Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഡിഫ്തീരിയ അഥവാ തൊണ്ട മുള്ള്.
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഡിഫ്തീരിയ അഥവാ തൊണ്ട മുള്ള്.

ഡിഫ്തീരിയ അഥവാ തൊണ്ട മുള്ള്.
മനുഷ്യന്റെ തൊണ്ടയിലേയും മൂക്കിലേയും ശ്ലേഷ്മ ചർമ്മത്തെ ബാധിക്കുന്ന ഒരു രോഗമാണ് ഡിഫ്തീരിയ.വളരെയധികം സാംക്രമിക ശേഷിയുള്ള ഒരു രോഗമാണെങ്കിലും സമയാസമയങ്ങളിലുള്ള പ്രതിരോധ കുത്തിവയ്പ് കൊണ്ട് ഈ രോഗത്തെ തടയാവുന്നതാണ്.
രോഗകാരണം
coryneകൊറൈൻ ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയ ആണ് രോഗകാരണം. ഒരു ഡിഫ്തീരിയ രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തെറിക്കുന്ന ചെറു കണികകളിലൂടെയാണ് ഈ രോഗം പകരുന്നത്.ഈ സ്രവങ്ങൾ പുരണ്ട തൂവാലകൾ, ഗ്ലാസുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെയും ഈ രോഗം പകരാം. ചില രോഗികൾ പുറമേ രോഗലക്ഷണങ്ങൾ ഒന്നും കാണിക്കാറില്ലെങ്കിലും രോഗം പിടിപെട്ട് ആറാഴ്ചക്കാലത്തോളം രോഗം പരത്താനുള്ള ശേഷിയുണ്ടായിരിക്കും.
ഡിഫ്തീരിയ ബാക്ടീരിയ പുറപ്പെടുവിക്കുന്ന വിഷ സമാനമായ ടോക്സിനുകളാണ് ഈ രോഗത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നത്. രക്തത്തിലൂടെ പടർന്ന് ഈ ടോകസിൻ മറ്റു അവയവങ്ങളെയും ബാധിച്ച് ഹൃദയസ്തംഭനം, പക്ഷപാതം, വൃക്കരോഗം എന്നിവയ്ക്കു കാരണമായിത്തീരുന്നു.
അപായ ഘടകങ്ങൾ
1) രോഗ പ്രതിരോധ കുത്തിവയ്പുകൾ സമയാസമയങ്ങളിൽ എടുക്കാത്ത കുട്ടികൾ
2) എയ്ഡ്സ് മുതലായ രോഗ പ്രതിരോധശേഷി കുറയ്ക്കുന്ന രോഗം ബാധിച്ച ആളുകൾ
3) വൃത്തിഹീനവും ആളുകൾ തിങ്ങിപ്പാർക്കുന്നതുമായ ഇടങ്ങളിൽ താമസിക്കുന്നവർ
മുതലായവരിൽ ഈ രോഗം പിടിപെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
രോഗലക്ഷണങ്ങൾ
രോഗാണുബാധ ഉണ്ടായി രണ്ടു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും.
1) പനി, ശരീരവേദന, വിറ
2) തൊണ്ടയിലെ ലിംഫ് ഗ്രന്ഥികളുടെ വീക്കം
3) ഉച്ചത്തിലുള്ള, പരുഷമായ ശബ്ദത്തോട് കൂടിയ ചുമ
4) തൊണ്ടവേദന
5) മൂക്കൊലിപ്പ്
മുതലായവയോടൊപ്പം തന്നെ തൊണ്ടയിൽ കാണുന്ന ചെളി നിറത്തിലുള്ള തുകൽ പോലെയുള്ള പാടയാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണങ്ങൾ.
ശ്വാസതടസ്സം, കാഴ്ചാവ്യതിയാനങ്ങൾ, സംസാരവൈകല്യം, ഹൃദയമിടിപ്പ് വർദ്ധിക്കുക തുടങ്ങിയ ലക്ഷണങ്ങളും ചിലരിൽ കാണാം.
ഇവയില്‍ ഹൃദയത്തെ ബാധിക്കുന്ന ‘മയോകാർഡൈറ്റിസ്’ എന്ന അതിസങ്കീർണ്ണ അവസ്ഥയും ശ്വാസകോശത്തിലെ അണുബാധയും  ശ്വാസതടസ്സവുമാണ്  ദിഫ്തീരിയ ബാധിച്ചുള്ള മരണങ്ങളുടെ പ്രധാന കാരണം.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ വസിക്കുന്ന ആളുകൾക്ക് ത്വക്കിനെ ബാധിച്ചും ഡിഫ്തീരിയ രോഗബാധ ഉണ്ടാവാറുണ്ട്.ഇവരിൽ തൊലിപ്പുറമേയുള്ള വ്രണങ്ങൾ, ചുവന്ന പാടുകൾ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
ചികിത്സ
ഡിഫ്തീരിയ വളരെ മാരകമായ ഒരു രോഗമായതിനാൽ എത്രയും വേഗം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.
1) ഡിഫ്തീരിയ ബാക്ടീരിയ പുറപ്പെടുവിക്കുന്ന ടോക്സിന്റെ ദൂഷ്യഫലങ്ങളെ ചെറുക്കാനുള്ള ആന്റി ടോക്സിൻ ഇഞ്ചക്ഷനാണ് ചികിത്സയുടെ ആദ്യപടി.
2)ബാക്ടീരിയയെ നശിപ്പിക്കാനുള്ള ആന്റിബയോട്ടിക്കുകളും ഇതിനോടൊപ്പം ഉപയോഗിക്കും.
3) ശ്വാസതടസം ഉള്ള രോഗികൾക്ക് intubation, tracheotomy മുതലായവ ആവശ്യമായി വന്നേക്കാം.
4) ഹൃദയസംബന്ധമോ വൃക്കസംബന്ധമോ മറ്റു സങ്കീർണതകളോ ഉളള രോഗികൾക്ക് അതിനു തക്കതായ മറ്റു ചികിത്സകളും ആവശ്യമായെന്നും വരാം.
ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നതിനു മുന്‍പുള്ള കാലഘട്ടത്തിൽ ഡിഫ്തീരിയ മൂലമുള്ള മരണനിരക്ക് അന്‍പതു ശതമാനത്തിലധികം ആയിരുന്നു. എന്നിരുന്നാലും ആധുനിക ചികിത്സ ലഭ്യമായ ഈ കാലയളവിലും പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെയാണ് ഡിഫ്തീരിയയുടെ  മരണനിരക്ക്. അതില്‍ തന്നെ അഞ്ചു വയസ്സില്‍ താഴെയും നാല്‍പ്പതു വയസ്സിനു മുകളിലുമുള്ള രോഗബാധിതരിലെ മരണനിരക്ക് ഇരുപത് ശതമാനമാണ്.
രോഗപ്രതിരോധം
VACCINESസമയാസമയങ്ങളിലുള്ള കുത്തിവയ്പുകളിലൂടെ ഒരു കുഞ്ഞിന് ഈ രോഗം വരാതെ സൂക്ഷിക്കാവുന്നതാണ്.
ഈ രോഗത്തിനെതിരെ പെൻറാവാലന്റ് വാക്സിനുകളാണ് ഇന്ന് നാം ഉപയോഗിക്കുന്നത്.
ഒരു കുഞ്ഞിന്‌
1) ഒന്നര മാസം
2) രണ്ടര മാസം
3) മൂന്നര മാസം
പ്രായമാകുമ്പോൾ ഇന്ന് UIP പ്രകാരം ഈ വാക്സിൻ കൊടുക്കുന്നുണ്ട്. പിന്നീട് ഒന്നര വയസിലും അഞ്ചു വയസിലും കൊടുക്കുന്ന രണ്ടു DPT ബൂസ്റ്റർ ഡോസുകളോട് കൂടി ഇതിനെതിരെയുള്ള കുത്തിവയ്പ് പൂർണമാവുന്നു.
വളരെ അപൂർവ്വമായി ചില കുഞ്ഞുങ്ങൾക്ക് ഈ വാക്സിന് അലർജി ഉണ്ടാവാറുണ്ട്. ഇത് ശരീരത്തിൽ ചെറിയ തടിപ്പുകളായോ മറ്റു ചിലരിൽ വളരെ അപൂർവ്വമായി അപസ്മാരമായോ കാണപ്പെടാറുണ്ടെങ്കിലും പരിഭ്രമിക്കേണ്ടതായി ഒന്നുമില്ല. {ഈ കുത്തിവെപ്പിലെ കൊക്കക്കോര/വില്ലന്‍ചുമ(Pertussis)യുടെ അംശം ആണ് പലപ്പോഴും  പനി, മേലുവേദന, അലര്‍ജി  എന്നിവയ്ക്ക് കാരണമാകാറ്.}
പണ്ട് വാക്സിൻ കണ്ടു പിടിക്കുന്നതിന് മുന്‍പുള്ള കാലത്ത് സമൂഹത്തിലെ 90% – 95% പേർക്കും 15 വയസ്സ് ആകുമ്പോഴേക്കും സ്വാഭാവികമായുണ്ടാകുന്ന രോഗസംക്രമം വഴി പ്രതിരോധ ശക്തി ലഭിക്കുമായിരുന്നു. അതിനാൽ മുതിർന്നവരിൽ ഡിഫ്തീരിയ കണ്ടു വന്നിരുന്നില്ല. എന്നാൽ അതിന് കൊടുക്കേണ്ടി വന്നിരുന്ന വിലയോ !!!?? ലക്ഷക്കണക്കായ കുഞ്ഞുങ്ങൾ ഡിഫ്തീരിയ ബാധിച്ച് ശ്വാസം മുട്ടി മരിച്ചിരുന്നു അക്കാലത്ത്.
ഒരു സമൂഹത്തിലെ 85% ശതമാനത്തോളം പേർ ഡിഫ്തീരിയക്കെതിരായ പ്രതിരോധ കുത്തിവെപ്പുകൾ എടുത്തവരാണെങ്കിൽ, ആ സമൂഹത്തിൽ ഡിഫ്തീരിയ ബാധ ഉണ്ടാകാനുളള സാധ്യത വളരെ കുറവാണ്. അതായത് കുത്തിവെപ്പെടുക്കാത്ത ഒരു ചെറിയ ശതമാനം ആൾക്കാർക്കും സംരക്ഷണം ലഭിക്കുന്നു. ഈ പ്രതിഭാസമാണ് “ഹെർഡ് ഇമ്യൂണിറ്റി” എന്നറിയപ്പെടുന്നത്. കുത്തിവെപ്പെടുത്താലും പ്രതിരോധ ശക്തി ആർജ്ജിക്കാൻ കഴിയാത്ത 5 % പേരുണ്ടാകും. അവർക്കും ഈ പ്രതിഭാസത്താൽ സംരക്ഷണം ലഭിക്കും. എന്നാൽ കൂടുതൽ കൂടുതൽ ആൾക്കാർ കുത്തിവെപ്പിൽ നിന്നും വിട്ടു നിന്നാൽ ഈ സംരക്ഷണം നഷ്ടമാകുന്നു, രോഗം പൊട്ടിപ്പുറപ്പെടുന്നു. 1990-കളിൽ സോവിയറ്റ് യൂനിയനിലും, ഈ വർഷം മലപ്പുറം, കോഴിക്കോട് ജില്ലകളിലും സംഭവിച്ചത് ഇതാണ്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നാമോരോരുത്തരും ജാഗരൂകരായിരിക്കണം.
ആര്യ ഉണ്ണി
കടപ്പാട്
2.66666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top