Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കൊളസ്ട്രോൾ- ചില കാര്യങ്ങൾ

കൊളസ്ട്രോൾ- ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കൊളസ്ട്രോൾ മരുന്ന് കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മലയാളി ആവശ്യമില്ലാതെ കഴിക്കുന്ന ഗുളികകളിൽ ഏറ്റവും പ്രാമുഖ്യം കൊളസ്ട്രോൾ നിയന്ത്രണ ഗുളികകൾക്കാണ്. കാന്താരി മുളകും ഇലിമ്പപ്പുളിയും വെളുത്തുള്ളിയും ഇഷ്ടം പോലെ കഴിച്ചിരുന്ന പഴയകാലത്ത് ആരും കൊളസ്ട്രോളിനെ പേടിച്ചിരുന്നില്ല. അത്തരം തനതു ഭക്ഷ്യ വസ്തുക്കൾ കഴിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നത്തിനു വിലയേറിയ, ഗുരുതരമായ പാർശ്വഫലങ്ങൾ വരുത്തുന്ന, അനാവശ്യമരുന്നുകൾ രോഗികളല്ലാത്തവരും ഇപ്പോൾ കഴിക്കേണ്ടി വരുന്നു. വൻകിട ഔഷധ നിർമാണകമ്പനികൾ, അവർ പുറത്തിറക്കുന്ന കൊളസ്ട്രോൾ നിയന്ത്രണ ഗുളികകളുടെ പാർശ്വഫലങ്ങൾ ഡോക്ടറന്മാരുടെയും പൊതുജനങ്ങളുടെയും മുമ്പിൽ മറച്ചുവയ്ക്കുന്നു. ഔഷധങ്ങളുടെ പാർശ്വഫലങ്ങളെക്കുറിച്ചും രോഗികളെ പറഞ്ഞു മനസ്സിലാക്കാൻ പല ഡോക്ടർമാരും ശ്രദ്ധിക്കാറുമില്ല. രോഗികളുടെ ബാഹുല്യമാണു കാരണമായി പറയപ്പെടുന്നത്.

നമ്മുടെ ഞരമ്പുകളുടെ മയലിൻ ഷീത് (Myelin sheath) എന്ന ആവരണത്തിൻറെ സുസ്ഥിതിക്കു കാരണം കൊളസ്ട്രോൾ ആണ്. തലച്ചോറിലേക്കു വിദ്യുത് തരംഗങ്ങൾ കൈമാറാൻ ഈ ആവരണം കേടുകൂടാതെ നിലനിൽക്കണം. കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുളികകൾ മയലിൻ ഷീത്തിൽ വിള്ളലുകളും ചോർച്ചയും വരുത്തും. തീർച്ചയായും കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുളികകൾ നിങ്ങളുടെ ഓർമ്മ കുറയ്ക്കും. കാൻസർ പിടിപെടാനുള്ള സാധ്യതയും കൂടും. കാൻസർ വളം എന്നറിയപ്പെടുന്ന വാസ്കുലർ എൻഡോത്തീലിയൽ ഗ്രോത്ത് ഫാക്ടർ (Vascular Endothelial Growth Factor-VEGF)— എന്ന വസ്തുവിൻറെ സമാനസ്വഭാവമുള്ള, അതിനെ അനുകരിക്കുന്ന ഘടകങ്ങളാണു കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുളികകളിൽ അടങ്ങിയിരിക്കുന്നത്. ഔഷധനിർമാണകമ്പനികൾ സ്പോൺസർ ചെയ്യുന്ന പഠനങ്ങൾ ഏറിയാൽ അഞ്ചുവർഷത്തേക്കായിരിക്കും. പലപ്പോഴും അതിലും കുറഞ്ഞ കാലയളവിലേക്കായിരിക്കും. ഈ കുറഞ്ഞ കാലം കൊണ്ട് ഒരു വസ്തു കാൻസറിനു കാരണമോ എന്നു കണ്ടെത്താനാവില്ല. അതിനാൽ അവരുടെ പഠനങ്ങളിൽ അത്തരം കാര്യങ്ങൾ പരാമർശിക്കപ്പെടുകയില്ല. പുകവലി പോലും അഞ്ചുവർഷം കൊണ്ടു കാൻസർ ഉണ്ടാക്കുകയില്ല. കൊളസ്ട്രോൾ കുറയ്ക്കുന്ന ഔഷധങ്ങൾ നിർത്താതെ ജീവിതകാലം മുഴുവൻ കഴിക്കാനാണു നിർദേശിക്കപ്പെടാറ്.

പാർശ്വഫലങ്ങൾ പറയുന്നില്ല

കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ നിർമിക്കുന്ന കമ്പനികൾ അത്തരം മരുന്നുകളുടെ പാർശ്വഫലങ്ങൾ ഒളിപ്പിച്ചു വയ്ക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഗുളികകൾ പേശികൾക്കു ക്ഷതം വരുത്തും. കരളിനും വൃക്കകൾക്കും ദോഷം ചെയ്യും. കാൻസറിനെ ക്ഷണിച്ചു വരുത്തും. ശരീരത്തിൻറെ പ്രതിരോധശക്തി കുറച്ചു പകർച്ചവ്യാധികളെയും ആകർഷിക്കും. ലൈംഗിക ബലഹീനത വരുത്തും.

കൊളസ്ട്രോൾ കുറയ്ക്കും ഗുളികകൾ ചെയ്യുന്ന ഏറ്റവും വലിയ ദോഷം അത് നമ്മുടെ ഓർമശക്തിയെ തകരാറിലാക്കും എന്നതാണ്. വാസ്തവത്തിൽ ഹൃദ്രോഗമരണങ്ങളിൽ കൊളസ്ട്രോളിനു കാര്യമായ പങ്കൊന്നുമില്ല. കൊളസ്ട്രോൾ ആയുസ്സു കൂട്ടുകയാണു ചെയ്യുന്നത്. കൊളസ്ട്രോൾ 189 ലവലിൽ കുറഞ്ഞവരിൽ, 276—417 ലവൽ കൊളസ്ട്രോൾ ഉള്ളവരെക്കാൾ മരണനിരക്ക് കൂടുതലായി കണ്ടു എന്ന് ജേർണൽ ഓഫ് അമേരിക്കൽ ജീറിയാട്രിക്സ് റിപ്പോർട്ടു ചെയ്തു.

ഹൃദ്രോഗത്തിനും കൊളസ്ട്രോളിനും തമ്മിൽ ബന്ധമൊന്നുമില്ല. മനുഷ്യശരീരത്തിൽ വലുതും ചെറുതുമായ രക്തക്കുഴലുകളുടെ ആകെ നീളം ഒരു ലക്ഷം മൈൽ വരുമത്രേ. ഹൃദ്രോഗങ്ങളിൽ 90 ശതമാനവും കൊറോണറി ധമനികളിലെ തടസ്സം കൊണ്ടാണുണ്ടാവുക. കൊളസ്ട്രോളാണു തടസ്സത്തിനു കാരണമെങ്കിൽ മറ്റിടങ്ങളിലും തടസ്സം വരേണ്ടതാണ്. അങ്ങനെ തടസ്സം കാണാറില്ല.

ഹൃദയാഘാതത്തിനു കാരണം ഇൻഫ്ളമേഷൻ അഥവാ നീർക്കെട്ടൽ ആണെന്ന അഭിപ്രായത്തിനു ശക്തി കൂടി വരുന്നു. പോഷകാഹാരക്കുറവ്, മോശമായ ജീവിതശൈലി എന്നിവയാണു നീർക്കെട്ടലിനും തുടർന്നുള്ള ഹൃദയാഘാതത്തിനും കാരണം എന്നാണ് ഇന്നത്തെ മതം. കുടുംബാംഗങ്ങളോടൊത്തു സമയം ചെലവഴിക്കൽ, സൂര്യോദയം, സൂര്യാസ്തമയം എന്നിവ വീക്ഷിക്കൽ, നിലാവത്ത് ഉലാത്തൽ, മലർന്നു കിടന്ന് ആകാശത്തെ അനന്തകോടി നക്ഷത്രങ്ങളെ എണ്ണൽ, സൈക്കിൾ ചവിട്ടൽ, യോഗാ പരിശീലനം, കൃഷി, മൃഗപരിപാലനം, ദാനധർമങ്ങൾ, ധ്യാനം എന്നിവയൊക്കെയാണു ഹൃദ്രോഗം തടയാൻ കൊളസ്ട്രോൾ ഗുളികകളെക്കാൾ നല്ലത്.

സ്റ്റാറ്റിനു പിന്നിലെ കളികൾ

യുവാക്കളും കൗമാരപ്രായത്തിലുള്ള കുട്ടികളും ഗുളിക കഴിച്ചു തുടങ്ങണം എന്നു പറയുന്ന വിദഗ്ധരുമുണ്ട്. സ്റ്റാറ്റിൻ എന്ന പേരിലറിയപ്പെടുന്ന ഗുളികകളാണു സാധാരണ നിർദേശിക്കപ്പെടാറ്. ഇവ കൊളസ്ട്രോൾ നിർമാണത്തെ മാത്രമല്ല അതിൻറെ പൂർവരൂപങ്ങളുടെ നിർമാണത്തെയും തടയും. അത്തരം വസ്തുക്കൾ നമ്മുടെ ശരീരത്തിനാവശ്യമാണ്. മന്ദത, നൈരാശ്യം, വിളർച്ച, തിമിരം ഇവയൊക്കെ ഗുളിക കഴിക്കുന്നവരിൽ ഉടലെടുക്കാം. കൊളസ്ട്രോളിൻറെ അതേ രൂപത്തിൽ നിർമിക്കപ്പെടുന്ന യുബിക്വനോൺ എന്ന കോ— എൻസൈം അളവു കുറഞ്ഞാൽ പേശികൾ ശോഷിക്കും.

നടുവിനു വേദന തോന്നും. ഹൃദയം കുഴഞ്ഞുപോകും (ഹാർട്ട് ഫെയിലുവർ). ന്യൂറോപ്പതി (ഞരമ്പു പെരുക്കൽ), പേശികളുടെ അവസാനഭാഗമായ ടെൻഡനുകളുടെ നീർക്കെട്ടൽ (ഇൻഫ്ളമേഷൻ), സന്ധികളുടെ ആവരണമായ ലിഗ്മെൻറുകളുടെ നീർക്കെട്ടൽ എന്നിവയും സംഭവിക്കാം. ഡിഎൻഎയിൽ നിന്നുകിട്ടുന്ന നിർദേശങ്ങൾക്കനുസരിച്ചു കോശങ്ങൾ വിവിധ പ്രോട്ടീനുകൾ നിർമിക്കും. കൊളസ്ട്രോളിനൊപ്പം ഉണ്ടാകുന്ന ഡോളിക്കോളിൻറെ നിലവാരം കുറഞ്ഞാൽ ഇത്തരം പ്രവർത്തനം മന്ദഗതിയിലാകും.

പെട്ടെന്നു ദോഷമുണ്ടാക്കില്ലെന്നുമാത്രം

ആദ്യകാല കൊളസ്ട്രോൾ നിയന്ത്രണഗുളികകൾ ഉടനടി ഓക്കാനം, ഛർദിൽ, മലബന്ധം എന്നിവ ഉണ്ടാക്കിയിരുന്നു. സാവധാനം മാത്രം അവ നിലവാരം കുറച്ചു. എന്നാൽ, സ്റ്റാറ്റിൻ പെട്ടെന്നു തോതു കുറയ്ക്കും. ഉടനടിയുള്ള മൈനർ പാർശ്വഫലങ്ങൾ ഉണ്ടാക്കയുമില്ല. അതിനാൽ അവ കഴിക്കാൻ രോഗികൾ മടിക്കുന്നില്ല. പക്ഷേ, ക്രമേണ വരുത്തുന്ന ദോഷഫലങ്ങൾ അവർ ശ്രദ്ധിക്കാതെ പോകുന്നു.

പാർശ്വഫലങ്ങൾ നിരവധി

പേശികൾക്കു ബലക്കുറവ്, പെരുപ്പ്, വേദന എന്നിവ തോന്നുന്ന പെരിഫറൽന്യൂറോപ്പതിയും സ്റ്റാറ്റിൻ ഗുളിക കഴിക്കുന്നവരിൽ ഉടലെടുക്കാം. നടക്കാൻ പ്രയാസം തോന്നാം. ഡന്മാർക്കിൽ ഇത്തരം ഔഷധം കഴിക്കുന്ന അഞ്ചു ലക്ഷം പേരെ പഠനവിധേയമാക്കിയപ്പോൾ അതിൽ ഒമ്പതു ശതമാനത്തിലും ഇത്തരം ബുദ്ധിമുട്ടുകൾ വരുന്നതായി കണ്ടു.നമ്മുടെ നാട്ടിൽ പാർശ്വഫലങ്ങളെക്കുറിച്ചു പഠിക്കാൻ ആരും മുന്നോട്ടു വരുന്നില്ല. ഔഷധങ്ങൾ നിർത്തിയാൽ ബുദ്ധിമുട്ടുകൾ മാറും. കൊളസ്ട്രോൾ ഗുളിക കഴിക്കുന്ന മുതിർന്ന പൗരന്മാർ വാഹനം ഓടിക്കാതിരിക്കയാണു നല്ലത്. അപകടസാധ്യത കൂടുതലാണ്.

അമേരിക്കയിൽ ഹൃദയം കുഴയുന്ന കൻജസ്റ്റീവ് ഹാർട്ട് ഫെയിലുവർ രോഗികളുടെ എണ്ണം അമ്പരപ്പിക്കും വിധം കൂടുന്നു. ഹൃദയാഘാതങ്ങളുടെ എണ്ണം കുറയുന്നുമുണ്ട്. 1989—1997 കാലത്താണ് ഈ വർധന പ്രകടമായി തുടങ്ങിയത്. ഈ കാലഘട്ടത്തിലാണ് സ്റ്റാറ്റിൻറെ ഉപയോഗം തുടങ്ങിയതും. കോ—ക്യൂ— 10 നിർമാണത്തെ കൊളസ്ട്രോൾ നിയന്ത്രണഗുളിക നിരുത്സാഹപ്പെടുത്തുമ്പോൾ ഹൃദയപേശികളെയും അതു ബാധിക്കുന്നു. ഹൃദയത്തിനു ബലം കുറഞ്ഞവരിൽ കൊളസ്ട്രോൾ രക്ഷയ്ക്കെത്തും എന്നു വാദിക്കുന്ന യുകെയിലെ ഹൾ പോലുള്ള വിദഗ്ധരും ഉണ്ട്.

രക്തമർദം കുറയ്ക്കുന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കും ഗുളികകൾ തലചുറ്റൽ ഉണ്ടാക്കാം. മുതിർന്ന പൗരന്മാരിലാണ് ഇതനുഭവപ്പെടുക. ഇത്തരം ഗുളികകൾ പ്രതികരണശേഷിയും ഗ്രഹണശേഷിയും കുറയ്ക്കും. ലിപ്പിറ്റോർ എന്ന ഓർമമോഷ്ടാവ് എന്ന ഗ്രന്ഥമെഴുതിയ ഗഗന സഞ്ചാരി ഡൂവേൻ ഗ്രാവെലിൻറെ അനുഭവങ്ങൾ എല്ലാവർക്കും പാഠമാകേണ്ടതാണ്. കെയർ ട്രയൽ എന്ന പഠനത്തിൽ സ്റ്റാറ്റിൻ കഴിക്കുന്ന സ്ത്രീകളിൽ സ്തനാർബുദബാധ 15 ഇരട്ടിയാണെന്നു കണ്ടു. പ്രസ്തുത ഗുളിക രോഗപ്രതിരോധശക്തി നൽകുന്ന ഇമ്മ്യൂൺ സിസ്റ്റത്തിൻറെ പ്രവർത്തനം തകരാറിലാക്കും. തുടർന്നു കാൻസർ, പകർച്ചപ്പനികൾ എന്നിവ പിടിപെടും.

അവയവമാറ്റ ശസ്ത്രക്രിയകൾക്കു വിധേയരായവരിൽ പറിച്ചുനടപ്പെട്ട അവയവം ഇമ്മ്യൂൺ പ്രവർത്തനം വഴി പുറംതള്ളപ്പെടാതിരിക്കാൻ സ്റ്റാറ്റിൻ ഗുളികകൾ നൽകാറുണ്ട് എന്നതാണു വാസ്തവം. മാരകമായ പാൻക്രിയാറ്റൈറ്റിസ് എന്ന രോഗവും പാർശ്വഫലമായി ഉണ്ടാകാം. ജീവിതനൈരാശ്യം, ആത്മഹത്യാപ്രവണത, അക്രമവാസന എന്നിവയാണു മറ്റു ചില പാർശ്വഫലങ്ങൾ. കൊളസ്ട്രോൾ നിലവാരത്തിലെ മാറ്റം മനോനില തെറ്റാൻ കാരണമാകുന്നു. 10 വർഷത്തെ പഠനം വിശകലനം ചെയ്തപ്പോൾ സ്റ്റാറ്റിൻ കഴിച്ചവരിൽ കഴിക്കാത്തവരെക്കാൾ ഒരു ശതമാനം മരണനിരക്ക് കൂടുതലായി കണ്ടു.

2001ലെ ഹോണലൂലു ഹാർട്ട് പ്രോഗ്രാം പഠനത്തിൽ ഔഷധസേവ നടത്തിയിരുന്നവരിൽ മരണനിരക്ക് കൂടിയിരുന്നതായി കണ്ടു. ഹൃദയാഘാതം, പക്ഷവധംഎന്നിവ തടയാൻ സ്റ്റാറ്റിൻ ഗുളികകൾ ഫലപ്രദം എന്നു തെളിയിക്കപ്പെട്ടിട്ടില്ല എന്നത് നിരവധി പഠനങ്ങളിൽ നിന്നു വ്യക്തമാണ്. എന്നാൽ ഈ ഗുളികകൾ കാൻസർ, അസ്ഥിശോഷണം പക്ഷവധം, ആർത്രൈറ്റിസ്, ഓർമക്ഷയം എന്നിവയുടെ ചികിത്സയ്ക്കായി നൽകാൻ മരുന്നു കമ്പനി നിർദേശിക്കുന്നു. അമേരിക്കൻ കോളജ് ഓഫ് ഫിസിഷ്യൻസ് നിർദേശിക്കുന്നത് 55 കഴിഞ്ഞ പ്രമേഹരോഗികൾ, റിസ്ക് ഉണ്ടെങ്കിൽ പ്രായം കുറഞ്ഞ പ്രമേഹരോഗികളും കൊളസ്ട്രോൾ കുറയ്ക്കാൻ ഗുളിക കഴിക്കണം എന്നാണ്. മാസ്സച്യൂറ്റസ് മെഡിക്കൽ സെന്ററിലെ ഡേവിഡ് ഡ്രാഹ്മാൻ ഇത്തരം ഗുളികകളെ തലച്ചോറിനുള്ള വയാഗ്രാ ആയിട്ടു വിശേഷിപ്പിക്കുന്നു. സ്റ്റാറ്റിൻ, രക്തസമ്മർദം കുറയ്ക്കുന്ന ഔഷധം, ആസ്പിരിൻ, നിയാസിൻ എന്നിവ ചേരുന്ന കൂട്ടുമരുന്നു തയ്യാറാക്കാനും ചില കമ്പനികൾ ശ്രമിക്കുന്നു.

സ്റ്റാറ്റിൻ ഗുളികയ്ക്കായി ഒരു അമേരിക്കക്കാരൻ വർഷം തോറും 1000—1500 ഡോളർ ചെലവാക്കുന്നു. നമുക്കാവട്ടെ 1000—5000 രൂപ ചെലവു വരും. അമേരിക്കയിൽ ഇൻഷുറൻസ് കമ്പനി അതു നൽകും. അമേരിക്കയിൽ 12.5 ബില്യൺ ഡോളർ വരുന്ന ഔഷധവ്യവസായത്തിൽ 6.5 ശതമാനം ഗുളികകളിൽ നിന്നു കിട്ടുന്നു. ഇപ്പോൾ കേരളത്തിൽ സർക്കാർ ആശുപത്രികളിൽ നിന്നു സൗജന്യമായി ഇത്തരം ഗുളികകൾ ലഭിക്കുന്നു. ഇവയ്ക്കു പകരം കൂടുതൽ ജീവൻ രക്ഷാ ഔഷധങ്ങൾ വാങ്ങിയിരുന്നെങ്കിൽഎത്ര നന്നായേനേ.

ആഹാര നിയന്ത്രണവും നല്ല വ്യായാമവും

കൊളസ്ട്രോളിനെ പേടിക്കേണ്ട. അതു സഹായിയും ഗുണകാംക്ഷിയും സുഹൃത്തുമാണ്. മാംസജന്യഭക്ഷണം ഒഴിവാക്കിയാൽ കൊളസ്ട്രോൾ നില ഉയരില്ല. ശരീരത്തിനു സ്വയം കൊളസ്ട്രോൾ നിർമിക്കാൻ കഴിയില്ല. നാം കഴിക്കുന്നതിൽ നിന്നു മാത്രമേ കൊളസ്ട്രോൾ ഉണ്ടാകയുള്ളൂ. കൊളസ്ട്രോൾ നിയന്ത്രിക്കാൻ ആഹാരനിയന്ത്രണം മതി. നടത്തവും വ്യായാമവും നല്ല കൊളസ്ട്രോളിൻറെ അളവു കൂട്ടും. പറിച്ച ഉടനെയുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുക. അതിനായി അടുക്കള ത്തോട്ടം എല്ലാ വീട്ടിലും വേണം. പ്രകൃതി സൗഹൃദ കൃഷിരീതിയാവണം. കാന്താരി, ഇലിമ്പിപ്പുളി എന്നിവ കഴിക്കുക. ഒപ്പം കറിവേപ്പില അരച്ചു ചേർത്ത സംഭാരം കുടിക്കുക. വെളുത്തുള്ളിയും കൊളസ്ട്രോൾ കുറയ്ക്കും. സ്റ്റാറ്റിനെ കുപ്പയിലെറിയുക.

ഡോ. കാനം ശങ്കരപ്പിള്ള

റിട്ട. ഡപ്യൂട്ടി ഡയറക്ടർ,

കേരള ആരോഗ്യവകുപ്പ് പൊൻകുന്നം

കൊളസ്ട്രോളിനെ പിടിച്ചുകെട്ടാം

 

കൊളസ്ട്രോൾ നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചു മറ്റാരെക്കാളും അറിവുള്ളവരാണു മലയാളികൾ. മരുന്ന്, വ്യായാമം, ഭക്ഷണക്രമം എന്നിങ്ങനെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ആവശ്യമായ ത്രിവിധ മാർഗങ്ങളെ കുറിച്ചും മലയാളിക്കു നന്നായിട്ടറിയാം. പക്ഷേ, ഇതൊക്കെ പ്രാവർത്തികമാക്കാൻ ഇത്രത്തോളം വിമുഖതയുള്ള ഒരു സമൂഹവും മറ്റൊന്നില്ല. ഈ വൈരുധ്യം ചർച്ചാവിഷയമാക്കേണ്ടതാണ്.

ആദ്യം ആത്മനിയന്ത്രണം

അച്ചടക്കത്തെ കുറിച്ചു വാതോരാതെ സംസാരിക്കുന്ന മലയാളിക്കു സ്വന്തം അച്ചടക്കത്തെ (ആത്മനിയന്ത്രണം) കുറിച്ചുള്ള ബോധമില്ലായ്മ ഒരു പ്രധാന പ്രശ്നമാണ്. അച്ചടക്കവും സ്വയംഅച്ചടക്കവും തമ്മിലുള്ള വ്യത്യാസം ഒരുദാഹരണത്തിലൂടെ വിശദീകരിക്കാം. പൊലീസിനെ കാണുമ്പോൾ ബൈക്ക് യാത്രികൻ ഹെൽമെറ്റ് എടുത്തു ധരിക്കുന്നത് അച്ചടക്കം. മേലുദ്യോഗസ്ഥൻ ഓഫിസിലുള്ളപ്പോൾ സമയനിഷ്ഠ പാലിക്കുന്ന ജോലിക്കാരനുള്ളതും അച്ചടക്കം. പൊലീസില്ലാത്തപ്പോഴും ഹെൽമെറ്റ് ധരിക്കുന്നതും മേലുദ്യോഗസ്ഥൻ ഇല്ലാത്തപ്പോഴും കൃത്യസമയത്തെത്തുന്നതും സ്വന്തം അച്ചടക്കം.

കൊളസ്ട്രോളിനെ പ്രതിരോധിക്കുന്ന കാര്യത്തിലും ഇതേ അച്ചടക്കമില്ലായ്മ പ്രതിഫലിക്കുന്നുണ്ട്. കൊളസ്ട്രോൾ കൂടുന്നവർക്കു വേദന ഉണ്ടാകുമായിരുന്നുവെങ്കിൽ അതു നിയന്ത്രിക്കുമായിരുന്നു. വേദന പേടിച്ചു ജീവിതശൈലി മാറ്റുമായിരുന്നു. അമിതമായ കൊളസ്ട്രോൾ സാധാരണനിലയിൽ ആരോഗ്യകരമല്ലാത്ത ഭക്ഷണത്തിന്റേയും വ്യായാമക്കുറവിന്റേയും പരിണിതഫലമാണെന്നു മനസ്സിലാക്കിക്കൊണ്ട് അതു നിയന്ത്രിക്കാൻ മനസ്സിൽ ഒരു തയാറെടുപ്പു നടത്തണം. അതിനുവേണ്ടി വലിയ നിയന്ത്രണങ്ങൾ വരുത്താനൊരുങ്ങുന്നുവെന്നു ചിന്തിക്കാതെ സാധാരണ അവസ്ഥയിലേക്കു തിരിച്ചുപോകാൻ സാധാരണ ജീവിതശൈലി സ്വീകരിക്കാനാണ് ഒരുങ്ങുന്നത് എന്നു ചിന്തിച്ചാൽ മതി.

ശുഭാപ്തിവിശ്വാസക്കുറവ്

നിഷേധാത്മകമായ സംഭവങ്ങളും വീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളും മാത്രം കണ്ടും കേട്ടും ജീവിക്കുന്ന നമ്മുടെ ചിന്തകൾ ശുഭകരമാകാത്തതിൽ അദ്ഭുതമില്ല. ജീവിതത്തെ കുറിച്ചു പൊതുവേ ഭാവാത്മകമായ ചിന്തകളും സമീപനങ്ങളുമില്ലാത്തവർക്കു നിശബ്ദസാന്നിധ്യമായ കൊളസ്ട്രോളിനെ നേരിടുന്നതിനു വ്യായാമവും ചിട്ടയായ ജീവിതശൈലിയും സ്വീകരിക്കാൻ കഴിയുന്നതെങ്ങനെ? അതുകൊണ്ടാണ് ആചാര്യന്മാർ പറഞ്ഞുവച്ചത്: നിങ്ങളുടെ ഇന്നലത്തെ ചിന്തകളാണ് ഇന്നത്തെ ശരീരം; ഇന്നത്തെ ചിന്തയാണു നാളത്തെ ശരീരം.

ചിന്തകളാണ് പിരിമുറുക്കങ്ങളുടെ ഉപജ്ഞാതാക്കൾ. പിരിമുറുക്കം കൊളസ്ട്രോളിന്റെ അളവു മാത്രമല്ല അതിന്റെ പ്രഹരശേഷിയും കൂട്ടും. എന്നാൽ ചിന്തകളെ കൂടുതൽ ശുഭാപ്തി വിശ്വാസത്തിലേക്കു മാറ്റിയാൽ പിരിമുറുക്കം കുറയും. കൊളസ്ട്രോൾ കൂടുതലാണ് എന്ന ചിന്ത പിരിമുറുക്കത്തിന് കാരണമാകുകയല്ല വേണ്ടത് മറിച്ച് അതു കുറയ്ക്കാൻ എനിക്കു കഴിയുമെന്ന ഉറച്ചവിശ്വാസമാണ് ആദ്യം വേണ്ടത്. ആ വിശ്വാസമുണ്ടായാൽ അതു പ്രാവർത്തികമാക്കൽ എളുപ്പമാകും.

ആരോഗ്യ അവബോധം

ലോകത്തിലെ ഏത് ആസ്തികളെക്കാളും പ്രാധാന്യം നൽകേണ്ടത് ആരോഗ്യത്തിനാണ് എന്നതാണു വസ്തുത. കാർ കഴുകാനും വീടു വൃത്തിയാക്കാനും ദിവസവും മണിക്കൂറുകൾ ചെലവാക്കുന്ന മലയാളി, നടക്കുവാനോ മറ്റു വ്യായാമങ്ങൾക്കു വേണ്ടിയോ അരമണിക്കൂർ ചിലവാക്കാൻ മടി കാണിക്കുന്നു. വീടും കാറും തന്റെ പ്രധാനപ്പെട്ട ആസ്തികളാണെന്നു കരുതുന്നവർ സ്വന്തം ആരോഗ്യത്തെക്കുറിച്ച് അങ്ങനെ കരുതുന്നില്ല.

സ്ഥിരമായി നല്ല വേഗത്തിൽ കാറോടിക്കുന്ന ഒരു സുഹൃത്ത് ഒരിക്കൽ തന്റെ പുതിയ കാർ 60 കിമീ/ മണിക്കൂറിലധികം വേഗതയെടുക്കാതിരിക്കാൻ ശ്രദ്ധിച്ച് ഓടിക്കുന്നത് ഒരിക്കൽ കണ്ടു. അന്വേഷിച്ചപ്പോൾ പുതിയ കാർ ആദ്യ സർവീസ് വരെ നിശ്ചിതവേഗതയിലധികം എടുക്കാതെ ഓടിക്കണമെന്ന നിർദേശം കർക്കശമായി പാലിക്കുകയാണയാൾ എന്നു മനസ്സിലായി. ആ നിഷ്ഠയിൽ അദ്ഭുതം തോന്നുകയും ചെയ്തു. കാരണം, ഷുഗറും പ്രഷറും എല്ലാമുള്ള അയാൾ ഡോക്ടർമാർ നിർദേശിച്ചിട്ടും ജീവിതശൈലിയിലോ, ഭക്ഷണക്രമത്തിലോ യാതൊരു മാറ്റവും വരുത്താൻ അന്നേവരെ കൂട്ടാക്കാത്ത ഒരാളായിരുന്നു. കൊളസ്ട്രോളിനെ പ്രതിരോധിക്കേണ്ടതാണെന്ന ധാരണ ഉറപ്പിച്ച ശേഷം അതു പ്രാവർത്തികമാക്കാൻ ഒരു പദ്ധതി ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്.

കർമ പദ്ധതി നടപ്പിലാക്കാം

കൊളസ്ട്രോൾ അളവ് കൂടുതലാണ്. നിയന്ത്രിച്ചേ തീരൂ എന്ന് ഡോക്ടറിൽ നിന്നു നിർദേശവും കിട്ടിയ ആളാണ് നിങ്ങൾ. പക്ഷേ അതു ജീവിതത്തിൽ നടപ്പിലാക്കാനാകുന്നില്ല. എങ്കിൽ അതിനു വേണ്ടത് ചില തീരുമാനങ്ങളാണ്. കൊളസ്ട്രോൾ കുറയാൻ മരുന്നു കഴിക്കുന്നുണ്ടല്ലോ പിന്നെന്തിനാണ് വ്യായാമവും ഭക്ഷണനിയന്ത്രണവുമെന്നുള്ള ഒഴികഴിവുകളെ മനസ്സിൽ നിന്ന് ആദ്യമേ തുടച്ചുമാറ്റുക. കാരണം മരുന്നുകൊണ്ടു മാത്രം നിങ്ങൾക്ക് കൊളസ്ട്രോളിനെ പൂർണ വരുതിയിലാക്കാനാവില്ല.

കൊളസ്ട്രോൾ വരുതിയിലാക്കാൻ നിങ്ങൾ എന്തൊക്കെ ചെയ്യണമെന്നു ഡോക്ടറിൽ നിന്നു ലഭിച്ച കൃത്യമായ വിവരങ്ങൾ അക്കമിട്ട് ഒരു പേപ്പറിന്റെ മുകളിൽ രേഖപ്പെടുത്തുക. സാധാരണ നിലയിൽ ദിവസം അരമണിക്കൂർ വ്യായാമം, വറുത്തതും പൊരിച്ചതും ഒഴിവാക്കുക, രാത്രിയിൽ മുടങ്ങാതെ മരുന്നു കഴിക്കുക എന്നിവയാകാം അവ.

ടൈം ടേബിൾ തയാറാക്കാം

അവ രേഖപ്പെടുത്തിക്കഴിഞ്ഞാൽ, അതിനനുസൃതമായ വിധം നിങ്ങളുടെ ജീവിതരീതിക്ക് ഇണങ്ങുന്ന വിധം ഒരു ടൈം ടേബിൾ തയാറാക്കുക. ഒരു ദിവസം എങ്ങനെയായിരിക്കണം — വ്യായാമരീതി, ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ, വിശ്രമം— ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തി വേണം തയാറാക്കാൻ. ഓരോ ദിവസവും ഭക്ഷണം മാറുമ്പോൾ പോഷകമൂല്യം കുറയാതിരിക്കാനും വേണ്ടത്ര പഴങ്ങളും പച്ചക്കറികളും ഉൾപ്പെട്ടിട്ടുണ്ടോ എന്നു ഉറപ്പു വരുത്തിയും വേണം ഇതു തയാറാക്കാൻ.

ടൈം ടേബിൾ തയാറായിക്കഴിഞ്ഞാൽ വീട്ടിൽ പൊതുസ്ഥലത്ത് എല്ലാവരും കാണത്തക്കവിധം പ്രദർശിപ്പിക്കുകയും വേണം. ടൈം ടേബിളിൽ നിന്നു മാറ്റം ഉണ്ടായാൽ അതു ഓർമിപ്പിക്കാനും രോഗി മരുന്നു കഴിക്കാൻ വിട്ടുപോയാൽ മറക്കാതെ കഴിപ്പിക്കാനുമൊക്കെ ഇങ്ങനെ ചെയ്യുന്നതു സഹായകരമായിരിക്കും.

മേൽപറഞ്ഞ ടൈംടേബിളിനൊപ്പം രണ്ടാമതൊരു പട്ടിക കൂടി തയാറാക്കുക. പ്രതിമാസ കലണ്ടറിനു തുല്യമായ ഒരു പട്ടികയായിരിക്കണം അത്. അതു മാസത്തിലൊരിക്കൽ പുതുക്കിക്കൊണ്ടിരിക്കുക.

ഓരോ ആഴ്ചയിലെയും ഏഴു ദിനങ്ങളിൽ ടൈംടേബിൾ പ്രകാരമുള്ള ദിനചര്യ കൃത്യമായി പാലിച്ചുവെങ്കിൽ സ്റ്റാർ ചിഹ്നമിടുക. ദിനചര്യ തെറ്റിയ ദിവസങ്ങളിൽ ഗുണനചിഹ്നവും ഇടുക.

ആഴ്ചയിൽ അഞ്ചിൽ കൂടുതൽ സ്റ്റാർ ലഭിച്ചാൽ പത്തു പോയിന്റും നാലു സ്റ്റാർ നേടാനായാൽ എട്ടു പോയിന്റും മൂന്നു സ്റ്റാർ നേടുമ്പോൾ ആറുപോയിന്റും രേഖപ്പെടുത്താവുന്നതാണ്.

മാസാവസാനം 30 പോയിന്റിൽ കൂടുതൽ ഉണ്ടെങ്കിൽ സ്വയം ഒരു പാരിതോഷികം നൽകാം. 30 പോയിന്റിൽ കുറവാണെങ്കിൽ നിങ്ങൾ ചെയ്തുകൊണ്ടിരുന്ന ഇഷ്ടപ്പെട്ട ഒരു കാര്യം വേണ്ടെന്നു വയ്ക്കണം.

ഈ ചാർട്ടും പൊതുമുറിയിൽ പ്രദർശിപ്പിക്കണം. അപ്പോൾ നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും നിങ്ങളുടെ പുരോഗതി നിരീക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സാധിക്കും. പോയിന്റുകളും പാരിതോഷികങ്ങളും ഇതു മുന്നോട്ടു കൊണ്ടുപോകാൻ നിങ്ങളെ പ്രചോദിപ്പിക്കും.

ഇത്തരം ചെറിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തായ ആരോഗ്യമാണു നിങ്ങൾ കരസ്ഥമാക്കുന്നത്.

ആരോഗ്യമെന്ന ആസ്തിയുണ്ടാക്കുവാൻ നിങ്ങൾ നടത്തുന്ന ചെറിയ നിക്ഷേപങ്ങളാണു വാസ്തവത്തിൽ ഇത്തരം പ്രവൃത്തികൾ. നിക്ഷേപങ്ങൾ ഇല്ലാതെ ആസ്തി സൃഷ്ടിക്കുവാൻ സാധിക്കുകയില്ല.

പ്രമേഹവും കൊളസ്ട്രോളും തമ്മിൽ

പ്രായാതിവേഗം ആരോഗ്യത്തെ കീഴ്പ്പെടുത്തുന്ന ഒരു മഹാമാരിയാണ് പ്രമേഹം. ജീവിതശൈലീരോഗമായ പ്രമേഹത്തിന്റെ മാരകശേഷിക്ക് ആയുധബലം പകർന്നു നൽകുന്ന ‘മച്ചുന’നാണു കൊളസ്ട്രോൾ എന്നു പറയാം. 75 ശതമാനത്തോളം പ്രമേഹരോഗികളും മരണപ്പെടുന്നതു കൊളസ്ട്രോൾ രക്തക്കുഴലിൽ അടിഞ്ഞുകൂടിയുണ്ടാവുന്ന ഹൃദ്രോഗം, പക്ഷാഘാതം, ഗാംഗ്രീൻ മുതലായവ മൂലമാണ്. പ്രമേഹരോഗിക്ക് ഇവയുണ്ടാവാനുള്ള സാധ്യത പ്രമേഹമില്ലാത്തവരെക്കാൾ മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ്. ഇതിൽനിന്നുതന്നെ പ്രമേഹരോഗികൾ കൊളസ്ട്രോളിനും ചികിത്സ എടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുമല്ലോ. പ്രമേഹവും കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള ചില സാധാരണ സംശയങ്ങളും ഉത്തരവുമാണ് ഈ ഫീച്ചർ.

പ്രമേഹവും കൊളസ്ട്രോളും തമ്മിലുള്ള ബന്ധമെന്ത്?

ശരീരത്തിലെ ഇൻസുലിൻ കൂടിയാൽ രക്തത്തിലെ കൊളസ്ട്രോൾ കണികകളെ ദോഷകരമായി ബാധിക്കും. നല്ല (എച്ച്ഡിഎൽ) കൊളസ്ട്രോൾ കുറയ്ക്കും. ചീത്ത (എൽഡിഎൽ) കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും നിരക്ക് ഉയർത്തുകയും ചെയ്യും. കൂടാതെ പ്രമേഹത്തിൽ അധികമുണ്ടാവുന്ന ഗ്ലൂക്കോസ് എൽഡിഎൽ കൊളസ്ട്രോളുമായി ചേർന്ന് (ഗ്ലൈകോസിലേറ്റ് ) കരളിൽ അതു നീക്കം ചെയ്യുന്ന പ്രക്രിയയ്ക്ക് തടസ്സമാവുന്നു.

എന്താണ് ഡയബറ്റിക് ഡിസ്ലിപിഡെമിയ?

പ്രമേഹരോഗികളിലെ നല്ല കൊളസ്ട്രോൾ കുറവും ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കൂടുതലും ആയിരിക്കുമെന്നു പറഞ്ഞല്ലോ? അതായത് പ്രമേഹമുള്ളവരിലെ ലിപിഡ് പ്രൊഫൈൽ തെറ്റായ ദിശയിലാണ് പോകുന്നത്. ഈ പ്രതിഭാസത്തെയാണ് ഡയബറ്റിക് ഡിസ്ലിപിഡെമിയ എന്നു പറയുന്നത്. അകാലത്തിൽ ഹൃദയധമനീരോഗം വരുന്നവരിലും ഈ ലിപിഡ് ക്രമക്കേട് സംഭവിച്ചിട്ടുള്ളതായി കാണാം.

പഠനങ്ങൾ പറയുന്നതു ടൈപ്പ് 2 പ്രമേഹത്തിനു മുന്നോടിയായുള്ള ഇൻസുലിൻ പ്രതിരോധവും ഡയബറ്റിക് ഡിസ്ലിപിഡിമിയയും അതിരോസ്ക്ലീറോസിസും രക്തക്കുഴലുമായി ബന്ധപ്പെട്ടുള്ള രോഗങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ്.

പ്രമേഹമുള്ള കൊളസ്ട്രോൾ രോഗികളിൽ ഹൃദ്രോഗസാധ്യത കൂടുതലോ?

ആണെന്നു പറയേണ്ടിവരും. പ്രമേഹരോഗികളിൽ സാധാരണയായി കാണപ്പെടുന്ന ഓക്സിജൻ ഫ്രീ റാഡിക്കലുകൾ കൊളസ്ട്രോളിനെ ഓക്സീകരിച്ച് രക്തക്കുഴലിന്റെ ഭിത്തികളിൽ അടിഞ്ഞുകൂടാനുള്ള സാധ്യതയും തന്മൂലം ഹൃദ്രോഗസാധ്യതയും വർധിപ്പിക്കുന്നു. പ്രമേഹവും കൊളസ്ട്രോളിന്റെ ആധിക്യവും ഉള്ളവരിൽ രക്താതിസമ്മർദവും അമിത വണ്ണവും കൂടുതലായി കാണപ്പെടുന്നതു കൊണ്ടു വീണ്ടും ഹൃദ്രോഗസാധ്യത പല മടങ്ങായി വർധിക്കുന്നു.

ഉയർന്ന കൊളസ്ട്രോൾ പ്രമേഹസൂചനയാകാമെന്നു പറയുന്നതിൽ വാസ്തവമുണ്ടോ?

ഇതിൽ വാസ്തവമുണ്ട്. ടൈപ്പ് 2 ഇൻസുലിൻ പ്രതിരോധമുള്ളവരിൽ പ്രമേഹം പൂർണമായി പ്രകടമാകുന്നതിനു മുമ്പു തന്നെ കൊളസ്ട്രോൾ നിരക്ക് ഉയർന്നു കാണാറുണ്ട്. അതിനാൽ എൽഡിഎൽ നിരക്ക് ഉയർന്നു തുടങ്ങുമ്പോഴേ രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചു തുടങ്ങണം.

പ്രത്യേക വ്യായാമ—ഭക്ഷണക്രമീകരണം ഈ ഘട്ടത്തിൽ തുടങ്ങിയാൽ, ആസന്നമായേക്കാവുന്ന ഹൃദ്രോഗത്തെ പ്രതിരോധിക്കാം. പ്രത്യേകിച്ചും പാരമ്പര്യമായി ഹൃദ്രോഗസാധ്യത ഉള്ളവരിൽ.

പ്രമേഹനിയന്ത്രണം കൊളസ്ട്രോൾ കുറയ്ക്കുമോ?

ടൈപ്പ് 1 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നത് കൊളസ്ട്രോളിന്റെ അളവിൽ ഗണ്യമായ വ്യത്യാസം വരുത്തും. ടൈപ്പ് 1 പ്രമേഹക്കാരിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചാൽ പ്രമേഹമില്ലാത്തവരുടേതിനു സമാനമായ സാധാരണ നിരക്കിലേക്കു കൊളസ്ട്രോൾ മാറും. ടൈപ്പ് 1 പ്രമേഹം കൃത്യമായി നിയന്ത്രിക്കാഞ്ഞാൽ രക്തത്തിലെ നല്ല കൊളസ്ട്രോൾ താഴും. ട്രൈഗ്ലിസറൈഡുകളുടെ നിരക്കു വർധിക്കും.

ടൈപ്പ് 2 പ്രമേഹക്കാരിലും പ്രമേഹനിയന്ത്രണം കൊണ്ട് എച്ച്ഡിഎൽ കൂടുകയും ട്രൈഗ്ലിസറൈഡ് നിരക്ക് കുറയുകയും ചെയ്യാൻ സാധ്യതയുണ്ട്. ഇവരുടെ രക്തധമനികളിലുണ്ടാകുന്ന പ്ലാക്കുകൾ കൊഴുപ്പു കൂടിയവയും നാരംശം കുറഞ്ഞവയുമായിരിക്കും. ഇത് ഹൃദയധമനീ രോഗങ്ങൾക്കും ഹൃദയാഘാതത്തിനുമുള്ള സാധ്യത കൂട്ടുന്നു. അതിനാൽ തന്നെ ഇത്തരക്കാരിലെ രോഗനിയന്ത്രണം പ്രധാനമാണ്.

പ്രമേഹമുള്ള കൊളസ്ട്രോൾ രോഗികളിൽ, രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമാക്കിയ ശേഷം മാത്രം ട്രൈഗ്ലിസറൈഡ് കുറയ്ക്കാനുള്ള മരുന്നു തുടങ്ങുന്നതാണ് അഭികാമ്യം. എങ്കിലേ, യഥാർഥത്തിൽ എത്രമാത്രം കൊളസ്ട്രോൾ കുറയ്ക്കണമെന്നു തീർച്ചപ്പെടുത്താനാകൂ.

പ്രമേഹരോഗികൾ കൊളസ്ട്രോൾ ടെസ്റ്റ് ചെയ്യേണ്ടത് എപ്പോഴൊക്കെ?

പ്രമേഹരോഗികൾ തുടക്കത്തിലും പിന്നീട് ആറു മാസത്തിലോ, വർഷത്തിൽ ഒരിക്കലെങ്കിലുമോ ഫാസ്റ്റിംഗ് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. എട്ടു മുതൽ പത്തു മണിക്കൂർ ഭക്ഷണം കഴിക്കാതെ വേണം ചെയ്യാൻ. പക്ഷേ, പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവർ വർഷത്തിൽ ഒരിക്കൽ മാത്രം കൊളസ്ട്രോൾ നിരക്കു പരിശോധിച്ചാൽ പോരാ. ഇടയ്ക്കിടെ പരിശോധന ചെയ്യേണ്ടിവരും.

ടെസ്റ്റ് ചെയ്യുന്നതിനു മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം?

ടെസ്റ്റ് ചെയ്യുന്നതിനു തൊട്ടുമുമ്പു വ്യായാമം ചെയ്യുന്നത് റിസൽട്ടിൽ മാറ്റങ്ങൾ വരുത്തും എന്നതുകൊണ്ടു ടെസ്റ്റ് ചെയ്യുന്ന ദിവസം രക്തം എടുത്തതിനു ശേഷം മാത്രം വ്യായാമം ചെയ്യുക. അതുപോലെതന്നെ ടെസ്റ്റിന്റെ തലേദിവസം അമിതഭക്ഷണവും കൊഴുപ്പു കൂടുതലടങ്ങിയ ഭക്ഷണപദാർഥങ്ങളും മദ്യപാനവും ഒഴിവാക്കണം.

സ്റ്റാറ്റിൻ മരുന്ന് ടൈപ്പ് 2 പ്രമേഹം കൂട്ടുമെന്ന് ഒരു പഠനം തെളിയിച്ചതായി വായിച്ചു. ഇതു ശരിയാണോ? അങ്ങനെയെങ്കിൽ പ്രമേഹരോഗികൾ ഈ മരുന്നു കഴിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? സ്റ്റാറ്റിൻ മരുന്നു കഴിക്കുന്നവരിൽ നേരിയ തോതിലുള്ള പ്രമേഹസാധ്യത ഉള്ളതായി ഒന്നു രണ്ടു പഠനങ്ങളിൽ കണ്ടിരുന്നു. പക്ഷേ, സ്റ്റാറ്റിൻ മൂലമുള്ള ഗുണഫലങ്ങൾ ഇതിനെക്കാളൊക്കെ എത്രയധികമാണ്. പ്രമേഹരോഗികളിൽ ആസന്നമായേക്കാവുന്ന ഹൃദ്രോഗം, സ്ട്രോക്ക്, പെരിഫറൽ വാസ്കുലർ രോഗം എന്നിവയിൽ നിന്നെല്ലാമുള്ള സംരക്ഷണമാണ് സ്റ്റാറ്റിൻ വാഗ്ദാനം ചെയ്യുന്നത്. തന്നെയുമല്ല, ഇത്തരമൊരു നെഗറ്റീവായ കണ്ടെത്തൽ നടന്നിട്ടുള്ളത് ഒന്നോ രണ്ടോ പഠനങ്ങളിൽ മാത്രമാണ്. അമേരിക്കൻ ഡയബറ്റിക് അസോസിയേഷന്റെ ഇക്കാര്യത്തിലുള്ള നിർദേശം ഇപ്രകാരമാണ്. സ്റ്റാറ്റിന്റെ ഇത്തരമൊരു അയോഗ്യതയെ കണക്കിലെടുത്ത് മരുന്നു നിർത്തുന്നത് അഭികാമ്യമല്ല. മാത്രമല്ല, കഴിവതും പ്രമേഹരോഗികൾ തുടർച്ചയായി സ്റ്റാറ്റിൻ കഴിക്കണം.

പ്രമേഹരോഗികൾക്ക് ഭക്ഷണത്തിലൂടെ പരമാവധി ലഭിക്കാവുന്ന കൊളസ്ട്രോൾ അളവ് എത്രയാണ്?

പ്രമേഹമോ ഹൃദ്രോഗമോ ഉള്ളവർക്ക് ദിവസം പരമാവധി 200 മി.ഗ്രാം കൊളസ്ട്രോൾ മതി. പ്രമേഹവും ഹൃദ്രോഗവും പോലെ ഒന്നിലധികം ആപത്ഘടകങ്ങൾ ഉള്ളവർ ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോൾ 200 മി.ഗ്രാമിലും താഴെയായി നിലനിർത്തുന്നതാണ് അഭികാമ്യം. ഇതിനായി ശരീരത്തിലെത്തുന്ന പൂരിത കൊഴുപ്പിന്റെ അളവു കുറയ്ക്കണം. മൃഗങ്ങളുടെ ശരീരാവയവ ഭാഗങ്ങളിലാണ് ഏറ്റവുമധികം കൊളസ്ട്രോൾ ഉള്ളത്. കഴിവതും അത്തരം മാംസം ഒഴിവാക്കണം. പാലും തൈരും കൊഴുപ്പു നീക്കി ഉപയോഗിക്കണം. മുട്ടയുടെ മഞ്ഞക്കരുവിൽ തന്നെ 213 മി.ഗ്രാം കൊളസ്ട്രോളുണ്ട്. അതിനാൽ വെള്ള കഴിക്കുന്നതാണ് സുരക്ഷിതം.

പ്രമേഹമുള്ള കൊളസ്ട്രോൾ രോഗികളിൽ ഗാംഗ്രീനും സ്ട്രോക്കിനും സാധ്യത കൂടുതലാണോ?

പ്രമേഹരോഗിക്ക് ഇവയുണ്ടാവാനുള്ള സാധ്യത പ്രമേഹമില്ലാത്തവരെക്കാൾ മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ്. അപ്പോൾ, പ്രമേഹത്തോടൊപ്പം കൊളസ്ട്രോളുമുള്ളവരുടെ കാര്യം പറയണ്ടല്ലോ? കാലിലേക്കുള്ള രക്തക്കുഴലുകളുടെ ഉൾഭിത്തികളിലെ ആവരണത്തിൽ കൊഴുപ്പടിഞ്ഞ് രക്തയോട്ടം തടസ്സപ്പെട്ടുണ്ടാകുന്നതാണ് പെരിഫറൽ വാസ്കുലർ രോഗം. അതു വഷളായാൽ ഗാംഗ്രീൻ ആകും.

രക്തത്തിലെ പഞ്ചസാര ഉയർന്നു നിന്നാൽ അതു ശരീരഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കാം. ഇതോടൊപ്പം കൊളസ്ട്രോൾ ഉയരുകയും ചെയ്താൽ ഗാംഗ്രീനുള്ള സാധ്യത ഇരട്ടിയാകും. സ്ട്രോക്കിന്റെ കാര്യത്തിലും സ്ഥിതി ഇതു തന്നെ.

പ്രമേഹമുള്ളവരിലെ കൊളസ്ട്രോൾ നിരക്ക് എത്രയാകണം?

അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്റെ നിർദേശമനുസരിച്ച്, പ്രമേഹത്തോടൊപ്പം ഹൃദയധമനീ രോഗവുമുള്ളവരിൽ എൽഡിഎൽ 70 മി.ഗ്രാമിൽ താഴെയാകണം. എൽഡിഎൽ ഇത്രയും കുറയ്ക്കുന്നത് ഹൃദയാഘാതസാധ്യത ഗണ്യമായി കുറയ്ക്കും. പക്ഷേ, ഇതിന് ഉയർന്ന ഡോസ് മരുന്നു വേണ്ടി വന്നേക്കാം. ട്രൈഗ്ലിസറൈഡ് നിരക്ക് 150—മി.ഗ്രാമും എച്ച്ഡിഎൽ നിരക്ക് 40—മി.ഗ്രാമും ആകണം. സ്ത്രീകളിൽ നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) 50 മി.ഗ്രാം വേണം.

മറ്റു ഹൃദയധമനീ രോഗങ്ങളൊന്നുമില്ലാത്ത പ്രമേഹരോഗികളിൽ എൽഡിഎൽ 100—മി.ഗ്രാമും എച്ച്ഡിഎൽ 50—മി.ഗ്രാമിനു മുകളിലും ആയിരിക്കണം. ട്രൈഗ്ലിസറൈഡ് നിരക്ക് 150—മി.ഗ്രാം ആയി നിലനിർത്താം. ഇവരിൽ, എച്ച് ബി എ1സി പരിശോധനയിൽ ഗ്ലൂക്കോസ് നിരക്ക് ഏഴു ശതമാനത്തിലും കുറവായിരിക്കണം.

പ്രമേഹരോഗിയിലെ കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്നു വേണോ? വ്യായാമവും ഭക്ഷണനിയന്ത്രണവും മാത്രം പോരേ?

പ്രമേഹരോഗിയിൽ നേരിയ തോതിലേ കൊളസ്ട്രോൾ ഉയർന്നിട്ടുള്ളൂ എങ്കിൽ പോലും അത് അങ്ങേയറ്റം അപകടകരമാകാം. അതിനാൽ ഡോക്ടർ മരുന്നു കഴിക്കാൻ നിർദേശിച്ചാൽ മടി വിചാരിക്കരുത്. കൊളസ്ട്രോളിനു മരുന്നു നിർദേശിക്കുന്നത് രോഗിയിലെ ആപത്ഘടകങ്ങളെ കൂടി കണക്കിലെടുത്താണ്. 40 വയസ്സു കഴിഞ്ഞ പ്രമേഹരോഗിയിൽ അമിതവണ്ണം പോലെയുള്ള ആപത്ഘടകങ്ങൾ ഒന്നിലധികമുണ്ടെങ്കിൽ എൽഡിഎൽ കൊളസ്ട്രോൾ അളവ് 70ൽ താഴെ നിലനിർത്തണം. ഈ അളവിലെത്തണമെങ്കിൽ വ്യായാമവും ഭക്ഷണനിയന്ത്രണവും മാത്രം പോരാ. ഉയർന്ന ഡോസിലുള്ള സ്റ്റാറ്റിൻ മരുന്നും കഴിക്കേണ്ടി വരാം.

ഡോ. പി. സുരേഷ്കുമാർ ചീഫ് ഡയബറ്റോളജിസ്റ്റ്, ഡയാബ്കെയർ ഇന്ത്യ, കോഴിക്കോട്

കൊളസ്ട്രോൾ കുറയ്ക്കാൻ ഓംലെറ്റ്

തലക്കെട്ട് കണ്ടാരും വായിൽ കപ്പലോടിക്കേണ്ട. തോന്നിയത് പോലെ മുട്ട വാരി വലിച്ച് തിന്നാൽ കൊളസ്ട്രോൾ കുതിച്ചു കയറാൻ പിന്നെ വേറെന്തു വേണം. കൊളസ്ട്രോൾ കാരണം മുട്ട ഓംലെറ്റിനോട് ബൈ പറയേണ്ടി വരുമെന്ന ഭയമുണ്ടോ? താഴെ കൊടുത്തിരിക്കുന്ന എഗ്ഗ് വൈറ്റ് ഓംലെറ്റ് പരീക്ഷിച്ചു നോക്കൂ...

എഗ്ഗ് വൈറ്റ് ഓംലെറ്റ്

01. മുട്ടവെള്ള - മൂന്നു മുട്ടയുടേത്

02. ഉപ്പ് - പാകത്തിന്

03. തക്കാളി - ഒരു ചെറുത്

കാരറ്റ് - ഒരു ചെറിയ കഷണം

 

സവാള - ഒരു സവാളയുടെ പകുതി

പച്ചമുളക് - ഒന്ന്

04. മല്ലിയില പൊടിയായി അരിഞ്ഞത് — അര വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

01. മുട്ടവെള്ള, ഉപ്പു ചേർത്തു നന്നായി അടിക്കുക.

02. മൂന്നാമത്തെ ചേരുവ ഓരോന്നും വളരെ പൊടിയായി അരിയുക.

03. അരിഞ്ഞ കൂട്ട് അടിച്ചു വച്ചിരിക്കുന്ന മുട്ടവെള്ളയുമായി നന്നായി യോജിപ്പിക്കുക.

04. നോൺസ്റ്റിക് പാൻ ചൂടാക്കി, മുട്ടവെള്ള മിശ്രിതം ഒഴിച്ച് മൂടിവച്ചു വേവിക്കുക.

05. വീറ്റ് ബ്രെഡിനൊപ്പം സാൻവിച്ച് ആക്കാൻ ബെസ്റ്റ്.

കൊളസ്ട്രോൾ കുറയ്ക്കുന്ന ഘടകങ്ങൾ

മുട്ടവെള്ള — ഹൈ പ്രോട്ടീൻ തക്കാളി — ലൈകോപീൻ

കടപ്പാട്: സി. പി. ഗായത്രി, ഡയറ്റീഷ്യൻ, ഇഎസ്ഐ ആശുപത്രി, തിരുവനന്തപുരം

നല്ല മുട്ട തിരിച്ചറിയാം

ഉണ്ണി കണ്ടാലറിയാം മുട്ടയുടെ ഉറപ്പ്. മുട്ടയുടെ ഉണ്ണി നല്ല മഞ്ഞനിറത്തിൽ ഉറച്ചിരിക്കണം. മുട്ട പൊട്ടിച്ചു കയ്യിലേക്കൊഴിച്ചാൽ ഉണ്ണി കയ്യിൽ നിൽക്കുകയും വെള്ളക്കരു അപ്പാടെ താഴേക്കു പോകുകയും ചെയ്‌താൽ മുട്ട നല്ലതാണ്. മുട്ടയുടെ ഉണ്ണിയിൽ രക്‌തക്കറ കണ്ടാൽ ഉപയോഗിക്കരുത്. വെള്ള കലങ്ങിയിരിക്കാൻ പാടില്ല.

മുട്ട നല്ലതോ ചീത്തയോ എന്നറിയാൻ മറ്റൊരു മാർഗം ഇതാ - അൽപം ഉപ്പിട്ട വെള്ളത്തിൽ മുട്ട വയ്‌ക്കുക. നല്ലതാണെങ്കിൽ താഴ്‌ന്നുതന്നെ കിടക്കും. ചീത്തയാകാൻ തുടങ്ങിയെങ്കിൽ പരന്ന അറ്റം വെള്ളത്തിൽ ഉയർന്നിരിക്കും. കൂർത്ത അറ്റം താഴെയും പരന്ന അറ്റം മുകളിലുമായി കുത്തനെ നിൽക്കുന്നെങ്കിൽ ആ മുട്ട ഉപയോഗിക്കരുത്.

ഫ്രിഡ്‌ജിനു വെളിയിൽ വയ്‌ക്കുകയാണെങ്കിൽ മുട്ടയുടെ പുറത്ത് എണ്ണമയം പുരട്ടണം. മുട്ട പുഴുങ്ങുമ്പോൾ മുട്ടയുടെ ഒരിഞ്ചുയരത്തിൽ വെള്ളം നിൽക്കണം. വെള്ളത്തിൽ അൽപം ഉപ്പിടണം. മുട്ടത്തോടിൽ ഉണ്ടായേക്കാവുന്ന പൊട്ടലിലൂടെ വെള്ള പുറത്തേക്കു ചാടാതിരിക്കാനാണ്. മുട്ട അടിക്കുമ്പോൾ, വെള്ളക്കരുവിൽ അൽപം ഉപ്പു ചേർത്തടിച്ചശേഷമേ മഞ്ഞക്കരു ചേർത്തടിക്കാവൂ.

അറിഞ്ഞ് കഴിക്കുക

മുട്ടയിൽ വിറ്റമിൻ ഇ ധാരാളമുണ്ട്. വിറ്റമിൻ ഇ തലച്ചോറിലെ കോശങ്ങളിലേക്കു ഗ്ലൂക്കോസും ഓക്‌സിജനും എത്തിക്കുന്നതിന്റെറെ വേഗത കൂട്ടുന്നു. മുട്ടയുടെ വെള്ളയിലെ പ്രധാനഘടകം പ്രോട്ടീൻ ആണ് കൊളസ്‌ട്രോൾ കൂടാൻ സാധ്യതയുള്ളവർ മുട്ടയുടെ വെള്ള മാത്രം കഴിക്കുക.

മുട്ട

ഗുണനിലവാരമുള്ള മാംസ്യാഹാരം എന്ന നിലയ്‌ക്കാണ് മുട്ടയെ കാണുന്നത്. മഞ്ഞക്കരുവിൽ കൊഴുപ്പും ജീവകവും ധാതുക്കളും വെള്ളയിൽ പ്രോട്ടീനും ഉണ്ട്. മുട്ടയിലെ പ്രോട്ടീൻ എളുപ്പത്തിൽ ദഹിക്കുകയും ആഗിരണം ചെയ്യപെടുകയും ചെയ്യും. കൊഴുപ്പ് ചെറിയ കണികകളായതുകൊണ്ട് എളുപ്പത്തിൽ ദഹിക്കുന്നു. അതിനാൽ മുട്ട ചെറിയ കുട്ടികൾക്കും രോഗികൾക്കും കൊടുക്കാം. മുട്ട വേവിക്കാതെ കഴിക്കുന്നത് നല്ലതല്ല. മുട്ട ആവിയിൽ വേവിക്കുന്നതാണ് ഉത്തമം. ആവിയിൽ വേവിച്ചാലും പോഷകമൂല്യം കുറയില്ല. കോഴി, താറാവ്, കാട എന്നിവയുടെ മുട്ടകളാണ് സാധാരണ ആഹാരത്തിൽ ഉൾപെടുത്തുന്നത്. ഇതിൽ ഗുണനിലവാരമുള്ള മാംസ്യാഹാരം എന്ന നിലയ്‌ക്കാണ് കോഴിമുട്ടയെ കാണുന്നത്.

മുട്ട ആവിയിൽ വേവിക്കുന്നതാണ് ഉത്തമം. ആവിയിൽ വേവിച്ചാലും പോഷകമൂല്യം കുറയില്ല. മുട്ടയിൽ വൈറ്റമിൻ ‘എ’വൈറ്റമീൻ ‘ഡി’ മഗ്നീഷ്യം എന്നിവ സുലഭമായി ഉണ്ട്. എന്നാൽ ഹൃദ്രോഗം, രക്‌തസമ്മർദം, കൊഴുപ്പ് ഉള്ളവർ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം. പോഷക സമ്പന്നമാണങ്കിലും കാൽസ്യം ഇല്ല. പ്രതിദിനം കേരളത്തിൽ ഒരുകോടി മുട്ട വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 67 ലക്ഷം കോഴിമുട്ടയും 37 ലക്ഷം താറാവിന്റെ മുട്ടയുമാണ്. 80% മുട്ടയും തമിഴ്‌നാട്ടിലെ നാമക്കല്ലിൽ നിന്നും വരുന്നതാണ്. പുറത്തുനിന്നും വരുന്ന മുട്ടകൾ അധികവും വെളുത്ത തോടോടു കൂടിയതാണ്. കൃത്രിമ ആഹാരത്തിൽ വളർത്തി എടുക്കുന്ന കോഴിയുടെ മുട്ട നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ഉപയോഗിക്കാൻ നാടൻ മുട്ടയാണ് ഉത്തമം.

വീട്ടാവശ്യത്തിനുള്ള മുട്ടയ്‌ക്കായി വീട്ടിൽ തന്നെ കോഴിവളർത്തുന്നതാണ് നല്ലത്. ആറ് മാസംപ്രായമാകുമ്പോൾ കോഴി മുട്ട ഇട്ട് തുടങ്ങും. മുട്ടയുടെ മഞ്ഞക്കരുവിന് നല്ല നിറം കിട്ടാൻ ചുവന്ന മുളക്‌പൊടി ഭക്ഷണത്തിൽ കലർത്തി നൽകാം. ഒരു കോഴിമുട്ടയ്‌ക്ക് 55 ഗ്രാം മുതൽ 60 ഗ്രാം വരെ ഭാരമുണ്ടാകും. ഇതിൽ 13% പ്രോട്ടീനും 11% കൊഴുപ്പും 960 കലോറി ഊർജവും ലഭിക്കും. താറാവ് മുട്ടയ്‌ക്ക് 75 ഗ്രാം മുതൽ 80 ഗ്രാം വരെ ഭാരം ഉണ്ടാകും. ഇതിൽ 13.3% പ്രോട്ടീനും 14% കൊഴുപ്പും 1520 കിലോ കലോറി ഊർജവും ലഭിക്കും. കാടമുട്ടയ്‌ക്ക് 10 ഗ്രാം ഭാരമാണ് ഉണ്ടാകുക. ഇതിൽ 13.2% പ്രോട്ടീനും 10.8% കൊഴുപ്പും 170 കിലോ കലോറി ഊർജവും ലഭിക്കും. നാടൻ കോഴിമുട്ടയ്ക്ക് കൂടുതൽ രുചിയും മണവും പോഷകമൂല്യവും ഉണ്ട്. പിഗ്മെന്റുകൾ ധാരാളം ഉള്ളതാണ് ഇതിന് കാരണം.

കടയിൽനിന്ന് വാങ്ങുന്ന മുട്ട രണ്ട് ആഴ്‌ചയിൽ കൂടുതൽ പുറത്തു വയ്‌ക്കരുത്.കാരണം ഇതിലെ വെള്ളക്കരുവിലെ ജലാംശം ബാഷ്‌പീകരിച്ച് നഷ്‌ടമാകുകയും മഞ്ഞക്കരു മുട്ടതോടുമായി ബന്ധപെടുകയും ചെയ്യും. തോടിലെ സുഷിരത്തിലൂടെ ബാക്‌ടീരിയകൾ മഞ്ഞക്കരുവിൽ പ്രവേശിച്ച് അമിനോ ആസിഡുകളായി പ്രവർത്തിച്ച് ഹൈഡ്രജൻ സൾഫൈഡ് എന്ന ദുർഗന്ധ വാതകം ഉണ്ടാക്കും.

ഇതാണ് ചീമുട്ടയ്‌ക്ക് ദുഃസ്സഹമായ ദുർഗന്ധം ഉണ്ടാകാൻ കാരണം. വേനൽക്കാലത്ത് മുട്ട വേഗം കേടുവരും. ഉള്ളിൽ ഭ്രൂണമുള്ള മുട്ടയും പെട്ടെന്ന് കേടാകും. മുട്ടയിൽ പ്രവേശിക്കുന്ന സാൾമണല്ല, ഇക്കോളയ് എന്നീ ബാക്‌ടീരിയകളാണ് ഇതിന് കാരണം. കടയിൽ നിന്നു വാങ്ങുന്ന മുട്ടയും വീട്ടിലെ കോഴി ഇടുന്ന മുട്ടയും ഇളം ചൂടുവെള്ളത്തിൽ (60 ഡിഗ്രി ) അഞ്ച് മിനിറ്റ് കഴുകി തുണികൊണ്ട് തുടച്ച് വയ്‌ക്കണം. തണുപ്പ് അറയിൽ സൂക്ഷിക്കുന്ന മുട്ട അഞ്ചു മുതൽ എട്ട് മാസംവരെ കേടുകൂടാതെ ഇരിക്കും.

ഫ്രിഡ്‌ജിന്റെ ഡോറിൽ ഉള്ള എഗ്ഗ് ഷെൽഫിൽ സുക്ഷിക്കുന്ന മുട്ട രണ്ട് മുതൽ മൂന്ന് ആഴ്‌ചവരെ കേടുകൂടാതെ ഇരിക്കും. മുട്ടയിൽ എണ്ണമയം പുരട്ടി രണ്ട് മാസംവരെ പുറത്ത് സൂക്ഷിക്കാം.

മുട്ട അഞ്ച് മിനിറ്റ് (60 ഡിഗ്രി) ചൂടുവെള്ളത്തിൽ മുക്കിവച്ചാൽ തോടിലെ ബാക്‌ടീരിയയും മഞ്ഞക്കരുവിലെ ഭ്രൂണവും നശിക്കും. ഇങ്ങനെ ചെയ്‌ത് ഒന്നരമാസം വരെ പുറത്ത് സൂക്ഷിക്കാം.

ചുണ്ണാമ്പ് കലക്കിയ തെളിവെള്ളത്തിൽ 12 മണിക്കൂർ മുക്കിയശേഷം എടുത്തുവച്ചാൽ ഒന്നരമാസം വരെ കേടുകൂടാതെ ഇരിക്കും.

*പുഴുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് *

മുട്ട പുഴുങ്ങുമ്പോൾ പൊട്ടി പോകാതിരിക്കാൻ വെള്ളത്തിൽ അൽപ്പം ഉപ്പ് ചേർക്കുക.

പുഴുങ്ങാനിടുന്ന മുട്ടയ്‌ക്കൊപ്പം ലോഹം കൊണ്ടുള്ള സ്‌പൂൺ ഇട്ട് തിളപ്പിക്കുക. നാടൻ കോഴിമുട്ട കഴുകി വൃത്തിയാക്കി തുണികൊണ്ട് തുടച്ച് ഒരു ഗ്ലാസ് ചെറുനാരങ്ങ നീരിൽ മൂടുന്ന വിധത്തിൽ ഇട്ട് വയ്‌ക്കുക. ഏഴ് ദിവസംകൊണ്ട് തൊണ്ട് അലിഞ്ഞ് ചേരും. ഇതിൽ തേൻചേർത്ത് സേവിച്ചാൽ എത്ര പഴകിയ ആസ്‌മയും ഭേദമാകും.

നാടൻ മുട്ടയുടെ വെള്ളക്കരു പാത്രത്തിലെടുത്ത് ഒരു സ്‌പൂൺ ഉപയാഗിച്ച് നല്ലവണ്ണം അടിച്ച് ഒരു സ്‌പൂൺ ജീരകം പൊടിച്ച് ഇടുക. ഇത് വെറും വയറ്റിൽ 15 ദിവസം തുടർച്ചയായി സേവിക്കുക.

അർശസ്സ്

താറാവിന്റെ മുട്ട പുഴുങ്ങിയത് തോട് നീക്കം ചെയ്‌ത് ഒരു ഗ്ലാസ് ഉപ്പുവെള്ളത്തിൽ ഒരു രാത്രി മുഴുവൻ ഇട്ട് വച്ച് അടുത്ത ദിവസം രാവിലെ കഴിക്കുക.

മുട്ടയുടെ വെള്ളക്കരു തേച്ചുകുളിച്ചാൽ മുടി പട്ടുപോലെ മൃദുലവും മിനുത്തതുമാകും.

മുഖത്ത് വെള്ളക്കരു തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകിയാൽ മുഖംതിളങ്ങും.

ആസ്‌മ, വന്ധ്യത, ശുക്ല വർധന, ലൈംഗിക താൽപര്യം എന്നിവ വർധിപ്പിക്കുന്നതിന് ഉത്തമമാണ്. വയാഗ്രയ്‌ക്ക് പകരം പുരുഷമാർക്ക് ദിവസവും രണ്ട് കാട മുട്ട ഉപയോഗിക്കാം.

മുട്ടയുടെ മഞ്ഞക്കരു ആരോഗ്യത്തിനു ഭീഷണിയോ?‍‍

കൊളസ്ട്രോളിനെതിരെ മുന്നറിയിപ്പു നൽകി ലോകത്തെ വിരട്ടിയിരുന്ന യുഎസ് ആരോഗ്യസമിതി അഭിപ്രായം തിരുത്തുന്നു. ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിലെ കൊളസ്ട്രോൾ 300 മില്ലിഗ്രാമിൽ കൂടരുതെന്ന് ആവർത്തിച്ചിരുന്ന ഡയറ്ററി ഗൈഡ്‌ലൈൻസ് അഡ്വൈസറി കമ്മിറ്റിയാണു കൊളസ്ട്രോളിനെതിരെ ചില മുന്നറിയിപ്പുകൾ ഒഴിവാക്കുന്നത്.

ഒരു മുട്ടയുടെ മഞ്ഞക്കരുവിൽത്തന്നെ ഏകദേശം 186 മില്ലിഗ്രാം കൊളസ്ട്രോൾ ഉണ്ടെന്നും മുട്ട കഴിക്കണമെന്നു നിർബന്ധമാണെങ്കിൽ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കാമെന്നുമാണു ജനത്തിന് ഇക്കാലമത്രയും കിട്ടിയ ഉപദേശം. എന്നാൽ, മഞ്ഞക്കരു അങ്ങനെ ഹാനികരമല്ലെന്നാണു പുതിയ നിലപാട്.

മഞ്ഞക്കരു, വെണ്ണ, മാട്ടിറച്ചി തുടങ്ങിയ ആഹാരപദാർഥങ്ങളിലെ ‘ഡയറ്ററി കൊളസ്ട്രോൾ’ ചീത്ത കൊളസ്ട്രോൾ ഉയർത്തുമെന്നോ ഹൃദ്രോഗമുണ്ടാക്കുമെന്നോ ഒരു പഠനങ്ങളും ഇനിയും സ്ഥിരീകരിച്ചിട്ടില്ലാത്തതാണ് അഭിപ്രായമാറ്റത്തിനു പിന്നിൽ. ഉടൻ പ്രസിദ്ധീകരിക്കുന്ന പുതിയ റിപ്പോർട്ടിന്റെ കരടു രൂപത്തിലാണു സമിതിയുടെ നിലപാടുമാറ്റം.

എണ്ണ കരുതലോടെ

പാചകയെണ്ണ വെളിച്ചെണ്ണ മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു. വിളഞ്ഞ തേങ്ങ വെട്ടിയുണക്കി കൊപ്രയാക്കി മില്ലിൽക്കൊണ്ടുപോയി കൊടുത്ത് സ്ഫടികസമാനമായ വെളിച്ചെണ്ണ തിരികെ വാങ്ങുമായിരുന്ന കാലം. എള്ള് ആട്ടി എടുക്കുന്ന നല്ലെണ്ണയും അക്കാലത്തു പാചകത്തിനായി ഉപയോഗിച്ചിരുന്നു.

എന്നാലിന്നു പായ്ക്കറ്റിലും കുപ്പികളിലുമായി സ്വദേശിയും വിദേശിയുമായ നിരവധി എണ്ണകൾ വിപണിയിലെത്തിയിട്ടുണ്ട്. സൂര്യകാന്തി എണ്ണയും സോയാബീൻ എണ്ണയും ഒലീവ് ഓയിലുമൊക്കെ നമ്മുടെ പ്രിയപ്പെട്ട പാചക എണ്ണകളായി മാറിയിരിക്കുന്നു. എണ്ണ ഉപയോഗം ആരോഗ്യത്തിനു ഹാനികരമാകാതെയിരിക്കണമെങ്കിൽ എണ്ണയുടെ സവിശേഷതകളെക്കുറിച്ചും അവ പാചകത്തിന് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന രാസവ്യതിയാനങ്ങളെക്കുറിച്ചുമുള്ള അറിവുണ്ടാകണം.

എണ്ണ പാചകത്തിനുപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട രണ്ടു കാര്യങ്ങളാണ് സ്മോക്ക് പോയിന്റും എണ്ണയ്ക്കു തീ പിടിക്കുന്ന ഫ്ളാഷ് പോയിന്റും. ചൂടാക്കുമ്പോൾ ഏതു താപനിലയിലാണ് എണ്ണ പുകയുന്നത് അതാണ് ആ എണ്ണയുടെ സ്മോക്ക് പോയിന്റ്. സ്മോക്ക് പോയിന്റ് ഉയർന്നതാണെങ്കിൽ ആ എണ്ണ നമുക്ക് ഉയർന്ന താപനിലയിൽ ചൂടാക്കാം. എന്നാൽ സ്മോക്ക് പോയിന്റ് കുറഞ്ഞ എണ്ണയെ വറുക്കലിനും പൊരിക്കലിനും മറ്റുമായി അധികനേരം ചൂടാക്കുമ്പോൾ എണ്ണയിലുണ്ടാകുന്ന ഫ്രീറാഡിക്കലുകളും മറ്റുരസഘടകങ്ങളും കാൻസറിനും രക്തധമനികളുടെ ജരിതാവസ്ഥയ്ക്കും ഹൃദ്രോഗത്തിനുമൊക്കെ കാരണമാകാം. പൊതുവേ സസ്യഎണ്ണകൾക്കാണ് ഉയർന്ന സ്മോക്ക് പോയിന്റ് ഉള്ളത്. എന്നാൽ എണ്ണ ആവർത്തിച്ചു ചൂടാക്കുമ്പോൾ സ്മോക്ക് പോയിന്റ് വീണ്ടും കുറയുന്നു.

വെളിച്ചെണ്ണയുടെ സ്മോക്ക് പോയിന്റ് കുറവാണ്. അതുകൊണ്ട് ഏറെനേരമെടുത്തുള്ള വറുക്കലിനും പൊരിക്കലിനും വെളിച്ചെണ്ണ യോജിച്ചതല്ല. എന്നാൽ സൂര്യകാന്തി എണ്ണയുടെ സ്മോക്ക് പോയിന്റ്.(460 ഡിഗ്രി ഫാരൻഹീറ്റ്) ഉയർന്നതായതിനാൽ ദീർഘനേരമുള്ള വറുക്കലിനും പൊരിക്കലിനും ഉത്തമമാണ്. നിലക്കടല എണ്ണ, തവിടെണ്ണ, എള്ളെണ്ണ തുടങ്ങിയവയ്ക്കും ഉയർന്ന സ്മോക്ക് പോയിന്റ് ഉണ്ട്. സോയോബീൻ എണ്ണ, ഒലീവ് എണ്ണ എന്നിവയ്ക്കു താഴ്ന്ന സ്മോക്ക് പോയിന്റ് ആയതിനാൽ വറുക്കാൻ ഉപയോഗിക്കരുത്.

പുകയുന്നതു വരെ ചൂടാക്കരുത്

പുകയുന്നതു വരെ എണ്ണ ചൂടാക്കരുത്. ഈ ഘട്ടമെത്തിയാൽ കാൻസറിനു കാരണമാകുന്ന ഘടകങ്ങൾ ഉണ്ടാകും.

പാചകം ചെയ്യുമ്പോൾ എണ്ണ അളന്നു മാത്രം ഉപയോഗിക്കുക.

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്. ഉപയോഗിച്ച എണ്ണയും പുതിയ എണ്ണയും കലർത്തി ഉപയോഗിക്കരുത്.

ഡാൽഡ പോലുള്ള ഹൈഡ്രോജനേറ്റഡ് എണ്ണ പാചകത്തിന് ഉപയോഗിക്കരുത്. ഇവയിലടങ്ങിയിരിക്കുന്ന ട്രാൻസ്ഫാറ്റ് ഹൃദ്രോഗം, കാൻസർ, പ്രമേഹം, മറവിരോഗം, പൊണ്ണത്തടി, കരൾ രോഗങ്ങൾ എന്നിവയ്ക്കു കാരണമാകാം.

പാചകഎണ്ണകൾ പലതരം

പാചകത്തിനായുള്ള വിവിധതരം എണ്ണകൾ കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നത് അവയിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളുടെ സ്വഭാവമനുസരിച്ചാണ്. പൂരിത കൊഴുപ്പുകൾ എണ്ണയിൽ അമിതമായി അടങ്ങിയിട്ടുണ്ടെങ്കിൽ ആ എണ്ണ ആകെ കൊളസ്ട്രോളിന്റെയും ചീത്ത കൊളസ്ട്രോളിന്റെയും അളവ് കൂട്ടുന്നു. പാമോയിൽ, വെളിച്ചെണ്ണ തുടങ്ങിയ എണ്ണകളിലും വെണ്ണ, നെയ്യ് തുടങ്ങിയ പാൽ ഉൽപന്നങ്ങളിലും പൂരിതകൊഴുപ്പ് ഏറെ ഉള്ളതിനാൽ കൊളസ്ട്രോളിന്റെ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇവ നല്ലതല്ല. എന്നാൽ അപൂരിത കൊഴുപ്പുകൾ ചീത്തകൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയാണു ചെയ്യുന്നത്. സൂര്യകാന്തി എണ്ണ, എള്ളെണ്ണ, സോയാബീൻ എണ്ണ, സൺഫ്ളവർ എണ്ണ, ഒലിവെണ്ണ, നിലക്കടലയെണ്ണ തുടങ്ങിയവയിൽ അപൂരിത കൊഴുപ്പുകൾ കൂടുതലായി അടങ്ങിയിട്ടുള്ളതുകൊണ്ട് കൊളസ്ട്രോൾ രോഗികൾക്ക് ഉത്തമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദ്രോഗത്തെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് മീനെണ്ണ, ഫാള്ക്സ് സീഡ്, സോയാബീൻ, വാൾനട്ട് എന്നിവയിലും കൂടുതലായി കാണപ്പെടുന്നു.

എണ്ണകൾ കലർത്താമോ?

എണ്ണകൾ കലർത്തി ഉപയോഗിക്കുന്ന രീതിക്ക് ആരോഗ്യകരമായി കുഴപ്പമൊന്നുമില്ല. എന്നാൽ വീടുകളിലെ പാചകത്തിൽ ഇത് നിർബന്ധമല്ല. പകരം മറ്റൊരു മാർഗം സ്വീകരിക്കാം. വെളിച്ചെണ്ണയാണല്ലോ നാം പൊതുവേ ഉപയോഗിച്ചു വരുന്നത്, ശീലം മാറ്റിയെടുക്കാം. ഉദാ. മീൻകറിയുണ്ടാക്കാൻ വെളിച്ചെണ്ണ ഉപയോഗിച്ചെങ്കിൽ മറ്റു കറികൾക്കോരോന്നിനും തവിടെണ്ണ, കടലയെണ്ണ, എള്ളെണ്ണ, സൂര്യകാന്തിയെണ്ണ എന്നിങ്ങനെയുള്ള എണ്ണകൾ മാറി മാറി ഉപയോഗിക്കാം. ഈ എണ്ണകളിൽ നിന്നുള്ള വിവിധ പോഷകങ്ങൾ ലഭിക്കുകയും ചെയ്യും.

ഗുണകരമായ ഏകപൂരിതകൊഴുപ്പുകളും ബഹുപൂരിതകൊഴുപ്പുകളും ഈ എണ്ണകളിൽ സമൃദ്ധമായുണ്ട്. എണ്ണകളിലെ ഒമേഗ 3 —ഒമേഗ 6 അനുപാതവും ശ്രദ്ധിക്കണം. ഒമേഗാ 6 ഒമേഗ 3 അനുപാതം 10 :1 എന്ന രീതിയിലായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഒമേഗാ 3 യുടെ അളവു കൂട്ടിയെടുക്കണം എന്നാണു പുതിയ പഠനങ്ങൾ പറയുന്നത്.

സാധാരണയായി ഒരാൾക്ക് ഒരു ദിവസം നാലു ടീസ്പൂൺ എണ്ണ മതി. മറ്റ് ആഹാരപദാർഥങ്ങളിൽ നിന്നു ബാക്കി എണ്ണ ലഭിച്ചുകൊള്ളും. ബ്ലെൻഡു ചെയ്ത എണ്ണകൾ വിപണിയിൽ വ്യാപകമാണ്. ഉദാ. സഫോള ഓയിലിൽ 70 ശതമാനം തവിടെണ്ണയും 30 ശതമാനം സാഫ്ഫ്ളവർ ഓയിലും കലർത്തിയിട്ടുണ്ടത്രേ. സുനോള ഓയിൽ എന്ന പാചകഎണ്ണയിൽ സോയ എണ്ണയ്ക്കൊപ്പം സൂര്യകാന്തി എണ്ണയോ, കനോള ഓയിലോ ആണു കലർത്തിയിരിക്കുന്നത്. എണ്ണയിൽ പോളി അൺസാച്യുറേറ്റഡ് ഫാറ്റി ആസിഡാണു കൂടുതലെങ്കിൽ തിളപ്പിക്കാൻ പാടില്ല. ചൂടാക്കുക മാത്രമേ പാടുള്ളൂ.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ബി. പത്മകുമാർ

അഡീഷണൽ പ്രഫസർ മെഡിസിൻ മെഡിക്കൽ കോളജ്, ആലപ്പുഴ

ഡോ. എൽ വിജയലക്ഷ്മി

കൊളസ്ട്രോള്‍ മരുന്നിനെ ഭയക്കേണ്ട

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്നുകളെ ആശങ്കയോടെയാണ് പലരും കാണുന്നത്. കൊളസ്ട്രോള്‍ കുറഞ്ഞാലുടന്‍ മരുന്ന് നിര്‍ത്തുന്നവരുമുണ്ട്. ഈ മരുന്നുകളെ പറ്റിയും അവയുടെ ഉപയോഗത്തെപ്പറ്റിയുമുള്ള സാധാരണ സംശയങ്ങള്‍ക്ക് പരിഹാരങ്ങള്‍.

ഹാര്‍ട്ടറ്റാക്കും സ്ട്രോക്കുമുള്‍പ്പെടെ വരെ, മാരകരോഗങ്ങള്‍ക്ക് കാരണക്കാരനായി അമിത കൊളസ്ട്രോള്‍ ഇന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഹിതകരമായ അളവില്‍ കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഈ രോഗങ്ങളെ നന്നായി ചെറുക്കാനും കഴിയും. കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഭക്ഷണ നിയന്ത്രണവും വ്യായാമവും മാത്രം മതിയെന്നാണ് പലരും ചിന്തിക്കുന്നത്. തീര്‍ച്ചയായും അവരണ്ടും അവശ്യം തന്നെയാണ്. എന്നാല്‍ പരിധിവിട്ട് ഉയരുന്ന കൊളസ്ട്രോളിനെ തടഞ്ഞു, മാരകരോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ മരുന്നു ചികിത്സ കൂടിയേ തീരൂ.

കൊളസ്ട്രോള്‍ കൂടിയാല്‍ ഹൃദ്രോഗസാധ്യതയും വര്‍ധിക്കുമെന്നു ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കണ്ടുപിടിക്കപ്പെട്ടിട്ട് ഏതാണ്ട് നാലുപതിറ്റാണ്ടാകുന്നു. എല്‍.ഡി.എല്‍. കൊളസ്ട്രോള്‍ ഒരു മില്ലിഗ്രാം ശതമാനം കൂടിയാല്‍ ഹൃദ്രോഗസാധ്യത രണ്ടുമുതല്‍ മൂന്നു ശതമാനം വരെ കൂടുതലാവുമെന്നും കണ്ടെത്തിയിട്ടുണ്ട്.

കൊളസ്ട്രോള്‍ എന്ത്?

കൊളസ്ട്രോള്‍ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു പദാര്‍ഥമാണ്. ശരീരപ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുവാനും, കോശങ്ങളുടെ നിര്‍മ്മാണത്തിനും ഉള്‍പ്പെടെ നിരവധി ശരീരാവശ്യങ്ങള്‍ക്ക് കൊളസ്ട്രോള്‍ വേണം. നമ്മുടെ ശരീരത്തിനാവശ്യമായ കൊളസ്ട്രോളില്‍ 80 ശതമാനവും ശരീരം (കരള്‍) തന്നെ നിര്‍മിക്കുന്നു. ശേഷിക്കുന്ന 20 ശതമാനം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ശരീരത്തിലെത്തും. നല്ലതും ചീത്തയുമായ ഘടകങ്ങള്‍ രക്തത്തിലെ കൊളസ്ട്രോളിലുണ്ട്. ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ (എല്‍ഡിഎല്‍) എന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് ആവശ്യത്തിലേറെയാണെങ്കില്‍ അതിനെ കുറയ്ക്കുന്നതിനാണ് പ്രധാനമായും മരുന്നുകഴിക്കുന്നത്. ഒപ്പം നല്ല കൊളസ്ട്രോളായ ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീനിന്റെ (എച്ച്ഡിഎല്‍) അളവ് ആവശ്യമായ നിലയില്‍ ഉയര്‍ത്താനും ഒരു പരിധിവരെ മരുന്നു സഹായിക്കും. അതിന് ഏറ്റവും നല്ലത് വ്യായാമം തന്നെ.

മരുന്ന് അഞ്ചു തരം

കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്നുകള്‍ പ്രധാനമായും അഞ്ചു വിഭാഗത്തില്‍ പെടുന്നു.

  1. സ്റ്റാറ്റിന്‍ മരുന്നുകള്‍. 2. ബെല്‍ആസിഡ് അബ്സോര്‍പ്ഷന്‍ ഇന്‍ഹിബിറ്റേഴ്സ് 3. കൊളസ്ട്രോള്‍ അബ്സോര്‍പ്ഷന്‍ ഇന്‍ഹിബിറ്റേഴ്സ്, 4. ഫൈബ്രേറ്റ്സ്, 5. നിക്കോട്ടിനിക് ആസിഡ് എന്നിവയാണ് അവ. ഇതില്‍ സ്റ്റാറ്റിന്‍, ഫൈബ്രേറ്റസ്, നിക്കോട്ടിനിക് ആസിഡ് എന്നീ മൂന്നു വിഭാഗത്തില്‍പെട്ട മരുന്നുകള്‍ക്കാണ് നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരം.

സ്റ്റാറ്റിന്‍ മരുന്നിന്റെ ഗുണം

കരളില്‍ കൊളസ്ട്രോള്‍ രൂപീകരണത്തിനു സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട എന്‍സൈമാണ് HMG-CoA reductase. ഈ എന്‍സൈമിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുകയാണ് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ നിലവിലുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. അതിനുപയോഗിക്കുന്ന സ്റ്റാറ്റിനാണ് കൊളസ്ട്രോള്‍ മരുന്നുകളിലെ ഒന്നാമന്‍.

ഏഴുതരം സ്റ്റാറ്റിന്‍ മരുന്നുകളുണ്ടെങ്കിലും സിംവാസ്റ്റാറ്റിന്‍, അടോര്‍വാസ്റ്റാറ്റിന്‍, റോസു വാസ്റ്റാറ്റിന്‍, ലോവോസ്റ്റാറ്റിന്‍ എന്നീ നാലുമരുന്നുകളാണ് നമ്മുടെ നാട്ടില്‍ കൂടുതലായി ഉപയോഗിക്കുന്നത്. അഞ്ചു മില്ലിഗ്രാം മുതല്‍ 80 മില്ലിഗ്രാം വരെയാണ് സ്റ്റാറ്റിന്‍ മരുന്നുകളുടെ ഡോസ്. കൊളസ്ട്രോളിന്റെ അളവു കുറയ്ക്കുന്നതിനു പുറമേ വേറെയും ചില പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടി സ്റ്റാറ്റിനുകള്‍ നിര്‍വഹിക്കുന്നുണ്ട്.

രക്തപ്രവാഹം മെച്ചപ്പെടുത്തും

രക്തക്കുഴലിലെ തടസം ഉണ്ടാവുന്നതിനെ തടയുന്നുവെന്നതാണ് സ്റ്റാറ്റിന്‍ മരുന്നിന്റെ പ്രത്യേകത. രക്തക്കുഴലിലുള്ള ബ്ളോക്കുകള്‍ പൊട്ടി ഹാര്‍ട്ട് അറ്റാക്ക് വരുന്നതിനെ തടയുന്നു. രക്തം കട്ട പിടിക്കുന്നതിനെ തടയുന്നു, രക്തക്കുഴലിലെ നീര്‍വീക്കം കുറയ്ക്കുന്നു എന്നിവയും ഈ മരുന്നിന്റെ പ്രധാന സവിശേഷതകളാണ്. ചില അവസരങ്ങളില്‍ കൊളസ്ട്രോള്‍ സാധാരണ നിലയിലെത്തിയാലും മരുന്നുതുടരണം എന്നു പറയാന്‍ ഇതാണു കാരണം.

സ്റ്റാറ്റിന്‍ മരുന്നുകള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ 18-55% വരെയും ട്രൈഗിസറൈസ്ഡ് 7-30% വരെയും കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളായ എച്ചഡിഎല്‍ന്റെ അളവ് അഞ്ചു മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. ഹൃദ്രോഗം കൊണ്ടുള്ള മരണനിരക്ക്, ഹൃദയാഘാതത്തിന്റെ നിരക്ക്, പക്ഷാഘാതം, ആന്‍ജിയോപ്ളാസ്റ്റി, ബൈപാസ് സര്‍ജറി എന്നിവയുടെ എണ്ണം സ്റ്റാറ്റിന്‍ കഴിക്കുന്നവരില്‍ ഗണ്യമായി കുറയുന്നതായും കാണാം. ഒരിക്കല്‍ ഹാര്‍ട്ട് അറ്റാക്കുവന്നവര്‍ ശരിയായ രീതിയില്‍ സ്റ്റാറ്റിന്‍ മരുന്നു തുടര്‍ന്നുകൊണ്ടിരുന്നാല്‍ രണ്ടാമതൊരു അറ്റാക്കില്‍ നിന്നും രക്ഷപ്പെടാനും സാധിക്കുന്നു.

കരള്‍ തകരാറിലാക്കുമോ?

സ്റ്റാറ്റിന്‍ മരുന്നുകളെക്കുറിച്ചുള്ള പ്രധാന ആരോപണം അവ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നുവെന്നാണ്. എന്നാല്‍ അപൂര്‍വം പേരില്‍ മാത്രമേ സ്്റ്റാറ്റിന്‍ പാര്‍ശ്വഫലം പ്രകടിപ്പിക്കുന്നുള്ളൂവെന്നതാണ് വാസ്തവം. പതിവായി 20 mg സ്റ്റാറ്റിന്‍ കഴിക്കുന്ന 200 പേരില്‍ ഒരാള്‍ക്കും 80 mg കഴിക്കുന്ന നൂറില്‍ രണ്ടുപേര്‍ക്കുമാണ് കരളിനെ പ്രതികൂലമായി ബാധിക്കുന്ന പാര്‍ശ്വഫലം കാണുന്നത്. മരുന്നു നിര്‍ത്തുകയോ അളവു കുറയ്ക്കുകയോ ചെയ്താല്‍ ഇത് നേരെയാകും. പ്രത്യേക ചികിത്സ ഒന്നും തന്നെ ഇതിന് ആവശ്യമില്ല. നോര്‍മല്‍ ആയതിനുശേഷം മറ്റൊരു സ്റ്റാറ്റിന്‍മരുന്ന് തുടങ്ങാം.

പേശീവേദന വന്നാല്‍

സ്റ്റാറ്റിന്‍ മരുന്നുകളുടെ മറ്റൊരു പാര്‍ശ്വഫലമാണ് പേശികളിലെ വേദന. എത്ര ശതമാനം പേരില്‍ ഇതു കണ്ടുവരുന്നു എന്നതിനെപ്പറ്റി വ്യത്യസ്ത അഭിപ്രായമുണ്ട്. ഏകദേശം അഞ്ചുശതമാനം പേരിലേ ഇത് ഉണ്ടാവുന്നുള്ളൂ. പേശീവേദനമൂലം മരുന്നു നിര്‍ത്തേണ്ടി വരുന്നവര്‍ വെറും 0.09% മാത്രം. ശരീരത്തില്‍ അങ്ങിങ്ങുള്ള പേശീവേദനയും സന്ധിവേദനയും സ്റ്റാറ്റിന്‍ കൊണ്ടാണെന്നു കരുതുന്നവരുണ്ട്. എന്നാല്‍ ഇതു ശരിയല്ല.

ഇടക്കാലത്തായി സ്റ്റാറ്റിന്‍ കാന്‍സര്‍ കൂട്ടും എന്ന ഭയമുണ്ടായിരുന്നു. എന്നാല്‍ അത് അസ്ഥാനത്താണെന്നു പിന്നീടു തെളിഞ്ഞു. പാര്‍ശ്വഫലങ്ങള്‍ എല്ലാതരം സ്റ്റാറ്റിന്‍ മരുന്നുകള്‍ക്കും ഒരുപോലെയാണ്. എന്നാല്‍ പേശീവേദന പ്രവാസ്റ്റാറ്റിനും ഫ്ളുവാസ്റ്റിറ്റിനും കുറവാണ്.

പരിശോധിച്ചറിയണം

സ്റ്റാറ്റിന്‍ കരളില്‍ തകരാറുണ്ടാക്കുമോയെന്ന് പരിശോധനയിലൂടെ മനസിലാക്കാനാവും. ലിവര്‍ എന്‍സൈം പരിശോധന മരുന്നു തുടങ്ങുന്നതിനു മുമ്പും കഴിച്ചുതുടങ്ങി മൂന്നുമാസത്തിനുശേഷവും പരിശോധിക്കണം. അതു കഴിഞ്ഞാല്‍ വേണമെങ്കില്‍ ഒരു വര്‍ഷം ആകുമ്പോഴും നോക്കാം. പിന്നീട് ആവശ്യമുണ്ടെങ്കിലേ നോക്കേണ്ടതുള്ളൂ. പേശിവേദന അനുഭവപ്പെട്ടാല്‍ Creatin Kinase എന്ന പരിശോധനയിലൂടെ സ്റ്റാറ്റിന്റെ പാര്‍ശ്വഫലമാണോയെന്ന് തിരിച്ചറിയാന്‍ സാധിക്കും.

കഴിക്കുന്നവര്‍ അറിയാന്‍

കരള്‍ രോഗങ്ങള്‍ ഉള്ളവര്‍ സ്റ്റാറ്റിന്‍ മരുന്നുകള്‍ കഴിക്കുവാന്‍ പാടില്ല. എന്നാല്‍ അമിതവണ്ണം മൂലമുള്ള ഫാറ്റിലിവര്‍ ഉള്ളവര്‍ക്ക് മരുന്നുകഴിക്കാം. ഗര്‍ഭിണികളും പാലൂട്ടുന്നവരും ഈ മരുന്നുകള്‍ കഴിക്കരുത്.

സ്റ്റാറ്റിന് മരുന്നു കഴിക്കുന്നവര്‍ ചിലതരം ആന്റിബയോട്ടിക്കുകളും മരുന്നുകളും കഴിക്കുമ്പോള്‍ പേശീവേദന കൂടുതലാവും. അതിനാല്‍ സ്റ്റാറ്റിന്‍ കഴിക്കുന്ന കാര്യം മറ്റേതു ഡോക്ടറെ കാണുമ്പോഴും പറയാന്‍ മറക്കരുത്.

സംയുക്തമരുന്ന്

കഴിച്ചഭക്ഷണത്തില്‍ നിന്നും കൊളസ്ട്രോള്‍ വലിച്ചെടുക്കുന്നതിനെ തടയുന്ന മരുന്നാണ്(Cholesterol Absorption Inhibition) എസറ്റിമൈബ് (Ezetimibe). സാധാരണയായി ഈ മരുന്ന് സ്റ്റാറ്റിന് ഒപ്പം ആണ് കൊടുക്കുന്നത്. രണ്ടും കൂടിയായാല്‍ കൊളസ്ട്രോള്‍ നല്ലവണ്ണം കുറയും. ഈ മരുന്ന് ഒരു ശതമാനം ആളുകളില്‍ തലവേദനയും വയറിളക്കവും ഉണ്ടാക്കുന്നു. 0.1 മുതല്‍ 1% ആളുകളില്‍ സ്റ്റാറ്റിനെപ്പോലെ കരളിനും മസിലിനും ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മരുന്നുനിര്‍ത്തിയാല്‍ അതു പൂര്‍വസ്ഥിതിലാവുന്നു.

നിക്കോട്ടിങ്ക് ആസിഡ്

നല്ല കൊളസ്ട്രോളായ എച്ച് ഡി എല്‍ കൊളസ്ട്രോള്‍ കൂട്ടാന്‍ ഫലപ്രദമായ മരുന്നാണ് നിക്കോട്ടിനിക് ആസിഡ്. താരതമ്യേന വില കുറഞ്ഞ ഈ മരുന്ന് ചെറിയ ഡോസില്‍ തന്നെ എച്ച്ഡിഎല്‍ കൂട്ടുന്നു. ഡോസുയര്‍ത്തിയാല്‍ എല്‍ഡിഎല്‍ കുറയ്ക്കാനും കഴിയും. എന്നാല്‍ സ്റ്റാറ്റിനുമായി തട്ടിച്ചുനോക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ കൂടുതലാണ്. ഇതു യൂറിക് ആസിഡ് കൂട്ടും. അതിനാല്‍ അപൂര്‍വമായി ഗൌട്ട് എന്ന അസുഖം ഉണ്ടാക്കുന്നു. ചര്‍മത്തില്‍ നിറവ്യത്യാസവും ചൊറിച്ചിലും ഉണ്ടാകാനും സാധ്യതയുമുണ്ട്. വയറ്റിലെ അസ്വാസ്ഥ്യവും കൂടുതലാണ്.

ഫൈബ്രേറ്റ്സ്

ട്രൈഗിസറൈഡ്സിന്റെ അളവ് വളരെ കൂടുതലാണെങ്കില്‍ ആനുപാതികമായി എല്‍ ഡി എല്‍ കൊളസ്ട്രോളും കൂടിയെന്നു വരാം. ട്രൈഗിസറൈസ്ഡ് കുറയ്ക്കാനാണ് ഫൈബ്രേറ്റ്സ് വിഭാഗത്തില്‍പെട്ട മരുന്നുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഈ മരുന്നുകള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ അഞ്ചു മുതല്‍ 20 ശതമാനവും ട്രൈഗിസറൈഡ്സ് 10 മുതല്‍ 35 ശതമാനവും കുറയ്ക്കുന്നു. എച്ച് ഡി എല്‍ 10-35 ശതമാനം വര്‍ധിപ്പിക്കാനും സഹായിക്കും.

ആരൊക്കെ കഴിക്കണം?

ഹൃദ്രോഗം വന്നവര്‍, ശരീരത്തിലെ മറ്റു രക്തക്കുഴലില്‍ ബ്ളോക്കുകള്‍ വന്നവര്‍, പ്രമേഹം ഉള്ളവര്‍, കൊളസ്ട്രോളിന്റെ അളവ് കൂടുതലുള്ളവര്‍- ഈ വിഭാഗങ്ങളില്‍പെട്ടവര്‍ മരുന്നു കഴിക്കണം. എല്ലാവര്‍ക്കും മരുന്ന് തുടങ്ങേണ്ട നില ഒന്നല്ല. എല്‍ഡിഎല്‍ എത്ര കുറയ്ക്കണം എന്നുള്ളതും എല്ലാവര്‍ക്കും വ്യത്യസ്തമാണ്. രാത്രി ഭക്ഷണത്തിനുശേഷമാണ് സ്റ്റാറ്റിന്‍ മരുന്നുകള്‍ കഴിക്കേണ്ടത്. ശരീരം കൊളസ്ട്രോള്‍ ഉല്‍പാദിപ്പിക്കുന്നത് രാത്രിയിലാണ്. അതിനാല്‍ മരുന്നു രാത്രിയില്‍ കഴിക്കുന്നതാണു ഫലപ്രദം.

മരുന്ന് നിര്‍ത്താമോ?

കൊളസ്ട്രോള്‍ നില കുറഞ്ഞാലും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന കാലയളവു മുഴുവന്‍ മരുന്നുകഴിക്കണം. എത്രയായിരുന്നു ഉയര്‍ന്ന കൊളസ്ട്രോള്‍ നില, അപായഘടകങ്ങള്‍ എന്തൊക്കെയുണ്ട് തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് മരുന്നു നിര്‍ത്താമോ എന്ന കാര്യം തീരുമാനിക്കുക. രക്തത്തില്‍ എല്‍ഡിഎല്‍ നില ഉയര്‍ന്നിരുന്ന കാലത്തത്രയും ധമനികള്‍ക്കുള്ളില്‍ അടിഞ്ഞുകൂടിയ കൊളസ്ട്രോള്‍ മൂലമുള്ള അപായഭീഷണി കൊളസ്ട്രോള്‍ കുറഞ്ഞെന്നുകരുതി ഇല്ലാതാകുന്നില്ല. ദീര്‍ഘകാലം കൊളസ്ട്രോള്‍ മരുന്നു കഴിക്കുന്നതു കൂടുതല്‍ സുരക്ഷ നല്‍കുമെന്നു തന്നെയാണ് മിക്ക പഠനങ്ങളും വെളിപ്പെടുത്തുന്നത്. കൊളസ്ട്രോള്‍ നിലയനുസരിച്ച് മരുന്നിന്റെ ഡോസ് ക്രമപ്പെടുത്തി കഴിക്കുന്നതാണ് ഉത്തമം.

കൊളസ്ട്രോളിന് ഹോമിയോ ചികിത്സ

കൊളസ്ട്രോൾ, കൊഴുപ്പ് ഇവയൊക്കെ ആധുനിക മനുഷ്യന്റെ പേടിസ്വപ്നമാണ്. ഇവയെപ്പറ്റിയുള്ള ശരിയായ അറിവു സാമാന്യജനത്തിന് വളരെ അത്യാവശ്യമായിരിക്കുന്നു. എന്നാൽ, കൊളസ്ട്രോളിനെപ്പറ്റിയുള്ള അകാരണഭയം ഒഴിവാക്കാൻ ചില സത്യങ്ങൾ കൂടി അറിയേണ്ടതുണ്ട്. അശാസ്ത്രീയമായ കൊഴുപ്പു കുറയ്ക്കൽ അതു ഭക്ഷണം നിയന്ത്രിച്ചായാലും മരുന്നുകൾ വഴി ആയാലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. തലച്ചോറിന്റെ അറ്റകുറ്റപ്പണികൾക്കു കൊളസ്ട്രോൾ അത്യാവശ്യമാണ്. ശരീരത്തിനാവശ്യമായ വിറ്റാമിനുകളും കൊഴുപ്പിൽ കൂടിയാണു ശരീരത്തിൽ പ്രവേശിക്കുന്നത്. ഹോർമോൺ (പ്രത്യേകിച്ചു സ്ത്രീകളിൽ) പ്രവർത്തനം അഥവാ സന്തുലിതാവസ്ഥ നിലനിർത്താൻ കൊളസ്ട്രോൾ ആവശ്യമാണ്.

ഹോമിയോപ്പതി ചികിത്സ

ഇതെല്ലാം വ്യക്തമാക്കുന്നതു രക്തപരിശോധനയിൽ കൊളസ്ട്രോൾ കൂടുതൽ എന്നു മനസ്സിലാക്കി അടുത്ത നിമിഷം മുതൽ കൊളസ്ട്രോൾ കുറയുന്ന ഔഷധങ്ങൾ കഴിച്ചു തുടങ്ങി, വീണ്ടും പരിശോധിച്ചു കുറഞ്ഞതായി ഉറപ്പു വരുത്തുന്നതു സമർഥമായ ചികിത്സാവിധിയല്ല. അവിടെയാണു ഹോമിയോപ്പതി ചികിത്സയുടെ പ്രയോജനം. കരൾ കൊളസ്ട്രോൾ നിർമിക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുന്ന തന്മാത്രകൾ ഉപയോഗിച്ചു രക്തത്തിലെ അളവു സാങ്കേതികമായി കുറച്ചുനിർത്തുന്നതിനു പകരംരോഗിയുടെ ശരീരത്തിലെ മുഴുവൻ ഉപാപചയപ്രവർത്തനത്തെയും സന്തുലിതപ്പെടുത്തി കൊളസ്ട്രോൾ നിയന്ത്രിക്കുകയാണു ഹോമിയോപ്പതി ഔഷധങ്ങൾ ചെയ്യുന്നത്. സ്വാഭാവികമായും കോൺസ്റ്റിട്യൂഷനൽ ചികിത്സ എന്ന ഈ പ്രക്രിയയ്ക്കു സമയം കൂടുതൽ എടുക്കും. എന്നാൽ ഈ സമയപരിധി മറികടക്കാൻ ഇന്നു ഹോമിയോപ്പതിയിൽ നൂതന ഔഷധങ്ങൾ കൊണ്ടു കഴിയും. മുമ്പു വിദേശത്തു മാത്രം ലഭ്യമായിരുന്ന പല ഔഷധങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ സുലഭമാണ്. സ്ട്രഫാൻന്തസ്, കുർക്കുമ ലോങ്ങ തുടങ്ങിയ ഔഷധങ്ങൾ കൊളസ്ട്രോൾ വരുതിയിൽ നിർത്താൻ സഹായിക്കുന്നവയാണ്. ഗാർസീനിയ, അലിയം ഉർസാനിയം തുടങ്ങിയവ ടിങ്ചർ രൂപത്തിൽ ഉപയോഗിക്കാൻ തുടങ്ങിയത് കൊളസ്ട്രോൾ ചികിത്സസുഗമമാക്കുന്നു. കൊളസ്ട്രോളിന്റെ പ്രത്യേക ഘടകങ്ങൾ മാത്രം ഉയർന്നു നിൽക്കുന്ന രോഗാവസ്ഥ ഭേദമാക്കാൻ പുതിയ ഔഷധങ്ങൾ കൊണ്ട് സാധിക്കും. ഗ്ലൈസറിയ ഗ്ലാബ്ര ശ്രേണിയിൽപ്പെട്ട ഔഷധങ്ങൾ വളരെ ഫലപ്രദമാണ്.

കുറയുന്നത് ഹൃദ്രോഗ സാധ്യത

ഹൃദ്രോഗസാധ്യത കൊണ്ടാണു ചീത്ത കൊളസ്ട്രോൾ വർധിച്ച അവസ്ഥ ഗൗരവമാകുന്നത്. കോൺസ്റ്റിട്യൂഷനൽ ചികിത്സയും ഒപ്പം കൊളസ്ട്രോൾ നിയന്ത്രണ ഔഷധങ്ങളും ഉപയോഗിക്കുമ്പോൾ ഹോമിയോപ്പതിയിൽ ഹൃദ്രോഗസാധ്യതയാണു കുറയുന്നത്.

അശാസ്ത്രീയമായ കൊഴുപ്പു നിയന്ത്രണവും ഔഷധപ്രയോഗവും നിമിത്തം രോഗിക്കു പല പ്രധാന പോഷകങ്ങളും ലഭ്യമല്ലാതെ വരും. ഇതു ശരീരം ദരിദ്ര അവസ്ഥയിലേക്കു മാറാൻ കാരണമാകാം. ചോറും ഗോതമ്പും ഒക്കെ കൊഴുപ്പാക്കി മാറ്റി ഈ അവസ്ഥ നേരിടാൻ ശരീരം ശ്രമിക്കും. മാത്രമല്ല ഹൃദ്രോഗസാധ്യത വർധിക്കാനും സാധ്യതയുണ്ട്. ഹോമിയോപ്പതിയിലെ ചികിത്സ ലക്ഷ്യമിടുന്നത് ശരീര ഉപാപചയ പ്രവർത്തനങ്ങളുടെ സന്തുലിതാവസ്ഥയെയാണ്.

രോഗിയുടെ മൊത്തത്തിലുള്ള ശാരീരിക, മാനസ്സിക, ജനിതകഘടകങ്ങളെക്കൂടി പരിഗണിച്ചുള്ള ഹോമിയോപ്പതി ചികിത്സ കൊളസ്ട്രോൾ കുറയ്ക്കുന്നതിനൊപ്പം ഹൃദ്രോഗ (കോറോണറി ആർട്ടറി ഡിസീസ്) സാധ്യതയും കുറയ്ക്കുന്നു.

ഹോമിയോപ്പതി ചികിത്സ ലക്ഷ്യമിടുന്നത്

അശാസ്ത്രീയവും കഠിനവുമായ കൊഴുപ്പു നിയന്ത്രണവും ഔഷധപ്രയോഗവും നിമിത്തം രോഗിക്ക് പ്രധാന പോഷകങ്ങൾ ലഭിക്കാതെ വരാം. ശരീരം ദരിദ്രഅവസ്ഥ വന്നാൽ ചോറും ഗോതമ്പും പോലും കൊഴുപ്പാക്കി മാറ്റാൻ ശരീരം ശ്രമിക്കും. ഇത് ഹൃദ്രോഗസാധ്യത കൂട്ടും. ശരീരത്തിന്റെ ഈ ബാലൻസ് തെറ്റാതെ സന്തുലിതാവസ്ഥ ഉണ്ടാക്കാനാണ് ഹോമിയോപ്പതിയുടെ ശ്രമം.

ഡോ. വി. സജീവ് അമ്പാടി സീനിയർ കൺസൾട്ടന്റ്, ഹോമിയോപ്പതിക് കാർഡിയോളജി വിഭാഗം,എഐഎച്ച്എംഎസ്

കടപ്പാട് : മലയാള മനോരമ

3.09722222222
ഷിബു RS Jun 15, 2020 08:27 PM

സോയാബീൻ കൊളസ്‌ട്രോൾ കൂടുമോ

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ