Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ക്ഷയരോഗം

ക്ഷയരോഗത്തിന് കാരണമാണ് മൈകോ ബാക്ടീരിയം ട്യൂബര്‍കുലോസിസ്

ക്ഷയ രോഗം

ക്ഷയരോഗത്തിന് കാരണമായ മൈകോ ബാക്ടീരിയം ട്യൂബര്‍കുലോസിസ് രോഗാണുക്കളെ ലോകത്തിന് കാട്ടിക്കൊടുത്തിട്ട് മാര്‍ച്ച് 24ന് 131 വര്‍ഷം പിന്നിടുന്നു. ബര്‍ലിന്‍ ഫിസിയോളജി സൊസൈറ്റിയുടെ ക്ഷണിക്കപ്പെട്ട വൈദ്യശാസ്ത്ര പ്രമുഖരുടെ മുന്നില്‍ 1882 മാര്‍ച്ച് 24നായിരുന്നു ലോകാരോഗ്യ മേഖലക്ക് നാഴികക്കല്ലായി മാറിയ ഈ സംഭവം.
ക്ഷയരോഗാണുക്കളെ പ്രത്യേക സംവിധാനത്തിലൂടെ ചായംതേച്ച് എളുപ്പത്തില്‍ കാണാന്‍ കഴിയുന്ന സൈ്ളഡുകള്‍ നിരത്തിയ സൂക്ഷ്മദര്‍ശിനിയിലൂടെ റോബര്‍ട്ട് കോക് എന്ന ജര്‍മന്‍കാരനായ ഗ്രാമീണ ഡോക്ടര്‍ കാട്ടിയ കാഴ്ച കണ്ട് വൈദ്യശാസ്ത്രലോകം ഞെട്ടി. വര്‍ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ പരീക്ഷണങ്ങള്‍ക്ക് ഫലപ്രാപ്തി കാണുമെന്നുപോലും അദ്ദേഹം കരുതിയില്ല. കാരണം, ക്ഷയരോഗങ്ങളുമായി ബന്ധപ്പെട്ട് അത്രമാത്രം മിഥ്യാധാരണകള്‍ ഭൂമുഖത്ത് നിലനിന്നിരുന്നു. തന്‍െറ സഹധര്‍മിണി പിറന്നാള്‍ സമ്മാനമായി നല്‍കിയ മൈക്രോസ്കോപ്പിലൂടെ സൂക്ഷ്മ വ്യാപാരം നടത്തി കണ്ടെത്തിയ മൈകോ ബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ക്ഷയരോഗാണുവിനെക്കുറിച്ച് റോബര്‍ട്ട് കോക് പറഞ്ഞുനിര്‍ത്തിയ വാക്കുകള്‍ ഇതാണ്: ‘പ്ളേഗ്, കോളറ തുടങ്ങിയ രോഗങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം ക്ഷയരോഗത്തിന് കൊടുക്കണം. രാഷ്ട്രത്തെ കെട്ടിപ്പടുക്കേണ്ട ചെറുപ്പക്കാരില്‍ മൂന്നില്‍ ഒരാളെ വീതം ഈ മാരകരോഗം നിര്‍ദയമായി കൊല്ലുന്നു.’
130 വര്‍ഷത്തിനുശേഷമുള്ള ഇന്നത്തെ സാഹചര്യം വിലയിരുത്തിയാല്‍ ഓരോ സെക്കന്‍ഡിലും പുതുതായി ഒരാളെവീതം ക്ഷയരോഗം പിടികൂടുന്നു. ലോക ജനസംഖ്യയില്‍ മൂന്നിലൊരു ഭാഗത്തെ ഈ രോഗം ബാധിച്ചിട്ടുണ്ട്. വര്‍ഷംതോറും 80 ലക്ഷം പേര്‍ രോഗബാധിതരാകുന്നു. ലോകത്താകമാനം ഏതാണ്ട് 20 ലക്ഷം പേര്‍ ക്ഷയരോഗം മൂലം പ്രതിവര്‍ഷം മരിക്കുന്നു.
നമുക്ക് മുന്നിലുള്ള ഈ യാഥാര്‍ഥ്യവും റോബര്‍ട്ട് കോക് പറഞ്ഞുനിര്‍ത്തിയ അവസാന വാക്കുകളും ചേര്‍ത്ത് വായിക്കുമ്പോള്‍ മൈകോബാക്ടീരിയം എന്ന ക്ഷയരോഗാണുവിനും രോഗപ്രതിരോധശേഷിയുടെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് മനുഷ്യരിലേക്ക് എത്താന്‍ കൂടുതല്‍ സാധ്യതകളുണ്ടെന്ന കാര്യം മറക്കേണ്ട. ഇതിന് അനുകൂലമായ ഹോട്ട് സ്പോട്ടുകള്‍ നമുക്ക് ചുറ്റും ഒളിഞ്ഞിരിപ്പുണ്ടെന്ന യാഥാര്‍ഥ്യം ഈ ക്ഷയരോഗദിനത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അതുകൊണ്ടുതന്നെ, ഈ വര്‍ഷത്തെ ക്ഷയരോഗ ദിനാചരണത്തിന്‍െറ ഭാഗമായുള്ള സന്ദേശത്തിനും പ്രാധാന്യമുണ്ട്: ‘I am stopping TB in my life’. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരും അവരുടെ ജീവിതത്തില്‍ ക്ഷയരോഗ നിയന്ത്രണ പരിപാടിയിലെ കണ്ണിയാണെന്നും ഓര്‍ക്കുക. അതാണ് ഈ സന്ദേശത്തിന്‍െറ ലക്ഷ്യവും.
ദേശീയ തലത്തിലാവിഷ്കരിച്ച് നടപ്പാക്കിയ പ്രതിരോധ നടപടികളിലൂടെ പല രോഗങ്ങളെയും നിയന്ത്രണവിധേയമാക്കാനും നിര്‍മാര്‍ജനം ചെയ്യാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഉദാ: പോളിയോ, വസൂരി, മലേറിയ. എന്നാല്‍, ക്ഷയരോഗത്തിന്‍െറ കാര്യത്തില്‍ അതത്ര ഫലവത്തായിട്ടില്ല. ഇതിന് പല കാരണങ്ങളുണ്ട്.

ചില്ലറക്കാരനല്ല രോഗാണു


വായുവിലൂടെ പകരുന്ന അസുഖമായതിനാല്‍ ഓക്സിജന്‍െറ യഥേഷ്ടമായ സാന്നിധ്യത്തില്‍ മാത്രം ജീവിക്കാവുന്ന മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന അണുജീവി മനുഷ്യന്‍െറ ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട അവയവങ്ങളാണ് ആവാസത്തിനായി തെരഞ്ഞെടുക്കുന്നത്. സവിശേഷമായ ഒരുതരം കൊഴുപ്പുകൊണ്ട് നിര്‍മിച്ച കട്ടിയായ ആവരണമുള്ളതിനാല്‍ ശരീരത്തിന്‍െറ സ്വാഭാവികമായ രോഗാണുനശീകരണ സംവിധാനത്തിനുപോലും ക്ഷയരോഗാണുവിനെ നശിപ്പിക്കാന്‍ കഴിയില്ല.
മാത്രമല്ല, അന്തരീക്ഷത്തിലെ വരണ്ട കാലാവസ്ഥയെപ്പോലും അതിജീവിക്കാനുള്ള കഴിവ് ഇവക്കുണ്ട്. ഇതാണ് ക്ഷയരോഗത്തെ അനിയന്ത്രിത ദിശയിലേക്ക് നയിക്കുന്നതിനുള്ള വസ്തുതകളിലൊന്ന്.

അറിവില്ലായ്മയും അനാസ്ഥയും

ക്ഷയരോഗികളില്‍ മഹാഭൂരിപക്ഷവും ദാരിദ്ര്യരേഖക്കു താഴെയുള്ളവരാണ്. രോഗലക്ഷണമുള്ളവര്‍പോലും പലപ്പോഴും സ്വയം ആശുപത്രിയെ സമീപിക്കാറില്ല. മിക്കപ്പോഴും ക്ഷയരോഗിയാണ് താനെന്ന് ഒരു സാധാരണക്കാരന്‍ തിരിച്ചറിയപ്പെടുന്നത് മറ്റുപല രോഗങ്ങളുമായി ഡോക്ടറെ സമീപിക്കുമ്പോഴാണ്. കൂടാതെ, നിശ്ചയിക്കപ്പെട്ട ചികിത്സാ കാലയളവ് പൂര്‍ത്തീകരിക്കാതെ ക്ഷയരോഗ നിയന്ത്രണ പദ്ധതിയില്‍നിന്ന് പുറത്തുപോകുന്നവരിലും മദ്യപാനം, പുകവലി, എയ്ഡ്സ്, അതിലുപരി ജീവിതശൈലീരോഗങ്ങളില്‍ പ്രധാനിയായ പ്രമേഹം എന്നിവക്ക് അടിപ്പെട്ടവരിലും ഈ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമാണ്. ഇത് ഔധപ്രതിരോധിയായ (Multi Drug Resistance TB MDR TB) ക്ഷയരോഗത്തിന്‍െറ ഭീകരമുഖത്തിലേക്ക് രോഗിയെ എത്തിക്കുന്നതിനോടൊപ്പം സമൂഹത്തില്‍ രോഗപ്പകര്‍ച്ചനിരക്ക് കൂട്ടുകയും ചെയ്യും.
ഒരു നിശ്ചിത ശതമാനം രോഗികള്‍ ചികിത്സ തേടി സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കുന്നു. രോഗികളുടെ കൃത്യമായ കണക്കോ തുടര്‍ചികിത്സാ പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങളോ പലപ്പോഴും ഇവിടെ രേഖപ്പെടുത്താറില്ല. സ്വകാര്യ സംവിധാനത്തില്‍ ചികിത്സാ ചെലവ് കൂടുതലായതിനാല്‍ ദീര്‍ഘകാല ചികിത്സക്ക് മുതിരാതെ പലരും ഇടക്കുവെച്ച് മരുന്ന് ഉപേക്ഷിക്കുന്നു. ഇതിന്‍െറ ഫലമായി ചികിത്സക്ക് വഴങ്ങാന്‍ വിസമ്മതിക്കുന്ന രോഗാണുവാഹകരുടെ നിര ഒരു വശത്തും അതിനു പരിഹാരമായി തീരേണ്ട സമ്പ്രദായത്തോടുള്ള അവഗണന മറുവശത്തും നിലനില്‍ക്കുന്നു. ഇതാണ് പലപ്പോഴും ക്ഷയരോഗ നിയന്ത്രണ പരിപാടികള്‍ വേണ്ടത്ര നേട്ടം കൈവരിക്കാത്തതിന്‍െറ പ്രധാന കാരണം.
ഇന്ത്യയില്‍ ഓരോ മൂന്നു മിനിറ്റിലും രണ്ടുപേര്‍ വീതം ക്ഷയരോഗം മൂലം മരിക്കുന്നു. പുതുക്കിയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ Revised National Tuberculosis Control Programme- RNTCP) കാതലായ ഡോട്സിന്‍െറ കാര്യക്ഷമമായ നടത്തിപ്പിലൂടെ മാത്രമേ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ കഴിയൂ.

എന്താണ് ഡോട്സ്?

നേരിട്ടുള്ള നിരീക്ഷണത്തിന് വിധേയമായുള്ള ചികിത്സാരീതിയാണ് ഡോട്സ്. ഇതുവഴി രോഗി കൃത്യമായി മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉത്തരവാദിത്തമുള്ള മറ്റൊരാള്‍ ഉറപ്പുവരുത്തുന്നു.
- കഫപരിശോധനയിലൂടെ രോഗനിര്‍ണയം
- മരുന്നുവിതരണം
- ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടം
- വിലയിരുത്തല്‍
- രോഗനിവാരണ പുരോഗതി എന്നീ അഞ്ചു ഘട്ടങ്ങളുള്ള ചികിത്സാ രീതിയാണ് ഡോട്സ് (DOTS) .
ആറുമാസം മുതല്‍ എട്ടുമാസം വരെ ശരിയായ രീതിയില്‍ മരുന്നു കഴിച്ചാല്‍ പൂര്‍ണമായും ക്ഷയരോഗം ചികിത്സിച്ചുമാറ്റാം. ഡോക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബം, സമൂഹം തുടങ്ങിയ ഘടകങ്ങളുടെ കൂട്ടായ്മയാണ് ഡോട്സ് സമ്പ്രദായത്തില്‍ ഒരു രോഗിയുടെ രോഗവിമുക്തിക്ക് അവശ്യം വേണ്ടത്. ഡോട്സ് ചികിത്സാ പദ്ധതിയില്‍ നിശ്ചിത ഇടവേളകളില്‍ നടത്തുന്ന കഫപരിശോധനയില്‍ അണുക്കള്‍ കുറയുന്നതിനുപകരം കൂടുകയോ അണുക്കള്‍ ഇല്ലാതിരുന്നവരുടെ കഫത്തില്‍ അണുക്കള്‍ ഉണ്ടാവുകയോ ശരീരഭാരം കൂടുന്നതിനുപകരം കുറയുകയോ ക്ളിനിക്കല്‍ പരിശോധനയില്‍ രോഗിയുടെ അവസ്ഥ മോശമായിക്കാണുകയോ ചെയ്താല്‍ നല്‍കിവരുന്ന മരുന്നുകള്‍ ഫലിക്കുന്നില്ലെന്നര്‍ഥം. ദാരിദ്ര്യം, മരുന്ന് മുടക്കം, ശാരീരികക്ഷമത, പലതരം രോഗങ്ങള്‍, മദ്യപാനം, പോഷണക്കുറവ് തുടങ്ങിയ കാര്യങ്ങള്‍കൊണ്ടൊക്കെ ഇങ്ങനെ സംഭവിക്കാം. ക്ഷയരോഗി ശരിയായ രീതിയില്‍ മരുന്ന് കഴിക്കുന്നതുമൂലം ആ വ്യക്തിക്കു മാത്രമല്ല പ്രയോജനം ഉണ്ടാകുന്നത്. അയാളെയും അയാളില്‍നിന്ന് രോഗം പകരാന്‍ സാധ്യതയുള്ള 15ഓളം പേരെയും ക്ഷയരോഗത്തില്‍നിന്ന് രക്ഷിക്കാന്‍ കഴിയും.
രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന കഫമുള്ള ചുമ, വൈകുന്നേരങ്ങളിലുണ്ടാകുന്ന പനി, ഭാരം കുറയുക, വിശപ്പില്ലായ്മ, നെഞ്ചുവേദന, രക്തം ചുമച്ചുതുപ്പുക തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കോ സമൂഹത്തിലെ ആര്‍ക്കെങ്കിലുമോ ഉണ്ടെങ്കില്‍ അത് ക്ഷയരോഗമല്ലെന്ന് ഉറപ്പുവരുത്തണം. കാരണം, രോഗലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മമൂലവും രോഗനിര്‍ണയത്തിനുള്ള കാലതാമസവും ശരിയായ ചികിത്സ മതിയായ കാലയളവില്‍ എടുക്കാത്തതുമൂലവും ഇന്നും ക്ഷയരോഗത്തെ വരുതിയില്‍ നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട്, ക്ഷയരോഗം വരാതിരിക്കാന്‍ ഏകമാര്‍ഗം ക്ഷയരോഗിയെ കണ്ടുപിടിക്കുകയും ശരിയായ രീതിയില്‍ ചികിത്സ നല്‍കുകയുമാണ്. ക്ഷയരോഗികളെ ഡോട്സ് ചികിത്സയുടെ മാര്‍ഗത്തിലേക്ക് കൊണ്ടുവരാതെ അകറ്റിനിര്‍ത്തിയാല്‍ നമ്മുടെ ഓരോ ശ്വാസത്തിലും ക്ഷയരോഗാണുക്കള്‍ നിറയാനുള്ള സാധ്യത നാംതന്നെ കൂട്ടുകയാണ്

കടപ്പാട് : റാഫി വൈ

ക്ഷയരോഗം നിയന്ത്രിക്കാം

 

 

ടിബി ക്ഷയരോഗ നിയന്ത്രണത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. മനുഷ്യരാശിയെ ബാധിച്ച രോഗങ്ങളില്‍ അതിപുരാതനമായ ഒന്നാണ് ക്ഷയരോഗമെങ്കിലും, ആഗോളതലത്തില്‍ ഇന്നും അത് ഒരു പ്രധാന ആരോഗ്യപ്രശ്നമായി നിലനില്‍ക്കുന്നു.

വര്‍ഷങ്ങളായി ലോകവ്യാപകമായി ക്ഷയരോഗബാധയില്‍ കുറവു കാണുന്നുണ്ടെങ്കിലും, എച്ച്ഐവി രോഗവും, എംഡിആര്‍ ടിബി അഥവാ ഡ്രഗ് റസിസ്റ്റന്റ് ടിബി എന്നിവ ക്ഷയരോഗ നിയന്ത്രണത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. വികസ്വരരാജ്യങ്ങളിലാണ് ക്ഷയരോഗംമൂലമുള്ള മരണം കൂടുതലും സംഭവിക്കുന്നത്. 2012ലെ കണക്കുപ്രകാരം ലോകവ്യാപകമായി ഏകദേശം 8.6 മില്യണ്‍ ജനങ്ങള്‍ ക്ഷയരോഗത്തിന് അടിമപ്പെടുകയും, ഏകദേശം 1.3 മില്യണ്‍ ഈ രോഗംമൂലം മരിക്കുകയും ചെയ്തു. മരിച്ച 3.2 ലക്ഷം പേരില്‍ ക്ഷയരോഗത്തോടൊപ്പം എച്ച്ഐവി അണുബാധയും ഉണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും കൃത്യമായ ഇടപെടല്‍മൂലം ക്ഷയരോഗംമൂലമുള്ള മരണം വലിയ അളവില്‍ നിയന്ത്രിക്കാവുന്നതാണെന്ന് കണ്ടെത്തുകയുണ്ടായി. ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് മരണം സംഭവിക്കുന്നത്.

2013ലെ ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്പ്രകാരം  ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലും, ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിലുമാണ് കൂടുതല്‍ ക്ഷയരോഗികളുള്ളത്.  യൂറോപ്പിലും, അമേരിക്കയിലും രോഗികള്‍ കുറവാണ്. വികസ്വരരാജ്യങ്ങളില്‍ ക്ഷയരോഗബാധിതരില്‍ ചെറുപ്പക്കാരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.  

എന്താണ് ക്ഷയരോഗം?

മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയാണ്  ട്യൂബര്‍കുലോസിസ് അഥവാ ക്ഷയരോഗം ഉണ്ടാക്കുന്നത്.  1882ല്‍ റോബര്‍ട്ട് കോക് എന്ന ശാസ്ത്രജ്ഞനാണ് ഇത് കണ്ടുപിടിച്ചത്.  ഈ രോഗം പകരുന്നത് വായുവില്‍ കലര്‍ന്നിരിക്കുന്ന അണുക്കളെ ശ്വസിക്കുന്നതിലൂടെയാണ്.  ശരീരത്തിലേക്കു പ്രവേശിക്കുന്ന അണുവിന്റെ ശക്തിയും വ്യക്തിയുടെ രോഗപ്രതിരോധശേഷിയുമാണ് രോഗത്തിന്റെ പ്രയാണത്തെ നിയന്ത്രിക്കുന്നത്.  രോഗപ്രതിരോധ സംവിധാനം നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ രോഗാണുവിനെ ഉടന്‍ ചെറുക്കാന്‍കഴിയുന്നു.  മറ്റുചിലരില്‍ ബാക്ടീരിയ ഉടനെ പെറ്റുപെരുകി ക്ഷയരോഗത്തിന് ഹേതുവാകുന്നു.  ചിലരില്‍ രോഗാണുക്കള്‍ രോഗമുണ്ടാക്കാതെ വര്‍ഷങ്ങളോളം നിശബ്ദരായിരിക്കുന്നു. ഇങ്ങിനെയുള്ളവരില്‍ വര്‍ഷങ്ങള്‍ക്കുശേഷം രോഗം വരുന്നതും കാണുന്നു. ഒരാളില്‍ ആദ്യമായി രോഗാണു പ്രവേശിച്ച് രോഗബാധ ഉണ്ടാകുന്നതിനെയാണ് പ്രൈമറി ടിബി എന്നു പറയുന്നത്.  ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ 95 ശതമാനം പേരിലും പലപ്പോഴും ചികിത്സിക്കാതെതന്നെ രോഗം മാറിപ്പോകാറുണ്ട്. അഞ്ചുശതമാനം പേരില്‍ മാത്രമെ കാര്യമായ രോഗം ഉണ്ടാകാറുള്ളു. രോഗപ്രതിരോധശേഷി ആര്‍ജിച്ചവരില്‍ പിന്നീട് രോഗം വരുന്നതിനെ പോസ്റ്റ് പ്രൈമറി ടിബി എന്നുപറയുന്നു. വീണ്ടും പുതിയ രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നതു മുഖേനയോ, അല്ലെങ്കില്‍ ശരീരത്തില്‍ ധ്യാനാവസ്ഥയില്‍ ഇരിക്കുന്ന അണു ശക്തിപ്രാപിച്ചോ പോസ്റ്റ് പ്രൈമറി ടിബി വരാം.

എണ്‍പത്തിയഞ്ച് ശതമാനം പേരില്‍ ശ്വാസകോശത്തെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്.  15 ശതമാനത്തോളം പേരില്‍ ശ്വാസകോശേതര ക്ഷയരോഗം ഉണ്ടാകുന്നു.  ലിംഫ് ഗ്രന്ഥികള്‍ അഥവാ കഴലകള്‍, തലച്ചോറിനു പുറമെയുള്ള മെനിജ്ഞസ് ആവരണം, ശ്വാസകോശത്തിനു പുറമെയുള്ള പ്ളൂറ, ഹൃദയത്തിനുപുറമെയുള്ള പെരികാര്‍ഡിയം, കുടല്‍, വൃക്ക, ജനനേന്ദ്രിയങ്ങള്‍, ത്വക്ക്, എല്ലുകള്‍ എന്നിവിടങ്ങളിലാണ് ശ്വാസകോശേതര ക്ഷയരോഗം ഉണ്ടാകുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ശരീരത്തിലെ മുടിയും നഖവും ഒഴികെയുള്ള എല്ലായിടത്തും ടിബി വരാം.  സാധാരണ കാണാറുള്ള രോഗലക്ഷണങ്ങള്‍, വിട്ടുമാറാത്ത പനി, നീണ്ടുനില്‍ക്കുന്ന കഫത്തോടുകൂടിയ ചുമ, ഭാരക്കുറവ്, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയാണ്. ഇതിനുപുറമെ ചിലരില്‍ നെഞ്ചുവേദന, ശ്വാസംമുട്ടല്‍, കഫത്തില്‍ ചോരയുടെ അംശം എന്നിവയും കാണാറുണ്ട്.

നേരത്തെയും, കൃത്യമായും രോഗനിര്‍ണയം നടത്തുന്നത് ടിബി നിയന്ത്രണത്തില്‍ പ്രധാനമാണ്.  കഫപരിശോധനയാണ് രോഗനിര്‍ണയത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്.  എക്സ്റേ പരിശോധനയും സഹായകമാവാറുണ്ട്.  നിലവിലുള്ള പ്രധാന ടെസ്റ്റുകള്‍ കഫപരിശോധന അഥവാ സ്പൂട്ടം മൈക്രോസ്കോപ്പി, ന്യൂക്ളിക് ആസിഡ് ആംപ്ളിഫിക്കേഷന്‍ ടെസ്റ്റുകള്‍ (ജീന്‍ എക്സ്പര്‍ട്ട്, ലൈന്‍ പ്രോബ് അസൈ), കള്‍ചര്‍ ടെസ്റ്റുകള്‍ എന്നിവയാണ്. ശ്വാസകോശേതര ക്ഷയരോഗ നിര്‍ണയത്തിന് അതത് ‘ഭാഗങ്ങളില്‍നിന്നുള്ള സാമ്പിളുകള്‍ ജീന്‍ എക്സ്പര്‍ട്ട് മുഖേനയും, ഹിസ്റ്റോപത്തോളജി പരിശോധന മുഖേനയും ഉപയോഗിക്കാവുന്നതാണ്.  രക്തത്തിലെ ആന്റിബോഡി എസ്റ്റിമേഷന്‍ ടെസ്റ്റുകള്‍ ടിബി രോഗനിര്‍ണയത്തിന് ഉപയോഗിക്കാന്‍ ഇപ്പോള്‍ നിര്‍ദേശിക്കുന്നില്ല.

ഓരോ രാജ്യത്തും ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടികള്‍ നിലവിലുണ്ട്.  എച്ച്ഐവി രോഗത്തിന്റെ വരവോടെ ടിബി നിയന്ത്രണം ഗവണ്‍മെന്റ് ഗൌരവമായി എടുക്കുകയും, 1962 മുതല്‍ രാജ്യത്ത് നടപ്പാക്കിവന്ന നാഷണല്‍ ടിബി കണ്‍ട്രോള്‍ പ്രോഗ്രാം വിലയിരുത്തുകയും ഉണ്ടായി.  അതിന്റെ അടിസ്ഥാനത്തില്‍ 1993 മുതല്‍ പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി (ആര്‍എന്‍ടിസിപി) ഘട്ടംഘട്ടമായി നടപ്പാക്കിവന്നു.  ഈ പദ്ധതിയുടെ കാഴ്ചപ്പാട്, ടിബി ഇല്ലാത്ത ഇന്ത്യ എന്നതാണ്.  നേരിട്ടുള്ള നിരീക്ഷണത്തിലുള്ള ചികിത്സാപദ്ധതി, ഡോട്ട്സ് ആണ് ആര്‍എന്‍ടിസിപിയിലുള്ളത്.

കുറ്റമറ്റ രോഗനിര്‍ണയം, മേല്‍ത്തരം മരുന്നുകള്‍, മുടങ്ങാതെയുള്ള മരുന്നുവിതരണം, കൃത്യമായ മേല്‍നോട്ടം, കൃത്യമായ ഡാറ്റാ ശേഖരണം എന്നിവ ആര്‍എന്‍ടിസിപിയിലുണ്ട്. പദ്ധതിയുടെ ലക്ഷ്യം, സമൂഹത്തില്‍ അസുഖമുള്ളവരില്‍ 90 ശതമാനം പേരെയും കണ്ടെത്തുകയും, അവരിലെ 90 ശതമാനം പേരെയെങ്കിലും രോഗവിമുക്തമാക്കുകയും ചെയ്യുക എന്നതാണ്. പടിപടിയായി രോഗം കുറച്ചുകൊണ്ടുവന്ന് ലക്ഷ്യത്തില്‍ എത്താനാണ് ശ്രമിക്കുന്നത്.  ഈ പദ്ധതിയില്‍ രോഗിയെ ഒരു വിശിഷ്ടവ്യക്തിയായാണ് പരിഗണിക്കുന്നത്. രോഗനിര്‍ണയവും ചികിത്സയും തികച്ചും സൌജന്യമാണ്. ആറുമുതല്‍ എട്ടു മാസംവരെ നീളുന്ന ഇടവിട്ടുള്ള ദിവസങ്ങളിലുള്ള ഹ്രസ്വ കാല ചികിത്സയാണ് ഈ പദ്ധതിപ്രകാരം രോഗികള്‍ക്ക് നല്‍കുന്നത്.  ഇതുമുഖേന കഴിഞ്ഞ ഒന്നരദശകങ്ങളിലായി നല്ലൊരു പങ്ക് രോഗികളെ ചികിത്സിച്ച് രോഗവിമുക്തരാക്കാന്‍ സാധിച്ചിട്ടുണ്ട്.

ക്ഷയരോഗത്തിനു നല്‍കുന്ന ഒന്നാംനിര മരുന്നുകളെ ചെറുക്കാന്‍ കെല്‍പ്പുള്ള രോഗാണുക്കളാണ്, മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ടിബി അഥവാ എംഡിആര്‍ ടിബി ഉണ്ടാക്കുന്നത്.  എംഡിആര്‍ ടിബി രോഗനിര്‍ണയവും ചികിത്സയും സര്‍ക്കാര്‍തലത്തില്‍ നല്‍കുന്നുണ്ട്.  രണ്ടുവര്‍ഷം നീളുന്ന രണ്ടാംനിര മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് എംഡിആര്‍ ടിബിക്ക് നല്‍കുന്നത്.  ഈ മരുന്നുകള്‍ ശക്തിയേറിയതും പാര്‍ശ്വഫലങ്ങള്‍ ഉള്ളതും വിലകൂടിയതുമാണ്. മുന്നൂറോളം രോഗികള്‍ കേരളത്തില്‍ ഇപ്പോള്‍ എംഡിആര്‍ ടിബിക്ക് മരുന്നു കഴിക്കുന്നുണ്ട്. രണ്ടാംനിര മരുന്നുകളെ ചെറുക്കുന്ന ബാക്ടീരിയകളാണ് എക്സറ്റന്‍സീവ്ലി ഡ്രഗ് റസിസ്റ്റന്റ് ടിബി അഥവാ എക്സ്ഡിആര്‍ ടിബി ഉണ്ടാക്കുന്നത്. ഇതിനുള്ള ചികിത്സയും സൌജന്യമായി ഗവണ്‍മെന്റ്തലത്തില്‍ ചെയ്തുവരുന്നുണ്ട്. ആദ്യമായി ടിബി രോഗം വരുമ്പോള്‍ മുടക്കംകൂടാതെ മരുന്നുകഴിച്ചില്ലെങ്കില്‍ ഡ്രഗ് റസിസ്റ്റന്റ് ടിബി വരാന്‍ സാധ്യത കൂടുതലാണ്.
എംഡിആര്‍ ടിബി, എക്സ്ഡിആര്‍ ടിബി തുടങ്ങിയ രോഗാവസ്ഥകള്‍ ടിബി നിയന്ത്രണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

ഇതിനുപുറമെ എച്ച്ഐവി രോഗബാധിതരിലെ ടിബി രോഗവും ടിബി നിയന്ത്രണത്തിന് വിഘാതമാവുന്നുണ്ട്.  കേരളത്തില്‍ ഒരുവര്‍ഷത്തില്‍ ഇരുപതിനായിരത്തോളം ടിബി രോഗികളെ ഇപ്പോഴും കണ്ടെത്തുന്നുണ്ട്.  രോഗബാധിതരെ കൃത്യമായി ചികിത്സിച്ച് രോഗപ്പകര്‍ച്ച തടയുന്നതുവഴി മാത്രമെ ടിബി നിയന്ത്രിച്ചുകൊണ്ടുവരാന്‍ സാധിക്കുകയുള്ളു.  ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളില്‍ കൃത്യമായ ചികിത്സവഴി രോഗികളുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നതായി കണ്ടുവരുന്നു.  ഈ ജില്ലകളില്‍ സമീപഭാവിയില്‍ ടിബി നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. കൃത്യസമയത്തുള്ള രോഗനിര്‍ണയവും, കൃത്യമായ മരുന്നുകളും, കൃത്യമായ നിരീക്ഷണവും വഴി രോഗ സാന്ദ്രത കുറച്ചുകൊണ്ടുവരാനും, പടിപടിയായി മറ്റു ജില്ലകളിലും ക്ഷയരോഗികളുടെ എണ്ണം കുറച്ച് രോഗനിര്‍മാര്‍ജനത്തിലേക്ക് എത്തിക്കാന്‍കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്

കടപ്പാട് : ഡോ. പി സജീവ്കുമാര്‍
3.05
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ