൊണ്ടാണ്‌. ഉദാഹരണമായി സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ തൊലിക്ക്‌ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ മതിയായവയാണ്‌; പലതരം രാസവസ്‌തുക്കള്‍ (പുകയില, മദ്യം, കീടാനാശിനികള്‍, ആസ്‌ബസ്റ്റോസ്‌), വൈറസുകള്‍ ഉള്‍പ്പെടെയുള്ള രോഗാണുക്കള്‍, ക്രോമസോം തകരാറുകള്‍, മുതലായ കാന്‍സറിനുകാരണക്കാരായ ഇത്തരം ഘടകങ്ങളെ കാര്‍സിനോജനുകള്‍ എന്ന്‌ വിളിക്കുന്നു. വിട്ടുമാറാത്ത പലതരം രോഗാണുബാധ (ഹെപ്പറ്റൈറ്റിസ്‌ - Hepatitis) വൈറസ്‌, അള്‍സറിനു കാരണമായ ഹെലികോബാക്‌ടര്‍ പൈലോറി എന്ന രോഗാണു) 20% വരെ ക്യാന്‍സറിന്‌ കാരണമാകുന്നു. കൂടാതെ ജീവിതശൈലി, ശാരീരിക പ്രവര്‍ത്ത നശൈലി, ഭക്ഷണക്രമം, മദ്യപാനം, പുകവലി ഒക്കെ ഇതിന്‌ കാരണമാണ്‌. 
ക്യാന്‍സറില്‍ പുകയിലയ്‌ക്കുള്ള പങ്ക്‌ എന്താണെന്ന്‌ നോക്കാം. ലോകത്താകെ ക്യാന്‍സര്‍മൂലം മരണമടയു ന്നവരില്‍ ഭൂരിഭാഗവും പുകയില ശീലമാക്കിയവരാണെന്ന്‌ ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പലതരം പുകയിലച്ചെടികളുണ്ടെങ്കിലും പ്രധാനമായും നിക്കോട്ടിയാനാ റ്റബാകം (Niocotiana tabaccum) എന്ന ശാസ്‌ത്രീയനാമമുള്ള ചെടിയുടെ മുഴുവന്‍ ഭാഗങ്ങളോ, ഇല മാത്രമായോ പലതരത്തിലുള്ള ഉപഭോഗ വസ്‌തുക്കളായി രൂപം പ്രാപിക്കുന്നു. പുകരൂപത്തില്‍ ഉപയോഗിക്കുന്നവയും (സിഗരറ്റ്‌, ബീഡി) പുകരൂപത്തില്ലാതെ ഉപയോഗി ക്കുന്നവയും ഉണ്ട്‌. പുകരൂപത്തിലല്ലാത്തവയില്‍ റ്റുബാക്കോ ഓറല്‍ സ്റ്റഫും (മൂക്കില്‍പ്പൊടി, പാന്‍പരാഗ്‌), ച്യൂയിംഗ്‌ റ്റുബാക്കോയും (പാന്‍മസാല, ഗുഡ്‌ക) ഉള്‍പ്പെടുന്നു.
4000 ത്തോളം രാസപദാര്‍ത്ഥങ്ങള്‍ പുകയിലയുടെ പുകയില്‍ അടങ്ങിയിരിക്കുന്നു. ഒരു സിഗരറ്റില്‍ 0.1 - 2 മി.ഗ്രാം എന്ന തോതില്‍ നിക്കോട്ടിന്‍ എന്ന രാസപദാര്‍ത്ഥവും അതിന്റെ പുകയില്‍ പലതരം പോളിസൈക്ലിക്‌ ആരോമാറ്റിക്‌ ഹൈഡ്രോ കാര്‍ബണു (Polycyclic Aromatic Hydrocarbons)കളും അടങ്ങിയിരിക്കുന്നു. പൊതുവെ കാര്‍സിനോജനുകള്‍ എന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്ന ആരോമാറ്റിക അമിനുകള്‍ (Aromatic Amines), ബെന്‍സീന്‍, ഹെവിമെറ്റലുകള്‍ (Heavy metals) എന്നിവയും അതിന്റെ പുകയില്‍ ഉണ്ട്‌. ഇവയെല്ലാംകൂടി സമ്മിശ്രമായി ക്യാന്‍സറിനുള്ള എല്ലാ സാദ്ധ്യതയും ഒരുക്കുന്നു. കൂടാതെ രക്തചംക്രമണ വ്യവസ്ഥയേയും (cardio vascular system) ശ്വാസകോശത്തേയും പലതരത്തില്‍ ഇവ ബാധിക്കുന്നു.

ശ്വാസകോശത്തിനുണ്ടാവുന്ന ക്യാന്‍സര്‍ ആണ്‌ പ്രധാനമെങ്കിലും വായ, തൊണ്ട, അന്നനാളം, പാന്‍ക്രിയാസ്‌, വൃക്ക, മൂത്രാശയം ഇവയൊക്കെ ക്യാന്‍സറിനടിമ പ്പെടാനുള്ള സാദ്ധ്യതകളേറെയാണ്‌. ക്യന്‍സറിനുപുറമെ, കൂടിയ ഹൃദയമിടിപ്പ്‌, രക്തക്കുഴലുകളുടെ വ്യാസം കുറയല്‍, അതുമൂലമുള്ള കൂടിയ രക്തസമ്മര്‍ദ്ദം, രക്തത്തില്‍ ഓക്‌സിജന്റെ കുറഞ്ഞ അളവ്‌, ഫാറ്റി ആസിഡുകള്‍, ഗ്ലൂക്കോസ,്‌ ഹോര്‍മോണുകള്‍, എന്നിവയുടെ കൂടിയ അളവ്‌, രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത (തുടര്‍ന്ന്‌ ഹൃദയാഘാതാവും പക്ഷാഘാതവും - stroke), മലബന്ധം ഇവയൊക്കെ ഉണ്ടാകാം. പുക ഏല്‍ക്കാനിടയാകുന്നതുമൂലം അലര്‍ജി ഉണ്ടാകുവാനും അത്‌ ആസ്‌തമയായിത്തീരുവാനും സാദ്ധ്യതകളേറെയാണ്‌. ഗര്‍ഭിണികളായ സ്‌ത്രീകള്‍ പുകവലിക്കുന്നതും പുക ഏല്‍ക്കാനിടയാകുന്നതും ഗര്‍ഭഛിദ്രം, കാലം തികയും മുമ്പേയുള്ള പ്രസവം (premature
delivery), കുട്ടിക്ക്‌ തൂക്കം കുറവ്‌ എന്നിവയുണ്ടാകാനും സാദ്ധ്യതയുണ്ട്‌.
പഠനങ്ങളനുസരിച്ച്‌ പുകവലിക്കാരില്‍ അള്‍സറിന്റെ നിരക്ക്‌ വളരെ കൂടുതലാണ്‌. ആമാശയത്തിലെ പല പ്രവര്‍ത്തനങ്ങളെയും വളരെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട്‌ അള്‍സര്‍ ഉണങ്ങുവാന്‍ വളരെ താമസം നേരിടും. ഉണങ്ങിയാലും വീണ്ടും വീണ്ടും ഉണ്ടാകുവാന്‍ സാദ്ധ്യതകളേറെയുമാണ്‌.

സിഗരറ്റിലെ രാസപദാര്‍ത്ഥങ്ങള്‍ കത്തിയെരിഞ്ഞ്‌ പുതിയതരം കാര്‍സിനോജനുകള്‍കൂടി ഉണ്ടാകുന്നു എന്നുള്ളതുകൊണ്ട്‌ പുകവലിക്കുന്ന വ്യക്തിയില്‍ നിന്ന്‌, പുകവലി, ഒരു സാമൂഹിക വിപത്തായി ത്തീരുന്നു. പുകവലിക്കുന്ന സമയത്ത്‌ ചുറ്റും നില്‍ക്കുന്ന കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിലെ മറ്റാളുകള്‍ക്കും നിരന്തരമായി ഈ കാര്‍സിനോജനുകള്‍ ലഭിക്കുന്നു.

പുകയില്ലാത്ത പുകയില ഉത്‌പന്നങ്ങള്‍ (പാന്‍പരാഗ്‌, പാന്‍മസാല, മൂക്കില്‍പ്പൊടി) എന്നിവയും സിഗരറ്റിനേക്കാള്‍ ഒട്ടും സുരക്ഷിതമല്ല. കാന്‍സറിന്‌ കാരണമായ പലതരം രാസപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുന്ന അപകടകാരികളാണിവ. കൂടാതെ പല്ലിനു കേടുമുതല്‍ വായ്‌പ്പുണ്ണ്‌ വരെ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇവ പര്യാപ്‌തമാണ്‌.
പുകയിലയിലെ രാസപദാര്‍ത്ഥങ്ങള്‍ക്ക്‌ കാര്‍സിനോജനായി മാറാന്‍ ഒരു ആവേഗം (Metabolic activation) ലഭിക്കേണ്ടതുണ്ട്‌. ശ്വാസകോശത്തിലും മറ്റ്‌ ശരീരഭാഗങ്ങളിലുമുള്ള എന്‍സൈമുകളാണ്‌ (Ezymes) ഇത്തരം രാസപ്രവര്‍ത്തനത്തെ സഹായിക്കുന്നത്‌. അങ്ങനെ പുകവലിയില്‍ നിന്ന്‌ ക്യാന്‍സറിലേയ്‌ക്കുള്ള മാര്‍ഗ്ഗം വളരെ എളുപ്പമാക്കിത്തീര്‍ക്കാന്‍ നമ്മുടെ ശരീരം സദാ സന്നദ്ധമായി നില്‍ക്കുന്നു. അതുകൊണ്ട്‌ പുകവലി തുടങ്ങിക്കൊടുത്താല്‍ മാത്രം മതി കാന്‍സറുണ്ടാകുവാന്‍. 
എങ്ങനെ പുകവലി നിര്‍ത്താം.

80% പുകവലിക്കാരും അത്‌ നിര്‍ത്താന്‍ ആഗ്രഹമുള്ളവരും 2,3 പ്രാവശ്യമെങ്കിലും അതിനായി ശ്രമം നടത്തിയിട്ടുള്ളവരുമാണെന്ന്‌ കണക്കെടുപ്പുകള്‍ തെളിയിക്കുന്നു. ശരീരത്തെ സംബന്ധിച്ച്‌ പുകവലി നിര്‍ത്തുക എന്നത്‌ മദ്യപാനം നിര്‍ത്തുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്‌. കാരണം, മദ്യപാനം പെട്ടെന്ന്‌ നിര്‍ത്തിയാല്‍ ശരീരം പ്രതികരിക്കും (withdrawal symptoms). അതുകൊണ്ട്‌ ഡോക്‌ടറുടെ സഹായവും, മരുന്നുകളും, അതിനുമുമ്പ്‌ ഒരു കൗണ്‍സിലിംങ്ങും വളരെ ആവശ്യമാണ്‌. പക്ഷേ പുകവലി നിര്‍ത്തുന്നതുകൊണ്ട്‌ ശരീരം അത്രത്തോളം കാര്യമായി പ്രതികരിക്കില്ല. മനസ്സുറപ്പുണ്ടെങ്കില്‍ ചെറിയ തലവേദന, ഉറക്കമില്ലായ്‌മ, അക്ഷമ എന്നീ ഹൃസ്വകാല ത്തേക്കുണ്ടാകാവുന്ന പ്രതികരണങ്ങളെ ചെറുത്തുനില്‍ക്കാവുന്നതേയുള്ളു. മനസ്സുണ്ടെങ്കില്‍ മാര്‍ഗ്ഗവുണ്ട്‌ (If there is a will, there is way) എന്നത്‌ ഇക്കാര്യത്തില്‍ സ്വീകാര്യമാണ്‌. ചിലര്‍ പെട്ടെന്ന്‌ തീരുമാനമെടുത്ത്‌ നിര്‍ത്തുന്നു. മറ്റു ചിലര്‍ ക്രമേണ കുറച്ച്‌ കുറച്ച്‌ കൊണ്ടു വന്ന്‌ നിര്‍ത്തുന്നു. ആളുകളെ അനുസരിച്ച്‌ ശരീരത്തിന്റെ പ്രതികരണങ്ങളും പലതരത്തിലായിരിക്കും.
പുകവലിയെന്ന ശീലം സ്വയം ഉപേക്ഷിക്കുവാന്‍ പറ്റാത്തവര്‍ക്ക്‌ കൗണ്‍സിലിങ്ങും അതോടൊപ്പം ചികിത്സയും ലഭ്യമാണ്‌. നിക്കോട്ടിന്‍ റീപ്ലെയിസ്‌മെന്റ്‌ തെറാപ്പി (Nicotine Replacement Therapy) നോണ്‍ നിക്കോട്ടിന്‍ ഡ്രഗ്‌ തെറാപ്പി (Non -Nicotine Drug Therapy), ബിഹേവിയറല്‍ തെറാപ്പി (Behavioural Therapy) മറ്റു പലതരം ചികിത്സകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. വിജയം സുനിശ്ചയവുമാണ്‌.
പുകവലി നിര്‍ത്താന്‍ ചില വഴികള്‍

1. നിര്‍ത്താന്‍ ഒരു പ്രത്യേക ദിവസം തീരുമാനിക്കുക
2. പുകയിലയുടേയോ പുകയുടേയോ ചെറിയ മണം പോലും തങ്ങി നില്‍ക്കുന്ന സ്ഥലം, വാഹനം, വസ്‌ത്രങ്ങള്‍ ഇവയില്‍ നിന്നെല്ലാം അകലം പാലിക്കുക.
3. മുമ്പ്‌ പുകവലിക്കാന്‍ സൗകര്യം നല്‍കിയിരുന്ന കൂട്ടുകാരേയും സ്ഥലങ്ങളെയും സാഹചര്യ ങ്ങളേയും ഒഴിവാക്കുക.
4. സാധ്യമെങ്കില്‍ പുകവലി നിര്‍ത്തിയ വ്യക്തികളോടോ ആരോഗ്യമേഖലയില്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം തരാന്‍ പറ്റിയ ആളുകളോടോ നമ്മുടെ തീരുമാനം അറിയിച്ച്‌ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.
5. കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടുമൊക്കെ പുകവലി നിര്‍ത്തുക യാണെന്ന നമ്മുടെ തീരുമാനം അറിയിക്കുക. നമ്മെ സഹായിക്കാന്‍ പറയുക.
6. ഉറക്കമില്ലായ്‌മ, അക്ഷമ, ഉല്‍കണ്‌ഠ, ഉത്സാഹമില്ലായ്‌മ, അമിതവിശപ്പ്‌, കൂടിയ ശരീരഭാരം, കുറഞ്ഞ ശ്രദ്ധകേന്ദ്രീകരണശേഷി ഇവയെല്ലാം പുകവലി നിര്‍ത്തിയാല്‍ കുറച്ചു നാളത്തേക്ക്‌ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ്‌ (വ്യക്തിയ്‌ക്കനുസരിച്ചും വലിയുടെ തീവ്രതയ്‌ക്കനുസരിച്ചും മാറ്റങ്ങള്‍ ഉണ്ടാകും) അതുകൊണ്ട്‌ ഇത്തരം പ്രതികരണങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ട്‌ അവയെ നേരിടാന്‍ മനസ്സിനെ സജ്ജമാക്കുക.
7. മുകളില്‍പ്പറഞ്ഞ മാനസിക ശാരീരിക മാറ്റങ്ങളെ "അസാദ്ധ്യമായി ഒന്നുമില്ല" ("Nothing is impossible") എന്ന ആപ്‌തവാക്യം കൊണ്ട്‌ നേരിടുക. വ്യായാമം ചെയ്യുക, ഒരു ചൂയിംഗം (Chewing gum) ഉപയോഗിക്കുക, വെള്ളം കുടിക്കുക, ഒരു നല്ല സുഹൃത്തിനെ വിളിച്ച്‌ സംസാരിക്കുക, ഒരു നല്ല ബുക്ക്‌ വായിക്കുക, പറ്റുമെങ്കില്‍ നല്ല ഒരു കുളി നടത്തുക, ഒരു പ്രാര്‍ത്ഥന ചൊല്ലുക, ധ്യാനം ശീലമുള്ളവര്‍ അതു ചെയ്യുക, ഇതൊക്കെ പുകവലിക്കാനുള്ള തീവ്രമായ ആഗ്രഹത്തെ മറികടക്കാനുള്ള നല്ല ഉപാധികളാണ്‌. ഏറ്റവും നല്ലത്‌ പുകവലികൊണ്ട്‌ മനുഷ്യശരീരത്തിനും സമൂഹത്തിനും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഉള്‍ക്കൊ ള്ളുന്ന ഒരു പടത്തിലേക്ക്‌ ആ സമയത്ത്‌ ഒരു നിമിഷം നോക്കാനുള്ള സാഹചര്യം ഉണ്ടാക്കുക യെന്നതാണ്‌.
8. പുകവലിക്കുന്നയാള്‍ പുകയോടൊപ്പം ശ്വാസം അകത്തേക്ക്‌ വലിക്കുമ്പോള്‍ കൂടിയ അളവില്‍ പ്രാണ വായുവും ഉള്ളിലെത്തുന്നുണ്ട്‌. അത്‌ ശരീരത്തിന്‌ അല്‌പം ഗുണം ചെയ്യുന്നുണ്ട്‌. അത്‌ പുകവലിയുടെ സംതൃപ്‌തിക്ക്‌ കാരണമാകുന്ന ഒരു ഘടകമാണ്‌. ഇത്‌ പുകവലി നിര്‍ത്തുവാനുള്ള മാര്‍ഗ്ഗമാക്കാം. പുകവലിക്കണമെന്ന്‌ തോന്നുമ്പോള്‍ എഴുന്നേറ്റ്‌, ഒരു സിഗരറ്റോ ബീഡിയോ ചുരുളോ വലിക്കുന്ന അത്രയും തവണ ദീര്‍ഘമായി ശ്വാസോഛ്വാസം ചെയ്യുക. ശരീരവും മനസ്സും പുകവലിയുടെ സംതൃപ്‌തിയുടെ വലിയൊരു ഭാഗം അനുഭവിക്കും. പുക വലിയോടുള്ള ആര്‍ത്തി അപ്പോഴത്തേയ്‌ക്ക്‌ ശമിക്കുകയും ചെയ്യും
9. നാമും നമുക്ക്‌ ചുറ്റുമുള്ളവരും കൂടി നമ്മുടെ പുകവലികൊണ്ട്‌ നശിക്കുവാന്‍ ഇടയാകുന്നു; ക്യാന്‍സര്‍ എന്ന മഹാവിപത്താണ്‌ ഫലം എന്നത്‌ കൂടെക്കൂടെ മനസ്സിനെ പറഞ്ഞ്‌ പഠിപ്പിക്കുക.
ഒരിക്കല്‍ പൂര്‍ണ്ണമായും പുകവലി നിര്‍ത്തുവാന്‍ സാധിച്ചാല്‍ ഒരു വര്‍ഷത്തേക്കെങ്കിലും അതാവര്‍ത്തിക്കാതിരിക്കാന്‍ മനസ്സിനെ കടിഞ്ഞാണിടുവാന്‍ ശ്രദ്ധിക്കുകയും വേണം.

സ്വയം ചികിത്സ

"ഈയിടെയായി എന്റെ മോള്‍ക്ക്‌ ഇടയ്‌ക്കിടയ്‌ക്ക്‌ പനി. ആദ്യത്തെ പ്രാവശ്യമൊക്കെ ഡോക്‌ടറിനെ കാണിച്ചു. ലീവ്‌ ഒക്കെ തീരാറായി. ഇപ്പോ പാരസെറ്റമോള്‍ സിറപ്പ്‌ വാങ്ങി വച്ചിരിക്കുവാ. പനി തുടങ്ങുന്നൂന്ന്‌ കാണുമ്പോള്‍ ഞാനതെടുത്തങ്ങ്‌ കൊടുത്തേക്കും. നിവൃത്തിയില്ലെങ്കിലേ ഡോക്‌ടറിനെ കാണൂ"
2 വയസ്സുള്ള കുഞ്ഞിന്‌ പനിവരുമ്പോള്‍ കൊടുക്കാനായി വീട്ടില്‍ മരുന്ന്‌ കരുതിവച്ചിരിക്കുന്ന ജോലിക്കാരിയായ അമ്മയുടെ വാക്കുകളാണിത്‌. സ്വയം ചികിത്സ എത്രത്തോളം ആശാസ്യമാണെന്നറിയുവാന്‍ ചില കാര്യങ്ങള്‍ അറിഞ്ഞുവയ്‌ക്കേണ്ടേ. 
അസുഖത്തിന്‌ പ്രതിവിധി ലഭ്യമാക്കുക എന്ന ഗുണത്തോടൊപ്പം തന്നെ അനുബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത ഒരു മരുന്നും ഇല്ലെന്നത്‌ സത്യമായ വസ്‌തുത. ശരീരത്തിനുള്ളില്‍ കടന്നുചെല്ലുന്ന അളവിനനുസരിച്ച്‌ മരുന്ന്‌ രോഗശമനപദാര്‍ത്ഥവും അതുപോലെ തന്നെ വിഷവും ആയിത്തീരുന്നു എന്നത്‌ യാഥാര്‍ത്ഥ്യം. രോഗിയുടെ പ്രായം, അസുഖത്തിന്റെ തീവ്രത (severity), ശരീരത്തിനുള്ളില്‍ വച്ച്‌ മരുന്നിന്‌ സംഭവിക്കുന്ന രാസമാറ്റം, പ്രതിവിധിയോടൊപ്പം രോഗിയുടെ മറ്റ്‌ അവയവങ്ങളെ മരുന്ന്‌ ബാധിക്കുന്ന വിധം, കരള്‍, ഹൃദയം, വൃക്ക തുടങ്ങിയ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത, ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അവ തമ്മില്‍ത്തമ്മിലും ശരീരത്തിലും ഉണ്ടാകാവുന്ന വിരുദ്ധപ്രവര്‍ത്തനങ്ങള്‍ (Drug interactions) മുതലായ ഘടകങ്ങളെ വിശകലനം ചെയ്‌തിട്ടാണ്‌ സമര്‍ത്ഥനായ ഒരു ഡോക്‌ടര്‍ മരുന്നിന്റെ കുറിപ്പടി തയ്യാറാക്കുന്നത്‌.

വായില്‍ക്കൂടി കഴിക്കുന്ന പല മരുന്നുകളും വയറ്റില്‍ നിന്ന്‌ ആദ്യമെത്തുന്നതും (First pass metabolism) ശരീരത്തിന്‌ പ്രയോജനപ്രദമാകാനും ഉപയോഗം കഴിഞ്ഞ്‌ പുറന്തള്ളപ്പെടാനും പാക ത്തില്‍ പലതരത്തിലും രാസമാറ്റങ്ങള്‍ക്ക്‌ വിധേയമാകുന്നത്‌ കരളില്‍ വച്ചാണ്‌. പക്ഷേ കരളിന്‌ രോഗം ബാധിച്ചിട്ടുള്ള രോഗിക്ക്‌ ചില മരുന്നുകളെ ഇത്തരം രാസമാറ്റങ്ങള്‍ക്ക്‌ വിധേയമാക്കാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്‌. അതുപോലെ തന്നെ വൃക്കകള്‍ക്ക്‌ തകരാറുണ്ടെങ്കില്‍, കഴിക്കുന്ന മരുന്നിനെ ഉപയോഗശേഷം പുറന്തള്ളാനുള്ള സാദ്ധ്യത വളരെ കുറവായിരിക്കും. തുടര്‍ന്ന്‌ മരുന്ന്‌ ശരീരത്തിലടിഞ്ഞുകൂടുകയും കൂടുതല്‍ സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ക്ക്‌ വഴിതുറക്കുകയും ചെയ്യുന്നു. ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ പല മരുന്നുകളും കഴിക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാനിടയുള്ളതുകൊണ്ട്‌ സ്വയം ചികിത്സ വളരെ അപകടസാദ്ധ്യതയുള്ളതാണെന്ന്‌ പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്‌. മദ്യപന്മാര്‍ക്ക്‌ പല മരുന്നുകളും മദ്യം കൂടെ ഉപയോഗിക്കുന്നതുകൊണ്ട്‌ വിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടാക്കും. "വലിയ ആളുകള്‍ക്ക്‌ കൊടുക്കുന്ന മരുന്നിന്റെ അളവല്ല ചെറിയ കുട്ടികള്‍ക്ക്‌ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത്‌ ". ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ അവ തമ്മില്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാനും കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക്‌ എത്തിച്ചേരാനും സാദ്ധ്യതയുണ്ട്‌. ഇതൊന്നും മനസ്സിലാക്കാതെയാണ്‌ പൊതുവെ 'സ്വയം ചികിത്സ' നടക്കുന്നത്‌. മരുന്നിന്റെ ലേബലില്‍ ഇങ്ങനെ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങളെപ്പറ്റി വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല. അലര്‍ജിക്കുള്ളവ (Anti Allergics), വേദനയ്‌ക്കുള്ളവ (pain killers), പുളിച്ചു തികട്ടലിനും വയറു കമ്പിക്കലിനും ഉള്ളവ (Antacids), ചുമ (Cough syrups), ഉറക്കമില്ലായ്‌മ (sedatives), മലശോധന (laxatives) എന്നിവയ്‌ക്കുള്ളവ, വിറ്റാമിനുകള്‍ (vitamins) ആന്റിബയോട്ടിക്കുകള്‍ (Antibiotics) ആരോഗ്യദായകങ്ങള്‍ (Health supplements) എന്നിവയാണ്‌ സ്വയം ചികിത്സയ്‌ക്കായി വിറ്റഴിയപ്പെടുന്നതും ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ വാങ്ങാവുന്നതുമായ OTC (Over the counter) മരുന്നുകള്‍.

വളരെ ചുരുങ്ങിയ സന്ദര്‍ഭങ്ങളില്‍ മാത്രം, വൈദ്യസഹായം കിട്ടാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തപ്പോള്‍, സ്വയം ചികിത്സയ്‌ക്കായി നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളവയാണ്‌ OTC മരുന്നുകള്‍. വാങ്ങുമ്പോള്‍ അവ ഉപയോഗി ക്കേണ്ട വിധം ഫാര്‍മസിസ്റ്റിനോട്‌ ചോദിച്ച്‌ മനസ്സിലാക്കുകയും വേണം. വളരെ നാളുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഡോക്‌ടറുടെ ഉപദേശം തേടേണ്ടത്‌ അത്യാവശ്യമാണ്‌. 
ഡോക്‌ടറുടെ കുറിപ്പടിയില്‍ നിന്ന്‌ സ്വന്തം കുറിപ്പടിയിലേക്കുള്ള മാറ്റം വഴി OTC മരുന്നുകള്‍ തന്നിഷ്‌ടപ്രകാരം ഉപയോഗിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ചിലതുമാത്രം മനസ്സിലാക്കുന്നത്‌ ഒഴിവാക്കാവുന്ന വിപത്തുകളില്‍ നിന്ന്‌ ശരീരത്തെ രക്ഷിക്കാന്‍ സഹായിക്കും. ഏറ്റവും നല്ല വേദന സംഹാരി (pain killer) എന്ന്‌ കരുതപ്പെടുന്ന പാരാസെറ്റാമോള്‍, കൂടുതല്‍ അളവില്‍ കഴിച്ചാല്‍ കരളിനും അതിന്റെ പ്രവര്‍ത്തനത്തിനും പ്രതികൂലമാകുന്നു എന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു. മദ്യപാനിയാണ്‌ രോഗിയെങ്കില്‍ കരളും അതിന്റെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ വിഷലിപ്‌തമായിത്തീരുന്നു. ഹൃദ്രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കാന്‍ വേദനാ സംഹാരികളായ പാരസെറ്റമോളിനും ഐബുപ്രോഫനും (Ibuprofen) ശീഘ്രത്തില്‍ കഴിയുന്നു. കരളിനെ ബാധിക്കുമെന്നുള്ളതു കൊണ്ട്‌ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ ആസ്‌പിരിന്‍ (Aspirin) കൊടുക്കാന്‍ പാടില്ല എന്ന്‌ നിഷ്‌ക്കര്‍ഷിക്ക പ്പെട്ടിരിക്കുന്നു. മുതിര്‍ന്നവര്‍ വേദന, വാതം എന്നിവയ്‌ക്ക്‌ ആസ്‌പിരിന്‍ തുടര്‍ച്ചയായി ഉപയോഗിക്കു ന്നതും നല്ലതല്ല. ആമാശയത്തിനുള്ളിലെ ശ്ലേഷ്‌മസ്‌തരത്തെ അസ്വസ്ഥമാക്കാനുള്ള (Irritation) പ്രവണത ആസ്‌പിരിന്റെ അനുബന്ധ പ്രശ്‌നങ്ങളില്‍ വച്ച്‌ ഏറ്റവും രൂക്ഷമായതാണെന്നു തന്നെ കാരണം. അതേ തുടര്‍ന്ന്‌ ആമാശയത്തിലും കുടലിനുള്ളിലും രക്തസ്രാവം ഉണ്ടാകാനും അത്‌ അള്‍സറായിത്തീരാനും സാദ്ധ്യതകളേറെയാണ്‌. വയറ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കാത്ത വിധം പല രൂപ ഭേദങ്ങളില്‍ ആസ്‌പിരിന്‍ ലഭ്യമാണ്‌. സ്വയം ചികിത്സിക്കുമ്പോള്‍ ഇവയൊന്നും പ്രയോജനപ്രദമാക്കാന്‍ രോഗികള്‍ക്ക്‌ പറ്റാറില്ല. കരള്‍ വിഷമയമായിത്തീരുമെന്നുള്ളതു കൊണ്ട്‌ നിമിസ്യൂലൈഡ്‌ (Nimesulide) എന്ന മരുന്ന്‌ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ കൊടുക്കരുതെന്ന്‌ ലോകാരോഗ്യസംഘടന (World Health Organisation) നിഷ്‌ക്കര്‍ഷിക്കുന്നു. അമേരിക്കപോലുള്ള രാഷ്‌ട്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞ ഈ മരുന്ന്‌ ഇന്ത്യയില്‍ വളരെയധികമായി ഉപയോഗത്തിലിരിക്കുന്നു.

കഫ്‌സിറപ്പുകളിലും ജലദോഷത്തിനുള്ള മരുന്നുകളിലും അടങ്ങിയിരിക്കുന്ന ഫിനൈല്‍ പ്രൊപനോളമീന്‍ (Phenyl propanolamine) എന്ന ചേരുവയ്‌ക്ക്‌ പക്ഷാഘാതം ഉണ്ടാക്കാന്‍ കഴിവുണ്ടെന്ന്‌ തെളിഞ്ഞതുകൊണ്ട്‌ അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കൂടാതെ പ്രമേഹം, ഗ്ലൂക്കോമ, പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ വീക്കം മുതലായവയ്‌ക്കും ഈ രാസപദാര്‍ത്ഥം ഇടയാക്കുമത്രേ (MIMS).
കഫത്തോടുകൂടിയ ചുമയ്‌ക്കും (Productive cough) കഫമില്ലാത്ത ചുമയ്‌ക്കും, (Allergic cough) മരുന്നുകള്‍ വെവ്വേറയാണ്‌. പനി ഒരു രോഗലക്ഷണം മാത്രമാണ്‌. ശരീരം ഈ വിധം പ്രതികരിക്കുമ്പോള്‍ അതിനെ മരുന്ന്‌ കഴിച്ച്‌ ശമിപ്പിക്കേണ്ട ആവശ്യമില്ല. ശരീരത്തിന്റെ താപനില ക്രമാതീതമായി വര്‍ദ്ധിക്കാതെ നിലനിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാല്‍ മതി.

വയറ്റില്‍ കടന്നു കൂടുന്ന രോഗാണുക്കളെ വയറിളക്കം വഴി ശരീരം തന്നെ പുറന്തള്ളിക്കൊള്ളും. അതിനനുവദിക്കാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാല്‍ പിന്നീട്‌ ടൈഫോയ്‌ഡ്‌ (Typhoid) പോലുള്ളവയ്‌ക്ക്‌ ചികിത്സ തേടേണ്ടിവരുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ ഫലിക്കാതെ വരും.
ഡോക്‌ടറുടെ കുറുപ്പടിപ്രകാരമല്ലാതെ വൈറല്‍ പനി, അലര്‍ജി കൊണ്ടുള്ള തുമ്മല്‍, കഫ മില്ലാത്ത ചുമ, ഫ്‌ളൂ, തൊണ്ടവേദന ഇവയ്‌ക്ക്‌ ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ട ആവശ്യമില്ല. പകരം ശരീരത്തിന്റെ പ്രതിരോധശേഷി ഉപയോഗപ്പെടുത്തുന്നതാണ്‌ നല്ലത്‌.
പകര്‍ച്ചപനി തനിയെ ശമികക്കുന്ന രോഗങ്ങളില്‍ (Self limiting diseases) പെടുന്നവയാണ്‌. പകര്‍ച്ചപ്പനിക്ക്‌ കാരണമാകുന്ന വൈറസിനെതിരെ സാധാരണ മരുന്ന്‌ പ്രയോഗിക്കാറില്ല.

വൈറല്‍ പനി ബാധിച്ചാല്‍ അഞ്ചുമുതല്‍ ഏഴു ദിവസം വരെയുള്ള കാലയളവുകൊണ്ട്‌ രോഗം ശനിയെ ശമിച്ചുകൊള്ളും. നന്നായി വിശ്രമിക്കുക മാത്രമേ വേണ്ടൂ. രോഗലക്ഷണങ്ങള്‍ കുറയാനും ശാരീരിക വിഷമതകള്‍ പേശീ വേദന, ശരീരവേദന പരിഹരി ക്കാനുമുള്ള മരന്നുകളാവും ഡോക്‌ടര്‍ നല്‍കുന്നത്‌. ശരീരത്തിനാവശ്യമുള്ള ബാക്‌ടീരിയകളെ നശിപ്പിക്കുക എന്ന ദുഷ്‌കൃത്യമാണ്‌ വൈറല്‍ പനിയ്‌ക്ക്‌ സ്വയം ചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതുമൂലം നാം നടത്തുന്നത്‌. ഇത്‌ വൈറസിനെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശരീരത്തെ കൂടുതല്‍ തളര്‍ത്തുകയാവും ചെയ്യുക. പിന്നീട്‌ ഈ ആന്റിബയോട്ടിക്‌ ഉപയോഗിക്കേണ്ടിവരുമ്പോള്‍ ശരിയായ പ്രയോജനം ലഭിക്കുകയും ഇല്ല. വൈറസിനോടൊപ്പം ബാക്‌ടീരിയ കൂടി ബാധിക്കുന്നതിന്റെ ഫലമായാണ്‌ കഫക്കെട്ടും ചുമയും തൊണ്ടവേദനയും ഉണ്ടാകുന്നത്‌. ഇത്തരം ബാക്‌ടീരിയക്കെതിരെ ആന്റിബയോട്ടി ക്കുകള്‍ കഴിക്കേണ്ടി വരും.
ഡോക്‌ടറെ കാണാന്‍ സമയം കണ്ടെത്താനുള്ള മടി, കണ്ടാലും അതുകഴിഞ്ഞാല്‍ നേരിടേണ്ടി വന്നേക്കാവുന്ന ടെസ്റ്റുകള്‍, അവയുടെ ഭാരിച്ച ചെലവുകള്‍ ഇവയൊക്കെയാണ്‌ സ്വയം ചികിത്സയ്‌ക്കായി നമ്മെ പ്രേരിപ്പിക്കുന്നത്‌. പണക്കാരനെന്നോ പാവപ്പെട്ടനെന്നോ, അറിവുള്ളവരെന്നോ അറിവില്ലാത്ത വരെന്നോ ഭേദമില്ലാതെ വളരെപ്പേര്‍ സ്വയം ചികിത്സ നടത്തുന്നു എന്നതാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. സാക്ഷരതയാണ്‌ നമ്മുടെ നാട്ടില്‍ സ്വയം ചികിത്സയ്‌ക്ക്‌ പ്രചോദനം നല്‍കുന്ന മറ്റൊരു പ്രധാന കാരണം. മുറിവൈദ്യന്‍ ആളെക്കൊല്ലും എന്നതോര്‍ക്കുക. ഒരാള്‍ക്ക്‌ പ്രത്യേക ലക്ഷണങ്ങളുടെയോ രോഗത്തിന്റെയോ ശമനാര്‍ത്ഥം ഡോക്‌ടര്‍ കുറിച്ച മരുന്ന്‌ സമാന ലക്ഷണമോ രോഗമോ വരുമ്പോള്‍ കഴിക്കുന്നതു കണ്ടു വരുന്നു. ഏതു മരുന്നാണ്‌ സ്വന്തം രോഗാവസ്ഥയ്‌ക്ക്‌ കഴിക്കേണ്ടത്‌ എന്നറിയാമെന്നുള്ള ഒരു മരുന്നു സംസ്‌ക്കാരം (Drug Culture) നമ്മുടെ നാട്ടില്‍ ഉടലെടു ത്തിട്ടുള്ളതായി കാണുന്നു. ഇവയൊക്കെയാണ്‌ പലപ്പോഴും പുതിയ പുതിയ അസുഖങ്ങളിലേക്കും സങ്കീര്‍ണ്ണമായ രോഗാവസ്ഥയിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നത്‌.

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ :
1. ചെറിയ അസുഖങ്ങള്‍ക്കുമാത്രം വളരെ ശ്രദ്ധയോടുകൂടി OTC മരുന്നുകള്‍ ഉപയോഗിച്ച്‌ സ്വയം ചികിത്സ നടത്തുക.
2. മരുന്നിന്റെ ലേബലിലുള്ള വിവരങ്ങള്‍ ശ്രദ്ധിച്ച്‌ വായിക്കുക.
3. വാങ്ങുന്ന മരുന്നിനെപ്പറ്റിയുള്ള എല്ലാ സംശയങ്ങളും ഫാര്‍മസിസ്റ്റിനോട്‌ ചോദിച്ച്‌ ദുരീകരിക്കുക.
4. ഒരു സമയം എത്ര അളവ്‌ മരുന്ന്‌ (Dosage Schedule) കഴിക്കണമെന്നുള്ളത്‌ കൃത്യമായി അറിയുക.
5. രണ്ടു മാത്രകള്‍ (Doses) ക്കിടയ്‌ക്കുള്ള സമയം കൃത്യമായി പാലിക്കുക (അധികമായ അളവ്‌ ശരീരത്തിനുള്ളില്‍ കടന്ന്‌ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കാനുള്ള മുന്‍കരുതലാണിത്‌)
6. ഒന്നില്‍ കൂടുതല്‍ ചേരുവകള്‍ (ingredients) അടങ്ങിയിട്ടുള്ള മരുന്നുകള്‍ സ്വയം ചികിത്സ യ്‌ക്ക്‌ ഉപയോഗിക്കാതിരിക്കുക.
7. എന്തെങ്കിലും അനുബന്ധപ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതായി തോന്നിയാലുടന്‍ ഡോക്‌ടറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.
8. മദ്യത്തോടൊപ്പം, ശരീരത്തിനുള്ളില്‍ പല മരുന്നുകളും വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാ നിടയുള്ളതുകൊണ്ട്‌ മദ്യം ഉപയോഗിക്കുന്നവര്‍ വിദഗ്‌ദ്ധാഭിപ്രായം സ്വീകരിച്ചുമാത്രം ചികിത്സ നടത്തുക.

വെള്ളം - ജീവന്റെ ഹേതു

ജീവന്റെ നിലനില്‍പ്പിന്‌ ഏറ്റവും പ്രധാനം വെള്ളമാണല്ലോ. രാസപരമായി വളരെ സ്ഥിരതയുള്ളതു കൊണ്ട്‌ (Chemical stability) വളരെയധികം മൂലകങ്ങളെയും രാസപദാര്‍ത്ഥങ്ങളെയും ലയിപ്പിക്കാനുള്ള കഴിവ്‌ വെള്ളത്തിനുണ്ട്‌. അതുകൊണ്ടാണ്‌ ഒരു നല്ല ലായകമായ ജലത്തെ ധാതുജലം (mineral water) എന്ന വാക്കുകൊണ്ട്‌ തന്നെ സൂചിപ്പിക്കുന്നത്‌. മനുഷ്യ ശരീരത്തിന്റെ എഴുപതുശതമാനത്തോളം വെള്ള മാണെന്ന്‌ നമുക്കറിയാം. ശുദ്ധജലത്തിനു പുറമെ വെള്ളരിക്കാ, തണ്ണിമത്തന്‍ പോലുള്ള പച്ചക്കറികളില്‍ നിന്നും പഴങ്ങളില്‍ നിന്നും ധാരാളം ജലാംശം നമുക്ക്‌ ലഭിക്കുവാന്‍ പ്രകൃതിപോലും ഒരുങ്ങി നില്‍ക്കുന്നു.
വെള്ളം - ഒരു മരുന്ന്‌
പല അസുഖങ്ങള്‍ക്കും വെള്ളം മരുന്നായിത്തന്നെ കണക്കാക്കി ഉപയോഗിക്കാനാവും. ശ്വാസകോശ സംബന്ധമായ അസുഖത്തിന്‌ - ഉദാഹരണമായി അണുബാധ വന്നിട്ട്‌ കഫവും അത്‌ പുറന്തള്ളാന്‍ ചുമയും (respiratory tract infections) ഉണ്ടാകുമ്പോള്‍ - എട്ട്‌ ഗ്ലാസ്സുവരെ തിളപ്പിച്ചാറിയ വെള്ളം ദിവസേന കുടിക്കുന്നത്‌ വളരെ നല്ലതാണ്‌. കഫം (mucus) കട്ടിപിടിച്ച്‌ ശ്വാസകോശഭാഗങ്ങളില്‍ തങ്ങി നില്‍ക്കാതെ വലിഞ്ഞു കിട്ടുന്നതിനും ചുമയ്‌ക്കുമ്പോള്‍ എളുപ്പത്തില്‍ പുറത്തേക്ക്‌ പോകുന്നതിനും വളരെ പ്രയോജനകരമാണിത്‌. അതുവഴി ശ്വാസോച്ഛ്വാസം എളുപ്പമാകാനും ഇത്‌ സഹായിക്കും.
തൊണ്ടയില്‍ നീര്‍വീക്കമാണെങ്കില്‍ (sore throat) ചൂടുവെള്ളത്തില്‍ ഉപ്പിട്ട്‌ കവിള്‍കൊള്ളുന്നത്‌ (Gargle) വളരെ നല്ലതാണ്‌. ഖര രൂപത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തൊണ്ടവഴി ഇറങ്ങിപ്പോകുന്നത്‌ ബുദ്ധിമുട്ടാകുന്ന ഈ അവസ്ഥയില്‍ പാനീയങ്ങള്‍ കുടിച്ച്‌ ശരീരത്തിന്റെ പോഷകക്കുറവ്‌ നികത്താനും ശ്രദ്ധിക്കണം.
മൂത്രത്തില്‍ പഴുപ്പ്‌ (urinary tract infections) വരുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതോ ടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ്‌ രോഗാണുക്കളെയും അവശിഷ്‌ടങ്ങളെയും മൂത്രത്തിലൂടെ പുറന്തള്ളുക എന്നത്‌. ചായ, കാപ്പി, കോള, മദ്യം, മസാല കലര്‍ന്ന ഭക്ഷണം എന്നിവ മൂത്രാശയത്തെ പ്രകോപിപ്പിക്കും (irritate) എന്നതുകൊണ്ട്‌ 10 ഗ്ലാസ്സുവരെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ്‌ ഏറ്റവും സുരക്ഷിത മായത്‌. അപ്രകാരം മൂത്രത്തിന്റെ അളവ്‌ കൂടുകയും രോഗാണുക്കളും അവയുടെ അവശിഷ്‌ടങ്ങളും എളുപ്പ ത്തില്‍ പുറന്തള്ളപ്പെടുകയും ചെയ്യും.
സൈനസൈറ്റിസ്‌ (sinusitis) എന്ന അവസ്ഥയില്‍ മൂക്കില്‍ നിന്നും വരുന്ന സ്രവം (mucus) മഞ്ഞ നിറമോ, മഞ്ഞകലര്‍ന്ന പച്ചനിറമോ ആയി മാറിക്കഴിഞ്ഞാല്‍ അണുബാധയുണ്ടെന്നുറപ്പിക്കാം. തലകുനിച്ചു നോക്കിയാല്‍ വേദനയോ ഭാരക്കൂടുതലോ തോന്നുകയും ചെയ്യും. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ്‌ ഫലപ്രദം. ഒപ്പം 10 ഗ്ലാസ്സുവരെ വെള്ളം കുടിക്കുന്നത്‌ മൂക്കിലെ സ്രവം അയഞ്ഞുകിട്ടാനും എളുപ്പത്തില്‍ പുറന്തള്ളപ്പെടാനും സഹായിക്കും.
ആരോഗ്യമുള്ള വൃക്കകള്‍ക്കും അവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ദിവസവും രണ്ടു ലിറ്ററോളം വെള്ളം ആവശ്യമുണ്ട്‌. മൂത്രം നേര്‍ത്ത (Dilute) തായി പോകുമ്പോള്‍ വൃക്കയില്‍ കല്ല്‌ ഉണ്ടാകുവാനുള്ള സാദ്ധ്യതകള്‍ വളരെ കുറവാണ്‌. ഒരിക്കല്‍ കല്ല്‌ ഉണ്ടായിക്കഴിഞ്ഞാല്‍ കഫീനടങ്ങിയ പാനീയങ്ങള്‍ ഒഴിവാ ക്കുന്നതാണ്‌ നല്ലത്‌. കാരണം കൂടുതല്‍ യൂറിക്‌ ആസ്‌ഡ്‌ ഉണ്ടാക്കുവാനുള്ള കഫീന്റെ കഴിവ്‌ വൃക്കയിലെ കല്ലുകളുടെ പുറന്തള്ളലിനെ മന്ദഗതിയിലാക്കും. ദിവസേന 2 ലിറ്ററോളം മൂത്രം പുറന്തള്ളാന്‍ പാകത്തില്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത്‌ കല്ലിനെ പുറന്തള്ളാനും അത്‌ ഉണ്ടാവാതിരിക്കാനും ഏറ്റവും ഉത്തമം.
മസിലുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും വെള്ളം അനിവാര്യമാണ്‌. പ്രവര്‍ത്തനത്തിന്‌ ഊര്‍ജ്ജം ഉപയോഗിച്ചശേഷം പുറന്തള്ളപ്പെടുന്ന ലാക്‌ടിക്‌ ആസിഡ്‌ മസിലുകളില്‍ കെട്ടിക്കിടക്കാതെയും മതിയായ രക്തയോട്ടം ലഭിക്കുന്നതിനും മസിലുകള്‍ വെള്ളം ഉപയോഗപ്പെടുത്തുന്നുണ്ട്‌.
പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ നീര്‍വീക്കം പ്രശ്‌നമായവരും ധാരാളം വെള്ളം കുടിക്കണം. ശരിയായ മലശോധന ഉണ്ടാകാതെ വരുന്നത്‌ പ്രായം ചെന്നവരില്‍ കാണുന്ന ഒരു വലിയ പ്രശ്‌നം തന്നെയാണ്‌. പ്രകൃതിദത്തമായ നാരുകളടങ്ങിയ ഭക്ഷണം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുകയോ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ഇസാപഗോള്‍ (Isapgol Husk Powder) പൊടി വെള്ളത്തില്‍ കലക്കി കുടിക്കുകയോ ഒക്കെയാവാം പരിഹാരം. പക്ഷേ ഇതോടൊപ്പം പറ്റുന്നിടത്തോളം വെള്ളം കൂടി വയറ്റിലെത്തിയാലേ ഇത്തരം ചികിത്സ പ്രയോജനപ്പെടൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
പ്രായം കൂടുംതോറും നമ്മുടെ ശരീരത്തിലെ ജലാംശം കുറഞ്ഞുവരും. പ്രായമാകുമ്പോള്‍ തൊലി ചുളുങ്ങാനും, സന്ധികളില്‍ പിടുത്തമനുഭവപ്പെടാനുമൊക്കെ കാരണമിതാണ്‌. 6 മുതല്‍ 8 ഗ്ലാസ്സുവരെ വെള്ളം ദിവസേന ശരീരത്തിനാവശ്യമുണ്ട്‌. മൂത്രം വെള്ളനിറത്തിലോ, ചെറിയ മഞ്ഞനിറം കലര്‍ന്നോ ആണ്‌ പോകേണ്ടത്‌. മഞ്ഞനിറം കൂടിയാല്‍ ആവശ്യത്തിന്‌ വെള്ളം ശരീരത്തിന്‌ ലഭിക്കുന്നില്ല എന്നര്‍ത്ഥം.
വെള്ളം തന്നെ പലതരം രാസപ്രക്രിയകള്‍ക്ക്‌ വിധേയമാക്കി ശുദ്ധീകരിക്കാറുണ്ട്‌. 6 തരം വെള്ളമാണ്‌ ഔദ്യോഗികമായി (official monographs) ചികിത്സയ്‌ക്കും മരുന്നുത്‌പാദനത്തിനും ആയി ഉപയോഗിക്കു ന്നത്‌. മാലിന്യങ്ങള്‍ നീക്കം ചെയ്‌ത്‌ രോഗാണുവിമുക്തമാക്കിയാണ്‌ ഇത്തരം വെള്ളത്തിന്റെ ഉത്‌പാദനം. ഇങ്‌ജക്ഷനുകള്‍ക്കായി വെള്ളം ശുദ്ധീകരിച്ചെടുക്കുന്നത്‌ (sterile water for injection) വളരെ സൂക്ഷ്‌മത യോടെയാണ്‌. ഗുണനിലവാരം ഉറപ്പുവരുത്തിയതിനുശേഷമാണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌.

പൂമ്പൊടി മരുന്നും ആഹാരവും

തേനീച്ചപോലുള്ള പ്രാണികള്‍ ശേഖരിച്ച്‌ അവരുടെ ആഹാരത്തിനായി കരുതി വയ്‌ക്കുന്ന പൂമ്പൊടി (Pollen) വളരെ ഊര്‍ജ്ജം അടങ്ങിയിരിക്കുന്ന ഒന്നാണ്‌. മനുഷ്യന്റെ സമീകൃതാഹാരത്തിനു തകുന്ന അമിനോ ആസിഡുകള്‍ (Amino acids), മിനറലുകള്‍ (Minerals), എന്‍സൈമുകള്‍ (Enzymes), അറിയപ്പെടുന്ന മിക്കവാറും വൈറ്റമിനുകള്‍ (Vitamines) ഇവയെല്ലാം പൂമ്പൊടിയിലുണ്ട്‌. കൂടാതെ മരുന്നായും ഇവയ്‌ക്ക്‌ വളരെ ഉപയോഗമുള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു. വയറ്റിലുണ്ടാകുന്ന അള്‍സര്‍ (Ulcer), പ്രൊസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ വീക്കം, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍, കരളിന്റെ കേടുപാടുകള്‍ പരിഹരിക്കല്‍, രോഗാണുബാധ തടയല്‍ എന്നിവയിലെല്ലാം പൂമ്പൊടിയ്‌ക്ക്‌ പ്രാധാന്യമുണ്ട്‌.

ചില ആളുകളില്‍ പൂമ്പൊടി അലര്‍ജി (Allergy) ഉണ്ടാക്കുമെങ്കിലും ആസ്‌മയ്‌ക്കെതിരായും അമിതഭാരമുള്ളവരുടെ തൂക്കം കുറയ്‌ക്കുക, ദഹനപ്രക്രിയയുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കുക, പ്രായമാകല്‍ പ്രക്രിയയുടെ നിരക്കു കുറയ്‌ക്കുക തുടങ്ങി കാന്‍സറിനെ തടുക്കാന്‍ വരെ പൂമ്പൊടിക്ക്‌ കഴിവുണ്ട്‌. പ്രാണികള്‍ അവയുടെ തേനിലാണ്‌ പൂമ്പൊടി ശേഖരിക്കുക എന്നതാണ്‌ നമുക്ക്‌ പ്രയോജന കരമായ കാര്യം. പൂക്കളുടെ വൈവിധ്യമനുസരിച്ച്‌ പൂമ്പൊടിയുടെ എണ്ണവും തേനിന്റെ ഗുണമേന്മയും വ്യത്യാസപ്പെട്ടിരിക്കും.

മുന്തിരിപ്പൂക്കളില്‍ നിന്നും തേനീച്ച ശേഖരിക്കുന്ന 10 ഗ്രാം തേനില്‍ ഒരു ലക്ഷത്തില്‍പ്പരം പൂമ്പൊടിയാണുള്ളത്‌. പൂമ്പൊടിയും തേനും തമ്മിലുള്ള അഭേദ്യമായ ഈ ബന്ധമാണ്‌ തേനിന്റെ അലര്‍ജി, മിക്കവാറും പൂമ്പൊടിയുടെ അലര്‍ജിയായി കരുതാന്‍ കാരണം.
വൈറ്റമിനുകളും കലോറി മൂല്യവും ചികിത്സാമൂല്യവുമുള്ള മറ്റു ഘടകങ്ങളും അടങ്ങിയിരിക്കുന്നതു കൊണ്ട്‌ തേന്‍ ഔഷധമായി കണക്കാക്കപ്പെടുന്നു.

കാന്‍സറിന്റെ ചികിത്സയില്‍ വരെ തേന്‍ ഫലപ്രദമാണെന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു. ജനറല്‍ ഫെഡറല്‍ ബോര്‍ഡ്‌ ഓഫ്‌ ഹെല്‍ത്ത്‌ (General federal Board of health) പൂമ്പൊടി മരുന്നായി ഉപയോഗിക്കുന്നതിന്‌ അംഗീകാരം കൊടുത്തിട്ടുണ്ട്‌. എല്ലാത്തിനും ഉപരി മുറിവുണക്കാനുള്ള തേനിന്റെ കഴിവിനെപ്പറ്റി പരക്കെ അറിവുള്ളതാണ്‌. മൂന്നുതരം പ്രവര്‍ത്തനശൈലികളാണ്‌ തേനിന്റെ മുറിവുണക്കല്‍ പ്രക്രിയയിലുള്ളത്‌.

(1) ഗ്ലൂക്കോസ്‌, ഫ്രക്‌ടോസ്‌ (Glucose fructose) എന്നീ രണ്ടിനം പഞ്ചസാരകള്‍ തേനില്‍ അടങ്ങിയിരി ക്കുന്നു. മുറിവിനു പുറമേ അല്ലെങ്കില്‍ പൊള്ളിയ ഭാഗത്ത്‌ പുരട്ടുമ്പോള്‍ ഈ രണ്ടുതരം പഞ്ചസാരകളും അതില്‍ നിന്ന്‌ ശരീരം പുറന്തള്ളുന്നതിനാല്‍ ഊറിവരുന്ന വസ്‌തുകളേയും ജലാംശത്തേയും ആഗിരണം ചെയ്യുകയും അതുവഴി പഴുക്കാന്‍ കാരണമാകുന്ന ബാക്‌ടീരിയയേയും ഫംഗസിനേയും ഒരു തരം ഉണക്കല്‍ പ്രക്രിയ (drying out) യ്‌ക്ക്‌ വിധേയമാക്കി അവയുടെ വളര്‍ച്ചാ നിരക്ക്‌ കുറയ്‌ക്കുകയും ചെയ്യുന്നു.

(2) ശുദ്ധമായ തേനില്‍ ഗ്ലൂക്കോസ്‌ ഓക്‌സിഡേസ്‌ (Glucose oxidase) എന്ന ഒരു എന്‍സൈം (Enzyme) അടങ്ങിയിട്ടുണ്ട്‌. മുറിവില്‍ ജലാംശത്തിന്റെ സാന്നിദ്ധ്യത്തില്‍ ഇത്‌ ഒരു വീര്യം കുറഞ്ഞ ആന്റി സെപ്‌റ്റിക്‌ (Antiseptic) ആയ ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ (Hydrogen Peroxide) ഉത്‌പാദിപ്പിക്കുകയും അതുവഴി രോഗാണുബാധ ഉണ്ടാകാതെ മുറിവുണക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. രാസപ്രക്രിയയ്‌ക്ക്‌ വിധായമാക്കി മാര്‍ക്കറ്റില്‍ കിട്ടുന്ന തേനില്‍ ഈ എന്‍സൈം നശിപ്പിക്കപ്പെട്ടിരിക്കുന്നു. എന്നതുകൊണ്ട്‌ ശുദ്ധമായ തേനാണ്‌ ഉപയോഗിക്കേണ്ടത്‌. നല്ല സൂര്യപ്രകാശവും ചൂട്‌ ഏല്‍ക്കാനിടയായാലും ഈ എന്‍സൈം നശിപ്പിക്കപ്പെടും. അതുകൊണ്ട്‌ ശുദ്ധമായ തേന്‍ സൂക്ഷിച്ചുവയ്‌ക്കുമ്പോള്‍ സൂര്യപ്രകാശവും ചൂടും ഏല്‍ക്കാനിടയാകാതെ ശ്രദ്ധിക്കേണ്ടതാണ്‌.

(3) ശുദ്ധമായ തേനില്‍ അടങ്ങിയിരിക്കുന്ന പൂമ്പൊടിയും എന്‍സൈമുകളും പുതിയ ശരീരകലകളുടെ വളര്‍ച്ചയെ ഉദ്ദിപിപ്പിക്കുന്നു.
മുറിവുണങ്ങാനും, പൊള്ളലിനും തേന്‍ മഹത്തരമാകുന്നത്‌ ഈ കഴിവുകള്‍കൊണ്ടാണ്‌.

മരുന്നിന്റെ ലേബല്‍

പ്രധാന മരുന്നിനുമുകളില്‍ Rj എന്നൊരു അടയാളം കാണാം. താങ്കള്‍ കഴിക്കുക (you take) എന്നര്‍ത്ഥം വരുന്ന (Receipe) എന്ന ലാറ്റിന്‍ വാക്കിന്റെ ആദ്യക്ഷരമായ R ഉം റോമാക്കാരുടെ സൗഖ്യദായകമായ (God of healing) ജൂപ്പിറ്റര്‍ (Jupiter) ദേവനെ പ്രതിനിധീകരിക്കുന്ന J യും ചേര്‍ന്നതാണ്‌ Rj ഈ അടയാളം ജൂപ്പിറ്റര്‍ദേവന്റെ കണ്ണിലെ കൃഷ്‌ണമണിയെ പ്രതിനിധാനം ചെയ്യുന്നു എന്നും വ്യാഖ്യാനമുണ്ട്‌. എന്തായാലും (ദൈവനാമത്തില്‍) താഴെ പറയുന്ന മരുന്ന്‌ താങ്കള്‍ കഴിക്കുക - (In the name of God) you take the following medicines - എന്നാണ്‌ നാം മനസ്സിലാക്കേണ്ടത്‌. Rj നെ തുടര്‍ന്ന്‌ മരുന്നിന്റെ പേരാണുണ്ടാവുക.

ജെനറിക്‌ പേരിനോടൊപ്പം IP, BP, USP, BNF എന്ന അക്ഷരങ്ങള്‍ കാണാറുണ്ട്‌. IP എന്നാല്‍ Indian Pharmacopoeia എന്നും BP എന്നാല്‍ British Pharmacopoeia എന്നും USP എന്നാല്‍ Unites States Pharmacopoeia എന്നും BNF എന്നാല്‍ British National Formulary എന്നുമാണ്‌ വിവക്ഷ. മരുന്നുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അതതു രാജ്യത്തെ അംഗീകൃത പുസ്‌തകങ്ങളാണിവ. അതുപ്രകാരം എല്ലാ മൂല്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ്‌ ഈ മരുന്ന്‌ ഉണ്ടാക്കി യിരിക്കുന്നത്‌ എന്നാണ്‌ ഈ അക്ഷരങ്ങള്‍ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ആയുര്‍വേദമരുന്നുകളില്‍ ഇതിന്റെ സ്ഥാനത്ത്‌ സഹസ്രയോഗം, അഷ്‌ടാംഗഹൃദയം എന്നൊക്കെ കാണാം. പ്രധാന രാസവസ്‌തു (active pharmaceutical ingredient) കൂടാതെ മറ്റു ചിലവ കൂടി മരുന്നില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. മരുന്ന്‌ കേടു കൂടാതെ സംരക്ഷിക്കുന്നതിനുള്ള രാസവസ്‌തുക്കള്‍ (preservatives), മധുരം പ്രദാനം ചെയ്യുന്ന രാസവസ്‌തുക്കള്‍, പലതരം നിറങ്ങള്‍ എന്നിവയാണവ. ഫുഡ്‌ ആന്റ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (FDA) അംഗീകരിച്ചിട്ടുള്ള രാസവസ്‌തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുണ്ട്‌. ഇവയെപ്പറ്റിയും പ്രധാന മരുന്നിനു താഴെ ലേബലില്‍ രേഖപ്പെടുത്തിയിരിക്കും. അവയുടെ അളവിനുനേരെ q.s എന്ന്‌ എഴുതിയിരിക്കുന്നതും കാണാം. quantity sufficient അതായത്‌ ആവശ്യത്തിന്‌ / പാകത്തിന്‌ ഉള്ള അളവ്‌ ചേര്‍ത്തിരിക്കുന്ന എന്നര്‍ത്ഥം.

മരുന്നുകുപ്പിയുടേയോ, കവറിന്റേയോ പുറത്ത്‌ പ്രത്യേക വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന മരുന്നിന്റെ തലക്കുറിയാണ്‌ ലേബല്‍. 1940 ലെ ഡ്രഗ്‌സ്‌ ആന്റ്‌ കോസ്‌മെറ്റിക്‌സ്‌ ആക്‌ട്‌ പ്രകാരം ഓരോ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ലേബലില്‍ ഉള്‍പ്പെടുത്തിരിക്കണം എന്ന്‌ അനുശാസിക്കുന്നു. മരുന്നിനെപ്പറ്റിയും അതിന്റെ ശരിയായ ഉപയോഗത്തെപ്പറ്റിയും പ്രധാന നിര്‍ദ്ദേശങ്ങള്‍ ലേബലില്‍ അടങ്ങിയിരിക്കുന്നു. ഒരു മരുന്നിന്റെ ലേബല്‍ എങ്ങനെ ചെയ്യണമെന്നതി നെപ്പറ്റി ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫെഡറേഷന്‍ (FIP) അവരുടെ വെബ്‌സെറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടും ഉണ്ട്‌.

മഞ്ഞുകാലരോഗങ്ങൾ

ചുമ, കഫക്കെട്ട്, തൊണ്ടവേദന, തൊണ്ടചൊറിച്ചിൽ,ദേഹമാസകലം വേദന, ക്ഷീണം, പനി ഇങ്ങനെ പോകുന്നു മഞ്ഞുകാലം വരവേൽക്കുന്ന അസുഖങ്ങളുടെ വിശേഷങ്ങൾ.കൊച്ചുകുട്ടികളുടെ പ്രയാസങ്ങൾ മൂലം കഷ്ടപ്പെടുന്ന മാതാപിതാക്കളും ധാരാളം. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും കാലാവസ്ഥാവ്യതിയാനം മൂലം ആ സമയത്ത്വൈറസ് വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതു കൊണ്ടാണ്‍ നാം മുകളിൽ പറഞ്ഞ രോഗങ്ങൾക്ക് അടിമപ്പെടുന്നത്. നന്നായി വിശ്രമിച്ച് ധാരാളം വെള്ളം കുടിച്ചാൽ വൈറൽ പനി തനിയെ മാറിക്കൊള്ളും. അതിന്‍ ക്ഷമ വളരെ അത്യാവശ്യമാണ്‍.ജോലിയിൽ എത്ര തിരക്കുണ്ടായാലും രണ്ടോ മൂന്നോ ദിവസം ലീവെടുത്ത് വിശ്രമിക്കേണ്ടത് ഇത്തരം പനിയുടേയും മറ്റ് അസ്വസ്ഥതകളുടേയും തീവ്രത കുറയ്ക്കും. ഇല്ലെങ്കിൽ പനി മാറിയാലും ക്ഷീണവും മറ്റ് പ്രശ്നങ്ങളും കുറച്ചു കാലത്തേക്ക് ശരീരത്തേയും മനസ്സിനേയും ബുദ്ധിമുട്ടിക്കുകതന്നെ ചെയ്യും.ഇതിലൊക്കെ പ്രധാനം, ഇത്തരം പനി പകരാ൯ വളരെയേറെ സാധ്യതകളുള്ളതുകൊണ്ട്, സാമൂഹ്യജീവികളായ നാം ഓരോരുത്തരും മറ്റുള്ളവ൪ക്കിത് പക൪ത്തിക്കൊടുക്കാതെ അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ഏറ്റെടുക്കണം എന്ന് പ്രത്യേകം പറയേന്ടതില്ലല്ലൊ. കുട്ടികളെ, പനി മാറും വരെ സ്ക്കൂളിൽ അയയ്ക്കേണ്ടതില്ല.

യാത്രകളിലാണ്‍ ഇത്തരം പനികൾ പ്രധാനമായും പക൪ന്നു കിട്ടുന്നത്. മുതി൪ന്നവരും കുട്ടികളും തലമൂടീവയ്യ്ക്കാ൯ ശ്രധിക്കണം. ചെവിയിൽ തണുത്ത കാറ്റടിക്കാതെ യാത്ര അവസാനിപ്പിക്കാനായാൽ നല്ലതാണ്‍. തീരെ ചെറിയ കുട്ടികളെ വളരെ സൂക്ഷ്മതയോടേ തണുപ്പിൽ നിന്ന്പൊതിഞ്ഞു സൂക്ഷിക്കണം.

തിളപ്പിച്ച വെള്ളം ചെറിയ ചൂടോടെ കുടിക്കാ൯ ശ്രദ്ധിക്കേണ്ട ഈ മഞ്ഞുകാലത്ത്, റെഫ്രിജറേറ്ററിലെ തണുത്ത വെള്ളം കുട്ടികളും മുതി൪ന്നവരും ഒഴിവാക്കുന്നതാണ്‍ നല്ലത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ധാരാളം വെള്ളം കുടിക്കുകയും വേണം. വൈറ്റമി൯ സി അടങ്ങിയ പഴങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വ൪ധിപ്പിക്കാ൯ സഹായിക്കും. പനിയുള്ളവരുമായി ആലിംഗനം ചെയ്യുക, ഹസ്തദാനം നടത്തുക എന്നി രീതിയിലുള്ളസ്നേഹപ്രകടനങ്ങൾ ഒഴിവാക്കുന്നത് രോഗത്തെ വിളിച്ചുവരുത്തുന്നത് ഒഴിവാക്കും.

ഇനി പനി വന്നു കഴിഞ്ഞാലോ, സ്വയം ചികിത്സ വേണ്ട.ചെറിയൊരു പനി വരുമ്പോഴേ, പാരാസെറ്റമോൾ മുതൽ,ചുമമരുന്നുകൾ, അല൪ജി വിരുദ്ധമരുന്നുകൾ, എന്നിവ മുതൽഎന്തിന്‍, ഡോക്ടറുടെ കുറിപ്പടിയോടേ മാത്രം മരുന്നു കടയിൽനിന്നു ലഭ്യമാകേണ്ട ആന്റിബയോട്ടിക്കുകൾ വരെ,സ്വയം വാങ്ങിക്കഴിക്കുന്ന ഒരു പ്രത്യേക മരുന്നുസംസ്ക്കാരം തന്നെ മലയാളി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് വളരെ അപകടകരമാണ്‍. ആവശ്യമില്ലാതെയുള്ള ആന്റിബയോട്ടീക്ക്ഉപയോഗം സാമൂഹ്യദ്രോഹമാണ്‍. കാരണം ഗുരുതരമായ അസുഖങ്ങൾക്ക് പിന്നീട് നമുക്കും മറ്റുള്ളവ൪ക്കും ഈ ആന്റിബയോട്ടിക് ഫലിക്കാ‍താവും. ജലദോഷപ്പനി വന്നാൽ പനി നിയന്ത്രിക്കാനായി പാരാസെറ്റമോൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഒപ്പം, മൂക്കിലെ സ്രവത്തിന്‍ വെള്ളനിറമാണെങ്കിൽഇടക്കിടക്ക് ആവി പിടിക്കണം, പിന്നെ ചെയ്യേണ്ടത് ധാരാളം വെള്ളം കുടിച്ച് വിശ്രമിക്കുക എന്നതാണ്‍. അല൪ജിക്കെതിരെ അവിൽ, സെട്രിസി൯, തുടങ്ങിയ മരുന്നുകൾ കഴിച്ച്, തുമ്മൽ പെട്ടെന്ന് പിടിച്ചു നി൪ത്താ൯ ശ്രമിക്കുന്നതു നന്നല്ല. മൂക്കിലെ സ്രവം ശ്വാസതടസ്സം ഉണ്ടാക്കുന്നുവെങ്കിൽ തുള്ളിമരുന്ന്(ഒട്രിവി൯) ഒഴിക്കാം, പക്ഷേ, ഒരു ദിവസം 3, 4,പ്രാവശ്യം മതി.അധികമായാൽ ഫലം ലഭിക്കില്ല. ചുമ രണ്ടു തരമുണ്ട്,കഫമുള്ളതും (productive cough ), കഫമില്ലാത്ത, അല൪ജി ചുമയും(dry cough), രണ്ടിനും വ്യത്യസ്ഥ മരുന്നാണ്‍ഉപയോഗിക്കേണ്ടത്. ഡോക്ടറുടെ നി൪ദ്ദേശം തേടണം.
ശരീരം രോഗാണുക്കളെ തുരത്തിയോടീക്കുന്നതിന്റെ ഭാഗമാണ്‍പനിയെന്ന് നമുക്കറിയാം. അതിനുശേഷം രോഗാണുകളും,അവയുടെ വിഷമയമായ അവശിഷ്ടങ്ങളും ശരീരത്തിൽനിന്നു പുറംതള്ളപ്പെടേണ്ടതുണ്ട്. അതു മൂത്രം വഴി പുറംതള്ളാ൯ ധാരാളം വെള്ളം കുടിക്കുന്നത് സഹായകമാണ്‍.

മൂക്കിലെ സ്രവത്തിന്‍ മഞ്ഞകല൪ന്ന പച്ചനിറമായാൽ ശരീരത്തിൽ ബാക്ടീരിയ കടന്നുകൂടി പ്രവ൪ത്തിച്ചു തുടങ്ങിയതിന്റെ ലക്ഷണമാണ്‍. ഈ സ്ഥിതിയിൽആന്റിബയോട്ടിക് കഴിക്കേണ്ടതുണ്ട്. ഡോക്ടറിനെ കണ്ട് അദ്ദേഹത്തിന്റെ നി൪ദ്ദേശപ്രകാരമായിരിക്കണം ഇത് കഴിക്കേണ്ടത്. ഒപ്പം ആവിപിടിക്കുന്നത്, മുഖത്തെ വായൂഅറകളിൽ സ്രവം കട്ടപിടിച്ച് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാ൯ സഹായിക്കും. ശക്തിയായി മൂക്ക് ചീറ്റി സ്രവത്തെ പുറത്ത്കളയുന്ന പ്രവണത ഒഴിവാക്കണം, കാരണം,മ൪ദ്ദവ്യത്യാസങ്ങൾ ക൪ണ്ണപടത്തെ പ്രതികൂലമായി ബാധിക്കും.

ഭക്ഷണം മരുന്നിനെ സ്വാധീനിക്കുമോ?

"മോളെ, തിരക്കിനിടയില്‍ ഞാന്‍ ഉച്ചയ്‌ക്ക്‌ കഴിക്കാനുള്ള മരുന്നിന്റെ കാര്യം മറന്നുപോയി। ഇത്തിരി വെള്ളം "। കൊച്ചുമകളുടെ കല്യാണനിശ്ചയത്തിന്റെ തിരക്കൊഴിഞ്ഞപ്പോഴാണ്‌ മുത്തച്ഛന്‍ മരുന്നു കഴിക്കുന്ന കാര്യം ഓര്‍ത്തത്‌. വെള്ളം കിട്ടിയതോടെ തിരക്കുപിടിച്ച്‌ ഗുളികകളും ക്യാപ്‌സൂളുകളുമായി അഞ്ചാറുവിധം മരുന്നുകള്‍ ഒരുമിച്ച്‌ വായിലിടാനുള്ള ഭാവം കണ്ടപ്പോള്‍ മകള്‍ക്കൊരു സംശയം. " അച്ഛനിതെന്താ എല്ലാ മരുന്നുംകൂടെ ഒരുമിച്ചു കഴിക്കുന്നത്‌. ഭക്ഷണത്തിന്‌ മുമ്പ്‌ കഴിക്കേണ്ട മരുന്നുകളും ഭക്ഷണം കഴിഞ്ഞുള്ളതും ഒഴിഞ്ഞ വയറ്റില്‍ കഴിക്കേണ്ടതും ഒക്കെ ഒരുമിച്ച്‌ കഴിച്ചാലെങ്ങനെയാ... ഇങ്ങുതന്നേ, ഞാനൊന്നു നോക്കട്ടെ."

" നോക്കാന്‍ ആര്‍ക്കാ നേരം. പ്രായമായില്ലേ.... ഓര്‍മ്മയും കുറഞ്ഞു. എല്ലാംകൂടി ഒരുമിച്ച്‌ കഴിച്ചൂന്ന്‌ കരുതി ഇതുവരെ എനിക്കൊന്നും സംഭവിച്ചിട്ടില്ല. നീ പോയി നിന്റെ ജോലി നോക്ക്‌." അച്ഛന്‍ തന്റെ നയം വ്യക്തമാക്കി.
**********
മനുഷ്യന്റെ ആരോഗ്യത്തിന്‌ ഭക്ഷണവും മരുന്നും ഒരുപോലെ അത്യന്താപേക്ഷിതമാണ്‌. ചില ഭക്ഷണ പാനീയങ്ങള്‍ക്ക്‌ മരുന്നിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാനാകും. അതുകൊണ്ട്‌ മരുന്ന്‌ കഴിക്കേണ്ട സമയവും ഭക്ഷണത്തിന്റെ ഇടവേളകളും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ചില ഭക്ഷണപാനീയങ്ങള്‍ മരുന്നിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും, എന്നാല്‍ മറ്റു ചിലവ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും. മരുന്നിന്റെ രാസഘടനയില്‍ മാറ്റം വരുത്തി, ശരിയായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും ഉണ്ട്‌. എന്നാല്‍ മറ്റു ചില മരുന്നുകള്‍ ഭക്ഷണപദാര്‍ത്ഥങ്ങളുമായി യാതൊരു പ്രവര്‍ത്തനവും ഉണ്ടാക്കുന്നില്ല എന്നു മാത്രമല്ല ഭക്ഷണത്തിന്റെ സാന്നിദ്ധ്യം അവയെ ബാധിക്കുകയേ ഇല്ല. അതുകൊണ്ട്‌ ഒഴിഞ്ഞ വയറ്റില്‍ കഴിക്കേണ്ടവ, ഭക്ഷണത്തിനു മുമ്പ്‌ കഴിക്കേണ്ടവ, ഭക്ഷണത്തിനുശേഷം കഴിക്കേണ്ടവ, അതിരാവിലെ പ്രഭാതഭക്ഷണത്തിന്‌ മുമ്പ്‌ കഴിക്കേണ്ടവ, രാത്രിയില്‍ കിടക്കാന്‍ നേരം കഴിക്കേണ്ടവ എന്നിങ്ങനെ മരുന്നിന്റെ കവറില്‍ ഫാര്‍മസിസ്റ്റ്‌ എഴുതിത്തരുന്ന നിര്‍ദ്ദേശങ്ങള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌.
മരുന്നിനെ ശരീരത്തിനകത്ത്‌ പ്രവര്‍ത്തിക്കാനായി വായിലൂടെ കടത്തിവിടുമ്പോള്‍ ആദ്യം വയറ്റിലെത്തി അവിടുത്തെ അമ്‌ളാവസ്ഥയില്‍ മരുന്ന്‌ ലയിച്ചുചേരുന്നു. അവിടെ നിന്നും ചെറുകുടലിലെത്തുമ്പോഴാണ്‌ മരുന്നിന്റെ രക്തത്തിലേക്കുള്ള ആഗിരണം നടക്കുന്നത്‌. ഓരോ മരുന്നിന്റേയും ഒരു പ്രത്യേക അളവ്‌ രക്തത്തിലെത്തിച്ചേര്‍ന്നാലേ ശരിയാംവണ്ണം രോഗശമനം സാധ്യമാകുകയുള്ളൂ. ഭക്ഷണത്തിന്റെ സാന്നിദ്ധ്യത്തില്‍ ചില മരുന്നുകളുടെ ആഗിരണം ഗണ്യമായി കുറയും. ഭക്ഷണ പാനീയങ്ങളിലെ ചില ഘടകങ്ങളും മരുന്നിന്റെ ആഗിരണത്തെ കുറയ്‌ക്കുന്നതില്‍ പങ്കുവഹിക്കാറുണ്ട്‌. ഉദാഹരണമായി ഭക്ഷണത്തിന്റെ സാന്നിദ്ധ്യത്തില്‍ ആഗിരണം വളരെ കുറയുന്ന മരുന്നാണ്‌ അമോക്‌സിസിലിന്‍ (Amoxicillin) എന്ന ആന്റിബയോട്ടിക്‌. ബാക്‌ടീരിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ടെട്രാസൈക്ലിന്‍ (Tetracycline), സിപ്രോഫ്‌ളോക്‌സസിന്‍ (Ciprofloxacine), എന്നീ മരുന്നുകളുടെ കൂടെ, കാല്‍സ്യം അടങ്ങിയ മറ്റു മരുന്നുകള്‍, മഗ്നീഷ്യവും അലുമിനിയവും ചേര്‍ന്ന മരുന്നുകള്‍ (അന്റാസിഡ്‌), പാല്‌, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കരുത്‌. ആന്റിബയോട്ടിക്‌ മരുന്നുകളുടെ ആഗിരണം വളരെ കുറയുമെന്നതുകൊണ്ടാണ്‌ ഇങ്ങനെ നിര്‍ദ്ദേശിക്കുന്നത്‌. ബാക്‌ടീരിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ അളവ്‌ ശരീരത്തിന്‌ ലഭിക്കുകയില്ല.
ഭക്ഷണത്തിന്‌ മുമ്പ്‌ എന്നോ, ഒഴിഞ്ഞ വയറ്റില്‍ കഴിക്കുക എന്നോ, ആണ്‌ മരുന്നിനോടൊപ്പം നിര്‍ദ്ദേശിച്ചിരിക്കുന്നതെങ്കില്‍ ഭക്ഷണത്തിന്‌ ഒരു മണിക്കൂര്‍ മുമ്പോ, ഭക്ഷണശേഷം 2 മണിക്കൂറിനു ശേഷമോ ആണ്‌ മരുന്ന്‌ കഴിക്കേണ്ടത്‌. കാരണം ചില മരുന്നുകള്‍ ഒഴിഞ്ഞ വയറ്റില്‍ ധാരാളം വെള്ളത്തിന്റെ കൂടെ കഴിക്കുമ്പോള്‍ നന്നായി ആഗിരണം ചെയ്യപ്പെടും. ആഗീരണത്തിന്റെ തോത്‌ ഒരേ നിരക്കിലാവുകയും ചെയ്യും. പക്ഷേ പൂപ്പല്‍ബാധയ്‌ക്കെതിരെ (Antifungal Antibiotic) ഉപയോഗിക്കുന്ന ഗ്രിസിയോഫള്‍വിന്‍
(Griseofulvin) എന്ന മരുന്ന്‌ കൊഴുപ്പ്‌ കലര്‍ന്ന ഭക്ഷണത്തിന്റെ കൂടെ കഴിച്ചാലാണ്‌ മെച്ചപ്പെട്ട ആഗിരണം 
ലഭിക്കുന്നത്‌.
അസ്ഥി ദ്രവിക്കുന്നതിനെതിരെയുള്ള (Antiosteoporosis) ചില മരുന്നുകള്‍ (Alendronate) കാപ്പിയുടേയോ ഓറഞ്ച്‌ ജ്യൂസിന്റെയോ കൂടെ കഴിച്ചാല്‍ അറുപതു ശതമാനത്തോളം ആഗിരണം കുറയും. മരുന്നിന്റെ ഉത്‌പാദകര്‍ ഈ മരുന്ന്‌, ഒഴിഞ്ഞ വയറ്റില്‍, പ്രാതലിനു (Break Fast) മുമ്പ്‌ കഴിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്നുണ്ട്‌. പ്രാതലിന്‌ രണ്ടു മണിക്കൂര്‍ മുമ്പു കഴിക്കുന്നതാണുത്തമം. സെഫുറോക്‌സിം (Cefuroxime) എന്ന ആന്റിബയോട്ടിക്‌, സാക്വിനാവിര്‍ (Saquinavir) എന്ന ആന്റി റിട്രോവൈറല്‍ (Antiritroviral) മരുന്ന്‌, എന്നിവ ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ആഗിരണം കൂടുതലുള്ള മരുന്നുകള്‍ക്കുദാഹരണങ്ങളാണ്‌. മരുന്നിന്റെ അളവ്‌ കുറയ്‌ക്കാമെന്നതുകൊണ്ട്‌ ഭക്ഷണത്തോടൊപ്പം കഴിക്കാനാണ്‌ ഇവ നിര്‍ദ്ദേശിക്കപ്പെടുന്നത്‌.
ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക്‌ കുടലിനുള്ളിലെ ചലനങ്ങളുടെ വേഗത കൂട്ടാനുള്ള കഴിവുണ്ട്‌. എന്നാല്‍ നാരുകള്‍, കൊഴുപ്പ്‌ ഇവ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഈ വേഗതയെ കുറയ്‌ക്കും. ഇവയോടൊപ്പം ഉള്ളിലെത്തുന്ന മരുന്നുകള്‍ കുടലിനുള്ളില്‍ ഏറെ സമയം തങ്ങിനിന്ന്‌ കൂടുതല്‍ ആഗിരണം ചെയ്യപ്പെടും. എന്നാല്‍ വിഷാദരോഗത്തിനെതിരെ (Tricyclic antidepressants) ഉപയോഗിക്കുന്ന അമിട്രിപ്‌റ്റിലിന്‍ (Amitriptyline) നാരുകളുടെ പുറത്ത്‌ പറ്റിപിടിച്ചിരിക്കുന്നതുമൂലം (Adsorption) ഒപ്പം ഉപയോഗിച്ചാല്‍ ഫലപ്രാപ്‌തി ലഭിക്കുകയേ ഇല്ല.
വയറ്റിനുള്ളിലെ ശ്ലേഷ്‌മസ്‌തരത്തെ പ്രകോപിപ്പിക്കുന്ന (Gastric irritation) ചില മരുന്നുകളുണ്ട്‌. അയണ്‍ (Iron) ഗുളികകള്‍, നോണ്‍സ്റ്റിറോയ്‌ഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി (Non - steroidal anti - inflammatory - NSAIDS) വിഭാഗത്തില്‍പ്പെടുന്ന ആസ്‌പിരിന്‍, ഡൈക്ലോഫിനാക്‌ ഗുളികകള്‍ എന്നിവ ഉദാഹരണങ്ങളാണ്‌. ആമാശയസ്‌തരത്തിലെ പ്രകോപനം ഒഴിവാക്കാന്‍ ഭക്ഷണത്തോടൊപ്പം ഇവ കഴിക്കുന്നതാണ്‌ നല്ലത്‌. പക്ഷേ തുടര്‍ച്ചയായി വളരെക്കാലം ഇവ കഴിക്കുന്നത്‌ ആമാശയസ്‌തരത്തില്‍ കേടുപാടുകള്‍ ഉണ്ടാകാനും അത്‌
ആമാശയ വൃണ (Ulcer) മുണ്ടാക്കുന്ന അവസ്ഥയിലേക്കെത്താനും കാരണമാകും.
മുന്തിരിയുടെ കൂടെ ചില മരുന്നുകള്‍ കഴിക്കുന്നത്‌ മരുന്നിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇരുപതിലധികം മരുന്നുകളുമായി പ്രതിപ്രവര്‍ത്തിച്ച്‌ (ശിലേൃമരശേീി) അവയെ പല ഘടകങ്ങളാക്കി (breakdown) മാറ്റുന്നതിനുള്ള കഴിവ്‌ മുന്തിരിക്കുണ്ട്‌. കാപ്പിയിലും ശീതളപാനിയങ്ങളിലും മറ്റും അടങ്ങിയിരിക്കുന്ന കഫീനും (caffein) ചില മരുന്നുകളുടെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കും. ശീതളപാനീയങ്ങള്‍, കാപ്പി, ചായ, മുന്തിരി മുതലായവയുടെ പഴച്ചാറുകള്‍ (ഖൗശരല)െ എന്നിവയോടൊപ്പം ഗുളികകളും ക്യാപ്‌സൂളുകളും വിഴുങ്ങുന്ന പ്രവണത പൊതുവെ കണ്ടുവരുന്നുണ്ട്‌. അത്‌ ഒഴിവാക്കുക തന്നെ വേണം. മരുന്നിനോടൊപ്പം തിളപ്പിച്ചാറിയ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുന്നതാണ്‌ നല്ലത്‌. 
ചില മരുന്നുകള്‍ മദ്യവുമായി പ്രതിപ്രവര്‍ത്തിക്കും. അലര്‍ജി വിരുദ്ധ മരുന്നുകള്‍ (Antiallergic drugs), മെട്രോനിഡസോള്‍ (Metronidazole) എന്നിവയോടൊപ്പം മദ്യം കഴിക്കുന്നത്‌ ഒഴിവാക്കണം. കേന്ദ്ര നാഡീവ്യൂഹത്തെ മന്ദീഭവിപ്പിച്ച്‌ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പറ്റാതെ വരുക, ഉറക്കം തൂങ്ങുക എന്നിവ രണ്ടിന്റേയും പൊതുസ്വഭാവമാണ്‌ എന്നതാണ്‌ കാരണം. പുകവലി ശീലമാക്കിയിട്ടുണ്ടെങ്കില്‍ മരുന്നുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. രണ്ടായിരത്തോളം രാസപദാര്‍ത്ഥങ്ങള്‍ പുകയോടൊപ്പം ഉള്ളിലെത്തും; മരുന്നുമായി പ്രതി പ്രവര്‍ത്തനത്തിന്‌ സാധ്യതകളേറെയാണ്‌. ചില മരുന്നുകള്‍ ഔഷധമായല്ലാതെ ദുരുപയോഗം ചെയ്യുന്നത്‌ പൊതുവേ കണ്ടുവരുന്നുണ്ടല്ലോ. അത്തരം ശീലങ്ങളുള്ളവര്‍ (Drug Addicts) മറ്റു മരുന്നുകള്‍ കഴിക്കേണ്ടിവരുമ്പോള്‍ ഡോക്‌ടറുടെ ഉപദേശം തേടേണ്ടത്‌ വളരെ ആവശ്യമാണ്‌.
വയറ്റിനുള്ളിലെ ആസിഡിന്റെ അമ്‌ളതയും ചില മരുന്നുകളുടെ ആഗിരണത്തെ ബാധിക്കും. പൂപ്പല്‍ ബാധയ്‌ക്കെതിരേ (Antifungal) ഉപയോഗിക്കുന്ന കീറ്റോ കൊണസോള്‍ (Ketoconazole) എന്ന മരുന്ന്‌ ഉദാഹരണമാണ്‌. അമ്‌ള മാദ്ധ്യമത്തിലാണ്‌ ഈ മരുന്ന്‌ ശരിയായി ആഗിരണം ചെയ്യപ്പെടുന്നത്‌. അള്‍സര്‍, നെഞ്ചെരിച്ചില്‍ എന്നിവയ്‌ക്കെതിരെ ആസിഡിന്റെ ഉത്‌പാദനം കുറയ്‌ക്കുന്ന മരുന്നുകളാണ്‌ ഉപയോഗിക്കുന്നത്‌. ആസിഡിന്റെ ഉത്‌പാദനം കുറയ്‌ക്കുന്ന മരുന്നുപയോഗിച്ചു കൊണ്ടിരിക്കുന്ന രോഗികള്‍ പൂപ്പല്‍ബാധയുണ്ടായിട്ട്‌ കീറ്റോകൊണസോള്‍ കഴിക്കേണ്ടതായി വന്നാല്‍ ഒരു അമ്‌ളപാനീയ (കോള) ത്തിനോടൊപ്പമോ നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക്‌ ആസിഡിനോടൊപ്പമോ കഴിക്കണം. കാരണം അമ്‌ള മാദ്ധ്യമത്തിലല്ലെങ്കില്‍ ഈ മരുന്ന്‌ ആഗിരണം ചെയ്യപ്പെടുകയില്ല.
ചില മരുന്നുകള്‍ ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാനുള്ള നാക്കിന്റെ കഴിവിനെ നഷ്‌ടപ്പെടുത്തും. മെട്രോനിഡസോള്‍ (Metronidazole) എന്ന മരുന്നിന്റെ അനുബന്ധപ്രശ്‌നമാണ്‌ വായില്‍ ഒരു തരം അരുചി (metalic taste) തോന്നിപ്പിക്കുക എന്നത്‌. എന്നാല്‍ മറ്റുചില മരുന്നുകള്‍ വിശപ്പില്ലാതാക്കും. ശരീരത്തിന്‌ അത്യാവശ്യം വേണ്ട പോഷകഘടകങ്ങളുടെ ആഗിരണത്തെ പ്രതികൂലമായി ബാധിക്കുന്ന മരുന്നുകളുണ്ട്‌.
ഫുറോസിമൈഡ്‌ (Furosemide) പോലുള്ള, മൂത്രത്തിന്റെ അളവ്‌ കൂടുന്ന വിഭാഗം (Diuretics) മരുന്നുകള്‍ കഴിക്കുമ്പോള്‍ ശരീരത്തിലെ പൊട്ടാസിയത്തിന്റെ അളവ്‌ ഗണ്യമായി കുറയും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അവശ്യംവേണ്ട പൊട്ടാസ്യം നഷ്‌ടപ്പെടുത്തുന്ന ഇത്തരം മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന രോഗികള്‍ക്ക്‌ ഒപ്പം കഴിക്കാന്‍ പൊട്ടാസ്യം അടങ്ങിയ മരുന്നുകള്‍ (Potassium Supplements) ഡോക്‌ടര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ഇല്ലെങ്കില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ (ഏത്തപ്പഴം, ഈന്തപ്പഴം, ബീന്‍സ്‌, ഉരുളക്കിഴങ്ങ്‌, സോയാബീന്‍സ്‌) കഴിക്കാം.
ശരീരത്തിന്റെ ഒരു പ്രത്യേക അവയവത്തിലോ, കലകളിലോ എത്തിച്ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച്‌ അസുഖ
പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണല്ലോ നാം മരുന്നുകള്‍ ഉപയോഗിക്കുന്നത്‌. ഈ ലക്ഷ്യം സാധിക്കുന്നതിന്‌ മരുന്നിന്‌ അത്‌ പ്രവേശിക്കുന്ന ഭാഗത്തുനിന്ന്‌ രക്തത്തില്‍ കലര്‍ന്ന്‌ ഫലം ഉണ്ടാകേണ്ടയിടം വരെ
സഞ്ചരിച്ച്‌, പ്രവര്‍ത്തനശേഷം പുറന്തള്ളപ്പെടേണ്ടതുണ്ട്‌. ഇതിനിടയില്‍ മറ്റു മരുന്നുകളുമായോ, ഭക്ഷണ പാനീയങ്ങളായോ, പോഷകഘടകങ്ങളായോ ഒക്കെ മരുന്ന്‌ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ട്‌, അവയുമായി പ്രവര്‍ത്തിച്ച്‌ മരുന്നിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും സഞ്ചാരഗതിക്കും മാറ്റം സംഭവിക്കാം. മുകളില്‍ പറഞ്ഞവയൊക്കെ മരുന്ന്‌ ഭക്ഷണപാനീയങ്ങളുമായി പ്രവര്‍ത്തിച്ച്‌ ഉണ്ടാക്കാവുന്ന നല്ലതും ചീത്തയുമായ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങളാണ.്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടും മറ്റു പഠനങ്ങള്‍വഴിയും ലഭിച്ചിരിക്കുന്നതും സാധാരണ സംഭവിക്കാവുന്നതുമായ പ്രതിപ്രവര്‍ത്തനങ്ങളാണവ. രോഗികള്‍ ശ്രദ്ധിക്കാത്തതുകൊണ്ട്‌ റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത, പല പ്രതിപ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടുണ്ടാവാം; അതുകൊണ്ട്‌ അറിയാനിരിക്കുന്നവ ഇവയിലേറെയുണ്ടാകും. ഭക്ഷണ പാനീയങ്ങളുമായുള്ള മരുന്നിന്റെ പ്രതിപ്രവര്‍ത്തന പഠന മേഖലയില്‍ രോഗികള്‍ക്കും പങ്കുണ്ട്‌. മരുന്ന്‌ കഴിച്ചുകൊണ്ടിരിക്കുമ്പോഴുണ്ടാകുന്ന അസാധാരണമായ അനുഭവങ്ങളും ബുദ്ധിമുട്ടുകളും ഭക്ഷണവുമായി ബന്ധപ്പെടുത്തി ശ്രദ്ധിക്കാന്‍ ശ്രമിക്കുക. അങ്ങനെ എന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നിയാല്‍ ഡോക്‌ടറുടെ അടുത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യുക. 
ഓര്‍മ്മിക്കാന്‍
1. മരുന്നിന്റെ കവറിനുപുറത്ത്‌ നിര്‍ദ്ദേശിച്ചിരിക്കുന്നവിധം അതാതു സമയത്ത്‌ മരുന്ന്‌ കഴിക്കാന്‍ ശ്രദ്ധിക്കുക.
2. മരുന്നും ഭക്ഷണവും തമ്മിലുള്ള ഇടവേളകള്‍ കൃത്യമാക്കുക
3. മരുന്ന്‌ കഴിക്കുമ്പോള്‍ ഭക്ഷണവുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും ബുദ്ധിമുട്ട്‌ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്‌ടറെ വിവരമറിയിക്കുക.
4. ഒന്നിലധികം മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അവയ്‌ക്കിടയിലുള്ള ഇടവേളകള്‍ കൃത്യമായി
ശ്രദ്ധിക്കുക.

ഉത്തേജകപരിശോധന

Steroid intake by youth

“ഉത്തേജകമരുന്നുപരിശോധനയിൽ പിടിക്കപ്പെട്ട ക്രിക്കറ്റ് താരത്തെ ടീമിൽനിന്ന് വിലക്കി“. ഇതു പലപ്പൊഴും വാ൪ത്തകളിൽ ഇടം പിടിക്കുന്ന ഒരു കാര്യമാണല്ലോ. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു ടീമുകൾക്ക് അനുമതി കൊടുക്കുമ്പോൾ ഉത്തേജകപരിശോധന പൂ൪ത്തിയാക്കണമെന്ന് സ൪ക്കാ൪ നിഷ്ക്ക൪ഷിക്കാറുണ്ട്. എന്താണ്‍ ഈ ഉത്തേജകമരുന്ന്?എങ്ങനെയാണിതിന്റെ പ്രവ൪ത്തനം?എന്തിനാണ്‍ കായികതാരങ്ങൾ ഇത് കഴിക്കുന്നത്? ഇത് ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷഫലങ്ങളുണ്ടോ?

മനുഷ്യശരീരത്തിൽ സാധാരണയായി ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹോ൪മോണുകളാണ്‍ അനബോളിക് സ്റ്റിറോയിഡുകൾ ( Anabolic steroids).പുരുഷഹോ൪മോൺ ആയ ടെസ്റ്റോസ്റ്റിറോൺ (Testosterone),വള൪ച്ചാഹോ൪മോൺ(growth hormone), ഇ൯സുലി൯, അഡ്രീനൽ ഗ്രന്ഥിഉത്പ്പാദിപ്പിക്കുന്ന ഡി .എച്ച്. ഇ.എ. എന്നിവയാണ്‍ പ്രധാന അനബോളിക് ഹോ൪മോണുകൾ.അനബോളിസം( Anabolism) എന്നാൽ ചെറിയ ത൯മാത്രകളിൽ നിന്ന് ശരീരത്തിനാവശ്യമായ വലിയ ഘടകങ്ങൾ നി൪മ്മിക്കുന്ന പ്രക്രിയയാണ്‍. ഉദാഹരണമായി,അമിനോ ആസിഡുകളിൽനിന്ന് പ്രോട്ടീ൯ ഉത്പ്പാദിപ്പിക്കപ്പെടുന്നത്അനബോളിസമാണ്‍. അനബോളിക് സ്റ്റിറോയിഡുകൾക്ക് ശരീരത്തിലെ മാംസപേശികളിലെ പ്രോട്ടീനിന്റെ അംശത്തെ കൂട്ടി അവയുടെ കാര്യക്ഷമത വ൪ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. പ്രത്യേക വ്യായാമങ്ങൾ ചെയ്ത്, അവയോടൊപ്പം കൂടിയ അളവ് ഭക്ഷണവും കഴിച്ചാൽ മസിലുകളുടെ കാര്യക്ഷമത വ൪ദ്ധിപ്പിക്കാ൯ കഴിയും. ഇതിനു കുറച്ചു നാളുകൾ കഠിനമായി പ്രയത്നിക്കേണ്ടിവരും. എന്നാ‍ൽ പെട്ടെന്ന് മസിലുണ്ടാക്കണമെന്ന ആഗ്രഹമാണ്‍ യുവാക്കളെ അനബോളിക് സ്റ്റിറോയിഡുകൾ ഉപയോഗിക്കാ൯ പ്രേരിപ്പിക്കുന്നത്.ശരീരത്തിൽ സാധാരണയായുത്പ്പാദിപ്പികപ്പെടുന്ന ഹോ൪മോണുകൾ കൂടാതെ പുറത്തുനിന്നും ഈ വിഭാഗം അനബോളിക് സ്റ്റിറോയിഡുകൾ ഉപയോഗിച്ച് മസിലുകളുടെ പ്രവ൪ത്തനശേഷി വ൪ദ്ധിപ്പിക്കുക എന്നതാണ്‍ ഈ ദുരുപയോഗത്തിന്റെ ലക്ഷ്യം. അനബോളിക് സ്റ്റിറോയിഡുകൾ കഴിക്കുന്നതുവഴി, ശരീരം സാധാരണയായുത്പ്പാദിപ്പിക്കുന്ന ഹോ൪മോണിന്റെ അളവിനേക്കാൾ കൂടുതൽ ഹോ൪മോൺ ശരീരത്തിൽ നിലനിൽക്കുവാനിടയാകും. ഈ വിഭാഗം മരുന്നുകൾ ( ഹോ൪മോണുകൾ)സാധാരണയായി ഇവയുടെ അളവുകുറവുള്ള രോഗികൾക്ക് ഉപയോഗിക്കാ൯ ഉദ്ദേശിക്കുന്നവയാണ്‍. നാ൯ഡ്രൊലോൺ (Nandrolone)എന്നത് പുരുഷ൯മാരിലും സ്ത്രീകളിലും ടെസ്റ്റോസ്റ്റിറോൺ എന്ന ഹോ൪മോണിന്റെ വിഘടനഫല( metabolite)മായുണ്ടാകുന്നതാണ്‍. മസിൽഉണ്ടാക്കുക(muscle growth), വിശപ്പിനെ ഉദ്ദീപിപ്പിക്കുക(appetite stimulant), ചുവന്ന രക്താണുക്കൾ( RBC, അസ്ഥിയുടെ സാന്ദ്രത( bone density) എന്നിവ കൂട്ടുക, തുടങ്ങിയവ ഇതിന്റെ നല്ല ഗുണങ്ങളാണ്‍. വ്ൃക്കയുടെ പ്രവ൪ത്തനം തകരാറിലായ രോഗികളിൽ ചുവന്ന രക്താണുക്കൾവളരെ കുറവായിരിക്കും. ഈ പ്രശ്നം മൂലം അനീമിയ ഉള്ളവ൪ക്ക് ഇത് മരുന്നായി ഇപയോഗിക്കാം. പ്രായമായ സ്ത്രീകളിൽ പൊതുവെ കണ്ടുവരുന്ന അസ്ഥിദ്രവിക്ക (osteoporosis) ലിനും ഇത് മരുന്നായി കൊടുക്കാറുണ്ട്. ഗ൪ഭധാരണം തടയാനുള്ള മരുന്നായും(contraceptive), സ്തനാ൪ബുദത്തിനെതിരെയും(breast cancer), ഇതുപയോഗിക്കാം. കൌമാരക്കാരിൽവള൪ച്ചാസംബന്ധമായ പ്രശ്ന( growth disorders)ങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കാനും ഇത് ഉപയോഗപ്പെടുത്താറുണ്ട്. പക്ഷേ കായികതാരങ്ങളും, ശരീരം ‘ഫിറ്റ് ‘ആക്കുവാ൯ ആഗ്രഹിക്കുന്ന യുവജനങ്ങളും ഈ മരുന്നുകൾ ദുരുപയോഗപ്പെടുത്തുന്നു എന്നതാണ്‍വാസ്തവം. ഈ വിഭാഗം ഹോ൪മോണുകൾ ശരീരത്തിന്‍ആവശ്യമില്ലാതെ കഴിച്ചാൽ ശരീരത്തിൽ ഇവയുടെ അളവ് കൂടുന്നതു കാരണം പലതരത്തിലുള്ള ദോഷഫലങ്ങളും ഉണ്ടാകും. കരളിന്‍ നീ൪വീക്കം,കാ൯സ൪, ഹ്ൃദയസംബന്ധമായ അസുഖങ്ങൾ,- ചെറിയവമുതൽ ഹ്ൃദയാഘാതവും പക്ഷാഘാതവും വരെ‌-, രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടൂതലാകുക, ശരീരത്തിൽ നീരുണ്ടാകുക,പുരുഷ൯മാരിൽ സ്ത്രൈണത കൂടുക, അനീമിയ,മുഖക്കുരു, എന്നിവയെല്ലാം ഈ വിഭാഗം മരുന്നുകളുടെ അനുബന്ധപ്രശ്നങ്ങളിൽ ഉൾപ്പെടുന്നു.

യുവാക്കൾ വളരെ ആവേശത്തോടുകൂടീ ആശ്രയിക്കുന്ന ഒന്നാ‍യി മാറികഴിഞ്ഞു മസിൽ പെരുപ്പിക്കാ൯ കഴിവുള്ള മരുന്നുകളുടെ ഉപയോഗം. പക്ഷേ,ഇവയുടെ സ്ഥിരമായ ഉപയോഗം മൂലമുണ്ടാകാവുന്ന അനുബന്ധപ്രശ്നങ്ങൾ അറിഞ്ഞുവെയ്ക്കുകയും അവയ്ക്കെതിരെ എന്തുചെയ്താൽ മതിയാകും എന്ന് ഡോക്ടറോട് ആലോചിക്കേന്ടതും അത്യാവശ്യമാണ്‍.അനബോളിക്സ്റ്റിറോയിഡുകളാണ്‍ ജിമ്മുകളിൽ “വേഗം മസിലുണ്ടാക്കിത്തരുന്നവ “ എന്ന നിലയിൽ യുവാക്കൾക്കായി കുറിച്ചുകൊടുക്കുന്നത്. അനബോളിക് എന്ന വാക്ക് സൂചിപ്പിക്കുന്നത് തന്നെ ബിൽഡ് അപ് (build up) എന്നാണ്‍.പ്രോട്ടീനുകളുടെ ഉത്പാദനം വ൪ദ്ധിപ്പിക്കുക എന്നതാണ്‍ ഈ വിഭാഗം സ്റ്റിറോയ്ഡുകളുടെ ഒരു പ്രത്യേകത.പക്ഷേ, മസിലുകൾ പെരുപ്പിക്കാനായി തുട൪ച്ചയായി ഇവ ഉപയോഗിക്കുന്നത് നീതികരിക്കാ൯ പറ്റുന്നതല്ല, മാത്രവുമല്ല,ദുരുപയോഗവുമാണ്‍.

അനബോളിക് സ്റ്റിറോയ്ഡുകളുടെ തുട൪ച്ചയായ ഉപയോഗം കരളിലെ പ്രവ൪ത്തനങ്ങളിൽ പ്രകടമായ മാറ്റം വരുത്തും. ഇവ കരളിൽ കാ൯സറുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. ഇവയുടെ ഉപയോഗം യുവാക്കളുടെ പുരുഷത്വത്തെ ബാധിക്കും(erectile dysfunction).ബീജോത്പാദനത്തെ തടസ്സപ്പെറ്റുത്തുക എന്നത് അനുബന്ധപ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ്‍.

20 വയസ്സായ മക൯ ആത്മഹത്യ ചെയ്തതിന്റെ കാരണം അന്വേഷിച്ച ഒരമ്മയ്ക്ക് മോഡലിങ്ങ് മത്സരത്തിന്‍ തയ്യാറായിക്കൊണ്ടിരുന്ന തന്റെ മക൯ഒരു വ൪ഷമായി സ്റ്റിറോയ്ഡ്സ്സ് ഉപയോഗിച്ചുവന്നിരുന്നു എന്ന് കണ്ടെത്താനാ‍യി. വളരെ പെട്ടെന്ന് മാറിമാറി വന്നിരുന്ന അവന്റെ മൂഡു മാറ്റത്തെപ്പറ്റിയും ഡോക്ട൪ അമ്മയ്ക്ക് വിശദീകരണം കൊടുത്തു. സ്റ്റിറോയ്ഡിന്റെ സ്ഥിരമായ ദുരുപയോഗം, ശരീരത്തിൽസാധാരണയായി നടക്കുന്ന ഹോ൪മോൺ വ്യവസ്ഥയെ തകിടം മറിക്കും. മരുന്നിന്റെ അളവി(Dose) നനുസരിച്ച് നിരാശയോ(Depression), പേടിയോ(phobia), ഭ്രാന്തമായ ആവേശമോ( mania), അസാധാരണമായ മൂഡ് മാറ്റങ്ങളോ(mood swings) ഒക്കെയായി ഇവ പ്രത്യക്ഷപ്പെട്ടേക്കാം.

സ്റ്റാനോസൊലോൾ (Stanozolol) എന്ന മരുന്ന് എന്തിനാണ്‍ എന്ന് അന്വേഷിക്കുന്ന യുവാക്കളുടെ എണ്ണം കൂടിവരുന്നു. ഡോക്ടറിന്റെ പ്രിസ്ക്രിപ്ഷ൯ ഇല്ലാതെ ഈ മരുന്നും അമിതമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. മസിലുപെരുപ്പിക്കാനും, കായികശേഷി വ൪ദ്ധിപ്പിക്കാനുമാണ്‍ ഈ ദുരുപയോഗം.

ആസ്ത്മ

ചുമയോടുകൂടിയ വലിവും ശ്വാസതടസ്സവും ചേ൪ന്ന് പെട്ടെന്നാണ്‍ ആസ്തമയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.ശ്വാസനാളിയുടെ സങ്കോചം മൂലം പ്രാണവായുവിന്റെ സുഗമമായ പ്രവാഹം തടസ്സപ്പെടുന്നതാണ്‍ അസുഖലക്ഷണങ്ങൾക്കു കാരണം. ഇത് പ്രാണവായുവായ ഓക്സിജന്റെ അളവിൽ കുറവു (Hypoxia)വരുത്തുന്നതു മൂലം ശ്വാസം കൂടുതൽ അളവിൽ ഉള്ളിലേക്കെടുക്കാ൯ ശരീരം പ്രയാസപ്പെടുന്നു. ശരിയായ മരുന്നുപയോഗം ഇൗ പ്രയാസങ്ങളെ മാറ്റി ശരീരത്തെ സാധാരണ നിലയിലെത്തിക്കും.പുറത്തുനിന്നുളള വസ്തുക്കൾ (allergens)കടന്നുചെല്ലുമ്പോൾ വളരെ അസാധാരണമായാണ്‍ ആസ്തമാരോഗികളുടെ ശ്വാസനാളങ്ങൾ പ്രതികരിക്കുന്നത്.അതുകൊണ്ടാണ്‍ രോഗലക്ഷണങ്ങൾ വീണ്ടും വീണ്ടും ഉണ്ടാകുന്നത്. എന്നാൽ ഇത്തരം വസ്തുക്കൾ ആസ്ത്മാരോഗികളല്ലാത്തവരിൽ അസാധാരണമായ പ്രതികരണങ്ങൾഉണ്ടാക്കുന്നില്ല എന്നതും മനസ്സിലാക്കണം

അല൪ജനുകൾ, പൊടി, പുക, എന്നിവയ്ക്ക് പൊതുവെ രോഗലക്ഷണങ്ങളെ അധികരിപ്പിക്കുന്നതിനുള്ള കഴിവുണ്ട്.രോഗത്തിന്റെ കൂടിയ അവസ്ഥയിൽ വ്യായാമത്തിനുപോലും രോഗലക്ഷണങ്ങളെ അധികരിപ്പിക്കാ൯ കഴിയും.

രോഗലക്ഷണങ്ങൾ ഉണ്ടാകുന്ന ഇടവേളകൾ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. ചിലരിൽ ഇടവേളകൾ മണിക്കൂറുകളാകുമ്പോൾ മറ്റു ചില൪ക്ക് മൂന്നോ നാലോ ആഴ്ചകൾ കൂടുമ്പോഴേ രോഗലക്ഷണങ്ങൾഉണ്ടാകാറുള്ളു.

ശ്വാസനാളത്തില്‍ നീ൪വീക്കമുണ്ടാകുന്നത് കൊണ്ടാണ്‍ അസ്ത്മാരോഗികൾ അമിതമാ‍യി പ്രതികരിക്കുന്നതിനു കാരണം.ഒരിക്കൽ ഇത്തരം നീ൪വീക്കം അല൪ജനുകൾ (allergens), വൈറസുകൾ എന്നിവകൊണ്ട് അധികരിച്ചിട്ടുമുണ്ടാകാം.ഇങ്ങനെ ഒരു തുടക്കം ഉണ്ടായാൽ മാസങ്ങളോളമോ വ൪ഷങ്ങളോളമോ പ്രയാസങ്ങൾ ഇടവിട്ടിടവിട്ട് തുട൪ന്നുണ്ടാകാ൯ സാധ്യതകളേറെയാണ്‍.

ആസ്ത്മക്കെതിരെയുള്ള മരുന്നുകളെപ്പറ്റി

രണ്ടു വ്യത്യസ്തതരം മരുന്നുകളാണ്‍ ഇൗ രോഗത്തെ നിയന്ത്രിച്ചുനി൪ത്താനായി ഉപയോഗപ്രദമാക്കുന്നത്.

1.വളരെ പെട്ടെന്ന് ലക്ഷണങ്ങളെ കുറക്കുന്നവ(reliever medicines)

സങ്കോചിച്ചിരിക്കുന്ന ശ്വാസനാളത്തെ വികസിപ്പിച്ച് പ്രാണവായുവിന്റെ പ്രവാ‍ഹം സുഗമാക്കുന്നവയാണ്‍ ഇൗ വിഭാ‍ഗം മരുന്നുകൾ(bronshodiators). രോഗിക്ക്, വലിവ്,ശ്വാസതടസ്സം, എന്നീ പ്രയാസങ്ങളിൽനിന്ന് ഉടനടി ആശാസം ലഭിക്കുമെന്നതാണ്‍പ്രധാനനേട്ടം. രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായാൽ വീണ്ടും ഉടനെതന്നെ ഇൗ വിഭാഗം മരുന്ന് ഉപയോഗിക്കേണ്ടതില്ല.എന്നാൽ ഒരു തവണ ഉപയോഗിച്ചിട്ട് ആശ്വാസം ലഭിക്കുന്നില്ലെങ്കിൽ ഉടനെ തന്നെ ഒരു പ്രാവശ്യം കൂടി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ല. വളരെ പെട്ടെന്ന് ഫലം ലഭിക്കുമെന്നതുകൊണ്ട് പത്ത്-പതിനഞ്ച് മിനിറ്റിനുള്ളിൽ രോഗിക്ക് ആശ്വാസം കിട്ടും;മണിക്കൂറുകളോളം മരുന്നിന്റെ പ്രവ൪ത്തനം നീണ്ടുനില്‍ക്കുകയും ചെയ്യും. അസുഖലക്ഷങ്ങൾ ഉണ്ടാകുന്ന ഉടനെതന്നെ ഫലപ്രദമായി ഉപയോഗിക്കേണ്ടവയാണിവ എന്ന് മനസ്സിലായിക്കാണുമല്ലോ.സാല്‍ബ്യുട്ടമോളോ(Salbutamol),ടെ൪ബ്യുറ്റാലിനോ(Terbutalin)പ്രധാനചേരുവയായുള്ള മരുന്നാണ്‍ ഇൗ വിഭാഗത്തിലുള്ളത്. അസ്താലി൯(asthalin),സാല്‍ബയ൪(salbair), ബിക്രാനിൽ(bricanyl),അസ്താകൈണ്ട്(asthakind),വെ൯ട്രോലി൯(ventrolin), എന്നീ ബ്രാ൯ഡ് പേരുകളിൽ ഇവ ലഭ്യമാണ്‍.

ലക്ഷണങ്ങളെ തടയുന്നവ (preventer medicines)

ശ്വാസനാളത്തിലുള്ള നീ൪വീക്കത്തെ കുറക്കുന്നതുവഴി, ലക്ഷണങ്ങൾക്ക് കാരണക്കാരായ പുറത്തുനിന്നുള്ള വസ്തുക്കളോടുള്ള അതിന്റെ വ൪ധിതമായ പ്രതികരണത്തെ അമ൪ത്തിവക്കാ൯ ഇവക്കു കഴിയും. അതുകൊണ്ട് എല്ലാ ദിവസവും മുടങ്ങാതെ കുറച്ചുമാസങ്ങളോളം തുട൪ച്ചയായി കഴിക്കേണ്ടതുണ്ട്. ഡോക്ടറുടെ നി൪ദ്ദേശപ്രകാരമല്ലാതെ ഒരു കാരണവശാലും മരുന്ന് നി൪ത്തുകയുമരുത്.

ഇവ രണ്ടു തരത്തിലുണ്ട്.

ബെക്ലോമെതസോണോ(Beclomethasone),ബ്യൂഡിസോണൈഡോ(Budesonide)പ്രധാനചേരുവയായുള്ള മരുന്നുകളാണ്‍ഒന്നാമത്തേത്. ബെക്ലേറ്റ്(Beclate),ബ്യൂഡികോ൪ട്ട്(Budecort),ബ്യുഡെസ്(budez),പൾമികോ൪ട്ട്(pulmicort), ഫ്ലോഹേല്‍(flohale),എന്നീ ബ്രാ൯ഡ് പേരുകളില്‍ മാ൪ക്കറ്റിൽ ഇവ ലഭ്യമാണ്‍.

സോഡിയം ക്രോമോഗ്ലൈക്കേറ്റ് (sodium cromoglycate) പ്രധാനചേരുവയായുള്ളതാണ്‍രണ്ടാമത്തേത്.ഇഫിറാൽ (Ifiral), ഫിണ്ടാൽ(fintal), ക്രോമാൽ (cromal) എന്നീ ബ്രാ൯ഡ് പേരുകളാണ്‍ പൊതുവെ കണ്ടുവരുന്നത്.

പ്രതിരോധമരുന്ന്‍ എപ്പോഴെല്ലാം ഉപയോഗിക്കണം?

അസുഖലക്ഷണങ്ങൾ ഇല്ലാത്തപ്പൊഴും മരുന്നുകൾ കഴിച്ചുകൊണ്ടേയിരിക്കണമെന്നത് നമുക്ക് ഉൾക്കൊള്ളാ൯ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്‍. പക്ഷെ, പ്രതിരോധമരുന്ന് ഉപയോഗിച്ചുകൊണ്ടിരുന്നാൽ ഇടക്കിടക്ക് വലിവിന്റെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകുകയില്ല. ഒരു സാധാരണ ജീവിതം നയിക്കുവാ൯ രോഗിയെ സഹായിക്കുക എന്നാതാണ്‍ പ്രതിരോധമരുന്നിന്റെ ദൌത്യം.

രോഗിയുടെ ആശയവിനിമയം ശരിയായിരുന്നാല്‍..

ചികില്‍സ ഫലപ്രദമാകണമെങ്കില്‍ഡോക്ടറെ കാണുമ്പോള്‍രോഗിക്ക് നന്നായി ആശയവിനിമയം ചെയ്യുന്നതിനുള്ള കഴിവും സാഹചര്യവും സമയവും ഒത്തുചേരാന്‍സാധിക്കണം. ഇത് പലപ്പോഴും പ്രായോഗികമാകാറില്ല. ഡോക്ടറിന്റെ സമയക്കുറവ്‌, ചിലപ്പോഴൊക്കെ ഒരു പ്രശ്നമായി വന്നേക്കാം. പക്ഷെ ഡോക്ടര്‍വിശദമായി വിവരങ്ങള്‍ചോദിച്ചു മനസ്സിലാക്കാന്‍ശ്രമിച്ചാലും, ചികില്സ, മരുന്നുപയോഗം ഇവയെക്കുറിച്ച് വിശദമായി സംസാരിച്ചാലും, പലപ്പോഴും ക്ഷീണവും ശ്രദ്ധക്കുറവും മൂലം രോഗിക്ക് തന്റെ പ്രശ്നങ്ങള്‍വ്യക്തമായി പറഞ്ഞു ഫലിപ്പിക്കാണോ നിര്‍ദ്ദേശങ്ങള്‍അതേപടി മനസ്സിലാക്കാനോ പറ്റാറില്ല. നല്ല ഒരു ഡോക്ടര്‍- രോഗി ബന്ധത്തിനു “മാജിക്ക്‌” ഒന്നും ലഭ്യമല്ല. എന്നാലും, കുറച്ചൊന്നു ശ്രമിച്ചാല്‍ നല്ല ആശയവിനിമയം സ്വായത്തമാക്കി മിടുക്കാനായ ഡോക്ടറുടെ ചികില്‍സ ഫലപ്രദമാക്കാന്‍“ഒരു നല്ല രോഗിക്ക്” സാധിക്കും.

1. ശരീരത്തിനു വന്ന മാറ്റങ്ങള്‍മനസ്സിലാക്കി വച്ച് ഡോക്ടറിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുക.

2. മറ്റെന്തെകിലും അസുഖങ്ങള്‍ഉണ്ടെങ്കില്‍അതെപറ്റി പറയുക.

3. മറ്റു മരുന്നുകള്‍സ്വയം ചികില്‍സക്കായി ഉപയോഗിച്ചിരുന്നുവെങ്കില്‍അതെപറ്റി പറയുന്നതിനു വളരെ പ്രാധാന്യം നല്‍കുക.

4. വളരെ നാളുകളായി മറ്റു മരുന്നുകള്‍ഉപയോഗിച്ചു കൊണ്ടിരിക്കുന്നുവെങ്കില്‍അത് ഡോക്ടറുടെ ശ്രദ്ധയില്‍കൊണ്ടുവരിക

5. ഏതെന്കിലും മരുന്നുകളോട്, വസ്തുക്കളോട് അലര്‍ജി ഉണ്ടെങ്കില്‍അതും ഡോക്ടറോട് പറയുക.

6. ഒരു പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നുണ്ടെങ്കില്‍അത് ചര്‍ച്ച ചെയ്യുക.

7. ഓപറേഷനു തയ്യാരെടുത്തിരിക്കുകയാനെങ്കില്‍അത് പറയണം.

8. സ്ത്രീകള്‍ഗര്ഭിനിയാനെന്കിലും മുലയൂട്ടുന്നുണ്ടെങ്കിലും ഡോക്ടറോട് നിര്‍ബധമായും പറയണം.

9. ഡോക്ടര്‍കുറിക്കുന്ന മരുന്ന് എന്തെങ്കിലും കാരണം മൂലം കഴിക്കാന്‍പറ്റാത്ത സാഹചര്യമാനെന്കില്‍അത് പറയണം.

ക്യാന്‍സറും പുകയിലയും പിന്നെ പുകവലിയും

നമ്മുടെ ശരീരത്തിലെ സാധാരണകോശങ്ങള്‍ക്ക്‌ (Normal cells) ഒരു പ്രത്യേക സാഹചര്യത്തില്‍ ഭ്രാന്തിളകുന്നതാണ്‌ ക്യാന്‍സറിന്റെ ആരംഭം. അതിന്‌ കൃത്യമായ ഒരു കാരണം ഉണ്ടാകണമെന്നില്ല. ആ കോശങ്ങളുടെ പിന്നീടുള്ള വിഭജനം ത്വരിതഗതിയിലായിത്തീരുന്നതും പലതരം രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമാണ്‌ പിന്നീടുണ്ടാകുന്നത്‌. അതിവേഗത്തിലുള്ള കോശവിഭജനത്തെ തുടര്‍ന്ന്‌ നിയന്ത്രണാതീതമായി പെരുകുന്നവയാണ്‌ ക്യാന്‍സര്‍ കോശങ്ങള്‍; അവ അസാധാരണമായ രാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. പെരുകിക്കൊണ്ടിരിക്കുന്ന പുതിയ കോശങ്ങളെ നശിപ്പിക്കുകയാണ്‌ മരുന്നുകള്‍, റേഡിയേഷന്‍, സര്‍ജറി എന്നീ ചികിത്സാമാര്‍ഗ്ഗങ്ങളിലൂടെ ചെയ്യുന്നത്‌. അതുകൊണ്ട്‌ ആരംഭത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയുക എന്നത്‌ പ്രധാനമായ കാര്യമാണ്‌. രോഗം ബാധിച്ച ക്യാന്‍സര്‍ കോശങ്ങളുടെ അളവ്‌ ശരീരത്തില്‍ വര്‍ദ്ധിക്കുന്തോറും ചികിത്സാമാര്‍ഗ്ഗങ്ങള്‍ അവയെ നേരിടുവാന്‍ അപര്യാപ്‌തമാകും.
സാധാരണ കോശങ്ങള്‍ക്ക്‌ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്‌ മിക്കപ്പോഴും അവ അത്തരം സാഹചര്യങ്ങളിലാകുവാന്‍ അവസരം ഉണ്ടാകുന്നതു കൊണ്ടാണ്‌. ഉദാഹരണമായി സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ തൊലിക്ക്‌ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ മതിയായവയാണ്‌; പലതരം രാസവസ്‌തുക്കള്‍ (പുകയില, മദ്യം, കീടാനാശിനികള്‍, ആസ്‌ബസ്റ്റോസ്‌), വൈറസുകള്‍ ഉള്‍പ്പെടെയുള്ള രോഗാണുക്കള്‍, ക്രോമസോം തകരാറുകള്‍, മുതലായ കാന്‍സറിനുകാരണക്കാരായ ഇത്തരം ഘടകങ്ങളെ കാര്‍സിനോജനുകള്‍ എന്ന്‌ വിളിക്കുന്നു. വിട്ടുമാറാത്ത പലതരം രോഗാണുബാധ (ഹെപ്പറ്റൈറ്റിസ്‌ - Hepatitis) വൈറസ്‌, അള്‍സറിനു കാരണമായ ഹെലികോബാക്‌ടര്‍ പൈലോറി എന്ന രോഗാണു) 20% വരെ ക്യാന്‍സറിന്‌ കാരണമാകുന്നു. കൂടാതെ ജീവിതശൈലി, ശാരീരിക പ്രവര്‍ത്ത നശൈലി, ഭക്ഷണക്രമം, മദ്യപാനം, പുകവലി ഒക്കെ ഇതിന്‌ കാരണമാണ്‌. 
ക്യാന്‍സറില്‍ പുകയിലയ്‌ക്കുള്ള പങ്ക്‌ എന്താണെന്ന്‌ നോക്കാം. ലോകത്താകെ ക്യാന്‍സര്‍മൂലം മരണമടയു ന്നവരില്‍ ഭൂരിഭാഗവും പുകയില ശീലമാക്കിയവരാണെന്ന്‌ ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പലതരം പുകയിലച്ചെടികളുണ്ടെങ്കിലും പ്രധാനമായും നിക്കോട്ടിയാനാ റ്റബാകം (Niocotiana tabaccum) എന്ന ശാസ്‌ത്രീയനാമമുള്ള ചെടിയുടെ മുഴുവന്‍ ഭാഗങ്ങളോ, ഇല മാത്രമായോ പലതരത്തിലുള്ള ഉപഭോഗ വസ്‌തുക്കളായി രൂപം പ്രാപിക്കുന്നു. പുകരൂപത്തില്‍ ഉപയോഗിക്കുന്നവയും (സിഗരറ്റ്‌, ബീഡി) പുകരൂപത്തില്ലാതെ ഉപയോഗി ക്കുന്നവയും ഉണ്ട്‌. പുകരൂപത്തിലല്ലാത്തവയില്‍ റ്റുബാക്കോ ഓറല്‍ സ്റ്റഫും (മൂക്കില്‍പ്പൊടി, പാന്‍പരാഗ്‌), ച്യൂയിംഗ്‌ റ്റുബാക്കോയും (പാന്‍മസാല, ഗുഡ്‌ക) ഉള്‍പ്പെടുന്നു.
4000 ത്തോളം രാസപദാര്‍ത്ഥങ്ങള്‍ പുകയിലയുടെ പുകയില്‍ അടങ്ങിയിരിക്കുന്നു. ഒരു സിഗരറ്റില്‍ 0.1 - 2 മി.ഗ്രാം എന്ന തോതില്‍ നിക്കോട്ടിന്‍ എന്ന രാസപദാര്‍ത്ഥവും അതിന്റെ പുകയില്‍ പലതരം പോളിസൈക്ലിക്‌ ആരോമാറ്റിക്‌ ഹൈഡ്രോ കാര്‍ബണു (Polycyclic Aromatic Hydrocarbons)കളും അടങ്ങിയിരിക്കുന്നു. പൊതുവെ കാര്‍സിനോജനുകള്‍ എന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്ന ആരോമാറ്റിക അമിനുകള്‍ (Aromatic Amines), ബെന്‍സീന്‍, ഹെവിമെറ്റലുകള്‍ (Heavy metals) എന്നിവയും അതിന്റെ പുകയില്‍ ഉണ്ട്‌. ഇവയെല്ലാംകൂടി സമ്മിശ്രമായി ക്യാന്‍സറിനുള്ള എല്ലാ സാദ്ധ്യതയും ഒരുക്കുന്നു. കൂടാതെ രക്തചംക്രമണ വ്യവസ്ഥയേയും ശ്വാസകോശത്തേയും പലതരത്തില്‍ ഇവ ബാധിക്കുന്നു. ശ്വാസകോശത്തിനുണ്ടാവുന്ന ക്യാന്‍സര്‍ ആണ്‌ പ്രധാനമെങ്കിലും വായ, തൊണ്ട, അന്നനാളം, പാന്‍ക്രിയാസ്‌, വൃക്ക, മൂത്രാശയം ഇവയൊക്കെ ക്യാന്‍സറിനടിമ പ്പെടാനുള്ള സാദ്ധ്യതകളേറെയാണ്‌. ക്യന്‍സറിനുപുറമെ, കൂടിയ ഹൃദയമിടിപ്പ്‌, രക്തക്കുഴലുകളുടെ വ്യാസം കുറയല്‍, അതുമൂലമുള്ള കൂടിയ രക്തസമ്മര്‍ദ്ദം, രക്തത്തില്‍ ഓക്‌സിജന്റെ കുറഞ്ഞ അളവ്‌, ഫാറ്റി ആസിഡുകള്‍, ഗ്ലൂക്കോസ,്‌ ഹോര്‍മോണുകള്‍, എന്നിവയുടെ കൂടിയ അളവ്‌, രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത (തുടര്‍ന്ന്‌ ഹൃദയാഘാതാവും പക്ഷാഘാതവും - േെൃീസല), മലബന്ധം ഇവയൊക്കെ ഉണ്ടാകാം. പുക ഏല്‍ക്കാനിടയാകുന്നതുമൂലം അലര്‍ജി ഉണ്ടാകുവാനും അത്‌ ആസ്‌തമയായിത്തീരുവാനും സാദ്ധ്യതകളേറെയാണ്‌. ഗര്‍ഭിണികളായ സ്‌ത്രീകള്‍ പുകവലിക്കുന്നതും പുക ഏല്‍ക്കാനിടയാകുന്നതും ഗര്‍ഭഛിദ്രം, കാലം തികയും മുമ്പേയുള്ള പ്രസവം (premature 
delivery), കുട്ടിക്ക്‌ തൂക്കം കുറവ്‌ എന്നിവയുണ്ടാകാനും സാദ്ധ്യതയുണ്ട്‌. 
പഠനങ്ങളനുസരിച്ച്‌ പുകവലിക്കാരില്‍ അള്‍സറിന്റെ നിരക്ക്‌ വളരെ കൂടുതലാണ്‌. ആമാശയത്തിലെ പല പ്രവര്‍ത്തനങ്ങളെയും വളരെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട്‌ അള്‍സര്‍ ഉണങ്ങുവാന്‍ വളരെ താമസം നേരിടും. ഉണങ്ങിയാലും വീണ്ടും വീണ്ടും ഉണ്ടാകുവാന്‍ സാദ്ധ്യതകളേറെയുമാണ്‌.
സിഗരറ്റിലെ രാസപദാര്‍ത്ഥങ്ങള്‍ കത്തിയെരിഞ്ഞ്‌ പുതിയതരം കാര്‍സിനോജനുകള്‍കൂടി ഉണ്ടാകുന്നു എന്നുള്ളതുകൊണ്ട്‌ പുകവലിക്കുന്ന വ്യക്തിയില്‍ നിന്ന്‌, പുകവലി, ഒരു സാമൂഹിക വിപത്തായി ത്തീരുന്നു. പുകവലിക്കുന്ന സമയത്ത്‌ ചുറ്റും നില്‍ക്കുന്ന കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിലെ മറ്റാളുകള്‍ക്കും നിരന്തരമായി ഈ കാര്‍സിനോജനുകള്‍ ലഭിക്കുന്നു.
പുകയില്ലാത്ത പുകയില ഉത്‌പന്നങ്ങള്‍ (പാന്‍പരാഗ്‌, പാന്‍മസാല, മൂക്കില്‍പ്പൊടി) എന്നിവയും സിഗരറ്റിനേക്കാള്‍ ഒട്ടും സുരക്ഷിതമല്ല. കാന്‍സറിന്‌ കാരണമായ പലതരം രാസപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുന്ന അപകടകാരികളാണിവ. കൂടാതെ പല്ലിനു കേടുമുതല്‍ വായ്‌പ്പുണ്ണ്‌ വരെ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇവ പര്യാപ്‌തമാണ്‌. 
പുകയിലയിലെ രാസപദാര്‍ത്ഥങ്ങള്‍ക്ക്‌ കാര്‍സിനോജനായി മാറാന്‍ ഒരു ആവേഗം (Metabolic activation) ലഭിക്കേണ്ടതുണ്ട്‌. ശ്വാസകോശത്തിലും മറ്റ്‌ ശരീരഭാഗങ്ങളിലുമുള്ള എന്‍സൈമുകളാണ്‌ (Ezymes) ഇത്തരം രാസപ്രവര്‍ത്തനത്തെ സഹായിക്കുന്നത്‌. അങ്ങനെ പുകവലിയില്‍ നിന്ന്‌ ക്യാന്‍സറിലേയ്‌ക്കുള്ള മാര്‍ഗ്ഗം വളരെ എളുപ്പമാക്കിത്തീര്‍ക്കാന്‍ നമ്മുടെ ശരീരം സദാ സന്നദ്ധമായി നില്‍ക്കുന്നു. അതുകൊണ്ട്‌ പുകവലി തുടങ്ങിക്കൊടുത്താല്‍ മാത്രം മതി കാന്‍സറുണ്ടാകുവാന്‍. 
എങ്ങനെ പുകവലി നിര്‍ത്താം.
80% പുകവലിക്കാരും അത്‌ നിര്‍ത്താന്‍ ആഗ്രഹമുള്ളവരും 2,3 പ്രാവശ്യമെങ്കിലും അതിനായി ശ്രമം നടത്തിയിട്ടുള്ളവരുമാണെന്ന്‌ കണക്കെടുപ്പുകള്‍ തെളിയിക്കുന്നു. ശരീരത്തെ സംബന്ധിച്ച്‌ പുകവലി നിര്‍ത്തുക എന്നത്‌ മദ്യപാനം നിര്‍ത്തുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്‌. കാരണം, മദ്യപാനം പെട്ടെന്ന്‌ നിര്‍ത്തിയാല്‍ ശരീരം പ്രതികരിക്കും (withdrawal symptoms). അതുകൊണ്ട്‌ ഡോക്‌ടറുടെ സഹായവും, മരുന്നുകളും, അതിനുമുമ്പ്‌ ഒരു കൗണ്‍സിലിംങ്ങും വളരെ ആവശ്യമാണ്‌. പക്ഷേ പുകവലി നിര്‍ത്തുന്നതുകൊണ്ട്‌ ശരീരം അത്രത്തോളം കാര്യമായി പ്രതികരിക്കില്ല. മനസ്സുറപ്പുണ്ടെങ്കില്‍ ചെറിയ തലവേദന, ഉറക്കമില്ലായ്‌മ, അക്ഷമ എന്നീ ഹൃസ്വകാല ത്തേക്കുണ്ടാകാവുന്ന പ്രതികരണങ്ങളെ ചെറുത്തുനില്‍ക്കാവുന്നതേയുള്ളു. മനസ്സുണ്ടെങ്കില്‍ മാര്‍ഗ്ഗവുണ്ട്‌ (If there is a will, there is way) എന്നത്‌ ഇക്കാര്യത്തില്‍ സ്വീകാര്യമാണ്‌. ചിലര്‍ പെട്ടെന്ന്‌ തീരുമാനമെടുത്ത്‌ നിര്‍ത്തുന്നു. മറ്റു ചിലര്‍ ക്രമേണ കുറച്ച്‌ കുറച്ച്‌ കൊണ്ടു വന്ന്‌ നിര്‍ത്തുന്നു. ആളുകളെ അനുസരിച്ച്‌ ശരീരത്തിന്റെ പ്രതികരണങ്ങളും പലതരത്തിലായിരിക്കും.
പുകവലിയെന്ന ശീലം സ്വയം ഉപേക്ഷിക്കുവാന്‍ പറ്റാത്തവര്‍ക്ക്‌ കൗണ്‍സിലിങ്ങും അതോടൊപ്പം ചികിത്സയും ലഭ്യമാണ്‌. നിക്കോട്ടിന്‍ റീപ്ലെയിസ്‌മെന്റ്‌ തെറാപ്പി (Nicotine Replacement Therapy) നോണ്‍ നിക്കോട്ടിന്‍ ഡ്രഗ്‌ തെറാപ്പി (Non -Nicotine Drug Therapy), ബിഹേവിയറല്‍ തെറാപ്പി (Behavioural Therapy) മറ്റു പലതരം ചികിത്സകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. വിജയം സുനിശ്ചയവുമാണ്‌.
പുകവലി നിര്‍ത്താന്‍ ചില വഴികള്‍
1. നിര്‍ത്താന്‍ ഒരു പ്രത്യേക ദിവസം തീരുമാനിക്കുക
2. പുകയിലയുടേയോ പുകയുടേയോ ചെറിയ മണം പോലും തങ്ങി നില്‍ക്കുന്ന സ്ഥലം, വാഹനം, വസ്‌ത്രങ്ങള്‍ ഇവയില്‍ നിന്നെല്ലാം അകലം പാലിക്കുക.
3. മുമ്പ്‌ പുകവലിക്കാന്‍ സൗകര്യം നല്‍കിയിരുന്ന കൂട്ടുകാരേയും സ്ഥലങ്ങളെയും സാഹചര്യങ്ങളേയും ഒഴിവാക്കുക.
4. സാധ്യമെങ്കില്‍ പുകവലി നിര്‍ത്തിയ വ്യക്തികളോടോ ആരോഗ്യമേഖലയില്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം തരാന്‍ പറ്റിയ ആളുകളോടോ നമ്മുടെ തീരുമാനം അറിയിച്ച്‌ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക.
5. കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടുമൊക്കെ പുകവലി നിര്‍ത്തുകയാണെന്ന നമ്മുടെ തീരുമാനം അറിയിക്കുക. നമ്മെ സഹായിക്കാന്‍ പറയുക.
6. ഉറക്കമില്ലായ്‌മ, അക്ഷമ, ഉല്‍കണ്‌ഠ, ഉത്സാഹമില്ലായ്‌മ, അമിതവിശപ്പ്‌, കൂടിയ ശരീരഭാരം,കുറഞ്ഞ ശ്രദ്ധ കേന്ദ്രീകരണ ശേഷി ഇവയെല്ലാം പുകവലി നിര്‍ത്തിയാല്‍ കുറച്ചു നാളത്തേക്ക്‌ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ്‌ (വ്യക്തിയ്‌ക്കനുസരിച്ചും വലിയുടെ തീവ്രതയ്‌ക്കനുസരിച്ചും മാറ്റങ്ങള്‍ ഉണ്ടാകും) അതുകൊണ്ട്‌ ഇത്തരം പ്രതികരണങ്ങളെ മുന്നില്‍ക്കണ്ടുകൊണ്ട്‌ അവയെ നേരിടാന്‍ മനസ്സിനെ സജ്ജമാക്കുക.
7. മുകളില്‍പ്പറഞ്ഞ മാനസിക ശാരീരിക മാറ്റങ്ങളെ �അസാദ്ധ്യമായി ഒന്നുമില്ല� (Nothing is impossible) എന്ന ആപ്‌തവാക്യം കൊണ്ട്‌ നേരിടുക. വ്യായാമം ചെയ്യുക, ഒരു ചൂയിംഗം (Chewing gum) ഉപയോഗിക്കുക, വെള്ളം കുടിക്കുക, ഒരു നല്ല സുഹൃത്തിനെ വിളിച്ച്‌ സംസാരിക്കുക, ഒരു നല്ല ബുക്ക്‌ വായിക്കുക, പറ്റുമെങ്കില്‍ നല്ല ഒരു കുളി നടത്തുക, ഒരു പ്രാര്‍ത്ഥന ചൊല്ലുക, ധ്യാനം ശീലമുള്ളവര്‍ അതു ചെയ്യുക, ഇതൊക്കെ പുകവലിക്കാനുള്ള തീവ്രമായ ആഗ്രഹത്തെ മറികടക്കാനുള്ള നല്ല ഉപാധികളാണ്‌. ഏറ്റവും നല്ലത്‌ പുകവലികൊണ്ട്‌ മനുഷ്യശരീരത്തിനും സമൂഹത്തിനും ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പടത്തിലേക്ക്‌ ആ സമയത്ത്‌ ഒരു നിമിഷം നോക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ്‌.
8. പുകവലിക്കുന്നയാള്‍ പുകയോടൊപ്പം ശ്വാസം അകത്തേക്ക്‌ വലിക്കുമ്പോള്‍ കൂടിയ അളവില്‍ പ്രാണവായുവും ഉള്ളിലെത്തുന്നുണ്ട്‌. അത്‌ ശരീരത്തിന്‌ അല്‌പം ഗുണം ചെയ്യുന്നുണ്ട്‌. അത്‌ പുകവലിയുടെ സംതൃപ്‌തിക്ക്‌ കാരണമാകുന്ന ഒരു ഘടകമാണ്‌. ഇത്‌ പുകവലി നിര്‍ത്തുവാനുള്ള മാര്‍ഗ്ഗമാക്കാം. പുകവലിക്കണമെന്ന്‌ തോന്നുമ്പോള്‍ എഴുന്നേറ്റ്‌, ഒരു സിഗരറ്റോ ബീഡിയോ ചുരുളോ വലിക്കുന്ന അത്രയും തവണ ദീര്‍ഘമായി ശ്വാസോഛ്വാസം ചെയ്യുക. ശരീരവും മനസ്സും പുകവലിയുടെ സംതൃപ്‌തിയുടെ വലിയൊരു ഭാഗം അനുഭവിക്കും. പുക വലിയോടുള്ള ആര്‍ത്തി അപ്പോഴത്തേയ്‌ക്ക്‌ ശമിക്കുകയും ചെയ്യും
9. നാമും നമുക്ക്‌ ചുറ്റുമുള്ളവരും കൂടി നമ്മുടെ പുകവലികൊണ്ട്‌ നശിക്കുവാന്‍ ഇടയാകുന്നു; ക്യാന്‍സര്‍ എന്ന മഹാവിപത്താണ്‌ ഫലം എന്നത്‌ കൂടെക്കൂടെ മനസ്സിനെ പറഞ്ഞ്‌ പഠിപ്പിക്കുക.
ഒരിക്കല്‍ പൂര്‍ണ്ണമായും പുകവലി നിര്‍ത്തുവാന്‍ സാധിച്ചാല്‍ ഒരു വര്‍ഷത്തേക്കെങ്കിലും അതാവര്‍ത്തിക്കാതിരിക്കാന്‍ മനസ്സിനെ കടിഞ്ഞാണിടുവാന്‍ ശ്രദ്ധിക്കുകയും വേണം.

അലോപ്പതി മരുന്നുകളുടെ ബാച്ച്‌ നമ്പര്‍

ഒരു മരുന്ന്‌ ഏത്‌ ബാച്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന്‌ മരുന്നിന്റെ ലേബലില്‍ ബാച്ച്‌ നമ്പര്‍ (Batch No.) എന്നതിനുനേരെ രേഖപ്പെടുത്തിയിരിക്കും. പല ദിവസങ്ങളില്‍ പല ബാച്ചുകളിലായാണ്‌ ഒരു മരുന്നിന്റെ ഉത്‌പാദനം നടക്കുന്നത്‌. ഒരുമിച്ച്‌ ഒരു തീയതിയില്‍ ഉത്‌പാദനത്തിനായെടുക്കുന്ന അസംസ്‌കൃതവസ്‌തുക്കള്‍ (raw materials) ക്കെല്ലാം കൂടി (മരുന്നായി രൂപപ്പെട്ടതിനുശേഷവും) ഒരു പ്രത്യേക നമ്പര്‍ കൊടുക്കുന്നു. ഉദാഹരണമായി ഒരു ബാച്ചില്‍ മൂന്നുലക്ഷം ഗുളികകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നുവെങ്കില്‍ ആ മൂന്നുലക്ഷം ഗുളികകള്‍ക്കും ഒരേ ബാച്ച്‌ നമ്പര്‍ തന്നെയാവും രേഖപ്പെടുത്തിയിരിക്കുന്നത്‌.
ബാച്ച്‌ നമ്പറിന്റെ പ്രസക്തി
മരുന്നുകമ്പനികളില്‍ പ്രധാനമായി രണ്ടു വിഭാഗങ്ങളാണ്‌ ഉണ്ടാവുക; ഉത്‌പാദനവിഭാഗവും
(Production Section) ഗുണനിലവാര നിര്‍ണ്ണയ വിഭാഗവും (Quality Control Section) ഉത്‌പാദനത്തിനെടുക്കുന്നതിന്‌ മുമ്പ്‌ എല്ലാ അസംസ്‌കൃത വസ്‌തുക്കളും ഗുണനിലവാരനിര്‍ണ്ണയ (Quality assurance) ത്തിന്‌ വിധേയമാക്കും. പരിശോധനയില്‍ മാനദണ്‌ഡങ്ങള്‍ക്കനുസരിച്ചുള്ള മേന്മയുണ്ടെന്ന്‌ ഉറപ്പായാല്‍ അവ മരുന്നുത്‌പാദനത്തിനായെടുക്കും. മരുന്നുത്‌പാദനത്തിനുശേഷം വീണ്ടും അവ ലബോറട്ടറിലെത്തും. മരുന്നായി മാറിയതിനുശേഷമുള്ള മാനദണ്‌ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുറപ്പാക്കാനുള്ള പരിശോധനക (Quality contol tests) ളാണ്‌ പിന്നീട്‌ നടത്തുന്നത്‌. ഗുണനിലവാരനിര്‍ണ്ണയം നടത്തിയതിനുശേഷം ആ ബാച്ചിലെ മരുന്ന്‌ പരിശോധനകള്‍ പാസ്സായിരിക്കുന്നു എന്ന്‌ ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍ 
(Quality Control Manager) ഒപ്പിട്ടതിനുശേഷമാണ്‌ വിതരണത്തിനയയ്‌ക്കുന്നത്‌.
ചെറുകിടമരുന്ന്‌കമ്പനികളില്‍, ഗുണനിലവാര നിര്‍ണ്ണയത്തിനുള്ള ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പലപ്പോഴും കാണുകയില്ല. ഉണ്ടെങ്കില്‍ത്തന്നെ വേണ്ടത്ര സൗകര്യങ്ങളോ യന്ത്രസംവിധാനമോ ഉണ്ടാകുകയുമില്ല. ഇത്തരം സംവിധാനങ്ങളുള്ള മറ്റു ലബോറട്ടറികളില്‍ അയച്ചുകൊടുത്താവും തങ്ങള്‍ ഉണ്ടാക്കിയ മരുന്നിന്റെ ഗുണനിലവാരനിര്‍ണ്ണയം ഇത്തരം കമ്പനികള്‍ നടത്തുന്നത്‌. മതിയായ മൂല്യനിര്‍ണ്ണയം നടത്താതെ മരുന്നുകള്‍ വിതരണത്തിനെത്തുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ ഇതൊരു കാരണമാണ്‌. ലക്ഷക്കണക്കിന്‌ വിലവരുന്ന മരുന്ന്‌, ഉത്‌പാദനത്തിനുശേഷം, മതിയായ നിലവാരം പുലര്‍ത്തുന്നില്ല എന്ന്‌ തെളിയുമ്പോള്‍ അതിനുനേരെ കണ്ണടയ്‌ക്കുന്ന പ്രവണതയും നിലവാരമില്ലാത്ത മരുന്ന്‌ വിതരണത്തിനെത്താന്‍ കാരണമാകും. യന്ത്രസംവിധാനങ്ങളുടെ പ്രവര്‍ത്തനക്രമക്കേടുകൊണ്ടോ പാകപ്പിഴകള്‍കൊണ്ടോ പരിശോധനാഫലങ്ങളില്‍ മാറ്റമുണ്ടാകുന്നത്‌ മറ്റൊരു സാദ്ധ്യതയാണ്‌. കാരണങ്ങളെന്തായാലും വിതരണത്തിന്‌ കമ്പനിയില്‍ നിന്ന്‌ പുറത്തിറങ്ങിയതിനുശേഷവും മരുന്നിന്റെ ഗുണനിലവാരമില്ലായ്‌മ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അപ്പോള്‍ ?നിരോധിച്ച
മരുന്നുകള്‍? എന്ന തലക്കുറിയോടെ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ (Drugs Control Department) പത്രങ്ങളില്‍ പരസ്യം ചെയ്യും. ആ ലിസ്റ്റില്‍ മരുന്നിന്റെ പേരും, നിര്‍മ്മാതാവിന്റെ പേരും, ബാച്ച്‌ നമ്പറും ആണ്‌ ഉണ്ടാവുക. ഇങ്ങനെ നിരോധിക്കപ്പെട്ട മരുന്ന്‌ - അതായത്‌ ഒരു പ്രത്യേക കമ്പനിയുടെ ?പ്രത്യേക ബാച്ച്‌ നമ്പര്‍? ഉള്ള മരുന്ന്‌ - പിന്നീട്‌ വില്‍ക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണ്‌.
താന്‍ പണം കൊടുത്ത്‌ വാങ്ങുന്ന മരുന്നിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള അവകാശം രോഗിക്കുണ്ട്‌. ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പരിശോധനാ ലബോറട്ടറികളില്‍ ഇതിനുള്ള സൗകര്യമുണ്ട്‌. കേരളത്തില്‍ തിരുവനന്തപുരത്തുള്ള ഡ്രഗ്‌സ്‌ ടെസ്റ്റിങ്ങ്‌ ലബോറട്ടറി (Drugs testing laboratory) യില്‍ ഗുണനിലവാരം ഉറപ്പുവരുത്തേണ്ട മരുന്നിന്റെ സാമ്പിള്‍ (sample) കൊടുത്ത്‌ ഫീസടച്ചാല്‍ പരിശോധനാഫലം (result) ലഭിക്കും. Drugs testing laboratory, Red cross road, Vanchiyoor Post, Thiruvananthapuram - 35 എന്നതാണ്‌ വിലാസം. പൊതുജനങ്ങള്‍ക്ക്‌ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്‌. സൗജന്യമായി ആശുപത്രിയില്‍ നിന്ന്‌ ലഭിക്കുന്ന മരുന്നിന്റെ ഗുണനിലവാരവും ആവശ്യമെന്ന്‌ തോന്നുന്നപക്ഷം ഈ ലബോറട്ടറിയില്‍ കൊടുത്ത്‌ ഉറപ്പാക്കാം. ചീഫ്‌ ഗവണ്‍മെന്റ്‌ അനലിസ്റ്റ്‌ (Chief Government Analyst) ആണ്‌ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്‌.

വീട്ടിലൊരു ഫാര്‍മസി

രാത്രികാലങ്ങളിലോ വൈദ്യസഹായം പെട്ടെന്ന്‌ ലഭ്യമല്ലാത്ത സാഹചര്യങ്ങളിലോ (അവധി ദിവസം, യാത്ര) ആവാം ചിലപ്പോള്‍ കുട്ടികള്‍ക്ക്‌ അസുഖം പിടിപെടുന്നത്‌. വൈദ്യസഹായം ലഭ്യമാകും വരെ കുട്ടിയെ പരിപാലിക്കാന്‍ ഒരു മരുന്നു പെട്ടി (Medicine Kit) കൈവശം വയ്‌ക്കുന്നത്‌ വളരെ ഉപകാരപ്രദമായിരിക്കും. ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഈ മരുന്നുപെട്ടി കുട്ടികള്‍ കൈകാര്യം ചെയ്യാനിടയാകാതെ സൂക്ഷിക്കണമെന്നതാണ്‌.
1. തെര്‍മോമീറ്റര്‍ (Thermometer)
2. ബാന്‍ഡ്‌എയിഡ്‌ - Adhesive antiseptic dressing
3. അണുവിമുക്തമായ മുറിവുകെട്ടാനുള്ള തുണി/പഞ്ഞി (sterile wound dressings)
4. ബാന്‍ഡേജ്‌ (Bandage)
5. ആന്റിസെപ്‌റ്റിക്‌ ക്രീം / പൗഡര്‍ / സ്‌പ്രേ
6. സ്‌പിരിറ്റ്‌ (Methylated spirit)
7. ആന്റിസെപ്‌റ്റിക്‌ ലോഷന്‍
8. കലാമിന്‍ ലോഷന്‍ - (ചൂടുകുരു പോലെ തൊലിയിലുണ്ടാകുന്ന ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക്‌ ഇത്‌ മര്‍ദ്ദം (apply with out any friction) കൊടുക്കാതെ പതിയെ പുരട്ടുന്നത്‌ നല്ലതാണ്‌.
9. പാരസെറ്റമോള്‍ സിറപ്പ്‌/ഗുളിക
10. ഛര്‍ദ്ദിലിനെതിരെയുള്ള മരുന്നുകള്‍
(കുട്ടികള്‍ക്കുള്ള ഡോസ്‌ എത്രയാണെന്ന്‌ ഡോക്‌ടറിനോട്‌ പ്രത്യേകം ചോദിച്ചറി ഞ്ഞതിനുശേഷം അത്‌ കുറിച്ചുവയ്‌ക്കണം. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നത്‌ പ്രധാനകാര്യം).
11. ഓറല്‍ റീഹൈഡ്രേഷന്‍ സോള്‍ട്ട്‌ (ORS) പായ്‌ക്കറ്റുകള്‍
പെട്ടെന്നുണ്ടാകുന്ന വയറിളക്കം മൂലം കുട്ടി പെട്ടെന്ന്‌ ക്ഷീണാവസ്ഥയിലായേക്കാം. ശരീരത്തിലെ ജലാംശവും , സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും നില നിര്‍ത്തേണ്ടതുണ്ട്‌. അവയും ഊര്‍ജ്ജവും തിരികെ ലഭിക്കാന്‍ ഗ്ലൂക്കോസും മറ്റു മൂലകങ്ങളും അടങ്ങിയ (ORS) പൊടി ലേബലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധം തയ്യാറാക്കി കുറെശ്ശെ
കുട്ടിയെ കുടിപ്പിക്കുക.
12. വയറ്റിനുള്ളിലെ കോച്ചിപ്പിടുത്ത (intestinal colic) ത്തിനെതിരെയുള്ള മരുന്നുകള്‍ - ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം
വാങ്ങി ഉപയോഗിക്കണം.
13. കുട്ടിയുടെ ഏതെങ്കിലും പ്രത്യേക രോഗാവസ്ഥയ്‌ക്കുള്ള മരുന്നുകള്‍
എന്തെങ്കിലും രോഗാവസ്ഥയ്‌ക്കുള്ള മരുന്നുകള്‍ കുട്ടി കഴിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍ അവയെപ്പറ്റിയുള്ള അടിസ്ഥാ നവിവരങ്ങളും ഡോക്‌ടര്‍ സ്ഥലത്തില്ലാത്തപ്പോള്‍ അതു സംബന്ധിച്ച്‌ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അടിയന്തിരമായി ചെയ്യാനുള്ളതെന്താണെന്നും മനസ്സിലാക്കി വയ്‌ക്കണം.

കുട്ടികള്‍ക്ക്‌ അസുഖം വരുമ്പോള്‍

"ഡോക്‌ടറേ ക്ഷമിക്കണം. ഒരു നിവര്‍ത്തിയുമില്ലാഞ്ഞിട്ടാണ്‌ രാത്രിയില്‍ ഞങ്ങളീ ടാക്‌സി പിടിച്ചുവന്നത്‌. കുട്ടിക്ക്‌ തീരെ സുഖമില്ല. നല്ല പനിയും ഛര്‍ദ്ദിയും. ഒരുപാടു പ്രാവശ്യം വയറും ഇളകി. ഒന്നും കഴിക്കുന്നുമില്ല. എന്റെ കുഞ്ഞ്‌ തളര്‍ന്നു കിടക്കുന്ന കിടപ്പുകണ്ടപ്പോള്‍ സമയമോ സൗകര്യമോ ഒന്നും ആലോചിച്ചില്ല". പാതിരാത്രിയില്‍ കോളിംഗ്‌ബെല്‍ അടിക്കുന്നതുകേട്ട്‌ വാതില്‍ തുറന്നപ്പോള്‍ 5-6 വയസ്സുപ്രായം തോന്നിക്കുന്ന കുഞ്ഞുമായി പരിഭ്രാന്തയായി നില്‍ക്കുന്ന ലക്ഷ്‌മിയെയാണ്‌ ഡോക്‌ടര്‍ കണ്ടത്‌. ലക്ഷ്‌മിയുടെ ക്ഷമാപണം ഒരു ചെറുപുഞ്ചിരിയോടെ കേട്ട്‌ ഡോക്‌ടര്‍ അവരെ ചികിത്സാമുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

അസുഖവിവരങ്ങളെ സംബന്ധിച്ച ഡോക്‌ടറുടെ ചോദ്യങ്ങള്‍ക്ക്‌ കൃത്യമായ ഉത്തരങ്ങളായിരുന്നു ലക്ഷ്‌മിക്കുണ്ടായിരുന്നത്‌. കുട്ടിയെ പരിശോധിച്ചശേഷം ഡോക്‌ടര്‍ മരുന്നുകുറിച്ചു. "ഒന്നും പേടിക്കാനില്ല. ഒരു വൈറല്‍ പനിയാണിത്‌ കുറിച്ചിരിക്കുന്ന മരുന്നുകള്‍ വാങ്ങി യഥാസമയം കൊടുക്കണം. ഈ പൊടി തിളപ്പിച്ചാറിയ വെള്ളത്തില്‍ കലര്‍ത്തി ഇടയ്‌ക്കിടയ്‌ക്ക്‌ കുടിപ്പിക്കണം. കൊച്ചുകുട്ടിയാകുമ്പോള്‍ മരുന്നുകഴിപ്പിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെ ഇത്തിരി ബുദ്ധിമുട്ടേണ്ടി വരും. ക്ഷമയോടെ ചെയ്‌താല്‍ മതി അല്ലാതെ പേടിക്കാനൊന്നുമില്ല". ഇത്രയും കേട്ടപ്പോള്‍ ലക്ഷ്‌മിയും ഭര്‍ത്താവും ആശ്വാസത്തോടെ മുഖത്തോടുമുഖം നോക്കി.

അസുഖംവരുമ്പോള്‍ കുട്ടികളെ എങ്ങനെ പരിപാലിക്കണമെന്നതിനെപ്പറ്റി ഉത്‌കണ്‌ഠാകുലരാകുന്നവരാണ്‌ നമ്മില്‍ ഭൂരിപക്ഷവും. അസുഖമുള്ള സമയത്ത്‌ കുട്ടികളുടെ സ്വഭാവവും ആകെ മാറി വഷളായിരിക്കും. തീരെ കൊച്ചുകുട്ടികള്‍ ഒരു കാരണവുമില്ലാതെ കരഞ്ഞുകൊണ്ടിരിക്കും; അല്ലെങ്കില്‍ അമ്മയുടെ മടിയില്‍ത്തന്നെയിരിക്കണമെന്ന്‌ വാശിപിടിച്ചു കൊണ്ടിരിക്കും. കുറച്ചു കൂടി മുതിര്‍ന്ന കുട്ടികള്‍ മറ്റുചില വാശികള്‍ കാണിക്കുകയും അസ്വസ്ഥരായി കാണപ്പെടുകയും ചെയ്യും. അവര്‍ക്ക്‌ കൂടെയിരുന്ന്‌ കഥകള്‍ വായിച്ച്‌ കൊടുക്കുകയോ ടി.വി. വച്ചുകൊടുക്കുകയോ ചെയ്യാം. അധികം ക്ഷീണമനുഭവപ്പെടാത്ത കുട്ടി ഓടിക്കളിച്ചുനടക്കുകയാണെങ്കില്‍ നിര്‍ബന്ധിച്ച്‌ കിടക്കയില്‍ പിടിച്ചുകിടത്തേണ്ട ആവശ്യമില്ല. കുട്ടികളുടെ സ്വഭാവമാറ്റം എന്തുതന്നെയായിരുന്നാലും നമ്മുടെ കരുതലും സ്‌നേഹവും ചങ്ങാത്തവും വളരെ ആവശ്യമുള്ള സമയമാണിതെന്നു മനസ്സിലാക്കി അവര്‍ക്ക്‌ സുരക്ഷിതത്ത്വബോധം കൊടുക്കാന്‍ തക്ക ക്ഷമയും ഉത്തരവാദിത്വബോധവും മാതാപിതാക്കള്‍ക്ക്‌ ഉണ്ടാവണമെന്നത്‌ പ്രധാനപ്പെട്ട കാര്യമാണ്‌.
അസുഖം വരുന്ന സമയത്ത്‌ മിക്കകുട്ടികള്‍ക്കും വിശപ്പുകാണുകയില്ല. അതുകൊണ്ട്‌ മറ്റുള്ള ദിവസങ്ങളില്‍ കഴിക്കുന്നതുപോലെ കുട്ടി ഭക്ഷണം കഴിക്കണമെന്ന്‌ മാതാപിതാക്കള്‍ നിര്‍ബന്ധം പിടിക്കേണ്ട ആവശ്യമില്ല. കഴിക്കാന്‍ ഇഷ്‌ടമുള്ള ഭക്ഷണപാനീയ ങ്ങള്‍ കുട്ടി ആവശ്യപ്പെടുന്നുവെങ്കില്‍ കൊടുക്കുക. പക്ഷേ കൊഴുപ്പുനിറഞ്ഞതും മസാല (spicy) നിറഞ്ഞതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇനി 2,3 ദിവസത്തേക്ക്‌ ഭക്ഷണമൊന്നും കഴിച്ചില്ലെങ്കിലും ആശങ്കപ്പെടേ ണ്ടതില്ല. സുഖമാകുമ്പോള്‍ ഈ കുറവ്‌ പരിഹരിക്കാനുള്ളതേ ഉള്ളൂ. പക്ഷേ ദ്രവരൂപത്തിലുള്ള (പാല്‌, പഴച്ചാറുകള്‍, സൂപ്പുകള്‍) മതിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കുട്ടി കഴിക്കുന്നുണ്ടോയെന്നും അതാതുസമയങ്ങളില്‍ മൂത്രമൊഴിക്കുന്നു ണ്ടോയെന്നും ഉറപ്പുവരുത്തണം. ഛര്‍ദ്ദി (omiting), വയറിളക്കം ഇവയെത്തുടര്‍ന്നുണ്ടാകുന്ന ജലനഷ്‌ടം പരിഹരിക്കാനാ വുന്നില്ലെങ്കില്‍ എത്രയും വേഗം ഡോക്‌ടറെ കാണിച്ച്‌ ശരീരത്തിലെ ജലാംശം നില നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം.

ഡോക്‌ടറിനെ കാണിക്കുമ്പോള്‍
അസുഖത്തിന്റെ എല്ലാ ലക്ഷണങ്ങളും നിരീക്ഷിച്ചിട്ട്‌ ഡോക്‌ടറോട്‌ പറയുന്നത്‌ രോഗനിര്‍ണ്ണയത്തിന്‌ വളരെ സഹായിക്കും. ഉദാഹരണത്തിന്‌ വയറിളക്കമാണെങ്കില്‍ ഒരു ദിവസം എത്ര പ്രാവശ്യം വയറ്റില്‍ നിന്നുപോയി, മലത്തിന്റെ നിറം, രക്തമോ കഫമോ കലര്‍ന്നിരുന്നോ, വയറുവേദനയുണ്ടോ, ഒപ്പം പനിയുണ്ടോ, മൂത്രത്തിന്റെ ഏകദേശ അളവ്‌ ഇതൊക്കെ ഡോക്‌ടര്‍ ചോദിക്കുമ്പോള്‍ പറയാന്‍ കഴിയുന്നത്‌ വളരെ ഗുണം ചെയ്യും. കഴിഞ്ഞകാലങ്ങളില്‍ വന്നിരുന്ന അസുഖങ്ങളെപ്പറ്റിയും ഡോക്‌ടര്‍ ചോദിക്കാനിടയുണ്ടെന്നതുകൊണ്ട്‌ അതും ഓര്‍ത്തുവയ്‌ക്കുന്നത്‌ നല്ലതാണ്‌. ഇത്തരം കാര്യങ്ങള്‍ ശരിയാംവണ്ണം സാധിക്കണമെങ്കില്‍ കുട്ടിയുമായും ഡോക്‌ടറുമായും നന്നായി ആശയവിനിമയം ചെയ്യാന്‍ മാതാപിതാക്കള്‍ക്ക്‌ സാധിക്കണം. ആശയവിനിമയം പൂര്‍ണ്ണമല്ലെങ്കിലും മറ്റുകാരണങ്ങള്‍കൊണ്ടും ആദ്യ സന്ദര്‍ശനം കൊണ്ടുതന്നെ കൊച്ചുകുട്ടികളുടെ ശരിയായ രോഗനിര്‍ണ്ണയം ഡോക്‌ടര്‍ക്ക്‌ സാധിച്ചില്ലെന്നു വരാം. അങ്ങനെയായാല്‍ ഡോക്‌ടര്‍ ചില ലബോറട്ടറി പരിശോധനകള്‍ നിര്‍ദ്ദേശിച്ചേക്കാം. മറ്റുചിലപ്പോള്‍ ഡോക്‌ടര്‍ നാം പ്രതീക്ഷിക്കുന്ന തരം മരുന്നുകള്‍ കുറിച്ചില്ലെന്നും വരാം. ഉദാഹരണമായി വൈറല്‍ പനി, വൈറസുകൊണ്ടുള്ള വയറിളക്കം, ഛര്‍ദ്ദി എന്നിവ ഉണ്ടാകുമ്പോള്‍ ശക്തമായ പനിയും മേലുവേദനയും ഉണ്ടായേക്കാം. പലപ്പോഴും പനികുറയാനുള്ള പാരസെറ്റമോള്‍ ഒഴികെ നാം പ്രതീക്ഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഡോക്‌ടര്‍ കുറിക്കുകയുമില്ല. വൈറല്‍ പനിക്ക്‌ ആന്റിബയോട്ടിക്കുകള്‍ പ്രയോജനപ്പെടില്ല.പനിയെ നിയന്ത്രിക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌. കാരണം പനി കൂടിയാല്‍ കൊച്ചുകുട്ടികളില്‍ അപസ്‌മാരം (febrile fits) പോലുള്ള അവസ്ഥ സാധാരണമാണ്‌. അതുവരാതെ നോക്കണം. ഒപ്പം പാരാസെറ്റമോള്‍ കൂടിയ അളവില്‍ ശരീരത്തിലെത്തുന്നത്‌ നല്ലതല്ല; കരളിനെ ബാധിക്കുമെന്നതും ഓര്‍മ്മ വയ്‌ക്കണം. കുട്ടികള്‍ക്ക്‌ വേണ്ട അളവില്‍ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കൊടുക്കണം. പനിയെ നിയന്ത്രിച്ച്‌ ധാരാളം വെള്ളം കുടിച്ച്‌ വിശ്രമിച്ചാല്‍ ഒരാഴ്‌ചകൊണ്ട്‌ ശരീരം തനിയെ സുഖാവസ്ഥ യിലെത്തിക്കോളും. മേല്‍പ്പറഞ്ഞതരം സന്ദര്‍ഭങ്ങളില്‍ കുട്ടിയുടെ പ്രയാസങ്ങള്‍ കണ്ടിട്ട്‌ കാണിച്ചുകൊണ്ടിരുന്ന ഡോക്‌ടറെ ഉപേക്ഷിച്ച്‌ മറ്റു ഡോക്‌ടര്‍മാരെ മാറിമാറിക്കാണുക, ഡോക്‌ടറോട്‌ ആന്റിബയോട്ടിക്കുകള്‍ ചോദിച്ചുവാങ്ങുക എന്നീ പ്രവണതകള്‍ ഒഴിവാക്കണം; ക്ഷമയോടെ ചികിത്സാരീതികള്‍ ഡോക്‌ടര്‍ പറയുംവിധം തുടരണം. എന്നാല്‍, രോഗം മാറാന്‍ പ്രതീക്ഷിക്കുന്ന ഒരു കാലയളവുകഴിഞ്ഞിട്ടും യാതൊരു കുറവും കാണുന്നില്ലെങ്കില്‍ മറ്റൊരു ഡോക്‌ടറിനെ കാണേണ്ടത്‌ അത്യാവശ്യമാണ്‌. അതുവരെ തുടര്‍ന്നുവന്നിരുന്ന ചികിത്സാ രീതികള്‍ അദ്ദേഹത്തോട്‌ വിശദമായി പറയുകയും ചെയ്യണം.

മരുന്നുകൊടുക്കുമ്പോള്‍
ഡോക്‌ടറിന്റെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നന്നായി മനസ്സിലാക്കുകയും നിര്‍ബന്ധമായി പ്രാവര്‍ത്തിക മാക്കുകയും ചെയ്യേണ്ടതാണ്‌. ഒരാഴ്‌ചത്തേക്ക്‌ ഡോക്‌ടര്‍ കുറിക്കുന്ന മരുന്ന്‌ -പ്രത്യേകിച്ച്‌ ആന്റിബയോട്ടിക്കുകള്‍- അസുഖത്തിന്‌ ആശ്വാസം കണ്ടുതുടങ്ങു മ്പോള്‍ ഇനിയുള്ള മരുന്ന്‌ അധികഡോസാണ്‌ എന്ന്‌ 'നമുക്ക്‌ തോന്നുന്നതു കൊണ്ട്‌' ഇടയ്‌ക്ക്‌ വച്ച്‌ നിര്‍ത്തരുത്‌. ഇത്‌ കൂടെക്കൂടെ രോഗം ആവര്‍ത്തിക്കാനും മറ്റുപലപ്രശ്‌നങ്ങളിലെത്തിച്ചേരാനും ഇടയാക്കും. മരുന്നുകൊടുക്കുമ്പോള്‍ കുട്ടിയോടുള്ള ആശയവിനിമയം വളരെ പ്രധാനമാണ്‌. കുത്തിവയ്‌പ്‌ എടുക്കേണ്ടതായിട്ടുണ്ടെങ്കില്‍ അത്‌ കുട്ടിയെ പറഞ്ഞ്‌ മനസ്സിലാക്കണം. പറഞ്ഞുകൊടുത്താല്‍ മനസ്സിലാവുന്ന പ്രായമാണെങ്കില്‍ വിശദീകരിക്കുന്നതും നല്ലതാണ്‌. കാരണം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ആശയവിനിമയം കുട്ടിക്ക്‌ ഡോക്‌ടറിലും മാതാപിതാക്കളിലുമുള്ള വിശ്വാസത്തെ നഷ്‌ടപ്പെടുത്തും. ഭംഗിയായി മധുരത്തില്‍ പൊതിഞ്ഞ ഗുളികകളെ (ഉദാ: അയണ്‍ ഗുളികകള്‍) മിഠായിയാണെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ കഴിപ്പിക്കുന്ന രീതിയും നന്നല്ല. കാരണം കുട്ടി ആരും കാണാതെ ഇവ എടുത്ത്‌ കഴിക്കാനിടയായാല്‍ മരുന്ന്‌ വിഷബാധ (Drug toxicity)യ്‌ക്ക്‌ കാരണമാകും. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം മരുന്നുകള്‍ കുട്ടികള്‍ കൈകാര്യം ചെയ്യാനിടയാകാതെ സൂക്ഷിച്ചുവയ്‌ക്കണമെന്നതാണ്‌. മിക്ക മരുന്നുകളുടേയും ലേബലില്‍ keep away from children എന്ന്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ. 
കുട്ടികള്‍ക്ക്‌ മരുന്നുകൊടുക്കുമ്പോള്‍ പലതും ശ്രദ്ധിക്കേണ്ടതുണ്ട്‌. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ മിക്കവാറും ദ്രവരൂപ ത്തിലാണ്‌ ലഭ്യമാകുന്നത്‌. മറ്റു ചിലപ്പോള്‍ ഗുളികകളായും (kids tabs) ലഭ്യമാണ്‌. കൊച്ചുകുട്ടികളെ മരുന്നുകഴിപ്പിക്കുന്നത്‌ അവരെ ഭക്ഷണം കഴിപ്പിക്കുന്നതുപോലെതന്നെ ഒരു കലയാണ്‌. അസുഖം വരുമ്പോള്‍ കുട്ടികള്‍ ഭക്ഷണവും മരുന്നും കഴിക്കാന്‍ മടി കാണിക്കും എന്നതാണ്‌ വസ്‌തുത. മരുന്നുകള്‍ ഗുളികരൂപത്തിലാണെങ്കില്‍ കൊച്ചുകുട്ടികള്‍ക്ക്‌ അവ വിഴുങ്ങാന്‍ വളരെ പ്രയാസമായിരിക്കും. അതുകൊണ്ട്‌ പൊടിച്ചതിനുശേഷം തേനിലോ പഞ്ചസാരവെള്ളത്തിലോ കലര്‍ത്തി കൊടുക്കാം. ഗുളിക അതേപടിയോ മുറിച്ചോ വിഴുങ്ങുകയാണെങ്കില്‍ കുട്ടിയെ നിവര്‍ത്തി ഇരുത്തിയിട്ടുവേണം കഴിപ്പിക്കുവാന്‍; ഒരു ഗ്ലാസ്സ്‌ വെള്ളം മുഴുവന്‍ കുടിപ്പിക്കുകയും വേണം. ആമാശയത്തിലെത്തുന്ന ഗുളിക പൊടിഞ്ഞ്‌ വെള്ളത്തോടൊപ്പം ലയിച്ചുചേര്‍ന്നതിനുശേഷമാണ്‌ രക്തത്തിലേക്ക്‌ ആഗീരണം ചെയ്യപ്പെടുന്നത്‌. അതിന്‌ ഒരു ഗ്ലാസ്സ്‌ വെള്ളം മുഴുവനും ആവശ്യമാണ്‌. കൂടാതെ കുറഞ്ഞവെള്ളത്തില്‍ വിഴുങ്ങുമ്പോള്‍ ഗുളിക അന്നനാളത്തില്‍ എവിടെ യെങ്കിലും തങ്ങിനിന്ന്‌ കേടുപാടുകള്‍ വരാനിടയാകുകയും ചെയ്യും. അങ്ങനെയായാല്‍ ആ ഭാഗത്ത്‌ വൃണങ്ങള്‍ ഉണ്ടാകാനും സാദ്ധ്യതകളേറെയാണ്‌. ഗുളിക കഴിക്കാന്‍ ഉപയോഗിക്കുന്ന പാനീയം തിളപ്പിച്ചാറിയ വെള്ളമാകുന്നതാണ്‌ നല്ലത്‌. ചൂടുള്ള ചായ, കാപ്പി എന്നിവയും പഴച്ചാറുകള്‍, ശീതളപാനീയങ്ങള്‍ എന്നിവയും ഒഴിവാക്കണം. രണ്ടുമൂന്നു കവിള്‍ വെള്ളം ആദ്യം കുട്ടിയെ കുടിപ്പിച്ചതിനുശേഷം നാക്കിന്‌ പുറകിലായി മരുന്ന്‌ വച്ചുകൊടുക്കുക. തുടര്‍ന്ന്‌ ബാക്കിയുള്ള വെള്ളം കുടിപ്പിക്കുക. ഇതാണ്‌ വിഴുങ്ങുവാനുള്ള മരുന്ന്‌ കഴിപ്പിക്കേണ്ട ശരിയായ രീതി.

ചില മരുന്നുകള്‍ ഖരരൂപത്തിലുള്ള തരികളായി (dry syrup) രൂപകല്‍പ്പന ചെയ്യാറുണ്ട്‌. ഇവ ഉപയോഗത്തിന്‌ മുമ്പ്‌ തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ നന്നായി കൂട്ടിക്കലര്‍ത്തി(reconstitution) യെടുക്കണമെന്ന്‌ ലേബലില്‍ നിര്‍ദ്ദേശി ച്ചിട്ടുണ്ടാകും.
Direction for reconstitution : slowly add boiled and cooled water upto the mark on the bottle and shake vigorously. Adjust the volume upto the mark by adding more water if necessary. പഞ്ചസാരയോ, മധുരം പ്രദാനം ചെയ്യുന്ന മറ്റുരാസ പദാര്‍ത്ഥങ്ങളോ ഇത്തരം മരുന്നുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. വെള്ളം കൂടി ചേരുമ്പോള്‍ പൂപ്പല്‍ (fungus) പോലുള്ള സൂക്ഷ്‌മജീവികള്‍ക്ക്‌ വളരാന്‍ അനുയോജ്യമായ സാഹചര്യം വന്നുചേരും. അതുകൊണ്ട്‌ ഇപ്രകാരം കൂട്ടിക്കലര്‍ത്തി യെടുക്കുന്ന മരുന്നിന്റെ ഗുണവും വീര്യവും സ്ഥിരത (stability)യും പിന്നീട്‌ നാം കൈകാര്യം ചെയ്യുന്നതിന നുസരിച്ചിരിക്കും. വെള്ളവുമായി കൂട്ടിക്കലര്‍ത്തും മുമ്പ്‌ മരുന്നടങ്ങിയിട്ടുള്ള കുപ്പി ഒന്നുരണ്ടുപ്രാവശ്യം തട്ടണം. (Gently tap the bottle before mixing). മരുന്നുപൊടി കുപ്പിക്കുള്ളില്‍ നന്നായി അമര്‍ന്നിരിക്കുകയാണെങ്കില്‍ ഒന്ന്‌ ഇളക്കിയെടുക്കുന്നത്‌ വെള്ളം ചേര്‍ക്കുമ്പോള്‍ കൂടിക്കലരാന്‍ എളുപ്പമാകുന്നതിന്‌ വേണ്ടിയാണിത്‌. നന്നായി തിളപ്പിച്ചിട്ട്‌ വെള്ളം തണുത്തതിനുശേഷമേ മരുന്നുമായി കൂട്ടിക്കലര്‍ത്താവൂ. രണ്ടുപ്രാവശ്യമായി വേണം വെള്ളം കൂട്ടി ചേര്‍ക്കുവാന്‍; ഓരോ പ്രാവശ്യവും നന്നായി ഇളക്കി കൂട്ടിക്കലര്‍ത്താന്‍ ശ്രദ്ധിക്കുകയും വേണം. പിന്നീട്‌ കൂട്ടിക്കലര്‍ത്തിയ മരുന്നിന്റെ അളവിന നുപാതമായ കുപ്പി തിരഞ്ഞെടുത്ത്‌ നന്നായി കഴുകി ഉണങ്ങിയതിനുശേഷം, സാദ്ധ്യമെങ്കില്‍ അണുവിമുക്ത മാക്കിയിട്ട്‌ ഒഴിച്ചുവയ്‌ക്കണം. പിന്നീട്‌ ഈ മരുന്ന്‌ സൂക്ഷിച്ചുവയ്‌ക്കേണ്ട താപനിലയും ലേബലില്‍ പറഞ്ഞിട്ടുണ്ടാവും. സൂര്യപ്രകാശമേല്‍ക്കാത്ത തവിട്ടുനിറമുള്ള ഗ്ലാസ്സുകുപ്പിയില്‍ സൂക്ഷിക്കുന്നതാണുത്തമം. ചില മരുന്നുകളില്‍ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ രാസപ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നതുകൊണ്ടാണ്‌ ഇങ്ങനെ നിര്‍ദ്ദേശിക്കുന്നത്‌. ലേബലിലുള്ള നിര്‍ദ്ദേശം ഇപ്രകാരമാ യിരിക്കും. This mix and reconstituted suspension should be stored in a cool, dry, dark place.

ഇനിയാണ്‌ എത്രനാള്‍ ഇവ ഉപയോഗിക്കാമെന്നുള്ള വളരെ പ്രധാനമായ നിര്‍ദ്ദേശം. This reconstituted suspension should be used within five days of preparation. തിളപ്പിച്ചാറിയ വെള്ളം ചേര്‍ത്ത്‌ ഉപയോഗത്തിന്‌ തൊട്ടുമുമ്പ്‌ ദ്രവരൂപത്തിലാക്കുന്ന ഇത്തരം മരുന്നുകള്‍ 5 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം. അതുകഴിഞ്ഞ്‌ അത്‌ കാലാവധി കഴിഞ്ഞ മരുന്നായി കണക്കാക്കണം. ചില ആന്റിബയോട്ടിക്കുകളുടെ ലേബലില്‍ കൂട്ടിക്കലര്‍ത്തിയെടുത്തതിന്‌ ശേഷം 14 ദിവസത്തിനുള്ളില്‍ ഉപയോഗിക്കണം എന്ന നിര്‍ദ്ദേശമാവും ഉണ്ടാവുക. അങ്ങനെ ഉപയോഗിക്കുന്നുവെങ്കില്‍ റഫ്രിജറേറ്ററില്‍ വച്ച്‌ വേണം ഈ രണ്ടാഴ്‌ചക്കാലം മരുന്ന്‌ സൂക്ഷിക്കേണ്ടത്‌. അത്‌ കഴിഞ്ഞ്‌ കാലാവധി കഴിഞ്ഞ മരുന്നായി കണക്കാക്കണം. 

മിക്കവാറും മരുന്നുകള്‍ ദ്രവരൂപത്തിലായിരിക്കും കൊച്ചുകുട്ടികള്‍ക്കായി രൂപ കല്‍പ്പന ചെയ്യപ്പെടുന്നത്‌. നന്നായി മധുരം കലര്‍ത്തിയിട്ടുള്ള സിറപ്പോ മറ്റുതരം മിശ്രിതമോ (suspensions, solutions) ആയിട്ടായിരിക്കും അവ ലഭ്യമാകുന്നത്‌. അത്തരം മരുന്നുകളുടെ ലേബല്‍ ശ്രദ്ധിച്ചുവായിച്ചാല്‍ വെമസല ംലഹഹ യലളീൃല ൗലെ എന്ന്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ കാണാം. മരുന്ന്‌, കുപ്പിയില്‍ കുറച്ചുനേരം ഇരിക്കുമ്പോള്‍ മരുന്നിന്റെ പ്രധാനരാസവസ്‌തു ഉള്‍പ്പെടെയുള്ള ചേരുവകള്‍ കുപ്പിയുടെ അടിയില്‍ ഊറിക്കൂടാനിടയാകും. നന്നായി കുലുക്കിയശേഷം ഉപയോഗിച്ചില്ലെങ്കില്‍ രോഗശമനത്തിന്‌ ആവശ്യമായ മരുന്ന്‌ ശരീരത്തിന്‌ ലഭിക്കില്ല. അതുകൊണ്ട്‌ കുലുക്കിയതിനുശേഷമേ മരുന്ന്‌ അളന്നെടുത്ത്‌ കൊടുക്കാവൂ.

ദ്രവരൂപത്തിലുള്ള മരുന്നുകള്‍ പെട്ടെന്ന്‌ കേടാകുന്നവയാണ്‌. ഒരിക്കല്‍ തുറന്നുപയോഗിച്ചുകഴിഞ്ഞാല്‍ അന്തരീക്ഷ ത്തിലുള്ള അപകടകാരികളായ സൂക്ഷ്‌മാണുക്കള്‍ കുപ്പിക്കുള്ളില്‍ കയറിക്കൂടാനിടയുണ്ട്‌. പഞ്ചസാരയും ജലാംശവും അവയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. അതുകൊണ്ട്‌ ഒരിക്കല്‍ തുറന്നാല്‍ മരുന്ന്‌ 4 ആഴ്‌ച വരെയേ ഉപയോഗിക്കാവൂ. (റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നതാണ്‌ ഉത്തമം) അതിനുശേഷം മരുന്ന്‌ കുപ്പിയില്‍ ബാക്കിയുണ്ടെങ്കില്‍ പിന്നീടൊരവസ രത്തില്‍ കുട്ടിക്ക്‌ അസുഖം വരുമ്പോള്‍ ഉപയോഗി ക്കാനായി സൂക്ഷിച്ചു വയ്‌ക്കരുത്‌; കൊടുക്കുകയുമരുത്‌. 4 ആഴ്‌ചയ്‌ക്കു ള്ളില്‍ മരുന്നില്‍ എന്തെങ്കിലും നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപയോഗിക്കേണ്ടതില്ല. എന്തെങ്കിലും രാസമാറ്റം നടന്നതിന്റെ ഫലമാകാം ഈ നിറമാറ്റം.

മരുന്നിന്റെ പേര്‌

Health, a right and responsibility
Each one can make a difference
Think globally and act locally
Health is more than curative approaches
We can give better health to more and more people

ഒരു മരുന്നുകടയിലാണ്‌ സംഭവം
'ചേട്ടാ, ഡോക്‌ടര്‍ കുറിച്ചു തന്ന അതേ കമ്പനിയുടെ മരുന്ന്‌ ഇല്ലല്ലോ. വേറെ കമ്പനിയുടെ അതേ മരുന്നുണ്ട്‌, അത്‌ കൊണ്ടുപൊയ്‌ക്കോ'. ഫാര്‍മസിസ്റ്റിന്റെ നിര്‍ദ്ദേശം.
'അയ്യോ, അത്‌ പറ്റില്ല. ഡോക്‌ടര്‍ കുറിച്ചു തന്ന മരുന്നു തന്നെ വേണം'. ഫാര്‍മസിസ്റ്റ്‌ തുടര്‍ന്നു.
'ചേട്ടാ, കമ്പനി പേരു മാത്രമേ വ്യത്യാസമുള്ളൂ. ഉള്ളിലുള്ള മരുന്ന്‌ ഒന്നു തന്നെയാ. ഇതു കഴിച്ചാല്‍ അതേ ഗുണം തന്നെയാ. അസുഖം മാറിയാല്‍ പോരെ. മാറും.
മുകളില്‍ വിവരിച്ചത്‌ പലപ്പോഴായി നമുക്കെല്ലാവര്‍ക്കും അനുഭവമുള്ളതാണ്‌. ഫാര്‍മസിസ്റ്റിന്റെ നിര്‍ദ്ദേശവും മരുന്നുവാങ്ങുന്നയാളുടെ പ്രതികരണവും ശരിയായവ തന്നെ. എന്തുകൊണ്ടെന്നറിയേണ്ടേ........
അതിനായി രോഗിയുടെ അവകാശവും രോഗി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഒന്ന്‌ പരിശോ ധിക്കാം. മാര്‍ക്കറ്റില്‍ നിന്ന്‌ പലതരം ഉത്‌പന്നങ്ങളും ഉപഭോക്താവ്‌ സ്വന്തം ഇഷ്‌ടത്തിനനുസരിച്ച്‌ വാങ്ങുമ്പോള്‍ സ്വന്തം രോഗത്തിനുള്ള മരുന്ന്‌ തെരെഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താവിനില്ല. അത്‌ നിശ്ചയിക്കേണ്ടത്‌ ഡോക്‌ടര്‍മാരാണ്‌. ചോദ്യം ചെയ്യാതെ രോഗി അത്‌ സ്വീകരിക്കുകയും ചെയ്യുന്നു.
കഴിക്കുന്ന മരുന്നെന്താണെന്നും അതിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ഡോക്‌ടറില്‍ നിന്ന്‌ ചോദിച്ചറിയാനുള്ള അവകാശം രോഗിക്കുണ്ട്‌. അത്‌ പ്രയോജനപ്പെടുത്തേണ്ടത്‌ ആരോഗ്യപരിപാലന ത്തിന്‌ നമ്മോടുതന്നെയുള്ള ഉത്തരവാദിത്വമാണെന്ന്‌ തിരിച്ചറിയുക മാത്രമേ വേണ്ടൂ. സ്വകാര്യ മരുന്നുകമ്പനികളും ഡോക്‌ടര്‍മാരും മെഡിക്കല്‍ ഷോപ്പ്‌ ഉടമകളും പരസ്‌പരം ബന്ധപ്പെട്ടുനിന്നാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതും മനസ്സിലാക്കണം. ആ കണ്ണിയിലേക്കാണ്‌ മരുന്നുവാങ്ങുമ്പോള്‍ രോഗി ചേര്‍ക്കപ്പെടുന്നത്‌ എന്നത്‌ കരുതലോടെ മരുന്നുകളെ സമീപിക്കാന്‍ രോഗിയെ സഹായിക്കുകയും ചെയ്യണം. ചില രോഗികള്‍ - പ്രത്യേകിച്ച്‌ അലര്‍ജിയുള്ളവര്‍ - കൂടെകൂടെ ഡോക്‌ടര്‍മാരെ മാറിമാറിക്കാ ണാറുണ്ട്‌. നേരത്തെ വേറെ ഡോക്‌ടറിനെ കണ്ട വിവരമോ കഴിച്ച മരുന്നിന്റെ പേരോ പുതുതായി കാണുന്ന ഡോക്‌ടറിനോട്‌ രോഗി പറയുന്നുണ്ടാവുകയുമില്ല. ഓരോ ഡോക്‌ടറില്‍ നിന്നും അലര്‍ജി ക്കെതിരെയുള്ള മരുന്നായിരിക്കും കുറിപ്പടിയായി ലഭിക്കുക. ഡോക്‌ടര്‍മാര്‍ മാറിയാലും അലര്‍ജി യ്‌ക്കുള്ള പ്രാഥമിക ചികിത്സയും മരുന്നും ലഭിക്കുന്നത്‌ ഒന്നു തന്നെയായിരിക്കും. ഒരേ മരുന്നിന്‌ പല കമ്പനിപ്പേരുള്ളതുകൊണ്ട്‌ രോഗി ഇതറിയാതെ പോകുകയും ചെയ്യും. ഡോക്‌ടറുടെ കുറിപ്പടി പ്രകാരം മരുന്നു വാങ്ങുമ്പോള്‍ മരുന്നിന്റെ പേരിനെപ്പറ്റി ചില കാര്യങ്ങള്‍ അറിഞ്ഞുവച്ചാല്‍ പലതരം തെറ്റിദ്ധാരണകളെ മറികടക്കാം.
മരുന്നിന്റെ പേര്‌
ഒരു രോഗി താന്‍ കഴിക്കുന്ന മരുന്നിന്റെ പേര്‌ അറിഞ്ഞുവയ്‌ക്കണം. പല മരുന്നുകളിലും പ്രധാനമായ രാസപദാര്‍ത്ഥം (Active pharmaceutical ingredient) ഒരെണ്ണമേ (single ingredient) കാണുകയുള്ളൂ. മറ്റു ചിലവയില്‍ രണ്ടോ (fixed dose combinations) അതിലധികമോ പ്രധാന ചേരുവകള്‍ കാണും.
പ്രധാന മരുന്ന്‌/ മരുന്നുകള്‍ എങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന്‌ അറിഞ്ഞുവയ്‌ക്കേ ണ്ടതാണ്‌. ഇംഗ്ലീഷ്‌ മരുന്നില്‍ അടങ്ങിയിരിക്കുന്ന രാസവസ്‌തുവിനെ 3 തരം പേരുകളില്‍ സൂചിപ്പിക്കാറുണ്ട്‌. രാസനാമം (chemical name) ജെനറിക്‌നാമം (generic name), കമ്പനിപേര്‌ (Brand/Track Name) താഴെ കൊടുക്കുന്ന ഉദാഹരണത്തില്‍ നിന്ന്‌ ഇത്‌ മനസ്സിലാക്കാം.
രാസനാമം ജെനറിക്‌ നാമം കമ്പനിനാമം
N-Acetyl-p-aminophenol Paracetamol Calpol,Crocin, Dolo
Acetyl salicylic acid Aspirin Dispirin, Loprin
നമ്മുടെ നാട്ടില്‍ ഇംഗ്ലീഷ്‌ മരുന്നിന്റെ പുറത്ത്‌ ഏത്‌ മരുന്നാണ്‌ കവറിനുള്ളില്‍ അടങ്ങിയിരിക്കുന്നത്‌ എന്ന്‌ രണ്ടുവിധത്തില്‍ രേഖപ്പെടുത്തിയിരിക്കും. കമ്പനി നാമവും ജെനറിക്‌നാമവും ആണവ. ചില മരുന്നുകളില്‍ കമ്പനിപേരാണ്‌ വലുപ്പത്തില്‍ രേഖപ്പെടുത്തുക. ഉദാഹരണമായി Gelucil MPS എന്ന അന്റാസിഡ്‌ മരുന്ന്‌ ശ്രദ്ധിച്ചാല്‍ മതി. എന്നാല്‍ മൂക്കിലൊഴിക്കുന്ന ഒട്രിവിന്‍ (Otrivin) പോലുള്ള മരുന്നുകള്‍ പരിശോധിച്ചാല്‍ ജെനറിക്‌ നാമമായ Xylometazoline hydrochloride വലുപ്പത്തിലും കമ്പനിനാമമായ ഒട്രിവിന്‍ (Otrivin)എന്നത്‌ അതിനുതാഴെ ചെറുതായും ആണ്‌ എഴുതിയിരിക്കുന്നത്‌. ഒരേ ജനറിക്‌ നാമമുള്ള മരുന്നുകള്‍ പല കമ്പനിനാമങ്ങളിലാണ്‌ പല കമ്പനികളും നിര്‍മ്മിച്ച്‌ വിതരണ ത്തിനെത്തിക്കുന്നത്‌. കാല്‍പോള്‍, ഫെപാനെല്‍, ഡോളോ, ക്രോസിന്‍ ഇവയെല്ലാം പാരസെറ്റമോള്‍ എന്ന ജനറിക്‌ പേരുള്ള മരുന്നിന്‌ പല കമ്പനികള്‍ കൊടുക്കുന്ന അതാതുകമ്പനികളുടെ കമ്പനി നാമങ്ങളാണ്‌.
ജെനറിക്‌ നാമം ഉറപ്പാക്കാന്‍ ലേബലില്‍ ഒരു വിശദീകരണം കൂടിയുണ്ട്‌. മരുന്നിന്റെ അളവുകൂടി ഇവിടെ രേഖപ്പെടുത്തിയിരിക്കും. പാരസെറ്റമോള്‍ ഗുളികയാണെങ്കില്‍, each tablet contains Paracetamol I.P. - 500 mg എന്ന്‌ കാണാം. ദ്രവ രൂപത്തിലുള്ള മരുന്നുകളില്‍ Each 5 ml contains എന്നതിനു താഴെ ജെനറിക്‌ നാമവും അളവും കാണാം.
വിദേശരാജ്യങ്ങളില്‍ പല മരുന്നുകള്‍ക്കും ഒന്നോ രണ്ടോ കമ്പനി പേരുകളേ ഉള്ളൂ. ഒരു പ്രത്യേക മരുന്നിന്റെ ഉത്‌പാദനത്തിനായി ഓരോ കമ്പനിയും ലൈസന്‍സിന്‌ അപേക്ഷ കൊടുക്കുമ്പോള്‍ ഇതിലേ തെങ്കിലും ഒരു പേരേ കമ്പനി നാമമായി സ്വീകരിക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ. മിക്ക വിദേശ രാജ്യങ്ങളിലും മരുന്നിന്റെ ജനറിക്‌ നാമമാണ്‌ കുറിക്കപ്പെടുന്നതും. ഇപ്രകാരം ഉയര്‍ന്ന നിലവാരമുള്ള മരുന്ന്‌, ജനറിക്‌ നാമം, എന്ന ആശയങ്ങള്‍ ഏറ്റവും സുരക്ഷിതമായ രീതിയില്‍ അവിടങ്ങളില്‍ നടപ്പാവുന്നു.
വൈദ്യവിദ്യാഭ്യാസത്തില്‍ കുറിപ്പടി (prescription) എഴുതാന്‍ പഠിപ്പിക്കുമ്പോള്‍ ജനറിക്‌ നാമമാണ്‌ എഴുതാന്‍ പരിശീലിപ്പിക്കുന്നത്‌. ഔഷധനിര്‍മ്മാണത്തില്‍ വളരെ മുന്‍പന്തിയില്‍ ഇന്ത്യയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന്‌ വിഭിന്നമായി ഒരേ ജനറിക്‌ നാമമുള്ള മരുന്ന്‌ വളരെയധികം കമ്പനികള്‍ പല പേരുകളില്‍ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. മികച്ച ഗുണനിലവാരം ഉറപ്പ്‌ വരുത്തുന്നവ മുതല്‍ വ്യാജമരുന്നുകള്‍ നിര്‍മ്മിക്കുന്നവ വരെ ഇവയിലുണ്ട്‌. അതുകൊണ്ടുതന്നെ ജെനറിക്‌ നാമത്തിന്റെ പ്രസക്തിയും അര്‍ത്ഥവും പലപ്പോഴും നഷ്‌ടപ്പെടുന്നു. ശരിയായ രീതിയിലല്ലാത്ത മരുന്നുപയോഗം ഗുണത്തേക്കാ ളേറെ ദോഷം ചെയ്യുമെന്നുള്ളതുകൊണ്ട്‌ മരുന്നുകുറിക്കുമ്പോള്‍ ഡോക്‌ടര്‍മാരും അത്‌ വാങ്ങുമ്പോള്‍ (ഉപയോഗിക്കുമ്പോഴും) രോഗികളും ശ്രദ്ധിക്കേണ്ടതുണ്ട്‌. സമര്‍ത്ഥനായ ഡോക്‌ടര്‍ വിദഗ്‌ദ്ധമായ പരിശോധനകള്‍ക്കുശേഷം തനിക്ക്‌ വിശ്വാസമുള്ള ഒരു കമ്പനിയുടെ ഗുണനിലവാരമുള്ള കമ്പനിനാമം കുറിക്കുന്നു. രോഗി മരുന്നുവാങ്ങുമ്പോള്‍ ഡോക്‌ടര്‍ എഴുതിതന്ന മരുന്നുതന്നെയാണോ ലഭിച്ചിരിക്കു ന്നതെന്ന്‌ ഉറപ്പുവരുത്തുന്നു. അത്‌ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധം കഴിച്ചു തീര്‍ക്കുമ്പോള്‍ സുഖപ്രാപ്‌തി കൈവരുന്നു. ഇതായിരിക്കണം അസുഖം -ചികിത്സയുടെ പൊതുവായ രീതി. ഇതിലേ തെങ്കിലുമൊരു ഘടകത്തിന്‌ മാറ്റം വരുമ്പോഴാണ്‌ നിലപാടുകള്‍ മാറ്റേണ്ടി വരുന്നത്‌. ഡോക്‌ടര്‍ എഴുതിതന്ന അതേ കമ്പനിയുടെ മരുന്ന്‌ കിട്ടിയില്ലെങ്കില്‍ ഫാര്‍മസിസ്റ്റ്‌ നിര്‍ദ്ദേശിക്കുന്ന വിധം ഗുണനില വാരമുള്ള മറ്റൊരു കമ്പനിയുടെ മരുന്ന്‌ ഉപയോഗിക്കാം. ഇവിടെയാണ്‌ ജനറിക്‌നാമവും ഗുണനിലവാര മുള്ള കമ്പനികളും അറിഞ്ഞുവയ്‌ക്കുന്നതിന്റെ പ്രസക്തി. സ്വകാര്യകമ്പനികളും, ഡോക്‌ടര്‍മാരും, മെഡിക്കല്‍ഷോപ്പ്‌ ഉടമകളും രോഗിയും ചികിത്സ എന്ന പ്രക്രിയയെ ആത്മാര്‍ത്ഥതയോടെ കൈകാര്യം ചെയ്‌താല്‍ രോഗം ഒരു പരിധിവരെ വഴി മാറി നില്‍ക്കും. ആരോഗ്യം നമ്മുടെ ഓരോരുത്തരുടേയും അവകാശവും ഉത്തരവാദിത്വവുമായി മാറാന്‍ ഇത്‌ വഴിതെളിക്കും.
ജെനറിക്‌ മരുന്നിന്റെ പേര്‌ കണ്ടുപിടിക്കാന്‍ ശ്രദ്ധിച്ചപ്പോള്‍ ഒരു പ്രധാന മരുന്നാണോ ഔഷധ ചേരുവകളാണോ ഏതാണ്‌ ഒരു മരുന്നില്‍ പ്രധാന രാസവസ്‌തുവായി പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ മനസ്സിലാക്കാനായല്ലോ. മരുന്നിന്റെ അളവുകൂടി ഡോക്‌ടറിന്റെ കുറുപ്പിലുണ്ടാകും. പിന്നെ ഏത്‌ രൂപഘടന (dosage form) യിലാണ്‌ അത്‌ ഉല്‍പാദിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും ഡോക്‌ടര്‍ എഴുതി യിരിക്കും. കൊച്ചുകുട്ടികള്‍ക്കും വളരെ പ്രായചെന്നവര്‍ക്കും ദ്രവരൂപത്തിലുള്ള രൂപഘടനയിലാണ്‌ ഒരു മരുന്ന്‌ ഉല്‍പ്പാദിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കില്‍ വലിയവര്‍ക്ക്‌ (Adults) ഈ മരുന്നുതന്നെ ഗുളിക കളായോ, ക്യാപ്‌സൂളുകളായോ ആയിരിക്കും രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. മരുന്നിന്റെ രൂപ ഘടന, പേര്‌, അളവ്‌, ദിവസം എത്രനേരം കഴിക്കണം ഇത്രയുമാണ്‌ കുറിപ്പടിയില്‍ പ്രധാനമായും ഉണ്ടാവുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടാണ്‌ ഫാര്‍മസിസ്റ്റ്‌ മരുന്ന്‌ എടുത്ത്‌, എങ്ങനെ കഴിക്കണം എന്നുകൂടി എഴുതി നമുക്ക്‌ തരുന്നത്‌.

അലര്‍ജിയും ചികിത്സയും

1. എന്താണ്‌ അലര്‍ജി ?
അലര്‍ജി എന്ന വാക്ക്‌ ഗ്രീക്ക്‌ ഭാഷയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്‌. മാറ്റപ്പെട്ട ഊര്‍ജ്ജം (Altered Energy) എന്നര്‍ത്ഥം വരുന്ന Allos (altered), Ergoes (Energy) എന്ന രണ്ടു ഗ്രീക്ക്‌ വാക്കുകളില്‍ നിന്നാണ്‌ അലര്‍ജിയുറെ ഉത്ഭവം. ഏതെങ്കിലും വസ്‌തുക്കളോടോ (പൊടി, ലോഹങ്ങള്‍), അവസ്ഥകളോടോ (തണുപ്പ്‌, ചൂട്‌, മണം) ഉള്ള ശരീരത്തിന്റെ സാധാരണയില്‍ കൂടുതലായ പ്രതികരണമാണ്‌ (Hypersensitivity) അലര്‍ജി എന്ന്‌ പൊതുവെ പറയുന്നത്‌.
അസുഖങ്ങളേയും രോഗാണുക്കളെയും തടുക്കുവാനുള്ള പ്രതിരോധശേഷിക്കുറവാണ്‌ അകഉട എന്ന അവസ്ഥയില്‍ രോഗി അഭിമുഖീകരിക്കുന്നതെങ്കില്‍ അലര്‍ജിയില്‍ നേരെ തിരിച്ചാണ്‌, ശരീരത്തിന്റെ അവസ്ഥ. കാരണം അസുഖങ്ങളെയും രോഗാണുക്കളെയും തടുക്കുവാനുള്ള ശരീരത്തിന്റെ വര്‍ദ്ധിതമായ പ്രതിരോധശേഷിയാണ്‌ അലര്‍ജിയായി പ്രകടമാകുന്നത്‌.

2. എന്താണ്‌ അലര്‍ജിക്ക്‌ കാരണം?
അലര്‍ജിക്ക്‌ കാരണമാകുന്ന വസ്‌തുക്കളെ അലര്‍ജനുകള്‍ (Allergens) എന്നു വിളിക്കാം. വീടിനകത്തുള്ള പൊടി, വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍, കോസ്‌മെറ്റിക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന അലര്‍ജനുകളെ ഇന്‍ഡോര്‍ അലര്‍ജനുകള്‍ (indoor allergens) എന്നും പുറത്തുള്ളവയെ (പൂമ്പൊടി, ജോലി സ്ഥലത്തുണ്ടാകുന്ന പ്രത്യേകപൊടികള്‍) ഔട്ട്‌ഡോര്‍ അലര്‍ജനുകള്‍ (outdoor allergens) എന്നും വിളിക്കാം.
ഭക്ഷണം, മരുന്ന്‌ എന്നിവമൂലം ഭക്ഷണ അലര്‍ജിയും മരുന്ന്‌ അലര്‍ജിയും (food allergy & medicine allergy) യഥാക്രമം ഉണ്ടാകാം. പ്രാണികളുടേയും മറ്റും കുത്ത്‌, കടി, ഇവ ഏല്‍ക്കുന്നതു മൂലം അവ ഉള്ളില്‍ കടത്തിവിടുന്ന പ്രത്യേകതരം രാസപദാര്‍ത്ഥങ്ങള്‍ (Histamine and other chemicals) മൂലം, ചൊറിഞ്ഞുതടിക്കല്‍ മുതല്‍, രക്ത സമ്മര്‍ദ്ദം കുറയുന്നതിന്റേയും ശ്വാസതടസ്സത്തിന്റെയും ഫലമായി ഉണ്ടാകുന്ന ഷോക്ക്‌ (Anaphylatic shock) വരെ, അലര്‍ജിയുടെ അനന്തരഫലമായി കണ്ടുവരുന്നു. ഭക്ഷണപദാര്‍ത്ഥങ്ങളായ ചോക്കലേറ്റ്‌, മുട്ട, മീന്‍, ഇറച്ചി മുതലായവമൂലം അലര്‍ജി ഉണ്ടാകുമ്പോള്‍ തൊലിയും ദഹനേന്ദ്രിയ ഭാഗങ്ങളുമാണ്‌ പ്രധാനമായും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത്‌. വയറുവേദന, തൊണ്ടവീക്കം, ഛര്‍ദ്ദി മുതലായവയാണ്‌ ദഹനേന്ദ്രിയഭാഗങ്ങള്‍ പ്രകടിപ്പിക്കുന്നതെങ്കില്‍ ചൊറിച്ചിലും ചുവന്നുതടിക്കലുമാണ്‌ (Hives)തൊലിക്ക്‌ അനുഭവപ്പെടുക.
മരുന്നിന്റെ അലര്‍ജിക്ക്‌ ഏറ്റവും നല്ല ഉദാഹരണം പെനിസിലിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ്‌. പെന്‍സിലിന്‍ ഇഞ്ചക്ഷന്‍ എടുക്കും മുമ്പ്‌ ടെസ്റ്റ്‌ ഡോസു കൊണ്ട്‌ അലര്‍ജി ടെസ്റ്റ്‌ ചെയ്യുന്നത്‌ സുപരിചിതമാണല്ലോ. ആ ചെറിയ ടെസ്റ്റ്‌ ഡോസുപോലും ചിലപ്പോള്‍, ചിലരില്‍, ഷോക്ക്‌ വരെ ഉണ്ടാക്കിയേക്കാം എന്നതും അറിഞ്ഞിരിക്കേണ്ടതാണ്‌.

3. അലര്‍ജികള്‍ പലതരത്തിലുണ്ടോ?
പല രൂപത്തിലും പല ഭാവത്തിലും അലര്‍ജി പ്രത്യക്ഷപ്പെടാം. ബാധിക്കുന്ന ശരീരഭാഗങ്ങള്‍ക്കനുസരിച്ച്‌ അലര്‍ജിയുടെ പേരുകളും പലതാണ്‌. മൂക്കിനേയും സൈനസുകളേയും (sinuses) ബാധിച്ചിട്ട്‌ തുമ്മലും ജലദോഷവുമാണ്‌ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ അത്‌ അലര്‍ജിക്‌ റൈനൈറ്റിസ്‌ (Rhinitis). കണ്ണ്‌, മൂക്ക്‌, തൊണ്ട ഇവ ചൊറിയുന്നതും ചിലപ്പോള്‍ ഇതോടൊപ്പം പ്രകടമാക്കാറുണ്ട്‌. പലപ്പോഴും പനിയുണ്ടാകാനുള്ള സാദ്ധ്യതയും ഇവയെത്തുടര്‍ന്നുണ്ടാകും. ഇതാണ്‌ ഹേ ഫീവര്‍ (Hey fever). ശ്വാസകോശത്തെ ബാധിച്ചിട്ട്‌ ശ്വാസനാളം (airway) സങ്കോചിക്കുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്യുന്നെങ്കില്‍ അത്തരം അലര്‍ജിയെ ആസ്‌തമ (Asthma) എന്നു വിളിക്കുന്നു. അലര്‍ജന്റെ പിന്നീടുള്ള ശരീരത്തിനകത്തേക്കുള്ള പ്രവേശനം തടയുന്നതിനുള്ള വര്‍ദ്ധിത പ്രതിരോധശേഷിയുടെ പ്രതികരണമാണ്‌ ശ്വാസനാളത്തിന്റെ സങ്കോചം. അലര്‍ജി തൊലിയെ ബാധിച്ചിട്ട്‌ ചൊറിച്ചിലും ചുവന്നുതടിക്കലുമാണെങ്കില്‍ ഹൈവ്‌സ്‌ (Hives) . ശരീരത്തെ മൊത്തമായി ബാധിക്കുമ്പോള്‍ , ഷോക്ക്‌ (Anaphylatic shock) എന്ന അവസ്ഥ വന്നു ചേരും. രക്തക്കുഴലുകള്‍ വികസിക്കുന്നതുകൊണ്ട്‌ രക്തസമ്മര്‍ദ്ദം വളരെ താഴുക, ശ്വാസകോശങ്ങള്‍ സങ്കോചിക്കുന്നതു വഴിയുണ്ടാകുന്ന ശ്വാസതടസ്സം ഇങ്ങനെ എല്ലാംകൂടിച്ചേര്‍ന്ന്‌ ഷോക്കായി പ്രത്യക്ഷപ്പെടുകയാണ്‌ ചെയ്യുക. ചില മരുന്നുകളുടെ അലര്‍ജി, പാമ്പ്‌, തേള്‍, ഉറുമ്പ്‌, ചിലതരം പ്രാണികള്‍ എന്നിവയുടെ കടി, കുത്ത്‌ ഇവമൂലം ഇത്തരം ഷോക്ക്‌ ഉണ്ടാകാനിടയുണ്ട്‌. തക്കസമയത്ത്‌ രോഗിക്ക്‌ വൈദ്യസഹായം കൊടുത്തില്ലെങ്കില്‍ മരണത്തിനുവരെ കാരണമായേക്കാം.

4.അലര്‍ജി ഉണ്ടാകുമ്പോള്‍ എന്താണ്‌ ശരീരത്തില്‍ നടക്കുന്നത്‌ ?
നമ്മുടെ ശരീരത്തിന്റെ വര്‍ദ്ധിത പ്രതിരോധശേഷി, അതിന്‌ യോജിക്കാത്ത പുറമെനിന്നുള്ള വസ്‌തുക്കളുടെ സാന്നിദ്ധ്യം
(Antigen) തിരിച്ചറിയുകയും അതിനെതിരെയുള്ള പ്രതിരോധവസ്‌തുക്കളെ (immunoglobulin antibodies) പൊടുന്നനവെ ശരീരത്തിനുള്ളില്‍ ഉണ്ടാക്കി പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിരോധ വസ്‌തുക്കള്‍ (Antibodies) ശ്വാസകോശഭാഗങ്ങളിലും ദഹനേന്ദ്രിയഭാഗങ്ങളിലും ധാരാളമായി കാണപ്പെടുന്ന ചില പ്രത്യേകകോശങ്ങളു (mast cells) മായി പറ്റിച്ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച്‌, നീര്‌, ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുള്ള ഹിസ്റ്റമിന്‍ (Histamine) പോലുള്ള ചില രാസ പദാര്‍ത്ഥങ്ങളെ പുറപ്പെടുവിച്ച്‌ പ്രതികരിക്കുന്നു. ശരീരഭാഗങ്ങള്‍ക്കനുസരിച്ച്‌ പ്രതികരണങ്ങളും രോഗലക്ഷണങ്ങളും വ്യത്യസ്‌തമായിരിക്കും. ഈ പ്രവര്‍ത്തനങ്ങളെല്ലാം കൂടി അലര്‍ജിയായി ശരീരം പ്രകടമാക്കുന്നു.

5. എന്തുകൊണ്ടാണ്‌ ലക്ഷണങ്ങള്‍ പലതരത്തിലാകുന്നത്‌ ?
ഒരു പ്രത്യേക വ്യക്തി സ്വായത്തമാക്കിയിരിക്കുന്ന ചില ശരീരപ്രത്യേകതകള്‍കൊണ്ട്‌ (inherited tendency of a person) പ്രകടമായ ഒരു കാരണമില്ലാതെയാണ്‌ അലര്‍ജിയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്‌. ഇതിന്‌ എട്ടോപ്പി (Atopy)എന്നും അത്തരം ആളുകളെ ഏട്ടോപിക്‌ പേഴ്‌സണ്‍ (Atopic person)എന്നും പറയുന്നു. ഇത്തരം ആളുകള്‍ അലര്‍ജനുകളോട്‌ അപകടകരമായ (harmful)വിധത്തിലാണ്‌ പ്രതികരിക്കുക. അന്തരീക്ഷത്തിലുള്ള അലര്‍ജനുകള്‍ മൂക്കിലൂടെയോ, വായിലൂടെയോ ഉള്ളില്‍ കടക്കുകയോ (പൊടി, വളര്‍ത്തു മൃഗങ്ങളുടെ രോമം, പൂമ്പൊടി, ചിലതരം ഭക്ഷണം, മരുന്നുകള്‍)തൊലിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയോ (ലോഹങ്ങള്‍ : സ്വര്‍ണം) ചെയ്‌താല്‍ ഇത്തരക്കാരുടെ ശരീരം പെട്ടെന്ന്‌ പ്രതികരിക്കാന്‍ തുടങ്ങും. ഒരു പ്രത്യേക വ്യക്തിക്ക്‌ ഒരു പ്രത്യേക അലര്‍ജനോടുള്ള പ്രതികരണം ആയിരിക്കില്ല മറ്റൊരാള്‍ക്കുള്ളത്‌; വ്യത്യാസപ്പെട്ടിരിക്കും. ബാധിക്കുന്ന ശരീരഭാഗങ്ങളും വ്യത്യസ്ഥമായിരിക്കും. ഇങ്ങനെ പലതരത്തിലുള്ള അലര്‍ജികള്‍ പ്രത്യക്ഷമാകുന്നതിന്‌ വ്യക്തികള്‍ തമ്മിലുള്ള വ്യത്യസ്ഥത (Individual variation) എന്നതല്ലാതെ ഒരു കാരണമോ നിയമമോ പ്രത്യേകമായി പറയാനാകില്ല.

6. പൊതുവായി അലര്‍ജനുകള്‍ എന്ന പട്ടികയില്‍ ചേര്‍ക്കാവുന്നവ എന്തൊക്കെയാണ്‌. ?
അന്തരീക്ഷത്തിലുള്ളവയില്‍ പൊടി, പൂപ്പല്‍ (Fungi), പൂമ്പൊടി എന്നിവ ഏറ്റവും ശക്തിയുള്ള അലര്‍ജനുകളായി കണക്കാക്കാം. പിന്നെ അന്തരീക്ഷ മലിനീകരണവസ്‌തുക്കളില്‍പ്പെടുന്ന മോട്ടോര്‍ വാഹനങ്ങളില്‍ നിന്നും പുറംതള്ളപ്പെടുന്നവയുള്‍പ്പെടെയുള്ള പലതരം വാതകങ്ങളും.
ജീവികളില്‍ നിന്നുള്ളവയില്‍ പാമ്പ്‌, തേള്‍ എന്നിവയുടെ വിഷവും തേനീച്ച, ഉറുമ്പ്‌ മറ്റ്‌ പ്രാണികള്‍ എന്നിവ കുത്തിവയ്‌ക്കുന്ന ചില രാസപദാര്‍ത്ഥങ്ങളും പെട്ടെന്ന്‌ അലര്‍ജിയുണ്ടാക്കാന്‍ സാദ്ധ്യതയുള്ളവയാണ്‌.
മരുന്നുകളില്‍ കാന്‍സറിന്റെ കീമൊതെറാപ്പിക്കുപയോഗിക്കുന്ന മരുന്നുകള്‍, പെന്‍സിലിന്‍, ഹൃദ്രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവ മുതല്‍ ആസ്‌പരിന്‍ പോലും അലര്‍ജിലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുള്ളവയാണ്‌. ആസ്‌ത്‌മയായാണ്‌ പ്രധാനമായും ഇവയുടെ അലര്‍ജി ലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌.
ചിലര്‍ക്ക്‌ ചില രൂക്ഷഗന്ധം, രൂക്ഷഗന്ധത്തോടുകൂടിയ പുക ഇവ ആസ്‌ത്‌മയ്‌ക്ക്‌ കാരണമാകാം. പെയിന്റ്‌, പൗഡര്‍, പെര്‍ഫ്യും ഇവയുടെ മണം, സിഗരറ്റിന്റെ പുക എന്നിവ ചിലര്‍ക്ക്‌ അലര്‍ജിക്ക്‌ കാരണമാകുന്നത്‌ ഉദാഹരണമാണ്‌.
ഭക്ഷണങ്ങളില്‍ കടലില്‍ നിന്നുമുള്ള മീന്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കള്‍ (sea food), ചോക്കലേറ്റ്‌, മുട്ട, ഇറച്ചി, നാരങ്ങാവിഭാഗത്തില്‍പ്പെട്ട പഴവര്‍ഗ്ഗങ്ങള്‍ (Citrus fruits), ബേക്കറി സാധനങ്ങള്‍ കേടുവരാതെയിരിക്കാന്‍ ചേര്‍ക്കുന്ന ചിലതരം രാസപദാര്‍ത്ഥങ്ങള്‍ (Preservatives)എന്നിവയൊക്കെ പലരിലും അലര്‍ജനുകളായി മാറും. ഭക്ഷണത്തിന്‌ സ്വാദ്‌ ലഭിക്കാന്‍ ഉപയോഗിക്കുന്ന അജിനോമോട്ടോ (ajinomotto) അഥവാ ചൈനീസ്‌ ഉപ്പ്‌ പലര്‍ക്കും അലര്‍ജി ഉണ്ടാക്കുന്നതായി അറിവായിട്ടുണ്ട്‌.
കോണ്‍ഗ്രസു പുല്ല്‌ (Congress grass / Parthenium grass) ഏറ്റവും മുന്തിയ ഒരു അലര്‍ജനാണ്‌. ഇതിന്റെ പൂമ്പൊടി (Pollen)ആണ്‌ ആസ്‌ത്‌മയ്‌ക്ക്‌ കാരണമാകുന്നത്‌ . രണ്ടുമൂന്നുകിലോമീറ്ററുകള്‍ വരെ ഇതിന്റെ പൂമ്പൊടി പാറിനടക്കും. അതുകൊണ്ട്‌ പുഷ്‌പിക്കുന്ന സമയത്ത്‌ ഇതിന്റെ അലര്‍ജിയുള്ളവര്‍ക്ക്‌ ആസ്‌ത്‌മ ഉണ്ടാകുന്നതായി കണ്ടുവരുന്നു.
പൊടിയില്‍ വസിക്കുന്ന നഗ്നനേത്രങ്ങള്‍ക്ക്‌ കാണാന്‍ കഴിയാത്ത ചെറിയ ജീവികള്‍ (mites), കാര്‍പെറ്റ്‌, ബെഡ്‌ഷീറ്റ്‌, പഴയ അലമാരകള്‍ മുതലായവയ്‌ക്കിടയില്‍ സ്ഥാനം പിടിക്കുന്നവയാണ്‌. അലര്‍ജിയുണ്ടാക്കുന്നതില്‍ മിടുക്കുള്ള ഇക്കൂട്ടരെ ഒഴിവാക്കുവാന്‍ സൂര്യപ്രകാശത്തിനു മാത്രമേ കഴിയൂ. അതുകൊണ്ട്‌ മേല്‍പ്പറഞ്ഞവയൊക്കെ ആഴ്‌ചയിലൊരിക്കല്‍ വെയിലുകൊള്ളിച്ചെടുക്കണം. തറ വൃത്തിയായി തുടച്ചു സൂക്ഷിക്കുകയും വാക്വംക്ലീനറുപയോഗിച്ച്‌ വൃത്തിയാക്കുകയും ചെയ്യണം.
ഇപ്പറഞ്ഞ അലര്‍ജനുകളെകൂടാതെ മാനസികപിരിമുറുക്കം ഒരു പരിധിവരെ ആസ്‌ത്‌മയ്‌ക്ക്‌ കാരണമാകാറുണ്ട്‌ .

7. അലര്‍ജി ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ?
അന്തരീക്ഷത്തിലുള്ള അലര്‍ജനുകളെ മുഴുവന്‍ നശിപ്പിച്ചിട്ട്‌ അലര്‍ജിയില്‍ നിന്ന്‌ രക്ഷനേടുക എന്നത്‌ നടക്കാത്ത കാര്യമാണ്‌. അനുഭവം കൊണ്ടും നിരീക്ഷണം കൊണ്ടും ഓരോരുത്തര്‍ക്കും ഏതാണ്‌ അലര്‍ജന്‍ എന്ന്‌ കണ്ടുപിടിക്കുന്നതാണ്‌ ആദ്യപടി. അലര്‍ജി ടെസ്റ്റ്‌ നടത്തി കണ്ടുപിടിക്കാമെന്നുള്ളത്‌ ശാസ്‌ത്രനേട്ടങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. രക്തത്തില്‍ IgE (Ig = Immunoglobuline) എന്ന ഇമ്മ്യുണോഗ്ലോബുലിന്‍ (Immunoglobulin) കണ്ടു പിടിക്കുന്നത്‌ അലര്‍ജിടെസ്റ്റിന്റെ ഒരു ഭാഗമാണ്‌. തൊലിയില്‍കൂടിയുള്ള ടെസ്റ്റ്‌ (skin prick test) വഴി കുറച്ചുകൂടി കൃത്യമായി അലര്‍ജനുകളെ കണ്ടുപിടിക്കാം. അലര്‍ജന്‍ ഏതാണെന്ന്‌ മനസ്സിലായിക്കഴിഞ്ഞാല്‍ അവയെ ഏതുവിധേനയും ഒഴിവാക്കുവാന്‍ ശ്രമിക്കുകയാണ്‌ രണ്ടാമത്തെ പടി. അത്തരം സാഹചര്യങ്ങള്‍ പരിശ്രമംകൊണ്ട്‌ ഒഴിവാക്കുക തന്നെ വേണം. ചില പ്രത്യേക സ്ഥലങ്ങളിലെ എന്തെങ്കിലും അലര്‍ജനുകള്‍കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങള്‍ വേറൊരു സ്ഥലത്തേക്ക്‌ മാറിത്താമസിക്കുമ്പോള്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്നതായും കണ്ടുവരുന്നു.

8. അലര്‍ജിക്കുള്ള ചികിത്സാരീതികള്‍ എന്തൊക്കെയാണ്‌ ?
അലര്‍ജി വിരുദ്ധമരുന്നുകളാണ്‌ (Antiallergic) ചികിത്സയുടെ ഭാഗമായി ലഭിക്കുക. അലര്‍ജി ലക്ഷണങ്ങളുടെ തീവ്രതയ്‌ക്കനുസരിച്ച്‌ ചികിത്സയും ലഭ്യമാണ്‌. ആസ്‌ത്‌മയ്‌ക്ക്‌ ഉള്ളില്‍ കഴിക്കാനുള്ള മരുന്നുകളോടൊപ്പം വായില്‍കൂടി ശ്വാസത്തോടൊപ്പം വലിക്കാനുള്ള മരുന്നുകള്‍, അവയുടെ ഉപയോഗത്തിനുള്ള പ്രത്യേക ഉപകരണത്തോടു (Inhalers) കൂടി ലഭ്യമാണ്‌. വലിച്ചുപയോഗിക്കാനുള്ളവയില്‍ സ്റ്റിറോയ്‌ഡ്‌സും (Steroids) ലക്ഷണങ്ങളെ കുറയ്‌ക്കാനും തടയാനുമുള്ള മരുന്നുകളും ഉള്‍പ്പെടുന്നു. വായിലൂടെ ശ്വാസകോശത്തിലെത്തിക്കഴിഞ്ഞാല്‍ ഇവയ്‌ക്ക്‌ പ്രവര്‍ത്തിക്കുവാനും അലര്‍ജിലക്ഷണങ്ങള്‍ കുറയ്‌ക്കുവാനും വളരെ കുറഞ്ഞ അളവ്‌ (മൈക്രോഗ്രാം) മതിയാകുമെന്നതാണ്‌ പ്രധാന നേട്ടം. അതുകൊണ്ട്‌ തന്നെ വളരെ സുരക്ഷിതവുമാണ്‌. വൈദ്യസഹായം തേടാതെ അലര്‍ജിക്കുള്ള മരുന്നുകള്‍ വാങ്ങിക്കഴിക്കുന്നത്‌ പൊതുവെ കാണുന്ന ഒരു പ്രവണതയാണ്‌. അനുബന്ധപ്രശ്‌നങ്ങള്‍ ഇല്ലാത്ത ഒരു മരുന്നുപോലും ഇല്ല എന്നിരിക്കെ, സ്വയം ചികിത്സ അപകടകരമാണ്‌ എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രായം, ആരോഗ്യം, അസുഖത്തിന്റെ തീവ്രത ഇവ കണക്കിലെടുത്ത്‌ ഏതു മരുന്നാണ്‌ കഴിക്കാനുത്തമം എന്ന ഡോക്‌ടറുടെ നിര്‍ദ്ദേശം വളരെ പ്രധാനമാണ്‌. കുറെ നാളത്തേക്ക്‌ അലര്‍ജിലക്ഷണങ്ങള്‍ കുറച്ച്‌, ശരീരത്തിന്‌ സംരക്ഷണം നല്‍കുന്ന ഇമ്മ്യൂണോതെറാപ്പിയും (Immuno therapy) വൈദ്യശാസ്‌ത്രം വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.

9. മരുന്നുകളുടെ പ്രവര്‍ത്തനം എങ്ങനെയാണ്‌ ?
അലര്‍ജിയുടെ ലക്ഷണങ്ങള്‍ കുറയ്‌ക്കുകയാണ്‌ അലര്‍ജി ഉണ്ടായതിനുശേഷമുള്ള മരുന്നുപയോഗം കൊണ്ട്‌ സാദ്ധ്യമാകുന്നത്‌. നമ്മുടെ ശരീരത്തിനകത്ത്‌ കടക്കുന്ന അലര്‍ജനുകളെ സ്വാഭാവികമായി പുറന്തള്ളുവാനുള്ള ശേഷി ശരീരത്തിനുണ്ട്‌. (ജലദോഷം മരുന്നുകഴിച്ചാല്‍ ഒരാഴ്‌ചകൊണ്ടുമാറും; കഴിച്ചില്ലെങ്കില്‍ 7 ദിവസംകൊണ്ട്‌ മാറും എന്ന തമാശ പൊതുവെ അറിവുള്ളതാണല്ലോ) ഇതിന്‌ ഏറെ സമയം വേണം. അതുവരെ ക്ഷമിക്കുവാനുള്ള കരുത്ത്‌ ആളുകള്‍ക്കില്ല. അതുകൊണ്ട്‌ മരുന്നുകള്‍ ഉപയോഗിക്കുന്നു.
അലര്‍ജനുകളെ എതിര്‍ക്കാനായി ശരീരം ഉണ്ടാക്കിയെടുക്കുന്ന ആന്റിബോഡികളുടെ പ്രവര്‍ത്തനത്തെയാണ്‌ അലര്‍ജി വിരുദ്ധമരുന്നുകള്‍ (antiallergic drugs) ആദ്യമെ എതിര്‍ക്കുന്നത്‌. ചുമ ലക്ഷണമായിട്ടുണ്ടെങ്കില്‍ ചുമയുടെ കേന്ദ്രസ്ഥാനത്തെ മന്ദീഭവിപ്പിച്ച്‌ ചുമ കുറയ്‌ക്കുന്നു. ചൊറിച്ചിലാണ്‌ അലര്‍ജിയുടെ രൂപം എങ്കില്‍ നാഡികളുടെ അഗ്രഭാഗത്ത്‌ ഒരു മരവിപ്പ്‌ ഉണ്ടാക്കി ചൊറിച്ചില്‍ കുറയ്‌ക്കുന്നു. ലക്ഷണങ്ങളുടെ തീവ്രത കുറയ്‌ക്കുവാനുയുള്ള ശ്രമത്തിനിടയില്‍ അനുബന്ധപ്രശ്‌നങ്ങളും ഉള്‍പ്പെടുന്നു. ചിലവ കേന്ദ്ര നാഡീവ്യൂഹ (Central Nervous System) പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നു. അതുവഴി ഉറക്കം വരുത്തുന്നു (sedative action ). കൂടാതെ വായും തൊണ്ടയും വരളുക, കാഴ്‌ച മങ്ങുക, വെളിച്ചത്തോടുള്ള അസാധാരണ പ്രതികരണം (Photosensitivity), മരുന്നിനോടുള്ള ശരീരത്തിന്റെ പ്രതികൂലപ്രതികരണം വഴിയുള്ള മഞ്ഞപ്പിത്തം എന്നിവയൊക്കെ ഉദാഹരണങ്ങളാണ്‌. ശരിയായ അളവില്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ ദീര്‍ഘകാല ഉപയോഗത്തിന്‌ ഇവ ഉപകരിക്കൂ.

10. അലര്‍ജിയുടെ ലക്ഷണങ്ങള്‍ പ്രകടമാകാതെ തടയുവാനുള്ള മരുന്നുകള്‍ ലഭ്യമാണോ?
സ്ഥിരമായി ഒരു പ്രത്യേക അലര്‍ജനോട്‌ ശരീരം പ്രതികരിക്കുന്നു എന്ന്‌ തെളിഞ്ഞാല്‍ അവയെ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍ അതായത്‌ ഹിസ്റ്റമിന്‍പോലുള്ള രാസപദാര്‍ത്ഥങ്ങളുടെ ഉത്‌പാദനം തടയുന്ന മരുന്നുകള്‍ നേരത്തെ തന്നെ ഉപയോഗിച്ചാല്‍ (Prophylatic) ലക്ഷണങ്ങളെ തടയാം. ഹിസ്റ്റമിന്റെ ഉത്‌പാദനം നടത്തുന്ന മാസ്റ്റ്‌ കോശങ്ങളെ (mast cells) അലര്‍ജനുകള്‍ക്കെതിരെ പ്രതികരിക്കാതെ സ്ഥിരപ്പെടുത്തു (stabilization) കയാണ്‌ ഇവ (Mast cell stabilizers) ചെയ്യുന്നത്‌ . ഇങ്ങനെ സ്ഥിരത കൈവരിക്കുന്നതുകൊണ്ട്‌, അതുവരെ അലര്‍ജനായിരുന്ന വസ്‌തുക്കളുമായി പിന്നീട്‌ ബന്ധപ്പെടുമ്പോള്‍ ശരീരം പണ്ടത്തേതുപോലെ അലര്‍ജി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച്‌ പ്രതികരിക്കുകയില്ല എന്നതാണ്‌ നേട്ടം.

11. അലര്‍ജിക്കെതിരെ മരുന്നുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌ എന്തൊക്കെയാണ്‌ ?
അലര്‍ജിവിരുദ്ധമരുന്നുകള്‍ക്ക്‌ പല തലമുറകളുണ്ട്‌. അതില്‍ ആദ്യത്തെ തലമുറയില്‍പ്പെട്ടവ (Ist Generation ) യ്‌ക്ക്‌ തലച്ചോറിന്റെ നാഡീകേന്ദ്രത്തെ മന്ദീഭവിപ്പിക്കുകയെന്ന അനുബന്ധപ്രശ്‌നം ഉണ്ട്‌. ആളുകള്‍ക്കനുസരിച്ച്‌ വ്യത്യാസപ്പെട്ടരിക്കും. ഫിനറമിന്‍ മാലിയേറ്റ്‌ (ബ്രാന്റ്‌ നെയിം - അവില്‍), ക്ലോര്‍ഫിനറമിന്‍ മാലിയേറ്റ്‌ എന്നിവ ഇതില്‍പ്പെട്ടവയാണ്‌. ഗുളിക രൂപത്തില്‍ ഇവ ലഭ്യമാണ്‌. ഉറക്കം തൂങ്ങുന്നതും, ശ്രദ്ധ കേന്ദ്രീകരിയ്‌ക്കാന്‍ പറ്റാതെ വരുന്നതും തലച്ചോറിലെ നാഡീകേന്ദ്രം മന്ദീഭവിക്കുന്നതുമൂലമുള്ള പ്രശ്‌ന ങ്ങളായതുകൊണ്ട്‌ വാഹനമോടിക്കുക, യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ ശ്രദ്ധ കൂടുതല്‍ പതിപ്പിക്കേണ്ട ജോലികള്‍ കഴിവതും ഇവ കഴിക്കുമ്പോള്‍ ഒഴിവാക്കേണ്ടതുണ്ട്‌. വൈദ്യോപദേശം കൂടാതെ ഇവ കഴിക്കുന്നത്‌ ഒട്ടും സുരക്ഷിതമല്ല. ഈ വിഭാഗത്തില്‍പ്പെട്ട മരുന്നുകളോടൊപ്പം മറ്റ്‌ ഛഠഇ മരുന്നുകള്‍-പ്രസിക്രിപ്‌ഷന്‍ ഇല്ലാതെ തന്നെ വാങ്ങാവുന്ന over the counter വിഭാഗത്തില്‍പ്പെട്ട; ഉദ: (ഉറക്കഗുളികള്‍, വേദനസംഹാരികള്‍) - കഴിക്കുംമുമ്പേ ഡോക്‌ടറുടെ ഉപദേശം തേടണം. മദ്യം ഇവയുമായി പ്രതിപ്രവര്‍ത്തന (interaction) ത്തിലേര്‍പ്പെടുമെന്നുള്ളതുകൊണ്ട്‌ ഇവ കഴിക്കുന്ന ദിവസങ്ങളില്‍ മദ്യം ഒഴിവാക്കുന്നതും മദ്യപിക്കാറുണ്ടെങ്കില്‍ ഡോക്‌ടറോട്‌ രോഗവിവരങ്ങള്‍ പറയുന്ന സമയത്ത്‌ അത്‌ തുറന്നുപറയുന്നതും ഇവയുടെ ഗുണകരമായ ഉപയോഗത്തിന്‌ വഴിതെളിയ്‌ക്കും. അലര്‍ജി കണ്ടുപിടിക്കുവാന്‍ തൊലിയുടെ ടെസ്റ്റുകള്‍ (skin prick test) ചെയ്യാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ശരിയായ റിസല്‍ട്ട്‌ ലഭിക്കുവാന്‍ 4 ദിവസം മുമ്പേ ഇവയുടെ ഉപയോഗം നിര്‍ത്തേണ്ടതാണ്‌. ആസ്‌ത്‌മയുള്ളവര്‍ അലര്‍ജിവിരുദ്ധമരുന്നുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതും ശ്രദ്ധേയമാണ്‌.
രണ്ടാമത്തെ തലമുറ (2nd generation) യില്‍പ്പെട്ട സെട്രിസിന്‍ (cetirizine) ഉള്‍പ്പെടുന്നവയ്‌ക്ക്‌ കൂടുല്‍ നല്ല ഗുണങ്ങളും വളരെ കുറഞ്ഞ അനുബന്ധപ്രശ്‌നങ്ങളുമാണ്‌ പ്രതീക്ഷിക്കുന്നതെങ്കിലും മുകളില്‍പ്പറഞ്ഞ എല്ലാത്തരത്തിലുള്ള പ്രശ്‌നങ്ങളും ആളുകള്‍ക്കനുസരിച്ച്‌ കൂടിയും കുറഞ്ഞും ഇവയ്‌ക്കും ഉണ്ടാകാനിടയുണ്ട്‌. കേന്ദ്രനാഡീവ്യൂഹത്തെ മന്ദീഭവിപ്പിക്കുന്നില്ല എന്ന്‌ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
വായ്‌ വരളുന്നത്‌ അനുബന്ധപ്രശ്‌നമായതിനാല്‍ ചൂടുവെള്ളംകൊണ്ട്‌ ഇടയ്‌ക്കിടെ വായ കഴുകുന്നതും മിഠായി തിന്നുന്നതും നല്ലതാണ്‌. മൗത്ത്‌വാഷി (Mouth wash) ന്റെ അധിക ഉപയോഗം ഒഴിവാക്കണം. മൗത്ത്‌ വാഷിന്റെ ഉപയോഗം വായ്‌ക്കുള്ളിലെ ആവശ്യമുള്ള ഗുണകരമായ അണുക്കളെ നശിപ്പിക്കുമെന്ന്‌ മാത്രമല്ല അവയിലുള്ള ആല്‍ക്കഹോളിന്റെ അംശം വായ വരളുന്നതിന്‌ ആക്കം കൂട്ടുകയും ചെയ്യും.
ഗര്‍ഭകാലത്ത്‌ ഗര്‍ഭിണികള്‍ ഇവയുടെ ഉപയോഗം ഒഴിവാക്കണം; ആ സമയത്തുള്ള ഉപയോഗം സുരക്ഷിതമാണെന്ന്‌ തെളിയിക്കപ്പെട്ടിട്ടില്ലാത്തതുതന്നെ കാരണം. പ്രത്യേകിച്ചും അവസാനത്തെ മൂന്നു മാസങ്ങളില്‍ ഇവ തീര്‍ത്തും ഒഴിവാക്കണമെന്ന്‌ ചില നിര്‍മ്മാതാക്കള്‍ അഭിപ്രായപ്പെടുന്നു. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്ക്‌ തലച്ചോറില്‍ അപസ്‌മാരം പോലുള്ള അവസ്ഥ വന്നുചേരാനിടയുള്ളതുകൊണ്ടാണിത്‌. മുലപ്പാലിലൂടെ വളരെ ചെറിയ അംശം ഉപയോഗശേഷം പുറന്തള്ളപ്പെടാനിട യുള്ളതുകൊണ്ട്‌ മുലയൂട്ടുന്ന അമ്മമാര്‍ ഇവയുപയോഗിക്കാന്‍ പാടില്ല.
പ്രായമായവരില്‍ ഭൂരിഭാഗവും ഇവയുടെ അനുബന്ധപ്രശ്‌നങ്ങളോട്‌ പ്രതികരിക്കാന്‍ സാദ്ധ്യതയുണ്ട്‌. മന്ദത, താഴ്‌ന്ന രക്തസമ്മര്‍ദ്ദം, മൂത്രതടസ്സം, മുതലായവ പ്രതികരണത്തില്‍ ഉള്‍പ്പെടുന്നു. ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഉറക്കമില്ലായ്‌മയുള്‍പ്പെടുന്ന അനുബന്ധപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാനിടയുണ്ട്‌. വയറ്റില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതുകൊണ്ട്‌ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ്‌ നല്ലത്‌.

11. എന്താണ്‌ ആസ്‌ത്‌മ
ശ്വാസനാളത്തിന്റെ വര്‍ദ്ധിതപ്രതിരോധശേഷി അലര്‍ജനുകളെ എതിരിടാന്‍ വേണ്ടി ശ്വാസനാളം സങ്കോചിപ്പിക്കുക, ചുമ, കൂടുതല്‍ കഫം (excessive secretion of viscid mucus) ഉത്‌പാദിപ്പിക്കുക എന്നീ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമ്പോള്‍ ശബ്‌ദത്തോടുകൂടിയ ശ്വാസോഛ്വാസവും ശ്വാസതടസ്സവും ഉണ്ടാകും. ശ്വാസനാളത്തിനുള്ളിലുള്ള നീര്‍വീക്കവും കൂടിച്ചേരുമ്പോള്‍ അത്‌ ആസ്‌തമയാകുന്നു. ആഘാതങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാകുന്നത്‌ തടയാനായി മരുന്നുകള്‍ ഇങ്ങ്‌ജക്ഷനുകളായും ഇന്‍ഹലേറ്ററുകളായും ലഭ്യമാണ്‌. ചുരുങ്ങിയിരിക്കുന്ന ശ്വാസകോശത്തെ വികസിപ്പിച്ചാണ്‌ രോഗശമനം നല്‍കുന്നത്‌. ആസ്‌തമ കൂടുതലായാല്‍ ഇവ വേണ്ടത്ര ഫലിക്കാതായേക്കാം അതു കൊണ്ട്‌ സ്റ്റിറോയ്‌ഡ്‌സ്‌ കൂടി ചികിത്സയില്‍ ഉള്‍പ്പെടുത്താറുണ്ട്‌.

12. ആസ്‌ത്‌മ രോഗികള്‍ തുടര്‍ച്ചയായി സ്റ്റിറോയിഡ്‌സ്‌ (steroids) ഉപയോഗിക്കുന്നതുകൊന്ട്
അനുബന്ധപ്രശ്‌നങ്ങളുണ്ടാകില്ലേ ?.
മരുന്നുലോകത്തിലെ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ അനുബന്ധപ്രശ്‌നങ്ങളെ വളരെ ലഘൂകരിക്കുന്നുണ്ട്‌. വായില്‍ക്കൂടി (Orally) കഴിക്കുമ്പോള്‍ മറ്റു മരുന്നുകളേപ്പോലെതന്നെ സ്റ്റിറോയ്‌ഡ്‌സും രക്തത്തിലെത്തിച്ചേര്‍ന്നതിനുശേഷമാണ്‌ പ്രവര്‍ത്തനം തുടങ്ങുന്നത്‌. കുറെക്കാലം
ഉപയോഗിക്കുമ്പോള്‍ അനുബന്ധപ്രശ്‌നങ്ങള്‍ പ്രതികൂലമായിത്തീരും. രോഗപ്രതിരോധശേഷി കുറയുന്നതു (immuno suppression) മൂലം ഏതുതരം രോഗാണുബാധയ്‌ക്കും സാദ്ധ്യതയുണ്ടാകുക, ശരീരഭാരം കൂടുക, അഡ്രിനല്‍ കോര്‍ട്ടക്‌സ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലാവുക ഇവയൊക്കെ അതിലുള്‍പ്പെടുന്നു. എന്നാല്‍ പുതിയ മീറ്റേര്‍ഡ്‌ ഡോസ്‌ ഇന്‍ഹേലേഴ്‌സ്‌ (MDI) വഴി സ്റ്റിറോയ്‌ഡ്‌സ്‌ വായിലേക്ക്‌ സ്‌പ്രേ ചെയ്‌ത്‌ ശ്വാസത്തോടൊപ്പം വലി ച്ചെടുക്കാമെന്നുള്ളതു കൊണ്ട്‌ രക്തത്തില്‍ എത്തുന്നതേ ഇല്ല. അതുകൊണ്ടുതന്നെ പ്രതികൂലപ്രശ്‌നങ്ങളും ഇല്ല. ഉദാഹരണത്തിന്‌ ബെക്ലേറ്റ്‌ -200 ഇന്‍ഹേലര്‍. ബെക്ലോമെതസോണ്‍ എന്ന സ്റ്റിറോയിഡാണിത്‌. ഒരു ഡോസില്‍ 200 മൈക്രോഗ്രാം (Microgram) മരുന്നേ അടങ്ങിയിട്ടുള്ളൂ; ശ്വാസനാളത്തിലും ശ്വാസകോശത്തിലും എത്തിച്ചേര്‍ന്ന്‌ രോഗശമനവും ലഭിക്കും.
രക്തത്തില്‍ കലരാത്തതുകൊണ്ട്‌ സ്ഥിരമായ ഉപയോഗം മറ്റ്‌ പ്രതികൂല പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെങ്കിലും വായിലൂടെ വലിക്കുമ്പോള്‍ വളരെ ചെറിയ അംശംപോലും തങ്ങിനിന്നാല്‍ വായ്‌ക്കുള്ളിലെ പ്രതിരോധശേഷി കുറയാനും ഫംഗസ്‌ ബാധയ്‌ക്കും (Oral candidiasis) കാരണമാകും. ചെറുചൂടുവെള്ളം കൊണ്ട്‌ വായ കഴകുകയാണ്‌ പ്രതിവിധിയായി ചെയ്യാവുന്നത്‌. രണ്ടാമത്തെ പ്രശ്‌നം, നേരിട്ട്‌ സ്‌പ്രേ ചെയ്യുമ്പോള്‍ സ്വനതന്തുക്കളെ (Vocal cords) ബാധിച്ച്‌ നീര്‍വീക്കം ഉണ്ടാകാനും തത്‌ഫലമായി ശബ്‌ദം പരുപരുത്തതായി (Hoarseness) തീരാനും സാദ്ധ്യത ഏറെയാണെന്നതുതന്നെ.
മൂന്നാമതായി, വായിലേയ്‌ക്ക്‌ സ്‌പ്രേ ചെയ്യുന്ന സമയത്തുതന്നെ ശ്വാസം ഉള്ളിലേക്ക്‌ വലിക്കേണ്ടതുണ്ട്‌ (Hand-lung Cordination). ഇത്‌ പ്രായമായവര്‍ക്കും തീരെ ചെറിയ കുട്ടികള്‍ക്കും വളരെ ബുദ്ധിമുട്ടാണ്‌.
മുകളില്‍പ്പറഞ്ഞ മൂന്നു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സ്‌പേസര്‍ (Spacer) എന്ന ഉപകരണം മരുന്നിനോടൊപ്പം വാങ്ങുന്നത്‌ നല്ലതാണ്‌. രണ്ടറ്റവും തുറന്ന, കൂടിയ നടുഭാഗവ്യാസമുള്ള പ്ലാസ്റ്റിക്‌ ജാറാണ്‌ സ്‌പേസര്‍. ഒരറ്റം ഇന്‍ഹേലര്‍ (MDI) ഉറപ്പിക്കുവാനും മറ്റേ അറ്റം വായ്‌ക്കുള്ളില്‍ വയ്‌ക്കുവാനുമായിട്ടാണ്‌ ഇതിന്റെ രൂപകല്‌പന. ഒരറ്റത്ത്‌ മരുന്ന്‌ അടങ്ങിയ ഇന്‍ഹേലര്‍ (MDI) ഉറപ്പിച്ചതിനുശേഷം മറ്റേ അറ്റം വായയ്‌ക്കുള്ളില്‍ വയ്‌ക്കുക. മരുന്ന്‌ സ്‌പേസറിനുള്ളിലേക്ക്‌ സ്‌പ്രേ ചെയ്യുകയാണ്‌ അടുത്തപടി. സ്‌പേസറിനുള്ളിലെ വായുമായി മരുന്നിന്റെ തന്മാത്രകള്‍ കലരും. അതിനുശേഷം പതുക്കെ വായിലൂടെ മരുന്ന്‌ വലിച്ചെടുത്താല്‍ മതിയാകും. സ്‌പ്രേ ചെയ്യുമ്പോള്‍ തന്നെ ശ്വാസം ഉള്ളിലേക്ക്‌ എടുക്കുന്നത്‌ (Hand lung Co-ordination) ബുദ്ധിമുട്ടുള്ളവര്‍ക്ക്‌ വളരെ സഹായകരമാണ്‌ ഈ രീതി.

13. മാനസീക സമ്മര്‍ദ്ദ (Stress) വും ആസ്‌തമയും തമ്മില്‍ ബന്ധമുണ്ടോ ?
തീര്‍ച്ചയായും. മനസ്സിന്റെ സമാധാനം (Peace of Mind) വളരെ സുപ്രധാനമായ കാര്യമാണ്‌. സമ്മര്‍ദ്ദങ്ങള്‍ എപ്പോഴും ആസ്‌തമയുടെ ലക്ഷണങ്ങള്‍ കൂട്ടും. പല മരുന്നുകള്‍ ചെയ്‌തിട്ടും ആസ്‌തമയ്‌ക്ക്‌ ഒരു കുറവും ലഭിക്കാത്തവര്‍, ധ്യാനവും
(Meditation) പ്രാര്‍ത്ഥനയും വഴി സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്‌.

മരുന്നുകള്‍ എങ്ങനെ സൂക്ഷിക്കണം ?

മരുന്നുകളുടെ സുരക്ഷിതവും ഫലപ്രദവുമായ ഉപയോഗമാണ്‌ ഡോക്‌ടറോടുള്ള വിശ്വാസത്തോടും ആത്മവിശ്വാസത്തോടുമൊപ്പം എല്ലാ ചികിത്സകളുടേയും പരമാവധി പ്രയോജനം ലഭ്യമാക്കുന്ന പ്രധാനഘടകം.

കുറുന്തോട്ടിക്ക്‌ വാതം വന്നാല്‍ നമുക്കൊന്നും ചെയ്യാനില്ല. അതുപോലെ മരുന്നിന്റെ ഗുണമേന്മ നഷ്‌ടപ്പെട്ടാല്‍ പ്രയോജനമില്ല. അന്തരീക്ഷത്തിലെ ചൂട്‌, ഈര്‍പ്പം, സാന്ദ്രത, തണുപ്പ്‌ മുതലായവ മരുന്നിനെ സ്വാധീനിക്കുന്നതിനാല്‍ അവ എങ്ങനെ സൂക്ഷിക്ക പ്പെടുന്നു എന്നത്‌ ഗുണമേന്മയെ സ്വാധീനിക്കുന്ന സംഗതിയാണ്‌.

ശരിയായ രീതിയില്‍ സൂക്ഷിച്ചാല്‍ എത്രനാള്‍ മരുന്നിന്റെ വീര്യം നഷ്‌ടപ്പെടാതെ ഉപയോഗിക്കാന്‍ കഴിയും എന്നതാണ്‌ ഉപയോഗ കാലാവധി ('Expiry Date') എന്നത്‌ മരുന്നിന്റെ ലേബലില്‍ രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. (കടയില്‍ നിന്നും വാങ്ങുമ്പോള്‍ Expiry Date ന്‌ മുമ്പ്‌ തന്നെയാണ്‌ നാമത്‌ വാങ്ങുന്നതെന്ന്‌ ഉറപ്പുവരു ത്തണം). ഓരോ മരുന്നും എങ്ങനെ സൂക്ഷിക്കണമെന്നും ലേബലില്‍ രേഖപ്പെടുത്തി യിട്ടുണ്ട്‌. അതിന്‍ പ്രകാരം സൂക്ഷിക്കുന്നില്ലെങ്കില്‍ കാലാവധിയ്‌ക്കു മുമ്പ്‌ തന്നെ അവയുടെ വീര്യം കുറഞ്ഞ്‌ ഉപയോഗശൂന്യമായിത്തീരും. ഉദാ:- ശക്തിയേറിയ വെളിച്ചം തട്ടാതെ സൂക്ഷിക്കുകയെന്ന നിബന്ധന, നിശ്ചിത ചൂടിലോ, തണുപ്പിലോ സൂക്ഷിക്ക ണമെന്നത്‌; ഉപയോഗ കാലാവധി നിര്‍ണ്ണയിക്കുന്ന തിയതിയുടെ കണക്കുകൂട്ടലും അവ സൂക്ഷിക്കുന്ന രീതിയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്‌. മരുന്ന്‌ ഉത്‌പാദി പ്പിക്കപ്പെട്ട തിയതി (Manufacturing date) മുതല്‍ കാലാവധി കഴിയുന്ന തിയതി (Expiry Date) വരെയുള്ള ഈ കാലയളവ്‌ പല വിഭാഗം മരുന്നുകള്‍ക്കും പലതാണ്‌. കാലാവധി കഴിയുന്ന തീയതി ക്കുള്ളില്‍, ശരിയായ രീതിയില്‍ സൂക്ഷിക്കുന്ന മരുന്നുകളുടെ 10% വീര്യം വരെ മാത്രമെ ഏതാണ്ട്‌ 1 മുതല്‍ 3 വരെ വര്‍ഷം കൊണ്ട്‌ പരമാവധി നഷ്‌ടമാകുന്നുള്ളൂ. ബാക്കി 90% വീര്യവും അപ്പോള്‍ മരുന്നില്‍ നിലനില്‍ക്കുന്നുണ്ട്‌. ശരീരത്തിനാവശ്യമായ വീര്യവും ഗുണവും അപ്പോഴും അവയില്‍ അടങ്ങിയിട്ടുണ്ട്‌ എന്നര്‍ത്ഥം. അതുകൊണ്ട്‌ നിര്‍ദ്ദേശാനുസരണം സൂക്ഷിച്ചിരിക്കുന്ന മിക്ക മരുന്നുകളും കാലാവധി കഴിഞ്ഞാലും അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൊള്ളാത്തവയായിത്തീരുമെന്നോ വിഷമയമായി ത്തീരുമെന്നോ ധരിക്കേണ്ടതില്ല. കാലാവധിയ്‌ക്കുള്ളില്‍ 90-100% വരെ ഗുണമേന്മ ഉപഭോക്താവിന്‌ ഉറപ്പുവരുത്താനാണ്‌ കാലാവധി തീരുന്ന തിയതി (Expiry Date) കണക്കാക്കി രേഖപ്പെടുത്തുന്നത്‌.

അതുകഴിഞ്ഞാല്‍ പതുക്കെ പതുക്കെ രാസമാറ്റങ്ങള്‍ സംഭവിച്ച്‌ ഒടുവില്‍ വീര്യം മുഴുവനും തന്നെ നഷ്‌ടപ്പെടുന്നു. അതുകൊണ്ട്‌ കാലാവധിക്കുള്ളില്‍ത്തന്നെ ഉല്‌പാദകരുടെ നിര്‍ദ്ദേശമനുസരിച്ച്‌ മരുന്ന്‌ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്‌.
സൂക്ഷിക്കേണ്ട രീതിയും താപനിലയും എല്ലാ മരുന്നുകളുടേയും ലേബലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. അന്തരീക്ഷ താപനിലയും ഈര്‍പ്പത്തിന്റെ ഏറ്റക്കുറച്ചിലുകളും, സൂര്യപ്രകാശവുമൊക്കെ മരുന്നിനെ സ്വാധീനിക്കും. മരുന്ന്‌ ഗുളികയോ ക്യാപ്‌സൂളോ കഴിക്കുന്ന സമയത്ത്‌ കൂടെ ഉപയോഗിക്കുന്ന പാനീയങ്ങളുടെ താപനിലയും ശ്രദ്ധിക്കണം. ൩൦ഡിഗ്രി സെല്‍ഷ്യസ്-40ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കാകുന്നതാണ്‌ ഉത്തമം. കൂടിയ ചൂട്‌ മരുന്നുകളുടെ വിഘടനത്തെ ത്വരിതപ്പെടുത്തുകയും ഗുണം നഷ്‌ടപ്പെടാന്‍ ഇടയാകുകയും ചെയ്യും.
അടുക്കളയില്‍ പൊതുവെ ചൂട്‌ കൂടിയിരിക്കും; കുളിമുറിയില്‍ ഈര്‍പ്പം കൂടുതലും. ഈ ഭാഗങ്ങളില്‍ മരുന്ന്‌ സൂക്ഷിക്കരുത്‌.

സൂര്യപ്രകാശം ഏറ്റാല്‍ രാസമാറ്റം സംഭവിക്കുന്ന മരുന്നുകള്‍ തവിട്ടു നിറമുള്ള (Amber coloured) കുപ്പികളിലാണ്‌ ലഭിക്കുക. കൂടാതെ ഒരു കവറും ഉണ്ടാകും.'Protect from sunlight' എന്ന്‌ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം മരുന്നുകള്‍ ഉപയോഗശേഷവും തിരിച്ച്‌ കവറിനുള്ളില്‍ത്തന്നെ ഇട്ട്‌ സൂര്യപ്രകാശം ഏല്‍ക്കാത്തിടത്ത്‌ സൂക്ഷിക്കണം. ഓയിന്റ്‌മെന്റ്‌സ്‌ (ointments) 30ഡിഗ്രി സെല്‍ഷ്യസ് ല്‍ താഴെ താപനിലയില്‍ മാത്രമെ സൂക്ഷിക്കാന്‍ പാടുള്ളു. 34-36ഡിഗ്രി സെല്‍ഷ്യസ് വരെയൊക്കെ അന്തരീക്ഷത്തില്‍ താപനില (room temperature) എത്തുമ്പോള്‍ അവ ശ്രദ്ധിച്ച്‌ 300C താഴെത്തന്നെ സൂക്ഷിച്ചുവയ്‌ക്കണം. ചില മരുന്നുകള്‍ 8 ഡിഗ്രി സെല്‍ഷ്യസ് നും 25ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കാണ്‌ സൂക്ഷിക്കേണ്ടത്‌; ചിലവ 2ഡിഗ്രി സെല്‍ഷ്യസ്നും 8ഡിഗ്രി സെല്‍ഷ്യസ് നും ഇടയിലും. ഈ കാരണങ്ങള്‍ കൊണ്ടാണ്‌ മരുന്നുകടകള്‍ Air condition ചെയ്യണമെന്നും, Fridge നിര്‍ബന്ധമായും ഉണ്ടായിരിക്ക ണമെന്നും തടികൊണ്ടുള്ള അലമാരകള്‍ (ചില്ലുകൊണ്ടുള്ളതല്ല) ആക്കണമെന്നും ഒക്കെ നിര്‍ദ്ദേശിക്കുന്നത്‌.

മുകളില്‍പ്പറഞ്ഞവയെ സംബന്ധിച്ച്‌ ലേബലിലുള്ള നിര്‍ദ്ദേശങ്ങള്‍
1. Store in a cool dry place : 8ഡിഗ്രി സെല്‍ഷ്യസ് നും 25ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കുള്ള താപനില
2. Store in a cold place : 2ഡിഗ്രി സെല്‍ഷ്യസ് നും 8ഡിഗ്രി സെല്‍ഷ്യസ് നും ഇടയ്‌ക്കുള്ള താപനില Fridge - ല്‍ ക്രമീകരിച്ചിരിക്കുന്ന താപനില യാണിത്‌.
3. Store in a dark place / protect from light - സൂര്യ പ്രകാശം ഏല്‍ക്കാത്തിടത്ത്‌ സൂക്ഷിക്കണം
4. Protection from freezing - freeze ചെയ്‌താല്‍ ചില മരുന്നുകളുടെ രാസഘടനയില്‍ ത്തന്നെ മാറ്റം വന്ന്‌ ഉപയോഗശൂന്യമായിത്തീരും. കൂടാതെ മരുന്ന്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന Glass കൊണ്ടുള്ള കുപ്പികളും മറ്റും ളൃലല്വല ചെയ്‌താല്‍ പൊട്ടിപ്പോകാനുള്ള സാദ്ധ്യതയുമുണ്ട്‌. അതുകൊണ്ട്‌ freeze ചെയ്യാതെ സംരക്ഷിക്കണം.
5. Not to be refrigerated - Vitamin A പോലുള്ള സോഫ്‌റ്റ്‌ ജലാറ്റിന്‍ ക്യാപ്‌സൂള്‍സ്‌ (Soft gelatin capsules) ഫ്രിഡ്‌ജില്‍ സൂക്ഷിക്കാന്‍ പാടില്ല.
6. Store in a well closed, light resistant container - നന്നായി മുറുക്കി അടച്ച്‌ സൂര്യപ്രകാശം ഏല്‍ക്കാത്ത കുപ്പിയില്‍ സൂക്ഷിക്കണം.
7. Keep away from children - Iron tablets ഉള്‍പ്പെടെ ഭംഗിയുള്ള മധുരത്തില്‍ പൊതിഞ്ഞ ഗുളികകള്‍ കുട്ടികള്‍ മിഠായിയാണെന്ന്‌ കരുതി നാമറിയാതെ, ധാരാളം എടുത്ത്‌ കഴിക്കുന്നത്‌ 'മരുന്നു വിഷബാധയ്‌ക്ക്‌' കാരണമാകും. അതുകൊണ്ട്‌ കുട്ടികള്‍ കൈകാര്യം ചെയ്യാനിടയാകാതെ ഇവ സൂക്ഷിക്കണം.
ഉപയോഗം കഴിഞ്ഞ ഉടനെ ശരിയായ കവറില്‍ ശരിയായ താപനിലയില്‍ത്തന്നെ തിരിച്ച്‌ വച്ച്‌ സൂക്ഷിയ്‌ക്കുന്നത്‌ കാലാവധി

ലേബല്‍: മരുന്നിന്റെ തലക്കുറി

മരുന്നുകുപ്പിയുടേയോ കവറിന്റേയോ പുറത്ത്‌ പ്രത്യേക വിവരങ്ങള്‍ രേഖപ്പെടു ത്തിയിരിക്കുന്നതാണ്‌ ലേബല്‍. മരുന്നിന്റെ തലേക്കുറിയാണത്‌ എന്നു പറയാം. മരുന്നിനെപ്പറ്റിയും അതിന്റെ ശരിയായ ഉപയോഗത്തെപ്പറ്റിയുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതായിരിക്കണം ലേബല്‍. 1940-ലെ ഡ്രഗ്‌സ്‌ ആന്റ്‌ കോസ്‌മെറ്റിക്‌ ആക്‌ട്‌ പ്രകാരം ഓരോ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ലേബലില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഇതെങ്ങനെ ചെയ്യണമെന്നതിനെപ്പറ്റി ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫെഡറേഷന്‍ (FIP) അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി യിട്ടുണ്ട്‌. പൊതുവായി എല്ലാ മരുന്നുകളിലും രേഖപ്പെടുത്തുന്ന ചില കാര്യങ്ങളെപ്പറ്റി അറിയുക.

Px അടയാളം
ലേബലിന്റെ പുറത്തും ഡോക്‌ടര്‍മാര്‍ കുറിച്ചുതരുന്ന കുറിപ്പടി (prescription) യിലും ഇത്‌ കാണാം. Px എന്നത്‌ താങ്കള്‍ കഴിക്കുക (you take) എന്നര്‍ത്ഥം വരുന്ന റിസീപി (Receipe) എന്ന ലാറ്റിന്‍ വാക്കിന്റെ ആദ്യാക്ഷരമായ ഞഉം റോമക്കാരുടെ സൗഖ്യദായക നായ ജൂപ്പിറ്റര്‍ (Jupiter) ദേവനെ പ്രതിനിധീകരിക്കുന്ന J യും ചേര്‍ന്നതാണ്‌. Px എന്നത്‌ ജൂപ്പിറ്റര്‍ ദേവന്റെ കണ്ണിലെ കൃഷ്‌ണമണിയെ പ്രതിനിധാനം ചെയ്യുന്നു എന്നും വ്യാഖ്യാനമുണ്ട്‌. എന്തായാലും താഴെ പറയുന്ന മരുന്ന്‌ 'താങ്കള്‍ കഴിക്കുക'-'you take the following medicines' എന്നാണ്‌ നാം മനസ്സിലാക്കേണ്ടത്‌.

മരുന്നിന്റെ പേര്‌/Generic name, Trade name
Rx നെത്തുടര്‍ന്ന്‌ മരുന്നിന്റെ പേരാണുണ്ടാവുക. നമ്മുടെ നാട്ടില്‍ ഇംഗ്ലീഷ്‌ മരുന്നിന്റ പുറത്ത്‌ ഏത്‌ മരുന്നാണ്‌ കവറിനുള്ളില്‍ അടങ്ങിയിരിക്കുന്നത്‌ എന്ന്‌ പ്രധാനമായും രണ്ടു വിധത്തില്‍ രേഖപ്പെടുത്തിയിരിക്കും. വലിയ അക്ഷരത്തില്‍ ഞഃ.നെത്തുടര്‍ന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ ജെനറിക്‌ പേര്‌ (generic name) എന്നറിയ പ്പെടുന്നു. അതിനുതാഴെ രേഖപ്പെടുത്തുന്നത്‌ ബ്രാന്റ്‌ പേര്‌ (brand name/ trade name) ആണ്‌.
ജെനറിക്‌ പേരിനോടൊപ്പം IP, BP, USP, BNF എന്ന അക്ഷരങ്ങള്‍ കാണാറുണ്ട്‌. IP എന്നാല്‍ Indian Pharmacopoeia എന്നും BP എന്നാല്‍ British Pharmacopoeia എന്നും BNF എന്നാല്‍ British National Formulary എന്നുമാണ്‌ വിവക്ഷ. മരുന്നുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അതതു രാജ്യത്തെ അംഗീകൃത പുസ്‌തകങ്ങളാണിവ. അതുപ്രകാരം എല്ലാ മൂല്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ്‌ ഈ മരുന്ന്‌ ഉണ്ടാക്കിയിരിക്കുന്നത്‌ എന്നാണ്‌ ഈ അക്ഷരങ്ങള്‍ പേരിനൊപ്പം കൂട്ടിച്ചേര്‍ക്കുന്ന തുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ആയുര്‍വേദ മരുന്നുകളില്‍ ഇതിന്റെ സ്ഥാനത്ത്‌ സഹസ്രയോഗം, അഷ്‌ടാംഗഹൃദയം എന്നൊക്കെ കാണാം.
ജെനറിക്‌ പേരും ബ്രാന്റ്‌ പേരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിന്‌ പാരാസെറ്റാമോള്‍ എന്ന ജെനറിക്‌ പേരുള്ള മരുന്ന്‌ പല ബ്രാന്റ്‌ പേരുകളിലാണ്‌ പല കമ്പനികളും പുറത്തിറക്കുക. കാല്‍പോള്‍, ഫെപാനെല്‍, ഡോളോ, ക്രോസിന്‍ ഇവയെല്ലാം പാരാസെറ്റമോള്‍ എന്നതിന്റെ കമ്പനികള്‍ക്കനുസരിച്ചുള്ള ബ്രാന്റ്‌ പേരുകളാണ്‌. കാല്‍പോള്‍ അല്ലെങ്കില്‍ ക്രോസിന്‍ എന്നതു കൂടാതെ ഓരോ മാത്രയും എത്ര മില്ലിഗ്രാം ഉള്‍ക്കൊണ്ടിട്ടുണ്ട്‌ എന്നും എഴുതിയിരിക്കും. Each tablet contains Paracetamol IP 500 mg എന്ന മട്ടിലായിരിക്കും അത്‌.
ലേബലില്‍ രേഖപ്പെടുത്താത്ത ഒരു പേരുകൂടി മരുന്നിനുണ്ട്‌. കെമിക്കല്‍ പേര്‌. പാരാസെറ്റമോളിന്റെ കെമിക്കല്‍ നെയിം പാരാഅസെറ്റമിനോ ഫീനോള്‍ എന്നാണ്‌. ഇങ്ങനെ ഓരോന്നിനും മൂന്നുതരം പേരുകളുണ്ടാകും.
മരുന്നിലടങ്ങിയിരിക്കുന്ന പ്രധാന രാസവസ്‌തു അല്ലെങ്കില്‍ ചേരുവ (റ്റാബ്‌ലെറ്റ്‌ ആണെങ്കില്‍ (each tablet contains); ക്യാപ്‌സൂള്‍ ആണെങ്കില്‍ (each capsule contains) സിറപ്പ്‌, ഇക്‌ജക്ഷന്‍ തുടങ്ങിയ ദ്രവവസ്‌തുക്കളാണെങ്കില്‍ (each 5 ml contains) ഇത്ര മില്ലിഗ്രാം എന്ന്‌ രേഖപ്പെടുത്തിയിരിക്കും. പ്രധാന രാസവസ്‌തു (active pharmaceutical ingredient) കൂടാതെ മറ്റു ചില രാസവസ്‌തുക്കള്‍ കൂടി മരുന്നില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ടാവും. ഉദാഹരണത്തിന്‌ നിറം, മധുരം എന്നിവ. ഫുഡ്‌ ആന്റ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (FDA) അംഗീകരിച്ചിട്ടുള്ള നിറങ്ങള്‍, (ഉദാ: സണ്‍സെറ്റ്‌ യെല്ലോ-sunset yellow) മധുരം പ്രദാനം ചെയ്യുന്ന രാസവസ്‌തുക്കള്‍, മരുന്ന്‌ സംരക്ഷിക്കുന്നതിനുള്ള രാസവസ്‌തു ക്കള്‍ (preservatives) എന്നിവ മാത്രമേ ഉപയോഗിക്കാവൂ എന്ന്‌ നിബന്ധനയുണ്ട്‌. ഇവയെ പ്പറ്റിയും ലേബലില്‍ രേഖപ്പെടുത്തിയിരിക്കും. അവയ്‌ക്കു നേരെ q.s എന്ന്‌ എഴുതിയിരി ക്കുന്നത്‌ കാണാം. അതായത്‌ quantity sufficient ആവശ്യത്തിന്‌/പാകത്തിന്‌ ഉള്ള അളവ്‌ ചേര്‍ത്തിരിക്കുന്നു എന്നര്‍ത്ഥം.

ഉപയോഗം പുറമെ മാത്രം/For external use ഒണ്‍ലി
മരുന്നുകള്‍ വായില്‍ക്കൂടി മാത്രമല്ല ഉള്ളില്‍ കടക്കുവാന്‍ ഉദ്ദേശിക്കപ്പെടുന്നത്‌. തൊലി, ചെവി, കണ്ണ്‌, മൂക്ക്‌, യോനി, മലദ്വാരം, ഇന്‍ജ്‌ക്ഷനുകള്‍ വഴി കടത്തിവിടാവുന്ന ഭാഗങ്ങള്‍, ഇവയെല്ലാം ഉള്ളിലേക്ക്‌ മരുന്ന്‌ എത്തിക്കാനുള്ള മാര്‍ഗ്ഗങ്ങളായി ഉപയോഗിക്കാം. അതുകൊണ്ടുതന്നെ ശരീരത്തിന്‌ പുറത്ത്‌ മാത്രം ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള മരുന്നുകളില്‍ 'for external use only' എന്ന്‌ എഴുതിയിരിക്കും. യോഗി, മലദ്വാരം ഇവയ്‌ക്കുള്ളില്‍ കടത്തിവെക്കാനുള്ള ഗുളികകള്‍, ആവി പിടിക്കുമ്പോള്‍ പൊട്ടിച്ചിടാനുള്ള ക്യാപ്‌സൂളുകള്‍, ആസ്‌തമയ്‌ക്കുവേണ്ടി റോട്ടാഹെയ്‌ലര്‍ (rotahaler) എന്ന ഉപകരണത്തില്‍ വയ്‌ക്കാവുന്ന ക്യാപ്‌സൂളുകള്‍, ഓയിന്റ്‌മെന്റുകള്‍, ലോഷനുകള്‍, ജെല്ലുകള്‍ ഇവയെല്ലാം ഉദാഹരണങ്ങളാണ്‌. അതുകൊണ്ട്‌ ഇത്‌ പ്രത്യേകം ശ്രദ്ധിക്കണം. For
external use only എന്നെഴുതിയിട്ടില്ലാത്തവ ഉള്ളില്‍ കഴിക്കാനുള്ളവയായിരിക്കും.

ബാച്ച്‌/ലോട്ട്‌ നമ്പര്‍/Batch Number, Lot Number
ഏതു ബാച്ചില്‍ അഥവാ ലോട്ടില്‍ ഈ മരുന്ന്‌ ഉള്‍പ്പെട്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ്‌ - Batch No / Lot No.
പല ദിവസങ്ങളില്‍ പല ബാച്ചുകളിലായിട്ടാണ്‌ മരുന്നിന്റെ ഉത്‌പാദനം നടക്കുന്നത്‌. ഒരുമിച്ച്‌ ഒരു തീയതിയില്‍ ഉത്‌പാദനത്തിനായെടുക്കുന്ന അസംസ്‌കൃത വസ്‌തുക്കള്‍ ക്കെല്ലാം കൂടി (മരുന്നായി രൂപപ്പെട്ടതിനുശേഷവും) ഒരു പ്രത്യേക നമ്പര്‍ കൊടുക്കുന്നു. ഉദാഹരണത്തിന്‌ ഒരു ബാച്ചില്‍ മൂന്നു ലക്ഷം ഗുളികകള്‍ / ക്യാപ്‌സൂളുകള്‍ ഉത്‌പാദിപ്പി ക്കപ്പെടുന്നുവെങ്കില്‍ ആ മൂന്നു ലക്ഷം ഗുളികകള്‍ക്കും ഒരേ ബാച്ച്‌ നമ്പര്‍ തന്നെയാവും ഉണ്ടാവുക.
ഗുണനിലവാരം ഉറപ്പുവരുത്തുന്ന സാഹചര്യങ്ങളില്‍ എപ്പോഴെങ്കിലും ഈ ബാച്ചില്‍പ്പെട്ട മരുന്ന്‌ അതിന്റെ മാനദണ്‌ഡങ്ങള്‍ ഉറപ്പു വരുത്തുന്നില്ല എന്ന്‌ തിരിച്ചറി ഞ്ഞാല്‍ അതിന്റെ ബാച്ച്‌ നമ്പറിന്‌ വളരെ പ്രസക്തിയുണ്ട്‌. കാരണം പരസ്യം വഴിയോ മറ്റ്‌ മുന്നറിയിപ്പുകള്‍ വഴിയോ ആ പ്രത്യേക ബാച്ചിലെ മരുന്നിന്റെ വില്‌പന തടയുക എന്നതാണ്‌ അടുത്ത നടപടി.
വിതരണത്തിനായി കമ്പനിയില്‍ നിന്നും പുറത്തിറങ്ങിയതിനുശേഷവും മരു ന്നിന്റെ ഗുണനിലവാരമില്ലായ്‌മ കണ്ടു പിടിക്കപ്പെട്ടിട്ടുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അപ്പോള്‍ നിരോധിച്ച മരുന്നുകള്‍ എന്ന തലക്കുറിയോടെ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ ഡിപ്പാര്‍ ട്ട്‌മെന്റ്‌ പത്രങ്ങളില്‍ പരസ്യം ചെയ്യും. ആ ലിസ്റ്റില്‍ മരുന്നിന്റെ പേരും നിര്‍മ്മാതാവിന്റെ പേരും ബാച്ച്‌ നമ്പറും ആണ്‌ ഉണ്ടാവുക. ഇങ്ങനെ നിരോധിക്കപ്പെട്ട മരുന്ന്‌ - പ്രത്യേക കമ്പനിയുടെ പ്രത്യേക ബാച്ച്‌ നമ്പര്‍ ഉള്ള മരുന്ന്‌ പിന്നീട്‌ വില്‍ക്കുന്നതും വാങ്ങുന്നതും ആശാസ്യമല്ല. മരുന്നിന്റെ ലേബല്‍ കൃത്യമായി ശ്രദ്ധിക്കുന്നവര്‍ക്കേ ഇത്തരം വിവരങ്ങള്‍ തിരിച്ചറിയാനാകൂ.
ചിലപ്പോള്‍ ഉത്‌പാദനത്തിനായി ഒരു ബാച്ചില്‍ എടുക്കുന്ന ചേരുവകളെ സൗകര്യാര്‍ത്ഥം ചെറിയ വിഭാഗങ്ങളായി വീണ്ടും വിഭജിക്കാറുണ്ട്‌. ഓരോന്നിനും ഓരോ നമ്പര്‍ കൊടുക്കും. അതാണ്‌ ലോട്ട്‌ നമ്പര്‍.

മുന്നറിയിപ്പുകള്‍/Warnings and Directions
മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും അടങ്ങുന്ന സൂചനകളാണിവ Warnings and
Directions മരുന്ന്‌ എങ്ങനെ സൂക്ഷിച്ചുവയ്‌ക്കണം എന്നത്‌ പ്രധാന നിര്‍ദ്ദേശമാണ്‌. For 'Protect from Light' എന്നത്‌ പ്രകാശമേല്‍ക്കാതെ സൂക്ഷിച്ചുവയ്‌ക്കണം എന്നു സൂചിപ്പി ക്കുന്നു. സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മരുന്നിനെ സംരക്ഷിക്കാനാണിത്‌. ഏത്‌ താപനിലയില്‍ സൂക്ഷിച്ചു വയ്‌ക്കണം എന്ന്‌ ചില മരുന്നുകളില്‍ നിര്‍ദ്ദേശിക്കും. 'Store in a cool dry place' - 8 ഡിഗ്രി സെന്റീ ഗ്രേഡിനും 25 ഡിഗ്രി സെന്റീഗ്രേഡിനും ഇടയ്‌ക്കുള്ള താപനിലയാണിത്‌. അന്തരീക്ഷത്തിലെ താപനിലയും ഈര്‍പ്പത്തിന്റെ ഏറ്റക്കുറച്ചിലുകളും സൂര്യപ്രകാശവും ഒക്കെ മരുന്നിനെ സ്വാധീനിക്കുമെന്നതുകൊണ്ട്‌ ഇത്തരം നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
കണ്ണിലൊഴിക്കുന്ന മരുന്നുകളുടെ ലേബല്‍ ശ്രദ്ധിച്ചാല്‍ കുപ്പിയുടെ സീലു തുറന്ന്‌ ഒരു മാസത്തിനുള്ളില്‍ ഉപയോഗിക്കണം എന്നെഴുതിയിരിക്കുന്നത്‌ കാണാം. സീല്‍ തുറന്ന്‌ ഒരു മാസത്തിനുശേഷം മരുന്ന്‌ ബാക്കിയുണ്ടെങ്കില്‍ അത്‌ ഉപയോഗിക്കാന്‍ പാടില്ല എന്നാണ്‌ ഉദ്ദേശിക്കുന്നത്‌.
സിറപ്പുപോലുള്ള മരുന്നുകളില്‍ 'Shake well before use' നല്ലതുപോലെ കുലുക്കി യതിനുശേഷം ഉപയോഗിക്കണം - എന്നെഴുതിയിരിക്കും. മരുന്നിന്റെ മുഖ്യാംശം കുപ്പി യുടെ അടിയില്‍ ഊറിയിരിക്കുന്നതുകൊണ്ട്‌ നല്ലതുപോലെ കുലുക്കി ഉപയോഗിച്ചി ല്ലെങ്കില്‍ ഡോക്‌ടര്‍ ഉദ്ദേശിക്കുന്നത്ര അളവ്‌ ശരീരത്തിന്‌ ലഭിക്കില്ല.

തിയ്യതികള്‍/Manufacturing date, Expiry date
Mfg. Dt. (Manufacturing date എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. മരുന്ന്‌ ഉത്‌പാദിപ്പി ക്കപ്പെട്ട തീയതിയാണ്‌.
Exp. Dt. (Expiry date) എന്നതിനോടൊപ്പം മാസവും വര്‍ഷവും എഴുതിയിരിക്കും. ശരിയായ രീതിയില്‍ സൂക്ഷിച്ചാല്‍ മരുന്നിന്റെ വീര്യം നഷ്‌ടപ്പെടാതെ, രേഖപ്പെടുത്തി യിരിക്കുന്ന മാസത്തിന്റെ അവസാന തീയതിവരേയും മരുന്ന്‌ ഉപയോഗിക്കാന്‍ കഴിയും എന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

എത്രയളവ്‌ കഴിക്കണം/Dosage
മരുന്നിനു മുകളില്‍ dosage : as directed by the physician എന്നു കാണാറില്ലേ ?. സ്വന്തം ഇഷ്‌ടപ്രകാരവും ബുദ്ധിക്കനുസരിച്ചും മാറ്റിമറിക്കാനുള്ളതല്ല മരുന്നിന്റെ മാത്രാ നിര്‍ണ്ണയം. ഡോക്‌ടര്‍ പറയുന്നതുപോലെ ഒരു ദിവസം ഇത്രനേരം വീതം ഇത്ര ദിവസം കഴിച്ചെങ്കിലേ ഫലപ്രാപ്‌തിയിലെത്തുകയുള്ളു. ആന്റിബയോട്ടിക്കുകളൊക്കെ കഴിക്കു മ്പോള്‍ ഇത്‌ വളരെ ശ്രദ്ധിക്കണം. അസുഖം കുറഞ്ഞു എന്ന്‌ തോന്നുമ്പോള്‍ ആന്റി ബയോട്ടിക്കുകള്‍ നിര്‍ത്തുന്നതും ഏഴു ദിവസത്തേക്ക്‌ ഡോക്‌ടര്‍ കുറിച്ചു തന്നാല്‍ മൂന്നു നാലു ദിവസത്തേക്ക്‌ മാത്രം വാങ്ങുന്നതും വഴി മനുഷ്യരാശിയെ മൊത്തം ബാധിക്കുന്ന വിപത്തിലേക്കാണ്‌ രോഗി കൂട്ടിക്കൊണ്ടുപോകുന്നത്‌. കാരണം സമര്‍ത്ഥ നായ രോഗാണു കുറഞ്ഞ അളവില്‍ ശരീരത്തിലെത്തുന്ന മരുന്നിനെ ചെറുത്തു തോല്‌പിക്കാന്‍ കെല്‌പുള്ള പുതിയ തലമുറയെ സൃഷ്‌ടിക്കുകയും അവയെ വര്‍ദ്ധിപ്പി ക്കുകയും ചെയ്യും. ഫലമോ, ഈ മരുന്ന്‌ പിന്നീട്‌ ഫലപ്രദമാകാതെ വരും. പുതിയ ശക്തി കൂടിയ ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കേണ്ടതായും വരും. അതുകൊണ്ട്‌ മനുഷ്യലോകത്തിന്റെ മുഴുവനും ഉത്തരവാദിത്തമാണ്‌ ആന്റിബയോട്ടിക്ക്‌ കഴിക്കു മ്പോള്‍ നാം ഏറ്റെടുക്കുന്നത്‌ എന്നോര്‍മ്മിക്കണം. ഹൃദയസംബന്ധമായും മറ്റും തുടര്‍ച്ചയായി മരുന്നു കഴിക്കുന്നവരും മരുന്നിന്റെ സമയക്രമത്തില്‍ ശ്രദ്ധിക്കണം. മരുന്നിന്റെ അളവ്‌ രക്തത്തില്‍ ഒരുപോലെ നിലനിര്‍ത്തുവാനാണ്‌ രണ്ടു നേരമോ മൂന്നു നേരമോ (ഒരു ദിവസത്തില്‍) മരുന്ന്‌ കഴിക്കണം എന്ന്‌ നിര്‍ദ്ദേശിക്കുന്നത്‌. മറന്നുപോയാല്‍, ഓര്‍ക്കുമ്പോള്‍ ഉടനെ തന്നെ മറന്നുപോയ ' മാത്ര' മാത്രം കഴിക്കുക. രണ്ടെണ്ണം ഒരുമിച്ച്‌ കഴിക്കുന്നത്‌ അഭികാമ്യമല്ല.

ഷെഡ്യൂളുകള്‍/Schedules
ചില മരുന്നുകളുടെ ലേബലില്‍ ഒരു ചതുരത്തിനുള്ളിലായോ അല്ലാതെയോ War ning : Schedule H Drug - To be sold on retail on the prescription of a Registered Medical Practioner only എന്ന്‌ കാണാം. രജിസ്‌റ്റര്‍ ചെയ്‌ത്‌ പ്രാക്‌ടീസ്‌ നടത്തുന്ന ഒരു ഡോക്‌ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രമെ ആ മരുന്ന്‌ വില്‌പന നടത്താവൂ എന്നാണര്‍ത്ഥം. മറ്റു ചിലതില്‍, (ഉദാ: ഇഞ്ചക്ഷനുകള്‍) Schedule - G: Caution - It is dangerous to take this preparation except under medical supervision എന്നായിരിക്കും രേഖപ്പെടുത്തിയിട്ടുണ്ടാവുക.
മരുന്നുകളെ അടിസ്ഥാനപരമായി രണ്ടായി തരം തിരിക്കാം. ഡോക്‌ടറുടെ കുറി പ്പടി ഉണ്ടെങ്കില്‍ മാത്രം ലഭിക്കാവുന്നവയും (Prescription only drugs), കുറിപ്പടി ഇല്ലാതെ തന്നെ വാങ്ങാവുന്നവയും (over the counter/- OTC drugs) പാരാസെറ്റമോള്‍ പോലുള്ള വേദന സംഹാരികളും മലശോധന, ചുമ തുടങ്ങിയവയ്‌ക്കുള്ള മരുന്നുകളും ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ വില്‌പന നടത്താം എന്നുള്ളതുകൊണ്ട്‌ ഒടിസി വിഭാഗത്തില്‍ പ്പെടുന്നു. ദിവസേന എത്ര അളവ്‌ (മാത്ര -dose) കഴിക്കണമെന്നോ എത്രനാള്‍ കഴിക്കണ മെന്നോ രേഖപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട്‌ ഇവ സ്വയം ചികിത്സയ്‌ക്കായി ഉപയോഗി ക്കുന്നത്‌ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ മരുന്നുമായി ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ട താണ്‌.
സ്വയം ചികിത്സ പലതരം പ്രശ്‌നങ്ങളിലേക്ക്‌ നയിക്കാനുള്ള സാധ്യതയുണ്ട്‌. തുടര്‍ച്ചയായി കഴിക്കുമ്പോള്‍ അളവ്‌ കൂടുതലായി ഉപയോഗിച്ചാലേ പ്രയോജനപ്പെടൂ എന്ന സ്ഥിതിയിലെത്തിച്ചേര്‍ന്നേക്കാം എന്നതാണ്‌ ഒന്ന്‌. അതുകൊണ്ടുതന്നെ ഉപ യോഗം നിര്‍ത്താന്‍ ബുദ്ധിമുട്ടായിത്തീര്‍ന്നേക്കാം എന്നത്‌ മറ്റൊന്ന്‌. ഉദാഹരണത്തിന്‌ മലശോധനയ്‌ക്കുള്ള മരുന്നുകള്‍ ഒരിക്കല്‍ ഉപയോഗിച്ച്‌ പിന്നീട്‌ ശീലമാക്കിയാല്‍ അതു കൂടാതെ മലശോധന ഉണ്ടാകില്ല എന്ന സ്ഥിതി വരാം. മരുന്ന്‌ ഭക്ഷണമെന്ന നിലയിലേക്ക്‌ മാറുന്നത്‌ ആശാസ്യമല്ല.
ആന്റി ബയോട്ടിക്കുകള്‍ ഉള്‍പ്പെടുന്ന, ഡോക്‌ടറുടെ കുറിപ്പടി കണ്ട്‌ ബോദ്ധ്യപ്പെട്ടാല്‍ മാത്രം വില്‌പന നടത്താന്‍ ഉദ്ദേശിക്കപ്പെട്ട മരുന്നുകളുടെ ലേബലില്‍ ഷെഡ്യൂള്‍ H എന്നെഴുതിയിരിക്കും. ഡോക്‌ടറുടെ നിര്‍ദ്ദേശമില്ലാതെ ഇവ കഴിക്കുന്നത്‌ സുരക്ഷിതമല്ല. ഇഞ്ചക്ഷനുവേണ്ടിയുള്ള മരുന്നുകള്‍ ഉള്‍പ്പെടുന്ന ' Schedule G Drug' ല്‍ ഡോക്‌ടറുടേയോ നഴ്‌സിന്റേയോ മേല്‍നോട്ടത്തിലല്ലാതെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത്‌ അപകടകരമാണ്‌ എന്നാണ്‌ എഴുതിയിട്ടുണ്ടാവുക.

നിയന്ത്രിത മരുന്നുകള്‍/Controlled drugs
മനോരോഗ ചികിത്സയ്‌ക്കുള്ള മരുന്നുകളെ നിയന്ത്രിക്കപ്പെട്ടവ (Controlled drugs) എന്ന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നു. ഇവയ്‌ക്ക്‌ ലേബലില്‍ Rx എന്നതിനു പകരം NRx എന്നുണ്ട്‌. ഈ വിഭാഗത്തില്‍പ്പെട്ട മരുന്നുകളെപ്പറ്റിയുള്ള നിയമങ്ങള്‍ നാര്‍ക്കോട്ടിക്‌ ആന്റ്‌ സൈക്കോട്രോപിക്‌ സബ്‌സ്‌റ്റന്‍സ്‌ ആക്‌ട്‌ (Narcotic and Pshychotropic substance Act) പ്രകാരമാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. അതിന്‍പ്രകാരം കര്‍ശനമായ നിയമങ്ങള്‍ക്കനുസരിച്ചാണ്‌ ഈ മരുന്നുകള്‍ സൂക്ഷിക്കേണ്ടതും വില്‌ക്കേ ണ്ടതും. ഡോക്‌ടറെ സമീപിക്കാതെ ഒരേ കുറിപ്പടി കൊടുത്ത്‌ തുടരെത്തുടരെ ഇത്തരം മരുന്ന്‌ വാങ്ങിക്കഴിക്കുന്നത്‌ അഭികാമ്യമല്ല. തീരെ സുരക്ഷിതവുമല്ല.

സാംപിള്‍, വില്‌പനയ്‌ക്കല്ല/Physicians Sample. Not to be Sold
ഡോക്‌ടര്‍ക്ക്‌ മാതൃക (sample) കാണിക്കുവാനായി മരുന്നുകമ്പനികള്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ ലേബലില്‍ Physicians Sample Not to be Sold എന്ന്‌ എഴുതിയിരി ക്കണം എന്നുണ്ട്‌. അത്‌ വില്‌പന നടത്താനുള്ളതല്ല.
ഇപ്രകാരം മരുന്നുകളുടെ ലേബല്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നത്‌ ഒരു ശീലമാക്കുക. അവയുടെ പ്രയോജനകരമായ ഉപഭോഗത്തിന്‌ ഇത്‌ സഹായിക്കും.

പ്ലാസ്റ്റിക്കിന്റെ ഉപയോഗം ശ്രദ്ധയോടെ

പ്ലാസ്റ്റിക്കിനെപ്പറ്റിയും പല തരം പ്ലാസ്റ്റിക്‌ ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുമ്പോഴും ഉപയോഗശേഷം ഉപേക്ഷിക്കുമ്പോഴും മനുഷ്യനും പ്രകൃതിയ്‌ക്കും വരുന്ന പ്രശ്‌നങ്ങളെപ്പറ്റിയും നമുക്ക്‌ വളരെ അവബോധം ഉണ്ട്‌. പക്ഷേ നാം ഒരു ലോഭവും കൂടാതെ ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. ഓരോരു ത്തരും ബോധപൂര്‍വ്വം ഇവയുടെ ഉപയോഗനിരക്ക്‌ കുറയ്‌ക്കുക എന്നത്‌ പ്രാവര്‍ത്തികമാക്കാ വുന്നതാണ്‌. ഉപയോഗശേഷം ഉപേക്ഷിക്കപ്പെട്ടവ എന്തുചെയ്യണമെന്നതിന്റെ ചര്‍ച്ചകളെ തുടര്‍ന്നുള്ള പ്രാഥമിക സംരംഭങ്ങളെപ്പറ്റിയും പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ശേഖരിച്ച്‌ ആറായി തരം തിരിച്ച്‌ റീസൈക്കിള്‍ ചെയ്യുവാനാണ്‌ ഇത്തരം സംരംഭങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും മാധ്യമങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ പ്ലാസ്റ്റിക്‌ പാത്രങ്ങള്‍ വാങ്ങുമ്പോള്‍ പല വിഭാഗത്തില്‍പ്പെട്ട പ്ലാസ്റ്റിക്കുകളെ തിരിച്ചറിയുവാനായി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒന്ന്‌ അറിഞ്ഞുവെയ്‌ക്കുന്നത്‌ നന്നായിരിക്കും.
പല വിഭാഗത്തില്‍പ്പെട്ട പ്ലാസ്റ്റിക്‌ ഉത്‌പന്നങ്ങളെ പ്രധാനമായും 1 മുതല്‍ 7 വരെ കോഡ്‌ നമ്പര്‍ നല്‍കി തരംതിരിച്ചിരിക്കുന്നു. ലേബലിലോ പാത്രങ്ങളുടെ മറ്റുഭാഗങ്ങളിലോ ഇത്തരം നമ്പറുകളോ ചുരുക്കപ്പേരുകളോ രേഖപ്പെടുത്തിയിരിക്കും. നമ്മുടെയൊക്കെ വീടുകളിലെ ഫ്രിഡ്‌ജില്‍ കയറിക്കൂടിയിരിക്കുന്ന കുടിവെള്ള കുപ്പികളും ലഘുപാനീയ (soft drinks) കുപ്പികളും ഒന്ന്‌ നിരീക്ഷിക്കാം. ലേബലിലോ മറ്റെവിടെയെങ്കിലുമോ PET (പോളി എഥിലിന്‍ റ്റെറി താലേറ്റ്‌ എന്നതിന്റെ ചുരുക്കപ്പേരാണ്‌ PET) എന്നോ ത്രികോണാകൃതിക്കുള്ളില്‍ നമ്പര്‍ ഒന്ന്‌ - .... എന്നോ രേഖപ്പെടുത്തിയിട്ടുണ്ടാകും. Please destroy the bottle after use / crush the bottle after use എന്ന നിര്‍ദ്ദേശവുംകാണാം. കടയില്‍ നിന്ന്‌ മറ്റാവശ്യങ്ങള്‍ക്ക്‌ പ്ലാസ്റ്റിക്‌ പാത്രങ്ങള്‍ വാങ്ങുമ്പോഴും PET എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ ശ്രദ്ധിക്കുക. കാരണം ഈ ഗ്രേഡില്‍പ്പെട്ട പ്ലാസ്റ്റിക്‌ ഉല്‍പ്പന്നങ്ങള്‍ ഒറ്റപ്രാവശ്യം മാത്രം ഉപയോഗിക്കുവാന്‍ വേണ്ടി മാത്രമാണ്‌ ഉദ്ദേശിച്ചിട്ടുള്ളത്‌. റീസൈക്കിള്‍ ചെയ്‌തെടുത്താലേ വീണ്ടുമുള്ള ഉപയോഗത്തിന്‌ സാദ്ധ്യമാകൂ. പക്ഷേ ഇവയൊക്കെ നമ്മുടെ ഫ്രിഡ്‌ജിലും വഴിയോരത്തുമൊക്കെ കിടക്കുകയല്ലേ.
നമ്പര്‍ 2 (ഹൈഡന്‍സിറ്റി പോളി എഥിലീന്‍ HDPE), നമ്പര്‍ 3 (പോളിവിനൈല്‍ക്ലോറൈഡ്‌ - PVC), നമ്പര്‍ 4 (ലോഡെന്‍സിറ്റി പോളി എഥിലീന്‍- LDPE, പെറ്റിക്കോട്ട്‌ ബാഗുകള്‍, ഭക്ഷണം പൊതിയാനുള്ള പേപ്പറുകള്‍), നമ്പര്‍ 6 (പോളിസ്റ്റൈറീന്‍), നമ്പര്‍ 7 (പോളികാര്‍ബണേറ്റ്‌ - വാട്ടര്‍ബോട്ടിലുകള്‍, ബേബി ബോട്ടിലുകള്‍) എന്നിങ്ങനെയാണ്‌ പല വിഭാഗത്തില്‍പ്പെട്ട പ്ലാസ്റ്റിക്‌ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പോളിമെറുകളുടെ കോഡിങ്ങ്‌. പാത്രങ്ങളില്‍ നമ്പറുകളോ ചുരുക്കപ്പേരുകളോ ഉണ്ടോ എന്ന്‌ നോക്കി ഇവയൊന്നും വീണ്ടും വീണ്ടും കഴുകിയെടുത്തുള്ള ഉപയോഗിത്തിനുള്ളവയല്ലെന്ന്‌ ഓര്‍മ്മവയ്‌ക്കുക.
നമ്പര്‍ 5 (പോളിപ്രൊപിലീന്‍ - PP) എന്ന വിഭാഗം പ്ലാസ്റ്റിക്‌ ആണ്‌ ആശാവഹമായുള്ളത്‌. ഇവ വീണ്ടും വീണ്ടും കഴുകിയെടുത്ത്‌ ഭക്ഷണപാനീയങ്ങള്‍ സൂക്ഷിക്കുവാനായി സുരക്ഷിതമാണെന്ന്‌ ഗവേഷണവൃത്തങ്ങള്‍ പറയുന്നു. മറ്റു വിഭാഗത്തില്‍പ്പെട്ടവ (1,2,3,4,6,7 നമ്പര്‍ കോഡിങ്ങ്‌ ഉള്ളവ) വീണ്ടും വീണ്ടും കഴുകുമ്പോഴും ഭക്ഷണപാനീയങ്ങള്‍ സൂക്ഷിച്ചുവയ്‌ക്കുമ്പോഴും പലതരം രാസപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നു. ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ ഭക്ഷണപാനീയങ്ങളിലേക്ക്‌ ഊറിയിറങ്ങി കാന്‍സറിന്‌ കാരണമാകുവാനും ഹോര്‍മോണുകള്‍ക്ക്‌ ക്ഷതം വരുത്താനും ഇടയാക്കുമെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട്‌ ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുവാന്‍ ഗുണമേന്മയുള്ളതും സുരക്ഷിതവുമായ നമ്പര്‍ 5 അഥവ PP എന്ന്‌ രേഖപ്പെടുത്തിയിട്ടുള്ള പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുക.
എത്ര തന്നെ സുരക്ഷിതമാണെന്നവകാശപ്പെടുന്ന പ്ലാസ്റ്റിക്‌ ഉത്‌പന്നങ്ങളായാലും ചൂടുള്ള ഭക്ഷണപാനീയങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോഴും ചൂടുള്ള അവസ്ഥയിലും (മൈക്രോവേവ്‌ അവന്‍, സൂര്യപ്രകാശം, തീയ്‌) അവയില്‍ നിന്ന്‌ അപകടകാരികളായ രാസവസ്‌തുക്കള്‍ ഊറിയിറ ങ്ങാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന്‌ പരിതിസ്ഥിതിഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പ്ലാസ്റ്റിക്‌ ഉത്‌പന്നങ്ങള്‍ കത്തിക്കുമ്പോള്‍ പുറത്തേക്ക്‌ വമിക്കുന്ന രാസവസ്‌തുക്കളും (ഡയോക്‌സിന്‍) അന്തരീക്ഷത്തില്‍ കലരുന്നത്‌ വിനാശകരമാണ്‌.
പല വിഭാഗത്തില്‍പ്പെട്ട പ്ലാസ്റ്റിക്‌ ഉത്‌പന്നങ്ങളെപ്പറ്റിയും റീസൈക്കിള്‍ ചെയ്‌തെടുക്കുന്നതിന്റെ പിന്നിലുള്ള കാരണങ്ങളെപ്പറ്റിയും മനസ്സിലാക്കികഴിഞ്ഞു. ഇനി ചെയ്യേണ്ടത്‌ ഇത്രമാത്രം; തുടങ്ങി വച്ചിരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക്‌ ശേഖരണത്തില്‍ നമുക്കും പങ്കുചേരാം. പ്രകൃതിയെ സംരക്ഷിക്കാം.

പ്രമേഹത്തിനു മരുന്നു കഴിക്കുന്നുണ്ടെങ്കില്

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞാല്‍

വിളര്‍ച്ച, തളര്‍ച്ച, കൂടിയ ഹൃദയ മിടിപ്പ്, മങ്ങിയ കാഴ്ച, വിശപ്പ് ഇവയെല്ലാം കൂടിച്ചേര്‍ന്ന ഒരവസ്ഥയാണ് 
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിക്കപ്പുറം കുറയുമ്പോള്‍ നമുക്ക് തോന്നുന്നത്. സാധാരണയായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 
100 മില്ലി ലിറ്ററില്‍ 80 - 120 മില്ലിഗ്രാം എന്നതാണ്.

ഈ അളവ് 70 മില്ലിഗ്രാമില്‍ കുറഞ്ഞു പോയാല്‍ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥ വന്നു ചേരും.

ശരീരം മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോടെ പ്രതികരിക്കും. പ്രമേഹ രോഗമുള്ളവര്‍ അതിനെതിരെ ഉള്ള മരുന്നുകള്‍ കൂടിയ അളവില്‍ ഉപയോഗിക്കുമ്പോള്‍
ഹൈപ്പോഗ്ലൈസീമിയ ഉണ്ടായേക്കാം. പ്രമേഹ രോഗത്തിനെതിരെ ഭക്ഷണത്തിന് മുന്‍പ് കഴിക്കേണ്ട മരുന്നുകള്‍ കഴിച്ചതിനു ശേഷം
യഥാസമയം ഭക്ഷണം കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വളരെ കുറയും. പ്രമേഹ രോഗം ഇല്ലാത്തവരിലും ഹൈപ്പോഗ്ലൈസീമിയ
പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. 

ചിലതരം മരുന്നുകളുടെ ദീര്‍ഘ കാലമായുള്ള ഉപയോഗം , ഹോര്‍മോണുകളുടെ കുറവ്,നിരന്തരമായ പട്ടിണി ,
ചില അവയവങ്ങളുടെ തകരാറ്, മദ്യപാനം,രോഗാണു ബാധയെ തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന ഉപചയ പ്രവര്‍ത്തനങ്ങളുടെ തകരാറ് ,
ശരീരത്തിനുള്ളില്‍ കടന്നുകൂടുന്ന വിഷം എന്നിവയെല്ലാം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്ന ഘടകങ്ങള്‍ ആണ് .

കാരണങ്ങള്‍ എന്തായിരുന്നാലും എത്രയും വേഗം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിശ്ചിത അളവിലേക്ക് ഉയര്‍ത്തുക എന്നതാണ് ചികിത്സ.
പ്രമേഹ രോഗമുള്ളവര്‍ അതിനെതിരെയുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ പലപ്പോഴുംഹൈപ്പോഗ്ലൈസീമിയക്ക് അടിമപ്പെടാറുണ്ട്. ചെറുതായി ലക്ഷണങ്ങള്‍
കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചികിത്സ തുടങ്ങാനായാല്‍ ഹൈപ്പോഗ്ലൈസീമിയയുടെ സങ്കീര്‍ണ്ണമായ അപകടങ്ങളില്‍ നിന്നും ഒഴിവാകാം.

ഗ്ലൂക്കോസ് അടങ്ങിയ ഗുളികകള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ പ്രമേഹ രോഗികള്‍ എപ്പോഴും കയ്യില്‍ കരുതണം. വിളര്‍ച്ച , തളര്‍ച്ച,
കൂടിയ ഹൃദയമിടിപ്പ്, മങ്ങിയ കാഴ്ച,തലക്കറക്കം എന്നിവ പ്രകടമാകുമ്പോള്‍ തന്നെ ഇവ കഴിക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ
നിലയിലേക്ക് എത്തിക്കണം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിക്കപ്പുറം കുറയുമ്പോള്‍ അത് തലച്ചോറിനെയാണ് പ്രധാനമായും
ബാധിക്കുന്നത്. അബോധാവസ്ഥ മുതല്‍ തലച്ചോറിന്റെ കേടുപാടുകളിലോ മരണത്തിലോ എത്തിച്ചേര്‍ന്നേക്കാവുന്ന സ്ഥിതിയാണത്.
അതിനാല്‍ വളരെ സൂക്ഷിക്കേണ്ട ഒരു അപകടാവസ്ഥയാണിത്. പലപ്പോഴും അബോധാവസ്ഥയിലാകും മുമ്പ് ശരീരത്തില്‍ മുന്നറിയിപ്പുകള്‍
ഒന്നുംതന്നെ പ്രകടമായില്ലെന്നു വരാം. അങ്ങനെയായാല്‍ മുന്‍കരുതല്‍ എടുക്കുവാനുള്ള സാവകാശം രോഗിക്ക് ലഭിക്കാന്‍ സാധ്യത വളരെ
കുറയും. വിദേശ രാജ്യങ്ങളില്‍ ഞാന്‍ "പ്രമേഹ രോഗിയാണ്" എന്നെഴുതിയ ഒരു കാര്‍ഡ് കയ്യില്‍ കെട്ടുന്ന ഒരു രീതിയുണ്ട്. പെട്ടെന്ന്
അബോധാവസ്ഥയില്‍ ആകുന്ന രോഗിക്ക് പ്രഥമ ചികിത്സ ലഭ്യമാകാന്‍ ഇതു സഹായിക്കും.

ആന്റി ഓക്സിഡന്റുകള്‍

തീ കത്തുന്നത് ഓക്സിജന്റെ സഹായത്തോടെയാണെന്ന് നമുക്കറിയാം.കത്തുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജത്തെ പണ്ടേ മനുഷ്യന്‍ തിരിച്ചറിഞ്ഞ് ഉപയോഗിക്കുകയും ചെയ്തിരുന്നു.ഇതുപോലെ നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും ആഹാരത്തില്‍ നിന്ന് ഊര്‍ജ്ജത്തെ ഉത്പാദിപ്പിക്കാന്‍ ഓക്സിജന്റെ സാന്നിദ്ധ്യം കൂടിയേ കഴിയൂ. പക്ഷെ ഈ പ്രക്രിയയ്ക്ക് ( Oxidation) ശരീരം വലിയ വില കൊടുക്കേണ്ടതുണ്ടെന്ന് നാം മനസ്സിലാക്കിയിട്ടുണ്ടോ...? നാം ഊര്‍ജ്ജ്വസ്വലതയോടെ മിടുക്കരായി നടക്കുമ്പോള്‍ അതുപോലെതന്നെ ഊര്‍ജ്ജ്വസ്വലതയുള്ള ( reactive),സ്ഥിരതയില്ലാത്ത ( unstable) തന്മാത്രകള്‍ അതോടൊപ്പം നമ്മുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കുറഞ്ഞ അളവില്‍ ഇവ ശരീരത്തിന്റെ ചില രാസപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്‍.എന്നാല്‍ കൂടിയ അളവിലുള്ള ഇവയുടെ സാന്നിദ്ധ്യം നമ്മുടെ ആരോഗ്യമുള്ള ശരീരകോശങ്ങള്‍ക്ക് വളരെ അപകടം ഉണ്ടാ‍ക്കും.

“ഫ്രീ റാഡിക്കലുകള്‍ “ ( free radicals)എന്നറിയപ്പെടുന്ന ഇത്തരം തന്മാത്രകളില്‍ ജോടിയില്ലാത്ത ഒരു ഇലക്ട്രോണ്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് അവ അസ്ഥിരമായ അവസ്ഥയിലാണ്.ജോഡിയെ കൂടെചേര്‍ത്ത്, സ്ഥിരത കൈവരിക്കുന്നതിനായി ഇവ എപ്പോഴും ഒരുങ്ങിയിരിക്കുകയും രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സദാ തയ്യാറായിരിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ ഒരു രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകഴിഞ്ഞാല്‍ വീണ്ടും വീണ്ടും പുതിയ ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഒരു ചങ്ങലയ്ക്കാണ്(chain reaction)തുടക്കമിടുന്നത്. ഇത്തരത്തിലുള്ള ഫ്രീ റാഡിക്കലുകളുടെ അമിതമായ ഉത്പാദനമാണ് നമ്മുടെ ശരീരകോശങ്ങള്‍ക്ക് അപകടകരമായി മാറുന്നത്.

ആരോഗ്യമുള്ള ശരീരകോശങ്ങള്‍ വളരെ കുറഞ്ഞ തോതില്‍ ഫ്രീ റാഡിക്കലുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷേ,റേഡിയേഷന്‍ , പുകവലി, മദ്യം,അന്തരിക്ഷമലിനീകരണം, തുടങ്ങിയ അനേകഘടകങ്ങള്‍ ഇതിനെ പതിന്മടങ്ങായി വര്‍ദ്ധിപ്പിക്കുന്നു എന്നു നാം മനസ്സിലാക്കണം. ശരീരത്തില്‍ അമിതമായ നിരക്കില്‍ ഇവ ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ നമ്മുടെ ഡി.എന്‍ .എ ( DNA) യ്ക്കും ജനിതക ഘടനയ്ക്കും ( Genetic material)മാറ്റം വരുന്ന അവസ്ഥയിലെത്തും.ഒരിക്കലും ശരിയാകാന്‍ പറ്റാത്ത ഇത്തരം മാറ്റങ്ങള്‍ ക്യാന്‍സറിനും, മറ്റ് അസുഖങ്ങള്‍ക്കും വഴി തുറക്കും. പ്രായം കൂടുന്തോറും, ഫ്രീ റാഡിക്കലുകളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറഞ്ഞു വരുമെന്നതും ഓര്‍മ്മിക്കണം.

നിരന്തരമായി ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അപകടകാരികളായ ഈ ഫ്രീ റാഡിക്കലുകളുടെ

പ്രവര്‍ത്തനത്തെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ശരീരകോശങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിന് വളരെ ആവശ്യമാണ്.അതിനുള്ള കഴിവ് ആന്റി ഓക്സിഡ്ന്റ് ( anti oxidants) എന്ന വിഭാഗം രാസപദാര്‍ത്ഥങ്ങള്‍ക്കുണ്ട്. ശരീരത്തിനു ഹാനികരമായതരത്തിലുള്ള ഓക്സീകരണത്തെ വൈകിപ്പിക്കുകയോ,തടസ്സപ്പെടുത്തുകയോ ചെയ്യുക എന്നതാണ് ഇവയുടെ ധര്‍മ്മം. അതുവഴി ഫ്രീ റാഡിക്കലുകള്‍ ശരീരത്തെ അപായപ്പെടുത്തുന്നതരം രാസപ്രക്രിയകളെ കുറയ്ക്കാനോ, നിര്‍വീര്യമാക്കാനോ,തടസ്സപ്പെടുത്താനോ കഴിയും. എല്ല്, സന്ധി,എന്നിവയുടെ പ്രവര്‍ത്തനം വഷളാകുക ,രോഗപ്രതിരോധവ്യവസ്ഥ താറുമാറാകുക,പ്രായമേറി വരുന്നതിന്റെ ലക്ഷണങ്ങള്‍ വളരെ വേഗം പ്രകടമാവുക അവയവങ്ങളുടെ തേയ്മാനം എന്നിവയാണ് ഫ്രീ റാഡിക്കലുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതുമൂലംശരീരത്തില്‍ വരുന്ന പ്രശ്നങ്ങള്‍ .

പക്ഷെ, നിര്‍ഭാഗ്യവശാല്‍ ആന്റി ഓക്സിഡന്റ് വിഭാഗത്തില്‍പ്പെട്ട

രാസപദാര്‍ത്ഥങ്ങളെ ഉല്പാദിപ്പിക്കുന്നതിനുള്ള കഴിവ് നമ്മുടെ ശരീരത്തിനില്ല.അനേകം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള പഴങ്ങളും,ഇലകളും, മൂലകങ്ങളും കൊണ്ട് പ്രകൃതി സമ്പന്നമാണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ,ബീറ്റാ കരോട്ടിന്‍ , ലൈക്കോപ്പീന്‍,സെലീനിയം (selenium ), എന്നിവ നല്ല ആന്റി ഓക്സിഡന്റുകളാണ്. കൂടാതെ ചായയ്ക്കും, വീഞ്ഞിനും ( wine) ഈ കഴിവുണ്ട് എന്ന് ഗവേഷണങ്ങള്‍ പറയുന്നു.

ക്യാന്‍സര്‍ ( പ്രോസ്റ്റേറ്റ്, ശ്വാസകോശം,മലാശയം) , പാര്‍ക്കിന്‍സോണിസം,അല്‍ഷീമേഴ്സ്, ഹൃദയരോഗങ്ങള്‍ ,പേശികളുടെ നാശം മൂലമുണ്ടാകുന്ന കണ്ണിന്റെ പ്രശ്നങ്ങള്‍ ,ഇവയില്‍നിന്നൊക്കെ ശരീരത്തെ സംരക്ഷിക്കാന്‍ ആന്റി ഓക്സിഡന്റുകള്‍ക്ക് സാധിക്കും. നമ്മുടെ ആഹാരക്രമത്തില്‍ ആന്റി ഓക്സിഡന്റുകളെ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത വളരെയാണ്. തക്കാളി, തണ്ണിമത്തങ്ങ,ചുവന്ന പേരക്ക, റോസ് മുന്തിരി, പപ്പായ ഇവക്ക് നിറം കൊടുക്കുന്ന രാസവസ്തുവാണ് ലൈകോപ്പീന്‍ . ഇതിന് ആന്റി ഓക്സിഡന്റ് ആയി പ്രവര്‍ത്തിക്കുവാനുള്ള കഴിവുണ്ട്. തക്കാളി പാകം ചെയ്തുകഴിയുമ്പോഴാണ് ഈ രാസപദാര്‍ത്ഥത്തിന് പുറത്തുവരാനുള്ള അവസരം ലഭിക്കുന്നത് . ഇറച്ചി,ധാന്യങ്ങള്‍ ,(whole grains), കുരുക്കള്‍(nuts ) , വെളുത്തുള്ളി, കടലില്‍ നിന്നുമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ (sea foods)എന്നിവയില്‍ ധാരാ‍ളം സെലിനിയം അടങ്ങിയിരിക്കുന്നു. ക്യാരട്ടു പോലുള്ള ഓറഞ്ചു നിറമുള്ളവയിലും, കടുത്ത പച്ചനിറമുള്ള പച്ചക്കറികളിലും ബീറ്റാ കരൊട്ടിന്‍ ഉണ്ട്. ഓക്സിജന്‍ റാഡിക്കല്‍ അബ്സോര്‍ബന്‍സ് കപ്പാസിറ്റി (ORAC score ) എന്നതാണ് ഒരു രാസപദാര്‍ത്ഥത്തിന്റെ ആന്റി ഓക്സിഡന്റ് കഴിവിനെ അളക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡം.

സാന്ദ്രത കുറഞ്ഞ വിഭാഗത്തില്‍പ്പെട്ട കൊഴുപ്പിനെ ലോ ഡെന്‍സിറ്റി ലിപൊപ്രോട്ടീന്‍ അഥവാ‍ LDL cholestrolഎന്നു വിളിക്കുന്നു. ചീത്ത കൊളസ്ട്രോള്‍ എന്നു പൊതുവെ ഇവയെ കണക്കാക്കുന്നു.ശരീരത്തിലെ ഓക്സീകരണപ്രക്രിയകളില്‍

ഈ വിഭാഗം കൊഴുപ്പുകളുടെ ഓക്സീകരണവും നടക്കാനിടയാകും. പക്ഷെ ഇവയുടെ ഓക്സീകരണം ഹൃദയപ്രവര്‍ത്തനത്തെ താറുമാറാക്കി രോഗാവസ്ഥയിലെത്തിക്കും. ശരീരത്തിനു ഹാനികരമായ ഈ ഓക്സികരണത്തെ തടയാന്‍ ആന്റി ഓക്സിഡന്റുകള്‍ക്കു കഴിയും.ക്യാന്‍സറിനു കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്നതുവഴിയാണ് ഇവ ശരീരത്തെ ക്യാന്‍സറില്‍നിന്ന് സംരക്ഷിക്കുന്നത്.

പ്രകൃതിയില്‍നിന്നു ലഭിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ഗവേഷണങ്ങളില്‍ പലപ്പോഴും ഉള്‍പ്പെടുത്തിയിട്ടുള്ളതും ഗുണകരമെന്ന് കണ്ടെത്തിയിട്ടുള്ളതും.സപ്ലിമെന്റുകളായി ഇവ വിപണിയില്‍ ലഭ്യമാകുമ്പോള്‍ മറ്റു മരുന്നുകളുമായും ഭക്ഷണപദാര്‍ത്ഥങ്ങളുമായും പ്രതിപ്രവര്‍ത്തിക്കാനുള്ള സാദ്ധ്യതകളെ തള്ളിക്കളയാനാവില്ല. ഒരു പ്രത്യേക കാലയളവുവരെ കേടുകൂടാതെ സംരക്ഷിക്കാന്‍ മറ്റു രാസവസ്തുക്കള്‍

ചേര്‍ക്കുന്നതും കൂടുതലായ അളവില്‍ ഇതു ശരീരത്തില്‍ തങ്ങിനില്‍ക്കുന്നതും അത്ര നന്നല്ല. എന്നിരുന്നാലും ചില പ്രത്യേക സാഹചര്യങ്ങളിലും അസുഖങ്ങള്‍ക്കും വിപണിയിലുള്ള ആന്റി ഓക്സിഡന്റ് ഉത്പന്നങ്ങള്‍ ഡോക്ടര്‍ കുറിക്കാറുണ്ട്.നിര്‍ദ്ദേശിക്കുന്ന അളവില്‍ , തുടരേണ്ട കാലയളവുവരെ അത്തരം സാഹചര്യങ്ങളില്‍ ഇവ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

വിപണിയില്‍ ലഭ്യമാകുന്ന ആന്റി ഓക്സിഡന്റുകള്‍ (suppliments) സ്ഥിരമായിട്ട് മരുന്നായി ഉപയോഗിക്കുന്നവര്‍ , മറ്റ് അസുഖങ്ങള്‍ക്ക് ഡോക്ടറെ കാണുമ്പോള്‍ ഈ വിവരം അദ്ദേഹത്തോട് പറയണം.ഒരിക്കല്‍ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് തടസ്സമുണ്ടായിട്ട് അതിനെതിരെ മരുന്നു കഴിക്കേണ്ടിവരുമ്പോള്‍ പ്രധാനമായും ഇത് ശ്രദ്ധിക്കണം.വിറ്റാമിന്‍ ഇ, രക്തം കട്ടപിടിക്കുന്നതിന്റെ സമയത്തെ ദീര്‍ഘിപ്പിക്കും. ഈ വിഭാഗം മരുന്നുകഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ താമസ്സമുണ്ടാകും. കൂടെ വിറ്റാമിന്‍ ഇ കൂടി പതിവായി കഴിക്കുന്നത് ഇരട്ടി പ്രശ്നമാകുമെന്നതാണ് കാരണം.

കൊളസ്ട്രോളിനെതിരെ സ്റ്റാറ്റിന്‍ വിഭാഗം മരുന്നു കഴിക്കുന്നവരും ആന്റി ഓക്സിഡന്റുകള്‍ നിരന്തരമായി കഴിക്കുന്നുവെങ്കില്‍ അത് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. കാരണം, ചില ആന്റി ഓക്സിഡന്റുകള്‍ , സ്റ്റാറ്റിന്‍ വിഭാഗം മരുന്നുകളുടെ ഗുണത്തെ കുറക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

http://marunnarivukal.blogspot.in/© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate