অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യം-ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആരോഗ്യം-ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 1. പ്രോസ്റ്റേറ്റ് വീക്കം നിസാരമാക്കല്ലേ...
 2. മറവി രോഗത്തെ എങ്ങനെ പ്രതിരോധിക്കാം?
 3. മസ്തിഷ്കം എങ്ങനെ ഉപയോഗിക്കാം?
 4. പനിയെ വെറും നിസാരമാക്കല്ലേ ചിലപ്പോൾ ബ്രൂസെല്ലോസിസ് ആകാം
 5. വീടിനുള്ളിൽ ആരോഗ്യം നിലനിർത്താൻ?
 6. രക്ഷിതാക്കൾ ഉറക്കെ വായിക്കൂ, കുട്ടികൾ വായന ശീലമാക്കട്ടെ
 7. സുഖമായുറങ്ങണോ? ഇതാ അഞ്ചു വഴികൾ
 8. ബാത്ത്റൂമിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
 9. കീടനാശിനി‌ കലര്‍ന്ന പച്ചക്കറി എങ്ങനെ അപകടകരമാകുന്നു?
 10. നല്ല ബുദ്ധിക്കും ഒാർമയ്ക്കും
 11. കൊളസ്ട്രോൾ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ആഹാരങ്ങൾ
 12. ക‌‌‌‌‌‌ടുംപച്ച ഇലക്കറികൾ ഒാർമയ്ക്കുവേണ്ടി
 13. തുടക്കക്കാർക്ക് ചില യോഗാ ടിപ്സ്
 14. യോഗയിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
 15. വാർധക്യം തടയാന്‍ വ്യായാമം
 16. വ്യായാമത്തിനു പകരം ചൂടുവെള്ളത്തിൽ കുളി
 17. വിഡിയോ സെൽഫി പോസ്റ്റ് ചെയ്താൽ ഗുണങ്ങൾ പലതുണ്ടേ!
 18. അമ്മയാവുംമുമ്പ് അറിയേണ്ട ചിലത്...
 19. 40 കഴിഞ്ഞവര്‍ അറിയാന്‍
 20. വെളുത്തുമിനുത്ത മുഖംവേണോ?
 21. പല്ലുവേദന ഒരു സൂചനമാത്രം

പ്രോസ്റ്റേറ്റ് വീക്കം നിസാരമാക്കല്ലേ...

അൻപതു വയസ് പിന്നിട്ട പുരുഷൻമാരിൽ പ്രോസ്‌റ്റേറ്റ് വീക്കത്തിനുള്ള സാധ്യത വർധിച്ചുവരുന്നതായി യൂറോളജി വിദഗ്‌ധർ. പ്രോസ്‌റ്റേറ്റ് കാൻസറിന്റെ നിരക്കിലും 2.5% വർധനവ് ഉണ്ടായതായി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഇന്ത്യൻ പുരുഷൻമാരിൽ കണ്ടുവരുന്ന അർബുദ രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് പ്രോസ്‌റ്റേറ്റ് കാൻസറിന്. വളരെ സവധാനത്തിൽ പടരുന്ന കാൻസറായതിനാൽ ഏറെ വൈകിയാവും ഈ രോഗം മിക്കപ്പോഴും തിരിച്ചറിയുക.

സാധാരണയിലും അധികമായി മൂത്രമൊഴിക്കണമെന്ന തോന്നലാണു പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന്റെ ലക്ഷണങ്ങളിൽ ഒന്ന്. അതുകൊണ്ടുതന്നെ രാത്രിയിൽ പലപ്രാവശ്യം ഉണരേണ്ടിവരുന്നു. ഉടൻ മൂത്രമൊഴിക്കണമെന്നു തോന്നുന്നതിനാൽ അതു മാറ്റിവയ്‌ക്കാൻ സാധിക്കാതെ വരുന്നു. അറിയാതെ മൂത്രം പോകുക, വളരെ കുറച്ചുമാത്രം മൂത്രം പോകുക, മുറിഞ്ഞ് മുറിഞ്ഞ് മൂത്രം പോകുക, മൂത്രമൊഴിക്കുന്നതിനായി ആയാസപ്പെടേണ്ടിവരിക, മൂത്രം പോകുന്നതിനിടെ നിന്നു പോകുകയും വീണ്ടും മൂത്രമൊഴിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പ്രോസ്‌റ്റേററ് ഗ്രന്ഥിവീക്കത്തിന്റെ മറ്റു ലക്ഷണങ്ങൾ.

പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജൻ (പിഎസ്‌എ) തിരിച്ചറിയുന്നതിനുള്ള ലളിതമായ രക്തപരിശോധനയിലൂടെ വളരെയെളുപ്പത്തിൽ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം തിരിച്ചറിയാനാകും. വീക്കം മാത്രമേയുള്ളോ കാൻസറിന്റെ ലക്ഷണങ്ങളുണ്ടോയെന്നതും പരിശോധനയിലൂടെ മനസിലാക്കാം.

സ്‌ത്രീകളിലെ സ്‌തനാർബുദം പോലെതന്നെ പ്രധാനപ്പെട്ടതാണ് പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് കാൻസർ. രോഗ ലക്ഷണങ്ങൾ പുറത്തു പറയാൻ മടിക്കുന്നത് പലപ്പോഴും പ്രശ്‌നമാകാറുണ്ട്. നേരത്തെ രോഗം കണ്ടെത്തുകയും കൃത്യമായ ചികിത്സകൾ നടത്തുകയും ചെയ്‌താൽ പ്രോസ്‌റ്റേറ്റിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. 
ജീവിതദൈർഘ്യം വർദ്ധിക്കുന്നതിന് അനുസരിച്ച് പ്രായമായ പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റിന്റെ വീക്കം കാണാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും ശരിയായ ചികിത്സ നടത്തുന്നതിനുമുള്ള ബോധവത്‌കരണത്തിലൂടെ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിനു മരുന്നുകൾ കഴിച്ചാൽ മതിയാകും. ശസ്‌ത്രക്രിയ, റേഡിയേഷൻ തെറപ്പി, മരുന്നുകൾ എന്നിങ്ങനെ പ്രോസ്‌റ്റേറ്റ് കാൻസറിന് വിവിധ ചികിത്സകൾ ലഭ്യമാണ്.

വിവരങ്ങൾ
ഡോ. സഞ്ജയ് ഭട്ട്,
പ്രഫസർ, കൺസൾട്ടന്റ് യൂറോളജിസ്‌റ്റ്,
രാജഗിരി ഹോസ്‌പിറ്റൽ, എറണാകുളം

ഡോ. ദാമോദരൻ നമ്പ്യാർ,
സീനിയർ കൺസൾട്ടന്റ് ഇൻ യൂറോളജി
എച്ച്.ഒ.ഡി യൂറോളജി വിഭാഗം,
ലിസി ഹോസ്‌പിറ്റൽ, എറണാകുളം

മറവി രോഗത്തെ എങ്ങനെ പ്രതിരോധിക്കാം?

സെപ്റ്റംബർ 21 ലോക അൽസ്ഹൈമേഴ്സ് ദിനമായി ലോകം ആചരിക്കുന്നു. സെപ്റ്റംബർ മാസം അൽസ്ഹൈമേഴ്സ് മാസമായിട്ടും ലോകമെങ്ങും ആചരിക്കുന്നു. അൽസ്ഹൈമേഴ്സ് ഡിസീസ് ഇന്റർനാഷനലിന്റെ (എഡിഐ) കണക്കു പ്രകാരം 2030 ആകുമ്പോഴേക്കും ലോക ജനസംഖ്യയിൽ 135 മില്യൺ ആൾക്കാർ മറവി രോഗത്തിന്റെ പിടിയിലേക്കു വീഴുമെന്നാണു സൂചന. ലോകരാജ്യങ്ങളിലെല്ലാം മറവി രോഗം ഭീഷണിയാകുന്നുണ്ട്. പ്രായമായവരിൽ കാണപ്പെടുന്ന അസുഖം ഇന്നു യുവാക്കളിലേക്കും കണ്ടു വരുന്നു. 35 വയസ് ശരാശരിയുള്ളവർക്കു പോലും രോഗം കണ്ടെത്തുന്ന അവസ്ഥയുണ്ട്. മറവി രോഗം മനസിലാക്കിയെടുക്കാൻ സാധിക്കാത്തതും തിരിച്ചടിയാകുന്നു. 
ലോകത്ത് ഇന്നു 44 ദശലക്ഷം പേരാണു മേധാക്ഷയ(ഡിമൻഷ്യ)ത്തിന്റെ പിടിയിലുള്ളത്. ഇതിൽ 4.4 ദശലക്ഷം പേർ ഇന്ത്യയിലാണ്. ഓരോ നാലു സെക്കൻഡിലും ഒരാൾ ഡിമൻഷ്യക്ക് അടിമപ്പെടുന്ന അവസ്ഥയുണ്ടാകുന്നുവെന്നാണ് കണക്ക്.

∙ ഡിമൻഷ്യ എന്നാല്‍
തലച്ചോറ് രോഗബാധിതമാവുകയും തലച്ചോറിന്റെ ധർമങ്ങൾ ശരിയായി നടത്താൻ കഴിയാതെ വരികയും ചെയ്യുന്നതോടെ ഒരാൾക്ക് ദൈനംദിന പ്രവൃത്തികളും തൊഴിൽപരമോ സാമൂഹികപരമോ ആയ ധർമങ്ങൾ നടത്താൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണു ഡിമൻഷ്യ. വിവിധ രോഗങ്ങളാൽ ഡിമൻഷ്യ വരാൻ സാധ്യതയുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് അൽസ്ഹൈമേഴ്സ്.

∙ ഡിമൻ‍ഷ്യ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
1. ഡിമൻഷ്യ വാർധ്യക്യത്തിന്റെ ഭാഗമല്ല
2. വാർധക്യ കാലത്താണു ഡിമൻഷ്യ കൂടുതലായി കാണപ്പെടുന്നതെങ്കിലും ചെറുപ്പക്കാരേയും ഇതു ബാധിക്കും. 
3.ഡിമൻഷ്യ സാധാരണ ഗതിയിൽ പാരമ്പര്യ രോഗാവസ്ഥയല്ല. പക്ഷേ ചില കുടുംബങ്ങളിൽ അംഗങ്ങൾക്ക് ഇതുണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. 
4. ഇതൊരു മാനസിക രോഗമല്ല, മറിച്ച് മാനസിക രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന നാഡീ കോശങ്ങളെ ബാധിക്കുന്ന ശാരീരിക രോഗമാണ്. 
5. ഡിമന്‍ഷ്യയ്ക്ക് ഇതുവരെ ശാശ്വതമായ പ്രതിവിധി കണ്ടെത്തിയിട്ടില്ല. പക്ഷെ രോഗ ലക്ഷണങ്ങളിൽ ചിലതിന്റെ ശക്തികുറയ്ക്കാൻ ചികിൽസ വഴി സാധിക്കും. പ്രാരംഭ ഘട്ടത്തിലുള്ള രോഗ നിർണയം പ്രയോജനപ്രദമാണ്. 
6. മറ്റു ചില രോഗാവസ്ഥ മൂലമുണ്ടാകുന്ന ഡിമന്‍ഷ്യ ചികിൽസിച്ചു ഭേദമാക്കാം
7. പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, കുളി, വസ്ത്രധാരണം എന്നിവയിൽ ഡിമൻഷ്യ രോഗികൾക്കു നിരന്തരമായ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. 
8. ദിവസം മുഴുവൻ ഉന്നയിക്കുന്ന കർക്കശമായ ആവശ്യങ്ങൾ, ആവർത്തന സംസാരം തുടങ്ങിയവ മിക്കവാറും കുടുംബങ്ങൾക്കു വെല്ലുവിളിയാകാറുണ്ട്. 
9. രോഗിയോടൊപ്പം തന്നെ രോഗിയെ പരിചരിക്കുന്നവർക്കും കൂടുതൽ ശ്രദ്ധയും പരിചരണവും നൽകേണ്ടതണ്.

∙ മറവി രോഗത്തെ ഒരു പരിധി വരെ എങ്ങനെ പ്രതിരോധിക്കാം
1. തലച്ചോറിന്റെ സംരക്ഷണത്തിനായി ആരോഗ്യപരമായ ഭക്ഷണരീതികൾ സ്വീകരിക്കുക
2. തലച്ചോറിനു കൂടി ഉതകുന്ന ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുക. (ദിവസം ഒരു മണിക്കൂറെങ്കിലും)
3. തലച്ചോറിനു ക്ഷതമേൽക്കുന്ന അപകടങ്ങളിൽ നിന്ന് മുൻകരുതലുകളെടുക്കുക (ടു വീലർ യാത്രക്കാർ ഹെൽമെറ്റ് ധരിക്കുന്നതുൾപ്പെടെ) 
4. അഭിരുചിക്കും താൽപര്യത്തിനും അനുസരിച്ചു മാനസിക ഉല്ലാസത്തിൽ ഏർപ്പെടുക
5. സാമൂഹിക പങ്കാളിത്തവും സമൂഹത്തിലെ സാന്നിദ്ധ്യവും നിലനിർത്തുക
6. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക
7. ഹൃദയാരോഗ്യം സംരക്ഷിക്കുക
8. സമയാസമയങ്ങളിൽ വൈദ്യ പരിശോധനയും വിദഗ്ധ ഉപദേശവും സ്വീകരിക്കുക
9. മാനസിക പിരിമുറുക്കം ഉണ്ടെങ്കിൽ യോഗ, ധ്യാനം എന്നിവ ശീലമാക്കുക
10. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കുക

∙ ഡിമൻഷ്യ രോഗികളുടെ അവസ്ഥയുടെ സൂചനകളും നിവാരണങ്ങളും

? വളരെക്കാലമായി ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ തുടർന്നു കൊണ്ടുപോകാൻ ഓർമക്കുറവ് മൂലം കഴിയാതെ വരിക
∙ താൽപര്യങ്ങൾ മനസിലാക്കി രോഗിയെ കർത്തവ്യങ്ങളിൽ സജീവമാവുക

? ക്രമേണ വർധിച്ചു വരുന്ന ഓർമക്കുറവ്
അവരുടെ ദിനചര്യകൾ നമ്മുടെ ഓർമയിലാക്കി ക്രമീകരിക്കുക. വ്യക്തിയുടെ അന്തസു മാനിക്കുക. നർമ ബോധത്തോടെ അവരുടെ ആശങ്കകൾ ദൂരികരിക്കുക

? പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു പറയുക
∙ ആവർത്തനം അരോചകമാണെങ്കിലും കൂടുതൽ ശ്രദ്ധിക്കേണ്ടതില്ല. ലളിതമായ ഉത്തരങ്ങള്‍ പറഞ്ഞ് രോഗിയല്ല രോഗമാണു സംസാരിക്കുന്നതെന്നു മനസിലാക്കുക

? പരിചിതമായ സ്ഥലത്തു വഴിതെറ്റിപ്പോവുക
∙ വഴിതെറ്റൽ സാധാരണമാണ്. താൻ ജനിച്ച വീടും പരിസരവും തേടി നടക്കുന്നവരുടെ ചിന്ത യുക്തിപൂർവം തിരിച്ചറിയുക

?സ്വന്തം വീട്ടുകാരുടെ പേരു മറന്നു പോവുക, ആളെ മനസിലാക്കാതിരിക്കുക
∙ എന്നെയറിയാമോ എന്ന ചോദ്യം ഒഴിവാക്കുക. പേരുകൾ മറന്നു പോകുന്നതു അവർക്കു തന്നെ വിഷമകരമാണ്. അവരുടെ സംസാരത്തോട് ഒത്ത് സംസാരിക്കാൻ ശ്രമിക്കുക

? സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ വിഷയം മാറിപ്പോവുക, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക
∙ വാക്കുകൾ കൊണ്ടു സഹായിച്ച് പറയുന്നതു പൂർത്തീകരിക്കാൻ സഹായിക്കുക

? സ്ഥലകാല ബോധം നഷ്ടപ്പെടുക
∙ ജനിച്ച വീടൊഴികെ എല്ലാ സ്ഥലവും പുതുമയുള്ളതാണ് അവർക്ക്. അവരെ നയിച്ചു സഹായിക്കുക

? കണ്ണട, ചെരുപ്പ്, പഴ്സ് തുടങ്ങിയ സ്വകാര്യ വസ്തുക്കൾ മറന്നു പോവുക
∙ രോഗിയെ നോക്കുന്നവർത്തന്നെ ഈ വസ്തുക്കൾ കണ്ടെത്തി നൽകുക

? ഉചിതമായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താന്‍ കഴിയാതെ വരിക
∙ ശുചിമുറി എന്ന അടയാളപ്പെടുത്തിയ ചിത്രം വയ്ക്കുക, ഓരോ മുറികളുടേയും പേര് എഴുതി ഒട്ടിക്കുക, എളുപ്പത്തിൽ അഴിച്ചു മാറ്റാവുന്ന വസ്ത്രം ധരിപ്പിക്കുക

? വ്യക്തിത്വത്തിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ
∙ ദേഷ്യസ്വഭാവം കൂടുകയാണെങ്കില്‍ പ്രതികരിക്കാതിരിക്കുക. ശല്യപ്പെടുത്താതെ സാവധാനം പുഞ്ചിരിയോടെ സമീപിക്കുക

ശ്രദ്ധിക്കൂ.. എല്ലാ ഓർമക്കുറവും ഡിമൻഷ്യയല്ല

ഓർമക്കുറവെല്ലാം ഡിമൻഷ്യയാണെന്ന ചിന്തവേണ്ട. വിഷാദം ആകാംക്ഷ, ശാരീരിക രോഗങ്ങൾ, ക്ഷീണം. പോഷകാഹാരക്കുറവ്, മരുന്നുകളുടെ പാർശ്വഫലങ്ങൾ തുടങ്ങി പല കാരണങ്ങളും ഓർമക്കുറവിലേക്കു നയിക്കാം. വാർധക്യ സഹജമായി ഓർമക്കുറവ് വരാം. ഈ ഓർമക്കുറവ് കൂടി വരില്ല. പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുകയുമില്ല. ഡിമൻഷ്യ എന്ന അവസ്ഥയിൽ ഓർമക്കുറവ് കൂടിക്കൂടി വരും. മറന്നു പോകുന്ന കാര്യങ്ങൾ എത്രശ്രമിച്ചാലും ഓർമിച്ചെടുക്കാൻ പിന്നീട് കഴിയില്ല. അടുത്ത കാലത്തു നടന്ന സംഭവങ്ങളാണ് ആദ്യം മറന്നു പോകുന്നത്. രോഗിയുടെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലും പ്രകടമായ മാറ്റങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യും.


വിവരങ്ങൾക്ക് കടപ്പാട്
അൽഹൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ
വെണ്ണല, കൊച്ചി.
ഫോണ്‍: 0484 2808088

മസ്തിഷ്കം എങ്ങനെ ഉപയോഗിക്കാം?

മസ്തിഷ്‌കത്തിന്റെ 100%ഉം ഉപയോഗിക്കുന്നില്ല എന്നതു വളരെ പ്രചാരത്തിലുള്ള ഒരു വിശ്വാസമാണ്. യഥാർത്ഥത്തിൽ എന്താണ് വസ്തുത. മസ്തിഷ്‌കത്തിന്റെ ഏറ്റവും പ്രാഥമികമായ ചുമതല മനുഷ്യശരീരത്തിലെ വിവിധ പേശികളുടെ ചലനത്തെ നിയന്ത്രിക്കുക എന്നതാണ്. മനുഷ്യ ശരീരത്തിലെ പ്രവർത്തനങ്ങളെയെല്ലാം ഏകോപിപ്പിച്ചു വിവിധ കോശ സമുച്ചയങ്ങൾക്കു വേണ്ട മാർഗനിർദേശം മസ്തിഷ്കം നൽകുന്നു. മസ്തിഷ്കം പേശികളുടെയും ഗ്രന്ഥികളുടെയും സംവേദവ്യൂഹങ്ങളുടെയും പ്രവർത്തനങ്ങളെ നിരീക്ഷിച് ക്രമപ്പെടുത്തുന്നു. നമ്മുടെ ബൗദ്ധിക ശേഷിയുടെ, സർഗ്ഗപരതയുടെ, ഓർമയുടെ ഒക്കെ വിളനിലം മസ്തിഷ്കമാണ്. ഏറ്റവും ആധുനികമായ കമ്പ്യൂട്ടർ പോലും മനുഷ്യ മസ്തിഷ്കത്തിന്റെ പിന്നിലാണ്. മുൻകൂട്ടി തയാറാക്കിയ സോഫ്റ്റ്‌വെയർ അനുസരിച്ചു പ്രവർത്തിക്കാനുള്ള കഴിവ് മാത്രമാണ് കംപ്യൂട്ടറിനുള്ളത്. എന്നാൽ മസ്തിഷ്ക്കത്തിനാകട്ടെ ചുറ്റുപാടിനോടു പ്രതികരിക്കുന്നതിനും പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും സങ്കല്പിക്കാനും രൂപം സൃഷ്ടിക്കാനും കഴിയുന്നു. നമ്മൾ ഉണർന്നിരിക്കുമ്പോൾ മാത്രമല്ല ഉറക്കത്തിലും മസ്തിഷ്ക്കം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മസ്തിഷ്‌കത്തിനു നല്ല ക്ഷതമേറ്റാൽ ചിലപ്പോൾ നമുക്കു വേദന എന്തെന്ന് അറിയാതെ വരും, മറ്റുള്ളവരെ തിരിച്ചറിയാൻ കഴിയാതെ വരും, മറ്റുചിലപ്പോൾ പ്രപഞ്ചമുണ്ട് സ്വയം ഇല്ല എന്നെലാം തോന്നും .

നമ്മൾ ഇപ്പോൾ ബോധത്തോടെ ഇരിക്കുന്നത്, നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെല്ലാം ക്രമാനുഗതമായി നടക്കുന്നതു നമ്മുടെ മസ്തിഷ്കം നൂറുശതമാനവും ഉപയോഗിക്കുന്നതുകൊണ്ടു മാത്രമാണ്. നമ്മുടെ ഓരോ നിമിഷവും ഓരോ അനുഭവവും ഓരോ ഓർമ്മയും ഓരോ വികാര പ്രകടനവും ഓരോ ഉൾക്കാഴ്ചയും ഒക്കെ കോടാനുകോടി വരുന്ന മസ്തിഷ്കകോശങ്ങളുടെ സങ്കീർണവും ചിട്ടയായതുമായ പ്രവർത്തനങ്ങളുടെ ഫലമാണ്.

ഭൂമിയിലെ ജീവികളിലെ അവയവങ്ങളിൽ മനുഷ്യമസ്തിഷ്കമാണ് ഏറ്റവും സങ്കീർണ്ണമായത്. അസംഖ്യം ന്യൂറൽ ശൃഖല മനുഷ്യമസ്തിഷ്കത്തിലുണ്ട്. ഏതാണ്ട് ആയിരം ട്രില്ല്യൻ ( ഒരു ട്രില്ല്യൻ= ഒരു ലക്ഷം കോടി) സിനാപ്റ്റിക് കണ്ണികൾ മസ്തിഷ്‌കത്തിൽ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. പുതിയ ന്യൂറൽ ശൃഖലകൾ രൂപീകരിക്കാനുള്ള ജനിതക ഘടന മനുഷ്യ മസ്തിഷ്കത്തെ മൃഗങ്ങളുടേതിൽ നിന്നു വ്യത്യസ്തമാക്കുന്നു.

ശരീരത്തിന്റെ രണ്ടു ശതമാനം മാത്രമേ മസ്തിഷ്കത്തിനുള്ളു. എന്നാൽ മൊത്തം ഓക്സിജന്റെ ഇരുപത് ശതമാനം മസ്തിഷ്കം ഉപയോഗിക്കുന്നു. പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ മസ്തിഷ്‌കത്തിന്റെ ശരാശരി തൂക്കം 1300 മുതൽ 1400 ഗ്രാം വരെയാണ്. വ്യാപ്തി പുരുഷന്മാരിൽ 1260 cm3 സ്ത്രീകളിൽ 1130 cm3 ആണ്. സ്ത്രീപുരുഷ മസ്തിഷ്കങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഇല്ല. എന്നാൽ ഭ്രൂണ ദശയിൽ സ്ത്രീ പുരുഷ ഹോർമോണുകൾ ആയ ഈസ്ട്രജൻ, ആൻഡ്രോജൻ എന്നിവ മസ്തിഷ്കത്തെ ലിംഗപരമായി പാകപ്പെടുത്തുന്നു.

മസ്തിഷ്‌കത്തിന്റെ ഇടത്തെ അർദ്ധഗോളം ശരീരത്തിന്റെ വലത്തേ ഭാഗത്തെയും വലത്തേത് ഇടതു ഭാഗത്തെയും നിയന്ത്രിക്കുന്നുണ്ടെങ്കിൽ തന്നെയും മസ്തിഷ്കത്തെ സവിശേഷമാം വിധം പ്രവർത്തിപ്പിക്കുന്ന വിവിധ ഭാഗങ്ങളുടെ കൂട്ടായ്മയായി കാണാം. ഓരോ ഭാഗവും ഒരു പ്രത്യേക പ്രവർത്തിയിൽ മുഖ്യ പങ്കുവഹിക്കുന്നതായും. മറ്റു ചിലതിൽ അപ്രധാനമായ പങ്കുവഹിക്കുന്നതായും കാണാം. ചില പ്രവർത്തികൾക്ക് ഒരു പ്രത്യേക ഭാഗത്തെ മാത്രമേ ആശ്രയിക്കുന്നുള്ളു. എന്നാൽ ചില സങ്കീർണ പ്രവർത്തികൾ നിർവഹിക്കുമ്പോൾ മസ്‌തിഷ്‌ക ഭാഗങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്. മസ്തിഷ്‌കത്തിന്റെ ഇടത്തെ അർദ്ധഗോളത്തിന്റെ ചിന്താരീതി അപഗ്രഥനപരവും യുക്തിചിന്താപരവുമാണ്. എഴുത്ത്, സംസാരം, സാമാന്യവത്കരണം, ബുദ്ധിശക്തി എന്നിവ ഇടതു ഭാഗത്തിന്റേതാണ്. വലത് അർദ്ധ ഗോളം വ്യക്തിപരമായ അനുഭവത്തിന്റെ വൈകാരികതക്ക് ഊന്നൽ കൊടുക്കുന്നു.

പുരാതനവും ആധുനികവുമായ മസ്തിഷ്കങ്ങൾ
മനുഷ്യനിൽ പുരാതന മസ്തിഷ്കവും നവീന മസ്തിഷ്കവും ഉണ്ട്. പുരാതന മസ്തിഷ്‌കത്തിന്റെ ഭാഗമാണ് ഹൈപ്പോതലാമസ്. വികാരങ്ങളെ തൃപ്തിപ്പെടുത്തലും ജീവൻ നിലനിർത്തലുമാണ് അതിന്റെ ലക്ഷ്യം. സെറിബ്ര അർധഗോളങ്ങൾ നവീന മഷ്തിഷ്കത്തിന്റെ ഭാഗമാണ്. മസ്തിഷ്കത്തിന്റെ ഈ മേഖല ബുദ്ധിപരവും സാംസ്കാരികപരവും കലാപരവുമായ പ്രവർത്തികളുടേതാണ്. പുരാതന മസ്തിഷ്‌കത്തിൽ നിന്നുവരുന്ന മൃഗീയ വാസനകളെയും വികാര വിക്ഷോഭങ്ങളെയും നിയന്തിക്കുന്നതു നവീന മസ്തിഷ്കമാണ് .

പുരാതന മസ്തിഷ്കത്തിന്റെ കഴിവുകൾ ജീവസാന്തരണവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ മനുഷ്യന്റെ കൊഗ്നിറ്റീവായ കഴിവുകളായ ചിന്ത, ബോധം, അനുതാപം, ബുദ്ധി, ജാഗ്രത, ഓർമ എന്നിവയെല്ലാം നവീന മഷ്തിഷ്കത്തിന്റെ പരിധിയിൽ പെടുന്നു. ജന്മസിദ്ധവുമായി ലഭിച്ചിട്ടുള്ള നവീന മസ്തിഷ്ക കഴിവുകൾ പരിപോഷിപ്പിച്ചെടുക്കാൻ കഴിയും . നല്ല സൃഷ്ടിപരമായ അനുഭവപരിസരം അതിന് ആവശ്യമുണ്ട് .

മസ്തിഷ്കത്തിന്റെ സാധ്യതകൾ
മനുഷ്യന്റെ നാഡീവ്യവസ്ഥ ജനിതകമായി ചിട്ടപ്പെടുത്തിയതാണെങ്കിൽ തന്നെയും ജൈവപരമായ വികസനത്തിന് ചില സാധ്യതകളുണ്ട്. നാഡീവ്യവസ്ഥയുടെ ആന്തരികമായ ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ബാഹ്യമായ ചോദനകൾക്കനുസരിച്ചു മാറുന്നുണ്ട്. പ്ലാസ്തികത(plasticity) എന്നാണ് അതിനു പറയുന്ന പേര്. എത്രകണ്ട് പ്ലാസ്‌തികത ഉണ്ടോ അത്രകണ്ട് മസ്തിഷ്‌കം വികസിച്ചുവെന്നു കരുതാം .

ന്യൂറോണുകൾ തമ്മിലുള്ള ബന്ധത്തിന്റെ ക്രമത്തിലും ദൃഢതയിലും ഉണ്ടാകുന്ന സൂഷ്‌മവും ദൂരൂഹവുമായ മാറ്റങ്ങൾ നാഡീതലത്തിൽ നടക്കുന്ന വിവര ശേഖരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ന്യൂറോണുകൾ തമ്മിലുള്ള ബന്ധം ഉണ്ടാകുന്ന ഭാഗമാണ് സിനാപ്‌സ്. മസ്തിഷ്കം ഉറക്കത്തിൽപോലും വിവരങ്ങൾ തുടർച്ചയായി ശേഖരിക്കുകയും പാകപ്പെടുത്തുകയും ചെയുന്നതു നാഡീ വ്യവസ്ഥയിലെ ന്യൂറോൺ ബന്ധങ്ങളിൽ ഉണ്ടാകുന്ന തുടർച്ചയായ മാറ്റങ്ങളിലൂടെയാണ്. പഠനത്തിൽ ഏർപ്പെടുമ്പോൾ ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങളുടെ രൂപീകരണം നടക്കുന്നു. പുതിയ ഓരോ കാര്യങ്ങൾ പഠിക്കുമ്പോൾ പുതിയ പുതിയ ന്യൂറോൺ ബന്ധങ്ങൾ രൂപപ്പെടുന്നു.

ന്യൂറോണുകൾ പരസ്പരം ബന്ധപ്പെടുന്ന സ്ഥാനത്തിനിടയിൽ വിവരവിനിമയത്തിനു സഹായിക്കുന്ന രാസവസ്തുവിന്റെ അളവിൽ വരുന്ന മാറ്റങ്ങളിലൂടെയാണ്. യഥാർത്ഥത്തിൽ സിനാപ്‌സ് ബന്ധങ്ങളുടെ ശക്തിയിൽ ദീർഘ കാലം നിലനിൽക്കുന്നതും ഗാഢവുമായ മാറ്റങ്ങൾ ഉണ്ടാകുന്നത്.

ന്യൂറോണുകൾ തമ്മിലുള്ള ബന്ധത്തിന്റെ ക്രമത്തിലും ദൃഢതയിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ നാഡീതലത്തിൽ നടക്കുന്ന വിവര ശേഖരണവുമായി ബന്ധപ്പെട്ടതുമായി കാണാം. എന്നാൽ ഓർമയുടെയും പഠനത്തിന്റെയും അടിസ്ഥാനമായ പ്ലാസ്തികത മാറ്റങ്ങളുടെ സ്വഭാവം സംബന്ധിച്ച ഘടകങ്ങൾ സിനാപ്‌സ്നെയാണ് ആശ്രയിക്കുന്നത്. ന്യൂറോണുകൾ തമ്മിലുള്ള സൈനാപ്സിത ബന്ധം രൂപപെടുന്നതിന്റെ നിരക്ക് ജനന ശേഷം ദ്രുതഗതിയിൽ വർദ്ധിക്കുകയും മൂന്നു വയസ് ആകുമ്പോൾ ഏറ്റവും ഉയർന്ന അവസ്ഥയിൽ ആവുകയും ചെയുന്നു.

മസ്തിഷ്കത്തിന്റെ 100% ഉപയോഗം
സങ്കീർണമായ മസ്തിഷ്ക കോശങ്ങൾ രൂപപ്പെടുന്നതിൽ ജീവിതാനുഭവങ്ങൾക്ക് മുഖ്യമായ പങ്കുണ്ട്. ജനന ശേഷമുള്ള ആദ്യവർഷങ്ങളിൽ ലഭിക്കുന്ന അനുഭവങ്ങൾക്കു വളരെ പ്രാധാന്യം ഉണ്ട്. ക്രിയാത്മകമായ പഠനങ്ങൾ ലഭിക്കുന്നതു വഴി മസ്തിഷ്‌കത്തിൽ പുതിയ മടക്കുകൾ ഉണ്ടാവുകയും അതു വ്യക്തിയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുമെന്നും ചില പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു.

ഒരു കുഞ്ഞ് കോടിക്കണക്കിനു മസ്തിഷ്ക കോശങ്ങളുമായാണ് ജനിക്കുന്നത്. ഹൃദയസ്പന്ദനം, ശ്വസനം എന്നീ അടിസ്ഥാന ശാരീരിക പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്ന ന്യൂറോൺ ബന്ധങ്ങൾ ജനനത്തിനു മുൻപു തന്നെ രൂപപ്പെടുന്നുണ്ട്. പരിസരവുമായി ഇടപഴകുന്നതിനും പ്രതികരിക്കുന്നതിനും കുഞ്ഞിനെ സഹായിക്കുന്ന കോശബന്ധങ്ങൾ പിന്നീട് ഉണ്ടാകേണ്ടതാണ്. ഇതാകട്ടെ അനുഭവങ്ങളിലൂടെ കടന്നു പോകുന്നത് അനുസരിച്ചാണ് രൂപപ്പെടുക. കുഞ്ഞു വളരുന്നതിനനുസരിച് ഓരോ പെരുമാറ്റത്തെയും നിർണയിക്കുന്ന കോശബന്ധങ്ങൾ നിർമിക്കപ്പെടുന്നു. ഉദാഹരണമായി കണ്ണിലുള്ള ന്യൂറോണുകളും വിഷ്വൽ കോർട്ടെക്സിൽ ഉള്ള ന്യൂറോണുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനാലാണ് നമുക്കു കാഴ്ചയെ വിശകലനം ചെയ്യാനാകുന്നത്.

ദൃശ്യപരമായ അനുഭവങ്ങളുടെ ആവർത്തനം ഇവ തമ്മിലുള്ള കോശബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. ആവശ്യത്തിലേറെ നാഡീ തന്തുക്കളെ നാഡീവ്യവസ്ഥ ഉൽപ്പാദിപ്പിക്കുന്നുണ്ട്. അധികം വരുന്ന ന്യൂറോൺ ബന്ധങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്നു. ആവശ്യമില്ലാത്ത കോശബന്ധങ്ങളുടെ സാന്നിധ്യം സാധാരണ പ്രവർത്തികളുടെ നിർവഹണത്തിനുതടസം ഉണ്ടാകാൻ ഇടയുള്ളത് കൊണ്ടാണിത്. ശൈശവ ദശയിൽ സമൃദ്ധമായ അനുഭവങ്ങൾ കുട്ടിക്ക് ലഭിക്കേണ്ടത് ന്യൂറോൺ ബന്ധങ്ങൾ വേണ്ടത്ര സ്ഥാപിക്കാനും അങ്ങനെ ലഭ്യമായ ബൗദ്ധികശേഷി സംരക്ഷിക്കാനും ആവശ്യമാണ്.

ന്യൂറോൺ ബന്ധങ്ങളും പ്ലാസ്‌തികതയുമായി ബന്ധപ്പെട്ട മസ്തിഷ്കത്തിന്റെ വികാസം ജീവിതകാലം മുഴുവൻ തുടരുന്ന ഒന്നാണ്. ആയതിനാൽ ബോധപൂർവമായ ശ്രമങ്ങളിലൂടെ മസ്തിഷ്കത്തിന്റെ ഈ ഗുണത്തിനെ സൃഷ്ടിപരമായി പ്രയോജനപ്പെടുത്താൻ കഴിയും. നിരന്തരം വൈവിധ്യമുള്ളതും അതേസമയം പുതിയതുമായ കാര്യങ്ങൾ, സ്‌കില്ലുകൾ പഠിക്കുക. അത് ഒരു വിദേശ ഭാഷ സ്വായത്തമാക്കുന്നതാകാം, ഡ്രൈവിംഗ് അറിയാത്ത ഒരാൾ അത് അഭ്യസിക്കുന്നതാകാം, മരംകയറാൻ പഠിക്കുന്നതാകാം. തുടർച്ചയായി വ്യത്യസ്തമായ സ്‌കില്ലുകൾ പഠിക്കുന്നതനുസരിച്ചു പുതിയ പുതിയ ന്യൂറോൺ ബന്ധങ്ങൾ രൂപപ്പെടുന്നു അതുവഴി കോശബന്ധങ്ങളുടെ വെട്ടിമാറ്റൽ(Pruning) ഒഴിവാക്കാൻ കഴിയുന്നു. അങ്ങനെ,ലഭ്യമായ കൊഗ്നിറ്റീവ് ശേഷികളായ ഓർമ, ചിന്ത, ബോധം, ബുദ്ധി, ജാഗ്രത തുടങ്ങിയവ കാര്യക്ഷമമായി ഉപയോഗിക്കാനും നിലനിർത്താനും കഴിയും .

ഡോ. പ്രസാദ് അമോർ
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
സോഫ്റ്റ്മെൻഡ്, ലക്ഷ്മി ഹോസ്പിറ്റൽ, അരൂർ

പനിയെ വെറും നിസാരമാക്കല്ലേ ചിലപ്പോൾ ബ്രൂസെല്ലോസിസ് ആകാം

 

ബ്രൂസെല്ലോസിസ് അഥവാ മാള്‍ട്ടാ പനിക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം. ബ്രൂസെല്ലോസിസ് രോഗം ബാധിച്ചെന്ന സംശയത്താല്‍ വെള്ളനാട് സ്വദേശിനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.  ഈ രോഗമാണെന്ന് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകള്‍ നടന്നുവരികയാണ്. ഈയൊരു സാഹചര്യത്തിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയില്‍ അടുത്തിടെ ബ്രൂസെല്ലോസിസ് പടർന്നു പിടിച്ചിരുന്നു. ‌

ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന രോഗാവസ്ഥയിലേക്ക് വരെ നയിക്കാവുന്ന ഗുരുതരമായ രോഗമാണ് ബ്രൂസെല്ലോസിസ്. മതിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ചെറിയ പനി മുതല്‍ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടു നില്‍ക്കുന്ന രോഗാവസ്ഥവരെയുണ്ടാക്കാം. മൃഗങ്ങളില്‍ ഇത് ഗര്‍ഭച്ഛിദ്രം മുതല്‍ മരണം വരെ ഉണ്ടാക്കാം. കന്നുകാലികളുമായോ കന്നുകാലി ഉത്പന്നങ്ങളുമായോ ബന്ധപ്പെടുന്നവര്‍ക്കെല്ലാം ഈ രോഗം ബാധിക്കാമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കുന്നു.  ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് ബ്രൂസെല്ലോസിസ് പകരുന്നതായി ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

എന്താണ് ബ്രൂസെല്ലോസിസ്?
ബ്രൂസെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ പരത്തുന്ന ജന്തുജന്യ രോഗമാണ് ബ്രൂസെല്ലോസിസ്. കന്നുകാലികളെ ബാധിക്കുന്ന ഈ രോഗം അവയെ പരിപാലിക്കുന്ന മനുഷ്യര്‍ക്കും പിടിപെടാവുന്നതാണ്. ഇന്ത്യയില്‍ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും ബ്രൂസെല്ലോസിസ് കണ്ടുവരുന്നു.

രോഗം കന്നുകാലികളില്‍
മലീമസമാക്കപ്പെട്ട കാലിത്തീറ്റയിലൂടെയോ മറ്റു രോഗബാധിതരായുള്ള മൃഗങ്ങളുമായുള്ള സമ്പര്‍ക്കലൂടെയോ ആണ് പശു, ആട്, എരുമ, പന്നി തുടങ്ങിവയ്ക്ക് രോഗം പിടിപെടുന്നത്. ഈര്‍പ്പം നിലനില്‍ക്കുന്ന അന്തരീക്ഷം, വൃത്തിയില്ലായ്മ, എന്നിവ രോഗം പെട്ടന്നു പടര്‍ന്നു പിടിക്കാന്‍ കാരണമായേക്കാം.

രോഗം മനുഷ്യരില്‍
കന്നുകാലികളെ പരിചരിക്കുന്നവര്‍ക്കും മാംസം, പാല്‍ എന്നിവ കൈകാര്യം ചെയ്യുന്നവര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗികളായ മൃഗങ്ങളില്‍ നിന്നും പുറന്തള്ളപ്പെട്ട ചാപിള്ള, മറുപിള്ള, രക്തം, മൂത്രം എന്നിവയില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ടു രോഗം പകരുന്നു. രോഗികളായ കന്നുകാലികളുടെ പാല്‍, പാലുത്പന്നങ്ങള്‍, മാംസം എന്നിവ വേവിക്കാതെ കഴിക്കുക, കന്നുകാലികളുടെ ചാണകം വളമായുപയോഗിച്ച പച്ചക്കറികള്‍ പച്ചയ്ക്ക് കഴിയ്ക്കുന്നതും രോഗ സംക്രമണത്തിന് കാരണമാകും. തൊഴുത്തിലേയും അറവുശാലകളിലേയും അന്തരീക്ഷത്തില്‍ രോഗാണുക്കള്‍ നിലനില്‍ക്കുന്നതിനാല്‍ വായുവില്‍ക്കൂടിയും രോഗം മനുഷ്യരിലെത്തുന്നു.

രോഗ ലക്ഷണങ്ങള്‍
പെട്ടന്നുണ്ടാകുന്ന വിറയലോട് കൂടിയ പനി (40 മുതല്‍ 41 ഡിഗ്രി വരെ), സന്ധി വേദന, നടുവേദന, തലവേദന, പ്ലീഹ വീക്കം എന്നിവ രോഗലക്ഷണങ്ങളാണ്. യഥാസമയം ഉചിതമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ വിട്ടുമാറാതെ നിലനില്‍ക്കും.

രോഗ നിയന്ത്രണം മൃഗങ്ങളില്‍
വൃത്തിയും ശുചിത്വവുമുള്ള മൃഗപരിപാലനമാണ് രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മറ്റൊരു മാര്‍ഗം. രോഗം വന്ന കന്നുകാലികളെ ദയാവധത്തിന് വിധേയമാക്കുകയാണ് രോഗം പടര്‍ന്നുപിടിക്കുന്ന സമയത്തു സ്വീകരിക്കാവുന്ന ഏക മാര്‍ഗം. കന്നുകാലികള്‍ക്ക് ബ്രൂസെല്ല വാക്‌സിന്‍ മുന്‍കൂട്ടി നല്‍കുന്നതിലൂടെ പല വിദേശ രാജ്യങ്ങളിലും ബ്രൂസെല്ലോസിസ് നിര്‍മ്മാര്‍ജനം ചെയ്തു കഴിഞ്ഞു.

രോഗ നിയന്ത്രണം മനുഷ്യരില്‍
വ്യവസായാടിസ്ഥാനത്തില്‍ പാസ്ചറൈസേഷന്‍ കര്‍ശനമാക്കുക, കര്‍ഷകര്‍ മാംസ വ്യാപാരവുമായി ബന്ധപ്പെട്ടവര്‍ എന്നിവര്‍ മൃഗങ്ങളുടെ സ്രവങ്ങള്‍ ശരീരത്തില്‍ സ്പര്‍ശിക്കാത്ത വിധം വസ്ത്രങ്ങള്‍ ധരിക്കുക മുതലായ മാര്‍ഗങ്ങളിലൂടെ രോഗ സംക്രമണം തടയാം.

ബ്രൂസെല്ലോസിസ് വന്നാല്‍ എന്തുചെയ്യണം?
രോഗനിയന്ത്രണത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ശരിയായ രോഗനിര്‍ണയം നടത്തുക എന്നുള്ളതാണ്. വിട്ടുമാറാത്ത രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കണം. രക്തപരിശോധനയിലൂടെ ഈ രോഗം സ്ഥിരീകരിക്കാം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നിശ്ചിത കാലയളവില്‍ ആന്റിബയോട്ടിക് കഴിച്ചാല്‍ ഈ രോഗത്തില്‍ നിന്നും പൂര്‍ണമായും മോചനം നേടാം.

വീടിനുള്ളിൽ ആരോഗ്യം നിലനിർത്താൻ?

താമസിക്കുന്നവരുടെ ആരോഗ്യം നിലനിർത്തുന്നതിൽ വീടിനുളളിലെ വായുവിനും വെളിച്ചത്തിനുമുളള പങ്കിനെ കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രഫസറായ ഡോ. ബി. പത്മകുമാർ എഴുതുന്നു.

വീട് തണലാണ്. പൊരിവെയിലിൽ തണ‌ുപ്പേകുന്ന വൻവൃക്ഷംപോലെ വീട് നമുക്ക് സ്വസ്ഥതയും സമാധാനവും തരുന്നു. വീടു വെറുമൊരു കെട്ടിടം മാത്രമല്ല. ഒാരോ മുറിയിലും ജീവൻ തുടിക്കുന്ന, ഒാർമകൾ ഉറങ്ങുന്ന ചൈതന്യവത്തായ ഒരിടംകൂടിയാണത്. എവിടെ നിന്നൊക്കെയോ ക്ഷീണിച്ച ശരീരവും തളർന്ന മനസ്സുമായി തിരിച്ചെത്തുന്നവർക്ക് അമ്മയുടെ മടിത്തട്ടെന്നപോലെ വീടു സുരക്ഷിതത്വവും ആശ്വാസവുമേകുന്നു. അതുകൊണ്ടാണല്ലോ ഏതു പാതിരാത്രിയായാലും വീടണയാൻ നാം കൊതിക്കുന്നത്.

വീട് എന്ന സ്വസ്ഥവൃത്തത്തിൽ മറ്റെല്ലാ ടെൻഷനും മാറ്റിവച്ച് റിലാക്സ് ചെയ്യാന്‍ സാധിക്കണമെങ്കിൽ വീട്ടിലെ അന്തരീക്ഷം ആരോഗ്യകരമായിരിക്കണം. ഒാരോ മുറിയിലും ആവശ്യത്തിനു വെട്ടവും വെളിച്ചവും വായുസഞ്ചാരവുമുണ്ടായിരിക്കണം. പരിസരം വൃത്തിയുളളതായിരിക്കണം. വീട് അത്യാഡംബരസൗകര്യങ്ങൾ കൊണ്ടു മോടിപിടിപ്പിക്കാൻ തിരക്കു കൂട്ടുന്നതിനിടയിൽ ഈ അടിസ്ഥാനകാര്യങ്ങൾ കാണാതെ പോകരുത്.

നല്ല ആരോഗ്യത്തിനു നല്ല വായു സഞ്ചാരം

ശുദ്ധവായു ശുദ്ധജലം പോലെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വീട്ടിലെ മുറികൾക്കുളളിൽ ആവശ്യമായ ശുദ്ധവായു സഞ്ചാരം ഉറപ്പാക്കി ആരോഗ്യകരമായ ഗൃഹാന്തരീക്ഷം ഒരുക്കുക എന്നതാണ് നല്ല വെന്റിലേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഏറ്റവും പുതിയ നിർവചനമനുസരിച്ചു വെന്റിലേഷൻ തൃപ്തികരമാകണമെങ്കിൽ അകത്തു കെട്ടിക്കിടക്കുന്ന ദുഷിച്ച വായു പുറന്തള്ളിയാൽ മാത്രം പോരാ. മറിച്ച് അകത്തേക്കു കടത്തിവിടുന്ന വായു ശുദ്ധവും സുഖകരമായ താപനിലയും ഈർപ്പനിലയും ക്രമീകരിക്കപ്പെട്ടതുമായിരിക്കണം. എയർകണ്ടീഷനറുകൾ പ്രവർത്തിക്കുന്നത് ഈ ലക്ഷ്യം മുൻനിർത്തിയാണ്.

വെന്റിലേഷൻ രണ്ടുതരത്തിൽ

വെന്റിലേഷൻ പ്രധാനമായും രണ്ടുതരത്തിലുണ്ട്. സ്വാഭാവിക വെന്റിലേഷൻ: പ്രകൃതി തന്നെ ഒരുക്കിത്തന്നിട്ടുളള ഏറ്റവും ലളിതവും സ്വാഭാവികവുമായ വെന്റിലേഷൻ മാർഗങ്ങളാണിത്. ജനലും വാതിലുമൊക്കെ തുറന്നിടുമ്പോൾ കാറ്റ് ഇരച്ചുകയറുകയാണെങ്കിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കാം. മുഖത്തോടു മുഖം നോക്കി നിൽക്കുന്ന ജനലുകളും വാതിലുകളുമാണു നല്ല വായുസഞ്ചാരം (ക്രോസ് വെന്റിലേഷൻ) ഉറപ്പാക്കുന്നത്. എന്നാൽ ഒരു വീടിന്റെ പുറകിൽ മറ്റൊന്ന് എന്ന തരത്തിലുളള നിർമാണം സുഗമമായ വായുസഞ്ചാരത്തിനു തടസ്സം ചെയ്യുന്നു.

വായുവിന്റെ പ്രവാഹം സാന്ദ്രത കൂടിയ ഇടങ്ങളിൽ നിന്നും സാന്ദ്രത കുറഞ്ഞ സ്ഥലങ്ങളിലേക്കാണ്. വായു ചൂടുപിടിക്കുമ്പോൾ അന്തരീക്ഷത്തിലൂടെ ഉയർന്നു മുറിയുടെ മുകളിലുളള ദ്വാരങ്ങളിലൂടെ പുറത്തേക്ക് പ്രവഹിക്കുന്നു. ബാഹ്യാന്തരീക്ഷത്തിലുളള തണുത്തതും സാന്ദ്രത കൂടിയതുമായ വായു മുറിയുടെ താഴെയുളള ദ്വാരങ്ങളിലൂടെയായിരിക്കും അകത്തേക്കു പ്രവേശിക്കുന്നത്. മുറിയുടെ അകത്തും പുറത്തുമുളള വായുവിന്റെ താപനിലയിലുളള വ്യത്യാസം കൂടുന്തോറും മുറിക്കുളളിലേക്ക് വായു ഇരച്ചുകയറുവാനുളള സാധ്യതയും വർധിക്കുന്നു.

 

വായുവിന്റെ ഈ പ്രത്യേകതകളെല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കണം വീടുപണിയുമ്പോൾ വാതിലുകളും ജനലുകളും വെന്റിലേറ്ററുകളുമൊക്കെ ക്രമീകരിക്കേണ്ടത്. കാറ്റിന്റെ ഗതിയെയും വായുവിന്റെ താപനിലയെയും ഈർപ്പനിലയുമൊക്കെ ആവശ്യാനുസരണം നിയന്ത്രിക്കാനാവുകയില്ല എന്നതാണു സ്വാഭാവിക വായുസഞ്ചാരമാർഗങ്ങളെ മാത്രം ആശ്രയിക്കുമ്പോഴുണ്ടാകുന്ന പ്രധാന പരിമിതി.

കൃത്രിമ വെന്റിലേഷൻ

എക്സ്ഹോസ്റ്റ് ഫാനുപയോഗിച്ചു മുറിക്കുളളിലെ പഴകിയതും കെട്ടിനിൽക്കുന്നതുമായ വായു വലിച്ചെടുത്തു പുറന്തളളുകയാണ് ഒരു മാർഗം. അപ്പോഴുണ്ടാകുന്ന ശൂന്യതയിലേക്ക് പുറത്തുനിന്നും ശുദ്ധവായു ജനലിലൂടെയും വാതിലിലൂടെയും അകത്തേക്കു തള്ളിക്കയറുന്നു. ചുവരിൽ ഉയരത്തിലായി മേൽക്കൂരയ്ക്കു സമീപമായിരിക്കും ഇവ പിടിപ്പിക്കേണ്ടത്. മുറിക്കുളളിലെ ചൂടുപിടിച്ച് ഉയർന്നു നിൽക്കുന്ന വായുവായിരിക്കും പ്രധാനമായും പുറന്തളളപ്പെടുന്നത്. അടുക്കളയിലും ബാത്ത്റൂമിലുമൊക്കെ വായുസഞ്ചാരം ഉറപ്പാക്കി അന്തരീക്ഷം ശുദ്ധമായി നിലനിർത്താൻ എക്സ്ഹോസ്റ്റ് വെന്റിലേഷൻ സഹായിക്കുന്നു.

എയർകണ്ടീഷനറുകളാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന കൃത്രിമ വെന്റിലേഷൻ ഉപകരണങ്ങൾ. മുറിക്കുളളിലെ വായു എയർകണ്ടീഷനറുകളിലൂടെ കടന്നുപോകുമ്പോൾ വായുവിലുളള പൊടിപടലങ്ങൾ, ഹാനികരമായ വാതകങ്ങൾ, ബാക്ടീരിയകൾ, മറ്റു സൂക്ഷ്മജീവികൾ എന്നിവയെ അരിച്ചുമാറ്റുന്നു. അമിതമായ ഈർപ്പനില (ഹ്യുമിഡിറ്റി) ഉണ്ടെങ്കിൽ അതും ഒഴിവാക്കുന്നു. തുടർന്ന് ആവശ്യാനുസരണം ചൂടാക്കിയോ തണുപ്പിച്ചോ ഊഷ്മാവ് ക്രമീകരിച്ചു വായുവിനെ മുറിയിലേക്കു കടത്തിവിടുന്നു.

വെന്റിലേഷൻ കുറഞ്ഞാൽ

ഒരോ വർഷവും ലോകമാകെ 43 ലക്ഷത്തോളമാളുകൾ വെന്റിലേഷനില്ലാത്ത മുറികളിലെ ഗാർഹിക മലിനീകരണം കൊണ്ടുണ്ടാകുന്ന വിവിധതരം ആരോഗ്യപ്രശ്നങ്ങൾ കൊണ്ടു മരിക്കുന്നുണ്ടെന്നാണു കണക്ക്. ഇടുങ്ങിയ വായുസഞ്ചാരമില്ലാത്ത മുറികളിൽ കഴിയേണ്ടിവരുമ്പോൾ വായുവിലൂടെ പകരുന്ന രോഗങ്ങൾ പിടിപെടാനും പടർന്നുപിടിക്കാനും സാധ്യത കൂടുതലാണ്. ക്ഷയം, ഇൻഫ്ലുവൻസ, ചിക്കൻപോക്സ്, അഞ്ചാംപനി, ശ്വാസകോശരോഗങ്ങളായ ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയവയ്ക്കാണു സാധ്യത കൂടുതൽ. കുട്ടികളിൽ ചുമയും ശ്വാസംമുട്ടലും അലർജി രോഗങ്ങളും വിട്ടുമാറാതെയിരിക്കുന്നതിന്റെയും കാരണങ്ങളിലൊന്ന് മുറിക്കുളളിലെ വെന്റിലേഷന്റെ പോരായ്മയാണ്. കുട്ടികളിൽ റുമാറ്റിക് ഫീവർ എന്ന സന്ധിവാതജന്യ ഹൃദ്രോഗം വ്യാപകമായിരുന്ന കാലത്ത് ഇടുങ്ങിയ മുറികളിൽ ഒരുമിച്ചു കഴിയുന്ന കുട്ടികളിലായിരുന്നു സ്ട്രെപ്റ്റോകോക്കൽ അണുബാധയും തുടർന്നു സന്ധിവേദനകളും ഉണ്ടായിരുന്നത്. ആവശ്യത്തിനു വെട്ടവും വെളിച്ചവും വായുസഞ്ചാരവുമുളള മുറികൾ വായുജന്യരോഗങ്ങളെ ഒരു പരിധിവരെ നിയന്ത്രിച്ചു നിർത്തുന്നു.

വീടിനുളളിലെ ചെടികൾ

വീടിനുളളിലെ അന്തരീക്ഷം ശുദ്ധീകരിക്കാൻ ഏറ്റവും ലളിതവും ചെലവു കുറഞ്ഞതുമായ മാർഗമാണ് വീടിനുളളിൽ ചെടികൾ വളർത്തുക എന്നത്. ചെടികൾ ഭക്ഷണം തയാറാക്കുന്ന പ്രക്രിയയ്ക്കായി നമ്മൾ ശ്വസിച്ചു തളളുന്ന കാർബൺഡൈഒാക്സൈഡാണ് ഉപയോഗിക്കുന്നത്. എന്നിട്ട് നമ്മൾ ശ്വസിക്കുന്ന ശുദ്ധവായുവായ ഒാക്സിജൻ പുറത്തുവിടുന്നു. അങ്ങനെ മുറിയ്ക്കുളളിൽ ശുദ്ധവായുവിന്റെ അളവ് കൂടുന്നു. ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന ചൂട് കുറയ്ക്കാനും മുറിക്കുളളിലെ പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കാനും ഇലച്ചെടികൾ ഉപയോഗപ്പെടുത്താം.

സ്പാത്തി ഫില്ലം, ആഫ്രിക്കൻ വയലറ്റ്സ്, ഗ്ലോക്സീനിയ, പലതരം ഒാർക്കിഡുകൾ എല്ലാം അകത്തളങ്ങളിൽ വയ്ക്കാൻ അനുയോജ്യമായവയാണ്. കലാഡിയം, അഗ്ലോനിമ, ഡംബ്കേൻ, ആന്തൂറിയം എന്നിവ ചിലരിൽ പ്രത്യേകിച്ച് കുട്ടികളിൽ അലർജി ഉണ്ടാക്കും.

വെളിച്ചം നല്ലതാവണം

വെട്ടവും വെളിച്ചവുമുളള മുറികൾ ആഹ്ലാദം മാത്രമല്ല ആരോഗ്യവും പ്രദാനം ചെയ്യുന്നു. പ്രകാശം രണ്ടു തരത്തിലാണ് ലഭ്യമാകുന്നത്. സ്വാഭാവികപ്രകാശവും ലൈറ്റുകളിൽ നിന്നു ലഭിക്കുന്ന കൃത്രിമപ്രകാശവും.

സൂര്യപ്രകാശമാണു സ്വാഭാവികപ്രകാശത്തിന്റെ മുഖ്യസ്രോതസ്സ്. സൂര്യപ്രകാശം വേണ്ടത്ര ലഭിക്കുന്നയിടത്ത് കൃത്യമായ പ്ലാനിങ്ങോടെ വീടു നിർമിച്ചാൽ മാത്രമേ സ്വാഭാവികമായ പ്രകാശം ആവശ്യത്തിനു ലഭിക്കുമെന്ന് ഉറപ്പുവരുത്താനാകൂ. വീടിന്റെ ജനാലകൾക്ക് ആവശ്യത്തിനു വീതിയും ഉയരവുമുണ്ടായിരിക്കണം. സൂര്യപ്രകാശം മുറിയിലേക്ക് കടന്നുവരാനുളള തടസ്സങ്ങളും നീക്കണം.

മുറിക്കുളളിലെ പെയിന്റിങ്ങും മറ്റു സജ്ജീകരണങ്ങളും സ്വാഭാവിക പ്രകാശത്തെ ഏറ്റവും കൂടുതലായി പ്രയോജനപ്പെടുത്തുന്ന തരത്തിലായിരിക്കണം. മുറിയുടെ സീലിങ്ങുകൾ വെളളപെയിന്റ് അടിക്കുന്നതാണു സ്വാഭാവിക പ്രകാശത്തെ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത്. ചുമരുകളുടെ മുകൾഭാഗം നേരിയ നിറമുളള പെയിന്റും കീഴ്ഭാഗം അല്പം കടുപ്പമുളള നിറവുമാക്കുന്നകതാണു കണ്ണിനു സുഖകരം.

കൃത്രിമ വെളിച്ചത്തിന് ബൾബ്

ഇലക്ട്രിക് ബൾബുകളാണു കൃത്രിമപ്രകാശം നൽകുവാനായി ഉപയോഗിക്കുന്നത്. പ്രധാനമായും രണ്ടുതരത്തിലുളള വിളക്കുകളാണ് ഉളളത്. ഫിലമെന്റ് ലാമ്പും ഫ്ലൂറസെന്റ് ലാമ്പും. ഫിലമെന്റ് ലാമ്പിലെ ടങ്ങ്സ്റ്റൺ ഫിലമെന്റിൽ വൈദ്യുതി കടത്തിവിട്ട് ചൂടുപിടിപ്പിക്കുമ്പോഴാണ് പ്രകാശം ചൊരിയുന്നത്. പ്രകാശതീവ്രത ഫിലമെന്റിന്റെ ചൂടിനെ ആശ്രയിച്ചിരിക്കുന്നു. ഫ്ലൂറസന്റ് ലാമ്പിന് വൈദ്യുതി കുറച്ചുമതി, പ്രകാശത്തിനു സ്വാഭാവിക പ്രകാശവുമായി ഏറെ സാമ്യവുമുണ്ട്. ബൾബ് ചൂടുപിടിക്കുന്നതു കുറവാണെന്ന മെച്ചവുമുണ്ട്.

നല്ല വെളിച്ചമില്ലെങ്കിൽ ‌‌‌

മനുഷ്യനേത്രങ്ങൾക്ക് നിലാവെളിച്ചത്തിൽ മുതൽ (0.1 ലക്സ് പ്രകാശതീവ്രത) വസ്തുക്കള്‍ കാണാനുളള ശേഷിയുണ്ട്. മങ്ങിയ വെളിച്ചത്തിൽ വായിക്കുന്നതും ജോലി ചെയ്യുന്നതും കണ്ണിൽ സമ്മർദമേകും. വിട്ടുമാറാത്ത തലവേദനയായും കണ്ണിനു ചുറ്റുമുളള വേദനയായും ഇതു പ്രകടമായെന്നു വരും. കണ്ണിനു കഴപ്പ്, കണ്ണിൽ നിന്നു വെള്ളം വരിക, കണ്ണിനു ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളും തുടർച്ചയായി മങ്ങിയ വെളിച്ചത്തിൽ പ്രവൃത്തിയിലേർപ്പെടുന്നതു കൊണ്ടാകാം.

വൃദ്ധർക്കും പ്രശ്നം

വൃദ്ധജനങ്ങളിലെ വീഴ്ചയ്ക്കും തുടർന്ന് അസ്ഥിക്കു പൊട്ടലും ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വീട്ടിലെ ഇരുണ്ട ഇടനാഴികളും കോണിപ്പടികളും മറ്റുമാണ്. പടികളിലും വീട്ടുസാമഗ്രികളിലും മറ്റും തട്ടിവീഴാന്‍ പ്രകാശക്കുറവ് കാരണമാകുന്നു. വെട്ടവും വെളിച്ചവുമില്ലാത്ത ബാത്ത്റൂമിലും കാൽതെന്നി വീഴാനുളള സാധ്യത കൂടുതലാണ്. വൃദ്ധജനങ്ങൾ പെരുമാറുന്നയിടങ്ങളിൽ ആവശ്യത്തിനു വെളിച്ചമുണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധയുണ്ടായിരിക്കണം. കിടപ്പുമുറിയിൽ കിടക്കയിൽ കിടന്നു കൊണ്ടുതന്നെ പ്രവർത്തിക്കാവുന്ന തരത്തില്‍ ലൈറ്റ് സ്വിച്ചുകൾ ക്രമീകരിക്കണം. ബാത്ത്റൂമിലും ആവശ്യത്തിനു വെളിച്ചമുണ്ടായിരിക്കണം. വെളിച്ചക്കുറവുളളയിടങ്ങളിൽ സ്ഥിരമായി ജോലി ചെയ്യുന്നവരിൽ വിഷാദം പോലെയുളള ലഘു മനോരോഗങ്ങൾക്കു സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

കിടപ്പറകൾ

ജീവിതത്തിന്റെ മൂന്നിലൊന്നു ചെലവാക്കുന്ന കിടപ്പുമുറികള്‍ ആരോഗ്യകരമാക്കാന്‍

ഒരു വ്യക്തി തന്റെ ജീവിതത്തിലെ മൂന്നിലൊന്നു ഭാഗവും ചെലവഴിക്കുന്നത് കിടപ്പുമുറിയിലാകും. ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധവിഭാഗം പകൽ ശരീരത്തിനേറ്റ വിഷാംശങ്ങളിൽ നിന്നു മുക്തി നേടി പ്രതിരോധശേഷി പുനരുജ്ജീവിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കിടപ്പുമുറി എന്നും വൃത്തിയായി സൂക്ഷിക്കുകയും അവിടുത്തെ വായുവും വെളിച്ചവും നല്ല രീതിയിൽ ആകുകയും വേണം.

∙ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പൊടിപടലങ്ങൾ ഇല്ലാതെ ഇരിക്കണം.
∙ കിടക്കവിരി, തലയിണ ഉറ എന്നിവ ഇടയ്ക്കിടെ മാറ്റണം.
∙ ഒാർക്കിഡുകൾ, ബ്രൊമീലിയാഡ് തുടങ്ങി ചിലയിനം അകത്തളച്ചെടികൾ കിടപ്പുമുറിയുടെ ജനാലയ്ക്കരുകിലും മറ്റും വെച്ചാൽ കൂടുതൽ ശുദ്ധവായു ലഭിക്കും.
∙ കൊതുകുതിരിയും മൊസ്കിറ്റോ മാറ്റും ഉപയോഗിക്കുന്ന സമയം മുറിക്കുള്ളിൽ നിൽക്കരുത്. ജനലും വാതിലും തുറന്നിടുക.
∙ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇവ ഒാഫ് ചെയ്യുക.
∙ രാത്രികാലങ്ങളിൽ കിടക്കമുറിയിൽ സി.എഫ്.എൽ ലാമ്പുകൾ ഉറക്കത്തിനു തടസ്സമാകും. പ്രത്യേകിച്ചും വൃദ്ധജനങ്ങൾക്ക്. ഫിലമെന്റ് ലാമ്പുകളാണ് നല്ലത്. 
∙ രാത്രി ഉറക്കത്തിന് ഒരു തരത്തിലുളള പ്രകാശവും ഇല്ലാതെയിരിക്കുന്നതാണു നല്ലത്. പ്രകാശം ഉറക്കഹോർമോണായ മെലറ്റോസിന്റെ ഉത്പാദനത്തെ കുറയ്ക്കും. സുരക്ഷിതത്വത്തിനായി മങ്ങിയ നിറമുളള ലാമ്പുകൾ ഉപയോഗിക്കുക.
∙ മുറി ഉണങ്ങി വായു സഞ്ചാരമുളളതാകാൻ ഒരു മണിക്കൂർ വീതം രണ്ടു തവണ ജനൽ തുറന്നിടുക.

രക്ഷിതാക്കൾ ഉറക്കെ വായിക്കൂ, കുട്ടികൾ വായന ശീലമാക്കട്ടെ

കുട്ടികൾ പുസ്തകങ്ങളെ സ്നേഹിക്കണം എന്നാഗ്രഹിക്കുന്ന രക്ഷിതാവാണോ നിങ്ങൾ? എങ്കിൽ അവർക്കു പുസ്തകങ്ങൾ ഉറക്കെ വായിച്ചുകൊടുക്കൂ. രാജ്യത്താകമാനമുള്ള 1752 രക്ഷിതാക്കളിലും വിവിധ പ്രായത്തിലുള്ള കുട്ടികളിലും പബ്ലിഷിങ്ഗ്രൂപ്പായ സെക്ളാസ്റ്റിക് ഇന്ത്യ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.

ആറു മുതൽ 17 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് ആഴ്ചയിൽ അഞ്ചു മുതൽ ഏഴു ദിവസം വരെ രക്ഷിതാക്കൾ പുസ്തകങ്ങൾ വായിച്ചു കൊടുത്താൽ അവർ ശക്തമായ വായനയുള്ളവരായി മാറുമെന്നു പഠനം പറയുന്നു.

എല്ലാ പ്രായത്തിലുള്ള 85 ശതമാനം കുട്ടികളും ഉറക്കെ വായിച്ചു കേൾക്കാൻ ഇഷ്ടപ്പെടുന്നു. രക്ഷിതാക്കൾ വായിച്ചു കൊടുക്കുന്ന ശീലം നിർത്തിയ ആറു മുതൽ 11 വയസുവരെയുള്ള കുട്ടികളിൽ 57 ശതമാനവും രക്ഷിതാക്കൾ ഉറക്കെ വായിച്ചു കേൾപ്പിക്കുന്ന ശീലം തുടരണമെന്ന് ആഗ്രഹിക്കുന്നു. രക്ഷിതാക്കളും കുട്ടികളും തമ്മിൽ ചെലവഴിക്കുന്ന സ്പെഷ്യൽ ടൈം ആയി ഇതിനെ കുട്ടികൾ കാണുന്നു.

ഭാഷാനൈപുണ്യവും പദസമ്പത്തും വളരെവേഗം വികസിക്കുമെന്നതാണ് ഇതിന്റെ പ്രയോജനം. വായനയോടുള്ള ഇഷ്ടം ഒരു കുട്ടിയെ വിജയത്തിലേക്കു നയിക്കും. വായന സന്തോഷം നൽകുന്നതോടൊപ്പം എങ്ങനെ കൂടുതൽ കുട്ടികളെ പതിവായി വായിക്കുന്ന ശീലം ഉള്ളവരാക്കാമെന്ന ഉൾക്കാഴ്ചയും നൽകുന്നു.

മറ്റൊരു പ്രധാന വസ്തുത കുട്ടികൾ അവർ സ്വയം തിരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നു എന്നതാണ്. ആറു മുതൽ 17 വയസുവരെയുള്ള 87 ശതമാനം കുട്ടികളുടെയും പ്രിയപ്പെട്ട പുസ്തകം അവർ സ്വയം തിരഞ്ഞെടുത്തവയാണ്. കൂടാതെ അവർക്കിഷ്ടപ്പെട്ട കൂടുതൽ പുസ്തകങ്ങൾ കണ്ടാൽ കൂടുതൽ വായിക്കുമെന്നും പഠനം പറയുന്നു.

ഏതുതരം പുസ്തകങ്ങൾ വായിക്കാനാണു കുട്ടികൾ ഇഷ്ടപ്പെടുന്നതെന്നും പരിശോധിച്ചു. 62 ശതമാനം കുട്ടികളും അവരെ ചിരിപ്പിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നു. പുതുതായി എന്തെങ്കിലും തങ്ങളെ പഠിപ്പിക്കുന്ന പുസ്തകങ്ങൾ വായിക്കാനാണ് 55 ശതമാനം കുട്ടികൾക്ക് ഇഷ്ടം. 45 ശതമാനം കുട്ടികൾ തങ്ങളുടെ ഭാവന ഉപയോഗിക്കേണ്ടുന്ന പുസ്തകങ്ങൾ ഇഷ്ടപ്പെടുമ്പോൾ 43 ശതമാനം കുട്ടികൾക്ക് തങ്ങൾ ആയിത്തീരണം എന്നാഗ്രഹിക്കുന്ന കഥാപാത്രങ്ങളെപ്പറ്റി വായിക്കാനും സങ്കീർണമായ കഥകളുമാണ് ഇഷ്ടം. 33 ശതമാനം കുട്ടികൾ നടന്ന സംഭവങ്ങളെപ്പറ്റി വായിക്കാനാണ് ഇഷ്ടപ്പെടുന്നത്.

ഇ–ബുക്കുകളും പുസ്തകങ്ങളുടെ ഹാർഡ് കോപ്പികളും തമ്മിലുള്ള ചർച്ചകളിലേക്കും പഠനം വെളിച്ചം വീശുന്നു. കൂടുതൽ പേരും യതാർഥ പുസ്തകങ്ങളെ ഇഷ്ടപ്പെടുന്നു. ഇ–ബുക്കുകൾ കിട്ടാൻ എളുപ്പമാണെങ്കിലും പ്രിന്റു ചെയ്ത പുസ്തകങ്ങളുടെ പ്രചാരം ഒട്ടും കുറഞ്ഞിട്ടില്ല. ആറു മുതൽ 17 വയസുവരെയുള്ള 80 ശതമാനം കുട്ടികളും പ്രിന്റുചെയ്ത പുസ്തകങ്ങൾ എല്ലായ്പ്പോഴും വായിക്കാൻ ഇഷ്ടപ്പെടുന്നു; ഇവർക്ക് ഇ–ബുക്കുകൾ ലഭ്യമാണെങ്കിൽപ്പോലും.

'വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും' എന്നു കുഞ്ഞുണ്ണി മാഷ് എഴുതിയത് ഈ സമയത്ത് ഓർക്കാം. ഇന്റർനെറ്റും സ്മാർട്ട്ഫോണും വായനയുടെ മരണം പ്രവചിച്ചിരുന്നു. എങ്കിലും വായന ശീലമാക്കിയ ആരോഗ്യമുള്ള ഒരു പുതുതലമുറ നമുക്കിടയിലുണ്ടെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ആശ്വാസത്തിനു വക നൽകുന്ന ശുഭ വാർത്ത തന്നെയാണിത്.

സുഖമായുറങ്ങണോ? ഇതാ അഞ്ചു വഴികൾ

ഉറക്കം– പകൽ മുഴുവൻ കഠിനാധ്വാനം ചെയ്യുന്ന തലച്ചോറിനും നമുക്കും വിശ്രമിക്കാൻ കിട്ടുന്ന ഏക സമയം. എല്ലാവർക്കും അത്യാവശ്യം വേണ്ട ഒന്നും ഉറക്കമാണ്. ശരിയായി ഉറങ്ങാൻ കഴിയുന്നില്ല, രാത്രി വെറുതേ കിടക്കുകയാണ് എന്നൊക്കെ പരാതി പറയുന്ന ഏറെപ്പേരുണ്ട്. താഴെപ്പറയുന്ന കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചു നോക്കൂ.. എന്നിട്ട് ഉറക്കത്തെ ക്രമപ്പെടുത്താൻ ശ്രമിക്കൂ... വിജയം ഉറപ്പ്

1) സമയം ക്രമീകരിക്കുക

ആഴ്ചയില്‍ അഞ്ചു ദിവസവും കൃത്യ സമയത്ത് ഉറങ്ങാന്‍ കിടക്കും, എന്നാല്‍ അവധി ദിവസങ്ങളില്‍ വൈകി എഴുന്നേറ്റാല്‍ മതിയല്ലോ എന്ന ന്യായം പറഞ്ഞു നമ്മള്‍ ഉറക്കമിളയ്ക്കും. എന്നാല്‍ ഇത് ഉറക്കത്തിന്റെ താളത്തെ തീവ്രമായി ബാധിക്കുന്നുണ്ടെന്ന് നമ്മള്‍ അറിയുന്നില്ല. സമയത്ത് ഉറങ്ങാന്‍ കിടക്കുന്നതിനു പിന്നില്‍ കൃത്യമായ ശാസ്ത്രീയവശം ഉണ്ട്. അതുവഴി നമ്മുടെ ശരീരത്തിന്റെ ‘സ്ലീപ്‌ സൈക്കിള്‍’ ക്രമീകരിപ്പെടുകയാണു ചെയ്യുന്നത്. ഇത് താളം തെറ്റാതെ സൂക്ഷിക്കേണ്ടതുണ്ട്.

2) ഒഴിവാക്കാം ലഹരിവസ്തുക്കൾ

രണ്ടു പെഗ് അകത്തു പോയാലേ ചിലര്‍ക്ക് ഉറക്കം വരൂ. അത്താഴം കഴിഞ്ഞ് ഒരു സിഗരറ്റ് വലിച്ചാലേ ചിലര്‍ക്ക് സമാധാനം ഉള്ളൂ. മദ്യവും സിഗരറ്റും മാത്രമല്ല എല്ലാ ലഹരിപദാര്‍ഥങ്ങളും ഉറക്കത്തിനു ഹാനികരമാണ്. മദ്യം ഉറക്കത്തിന് ഒരു തരത്തിലും ഗുണവും ചെയ്യില്ലെന്ന് മദ്യം സംബന്ധിച്ചു നടന്ന 27 ഗവേഷണങ്ങളുടെ സംയുക്ത പഠനം അടിവരയിട്ടു പറയുന്നു. ഉറക്കത്തിലേക്കു പെട്ടന്നു വഴുതി വീഴാന്‍ മദ്യം സഹായിച്ചേക്കാം എന്നാല്‍ അതിനു ശേഷം ലഭിക്കേണ്ട ഗാഢനിദ്രയെ മദ്യം തടസ്സപ്പെടുത്തും. അതുകൊണ്ടുതന്നെയാണ് മദ്യം കഴിച്ച് ഉറങ്ങുന്നവര്‍ക്ക് അടുത്ത ദിവസം ക്ഷീണവും ഏകാഗ്രതക്കുറവും അനുഭവപ്പെടുന്നത്. സ്ഥിരം ഉപയോഗം മദ്യത്തിന് അടിമപ്പെടുത്തുകയും ചെയ്യും. ഒടുവില്‍ മദ്യമില്ലാതെ ഉറങ്ങാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും.

3) ഫോണും കംപ്യൂട്ടറും കട്ടിലിനു പുറത്ത്

ഉറക്കം വരാത്തപ്പോള്‍ പലരും നേരെ തിരിയുന്നത് ഫോണിലേക്കാണ്. എന്നാല്‍ ഉറക്കത്തിനു സഹായിക്കുന്ന ഹോര്‍മോണായ മേലടോണിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ ശേഷിയുള്ള വെളിച്ചമാണ് ഫോണ്‍ പ്രസരിപ്പിക്കുന്നത്. കാരണം പകല്‍ വെളിച്ചത്തോടു സാമ്യമുള്ള നീല ഹ്രസ്വതരംഗങ്ങളാണ് ഫോണ്‍ പുറപ്പെടുവിക്കുന്നത്. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നതിനു രണ്ട് മണിക്കൂര്‍ മുൻപേ ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നിര്‍ത്തുന്നതാണ് അഭികാമ്യം .

4) അമിതാഹാരം അരുത്

രാത്രി അരവയര്‍ ഭക്ഷണം എന്ന് പഴമക്കാര്‍ പറഞ്ഞിരിക്കുന്നത് വെറുതെയല്ല. വയറു നിറയെ ഭക്ഷണം കഴിച്ചാല്‍ അത് ദഹിപ്പിക്കേണ്ട അധിക ആയാസം ശരീരത്തിന് ഉണ്ടാകും. തടി കൂടാനും ഇത് ഇടയാക്കും. നെഞ്ചെരിച്ചില്‍, ഉറക്കമില്ലായ്മ എന്നിവയ്ക്കും ഇതു കാരണമാകും. ഉറങ്ങുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പേ എങ്കിലും ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം .

5) ഉറക്കത്തിനു ബെസ്റ്റ് ചൂടുപാൽ

ഇളം ചൂടുള്ള പാല്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത്‌ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. പാലിലും തേനിലും അടങ്ങിയിരിക്കുന്ന ട്രിപ്ടോഫാന്‍ നല്ല ഉറക്കം ലഭിക്കാന്‍ മെലടോണിന്‍ ഉത്പാദിപ്പിച്ചു ശരീരത്തെ സഹായിക്കുന്നു.

ബാത്ത്റൂമിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

 

സൂക്ഷ്മരോഗാണുക്കൾ ഏറ്റവും കൂടുതലായി മനുഷ്യരിലേക്ക് കടന്നു കയറാൻ സാധ്യതയുളള ഒരിടമാണ് ബാത്ത്റൂം എന്നാൽ മൂന്നു സംവിധാനങ്ങൾ ചേർന്നതാണ്. കുളിമുറി, കക്കൂസ്, വാഷ്ബേസിൻ. കൂടുതലും കിടപ്പുമുറിയോട് ചേർന്നുളള അറ്റാച്‍‍ഡ് ബാത്ത്റൂമുകളാണ്.

ബാത്ത്റൂം പണിയുമ്പോൾ ശ്രദ്ധിക്കേണ്ടത്

പല നിലകളിലായി പണികഴിപ്പിച്ചിട്ടുളള വീടാണെങ്കില്‍ വീട്ടുകാർ കൂടുതൽ സമയം ചെലവഴിക്കുന്ന നിലയിൽ എല്ലാം ചേർന്ന ഒരു കുളിമുറി നിർബന്ധമായും വേണം. പ്രായം ചെന്നവരോ രോഗികളോ ഉണ്ടെങ്കിൽ കുളിമുറിയുടെ ചുറ്റുപാടും വീൽചെയർ കൊണ്ടു നടക്കാനുളള അധികസ്ഥലം വേണ്ടിവരും. വീട്ടിൽ ഒന്നിൽ കൂടുതൽ കിടപ്പുമുറികളും അതിനെല്ലാം അറ്റാച്ഡ് കുളിമുറിയും ഉണ്ടെങ്കിൽ അതാതു കിടപ്പുമുറിയിലെ അന്തേവാസികളുടെ ഉപയോഗത്തിന് അനുയോജ്യമായ തരത്തിൽ വേണം ബാത്ത്റൂം പണികഴിപ്പിക്കാൻ. ക്ലോസറ്റിന്റെ ഉയരം ക്രമപ്പെടുത്തണം. ഹാൻഡ് ഷവറിന്റെയും ഫ്ലഷിന്റെയും കൈപ്പിടി കയ്യെത്തുന്നിടത്ത് ആവണം. തറയിൽ ഗ്രിപ്പുളള ടൈൽസ് വേണം വിരിക്കാൻ. തെന്നി വീഴാതിരിക്കാൻ ഇതു സഹായിക്കും.

ബാത്ത്റൂമിനുളളിൽ സാധാരണയായി വാട്ടർ‍ ഹീറ്റർ, ബാത്ത് ടബ്ബ്, ടാപ്പുകൾ, കണ്ണാടി, വാഷ്ബേസിൻ, ക്ലോസറ്റ് അഥവാ കമ്മോട് എന്നിവ ഉണ്ടാകും. അകത്തെ വായു പുറംതള്ളാനുളള എക്സോസ്റ്റ് ഫാനും ഉണ്ടാകും.

കുളിമുറിയിൽ ക്ലോസറ്റും വാഷ്ബേസിനും അടങ്ങുന്ന ഡ്രൈസോണും ഷവറും ബാത്ത്ടബ്ബും അടങ്ങുന്ന വെറ്റ് സോണും ആയി വേർതിരിക്കുന്ന തരവുമുണ്ട്. ഈ രണ്ടു സോണിനെയും കഴുകാവുന്ന കർട്ടൻ കൊണ്ട് വേർതിരിക്കും. തറയിൽ നിന്ന് ഒരടി താഴ്ചയിൽ വെറ്റ് സോൺ പണിയുന്നതാണ് നല്ലത്.

കുളിമുറി വൃത്തിയാക്കല്‍

ദിവസേന പല പ്രവശ്യം ഉപയോഗിക്കുന്ന കുളിമുറിയാണെങ്കിൽ ഒാരോ ഉപയോഗശേഷവും ഫ്ലഷ് ചെയ്യുന്നതിലൂടെയും കുളിയ്ക്കുമ്പോഴും കുളിമുറിയുടെ ഒാരോ ഭാഗവും വൃത്തിയാകുന്നുണ്ടെന്ന് തോന്നാം. എന്നാൽ വളരെയധികം രോഗാണുക്കൾ കുളിമുറിക്കകത്തു പലയിടത്തായി അടിഞ്ഞുകൂടുമെന്നതിനാൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കുളിമുറി ശരിയായ രീതിയിൽ വൃത്തിയാക്കേണ്ടകതാണ്. ഒാരോ പ്രാവശ്യവും ഫ്ലഷ് ചെയ്യുമ്പോൾ ആ വെളളത്തിൽ കലർന്ന് ക്ലോസറ്റ് അണുവിമുക്തമാക്കാൻ ക്ലോസറ്റ് റിമ്മിൽ തൂക്കിയിടുന്ന ക്ലീനർ സോപ്പും ഇപ്പോൾ ലഭ്യമാണ്.

പ്രത്യേകം ബ്രഷ് വേണം

കുളിക്കാനുളള ഭാഗത്തിനും ക്ലോസറ്റിനും വാഷ്ബേസിനും പ്രത്യേകം പ്രത്യേകം ബ്രഷ് വേണം വൃത്തിയാക്കാൻ ഉപയോഗിക്കാൻ. എവിടെയും വൃത്തിയാക്കുമ്പോൾ ഏറ്റവും വൃത്തിയുളള ഭാഗത്തു നിന്നുതുടങ്ങി ഏറ്റവും വൃത്തി കുറഞ്ഞ ഭാഗത്ത് എത്തുകയാണ് വേണ്ടത്. ക്ലോസറ്റിനകം വൃത്തിയാക്കാനുളള അണുനാശിനി കലർന്ന ക്ലീനറുകൾ ലായനി രൂപത്തിൽ ലഭ്യമാണ്. വൃത്തിയാക്കുന്നതിനു മുമ്പ് ടോയ്‍ലറ്റ് ബ്രഷ്, യൂട്ടിലിറ്റി ഗ്ലാസ്, ക്ലീനിങ് സ്പഞ്ച്, അണുനാശിനി സ്പ്രേ എന്നിവ കരുതണം.

യൂട്ടിലിറ്റി ഗ്ലൗസ് ഇട്ടതിനുശേഷമേ വൃത്തിയാക്കാൻ തുടങ്ങാവൂ. ആദ്യം ഫ്ലഷ് ചെയ്തതിനു ശേഷം ക്ലീനർ ലായനി ക്ലോസറ്റിന്റെ അഗ്രഭാഗത്ത് കൂടി ഒഴിക്കണം. ക്ലോസറ്റ് റിങ്ങിന്റെ അടിയിലും വേണ്ടത്ര പുരളണം. ക്ലോസറ്റ് മുഴുവൻ ഉരച്ചു കഴുകണം. വീണ്ടും ഫ്ലഷ് ചെയ്യണം. അണുനാശിനി സ്പ്രേ ക്ലോസറ്റിന്റെ മറ്റു ഭാഗങ്ങളില്‍ സ്പ്രേ ചെയ്യണം. ക്ലോസറ്റിന്റെ അടപ്പ്, സീറ്റ്, മറ്റു പുറം ഭാഗങ്ങൾ ഫ്ലഷ് ടാങ്കിന്റെ പുറം ഭാഗം എന്നിവയെല്ലാം സ്പഞ്ചു കൊണ്ട് തുടച്ചു വൃത്തിയാക്കുക. ആവശ്യമെങ്കിൽ ബ്ലീച്ച് അടങ്ങിയ സ്പ്രേ ഉപയോഗിക്കണം. കറകൾ പോകാൻ ഇതു നല്ലതാണ്.

വാഷ്ബേസിനും കഴുകണം

വാഷ്ബേസിൻ വൃത്തിയാക്കുന്നതിനു മുമ്പ് ആദ്യം ചൂടുവെളളം ബേസിനുളളിൽ നിറയ്ക്കണം. ശേഷം അതു ഒഴുക്കിക്കളഞ്ഞ ശേഷം ഉപയോഗിക്കാനുദ്ദേശിക്കുന്ന ലായനിയോ പൊടി രൂപത്തിലുളവതോ ആയ ക്ലീനർ ഒഴിക്കുക. വാഷ്ബേസിൻ മുഴുവൻ ഉരച്ചു കഴുകുക. മണം കളയണമെങ്കില്‍ കുറച്ച് കാരം (ബേക്കിങ് സോഡ) വിതറിയശേഷം അൽപസമയത്തിനുശേഷം കഴുകിക്കളയുക.

കുളിമുറിയിലെ തറയും ബാത്ത്ടബ്ബും ഭിത്തികളും വൃത്തിയാക്കുമ്പോൾ ടൈൽസിനടിയിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കും കറയും നീക്കം ചെയ്യണം.

ക്ലീനർ തിരഞ്ഞെടുക്കുമ്പോൾ

ക്ലോറിൻ ബ്ലീച്ച് അടങ്ങിയ ക്ലീനറുകളാണ് തറയിലെ കറയും പൂപ്പലും നീക്കാൻ നല്ലത്. ക്ലീനറുകൾ നേർപ്പിച്ചു ലായനി ഉണ്ടാക്കാൻ ഇളം ചൂടുവെളളമാണ് നല്ലത്. ഫീനോളിക് ക്ലീനറുകളും അണുനാശിനിയായി പ്രവർത്തിക്കും. കൈകള്‍ക്കും ശരീരത്തിനും ദോഷം കുറഞ്ഞ വിനാഗിരി, സോപ്പുലായനി, കാരം, ബോറാക്സ്, പുൽതൈലം പോലുളള സുഗന്ധ എണ്ണ എന്നിവ വൃത്തിയാക്കുന്നതിന് ഉപയോഗിക്കാം. തറയിലും ബാത്ത്ടബ്ബിലും ഈ ലായനി ഒഴിച്ച് നന്നായി ഉരച്ചശേഷം വെള്ളമൊഴിച്ചു കഴുകുക.

വെള്ളം ഒഴുകിപ്പോകുന്ന ഒാവുചാൽ വൃത്തിയാക്കാനും മറക്കരുത്. അഴുക്കും എണ്ണമെഴുക്കും മുടിയും കൊണ്ട് ഒാവു ബ്ലോക്കാണെങ്കിൽ കാരവും വിനാഗിരിയും ചേർന്ന മിശ്രിതം ഒാവിനുളളിൽ ഒഴിച്ചുനിർത്തി അൽപസമയത്തിനുശേഷം തിളച്ച വെള്ളം ഒഴിച്ചു കഴുകിക്കളയുക. മൾട്ടിപർപ്പസ് ക്ലീനർ സ്പ്രേ ഉപയോഗിച്ച് ഭിത്തിയിലെ ടൈൽസും തുടച്ച് വൃത്തിയാക്കാം.

മാസത്തിലൊരിക്കൽ ചെയ്യുന്ന വിശദമായ വൃത്തിയാക്കലിൽ ബാത്ത്റൂമിലെ കാബിനറ്റിൽ ഇരിക്കുന്ന കാലിയായ കുപ്പികളും മറ്റും നീക്കം ചെയ്യണം. കുളിമുറിയിലെ ഈർപ്പമുള്ളിടങ്ങളിൽ പൂപ്പൽബാധ തടയാൻ കൂടുതൽ വായുസഞ്ചാരവും വെളിച്ചവും മുറിക്കുള്ളിൽ എത്തിക്കണം. കുളിക്കുന്ന സമയം എക്സോസ്റ്റ് ഫാൻ ഉപയോഗിക്കുന്നതും ജനാല തുറന്നിടുന്നതും നല്ലതാണ്.

വൃദ്ധർക്കായി ഒരുക്കാം

വൃദ്ധര്‍ കിടക്കുന്ന കട്ടിൽ കുളിമുറിയുടെ വാതിലിനു സമീപം തന്നെ ഇടുന്നതാണു നല്ലത്. കിടക്കുന്നിടത്തു നിന്നു തന്നെ ലൈറ്റ് ഒാൺ ആക്കാൻ പാകത്തിന് റിമോട്ടോ സ്വിച്ചോ ഘടിപ്പിക്കണം. കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മുതൽ പിടിച്ചു നടക്കാൻ കൈവരി അഥവാ ഗ്രാബ് ബാറുകൾ ( Grab Bars) ഭിത്തിയോട് ചേർത്ത് വേണ്ടത്ര ഉയരത്തിൽ ഘടിപ്പിക്കണം. കുളിമുറിയിൽ കടന്നാൽ ആദ്യം തന്നെ വേണ്ടത് ക്ലോസറ്റാണ്. ക്ലോസറ്റിനു ചുറ്റുമുളള ടൈലുകൾ എണ്ണമയമില്ലാതെ ഉണക്കിവയ്ക്കണം. ക്ലോസറ്റിൽ ഇരിക്കാനും എഴുന്നേൽക്കാനും കുളിമുറിക്കു പുറത്തേക്കു കടക്കാനും കുളിക്കാനുളള ഭാഗത്തേക്ക് നടക്കാനും കൈവരികൾ വേണം. സ്റ്റീലിലോ മറ്റ് ലോഹങ്ങളോ കൊണ്ടുളള കൈപ്പിടികൾക്ക് 150 കിലോ ഭാരം വരെ താങ്ങാനുളള ബലം വേണം. ഇവ കുത്തനെയോ സമനിരപ്പായോ പിടിപ്പിക്കണം. കുളിമുറിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ കാൽ പതിപ്പിക്കാനായി തെന്നിപ്പോകാത്ത തരം ചവിട്ടുമെത്ത ഇടണം.

തയാറാക്കിയത്
ഡോ.ബി.സുമാദേവി
ഇ.എസ്.ഐ. ഹോസ്പിറ്റൽ, ഉദ്യോഗമണ്ഡൽ,
എറണാകുളം

കീടനാശിനി‌ കലര്‍ന്ന പച്ചക്കറി എങ്ങനെ അപകടകരമാകുന്നു?

പണ്ടെ‍ാക്കെ നല്ല പച്ചക്കറി തിരഞ്ഞെടുക്കാൻ നല്ല തുടുപ്പും നിറവുമുണ്ടോ എന്നാണ് നോക്കിയിരുന്നത്. എന്നാൽ ഇന്നോ? നല്ല നിറവും തുടപ്പും മുഴുപ്പുമുള്ള പച്ചക്കറി തപ്പിയെടുത്താൽ പണികിട്ടും. കാരണം ആ നിറവും വലുപ്പവുമെല്ലാം വിവിധ രാസപദാർഥങ്ങളും നിറങ്ങളും കാർ ബൈഡും തളിച്ച് കൃത്രിമമായി സൃഷ്ടിക്കുന്നതാണ്. മുന്ത‍ിരിങ്ങ, ആപ്പിൾ, അത്തപ്പഴം എന്നിവയിലൊക്കെ കീടനാശിനി അംശങ്ങളുണ്ടെന്ന് സാധാരണക്കാർക്കുൾപ്പെടെ അറിയാം.

വിത്തുവിതയ്ക്കുന്നത‍ിനു മുമ്പ് കളനാശിനിയായി തുടങ്ങുന്നു വിഷപ്രയോഗം. വളർച്ചയുടെ ഒാരോ ഘട്ടത്തിലും വിവിധ കീടനാശിനികൾ മാറി മാറി അടിക്കുന്നു. കൂടാതെ വിളവെടുക്കുന്നതിനു തൊട്ടുമുമ്പ് ഒരു മരുന്നടി കൂടെയുണ്ട് . എങ്കിലേ വിറ്റു തീരും വരെ ഇവ കേടുകൂടാതിരിക്കൂ. കറിവേപ്പിലയിലൊക്കെ കടകളിലേക്ക് കയറ്റിയയ്ക്കുന്നതിനു തൊട്ടുമുമ്പും വിഷം സ്പ്രേചെയ്തുകൊടുക്കുന്നുണ്ടത്രെ. പഴങ്ങൾക്ക് തുടുപ്പും മിനുപ്പും കിട്ടാൻ മൊഴുകുപുരട്ടുക, ഫ്രഷായി തോന്നിക്കാൻ കൃത്രിമനിറങ്ങളിൽ മുക്കിയെടുക്കുക എന്നിങ്ങനെ പോകുന്നു മറ്റ് പച്ചക്കറി വിൽപന സൂത്രങ്ങൾ.

മരുന്നടി തോന്നും പോലെ

അശാസ്ത്ര‍ീയമായ മരുന്നടിയാണ് മിക്കയിടങ്ങളിലും നടക്കുന്നത്. അതാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നതും. പലതരം കീടനാശിനികൾ കൂട്ടിക്കലർത്തി അടിക്കുന്നതും പതിവാണ്. ഇതു ദോഷകരമായ പ്രതിപ്രവർത്തനങ്ങൾക്ക് ഇടയ‍ാക്കാം. കൂടുതൽ വിഷമടിച്ചാൽ കൂടുതൽ വിളവു കിട്ടുമെന്ന ലാഭക്കൊതിയിൽ പച്ചക്കറിപ്പാടങ്ങൾ വിഷത്തിൽ മുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. കേരളകാർഷിക സർവകലാശാലയിൽ നടന്ന ഒരു പഠനത്തിൽ സുരക്ഷിതമായ രാസവസ്തുക്കളുടെ ഉപയോഗം കുറയുന്നതായും രൂക്ഷതയേറിയതും ചെടിയിലേക്ക് ആഴ്ന്നിറങ്ങുന്നതുമായ കീടനാശിനികൾ കൂടുതൽ ഉപയോഗിക്കുന്നതുമായി കണ്ടിരുന്നു. ഉദാഹരണത്തിന് മാങ്ങ പഴുപ്പിക്കാൻ അനുവദനീയമായത് എതിഫോൺ ആണ്. എന്നാൽ ഇതിനേക്കാൾ വില കുറഞ്ഞതാണ് കാർബൈഡ്. അതുകൊണ്ട് കൂടുതൽ കച്ചവടക്കാരും കാർബൈഡ് ഉപയോഗിക്കുന്നു. എന്നാൽ കാൻസറുണ്ടാക്കാൻ സാധ്യതയുണ്ടെന്നു കണ്ട് വികസിതരാജ്യങ്ങളിൽ നിരോധിച്ചതാണ് കാർബൈഡെന്ന് ആരറിയുന്നു.

കീടനാശിനികളുടെ പ്രവർത്തനം

വളരെ കുറഞ്ഞ അളവിലാണെങ്കിൽ പോലും കീടനാശിനികളുടെ അംശം ദീർഘനാൾ ഉള്ളിലെത്തിയാൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. മനുഷ്യരിലെ കൊഴുപ്പു കലവകളിലാണ് വിഷാംശം അടിഞ്ഞുകൂടുന്നത്. ഇങ്ങനെ ഉള്ളിലെത്തുന്ന ചില രാസവസ്തുക്കൾ കാലക്രമേണ വിഘട‍ിച്ച് ശരീരത്തിൽ നിന്നും നീക്കപ്പെടുന്നു. ചിലത് കാലങ്ങളോളം ശരീരത്തിൽ തങ്ങിനിന്ന് ആരോഗ്യപ്രശ‍്നങ്ങളുണ്ടാക്കുന്നു.

രണ്ടു തരത്തിലുള്ള കീടനാശിനികളാണ് പ്രധാനമായും ഉപയോഗിച്ചു കാണുന്നത്. ഒാർഗാനോഫോസ്ഫറസ് സംയുക്തങ്ങളും ഒാർഗാനോക്ലേ‍ാറിൻ സംയുക്തങ്ങളും. ക്ലോർപൈറിഫോസ്, മാലത്തിയോൺ, മീതൈൽ പാരത്തിയോൺ എന്നിവ ഒാർഗാനോഫോസ്ഫേറ്റ് വിഭാഗത്തിൽപെട്ട എഡിഎച്ച്ഡി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് നിരീക്ഷണങ്ങളുണ്ട്. ഡിഡിറ്റി, ക്ലോർഡെയ്ൻ, ആൽഡ്രിൻ എന്നിവ രണ്ടാമത്തെ ഗ്രൂപ്പിൽപെടുന്നു. ഒർഗാനോഫോസ്ഫ‍േറ്റുകൾ കീടങ്ങളുടെ നാഡിവ്യൂഹത്തെ പ്രവർത്തനത്തെ തകരാറിലാക്കുന്നവയാണ്. സാമാന്യയുക്തിയിൽ ചിന്തിച്ചാൽ സമാനമായ ജൈവരാസഘടനയുള്ള മനുഷ്യരുടെ തലച്ച‍ോറിനും ഇവ ദോഷകരമായേക്കാമെന്നു മനസ്സിലാകും. ചില പഠനങ്ങൾ ഇതു സംബന്ധിച്ചു നടന്നിട്ടുമുണ്ട്.

കാൻസർ ഉണ്ടാക്കുമോ?

ചില കീടനാശിനികൾ ശരീരത്തിലെത്തിയാൽ ഹോർമോണുകളെ പോലെ പ്രവർത്തിക്കും. പല കീടനാശിനികൾക്കും ഈസ്ട്രജനു സമാനമായ ശേഷികളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും അതുവഴി സ്താനാർബുദം പോലുള്ള അർബുദങ്ങൾക്കും കാരണമാകും. ഇതിനു ചിലപ്പോൾ ദശാബ്ദങ്ങളെടുക്കാം. പുരുഷന്മാരിൽ കീടനാശിനി നിർമാതാക്കൾക്ക് അവയുടെ ദൂരവ്യാപകഫലങ്ങളെക്കുറിച്ച് വിവരം നൽകേണ്ടാത്തതിനാൽ ഇതു സംബന്ധിച്ചുള്ള പഠനങ്ങളൊന്നും നടക്കുന്നുമില്ല.

കീടനാശിനികൾ നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ മന്ദ‍ീഭവിപ്പിക്കുന്നതിനാൽ കാലിലും കൈയിലും പെരുപ്പും മരവിപ്പും പോലെ ന്യൂറോപ്പതിക്കു സമാനമായ പ്രശ്നങ്ങളുണ്ട‍ാക്കാം. ഉദരപ്രശ്നങ്ങൾക്കും കാരണമാകാം. ആമാശയം, കുടൽ എന്നിവിടങ്ങളിൽ നീർവീക്കം, ഗ്യാസ്ട്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ എന്നിവ വരാം. ആമാശയവ്രണങ്ങൾക്കിടയാക്കാം. തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കാം. ഒാർമക്കുറവു സംഭവിക്കാം. പേശീതളർച്ച, ബലക്ഷയം എന്നിവയ്ക്കു കാരണമാകാം. കീടനാശിനികളുടെ അങ്ങേയറ്റം ഗുരുതരമായ ദോഷഫലമാണ് അർബുദം. കീടനാശിനികളും അർബുദവുമായി നേരിട്ടു ബന്ധമുണ്ടെന്നു തെളിയിക്കാൻ കൃത്യമായ സൂചനകളോ ക്ലിനിക്കൽ പഠനങ്ങളോ ഇല്ലെന്നതു സത്യം തന്നെ. എന്നാൽ സാഹചര്യതെളിവുകൾ നമ്മുടെ നാട്ടിൽ തന്നെ ധാരാളമുണ്ട്. െനൽകൃഷിക്കുവേണ്ടി ധാരാളമായി കീടനാശിനികൾ ഉപയോഗിക്കുന്നു. കുട്ടനാടൻ പ്രദേശങ്ങളിൽ നിന്നുള്ളവരിൽ ചുണ്ട്, ആമാശയം, ചർമം, തലച്ചോറ് എന്നിവിടങ്ങളിലെ കാൻസർ വ്യാപകമായി കാണുന്നതായി തിരുവനന്തപുരം മെഡിക്കൽകോളജിൽ നടത്തിയ പഠനത്തിൽ പറഞ്ഞിട്ടുണ്ട്.

കുട്ടികളിലും ഗർഭിണികളിലും അപകടകരം

മുതിർന്ന ഒരാളുടെ ശരീരത്തിൽ കീടനാശിനികൾ സൃഷ്ടിക്കുന്നതിലുമധികമാണ് കുട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ. കാരണം, കുട്ടികളിൽ അവരുടെ ശരീരഭാരത്തെ അപേക്ഷിച്ച് ഗണ്യമായ അളവിൽ ക‍ീടനാശിനികൾ ഉള്ളിലെത്തുന്നുണ്ട്. 1പിപിഎം കീടനാശിനി 60 കിലോ ഉള്ള ഒരാളിൽ സൃഷ്ടിക്കുന്നതിലും അപകടകരമായിരിക്കുമല്ലോ 10 കിലോ ഉള്ള ഒരാളിൽ സൃഷ്ടിക്കുന്നത്. തന്നെയുമല്ല വളരുന്ന പ്രായത്തിൽ ഉണ്ടാകുന്ന ഇത്തരം വിഷക്ക‍ൂട്ടുകെട്ടുകൾ അവരുടെ തലച്ച‍ോറിന്റെ വികാസത്തെ തന്നെ ദോഷകരമായി ബാധിക്കും. ഭ്രൂണമായിരിക്കേ ക്ലോർപൈറിഫോസ് എന്ന കീടനാശിനിയുമായുണ്ടായ സമ്പർക്കം കുഞ്ഞിന്റെ തലച്ചോറിന്റെ നിർമാണഘടനയെ പോലും തകിടംമറിച്ചതായി അമേരിക്കയിൽ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രീ സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ കീടനാശിനികളുടെ സമ്പർക്കം അർബുദസാധ്യത കൂട്ടുന്നതായി മറ്റൊരു അമേരിക്കൻ പഠനം പറയുന്നു. കുഞ്ഞുങ്ങളുടെ സ്വതവേ ദുർബലമായ ശരീരസംവിധാനത്തെ ചെറിയ ഡോസിലുള്ള രാസവസ്തുക്കൾ‌ പോലും താളം തെറ്റിക്കാമെന്നു ഗവേഷകർ പറയുന്നു.

ഗർഭിണിയായിരിക്കേ ഭക്ഷണത്തിലൂടെ ഉയർന്ന അളവിൽ കീടനാശിനികളെത്തുന്നത് ഗർഭസ്ഥശിശുവിനു ദോഷമാണ്. കാരണം അമ്മയുടെ ശരീരത്തിലെത്തുന്ന രാസമാലിന്യങ്ങൾ മറുപിള്ളയിലൂടെ കുഞ്ഞിലേക്കു നീക്കപ്പെടുന്നുണ്ട്. കുഞ്ഞ് വളരുന്ന ആദ്യ അന്തരീക്ഷം തന്നെ അങ്ങനെ വിഷമയമാകുന്നു. കുഞ്ഞുങ്ങളിൽ മുതിർന്നവരിലെ പോലെ വിഷങ്ങൾ വിഘടിച്ചു നിർവീര്യമാകാനും സാധ്യത കുറവാണ്.

ഭക്ഷണത്തിലൂടെ മാത്രമല്ല കീടനാശിനികളുമായി സമ്പർക്കം വരുന്നത്, ഇവ ഉപയോഗിക്കുന്ന കൃഷിയിടങ്ങളോടു ചോർന്നു താമസിക്കുന്നവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകാം എന്നു മറക്കരുത്. കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തം തന്നെ ഉദാഹരണം. വൻതോതിലുള്ള കീടനാശിനി പ്രയോഗം മൂലം അവിടം ജനിച്ച കുഞ്ഞുങ്ങളിൽ ഏറിയ പങ്കിനും വൈകല്യങ്ങളുണ്ടായിരുന്നു. കീടനാശിനി പ്രയോഗമുള്ളിടങ്ങളുമായി ഇങ്ങനെ സമ്പർക്കമുണ്ടായ ഗർഭിണികളുടെ കുഞ്ഞുങ്ങൾ വൈകല്യങ്ങളോടെ ജനിക്കാനുള്ള സാധ്യത കൂടുതലാണെന്നു വിദേശപഠനങ്ങളും പറയുന്നു.

പോംവഴിയെന്ത്?

കഴുകിയാലും തൊലിയുരിഞ്ഞു കളഞ്ഞാലും ഉയർന്ന ചൂട‍ിൽ വേവിച്ചാലും ചെടിയുടെ കോശങ്ങളിലേക്ക് കടന്നു വളരുന്ന കീടനാശിനികളൊന്നും അത്ര എളുപ്പം മാറിക്കിട്ടില്ല. അവ സാവധാനം നമ്മുടെ ഉള്ളിൽ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കും.

അതുകൊണ്ട് വിഷവിമുക്തമായ ഭക്ഷണത്തിന് കൂടുതൽ പ്രായോഗികവഴികൾ കണ്ടെത്ത‍േണ്ടിയിരിക്കുന്നു. നമ്മുടെ പച്ചക്കറി വാങ്ങൽ രീതി തന്നെ മാറ്റണം. കാശ്മീരീ ആപ്പിളിനു പകരം നാടൻ പേരയ്ക്ക കഴിക്കുക. കാരറ്റിനും ബ്രോക്കോളിക്കും പകരം പപ്പായയും ചീരയും കഴിക്കുക. ഇങ്ങനെ അതാതു സ്ഥലങ്ങളിൽ പ്ര‍ാദേശികമായി ലഭ്യമായ ഭക്ഷ്യവസ്തുക്കൾ കൂടുതൽ ഉപയോഗിച്ചാൽ ഉയർന്ന അളവിൽ രാസമാലിന്യങ്ങൾ ഉള്ളിലെത്തുന്നതു തടയാം. നമ്മുടെ തനിനാടൻ പഴങ്ങളും പച്ചക്കറികളും വിദേശവെറ്റൈറ്റികളേക്കാൾ പോഷകമേറിയതുമാണ്. സീസണനുസരിച്ചു ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും മതിയെന്നു തീരുമാനിക്കാനുള്ള ആർജവം ഉപഭോക്താവിനുണ്ടായാൽ തന്നെ വിഷവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി വിളയിക്കുന്നതും പഴുപ്പിക്ക‍‌ുന്നതും നിലയ്ക്കും. ജൈവകൃഷി രീതിയിലൂടെ സ്വന്തം ആവശ്യത്തിനുള്ളത് ഉത്പാദിപ്പിക്കുകയാണ് മറ്റൊരു മാർഗം. അൽപം ക്ഷമയും ചെലവിടാൻ സമയവുമുണ്ടെങ്കിൽ അതു തീർച്ചയായും സാധ്യമാകും. ആമാശയത്തിന്റെയും മനസ്സിന്റെയും സമാധാനത്തിന് ഇതേയുള്ള‍ു പോംവഴി.

വിഷം പരിധി വിടുന്നോ?-തിരിച്ചറിയാം

ഇന്ത്യയിലെ ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി കീടനാശിനികൾക്ക് നിയമാനുസൃതമായ ഒരു പരിധി (പെർമിസിബിൾ മാക്സിമം റെസിഡ്യൂ ലിമിറ്റ്) അനുവദിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാത്ത ഏറ്റവും കുറഞ്ഞ വിഷാംശ അളവെന്നാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത് . എന്നാൽ ഈ അളവിലാണെങ്കിൽ പോലും ദീർഘകാലമായി വിഷം ശരീരത്തിൽ അട‍‍‌ിഞ്ഞുകൂടുന്നത് ഒട്ടും ആരോഗ്യകരമല്ല എന്നാണ് വൈദ്യശാസ്ത്രവിദഗ്ധരുടെ അഭിപ്രായം വിഷാംശത്തിനു പരിധി നിശ്ചയിച്ചിട്ടുള്ളതുപോലെ ചില വിലക്കുകളും ഉണ്ട്. പച്ചക്കറികളുലും പഴങ്ങളിലും കൃത്രിമനിറം ഉപയോഗ‍ിക്കുന്നത് അനുവദനീയമല്ല. അതുപോലെ തിളക്കം കിട്ടാനായി മിനറൽ എണ്ണകൾ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ചിലയിനം മെഴുകുകൾ മാത്രമാണ് അനുവദനീയമായുള്ളത്.

സേഫ് ടു ഈറ്റ് പദ്ധതി

പച്ചക്കറികളിലെ വിഷാംശം കണ്ടുപിടിക്കാനായി 2013-ൽ തിരുവനന്തപുരത്ത്, വെള്ളായണി കേരള കാർഷിക സർവകലാശയും കൃഷിവകുപ്പും യോജിച്ച് സേഫ് ടു ഈറ്റ് പദ്ധതി കൊണ്ടുവന്നു. ഈ പദ്ധതിപ്രകാരം വിവിധ ജില്ലകളിലെ പച്ചക്കറിക്കടകൾ, പച്ചക്കറിച്ചന്തകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവയിൽ നിന്നും നേരിട്ടു ശേഖരിച്ച പച്ചക്കറി സാമ്പിളുകൾ വെള്ളായണിയിലുള്ള കീടനാശിനി അവശ‍ിഷ്ട വിഷാംശ പരിശോധനാ ലാബിലെത്തിച്ച് പരിശോധിക്കുന്നു. പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ കൂടാതെ സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, ഉണക്കപ്പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മസാലപ്പൊടികൾ ഇവയ‍ിലും പരിശോധന നടത്തുന്നു. കീടനാശിനിയുടെ 100 കോടിയിൽ ഒരു അംശ‍ം വരെ അളക്കുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ്, മാസ് സ്പെക്ട്രോമീറ്റർ എന്നിങ്ങനെ എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള സർക്കാർ തലത്തിലെ ഒരോയൊരു കീടനാശിനി പരിശോധനാ ലാബാണിത്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ.ബി.പത്മകുമാർ, മെഡിസിൻ വിഭാഗം, മെഡിക്കൽ കോളജ്, തിര‍ുവനന്തപുരം
ഡോ. തോമസ് ബിജു മാത്യു, എന്റമോളജി വിഭാഗം, കാർഷികസർവകലാശാല, വെള്ളായണി, തിരുവനന്തപുരം
ഡോ. ഷിനോജ് സുബ്രഹ്മണ്യൻ സീനിയർ സയന്റിസ്റ്റ് ആൻഡ് ഹെഡ്,
പി. ശ്രീലത, ഗൃഹശാസ്ത്രവിഭാഗം, കേരള കാർഷിക വിജ്ഞാനകേന്ദ്രം, എറണാകുളം

നല്ല ബുദ്ധിക്കും ഒാർമയ്ക്കും

ബുദ്ധിയെന്ന പക്ഷിയുടെ ചിറകുകളാണ് ഒാർമകൾ. ഒാർമയുടെ കരുത്ത് കൂടുന്തോറും ബുദ്ധിശക്തിക്ക് കൂടുതൽ ഉയരത്തിലേക്കെത്താം. ബുദ്ധിയും ഒാർമയും മെച്ചപ്പെടുത്താനുളള പ്രായോഗിക വഴികൾ പരിചയപ്പെടാം.

എന്റെ പേര് പ്രിയ, എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. സ്കൂളിലും ക്ലാസിലും നല്ല മിടുക്കിക്കുട്ടിയെന്നു പേരുമുണ്ട്. പക്ഷേ, വീട്ടിൽ ഒരു വിലയുമില്ല. താനൊരു മണ്ടിയാണ്, ബുദ്ധിയില്ലാത്തവളാണ്... എന്നാണ് അച്ഛനും അമ്മയും പറയുന്നത്. ഇപ്പോൾ ബി.ടെക്കിനു പഠിക്കുന്ന റാങ്കുകാരി ചേച്ചിയെ കണ്ടുപഠിക്ക് എന്ന് എപ്പോഴും പറയും. പരീക്ഷകളിൽ എല്ലാ വിഷയത്തിനും കുറഞ്ഞതു 90 ശതമാനം മാർക്ക് ഞാൻ നേടാറുണ്ട്. പാടാനും വരയ്ക്കാനുമൊക്കെ എനിക്കിഷ്ടമാണ്. ചേച്ചിക്ക് അതൊന്നും അറിയില്ല. എപ്പോഴും പുസ്തകം വായിച്ചിരിക്കും. എനിക്കു ബുദ്ധിയില്ല; മണ്ടിയാണ് എന്ന് എപ്പോഴും കേൾക്കുമ്പോൾ സങ്കടം വരും. ചിലപ്പോഴൊക്കെ തിനിച്ചിരുന്നു കരയും. ഒരു മാസം മുമ്പ് അച്ഛനും അമ്മയും ഏതോ ഡോക്ടറെ കണ്ട് ഒരു മരുന്നു വാങ്ങിത്തന്നു. ബുദ്ധിയും ഒാർമയും കൂട്ടാനുമുളള ലേഹ്യമാണെന്നാ പറഞ്ഞത്. 10–ാം ക്ലാസ് ആവാറായി. എന്റെ മണ്ടൻ തലയുമായി പത്താം ക്ലാസിൽ നല്ല സ്കോർ കിട്ടില്ലെന്ന് പറഞ്ഞാണ് ഈ മരുന്ന് എന്നെ തീറ്റിക്കുന്നത്. വായിൽ വയ്ക്കുമ്പോ ഒാക്കാനം വരും. അച്ഛനമ്മമാരുടെ ആധി കൊണ്ടു മാത്രമാണു ഞാൻ അതു കഴിക്കാറ്. സത്യത്തിൽ ഞാൻ ബുദ്ധികുറഞ്ഞ കുട്ടിയാണോ സർ. ഇങ്ങനെ മരുന്നു കഴിച്ചാൽ എന്റെ ബുദ്ധി കൂടുമോ?

വിശ്വസ്തതയോടെ
പ്രിയ, തൃശൂർ

പ്രിയയുടെ ബുദ്ധി

മനശ്ശാസ്ത്രജ്ഞനു ലഭിച്ച ഒരു കത്താണിത്. 90 ശതമാനം മാർക്കുനേടുന്ന, പാടാനും വരയ്ക്കാനും കഴിവുളള, അച്ഛനമ്മമാരുടെ ആധിയും ആശങ്കയും മനസ്സിലാക്കുന്ന പ്രിയ. ഈ കുട്ടി ബുദ്ധികുറഞ്ഞവളോ മണ്ടിയോ ആണോ? സാമാന്യബോധമുളള ഒരാളും പ്രിയയ്ക്ക് ബുദ്ധികുറവാണെന്നു പറയില്ല. മറിച്ചു പ്രിയ മിടുക്കിയാണെന്നു പറയുന്ന ടീച്ചർമാരാണു ശരിയെന്നും നമുക്കറിയാം. താരതമ്യം ചെയ്തു മാത്രം കുട്ടികളുടെ കഴിവുകളെ വിലയിരുത്തുന്ന, റാങ്കു നേടുന്നവർ മാത്രം മിടുക്കരാണെന്നു കരുതുന്ന പുത്തൻ തലമുറ രക്ഷകർത്താക്കളുടെ പ്രതിനിധികളാണ് പ്രിയയുടെ അച്ഛനും അമ്മയും.

മത്സരങ്ങളുടെ ലോകമാണ് മുന്നിലുളളത് എന്നും അവിടെ തന്റെ കുട്ടി പിന്നിലാകാതിരിക്കാൻ ലഭ്യമായ ഏതു മാർഗവും സ്വീകരിക്കാനും രക്ഷാകർത്താക്കൾ തയാറാണ്. ബുദ്ധിയും ഒാർമയും കൂട്ടുന്ന പരിശീലനപരിപാടികൾ മുതൽ മരുന്നുകൾ വരെ അവർ ഇതിനായി കുട്ടികൾക്കു നൽകുന്നു. അങ്ങനെ ബുദ്ധിവികാസവും ഒാർമവർധിപ്പിക്കലും ഒരു വലിയ വിപണിയായും തീരുന്നു.

ബുദ്ധിയും ഒാർമയും

ഇന്ദ്രിയങ്ങളിലൂടെ തലച്ചോറിലെത്തുന്ന അറിവുകളുടെ രേഖപ്പെടുത്തലും അത് ആവശ്യം വരുമ്പോൾ തിരിച്ച് എടുക്കലുമാണ് ഒാർമ. ഇന്ദ്രിയങ്ങളിലൂടെ മാത്രമല്ല ഒാർമയ്ക്കാവശ്യമായ അറിവു ലഭിക്കുന്നത്. മറിച്ച് ലഭ്യമായ അറിവുകളുടെ വിശകനത്തിലൂടെയും പുതിയ അറിവ് തലച്ചോറിൽ രൂപം കൊളളുന്നുണ്ട്.

ഒാർമയാണു ബുദ്ധി എന്നു കരുതുന്നവരുണ്ട്. എന്നാൽ ഒരു പ്രത്യേക സന്ദര്‍ഭത്തിൽ ആവശ്യമായ ഒാർമകൾ വീണ്ടെടുത്ത് ഒരു കാര്യനിർവഹണത്തിനോ ശ്രമിക്കുന്നതിനുളള തലച്ചോറിന്റെ ശേഷിയാണു ബുദ്ധി. ഒാർമയും ബുദ്ധിയും ഒന്നല്ല; എന്നാൽ ബുദ്ധിക്കു പ്രവർത്തിക്കാനാവശ്യമായ ഏറ്റവും പ്രധാന അസംസ്കൃതവസ്തുവാണ് ഒാർമയെന്നു പറയാം.

ഇവിടെ ഒാർമയെയും ബുദ്ധിയെയും ലളിതമായി പറഞ്ഞുവച്ചുവെന്നേയുളളൂ. എന്നാൽ രണ്ടിന്റെയും പ്രവർത്തനം ഇന്നും പൂർണമായി നമുക്കു മനസ്സിലാക്കാൻ ആവാത്തത്രയും സങ്കീർണമാണ്.

ഒാർമിക്കാൻ സൂത്രങ്ങൾ

ഒാർമയും ബുദ്ധിയും വർധിപ്പിക്കാനാകുമോ? മരുന്നുകൾക്കും പരിശീലനങ്ങൾക്കും ഗുണമുണ്ടാകുമോ? ഇവിടെയും ഒാർമയും ബുദ്ധിയും വേറിട്ടുനിൽക്കുന്നു. തലച്ചോറിന്റെ ഒാർമശക്തി വർധിപ്പിക്കാനുളള ചില മാർഗങ്ങൾ പണ്ടേ കണ്ടെത്തിയിട്ടുണ്ട്. ഇതിനുളള സൂത്രവിദ്യകള്‍ നിമോണിക്സ് (Mnemonics) എന്ന വിഭാഗമായി ഇന്നു വളർച്ച പ്രാപിക്കുകയും ചെയ്തിരിക്കുന്നു. തലച്ചോർ കാര്യങ്ങളെ ശേഖരിക്കുകയും ഒാർത്തെടുക്കുകയും ചെയ്യുന്ന രീതിയിൽ ഒാർമിക്കാൻ പഠിപ്പിക്കുന്ന സൂത്രങ്ങളാണ് ഇതിൽ പ്രധാനം. സാധാരണ ഒാർമശേഷിയുളള ഏതൊരാൾക്കും ഇത്തരം മാർഗങ്ങളിലൂടെ ഒാർമ മെച്ചപ്പെടുത്താം. പണ്ടു ശ്ലോകരൂപത്തിൽ കവിത രചിച്ചതും അവയിൽ സദൃശ്യമായ അക്ഷര, പദവിന്യാസം നടത്തുന്നതും മുതല്‍ ചുരുക്കെഴുത്തു രീതിവരെ (ഉദാ: ISRO- ഇന്ത്യൻ സ്പേസ് റിസർച്ച് ഒാർഗനൈസേഷൻ) ഒാർമ വർധിപ്പിക്കൽ മാർഗങ്ങളുടെ ലളിതമായ ഉദാഹരണങ്ങളാണ്.

ബുദ്ധി കൂട്ടാം

ബുദ്ധിയുടെ പ്രധാന സഹായിയായ ഒാർമയെ മെച്ചപ്പെടുത്തുന്നതു ബുദ്ധിയെ സഹായിക്കാമെന്ന ഒാർമയെ മെച്ചപ്പെടുത്തുന്നതു ബുദ്ധിയെ സഹായിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഒരാളുടെ ബുദ്ധിശക്തിയിൽ കാര്യമായ വർധനവുവരുത്താനാവശ്യമായ അത്ഭുതമൊന്നും ഇന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതിന്റെ പ്രധാന കാരണം ബുദ്ധിയെന്ന സവിശേഷതയുടെ രഹസ്യങ്ങൾ ഇനിയും പൂർണമായി തുറക്കപ്പെടാത്തതുതന്നെയാണ്.

ബുദ്ധിസംബന്ധമായ രോഗങ്ങളുളളവരിൽ മരുന്നിൽ കുറെയൊക്കെ പ്രയോജനം ചെയ്യാറുണ്ട്. ഒരാളുടെ ബുദ്ധിശക്തിയുടെ 70 ശതമാനവും ജന്മസിദ്ധമാണെന്നു സദൃശ ഇരട്ടകളിൽ നടത്തിയ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്ന 30 ശതമാനം ജീവിതത്തിലൂടെ നേടിയെടുക്കുന്നതാണ്. പ്രശ്ന പരിഹാരവേഗത (Problem Solving Speed), ആസൂത്രണ പാടവം തുടങ്ങിയവയാണ് പൊതുവേ ബുദ്ധിയിലെ പ്രധാന സവിശേഷതകൾ. കണക്കിലെ പ്രശ്നം പരിഹരിക്കുന്നതിൽ അതീവവേഗത പ്രകടിപ്പിക്കുന്ന ഒരാൾ നല്ല ബുദ്ധിമാനാണ് എന്നു പൊതുവേ കരുതാറുണ്ട്. എന്നാൽ ഇതേ വ്യക്തി ജീവിതത്തിൽ നേരിടേണ്ടിവരുന്ന ഒരു പ്രശ്നം പരിഹരിക്കാൻ പെടാപ്പാടു പെട്ടേക്കാം. ആ പ്രശ്നം വലിയ ബുദ്ധിമാനാണെന്നു കരുതാത്ത ചിലർ വളരെ നിസ്സാരമായി പരിഹരിക്കുന്നതു കാണുമ്പോൾ അത്ഭുതപ്പെട്ടുപോകും.

സാഹചര്യങ്ങളാണ് ഒരാളുടെ ബുദ്ധിശേഷി പ്രകടമാക്കാൻ സഹായിക്കുന്നത്. 30 ശതമാനം വരുന്ന, ചുറ്റുപാടുകളിൽ നിന്നും നേടുന്ന ബുദ്ധിവൈഭവത്തിൽ സാഹചര്യങ്ങളോടുളള പൂർവപരിചയം വളരെ നിർണായകമാണ്. ഒരു പ്രശ്നം ഒരിക്കല്‍ പരിഹരിച്ചയാൾക്ക് സമാനമായ പ്രശ്നം ആദ്യത്തേതിനേക്കാൾ കൂടുതൽ വേഗത്തിൽ മെച്ചപ്പെട്ട രീതിയിൽ പരിഹരിക്കാനുളള ശേഷി കൈവരുന്നു. ഇത് ഒാർമയും അനുബന്ധ വിശകലനങ്ങളും കൂട്ടിക്കുഴച്ചു മനസ്സു നിർമിക്കുന്ന ബുദ്ധിയുടെ പ്രയോഗത്തിലൂടെയാണ് സാധിക്കുന്നത്. പ്രശ്നങ്ങൾക്കു (problems) പരിഹാരം കണ്ടെത്താനുളള സാഹചര്യങ്ങൾ കൂട്ടുകയെന്നതാണ് ബുദ്ധിവികാസത്തിന്റെ സാധ്യമായ മാർഗം.

ഇതു വെറും കളിയല്ല

ചെസ്സ്, സുഡോക്കു, റൂബിക്സ് ക്യൂബ് തുടങ്ങിയ പ്രോബ്ലം സോൾവിങ് കളികൾ തലച്ചോറിന്റെ ചില ശേഷികളെ ആവര്‍ത്തന പരിചയം വഴി വർധിപ്പിക്കും. അതു സമാന സാഹചര്യങ്ങളെ മെച്ചപ്പെടുത്തും. മാത്രമല്ല ഒരു പ്രത്യേകവിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുളള ഏകാഗ്രതാ സമയം വർദ്ധിപ്പിക്കാൻ കഴിയും. ഇതു ശീലുക്കുന്നവർക്ക് പഠനകാര്യങ്ങളിൽ ഏകാഗ്രത കൂടിക്കിട്ടാൻ ഇടയുണ്ട്. അതിനാൽ ഈ അവധിക്കാലത്ത് ഇത്തരം കളികൾ പരിചയപ്പെടുകയും പരിശീലിക്കുകയും ചെയ്യുന്നതിനായി സമയം നീക്കി വെയ്ക്കാം.

ഹോൾ ബ്രയിൻ തിങ്കിങ്

തലച്ചോറിന് ഇടതു വലതു ഭാഗങ്ങളുണ്ട്. ഇടതു തലച്ചോർ യുക്തിപരമായ ചിന്തകളുടെയും ഇരിപ്പിടമാണെന്നു കരുതാം. ഇതു പൂർണമായും ശാസ്ത്രീയമെന്നു പറയാനാകില്ലെങ്കിലും അങ്ങനെ കരുതുന്നതുകൊണ്ടു പല സൗകര്യങ്ങളുമുണ്ട്. ഇടതു തലച്ചോർ ശരീരത്തിന്റെ വലതു ഭാഗത്തേയും വലതു തലച്ചോറിന് ശരീരത്തിന്റെ ഇടതു ഭാഗത്തേയുമാണു കൂടുതൽ സ്വാധീനിക്കുന്നത്. ഈ രണ്ടു തലച്ചോറുകളിൽ ഒന്നായിരിക്കും ഒാരോരുത്തരിലും പ്രബലം. പ്രബലമല്ലാത്ത മറുഭാഗത്തേയും പ്രയോജനപ്പെടുത്താനുളള ശ്രമമാണ് ഹോൾ ബ്രയിൻ തിങ്കിങ് എന്ന ആശയം. ഇതിനു സഹായിക്കുന്ന ചില ഉദാഹരണങ്ങൾ ചെയ്തു നോക്കാം.

നിറവും പേരും: ഒരേ സമയം വലതു തലച്ചോർ നിറത്തേയും ഇടതു തലച്ചോർ പേരിനേയും മനസ്സിലാക്കാൻ ശ്രമിക്കുന്നതിന്റെ ആശയക്കുഴപ്പമാണ് അത് എന്നാണു നിഗമനം. എന്നാൽ ഒരേ സമയം തലച്ചോറിനു രണ്ടു കാര്യങ്ങളെ വിശകലനം ചെയ്യേണ്ടിവരുന്നതാണ് ചിന്താക്കുഴപ്പം വരാന്‍ കാരണമെന്നും രണ്ടാമത്തേയോ മൂന്നാമത്തേയോ വായനയാകുമ്പോൾ മനസ്സ് അതിൽ ഒന്നിനു മുൻഗണന നൽകുന്നതോടെ തെറ്റാതെ വായിക്കാന്‍ കഴിയുമെന്നതാണ് കൂടുതൽ കൃത്യതയുളള വിശദീകരണം. സാധാരണ മട്ടിൽ ചിന്തിച്ചിരുന്ന തലച്ചോറിനെ കൂടുതൽ കരുതലോടെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കളിയോ വ്യായാമമോ ആണിത് എന്നു പറയാം.

വിരൽ കണ്ടെത്തൽ: എഴുനേറ്റുനിന്നു കൈകൾ രണ്ടും തലയ്ക്കു മുകളിലേക്ക് ഉയർത്തിപ്പിടിക്കുക. ഇടതു കൈയിലെ ചൂണ്ടുവിരൽ മച്ചിലേക്കു ചൂണ്ടുക. മുകളിലേക്കു നോക്കാതെ ആ ചൂണ്ടുവിരലിന്റെ അഗ്രത്ത് മറുകൈയിലെ ഒാരോ വിരൽത്തുമ്പും ഉപയോഗിച്ചു സ്പർശിക്കാൻ ശ്രമിക്കുക. തുടക്കത്തിൽ കുറച്ചു പ്രയാസമായിരിക്കും. വിജയിച്ചുകഴിഞ്ഞാൽ വലതു കൈയിലെ ചൂണ്ടുവിരൽ ചൂണ്ടി ഇടതുവിരലുകൾ കൊണ്ടു തൊടാം. അതും കഴിഞ്ഞാൽ കണ്ണടച്ചുകൊണ്ടു ചെയ്യാം. തലച്ചോറിന്റെ സാധാരണ ഉപയോഗപ്പെടുത്താത്ത ശേഷികൾക്കുളള ഒരു വ്യായാമമായി ഇവയെ ചെയ്യാം.

കാൽകൊണ്ട് സംഖ്യയെഴുതൽ: ഇതു പണ്ടേ നമ്മൾ ചെയ്തിരുന്ന ബ്രയിൻ വ്യായാമമാണ്. ഒരു സ്ഥലത്ത് ഇരുന്നിട്ട് വായുവിൽ ഇടതുപാദം കൊണ്ട് ആറും വലതു പാദത്തിനാൽ എട്ടും ഒരേ സമയം എഴുതാൻ നടത്തുന്ന ശ്രമം ഒട്ടും എളുപ്പമല്ല. ഇതു കൈകൊണ്ടു ശ്രമിച്ചു നോക്കൂ... അതും മികച്ച ബ്രയിൻ വ്യായാമങ്ങളാണ്.

നമുക്കിടയിൽ വലംകൈയന്മാരാണ് അധികവും. വലംകൈ കൊണ്ടു ശീലിച്ച കാര്യങ്ങൾ ഒരെണ്ണം വീതം അല്‍പസമയം മറുകൈ കൊണ്ടു ചെയ്യുക. ഉദാഹരണമായി വലതുകൈകൊണ്ടു ബ്രഷ് ചെയ്യുന്നത് ഒരു ദിവസം ഇടതുകൈയിലാക്കുക. ഇടംകൈയന്മാർ തിരിച്ചും. ഇതുപോലുളള ബ്രയിൻ ഗെയിം വ്യായാമങ്ങൾ തലച്ചോറിലെ രക്തപ്രവാഹവും പോഷകങ്ങളുടെ ഒഴുക്കും ഒാക്സിജൻ ലഭ്യതയും കൂട്ടും. അതിനാൽ ഈ അവധിക്കാലത്തു ബ്രയിന്‍ ഗയിമുകൾ കളിക്കാം.

ഏറ്റവും ബുദ്ധിമാൻമാരിൽ ഒരാളായി ലോകം കരുതുന്ന ശാസ്ത്രജ്ഞൻ ഐൻസിറ്റീൻ ഒരിക്കൽ പറയുകയുണ്ടായി–‘ബുദ്ധിശക്തിയുടെ യഥാർഥ ലക്ഷണം അറിവല്ല; മറിച്ച് ഭാവനയാണ്’ എന്ന്... ഭാവനകളാണല്ലോ പിന്നീട് യാഥാർഥ്യമായി മാറുന്നത്. വിമാനം മുതൽ മൊബൈൽ ഫോൺ വരെ എത്രയെത്ര ഉദാഹരണങ്ങൾ... അപ്പോൾ ഈ അവധിക്കാലത്ത് ഭാവനകൾക്കും അതിരുകളിടേണ്ട...

കൊളസ്ട്രോൾ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ആഹാരങ്ങൾ

മിക്ക ഹൃദ്രോഗങ്ങള‍ും നമ്മുടെ മാറിയ ജീവിതശൈലിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഭക്ഷണം, വ്യായാമം, ജീവിതരീതി ഇവ മൂന്നുമാണ് പ്രതിരോധത്തിന്റെ അടിസ്ഥാനഘടകങ്ങൾ. ഭക്ഷണത്തിൽ നിന്നു കൂടുതലായി കിട്ടുന്ന കൊളസ്ട്രോളിന്റെ കാര്യത്തിൽ, ചില ആഹാരസാധനങ്ങൾ കുറയ്ക്കുകയും മറ്റു ചിലത് ക‍ൂടുതലായി ഉൾക്കൊള്ളിക്കുകയും നിയന്ത്രിക്ക‍ുകയുമാണ് വേണ്ടത്.

∙ മീൻ കഴിക്കാം– മത്സ്യങ്ങളിലെ ഒമേഗ–3 ഫാറ്റി ആസിഡ് കൊഴുപ്പ് ധമനികളിൽ അടിയുന്നത് കുറയ്ക്കുന്നു. കടൽമത്സ്യങ്ങളായ അയില, മത്തി, ചൂര എന്നിവയിൽ ഇതു ധാരാളമുണ്ട്. ഗ്രൈഗ്ലിസ റൈഡുകൾ എന്ന കൊഴുപ്പിനെ കുറയ്ക്കാനും മീൻ വിഭവങ്ങൾ സഹായിക്കുന്നതായി പഠനങ്ങളുണ്ട്. ചീത്ത കൊളസ്ട്രോളിനെ പോലെതന്നെ അപകടകാരിയും ഹൃദയനാശം വരുത്തുന്നതുമാണ് ട്രൈഗ്ലിസറൈഡ് കൊഴുപ്പ് എന്നാണ് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരും കൊഴുപ്പു കുറച്ചു നിർത്താൻ ആഗ്രഹിക്കുന്നവരും ചെമ്മീൻ, സ്രാവ്, ഞണ്ട്, കൊഞ്ച്, നെയ്മീൻ എന്നിവയുടെ ഉപയോഗം കുറയ്ക്കണം.

∙ ഈന്തപ്പഴം– ഈന്തപ്പഴവും കൊളസ്ട്രോൾ ക‍ുറയ്ക്കാൻ സഹായിക്കും. കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിങ്ങനെ നിരവധി ധാതുക്കളുടെ കലവറയാണ് ഇത്. ആഴ്ചയിൽ രണ്ടുതവണ ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിനു ഗുണകരമാണ്.

∙ ബദാംപരിപ്പ് – ബദാം പരിപ്പിൽ കൊഴുപ്പുണ്ടെങ്കിലും അത് മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ആണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ചീത്ത കൊളസ്ട്രോൾ ഓക്സീകരണത്തിനു വിധേയമാകാതിരിക്കാനും സഹായിക്കുന്നു. കൊളസ്ട്രോളിന് ഒാക്സീകരണം നടക്കുന്നതുമൂലമാണ് ദോഷകാരികളായ പദാർഥങ്ങൾ (toxic things) ഉണ്ടായി ധമനികൾക്കു നാശമുണ്ടാകുന്നത്. എങ്കിലും ഇത് അമിതമായി കഴ‍ിക്കുന്നതു നല്ലതല്ല. 100 ഗ്രാം അണ്ടിപ്പരിപ്പിൽ നിന്ന് ഏതാണ്ട് 500–600 കാലറി ഊർജം ലഭിക്കും. ഏതെങ്കിലും കൊഴുപ്പു ഭക്ഷണത്തിനു പകരമായോ ഇടനേരങ്ങളിലെ ഭക്ഷണമായോ (സ്നാക്ക്) 6–8 ബദാംപരിപ്പ് കഴിക്കുന്നതിൽ തെറ്റില്ല.

വെളുത്തുള്ളിയും വെണ്ണപ്പഴവും

∙ അവക്കാഡോ അഥവാ വെണ്ണപ്പഴം– ഒലിവ് എണ്ണയിൽ ഉള്ളതിനു സമാനമായ കൊളസ്ട്രോൾ കുറയ്ക്കന്ന നല്ല കൊഴുപ്പ് വെണ്ണപ്പഴത്തിലുമ‍ുണ്ട്. ഒാസ്ട്രേലിയയിലെ ഹൃദ്രേഗവിദഗ്ധർ നടത്തിയ പഠനത്തിൽ ദിവസവും ഒരു വെണ്ണപ്പഴം കഴിക്കുന്നവരിലെ കൊളസ്ട്രേ‍ാൾ, കൊഴുപ്പുകുറഞ്ഞ ഡയറ്റ് ശീലിക്കുന്നവരുടേതിനേക്കാൾ കുറഞ്ഞിരിക്കുന്നതായി കണ്ടിരുന്നു. കൊഴുപ്പിന്റെ ഒാക്സീകരണം മൂലമുള്ള അപകടങ്ങളിൽ നിന്നും അവക്കാഡോ ധമനികളെ സംരക്ഷിക്കുന്നതായും കണ്ടു.

∙ കാരറ്റ്– കനേഡിയൻ പഠനത്തിൽ രണ്ടര എണ്ണം കാരറ്റ് പച്ചയ്ക്ക് ദിവസവും കഴിച്ചവരിൽ കൊളസ്ട്രോളിൽ ഗണ്യമായ കുറവുണ്ടായതായി കണ്ടു. കാരറ്റിലുള്ള ബീറ്റാകരോട്ടിൻ എന്ന ആന്റി ഒക്സിഡന്റ് നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവു കൂട്ടുന്നതായും പഠനങ്ങളുണ്ട്. കാരറ്റിലുള്ള ലയിക്കുന്ന തരം നാരുകളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

∙ വെളുത്തുള്ളിയും സവാളയും ഹൃദയാരോഗ്യത്തിനു ഗുണകരമാണ്. ദിവസവും ഒാരോ സവാള വീതം പച്ചയായി കഴിക്കുന്നതു നല്ല കൊളസ്ട്രോൾ അളവു കൂട്ടുമെന്നു പറയുന്നു. വെളുത്തുള്ളി പാചകം ചെയ്തോ പച്ചയായോ കഴിക്കുന്നത് ഒരേപോലെ ഗുണകരമാണ്. ദിവസവും മൂന്നു വെളുത്തുള്ളി വീതം കഴിക്കുന്നതു ഹ‍ൃദയത്തെ സംരക്ഷിക്കുന്നുവെന്നു പറയപ്പെടുന്നു.

കൊഴുപ്പു കുറയ്ക്കാൻ

∙ സസ്യാഹാരം കഴിക്കുന്നവർ വെണ്ണ, നെയ്യ്, കട്ടത്തൈര് എന്നിവ കുറയ്ക്കുക. പാട നീക്കിയ പാൽ കൊണ്ട് ഉണ്ടാക്കിയ തൈര്, മോര് എന്നിവ ഉപയോഗിക്കുക. പാലും പാടനീക്കി ഉപയോഗിക്കുക.

∙ ദ്രാവകരൂപത്തിലുള്ള കൊഴുപ്പിന്റെ ഉപയോഗം കുറയ്ക്കുക. ഒരു ദിവസം രണ്ടു ടീസ്പൂൺ എണ്ണയിൽ കൂടുതൽ ഉപയോഗിക്കരുത്. ഡാൽഡ, വെണ്ണ, പാമോയിൽ എന്നിവയ്ക്കുപകരം ഒലിവെണ്ണ, കടുകെണ്ണ, കനോള ഒായിൽ എന്നിവ ഉപയോഗിക്കുക.

∙ ചുവന്ന മാംസം (പശു, ആട്, പോത്ത്, പന്നി എന്നിവയുടെ മാംസം) ഉപയോഗം കുറയ്ക്കുക. തൊലികളഞ്ഞ കോഴിയിറച്ചി മിതമായി കഴിക്കാം.

∙മധുരപരലഹാരങ്ങളിൽ മിക്കതിലും കൊഴുപ്പു കൂടുതൽ അടങ്ങിയിരിക്കന്നു. അതിനാൽ മധുരം കഴിയുന്നത്ര കുറയ്ക്കുക.

കോഴിമുട്ടയും കൊഴുപ്പും

മൃഗമാംസത്തിൽ നിന്നുള്ളതു പോലുള്ള പൂരിതകെഴുപ്പിനെ പേടിച്ചാൽ മതി, മുട്ട പോലുള്ള ഭക്ഷണസാധനങ്ങളിലെ കൊളസ്ട്രോളിനെ പേടിക്കേണ്ട എന്നൊരു ധാരണയുണ്ട്. അതു ശരിയല്ല. നമുക്ക് ആവശ്യമുള്ള ഊർജത്തിന്റെ 30 ശതമാനം മാത്രമേ കൊഴുപ്പിൽ നിന്നും കിട്ടാവൂ. പക്ഷേ, ഇന്നത്തെ ആഹാരരീതി പൊതുവേ നോക്കുമ്പോൾ ശരീരത്തിനു ലഭിക്കുന്ന അധിക ഊർജവും കൊഴുപ്പു കലർന്ന ഭക്ഷണത്തിൽ നിന്നുള്ളതാണ്.

ഒരു മുട്ടയിൽ‌ നിന്ന‍ു മാത്രം 250 മി. ഗ്രാം കൊളസ്ട്രോൾ ശരീരത്തിലെത്തും. എണ്ണയിൽ വറുത്തതും പൊരിച്ചതും കൂടിയാകുമ്പോൾ കൊഴുപ്പിന്റെ അളവു പിന്നെയും കൂടും. അതു കൊണ്ട് കോഴിമ‍ുട്ട കഴിക്കുന്നതിൽ തെറ്റില്ലെന്നു പുത‍ിയ ഗവേഷണങ്ങൾ പറഞ്ഞാൽകൂടി അമിത കൊളസ്ട്രോളുള്ളവർ മുട്ടയുടെ ഉപയോഗം കുറയ്ക്കുന്നതു തന്നെയാണ് ഹൃദയാരോഗ്യത്തിനു നല്ലത്.

കൊളസ്ട്രേ‍ാൾ

കോശഭിത്തികളുടെ നിർമാണത്തിനും ഹോർമോൺ ഉത്പാദനത്തിനുമൊക്കെ കൊളസ്ട്രോൾ കൂടിയേ തീരൂ. എന്നാൽ 2 ശതമാനം കൊളസ്ട്രോൾ മാത്രം മതി ഭക്ഷണത്തിൽ നിന്ന്, ബാക്കി കരൾ ഉത്പാദിപ്പിച്ചുകൊള്ളും. കൊളസ്ട്രോൾ നല്ലതും (എച്ച്ഡിഎൽ) ചീത്തയും (എൽഡിഎൽ) ഉണ്ട്. പൂരിതകൊഴുപ്പുകൾ കൂടുതലായി കഴിക്കുമ്പോൾ ചീത്ത കൊളസ്ട്രോൾ നിരക്ക് ഉയരും. ഈ ചീത്ത കൊളസ്ട്രേ‍ാളിന് ഒാക്സീകരണം നടന്ന് ദോഷകരമായ പദാർഥങ്ങളുണ്ടായി ധമനികൾക്കു കേടുവരുകയും, ഹൃദയാഘാതം പോലുള്ളവയ്ക്കു കാരണമാകുകയും ചെയ്യുന്നു.

യോജിച്ച ആഹാരം

പഴങ്ങളിലും പച്ചനിറമുള്ള പച്ചക്കറികളിലും വൈറ്റമിൻ ബി12, ബി6, ഫോളിക് ആസിഡ് എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലുള്ള ഹോമോസിസ്റ്റീൻ എന്ന അപകടകരമായ രാസപദാർഥത്തിന്റെ അളവു കുറയ്ക്കും. കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നത് ഹൃദയത്തിന് സുരക്ഷിതമായ ഡയറ്റാണ്. ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കൽസ്, നാരുകൾ, ധാത‍ുക്കൾ എന്നിവ ഹൃദയാഘാത സാധ്യത കുറയ്ക്കും.

ഡോ. പി.കെ അശോകൻ
ചിഫ് കൺസൾട്ടന്റ് ആൻഡ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഫാത്തിമ ഹോസ്പിറ്റൽ കോഴിക്കോട്

ക‌‌‌‌‌‌ടുംപച്ച ഇലക്കറികൾ ഒാർമയ്ക്കുവേണ്ടി

ഒാർമക്കു‌റവ്, ശ്രദ്ധ കേന്ദ്ര‍ീകരിക്കാനുള്ള തടസ്സം എന്നിവ കു‌ട്ടികളിലും മുതിർന്നവരിലും വളരെ ക‍‍ൂടുതലാണ്. മാത്രമല്ല അൽസ്ഹൈമർ പോലുള്ള മറവിരോഗങ്ങളും വാർധക്യത്തിനു മുമ്പുതന്നെ എത്തുന്നു. പല പോഷകങ്ങൾക്കും ഈ അവസ്ഥകൾ കുറയ്ക്കാനോ ഇല്ലാതാക്കാനോ സാധിക്കും. ബി വൈറ്റമിനുകളായ കോളിൻ, തയമിൻ, ഫോളിക് ആസിഡ് തുടങ്ങിയവയും വൈറ്റമിൻ ഡിയും ഒമേഗ 3യുമെല്ലാം ബുദ്ധിക്ഷമതയെ കുട്ടാനും ബ്രയിൻസെൽസിന്റെ വളർച്ചയ്ക്കും സഹായിക്കും.

ഒാർമ വേഗം ക‍‍‍‍ൂ‌‌‌ട്ടാൻ

∙ ബ്രോക്കോളി, ബ്രസൽ സ്പ്ര‍‍ൗട്ട്സ് തു‌ടങ്ങിയ ക‌ടും നിറങ്ങളിലെ ഇലവർഗങ്ങൾക്കും തലച്ചോറിന്റെ പ്രവർത്തനവേഗം മെച്ചപ്പെടുത്താനും ഒാർമ വർധിപ്പിക്കാനും ശേഷിയുണ്ടെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. വിദ്യാർഥികളു‌ടെ ഭക്ഷണത്തിൽ കടുംപച്ച നിറമുള്ള ഇലക്കറികൾ വേണ്ടത്ര ഉൾപ്പെടുത്തണം,

∙ ഫൈറ്റോ കെമിക്കൽസ് ധാരാളമടങ്ങിയ സ്ട്രോബറി, ബ‌ട്ടർഫ്രൂ‌ട്ട്, ഒാറഞ്ച്, നെല്ലിക്ക, ഗ്രീൻ ടീ, പേരയ്ക്ക ത‍ുടങ്ങിയവയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കോശങ്ങളുടെ പ്രവർത്തനം ത്വരിതപ്പെടുത്താനും സഹായിക്കും.

∙ ഒമേഗ 3 വാർക്യത്തിലുണ്ടാക‍ുന്ന മറവി രോഗം (ഡിമൻഷ്യ), നാഡി സംബന്ധമായരോഗങ്ങൾ എന്ന‍ിവ കുറയ്ക്കാനും സഹായിക്കും.

∙ വൈറ്റമിൻ ഡിക്ക് ഒാർമയും ഗ്രഹണശക്തിയും കൂട്ടാൻ കഴിവുണ്ട്. സൂര്യപ്രകാശമേൽക്കുന്നതും മുട്ട, പാൽ തു‌ങ്ങിയവയും വൈറ്റമിൻ ഡിയുടെ സ്രോതസ്സാണ്.

മത്തി മുതൽ ബദാം വരെ

ക‌‌ടൽമത്സ്യങ്ങളായ മത്തി, അയല, ചൂര തു‌ടങ്ങിയവയിലും സോയാബീൻ, മത്തൻകുരു, സൂര്യകാന്തി, ഫ്ലാക്സീഡ്, ബദാം, വാൽനട്ട് എന്നിവയിലും ഒമേഗാ 3യു‌െട ഘ‌കങ്ങളായ DHA, EPA അ‌ടങ്ങിയിരിക്കുന്നു. വിഷാദരോഗത്തിനും ആത്മഹത്യാപ്രവണത കുറയ്ക്കാനും ഇവ നല്ലതാണ്.

∙ ഉള്ളി, സവാള തു‌ടങ്ങിയവയിൽ അടങ്ങിയ ക്വർസറ്റിൻ ബുദ്ധിക്ഷമത കൂട്ടാൻ സഹായിക്കും.

∙ കോളിൻ ധാരാളമടങ്ങിയ മു‌‌‌ട്ടമഞ്ഞ, സോയബീൻ, നട്സ്, സീഡ്സ് തു‌‌ടങ്ങിയവ അൽസ്ഹൈമർ രോഗം നിയന്ത്രിക്കാൻ നല്ലതാണ്.

മധുരവും മദ്യവും കുറയ്ക്കാം

∙ പഞ്ചസാരയു‌െട അമിത ഉപയോഗം ഒാർ‍മ കുറയ്ക്കും, തലച്ചോറിന്റെ പ്രവർത്തനം മന്ദീഭവിപ്പിക്കും.

∙ ഫ്രക്ടോസ് കോൺസിറപ്പ്, കൃത്രിമ മധുരങ്ങൾ അടങ്ങിയ ജെല്ലികൾ, പഴച്ചാറുകൾ, സോഫ്റ്റ് ഡ്രിങ്ക്സ് ത‍‍ുടങ്ങിയവ അഡ്രിനാലിന്റെ അളവുക‍ൂട്ടി കുട്ടികളെ ഹൈപ്പർ ആക്ടീവ് ആക്കി ഒാർമശേഷ‍ിയെ കുറയ്ക്കാം. കൃത്രിമ മധുരം ചേർന്ന ഭക്ഷണം കു‌ട്ടികൾക്ക് ഒഴിവാക്കണം.

∙ ഗ്രാൻസ്ഫാറ്റ് അടങ്ങിയ ബേക്കറി പലഹാരങ്ങൾ തലച്ചോറിലെ കോശങ്ങളെ ചുരുക്കി ഗ്രഹണശക്തി കുറയ്ക്കാം.

∙ തലച്ചോറിനെ മന്ദീഭവിപ്പിക്കുന്നതിനാൽ മദ്യവും ഒഴിവാക്കാം.

ബുദ്ധി കൂ‌ട്ടും ബ്രഹ്മി

ഒ‍ാർമക്കുറവ് പരിഹരിക്കുന്നതിനും തലച്ചോറിന്റെ വികാസത്തിനും ഞരമ്പുകളു‌െട പുനരുജ്ജീവനത്തിനുമെല്ലാം ബ്രഹ്മി മികച്ച ഒൗഷധമെന്ന് ആയുർവേദ പഠനങ്ങൾ പറയുന്നു. ബ്രഹ്മി ഇലനീരും ബ്രഹ്മി ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. എന്നാൽ ഭക്ഷണമായി നേരിട്ട് ഉപയോഗിക്കുന്നതിൽ ചില നിയന്ത്രണങ്ങൾ ഉണ്ട്. കുട്ടികളിൽ ഉയന്ന അളവ‍ിൽ ബ്രഹമി ഉള്ളിലെത്തുന്നത് നന്നല്ല.

ഒാർമ മായുമ്പോൾ

തിരക്കും സമ്മർദവും മൾട്ടി ടാസ്കിങ്ങും തെറ്റായ ഭക്ഷണ രീതിയും മദ്യപാനവും ഒക്കെ ചേർന്ന ജീവിതശൈലി മറവി ഏറെ വർധിപ്പിച്ചിട്ടുണ്ട്. ബി പി, പ്രമേഹം തുടങ്ങിയ രോഗങ്ങൾ മൂലം മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് പെ‌‌ട്ടെന്നുള്ള ഒാർമ നഷ്ടത്തിനും കാരണമാകാം. പ്രായമേറിയവരിൽ കാണുന്ന അൽസ്ഹൈമറും പാർക്കിൻസോണിസവുമൊക്കെ തിരുത്താനാകാത്ത മറവി രോഗങ്ങളാണ്.

ജീന വർഗീസ്

തുടക്കക്കാർക്ക് ചില യോഗാ ടിപ്സ്

യോഗാദിനാഘോഷം കഴിയുന്നതോടെ വീണ്ടും യോഗയെ മറന്ന മട്ടാണ് മിക്കവർക്കും. ചിലർക്കാകട്ടെ ചെയ്തു തുടങ്ങണമെന്നൊക്കെയുണ്ട്. പക്ഷേ എങ്ങനെ, എപ്പോൾ, തുടങ്ങണമെന്ന കൺഫ്യൂഷനാണു താനും. തുടക്കകാർക്കു വേണ്ടി ഇതാ ചില യോഗാ ടിപ്സ്.

ആദ്യം വേണ്ടത് ക്ഷമയാണ്. ഒറ്റ ദിവസം കൊണ്ട് എല്ലാ ആസനങ്ങളും പഠിച്ച് സൂര്യനമസ്കാരം ചെയ്തേക്കാം എന്നു വിചാരിക്കരുത്. ശരീരം നന്നായി വഴങ്ങിക്കിട്ടാൻ കുറച്ചു ദിവസമെടുക്കുമെന്ന് ഓർമിക്കുക.

സന്ധികളിൽ വേദനയുണ്ടാവുന്നത് ആദ്യമൊക്കെ സ്വാഭാവികം. അതിന് പ്രത്യേകം ചികിൽസയ്ക്കു പോകേണ്ടതില്ല.

ഓരോ ദിവസവും ഓരോ യോഗാസനം വീതം കൂട്ടിച്ചെയ്യുക. ശരീരം വഴക്കമുള്ളതാക്കാനുള്ള ലഘു വ്യായാമങ്ങൾ ചെയ്യുക.

ശ്വാസകോശം നിറയെ ശ്വാസമെടുത്തു പരിശീലിക്കുക. ശ്വസനക്രിയ യോഗാനങ്ങളിൽ വളെര പ്രധാനപ്പെട്ടതാണ്.

 

യോഗ ചെയ്യുന്നതിനായി ശാന്തമായ ഒരു ഇടം തിരഞ്ഞെടുക്കുക. മറ്റു ശബ്ദങ്ങളോ ബഹളങ്ങളോ നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കരുത്.

 

 

തീവ്രത കുറഞ്ഞ പ്രകാശവും ശാന്തമായ സംഗീതവുമുള്ള അന്തരീക്ഷം നിങ്ങൾക്കൊരു പൊസിറ്റീവ് എനർജി നൽകും.

എല്ലാ ദിവസവും ഒരേ സമയം തന്നെ തിരഞ്ഞെടുക്കണം യോഗ ചെയ്യാൻ. ഇത് നിങ്ങളുടെ ശരീരത്തിലെ ക്ലോക്കിന് കൃത്യത നൽകും.

യോഗയെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങൾ വായിക്കുന്നതും യോഗാസനങ്ങളുടെ വീഡിയോ കാണുന്നതും യോഗയോടുള്ള നിങ്ങളുടെ താൽപര്യം വർധിപ്പിക്കും.

ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ യോഗാ സമയത്ത് ഒഴിവാക്കുക. വയറുനിറയെ ആഹാരം കഴിച്ച ഉടൻ യോഗ ചെയ്യാതിരിക്കുക.

കഴിവതും തറയിൽ പായ് വിരിച്ചുവേണം യോഗ അഭ്യസിക്കാൻ. കിടക്ക ഒഴിവാക്കുക.

ഗുരുമുഖത്തു നിന്ന് യോഗ അഭ്യസിക്കുന്നതാണ് അത്യുത്തമം

യോഗയിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആന്തരിക–ബാഹ്യ ശുചിത്വത്തിലൂന്നിയ നിത്യ പരിശീലനത്തിലൂടെ ആയുസിന്റെ ദൈർഘ്യം കൂട്ടുന്ന വ്യായാമം– അതാണു യോഗാഭ്യാസം. സർവരോഗ സംഹാരി കൂടിയാണു യോഗ. ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കു യോഗാഭ്യാസം തീർച്ചയായും ആശ്വാസം പകരും. മനസ്സിനെ നിയന്ത്രിക്കാനുള്ള കരുത്തു സ്വന്തമാവുന്നതു കൊണ്ടു തന്നെ സ്വഭാവ രൂപീകരണത്തിനും യോഗ സഹായിക്കും. ഓർമശക്തിയും ഊർജസ്വലതയും വർധിപ്പിക്കാനും ഏറെ നല്ലത്.

ജീവിത ചിട്ട യോഗയിൽ പ്രധാനമാണ്. ദിവസത്തിൽ സൗകര്യപ്രദമായ ഏതു സമയത്തും യോഗാഭ്യാസം ചെയ്യാം. ഗർഭാവസ്ഥയിൽ പോലും യോഗയാവാം. പരിശീലിച്ചു കഴിഞ്ഞാൽ പ്രത്യേകിച്ചു സഹായിയുടെ ആവശ്യം പോലുമില്ലാതെ തുടരാം. വാർധക്യത്തിലും ഗർഭിണിയായിരിക്കുമ്പോഴും വിവിധ ആരോഗ്യ പ്രശ്നമുള്ളപ്പോഴും യോഗ ചെയ്യുന്നതിന് ഒരു ഗുരുവിന്റെ സഹായം തേടുന്നതാണു നല്ലത്. ലളിതമായ ആസനങ്ങളും പ്രാണായാമങ്ങളും കൊണ്ടു തന്നെ വലിയ ഗുണം ലഭിക്കും. യോഗാഭ്യാസം ആരംഭിക്കുന്നതിനു മുൻപു ചില തയാറെടുപ്പുകൾ ആവശ്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാർഥന അല്ലെങ്കിൽ ധ്യാനത്തോടെയായിരിക്കണം.

ആന്തരിക–ബാഹ്യശുദ്ധി യോഗാഭ്യാസത്തിനു പ്രധാനമാണ്. വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്.

രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം യോഗാഭ്യാസത്തിനായി മാറ്റിവയ്ക്കാം. പുലർച്ചെയാണ് ഏറ്റവും ഉത്തമം. ധൃതിയിൽ ചെയ്യരുത്.

മനോ നിയന്ത്രണം വേണം. കാടുകയറിയുള്ള ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്.

യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലർത്തി ചെയ്യുന്നതു നല്ലതല്ല.

കുളി കഴിഞ്ഞു യോഗാഭ്യാസം ചെയ്യുന്നതാണ് ഉത്തമം. ഇനി യോഗാഭ്യാസം ചെയ്തിട്ടാണെങ്കിൽ അര മണിക്കൂർ കഴിഞ്ഞേ കുളിക്കാവൂ.

ഭക്ഷണം കഴിഞ്ഞ് ഉടൻ യോഗ ചെയ്യരുത്. ഭക്ഷണം പൂർണമായും ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക. യോഗാഭ്യാസം കഴിഞ്ഞിട്ടായാലും അൽപ സമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ.

യോഗ ചെയ്യുമ്പോൾ അയഞ്ഞ കോട്ടൺ വസ്ത്രം ധരിക്കുന്നതാണ് ഉത്തമം.

മിതഭക്ഷണം പ്രധാനം. വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും കഴിക്കുന്ന ശീലം ഒഴിവാക്കുക.

ആദ്യമായി യോഗ ചെയ്യുമ്പോൾ ആരോഗ്യമുള്ളവരായാലും ചില വിഷമതകൾ സാധാരണയാണ്. ശരീരത്തിൽ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമാണിത്. ഭയപ്പെടാനില്ല.

ഗിരിജ ബി. നായർ

ഡയറക്ടർ കടവന്ത്ര ഗിരിനഗർ പ്രജാപതി യോഗാ സെന്റർ

വാർധക്യം തടയാന്‍ വ്യായാമം

വാർധക്യം എന്നത് ആർക്കും തടയാനാകാത്ത അനിവാര്യതയാണ്. എന്നാൽ ചിലർ വേഗത്തിൽ പ്രയമാകുന്നു. മറ്റു ചിലർ സാവധാനവും. ഇവ രണ്ടും നിർണയിക്കുന്നത് ഒാരോരുത്തരുടെയും ശാരീരിക പ്രത്യേകതകളും ജീവിതരീതിയുമാണ്. പൊതുവെ പ്രായമാകുമ്പോൾ ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങൾക്കും കോട്ടം സംഭവിക്കും. ഫലമോ രോഗങ്ങളും. അതിൽ പ്രധാനപ്പെട്ടവ തലച്ചോർ, ഹൃദയം, ശ്വാസകോശം, ചർമം, അസ്ഥികൾ, സന്ധികൾ, പ്രത്യുൽപാദന അവയവങ്ങൾ, ഗ്രന്ഥികൾ, രക്തധമനികൾ, ഞരമ്പുകൾ, പേശികൾ തുടങ്ങിയവയാണ്. ഇതു രോഗപ്രതിരോധശേഷിയെ തളർത്തുന്നു.

എന്നാൽ ഭാഗ്യമെന്നു പറയട്ടെ ഒട്ടുമിക്ക അവയവങ്ങളുടെയും തളർച്ചയെ വ്യായാമത്തിലൂടെ തടയാനാകും. അതുപോലെതന്നെ അകാലവാര്‍ധക്യത്തെയും ജീവിതശൈലീരോഗങ്ങളെയും. വ്യായാമം പതിവാക്കിയവരെ വാര്‍ധക്യം പിടികൂടാൻ വൈകുന്നതിന്റെ കാരണവും മറ്റൊന്നല്ല.

മുതിർന്നവരുടെ വ്യായാമം

പൊതുവെ എല്ലാ പ്രായക്കാരും വ്യായാമത്തിനു മുമ്പ് ചില മുൻകരുതലുകളും പരിശോധനകളും നടത്തേണ്ടതുണ്ട്. എന്നാൽ 40 കഴിഞ്ഞവർ പ്രത്യേകിച്ചും വാർധക്യത്തിലെത്തിയവർ വ്യായാമത്തിലേർപ്പെടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആദ്യം മനസ്സിലാക്കാം.

1. നിങ്ങളും നിങ്ങളുടെ കുടുംബാംഗങ്ങളും നിലവിലുളള രോഗങ്ങൾ പരിശീലകരോടോ ഡോക്ടറോടോ വ്യായാമത്തിനു മുന്നോടിയായി വെളിപ്പെടുത്തിയിരിക്കണം.

2. രോഗങ്ങൾ ഉളളവർ രോഗത്തിന്റെ പൂർണവിവരങ്ങൾ, പരിശോധനാറിപ്പോർട്ടുകള്‍ എന്നിവ പരിശീലകനെ കാണിക്കണം. ഇത്തരക്കാർ ഡോക്ടറുടെ നിർദേശക്കുറിപ്പ് സമർപ്പിക്കണം.

3. രോഗങ്ങളുടെ സ്വഭാവമനുസരിച്ചു ചെയ്യാൻ പാടില്ലാത്തതായ വ്യായാമങ്ങളെക്കുറിച്ചു പരിശീലകനോടോ അല്ലെങ്കിൽ വ്യായാമവിദഗ്ധരോടോ ചോദിച്ചു മനസ്സിലാക്കിയിരിക്കണം.

4. രോഗങ്ങൾ ഇല്ലാത്തവരാണെങ്കില്‍ വ്യായാമത്തിനുമുമ്പ് ഒരു ഫിറ്റ്നസ് അസസ്മെന്റ് നടത്തുന്നതു നല്ലതാണ്. ഇതു തുടക്കത്തിലേ വ്യായാമത്തിന്റെ ഗതിയും തീവ്രതയും നിർണയിക്കാൻ പരിശീലകന് എളുപ്പമാകും. അതിനനുസരിച്ചു ഫിറ്റ്നസ് ലക്ഷ്യത്തിന്റെയും വ്യായാമത്തിന്റെയും മുൻഗണനയും നിർണയിക്കാം.

5. ഇവർ വ്യായാമത്തിൽ ഏർപ്പെടുമ്പോൾ ഒട്ടും തിടുക്കം കാണിക്കരുത്. പ്രത്യേകിച്ച് ആരംഭത്തിൽ.

6. ഫിറ്റ്നസ് ലക്ഷ്യം എന്താണെന്നു ക‍ൃത്യമായ ധാരണ ഇത്തരക്കാർക്കുണ്ടായിരിക്കണം.

7. തുടക്കത്തിൽ പേശീവർധനയ്ക്കാകരുത് മുൻഗണന. പൊതുവായ മെച്ചപ്പെടലും ഒാവറോള്‍ ഫിറ്റ്നസും ആണ് ആദ്യം ഉണ്ടാകേണ്ടത്.

8. വാർധക്യത്തിലേക്കു കടന്നവർ എല്ലാ ദിവസവും വ്യായാമത്തിൽ ഏർപ്പെടുന്നതു നല്ലതല്ല. പ്രത്യേകിച്ചും തുടക്കത്തിൽ. ആഴ്ചയിൽ ഇടവിട്ടുളള മൂന്നോ നാലോ ദിവസത്തിൽ കൂടരുത്.

9. വ്യയാമവേളകൾ വളരെ നീണ്ടു നിൽക്കാൻ പാടില്ല. തുടക്കത്തിൽ അര മണിക്കൂറിൽ നിന്ന് ആരംഭിച്ച് ഒരു മണിക്കൂറിൽ അവസാനിക്കണം. എത്ര ശേഷിയുളളവരായാലും ഒന്നര മണിക്കൂറിൽ കൂടരുത്.

10. ഒരോ ദിവസത്തെയും വ്യായാമത്തിനു മുമ്പ് കൃത്യമായ ഒരു വാംഅപ്പും വ്യായാമശേഷം ഒരു കൂൾഡൗണും നിർബന്ധമാണ്.

വ്യായാമവും സമയവും

വൃദ്ധരിൽ ചിലർക്ക് വൈകുന്നേരത്തെ വ്യായാമം രാത്രി ഉറക്കത്തിന് പ്രശ്നമുണ്ടാക്കിയെന്നു വരാം. അങ്ങനെയുളളവർ രാവിലെ വ്യായാമത്തിലേർപ്പെടുന്നതായിരിക്കും നല്ലത്. പൊതുവായ ആരോഗ്യവും കായികക്ഷമതയും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം നേടാൻ ഫ്ലക്സിബിലിറ്റി, സ്ട്രെങ്ങ്ത് എന്നിവ സമന്വയിപ്പിക്കുന്ന വ്യായാമങ്ങൾക്കായിരിക്കണം പ്രാധാന്യം നൽകേണ്ടത്. വ്യായാമത്തിലേർപ്പെടുമ്പോൾ പ്രത്യകിച്ചു തുടക്കത്തിൽ മത്സരബുദ്ധിയോടെ വ്യായാമത്തെ സമീപിക്കരുത്.

പ്രയാസം നേരിട്ടാൽ

വ്യായാമവേളയിൽ ഏതെങ്കിലും തരത്തിലുളള പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ നേരിയ തോതിൽ ആണെങ്കില്‍ പോലും അനുഭവപ്പെട്ടാൽ വ്യായാമം ഉടനെ അവസാനിപ്പിച്ചു നല്ല വായു സഞ്ചാരമുളള സ്ഥലത്തു വിശ്രമിക്കണം. കാലുകൾ ഉയർത്തിവെച്ചു തല വശത്തേക്കു വച്ചു മലർന്നു കിടക്കുന്നതാണു നല്ലത്. ബുദ്ധിമുട്ടുകൾ മാറുന്നില്ലെങ്കില്‍ എത്രയും പെട്ടെന്നു ഡോക്ടറുടെ സഹായം തേടണം.

ആദ്യ രണ്ട് ആഴ്ചകള്‍

ആഴ്ചയിൽ നാലു ദിവസം മാത്രം വ്യായാമം മതി. രണ്ടു ദിവസം വർക്ക്ഒൗട്ട് അടുത്ത ദിവസം വിശ്രമം എന്നതാണ് നല്ലത്.

വാംഅപ്പ് കാർഡിയോ –15 മിനിറ്റ് കാലിസ്തനിക് വ്യായാമങ്ങൾ (ഉപകരണ സഹായമില്ലാതെ സ്വന്തം ശരീരത്തെ ഉപയോഗിച്ചു ചെയ്യുന്ന സ്ക്വാട്ട് പോലുളളവ) – 10 മിനിറ്റ്

സ്ട്രെച്ചിങ് – 10 മിനിറ്റ്

കാർഡിയോ – 15 മിനിറ്റ്

കൂൾഡൗൺ – 5 മിനിറ്റ്

രണ്ട് ആഴ്ച കഴിഞ്ഞാൽ

വാംഅപ്പ് കാർഡിയോ – 15 മിനിറ്റ് 
കാലിസ്തനിക് വ്യായാമം – 1 മി.
സ്ട്രെങ്ങ്ത് ട്രെയിനിങ് – 20 മി.
ഫൈനൽ കാർഡിയോ – 15 മി.
സ്ട്രെച്ചിങ് & കൂൾഡൗൺ – 10 മി.

സ്ട്രെങ്ങ്ത് ട്രെയിനിങ്

തിങ്കൾ, വ്യാഴം ദിവസങ്ങളിൽ നെഞ്ച്, ചുമലുകൾ, ട്രൈസപ്സ്, വയർ എന്നിവയ്ക്കുളള സ്ട്രെങ്ങ്ത് ട്രെയിനിങ്ങാണു വേണ്ടത്.

മെഷീൻ ബഞ്ച് പ്രസ്സ്, മെഷീൻ ഷോൾഡർ പ്രസ്സ്, ഡമ്പൽഷ്രഗ്ഗ്, ട്രൈസെപ്സ് പുഷ്ഡൗൺ, റോപ്പ് ക്രഞ്ചസ് എന്നീ വ്യായാമങ്ങൾ രണ്ടു സെറ്റു വീതം 12 മുതൽ 15 വരെ ആവർത്തനത്തിൽ ചെയ്യാം.

ചൊവ്വയും വെളളിയും കാലുകൾക്കും കൈകൾക്കും വേണ്ടിയുളള സ്ട്രെങ്ങ്ത് ട്രെയിനിങ് ആണ്.

ലഗ്ഗ് പ്രസ്സ്/ലഗ്ഗ് എക്സ്റ്റൻഷൻസ്, ലഗ്ഗ് കേൾ, സ്റ്റാന്റിങ് കാഫ് റെയ്സസ്, ലാറ്റ് പുൾഡൗൺ, സീറ്റഡ് ഡമ്പൽകേൾ, സ്റ്റാന്റിങ് ഹാമർ കേൾ, റിവേഴ്സ് റിസ്റ്റ്കേൾ എന്നീ വ്യായാമങ്ങൾ രണ്ടു സെറ്റു വീതം 12 മുതൽ 15 വരെ ആവർത്തനത്തിൽ ചെയ്യണം.

ഒാരോ വ്യായാമങ്ങൾക്കിടയിലും ഒരു മിനിറ്റും ഒാരോ സെറ്റുകൾക്കിടയിലും രണ്ടു മിനിറ്റും വിശ്രമം വേണം. ഒാരോ സെറ്റിനിടയിലും ഒരു മിനിറ്റ് പതിയെ ഉളള നടത്തം ഉത്തമമാണ്. ബുധൻ, ശനി, ഞായർ ദിവസങ്ങളിൽ വ്യായാമം ഒഴിവാക്കി വിശ്രമിക്കണം.

വി.എം ബഷീർ
ഫിറ്റ്നസ് കൺസൾട്ടന്റ്
മുൻ മിസ്റ്റർ സൗത്ത് ഏഷ്യ,
സർട്ടിഫൈഡ് ഫിറ്റ്നസ് ട്രെയിനർ
തൃശൂർ

വ്യായാമത്തിനു പകരം ചൂടുവെള്ളത്തിൽ കുളി

വ്യായാമം ചെയ്യാൻ മടിയുള്ളവരാണോ നിങ്ങൾ? അതോ വീട്ടിലെയും ഓഫിസിലെയും ജോലിത്തിരക്കുകാരണം വ്യായാമം ചെയ്യാൻ നേരം കിട്ടാതെ ബുദ്ധിമുട്ടുന്നവരാണോ? എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത. എല്ലാ ദിവസവും ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരീരത്തിനു വ്യായാമം ചെയ്യുന്നതിനു സമാനമായ ഗുണം ലഭിക്കുമത്രേ. ലണ്ടനിലെ ഗവേഷകരാണ് ഈ കണ്ടെത്തലുമായി മുന്നോട്ടുവന്നിരിക്കുന്നത്.

കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടുമ്പോൾ ശരീരത്തിലെ താപനില ഉയരുന്നു. ചൂടുവെള്ളത്തിൽ കുളിക്കുമ്പോഴും ഏകദേശം ഇതുതന്നെയാണ് സംഭവിക്കുന്നത്. മധ്യവയസ്കരായ രണ്ടായിരത്തിമുന്നൂറോളം പേരെ 20 വർഷമായി തുടർച്ചയായി നിരീക്ഷിച്ചു നടത്തിയ പഠനത്തിൽനിന്നാണ് ഈ നിഗമനം.

സോണ (ചൂടുവെള്ളത്തിൽ കുളി) കേന്ദ്രങ്ങൾ പതിവായി സന്ദർശിക്കുന്നവരിലാണ് പഠനങ്ങൾ നടത്തിയത്. ആഴ്ചയിൽ ഒരിക്കൽ മാത്രം ചൂടുവെള്ളത്തിൽ കുളിക്കുന്നവരിൽ 50 ശതമാനം പേർ ഈ കാലയളവിനുള്ളിൽ മരണമടഞ്ഞു. എന്നാൽ ആഴ്ചയിൽ മൂന്നുതവണ ചൂടുവെള്ളത്തിൽ കുളിക്കുന്നവരിൽ 38 ശതമാനം പേർ മാത്രമാണ് മരണമടഞ്ഞത്. 
പതിവായി ചൂടുവെള്ളത്തിൽ കുളിക്കുന്നവർക്ക് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യതയും താരതമ്യേന കുറവാണ്. കാരണം ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ ഒരാളുടെ ശരീരത്തിലെ രക്തയോട്ടം വർധിക്കുന്നു, രക്തസമ്മർദം സാധാരണ ഗതിയിലാകുന്നു. സ്ഥിരമായി ചൂടുവെള്ളത്തിൽ കുളിക്കുന്നവർക്ക് അമിതരക്തസമ്മർദം മാത്രമല്ല, പ്രമേഹസാധ്യതയും കുറയുന്നു.

40 ഡിഗ്രി സെൽഷ്യസ് ചൂടുള്ള വെള്ളത്തിൽ സമയമെടുത്തുകൊണ്ടുള്ള കുളിയാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ഇനി വ്യായാമം ചെയ്യാൻ പ്രയാസപ്പെടുന്നവർ ചൂടുവെള്ളത്തിൽ കുളി ശീലമാക്കാൻ മറക്കണ്ട.

വിഡിയോ സെൽഫി പോസ്റ്റ് ചെയ്താൽ ഗുണങ്ങൾ പലതുണ്ടേ!

സെൽഫികൾ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ഇന്നത്തെ യുവജനങ്ങൾക്ക് വലിയ ഹരമായി മാറിയിട്ടുണ്ട്. എന്നാൽ വെറുതെ നേരംപോക്കിനുമാത്രമല്ല ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങൾക്കു വേണ്ടിയും ഈ സെൽഫി ഭ്രമം പ്രയോജനപ്പെടുത്താം എന്നാണു ഗവേഷകർ അഭിപ്രായപ്പെടുന്നത്.

സെൽഫി ചിത്രങ്ങൾക്കു പകരം സെൽഫി വിഡിയോകളാണ് ഇതിനുവേണ്ടി പോസ്റ്റ് ചെയ്യേണ്ടത്. ഉദാഹരണത്തിന് നിങ്ങൾ രാവിലെ പതിവായി വ്യായാമം ചെയ്യുന്നവരാണെന്നിരിക്കട്ടെ. രാവിലെ തന്നെ ഒരു വ്യായാമസെൽഫിയെടുത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തുനോക്കൂ. വ്യായാമം ചെയ്യാതെ മടിപിടിച്ചിരിക്കുന്നവർക്ക് അതൊരു പ്രചോദനമാകും. വ്യായാമ സെൽഫി കണ്ട് സുഹൃത്തുക്കളുടെ ഉഗ്രൻ കമന്റുകളും ലൈക്കുകളും കാണുമ്പോൾ നിങ്ങൾക്കും ഇത്തരം സെൽഫികൾ പോസ്റ്റ് ചെയ്യാൻ ഉൽസാഹം കൂടും.

വ്യായാമത്തിന്റെ വിഡിയോ സെൽഫിയും പരീക്ഷിക്കാം. വ്യായാമം കഴി‍ഞ്ഞ് ആവശ്യത്തിനു കലോറിയുള്ള പ്രഭാതഭക്ഷണം കഴിക്കുമ്പോൾ ഒരു ബ്രേക്ക്ഫാസ്റ്റ് സെൽഫി പോസ്റ്റ് ചെയ്യാം. കഴിക്കുന്ന ഭക്ഷണങ്ങൾക്കനുസരിച്ച് ഓരോ ദിവസവും ബ്രേക്ക്ഫാസ്റ്റ് സെൽഫി വ്യത്യസ്തമായിക്കോളും.

വൈകിട്ട് കൂട്ടുകാർക്കൊപ്പം നടക്കാൻ പോകുന്നെങ്കിൽ ഒരു വാക്കിങ് സെൽഫി പോസ്റ്റ് ചെയ്യാം. ഓരോ ദിവസവും വ്യത്യസ്തമായ സ്ഥലങ്ങളിലൂടെ നടന്ന് സെൽഫികള്‍ സുന്ദരമാക്കാം. അടുക്കളയിൽ പുതിയ വിഭവങ്ങൾ പരീക്ഷിക്കുന്നുണ്ടെങ്കിൽ അതു പാകം ചെയ്യുന്നതിന്റെ ഒരു വിഡിയോ സെൽഫി എടുക്കാൻ മറക്കണ്ട. റെസിപ്പി മറ്റുള്ളവർക്കു മനസ്സിലാക്കാനും ഇതു സഹായിക്കും.

അമ്മയാവുംമുമ്പ് അറിയേണ്ട ചിലത്...

ഏറ്റവും വികാരവിക്ഷോഭമുള്ള നിമിഷമാണ് പ്രഗ്നെൻസി ടെസ്റ്റിൽ പോസിറ്റീവ് റിസൽറ്റ് കാണുന്ന സമയം. എല്ലാവരോടും ആ സന്തോഷ വാർത്ത അറിയിക്കാൻ തോന്നുന്ന നിമിഷം. പക്ഷേ ധൃതി വയ്ക്കണോ, അൽപ്പം കാത്തിരുന്നുകൂടേ? വിദഗ്ധർ എന്ത് റയുന്നുവെന്നു നോക്കാം. നമ്മുടെ സാഹചര്യവും ആരോഗ്യവുമെല്ലാം ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്. ‌

ഗർഭവിവരം മറ്റുള്ളവരെ അറിയിക്കുന്നത് ആദ്യ മൂന്നുമാസം കഴിയഞ്ഞുമതിെയന്ന് ചിലർ പറയാറുണ്ട്. ഗർഭമലസലിന് ആദ്യത്തെ മൂന്നുമാസം സാധ്യത കൂടുതലാണ് എന്നതാണ് കാരണമായി പറയുന്നത്. ഗർഭമലസലിന്റെ 80 ശതമാനവും ആദ്യത്തെ മൂന്നുമാസമാണ് സംഭവിക്കുന്നത്. പക്ഷേ 12 ആഴ്ച കഴിയുമ്പോൾ ഗർഭമലസാനുള്ള സാധ്യത അഞ്ചു ശതമാനമായി കുറയും.

പ്രസവപൂർവ പരിശോധനയ്ക്കു ശേഷം

ആദ്യത്തെ മൂന്നുമാസം കഴിഞ്ഞുള്ള പ്രസവപൂര്‍വ പരിശോധനയ്ക്കു ശേഷം ഗര്‍ഭത്തെപ്പറ്റി പറയാനാണ്

ചില യുവതീയുവാക്കൾ ഇഷ്ടപ്പെടുന്നത്. ആദ്യത്തെ എ‌ട്ട് ആഴ്ചക്കു ശേഷമാണു സാധാരണ ഡോക്ടറെ കാണാൻ പോകാറുള്ളത്. ഈ സമയത്ത് അണുബാധ സാധ്യതയും കുട്ടിയുടെയും അമ്മയുടെയും ആരോഗ്യവുമുൾപ്പെടെ നിരീക്ഷണവിധേയമാക്കാനാകും.

പ്രസവിക്കാനുള്ള ആരോഗ്യവും മറ്റും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യാം.

ഗർഭമലസല്‍ സാധ്യത‌

മുമ്പ് എപ്പോഴെങ്കിലും ഗർഭമലസിയിട്ടുണ്ടെങ്കില്‍ വീണ്ടും സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്, അതിനാൽ ഡോക്ടറുടെ

പരിശോധനയിൽ എന്താണ് സാഹചര്യമെന്നു മനസിലാക്കാം, വേണ്ട മുൻകരുതൽ എടുത്തതിനു ശേഷം സന്തോഷകരമായ കാര്യം എല്ലാവരോടും പറയാം.‌

ആദ്യമേ പറഞ്ഞില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ

1. ബന്ധുക്കളു‌ടെയും സുഹൃത്തുക്കളുടെയും പരിചരണവും ശ്രദ്ധയും വേണ്ട സമയമാണ്. ഇതു നഷ്‌ടപ്പെടാം.

2. ജോലി ചെയ്യുന്ന ആളാണെങ്കിൽ, തൊഴിലുടമയോടു പറഞ്ഞില്ലെങ്കിൽ പ്രത്യേക പരിഗണന ചിലപ്പോൾ ലഭിച്ചെന്നു വരില്ല.

3. നമ്മുടെ പക്കൽ നിന്നല്ലാതെ സുഹൃത്തുക്കളും ബന്ധുക്കളും ഈ വിവരം അറിഞ്ഞാൽ ചിലപ്പോൾ പിണക്കത്തിനു കാരണമാകും.

40 കഴിഞ്ഞവര്‍ അറിയാന്‍

ഭക്ഷണത്തില്‍ വളരെയധികം പച്ചക്കറികള്‍ ഉപയോഗപ്പെടുത്തുക. അവയുടെ പോഷകാംശങ്ങള്‍ നിലനിര്‍ത്തുന്ന രീതിയില്‍ പാകംചെയ്യുക. നാം താമസിക്കുന്ന സ്ഥലത്ത് സുലഭമായി ലഭിക്കുന്ന സാധനങ്ങള്‍ ഭക്ഷണപദാര്‍ത്ഥങ്ങളായി തിരഞ്ഞെടുക്കുക.

# ഡോ. ജി. ഹരികുമാര്‍

ഫോര്‍ട്ടി പ്ലസ്. എന്തുകൊണ്ടും ഏറെ സന്തോഷം നല്‍കുന്ന കാലഘട്ടം. കുട്ടികള്‍ പഠിച്ച് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പോകുന്നു. ജോലിയില്‍ പ്രമോഷന്‍ ലഭിച്ച് നല്ല നിലയിലെത്തുന്നു. അതുമല്ലെങ്കില്‍ സ്ഥലവും വീടും സ്വന്തമാക്കുന്നു...

ഇങ്ങനെ നിരവധി നേട്ടങ്ങള്‍ കൊയ്യുന്ന കാലം. മറുവശത്ത് ഉത്തരവാദിത്വത്തിന്റെ പിരിമുറുക്കം, രോഗങ്ങളുടെ വരവ്, വ്യായാമക്കുറവ്, ക്രമംതെറ്റിയ ആഹാരരീതികള്‍, ഓര്‍മക്കുറവ് എന്നിവ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു.

പ്രായം ഏറിവരിക എന്നത് പ്രകൃതിയുടെ നിയമവും അതനുസരിച്ച് ശരീരമാറ്റങ്ങള്‍ ഉണ്ടാകുക എന്നത് അനിവാര്യതയുമാണ്. എന്നാല്‍ വൃദ്ധനായി എന്നത് ഒരു തോന്നല്‍ മാത്രമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ആരോഗ്യത്തെക്കുറിച്ചും ജീവിതചര്യകളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ജീവിതം മുഴുവന്‍ ആഹ്ലാദം നിറയ്ക്കാനാവും.

ഭക്ഷണം: ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് പ്രധാനം. 20-25 വയസ്സു കഴിഞ്ഞാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍വേണ്ട ഊര്‍ജം ലഭിക്കുന്നതിന്, ആവശ്യമായ ഭക്ഷണം മാത്രം മതി. ഇത് ചെറുപ്പക്കാര്‍ കഴിക്കുന്നതിന്റെ പകുതിയോളം മതിയാകും.

ഉദാഹരണത്തിന് 20-25 പ്രായത്തില്‍ ഒരാള്‍ 8 ഇഡ്ഡലി കഴിക്കുകയാണെങ്കില്‍ ഇപ്പോള്‍ അത് 3-4 മതിയാകും. അധികമായി കഴിക്കുന്നതില്‍നിന്നുള്ള ഊര്‍ജം കൊളസ്‌ട്രോളായും മറ്റും സംഭരിക്കുന്നതാണ് അപകടാവസ്ഥ. ഇത് പ്രമേഹംപോലുള്ള രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. കൂടാതെ ഈ പ്രായത്തില്‍ പൊതുവേ കായികാധ്വാനത്തിന്റെ തോത് കുറഞ്ഞുവരുകയും ചെയ്യുന്നു.

ഇറച്ചി, മുട്ട, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ ഉപേക്ഷിക്കുക. സാധിക്കുന്നില്ലെങ്കില്‍ അളവ് നല്ലവണ്ണം കുറയ്ക്കുക. ഉപ്പിലിട്ടത്, പപ്പടം, ബേക്കറി സാധനങ്ങള്‍, സോഫ്ട് ഡ്രിങ്ക്‌സ്, ടിന്‍ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക. വേണമെങ്കില്‍ മീന്‍കറി, മുട്ടയുടെ വെള്ള എന്നിവയാകാം. ചെറുമത്സ്യങ്ങളായ അയില, മത്തി, നെത്തോലി എന്നിവ നല്ലതാണ്.

ഭക്ഷണം നല്ലവണ്ണം ചവച്ച് സമയം എടുത്ത് കഴിക്കുക. ഇടവേളകളില്‍ വിശപ്പ് തോന്നുകയാണെങ്കില്‍ പഴങ്ങളോ പഴച്ചാറുകളോ കുടിക്കാം. അളവ് കുറയ്‌ക്കേണ്ട മറ്റ് ആഹാരസാധനങ്ങളാണ് ഉപ്പ്, പഞ്ചസാര, വറുത്തതും പൊരിച്ചതും മുതലായവ. പണ്ട് പൊതുവെ കണ്ടിരുന്നതും അടുത്തകാലത്ത് മലയാളികള്‍ തീരെ ഉപേക്ഷിച്ചതുമായ ഒരു ഭക്ഷണരീതിയാണ് മോര് കുടിക്കുക, മോര് കൂട്ടി ഊണ് കഴിക്കുക എന്നത്.

ഇന്ന് ഇതിന്റെ സ്ഥാനത്ത് തൈരിന്റെ ഉപയോഗം കൂടി. തൈര് അപകടകാരിയും മോര് രക്ഷകനും ആണ്. ശരീരത്തിനുള്ളില്‍ കടന്നുകൂടുന്ന വിഷാംശങ്ങള്‍ കുടലില്‍വെച്ചും കരളില്‍വെച്ചും നീക്കംചെയ്യാന്‍ മോരിന് കഴിവുണ്ട്.

ഭക്ഷണത്തില്‍ വളരെയധികം പച്ചക്കറികള്‍ ഉപയോഗപ്പെടുത്തുക. അവയുടെ പോഷകാംശങ്ങള്‍ നിലനിര്‍ത്തുന്ന രീതിയില്‍ പാകംചെയ്യുക. നാം താമസിക്കുന്ന സ്ഥലത്ത് സുലഭമായി ലഭിക്കുന്ന സാധനങ്ങള്‍ ഭക്ഷണപദാര്‍ത്ഥങ്ങളായി തിരഞ്ഞെടുക്കുക.

ഉദാഹരണത്തിന് നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ചക്ക, പൈനാപ്പിള്‍ എന്നിവ കുടലിലെ കാന്‍സറിനെ തടയുന്നതിനും പുളിച്ചിക്ക (പുളിക്ക) ഹൃദയത്തിലും രക്തക്കുഴലുകളിലും രക്തം കട്ടപിടിക്കുന്നതിനെ തടയുന്നതിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും പച്ചത്തേങ്ങ ബി.പി. കുറയ്ക്കുന്നതിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും പേരയ്ക്ക വിരശല്യം തടയുന്നതിനും ഫലവത്താണ്.

വ്യായാമം: വ്യായാമം ദിനചര്യയുടെ ഭാഗമാക്കണം. നടത്തം, ജോഗിങ്, കളികള്‍ എന്നിവയില്‍ ഏതെങ്കിലും 30 മുതല്‍ 60 വരെ മിനുട്ട് ചെയ്യുന്നത് നല്ലതായിരിക്കും. രാവിലെയുള്ള വ്യായാമമാണ് നല്ലത്. വ്യായാമത്തിന് മരുന്നിന്റെ ഫലം ലഭിക്കണമെങ്കില്‍ അത് സമയക്ലിപ്തതയോടുകൂടി ചെയ്യണം.

വ്യായാമം അധികം ആയാസകരമാകണമെന്നില്ല. ഒറ്റയ്ക്ക് സാമാന്യം സ്പീഡോടുകൂടി 40 മിനുട്ട് നടക്കുന്നത് ധാരാളം മതിയാകും. ഇത്തരം നടത്തം നിത്യേന ചെയ്യാന്‍ സാധിക്കാത്തവര്‍ വീട്ടില്‍ രണ്ടാംനിലയിലേക്കുള്ള പടികള്‍ പകുതിവരെ (8-10 വരെയുള്ള സ്റ്റെപ്‌സ്) കയറിയിറങ്ങിയാല്‍മതി. അതുമല്ലെങ്കില്‍ ജോലിസ്ഥലത്തുനിന്ന് വൈകീട്ട് ബസ്സില്‍ വരുമ്പോള്‍ ഉദ്ദേശം 3-5 കിലോമീറ്റര്‍ മുന്‍പേ ഇറങ്ങി നടന്ന് വീട്ടില്‍ പോയാല്‍ മതി.

വീട്ടില്‍ നമ്മള്‍ചെയ്യുന്ന ജോലികള്‍തന്നെ ആരോഗ്യദായകമായി മാറ്റാവുന്നതാണ്. ഷവറില്‍ കുളിക്കുന്നതിനുപകരം ബക്കറ്റില്‍ വെള്ളം നിറച്ച് ഒരു പാത്രംകൊണ്ട് കുനിഞ്ഞ് വെള്ളം കോരിക്കുളിച്ചാല്‍തന്നെ അത് നിത്യേന കൃത്യസമയത്തുള്ള വ്യായാമമായി മാറുന്നു.

സ്ത്രീകള്‍ക്ക് നിലം വൃത്തിയാക്കല്‍, തറ തുടയ്ക്കല്‍, ഇരുന്നുകൊണ്ട് കറിക്ക് അരിയല്‍, അരയ്ക്കല്‍, തേങ്ങ ചുരണ്ടല്‍ എന്നിവയെയും ഈ ഗണത്തില്‍ ഉള്‍പെടുത്താം. യൂറോപ്യന്‍ ക്ലോസറ്റുകള്‍ മാറ്റി ഇന്ത്യന്‍ ക്ലോസറ്റുകള്‍ ആക്കുകയാണെങ്കില്‍ കാല്‍മുട്ടിന്റെ തേയ്മാനം, വീക്കം എന്നിവ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും.

ശ്വാസസംബന്ധമായ വ്യായാമത്തിനുകൂടി സമയം കണ്ടെത്തുകയാണെങ്കില്‍ നന്ന്. അതില്‍ ഏറ്റവും പ്രധാനം ശ്വസനക്രിയ, പ്രാണായാമം എന്നിവ തന്നെയാണ്.

ഉറക്കം: ദിവസവും 6 മണിക്കൂറെങ്കിലും ഉറങ്ങുക. അത് മനസ്സിന് അയവ് നല്‍കുന്ന ഏതെങ്കിലും പ്രവൃത്തിയില്‍ വ്യാപൃതനായശേഷമായാല്‍ നന്ന്. ഉദാഹരണത്തിന് പാട്ട്പാടുക, കേള്‍ക്കുക, വരയ്ക്കുക, പെയിന്‍റിങ്, തയ്യല്‍, സെക്‌സ് എന്നിവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.

സൗഹൃദം: ധാരാളം സുഹൃത്തുക്കളുള്ളതും അവരുമായി സൗഹൃദം പങ്കിടുന്നതും ആശയവിനിമയം നടത്തുന്നതും നല്ലതാണ്. അത്യധികം വ്യക്തിപരമായ കാര്യങ്ങള്‍ ഏറ്റവും വിശ്വാസയോഗ്യരായ ഒന്നോ രണ്ടോ സുഹൃത്തുക്കളുമായി മാത്രമേ പങ്കിടാവൂ.

ഹോബി: ഏതെങ്കിലും ഒരു ഹോബി വളര്‍ത്തിയെടുക്കുന്നത് ജീവിതത്തിന്റെ വൈകിയവേളയില്‍ ഒറ്റപ്പെടല്‍ അനുഭവപ്പെടുമ്പോള്‍ ഏറെ ആശ്വാസംപകരും. പാടുക, സംഗീത ഉപകരണങ്ങള്‍ വായിക്കുക, പാട്ടു കേള്‍ക്കുക, ഗാര്‍ഡനിങ്, പാചകം, പക്ഷിമൃഗാദികളെ വളര്‍ത്തുക, വായന, കൗതുകവസ്തുക്കള്‍ ശേഖരിക്കുക എന്നിവ സമയംചെലവിടുന്നതിനുള്ള ഉപാധിയും പഠനമാര്‍ഗവുമായി മാറുന്നു.

വസ്ത്രധാരണം: മോടിയുള്ള വസ്ത്രധാരണം എപ്പോഴും നമുക്ക് ഉന്മേഷവും മനസ്സിന് കുളിര്‍മയും നല്‍കുന്നു.

ശീലങ്ങള്‍: വെറ്റില, പുകവലി, മദ്യം എന്നിവ ഉപയോഗിക്കുന്നവര്‍ ഇത് പൂര്‍ണമായും ഉപേക്ഷിക്കുക. മദ്യം ചെറിയ അളവില്‍ ആകാം എന്ന് പറയുന്നവരുണ്ടാകാം. പലപ്പോഴും അത് പരിധിയുടെ സീമ ലംഘിച്ച് അപകടകരമായ നിലയില്‍ എത്തും എന്നതാണ് സത്യം.

കംപ്യൂട്ടര്‍ ഉപയോഗം കൂടിയാല്‍

നിരന്തരം കൂനിക്കൂടിയിരുന്ന് ജോലി ചെയ്യുക, ദീര്‍ഘ നേരം ഏകാഗ്രതയോടെ ജോലിയില്‍ മുഴുകിയിരിക്കുക അശാസ്ത്രീയമായ തൊഴില്‍ച്ചിട്ടകള്‍ പുലര്‍ത്തുക എന്നിവയൊക്കെയാണ് രോഗബാധയുടെ പ്രധാന കാരണങ്ങള്‍.

കമ്പ്യൂട്ടറിന്റെ മോണിറ്ററില്‍ നിന്ന് മുഖമുയര്‍ത്താതെ കുത്തിയിരുന്നു ജോലി ചെയ്യുന്നതിനിടെ പലര്‍ക്കും കഴുത്തും നടുവും അനക്കാന്‍ പറ്റാതായിത്തീരാറുണ്ട് ചിലപ്പോള്‍. ഏറെ നേരം അമര്‍ന്നിരുന്നു കഴിയുമ്പോള്‍ ഇടുപ്പും നിതംബവുമൊക്കെ മരവിച്ചതു പോലെയാകും.

പക്ഷേ, നടുവേദനയും കൈകാലുകളുടെ അസ്വസ്ഥതയും വല്ലാത്ത ക്ഷീണവുമൊക്കെയായി ഇനി വയ്യേ... എന്ന നിലയായപ്പോഴാണ് എന്നാലൊരു ഡോക്ടറെ കണ്ടു കളയാം എന്ന് മിക്കവരും തീരുമാനിക്കുക. നിരന്തരമായി ആയാസമെടുക്കുന്നതു കൊണ്ടുള്ള പരിക്കുകള്‍ ആണ് ഈ അസ്വസ്ഥതകള്‍ക്കുള്ള കാരണം.

ഇടവേളയില്ലാതെ ജോലികള്‍ ചെയ്തു കൊണ്ടേയിരിക്കുന്നവര്‍ക്കുണ്ടാകുന്ന അസ്വസ്ഥതകളാണ് നിരന്തര ആയാസം മൂലമുള്ള പരിക്കുകള്‍ എന്നറിയപ്പെടുന്നത്. നമ്മുടെ നാട്ടില്‍ ഈ പ്രശ്‌നം ഏറ്റവും കൂടുതലായി കാണുന്നത് കമ്പ്യൂട്ടര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കിടയിലാണ്. കമ്പ്യൂട്ടര്‍ ജോലികള്‍ ചെയ്തു ജീവിക്കുന്നയാളുകള്‍ക്കിടയില്‍ അഞ്ചില്‍ നാലു പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള നിരന്തരായാസ പരിക്കുകള്‍ ഉണ്ടാകാനിടയുണ്ടെന്നാണ് അടുത്ത കാലത്ത് നടന്ന ചില പഠനങ്ങളില്‍ നിന്നുള്ള നിഗമനങ്ങള്‍.

മുഖ്യലക്ഷണങ്ങള്‍

 • കൈകാലുകള്‍ക്ക് വേദന.
 • കഴുത്തിനും നടുവിനും വേദനയും
 • അസ്വസ്ഥതയും
 • കൈകാലുകള്‍ക്ക് മരവിപ്പ്
 • ശരീരഭാഗങ്ങള്‍ക്ക് ശക്തിക്കുറവ്
 • അമിതമായ ക്ഷീണം
 • ശരീരഭാഗങ്ങളില്‍ നീര്‍വീക്കം
 • ചര്‍മത്തില്‍ അവിടവിടെ നിറം മാറ്റം

ജോലി ചെയ്യുന്ന രീതിയുടെ തകരാറുകളാണ് ഇത്തരത്തിലുള്ള മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം. നിരന്തരം കൂനിക്കൂടിയിരുന്ന് ജോലി ചെയ്യുക, ദീര്‍ഘ നേരം ഏകാഗ്രതയോടെ ജോലിയില്‍ മുഴുകിയിരിക്കുക അശാസ്ത്രീയമായ തൊഴില്‍ച്ചിട്ടകള്‍ പുലര്‍ത്തുക എന്നിവയൊക്കെയാണ് രോഗബാധയുടെ പ്രധാന കാരണങ്ങള്‍.

പ്രശ്‌നങ്ങള്‍ പലവിധം
നിരന്തരമായ ആയാസം മൂലമുണ്ടാകുന്ന പരിക്കുകള്‍ പല തരത്തില്‍ അനുഭവപ്പെടാറുണ്ട്. ഏതേത് ശരീര ഭാഗങ്ങളെയാണ് അസ്വസ്ഥതകള്‍ കൂടുതലായി ബാധിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമായും പ്രശ്‌നങ്ങളെ ഇനം തിരിക്കാറുള്ളത്. തൊറാസിക് ഔട്ട്‌ലെറ്റ് സിന്‍ഡ്രോം, മയോഫേഷ്യല്‍ പിന്‍ സിന്‍ഡ്രോം, കാര്‍പര്‍ ടണല്‍ സിന്‍ഡ്രോം, ടെന്റനൈറ്റിസ് തുടങ്ങിയവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം.

കൈകള്‍ക്ക് ബലക്കുറവ്
തൊറാസിക് ഔട്ട്‌ലെറ്റ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന രോഗാവസ്ഥയിലാണ് കൈകള്‍ക്ക് ബലക്കുറവും മരവിപ്പും അനുഭവപ്പെടുന്നത്. കഴുത്തില്‍ നിന്ന് കൈകളിലേക്ക് വരുന്ന ഞരമ്പുകളും രക്തക്കുഴലുകളും നാഡികളും ഞെരുങ്ങുന്നതു മൂലമുണ്ടാകുന്ന രോഗാവസ്ഥയാണിത്. ഏറെ നേരം ഒരേ തരത്തില്‍ കുനിഞ്ഞിരുന്ന് കൈവിരലുകള്‍ ചലിപ്പിച്ച് ജോലി ചെയ്യുമ്പോള്‍ കൈകളില്‍ നിന്നുള്ള നാഡികള്‍ക്ക് അമിതായാസം അനുഭവപ്പെടും. ഇങ്ങനെ നാഡികള്‍ ഞെരുങ്ങുമ്പോള്‍ കൈകള്‍ക്ക് ബലക്കുറവും മരവിപ്പും അനുഭവപ്പെടും.

പേശിവേദന
കഴുത്ത്, തോള്‍, നടുവ്, കൈമുട്ട് തുടങ്ങിയ ഭാഗങ്ങളിലെ പേശികള്‍ വലിയുകയും പിണയുകയും ചെയ്യുന്നതിനാല്‍ വേദന അനുഭവപ്പെടുന്ന ഈ രോഗാവസ്ഥയ്ക്ക് മയോഫേഷ്യല്‍ സിന്‍ഡ്രോം എന്നു പറയുന്നു. വളരെയേറെ സമയം ഉപയോഗിച്ചു കൊണ്ടേയിരിക്കുന്ന പേശികള്‍ക്കാണ് ഇത്തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടാറുള്ളത്.

കൈകളില്‍ വേദനയും തരിപ്പും
വളരെ വ്യാപകമായി കാണുന്നതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ രോഗാവസ്ഥയാണ് കാര്‍പല്‍ ടണല്‍. മുഖ്യമായും കൈപ്പത്തിയിലാണ് ഈ പ്രശ്‌നം അനുഭവപ്പെടാറുള്ളത്. കൈക്കുഴയില്‍ നാഡികള്‍ കടന്നു പോകുന്ന രണ്ടു പ്രധാനഭാഗങ്ങളാണ് കാര്‍പല്‍ ടണലും ക്യുബൈറ്റല്‍ ടണലും.

കൈവിരലുകളും കൈപ്പത്തിയും ഉപയോഗിച്ച് നിരന്തരമായി ജോലി ചെയ്യുമ്പോള്‍ കൈപ്പത്തിയിലെ നാഡികള്‍ ഞെരുങ്ങുകയും അതിനാല്‍ വേദനയും തരിപ്പും അനുഭവപ്പെടുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്നോ ക്യുബൈറ്റല്‍ ടണല്‍ സിന്‍ഡ്രോം എന്നോ അറിയപ്പെടുന്ന ഈ രോഗം കമ്പ്യൂട്ടറുപയോഗിക്കുന്ന നല്ലൊരു പങ്ക് ആളുകളിലും ഏറിയോ കുറഞ്ഞോ കാണാറുള്ളതാണ്. കൈപ്പത്തിയിലോ കൈവിരലുകളിലോ മരവിപ്പ്, വേദന, കഴപ്പ് തുടങ്ങി പല അസ്വസ്ഥതകളും ഇതു മൂലം ഉണ്ടാകാറുണ്ട്.

വേദനയും നീര്‍ക്കെട്ടും
കൈപ്പത്തികള്‍, കൈമുട്ടുകള്‍, തോള്‍ തുടങ്ങിയ സന്ധി ഭാഗങ്ങളിലും മറ്റും നീര്‍ക്കെട്ടും വേദനയുമുണ്ടാകുന്ന രോഗാവസ്ഥയാണ് ടെന്റനൈറ്റിസ്. അസ്ഥികളെയും പേശികളെയും ബന്ധിപ്പിക്കുന്ന ടെന്‍ഡനുകള്‍ എന്ന പേശീനാരുകള്‍ക്ക് തുടര്‍ച്ചയായുള്ള അമിതായാസം മൂലം നീര്‍ക്കെട്ട് അനുഭവപ്പെടുന്നതാണ് രോഗ കാരണം. നീര്‍ക്കെട്ടും വേദനയും മൂലം ആ ഭാഗം ശരിക്ക് ഉപയോഗിക്കാന്‍ കഴിയാതെ വരികയും ബലക്കുറവ് അനുഭവപ്പെടുകയുമൊക്കെ ചെയ്യുന്നത് സാധാരണയാണ്.

ചികിത്സ
ജീവിതശൈലിയുടെയും ശാരീരിക നിലകളുടെയും പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകളായതുകൊണ്ടുതന്നെ മരുന്നുകള്‍ നല്‍കി മാത്രം ഭേദമാക്കാവുന്ന രോഗമല്ല ഇവ. ശരീര നിലകള്‍ കറക്റ്റു ചെയ്യുക, ജോലി ചെയ്യുന്ന രീതിയും സമ്പ്രദായങ്ങളും ശരിപ്പെടുത്തുക ഇരിപ്പിന്റെയും നില്പിന്റെയും രീതികള്‍ ഏറ്റവും ആരോഗ്യകരമാക്കാന്‍ ശ്രദ്ധിക്കുക, ശരിയായ നിലകളെന്തെന്ന് പഠിക്കുക തുടങ്ങിയവയാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനം. പേശികള്‍, നാഡികള്‍, സന്ധികള്‍ എന്നിവിടങ്ങളിലൊക്കെ സ്വാധീനം ചെലുത്തുന്ന തരത്തില്‍ ചികിത്സകള്‍ ക്രമീകരിക്കണം.

പ്രധാനമായും ഫിസിയോതെറാപ്പി ചികിത്സകളാണ് ഇതിനു വേണ്ടി വരിക. പേശികളില്‍ ഉണ്ടാകുന്ന കെട്ടുകള്‍ എന്നറിയപ്പെടുന്ന ട്രിഗര്‍ പോയിന്റുകളെ ഭേദമാക്കുന്ന മയോ തെറാപ്പി, പേശികളുടെയും പേശികളെ ചുറ്റിയുള്ള കവചങ്ങളുടെ (Fascia) മുറുക്കം കുറയ്ക്കുന്ന മയോഫേഷ്യല്‍ റിലീസ് തെറാപ്പി തുടങ്ങിയവയാണ് ഫിസിയോ തെറാപ്പിയില്‍ പ്രധാനമായും ചെയ്യുന്ന പ്രാഥമിക ചികിത്സകള്‍.

വിട്ടുമാറാത്ത ക്ഷീണത്തിന് പിന്നില്‍

ക്ഷീണത്തിനുപിന്നില്‍ പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത കാരണങ്ങളുണ്ടാകാം. അവയെക്കുറിച്ചറിയാം.

കഠിനമായ ജോലി, ദീര്‍ഘയാത്ര, രാത്രിയിലെ ഉറക്കമിളപ്പ് ഇവയെല്ലാം ആരിലും ക്ഷീണമുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? തീര്‍ച്ചയായും പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത കാരണം അതിനുപിറകിലുണ്ടാകും. അവയില്‍ മിക്കവയും സ്വയമേവ പരിഹാരിക്കാവുന്നവയുമാകാം. ശരീരത്തിന് ക്ഷീണം അനുഭവപ്പെടാനിടയാക്കുന്ന ചില കാരണങ്ങള്‍ ഇനി പറയുന്നു:

ഉറക്കക്കുറവ്
ആവശ്യമായ ഉറക്കം ലഭിക്കാത്തത് പിറ്റേന്ന് കലശമായ ക്ഷീണത്തിനിടയാക്കും. മുതിര്‍ന്നവര്‍ക്ക് ഏഴുമുതല്‍ എട്ടുമണിക്കൂര്‍വരെ ഉറക്കം ആവശ്യമാണ്.കമ്പ്യൂട്ടറും മൊബൈലും ടെലിവിഷനും ഒഴിവാക്കി കിടപ്പുമുറിയെ ഉറക്കത്തിനായി സജ്ജമാക്കുക. എന്നിട്ടും ഉറക്കം അനുഗ്രഹിക്കുന്നില്ലെങ്കില്‍ വൈദ്യസഹായം തേടുക.

ഉറക്കത്തിലെ ശ്വാസതടസ്സം
കൃത്യമായി ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങുന്നുവെന്ന് കരുതുന്നവര്‍പോലും ഇത്തരമൊരു പ്രശ്‌നത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നില്ല. ഉറക്കത്തിനിടെ കുറച്ചുനേരം ശ്വാസത്തിന് തടസ്സം നേരിടുന്ന സ്ലീപ്പ് ആപ്നിയ എന്ന രോഗാവസ്ഥയാണ് പ്രശ്‌നക്കാരന്‍. ഇതോടെ ഉറക്കത്തില്‍നിന്നുണരുന്നത് സ്വാഭാവികം. വീണ്ടും ഉറങ്ങുമെങ്കിലും നിദ്രയുടെ സ്വാഭാവികത നഷ്ടപ്പെടുന്നത് ഉന്മേഷം ഇല്ലാതാക്കും. തടി കുറയ്ക്കുക, പുകവലി ഒഴിവാക്കുക തുടങ്ങിയവയാണ് ഉറക്കത്തിലെ ശ്വാസതടസ്സം ഒഴിവാക്കാനുള്ള മാര്‍ഗം.

ഭക്ഷണക്കുറവ്
വളരെക്കുറച്ച് ഭക്ഷണം കഴിക്കുന്നതും അനാരോഗ്യകരമായത് കഴിക്കുന്നതും ക്ഷീണത്തിന് കാരണമാകും. രക്തത്തിലെ പഞ്ചസാര കൃത്യമായ അളവില്‍ ഉണ്ടായാലേ ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയില്‍ നടക്കൂ. പ്രാതല്‍ കൃത്യമായി കഴിക്കുക, പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റുകളും ശരിയായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക ഇവയില്‍ പ്രധാനമാണ്.

രക്തക്കുറവ്
സ്ത്രീകളില്‍ ക്ഷീണമുണ്ടാകുന്നതിന് പ്രധാന കാരണം രക്തക്കുറവാണ്. ശരീരകലകളിലേക്കും അവയവങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കുന്ന ചുവന്ന രക്താണുക്കള്‍ കുറയുന്നത് ക്ഷീണമുണ്ടാക്കും.
പ്രത്യേക ശാരീരികാവസ്ഥകള്‍ പരിഗണിച്ച് ഇരുമ്പു സത്ത് കലര്‍ന്ന ഭക്ഷണം സ്ത്രീകള്‍ കൂടുതലായി കഴിക്കണം.

വിഷാദരോഗം
വിഷാദരോഗം മാനസികരോഗത്തിന്റെ ഗണത്തില്‍പ്പെടുത്താമെങ്കിലും അതുണ്ടാക്കുന്ന ശാരീരികപ്രശ്‌നങ്ങള്‍ ചെറുതല്ല. തലവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവ ഉദാഹരണങ്ങള്‍. രണ്ടാഴ്ചയിലേറെ ക്ഷീണം നീണ്ടുനില്‍ക്കുകയാണെങ്കില്‍ വൈദ്യസഹായം തേടുകയാണ് ഗുണകരം.

തൈറോയ്ഡ് പ്രശ്‌നങ്ങള്‍
കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ശരീരത്തിന്റെ നിരവധി പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്നത് ക്ഷീണത്തിന് കാരണമാകുന്നു.

കഫീന്‍ അമിതമായാല്‍
കാപ്പിപോലെ കഫീനടങ്ങിയ പാനീയങ്ങള്‍ മിതമായി കഴിക്കുന്നത് ഉന്മേഷമുണ്ടാക്കും. എന്നാല്‍ ഇവയുടെ ഉപയോഗം അമിതമായാല്‍ ഹൃദയമിടിപ്പ് വര്‍ധിക്കുക, രക്തസമ്മര്‍ദം കൂടുക തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും. ക്ഷീണവുമുണ്ടായേക്കും. കാപ്പിയില്‍ മാത്രമല്ല ചോക്‌ളേറ്റ്, ശീതളപാനീയങ്ങള്‍ തുടങ്ങിയവയിലും കഫീനടങ്ങിയിട്ടുണ്ട്.

പ്രമേഹം
രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയാലും കടുത്ത ക്ഷീണമുണ്ടാകും. ഇന്‍സുലിന്റെ അഭാവത്താല്‍ ഈ പഞ്ചസാര ഊര്‍ജമാക്കി മാറ്റാന്‍പറ്റാത്തതാണ് കാരണം. തുടര്‍ച്ചയായി ഇത്തരം ശാരീരികാവസ്ഥ അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.

നിര്‍ജലീകരണം
ഓഫീസിലിരുന്ന് ജോലി ചെയ്യുന്നവരും പുറത്ത് ജോലിചെയ്യുന്നവരും ആവശ്യത്തിന് വെള്ളം കുടിക്കണം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാനും ശരീരം തണുപ്പിക്കാനും വെള്ളം വേണം. വ്യായാമംചെയ്യുന്നവര്‍ അതിനുമുന്‍പും ശേഷവും അധികമായി വെള്ളം കുടിക്കണം.

ഹൃദ്രോഗം
ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍പോലും ക്ഷീണം അനുഭവപ്പെടുകയും അത് മാറാതെ നില്‍ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഹൃദയത്തെക്കുറിച്ച് ഒരല്‍പ്പം കരുതല്‍ വേണം.
ഉദാഹരണത്തിന് സാധാരണ നടക്കുന്ന ദൂരം നടക്കാന്‍ കഴിയാതെ വരിക, കോണിപ്പടി കയറുമ്പോള്‍ പതിവിന് വിപരീതമായി കിതയ്ക്കുക തുടങ്ങിയവ ക്ഷീണത്തിനുള്ള മറ്റൊരു കാരണമാകാം.

ഭക്ഷ്യ അലര്‍ജി
ഭക്ഷ്യവസ്തുക്കള്‍ വഴിയുള്ള ചിലയിനം അലര്‍ജി അകാരണമായ ക്ഷീണത്തിന് കാരണമാകുമെന്ന് ആരോഗ്യവിഗദഗ്ധര്‍ പറയുന്നു.

മൂത്രനാളിയിലെ അണുബാധ
സാധാരണയായി ഇത്തരത്തില്‍ അണുബാധയുണ്ടാകുമ്പോള്‍ വേദന പതിവാണ്. എന്നാല്‍ എല്ലായ്‌പ്പോഴും ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല.

കടുത്ത ക്ഷീണം ഒരു ലക്ഷണമാകാം. ലാബ് പരിശോധന നടത്തി ഇക്കാര്യം കണ്ടെത്തണം. മേല്‍പ്പറഞ്ഞ കാരണങ്ങളൊന്നുമില്ലാതെയും ക്ഷീണം അനുഭവപ്പെടാം. ആഴ്ചയില്‍ അഞ്ചുദിവസം 30 മിനിറ്റ് വ്യായാമം ചെയ്താല്‍ ഉന്മേഷം വീണ്ടെടുക്കാം.

ടെലിവിഷൻ കാണുന്ന കുട്ടികളുടെ സർഗശേഷി നശിക്കും

കുട്ടികൾ തുടർച്ചയായി ടെലിവിഷൻ കാണുന്നത് അവരുടെ കണ്ണിനും ആരോഗ്യത്തിനും ഗുണകരമല്ലെന്ന് നമുക്കറിയാം. എന്നാൽ, കുട്ടികൾ തുടർച്ചയായി 15 മിനിറ്റ് ടെലിവിഷൻ കണ്ടാൽപോലും അവരുടെ സർഗാത്മകതയും ഭാവനാശേഷിയും കുറയുമെന്നാണ് ബ്രിട്ടനിലെ സ്റ്റാഫോർഡ്ഷെയർ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തൽ. 

ടെലിവിഷനിൽ കാർട്ടൂണുകൾ കണ്ടുകഴിഞ്ഞാൽ കുട്ടികളുടെ ജന്മനായുള്ള പല സർഗശേഷികളും കുറയുന്നതായി തെളിഞ്ഞതായി പഠനത്തിന് നേതൃത്വംനൽകിയ സാറ റോസ് പറഞ്ഞു.

പുസ്തകങ്ങൾ വായിക്കുന്പോഴും ജിഗ്സോ പസിലുകൾ ഉപയോഗിച്ച് കളിക്കുന്പോഴും കുട്ടികളുടെ ഭാവനാശേഷി ഉണരുമ്പോൾ കാർട്ടൂണുകൾ ജന്മനായുള്ള സർഗാത്മകതയെപ്പോലും പ്രതികൂലമായി ബാധിക്കുന്നതായാണ് പഠനസംഘത്തിന്റെ മുന്നറിയിപ്പ്.

ടെലിവിഷൻ പരിപാടികൾ കുട്ടികളുടെ പഠനത്തിന് സഹായമാകുമെന്നാണ് ആളുകൾക്കിടയിലെ പൊതുവായ ധാരണയെങ്കിലും തങ്ങളുടെ പഠനറിപ്പോർട്ട് ഇത് അംഗീകരിക്കുന്നില്ലെന്ന് സാറയും സഹപ്രവർത്തകരും പറഞ്ഞു.

മൂന്നുവയസ്സിനുമുകളിലുള്ള ഒരു സംഘം കുട്ടികളെ ടെലിവിഷൻ കാണിച്ചും പുസ്തകങ്ങളും ജിഗ്സോ പസിലുകളും നൽകിയും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ടെലിവിഷൻ കണ്ടുകഴിഞ്ഞയുടൻ കുട്ടികളിൽ അവരുടെ ഭാവനാശേഷി കുറഞ്ഞതായും പുസ്തകങ്ങൾ വായിച്ച കുട്ടികളിലും ജിഗ്സോ പസിലുകളുപയോഗിച്ച് കളിച്ച കുട്ടികളിലും പതിവിലും കവിഞ്ഞ ഭാവനശേഷി ഉണർന്നതായും തെളിഞ്ഞതായി സാറയും സംഘവും അവകാശപ്പെട്ടു.  

ബെൽഫെസ്റ്റിൽ നടന്ന ബ്രിട്ടീഷ് സൈക്കോളജിക്കൽ ഡെവലപ്പ്മെന്റ് സമ്മേളനത്തിലാണ് സാറയും സംഘവും പഠനറിപ്പോർട്ട് അവതരിപ്പിച്ചത്.

വെളുത്തുമിനുത്ത മുഖംവേണോ?

മുഖലേപം ഉപയോഗിക്കുമ്പോള്‍ അറിയേണ്ടകാര്യങ്ങള്‍...

വെളുത്തു മിനുത്ത മുഖം എല്ലാവരുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ മോഹമാണ്. ഈ ആഗ്രഹത്തെ ചൂഷണം ചെയ്തുകൊണ്ടാണ് ഫേസ്‌ക്രീമുകള്‍ (മുഖലേപങ്ങള്‍) വിപണിയില്‍ തള്ളിക്കയറ്റം നടത്തുന്നത്. ഇവയില്‍ത്തന്നെ ആയുര്‍വേദിക് ക്രീമുകള്‍ക്ക് പ്രിയം കൂടുതലാണ്. എന്നാല്‍, ഇവയുടെ ഉപയോഗത്തിന് ആയുര്‍വേദത്തില്‍ പറയുന്ന യഥാര്‍ഥ മുഖലേപവുമായി യാതൊരു ബന്ധവും ഇല്ല. മാത്രമല്ല ഇവ ആയുര്‍വേദ തത്ത്വങ്ങള്‍ക്ക് വിപരീതവുമാണ്.

നിലവില്‍ ഉപയോഗിക്കുന്ന മിക്ക ക്രീമുകളിലും രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ക്രീമുകള്‍ മുഖത്തു പുരട്ടുന്നത് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി കാണുന്നു. ഇതുമൂലം ചിലര്‍ക്ക് മുഖത്ത് കുരുക്കള്‍, ചുട്ടുനീറ്റല്‍, കറുപ്പുനിറം എന്നിവ ഉണ്ടാകുന്നുണ്ട്. ചെറുപ്രായത്തില്‍ ഇത്തരം ക്രീമുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്, മധ്യവയസ്സില്‍ മുഖത്ത് കറുപ്പുനിറം ഉണ്ടാക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഇത്തരം മുഖലേപങ്ങള്‍ തൊലിയുടെ ഉപരിതലത്തിലെ കോശങ്ങളെ നശിപ്പിക്കുന്നു. അതാണ് നിറംമാറ്റം വരുന്നതിനു നിദാനം. ഇതിന്റെ ഫലമായി തൊലിയുടെ സാധാരണ രോഗപ്രതിരോധശേഷി ഇല്ലാതാകും. ഇതു രോഗബാധ എളുപ്പമാക്കുന്നു.

മുഖത്തു കുരുക്കള്‍, കറുത്തപാടുകള്‍, പഴുപ്പ് തുടങ്ങി കാന്‍സര്‍വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുറം തൊലി നശിക്കന്നതുകൊണ്ട് വെയിലുകൊണ്ടാല്‍ പൊള്ളലും ചുവപ്പുനിറവും കുരുക്കള്‍ എന്നിവയും ഉണ്ടാകുന്നു. ക്രീമുകളില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും സൂര്യപ്രകാശം തട്ടുമ്പോള്‍ കറുത്ത നിറമായി മാറുന്നതാണ്.

യഥാര്‍ഥ മുഖലേപം തൊലിയുടെ രോഗപ്രതിരോധശേഷി കൂട്ടുന്നതായിരിക്കണം. രക്തചംക്രമണം ശരിയാക്കുന്നതും ആയിരിക്കണം. ആയുര്‍വേദത്തില്‍ വിധിക്കുന്ന മുഖലേപത്തിന്റെ ശാസ്ത്രീയത ഇതാണ്. അതു മനസ്സിലാക്കി വേണം മുഖലേപം ഉപയോഗിക്കേണ്ടത്.

തൊലി രണ്ടുവിധമുണ്ട്. വരണ്ടത്, എണ്ണമയമുള്ളത് എന്നിങ്ങനെ. ഇതു രണ്ടുമല്ലാത്ത സാധാരണ ചര്‍മവും കാണപ്പെടുന്നു.
ആഹാരത്തിന്റെ സ്വഭാവമനുസരിച്ച് ത്വക്കിനു മാറ്റം ഉണ്ടാകും. അതുപോലെ കാലാവസ്ഥയ്ക്കനുസരിച്ചും തൊലിയില്‍ വ്യത്യാസം
കാണപ്പെടും. അതുകൊണ്ട് തൊലിയുടെ സ്വഭാവത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള ഔഷധം വേണം മുഖത്ത് ലേപനം ചെയ്യാന്‍.

ആയുര്‍വേദത്തില്‍ മൂന്നുവിധത്തില്‍ മുഖലേപത്തെക്കുറിച്ച് പറയുന്നുണ്ട്
ദോഷത്തെ ശമിപ്പിക്കുന്നത്:- ഇതു മുഖത്തുണ്ടാകുന്ന രോഗങ്ങള്‍ക്കനുസരിച്ച് യുക്തമായ ഔഷധങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ്.

വിഷശമനം:- അന്തരീക്ഷ മലിനീകരണം മൂലം മുഖത്ത് പലവിധ വിഷവസ്തുക്കളും അടിഞ്ഞുകൂടി പലവിധ ഉപദ്രവങ്ങളും ഉണ്ടാക്കും. അതുപോലെ സോപ്പുകള്‍, ക്രീമുകള്‍ എന്നിവയുടെ അത്യുപയോഗം പല വിഷവികാരങ്ങളും ഉണ്ടാക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ വിഷശമനമായ ഔഷധങ്ങള്‍ കൊണ്ട് മുഖത്തു ലേപനം ചെയ്യാം.

വര്‍ണം ഉണ്ടാക്കുന്നത്:- മുഖത്തിനു മിനുസവും തിളക്കവും ഉണ്ടാക്കുന്ന ഔഷധങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്.

ഇത്തരത്തില്‍ നിറമുണ്ടാക്കുന്ന പല ഔഷധങ്ങളും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ചും ശരീരപ്രകൃതിക്കനുസരിച്ചും വേണം ലേപന ഔഷധങ്ങള്‍ തിരഞ്ഞെടുക്കാന്‍. ചൂടോടുകൂടിയും തണുപ്പിച്ചും ലേപനം ചേയ്യേണ അവസ്ഥകള്‍ ഉണ്ട്. രോഗാവസ്ഥയില്‍ ഒരു സെന്‍റിമീറ്റര്‍ കനത്തില്‍ വേണം ലേപനം ചെയ്യാന്‍. വിഷശമനത്തിനായി നാലിലൊന്ന് സെ.മീ. കനത്തിലും നിറം ലഭിക്കാന്‍ മൂന്നിലൊന്നു സെ.മീ. കനത്തിലും ലേപനം ചെയ്യുന്നു.

ഔഷധങ്ങള്‍ യുക്തമായ ദ്രവത്തില്‍ അരച്ചുവേണം ലേപനം ചെയ്യാന്‍. മരുന്നുകള്‍ തരി ഒട്ടുമില്ലാതെ സൂക്ഷ്മമായി അരയ്ക്കണം. ശുദ്ധജലം, പനിനീര്‍, പാല്‍, മോര്, വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, തേന്‍ എന്നിവയാണ് സാധാരണ ചേര്‍ക്കാന്‍ വിധിക്കുന്ന ദ്രവ്യങ്ങള്‍.

ഇവ അവസ്ഥാനുസരണം ഉപയോഗച്ചാല്‍ യഥാര്‍ഥ ഫലം ലഭിക്കും. ഏലാദി ചൂര്‍ണം, മുഖദൂഷികാദി ലേപം, ത്രിഫല ചൂര്‍ണം, നാല്പാമരാദി ചൂര്‍ണം എന്നിവ സാമാന്യമായി ലേപനത്തിന് ഉപയോഗിക്കുന്ന ഔഷധങ്ങളാണ്.
ഋതുക്കള്‍ക്കനുസരിച്ചുള്ള മുഖലേപം

മഞ്ഞുകാലം, മഴക്കാലം, ചൂടുകാലം എന്നിവയുടെ മാറ്റത്തിനനുസരിച്ച് ആറ് ഋതുക്കള്‍ ഉണ്ട്. ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നിവയാണ് അവ. ഋതുക്കള്‍ക്കനുസരിച്ച് അന്തരീക്ഷത്തില്‍ മാറ്റം കാണപ്പെടും. അതനുസരിച്ച് ചര്‍മത്തിനും വ്യത്യസ്തത അനുഭവപ്പെടും. അതിനാല്‍ ഋതുക്കള്‍ക്കനുസരിച്ചുള്ള ചര്‍മസംരക്ഷണം വേണ്ടിവരുന്നു. ആയുര്‍വേദത്തില്‍ ഓരോ ഋതുവിലും പ്രത്യേകം പ്രത്യേകം മുഖലേപം വിധിക്കുന്നുണ്ട്. ഈ ലേപങ്ങള്‍ വളരെ ഫലപ്രദവും ആണ്.


ശിശിരകാലം:- (മകരം, കുംഭം മാസം): ഈ സമയത്ത് കണ്ടകാരി വേര്, കറുത്ത എള്ള്, മരമഞ്ഞള്‍ തൊലി, തൊലികളഞ്ഞ യവം എന്നിവ യുക്തമായ ദ്രവ്യത്തില്‍ അരച്ച് മുഖത്ത് ലേപനം ചെയ്യാം.
വസന്തകാലം:- (മീനം-മേടം): ഈ കാലത്ത് ദര്‍ഭവേര്, ചന്ദനം, രാമച്ചം, നെന്മേനി വാക, ശതകുപ്പ, പച്ചരി എന്നിവ ചേര്‍ത്ത് ലേപനത്തിന് ഉപയോഗിക്കുന്നു.
ഗ്രീഷ്മകാലം:- (എടവം-മിഥുനം): ആമ്പല്‍ക്കിഴങ്ങ്, ചെങ്ങെഴുനീര്‍ കിഴങ്ങ്, സൗഗന്ധിക പുഷ്പം, കറുക, ഇരട്ടിമധുരം, ചന്ദനം എന്നിവ ചേര്‍ത്ത് ലേപനം ആവാം.
വര്‍ഷകാലം:- (കര്‍ക്കടകം-ചിങ്ങം): ഈ ഋതുവില്‍ ചന്ദനം, എള്ള്, രാമച്ചം, ജടാമാഞ്ചി, തകര, പതിമുഖം എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.
ശരത്കാലം:- (കന്നി-തുലാം): ഈ സമയത്ത് താലീസപത്രം, പൊട്ടപ്പുല്ല്, പുണ്ഡരികക്കരിമ്പ്, ഇരട്ടിമധുരം, കുശപ്പുല്ല്, ആറ്റുദര്‍ഭ, തകര, അകില്‍ എന്നിവ ഫലപ്രദമാണ്.
ഹേമന്തകാലം:- (വൃശ്ചികം-ധനു): ഇക്കാലത്തേക്കായി ലന്തപ്പരിപ്പ്, ആടലോടകവേര്, പാച്ചൊറ്റിത്തൊലി, വെളുത്ത കടുക് എന്നിവ വിധിക്കുന്നു.

കാലാവസ്ഥയ്ക്കനുസരിച്ച് മേല്പറഞ്ഞ ഔഷധങ്ങള്‍ നന്നായി അരച്ച് മുഖത്ത് ലേപനം ചെയ്യണം. ലേപം ഉണങ്ങിപ്പിടിക്കുന്നതിനു മുന്‍പുതന്നെ എടുത്തുകളയണം. അല്ലെങ്കില്‍ ഇടയ്ക്കിടെ നനച്ചുകൊണ്ടിരിക്കണം. ഏകദേശം 10 മിനിറ്റുനേരം ലേപം മുഖത്തു നിര്‍ത്തിയാല്‍ മതി. ഇതു നീക്കം ചെയ്യുന്നത്, പാലുകൊണ്ടോ മറ്റു ദ്രവങ്ങളെക്കൊണ്ടോ നനച്ചുവേണം.

തുടര്‍ന്ന് മുഖത്ത് വെളിച്ചെണ്ണ തേച്ച് തിരുമ്മി കഴുകിക്കളയണം. മുഖലേപനം ചെയ്യുന്ന ദിവസങ്ങളില്‍ പകല്‍ ഉറങ്ങരുത്. തീയിന്റെ ചൂട്, വെയില്‍ എന്നിവയും ഏല്ക്കരുത്. അധികം സംസാരിക്കുക, ദേഷ്യപ്പെടുക, വ്യസനിക്കുക എന്നിവ പാടില്ലാത്തതാണ്. കാരണം അതുകൊണ്ട് മുഖത്ത് രക്തചംക്രമണം വ്യത്യാസപ്പെടുകയും വിപരീതഫലം ഉണ്ടാവുകയും ചെയ്യും. ജലദോഷം, ദഹനക്കേട്, കടുത്ത വേദന എന്നിവ ഉള്ളവര്‍, ഉറക്കമൊഴിച്ചിരിക്കേണ്ടിവരുന്നവര്‍, മൂക്കില്‍ മരുന്നുറ്റിക്കുന്നവര്‍ തുടങ്ങിയവര്‍ ഈ സമയത്ത് മുഖലേപം പ്രയോഗിക്കരുത്.

ഗുണങ്ങള്‍: ശരിയായി മുഖലേപം ഉപയോഗിച്ചാല്‍ അകാലത്തിലുള്ള ജരാനരകള്‍, കരിമുഖം, തിമിരരോഗം, മുഖത്തുണ്ടാകുന്ന പാടുകള്‍ എന്നിവ ഇല്ലാതാകും. കണ്ണിനു കാഴ്ചശക്തി വര്‍ധിക്കും. മുഖം എല്ലായേ്പാഴും പ്രസന്നവും മിനുസമുള്ളതും താമരപ്പൂപോലെ മനോജ്ഞവും ആയിരിക്കും. ശാസ്ത്രീയമായുള്ള മുഖലേപനത്തോടൊപ്പം, ധാരാളം വെള്ളം കുടിക്കുകയും പോഷകപ്രധാനവും സാത്വികവുമായ ആഹാരം ശീലിക്കുകയും വേണം. സര്‍വോപരി മാനസികമായ ശാന്തതയും സന്തോഷവും മുഖത്തിന് ആരോഗ്യവും സൗന്ദര്യവും ഉണ്ടാകും. മുഖം മനസ്സിന്റെ കണ്ണാടിയാണല്ലോ.

ഡോ. ശ്രീകൃഷ്ണന്‍

പല്ലുവേദന ഒരു സൂചനമാത്രം

ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഒരു 'അപായമണി'യായി വേണം ദന്തക്ഷയത്തെയും മോണരോഗത്തെയും കാണാന്‍.

ന്താരോഗ്യ സംരക്ഷണത്തില്‍ പൊതുവേ ഉദാസീനരാണ് നമ്മള്‍ മലയാളികള്‍. പല്ലിന്റെ കേടും മോണരോഗവും മൂര്‍ച്ഛിക്കുമ്പോഴല്ലാതെ നമ്മളില്‍ പലരും ഒരു ദന്തഡോക്ടറെ കാണുക പതിവില്ല.

പക്ഷേ, അങ്ങനെ അവഗണിച്ചു തള്ളേണ്ടതാണോ ദന്തക്ഷയവും മോണ രോഗവും? അല്ല എന്നാണ് വാഷിങ്ടണ്‍ സ്‌കൂള്‍ ഓഫ് ഡന്‍റിസ്ട്രിയിലെ ഡോ. ഫിലിപ്പ് പി. ഹജോള്‍ പറയുന്നത്.

നമ്മുടെ പല്ലിന്റെയും മോണയുടെയും അനാരോഗ്യം ശരീരത്തിന്റെ ആകെ അനാരോഗ്യത്തിന്റെ സൂചനയാണ് എന്ന് 'ജേര്‍ണല്‍ ഓഫ് ഡന്‍റല്‍ റിസര്‍ച്ചി'ല്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ഒരു 'അപായമണി'യായി വേണം ദന്തക്ഷയത്തെയും മോണരോഗത്തെയും കാണാന്‍. ആധുനിക ഭക്ഷണശീലത്തിന്റെ ഭാഗമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ആണ് ഇവിടെ വില്ലന്‍.

ഉമിനീരും വായക്കുള്ളിലെ ബാക്ടീരിയയും ആയി ചേര്‍ന്ന് ഭക്ഷണ പദാര്‍ഥങ്ങളിലെ (ഫെര്‍മെന്‍റബിള്‍ കാര്‍ബോ ഹൈഡ്രേറ്റ്‌സ്) അവശിഷ്ടങ്ങള്‍ പല്ലിനെ ദ്രവിപ്പിക്കുന്നു. ഓരോ തവണയും ഭക്ഷണം കഴിച്ചശേഷം വായ ശരിയായ രീതിയില്‍ ശുചിയാക്കിയില്ലെങ്കില്‍ ഇത് വര്‍ധിക്കുന്നു. കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് പ്രമേഹത്തിനും ഹൃദ്‌രോഗത്തിനും ഇടയാക്കും.

പഞ്ചസാരയടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നവരെ മോണരോഗം വളരെപ്പെട്ടെന്ന് കീഴടക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. നമ്മുടെ പല്ലിന്റെ ആരോഗ്യം കാക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ സംരക്ഷിക്കുന്ന ഭക്ഷണം ആണോ എന്ന് ഗവേഷകര്‍ കണ്ടെത്തണം എന്നും ഡോ. ഹജോള്‍ അഭിപ്രായപ്പെടുന്നു.

എന്തായാലും പല്ല് വേദനയെ ഒരു വേദനസംഹാരികൊണ്ട് അല്ല നേരിടേണ്ടത് എന്നാണ് ഈ പഠനങ്ങള്‍ നല്‍കുന്ന ഗുണപാഠം. മുന്നറിയിപ്പുകള്‍ അവഗണിക്കാനുള്ളതല്ല.

തകര്‍ച്ചകളെ അതിജീവിക്കാന്‍ പുരുഷനോ സ്ത്രീക്കോ ആര്‍ക്കാണ് വേഗം കഴിയുക?

തകര്‍ച്ചകളെ അതിജീവിച്ചവരാകട്ടെ പിന്നീടൊരു തീരുമാനം എടുക്കുമ്പോള്‍ ഏറെ ചിന്തിക്കുന്നവരായി മാറുകയും ചെയ്യും

നിസാരകാര്യങ്ങള്‍ക്ക് ടെന്‍ഷന്‍ ഒഴിവാക്കുന്നതിലും തകര്‍ച്ചകളെ അതിജീവിക്കുന്നതിലും സ്ത്രീകളാണ് മോശക്കാര്‍ എന്നാണ് പൊതുവിലുളള ധാരണയെങ്കില്‍ അത് തിരുത്തുകയാണ് പുതിയ പഠനങ്ങള്‍.

ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുമ്പോള്‍ സ്ത്രീകളെക്കാള്‍ തകരുന്നത് പുരുഷന്മാരാണെന്നാണ് വേക്ക് ഫോറസ്റ്റ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ റോബിന്‍ സൈമണിന്റെ നേതൃത്വത്തില്‍ നടന്ന പഠനം സൂചിപ്പിക്കുന്നത്.

കുടുംബബന്ധങ്ങളിലും പ്രണയത്തിലും സ്ത്രീകളെക്കാള്‍ കൂടുതല്‍ മുഴുകുന്നത് പുരുഷന്മാരാണെന്നും അതുകൊണ്ട് തന്നെ അത്തരം ബന്ധങ്ങളില്‍ വരുന്ന മോശമായ മാറ്റങ്ങളും തകര്‍ച്ചകളും നേരിടുന്നതില്‍ പുരുഷന്‍ പരാജയപ്പെടുന്നതായും പഠനം സൂചിപ്പിക്കുന്നു.

താന്‍ കാരണമല്ലാതെ പ്രണയമോ സൗഹൃദമോ തകര്‍ന്നാലും അത് പുരുഷന്റെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുമെന്നും ഇത് അവരെ തകര്‍ച്ചയിലേക്ക് നയിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.

സ്ത്രീകള്‍ അവരുടെ ചെറിയ പ്രശ്‌നങ്ങള്‍ പോലും മറ്റുളളവരുമായി പങ്കുവെക്കുമ്പോള്‍ പുരുഷന്മാര്‍ അവരുടെ പ്രശ്‌നങ്ങള്‍ അതെത്ര വലുതായാലും മറ്റുളളവരുമായി പങ്കുവെക്കാന്‍ വളരെ വിമുഖത കാണിക്കുന്നവരായതിനാല്‍ മാനസിക സംഘര്‍ഷം ഇരട്ടിക്കുന്നതായും പഠനം തെളിയിക്കുന്നു.

ഇതിന്റെ ഭാഗമായി ഭക്ഷണത്തോട് വിരക്തി, ദേഷ്യം വര്‍ധിക്കല്‍, ഉറക്കക്കുറവ്, മദ്യപാനം എന്നിവയും പുരുഷനെ ബാധിച്ചു തുടങ്ങുന്നു. തന്റെ ജീവിതത്തെ മറ്റുളളവരുടേതുമായി താരതമ്യം ചെയ്യാനും തുടങ്ങുന്നതോടെ പുരുഷന്മാരുടെ മാനസികസംഘര്‍ഷം ഇരട്ടിയാകുമെന്നും ഗവേഷണം പറയുന്നു.

സ്ത്രീകളെക്കാള്‍ കൂടുതല്‍ കണക്കുകൂട്ടലുകളോടെയാണ് പുരുഷന്‍ന്മാര്‍ വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കുന്നത്. അതുകൊണ്ട് തന്നെ കണക്കുകൂട്ടലുകളില്‍ വരുന്ന നേരിയ പിഴവ് പോലും വന്‍ തിരിച്ചടികളാണ് പുരുഷന്റെ ജീവിതത്തില്‍ സൃഷ്ടിക്കുന്നത് എന്നും സുപ്രധാനമായ കാര്യമാണ്.

ഇത്തരം തകര്‍ച്ചകളെ അതിജീവിച്ചവരാകട്ടെ പിന്നീടൊരു തീരുമാനം എടുക്കുമ്പോള്‍ ഏറെ ചിന്തിക്കുന്നവരായി മാറുകയും ചെയ്യും.

കടപ്പാട്-മനോരമ ഓണ്‍ലൈന്‍.കോം, മാതൃഭൂമി .കോം© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate