অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ അറിവുകള്‍

ആരോഗ്യ അറിവുകള്‍

  1. നെല്ലിക്കയുടെ ചില ഔഷധഗുണങ്ങള്‍
  2. പ്രമേഹം അകറ്റാന്‍
  3. മാതള മഹിമ
  4. മുരിങ്ങയിലഗുണം
  5. നെഞ്ചെരിച്ചില്‍, അള്‍സര്‍, , ഗ്യാസ് !
  6. കരള്‍ രോഗങ്ങളും ഗര്‍ഭധാരണവും
  7. സിറോസിസും രക്താതിമര്‍ദവും
  8. ഡയബറ്റിക് റെറ്റിനോപതി
  9. പ്രതിരോധശക്തി കുറഞ്ഞാല്‍ രോഗസാധ്യതയേറും പ്രമേഹവും ക്ഷയരോഗവും
  10. കുടിവെള്ളത്തിലും രാസമാലിന്യങ്ങള്‍
  11. കണ്ണിനുണ്ടാകുന്ന ക്ഷതങ്ങള്‍ അവഗണിക്കരുത്…
  12. പ്രായപരിധിയില്ലാതെ ഹോമിയോചികിത്സ
  13. ഗ്‌ളോക്കോമ
  14. ഹോമിയോ + അലോപ്പതി ശരിയോ ?
  15. വൃക്കകളെ സംരക്ഷിച്ചാല്‍, അവ നിങ്ങളെ സംരക്ഷിക്കും’
  16. സ്തനാര്‍ബുദം-റിസ്ക് ഘടകങ്ങള്‍
  17. വിഷാദത്തിനു ഗുഡ്‌ബൈ
  18. മാമോഗ്രാം പരിശോധനയും ത്രീ ഡി അള്‍ട്രാസൗണ്ട് സ്കാനിംഗും

നെല്ലിക്കയുടെ ചില ഔഷധഗുണങ്ങള്‍

ഫില്ലാന്തസ് എംബ്ലിക്ക എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന നെല്ലിക്കയ്ക്ക് അമൃതഫലം, അമൃതം ,ധാത്രി, ധാത്രിക എന്നെല്ലാം പര്യായങ്ങളുണ്ട്.രസായനങ്ങളിലെ ഏറ്റവും പ്രധാന ചേരുവയായ നെല്ലിക്കയ്ക്ക് ആയുര്‍വേദത്തില്‍ വളരെയധികം നിര്‍ണായകമായ പങ്കുണ്ട്. രസായനാധികാരത്തില്‍ ആദ്യം വിധിച്ചിട്ടുള്ള ബ്രഹ്മരസായനത്തിലും നെല്ലിക്ക അടങ്ങിയിരിക്കുന്നു. വിറ്റമിന്‍ സിയുടെ ഉറവിടമെന്നറിയപ്പെടുന്ന നെല്ലിക്കയില്‍ വിറ്റമിന്‍ എ , വിറ്റമിന്‍ ബി, കാല്‍സ്യം, അയേണ്‍, ടാനിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്.ഒട്ടേറെ ഔഷധഗുണങ്ങളുള്ള നെല്ലിക്ക ആരോഗ്യസംരക്ഷണത്തിലും സൌന്ദര്യസംരക്ഷണത്തിലും ഒരുപോലെ ഉപയോഗിച്ചു വരുന്നു. ജലദോഷം തടയുന്നത് മുതല്‍ യൌവനം നിലനിര്‍ത്തുന്നത് വരെ ഔഷധഗുണങ്ങള്‍ ഒട്ടേറെയുള്ളതാണ് നെല്ലിക്ക.
നെല്ലിക്കയുടെ ചില ഔഷധഗുണങ്ങള്ഇതാ,
നെല്ലിക്കയോ നെല്ലിക്കാരിഷ്ടമോ പതിവായി കഴിക്കുന്നത് ജലദോഷത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. പല്ലിന്‍റെ ആരോഗ്യം
പല്ലിന്‍റെ ആരോഗ്യത്തിനും ബലത്തിനുമായി നെല്ലിക്ക വേവിക്കാതെ നിത്യവും കടിച്ചുതിന്നുക. വായ്പുണ്ണ്
ഉണക്കനെല്ലിക്ക കഷായം വെച്ച് പതിവായി കവിള്‍കൊള്ളുന്നത് വായ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായകമാണ്. ചെങ്കണ്ണ്
ചെങ്കണ്ണു മാറാനായി പച്ചനെല്ലിക്കയുടെ നീര് കണ്ണില്‍ ഒഴിക്കുന്നത് വളരെ ഫലപ്രദമാണ്. പ്രമേഹം
പ്രമേഹരോഗികള്‍ പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും തുല്യ അളവില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ചൂടുകുരു
മോരില്‍ നെല്ലിക്കയുടെ തോട് കുതിര്‍ത്ത് വെച്ച ശേഷം ശരീരത്തില്‍ അരച്ചു പുരട്ടുന്നത് ചൂടുകുരുവിനെ പ്രതിരോധിക്കുന്നു. അകാലനര
മൈലാഞ്ചി,കയ്യോന്നി,കറ്റാര്‍വാഴ,കറിവേപ്പില എന്നിവയോടൊപ്പം നെല്ലിക്കയും ചേര്‍ത്തരച്ച് തലയില്‍ പുരട്ടി അല്‍പ സമയത്തിന് ശേഷം കുളിക്കുക. ജരാനരകള്‍ അകറ്റാന്‍
നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി കുളിക്കുക. നിത്യേനെ പച്ചനെല്ലിക്ക കഴിക്കുക.
നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം ദിവസവും കുടിക്കുന്നത് ഒരു ശീലമാക്കുക. നെല്ലിക്കാനീരും നെയ്യും ചേര്‍ത്തു കഴിക്കുക. അസ്ഥിസ്രാവം
കൂവപ്പൊടി,ചിറ്റമൃതിന്‍റെ നീര്,പച്ചനെല്ലിക്കയുടെ നീര് എന്നിവ തുല്യ അളവില്‍ തേനില്‍ ചേര്‍ത്ത് കഴിക്കുക. ശരീരസൌന്ദര്യത്തനും ഓജസ്സിനും
ചിറ്റമൃത്,ഞെരിഞ്ഞല്‍ , നെല്ലിക്ക എന്നിവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിക്കുക. മുടിയുടെ കറുപ്പുനിറത്തിനായി
തൈരും നെല്ലിക്കയും ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. രണ്ട് മാസത്തോളം തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിക്ക് സ്വാഭാവിമായ കറുപ്പു നിറം ലഭിക്കും

പ്രമേഹം അകറ്റാന്‍

ലോകത്തെയാകെ വളരെ പെട്ടെന്ന് ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഡയബറ്റിസ് അല്ലെങ്കില്‍ പ്രമേഹം. അമിതശരീരഭാരവും വ്യായാമമില്ലാത്ത ജീവിതവും പഞ്ചസാര അമിതമായി അകത്താക്കുന്നതും കൊഴുപ്പേറിയ ഭക്ഷണം കഴിക്കുന്നതുമെല്ലാം ഈ മെറ്റാബോളിക് അസുഖത്തിലേക്ക് ഏവരേയും എത്തിക്കുന്നു. എന്നാല്‍ ചില ഭക്ഷണപദാര്‍ഥങ്ങള്‍ ശീലമാക്കിയാല്‍ പ്രമേഹത്തെ ഒരളവ് വരെ തടയാനാകുമെന്ന് കണ്ടെത്തിയിരിക്കുന്നു
1. മഞ്ഞള്
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍കുമിന്‍ ന്ന പദാര്‍ഥം പ്രമേഹമുണ്ടാകുന്നത് തടയുന്നില്ലെങ്കിലും അത് താമസിപ്പിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ ഏറെക്കാലത്തേക്ക് പ്രമേഹം ശരീരത്തെ ഗ്രസിക്കുന്നതില്‍ നിന്ന് മഞ്ഞള്‍ തടയുമെന്ന് തെളിഞ്ഞിട്ടില്ലെങ്കിലും കുറച്ച് കാലത്തേക്കെങ്കിലും ഇത് പ്രമേഹം തടയാന്‍ മഞ്ഞള്‍ ആഹാരത്തിലുള്‍പ്പെടുത്തുന്നത് വഴി കഴിയുമത്രേ
2. സ്ട്രോബറി
കാണാനും അതുപോലെ തന്നെ രുചിയും ഏറെ ഹൃദ്യമായ ഒന്നാണ് സ്ട്രോബറി. അതിനാല്‍ തന്നെ ഇത് സ്ഥിരമായി കഴിക്കുകയെന്നത് ആര്‍ക്കും പ്രശ്നങ്ങളൊന്നും സൃഷ്ടിക്കുന്നില്ല. പ്രമേഹമുണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളും ബ്രഡ് ലിപിഡ്സും കുറയ്ക്കുന്ന ഒരു പ്രോട്ടീനെ ഊര്‍ജിതമാക്കാന്‍ സ്ട്രോബറിക്ക് കഴിയുമത്രേ. ബ്ളഡിലെ ഗ്ളൂക്കോസ് ലെവല്‍ കുറയ്ക്കാന്‍ സ്ട്രോബറിക്ക് കഴിയുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു
3. ചീസ് ആന്ഡ് യോഗര്ട്ട്
കൊഴുപ്പു കുറഞ്ഞ ചീസും യോഗര്‍ട്ടുമാണ് ഇത് വഴി ഉദ്ദേശിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന ചില ബാക്ടീരിയകളാണ് പ്രമേഹം തടയുകയെന്നതിലേക്ക് നയിക്കുന്നത്
4. റെഡ് വൈന്
അത്ഭുതപ്പെടേണ്ട. ഇതിലടങ്ങിയിരിക്കുന്ന റെസ്വെരട്രോള്‍ എന്ന പദാര്‍ഥം ഇന്‍സുലിനെ നിയന്ത്രിച്ച് ബ്ളഡ്ഡിലെ ഷുഗര്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇക്കാരണത്തില്‍ ആവശ്യത്തിലധികം വൈന്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല
5. സിനമണ്
ഗ്ളൂക്കോസിന്റെയും എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കുന്നു. കൂടാതെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വര്‍ധിപ്പിക്കുന്നു.
6. ആപ്പിള്
ബ്ളഡ് ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ ആപ്പിളിലെ അന്തോസിനൈന്‍ എന്ന പദാര്‍ഥത്തിന് കഴിയും
7. സ്പിനാച്ച്
ദിവസവും സ്പിനാച്ച് ശീലമാക്കുന്നത് ഡയബറ്റിസ് സാധ്യത 14 ശതമാനം കുറയ്ക്കുമത്രേ. നിരവധി ന്യൂട്രിയന്റ്സുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

മാതള മഹിമ

അനേകം ഔഷധ ഗുണമേന്മകളാല്‍ സമ്പന്നമാണ് മാതളനാരകം. ലിത്തറേസി കുലത്തില്‍പ്പെട്ട ഈ ഫലവര്‍ഗ്ഗത്തിന്റെ ആംഗലേയ നാമം പോംഗാനിറ്റ് എന്നാണ്. ദേവഭാഷയായ സംസ്കൃതത്തില്‍ ഈ ഫല വര്‍ഗ്ഗം ദാഡിമാഫലം എന്നാണ് അറിയപ്പെടുന്നത്.
മാതളപ്പഴം മൂന്നു തരത്തിലുണ്ട്.മധുരമുള്ളത്,മധുരവും പുളിയുമൂള്ളത്, പുളിയുള്ളത്. ഇവയ്ക്ക് മൂന്നിനും അവയുടേതായഗുണ വിശേഷണങ്ങളും ഉണ്ട്. മധുരമാതളപ്പഴം ശരീരത്തില്‍ രക്ത നിര്‍മ്മാണത്തിന് സഹായകമാണ് മധുരവും പുളിയുമുള്ള മാതളപ്പഴം അതിസാരം, ചൊറി എന്നീ അസുഖങ്ങളെ ശമിപ്പിക്കും.പുളിയുള്ള മാതളം നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയ്ക്ക് ആശ്വാസം നല്‍കാന്‍ ഫലപ്രദമാണ്.
ഒരു മാതളത്തിന്റെ മുകള്‍ ഭാഗത്ത് ദ്വാരം ഉണ്ടാക്കി ശുദ്ധമായ ബദാമിന്റെ എണ്ണ അതില്‍ നിറച്ച് അടച്ചു വയ്ക്കുക. ഒരുമണിക്കൂര്‍ കഴിഞ്ഞാല്‍ എണ്ണ പഴത്തില്‍ അലിഞ്ഞു ചേരും. .ആപഴത്തിന്റെ അല്ലി കഴിച്ചാല്‍ കാലപ്പഴക്കമുള്ള ചുമയ്ക്കും പഴക്കം ചെന്നതായ ശ്വാസം മുട്ടലിനും ആശ്വാസം ഉറപ്പ്. മാതളനീരും തിപ്പലിയും കല്‍ക്കണ്ടവും , തേനും ചേര്‍ത്തു കഴിച്ചാല്‍ ചര്‍ദ്ദിക്ക് പെട്ടെന്നു തന്നെ ആശ്വാസം ലഭിക്കും.. അതു പോലെ നിത്യവും ഒരു മാതളപ്പഴം വീതം കഴിച്ചുവന്നാല്‍ ഉദരപ്പുണ്ണ് ഇനി ഉണ്ടാകാത്ത വിധം മാറിക്കിട്ടുന്നതാണ്.
മാതളം മുഖ്യ ചേരുവയായ മാതള രസായനം ആസ്ത്മ, ചുമ എന്നിവയ്ക്ക് ഗുണപ്രദമാണ്. നിത്യവും ഒരു ഗ്ലാസ്‌ മാതളപ്പഴച്ചാര്‍ കഴിക്കുന്നത് ഉദര രോഗങ്ങള്‍ക്കും ശമനം വരുത്തും. മാതളത്തോട് നന്നായിപ്പൊടിച്ച് ചൂടു വെള്ളത്തില്‍ കലക്കി ക്കുടിച്ചാല്‍ ഏതു തരം കൃമി ഉപദ്രവത്തിനും ആശ്വാസം കിട്ടും.
മാതളപ്പഴത്തില്‍ ധാരളമായ തോതില്‍ വിറ്റാമിന്‍ സിയും അട്ങ്ങിയിട്ടുണ്ട്.വയറുകടി,വയറിളക്കം എന്നിവയ്ക്ക് മാതളത്തോട് ഒരു ഉത്തമ ശമനൌഷധം പോലെ ഉപകരിക്കും. അത്യുഷ്ണം ശമിപ്പിച്ച് ശരീരത്തിനു കുളിര്‍മ്മ നല്‍കാന്‍ മാതളത്തിനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്‍്. മാതള നാരകത്തിന്റെ പഞ്ചാംഗം അതായത് വേര്, തൊലി, ഇല, പൂവ്, കായ് എന്നിവഎടുത്ത് കഷായം വച്ച് കുറച്ചു നാള്‍ കഴിച്ചു കൊണ്ടിരുന്നാല്‍ രക്തവാതം കൊണ്ട് കൈ കാലുകള്‍ പൊള്ളുന്നതും വിളറുന്നതും ചൊറിച്ചിലും ശമിക്കും.
സ്ത്രീകള്‍ക്കുണ്ടാകുന്ന വെള്ളപോക്ക്, രക്തസ്രാവം ഗര്‍ഭാശയ രോഗങ്ങള്‍ എന്നിവയ്ക്ക് മാതള വേരിന്റെ തൊലി വളരെയധികം ഫലപ്രദമാണ്. മാതളത്തിന്റെ നീര് മൂക്കില്‍ നിന്നുള്ള രക്തസ്രാവം തടയാന്‍ സഹായിക്കും. മാതളത്തോടിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരക്ഷീണം അകറ്റാന്‍ വളരെയധികം ഉത്തമമാണ്.
അമ്ളപ്രധാനമായ രസമാണ് മാതളത്തിന്. ഈ ഫല വൃക്ഷത്തിന്റെ തൊലിയും ,പൂവും ഇലയും ,വേരും എല്ലാം തന്നെ ഔഷധയോഗ്യമാണ്.ഇത്രയേറെ ഔഷധ ഗുണങ്ങള്‍ നിറഞ്ഞ മാതളപ്പഴത്തെ നമ്മുടെ ഭക്ഷണ ക്രമത്തിലുള്‍പ്പെടുത്താന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം.

മുരിങ്ങയിലഗുണം

മുരിങ്ങയും ചീരയും തോരനും നിത്യ ഭക്ഷണത്തിന്റെഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. തൊടിയിലും പറമ്പിലും നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്ന് പറിച്ചെടുത്ത കീടനാശിനിയേതുമില്ലാത്ത ഫ്രഷ് ഇലകള്‍ കറിവെച്ചും ഉപ്പേരിയുണ്ടാക്കിയും നമ്മുടെ പഴയ തലമുറ ഭക്ഷണം പോഷക സമൃദ്ധമാക്കി.
പക്ഷെ ഇന്ന് മലയാളിയുടെ ഭക്ഷണ ശീലം ഏറെ മാറിപ്പോയി. ചിക്കനും ബര്‍ഗറുമില്ലാത്ത ഭക്ഷണം നമുക്കിന്ന് ഇല്ലെന്ന് തന്നെ പറയാം. ഇലകളും പച്ചക്കറികളും തീന്‍മേശയില്‍ കാണുന്നത് തന്നെ പുതിയ തലമുറക്ക് ഇഷ്ടമല്ല. അവയൊന്നും തന്‍െറ പാത്രത്തില്‍ വീഴാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധ വെക്കും.
എന്നാല്‍ മന:പൂര്‍വം നമ്മുടെ ഭക്ഷണ ശീലങ്ങള്‍ ക്രമീകരിക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. അവയില്‍ ഉള്‍പ്പെടുത്തേണ്ട വളരെ പ്രധാനപ്പെട്ട ഇനമാണ് ഇലക്കറികള്‍. പ്രത്യേകിച്ചും മുരിങ്ങയില.
വിററാമിനുകളുടെയും ഇരുമ്പിന്റെും ഫോസ്ഫറസിന്റെും കലവറ തന്നെയാണ് മുരിങ്ങയില. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവ അതില്‍ അടങ്ങിയിരിക്കുന്നു.
പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കാല്‍സ്യവും ചീരയിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയില്‍ ഉണ്ട്. ഇതോടൊപ്പം ശരിയായ ശോധനക്കും മുരിങ്ങയില ഉപകരിക്കും.
ആയുര്‍വേദത്തില്‍ നിരവധി ഔധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ഇല മാത്രമല്ല മുരിങ്ങക്കായയും അതിന്‍െറ വിത്തും പോഷക സമ്പന്നം തന്നെയാണ്
.
മുരിങ്ങയില നീര് രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ നല്ലതാണ്. മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്നും പഴമക്കാര്‍ പറയുന്നു. പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്.
പ്രത്യേകം പരിചണമൊന്നുമില്ലാതെ വളരുന്ന ചെടിയാണ് മുരിങ്ങ. നമ്മുടെ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിച്ചാല്‍ വിഷമില്ലാത്ത പുത്തന്‍ ഇലകള്‍ കൊണ്ട് നമുക്ക് ആഹാരം പോഷകസമൃദ്ധമാക്കാം. ഒപ്പം ആരോഗ്യവും സംരക്ഷിക്കാം

നെഞ്ചെരിച്ചില്‍, അള്‍സര്‍, , ഗ്യാസ് !

ചിട്ടയായി ചെയ്‌താല്‍ പൂര്‍ണ്ണമായും ശമനം കിട്ടുന്ന ലളിതമായ പ്രകൃതി ചികിത്സയിതാ!ആപ്പിള്‍ സൈഡര്‍ വിനാഗിരിയും പ്രകൃതിദത്തമായ തേനുമാണ് മരുന്നുകള്‍.
ചികിത്സ:
ഒന്ന്:
ചികിത്സ തുടങ്ങുന്നത് മുതല്‍ മൂന്നു ദിവസം വീഴ്ച്ച വരുത്താതെ പാലിക്കേണ്ട ചിട്ടകള്‍:
* ചായ കാപ്പി എന്നിവ ഒഴിവാക്കുക. (ഒഴിച്ച് കൂടെങ്കില്‍ മാത്രം ദിവസം ഒരു കപ്പു ചായ മാത്രം)
* ഇഞ്ചി മുതല്‍ എരിവുള്ള എല്ലാ ആഹാര വസ്തുക്കളും തീര്‍ത്തും ഒഴിവാക്കുക. (നേരിയ എരിവു പോലും പറ്റില്ല)
* അവല്‍ ,തേങ്ങാപീര (ചേര്‍ത്ത ആഹാരങ്ങള്‍) , റസ്ക് , ബിസ്ക്കെറ്റുകള്‍ തുടങ്ങി അല്‍പ്പം എങ്കിലും പരുപരുപ്പുള്ള ഒന്നും കഴിക്കരുത്. വളരെ സോഫ്റ്റ്‌ ആയ ആഹാരം മാത്രമേ ഈ മൂന്നു ദിവസം കഴിക്കാവൂ.
* കോളകള്‍ , സോഡകള്‍ (ഗ്യാസ് ഉള്ള പാനീയങ്ങള്‍), നാച്ചുറല്‍ അല്ലാത്ത ജൂസുകള്‍, മദ്യം എന്നിവ തീര്‍ത്തും ഒഴിവാക്കുക.
* സാധാരണയായി ഗ്യാസ് ഉണ്ടാക്കാറുള്ള കറികളടക്കം എല്ലാ ഭക്ഷ്യ വസ്തുക്കളും ഒഴിവാക്കുക.
വയറിന്റെ ഭിത്തിയില്‍ ഉണ്ടാവുന്ന ചെറു മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടുത്താന്‍ ശരീരത്തിന് പ്രകൃത്യാ കഴിവുണ്ട്. എന്നാല്‍ കഠിനമായ എരിവും, ആഹാരത്തിലെ പരുക്കന്‍ വസ്തുക്കളും , ദഹനക്കുറവു മൂലം ഉണ്ടാവുന്ന വാതകങ്ങളും ആണ് ഈ മുറിവുകളെ ഉണങ്ങാതെ നില നിര്‍ത്തുന്നത്.
ക്രമേണ ഹെലിക്കോ ബാക്ട്ട്ര്‍ പൈലൊറി എന്ന അണുബാധ മൂലം ഈ മുറിവുകള്‍ അള്‍സര്‍ ആയി മാറുന്നു.
എന്നാല്‍ , രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം നല്‍കിയാല്‍ വയറിലെ ഭിത്തികളില്‍ ഉണ്ടാവുന്ന മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടും. അതിനാണ് മൂന്നു ദിവസത്തേക്ക് മേല്‍ പറഞ്ഞ ചിട്ടകള്‍ പാലിക്കുന്നത്.
ഈ ചിട്ടകള്‍ കണിശമായി പാലിക്കാതെ ഈ ചികിത്സ ഫലിക്കാന്‍ പ്രയാസമാണ്.

രണ്ട്:
* ദിവസവും രാവിലെ വെറും വയറ്റില്‍ പതിനഞ്ചു മില്ലി തേന്‍ കഴിക്കുക. തേന്‍ കഴിച്ച് അര മണിക്കൂര്‍ നേരത്തേക്ക് വെള്ളം കുടിക്കുകയോ മറ്റു വല്ലതും കഴിക്കുകയോ ചെയ്യരുത്.
* തേന്‍ വയറ്റിലെയും അന്നനാളത്തിലെയും ചെറു മുറിവുകള്‍ അതിവേഗം സുഖപ്പെടുത്തും.
ആയതിനാല്‍ , സാധിക്കുമെങ്കില്‍ കൂടുതല്‍ സമയം തേന്‍ അവിടങ്ങളില്‍ പുരണ്ടു കിടക്കാന്‍ അനുവദിക്കുക.
* വയറ്റിലോ അന്നനാളത്തിലോ എരിവോ പുകച്ചിലോ വേദനയോ അനുഭവപ്പെടുമ്പോഴെല്ലാം പത്തു മില്ലി തേന്‍ കഴിക്കുക. (തേന്‍ പ്രകൃതിദത്തമായ തേനീച്ച തേന്‍ തന്നെയായിരിക്കണം.)
* എപ്പോഴും ഭക്ഷണ ശേഷവും , രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പും പത്തു മില്ലി ആപ്പിള്‍ സൈടര്‍ വിനഗറും പത്തു മില്ലി തേനും പതിനഞ്ചു മില്ലി ശുദ്ധ ജലവുമായി കലര്‍ത്തി കഴിക്കുക.
* ഉറങ്ങുമ്പോള്‍ ഗ്യാസ് പ്രശ്നമോ നെഞ്ച് എരിച്ചിലോ ഉണ്ടാവാതിരിക്കാനാണ് , കിടക്കും മുമ്പ് വിനഗര്‍ കഴിക്കുന്നത്‌. ഈ ഫലം കിട്ടുന്നില്ലെങ്കില്‍ തേന്‍ കൂടാതെ വിനഗരും വെള്ളവും മാത്രം കഴിക്കുക.
* ഈ ചികിത്സ ചുരുങ്ങിയത് മൂന്നു മാസം തുടരുക.
തേനും ആപ്പിള്‍ വിനാഗിരിയും പിന്നീടും ആവശ്യമായാല്‍ ഉപയോഗിക്കുക.
ആപ്പിള്‍ വിനഗര്‍ ചേര്‍ത്തുണ്ടാക്കിയ അച്ചാറുകളും ഉപ്പിലിട്ടതും ആഹാരം വേഗം ദഹിക്കാന്‍ സഹായിക്കും.
NB: വയറ്റില്‍ സാധാരണയായി രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഗ്യാസ് ഉണ്ടാവുന്നത്.
ഒന്ന്: അളവ് കൂടുതല്‍ ആവുമ്പോള്‍ കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാന്‍ ആവശ്യമായത്ര ദഹനരസ ഉല്‍പ്പാദനം നടക്കാതിരിക്കുക.
രണ്ട്: വയര്‍ ഉല്‍പ്പാദിപ്പിക്കുന്ന ദഹനരസത്തിന്റെ അളവിന് അനുസൃതമായ അളവില്‍ ആഹാരം ആമാശയത്തില്‍ ഇല്ലാതിരിക്കുക.

കരള്‍ രോഗങ്ങളും ഗര്‍ഭധാരണവും

ശരീരത്തിലെ ഏറ്റവും വലിയ രാസസംശ്ലേഷണ ശാലയാണ് കരള്‍ എന്ന് പറയാറുണ്ട്. അഞ്ഞൂറോളം വ്യത്യസ്തം ദൗത്യങ്ങള്‍ നിര്‍വഹിക്കുന്ന കരളിനുണ്ടാവുന്ന അസുഖങ്ങള്‍ ആര്‍ക്കും വരാവുന്ന താണെങ്കിലും ചില കരള്‍ രോഗങ്ങള്‍ സ്ത്രീകളില്‍ കൂടുതലായി കാണാറുണ്ട്. ഗര്‍ഭധാരണ സമയത്തുള്ള പരിശോധനകളില്‍ മൂന്നു മുതല്‍ അഞ്ചു വരെ ശതമാനം പേരില്‍ കരളിന് പ്രശ്‌നങ്ങള്‍ കാണുന്നതായാണ് കണക്കുകള്‍.

വൈറല്‍ ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങി ചിലയിനം കരള്‍രോഗങ്ങള്‍ ഗര്‍ഭകാലത്തും കണെ്ടത്താറുണെ്ടങ്കിലും അവ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നവയല്ല. കരള്‍ രോഗമുള്ളവര്‍, കരള്‍ മാറ്റി വെച്ചവര്‍ തുടങ്ങിയവരൊക്കെ ഗര്‍ഭധാരണത്തിനൊരുങ്ങുന്നതിനു മുമ്പേ ശരിയായ വൈദ്യനിര്‍ദേശങ്ങള്‍ സ്വീകരിച്ച് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്.

ഗര്‍ഭ കാലത്ത് കാണുന്ന കരള്‍ രോഗങ്ങള്‍ പ്രധാനമായും നാലു തരമാണ്.

* ഹൈപെര്‍മസിസ് ഗ്രവിഡേറം (HG)

* ഗര്‍ഭകാലത്തുണ്ടാകുന്ന ഫാറ്റി ലിവര്‍ (Acute Fatty Liver of PregnancyAFLP)

* ഇന്‍ട്രാ ഹെപ്പാറ്റിക് കൊളാസ്റ്റസിസ്

* ഹെല്‍പ് രോഗം ( Hemolysis and Elevated Liver Enzymes and Platelets HELLPS Syndrome)

ഗര്‍ഭകാലത്തുണ്ടാകുന്ന കരള്‍ രോഗങ്ങള്‍ ചിലപ്പോഴെങ്കിലും അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്്.

ഹൈപെര്‍മെസിസ്

ഗ്രവിഡേറം (ഒഏ)

1000 ഗര്‍ഭിണികളില്‍ 20 പേര്‍ക്കു വരെ കാണാറുള്ള ഒരു രോഗാവസ്ഥയാണ് ഹൈപെര്‍മെസിസ് ഗ്രവിഡേറം. ശക്തമായ ഓക്കാനവും ഛര്‍ദിയുമാണ് ഈ രോഗാവസ്ഥയുടെ മുഖ്യ ലക്ഷണം. പ്രശ്‌നങ്ങള്‍ രൂക്ഷമായാല്‍ പലപ്പോഴും ആശുപത്രിയില്‍ പോയി ചികില്‍സ തേടേണ്ടി വരാറുണ്ട്. പോഷണക്കുറവ്, നിര്‍ജലീകരണം, തൂക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇവരില്‍ കാണാറുണ്ട്. ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമായും രോഗനിര്‍ണയം നടത്താറുള്ളത്. ആശുപത്രിയില്‍ ചികില്‍സ തേടേണ്ടി വരുന്നവരില്‍ പകുതി പേര്‍ക്കെങ്കിലും കരളിലെ എന്‍സൈമുകളുടെ തോതിലുണ്ടായ വ്യത്യാസത്തിന് മരുന്നു കഴിക്കേണ്ടി വരാറുണ്ട്.

ഓക്കാനവും ഛര്‍ദിയും അനുഭവപ്പെടുന്നതായി കണ്ടു തുടങ്ങുമ്പോള്‍ത്തന്നെ അതിനുള്ള കാരണങ്ങള്‍ കണെ്ടത്തി ഒഴിവാക്കുന്നത് നന്നായിരിക്കും. പെര്‍ഫ്യൂമുകളുടെ മണം, പുക, പാചകഗന്ധം തുടങ്ങിയവ ഒഴിവാക്കുന്നത് ഓക്കാനം കുറയ്ക്കും. ചെറിയ അളവില്‍ ഒന്നോ രണേ്ടാ മണിക്കൂര്‍ ഇടവിട്ട് താത്പര്യമുള്ള ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയാല്‍ ഛര്‍ദിയും ഒഴിവാക്കാന്‍ കഴിഞ്ഞേക്കും. ഛര്‍ദി മൂലം ഭക്ഷണം കഴിക്കാതിരിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയേ ഉള്ളൂ. ഇഞ്ചിയോ ഇഞ്ചിസത്ത് അടങ്ങിയ ഗുളികയോ കഴിക്കുന്നത് നല്ലതാണ്. ഉചിതമായ വിറ്റാമിനുകള്‍ കഴിക്കുന്നതും ആവശ്യമെങ്കില്‍ ഐ.വി.ഫ്‌ളൂയിഡ് കയറ്റുന്നതും പ്രശ്‌ന പരിഹാരത്തിന് സഹായിക്കും. ഈ രോഗാവസ്ഥ മൂലം ഗൗരവമേറിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാറില്ല.

അക്യൂട്ട് ഫാറ്റി ലിവര്‍

ഗര്‍ഭ കാലത്ത് പെട്ടെന്നുണ്ടാകുന്ന ഫാറ്റി ലിവര്‍ പ്രശ്‌നം ചുരുക്കമായി മാത്രം കാണുന്നതാണ്.10,000 മുതല്‍ 15,000 വരെ ഗര്‍ഭിണികളില്‍ ഒരാളില്‍ എന്നതാണ് രോഗാവസ്ഥയുടെ തോത്. ഗര്‍ഭകാലത്തിന്റെ രണ്ടാം പകുതിയില്‍ ആരംഭിക്കുന്ന ഫാറ്റി ലിവര്‍ പലപ്പോഴും കണെ്ടത്തുന്നത് പ്രസവാനന്തരമായിരിക്കും.

വൈകിയുള്ള ഗര്‍ഭ ധാരണങ്ങള്‍, ആദ്യ പ്രസവം, പ്രീ എക്ലാംപ്‌സിയ, ഗര്‍ഭ കാലത്തെ തൂക്കക്കുറവ്, പാരമ്പര്യമായി ഈ രോഗമുണ്ടായിരിക്കുക തുടങ്ങിയ സാഹചര്യങ്ങളുള്ളവര്‍ക്കാണ് ഗര്‍ഭകാലത്തുണ്ടാകുന്ന ഫാറ്റി ലിവര്‍ പ്രശ്‌നം കൂടുതലായി കണ്ടുവരിന്നത്. ചില എന്‍സൈമുകളുടെ കുറവു മൂലം കരളില്‍ ഫാറ്റി ലിവര്‍ അടിഞ്ഞു കൂടുന്നതാണ് മുഖ്യ രോഗകാരണം.

ഓക്കാനം, ഛര്‍ദി, കടുത്ത ക്ഷീണം, തൂക്കക്കുറവ്, അടിവയറ്റില്‍ വേദന, തുടങ്ങിയ ലക്ഷണങ്ങള്‍ ഗര്‍ഭകാലത്തെ ഫാറ്റിലിവറിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഈ രോഗബാധയുള്ളവരില്‍ പകുതി പേര്‍ക്കും വൃക്കപരാജയം ഉണ്ടാകാറുണ്ട്. 60 ശതമാനം പേരിലും കരള്‍ വീക്കവും കാണാറുണ്ട്. രക്താതിമര്‍ദം, പ്രോട്ടിന്യൂറിയ, ശരീര വീക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്തെ ഫാറ്റിലിവര്‍ പ്രശ്‌നമുള്ള പകുതിയോളം പേരിലും സാധാരണയായി കാണുന്നതാണ്. ലബോറട്ടറി പരിശോധനകളിലൂടെയും ലക്ഷണ വിവരണങ്ങളിലൂടെയുമാണ് രോഗനിര്‍ണം.

ഫാറ്റിലിവര്‍ പ്രശ്‌നമുണ്ട് എന്ന് സംശയിക്കുന്ന രോഗിയെ ഉടന്‍ തന്നെ ആശുപത്രിയിലാക്കി വിശദപരിശോധനയും ചികില്‍സയും എടുക്കേതാണ്. ഫാറ്റി ലിവര്‍ ഉണെ്ടന്ന് ഉറപ്പായാല്‍ പ്രധാന കാര്യം സുരക്ഷിതമായി പ്രസവം നടത്തുക എന്നതാണ്. ഫാറ്റി ലിവറിനുള്ള ചികില്‍സ മിക്കപ്പോഴും പ്രസവാനന്തരമേ ചെയ്യാന്‍ കഴിയാറുള്ളൂ. പ്രസവം കഴിഞ്ഞ് രണ്ടു മൂന്നു ദിവസം പിന്നിട്ടിട്ടും രോഗശമനം പ്രകടമാവുന്നില്ലെങ്കില്‍ വിഗദ്ധ ചികില്‍സ വേണ്ടിവരും.

ശരിയായ ചികില്‍സയിലൂടെ മിക്കരോഗികള്‍ക്കും പൂര്‍ണ സുഖം ഉണ്ടാകാറുണ്ട്.

ഫാറ്റി ലിവറുള്ള അമ്മയുടെ ശിശുക്കള്‍ക്ക് ആദ്യം തന്നെ വിശദ പരിശോധനയും ഉചിതമായ ചികില്‍സകളും ചെയ്യേണ്ടതാണ്. ശിശുമരണം പോലുള്ള സാധ്യതകള്‍ ഒഴിവാക്കാനും പില്‍ക്കാലത്ത് കുഞ്ഞിന് പൂര്‍ണാരോഗ്യത്തോടെ ജീവിക്കാനും ഇത് സഹായിക്കും.

ഇന്‍ട്രാ ഹെപ്പാറ്റിക് കൊളസ്റ്റസിസ് (Itnra Hepatic Cholestasis of Pregnancy þICP)

ആയിരം ഗര്‍ഭിണികളില്‍ ഒന്നോ രണേ്ടാ പേരില്‍ കാണുന്ന രോഗാവസ്ഥയാണിത്. ഗര്‍ഭത്തിന്റെ അവസാന ആഴ്ചകളിലാണ് പ്രശ്‌നങ്ങള്‍ കാണാറുള്ളതാണ്. കരളില്‍ നിന്നുണ്ടാകുന്ന പിത്തനീരിന്റെ ഒഴുക്ക് തടസപ്പെടുകയും ഗര്‍ഭിണിക്ക് ദേഹം മുഴുവന്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നതാണ് മുഖ്യ ലക്ഷണം. പ്രസവാനന്തരം ലക്ഷണങ്ങള്‍ പതുക്കെ അപ്രത്യക്ഷമാവുകയും ചെയ്യും.

നേരത്തേ കരള്‍ രോഗമുള്ളവര്‍, വളരെ നേരത്തെ ഗര്‍ഭം ധരിക്കുന്നവര്‍, ഗര്‍ഭനിരോധന ഗുളിക കഴിച്ചിരുന്ന കാലത്ത് സമാനമായ അസ്വസ്ഥതകള്‍ ഉണ്ടായിട്ടുള്ളവര്‍ എന്നിവരിലൊക്കെ രോഗസാധ്യത കൂടുതലായിരിക്കും.

ജനിതക കാരണങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍ തുടങ്ങി പലവിധ പ്രശ്‌നങ്ങളാണ് ഇന്‍ട്രാ ഹെപ്പാസ്റ്റിക് കൊളസ്റ്റസിസിലേക്ക് നയിക്കുന്നത്.

പ്രാഥമിക ലക്ഷണങ്ങള്‍ കൊണ്ടു തന്നെ രോഗത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിക്കും. ബിലിറൂബിന്‍ നില ഉയര്‍ന്നു നില്‍ക്കുന്നത് രോഗം ഉറപ്പാക്കാനുള്ള സൂചനയാണ്, ഗര്‍ഭിണികളില്‍ , പ്രത്യേകിച്ച് അവസാന ആഴ്ചകളില്‍ ബിലിറൂബിന്‍ 6എം.ജി./ഡ.ലി. ആണെങ്കില്‍ രോഗം ഇതു തന്നെ എന്ന് ഏതാണ്ടുറപ്പിക്കാം.

മാസം തികയുന്നതിനു മുമ്പുള്ള പ്രസവം തുടങ്ങി ഒട്ടേറെ ഗൗരവമേറിയ പ്രശ്‌നങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്. ഈ രോഗമുള്ളവരില്‍ 11 ശതമാനത്തോളം പേരില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനു തന്നെ സാധ്യതയുണെ്ടന്നാണ് കണക്കുകള്‍.

ശരിയായ സമയത്ത് പ്രശ്‌നം കണെ്ടത്തിയാല്‍ ഉചിതമായ മരുന്നുകള്‍ നല്‍കിയും ഗര്‍ഭിണിക്ക് പ്രത്യേക പരിചരണങ്ങള്‍ നല്‍കിയും ചികില്‍സിക്കാനാവും.

ഹെല്‍പ് രോഗം

പ്രസവ സമയത്ത് രക്തസമ്മര്‍ദം കൂടുന്നതും ശരീരം വീങ്ങുന്നതും മൂലം ഗൗരവമേറിയ സങ്കീര്‍ണതകളുണ്ടാക്കുന്ന പ്രിഎക്ലാംപ്‌സിയയുടെ ഭാഗമായാണ് പലപ്പോഴും ഹീമോളിസിസ് എലവേറ്റഡ് ലിവര്‍ എന്‍സൈംസ്, ആന്‍ഡ് ലോവര്‍ പ്ലേറ്റ്‌ലെറ്റ്- ഹെല്പ് എന്ന രോഗാവസ്ഥ കാണാറുള്ളത്. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാത്തവരിലും ഉണ്ടായെന്നു വരാം. 1000 പ്രസവത്തില്‍ ആറു പേര്‍ക്കു വരെ ഈ പ്രശ്‌നം കണേ്ടക്കാം. 70 ശതമാനം പേരിലും പ്രസവത്തിനു മുന്‍പാണ് ഹെല്‍ല്പ് രോഗാവസ്ഥ കാണാറുള്ളത്. മറ്റുള്ളവരില്‍ പ്രസവാനന്തരവും.വലതുവശത്ത് അടിവയറ്റില്‍ വേദന, ഓക്കാനം, ഛര്‍ദി, കടുത്ത അസ്വസ്ഥത തുടങ്ങിയവയൊക്കെയാണ് മുഖ്യ ലക്ഷണങ്ങള്‍.

വിദഗ്ധ ഡോക്ടര്‍ക്ക് ശരീര പരിശോധനയിലൂടെ രോഗനിര്‍ണയം നടത്താന്‍ കഴിയും. ശരീരം നീരുകെട്ടിയതു പോലെ വീങ്ങിയിരിക്കുന്നത് ഈ രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങളിലൊന്നാണ്. രക്തസമ്മര്‍ദം കൂടുന്നത് സാധാരണയാണ്. അതു കൊണ്ടു തന്നെ നല്ലൊരു പങ്ക് രോഗികളിലും പ്രീ എക്ലാംപ്‌സിയ അനുഭവപ്പെടാറുണ്ട്.

രോഗസാധ്യത കണെ്ടത്തിക്കഴിഞ്ഞാല്‍ ജാഗ്രതയോടെയുള്ള ചികില്‍സയും നിരീക്ഷണവും ആവശ്യമാണ്. പലപ്പോഴും അപ്രതീക്ഷിതമായി രോഗം പൊടുന്നനെ ഗുരുതരാവസ്ഥയിലേക്കെത്തിക്കും.ഗര്‍ഭസ്ഥ ശിശുവിനെ ഗൗരവമായി ബാധിക്കാനും സാധ്യതയുണ്ട്. ഗര്‍ഭിണിക്ക് ഈ പ്രശ്‌നമുണെ്ടന്നു കണ്ടാല്‍ ഏറ്റവും മികച്ച ചികില്‍സാ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് നേരത്തേ തന്നെമാറണം. ഗര്‍ഭസ്ഥ ശിശുവിനും നവജാത ശിശുവിനും എല്ലാ പരിചരണങ്ങളും നല്‍കാന്‍ സൗകര്യമുള്ള ആശുപത്രി തിരഞ്ഞെടുക്കണം. പ്രസവസമയത്ത് പല തരത്തിലുള്ള സങ്കീര്‍ണതകള്‍ക്ക് സാധ്യതയുള്ളതിനാല്‍ സുരക്ഷിതമായ പ്രസവമാണ് ഏറ്റവും പ്രധാനം.

മാതൃമരണത്തിനും ശിശുമരണത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്ന മുഖ്യ പ്രശ്‌നമാണ് ഹെല്പ് എന്ന രോഗാവസ്ഥ. ഈ പ്രശ്‌നമുള്ളവരില്‍ ഒരു ശതമാനത്തോളം പേരില്‍ മാത്ൃമരണസാധ്യതയുണ്ട്.നേരത്തേയുള്ള പ്രസവത്തിനും പ്രസവ സങ്കീര്‍ണതകള്‍ക്കും സാധ്യത കൂടുതലാണ്. ഈപ്രശ്‌നമുള്ള ഗര്‍ഭിണികളില്‍ 20 ശതമാനത്തോളം പേരില്‍ വരെ ശിശുമരണം ഉണ്ടാകാം.

സിറോസിസും രക്താതിമര്‍ദവും

സിറോസിസ് ഉള്ളവര്‍ക്ക് ഗര്‍ഭധാരണത്തിന് വിലക്കൊന്നുമില്ലെങ്കിലും ഇവര്‍ക്ക് സ്വാഭാവിക ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറവാണ്. ഗര്‍ഭഛിദ്രം ഉണ്ടാവാനും മാസം തികയാതെ പ്രസവിക്കുന്നതിനും ശിശുമരണത്തിനുമൊക്കെ സാധ്യത കൂടും.

സങ്കീര്‍ണമായ ഫാറ്റിലിവര്‍ രോഗം, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ അണുബാധകള്‍, അമിത മദ്യോപയോഗം തുടങ്ങിയവയൊക്കെ സിറോസിസിന് വഴിവെയ്ക്കാം. ചിലയിനം മരുന്നുകളുടെ ഉപയോഗവും അണുബാധകളും സിറോസിസുണ്ടാക്കാറുണ്ട്. കരളിന്റെ പ്രവര്‍ത്തനശേഷി കുറഞ്ഞ് മുരടിച്ചു പോകുന്ന രോഗാവസ്ഥയാണിതെന്നു പറയാം.

ഗര്‍ഭിണികളിലായാലും മറ്റുള്ളവരിലായാലും സിറോസിസ് ബാധ ഒരു പോലെതന്നെയാണ്. രക്തം ഛര്‍ദിക്കുക, കരള്‍ വീക്കം അനുഭവപ്പെടുക, ഗുരുതരമായ പോഷണക്കുറവ്, കരള്‍പരാജയം തുടങ്ങിയവയൊക്കെയാണ് ഇതിന്റെ ഫലങ്ങള്‍.

രോഗസാഹചര്യങ്ങളുടെ വിശകലനം, ശരീര പരിശോധന, ലബോറട്ടറി പരിശോധനകള്‍ തുടങ്ങിയവയിലൂടെ രോഗനിര്‍ണയം നടത്താം.

രോഗത്തിന്റെ ഗൗരവമനുസരിച്ച് ലക്ഷണങ്ങളിലും മാറ്റങ്ങളുണ്ടാവും. സിറോസിസുള്ള ഗര്‍ഭിണികളില്‍ ഏതാണ്ട് നാലിലൊന്ന് ആളുകള്‍ക്കും കരള്‍പരാജയം എന്ന ഗൗരവമേറിയ രോഗാവസ്ഥ ഉണ്ടാകാറുണ്ട്.

സിറോസിസ് ഉള്ളവര്‍ മികച്ച ചികിത്സകരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഗര്‍ഭപ്രസവങ്ങള്‍ക്ക് ഒരുങ്ങാവൂ. ഗര്‍ഭസ്ഥ ശിശുവിനും ഗര്‍ഭിണിക്കും കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ സിറോസിസ് ഗര്‍ഭത്തെ ഒരു തരത്തിലും ബാധിക്കാതെയുമിരിക്കാം.

കരള്‍ പരാജയം പോലുള്ള ഗൗരവമേറിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണെ്ടന്നു കണ്ടാല്‍ ഐ.സി.യു.വില്‍ തന്നെ പരിചരണത്തില്‍ കഴിയേണ്ടി വരും. കരള്‍ പരാജയത്തിന് മാറ്റിവെക്കലല്ലാതെ വഴികളൊന്നുമില്ല. അത്തരം പ്രശ്‌നങ്ങളുള്ളവര്‍ ഗര്‍ഭപ്രസവങ്ങള്‍ മാറ്റിവെക്കുന്നതാണ് നല്ലത്.

പിത്താശയരോഗങ്ങള്‍

പിത്താശയത്തില്‍ (ഏമഹഹ ആഹമററലൃ) കല്ലുണ്ടാകുന്നതു പോലുള്ള പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്ത് സാധാരണയാണ്. പിത്താശയത്തിലോ പിത്തനാളിയിലോ ((Bile Dutc) കല്ലോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാകാം.ഗര്‍ഭിണികളില്‍ 10 ശതമാനത്തോളം പേര്‍ക്ക് വരെ ഈ പ്രശ്‌നങ്ങള്‍ കാണാറുണ്ട്്.

വലതു ഭാഗത്ത് അടിവയറ്റില്‍ വേദന, ഓക്കാനം ഛര്‍ദി തുടങ്ങിയവയാണ് പിത്താശയ പ്രശ്‌നങ്ങളുടെ മുഖ്യ ലക്ഷണങ്ങള്‍.

അള്‍ട്രാ സൗണ്ട്് പരിശോധനകളിലൂടെ കൃത്യമായി രോഗനിര്‍ണയം നടത്താനാവും.

സങ്കീര്‍ണമല്ലാത്ത പിത്താശയക്കല്ലുകള്‍ (ഏമഹഹട ീേില)െ മരുന്നു ചികില്‍സയിലൂടെ ഭേദമാക്കാനാവും.പ്രശ്‌നം സങ്കീര്‍ണമായാല്‍ ശസ്ത്രക്രിയ വേണ്ടി വരും. പിത്തസഞ്ചി തന്നെ നീക്കം ചെയ്യുന്നതും അസാധാരണമല്ല.

കരള്‍ മാറ്റിവെക്കല്‍

കരള്‍ മാറ്റിവെക്കുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ അങ്ങനെയുള്ള ഗര്‍ഭ പ്രസവ സാധ്യതകളും പ്രത്യേകം പരിഗണിക്കപ്പെടുന്നുണ്ട് ഇപ്പോള്‍. കരള്‍ മാറ്റി വെച്ചവര്‍ക്ക് ഗര്‍ഭധാരണവും പ്രസവും സാധ്യമാണ്. പ്രത്യേക പരിചരണവും ജാഗ്രതയും ഉണ്ടായിരിക്കണം എന്നു മാത്രം. ഗര്‍ഭ കാലത്ത് വിജയകരമായി കരള്‍ മാറ്റി വെച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ശരിയായ വൈദ്യസഹായം

ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ഓക്കാനം, ഛര്‍ദി, രക്താതി മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങളെ നിസാരങ്ങളായി തള്ളിക്കളയാതെ തുടക്കത്തില്‍ തന്നെ ശരിയായ വൈദ്യസഹായം തേടുക എന്നത് വളരെ പ്രധാനമാണ്. കരള്‍ രോഗസാധ്യതകള്‍ ഒഴിവാക്കുകയും അഥവാ രോഗസാധ്യതകളുണെ്ടങ്കില്‍ ശരിയായ മുന്‍കരുതലുകള്‍ എടുക്കുകയും വേണം. ഏതെങ്കിലും തരം കരള്‍ രോഗമുള്ളവര്‍ ഗര്‍ഭധാരണത്തിനു മുമ്പു തന്നെ ഉചിതമായ വൈദ്യ സഹായം തേടേണ്ടതാണ്.

ഡോ.ജേക്കബ് മാത്യു

കണ്‍സള്‍ട്ടന്റ്്, ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍
ആസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റല്‍

ഡയബറ്റിക് റെറ്റിനോപതി

പ്രമേഹം മൂലം കണ്ണിന്റെ നേത്രാന്തരപടലത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപതി. ഇതുകാരണം നേത്രാന്തരപടലത്തിലെ രക്തക്കുഴലുകള്‍ക്ക് നീരുവരാനും പുതിയ രക്തക്കുഴലുകള്‍ വളര്‍ന്നുവരികയും അതുപൊട്ടി കണ്ണിനുള്ളില്‍ രക്തസ്രാവം ഉണ്ടാവുകയും നേത്രാന്തരപടലം ഇളകിവരാനും കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്.

നിങ്ങള്‍ക്ക് ഡയബറ്റിക് റെറ്റിനോപതി ഉണ്ടെങ്കില്‍ തുടക്കത്തില്‍ അതു നിങ്ങളുടെ കാഴ്ചയെ ബാധിക്കില്ല. ഡയബറ്റിക് റെറ്റിനോപതി സാധാരണയായി രണ്ടു കണ്ണിനെയും ബാധിക്കും. മുന്‍കൂട്ടിയുള്ള കണ്ടെത്തലും ചികിത്സയും കൊണ്ട് കാഴ്ച നഷ്ടപ്പെടുന്നത്. ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും.

ഡയബറ്റിക് റെറ്റിനോപതിയുടെ നാലു ഘട്ടങ്ങള്‍ ഏതൊക്കെയാണ്?

* മൈല്‍ഡ് നോണ്‍പ്രോലിഫെറേറ്റീവ് റെറ്റിനോപതി

ഇത് ഡയബറ്റിക് റെറ്റിനോപതിയുടെ ആദ്യ ഘട്ടമാണ്. ഈ ഘട്ടത്തില്‍ രക്തക്കുഴലുകള്‍ വികസിച്ച് ബലൂണ്‍ പോലെയാകുന്നു. ഇതിനെ മൈക്രോ അന്യൂറിസം എന്നുവിളിക്കുന്നു. ഇതിനോടൊപ്പം ചെറിയ രക്തക്കട്ടകളും കാണുന്നു. കണ്ണിന്റെ ഞരമ്പിന് ക്ഷതമേറ്റതിന്റെ പാടുകളും കാണാവുന്നതാണ്. ഈ ഘട്ടത്തില്‍ എല്ലാവര്‍ക്കും കാഴ്ചമങ്ങല്‍ അനുഭവപ്പെടണമെന്നില്ല.

മോഡറേറ്റ് നോണ്‍പ്രോലിഫറേറ്റ് റെറ്റിനോപതി

ഇത് ഡയബറ്റിക് റെറ്റിനോപതിയുടെ രണ്ടാമത്തെ ഘട്ടമാണ്. ഈ ഘട്ടത്തില്‍ മൈക്രോ അന്യൂറിസവും രക്തക്കട്ടകളും ഞരമ്പിനു ക്ഷതമേറ്റ പാടുകളും കൂടുതലായി കാണപ്പെടുന്നു. ഇതുമൂലം കണ്ണിന്റെ ഞരമ്പിന്റെ രക്തയോട്ടം കുറയാനും കാഴ്ച മങ്ങാനുമുള്ള സാധ്യതയുണ്ട്.

സിവിയര്‍ നോണ്‍പ്രോലിഫറേറ്റീവ് റെറ്റിനോപതി

ഈ ഘട്ടത്തില്‍ കണ്ണിന്റെ നേത്രാന്തര പടലത്തില്‍ കൂടുതല്‍ ഭാഗത്ത് ഇത് ബാധിക്കുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. ഇതുമൂലം പുതിയ രക്തക്കുഴലുകള്‍ ഉണ്ടാകാനുള്ള പ്രവണതയുണ്ടാകുന്നു.

പ്രോലിഫറേറ്റീവ് റെറ്റിനോപതി

ഇത് ഡയബറ്റികം റെറ്റിനോപതിയുടെ ഗുരുതരമായ അവസ്ഥയാണ്. ഈ ഘട്ടത്തില്‍ പുതിയ രക്തക്കുഴലുകള്‍ നേത്രാന്തര പടലത്തില്‍ വളരുകയും അതു കണ്ണിന്റെ ബാക്കിയുള്ള ഭാഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു. ഇതു ചികിത്സിക്കാതെയിരുന്നാല്‍ കാഴ്ച കുറയുവാനും ക്രമേണ അന്ധതയ്ക്കും ഇടയാക്കിയേക്കാം.

ഡയബറ്റിക് റെറ്റിനോപതി എങ്ങനെയാണ് കണ്ണിനെ ബാധിക്കുന്നത്?

കേടുവന്ന രക്തധമനികളില്‍നിന്നും പുതിയതായി വളര്‍ന്ന ദുര്‍ബലവും അസാധാരണവുമായ രക്തധമനികളില്‍നിന്നും ദ്രാവകവും രക്തവും റെറ്റിനയുടെ ഉള്ളലേക്കു പോകുന്നു. റെറ്റിനയുടെ നടുവിലുള്ള മാക്കുല എന്ന ഭാഗത്തെയാണ് ഇതു കൂടുതലും ബാധിക്കുന്നത്. ഇതിനെ മാക്കുലാര്‍ എഡിമ എന്നുവിളിക്കുന്നു. ഇതാണ് പ്രമേഹരോഗികളില്‍ കാഴ്ചക്കുറവിനുള്ള പ്രധാന കാരണം. ഈ ദുര്‍ബലമായ രക്തധമനികളില്‍നിന്നു രക്തസ്രാവം ഉണ്ടാവുകയും അത് വിട്രോസ് ക്യാവിറ്റിയിലേക്ക് ഒഴുകുകയും വിട്രൗസ് ഹെമറേജ് എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇങ്ങനെയും ഗുരുതരമായ കാഴ്ച നഷ്ടം ഉണ്ടാകുന്നതാണ്.

ആര്‍ക്കെല്ലാമാണു ഡയബറ്റിക് റെറ്റിനോപതി വരാനുള്ള സാധ്യതയുള്ളത്?

എല്ലാ പ്രമേഹരോഗികളും വര്‍ഷത്തില്‍ ഒരു തവണയെങ്കിലും സമ്പൂര്‍ണ നേത്രപരിശോധന ചെയ്യേണ്ടത് അനിവാര്യമാണ്. ദീര്‍ഘകാലമായി പ്രമേഹമുള്ളവരില്‍ ഡയബറ്റിക് റെറ്റിനോപതിക്കുള്ള സാധ്യതകള്‍ ഏറെയാണ്.

ഡയബറ്റിക് റെറ്റിനോപതി ഒരു പരിധിവരെ ചികിത്സിക്കാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ ഡോക്ടര്‍ നിങ്ങള്‍ക്കു ചേര്‍ന്ന ചികിത്സാ രീതി നിര്‍ദേശിക്കുന്നതാണ്. ഒപ്പം രോഗത്തിന്റെ പുരോഗതി നിരീക്ഷിച്ച് നിയന്ത്രിക്കുന്നതുമാണ്.

ഗര്‍ഭിണികളില്‍ പ്രമേഹം കണ്ണിനെ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. കാഴ്ച സംരക്ഷിക്കുന്നതിന് എല്ലാ പ്രമേഹരോഗമുള്ള ഗര്‍ഭിണികളും ഡൈയലേറ്റഡ് ഐ എക്‌സാമിനേഷന് വിധേയമാകേണ്ടതാണ്.

കാഴ്ച സംരക്ഷിക്കുന്നതിനു വേണ്ടി എന്താണുചെയ്യേണ്ടത്?

ഡൈയലേറ്റഡ് ഐ എക്‌സാം: നിങ്ങളുടെ കണ്ണുകളില്‍ തുള്ളിമരുന്ന് ഒഴിച്ച് കൃഷ്ണമണികള്‍ വികസിപ്പിച്ചതിനു ശേഷം ഡോക്ടര്‍ നിങ്ങളുടെ കണ്ണന്റെ ഉള്‍ഭാഗം നന്നായി പരിശോധിക്കും. കേടുപാടിന്റെ എന്തെങ്കിലും ലക്ഷണങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടോ എന്നറിയുന്നതിനായി വലുതായി കാണാന്‍ കഴിയുന്ന ഒരു ലെന്‍സ് ഉപയോഗിച്ച് നിങ്ങളുടെ റെറ്റിനയും കണ്ണിലെ ഞരമ്പുകളും പരിശോധിക്കുന്നു.

ബ്ലഡ് ഷുഗര്‍ കണ്‍ട്രോള്‍

നിങ്ങളുടെ രക്തത്തിലെ ,ഷുഗറിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുന്നതിലൂടെ പ്രമേഹം മൂലമുണ്ടാകുന്ന ഡയബറ്റിക് റെറ്റിനോപതിയും കിഡ്‌നിയുടെയും ഞരമ്പിന്റെയും പ്രശ്‌നങ്ങളും നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്.

ഡയബറ്റിക് റെറ്റിനോപതി ഉണ്ടോയെന്ന് എങ്ങനെ മനസിലാക്കാം?

ഡയബറ്റിക് റെറ്റിനോപതിയുടെ ആദ്യ ഘട്ടത്തില്‍ ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല. അതിനാല്‍തന്നെ, സമ്പൂര്‍ണ പരിശോധനയില്ലാതെ ഡയബറ്റികം റെറ്റിനോപതി തുടക്കത്തില്‍ കണ്ടുപിടിക്കാനാവില്ല. രോഗം പുരോഗമിക്കുന്നതിലൂടെ കാഴ്ചയ്ക്കു മങ്ങല്‍ അനുഭവപ്പെടാന്‍ തുടങ്ങും. കണ്ണിനു മുന്നില്‍ കറുത്തപടലങ്ങള്‍ ഉള്ളതുപോലെ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഒരു റെറ്റിന സ്‌പെഷ്യലിസ്റ്റിനെ കാണേണ്ടതാണ്. നിങ്ങളുടെ കാഴ്ചയിലെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ കഴിവതും വേഗം നിങ്ങളുടെ നേത്ര ഡോക്ടറെ കാണേണ്ടത് വളരെ പ്രധാനമാണ്.

ഡയബറ്റിക് റെറ്റിനോപതി നിര്‍ണയിക്കുന്നതെങ്ങനെ?

ഡൈലേറ്റഡ് ഐ എക്‌സാമിനേഷന്‍

നിങ്ങളുടെ കണ്ണുകളില്‍ തുള്ളിമരുന്ന് ഒഴിച്ച് കൃഷ്ണമണികള്‍ വികസിപ്പിച്ചതിനു ശേഷം ഡോക്ടര്‍ നിങ്ങളുടെ കണ്ണന്റെ ഉള്‍ഭാഗം നന്നായി പരിശോധിക്കുന്നു. കേടുപാടിന്റെ എന്തെങ്കിലും ലക്ഷണങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടോ എന്നറിയാനായി വലുതായി കാണാന്‍ സാധിക്കുന്ന ഒരു ലെന്‍സ് ഉപയോഗിച്ച് നിങ്ങളുടെ റെറ്റിനയും കണ്ണിലെ ഞരമ്പുകളും പരിശോധിക്കുന്നു.

കളര്‍ ഫണ്ടസ് ഫോട്ടോഗ്രാഫി

ഈ ടെസ്റ്റില്‍ ഒരു മൈക്രോ സ്‌കോപ് ഘടിപ്പിച്ചുള്ള ഒരു സ്‌പെഷ്യല്‍ ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ കണ്ണിനുള്ളിലെ പ്രതലത്തിന്റെയും റെറ്റിനയുടെയും ഫോട്ടോ എടുക്കുന്നു.

ഫല്‍റസീന്‍ ആന്‍ജിയോഗ്രാം

നിങ്ങളുടെ കയ്യിലെ ഞരമ്പില്‍ ഒരു മരുന്നു കുത്തിവയ്ക്കുകയും രക്തധമനികളിലൂടെ മരുന്നു കടന്നുപോകുമ്പോള്‍ റെറ്റിനയിലെ രക്തധമനികളുടെ ഫോട്ടോയെടുക്കുകയും ചെയ്യുന്നു. ചോര്‍ച്ചയുള്ള രക്തധമനികളുണ്ടോയെന്നു മനസിലാക്കാന്‍ ഈ ടെസ്റ്റ് സഹായിക്കുന്നു.

ഒപ്റ്റിക്കല്‍ കോഹറന്‍സ് മോണോഗ്രാഫി

ഈ ടെസ്റ്റില്‍ ഒരു സ്‌പെഷല്‍ കാമറ ഉപയോഗിച്ച് നിങ്ങളുടെ റെറ്റിനയുടെ ഫോട്ടോ എടുക്കുന്നു. റെറ്റിനയിലെ രോഗങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഈ ടെസ്റ്റ് ഡോക്ടറെ സഹായിക്കുന്നു.

നോണ്‍ പ്രോലിഫെറെറ്റീവ് റെറ്റിനോപതി ചികിത്സിക്കുന്നത് എങ്ങനെയാണ്?

ഡയബറ്റികം റെറ്റിനോപതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ സാധാരണഗതിയില്‍ ചികിത്സ ആവശ്യമില്ല. പ്രമേഹവും കൊളസ്‌ട്രോളും രക്തസമ്മര്‍ദവും നിയന്ത്രണത്തില്‍ വച്ചാല്‍ ഡയബറ്റിക് റെറ്റിനോപതി അടുത്ത ഘട്ടങ്ങളിലേക്കു പുരോഗമിക്കുന്നത് നമുക്ക് തടയാനാകും. പക്ഷേ, മാക്കുലര്‍ എഡിമ ഉണ്ടെങ്കില്‍ ചികിത്സിക്കേണ്ടത് അത്യവശ്യമാണ്.

എങ്ങനെയാണ് മാക്കുലര്‍ എഡിമ ചികിത്സിക്കുന്നത്?

ലേസര്‍ ട്രീറ്റ്‌മേന്റ്: ഈ ചികിത്സയില്‍ രക്തധമനികളില്‍ ചോര്‍ച്ചയുള്ള ഭാഗത്തേക്ക് ഡോക്ടര്‍ ഹൈ എനര്‍ജി ലേസര്‍ അടിക്കുന്നു. ഇത് ദ്രാവകത്തിന്റെ ചോര്‍ച്ച സാവധാനത്തിലാക്കുകയും റെറ്റിനയിലേക്കു വീഴുന്ന ദ്രാവകത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ലേസര്‍ ട്രീറ്റ്‌മെന്റ് രോഗപുരോഗതി 50 ശതമാനത്തോളം കുറയ്ക്കുകയും കാഴ്ച ശക്തി കൂട്ടാനും സഹായിക്കും. രക്തധമനികളുടെ ചോര്‍ച്ച കുറയ്ക്കാനായി ഈ ചികിത്സ ഒന്നിലധികം പ്രാവശ്യം ചെയ്യേണ്ടിവരും.

ആന്റിവി.ഇ.ജി.എഫ് ചികിത്സ: ആന്റിവി.ഇ.ജി.എഫ് എന്നാല്‍ ആന്റിവാസ്കുലര്‍ എന്‍ഡോതീലിയന്‍ ഗ്രോത്ത് ഫാക്ടര്‍ എ്ന്നാണ്. മാക്കുലയില്‍ വീക്കത്തിന് ഇടയാക്കുന്ന തരത്തില്‍ മാക്കുലയിലെ രക്തധമനികളുടെ വളര്‍ച്ചയ്ക്കും ചോര്‍ച്ചയ്ക്കും ഇടയാക്കുന്ന ഒരു പ്രേരകം വി.ജി.ഇ.എഫ് ആണെന്നു കരുതുന്നു. കണ്ണില്‍ കുത്തിവയ്ക്കുന്ന ആന്റിവി.ഇ.ജി.എഫ് ഔഷധങ്ങള്‍ ഇതിനെ തടയാന്‍ സഹായിക്കും.

എങ്ങനെയാണ് പ്രോലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപതി ചികിത്സിക്കുന്നത്?

സ്കാല്‍റ്റെര്‍ ലേസര്‍ ട്രീറ്റ്‌മെന്റ് (പാന്‍ റെറ്റിനല്‍ ഫോട്ടോ കോഗുലേഷന്‍ ): ദുര്‍ബലവും അസാധാരണവുമായി വളര്‍ന്ന പുതിയ രക്തധമനികളെ ലേസര്‍ ഉപയോഗിച്ചു അടയ്ക്കുകയാണ് ഈ ചികിത്സയില്‍ ചെയ്യുന്നത്. ഒന്നില്‍ കൂടുതല്‍ ലേസര്‍ സ്‌പോട്‌സ് ഉപയോഗിച്ചു ചെയ്യുന്ന ചികിത്സയായതിനാല്‍ പല തവണകളായാണ് ഇതു ചെയ്യുന്നത്. നിങ്ങളുടെ കാഴ്ചയെ സംരക്ഷിക്കാന്‍ ഇതു സഹായിക്കും. ആന്റിവി.ഇ.ജി.എഫ് ഇന്‍ജക്ഷനും ഇതോടൊപ്പം എടുക്കാവുന്നതാണ്.

വിട്രെക്ടമി

വിട്രൗസ് ക്യാവിറ്റിയിലേക്കു രക്തസ്രാവം ഉണ്ടാവുകയോ നേത്രാന്തരപടലം അടര്‍ന്നു പോവുകയോ ചെയ്താല്‍ വിട്രെക്ടമി സര്‍ജറി ചെയ്യേണ്ടതാണ്. ഇങ്ങനെ രക്തം കലര്‍ന്ന വിട്രൗസ് ഫല്‍യിഡ് നീക്കം ചെയ്യാവുന്നതാണ്. ഇതുമൂലം കാഴ്ച മെച്ചപ്പെടുന്നതാണ്. ആരോഗ്യമുള്ള ഒരു നേത്രാന്തരപടലം നമ്മുടെ കണ്ണിന് അനിവാര്യമാണ്. അതിനാല്‍, ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും പ്രമേഹം നിയന്ത്രിക്കുകയും കൃത്യമായ കണ്ണ് പരിശോധന നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ഡോ. ഹര്‍ഷാലി യാദവ്
കിംസ് ആശുപത്രി
തിരുവനന്തപുരം.

പ്രതിരോധശക്തി കുറഞ്ഞാല്‍ രോഗസാധ്യതയേറും പ്രമേഹവും ക്ഷയരോഗവും

കേരളത്തില്‍ കണ്ടെത്തുന്ന ക്ഷയരോഗികളില്‍ 25% പേരും പ്രമേഹബാധിതരാണെന്നാണ് തെളിഞ്ഞിട്ടുള്ളത്. പ്രമേഹ രോഗികളില്‍ ക്ഷയരോഗാണുബാധ ക്ഷയരോഗമായിത്തീരുവാന്‍ എളുപ്പമാണ്. ശരീരത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കുറയുന്നത് കാരണം ക്ഷയരോഗാണുക്കള്‍ എളുപ്പത്തില്‍ വളരാം. ആയതിനാല്‍ ക്ഷയരോഗലക്ഷണങ്ങള്‍ക്ക് കാത്ത് നില്‍ക്കാതെ പ്രമേഹ രോഗികള്‍ ഇടക്കിടെ ക്ഷയരോഗ പരിശോധനകള്‍ നടത്തുന്നത്, ക്ഷയരോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിന് സഹായിക്കും. പ്രമേഹ രോഗികളില്‍ ക്ഷയം ഉണ്ടെങ്കില്‍, പ്രമേഹം ഇന്‍സുലിന്‍ വഴി നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍, ക്ഷയരോഗം മാറുന്നതിന് കാലതാമസം കണ്ടുവരികയും പിന്നീട് മരുന്നിനെ പ്രതിരോധിക്കുന്ന ക്ഷയം പിടിപെടുകയും ചെയ്യാം.

MDR TB (മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ടി.ബി)

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം ഇന്ന് ഇന്ത്യ നേരിടുന്ന ഒരു പ്രധാന പൊതുജനാരോഗ്യപ്രശ്‌നമാണ്. സ്വന്തമായും അല്ലാതെയും വിവേചനമില്ലാതെ, കൃത്യതയില്ലാതെ, ആന്റി ബയോട്ടിക്കുകള്‍ ശരീരത്തിലെത്തുന്നത് രോഗാണുക്കള്‍ക്ക് ശക്തി പകരുവാന്‍ സഹായിക്കും. ഈ അവസ്ഥ ക്ഷയരോഗാണുവും നേടിക്കഴിഞ്ഞിട്ടുണ്ട്. ഈ അവസ്ഥയാണ് MDR ടി.ബി. ഏറ്റവും ഫലപ്രദമായി ക്ഷയരോഗാണുക്കളെ നശിപ്പിക്കുന്ന ആന്റിബയോട്ടിക്കുകള്‍ കൃത്യഡോസില്‍ അല്ലാതെയും കൃത്യമായ കാലയളവില്‍ അല്ലാതെയും, ഇടയ്ക്ക് മുടക്കുന്നതു കൊണ്ടും, രോഗാണുക്കള്‍ തിരിച്ചറിഞ്ഞ് ശക്തി വര്‍ധിപ്പിക്കുന്നു. പിന്നീട് രണ്ടാം നിര ആന്റിബയോട്ടിക്കുകളും മൂന്നാം നിര മരുന്നുകളും വര്‍ഷങ്ങളോളം രോഗിയില്‍ പരീക്ഷിക്കേണ്ടി വരുന്നു.

ചില സ്വകാര്യ മേഖലയില്‍ രണ്ടാം നിര മരുന്നുകള്‍ ആദ്യഘട്ടത്തില്‍ തന്നെ ക്ഷയരോഗികള്‍ക്ക് നല്‍കുന്നതും ഇപ്പോള്‍ കണ്ടുവരുന്നു. ഇന്ത്യയില്‍ ഇതുവരെ ഏതാണ്ട് 80,000 ല്‍ അധികം MDR ടി.ബി കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു പ്രധാന പ്രശ്‌നം ഇവരില്‍ നിന്നും മറ്റുള്ളവരിലേക്ക് MDR ടി.ബി പകരുന്നു എന്നതാണ്. MDR ടി.ബി വന്നാല്‍ ചികിത്സാവിജയം 50 ശതമാനത്തില്‍ താഴെയാണ്. MDR ടി.ബി.ക്ക് കഴിക്കുന്ന രണ്ടാം നിര മരുന്നുകള്‍ക്കെതിരേ ബാക്ടീരിയ ശക്തിപ്രാപിക്കുമ്പോള്‍ അത് കൂടുതല്‍ ഗുരുതരമായ XDR ടി.ബി. ആയി മാറുന്നു.

തയാറാക്കിയത്: എം.കെ. ഉമേഷ്, ഐഇസി നോഡല്‍ കോര്‍ഡിനേറ്റര്‍ (ആര്‍എന്‍ടിസിപി), ജില്ലാ ടിബി സെന്റര്‍, കണ്ണൂര്‍.

കുടിവെള്ളത്തിലും രാസമാലിന്യങ്ങള്‍

ജലസ്രോതസുകള്‍ പലപ്പോഴും മലിനപ്പെട്ടവയായിരിക്കും. വക്കുകള്‍ കെട്ടി സംരക്ഷിക്കപ്പെടാത്ത കുളങ്ങളിലും കിണറുകളിലും മറ്റും സമീപപ്രദേശങ്ങളിലെ കക്കൂസ്മാലിന്യങ്ങള്‍ കലരാനുളള സാധ്യതയുണ്ട്. അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കലരാനിടയായാല്‍ ജലം അണുക്കളുടെ താവളമാവും. മഴക്കാലത്തു നാട്ടിലെ സകല മാലിന്യങ്ങളെയും വഹിച്ചു വരുന്ന മഴച്ചാലുകള്‍ പലപ്പോഴും ഇത്തരം സംരക്ഷിക്കപ്പെടാത്ത ജലസ്രോതസുകളെ മലിനമാക്കുന്നു. വീടുകളില്‍

നിന്നുള്ള ജൈവമാലിന്യങ്ങളും രാസമാലിന്യങ്ങളും ജലസ്രോതസുകള്‍ മലിനമാക്കുന്നുണ്ട്. അടുക്കളയില്‍ നിന്നുള്ള മലിനജലം, തുണി കഴുകിയ ശേഷമുളള സോപ്പും ഡിറ്റര്‍ജന്റും കലര്‍ന്ന ജലം, കുളിമുറിയില്‍ നിന്നുളള മലിനജലം, കക്കൂസ് മാലിന്യങ്ങള്‍ എന്നിവ പലയിടങ്ങളിലും ജലസ്രോതസുകളിലെത്തുന്നു.

ഇനി ഗ്രാമങ്ങളിലെ കഥ. ഇപ്പോള്‍ കീടനാശിനികള്‍ ഉപയോഗിക്കാത്ത കൃഷിയിടങ്ങള്‍ വിരളമാണല്ലോ. ജൈവകൃഷിയിടങ്ങളിലൊഴികെ വിത്തു വിതയ്ക്കുമ്പോള്‍ മുതല്‍ വിളവെടുപ്പുവരെ കീടനാശിനി- രാസവള – കളനാശിനി പ്രയോഗം വ്യാപകം.നിരോധിക്കപ്പെട്ട കീടനാശിനികള്‍ വരെ പലരും പ്രയോഗിക്കുന്നു.

വിളകളില്‍ പ്രയോഗിക്കുന്ന കീടനാശിനികളും മറ്റു രാസപദാര്‍ഥങ്ങളും സമീപത്തെ ജലസ്രോതസുകളിലെത്തുന്നു. മണ്ണില്‍ യഥേഷ്ടം ചേര്‍ക്കുന്ന രാസവളവും കൂടിയാകുമ്പോള്‍ നീരുറവകളും കിണറുകളും ചെറുപുഴകളും നദികളും കൈത്തോടുകളും വരെ മലിനമാകുന്നു.

കീടനാശിനിപ്രയോഗത്തിനു ശേഷം പലരും ഉപകരണങ്ങള്‍ വൃത്തിയാക്കുന്നത് പുഴകളിലും കുളങ്ങളിലുമാണ്. കീടനാശിനി കലര്‍ന്ന വെള്ളം പതിവായി കുടിക്കാനിടയാകുന്നതു വിവിധതരത്തിലുളള കാന്‍സറുകള്‍ക്കു കാരണമാകുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു.

ജനസാന്ദ്രതയാണ് കേരളത്തിലെ പുഴകളില്‍ മാലിന്യനിക്ഷേപത്തിന്റെ തോതു കൂട്ടുന്നത്. പുഴകളിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതോടെ നമ്മുടെ ചുറ്റുപാടുകള്‍ വൃത്തിയായതായി കരുതുന്നവരുണ്ട്. വീടുകളിലെ മാലിന്യങ്ങള്‍, വ്യവസായ ശാലകളിലെ മാലിന്യങ്ങള്‍, കാര്‍ഷിക മാലിന്യങ്ങള്‍, രാസമാലിന്യങ്ങള്‍… എല്ലാം അന്തിമമായി കേരളത്തിലെ 44 പുഴകളിലെത്തുന്നു. പക്ഷേ, അതു സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല.

ഫോസ്‌ഫേറ്റുകള്‍, സള്‍ഫൈഡുകള്‍, അമോണിയ, ഫ്‌ളൂറൈഡുകള്‍, ഘന ലോഹങ്ങള്‍, കീടനാശിനികള്‍… തുടങ്ങിയവ നമ്മുടെ പുഴകളില്‍ അപകടകരമായ തോതിലുണ്ടെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. നമ്മുടെ മിക്ക കുടിവെള്ള പദ്ധതികളുടെയും സ്രോതസുകള്‍ ഈ പുഴകള്‍ തന്നെയാണ്! നമ്മുടെ പുഴകള്‍ വിഷവാഹിനികളായി മാറിയിരിക്കുന്നു. രാസവ്യവസായശാലകളില്‍ നിന്നു മാലിന്യങ്ങള്‍ പുഴയിലേക്കൊഴുക്കുന്നതു പലയിടങ്ങളിലും പതിവായിരിക്കുന്നു.

പുഴകളാണു പലപ്പോഴും ടാങ്കര്‍വെളളത്തിന്റെയും സ്രോതസ്. ജൈവ-രാസ മാലിന്യങ്ങളും അപകടകാരികളായ സൂക്ഷ്മാണുക്കളും കലര്‍ന്ന നദികളിലെ വെളളം കുടിവെള്ളമാകുന്നു! പലയിടങ്ങളിലും ജലശുദ്ധീകരണം ശാസ്ത്രീയമായും കാര്യക്ഷമമായും നടക്കുന്നില്ല എന്നതാണു വാസ്തവം.

അമിതമായാല്‍ വിഷതുല്യം

കുടിവെളളത്തില്‍ ഏതേതു ലോഹങ്ങള്‍ എത്രത്തോളം അളവില്‍ അടങ്ങിയിരിക്കുന്നു എന്നതു പ്രധാനം. ചില ലോഹങ്ങള്‍ നിശ്ചിത തോതില്‍ അടങ്ങിയിരിക്കുന്നത് ശരീരത്തിനു ഗുണപ്രദം. എന്നാല്‍ അളവിലിലധികമായാല്‍ അതു വിഷത്തിന്റെ ഫലം ചെയ്യും. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്ക് അനുസൃതമായി ചില പ്രദേശങ്ങളിലെ വെളളത്തില്‍ ഉയര്‍ന്ന തോതില്‍ ഇരുമ്പ്, ഫ്‌ളൂറൈഡ് എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കിണര്‍വെളളത്തില്‍ ക്ലോറൈഡുകളുടെ സാന്നിധ്യം കൂടുതലായതിനാല്‍ നമ്മുടെ തീരപ്രദേശങ്ങളില്‍ പലയിടങ്ങളിലും തുളളി കുടിക്കാന്‍ യോഗ്യമായ വെളളം ഇല്ല എന്നതാണു സ്ഥിതി. ഇടനാട്ടില്‍ പലയിടത്തും ഫ്‌ളൂറൈഡ്, അയെണ്‍(ഇരുമ്പ്) സാന്നിധ്യം കുടിവെളളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പൈപ്പ്‌വെളളത്തിലെ ക്ലോറിനും ആരോഗ്യത്തിനു ഭീഷണിയാണ്. ക്ലോറിന്‍ കലര്‍ന്ന ജലം സ്ഥിരമായി ഉപയോഗിക്കുന്നതു ജനനവൈകല്യങ്ങള്‍ക്കിടയാക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു.

തയാറാക്കിയത്:ടി.ജി.ബൈജുനാഥ്‌

കണ്ണിനുണ്ടാകുന്ന ക്ഷതങ്ങള്‍ അവഗണിക്കരുത്…

കണ്ണുകളുടെ ശുചിത്വവും പരിപാലനവും

* കണ്ണുകളും ചുറ്റുമുള്ള ത്വക്കും ശുദ്ധജലമുപയോഗിച്ചു ശുചിയാക്കുക.
* മറ്റുള്ളവരുടെ തോര്‍ത്തോ തൂവാലയോ കണ്‍മഷിയോ ഉപയോഗിക്കതുത്.
*കൂര്‍ത്തതും മൂര്‍ച്ചയുള്ളതുമായ വസ്തുക്കള്‍ കുഞ്ഞുങ്ങളുടെ കൈകളില്‍ എത്തി കണ്ണിന്് മുറിവേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
* പൊടിപടലങ്ങളില്‍നിന്ന് കണ്ണിനെ സംരക്ഷിക്കുക
* വെല്‍ഡിംഗ്, സൂര്യന്‍ (ഗ്രഹണ സമയത്തും അല്ലാതെയും) തുടങ്ങിയ ശക്തിയേറിയ പ്രകാശസ്രോതസുകളിലേക്കു നഗ്നനേത്രങ്ങള്‍ കൊണ്ടു നോക്കാതിരിക്കുക.
* നവജാത ശിശുക്കളില്‍ കണ്ണില്‍നിന്നും കണ്ണുനീര്‍ പോലെയുള്ള ദ്രാവകം വരുന്നെങ്കില്‍ ഉടനെ ഒരു നേത്രരോഗ വിദഗ്ധന്റെ സേവനം തേടുക
* കണ്ണിനുണ്ടാകുന്ന ഏതുതരത്തിലുള്ള ക്ഷതവും നിസാരമായി കാണാതെ ഉടനെ ചികിത്സ തേടുക.

കുഞ്ഞുങ്ങളെ ശ്രദ്ധിക്കാം

ജനിച്ച് ആറ് ആഴ്ച കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ വെളിച്ചത്തെയും നിറങ്ങളെയും പിന്തുടരും. രണ്ടോ മൂന്നോ മാസമാകുമ്പോള്‍ മറ്റുള്ളവരെ ശ്രദ്ധിച്ച് ചിരിക്കുവാന്‍ തുടങ്ങും. ഇവയൊന്നും പ്രകടമാക്കാതെ വന്നാല്‍ നേത്രരോഗ വിദഗ്ധന്റ ഉപദേശം തേടണം.

കാഴ്ചക്കുറവിന്റെ ലക്ഷണങ്ങള്‍

തുടര്‍ച്ചയായി കണ്ണുകള്‍ തിരുമ്മുന്നതും വായിക്കുമ്പോഴും ടിവി, കംപ്യൂട്ടര്‍, ഫോണ്‍ എന്നിവ വീക്ഷിക്കുമ്പോഴും തലവേദന, കണ്ണില്‍നിന്ന് കണ്ണീര്‍ വരിക എന്നിവയും കാഴ്ചക്കുറവിന്റെ ലക്ഷണങ്ങളാണ്.
പുസ്തകങ്ങള്‍ കണ്ണിനോടു ചേര്‍ത്തുപിടിച്ച് വായിക്കുക, പ്രകാശത്തോടുവിമുഖത
കാട്ടുക, നിറങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസം നേരിടുക, വായിക്കുമ്പോള്‍ വരികളോ വാക്കുകളോ വിട്ടുപോവുക, വാതില്‍ കടക്കുമ്പോള്‍ തട്ടിവീഴുക എന്നിവ കാഴ്ചവൈകല്യങ്ങളുടെ ലക്ഷണങ്ങള്‍.

നല്ല വായനശീലങ്ങള്‍

* വായിക്കുമ്പോള്‍ മതിയായ പ്രകാശം ഇടതുവശത്ത് നിന്നോ പിന്നില്‍ നിന്നോ കിട്ടത്തക്കവണ്ണം ഇരിക്കുക
* വായിക്കുമ്പോള്‍ പുസ്തകം കണ്ണില്‍നിന്നു ഒന്നര അടി അകലത്തിലും തിരശ്ചീനമായി 45 ഡിഗ്രി മുതല്‍ 70 ഡിഗ്രി വരെ ചരിവിലും പിടിക്കുക
* മങ്ങിയ പ്രകാശത്തിലോ കിടന്നുകൊണ്ടോ സഞ്ചരിക്കുന്ന വാഹനത്തിലോ വായന ഒഴിവാക്കുക
* വായനയ്ക്കിടയില്‍ കണ്ണുകള്‍ക്ക് ആവശ്യത്തിന് വിശ്രമം നല്‍കുക

കണ്ണട ഉപയോഗിക്കുമ്പോള്‍

* ചൂടേല്‍ക്കുന്ന സ്ഥലങ്ങളിലോ മേശപ്പുറത്തോ കട്ടിലിലോ കണ്ണട വയ്ക്കരുത്
*കണ്ണട ഊരിയെടുക്കാന്‍ രണ്ടു കൈകളും ഉപയോഗിക്കുക
*കണ്ണടയുടെ ലെന്‍സുള്ള മുന്‍ഭാഗം മേശമേല്‍ സ്്പര്‍ശിക്കത്ത രീതിയില്‍ വയ്ക്കരുത്.
*കണ്ണട തുടയ്ക്കാന്‍ മാര്‍ദവമുള്ള പരുത്തിത്തുണി മാത്രമേ ഉപയോഗിക്കാവൂ
*ചില്ലുകളില്‍ അനാവശ്യമായിസ്പര്‍ശിക്കരുത്.
* മെഴുക്കോ കറയോ പുരണ്ടാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.

കണ്ണുകളുടെ കരുത്തിന് വിറ്റാമിന്‍ എ

കണ്ണിനെ ബാധിക്കുന്ന പല വൈകല്യങ്ങളും തടയാന്‍ വിറ്റാമിന്‍ എ സഹായിക്കും. കാഴ്ചയെയും കണ്ണുകളെയും സംരക്ഷിക്കാന്‍ പപ്പായ, ചക്ക, മാങ്ങ, പേരക്ക, മുരിങ്ങയില, ചീര, കാരറ്റ്, മധുരക്കിഴങ്ങ്, നെല്ലിക്ക, കറിവേപ്പില തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ആഹാരക്രമത്തിലും ജീവിതശൈലിയിലും ആരോഗ്യകരമായ മാറ്റം വരുത്തിയാല്‍ പോഷകാഹാരക്കുറവുമൂലമുള്ള വൈകല്യങ്ങളില്‍നിന്നും കണ്ണിനെ സംരക്ഷിക്കാം.

വിവരങ്ങള്‍:കേരള ഗവ. ഒപ്‌റ്റോ മെട്രിസ്റ്റ്‌സ് അസോസിയേഷന്‍

പ്രായപരിധിയില്ലാതെ ഹോമിയോചികിത്സ

മിക്ക രോഗങ്ങള്‍ക്കു ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളായ പകര്‍ച്ചപ്പനി,  ചെങ്കണ്ണ്, ചിക്കന്‍പോക്‌സ്, അഞ്ചാംപനി, ഹെര്‍പിസ് സോസ്റ്റര്‍ മുതലായ പകര്‍ച്ചവ്യാധികള്‍ക്കും ഹോമിയോപ്പതിയില്‍ മികച്ച ചികിത്സ ലഭ്യമാണ്.

കുട്ടികള്‍ക്കുണ്ടാകുന്ന സാധാരണ എല്ലാ രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ട്. മിക്കവാറും എല്ലാത്തരം ചര്‍മ രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ മരുന്നുണ്ട്. സോറിയാസിസ്, വരട്ടുചൊറി. അരിമ്പാറ, ആണിരോഗം, വെളളപ്പാണ്ഡ് മുതലായവയ്ക്കു ഹോമിയോചികിത്സ ലഭ്യമാണ്.

മന:ക്ലേശം മൂലമുണ്ടാകുന്ന ശാരീരികരോഗങ്ങളായ മൈഗ്രേന്‍, ചെറുകുടലിനും മലാശയത്തിലുമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയും ഹോമിയോമരുന്നു കൊണ്ട് ഭേദമാക്കാം. ആര്‍ത്തവ വിരാമ രോഗങ്ങള്‍, മാസമുറയ്ക്കുണ്ടാകുന്ന വ്യതിയാനങ്ങള്‍, വേദനയോടെയുളള ആര്‍ത്തവം മുതലായ സ്ത്രീ സംബന്ധരോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ മരുന്നുണ്ട്.

പരിമിതികള്‍

ഹോമിയോപ്പതി ശാസ്ത്രത്തിനും മറ്റു ശാസ്ത്രശാഖകള്‍ക്കെന്നപോലെ തന്നെ മേന്‍മയും പരിമിതികളും ഉണ്ട്. ചില രോഗാവസ്ഥകള്‍ പരിഹരിക്കുന്നതിനു ഹോമിയോപ്പതിക്കും ചില പരിമിതികളുണ്ട്.

ശസ്ത്രകിയ അനിവാര്യമായിരിക്കുന്ന സാഹചര്യങ്ങള്‍… ഉദാ. അപകടങ്ങളെ തുടര്‍ന്ന് ഉണ്ടാകുന്ന രക്തസ്രാവം, ആന്തരിക അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന ക്ഷതം, വിവിധ അവയവങ്ങളിലേക്കുള്ള രക്തചംക്രമണം പെട്ടെന്ന് നിലക്കുന്ന അവസ്ഥകള്‍, അടിയന്തര സാഹചര്യങ്ങളിലെ സിസേറിയന്‍ ഓപ്പറേഷനുകള്‍ തുടങ്ങിയവ. ഇവയെ കൂടാതെ ശരീരഭാഗങ്ങളുടെ സ്ഥായിയായ നാശം നിമിത്തം ഉണ്ടാകുന്ന രോഗങ്ങള്‍.  എന്നാല്‍ മരുന്നുകളുടെ ദുരുപയോഗം നിമിത്തം ഉണ്ടാകുന്ന രോഗങ്ങളുടെ തീവ്രത കുറയ്ക്കുന്നതിന് ഹോമിയോ മരുന്നുകള്‍ക്ക് സാധിക്കാറുണ്ട്.

ലബോറട്ടറി ഫലങ്ങള്‍ക്കു കാത്തുനില്‍ക്കാതെ രോഗി പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ മാത്രം കണക്കാക്കിയും ഹോമിയോചികിത്സയില്‍ മരുന്നുകള്‍ നല്കാറുണ്ട്. ചില രോഗികളില്‍ യഥാര്‍ഥ രോഗനിര്‍ണത്തിനും പൊതുവായ രോഗനിയന്ത്രണത്തിനും ലബോറട്ടറി പരിശോധനകള്‍ ആവശ്യമായി വരുന്നു. ഉദാഹരണത്തിനു പ്രമേഹരോഗിയുടെ പഞ്ചസാരയുടെ അളവ്, ഉയര്‍ന്ന രക്തസമ്മര്‍ദമുളളവര്‍ക്കു കൊഴുപ്പ് അടങ്ങിയ ആഹാരം എത്രത്തോളം കഴിക്കാം, സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് ഉളളവര്‍ക്ക് കോളറിന്റെ ആവശ്യകത, പ്രമേഹരോഗികള്‍ ജീവിതശൈലിയില്‍ ഗുണപരമായി എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണം… ഇത്തരം വിഷയങ്ങളില്‍ അനുയോജ്യവും കൃത്യവുമായ ചികിത്സാനിര്‍ദേശങ്ങളിലെത്താന്‍ ലബോറട്ടറി പരിശോധന സഹായകം.

ചിലതരം രോഗാവസ്ഥകള്‍ക്ക് പറ്റിയ ഔഷധങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് ലബോറട്ടറി പരിശോധനകള്‍ ആവശ്യമായി വരുന്നു. ഉദാ, വൃക്കയിലെയും മൂത്രാശയത്തിലെയും കല്ലുകള്‍.

ഇതേവരെ ഹോമിയോപ്പതി പരീക്ഷിച്ചു നോക്കിയിട്ടില്ല, ഇനി അത് സാധ്യമാണോ?

ഹോമിയോപ്പതി ചികിത്സ സ്വീകരിക്കുന്നതിനു പ്രായപരിധിയില്ല. നിങ്ങളുടെ ചികിത്സാചരിത്രം ഏതുമായിക്കൊളളട്ടെ ഏതു പ്രായക്കാര്‍ക്കും രോഗവിമുക്തിക്കായി നല്കാന്‍ ഹോമിയോപ്പതിയില്‍ എന്തെങ്കിലും ഉണ്ടാവും. ഹോമിയോപ്പതിയെന്ന  വൈദ്യശാസ്ത്രത്തെക്കുറിച്ചു കൂടുതല്‍ മനസിലാക്കാന്‍ നിങ്ങളുടെ ഗ്രാമത്തിലെ ഗവ. ഹോമിയോ ഡിസ്പന്‍സറിയിലുളള ഡോക്ടറെ സമീപിക്കുക. ഹോമിയോ ഡോക്ടര്‍മാര്‍ വൈദ്യശാസ്ത്രരംഗത്ത് വേണ്ടത്ര പരിശീലനം ലഭിക്കാത്ത മുറിവൈദ്യന്മാരാണെന്ന് തികച്ചും അവാസ്തവമായ ആക്ഷേപമാണ്. വൈദ്യശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും വ്യാജന്‍മാരുണ്ട് എന്നത് സമകാലിക കേരളം നേരിടുന്ന വലിയ വിപത്താണ്. ദൗര്‍ഭാഗ്യവശാല്‍ ഹോമിയോപ്പതിയിലും ഇത്തരം മുറിവൈദ്യന്മാര്‍ കടന്നുകൂടിയിട്ടുണ്ട് എന്നത് വാസ്തവം. എന്നാല്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന അംഗീകൃത ഡിസ്പന്‍സറികളിലെ ഹോമിയോ ഡോക്ടര്‍മാരെല്ലാം തുടര്‍ച്ചയായ അഞ്ചര വര്‍ഷക്കാലം അതികഠിനമായ വൈദ്യശാസ്ത്രശിക്ഷണം നേടിയശേഷം ഹോമിയോപ്പതിയില്‍(ബിഎച്ച്എംഎസ്) ഡിഗ്രി നേടിയവരാണ്. പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളുള്‍പ്പെടെ നടത്തുന്ന 180 ല്‍പ്പരം ഹോമിയോ കോളജുകള്‍ ഇന്ത്യയിലുണ്ട്.

വിവരങ്ങള്‍: ജില്ലാ ഗവ. ഹോമിയോ ആശുപത്രി, കോട്ടയം

ഗ്‌ളോക്കോമ

കണ്ണിലെ മര്‍ദം വര്‍ധിക്കുന്നതുമൂലമുണ്ടാകുന്ന രോഗമാണ് ഗ്ലോക്കോമ. ഇതു ക്രമേണ കണ്ണിലെ ഒപ്റ്റിക് ഞരമ്പിനെ തകരാറിലാക്കുന്നു. കാഴ്ചയില്‍ മങ്ങല്‍ അനുഭവപ്പെടുന്നു. ക്രമേണ ഇത് അന്ധതയിലേക്കു നയിക്കുന്നു. കാഴ്ചയുടെ സിഗ്നലുകളെ തലച്ചോറിലേക്ക് അയയ്ക്കുന്നത് ഒപ്റ്റിക് ഞരമ്പു വഴിയാണ്. ഗ്ലോക്കോമ ചികിത്സിക്കാതെ അവഗണിക്കുന്നത് അപകടമാണ്. അതുപോലെതന്നെ അനിയന്ത്രിതമായ ഗ്ലോക്കോമയും.

ലക്ഷണങ്ങള്‍

കാഴ്ചശക്തിയുടെ നിശ്ശബ്ദ കൊലയാളിയെന്നാണ് ഗ്ലോക്കോമ അറിയപ്പെടുന്നത്. സാധാരണയായി വേദന അനുഭവപ്പെടാറില്ല. കാഴ്ചശക്തിയില്‍ കാര്യമായ കുറവുണ്ടാകുമ്പോഴാണ് പലപ്പോഴം അസുഖം തിരിച്ചറിയുന്നത്. എന്നാല്‍ ഗ്ലോക്കോമ തീവ്രമാകുമ്പോള്‍ മറ്റു ചില ലക്ഷണങ്ങള്‍ പ്രകടമാകും.
* കാഴ്്ചയില്‍ മങ്ങള്‍ * ലൈറ്റിനു ചുറ്റും വലയമുളളതായി അനുഭവപ്പെടുക.* തീവ്രമായ കണ്ണുവേദന
* തലചുറ്റല്‍ *  ഛര്‍ദ്ദി * കണ്ണു ചുവക്കുക
ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ നേത്രരോഗവിദഗ്ധന്റെ ഉപദേശം തേടാവുന്നതാണ്. പൂര്‍ണമായ കാഴ്ചക്കുറവിലേക്കു നീങ്ങുന്നതൊഴിവാക്കാന്‍ ഇതുപകരിക്കും.

രോഗനിര്‍ണയം

1. ടോണോമീറ്റര്‍ ഉപയോഗിച്ചുളള പരിശോധന- സാധാരണ നേത്രപരിശോധനകളില്‍ ടോണോമീറ്റര്‍ ഉപയോഗിച്ചാണ് കണ്ണിനുളളിലെ മര്‍ദ്ദം( ശിൃേമ ീരൗഹമൃ ുൃലൗൈൃല കഛജ) പരിശോധിക്കുന്നത്്. ഉയര്‍ന്ന കഛജ സൂചിപ്പിക്കുന്നത് കണ്ണിനുളളിലെ അക്വസ് ഹ്യൂമര്‍ ദ്രവത്തിന്റെ അളവിലുളള തകരാറാണ്. അക്വസ് ദ്രവത്തിന്റെ അളവു ക്രമാതീതമായി വര്‍ധിക്കാനും തീരെ കുറയാനുൂം സാധ്യതയുണ്ട്്്. സാധാരണഗതിയില്‍ 12-22 ാാ/ ഒഴ ആണ് കണ്ണിനുളളിലെ നോര്‍മല്‍ മര്‍ദ്ദം. കഛജ യുടെ അളവ് 22 ല്‍ കൂടുതലാണെങ്കില്‍ ഗ്ലോക്കോമ ലക്ഷണങ്ങള്‍ക്കു സാധ്യത ഏറെയാണ്. ഈ അവസ്ഥയാണ് ഓകുലാല്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്നറിയപ്പെടുന്നത്.
2. സ്കാനിംഗ് ലേസര്‍ പൊളാരിമെട്രി
3. ഒപ്റ്റിക്കല്‍ കൊഹറന്‍സ് ടോമോഗ്രഫി
4. കോണ്‍ഫോക്കല്‍ സ്കാനിംഗ് ലേസര്‍ ഓഫ്താല്‍മനോസ്‌കോപി
5. വിഷ്വല്‍ ഫീല്‍ഡ് ടെസ്റ്റിംഗ്

ചികിത്സ

രോഗത്തിന്റെ തീവ്രതയനുസരിച്ചാണ് ചികിത്സ നിര്‍ണയിക്കുന്നത്. ഐ ഡ്രോപ്‌സ് ഒഴിച്ചും മരുന്നുകള്‍ കഴിച്ചും കണ്ണിലെ മര്‍ദ്ദം കുറയ്ക്കുന്ന ചികിത്സാരീതിയാണ് പ്രാഥമികമായി സ്വീകരിച്ചുവരുന്നത്്. ഗ്ലോക്കോമ വന്നാല്‍ സാധാരണയായി വേദന അനുഭവപ്പെടാറില്ലാത്തതിനാല്‍ രോഗികള്‍ കണ്ണില്‍ മരുന്നൊഴിക്കുന്നതില്‍ വേണ്ടത്ര നിഷ്ഠ പുലര്‍ത്താറില്ല. ഇതൊഴിവാക്കണം. ഇക്കാര്യത്തില്‍ ശ്രദ്ധ കാട്ടിയില്ലെങ്കില്‍ പൂര്‍ണ അന്ധതയാവും ഫലം. മറ്റു ചികിത്സാരീതികള്‍ ചുവടെ.
1. ഗ്ലോക്കോമ സര്‍ജറി
2. ലേസര്‍ ചികിത്സ
3. മരുന്നുകള്‍ ഉപയോഗിച്ചുളള ചികിത്സ

ഇവരില്‍ ഗ്ലോക്കോമയ്ക്കുളള സാധ്യത ഏറെ

1. 60 വയസിനു മുകളിലുളളവരില്‍ ഗ്ലോക്കോമയ്ക്കുളള സാധ്യത ഏറെയാണ്.
2. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയരോഗങ്ങള്‍, ഹൈപ്പോ തൈറോയ്ഡിസം എന്നിവയുളളവരില്‍ ഗ്ലോക്കോമയ്ക്കുളള സാധ്യത വര്‍ധിക്കും.
3. പാരമ്പര്യഘടകങ്ങള്‍
4. റെറ്റിന കണ്ണില്‍ നിന്നു വേര്‍പെടുന്ന അവസ്ഥ, കണ്ണിലുണ്ടാകുന്ന മുഴകള്‍, ഹ്രസ്വദൃഷ്ടി എന്നിവയുളളവരില്‍ ഗ്ലോക്കോമയ്ക്കുളള സാധ്യത വര്‍ധിക്കും.
5. കോര്‍ട്ടിക്കോ സ്റ്റിറോയ്ഡ് ഐ ഡ്രോപ്‌സ് ദീര്‍ഘനാള്‍ ഉപയോഗിക്കുന്നവരില്‍ ഗ്ലോക്കോമയ്ക്കുളള സാധ്യതയുണ്ടെന്നു വിദഗ്ധര്‍.

ശ്രദ്ധിക്കുക

1. ജീവിതശൈലിയില്‍ കാര്യമായ മാറ്റം വരുത്തുക.
രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് ഇതു സഹായിക്കും രക്തസമ്മര്‍ദം കുറയ്ക്കുന്നതു വഴി കണ്ണിലെ മര്‍ദ്ദവും കുറയ്ക്കാം. ശരീരത്തിലെ ഇന്‍സുലിന്റെ അളവു നിയന്ത്രിക്കുക. പഞ്ചസാരയും ധാന്യങ്ങളും ഉപയോഗിക്കുന്നതില്‍ നിയന്ത്രണം പാലിക്കുക. ഇന്‍സുലിന്‍ കൂടുകയാണെങ്കില്‍ സ്വാഭാവികമായും രക്തസമ്മര്‍ദം വര്‍ധിക്കും.
2. വ്യായാമം ശീലമാക്കുക. വ്യായാമം ചെയ്യുന്നതിലൂടെ ഇന്‍സുലിന്റെ അളവു നിയന്ത്രിക്കാം.
3. ഒമേഗ 3 ഫാറ്റായ ഡിഎച്ച്എ അടങ്ങിയ ഭക്ഷണം കഴിക്കുക.
4. പച്ച നിറമുളള ഇലക്കറികള്‍, ചീര, മുട്ടയുടെ മഞ്ഞക്കരു എന്നിവ ആഹാരത്തിലുള്‍പ്പെടുത്തുക
5. വറുത്ത ചിക്കന്‍, എണ്ണയില്‍ പൊരിച്ച പലഹാരങ്ങള്‍ എന്നിവ കഴിക്കുന്നതില്‍ നിയന്ത്രണം പാലിക്കുക.
6. കായികവിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കണ്ണിനു മുറിവുണ്ടാകാതെ ശ്രദ്ധിക്കുക.

പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്

* ഇന്‍സുലിന്‍ കുത്തിവയ്ക്കാനുപയോഗിക്കുന്ന സൂചിയും സിറിഞ്ചും അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തണം.

* ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകളുടെ അളവില്‍ മാറ്റം വരുത്താവൂ.

* പ്രമേഹബാധിതര്‍ ഇടയ്ക്കിടെ രക്തപരിശോധന നടത്തി പഞ്ചസാരയുടെ അളവു നിയന്ത്രണവിധേയമാണെന്ന് ഉറപ്പു വരുത്തണം.

* പ്രമേഹബാധിതരില്‍ ചിലപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴാനിടയുണ്ട്. അതിനാല്‍ യാത്രാവേളയില്‍ ഗ്ലൂക്കോസ് അടങ്ങിയ ബിസ്കറ്റ് കരുതുന്നതു ബോധക്കേട് ഒഴിവാക്കാന്‍ പ്രയോജനപ്പെടും.

* മറ്റു രോഗങ്ങള്‍ക്കു മരുന്നു കഴിക്കുന്ന പ്രമേഹരോഗികള്‍ ചികിത്സിക്കുന്ന ഡോക്ടറോട് പുതുതായി കഴിക്കുന്ന മരുന്നുകളുടെ വിവരം അറിയിക്കണം. ഇത്തരം മരുന്നുകള്‍ പ്രമേഹനിയന്ത്രണത്തെ ബാധിക്കാതിരിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രമേഹത്തിനു കഴിക്കുന്ന മരുന്നുകളുടെ ഡോസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

* പ്രമേഹരോഗികള്‍ മരുന്നു കഴിച്ചതിനു ശേഷമേ രക്തപരിശോധന നടത്താവൂ.

* രാവിലത്തെ ഭക്ഷണത്തിനു മുമ്പും ഭക്ഷണംകഴിഞ്ഞ് രണ്ട് മണിക്കൂറിനു ശേഷവുമുളള രക്തപരിശോധനയാണ് ആവശ്യം.

* ചര്‍മസംരക്ഷണത്തിന് അതീവപ്രാധാന്യം നല്കണം. ഫംഗസ് ബാധ ഒഴിവാക്കുന്നതിന് അതു സഹായകം

* പാദസംരക്ഷണത്തില്‍ പ്രത്യേകശ്രദ്ധ ചെലുത്തണം.

* പ്രമേഹം കാലുകളിലെ ഞരമ്പിനെ ബാധിക്കാനിടയുളളതിനാല്‍ ഇടയ്ക്ക് ഇതു സംബന്ധിച്ച പരിശോധ നയ്ക്കു വിധേയമാകണം.

* മദ്യപാനം ഉപേക്ഷിക്കണം. ബിയര്‍ പോലും ഉപയോഗിക്കരുത്.

* ആഹാരത്തിന്റെ അളവില്‍ നിയന്ത്രണം പാലിക്കണം; കഴിക്കുന്നതില്‍ സമയനിഷ്ഠയും.

* വ്യായാമം എല്ലാ ദിവസവും ഒരേതോതില്‍ ചെയ്യണം. ഹൃദ്രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുളള വ്യായാമമുറകള്‍ സ്വീകരിക്കണം.

* പ്രമേഹം പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല; എന്നാല്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കാനുളള മനസും ജീവിതശൈലിയില്‍ വരുത്താവുന്ന ഗുണപരമായ മാറ്റവും പ്രമേഹം നിയന്ത്രിക്കാന്‍ സഹായകം.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്

ഹോമിയോ + അലോപ്പതി ശരിയോ ?

ഔഷധീയ സ്വഭാവമുളള യാതൊന്നും ഹോമിയോപ്പതി മരുന്നുകള്‍ക്കൊപ്പം കഴിക്കാന്‍ പാടില്ല എന്നതാണ് വാസ്തവം. ധാരാളം രോഗികളില്‍ ദീര്‍ഘനാളത്തെ അലോപ്പതി മരുന്നുകളുടെ ഉപയോഗം ധാരാളം രോഗികളില്‍ ഔഷധാശ്രയത്വം (drug dependency)എന്ന അവസ്ഥയ്ക്ക് ഇടയാക്കുന്നതായും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അലോപ്പതി പോലെ ഇതര വൈദ്യശാസ്ത്ര ശാഖകളിലെ ചികിത്സ വളരെ പെട്ടെന്നു മതിയാക്കി ഹോമിയോ ഔഷധങ്ങള്‍ മാത്രമായി ചികിത്സ തുടരുമ്പോള്‍ പ്രതികൂലഫലങ്ങള്‍ പ്രകടമാകാനുളള സാധ്യത ഏറെയാണ്. പ്രമേഹം, രക്താതിസമ്മര്‍ദം, ആസ്ത് മ, ചുഴലി തുടങ്ങിയ രോഗാവസ്ഥയിലുളളവര്‍ക്ക് അത്തരം അനുഭവം ഉണ്ടായേക്കാം.

അലോപ്പതി മരുന്നുകള്‍ തത്ക്ഷണം പിന്‍വലിക്കുന്നതിനു പകരം അവയുടെ അളവ് സാവകാശം കുറച്ചുകൊണ്ടുവരുന്നതാണ് ഉചിതം. ക്രമേണ ഹോമിയോ ഔഷധങ്ങള്‍ ശരിയായ തോതില്‍ പ്രയോഗക്ഷമമാക്കാം. കാലക്രമേണ രോഗിക്കു ഹോമിയോ മരുന്നുകള്‍ മാത്രം മതിയാകുന്ന അവസ്ഥയിലെത്താനുമാവും.

ഹോമിയോമരുന്നുകളുടെ കാലാവധി

മിക്കപ്പോഴും കവറില്‍ പായ്ക്ക് ചെയ്തുവരുന്ന ഹോമിയോപ്പതി മരുന്നുകളുടെ കാലപരിധി കവറിനു മുകളില്‍ പ്രിന്റ് ചെയ്തിരിക്കും. എന്നാല്‍ കുപ്പികളിലും മറ്റുമായി നല്കുമ്പോള്‍ കാലപരിധി രേഖപ്പെടുത്താനുളള സാധ്യത കുറവാണ്. ഹോമിയോ മരുന്നു കലര്‍ത്തിയ ഗ്ലോബ്യൂളുകളുടെ വെളളനിറം നഷ്ടമാകുമ്പോള്‍ അവ ഉപേക്ഷിക്കുകയാണ് ഉത്തമം. കാലപരിധി കഴിയുമ്പോള്‍ പലപ്പോഴും വെളള മഞ്ഞയായി മാറാറുണ്ട്. ദ്രാവകരൂപത്തിലുളള ഔഷധങ്ങള്‍ക്കു നിറവ്യത്യാസം പ്രകടമാവുകയോ മട്ട്(sediments) അടിഞ്ഞുകൂടുകയോ ചെയ്താല്‍ അത്തരം മരുന്നുകള്‍ ഉപേക്ഷിക്കുകയാണ് ഉചിതം.

പുതുതായി ഔഷധം കലര്‍ത്തിയ ഹോമിയോപ്പതി ഗുളികകള്‍ക്ക് സ്പിരിറ്റിന്റെ ഗന്ധം അനുഭവപ്പെടാമെങ്കിലും ക്രമേണ അതില്ലാതെയാകുന്നതാണു പതിവ്. രോഗികളില്‍ ചിലരെങ്കിലും ഗന്ധരഹിതമാകുന്ന ഗുളികകള്‍ ഫലസിദ്ധി നല്കില്ലെന്നു തെറ്റിദ്ധരിക്കാറുണ്ട്. സ്പിരിറ്റിന്റെ അംശം ബാഷ്പീകരിച്ചു നഷ്ടമായാലും ഔഷധമൂല്യം ഗുളികകളില്‍ നിന്നു നഷ്ടപ്പെടുന്നില്ല. ഉയര്‍ന്ന താപനില, നേരിട്ടുളള സൂര്യപ്രകാശം എന്നിവയില്‍ നിന്ന് അകറ്റി ഉണങ്ങിയതും നേരിയ തണുപ്പുളളതുമായ ഇടങ്ങളിലാണ് ഹോമിയോപ്പതി മരുന്നുകള്‍ സൂക്ഷിക്കേണ്ടത്. രൂക്ഷതയാര്‍ന്ന സുഗന്ധദ്രവ്യങ്ങള്‍,കര്‍പ്പൂരം എന്നിവയുടെ സാമീപ്യവും ഹോമിയോ മരുന്നുകള്‍ക്ക് ദോഷം വരുത്താവുന്നതാണ്.

പുകവലി, മദ്യപാനം, വെറ്റിലമുറുക്ക്അപകടം

പുകവലി, മദ്യപാനം, വെറ്റിലമുറുക്ക് തുടങ്ങിയ ദുശ്ശീലങ്ങള്‍ക്ക് അടിപ്പെടാത്ത രോഗികളില്‍ ഹോമിയോ മരുന്നുകള്‍ പൂര്‍ണഫലസിദ്ധി ഉളവാക്കുന്നുവെന്ന വസ്തുത സ്ഥിരീകരിക്കപ്പെട്ടതാണ്.

വിവരങ്ങള്‍: ജില്ലാ ഗവ. ഹോമിയോ ആശുപത്രി, കോട്ടയം

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്‌

ജീവിതശൈലീ രോഗങ്ങളെ അകറ്റിനിര്‍ത്താം

ഡോ. സിസ്റ്റര്‍ ബെര്‍ത്ത എസ്എബിഎസ്

ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാണ് ഇന്നു മലയാളികള്‍. അച്ചടക്കമില്ലാത്ത ജീവിതശൈലികളും ഭക്ഷണക്രമങ്ങളും മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പലതും പലരുടെയും ആരോഗ്യത്തിന്റെ താളെ തെറ്റിക്കുന്നു. ചിലരുടെ ആയുസിന്റെ നീളം കുറയ്ക്കുന്നു. പ്രമേഹം ഇത്തരത്തില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു ജീവിതശൈലീ രോഗമാണ്.

പ്രമേഹം എന്ന പേടിസ്വപ്നം

പ്രമേഹത്തെക്കുറിച്ച് എത്രമാത്രം പറഞ്ഞാലും പഠിപ്പിച്ചാലും എഴുതിയാലും ഇപ്പോഴത്തെ ആളുകളെ സ്വാധീനിക്കുവാന്‍ അതൊന്നും മതിയാവുന്നില്ല എന്നു തോന്നിപ്പോകുകയാണ്. അടുത്തുനിന്നും വിദൂരത്തുനിന്നും തീരാരോഗങ്ങളുമായി (ഞരമ്പുരോഗം, പാദരോഗം, ഹൃദ്രോഗം, വൃക്കരോഗം, നേത്രരോഗം) പ്രമേഹരോഗികള്‍ ആശുപത്രിയില്‍ എത്തുന്നതുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്. അല്പം ശ്രദ്ധിച്ചാല്‍ എല്ലാവര്‍ക്കും വേദനയും കഷ്ടപ്പാടും ഒഴിവാക്കുകയും പണം മുടക്ക് ഇല്ലാതാക്കുകയും ചെയ്യാനാവും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി (ഭക്ഷണത്തിനു മുമ്പ് 126 എംജിയില്‍ കൂടുതലും ഭക്ഷണത്തിനുശേഷം രണ്ടു മണിക്കൂറില്‍ 200-ല്‍ കൂടുതലും) ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. ചിലരില്‍ ഭക്ഷണത്തിനു മുമ്പ് 100-126 എംജിവരെയും ഭക്ഷണശേഷം 140-200 എംജി വരെയും കാണാം. അവര്‍ പ്രീ-ഡയബറ്റിസ് – പ്രമേഹത്തിന്റെ മുന്നോടിയായുള്ള അവസ്ഥയിലാണ്. ചിലര്‍ക്ക് എഫ്ബിഎസ് മാത്രവും മറ്റുചിലര്‍ക്ക് പിപിബിഎസ് മാത്രവുംകൂടിയിരിക്കും.

ഈ കൂട്ടരെല്ലാം തങ്ങള്‍ക്കു പ്രമേഹരോഗം വരാതിരിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് തീരുമാനങ്ങള്‍ എടുക്കുക. അതിനു ശരീരത്തിന്റെ തൂക്കം ക്രമമായ അളവിലായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1. ശരീരത്തിന്റെ തൂക്കം, പൊക്കം, ഉദരഭാഗത്തിന്റെ ചുറ്റളവ് ഇവ അളക്കുക. ഉത്തമമായ തൂക്കം പുരുഷന്മാര്‍ക്ക് തങ്ങളുടെ ഉയരത്തില്‍ (സെന്റിമീറ്റര്‍) നിന്ന് 100 കുറയ്ക്കുമ്പോള്‍ കിട്ടുന്ന സംഖ്യയാണ്. സ്ത്രീകള്‍ക്ക് ഇങ്ങനെ കിട്ടുന്ന സംഖ്യയില്‍ നിന്നു 10 ശതമാനം കൂടി കുറച്ചാല്‍ കിട്ടുന്ന സംഖ്യയാണ് ഉത്തമമായ തൂക്കം.

2. ബോഡി മാസ് ഇന്‍ഡെക്‌സ്- തൂക്കത്തെ (കിലോഗ്രാം) ഉയര(മീറ്റര്‍) ത്തിന്റെ വര്‍ഗം കൊണ്ടു ഹരിക്കുന്നോള്‍ കിട്ടുന്ന സംഖ്യയാണ്. 20 മുതല്‍ 24 വരെയാണ് ഉത്തമമായ സംഖ്യ,

3. ഉദരഭാഗം ചുറ്റളവ്: പുരുഷന്മാര്‍ക്ക് 90 സെന്റിമീറ്ററിലും സ്ത്രീകള്‍ക്ക് 80 സെന്റിമീറ്ററിലും താഴെയായിരിക്കുന്നതാണ് ഉത്തമം.

ശരിയായ രീതിയില്‍ ഭാരമുള്ളവര്‍ക്ക് ഒരു കിലോഗ്രാം തൂക്കത്തിന് 30 കലോറി വച്ചും അമിതഭാരമുള്ളവര്‍ക്ക് 20 കലോറിവച്ചും തൂക്കം കുറഞ്ഞവര്‍ക്ക് 40 കലോറിവച്ചും ഊര്‍ജം ദിവസേന ആവശ്യമാണ്. പ്രമേഹ സാധ്യതയുള്ളവര്‍ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ഭക്ഷണവും വ്യായാമവും അധ്വാനവും ക്രമീകരിച്ചുകൊണ്ട് 4-6 ആഴ്ചകള്‍ നന്നായി പരിശ്രമിക്കുക. അതിനുശേഷം പ്രമേഹത്തെക്കുറിച്ച് അറിയാവുന്ന ഡോക്ടറെ കാണുക. വേറെ പല രോഗങ്ങള്‍ക്കും സാധ്യതയുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് നിയന്ത്രിക്കുക. ജീവിതശൈലിയില്‍ വ്യത്യാസം വരുത്തല്‍ പ്രമേഹരോഗികള്‍ക്കും പ്രീ-ഡയബറ്റിസിനും പാരമ്പര്യമായി കുടുംബത്തില്‍ പ്രമേഹമുള്ളവര്‍ക്കും അത്യാവശ്യംതന്നെ.

പുകവലി, പൊടിവലി എന്നിവ രക്തമൊഴുക്കിന്റെ തകരാറിലേക്കും മദ്യപാനം പഞ്ചസാരയുടെ നിയന്ത്രണത്തകരാറിലേക്കും കരളിന്റെ തകരാറിലേക്കും ഞരമ്പു രോഗത്തിലേക്കും നയിക്കുന്നതിനാല്‍ അവ ഉപേക്ഷിക്കണം.

പ്രമേഹം നാലുതരം

സാധാരണയായി പ്രമേഹം നാലുതരത്തില്‍ കാണപ്പെടുന്നു.

ടൈപ്പ്-1: കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഇതു കൂടുതലായി കാണപ്പെടുന്നത്. ഇതില്‍ പാരമ്പര്യത്തിന് കാര്യമായ പങ്കില്ല. പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങള്‍ കേടുവന്നു നശിച്ചുപോയതുകൊണ്ട് ഇന്‍സുലിന്‍ ഉത്പാദനം നിലച്ചുപോകുന്നതിനാല്‍ ഇന്‍സുലിന്‍ പുറമെനിന്നു കൊടുക്കേണ്ടിവരുന്നു. ചിട്ടയുള്ള ജീവിതശൈലി ആരംഭംമുതലേ പാലിക്കണം. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ഇന്‍സുലിന്‍ എടുക്കാന്‍ പഠിക്കുകയും പഞ്ചസാര പരിശോധിച്ച് (ഗ്ലൂക്കോമീറ്റര്‍ വഴിയോ ലാബുവഴിയോ) ഒരു ബുക്കില്‍ ക്രമമായി എഴുതി സൂക്ഷിക്കുകയും ഡോക്ടറെ കാണിച്ച് നിര്‍ദേശങ്ങളോടു സഹകരിക്കുകയും ചെയ്താല്‍ പേടികൂടാതെ ജീവിക്കാം.

അസുഖം ഒരു ഭാരമായി കാണാരുത്. അതിനെ അതിജീവിക്കാന്‍ സാധിക്കുമെന്ന ഉറപ്പും ബോധ്യവും കരുതലും ഉണ്ടാവുകയാണ് ആവശ്യം. 6-7 മണിക്കൂര്‍ ഉറക്കവും ആവശ്യമാണ്. വിവാഹം ആലോചിക്കുമ്പോള്‍ അസുഖമുണ്ടങ്കില്‍ ആ വിവരം അറിയിക്കണം. അസുഖവിവരം കുടുംബാംഗങ്ങള്‍ അറിഞ്ഞാല്‍ അവരും രോഗിയെ ജീവിതശൈലി പരിപാലിച്ചുപോകാന്‍ സഹായിക്കുക. മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കണം.

ടൈപ്പ്-2: ഇവിടെ പാരമ്പര്യം ഒരു നിര്‍ണായകഘടകമാണ്. അതുപോലെ വ്യായാമത്തിന്റെ കുറവും അമിതവണ്ണവും കാരണങ്ങളാണ്. ജീവിതശൈലി മാറ്റി ശരീരത്തിന്റെ തൂക്കം നോര്‍മല്‍ ആക്കണം. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് കൃത്യമായി കഴിക്കണം. ഭക്ഷണത്തിന്റെ സമയവും അളവും പാലിക്കണം.

ടൈപ്പ്-3: കൂടെക്കൂടെ പാന്‍ക്രിയാറ്റിറ്റിസ് (fibro calculous pancreatitic diabetes FCPD) ഉണ്ടാവുക, ആല്‍ക്കഹോള്‍ മൂലം പാന്‍ക്രിയാറ്റിറ്റിസ് പലപ്രാവശ്യം ഉണ്ടാവുക, ആസ്ത്മ, Rheumatic Arthritis, cerebral oedema, ചില കാന്‍സര്‍ ചികിത്സ ഇവയ്ക്കു കൊടുക്കുന്ന സ്റ്റിറോയ്ഡ് മരുന്നുമൂലമുണ്ടാകുന്ന പ്രമേഹം. പാന്‍ക്രിയാസിന്റെ ഓപ്പറേഷന്‍ മൂലവും ഇതുണ്ടാകാം.

ടൈപ്പ്-4: ഗര്‍ഭകാലത്ത് ചിലരില്‍ കാണുന്നു. പ്രസവശേഷം 1-2 മാസത്തിനുള്ളില്‍ പഞ്ചസാര നോര്‍മല്‍ ആയില്ലെങ്കില്‍ അത് ടൈപ്പ്-2 ആണ്. തത്കാലം മാറിയശേഷം വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും വരാം. അവര്‍ ഇടയ്ക്ക് ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നതു നല്ലതാണ്. ആഹാരക്രമം, വ്യായാമം ഇവയില്‍ ശ്രദ്ധിച്ചാല്‍ വീണ്ടും വരാതിരിക്കാം. കുട്ടിയുടേയും അമ്മയുടേയും ആരോഗ്യത്തിനു ഗര്‍ഭിണികളുടെ പ്രമേഹം നന്നായി നിയന്ത്രിക്കേണ്ടതുണ്ട്.

പ്രമേഹത്തിന്റെ ദീര്‍ഘകാല സങ്കീര്‍ണതകള്‍

ഞരമ്പു രോഗം: ഇതു പലതരത്തിലുണ്ട്. സ്പര്‍ശന ശേഷി തിരിച്ചറിയുന്ന സെന്‍സറി ഞരമ്പുകള്‍, ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഓട്ടോണോമിക് ഞരമ്പുകള്‍, ചലനശേഷിയെ നിയന്ത്രിക്കുന്ന മോട്ടോര്‍ ഞരമ്പുകള്‍ ഇവയെയെല്ലാം ഈ രോഗം ബാധിക്കും.

രക്തമൊഴുക്കിലെ തകരാറുകള്‍: പ്രമേഹരോഗികള്‍ക്കും പുകവലിക്കാര്‍ക്കും ബാധിക്കുന്ന രോഗമാണിത്. തലച്ചോറു മുതല്‍ വിരലറ്റം വരെ ഏതു ഭാഗത്തും വരാം. കാലുകളിലെ പള്‍സ് നോക്കി കണ്ടുപിടിക്കാം. Doppler test, Angiography, പരിശോധനകള്‍ നടത്താം. അസഹനീയമായ കാലുവേദനയ്ക്ക് വേദനസംഹാരികള്‍ ശമനം നല്കില്ല. രക്തക്കുഴലുകളുടെ പലഭാഗങ്ങളില്‍ തടസങ്ങള്‍ (obstructionnarrowing) ഉണ്ടാകാം. ഏതെങ്കിലും ഭാഗങ്ങളില്‍ Angioplasty tbm Bypass Surgeryയോ ചെയ്താലും മറ്റുഭാഗങ്ങളിലെ തടസങ്ങള്‍ അവശേഷിക്കുന്നതിനാല്‍ രോഗി അസ്വസ്ഥത കാണിക്കും. കാലിലെ വ്രണങ്ങള്‍ ഉണങ്ങുകയില്ല.

ചെറിയ രക്തക്കുഴലുകളെ പ്രമേഹം ബാധിക്കുന്നതുവഴി നേത്രങ്ങള്‍, വൃക്കകള്‍, ഞരമ്പുകള്‍ ഇവ തകരാറിലാകുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇതു സംഭവിക്കുന്നത്, വളരെ താമസിച്ചാണ് രോഗി ഇതിന്റെ ലക്ഷണങ്ങള്‍ മനസിലാക്കുന്നതും. ചിട്ടയോടെ പ്രമേഹ ചികിത്സ നടത്തിയാലെ ഈ അവയവങ്ങളെ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കൂ.

നേത്രരോഗം: വളരെ ലളിതമായി തുടങ്ങുന്നതു നാം അറിയുകില്ല. എല്ലാവര്‍ഷവും ഒരുപ്രാവശ്യം കണ്ണില്‍ തുള്ളിമരുന്ന് ഒഴിച്ച് കുറച്ചുസമയം കഴിഞ്ഞ് കണ്ണു ഡോക്ടര്‍ പരിശോധിച്ച് പറയും. അതു ചികിത്സിക്കാതിരുന്നാല്‍ തകരാര്‍ കൂടി കാഴ്ച നഷ്ടപ്പെടും. അതുപോലെ പ്രമേഹ രോഗികളില്‍ കാറ്ററാക്ട് (തിമിരം), ഗ്ലൂക്കോമ എന്നീ അസുഖങ്ങളും കൂടുതലായി കണ്ടുവരുന്നു.

ഞരമ്പുരോഗത്തെത്തുടര്‍ന്ന് ജോയിന്റ് തകരാറുകള്‍ സംഭവിക്കാം. ഇതേക്കുറിച്ചൊന്നും രോഗി അറിയാത്തതുകൊണ്ട്, വളരെക്കാലത്തെ ഉയര്‍ന്ന പഞ്ചസാരയുടെ നില സാരമില്ലെന്നുവച്ച് അവസാനം അവയവങ്ങള്‍ സമരം ചെയ്യുമ്പോള്‍ വീല്‍ചെയറില്‍ പ്രകൃതിചികിത്സയ്ക്കായി എത്തുന്ന രോഗികളെ കാണുമ്പോള്‍ പ്രമേഹത്തിന്റെ ആദ്യവര്‍ഷത്തില്‍ ഇവിടെയെത്തിയിരുന്നെങ്കില്‍ എന്നു ചിന്തിക്കാറുണ്ട്. പലയിടങ്ങളിലുള്ള എല്ലാ ചികിത്സയ്ക്കും ശേഷമല്ല പ്രകൃതിചികിത്സ ചെയ്യേണ്ടത്.

കുടുംബാംഗങ്ങള്‍ പ്രമേഹ രോഗിയെ മനസിലാക്കി അവര്‍ക്കുവേണ്ടതായ സഹാചര്യങ്ങള്‍ ഒരുക്കി, നല്ല ഭക്ഷണരീതി പ്രോത്സാഹിപ്പിച്ച്, വ്യായാമങ്ങളും ഒരുമിച്ചു ചെയ്തു മനസിനു സമാധാനവും സന്തോഷവും നല്‍കിയാല്‍ പ്രമേഹജീവിതം ഒരു ഭാരമാവില്ല. മറ്റേവരേയുംപോലെ ജീവിതം ആസ്വദിക്കാം.

Declusive Vascular disease ന് 1988 മുതല്‍ മേഴ്‌സി ഹോസ്പിറ്റലില്‍ നടത്തുന്ന ഒരു ജര്‍മന്‍ ചികിത്സയാണ് Hot (Haematogenous Oxidation Therapy) . ഇതിലൂടെ കൂടുതല്‍ ഓക്‌സിജന്‍ കോശങ്ങള്‍ക്കു കിട്ടുന്നു. ആവശ്യമായ രക്തമൊഴുക്ക് ഉണ്ടാകുന്നു. രോഗികളുടെ വേദന ശമിക്കുന്നു, വ്രണങ്ങള്‍ സാവധാനം കരിയുന്നു. കാലിലെ കറുപ്പു നിറം മാറുന്നു. കൂടുതല്‍ ദൂരം നടക്കാന്‍ അവര്‍ക്കു സാധിക്കുന്നു. വിരലുകളും കാലും മുറിക്കാതെ അനേകം പേരെ ഇതിലൂടെ സൗഖ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്.

(തലയോലപ്പറമ്പ് പൊതി മേഴ്‌സി ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടറും ചീഫ് ഫിസിഷ്യനുമാണു ലേഖിക)

Telephone +91 4829236131, + +91 4829238749

വൃക്കകളെ സംരക്ഷിച്ചാല്‍, അവ നിങ്ങളെ സംരക്ഷിക്കും’

മാര്‍ച്ച് 10- ലോക വൃക്കദിനം

നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളും വിഷാംശമുള്ള ഘടകങ്ങളും ശരീരത്തില്‍നിന്നും പുറന്തള്ളി, നമ്മുടെ ശരീരത്തെ ശുദ്ധവും ആരോഗ്യപ്രദവും ആക്കിത്തീര്‍ക്കുന്ന വളരെ സുപ്രധാനങ്ങളായ അവയവങ്ങളാണ് വൃക്കകള്‍. ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ നീക്കുകയാണ് അവയുടെ പ്രഥമമായ കര്‍ത്തവ്യം, കൂടാതെ, രക്തസമ്മര്‍ദം നിയന്ത്രിക്കുക, ശരീരത്തിലെ ദ്രാവകാംശത്തിന്റെയും ഇലക്‌ട്രോലൈറ്റുകളുടെയും അളവ് നിയന്ത്രിക്കുക എന്നീ നിര്‍ണായകങ്ങളായ ജോലികളും നിര്‍വഹിക്കുന്നതു വൃക്കകളാണ്.

പയര്‍മണികളുടെ ആകൃതിയിലുള്ള രണ്ട് അവയവങ്ങളാണ് വൃക്കകള്‍. വയറിന്റെ പിന്‍വശത്ത്, അല്പം മുകളിലായി, നട്ടെല്ലിന് ഇരുവശങ്ങളിലുമായിട്ടാണ് അവയുടെ സ്ഥാനം. താഴത്തെ വാരിയെല്ലുകള്‍, കേടൊന്നും പറ്റാതെ, അവയെ സംരക്ഷിക്കുന്നു. വയറിന്റെ ഉള്ളില്‍ ആഴത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍, സാധാരണനിലയില്‍, നമുക്കവയെ സ്പര്‍ശിച്ചറിയാന്‍ സാധിക്കില്ല. പ്രായപൂര്‍ത്തിയായവരില്‍, ഒരു വൃക്ക ഏകദേശം 10. സെ.മീ. നീളവും, 6 സെ.മീ. കനവും ഉള്ളതായിരിക്കും. ഓരോ വൃക്കയ്ക്കും ഉദ്ദേശം 150, 170 ഗ്രാം തൂക്കമുണ്ടാകും. വൃക്കകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മൂത്രം, താഴെയുള്ള മൂത്രസഞ്ചിയിലേക്ക് ഒഴുകി, അവിടെ മൂത്രം ഒരു ജലസംഭരണിപോലെ ശേഖരിക്കപ്പെടുന്നു.

വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

*അനാവശ്യ വസ്തുക്കളെ പുറംതള്ളുന്നു.
*അധികമായ ജലാംശം പുറംതള്ളുന്നു.
*ധാതുക്കളേയും രാസഘടകങ്ങളേയും സമീകരിക്കുന്നു.
*രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു.
*ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കുന്നു (എരിത്രോ പോയിട്ടിന്‍ എന്ന ഹോര്‍മോണ്‍ സ്രവിക്കുന്നതുവഴി)
*എല്ലുകളെ ശക്തിമത്താക്കി കാത്തുസൂക്ഷിക്കുന്നു

വൃക്കരോഗത്തിന്റെ സാധാരണ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

*മുഖത്ത് നീര് കാണുക
*വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി
*ഉയര്‍ന്ന രക്തസമ്മര്‍ദം
*രക്തക്കുറവും തളര്‍ച്ചയും
*പുറം വേദന, സാധാരണയുള്ള ശരീരവേദന, ചൊറിച്ചില്‍, കാലില്‍ പേശീവലിവ് എന്നിങ്ങനെയുള്ള കൃത്യമല്ലാത്ത വൈഷമ്യങ്ങള്‍.
*മൂത്രത്തിന്റെ അളവില്‍ കുറവ്, മൂത്ര വിസര്‍ജന സമയത്ത് എരിയുന്നതുപോലെയുള്ള അനുഭവം, കൂടെക്കൂടെയുള്ള മൂത്ര വിസര്‍ജനം, മൂത്രത്തില്‍ ചലത്തിന്റെയോ, രക്തത്തിന്റെയോ സാന്നിധ്യം എന്നിങ്ങനെ മൂത്രവിസര്‍ജന സംബന്ധമായ വൈഷമ്യങ്ങള്‍.

ആരൊക്കെയാണ്, അവരുടെ വൃക്കകള്‍ പരിശോധിപ്പിക്കേണ്ടത്? ആര്‍ക്കൊക്കെയാണ് വൃക്കരോഗമുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുള്ളത്?

ആര്‍ക്കും വൃക്കരോഗം വരാവുന്നതാണ്. പക്ഷേ, താഴെപ്പറയുന്ന അവസ്ഥകളുണ്ടെങ്കില്‍, അതിനുള്ള അപകടസാധ്യത കൂടുതലാണ്.
*പ്രമേഹം
*അമിത രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട്.
*തുടര്‍ച്ചയായ പുകയില ഉപയോഗം, അമിതവണ്ണം
*വാര്‍ധക്യം (60 വയസിനു മുകളില്‍)
*വേദനസംഹാരികളുടെ തുടര്‍ച്ചയായ ഉപയോഗം.
*മൂത്രനാളത്തിന്റെ ജന്മനാലുള്ള തകരാര്‍.

വൃക്കയ്ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിര്‍ണയിക്കുന്നതെങ്ങനെ? സാധാരണയായി എന്തൊക്കെ പരിശോധനകളാണ് നടത്തുക?

*റൂട്ടിന്‍ യൂറിന്‍ അനാലിസിസ് (മൂത്ര പരിശോധന)
*വിവിധ തരത്തിലുള്ള വൃക്കരോഗികളില്‍, മൂത്രത്തില്‍ പ്രോട്ടീനിന്റെ സാന്നിധ്യം (പ്രോട്ടീനൂറിയ).
*മൂത്രത്തില്‍ കാണുന്ന ചലത്തിന്റെ സാന്നിധ്യം, മൂത്രനാളിയിലെ അണുബാധയെ സൂചിപ്പിക്കുന്നു.
*മൂത്രത്തില്‍ പ്രോട്ടീനിന്റെയും ചുവന്ന രക്താണുക്കളുടെയും (ആര്‍ബിസികള്‍) സാന്നിധ്യം, എരിച്ചിലുണ്ടാക്കുന്ന വൃക്കരോഗത്തിന്റെ രോഗ നിര്‍ണയ സൂചനകള്‍ നല്‍കുന്നു.

രക്തപരിശോധനകള്‍ ഏതെല്ലാംവിധം?

ക്രിയാറ്റിനിനും യൂറിയയും, വൃക്കകളുടെ പ്രവര്‍ത്തനം നിര്‍ണയിക്കുവാനുള്ള പ്രധാന സൂചനകളാണ് രക്തത്തിലെ ക്രിയാറ്റിനിന്റേയും യൂറിയയുടേയും അളവുകള്‍.

വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുമ്പോള്‍, രക്തത്തിലെ ക്രിയാറ്റിനിന്റേയും യൂറിയയുടേയും അളവ് വര്‍ിക്കുന്നു. ഉയര്‍ന്ന അളവുകള്‍ വൃക്കകള്‍ക്കുള്ള തകരാര്‍ ചൂണ്ടിക്കാണിക്കുന്നു.

വൃക്കകളുടെ അള്‍ട്രാസൗണ്ട്: വളരെ ലളിതമായതും ഉപയോഗപ്രദമായതും പെട്ടെന്ന് നടത്താവുന്നതും സുരക്ഷിതവുമായ ഒരു പരിശോധനയാണ് അള്‍ട്രാ സൗണ്ട്. വൃക്കകളുടെ വലിപ്പം, മുഴകളുടേയും കല്ലുകളുടേയും അര്‍ബുദത്തിന്റേയും സാന്നിധ്യം തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ഈ പരിശോധന നല്‍കുന്നു. മൂത്രനാളിയില്‍ മൂത്രം ഒഴുകാന്‍ എന്തെങ്കിലും തടസങ്ങളുണ്ടെങ്കില്‍ അതും ഈ പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതാണ്. വൃക്കത്തകരാറിന്റെ പുരോഗമിച്ച ഘട്ടങ്ങളില്‍, രണ്ട് വൃക്കകളുടെയും വലിപ്പം, താരതമ്യേന, കുറഞ്ഞതായി കാണപ്പെടാം.

നിശബ്ദരായ കൊലയാളികളാണു വൃക്കരോഗങ്ങള്‍. വൃക്കകളുടെ പ്രവര്‍ത്തനത്തിന്റെ മുന്നേറ്റം കുറയ്ക്കുന്നതിനും, അത് വൃക്കത്തകരാറിലേക്കു നയിക്കുന്നതിനും, അന്തിമമായി, ജീവന്‍ നിലനിര്‍ത്താന്‍ ഡയാലിസിസിനെയോ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെയോ ആശ്രയിക്കേണ്ട അവസ്ഥ സംജാതമാവുന്നതിനും വൃക്കരോഗങ്ങള്‍ കാരണമാകുന്നു. വികസ്വര രാജ്യങ്ങളിലെ ചികിത്സയുടെ വര്‍ധിച്ച ചെലവും നിര്‍ണായക ചികിത്സയുടെ ലഭ്യതയിലുള്ള കുറവുമൂലം, വൃക്കത്തകരാറുള്ള രോഗികളില്‍ ഭാഗ്യവാന്മാരായ 5, 10 ശതമാനം രോഗികള്‍ക്കു മാത്രമേ ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങിയ നിര്‍ണായക ചികിത്സകള്‍ക്കു വിധേയരാവാന്‍ സാധിക്കുന്നുള്ളു. ബാക്കിയുള്ളവര്‍ നിര്‍ണായക ചികിത്സ ലഭിക്കാത്തതുമൂലം മരണമടയുന്നു. ദീര്‍ഘകാല വൃക്കരോഗം (ക്രോണിക് കിഡ്‌നി ഡിസീസ്) ഇന്നു വളരെ സാധാരണമാണ്. അതിനു പൂര്‍ണമായ രോഗശമനം സാധ്യമല്ല. അതിനാല്‍ രോഗം വരാതെ നോക്കുകയാണ് ഏറ്റവും നല്ല ഉപാധി.

വൃക്കരോഗം തടയുന്നതെങ്ങനെ?

*ആരോഗ്യം സംരക്ഷിക്കുകയും കായികാധ്വാനം ചെയ്യുകയും ചെയ്യുക: ദിനംപ്രതി വ്യായാമം ചെയ്യുന്നതോ ശാരീരികാഭ്യാസം നടത്തുന്നതോ രക്തസമ്മര്‍ദം സാധാരണനിലയില്‍ നിലനിര്‍ത്തുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നതിനു കാരണമാകുന്നു. അത്തരം കായികാധ്വാനങ്ങള്‍, പ്രമേഹത്തിന്റെയും രക്തസമ്മര്‍ദത്തിന്റെയും സാധ്യത ഇല്ലാതാക്കുകയും അതുവഴി ദീര്‍ഘകാല വൃക്കരോഗത്തിന്റെ അപകടസാധ്യത കുറയുകയും ചെയ്യുന്നു.

*സമീകൃതാഹാരം: ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെട്ട, ആരോഗ്യദായകങ്ങളായ ഭക്ഷണം മാത്രം കഴിക്കുക. സംസ്കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍, പഞ്ചസാര, കൊഴുപ്പ്, മാംസാഹാരം എന്നിവ ഭക്ഷണത്തില്‍നിന്നും ഒഴിവാക്കുക. 40 വയസിനു മുകളില്‍ പ്രായമുള്ളവര്‍ ആഹാരത്തിലെ ഉപ്പ് കുറയ്ക്കുന്നത്, ഉയര്‍ന്ന രക്തസമ്മര്‍ദവും മൂത്രസഞ്ചിയിലെ കല്ലും ഉണ്ടാകുന്നതു തടയാന്‍ സഹായിക്കും.
*നിങ്ങളുടെ ശരീരഭാരം ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക.
*പുകവലിയും പുകയില ഉപയോഗവും നിര്‍ത്തുക.
*ധാരാളം വെള്ളം കുടിക്കുക. ആവശ്യത്തിന് വെള്ളം (ഒരു ദിവസം ഉദ്ദേശം മൂന്നു ലിറ്റര്‍) കുടിക്കുന്നത്, മൂത്രത്തെ നേര്‍ത്തതാക്കുവാനും, ശരീരത്തിലെ വിഷാംശഘടകങ്ങളായ എല്ലാ അനാവശ്യ വസ്തുക്കളേയും ശരീരത്തില്‍നിന്നും പുറംതള്ളാനും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നതു തടയാനും ഉപകരിക്കുന്നു.
*വര്‍ഷംതോറുമുള്ള വൃക്കപരിശോധന.

ഡോ. ജയന്ത് തോമസ്

തൃശൂര്‍ അമല മെഡിക്കല്‍ കോളജ് പ്രഫസര്‍, നെഫ്രോളജി ചീഫ്.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നെഫ്രോളജി ചീഫ് ഡോ. തോമസ് മാത്യുവിന്റെ മകനാണ് ഡോ. ജയന്ത്. രാജീവ്ഗാന്ധി ഗോള്‍ഡ് മെഡല്‍ (ബാംഗളൂര്‍) ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് (ന്യൂഡല്‍ഹി) ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് (തൃശൂര്‍) എന്നിവ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ ഡോ. ജയന്ത് ഫെലോഷിപ്പ് ഓഫ് റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍, എഡിന്‍ബര്‍ഗ്, യുകെ (2015) എന്നീ ഉയര്‍ന്ന അംഗീകാരവും നേടിയിട്ടുണ്ട്.

തയാറാക്കിയത്: ജോബ് സ്രായില്‍

പ്രമേഹം, ബിപി, കൊളസ്‌ട്രോള്‍ നിയന്ത്രിതമാക്കുക ഈ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്:

* പാദങ്ങളിലെ നീര്‍വീക്കം.
* കാലിലെ നിറവ്യത്യാസം (ചുവപ്പ്, നീല, കറുപ്പ്).
* നടക്കുമ്പോഴും വിശ്രമിക്കുമ്പോഴും കാലിനു വേദന.
* വ്രണങ്ങള്‍ (അവ എത്ര ചെറുതായാല്‍പോലും).
* കുഴിനഖം.
* നഖത്തിനിടയിലെ പഴുപ്പ്.
* രോമക്കുത്ത് പഴുക്കല്‍.
* കാല്‍വെള്ളയിലെ ആണി, തടിപ്പുകള്‍, വിണ്ടുകീറല്‍.
* വിരലിനിടയിലുള്ള പൂപ്പല്‍ബാധ.

മറക്കരുത്

* പാദങ്ങളില്‍ അള്‍സര്‍ ഉള്ള പ്രമേഹരോഗികളില്‍ ഹൃദ്രോഗബാധ, സ്‌ട്രോക്ക്, അകാലമരണം എന്നിവയുണ്ടാകാനുള്ള സാധ്യത അള്‍സര്‍ ഇല്ലാത്ത പ്രമേഹരോഗികളെക്കാള്‍ വളരെ കൂടുതലാണ്.
* 25 ശതമാനം പ്രമേഹരോഗികളിലും അവരുടെ ജീവിതകാലഘട്ടത്തില്‍ ഒരുതവണയെങ്കിലും പാദങ്ങളില്‍ അള്‍സര്‍ ഉണ്ടാവാറുണ്ട്.
* പ്രമേഹരോഗികളില്‍ രോഗത്തിന്റെ മൂര്‍ധന്യത്തില്‍ കാല്‍ മുറിച്ചുമാറ്റപ്പെടാനുള്ള സാധ്യത പ്രമേഹരോഗബാധിതരല്ലാത്തവരേക്കാള്‍ 25 ഇരട്ടി കൂടുതലാണ്.
* ലോകത്ത് ഇന്നു നടക്കുന്ന കാല്‍ മുറിച്ചുമാറ്റല്‍ ശസ്ത്രക്രിയകളില്‍ 70 ശതമാനവും പ്രമേഹരോഗികളിലാണ്. ഓരോ മുപ്പത് സെക്കന്‍ഡിലും ഒരു പ്രമേഹരോഗിയുടെ കാല്‍ മുറിച്ചുമാറ്റേണ്ടിവരുന്നു.
* ശരിയായ പാദരക്ഷകള്‍ ഉപയോഗിക്കാത്തതുമൂലം വികസിതരാജ്യങ്ങളില്‍ 15 ശതമാനം പ്രമേഹരോഗികളില്‍ വ്രണങ്ങളുണ്ടാകുന്നു. വികസ്വരരാജ്യങ്ങളില്‍ ഇത് 40 ശതമാനമാണ്.

ചികിത്സ

പ്രമേഹം, രക്താതിസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുക എന്നുള്ളതാണ് ആദ്യപടി. പുകവലി, മദ്യപാനം ഇവ പൂര്‍ണമായും നിര്‍ത്തുക. കാലിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ആസ്പിരിന്‍, ക്ലോപിഡോഗ്രല്‍, പെന്റോക്‌സിഫില്ലിന്‍ എന്നീ മരുന്നുകള്‍ സഹായിക്കും.

അള്‍സറില്‍ അണുബാധയുണ്ടെങ്കില്‍ കള്‍ച്ചര്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രം ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുക. പൊവിഡോണ്‍ അയഡിന്‍ വ്രണത്തില്‍ പുരട്ടരുത്. വിപണിയില്‍ ലഭ്യമായ കാല്‍സ്യം ആല്‍ജിനേറ്റ്, ഹൈഡ്രോജെല്‍, പോളിയൂറേത്രേന്‍ ഡ്രസിംഗുകള്‍ നല്ല ഗുണംചെയ്യും.

മുറിവുണക്കത്തിന് സിറ്റോസ്റ്റിറോള്‍, ലൈസീന്‍, ബെക്കാപ്ലെര്‍മിന്‍ജെല്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. ജനറ്റിക് എന്‍ജിനിയറിംഗ് വഴി വികസിപ്പിച്ചെടുത്ത അപ്ലിഗ്രാഫ്റ്റ്, ഡെര്‍മാഗ്രാഫ്റ്റ് എന്നിവ അള്‍സര്‍ ചികിത്സയിലെ നൂതനരീതികളാണ്. ആല്‍ഫാ ലൈപോയിക് ആസിഡ്, ഈവനിംഗ് പ്രിംറോസ് ഓയില്‍ എന്നിവയടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ നല്ലതാണ്.

കിടത്തിച്ചികിത്സ

താഴെപറയുന്ന സാഹചര്യങ്ങളില്‍ രോഗിയെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടതാണ്.
* വ്രണത്തിന് കറുപ്പുനിറം.
* അള്‍സറില്‍നിന്ന് അണുബാധ എല്ലുകളിലേക്കു വ്യാപിച്ചാല്‍.
* അള്‍സര്‍ പാദങ്ങളില്‍നിന്ന് കാലുകളിലേക്കു വ്യാപിച്ചാല്‍.
* അള്‍സറില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്ന തരത്തില്‍ പഴുപ്പ് നിറയുകയാണെങ്കില്‍.
* അനിയന്ത്രിതമായി രക്തത്തിലെ പഞ്ചസാര ഉയര്‍ന്നാല്‍.

ഹോമിയോമരുന്നുകള്‍ കഴിക്കുമ്പോള്‍…

1. ഹോമിയോപ്പതി രോഗത്തെ മാത്രം ചികിത്സിക്കുന്ന ചികിത്സാവിധിയല്ല, മറിച്ച് ഒരു വ്യക്തിയുടെ രോഗപ്രതിരോധശക്തിയുടെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കുകയാണു ചെയ്യുന്നത്.

2. രോഗം എന്നത് ഒരു അവയയവത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല, മറിച്ച് ശരീരത്തിന്റെ രോഗാവസ്ഥ ഒരു അവയവത്തില്‍ കൂടുതലായി പ്രതിഫലിക്കുന്നതു കൊണ്ടാണ് പലപ്പോഴും രോഗങ്ങള്‍ ചില അവയവങ്ങളില്‍ മാത്രമായിക്കാണുന്നത്.

3. ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാ സവിശേഷതകളെയും വൈകല്യങ്ങളെയും കണക്കിലെടുത്താണ് ഹോമിയോപ്പതിയില്‍ മരുന്ന് നിര്‍ണയിക്കുന്നത്. ആയതിനാല്‍ ലക്ഷണങ്ങള്‍ ഭാഗികമായി മാത്രം വെളിപ്പെടുത്തുന്നത് അനുയോജ്യമായ മരുന്ന് തെരഞ്ഞെടുക്കുന്നതിനു തടസമായേക്കാം.

4. അസുഖമുളള വ്യക്തിയുടെ അതതു സമയത്തെ പ്രത്യേകതകള്‍ അനുസരിച്ചാണ് മരുന്നു നിര്‍ണയിക്കുന്നത്. അതേ അസുഖമുളള വേറെ വ്യക്തിക്കോ ആ വ്യക്തിക്കു തന്നെ പിന്നീട് ഇതേ അസുഖം വന്നാലോ പ്രസ്തുത മരുന്ന് ഗുണം ചെയ്യണമെന്നില്ല.

5. രോഗി നേരിട്ടു വന്ന് വിവരങ്ങള്‍ ധരിപ്പിക്കുന്നതാണ് അഭികാമ്യം.

6. ഹോമിയോപ്പതി ഔഷധങ്ങള്‍ സേവിക്കുമ്പോള്‍ ആഹാരക്രമത്തിലും ജീവിതചര്യയിലും നിയന്ത്രണം വേണ്ടതാണ്

7. ആഹാരക്രമം വ്യക്തികള്‍ക്കും അസുഖങ്ങള്‍ക്കും അനുസരിച്ചു വ്യത്യസ്തമായിരിക്കും.

8. ലഹരിപദാര്‍ഥങ്ങള്‍, ഫാസ്റ്റ് ഫുഡ്, മറ്റ് കൃത്രിമ സംസ്കരണ പദാര്‍ഥങ്ങള്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ ഉപേക്ഷിക്കുക.

9. മരുന്ന് ഉപയോഗിച്ച ശേഷം ഉണ്ടാകുന്ന ശാരീരിക മാനസിക വ്യതിയാനങ്ങള്‍ ഡോക്ടറെ ധരിപ്പിക്കുക.

10. ഹോമിയോപ്പതി ചികിത്സ സ്വീകരിക്കുമ്പോള്‍ മറ്റ് നാടന്‍, അലോപ്പതി, ആയുര്‍വേദ ചികിത്സാവിധികള്‍ ഡോക്ടറുടെ അറിവോടെ മാത്രം ഉപയോഗിക്കുക.

11. മരുന്ന് ഉപയോഗിക്കുന്നത് വായ കഴുകി വൃത്തിയാക്കിയതിനുശേഷവും കഴിയുന്നിടത്തോളം വെറും വയറ്റിലുമാ
യിരിക്കണം. ഹോമിയോ ഔഷധങ്ങള്‍ ഉപയോഗിക്കുന്നതിന് അര മണിക്കൂര്‍ മുമ്പും പിമ്പും ശക്തമായ മണമുളള വസ്തുക്കള്‍ ഉപയോഗിക്കരുത്.

12. മരുന്നുകഴിക്കുന്ന വേളയില്‍, 24 മണിക്കൂര്‍ സമയപരിധിക്കുളളില്‍ ആശ്വാസമുണ്ടാകാതിരിക്കുകയോ രോഗാവസ്ഥ മൂര്‍ച്ഛിക്കുകയോ ചെയ്യുകയാണെങ്കില്‍ അടിയന്തരമായി ഏറ്റവുമടുത്തുളള ഹോമിയോപ്പതി ഡിസ്പന്‍സറിയിലെ ഡോക്ടറെ കാണേണ്ടതാണ്.

13. ഹോമിയോ മരുന്നുകള്‍ രൂക്ഷതയാര്‍ന്ന സുഗന്ധദ്രവ്യങ്ങള്‍, കര്‍പ്പൂരം തുടങ്ങിയ പദാര്‍ഥങ്ങളില്‍ നിന്ന് അകറ്റി സൂക്ഷിക്കണം.

14. മരുന്നുകള്‍ തണുപ്പുളളതും വരണ്ടതും സൂര്യപ്രകാശം നേരിട്ടേല്‍ക്കാത്തതുമായ സ്ഥലത്താണു സൂക്ഷിക്കേണ്ടത്.

15. എല്ലാ മരുന്നുകളും കുട്ടികള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഇടങ്ങളില്‍ സൂക്ഷിക്കണം.

16. ഹോമിയോമരുന്നുകള്‍ സംബന്ധിച്ച സംശയങ്ങള്‍ അംഗീകൃത ഹോമിയോപ്പതി ഡോക്ടറോട് ചോദിച്ചു നിവാരണം ചെയ്യാം. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ അതു സഹായകം.

വിവരങ്ങള്‍: ജില്ലാ ഗവ. ഹോമിയോ ആശുപത്രി, കോട്ടയം.

തയാറാക്കിയത്:ടി.ജി.ബൈജുനാഥ്‌

സ്തനാര്‍ബുദം-റിസ്ക് ഘടകങ്ങള്‍

സ്തനാര്‍ബുദ കാരണങ്ങള്‍ ഇതേവരെ പൂര്‍ണമായും വ്യക്തമല്ല. പക്ഷേ, സ്തനാര്‍ബുദ സാധ്യത കൂട്ടുന്ന ചില ഘടകങ്ങളെക്കുറിച്ചു ഗവേഷകര്‍ സൂചന നല്കുന്നുണ്ട്. ഇവയാണ് റിസ്ക് ഘടകങ്ങള്‍
എന്നറിയപ്പെടുന്നത്. നാം അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ ചില റിസ്ക് ഘടകങ്ങളുടെ തീവ്രത കുറയ്ക്കാം (ഉദാ. വ്യായാമമക്കുറവ് മനസുവച്ചാല്‍ പരിഹരിക്കാം). എന്നാല്‍ പ്രായം പോലെയുളള ഘടകങ്ങളുടെ കാര്യം നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ.

റിസ്ക് ഘടകങ്ങളുടെ പട്ടിക ഇന്നും അപൂര്‍ണം.

1. സ്ത്രീ ആയിരിക്കുക എന്നത്. പുരുഷനെ അപേക്ഷിച്ചു സ്ത്രീയുടെ സ്തനാര്‍ബുദസാധ്യത കൂടുതലാണ്.
2. പ്രായമാകുന്ന അവസ്ഥ. പ്രായം കൂടുംതോറും സ്തനാര്‍ബുദസാധ്യതയും കൂടുന്നു. (സ്തനങ്ങളില്‍ തടിപ്പ്, മുഴ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ള 16 ശതമാനം സ്ത്രീകളും 40നും 60 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവയില്‍ മിക്ക കേസുകളിലും ബ്രസ്റ്റ് മുഴകള്‍(തടിപ്പുകള്‍) സ്തനാര്‍ബുദസാധ്യത വര്‍ധിപ്പിക്കുന്നതായി ഗവേഷണങ്ങള്‍.)
3. BRCA1, BRCA2 ജീനുകളില്‍ പാരമ്പര്യമായി സംഭവിച്ച വ്യതിയാനം.
4. ലോബുലാര്‍ കാര്‍സിനോമ ഇന്‍ സിറ്റു (LCIS)
5. നേരത്തേ ഓവേറിയന്‍ കാന്‍സര്‍, സ്തനാര്‍ബുദം, ഡക്റ്റല്‍ കാര്‍സിനോമ ഇന്‍ സിറ്റു ബാധിച്ചവര്‍
6. കുടുംബത്തില്‍ സ്തനാര്‍ബുദം, ഓവേറിയന്‍ കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ എന്നിവയുടെ ചരിത്രമുള്ളവര്‍
7. മാമോഗ്രാം പരിശോധനയില്‍ ഉയര്‍ന്ന ബ്രസ്റ്റ് ഡെന്‍സിറ്റിയുള്ളവര്‍
8. ബയോപ്‌സി പരിശോധനയില്‍ അറ്റിപ്പിക്കല്‍ ഹൈപ്പര്‍പ്ലാസിയ ഉള്ളവര്‍
9. വൈകിയുളള ആര്‍ത്തവവിരാമം. 55 വയസിനുശേഷമുള്ള ആര്‍ത്തവവിരാമം
10. കുട്ടികളില്ലാത്തവര്‍
11. 35 വയസിനുശേഷം ആദ്യകുഞ്ഞിനു ജന്മംനല്കിയവര്‍ (30 വയസിനുശേഷം ആദ്യകുഞ്ഞിനു ജന്മംനല്കിയവര്‍ക്കു സാധ്യത നോര്‍മല്‍ റിസ്കിന്റെ ഇരട്ടിയോളം)
12.ചെറുപ്പത്തില്‍ റേഡിയേഷനു നിരന്തരം വിധേയമാകുന്ന അവസ്ഥ
13. ഉയര്‍ന്ന ബോണ്‍ ഡെന്‍സിറ്റി
14. ആര്‍ത്തവവിരാമത്തിനുശേഷം അമിതഭാരം
15. പോസ്റ്റ് മെനോപോസല്‍ ഹോര്‍മോണ്‍ ഉപയോഗം, ഈസ്ട്രജനും പ്രൊജെസ്റ്റിനുമടങ്ങിയ മെനോപോസല്‍ ഹോര്‍മോണ്‍ ഉപയോഗം
16. നേരത്തേയുളള ആര്‍ത്തവം. 12 വയസിനു മുമ്പുള്ള ആദ്യ ആര്‍ത്തവം
17. മദ്യപാനം, പുകവലി
18. ഗര്‍ഭനിരോധന ഗുളികയുടെ നിരന്തരമോ ഇടവിട്ടുള്ളതോ ആയ ഉപയോഗം
19. വ്യായാമക്കുറവ്
20. മുലയൂട്ടുന്നതില്‍ ചില സ്ത്രീകള്‍ക്കുള്ള വിമുഖത(മുലയൂട്ടാത്ത സ്ത്രീകള്‍)

ഡോ.തോമസ് വര്‍ഗീസ് MS FICS(Oncology)FACS
സീനിയര്‍ കണ്‍സള്‍ട്ടന്റ് & സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, Renai Medicity, കൊച്ചി. & പ്രസിഡന്റ്, കേരള കാന്‍സര്‍ കെയര്‍ സൊസൈറ്റി, ഫോണ്‍: 9447173088

വിഷാദത്തിനു ഗുഡ്‌ബൈ

ബിഎസ്‌സി നഴ്‌സിംഗിനു പഠിക്കുന്ന സമര്‍ഥയായ വിദ്യാര്‍ഥിനി മാതാപിതാക്കള്‍ക്കൊപ്പം എന്നെ കാണാന്‍വന്നു. പിതാവ് വളരെ സങ്കടത്തോടെ എന്നോടു പറഞ്ഞു: സാര്‍, ഇതെന്റെ ഏക മകളാണ്. വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ ഇവളെ നഴ്‌സിംഗ് പഠിക്കാന്‍ കേരളത്തിനു പുറത്തുവിട്ടത്. ഈയിടെ ഞാന്‍ പോയി അവളെ കൂട്ടിക്കൊണ്ടുപോരേണ്ടിവന്നു. കുറേനാളുകളായി അവള്‍ക്ക് ഒന്നിനും ഒരു മൂഡില്ലാത്ത അവസ്ഥയാണ്. എപ്പോഴും ഒരു നിരാശാഭാവം. നഴ്‌സിംഗ് പഠിച്ച് ജോലി വാങ്ങണമെന്ന തീവ്ര ആഗ്രഹത്തോടെ പോയ അവള്‍ ഈയിടെയായി പഠിത്തത്തില്‍ യാതൊരു ശ്രദ്ധയും കാണിക്കുന്നില്ല.

നന്നായി ഒരുങ്ങി നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്തു സന്തോഷവതിയായി നടന്നിരുന്ന അവള്‍ ഇപ്പോള്‍ അതിലൊന്നും യാതൊരു താത്പര്യവും കാണിക്കുന്നില്ല. രാത്രിയില്‍ ഉറങ്ങാതെ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഭക്ഷണം കഴിക്കുന്നതും ഇപ്പോള്‍ വളരെ കുറഞ്ഞ അളവിലാണ്. കോളജിന്റെ പ്രിന്‍സിപ്പല്‍ എന്നെ വിളിച്ചുവരുത്തി ഇവളെ നല്ലൊരു മനഃശാസ്ത്രജ്ഞനെ കാണിച്ചു ചികിത്സിപ്പിച്ചശേഷം കൊണ്ടുവന്നാല്‍ മതിയെന്നു പറഞ്ഞു. ആശുപത്രിയില്‍ പോകാന്‍ അവള്‍ സമ്മതിക്കുന്നില്ല. എന്നെ ഭ്രാന്തിയാക്കാനാണോ എന്നു ചോദിച്ചുകൊണ്ടു ദേഷ്യപ്പെടുകയാണ്. സാറിന്റെ മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സയെക്കുറിച്ചു പറഞ്ഞപ്പോള്‍ അവള്‍ അതിനു സമ്മതിച്ചു. എന്തെങ്കിലും ഹിപ്‌നോട്ടിസം ചെയ്ത് അവളെ പഴയതുപോലെ മിടുക്കിയാക്കിതരണം.

ദുഃഖിതയായ ആ പെണ്‍കുട്ടിയുടെ വിഷാദത്തിന്റെ ആഴവും, പരപ്പും തീവ്രമായ മനഃശാസ്ത്ര വിശകലനത്തിനു വിധേയമാക്കി അവളുടെ മൂഡ് തെറ്റാന്‍ കാരണമായി ഭവിച്ച വൈകാരിക സംഘര്‍ഷങ്ങള്‍ അവള്‍ മനഃശാസ്ത്ര പരിശോധനാ വേളകളില്‍ തുറന്നുപറഞ്ഞു. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ആകസ്മികമായ മരണമാണ് ഈ അവസ്ഥയില്‍ എത്തിച്ചതെന്നും അവള്‍ ഇല്ലാത്തൊരു ജീവിതം തനിക്കെന്തിനാണെന്നു തോന്നിയതുകൊണ്ടാണ് ഒരു പ്രാവശ്യം താന്‍ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചതെന്നും അവള്‍ തുറന്നുപറഞ്ഞു. ഉറ്റ കൂട്ടുകാരിയുടെ മുഖവും ഓര്‍മയും എപ്പോഴും തന്റെ മനസിലേക്കു വരികയാണെന്നും അവളുടെ സൗഹൃദവും സ്‌നേഹവും ഒരിക്കലും മറക്കാന്‍ കഴിയുന്നില്ലെന്നും അവള്‍ ദുഃഖത്തോടെ പറഞ്ഞു.

ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന Deep Relaxation techniques Cognitive behaviour therapy ടെക്‌നിക്കുകള്‍, Computerised biofeed back training, Sleep disorder പരിഹരിക്കാന്‍ സഹായിക്കുന്ന Self hypnosis training, അനാവശ്യ ചിന്തകള്‍ക്കു സഡന്‍ബ്രേക്കിടാന്‍ സഹായിക്കുന്ന തോട്ട് സ്‌റ്റോപ്പ് ടെക്‌നിക്‌സ് തുടങ്ങിയ മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സാ മാര്‍ഗങ്ങളിലൂടെ അവളുടെ വിഷാദാവസ്ഥയെ ഫലപ്രദമായി പരിഹരിക്കാന്‍ സാധിച്ചു. ചികിത്സയോട് നന്നായി സഹകരിച്ച ആ കുട്ടി നഷ്ടപ്പെട്ടുപോയ ഊര്‍ജവും പ്രസരിപ്പും വീണ്ടെടുത്ത് ഇന്നു പ്രതീക്ഷയോടെ പഠനം തുടരുന്നു.

സംഘര്‍ഷ നിര്‍ഭരമായ ആധുനിക സമൂഹത്തിലെ ഏറ്റവും വലിയ ഒരു ആരോഗ്യപ്രശ്‌നമായി വിഷാദം ഇന്നു മാറിക്കൊണ്ടിരിക്കുകയാണ്. മാനസികാരോഗ്യരംഗ common cold എന്നു വിശേഷിപ്പിക്കാവുന്ന വിഷാദത്തിന് ഫലപ്രദമായ ചികിത്സാ മാര്‍ഗങ്ങളുണ്ടെന്നു പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ബാക്ടീരിയയോ, വൈറസോ ബാധിച്ചുണ്ടാകുന്ന ഒരു മെഡിക്കല്‍ രോഗമല്ല വിഷാദം. ജീവിതത്തില്‍ നാം നേരിടുന്ന അനിഷ്ടസംഭവങ്ങളല്ല സത്യത്തില്‍ വിഷാദത്തിനു വഴിയൊരുക്കുന്നത്.

സ്വതവേ വ്യക്തിത്വഘടനയില്‍ വൈകല്യമുള്ള ആളുകള്‍ അനിഷ്ടസംഭവങ്ങള്‍ വരുമ്പോള്‍ നല്‍കുന്ന നിരന്തര നിഷേധവ്യാഖ്യാനങ്ങളാണ് വിഷാദത്തിലേക്ക് അവരെ തള്ളിവിടുന്നതെന്നു നിസംശയം പറയാം. തലച്ചോറിലെ serotonin പോലുള്ള ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ വ്യതിയാനങ്ങള്‍കൊണ്ടാണ് വിഷാദം ഉണ്ടാകുന്നതെന്ന ഒരു ഹിമാലയന്‍ നുണ ശാസ്ത്രത്തിന്റെ പേരില്‍ ഇന്നു പരക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

പെട്ടെന്നു കേള്‍ക്കുമ്പോള്‍ ശാസ്ത്രീയമെന്നു തോന്നാമെങ്കിലും ഇതു വെറുമൊരു തട്ടിപ്പാണെന്ന് അത്യാധുനിക ഗവേഷണ പഠനങ്ങള്‍ ഇന്ന് അവിതര്‍ക്കിതമായി തെളിയിച്ചിട്ടുണ്ട്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ placebo program studies ന്റെ അസോസിയേറ്റ് ഡയറക്ടറായ Dr. Irving Kirsch ന്റെ മുപ്പത്തുവര്‍ഷത്തെ meta analytic ഗവേഷണ പഠനങ്ങള്‍ സെറോട്ടോണിന്‍ തിയറി വെറും തട്ടിപ്പാണെന്ന് ഇന്നു തെളിയിച്ചുകഴിഞ്ഞു.

ഡോ.ജോസഫ് ഐസക്,
(റിട്ട. അസിസ്റ്റന്റ് പ്രഫസര്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജി, മെഡിക്കല്‍ കോളജ്)
കാളിമഠത്തില്‍, അടിച്ചിറ റെയില്‍വേ ക്രോസിനു സമീപം, തെളളകം പി.ഒ.-കോട്ടയം 686 016
ഫോണ്‍ നമ്പര്‍ – 9847054817.

മാമോഗ്രാം പരിശോധനയും ത്രീ ഡി അള്‍ട്രാസൗണ്ട് സ്കാനിംഗും

സ്തനഘടന ചില വസ്തുതകള്‍
കൊഴുപ്പ്(ഫാറ്റ്), സ്തന കോശങ്ങള്‍, നാഡികള്‍, രക്തക്കുഴലുകള്‍, ആര്‍ട്ടറി, കണക്ടീവ് ടിഷ്യൂ… ഇവയെല്ലാം ചേര്‍ന്നതാണ് സ്തനങ്ങള്‍. ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്ന കാലം മുതല്‍ ആര്‍ത്തവവിരാമം വരെയുളള കാലയളവില്‍ സ്തനങ്ങളുടെ രൂപം, ഘടന, ധര്‍മം എന്നിവയില്‍ മാറ്റമുണ്ടാകുന്നു.

സ്തനകലകള്‍ക്കു (breast tissues) സങ്കീര്‍ണമായ ഒരു നെറ്റ് വര്‍ക്കിനോട് സാദൃശ്യമുണ്ട്. പാല്‍ ഉത്പാദിപ്പിക്കുന്ന ലോബ്യൂളുകളും ലോബ്യൂളുകളില്‍ നിന്നു പാല്‍ പുറത്തേക്ക് എത്തിക്കുന്ന നാളികളും ചേര്‍ന്ന ഒരു നെറ്റ് വര്‍ക്ക്. മുന്തിരിക്കുലയോട് സമാനമായ ഘടന. ഇവ ഒന്നായി ലോബ്‌സ് എന്നറിയപ്പെടുന്നു.

പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതോടെ അണ്ഡാശയങ്ങളും പിറ്റിയൂട്ടറി ഗ്രന്ഥിയും(തലച്ചോറിന്റെ ഭാഗം. ശരീരവളര്‍ച്ച, മറ്റ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം എന്നിവ നിയന്ത്രിക്കുന്നു) ഉത്്പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ സ്വാധീനത്താല്‍ സ്തനങ്ങള്‍ക്കു വളര്‍ച്ച പ്രകടമാകുന്നു. ലോബ്യൂളുകളും ഡക്റ്റുകളും വികസിക്കുന്നു.

പ്രായപൂര്‍ത്തിയായ സ്ത്രീയുടെ ഓരോ സ്തനത്തിലും 19 മുതല്‍ 23 വരെ ലോബുകളുണ്ട്. ഓരോ ലോബിലും 20 മുതല്‍ 40 വരെ ലോബ്യൂളുകള്‍ ഉണ്ടായിരിക്കും. ലോബ്യൂളുകളില്‍ നിന്നു പുറത്തേക്ക് ചെറിയ നാളികളും ഉണ്ടായിരിക്കും. ഓരോ നാളി വ്യവസ്ഥയും സ്തനാഗ്രത്തിലേക്ക് സ്വതന്ത്രമായി തുറക്കപ്പെടുന്ന രീതിയിലാണ് ഘടന.

ഉത്തേജനത്തിലൂടെയും മുലയൂട്ടലിലൂടെയും സ്തനങ്ങള്‍ക്കു വികാസം സാധ്യമാക്കുന്നത് സ്തനാഗ്രത്തിലെ മസില്‍ കലകളാണ്. ലോബ്യൂളുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പാല്‍ ചുറ്റുമുളള മസില്‍ കലകളുടെ സഹായത്താലാണ് നാളികളിലെത്തുന്നത്. മുലയൂട്ടുമ്പോള്‍ സ്തനാഗ്രത്തിലെ ചില ഗ്രന്ഥികള്‍ ചില സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതോടെ സ്തനം പൂര്‍ണവികാസം പ്രാപിക്കുമെങ്കിലും ഗര്‍ഭധാരണം വരെ സ്തനകലകള്‍ നിഷ്ക്രിയമായിരിക്കും. പ്രസവത്തോടെ ലോബ്യൂളുകള്‍ വളര്‍ന്ന് പാല്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നു.

ആര്‍ത്തവവിരാമത്തോടെ ലോബ്യൂളുകള്‍ ചുരുങ്ങുന്നു. ആര്‍ത്തവ വിരാമത്തോടെ സ്തനകലകളും ചുരുങ്ങുന്നതിനാല്‍ ബ്രസ്റ്റ് ഡെന്‍സിറ്റി കുറയുന്നു. കൊഴുപ്പ് സ്തനകലകളേക്കാള്‍ കൂടുതലാകുന്നു. സ്തനഘടനയില്‍ സംഭവിക്കുന്ന ഇത്തരം സ്വാഭാവിക മാറ്റം ആര്‍ത്തവവിരാമം വന്ന സ്ത്രീകളിലെ മാമോഗ്രാം പരിശോധന(സ്തനാര്‍ബുദ സാധ്യത മുന്‍കൂട്ടിയറിയുന്നതിനു) ആര്‍ത്തവമുള്ള സ്ത്രീകളിലെ മാമോഗ്രാം പരിശോധനയെക്കാള്‍ എളുപ്പമുള്ളതാക്കുന്നു. ആര്‍ത്തവമുള്ള സ്ത്രീകളില്‍ ത്രീ ഡി അള്‍ട്രാസൗണ്ട് ഉപയോഗിച്ചുള്ള പരിശോധനയാണ് കൂടുതല്‍ ഫലപ്രദം.

ഡോ.തോമസ് വര്‍ഗീസ് MS FICS(Oncology)FACS
സീനിയര്‍ കണ്‍സള്‍ട്ടന്റ് & സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, Renai Medicity, കൊച്ചി. & പ്രസിഡന്റ്, കേരള കാന്‍സര്‍ കെയര്‍ സൊസൈറ്റി, ഫോണ്‍: 9447173088

 

അവസാനം പരിഷ്കരിച്ചത് : 3/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate