অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുടുംബാരോഗ്യം

കുടുംബാരോഗ്യം

നടുവേദയ്ക്ക് പരിഹാരം

ജീവിതരീതിയിലുണ്ടാകുന്ന മാറ്റങ്ങള്‍, ജോലിസ്ഥലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വ്യായാമത്തിന്റെ അപര്യാപ്തത തുടങ്ങിയവയാണ് നടുവേദനയ്ക്കുള്ള പ്രധാന കാരണങ്ങള്‍.

നടുവേദനയെക്കുറിച്ചും അനുബന്ധ രോഗാവസ്ഥകളെക്കുറിച്ചുമുള്ള അറിവ് ഇന്ന് ഏറെക്കുറെ സാമാന്യവത്കരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്നു മാത്രമല്ല അത് കാലക്രമത്തില്‍ വര്‍ധിച്ചുവരുന്നതായും കാണപ്പെടുന്നു.

ജീവിതരീതിയിലുണ്ടാകുന്ന മാറ്റങ്ങള്‍, ജോലിസ്ഥലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വ്യായാമത്തിന്റെ അപര്യാപ്തത തുടങ്ങിയവ തന്നെയാണ് നടുവേദനയ്ക്കുള്ള സുപ്രധാന കാരണങ്ങള്‍.

ചികിത്സാരംഗത്ത് സാങ്കേതികജ്ഞാനവും, സാങ്കേതികമായ അറിവും ഏറെ പുരോഗമിച്ച് കഴിഞ്ഞിട്ടുണ്ട്. എങ്കിലും നടുവേദനയുടെ മൂലകാരണങ്ങള്‍ക്ക് കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

നടുവേദനയ്ക്കുള്ള കാരണങ്ങള്‍

1. കഴുത്തിനും പുറംഭാഗത്തുമുണ്ടാകുന്ന സമ്മര്‍ദ്ദം : -

സന്ധികള്‍, അസ്ഥികള്‍, പുറംഭാഗത്തെ മസിലുകള്‍ തുടങ്ങിയവയ്ക്കുണ്ടാകുന്ന പരിക്കുകള്‍ നടുഭാഗത്ത് സമ്മര്‍ദ്ദമുണ്ടാക്കും. ഇത്തരം സമ്മര്‍ദ്ദമുള്ള വ്യക്തികള്‍ അശാസ്ത്രീയമായരീതിയില്‍ ഭാരം ഉയര്‍ത്തുന്നതുപോലുള്ള പ്രവര്‍ത്തികള്‍ ചെയ്താല്‍ ഈ അവസ്ഥ കൂടുതല്‍ ഗുരുതരമായി മാറും.

ഇത്തരം അവസ്ഥയിലെത്തിയവര്‍ അത് തുടര്‍ച്ചയായി ചെയ്യുകയാണെങ്കില്‍ അസുഖം സങ്കീര്‍ണമാകും. കമ്പ്യൂട്ടറിന് മുന്നില്‍ തുടര്‍ച്ചയായിരിക്കുന്ന ഐ.ടി. പ്രൊഫഷണലുകള്‍, മണിക്കൂറുകളോളം ഒരേ നില്‍പ്പില്‍ ശസ്ത്രക്രിയ ചെയ്യുന്ന ന്യൂറോ സര്‍ജന്മാര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഈ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

2. ഡിസ്‌കിന് സംഭവിക്കുന്ന സ്ഥാനചലനംമൂലം ധമനികളിലുണ്ടാകുന്ന അസ്വസ്ഥതകള്‍ : -

അപകടങ്ങള്‍ മൂലമോ കാലാന്തരത്തിലോ ഡിസ്‌കിനുണ്ടാകുന്ന തേയ്മാനംമൂലമാണ് പൊതുവേ ഇത് സംഭവിക്കാറുള്ളത്. പുറംഭാഗം, നടുഭാഗം, അരക്കെട്ട്, കൈ - കാല്‍ മസിലുകള്‍ തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന ശക്തിയായ വേദനയാണ് പ്രധാന ലക്ഷണം.

ഈ വേദന കാല്‍ഭാഗത്തും കൈയിലും മിക്കവരിലും അനുഭവപ്പെടാം. ഇത് ബാധിച്ചിരിക്കുന്ന ധമനികളുടെ അവസ്ഥയ്ക്കനുസരിച്ച് ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തോ അല്ലെങ്കില്‍ രണ്ടുഭാഗത്തുമായോ വേദന കാണപ്പെടാറുണ്ട്.

3. അസ്ഥികള്‍ മൂലം ധമനികളിലുണ്ടാകുന്ന ക്ഷതങ്ങള്‍ :-

സ്‌പൈനല്‍ സ്‌റ്റെനോസിസുമായി ബന്ധപ്പെട്ടോ (സ്‌പൈനല്‍ കനാലിലെ അസ്ഥികളുടെ അഗ്രഭാഗങ്ങളോ, മൃദൃകലകളോ സ്‌പൈനല്‍ കോഡിലോ അതുമായി ബന്ധപ്പെട്ട ധമനികളിലോ ആഘാതമേല്‍പ്പിക്കുന്നതുമൂലമുണ്ടാകുന്ന അവസ്ഥ) സ്‌പോണ്ടിലോലിസ്‌തെസിസ് (നട്ടെല്ലിലെ ഒരു കശേരു മറ്റൊന്നില്‍ നിന്നും തെന്നിമാറി നില്‍ക്കുന്ന അവസ്ഥ) മൂലമോ ആണ് ഈ അവസ്ഥയുണ്ടാകുന്നത്.

ഇതിനു പുറമേ ജന്മനാതന്നെയും പരിക്കുകള്‍ മൂലവും കൈക്കുഴകളിലുണ്ടാകുന്ന വാതസംബന്ധമായ അസുഖങ്ങള്‍ മൂലവും ഇത്തരത്തിലുള്ള പുറംവേദനകള്‍ ഉണ്ടാകാറുണ്ട്.

കിഡ്‌നിസംബന്ധമായ അസുഖങ്ങള്‍, ഗര്‍ഭധാരണം, മുഴകള്‍, അണ്ഡാശയത്തിലെ മുഴകള്‍ മുതലായവയും പുറംവേദനയ്ക്ക് കാരണമാകാറുണ്ട്. തലച്ചോറിലുണ്ടാകുന്ന രക്തപ്രവാഹത്തെ തുടര്‍ന്നുണ്ടാകുന്ന അസ്വസ്ഥതകള്‍ കഴുത്തു വേദനയ്ക്ക് കാരണമായിത്തീരാറുണ്ട്.

ചില ഹൃദ്രോഗങ്ങള്‍, വാതരോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ മുതലായവയും കൈക്കുഴയ്ക്കുണ്ടാകുന്ന വേദനയ്ക്ക് കാരണമാകുന്നു.

എപ്പോഴാണ് ഡോക്ടറെ സന്ദര്‍ശിച്ച് വിദഗ്ദ്ധ ചികിത്സ തേടേണ്ടത്?

ഉയരത്തില്‍നിന്നും വീഴുക, റോഡപകടങ്ങളില്‍പെടുക, കഴുത്തിനോ നടുഭാഗത്തിനോ ക്ഷതംപറ്റുന്ന രീതിയില്‍ തെന്നിവീഴുക തുടങ്ങിയവ സംഭവിച്ചാല്‍.

നടക്കുവാനോ, എഴുന്നേല്‍ക്കുവാനോ പ്രയാസം നേരിടുക, കാല്‍പ്പാദങ്ങള്‍ക്കോ, കാല്‍ക്കുഴയ്‌ക്കോ, കൈക്കുഴയ്‌ക്കോ, കൈവിരലുകള്‍ക്കോ ബലക്കുറവ് അനുഭവപ്പെടുമ്പോള്‍.

ഒടിവുകളോ ചതവുകളോ ഉള്‍പ്പെടെയുള്ള അസ്ഥിക്ഷതങ്ങള്‍ സംഭവിച്ചാല്‍, വിശ്രമാവസ്ഥയിലും വേദന അനുഭവപ്പെടുക, കാന്‍സര്‍രോഗം ബാധിച്ചവര്‍, പനി, അകാരണമായി ശരീരഭാരം കുറയല്‍ ഇത്തരം രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ കുടുംബഡോക്ടറെ സന്ദര്‍ശിച്ച് വിശദമായ പരിശോധന നടത്തുന്നതാണ് ഉത്തമം.

വിദഗ്ധ ചികിത്സ ആവശ്യമായ ഘട്ടം വരികയാണെങ്കില്‍ അദ്ദേഹം ന്യൂറോ സര്‍ജനെയോ ന്യൂറോളജിസ്റ്റിനെയോ അല്ലെങ്കില്‍ ഓര്‍ത്തോപീഡിക് സ്‌പൈന്‍ സര്‍ജനെയോ നിര്‍ദ്ദേശിക്കും.

വിദഗ്ധ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം എക്‌സ്-റേ, എം.ആര്‍.ഐ. നര്‍വ് കണ്ടക്ഷന്‍ സ്റ്റഡീസ് (എന്‍.സി.എസ്.), ഇലക്‌ട്രോ മയോഗ്രാം (ഇ.എം.ജി) തുടങ്ങിയ ടെസ്റ്റുകള്‍ നടത്തേണ്ടിവരും.

1. ചികിത്സ

പരമാവധി വേഗത്തില്‍ സാധാരണജീവിതത്തിലേക്ക് രോഗിയെ തിരികെയെത്തിക്കുക എന്നതാണ് ചികിത്സയുടെ പരമപ്രധാനവും പ്രാഥമികവുമായ ലക്ഷ്യം. വേദനയുടെ കാഠിന്യം പരിഗണിച്ചശേഷം ഉദരഭാഗവും പുറകുവശത്തെ മസിലുകളും ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമമുറകള്‍ നിര്‍ദേശിക്കും.

 • മരുന്നിന്റെ ഉപയോഗം
 • ഫിസിയോതെറാപ്പി, വ്യായാമം, ഹോട്ട്‌ഫെര്‍മന്റേഷന്‍ എന്നിവയോടൊപ്പം ട്രാന്‍സ്‌ക്യൂട്ടേനിയസ് ഇലക്ട്രിക്ക് നര്‍വ് സ്റ്റിമുലേഷന്‍ ചികിത്സ.
 • നിശ്ചിതകാലത്തേക്കുള്ള ബെഡ്‌റസ്റ്റ്

2. ശസ്ത്രക്രിയ

വേദനയ്ക്ക് കാരണമായ അസ്ഥി (ലാമിനക്ടമി, ഹെമിലമിനെക്ടമി, ഫോറമിനോട്ടമി തുടങ്ങിയവയിലൂടെ) സ്ഥാനചലനം സംഭവിച്ച ഡിസ്‌ക് (ലാമിനക്ടമി, മൈട്രോഡിസെക്ടമി, എന്‍ഡോസ്‌കോപ്പി ഡിസക്ടമി തുടങ്ങിയവയിലൂടെ) എന്നിവ നീക്കം ചെയ്ത് വേദനയ്ക്ക് കാരണമായ ധമനിയെ സ്വതന്ത്രമാക്കുന്ന പ്രവര്‍ത്തിയാണ് പ്രധാനമായും ശസ്ത്രക്രിയയില്‍ ഉള്‍പ്പെടുന്നത്.

സ്‌പോണ്ടിലോലിസ്‌തെസിസ് (തെന്നിമാറി നില്‍ക്കുന്ന നട്ടെല്ലിന്റെ കശേരുക്കള്‍), ട്രോമാറ്റിക് ലിസ്തസിസ് മുതലായവ ശസ്ത്രക്രിയയിലൂടെ യഥാര്‍ത്ഥ അവസ്ഥയിലെത്തിക്കാന്‍ സാധിക്കും.

ഇത്തരം ചികിത്സകള്‍ക്ക് ഫലപ്രദമായ സാങ്കേതികവിദ്യകള്‍ ഇന്ന് ലഭ്യമാണ്. ഡിസ്‌ക് സംബന്ധമായ അസുഖമുള്ള മുഴുവന്‍ രോഗികളും ശസ്ത്രക്രിയ ആവശ്യമായി വരുന്നവരല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

പ്രായപൂര്‍ത്തിയായവരില്‍ മൂന്നിലൊന്നും എം.ആര്‍.ഐ. പരിശോധനയിലൂടെ ഹെര്‍ണിയേറ്റഡ് ഡിസ്‌ക് കണ്ടെത്താറുണ്ട്. ഇതില്‍ വെറും മൂന്ന് ശതമാനം മാത്രമേ ധമനികള്‍ക്ക് സമ്മര്‍ദ്ദം അനുഭവിക്കുന്ന അവസ്ഥയിലെത്തിച്ചേരാറുള്ളൂ.

ഡോ. മഠത്തില്‍ രാജേഷ് നായര്‍ MBBS, MS, M Ch 
കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍

കിഡ്‌നി സ്‌റ്റോണ്‍ ഒഴിവാക്കാം

''ചീര, കാബേജ്, കോളിഫ്‌ളവര്‍, തക്കാളി, കത്തിരിക്ക, വെള്ളരിക്ക, കൂണ്‍ എന്നിവ നിയന്ത്രിതമായി ഉപയോഗിക്കണം. നെല്ലിക്ക, ജാതിക്ക എന്നിവയിലും ഓക്‌സലേറ്റ് കൂടുതലായതിനാല്‍ അമിതോപയോഗം കുറയ്ക്കുക''

നമ്മുടെ ജീവിതരീതിയില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ ഭക്ഷണരീതിയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ കല്ലുകള്‍ ഉണ്ടാകുന്നത് വലിയൊരു പരിധിവരെ പ്രതിരോധിച്ചു നിര്‍ത്താവുന്നതാണ്. വൃക്കയിലെ കല്ല് എന്നു കേള്‍ക്കുന്നതേ വേദന നിറഞ്ഞ ഒന്നാണെന്ന് മിക്കവര്‍ക്കും ഇന്ന് അറിയാം.

എന്നാല്‍ രോഗത്തെ എങ്ങനെ ചെറുത്തുനില്‍ക്കാം എന്നതിനെക്കുറിച്ച് പലരും അജ്ഞരാണ്. ഈ അറിവില്ലായ്മയാണ് രോഗത്തിലേക്കുള്ള അകലം വേഗത്തിലാക്കുന്നത്്. ഇതെല്ലാം എന്നും കേള്‍ക്കുന്നതല്ലേ എന്ന ഭാവം ഉപേക്ഷിച്ച് രോഗങ്ങളെ പടിക്കുപുറത്തു നിര്‍ത്താനുള്ള തയാറെടുപ്പാണ് ഈ മുന്‍കരുതലുകള്‍.

വെള്ളം കുടിയുടെ അഭാവം

പലപ്പോഴും കല്ലുണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നത്. ആരോഗ്യവാനായ ഒരാള്‍ ദിവസം 3-4 ലിറ്റര്‍ വെള്ളം കുടിക്കണം. കഠിനാധ്വാനം ചെയ്യുന്നവരും കൊടും ചൂടില്‍ പണിയെടുക്കുന്നവരും കുടിക്കുന്ന വെള്ളത്തിന്റെ അളവ് ഇതിലും അധികമായിരിക്കണം.

ചായ, കാപ്പി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. കരിക്കിന്‍വെള്ളം, നാരങ്ങാവെള്ളം, പൈനാപ്പിള്‍ ജ്യൂസ്, കാരറ്റ് ജ്യൂസ്, ബാര്‍ലിവെള്ളം തുടങ്ങിയവ (പ്രമേഹം, അസിഡിറ്റി തുടങ്ങിയവ ഇല്ലാത്തവര്‍ക്ക്) ആവശ്യത്തിനു ഉപയോഗിക്കാം.

ഭക്ഷണനിയന്ത്രണം

മാംസാഹാരം അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് ബീഫ്, മട്ടണ്‍ തുടങ്ങിയവ. ആഴ്ചയില്‍ ഒരു മുട്ട കഴിക്കാവുന്നതാണ്. പാലുല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രതിദിനം 200 മില്ലിയില്‍ താഴെ നിര്‍ത്തണം.

മുള്ളോടുകൂടി കഴിക്കുന്ന ചെറുമത്സ്യങ്ങള്‍ ഒഴിവാക്കണം. മത്സ്യങ്ങളില്‍ ഏറ്റവും അപകടകാരികള്‍ ഞണ്ട്, കക്കയിറച്ചി, ചെമ്മീന്‍, കണവ തുടങ്ങിയ മത്സ്യങ്ങളാണ്.

കാരണം ഇവയില്‍ കാത്സ്യത്തിന്റെ അളവ് കൂടുതലാണ്. സാധാരണ കഴിക്കുന്ന അയില, മത്തി, നെയ്മീന്‍ എന്നിവ മിതമായ അളവില്‍ കഴിക്കുന്നതു ഗുണകരമാണ്.

പച്ചക്കറികളില്‍ ശ്രദ്ധിക്കേണ്ടത്

ഇലക്കറികള്‍ കഴിക്കുന്നത് പൊതുവേ പ്രോത്സാഹിപ്പിക്കാറുണ്ടെങ്കിലും മൂത്രാശയ കല്ലുള്ളവര്‍ ഇതിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടതാണ്. ചീര, കാബേജ്, കോളിഫ്‌ളവര്‍, തക്കാളി, കത്തിരിക്ക, വെള്ളരിക്ക, കൂണ്‍ എന്നിവ നിയന്ത്രിതമായി ഉപയോഗിക്കണം. നെല്ലിക്ക, ജാതിക്ക എന്നിവയിലും ഓക്‌സലേറ്റ് കൂടുതലായതിനാല്‍ അമിതോപയോഗം കുറയ്ക്കുക.

പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍

പൊതുവേ ആരോഗ്യകരമെന്ന് പറയപ്പെടുന്നവയെങ്കിലും കറുത്ത മുന്തിരി, സപ്പോട്ട എന്നിവയില്‍ യൂറിക് ആസിഡ് കൂടുതലായതിനാല്‍ യൂറിക് ആസിഡ് കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഇവ ഭക്ഷണക്രമത്തില്‍നിന്നും ഉപേക്ഷിക്കുന്നതാണ് ഉത്തമം.

നിയന്ത്രിതമായ ആഹാരരീതിയിലൂടെയും കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുന്നതിലൂടെയും വൃക്കയില്‍ കല്ല് വരാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയുമെങ്കിലും വര്‍ഷത്തിലൊരിക്കല്‍ മറ്റു ശരീര പരിശോധനകള്‍ നടത്തുമ്പോള്‍ വയറിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍ എടുത്തു നോക്കുന്നത് നല്ലതാണ്.

ചെറിയ കല്ലുകള്‍ ആരംഭത്തിലേ കണ്ടെത്താനും ചികിത്സയിലൂടെ മാറ്റാനും ഇതിലൂടെ കഴിയും. രോഗം ഗുരുതരമായ അവസ്ഥയിലേക്കു കടക്കാതെ തടയുകയും ചെയ്യാം.

കായിക പരിക്കുകള്‍ക്ക് കളരി ചികിത്സ

സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ഉണ്ടാകുന്ന മുറിവുകളും ഒടിവുകളും പരിഹരിക്കാന്‍ കളരി ചികിത്സയിലൂടെ സാധിക്കും. പാരമ്പര്യമായി പിന്തുടരുന്ന ചികിത്സ സമ്പ്രദായങ്ങളാണ് കളരി ചികിത്സയുടെ പ്രത്യേകത.

കായിക വിനോദങ്ങള്‍ക്കിടയില്‍ താരങ്ങള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുന്നത് പതിവാണ്. എങ്കിലും കായിക താരങ്ങള്‍ക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ഫലപ്രദമായി തന്നെ ചികിത്സിക്കേണ്ടതുണ്ട്.

സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ഉണ്ടാകുന്ന മുറിവുകളും ഒടിവുകളും പരിഹരിക്കാന്‍ കളരി ചികിത്സയിലൂടെ സാധിക്കും. പാരമ്പര്യമായി പിന്തുടരുന്ന ചികിത്സ സമ്പ്രദായങ്ങളാണ് കളരി ചികിത്സയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ രോഗാവസ്ഥയെ പൂര്‍ണമായും സുഖപ്പെടുത്തി, ശരീരത്തെ പൂര്‍വാവസ്ഥയിലേക്ക് കൊണ്ടുവരാന്‍ കളരി ചികിത്സയിലൂടെ കഴിയും.

കളരി ചികിത്സയുടെ ആരംഭം

മെയ്‌വഴക്കത്തിനും ശാരീരിക വ്യായാമത്തിനുമായി മുന്‍കാലങ്ങളില്‍ കളരിപ്പയറ്റ് എന്ന ആയോധനകല അഭ്യസിക്കുന്ന രീതി നിലനിന്നിരുന്നു. ആയോധന കലയായതുകൊണ്ട് തന്നെ കളരി അഭ്യസിക്കുമ്പോള്‍ വിവിധ തരത്തിലുള്ള ശാരീരിക അസ്വസ്ഥതകളും വീഴ്ചകളും ഉണ്ടാവുക പതിവായിരുന്നു.

കളരിക്കിടെ ഉണ്ടാകുന്ന മുറിവുകള്‍, സന്ധികള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, ക്ഷതങ്ങള്‍, ഒടിവുകള്‍ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകളെ തരണം ചെയ്യുന്നതിന് ഗുരുക്കന്മാര്‍ ചെയ്തിരുന്ന ചികിത്സ സമ്പ്രദായമാണ് കളരി ചികിത്സ.

പണ്ടുകാലം മുതല്‍ തന്നെ കളരി ഗുരുക്കന്മാരാണ് കളരി ചികിത്സ കൈകാര്യം ചെയ്തിരുന്നത്. കൈ ഉഴിച്ചില്‍, കാലുകൊണ്ട് ചവിട്ടി ഉഴിയുക തുടങ്ങി പല രീതിയിലുള്ള ഉഴിച്ചില്‍ സമ്പ്രദായങ്ങള്‍ കളരി ചികിത്സയിലുണ്ട്. പില്‍ക്കാലത്ത് കളരി അഭ്യാസികള്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്കും കളരി ചികിത്സ ഫലപ്രദമായ ഒരു ചികിത്സ രീതിയായി മാറി.

ഇന്ന് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വരെ കളരി ചികിത്സ നല്‍കാറുണ്ട്. കുട്ടികള്‍ക്ക് മെയ്‌വഴക്കം ഉണ്ടാകുന്നതിനും ശരീരം പാകപ്പെടുന്നതിനുമായി, കൈ- കാല്‍ ഉഴിച്ചിലുകള്‍ ചെയ്യാറുണ്ട്. സാധാരണക്കാര്‍ക്കും കായികതാരങ്ങള്‍ക്കുമുണ്ടാകുന്ന മുറിവുകള്‍ക്ക് വളരെ ഫലപ്രദമായ ചികിത്സ രീതി കളരി ചികിത്സയിലുണ്ട്.

കളരി ചികിത്സയും രോഗങ്ങളും

സ്‌പോര്‍ട്‌സില്‍ വീഴ്ചകളും ഒടിവുകളും സംഭവിക്കുന്നത് സ്വഭാവികമാണ്. കൃത്യസമയത്ത് തക്കതായ ചികിത്സ ലഭ്യമാക്കുകയെന്നതാണ് പ്രധാനം. 
കായിക താരങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള ചികിത്സയാണ് കളരി ചികിത്സയില്‍ നല്‍കുന്നത്. കായികപരമായി ഉണ്ടാകുന്ന മുറിവുകള്‍ കളരി ചികിത്സയിലൂടെ മാറ്റാനാകും. ഒരു കായികതാരത്തെ സംബന്ധിച്ച് ധാരാളം മുറിവുകള്‍ സംഭവിക്കാം.

കായികാധ്വാനത്തിനിടെ മസിലുകള്‍ക്കുണ്ടാകുന്ന ആയാസം, മസിലുകള്‍ക്കോ നാഡീ സംബന്ധമായോ ഉണ്ടാകുന്ന ക്ഷതങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കളരി ചികിത്സ പ്രയോജനപ്പെടുത്താം. ഏത് പ്രായക്കാര്‍ക്കും പൂര്‍ണമായും സുഖപ്പെടുന്ന ചികിത്സ സമ്പ്രദായമാണ് കളരി ചികിത്സയിലുള്ളത്.

പ്രകൃതിദത്തമായ ചികിത്സ രീതികളാണ് കളരി ചികിത്സയില്‍ ഉപയോഗിക്കുന്നത്. മുറിവുകള്‍ ഉണ്ടാകുന്നതിനു മുന്‍പുള്ള ശരീരാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഈ ചികിത്സയിലൂടെ കഴിയും. സ്വാഭാവികമായി ശരീരം എങ്ങനെ ആയിരുന്നോ, അതേ രീതിയിലേക്ക് കളരി ചികിത്സയിലൂടെ ശരീരത്തെ രൂപപ്പെടുത്തുകയെന്നതാണ് പ്രധാനം.

കാല്‍മുട്ടിനുണ്ടാകുന്ന മുറിവുകള്‍, കൈമുട്ടിനു സംഭവിക്കുന്ന പ്രശ്‌നങ്ങള്‍, തോളുകള്‍ക്ക് ഉണ്ടാകുന്ന ക്ഷതങ്ങള്‍, എന്നിവയാണ് പൊതുവായി കായികതാരങ്ങള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍. ന്യുറോ മസ്‌കുലര്‍ പ്രോബ്ലം, ഓട്ടത്തിനിടെ കാലിന്റെ മസിലുകള്‍ക്ക് ഉണ്ടാകുന്ന മര്‍ദം, മറ്റ് അപകടങ്ങള്‍ തുടങ്ങിയവയ്ക്കും കളരി ചികിത്സ ഫലപ്രദമാണ്.

ചികിത്സ രീതി

രോഗത്തെ അറിഞ്ഞുള്ള ചികിത്സ രീതിയാണ് കളരി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്നത്. ഓരോ രോഗവും കണ്ടെത്തി അതിനുതകുന്ന ചികിത്സ രീതിയാണ് നല്‍കുക. രോഗം എങ്ങനെ ഉണ്ടായി, എന്താണ് കാരണം, ഇപ്പോഴത്തെ അവസ്ഥ തുടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചികിത്സ.

അപകടം സംഭവിച്ച വ്യക്തിയിലൂടെ രോഗത്തെക്കുറിച്ച് വ്യക്തമായി മനസിലാക്കും. അതിനു ശേഷമാണ് ചികിത്സ ആരംഭിക്കുക. കിഴിതിരുമ്, ബാന്റേജ് ചെയ്യുക, തൈലം പുരട്ടുക, ലേപനം ചെയ്യുക തുടങ്ങിയവയാണ് പൊതുവായ ചികിത്സ രീതികള്‍.

കിഴിതിരുമ്മ്: മരുന്നുകള്‍ നിറച്ച കിഴിയാണ് കിഴിതിരുമിന് ഉപയോഗിക്കുന്നത്. പലതരം മരുന്നുകള്‍ കൂട്ടിക്കെട്ടി പ്രത്യേക തൈലത്തില്‍ ചൂടാക്കി, ശരീരത്തില്‍ വേദനയോ നീര്‍ക്കെട്ടോ അനുഭവപ്പെടുന്ന ഭാഗത്ത് വയ്ക്കും. നീര്‍ക്കെട്ട് മാറാനുള്ള ചികിത്സ രീതിയാണ് കിഴിതിരുമ്.

ഉഴിച്ചില്‍ : കൈകള്‍ കൊണ്ടോ കാലുകള്‍ കൊണ്ടോ തിരുമുന്നതിന് ഉഴിച്ചില്‍ എന്ന് പറയുന്നു. ചവിട്ടി തിരുമുന്നതും ഉഴിച്ചിലിന്റെ ഭാഗമാണ്. ശരീരഭാഗങ്ങളും ശരീരത്തിന്റെ അവസ്ഥയും അനുസരിച്ച് മാത്രമേ ചവിട്ടിത്തിരുമ്മല്‍ ചെയ്യാറുള്ളൂ.

തൈലങ്ങള്‍ പുരട്ടുക: തൈലങ്ങളും ലേപനങ്ങളും പുരട്ടുന്നതും ചികിത്സയുടെ ഭാഗമാണ്. രോഗത്തിന്റെ സ്വഭാവമനുസരിച്ച് ചികിത്സയെത്തുടര്‍ന്നുള്ള ക്രിയകളും വ്യത്യാസപ്പെട്ടിരിക്കും. പൊതുവായി കളരി ചികിത്സയില്‍ ഉപയോഗിക്കുന്ന രീതിയാണ് കിഴിതിരുമ്. മറ്റ് ചികിത്സ രീതികള്‍ രോഗത്തെയും രോഗിയെയും ആശ്രയിച്ചിരിക്കും.

ചികിത്സ ആരംഭിക്കേണ്ടതെപ്പോള്‍

അപകടമുണ്ടായാല്‍ ഉടന്‍ തന്നെ ചികിത്സ ആരംഭിക്കുന്നതാണ് ഉചിതം. മുറിവുകള്‍ വളരെ വേഗം സുഖപ്പെടാന്‍ കൃത്യസമയത്ത് ചികിത്സ തുടങ്ങേണ്ടതുണ്ട്. സാധാരണയായി പല ചികിത്സകളും പരീക്ഷിച്ച്, പരാജയപ്പെട്ട് വരുന്നവരുണ്ട്. ഇത് ചികിത്സയില്‍ കാലതാമസത്തിനിടയാക്കും. തുടക്കത്തില്‍ തന്നെ ഫലപ്രദമായ ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്.

പഴകുന്തോറും രോഗത്തിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കും. അതിനാല്‍ കൃത്യമായ ചികിത്സ തുടക്കത്തില്‍ തന്നെ സ്വീകരിക്കണം. രോഗത്തിന്റെ അവസ്ഥയനുസരിച്ച് ചികിത്സയില്‍ മാറ്റങ്ങള്‍ ഉണ്ടാകും.

ചികിത്സ കാലയളവിനെക്കുറിച്ച് കൃത്യമായ കണക്കുകള്‍ നല്‍കാനാകില്ല. ഓരോ രോഗത്തെയും രോഗാവസ്ഥയെയും ആശ്രയിച്ച് ചികിത്സാ കാലയളവ് വ്യത്യാസപ്പെട്ടിരിക്കും. കൈകള്‍ക്കോ കാലുകള്‍ക്കോ ഉണ്ടാകുന്ന ഒടിവുകള്‍ യോജിക്കാന്‍ തന്നെ 20 - 30 ദിവസം വരെ സമയമെടുക്കും.

പൂര്‍ണമായും രോഗം സുഖപ്പെടാന്‍ രണ്ട് മാസത്തെ ചികിത്സ ആവശ്യമാണ്. കായികതാരങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ശരീരപ്രകൃതവും മാനസികാവസ്ഥയും സുപ്രധാന ഘടകങ്ങളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 1. ചികിത്സയോടൊപ്പം വിശ്രമവും ആവശ്യമാണ്. ചികിത്സാകാലയളവില്‍ ഗുരുക്കള്‍ നിര്‍ദേശിക്കുന്നതനുസരിച്ച് വിശ്രമം പാലിക്കേണ്ടതുണ്ട്.
 2. മരുന്നുകളുടെ പ്രത്യേകത മൂലം ചിലപ്പോള്‍ മത്സ്യമാംസാദികളുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തേണ്ടതായി വന്നേക്കാം.
 3. സ്വയം ചികിത്സകള്‍ ഒഴിവാക്കുക. ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തുടരുക.
 4. രോഗം ഭേദമാകുമെന്ന പൂര്‍ണ വിശ്വാസത്തോടെ ചികിത്സയ്ക്ക് തയാറാകണം.
 5. ചികിത്സയ്ക്ക്‌ശേഷം രോഗം പൂര്‍ണമായും ഭേദമായെന്ന് ഉറപ്പ് വരുത്തുന്നത് നന്നായിരിക്കും. ചിലപ്പോള്‍ ഒരു പ്രാവശ്യത്തെ ചികിത്സയിലൂടെ രോഗം പൂര്‍ണമായും മാറണമെന്നില്ല. ഓരോ രോഗത്തിന്റെയും സ്വഭാവമനുസരിച്ച് അല്‍പം കൂടി മാറ്റം വരേണ്ടതുണ്ടാകാം. ഇത്തരം സാഹചര്യങ്ങളില്‍ ചികിത്സ തുടരേണ്ടതായി വരാം.

ചികിത്സ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോയാല്‍ രോഗം പൂര്‍ണമായുംഭേദമാക്കാനാകും. ചികിത്സയ്ക്ക് ശേഷം കായികാധ്വാനമുണ്ടായാലും സാധാരണ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല.

ജി. ശ്രീധരക്കുറുപ്പ്
ശ്രീരംഗം സി.വി. എന്‍ കളരി ചികിത്സാ കേന്ദ്രം
ചമ്പക്കര, കോട്ടയം

തയാറാക്കിയത് : നീതു സാറാ ഫിലിപ്പ്

വാര്‍ധക്യ കാലത്തെ മാനസിക പ്രശ്‌നങ്ങള്‍

''അറുപതു വയസു മുതലാണ് വാര്‍ധക്യകാലം ആരംഭിക്കുന്നത്. വിശ്രമിക്കാന്‍ വിധിക്കപ്പെട്ടവര്‍ എന്നും ഇവരെ വിശേഷിപ്പിക്കാം''

വാര്‍ധക്യകാലമെത്തിയവരുടെ മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിച്ചു. സമൂഹത്തില്‍ ഉന്നത പദവികള്‍ വഹിച്ചവര്‍ പോലും വാര്‍ധക്യത്തില്‍ നിരാശയോടെ ജീവിക്കുന്നു. വീടിനുള്ളില്‍ ശ്വാസംമുട്ടി കഴിയുന്ന അവസ്ഥ.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളെ തരണം ചെയ്യാന്‍ കഴിയാതെ ഇവര്‍ വീടുകളില്‍ നിന്ന് ഇറങ്ങിപോയെന്നും വരാം. വാര്‍ധക്യകാലത്തുണ്ടാവുന്ന മാനസിക പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ പലതാണ്.

നഷ്ടമാകുന്ന ഇഴയടുപ്പം

'കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല'. മാതാപിതാക്കളുടെ വില എന്തെന്ന് മനസിലാക്കാന്‍ ശ്രമിക്കാത്ത തലമുറയിലാണ് നാം ജീവിക്കുന്നത്. ചെറുപ്പം മുതല്‍ മക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സാധിച്ചു കൊടുക്കുന്നു മാതാപിതാക്കള്‍.

എന്നാല്‍ ഇവര്‍ വാര്‍ധക്യത്തില്‍ എത്തുമ്പോള്‍ മക്കളുടെ പെരുമാറ്റത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. മക്കള്‍ മാതാപിതാക്കളെ ബഹുമാനിക്കാതെയും അവര്‍ക്ക് വേണ്ട പരിഗണന നല്‍കാതെയും വരുമ്പോള്‍ 'ഞാന്‍ മക്കള്‍ക്കു ഭാരമായി തുടങ്ങി' എന്ന ചിന്ത ഇവരില്‍ ഉണ്ടാവാം.

മക്കളുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ സംഭവിക്കുമ്പോള്‍ ഇവരെ മാനസികമായി തളര്‍ത്തുന്നു. ഇത് മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴി ഒരുക്കുന്നു. മറ്റുള്ളവരുടെ സ്‌നേഹവും പരിഗണനയും ആഗ്രഹിക്കുന്ന ഈ കാലത്ത് അവ ലഭിക്കാതെ വരുമ്പോള്‍ വാര്‍ധക്യമെത്തിവരുടെ മാനസിക നില തെറ്റുന്നു.

പുതിയ തലമുറ

വ്യത്യസ്തമായ ജീവിത രീതിയിലാണ് ഇപ്പോഴത്തെ തലമുറ കടന്നുപോകുന്നത്. ഒരുപക്ഷേ ഈ വ്യത്യാസമാവാം മക്കള്‍ക്ക് മാതാപിതാക്കളോടുള്ള പെരുമാറ്റത്തിലും ഉണ്ടാവുന്ന മാറ്റത്തിനു പിന്നിലെ കാരണം. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷത്തോടെ ദൂരെ സ്ഥലങ്ങളില്‍ പഠിപ്പിക്കുന്നു.

അവധിക്കാലം മാത്രം മാതാപിതാക്കളുമൊത്ത് ചെലവഴിക്കുന്ന കുട്ടികള്‍. ഇവര്‍ക്കിടയില്‍ പരസ്പരം മനസിലാക്കാനും സന്തോഷം പങ്കുവയ്ക്കാനും വളരെ ചുരുങ്ങിയ സമയം മാത്രമേ ലഭിക്കുന്നുള്ളു.

വാര്‍ധക്യത്തിലെത്തുമ്പോള്‍ മക്കള്‍ തങ്ങള്‍ക്ക് അരികില്‍ വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവരോടൊപ്പം സമയം ചെലവഴിക്കാന്‍ മക്കള്‍ തയാറായെന്നു വരില്ല. മക്കളുടെ ഈ മാറ്റം പ്രായമായവരുടെ മാസികാരോഗ്യത്തെ ബാധിക്കുന്നു.

ജീവിത ശൈലിയില്‍ മാറ്റങ്ങള്‍

അറുപതു വയസു മുതലാണ് വാര്‍ധക്യകാലം ആരംഭിക്കുന്നത്. വിശ്രമിക്കാന്‍ വിധിക്കപ്പെട്ടവര്‍ എന്നും ഇവരെ വിശേഷിപ്പിക്കാം. ധാരാളം ജോലികള്‍ ചെയ്തുനടന്ന ആ നല്ല കാലത്തില്‍ നിന്ന് വാര്‍ധക്യത്തില്‍ എത്തുമ്പോള്‍ ഉണ്ടാവുന്ന ഏകാന്തത മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ശാരീരകാരോഗ്യം കുറഞ്ഞു വരുന്നതിനാല്‍ ചെയ്യുന്ന ജോലിയുടെ അളവ് കുറയുന്നു, ഓര്‍മ്മശക്തിക്കും കുറവുകള്‍ സംഭവിക്കുന്നു. ഈ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞെന്നു വരില്ല.

മാത്രവുമല്ല 'എന്നെ ഇനിയൊന്നിനും കൊള്ളില്ല' എന്ന തെറ്റായ ധാരണകളും ഇവരില്‍ കടന്നുകൂടുന്നു. ഇതും പലവിധത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു. ഈ അവസ്ഥ വിഷാദരോഗത്തിന് കാരണമാവാം

അസുഖങ്ങള്‍ ഉണ്ടാവുമ്പോള്‍

വാര്‍ധക്യമെത്തിയവര്‍ക്ക് രോഗങ്ങള്‍ കാണപ്പെടുന്നത് സ്വാഭാവികം. ചിലരില്‍ അസുഖങ്ങള്‍ ഒന്നുമില്ലെങ്കിലും 'എനിക്ക് വലിയ അസുഖമാണെന്ന തോന്നല്‍ ഉണ്ടാവാം' ഇതൊരു മാസിക പ്രശ്‌നമാണ്. അറിഞ്ഞുകൊണ്ടാവില്ല ഇങ്ങനെ പറയുന്നത്, അവരുടെ ഉള്ളിലെ പേടി പ്രകടമാക്കുന്ന വഴിയാണിത്.

രോഗമുള്ളവരോട് രോഗത്തെ കുറിച്ച് പറയുമ്പോള്‍ സൂക്ഷിക്കണം. കാരണം രോഗിയാണെന്ന് അറിഞ്ഞു കഴിയുമ്പോള്‍ മനസ് പല തലങ്ങളില്‍ കൂടി കടന്നു പോകുന്നു.

 1. രോഗിയാണെന്ന് അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥ.
 2. ഞാന്‍ എന്തു തെറ്റു ചെയ്തിട്ടാണ് എനിക്ക് രോഗം വന്നത് എന്ന ചിന്ത.
 3. വിലപേശലുകള്‍ നടത്തുന്നു. അതായത് രോഗം മാറ്റി തരാന്‍ നേര്‍ച്ചകള്‍ നേരുന്നു.
 4. ആവശ്യമില്ലാതെ മറ്റുള്ളവരോട് ദേഷ്യപ്പെടുന്നു.
 5. രോഗത്തെ അംഗീകരിക്കുന്നു. അതോടൊപ്പം മരിക്കാറായി എന്ന തോന്നലും ഉണ്ടാവുന്നു.

എല്ലാ രോഗികളും ഈ അഞ്ചു ഘട്ടങ്ങളിലൂടെയും കടന്നു പോകണമെന്നില്ല. മരിക്കാറായി എന്ന തോന്നല്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ ഇവര്‍ക്ക് മാനസിക ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കും.

ഒരേ പ്രായക്കാരുമൊത്ത് സമയം ചെലവഴിക്കുക, കൊച്ചു മക്കളുടെ സ്‌നേഹപൂര്‍വമായ ഇടപെടല്‍, വായന, എഴുത്ത്, ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക തുടങ്ങിയവയിലൂടെ മാനസിക പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സാധിക്കും.

കോട്ടുവാ

''മുന്‍കാലങ്ങളിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നത് കോട്ടുവാ എന്നത് ഒരു അലേര്‍ട്ട് മെക്കാനിസമാണെന്നാണ്. അതായത് ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിന്റെ സൂചനയാണ് കോട്ടുവായെന്ന് പൊതുവേ പറയപ്പെടുന്നു''

ഉറക്കം വരുമ്പോഴാണ് കോട്ടുവാ ഉണ്ടാകുന്നതെന്ന് പൊതുവേ പറയുമെങ്കിലും, കോട്ടുവാ ഉണ്ടാകുന്നതിനു പല കാരണങ്ങളുമുണ്ട്. കോട്ടുവാ, ഉറക്കത്തിന്റെ സൂചനയായി മാത്രം കാണാനാകില്ല. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍കൊണ്ടും വ്യായാമക്കുറവ് കൊണ്ടും കോട്ടുവാ ഉണ്ടാകാം.

എന്തുകൊണ്ട് കോട്ടുവാ

കോട്ടുവാ ഉണ്ടാകുന്നതിന്റെ കാരണങ്ങളെക്കുറിച്ച്് കാലങ്ങളായി പല പഠനങ്ങളും നിലനില്‍ക്കുന്നുണ്ട്. കോട്ടുവാ ഉണ്ടാകുന്നതെന്തുകൊണ്ട് എന്ന് ഇപ്പോഴും വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ല. മുന്‍കാലങ്ങളിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നത് കോട്ടുവാ എന്നത് ഒരു അലേര്‍ട്ട് മെക്കാനിസമാണെന്നാണ്.

അതായത് ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിന്റെ സൂചനയാണ് കോട്ടുവായെന്ന് പൊതുവേ പറയപ്പെടുന്നു. ഉറക്കത്തിലേക്ക് പോകുന്നതിനു മുന്‍പ് ലഭിക്കുന്ന ഒരു അലേര്‍ട്ട് റിഫ്‌ളക്‌സ് മെക്കാനിസം തന്നെയാണ് കോട്ടുവാ. കോട്ടുവാ പലപ്പോഴും പകര്‍ച്ചവ്യാധിയായി പോലും പറയപ്പെടുന്നു.

ഒരാളുടെ കോട്ടുവാ കാണുമ്പോള്‍, മറ്റുള്ളവര്‍ക്കും കോട്ടുവാ വരാറുണ്ട്. അതുകൊണ്ട് തന്നെ കോട്ടുവാ പകരുന്ന ഒന്നായി ചിത്രീകരിക്കുന്നു. ഒരു ഗ്രൂപ്പില്‍ ഒരാള്‍ക്ക് കോട്ടുവാ വന്നാല്‍ കാണുന്നവര്‍ക്കും കോട്ടുവാ ഉണ്ടാകുന്നത് സാധാരണയായി സംഭവിക്കാറുണ്ട്.

കോട്ടുവാ നല്ല സൂചനയാണ്

ഒരു ഗ്രൂപ്പില്‍ ഒരാള്‍ക്ക് കോട്ടുവാ ഉണ്ടായാല്‍ ഗ്രൂപ്പിലുള്ള ചുരുക്കം പേര്‍ക്കെങ്കിലും കോട്ടുവാ ഉണ്ടാകാറുണ്ട്. കോട്ടുവാ ഒരു ഗ്രൂപ്പില്‍ സംഭവിക്കുമ്പോള്‍ അത്് നല്ല സൂചന തന്നെയാണ്്.

സാധാരണയായി ഒരാള്‍ സംസാരിക്കുമ്പോഴോ, ക്ലാസ് നയിക്കുമ്പോഴോ ക്ലാസിലുള്ളവര്‍ക്ക് കോട്ടുവാ ഉണ്ടാകാം. പൊതുവേ ബോറിങ് എന്നു വിലയിരുത്തുമെങ്കിലും, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മസ്തിഷ്‌കത്തിന്റെ റിഫ്‌ളക്ട് മെക്കാനിസമാണിത്.

ഒരാള്‍ കരയുന്നതു കാണുമ്പോള്‍ അല്ലെങ്കില്‍ സങ്കടപ്പെടുമ്പോള്‍ മറ്റുള്ളവര്‍ക്കും വിഷമം വരുന്നതുപോലെ തന്നെയാണ് കോട്ടുവായും സംഭവിക്കുന്നത്.

കോട്ടുവാ എംപതിയുടെ ഭാഗമായി തന്നെ ഒരു വിഭാഗം ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ട്് കോട്ടുവാ എംപതിയുടെ ഭാഗമായി കണക്കാക്കാം. അതോടൊപ്പം ഉറക്കത്തിലേക്ക് പോകാതെ, ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പും കോട്ടുവാ നല്‍കുന്നുണ്ട്.

രോഗമല്ല

കോട്ടുവാ ഒരുതരത്തിലും രോഗമോ രോഗലക്ഷണമായോ കരുതാനാകില്ല. മസ്തിഷ്്കം നല്‍കുന്ന അലേര്‍ട്ട് മെക്കാനിസം തന്നെയാണ്്. സാധാരണ അവസ്ഥയില്‍ നിന്നും വ്യത്യസ്തമായി, നിരന്തരം കോട്ടുവാ ഉണ്ടാകുന്ന അവസ്ഥയുണ്ടായാല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കോട്ടുവാ അനിയന്ത്രിതമായാല്‍ രോഗാവസ്ഥയാകാം. എന്നാല്‍ വളരെ അപൂര്‍വമായി മാത്രമേ കോട്ടുവാ രോഗാവസ്ഥയിലേക്ക് എത്തിച്ചേരുകയുള്ളൂ. ഉറക്കക്കുറവ് മൂലമോ അല്ലെങ്കില്‍ മറ്റ് ശാരീരിക അസുഖങ്ങളുടെ ഭാഗമായോ നിരന്തരം കോട്ടുവാ ഉണ്ടാകാം.

സാധാരണ രീതിയിലുള്ള കോട്ടുവാ ഒരിക്കലും രോഗാവസ്ഥയല്ല. എന്നാല്‍ കോട്ടുവാ അനിയന്ത്രിതമായ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നാല്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍ മൂലമോ, മറ്റ് രോഗലക്ഷണങ്ങള്‍ കാരണമോ അനിയന്ത്രിതമായി കോട്ടുവാ ഉണ്ടാകാം.

കാരണങ്ങള്‍ പലത്

സാധാരണഗതിയില്‍ കോട്ടുവാ നല്ല സൂചനയായി കാണുമെങ്കിലും, അനിയന്ത്രിതമാകുന്ന അവസ്ഥയ്ക്ക് പല കാരണങ്ങളുമുണ്ട്. സ്ലീപ് ഡിസോര്‍ഡറിന്റെ ഭാഗമായി കോട്ടുവാ ഉണ്ടാകാം. സ്ലീപ് അപ്നിയ, ക്ഷീണം, ഉറക്കമില്ലായ്മ, പൊണ്ണത്തടി തുടങ്ങിയവയും കോട്ടുവായ്ക്ക് കാരണമാകാം.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഓക്‌സിജന്‍ വിതരണത്തില്‍ നേരിയ മാറ്റങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അതായത് ഹൃദയത്തില്‍നിന്നും രക്തം പമ്പ് ചെയ്യുമ്പോള്‍ ഓക്‌സിജന്റെ കുറവ് സംഭവിക്കാം. ഇത് ചിലപ്പോള്‍ അനിയന്ത്രിതമായ കോട്ടുവായ്ക്ക് കാരണമായേക്കാം.

പെണ്ണത്തടി, ഹോര്‍മോണ്‍ വ്യതിയാനം എന്നിവയുള്ളവരിലും കൂടുതലായും കോട്ടുവാ ഉണ്ടാകാനിടയുണ്ട്്. ഷിഫ്റ്റ് വര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരില്‍ കോട്ടുവാ അനിയന്ത്രിതമായി ഉണ്ടാകാം. ഷിഫ്റ്റ് വര്‍ക്കിനൊപ്പം, പകലുറക്കം കൃത്യമായി ലഭിക്കാതെ വരുമ്പോള്‍ കോട്ടുവാ കൂടുതലായി ഉണ്ടായേക്കാം.

രണ്ടോ മൂന്നോ ദിവസം ഉറക്കം ശരിയാകാതെ വരുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാം. എങ്കില്‍ പോലും നന്നായി ഉറങ്ങിയാല്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടും.

മറ്റ് രോഗകാരണങ്ങള്‍ കൊണ്ട് അനിയന്ത്രിതമായ കോട്ടുവാ ഉണ്ടായാല്‍ ചികിത്സ ആരംഭിക്കേണ്ടതുണ്ട്. രോഗങ്ങള്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാകുമ്പോള്‍ കോട്ടുവാ നിയന്ത്രണ വിധേയമാകും.

എങ്ങനെ നിയന്ത്രിക്കാം

ജീവിതക്രമത്തില്‍ മാറ്റം വരുത്തിയാല്‍ തന്നെ കോട്ടുവാ നിയന്ത്രിക്കാനാകും. രാവിലെ കൃത്യസമയത്ത് എഴുന്നേല്‍ക്കുക, വ്യായാമം ശീലമാക്കുക, ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുക, നന്നായി വെള്ളം കുടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ കോട്ടുവാ പരിഹരിക്കാനാകും.

ബ്രീത്തിങ് എക്‌സര്‍സൈസിലൂടെ ഒരു പരിധി വരെ സാധാരണ ഉണ്ടാകാറുള്ള കോട്ടുവാ നിയന്ത്രിക്കാനാകും. പ്രാണായാമം, യോഗ എന്നിവയിലൂടെ കോട്ടുവാ കുറയ്ക്കാനാകും.

ഏതെങ്കിലും രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുമ്പോള്‍ മാത്രമാണ് കോട്ടുവാ രോഗലക്ഷണമായി മാറുന്നത്്. മറ്റ് അവസ്ഥകളില്‍ കോട്ടുവാ യാതൊരു തരത്തിലും വ്യക്തിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നില്ല.

വ്യായാമത്തിലും ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധിച്ചാല്‍ കോട്ടുവാ നിയന്ത്രിക്കാനാകും. ഡീപ് ബ്രീത്തിങ് എക്‌സര്‍സൈസ്, സ്‌ട്രെച്ചിങ് എക്‌സര്‍സൈസ് ശീലമാക്കിയാല്‍ കോട്ടുവാ പരിഹരിക്കാനാകും.

മറ്റ് രോഗങ്ങളുടെ ഭാഗമായി കോട്ടുവാ ഉണ്ടാകുന്നുണ്ടോയെന്ന് തിരിച്ചറിയുക. അതിനു വേണ്ട ചികിത്സകള്‍ ലഭ്യമാക്കുക. ദൈനംദിന ജീവിതത്തില്‍ കോട്ടുവാ മൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂ. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്തവ ജീവിതശൈലിയിലൂടെ നിയന്ത്രിക്കാനാകും.

ജിനി കെ. ഗോപിനാഥ്
കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ആന്‍ഡ് ഹിപ്‌നോതെറാപ്പിസ്റ്റ്
മൈന്‍ഡ് മാറ്റേഴ്‌സ് ഇന്റര്‍നാഷണല്‍, ബംഗളുരു

തയാറാക്കിയത് :
നീതു സാറാ ഫിലിപ്പ്

പ്രമേഹത്തിന് അല്പം കരുതല്‍

പ്രമേഹ രോഗികളുടെ എണ്ണം കൂടിവരുന്ന ഇക്കാലത്ത് ചികിത്സയിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും പ്രമേഹം നിയന്ത്രിക്കാം.

കേരളത്തിന് ഇന്ത്യയുടെ ഡയബറ്റിക് തലസ്ഥാനമെന്ന വിശേഷണമാണ് ഉള്ളത്. ലോക രാജ്യങ്ങളില്‍ ഡയബറ്റിക് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. കേരളത്തിലാകട്ടെ 20% പേര്‍ പ്രമേഹരോഗികളും. ദേശീയ ശരാശരിയേക്കാള്‍ രണ്ടര ഇരട്ടിയിലധികമാണിത്.

കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണത്തേക്കാള്‍ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയാത്തവരുടെ എണ്ണം കൂടുന്നു എന്ന വസ്തുത ആശങ്കാജനകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കില്‍ അത് ഒട്ടേറെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

പ്രമേഹം

ശരീരത്തില്‍ ഇന്‍സുലിന്റെ ഉത്പാദനം നടക്കാതിരിക്കുകയോ അത് കൃത്യമായി ഉപയോഗിക്കപ്പെടാതെ വരുകയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം (Diabetes Mellitus).

രക്ത പരിശോധന

ബ്ലഡ് ഷുഗര്‍ അളക്കുന്നതാണ് പ്രമേഹം തിരിച്ചറിയാനുള്ള പ്രധാനപ്പെട്ട പരിശോധന. ഭക്ഷണത്തിന് മുമ്പും ശേഷവുമുള്ള ബ്ലഡ് ഷുഗര്‍ നോക്കി പ്രമേഹം ഉണ്ടോ എന്ന് മനസിലാക്കാം.

1. ഫാസ്റ്റിംഗ്: - 
രാവിലെ ഭക്ഷണത്തിനു മുമ്പുള്ള ഗ്ലൂക്കോസ് പരിശോധനയാണ് ഫാസ്റ്റിംഗ് ബ്ലഡ്ഷുഗര്‍. എട്ടുമണിക്കൂര്‍ ഭക്ഷണമൊന്നും കഴിക്കാതെ പരിശോധിക്കുന്ന രീതിയാണിത്. ഈ സമയം ഗ്ലൂക്കോസ് തോത് ഏറ്റവും താഴ്ന്ന അവസ്ഥയിലായിരിക്കും. 100 ല്‍ താഴെയാണു നോര്‍മല്‍. അതില്‍ കൂടുതലായാല്‍ പ്രമേഹാവസ്ഥ.

2. ആഹാരശേഷം: - 
ആഹാരം കഴിച്ച് രണ്ടു മണിക്കൂറിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ നില 140 -mg/dl നു മുകളിലാണെങ്കില്‍ പ്രമേഹത്തിന്റെ സാധ്യത കൂടുന്നു.

3. റാന്‍ഡം ബ്ലഡ്ഷുഗര്‍:- 
എപ്പോള്‍ വേണമെങ്കി ലും ചെയ്യാവുന്ന പരിശോധനയാണ് ഇത്. ഗ്ലൂക്കോസിന്റെ അളവ് 200 -mg/dl കൂടുതലാണെങ്കില്‍ പ്രമേഹാവസ്ഥ.

പ്രമേഹം തിരിച്ചറിയാനായി ഇപ്പോള്‍ എച്ച്.ബി. എ. വണ്‍.സി പരിശോധനയും നടത്താറുണ്ട്. പിന്നിട്ട മൂന്ന് മാസത്തിലെ രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവ് വിലയിരുത്തുന്നതാണീ പരിശോധന.

പ്രമേഹമില്ലാത്തവരില്‍ എച്ച്. ബി. എ. വണ്‍.സി അളവ് 5.5 വരെ ആയിരിക്കും. 5.7നും 6.4നും ഇടയിലാണെങ്കില്‍ പ്രീ ഡയബറ്റിക്കാണെ ന്നും 6.5ന് മുകളിലാണെങ്കില്‍ പ്രമേഹമുെണ്ടന്നും മനസിലാക്കാം.

രക്ത പരിശോധനയില്‍ കണ്ടെത്തുന്ന പ്രമേഹത്തെ മൂന്നായി തരംതിരിക്കാം.

1. ടൈപ്പ് 1 ഡയബറ്റിസ്

ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുക/ അളവ് തീരെ കുറവായിരിക്കുക. 40 വയസിന് താഴെ പ്രായമുള്ളവരിലാണ് ടൈപ്പ് 1 ഡയബറ്റിസ് കൂടുതലായി കാണപ്പെടുന്നത്. ഇതില്‍ 20 വയസിന് താഴെയുള്ളവരാണ് കൂടുതലെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. നവജാത ശിശുക്കളിലും ഈ പ്രമേഹം ഉണ്ടാകാം.

2. ടൈപ്പ് 2 ഡയബറ്റിസ്

ശരാശരി 40 വയസ്സിനു മുകളിലുള്ളവരേയും ശരീരഭാരം കൂടിയവരേയും ബാധിക്കാവുന്ന രോഗാവസ്ഥ. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആവശ്യത്തിന് തികയാതെ വരുകയും ഇന്‍സുലിന്‍ ഉത്പാദനം പ്രതിരോധിക്കപ്പെടു കയും ചെയ്യുന്ന അവസ്ഥ.

3. ഗര്‍ഭകാല പ്രമേഹം (Gestational Diabetes)

ഗര്‍ഭാവസ്ഥയില്‍ കാണുന്ന പ്രമേഹമാണ് ജെസ്‌റ്റേഷണല്‍ ഡയബറ്റിസ് മെല്ലിറ്റസ് അഥവാ ജി.ഡി.എം. ഗര്‍ഭിണിയാകുന്നതോടെ മിക്കവരിലും ഇന്‍സുലിന്‍ പ്രതിരോധം കൂടുന്നു. ഗര്‍ഭാവസ്ഥാ പ്രമേഹം ഉണ്ടാകുന്നവരില്‍ പ്രസവശേഷം 10 - 20 വര്‍ഷത്തിനുള്ളില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അതിനാല്‍ പ്രസവാനന്തരം ഇടയ്ക്കിടക്ക് ബ്ലഡ് ഷുഗര്‍ പരിശോധിക്കണം. കൃത്യമായ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ശരീര ഭാരം നിയന്ത്രണവുമാണ് പ്രമേഹം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍

പ്രീഡയബറ്റിസ്

പ്രമേഹത്തിനുമുമ്പുള്ള അവസ്ഥയാണിത്. പ്രീ ഡയബറ്റിസ് അവസ്ഥയിലുള്ളവര്‍ക്ക് പ്രമേഹത്തിന് സാധ്യത വളരെ കൂടുതലാണ്. ആഹാരത്തിന് മുമ്പുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 100നും 125നും ഇടയിലും, ആഹാരം കഴിച്ചശേഷം 140നും 199നും ഇടയിലും ആണെങ്കില്‍ രോഗി പ്രീഡയബറ്റിസ് അവസ്ഥയിലാണ് എന്ന് പറയാം.

പ്രീ ഡയബറ്റിക് അവസ്ഥയിലെത്തിയാല്‍ 336 മാസത്തിനുള്ളില്‍ പ്രമേഹമുണ്ടാകാം. ഈ അവസ്ഥയില്‍ ഭക്ഷണനിയന്ത്രണവും വ്യായാമവും അത്യാവശ്യമാണ്. അതിലൂടെ പ്രമേഹമുണ്ടാകാനുള്ള സാധ്യത കുറയ്ക്കാം.

പ്രമേഹം : അപകട സാധ്യതകള്‍

 1. കുടുംബ പാരമ്പര്യം
 2. ശാരീരിക നിഷ്‌ക്രിയാവസ്ഥ
 3. അമിത വണ്ണം
 4. വംശീയ പാരമ്പര്യം
 5. ഗര്‍ഭകാല പ്രമേഹം/4 കിലോയില്‍ കൂടുതല്‍ തൂക്കമുള്ള ഗര്‍ഭസ്ഥ ശിശു.
 6. രക്ത സമ്മര്‍ദ്ദം. (ബി.പി 140 >90)
 7. എച്ച്.ഡി. എല്‍ കൊളസ്ട്രോള്‍. (38-mg/dl)
 8. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം (പി.സി.ഒ.എസ്)
 9. അക്കാന്‍ദോസിസ് നിഗ്രിക്കാന്‍സ് (കഴുത്തിന്റെ പിന്‍ഭാഗം, ലാറ്ററല്‍ മടക്കുകള്‍, കക്ഷം, ഞരമ്പുകള്‍, നെറ്റി എന്നിവിടങ്ങളില്‍ തവിട്ട് നിറത്തിലോ കറുത്ത നിറത്തിലോ കാണപ്പെടുന്ന ഹൈപ്പര്‍ പിഗ്‌മെന്റേഷന്‍)
 10. ഹൃദയാഘാതം/ഹൃദയ സംബന്ധമായ രോഗങ്ങള്‍/പക്ഷാഘാതം

പ്രമേഹത്തിന്റെ ദൂഷ്യവശങ്ങള്‍

 1. രക്തസമ്മര്‍ദ്ദം
 2. ഡയബറ്റിക് റെറ്റിനോപ്പതി
 3. ഡയബറ്റിക് ന്യൂറോപ്പതി
 4. ഡയബറ്റിക് നെഫ്രോപ്പതി
 5. തിമിരം

രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും

പ്രമേഹമുള്ള വ്യക്തിക്ക് രക്തസമ്മര്‍ദ്ദ സാധ്യത കൂടുതലാണ്. പ്രമേഹ രോഗികളില്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത നാലിരട്ടിയിലധികവുമേ്രത.

അതിനാല്‍ രക്തസമ്മര്‍ദ്ദവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും ക്രമപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. രക്തസമ്മര്‍ദ്ദം കുറവാണെങ്കില്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയും കുറവു തന്നെ.

ഇതോടൊപ്പം കൊളസ്ട്രോളും നിയന്ത്രിക്കണം. എല്‍.ഡി.എല്‍ കൊളസ്ട്രോളിന്റെ അളവ് കുറച്ച് എച്ച്.ഡി.എല്‍ കൊളസ്ട്രോളിന്റെ അളവ് കൂട്ടണം (വ്യായാമം ചെയ്താല്‍ മാത്രമേ എച്ച്.ഡി.എല്‍ അഥവാ നല്ല കൊളസ്ട്രോള്‍ കൂടൂ). കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സ്റ്റാറ്റിന്‍ ഗണത്തില്‍ പെട്ട ഗുളികകള്‍ കഴിക്കണം. ഈ ഗുളികകള്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം ഹൃദയാഘാതം ഉണ്ടാകുന്നത് തടയുന്നു.

വ്യായാമം

 1. ദിവസവും 30 മുതല്‍ 40 മിനിറ്റുവരെ മിതമായ വേഗത്തില്‍ നടക്കുക. (ആഴ്ചയില്‍ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും)
 2. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം വ്യായാമം ചെയ്യുക.
 3. മെഡിറ്റേഷനും യോഗയും പതിവായി ചെയ്യുക.
 4. പ്രമേഹ രോഗികള്‍ പ്രാണായാമം, ധനുരാസനം, അര്‍ത്ഥ മത്സ്യേന്ദ്രാസനം, പശ്ചിമോത്താസനം, ഹാലാസനം, വജ്രാസനം എന്നീ യോഗാസനങ്ങള്‍ ചെയ്യുന്നത് ഉത്തമമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്

ആഹാരത്തിന് മുമ്പ് :- 
100 mg/dl ല്‍ താഴെ - നോര്‍മല്‍ 
100 -125 mg/dl - പ്രമേഹപൂര്‍വാവസ്ഥ 
126 mg/dl മുതല്‍ - പ്രമേഹം

ആഹാരം കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം :- 
140 mg/dl ല്‍ താഴെ - നോര്‍മല്‍ 
140- mg/dl - പ്രമേഹ സാധ്യത 
200- mg/dl - മുതല്‍ പ്രമേഹം

ഡയറ്റ്

പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് നിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ വരുത്താത്ത സമീഹൃതാഹാരമാണ് വേണ്ടത്. 
കേരളീയ ഭക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ അരിയാഹാരമാണ്.

ചോറ് കഴിക്കുന്നവര്‍ തവിടിന്റെ അംശം കൂടുതലുള്ള അരി ഉപയോഗിക്കുക. ഇത് ഭക്ഷണത്തില്‍ നാരിന്റെ അംശം കൂട്ടുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. അതിനാല്‍ പ്രമേഹമുള്ളവര്‍ ചെമ്പാവരി ചോറ് ദിവസത്തില്‍ ഒരു നേരം മാത്രം കഴിക്കുക. അത്താഴത്തിന് ചോറ് ഒഴിവാക്കണം.

ഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. കൂടാതെ പ്രധാന ആഹാരത്തിന്റെ കൂടെ ഇലക്കറികള്‍, അവിയല്‍,തോരന്‍, മത്സ്യം, മുട്ടയുടെ വെള്ള, കൂണ്‍, ഉലുവ ചേര്‍ത്ത ഭക്ഷണം എന്നിവ ഉള്‍പ്പെടുത്തുക. ബീഫ്, പോര്‍ക്ക് മട്ടന്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ ഒഴിവാക്കാം.

റോബസ്റ്റ, ഓറഞ്ച്, ആപ്പിള്‍, പേരയ്ക്ക എന്നിവ ചെറിയ അളവില്‍ കഴിക്കാമെങ്കിലും നന്നായി പഴുത്ത നേന്ത്രപ്പഴം ഒഴിവാക്കണം. 
പ്രമേഹത്തിനുള്ള ഗുളികകള്‍ വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുമെന്നത് തെറ്റായ ധാരണയാണ്. ഡോക്ടറുടെ നിര്‍ദ്ദേശിക്കുന്ന ഗുളികകള്‍ കഴിച്ചില്ലെങ്കില്‍ വൃക്കരോഗങ്ങള്‍ ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ലെന്നുള്ളത് മറ്റൊരു വസ്തുത.

തയാറാക്കിയത്: അശ്വതി അശോക്

ഡോ. അഭിലാഷ് സുദേവന്‍
ഡയബറ്റോളജിസ്റ്റ് സര്‍ജന്‍
ഗവ.ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റല്‍ ,തിരുവനന്തപുരം

പ്രോസ്‌റ്റേറ്റ് കാന്‍സര്‍

''ഇന്ത്യയില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ പുരുഷഗ്രന്ഥിക്കുണ്ടാകുന്ന അര്‍ബുദം താരതമ്യേന കുറവാണ്. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ സര്‍്വസാധാരണ രോഗങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇതിനുള്ളത്. അതായത് ഇന്ത്യയിലേതിനേക്കാള്‍ ഏതാണ്ട് 10 മടങ്ങ് കൂടുതല്‍''

പ്രാഥമിക പരിശോധനയില്‍ കുടി പ്രോസ്‌റ്റേറ്റ് കാന്‍സറിനെ തിരിച്ചറിഞ്ഞാല്‍ 40 ശതമാനം ഭേതമാക്കാനാവും. ഒട്ടുമിക്ക അര്‍ബുദ ചികിത്സകളും ഭേതമാക്കുന്നതിന്റെ നിരക്ക് അങ്ങനെ തന്നെയാണ്. എന്നാല്‍ വൈകിയാണ് രോഗനിര്‍ണ്ണയം നടത്തുന്നതെങ്കില്‍ നീയന്ത്രിക്കന്‍ ബുദ്ധിമുട്ടാകും.

ആറുമാസം മുതല്‍ എട്ടുവര്‍ഷം വരെയുള്ള കാലയളവിനുള്ളില്‍ ഇത് തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കണം. അതുകഴിഞ്ഞാല്‍ കാന്‍സര്‍ കുടുതല്‍ വ്യാപിക്കുകയും ചികിത്സ ഫലപ്രദമല്ലാ 
താകുകയും ചെയ്യും.

നാട്ടില്‍ കുടുതല്‍

ഇന്ത്യയില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ പുരുഷഗ്രന്ഥിക്കുണ്ടാകുന്ന അര്‍ബുദം താരതമ്യേന കുറവാണ്. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ സര്‍്വസാധാരണ രോഗങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇതിനുള്ളത്. അതായത് ഇന്ത്യയിലേതിനേക്കാള്‍ ഏതാണ്ട് 10 മടങ്ങ് കൂടുതല്‍. പ്രോസ്‌റ്റേറ്റ് കാന്‍സറിനുള്ള കാരണം വ്യക്തമല്ല.

എന്നാലും ഭക്ഷണം ഇതിന്റെ കാരണമായി നിരീക്ഷിക്കപ്പെടുന്നു. അമിത മാംസ്യമുള്ള ആഹാരം, മാംസം തുടങ്ങിയവ ഇതിലേക്ക് നയിക്കുമെന്ന് കരുതപ്പെടുന്നു. ജനിതകമായും പാശ്ചാത്യര്‍ക്കിടയില്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെ ആധിക്ക്യം കണ്ടുവരുന്നു.

എന്നാല്‍ ഒരിന്ത്യാക്കാരന്‍ പാശ്ചാത്യരാജ്യത്ത് സ്ഥിരമായി താമസിക്കുന്നു വെങ്കില്‍ അയാളിലും പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധ്യത വര്‍ധിക്കുന്നതായി കാണാം. അയാളുടെ രണ്ടാം തലമുറയ്ക്ക് പാശ്ചാത്യരുടേതിന് തുല്ലമായ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധ്യതയും ഉണ്ടാകുന്നു.

അതിനാല്‍ ജനിതക കാരണങ്ങള്‍ കൊണ്ട് മാത്രമാണ് ഈ രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന് പറയാനാവില്ല. പാശ്ചാത്യ രാജ്യങ്ങളിലെ ഭക്ഷ്യ ശീലമോ കാലാവസ്ഥയോ മറ്റ് എന്തൊക്കയോ ആണ് ഇതിനു പിന്നിലുള്ളത്.

വിദേശത്തുപോയി വിദേശിയരുമായി വിവാഹിതരായ ഇന്ത്യക്കാരുടെ മക്കളില്‍ 50 ശതമാനം വര്‍ദ്ധനയാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധ്യതയില്‍ ഉണ്ടാകുന്നത്. മക്കളുടെ മക്കളാകുമ്പോള്‍ പാശ്ചാത്യ വ്യക്തിയെ വിവാഹം ചെയ്യാതെ തന്നെ സാധ്യത വീണ്ടും വര്‍ധിക്കുന്നു. അപ്പോള്‍ ഭക്ഷ്യ ശീലവും ജീവിത ശൈലിയും തീര്‍ച്ചയായും ഈ രോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്നു കരുതേണ്ടി വരും.

പരിശോധനകള്‍

ഇന്ത്യയില്‍ എല്ലാവര്‍ഷവും പ്രോസ്‌റ്റേറ്റ് കാന്‍സര്‍ രോഗികള്‍ ഒരു ശതമാനം വീതം വര്‍ധിച്ചു വരുന്നതായി കാണുന്നു. കാരണത്തെ തിരിച്ചറിയാത്തതിനാല്‍ നമുക്ക് അതിനെ തടയാന്‍ കഴിയുന്നില്ല. പാശ്ചാത്യരുടെ ഇടയില്‍ 100 ല്‍ 40 പേര്‍ക്ക് പ്രേസ്‌റ്റേറ്റ് കാന്‍സര്‍ ഉണ്ടാകുന്നു. ഇന്ത്യയില്‍ 100 ല്‍ 4 പേര്‍ക്കുമാത്രമേ ഇത് ബാധിക്കുന്നുള്ളൂ.

ഇതെല്ലാം ലക്ഷണങ്ങളുണ്ടാകുന്ന പ്രോസ്‌റ്റേറ്റ്് കാന്‍സറിനെകുറിച്ചുള്ള കണക്കുകളാണ്. ലക്ഷണങ്ങളുണ്ടാകാത്ത പ്രോസ്‌റ്റേറ്റ് കാന്‍സറിനെ ബയോപ്‌സിയിലൂടെ മാത്രമേ കണ്ടു പിടിക്കാന്‍ കഴിയൂ. ഏതാണ്ട് 25 ശതമാനം പുരുഷന്‍മാരിലും 50 വയസ്സില്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെ കോശം ഉണ്ടാകും.

എന്നാല്‍ ഈ കാന്‍സര്‍ കോശങ്ങള്‍ വളരെ സാവകാശം മാത്രമേ വളരുകയുള്ളൂ. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കോശങ്ങള്‍ ഇരട്ടിക്കുന്നത് രണ്ട് വര്‍ഷം കൊണ്ടാണ്്. നേരെ മറിച്ച് രക്താര്‍ബുദകോശങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഇരട്ടിയാകും.

അമ്പതാം (25 ശതമാനം പുരുഷന്മാരിലും) വയസില്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിന്റ കോശങ്ങള്‍ പ്രകടമാകും മുമ്പ് തന്നെ അവര്‍ മറ്റെന്തങ്കിലും കാരണം കൊണ്ട് മരിച്ചുപോകുകയാണ് പതിവ്. 80 വയസ്സുള്ള 70 ശതമാനം ആളുകള്‍ക്കും പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെ കോശങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹ പഠനങ്ങളിലൂടെയാണ് ഇത് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്.

പ്രോസ്‌റ്റേറ്റിലുണ്ടാകുന്ന രണ്ട് പ്രധാന രോഗങ്ങളില്‍ ഒന്ന് കാന്‍സറല്ലാത്ത പ്രോസ്‌റ്റേറ്റിലെ വീക്കവും, മറ്റൊന്ന് കാന്‍സര്‍ വന്നുള്ള പ്രോസ്‌റ്റേറ്റ് വീക്കവുമാണ്. കാന്‍സറല്ലാതയുള്ള പ്രോസ്‌റ്റേറ്റ് വീക്കം വളരെ സാധാരണമാണ്. അതിന്റെ ലക്ഷണങ്ങള്‍ മൂത്ര വിസര്‍ജ്ജനത്തിനുള്ള ബുദ്ധിമുട്ടും മറ്റുമാണ്.

പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെ ലക്ഷണം ഇതിനു സമാനമായതിനാല്‍, ലക്ഷണങ്ങളെ അടിസ്ഥാമാക്കി മാത്രം ഈ രോഗത്തെ നമുക്ക് തിരിച്ചറിയാനാകില്ല അതിനാല്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിനെ നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു സ്‌ക്രീനിംഗ ്അനിവാര്യമാണ്. പ്രാസ്‌റ്റേറ്റ് കാന്‍സര്‍ സ്‌ക്രീന്‍ ചെയ്യുന്നതിന് ചില ഉപാധികളുണ്ട്.

ഒന്ന് ഒരു വിദഗ്ധ ഡോക്ടറുടെ പരിശോധന രണ്ടാമത്തേത് പി.എസ്.എ എന്ന ഒരു പരിശോധനയിലൂടെ പ്രാസ്‌റ്റേറ്റില്‍ കാന്‍സര്‍ കോശങ്ങളുണ്ടാ എന്നും ഇതിന് പുനര്‍പരിശോധന ആവശ്യമാണോ എന്നും നമുക്ക് മനസ്സിലാക്കാം. 50 വയസ്സ് കഴിഞ്ഞ എല്ലാവരും പ്രോസ്‌റ്റേറ്റ് സ്‌ക്രീനിംഗ് ചെയ്യേണ്ടത് അത്യാവശ്യമാണ്്.

രക്താര്‍ബുദം സ്‌ക്രീന്‍ ചെയ്യുന്നതുപോലെ പ്രധാനമാണ് പ്രോസ്‌റ്റേറ്റ് സ്‌ക്രീന്‍ ചെയ്യുന്നതും. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് കൊണ്ട് എത്രപേര്‍ക്ക് പ്രയോജനമുണ്ട് എന്നുളള ഒട്ടേറെ പഠനങ്ങള്‍ നടക്കുന്നുണ്ട്. കാരണം ഇത് പണചിലവുള്ള ഒന്നാണ്.

പ്രോസ്‌റ്റേറ്റ്കാന്‍സര്‍ വളരെ സാവകാശം മാത്രം വളരുന്നതിനാല്‍ പി.എസ്.എ ചെയ്താലും തുടര്‍ന്ന് 10 വര്‍ഷത്തെ നിരീക്ഷണത്തില്‍ കൂടി മാത്രമേ രോഗിക്ക് എന്തെങ്കിലും കാരണങ്ങളാല്‍ ഇതിനിടയില്‍ രോലി മരിച്ചുപോയേക്കാം. അപ്പോള്‍ മരണ കാരണം പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ആകുന്നില്ല.

ബ്രിട്ടനിലും, യു.എസിലും മറ്റും സര്‍ക്കാര്‍ പണം മുടക്കി സ്‌ക്രീന്‍ ചെയ്യുന്ന പദ്ധതികളുണ്ട്. പി.എസ്.എ യ്ക്ക് പണം മുടക്കുന്നതും യൂറോളജിസ്റ്റിനെ കണ്ടെത്തി ചികിത്സിപ്പിക്കുന്നതും അവര്‍ക്ക് ഫീസ് നല്‍കുന്നതു മൊക്കെ സര്‍ക്കാര്‍ തന്നെയാണ്.

എന്നാല്‍ ഇന്ത്യയില്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് ഗവണ്‍മെന്റ് ഫണ്ട് നല്‍കുന്നത് പ്രയോജനപ്രദമാണോ അല്ലയോ എന്നത് വിവാദ ജനകമായ ഒരു വിഷയമാണ്.

കാരണം 100 പേരെ സ്‌ക്രീന്‍ ചെയ്യുകയും ചികിത്സകള്‍ നല്‍കുകയും തുടര്‍പരിശോധനകള്‍ നടത്തുകയുമൊക്കെ ചെയ്ത് 10 വര്‍ഷം കഴിഞ്ഞ് ഇതിനു ചിലവാക്കിയ പണത്തിന് പ്രയോജമുണ്ടായോ എന്ന് പരിശോധിച്ചാല്‍ മിക്കവാറും ഗുണമുണ്ടാതായി കാണില്ല.

ഒന്നോ രണ്ടോ ശതമാനം ആളുകള്‍ക്കു മാത്രമേ ഇത് പ്രയോജനപ്പെട്ടന്ന് പറയാന്‍ കഴിയൂ. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കണ്ടു പിടിച്ച് ചികിത്സിച്ച് 90ശതമാനം ആളുകളും ഹൃദയാഘാതമോ, ശ്വാസകോശാര്‍ബ്ബുദമോ മറ്റെന്തങ്കിലും രോഗമോമൂലം മരിച്ചുപോകുന്നു. 10 ശതമാനം പേരെ ഒടുവില്‍ അവശേഷിക്കുന്നുണ്ടാകൂ.

അതിനാല്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് ഒരു സാമ്പത്തിക ബാധ്യതയായും അതിനനുസരിച്ച് പ്രയോജനകരമല്ലാത്തതായും കരുതപ്പെടുന്നു. എന്നാല്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് ഈ രോഗം കണ്ടു പിടിച്ച് ചികിത്സിക്കാന സഹായിക്കും എന്നത് വസ്തുതയാണ്. പൊതു ജനങ്ങള്‍ക്ക് തീര്‍ച്ചയായും ഇത് പ്രയോജന പ്രദവുമാണ്.

എന്നാല്‍ രക്താര്‍ബ്ബദത്തിന്റെ കാര്യം അങ്ങനെയല്ല രക്താര്‍ബ്ബദം സ്‌ക്രീന്‍ ചെയ്ത് ചെറിയ ഒരു തടിപ്പ് കണ്ടു പിടിച്ചാല്‍ ഒരു വര്‍ഷത്തിനകം രോഗിയുടെ മരണം സംഭവിക്കാം. അതായത് മാമോഗ്രാഫില്‍ മാത്രം കാണാന്‍ കഴിയുന്ന അര്‍ബ്ബുദം ഒരുവര്‍ഷത്തിനുശേഷം പരിശോധിച്ചാല്‍ ഒരു ടെന്നീസ് ബോളിന്റെ വലിപ്പമുണ്ടാകും.

അതേസമയം ഒരു നെന്മണിയുടെ വിപ്പമുള്ള പ്രോസ്‌റ്റേറ്റ് കാന്‍സര്‍ രോഗി 100 വര്‍ഷം ജീവിച്ചാലും ടെന്നീസ്‌ബോളിന്റെ വലിപ്പം ആകുകയില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ 50 വയസ്സ് കഴിയുമ്പോഴേക്കും സാധാരണ ഗതിയില്‍ നാം രോഗനിര്‍ണ്ണയ പരിശോധനകള്‍ നടത്താറുണ്ട്്. ഈ പരിശോധനകളില്‍ ഹൃദ്രോഗ സാധ്യതകളും മറ്റ് രോഗ സാധ്യതകളും തിരിച്ചറിയാറുണ്ട്.

പരിശോധന വേണമെന്ന് വ്യക്തിതന്നെയാണ് തീരുമാനിക്കുന്നത്. പ്രോസ്‌റ്റേറ്റ് സ്‌ക്രീനിംഗും ആവശ്യമുണ്ടോ എന്ന് അവരവര്‍ തീരുമാനിക്കുകയാണ് ചെയ്യുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ അങ്ങനെയൊരു ശീലമില്ല. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ അവര്‍ പരിശോധന ചെയ്യൂ. കാരണം അവര്‍ക്ക് പരിശോധനകള്‍ക്കു താരതമ്യേന ചിലവ് വളരെ കൂടുതലാണ്.

പ്രാഥമിക ഘട്ടത്തില്‍ കൂടി പ്രോസ്‌റ്റേറ്റ് കാന്‍സറിനെ തിരിച്ചറിഞ്ഞാല്‍ 40 ശതമാനവും ഭേതമാക്കാനകും. ഒട്ടുമിക്ക അര്‍ബ്ബദ ചികിത്സകളും ഭേതമാകുന്നതിന്റെ നിരക്ക് അങ്ങനെയാണ്. എന്നാല്‍ വൈകിയാണ് രോഗ നിര്‍ണ്ണയം നടത്തുന്നതെങ്കില്‍ നീയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകും.

ആറുമാസം മുതല്‍ എട്ട് വര്‍ഷം വരെയുള്ള കാലയളവിനുള്ളില്‍ ഇത് തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കണം. അതുകഴിഞ്ഞാല്‍ കാന്‍സര്‍ കൂടുതല്‍ വ്യാപിക്കുകയും ചികിത്സ ഫലപ്രദമല്ലാതാകുകയും ചെയ്യും.

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ മൂലമുള്ള മരണം വളരെ വേദനാജനകമാണ്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിക്കുന്നത് മുകളിലേക്കാണ്. കൂടുതല്‍ മുകിമലക്കു ബാധിക്കുമ്പോള്‍ അസ്ഥിക്ക് കഠിനമായ വേദന ഉണ്ടാകുന്നു. എന്നാല്‍ ഉത്ഭവ സ്ഥാനത്തുതന്നെ വ്യാപിച്ചാല്‍ മൂത്രതടസ്സവും രക്തസ്രാവവും രക്തം കട്ടപിടിക്കലുമൊക്കെയായി അസഹ്യമായ വേദന ഉണ്ടാകുന്നു.

ചികിത്സ

പ്രാഥമിക ഘട്ടത്തില്‍ തന്നെ രോഗ നിര്‍ണ്ണയം നടത്തിയാല്‍ ചികിത്സിക്കുന്നതിന് രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്.

ശസ്ത്രക്രിയ

പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയെ പൂര്‍ണ്‍മായി നീക്കം ചെയ്യുന്നതാണ് ഈ ശസ്ത്രക്രിയ. മൂത്രനാളിയും മൂത്രസഞ്ചിയും മുറിച്ചാണ് ഈ ഗ്രന്ഥിയെ നീക്കം ചെയ്യുന്നത്. അതിനുശേഷം മൂത്രനാളിയും മൂത്രസഞ്ചിയും തമ്മില്‍ തുന്നിച്ചേര്‍ക്കുന്നതോടെ ശസ്ത്രക്രിയ പൂര്‍ണ്ണമാകും.

ശസ്ത്രക്രിയയുടെ ഗുണം ചുറ്റുപാടുമുള്ള അവയവങ്ങള്‍ക്ക് കേടുപാടുകള്‍ കുറയുമെന്നുള്ളതാണ്. ശസ്ത്രക്രിയ നമുക്ക് രണ്ട് രീതിയില്‍ ചെയ്യാം. പൂര്‍ണ്ണമായും തുറന്നുള്ള ശസ്ത്രക്രിയയും (Open surgery) , താക്കോല്‍ ദ്വാര ശസ്ത്രക്രിയയും (Keyhole surgery) തുറന്ന ശസ്ത്രക്രിയയില്‍ കൃത്യമായ അര്‍ബുദത്തെ കാണാന്‍ ബുദ്ധിമുട്ടാണ്.

എന്നാല്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയയില്‍ വളരെ വ്യക്തമായി കണ്ടാണ് ശസ്ത്രക്രിയ ചെയ്യുന്നത്. കൂടാതെ വേദന കുറവാണെന്നതും വേഗത്തില്‍ ആശ്യാസം ലഭിക്കും എന്നുള്ളതും ഇതിന്റെ മെച്ചങ്ങളാണ്.

റേഡിയോ തെറാപ്പി (Radio Therapy)

റേഡിമയാ തെറാപ്പി ചികിത്സയുടെ ഫലഗ വളരെ സാവകാശമാണ് ണ്ടാകുന്നത്. ഏകദേശം ഒന്നരകൊല്ലമെടുക്കും. റേഡിമയാ തെറാപ്പിയിലൂടെ അര്‍ബുദകോശങ്ങള്‍ കരിച്ചു കളഞ്ഞാലും ഉടനടി അവ നശിക്കുന്നില്ല. പതിയെപതിയെ കട്ടിയാവുകയാണ് ചെയ്യുന്നത്.

ഈ കട്ടിയാകുന്ന പ്രക്രിയ തീരാന്‍ ഒന്നരകൊല്ലടെടുക്കും. അപ്പോള്‍ ഒന്നരകൊല്ലം കഴിഞ്ഞുള്ള പി.എസ്.എയിലാണ് അടുത്ത ചികിത്സ എങ്ങനെയാകണമെന്ന് നിര്‍ണയിക്കാന്‍ കഴിയുന്നത്.

ശസ്ത്രക്രിയ താങ്ങാന്‍ കഴിയാത്ത ഒരാള്‍ക്കാണ് സാധാരണ ഗതിയില്‍ റേഡിയോ തെറാപ്പി നിര്‍ദ്ദേശിക്കുന്നത്. ഇപ്പോഴുള്ള റേഡിയോതെറാപ്പി പഴയതില്‍ നിന്നും വളരെ മെച്ചമാണ്. ആ ഗ്രന്ഥിയെ മാത്രം ഒതുക്കി നിര്‍ത്തി അതിലേക്കു മാത്രം രശ്മിയെ കടത്തി വിടുന്ന ഇന്നത്തെ റേഡിയോ തെറാപ്പിയെ കണ്‍ഫര്‍മേഷന്‍ റേഡിയോ തെറാപ്പി എന്നു പറയുന്നു.

അര്‍ബുദം വ്യാപിച്ചാല്‍

പ്രോസ്‌റ്റേണ്‍ കാന്‍സര്‍ വ്യാപിച്ചു പോയാല്‍ ആദ്യഘട്ടത്തില്‍ നിയന്ത്രണം (control) എന്നരീതിയിലാണ് പ്രയോഗിക്കുന്നത്. പ്രോസ്‌റ്റേറ്റണ്‍ കാന്‍സര്‍കോശങ്ങളുടെ വ്യാപനത്തെ സഹായിക്കുന്നത് പുരുഷഹോര്‍മോണാണ്. അതിനാല്‍ പുരുഹോര്‍മോണിനെ ന്യൂട്രലൈസ് ചെയ്യുന്ന ഹോര്‍മോണ്‍ തെറാപ്പി നിശ്‌ദ്ദേശിക്കുന്നു.

വൃഷണത്തിലെ പുരുഷഹോര്‍മോണ്‍ സ്രവിപ്പിക്കുന്ന ഭാഗം നീക്കം ചെയ്യുന്നതടക്കമുള്ള ഈ ചികിത്സയെയാണ് നീയന്ത്രണം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കൂടുതല്‍ വ്യാപിച്ച രണ്ടാം ഘട്ടത്തില്‍ നാം കീമോതെറാപ്പിയിലേക്ക് നീങ്ങുന്നു. കീമോതെറാപ്പിയുടെ ഘട്ടത്തിലേക്ക് എത്തിയാലും മാസങ്ങളോളം കാന്‍സറിനെ പിടിച്ചു നിര്‍ത്താന നമുക്ക് കഴിയും.

എന്നാല്‍ കീമോ തെറാപ്പിക്ക് ഹോര്‍മോണ്‍ തെറാപ്പിയെക്കാള്‍ പാര്‍ശ്വഫലങ്ങള്‍ കൂടുതലാണ്. ഏതായാലും പ്രായം, പാരമ്പര്യം, ഭക്ഷണശീലങ്ങള്‍ തുടങ്ങിയവ യെല്ലാം പ്രോസ്‌റ്റേറ്റ് കാന്‍സറിനെ ബാധിക്കുന്ന ഘടകങ്ങളായി വേണം കരുതാന്‍.

ഡോ. ആര്‍ വിജയന്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് , യൂറോളജിസ്റ്റ്
സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രി, എറണാകുളം

തൈറോയിഡ് രോഗവും ആര്‍ത്തവ പ്രശ്‌നങ്ങളും

''തൈറോയ്ഡ് ഹോര്‍മോണിലെ പ്രധാന ഘടകം അയഡിനാണ്. അതിനാല്‍ ഭക്ഷണത്തില്‍ അയഡിന്റെ അംശം കുറഞ്ഞാല്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനം കുറയുകയും അനുബന്ധലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ പ്രശ്‌നം ഭക്ഷണത്തിലൂടെ തന്നെ പരിഹരിക്കാവുന്നതാണ്''

സ്ത്രീകളില്‍ തൈറോയിഡ് രോഗങ്ങള്‍ വര്‍ധിച്ചു വരികയാണ്. കഴുത്തിലെ മുഴയെപ്പറ്റിയുള്ള വേവലാതിയുമായി ആശുപത്രിയിലെത്തുന്ന കൗമാരക്കാരായ പെണ്‍കുട്ടികളുടെ എണ്ണം തന്നെയാണ് ഇതിനുള്ള തെളിവ്.

കണ്ണാടിയില്‍ നോക്കുമ്പോള്‍ തൊണ്ടയില്‍ മുഴയുള്ളതായി മിക്കവര്‍ക്കും തോന്നാറുണ്ട്. എന്നാല്‍ തടിച്ച ശരീരപ്രകൃതിയുള്ളവരില്‍ ഇത് കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല.

തൈറോയിഡ്

കഴുത്തിന്റെ മുന്‍വശത്തായി സ്ഥിതിചെയ്യുന്ന അന്തസ്രാവീഗ്രന്ഥിയാണ് തൈാറോയ്ഡ്. നമ്മുടെ ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്.

ഇതില്‍ നല്ലൊരു ശതമാനവും ഉപദ്രവകാരിയല്ലാത്ത ഫിസിയോളജിക്കല്‍ ഗോയിറ്ററാണ്.

കുട്ടികളിലെ രണ്ടാംഘട്ടം വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കാരണം ഈ സമയത്ത് ഹോര്‍മോണിന്റെ ഉപഭോഗം കൂടുതലായിരിക്കും.

ഇങ്ങനെ ഗ്രന്ഥിക്കുണ്ടാകുന്ന താത്ക്കാലിക വീക്കം പൂര്‍ണമായും ഭേദമാക്കാം. ചുരുക്കം ചിലരില്‍ ഇത് അപകടകരമായ ഗോയിറ്ററുമാകാം.

അയഡിന്റെ അഭാവം

തൈറോയ്ഡ് ഹോര്‍മോണിലെ പ്രധാന ഘടകം അയഡിനാണ്. അതിനാല്‍ ഭക്ഷണത്തില്‍ അയഡിന്റെ അംശം കുറഞ്ഞാല്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനം കുറയുകയും അനുബന്ധ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

ഈ പ്രശ്‌നം ഭക്ഷണത്തിലൂടെ തന്നെ പരിഹരിക്കാവുന്നതാണ്. കടല്‍മത്സ്യം, സെഡാര്‍ ചീസ്, പാല്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട ഇവയെല്ലാം അയഡിന്‍ സമ്പുഷ്ടമാണ്. അയഡിന്‍ ചേര്‍ന്ന ഉപ്പ് പാചകത്തിന് ഉപയോഗിക്കുന്നതാണ് ഉത്തമം.

ഭക്ഷണത്തിലെ പോരായ്മകള്‍ പരിഹരിച്ചാലും ചില വ്യക്തികളില്‍ തൈറോയ്ഡിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കും. ഗ്രന്ഥിയെ ബാധിക്കുന്ന ഇന്‍ഫ്‌ളേഷന്‍, അണുബാധ, ചില ഔഷധങ്ങള്‍ (ലിഥിയം, അമിസെറോണ്‍) തുടങ്ങിയവ റേഡിയേഷന്‍ ചികിത്സ, പ്രസവാനന്തരമുള്ള ശാരീരികാവസ്ഥ തുടങ്ങിയ കാരണങ്ങളാലും ഇത് സംഭവിക്കാം.

ഇന്ത്യയില്‍ ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ നല്ലൊരു ശതമാനത്തിനും തൈറോയ്ഡ് പ്രവര്‍ത്തനം മന്ദീഭവിച്ചതായി കാണുന്നുണ്ട്. തൈറോയിഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും അണ്ഡവിസര്‍ജനത്തെ ബാധിക്കും. ഇതുമൂലം ആര്‍ത്തവം കൂടിയോ കുറഞ്ഞോ വരാം.

ഹൈപ്പോ തൈറോയിഡിസം

തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയിഡിസം. കുട്ടികളിലെ ഹൈപോ തൈറോയ്ഡിസം വളര്‍ച്ച മുരടിക്കല്‍, ബുദ്ധിമാന്ദ്യം തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.

മുതിര്‍ന്നവരില്‍ ഹൈപ്പോ തൈറോയ്ഡിസം മിക്‌സോഡിം എന്ന രോഗത്തിലേക്ക് നയിക്കുന്നു.

തണുപ്പിനോടുള്ള അസഹിഷ്ണുത സന്ധികളില്‍ വേദന, പേശീവലിവ്, വിഷാദരോഗം, അമിതവണ്ണം, വരണ്ടചര്‍മ്മം, മുടികൊഴിച്ചില്‍, മലബന്ധം, കൈകാല്‍തരിപ്പ്, പരുക്കന്‍ശബ്ദം, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുക, ആര്‍ത്തവം ക്രമമില്ലാതാവുക തുടങ്ങിയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

ഹൈപ്പര്‍ തൈറോയ്ഡിസം

തൈറോയ്ഡ് ഹോര്‍മോണിന്റെ അമിതോത്പാദനമാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഇത് ഗൗരവമായ ഒരു രോഗമാണ്. അയഡൈയ്ഡ് ഉപ്പിന്റെ അമിതോപയോഗം.

പിറ്റിയൂട്ടറി ഗ്രന്ഥിയുടെയും തൈറോയ്ഡ്ഗ്രന്ഥിയിലും വരുന്ന മുഴകള്‍, കാന്‍സര്‍ എന്നിവയും തൈറോയ്ഡിന്റെ അമിത ഉത്പാദനത്തിന് കാരണമാകാം.

ലക്ഷണങ്ങള്‍

ചൂടിനോടുള്ള അസഹിഷ്ണുത, ഹൃദയമിടിപ്പ് കൂടുക, ശരീരം മെലിയുക, മുടികൊഴിച്ചില്‍, അമിതദാഹം, വിശപ്പ് തുടങ്ങി നിരവധി ലക്ഷണങ്ങള്‍ ഉണ്ട്.

ഹൈപ്പര്‍ തൈറോയ്ഡിസവും ഹൈപ്പോ തൈറോയ്ഡിസവും തൈറോയ്ഡ്ഗ്രന്ഥിയുടെ മാത്രം പ്രശ്‌നമാവണമെന്നില്ല. പിറ്റിയൂട്ടറിഗ്രന്ഥിയുടെ തകരാറുമൂലവും ഇത് സംഭവിക്കാം. വിദഗ്ദ്ധപരിശോധനയിലൂടെ മാത്രമേ ഇത് കണ്ടുപിടിക്കാനാവൂ.

തൊണ്ടമുഴ

തൈറോയ്ഡ്ഗ്രന്ഥിയിലുണ്ടാകുന്ന മുഴ അഥവാ വീക്കമാണ് ഗോയിറ്റര്‍. ഗോയിറ്ററുള്ള എല്ലാ രോഗികള്‍ക്കും ഗ്രന്ഥിക്ക് പ്രവര്‍ത്തനതകരാറുകള്‍ ഉണ്ടാകണമെന്നില്ല. പ്രവര്‍ത്തനത്തകരാറുകള്‍ ഉണ്ടെങ്കിലും, ഗോയിറ്റര്‍ ഉണ്ടാകണമെന്നില്ല.

മള്‍ട്ടി നോഡുലാര്‍ ഗോയിറ്റര്‍ (ചെറിയ മുഴകള്‍), കൊളോയ്ഡ് ഗോയിറ്റര്‍, ഗ്രന്ഥിയുടെ മൊത്തത്തിലുള്ള വീക്കം ഇവയെല്ലാം ഗോയിറ്ററായി കണക്കാക്കാം.

പരിശോധനകള്‍

പ്രാഥമിക പരിശോധനകള്‍ ടി.എസ്.എച്ച്, ടി3, ടി4 എന്നിവയും അള്‍ട്രാസൗണ്ട് സ്‌കാനിങ്ങുമാണ്. എഫ്.എന്‍.എ.സി, തൈറോഗ്ലോബുലിന്‍, ടി.പി.ഒ. ആന്റിജന്‍ തുടങ്ങിയ സങ്കീര്‍ണ്ണപരിശോധനകള്‍ ചില രോഗികള്‍ക്ക് ആവശ്യമായിവരാം.

ചികിത്സ

കാന്‍സര്‍ മുഴകള്‍, കാന്‍സര്‍ സാധ്യതയുള്ള മുഴകള്‍ എന്നിവ ഓപ്പറേഷനിലൂടെ നീക്കം ചെയ്യേണ്ടതും തുടര്‍ചികിത്സ ആവശ്യവുമാണ്.

ഹോമിയോ ചികിത്സ

തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവൈകല്യംമൂലമുണ്ടാകുന്ന ഗോയിറ്റര്‍ അഥവാ തൊണ്ടമുഴയ്ക്ക് ഹോമിയോ ചികിത്സ ഫലപ്രദമാണ്. ഇതിന് ദീര്‍ഘകാലം ചികിത്സ ആവശ്യമായി വരാം.

അയഡം, കാല്‍ക്കേരിയാ ഫ്‌ളോര്‍, സ്‌പോന്‍ജിയ, ലാപിസ് ആല്‍ബാ, തൈറോക്‌സിന്‍ തുടങ്ങിയ മരുന്നുകളാണ് സാധാരണ നല്‍കുന്നത്. ഇവയ്ക്ക് പാര്‍ശ്വഫലങ്ങളില്ല.

ഡോ. വി. എസ്. അമ്പാടി

കടപ്പാട് : മംഗളം© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate