অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യചിന്തകള്‍

ആരോഗ്യചിന്തകള്‍

രക്തശുദ്ധി വരുത്താന്‍ ഓറഞ്ച്

  • ഓറഞ്ച് രക്തശുദ്ധി വരുത്താനും വിശപ്പ് വര്‍ധിപ്പിക്കാനും നല്ലതാണ്.
  • ഓറഞ്ച് നീരില്‍ നെല്ലിക്കയുടെ നീരും അല്‍പം തേനും ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ മുഖത്ത് പുരട്ടിയാല്‍ നല്ല നിറം വയ്ക്കും
  • ഗര്‍ഭകാലത്ത് പതിവായി ഓറഞ്ച് കഴിച്ചാല്‍ കുഞ്ഞിന് നിറം വയ്ക്കും.
  • ഓറഞ്ചു നീര്, ചൂടാറിയ വെള്ളം, തിളപ്പിച്ചാറ്റിയ പാല്‍ എന്നിവ സമം എടുത്ത് തേന്‍ ചേര്‍ത്ത് പാനീയമാക്കി കുട്ടികള്‍ക്ക് നല്‍കിയാല്‍ രോഗപ്രതിരോധശക്തി വര്‍ധിക്കും.
  • ചുണങ്ങുള്ളവര്‍ ഓറഞ്ചിന്‍റെ തൊലിയരച്ചു പുരട്ടി വലിഞ്ഞശേഷം ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക. കുറച്ച് ദിവസം ഈ രീതി തുടര്‍ന്നാല്‍ ചുണങ്ങ് ഇല്ലാതാകും.
  • ഓറഞ്ചിന്‍റെ തൊലി അടര്‍ത്തിയെടുത്ത ഉടന്‍ പനിനീരില്‍അരച്ച് മുഖത്തു പുരട്ടിയാല്‍ മുഖക്കുരു മാറും. മുഖസൌന്ദര്യവും വര്‍ധിക്കും.
  • കുരുവോടു കൂടി ഓറഞ്ച് ദിവസേന ഒരെണ്ണമെങ്കിലും കഴിച്ചാല്‍ രക്താതിമര്‍ദ്ദം കൂടുകയില്ല.

മാവിലയുടെ ഔഷധ ഗുണങ്ങൾ

മാമ്പഴമേറെയിഷ്ടമാണ് എല്ലാവർക്കും . എന്നാൽ മാമ്പഴത്തേക്കാളേറെ ഗുണമുണ്ട് മാവിലയ്ക്കെന്ന കാര്യം ആർക്കുംഅറിയില്ലെന്നതാണ് സത്യം. ഒട്ടേറെ ഔഷധ ഗുണങ്ങളുണ്ട് മാവിലയ്ക്ക്. നമ്മുടെ പറമ്പുകളിൽ നിൽക്കുന്ന മാവിന്‍റെപഴുത്ത ഇലയും പച്ചിലയും തളിരിലയുമെല്ലാം ഒന്നിനൊന്നു മെച്ചമാണ്. വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ് മാവില. ധാരാളം ആന്‍റി ഓക്സിഡന്‍റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ മാവിലക്കു കഴിയും. മാവിന്‍റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ നന്നായി ഞെരടിപിഴിഞ്ഞതിനു ശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിനു ശമനമുണ്ടാകും. പ്രമേഹത്തോടനുബന്ധിച്ചുണ്ടാകുന്ന നേത്ര രോഗങ്ങൾ നിയന്ത്രിക്കാനും ഇതുപയോഗിക്കാം. രക്ത സമ്മർദം കുറയ്ക്കാനും വെരിക്കോസ് വെയ്ന്‍ പോലുള്ള പ്രശ്നങ്ങക്കു പരിഹാരമായും മാവില ഉപയോഗിക്കാം. ക്ഷീണവും പിരിമുറുക്കവും ഒഴിവാക്കി ഉൻമേഷം വീണ്ടെടുക്കാൻ മാവിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി.  . ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ഇതുസഹായിക്കും. മാവില തണലിൽ ഉണക്കിപ്പൊടിച്ച വെള്ളം ദിവസം മൂന്നു നേരം കുടിച്ചാൽ എത്ര കഠിനമായ അതിസാരവും ശമിക്കും. മാവില ചതച്ചെടുത്ത് നീരു പിഴിഞ്ഞ് ചെറുതായി ചൂടാക്കി ചെവിയിൽ പുരട്ടിയാൽ ചെവിവേദന കുറയുംമാവില കത്തിച്ച് ആ പുക ശ്വസിച്ചാൽ ഇക്കിളിനും തൊണ്ടരോഗങ്ങൾക്കും ശമനമുണ്ടാകും

അലർജിയുടെ കാരണം എന്തെന്നു കണ്ടുപിടിക്കാം

വളരെ സാധാരണമായി കാണപ്പെടുന്ന ഒരു രോഗമാണ് അലര്‍ജി. കുഴപ്പക്കാരായ കടന്നുകയറ്റക്കാർക്കെതിരെ ശരീരം പ്രതികരിക്കുന്നതിനാണ് അലർജിയെന്ന് പറയുന്നത്. ചെറുതും വലുതുമായ അലർജികളുണ്ടാവാൻ പല കാരണങ്ങളുമുണ്ട്. പൊടി, , ഭക്ഷ്യവസ്തുക്കൾ, ചില പൂമ്പൊടിയും മറ്റും, ചില രാസവസ്തുക്കൾ ഇവ അലർജിക്ക് കാരണമാകും. പലർക്കും തങ്ങൾക്ക് അലർജിയുണ്ടാകുന്ന വസ്തുക്കൾ കണ്ടെത്താൻ താമസിക്കാറുണ്ട്. എന്നാൽ നാം പ്രതീക്ഷിക്കാത്ത പല വസ്തുക്കളും നമുക്ക് അലർജിക്ക് കാരണമാകും. പലര്‍ക്കും പല തരത്തിലായിരിക്കും അലര്‍ജിയുണ്ടാകുന്നത്. കാരണക്കാരാകുന്നതും വ്യത്യസ്ത സാധനങ്ങളായിരിക്കും.

ആഭരണ അലർജി

സ്വർണം അധികം അലർജിയുണ്ടാക്കുകയില്ലെങ്കിലും മറ്റ് ചില ലോഹങ്ങളുപയോഗിച്ചുണ്ടാകുന്ന ആഭരണങ്ങൾ അലർജിക്ക് കാരണമാകും. പല ആഭരണങ്ങളിലും നിക്കൽ അടങ്ങിയിട്ടുണ്ട്. 17 ശതമാനം സ്ത്രീകൾക്കും 3 ശതമാനം യുവാക്കൾക്കും നിക്കൽ അലർജിയുണ്ട്. ചർമത്തിലെ ചുവന്ന പാടും തിണർപ്പുമാണ് അലർജിയുടെ പ്രധാന ലക്ഷണം. പലപ്പോഴും ധരിച്ച് കഴിഞ്ഞ് 12 മണിക്കൂറെങ്കിലും കഴിഞ്ഞാണ് അലർജി കാണാറുള്ളത്.

മൊബൈൽ അലർജി

സന്തതസഹചാരിയായ മൊബൈൽ അലർജിയുണ്ടാക്കിയാലോ? അതേ, കവിളിലും ചെവിയിലുമൊക്കെ മൊബൈൽ അലർജിയുണ്ടാക്കുമെന്ന് പറയുകയാണ് ഡോക്ടർമാർ. ചിലരിൽ മാത്രമാണ് ഈ പ്രശ്നം കാണപ്പെടുത്. മൊബൈലിന്‍റെ നിക്കല്‍ ഭാഗങ്ങള്‍ ത്വക്കുമായി സമ്പര്‍ക്കത്തില്‍ വരുന്നിടത്താണ് അലര്‍ജി ഉണ്ടാവുക. മൊബൈല്‍ കവറുകൾ ഉപയോഗിക്കുന്നത് അലർജി ഒഴിവാക്കാൻ സഹായിക്കും.

പാന്‍റിന്‍റെ ബട്ടൺ

നിക്കലാണ് ഇവിടെയും പ്രശ്നക്കാരൻ. നമ്മുടെ വസ്ത്രത്തിലെ ബട്ടണുകളിൽ വരുന്ന നിക്കല്‍ പലപ്പോഴും വയറിന്‍റെ ഭാഗങ്ങളിൽ ചൊറിച്ചിലും തടിപ്പുമുണ്ടാകാൻ കാരണമാകും. ഷര്‍ട്ട് ടക്ക് ഇൻ ചെയ്യുന്നതും ബനിയൻ പാന്‍റിന്‍റെ അകത്തേക്ക് കയറി നിൽക്കുന്ന രീതിയിൽ ധരിക്കുന്നതും ഇത്തരം അലർജി ഒഴിവാക്കാനിടയാക്കും

കമ്പിളി

കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്, മാത്രമല്ല ചെമ്മരിയാട് ഉല്‍പാദിപ്പിക്കുന്ന ലാനോലിൻ എന്ന മെഴുകും പലപ്പോഴും അലർജിക്ക് കാരണമാകാറുണ്ട്. ഇത് മാത്രമല്ല ലാനോലിൻ ലിപ് ബാമിലും ഷാംപൂവിലൊക്കെ ചേർക്കാറുണ്ട്. അതിനാൽ അത്തരം ചില വസ്തുക്കളും അലർജിക്ക് കാരണമാകും

വളർത്തുമൃഗങ്ങൾ

വളര്‍ത്തുമൃഗങ്ങളില്‍ നിന്നുളള അലര്‍ജി സാധാരണ കണ്ടുവരാറുണ്ട്. പൂച്ചയില്‍നിന്നും പട്ടിയില്‍നിന്നും പലപ്പോഴും അലര്‍ജി രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവയുടെ രോമവും മറ്റും ശരീരത്ത് വീഴുന്നതുകൊണ്ടോ ശ്വസിക്കുന്നതുകൊണ്ടോ ആണ് ഇത് സംഭവിക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്തശേഷം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. വളര്‍ത്തുമൃഗങ്ങളെ ആഴ്ചയിലൊരിക്കലെങ്കിലും കുളിപ്പിക്കുക....

ചുണങ്ങ് അകറ്റാന്‍ പൊടിക്കൈകള്‍

ചുണങ്ങ് അകറ്റാന്‍ വീട്ടില്‍ തന്നെ ചില പ്രതിവിധികള്‍ ചെയ്യാം.

  • പാളയന്‍കോടന്‍ വാഴയുടെ മൂത്തപച്ചയില അരച്ചെടുത്ത് ചുണങ്ങുള്ള ഭാഗത്തിട്ട് അഞ്ചുമിനിറ്റിനു ശേഷം കഴുകിക്കളയുക.
  • ചെറുനാരങ്ങാനീരിലേക്ക് അല്‍പം ഉപ്പു ചേര്‍ത്ത് ചുണങ്ങുള്ള ഭാഗത്ത് പുരട്ടി വയ്ക്കുക.
  • കടുക് അരച്ചെടുത്ത് ചുണങ്ങില്‍ പുരട്ടുക. ഉണങ്ങിയശേഷം കഴുകിക്കളയാം.
  • ആര്യവേപ്പിലയും മഞ്ഞളും ചേര്‍ത്ത് അരച്ചെടുത്ത മിശ്രിതം ചുണങ്ങില്‍ പുരട്ടി 15 മിനിറ്റിനുശേഷം കഴുകിക്കളയുക.
  • വെറ്റില നീരില്‍ വെളുത്തുള്ളി അരച്ചത് ചാലിച്ച് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങിയശേഷം കഴുകിക്കളയാം.
  • ഗന്ധകവും വയമ്പും തൈരില്‍ അരച്ചെടുത്ത് ചുണങ്ങില്‍ പുരട്ടി അഞ്ചുമിനിറ്റിനുശേഷം കഴുകിക്കളയാം.

പല്ലില്ലെങ്കിലും കുഞ്ഞിന് നല്‍കാം ഇവയൊക്കെ

കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ എന്നും അമ്മമാര്‍ക്ക് ആധിയാണ്. എന്തൊക്കെ ഭക്ഷണം കൊടുക്കാം എന്തൊക്കെ ഭക്ഷണം കൊടുക്കരുത് എന്നീ കാര്യങ്ങള്‍ പല അമ്മമാര്‍ക്കും അറിയില്ല. പല്ല് മുളച്ചു കഴിഞ്ഞാല്‍ പിന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം അശ്വാസം ലഭിയ്ക്കുമെങ്കിലും പലപ്പോഴും പല്ല് മുളയ്ക്കുന്നതിനു മുന്‍പ് എന്തൊക്കെ ഭക്ഷണം കൊടുക്കാം എന്ന് പലര്‍ക്കും അറിയില്ല. പല്ല് മുളയ്ക്കുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള ദോഷവും ഉണ്ടാക്കില്ലെന്നതാണ് പ്രധാന കാര്യം, എന്തൊക്കെ ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ കുട്ടികള്‍ക്ക് കൊടുക്കാം എന്ന് നോക്കാം.

മധുരക്കിഴങ്ങിനോടൊപ്പം ആപ്പിള്‍ കൂടി വേവിച്ച്‌ കുട്ടികള്‍ക്ക് കൊടുക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് പല്ലില്ലെങ്കിലും കുട്ടികള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്നവും ഉണ്ടാക്കില്ലെന്നതാണ് സത്യം.

പഴം ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണ് എന്നത് നമുക്കെല്ലാം അറിയാം. കുട്ടികളില്‍ മലബന്ധം പോലുള്ള പ്രശ്നങ്ങളെ പരിഹരിയ്ക്കാന്‍ മുന്നിലാണ് പഴം. പഴത്തിനോടൊപ്പം ആവക്കാഡോയും കുട്ടികള്‍ക്ക് നല്‍കാം.

നോണ്‍വെജ് കഴിയ്ക്കാന്‍ ചില കുട്ടികള്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ റോസ്റ്റ് ചെയ്ത് ചിക്കനും ആപ്പിളും മിക്സ് ചെയ്ത് കൊടുക്കാം.

മധുരക്കിഴങ്ങ് ഫ്രൈ കൊടുക്കുന്നതും നല്ലതാണ്. പലപ്പോഴും മധുരക്കിഴങ്ങിലുള്ള വിറ്റാമിന്‍ കുട്ടികളുടെ വളര്‍ച്ചയെ വളരെയധികം സ്വാധീനിയ്ക്കുന്നു.

സബര്‍ജില്ലി കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ്. സബര്‍ജല്ലിയോടൊപ്പം ഗ്രീന്‍പീസ് കൂടി മിക്സ് ചെയ്ത് കുട്ടികള്‍ക്ക് കൊടുക്കാം.

കാരറ്റും ആപ്പിളും എല്ലാം കുട്ടികള്‍ക്ക് ധാരാളം കൊടുക്കാവുന്നതാണ്. കാരറ്റ് വേവിച്ചുടച്ച്‌ ആപ്പിളിനോടൊപ്പം മിക്സ് ചെയ്ത് കൊടുക്കാം.

പഴത്തിനോടൊപ്പം ചെറിയും കൂടി ചേരുമ്പോള്‍ ഇതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയേ ഉള്ളൂ. പഴവും ചെറിയും കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഒന്നാണ്.

ചില കുട്ടികള്‍ക്ക് തക്കാളി ഇഷ്ടമാവില്ല. എന്നാല്‍ ചിലര്‍ക്കാകട്ടെ തക്കാളി വളരെ ഇഷ്ടമായിരിക്കും. അതുകൊണ്ട് തന്നെ കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരാണെങ്കില്‍ തക്കാളി കൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്.

ചര്‍മത്തിലെ സ്ട്രെച്ച് മാര്‍ക്ക് മാറ്റാന്‍

ചര്‍മത്തില്‍ സ്ട്രെച്ച് മാര്‍ക്ക് വരുന്നതില്‍ അസ്വസ്ഥതപ്പെടുന്നവര്‍ കുറവല്ല. മൂന്നുകാരണങ്ങള്‍ മൂലമാണ് സ്ട്രെച്ച് മാര്‍ക്ക് ഉണ്ടാകുന്നത് പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍, ഗര്‍ഭകാലത്ത് ചര്‍മത്തിന് ഉണ്ടാകുന്ന വലിച്ചില്‍, വണ്ണം പെട്ടെന്നു കുറയുക. തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ സ്ട്രെച്ച് മാര്‍ക്കമായും . ചില കരുതലുകളിതാ.

  • പാല്‍പ്പാട കൊണ്ട് ദിവസവും മസാജ് ചെയ്യുക. വിരലുകള്‍ ചര്‍മത്തില്‍ വട്ടത്തില്‍ ചലിപ്പിച്ച് വേണം മസാജ് ചെയ്യാന്‍ ഇത് മൂന്നു മാസക്കാലം ചെയ്യണം.
  • സിങ്ക് അടങ്ങിയ ആഹാരം കഴിക്കുക. മാതളനാരങ്ങ, തണ്ണിമത്തന്‍, മത്തങ്ങ, ഇലക്കറികള്‍ ഇവയിലെല്ലാം സിങ്ക് അടങ്ങിയിട്ടുണ്ട്.
  • കറ്റാര്‍ വാഴനീര് അല്ലെങ്കില് കോഡ് ലിവര്‍ ഓയില്‍ ചര്‍മത്തില്‍ പുരട്ടുന്നത് നല്ലതാണ്.

മില്‍ക്ക് ക്രീം അടങ്ങിയ സോപ്പ് ഉപയോഗിക്കുക.

ധാരാളം ശുദ്ധജലം കുടിക്കുക.

കൂണ് കഴിച്ചാല്‍ പലതുണ്ട് ഗുണം

വെജിറ്റേറിയനാകാനോ നോണ്‍വെജ് കുറയ്ക്കാനോ ആലോചനയുണ്ടെങ്കില്‍ തീര്‍ച്ചയായും കൂണ് കഴിക്കാം. മറ്റുവെജിറ്റബിള്‍സ് നല്‍കുന്നതിലും ഇരട്ടി പ്രോട്ടീന്‍ കിട്ടുമെന്നുറപ്പ്. സ്ത്രീകള്‍ക്ക് എല്ലിനും പല്ലിനും ബലക്കുറവുണ്ടാകുമെന്ന പേടി വേണ്ട. വൈറ്റമിന്‍ ഡി ധാരാളം നല്‍കി എല്ലുകളും പല്ലുകളും ഹെല്‍ത്തി ആക്കാന്‍ കൂണിനു കഴിയും. വൈറ്റമിന്‍ ബി പ്രദാനം ചെയ്ത് തലച്ചോറിനെയും നാഡികളെയും സ്ട്രെസ് ഫ്രീ ആക്കാന്‍ കൂണ് ധാരാളമായി കഴിച്ചോളു. കൂണിലുള്ള സെലനിയവും സിങ്കും രോഗപ്രതിരോധ ശേഷി കൂട്ടും.

  • ശരീര ഭാരം ക്രമീകരിക്കും
  • ശരീരഭാരം ക്രമീകരിക്കാന്‍ പട്ടിണികിടന്നു കഷ്ടപ്പെടേണ്ട മഷ്റൂം ഉള്‍പ്പെട്ട സാലഡ് കഴിച്ചാല്‍ ഏറെ നേരത്തേക്ക് വിശക്കില്ല.
  • കൂണ് കഴിച്ചാല്‍ ചര്‍മം മിനുങ്ങും കൂണിലെ ആന്‍റി ഓക്സിഡന്‍റുകള്‍ ചര്‍മത്തിന്‍റെ യുവത്വം നിലനിര്‍ത്തും. ഏത്തപ്പഴത്തില്‍ ഉള്ളതിനേക്കാള്‍ പൊട്ടാസ്യവും മഷ്റൂമിലുണ്ട്.

കുഞ്ഞുകണ്ണിനു വേണം ഏറെ കരുതല്‍

ജനിച്ചുവീഴുന്ന കുഞ്ഞ് ആദ്യമായി കണ്ണുതുറക്കുമ്പോള്‍ എന്താകും കാണുക? സത്യത്തില്‍ കുഞ്ഞ് ഒന്നും പൂര്‍ണമായി കാണുന്നില്ല. കാരണം മുതിര്‍ര്ന്ന ഒരാളുടെ കാഴ്ചയുടെ ആറിലൊന്ന് മാത്രമാണ് കുഞ്ഞിന്‍റെ കാഴ്ച ശക്തി. പൂര്‍ണവളര്‍ച്ചയെത്തി പിറന്ന കുഞ്ഞുങ്ങളുടെ കാഴ്ചയുടെ കണക്കാണിത്. വെളിച്ചമടിക്കുമ്പോള്‍ കുഞ്ഞിന് കണ്ണുതുറക്കാന്‍ നന്നേ പ്രയാസമുണ്ടാകും. മൂന്നാഴ്ച പിന്നിടുമ്പോഴേക്ക് വെളിച്ചത്തെ ചെറുക്കാന്‍ കണ്ണുകള്‍ പാകപ്പെടും. നാലാഴ്ച പിന്നിടുമ്പോള്‍ അമ്മയുടെ മുഖം കേന്ദ്രീകരിച്ച് ചിരിക്കാന്‍ തുടങ്ങും. കണ്ണിന്‍റെ ചലനങ്ങളാണ് കുഞ്ഞിന്‍റെ കാഴ്ചയെക്കുറിച്ച് മനസ്സിലാക്കാനുള്ള ആദ്യവഴി. ജനിച്ച് ഒന്നോരണ്ടോ ആഴ്ചകള്‍ക്ക് ശേഷം കാഴ്ച ശക്തിയില്‍ കാര്യമായ മാറ്റം വന്നുതുടങ്ങും. ഒരു വസ്തുവിനെ കാണിച്ചാല്‍ കുഞ്ഞിന്‍റെ ശ്രദ്ധ ഒരു നിമിഷം അതിലേക്ക് പോകും പിന്നീട് ശ്രദ്ധ തിരിക്കും മൂന്ന് നാല് മാസം കഴിയുമ്പോഴേക്ക് കുഞ്ഞ് താല്‍പര്യമുള്ള വസ്തുവിലേക്ക് പൂര്‍ണമായും ശ്രദ്ധകേന്ദ്രീകരിച്ച് തുടങ്ങും. ആറുമാസമാകുമ്പോള്‍ ഒരു തടസ്സത്തിനപ്പുറവും വസ്തുവുണ്ടെന്ന് കുഞ്ഞ് മനസിലാക്കിതുടങ്ങും.

കണ്ണിനുവേണം സംരക്ഷണം

കോങ്കണ്ണ്, ജന്മനാലുള്ള തിമിരം, ജന്മാനാലുള്ള ഗ്ലോക്കോമ, റെറ്റിനോപതി ഓഫ് പ്രിമെച്യൂരിറ്റി, ആംബ്ലിയോപ്പിയ തുടങ്ങിയ രോഗങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് സാധാരണയായി കാണുന്നു.

കോങ്കണ്ണ്: രണ്ടുകണ്ണുകളും ഒരേദിശയില്‍ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടാണ് കോങ്കണ്ണ്. ഇതില്‍ ഒരു കണ്ണ് ഉള്ളിലേക്കോ പുറത്തേക്കോ മുകളിലേക്കോ തിരിഞ്ഞിരുന്നേക്കാം. ഉള്ളിലേക്കും പുറത്തേക്കും തിരിഞ്ഞിരിക്കുന്ന അവസ്ഥയാണ് സാധാരണ കണ്ടുവരുന്നത്. രണ്ടുതരത്തില്‍ ഈ പ്രശ്നം അനുഭവപ്പെടാറുണ്ട്.

  1. സ്ഥിരമായി ഒരു കണ്ണ് ഉള്ളിലേക്കോ പുറത്തേക്കോ തിരിഞ്ഞിരിക്കുന്ന അവസ്ഥ.
  2. ചില പ്രത്യേക സമയത്ത് മാത്രം ഇങ്ങനെ സംഭവിക്കുന്ന അവസ്ഥ.

കോങ്കണ്ണുള്ള കുഞ്ഞുങ്ങള്‍ക്ക് പിന്നീട് ആംബ്ലിയോപ്പിയ വരാന്‍ സാധ്യതകൂടുതലാണ്. പാരമ്പര്യഘടകങ്ങള്‍ മൂലവും കണ്ണിലെ ദുര്‍ബലമായ പേശികള്‍ മൂലവും കോങ്കണ്ണ് വരാം. കൃത്യസമയത്ത് വൈദ്യസഹായം തേടിയാല്‍ കോങ്കണ്ണ് മാറ്റിയെടുക്കാം,

തിമിരം : ഇതു പ്രായമായവരുടെ രോഗമാണെന്നാണ് പതുവെ വിശ്വാസം. എന്നാല്‍ വിരളമായി കുഞ്ഞുങ്ങള്‍ക്ക് ജന്മനാ തിമിരം  കണ്ടുവരാറുണ്ട്. ഒരു കണ്ണിന് അല്ലെങ്കില്‍ രണ്ടു കണ്ണിനും അസുഖം വരാം. ഗര്‍ഭിണിയായിരിക്കെ ബാധിക്കുന്ന മീസില്‍സ്, ചിക്കന്‍പോക്സ്, ടോക്സോപ്ലാസ്മോസിസ് തുടങ്ങിയ രോഗങ്ങള്‍ കൊണ്ടോ പോഷകാഹാരക്കുറവ്, പാരമ്പര്യഘടകങ്ങള്‍ എന്നിവ കൊണ്ടോ ജന്മനാ കുഞ്ഞിന് തിമിരം വരാം. കുഞ്ഞ് ജനിച്ചതിനുശേഷമാണ് കാഴ്ചയ്ക്കു സഹായകമായ ഘടകങ്ങളുടെ വളര്‍ച്ച തുടങ്ങുന്നത്. അതുകൊണ്ടു തന്നെ തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കാനായാല്‍ രോഗത്തില്‍ നിന്നും മുക്തി നേടാം.

ഗ്ലോക്കോമ : ജന്മനാ തന്നെ കുട്ടിയുടെ കണ്ണിലെ മര്‍ദം കൂടുതലായിരിക്കും. സാധാരണയില്‍ കൂടുതല്‍ വലുപ്പവും ഉണ്ടാകും. വെളിച്ചത്തിലേക്ക് നോക്കുമ്പോള്‍ കുട്ടി അസ്വസ്ഥത കാണിക്കുന്നതും കണ്ണില്‍ നിരന്തരം കണ്ണീര്‍ വന്നുകൊണ്ടിരിക്കുന്നതും ഇതിന്‍റെ ലക്ഷണങ്ങളാണ്. ജനിതകപരമായ കാരണങ്ങളാണ് ഇതിനു പിന്നില്‍. ശസ്ത്രക്രിയ തന്നെയാണ് പരിഹാരം. രോഗം കണ്ടെത്തി കഴിഞ്ഞാല്‍ ഉടനെ തന്നെ വൈദ്യസഹായം തേടുക.

റെറ്റിനോപതി ഓഫ് പ്രീമെച്യൂരിറ്റി : മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളില്‍ പൊതുവെ കണ്ടുവരുന്ന അസുഖമാണിത്. ഒന്നര കിലോഗ്രാമിലും തൂക്കം കുറവുള്ള കുട്ടികളില്‍ ഈ രോഗം കണ്ടുവരാറുണ്ട്. പ്രത്യേക രോഗലക്ഷണങ്ങളൊന്നും കാണാത്തതിനാല്‍ രോഗം കണ്ടെത്താന്‍ വൈകുന്നു. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇന്‍ക്യുബേറ്ററിന്‍റെ സഹായം നല്‍കാറുണ്ട്. ഇന്‍ക്യുബേറ്ററില്‍ ഓക്സിജന്‍ തോത് ഉയര്‍ന്നിരിക്കും.ഇതും ഈ അസുഖം വരാന്‍ കാരണമാകുന്നു.

കണ്ണില്‍ നിന്നും തുടര്‍ച്ചയായി വെള്ളം വരിക : കണ്ണും മൂക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന കനാലില്‍ തടസ്സം വരുന്നതാണ് ഇതിന്‍റെ കാരണം. കുഞ്ഞ് ജനിച്ച ഉടനെ ഈ പാത തുറക്കപ്പെടും. ഇതിലൂടെ കണ്ണുനീര്‍ മൂക്കിലേക്കും വായിലേക്കും പോകുന്നത്. പാതയ്ക്ക് തടസ്സമുണ്ടാകുമ്പോള്‍ കണ്ണുനീര്‍ കണ്ണിലൂടെ മാത്രം ഒഴുകിക്കൊണ്ടേയിരിക്കും. ഇത്തരം പ്രശ്നമുള്ള കുഞ്ഞുങ്ങളുടെ കണ്ണിന്‍റെ താഴെ, മൂക്കിനടുത്ത് നിന്ന് എതിര്‍ദിശയിലേക്ക് പതിയെ മസാജ് ചെയ്യുന്നതിലൂടെ തടസ്സം മാറിക്കിട്ടും. ലാക്രിമല്‍ തെറപ്പി എന്നാണ് ഇതിന്‍റെ പേര്. ഇതിനുശേഷവും പ്രശ്നം ശരിയായില്ലെങ്കില്‍ ഡോക്ടറുടെ സഹായത്തോടെ ഒരു സൂചി ഉപയോഗിച്ച് ഈ പാത തുറക്കണം. എന്നിട്ടും ശരിയായില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടി വരും.

ആംബ്ലിയോപ്പിയ : ചില കുഞ്ഞുങ്ങളില്‍ കണ്ടു വരുന്ന രോഗമാണ് ആംബ്ലിയോപ്പിയ അഥവാ മടിയന്‍ കണ്ണ്. രണ്ടു കണ്ണില്‍ ഏതെങ്കിലും ഒരെണ്ണത്തിന് പ്രശ്നമുണ്ടെങ്കില്‍ ഒരേ വസ്തുവിന്‍റെ രണ്ട്പ്രതിബിംബങ്ങളെ കുറിച്ചുള്ള സന്ദേശങ്ങള്‍ തലച്ചോറിലെത്തുന്നു. സ്വാഭാവികമായും മോശം പ്രതിബിംബത്തെ തലച്ചോറ് തള്ളിക്കളയും. ക്രമേണ തലച്ചോര്‍ മോശം പ്രതിബിംബം കൊടുക്കുന്ന കണ്ണിനെ ആശ്രയിക്കാതെയാകും. അങ്ങനെ ആ കണ്ണിന്‍റെ പ്രവര്‍ത്തനക്ഷമത കുറയും. ഈ അവസ്ഥയാണ് മടിയന്‍ കണ്ണ്. എന്താണ് കാണുന്നത് എന്നതിനനുസരിച്ചുള്ള സന്ദേശങ്ങള്‍ തലച്ചോറില്‍ എത്തിക്കുന്നത് ഒപ്റ്റിക്ക് നെര്‍വുകളാണ്. കണ്ണും ഒപ്റ്റിക്ക് നേര്‍വും തലച്ചോറും തമ്മിലുള്ള ബന്ധം പൂര്‍ണമായും വികാസം പ്രാപിക്കുന്നത് ജനിച്ച് ഒന്‍പത് വയസ്സുവരെയാണ്. കുട്ടിക്ക് ഒന്‍പതു വയസ്സ് ആവും വരെയും ഈ രോഗത്തിന് സാധ്യതയുണ്ട്.

ഓര്‍മക്കുറവു പരിഹരിക്കാന്‍ കടുംപച്ച ഇലക്കറികള്‍

ഓര്‍മക്കുറവ്, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള തടസ്സം എന്നിവ കുട്ടികളിലും മുതിര്‍ന്നവരിലും വളരെ കൂടുതലാണ്. മാത്രമല്ല അല്‍സ്ഹൈമര്‍ പോലുള്ള മറവിരോഗങ്ങളും വാര്‍ധക്യത്തിനു മുമ്പുതന്നെ എത്തുന്നു. പല പോഷകങ്ങള്‍ക്കും ഈ അവസ്ഥകള്‍ കുറയ്ക്കാനോ ഇല്ലാതാക്കാനോ സാധിക്കും. ബി വൈറ്റമിനുകളായ കോളിന്‍, തയമിന്‍, ഫോളിക് ആസിഡ് തുടങ്ങിയവയും വൈറ്റമിന്‍ ഡി യും ഒമേഗ 3യുമെല്ലാം ബുദ്ധിക്ഷമതയെ കൂട്ടാനും ബ്രയിന്‍സെല്‍സിന്‍റെ വളര്‍ച്ചയ്ക്കും സഹായിക്കും.

ഓര്‍മവേഗം കൂട്ടാന്‍

  • ബ്രോക്കോളി, ബ്രസല്‍ സ്പ്രൌട്ട്സ് തുടങ്ങിയ കടുംനിറങ്ങളിലെ ഇലവര്‍ഗങ്ങള്‍ക്കും തലച്ചോറിന്‍റെ പ്രവര്‍ത്തനവേഗം മെച്ചപ്പെടുത്താനും ഓര്‍മ വര്‍ധിപ്പിക്കാനും ശേഷിയുണ്ടെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ ഭക്ഷണത്തില്‍ കടും പച്ചനിറമുള്ള ഇലക്കറികള്‍ വേണ്ടത്ര ഉള്‍പ്പെടുത്തണം.
  • ഫൈറ്റോ കെമിക്കല്‍സ് ധാരാളമടങ്ങിയ സ്ട്രോബെറി, ബട്ടര്‍ഫ്രൂട്ട്, ഓറഞ്ച്, നെല്ലിക്ക, ഗ്രീന്‍ ടീ, പേരയ്ക്ക തുടങ്ങിയവയും തലച്ചോറിന്‍റെ  ആരോഗ്യം മെച്ചപ്പെടുത്താനും കോശങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും സഹായിക്കും.
  • ഒമേഗ 3 വാര്‍ധക്യത്തിലുണ്ടാകുന്ന മറവി രോഗം(ഡിമന്‍ഷ്യ), നാഡി സംബന്ധമായ രോഗങ്ങള്‍ എന്നിവ കുറയ്ക്കാനും സഹായിക്കും. വൈറ്റമിന്‍ ഡി യ്ക്ക് ഓര്‍മയും ഗ്രഹണശക്തിയും കൂട്ടാന്‍ കഴിവുണ്ട്. സൂര്യപ്രകാശമേല്‍ക്കുന്നതും മുട്ട, പാല്‍ തുടങ്ങിയവയും വൈറ്റമിന്‍ ബിയുടെ സ്രോതസ്സാണ്.

മത്തി മുതല്‍ ബദാം വരെ

  • കടല്‍ മത്സ്യങ്ങളായ മത്തി, അയല, ചൂര തുടങ്ങിയവയിലും സോയാബീന്‍, മത്തന്‍കുരു, സൂര്യകാന്തി, ഫ്ലാക്സീഡ്, ബദാം, വാല്‍നട്ട് എന്നിവയിലും ഒമേഗാ 3 യുടെ ഘടകങ്ങളായ DHA, EPA അടങ്ങിയിരിക്കുന്നു.
  • ഉള്ളി, സവാള തുടങ്ങിയവയില്‍ അടങ്ങിയ ക്വര്‍സറ്റിന്‍ ബുദ്ധക്ഷമത കൂട്ടാന്‍ സഹായിക്കും.
  • കോളിന്‍ ധാരാളമടങ്ങിയ മുട്ടമഞ്ഞ, സോയാബീന്‍, മട്സ്, സീഡ്സ് തുടങ്ങിയവ അല്‍സ്ഹൈമര്‍ രോഗം നിയന്ത്രിക്കാന്‍ നല്ലതാണ്.

മധുരവും മദ്യവും കുറയ്ക്കാം

  • പഞ്ചസാരയുടെ അമിതഉപയോഗം ഓര്‍മ കുറയ്ക്കും. തലച്ചോറിന്‍റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കും.
  • ഫ്രക്ടോസ് കോണ്‍സിറപ്പ്, കൃത്രിമ മധുരങ്ങള്‍ അടങ്ങിയ ജെല്ലികള്‍, പഴച്ചാറുകള്‍, സോഫ്റ്റ് ഡ്രിങ്ക്സ് തുടങ്ങിയവ അഡ്രിനാലിന്‍റെ അളവു കൂട്ടി കുട്ടികളെ ഹൈപ്പര്‍ ആക്ടീവ് ആക്കി ഓര്‍മശേഷിയെ കുറയ്ക്കാം. കൃത്രിമ മധുരം ചേര്‍ന്ന ഭക്ഷണം കുട്ടികള്‍ക്ക് ഒഴിവാക്കണം.
  • ട്രാന്‍സ്ഫാറ്റ് അടങ്ങിയ ബേക്കറി പലഹാരങ്ങള്‍ തലച്ചോറിലെ കോശങ്ങളെ ചുരുക്കി ഗ്രഹണശക്തി കുറയ്ക്കാം.
  • തലച്ചോറിനെ മന്ദീഭവിപ്പിക്കുന്നതിനാല്‍ മദ്യവും ഒഴിവാക്കാം.

ബുദ്ധികൂട്ടും ബ്രഹ്മി

ഓര്‍മക്കുറവ് പരിഹരിക്കുന്നതിനും തലച്ചോറിന്‍റെ വികാസത്തിനും ഞരമ്പുകളുടെ പുനരുജ്ജീവനത്തിനുമെല്ലാം ബ്രഹ്മി മികച്ച ഔഷധമെന്ന് ആയുര്‍വേദ പഠനങ്ങള്‍ പറയുന്നു. ബ്രഹ്മി ഇലനീരും, ബ്രഹ്മി ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. എന്നാല്‍ ഭക്ഷണമായി നേരിട്ട് ഉപയോഗിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ട്. കുട്ടികളില്‍ ഉയര്‍ന്ന അളവില്‍ ബ്രഹ്മി ഉള്ളിലെത്തുന്നത് നന്നല്ല.

വളര്‍ന്നു വരുന്ന കുട്ടികളോട് പറയാന്‍ പാടില്ലാത്തത്

കുട്ടികള്‍ നാളെയുടെ വാഗ്ദാനങ്ങളാണ്. ഇപ്പോഴത്തെ കാലത്തെ കുട്ടികളാകട്ടെ പ്രായപൂര്‍ത്തിയായവരേക്കാള്‍ മുന്നിലാണ് പല കാര്യങ്ങള്‍ക്കും. എന്നാല്‍ പലപ്പോഴും ചെറുപ്പത്തില്‍ തന്നെ നമ്മള്‍ കുട്ടികളോട് പറയുന്ന പല കാര്യങ്ങളും പലപ്പോഴും അവരുടെ വളര്‍ച്ചയുടെ ഘട്ടങ്ങളെ പ്രതികൂലമായി ബാധിയ്ക്കാറുണ്ട്. ഓരോ കുട്ടികളുടേയും വളര്‍ച്ചാ കാലഘട്ടങ്ങളില്‍ അവരോട് പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് ഓരോ രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് എന്ന് നോക്കാം.

പലപ്പോഴും കുട്ടികളോടൊപ്പം സമയം ചിലവഴിക്കാന്‍ മാതാപിതാക്കള്‍ക്ക് ഇഷ്ടമായിരിക്കും. എന്നാല്‍ അപൂര്‍വ്വം ചില മാതാപിതാക്കളെങ്കിലും കുട്ടികളോടൊപ്പം സമയം ചിലവഴിക്കാന്‍ കഷ്ടപ്പെടുന്നവരായിരിക്കും. എന്നെയൊന്ന് ഒറ്റയ്ക്ക് വിടുമോ എന്ന രക്ഷിതാക്കളുടെ ചോദ്യം പലപ്പോഴും കുട്ടികളില്‍ അകല്‍ച്ചയുണ്ടാക്കും.

നിന്നെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കുട്ടികളോട് പറയുന്നവരാണ് മിക്കവാറും പേര്‍. ഇത് കുട്ടികളില്‍ മാനസികമായി പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല.

എപ്പോഴും ഏത് കാര്യത്തിനും കരയുന്ന കുട്ടികളാണെങ്കില്‍ പലപ്പോഴും അതുണ്ടാക്കുന്ന പ്രശ്നം മാതാപിതാക്കളെ സമ്മര്‍ദ്ദത്തിലാക്കും. എന്നാല്‍ കുട്ടികളുടെ ഇത്തരം സ്വഭാവം മാറ്റിയെടുക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്. ഒരിക്കലും അവരെ കുറ്റപ്പെടുത്താതിരിക്കുക.

മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതും വലിയ പ്രശ്നങ്ങളാണ് കുട്ടികളില്‍ ഉണ്ടാക്കുന്നത്. ഇത് കുട്ടികളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു.

ചില മാതാപിതാക്കളുണ്ട് കഠിനമായ ശിക്ഷ നല്‍കിയാലേ കുട്ടികള്‍ പാഠം പഠിയ്ക്കൂ എന്ന് വിചാരിയ്ക്കുന്നവര്‍. എന്നാല്‍ കഠിനമായ ശിക്ഷ പലപ്പോഴും കുട്ടികളില്‍ പ്രതികാരമനോഭാവം ഉണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ.

പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് ഇത് നീ പെണ്‍കുട്ടിയാണ് അത് കൊണ്ട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന്. എന്നാല്‍ ഒരിക്കലും ഇത്തരം താരതമ്യങ്ങള്‍ പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും ചെയ്യരുത്.

കുട്ടികളോട് ഒരു കാരണവശാലും ഇത്തരം കമന്‍റുകള്‍ പറയരുത്. നിന്‍റെ തടി കൂടുതലാണ് അതുകൊണ്ട് ശ്രദ്ധിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍. ഇത് മാനസിക സമ്മര്‍ദ്ദം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും.

കരിങ്ങാലിയും പതിമുഖവും ...വാങ്ങുമ്പോള്‍ സൂക്ഷിക്കുക

കരിങ്ങാലി വെള്ളം ഇല്ലാതെ മലയാളി ഇല്ല.കരിങ്ങാലിയോ പതിമുഖമോ എന്നറിയാതെ പീടികയിൽ നിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് പാക്കറ്റിലെ കളറുള്ള മരച്ചീളുകളെ തിളയ്ക്കുന്ന വെള്ളത്തിലിട്ടു നാം സായൂജ്യമടയുന്നു. എന്തായാലും വേണ്ടില്ല.വെള്ളത്തിന് നിറം വേണം. പക്ഷേ യഥാര്‍ത്ഥ പതിമുഖവും കരിങ്ങാലിയും തന്നെയാണോ നാം വാങ്ങുന്നത്?. കേരളത്തിൽ ഒരു ദിവസം ഉപയോഗിയ്ക്കുന്ന കരിങ്ങാലിയും പതിമുഖവും എത്ര ലോഡാണ് ?ആർക്കറിയാം.അതിന്റെ കണക്കെടുക്കാനൊന്നും പ്രത്യേക സര്ക്കാര്‍ വകുപ്പ് ഇവിടെയില്ല. ഇതിനു മാത്രം കരിങ്ങാലിക്കാടുകളും പതിമുഖം മരക്കൂട്ടങ്ങളും ഇന്ത്യയിലെവിടെയാണ് ഉള്ളത് ? പതിമുഖം എന്ന പേരില്‍ നാട് മുഴുവനും വില്പ്പനയ്ക്ക് എത്തുന്നത് പതിമുഖം തന്നെ ആണോ ? അല്ല എന്നാണ് ഉത്തരം. അതിനു മാത്രം കരിങ്ങാലിയും പതിമുഖവും ഇന്ത്യയില്‍ എവിടെയാണ് കൃഷി ചെയ്യുന്നത് ?ഒരിടത്തും ഇല്ല.

അപ്പോള്‍ പിന്നെ എങ്ങിനെ ഇത് യധേഷ്ടം പാക്കറ്റില്‍ ലഭിക്കുന്നു?.  ഒരു പക്ഷേ  കരിങ്ങാലിയായി, പതിമുഖമായി പാക്കറ്റിലെത്തുന്നത് ഈര്‍ച്ചമില്ലുകളിലെ വെയ്സ്റ്റ് തടിയായിരിക്കാം. ഈ തടിക്കഷണങ്ങളില്‍ അയോഡിന്‍, പൊട്ടാസ്യം എന്നിവയുടെ ലവണങ്ങള്‍ ചേര്‍ത്ത് നിറപ്പകിട്ടേകുന്നു. അത് തിളപ്പിച്ചു കുടിക്കുന്ന നമുക്ക്,  സര്‍ക്കാര്‍  ആശുപത്രിയിൽ നിന്നും വളംകടിയ്ക്ക് തരുന്ന മരുന്ന് വെള്ളത്തിൽ കലക്കിയാൽ കിട്ടുന്ന നിറമുള്ള വെള്ളം     കുടിയ്ക്കുന്ന അവസ്ഥ. തമിഴ് നാട്ടില്‍ ഇത്തരം കളറിംഗ് ഫാക്ടറികള്‍ ധാരാളമുണ്ട്. അടുത്ത തവണ സൂപ്പർ മാർക്കറ്റിൽ പോകുമ്പോൾ കരിങ്ങാലി-പതിമുഖപ്പാക്കറ്റ് എടുത്തു കൊട്ടയിലിടുമ്പോൾ രണ്ടാമത് ഒന്ന് കൂടി ആലോചിയ്ക്കുക. എന്നിട്ട് അടുത്തുള്ള തടിമില്ലിന്‍റെ  പരിസരത്തു പോയി ഒരു പിടി ഈർച്ച-വെയ്‌സ്റ്റ് വീട്ടിൽ കൊണ്ടുപോകുന്നതായി സങ്കൽപ്പിയ്ക്കുക. എന്നിട്ട് അത്  വെള്ളത്തില്‍ തിളപ്പിച്ചു കുടിക്കുക. തമിഴ് നാട്ടിൽ നിന്നും വരുന്ന അതേ സാധനം കൃത്രിമ കളറില്ലാതെ കുടിയ്ക്കാം.

അല്ലെങ്കിൽ,മറ്റെന്തെങ്കിലും, ജീരകമോ തുളസി ഇലയോ കറിവേപ്പിഇന്‍റെ  തണ്ടോ ഏലക്കായയോ തേയിലച്ചെടിയുടെ പച്ച ഇലയോ നല്ല ഫ്രഷ് ചിരട്ടയുടെ ഒരു കുഞ്ഞിക്കഷണമോ ഇട്ടു വെള്ളം തിളപ്പിച്ചു കുടിച്ചു നോക്കുക.ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ഇഷ്ടപ്പെടും, തീര്‍ച്ച. ഭക്ഷ്യയോഗ്യമല്ലാത്ത കളറുകൾ ചേർത്ത എന്തോ പാഴ് മരക്കഷണങ്ങൾ ഇട്ടു തിളപ്പിച്ച വെള്ളം ഔഷധം പോലെ കുടിച്ചു അറിയാത്ത അസുഖങ്ങൾ വരുത്തി വെയ്ക്കണ്ട.

തേങ്ങാ വെള്ളം ഏഴ് ദിവസം കുടിച്ചാല്‍?

ആരോഗ്യഗുണങ്ങള്‍ നിരവധിയാണ് തേങ്ങാവെള്ളത്തിന്. മാത്രമല്ല ആരോഗ്യ ഗുണത്തിന്‍റെ കാര്യത്തില്‍ തേങ്ങാവെള്ളത്തേയും ഇളനീരിനേയും തോല്‍പ്പിക്കാന്‍ മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം. പക്ഷേ ഇന്നത്തെ തലമുറയ്ക്ക് തേങ്ങാ വെള്ളത്തേക്കാള്‍ മികച്ചതെന്നു തോന്നുന്ന പല പാനീയങ്ങളും ഉണ്ട്. ഇവയെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ ഉപകരിയ്ക്കൂ എന്നതാണ് സത്യം. എന്നാല്‍ മരുന്നുകളേക്കാള്‍ വേഗത്തില്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കാന്‍ തേങ്ങാ വെള്ളത്തിന് കഴിയും. അമൃതിനേക്കാള്‍ ഗുണം നല്‍കുന്നതാണ് തേങ്ങാ വെള്ളം. ഏഴ് ദിവസം തുടര്‍ച്ചയായി വെറും വയറ്റില്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ശരീരത്തിനുണ്ടാകും എന്ന് നോക്കാം.

ദിവസവും രാവിലെ വെറും വയറ്റില്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് അതില്‍ നിന്നും ആശ്വാസം ലഭിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

തൈറോയ്ഡ് പ്രശ്നങ്ങളില്‍ നിന്നും പരിഹാരം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും തേങ്ങാ വെള്ളം ആശ്വാസം നല്‍കും. തൈറോയ്ഡ് ഹോര്‍മോണ്‍ നിയന്ത്രിക്കുന്നതിന് തേങ്ങാ വെള്ളം സഹായിക്കുന്നു.

കിഡ്നി സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും തേങ്ങാ വെള്ളം ബെസ്റ്റാണ്. ഇതിലടങ്ങിയിട്ടുള്ള പ്രകൃതി ദത്തമായ ഘടകങ്ങള്‍ തന്നെയാണ് കിഡ്നി പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതും.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തേങ്ങാ വെള്ളത്തിന് കഴിയും. പ്രത്യേകിച്ച്‌ മൂത്രസംബന്ധമായുണ്ടാകുന്ന അണുബാധ പരിഹരിയ്ക്കാനും മോണരോഗങ്ങളെ തടയാനും തേങ്ങാ വെള്ളത്തിന് കഴിയുന്നു.

ശാരീരിക വളര്‍ച്ചയ്ക്ക് ആവശ്യമായ നാരുകളും പ്രോട്ടീനും തേങ്ങാ വെള്ളത്തില്‍ ഉണ്ട്. തേങ്ങാ വെള്ളം ദിവസവും കഴിയ്ക്കുമ്പോള്‍ ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ശരീരത്തിന്‍റെ ആകൃതി നിലനിര്‍ത്താനും തേങ്ങാ വെള്ളം സഹായിക്കുന്നു. ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ തേങ്ങാ വെള്ളം ബെസ്റ്റാണ്.

സൗന്ദര്യസംരക്ഷണത്തിനും തേങ്ങാ വെള്ളം മുന്നില്‍ തന്നെയാണ്. ഏഴ് ദിവസം തുടര്‍ച്ചയായി തേങ്ങാ വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖത്തിന് തിളക്കം കൂടുന്നു.

വയറ്റിലുണ്ടാകുന്ന ആരോഗ്യത്തിന് ഹാനീകരമായ കീടങ്ങളെ നശിപ്പിക്കാന്‍ തേങ്ങാ വെള്ളം തന്നെയാണ് നല്ലത്.

ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ശീലമാക്കു... കാന്‍സര്‍ പ്രതിരോധിക്കൂ...

പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയ ആഹാരക്രമം കാന്‍സര്‍ തടയുന്നതിനു ഫലപ്രദം. വ്യത്യസ്ത നിറങ്ങളിലുള്ള പച്ചക്കറികള്‍ കൊണ്ടു തയാറാക്കിയ വിഭവങ്ങള്‍ ശീലമാക്കണമെന്ന് കാന്‍സര്‍ സൊസൈറ്റിയും നിര്‍ദേശിക്കുന്നു. മത്തങ്ങ, പപ്പായ, കാരറ്റ് മുതലായ യെലോ, ഓറഞ്ച് നിറങ്ങളിലുള്ള പച്ചക്കറികള്‍ ഉള്‍പ്പെടെ.

വെളുത്തുള്ളിയിലെ അലിസിന്‍

വെളുത്തുള്ളി ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ഈസോഫാഗസ്, കോളന്‍, സ്റ്റൊമക് കാന്‍സറുകളെ പ്രതിരോധിക്കുമെന്ന് പഠനങ്ങളുണ്ട്.വെളുത്തുള്ളിയില്‍ അലിസിന്‍ എന്ന എന്‍സൈം അടങ്ങിയിരിക്കുന്നു. ഇതു കാന്‍സര്‍ പ്രതിരോധത്തിനു ഫലപ്രദം.

ലൈകോപീന്‍

തക്കാളി, തണ്ണിമത്തങ്ങ, ചുവന്ന പേരയ്ക്ക തുടങ്ങിയവയിലുള്ള ലൈകോപീന്‍ എന്ന ഫൈറ്റോ കെമിക്കലിനും ആന്‍റി കാന്‍സര്‍ ഇഫക്ടുണ്ട്.

ഗ്രീന്‍ ടീ ശീലമാക്കാം

ഗ്രീന്‍ ടീ ശീലമാക്കുന്നതു കാന്‍സര്‍പ്രതിരോധത്തിനു സഹായകം. ഗ്രീന്‍ ടീയിലുള്ള എപ്പിഗാലോ കെയ്റ്റ്ചിന്‍ 3 ഗാലൈറ്റ് (ഇജിസിജി)എന്ന ആന്‍റി ഓക്സിഡന്‍റ് കാന്‍സര്‍ തടയാന്‍ ഫലപ്രദമെന്നു പഠനങ്ങളുണ്ട്. ജപ്പാനില്‍ 40 വയസിനു താഴെ പ്രായമുള്ള സ്ത്രീകളില്‍ കാന്‍സര്‍ കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. അവര്‍ ദിവസം 2-3 കപ്പ് ഗ്രീന്‍ ടീ കഴിക്കുന്നതുകൊണ്ടെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

തവിടു കളയാത്ത ധാന്യങ്ങള്‍

തവിടു കളയാത്ത ധാന്യങ്ങള്‍ ശീലമാക്കണം. അതിലുള്ള നാരുകള്‍ കോളന്‍ കാന്‍സര്‍ തടയും. മൈദ പൂര്‍ണമായും ഒഴിവാക്കണം. ധാന്യങ്ങള്‍ വാങ്ങി വൃത്തിയാക്കി കഴുകിയുണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. ധാന്യപ്പൊടിയില്‍ നിന്നു നാരുകള്‍ നഷ്ടമാകാതിരിക്കാന്‍ അതു സഹായകം.

ഇലക്കറികളിലെ നാരുകള്‍

ഇലക്കറികള്‍ ശീലമാക്കണം. അതില്‍ നാരുകള്‍ ധാരാളം. കടുകിന്‍റെ ഇല ചേര്‍ത്തുണ്ടാക്കുന്ന പൂരി, ചപ്പാത്തി എന്നിവയെല്ലാം ആരോഗ്യദായകം. ഇലക്കറികളിലുള്ള ബീറ്റാ കരോട്ടിന്‍ എന്ന ആന്‍റിഓക്സിഡന്‍റും കാന്‍സര്‍ തടയുന്നതിനു സഹായകം. ചീര, പാലക്, കടുകില എന്നിവയും ഗുണകരം. വീട്ടുവളപ്പില്‍ ലഭ്യമായ ഭക്ഷ്യയോഗ്യമായ എല്ലാത്തരം ഇലകളും കറിയാക്കി ഉപയോഗിക്കാം. ചീരയില, മുരിങ്ങയില, മത്തയില തുടങ്ങിയവയെല്ലാം.

ആരോഗ്യസംരക്ഷണത്തിനു വെളുത്തുള്ളി

വെളുത്തുള്ളിയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ക്ക് ബാക്ടീരിയയെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. അതിനാല്‍ വെളുത്തുളളി ചതച്ചു മുഖക്കുരുവില്‍ പുരട്ടിയാല്‍ മുഖക്കുരുവിന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാം. സോറിയാസിസ് ചികിത്സയ്ക്കും വെളുത്തുളളി ഫലപ്രദമാണെന്ന് വിദഗ്ധര്‍. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളര്‍ച്ച (benign prostatic hyperplasia), ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്ന എല്ലുരോഗം, വയറുവേദന, സൈനസ് വീക്കം, റുമാറ്റിസം, ആസ്ത്മ, ബ്രൊങ്കൈറ്റിസ്, ശ്വാസംമുട്ടല്‍ തുടങ്ങിയവയുടെ ചികിത്സയ്ക്കും വെളുത്തുളളി ഉപയോഗപ്പെടുത്തുന്നു. മാനസിക പിരിമുറുക്കം, ക്ഷീണം എന്നിവ അകറ്റുന്നു. കരളിന്‍റെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നു. ഫംഗസ്ബാധ ഉള്‍പ്പെടെയുളള ചര്‍മരോഗങ്ങള്‍ തടയാന്‍ വെളുത്തുളളി ഫലപ്രദമെന്നു പഠനങ്ങള്‍ പറയുന്നു. ഭക്ഷ്യവിഷബാധ തടയുന്നതിനും വെളുത്തുളളി ഫലപ്രദമെന്ന് ഗവേഷകര്‍.

വെളുത്തുളളിയില്‍ അടങ്ങിയ അലിസിന്‍ എന്ന ആന്‍റി ഓക്സിഡന്‍റ് മുടികൊഴിച്ചില്‍ തടയുന്നതിനു സഹായകം. വെളുത്തുള്ളി ചേര്‍ത്ത എണ്ണ തേച്ചു മസാജ് ചെയ്യുന്നതും മുടികൊഴിച്ചില്‍ കുറയ്ക്കുന്നതിന് ഉചിതം.

വെളുത്തുള്ളിക്ക് ഇ കോളി പോലെയുളള ബാക്ടീരിയകള്‍, ആന്‍റി ബയോട്ടിക്കുകളെ എതിര്‍ക്കുന്ന സ്റ്റെഫാലോ കോക്കസ് aureus, Salmonella എന്നിവയെ നശിപ്പിക്കാനുളള കഴിവുളളതായി ചില സൂചനകളുണ്ട്. ശരരീത്തില്‍ ഫാറ്റ് കോശങ്ങള്‍ രൂപപ്പെടുന്നതു നിയന്ത്രിക്കുന്നതിനു വെളുത്തുളളിയുടെ ആന്‍റി ഇന്‍ഫ്ളമേറ്ററി സ്വഭാവം സഹായകമെന്ന് പഠനങ്ങള്‍. ഇത് അമിതവണ്ണം ഒഴിവാക്കുന്നു . പ്രാണികളുടെ കടിയേല്‍ക്കുന്നതു മൂലമുളള അലര്‍ജികള്‍ തടയുന്നതിനും വെളുത്തുളളി ഉത്തമം.

എന്തും അധികമായാല്‍ വിഷതുല്യം. വെളുത്തുള്ളി അമിതമായി കഴിച്ചാല്‍ ശ്വാസത്തിലും വിയര്‍പ്പിലും വെളുത്തുളളിയുടെ രൂക്ഷഗന്ധം നിറയും.

വായിലും ആമാശയത്തിലും ചിലര്‍ക്ക് ചിലപ്പോള്‍ എരിച്ചിലിനും സാധ്യതയുണ്ട്. സര്‍ജറിക്കു തയാറെടുക്കുന്നവര്‍ ഒരാഴ്ച മുമ്പ് വെളുത്തുളളി ഉപേക്ഷിക്കുന്നത് രക്തസ്രാവം നിയന്ത്രിതമാക്കുന്നതിന് സഹായകമെന്ന് ഗവേഷകര്‍. ഗര്‍ഭിണികളും മുലയൂട്ടുന്നവരും വെളുത്തുള്ളിയുടെ ഉപയോഗത്തില്‍ നിയന്ത്രണം പാലിക്കണമെന്നു വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

കര്‍ക്കിടകവും സുഖചികിത്സയും

ഉഷ്ണത്തില്‍ നിന്ന് തണുപ്പിലേക്കുള്ള പെട്ടെന്നുള്ള മാറ്റം ശരീരത്തെ ദുര്‍ബലമാക്കുന്നു. അതിനെതിരെ ശരീരത്തെ സജ്ജമാക്കാന്‍ സുഖ ചികിത്സയും മരുന്നു കഞ്ഞിയും സഹായിക്കും. ഇടവപ്പാതിയും മിഥുനച്ചൂടും കഴിഞ്ഞ് ഒന്നാശ്വസിക്കാനുള്ള സമയം പോലും തരാതെ പെരുമഴയും തണുപ്പുമായി കര്‍ക്കിടകമെത്തി. ചുട്ടുപഴുക്കുന്ന വേനല്‍പകലുകള്‍ക്കും ആവി നിറഞ്ഞ രാത്രികള്‍ക്കുമിനി വിട നല്‍കി കുളിരും തണുപ്പും മഞ്ഞുമായ് കാലവര്‍ഷം പെയ്തു തുടങ്ങി. എങ്ങോട്ടു തിരിഞ്ഞാലും രോഗങ്ങളുടെ ഘോഷയാത്രയാണ്.

പനി, ജലദോഷം, തുമ്മല്‍, ശരീരം ദുര്‍ബലമാകുന്ന, എളുപ്പം രോഗങ്ങള്‍ പിടിപെടുന്ന സമയമാണിത്. പഞ്ഞമാസമെന്നാണ് കര്‍ക്കിടകത്തിന്‍റെ വിളിപ്പേരെങ്കിലും അതിന് എത്രമാത്രം പ്രസക്തിയുണ്ടെന്നു കണ്ടറിയണം. എന്നാലും കര്‍ക്കിടകമാസത്തിലെ ആയുര്‍വേദ രക്ഷയ്ക്ക് വലിയ സ്ഥാനമാണ് ഇപ്പോഴുമുള്ളത്. ഏതു പ്രായത്തിലുള്ളവര്‍ക്കും സുഖചികിത്സ അഭികാമ്യമാണ്. മൂന്നാഴ്ചയാണ് ഇതിന്‍റെ സമയ ദൈര്‍ഘ്യം. ചെയ്യുന്നവരുടെ സമയവും സൗകര്യവും കണക്കിലെടുത്ത് ഒരാഴ്ചവരെ ചുരുക്കാം. മാനസികവും ശരീരികവുമായ നേട്ടമാണ് സുഖചികിത്സയുടെ നേട്ടം.

അകാല വാര്‍ധക്യത്തിന്ന് രക്ഷ

ഓരോ ഋതുക്കള്‍ മാറുമ്പോഴും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മനുഷ്യന്‍റെ ശരീരത്തിലും മാറ്റങ്ങളുണ്ടാക്കുമെന്ന് ആയുര്‍വേദം പറയുന്നു. ഇതിനാല്‍ ഓരോ ഋതുക്കളിലും പ്രത്യേകം പ്രത്യേകം ചര്യകളും ആയുര്‍വേദം കല്പിച്ചിരിക്കുന്നു. ഉഷ്ണത്തില്‍ നിന്നും പെട്ടെന്ന് തണുപ്പിലേക്കുള്ള മാറ്റമാണ് കര്‍ക്കിടകത്തില്‍ സംഭവിക്കുന്നത്. ഇത് ശരീരത്തെ ബലഹീനമാക്കും. വേണ്ട പ്രതിരോധം എടുത്തില്ലെങ്കില്‍ ഫലം അകാലത്തിലെ വാര്‍ധക്യമാണ്.

സുഖചികിത്സയെന്നാല്‍ ശരീരവും മനസ്സും സുഖമായിരിക്കുന്നതിനുള്ള ചികിത്സ എന്നേ അര്‍ത്ഥമുള്ളൂ. കര്‍ക്കിടകത്തില്‍ തുള്ളിക്കൊരുകുടമെന്ന മട്ടില്‍ മഴ കോരിച്ചൊരിയുമ്പോള്‍ എണ്ണതേച്ചുകുളിയും ചില ആഹാരച്ചിട്ടകളുമായി ഏതാനും നാളുകള്‍ സ്വസ്ഥമായിരിക്കുന്നതിനേയാണ് സുഖ ചികിത്സ എന്ന് പറയുന്നത്.

ചികിത്സാ രീതികള്‍

ആദ്യത്തെ ഏഴുദിവസം അഭ്യംഗം,അതോടൊപ്പം നസ്യവും ചെയ്യും. യുവത്വം നിലനിര്‍ത്താന്‍ ആയുര്‍വ്വേദം അനുശാസിക്കുന്ന ചര്യയാണ് അഭ്യംഗം. ഇതിന്‍റെ ഗുണം, മസിലുകളുടെ ഉറപ്പ്, സ്പര്‍ശ സുഖം, അയവ്, സുഖന്ഥനിദ്ര, സുഗമമായ രക്ത ചംക്രമണം, ദഹനപ്രക്രിയ ക്രമമാക്കുക എന്നിവയാണ്.

ശിരസ്സ്, ചെവി, കാലിന്‍റെ വെള്ള എന്നിവിടങ്ങളില്‍ എണ്ണ പുരട്ടുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. അഭ്യംഗം കഴിഞ്ഞാല്‍ മരുന്നിട്ട വെള്ളം കൊണ്ട് ആവികൊള്ളുന്നു. രോഗത്തിനനുസരിച്ച്‌ മരുന്നു വെള്ളം കൊണ്ടാണ് ആവികൊള്ളുന്നത്. ശരീരമാസകലം ആവികൊള്ളാം.

നസ്യം

മൂക്കില്‍ മരുന്ന് ഒഴിക്കുന്നു. ഇത് കഴുത്തിലേയും ചുമലിലേയും പേശി കളെ ബലപ്പെടുത്തുന്നു ജരാനരയെ ദീര്‍ഘിപ്പിക്കുന്നു. മുഖത്തെ കറുത്തപാടുകളെ അകറ്റുന്നു. സുഖചികിത്സയുടെ രണ്ടാമത്തെ ആഴ്ച പിഴിച്ചിലാണ്. 45 മിനിട്ട് ദൈര്‍ഘ്യമുള്ള ക്രിയയാണ്. തോണി യില്‍ കിടത്തിയ രോഗിയെ തൈലം ചെറുചൂടോടെ തുണിയില്‍ മുക്കി എടുത്ത് ഒരു കൈ കൊണ്ട് ഒപ്പം തന്നെ തടവുകയും ചെയ്യുന്നു. രണ്ടു പേര്‍ ഇരുവശത്തു നിന്നും ചെയ്യുന്നു. രണ്ട് പേര്‍ അരയ്ക്കു മുകളില്‍ ഇരുവശത്തും രണ്ടുപേര്‍ അരയ്ക്കു താഴെയും ഒരേ സമയം പിഴിച്ചില്‍ ചെയ്യുന്നു. ഇത് ശരീരബലം കൂട്ടും,സന്ധിവേദന, പിടിത്തം,മരവിപ്പ്, വാത രോഗം ഇവയ്ക്ക് ഏറ്റവും നല്ലത്. ഈ ചികിത്സയുടെ കൂടെ വസ്തിയും നിര്‍ദ്ദേശിക്കാം. രോഗിയുടെ ബലം, പ്രകൃതി,അസുഖവും കൂടെ കണക്കിലെടുത്ത് മാറ്റങ്ങള്‍ ഉണ്ടാകാം. സുഖചികിത്സയുടെ മൂന്നാമത്തെ ആഴ്ച ഞവരക്കിഴിയാണ്. ഏഴു ദിവസം മുക്കാല്‍ മണിക്കൂര്‍ നീണ്ട് നില്‍ക്കുന്നു. കുറുന്തോട്ടി കഷായവും പാലും ചേര്‍ത്ത് ഞവരയരി കിഴികെട്ടി വേവിച്ചാണ് കിഴി ചെയ്യുന്നത്.

ഞവരയരിയുടെ കുറുന്തോട്ടിയുടെ വിശേഷങ്ങള്‍ ഈ ചികിത്സയുടെ പ്രത്യേകതയാണ്. ത്വക്കിന് വിറ്റാമിന്‍ എ യും, ബി യും കിട്ടുന്നു. പേശിക്ക് പോഷണവും വാതശമനവും ലഭിക്കുന്നു. കര്‍ണ്ണപൂരണം, ധാര, തര്‍പ്പണം ഇവ ഈ ക്രിയകളോടൊപ്പം ചെയ്യാവുന്നതാണ്. സുഖചികിത്സയുടെ ഭാഗമായി മരുന്നു കഞ്ഞിയാണ് അത്താഴത്തിന് കൊടുക്കുന്നത്. ഔഷധ ക്കൂട്ടുകള്‍ ഉണക്കിപ്പൊടിച്ച്‌ തയാറാക്കുന്ന കഞ്ഞിയാണിത്. രക്തസമ്മര്‍ദ്ധം, പ്രമേഹം, വായുകോപം ഇവ അകറ്റാനും ശ്വാസകോശ സംരക്ഷണം, വാതം, അര്‍ശ്ശസ്സ് ഇവ ശമിപ്പിക്കാനും മരുന്നു കഞ്ഞി നല്ലതാണ്. രോഗിയുടെ അഥവാ ചികില്‍സയ്ക്കു വിധേയനാകുന്ന ആളുടെ അവസ്ഥയ്ക്കനുസരിച്ചാണു പഞ്ചകര്‍മ ചികില്‍സ ചെയ്യേണ്ടത്. പഥ്യത്തോടും മറ്റു മരുന്നുകളോടും ഒപ്പമാണ് ഇത്തരം ചികില്‍സകള്‍ ചെയ്യേണ്ടത്. വസ്തി, വമനം, വിരേചനം, നസ്യം, രക്തമോക്ഷം എന്നിങ്ങനെ അഞ്ചു ചികില്‍സകളാണ് പഞ്ചകര്‍മ ചികില്‍സയില്‍ ഉള്ളത്.

സ്നേഹവസ്തിയെന്നും കഷായവസ്തിയെന്നും രണ്ടുതരം വസ്തി കളുണ്ട്. മരുന്നെണ്ണകള്‍കൊണ്ടുള്ള ഒരുതരം എനിമയാണ് സ്നേഹവസ്തി. മരുന്നുകള്‍ അരച്ചു നല്‍കുന്നതു കഷായവസ്തി. മരുന്നുകള്‍ നല്‍കി ഛര്‍ദിപ്പിക്കുന്ന ചികില്‍സയ്ക്കു വമനം എന്നു പറയുന്നു.കുടലുകളുടെ ശുദ്ധീകരണത്തിനുള്ള ചികില്‍സയാണു വിരേചനം.മൂക്കിലൂടെ മരുന്നുകള്‍ നല്‍കുന്നതു നസ്യവും അശുദ്ധരക്തം ശുദ്ധിചെയ്യുന്നത് രക്തമോക്ഷവുമാണ്. പഞ്ചകര്‍മ ചികില്‍സയും സുഖചികില്‍സയുടെ ഭാഗമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള ദോഷങ്ങളെ അകറ്റാനും മനസ്സിനും ശരീരത്തിനും ഊര്‍ജം പകരാനും സുഖചികില്‍സ സഹായകമാണ്. വേനല്‍ക്കാലത്തും മഞ്ഞുകാലത്തും സുഖചികില്‍സ ചെയ്യാറില്ല. അധികം ചൂടും തണുപ്പുമില്ലാത്ത കര്‍ക്കടകം, ചിങ്ങം, കന്നി മാസത്തിന്‍റെ പകുതിയും മാസങ്ങളാണ് സുഖചികില്‍സയ്ക്ക് ഉത്തമം.

സാധാരണയായി ഏഴ്, 14, 21 ദിവസങ്ങളിലാണു സുഖചികില്‍സ ചെയ്യേണ്ടത്. എത്ര ദിവസം ചികില്‍സ നടത്തിയാലും അത്രയും നാള്‍ പഥ്യം പാലിക്കണം. പ്രധാന പഥ്യങ്ങളില്‍ ഒന്ന് ബ്രഹ്മചര്യമാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ലഹരിപദാര്‍ഥങ്ങള്‍ ഉപേക്ഷിക്കുക, പകലുറക്കവും രാത്രിയില്‍ ഉറക്ക മൊഴിയുന്നതും ഒഴിവാക്കുക, ശരീ രം അധികം ഇളകാതെ വിശ്രമിക്കുക, ദേഷ്യം, കോപം, അസൂയ തുടങ്ങിയ ദോഷവികാരങ്ങള്‍ അകറ്റുക, പ്രാര്‍ഥനയ്ക്കു പ്രാധാന്യം കൊടുക്കുക എന്നിങ്ങനെ മനസ്സിനും ശരീര ത്തിനും ബാധകമായ പഥ്യങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. വസ്തി, കിഴി, ധാര, പിഴിച്ചില്‍ തുടങ്ങിയ ആയുര്‍വേദ ചികില്‍സകള്‍ സുഖചികില്‍സയില്‍ ഉള്‍പ്പെടുത്താറുണ്ട്. പ്രത്യേക മരുന്നുകള്‍കൊണ്ടു തയാറാക്കിയ ചെറുചൂടുള്ള എണ്ണ തലയില്‍ ധാരപോലെ ഒഴിക്കുന്ന ചികില്‍സയാണു ശിരോവസ്തി. തലയില്‍ തൊപ്പിപോലെ വച്ചിരിക്കുന്ന പ്രത്യേക പാത്രത്തിലാണ് എണ്ണ നിര്‍ത്തുക. അടുപ്പിച്ച്‌ ഏഴു ദിവസമാണ് ഈ ചികിത്സ ചെയ്യേണ്ടത്.

ഉഴിച്ചിലും പിഴിച്ചിലും

ശരീരത്തിന് ഇളപ്പമുള്ള കാലമായതിനാല്‍ ഉഴിച്ചിലിനും പിഴിച്ചിലിനും കര്‍ക്കടകം നല്ല സമയമാണ്. രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും മൃതകോശങ്ങളെ പുറന്തള്ളി പുതിയ കോശങ്ങളുടെ വര്‍ധനയ്ക്കും ശരീരത്തിലെ വിവസ്തുക്കളെ പുറത്താക്കുന്നതിനും ഉഴിച്ചിലും പിഴിച്ചിലും നല്ലതാണ്. പ്രത്യേകം തയാറാക്കിയ പാത്തിയില്‍ കിടത്തി ചെയ്യുന്ന ചികിത്സയാണു പിഴിച്ചില്‍. രോഗമില്ലാത്തവര്‍ക്ക് എണ്ണയും കുഴമ്പുകളും ഉപയോഗിക്കുന്നു. രോഗമുള്ളവര്‍ക്ക് അവരുടെ രോഗാവസ്ഥയ്ക്കനുസരിച്ചുള്ള ഔഷധങ്ങള്‍ ചേര്‍ത്ത എണ്ണ ഉപയോഗിക്കുന്നു. ചെറുചൂടോടെ പാത്തിയില്‍ ഈ എണ്ണ നിര്‍ത്തും.

എണ്ണയില്‍ മുക്കിയ തുണികൊണ്ടു ശരീരത്തില്‍ എണ്ണ വീഴ്ത്തുകയും ചെയ്യും. ഒന്ന് - ഒന്നര മണിക്കൂര്‍ ഈ ചികിത്സയ്ക്കു വേണ്ടിവരും. മരുന്നുകള്‍ ചേര്‍ത്ത മോരോ എണ്ണയോ ധാരമുറിയാതെ തലയില്‍ വീഴ്ത്തുന്ന ചികിത്സയാണു ധാര. പ്രത്യേക തരത്തിലുള്ള പാത്രം ഉറിപോലെ തൂക്കി അതിലൂടെ ധാര നെറ്റിയില്‍ വീഴ്ത്തുന്നു. ശരീരത്തിന്‍റെ സൗമ്യഭാവം നിലനിര്‍ത്താന്‍ ഉപകരിക്കുന്ന ഞവരക്കിഴി 14, 21 ദിവസങ്ങളില്‍ ചെയ്യാറുണ്ട്. ഞവരയരി കിഴിപോലെ കെട്ടി, കുറുന്തോട്ടിക്കഷായവും പാലും ചേര്‍ത്തു തിളപ്പിച്ചതില്‍ ഇട്ടു വേവിച്ചശേഷം ആ കിഴി മരുന്നില്‍ മുക്കി ശരീരം ഉഴിയുന്നു.

വെറുംവയറ്റില്‍ അപകടമാകുന്നവയും അല്ലാത്തതുമായ ഭക്ഷണങ്ങള്‍

അനാരോഗ്യം ഉണ്ടാക്കുന്ന നിരവധി ഭക്ഷണങ്ങള്‍ നമ്മള്‍ കഴിയ്ക്കാറുണ്ട്. ഇവയുടെ നിറവും സ്വാദും കാണാനുള്ള ഭംഗിയും എല്ലാമാണ് ആരോഗ്യത്തിന് നല്ലതല്ലെന്നറിഞ്ഞിട്ടും നമ്മളെ കഴിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ അനാരോഗ്യം നിറഞ്ഞ ഭക്ഷണത്തെ എങ്ങനെ ആരോഗ്യകരമായി മാറ്റിയെടുക്കാം എന്നതാണ് നമ്മളാലോചിക്കേണ്ടത്.  പ്രത്യേകിച്ച്‌ തിരക്ക് പിടിച്ച പ്രഭാതങ്ങളില്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനുള്ള ബുദ്ധിമുട്ടാണ് പലപ്പോഴും അനാരോഗ്യം നിറഞ്ഞ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ അനാരോഗ്യമെങ്കിലും ഇവയെ എങ്ങനെ ആരോഗ്യമുള്ളതാക്കി മാറ്റാം എന്ന് നമുക്ക് നോക്കാം.

പലപ്പോഴും എളുപ്പപ്പണിയ്ക്ക് വേണ്ടി നമ്മള്‍ തയ്യാറാക്കുന്ന പ്രഭാത ഭക്ഷണമാണ് കെലോഗ്സ്. പരസ്യം കാണുമ്പോള്‍ ഇത്രയേറെ ആരോഗ്യകരമായ ഒന്ന് ഇല്ലെന്ന് തന്നെ പറയാം. എന്നാല്‍ ഇതും പഞ്ചസാരയും പാലും കൂടി ചേരുമ്പോള്‍ അനാരോഗ്യത്തിന്‍റെ കലവറയാണ് അവിടെ തുറക്കപ്പെടുന്നതെന്നതാണ് സത്യം.എന്നാല്‍ ഇതിനെ എങ്ങനെ ആരോഗ്യകരമാക്കി മാറ്റാം എന്നതാണ് ഇവിടുത്തെ ചോദ്യം. കെലോഗ്സിനു പകരം ഓട്സ് അല്ലെങ്കില്‍ മറ്റ് ധാന്യങ്ങള്‍ മിക്സ് ചെയ്ത് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം.ജോലിയ്ക്ക് പോകുന്നവരും രാവിലെ തിരക്കുള്ളവരുമാണ് ഇതിന്‍റെ പിറകേ പോകുന്നത്. എന്നാല്‍ പ്രഭാത ഭക്ഷണം എന്ന രീതിയില്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അനാരോഗ്യത്തിന് കുട പിടിയ്ക്കാന്‍ പലപ്പോഴും കുക്കീസിനും ബ്രെഡിനും കഴിയും.

എന്നാല്‍ വൈറ്റ് ബ്രെഡിനു പകരം ബ്രൗണ്‍ ബ്രെഡ് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല പ്രഭാത ഭക്ഷണം എന്ന നിലയ്ക്ക് ഇതില്‍ തക്കാളിയും മറ്റു പച്ചക്കറികളും ആക്കി സ്റ്റഫ് ചെയ്ത് കഴിയ്ക്കുന്നതാണ് നല്ലത്.ഇതിലെല്ലാമുപരിയായി മധുരം തന്നെ രാവിലെ കഴിയ്ക്കണം എന്ന് ആഗ്രഹമുള്ളവര്‍ പഴങ്ങള്‍ ബ്രഡില്‍ സ്ലൈസ് ചെയ്ത് വെച്ച്‌ കഴിയ്ക്കാവുന്നതാണ്. ഇതൊരു വലിയ വിഷയം തന്നെയാണ്. കാരണം രാവിലെ കാപ്പി കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. ഇഷ്ടം എന്നതിലുപരി കാപ്പി ഒരു ശീലമായി മാറിയിരിയ്ക്കുകയാണ്. അനാരോഗ്യമുണ്ടാക്കുന്നതില്‍ മുന്നില്‍ തന്നെയാണ് കാപ്പിയും.

കാപ്പിയ്ക്ക് പകരം പാല്‍, സോയ മില്‍ക്ക്, ഗ്രീന്‍ ടീ എന്നിവയാണ് ആരോഗ്യത്തിനായി നമ്മള്‍ ശീലമാക്കേണ്ടത്. ജോലിത്തിരക്കുള്ളവരാണ് ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കാതെ സാന്‍ഡ് വിച്ച്‌ പോലുള്ള മോഡേണ്‍ ഭക്ഷണങ്ങളില്‍ ആകൃഷ്ടരാവുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് എത്രത്തോളം അപകടകരമാണെന്നത് പലര്‍ക്കും അറിയില്ല.എന്നാല്‍ സാന്‍ഡ് വിച്ചിന് പകരം ബ്രെഡില്‍ പച്ചക്കറിയോ പഴങ്ങളോ ഉരുളക്കിഴങ്ങോ കാബേജോ എന്തെങ്കിലും വെച്ച്‌ സ്റ്റഫ് ചെയ്ത് കഴിയ്ക്കുന്നത് പ്രഭാത ഭക്ഷണത്തിന്‍റെ കുറവും പരിഹരിയ്ക്കും മാത്രമല്ല ആരോഗ്യത്തേയും സംരക്ഷിക്കും.പൂരിയും എണ്ണയില്‍ വറുത്ത പലഹാരങ്ങളും രാവിലെ ബ്രേക്ക്ഫാസ്റ്റിനായി കഴിയ്ക്കുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ ഇതാകട്ടെ അനാരോഗ്യമാണ് എന്നത് തന്നെയാണ് സത്യം.മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍ഫ്രൈഡ് ഫ്രൂട്സ് എന്നിവ ധാരാളം കഴിയ്ക്കാവുന്നതാണ്. ഇതാകട്ടെ ആരോഗ്യം നല്‍കുന്നതോടൊപ്പം ബ്രേക്ക്ഫാസ്റ്റ് കഴിച്ചെന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്നു.

പ്രമേഹത്തെ നിയന്ത്രിക്കാന്‍ നാടന്‍ വിഭവങ്ങള്‍

കേരളത്തില്‍ മൂന്നിലൊരാള്‍ വീതം പ്രമേഹത്തിന്‍റെ പിടിയിലാണ്. മാറുന്ന ജീവിതശൈലിയും തെറ്റായ ഭക്ഷണ രീതികളുമാണ് നമ്മുടെ നാടിനെ പ്രമേഹത്തിന്‍റെ തലസ്ഥാനമാക്കി മാറ്റിയത്. അടുക്കള അടച്ചുപൂട്ടി മെയ്യനങ്ങാതെയിരുന്ന്പുറത്തു നിന്നുമൂന്നു നേരം ഭക്ഷണവും വാങ്ങിക്കഴിച്ചാല്‍ ബാക്കിയുള്ള മൂന്നില്‍ രണ്ടുപേര്‍ കൂടി പ്രമേഹ രോഗികളാകും. കേരളം, പ്രമേഹ കേരളമായി മാറാതെയിരിക്കണമെങ്കില്‍ വീട്ടമ്മമാര്‍ ഉണരണം. നമ്മുടെ വീടിന്‍റെ ഹൃദയമായ അടുക്കളകള്‍ സജീവമാക്കണം.

ലൈഫ് സ്റ്റൈല്‍ മാറിയപ്പോള്‍

പത്തിരുപത്തഞ്ചുകൊല്ലംകൊണ്ട് നമ്മുടെ ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് പ്രമേഹമടക്കമുള്ള ലൈഫ് സ്റ്റൈല്‍ രോഗങ്ങള്‍ വ്യാപകമാകാന്‍ കാരണമായത്. പണ്ടൊക്കെ എല്ലാ വീടുകളിലും എന്തെങ്കിലുമൊക്കെ കൃഷി ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ആരെങ്കിലും പെട്ടെന്നു ഉണ്ണാന്‍ വന്നാല്‍ പറമ്പിലോട്ടൊന്നിറങ്ങിയാല്‍ തന്നെ ഒരു കൂട്ടം കറിക്കുള്ള പച്ചക്കറി ശേഖരിക്കാമായിരുന്നു. കൃഷി ശാരീരിക അധ്വാനത്തിനും മാനസിക ഉല്ലാസത്തിനുമുള്ള ഏറ്റവും നല്ല ഉപാധിയാണ്. എന്നാലിന്ന് മറുനാടുകളില്‍ നിന്നുവരുന്ന വിഷയമായി പച്ചക്കറികളും ബ്രോയിലര്‍ ചിക്കനുമാണ് നമ്മുടെ ഇഷ്ടവിഭവം. പോഷകമൂല്യം നിറഞ്ഞ നമ്മുടെ നാടന്‍ വിഭവങ്ങളൊക്കെ തീന്മേശയില്‍ നിന്ന് അപ്രത്യക്ഷമായി. പകരം അവിടെ ഹോട്ടലില്‍ നിന്നു വാങ്ങിയ പൊറോട്ടയും ബീഫ് ഫ്രൈയും ബട്ടര്‍ ചിക്കനും തന്തൂരി ചിക്കനുമൊക്കെ സ്ഥാനം പിടിച്ചു. നമ്മോടൊപ്പമിരുന്നു കഴിക്കാന്‍ പ്രമേഹവും ഒപ്പം  കൂടിയെന്നു മാത്രം. പറമ്പിലെ കൃഷിപ്പണികളോടൊപ്പം അടുക്കളയിലെ ആയാസം നിറഞ്ഞ പാചക രീതികളും അപ്രത്യക്ഷമായപ്പോള്‍ സ്ത്രീകളിലേറെയും മധ്യവയസ്സാകുമ്പോഴേക്കും അമിതവണ്ണമുള്ളവരായി മാറി. വയറിനു ചുറ്റുമായി കൊഴുപ്പടിഞ്ഞു കൂടി ഒരു ആപ്പിള്‍പ്പഴം പോലെ വീര്‍ത്തിരിക്കുന്ന അവസ്ഥയാണ് ആപ്പിള്‍ ഒബിസിറ്റി. പ്രമേഹവും ഹൃദ് രോഗവും കൊളസ്ട്രോളുമൊക്കെ ഉണ്ടാകാന്‍ ഒബിസിറ്റി വഴിയൊരുക്കുന്നു. അമിതവണ്ണമുള്ളവരില്‍ ഇന്‍സുലിന്‍റെ  ഉല്‍പാദനം സാധാരണ നിലയില്‍ തന്നെ നടക്കുന്നുണ്ടെങ്കിലും ഇന്‍സുലിന്‍റെ പ്രവര്‍ത്തനക്ഷമത കുറയുന്നതാണ് പ്രമേഹത്തിനു കാരണം. കുടുംബാരോഗ്യം പിറക്കേണ്ട അടുക്കളയെ ഷോ കിച്ചനാക്കി മാറ്റി നിര്‍ത്തിക്കൊണ്ട് ഈറ്റിങ് ഔട്ട് ശൈലിക്കു പിറകെ പായുന്നവര്‍ ഓര്‍ക്കുക. പ്രമേഹം പോലെയുള്ള ലൈഫ് സ്റ്റൈല്‍ രോഗങ്ങള്‍ക്ക് കടന്നുവരാന്‍ പാതയൊരുക്കുകയാണ് നാം ചെയ്യുന്നത്. ഹോട്ടല്‍ ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന കാലറിയാണ് അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകുന്നത്. ഫാസ്റ്റ്ഫുഡ്, ബേക്കറി പലഹാരങ്ങള്‍, കോള എന്നിവയിലൂടെ ശരീരത്തിലെത്തുന്ന അമിത ഊര്‍ജം ചെലവഴിക്കപ്പെടാതെ വരുമ്പോള്‍ കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞു കൂടുകയാണു ചെയ്യുന്നത്.

പ്രായമായവരെ എങ്ങനെ പരിപാലിക്കണം ?

കുടുംബത്തിലെ ഏതു മുതിര്‍ന വ്യക്തിയും മാനസ്സികവും ശാരീരികവും വൈകാരികവുമായ കൈത്താങ്ങ് അര്‍ഹിക്കുന്നുണ്ട്. പ്രധാന കാര്യം അവര്‍ക്കു വേണ്ടി നീക്കിവയ്ക്കാന്‍ കഴിയുന്ന സമയമാണ്. വീട്ടിലെ ഏകാന്തതയില്‍ മാത്രം കഴിയുന്ന അവര്‍ക്കായി ഇത്തിരി സമയം മാറ്റിവയ്ക്കാന്‍ തിരക്കുകള്‍ക്കിടയില്‍ നമ്മള്‍ മറന്നു പോകരുത്.

  • അകലെയാണ് താമസിക്കുന്നതെങ്കില്‍ പതിവായി അവരെ സന്ദര്‍ശിക്കുകയും ഒപ്പം സമയം ചെലവഴിക്കുകയും വേണം.
  • അവശതകള്‍ ഇത്തിരി നേരത്തേക്കെങ്കിലും മറക്കാന്‍ ഔട്ടിങ് സഹായിക്കും. സിനിമയ്ക്കോ ചെറിയ ടൂറിനോ വീക്കെന്‍ഡ് ഗെറ്റ് ടുഗതറിനോ അവരെ കൂടെക്കൂട്ടാം.
  • ഒരു കാലത്ത് നിങ്ങളെ പരിപാലിച്ചവരെ അവശതയുടെ കാലത്ത് പരിപാലിക്കേണ്ടത് ചുമതലയാണെന്ന് മറക്കാതിരിക്കുക. പ്രയാധിക്യം മൂലം അവര്‍ പരുക്കനായി പെരുമാറുകയോ അഡ്ജസ്റ്റ് ചെയ്യാന്‍ തയാറാവാതിരിക്കുകയോ ചെയ്താല്‍ കൂടി അത് കാര്യമായി എടുക്കരുത്.

ഒരാഴ്ച കൊണ്ട് സ്ലിം ബ്യൂട്ടി

തടിയും വയറും വലിയ പ്രശ്നമായിക്കൊണ്ടിരിയ്ക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിയ്ക്കുന്നത്. എന്നാല്‍ പലപ്പോഴും ഇതിനെതിരെ എന്ത് ചെയ്യണമെന്നതായിരിക്കും പലരുടേയും ചോദ്യം. നിരവധി ആര്‍ട്ടിക്കിളുകള്‍ വായിച്ചും ഭക്ഷണത്തില്‍ ക്രമീകരണം കൊണ്ടു വന്നും ജിമ്മില്‍ പോയിയും വ്യായാമം ചെയ്തും എല്ലാം എങ്ങനെയെങ്കിലും തടിയൊന്ന് കുറഞ്ഞാല്‍ മതി എന്ന് ചിന്തിയ്ക്കുന്നവരാണ് നമ്മളോരോരുത്തരും. എന്നാല്‍ ഇതെല്ലാം സ്ഥിരമായി ചെയ്ത് കൊണ്ടിരിയ്ക്കുന്ന കാര്യങ്ങള്‍ തന്നെയാണ് എന്നതാണ് പലപ്പോഴും നമ്മളെ നിരുത്സാഹപ്പെടുത്തുന്നതും. പക്ഷേ എന്തെങ്കിലും ചെയ്ത് തുടങ്ങിയാല്‍ അതിന് ഉടന്‍ തന്നെ ഫലം ലഭിക്കണമെന്നും ഉടന്‍ തന്നെ തടിയും വയറും കുറയണമെന്നുമെല്ലാം വാശിപിടിച്ചാല്‍ അത് നടക്കുന്ന കാര്യമല്ല.  അതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ശ്രദ്ധിക്കുന്നത് മാത്രമല്ല അത് തന്നെ കുറച്ച്‌ നാള്‍ ഫോളോ ചെയ്യുന്നതും നല്ല കാര്യമാണ് എന്നത് നമ്മളാഗ്രഹിക്കുന്ന ഫലമുണ്ടാക്കും. ഇനി താഴെ പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഫോളോ ചെയ്ത് നോക്കൂ. ഫലം ഉണ്ടാവുന്നത് കാണാം.

തടി കുറയ്ക്കണമെന്ന് തീരുമാനം എടുത്ത് കഴിഞ്ഞാല്‍ പിന്നെ സ്നാക്സ് എന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതിരിയ്ക്കുന്നതാണ് നല്ലത്. കൂടുതല്‍ നാരങ്ങാ വെള്ളം, ഫ്രൂട്ട് സാലഡ് എന്നിവയ്ക്കൊക്കെ നിയന്ത്രണം വെയ്ക്കുക.

  • വെള്ളം കുടിച്ചു കൊണ്ട് ആരംഭിയ്ക്കുക മാത്രമല്ല അവസാനിപ്പിക്കുകയും ചെയ്യുക.
  • ഫാസ്റ്റ്ഫുഡെന്ന വില്ലനെ പൂര്‍ണമായും അങ്ങോട്ട് ഒഴിവാക്കുക. പ്രത്യേകിച്ച്‌ പിസയും കാന്‍ഡ് ഫുഡ്, ഫ്രൈഡ് ഫുഡ് എന്നീ മഹാന്‍മാരെ.
  • പച്ചക്കറി കഴിയ്ക്കുന്നത് നല്ലതാണ്. പച്ചയ്ക്ക് കഴിയ്ക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പകുതി വേവിച്ച്‌ കഴിയ്ക്കാം.
  • നടത്തം നിര്‍ത്തേണ്ട ദിവസവും 15 മിനിട്ടെങ്കിലും നടക്കുന്നത് നല്ലതാണ്. ആരോഗ്യത്തിനും ശരീരത്തിനും.
  • ഭക്ഷണ കാര്യത്തില്‍ അല്‍പം നിയന്ത്രണം വെയ്ക്കുക. നിങ്ങള്‍ക്കാവശ്യമുള്ളത്രയും കഴിയ്ക്കണ്ട. വിശക്കുന്നുണ്ടെങ്കില്‍ മൂന്ന് നാല് തവണയായി അല്‍പാല്‍പം കഴിയ്ക്കുക.
  • ഭക്ഷണ ശേഷം വെള്ളം കഴിയ്ക്കുന്ന ശീലം ഉണ്ടെങ്കില്‍ അത് നിര്‍ത്താം. കാരണം അത് നിങ്ങളെ തടിപ്പിക്കുകയേ ചെയ്യുകയുള്ളൂ.
  • പാലും സൂപ്പും ധാരാളം കഴിയ്ക്കാന്‍ ശ്രമിക്കുക, ഇത് ദ്രവരൂപത്തിലുള്ളതായതിനാല്‍ തടിയ്ക്കുമെന്ന പേടി വേണ്ട, മാത്രമല്ല ഇതിലെല്ലാം ധാരാളം പ്രോട്ടീന്‍ ഉണ്ട് എന്നതാണ് സത്യം.
  • കാപ്പിയാണ് എത്ര ശ്രമിച്ചാലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്ന്. കാപ്പി കുടിയ്ക്കുന്നത പരമാവധി ഒഴിവാക്കുക. കാപ്പി മാത്രമല്ല സോഫറ്റ്ഡ്രിങ്ക്സും മദ്യവും.
  • രാത്രി എട്ട് മണിയ്ക്ക് ശേഷം ഭക്ഷണം കഴിയ്ക്കാതിരിക്കുക. അമിതവിശപ്പ് തോന്നുന്നുണ്ടെങ്കില്‍ അല്‍പം പാലോ ഒരു കഷ്ണം പഴമോ കഴിച്ച്‌ വിശപ്പടക്കാം.
  • ഹൈപ്പര്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍

ഹൈപ്പര്‍ ടെന്‍ഷനെ നിശബ്ദകൊലയാളി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കാരണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും പ്രകടമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ഹൃദയാഘാതത്തെ തുടര്‍ന്നും ഗുരുതരമായ മസ്തിഷ്ക രക്തസ്രാവത്തെതുടര്‍ന്നുംമൊക്കെ ആശുപത്രിയിലെത്തുമ്പോഴായിരിക്കും ഹൈപ്പര്‍ ടെന്‍ഷനുണ്ടായിരുന്നെന്ന് ആദായമായി കണ്ടെത്തുന്നത്. ഔഷധചികിത്സകൊണ്ടു മാത്രം രക്താതിസമ്മര്‍ദത്തെ വരുതിയിലാക്കാന്‍ കഴിഞ്ഞെന്നു വരികില്ല. ആരോഗ്യകരമായ ഭക്ഷണരീതികളും കൃത്യമായ വ്യായാമങ്ങളും മരുന്നിനോടൊപ്പം ചേര്‍ത്താലെ ലൈഫ് സ്റ്റൈല്‍ രോഗമായ ഹൈപ്പര്‍ ടെന്‍ഷന്‍ നിയന്ത്രിക്കാനാവൂ.

  • ഫാസ്റ്റ് ഫുഡ് ബി പിയിലേക്ക് ഫാസ്റ്റ്

നമ്മുടെ ഭക്ഷണ സംസ്ക്കാരത്തില്‍ വന്ന കാതലായ മാറ്റമാണ് ഈറ്റിങ്ങ് ഔട്ട്. ഹോട്ടല്‍ ഭക്ഷണത്തിലെയും ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലെയും പ്രധാന ചേരുവകളാണ് പഞ്ചസാരയും ഉപ്പും, കൊഴുപ്പും. ഉപ്പ് അധികമായി അടങ്ങിയ ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലും സോസേജ് ടിന്നിലടച്ചു സൂക്ഷിക്കുന്ന മാംസ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയിലും കൂടിയ അളവില്‍ ഉപ്പുണ്ട്. ഇത് ബി പി കൂട്ടും. ബേക്കറി പലഹാരങ്ങളിലും ഹോട്ടല്‍ ഭക്ഷണത്തിലും ഉയര്‍ന്ന കലോറി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെത്തുന്ന അമിത ഊര്‍ജ്ജം ചെലവഴിക്കാതെ വരുമ്പോള്‍ കൊഴുപ്പായി ശരീരത്തില്‍ ശേഖരിക്കപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന പൊണ്ണത്തടി ഹൈപ്പര്‍ ടെന്‍ഷന് വഴിയൊരുക്കുന്നു. ആരോഗ്യവാനായ വ്യക്തിക്ക് ദിവസം നാലു ചെറിയ സ്പൂണ്‍ പഞ്ചസാരയും മൂന്ന് സ്പൂണ്‍ എണ്ണയും ഒന്നര സ്പൂണ്‍ ഉപ്പും മാത്രമാണ് ആവശ്യമുള്ളത്. എന്നാല്‍ രുചയോടെ കഴിക്കുന്ന ഹോട്ടല്‍ ഭക്ഷണത്തില്‍ ഇവ പലപ്പോഴും പരിധി ലംഘിച്ചിരിക്കും.

  • ബി പി കുറയ്ക്കാന് ഡാഷ് ഡയറ്റ്

പരമ്പരാഗത ഭക്ഷണ പാനീയങ്ങളിലേക്കും നാടന്‍ വിഭവങ്ങളിലേക്കും മടങ്ങുക എന്നതാണ് ബി പി കുറയ്ക്കാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്ന്. ഇതിന്‍റെ പുതിയ രൂപമാണ് ആഗോള വ്യാപകമായി അംഗീകരിക്കപ്പെട്ട ഡാഷ് ഡയറ്റ് (ഡയറ്ററി അപ്രോച്ച് ടു സ്റ്റോപ് ഹൈപ്പര്‍ ടെന്‍ഷന്‍). പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രീതിയാണിത്. കൊഴുപ്പ്, മാംസം, മധുരപലഹാരങ്ങള്‍, മദ്യം എന്നിവ പിരമിതപ്പെടുത്തിയിട്ടുണ്ട്. പച്ചക്കറികളിലും ബി പി കുറയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം, കാത്സ്യം എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഏത്തപ്പഴം, മുന്തിരി, നാരങ്ങ, ഓറഞ്ച്, ആപ്രിക്കോട്ട് തുടങ്ങിയ പഴവര്‍ഗങ്ങളെല്ലാം രക്താതിസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.അയില, മത്തി,തുടങ്ങിയ മത്സ്യങ്ങളും ഹൈപ്പര്‍ ടെന്‍ഷനുള്ളവര്‍ക്ക് ഗുണകരമാണ്. ഇവയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഒമേഗ3 ഫാറ്റി ആസിഡിന് രക്താദിസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കഴിവുണ്ട്. മത്സ്യം വറുത്തും പൊരിച്ചും  കഴിക്കാതെ കറിവെച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. ചോറിലും കഞ്ഞിയിലുമൊക്കെ ഉപ്പൊഴിച്ചു കഴിക്കുന്നതും ഉപ്പിലിട്ടത്, പപ്പടം തുടങ്ങിയ വിഭവങ്ങളും ഒഴിവാക്കണം.

പാചകം ചെയ്യുന്ന രീതി അനുസരിച്ച്‌ ഭക്ഷണം വിഷമാകുന്നുണ്ട്

ആരോഗ്യം തന്നെയാണ് നമുക്കെല്ലാം പ്രധാനം എന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും ഇല്ല. പാചകം ചെയ്ത് നല്ലതു പോലെ വേവിച്ച ഭക്ഷണം കഴിയ്ക്കുന്നതാണ് എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലത്. പകുതി വേവിച്ച ഭക്ഷണം കഴിയ്ക്കുന്നതെല്ലാം അനാരോഗ്യമാണ് ഉണ്ടാക്കുക എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പാചകം ചെയ്യുന്ന രീതി അനുസരിച്ച്‌ ഭക്ഷണം വിഷമാകുന്നുണ്ട്. എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. ഭക്ഷണം പാകം ചെയ്യുന്ന രീതിയാണ് പലപ്പോഴും ഭക്ഷണത്തെ അത്രയേറെ വിഷമയമാക്കുന്നത്. താഴെ കൊടുത്തിരിയ്ക്കുന്ന ചില പാചക രീതികള്‍ ഭക്ഷണത്തെ വിഷമാക്കി മാറ്റുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

ഭക്ഷണം കൂടുതല്‍ നേരം പാകം ചെയ്യുന്നത് നല്ല രീതിയല്ല. പ്രത്യേകിച്ച്‌ പച്ചക്കറികള്‍. പച്ചക്കറികള്‍ കൂടുതല്‍ നേരം വേവിയ്ക്കുന്നത് ഭക്ഷണത്തെ വിഷമാക്കി മാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍ നോണ്‍വെജിന്‍റെ കാര്യത്തില്‍ നേരെ തിരിച്ചാണ്. കാരണം ഇത് കൂടുതല്‍ നേരം വേവിച്ചില്ലെങ്കിലാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.

ഇപ്പോഴത്തെ രീതി അനുസരിച്ച്‌ ഗ്രില്‍ ചെയ്ത് കഴിയക്കുന്ന ഭക്ഷണങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇതിന്‍റെ രുചി തന്നെയാണ് ഇതിലേക്ക് പലരേയും ആകര്‍ഷിക്കുന്നതെങ്കിലും പലപ്പോഴും ഭക്ഷണം കൂടുതല്‍ കരിയുന്നത് അത് വിഷമയമാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കൂടുതല്‍ സമയമെടുത്ത് പാചകം ചെയ്യുന്നത് കൊളാജന്‍ വിഘടിക്കാന്‍ കാരണമാകുന്നു. മനുഷ്യ ശരീരത്തില്‍ ഏറ്റവും അധികമുള്ള പ്രോട്ടീന്‍ ആണ് കൊളാജന്‍.

ബാര്‍ബിക്യൂ ഭക്ഷണങ്ങള്‍ ശരീരത്തിന് ചെയ്യുന്ന ദോഷം ചെറുതൊന്നുമല്ല, കനലില്‍ വെച്ച്‌ ഭക്ഷണം ചൂടാകുമ്പോള്‍ അത് പലപ്പോഴും ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

നോണ്‍വെജ് ഐറ്റംസ് എല്ലാം അമിതമായി ഫ്രൈ ചെയ്തത് കഴിയ്ക്കാന്‍ വളരെ നല്ലതാണെങ്കിലും ഇതില്‍ വിഷാംശം കൂടുകയാണ് ചെയ്യുന്നത്. അമിതമായി ഫ്രൈ ചെയ്യുമ്പോള്‍ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല.

മൈക്രോവേവ് ഭക്ഷണങ്ങളാണ് മറ്റൊരു പ്രശ്നം. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ക്യാന്‍സര്‍ സാധ്യത ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഉയര്‍ന്ന ചൂടില്‍ പ്രശ്നമാക്കുന്നു.

എരിവ് മാത്രമല്ല, ഊര്‍ജവുമാണ് പച്ചമുളക്

വിറ്റാമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ് പച്ചമുളക്.

ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഒരു തവണയെങ്കിലു പച്ചമുളക് കടിക്കാത്തവരുണ്ടാവില്ല. എത്ര എരിഞ്ഞാലും പച്ചമുളക് നമ്മള്‍ ഒഴിവാക്കാറുമില്ല. എന്നാല്‍ വിറ്റാമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ് പച്ചമുളകെന്ന് എത്രപേര്‍ക്കറിയാം. നിങ്ങളറിയാത്ത വേറെയും ഗുണങ്ങള്‍ പച്ചമുളകിനുണ്ട്. പച്ചമുളകിന്റെ മറ്റ് ചില ഗുണങ്ങള്‍ പരിചയപ്പെടാം.

പച്ചമുളക് വിറ്റാമിന്‍ സിയുടെ ഉറവിടമാണ്.

പച്ചമുളക് കഴിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കും.

വിറ്റാമിന്‍ സിയും നാരുകളും നിറയെ ഉള്ളതിനാല്‍ പച്ചമുളക് കഴിക്കുന്നത് ദഹനം എളുപ്പമാക്കും. ഒപ്പം മുളക് കഴിക്കുമ്പോള്‍ ഉമിനീര്‍ ഉത്പാദനം വര്‍ധിക്കുന്നതും ആഹാരം ശരിയായി ദഹിക്കാന്‍ സഹായിക്കുന്നു.

ശരീരത്തിലുള്ള അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാന്‍ പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്. ഇത് വഴി ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.

പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കിനിര്‍ത്താന്‍ ഇത് സഹായിക്കും.

സ്തനാര്‍ബുദത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

പ്രതിവര്‍ഷം കേരളത്തില്‍ മുപ്പതിനായിരത്തോളം ആളുകള്‍ക്ക് അര്‍ബുദം ഉണ്ടാകുന്നു എന്നാണ് കണക്കുകള്‍. അര്‍ബുദത്തിന് ചികിത്സയില്ല എന്ന മിഥ്യാധാരണ പടര്‍ത്താന്‍ ചില ഭാഗത്തു നിന്നെങ്കിലും ശ്രമങ്ങളുണ്ടാകുന്നു. യഥാര്‍ഥത്തില്‍ രണ്ടു കാര്യങ്ങള്‍ കൊണ്ടാണ് നമ്മള്‍ അര്‍ബുദത്തെ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത്. ഒന്ന് , ആധുനിക വൈദ്യശാസ്ത്രത്തിലുണ്ടായ മുന്നേറ്റങ്ങള്‍ കൊണ്ട് മുമ്പത്തേക്കാള്‍ കൂടുതല്‍ രോഗനിര്‍ണയ സംവിധാനങ്ങള്‍ ലഭ്യമാണ്. രണ്ട്, ചെറിയ തോതിലെങ്കിലും അര്‍ബുദം ഉണ്ടാകുന്ന തോതും കൂടിയിട്ടുണ്ട്. പ്രാരംഭഘട്ടത്തിലേ കണ്ടിപിടിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നതാണ് മിക്ക അര്‍ബുദവും. രോഗം കൂടുതലായി ബാധിച്ചു കഴിഞ്ഞാല്‍ മാത്രമാണ് ഭേദമാക്കാന്‍ കഴിയാതെ വരുന്നത്. എങ്കില്‍ പോലും നിയന്ത്രിച്ചു നിറുത്താന്‍ ഇന്നത്തെ ചികിത്സയ്ക്ക് സാധിക്കുന്നുണ്ട്. കേരളത്തിലെ സ്ത്രീകളില്‍ ഏകദേശം 28 ശതമാനത്തെയും ബാധിക്കുന്നത് സ്തനാര്‍ബുദമാണ്. ഒരു ലക്ഷം സ്ത്രീകളില്‍ 25 – 30 പേര്‍ക്ക് സ്തനാര്‍ബുദമുണ്ടാക്കുന്നു.

കാരണങ്ങള്‍

  • പ്രായം കൂടുന്തോറും സ്തനാര്‍ബുദം വരാനുള്ള സാദ്ധ്യതയും കൂടി വരുന്നു. 50 വയസിനു മുകളില്‍ പ്രായമുള്ളവരാണ് സ്തനാര്‍ബുദരോഗികളിലേറെയും.
  • ജനിതകം/ പാരമ്പര്യം : 15 ശതമാനം സ്ത്രീകളില് സ്തനാര്‍ബുദം ഉണ്ടായിട്ടുണ്ടെങ്കില് ഇതിനുള്ള സാദ്ധ്യത കൂടുതലാണ്. ചില ജനിതക പരിശോധനകളിലൂടെ ഇത് കണ്ടുപിടിക്കാവുന്നതാണ്.
  • ജീവിതശൈലി മാറ്റങ്ങള്‍ : നമ്മുടെ ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഒരു പരിധിവരെ അര്‍ബുദ നിരക്കുകള്‍ ഉയരുവാന്‍ കാരണമായിട്ടുണ്ട്.
  • മുമ്പ് സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ അടുത്തമാറിടത്തില്‍ പുതിയതായി വരാനുള്ള സാധ്യതയുണ്ട്.
  • ഹോര്‍മോണ്‍ ഉപയോഗം ഉള്ളവരില്‍ സ്തനാര്‍ബുദം കൂടുതലായി കണ്ടുവരുന്നു. ഇതോടൊപ്പം അമിതവണ്ണം, വ്യായാമക്കുറവ് എന്നിവയും കാരണമായേക്കാം.

ലക്ഷണങ്ങള്‍

  • മാറിലോ കക്ഷത്തിലോ കാണുന്ന മുഴകള്‍
  • സ്തനങ്ങളുടെ വലിപ്പത്തിലോ നിറത്തിലോ ഉള്ള വ്യത്യാസം.
  • നിപ്പിളില്‍ പ്രകടമായ മാറ്റങ്ങള്‍.
  • നിപ്പിളില്‍ നിന്ന് രക്തമോ വെള്ളംപോലുള്ള ദ്രാവകങ്ങളോ വരുന്നത്.

എങ്ങനെ പ്രതിരോധിക്കാം

ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നവരില്‍ അര്‍ബുദം വരാനുള്ള സാധ്യത കുറയുന്നു. ചിട്ടയായ ഭക്ഷണക്രമം സ്തനാര്‍ബുദ പ്രതിരോധത്തിന് സഹായകമാകുന്നു. ഇലകള്‍, പച്ചക്കറികള്‍. പഴവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ആറുമാസമെങ്കിലും മുലയൂട്ടുന്നത് സ്തനാര്‍ബുദത്തിന്‍റെ സാധ്യത കുറച്ച് കുറയ്ക്കുന്നതാണ്.

പ്രമേഹവും ഹൃദ്രോഗവും അകറ്റാന്‍ ഒരു അത്ഭുതജ്യൂസ്

ലോകത്തെ മരണനിരക്കിന് കരണമായ അസുഖങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ട് രോഗങ്ങളാണ് പ്രമേഹവും ഹൃദ്രോഗവും.ഈ രണ്ട് രോഗങ്ങള്‍ അകറ്റാന്‍ ഒരു ജ്യൂസിന് സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.ക്രാന്‍ബെറി പഴം ഉപയോഗിച്ചുള്ള ജ്യൂസിന് പ്രമേഹവും ഹൃദ്രോഗവും അകറ്റാന്‍ സാധിക്കുമെന്നാണ് ഓഷ്യന്‍ സ്പ്രേ റിസര്‍ച്ച്‌ സയന്‍സസില്‍ നടത്തിയ പഠനത്തില്‍ വ്യകതമായത്. ദിവസേന രണ്ടു ഗ്ളാസ് ക്രാന്‍ബറി ജ്യൂസ് കഴിക്കുന്നവര്‍ക്ക് പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ പിടിപെടാനുള്ള സാധ്യത പത്തുശതമാനത്തില്‍ ഏറെ കുറവായിരിക്കുമെന്നാണ് പഠനത്തില്‍ തെളിയുന്നത്.രക്തസമ്മര്‍ദ്ദത്തിന്‍െറയും രകതത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കാനും ശരിയായ തോതില്‍ നിയന്ത്രിക്കാനും ഈ ജ്യൂസിന് സാധിക്കുമെന്നാണ് പഠനറിപ്പോര്‍ട്ട്.ക്രാന്‍ബെറിയില്‍ അടങ്ങിയിട്ടുള്ള പോളി ഫിനോള്‍സാണ് രക്തസമ്മര്‍ദ്ദവും രകതത്തിലെ പഞ്ചസാരയും നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ആപ്പിള്‍, മുന്തിരി, ചെറി, ബ്ളൂബെറി എന്നിവയില്‍ അടങ്ങിയതിനേക്കാള്‍ കൂടുതല്‍ പോളി ഫിനോള്‍സ് ക്രാന്‍ ബെറിയില്‍ അടങ്ങിയിട്ടുണ്ട്.

മനോഹരമായ പാദങ്ങള്‍ക്ക് ചില പൊടിക്കൈകള്‍

ഇളം ചൂടുവെള്ളത്തില്‍ ഉപ്പും, ചെറുനാരങ്ങാനീരും അല്‍പം ഷാംപൂവും ചേര്‍ത്ത് അര മണിക്കൂര്‍ കാലുകള്‍ അതില്‍ മുക്കിവെയ്ക്കുക. പിന്നീട് കാലുകള്‍ ഉരച്ചു കഴുകി തണുത്ത വെള്ളത്തില്‍ മുക്കിവെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ മുടക്കാതെ ഇത് ചെയ്യുകയാണെങ്കില്‍ കാലുകളില്‍ ഉണ്ടാവുന്ന രോഗങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിയും. പാദം മൃദുവാകുകയും ചെയ്യും.പെടിക്യുവര്‍ ചെയ്യുന്നതിനു സമമാണിത്.കാല്‍വെള്ള നിത്യേന ഉരച്ചുകഴുകുന്നത് കാലുകളില്‍ ഉണ്ടാകുന്ന വിള്ളല്‍, വരള്‍ച്ച എന്നിവയെ തടയാന്‍ സഹായകരമാകും.കുഴിനഖമുണ്ടായാല്‍ മഞ്ഞളും, മയിലാഞ്ചി ഇലയും കൂടി അരച്ച്‌ കുഴിനഖത്തില്‍ പൊതിയുക. തുളസിയില ഇട്ടു മൂപ്പിച്ച വെളിച്ചെണ്ണ നഖങ്ങളില്‍ പുരട്ടുന്നതും നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.ഗ്ലിസറിനും ചെറുനാരങ്ങാനീരും ചേര്‍ത്ത് പാദങ്ങളില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. ശേഷം മസാജ് ചെയ്ത് കഴുകി കളയുക. കാലുകളിലെ വരള്‍ച്ച മാറാന്‍ ഇത് സഹായിക്കും എന്ന് മാത്രമല്ല, നാരങ്ങയുടെ അണുനാശിനി ഗുണം കാലുകള്‍ക്ക് ലഭിക്കുകയും ചെയ്യും.ഉറങ്ങുന്നതിന് മുന്‍പ് കാലുകളിലും, പാദങ്ങളിലും ഏതെങ്കിലും മോയ്സ്ചറൈസിങ്ങ് ക്രീമുകള്‍ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.

യോഗ തുടങ്ങാം ഇനി ധൈര്യമായി

യോഗയുടെ രീതികള്‍ നമ്മുടെ മനസ്സിനും മസിലുകള്‍ക്കും ആന്തരിക പ്രവര്‍ത്തനങ്ങള്‍ക്കും വളരെ മികച്ചതാണ് .അത്രയേറെ ഗുണമുള്ളതുകൊണ്ടാണ് യോഗ ജനപ്രീയമായത് .യോഗ ചെയ്യുന്ന തുടക്കക്കാരെ സഹായിക്കാനായി ഇതാ ചില നുറുങ്ങുകള്‍. യോഗയുടെ നുറുങ്ങുകള്‍ നിങ്ങളുടെ ശാരീരികവും മാനസികവും ആത്മീയവുമായ യാത്രയെ സഹായിക്കുന്നു.

1. ശരിയായ രീതിയില്‍ പരിശീലിക്കുക

യോഗ നിങ്ങളുടെ ശാരീരികവും മാനസികവും ആത്മീയവുമായ യാത്രയെ സഹായിക്കുന്നു .ഈ ഗുണങ്ങള്‍ കൂടുതല്‍ ലഭ്യമാകണമെങ്കില്‍ നിരന്തര പരിശീലനം ആവശ്യമാണ് .തുടക്കക്കാര്‍ പരിശിലിക്കുമ്പോള്‍ ഗുണങ്ങള്‍ പെട്ടെന്നു മനസിലാകും .പരിശീലന സമയ ദൈര്‍ഘ്യവും നിങ്ങളുടെ പൊസിഷനും പ്രധാനമാണ് .ദിവസവും ഏതാനും നിമിഷം യോഗയ്ക്കായി മാറ്റി വയ്ക്കുക . ഈ അസുഖങ്ങള്‍ക്ക് മരുന്നിന് പകരം പഴം മതി.

നിങ്ങള്‍ പരിശീലിക്കുന്നത് ശരിയായ രീതിയിലാണെന്നു ഉറപ്പുവരുത്തുക. യോഗയെക്കുറിച്ചു നിങ്ങള്‍ വായിക്കുകയും കാണുകയും ചെയ്യുമ്പോള്‍ അതില്‍ പറയുന്നത് കൃത്യമായി പരിശീലിക്കുക എന്നതാകും. നാം അവഗണിക്കുന്നതും അതുതന്നെ. കൂടുതല്‍ പരിശിലിക്കുമ്പോള്‍ നിങ്ങള്‍ യോഗയില്‍ കൂടുതല്‍ കാര്യക്ഷമരാകും.

2. നിങ്ങളുടെ കഴിവ് കൂടുതല്‍ ഉപയോഗിക്കുക

യോഗ പൂര്‍ണമായും അനുഭവിക്കാന്‍ നിങ്ങളുടെ കഴിവ് കൂടുതലായി ഉപയോഗിക്കുക .അവ യോഗ ടീച്ചറിനെയോ സഹപാഠികളെയോ തൃപ്തരാക്കാന്‍ ആകരുത് .യോഗയുടെ കേന്ദ്ര ആശയം തന്നെ സ്വയം പഠിക്കുക എന്നതാണ് .ഒരിക്കലും നിങ്ങളെ ടീച്ചറുമായോ മറ്റു കുട്ടികളുമായോ താരതമ്യം ചെയ്യരുത് .നിങ്ങള്‍ കൂടുതല്‍ പഠിക്കുകയും മെച്ചപ്പെട്ട രീതിയില്‍ പരിശീലിക്കുകയും ചെയ്യുക.

3. സ്വയം കണ്ടെത്തുക

യോഗയില്‍ നിങ്ങളുടെ പോസുകളുടെ ആഴത്തെക്കാള്‍ സ്വയം ആഴത്തിലിറങ്ങുക എന്നതാണ് പ്രധാനം .യോഗയില്‍ ആഴത്തിലുള്ള ശ്രദ്ധ ആവശ്യമാണ് .ഓരോ പോസും പരിശിലിക്കുമ്പോള്‍ ആ ശ്രദ്ധ നിങ്ങള്‍ കൊടുക്കുക .അദ്ധ്യാപകനുമൊത്തു പരിശിലിക്കുമ്പോള്‍ ശ്രദ്ധ ആഴത്തില്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കുക

4. ശരിയായ ടീച്ചറിനെ കണ്ടെത്തുക

ശരിയായ അദ്ധ്യാപകരില്ലാതെ യോഗയുടെ ഒരു നുറുങ്ങും പൂര്‍ണമാകില്ല .നിങ്ങള്‍ക്ക് അനുയോജ്യമായ ടീച്ചറിനെ കണ്ടെത്തുക .നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ,ആവശ്യമില്ലാതെ പ്രകോപിപ്പിക്കാത്ത ടീച്ചറാകും നല്ലത്. തുടക്കത്തില്‍ നിങ്ങള്‍ക്കു സമയം പാഴാകുന്നത് പോലെ തോന്നും .എന്നാല്‍ ഈ നുറുങ്ങുകളിലൂടെ നിങ്ങള്‍ക്ക് യോഗ എങ്ങനെ കൂടുതല്‍ വിജയകരമാക്കാം എന്ന് മനസിലാകും.

വെളുത്തുള്ളി മുളച്ചത് ഒരിക്കലും പുറത്തേക്ക കളയരുത്

പച്ചക്കറികളില്‍ ഉരുളക്കിഴങ്ങ്, സവാള, വെളുത്തുള്ളി എന്നിവ കുറേ നാള്‍ കഴിഞ്ഞാല്‍ മുളയ്ക്കാന്‍ തുടങ്ങും. ഉടനേ തന്നെ നമ്മളതിനെ തൂക്കി വെളിയിലേക്കിടും. എന്നാല്‍ ഇത്തരത്തില്‍ നമ്മള്‍ തൂക്കി കളയുന്നത് നമ്മുടെ ആയുസ്സിന്‍റെ പകുതിയാണ് എന്നതാണ്. ഉരുളക്കിഴങ്ങളും ഉള്ളിയും എല്ലാം ഉപേക്ഷിച്ചാലും വെളുത്തുള്ളി മുളച്ചത് ഒരിക്കലും പുറത്തേക്ക കളയരുത്. കാരണം അത്രയേറെ ആരോഗ്യഗുണങ്ങളാണ് മുളച്ചു കഴിഞ്ഞ വെളുത്തുള്ളിയില്‍ ഉള്ളത്. ആയുസ്സും ആരോഗ്യവും നല്‍കുന്ന എന്തൊക്കെ ഗുണങ്ങളാണ് മുളപ്പിച്ച വെളുത്തുള്ളിയില്‍ ഉള്ളത് എന്ന് നോക്കാം.

ആന്‍റി ഓക്സിഡന്‍റിന്‍റെ കലവറയാണ് മുളപ്പിച്ച വെളുത്തുള്ളി. അമൃതിന് തുല്യമാണ് വെളുത്തുള്ളി. എന്നാല്‍ മുളപ്പിച്ച വെളുത്തുള്ളിയില്‍ ആന്‍റിഓക്സിഡന്‍റിന്‍റെ അളവ് വളരെയധികം കൂടുതലാണ്.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിന് മുളപ്പിച്ച വെളുത്തുള്ളി വളരെയധികം സഹായിക്കുന്നു. ഭക്ഷണത്തില്‍ സാധാരണ വെളുത്തുള്ളി ഉപയോഗിക്കുന്നതിനു പകരമായി ഇനി മുതല്‍ മുളപ്പിച്ച വെളുത്തുള്ളി ഉപയോഗിച്ച്‌ നോക്കൂ.

കാല്‍ വിണ്ടു കീറുന്നത് തടയാനും മുളപ്പിച്ച വെളുത്തുള്ളി തന്നെ സഹായിക്കുന്നു. മുളപ്പിച്ച വെളുത്തുള്ളിയുടെ നീര് ഉപയോഗിച്ച്‌ കാല്‍ വിണ്ടു കീറുന്ന സ്ഥലങ്ങളില്‍ തേച്ചാല്‍ മതി.

ജലദോഷവും പനിയും പെട്ടെന്ന് മാറാന്‍ മുളപ്പിച്ച വെളുത്തുള്ളി സഹായിക്കുന്നു. മുളപ്പിച്ച വെളുത്തുള്ളി വെള്ളത്തില്‍ തിളപ്പിച്ച്‌ ആ വെള്ളം കൊണ്ട് ആവി പിടിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ജലദോഷവും പനിയും മാറും എന്നതാണ് സത്യം.

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് മുളപ്പിച്ച വെളുത്തുള്ളി സഹായിക്കുന്നു. ഹൃദയത്തിലുണ്ടാകുന്ന എല്ലാ വിധ ബ്ലോക്കിനേയും ഇല്ലാതാക്കാനും മുളപ്പിച്ച വെളുത്തുള്ളിയ്ക്ക് കഴിയും

പക്ഷാഘാതം തടയുന്നതിനും മുളപ്പിച്ച വെളുത്തുള്ളി അല്‍പം മുന്നിലാണ്. ആര്‍ത്രൈറ്റിസ് വേദന കുറയ്ക്കാനും അതുവഴി പക്ഷാഘാതത്തെ നേരിടാനും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള എന്‍സൈമുകള്‍ സഹായിക്കുന്നു.

പലപ്പോഴും മരണം സംഭവിയ്ക്കാവുന്ന അവസ്ഥയാണ് രക്തം കട്ടപിടിയ്ക്കുന്നത്. രക്തം കട്ടപിടിയ്ക്കാതെ ശരീര പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ടു പോകാനും വെളുത്തുള്ളി സഹായിക്കുന്നു.

അകാല വാര്‍ദ്ധക്യത്തെ തടയുന്നതിനും മുളപ്പിച്ച വെളുത്തുള്ളി സഹായിക്കുന്നു. ശരീരത്തില്‍ ഇത് കൊണ്ടുണ്ടാകുന്ന ചുളിവുകള്‍ക്കും മറ്റു സൗന്ദര്യപ്രശ്നങ്ങള്‍ക്കും മുളപ്പിച്ച വെളുത്തുള്ളി തന്നെയാണ് മുന്നില്‍.

രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനും മുളപ്പിച്ച വെളുത്തുള്ളി സഹായിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകള്‍ തന്നെയാണ് ശരീരത്തെ സ്ട്രോങ് ആക്കുന്നത്. ഇത് പല രോഗങ്ങളില്‍ നിന്നും ശരീരത്തെ ശുദ്ധീകരിയ്ക്കുന്നു.

ഹൃദയമുളളവര്‍ ശ്രദ്ധിക്കൂ.ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും ഒഴിവാക്കി ഹൃദയാരോഗ്യം വീണ്ടെടുക്കാo.

ആന്‍ജിയോ പ്ലാസ്റ്റിയും ബൈപാസും ഒഴിവാക്കി ഹൃദയാരോഗ്യം വീണ്ടെടുക്കാനാകുമോ? തീര്‍ച്ചയായും സാധിക്കും എന്നാണുത്തരം. E. E. C. P (Enhanced External Pulsation) അഥവാ സര്‍ജറിയില്ലാത്ത ബൈപാസ് ( Natural Bypass Therapy) ചികിത്സയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ബ്ലോക്കുളളവര്‍ക്കും ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയവര്‍ക്കും ഏറ്റവും അനുയോജ്യമായ പരിഹാരമാര്‍ഗമാകും ഇഇസിപി. ബൈപാസ് ശസ്ത്രക്രിയയും ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റിയും ക ഴിഞ്ഞതിനു ശേഷവും നെഞ്ചുവേദന, കിതപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന രോഗികളുണ്ട്. ഇത്തരക്കാര്‍ക്കും ഇഇസിപി- യിലൂടെ രോഗമുക്തി നേടാം. ആന്‍ജിയോ പ്ലാസ്റ്റി, ബൈപാസ് എന്നിവയോട് ഭയമുളള രോഗികള്‍ക്കും ഇഇസിപി ഒരു വരദാനമാണ്.

എന്താണ് ഇഇസിപി?

ഹൃദ്രോഗ ചികിത്സാ രംഗത്തെ ഏറ്റവും ഫലപ്രദവും അതി നൂതനവും ചെലവു കുറഞ്ഞതുമായ ചികിത്സാരീതിയാണിത്. മരുന്നോ ശസ്ത്രക്രിയയോ കൂടാതെ, ഹൃദയധമനികളിലെ രക്തപ്രവാഹം ശക്തിപ്പെടുത്തി, തടസ്സങ്ങളെ മറികടന്ന് ഹൃദയത്തെ ഊര്‍ജസ്വലമാക്കുക എന്നതാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്. ശരീരത്തിന് പുറത്ത് ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് ഹൃദയത്തിലേക്കുളള രക്തപ്രവാഹം സുഗമമാക്കുക എന്നതാണ് ചികിത്സാ രീതി.
അമേരിക്കന്‍ FDA/ AHA/ ACC, യൂറോപ്യന്‍ യൂണിയന്‍ ഓഫ് കാര്‍ഡിയോളജി, ബ്രിട്ടീഷ്, കനേഡിയന്‍, ചൈനീസ് എന്നിങ്ങനെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ഇ. ഇ. സി. പി- ക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ട്.

ചികിത്സാരീതി

രോഗികളെ പ്രത്യേകതരം കിടക്കയില്‍ കിടത്തി, കമ്പ്യൂട്ടര്‍ നിയന്ത്രിത കഫുകള്‍ (രക്തസമ്മര്‍ദ്ദം അളക്കാന്‍ കയ്യില്‍ കെട്ടുന്ന കഫുകള്‍ പോലെയുളളവ) അരക്കെട്ട്, തുട, കാല്‍ എന്നിവിടങ്ങളില്‍ കെട്ടിവെക്കുന്നു. ഹൃദയമിടിപ്പിന്റെ ഇടവേളകളില്‍ ഈ കഫുകള്‍ ശക്തിയായ സമ്മര്‍ദ്ദം ചെലുത്തുന്നതോടെ, അരയ്ക്കു താഴെയുളള ശരീരഭാഗത്തെ രക്തം ഹൃദയത്തിലേക്ക് പ്രവഹിക്കുന്നു. 
സജീവമല്ലാത്ത നേരിയ രക്തക്കുഴലുകളെ വീണ്ടും സജീവമാക്കി, തളര്‍ച്ച പ്രാപിച്ച ഹൃദയപേശികള്‍ക്ക് ഉണര്‍വേകുന്നു. ഇതിലൂടെ ദിവസങ്ങള്‍ക്കകം ശരിയായ പ്രവര്‍ത്തന ശേഷി കൈവരിക്കാന്‍ ഹൃദയത്തിന് സാധിക്കുന്നു.

ഇ.ഇ.സി.പിയുടെ മേന്‍മകള്‍

• അന്‍ജൈന (നെഞ്ചുവേദന) അകറ്റാം
• മരുന്നുകള്‍ കുറയ്ക്കാം
• പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ല
• പ്രായപരിധികൂടാതെ ഏതൊരാള്‍ക്കും ഈ ചികിത്സ സ്വീകരിക്കാം
• ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടതില്ല
• രോഗിയുടെ സൗകര്യമനുസരിച്ച് സമയം ക്രമീകരിക്കാന്‍ കഴിയുന്നതിനാല്‍ പ്രതിദിനജോലികളില്‍ കാര്യമായ മാറ്റം ആവശ്യമില്ല
• നിലവില്‍ ഉപയോഗിച്ചു വരുന്ന മരുന്നുകള്‍ തുടരുന്നതില്‍ തടസ്സമില്ല
• കാലുകളിലെ മസിലുകള്‍ക്ക് നല്ലൊരു മസ്സാജിന്റെ പ്രതീതി ലഭിക്കുന്നു
• നെഞ്ചിനോ ഹൃദയത്തിനോ അസ്വാഭാവികമായ യാതൊന്നും അനുഭവപ്പെടുന്നില്ല
• ഹൃദയവാല്‍വുകള്‍ക്ക് തകരാറുളളവര്‍, ജന്മനാല്‍ ഹൃദ്രോഗമുളളവര്‍, താളം തെറ്റിയ ഹൃദയമിടിപ്പുളളവര്‍, ഹീമോഫീലിയ ഉളളവര്‍ എന്നിവര്‍ക്ക് EECP ചികിത്സയെടുക്കാന്‍ പാടില്ല.

ചികിത്സ എവിടെ?

ഇന്ത്യയിലെ നിരവധി പ്രമുഖ ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഇപ്പോള്‍ ഇ. ഇ. സി. പി. ചികിത്സ നല്‍കി വരുന്നുണ്ട്. എറണാകുളത്ത് കടവന്ത്രയിലുളള ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ EECP ചികിത്സ ലഭ്യമാണ്. വിദഗ്ധ നോണ്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റിന്റെ പരിശോധനയിലും നിര്‍ദ്ദേശത്തിലുമാണ് ഇത് ചെയ്തു വരുന്നത്.

ആയുര്‍വേദത്തിലെ ഗര്‍ഭകാല പരിചരണം

ഗര്‍ഭിണിയാകുന്നതോടുകൂടി മാതാവിന്‍റെ ശരീരവും മനസും മാറ്റങ്ങള്‍ക്ക് വിധേയമാകുകയാണ്. കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യം, സുഖപ്രസവം, ഗര്‍ഭവിപത്ത് തടയല്‍ എന്നിവയാണ് ഗര്‍ഭകാല പരിചരണത്തിലൂടെ ലക്ഷ്യമിടേണ്ടത് .

സ്ത്രീജന്മത്തിലെ ഏറ്റവും പ്രസാദാത്മകമായ കാലഘട്ടമാണ് ഗര്‍ഭകാലം. \'അമ്മ\' എന്ന ഏറ്റവും അമൂല്യമായ പദവി, മാതൃത്വം എന്ന നിര്‍വൃതി. എല്ലാം ഒരുമിച്ച്‌ കൈവരിക്കുകയാണ്.

ഗര്‍ഭധാരണം സംഭവിച്ചു എന്നു മനസിലാക്കുന്നത് മാസമുറ നിലയ്ക്കുന്നതോടെയാണ്. മൂത്രപരിശോധനയിലൂടെ ഗര്‍ഭം ഉറപ്പാക്കാം. ഈ ഉറപ്പ് ലഭിച്ചാല്‍ ഗര്‍ഭിണിയെ അതീവ ശ്രദ്ധയോടെ പരിചരിക്കണം.

ആദ്യമാസങ്ങളില്‍ ഗര്‍ഭം ഉറച്ച്‌ നില്‍ക്കാനും പിന്നീട് ഭ്രൂണത്തിന്‍റെ ക്രമാനുഗതമായ വളര്‍ച്ചയ്ക്കുമാണ് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത്. അതേസമയം മാതാവിന്‍റെ സമ്പൂര്‍ണ്ണ ആരോഗ്യം, മനസിന്‍റെ വിശേഷിച്ചും സംരക്ഷിക്കപ്പെടണം.

സംരക്ഷണം അമ്മയ്ക്കും കുഞ്ഞിനും

ഗര്‍ഭിണിയാകുന്നതോടുകൂടി മാതാവിന്‍റെ ശരീരവും മനസും മാറ്റങ്ങള്‍ക്ക് വിധേയമാകുകയാണ്. കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യം, സുഖപ്രസവം, ഗര്‍ഭവിപത്ത് തടയല്‍ എന്നിവയാണ് ഗര്‍ഭകാല പരിചരണത്തിലൂടെ ലക്ഷ്യമിടേണ്ടത്.

പ്രസവശേഷം അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതിന് അടിസ്ഥാനവും ഈ ഗര്‍ഭകാല പരിചരണമാണ്. മുലപ്പാല്‍ മതിയായ വിധം ഉണ്ടാകുന്നതിനും ഈ ശ്രദ്ധ ആത്യാവശ്യമാണ്.

മുന്‍കാലങ്ങളില്‍ പ്രസവം സംബന്ധമായ അറിവുള്ള അമ്മൂമ്മമാരും മുത്തശിമാരും നമുക്കുണ്ടായിരുന്നു. ഇന്ന് അണുകുടുംബങ്ങളായതും മുന്‍തലമുറയില്‍ തന്നെ പ്രസവം ഒന്നോ രണ്ടോ ആയി കുറഞ്ഞതും ഈ വിഷയത്തില്‍ സ്ത്രീകള്‍ക്ക് തക്കസമയത്ത് പ്രായോഗിക അറിവ് കുറയാന്‍ കാരണമായി.

യൗവനാരംഭത്തില്‍ ജോലിക്ക് പോകുന്നവരാണ് ഇന്ന് പെണ്‍കുട്ടികളിലേറെയും. പ്രസവ സമയത്ത് മാത്രമാണ് ജന്മഗൃഹമായും അമ്മയുമായും കൂടുതല്‍ അടുത്തിടപഴകുന്നത്. അതുകൊണ്ടുതന്നെ ഗര്‍ഭാരംഭത്തില്‍ ആ അവസ്ഥ എങ്ങനെ ചെയ്യണമെന്ന് അധികം പെണ്‍കുട്ടികള്‍ക്കും അറിയില്ല.

ഇത് ഗര്‍ഭകാലത്ത് പെണ്‍കുട്ടികളില്‍ വലിയ ഉത്കണ്ഠ സൃഷ്ടിക്കുന്നു. ഗര്‍ഭിണിയുടെ ഈ മാനസികാവസ്ഥ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ മറ്റ് അംഗങ്ങളെയും ആശങ്കയിലാക്കും.

ഗര്‍ഭധാരണം രോഗമല്ല

ഗര്‍ഭിണിയെ ഒരു രോഗിയെപ്പോലെ കാണുന്നത് പതിവാണ്. ഇത് തെറ്റാണ്. ഗര്‍ഭധാരണം രോഗമാണെന്നുള്ള കാഴ്ചപ്പാട് ഇനിയെങ്കിലും മാറണം.ആനുകാലികങ്ങളും ശാസ്ത്രീയമായ പുസ്തകങ്ങളും ഒരളവുവരെ ഈ പ്രശ്നത്തിന് പരിഹാരമാണ്.

ഡോക്ടര്‍മാരുടെ ഇടപെടലും ഈ തെറ്റിദ്ധാരണ തിരുത്താന്‍ സഹായിക്കുന്നുണ്ട്. പ്രാഗത്ഭ്യമുള്ള ഡോക്ടര്‍ക്ക് ഗര്‍ഭിണികളെ ഗര്‍ഭകാലം മുഴുവന്‍ വേണ്ടതായ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി അവരുടെ ആശങ്കകള്‍ കുറച്ച്‌, ലഘു ചികിത്സകള്‍ നല്‍കി ആരോഗ്യവതിയാവാന്‍ സഹായിക്കാനാവും.

അവസാന ആര്‍ത്തവ ദിവസത്തോട് 9 മാസവും 7 ദിവസവും കൂട്ടിയാല്‍ കിട്ടുന്ന ദിവസമാണ് പ്രസവ ദിവസമായി (ഇ.ഡി.ഡി - എക്സ്പെക്റ്റഡ് ഡേറ്റ് ഓഫ് ഡെലിവറി)കണക്കാക്കുന്നത്.

ഇതു തന്നെയാണ് ഗര്‍ഭകാലവും പ്രത്യേക പരിചരണം ആവശ്യമുള്ള കാലവും. ഒരാര്‍ത്തവ ചക്രത്തിന്‍റെ ഏതാണ്ട് മധ്യത്തോടെ സംഭവിക്കുന്ന അണ്ഡവിസര്‍ജനവും തുടര്‍ന്നുള്ള പുരുഷ ബീജ സങ്കലനവും കണക്കാക്കിയാല്‍ 266 ദിവസങ്ങള്‍ മതിയാവും ഗര്‍ഭം സംഭവിച്ച്‌ പ്രസവത്തിനായി.

ആദ്യകാല അസ്വസ്ഥതകള്‍

ഗര്‍ഭാവസ്ഥയില്‍ ആദ്യമായി അനുഭവപ്പെടുന്നത് തലചുറ്റലും ഛര്‍ദിയുമാണ്. ഇതിന് ഇല്ലിക്കൂമ്പ്, മലര്, ചെറൂള ഇവകൊണ്ടുള്ള കഷായം മഹാധാന്വന്തരം ഗുളിക ചേര്‍ത്ത് കൊടുക്കാവുന്നതാണ്. ഛര്‍ദിക്ക് ശമനം ലഭിക്കും.

തലകറക്കം രക്തക്കുറവ് കൊണ്ടാണ്. ഈ സമയം പഴവര്‍ഗങ്ങളും ഇലക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അതോടൊപ്പം ഇരുമ്പ് സത്ത് ചേര്‍ന്ന ലഘുവായ ഔഷധങ്ങളും നല്‍കണം.

ഭ്രൂണത്തിന്‍റെ വളര്‍ച്ചയ്ക്ക് പാലും വെണ്ണയും ശീലിക്കേണ്ടതാണ്. ഛര്‍ദിയും തലചുറ്റലും കഴിഞ്ഞാല്‍ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന മറ്റൊരു ബുദ്ധിമുട്ട് ശോധനക്കുറവും വായു കോപവുമാണ്.

ഇതുകൊണ്ട് ഗര്‍ഭ ഭാരം ഇരട്ടിയായി അനുഭവപ്പെടാം. ഗര്‍ഭിണികള്‍ക്ക് ദഹനശക്തി അല്‍പം കുറഞ്ഞിരിക്കും. ഇതു പരിഹരിക്കാന്‍ ഭക്ഷണത്തിന്‍റെ അളവ് കുറച്ച്‌ കൂടുതല്‍ പ്രാവശ്യവുമായി നല്‍കണം.

നേന്ത്രപ്പഴം വേവിച്ച്‌ നല്‍കാം. ഗര്‍ഭിണികളുടെ ശരീരത്തിന് വലിയ ആയാസം നല്ലതല്ല. എങ്കിലും അല്‍പം നടക്കുക. മുറ്റമടിപോലുള്ള ആയാസം കുറഞ്ഞ ജോലികള്‍ ചെയ്യിക്കുന്നത് നല്ലതാണ്.

ഭക്ഷണത്തില്‍ ശ്രദ്ധിക്കണം

കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കാവശ്യമായതല്ലൊം അമ്മയുടെ ശരീരത്തില്‍ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് ഗര്‍ഭിണി പോഷകാഹാരമടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. പകല്‍ ഉറങ്ങുന്നത് നല്ലതല്ല. രാത്രി ഉറക്കമിളയ്ക്കുന്നതും ഒഴിവാക്കണം.

10 മണിക്കൂര്‍ ഉറക്കം ഗര്‍ഭിണിക്ക് ആവശ്യമാണ്.കിടക്കുന്നതിന് അല്‍പം മുന്പ് കുറുന്തോട്ടിവേരിട്ട് കാച്ചിയ പാല്‍ 1 ഗ്ളാസ് കുടിക്കുന്നത് വായുകോപം ഇല്ലാതാക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. ഗര്‍ഭിണി ഉറങ്ങാന്‍ കിടക്കുന്പോള്‍ ശ്രദ്ധിക്കണം.

മലര്‍ന്ന് കിടന്നുറങ്ങരുത്. ഒരു വശം ചരിഞ്ഞുവേണം കിടക്കാന്‍. മറുവശം ചരിയണമെങ്കില്‍ ആദ്യമേ എഴുന്നേറ്റ് ഇരുന്ന് മറുവശം ചെരിയാന്‍ പാടുള്ളൂ. ഇല്ലെങ്കില്‍ ഗര്‍ഭസ്ഥശിശുവിനെ സാരമായി ബാധിക്കും. പൊക്കിള്‍ക്കൊടി കുഞ്ഞിന്‍റെ കഴുത്തില്‍ ചുറ്റാനുള്ള സാധ്യതയുണ്ട്.

ഭ്രൂണത്തിന്‍റെ വളര്‍ച്ച

ക്രമാനുഗതമായ വളര്‍ച്ചയാണ് ഭ്രൂണത്തിന് സംഭവിക്കുന്നത്. ആദ്യമാസത്തില്‍ ഭ്രൂണം ദ്രവാവസ്ഥയിലായിരിക്കും. ഭ്രൂണം വളര്‍ച്ചയുടെ 7 ദിവസം പിന്നിടുന്പോള്‍ ലിംഗവ്യത്യാസം സംഭവിക്കുന്നു.

ഈ സമയത്ത് \'പുരസവനക്രിയ\' ആചരിച്ച്‌ ഇഷ്ടമുള്ള സന്താനങ്ങള്‍ക്കായി ശ്രമിക്കാമെന്ന് ആയുര്‍വേദം പറയുന്നു. ഇഷ്ടസന്തതിയെ ലഭിക്കുവാനുള്ള ഔഷാധയോഗങ്ങള്‍ ശാസ്ത്രം വിവരിക്കുന്നു.

ഇഷ്ടമുള്ള ഭക്ഷണ സാധനങ്ങള്‍ നല്‍കുക. ഭര്‍ത്താവും ബന്ധുജനങ്ങളും അവളെ സ്നേഹത്തോടെ പരിചരിക്കുക.

ഗര്‍ഭത്തിന്‍റെ ആദ്യ മൂന്ന് മാസങ്ങളില്‍ അപഥ്യങ്ങളുണ്ടായാല്‍ ഗര്‍ഭം അലസുന്നതിന് സാധ്യത ഏറും. ഇക്കാലയളവില്‍ ഗര്‍ഭിണികള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളുണ്ട്.

1. ശാരീരിക ബന്ധം അധികമാകാതെ ശ്രദ്ധിക്കണം.

2. ഭാരം ചുമക്കുക, കട്ടിയുള്ള പുതപ്പ് പുതയ്ക്കുക, അധികനേരം കുത്തിയിരിക്കുക, ദുഃഖിക്കുക, കോപിക്കുക, പേടിക്കുക, ഞെട്ടുക മലമൂത്രാദികളെ തടുക്കുക. ആഗ്രഹങ്ങളെ അടക്കിവയ്ക്കുക ഇവ അരുത്.

3. പട്ടിണി കിടക്കുക, അധികം വഴി നടക്കുക, ചുവന്ന വസ്ത്രം ധരിക്കുക, കിണറ്റിലോ വലിയ കുഴിയിലോ എത്തിനോക്കുക, മദ്യവും മാസംവും കഴിക്കുക ഇതൊന്നും അരുത്.

4. പ്രസവാനുഭവമുള്ള മുതിര്‍ന്ന സ്ത്രീകള്‍ എന്തെല്ലാം അരുത് എന്നു പറയുന്നുവോ അതൊന്നും ചെയ്യരുത്. ഈ വിധി നിഷേധങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഗര്‍ഭം അലസുകയോ വയറ്റില്‍ വച്ച്‌ ശോഷിക്കുകയോ ചെയ്യാവുന്നതാണ്.

ഇടനേരങ്ങളില്‍ എന്തു കഴിക്കണം ?

ഇടനേരങ്ങളില്‍ വടയും പഫ്സും പഴംപൊരിയുമൊക്കെയാണ് കുറെനാളായി നമ്മുടെ ഇഷ്ടവിഭവങ്ങള്‍. മീറ്റിങ്ങുകളുടെയും കോണ്‍ഫറന്‍സിറെയും ഇടവേളകളില്‍ ചായയോടൊപ്പം ഇത്തരം എണ്ണയില്‍ മുക്കിയെടുത്ത കടികള്‍ ഉറപ്പാണ്. വഴിയോര ഭക്ഷണശാലകളിലും കാന്‍റീനുകളിലും പലതരം വടകളും കട്ലറ്റും, സമൂസയുമൊക്കെ ഒരു തളികയില്‍ കമനീയമായി ഒരുക്കി വച്ചിരിക്കും. നിമിഷനേരം കൊണ്ടാണ് പാത്രം ശൂന്യമാകുന്നത്. എണ്ണയും ഉപ്പും കൊഴുപ്പുമൊക്കെ അമിതമായി അടങ്ങിയ ഇത്തരം ഇടവേള പലഹാരങ്ങള്‍ക്ക് ഉയര്‍ന്ന കാലറി മൂല്യമാണ് ഉള്ളത്.ശരീരത്തിലെത്തുന്ന അമിത കാലറി(ഊര്‍ജം) ചെലവഴിക്കാതെ വരുമ്പോള്‍ അത് കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞു കിടക്കുന്നു, ലൈഫ്സ്റ്റൈല്‍ രോഗങ്ങളായ പ്രമേഹം, പൊണ്ണത്തടി, ഹൈപ്പര്‍ ടെന്‍ഷന്‍, അമിത കൊളസ്ട്രോള്‍ തുടങ്ങിയവയുടെ പിറവിയാണിവിടെ ഉണ്ടാകുന്നത്. തന്നെയുമല്ല അടുത്ത ഭക്ഷണനേരമാകുമ്പോഴേക്കും വിശപ്പു തോന്നാതിരിക്കാനും ഇത്തരം എണ്ണ പലഹാരങ്ങള്‍ ഇടയാക്കും.

എണ്ണമയം, ഉപ്പുമയം

ഒരാള്‍ക്ക് ഒരു ദിവസം നാല് ചെറിയ ടീസ്പൂണ്‍ എണ്ണമാത്രം മതി (20ഗ്രാം) അതിലെത്രയോ മടങ്ങ് എണ്ണയായിരിക്കും ഇടവേള പലഹാരങ്ങളിലൂടെ ഉള്ളിലെത്തുന്നത്. തന്നെയുമല്ല പലഭക്ഷണശാലകളിലും ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന പതിവുണ്ട്. പുതിയഎണ്ണ പഴയ എണ്ണയിലേക്ക് ചേര്‍ക്കാറുമുണ്ട്. എണ്ണ പലതവണ ചൂടാക്കി ഉപയോഗിക്കുമ്പോള്‍ ഹൈഡ്രോലൈസിസ്, ഓക്സിഡേഷന്‍, പോളിമറൈസേഷന്‍ തുടങ്ങിയ രാസപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകാം. തുടര്‍ന്ന് എണ്ണയില്‍ രൂപപ്പെടുന്ന പലഘടകങ്ങളും അര്‍ബുദമുണ്ടാക്കുന്ന കാര്‍സിനോജനുകളാണ്.

ആരോഗ്യവാനായ ഒരു വ്യക്തിക്ക് ഒരു ദിവസം ഒരു ചെറിയ ടീസ്പൂണ്‍ (5ഗ്രാം) ഉപ്പു മതി. എന്നാല്‍ എണ്ണപലഹാരങ്ങളിലും വറപൊരിവിഭവങ്ങളിലും അടങ്ങിയിരിക്കുന്ന അമിത ഉപ്പ് (സോഡിയം) രക്താദിമര്‍ദം, ഹൃദയസ്തംഭനം, വൃക്കരോഗങ്ങള്‍, എന്നിവയ്ക്ക് വഴിയൊരുക്കും. ഇടനേരങ്ങളില്‍ ലഘുഭക്ഷണം മതി. പെട്ടെന്നു ദഹിക്കുന്നതും ഊര്‍ജദായകവുമായ വിഭവങ്ങളാണ് നല്ലത്. പോഷകങ്ങളുടെ കലവറയായ പഴങ്ങളാണ് ഇടനേരങ്ങളില്‍ ഏറ്റവും പറ്റിയത്. വാഴപ്പഴം, ഓറഞ്ച്, മാങ്ങ, പപ്പായ, ചക്ക, ആപ്പിള്‍ എന്നിവയിലൊക്കെ ഫൈറ്റോ ന്യൂട്രിന്‍സ് സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഓരോകാലത്തും ലഭിക്കുന്ന പഴങ്ങള്‍ ഉപയോഗിക്കാം. പച്ചക്കറികള്‍ കൊണ്ടുള്ള സാലഡും പോഷകസമൃദ്ധമാണ്. നിലക്കടല, കശുവണ്ടി തുടങ്ങിയവയും ഊര്‍ജദായകമാണ്. മീറ്റിങ്ങുകള്‍ക്കും മറ്റും ആവിയില്‍ പുഴുങ്ങിയ ഇലയടയോ കൊഴുക്കട്ടയോ ആയാല്‍ ഉത്തമ ആരോഗ്യമാതൃകയായിരിക്കും.

എന്തു കുടിക്കാം ?

രാവിലെ ബ്രേക്ക് ഫാസ്റ്റിന്‍റെ കൂടെ ഒരു ചായ കുടിച്ചു കഴിഞ്ഞാല്‍ പതിനൊന്നു മണിക്കു വീണ്ടുമൊരു ചായ വേണ്ട. പകരം മധുരം ചേര്‍ക്കാത്ത ഫ്രൂട്ട് ജ്യൂസോ, നാരങ്ങാവെള്ളമോ, സംഭാരമോ ആണ് നല്ലത്. മോര് നേര്‍പ്പിച്ച് ഇഞ്ചിയും കാന്താരിമുളകും കറിവേപ്പിലയും ചേര്‍ത്തുണ്ടാക്കുന്ന സംഭാരം കാത്സ്യം, മാംസ്യം, ധാതുക്കള്‍ എന്നിവ വേണ്ടുവോളമടങ്ങിയ നാടന്‍ ഡ്രിങ്കാണ്. കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക് വേണ്ട. അതു ദാഹം വര്‍ധിപ്പിക്കുകയേ ഉള്ളൂ.

നല്ലത് നാലുമണി പലഹാരങ്ങള്‍

സ്കൂള്‍ വിട്ടു വരുന്ന കുട്ടിക്ക് കൊടുക്കാന്‍ എണ്ണപ്പലഹാരങ്ങള്‍ ഇനി വേണ്ട. മൈദപോലെയുള്ള റിഫൈന്‍ഡ് മാവുകൊണ്ടുണ്ടാക്കിയ ബേക്കറി പലഹാരങ്ങള്‍ കുട്ടികളുടെ വിശപ്പ് കുറയും. പകരം രുചികരവും പോഷകസമൃദ്ധമായ നാടന്‍ പലഹാരങ്ങള്‍ തയാറാക്കാം. കൊഴുക്കട്ടയായാലും മോദകമായാലും ഇലയടയായാലും ആവിയില്‍ പുഴുങ്ങിയാണ് ഉണ്ടാക്കുന്നത്. എണ്ണ ലവലേശമില്ല. ശര്‍ക്കരയും തേങ്ങയും പുഴുങ്ങിയ പഴവുമൊക്കെ ചേരുമ്പോള്‍ ഊര്‍ജദായകവും പോഷകസമൃദ്ധവുമായ ചെരുവയാണ് ഉണ്ടാകുന്നത്. ഇലയട നല്ലതാണെന്നു പറയുന്നത് വെറുതെയല്ല. വാഴയിലയില്‍ നിന്ന് കരോട്ടിനും ഫ്ലേവനോയിഡുകളും ലഭിക്കുന്നുണ്ട്.

ഡയറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഡയറ്റിങ്ങിനായി ചോറും വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കി ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കാം എന്നാണ് എല്ലാവരുടെയും ധാരണ. എന്നാല്‍ ഡയറ്റ് ചെയ്യുമ്പോള്‍ കാലറി കുറഞ്ഞ പഴങ്ങളാണ് കഴിക്കേണ്ടത്.
  • തണ്ണിമത്തന്‍, പേരക്ക, പപ്പായ, പൈനാപ്പിള്‍, ഓറഞ്ച് ഇവ കഴിക്കാം. ചക്കപ്പഴം, സപ്പോട്ട, വാഴപ്പഴം ഇവ ഒഴിവാക്കണം.
  • കിഴങ്ങുവര്‍ഗത്തില്‍പ്പെടുന്ന പച്ചക്കറികളില്‍ കാലറി കൂടും. പകരം വെള്ളരിക്ക, വെണ്ടക്ക, പാവയ്ക്ക, തക്കാളി ഇവ ആകാം.
  • നാരുകള്‍ അടങ്ങിയ ബീന്‍സ്, കോളിഫ്ളവര്‍, ഗോതമ്പ് ഇവ കൂടുതല്‍ കഴിക്കാം. കാരണം നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ പെട്ടെന്ന് വയര്‍ നിറഞ്ഞെന്ന തോന്നലുണ്ടാകും.
  • ചീരപോലുള്ള ഇലക്കറികള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
  • കാപ്പിയിലും ചായയിലും പഞ്ചാസാരയ്ക്കു പകരം ശര്‍ക്കര, കരിപ്പെട്ടി, കല്‍ക്കണ്ടം ഇവ ഉപയോഗിക്കാം.

11 കാര്യങ്ങള്‍ പരസ്പരം പങ്കിടരുത്

ദൈനംദിന ജീവിതത്തില്‍ സുഹൃത്തുമായും പങ്കാളിയുമായും മറ്റുള്ളവരുമായും പല കാര്യങ്ങളും പങ്കിടാറുണ്ട്. അത് ചിലപ്പോള്‍, ഒരു രഹസ്യമാകാം, അല്ലെങ്കില്‍ ഭക്ഷണമാകാം. ചോക്ലേറ്റും കളിപ്പാട്ടങ്ങളും കൂട്ടുകാരുമായി പങ്കിടണമെന്നാണ് കുട്ടികളെപ്പോലും പറഞ്ഞു പഠിപ്പിക്കുന്നത്. എന്നാല്‍ നിത്യജീവിതത്തില്‍ മറ്റുള്ളവരുമായി പങ്കിടാന്‍ പാടില്ലാത്ത 11 കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

1, ലിപ്സ്റ്റിക്ക്

മറ്റൊരാള്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് പലതരം വൈറസുകള്‍ പകരാനും, ത്വക്ക് രോഗങ്ങള്‍  ഉണ്ടാകാനും കാരണമാകും. അതുകൊണ്ടു ലിപ്സ്റ്റിക്കുകള്‍ പങ്കുവെയ്ക്കരുതെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന ഉപദേശം.

2, ഹെഡ്ഫോണുകള്‍

ഒരാള്‍ ഉപയോഗിക്കുന്ന ഹെ‍ഡ്ഫോണ്‍ ഒരുകാരണവശാലും മറ്റൊരാള്‍ ഉപയോഗിക്കരുത്. ഹെഡ്ഫോണ്‍ വഴി ബാക്ടീരിയകള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരും. ഇത് ഇന്‍ഫെക്ഷനുണ്ടാകാന്‍ കാരണമാകും.

3, കുളിക്കാനുള്ള ടവല്‍, തോര്‍ത്ത്

കുളിക്കാനുള്ള ടവല്‍, തോര്‍ത്ത് എന്നിവ ഒന്നിലധികം പേര്‍ ഉപയോഗിച്ചാല്‍ പലതരം ത്വക്ക്രോഗങ്ങള്‍ പകരാന്‍ കാരണമാകും, മുഖക്കുരു, ചൊറിച്ചില്‍ തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ പകരാന്‍ സാധ്യതയുണ്ട്.

4, ഷേവിങ് റേസര്‍

ഒരുകാരണവശാലും ഷേവ് ചെയ്യാന്‍ ഉപയോഗിക്കുന്ന റേസര്‍ മറ്റൊരാള്‍ ഉപയോഗിക്കരുത്. ഇത് ഫംഗസ്-ബാക്ടീരിയ-വൈറസ് എന്നിവ പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഗുരുതരമായ ത്വക്ക് രോഗങ്ങള്‍    പകരാനും ഇത് വഴിവെക്കും.

5, ടൂത്ത്ബ്രഷ്

ടൂത്ത്ബ്രഷുകള്‍ പങ്കുവെയ്ക്കുന്നവര്‍ ജാഗ്രതൈ. വായ്പ്പുണ്ണ്, ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളും പിടിപെടാന്‍ സാധ്യതയുണ്ട്. പ്രധാനമായും ദമ്പതിമാര്‍ക്കിടയിലാണ് ടൂത്ത് ബ്രഷ് പങ്കുവെയ്ക്കുന്ന പ്രവണത കണ്ടുവരുന്നതെന്ന് യുകെബാത്ത്റൂംസ് ഡോട്ട് കോം നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.

6, സോപ്പ്

ഒരുകാരണവശാലും മറ്റൊരാള്‍ ഉപയോഗിക്കുന്ന സോപ്പ് കുളിക്കാന്‍ എടുക്കരുത്. സോപ്പ് ഒന്നിലധികം പേര്‍ ഉപയോഗിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ പകരാനുള്ള സാധ്യത കൂടുതലാണ്.

7, ചീര്‍പ്പ്

ഒരാള്‍ ഉപയോഗിക്കുന്ന ചീര്‍പ്പ് മറ്റൊരാള്‍ ഉപയോഗിച്ചാല്‍ താരന്‍, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പിടിപെടാന്‍ സാധ്യതയേറെയാണ്.

8, ഡിയോഡറന്റ്

നിങ്ങള്‍ ഉപയോഗിക്കുന്ന ഡിയോഡറന്‍റ് മറ്റൊരാള്‍ക്ക് കൈമാറുന്നതിന് മുമ്പ് ഒരു കാര്യം ഓര്‍ക്കുക, അണുക്കള്‍ പകരാനുള്ള സാധ്യത കൂടുതലാണ്. ഒപ്പം ത്വക്ക് രോഗങ്ങവും.

9, നെയ്ല്‍ കട്ടര്‍

നഖം മുറിക്കുന്ന നെയ്ല്‍ കട്ടര്‍ ഒരു കാരണവശാലും മറ്റൊരാളുമായി പങ്കുവെക്കരുത്. ഇങ്ങനെ ചെയ്താല്‍ ഹെപ്പറ്റൈറ്റിസ്, മറ്റുപലതരം ഇന്‍ഫെക്ഷനുകളും പകരാനുള്ള സാധ്യതയേറെയാണ്.

10, തൊപ്പിയും ഹെല്‍മെറ്റും

തൊപ്പിയും ഹെല്‍മെറ്റും മറ്റൊരാളുമായി പങ്കുവെച്ചാല്‍, മുടികൊഴിച്ചില്‍, താരന്‍ എന്നിവ പകരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ തലമുടിയെ ബാധിക്കുന്ന ഫംഗല്‍ ഇന്‍ഫെക്ഷനും ഇതുമൂലം പകരും.

11, കണ്ണട

സണ്‍ഗ്ലാസ് പോലെയുള്ളവ ഒന്നിലധികം പേര്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇത് പങ്കുവെയ്ക്കുന്നതുമൂലം കണ്ണിനെ ബാധിക്കുന്ന ഇന്‍ഫെക്ഷന്‍ പകരാനുള്ള സാധ്യത കൂടുതലാണ്.

മോണരോഗം തടയാം

പല്ലുകളില്‍ പ്ലാക്ക് അടിയുന്നത് മോണരോഗത്തിനിടയാക്കും ഇതു തടയാന്‍ ചില പ്രകൃതി ദത്തമാര്‍ഗങ്ങള്‍ പരീക്ഷിക്കാം.

  • രണ്ടോമൂന്നോ വെളുത്തുള്ളി അരച്ചെടുത്ത് അതില്‍ അര വലിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും അല്‍പം വെള്ളവും ചേര്‍ത്തു പേസ്റ്റാക്കി മോണയില്‍ പുരട്ടുക. രാസപദാര്‍ഥങ്ങള്‍ കലരാത്ത വെളുത്തുള്ളിയും മഞ്ഞളും ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. അല്‍പനേരത്തിനുശേഷം വായില്‍ വെള്ളമൊഴിച്ചു നന്നായി കുലുക്കുഴിയുക. ഇതു വായിലെ അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കും.
  • പച്ചക്കറികളും പഴങ്ങളും പച്ചയ്ക്ക് കഴിക്കുന്നത് പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിന് ഉത്തമമാണ്.
  • കയ്പ് പ്രശ്നമല്ലെങ്കില്‍ ആര്യവേപ്പില തിളപ്പിച്ച വെള്ളം പതിവായി കവിള്‍ കൊള്ളുന്നതു മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
  • ധാരാളം വെള്ളം കുടിക്കുന്നതു വായില്‍ പ്ലാക്ക് അടിയുന്നതു കുറയ്ക്കാന്‍ സഹായിക്കും.
  • ഷുഗര്‍ ഫ്രീ ച്യൂയിംഗം ചവയ്ക്കുന്നതും വായില്‍ പ്ലാക്ക് അടിയുന്നത് ഒഴിവാക്കാന്‍ സഹായിക്കും. വായിലെ ഉമിനീരിന്‍റെ അളവ് വര്‍ധിക്കുന്നതിലൂടെയാണിത്.
  • കടുകെണ്ണ അല്‍പമെടുത്ത് വായില്‍ കുലുക്കുഴിയുന്നതു വായിലെ അണുക്കളെ നശിപ്പിക്കാന്‍ സഹായകമാണ്.

കടപ്പാട് :www.infomagic.com

അവസാനം പരിഷ്കരിച്ചത് : 1/7/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate