Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / കുട്ടികളുടെ ആരോഗ്യത്തിന്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കുട്ടികളുടെ ആരോഗ്യത്തിന്

കുട്ടികളുടെ ആരോഗ്യത്തിന്

ഉറക്കം കിട്ടാന്‍

കാഞ്ഞിരക്കുരു അരച്ച് സമം വെണ്ണയും മുലപ്പാലും ചേര്‍ത്ത് നെറ്റിയിലും ശിരസ്സിലും ഇടുക. അര മണിക്കൂര്‍ ഉഴിഞ്ഞ് തുടച്ചുകളയാം. താരാട്ടുപാട്ട്, അമ്മയുടെ തലോടല്‍ എന്നിവയും കുഞ്ഞിന് ഉറക്കം കിട്ടാന്‍ അത്യാവശ്യമാണ്. ദേഹത്തും തലയിലും ദിവസേന എണ്ണ തേച്ച് തടവി കുളിപ്പിക്കുന്നതും കുഞ്ഞിന് ഉറക്കം കിട്ടാന്‍ സഹായിക്കും.

പൊക്കിള്‍ക്കൊടി പഴുത്താല്‍

അശ്രദ്ധമായി പൊക്കിള്‍ക്കൊടി മുറിച്ചാല്‍ പഴുപ്പു വരാം. നാലുവിരല്‍ മുകളില്‍വെച്ച് പൊക്കിള്‍കൊടി ഒരു ചരടുകൊണ്ട് കെട്ടി അതിനു മുകളിലായി വേണം മുറിക്കാന്‍. അതിനുശേഷം ഉണങ്ങാനായി കൊട്ടം പൊടിച്ച് പുരട്ടുകയും വേണം. ചില കുഞ്ഞുങ്ങളില്‍ പൊക്കിള്‍ക്കൊടി വീണുപോയ ശേഷവും പഴുപ്പ് വരാറുണ്ട്. നാല്‍പ്പാമരപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം ചൂടാറിയശേഷം പഴുപ്പ് കാണുന്ന ഭാഗം കഴുകി വൃത്തിയാക്കിയാല്‍ മതി.

നിറം കിട്ടാന്‍

അച്ഛന്റെയും അമ്മയുടെയും സ്വാഭാവികനിറം തന്നെയായിരിക്കും കുഞ്ഞിനും. എങ്കിലും ഗര്‍ഭിണികള്‍ കുങ്കുമപ്പൂവ് പാലിലരച്ച് കഴിക്കുന്നത് കുഞ്ഞിന് നിറം കിട്ടാന്‍ സഹായിക്കും. കുഞ്ഞിനെ കുളിപ്പിക്കുന്നതിന് മുമ്പായി കസ്തൂരിമഞ്ഞള്‍ തേങ്ങാപ്പാലിലരച്ച് ദേഹത്ത് മൃദുവായി തടവുന്നതും ഗുണം ചെയ്യും. ഏലാദികേരതൈലം, സുവര്‍ണക കേരതൈലം എന്നിവ തേച്ച് കുളിപ്പിക്കുന്നതും നല്ലതാണ്. രചന്യാദി ചൂര്‍ണം തേനില്‍ ചേര്‍ത്ത് കൊടുക്കുന്നതും ഗുണം ചെയ്യും.

മുലപ്പാല്‍ ഛര്‍ദിച്ചാല്‍

മുലപ്പാലിനൊപ്പം വായുവും അകത്തു കടക്കുന്നതുകൊണ്ടാണ് മിക്ക കുഞ്ഞുങ്ങളും ഛര്‍ദിക്കുന്നത്. അമ്മ ഇരുന്നശേഷം കുഞ്ഞിനെ മടിയില്‍ ചേര്‍ത്തുപിടിച്ച് അല്‍പം തല ഉയര്‍ത്തിപ്പിടിച്ചുവേണം മുലയൂട്ടാന്‍. ഈ സമയം അമ്മയുടെ വയറും കുഞ്ഞിന്റെ വയറും തൊട്ടുരുമ്മി നില്‍ക്കണം. ഒരു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കിടന്നുകൊണ്ട് മുലയൂട്ടരുത്. മുലയൂട്ടിക്കഴിഞ്ഞാല്‍ കുഞ്ഞിനെ തോളില്‍ കമഴ്ത്തിക്കിടത്തി സാവധാനം പുറത്തു തട്ടുക. കുട്ടി ഏമ്പക്കം വിടുന്നതുവരെ തോളില്‍ത്തന്നെ കിടത്തണം. ഇങ്ങനെയൊക്കെ ചെയ്താലും ചില കുഞ്ഞുങ്ങള്‍ക്ക് സ്വല്‍പം പാല്‍ മൂക്കിലൂടെയോ വായിലൂടെയോ പുറത്തു പോകും. നല്ല ജീരകം അരച്ച് സ്വല്‍പം നെയ്യും തേനും ചേര്‍ത്ത് കുഞ്ഞിന്റെ നാവില്‍ ഇടയ്ക്കിടെ കുറേശ്ശെ തേച്ചുകൊടുത്താല്‍ മതി.

കൃമിശല്യം

മധുരം കൂടിയ ഭക്ഷണം അധികം കഴിക്കുന്ന കുട്ടികളിലാണ് കൃമിശല്യം കൂടുതല്‍ കാണുക. കൃമിശല്യമുള്ളപ്പോള്‍ തൈര്, പാല്‍, ശര്‍ക്കര എന്നിവ ഒഴിവാക്കണം. കയ്പനീര് 10 മില്ലി സമം എള്ളെണ്ണ ചേര്‍ത്ത് കൊടുക്കുന്നത് കൃമിശല്യം ഒഴിവാക്കും. വിഴാലരി മോരില്‍ പുഴുങ്ങി അരച്ച് മോരില്‍ത്തന്നെ കലക്കി തിളപ്പിച്ചശേഷം ചെറുചൂടോടെ നല്‍കുന്നതും നല്ലതാണ്. കൃമിശല്യമുള്ളവര്‍ക്ക് കൃമിഘ്‌നവടിക ദിവസം ഒന്നുവീതം ഒരാഴ്ച കൊടുത്ത ശേഷം വയറിളക്കി കൃമികളെ നശിപ്പിക്കാം.

പല്ലുവേദന

വലിയ അരിമേദസ് തൈലം ചെറു ചൂടോടെ സ്വല്‍പം പഞ്ഞിയില്‍ മുക്കി വേദനയുള്ള പല്ലില്‍ വെക്കുക. വേദന മാറും. ഇലഞ്ഞിക്കുരു ചുട്ടു

പൊടിച്ച് നവരച്ചോറില്‍ ചേര്‍ത്ത് പല്ലിന്റെ കടയ്ക്കല്‍ വെക്കുന്നതും വേദന കുറയ്ക്കും. ഗ്രാമ്പു ചതച്ചത് വേദനയുള്ള ഭാഗത്ത് കടിച്ചുപിടിക്കുകയോ ഗ്രാമ്പൂതൈലം പഞ്ഞിയില്‍ മുക്കി വെക്കുകയോ ചെയ്യുന്നതും നല്ലതാണ്.

ചോക്ലേറ്റുപോലെ പല്ലിലൊട്ടുന്ന ഭക്ഷണസാധനങ്ങള്‍ കഴിച്ചശേഷം വായ വൃത്തിയായി കഴുകാത്തതും കാത്സ്യത്തിന്റെ കുറവുമാണ് പുഴുപ്പല്ലിന് കാരണം. കിന്നരിപ്പല്ലുകള്‍ ഭംഗിയോടെ ചിരിക്കാന്‍ രാവിലെയും രാത്രിയും ദര്‍ശനകാന്തി ചൂര്‍ണമോ, പാഠാദിചൂര്‍ണമോ ഉപയോഗിച്ച് പല്ലു വൃത്തിയാക്കുന്നത് നല്ലതാണ്. ഇളം ചൂടുവെള്ളത്തില്‍ വേണം വായ കഴുകാന്‍. പാല്‍, നെയ്യ്, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവ നിത്യേന കഴിക്കുന്നത് ദന്തക്ഷയം ചെറുക്കാന്‍ സഹായിക്കും.

അമിതവണ്ണം

മൃക്ക അമ്മമാരുടെയും ആഗ്രഹമാണ് കുട്ടി പരസ്യത്തില്‍ കാണുന്ന ഗുണ്ടൂസിനെപ്പോലെ കൊഴുത്തു തടിച്ചിരിക്കണം എന്നത്. ഇതിനുവേണ്ടി വിലകൂടിയ ടിന്‍ഫുഡുകള്‍ വാങ്ങി കുട്ടിക്ക് കൊടുക്കും. ടിന്‍ഫുഡ് ആരോഗ്യം വര്‍ധിപ്പിക്കുകയല്ല മേദസ്സ് കൂട്ടുകയാണ് ചെയ്യുന്നത്. മേദസ്സ് കൂടുമ്പോള്‍ രോഗസാധ്യത കൂടും. മേദസ്സ് കുറയ്ക്കാന്‍ കരിങ്ങാലിക്കാതല്‍, വേങ്ങാക്കാതല്‍ എന്നിവ കഷായം വെച്ച് ത്രിഫലപ്പൊടി ചേര്‍ത്ത് കൊടുക്കുന്നത് നന്നായിരിക്കും.

മെലിച്ചില്‍

മെലിഞ്ഞ ശരീരമാണെങ്കിലും അസുഖമൊന്നുമില്ലെങ്കില്‍ കാര്യമാക്കേണ്ടതില്ല. പക്ഷേ, ശരീരം മെലിയുന്നത് എന്തെങ്കിലും അസുഖം കൊണ്ടാണെങ്കില്‍ അതിനുള്ള ചികിത്സ ചെയ്യണം. മറ്റ് അസുഖമൊന്നുമില്ലെങ്കില്‍ അമക്കുരം ചൂര്‍ണം മൂന്നു ഗ്രാം നെയ്യില്‍ ചേര്‍ത്ത് 15 ദിവസം രാത്രി ഭക്ഷണശേഷം കൊടുക്കുന്നത് ദേഹപുഷ്ടിക്ക് സഹായിക്കും. കറുകനീര് വെണ്ണയില്‍ ചാലിച്ച് ദേഹത്ത് തടവുന്നതും ദേഹപുഷ്ടി ഉണ്ടാക്കും. ഇന്ദുകാന്താമൃതം, ബാലാമൃതം, ദ്രാക്ഷാരിഷ്ടം, ദാഡിമാദിഘൃതം എന്നിവ ദഹനശക്തി കൂട്ടുന്നവയും പോഷകഗുണമുള്ളതുമായ മരുന്നുകളാണ്. വൈദ്യനിര്‍ദേശപ്രകാരം ഇവ കൊടുക്കാം.

ചുണങ്ങ്, അരിമ്പാറ

കുമ്പളവള്ളി ചുട്ട ഭസ്മം ഗോമൂത്രത്തില്‍ ചാലിച്ച് പുരട്ടിയാല്‍ ചുണങ്ങ് മാറും. ഗന്ധകം, വയമ്പ് എന്നിവ മോരിലരച്ച് പുരട്ടുന്നതും നല്ലതാണ്. ഖദിരാരിഷ്ടം, തിക്തകഘൃതം എന്നിവ വൈദ്യനിര്‍ദേശപ്രകാരം കൊടുക്കാം.

കള്ളിപ്പാലില്‍ കൊടുവേലിക്കിഴങ്ങോ കടുക്കയോ ശര്‍ക്കര ചേര്‍ത്തരച്ച് ഇടയ്ക്കിടെ പുരട്ടിയാല്‍ അരിമ്പാറ പോകും. നിലപ്പനയുടെ കറ പഞ്ഞിയില്‍ മുക്കി അരിമ്പാറയുടെ മുകളില്‍ രാത്രിയില്‍ വെച്ചുകെട്ടി കിടക്കുക. അരിമ്പാറ കരിഞ്ഞുപോകും.

ചതവ്, മുറിവ്

ആയുധങ്ങള്‍കൊണ്ടോ മറ്റോ മുറിവേറ്റാല്‍ മുക്കുറ്റിയിലയുടെ നീര് പുരട്ടുന്നത് മുറിവുണങ്ങാന്‍ സഹായിക്കും. കറുകയിലയോ, ചെറു കടലാടിയിലയോ അരച്ച് മുറിവില്‍ വെച്ചു കെട്ടിയാല്‍ രക്തം ഒഴുകിപ്പോകുന്നത് നില്‍ക്കും. അതിനുശേഷം നാല്‍പ്പാമരത്തൊലി കുറുന്തോട്ടി വേര്, ഇരട്ടിമധുരം എന്നിവ കഷായംവെച്ച് മുറിയില്‍ ധാര ചെയ്യുന്നത് നന്ന്.

ചതവിന് കോഴിമുട്ടയുടെ വെള്ളയും സന്നിനായകവും ചേര്‍ത്ത് പുരട്ടാം. കുറുന്തോട്ടി വേര് കഷായം വെച്ച് പശുവിന്‍ പാല്‍ ചേര്‍ത്ത് ചെറു ചൂടോടെ ചതവു പറ്റിയ ഭാഗത്ത് ധാര ചെയ്യുന്നതും നല്ലതാണ്. ധാരയ്ക്കുശേഷം വെണ്ണ മുലപ്പാല്‍ ചേര്‍ത്ത് പുരട്ടുകയുമാവാം.

കണ്ണിലെ അസുഖങ്ങള്‍

കണ്ണ് പഴുത്ത് പീള കെട്ടുന്നത് ചില കുട്ടികളില്‍ കാണാറുണ്ട്. പീളകെട്ടല്‍ ഒഴിവാക്കാന്‍ പൂവ്വാങ്കുറുന്നല്‍ നീരില്‍ തേന്‍ ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ മതി. പഴുപ്പും മാറും. കണ്ണിന് ചുവപ്പുനിറവും ചൊറിച്ചിലുമുണ്ടെങ്കില്‍ മുരിങ്ങയുടെ തളിരില ചതച്ച നീരില്‍ തേന്‍ ചേര്‍ത്ത് കണ്ണിലുറ്റിക്കുക. നന്ത്യാര്‍വട്ടത്തിന്റെ മൊട്ട് ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലുറ്റിച്ചാലും മതി.

ചെവി വേദന

കുളിപ്പിക്കുമ്പോള്‍ കുഞ്ഞിന്റെ ചെവിയില്‍ വെള്ളം പോകാതെ ശ്രദ്ധിക്കണം. തല ഉയര്‍ത്തിവെച്ച് വേണം കുളിപ്പിക്കാന്‍. കുളി കഴിഞ്ഞശേഷം വൃത്തിയുള്ള തുണിക്കഷണം തിരിയാക്കി ചെവിക്കകം മൃദുവായി തുടയ്ക്കണം. ഗുണനിലവാരമുള്ള ബഡ്‌സ് ഉപയോഗിച്ചാലും മതി. ചെവിയില്‍ വെള്ളം നിന്നാല്‍ പഴുപ്പിന് കാരണമാകും. മുലപ്പാല്‍ തരുപ്പില്‍ കയറിയാലും ചില കുഞ്ഞുങ്ങളില്‍ ചെവിപ്പഴുപ്പ് വരാറുണ്ട്. കര്‍ണശൂലാന്തകതൈലമോ, വചാലശൂനാദിതൈലമോ ചെവിയില്‍ ഉറ്റിക്കുന്നത് വേദന കുറയ്ക്കും.

ചെവിയില്‍ നിന്ന് പഴുപ്പ് ഒഴുകിവരുന്നുണ്ടെങ്കില്‍ തിരികൊണ്ട് തുടച്ച് വൃത്തിയാക്കിയശേഷം ഗുല്‍ഗുലു കണലിലിട്ട് അതിന്റെ പുക കാതില്‍ കൊള്ളിക്കണം. മുതിര വറുത്ത് സ്വല്പം തേനിലിട്ട് ചൂടാറിയശേഷം അരിച്ചെടുത്ത്(കുലത്ഥമധു) കാതിലുറ്റിക്കുന്നത് നല്ലതാണ്.

ചൊറി, ചിരങ്ങ്, കരപ്പന്‍

ചൊറി, ചിരങ്ങ്, കരപ്പന്‍ എന്നിവ കുട്ടികളില്‍ സാധാരണ കാണുന്ന ചര്‍മരോഗങ്ങളാണ്. വിഷപ്രാണികള്‍ കടിച്ചാലും ചര്‍മരോഗങ്ങള്‍ വരാം. തെച്ചിപൂവ്, ഇരട്ടിമധുരം സമം അരച്ച് തേങ്ങാപ്പാലില്‍ ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി തേപ്പിക്കുന്നത് ചൊറി, ചിരങ്ങ് ശമിപ്പിക്കാന്‍ സഹായിക്കും.

2.88888888889
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top