Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജീവിതശൈലി

കൂടുതല്‍ വിവരങ്ങള്‍

നിങ്ങളുടെ ജീവിതം ഹാപ്പിയാണോ?

ഈ ചോദ്യത്തിന്‌ അതെ എന്ന്‌ ഉത്തരം പറയാന്‍ എത്രപേര്‍ക്ക്‌ കഴിയും. കഴിയുന്നവര്‍ വളരെ ചുരുക്കമായിരിക്കുമെന്ന്‌ ഉറപ്പ്‌. പണവും പദവിയും പ്രശസ്‌തിയുമുള്ളവരും ഇല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്‌. എല്ലാവരും ആഘോഷിക്കാനും അടിച്ചുപൊളിക്കാനും ആഗ്രഹിക്കുന്നവര്‍. പക്ഷേ ആര്‍ക്കും ജീവിതത്തില്‍ സുഖവും സന്തോഷവും സംതൃപ്‌തിയുമില്ല. രോഗങ്ങള്‍, പ്രശ്‌നങ്ങള്‍, ടെന്‍ഷന്‍, തിരക്ക്‌, കുറ്റബോധം, ദുശ്ശീലങ്ങള്‍ അങ്ങിനെ പലതും സന്തോഷം കെടുത്തുന്നു. ഇതിനൊരു മാറ്റം വേണ്ടേ. വേണം. എങ്കില്‍ വഴിയുണ്ട്‌. ജീവിതത്തിന്റെ സ്റ്റൈലൊന്ന്‌ മാറ്റാം. ഒരു ഹെല്‍ത്തി ചെയ്‌ഞ്ച്‌ചെയ്‌ഞ്ച്‌ ആര്‍ക്കാണിഷ്ടമില്ലാത്തത്‌ അല്ലേ. അതേ എല്ലാവരും മാറ്റം ആഗ്രഹിക്കുന്നു. പക്ഷേ ചിലര്‍മാത്രം അത്‌ നടപ്പാക്കുന്നു. യഥാര്‍ത്ഥത്തില്‍ മാറ്റം വെറും ഇഷ്ടം മാത്രമാണോ? ആവശ്യമല്ലേ. The Change We Need എന്നാണ്‌ വൈറ്റ്‌ ഹൗസിലേക്കുള്ള വഴിയില്‍ അമേരിക്കന്‍ ജനതയെ ഇളക്കി മറിച്ചുകൊണ്ട്‌ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ വിളിച്ചുപറഞ്ഞത്‌.Yes you can എന്നുകൂടി അദ്ദേഹം പറഞ്ഞു. അതേ മാറ്റം വെറും ഇഷ്ടം മാത്രമല്ല, ആവശ്യമാണ്‌. പക്ഷേ ഈ മാറ്റം എങ്ങിനെ സാധ്യമാകും? മാറ്റം നമ്മുടെ കൈയിലാണ്‌ എന്നാണുത്തരം. നമ്മള്‍ സ്വയം മാറാത്തിടത്തോളം ആരും നമ്മെ മാറ്റില്ല; ദൈവം പോലും. അപ്പോള്‍ മാറേണ്ടത്‌ നാം തന്നെ. ഇതാ മാറ്റത്തിനുള്ള സമയം എത്തിക്കഴിഞ്ഞു. പുതുവര്‍ഷം. കഴിഞ്ഞകാല ജിവിതത്തെ വിലയിരുത്താനും തിരുത്താനുമുള്ള സമയമാണിത്‌.വെറുതേ എങ്കിലും പണ്ടേ നാം തീരുമാനങ്ങളെടുക്കാറുണ്ട്‌; പുതുവര്‍ഷമെത്തുമ്പോള്‍. ഫെബ്രുവരിയില്‍ പാളം തെറ്റുന്ന തീരുമാനങ്ങള്‍. എന്നാല്‍ ഈ പുതുവര്‍ഷം അങ്ങിനെയായിരിക്കരുതെന്ന്‌ ഇപ്പോഴേ തീരുമാനിക്കാം. 2009 വ്യത്യസ്‌തമായൊരു വര്‍ഷമായിരിക്കട്ടെ. ശരീരത്തിനും മനസ്സിനും ആരോഗ്യവും ആനന്ദവും ആയുസ്സും നല്‍കിയ തീരുമാനങ്ങളെടുക്കുന്ന വര്‍ഷം. പുതിയ പ്രഭാതം ആര്‍ക്കു സ്വന്തംമാറാനുള്ള തീരുമാനം ആര്‍ക്കുമെടുക്കാനാവും; ഏതു പോലീസുകാരനും. എന്നാല്‍ നടപ്പാക്കലാണ്‌ കാര്യം. വായില്‍ കൊള്ളാത്ത തീരുമാനങ്ങളെടുത്ത്‌ വിഴുങ്ങലാണ്‌ പലരുടെയും പതിവ്‌. തുടങ്ങും മുമ്പേ ചീറ്റുന്ന 'വന്‍' തീരുമാനങ്ങള്‍ക്കു പകരം ചെറുതില്‍ നിന്ന്‌ വലുതിലേക്ക്‌ പോകാം. ചിട്ടയോടെ, ആത്മവിശ്വാസത്തോടെ. അതിന്‌ ആദ്യം വേണ്ടത്‌ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള തീരുമാനങ്ങളാണ്‌. ശീലങ്ങളേതുമാകാട്ടെ, എത്രകടുത്തതും. അവ മാറ്റാനാവും. മാറ്റത്തിന്‌ മാനസികമായി തയ്യാറെടുക്കുക. തീരുമാനങ്ങളെ ആയാസമില്ലാതെ കയറാന്‍ കഴിയുന്ന കൊച്ചു പടികളാക്കുക. ഭാരം കുറക്കലോ, വ്യായാമം തുടങ്ങലോ ഏതുമാകട്ടെ. ഓരോഘട്ടത്തിലും മാറ്റം അളന്നു നോക്കുക. മറ്റൊന്ന്‌ വേഗം തുടങ്ങലാണ്‌. പ്രചോദനം കിട്ടിയിട്ട്‌ തുടങ്ങാമെന്ന്‌ കരുതിയിരിക്കരുത്‌. ആദ്യം പ്രവര്‍ത്തിക്കുക. പ്രചോദനം പിറകേ വരും. കാത്തിരിക്കുന്ന ഊര്‍ജ്ജം മതി മാറ്റം നടപ്പാക്കി തുടങ്ങാന്‍. തുടക്കം വലുതാവണമെന്ന വാശിയും വേണ്ട. 10 മിനുട്ട്‌ നടന്ന്‌ തുടങ്ങാം. ക്രമേണ സമയം വര്‍ദ്ദിപ്പിക്കാം. ലക്ഷ്യത്തിന്‌ ഒരാത്മീയ പരിവേഷം കൂടി നല്‍കൂ. പ്രചോദനം നിലനിര്‍ത്താന്‍ അത്‌ സഹായിക്കും. ഇനി തീരുമാനങ്ങളെടുക്കാം. ജീവിതത്തില്‍ ആനന്ദം വിടര്‍ത്തുന്ന, ഉണര്‍വ്‌ നല്‍കുന്ന ആരോഗ്യവും ആയുസ്സും പ്രദാനം ചെയ്യുന്ന 10 തീരുമാനങ്ങളാണ്‌ ചുവടെ.

നല്ലത്‌ പറയാം, ചിന്തിക്കാം

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്‌ കൗതുകം എന്നാണല്ലോ കവി പാടിയത്‌. പക്ഷേ കൊതുകിവിടെ നിരപരാധിയാണ്‌. കാരണം കൊതുകിന്‌ പാല്‍ കുടിച്ച്‌ ജീവിക്കാനാവില്ലല്ലോ. എന്തിനെയും നെഗറ്റീവായി കാണുന്ന മനുഷ്യരാണ്‌ ഇവിടെ പ്രതികള്‍. കുറ്റം പറയലാണ്‌ നമ്മുടെ ശീലം. നല്ലത്‌ പറയല്‍ മലര്‍ന്ന്‌ പറക്കുന്ന കാക്കയെപ്പോലെ ഒരപൂര്‍വ്വ സംഭവമാണ്‌ മലയാളികള്‍ക്കിടയില്‍. ആ ശീലം നമുക്ക്‌ മാറ്റാം. അതുകൊണ്ട്‌ നിരവധിഗുണങ്ങളുണ്ട്‌. ആയുസ്സിനും ആരോഗ്യത്തിനും. ശുഭചിന്ത സന്തോഷം കൊണ്ടുവരും. ആത്മവിശ്വാസം വര്‍ദ്ദിപ്പിക്കും. ആരോഗ്യമുള്ളവനായിരിക്കുക, ശുഭ ജീവിതം നയിക്കുക. അതില്‍പ്പരം ഒരാനന്ദമുണ്ടോ. അപ്പോള്‍ ഉന്മേഷം തോന്നും. ഊര്‍ജ്ജം കൈവരും. അത്‌ മനസ്സിനുള്ളിലേക്ക്‌ അരിച്ച്‌ കയറുന്നത്‌ അനുഭവിച്ചറിയാനാകും. ഭാവി പ്രകാശമാനമാകും. ജീവിച്ചിരിക്കുന്നതില്‍ ഒരാനന്ദമൊക്കെ അപ്പോള്‍ തോന്നിത്തുടങ്ങും. കേട്ടപ്പോള്‍ കൊള്ളാം. പക്ഷേ എങ്ങിനെ? സിംപിള്‍. സ്വയം പറയുക, ഞാന്‍ നല്ലവനാണ്‌, ആരോഗ്യമുള്ളവനാണ്‌. ആഗ്രഹിച്ചത്‌ നടപ്പാക്കാന്‍ കഴിവുള്ളയാളാണ്‌. പ്രശ്‌നങ്ങളെ സമചിത്തതയോടെ നേരിടും. മറികടക്കും. അപ്പോള്‍ കാര്യങ്ങള്‍ നമ്മുടെ വഴിക്ക്‌ വരും. പ്രപഞ്ചം മുഴുവന്‍ നമ്മുടെ സഹായത്തിനെത്തും. ശുഭചിന്തയുടെ ശക്തി അപ്പോള്‍ അനുഭവിച്ചറിയാനാവും, ആ നിമിഷം മുതല്‍. ഇത്തരം സ്വയം ഉറപ്പിക്കലുകളിലൂടെ ഉള്ളിലുള്ള നമ്മെ മാറ്റിമറിക്കാനാവും. മനശ്ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌ നമ്മുടെ ശരീരത്തിന്റെ കടിഞ്ഞാണ്‍ മനസ്സിന്റെ കൈയിലാണെന്നാണ്‌. അഥവാ മനസ്സ്‌ ഒരു സോഫ്‌റ്റ്‌ വെയറാണ്‌. നമ്മുടെ ആവശ്യങ്ങള്‍ക്കൊത്ത്‌ നമുക്ക്‌ തന്നെ പ്രോഗ്രാം ചെയ്യാവുന്ന സോഫ്‌റ്റ്‌ വെയര്‍. അപ്പോള്‍ മനസ്സിനെ കൈയിലെടുത്താല്‍ ശരീരം ആരോഗ്യപൂര്‍ണ്ണമാകും. അതുകൊണ്ട്‌ ഇന്നുമുതല്‍ നല്ലത്‌ പറഞ്ഞു തുടങ്ങാം. നല്ലൊരു നാളേക്കായി. കിട്ടാത്തതിനെക്കുറിച്ച്‌ ദുഖിക്കാതെ കിട്ടിയതിനെക്കുറിച്ച്‌ ആനന്ദിക്കുക. അത്‌ ശരിയായി ഉപയോഗപ്പെടുത്തി ജീവിത വിജയം നേടുക.

ചിട്ടയോടെ ജീവിക്കാം

സമയമാണ്‌ ജീവിതം. അതുകൊണ്ട്‌ സമയം പാഴാക്കിയവന്‍ ജീവിതം പാഴാക്കി. സമയമില്ല എന്ന പരാതിക്കാരാണ്‌ അധികവും. ഒന്നിനും സമയമില്ലാതെ തിരക്കിട്ട്‌ പാഞ്ഞ്‌ നടന്ന്‌ ഒടുവില്‍... എല്ലാവര്‍ക്കുമുള്ളത്‌ ഒരേ സമയമാണ്‌. ദിവസത്തില്‍ 24 മണിക്കൂര്‍.പക്ഷേ ചിലര്‍ മാത്രം സമയത്തെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു. സമയകല സ്വായത്തമാക്കിയവരാണവര്‍. സമയ നഷ്ടത്തിന്റെ കുറ്റബോധം സമയം അപഹരിക്കാതിരിക്കണമെങ്കില്‍ ജീവിതം ചിട്ടപ്പെടുത്തണം. ചിട്ടയുണ്ടെങ്കില്‍ തീരുന്നതാണ്‌ നമ്മുടെ ജീവിതത്തിലെ അധിക പ്രശ്‌നങ്ങളും. അപ്പോള്‍ കാറും കോളുമൊഴിഞ്ഞ കടല്‍ പോലെ ജീവിതം ശാന്തമാകും. പട്ടാളച്ചിട്ടയില്‍ നാലുകള്ളികള്‍ക്കകത്ത്‌ ജീവിതത്തെ വിരസമാക്കണമെന്നല്ല. പക്ഷേ എല്ലാത്തിനുമൊരു ചിട്ടവേണം. അതിന്‌ ലളിതമായ ചില മാര്‍ഗ്ഗങ്ങളുണ്ട്‌. ഉറക്കവും ഉണര്‍ച്ചയും ആദ്യം കൃത്യമാക്കാം. പതിവായി ഒരേ സമയത്ത്‌ ആവശ്യത്തിന്‌ മാത്രം ഉറങ്ങുക. കഴിവതും പുലര്‍ച്ചെ എഴുന്നേല്‍ക്കുക. പ്രഭാതത്തിന്റെ പ്രസരിപ്പും ഊര്‍ജ്ജവും ദിവസം മുഴുവന്‍ അനുഭവിച്ചറിയാനാവും. ഭക്ഷണത്തിനും വ്യായാമത്തിനും നിശ്ചിത സമയം കണ്ടെത്തുക. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളുടെ മുന്‍ഗണനാക്രമം തലേ രാത്രി തന്നെ ഉണ്ടാക്കുക. പ്രാധാന്യത്തിനനുസരിച്ചായിരിക്കണം ഈ ക്രമീകരണം. ആവശ്യമില്ലാത്ത കാര്യത്തിന്‌ സമയം ചെലവഴിക്കുന്നതും ആവശ്യത്തിലധികം സമയം ചെലവഴിക്കുന്നതും ഇതിലൂടെ ഒഴിവാക്കാനാവും. ചെയ്യേണ്ട കാര്യങ്ങള്‍ മാറ്റിവെക്കാതിരിക്കുക. ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല എന്നു കരുതി അപ്പോള്‍ തന്നെ ചെയ്യുക. വിനോദം, ടെലിവിഷന്‍ കാണല്‍, വായന, കുടുംബവുമൊത്ത്‌ ചിലവഴിക്കല്‍ തുടങ്ങി നിങ്ങളുടെ ജീവിതത്തില്‍ അവശ്യമെന്ന്‌ തോന്നുന്ന എല്ലാകര്യങ്ങള്‍ക്കുള്ള സമയം യുക്തിപൂര്‍വ്വം ക്‌ളിപ്‌തപ്പെടുത്തുക. ഓര്‍ക്കുക. ജീവിതച്ചിട്ട ശരീരത്തിലെ പേശി പോലെയാണ്‌. പരിശീലിക്കുന്തോറും ശക്തി കൂടും, ഇല്ലെങ്കില്‍ കുറയും.

തടി കുറയ്‌ക്കാം

ഒരോ മലയാളിയും ഒരു 'ഒന്നൊന്നര' മലയാളിയായി മാറിക്കൊണ്ടിരിക്കുകയാണ്‌. പണ്ട്‌ തടിയായിരുന്നു ആരോഗ്യലക്ഷണം. പ്രമേഹവും അമിത രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളുമൊക്കെ കാറു പോലെ ആഡംബരവും. പക്ഷേ ഇന്ന്‌ തടി രോഗലക്ഷണമാണ്‌. മലയാളിയുടെ തടി കൂടി. ഒപ്പം ജീവിതശൈലീ രോഗങ്ങളും കൂടി. മെയ്യനങ്ങാത്ത ജീവിതവും വയററിയാതെയുള്ള ഭക്ഷണവുമാണ്‌ ഈ 'പുരോഗതിയുടെ' കാരണം.അമിത വണ്ണത്തിന്റെ 5-10 ശതമാനം കുറച്ചാല്‍ തന്നെ ആരോഗ്യത്തില്‍ വന്‍മാറ്റങ്ങളുണ്ടാക്കാമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. അപ്പോള്‍ രോഗദുരിതം കുറയും, ആയുസ്സ്‌ കൂടും. തിന്നുന്നതെല്ലാം നന്നല്ലെന്ന്‌ ആദ്യം മനസ്സിലാക്കുക. ഓരോ ദിവസവും തിന്നുകൂട്ടുന്നത്‌ ഒന്ന്‌ എഴുതി നോക്കൂ. അതിനെ നമുക്ക്‌ ഫുഡ്‌ ഡയറി എന്ന്‌ വിളിക്കാം. എന്നിട്ട്‌ അതില്‍ നിന്ന്‌ അമിത ഭക്ഷണവും ഹീന ഭക്ഷണവും ഒഴിവാക്കുക. ഉയരത്തിനനുസൃതമായ ശരീര ഭാരം(BMI) കണ്ടെത്തുക. കുറക്കേണ്ട ഭാരം മനസ്സിലായിക്കഴിഞ്ഞാല്‍ അതിനായി വിശദമായ പ്‌ളാനുണ്ടാക്കുക.10 കിലോ കുറക്കാനുണ്ടെങ്കില്‍ മാസത്തില്‍ ഒരു കിലോ എന്ന കണക്കില്‍ പടി പടിയായി തടി കുറക്കാം. ഒറ്റയടിക്ക്‌ വലിയ ഭക്ഷണം കഴിക്കുന്നതിനുപകരം പല സമയങ്ങളിലായി കുറച്ചു വീതം കഴിക്കാം. വേഗം തടികുറക്കാം എന്നവകാശപ്പെടുന്ന ഡയറ്റുകളും മരുന്നുകളും ഒഴിവാക്കുക. പകരം പിന്തുടരാന്‍ കഴിയുന്ന ചെറിയ ജീവിതശൈലീ മാറ്റങ്ങള്‍ അനുവര്‍ത്തിക്കുക. ഞാന്‍ പൊണ്ണത്തടിയനാണല്ലോ എന്ന മട്ടിലുള്ള കുറ്റപ്പെടുത്തലും കുറ്റബോധവും ഒഴിവാക്കുക. ഭക്ഷണം പ്രവര്‍ത്തികള്‍ക്കുള്ള ഊര്‍ജ്ജം ലഭിക്കാനാണ്‌. അതുകൊണ്ട്‌ തീറ്റ ഒരിക്കലും വൈകാരികമാക്കരുത്‌. ടെന്‍ഷന്‍ മറികടക്കാനും സന്തോഷം പ്രകടിപ്പിക്കാനും അമിതമായി കഴിക്കരുതെന്ന്‌ സാരം. കൊളസ്‌ട്രോള്‍, പഞ്ചസാര എന്നിവ കുറഞ്ഞ ഡയറ്റ്‌ സ്വീകരിക്കുക.

വ്യായാമം പതിവാക്കാം

ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കിയ ശേഷം ഡോക്ടറുടെ ആവശ്യപ്രകാരമാണ്‌ പലരും മനസ്സില്ലാ മനസ്സോടെ വ്യായാമത്തിനിറങ്ങുന്നത്‌. തടി കൂടി വയറ്‌ ചാടിയിട്ട്‌ വ്യായാമം ചെയ്യാം എന്ന്‌ കരുതിയിരിക്കുന്നവരും ധാരാളം.ഓ എനിക്ക്‌ വ്യായാമത്തിന്റെയൊന്നും ആവശ്യമില്ല എന്ന ആത്മവിശ്വാസത്തില്‍ ആശ്വസിച്ചിരിക്കുന്ന അലസന്മാരും ഏറെ. എന്നാല്‍ നല്ലപ്രായത്തില്‍ വ്യായാമം ചെയ്‌തുതുടങ്ങുന്നതാണ്‌ നല്ലത്‌. ഓടാന്‍ പറ്റുന്ന പ്രായത്തില്‍ ഓടിത്തുടങ്ങിയാല്‍ അനങ്ങാനാവാത്ത പ്രായത്തില്‍ ആഞ്ഞ്‌പിടിച്ച്‌ നടക്കേണ്ടി വരില്ല. കാരണം വ്യായാമം ഒരു പരിചയാണ്‌. രോഗങ്ങള്‍ക്കെതിരെയുള്ള പരിച. രോഗം വന്നിട്ട്‌ ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലത്‌ വരാതെ നോക്കുന്നതല്ലേ. പോക്കറ്റിനും ആയുസ്സിനും അതാണ്‌ നല്ലത്‌. രോഗപ്രതിരോധം മാത്രമല്ല ശാരീരികശേഷിയും ഊര്‍ജ്ജസ്വലതയും ബുദ്ധിശക്തിയുമൊക്ക നിത്യവ്യായാമത്തിലൂടെ വര്‍ദ്ധിക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.അതിന്‌ വേണ്ടത്‌ വ്യായാമം ഒരു ശീലമാക്കുകയാണ്‌. അലസതയാണ്‌ വ്യായാമത്തിന്റെ മുഖ്യ ശത്രു. അത്‌ മറികടന്നാല്‍ വ്യായാമം ഒരു ബാധ്യതയല്ലാതാവും. ചില സൂത്രപ്പണികളിലൂടെ വ്യായാമം ശീലമാക്കാനാവും. കൃത്യമായ ഒരു സമയം നിശ്ചയിക്കുകയാണ്‌ ആദ്യം വേണ്ടത്‌. അത്‌ രാവിലെയോ വൈകുന്നേരമോ ഏതുമാകട്ടെ. ആ സമയം ഓര്‍മിപ്പിക്കാന്‍ മെബൈലിലോ ക്‌ളോക്കിലോ റിമൈന്‍ഡര്‍ വെക്കാം. തുടക്കം ഗംഭീരമാക്കണ്ട. ലളിതമായി, കുറച്ചു നേരം മതി. ആരംഭശൂരത്വം മൂലം തുടക്കത്തിലേ ദീര്‍ഘ നേരം കഠിനമായി വ്യായാമം ചെയ്‌ത്‌ ഒരാഴ്‌ചകൊണ്ട്‌ മതിയാക്കുന്നവരാണ്‌ ഭൂരിഭാഗവും. നടക്കാനാണ്‌ തീരുമാനിക്കുന്നതെങ്കില്‍ ആദ്യം 10-15 മിനുട്ട്‌ മതി. ശരീരവും ദിനചര്യയും വ്യായാമവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞാല്‍ ക്രമേണ സമയം വര്‍ദ്ദിപ്പിക്കാം. മറ്റൊന്ന്‌ വ്യായാമത്തെ ആസ്വദിക്കുകയെന്നതാണ്‌. കഷ്ടപ്പെട്ട്‌ ബോറടിച്ച്‌ നടക്കുന്നതിന്‌ പകരം പ്രഭാതത്തിലെ ശുദ്ധവായു ശ്വസിച്ച്‌ പ്രകൃതി ഭംഗി ആസ്വദിച്ച്‌ ഉല്ലാസത്തോടെ നടക്കാം. വേണമെങ്കില്‍ നടത്തത്തോടൊപ്പം അല്‍പം സംഗീതവും ആസ്വദിക്കാം. പലതരം വ്യായാമങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ ചെയ്യുന്നതും ബോറടി ഒഴിവാക്കും. ആഴ്‌ചയില്‍ അഞ്ച്‌ ദിവസം വ്യായാമം ചെയ്‌തിട്ട്‌ ബാക്കി ദിവസം പൂര്‍ണ്ണവിശ്രമമെടുക്കുന്നത്‌ നല്ലതല്ല. അത്‌ വ്യയാമം ഒരു ശീലമാകുന്നത്‌ തടയും. മടിയും കൂട്ടും. പകരം ആ ദിവസങ്ങളില്‍ വളരെ കുറഞ്ഞ സമയം മാത്രം വ്യയാമം ചെയ്‌താല്‍ മതി.

ടെന്‍ഷന്‍ കുറയ്‌ക്കാം

ടെന്‍ഷനാണിന്ന്‌ രാജ്യത്തിന്റെ ദേശീയ ഭാവം. അല്ല ലോകത്തിന്റെ തന്നെ. പിഞ്ചു കുഞ്ഞിനും പടുവൃദ്ധനുമൊക്ക ടെന്‍ഷനാണ്‌. ടെന്‍ഷനടിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍. കാറ്റടിച്ചാലും മഴപെയ്‌താലും പോലും പലര്‍ക്കും ടെന്‍ഷനാണ്‌. ടെന്‍ഷനില്ലാത്തതില്‍ ടെന്‍ഷനടിച്ചു നടക്കുന്നവരുമുണ്ട്‌. ടെന്‍ഷനകറ്റാന്‍ ടോണിക്കുണ്ടോ എന്നാണ്‌ എല്ലാവരുടെയും അന്വേഷണം. ആധി സ്വല്‍പമൊക്കെ നല്ലതാണ്‌. പക്ഷേ പരിധി വിടുമ്പോഴാണ്‌ പ്രശ്‌നം. പലരും പരിധിക്കുപുറത്താണ്‌ പലപ്പോഴും. ജീവിതത്തിന്റെ രസംകൊല്ലിയാണ്‌ ഈ ടെന്‍ഷന്‍. മാത്രമല്ല രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയും ചെയ്യും. അപ്പോള്‍ അത്‌ മറികടക്കാനുള്ള വഴികളെക്കുറിച്ചാലോചിക്കണം. ടെന്‍ഷന്‍ മനസ്സിന്റെ സൃഷ്ടിയാണ്‌. അതുകൊണ്ട്‌ ടെന്‍ഷനെ മറികടക്കേണ്ടതും മനസ്സുകൊണ്ടാണ്‌. സ്വന്തത്തെക്കുറിച്ച്‌ യാഥാര്‍ത്ഥ്യ ബോധമുണ്ടെങ്കില്‍ തന്നെ ഒരു വിധത്തിലുള്ള ടെന്‍ഷനൊക്കെ ഒഴിഞ്ഞു പോകും. കാരണം അമിത ആത്മവിശ്വാസവും ആത്മവിശ്വാസക്കുറവുമാണ്‌ പലപ്പോഴും ടെന്‍ഷനുണ്ടാക്കുന്നത്‌. കാര്യങ്ങളെ വസ്‌തു നിഷ്ടമായി വിശകലനം ചെയ്യുന്നതും ടെന്‍ഷന്‍ ഇല്ലാതാക്കും. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച്‌ ആകുലപ്പെടുന്നതും ഒഴിവാക്കുക. ടെന്‍ഷനുണ്ടാക്കുന്ന ജീവിത സാഹചര്യങ്ങള്‍ പുനക്രമീകരിച്ച്‌ കാര്യങ്ങള്‍ ചിട്ടയോടെ ചെയ്യുക. മാറ്റിവെക്കുന്നത്‌ ഒഴിവാക്കുക. മറ്റുള്ളവരോട്‌ ക്ഷമിക്കാനും ചിരിക്കാനും ശീലിക്കുക.മനസ്സിനെയും ചിന്തകളെയും നിയന്ത്രിക്കാന്‍ യോഗയും ധ്യാനവും പരിശീലിക്കാം. സംഗീതം ആസ്വദിക്കുന്നതും ജീവിതത്തില്‍ സദാചാരം മുറുകെപ്പിടിക്കുന്നതും ടെന്‍ഷനെ പ്രതിരോധിക്കും. അപ്പോള്‍ വെറുതെ ടെന്‍ഷനടിച്ച്‌ സമയം പാഴാക്കില്ലെന്ന്‌ തീരുമാനിക്കാന്‍ വൈകണ്ട.

ജീവിതം ആസ്വദിക്കാം

സന്തോഷപൂര്‍ണ്ണമായ ജീവിതം കൊതിക്കുന്നവരാണ്‌ എല്ലാവരും. ആരോഗ്യത്തിനും ആയുസ്സിനും അത്‌ ആവശ്യവുമാണ്‌. പക്ഷേ എല്ലാവര്‍ക്കും അത്‌ സാധ്യമാകുന്നില്ല. അതിന്‌ കാരണങ്ങള്‍ പലതാണ്‌. പക്ഷേ പ്രധാനം ജീവിതത്തോടുള്ള സമീപനമാണ്‌. പണമുണ്ടെങ്കില്‍ മാത്രമേ ജീവിതം സന്തോഷപൂര്‍ണ്ണമാകൂ എന്നാണ്‌ പലരും കരുതുന്നത്‌. എന്നാല്‍ അതിലൊരു ശരിയുമില്ല എന്നതാണ്‌ വാസ്‌തവം. സന്തോഷം നല്‍കുന്ന എത്രയോ സംഗതികള്‍ നമ്മുടെ ചുറ്റും നടക്കുന്നു. പക്ഷേ തിരക്കിട്ട്‌ പാഞ്ഞ്‌ നടക്കുന്നതിനിടയില്‍ അവയൊന്നും നാം കാണുന്നില്ല എന്നു മാത്രം. ഇനി മുതല്‍ ജീവിതം ആസ്വദിക്കാന്‍ പോകുകയാണെന്ന്‌ തീരുമാനിക്കൂ. അതിന്‌ ചില വഴികളുണ്ട്‌. ആത്മാഭിമാനമാണ്‌ അതിന്‌ ഒന്നാമതായി വേണ്ടത്‌. ആത്മാഭിമാനമില്ലെങ്കില്‍ എത്ര വലിയ കാര്യം ചെയ്‌താലും നിങ്ങള്‍ക്ക്‌ സന്തോഷമുണ്ടാകില്ല. പ്രശ്‌നങ്ങളെ ടെന്‍ഷനും സമ്മര്‍ദ്ദവുമില്ലാതെ ശുഭപ്രതീക്ഷയോടെ നേരിടുക. കാര്യങ്ങള്‍ നിങ്ങളുടെ വഴിക്ക്‌ വരുന്നത്‌ കാണാം. കഴിഞ്ഞു പോയതിനെക്കുറിച്ചുള്ള ആകുലതയിലും വരാനുള്ളതിനെക്കുറിച്ച ആശങ്കയിലും ജീവിക്കുന്നതിനു പകരം വര്‍ത്തമ ാനത്തില്‍ ജീവിക്കുക.ഈ നിമിഷം എങ്ങിനെ സന്തോഷപൂര്‍ണ്ണമാക്കാം എന്നാണ്‌ ചിന്തിക്കേണ്ടത്‌. ഇനി ജീവിതത്തിന്‌ നാം കൃത്രിമമായ നല്‍കിയ വേഗത അല്‍പമൊന്ന്‌ കുറക്കാം. ഇത്രയൊന്നും വേഗത ജീവിതത്തിനില്ല എന്നതാണ്‌ വാസ്‌തവം. എന്നിട്ട്‌ ചുറ്റുമുള്ള പ്രകൃതിയിലേക്ക്‌, ലോകത്തിലേക്ക്‌ ഒന്നു കണ്ണോടിച്ചു നോക്കൂ. അവിടെയുള്ള കൊച്ചുകൊച്ചു കാര്യങ്ങളെ ആസ്വദിക്കാന്‍ പഠിക്കാം. ഭക്ഷണത്തിലും അല്‍പം ശ്രദ്ധവേണം. ഒരുപാട്‌ ഭക്ഷണം വെറുതെ വാരിവലിച്ച്‌ തിന്നുന്നത്‌ നിറുത്തുക. കുറച്ച്‌ മാത്രം രുചിയറിഞ്ഞ്‌ ആസ്വദിച്ച്‌ കഴിക്കുക.പാട്ട്‌ കേള്‍ക്കാം, പാടാം, പാര്‍ക്കില്‍ അല്‍പം നടക്കാം, നല്ല ഒരു നോവല്‍ വായിക്കാം, കൂട്ടുകാരുമൊത്ത്‌ സമയം ചെലവഴിക്കാം അങ്ങിനെ എത്രയെത്രകാര്യങ്ങള്‍. കഴിയാവുന്ന കാര്യങ്ങളില്‍ മറ്റുള്ളവരെ സഹായിക്കുന്നതും കുടുംബത്തോടൊത്ത്‌ കൂടുതല്‍ സമയം ചെലവഴിക്കുന്നതും സന്തോഷം കൊണ്ടുവരും. ജീവിതം മുന്തിരിച്ചാറു പോലായില്ലെങ്കിലും മിനിമം സന്തോഷം ഉറപ്പ്‌.

ഉണര്‍ന്നിരിക്കാന്‍ ഉറങ്ങാം

ഉണര്‍ന്നിരിക്കാനാണ്‌ നാം ഉറങ്ങുന്നത്‌. അല്ലാതെ ഉറങ്ങാനായി ഉറങ്ങുന്നതല്ല. അത്‌ പക്ഷേ പലര്‍ക്കും അറിയില്ല. അതുകൊണ്ടാണ്‌ ചില 'അതിബുദ്ധിമാന്മാര്‍' ഉറക്കത്തെ സമയം പാഴാക്കലായി കരുതുന്നത്‌. ഉറക്കം നഷ്ടപ്പെട്ടാല്‍ ഉണര്‍വും നഷ്ടപ്പെടും. പക്ഷേ നമ്മില്‍ പലരും സമയം തികയാതെ വരുമ്പോള്‍ ഉറക്കത്തില്‍ നിന്നാണ്‌ കടമെടുക്കുന്നത്‌. നന്നായി ഉറങ്ങിയാല്‍ നന്നായി ജീവിക്കാം. കുംഭകര്‍ണ്ണനെപ്പോലെ ഏതു നേരവും ഉറങ്ങുന്നവരല്ല നന്നായി ഉറങ്ങുന്നവര്‍. ഉറങ്ങേണ്ട നേരത്ത്‌ ഗാഢനിദ്ര കിട്ടുന്നവരാണവര്‍. ഉറക്കം കുറയുന്നതും കൂടുന്നതും ആരോഗ്യത്തിന്‌ നന്നല്ല. സുഖജീവിതത്തിന്‌ സുഖനിദ്രയാണ്‌ ആവശ്യം അതിന്‌ ഉറക്കത്തോടുള്ള ഉറക്കം തൂങ്ങി സമീപനം മാറ്റണം. ഉറക്കത്തിനും ചില തയ്യാറെടുപ്പുകള്‍ നടത്തണം. അപ്പോള്‍ ഉറക്കത്തിന്‌ ചിട്ടയും സമയശീലവുമുണ്ടാകും. കൃത്യസമയത്ത്‌ ഉറങ്ങുകയും ഉണരുകയും വേണം. ഉറക്കം കെടുത്തുന്ന ശീലങ്ങള്‍(പുകവലി, മദ്യപാനം, കോഫി പോലുള്ളവ) നിറുത്തണം. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും തുടര്‍ച്ചയായി ആറുമണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. എന്നാല്‍ കുട്ടികളും പ്രായമായവരും എട്ടുമണിക്കൂര്‍ ഉറങ്ങണം. രാത്രിയില്‍ തന്നെയാണ്‌ ഉറങ്ങേണ്ടത്‌. അതിന്‌ കഴിയാത്തവര്‍ രാത്രി ഉറങ്ങുന്നതില്‍ കൂടുതല്‍ സമയം ഉറങ്ങണം. ഉറക്കം വരുമ്പോള്‍ മാത്രം ഉറങ്ങാന്‍ കിടക്കുക. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങരുത്‌. ഉറങ്ങാന്‍ കിടക്കുന്ന നേരത്ത്‌ മസ്‌തിഷ്‌ക പ്രവര്‍ത്തനങ്ങളെ സജീവമാക്കുന്ന ബുദ്ധിപരമായ പ്രവൃത്തികളിലേര്‍പ്പെടരുത്‌. അത്‌ ഉറക്കം വൈകിക്കും. ഉറക്കമുറി പൂര്‍ണ്ണമായും ഇരുട്ടുള്ളതും സുഖകരമായ കാലാവസ്ഥയുള്ളതുമായിരിക്കണം. ചെറുചൂടുള്ള പാല്‍, എത്തപ്പഴം, ഓട്‌സ്‌, തേന്‍ തുടങ്ങിയവ രാത്രി കഴിക്കുന്നത്‌ നല്ല ഉറക്കം നല്‍കും. വര്‍ഷം മുഴുവന്‍ ഉണര്‍വ്വോടെയിരിക്കാന്‍ അപ്പോള്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ.

പുകവലിക്ക്‌ ഗുഡ്‌ബൈ

വലി നിറുത്താന്‍ പലതവണ ശ്രമിച്ച്‌ പരാജയപ്പെട്ടവരായിരിക്കും അധിക പുകവലിക്കാരും.എന്നുവെച്ച്‌ നിങ്ങള്‍ക്ക്‌ പുകവലി നിറുത്താന്‍ കഴിയില്ല എന്നതിനര്‍ഥമില്ല. കാരണം പൂര്‍ണ്ണമായി നിറുത്തിയ പലരും നേരത്തേ ഇങ്ങിനെ പലതവണ പരാജയപ്പെട്ടവരാണ്‌. പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച്‌ ഇന്ന്‌ ആരോടും പ്രസംഗിക്കേണ്ടതില്ല. ആയുസ്സ്‌ പുകഞ്ഞ്‌ തീരാതിരിക്കാനും രോഗദുരിതത്തില്‍ വേദനയനുഭവിക്കാതിരിക്കാനും പുകവലി നിറുത്തിയേ തീരൂ. പുകയിലയിലെ നിക്കോട്ടിനാണ്‌ ആസക്തിക്ക്‌ കാരണം. അതുകൊണ്ട്‌ നിറുത്തിയാലും കുറച്ചു കാലത്തേക്ക്‌ അത്‌ പ്രലോഭനവുമായി ചുറ്റിപ്പറ്റി നില്‍ക്കും. ആ ഘട്ടത്തെ മറികടന്നാല്‍ പിന്നൊരിക്കലും നിങ്ങള്‍ക്ക്‌ ദു: ഖിക്കേണ്ടി വരില്ല. വലിയുടെ എണ്ണം കുറച്ച്‌ പുകവലി നിറുത്താനാവില്ല. ഒറ്റയടിക്ക്‌ നിറുത്തുന്നതാണ്‌ നല്ലത്‌. നിറുത്താന്‍ നേരത്തേതന്നെ ഒരു ദിവസം നിശ്ചയിക്കുക. മാനസികമായ തയ്യാറെടുപ്പിന്‌ ഇതുപകരിക്കും. നിശ്ചയിച്ച ദിവസം കൈയില്‍ അവശേഷിച്ച മുഴുവന്‍ സിഗററ്റും(ബീഡി) നശിപ്പിച്ചുകളയുക. അത്‌ ലഭ്യത ഇല്ലാതാക്കുമെന്ന്‌ മാത്രമല്ല, പുകവലി ശീലത്തിനുമേല്‍ മാനസികമായ ആധിപത്യവും നല്‍കും. പുകവലിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതനാകേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. പിന്മാറ്റ അസ്വസ്ഥതകള്‍ കുറക്കാനുപയോഗിക്കുന്ന നിക്കോട്ടിനടങ്ങിയ വസ്‌തുക്കളും ഡോക്ടറുടെ ഉപദേശപ്രകാരം നിറുത്തുക. പുകവലിക്കുപയോഗിച്ചിരുന്ന പണം പ്രത്യേകം സൂക്ഷിക്കാം. അത്‌ എത്ര സാമ്പത്തിക നഷ്ടമാണ്‌ പുകവലി വരുത്തിയതെന്ന്‌ മനസ്സിലാക്കാന്‍ ഉപകരിക്കും. ക്ഷമ, കുടുംബത്തിന്റെയും സൂഹൃത്തുക്കളുടെയും സഹകരണം എന്നിവയും പുകവലി നിറുത്താന്‍ ആവശ്യമാണ്‌. അങ്ങിനെ 2009 സ്‌മോക്‌ ഫ്രീ വര്‍ഷമായിരിക്കട്ടെ.

മദ്യപാനം നിര്‍ത്താം

ആദ്യം നമ്മള്‍ ശീലങ്ങളെ രൂപപ്പെടുത്തുന്നു. പിന്നെ ശീലങ്ങള്‍ നമ്മളെയും. ദുശ്ശീലങ്ങളെ കീഴടക്കിയില്ലെങ്കില്‍ അവ നമ്മെ കീഴടക്കുമെന്ന്‌ സാരം. മദ്യപാനമിന്ന്‌ ദുശ്ശീലമല്ല. രോഗമാണ്‌. പക്ഷേ ഇച്ഛാശക്തിയുണ്ടെങ്കില്‍ പിടിച്ചുനിറുത്താനാവും ഈ രോഗത്തെയും. ഓരോ ആണ്ടറുതിയിലും മദ്യപാനികള്‍ ആണയിടാറുണ്ട്‌. ഇനി ഞാന്‍ കുടിക്കില്ല എന്ന്‌. പക്ഷേ കുറുപ്പിന്റെ ഉറപ്പു പോലുള്ള ഈ ആണ്ടറുതി ആണയിടലുകള്‍ പാലിക്കപ്പെടാറില്ല. മദ്യവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന്‌ നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടോ? സമാധാനമില്ലായ്‌മയുടെ ഈ ലഹരി ജീവിതത്തില്‍ നിന്ന്‌ നിങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഇതാണ്‌ പറ്റിയ സമയം. അതിന്‌ മദ്യവിമുക്തി ഒരു ബാലി കേറാമലയായി സങ്കല്‍പിക്കുന്നത്‌ ആദ്യം തന്നെ ഒഴിവാക്കണം. ശരീരത്തിനും മനസ്സിനും കുടുംബ സാമൂഹ്യ ബന്ധങ്ങള്‍ക്കും മനസ്സമാധാനത്തിനും മദ്യം ഏല്‍പ്പിച്ച പരിക്കുകളെക്കുറിച്ചുള്ള സ്വയം ബോധ്യമായിരിക്കണം കുടിനിറുത്താനുള്ള പ്രേരണ. തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ അതിനോട്‌ പരമാവധി പ്രതിബദ്ധത കാണിക്കുക. തീരുമാനം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കുക, അവരുടെ സഹകരണം തേടുക. മദ്യപാനം നിറുത്താന്‍ സഹായിക്കുന്ന മികച്ച വൈദ്യസഹായവും കൗണ്‍സലിങും ഇന്ന്‌ ലഭ്യമാണ്‌. അവയും ഒരേ സമയം തേടുക. കുറഞ്ഞ സമയത്തേക്ക്‌ മദ്യപാനം നിറുത്തുന്നതിനാണ്‌ ആദ്യം തീരുമാനിക്കേണ്ടത്‌. 24 മണിക്കൂര്‍(ഇന്നേ ദിവസം) എന്നപോലെ.പിന്നെ അത്‌ തുടരുക. ഒപ്പം മദ്യപാനം നിറുത്തുവാന്‍ ശ്രമിക്കുന്നവരുടെ കൂട്ടായ്‌മയായ ആല്‍ക്കഹോളിക്‌സ്‌ അനോനിമസ്‌ പോലുള്ള സംഘങ്ങളില്‍ പങ്കെടുക്കുക. പതിയെ നിങ്ങള്‍ പൂര്‍ണ്ണ മദ്യ വിമുക്തനാകും. വലിയ പ്രയാസമില്ലാതെ തന്നെ. അങ്ങിനെ മദ്യവിമുക്ത ജീവിതത്തിന്റെ ആനന്ദം നിങ്ങള്‍ക്ക്‌ അനുഭവിക്കാനാവും.

പരിശോധനകള്‍ നടത്താം

ഡോക്ടറെ കാണാനും പരിശോധനകള്‍ നടത്താനും പലര്‍ക്കും മടിയാണ്‌. പേടിയും അശ്രദ്ധയുമൊക്കെയാണിതിന്‌ പിന്നില്‍. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികില്‍സിച്ചു മാറ്റാവുന്ന പല അസുഖങ്ങളും ഗുരുതരവും മരണകാരണവുമാകുന്നതിന്‌ കാരണം ഈ അലസതയാണ്‌. ജീവിതശൈലീരോഗങ്ങള്‍ പിടിമുറുക്കുന്നതും ഇതുകൊണ്ട്‌ തന്നെ.സംശയങ്ങള്‍ അപ്പോള്‍ തന്നെ തീര്‍ത്താല്‍ പിന്നീട്‌ ദുഖിക്കേണ്ടി വരില്ല. നാല്‍പത്‌ വയസ്സിനുമേല്‍ പ്രായമായവര്‍ വര്‍ഷത്തിലൊരിക്കലും അല്ലാത്തവര്‍ രണ്ട്‌ വര്‍ഷത്തിലൊരിക്കലും ശാരീരിക പരിശോധനകള്‍ നടത്തണം. രക്തസമ്മര്‍ദ്ധം, രക്തത്തിലെ ഗ്‌ളൂക്കോസ്‌, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ്‌ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ വര്‍ഷത്തില്‍ രണ്ട്‌ തവണ കൃത്യമായി നടത്തി അതിനനുസരിച്ച്‌ ജീവിതം ക്രമീകരിച്ചാല്‍ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനാവും. അനുയോജ്യമായ ശരീര ഭാരം നിലനിര്‍ത്തുന്നതിനും സ്‌തനാര്‍ബുദം കണ്ടെത്തുന്നതിനുമുള്ള സ്വയം പരിശോധനകളും ഫലം ചെയ്യും. കേള്‍വി, കാഴ്‌ച എന്നിവയും പരിശോധിക്കണം. രോഗം വന്നാല്‍ ഡോക്ടറെ കാണാനും ഉപദേശം തേടാനും മടിക്കരുത്‌.

സ്‌ത്രീകളുടെ ശ്രദ്ധയ്‌ക്ക്‌

ജോലിചെയ്യുന്ന സ്‌ത്രീകളില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു പുതിയ ജീവിതശൈലീ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്‌ കത്തിലുള്ളത്‌. ഒന്നിനും സമയം തികയാതെ സദാ 'ബിസിയായി' പരക്കം പാഞ്ഞ്‌ നടക്കുന്ന സ്‌ത്രീകള്‍ ശ്രദ്ധിക്കുക.ഈ തിരക്കിന്റെ പെരുവിരല്‍ നില്‍പ്‌ അത്ര പന്തിയല്ലെന്നാണ്‌ പുതിയ പഠനങ്ങള്‍ പറയുന്നത്‌. ജീവിതത്തിന്റെ മനോഹാരിതയും ആസ്വാദ്യതയും നഷ്ടപ്പെടുത്തി, തിരക്കും രോഗവുമൊഴിഞ്ഞ നേരമില്ലാത്തവരാക്കി സ്‌ത്രീകളെ മാറ്റുന്ന ഈ രോഗാവസ്ഥയെ ഹറീഡ്‌ വിമന്‍ സിന്‍ഡ്രോം എന്നാണ്‌ വിളിക്കുന്നത്‌. എച്ച്‌.ഡബ്‌ള്യു.എസ്‌. എന്ന ചുരുക്കപ്പോരിലറിയപ്പെടുന്ന ഈ രോഗലക്ഷണങ്ങളുടെ സമൂഹത്തിന്‌ ആ പേര്‌ നല്‍കിയത്‌ അമേരിക്കന്‍ ഡോക്ടര്‍മാരാണ്‌. ശാരീരിക പരിശോധനകളില്‍ പലപ്പോഴും രോഗം കണ്ടെത്താനായെന്ന്‌ വരില്ല. ജീവിതശൈലി 'ബിസി'യാകുമ്പോള്‍വെറുതെയിരിക്കുന്നവര്‍ പോലും 'ബിസി' യാണെന്ന്‌ പറയുന്ന കാലമാണിത്‌. അപ്പോള്‍ ജോലി ചെയ്യുന്ന കുടുംബിനികളുടെ കാര്യം പറയാനുണ്ടോ? ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്ന കുടുംബങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണ്‌, നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ. തിരക്കുപിടിച്ച ജീവിതശൈലി അനിവാര്യമാക്കുന്ന ഈ സാഹചര്യമാണ്‌ അധിക സ്‌ത്രീകളെയും ഹറീഡ്‌ വിമന്‍ സിന്‍ഡ്രോം എന്ന അവസ്ഥയിലെത്തിക്കുന്നത്‌. പേരില്‍ തന്നെ രോഗകാരണം വ്യക്തമാണ്‌.ഹറിയാണ്‌ വറിയായും പിന്നെ രോഗവുമായും മാറുന്നത്‌.പുലരി മുതല്‍ പാതിര വരെ നൂറുകൂട്ടം പണികള്‍ ചെയ്‌തിട്ടും നടുനിവര്‍ത്താനാവാതെ 'ബിസി' യായി നടക്കുന്നവരാണ്‌ അധിക വീട്ടമ്മമാരും പണ്ടേതന്നെ. ഒപ്പം ഓഫീസ്‌ ജോലിയുടെ ഭാരം കൂടിയായാലോ? വനിതാ മാസികയായ 'പ്രൈമ' 10000 സ്‌ത്രീകളെ പങ്കെടുപ്പിച്ച്‌ ഈയിടെ നടത്തിയ പഠനത്തില്‍ 75 ശതമാനം സ്‌ത്രീകളിലും ഹറീഡ്‌ വിമന്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുകയുണ്ടായി. അമേരിക്കയില്‍ മൂന്നു കോടി സ്‌ത്രീകള്‍ ഹറീഡ്‌ വിമന്‍ സിന്‍ഡ്രോം ഉള്ളവരാണ്‌. ഇന്ത്യന്‍ നഗരങ്ങളിലെ സ്‌ത്രീകളിലും എച്ച്‌.ഡബ്‌ള്യു.സിന്‍ഡ്രോം വര്‍ദ്ധിച്ചുവരുകയാണ്‌. വീട്ടിലെ ചുമതലകള്‍, കുട്ടികളുടെ പഠനവും മറ്റുകാര്യങ്ങളും, ജോലിയുടെ ഉത്തരവാദിത്വങ്ങള്‍ എന്നിവ ഒരുമിച്ച്‌ വഹിക്കേണ്ടി വരുന്നത്‌ സ്‌ത്രീകളില്‍ കടുത്ത മാനസിക സമ്മര്‍ദ്ധത്തിനും ഉത്‌കണ്‌ഠയ്‌ക്കും കാരണമാകുന്നു. വീട്ടുജോലിക്ക്‌ സഹായകരമായ ഗൃഹോപകരണങ്ങള്‍ അനവധി വന്നെങ്കിലും വീട്ടമ്മമാരുടെ ജോലിഭാരം കുറഞ്ഞിട്ടില്ലെന്നതാണ്‌ വാസ്‌തവം. കൂടാതെ പഴയതില്‍ നിന്ന്‌ വ്യത്യസ്‌തമായി ജോലിക്ക്‌ പോകുന്ന സ്‌ത്രീകള്‍ പതിന്മടങ്ങ്‌ വര്‍ദ്ധിക്കുകയും ചെയ്‌തു. ഭാര്യയായും സുഹൃത്തായും ബോസായും ഒക്കെ അവര്‍ക്ക്‌ ഒരേസമയം അഭിനയിക്കേണ്ടി വരുന്നു.പരസ്‌പരം പിന്തുണക്കുകയും സഹായിക്കുകയും ഉത്തരവാദിത്വങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്ന സാമൂഹിക മനോഭാവം കുറയുകയും ചെയ്‌തതും സ്‌ത്രീകളുടെ ജീവിതം തിരക്കേറിയതാക്കി. കൂടാതെ തിരക്കിട്ട ജീവിതത്തിനിടയില്‍ ഭക്ഷണം, വ്യായാമം, ഉറക്കം, വിശ്രമം, ആരോഗ്യം തുടങ്ങിയവയിലൊന്നിലും ശ്രദ്ധിക്കുവാനും അവര്‍ക്ക്‌ കഴിയാറില്ല. ഈ അവസ്ഥ ദീര്‍ഘകാലം തുടരുമ്പോഴാണ്‌ ഹറീഡ്‌ വിമന്‍ സിന്‍ഡ്രോം എന്ന രോഗമായി അത്‌ മാറുന്നത്‌. സദാ തിരക്കിലായ ഇവര്‍ക്ക്‌ സാധാരണ ടെന്‍ഷന്‍ എന്ന അവസ്ഥയില്‍ നിന്ന്‌ ലക്ഷണങ്ങള്‍ രോഗാവസ്ഥയിലേക്ക്‌ മാറിയതും ശാരീരിക, മാനസികാരോഗ്യത്തെ അത്‌ പ്രതികൂലമായി ബാധിക്കുന്നതും തിരിച്ചറിയാനാവുന്നില്ല. 25 നും 55നും ഇടയില്‍ പ്രായമുള്ള സ്‌ത്രീകളാണ്‌ എച്ച്‌.ഡബ്‌ള്യു.സിന്‍ഡ്രോമിന്‌ ഏറ്റവുമധികം ഇരയാവുന്നത്‌. പ്രത്യേകിച്ച്‌ ഒന്നോ രണ്ടോ കുട്ടികളുള്ളവര്‍. ജോലി, കുടുംബം, മറ്റുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ബഹുമുഖ ഉത്തരവാദിത്വങ്ങളാണ്‌ സ്‌ത്രീകളെ സ്ഥിരം മാനസിക സമ്മര്‍ദ്ദത്തിലേക്കും രോഗത്തിലേക്കും നയിക്കുന്നത്‌. കാരണംഒരിക്കലും തീരാത്ത പണികളും അതിനെത്തുടര്‍ന്നുണ്ടാകുന്നതും ദീര്‍ഘകാലമായി വിട്ടുമാറാത്തതുമായ മാനസിക സമ്മര്‍ദ്ദവും ടെന്‍ഷനുമാണ്‌ എച്ച്‌.ഡബ്‌ള്യു.സിന്‍ഡ്രോമിന്റെ മൂലകാരണം. മാനസിക സമ്മര്‍ദ്ദം ആര്‍ക്കും പൂര്‍ണ്ണമായി ഒഴിവാക്കാനാവില്ല. അല്‌പം അത്‌ നല്ലതുമാണ്‌. എന്നാല്‍ എപ്പോഴും സൂചിമുനയിലായാലോ? ജീവിതം ദുരിത പൂര്‍ണ്ണമാവാന്‍ അത്‌ മാത്രം മതി. അതുകൊണ്ടു തന്നെ സ്‌ട്രെസ്സിനെ കൈകാര്യം ചെയ്യാന്‍ പഠിച്ചിരിക്കണം. അടുക്കും ചിട്ടയുമില്ലാത്ത ജീവിത ശൈലി ടെന്‍ഷനും സ്‌ട്രെസ്സും തീവ്രമാക്കും. ദീര്‍ഘകാലമായി തിരക്കിട്ട ജീവിതം നയിക്കുന്ന സ്‌ത്രീകളില്‍ മാനസിക സമ്മര്‍ദ്ദം തലച്ചോറിലെ സെറട്ടോണിന്‍ -ഡോപ്പമൈന്‍ വ്യവസ്ഥയുടെ രാസസംതുലനാവസ്ഥയെത്തന്നെ തകിടം മറിക്കും. ഇത്‌ ക്ഷീണത്തിന്‌ കാരണമാകും. ചിലപ്പോള്‍ ജീവിത ചക്രം തന്നെ താളം തെറ്റും. അധികരിച്ച ക്ഷീണം ശരീരഭാരം കൂടുന്നതിലേക്ക്‌ നയിക്കും. ലൈംഗിക താല്‍പര്യമില്ലായ്‌മ, ആത്മാഭിമാനക്കുറവ്‌, ഉല്‍സാഹമില്ലായ്‌മ എന്നിവ പുറകേയെത്തും.

ലക്ഷണങ്ങള്‍

 1. അകാരണമായി ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നത്‌.
 2. സ്ഥിരം ക്ഷീണം
 3. ശരീരം തളരുന്നതുപോലെ തോന്നല്‍
 4. ദഹനപ്രശ്‌നങ്ങള്‍? ഉറക്കമില്ലായ്‌മ
 5. ആത്മാഭിമാനക്കുറവ്‌
 6. ലൈംഗിക താല്‍പര്യക്കുറവ്‌
 7. അടിക്കടി മൂഡ്‌ മാറുക(മൂഡോഫുകള്‍ കൂടുക)
 8. കുറ്റബോധം
 9. വിഷാദം
 10. പ്രചോനമില്ലായ്‌മ

ചികില്‍സ

താനൊരു ഹറീഡായ സ്‌ത്രീയാണെന്ന്‌ സംശയം തോന്നിയാലുടന്‍ ഡോക്ടറെകാണുകയും പരിശോധനകള്‍ നടത്തുകയും വേണം. സമാന ലക്ഷണങ്ങള്‍ കാണിക്കുന്ന അനീമിയ, തൈറോയിഡ്‌, മെറ്റബോളിക്‌ പ്രശ്‌നങ്ങള്‍ എന്നിവ ഇല്ല എന്ന്‌ ഉറപ്പുവരുത്തുക. ജീവിതശൈലി പുനപരിശോധനയ്‌ക്ക്‌ വിധേയമാക്കുകയാണ്‌ അടുത്തതായി ചെയ്യേണ്ടത്‌.ജീവിതം അത്ര തിരക്കേറിയതല്ല എന്ന്‌ സ്വയം ബോധ്യപ്പെടുത്തുക. രോഗം വിഷാദമായി മാറിയിട്ടുണ്ടെങ്കില്‍ ആന്റി ഡിപ്രസന്റുകളുപയോഗിച്ചുള്ള ചികില്‍സ തേടണം. കൗണ്‍സലിംഗും ഫലപ്രദമാണ്‌. പേശീ, സന്ധീ വേദനകളുണ്ടെങ്കില്‍ അവയ്‌ക്കും ചികില്‍സ തേടണം.

പ്രത്യഘാതങ്ങള്

‍തിരക്കിട്ട ജീവിതവും സ്ഥിരമായുള്ള മാനസിക സമ്മര്‍ദ്ദവും കൈകാര്യം ചെയ്യപ്പെടാതെ തുടരുകയാണെങ്കില്‍ ഹൃദയ പ്രവര്‍ത്തനം തകരാറിലാകുക, രക്തസമ്മര്‍ദ്ദം ഏറിയും കുറഞ്ഞും ഇരിക്കുക തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. മൂന്നിലൊന്ന്‌ ശാരീരിക പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടതാണെന്ന്‌ ഇന്ന്‌ വ്യക്തമായിക്കഴിഞ്ഞു. പലപ്പോഴും മാനസിക സമ്മര്‍ദ്ദം നിയന്ത്രിച്ചാലേ രോഗശമനം തന്നെ സാധ്യമാകൂ.ഹൃദയാഘാതത്തില്‍ നിന്ന്‌ സ്‌ത്രീകള്‍ക്ക്‌ സംരക്ഷണം നല്‍കുന്നത്‌ ഈസ്‌ട്രജനാണ്‌. പക്ഷേ ശരീരത്തിലെ ഈ സ്വാഭാവിക സുരക്ഷാസംവിധാനത്തെ മാനസിക സമ്മര്‍ദ്ദം തകരാറിലാക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌. പ്രത്യേകിച്ച്‌ ആര്‍ത്തവ വിരാമത്തിനുശേഷം.വോക്‌ഫോറസ്റ്റ്‌ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ ഈയിടെ നടത്തിയ പഠനത്തില്‍ ഈസ്‌ട്രജന്‍ കുറയുന്നതിന്റെ പ്രധാന കാരണം സ്‌്‌ട്രെസ്സ്‌ ആണെന്ന്‌ കണ്ടെത്തുകയുണ്ടായി. വിഷാദം, ക്രോണിക്‌ ഫറ്റീഗ്‌ സിന്‍ഡ്രോം(CFS) എന്നീ സങ്കീര്‍ണ്ണമായ രോഗാവസ്ഥകളിലേക്ക്‌ എച്ച്‌.ഡബ്‌ള്യു.സിന്‍ഡ്രോം നയിക്കുമെന്ന്‌ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്‌.

പ്രതിരോധം

 • എല്ലാ ജോലികളും ചെയ്യാന്‍ കഴിയുന്ന ഒരു സൂപ്പര്‍ വുമണായി സ്വയം സങ്കല്‍പ്പിക്കാതിരിക്കുക.24 മണിക്കുറും പ്രവര്‍ത്തന നിരതയാകുന്നത്‌ ആരോഗ്യം നശിപ്പിക്കും.
 • പരിമിതികള്‍ മനസ്സിലാക്കുകയാണ്‌ ആദ്യം വേണ്ടത്‌.
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തുക.
 • വീട്ടുജോലികള്‍ പങ്കുവെക്കാന്‍ ഭര്‍ത്താവിനോട്‌ പറയണം
 • കഴിയാത്ത ജോലികള്‍ ഏറ്റെടുക്കരുത്‌. 'നോ' പറയാന്‍ പഠിക്കണം
 • ഇടവേളകളില്‍ കടുത്ത ജോലികള്‍ ചെയ്യരുത്‌
 • സ്‌ത്രീകള്‍ സ്വന്തത്തിനായി കുറച്ച്‌ സമയം നീക്കിവെക്കണം.വായന, വ്യായാമം, സംഗീതം തുടങ്ങിയവക്കായി ഈ റീച്ചാര്‍ജിംഗ്‌ ടൈം ഉപയോഗിക്കാം

 • ചെയ്‌തു തീര്‍ക്കേണ്ട ജോലികളുടെ പ്രാധാന്യമനുസരിച്ച്‌ മുന്‍ഗണനാ ക്രമം ഉണ്ടാക്കുക.
 • ജോലിയും സമയവും ക്രമീകരിക്കാന്‍ പഠിക്കണം
 • മാനസിക സമ്മര്‍ദ്ധത്തിന്‌ അയവ്‌ വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍(യോഗ, സിനിമ,മസാജ്‌) ഏര്‍പ്പെടുക.
 • മറ്റുള്ളവരെക്കൂടി ചുമതലയേല്‍പിക്കാന്‍ പഠിക്കുക.
 • പതിവായി വ്യയാമം ചെയ്യുക.
 • ശരിയായ ഭക്ഷണവും വിശ്രമവും കിട്ടുന്നുണ്ടെന്ന്‌ ഉറപ്പാക്കുക.
 • കൊഴുപ്പ്‌, കോഫി, മദ്യം എന്നിവ കുറയ്‌ക്കുക
 • ആവശ്യത്തിന്‌ ഉറക്കം ഉറപ്പുവരുത്തുക.
 • അടുപ്പമുള്ളവരോട്‌ വിഷമങ്ങള്‍ പങ്കുവെക്കുക

മദ്യാസക്തി

ഒരു തമാശയ്‌ക്കാണ്‌ പലരും അത്‌ തുടങ്ങുന്നത്‌. ആദ്യം ഒരു രസത്തിനൊന്ന്‌ രുചിച്ചു നോക്കും. ചിലപ്പോള്‍ അടുത്ത സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയൊരു ചിയേഴ്‌സായിരിക്കുമത്‌. അല്ലെങ്കില്‍ പാര്‍ട്ടിയിലോ സൂഹൃത്തിന്റെ വിവാഹ രാത്രിയിലോ തന്റെ ആണത്തത്തിനൊരു കുറച്ചിലാവണ്ട എന്നുകരുതിയാവും. കയ്‌ച്ച്‌, ചവര്‍പ്പ്‌ നിറച്ച്‌ എരിഞ്ഞ്‌ കത്തിയൊരു പിടുത്തം. ജീവിതത്തിലൊരിക്കലും താനിത്‌ കൈ കൊണ്ട്‌ തൊടില്ലെന്ന്‌ അപ്പോള്‍ കരുതും. പിന്നെ പതിയെ ഒരു ലാഘവം തോന്നിത്തുടങ്ങും. ഭാരമില്ലാതെ അപ്പൂപ്പന്‍ താടിപോലെ ഒഴുകി നടക്കുന്ന ഫീലിങ്‌. എപ്പോള്‍ ഉറങ്ങിയെന്ന്‌ പോലും അറിയില്ല. എഴുന്നേല്‍ക്കുമ്പോള്‍ ചെറിയൊരു ഹാങ്‌ഓവര്‍. വേണ്ടായിരുന്നെന്ന്‌ തോന്നും. പിന്നെ എേപ്പാഴെങ്കിലും ആരെങ്കിലും വൈകിട്ടെന്താ പരിപാടിയെന്ന്‌ ചോദിക്കുമ്പോള്‍ ആ പഴയ അപ്പൂപ്പന്‍ താടി ഓര്‍മ്മ വരും. പിന്നെപ്പിന്നെക്കരുതും കുടിച്ചാലെന്താ തനിക്കിതെപ്പോഴും നിറുത്താനാവുമല്ലോ എന്ന്‌. നിറുത്താനാവില്ലെങ്കിലും ആ കരുതലൊരു ധൈര്യം തരും, എന്നും അപ്പൂപ്പന്‍ താടിയാകാന്‍. പക്ഷേ പാമ്പായിത്തുടങ്ങിയാലും ആത്മവിശ്വാസത്തിന്‌ തൊണ്ണൂറ്‌ കാരറ്റ്‌ മാറ്റായിരിക്കും. പക്ഷേ അപ്പോഴേക്കും രസം രോഗമായി മാറിയിരിക്കും.മദ്യാസക്തി വെറും ദുശ്ശീലമല്ല. രോഗമാണ്‌. ചികില്‍സിച്ചു മാറ്റേണ്ട രോഗം. വ്യക്തിയുടെ ശാരീരിക, മാനസിക ആരോഗ്യത്തെയും കുടുംബ, സാമുഹിക ബന്ധങ്ങളെയും ജോലിയുടെ ഉത്തരവാദിത്തങ്ങളെയും ബാധിച്ചു തുടങ്ങുമ്പേഴാണ്‌ കുടി വെറും കുടിയല്ലാതായി മാറുന്നത്‌. അത്‌ മദ്യാസക്തിയെന്ന രോഗമാണ്‌.മദ്യാസക്തിയുടെ
ലക്ഷണങ്ങള്‍
1.മദ്യപാനം കേന്ദ്രനാഡീ വ്യവസ്ഥയെ തളര്‍ത്തുന്നു.ഇത്‌ പ്രവര്‍ത്തനോല്‍സുകത, ഉത്‌കണ്‌ഠ, വൈകാരിക പ്രതികരണം, മാനസിക പിരിമുറുക്കം എന്നിവ കുറയാന്‍ കാരണമാകുന്നു.
2.വളരെ കുറച്ച്‌ കുടിച്ചാല്‍ പോലും അത്‌ സ്വഭാവ മാറ്റത്തിനും ചലന കഴിവുകളും ചിന്താശേഷിയും കുറയാനും കാരണമാകുന്നു.
3.ഏകാഗ്രതയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും തകരാറിലാക്കുന്നു.
4. കുടിയുടെ അളവ്‌ കൂടുമ്പോള്‍ മത്ത്‌ പിടിച്ച അവസ്ഥ (പാമ്പാകല്‍)
മറ്റു ലക്ഷണങ്ങള്‍

 • വയറു വേദന
 • ആശയക്കുഴപ്പം
 • ഒറ്റക്കിരുന്നുള്ള കുടി
 • കുടിച്ച ശേഷം അക്രമാസക്തനാകല്‍
 • കുടിയെ ഏതിര്‍ത്താല്‍ പകയോടെ പെരുമാറല്‍
 • കുടിയിലെ നിയന്ത്രണമില്ലായ്‌മ(കുറയ്‌ക്കാനോ നിറുത്താനോ കഴിയാതാവുക)
 • കുടിക്കാനായി ഒഴിവു കഴിവുകള്‍ പറയുക
 • ഓക്കാനം, ചര്‍ദ്ദി
 • കുടിക്കാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥ
 • ഭക്ഷണത്തോട്‌ വിരക്തി
 • വേഷത്തില്‍ തീരെ ശ്രദ്ധയില്ലാതിരിക്കുക
 • മരവിപ്പും വിറയലും
 • കുടി മറച്ചുവെക്കാനുള്ള ശ്രമം
 • പ്രഭാതത്തില്‍ വിറയല്

‍ഇത്തരക്കാര്‍ കുടി നിര്‍ത്താന്‍ ശ്രമിച്ചാല്‍ പിന്മാറ്റ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.മദ്യാസക്തിയുമായി തലച്ചോര്‍ പൊരുത്തപ്പെട്ടുകയും കുടിക്കാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥ സംജാതമാവുകയും ചെയ്‌തതിനാലാണ്‌ ഇങ്ങിനെ സംഭവിക്കുന്നത്‌. പ്രധാന പിന്മാറ്റ ലക്ഷണങ്ങള്‍ ഇവയാണ്‌.

 • ഉത്‌കണ്‌ഠ
 • മതിഭ്രമം
 • ചിലപ്പോള്‍ മരണം തന്നെ സംഭവിക്കാം
 • ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
 • വിശപ്പില്ലായ്‌മ, ഓക്കാനം, ചര്‍ദ്ദി.
 • മാനസിക രോഗം(സൈക്കോസിസ്‌)
 • ഉയര്‍ന്ന ശരീര താപനില
 • ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്‌
 • അസ്വസ്ഥത
 • വിറ
 • ബോധക്ഷയം

ചികില്‍സതാന്‍ നിയന്ത്രണമില്ലാതെ കുടിക്കുന്നയാളാണെന്ന്‌ ഒരു മദ്യപാനിയും ഒരിക്കലും സമ്മതിക്കില്ല. തനിക്ക്‌ എപ്പോള്‍ വേണമെങ്കിലും കുടി നിറുത്താനാവുമെന്ന്‌ വീമ്പിളക്കുകയും ചെയ്യും. കുടിയുടെ എണ്ണവും അളവും കുറച്ചുകൊണ്ടുവന്ന്‌ ഒരു വിഭാഗം കുഴപ്പക്കാരായ കുടിയന്മാരെ രക്ഷപ്പെടുത്താന്‍ കഴിയും. എന്നാല്‍ മദ്യാസക്തരുടെ കാര്യത്തില്‍ പൂര്‍ണ്ണ മദ്യ വിമുക്തി തന്നെയാണ്‌ വേണ്ടത്‌. മദ്യവിമുക്തി ചികില്‍സയ്‌ക്ക്‌ മൂന്നു ഘട്ടങ്ങളാണുള്ളത്‌.

 • ഇടപെടല്‍
 • ഡീടോക്‌സ്‌ഫിക്കേഷന്‍(വിഷമിറക്കല്‍)
 • പുനരധിവസിപ്പിക്കല്

ഇടപെടല്‍
കുടി കൈവിട്ടു പോകുന്നത്‌ പലപ്പോഴും കുടിയന്മാര്‍ അറിയാറില്ല. മദ്യപാനത്തിന്റെ പ്രത്യഘാതങ്ങള്‍ ബോധ്യപ്പെടുത്തുകൊണ്ടാണ്‌ മദ്യാസക്തരെ നേരിടേണ്ടതെന്നാണ്‌ മുന്‍കാലത്ത്‌ ചികില്‍സകര്‍ ധരിച്ചിരുന്നത്‌. എന്നാല്‍ അനുകമ്പയും അനുതാപവും കൊണ്ടാണ്‌ ചികില്‍സതുടങ്ങേണ്ടതെന്നാണ്‌ പുതിയ ഗവേഷണങ്ങള്‍ പറയുന്നത്‌. അതായിരിക്കും കൂടുതല്‍ പ്രയോജനം ചെയ്യുന്നത്‌.മദ്യാസക്തിയില്‍ നിന്ന്‌ വിമുക്തരാക്കാന്‍ കുടുംബാംഗങ്ങളും തൊഴിലുടമയുമൊക്കെ കൂടുതല്‍ ആത്മാര്‍ഥതയും സഹായ മനസ്സുമൊക്കെ കാണിക്കുന്ന സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ മദ്യപാനികള്‍ ചികില്‍സക്കെത്തുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌.
ഡീടോക്‌സിഫിക്കേഷന്‍
കൃത്യമായ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനും കീഴിലായിരിക്കണം മദ്യവിമുക്തിക്കുള്ള ശ്രമങ്ങള്‍ നടത്തേണ്ടത്‌. മരുന്നുകള്‍ ഉപയോഗിച്ച്‌ പിന്മാറ്റ ലക്ഷണങ്ങള്‍ ഒരു പരിധി വരെ കുറയ്‌ക്കാന്‍ കഴിയും. ഡീടോക്‌സിഫിക്കേഷന്‍ പ്രക്രിയ നാല്‌ മുതല്‍ ഏഴ്‌ ദിവസം വരെ നീളും.സാധാരണ കാണപ്പെടുന്ന മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിശോധനകളും ഇതോടൊപ്പം നടത്തണം. ഉദാഹരണത്തിന്‌ കരള്‍ പരിശോധന, രക്തം കട്ടപിടിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടോ എന്ന്‌ കണ്ടെത്തുന്നതിനുള്ള പരിശോധന പോലുള്ളവ.കൂടാതെ സമീകൃതാഹാരവും വൈറ്റമിന്‍ സപ്‌ളിമെന്റുകളും നല്‍കണം.മദ്യപാനം നിറുത്തുമ്പോള്‍ ശ്രദ്ധയും ബോധവുമൊക്ക നഷ്ടപ്പെടുന്ന കടുത്ത മയക്കം പോലുള്ള സങ്കീര്‍ണ്ണമായ മറ്റു പ്രശ്‌നങ്ങളും ഉണ്ടാകാം.വിഷാദം, മാനസിക ഭാവങ്ങള്‍ക്കുണ്ടാവുന്ന മറ്റു തകരാറുകള്‍ തുടങ്ങിയവയുണ്ടെങ്കില്‍ കൃത്യമായി കണ്ടെത്തുകയും ചികില്‍സിക്കുകയും വേണം.
പുനരധിവസിപ്പിക്കല്
‍ഡീടോക്‌സിഫിക്കേഷനു ശേഷമുള്ള സൗഖ്യമാക്കല്‍ പുനരധിവസിപ്പിക്കല്‍ പദ്ധതികള്‍ മദ്യത്തില്‍ നിന്ന്‌ അകന്നു നില്‍ക്കാന്‍ സഹായിക്കും.കൗണ്‍സലിംഗ്‌, മാനസിക പിന്തുണ നല്‍കല്‍, പരിചരണം, ആരോഗ്യ പരിപാലനം തുടങ്ങിയവടങ്ങിയതാണിത്‌. മദ്യാസക്തിയുടെ പ്രത്യഘാതങ്ങളെക്കുറിച്ച്‌ ബോധവത്‌കരണവും നല്‍കണം. അധിക മദ്യ വിമുക്തി കേന്ദ്രങ്ങളിലും ജീവനക്കാരും റോള്‍ മോഡലുകളായും പ്രവര്‍ത്തിക്കുന്നത്‌ മദ്യാസക്തിയില്‍ നിന്നും വിമുക്തി നേടിക്കെണ്ടിരിക്കുന്നവരാണ്‌. പുനരധിവാസ പദ്ധതികള്‍ രോഗികളെ ഒരു കേന്ദ്രത്തില്‍ താമസിപ്പിച്ചുകൊണ്ടും അല്ലാതെയും നടത്താം.മദ്യവിമുക്തി പ്രക്രിയക്കിടെ വീണ്ടും പഴയ മദ്യപാനശീലത്തിലേക്ക്‌ മടങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്‌. ഇതിനെ റിലാപ്‌സ്‌ എന്നാണ്‌ വിളിക്കുന്നത്‌. റിലാപ്‌സിനെ പ്രതിരോധിക്കാനായി നല്‍കുന്ന മരുന്നുകള്‍ ഇവയാണ്‌.
അക്കാംപ്രോസേറ്റ്‌: മദ്യാസക്തിയില്‍ നിന്ന്‌ വിമുക്തി നേടുന്നവരില്‍ റിലാപ്‌സ്‌ ലക്ഷണങ്ങള്‍ കുറയ്‌ക്കാനായി നല്‍കുന്ന പുതിയ മരുന്നാണിത്‌.
ഡൈസള്‍ഫിറാം: ഈ മരുന്ന്‌ കഴിച്ച ശേഷം രണ്ടാഴ്‌ചക്കുള്ളില്‍ വളരെ കുറഞ്ഞ അളവില്‍ മദ്യപിച്ചാല്‍ പോലും അസുഖകരമായ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവും.
നാള്‍ട്‌റെക്‌സോണ്‍(വിവിട്രോള്‍): ഈ മരുന്ന്‌ മദ്യത്തിനുള്ള കൊതികുറയ്‌ക്കും. ഇന്‍ജക്ഷന്‍ രൂപത്തിലും ലഭ്യമാണ്‌. ഗര്‍ഭിണികളും പ്രത്യേക രോഗങ്ങളും ഉള്ളവര്‍ ഈ മരുന്നുകള്‍ കഴിക്കരുത്‌. പൂര്‍ണ്ണ മദ്യാസക്തി വിമുക്തിക്ക്‌ കൗണ്‍സലിംങ്‌ അടക്കമുള്ള ദീര്‍ഘ കാല ചികില്‍സ ആവശ്യമാണ്‌.മരുന്നുകളുടെയും കൗണ്‍സലിംങ്ങിന്റെയും പ്രയോജനക്ഷമത ഓരോരുത്തരിലും വ്യത്യസ്‌തമായിരിക്കും.കാരണങ്ങള്‍മദ്യാസക്തി എന്നാല്‍ മദ്യത്തിന്‌ അടിപ്പെടുന്ന അവസ്ഥയാണ്‌. മദ്യത്തോട്‌ ശാരീരികവും മാനസികവുമായി ആശ്രിതത്വം പുലര്‍ത്തുന്ന അസ്ഥയിലായിരിക്കും ഇക്കൂട്ടര്‍. മദ്യാസക്തി രണ്ട്‌ തരമുണ്ട്‌. ആശ്രിതത്വവും ദുരുപയോഗവും. മദ്യം ലഭ്യമാക്കാനം മദ്യപാനത്തിനുമായി ധാരാളം സമയവും ചെലവഴിക്കുന്നവരായിരിക്കും മദ്യത്തോട്‌ ആശ്രിതത്വം പുലര്‍ത്തുന്നവര്‍.

ശാരീരിക ആശ്രിതത്വത്തിന്റെ ലക്ഷണങ്ങള്‍

 • മദ്യപാനത്തിലൂടെ ഉദ്ദേശിച്ച ഫലം കിട്ടുന്നതിന്‌ കൂടുതല്‍ അളവ്‌ മദ്യപിക്കേണ്ടി വരുന്നു( ആല്‍ക്കഹോള്‍ ടോളറന്‍സ്‌ കൂടുന്നു)
 • മദ്യപാനം മൂലമുള്ള അസൂഖങ്ങള്‍
 • മദ്യപിച്ച ശേഷം പറഞ്ഞതോ ചെയ്‌തതോ ഓര്‍മ്മയില്ലാത്ത അവസ്ഥ(ബ്‌ളാക്കൗട്ട്‌ എന്നാണിതിന്‌ പറയുക).
 • കുടിക്കാതിരിക്കുമ്പോള്‍ പിന്മാറ്റ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക.

ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന തരത്തിലുള്ള ദീര്‍ഘവും അമിതവുമായ കുടി തീക്ഷ്‌ണമായ മദ്യാസക്തിയുടെ സ്വഭാവമാണ്‌. കുടിച്ചുതുടങ്ങുന്നകാലത്ത്‌ പലര്‍ക്കും കുടി നിയന്ത്രിക്കാനാവുമെങ്കിലും പിന്നീട്‌ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടുകയാണ്‌ പതിവ്‌. മദ്യാസക്തിയിലേക്ക്‌ നയിക്കുന്ന അറിയപ്പെടുന്ന പൊതുവായ കാരണങ്ങളൊന്നുമില്ല. എന്നാല്‍ മദ്യാസക്തി ശക്തി പ്രാപിക്കുന്നതിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്‌. മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ മദ്യപാനികളായ കുടുംബങ്ങളിലുള്ളവര്‍ മദ്യപാനികളാകാനുള്ള സാധ്യത അല്ലാത്തവരേക്കാള്‍ കൂടുതലാണ്‌. ചില ജീനുകള്‍ മദ്യാസക്തിക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്‌. എന്നാല്‍ ആ ജീനുകളേതെന്നും അവ എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്താനായിട്ടില്ല.
മദ്യാസക്തിയിലേക്ക്‌ നയിക്കുന്ന മാനസിക ഘടകങ്ങള്‍

 • ഉത്‌കണഠയില്‍ നിന്ന്‌ മോചനം നേടാനുള്ള താല്‍പര്യം
 • ബന്ധങ്ങളിലെ താളപ്പിഴകള്‍
 • വിഷാദം
 • ആത്മാഭിമാനക്കുറവ്‌സാമൂഹിക ഘടകങ്ങള്‍
 • എളുപ്പത്തിലുള്ള മദ്യ ലഭ്യത
 • അടുത്ത സുഹൃത്തുക്കളുടെ സമ്മര്‍ദ്ധം(നിര്‍ബന്ധം)
 • മ്‌ദ്യപാനത്തിന്‌ സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത
 • മാനസികപിരിമുറുക്കം നിറഞ്ഞ ജീവിതശൈലി

മദ്യപിക്കുന്നവരുടെ എണ്ണവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌.മലയാളി പതിമൂന്നാം വയസ്സില്‍ മദ്യം രുചിച്ചു തുടങ്ങുന്നതായി അടുത്തിടെ ഒരു പഠനത്തില്‍ വെളിപ്പെടുകയുണ്ടായി. 2500 കോടി രൂപയുടെ മദ്യമാണ്‌ പ്രതിവര്‍ഷം നാം കുടിച്ചു തീര്‍ത്തുകൊണ്ടിരിക്കുന്നത്‌.റോഡപകടങ്ങളും കുറ്റകൃത്യങ്ങളും ഗാര്‍ഹിക പീഡനങ്ങളും കേരളത്തില്‍ പെരുകുന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല.

രോഗനിര്‍ണയം
ആഴ്‌ചയില്‍ 15 ഡ്രിങ്‌സ്‌ കഴിക്കുന്ന പുരുഷന്മാരും 12 ഡ്രിങ്‌സ്‌ കഴിക്കുന്ന സ്‌ത്രീകളും മദ്യാസക്തരാകാനുള്ള സാധ്യത കൂടുതലാണ്‌. ആഴ്‌ചയിലൊരിക്കലാണെങ്കിലും ഒറ്റത്തവണ അഞ്ചോ അതിലധികമോ ഡ്രിങ്‌സ്‌ കഴിക്കുന്നവരും ഈ ഗ്രൂപ്പില്‍ പെടും.( ഒരു ഡ്രിങ്‌സ്‌ എന്നാല്‍ 12 ഔണ്‍സ്‌ ബിയര്‍ അല്ലെങ്കില്‍ അഞ്ച്‌ ഔണ്‍സ്‌ വൈന്‍ അല്ലെങ്കില്‍ ഒന്നര ഔണ്‍സ്‌ മദ്യം ആണ്‌.). ഡോക്ടര്‍ രോഗിയോട്‌ മദ്യപാന ശീലത്തെക്കുറിച്ച്‌ ചോദിച്ചറിയണം. രോഗി പറയാന്‍ വിസമ്മതിക്കുകയോ അയാള്‍ക്ക്‌ അതിന്‌ കഴിയാതാവുകയോ ചെയ്‌താല്‍ ബന്ധുക്കളോട്‌ ചോദിച്ചറിയണം. മദ്യപാനവുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ശരീര പരിശോധന നടത്തണം.മദ്യത്തോടുള്ള ആശ്രയത്വം മനസ്സിലാക്കാന്‍ താഴെപ്പറയുന്ന ചോദ്യങ്ങളിലൂടെ സാധിക്കും:

 • മദ്യപിച്ച്‌ എപ്പോഴെങ്കിലും വാഹനമോടിച്ചിട്ടുണ്ടോ?
 • മുന്‍പ്‌ കുടിച്ചപ്പോള്‍ കിട്ടിയ അനുഭവം ലഭിക്കാനായി എപ്പോഴെങ്കിലും കൂടുതല്‍ കുടിക്കേണ്ടതായി വന്നിട്ടുണ്ടോ?
 • കുടിയുടെ അളവ്‌ കുറക്കണമെന്ന്‌ തോന്നിയിട്ടുണ്ടോ?
 • കുടി മൂലം ജോലി നഷ്ടപ്പെട്ടിട്ടുണ്ടോ?
 • നിങ്ങളുടെ മദ്യപാനത്തെക്കറിച്ച്‌ കുടുംബത്തിലുള്ളവര്‍ക്ക്‌ ആശങ്കയുണ്ടോ?

മദ്യാസക്തി കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍:

 • രക്തത്തിലെ ആല്‍ക്കഹോള്‍ നില പരിശോധിക്കല്‍( അടുത്തിടെ കുടിച്ചിട്ടുണ്ടോ എന്ന്‌ മനസ്സിലാക്കാന്‍ ഈ പരിശോധന സഹായിക്കും. എന്നാല്‍ മദ്യാസക്തി ഉറപ്പിക്കാനാവില്ല.)
 • സമ്പൂര്‍ണ്ണ ബ്‌ളഡ്‌ കൗണ്ട്‌ പരിശോധന(CBC)
 • ഫോളേറ്റ്‌ ടെസ്റ്റ്‌
 • കരളിന്റെ പ്രവര്‍ത്തനം പരിശോധിക്കല്‍
 • സെറം മഗ്നീഷ്യം ടെസ്റ്റ്‌
 • ടോട്ടല്‍ പ്രാട്ടീന്‍ ടെസ്റ്റ്‌
 • യൂറിക്‌ ആസിഡ്‌ പരിശോധന

രോഗപൂര്‍വനിരൂപണം(PROGNOSIS)

മദ്യാസക്തിയുള്ളവരില്‍ 15 ശതമാനം മാത്രമേ ചികില്‍സ തേടിയെത്തുന്നുള്ളൂ.ചികില്‍സക്ക്‌ ശേഷം വീണ്ടും മദ്യപാനം തുടങ്ങുന്നതും സാധാരണമാണ്‌. അതുകൊണ്ടു തന്നെ മദ്യവിമുക്തി നേടിയവര്‍ വീണ്ടും മദ്യാസക്‌തിയിലേക്ക്‌ വഴുതി വീഴാതിരിക്കാനായി നടത്തുന്ന തുടര്‍പരിശ്രമങ്ങല്‍ക്കും വൈകാരിക പിന്തുണയ്‌ക്കും ഏറെ പ്രാധാന്യമുണ്ട്‌. ചികില്‍സാ പദ്ധതികളുടെ വിജയം പലപ്പോഴും വ്യത്യസ്‌തമായിരിക്കും. എങ്കിലും ധാരാളം പേര്‍ക്ക്‌ ചികില്‍സയിലൂടെ പൂര്‍ണ്ണ മദ്യവിമുക്തി നേടാന്‍ കഴിയുന്നുണ്ട്‌. പ്രതിരോധംമദ്യപാനത്തെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുമുള്ള ബോധവത്‌കരണ പരിപാടികള്‍ക്കും വൈദ്യോപദേശങ്ങള്‍ക്കും ഒരു പരിധിവരെ മദ്യപാനം തടയാന്‍ കഴിയും. മദ്യാസക്തിയെ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടതുണ്ട്‌. പുരുഷന്മാര്‍ രണ്ട്‌ ഡ്രിങ്കില്‍ കൂടുതലും സ്‌ത്രീകള്‍ ഒരു ഡ്രിങ്കില്‍ കൂടുതലും ഒരു ദിവസം കുടിക്കാന്‍ പാടില്ലെന്നാണ്‌ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആല്‍ക്കഹോള്‍ അബ്യൂസ്‌ ആന്റ്‌ ആല്‍ക്കഹോളിസം നിര്‍ദ്ദേശിക്കുന്നത്‌.

സങ്കീര്‍ണ്ണതകള്‍

 1. മസ്‌തിഷ്‌ക ക്ഷയം
 2. ശ്വാസ നാളം, അന്നനാളം, കരള്‍, വന്‍കുടല്‍ എന്നിവക്കുണ്ടാകുന്ന കാന്‍സര്‍
 3. കരള്‍ വീക്കം(സീറോസിസ്‌)
 4. ഡെലീറിയം ട്രെമെന്‍സ്‌(അപസ്‌മാരത്തിന്‌ സമാനമായ ലക്ഷണങ്ങള്‍ കണിക്കുന്ന ഒരു രോഗാവസ്ഥയാണിത്‌).
 5. വിഷാദം
 6. അന്നനാളത്തിലുണ്ടാകുന്ന ബ്‌ളീഡിംഗ്‌
 7. ഹൃദയ പേശികള്‍ക്കുണ്ടാകുന്ന തകരാറ്‌
 8. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
 9. ഉറക്കമില്ലായ്‌മ
 10. കരള്‍ രോഗങ്ങള്‍(മദ്യം മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്‌)
 11. ഓക്കാനം, ഛര്‍ദ്ദി
 12. നാഡികള്‍ക്കുണ്ടാകുന്ന തകരാറുകള്‍
 13. പാന്‍ക്രിയാറ്റൈറ്റിസ്‌
 14. ജീവകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തിന്‌ കഴിയാത്തത്‌ മൂലമുണ്ടാകുന്ന പോഷകക്കുറവ്‌
 15. പുരുഷന്മാര്‍ക്കുണ്ടാകുന്ന ഉദ്ദാരണപ്രശ്‌നങ്ങള്‍
 16. ഓര്‍മ്മ നശിക്കല്‍
 17. സ്‌ത്രീകളില്‍ ആര്‍ത്തവ വിരാമം
 18. ആത്മഹത്യ
 19. വെര്‍ണിക്ക്‌-കേര്‍സാക്കോഫ്‌ സിന്‍ഡ്രോം

ഗര്‍ഭകാലത്തെ മദ്യപാനം ഗര്‍ഭസ്ഥ ശിശുവിന്‌ വൈകല്യങ്ങളുണ്ടാകാന്‍ കാരണമാകും. ഇതിലേറ്റവും ഗുരുതരമായത്‌ പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കും ബുദ്ധി മാന്ദ്യത്തിനും കാരണമാകുന്ന ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോമാണ്‌. ജീവിത കാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വൈകല്യങ്ങള്‍ക്ക്‌ കാരണമാകുന്ന ഫീറ്റല്‍ ആല്‍ക്കഹോള്‍ അഫക്‌ട്‌സ എന്ന അവസ്ഥ ഇതിന്റെ മറ്റൊരു രൂപമാണ്‌.എന്നാല്‍ മദ്യാസക്തിക്ക്‌ അടിപ്പെട്ടവര്‍ അതിന്റെ ശാരീരിക, മാനസിക പ്രത്യാഘാതങ്ങള്‍ പരിഗണിക്കാറില്ല എന്നതാണ്‌ ദുഖകരം. ആരോഗ്യ പ്രശ്‌നങ്ങള്‍ അധികരിച്ചു വരുന്നതിനൊപ്പം ഇത്തരക്കാരില്‍ കൂടുതല്‍ കുടിക്കാനുള്ള ആഗ്രഹവും വര്‍ദ്ധിച്ചുവരും.മദ്യാസക്തി ഇന്ന്‌ ഏറ്റവും വലിയ സാമൂഹിക, സാമ്പത്തിക, പൊതുജനാരോഗ്യ പ്രശിനമായി മാറിയിരിക്കുകയാണ്‌. വാഹനാപകട മരണങ്ങളിലും മറ്റു അപകട മരണങ്ങളിലും പകുതിയിലധികവും മദ്യം മൂലമുണ്ടാകുന്നതാണ്‌. ആത്മഹത്യാ നിരക്കിലെ വര്‍ദ്ധനയുടെ കാരണവും മറ്റൊന്നല്ല. ഗാര്‍ഹിക അതിക്രമങ്ങളിലേക്കും ജോലി നഷ്‌ടപ്പെടുന്നതിലേക്കും മറ്റനവധി നിയമ ലംഘനങ്ങളിലേക്കും ജനങ്ങളെ നയിക്കുന്നതും ഈ മദ്യപാന ശീലമാണ്‌.

ഡോക്ടറെ കാണേണ്ടതെപ്പോള്

‍നിങ്ങള്‍ക്കോ, നിങ്ങളറിയുന്ന മറ്റുള്ളവര്‍ക്കോ മദ്യത്തോട്‌ ആശ്രയത്വമോ കടുത്ത ആശയക്കുഴപ്പമോ, രക്തസ്രാവമോ, വിറയലും ബോധം മറയലും ഒക്കെക്കൂടെ അപസ്‌മാര ലക്ഷണം പോലെയോ മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങളോ അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.

ഉറക്കം കെടുത്തുന്ന ഭക്ഷണം

നന്നായിട്ടൊന്നുറങ്ങിയിട്ട്‌ കാലമേറെയായെന്ന്‌ പരാതിപ്പെടുന്നയാളാണോ നിങ്ങള്‍. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ലല്ലേ. ഉറങ്ങിയെഴുന്നേറ്റിട്ടും ക്ഷീണമൊട്ട്‌ മാറുന്നുമില്ല. ഉറക്കം ശരിയായില്ലെന്ന തോന്നലാണ്‌ എപ്പോഴും. സുഖജീവിതത്തിന്‌ സുഖ നിദ്ര അത്യന്താപേക്ഷിതമാണ്‌. അപ്പോള്‍ ഉറക്കം ശരിയായില്ലെങ്കില്‍ അതിന്റെ കാരണം അന്വേഷിക്കണം. കണ്ടെത്തി തിരുത്തണം. അല്ലെങ്കില്‍ ഉറക്കം തൂങ്ങി ആയുസ്സ്‌ പാഴാവും. ജീവിതത്തിന്‌ ഉറക്കം നല്‍കുന്ന ഉണര്‍വ്‌ കിട്ടുകയുമില്ല. പലപ്പോഴും നാം കഴിക്കുന്ന ഭക്ഷണമാണ്‌ നമ്മുടെ ഉറക്കം കെടുത്താറ്‌. ഒപ്പം നല്ല ഉറക്കം നല്‍കുന്ന ഭക്ഷണങ്ങളുമുണ്ട്‌. പക്ഷേ ഇവ രണ്ടും പലരും മനസ്സിലാക്കാറില്ല എന്നതാണ്‌ വാസ്‌തവം. ഒഴിവാക്കേണ്ടതേതെന്ന്‌ കണ്ടെത്തി ഒഴിവാക്കുകയും കഴിക്കേണ്ടതേതെന്ന്‌ മനസ്സിലാക്കി ശീലമാക്കുകയും ചെയ്‌താല്‍ പ്രശ്‌നം തീര്‍ന്നു. വയറ്‌ നിറയെ ഭക്ഷണം കഴിച്ചാല്‍ പെട്ടെന്നുറക്കം വരും എന്നാണ്‌ പലരും കരുതുന്നത്‌. എന്നാല്‍ വാസ്‌തവമെന്താണ്‌. ഭക്ഷണം കഴിക്കുന്നത്‌ ഉറക്കത്തിന്‌ നല്ലതാണ്‌. പക്ഷേ അമിതമാവരുത്‌. കനത്ത ഭക്ഷണം ആമാശയത്തിന്‌ പണിയുണ്ടാക്കും. ആമാശയം കഠിനമായി പണിയെടുക്കുമ്പോള്‍ എങ്ങിനെ സുഖനിദ്ര ലഭിക്കും.അല്‍പ ഭക്ഷണമാണ്‌ രാത്രി നല്ലതെന്ന്‌ ചുരുക്കം. കനത്ത ഭക്ഷണത്തിനും ഉറങ്ങാന്‍ കിടക്കുന്നതിനുമിടയില്‍ നാല്‌ മണിക്കൂറിന്റെയെങ്കിലും ഇടവേള ഉണ്ടായിരിക്കണം. മസാല കൂടുതലുള്ള ഭക്ഷണവും രാത്രി വേണ്ട. അത്‌ നെഞ്ചെരിച്ചിലിന്‌ കാരണമാകും. അതിലൂടെ ഉറക്കവും നഷ്ടപ്പെടും. പ്രോട്ടീന്‍ നമ്മുടെ ഭക്ഷണത്തിലെ അവശ്യ ഘടകമാണ്‌. എന്നാല്‍ രാത്രി ഭക്ഷണത്തിലധികം പ്രോട്ടീന്‍ വേണ്ട. പകലാവാം. പ്രോട്ടീന്‍ അധികമുള്ള ഭക്ഷണം ദഹിക്കാന്‍ സമയമെടുക്കും. മാത്രമല്ല അതിലുള്ള അമിനോ ആസിഡ്‌ ട്രയോസിന്‍ മസ്‌തിഷ്‌കത്തിന്റെ പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്യും. അതുകൊണ്ട്‌ പ്രോട്ടീന്‍ അധികമുള്ള ഭക്ഷണത്തിന്‌ പകരം ധാന്യകങ്ങള്‍ തെരെഞ്ഞടുക്കുക. അവ ഉറക്കം നല്‍കും. പകല്‍ ശരീരത്തില്‍ ആവശ്യത്തിന്‌ ജലാംശം ഉണ്ടായിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. അതിന്‌ ആവശ്യത്തിന്‌ വെള്ളം കുടിക്കണം. എന്നാല്‍ രാത്രി അധികം വെള്ളം വേണ്ട. ഉറക്കത്തില്‍ മൂത്രമൊഴിക്കാന്‍ എഴുന്നേക്കേണ്ടി വരുന്നത്‌ എന്തായാലും ഉറക്കം കെടുത്തുമെന്ന്‌ പറയേണ്ടതില്ലല്ലോ. രാത്രി എട്ട്‌ മണിക്ക്‌ ശേഷം വെള്ളം കുടി കുറയ്‌ക്കുക. കൊഴുപ്പധികമുള്ള വറുത്തതും പൊരിച്ചതുമെക്കെ തട്ടിവിട്ട്‌ കിടന്നാലും നല്ല ഉറക്കം കിട്ടില്ല. രാത്രിയാവണമെന്നില്ല, പകലായാലും ധാരാളം കൊഴുപ്പുള്ള ഭക്ഷണം കഴിച്ചവര്‍ക്ക്‌ രാത്രി ശാന്തമായ ഗാഢനിദ്രകിട്ടില്ലെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. വൈകുന്നേരത്തെ കാപ്പിയാണ്‌ മറ്റൊരു വില്ലന്‍. കുറഞ്ഞ അളവിലായാലും കാപ്പി ഉറക്കത്തിന്‌ തടസ്സമുണ്ടാക്കും. കാപ്പി മാത്രമല്ല കഫൈനടങ്ങിയ എല്ലാ ഭക്ഷണവും വൈകുന്നേരങ്ങളില്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. ചോക്‌ളേറ്റ്‌, കോള, ചായ തുടങ്ങിയവയിലൊക്കെ കഫൈന്‍ മറഞ്ഞിരിപ്പുണ്ട്‌. അതുകൊണ്ട്‌ ഉച്ചക്ക്‌ ശേഷം കോഫി വേണ്ടന്നെല്ല, കഫൈനേ വേണ്ട.പുകവലിച്ചും ഉറക്കം കളയരുത്‌. കഫൈന്‍ പോലെ തന്നെ നിക്കോട്ടിനും ഉറക്കം കെടുത്തിയാണ്‌. ഉറങ്ങുന്നതിനു മുമ്പും ഇടക്കെഴുന്നേല്‍ക്കുമ്പോഴും ഒരു കാരണവശാലും പുകവലിക്കരുത്‌. മദ്യപാനമാണ്‌ ഉറക്കം കൊല്ലികളില്‍ പ്രധാനി. കുടിച്ചാല്‍ പെട്ടെന്ന്‌ ഉറക്കം കിട്ടും. പക്ഷേ സുഖനിദ്രകിട്ടില്ല. ഉറക്കത്തില്‍ ഇടക്കിടക്ക്‌ എഴുന്നേല്‍ക്കും, തലവേദനയുണ്ടാകും, അമിതമായി വിയര്‍ക്കും, പേടിസ്വപ്‌നങ്ങള്‍ കാണും. ഒട്ടും ശാന്തപൂര്‍ണ്ണമായിരിക്കില്ല ഉറക്കമെന്ന്‌ സാരം. അതുകൊണ്ട്‌ വൈകുന്നേരം കുടി വേണ്ട. ഇനി ഒഴിവാക്കാന്‍ പറ്റില്ലെങ്കില്‍ ഒരോ ഡ്രിങ്കിനുമൊപ്പം ഒരോ ഗ്‌ളാസ്‌ വെള്ളവും കൂടി കുടിക്കുക. അത്‌ മദ്യപാനത്തിന്റെ പ്രത്യഘാതം ലഘൂകരിക്കും. ഇനി നല്ല ഉറക്കത്തിന്‌ വേണ്ടത്‌. ചെറു ചൂടോടെ പാല്‍ കുടിക്കുന്നത്‌ ഉറക്കത്തിന്‌ നല്ലതാണെന്ന്‌ നാം കേട്ടിട്ടുണ്ട്‌. പാലിലെ ട്രിപ്‌റ്റോഫാന്‍ എന്ന ഘടകമാണ്‌ ഇതിന്‌ കാരണം. ഉറക്കം നല്‍കുന്ന ഈ ഘടകം പാലില്‍ മാത്രമല്ല, ഏത്തപ്പഴം, ഓട്ട്‌സ്‌, തേന്‍ തുടങ്ങിയവയിലുമുണ്ട്‌. അവ രാത്രിഭക്ഷണത്തില്‍ ഉല്‍പ്പെടുത്തിയാല്‍ നല്ല ഉറക്കം ലഭിക്കും. ഒപ്പം കാര്‍ബോഹൈഡ്രേറ്റ്‌ ധാരാളം അടങ്ങിയ ഭക്ഷണവും കഴിക്കാം. എന്നാല്‍ അധികം മധുരമുള്ളവ വേണ്ട. അത്‌ വിപരീത ഫലമുണ്ടാക്കും.

ടെന്‍ഷനകറ്റും സുഗന്ധം

തുണിയലക്കിയാല്‍ മാനസിക പിരിമുറുക്കം കുറയുമോ? കുറയുമെന്നാണ്‌ പുതിയ പഠനങ്ങള്‍ പറയുന്നത്‌. തുണിയലക്കിയാല്‍ രണ്ടുണ്ട്‌ ഗുണം. തുണിയും വെളുക്കും മനസ്സും വെളുക്കും. തുണിയലക്കുന്നത്‌ രണ്ട്‌ തരത്തിലാണ്‌ ടെന്‍ഷന്‍ കുറക്കുന്നത്‌. ഒന്ന്‌ അതിലെ കായികാധ്വാനം, രണ്ട്‌ അലക്കു പൊടിയുടെ/ സോപ്പിന്റെ സുഗന്ധം. സത്യത്തില്‍ അലക്കിന്‌ ഡബിള്‍ ഇംപാക്ടാണ്‌.തുണിയലക്കിന്‌ മാത്രമല്ല ഈ ഗുണം. സുഗന്ധം പ്രസരിപ്പിക്കുന്ന എല്ലാ വീട്ടുജോലിക്കുമുണ്ട്‌ ഈ ടെന്‍ഷന്‍ കുറയ്‌ക്കാനുള്ള ശക്തി. പറയുന്നത്‌ കെളംബിയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ്‌. സുഗന്ധ ചികില്‍സ അഥവാ അരോമ തെറാപ്പിയുടെ സാധ്യതകളിലേക്ക്‌ വെളിച്ചം വീശുന്ന ഈ പഠനത്തിന്‌ നേതൃത്വം നല്‍കിയത്‌ ഡോ. മെഹ്‌മത്‌ ഓസാണ്‌. തലച്ചോറിലെ വികാരങ്ങളുടെ കേന്ദ്രമായ അമിഗ്‌ഡലയില്‍ സുഗന്ധം നേരിട്ട്‌ ഇടപെടുന്നതിനാലാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ഇങ്ങിനെ സുഗന്ധമുളവാക്കുന്ന ഫലത്തെ തടയാന്‍ തലച്ചോറിലെ ചിന്താകേന്ദ്രങ്ങള്‍ക്ക്‌ കഴിയാത്തതിനാല്‍ ആശ്വാസം ഉടന്‍ അനുഭവിക്കാനാവും. ഹൃദ്രോഗികളുടെ രോഗവിമുക്തി വേഗത്തിലാക്കാനും അവരിലെ ഉത്‌കണ്‌ഠ കുറയ്‌ക്കാനുമുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടിയുള്ള കാര്‍ഡിയോ വാസ്‌കുലാര്‍ സര്‍ജനായ ഡോ. ഓസിന്റെ അന്വേഷണമാണ്‌ ഈ കണ്ടെത്തലിലേക്ക്‌ നയിച്ചത്‌. കര്‍പ്പൂരം, യൂക്കാലിപ്‌റ്റസ്‌ പോലുള്ള സുഗന്ധ എണ്ണകള്‍ ബദാം എണ്ണപോലുള്ള ന്യൂട്രല്‍ എണ്ണകളുമായി കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടിയാല്‍ മാനസിക പിരിമുറുക്കത്തിന്‌ ഉടന്‍ ആശ്വാസം ലഭിക്കുമെന്നാണ്‌ ഡോ. ഓസും സഹഗവേഷകനായ അരോമ തെറാപ്പിസ്റ്റ്‌ ജെയിന്‍ ബക്കിളും പറയുന്നത്‌. കുറഞ്ഞ സമയം മാത്രമുള്ള തവണകളായാണ്‌ സുഗന്ധം ഉപയോഗിക്കേണ്ടത്‌. കാരണം സമയം ദീര്‍ഘിക്കുന്തോറും സുഗന്ധത്തോടുള്ള പ്രതികരണം കുറയുമെന്നതിലാണിത്‌. വേദനയ്‌ക്ക്‌ ആശ്വാസം ലഭിക്കാനും റിലാക്‌സ്‌ ചെയ്യാനും റീച്ചാര്‍ജ്‌ ചെയ്യാനുമൊക്കെ സുഗന്ധം ഫലപ്രദമാണ്‌. സുഗന്ധമുള്ള സോപ്പുപയോഗിച്ച്‌ ഒന്നു കുളിച്ചാല്‍ തന്നെ നല്ല ഉണര്‍വ്‌ ലഭിക്കും. കര്‍പ്പൂരം, വാനില, നാരങ്ങ, യൂക്കാലിപ്‌റ്റസ്‌, മുല്ല, പുതിന തുടങ്ങിയവയുടെ സുഗന്ധം ഉണര്‍വ്‌ നല്‍കാനും ടെന്‍ഷനകറ്റാനും ഫലപ്രദമാണെന്ന്‌ പഠനത്തില്‍ തെളിഞ്ഞു. മാനസിക പിരിമുറുക്കമുള്ള രോഗികള്‍ക്ക്‌ വാനിലയുടെ സുഗന്ധം നല്‍കിയപ്പോള്‍ ഹൃദയമിടിപ്പും രക്ത സമ്മര്‍ദ്ധവും കുറയുന്നതായും ഉത്‌കണ്‌ഠയില്‍ നിന്ന്‌ ആശ്വാസം ലഭിക്കുന്നതായും പഠനത്തില്‍ വ്യക്തമായി. ഇനി ബോറടിക്കുമ്പോള്‍ ഇഷ്ടമുള്ള ഗന്ധം ഒന്നാസ്വദിച്ചു നോക്കൂ. ആശ്വാസം അനുഭവിച്ചറിയാം.

ചിട്ടയായ ജീവിത ക്രമവും,ആരോഗ്യ രീതികളും, സന്തുലിതമായ സമീകൃത ആഹാരവും

മലയാളിയുടെ ആരോഗ്യശീലങ്ങൾക്ക് ഒരു കെട്ടുറപ്പ്‌ രൂപപ്പെട്ടു തുടങ്ങിയിട്ട് കുറച്ചു കാലങ്ങൾ ആയി,കൊളെസ്ട്രോൾ , തൈറോയിഡ്,PCOD തുടങ്ങിയ രോഗങ്ങൾ മലയാളിയിൽ പിടിമുറുക്കിയപ്പോൾ രുചി നോക്കാതെ തള്ളേണ്ടതിനെ തള്ളാനും ഭക്ഷണശീലങ്ങൾ മാറ്റാനും തയ്യാറായി,

diet control ജീവിതത്തിന്റെ ഭാഗമായി,ഓരോ പ്രായത്തിലും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭികുന്നതിനും,വളര്ച്ചയെ ത്വരിതപ്പെടുത്തുന്നതിനും,പ്രതിരോധശേഷി കൂട്ടുന്നതിനും ആഹാരത്തിനുള്ള പങ്കു വലുതാണ്.കഴിക്കുന്ന ആഹാരത്തിന്റെ അളവും,കഴിക്കുന്ന സമയവും തെരഞ്ഞെടുക്കുന്ന ആഹാരം പോലെ തന്നെ പ്രാധാന്യം അർഹികുന്നതാണ്.

അഷ്ടാoഗ ഹൃദയം സൂത്രസ്ഥാനം മാത്രമിശിതീയം അധ്യായം എങ്ങനെയാണു ആഹാരം കഴിക്കേണ്ടത്‌ എന്ന് നിർദേശങ്ങൾ തരുന്നുണ്ട്.

ഒരാളുടെ ദഹനശക്തിക്ക് അനുസൃതമായി വേണം ആഹാരം തിരഞ്ഞെടുക്കാൻ,ശരീര വണ്ണം കുറക്കാൻ വേണ്ടി ആഹാരം തീരെ കുറയ്ക്കുന്നവർക്ക് ശാരീരിക ബലവും,പോഷണവും,ഓജസ്സും നഷ്ടപ്പെടും ,പിന്നീട് വാതരോഗങ്ങൾക്കും കാരണമാകും.

അതുപോലെ തന്നെ ആവശ്യത്തിലധികം കഴിക്കുന്നവർക്ക് ദഹന പ്രക്രിയ തടസ്സപ്പെടുകയും വയറിനു അസ്വസ്ഥതയും ക്ഷീണവും,ശരീര വേദനയും ഫലമാകും.

കൃത്യസമയത്തെ ആഹാരക്രമവും നിർബന്ധമാണ്,വൃത്തിയും ചൂടുള്ളതും ലഘുവായിട്ടുള്ളതും ആയിരിക്കണം ആഹാരം.ആഹാരത്തിനു ശേഷം കുളിക്കുന്നത് ശരീര താപനിലയിൽ വ്യത്യാസം വരുത്തുക വഴി ദഹനശക്തി കുറക്കും.അത് ശരീരഭാരം കൂടുന്നതിനു കാരണമാകും.

കുട്ടികളുടെ ബുദ്ധി വളർച്ചക്കും ശാരീരിക വളർച്ചക്കും ആവശ്യമായ ഘടകങ്ങളെ ചേർത്ത് ഒരു ഡയറ്റ് പ്ലാൻ പരിചയപ്പെടാം

ബ്രേക്ക് ഫാസ്റ്റ്

പാൽ 1 ഗ്ലാസ്സ്

2 ദോശ / ബ്രെഡ്‌ & ബട്ടർ

പഴവർഗങ്ങൽ ( പുളി രുചിയുള്ള പഴങ്ങൾ ഉദാ:ഓറഞ്ച് ഒഴിവാക്കുക)

ലഞ്ച്

ഫ്രഷ്‌ വെജിറ്റബിൾസ്

ചോറ്

പുഴുങ്ങിയ മുട്ട പകുതി (കഫക്കെട്ടുള്ള കുട്ടികള്ക്ക് മഞ്ഞക്കരു ഒഴിവാക്കാം )

3 കഷ്ണം ഇറച്ചി

അല്പം തൈര്

സ്നാക്‌സ്

ജ്യൂസ്‌ /പാൽ

ബിസ്കറ്റ് /റസ്ക്

ആവിയിൽ പുഴുങ്ങിയ പലഹാരങ്ങൾ

ഡിന്നർ

വെജ് /നോണ്‍ വെജ് സൂപ്പ്

വെജിട്ടബിൾസ്

അല്പം ചോറ്

വെജിട്ടബിൾ കറി

(രാത്രിയിൽ തൈര് അഭികാമ്യം അല്ല,ഉറങ്ങുന്നതിനു 3 മണിക്കൂർ മുന്പ് ഡിന്നർ കഴിക്കാൻ ശ്രദ്ധിക്കണം)

അമിതമായ ആഹാരപ്രിയം മൂലവും,വ്യായാമം ചെയ്യാത്തത് കൊണ്ടും,സമയ നിഷ്ഠ ഇല്ലാത്ത ആഹാര ക്രമം കൊണ്ടും,ഉറക്കം കൊണ്ടും,ശരീര ഭാരം വര്ധിക്കാം.ശരിയായ ഭക്ഷണ ക്രമവും വ്യായാമവും ഒരുപോലെ ഭാരം കുറക്കുന്നതിന് സഹായകമാകും,കഠിന വ്യായാമവും കഠിനമായ ആഹാര നിയന്ത്രണങ്ങളും ഗുണത്തേക്കാൾ ദോഷം ചെയ്യും.കഴിയുന്നിടത്തോളം ജലം കുടിക്കാൻ ശ്രമിക്കേണ്ടതുമാണ്.

 

ശരീരഭാരം കുറക്കുന്നതിനുള്ള കലോറി കുറഞ്ഞ ആഹാരക്രമം

ഉറക്കം ഉണർന്നാൽ വെറും വയറ്റിൽ ചൂട് വെള്ളവും നാരങ്ങയും തേനും ചേർത്ത് അതിരാവിലെ കുടിക്കുക .

ശേഷം ചായ മധുരം ചേർക്കാതെ

ബിസ്കറ്റ് ,ബ്രൌണ്‍ ബ്രെഡ്‌ ,റസ്ക് ഇതിൽ ഏതെങ്കിലും ഒന്ന് ഒരെണ്ണം

ബ്രേക്ക്ഫാസ്റ്റ്

ഗോതമ്പ് പുട്ട് (തേങ്ങ അധികം ചേര്ക്കാതെ),ഗോതമ്പ് ദോശ (ഓയിൽ അധികം ചേർക്കാതെ )ഗോതമ്പ് കഞ്ഞി ഇവയിൽ ഏതെങ്കിലും ഒന്ന്

വെജിറ്റബിൾ കറി /കടല കറി

ഗ്രീൻ ടി (മധു രം ചേര്ക്കാതെ)

പഴങ്ങൾ(പകുതി ബൌൾ ,മുന്തിരിയും ,വാഴപ്പഴവും ഒഴിവാക്കുക)

ലഞ്ച്

ചോറ് 50 ഗ്രാം

സാമ്പാർ /രസം

പച്ചടി

വെജിറ്റബിൾ തോരൻ (തേങ്ങയും ഓയിലും കുറച്ചത്)

ലഞ്ച് കഴിച്ചതിനു ശേഷം ചൂട് വെള്ളം കുടിക്കാം.തണുത്ത വെള്ളം കുടിക്കരുത് .

ഈവനിംഗ് സ്നാക്ക്

ഗ്രീൻ ടി (മധുരം ചേർക്കാതെ )

റസ്ക്

ഡിന്നർ

പത്തിരി 2 എണ്ണം / ചപ്പാത്തി 1 എണ്ണം

ഫിഷ്‌ കറി തേങ്ങ അരച്ചു ചേർക്കാത്തത്

മീഡിയം ബൗൾ ഫ്രഷ്‌ സലാഡ്

ചൂട് വെള്ളം

 

ഈ ആഹാരക്രമം ശരീര ഭാരം കുറക്കാൻ സഹായിക്കും.അതോടൊപ്പം എണ്ണ,തേങ്ങ,പഞ്ചസാര,പാൽ,പാലുത്പന്നങ്ങൾ,ബേക്കറി പലഹാരങ്ങൾ,മദ്യം,ബിയർ,എന്നിവ നിര്ബന്ധമായും ഒഴിവാക്കേണ്ടത് ആണ്. രോഗങ്ങളുടെ അടിസ്ഥാനത്തിൽ ആഹാരക്രമം പാലിക്കുന്നത് രോഗങ്ങളെ ഒരു പരിധി വരെ തടയാൻ സഹായിക്കും.തൈറോയിഡ് രോഗങ്ങൾ,കൊളെസ്ട്രോൾ,PCOD,വാത രോഗങ്ങൾ,പ്രമേഹം,രക്ത സമ്മർദ്ധം,കരൾ രോഗങ്ങൾ,തുടങ്ങിയ അസുഖങ്ങൾക്ക് ആഹാരത്തിൽ എന്തൊക്കെ ഉള്പ്പെടുത്താം എന്നും എന്തൊക്കെ ഒഴിവാക്കാം എന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്

Thyroid disease

പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കണ്ടു വരുന്ന രോഗം ആണ് thyroid disease.thyroid ഹോർമോണിന്റെ അളവ് കൂടിയ അവസ്ഥയെ HYPERTHYROIDISM എന്നും കുറഞ്ഞ അവസ്ഥയെ HYPOTHYROIDISM എന്നും തരാം തിരിച്ചിരിക്കുന്നു,അതിനനുസരിച് ആഹാര ക്രമങ്ങളിലും മാറ്റം വരും.THYROID രോഗം ഉള്ളവര്ക്ക് ശരീരഭാരം കൂടും

HYPER THYROIDSM :-

ഒഴിവാക്കേണ്ട ആഹാരസാധങ്ങൾ ;- പാലുത്പന്നങ്ങൾ,(പാൽ,ചീസ്,ഐസ് ക്രീം etc )ഗോതമ്പ്,സോയ,വൈറ്റ് ബ്രെഡ്‌,പാസ്ത,പഞ്ചസാര,ബേക്കറി പലഹാരങ്ങൾ,മദ്യം,ചായ,കാപ്പി,

ഉൾപ്പെടുത്തേണ്ട ആഹാരസാധനങ്ങൾ ;-ധാന്യങ്ങൾ,ഫ്രഷ്‌ വെജിറ്റബിൾസ്,ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുള്ള ബ്ലൂ ബെറിസ് ,തക്കാളി,ചെറി,ഒലിവ് ഓയിൽ ,വെളിച്ചെണ്ണ,

HYPO THYROIDSM :-

ഒഴിവാക്കേണ്ടവ ;-ക്യാബേജ്,ബ്രോകോളി,കോളിഫ്ലവർ,സോയ,കപ്പലണ്ടി,മദ്യം,ചായ,കാപ്പി

ഉൾപ്പെടുത്തേണ്ട ആഹാരസാധനങ്ങൾ ;-ധാന്യങ്ങൾ,തക്കാളി,ഒമേഗ ഫാറ്റി ആസിഡ്,

polycystic ovarian syndrome

POLYCYSTIC OVARIAN SYNDROME എന്ന് അറിയപ്പെടുന്ന ഇ രോഗം സ്ത്രീകളിൽ ആർത്തവചക്രം താളം തെറ്റിക്കുകയും,വന്ധ്യതക്കും കാരണമാകാറുണ്ട്

ഒഴിവാക്കേണ്ടവ :-പാക്കറ്റ് ജ്യൂസ്‌,ഉരുളക്കിഴങ്ങ്,മൈദ,പാസ്ത,സോഡ,

ഉപയോഗിക്കേണ്ട ആഹാര സാധനങ്ങൾ :-എള്ള്,ശർക്കര,തേങ്ങ മിശ്രിതം,പഴങ്ങൾ,ധാന്യങ്ങൾ,ചോളം,ഫൈബർ അടങ്ങിയ പഴങ്ങൾ,പച്ചക്കറികൾ,

വാതരോഗങ്ങൾ

ഫാസ്റ്റ് ഫുഡ്‌,ടെൻഷൻ,പാരമ്പര്യം,വ്യയായമില്ലാത്ത ശരീരം ഇതൊക്കെ വാതരോഗങ്ങൾക്ക് കാരണമാകുന്നു,പ്രേത്യേകമായ ആഹാരക്രമം നിഷ്കർഷിച്ചിട്ടില്ലെങ്കിലും തണുത്ത ആഹാരവും,തണുത്ത അന്തരീക്ഷവും വാത രോഗം കൂടാൻ ഇടയാകും,ആരോഗ്യകരമായ ഡയറ്റ് ആണ് പിന്തുടരേണ്ടത്.കൂടുതൽ നാരുകളുള്ളതും പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തണം.മിതമായ ഭക്ഷണവും വ്യായാമവും വേണം,ചെറു മീനുകൾ,മുട്ടയുടെ വെള്ളക്കരുവും,ചീരയും,റാഗ്ഗിയും,ആഹാരത്തിൽ നിര്ബന്ധമായും ഉൾപ്പെടുത്തണം

രക്ത സമ്മർദ്ദം

ഉയര്ന്ന രകതസമ്മർദ്ദം വേഗത്തിൽ ജീവൻ അപകടത്തിലാക്കാൻ കഴിയുന്ന അപകടകാരി ആണ്,അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സ തേടേണ്ടത് ഉചിതമാണ്,ചികിത്സയുടെ ഭാഗമായിത്തന്നെ ആഹാരക്രമങ്ങളും ശ്രദ്ധിച്ചാൽ ഒരുപരിധി വരെ തടയാൻ കഴിയും

ഒഴിവാക്കേണ്ടവ:- ഉപ്പ്,എരിവ്,പിസ്സ,അച്ചാറുകൾ,തക്കാളികൊണ്ട് ഉണ്ടാക്കുന്ന പാക്ക്ഡ്‌ ഫുഡ്,പഞ്ചസാര,കോഫി,മദ്യം,

ഉൾപ്പെടുത്തേണ്ട ആഹാര സാധനങ്ങൾ ;- ഇലക്കറികൾ,ബ്ലൂ ബെറിസ്,ഉരുളക്കിഴങ്ങ്‌,ബീട്രൂറ്റ്,ഓട്സ്,വാഴപ്പഴം ,എന്നിവ ഉയര്ന്ന രക്തസമ്മര്ദ്ദം കുറയാൻ സഹായിക്കും

പ്രമേഹം

ശരീരത്തിൽ ഇന്സുലിന്റെ അളവ് കുറഞ്ഞുപോകുകയും ഗ്ലൂക്കോസിന്റെ അളവ് കൂടുകയും ചെയ്യുമ്പോൾ പ്രമേഹം ആരംഭിക്കുന്നു,മധുരത്തിന്റെ അമിത ഉപയോഗവും,പാരമ്പര്യവും,ശരീര പ്രകൃതിയും,പ്രമേഹത്തെ സ്വാധീനിക്കുന്നുണ്ട്,പ്രമേഹം കൂടുന്നതിനനുസരിച് കണ്ണിന്റെ കാഴ്ചക്കും മങ്ങൽ ഉണ്ടാകും,ആഹാരനിഷ്ഠ കണിശം ആയ ഒരു അസുഖമാണ് പ്രമേഹം

ഒഴിവാക്കേണ്ടവ :- ഏതു രീതിയിലും ഉള്ള മധുരം ഒഴിവാക്കണം,കാർബോഹൈഡ്രെറ്റ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം,വൈറ്റ് ബ്രെഡ്‌,ജ്യൂസ്‌,നല്ലതല്ല

ഉൾപ്പെടുത്തേണ്ട ആഹാര സാധനങ്ങൾ :-ബാർലി ,ഗോതമ്പ്,പയര്,പച്ചക്കറികൾ,പാവയ്ക്കാ,വെളുത്തുള്ളി,ബ്ലാക്ക്ബെറി,കടുകെണ്ണ തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്താം .

കരൾ രോഗങ്ങൾ

കരൾരോഗങ്ങൾ പലതാണ്.ശരീരത്തിന്റെ പല പ്രധാനപ്പെട്ട കർമ്മങ്ങളും ചെയ്യുന്നത് കരൾ ആണ്.അതുകൊണ്ട് തന്നെ കരളിന്റെ പ്രവർത്തങ്ങൾ തടസപ്പെട്ടാൽ അത് മുഴുവൻ ശരീരത്തെയും ബാധിക്കും,

ഒഴിവാക്കേണ്ടവ ;- ഉപ്പ് ,മദ്യം,തോടുള്ള കടൽ മത്സ്യങ്ങൾ,ഇറച്ചി,മധുരമുള്ള ഭക്ഷണങ്ങൾ,സോഡിയം കൂടുതൽ ഉള്ള ആഹാരം ഒഴിവാക്കുക

ഉള്പ്പെടുത്തേണ്ടവ ;- കാർബോഹൈഡ്രെറ്റ്സ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക,മിതമായ അളവിൽ ഡോക്ടറിന്റെ അനുവാദത്തോടെ ഫാറ്റ് അടങ്ങിയ ഭക്ഷണവും ഉൾപ്പെടുത്താം,ഇവ രണ്ടും കരളിലെ പ്രോടീൻ വിഘടനം തടയും ,മുട്ട,നെല്ലിക്ക,മഞ്ഞൾ,ചിറ്റമൃത്,നിലനെല്ലി,ബീട്രൂറ്റ്‌,ക്യാബേജ്,ബ്രോകോളി,കാരറ്റ്,എന്നിവ ആഹാരത്തിൽ ഉള്പ്പെടുതുന്നത് നല്ലതാണ്‌,

ചിട്ടയായ ജീവിത ക്രമവും,ആരോഗ്യ രീതികളും, സന്തുലിതമായ സമീകൃത ആഹാരവും ആരോഗ്യം നിലനിർത്തും,

മദ്യരഹിതം-കരൾരോഗം

 

മദ്യപാനികൾക്ക് കരൾ വീക്കം  സാധാരണയാണ്. എന്നാൽ സ്വാഭാവികമായ അസുഖമായി കരൾ വീക്കം വരാവുന്നതാണ്. ഇത് പാരമ്പര്യമായി കുടുംബത്തിൽ ഉള്ളതാവാനും സാദ്ധ്യതയുണ്ട്.  മദ്യപാനം കൊണ്ടുണ്ടാകുന്ന കരൾവീക്കത്തോടൊപ്പമോ അതിൽക്കൂടുതലോ പ്രാധാന്യം നൽകേണ്ടതുണ്ട് മദ്യരഹിതകരൾരോഗ (Non-alcoholic fatty liver disease-NAFLD) ത്തിനു. ഇന്ന് തീവ്രകരൾരോഗങ്ങളിൽ മുൻപന്തിയിലാണ് NAFLD. പടിഞ്ഞാറൻ രാജ്യങ്ങളിൽ 20-30% വരേയും ഏഷ്യയിൽ 10-18% വരേയും മദ്യരഹിതകരൾരോഗം വ്യാപകമാണ്.  അമിതവണ്ണവും അമിതമായ ഫ്രൂക്റ്റോസ് (സോഡ എന്നറിയപ്പെടുന്ന മധുരപാനീയങ്ങൾ വഴി) കഴിക്കലും  ഇതിനെ ത്വരിതപ്പെടുത്തുന്നവയാണ്. ഭീതിജനകമായ വസ്തുത കുട്ട്ടികളിൽ 10% വും ടീൻ ഏജ് കാരിൽ 17%വും ഇത് കാണപ്പെടുന്നു എന്നതാണ്. അമിതവണ്ണമുള്ള കുട്ടികളിൽ 70% വരെ ഇത് കാണപ്പെടുന്നു എന്നത്  ഞെട്ടിയ്ക്കുന്നതാണ്.

 

ഈയിടെ അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള (ഹൃദയത്തിൽ സൂക്ഷിയ്ക്കാൻ, ട്രാഫിക്, വേട്ട എന്നീ സിനിമകൾ) സ്വാഭാവികമായ കരൾ വീക്കത്താൽ നിര്യാതനായതാണ്. കേരളത്തിൽ ഇത് വ്യാപകമാണ്. മദ്യപാനം മൂലമുള്ള കരൾ രോഗങ്ങൾ അതിസാധരണയായതിനാൽ  അതുമായി  ബന്ധപ്പെടുത്തി സ്വാഭാവികമായി വരാവുന്ന ഈ രോഗം റിപ്പോർട് ചെയ്യപ്പെടാറാണ് പതിവ് എന്നതിനാൽ വിവരക്കണക്കുകൾ നമ്മളിൽ എത്താറില്ല.. ലോകത്തിലെ മറ്റേതു വംശജരേക്കാളും ഇൻഡ്യാക്കാരിലാണ് മദ്യരഹിതകരൾരോഗം കണ്ടുവരുന്നത് എന്നത് നമ്മുടെ സമൂഹം അറിഞ്ഞില്ല എന്ന് നടിയ്ക്കുകയാണ്, അല്ലെങ്കിൽ അറിയാൻ താൽപര്യമില്ല എന്ന് തീരുമാനിക്കുകയാണ്. ദുരന്തമാണിത്.

കരൾ വീക്കം മദ്യം കൊണ്ടോ അല്ലാതെയോ

മദ്യം കരൾ വീക്കത്തിനു കാരണമാകുന്നതിന്റെ രാസവിദ്യകൾ കൃത്യമായിട്ട് നമുക്ക് പിടിയുണ്ട്. കുടിയ്ക്കുന്ന മദ്യം വളരെ പെട്ടെന്ന് കരളിലാണ് എത്തുക. അത് അസെറ്റാൽഡിഹൈഡ് എന്ന വിഷവസ്തു ആകുകയും കോശങ്ങൾ അതിനെ അസെറ്റിക് ആസിഡ് ആയി പെട്ടെന്നു തന്നെ മാറ്റുകയും ചെയ്യും. ഈ പ്രക്രിയ മറ്റു ചില തന്മാത്രകളെ ഉത്തേജിപ്പിക്കുകയും അവ കിട്ടിയ ഊർജ്ജം കൊണ്ട് കൊഴുപ്പിന്റെ ആസിഡ് രൂപം പുതുതായി നിർമ്മിച്ചെടുക്കുകയും ചെയ്യും. മറ്റ് ഫാറ്റി ആസിഡുകൾ വിഘടിച്ചു പോകുന്നുമില്ല.  ഈ ഫാറ്റി ആസിഡുകളെ കരളിലെ കോശങ്ങൾ “ട്രൈ ഗ്ലിസറൈഡ്’ ആക്കിമാറ്റി കോശങ്ങളിൽ തിരുകി വച്ചു തുടങ്ങും. കരൾ വീങ്ങിത്തുടങ്ങുകയാണ്.  അസെറ്റാൽഡിഹൈഡ് ഇതിനിടയ്ക്ക് മറ്റു ചില കുത്സിതപ്രവർത്തികളും ചെയ്തുകൂട്ടുന്നുണ്ട്.  കൊഴുപ്പുതുള്ളികൾ തിങ്ങിനിറഞ്ഞ ‘സ്റ്റീറ്റോസിസ്’ (steatosis) എന്ന ഘട്ടത്തിലേങ്ങു നീങ്ങുകയാണ് കരൾ. കൊളാജൻ എന്ന പ്രോടീൻ നാരുകളും ഇവയോടൊത്തുകൂടി ‘ഫൈബ്രോസിസ്’ എന്ന അവസ്ഥയിലെത്തുകയാണ് അടുത്ത പടി. കരൾ പഴയ കരൾ അല്ല, കൊഴുപ്പടിഞ്ഞകോശങ്ങളുടെയും പ്രവർത്തനം മന്ദീഭവിച്ച കോശങ്ങളുടെയും കരൾ, നീരുവീക്കം വന്ന ഭാഗങ്ങളുടേയും നാരുകൾ തിങ്ങിയ കോശങ്ങളുടേയും കരൾ, രാസവിദ്യാകൂട്ടിക്കൊടുപ്പകാരുടേയും ക്യാൻസറിനു തുടക്കമിടുന്ന അധോലോകവാസികളുടെയും കൊലപാതകികളുടേയും കരളാണ്.  താമസിയാതെ ‘സിറോസിസ് എന്ന രോഗാതുരമായ അവസ്ഥാവിശേഷം സംജാതമാകുകയാണ്. ചിത്രം 1 ഇൽ കരളിന്റെ ആകൃതിയും പ്രകൃതിയും എങ്ങനെ മാറുന്നു എന്നത് വ്യക്തമാണ്.

എന്നാൽ മദ്യത്തിന്റെ പ്രാഭവങ്ങളില്ലാതെതന്നെ ഇതുപോലെ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ സാദ്ധ്യതയുണ്ട്. മദ്യരഹിതകരൾരോഗം (Nonalcoholic fatty liver disease or NAFLD)  ലോകത്തെമ്പാടും ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കയാണ്. 2020 ആകുമ്പോഴേയ്ക്ക് ഏറ്റവും പ്രചാരത്തിലുള്ള കരൾ രോഗം ഇതായിരിക്കും എന്നാണ് കണക്ക്.  അമിതവണ്ണമുള്ളവരിലും പ്രമേഹത്തിന്റെ  നിശ്ചിതലക്ഷണമായ  ഇൻസുലിൻ പ്രതിരോധം (Insulin resistance) വന്നുകൂടുന്നവരിലും ഈ കരൾരോഗം വന്നുഭവിക്കാൻ സാദ്ധ്യതകൾ ഏറെ.  നീർപ്പെരുക്കവും  (inflammation) നാരുകൾ ഉൾച്ചേരുന്നതും (fibrosis)  ഒക്കെക്കൂടി ‘സ്റ്റീറ്റോസിസ്’ എന്ന ഘട്ടത്തിലേക്ക് നയിക്കപ്പെടും. ‘നാഷ്‘ (Nonalcoholic steatohepatitis NASH)  എന്ന ഓമനപ്പേരിൽ ഇന്ന് അറിയപ്പെടുന്ന ഈ നാശകാരി  ഗുരുതരമായ സിറോസിസ് വരാനുള്ളതിന്റെ  മുന്നോടിയാണ്. സിറോസിസിന്റെ പരിണതി ലിവർ ക്യാൻസർ ആണ്., ലോകത്തിലെ മൂന്നാമത്തെ ക്യാൻസർ മരണകാരണം.  ഇന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടി വരുന്ന ഏറ്റവും വലിയ കരൾരോഗങ്ങളിൽ ഒന്ന് നാഷ് ആണ്. 2020 ഓടെ നാഷ് ഒന്നാം സ്ഥാനത്തെത്തും എന്നാണ് നിഗമനം.    NAFLD/NASH രോഗികൾ ഹൃദ്രോഗം, പ്രമേഹം. കിഡ്നി തകരാറുകൾ എന്നിവയിലേക്ക് നടന്നടുക്കുന്നവരുമാണ്.  NAFLD യുടേയും ‘നാഷി’ന്റേയും മൂലകാരണങ്ങളായ രാസപ്രവർത്തനങ്ങളെക്കുറിച്ച് ഇനിയും വ്യക്തത വരാനിരിക്കുന്നതേ ഉള്ളു. കൊഴുപ്പ് തുള്ളികൾ കരൾ കോശങ്ങളിൽ അടിഞ്ഞു കൂടുന്നതിന്റെ തുടക്കങ്ങളെപ്പറ്റി. കരളിലെത്തുന്ന ഫാറ്റി അസിഡുകളെ, ഒരു സുരക്ഷാതന്ത്രം എന്ന നിലയിൽ  ട്രൈ ഗ്ലിസറൈഡ് ആക്കി മാറ്റാറാണു പതിവ്. ഈ പ്രക്രിയ ഒരു തിരിച്ചടി ആയിത്തീരുകയാണ്. ത്വക്കിനടിയിലും മറ്റും കൊഴുപ്പ് സൂക്ഷിയ്ക്കുന്ന പ്രത്യേക കോശങ്ങൾ അളവ് കൂടുമ്പോൾ കരളിൽ എത്തിയ്ക്കുകയാണ്, ഇൻസുലിൻ പ്രതിരോധം ഒരു കാരണമായിട്ട്. കൊഴുപ്പ് കലർന്ന ഭക്ഷണത്തിന്റെ അമിതോപയോഗത്തിനും ഇതിൽ പങ്കുണ്ട്.  നിങ്ങളുടെ കരൾ ‘നാഷ് ‘ ആയി മാറാൻ താമസമില്ല.

കൊടുംകാടാണു കരളിലെന്ന്.

കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുകയും രക്തത്തിലേക്ക് ആവശ്യമായത് വിട്ടുകൊടുക്കുകയും രക്തത്തിൽ നിന്നും ചില കൊഴുപ്പുകൾ ഒക്കെ ആഗിരണം ചെയ്യുകയുമൊക്കെയാണ് കരളിന്റെ പ്രധാനധർമ്മം. ഫാറ്റി അസിഡ് എന്ന ചെറു കൊഴുപ്പു കണികകളെ ഗ്ലിസെറോളുമായി ചേർത്ത് മൂന്നെണ്ണം വീതമുള്ള ‘ട്രൈഗ്ലിസറൈഡ്’ ആക്കുകയാണ് കരളിനു ഇഷ്ടപ്പെട്ട പണി. മൂന്ന് ഫാറ്റി ആസിഡുകളെ ഇങ്ങനെ കൂട്ടിക്കെട്ടിയാൽ സൂക്ഷിയ്ക്കാൻ എളുപ്പമുണ്ട്. അത്രമാത്രം. കൂടുതൽ വരുന്ന ട്രൈഗ്ലിസറൈഡുകളെ  രക്തത്തിലേക്ക് അയയ്ക്കും, കരൾ. ശരീരത്തിനു ആവശ്യമായ കോളെസ്റ്റിറോൾ, മറ്റുചില പ്രോടീനുകൾ ഇവയോടൊപ്പമാണ് ഈ ട്രൈഗ്ലിസറഡുകളുടെ യാത്ര.  ത്വക്കിനടിയിലോ മറ്റ് കൊഴുപ്പ് കലവറകളിലോ ഫാറ്റി ആസിഡുകൾ ധാരളമുണ്ട്. ഇവിടെ നിന്നും കരളിലേക്ക് ഇവ എത്തുന്നുമുണ്ട്.   അമിതവണ്ണം ഉള്ളവർക്ക് കൊഴുപ്പ് കൂടുതലുണ്ട് ത്വക്കിനടിയിലും ഉദരഭാഗങ്ങളിലും. ഇവിടെ നിന്നും കൂടുതൽ ഫാറ്റി ആസിഡുകൾ കരളിലെത്തുകയും  ട്രൈഗ്ലിസറൈഡു കളെ രക്തിലേക്ക് കടത്തി വിടുന്ന തോത് അതനുസരിച്ച് വർദ്ധിക്കാതിരിക്കുകയും ചെയ്യുമ്പോൾ കൊഴുപ്പ് കണികകൾ കരളിൽ  തന്നെ അടിഞ്ഞുകൂടുകയാണ്. കാർബോഹൈഡ്രേറ്റുകൾ കൂടുതൽ രക്തത്തിൽ എത്തിയാൽ അവയും ട്രൈഗ്ലിസറൈഡ് ആക്കി മാറ്റപ്പെടുന്ന മറ്റൊരു വേലയും ഉണ്ട്. ഇത് കരളിനു താങ്ങാൻ വയ്യാതാവുകയാണ്. നീരുവീക്കം (inflammation)  തുടങ്ങുകയായി. പല കോശങ്ങളും നശിച്ചുതുടങ്ങുകയോ കുത്സിതപ്രവർത്തികളിൽ ഏർപ്പെടുകയോ ചെയ്യും. ഇത്തരം രാസവിദ്യാപരിണതികളിൽ ഒന്നാണ് കൊളാജൻ എന്ന നാരുകളുടെ അമിതമായ നിർമ്മിതി. കൊളാജെൻ അടങ്ങിയ നാരുകൾ കോശങ്ങൾക്ക് ചുറ്റിലും കട്ടിയുള്ള വലനെയ്യുകയായി ഉടൻ. ‘ഫൈബ്രോസിസ്’ എന്നറിയപ്പെടുന്ന സ്ഥിതിവിശേഷം. പ്രവർത്തനരഹിതമായിത്തുടങ്ങുകയാണ് കരളിന്റെ പലഭാഗങ്ങളും.  ലഘുവായ സ്റ്റീറ്റോസിസിൽ തുടങ്ങി, സ്റ്റീറ്റോഹെപാ റ്റൈറ്റിസ് ആയി മാറി ഫൈബ്രോസിസ് ഇൽ എത്തി സിറോസിസിൽ അവസാനിക്കുകയാണ് കരൾരോഗത്തിന്റെ നാടകീയരംഗങ്ങൾ. ചിതം 2 ഇൽ ഈ ഘട്ടങ്ങൾ വ്യക്തമായി കാണാം.

എന്നാൽ എല്ലാവരുടേയും കരൾ “നാഷോന്മുഖം’ ആകണമെന്നില്ല. അമിതവണ്ണം, പ്രമേഹം, ആഹാരരീതി ഒക്കെ ബാധകമാണ്. കാർബോഹൈഡ്രേറ്റ് (സ്റ്റാർച് ധാരാളം ഉള്ള ചോറ്, പൊറോട്ട ഇവയൊക്കെ), പഞ്ചസാര, മറ്റ് മധുരങ്ങൾ ഇവയുടെ ഉൾക്കൊള്ളലും  കരളിനെ ഈ വഴി തുടരാൻ പ്രേരിപ്പിക്കുകയാണ്.  കരളിനിട്ട് രണ്ട് തവണ തട്ട് കിട്ടുന്നതായാണ് ഇന്നത്തെ ശാസ്ത്രാനുമാനം. ആദ്യത്തേത് കൊഴുപ്പ് അടിഞ്ഞു തുടങ്ങുക എന്നതാണ്.  പിന്നത്തെ തട്ട് മറ്റു ചിലരാസവിദ്യകൾ (സൈറ്റോകൈൻ, എൻഡോറ്റോക്സിൻ മുതലായ ഏജെന്റുകളുടെ പണി, ഒപ്പം ആഹാരക്രമത്തിലെ വൈകല്യം)  ആണ്.  ഇതിൽ ആദ്യത്തെ ഇടി കിട്ടുന്നത് എങ്ങനെയെന്ന് വ്യക്തമല്ല . ഒരൊറ്റ യാന്ത്രികവിദ്യ കൊണ്ടല്ല സ്റ്റീറ്റോസിസ് തുടങ്ങുന്നത്. നിരവധി ജീനുകൾ കളിയ്ക്കുന്ന കളികളാണെന്നുള്ള അറിവ് ഉണ്ടെങ്കിലും. ഇൻസുലിൻ ഈ കളിയിലെ ഒരു പ്രധാന നടൻ ആണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന  ഈ മഹാപ്രഭാവൻ ഫാറ്റി അസിഡ് എന്ന കൊഴുപ്പ് വകഭേദത്തേയും നിയന്ത്രിക്കും. ഗ്ലൂക്കോസ് രക്തത്തിൽ നിന്നും മാറ്റുന്നുതോടൊപ്പം ഫാറ്റി അസിഡുകളെ രൂപാന്തരം സംഭവിപ്പിച്ച് കരളിലും കൊഴുപ്പ് സൂക്ഷിയ്ക്കുന്ന കോശങ്ങളിലും കുടിയിരുത്തുകയുമാണ് ഇൻസുലിൻ. ഇത് തകിടം മറിയുകയാണ് പ്രമേഹം വരുമ്പോൾ. അതുകൊണ്ട്  കരളിന്റെ പ്രശ്നങ്ങൾ (NAFLD, നാഷ് എന്നിവയുടെ ആവിർഭാവം) പ്രമേഹവുമായി ബന്ധപ്പെടുത്താം.  എന്നാൽ മദ്യപാനശീലമോ പ്രമേഹമോ ഇല്ലാത്തവർക്കും ഇത് വന്നുഭവിയ്ക്കാവുന്നതാണ്..

ജീനുകൾ നിയന്ത്രിക്കുന്ന കരൾസ്വഭാവങ്ങൾ

എല്ലാ മദ്യപാനികൾക്കും എല്ലാ പ്രമേഹരോഗികൾക്കും കരൾവീക്കം വന്നു ഭവിക്കാറില്ല എന്നതാണ് കൌതുകകരമായ സത്യം. അത്രമാത്രം വൈപുല്യമാണ് കരൾവീക്കത്തിന്റെ മൂലകാരണങ്ങളിലും  അതിന്റെ സാന്നിദ്ധ്യത്തിലും രൂക്ഷതയിലും. പലേ ജീനുകളാണ് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ നിയന്ത്രിക്കുന്നത്. ഇൻസുലിൻ സന്തുലിതാവസ്ഥ നിയന്ത്രണം, ഫാറ്റി ആസിഡ്/ട്രൈ ഗ്ലിസറൈഡ് ചയാപചയങ്ങൾ(metabolism), മറ്റുകോശങ്ങളുടെ വിഭജനവും പ്രവർത്തികളും ത്വരിതപ്പെടുത്തുന്ന ചെറു പ്രോടീനുകളായ സൈറ്റോകൈനുകൾ, ബാക്റ്റീരിയ ഉളവാക്കുന്ന എൻഡൊറ്റോക്സിൻ, നാരുകൾ വലനെയ്ത് ഫൈബ്രോസിസ് ആകുന്നത് ഇവയെ ഒക്കെ നിയന്ത്രിക്കുന്ന ധാരാളം ജീനുകൾ ഘട്ടം ഘട്ടമായി കളിയ്ക്കുന്ന കളികളാണ് NAFLD, നാഷ് എന്നിവയിലേക്ക് നയിയ്ക്കുന്നത്. ഈ ജീനുകളിൽ വരുന്ന ചെറിയ മാറ്റങ്ങൾ- മ്യൂടേഷൻ പോലുള്ളവയോ , അവയുടെ പ്രകാശനത്തിലോ പ്രയോഗത്തിലോ ഉള്ള വ്യത്യാസങ്ങളോ- കരളിന്റെ സന്തുലിത പ്രവർത്തനങ്ങളെ ബാധിയ്ക്കുകയാണ്.  ചിത്രം 3 ഇൽ സിറോസിസ് ഇൽ എത്തിപ്പെടുന്ന  കരളിന്റെ രോഗഘട്ടങ്ങൾ വിശദീകരിച്ചിരിക്കുന്നു, ജീനുകളുടെ ലിസ്റ്റോടു കൂടി. ഓരോ ഘട്ടത്തിലും ഒരു പറ്റം ജീനുകളാണ് രോഗത്തെ വഷളാക്കിക്കൊണ്ടിരിക്കുന്നത്. ഇവയെല്ലാം കരളിന്റെ സാധാരണപ്രവർത്തനങ്ങളെ –കൊഴുപ്പിനെ കൈകാര്യം ചെയുന്നവ-നിയന്ത്രിക്കുന്നവയാണ്. ആദ്യം NAFLD  യ്ക്കു കാരണമാകുന്നതിനു ഉദാഹരണമായി ആറു ജീനുകൾ മാത്രം ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇവയിൽ ഏതെങ്കിലും ഒന്നിന്റെ തെമ്മാടിത്തരം മതി ഒരു ചെയിൻ റിയാക്ഷൻ തുടങ്ങാൻ. ഓരോ ഘട്ടത്തിൽ നിന്നും ഒരു നിശ്ചിതശതമാനം മാത്രമേ അടുത്ത ഗുരുതരഘട്ടത്തിൽ എത്തുന്നുള്ളു എന്നത് ശ്രദ്ധിക്കേണ്ടതാണ്.  മദ്യരഹിതകരൾ രോഗം ബാധിച്ചവരിൽ 30% മാത്രമേ അടുത്ത ‘സ്റ്റീറ്റോസിസ്’ ഘട്ടത്തിൽ എത്തുന്നുള്ളു. അതിൽ 3-16% മാത്രം നാഷ് പിടിപെട്ടവർ ആകുന്നു, 10% ശതമാനത്തിൽ താഴെ മാത്രം നാഷന്മാർക്ക് സിറോസിസ് പിടിപെടുന്നു.

പ്രധാന ജീനുകൾ

ചിത്രം 3 ഇൽ കരൾ രോഗം മൂർഛിക്കുന്ന ഓരോ ഘട്ടത്തിലും പ്രാവർത്തികമാകുന്ന ജീനുകൾ അടയാളപ്പെടുത്തിയിരിക്കുന്നു. നാൽ‌പ്പതോളം ജീനുകൾ ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇവകളെല്ലാം നേരിട്ടും അല്ലാതെയും കൊഴുപ്പിന്റെ ചയാപചയ (metabolism) വുമായി ബന്ധപ്പെട്ടവയാണ്.  ഇതിൽ ഒന്നു രണ്ടെണ്ണത്തിന്റെ വൈകല്യം മതി നാഷിലേക്ക് നയിയ്ക്കാൻ.  എന്നാൽ മ്യൂടേഷൻ സംഭവിച്ചാൽ ഏറ്റവും അപകടകാരികൾ ആകുന്നവ രണ്ടു ജീനുകളാണ്. ഇന്ന് കേരളത്തിൽ ഈ ജീനുകൾ പടർന്നുകൊണ്ടിരിക്കയാണെന്നുള്ള സത്യം  ഏറ്റവും പെട്ടെന്ന് മനസ്സിലാക്കിയാൽ നമുക്ക് നന്ന്.

അഡിപോന്യൂട്രിൻ (PNPLA3 I148M)

പ്രധാന ജെനെറ്റിക് നിർണ്ണായകകാരി മ്യൂടേഷൻ സംഭവിച്ച ഈ ജീനാണ്.  കൊഴുപ്പുകുമിളകളുടെ ഉപരിതലത്തിൽ കാണപ്പെടുന്ന അഡിപോന്യൂട്രിൻ.  ടൈഗ്ലിസറൈഡുകളെ മാറ്റിയെടുക്കുന്ന പ്രൊടീൻ.  ഈ പ്രോടീനിലെ ഒരേ ഒരു അമിനോ ആസിഡ് മാറിപ്പോയാൽ അതിന്റെ പ്രവർത്തനങ്ങൾ തകരാറിലാവുകയാണ്. കൊഴുപ്പുകുമിളകളെ മാറ്റിയെടുക്കുന്ന രാസവിദ്യ മാറിപ്പോകുകയും കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും ചെയ്യും. ഇന്ന് പലേ വിധത്തിലുള്ള കരൾരോഗികളിലും ഈ ജീനിന്റെ മാറ്റപ്പെട്ട രൂപം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കരളിനു കുറെയൊക്കെ അറ്റകുറ്റപ്പണി ചെയ്തെടുക്കാൻ പറ്റും ക്ഷതമേറ്റ ഭാഗങ്ങളെ. ഈ റിപ്പയർ വഴികളും ഈ ജീനിന്റെ സ്വഭാവദൂഷ്യത്താൽ അടഞ്ഞു പോവുകയാണ്.

TM6SF2

ട്രൈഗ്ലിസറൈഡുകളെ  ഒരു മാറ്റത്തിനും വിധേയമാക്കാതെ കരളിൽ സൂക്ഷിക്കാൻ വഴി വയ്ക്കുകയാണ് ഈ ജീനിന്റെ പ്രവർത്തനത്തിലെ പ്രശ്നങ്ങളാൽ. രക്തത്തിൽ കൂടെ കറങ്ങി നടക്കാറുള്ള ചില കൊഴുപ്പ് രൂപികളെ കരളിൽ തന്നെ സൂക്ഷിക്കാനും പ്രേരിപ്പിക്കും തെമ്മാടി ആയിപ്പോയ ഈ ജീൻ. ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങ്നൾക്കും കിഡ്നിയുടെ പ്രവർത്തനം തടസ്സപ്പെടുത്താനും കഴിയും മര്യാദ നഷ്ടപ്പെട്ട ഈ ജീനിനു.

ഘടനയിൽ ചെറിയമാറ്റങ്ങൾ സംഭവിച്ച ന്യൂറോക്യാൻ, പ്രോടീൻ ഫോസ്ഫറ്റേസിന്റെ നിയന്ത്രണഘടകം, ഗ്ലൂക്കോകൈനേസ് നിയന്ത്രകൻ ഇവയൊക്കെ  മദ്യരഹിതകരൾ രോഗത്തിനു ഇടയാക്കും.  കൊഴുപ്പ് വിഘടിയ്ക്കുന്ന ജീനുകൾ, രക്തത്തിൽ നിന്നും കരളിലേക്ക് കൊഴുപ്പുകളെ മാറ്റുന്ന ജീനുകൾ, കോശങ്ങളിലേക്ക് സന്ദേശം അയക്കാൻ  ഇൻസുലിൻ  ഉപയോഗിക്കുന്ന ജീനുകൾ, ഇൻസുലിൻ പ്രതിരോധം (insulin resistance) ഉളവാക്കുന്ന ജീനുകൾ, കരൾകോശങ്ങളിൽ നാരുകൾ നിറയ്ക്കുന്ന ജീനുകൾ, നീർവീക്ക (inflammation)ത്തെ ഉളവാക്കുന്ന ജീനുകൾ  ഇവയെ പലതിനേയും ബാധിയ്ക്കുന്ന ജീനുകളെ ഒറ്റയടിയ്ക്കു നിയന്ത്രിക്കുന്ന ജീനുകൾ അങ്ങനെ കരൾവീക്കത്തെ ബാധിയ്ക്കുന്ന ജീനുകൾ ഏറെയാണ്. ഇവയിൽ പലതും    വംശീയമായ വേർതിരിവോടേ വർത്തിക്കുണ്ട് കരൾരോഗനിർമ്മിതിയിൽ-സ്പാനിഷ്/മെക്സിക്കൻ വംശജരിൽ പ്രശ്നമുണ്ടാക്കുന്ന ജീൻ സംഘങ്ങളായിരിക്കുകയില്ല ഏഷ്യാക്കാരിൽ അപകടകാരികളാവുന്നത്.

പാരമ്പര്യം

കരൾവീക്കത്തിലേക്ക് നയിക്കുന്ന ജീനുകൾ നിങ്ങളുടെ ഡി എൻ എയിൽ കുടിയേറിപ്പാർക്കുന്നുണ്ടാവണം, സാദ്ധ്യതകളേറെയുണ്ട്. മേൽ‌പ്പറഞ്ഞ പലജീനുകളുടേയും മ്യൂടേഷൻ സംഭിവിച്ച  രൂപാന്തരങ്ങൾ. ഇവ ഒരു അവസരം നോക്കിയിരിപ്പാണ് നിങ്ങളുടെ കരളിനെ അപകടപ്പെടുത്താൻ. ആഹാരക്രമത്തിലുള്ള ഉദാസീനത മതിയാകും ഈ ജീനുകൾക്ക് പൂണ്ടുവിളയാടാൻ അവസരമൊരുക്കാൻ. വ്യായാമത്തിലുള്ള കുറവും ഈ വില്ലന്മാർക്ക് മസിലു പിടിയ്ക്കാൻ അവസരമൊരുക്കുകയാണ്.

പലേ പഠനങ്ങളും തെളിയിക്കുന്നത് പാരമ്പര്യമായി ലഭിയ്ക്കുന്നതണ് ഈ അപരന്മാർ എന്നാണ്.  മദ്യപാനികൾക്കിടയിൽത്തന്നെ കരൾവീക്കത്തിന്റെ  സാദ്ധ്യതയും രൂക്ഷതയും പല തരത്തിലാണ്. ഇതുകൊണ്ടു തന്നെ പാരമ്പര്യത്തിന്റെ സ്വാധീനം പണ്ടേ സംശയിക്കപ്പെട്ടിട്ടുള്ളതാണ്. രണ്ടു തരത്തിലാണ് പാരമ്പര്യവഴികളെപ്പറ്റി പഠിക്കപ്പെട്ടിട്ടുള്ളത്. കരളിലെ കൊഴുപ്പിന്റെ ചയാപചയം  നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജീനുകളെപ്പറ്റിയുള്ള ഡി. എൻ. എ. പഠനങ്ങളാണ അതിലൊന്ന്. രണ്ടാം വഴി  genome wide association studies (GWAC)  ആണ്. ഒരേ അസുഖമുള്ളവരുടെ ഡി. എൻ. എയുടെ പല ഭാഗങ്ങളിലും മാറ്റങ്ങൾ കാണുന്നുണ്ടോ എന്ന പരിശോധനയാണിത്. ഒരുമാരി കാടടച്ചുള്ള വെടിവയ്പ്പാണിതെന്നു തോന്നുമെങ്കിലും സൂക്ഷ്മമായ വ്യത്യാസങ്ങൾ- ഡി. എൻ. എയുടെ ഘടകങ്ങളിൽ ഒന്നിനു മാത്രം വരുന്ന നേരിയ വ്യത്യാസം- ഇതുകൊണ്ട് കണ്ടുപിടിയ്ക്കപ്പെട്ടിട്ടുണ്ട്. മദ്യരഹിതകരൾ വീക്കം ഉള്ളവരുടെ ഡി.  എൻ. എയിൽ നടത്തിയ പഠനങ്ങൾ വഴി കണ്ടുപിടിയ്ക്കപ്പെട്ടിട്ടൂള്ള ജീൻ വ്യത്യാസങ്ങൾ മദ്യപാനികളുടെ കരൾവീക്കത്തിലും പങ്കെടുക്കുന്നതായി തെളിഞ്ഞിട്ടുള്ളത് ഇത്തരം ജീൻ വ്യത്യാസങ്ങൾ കരൾ വീക്കത്തിൽ നേരിട്ടു പങ്കെടുക്കുന്നു എന്ന് തെളിയിക്കുകയാണ്. നേരത്തെ സൂചിപ്പിച്ച  അഡിപോന്യൂട്രിൻ ഇലെ മ്യൂടേഷൻ ഇപ്രകാരം സ്ഥിരീകരിച്ചതാണ്. ഈ മ്യൂടേഷൻ പാരമ്പര്യം വഴി ലഭിയ്ക്കുന്നവർക്ക് കരൾവീക്കം വരാനുള്ള സാദ്ധ്യതകൾ കൂടുകയാണ്. ഒരു അസുഖത്തിനു ജീനുകളുടെ സ്വാധീനം ഉണ്ടോ എന്ന് തിരിച്ചറിയുന്നത് ഇരട്ടകളിൽ നടത്തുന്ന പഠനങ്ങളാണ്. ഒരു ജീനിൽ ഉള്ള അപഭ്രംശങ്ങൾ ഇരട്ടകളിൽ ഒരേ പോലെയുള്ള അസുഖത്തിനു കാരണമാകുന്നെങ്കിൽ അത് തെളിവാണ് ജീൻ സ്വാധീനത്തിനു. പാരമ്പര്യരോഗകാരണങ്ങൾ ഇപ്രകാരമാണ് തെളിയിക്കപ്പെടുന്നത്.രക്തപരിശോധന, സ്കാനിങ് വിദ്യകൾ, എം ആർ ഐ മുതലായവയും തെളിയിക്കുന്നത്  മദ്യരഹിതകരൾരോഗവും നാഷും പലപ്പോഴും പാരമ്പര്യമായി ലഭിയ്ക്കുന്നതാണെന്നാണ്. ഒരേ കുടുംബത്തിലെ കുട്ടികളേയും മാതാപിതാക്കളേയും പരിശോധിച്ചെടുത്ത നിരവധി പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്, ഈ കണ്ടുപിടിത്തം തീർച്ചപ്പെടുത്തുന്നതായി.  അമിതവണ്ണം ഉള്ള കുട്ടികളിൽ NAFLD ഉള്ളവരേയും ഇല്ലാ‍ത്തവരേയും ഉൾപ്പെടുത്തിയുള്ള പഠനങ്ങളിൽ കുടുംബബന്ധിയായ തായ്‌വഴിക്രമങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഒരേ വംശീയ സമൂഹത്തിലും (ethnic group)  ഒരേ തരത്തിലുള്ള ജീൻ മ്യൂടേഷൻ കാണപ്പെടുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല ആയിരക്കണക്കിനു കരൾരോഗികളുടെ കൊഴുപ്പ്കൂടൽ/ഇൻസുലിൻ അസന്തുലിതാവസ്ഥ /ഫൈബ്രോസിസ് ബന്ധപ്പെട്ട ജീനുകൾ പരിശോധിക്കപ്പെട്ടപ്പോൾ പൊതുവായ ചില ജീൻ അപഭ്രംശങ്ങൾ കണ്ടുപിടിച്ചതും പാരമ്പര്യവഴികളാണ്   മദ്യരഹിതകരള്രോഗത്തിലേക്കും നാഷിലേക്കും നയിക്കുന്നതെന്ന് സ്ഥിരീകരിക്കാൻ ഉതകിയിട്ടുണ്ട്.  Case-control പഠനങ്ങൾ എന്നറിയപ്പെടും ഈ പരിശോധനാരീതിയെ.  വംശീയപരമായ രോഗാതുരത്വവും പാരമ്പര്യാ‍ടിസ്ഥാനത്തെ തുണയ്ക്കുന്ന രീതിയിലുള്ള തെളിവുകൾ നൽകുന്നതാണ്. മദ്യരഹിതകരൾരോഗം ഏറ്റവും കൂടുതൽ കണ്ടു വരുന്നത് ഇൻഡ്യാക്കാരിലും രണ്ടാം സ്ഥാനം സ്പാനിഷ്/മെക്സിക്കൻ വംശജരിലും പിന്നെ വെള്ളക്കാരിലും ആണ്. ആഫ്രിക്കൻ അമേരിക്കനുകളിൽ ഇത് വിരളവുമാണ്.

എന്നാൽ ഒരു കാര്യം പ്രത്യേകപരാമർശം അർഹിക്കുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. ജീനുകളുടെ പ്രഭാവത്താൽ മാത്രം കരൾ രോഗങ്ങൾ വന്നു കൂടണമെന്നില്ല. പരിസ്ഥിതി, പ്രധാനമായും ജീവിതശൈലിയാണ് NAFLD യിലേക്ക് നയിക്കുന്നത്. അമിതവണ്ണം, ആഹാരക്രമങ്ങളിലെ അതിർകടന്ന വിട്ടുവീഴ്ച്ചകൾ, വ്യായാമമില്ലായ്മ ഇവയൊക്കെ ഏറേ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. എന്നാൽ വിധിവിഹിതം അലംഘനീയം എന്ന് ആധുനികവൈദ്യശാ‍സ്ത്രം വാശിപിടിയ്ക്കുന്നില്ല. പാരമ്പര്യത്തെ ആസകലം മാറ്റിയെടുക്കാൻ സാധിച്ചില്ലെങ്കിലും അതിന്റെ തീവ്രതയെ തീർച്ചയായും ലഘൂകരിയ്ക്കാൻ സാധിക്കുന്നതാണ്.

പെപ്സി കുടിച്ചാൽ

കരൾരോഗത്തിനു ആക്കം കൂടും എന്നത് കളിയായി തോന്നുമെങ്കിലും സത്യത്തിന്റെ കാതൽ ഉണ്ട് അതിൽ. രാജേഷ് പിള്ള ധാരാളം പെപ്സി കുടിച്ചിരുന്നു എന്നൊരു കഥ അദ്ദേഹത്തിന്റെ മരണത്തോട് അനുബന്ധിച്ച് പ്രചാരത്തിൽ വന്നിരുന്നു. അദ്ദേഹം പെപ്സി കുടിച്ചിരുന്നോ, എത്ര കുടിച്ചിരുന്നു എന്നതൊന്നും ഇപ്പോൾ സംഗതമല്ല, ചോദിക്കേണ്ടതുമല്ല.  എങ്കിലും ഫ്രുക്റ്റോസ് കലർന്ന ഇത്തരം പാനീയങ്ങൾ കരളിന്റെ കൊഴുപ്പ് നിയന്ത്രണത്തെ ബാധിക്കുന്നതാണ്. പല സോഡാ പാനീയങ്ങളിലും ‘ഹൈ ഫ്രുക്റ്റോസ് കോൺ സിറപ്പ് ‘‘ ചേർക്കാറുണ്ട്.  55% ഫ്രുക്റ്റോസ്, 41% ഗ്ലൂക്കോസ്, 4% മറ്റ് കാർബോഹൈഡ്രേറ്റുകൾ ഇങ്ങനെയാണ് അവയിലെ തോത്. ഫ്രുക്റ്റോസ് കരളിനു ക്ലേശബുദ്ധിമുട്ടുകൾ കൊടുക്കയാണ്, ഇൻസുലിൻ പ്രവർത്തനങ്ങളെ മാറ്റി മറിയ്ക്കുകയാണ്. കരളിലെ ഊർജ്ജനിർമ്മിതിയേയും ഫ്രുക്റ്റോസ് ബാധിയ്ക്കും, വിശപ്പ് നിയന്ത്രിക്കുന്ന പ്രോടീനിനെ ഇല്ലാതാക്കാൻ ശ്രമിക്കും. കൊഴുപ്പ് കൂടാൻ മറ്റൊരു കാരണം. ഇൻസുലിൻ പ്രതിരോധം (insulin resistance) വന്നുഭവിക്കും എന്ന് മാത്രമല്ലപുതിയ കൊഴുപ്പ് കണികകൾ നിർമ്മിച്ചെടുക്കുന്ന വഴിയിലേക്കും കരൾ സഞ്ചരിച്ചേക്കും. അമിതവണ്ണത്തിനും ഈ മധുരങ്ങൾ ഇടയാക്കും, അത് മേൽ‌പ്പറഞ്ഞ കാരണങ്ങളാൽ കരളിനെ സിറോസിസിലേക്ക് നയിക്കും.

മദ്യപാനാസക്തി പാരമ്പര്യമാണ്

മദ്യപാനം വ്യക്തിയുടെ  ഇച്ഛയാണെങ്കിലും  അമിതാസക്തി പാരമ്പര്യമായി ലഭിയ്ക്കാവുന്നതാണെന്നത് സുവിദിതമാണ്. മദ്യത്തിന്റെ മാത്രമല്ല പലേ ലഹരിമരുന്നുകളുടെയും സ്വീകരണികൾ നമ്മുടെ തലച്ചോറിലെ ന്യൂറോണുകളിൽ വാരി വിതറിയിട്ടുണ്ട്. പല ജീനുകളുടെയും നിയന്ത്രണത്തിലാണ് കൂടുതൽ കുടിയ്ക്കണമോ വേണ്ടയോ എന്ന തീരുമാനത്തിന്റെ തന്ത്രന്യായ വിധികൾ. ന്യൂറോണുകൾ തമ്മിലുള്ള സംഭാഷണ-വിനിമയങ്ങളെ ബാധിക്കുന്ന ജീനുകളിലുള്ള വ്യത്യാസങ്ങളാണ് പാരമ്പര്യഘടകങ്ങളിൽ മുൻപൻ. എന്നാൽ ഈ വക ജീനുകൾ കുടുംബസ്വത്തായി ലഭിച്ചു എന്നു വച്ച് നിങ്ങൾ മദ്യപാനി ആയിത്തീരണമെന്നുന്നും ഇല്ല. സാഹചര്യങ്ങൾ, സമൂഹത്തിന്റെ ഇടപെടലുകൾ, മാനസികാവസ്ഥ ഇങ്ങനെ ഒരു പറ്റം ജീനേതര ഇടപെടലുകളാണ് ഒരാളെ സ്ഥിരമദ്യപാനി ആക്കുന്നത്.  നിരന്തരമായുള്ള കുടി തലച്ചോറിലെ ‘വയറിങ്’ പലതും മാറ്റിക്കെട്ടുകയാണ്. അതുകൊണ്ട് ജെനെറ്റിക് ആയി ലഭിച്ചിട്ടില്ലെങ്കിലും നമ്മുടെ തലച്ചോറ് ‘റിവയറിങ്’ ചെയ്യുന്നതു  കാരണം ആസക്തി കൂട്ടിക്കൊണ്ടേ ഇരിക്കും. കൂടുതൽ കുടിയ്ക്കുന്നതനുസരിച്ച് ഈ വയറിങ് കെട്ടുകൾ മുറുകും, സ്ഥിരമാകും. അമിതമദ്യപാനം എല്ലാവരുടേയും കരളിനെ ഒരുപോലെയല്ല ബാധിയ്ക്കുന്നത്. ഹെപറ്റൈറ്റിസ് അഞ്ചിൽ ഒരാൾക്ക് വീതമേ പിടിപെടാറുള്ളു. ഇവരിൽ തന്നെ നാലിൽ ഒരാൾക്ക് മാത്രമേ സിറോസിസ് പിടിപെടുകയുള്ളു. കേരളം പ്രമേഹികളുടെ തലസ്ഥാനം ആണെന്നതുപോലെ മദ്യപാനികളുടെ തലസ്ഥാനവും (പഞ്ചാബ് മത്സരത്തിനുണ്ട്) ആണെന്നുള്ളത് എല്ലാവർക്കും അറിയാം. ((ചിത്രം 4 ഇൽ പ്രമേഹികളൂടെ രാജ്യാന്തരസ്ഥിതിവിവരക്കണക്കുകൾ കാണിച്ചിരിക്കുന്നു). പാരമ്പര്യമായി ലഭിയ്ക്കുന്ന കരൾരോഗസാദ്ധ്യതയ്ക്കു മുകളിലാണ്  പാരമ്പര്യമോ അല്ലാതെയോ ഉള്ള ഈ മദ്യാപാനാസക്തി കെട്ടിവച്ചു കൊടുത്തിട്ടുള്ളത്. കരളിൻ വേദനതൻ ആഴങ്ങൾ അറിയുന്നില്ലയോ എന്ന് മലയാളി പാടിയെങ്കിൽ അത് സിനിമാപ്പാട്ട് മാത്രമല്ല. രണ്ടുരീതിയിലാണ് അവന്റെ കരളിനുമേൽ ആഘാതങ്ങൾ ചെന്നിടിയ്ക്കുന്നത്. മദ്യപാനരഹിതകരൾരോഗത്തിനു (NAFLD, NASH) സാദ്ധ്യതയു ള്ള കരളാണവന്റേത്. ഈ ലോലമായ കരളിന്മേലാണ് മദ്യപാനം വഴി അടുത്ത  മെക്കെട്ടുകേറൽ.

അജ്ഞത എന്ന വാറ്റുചാരായം

ഇന്നത്തെ പ്രതിഭകളും നാളത്തെ അതിന്റെ വികാസവാഗ്ദാനങ്ങളുമായ രാജേഷ് പിള്ളമാർ വെറുതെ മരിച്ചു വീഴുന്നത് നമുക്ക് മീഡിയയിൽ അനുതാപവാചകങ്ങൾ എഴുതിയിട്ട് മറക്കുവാനുള്ളതാണ്.  മദ്യപാനരഹിതകരൾരോഗത്തെക്കുറിച്ച്  വിസ്തരിച്ച്, ആഴത്തിലുള്ള ഒരു പഠനങ്ങളും  കേരളത്തിൽ നടന്നിട്ടുള്ളതായിട്ട് അറിവില്ല. സ്ഥിതിവിവരക്കണക്കുകൾ സ്വരൂക്കൂട്ടുന്നത് നമുക്ക് വിനോദം പോലും അല്ല. കരൾ രോഗവിപത്ത് ‘വൈകിട്ടെന്താ പരിപാടി‘ എന്ന അലസചോദ്യത്തിന്റെ, അതിലും അലസമറുപടി എന്നപോലെ നമുക്ക് അലംഭാവത്തിന്റെ മാർജിനിൽ എഴുതിത്തള്ളാനുള്ളതാണ്. സിനിമാ-സാഹിത്യ-കലാലോകത്തെ പ്രതിഭകൾ ഏറെയാണ് നമുക്ക് കരൾ രോഗം വഴി നഷ്ടമായിട്ടുള്ളത്. സെലിബ്രിറ്റികളുടെ ദുഃസ്വഭാവം എന്ന പുച്ഛവീക്ഷണത്തിന്റെ കോട്ടിയ ചുണ്ടിൻ കോണിലൂടെ നമ്മൾ അത് വെളിവാക്കിയെങ്കിലായി. അവർക്ക് NAFLD യോ  NASH ഓ ഉണ്ടായിരുന്നോ, അതിനുള്ള സാദ്ധ്യതകൾ ഏറിയിരുന്നോ എന്നൊന്നും അന്വേഷിക്കേണ്ടതില്ല എന്നാണ് സമൂഹത്തിന്റെ തീരുമാനം. അവർ നമ്മൾ അറിഞ്ഞവർ. നമ്മൾ അറിയാതെ കരൾ രോഗം ബാധിച്ച് മണ്ണടിഞ്ഞവരുടെ ഡി. എൻ. എ പഠനങ്ങൾ പോയിട്ട് സ്റ്റാറ്റിറ്റ്ക്സ് പോലും ആരും എഴുതിവച്ചിട്ടില്ല. ഭാഗികമായോ പൂർണ്ണമായോ കരൾ മാറ്റിവയ്ക്കൽ (liver transplantation) പ്രതിവർഷം എത്രപേർക്ക് നടത്തുന്നുണ്ട്, എത്രപേർ അതിജീവിച്ചു എന്നതും പഠിയ്ക്കപ്പെടേണ്ടതാണ്. കരൾ രോഗമുള്ളവരുടെ കുടുംബത്തിൽ മറ്റ് അംഗങ്ങൾക്ക്  ഇതു കാണപ്പെടുന്നുണ്ടോ എന്ന സാമാന്യവിവരം രേഖപ്പെടുത്തുവാനോ പ്രസിദ്ധീകരിക്കുവാനോ മാർഗ്ഗങ്ങളും നമുക്കില്ല. കരൾ രോഗം വന്നാൽ ആദ്യകാലങ്ങളിൽ അതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നില്ല എന്നതിനാൽ രോഗിയുടെ എല്ലാ കുടുംബാംഗങ്ങളേയും പരിശോധിക്കേണ്ടതാണ്.  നേരത്തെ കണ്ടുപിടിച്ചാൽ  ചികിത്സിച്ച് രൂക്ഷത നിസ്സാരമാക്കാവുന്നതാണ് കരൾരോഗം.  ‘നാഷോന്മുഖ’ മായ ഏതൊക്കെ ജീനുകളാണ് മലയാളിക്കരളിൽ വർത്തിക്കുന്നത്, എന്തെല്ലാം polymorphism ( ഒരേ ജീനിന്റെ ചെറിയ വ്യത്യാസങ്ങൾ വന്ന രൂപങ്ങൾ)  ഈ ജീനുകളിൽ കാണപ്പെടുന്നു എന്നെല്ലാം വിവരങ്ങൾ ഉടൻ അറിയേണ്ടതുണ്ട്. മറ്റ് രാജ്യങ്ങൾ തീവ്രമായ പഠന-ഗവേഷണവഴികളാൽ രോഗസാദ്ധ്യതകൾ നേരത്തെ അറിയാനും പുതിയ മരുന്നുകൾ നിർമ്മിച്ചെടുക്കാനും യത്നിക്കുമ്പോൾ ഇവിടെ ഭരണകൂടവും സമൂഹവും സംസ്കാരവും പതിനാറാം നൂറ്റാണ്ടിലെ ചിന്താഗതികൾക്കും പിന്നിലാണ്. Gastroenterology  ഡിപാർട്മെന്റുകൾ പല മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ഉണ്ടെങ്കിലും കരൾ രോഗത്തിൽ മുൻപന്തിയിലായിട്ടുള്ള നമ്മൾ അവിടെയെങ്ങും ചെറിയ ഗവേഷണങ്ങൾ നടത്താൻ താലപര്യമില്ലാത്തവരാണ്. ഡോക്റ്റർമാർക്ക് ഗവേഷണത്തിൽ താൽ‌പ്പര്യം വരാനുള്ള സമൂഹനീതി നമ്മൾ കൽ‌പ്പിച്ച് നൽകിയിട്ടേ ഇല്ല. കഠിനശിക്ഷാവിധികൾ പോലെയുള്ള എണ്ട്രൻസ് പരീക്ഷാതയാറെടുപ്പിൽക്കൂടെ കടന്നു വന്ന ഡോക്റ്റർമാരുടെ മുൻഗണന ഗവേഷണത്തിലായില്ലെങ്കിൽ അദ്ഭുതമില്ല. പണംകൊടുത്ത് വാങ്ങിയ മെഡിക്കൽ കോളേജ് സീറ്റിലിരുന്ന് പഠിച്ചവനു ഗവേഷണം നടത്തി മലയാളക്കരയ്ക്ക് ശാസ്ത്രബോധം പാർന്നുകോരികൊടുക്കാമെന്ന് തോന്നിയില്ലെങ്കിൽ അത് അയാ‍ളുടെ കുറ്റമല്ല. അറ്റകൈപ്രയോഗമായ കരൾമാറ്റ ശസ്ത്രക്രിയ വഴി ലക്ഷങ്ങൾ കൊയ്തെടുക്കാമെങ്കിൽ ആ ഘട്ടം വരെ രോഗികളെ എത്തിയ്ക്കുകയാണ് അഭികാമ്യം എന്നത് ആശുപത്രികളേയും ഡോക്റ്റർമാരേയും സംബന്ധിച്ച് വെറും ന്യായവും  കൌശലമായ യുക്തിയുമാണ്. കേരളത്തിലെ വൈദ്യശാ‍സ്ത്ര ഗവേഷണശാലകളിൽ ജീനുകൾ തിരിച്ചറിയുന്ന വിദ്യ പോയിട്ട് ലളിതമായ ഡി എൻ എ വേർതിരിക്കലിനു പോലും ഉള്ള യന്ത്രസാമഗ്രികളോ സംവിധാനമോ കാണാനിടയില്ല എന്നാണറിവ്. ഗവേഷണബുദ്ധി ഉദിച്ച ഡോക്റ്റർ തുലോം വിരളമാണെന്നു മാത്രമല്ല, ആരെങ്കിലും ഉണ്ടെങ്കിൽ ഘടനാപരമായ പരീക്ഷണങ്ങൾ ചിട്ടപ്പെടുത്താനോ ഗ്രാന്റ് പ്രൊപോസൽ എഴുതി ഫണ്ട് സമാഹരിക്കാനോ ഉള്ള പരിശീലനമോ പാടവമോ ലഭിച്ചിട്ടില്ല, അതിനുള്ള സംവിധാനങ്ങളെക്കുറിച്ച് ചിന്തിയ്ക്കുക എന്നത് ഭരണകൂടത്തിനും സമൂഹത്തിനും  മുൻഗണനയുള്ള വിഷയമേ അല്ല. അജ്ഞത എന്ന വാറ്റുചാരായത്തിൽ അലംഭാവം എന്ന കീടനാശിനി ആവോളം കലർത്തിക്കുടിച്ച് തൽക്കാലനിർവൃതിയുടെ ചോര ഛർദ്ദിച്ച്  മരിച്ചുകൊണ്ടേ ഇരിയ്ക്കുക നമ്മൾ, അത്ര തന്നെ.

 

 

3.15151515152
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ