Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / തലവേദന ഉണ്ടാകുന്നത്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

തലവേദന ഉണ്ടാകുന്നത്

പേര് തലവേദനയെന്നാണെങ്കിലും തലച്ചോറിന്റെ മിക്ക ഭാഗങ്ങളും വേദനയറിയാത്തവയാണെന്നതാണ് കൌതുകകരമായ കാര്യം. തലച്ചോറുമായി നേരിട്ടു ബന്ധപ്പെടുന്ന നാഡികളാണ് തലവേദനയ്ക്കു കാരണം. ഈ നാഡീതന്തുക്കള്‍ക്കും തലയോട്ടിയിലെ മിക്ക കുഴലുകള്‍ക്കും ഉണ്ടാകുന്ന സമ്മര്‍ദമാണ് തലവേദനയായി അനുഭവപ്പെടാറുള്ളത്. തലയോട്ടിയുടെ പുറത്തുള്ള മാംസപേശികള്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതും തലവേദന ഉണ്ടാക്കിയെന്നുവരാം. കൂടാതെ കണ്ണ്, മൂക്ക്, ചെവി, തൊണ്ട തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന നീര്‍ക്കെട്ടും രോഗാണുബാധയും തലവേദനയ്ക്ക് കാരണമാകാറുണ്ട്. മുഖത്തെ സൈനസ് അറകളില്‍ കഫംനിറഞ്ഞ് നീര്‍വീക്കമുണ്ടാകുന്നതും തലവേദനയുടെ കാരണങ്ങളിലൊന്നാണ്. ശല്യപ്പെടുത്തുന്ന മൈഗ്രേന്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന തലവേദനയുടെ മുഖ്യകാരണങ്ങളിലൊന്നാണ് മൈഗ്രേന്‍. സ്ത്രീകളിലാണ് മൈഗ്രേന്‍ തലവേദന കൂടുതലായി കാണപ്പെടുന്നത്. ആര്‍ത്തവകാലത്ത് മൈഗ്രേന്‍ കൂടുതലായി അനുഭവപ്പെട്ടെന്നുവരാം. എന്നാല്‍ ഗര്‍ഭകാലത്തും, ആര്‍ത്തവവിരാമം എത്തുമ്പോഴും മൈഗ്രേന്‍കാഠിന്യം കുറഞ്ഞുവരികയാണ് ചെയ്യുന്നത്. കുട്ടികളിലും മധ്യവയസ്സ് പിന്നിട്ടവരിലും മൈഗ്രേന്‍ ഉണ്ടാകാനുള്ള സാധ്യത താരതമ്യേന കുറവാണ്. തലയോട്ടിയിലെയും തലച്ചോറിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന ചുരുങ്ങലും വികാസവുമാണ് മൈഗ്രേനു കാരണം. രക്തക്കുഴലുകള്‍ വികസിക്കുമ്പോള്‍ അവ പുറപ്പെടുവിക്കുന്ന രാസപദാര്‍ഥങ്ങള്‍ നാഡീതന്തുക്കളെ ഉത്തേജിപ്പിക്കുമ്പോഴാണ് തലവേദന അനുവഭപ്പെടുന്നത്. മൈഗ്രേന്‍ തലവേദന ഉണ്ടാകുന്നതിനുമുമ്പ് പലപ്പോഴും ചില പ്രാരംഭലക്ഷണങ്ങള്‍ (ഓറ) പ്രത്യക്ഷപ്പെടാറുണ്ട്. കണ്ണില്‍ ഇരുട്ട് നിറയുക, മിന്നല്‍പോലെയും തീപ്പൊരി ചിതറുന്നതുപോലെയോ തോന്നുക തുടങ്ങിയവയൊക്കെ അനുഭവപ്പെട്ടെന്നുവരാം. ഓറ ഉണ്ടായി 20–30 മിനിറ്റിനകം തലവേദന ഉണ്ടാകുന്നു. നെറ്റിയുടെ ഒരുവശത്തുനിന്ന് ആരംഭിക്കുന്ന വേദന ക്രമേണ മറുവശത്തേക്ക് വ്യാപിക്കുന്നു. തല വിങ്ങുന്നതുപോലെ അനുഭവപ്പെടുന്ന വേദന ശബ്ദം കേള്‍ക്കുമ്പോഴും വെളിച്ചം കാണുമ്പോഴും അധികരിക്കാന്‍ ഇടയുണ്ട്. തലവേദനയോടൊപ്പം ഓക്കാനവും ഛര്‍ദിലും ഉണ്ടായെന്നും വരാം. ഛര്‍ദിച്ചുകഴിയുമ്പോള്‍ തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. ടെന്‍ഷന്‍ തലവേദന തലവേദനകളുടെ കൂട്ടത്തില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്നത് ടെന്‍ഷന്‍ തലവേദനയാണ്. മാനസിക പിരിമുറുക്കവും സംഘര്‍ഷങ്ങളുമൊക്കെയാണ് ടെന്‍ഷന്‍ തലവേദനയ്ക്കു കാരണം. ടെന്‍ഷന്‍ തലവേദനയും മൈഗ്രേന്‍പോലെ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. യൌവനകാലം കഴിയുന്നതോടെ മാനസികസമ്മര്‍ദവും ഉല്‍കണ്ഠയുമൊക്കെ ജീവിതത്തില്‍ കരിനിഴല്‍വീഴ്ത്തുന്ന കാലയളവിലാണ് ടെന്‍ഷനുമായി ബന്ധപ്പെട്ട തലവേദന 'തലവേദന'യായി മാറുന്നത്. തലയുടെ ഒരുവശത്തായാണ് മൈഗ്രേന്‍ തലവേദന അനുഭവിക്കുന്നതെങ്കില്‍ ടെന്‍ഷന്‍ തലവേദന തല മുഴുവനായി അനുഭവപ്പെടും. ഒരു ചരടുകൊണ്ട് തലയ്ക്കുചുറ്റുമായി വരിഞ്ഞുമുറുക്കി കെട്ടിയതുപോലെ തോന്നിയെന്നുവരാം. തലയുടെ പിന്‍ഭാഗത്തും കഴുത്തിന്റെ നടുവില്‍ മകള്‍ഭാഗത്തും വേദന ഉണ്ടാകാം. മൈഗ്രേന്‍ തലവേദനപോലെ അസഹ്യമായ വേദന ടെന്‍ഷനെത്തുടര്‍ന്നുണ്ടാകാറില്ല. തന്നെയുമല്ല വെളിച്ചം, ശബ്ദം, ഗന്ധം എന്നിവയോടൊന്നും അസഹിഷ്ണുത ഉണ്ടാകണമെന്നുമില്ല. രാവിലെതന്നെ ടെന്‍ഷന്‍ തലവേദന ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കംപ്യൂട്ടറും ജോലിയുടെ പിരിമുറക്കവും ദൈനംദിനജീവിതത്തിലെ സമ്മര്‍ദങ്ങളുമെല്ലാം ചേര്‍ന്ന് ഉച്ചയോടെയോ വൈകുന്നേരത്തോ ആകും വേദന ഉണ്ടാകുന്നത്. തലവേദന ഉണ്ടായിക്കഴിഞ്ഞാല്‍ സാധാരണയായി ഉപയോഗിക്കുന്ന വേദനസംഹാരികളെല്ലാംതന്നെ വേദന നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. ശരീരത്തിനും, മനസ്സിനും വിശ്രാന്തി നല്‍കി ടെന്‍ഷന്‍ തലവേദനകളെ പ്രതിരോധിക്കുക എന്നതാണ് സുപ്രധാനം. ജീവിതത്തോട് പോസിറ്റീവ് സമീപനം പുലര്‍ത്തുകയും വിപരിതചിന്തകള്‍ ഒഴിവാക്കുകയും വേണം. യോഗ, ധ്യാനം തുടങ്ങിയ ക്രിയകള്‍ പരിശീലിക്കുന്നത് മനഃസ്വസ്ഥത നല്‍കി പിരിമുറുക്കം കുറയ്ക്കാം. പാട്ടു കേള്‍ക്കുക, യാത്ര പോവുക, കൃഷിപ്പണികളില്‍ ഏര്‍പ്പെടുക, കായികവിനോദങ്ങളില പങ്കെടുക്കുക തുടങ്ങിയവയും ടെന്‍ഷന്‍ ഒഴിവാക്കി സ്വസ്ഥജീവിതം പ്രദാനംചെയ്യും. സൈനസൈറ്റിസും തലവേദനയും സൈനസൈറ്റിസിന്റെ പ്രധാന ലക്ഷണമായി തലവേദന ഉണ്ടാകാം. തലയ്ക്ക് ഭാരക്കൂടുതല്‍ തോന്നുക, തലയ്ക്കകത്ത് എന്തോ കുടുങ്ങുന്നതുപോലെ തോന്നുക എന്നിവയും തലവേദനയോടൊപ്പം ഉണ്ടാകാം. സൈനസ് അറകളില്‍നിന്നുള്ള കഫത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോഴാണ് അത് പഴുപ്പായി മാറി തലയ്ക്ക് വിങ്ങലും വേദനയും ഉണ്ടാകുന്നത്. നെറ്റിയില്‍ പുരികങ്ങള്‍ക്കു നടുവിലായി കാണുന്ന ഫ്രോണ്ടല്‍ സൈനസുകളിലും മൂക്കിനിരുവശവുമായി കാണപ്പെടുന്ന മാക്സിലറി സൈനസുകളിലും നീര്‍വീക്കം ഉണ്ടാകുന്നതിനെത്തുടര്‍ന്ന് വേദനയും ഈ ഭാഗങ്ങളില്‍ അമര്‍ത്തുമ്പോള്‍ വിങ്ങലും ഉണ്ടാകാം. കൂടെക്കൂടെ ജലദോഷവും അതോടൊപ്പം തലവേദനയും ഉണ്ടാകുന്നവര്‍ സൈനസൈറ്റിസാണോ കാരണം എന്നു പരിശോധിക്കണം. ഉചിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിക്കുകയാണെങ്കില്‍ സൈനസൈറ്റിസിന്റെ പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാം. ആവികൊള്ളുന്നതും കഫം ഇളകി മൂക്കിലൂടെയും തൊണ്ടിയിലൂടെയും പുറത്തുപോകാന്‍ സഹായിക്കും. സൈനസൈറ്റിസിന്റെ പ്രശ്നമുള്ളവര്‍ തണുത്ത അന്തരീക്ഷവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. ആര്‍ത്തവ തലവേദന ആര്‍ത്തവദിനങ്ങളിലും അതിനുതൊട്ടുമുമ്പുള്ള ദിനങ്ങളിലും മൈഗ്രേന്‍ തലവേദന ഉണ്ടാകുന്ന സ്ത്രീകള്‍ ഏറെയാണ്. ആര്‍ത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സ്ത്രീഹോര്‍മോണായ ഇസ്ട്രൊജന്റെ അളവു കുറയുന്താണ് തലവേദന ഉണ്ടാകാന്‍ കാരണം. ഗര്‍ഭനിരോധ ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ തലവേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ്  ഇവിടെയും തലവേദനയ്ക്ക് കാരണം. ആര്‍ത്തവം ആരംഭിക്കുന്നതിന് രണ്ടോ മൂന്നോ ദിവസം മുമ്പുതന്നെ വേദനസംഹാരിമരുന്നുകള്‍ കഴിക്കുകയാണെങ്കില്‍ ആര്‍ത്തവ തലവേദന ഒഴിവാക്കാന്‍ സാധിക്കും. കൂടാതെ മൈഗ്രേന്‍ തലവേദന ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വേണം. ബ്രെയിന്‍ട്യൂമര്‍മൂലം തലവേദന തലച്ചോറിലുണ്ടാകുന്ന ക്യാന്‍സര്‍ മുഴകളും ക്യാന്‍സറല്ലാത്ത മുഴകളും വിട്ടുമാറാത്ത തലവേദനയ്ക്ക് കാരണമാകും. തുടക്കത്തില്‍ തലയുടെ ഏതെങ്കിലും ഭാഗത്താകും തലവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് മുഴ വളരുന്നതിനെത്തുടര്‍ന്ന് സമ്മര്‍ദം ഏറുന്നതുമൂലം വേദന മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും. തലവേദയോടൊപ്പം ഛര്‍ദിലും ഉണ്ടാകാം. എന്നാല്‍ മൈഗ്രേന്‍ തലവേദനപോലെ ഛര്‍ദിച്ചാല്‍ തലവേദന കുറയുകയില്ല. തലവേദനയോടൊപ്പം കാഴ്ചയുടെ പ്രശ്നങ്ങള്‍, വസ്തുക്കള്‍ രണ്ടായി കാണുക, സംസാരക്കുഴച്ചിലുണ്ടാവുക, കൈകാലുകള്‍ക്ക് തളര്‍ച്ച എന്നിവയൊക്കെ ട്യൂമറിന്റെ ലക്ഷണങ്ങളാണ്. കമിഴ്ന്നുകിടക്കുക, മുട്ടുകുത്തി കുനിഞ്ഞുകിടക്കുക തുടങ്ങിയ രീതികളില്‍ തലവേദനയ്ക്ക് ആശ്വാസം ലഭിച്ചെന്നുവരാം. സിടി സ്കാന്‍ ചെയ്താണ് തലച്ചോറിലെ മുഴകള്‍ കണ്ടെത്തുന്നത്. ശാസ്ത്രക്രിയയിലൂടെ തലച്ചോറിലെ മുഴകള്‍ നീക്കംചെയ്യുന്നതാണ് പ്രധാന ചികിത്സാമാര്‍ഗം. കണ്ണും തലവേദനയും കാഴ്ചയുടെ പ്രശ്നങ്ങളും കണ്ണുരോഗങ്ങളും തലവേദനയ്ക്ക് കാരണമാകാറുണ്ട്. റിഫ്രാക്ടീവ് എറര്‍ എന്നു വിളിക്കുന്ന ദൃഷ്ടി വൈകല്യങ്ങളാണ് പ്രധാനമായും തലവേദ ഉണ്ടാക്കുന്നത്. ഹ്രസ്വദൃഷ്ടി (ഷോര്‍ട്ട് സൈറ്റ്), ദീര്‍ഘദൃഷ്ടി (ലോങ് സൈറ്റ്), ആസ്നി ഗ് മാറ്റിസം തുടങ്ങിയവയാണ് പ്രധാനമായും കണ്ടുവരുന്ന ദൃഷ്ടിവൈകല്യങ്ങള്‍. കൂടാതെ 40 വയസ്സിനുമേല്‍ പ്രായമുള്ളവരില്‍ കൂടുതലായി കണ്ടുവരുന്ന വെള്ളെഴുത്തിന്റെ ഫലമായും തലവേദ ഉണ്ടാകും. കാഴ്ചയുടെ തകരാറുകളെത്തുടര്‍ന്നുള്ള തലവേദന നെറ്റിയിലും പുരികത്തിലും കണ്ണിനുചുറ്റുമായാണ് കാണുന്നത്. തലവേദനയോടൊപ്പം കണ്ണുവേദനയും ഉണ്ടാകും. വായിച്ചും മറ്റും കണ്ണുകള്‍ ക്ഷീണിക്കുന്നതിനെത്തടുര്‍ന്ന് വൈകുന്നേരമാകുമ്പോഴേക്കും തലവേദന കൂടുന്നു. ശരിയായ പവറുള്ള കണ്ണട ഉപയോഗിക്കാതെയിരുന്നാല്‍ തലവേദന ഉണ്ടാകാം. വെള്ളഴുത്തിന്റെ പ്രശ്നങ്ങളുള്ളവര്‍ താനെ ശരിയായിക്കൊള്ളും എന്നുപറഞ്ഞ് ശരിയായ കണ്ണട ഉപയോഗിക്കാതിരുന്നാലും തലവേദന പ്രത്യക്ഷപ്പെടാം. 40 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് കണ്ണില്‍ അമിതമായി മര്‍ദം ഉയര്‍ന്നാലും തലവേദന ഉണ്ടാകാറുണ്ട്. ഗ്ളോക്കോമ എന്നുവിളിക്കുന്ന ഈ അവസ്ഥയില്‍ ശരിയായ ചികിത്സ സ്വീകരിച്ചില്ലെങ്കില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ ഇടയുണ്ട്്. ഗ്ളോക്കോമ ഉണ്ടാകുമ്പോള്‍ തലവേദനയോടൊപ്പം കണ്ണിന് വേദനയും ചുവപ്പും ഛര്‍ദിലുമൊക്കെ ഉണ്ടാകാം. കംപ്യൂട്ടറും തലവേദനയും ദീര്‍ഘനേരം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനെത്തുടര്‍ന്ന് തലവേദന ഉണ്ടാകാം. തലവേദനയോടൊപ്പം കണ്ണിനുചുറ്റും വേദന, കണ്ണുകളില്‍ കരടുപോയതുപോലെയുള്ള അവസ്ഥ, കടുത്ത വേദന എന്നിവ  ഉണ്ടാകും. സാധാരണയായി ഒരുമിനിറ്റില്‍ കണ്ണുകള്‍ 15 പ്രാവശ്യം നാം തുറന്നടയ്ക്കാറുണ്ട്. എന്നാല്‍ കംപ്യൂട്ടറില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണുചിമ്മുന്നതിന്റെ നിരക്ക് കുറവാകും. ഇത് കണ്ണിന്റെ വരള്‍ച്ചയ്ക്കും കണ്ണുവേദനയ്ക്കും തലവേദനയ്ക്കും കാരണമാകും. ഇവ ശ്രദ്ധിക്കുക മോണിറ്ററിന്റെ ഉയരം കണ്ണുകളുടെ നേരെയായി ക്രമീകരിക്കുക.  തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടിവരുമ്പോള്‍ ഇടയില്‍ അഞ്ചുമിനിറ്റ് വിശ്രമം കൊടുക്കുക. കണ്ണടച്ചിരിക്കുകയോ ദൂരേക്ക് അലസമായി നോക്കിയിരിക്കുകയോ ആവാം.  കംപ്യൂട്ടറിനുമുമ്പില്‍ ഇരിക്കുമ്പോള്‍ നടുനിവര്‍ത്തി കഴുത്തുനേരെയാക്കി അല്‍പ്പം മുന്നോട്ടാഞ്ഞ് ഇരിക്കുക.

ആര്യ ഉണ്ണി

കടപ്പാട്

(തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം പ്രൊഫസറാണ് ലേഖകന്‍)

3.06666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top