অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ സംരക്ഷണം

ആരോഗ്യ സംരക്ഷണം

ചായയിൽ ചായം! കണ്ടുപിടിക്കാം കൂളായി!

ഭർത്താവിനു രാവിലെ പത്രം വായിക്കാൻ ഉഷാറു നൽകുന്ന ഇന്ധനം, കോളജിൽ കൂടെ പഠിച്ച സുഹൃത്ത് സ്വന്തം നാട്ടിൽ വരുമ്പോൾ സൗഹൃദം പുതുക്കാനുളള ഉപാധി, കല്യാണം വിളിക്കാൻ വരുന്ന ബന്ധുവിനോട് എത്രയും വേഗം നമ്മുടെ ആതിഥ്യ മര്യാദ കാണിക്കാനുളള വഴി, പണിയൊതുക്കി ഒന്നു സ്വസ്ഥമാകാൻ കൂട്ടുപിടിക്കുന്ന മിത്രം.... ദിവസവും ഒരു പാടു കാര്യങ്ങൾ ഭംഗിയായി ചെയ്തു തീർക്കുന്ന മലയാളി വീട്ടമ്മ യ്ക്കു ഒരു പാനീയം മാത്രമല്ല ചായ. നിത്യജീവിതത്തിലെ പല സന്ദർഭങ്ങളിലും വിശ്വസ്തനായ കൂട്ടാളി കൂടിയാണ്. അതു കൊണ്ടു തന്നെ ഓരോ സ്പൂൺ തേയിലയും ചൂടുവെളളത്തിലേക്ക് വീഴുന്നത് ശുഭപ്രതീക്ഷയുമായാണ്. പക്ഷേ കുറച്ചു ദിവസങ്ങളായി തേയിലയുടെ പാത്രമെടുക്കുമ്പോൾ ചിലരെങ്കിലും ഒന്നു കൂടി ആലോചിക്കുന്നു. ‘ടൺ കണക്കിനു മായം ചേർത്ത വ്യാജ ചായപ്പൊടി സംസ്ഥാനത്തൊട്ടാകെ പിടികൂടി യെന്ന വാർത്ത വായിക്കുമ്പോൾ ചായ വേണോ’ എന്നൊരു സംശയം ന്യായമാണ്.

സ്ഥലം തിരുവനന്തപുരത്തെ കഴക്കൂട്ടത്തിനടുത്തുളള ഗ്ലോബൽ മാർക്കറ്റ്. സമയം വൈകുന്നേരം മൂന്നു മണി കഴി ഞ്ഞിരിക്കുന്നു.. ഒരു കൂട്ടം മധ്യവയസ്കർ ചെറിയ ഒരു ചായ ക്കടയിലെത്തി. ആളുകളുടെ എണ്ണം കണ്ടു ചാക്കടക്കാരൻ സന്തോഷിച്ചു. എല്ലാവരും ചായ പറഞ്ഞു, കടുപ്പത്തിൽ തന്നെ. നറുപുഞ്ചിരിയുമായി ചായക്കടക്കാരൻ ചായ നൽകി. രണ്ടു കവിൾ ചായ കുടിച്ചശേഷം കൂട്ടത്തിലെ ഒരു മധ്യവയസ്കൻ കടക്കാരനോടു ചോദിച്ചു, ‘നിങ്ങൾ ഏതു ചായപ്പൊടിയാണ് ഉപയോഗിക്കുന്നത്?’ കടക്കാരൻ സംശയമേതും കൂടാതെ കെറ്റിലിനടുത്തിരുന്ന തേയില പായ്ക്കറ്റിലേക്കു വിരൽ ചൂണ്ടി. മധ്യവയസ്കൻ പായ്ക്കറ്റിനടുത്തേക്കു നീങ്ങി, അതു തലങ്ങും വിലങ്ങും പരിശോധിച്ചു. കാര്യം മനസ്സിലാകാതെ നിന്ന ചായ ക്കടക്കാരന്റെ തോളിൽ ഒരു കൈ വീണു, ഒപ്പം ഒരു ശബ്ദവും ‘ഞങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിന്നാണ്, നിങ്ങൾ ഉപയോഗിക്കുന്ന തേയിലയിൽ മായുണ്ടോ എന്നു സംശയ മുണ്ട്.’ രാജ്യാന്തര ബ്രാൻഡുകളെ വെല്ലുന്ന കവറാണെങ്കിലും അതിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേതടക്കം യാതൊരു ലൈസൻസുകളുടെയും വിവരങ്ങൾ ഉണ്ടായിരുന്നില്ല.

അതേസമയം തേയിലയ്ക്കു വ്യത്യാസമൊന്നും തോന്നിയതേ യില്ല. സീനിയർ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ എസ്. അജയകുമാർ, ഭൂസുധ എന്നിവർ ചായക്കടയിൽ തേയില എത്തിക്കുന്ന വിതരണക്കാരന്റെ മൊബൈൽ നമ്പർ വാങ്ങി. പക്ഷേ, വിളിച്ചിട്ടു പ്രയോജനമൊന്നും ഉണ്ടായില്ല. ഈ കാര്യം ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ടി. വി. അനുപമയുടെ ശ്രദ്ധയിൽ പ്പെടുത്തി നമ്പർ സൈബർ സെല്ലിലേക്കു കൈമാറി. ടവർ ലൊക്കേഷൻ തിരുവനന്തപുരത്തെ മംഗലാപുരമാണെന്നു തിരിച്ചറിഞ്ഞു. സമയം കളയാതെ അവിടെ എത്തിയ വകുപ്പ് ഉദ്യോഗസ്ഥർ വ്യാജ തേയില നിർമ്മിക്കാനുളള സംവിധാ നങ്ങൾ കണ്ട് ആദ്യമൊന്നു ഞെട്ടി. 850 കിലോ വ്യാജ തേയി ലയാണ് അവിടെ നിന്നു പിടിച്ചെടുത്തത്. തേയില നിർമിക്കുന്ന സംഘത്തിലെ പുതുമുഖമായ പ്രവീണ്‍കുമാറിനെ കസ്റ്റഡി യിലെടുത്തു.

തുടർ ദിവസങ്ങളിൽ പ്രവീണ്‍കുമാറിൽ നിന്നു ലഭിച്ച വിവര ത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ റെയ്ഡ് നടന്നു. പാലക്കാട് നൂറണിക്കടുത്ത് പട്ടാണിത്തെരുവിനു സമീപത്തെ പറത്തെരുവിലെ വാടക വീട്ടിൽ ഭക്ഷ്യ സുരക്ഷാ സംഘമെത്തി. ഇതേ സമയം തൃശൂർ ജില്ലയിലെ മണ്ണൂത്തി ഹൗസിങ് കോളനിയിലെ വീട്ടിലും റെയ്ഡ് തുടങ്ങി. പാല ക്കാട്ട് നിന്ന് വ്യാജ തേയില നിർമാണ സംഘത്തിലെ പ്രധാനിയായ മുഹമ്മദ് ഇഖ്ബാൽ പിടിയിലായി. ഒപ്പം അഞ്ച് ടൺ വ്യാജ തേയിലയും പിടിച്ചെടുത്തു, തൃശൂരിൽ നിന്നും അഞ്ചു ടൺ പിടിച്ചു.

മുഹമ്മദ് ഇഖ്ബാലിന്റെ ചില വെളിപ്പെടുത്തലുകൾ, ‘‘കഴിഞ്ഞ 17 വർഷമായി ഈ ബിസിനസ് ചെയ്യുന്നു. ആദ്യമായാണ് പിടിയിലാകുന്നത്. ഈ ബിസിനസ് ഒരു മറയെന്നോണം പാലക്കാട് ഒരു ചിപ്സ് കട നടത്തിയിരുന്നു. എന്നാൽ പിന്നീട് മുഴുവൻ സമയവും വ്യാജ തേയില ബിസിനസിൽ ശ്രദ്ധിച്ചു. തങ്ങൾ നിർമിക്കുന്ന വ്യാജ തേയില പായ്ക്കറ്റുകളിൽ 250 രൂപ വിലയിട്ട ശേഷം 150 രൂപയ്ക്കു വിൽക്കും. അമൃതം, മയൂരി എന്നീ പേരുകളിൽ പുറത്തിറക്കിയ പായ്ക്കറ്റുകളിൽ ഊട്ടി യിലെ വ്യാജ മേൽവിലാസവും ചേർത്താണ് വിൽപ്പന. പ്രാധാ നമായും ചെറിയ ചായക്കടകളും ഹോട്ടലുകളുമായിരുന്നു ഇര കൾ. പിന്നീട് വലിയ ഹോട്ടലുകളും വലയിൽ വീണു. ദിവസ വും 200 കിലോ തേയില വിൽക്കുന്നുണ്ട്. ‘കൂടുതൽ കടുപ്പം, കൂടുതൽ ചായ, കുറഞ്ഞ വിലയിൽ’ എന്നതാണ് വ്യാജ തേയിലയുടെ ആകർഷണം. വ്യാജ തേയില ഉണ്ടാക്കാൻ തങ്ങൾക്കുളള ചെലവ് 50 രൂപയിൽ താഴെ മാത്രമാണ്. കടക്കാരിൽ നിന്ന് പരാതികൾ വന്നാലും അതു വകവ യ്ക്കാറില്ല. സംശയമുണ്ടാകാതിരിക്കാൻ വ്യാജ മേൽവിലാ സത്തിൽ ബില്ലുണ്ടാക്കി കടക്കാർക്കു നല്‍കുകയാണ് ചെയ്യു ന്നത്. വ്യാജ തേയില നിർമിക്കാനും വിതരണം ചെയ്യാനും കൂ‍ടെ നിൽക്കുന്ന ജീവനക്കാർക്ക് മികച്ച പ്രതിഫലം ഉറപ്പു വരുത്തുമെന്നതിനാൽ അവർ ഒറ്റുമെന്നു ഭയമില്ല.’’

ഇയാളെ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു. പിടിച്ചെടുത്ത വ്യാജ തേയിലയുടെ സാംപിളുകൾ കോഴി ക്കോട് റീജിയണൽ അനലറ്റിക് ലബോറട്ടറിയിലേക്ക് അയ ച്ചിരിക്കുകയാണെന്ന് പാലക്കാട് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മിഷണർ ജോർജ് വര്‍ഗീസ് അറിയിച്ചു. അവിടെ നിന്നു വരുന്ന ഫലത്തിന്റെ അടിസ്ഥാനത്തിൽ ഇയാള്‍ക്കെതിരെ കൂടുതൽ കേസുകൾ ചാര്‍ജ് ചെയ്യും.

വ്യജ തേയില എന്നാൽ

തേയില ഫാക്ടറികളിൽ നിന്ന് ഉപേക്ഷിക്കുന്ന വിലകുറഞ്ഞ തേയിലയും ചായക്കടകളിൽ ഉപയോഗിച്ചു കളയുന്ന തേയില ചണ്ടിയും ചേർത്ത് ആദ്യം ഉണങ്ങിയെടുക്കും. പിന്നീട് സൺസെറ്റ് യെല്ലോ, ടട്രാസിൻ, കാർമോസിൻ, ബ്രില്ല്യന്റ് ബ്ലൂ, ഇൻഡിഗോ കാരമൈൻ എന്നീ രാസവസ്തുക്കൾ ചേർത്തു നിർമിക്കുന്ന ചോക്ലേറ്റ് ബ്രൗൺ എന്ന കൃത്രിമ നിറത്തിന്റെ ലായനിയിൽ തേയിലപ്പൊടി മുക്കും. ഒപ്പം മണവും രുചിയും വരാൻ കാരമൽ എന്ന രാസവസ്തുവും ചേർക്കും. ഈ മിശ്രിതം ഉണങ്ങിയെടുക്കുമ്പോൾ കടുപ്പമുളള ചായക്കുളള ചായപ്പൊടി റെഡി.

ആർക്കു വിൽക്കും?

സൂപ്പർമാർക്കറ്റുകൾ പോലെയുളള അംഗീകാരമുളള വ്യാപാര സ്ഥാപനങ്ങൾ ഇത്തരം വ്യാജ കവറിലുളള തേയില പായ്ക്ക റ്റുകൾ എടുക്കാൻ മടിക്കുന്നതിനാൽ നേരിട്ടാണു വിൽപന. മയൂരി തുടങ്ങി കേട്ടാൽ മോഹിക്കുന്ന പേരുകളിലാണു വിൽപന. പ്രധാനമായും ചെറിയ ഹോട്ടലുകളും ചായക്കട കളുമാണ് കടുപ്പം കൂടുതലും വിലക്കുറവുമുളള തേയില വാങ്ങുന്നത്. വ്യാപാരക്കണ്ണിൽ അമിതലാഭം നേടാമെന്നു മനസ്സിലാക്കിയ ചില വൻകിട ഹോട്ടലുകളും പിടി വീഴുന്നതിനു തൊട്ടു മുൻപുളള നാളുകളിൽ തങ്ങളുടെ പക്കൽ നിന്ന് വ്യാജ തേയില വാങ്ങി തുടങ്ങിയിരുന്നതായി മുഖ്യ പ്രതി ഇഖ്ബാൽ സമ്മതിച്ചിട്ടുണ്ട്.

സ്ഥിരമായി ഉപയോഗിച്ചാൽ

വ്യാജ തേയില സ്ഥിരമായി ഉപയോഗിച്ചാൽ കാൻസർ, ലൈംഗിക ശേഷിക്കുറവ്, ലിവർ സിറോസിസ് എന്നീ രോഗങ്ങൾ ഉണ്ടാകുമെന്നാണ് നിഗമനം....തേയിലയിൽ ഒരു തരത്തിലുളള രാസവസ്തുക്കളും ചേര്‍ക്കാൻ നിയമം അനുവദിക്കുന്നില്ല.

എങ്ങനെ തിരിച്ചറിയാം?

തേയിലപ്പൊടിയുടെ ഗുണമേന്മയിൽ സംശയം തോന്നിയാൽ ഉടൻ തന്നെ പരിശോധിക്കാം. കുപ്പി ഗ്ലാസിൽ വെളളം നിറച്ച ശേഷം അതിൽ തേയിൽ ചെറുതായി ഇടുക. നിറം ചേർത്തി ട്ടുണ്ടെങ്കിൽ നിറം വെളളത്തിനു മുകളിൽ നിൽക്കും, തുടർന്ന് തേയില ഗ്ലാസിന്റെ താഴെയെത്തും. അല്ലെങ്കിൽ വെളള പേപ്പ റിൽ ചായപ്പൊടി നിരത്തി വെളളം സ്പ്രേ ചെയ്യുക. വ്യാജനെ ങ്കിൽ നിറം പെട്ടെന്ന് പേപ്പറിൽ പരക്കും.

മായമുണ്ടെന്നു തിരിച്ചറിഞ്ഞാൽ‌....

ഉടൻ തന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചറിയിക്കുക. അല്ലെങ്കിൽ 0471 2322833 എന്ന നമ്പറിലും വിളിക്കാം. ഒരു കാരണവശാലും പരാതിപ്പെ ടാതിരിക്കരുതെന്നു ജോയിന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ അനിൽ കുമാർ പറഞ്ഞു.

വകുപ്പ് സ്വീകരിച്ച തുടർ നടപടികൾ

സംസ്ഥാനത്തെ ചായ വിൽപ്പന നടത്തുന്ന എല്ലാ കേന്ദ്രങ്ങ ളിലും പ്രത്യേകിച്ച് ചെറിയ ചായക്കടകളിൽ പരിശോധന നടത്തി അംഗീ‌കാരമില്ലാത്ത തേയില ഉപയോഗിക്കുന്നവർ ക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടു കഴിഞ്ഞു. പിടിച്ചെ ടുക്കുന്ന തേയില നശിപ്പിക്കും. തേയില വാങ്ങിയതിന്റെ രേഖകൾ ഹോട്ടൽ ഉടമ സൂക്ഷിക്കണം. ഭക്ഷണത്തിൽ മായം കലർത്തുന്നത് പിടികൂടാനായി സ്പെഷൽ സ്ക്വാഡുകൾ സംസ്ഥാന– ജില്ലാ തലങ്ങളിൽ രൂപീകരിച്ചിട്ടുണ്ടെന്ന് ജോയിന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ ഡി. ശിവകുമാർ പറഞ്ഞു.

ശ്രദ്ധിക്കുക

കഴിവതും ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ സ്വയം പാകം ചെയ്തു കഴിക്കുക. അങ്ങനെ ചെയ്യുമ്പോൾ ഗുണമേന്മയുളള തേയിലയാണ് വാങ്ങുന്നതെന്നും ശുചിത്വ പൂർണ്ണമായ അന്തരീക്ഷത്തിൽ അവ പാകം ചെയ്യുന്നുവെന്നും ഉറപ്പാക്കാം. പുറത്തു നിന്നു ചായ കുടിക്കുമ്പോൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അംഗീകാരമുളള കടകളിൽ മാത്രം കയറുക. സംശയമുണ്ടെങ്കിൽ അംഗീകാരത്തെപ്പറ്റിയും ഏതു ചായപ്പൊ ടിയാണ് ഉപയോഗിക്കുന്നതെന്നും ചോദിച്ചു മനസ്സിലാക്കാം. ഉപഭോക്താക്കൾ സംശയം പ്രകടിപ്പിച്ചാൽ അതു നിവാരണം ചെയ്യേണ് ഉത്തരവാദിത്തം കടയുടമയ്ക്കുണ്ട്.

പല്ലിന്റെ ഇനാമല്‍ സംരക്ഷിക്കാന്‍ 10 കാര്യങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ദന്തസംരക്ഷണം. പല്ലിന് ഉണ്ടാകുന്ന ചെറിയ മാറ്റംപോലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. പല്ലിന്റെ ഇനാമല്‍ സംരക്ഷണത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്.

ഇനാമല്‍ എന്ന ഉരുക്കുകോട്ട

പല്ലിന്റെ ആരോഗ്യം അതിനെ സംരക്ഷിക്കുന്ന ഇനാമലിന്റെ കരുത്തുമായി ബന്ധപ്പെട്ടിരിക്കുന്നു. പല്ലിനുള്ളിലെ മൃദുലമായ ഭാഗങ്ങളെ സംരക്ഷിക്കുകയെന്നതാണ് ഇനാമലിന്റെ പ്രാഥമിക ധര്‍മം. മനുഷ്യശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗമാണ് ഇനാമല്‍. ഇതുള്ളതുകൊണ്ടാണ് ഭക്ഷണം ചവയ്ക്കാനും കടിച്ചു തിന്നാനുമൊക്കെ സാധിക്കുന്നത്. അതിനാല്‍ ദന്ത സംരക്ഷണം എന്നാല്‍ ഇനാമല്‍ കേടുകൂടാതെ സംരക്ഷിക്കുക എന്നതാണ്. മുട്ടയുടെ പുറമേയുള്ള തോട് അതിനുള്ളിലുള്ളതിനെ സംരക്ഷിക്കുന്നതുപോലെയാണ് ഇനാമല്‍ പല്ലിനെ കാത്തുസൂക്ഷിക്കുന്നത്.

പല്ലിന്റെ നിറംമാറ്റത്തിനു പിന്നില്‍

പല്ലിന്റെ പുറമെ കാണുന്ന ഭാഗമാണ് ഇനാമല്‍. അതുകൊണ്ടുതന്നെ സാധാരണഗതിയില്‍ നമ്മള്‍ കഴിക്കുന്നതും കുടിക്കുന്നതുമായ ആഹാര പാനീയങ്ങള്‍ പല്ലില്‍ പറ്റിപ്പിടിച്ചിരിക്കാനും കറവീഴ്ത്താനും സാധ്യതയുണ്ട്. പുകവലി, ചായ, കാപ്പി എന്നിവയുടെ സ്ഥിരമായ ഉപയോഗം എന്നിവ ഇനാമലിന്റെ നിറംമാറ്റത്തിന് കാരണമാകുന്നു.

പൊതുവെ വെളുത്ത നിറത്തില്‍ കാണേണ്ട പല്ലുകള്‍ ഇതുകൊണ്ട് മഞ്ഞ നിറത്തിലൊ, ഇളം കറുപ്പ് നിറത്തിലോ ആയിത്തീരുന്നു. ചില മരുന്നുകളുടെ പാര്‍ശഫലംകൊണ്ടും ഇങ്ങനെ വരാം.

ആസിഡാണ് വില്ലന്‍

ഇനാമല്‍ കടുപ്പമേറിയ ഭാഗമാണെങ്കിലും അമ്ലസ്വഭാവമുള്ള സാഹചര്യത്തില്‍ വളരെ പെട്ടന്ന് നശിക്കും. കഴിക്കുന്ന ആഹാരം വായില്‍ പറ്റിപ്പിടിച്ചിരിക്കുകയാണെങ്കില്‍ ബാക്ടിരിയകളുടെ പ്രവര്‍ത്തന ഫലമായി ഉണ്ടാകുന്ന ആസിഡുകള്‍ പല്ലിന്റെ ഇനാമല്‍ കേടുവരുത്തുന്നു. ഒരിക്കല്‍ കേടുവന്ന ഇനാമലിന്റെ ഭാഗം അസ്ഥികളെപോലെ പിന്നീടൊരിക്കലും പഴയ അവസ്ഥയിലെത്തുകയില്ല. പല്ലുകള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നത് ആദ്യം അതിന്റെ നടുഭാഗത്തായിരിക്കും. ശ്രദ്ധിച്ചിലെങ്കില്‍ ആ പല്ലുതന്നെ നഷ്ടപ്പെടാനും മതി.

വായ്ക്കുള്ളിലെ ആസിഡ് ഫാക്ടറി

ഭക്ഷണത്തിലെ ഷുഗര്‍, സ്റ്റാര്‍ച്ച് എന്നിവയാണ് വായ്ക്കുള്ളില്‍ വാസമുറപ്പിച്ചിട്ടുള്ള ബാക്ടീരിയകള്‍ ആഹാരമാക്കുന്നത്. തുടര്‍ന്ന് ബാക്ടീരിയകള്‍ പുറത്ത് വിടുന്ന അമ്ല സ്വഭാവമുള്ള പദാര്‍ഥങ്ങള്‍ ഇനാമലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇക്കാര്യത്തില്‍ ബാക്ടീരിയകളെ പൂര്‍ണമായും കുറ്റപ്പെടുത്താന്‍ സാധിക്കില്ല. കാരണം സോഡ, ചിലതരം ജ്യൂസുകള്‍, മദ്യം എന്നിവയും ഇനാമലിനെ തകര്‍ക്കുന്നവയാണ്.

പല്ല് പ്രതികരിക്കുന്നു

പല്ലിന്റെ ഇനാമല്‍ തകര്‍ന്നാല്‍ ഉള്‍ഭാഗം വളരെപെട്ടന്ന് തന്നെ നശിക്കാന്‍ ആരംഭിക്കും. ഇനാമലിന്റെ സംരക്ഷണം നഷ്ടപ്പെട്ട പല്ല് വളരെ സെന്‍സിറ്റീവാകും. ചുട്, തണുപ്പ് തുടങ്ങിയവ പല്ല് വേദനയക്കൊ മറ്റ് അസ്വസഥതകള്‍ക്കോ കാരണമാകും. പല്ലിന്റെ ഉള്‍ഭാഗം എത്രത്തോളം കേടുവന്നു എന്നതിനെ അനുസരിച്ചിരിക്കും പല്ലിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍.

ദഹനക്കേട് ഒരു പ്രശ്‌നമാണ്

ഇതൊന്നുമല്ലാതെ ആരോഗ്യകരമായ കാരണങ്ങള്‍ കൊണ്ടും പല്ലുകള്‍ക്ക് കേടുവരാം. ബുളിമിയ (bulimia) എന്ന അവസ്ഥ ഉള്ളവര്‍ അമിതമായി ഭക്ഷണം കഴിക്കും. ഇത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ഛര്‍ദ്ദിക്ക് കാരണമാകുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഛര്‍ദ്ദിക്കുന്നതിലൂടെ ആമാശയത്തിലെ ഹൈഡ്രോക്‌ളോറിക് ആസിഡ് പല്ലിലെ ഇനാമലിലെ കേടുവരുത്തും. മറ്റ് ദഹന പ്രശ്‌നങ്ങള്‍ മൂലവും സമാനമായ അവസ്ഥ ഉണ്ടാകാറുണ്ട്.

ഉമ്മിനീര്‍ എന്ന രക്ഷകന്‍

ആവശ്യത്തിന് ഉമ്മിനീര്‍ ശരീരം ഉത്പാദിപ്പിക്കാതെ വരുന്ന അവസ്ഥയില്‍ പല്ലിന് കേടുസംഭവിക്കാം. കാരണം ഉമ്മിനീരിന് ക്ഷാരഗുണമുള്ളതിനാല്‍ വായില്‍ ഉണ്ടാകുന്ന ആസിഡിനെ നിര്‍വീര്യമാക്കാന്‍ ഉമ്മിനീരിന് സാധിക്കും. ആവശ്യത്തിന് ഉമ്മിനീര്‍ ശരീരം ഉത്പാദിപ്പിക്കാതെ വരുമ്പോള്‍ വായ്ക്കുള്ളിലെ ആസിഡിന്റെ അളവ് കൂടുകയും പല്ലിന്റെ ഇനാമലിന്റെ നാശത്തിന് കാരണമാകുകയും ചെയ്യും. ചില മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ഇതുണ്ടായേക്കാം.

പല്ല് കടിക്കരുത്, കടിക്കാന്‍ അനുവദിക്കരുത്

ഉറക്കത്തില്‍ പല്ല് കടിക്കുന്ന സ്വഭാവമുള്ളവര്‍ക്കും ഇനാമലിന്റെ നാശത്തിനെ അഭിമുഖീകരിക്കേണ്ടിവരും. എന്നാല്‍ ഉറങ്ങികിടക്കുന്ന അവസ്ഥയില്‍ ഇത് നിയന്ത്രിക്കാന്‍ സാധിക്കില്ല എന്നതിനാല്‍ ഇക്കാര്യത്തില്‍ ദന്ത ഡോക്ടറുടെ അഭിപ്രായത്തോടെ മൗത്ത് ഗാര്‍ഡ് ഉപയോഗിക്കാം.

പല്ല് ചവയ്ക്കാനും കടിച്ചുമുറിക്കാനും മാത്രമുള്ളതാണ്

ചിലര്‍ കുപ്പികളുടെ അടപ്പ് തുറക്കാനും മറ്റും പല്ല് ഉപയോഗിക്കാറുണ്ട്. ഇത് വളരെ അപകടമാണെന്ന് മാത്രമല്ല ഇനാമല്‍ തേഞ്ഞ് പോകാനും ഇളകി പോകാനും വരെ കാരണമായേക്കാം. നഖം കടിക്കുക, പേന കടിക്കുക, കട്ടിയേറിയ ധാന്യങ്ങള്‍, ഐസ് എന്നിവ കടിച്ച് പൊട്ടിക്കുക എന്നിവയൊക്കെ ചെയ്താല്‍ പല്ലിന്റെ കാര്യം ഭാഗ്യം പോലിരിക്കും.

ശ്രദ്ധവേണം കുട്ടികള്‍ക്ക്

കുട്ടികളിലാണ് കൂടുതലും പല്ലിന് കേട്‌വരുന്നതായി കാണുന്നത. ഇതിന് കാരണം മധുര പലഹാരങ്ങളുടെ ഉപയോഗം, കോള പോലുള്ള പാനീയങ്ങളുടെ അമിതമായ ഉപയോഗം ഫ്‌ളൂറൈഡിന്റെ അഭാവം എന്നിവയാണ്.

ദന്തസംരക്ഷണം ദാ ഇങ്ങനെയൊക്കെയാണ്

ദന്തസംരക്ഷണം ആരോഗ്യത്തിന് അത്യാവശ്യമാണ്. ഭക്ഷണത്തിന് ശേഷം അരമണിക്കുറിനുള്ളില്‍ വായും പല്ലും വൃത്തിയാക്കിയിരിക്കണം. പല്ല് വൃത്തിയാക്കാന്‍ കനം കുറഞ്ഞ നാരുകളുള്ള ബ്രഷ് ഉപയോഗിക്കുന്നതാണ് ഇനാമലിന്റെയും മോണകളുടെയും ആരോഗ്യത്തിന് നല്ലത്. പല്ല് വൃത്തിയാക്കാനുള്ള പേസ്റ്റില്‍ ഫ്‌ളൂറൈഡ് അടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. ഭക്ഷണത്തിന് ശേഷം കുറച്ച് പാലൊ ചീസോ കഴിക്കുന്നതും പല്ലിന് ഗുണം ചെയ്യും.

കൂര്‍ത്ത മുനയുള്ള വസ്തുക്കള്‍കൊണ്ട് പല്ല് കുത്താതിരിക്കുക. മൗത്ത് വാഷ് ഉപയോഗിക്കുന്നവര്‍ അതില്‍ ഫ്‌ളൂറൈഡ് അടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. പല്ല് വെളുപ്പിക്കുന്നതിനായി കെമിക്കല്‍ പ്രയോഗങ്ങള്‍ പല്ലില്‍ നടത്താതിരുക്കുക, ദന്ത ഡോക്ടറുടെ ഉപദേശം തേടുക എന്നിവയൊക്കെ ചെയതാല്‍ പല്ല് കൂടുതല്‍ കാലം ആരോഗ്യത്തോടെയിരിക്കും.

തയ്യാറാക്കിയത്: വിഷ്ണു എന്‍.എല്‍

ജലദോഷമാണോ? സുഖമായി ശ്വസിക്കാന്‍ ഇതാ അഞ്ച് മാര്‍ഗങ്ങള്‍

തണുപ്പുകാലമാണ്. കുറഞ്ഞത് ജലദോഷമെങ്കിലും വരാത്തവര്‍ വിരളമായിരിക്കും. കാലാവസ്ഥ മാറുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ താളം തെറ്റുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രതിരോധത്തിലെ അപാകത മുതലെടുത്ത് ഉള്ളില്‍ കടന്ന കൂടുന്ന രോഗാണുക്കളാണ് അസുഖങ്ങളുണ്ടാക്കുന്നത്. സാധാരണ ഉണ്ടാകുന്ന ജലദോഷത്തിന് കാരണക്കാരന്‍ ഹ്യൂമന്‍ റിനൊവൈറസാണ്.

വൈറസ് കടന്നുകൂടിയാല്‍ അത് പുറത്തവിടുന്ന വിഷ പദാര്‍ഥങ്ങളെ പുറം തള്ളാനായി ശരീരം കൂടുതല്‍ കഫം ഉത്പാദിപ്പിക്കുന്നു. ഇതാണ് മൂക്കടപ്പ്, തൊണ്ട വേദന, ശ്വാസ തടസം എന്നിവ ഉണ്ടാകുന്നതിന് കാരണം. ഈ സമയത്തുണ്ടാകുന്ന ശ്വാസതടസം ഒഴിവാക്കാന്‍ ഇതാ അഞ്ച് മാര്‍ഗങ്ങള്‍.

ചുക്കിട്ടൊരു കാപ്പി കുടിക്കാം

കുരുമുളക്, ചുക്ക് എന്നിവ ചേര്‍ത്ത് ചൂടോടെ ഒരു കാപ്പിയങ്ങ് കുടിച്ച് നോക്കൂ. കാപ്പി ഇഷ്ടമില്ലെങ്കില്‍ ചായയായാലും മതി. രണ്ടിനും ശരീരത്തില്‍ കെട്ടിക്കിടക്കുന്ന കഫത്തിനെ അയവുള്ളതാക്കാന്‍ സഹായിക്കും. കഫം വളരെ പെട്ടന്ന് പുറത്ത് പോകാന്‍ ഇത് സഹായിക്കും. മാത്രമല്ല ചെറിയ പനി ഉണ്ടെങ്കില്‍ അത് മിനുട്ടുകള്‍ക്കുള്ളില്‍ മാറുകയും ചെയ്യും.

ആവി പിടിക്കണം രണ്ട് നേരവും

കഫക്കെട്ട് ശക്തമാണെങ്കില്‍ അത് ഇളക്കാനുള്ള ശക്തമായ പ്രയോഗമാണ് ആവി പിടിക്കുക എന്നത്. വീട്ടുമുറ്റത്ത് നില്‍ക്കുന്ന തുളസി ഒരു പിടിയിട്ട് ഇടുങ്ങിയ മുകള്‍ഭാഗമുള്ള പാത്രത്തില്‍ വേണം വെള്ളം തിളപ്പിക്കാന്‍. എന്നിട്ട് ഇതിന്റെ ആവി കൊള്ളുക. രണ്ട് ദിവസം തുടര്‍ച്ചയായി ചെയ്യുന്നതോടെ ഇളകാത്ത കഫവും പതിയെ ഉരുകി ഇറങ്ങും

തല ഉയര്‍ത്തി കിടന്നുറങ്ങണം

ജലദോഷം പിടിപെട്ടാല്‍ രാത്രിയില്‍ കിയന്നുറങ്ങുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശ്വാസ തടസം ഉറക്കത്തെ തടയുന്നത് കാരണമാണിത്. എന്നാല്‍ കിടക്കുമ്പോള്‍ അധികമായി രണ്ട് തലയിണ ഉപയോഗിച്ച് തല ഉയര്‍ത്തി കിടന്ന് നോക്കു. വളരെ പെട്ടന്ന് മൂക്കടപ്പ് കുറയുകമാത്രമല്ല ഉറക്കം വളരെ വേഗം ലഭിക്കുകയും ചെയ്യും.

നേസല്‍ സ്‌പ്രേകള്‍ സഹായിക്കും

ഉപ്പ് അടങ്ങിയ നേസല്‍ സ്‌പ്രേകള്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. കാരണം മൂക്കില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തുകയും അതിനാല്‍ മൂക്കടപ്പ് ഉണ്ടാകാതിരിക്കുകയും ചെയ്യാന്‍ നേസല്‍ സ്‌പ്രേകള്‍ സഹായിക്കും. എന്നാല്‍ ഇവ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കേണ്ടതുണ്ട്.

മുറിക്കുള്ളില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നത് ചിലര്‍ക്ക് ഗുണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂക്കടപ്പ് ഉണ്ടാകാതിരിക്കുന്നതിന് ഇത് സഹായിക്കും. എന്നാല്‍ പ്രായമായവരില്‍ ഗുണത്തേക്കാളേറെ ഇത് ദോഷമാണ് ചെയ്യുക.

തയ്യാറാക്കിയത്: വിഷ്ണു എന്‍.എല്‍

കുസൃതിയിലൂടെ കാക്കാം കുടുംബത്തിന്റെ ആരോഗ്യം

കുടുംബത്തിന്റെ മൊത്തം ആരോഗ്യം ശ്രദ്ധിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ആരോഗ്യമെന്നാല്‍ മാനസികവും ശാരീരികവുമായ ആരോഗ്യമാണ്. ഓഫീസും വീടുമായി ഓടുന്ന അച്ഛനും അമ്മയും.. സ്‌കൂളും ട്യൂഷന്‍ സെന്ററും ഹോംവര്‍ക്കുമൊക്കെയായി തിരക്കിലാകുന്ന കുട്ടികള്‍..

ഇതിനിടയില്‍ ഒരുമിച്ചിരിക്കാന്‍തന്നെ നേരമില്ലെന്നാണ് മിക്ക കുടുംബങ്ങളിലെയും പരാതി. അച്ഛനും അമ്മയും വ്യായാമത്തിലും ഭക്ഷണകാര്യത്തിലുമൊക്കെ ശ്രദ്ധയുള്ളവരാണെങ്കിലും കുട്ടികളെ അതിലേക്ക് കൊണ്ടുവരാനിത്തിരി പാടാണ്. എന്നാലിതാ ചില കുസൃതികളിലൂടെ കുടുംബത്തിന്റെ ആരോഗ്യവും സന്തോഷവും പരസ്പരമുള്ള അടുപ്പവും വര്‍ധിപ്പിക്കാന്‍ കുറച്ചുകാര്യങ്ങള്‍. ഇത് നിങ്ങളെക്കൂടി ചെറുപ്പമാക്കുമെന്നുറപ്പാണ്.

ഒരുമിച്ചൊരു ഡാന്‍സാകാം

ചെറിയൊരു ഡാന്‍സ് മത്സരം സംഘടിപ്പിച്ചാലോ വീട്ടിനകത്തുതന്നെ? രസമായിരിക്കും അല്ലേ? ഇഷ്ടമുള്ള ഏതെങ്കിലും പാട്ടുവച്ച് എല്ലാവരും ചേര്‍ന്നൊന്നു ഡാന്‍സ് കളിച്ചുനോക്കൂ. ഞാന്‍ ഡാന്‍സൊന്നും പഠിച്ചിട്ടില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കണ്ട. ടി.വിയില്‍ കാണുന്ന പാട്ടിനൊപ്പമൊക്കെ വെറുതെ സ്റ്റെപ്പ് വച്ചാല്‍ മതി. കുഞ്ഞുങ്ങള്‍ക്കതൊക്കെ സന്തോഷമുള്ള കാര്യമായിരിക്കും. വേഗത്തില്‍ സ്‌റ്റെപ് വച്ചവര്‍, മെല്ലെ സ്റ്റെപ് വച്ചവര്‍, മികച്ചൊരു സ്റ്റെപ് വച്ചവര്‍ എന്നിങ്ങനെ തരംതിരിക്കാം. പരസ്പരം അഭിനന്ദിക്കാം.

നേതാവിനെ പിന്തുടരാം

ആരെങ്കിലുമൊരാള്‍ സ്വയം ലീഡറാകുക. അയാളെ മറ്റുള്ളവര്‍ പിന്തുടരട്ടെ. വെറുതെ പിന്തുടര്‍ന്നാല്‍പ്പോര. അയാളെങ്ങിനെയാണോ നടക്കുന്നത് അതുപോലെ നടന്നുവേണം പിന്തുടരാന്‍. ഓട്ടം, തവളച്ചാട്ടം, പക്ഷിയെപ്പോലെ നീങ്ങുക, ബാന്‍ഡ് മാര്‍ച്ച് പോലെ നീങ്ങുക, ഡാന്‍സ് ചെയ്തുകൊണ്ട് നീങ്ങുക ഇതൊക്കെയാവാം. കുഞ്ഞുങ്ങളെയും പിന്തുടരണം. അത് അവരില്‍ തനിക്കും വീട്ടില്‍ പ്രാധാന്യമുണ്ടെന്ന തോന്നലുണ്ടാക്കും. ഹൃദയമിടിപ്പ് മാത്രമല്ല രക്തയോട്ടം വര്‍ധിപ്പിക്കാനും ചിരി പടര്‍ത്താനും ഇത് സഹായിക്കും.

നടപ്പല്ല, ഇനി ഓട്ടം

വീടിനകത്ത് എന്താവശ്യത്തിനും നടക്കാറാണോ പതിവ്? പകരമൊന്ന് ഓടി നോക്കിയാലോ? ഫോണെടുക്കാന്‍, മെയില്‍ പരിശോധിക്കാന്‍, ആരെങ്കിലും വന്നാല്‍ വാതില്‍ തുറക്കാനൊക്കെ. ആരാദ്യമെത്തുമെന്നു നോക്കുകയുമാവാം.

ചാടാന്‍ മറന്നു പോയോ?

കുഞ്ഞുങ്ങള്‍ക്കേറ്റവുമിഷ്ടമുള്ള കാര്യമാണ് ചാട്ടം. സോഫയിലും കട്ടിലിലും നിലത്തുമൊക്കെയായി കുഞ്ഞുങ്ങളിങ്ങിനെ ചാടുന്നതുകാണാം. അവരുടെയൊപ്പം ചേര്‍ന്നുനോക്കൂ. അവര്‍ക്കും അത് സന്തോഷമാകും.

കുഞ്ഞുങ്ങളോടൊപ്പം കളിക്കാം

കളിയും ചിരിയുമൊക്കെ എന്നോ മറന്ന് കുടുംബഭാരം ചുമലിലേറ്റി സ്വയം വയസരെന്നു വിളിക്കുന്നവരാണിന്നധികവും. ഒഴിവ് സമയം കിട്ടിയാല്‍ത്തന്നെ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും മുന്നില്‍ ചടഞ്ഞിരിപ്പും. ഇന്നത്തെ കുഞ്ഞുങ്ങളും കമ്പ്യൂട്ടര്‍ ഗെയിമിന്റെയും മറ്റും ലോകത്താണ്. എല്ലാവര്‍ക്കും ചേര്‍ന്ന് പഴയൊരു കളിയോര്‍ത്തെടുത്ത് കളിച്ചാലോ. പല നാടുകളിലും പല പേരുകളിലുമറിയപ്പെടുന്ന നാടന്‍ കളികളുണ്ടാകും. കുഞ്ഞുനാളില്‍ കളിച്ച, വ്യായാമത്തിന്റെ ഫലം തരുന്ന ഇത്തരം നാട്ടുകളികള്‍ കുഞ്ഞുങ്ങള്‍ക്കായി ഓര്‍ത്തെടുത്ത് കളിക്കാം. നങ്ങള്‍ക്കും ചെറുപ്പമാവും.

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. അവര്‍ക്കായി സമയം കണ്ടെത്തണം. ഇത്തരം കുഞ്ഞുകുഞ്ഞുകാര്യങ്ങളിലൂടെ എല്ലാവരും ഒന്നാണെന്നും എല്ലാ കാര്യത്തിലും ഈ ഒരുമയും സഹകരണവുമുണ്ടാകുമെന്നും ഉള്ളില്‍ തോന്നലുണ്ടാകും. കുസൃതിയും സന്തോഷവും തരുന്ന ഏറ്റവും മികച്ചയിടമാണ് കുടുംബമെന്ന വിശ്വാസം എവിടെച്ചെന്നാലും കുടുംബത്തോട് ചേര്‍ന്നിരിക്കാനുള്ള പ്രചോദനവുമാകും.

തയ്യാറാക്കിയത്: റിനി രവീന്ദ്രന്‍

സ്ട്രസ് കുറച്ച് ഹാപ്പിയാകാന്‍ ആറ് തന്ത്രങ്ങള്‍

സ്‌ട്രെസ് കുറക്കാം ഹാപ്പിയാകാം
സ്‌ട്രെസ്സ്, സ്‌ട്രെസ്സ്, സ്‌ട്രെസ്സ് കാണുന്നവരോടും മിണ്ടുന്നവരോടും ഒക്കെ ദേഷ്യം. തിരക്ക് പിടിച്ചോടുന്ന കാലത്തും ലോകത്തും മാനസികപിരിമുറുക്കമില്ലാത്തവര്‍ കുറവ്. മിക്കവരും അത് പരിഹരിക്കുന്നത് കൂട്ടുകാരോടും വീട്ടുകാരോടും ദേഷ്യപ്പെട്ടും കലഹിച്ചും കരഞ്ഞും.. പിന്നീട് അതോര്‍ത്തുള്ള കുറ്റബോധം.. ഇനി അതൊന്നും വേണ്ട. നമ്മുടെ ലോകത്തിരുന്ന് നമ്മുടെ മനസിനിഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്ത് മാനസികപിരിമുറുക്കം കുറക്കാം. ഇതാ സട്രെസ്സ് മാറ്റി സന്തോഷമായിരിക്കാന്‍ ആറ് കാര്യങ്ങള്‍. ഇവ ക്രമത്തില്‍ ചെയ്താല്‍ മതി പിരിമുറുക്കമൊക്കെ കളഞ്ഞ് ശാന്തമായിരിക്കാം.

നന്നായി ശ്വാസമെടുക്കുക

മാനസികസമ്മര്‍ദ്ദം കുറക്കാന്‍ ആദ്യം ചെയ്യേണ്ടത് നന്നായി ശ്വാസമെടുക്കുകയാണ്. ആഴത്തില്‍ ശ്വാസമെടുക്കണം. ഒരു കൈ വയറിന്റെ ഒരിഞ്ചു മുകളിലായി വെച്ചശേഷം ദീര്‍ഘമായി ശ്വാസമെടുക്കുക. കുറച്ചുനേരം പിടിച്ചുവെച്ചശേഷം മാത്രം പുറത്തേക്ക് വിടുക. അല്‍പം ആശ്വാസം ലഭിക്കും.

ഇനിയൊരു ചോക്ലേറ്റ് കഴിച്ചാലോ

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്. ഡാര്‍ക്ക് ചോക്ലേറ്റ് രണ്ടാഴ്ചയില്‍ ഒരു തവണയെങ്കിലും കഴിക്കുന്നത് മാനസികസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുമെന്നത് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ സ്‌ട്രെസ്സ് അനുഭവപ്പെടുമ്പോള്‍ ഒരല്‍പം ചോക്ലേറ്റ് കഴിച്ചോളൂ. പ്രമേഹമുള്ളവര്‍ അളവ് കുറക്കാന്‍ ശ്രദ്ധിക്കുമല്ലോ.

കാണാം ചിത്രങ്ങള്‍

വീടിന്റെ ചുമരു നിറയെ ചിത്രങ്ങള്‍ വയ്ക്കാനിഷ്ടപ്പെടുന്നവരാണോ നിങ്ങള്‍. എങ്കില്‍ അക്കൂട്ടത്തില്‍ ഒരു മഞ്ഞണിഞ്ഞ പ്രകൃതി ദൃശ്യം കൂടി വെച്ചോളൂ. ഇത്തരം ചിത്രങ്ങളില്‍ത്തന്നെ കുറച്ചുനേരം നോക്കിയിരിക്കുന്നത് മനസ് ശാന്തമാകാന്‍ സഹായിക്കും. 40 ശതമാനത്തോളം മാനസികസമ്മര്‍ദ്ദം ഇത്തരത്തില്‍ കുറക്കാമത്രെ.

കലയ്ക്ക് നല്‍കാം അല്‍പനേരം

അഞ്ചോ പത്തോ മിനിറ്റ് കലാപരമായ കാര്യങ്ങള്‍ക്കുവേണ്ടി നീക്കിവെയ്ക്കാം. അല്ലെങ്കില്‍ ഇഷ്ടപ്പെട്ട ഹോബിക്കായി ചിലവഴിക്കാം. മനസ് തനിയെ നമ്മുടെ വഴിക്ക് വന്നുകൊള്ളും. കരകൗശലവസ്തുക്കളുണ്ടാക്കാനോ, പെയിന്റിങ്ങിനോ ഒക്കെയായി ഈ സമയം മാറ്റിവയ്ക്കാം. പാട്ടു കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ ദു:ഖമുണ്ടാക്കുന്നതും വിപരീതഫലമുണ്ടാക്കുന്നതുമായവ തീര്‍ത്തും ഒഴിവാക്കണം.

ചായ കുടിക്കാം, ഹാപ്പിയാകാം

ഗ്രീന്‍ ടീ കുടിക്കുന്നത് മാനസികസമ്മര്‍ദ്ദം കുറക്കാനുള്ള ഉത്തമ പ്രതിവിധിയാണ്. അതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ മനസിനെ പ്രസരിപ്പുള്ളതാക്കും. രക്തസഞ്ചാരം വര്‍ധിപ്പിക്കാനും ഉന്മേഷം നല്‍കാനും ഗ്രീന്‍ ടീ ഉത്തമമാണ്. ആസ്വദിച്ച് ഒരു ഗ്രീന്‍ ടീ കുടിച്ച് നോക്കുകയല്ലേ ഇനി.

പുറത്തേക്ക്

ഇത്രയും ചെയ്തു കഴിയുമ്പോള്‍ തന്നെ മനസിന്റെ പിരിമുറുക്കമൊക്കെയകന്നുകാണും. മനസ് ടെന്‍ഷനൊക്കെ മാറ്റിവെച്ച് ചെറുതായി പാട്ടുമൂളാന്‍ തുടങ്ങിയിരിക്കും. ഇനിയൊന്നു പുറത്തിറങ്ങാം. പുറത്തേക്കുള്ള നടത്തം നമ്മളെ ഉല്ലാസമുള്ളവരാക്കും. ശാന്തമായൊരിടത്തേക്കിറങ്ങാം.. അല്ലെങ്കില്‍ വെറുതെ പുറം കാഴ്ചകളിലേക്ക്, അപരിചിതരായ ആള്‍ക്കാരിലേക്ക് ബഹളങ്ങളിലേക്ക് കണ്ണുനടാം.. ലോകവും ജീവിതവും സുന്ദരമാണെന്ന് തോന്നും.

തയ്യാറാക്കിയത്: റിനി രവീന്ദ്രന്‍​

ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല

യവനകഥയിലെ ക്ലിയോപാട്രയേ പറ്റി കേട്ടിട്ടില്ലെ. പുരാതന ഈജിപ്യന്‍, ഗ്രീക്ക്, റോമന്‍ രാജാക്കന്‍മാരുടെ ഉറക്കം കളഞ്ഞ സര്‍പ്പ സുന്ദരി. ക്ലിയോപാട്രയുടെ ചര്‍മ സൗന്ദര്യത്തിന്റെ രഹസ്യം അവരുടെ എണ്ണതേച്ചുള്ള കുളിയായിരുന്നു എന്നാണ് പറയപ്പെടുന്നത്.  ക്ലിയോപാട്രയുടേതുപോലെ അല്ലെങ്കിലും  ചര്‍മ്മം ആരോഗ്യത്തോടെയും ആകര്‍ഷകമായും നിലനിര്‍ത്താന്‍ എണ്ണ വളരെ നല്ല ഓഷധമാണെന്ന് എത്രപേര്‍ക്കറിയാം. എണ്ണ തേച്ച് കുളിച്ചാല്‍ ഒന്നും രണ്ടുമല്ല അഞ്ചുഗുണങ്ങളാണ് നിങ്ങളേ കാത്തിരിക്കുന്നത്. മുഖവും ചര്‍മ്മവും വൃത്തിയാക്കാനും രോഗങ്ങളില്‍ നിന്ന് രക്ഷിക്കാനും എണ്ണ അത്യുത്തമമാണ്.

വരണ്ട ചര്‍മമാണോ നിങ്ങളുടേത്. എങ്കില്‍ ധൈര്യമായി മുഖത്ത് എണ്ണതേച്ചോളൂ. വരണ്ട ചര്‍മ്മക്കാര്‍ക്കുള്ള മറുമരുന്നാണ് എണ്ണ. ആദ്യ പ്രയോഗത്തില്‍ തന്നേ ചര്‍മ്മത്തിനെ ഈര്‍പ്പമുള്ളതാക്കാന്‍ സാധിക്കും. മാത്രമല്ല ക്രീമുകളില്‍ ഉപയോഗിക്കുന്ന ഹാനീകരമായ രാസവസ്തുക്കളേപ്പറ്റി ഭയപ്പെടുകയും വേണ്ട. മാത്രമല്ല ചര്‍മ്മം വരണ്ട് വിള്ളല്‍ വീഴാതിരിക്കാനും എണ്ണ സഹായിക്കും.

മുഖത്ത് ചുളിവുകള്‍ വീഴുന്നതില്‍ എന്തിന് വിഷമിക്കണം. എണ്ണതേച്ച് കുറച്ച് നേരം കഴിഞ്ഞ് കഴുകി കളയൂ. എണ്ണകളില്‍ ഭൂരിഭാഗവും ആന്റി ഓക്‌സിഡന്റുകളാലും വൈറ്റമിനുകളാലും സംപുഷ്ടമാണ്. നിങ്ങളുടെ ചര്‍മത്തിനെ ലോലമാക്കാന്‍ എണ്ണയോളം പോന്ന മറ്റൊന്നുമില്ല. എണ്ണ കൊണ്ടുള്ള ഫേഷ്യല്‍ മുഖത്ത് ഉണ്ടാകുന്ന തടിപ്പുകള്‍ക്കും അണുബാധയ്ക്കും കൈക്കൊണ്ട മരുന്നാണ്.

എണ്ണ ഉപയോഗിച്ചാല്‍ മുഖത്തെ ഏത് ചമയങ്ങളും വളരെ പെട്ടന്ന് മാറ്റാന്‍ സാധിക്കും. മേയ്ക്കപ്പുകള്‍ ഉപയോഗിക്കുന്നവര്‍ എണ്ണ മുഖത്ത് പുരട്ടുന്ന കാര്യത്തില്‍ ഉപേക്ഷ വിചാരിക്കരുത്. ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കുകയേയില്ല എന്ന് നാട്ടുകാരേക്കൊണ്ട് പറയിക്കണമമെങ്കില്‍ എണ്ണ പ്രയോഗം തുടങ്ങിക്കൊള്ളു. ഉപയോഗിക്കുന്ന എണ്ണ കലര്‍പ്പില്ലാത്തതാണെന്ന് ഉറപ്പുവരുത്തുകയും വേണം. അല്ലങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന് വരും.

ഇനി നിങ്ങള്‍ ഉപയോഗിക്കുന്നത് സുഗന്ധ തൈലങ്ങളാണെങ്കില്‍ ഗുണം ഇരട്ടിയാകും. ആരോഗ്യത്തിനു പുറമേ ശരീര ദുര്‍ഗന്ധമകറ്റാനും ഇത് സഹായിക്കും. കര്‍പ്പൂര തൈലം, ചന്ദന തൈലം കൂടാതെ പൂക്കളില്‍ നിന്ന് തയ്യാറാക്കുന്ന തൈലങ്ങള്‍ എന്നിവയും ഉപയോഗിക്കാം. ആരോമാ തെറാപ്പിയെന്നാണ് ഇതിന് പറയുന്നത്. എന്നാല്‍ ഉപയോഗിക്കുന്ന തൈലങ്ങള്‍ ഗുണനിലവാരമുള്ളതായിരിക്കണം. വിപണിയില്‍ നിരവധി വ്യാജന്മാര്‍ ഉള്ളതിനാല്‍ സൂക്ഷിച്ചില്ലെങ്കില്‍ ദുഖിക്കേണ്ടി വരും.

പരീക്ഷാപ്പേടി ഇല്ലാതാക്കാന്‍

ഒ.കെ മുരളീകൃഷ്ണന്‍

വരുന്നത് പരീക്ഷക്കാലം. തമാശകള്‍ക്കും കളികള്‍ക്കും അവധികൊടുത്ത് അല്‍പ്പം ഗൗരവമായി പഠനത്തെ സമീപിക്കേണ്ട സമയമാണിതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഗൗരവമായ പരിഗണനയില്‍നിന്ന് മാറി പരീക്ഷാപ്പേടി എന്ന തലത്തില്‍ കാര്യമെത്തിയാല്‍ ഫലം വിപരീതമാകും. അമിതമായ ആശങ്കയും മനസ്സംഘര്‍ഷവും പരീക്ഷയെഴുത്തിനെ ബാധിക്കുകയും ചെയ്യും.

പരീക്ഷാപ്പേടി എന്നത് ഒരു മാനസികാവസ്ഥയാണ്. കൂടിയ ആശങ്ക,മനസ്സംഘര്‍ഷം, അസ്വസ്ഥത, അകാരണമായ ഭീതി എന്നിങ്ങനെ പലവിധ മാനസികാവസ്ഥകള്‍ ഇതിന്റെ ഭാഗമാണ്.

കാരണങ്ങള്‍
* യാഥാര്‍ത്ഥ്യബോധത്തിന് നിരക്കാതെ രക്ഷിതാക്കള്‍  കുട്ടികളെക്കുറിച്ച് പുലര്‍ത്തുന്ന പ്രതീക്ഷകള്‍
*രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് കുട്ടികള്‍ക്ക് തോല്‍വി,മോശം പ്രകടനം ഇവയെക്കുറിച്ചുണ്ടാകുന്ന ഭീതി.
* വേണ്ടത്ര പഠിക്കാത്ത അവസ്ഥ
*ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍(ചിന്തകളും ഭയവും ചില പെരുമാറ്റരീതികളും  നിയന്ത്രിക്കാനാകാതെ ആവര്‍ത്തിച്ചുവരുന്ന മാനസികാവസ്ഥ)
*ലക്ഷ്യം നേടുന്നതിനുുള്ള പ്രചോദനമില്ലാതിരിക്കുകയും ആത്മവിശ്വാസക്കുറവും
*പോഷകാഹാരക്കുറവും ഉറക്കമില്ലായ്മയും

ലക്ഷണങ്ങള്‍
പരീക്ഷാപ്പേടിയുടെ ലക്ഷണങ്ങളെ ശാരീരികം,പെരുമാറ്റ സംബന്ധിയായത്, വൈകാരികമായത് എന്നിങ്ങനെ മൂന്നായി തിരിക്കാം.
തലവേദന, വയറുവേദന, മനംപിരട്ടല്‍,വയറിളക്കം, അമിത വിയര്‍പ്പ്, ശ്വാസതടസ്സം, തലകറക്കം, ഹൃദയമിടിപ്പ് കൂടുക, വായ വരളുക, കൈകൈലുകള്‍ തണുക്കുകയോ വിറക്കുകയോ ചെയ്യുക, ഛര്‍ദ്ദി, വിറ, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക  എന്നിവയാണ് ശാരീരിമായി അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍.

തോല്‍ക്കുമെന്ന ഭയം, അടുക്കും ചിട്ടയുമില്ലാത്ത ചിന്തകള്‍, തനിക്ക് എന്തൊക്കെയോ കുറവുകള്‍(പഠനത്തിന്റെ കാര്യത്തില്‍)ഉണ്ടെന്ന തോന്നല്‍, ശുഭപ്രതീക്ഷയില്ലാ്ത്ത സംസാരം, കടുത്ത മാനസികസമ്മര്‍ദ്ദമുണ്ടെന്ന തോന്നല്‍,പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കല്‍, ഉറക്കമില്ലായ്മയോ അമിത ഉറക്കമോ തുടങ്ങിയവയാണ് പഠനപരം അല്ലെങ്കില്‍ പെരുമാറ്റസംബന്ധിയായ  ലക്ഷണങ്ങള്‍.

തീരെ ആത്മവിശ്വാസമില്ലാതിരിക്കുക,നിരാശ,വിഷാദം,ദേഷ്യം, പ്രതീക്ഷയില്ലാതിരിക്കുകയും നിസ്സഹായത അനുഭവപ്പെടുകയും ചെയ്യുക, നിരാശ.
പരീക്ഷയെക്കുറിച്ചുള്ള ചെറിയ ഭയം നല്ലതാണ്. കൂടുതല്‍ നന്നായി പഠിക്കാനും സമയം നന്നായി ഉപയോഗപ്പെടുത്താനും അതുവഴി കഴിയും. എന്നാല്‍ മുകളില്‍പ്പറഞ്ഞ ലക്ഷണങ്ങളിലേക്ക് അവ എത്തുമ്പോള്‍ കുട്ടികളുടെ പരീക്ഷയെഴുത്തിനെ അത് ബാധിക്കും. ചിലപ്പോള്‍ ശാരികവും മാനസികവുമായ പ്രശ്‌നങ്ങളിലേക്ക് എത്തുകയും ചെയ്യും.

പേടി കളയാന്‍
പഠനത്തിന് സ്വന്തമായി ഒരു മാതൃകയുണ്ടാക്കുക: നേരത്തേ പഠിച്ചുതുടങ്ങുന്നതാണ് ഏറ്റവും നല്ലത്. ഓരോ വിഷയത്തിന്റെയും ഗൗരവവും അത് പഠിക്കാനുള്ള വിഷമവും പരിഗണിച്ച് സമയക്രമം ഉണ്ടാക്കിവെയ്ക്കുക. അതില്‍ ആദ്യവായന, രണ്ടാം വായന, കുറിപ്പെടുക്കല്‍, റിവിഷന്‍ എന്നിവയക്കെല്ലാം സമയം ഉള്‍പ്പെടുത്തുക. 

ശുഭാപ്തി വിശ്വാസം വളര്‍ത്തുക: നന്നായി പഠിക്കാന്‍ തനിക്കാവുമെന്നും നന്നായി പരീക്ഷ എഴുതാന്‍ കഴിയുമെന്നും സ്വയം ധരിപ്പിക്കുക. വീണ്ടും വീണ്ടും അതിനായി ശ്രമിക്കുക. ഇതേ സാന്ത്വന വാക്കുകള്‍ അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരും കുട്ടികളിലേക്ക് പകരണം.

ശ്രദ്ധ പഠനത്തില്‍ മാത്രം: പരീക്ഷയെക്കുറിച്ച് ആശങ്കമാത്രം പങ്കുവെയ്ക്കുന്ന കൂട്ടുകാരുമായുള്ള ആശയവിനിമയം കുറയ്ക്കുക. മറ്റുള്ളവര്‍ എത്ര പഠിച്ചു, എന്ത് പഠിച്ചു എന്ന് കൂടുതല്‍ അന്വേഷിക്കാതിരിക്കുക. പരീക്ഷാഹാളിന് പുറത്തും ഇത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുക. മറ്റൊരാള്‍ പഠിച്ചത് താന്‍ വായിച്ചുപോലുമില്ലെന്ന് ചിലപ്പോള്‍ അവിടെവെച്ച് അറിയും. അത് പരീക്ഷയ്ക്ക് വരണമെന്നില്ല. എന്നാല്‍ അതുണ്ടാക്കുന്ന മനസ്സംഘര്‍ഷം പരീക്ഷയാകെ നാശമാക്കുകയും ചെയ്യും.

ഓര്‍മിയ്ക്കാനുള്ള തന്ത്രങ്ങള്‍: പദ്യരൂപത്തിലും ചാര്‍ട്ട്‌ രൂപത്തിലുമെല്ലാം പഠനവിവരങ്ങള്‍ ക്രമപ്പെടുത്തി രസകരമാക്കുക. എളുപ്പം ഓര്‍ക്കാന്‍ അത് ഉപകരിക്കും. താന്‍ പഠിച്ച കാര്യം മറ്റൊരാളോട് വിശദീകരിക്കുക.

ധ്യാനം
ഒരിടത്ത് ഏകാഗ്രമായി 10 മിനിട്ടു ഇരിക്കാന്‍ ശീലിക്കുക. ഇത് ദിവസവും ചെയ്യുന്നത് പഠനത്തെ സഹായിക്കും. സാവധാനത്തിലുള്ള ശ്വാസോച്ഛാസം, പേശികള്‍ അയച്ചുള്ള വ്യായാമങ്ങള്‍ ഇവയെല്ലാം നല്ലതാണ്.

ഉറക്കം
പരീക്ഷയുടെ തലേനാള്‍ നന്നായി ഉറങ്ങുക. ഉറക്കക്കുറവ് ഓര്‍മയെ ബാധിക്കും. പഠിച്ച കാര്യങ്ങള്‍ അടുക്കും ചിട്ടയോടെ ഓര്‍ത്തെടുക്കാന്‍ കഴിയാതെ വരും. ഉറക്കമൊഴിഞ്ഞ് നന്നായി പഠിച്ചിട്ടും അതുണ്ടാക്കുന്ന  ശാരീരിക പ്രശ്‌നങ്ങള്‍ കാരണം കുട്ടികള്‍ പരീക്ഷാഹാളില്‍ കുഴഞ്ഞ് വീഴുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടാകാറുണ്ട്.

കൗണ്‍സിലിങ്
പരീക്ഷാപ്പേടി സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മടികൂടൂതെ ഒരു കൗണ്‍സിലറുടെ സഹായം തേടുക. 

രക്ഷിതാക്കള്‍ ശ്രദ്ധിക്കാന്‍
ഓരോ കുട്ടിയ്ക്കും അവരുടേതായ കഴിവുകളുണ്ട്. അത് തിരിച്ചറിഞ്ഞ് അവരുടെ പഠനത്തില്‍ സഹായിക്കുക. അമിതമായ ആശങ്ക പ്രകടിപ്പിക്കാതിരിക്കുക. പഠനത്തിന് പ്രേരിപ്പിക്കുമ്പോള്‍ തന്നെ പ്രസാദാത്മകമായി പെരുമാറുക. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ലോകാവസാനം എന്ന രീതിയില്‍ പെരുമാറാതിരിക്കുക. ഇത്ര മാര്‍ക്കുമേടിച്ചാല്‍ സമ്മാനം നല്‍കുമെന്ന വാഗ്ദാനം നല്‍കാതിരിക്കുക. മറ്റുകുട്ടികളുമായുള്ള താരതമ്യം ഒട്ടും വേണ്ട.

വൃക്കരോഗം പിടിമുറുക്കുന്നു

കര്‍ച്ചവ്യാധി പോലെ വൃക്കരോഗങ്ങള്‍ കേരളത്തെ വരിഞ്ഞുമുറുക്കുകയാണ്. ഓരോ വര്‍ഷവും രോഗികളുടെ എണ്ണം കൂടുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ഡയാലിസിസിനെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടുന്നു. ഒപ്പം ഡയാലിസിസ് സെന്ററുകളുടെ എണ്ണവും. കേരളം നേരിടുന്ന ഗുരുതരമായ സാമൂഹിക യാഥാര്‍ത്ഥ്യമാണിത്.


കേരളത്തിന്റെ ആങ്ങോളമിങ്ങോളം സഞ്ചരിച്ചാല്‍ കാണുന്ന കാഴ്ചകള്‍ പേടിപ്പെടുത്തുന്നതാണ്. കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. വൃക്കരോഗത്തിന്റെ ദുരിതംപേറി ജീവിക്കുന്ന ആയിരക്കണക്കിനാളുകളുണ്ടിവിടെ. ആരോഗ്യ മേഖലയില്‍ കേരളം നേരിടുന്ന വലിയ വിപത്തായി വൃക്കരോഗം മാറി. അത് ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വൃക്കരോഗം രോഗദുരിതം മാത്രമല്ല കുടുംബത്തിന്റെ സാമ്പത്തിക നിലയെത്തന്നെ തകര്‍ത്തുകളയുന്നുണ്ട്.

പുതിയ ലക്കം മാതൃഭൂമി ആരോഗ്യമാസിക ഫിബ്രവരി 18 മുതല്‍ വിപണിയില്‍.

വര്‍ധിച്ചുവരുന്ന ചികിത്സചെലവ് താങ്ങാനാവാതെ തളരുകയാണ് അനവധി കുടുംബങ്ങള്‍. പണമില്ലാത്തതിനാല്‍ ചികിത്സ മുടങ്ങിപ്പോകുന്ന നിരവധി പേരുണ്ട് നമ്മുടെ ഇടയില്‍.  ഉള്ളതെല്ലാം വിറ്റുപെറുക്കി വൃക്കമാറ്റത്തിനായി കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ചികിത്സാസഹായത്തിന് അപേക്ഷിച്ച് കാത്തുനില്‍ക്കുന്നു. വൃക്കരോഗികളില്‍ അഞ്ചു ശതമാനം പേര്‍ക്ക് മാത്രമെ ചികിത്സചെലവുകള്‍ താങ്ങാനാവുന്നുള്ളൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്രയും വലിയൊരു അപകടച്ചുഴിയിലേക്ക് മലയാളികള്‍ ചെന്ന് വീണത് എങ്ങനെയാണ്?

ഈ ദുരവസ്ഥ ഓര്‍ക്കാപ്പുറത്ത് ഉണ്ടായ ഒന്നല്ല. തെറ്റായ ജീവിതശൈലിയിലൂടെയും സമീപനത്തിലൂടെയും വന്നുചേര്‍ന്നതാണ്. അശ്രദ്ധയുടെയും അലംഭാവത്തിന്റെയും ബാക്കിപത്രമാണത്. വൃക്കരോഗങ്ങള്‍ പലതും വലിയൊരുപരിധിവരെ തടയാനാവും. പ്രവര്‍ത്തനം നിലക്കാതെ വൃക്കകളെ ദീര്‍ഘകാലം സംരക്ഷിക്കാനാവും. വൃക്കകള്‍ അപകടത്തിലാവുന്ന വഴികള്‍ ഏതൊക്കെയാണെന്ന് വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. ആ അപകടവഴികളെ തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അറിയാം. മെല്ലെമെല്ലെയാണ് രോഗാവസ്ഥ പുരോഗമിക്കുന്നത്. അത് പരിശോധനകളിലൂടെ കണ്ടെത്താം. കൃത്യമായ ചികിത്സയിലൂടെ രോഗപുരോഗതി തടയാനാവും. ഇതൊക്കെയായിട്ടും നമ്മള്‍ തോല്‍ക്കുന്നു. വൃക്കരോഗങ്ങള്‍ തടയാനാവുന്നില്ല.

ഡയാലിസിസ് സെന്ററുകളിലും നെഫ്രോളജി ഒ.പിയിലും എപ്പോഴും രോഗികളുടെ തിരക്കാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി ഒ.പിയില്‍ ഒരു ദിവസം എത്തുന്നത് ശരാശരി 250 രോഗികളാണ്. മറ്റ് പ്രധാന ആസ്പത്രികളിലും സ്ഥിതി വ്യത്യസ്തമല്ല. മാറ്റിവെക്കാന്‍ വൃക്കയ്ക്ക് വേണ്ടി രജസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണവും ഒരോ വര്‍ഷവും കൂടുകയാണ്.

വൃക്ക വേണ്ടവരുടെ എണ്ണം കൂടിയതോടെ വൃക്കദാനം സുതാര്യവും കാര്യക്ഷമവുമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ, മസ്തിഷ്‌ക മരണദാതാക്കളില്‍ നിന്നുള്ള അവയവ ദാനപദ്ധതിയായ മൃതസഞ്ജീവിനിയില്‍ വൃക്കയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് 1200 ലധികം പേരാണ്. ഇതില്‍ 41-50 വയസ്സിനിടയിലുള്ളവര്‍ 367 പേരുണ്ട്. 31നും 40 നും ഇടയിലുള്ളവര്‍ 281 പേരും.

ഇത് വൃക്കരോഗം ബാധിച്ച് ഡയാലിസിസില്‍ എത്തിനില്‍ക്കുന്നവരുടെയും വൃക്കമാറ്റിവെക്കാന്‍ കാത്തിരിക്കുന്നവരുടെയും കണക്ക് മാത്രമാണ്. ഇത് കൂടാതെ സ്ഥായിയായ വൃക്കരോഗത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന വലിയൊരു വിഭാഗം രോഗികള്‍ വേറെയുമുണ്ട്. മാത്രമല്ല വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായിതുടങ്ങി എന്ന് തിരിച്ചറിയാതെ ജീവിക്കുന്ന ഒട്ടേറെ ആളുകളുമുണ്ട്.

ലോകത്ത് പത്തില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വൃക്കരോഗഭീഷണിയുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പറയുന്നത്. ഇതിന് സമാനമോ ഇതിനേക്കാള്‍ കൂടുതലോ ആണ് കേരളത്തിന്റെ സ്ഥിതി. എന്നാല്‍ കേരളത്തില്‍ വൃക്കരോഗത്തിന്റെ വ്യാപിതിയെക്കുറിച്ച് ഇനിയും സമഗ്രമായ പഠനങ്ങള്‍ വന്നിട്ടില്ല. എന്നാല്‍ വൃക്കരോഗികളുടെ എണ്ണം കൂടുന്നു എന്നാണ് ലഭ്യമായ കണക്കുകള്‍ കാണിക്കുന്നത്. ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളും ഇതേ സൂചനയാണ് നല്‍കുന്നത്.

അര്‍ബുദചികിത്സയില്‍ വിപ്ലവം സൃഷ്ടിച്ച് 'ടി-സെല്‍ തെറാപ്പി'

പരീക്ഷണത്തില്‍ 90 ശതമാനം ലുക്കീമിയ ബാധിതര്‍ക്ക് രോഗമുക്തി

 

ലണ്ടന്‍: ശരീരത്തിലെ രോഗപ്രതിരോധകോശങ്ങളായ ശ്വേതരക്താണുക്കളെ ഉപയോഗിച്ച് അര്‍ബുദത്തെ കീഴ്‌പ്പെടുത്തുന്ന നൂതനചികിത്സ രൂപപ്പെടുത്തിയതായി ഒരുവിഭാഗം ശാസ്ത്രജ്ഞര്‍.

 

ശ്വേതരക്താണുക്കളിലെതന്നെ ടി-സെല്ലുകള്‍ എന്നുവിളിക്കപ്പെടുന്ന കോശങ്ങളാണ് ഇതിനുപയോഗിക്കുന്നത്. അര്‍ബുദചികിത്സാരംഗത്ത് ഈ കണ്ടെത്തല്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.


അഞ്ചുമാസത്തിനപ്പുറം ജീവിച്ചിരിക്കില്ലെന്ന് വിധിച്ച രക്താര്‍ബുദബാധിതര്‍ 18 മാസത്തെ ടി-സെല്‍ ചികിത്സയിലൂടെ രോഗമുക്തരായെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. രോഗം തിരിച്ചുവരുന്നതിന്റെ സൂചനയും ഇവരിലില്ലെന്നും പറയുന്നു.


അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന അര്‍ബുദം ബാധിച്ച 35 പേരിലാണ് പരീക്ഷണചികിത്സ നടത്തിയത്. ഇതില്‍ 90 ശതമാനത്തിലേറെപ്പേരിലും ചികിത്സ വിജയിച്ചു. ക്രോണിക് ലിംഫോസൈറ്റ് ലുക്കീമിയ ബാധിച്ച 40 രോഗികളില്‍ നടത്തിയ പരീക്ഷണചികിത്സയില്‍ 80 ശതമാനത്തിലേറെപ്പേര്‍ അതിനോട് അനുകൂലമായി പ്രതികരിച്ചു. ഇതില്‍ പാതിപ്പേരും 18 മാസംകൊണ്ട് പൂര്‍ണമായി രോഗമുക്തരായി. ഇത് അത്ഭുതാവഹമാണെന്ന് സിയാറ്റിലിലെ ഫെഡ് ഹച്ചിന്‍സണ്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്ററിലെ ഡോ. സ്റ്റാന്‍ലി റിഡെല്‍ അഭിപ്രായപ്പെട്ടു.


പരീക്ഷണഫലത്തിന്റെ വിശദാംശങ്ങള്‍ ഇക്കൊല്ലം അവസാനം പ്രസിദ്ധീകരിക്കും. പരീക്ഷണഫലങ്ങള്‍ തിങ്കളാഴ്ച അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ദ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സിന്റെ യോഗം ചര്‍ച്ചചെയ്തു.


ടി-സെല്‍ തെറാപ്പിയുടെ കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്ന് അര്‍ബുദചികിത്സാരംഗത്തെ ചില വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കി. എല്ലാ രോഗികളിലും ഇത് ഫലിക്കില്ലെന്നും ചില രോഗികളില്‍ മാരകമായ പ്രതിപ്രവര്‍ത്തനം നടക്കുകയും മരണംസംഭവിക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. എല്ലാ ചികിത്സയും വിഫലമായ ചില രോഗികളില്‍ ടി-സെല്‍ ചികിത്സ വിജയിച്ചത് അപൂര്‍വനേട്ടമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

കൊഴുപ്പ്‌ കുറയ്ക്കാൻ

ചർമത്തിന്റെ ഇലാസ്റ്റിസിറ്റി കുറയുന്നതു മൂലം അടിയവയറ് തൂങ്ങുകയും വെളുത്ത വരകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ ഘട്ടത്തിലാണ് അബ്‌ഡോമിനോ പ്ലാസ്റ്റി സഹായിക്കുന്നത്.

അടിവയറിന്റെ പേശികളിലെ അമിതമായ കൊഴുപ്പും വണ്ണവും കുറയ്ക്കാൻ സഹായിക്കുന്ന ചികിത്സയാണ് അബ്‌ഡോമിനോ പ്ലാസ്റ്റി. കൊഴുപ്പും തടിയും കുറച്ച് അടിവയറ്റിലെ മസിലുകളെ ദൃഢപ്പെടുത്തുന്നതിന് ഈ ശസ്ത്രക്രിയ സഹായിക്കും.

ടമ്മി ടിക് എന്ന നാമത്തിലും അറിയപ്പെടുന്ന ഈ ശസ്ത്രക്രിയ പുറത്തേക്ക് തള്ളിനിൽക്കുന്ന വയറ് കുറച്ച് ശരീരത്തിന്റെ കൃത്യമായ ആകൃതി നിലനിർത്തുന്നതിനാണ് സഹായിക്കുന്നത്. 

പ്രധാനമായും സ്ത്രീകളാണ് ഈ ചികിത്സാ രീതി ഉപയോഗിക്കുന്നത്. പ്രായമേറുന്തോറും ശരീരം ശ്രദ്ധിക്കാതെ വരികയും പ്രസവാനന്തരം ശരീര ഭാരം വർധിക്കുകയും ചെയ്യും. അഭംഗി എന്നതിലുപരി ആരോഗ്യ പ്രശ്നങ്ങളും ഇതുമൂലം ഉണ്ടായേക്കാം. കൊഴുപ്പ് അടിഞ്ഞുകൂടി വയറ്‌ ചാടുന്നതാണ് ഇതിന്റെ ആദ്യ പടി.

ചർമത്തിന്റെ ഇലാസ്റ്റിസിറ്റി കുറയുന്നതു മൂലം അടിയവയറ് തൂങ്ങുകയും വെളുത്ത വരകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ ഘട്ടത്തിലാണ് അബ്‌ഡോമിനോ പ്ലാസ്റ്റി സഹായിക്കുന്നത്. കൂടാതെ നല്ല ശരീരപ്രകൃതി ഉണ്ടായിട്ടും ഡയറ്റിനോ, വ്യായാമത്തിനോ കുറയ്ക്കാൻ സാധിക്കാതെ ഫാറ്റ് അടിഞ്ഞുകൂടി ശരീരഭാരം തോന്നിക്കുന്നവർക്കും ഈ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. ലോകത്ത് ഏറ്റവും കൂടുതലായി ഉപയോഗിച്ചു വരുന്ന സൗന്ദര്യ ശസ്ത്രക്രിയകളിലൊന്നാണിത്.

അടിവയറിലെയും അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടിയ മേഖലയിലെയും കൊഴുപ്പ് എടുത്തുമാറ്റി ശേഷിക്കുന്ന ഭാഗം തുന്നിച്ചേർക്കുന്നു. ഇതിലൂടെ ശരീരത്തിലെ വേണ്ടാത്ത കൊഴുപ്പ് പുറത്തേക്ക് പോകുകയും അനാവശ്യമായി തൂങ്ങിനിൽക്കുന്ന അവസ്ഥ ഇല്ലാതാകുകയും ചെയ്യും. മൂന്ന്‌ മുതൽ അഞ്ച് മണിക്കൂർ വരെ ആണ് ശസ്ത്രക്രിയയുടെ സമയം. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി അനുസരിച്ചാണ് ശസ്ത്രക്രിയയുടെ രീതികളിൽ വ്യത്യാസം വരുന്നത്.

ശസ്ത്രക്രിയയ്ക്ക് മുൻപേ ഒരു വ്യക്തി മനസ്സിലാക്കിയിരിക്കേണ്ട കാര്യം, ഈ പ്രക്രിയയ്ക്ക് ശേഷം തന്റെ ശരീരത്തിൽ സ്ഥിരമായ പാട് ഉണ്ടാകും എന്നതാണ്. ശസ്ത്രക്രിയയുടെ പാട് മാറ്റാൻ സാധിക്കില്ല. അടിവയറ് മുതൽ ഹിപ്പ് വരെ ഈ പാടുകൾ ഉണ്ടാകും.  ഈ ശസ്ത്രക്രിയയുടെ മറ്റൊരു പരിണിത ഫലമാണ് ഇടയ്ക്ക് ഉണ്ടായേക്കാവുന്ന മരവിപ്പും തരിപ്പും. അടിവയറിനും സമീപ പ്രദേശങ്ങളിലുമായാണ് ഇത് അനുഭവപ്പെടുക. അടിവയറ്റിലെ കൊഴുപ്പ് എടുത്തു മാറ്റുമ്പോൾ അവിടെയുള്ള നാഡികളെ ബാധിക്കുന്നതിനാലാണിത് സംഭവിക്കുന്നത്. താത്‌കാലികമായുണ്ടാകുന്ന ഒരു തരിപ്പാണിത്.

അമിതമായ രക്തസ്രാവം, പകർച്ചവ്യാധി, കാലുകളിൽ നാഡീരക്ത പ്രതിബന്ധനം എന്നിവ ശസ്ത്രക്രിയക്കു ശേഷം ഉണ്ടാകാറുണ്ട്. ശസ്ത്രക്രിയയ്ക്ക് മുന്നൊരുക്കമായി രണ്ടാഴ്ച മുൻപ് മുതൽ പുകവലി, മദ്യപാനം, ആസ്പിരിൻ, ഗർഭനിരോധന മരുന്നുകൾ എന്നിവ ഒഴിവാക്കണം. ഇവ ഒഴിവാക്കുന്നതോടൊപ്പം കൃത്യമായ വ്യായാമവും ഡയറ്റും ശ്രദ്ധിക്കണം.

ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നോ നാലോ ദിവസം ആശുപത്രിയിൽ കഴിയേണ്ടതായി വരും. ശസ്ത്രക്രിയക്ക്‌ ശേഷമുള്ള ദ്രാവകം പുറത്തു പോകുന്നതിന് പ്രത്യേക ട്യൂബ് സംവിധാനം ഇതോടൊപ്പം സജ്ജീകരിച്ചിരിക്കും. 

സർജറിക്കു ശേഷം രോഗിയുടെ ആരോഗ്യ സ്ഥിതിയനുസരിച്ച് രണ്ട്‌ ദിവസം മുതൽ ഒരാഴ്ച വരെ ആശുപത്രിയിൽ കഴിയേണ്ടിവരും. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ചയോളം കൃത്യമായ വിശ്രമം ആവശ്യമാണ്. അമിത ഭാരം എടുത്തുയർത്താനോ, ശരീരത്തിന് ആയാസമുള്ള ജോലികൾ ചെയ്യാനോ പാടില്ല.

വീണ്ടും ഗർഭം ധരിക്കാൻ താത്‌പര്യപ്പെടുന്നവർ അടിവയറ്റിലെ മസിലുകൾ വികസിക്കാൻ സമയം നൽകണം. ശസ്ത്രക്രിയയിലൂടെ വലിച്ചു മുറുക്കിയ മസിലുകൾ ഗർഭാവസ്ഥയിൽ വീണ്ടും അയയും എന്നതിനാലാണിത്. ശസ്ത്രക്രിയയുടെ വിജയം ഈ ചികിത്സാ രീതിക്ക്‌ ശേഷം ഓരോരുത്തരും തുടരുന്ന വ്യായാമത്തിനേയും ഡയറ്റിനേയും ആശ്രയിച്ചിരിക്കും.

കടപ്പാട് :
ഡോ. സി. തോമസ്
സീനിയർ അസോസിയേറ്റ് കൺസൾട്ടന്റ് - പ്ലാസ്റ്റിക്
റീ കൺസ്ട്രക്ടീവ് ആൻഡ്‌ എയ്‌സ്‌തെറ്റിക് സർജറി,
ആസ്റ്റർ മെഡ്സിറ്റി

അമിത കോപം നിയന്ത്രിക്കാം

എന്തിനും ഏതിനും ദേഷ്യപ്പെടുന്ന സ്വഭാവമാണോ നിങ്ങള്‍ക്ക്? ദേഷ്യം വന്നാല്‍ ചെയ്യുന്നതും പറയുന്നതും നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നോ? എങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ദേഷ്യം വരുന്നത് സാധാരണം തന്നെ. എന്നാല്‍ അമിത കോപം അല്പം ശ്രദ്ധ കൊടുക്കേണ്ട അവസ്ഥ തന്നെയാണ്. അമിത കോപത്തിന് പല കാരണങ്ങള്‍ ഉണ്ട്.

ഇച്ഛാഭംഗം, വിഷാദം, അപകര്‍ഷതാബോധം, ഉത്കണ്ട, നൈരാശ്യം, ആത്മവിശ്വാസമില്ലായ്മ ഇതൊക്കെ അവയില്‍ ചിലത് മാത്രം. പരിഹാരം കാണാതെ പല പ്രശ്‌നങ്ങളും കൂടുതല്‍ സങ്കീര്‍ണമാകുന്നത് അതുകൊണ്ടാണ്. കോപം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഇവയെ അഭിമുഖീകരിക്കേണ്ട രീതിയും വ്യത്യസ്തമാണ്. അമിത കോപം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില വിദ്യകള്‍ നമുക്ക് ഇവിടെ പരിചയപ്പെടാം.

നാവിനെ അടക്കുക
തൊടുത്ത അമ്പ് പോലെയാണ് പറഞ്ഞുപോയ വാക്ക് എന്ന് പറയുന്നത് സത്യം തന്നെയാണ്. കോപിക്കുമ്പോള്‍ മാനസിക നിയന്ത്രണമില്ലാതെ നാം പറയുന്ന കാര്യങ്ങള്‍ പിന്നീട് പ്രശ്‌നം കൂടുതല്‍ വഷളാക്കും. അതിനാല്‍ ദേഷ്യം തോന്നുമ്പോള്‍ കഴിവതും സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

നാളിതുവരെയുള്ള സ്‌നേഹത്തിനു യാതൊരു പ്രാധാന്യവും കൊടുക്കതെയാവും പലപ്പോഴും പലതും പറയുക. ബന്ധങ്ങള്‍ ശിഥിലമാകാന്‍ ഇതിനേക്കാള്‍ കൂടുതല്‍ മറ്റെന്തു വേണം? അതുകൊണ്ട് നാവിനെ നിയന്ത്രിക്കാന്‍ പഠിക്കുക.

ശീലിക്കണം മനസ്സടക്കം
മനസ്സിനെ നിയന്ത്രിക്കുവാന്‍ സാധിച്ചാല്‍ എല്ലാം കഴിയുമ്പോള്‍ ഒന്നും വേണ്ടായിരുന്നു എന്ന തോന്നല്‍ ഒഴിവാക്കാം. കാര്യങ്ങള്‍ മനസ്സിലാക്കി സാഹചര്യങ്ങള്‍ കണക്കിലെടുത്തു മാത്രം പ്രതികരിക്കുക. ഇത് ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കേണ്ട ഒരു ശീലമാണ്. ദേഷ്യം വരുമ്പോള്‍ നൂറു തൊട്ടു താഴേക്കു എണ്ണുക, കണ്ണടച്ച് ശ്വാസം അകത്തേക്കും പുറത്തേക്കും എടുക്കുക, ഒരുമിച്ചു ആസ്വദിച്ച നല്ല നിമിഷങ്ങള്‍ ഓര്‍ക്കുക തുടങ്ങിയ വിദ്യകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.

സ്വയം ഒരു അവലോകനം
എപ്പോഴാണ്, ആരോടാണ്, എന്തിനാണ് ദേഷ്യം തോന്നുന്നത്? എങ്ങിനെയാണ് ദേഷ്യം വരുമ്പോള്‍ പ്രതികരിക്കുക?ഇത് മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ബാധിക്കുന്നുണ്ടോ? മറ്റുള്ളവരുടെ പ്രതികരണമെന്താണ് ? അമിത കോപം മൂലം നിങ്ങളുടെ ബന്ധങ്ങള്‍ ശിഥിലമാകുന്നുണ്ടോ?

ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുവാന്‍ ശ്രമിക്കുന്നത് പലപ്പോഴും നിങ്ങളെ തന്നെ വിലയിരുത്തുവാനും അതനുസരിച്ച് സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനും സഹായിക്കുന്നതാണ്.

ശരീര ഭാഷ ശ്രദ്ധിക്കാം
എല്ലാം മനസ്സിലൊതുക്കി ഒന്നും മിണ്ടാതെയിരുന്നാലും നിങ്ങളുടെ അടവുകള്‍ വിജയിക്കണമെന്നില്ല. ശരീരഭാഷ ചിലപ്പോള്‍ നിങ്ങളെ ചതിച്ചേക്കാം. സംസാരിക്കാതെയിരിക്കുക, ചിരിക്കാതിരിക്കുക, വെറുതെ നടക്കുക, കതകു വലിച്ചടയ്ക്കുക, വെറുതെ കിടക്കുക, ഉത്തരമായി മൂളുക മാത്രം ചെയ്യുക അങ്ങനെ പലതും ദേഷ്യം വരുമ്പോള്‍ നിങ്ങള്‍ ചെയ്‌തേക്കാം.

എന്നാല്‍ ഇതൊക്കെ ഒഴിവാക്കി ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ പെരുമാറുന്നിടത്താണ് മിടുക്ക്. ഇയാള്‍ എന്തേ പ്രതികരിച്ചില്ല എന്ന മറ്റുള്ളവരുടെ അമ്പരപ്പ് ഒന്ന് ആസ്വദിക്കുകയും ചെയ്‌തോളു.

സന്തോഷം കണ്ടെത്തുക
മനസ്സിന് സന്തോഷം നല്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക വഴി നിങ്ങള്‍ക്ക് വേഗത്തില്‍ മനസ്സിനെ കീഴ്‌പ്പെടുത്തുവാന്‍ സാധിക്കും. ജീവിതത്തെ പ്രസാദാത്മകമായി കാണുന്നവര്‍ക്കും നര്‍മ്മബോധമുള്ളവര്‍ക്കും ഇത് വളരെ എളുപ്പമാണ്.

ഗുരുതരമായ പ്രശ്‌നങ്ങളെ പോലും ലാഘവത്തോടെ നേരിടാന്‍ ഇത് നിങ്ങളെ സഹായിക്കും.ഒരല്‍പം ദേഷ്യം തോന്നിയാലും അത് വളര്‍ത്തിയെടുത്തു പ്രശ്‌നങ്ങള്‍ വഷളാക്കാതെയിരിക്കാന്‍ സന്തോഷമുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കുക.

പരിഹാരം കണ്ടെത്തുക
ശാന്തമായി പ്രതികരിക്കുവാനും പ്രകോപനത്തിനടിമപ്പെടാതിരിക്കുവാനും കഴിഞ്ഞാല്‍ മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍ ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക. ദേഷ്യത്തോടെയിരിക്കുമ്പോള്‍ ഒരിക്കലും തീരുമാനങ്ങള്‍ എടുക്കുകയോ പരിഹാരമാര്‍ഗങ്ങള്‍ ചിന്തിക്കുകയോ ചെയ്യരുത്. മനസ്സ് ശാന്തമായത്തിനു ശേഷം നടന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും വിശകലനം ചെയ്തു പ്രശ്‌നം പരിഹരിക്കുക.

വിദഗ്‌ധോപദേശം തേടുക
കഴിയാവുന്ന മാര്‍ഗങ്ങളൊക്കെ പരീക്ഷിച്ചിട്ടും നിങ്ങള്‍ക്ക് കോപം നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ വിദഗ്‌ധോപദേശം തേടുന്നത് സഹായകമായിരിക്കും. ഒരു കൌണ്‍സിലിംഗ് കൊണ്ട് മാറാവുന്ന പ്രശ്‌നങ്ങളേ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടാവൂ. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അതില്‍ നിന്നും മോചനം നേടാനുള്ള ചികിത്സകളും സ്വീകരിക്കാവുന്നതാണ്.

ഓര്‍ക്കുക, മുന്‍കോപം ഒന്നിനും പരിഹാരമാകുന്നില്ല. അത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്.

പ്രമേഹം കുറയ്ക്കാൻ ബാർലി

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പ്രമേഹത്തെ പ്രതിരോധിക്കാൻ ബാർലിക്കു സാധിക്കുമെന്നു പുതിയ കണ്ടെത്തൽ. ലണ്ട് യൂണിവേഴ്സിറ്റിയിൽ നടന്ന പഠനത്തിൽ കണ്ടെത്തിയത് ബാർലിയിലുള്ള ഡയറ്ററി ഫൈബറുകളുടെ പ്രത്യേക മിശ്രിതം വിശപ്പിനെ കുറയ്ക്കുകയും ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുമെന്നാണ്.

ബാർലിക്ക് പ്രമേഹത്തിനെതിരെ പ്രവർത്തിക്കാനുള്ള കഴിവ് മനസിലാക്കാനായി ഗവേഷകർ തിരഞ്ഞെടുത്തത് മധ്യവയസ്കരായവരെയായിരുന്നു. ബാർലി ' ഉപയോഗിച്ചു തയ്യാറാക്കിയ ബ്രഡ് ധാരാളം കഴിക്കാൻ അവരോട് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തേക്ക് അവരുടെ ഭക്ഷണക്രമത്തിൽ ബാർലി ഉൾപ്പെടുത്തി. ശേഷം അവരുടെ ഷുഗർ ലെവലും ഹൃദ്രോഗ സാദ്ധ്യതയും പരിശോധിച്ചു.

പങ്കെടുത്ത വ്യക്തികളുടെ ശരീരത്തിന്റെ ഉപാപചയ നിരക്ക് മെച്ചപ്പെട്ടെന്നും ഒപ്പം അവരിലെ ഇൻസുലിൻ ലെവൽ ഉയർന്നെന്നും കണ്ടെത്തി. അതുകൊണ്ടു തന്നെ വിശപ്പ് നിയന്ത്രണ വിധേയമാക്കാനും കഴിഞ്ഞു. നമ്മുടെ നിത്യേനയുള്ള ഭക്ഷണത്തിൽ ബാർലി ഉൾപ്പെടുത്താൻ ശ്രമിക്കണമെന്നും ആനി നിൽസൺ അഭിപ്രായപ്പെട്ടു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചു നിർത്തുന്നതിനായി ബാർലി വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ഇവർ നിർദേശിക്കുന്നു. ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കടപ്പാട് -മാതൃഭൂമി

ഉറക്കത്തില്‍ നിന്ന് ഉണരുമ്പോള്‍

മാര്‍ച്ച് 18. ലോക ഉറക്കദിനം. 'നല്ല ഉറക്കം; യാഥാര്‍ഥ്യമാക്കാവുന്ന സ്വപ്‌നം'-എന്ന ആശയത്തോടെയാണ് ഇത്തവണ ലോക ഉറക്കദിനം ആചരിക്കുന്നത്.

ജനസംഖ്യയില്‍ 35-40% ജനങ്ങളിലും നിദ്രാസംബന്ധമായ രോഗങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. നിദ്രാരോഗങ്ങള്‍ ഇത്ര സാധാരണമായി കാണുന്ന പ്രശ്‌നമാണെങ്കില്‍ പോലും രോഗിയുടേയോ അടുത്ത ബന്ധുക്കളുടേയോ ശ്രദ്ധയില്‍ പെടുന്നില്ല. ഡോക്ടറുടെ ശ്രദ്ധയിലും കൊണ്ടുവരുന്നില്ല. എന്നാല്‍ നിദ്രാരോഗങ്ങളുടെ ശരിയായ ചികിത്സകൊണ്ട് ഇവകൊണ്ടുണ്ടാകുന്ന മറ്റു ഗുരുതരമായ രോഗങ്ങളെ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.

1. പ്രായപൂര്‍ത്തിയായ വ്യക്തി ദിവസവും 6-8 മണിക്കൂര്‍ ഉറങ്ങണം

ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ രോഗി സ്വയം വെളിപ്പെടുത്താറില്ല. ഭര്‍ത്താവിന്റെ കൂര്‍ക്കംവലിയെക്കുറിച്ച് പരാതി പറയുന്ന ഭാര്യയോട് കയര്‍ക്കുന്ന രംഗമാണ് ക്ലിനിക്കില്‍ കൂടുതലായി കാണാറ്. അതുകൊണ്ടുതന്നെ ഉറക്കസംബന്ധമായ രോഗങ്ങള്‍ പലപ്പോഴും കണ്ണില്‍ പെടാതെ പോകുന്നു.

ഉറക്കസംബന്ധമായ രോഗലക്ഷണങ്ങള്‍ മിക്കവാറും രോഗിയില്‍ നിന്നും കിട്ടുക പ്രയാസമാണ്. അതുകൊണ്ട് മിക്കപ്പോഴും രോഗിയോട് അടുപ്പമുള്ള ആളില്‍നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിയണം. എന്നാല്‍ ഇന്ന് നൂതനമായ പരിശോധനാ രീതികളിലൂടെ ഉറക്കസംബന്ധമായ അസുഖങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നു.

സുഖകരമായ നിദ്ര ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. നിദ്രയില്‍ ഹൃദയമിടിപ്പ്, രക്തചംക്രമണം, ശ്വാസോച്ഛ്വാസം, മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനം മുതലായവ ബോധമനസ്സിന്റെ നിയന്ത്രണത്തിലല്ലാതെ നടന്നുകൊണ്ടേയിരിക്കുന്നു. ഇതുകൂടാതെ ഓര്‍മ്മ, കോശങ്ങളുടെ പ്രവര്‍ത്തനശേഷി വീണ്ടെടുക്കല്‍, മസ്തിഷ്‌കകോശങ്ങളുടെ വളര്‍ച്ച തുടങ്ങിയ വളരെ വിശിഷ്ടമായ പ്രവര്‍ത്തനങ്ങളും നിദ്രയില്‍ സംഭവിക്കുന്നു.

2. ഉറക്കം വരുമ്പോള്‍ മാത്രം ഉറങ്ങാന്‍ കിടക്കുക.

നിദ്രാരോഗങ്ങളെ പ്രധാനമായും മൂന്നായി തരംതിരിക്കാം.
1. ഉറക്കക്കുറവ്
2. അമിതമായ ഉറക്കം
3. നിദ്രയെ തടസ്സപ്പെടുത്തുന്ന അസാധാരണമായ ചലനങ്ങള്‍

അനായാസം നിദ്രയിലേക്ക് വഴുതി വീഴാനുള്ള കഴിവ്, ഇടതടവില്ലാതെ ഒരു നിശ്ചിത സമയം ഉറങ്ങുവാനുള്ള കഴിവ്, രാവിലെ ഉറക്കച്ചടവില്ലാതെ ഉത്സാഹത്തോടുകൂടി ഉണരുവാനുള്ള കഴിവ് ഇവ മൂന്നും ആരോഗ്യകരമായ ഉറക്കത്തിന് ആവശ്യമാണ്. ഓരോരുത്തരുടെ ഉറക്കത്തിനും അവരവരുടേതായിട്ടുള്ള ഒരു താളമുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉറക്കമില്ലായ്മയുടെ ദുരിതപൂര്‍ണ്ണമായ അനുഭവം ഇല്ലാത്തവര്‍ വിരളമായിരിക്കും. ഉറക്കമില്ലായ്മ ഒരു പ്രത്യേക സാഹചര്യം മൂലം ഒരു ചെറിയ കാലയളവിലേക്ക് മാത്രമുണ്ടാകാം, അതല്ലെങ്കില്‍ വളരെ കാലത്തേക്ക് നിലനില്‍ക്കാം.

പ്രത്യേക സാഹചര്യം മൂലമുണ്ടാകുന്ന ഉറക്കക്കുറവില്‍ മരുന്നുകള്‍ ഫലവത്താണ്. എന്നാല്‍ നീണ്ടുനില്‍ക്കുന്ന ഉറക്കമില്ലായ്മയില്‍ ഉറക്കഗുളികകളുടെ അമിതമായ ഉപയോഗം ഒരു പ്രയോജനവും ചെയ്യുന്നില്ല എന്നു മാത്രമല്ല ഇതു പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗം രോഗികളും Cognitive Behavioral Therapy (CBT) കൊണ്ടു സുഖപ്പെടുന്നു. ഈ ചികിത്സാരീതിയില്‍ രോഗിക്ക് സ്വന്തം നിദ്രയെക്കുറിച്ചുള്ള മിഥ്യാധാരണകളും, നിദ്രാസ്വഭാവങ്ങളും മാറ്റി ശരിയായ രീതിയില്‍ രോഗിയുടെ മനസ്സിനെ പാകപ്പെടുത്തുന്നു.

3. ഉറങ്ങാനും ഉണരാനും കൃത്യസയമം പാലിക്കുക.

ഇടയ്ക്കിടയ്ക്ക് ഭംഗപ്പെടുന്ന നിദ്ര എന്തുകാരണം കൊണ്ടായാലും ആരോഗ്യത്തിന് നല്ലതല്ല. ഇതിനു കാരണങ്ങള്‍ പലതാകാം.
1. മാനസികാസ്വാസ്ഥ്യങ്ങള്‍
2. ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുകയും, ശ്വാസതടസ്സം നേരിടുകയും (Sleep Apnea) ചെയ്യുക.
3. ഉറക്കത്തില്‍ കാലുകള്‍ക്ക് കഴപ്പ്, വേദന തുടങ്ങിയ അസ്വസ്ഥതകള്‍ കൊണ്ട് കാലിട്ടടിക്കുകയും, ഉണരുകയും ചെയ്യുക.
4. ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുക, സംസാരിക്കുക, ഭയക്കുന്ന സ്വപ്നങ്ങള്‍ കാണുക തുടങ്ങിയവ.
ഇവയെ ശരിയായി നിര്‍ണ്ണയിച്ചാല്‍ ഫലപ്രദമായ ചികിത്സയിലൂടെ സുഗമമായ ഉറക്കം വീണ്ടെടുക്കാം.

ട്രെയിന്‍ യാത്രക്കിടയില്‍ കൂര്‍ക്കംവലിച്ചുറങ്ങുന്നവരുടെ ദൃശ്യം വളരെ സാധാരണമാണ്. അയാള്‍ ഗാഢനിദ്രയില്‍ ആയിരിക്കുമെന്നാണ് നമ്മള്‍ കരുതുക. പലപ്പോഴും അങ്ങനെ പറഞ്ഞു കേള്‍ക്കാറുമുണ്ട്. അതുകൊണ്ടുതന്നെ കൂര്‍ക്കംവലി ഒരു രോഗലക്ഷണമായി ആരും കാണാറുമില്ല. കൂര്‍ക്കംവലിയെ കുറിച്ച് ചോദിക്കുമ്പോള്‍ മാത്രമായിരിക്കും അതു വെളിപ്പെടുത്താറ്. എന്നാല്‍ കൂര്‍ക്കംവലി ആരോഗ്യകരമായ ഉറക്കത്തിന്റെ ലക്ഷണമല്ല. ചിലരില്‍ ഉറക്കത്തില്‍ ശ്വാസനാളം ഇടുങ്ങിപ്പോകുന്നു. ഇടുങ്ങിയ ശ്വാസനാളത്തില്‍ കൂടിയുള്ള വായു സഞ്ചാരം കൂര്‍ക്കംവലിയായിത്തീരുന്നു.

4. കിടക്കുന്നതിനുമുമ്പ് മദ്യം, പുകവലി, കാപ്പി എന്നിവ ഉപേക്ഷിക്കുക.

കൂര്‍ക്കംവലി ഉറക്കത്തിന് ഭംഗമുണ്ടാക്കുന്നു. അതുമൂലം പകല്‍ക്ഷീണവും ഉന്മേഷമില്ലായ്മയും ഉണ്ടാകുന്നു. കൂര്‍ക്കംവലിയുള്ള ഭൂരിഭാഗം പേരിലും Sleep Apnea എന്ന രോഗം കാണപ്പെടുന്നു. ഈ രോഗികളില്‍ ഉറക്കത്തില്‍ ശ്വാസനാളം താല്‍ക്കാലികമായി അടഞ്ഞുപോകുന്നു. സെക്കന്റുകള്‍ക്കകം രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നു. ഇത് തലച്ചോററിയുന്നു. ഉണരാനായി തലച്ചോറില്‍ നിന്നും നിര്‍ദ്ദേശം വരുന്നു. രോഗി ഞെട്ടിയുണരുന്നു. ഈ താല്‍ക്കാലികമായ ശ്വാസതടസ്സത്തിനെ Apnea എന്നു വിളിക്കുന്നു. ഇത് ഉറക്കത്തില്‍ നൂറുകണക്കിനു തവണ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് രോഗി ബോധവാനായിരിക്കില്ല, മറിച്ച് കൂടെക്കിടക്കുന്ന ആളുടെ ശ്രദ്ധയില്‍ പെടുന്നു.

Sleep Apnea അപകടകാരിയാണ്. എന്നാല്‍ രോഗനിര്‍ണ്ണയവും ചികിത്സയും സാദ്ധ്യമാണ്. പക്ഷാഘാതം, ഹൃദ്രോഗം മുതലായ ഗുരുതരമായ അസുഖങ്ങള്‍ക്ക് ഡയബറ്റിസ്, ബ്ലഡ് പ്രഷര്‍, കൊളസ്റ്റ്‌റോള്‍ തുടങ്ങിയവയെ പോലെത്തന്നെ Sleep Apnea യും ഒരു മുഖ്യകാരണമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഇവര്‍ക്ക് സുഖനിദ്ര ലഭിക്കാത്തതു മൂലം ദിവസം മുഴുവന്‍ അസ്വസ്ഥതയും ക്ഷീണവും അനുഭവപ്പെടുന്നു. ഈ രോഗികള്‍ അപകടസാദ്ധ്യതയുള്ള ജോലികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉറക്കം തൂങ്ങി അപകടം വരുത്തി വയ്ക്കാന്‍ സാദ്ധ്യത ഏറെയാണ്.

5. കിടക്ക ഉറങ്ങാനായി മാത്രം. ടിവി, ഭക്ഷണം, വായന തുടങ്ങിയവ അവിടെ വേണ്ട.

ഇപ്പോള്‍ രാവിലെ പത്രമെടുത്താല്‍ ഒരു റോഡപകടമെങ്കിലും കാണാതെ പത്രം മടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതിനുള്ള കാരണങ്ങള്‍ തേടിപ്പോകുമ്പോള്‍ പലപ്പോഴും ചെറുക്കാന്‍ കഴിയാത്ത ഉറക്കമായിരിക്കും കാരണം എന്നു മനസ്സിലാകുന്നു. തന്റേയും മറ്റുള്ളവരുടേയും ജീവിതസുരക്ഷ ഉറപ്പാക്കാന്‍ ഇത്തരം ആളുകള്‍ തീര്‍ച്ചയായും തന്റെ നിദ്രയെക്കുറിച്ചും, നിദ്രാരോഗങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കണം. യാത്രയുടെ തുടക്കത്തില്‍ തനിക്ക് ഉറക്കം വരില്ല എന്ന ആത്മവിശ്വാസം ഏറെ നീണ്ടുനില്‍ക്കാറില്ല.

Sleep Apnea യുടെ രോഗനിര്‍ണ്ണയം sleep study അഥവാ Polysomnography യിലൂടെ സാദ്ധ്യമാണ്. ടെസ്റ്റിനു വേണ്ടി ഒരു രാത്രി സ്ലീപ് ലാബില്‍ കിടന്നുറങ്ങിയാല്‍ മാത്രം മതി. ആ സമയത്തുള്ള മസ്തിഷ്‌ക പ്രവര്‍ത്തനം, കണ്ണുകളുടെ ചലനം, ശ്വാസോച്ഛ്വാസം, പ്രാണവായുവിന്റെ അളവ്, ഹൃദയമിടിപ്പ്, കാലുകളുടെ ചലനം എന്നിവ രേഖപ്പെടുത്തുന്നു. പല രോഗികളിലും ടെസ്റ്റിന്റെ ആദ്യപകുതിയില്‍ തന്നെ Sleep Apnea സ്ഥിതീകരിക്കപ്പെടുന്നു. രണ്ടാം പകുതിയില്‍ അതിന്റെ ചികിത്സ (CPAP) കൊണ്ട് എന്ത് ഫലം കിട്ടും എന്നും പഠിക്കുന്നു.

6. രാത്രിയില്‍ അമിത ഭക്ഷണം വേണ്ട.

അമിതവണ്ണം കുറക്കല്‍, മദ്യം, പുകവലി, ഉറക്കഗുളികകള്‍ എന്നിവ ഒഴിവാക്കല്‍, ഒരു വശത്തേക്കു ചരിഞ്ഞു കിടക്കുവാന്‍ സഹായിക്കുന്ന പ്രത്യേകതരം തലയിണകളുടെ ഉപയോഗം ഇവയെല്ലാം Sleep Apnea ചികിത്സയുടെ ഭാഗമാണ്. എന്നിരുന്നാലും ഗുരുതര Sleep Apnea രോഗികള്‍ക്ക് CPAP ചികിത്സ ആവശ്യമായി വരുന്നു. ഇടുങ്ങിയ ശ്വാസനാളത്തെ വികസിപ്പിക്കുവാന്‍ വായുസമ്മര്‍ദ്ദം ഉപയോഗിക്കുന്ന രീതിയാണ് CPAP. ചെറിയൊരു ശതമാനം രോഗികള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുന്നു. ടോണ്‍സില്‍, അഡിനോയ്ഡ,് തൊണ്ടയിലും, ശ്വാസനാളത്തിലും അടിഞ്ഞു കിടക്കുന്ന അമിതകൊഴുപ്പ് ഇവ നീക്കം ചെയ്തുകൊണ്ട് ശ്വാസനാളത്തിനെ വികസിപ്പിച്ചെടുക്കുന്നു.

നിദ്രാഭംഗത്തിന് മറ്റൊരു പ്രധാന കാരണമാണ് RLS (Restless Leg Syndrome). കാലുകള്‍ എപ്പോഴും അനക്കിക്കൊണ്ടിരിക്കുവാനുള്ള പ്രവണത, കാലുകള്‍ക്ക് കഴപ്പ്, അല്ലെങ്കില്‍ തരിപ്പ,് അല്ലെങ്കില്‍ ഇഴച്ചില്‍ തോന്നുക-ഇതില്‍ നിന്നും ആശ്വാസം ലഭിക്കുവാനായി രോഗി കാലുകള്‍ ചലിപ്പിച്ചുകൊണ്ടിരിക്കുകയോ, തിരുമ്മുകയോ ചെയ്യുന്നു. ചിലപ്പോള്‍ എഴുന്നേറ്റ് നടക്കേണ്ടതായി വരുന്നു. കാല്‍ വീണ്ടും നിശ്ചലമായി വെക്കുമ്പോള്‍ ഈ വേദന തിരികെ വരുന്നു. ഇതു കൂടുതലും രാത്രിയിലാണ് കാണപ്പെടുന്നത്. ഉറക്കത്തിലേക്ക് വഴുതി വീഴുവാന്‍ ഇതു തടസ്സമായിത്തീരുന്നു. ചിലരില്‍ ഇത് ഉറക്കത്തിലേക്ക് തുടരുന്നു. അങ്ങനെയുള്ളവരില്‍ ഉറക്കം എപ്പോഴും ഭംഗപ്പെട്ടുകൊണ്ടിരിക്കുന്നു.

85-90% RLS രോഗികളിലും PLMS (Periodic Limb Movement Disorder) എന്ന രോഗവും കാണപ്പെടുന്നു. ഇവര്‍ ഉറക്കത്തില്‍ കാലുകള്‍ ഒരു നിശ്ചിത ഇടവേളയില്‍ ചലിപ്പിച്ചുകൊണ്ടേയിരിക്കുന്നു. തന്മൂലം ഉറക്കത്തിന് അടിക്കടി തടസ്സം ഏര്‍പ്പെടുന്നു. പകല്‍ ക്ഷീണത്തിന് ഇതും ഒരു പ്രധാന കാരണമാകാം. 

ഈ രോഗം കൂടുതലും രക്തക്കുറവുള്ളവരിലും, ഗര്‍ഭിണികളിലും, വൃക്ക സംബന്ധമായ രോഗമുള്ളവരിലും കാണപ്പെടുന്നു. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൂടാതെ ഒരു പാരമ്പര്യ രോഗമായും ഇത് കാണാം. മരുന്നുകളും, വ്യായാമവും കൊണ്ട് രോഗശമനത്തിന് സാധ്യമായതിനാല്‍ ഇതിനെക്കുറിച്ചുള്ള അറിവ് പ്രായോഗികമായി പ്രധാനമാണ്.

7. പകലുറക്കം ഒഴിവാക്കുക.

ക്ലാസ്സ് മുറികള്‍ വിരസമായി അനുഭവപ്പെടുമ്പോള്‍ ഉറക്കം തൂങ്ങുന്ന സതീര്‍ത്ഥ്യരെ ഓര്‍ക്കാത്തവരുണ്ടാകില്ല. ഉറക്കം തൂങ്ങി മുമ്പോട്ടായുന്ന ആള്‍ പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നതുപോലെ ഞെട്ടി പൂര്‍വ്വസ്ഥിതിയിലെത്തുന്നു. ഇതൊരു രോഗമല്ല എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. വിരസതയും, തലേദിവസത്തെ ഉറക്കമില്ലായ്മയും ക്ഷീണവും എല്ലാമാണ് ഇങ്ങനെയുള്ള ഉറക്കം തൂങ്ങലിനു കാരണം. പക്ഷേ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പകല്‍ സമയത്തുള്ള ചെറുക്കാന്‍ കഴിയാത്ത പൂച്ചയുറക്കങ്ങള്‍ Narcolepsy എന്ന രോഗത്തിന് ലക്ഷണമാകാം. അസാധാരണമായ ഈ രോഗം അതിന്റെ പ്രത്യേക ലക്ഷണങ്ങള്‍കൊണ്ട് ചിലപ്പോള്‍ അപസ്മാരം, മാനസികരോഗം എന്നിവയുമായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഇക്കൂട്ടരെ പകല്‍സമയത്ത് ഉറക്കം നിനച്ചിരിക്കാതെ പിടികൂടാം. വണ്ടിയോടിക്കുമ്പോള്‍, സംസാരിക്കുമ്പോള്‍ എന്നു വേണ്ട ഭക്ഷണം കഴിക്കുമ്പോള്‍ പോലും വരുന്ന ഇത്തരം ചെറുക്കാന്‍ കഴിയാത്ത ഉറക്കം വലിയ അപകടങ്ങളിലേക്ക് വഴി തെളിക്കാം. അമിത ഉറക്കത്തിനു പുറമേ താഴെ പറയുന്നവ Narcolepsy-യുടെ ലക്ഷണങ്ങളാകുന്നു.

1. ചിലപ്പോള്‍ വികാരതള്ളല്‍ മൂലം മാംസപേശികള്‍ പെട്ടെന്ന് അയഞ്ഞ് ശരീരം മുഴുവനുമോ അല്ലെങ്കില്‍ ശരീരത്തിന്റെ ഭാഗത്തിനോ നൈമിഷികമായി ബലക്കുറവ് അനുഭവപ്പെടാം. ഇതിനെ Cataplexy എന്നു പറയുന്നു.

2. മസ്തിഷ്‌കമുണര്‍ന്നാലും ശരീരമുണരാന്‍ വിസമ്മതിക്കുന്ന അവസ്ഥയെയാണ് Sleep Paralysis എന്നു പറയുന്നത്. സെക്കന്റുകളിലേക്കു മാത്രമേ ഇതു നീണ്ടുനില്‍ക്കുന്നുള്ളൂവെങ്കിലും ഈ അനുഭവം വളരെ ഭയപ്പെടുത്തുന്നതാണ്.

3. സ്വപ്നനിര്‍ഭരമായ ഉറക്കം. തലച്ചോറില്‍ hypocretin എന്ന രാസവസ്തുവിന്റെ ഉല്പാദനക്കുറവാണ് Narcolepsy-ക്ക് കാരണം. രോഗനിര്‍ണ്ണയത്തിന് Sleep Study യും, MSLT ടെസ്റ്റും ഉപയോഗിക്കാം. ജീവിതചര്യയിലെ മാറ്റങ്ങളും, മരുന്നുകളും കൊണ്ട് രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുവാന്‍ സാധിക്കും.

ഉറക്കസംബന്ധമായ രോഗങ്ങള്‍ കുട്ടികളില്‍ സാധാരണമാണ്. ഉറക്കത്തില്‍ കൂര്‍ക്കംവലി, Sleep Apnea, ഉറക്കത്തില്‍ നടത്തം, പേടിസ്വപ്നങ്ങള്‍, ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍ മുതലായവ കുട്ടികളിലെ നിദ്രാരോഗങ്ങളില്‍ പെടുന്നു. ഇവയെ ഗൗരവമായി പരിഗണിക്കേണ്ടതാണ്. എന്തെന്നാല്‍ വളര്‍ച്ചക്കുറവ്, സ്വഭാവ വൈകല്യം, പഠന വൈകല്യം, പിരുപിരുപ്പ്, പകല്‍ ഉറക്കംതൂങ്ങല്‍ എന്നിവയെല്ലാം നിദ്രാരോഗങ്ങളെത്തുടര്‍ന്നുണ്ടാകാം. അതുകൊണ്ട് ഇവയെ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ നിദ്രാരോഗങ്ങളെക്കുറിച്ചുള്ള അറിവ് വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. എപ്പോഴും കാലത്തിനൊപ്പം നീങ്ങുന്ന കേരളവും ഇതിനൊട്ടും പിന്നിലല്ല. 1999-ല്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കേരളത്തിലെ ആദ്യത്തെ സ്ലീപ്പ് ലാബ് എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടി ആരംഭിച്ചു. ഇന്നു കേരളത്തിലെ പലഭാഗത്തും നിദ്രാരോഗനിര്‍ണ്ണയത്തിന് സംവിധാനമുണ്ട്. എന്നാലിപ്പോള്‍ ഏറ്റവും ആവശ്യം നിദ്രയെക്കുറിച്ചും, നിദ്രാരോഗങ്ങളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണമാണ്.

പട്ടിണിയേക്കാളും കഷ്ടമാണ് ഉറക്കമില്ലായ്മ എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് അതിശയം തോന്നാം. എന്നാല്‍ പഠനങ്ങള്‍ ഇതു തെളിയിക്കുന്നു. എന്നും അടുത്ത പ്രഭാതത്തില്‍ ഉണരും എന്ന പ്രതീക്ഷയോടുകൂടി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നിദ്ര ഒരിക്കലും നമ്മുടെ ശത്രുവല്ല, പക്ഷേ ശരിയായി പരിപാലിച്ചാല്‍ എന്നും നിദ്ര നമ്മുടെ നല്ല മിത്രമാണ്.

ഡോ.സിബി ഗോപിനാഥ്

ജാഗ്രതയും ധൈര്യവും

പേടിയും വെറുപ്പുമല്ല, ജാഗ്രതയും ധൈര്യവുമാണ് കാൻസറിനെ കീഴടക്കാൻ നമുക്കുണ്ടാകേണ്ടത്. അതുണ്ടെങ്കിൽ ഒട്ടുമിക്ക കാൻസറുകളെയും നമുക്ക് അതിജീവിക്കാനാവും.

കനെയും കൂട്ടിയാണ് ആ അമ്മ വന്നത്. മകന് 20 വയസ്സിൽ താഴെയാണ് പ്രായം. പരിശോധനയിൽ അവരുടെ സ്തനാർബുദം കുറച്ച് ഗൗരവമായ നിലയിലെത്തിയിരുന്നു. ഇത്രകാലം പരിശോധിക്കുകയൊന്നും ചെയ്തിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അവരൊന്ന് പരുങ്ങി. അത്... ഡോക്ടർ... ഒരു ഏഴു കൊല്ലംമുമ്പ് ഞാൻ ഡോക്ടറുടെ അടുത്ത് വന്നിരുന്നു. സ്തനാർബുദമാണെന്ന് അന്ന് പരിശോധനയിൽ കണ്ടിരുന്നതാണ്. 

‘എന്നിട്ട് എവിടെയായിരുന്നു ഇതുവരെ ചികിത്സകൾ’
‘ഇതുവരെ ചികിത്സകളൊന്നും ചെയ്തില്ല ഡോക്ടർ’
‘ഇത്ര കാലം ചികിൽസിച്ചില്ലേ..’
‘അന്ന് മോന് പത്തു വയസ്സു കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. അമ്മയ്ക്ക് ബ്രസ്റ്റ് കാൻസറാണെന്ന് വരുന്നത് മോന് പല തരത്തിൽ പ്രശ്നങ്ങളുണ്ടാക്കുമല്ലോ. അതിനാൽ അവന് കുറച്ചൊന്ന് അറിവാകുന്നതുവരെ ചികിത്സയെക്കുറിച്ച് ആലോചിച്ചില്ല’.

ആ അമ്മയുടെ മറുപടി കേട്ട് സങ്കടമാണോ ദേഷ്യമാണോ കുടുതൽ തോന്നിയത് എന്ന് പറയാൻ വിഷമം. മകനോടുള്ള സ്നേഹമാണ് പ്രകടിപ്പിക്കുന്നതെന്നാവും അമ്മയുടെ ധാരണ. എന്നാൽ, അത് മകനോടും തന്നോടും കുടുംബാംഗങ്ങളോടുമൊക്കെയുള്ള വലിയ ദ്രോഹമായിരുന്നു. കാൻസർ എന്നും ചികിത്സ എന്നുമൊക്കെ കേൾക്കുമ്പോഴുള്ള വിവേചനവും പേടിയും മറച്ചുവെയ്ക്കാൻ അവർ മകന്റെ കാര്യത്തെ മറയായി പിടിച്ചതായിരിക്കാനാണ് സാധ്യത.

മകനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അയാൾ അമ്പരന്നു പോയി. അമ്മയ്ക്ക് അസുഖമുെണ്ടന്ന് അറിഞ്ഞിട്ടും ചികിത്സിക്കാതിരിക്കുകയായിരുന്നു എന്നത് വിശ്വസിക്കാനേ കഴിയുന്നില്ല അയാൾക്ക്. പക്ഷേ, ഇപ്പോൾ സമയം വൈകിപ്പോയി. രോഗം വളരെ ഗൗരവമായി മാറിയിരുന്നു. ഇനി ചികിത്സിക്കുന്നതിന് വലിയ പരിമിതികളുണ്ട്. എന്തു ചെയ്യാനാണ്!

കാൻസർ എന്നു കേൾക്കുമ്പോഴുള്ള ഇത്തരം വിവേചനങ്ങൾ ഇനിയും മാറിയിട്ടില്ലല്ലോ എന്നോർക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പല പലയിനങ്ങളിലായി നിരവധിയിനം കാൻസറുകളുണ്ടെന്നും അവയിൽ ബഹുഭൂരിപക്ഷത്തിനും വളരെ ഫലപ്രദമായ ചികിത്സയുണ്ടെന്നും എത്രയോ തവണ എത്രയോ തരത്തിൽ നാം പറഞ്ഞുകൊണ്ടേയിരിക്കുന്നതാണ്.

രോഗസാധ്യതകൾ കണ്ടെത്താനുള്ള പരിശോധനകളും മറ്റും സുലഭമാണെങ്കിലും അതുപയോഗിക്കാൻ സന്മനസ്സ്‌ കാട്ടുന്നവർ ചുരുക്കം.

ഇത്തരത്തിലുള്ള അമ്മമാരും സ്ത്രീകളും കുറവല്ലെന്നതാണ് സത്യം. കുറച്ചു മുമ്പാണ് ഒരു സ്ത്രീയെ അവരുടെ മക്കൾ ആശുപത്രിയിലെത്തിച്ചത്. അവരുടെ ഭർത്താവ് മരിച്ചുപോയതായിരുന്നെന്ന് തോന്നുന്നു. ഒരു സ്തനം ആകെ പഴുത്ത് വ്രണമായ നിലയിലായിരുന്നു. ഒരു തരത്തിലും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലായപ്പോഴാണ് അവർ സ്തനത്തിലെ രോഗാവസ്ഥയെക്കുറിച്ച് ഉറ്റവരോട്‌ പറയുന്നത്. ഒട്ടും വൈകാതെ വീട്ടുകാർ അവരെ ആശുപത്രിയിൽ കൊണ്ടുവന്നു. അപ്പോഴേക്ക് വളരെയേറെ വൈകിപ്പോയിരുന്നു.

സ്തനത്തിൽ എന്തോ അസുഖമുണ്ടെന്ന് അവർ സ്വയം തിരിച്ചറിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ആശുപത്രിയിൽ പോകണമെന്ന് അവർക്ക് തോന്നിയത്. അസുഖം കലശലായിക്കഴിഞ്ഞപ്പോൾ അവർ നിത്യവും രണ്ടു നേരം കുളികഴിഞ്ഞ് നേരേ പൂജാമുറിയിൽ കയറും. അത്യാവശ്യംവേണ്ട പഞ്ഞിയും തുണിയുമൊക്കെ കരുതിയിട്ടുണ്ടാവും. വീക്കവും നിറംമാറ്റവും വൃണവുമൊക്കെയുള്ള സ്തനം വൃത്തിയായി ചുറ്റിക്കെട്ടി പരിചരിക്കും. വലിയ വൃണങ്ങളും പഴുപ്പുമൊക്കെയായി അതു മാറാതെ കാത്തത് അങ്ങനെയാണ്. പൂജാ മുറിയിലായതിനാൽ അവരുടെ പ്രാർത്ഥനകളുടെ ഭാഗമാണിതെന്നു കരുതി വീട്ടുകാരാരും ബുദ്ധിമുട്ടിക്കുമായിരുന്നില്ല.

രോഗം ആർക്കും വരാവുന്നതാണ്. അത് ആരുടെയും കുറ്റമല്ല. രോഗം അറിഞ്ഞിട്ടും മൂടിവെയ്ക്കുന്നതും ചികിത്സിക്കാതിരിക്കുന്നതും പക്ഷേ, കുറ്റം തന്നെയാണ്. പൊറുക്കാനാവാത്ത കുറ്റം. ആശുപത്രിയിൽ ഞങ്ങളുടെ ടീമിലുള്ള ഡോക്ടർമാർ കൂടി രോഗികളായി ഇവിടെത്തന്നെ ചികിത്സ എടുത്തിട്ടുമുണ്ട്.

ഏതാനും മാസങ്ങൾക്കുമുമ്പ് ഒരു അമ്മ പരിശോധനകൾക്കായി വന്നു. ഇതു പോലെ തന്നെ സ്തനാർബുദം. രോഗനിർണയം കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു അയ്യോ! ഡോക്ടർ ഒരു കൊല്ലമെങ്കിലും കഴിയാതെ ചികിത്സ തുടങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്താണ് പ്രശ്നം എന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞത് മകളുടെ കല്യാണക്കാര്യങ്ങൾ ശരിയായി വരികയാണ്. അതുകഴിഞ്ഞ് ഏതാനും മാസം കഴിയാതെ ചികിത്സ തുടങ്ങിയാൽ ശരിയാവില്ലെന്നാണ് അവരുടെ തീരുമാനം. പെൺ കുട്ടിയുടെ അമ്മയ്ക്ക് സ്തനാർബുദമാണെന്നറിഞ്ഞാൽ വരനും കൂട്ടരും കല്യാണത്തിൽനിന്ന് പിന്മാറിക്കളയും എന്നൊരു പേടിയായിരുന്നു അവർക്ക്.

പ്രമേഹമോ ഹൃദ്രോഗമോ ഒക്കെപ്പോലെ അത്രയൊന്നും പാരമ്പര്യ രോഗസാധ്യതകളുള്ളതല്ല കാൻസർ എന്ന് പറഞ്ഞെങ്കിലും അത് ശരിയായിരിക്കാം പക്ഷേ... എന്നായിരുന്നു അമ്മയുടെ മറുപടി.

സ്ത്രീകൾക്കിടയിൽ ഏറ്റവുമധികമായി കാണുന്ന രോഗമാണ് സ്തനാർബുദം. രോഗം ഗൗരവമായിത്തീരും മുമ്പ് കണ്ടെത്താനായാൽ പൂർണമായും ഫലപ്രദമായും ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖം. മറ്റേതൊരു രോഗവുംപോലെ ഒരു സാധാരണ അസുഖമായി മാറിക്കഴിഞ്ഞു സ്തനാർബുദം. രോഗസാധ്യത നേരത്തേ കണ്ടെത്താനും നന്നായി ചികിത്സിക്കാനും നമുക്കു കഴിയുന്നുണ്ട്. ഇതൊക്കെയായിട്ടും ഇപ്പോഴും  രോഗത്തെക്കുറിച്ചുള്ള ഭയവും അകൽച്ചയും ഒക്കെ നിലനിൽക്കുക തന്നെയാണ്.

കാൻസർ എന്നു കേട്ടാൽത്തന്നെയുള്ള ഈ പേടിയും വിവേചനവും പരിഹരിച്ചേ തീരൂ. രോഗനിർണയം കഴിഞ്ഞാൽ ഇപ്പോഴും നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് രോഗിയോട് കാര്യം പറയുക എന്നത്. രോഗിയെ വിവരം അറിയിക്കരുതേ എന്ന് ആവശ്യപ്പെടുന്നവരാണ് കൂടുതലും. നിങ്ങൾക്ക് പറയാൻ പേടിയാണെങ്കിൽ ഞാൻ സംസാരിക്കാം എന്നാണ് പറയാറുള്ളത്. രോഗത്തെക്കുറിച്ചും ചികിത്സാ സാധ്യതകളെക്കുറിച്ചും പറയുമ്പോൾ 90 ശതമാനത്തിലധികം പേരും ധൈര്യപൂർവം നിൽക്കുന്നതായാണ് അനുഭവവും. എന്നാൽ, രോഗിയോട് വിവരങ്ങൾ പറയണം എന്നാവശ്യപ്പെട്ടപ്പോൾ നിയന്ത്രണം വിട്ട് തട്ടിക്കയറിയവരുമുണ്ട്.

രോഗവിവരവും രോഗികൾക്കുള്ള നിർദേശങ്ങളും ഒക്കെ രേഖപ്പെടുത്തിയ ചെറിയൊരു പുസ്തകം ആശുപത്രിയിൽനിന്ന് രോഗികൾക്ക് നൽകാറുണ്ടായിരുന്നു. ചിലർ അത് ഭംഗിയായി പൊതിഞ്ഞ് സൂക്ഷിച്ചാണ് കൊണ്ടുനടക്കാറുള്ളത്. ചിലർ അതിന്റെ നടുവിലെ പരസ്യം പോലെ തോന്നിക്കുന്ന രണ്ടു പേജുകൾ കീറിമാറ്റി ലഘുവാക്കി കൊണ്ടുനടക്കും. സംഗതിയെന്തെന്നല്ലേ! പുറം കവറിൽ കാൻസറിനെ പേടിക്കേണ്ട എന്ന മട്ടിലൊരു കുറിപ്പുണ്ട്. കാൻസർ എന്ന ആ എഴുത്ത്‌ കാണാതിരിക്കാനാണ് പുസ്തകം പൊതിയുന്നത്. നടുവിലെ പേജുകളിലുള്ള കാൻസർ പരാമർശം ഒഴിവാക്കാനാണ് ആ പോജുകൾ ചീന്തിക്കളയുന്നത്.

കാൻസറിന്റെ ചിഹ്നമായ ആ ഞണ്ടിന്റെ പടം മാറ്റി നമുക്ക് അതൊരു പൂവ് ആക്കി മാറ്റാമെന്ന് മുമ്പ് നമ്മൾ പറഞ്ഞിട്ടുണ്ട്. പേടിയും വെറുപ്പുമല്ല, ജാഗ്രതയും ധൈര്യവുമാണ് കാൻസറിനെ കീഴടക്കാൻ നമുക്കുണ്ടാകേണ്ടത്. അതുണ്ടെങ്കിൽ ഒട്ടുമിക്ക കാൻസറുകളെയും നമുക്ക് അതിജീവിക്കാനാവും.

ഡൗൺ സിൻഡ്രോം: വേണം പരിഗണന

എല്ലാ വർഷവും മാർച്ച് 21 ലോക ഡൗൺ സിൻഡ്രോം ദിനമായി ആചരിക്കുകയാണ്.

 

എന്താണ് ഡൗൺ സിൻഡ്രോം?
ഓരോ 750 കുട്ടികൾ ജനിക്കുമ്പോഴും അതിൽ ഒരു കുഞ്ഞ് ഡൗൺ സിൻഡ്രോം എന്ന അവസ്ഥയോടെയാണ് ജനിക്കുന്നത്. ഇത് ഒരു ക്രോമോസോം വ്യതിയാനമാണ്. സാധാരണ മനുഷ്യരിൽ 23 ജോഡി ക്രോമോസോമുകൾ ഉള്ളപ്പോൾ ഇവരിൽ 47 എണ്ണം ഉണ്ട്. 21-ാമത്തെ ക്രോമോസോം 2 എണ്ണം വേണ്ടതിനു പകരം ഇവരിൽ 3 എണ്ണം ഉണ്ടാകും. അതായത് ഒരു ക്രോമോസോം അധികം. ഇത് ഒരു ജനിതകമായ പ്രശ്‌നമാണെങ്കിലും ഭൂരിഭാഗവും പാരമ്പര്യമായി ഉണ്ടാകുന്നതല്ല.

ഡൗൺ സിൻഡ്രോം എന്ന പേര് എന്തുകൊണ്ട്?
ഈ പേരു കേൾക്കുമ്പോൾ പലരും വിചാരിക്കുക ബുദ്ധിപരമായും ശാരീരികമായും പിന്നിലാകുന്ന അവസ്ഥ ആയതിനാൽ നൽകപ്പെട്ടതാണെന്നാണ്. എന്നാൽ അങ്ങനെയല്ല. ഏകദേശം 150 വർഷം മുൻപ് ഈ അവസ്ഥയുടെ സവിശേഷതകൾ ആദ്യമായി തിരിച്ചറിഞ്ഞ ലാങ്ങ്‌ഡോൺ ഡൗൺ എന്ന ബ്രിട്ടീഷ് ഡോക്ടറുടെ പേരിൽ നിന്നാണ് ഈ പേര് വന്നത്... അതായത് ഐൻസ്റ്റീനാണ് ഇത് കണ്ടു പിടിച്ചതെങ്കിൽ പേര് ഐൻസ്റ്റീൻ സിൻഡ്രോം എന്നാകുമായിരുന്നു. മുഖത്തിന് മംഗോളിയൻ വംശജരുടെതുമായി സാമ്യമുള്ളതിനാൽ മംഗോളിസം എന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ വംശീയത സ്ഫുരിക്കുന്ന പേരാണെന്നതിനാൽ ഒഴിവാക്കുകയായിരുന്നു. രൈടസോമി 21 എന്ന പേര് ഈ അവസ്ഥയുടെ ശരിയായ കാരണം വ്യക്തമാക്കുന്നു എന്നതിനാൽ ഇന്ന് കൂടുതലായി അംഗീകരിക്കപ്പെടുന്നു.

എന്ത് കൊണ്ട് മാർച്ച് 21?
ക്രോമോസോം  21 മൂന്നെണ്ണമുള്ള അവസ്ഥ ആയതിനാലാണ് (3/21) ഈ തിയ്യതി തിരഞ്ഞെടുത്തത്. ഇത് ഒരാഘോഷമാണ്, അല്ലാതെ വെറും ഒരു ദിനാചരണമല്ല. കാരണം എല്ലാ കുട്ടികൾക്കും സന്തോഷത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. അത് പൂർണതയോടെ ജനിക്കുന്നവരുടെ മാത്രമല്ല. ഈ സന്ദേശം ലോകത്തോട് ഉറക്കെ പ്രഖ്യാപിക്കാനുള്ള അവസരമാണിത്. ഡൗൺ സിൻഡ്രോമുള്ള കുട്ടികളോടും അവരുടെ കുടുബാംഗങ്ങളോടും ഒപ്പം സമൂഹം ചേർന്നു നിൽക്കേണ്ട അവസരമാണിത്.

ഡൗൺ സിൻഡ്രോം ഒരു രോഗമല്ല. ഒരു അവസ്ഥയാണ്... മറ്റുള്ളവരിൽ നിന്നും അൽപം വ്യത്യാസപ്പെട്ട വ്യക്തികൾ എന്നു മാത്രം. അവർക്ക് ചില പ്രശ്‌നങ്ങൾ കൂടുതലായി കാണപ്പെടുന്നു. ബുദ്ധിമാന്ദ്യം, ജൻമനായുള്ള ഹൃദയ വൈകല്യങ്ങൾ, കേൾവിക്കുറവ്, തിമിരം, തൈറോയിഡ് പ്രശ്‌നങ്ങൾ, ഉയരക്കുറവ്, ഇരിക്കാനും നടക്കാനും സംസാരിക്കാനും മറ്റുമുള്ള താമസം എന്നിവ ഇവയിൽ പ്രധാനമാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജനറ്റിക് ക്ലിനിക്കിൽ ഡൗൺ സിൻഡ്രോമുള്ള 500 ൽ പരം കുട്ടികൾ വരുന്നുണ്ട്. ഫിസിക്കൽ മെഡിസിൻ വിഭാഗം, ഇംഹാൻസ്, ഇ.എൻ.ടി വിഭാഗം, നേത്രരോഗ വിഭാഗം, ഹൃദ്‌രോഗവിഭാഗം, പീഡിയാട്രിക് സർജറി വിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഇവരെ ചികിത്സിക്കുന്നത്.

ശരിയായ ചികിത്സയും മറ്റു പരിചരണങ്ങളും ലഭ്യമാക്കുകയാണെങ്കിൽ ഈ കുട്ടികൾക്ക് വലുതാകുമ്പോൾ സ്വന്തമായി ജോലി ചെയ്യാനും മറ്റുള്ളവരെ അധികം ആശ്രയിക്കാതെ ജീവിക്കാനുമുള്ള കഴിവും പ്രാപ്തിയും ഉണ്ടാക്കിക്കൊടുക്കാൻ പറ്റും. അത് നമ്മുടെ സർക്കാരും പൊതുസമൂഹവും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണ്.
ഇത് വളരെ അപൂർവമായി മാത്രം കണ്ടു വരുന്ന അവസ്ഥയല്ല. ഏകദേശം 750 കുട്ടികൾ ജനിക്കുമ്പോൾ അതിലൊരാൾ ഡൗൺ സിൻഡ്രോമുമായാണ് ജനിക്കുന്നത്. കേരളത്തിലെ 3 കോടി ജനങ്ങളിൽ ഏറ്റവും കുറഞ്ഞത് 20,000 പേരെങ്കിലും ഡൗൺ സിൻഡ്രോം ഉള്ളവരായിരിക്കും.

പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വം:
ഈ വ്യക്തികൾ കാഴ്ചയിൽ മറ്റുള്ളവരിൽ നിന്നും അൽപം വ്യതാസമുള്ളവരാണ്. എന്നു കരുതി അവരെ തുറിച്ചു നോക്കരുത്. അത് അവരുടെ ആത്മവിശ്വാസം കുറക്കും. ഒരു പരിഷ്‌കൃത സമൂഹത്തിന് അവശ്യം വേണ്ട ഒരു ഗുണമാണിത്.
ഈ ഒരു അവസ്ഥയിൽ അവരോടും കുടുംബത്തോടും അതിരുകടന്ന അനുകമ്പയോ സങ്കടമോ പ്രദർശിപ്പിക്കരുത്. അവരുടെ ആവശ്യം അതല്ല. അവരുടെ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത്. അവരെ നമ്മിലൊരാളായി കണക്കാക്കാൻ പറ്റണം.

സപ്പോർട്ട് ഗ്രൂപ്പുകളുടെ പ്രാധാന്യം:
ഡൗൺ സിൻഡ്രോം ഉള്ള ഒരു കുഞ്ഞ് പിറക്കുമ്പോൾ പലപ്പോഴും ആ കുടുംബത്തിന് തുടക്കത്തിൽ ഇത് ഒരാഘാതമായിരിക്കും. യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ മാസങ്ങളെടുക്കും. ഈ സമയത്ത് ഇവർക്ക് താങ്ങും തണലും ആവശ്യമുണ്ട്.

ജനിക്കുന്ന ഏതൊരു കുഞ്ഞും അവന്/അവൾക്ക് പരമാവധി എത്താൻ പറ്റുന്ന ഉയരങ്ങളിൽ എത്തണമെങ്കിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സഹായവും ധാരാളം അവസരങ്ങളും അനുകൂല സാഹചര്യങ്ങളും വേണം. ഡൗൺ സിൻഡ്രോമുള്ള ഒരു കുഞ്ഞും ഇത് പോലെത്തന്നെ. അവരുടെ ആവശ്യങ്ങൾ അൽപം വ്യത്യസ്തമായിരിക്കും. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങൾ, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, വൊക്കേഷണൽ ആൻഡ്‌ ഓക്കുപേഷണൽ തെറാപ്പി, കൗൺസലിംഗ് സൗകര്യങ്ങൾ തുടങ്ങി അവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.

ഡൗൺ സിൻഡ്രോം സപ്പോർട്ട് ഗ്രൂപ്പിന്റെ ലക്ഷ്യം ഈ ആവശ്യങ്ങൾ ഒരുക്കാൻ സ്വയം ശ്രമിക്കുക എന്നതും സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധ ഇതിലേക്ക് കൊണ്ടുവരിക എന്നതുമാണ്. കേരളത്തിൽ (ഒരു പക്ഷേ ഇന്ത്യയിൽ തന്നെ) ഇത്തരമൊരു സപ്പോർട്ട് ഗ്രൂപ്പ് ഉണ്ടായത് കോഴിക്കോട്ടാണ്. ശിശു രോഗവിദഗ്ധനായ ഡോ. ഷാജി തോമസ് ജോണിന്റെ നേതൃത്വത്തിൽ ദോസ്ത്(Down Syndrome Trust)എന്ന പേരിൽ 20 വർഷത്തോളമായി പ്രശംസനീയമായി പ്രവർത്തിക്കുന്നു ഈ സംരംഭം.

ഡോ.മോഹൻദാസ് നായർ
ശിശുരോഗ വിദഗ്ധൻ,
ഗവ.മെഡിക്കൽ കോളേജ്,
കോഴിക്കോട്.

ക്ലോര്‍പൈറിഫോസ് ശരീരത്തെ ബാധിക്കുന്നതെങ്ങനെ?

ക്ലോര്‍പൈറിഫോസിന്റെ ഉപയോഗവും മനുഷ്യശരീരത്തെ അത് എപ്രകാരം ബാധിക്കുമെന്നും പരിശോധിക്കാം.

ഉപയോഗം
ഓര്‍ഗനോ ഫോസ്‌ഫേറ്റ് വിഭാഗത്തില്‍പ്പെടുന്ന കീടനാശിനിയായ ക്ലോര്‍പൈറിഫോസ് പ്രധാനമായും കേരളത്തില്‍ ഉപയോഗിക്കുന്നത് വാഴത്തോട്ടങ്ങളിലാണ്. ചിതിലും ഉറുമ്പും വരാതിരിക്കാന്‍ മണ്ണിലാണ് ഇത് തളിക്കുന്നത്. ഓറഞ്ച്, ആപ്പിള്‍ തോട്ടങ്ങളിലും പുല്‍ത്തകിടികള്‍ വെച്ചുപിടിപ്പിക്കുന്നിടത്തും ഇത് ഉപയോഗിച്ചുവരുന്നുണ്ട്.

ശരീരത്തെ ബാധിക്കുന്നതെങ്ങനെ?
നാഡീവ്യൂഹത്തെയാണ് ക്ലോര്‍പൈറിഫോസ് പ്രധാനമായും ബാധിക്കുക. നാഡീകോശങ്ങള്‍ തമ്മിലുള്ള സന്ദേശങ്ങളെ നിയന്ത്രിക്കുന്ന എന്‍സൈമുകളെ തടയുകയാണ് ഈ രാസവസ്തു ചെയ്യുന്നത്. ഇതോടെ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം തകരാറിലാകും. അമിത വിയര്‍പ്പ്, തളര്‍ച്ച, തലവേദന, ഛര്‍ദ്ദി, പേശീവലിവ് തുടങ്ങിയ ലക്ഷണങ്ങളാണുണ്ടാകുക. കൂടുതല്‍ അളവില്‍ ശരീരത്തിലെത്തിയാല്‍ കാഴ്ചയെ ബാധിച്ചേക്കാം. ബോധക്ഷയം, അപസ്മാരം, ശ്വാസതടസ്സം, പക്ഷാഘാതം മുതലായവയും ഉണ്ടാകാം.

ബാധിക്കുന്ന അവയവങ്ങള്‍
കീടനാശിനി ശരീരത്തിലെത്തിയാല്‍ അവയെ വിഘടിപ്പിച്ച് നിര്‍വീര്യമാക്കുന്നത് കരളാണ്. കരളിന്റെ പ്രവര്‍ത്തനം തകരാറിലായ വ്യക്തികളില്‍ രാസവസ്തു വളരെവേഗം രക്തത്തില്‍ കലരാനും അപകടം സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണെന്ന് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഫാര്‍മക്കോളജി വിഭാഗം മേധാവി ഡോ.സി.എസ് ഭരതന്‍ പറയുന്നു.

വിടുകളിലെ ഉപയോഗത്തിന് നിരോധനം
ലോകാരോഗ്യ സംഘടന മിതമായ അളവില്‍ വിഷം(മോഡറേറ്റ്‌ലി ടോക്‌സിക്) എന്ന വിഭാഗത്തിലാണ് ക്ലോര്‍പൈറിഫോസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കിലോഗ്രാം ഭാരമുള്ള ജീവികളില്‍ 150 മില്ലിഗ്രാമില്‍ കൂടുതല്‍ ക്ലോര്‍പൈറിഫോസ് ചെന്നാല്‍ അന്ത്യം സംഭവിക്കും. മനുഷ്യനെ മൃതനാക്കാന്‍
20 ഗ്രാം കീടനാശിനി മതി. അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളും വീടുകളില്‍ ഇത് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം, കൃഷിയിടങ്ങളില്‍ ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.

നിര്‍മാണം
ഡൗവ് കെമിക്കല്‍സ് ആണ് 1965ല്‍ ആദ്യമായി ഈ കീടനാശിനി നിര്‍മിച്ചത്. ബ്രോഡാന്‍, ഡെറ്റ്‌മോള്‍ യുഎ, ഡൗവ്‌കോ179, എറാഡക്‌സ് എന്നീ ബ്രാന്‍ഡ് നാമങ്ങളിലാണ് ഇപ്പോള്‍ ഇത് വിപണിയിലുള്ളത്.

വീര്യംകൂട്ടാന്‍
വീര്യംകൂട്ടാനായി നേരിയ തോതില്‍ വാറ്റ്ചാരായത്തില്‍ കലര്‍ത്തുന്നവരുണ്ട്. വാറ്റുമായി ചേരുമ്പോള്‍ നാഡീവ്യൂഹങ്ങളിലേയ്ക്ക് വിഷം പെട്ടെന്ന് ആഗിരണംചെയ്യും.

ജലാശയങ്ങളിലെ തലച്ചോറു തീനി അമീബ ഭീഷണിയാകുന്നു

കൊച്ചി: ജലാശയത്തില്‍ നിന്ന് ശരീരത്തില്‍ കടന്ന തലച്ചോറുതീനി അമീബ ജീവന് ഭീഷണിയാകുന്നു. ആലപ്പുഴ പള്ളാത്തുരുത്തിക്കടുത്തു നിന്നുള്ള 14കാരനാണ് അമീബ ബാധയേറ്റ് എറണാകുളത്തെ ആസ്റ്റര്‍ മെഡ് സിറ്റിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.

കൂട്ടുകാരോടൊത്ത് കായലില്‍ കുളിക്കാനിറങ്ങിയതാണ് കുട്ടി. പിന്നീട് കനത്ത തലവേദന വന്നു. ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡ് സിറ്റിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണ് തലച്ചോറു തീനി അമീബ  ശരീരത്തില്‍ കടന്നിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് നടത്തിയ ലാബ് പരിശോധനയിലാണ്  'നഗ്ലേരിയ ഫൗലേരി' എന്ന അമീബയാണെന്ന് കണ്ടെത്തിയത്. കൂട്ടുകാരോടൊത്താണ് ഇറങ്ങിയതെങ്കിലും ഒരാള്‍ക്ക്  മാത്രമാണ് അമീബ അപകടകാരിയായി മാറിയത്.

ഈ അമീബ മൂക്കിലൂടെയാണ് തലച്ചോറിലേക്ക് പ്രവേശിക്കുക. മസ്തിഷ്‌കത്തില്‍ എത്തിപ്പെട്ടാല്‍ നീരുണ്ടാക്കാനും  തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയാകെ താറുമാറാക്കാനും  ഇതിന് കഴിയും.

നീന്തുമ്പോഴും മുങ്ങിക്കുളിക്കുമ്പോഴുമാണ് ഇവ ശരീരത്തില്‍ കയറുന്നത്. വിട്ടുമാറാത്ത തലവേദന, പനി,  സന്നി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണമാണിതെല്ലാമെന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയേറെയാണ്.

മസ്തിഷ്‌ക - സുഷുമ്‌നാദ്രവം കുത്തിയെടുത്ത് പരിശോധിക്കുമ്പോള്‍ അതില്‍ അമീബയുടെ സാന്നിധ്യമുണ്ടോ എന്നു നോക്കിയാണ് രോഗസാധ്യത ഉറപ്പിക്കുന്നത്. ഇത്തരം അമീബകള്‍ എല്ലാവരിലും അപകട സാധ്യത ഉണ്ടാക്കുന്നില്ല എന്നതും അപകടം ഉണ്ടാകാന്‍ പ്രത്യേക കാരണങ്ങളൊന്നുമില്ല എന്നതുമാണ് വലിയ പ്രശ്‌നമെന്ന്  പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ വിദഗ്ദ്ധന്‍ ഡോ. രാജപ്പന്‍ പിള്ള പറഞ്ഞു.

കായലുകളിലും കുളത്തിലുമെല്ലാം സാധാരണയായി കാണാറുള്ള ഏകകോശ സൂക്ഷ്മജീവിയാണ് അമീബ. ഇക്കൂട്ടത്തില്‍ 'നഗ്ലേരിയ' വിഭാഗത്തില്‍ പെടുന്നവയാണ്  ചിലപ്പോള്‍ ജീവന് ഭീഷണിയാകുന്നത്.

വളരെ വിരളമായേ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.  ചികിത്സ എളുപ്പമല്ല എന്നതാണ് വലിയ പ്രശ്‌നം.ഇന്ത്യയില്‍ ഇതുവരെ 12 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നഗ്ലേരിയ അമീബയെ പൂര്‍ണമായി നശിപ്പിച്ചു കളയാന്‍ സാധ്യമല്ലെന്ന് അണുബാധാ നിയന്ത്രണ വിഭാഗത്തിലെ ഡോ. അനൂപ് വാര്യര്‍ പറഞ്ഞു.

സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ

 

അടിപൊളിയായി ഒരുങ്ങിയതാണ് പക്ഷേ,പൊരിവെയിലിൽ രണ്ടു മിനിറ്റ് നടന്നപ്പോൾ തന്നെ മുഖമാകെ കറുത്തുകരുവാളിച്ചു. എല്ലാവരും നേരിടുന്ന ഒരു സൗന്ദര്യപ്രശ്നമാണിത്.

കരുവാളിപ്പകറ്റാൻ

വെയിൽകൊണ്ടു ചർമ്മം കരുവാളിച്ചുപോകാതിരിക്കാൻ ഏറ്റവും നല്ല മാർഗം സൺസ്ക്രീൻ (സൺബ്ലോക്കുകൾ ) ഉപയോഗിക്കുകയാണ്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളാണ് ചർമത്തിന് ദോഷം ചെയ്യുന്നത്. സൺസ്ക്രീനിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഈ അൾട്രാവയലറ്റ് രശ്മികളെ ആഗീരണം ചെയ്ത് ചർമത്തെ സംരക്ഷിക്കുന്നു.

എ,ബി,സി എന്നിങ്ങനെ മൂന്നുതരം അൾട്രാവയലറ്റ് രശ്മികളുണ്ട്. ഇതിൽ ബിയെ തടയുന്ന സൺസ്ക്രീനിനാണ് സാധാരണലഭ്യമായിട്ടുള്ളത്. സൺസ്ക്രീനിലടങ്ങിയിരിക്കുന്ന ഓക്സിബൻസീനാണ് സൂര്യരശ്മികളെ ആഗീരണം ചെയ്യുന്നത്. ഇതു മാത്രം അടങ്ങിയ സൺസ്ക്രീൻ ഉപയോഗിക്കുന്നവരുടെ മുഖത്ത് വെളുത്തപാടുകൾ കാണാറുണ്ട്. ചിലവയിൽ സിങ്ക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. മേൽ പറഞ്ഞ രണ്ടും അടങ്ങിയ സൺസ്ക്രീനുകളാണ് നല്ലത്. ഇവ ഉപയോഗിച്ചാൽ വെളുത്ത പാടുകൾ വരാറില്ല.

സൺപ്രൊട്ടക്ഷൻ ഫാക്ടർ (എസ് പി എഫ്) ആണ് സൺസ്ക്രീനിന്റെ ഗുണനിലവാരമറിയാനുള്ള മാനദണ്ഡം. ഉയർന്ന എസ്.പി എഫ് ആണ് നല്ലത്. എസ് പി എഫ് 50 ഒക്കെയുള്ള സൺസ്ക്രീനുകൾ ഏറെ നല്ലതാണ്.

സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ

വാങ്ങുമ്പോൾ എസ് പി എഫ് മിനിമം 15 എങ്കിലും ഉള്ള സൺസ്ക്രീൻ വാങ്ങണം.

സൂര്യപ്രകാശത്തിലിറങ്ങുന്നതിനു അരമണിക്കൂർ മുമ്പെങ്കിലും സൺസ്ക്രീൻ പുരട്ടണം. രണ്ടു മണിക്കൂർ കഴിഞ്ഞ് ഒന്നു കൂടി ഇടാം.

ഏതാണ്ട് കാൽ ടീസ്പൂൺ മുതൽ ഒന്നര ടീസ്പൂൺ വരെ അളവ് സൺസ്ക്രീനിൽ പുരട്ടിയാൽ മതി.

വല്ലാതെ വിയർത്താൽ ഒരു പ്രാവശ്യം കൂടി സൺസ്ക്രീൻ പുരട്ടാം.

ഒരുപാട് വെയിൽ കൊള്ളുന്നവർ ഇടയ്ക്കിടയ്ക്ക് സൺസ്ക്രീൻ പുരട്ടണം.

∙ മുഖത്ത് മാത്രമല്ല, കൈ,കഴുത്ത്, കാലുകൾ തുടങ്ങി വെയിലേൽക്കാവുന്ന സ്ഥലങ്ങളിലെല്ലാം സൺസ്ക്രീൻ പുരട്ടാം.

സൺസ്ക്രീൻ പുരട്ടിയിട്ടുണ്ടെന്നു കരുതി വെയിലു കൊള്ളേണ്ട. അധികഫലത്തിനായി വെയിലത്തിറങ്ങുമ്പോൾ കുട ചൂടാം. രാവിലെ പത്തു മുതൽ വൈകിട്ട് രണ്ടു വരെയുള്ള സമയത്ത് വെയിൽ കൊള്ളാതെ സൂക്ഷിക്കണം.

നിറം വയ്ക്കാൻ സഹായിക്കുമെന്ന അവകാശവാദവുമായി ചില സൺസ്ക്രീനുകൾ മാർക്കറ്റിലുണ്ട്. അവയിലൊക്കെ വെളുക്കാൻ സഹായിക്കുന്ന രാസപദാർത്ഥങ്ങൾ ചേർത്തിട്ടുണ്ടാവാം. പക്ഷേ, ഇത്തരം രാസപദാർത്ഥങ്ങളിൽ ചിലത് സൂര്യപ്രകാശവുമായി പ്രതിപ്രവർത്തിച്ച് നിറം ഇരുളാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഫെയർനെസ് ക്രീമുകളൊക്കെ രത്രി തന്നെ ഉപയോഗിക്കുകയാണ് ഉത്തമം.

എനിക്കു ബ്ലോക്കുണ്ടോ, സത്യമാണോ?

എക്സിക്യൂട്ടീവ് ചെക്കപ്പിനാണ് ആ ബിസിനസുകാരനായ യുവാവ് ആശുപത്രിയിലെത്തിയത്. അതിന്റെ ഭാഗമായി ട്രെഡ്മിൽ ടെസ്റ്റ് നടത്തി. നേരിയ ഒരു വേരിയേഷനുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഹൃദയധമനിയിൽ ബ്ലോക്കുണ്ടോ എന്നറിയാൻ ഒരു ആൻജിയോഗ്രാം നടത്തി നോക്കാം. ധമനിക്കുള്ളിൽ കതീറ്റർ കടത്തി ചെയ്യുന്ന ആ പരിശോധനയ്ക്കിടയിൽ ഡോക്ടർ കാത്ലാബിൽ നിന്നും പുറത്തു വന്ന് രോഗിയുടെ ബന്ധുക്കളോടു പറഞ്ഞു, മൂന്നു ബ്ലോക്കുണ്ട്. അറ്റാക്കു വരാതിരുന്നതു ഭാഗ്യം. നമുക്ക് ആൻജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് (ധമനിയിലെ ബ്ലോക്ക് തുറക്കാനുള്ള ലോഹവലയം) ഇട്ടുകളയാം. പിന്നെ പേടിക്കാനില്ല. എത്രയും വേഗം ചെയ്യുന്നുവോ അത്രയും നല്ലത്. നിങ്ങൾ തീരമാനിക്കൂ എന്നു പറഞ്ഞു ഡോക്ടർ തിരിച്ചു പോകുന്നു.

രോഗിയുടെ ബന്ധുക്കൾ അമ്പരന്നുപോയി. അവർ എല്ലാവരും കടുത്ത സമ്മർദത്തിലായി. ജീവന്റെ പ്രശ്നമാണ്. കൂടുതൽ ആലോചിക്കാൻ നിന്നില്ല. ഡോക്ടറോട് അവർ സമ്മതം അറിയിക്കുന്നു. ഉടൻ ഡോക്ടർ പറയുന്നു ബ്ലോക്ക് തുറക്കാനുള്ള സ്റ്റെന്റ് പല വിലയ്ക്കും ഗുണത്തിലുമുള്ളതുണ്ട്. ഇരുപതിനായിരത്തിന്റേതുണ്ട്, അമ്പതിനായിരത്തിന്റേതുണ്ട്, തൊണ്ണൂറായിരത്തിന്റേതുണ്ട്... ഏതുവേണം? ഓരോന്നിന്റെയും ഗുണദോഷങ്ങൾ ഡോക്ടർ വിവരിക്കുമ്പോൾ മൂന്നു ബ്ലോക്കിലും അതു ചെയ്യുമ്പോഴുള്ള സാമ്പത്തിക ഗുണനപട്ടികയായിരിക്കും ബന്ധുക്കളുടെ മനസിൽ. ഒടുവിൽ സാമ്പത്തികശേഷി അനുസരിച്ച് എത്ര സ്റ്റെന്റ് എന്നും എന്തുവിലയ്ക്കുള്ളതെന്നും തീരുമാനിക്കുന്നതോടെ ആൻജിയോപ്ലാസ്റ്റി നടക്കുകയായി.

ഒരു കുഴപ്പവുമില്ലാതെ ആശുപത്രിയിൽ വന്ന തനിക്ക് സത്യത്തിൽ ബ്ലോക്കുണ്ടായിരുന്നോ? ആൻജിയോപ്ലാസ്റ്റി വേണമായിരുന്നോ? ഹൃദയധമനിക്കുള്ളിൽ വച്ചു പിടിപ്പിച്ച സ്റ്റെന്റ്, പറഞ്ഞ വിലയ്ക്കു തന്നെയുള്ളതായിരിക്കുമോ? ഇത്തരം സംശയങ്ങൾ സ്വയം ചോദിക്കുന്ന രോഗികളുടെ എണ്ണം ഇന്നു നമ്മുടെ നാട്ടിൽ കൂടി വരുന്നു. ചിലർ ഡോക്ടറിൽ വിശ്വസിച്ച് ആശ്വാസം കൊള്ളുന്നു. മറ്റു ചിലർ ഡോക്ടറേയും ആശുപത്രിയേയും തട്ടിപ്പുകാരെന്നു മുദ്രകുത്തി പോകുന്നു.

ഹൃദയാഘാതകാരണമായ ധമനിയിലെ ബ്ലോക്കിന് അലോപ്പതിയിൽ മൂന്നു സാധ്യതകളാണുള്ളത്. ഒന്ന് മരുന്നു ചികിത്സ. രണ്ട് ആൻജിയോപ്ലാസ്റ്റി. മൂന്ന് ബൈപാസ് സർജറി. ഇതിൽ കൃത്യമായി ഏതുവേണം എന്നത് രോഗിയുടെ രോഗാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ, ഇക്കാര്യത്തിൽ ഡോക്ടർമാരുടെ നിഗമനങ്ങളിലും പലപ്പോഴും കാര്യമായ വ്യത്യാസം വരുന്നു. ഒരു ഹൃദ്രോഗചികിത്സകനും ആൻജിയോപ്ലാസ്റ്റി വിദഗ്ധനും സർജനും ഒരേ ബ്ലോക്കുകളുടെ കാര്യത്തിൽ മൂന്നഭിപ്രായത്തിൽ നിൽക്കുമ്പോൾ രോഗികൾ കുടുങ്ങിയതു തന്നെ. ആൻജിയോഗ്രാം എന്ന പരിശോധന തന്നെ അനാവശ്യമായി ചെയ്യുന്നുവെന്നും ആക്ഷേപമുണ്ട്. എന്നാൽ, ഹൃദയാഘാതമുണ്ടായാൽ എത്രയും വേഗം ധമനിയിലെ തടസം നീക്കി ഹൃദയപേശികൾക്കു രക്തമെത്തിക്കുന്നതാണ് ഏറ്റവും നല്ല ചികിത്സ. ഇക്കാര്യത്തിൽ മരുന്നു ചികിത്സയേക്കാളും ശസ്ത്രക്രിയയേക്കാളും ഏറ്റവും ഫലപ്രദം പ്രൈമറി ആൻജിയോപ്ലാസ്റ്റി തന്നെയാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.

തീരുമാനമെടുക്കുമ്പോൾ

മിക്കപ്പോഴും രോഗികൾ ഹൃദ്രോഗ ചികിത്സകന്റെ അടുക്കലെത്തുന്നത് നെഞ്ചുവേദനയും ശ്വാസംമുട്ടലും ഉൾപ്പെടെയുള്ള വൈഷമ്യങ്ങളുമായാണ്. ഹൃദയപേശികൾക്കു രക്തം നൽകുന്ന കൊറോണറി ധമനികളിലെ തടസം മൂലമാണ് ഈ പ്രശ്നമെന്നു ഡോക്ടർക്കു സംശയം തോന്നുകയും ഇസിജിയും മറ്റും അതു സാധൂകരിക്കുകയും ചെയ്താൽ ആൻജിയോഗ്രാം പരിശോധനയ്ക്കായി രോഗിയെ അയയ്ക്കുന്നു. ധമനിയിൽ എത്ര ബ്ലോക്കുണ്ട്? എത്രത്തോളം അടവുണ്ട്? അത് സങ്കീർണമാണോ എന്നീ മൂന്നു ചോദ്യങ്ങളുടെ ഉത്തരമാണ് ഈ പരിശോധനയിൽ നിന്നും ലഭിക്കേണ്ടത്. ഈ ഉത്തരങ്ങളുടെ അടിസ്ഥാനത്തിലാണ് ചികിത്സയ്ക്ക് മരുന്നു മതിയോ, ആൻജിയോപ്ലാസ്റ്റി വേണോ, അതോ ശസ്ത്രക്രിയ തന്നെ വേണ്ടിവരുമോ എന്നു നിശ്ചയിക്കേണ്ടതെന്നു പ്രശസ്ത ഹൃദ്രോഗവിദഗ്ധനും തിരുവനന്തപുരം കിംസ് ഹോസ്പിറ്റൽ വൈസ് ചെയർമാനുമായ ഡോ. ജി. വിജയരാഘവൻ പറയുന്നു.

വലിയൊരു രോഗം ഒന്നൊന്നരമണിക്കൂറു കൊണ്ടു പരിഹരിച്ച് രോഗിയുടെ വൈഷമ്യം മാറ്റുന്ന ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റിങ്ങും മെഡിക്കൽ സയൻസിലെ വലിയൊരു സംഭാവനയാണ്. എന്നാൽ നീണ്ടതും സങ്കീർണവുമായ ബ്ലോക്കുകൾ, രക്തക്കുഴൽ തുടങ്ങുന്ന ഭാഗത്തുള്ളവ, 100 ശതമാനം അടഞ്ഞുപോയവ, തുടങ്ങിയ സാഹചര്യങ്ങളിൽ ആൻജിയോപ്ലാസ്റ്റികൊണ്ട് പരിമിതമായ പ്രയോജനമേ കിട്ടുന്നുള്ളൂ. ഈ ഘട്ടത്തിൽ കൂടുതൽ പ്രസക്തമാകുന്നത് ബൈപാസ് ശസ്ത്രക്രിയയാണ്—പ്രത്യേകിച്ചും പ്രായം കുറഞ്ഞവരിൽ ഡോക്ടർ പറയുന്നു.

തെറ്റായ പ്രവണത കൂടുന്നു

പന്ത്രണ്ടു പതിനഞ്ചു വർഷം മുമ്പ് കേരളത്തിൽ ആൻജിയോപ്ലാസ്റ്റി വളരെ കുറവായിരുന്നു. ബൈപാസ് കൂടുതലും അന്ന് ആൻജിയോപ്ലാസ്റ്റിയെ വിമർശിച്ച പല ഡോക്ടർമാരും ഇന്ന് ആൻജിയോപ്ലാസ്റ്റി വിദഗ്ധരാണ്. ഇന്നു കൂടുതൽ ഡോക്ടർമാർ അതിൽ വൈദഗ്ധ്യം നേടിയപ്പോൾ ആൻജിയോപ്ലാസ്റ്റിയുടെ എണ്ണം ബൈപാസിനെ പിന്തള്ളി മുന്നോട്ടു പോയി— ഇന്റർവെൻഷണൽ കാർഡിയോളജി വിദഗ്ദനായ ഡോ. എൻ പ്രതാപ്കുമാർ പറയുന്നു. 100 ശതമാനം അടവുണ്ടാക്കുന്ന ബ്ലോക്കുകളുടെ കാര്യത്തിലാണ് ഏതാണ്ട് 70 ശതമാനം കാർഡിയോളജിസ്റ്റുകളും ബൈപാസ് നിർദേശിക്കുന്നത്. അത്തരം ബ്ലോക്കുകൾ ആൻജിയോപ്ലാസ്റ്റിയിലൂടെ തുറക്കാൻ കഴിവുള്ളവർ കേരളത്തിൽ വളരെ കുറച്ചേയുള്ളൂ. കൂടുതൽ ഡോക്ടർമാർ ആ കഴിവു നേടുമ്പോൾ 100 ശതമാനം ബ്ലോക്കുകൾ ബൈപാസിന് അയയ്ക്കുന്നതും കുറയും.

പക്ഷേ കേരളത്തിന്റെ ആൻജിയോപ്ലാസ്റ്റി ചികിത്സാമേഖലയിൽ തെറ്റായ പല പ്രവണതകളും വളർന്നു വരുന്നത് ഈ ചികിത്സയുടെ ഗുണമേന്മയെ ബാധിക്കുന്നുണ്ട്. മൂന്നു പ്രശ്നങ്ങളാണ് ഡോ. പ്രതാപ്കുമാർ ഉന്നയിക്കുന്നത്. ഒന്ന് വേണ്ടത്ര പരിശീലനമില്ലാത്ത വൈദഗ്ധ്യം കുറഞ്ഞ ഡോക്ടർമാരുടെ എണ്ണം ഈ ചികിത്സാരീതിയിൽ കൂടിവരുന്നു. രണ്ട്, കുറഞ്ഞ വിലയ്ക്കുള്ള ഗുണമേന്മ കുറഞ്ഞ സാങ്കേതികവിദ്യയും സൗകര്യങ്ങളുമുള്ള കാത്ലാബുകൾ കേരളത്തിൽ കൂടുന്നു. മൂന്ന് ആൻജിയോപ്ലാസ്റ്റിക് നിലവാരം കുറഞ്ഞ ബലൂൺ, സ്റ്റെന്റ്, വയർ തുടങ്ങിയവയുടെ ഉപയോഗം വർധിക്കുന്നു. ഈ മൂന്നു കാരണങ്ങളാലും ആൻജിയോപ്ലാസ്റ്റിയെന്ന ചികിത്സയുടെ ഗുണമേന്മ കുറയാനും അതിനെതിരെയുള്ള വിമർശനങ്ങൾ കൂടാനും കാരണമാകുന്നു. കാർഡിയോളജിയിൽ സൂപ്പർസ്പെഷാലിറ്റി യോഗ്യതയുള്ളവരും ഒരു വിദഗ്ധന്റെ കീഴിൽ നിശ്ചിത എണ്ണം ആൻജിയോപ്ലാസ്റ്റി പൂർത്തിയാക്കിയവരും മാത്രമേ ഇതു ചെയ്യാവൂ എന്ന അവസ്ഥ വരണമെന്നും ഡോ. പ്രതാപ് കുമാർ പറയുന്നു.

ബൈപാസിന്റെ മേന്മ

ശസ്ത്രക്രിയയോടുള്ള ഭയവും അതിന്റെ ഗുണങ്ങൾ വേണ്ടവിധം രോഗിക്കു മനസിലാക്കുകൊടുക്കുന്നതിലുള്ള പരാജയവുമാണ് പലപ്പോഴും ബൈപാസ് വേണ്ടിടത്തുപോലും അതിനു ശ്രമിക്കാതെ പോകുന്നത്. മരുന്നു പുരട്ടിയ സ്റ്റെന്റുകൾ നടപ്പിലാകുന്നതുവരെ ആൻജിയോപ്ലാസ്റ്റിയുടെ പരാജയസാധ്യത കൂടുതലായിരുന്നു. എന്നാൽ മരുന്നു പുരട്ടിയ ഡ്രഗ് അല്യൂട്ടിങ് സ്റ്റെന്റ് (വിലയേറിയവ) വന്നതോടെ വലിയ മാറ്റമാണ് ഉണ്ടായത്. ആൻജിയോപ്ലാസ്റ്റിയിലെ നൂതനമായ ശേഷികളെ പഴയകാല ബൈപാസ് ശസ്ത്രക്രിയാ രീതികളുമായി താരതമ്യം ചെയ്താണ് പലരും ആൻജിയോപ്ലാസ്റ്റിക്ക് കൂടുതൽ മേന്മ അവകാശപ്പെടുന്നത് എന്ന് മുൻനിര ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപുറം പറയുന്നു.

ഹാർട്ട്ലങ് മെഷീനിന്റെ സഹായത്തോടെ ഹൃദയത്തിന്റെ പ്രവർത്തനം നിർത്തി, കാലിൽ നിന്നെടുക്കുന്ന ധമനി ഉപയോഗിച്ചായിരുന്നു ബൈപാസ് നടത്തിയിരുന്നത്. അത്തരം ശസ്ത്രക്രിയയുടെ പരാജയസാധ്യത ആദ്യകാല സ്റ്റെന്റിങ്ങിനു തുല്യമായിരുന്നു. എന്നാൽ തുടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിൽ, നെഞ്ചിൽ നിന്നുതന്നെയെടുക്കുന്ന ധമനികൾ കൊണ്ടുചെയ്യുന്ന ബൈപാസ് ശസ്ത്രക്രിയയുടെ മേന്മ സ്റ്റെന്റിങ്ങിനേക്കാൾ കൂടുതലാണെന്നും ആൻജിയോപ്ലാസ്റ്റിയേക്കാൾ കൂടുതൽ കാലം ഒരു കുഴപ്പവും കൂടാതെ മുന്നോട്ടു പോകാനാകുമെന്നും ഡോ. ജോസ് ചാക്കോ പെരിയപുറം പറയുന്നു. മാത്രമല്ല കൂടുതൽ സങ്കീർണമായ ബ്ലോക്കുകൾ ആൻജിയോപ്ലാസ്റ്റിയിലൂടെ തുറക്കാൻ കൂടുതൽ പേർ ശ്രമിക്കുന്നു. .പക്ഷേ, ഇത്തരത്തിലുള്ള പല കേന്ദ്രങ്ങളിലും ഒരു അടിയന്തിര സാഹചര്യമുണ്ടായാൽ ശസ്ത്രക്രിയ ലഭ്യമാക്കാനുള്ള സൗകര്യമില്ലാത്തവയാണെന്ന വസ്തുതയെ കരുതലോടെ കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വേദനയില്ലാത്ത ബ്ലോക്ക്

ലക്ഷണങ്ങൾ ഇല്ലാതെ വരുന്ന രോഗിക്ക് ബ്ലോക്കുണ്ടോ എന്നു സംശയം സ്വാഭാവികം. എന്നാൽ ഹൃദയധമനിയിലെ എല്ലാ തടസങ്ങളും ഒരുപോലെ വേദനയുണ്ടാക്കുന്നില്ല എന്നതാണ് സത്യമെന്ന് ആൻജിയോപ്ലാസ്റ്റി വിദഗ്ധൻ ഡോ. സി. സോമനാഥൻ പറയുന്നു. ഇതേക്കുറിച്ചു രോഗി ബോധവാനാകണം.

ആൻജിയോഗ്രാം പരിശോധനയ്ക്കും ആൻജിയോപ്ലാസ്റ്റിക്കുമായുള്ള കാത്ലാബുകൾ ഏറ്റവും കൂടുതലുള്ളതു കേരളത്തിലാണ്. ഇതൊരു ഭാഗ്യമാണ്. കാരണം, ഹൃദയാഘാതമുണ്ടായാൽ എത്രയും വേഗം ആ തടസം തുറന്ന് രോഗിയെ രക്ഷിക്കാനാകും. ആൻജിയോ പ്ലാസ്റ്റിയിൽ ഉപയോഗിക്കുന്ന സ്റ്റെന്റുകൾ രോഗി ആവശ്യപ്പെട്ടതു തന്നെയാണോ എന്നറിയാൻ രോഗിക്കും ബന്ധുക്കൾക്കും അവകാശമുണ്ട്. സ്റ്റെന്റിനൊപ്പം ലഭിക്കുന്ന അതിന്റെ വിശദാശം അടങ്ങിയ സ്റ്റിക്കർ രോഗിയുടെ ഫയലിൽ പതിപ്പിക്കാറുണ്ട്. ഉയർന്ന സ്റ്റെന്റിന്റെ വിലയ്ക്ക് കുറഞ്ഞ സ്റ്റെന്റ് നിക്ഷേപിക്കാനുള്ള സാധ്യത അതുവഴി ഇല്ലാതാകുന്നു— ഡോ. സോമനാഥൻ പറയുന്നു.

ഒഴിവാക്കാനാകുന്ന 30 ശതമാനം

നെഞ്ചുവേദന ഏതുതരത്തിലുള്ളതായാലും ആൻജിയോഗ്രാം പരിശോധനയ്ക്കയക്കുന്ന പ്രവണത കൂടുകയാണെന്ന് കാർഡിയോതൊറാസിക് സർജനായ ഡോ. നാസർ യൂസഫ് പറയുന്നു. ചിലപ്പോൾ ശ്വാസകോശത്തിലെ മുഴ മുതൽ അസ്ഥിയിലെ കാൻസർ വരെ എന്തുമാകാം നെഞ്ചുവേദനയെന്ന ലക്ഷണവുമായി എത്തി ആൻജിയോഗ്രാമിനു വിധേയമാകുന്നത്. ഇത്തരം സംഭവങ്ങൾ അത്ര വിരളവുമല്ല— ഡോക്ടർ പറയുന്നു.

ആൻജിയോഗ്രാം ചെയ്തപ്പോൾ ബ്ലോക്ക് കാണുന്നു. അപ്പോൾ ഡോക്ടർ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഈ ബ്ലോക്കുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? പിന്നീട് അറ്റാക്കു വരുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം അതെയെന്നാണെങ്കിൽ മാത്രമല്ലേ ആൻജിയോ പ്ലാസ്റ്റിയിലേക്കോ ശസ്ത്രക്രിയയിലേക്കോ നീങ്ങേണ്ടതുള്ളൂ. ഹൃദയധമനിയിൽ കാണുന്ന എല്ലാതരം ബ്ലോക്കുകൾക്കും സ്റ്റെന്റിങ്ങിന്റെ ആവശ്യമില്ലെന്നു വിപുലമായ പഠനങ്ങൾ (കറേജ് സ്റ്റഡി) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആൻജിയോ ഗ്രാമിനൊപ്പം ചെയ്യുന്ന മറ്റൊരു പരിശോധനയാണ് ഫ്രാക്ഷണൽ ഫ്ലോ റിസർവ് (എഫ് എഫ് ആർ). നമ്മുടെ നാട്ടിൽ ഇതു പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട്. ബ്ലോക്കിന്റെ മുന്നിലും പിന്നിലുമുള്ള രക്തത്തിന്റെ മർദം അളക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ബ്ലോക്കിന് അപ്പുറമുള്ള എഫ്എഫ്ആർ 0.7ലും കുറവാണെങ്കിൽ മാത്രമേ സ്റ്റെന്റുകൊണ്ടു പ്രയോജനം ലഭിക്കൂവെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. എഫ്എഫ്ആറിന്റെ അടിസ്ഥാനത്തിൽ നടന്ന പഠനങ്ങളിൽ (ഫേം സ്റ്റഡി) നിന്നും ഏതാണ്ട് 30 ശതമാനം ആൻജിയോപ്ലാസ്റ്റിയും ഒഴിവാക്കാമായിരുന്നവയാണ് എന്നാണ് തെളിയിക്കുന്നത്. അതുപോലെ എവെസ് പരിശോധനയും സ്റ്റെന്റിങ്ങിന്റെ ആവശ്യകത ഉറപ്പാക്കാൻ സഹായിക്കും.

മരുന്നു ചികിത്സ മികച്ചതല്ലെന്നോ?

ശരീരത്തിന് ആയാസമുണ്ടാകുമ്പോൾ വേദന ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ മാറുകയും ചെയ്യുന്ന നെഞ്ചുവേദനയാണ് സ്റ്റേബിൾ ആഞ്ചൈന. ഇത്തരത്തിലുള്ള നെഞ്ചുവേദന അനുഭവിക്കുന്ന രോഗികളുടെ ഹൃദയധമനിയിൽ സ്റ്റെന്റു നിക്ഷേപിച്ചാലും മരുന്നുചികിത്സയേക്കാൾ കൂടുതലായ ഗുണം കിട്ടില്ലെന്നു വിപുലമായ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇംഗ്ലണ്ടിലെ കാർഡിയോളജിസ്റ്റും മലയാളിയുമായ ഡോ. ഏബ്രഹാം ചാക്കോ പറയുന്നു. ഇത്തരത്തിലുള്ള രോഗിയിൽ സ്റ്റെന്റിങ് നടത്തിയാൽ ഹൃദയാഘാതം തടയാമെന്നും ആയുർദൈർഘ്യം കൂട്ടാമെന്നുമുള്ള വലിയ തെറ്റിദ്ധാരണ രോഗികൾക്കിടയിലും ചില ഡോക്ടർമാർക്കിടയിലും ഇപ്പോഴുമുണ്ട്. ആൻജിയോഗ്രാമിന്റെ അടിസ്ഥാനത്തിൽ രോഗിയുടെ ലക്ഷണങ്ങളും അതുവരെ നൽകിയ മരുന്നു ചികിത്സയുടെ ഫലവുമൊക്കെ ചേർത്തുവെച്ചുവേണം ആൻജിയോപ്ലാസ്റ്റി തീരുമാനിക്കാൻ. ഹൃദയപേശികൾക്കു രക്തമെത്തിക്കുന്ന മൂന്നു പ്രധാന ധമനികളും ഇടുങ്ങിപ്പോയാൽ ബൈപാസു തന്നെ വേണ്ടിവന്നുവെന്നും വരാം.

പൂർണമായ ബ്ലോക്കിനും മരുന്നു നൽകി രക്തക്കട്ട അലിയിച്ചുകളയുന്ന ത്രോംബോലിറ്റിക് ചികിത്സയാണ് പതിറ്റാണ്ടുകളായി ചെയ്യുന്നത്. ഇതിനു പകരം അടിയന്തിര ആൻജിയോപ്ലാസ്റ്റിയിലൂടെ പെട്ടെന്നുതന്നെ തടസം നീക്കി ഹൃദയപേശിയിലേക്കുള്ള രക്തമൊഴുക്ക് പുനസ്ഥാപിക്കുന്നു. പ്രൈമറി ആൻജിയോപ്ലാസ്റ്റി എന്ന ഈ രീതി ഏറെ ഫലപ്രദമാണ്. എന്നാൽ ഹൃദയാഘാതം വന്നു നിശ്ചിതസമയം കഴിഞ്ഞശേഷം സ്റ്റെന്റ് ഇട്ടതുകൊണ്ടു വലിയ പ്രയോജനവുമില്ല— ഡോ. ഏബ്രഹാം ചാക്കോ പറയുന്നു.

തീരുമാനം ആരുടേത്?

ഹൃദയാഘാത ചികിത്സയിൽ സാധിക്കുന്ന സാഹചര്യങ്ങളിൽ ഒരു രണ്ടാം അഭിപ്രായത്തിന്റെ സാധ്യതകൾക്ക് ഏറെ പ്രസക്തിയുണ്ടെന്നാണ് ഈ അന്വേഷണത്തിൽ തെളിഞ്ഞുവരുന്നത്. ആൻജിയോഗ്രാമിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിൽ അതു നടത്തിയ ഇന്റർവെൻഷണൽകാർഡിയോളജിസ്റ്റുമായി ഹൃദ്രോഗചികിത്സകൻ നടത്തുന്ന ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ വേണം ആൻജിയോപ്ലാസ്റ്റി വേണോ ശസ്ത്രക്രിയ വേണോ മരുന്നു ചികിത്സ മതിയോ എന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത്. അതിലൂടെ അനാവശ്യമായ ആശങ്കകളും ചെലവും കുറയ്ക്കാനാകുമെന്നു തന്നെയാണ് പൊതുവെ വിദഗ്ധരുടെ അഭിപ്രായം. അനാവശ്യമായ പരിശോധനകളും ആൻജിയോപ്ലാസ്റ്റിയുമൊക്കെ ഒഴിവാക്കേണ്ടത് രോഗികളുടെയും ബന്ധുക്കളുടെയും മാത്രമല്ല പൊതുസമൂഹത്തിന്റെ ആവശ്യമാണെന്നു വൈദ്യസമൂഹം തിരിച്ചറിയണം.

അലർജി അറിയാം

സ്പ്രേ, ജെൽ, ക്രീം, ലോഷൻ രൂപത്തിലെല്ലാം സൺസ്ക്രീനുകൾ ലഭ്യമാണ്. എണ്ണമയമുള്ള ചർമമുള്ളവർക്ക് സപ്രേയാണ് നല്ലത്. വരണ്ട ചർമക്കാരിൽ ക്രീമോ ജെല്ലോ ഉപയോഗിക്കാം. സൺസ്ക്രീൻ അലർജി മൂലം മുഖക്കുരു,ചർമത്തിൽ ചുവന്ന തടിപ്പ് എന്നിവ വരാറുണ്ട്. സൺസ്ക്രീൻ ഉപയോഗിക്കും മുമ്പ് പുറംകൈയിൽ അൽപം പുരട്ടി ഒരു ദിവസം വച്ച് അലർജിയുണ്ടോ എന്നു നോക്കാവുന്നതാണ്.

 

അലർജിയെക്കുറിച്ച് അറിയേണ്ട 15 കാര്യങ്ങൾ

1. എന്താണ് അലർജി? ഇത് ശരീരപ്രതിരോധ വ്യവസ്ഥയുടെ പ്രവർത്തനമാണോ?

ശരീരത്തിനുള്ളിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോടു ശരീരം അമിതമായി പ്രതികരിക്കുന്നതിനെയാണ് അലർജി എന്നു പറയുന്നത്. കുഴപ്പക്കാരായ കടന്നുകയറ്റക്കാർക്കെതിരെ പടവെട്ടാനാണു ശരീരത്തിലെ പ്രതിരോധവ്യവസ്ഥ സജ്ജമാക്കിയിരിക്കുന്നത്. എന്നാൽ, അലർജിയുണ്ടാവാൻ സാധ്യതയുള്ളവരിൽ ഈ വ്യവസ്ഥ കുഴപ്പക്കാരല്ലാത്ത പ്രോട്ടീനുകൾക്കെതിരെയും പ്രതികരിക്കുന്നു. അതായത് ഒരുതരം വികലമായ പ്രതിരോധപ്രവർത്തനം. അലർജിയുണ്ടാക്കുന്ന പ്രോട്ടീനുകളെ അലർജനുകൾ എന്നു പറയുന്നു.

2. പ്രധാനപ്പെട്ട അലർജിക് പ്രതിപ്രവർത്തനങ്ങൾ എന്തൊക്കെയാണ്?

അലർജനുകൾ ഏതു തരമാണ്, അവ എങ്ങനെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നു, അവ ഏത് അവയവത്തെയാണു ബാധിക്കുന്നത് എന്നതനുസരിച്ച് അലർജിയുടെ പ്രതിപ്രവർത്തനങ്ങൾ വ്യത്യസ്തമാണ്. അലർജനുകൾ മൂന്നു തരത്തിലുണ്ട്.

1. അന്തരീക്ഷത്തിലുള്ളവ (Aeroallergens): ഇവ മൂക്കിലും ശ്വാസകോശത്തിലും കടന്നു ശ്വാസതടസം, ചുമ, തുമ്മൽ ഇവ ഉണ്ടാക്കുന്നു. ഉദാ: പൊടി, പുക, വിവിധ പൂമ്പൊടികൾ, മൃഗങ്ങളുടെ രോമം എന്നിവ.

2. ഭക്ഷണത്തിലെ അലർജനുകൾ (Food allergens): ഇവ ഭക്ഷ്യ അലർജിക്കു കാരണമായി ചൊറിച്ചിൽ, തൊലിപ്പുറമേ തടിപ്പ് എന്നിവ ഉണ്ടാക്കുന്നു. (അലർജിക് ഡെർമറ്റൈറ്റിസ്, അർടിക്കേരിയ).

3. സമ്പർക്കത്തിലൂടെ അലർജിയുണ്ടാക്കുന്നവ (Contact allergens): ഇവ ത്വക്കിലെ അലർജിക്കു കാരണമാവുന്നു.

അലർജി മൂലം സാധാരണഗതിയിൽ ചൊറിച്ചിൽ, തടിപ്പ് എന്നിവയാണുണ്ടാവുന്നതെങ്കിലും അപൂർവം ചിലരിൽ ശ്വാസതടസവും, രക്തസമ്മർദം കുറയുകയും രോഗിക്കു ബോധക്ഷയത്തിനും മരണത്തിനും വരെ കാരണമാവുന്ന അതിഗുരുതരമായ അനാഫിലാക്ടിക് ഷോക്കും (Anaphylactic Shock) ഉണ്ടാവാം. കടന്നൽ, തേൾ, എട്ടുകാലി തുടങ്ങിയ ജീവികൾ കുത്തുമ്പോൾ ചിലർക്കു ഗുരുതരമായ റിയാക്ഷനുണ്ടാവാറുണ്ട്.

3. അലർജി കണ്ടുപിടിക്കാൻ രക്തപരിശോധനകളുണ്ടോ? ഭക്ഷണ അലർജി കണ്ടുപിടിക്കാനും ഇതു സഹായകമാണോ? ഇവ കേരളത്തിലെ ലാബുകളിൽ നടത്താമോ?

അലർജി പരിശോധിച്ചു കണ്ടെത്താൻ എലീസാ ടെസ്റ്റ് പോലുള്ള രക്തപരിശോധന ലഭ്യമാണ്. ആഹാരസാധനങ്ങളോടുള്ള അലർജി കണ്ടുപിടിക്കാനും കഴിയും. കേരളത്തിൽ പല ലാബുകളിലും ഇതു ചെയ്യുന്നുണ്ട്. എന്നാൽ ഇവ ഇൻട്രാഡെർമൽ ടെസ്റ്റിന്റെയത്ര വിശ്വസനീയമല്ല. മാത്രമല്ല, ഇൻട്രാഡെർമൽ ടെസ്റ്റിനെക്കാൾ വളരെ ചെലവേറിയതുമാണ്.

4. എന്താണ് ഇൻട്രാഡെർമൽ സ്കിൻ ടെസ്റ്റ്. അവ എല്ലാത്തരം അലർജികളും കണ്ടുപിടിക്കാൻ സഹായകരമാണോ?

ഇൻട്രാഡെർമൽ ടെസ്റ്റിൽ അലർജൻ അടങ്ങിയ ലായനി ചെറിയ അളവിൽ തൊലിപ്പുറമേ കുത്തിവയ്ക്കുന്നു. തുടർന്നു ചുറ്റും ഉണ്ടാവുന്ന റിയാക്ഷൻ വിലയിരുത്തി അലർജനുകളിൽ ഏതിനോടൊക്കെയാണ് ഒരു വ്യക്തിക്ക് അലർജി എന്നു കണ്ടുപിടിക്കുന്നു. ആന്റിജൻ തൊലിപ്പുറമേ കുത്തിവച്ചു 20 മിനിറ്റിനു ശേഷമാണു റിയാക്ഷൻ വിലയിരുത്തുന്നത്. അന്തരീക്ഷത്തിലുള്ള വിവിധതരം അലർജനുകൾ (വീട്ടിനുള്ളിൽ കാണുന്ന പൊടി, പൂത, പൂമ്പൊടികൾ, പാറ്റ. ഈച്ച, കൊതുക് മുതലായ പ്രാണികൾ, നനവുള്ള ഭിത്തിയിലും മറ്റും വളരുന്ന പൂപ്പൽ അഥവാ ഫംഗസുകൾ തുടങ്ങിയവ) ഡ്രഗ് അലർജി (മരുന്നുകളോടുള്ള അലർജി), ആഹാര സാധനങ്ങളോടുള്ള അലർജി എന്നിവയെല്ലാം കണ്ടുപിടിക്കാൻ ഈ ടെസ്റ്റ് സഹായിക്കും. ഈ അലർജി ടെസ്റ്റിംഗ് കൊണ്ടുള്ള പ്രയോജനങ്ങൾ രണ്ടാണ്.

1. ടെസ്റ്റ് ചെയ്ത് അലർജിയുണ്ടെന്നു കണ്ടെത്തിയ അലർജനുകളുമായുള്ള സമ്പർക്കം ഒഴിവാക്കാം. (പ്രത്യേകിച്ചും ആഹാരസാധനങ്ങൾ).

2. രോഗിയെ ഇമ്യൂണോതെറപ്പിക്ക് വിധേയനാക്കാം.

ഈ ടെസ്റ്റിനു 3—4 ദിവസം മുമ്പു മുതൽ അലർജിക്കെതിരായ മരുന്നുകൾ കഴിക്കുന്നതു രോഗി നിർത്തണം. കാരണം, അവ കഴിച്ചുകൊണ്ടിരിക്കെ ടെസ്റ്റ് ചെയ്താൽ ശരീരം പ്രതികരിക്കില്ല. ചില രോഗികൾക്ക് ഇങ്ങനെ മരുന്നുകൾ നിർത്തുമ്പോൾ രോഗലക്ഷണങ്ങൾ അധികരിക്കാറുണ്ട്. അതിനാൽ രോഗം കുറച്ചെങ്കിലും നിയന്ത്രണവിധേയമാവുമ്പോൾ മാത്രമേ അലർജി ടെസ്റ്റിംഗ് ചെയ്യാവൂ. അതുപോലെ തന്നെ ചിലർക്ക് അലർജി ടെസ്റ്റിംഗ് ചെയ്യുമ്പോൾ തന്നെ കടുത്ത അലർജി, ബോധക്ഷയം, രക്തസമ്മർദം കുറയുക എന്നിവയുണ്ടാവാം. അതിനാൽ ഇതിനെതിരെയുള്ള മുൻകരുതലുകളും എടുക്കണം. മാത്രമല്ല, ഈ രംഗത്തു നല്ല പരിചയവും വൈദഗ്ധ്യവും ഉള്ള ഡോക്ടർമാർ മാത്രം നേരിട്ടു നടത്തേണ്ട ഒരു പരിശോധനയാണിത്. ലാബുകളിലും മറ്റും നടത്തുന്നതല്ല.

5. അലർജി പാരമ്പര്യമായി ഉണ്ടാകുമോ? എത്ര ശതമാനം സാധ്യതയുണ്ട്?

മിക്കപ്പോഴും പാരമ്പര്യമായി കാണപ്പെടുന്ന ഒരു രോഗമാണ് അലർജിയെങ്കിലും എല്ലായ്പ്പോഴും അങ്ങനെയാവണമെന്നില്ലതാനും. മാതാപിതാക്കളിൽ ഒരാൾക്ക് ഏതെങ്കിലും തരത്തിലുള്ള അലർജി രോഗമുണ്ടെങ്കിൽ അവരുടെ കുട്ടികളിൽ 25 ശതമാനത്തിനും അലർജിയുണ്ടാവാൻ സാധ്യതയുണ്ട്. മാതാപിതാക്കൾക്ക് ഇരുവർക്കും രോഗമുണ്ടെങ്കിൽ ഈ സാധ്യത 50 ശതമാനമായി വർധിക്കുന്നു.

6. എന്താണ് പ്രിക് സ്കിൻ ടെസ്റ്റ്? കേരളത്തിൽ നിലവിലുണ്ടോ?

സൂചിയുപയോഗിച്ച് അലർജനുകളടങ്ങിയ ദ്രാവകം ത്വക്കിനുള്ളിലേക്കു കുത്തിവയ്ക്കുന്നതിനു പകരം ഈ ദ്രാവകം തൊലിപ്പുറമേ പുരട്ടിയ ശേഷം വളരെ നേരിയ സൂചിയുപയോഗിച്ചു അതിനു പുറമേ ചെറുതായി കുത്തി നടത്തുന്ന പരിശോധനയാണു സ്കിൻ പ്രിക് ടെസ്റ്റ്. വേദന കുറവാണെന്ന ഗുണമുണ്ടെങ്കിലും ഇൻട്രാഡെർമൽ ടെസ്റ്റിന്റെ അത്ര വിശ്വസനീയമല്ലാത്തതിനാൽ കേരളത്തിൽ ഈ പരിശോധനയ്ക്കു വലിയ പ്രചാരമില്ല.

7. പാച്ച് സ്കിൻ ടെസ്റ്റ് എപ്പോഴൊക്കെയാണ് ചെയ്യുന്നത്?

അലർജനുകളായി നേരിട്ടുള്ള സ്പർശനമോ സാമീപ്യമോ മൂലം തൊലിപ്പുറമേ ഉണ്ടാവുന്ന അലർജിയാണു കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് (Contact Dermatitis). ഉദാ: സോപ്പ്, ഗ്ലൗസ്, ജോലിസംബന്ധമായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ, സിമന്റ് എന്നിവ മൂലം കൈകളിലും സൗന്ദര്യവർധകവസ്തുക്കൾ മൂലം മുഖത്തും മറ്റും ഉണ്ടാവുന്ന ചൊറിച്ചിൽ. ഇത്തരം രോഗങ്ങളിൽ രോഗഹേതുവെന്നു സംശയിക്കപ്പെടുന്ന ആന്റിജൻ അടങ്ങിയ പാച്ചുകൾ ത്വക്കിൽ ഒട്ടിച്ചുവച്ചു റിയാക്ഷനുണ്ടാവുന്നുണ്ടോ എന്നു പരീക്ഷിച്ചറിയുന്ന പരിശോധനയാണു പാച്ച് ടെസ്റ്റ്.

8. എന്താണ് അലർജി ഷോട്സ്? എങ്ങനെയുള്ളവർക്കാണ് ഈ ചികിത്സ ഏറ്റവും ഫലപ്രദം?

അലർജി ഷോട്സ് എന്നാൽ ഇമ്യൂണോതെറപ്പി എന്ന ചികിത്സാരീതിയാണ്. രോഗത്തിനു കാരണമാകുന്ന അലർജനുകൾ വളരെ ചെറിയ അളവിൽ നിശ്ചിത ഇടവേളയിൽ ശരീരത്തു കുത്തിവയ്ക്കുന്നു. അലർജനുകളുമായുള്ള തുടരെത്തുടരെയുള്ള സമ്പർക്കം മൂലം ഒടുവിൽ ശരീരം മേൽപറഞ്ഞ അലർജനുകളോടു പ്രതികരിക്കാതാവുന്നു.

ആരംഭത്തിലേ ചികിത്സിച്ചാൽ അലർജി എന്ന രോഗം പാടേ ഇല്ലാതാക്കാൻ ഇമ്യൂണോതെറപ്പിയോളം ഫലപ്രദമായ മറ്റൊരു ചികിത്സാരീതിയില്ല. ചെലവ് അൽപം ഏറും എന്നതും കാലദൈർഘ്യവുമാണ് ഈ ചികിത്സാരീതിയുടെ ന്യൂനത. എന്നാൽ തികച്ചും പാർശ്വഫലങ്ങളില്ലാത്തതും ഫലപ്രദവുമായതിനാൽ ഈ ചികിത്സാരീതിക്കു പ്രസക്തിയേറുന്നു. ഗർഭകാലത്തു പോലും സുരക്ഷിതമാണ് ഈ ചികിത്സ. മൂന്നു മുതൽ അഞ്ചു വർഷം വരെ നീളുന്ന ഈ ചികിത്സയിൽ ഒരു വർഷത്തിനുള്ളിൽ ഫലം കണ്ടുതുടങ്ങും. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ ചികിത്സ ഏറ്റവും ഫലപ്രദം.

ചിലയാളുകൾക്കു കടന്നൽ, തേനീച്ച, ചിലയിനം ഉറുമ്പുകൾ, തേൾ മുതലായ ഷഡ്പദങ്ങളോടു കടുത്ത അലർജി കാണപ്പെടാറുണ്ട്. അത്തരക്കാർക്കു മേൽപ്പറഞ്ഞവയുടെ കടിയേറ്റാൽ മാരകമായേക്കാവുന്ന പ്രതികരണം (anaphylaxis) കണ്ടുവരുന്നു. പെട്ടെന്നുണ്ടാവുന്ന ബോധക്ഷയം, രക്തസമ്മർദം കുറയുക മുതലായ ലക്ഷണങ്ങൾ പ്രകടമായേക്കാം. ഇത്തരം രോഗികൾക്ക് ഇമ്യൂണോതെറാപ്പി വളരെ പ്രയോജനം ചെയ്തു കാണുന്നു. മുമ്പുപറഞ്ഞ പ്രാണികളിൽ നിന്നും അലർജിക്കു കാരണമായ പ്രോട്ടീനുകളെ വേർതിരിച്ചെടുത്ത് ഉണ്ടാക്കുന്ന മരുന്നുപയോഗിച്ചാണ് ഈ ചികിത്സ ചെയ്യുന്നത്. ഇമ്യൂണോതെറപ്പി കൊണ്ട് ഇതു ഫലപ്രദമായി തടയാൻ കഴിയും.

9. അലർജനുകളാണ് പ്രതിരോധശക്തി വർധിപ്പിക്കാനായി കുത്തിവയ്ക്കുന്നതെങ്കിൽ, ഇതേ അലർജനുകൾ തന്നെയല്ലേ അലർജിയുണ്ടാക്കുന്നതും? ഇവിടെ എന്താണു വ്യത്യാസമുള്ളത്?

ഇമ്യൂണോതെറപ്പിയിൽ അലർജനുകൾ വളരെ ചെറിയ അളവിൽ നിശ്ചിത ഇടവേളയിലാണു ശരീരത്തു കടക്കുന്നത്. അലർജനുകളുമായുള്ള തുടരെത്തുടരെയുള്ള സമ്പർക്കം മൂലം ഒടുവിൽ ശരീരം മേൽപറഞ്ഞ അലർജനുകളോടു പ്രതകരിക്കാതാവുന്നു. സാധാരണ അലർജിയിൽ ആന്റിജനോടുള്ള പ്രതികരണമായി ഐജിഇ (IgE) എന്ന ആന്റിബോഡിയാണ് രക്തത്തിലുണ്ടാവുന്നത്. എന്നാൽ ഇമ്യൂണോതെറപ്പിയിൽ ഐജിജി (IgG) ആന്റിബോഡിയാണ് ഉണ്ടാവുന്നത്. ഐജിഇ അലർജിയുണ്ടാക്കും. എന്നാൽ ഐജിജി ഉണ്ടാക്കില്ല.

10. അലർജിക്ക് എന്തൊക്കെ ചികിത്സകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്?

ഏതുതരത്തിലെ അലർജിയായാലും ചികിത്സയ്ക്ക് മൂന്നു ഘട്ടങ്ങളുണ്ട്.

1. അലർജനുകളെ അകറ്റിനിർത്തുക (ജീവിതരീതിയിൽ വരുത്തേണ്ട വ്യതിയാനങ്ങൾ).

2. മരുന്നുകൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ (Pharmaco-therapy): ആന്റിഹിസ്റ്റമിനുകൾ, സ്റ്റീറോയ്ഡുകൾ എന്നീ ഔഷധങ്ങളാണ് അലർജി ചികിത്സയ്ക്കായി ഉപയോഗിക്കാറ്. സെട്രിസിൻ, ലീവോസെട്രിറ്റിസിൻ, ഡെസ്ലോറാറ്റിഡിൽ മുതലായ ആന്റിഹിസ്റ്റമിനുകളാണ് ഈ വിഭാഗത്തിൽ പെടുന്നവ. അലർജിക് റൈനൈറ്റിസിന്റെ ചികിത്സയ്ക്കാണ് ഇവ സാധാരണ ഉപയോഗിക്കാറ്. താരതമ്യേന പാർശ്വഫലങ്ങൾ കുറവാണെങ്കിലും ദീർഘകാലം കഴിക്കുന്നത് അഭികാമ്യമല്ല. മാത്രമല്ല, അമിതമായ ഉറക്കം, ക്ഷീണം, വണ്ണം വയ്ക്കുക മുതലായ പാർശ്വഫലങ്ങൾ പലർക്കും അനുഭവപ്പെടാറുണ്ട്. മൂക്കിലടിക്കുന്ന സ്പ്രേയായും ലഭ്യമാണ്.

3. അലർജി ടെസ്റ്റിംഗും ഇമ്യൂണോതെറപ്പിയും.

ഏറ്റവും പുതിയ ചികിത്സ സബ്ലിംഗ്വൽ ഇമ്യൂണോതെറപ്പിയാണ്. അലർജി ചികിത്സാരംഗത്ത് ഒരു വിപ്ലവകരമായ കണ്ടുപിടുത്തമാണ് സബ്ലിംഗ്വൽ ഇമ്യൂണോതെറപ്പി. മുമ്പൊക്കെ ഇമ്യൂണോതെറപ്പി എന്നാൽ ആഴ്ചതോറുമുള്ള കുത്തിവയ്പായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ, പല രോഗികളും പ്രത്യേകിച്ചു കുട്ടികൾ ഈ ചികിത്സ സ്വീകരിക്കാൻ വിമുഖരായിരുന്നു. സബ് ലിംഗ്വൽ ഇമ്യൂണോതെറപ്പി എന്ന ചികിത്സാരീതിയിൽ കുത്തിവയ്ക്കുന്നതിനു പകരം മരുന്നു നാവിനടിയിൽ വച്ച് അലിയിക്കുകയാണു ചെയ്യുന്നത്. അതുമൂലമുള്ള ഗുണങ്ങൾ പലതാണ്. വേദനയില്ല, കുത്തിവയ്പിക്കാനായി മറ്റെങ്ങും പോകേണ്ട കാര്യമില്ല. കുത്തിവയ്പിനുണ്ടാകാവുന്നതുപോലെ റിയാക്ഷനുമുണ്ടാവില്ല. ഈ ചികിത്സ മുമ്പേ തന്നെ, വിദേശങ്ങളിൽ നിലവിലുണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത് അടുത്താണ്. എന്നാൽ ടെസ്റ്റിംഗിൽ വളരെയധികം അലർജനുകൾ കണ്ടെത്തിയാൽ ഇതു നല്ല ഫലം തരില്ല. ഒന്നു മുതൽ മൂന്ന് വരെ മാത്രം അലർജനുകൾ ഉള്ളവരിലാണ് ഇതു ഫലപ്രദം.

11. അലർജിക്ക് ഉപയോഗിക്കുന്ന സ്പ്രേകളെല്ലാം സ്റ്റിറോയ്ഡ് കലർന്നവയാണോ? ഇവ സ്ഥിരമാക്കുന്നതുകൊണ്ട് പാർശ്വഫലങ്ങളുണ്ടോ?

ആസ്തമ ചികിത്സയിലുപയോഗിക്കുന്ന ഇൻഹേലറുകളെപ്പോലെ നേസൽ സ്പ്രേയും ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ചികിത്സാരീതിയാണ്. ആന്റിഹിസ്റ്റമിനുകൾ മാത്രം, സ്റ്റീറോയ്ഡുകൾ മാത്രം, ഇവ രണ്ടും ചേർന്നത് എന്നിങ്ങനെ മൂന്നുതരം നേസൽ സ്പ്രേകൾ ലഭ്യമാണ്. വാസ്തവത്തിൽ സ്റ്റീറോയ്ഡ് സ്പ്രേകൾ പോലും തികച്ചും സുരക്ഷിതമാണ്. ദീർഘകാലം മരുന്നുകൾ കഴിക്കുന്നതു കൊണ്ടുള്ള കുഴപ്പങ്ങൾ ഒഴിവാക്കാം എന്നതാണ് ഈ രീതിയുടെ മെച്ചം. സ്പ്രേകൾ എത്രനാൾ ഉപയോഗിച്ചാലും കാര്യമായ പാർശ്വഫലങ്ങളൊന്നും തന്നെയില്ല. ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഇടയ്ക്കിടെ കൃത്യമായി ഡോസ് വ്യതിയാനങ്ങൾ നടത്തണമെന്നു മാത്രം. രോഗം കഠിനമായാൽ സ്റ്റീറോയ്ഡ് ഗുളികകളും വേണ്ടിവരാം.

12. കുട്ടികൾ പൊടിയും മഞ്ഞും കാറ്റുമേറ്റ് വളരുന്നതാണോ അലർജി തടയാൻ നല്ലത്? കളിയും വ്യായാമവും എത്രകണ്ട് അലർജി കുറയ്ക്കും?

ഈ വിഷയത്തിലും വിദഗ്ധർക്കിടയിൽ ഏകാഭിപ്രായമില്ല. അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെയാണ് ആസ്തമയിൽ ശുചിത്വത്തിന്റെയും സ്ഥിതി. അലർജനുകളെ നിയന്ത്രിക്കുവാൻ ശുചിത്വം അത്യാവശ്യം തന്നെ. എന്നാൽ കുട്ടിയെ പുറത്തു കളിക്കാൻ വിടാതെ വീട്ടിനുള്ളിൽ മാത്രമൊതുക്കിയാണു വളർത്തുന്നത് എങ്കിൽ അങ്ങനെയുള്ള കുട്ടികൾക്കു മറ്റു കുട്ടികളെക്കാൾ ആസ്തമയും അലർജി മൂലമുള്ള മറ്റു രോഗങ്ങളും പിടിപെടാൻ സാധ്യത കൂടുതലാണ്. അടുത്ത കാലത്ത് ഉരുത്തിരിഞ്ഞ ശുചിത്വസിദ്ധാന്തം അഥവാ ണ്ണത്നദ്ദദ്ധ൹n൹ ണ്ണത്നണ്മഗ്നന്ധ൹ന്ഥദ്ധന്ഥ പ്രകാരം അമിതശുചിത്വം ആസ്തമയുണ്ടാക്കും എന്നു കണ്ടെത്തിയിരിക്കുന്നു.

13. അലർജി കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ആസ്തമയായി മാറുമെന്നതു ശരിയാണോ?

അലർജി മൂലമുള്ള രണ്ടു രോഗങ്ങളാണു ദീർഘകാലം നീണ്ടുനിൽക്കുന്ന തുമ്മലും ജലദോഷവും (അലർജിക് റൈനൈറ്റിസ്) ആസ്തമയും. 40 ശതമാനം അലർജിക് റൈനൈറ്റിസ് രോഗികൾക്കു ഭാവിയിൽ ആസ്തമ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

14. അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ ഒഴിവാക്കുന്നതാണോ അവയുമായി സമ്പർക്കത്തിലേർപ്പെട്ട് അലർജി ഇല്ലാതാക്കാൻ ശ്രമിക്കുന്നതാണോ ഫലപ്രദം?

ഈ വിഷയത്തിൽ വിദഗ്ധർക്കിടയിൽ തർക്കം നിലനിൽക്കുന്നു. എങ്കിലും രോഗകാരണമായ അലർജനുകളെ ഒഴിവാക്കുന്നതുതന്നെയാണു രോഗനിയന്ത്രണത്തിനു മിക്കപ്പോഴും അഭികാമ്യം. അലർജനുകളുടെ ചെറിയ ഡോസിലുള്ള സമ്പർക്കം കാലക്രമത്തിൽ രോഗകാഠിന്യം കുറയ്ക്കും എന്നതാണ് ഇമ്യൂണോതെറപ്പിയുടെ അടിസ്ഥാനം. എന്നാൽ നിത്യജീവിതത്തിൽ അതു പ്രായോഗികമല്ല.

15. എങ്ങനെയാണ് അലർജനുകൾ ശരീരത്തിൽ അലർജിയുണ്ടാക്കുന്നത്? പ്രധാന അലർജി പ്രതികരണങ്ങൾ ഏതൊക്കെയാണ്?

ഒരു വ്യക്തി ആദ്യമായി അത്തരം ഒരു അലർജനുമായി (ആന്റിജൻ) സമ്പർക്കത്തിൽ വരുമ്പോൾ അലർജിയുടെ ലക്ഷണങ്ങൾ കാണപ്പെടുന്നില്ല. എന്നാൽ ആ പ്രത്യേക ആന്റിജനെതിരെ എജെിഇ ആന്റിബോഡി രക്തത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നു. പിന്നീടെപ്പോഴെങ്കിലും അതേ അലർജനുമായി വീണ്ടും സമ്പർക്കമുണ്ടാവുമ്പോൾ രക്തത്തിലുള്ള മേൽപറഞ്ഞ ആന്റിബോഡി പെട്ടെന്ന് ആന്റിജനുമായി കൂടിച്ചേർന്ന് ആന്റിജൻ ആന്റിബോഡി കോംപ്ലക്സുകൾ ഉണ്ടാവുന്നു. ഇവ രക്തത്തിലെ ശ്വേതരക്താണുക്കളായ ഇയോസിനോഫിൽ, ലിംഫോസൈറ്റ് മുതലായ കോശങ്ങളെ ഉത്തേജിപ്പിച്ചു ഹിസ്റ്റമിൻ, ലൂകോട്രീൻ, സൈറ്റോകൈനുകൾ മുതലായ രാസതന്മാത്രകൾ പുറപ്പെടുവിക്കുന്നു. ഇവയെല്ലാം ചേർന്നു ശരീരത്തിനുള്ളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഫലമാണ് അലർജി.

ഡോ. പി. വേണുഗോപാൽ അഡി. പ്രഫസർ ഓഫ് പൾമണറി മെഡിസിൻ, മെഡി. കോളജ്, ആലപ്പുഴ.

ഇൻസുലിൻ എടുക്കുന്നവരുടെ ആഹാരം

പ്രമേഹത്തിന്റെ പ്രധാന കാരണം ഒരു വ്യക്തിയുടെ ആഹാര രീതി തന്നെയാണ്. ശരീരത്തിന്റെ ആവശ്യങ്ങളറിയാതെ എന്തും കഴിക്കുന്ന സ്വഭാവം കാലക്രമേണ പ്രമേഹം വരാൻ ഇടയാ ക്കുന്നു. അതേസമയം പ്രമേഹരോഗികളിലെ നിയന്ത്രണമില്ലാത്ത ഭക്ഷണരീതി രോഗം കൂടാനും കാരണമാകുന്നു. പ്രത്യേകിച്ച് ഇൻസുലിൻ എടുക്കുന്ന രോഗികളിൽ. എന്തു കഴിക്കുന്നു എന്നത് പ്രമേഹം സംബന്ധിച്ചു നിർണായകമായ ഘടകമാണ്. പണ്ടു വിശപ്പു മാറ്റി വയറു നിറയ്ക്കാനും രുചിക്കും വേണ്ടിയാ ണു ആഹാരം കഴിച്ചിരുന്നത്. ആ കാഴ്ച‌പ്പാടിൽ നിന്നു മാറി ഈ ആഹാരം എന്റെ ശരീരത്തില്‍ എന്തു മാറ്റം കൊണ്ടു വരുന്നു എന്ന ചിന്തയിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. ഈ ഭക്ഷണം ആരോഗ്യദായകമാണോ, അതോ ഹാനികരമാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.

സമീകൃതവും പോഷകം നിറഞ്ഞതും സമ്പൂർണവുമായ ആഹാരമാണു കഴിക്കുന്നത് എന്ന് ഉറപ്പു വരുത്തണം. പാചക രീതി ശരീരത്തിന് ഗുണകരമാണോ എന്നതും ആലോചിക്കേ ണ്ടിയിരിക്കുന്നു. രുചിക്ക് വേണ്ടി മാത്രം ഉണ്ടാക്കുന്ന ആഹാരം അമിതമായി ശരീരത്തിനുളളിൽ ചെല്ലുമ്പോൾ, മധുരമായാലും ഉപ്പായാലും കൊഴുപ്പായാലും ശരീരത്തിന് ദോഷം വരുത്തും

ഇൻസുലിൻ -ആഹാരക്രമം

ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗികൾ ആഹാരക്രമത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇൻസുലിൻ എടുക്കുമ്പോള്‍ കൃത്യമായും നാലുമണിക്കൂർ കഴിയുമ്പോള്‍ ആഹാരം കഴിച്ചിരിക്കണം. ഇല്ലെങ്കിൽ ഹൈപ്പോഗ്ലൈസീമിക് ആയി അബോധാവസ്ഥയിൽ ആകാനുളള സാധ്യത കൂടുതലാണ്. ഇൻസുലിൻ എടുത്ത് അരമണിക്കൂറിനുശേഷം മാത്രമേ അതു പ്രവർത്തിച്ചു തുടങ്ങൂ. ഇൻസുലിനു ശ‌േഷം ഭ‌ക്ഷണം കഴിക്കുമ്പോൾ ഇൻസുലിൻ അകത്തു ചെന്നു ഷുഗർ താഴ്ത്തും. അപ്പോൾ ഷുഗർ വ്യതിയാനം അധികം ഇല്ലാതെയിരിക്കും. ആഹാരത്തിനു മുമ്പ് ഇരുപതുമിനിറ്റിനും അരമണിക്കൂറിനുമു ളളില്‍ ഇൻസുലിൻ എടുക്കുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ അനലോഗ് ഇൻസുലിൻ ആണെങ്കിൽ ഭക്ഷണത്തിനു പത്തു മിനിറ്റ് മുമ്പ് എടുത്താലും മതി. പെട്ടെന്നു തന്നെ ഫലം ഉണ്ടാകും. മറ്റേതെങ്കിലും രോഗം കാരണം വിശപ്പ് കുറഞ്ഞിരിക്കു മ്പോള്‍ മുൻപെടുത്ത അതേ ‍ഡോസ് ഇൻസുലിൻ എടുക്കു മ്പോൾ ഷുഗർ താഴ്ന്നു പോകാം. അതിനാല്‍ ഛർദ്ദി, വയറിളക്കം, പനി എന്നിവയുളള ദിവസങ്ങളിൽ ഡോക്ടറുടെ നിർദേശ പ്രകാരം ഡോസ് കുറയ്ക്കുന്നതു നല്ലതായിരിക്കും.

ഇൻസുലിൻ എടുത്ത ശേഷം സമയത്തു ഭക്ഷണം കഴിക്കാതിരു ന്നാൽ ഷുഗർ കുറയാൻ സാധ്യതയുളളതിനാൽ വാഹനമോടി ക്കുമ്പോള്‍ ശ്രദ്ധിക്കണം. വളരെ നിർണായകമായ സമയമാ ണിത്. അപകടങ്ങൾ സംഭവിക്കാനുളള സാധ്യത കൂടുതലാണ്. ആ സമയത്തു ഗ്ലൂക്കോസ് ടാബ് ലറ്റുകളോ മറ്റെന്തെങ്കിലുമോ കഴിക്കണം. അല്ലെങ്കിൽ ക‌‌ൃത്യസമയത്ത് ഭക്ഷണം കഴിച്ചിരി ക്കണം.

പഴയ പ്ലേറ്റിലെ വിഭവങ്ങൾ

പണ്ട് ആളുകൾ ഭക്ഷണം കഴിച്ചിരുന്ന പ്ലേറ്റ് എടുത്താൽ ആ പ്ലേറ്റിൽ മുക്കാൽ ഭാഗം ചോറും ബാക്കി പച്ചക്കറികളും മത്സ്യ മാംസങ്ങളും ആയിരുന്നു. അന്നവർ അത്രയും അധ്വാനിക്കുമായി രുന്നു. അധ്വാനത്തിന് ഊർജം ആവശ്യമായിരുന്നു. കഴിക്കുന്ന ചോറ് അഥവാ കാർബോഹൈഡ്രേറ്റ് അടങ്ങിയ അന്നജം അത്ര‌യും ഊർജമായി മാറുകയാണ്. ആ ഊർജം ഓരോ സെല്ലിലും ചെന്നു ശരീരത്തിന്റെ ഓരോ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. അവർ മെലിഞ്ഞ ശരീരപ്രകൃതമു ളളവരും നല്ല ആരോഗ്യമുളളവരും ആയിരുന്നു. കായികമായ അധ്വാനത്തിന് കൂടുതല്‍ അന്നജം ആവശ്യമായിരുന്നു.

എന്നാൽ ഇന്ന് കാർബോഹൈഡ്രേറ്റ് ഊര്‍ജമായി മാറുന്നില്ല. അതു പഞ്ചസാരയായി ശരീരത്തിൽ കെട്ടിക്കിടക്കുകയാണ്. കാരണം, ഇന്നത്തെ മനുഷ്യന് ശാരീരിക അധ്വാനം കുറവാണ്. ആധുനിക മനുഷ്യന് പഴയ ഭക്ഷണരീതി ആവശ്യമില്ല എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. അതിനാൽ പഴയ പ്ലേറ്റ് മാറേണ്ട കാലമായി. ഗുഹാമനുഷ്യർ 30 ശതമാനം അന്നജം മാത്രമേ കഴിച്ചിരുന്നുളളൂ എന്നതും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

പുതിയ പ്ലേറ്റിലെ വിഭവങ്ങൾ

കാലം മാറിയതനുസരിച്ചു ഭക്ഷണ കാര്യത്തിലും നാം ആധുനികമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു പ്ലേറ്റ് എടുത്താൽ പകുതി ഏറ്റവും ആരോഗ്യകരമായ ഫൈബർ അഥവാ നാരുകൾ ആയിരിക്കണം. അതായത് നാരുകളുളള പച്ചക്കറിയും പഴവർഗങ്ങളും. ഫൈബര്‍ കൂടുതലടങ്ങിയ പടവലങ്ങ, വെണ്ടയ്ക്ക, കുമ്പളങ്ങ, ബീൻസ്, പയര്‍, ചീര, കോളിഫ്ളവർ തുടങ്ങി ഭൂമിക്ക് മുകളിൽ വളരുന്ന എല്ലാ പച്ചക്കറികളും കൂടുതലായി ഉപയോഗിക്കാം. പച്ചക്കറിയിലും അന്നജമുണ്ട്, എന്നാല്‍ കൂടുതലും ഫൈബർ അഥവാ നാരുകളാണ്. അവ ദഹിക്കാൻ എളുപ്പമാണ്. കർബോഹൈ ഡ്രേറ്റ് (അന്നജം) കൂടുതലുളള കിഴങ്ങു വർഗ്ഗങ്ങൾ കുറച്ച് ഉപയോഗിക്കുക. പിന്നീട് കാൽ പ്ലേറ്റ് പ്രോട്ടീൻ അതായത് ധാന്യങ്ങൾ. അതിൽ തന്നെ വെജിറ്റബിള്‍ പ്രോട്ടീനും നോൺ വെജിറ്റബിള്‍ പ്രോട്ടീനും ഉണ്ട്. ധാന്യങ്ങൾ, വെജിറ്റബിൾ പ്രോട്ടീനും മത്സ്യംമാസാദികള്‍, നോൺ വെജിറ്റബിൾ പ്രോട്ടീനും ആണ്. അതിൽ തന്നെ മീനായിരിക്കണം ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടത്. ഇന്ന് വളരെ കുറച്ചു കാര്‍ബോഹൈഡ്രേറ്റ് (അന്നജം)മാത്രമേ നമ്മുടെ ശരീരത്തിന് ആവശ്യമുളളൂ എന്നതു പ്രത്യേകം ഓർമിക്കണം.

അതിനാൽ അന്നജമടങ്ങിയ ചോറ്, ചപ്പാത്തി, ബ്രെഡ് ഇവയുടെ അളവ് കുറയ്ക്കണം, കൂടാതെ വറുത്ത ഭക്ഷണം ദിവസവും കഴിക്കുന്നതും ഒഴിവാക്കണം. നൂറു ശതമാനവും ഇതു പോലെ ആകണമെന്നില്ല. 70 മുതൽ 75 ശതമാനം വരെ ഈ രീതി പാലിക്കുകയാണെങ്കില്‍ തന്നെ പ്രമേഹം നിയന്ത്രണത്തിലായി രിക്കും. ശരിയായ ആഹാരക്രമം കൊണ്ട് മരുന്നുകളുടെ ഡോസ് പോലും കുറയ്ക്കാനാകും.

ഇടയ്ക്കു വല്ലപ്പോഴും രുചിക്കുവേണ്ടി ഇഷ്ടമുളള ഭക്ഷണം കഴിക്കാം. ഇന്ന് 70 ശതമാനം ആളുകളും അനാരോഗ്യകരമായ ഭക്ഷണവും 20 ശതമാനം ആരോഗ്യകരമായ ഭക്ഷണവുമാണ് കഴിക്കുന്നത്. ഈ രീതി പ്രമേഹം കൂടാനുളള (വരാനുളള) പ്രധാനകാരണമാണ്.

ഇങ്ങനെ നോക്കിയാൽ കാർബോഹൈഡ്രേറ്റ് അധികം ആവശ്യമില്ലെന്നു മനസ്സിലാകും. ഇത്രയധികം കാർബോഹൈ ഡ്രേറ്റ് (അന്നജം)അഥവാ ചോറ് കഴിക്കുന്നതിനുളള കാരണം ശീലം ഒന്നു മാത്രമാണെന്ന് പറയേണ്ടിവരും. നമ്മുടെ പൂർവികർ അതാണ് നമ്മളെ പഠിപ്പിച്ചിരിക്കുന്നത് കൂടാതെ കാർബോഹൈ ഡ്രേറ്റ് (അന്നജം) അഥവാ ചോറ് കഴിക്കുമ്പോൾ വീണ്ടും വീണ്ടും കഴിക്കാനുളള ആഗ്രഹമുണ്ടാക്കുന്ന ഭക്ഷണമാണ്. ബ്രെഡും ബിസ്കറ്റും റസ്ക്കും എല്ലാം ഈ വിഭാഗത്തിൽപ്പെടും. പൂരിയും ഉരുളക്കിഴങ്ങു കറിയും ഒരു മിച്ചു പാടില്ല. അല്ലെങ്കിൽ പുട്ടും പഴവും പാടില്ല. ഇവ രണ്ടിലും അന്നജം കൂടുതലാണ്. ഷുഗർ വളരെ കൂടും. പകരം വെജിറ്റബിൾ കറി ശീലമാക്കണം. അല്ലെ ങ്കിൽ പ്രോട്ടീനുളള കടലയോ പയറോ ആകാം.

നാരുകൾ ഏറെ പ്രധാനം

പ്രമേഹരോഗികള്‍ ഫൈബര്‍ അഥവാ നാരുകളുളള ഭക്ഷണം കൂടുതലായി കഴിക്കുന്ന‌തു രക്തത്തിലെ പഞ്ചസാര നിയന്ത്രണ ത്തിലായിരിക്കാൻ സഹായിക്കും. പഴങ്ങളും പച്ചക്കറികളും ഫൈബറിന്റെ കലവറയാണ്. കാൻസർ ഉൾപ്പെടെയുളള രോഗങ്ങൾ വരുന്നതു തടയാൻ ഫൈബറിനു കഴിയും. വയറു നിറഞ്ഞിരിക്കുന്നതിനാൽ കൂടുതൽ കഴിക്കാനും തോന്നുകയില്ല. ഇന്നു നാം ദിവസേന 10 ഗ്രാം ഫൈബർ മാത്രമാണ് ഭക്ഷണ ത്തിൽ ഉൾപ്പെടുത്തുന്നതെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അത് 45 ഗ്രാം വരെ ആക്കി മാറ്റേണ്ടത് ആവശ്യമാണ്.

പച്ചക്കറികളും പഴങ്ങളും കഴിക്കുമ്പോൾ അന്നജം ധാരാളമുളള പഴങ്ങൾ ഒഴിവാക്കി കൊഴുപ്പ് കുറഞ്ഞവ തിര‍ഞ്ഞെടുക്കണം. കിഴങ്ങ് വർഗത്തിൽ സ്റ്റാർച്ച് കൂടുതലാണ്. ‌കിഴങ്ങുകള്‍ ഉപയോഗിക്കുകയാണെങ്കിൽ തന്നെ പാകം ചെയ്യുമ്പോൾ എണ്ണ കുറച്ച് ഉപയോഗിക്കണം. പഴുത്ത പഴം, മാങ്ങ, ചക്ക, സീതാഫൽ, സപ്പോട്ട ഇവയിലും സ്റ്റാർച്ച് കൂടുതലാണ്. മറ്റു ഫലങ്ങൾ കഴിക്കാം. തണ്ണിമത്തൻ, പിയർ, ഓറഞ്ച്, പപ്പായ, സബർജിൽ, പൈനാപ്പിൾ, ആപ്പിൾ പേരയ്ക്ക ഇവയെല്ലാം കഴിക്കാം.

പഴങ്ങൾ കഴിക്കാം പഴച്ചാറ് വേണ്ട

ഇന്‍സുലിൻ എടുക്കുന്ന പ്രമേഹരോഗികൾ ഫലവർഗങ്ങള്‍ കഴിക്കുന്നതു നല്ലതല്ലെന്നാണു പൊതുവെയുളള ധാരണ. എന്നാൽ അതു തെറ്റാണ്.ഫലങ്ങൾ നിയന്ത്രണത്തോടെ അവർക്കു കഴിക്കാം. കൂടുതൽ കഴിക്കരുത്. ദിവസവും ഒരു ഫലവർഗം കഴിക്കാം. ഒന്നുകിൽ ചോറിന്റെയോ ചപ്പാത്തി യുടെയോ അളവു കുറച്ചു ഫലവർഗം കഴിക്കാം. അല്ലെങ്കിൽ വൈകുന്നേരം ചായക്ക് പകരം ഫ്രൂട്ട് കഴിക്കാം.

ചായയോടൊപ്പം ബിസ്കറ്റും റസ്കും കഴിക്കുന്ന പ്രമേഹരോഗി കളുടെ ഷുഗർ കൂടുന്നതായാണ് കണ്ടുവരുന്നത്. മാത്രമല്ല ഇത്തരം ആഹാരസാധനങ്ങൾ ഒരു തവണ കഴിച്ചാൽ വീണ്ടും കഴിക്കാൻ പ്രവണത ഉണ്ടാക്കും. അതേസമയം ഫലവർഗങ്ങ ളിലെ പഞ്ചസാര സ്വാഭാവികമാണ്. അതിൽ നാരുകളും ഉണ്ട്. വിറ്റമിനും ധാതുക്കളും ധാരാളമായി അടങ്ങിയതിനാൽ വളരെ ആരോഗ്യകരവുമാണ്.

എന്നാൽ പ്രമേഹരോഗികൾ യാതൊരു കാരണവശാലും ഫ്രൂട്ട് ജ്യൂസ് കുടിക്കാൻ പാടില്ല. പഴസത്ത് എടുക്കുമ്പോൾ അതിലെ പഞ്ചസാര മാത്രമാണ് നാം പിഴിഞ്ഞെടുക്കുന്നത്. അതിലെ നാരുകളെ മാറ്റുകയാണ്. മാത്രവുമല്ല ജ്യൂസിൽ ഗ്ലൈസീമിക് ഇൻഡെക്സ്കൂടുതലാണ്. അതായത് ഇൻസുലിൻ കൂട്ടി ഷുഗർ കൂടാൻ കാരണമാകും.

പച്ചക്കറികളിലും പഴവർഗങ്ങളിലും കീടനാശിനി പ്രയോഗം കൂടു തലായതിനാൽ അവ നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കണം. എന്നാൽ ഇതെല്ലാം വിഷമാ ണെന്ന് കരുതി ഒട്ടും കഴിക്കാതിരിക്കുന്നതും ശരിയല്ല.

ഡോ. ജോണി കണ്ണമ്പിളളി

സീനിയർ കൺസൾട്ടന്റ് ആൻഡ് ഹെഡ്, ഡയബറ്റിസ് ആൻ‍ഡ് പോഡിയാട്രി

ലേക് ഷോർ ഹോസ്പിറ്റൽ കൊച്ചി

ഹോളിആഘോഷംആരോഗ്യത്തിന് ഹാനികരമാകുന്നതെങ്ങനെ?

ഉത്തരേന്ത്യക്കാരുടെ പ്രധാനപ്പെട്ട ഒരുത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവമെന്നാണ് ഹോളി അറിയപ്പെടുന്നതു തന്നെ. കളറുകൾ പരസ്പരം വാരി എറിഞ്ഞും മധുരപലഹാരങ്ങൾ വിതരണം ചെയ്തും എല്ലാവരും സന്തോഷപൂർവം ഹോളി കൊണ്ടാടുന്നുമുണ്ട്. ഇപ്പോൾ ദക്ഷിണേന്ത്യക്കാരും ഹോളി ആഘോഷിക്കുന്നുണ്ട്. പര്സപരം നിറങ്ങൾ പുരട്ടുമ്പോൾ ശത്രുത അകലുമെന്നാണ് വിശ്വാസം. എന്നാൽ ഈ നിറങ്ങൾ നിങ്ങളെ ആഹ്ലാദത്തിമിർപ്പിലാക്കുന്നതിനൊപ്പം ആരോഗ്യത്തിന് ദോഷകരമാകുന്നുമുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.

കെമിക്കലുകൾ അടങ്ങിയ കളറുകൾ അലർജി, ചൊറിച്ചിൽ തുടങ്ങിയ ചർമപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

ഇവ കണ്ണിൽ വീഴുകയാണെങ്കിൽ കണ്ണിന് അണുബാധ ഉണ്ടാക്കുകയും ഭാഗികമായി കാഴ്ച നഷ്ടപ്പെടുന്നതിനു തന്നെ കാരണമാകുകയും ചെയ്യുന്നു.

ഏവർക്കും പ്രിയപ്പെട്ട സിൽവർ കളറിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ സ്കിൻ കാൻസറിനു കാരണമാകുന്നുണ്ട്.

വ്യത്യസ്ത കളറുകളിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ ചർമത്തിൽ തടിപ്പുകൾ ഉണ്ടാക്കുകയും ചൊറിച്ചിലും ചർമ വീക്കവും സൃഷ്ടിക്കുകയും ചെയ്യും.

കറുത്ത കളറിൽ അടങ്ങിയിരിക്കുന്ന ലെഡ് ഓക്സൈഡ് കിഡ്നിക്ക് ഹാനികരമാണ്. കിഡ്നിയെ പ്രവർത്തനരഹിതമാക്കാൻ വരെ ഇതു കാരണമാകും.

തലയിൽ ചൊറിച്ചിലുണ്ടാക്കുകയും മുടിയിഴകളെ നശിപ്പിക്കുകയും ചെയ്യും.

സിലിക്ക, ഗ്ലാസ് തുടങ്ങിയവയാണ് കൂടുതലും കളറുകളിൽ ചേർക്കുന്നത്. ഇതാകട്ടെ കണ്ണിനും ചർമത്തിനും ഒരുപോലെ ദോഷം ഉണ്ടാക്കുന്നവയാണ്. എന്നാൽ ഓർഗാനിക് കളറുകൾ ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല.

ഗർഭിണികളായവർ ഇവയിൽ നിന്ന് അകലം പാലിക്കേണ്ടതാണ്. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ വരെ ഇവ തടസപ്പെടുത്തിയെന്നു വരാം.

ആസ്ത്മ, ശ്വാസകോശങ്ങളുടെ പ്രവർത്തന രാഹിത്യം എന്നീ അവസ്ഥകൾക്കും ഇവ കാരണമാകുന്നുണ്ട്.

കളറുകളുടെ അമിതോപയോഗം ഒരിക്കലും മാറ്റാൻ പറ്റാത്ത രീതിയിൽ ചർമത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.

അതുകൊണ്ട് ഹോളി ആഘോഷിക്കുന്നവർ അവനവന്റെ ആരോഗ്യം കൂടി കണക്കിലെടുക്കാൻ ശ്രദ്ധിക്കുക.

വിരമിക്കൽ ആരോഗ്യം കൂട്ടും

വിരമിക്കൽ പ്രായം അടുക്കുന്നതോടെ മിക്കവർക്കും ആധിയും തുടങ്ങുകയായി. തനിക്കു പെട്ടെന്നു വയസായോ എന്ന തോന്നൽ ചിലർക്കു ശക്തമാകും. സമയം ചെലവഴിക്കുന്നതെങ്ങനെ എന്നാകും മറ്റു ചിലരുടെ ചിന്ത. ആധിപിടിച്ച് രോഗിയാകുന്നവരും കുറവല്ല. എന്നാൽ അറിഞ്ഞോളൂ, വിരമിക്കൽ വരട്ടെ, ഇത് ആരോഗ്യം കൂട്ടും എന്നാണ് പുതിയ വാർത്ത.

വിരമിക്കലിനു ശേഷം ആളുകൾ കൂടുതൽ ഊർജ്ജസ്വലരും നല്ല ഉറക്കം ലഭിക്കുന്നവരും ആകുന്നുവെന്ന് പഠനം. കൂടുതൽ സമയം ഒരേ സ്ഥലത്തു തന്നെ ഇരിക്കുന്ന ശീലവും കുറയുന്നുവെന്ന് സിഡ്നി സർവകലാശാല നടത്തിയ പഠനം പറയുന്നു.

പഠനത്തിന്റെ ഭാഗമായി 25000 മുതിർന്ന ഓസ്ട്രേലിയൻ പൗരൻമാരുടെ ജീവിതരീതി പരിശോധിച്ചു. അവരുടെ കായികക്ഷമത, ഭക്ഷണം, ഉദാസീനത, മദ്യത്തിന്റെ ഉപയോഗം, ഉറക്കത്തിന്റെ രീതി ഇവയെല്ലാം പഠനവിധേയമാക്കി. റിട്ടയർമെന്റ് ജീവിതരീതിയിൽ വളരെ നല്ല മാറ്റം വരുത്തുന്നതായി തെളിഞ്ഞുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ.മെലഡി സിങ് പറയുന്നു.

ജോലിക്കു പോകുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ വിരമിച്ചവർക്ക് വർധിച്ച കായികക്ഷമത ഉള്ളതായി കണ്ടു. ഇവർക്ക് ആരോഗ്യകരമായ ഉറക്കം ലഭിക്കുന്നതായും ഒരേ സ്ഥലത്തു തന്നെ ഇരിക്കുന്ന ശീലം കുറഞ്ഞെന്നും കണ്ടു.

പഠനത്തിൽ തെളിഞ്ഞത്

കായികക്ഷമത ആഴ്ചയിൽ 93 മിനിറ്റ് വർധിച്ചു.  അധികസമയം ഒരേ ഇരുപ്പ് ഇരിക്കുന്ന ശീലം ദിവസം 67 മിനിറ്റായി കുറഞ്ഞു.  പുകവലിക്കുന്ന ശീലം ഉണ്ടായിരുന്ന സ്ത്രീകളുടെ എണ്ണം 50 ശതമാനം കുറഞ്ഞു.

പഴം, പച്ചക്കറി ഉപയോഗത്തിനും മദ്യോപയോഗത്തിനും വിരമിക്കലുമായി കാര്യമായ ബന്ധം ഉള്ളതായി കണ്ടില്ല. വിരമിക്കൽ ആരോഗ്യകരമായ ജീവിതരീതി പിന്തുടരുന്നതിന് ആളുകൾക്ക് കൂടുതൽ സമയം നൽകുന്നതായി പഠനം പറയുന്നു.

മുഴുവൻ സമയ ജോലിക്കു ശേഷം വിരമിച്ചവരിലാണ് ജീവിതരീതിയിൽ വലിയ വ്യത്യാസം വന്നത്. ഉദാസീനരായിരിക്കുന്ന കാര്യത്തിലെ കുറവ് വന്നത് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവരിലാണ്.

വിരമിക്കലിനെക്കുറിച്ച് പോസിറ്റീവായി ചിന്തിക്കാൻ ഈ പഠനം സഹായിക്കും. ഹൃദ്രോഗവും പ്രമേഹവും തടഞ്ഞ് മുതിർന്ന പൗരൻമാരെ ആരോഗ്യമുള്ളവരാക്കാൻ ഈ പഠനത്തിനാകും എന്നാണ് പ്രതീക്ഷ. ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കഷണ്ടി വന്നാലെന്തു ചെയ്യും?

പുരുഷലക്ഷണമായാണു കഷണ്ടിയെ കണക്കാക്കുന്നതെങ്കിലും ഏതാണ്ട് 90 ശതമാനം പുരുഷന്മാരും അത് ഇഷ്ടപ്പെടുന്നില്ല. 35 വയസ്സാകുമ്പോഴേക്കും മുന്നിൽ രണ്ടുഭാഗം പുരുഷന്മാർക്കും മുടികൊഴിച്ചിലാരംഭിക്കും. ഈ സമയത്ത് 85% പേരിലും മുടിയുടെ കട്ടി കുറയുന്നതായിട്ടാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. പണ്ടത്തെ അപേക്ഷിച്ച് ഇന്നത്തെ ചെറുപ്പക്കാർക്ക് 20— 21 വയസ്സാകുമ്പോൾ തന്നെ കഷണ്ടിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നു. നെറ്റിക്കിരുവശത്തുള്ള മുടി കയറുന്നതോ , തലയുടെ മുകൾ ഭാഗത്തുള്ള മുടിയുടെ കട്ടി കുറയുന്നതോ ആകാം തുടക്കം. ഇതു മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ എന്തു വിലകൊടുത്തും ചികിത്സിക്കാൻ തയ്യാറാകുന്നു.

തുടക്കത്തിലേ ശ്രദ്ധിച്ചാൽ

തുടക്കത്തിലേ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കഷണ്ടിയെ ചെറുക്കാൻ സാധിക്കും. തലയോട്ടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ദൈർഘ്യമുള്ള യാത്രകൾ കഴിഞ്ഞാൽ കുളിക്കാനും തലയോട്ടി വൃത്തിയാക്കാനും ശ്രദ്ധിക്കണം. താരൻ സാധാരണ ഉണ്ടാകുന്നതാണെങ്കിലും കൂടുതൽ പൊറ്റപിടിച്ചാലും ചുവപ്പും തടിപ്പും ചൊറിച്ചിലും മറ്റുമുണ്ടായലും ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. മുടിയഴകിനും മറ്റും പരസ്യത്തിൽ കാണുന്നവയെല്ലാം പരീക്ഷിക്കാതിരിക്കുക.

ആഹാരക്കാര്യത്തിലും ശ്രദ്ധ വേണം. പൊതുവായ ആരോഗ്യം ക്ഷയിക്കുമ്പോൾ മുടികൊഴിച്ചിലും കൂടും.മുടികൊഴിച്ചലിനെ കുറിച്ചു കൂടുതൽ ഉത്കണ്ഠ പാടില്ല. മാനിസകമായി പ്രയാസമുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക. കൗൺസലിങ് ഗുണം ചെയ്യാറുണ്ട്.

ചികിത്സാരീതികൾ

പുരുഷഹോർമോണായ ഡൈ ഹൈഡ്രോ ടെസ്റ്റോസ്റ്റിറോണിന്റെ സ്വാധീനം മൂലമാണു കഷണ്ടിയുണ്ടാകുന്നത്. ഇക്കാരണം കൊണ്ടുതന്നെ ചികിത്സ അത്ര എളുപ്പവുമല്ല. മരുന്നു ചികിത്സകൾക്കു പുറമേ വിവിധ ആധുനിക ചികിത്സാരീതികളും നിലവിൽ വന്നു കഴിഞ്ഞു.

വിവിധ മരുന്നുകൾ കഷണ്ടി ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു മരുന്നാണ് ഫിനാസ്ട്രൈഡ്. ഈ മരുന്ന് ഹൈഡ്രോ ടെസ്റ്റോസ്റ്റിറോണിനെ ചെറുക്കുന്നതിനാൽ മുടികൊഴിച്ചിൽ കുറയ്ക്കും. മൂന്നു മാസമെങ്കിലും തുടർച്ചയായി കഴിക്കുമ്പോഴേ ചെറിയ മാറ്റം കണ്ടു തുടങ്ങൂ. മാത്രമല്ല നീണ്ടനാൾ കഴിക്കുമ്പോൾ പുരുഷൻമാർക്ക് സ്തനവളർച്ച (ഗെനക്കോമാസ്റ്റിയ)ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാം. കൂടാതെ ലൈംഗികതാൽപര്യം കുറയുക, ഡിപ്രഷൻ എന്നിവയും ഉണ്ടാകാം.

കഷണ്ടി മാറാനായി തലയോട്ടിയിൽ പുരട്ടാനുപയോഗിക്കുന്ന മരുന്നാണ് മിനോക്സിഡിൽ .രണ്ടു മുതൽ 10 ശതമാനം വരെ വീര്യമുള്ളവയാണ് സാധാരണ ഉപയോഗിക്കുന്നത്. മിനോക്സിഡിൽ മുടിയുടെ വേരിനെ ഉത്തേജിപ്പിക്കുന്നതിനാൽ മുടികൊഴിച്ചിൽ കുറയ്ക്കുകയും പുതിയ മുടി വളരാനിടയാക്കുകയും ചെയ്യുന്നു. തലവേദന, അലർജി എന്നീ പാർശ്വഫലങ്ങളുണ്ടാകാം.

സാപാൾമെറ്റോ എന്ന ഹെർബൽ മരുന്ന് അമേരിക്കൻ സ്വാർഫ് പൈൻ മരത്തിൽ നിന്നെടുക്കുന്നതാണ്. ഇത് ഡൈ ഹൈഡ്രോടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനം ചെറുക്കുന്നു. ബയോട്ടിൻ , സിസ്റ്റീൻ , അമിനോ ആസിഡുകൾ ,ഗ്രീൻ ടീ എക്സ്ട്രാക്റ്റ്, ഗ്രീൻ ആപ്പിൾ എക്സ്ട്രാക്റ്റ്, ഗ്രേപ് സീഡ് എക്സ്ട്രാക്റ്റ്, മൾട്ടി വിറ്റമിനുകൾ എന്നിവയടങ്ങിയ മരുന്നുകളും മുടിവളർച്ചയെ സഹായിക്കുന്നു.

നൂതന ചികിത്സാരീതികൾ

സ്റ്റെംസെൽ ലോഷൻ , ബയോട്ടിൻ ലോഷൻ, കഫീൻ അടങ്ങിയ ലോഷൻ എന്നിവയുപയോഗിച്ചു മൈക്രോ നിഡിലിംഗ് ട്രീറ്റ്മെന്റ് അല്ലെങ്കിൽ മീസോ തെറപ്പി, ലേസർ ലൈറ്റ് സ്റ്റിമുലേഷൻ എന്നീ ചികിത്സാരീതികളും ഫലപ്രദമായി നടത്താം. പക്ഷേ നിരവധി തവണ ഡോക്ടറുടെ കൺസൽട്ടേഷൻ വേണ്ടിവരും. മാത്രമല്ല ഫലം കാണാൻ സമയമെടുക്കും.

ഹെയർ ട്രാൻസ്പ്ലാന്റേഷൻ

മുടി വച്ചുപിടിപ്പിക്കുന്ന പ്രക്രിയയാണ് ഹെയർ ട്രാൻസ് പ്ലാന്റേഷൻ. ഇതൊരു നവീന ശസ്ത്രക്രിയാ മാർഗമാണ്. ഒന്നു മുതൽ നാലു മുടിയിഴകൾ ഒരുമിച്ചാണ് ട്രാൻസ്പ്ലാന്റിങിനുപയോഗിക്കുന്നത്. മിക്കപ്പോഴും മുടി ഇടതിങ്ങി നിൽക്കുന്ന തലയുടെ പിൻഭാഗത്തുനിന്നും മുടിയെ ഫോളിക്കിളുകളോടെ അടർത്തിയെടുത്ത് കഷണ്ടിയുള്ള ഭാഗത്ത് വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായ രീതിയാണ് സ്കിൻഗ്രാഫ്റ്റിങ്. അതിൽ ഒരുകൂട്ടം മുടികളെ ഒരുമിച്ച് അതു നിൽക്കുന്ന ചർമഭാഗം ഉൾപെടെ അടർത്തിയെടുത്ത് കഷണ്ടിയുള്ള ഭാഗത്ത് വെച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായ രീതിയാണ് സ്കിൻ ഗ്രാഫ്റ്റിങ് . അതിൽ ഒരു കൂട്ടം മുടികളെ ഒരുമിച്ച് അതു നിൽക്കുന്ന ചർമഭാഗം ഉൾപെടെ അടർത്തിയെടുത്ത് കഷണ്ടിയുള്ള ഭാഗത്ത് പുനഃസ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഹെയർട്രാൻസ്പ്ലാന്റേഷനും സ്കിൻഗ്രാഫ്റ്റിങ്ങിനും ചെലവു വളരെ കൂടുതലാണ്.

പെട്ടെന്നു കഷണ്ടി മറയ്ക്കാൻ

പെട്ടെന്നു ഫലം കിട്ടുവാൻ വേണ്ടിയാണു ഹെയർ പ്രോസ്തസിസുകളെ ആശ്രയിക്കുന്നത്. ഹെയർ പ്രോസ്തസിസുകളെ ആശ്രയിക്കുന്നത്. ഹെയർപീസുകൾ എന്നു വിളിക്കുന്ന ഇത്തരം പ്രോസ്തസിസുകൾ പലതരത്തലുണ്ട്. വിഗ്ഫാൾ കാസ്കേഡ്, ഡെമിവിഗ്, ടോപ്പി, വിഗ്ലെറ്റ് തുടങ്ങിയവ.

ഇവ കൂടാതെ കോസ്മെറ്റിക് ചികിത്സകൾ ഇവയാണ്.

വിഗ് — വിഗ് കൊണ്ടു കഷണ്ടി മറയ്ക്കാമെങ്കിലും കാണുമ്പോൾ പെട്ടെന്നു തിരിച്ചറിയുന്നതിനാൽ പലർക്കും സ്വീകാര്യമല്ല.

ഹെയർ വീവിംഗ് —എക്സ്ട്രാ ഹെയർ ക്ലിപ്പുകൊണ്ടോ, ടേപ്പുകൊണ്ടോ പിടിപ്പിക്കുന്ന രീതിയാണിത്. ഇത്തരം ക്ലിപ്പുകൾ ഉപയോഗിച്ചാൽ മുടി പൊട്ടിപ്പോകാനിടയുണ്ട്.

ഹെയർ ഫിക്സിങ് —ഒരു തരം പശ വച്ച് ഒട്ടിക്കുന്ന രീതിയാണ് ഹെയർ ഫികിസിങ്. കാണുമ്പോൾ പെട്ടെന്നു തിരിച്ചറിയാത്തതിനാലും എന്നും ഊരി മാറ്റേണ്ടാത്തതിനാലും ഇതിനു സ്വീകാര്യത കൂടുതലാണ്. എന്നാൽ ഒട്ടിക്കാനുപയോഗിക്കുന്ന രാസവസ്തു അലർജിയുണ്ടാക്കാറുണ്ട്.

കൂടാതെ തലയിൽ ഉള്ള മുടിയെ കേടുവരുത്തുന്നതാണ് മറ്റൊരു ദൂഷ്യവശം. തുടർച്ചയായുള്ള ഉപയോഗം മൂലം രോമകൂപം അടഞ്ഞു പോകുകയും മുടിയുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു. രണ്ടാഴ്ച കൂടുമ്പോൾ എടുത്തുമാറ്റി ഷാംപൂ ചെയ്തു തിരിച്ചുവയ്ക്കണം. എപ്പോഴും ഇങ്ങനെ ഊരി എടുക്കുമ്പോൾ ഉണ്ടാകുന്ന ട്രാക്ഷൻ മൂലം മുടികൊഴിച്ചിൽ വർധിക്കാം.

ചെറിയ കഷണ്ടി മറയ്ക്കാനുപയോഗിക്കുന്ന പാച്ചുകളുണ്ട്. ഇതിൽ ഇലക്ട്രോസ്റ്റാറ്റിക് ചാർജുള്ള ഒരു തരം വെജിറ്റബിൾ ഫൈബറും ഉപയോഗിക്കാറുണ്ട്. ഇതുപയോഗിക്കുമ്പോൾ തലവേദന, അലർജി എന്നീ പ്രശ്നങ്ങൾ ഉണ്ടായേക്കാം

ഡോ. നന്ദിനി നായർ

കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റ്, ക്യൂട്ടിസ് ക്ലിനിക്

കൊച്ചി

വിയർപ്പുനാറ്റത്തിന് ഗുഡ്ബൈ

കുളിച്ച്, നല്ല വൃത്തിയുള്ള വസ്ത്രം ധരിച്ച് ഫ്രഷ് ആയിട്ടാകും ഇറങ്ങുക. എന്നാൽ ബസിലെയോ ബൈക്കിലെയോ യാത്ര കഴിഞ്ഞ് ഓഫിസിലേക്ക് ചെന്നുകയറുന്നതാകട്ടെ വിയർത്തു കുളിച്ച്, ദുർഗന്ധത്തോടെയാകും. ഒരു ദിവസം ഓഫാകാൻ ഇതു ധാരാളം. ഓഫിസിലേക്കെന്നല്ല എവിടേയ്ക്ക് യാത്ര തിരിക്കാൻ തുടങ്ങുമ്പോഴും ഏറെ അലട്ടുന്ന വിഷയമാണ് അമിതമായി വിയർക്കുന്നതു മൂലമുള്ള ദുർഗന്ധം. പുരുഷന്മാർക്കാണിത് കൂടുതൽ പ്രശ്നം. ഒന്നു മുതൽ മൂന്നു ശതമാനം വരെ ആളുകളിൽ അമിതമായി വിയർത്ത് വലിയ പൊല്ലാപ്പ് സൃഷ്ടിക്കുന്നുണ്ട്. ഇതു മാരകമായ ഒരു അവസ്ഥയല്ലെങ്കിലും ഒരു വ്യക്തിയുടെ മനസിനു സംഘർഷമുണ്ടാക്കാനും പല വേദികളിലും പിന്നോട്ടു നിൽക്കുവാനും ഇതു കാരണമാകാം. മറ്റുള്ളവർക്ക് നിസാരമെന്ന് തോന്നുമെങ്കിലും വളരെയധികം മനോവിഷമമുണ്ടാക്കുന്ന അവസ്ഥയാണിത്.

എത്രമാത്രം ഒരാൾ സാധാരണയായി വിയർക്കാം? എന്താണ് അമിതമായി വിയർക്കൽ എന്നുള്ളതിനു വ്യക്തമായ അളവുകോലൊന്നും ഇല്ല. മാനസിക പ്രശ്നങ്ങൾ, ശാരീരികാധ്വാനം എന്നിവ കൂടുമ്പോൾ വിയർക്കൽ അമിതമായെന്നു കരുതാം.

കൗമാരത്തിൽ തുടങ്ങും

ഈ പ്രശ്നം മിക്കവരിലും കൗമാരകാലഘട്ടത്തിലാണ് ആരംഭിക്കുന്നത്. ആരോഗ്യപരമായി മറ്റൊരു തകരാറും പലപ്പോഴും ഇവർക്ക് ഉണ്ടാകാറില്ല. കൈവെള്ളകൾ, കക്ഷം, കാലടികൾ ഇവയാണു സാധാരണയായി ബാധിക്കപ്പെടുന്നത്. ബാക്ടീരിയകളുടെ പ്രവർത്തന ഫലമായാണ് വിയർപ്പിനു ദുർഗന്ധം ഉണ്ടാകുന്നത്. മനുഷ്യന്റെ തൊലിയിൽ മൊത്തം 2—5 ദശലക്ഷം സ്വേദഗ്രന്ഥികളാണുള്ളത്. ഇവയിൽ എക്രൈൻ ഗ്രന്ഥി ദേഹത്തെമ്പാടും കാണപ്പെടുന്നു. ഇവ നേരിട്ടു ത്വക്കിന്റെ വെളിയിലേക്കാണു തുറക്കുന്നത്. അപ്പോക്രൈൻ ഗ്രന്ഥിയാകട്ടെ രോമം ധാരാളമുള്ള ശരീരഭാഗങ്ങളായ തലയോട്ടി, കക്ഷം, ഗുഹ്യഭാഗങ്ങൾ തുടങ്ങിയവയിൽ ധാരാളമായി കാണപ്പെടുന്നു. സാധാരണയായി ശരീരതാപം ഉയരുമ്പോൾ നാഡീവ്യൂഹം അതു തിരിച്ചറിയുകയും വിയർപ്പ് ഉൽപാദിപ്പിക്കുവാനായി സ്വേദഗ്രന്ഥികളെ പ്രേരിപ്പിക്കുകയും ചെയ്യും. വിയർപ്പിൽ വെള്ളമാണു മുഖ്യമായും അടങ്ങിയിട്ടുള്ളത്. ഉപ്പ് തുടങ്ങിയ ചില ലവണങ്ങൾ ഇതിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. എക്രൈൻ ഗ്രന്ഥികൾ വിയർപ്പ് ത്വക്കിന്റെ ഉപരിതലത്തിലേക്കു നേരിട്ടു സ്രവിപ്പിക്കുന്നു. അൽപസമയം കൊണ്ട് ഇതു ബാഷ്പീകരിച്ചു പോകുകയും ശരീരം തണുക്കുകയും ചെയ്യുന്നു. എന്നാൽ അപ്പോക്രൈൻ ഗ്രന്ഥി ആണെങ്കിൽ കൊഴുപ്പു കലർന്ന ഒരുതരം വിയർപ്പാണ് ഉൽപാദിപ്പിക്കുന്നത്. ഇതു രോമകൂപങ്ങളിലേക്കാണു തുറക്കുന്നത്. രോമകൂപങ്ങൾ ചുരുങ്ങുമ്പോൾ വിയർപ്പു ത്വക്കിന്റെ ഉപരിതലത്തിൽ എത്തും. ഇത് വേഗം ബാഷ്പീകരിക്കപ്പെടാറില്ല. അൽപനേരത്തിനകം ബാക്ടീരിയകൾ ഈ വിയർപ്പിൽ പ്രവർത്തിച്ച് ദുർഗന്ധമുള്ള ചില രാസപദാർഥങ്ങൾ ഉണ്ടാക്കി നാറ്റം സൃഷ്ടിക്കുന്നു. അമിതമായി വിയർക്കുന്നവരിൽ ഈ പ്രശ്നം സ്വാഭാവികമായും അധികമായിരിക്കും.

രോഗം കാരണവും

ചില രോഗങ്ങൾ ഉള്ളപ്പോൾ അവയുടെ കൂടെ അമിതമായ വിയർക്കൽ അനുഭവപ്പെടാറുണ്ട്. ഉദാഹരണത്തിന്, തൈറോയിഡിന്റെ അമിതപ്രവർത്തനം, ഹൃദ്രോഗം, അർബുദം, മയക്കുമരുന്നുപയോഗം, മദ്യപാനം, അമിതമായ കാപ്പികുടി, അമിതവണ്ണം, മസാലകൾ ധാരാളമടങ്ങിയ ഭക്ഷണം, പ്രമേഹം, ഗൗട്ട്, മാനസികസമ്മർദം, ഉത്കണ്ഠ തുടങ്ങിയവ.

പരിഹാരങ്ങൾ

തുടക്കത്തിലേ തന്നെ ഒരു ഡോക്ടറെ കാണുന്നതാണു നല്ലത്. ഡോക്ടർ നിർദേശിക്കുന്ന ആന്റിപേർസ്പിറന്റുകൾ (സ്പ്രേ പോലുള്ളത്) ഉപയോഗിക്കാം. അലുമിനിയം ക്ലോറൈഡ് ഹെക്സാഹൈഡ്രേറ്റ് അടങ്ങിയ ഉൽപന്നങ്ങളാണിവ. തൊലിയിലേക്കു വളരെ നേരിയ തോതിൽ വൈദ്യുതി കടത്തിവിട്ടു ചെയ്യുന്ന ചികിത്സയായ അയോണെറ്റോഫോറെസിസും ഫലപ്രദമാണ്. ചെറിയ തോതിലുള്ള അമിത വിയർപ്പിനു ബോട്ടക്സ് കുത്തിവയ്പ്പുകൾ ഗുണം ചെയ്യും.

ഗുഹ്യഭാഗങ്ങളുടെ വൃത്തി വളരെ പ്രധാനമാണ്. രോമം നീക്കിക്കളയുവാൻ ശ്രദ്ധിക്കണം. കൃത്രിമമായ തുണികൊണ്ടുള്ള അടിവസ്ത്രങ്ങൾ തീർത്തും ഒഴിവാക്കണം. വിയർപ്പു വലിച്ചെടുക്കുന്ന തരം ചില പൗഡറുകൾ ആ ഭാഗങ്ങളിൽ ഉപയോഗിക്കാം. സൂക്ഷിക്കാത്ത പക്ഷം ഫംഗസ് രോഗബാധ, ചൊറിച്ചിൽ എന്നിവ ഉണ്ടാകുവാൻ സാധ്യതയുണ്ട്.

ജീവിതശൈലി മാറ്റം

വിയർപ്പുനാറ്റം അകറ്റാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ.

ദിവസവും രണ്ടുനേരം കുളി

പരുത്തി അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക.

ധാരാളം വെള്ളം കുടിക്കുക. ഇതു ശരീരതാപം കൂടാതിരിക്കാൻ സഹായിക്കും.

ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്.

മദ്യപാനം, പുകവലി എന്നിവ പാടേ വർജിക്കുക.

ഉള്ളി, വെളുത്തുള്ളി, അധിക മസാലകൾ ചേർന്ന എണ്ണമയമുള്ള ആഹാരങ്ങൾ എന്നിവ വളരെ കുറയ്ക്കുക.

ഡോ. ജി. നന്ദകുമാർ

അഡിഷണൽ പ്രഫസർ, പതോളജി വിഭാഗം,

മെഡിക്കൽ കോളജ്, തിരുവനന്തപുരം

ഉറക്കത്തിന്റെ ദൈർഘ്യം കൂടിയാൽ?

ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യത്തിനുള്ള ഉറക്കം അത്യാവശ്യമാണ്. ഉറക്കമില്ലായ്മ അമിതവണ്ണം, ഹൃദയരോഗങ്ങൾ തുടങ്ങി പല രോഗാവസ്ഥകളിലേക്കും തള്ളിവിടുന്നുമുണ്ട്. ഇതുപോലെ തന്നെ ഉറക്കം കൂടിയാലും പ്രശ്നമാണെന്നാണ് ഒരു സംഘം ഗവേഷകർ പറയുന്നത്.

ഒരു ദിവസം ഏഴു മുതൽ ഒൻപതു മണിക്കൂർ വരെയാണ് ഉറക്കത്തിനായി പറയുന്ന സമയം. ഈ സമയമത്രയും നമ്മുടെ തലച്ചോറും വിശ്രമത്തിലായിരിക്കും. ഇതിൽ കൂടുതൽ സമയത്തെ ഉറക്കം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമത്രേ. അമിത ഉറക്കം അലസതയിലേക്കും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഇടയിൽ നിങ്ങളെക്കുറിച്ച് നിരാശ ജനിപ്പിക്കുകയും ചെയ്യും. മാത്രമല്ല കിടക്കയിൽ അധികസമയം ചെലിവിടുന്നത് നല്ല അവസരങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ പല രോഗാവസ്ഥകളിലേക്കും തള്ളിവിടാനും അമിത ഉറക്കം കാരണമാകുന്നുണ്ട്.

വിഷാദത്തിലേക്കു തള്ളിവിടുന്നു

2014–ൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞത് കൂടുതൽ സമയം ഉറങ്ങുന്നവർ സമ്മർദ്ദത്തിന് അടിപ്പെടാൻ കൂടുതൽ സാധ്യതയുള്ളതായാണ്. നിങ്ങൾ ദിവസവും 9 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരാണെങ്കിൽ വിഷാദം പിടികൂടുന്നതായി സംശയം തോന്നിയാൽ ഉറക്കസമയം കുറച്ചു നോക്കൂ.

തലച്ചോറിനെ അകാലവാർധക്യം പിടികൂടും

പകതൽ മുഴുവൻ ഉണർന്നു പ്രവർത്തിക്കുന്ന തലച്ചോറിന് ഉറക്കത്തിലൂടെ ആവശ്യത്തിന് വിശ്രമം ലഭിക്കണമെന്നതു ശരി തന്നെ. എന്നാൽ ഈ ഉറക്കം അധികമായാൽ തലച്ചോറിനെ അകാല വാർധക്യം പിടികൂടുകയും ചെയ്യും. ഉറക്കം കൂടുമ്പോൾ തലച്ചോറിന്റെ പ്രവർത്തനശേഷിയും കുറയുന്നു.

ഗർഭധാരണസാധ്യത കുറയ്ക്കുന്നു

കൂടുതൽ സമയം ഉറങ്ങുന്ന സ്ത്രീകളിൽ ഗർഭധാരണ ശേഷി കുറയുന്നതായി 2013–ൽ കൊറിയയിൽ നടന്ന പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഭാരം കൂട്ടുന്നു

അമിതമായ ഉറക്കം ശരീരത്തിന്റെ ഭാരവും കൂട്ടുന്നുണ്ട്. പ്രമേഹരോഗം പിടിപെടാനുള്ള സാധ്യതയും ഇക്കൂട്ടരിൽ കൂടുതലാണ്.

ജലദോഷം ഉടൻ മാറ്റാൻ

ജലദോഷത്തേയും അതിന്റെ അസ്വസ്ഥതകളേയും മാറ്റാൻ പച്ചമരുന്നുകൾ ഫലപ്രദമാണ്. ഇതാ വീട്ടിൽ ചെയ്യാവുന്ന ചില ചികിത്സകൾ

ചുവന്ന തുളസിയില നീരിൽ ചെറുതേൻ സമം ചേർത്ത് പലവട്ടം കഴിക്കുക

കരിംജീരകം പൊടിച്ച് കിഴികെട്ടി മണപ്പിക്കുക

ചെറുനാരങ്ങാ നീരിൽ രാസ്നാദി പൊടി ചേർത്ത് ചൂടാക്കി തണുപ്പിച്ചശേഷം വൈകുന്നേരം നെറുകയിൽ പുരട്ടി മുക്കാൽ മണിക്കൂറിനു ശേഷം കഴുകിക്കളയുക

തുളസിയില കഷായം വച്ച് കുരുമുളകു പൊടിച്ച് ചേർത്ത് കഴിക്കുക

ചുക്ക്, കുരുമുളക്, തിപ്പലി ഇവ കരിപ്പെട്ടി ചേർത്ത് കഷായം വച്ച് കഴിക്കാം

കുരുമുളകു നന്നായി പൊടിച്ച് തേനും നെയ്യും ചേർത്തു കഴിക്കുക

ചുക്ക് കഷായം വച്ച് ചെറു ചൂടോടെ പലവട്ടമായി കഴിക്കുക

ഗ്രാമ്പൂ പൊടിച്ച് തേനിൽ ചാലിച്ചു കഴിക്കുക

ഡോ. കെ . മുരളീധരൻ പിള്ള

വാഴക്കൂമ്പിന്റെ ഗുണങ്ങൾ

വാഴയുടെ ഹൃദയം എന്നറിയപ്പെടുന്ന വാഴക്കൂമ്പ് അഥവാ കുടപ്പന് വാഴപ്പഴത്തേക്കാൾ ആരോഗ്യ ഗുണങ്ങളുണ്ട്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ ഭക്ഷ്യവസ്തുവിന് എന്തൊക്കെ ഗുണങ്ങൾ ഉണ്ടെന്നറിയണ്ടേ.. ഇതാ..

പോഷക സമൃദ്ധം : വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമൃദ്ധം. പോഷക ഗുണങ്ങളാൽ സമ്പന്നമായതിനാൽ സൂപ്പർ ഫുഡിന്റെ ഗണത്തിൽ പെടുത്താം. കൂടാതെ രോഗ പ്രതിരോധത്തിനും ഉത്തമം.

ആർത്തവ വേദനയ്ക്ക് : ആർത്തവ വേദനയ്ക്ക് ഉത്തമമായ ഒരു പരിഹാരമാണ് വാഴക്കൂമ്പ്. വാഴക്കൂമ്പ് പാകം ചെയ്തു തൈരിനൊപ്പം ചേർത്തു കഴിക്കുന്നത് വേദനയകറ്റും. ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സത്ത് വിളർച്ചയകറ്റാനും ഫലപ്രദമാണ്.

കാൻസർ പ്രതിരോധത്തിന് : കാൻസറിനെ പ്രതിരോധിക്കാൻ ഇവയ്ക്കു കഴിയും. ആഴ്ചയിൽ ഒരു തവണയെങ്കിലും കുടപ്പൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

പ്രമേഹത്തിന് : രക്തത്തിൽ അടങ്ങിയിരിക്കുന്ന അധിക പഞ്ചസാരയെ നീക്കം ചെയ്യാൻ സഹായിക്കുന്നു. പ്രമേഹ രോഗം നിയന്ത്രിക്കാൻ വളരെ നല്ലൊരു മാർഗമാണ് വാഴക്കൂമ്പ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക എന്നത്.

സ്ട്രസ്സ് കുറയ്ക്കാൻ : മാനസികാരോഗ്യത്തിനും വളരെ ഫലപ്രദമായ ഒരു ഔഷധമാണിത്. പിരിമുറുക്കമകറ്റാൻ സഹായിക്കുന്നു. അതുപോലെ തന്നെ അകാല വാർധക്യത്തെ തടയുകയും ചെയ്യുന്നു.

വേനലിൽ കഴിക്കാം ഈ പഴങ്ങൾ

വേനൽ കടുത്തു തുടങ്ങി. നിർജലീകരണത്തിൽ നിന്നും ത്വക് രോഗങ്ങളിൽ നിന്നും വൈറ്റമിനുകളുടെ അഭാവം മൂലനുണ്ടാകുന്ന രോഗങ്ങളിൽ നിന്നും രക്ഷനേടാൻ പഴങ്ങളെ ആശ്രയിക്കാം.

തണ്ണിമത്തൻ

വേനലിൽ തണ്ണിമത്തൻ ധാരാളമായി കഴിക്കാം. 92 ശതമാനവും വെള്ളം നിറഞ്ഞിരിക്കുന്ന തണ്ണിമത്തനിൽ ധാരാളം വൈറ്റമിൻ സിയും വൈറ്റമിൻ എയും അടങ്ങിയിട്ടുണ്ട്. ദാഹം ശമിപ്പിക്കാനും ശരീരത്തെ തണുപ്പിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും തണ്ണിമത്തനു കഴിയും.

പൈനാപ്പിൾ

കടുത്ത ചൂടിൻ നിന്ന് സംരക്ഷണം നേടാൻ പൈനാപ്പിളിനെ ആശ്രയിക്കാം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ആൻറിഓക്സിഡൻറ്സും പ്രോട്ടീനുകളും ശരീരത്തെ കടുത്ത ചൂടിൽ നിന്നു സംരക്ഷിക്കും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ക്ഷീണമകറ്റാനും പൈനാപ്പിള്‍ സഹായിക്കും.

മാമ്പഴം

ജ്യൂസായും നേരിട്ടും എങ്ങനെയായാലും മാമ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിനും വൈറ്റമിൻ സിയും വൈറ്റമിൻ എയുമെല്ലാം വേനൽക്കാല രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകും.

പപ്പായ

ശരീരത്തിലെ ചൂടു കുറയ്ക്കാൻ പപ്പായയെ കൂട്ടു പിടിക്കാം. സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പകറ്റാനും ചർമ്മം തിളങ്ങാനും പപ്പായ നീരു സഹായിക്കും. വേനലിൽ ദിവസവും പപ്പായ ജ്യൂസ് കുടിക്കുന്നത് ചൂടു ശമിപ്പിക്കാൻ സഹായിക്കും.

ഓറഞ്ച്

ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ വേനലിൽ ഓറഞ്ചു ശീലമാക്കാം. വ്യായാമം ചെയ്തുകഴിഞ്ഞുള്ള സന്ധിവേദനക്കു ശമനം നൽകാനും ഓറഞ്ചിൽ ധാരാളമടങ്ങിയിരിക്കുന്ന പൊട്ടാസ്യം സഹായിക്കും.

പാഷൻ ഫ്രൂട്ട്

രണ്ടു വാഴപ്പഴത്തിൽ അടങ്ങിയിട്ടുള്ളതിൽ കൂടുതൽ പൊട്ടാസ്യം ഒരു പാഷൻ ഫ്രൂട്ടിലുണ്ട്. ഇതിൽ ധാരാളം നാരുകളും വൈറ്റമിൻ എയും അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കൂട്ടാനും കൊണസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും പാഷൻ ഫ്രൂട്ടിനു കഴിയും.

കരിക്ക്

ധാരാളം വൈറ്റമിനുകളും മിനറൽസുമടങ്ങിയ കരിക്കിൻ വെള്ളം വേനലിൽ ധാരാളമായി കുടിക്കാം. ചൂടു ശമിപ്പിക്കാനും ജലാംശം നിലനിർത്താനും ഉൻമേഷം വർദ്ധിപ്പിക്കാനും ഇതു സഹായിക്കും.

ഫ്രൂട്ട് ബാസ്കറ്റ് ഡയറ്റ് പരീക്ഷിക്കാം

മൂന്നു നേരവും ചോറും കറിയും ചായയും പലഹാരവും ഇറച്ചിയും മീനും മാത്രം കഴിച്ചു ജീവിക്കുന്നവരാണോ നിങ്ങൾ? ഒരു ദിവസത്തെ ഭക്ഷണത്തിൽ എത്ര ശതമാനം പഴവർഗങ്ങൾ നിങ്ങൾ ഉൾപ്പെടുത്താറുണ്ട്? യുഎസിൽ നടന്ന പഠനങ്ങളിൽ പങ്കെടുത്ത ഡോക്ടർമാർ പറയുന്നത് ഓരോ വ്യക്തിയും ഒരു ഫ്രൂട്ട് ബാസ്കറ്റ് ഡയറ്റ് പിന്തുടരണമെന്നാണ്. അതായത് ഓരോ വീട്ടിലും എല്ലാ സമയത്തും ഒരു ഫ്രൂട്ട് ബാസ്കറ്റ് വേണം. ഒരാൾ അത്യാവശ്യം കഴിച്ചിരിക്കേണ്ട പഴവർഗങ്ങൾ ഈ ഫ്രൂട്ട്ബാസ്കറ്റിൽ കരുതിവയ്ക്കണം. ഈ പഴക്കൂടയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട എട്ടു പഴവർഗങ്ങളാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

1. വാഴപ്പഴം– ഒരു കായികാഭ്യാസിയുടേതുപോലെ നിങ്ങളുടെ ശരീരത്തിന് ഊർജസ്വലത നൽകുന്നു

2. മുന്തിരി– രക്തധമനികളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.

3. ചെറിപ്പഴം– നാഡിവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു

4. ആപ്പിൾ– ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു

5. പൈനാപ്പിൾ– ആർത്രൈറ്റിസ് സാധ്യത കുറയ്ക്കുന്നു

6. മാമ്പഴം– അർബുദം വരാതിരിക്കാൻ സഹായിക്കുന്നു

7. തണ്ണിമത്തങ്ങ– ഹൃദയത്തെ ആരോഗ്യപ്രദമാക്കി നിലനിർത്തുന്നു, ശരീരത്തിന്റെ അമിത ഉഷ്ണം കുറയ്ക്കുന്നു

8. ഓറഞ്ച്– ത്വക്കിനെ മൃദുവാക്കുന്നു, കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം

ഇനി പലചരക്കും പച്ചക്കറികളും വാങ്ങാൻ മാർക്കറ്റിൽ പോകുമ്പോൾ ഈ ഫ്രൂട്ട് ബാസ്കറ്റ് ഡയറ്റിന്റെ കാര്യം മറക്കണ്ട.

കടപ്പാട്-മനോരമ ന്യൂസ്© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate