অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഹോമിയോപ്പതി

ഹോമിയോപ്പതിയില്‍ ചികിത്സ നിര്‍ദേശിക്കുന്നത് രോഗിയെ പൂര്‍ണമായി പഠിച്ചതിനു ശേഷമാണ്. അതുകൊണ്ട് തന്നെ ഒരാള്‍ക്ക് നല്‍കുന്ന അതേ ചികിത്സയും മരുന്നും ആയിരിക്കില്ല മറ്റൊരാള്‍ക്ക് നല്‍കുക.

ഹോമിയോപ്പതിയില്‍ കൊളസ്‌ട്രോളിനെ ഒരു രോഗമായി കരുതുന്നില്ല. മറിച്ച് തെറ്റായ ജീവിതശൈലി കൊണ്ട് ശരീരത്തിന് സംഭവിക്കുന്ന ഒരു അവസ്ഥയായി കണക്കാക്കുന്നു.

എന്നാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദയാഘാതം പോലുള്ള ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കും.

ജീവിതശൈലിയാണ് കൊളസ്‌ട്രോളിന് പിന്നില്‍. ആരോഗ്യത്തെ ഇല്ലാതാക്കുന്ന ജീവിത സാഹചര്യങ്ങളാണ് ഇന്നുള്ളത്. ശാസ്ത്രം മുന്നേറി, ജീവിത സൗകര്യങ്ങള്‍ വര്‍ധിച്ചു. അതോടൊപ്പം രോഗങ്ങളും രോഗികളും.

കൊളസ്‌ട്രോളിനെ അറിയാം

മനുഷ്യശരീരത്തില്‍ വിവിധതരം കൊഴുപ്പുകളുണ്ട്. ഇതില്‍ കൊളസ്‌ട്രോള്‍ എന്ന് പറയുന്നത് വെളുത്ത മെഴുകു പോലെയുള്ള കൊഴുപ്പാണ്. ശരീരത്തിന് വളരെ ആവശ്യമുള്ളതാണ് കൊളസ്‌ട്രോള്‍.

കോടിക്കണക്കിനുള്ള കോശങ്ങളുടെ ഭിത്തിയുടെ നിര്‍മ്മാണത്തിനും ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നതിനും കൊളസ്‌ട്രോള്‍ അത്യാവശ്യമാണ്.

കഴിക്കുന്ന ആഹാരത്തില്‍ നിന്നും ചെറുകുടല്‍ കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യുന്നു. കൂടാതെ കരള്‍ സ്വന്തമായി കൊളസ്‌ട്രോള്‍ ഉത്പാദിപ്പിച്ച് ദഹനരസത്തോടൊപ്പം ചെറുകുടലിലേക്ക് കടത്തിവിടുന്നു. ഇങ്ങനെ ഒരു ദിവസം 1400 മില്ലി ഗ്രാം കൊളസ്‌ട്രോള്‍ ചെറുകുടലില്‍ കൂടി രക്തത്തിലേക്ക് പ്രവേശിക്കുന്നു.

അതില്‍ 400 മില്ലി ഗ്രാം ആഹാരത്തില്‍ നിന്നും ലഭിക്കുന്നതും ബാക്കി 1000 മില്ലിഗ്രാം കരളില്‍ ഉത്പാദിപ്പിക്കുന്നവയാണ്. ആഹാരത്തില്‍ നിന്നും ലഭിക്കുന്ന പൂരിത കൊഴുപ്പാണ് കൂടുതല്‍ നിര്‍ണ്ണായകവും രക്തത്തിലെ കൊളസ്‌ട്രോള്‍ കൂട്ടുന്നതും.

ശരീരത്തിന് ആവശ്യമുള്ളതിലും കൂടുതല്‍ കൊളസ്‌ട്രോള്‍ രക്തത്തിലെത്തുമ്പോഴാണ് കൊളസ്‌ട്രോള്‍ കൂടുതലാകുന്നത്. മെഴുകുപോലുള്ള പദാര്‍ഥം ആയതിനാല്‍ കൊളസ്‌ട്രോള്‍ ജലത്തില്‍ ലയിക്കില്ല. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊളസ്‌ട്രോള്‍ എത്തേണ്ടത് രക്തത്തില്‍ കൂടിയാണ്.

ജലത്തില്‍ ലയിക്കാത്തത് കൊണ്ട് രക്തത്തിലെ തന്നെ മാംസ്യവുമായി യോജിച്ച് ലൈപ്പോ പ്രോട്ടീന്‍ ആയി രൂപാന്തരപ്പെട്ടാണ് കൊളസ്‌ട്രോള്‍ സഞ്ചരിക്കുന്നത്. ലൈപ്പോ പ്രോട്ടീന്‍ മൂന്ന് തരത്തില്‍ ഉണ്ട്.

രക്തധമനികളില്‍ അടിഞ്ഞു കൂടി രക്ത പ്രവാഹത്തിന് തടസം ഉണ്ടാക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍. ഇതില്‍ കൊഴുപ്പിന്റെ അംശം കൂടുതലും പ്രോട്ടീന്റെ അംശം കുറവുമാണ്. സാന്ദ്രത കൂടിയതും കൊഴുപ്പിന്റെ അംശം കുറവും പ്രോട്ടീന്‍ കൂടുതലുമായ കൊളസ്‌ട്രോള്‍ നല്ല കൊളസ്‌ട്രോള്‍ എന്നു പറയുന്നു.

ഇവ രക്തത്തിലുള്ള കൊളസ്‌ട്രോളുമായി ചേര്‍ന്ന് കൊളസ്‌ട്രോള്‍ എസ്‌റ്റേര്‍സ് ഉണ്ടാവുകയും രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍ എസ്‌റ്റേര്‍സിന് ധമനികളില്‍ അടിഞ്ഞു കൂടാന്‍ സാധിക്കുകയില്ല. തന്നെയുമല്ല ചീത്ത കൊളസ്‌ട്രോളിനെ രക്തക്കുഴലില്‍ അടിഞ്ഞു കൂടാതെ ഇളക്കി വിടുകയും ചെയ്യുന്നു.

അതിനാല്‍ നല്ല കൊളസ്‌ട്രോള്‍ കൂടുന്നതനുസരിച്ച് ഹൃദയാഘാത സാധ്യത കുറയുന്നു. ഇവ രണ്ടും കൂടാതെ ഏറെ അപകടകാരിയായ ഒന്നുണ്ട് ട്രൈഗ്ലിസറൈഡ്.

ഇതിന്റെ അളവ് രക്തത്തില്‍ കൂടുന്നത് അപകടമാണ്. ഇവ ചീത്ത കൊളസ്‌ട്രോളുമായി ചേര്‍ന്ന് രക്തം കട്ടപിടിക്കുന്നതിനുള്ള പ്രവണത കൂട്ടുന്നു. ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു.

എങ്ങനെ കുറയ്ക്കാം

ഹോമിയോപ്പതിയില്‍ കൊളസ്‌ട്രോളിന് മരുന്ന് നല്‍കുന്നത് ജീവിതശൈലി കൊണ്ട് കുറയ്ക്കാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. അതായത് ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍, കാല്‍മുട്ടിന് തേയ്മാനം തുടങ്ങി വ്യായാമം ചെയ്യാന്‍ സാധിക്കാത്തവരില്‍ മരുന്ന് കൊടുത്തുള്ള ചികിത്സയെ നടക്കൂ.

ഇത്തരം രോഗങ്ങളൊന്നും ഇല്ലാത്തവര്‍ക്ക് ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്‌ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താനാകും. ഒരുകാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്, ഹോമിയോപ്പതിയില്‍ ചികിത്സ നിര്‍ദേശിക്കുന്നത് രോഗിയെ പൂര്‍ണമായി പഠിച്ചതിനു ശേഷമാണ്.

അതുകൊണ്ട് തന്നെ ഒരാള്‍ക്ക് നല്‍കുന്ന അതേ ചികിത്സയും മരുന്നും ആയിരിക്കില്ല മറ്റൊരാള്‍ക്ക് നല്‍കുക. എങ്കിലും പൊതുവായ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചു കൊണ്ട് ചിട്ടയായ ജീവിതം നയിച്ചാല്‍ കൊളസ്‌ട്രോളിനെ വരുതിയിലാക്കാം.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഭക്ഷണങ്ങള്‍

ഒരു ദിവസം മലയാളി കഴിച്ചു തീര്‍ക്കുന്നത് ഗ്ഗ5000 ടണ്‍ മാംസാഹാരമാണ്. ഇന്ത്യയില്‍ ഏറ്റവും അധികം മാംസാഹാരം ഉപയോഗിക്കുന്ന സംസ്ഥാനവും കേരളമാണ്.

കഴിഞ്ഞ മൂന്ന് ദശകങ്ങളിലെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ കായികാധ്വാനത്തില്‍ ഏര്‍പ്പെടുന്ന മലയാളികളുടെ എണ്ണം ഗണ്യമായി കുറയുന്നതായി കാണാം.

ഒപ്പം കൊഴുപ്പേറിയ ഭക്ഷണപദാര്‍ത്ഥങ്ങളായ ഫാസ്റ്റ് ഫുഡും എണ്ണയില്‍ വറുത്തതുമായ മറ്റിനങ്ങളും വാരിവലിച്ചു കഴിക്കുകയും ചെയ്യുന്നു. സ്വന്തം പറമ്പില്‍ കൃഷി ചെയ്ത് വിഷം പുരളാത്ത പച്ചക്കറികള്‍ കഴിച്ച് ജീവിച്ച മലയാളികള്‍.

മാറിയ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് ആഹാരവും റെഡിമെയ്ഡ് ആയി ശീലിച്ചു തുടങ്ങിയിരിക്കുന്നു. രക്തത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചു നിര്‍ത്തുന്നതിന് ആഹാരത്തിന് മുഖ്യ പങ്കുണ്ടെന്നത് പലപ്പോഴും മനഃപൂര്‍വ്വം തന്നെ മറക്കുന്നു.

ആഹാരം ശ്രദ്ധയോടെ ആക്കാം കൊളസ്‌ട്രോള്‍ നിയന്ത്രണത്തിലാക്കാം. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ് സൊയാബീന്‍, ഓട്‌സ്, നാരുകള്‍ അടങ്ങിയവ, ഒലിവ് ഓയില്‍, പഴങ്ങളും പച്ചക്കറികളും, മത്സ്യം, വെളുത്തുള്ളി, മീനെണ്ണ, വെളുത്തുള്ളി, ഗ്രീന്‍ ടീ, മഞ്ഞള്‍ എന്നിവ.

പച്ചക്കറികളിലും പഴങ്ങളിലും കൊളസ്‌ട്രോള്‍ ഒട്ടും തന്നെയില്ല. മാത്രമല്ല ധാരാളം ആന്റീഓക്‌സിഡന്റുകളും നാരുകളും ഉണ്ട്. കുത്തരി, തവിട് കളയാത്ത മറ്റ് ധാന്യങ്ങള്‍, ആപ്പിള്‍, ബീന്‍സ്, നാരങ്ങ, ബാര്‍ലി തുടങ്ങിവയിലും ധാരാളം നാര് അടങ്ങിയിരിക്കുന്നു.

അലിയുന്ന നാരുകളാണ് ഇവയില്‍ ഉള്ളത്. അതാണ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നത്. ഫാസ്റ്റ് ഫുഡില്‍ വളരെയധികം കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നു.

ആഹാര സാധനങ്ങള്‍ വറക്കുകയും പൊരിക്കുകയും ചെയ്യുന്നത് ഉയര്‍ന്ന ഊഷ്മാവിലാണ്. അങ്ങനെ ചെയ്യുക വഴി അവയ്ക്ക് ഓക്‌സീകരണം സംഭവിക്കുന്നു.

അപകടകാരികളായ ഓക്‌സിജന്‍ ഫ്രീറാഡിക്കല്‍സും ട്രാന്‍സ്ഫാറ്റി ആസിഡുകളും ഉണ്ടാകുന്നു. ട്രാന്‍സ് കൊഴുപ്പുകള്‍ ടോട്ടല്‍ കൊളസ്‌ട്രോളിന്റെയും ചീത്ത കൊളസ്‌ട്രോളിന്റെയും അളവ് കൂട്ടുകയും നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

വ്യായാമം പ്രധാനം

ഭക്ഷണക്രമീകരണത്തോടൊപ്പം വ്യായാമവും ശീലമാക്കിയാല്‍ കൊളസ്‌ട്രോളിനെ പടിക്ക് പുറത്ത് നിര്‍ത്താനാകും. വ്യായാമമുറകള്‍ പ്രധാനമായും രണ്ട് വിധമാണുള്ളത്. എയ്‌റോബിക്കും അസെയ്‌റോബിക്കും. എയ്‌റോബിക് ശ്വസന സഹായ വ്യായാമമാണ്.

ഹൃദ്രോഗമുള്ളവര്‍ക്ക് ഇതാണ് അനുയോജ്യം. നടത്തം, ജോഗിങ്ങ്, നീന്തല്‍ തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു. ശ്വസനപ്രക്രിയ നടത്തുവാന്‍ സാധിക്കാതെ ഉള്ളവയാണ് അനെയ്‌റോബിക് വ്യായാമം.

വെയ്റ്റ് ലിഫ്റ്റിങ്ങ്, ബോഡി ബില്‍ഡിങ്ങ് എന്നിവ ഉദാഹരണം. ശ്വാസം അടക്കിപ്പിടിച്ച് ചെയ്യുന്ന ഇത്തരം വ്യായാമമുറകള്‍ ഹൃദ്രോഗികള്‍ക്ക് നിഷിദ്ധമാണ്.

ശാരീരിക വ്യായാമത്തിന് ഊര്‍ജം ആവശ്യമാണ്. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ വിഘടനഫലമായാണ് ഉത്പാദിക്കപ്പെടുന്നത്. അമിതമായി അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് അലിഞ്ഞ ഊര്‍ജമായി മാറുമ്പോള്‍ രക്തത്തിലെ കൊളസ്‌ട്രോളും കുറയുന്നു.

വ്യായാമം ചെയ്യുമ്പോള്‍ സംഭവിക്കുന്നതിതാണ്. ഒപ്പം കൊഴുപ്പ് കുറഞ്ഞ ഭക്ഷണപദാര്‍ഥങ്ങള്‍ കൂടെ ശീലമാക്കിയാല്‍ കൊളസ്‌ട്രോള്‍ കുറയുക തന്നെ ചെയ്യും.

ശാരീരിക ആരോഗ്യം നിലനിര്‍ത്താനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും മരുന്നിനേക്കാള്‍ ഉത്തമമാണ് സ്ഥിരതയുള്ളതും കൃത്യവുമായ വ്യായാമം.

അമിത വണ്ണമുള്ളവര്‍ അത് കുറയ്ക്കുക. അല്ലാത്തവര്‍ ശരീരഭാരം കൂടാതെ ശ്രദ്ധിക്കുക. ശരീരഭാരത്തില്‍ ഉണ്ടാകുന്ന ചെറിയ വര്‍ധനവ് പോലും കൊളസ്‌ട്രോളിന് കാരണമായേക്കാം.

രക്താതിസമ്മര്‍ദം, പ്രമേഹം എന്നിവ നിയന്ത്രിച്ചു നിര്‍ത്തണം. പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം. മാനസ്സിക സമ്മര്‍ദം ഇല്ലതാക്കുക. ഇവയെല്ലാം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ കൊളസ്‌ട്രോളിന് മരുന്നൊന്നും വേണ്ടിവരില്ലെന്ന് ഹോമിയോപ്പതി നിര്‍ദേശിക്കുന്നു.

ഡോ. മധുസൂദനന്‍ ജി
ഹോമിയോ ക്യൂവര്‍ സെന്റര്‍, കരിപ്പൂത്തട്ട്

എന്താണ് കൊളസ്‌ട്രോള്‍?

രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാര്‍ത്ഥമാണ് കൊളസ്‌ട്രോള്‍. ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം വരുന്ന കൊളസ്‌ട്രോള്‍ ശരീരത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നു. രക്തത്തില്‍ ലയിച്ച് ചേരാത്ത കൊളസ്‌ട്രോള്‍ പ്രോട്ടീനുമായി കൂടി േച്ചര്‍ന്നു ലിപോ പ്രോട്ടീന്‍ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. ശരീരത്തി വേണ്ട അളവില്‍ മാത്രം കൊളസ്‌ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശ ഭിത്തിയുടെ നിര്‍മ്മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്‌ട്രോള്‍ ഒരു മുഖ്യഘടകമാണ്. അതുപോലെ തന്നെ സെക്‌സ് ഹോര്‍മോണുകളായ ആന്‍ഡ്രജന്‍, ഈസ്ട്രജന്‍ എന്നിവയുടെ ഉല്പാദനത്തിനും, എ, ഡി, ഇ, കെ വിറ്റാമിനുകളെ പ്രയോജനപ്പെടുത്തുവാനും, സൂര്യപ്രകാശത്തെ വിറ്റാമിന്‍ ഡി യാക്കി മാറ്റുവാനും കൊളസ്‌ട്രോള്‍ സഹായകമാണ്. അതോടൊപ്പം തന്നെ വൃക്കകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തിനും കൊളസ്‌ട്രോള്‍ സഹായിക്കുന്നു.

നമ്മുടെ ശരീരത്തിന് ആവശ്യമായ ആകെ കൊളസ്‌ട്രോളിന്റെ 80 ശതമാനവും കരള്‍ തയൊണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്‌ട്രോള്‍ മാത്രമേ കഴിക്കുന്ന ആഹാരത്തില്‍ നിന്നും ശരീരത്തിനു ലഭിക്കുന്നുള്ളൂ.

എ.ഡി.എല്‍: ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ ചീത്ത കൊളസ്‌ട്രോള്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഈ കൊളസ്‌ട്രോള്‍ ഘടകത്തിന്റെ അളവ് രക്തത്തില്‍ കൂടിയാല്‍ ഇത് രക്ത ധമനികള്‍ക്കുള്ളില്‍ അടിഞ്ഞുകൂടി അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

എച്ച്.ഡി.എല്‍: ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ നല്ല കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ഈ കൊളസ്‌ട്രോള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാതെ അതിനെ കരളിലെത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നു.

വി.എല്‍.ഡി.എല്‍: വെരി ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ ഏറ്റവും കൂടുതല്‍ ട്രൈ ഗ്ലിസറൈഡുകള്‍ കാണപ്പെടുന്ന കൊഴുപ്പു കണികയാണ്. ഇത് വളരെ സാന്ദ്രത കുറഞ്ഞ കൊളസ്‌ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കുവാന്‍ സഹായിക്കുന്നു.

റ്റി.ജി: റ്റി.ജി അഥവാ ട്രൈ ിസറൈഡുകള്‍ സാധാരണ കൊഴുപ്പാണ്. ഇവ ഊര്‍ജ്ജം സൂക്ഷിച്ചുവച്ച് ആവശ്യമുള്ളപ്പോള്‍ ശരീരത്തിനു അധിക ഊര്‍ജ്ജം നല്കുന്നു. എല്‍.ഡി.എല്‍ രക്തധമനികളില്‍ അടിഞ്ഞുകൂടാന്‍ ഇവ കാരണമാകുന്നു.

കൊളസ്‌ട്രോളിന്റെ അളവ്

എല്‍.ഡി.എല്‍, എച്ച്.ഡി.എല്‍, വി.എല്‍.ഡി.എല്‍, എന്നീ മൂന്നു കൊളസ്‌ട്രോള്‍ ഘടകങ്ങളും കൂടിച്ചേരുതാണ് ടോട്ടല്‍ കൊളസ്‌ട്രോള്‍. ഇത് രക്ത പരിശോധനയില്‍200 mg/dL താഴെയായിരിക്കുതാണ് ഉത്തമം.

എ.ഡി.എ: ഹൃദ്‌രോഗങ്ങളുടെ പ്രധാന കാരണക്കാരനായ എല്‍.ഡി.എല്ലിന്റെ അളവ് 100 mg/dL കുറവായിരിക്കുന്നതാണ് സുരക്ഷിതം.

എച്ച്.ഡി.എല്‍: എച്ച്.ഡി.എല്‍ കൂടുതാണ് നല്ലത്. ഇത് 40 mg/dL കുറയുന്നത് എല്‍.ഡി.എല്‍ കൂടുതല്‍ അടിയാന്‍ കാരണമാകും.

വി.എല്‍.ഡി.എല്‍:വി.എല്‍.ഡി.എ അളവ് കൂടുന്നതും കൊളസ്‌ട്രോള്‍ ദോഷം കൂട്ടും. 30 mg/dL കൂടാതിരിക്കുതാണ് സുരക്ഷിതം.

റ്റി.ജി: അഥവാ ട്രൈ ഗ്ലിസറൈഡുകള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകുമെന്നതിനാല്‍ അതിന്റെ അളവ് 150 mg/dL താഴ്ന്നു നില്ക്കുന്നതാണ് നല്ലത്.

പ്രധാന പരിശോധനകള്‍

രണ്ടു വിധത്തിലുള്ള പരിശോധനകളാണ് പൊതുവേ കൊളസ്‌ട്രോള്‍ നിര്‍ണ്ണയത്തിനുള്ളത്.

1. രക്തത്തിലെ ടോട്ടല്‍ കൊളസ്‌ട്രോള്‍ അളവ് നിര്‍ണ്ണയം
2. ലിപിഡ് പ്രൊഫൈല്‍ പരിശോധന

നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്ലിന്റെ അളവ് വളരെ കുറഞ്ഞും, ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്ലിന്റെ അളവ് കൂടിയും ഇരിക്കുന്ന അപകടാവസ്ഥയിലും ടോട്ടല്‍ കൊളസ്‌ട്രോള്‍ സുരക്ഷിത നിലയിലായിരിക്കും. വേര്‍തിരി ച്ചുള്ള കൃത്യമായ അളവ് ലിപിഡ് പ്രൊഫൈലി നിന്നും കൃത്യമായി അറിയാം എന്നതിനാല്‍ ലിപിഡ് പ്രൊഫൈല്‍ പരിശോധനയാണ് കൂടുതല്‍ അഭികാമ്യം.

പരിശോധനയ്ക്കു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. കൊളസ്‌ട്രോള്‍ നില ശരിയായി മനസിലാക്കുതിനായി 9-12 മണിക്കൂര്‍ ഉപവാസം വേണം എന്നാണ് നിലവിലുള്ള നിര്‍ദ്ദേശം. രാത്രി ഭക്ഷണം കഴിഞ്ഞു ഉറങ്ങാന്‍ കിടാല്‍ രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പ് രക്തം പരിശോധിക്കുന്നതാണ് പ്രായോഗികം. എന്നാല്‍ വെള്ളം കുടിക്കുതില്‍ കുഴപ്പമില്ല.

2. പ്രമേഹരോഗികള്‍, ഹൃദ്‌രോഗികള്‍, പക്ഷാഘാതം വന്നവര്‍, പുകവലിക്കുന്നവര്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളവര്‍ പാരമ്പര്യമായ് ഹൃദയാഘാത സാധ്യത ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് കൊളസ്‌ട്രോള്‍ പരിശോധന അനിവാര്യമാണ്.

3. 20 വയസാകുമ്പോള്‍ ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് ചെയ്ത് തുടങ്ങണം. ഫലം നല്ലതാണെങ്കില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ടെസ്റ്റ് ചെയ്താല്‍ മതി. അല്ലെങ്കില്‍ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചുരുങ്ങിയത് വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തണം.

4. പരിശോധനയ്ക്കു മുന്‍പ് വ്യായാമം പാടില്ല. കാരണം വ്യായാമത്തില്‍ ഏര്‍പ്പെട്ടാല്‍ കൊഴുപ്പ് ഊര്‍ജ്ജമായ് മാറുന്നതിന്റെ അളവ് വര്‍ദ്ധിക്കും

കൊളസ്‌ട്രോളും രോഗങ്ങളും

ഹൃദയം : ധമനികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞ് ഹൃദയത്തിലേക്ക് രക്തയോട്ടം കുറഞ്ഞാല്‍ ഹൃദയ പേശികള്‍ നിര്‍ജ്ജീവമായ് ഹൃദയാഘാതം വരാം.

സ്‌ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സം വന്നാല്‍ സ്‌ട്രോക്ക് ഉണ്ടാകാം.

ഉയര്‍ന്ന ബി.പി: കൊഴുപ്പ് അടിഞ്ഞു കൂടി ധമനികള്‍ ഇടുങ്ങിയാല്‍ ഹൃദയത്തിന്റെ ജോലി ഭാരം കൂടി ബി.പി വളരെ കൂടുന്നു.

വൃക്ക: വൃക്കകളിലെ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി വൃക്കകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകാം.

കാലുകള്‍: കാലുകളിലെ രക്തക്കുഴലുകളുടെ വ്യാസം കുറഞ്ഞ് രക്തയോട്ടം കുറയുന്നതുമൂലം രോഗങ്ങള്‍ ഉണ്ടാകാം.

ലൈംഗികശേഷിക്കുറവ്: ഉദ്ധാരണശേഷിക്കുറവ് പോലെയുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത.

കോളസ്‌ട്രോള്‍ കുറയ്ക്കാന്‍ ചില വഴികള്‍:

1. നടത്തം ശീലമാക്കുക
2. ടെന്‍ഷന്‍ ഉള്ളപ്പോള്‍ ഭക്ഷണം ഒഴിവാക്കുക
3. ഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കുക
4. പഴങ്ങളും പച്ചക്കറികളും ശീലമാക്കുക

ഡോ. പീറ്റര്‍ കെ. ജോസഫ്
MD, MRCP (UK), D.CARD( LON), FRCP (LON)
സീനിയര്‍ കണ്‍സട്ടന്റ്
കാര്‍ഡിയോളജി, കിംസ്

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate