অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുടുംബാരോഗ്യം

കുടുംബാരോഗ്യം
 1. ചിക്കൻപോക്സ് – വിശ്രമം പ്രധാനം, രോഗശമനത്തിനു രണ്ടാഴ്ച
 2. ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ശ്രദ്ധയ്ക്ക്
 3. ആരോഗ്യജീവിതത്തിനു തവിടുകളയാത്ത ധാന്യപ്പൊടി
 4. പോഷകസമൃദ്ധം കാബേജ്
 5. ക്ഷയ രോഗം: പ്രതിരോധശക്‌തി കുറഞ്ഞാൽ രോഗസാധ്യതയേറും
 6. ചിക്കൻപോക്സ് ബാധിതൻ കുളിക്കുമ്പോഴല്ല രോഗം പകരുന്നത്
 7. കാൻസർ തടയാൻ കരുതലോടെ ജീവിതം
 8. ക്ഷയം ചികിത്സിച്ചില്ലെങ്കിൽ അപകടം
 9. എല്ലുകളുടെ കരുത്തിനും വിളർച്ച തടയാനും തക്കാളി
 10. ഗർഭിണികളുടെ ആരോഗ്യത്തിന് ഏത്തപ്പഴം
 11. ഫാസ്റ്റ്ഫുഡിലെ ട്രാൻസ്ഫാറ്റ്
 12. അർബുദത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാം
 13. മധുരം കഴിക്കുമ്പോൾ: വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്
 14. നാരുകൾ കുറഞ്ഞാൽ അമിതഭാരം, കൊളസ്ട്രോൾ..!
 15. രണ്ടു വയസുവരെയുളള കുട്ടികൾക്ക് എണ്ണ അത്യാവശ്യം
 16. തൊട്ടാൽ പകരില്ല സോറിയാസിസ്
 17. സുരക്ഷിതമല്ലാത്ത ലൈംഗികശീലങ്ങൾ ഒഴിവാക്കുക

ചിക്കൻപോക്സ് – വിശ്രമം പ്രധാനം, രോഗശമനത്തിനു രണ്ടാഴ്ച

കിടന്ന് വിശ്രമിക്കൂ. നാട്ടിലിറങ്ങി നടന്ന് രോഗം മറ്റുളളവരിലേക്കു പകരാൻ ഇടയാക്കരുത്. രണ്ടാഴ്ച സ്കൂളിലും ഓഫീസിലും പോകണ്ട.. രോഗിയുടെ വസ്ത്രങ്ങളും ഉപയോഗിച്ച സാധനങ്ങളും കുറച്ചുദിവസം സ്പർശിക്കണ്ട. രണ്ടാഴ്ചകൊണ്ട് രോഗം ശമിക്കുമല്ലോ. അപ്പോൾ രോഗിക്കോ പ്രതിരോധശേഷിയുള്ളവർക്കോ കഴുകി വൃത്തിയാക്കാം.

കുമിളകൾ പൊങ്ങുന്ന ആദ്യ നാലുദിവസം പഴവർഗങ്ങൾ മാത്രം കഴിച്ചാൽ രോഗാവസ്‌ഥയും ലക്ഷണങ്ങളും കുറയും. ഉപ്പും എണ്ണമയവും ഒഴിവാക്കിയാൽ കുമിളകളുടെ എണ്ണവും വണ്ണവും കുറയുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വെജിറ്റേറിയൻ ഭക്ഷണമാണ് അഭികാമ്യം. രോഗി കുളിക്കാതിരിക്കുന്നതാണു നല്ലത്. ചിലരിൽ കുളിക്കു ശേഷം കുമിളകൾ കൂടുതൽ പഴുത്ത് ആഴത്തിലുള്ള പാടുകൾ വരാം. കരപ്പൻ ഉള്ള കുട്ടികൾക്ക് രോഗം കൂടാം.

പ്രതിരോധം ചികിത്സയേക്കാൾ പ്രധാനം

രോഗിയെ മാറ്റിനിർത്തി രോഗം പടരാതെ മുൻകരുതലെടുക്കുക. രോഗി സ്പർശിക്കുന്ന വസ്തുക്കൾ ചൂടാക്കി രോഗാണുമുക്‌തമാക്കാൻ വാക്സിനുകൾ ലഭ്യമാണെങ്കിലും മുൻപ് അഞ്ചാംപനി വന്നവരിലും ഗർഭിണികളിലും കോംപ്ലിക്കേഷൻ സാധ്യതയുള്ളതിനാൽ അതിപ്രാധാന്യമുള്ള സാഹചര്യത്തിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ.

ഹോമിയോപ്പതിയുടെ രീതി

ഹോമിയോപ്പതിയിൽ ചികിത്സയും പ്രതിരോധമരുന്നുകളും ലഭ്യമാണ്. രോഗം പടരുന്ന സാഹചര്യത്തിൽ ’ജീനസ് എപ്പിഡമിക്കസ്’ എന്ന പൊതുപേരിലറിയപ്പെടുന്ന പ്രത്യേക മരുന്ന് ഞഅഋഇഒ (റാപ്പിഡ് ആക്ഷൻ എപ്പിഡമിക് കൺട്രോൾ സെൽ ഹോമിയോപ്പതി) എന്ന പകർച്ചവ്യാധി നിയന്ത്രണ സെൽ നിർദേശിക്കും. ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള പ്രഗത്ഭരായ ഡോക്ടർമാരുടെ പാനലാണ് ഈ സംഘത്തിലുള്ളത്. ഈ മരുന്നുകൾ സർക്കാർ ഹോമിയോ ഡിസ്പൻസറികളിലും അംഗീകൃത യോഗ്യതയുള്ള ഹോമിയോ ഡോക്ടർമാരുടെ പക്കലും ലഭ്യമായിരിക്കും.

ഈ രോഗം സാധാരണഗതിയിൽ പ്രശ്നക്കാരനല്ല. രോഗം വന്നാൽ അതിനെ അതിന്റെ വഴിക്ക് പോകാനനുവദിക്കുക. രോഗം പെട്ടെന്നു നിർത്താനുള്ള കുറുക്കുവഴികൾ പലരും പറയും. അതിനൊന്നും പോകാതെ ഇത്തിരി കാത്തിരിക്കുക. ഇതുകൊണ്ടു ജീവനു ഭീഷണിയൊന്നുമില്ല. ഈ രോഗം രണ്ടാഴ്ച അവധിയെടുക്കാനും വിശ്രമിക്കാനുമുള്ള അവസരമായി കരുതുക. ആദ്യ നാലുദിവസം മാത്രമേ പ്രശ്നമുള്ളൂ. പിന്നെ താരതമ്യേന അസ്വസ്‌ഥത കുറവായിരിക്കും. വായിക്കാം ടിവി കാണാം. സുഖം, സ്വസ്‌ഥം.

വിവരങ്ങൾ: ഡോ. ടി.ജി. മനോജ്കുമാർ, മെഡിക്കൽ ഓഫീസർ ഗവ. ഹോമിയോ ഡിസ്പൻസറി, കണിച്ചാർ,കണ്ണൂർ.

ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ശ്രദ്ധയ്ക്ക്

മരുന്നുകൾ കഴിക്കുന്ന സ്ത്രീകൾ നിർബന്ധമായും മദ്യപാനം ഒഴിവാക്കണം. മദ്യം മരുന്നുമായി പ്രതിപ്രവർത്തിച്ച് മരുന്നിന്റെ ഫലപ്രാപ്തി കുറയ്ക്കാനുളള സാധ്യത ഏറെയാണ്. അതിനാൽ മദ്യപിക്കുന്ന സ്ത്രീകൾ ആ വിവരം ചികിത്സകനിൽ നിന്നു മറച്ചുവയ്ക്കരുത്.

ആൽക്കഹോൾ രക്‌തത്തിലേക്ക് കലരുന്നതിന്റെ തോതനുസരിച്ചു വിശപ്പും കൂടും. ശരീരത്തിന് മതിയായ തോതിൽ ഊർജം ലഭിക്കുന്നില്ല എന്നതിന്റെ സൂചനയാണ് ക്ഷീണം. കരളിനു കാര്യക്ഷമമായി ആൽക്കഹോളിനെ കൈകാര്യം ചെയ്ത് പുറന്തളളാനാകുന്നില്ല എന്നതും വ്യക്‌തം. ചുരുക്കത്തിൽ ആൽക്കഹോളിനെ ശരീരത്തിൽ നിന്നു പുറന്തളളുന്ന പ്രവർത്തനങ്ങൾ സാവധാനത്തിലാകുന്നു. മദ്യത്തിന്റെ ഡിപ്രസന്റ് സ്വഭാവം മനസിന്റെ നിലവിലുളള അവസ്‌ഥ പതിന്മടങ്ങു വർധിപ്പിക്കുന്നു. ക്ഷീണവും മാനസികപിരിമുറുക്കവും അനുഭവപ്പെട്ടിരുന്നവർക്ക് അതിന്റെ തോത് പിന്നെയും കൂടും.

ഗർഭകാലത്ത് മദ്യപാനം നിർബന്ധമായും ഉപേക്ഷിക്കണം. ഗർഭധാരണത്തിനു പ്ലാൻ ചെയ്യുമ്പോൾ തന്നെ മദ്യപാനം എന്ന ദുൾീലം അവസാനിപ്പിക്കണം. ആരോഗ്യപരമായ എല്ലാത്തരം മുന്നറിയിപ്പുകളും അവഗണിക്കുന്ന മദ്യപരായ ഗർഭിണികൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ ചിലത്:

കുഞ്ഞിന് ഫീറ്റൽ ആൽക്കഹോൾ സ്പെക്ട്രം ഡിസോഡർ സാധ്യതയേറും. ഒരു നിര ്രശ്നങ്ങൾ ഇതിൽ പെടും. തലച്ചോറിനു തകരാർ, കാഴ്ച – കേൾവി സംബന്ധമായ പ്രശ്നങ്ങൾ, വളർച്ചക്കുറവ്, എല്ലുകൾ ശരിയായ രീതിയിൽ രൂപപ്പെടാത്ത അവസ്‌ഥ പോലെയുളള ജനന തകരാറുകൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ... ഇവയെല്ലാം ഇതിൽ ഉൾപ്പെടും. കുഞ്ഞിന്റെ തലച്ചോറിനുണ്ടാകുന്ന തകരാറിന്റെ ദോഷഫലങ്ങൾ ആജീവനാന്തം തുടരും. പഠനവൈകല്യങ്ങൾ, ഓർമത്തകരാറുകൾ, യുക്‌തിപൂർവമായി ചിന്തിക്കുന്നതിൽ പിഴവ്, കൃത്യസമയത്തു വ്യക്‌തമായ തീരുമാനങ്ങളെടുക്കുന്നതിൽ പിഴവ് എന്നിവ ഉദാഹരണം.

 • ഗർഭമസലസൽ, മാസം തികയാതെയുളള പ്രസവം
 • കുഞ്ഞിനു തൂക്കക്കുറവ്

ഗർഭിണികൾ മാത്രമല്ല മുലയൂട്ടുന്ന അമ്മമാരും മദ്യപാനം തീർത്തും ഉപേക്ഷിക്കണം. മുലപ്പാലിൽ കലരുന്ന ആൽക്കഹോൾ കുഞ്ഞിന്റെ ഉറക്കത്തെ സാരമായി ബാധിക്കുന്നു. കുഞ്ഞ് കുടിക്കുന്ന പാലിന്റെ അളവിലും കുറവുണ്ടാകുന്നു. അതിനാൽ മുലയൂട്ടുന്നവർ മദ്യപാനം ഉപേക്ഷിക്കുന്നതാണ് അഭികാമ്യം. അതിനു സാധ്യമാകാതെ വരുമ്പോൾ കുഞ്ഞിനെ പാലൂട്ടിയശേഷം മദ്യപിക്കുന്നതാണ് ഉചിതമെന്നും വിദഗ്ധർ അറിയിക്കുന്നു. എന്നാൽ, അമിതമായി മദ്യപിക്കുന്ന അമ്മമാർ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിൽ നിന്നു പിന്തിരിയണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.

ആരോഗ്യജീവിതത്തിനു തവിടുകളയാത്ത ധാന്യപ്പൊടി

നാരുകൾ, ദഹനം യഥാവിധി നടക്കാൻ സഹായകം. പ്രഷറും കൊളസ്ട്രോളും ഷുഗറുമൊന്നും പിടികൂടാതിരിക്കണമെങ്കിൽ കൊഴുപ്പടിയാതിരിക്കണം. കഴിക്കുന്ന ആഹാരം യഥാവിധി ദഹിക്കണം. കരളിന്റെയും വൃക്കകളുടെയും ജോലിപ്പാടു കുറയണം. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ തോതു കുറയ്ക്കണം. അതിനു നാരുകൾ നന്നായി സഹായിക്കും.. കുടലിൽ കാൻസറുണ്ടാകുന്നതു തടയാനും നാരുകളടങ്ങിയ ഭക്ഷണം സഹായകം. തവിടിൽ ധാരാളം നാരുകളുണ്ട്. വിറ്റാമിനുകളും മറ്റു പോഷകങ്ങളും ഇഷ്‌ടം പോലെ.

എച്ച്ഡിഎൽ എന്ന നല്ല കൊളസ്ട്രോളും എൽഡിഎൽ എന്ന ചീത്ത കൊളസ്ട്രോളും. എച്ച്ഡിഎൽ ശരീരത്തിന്റെ പ്രവർത്തനത്തിനു കൂട്ടാണ്. നാരുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ അളവു കുറയ്ക്കും.

എൽഡിഎൽ കൂടിയാൽ ഹൃദയത്തിലും തലച്ചോറിലും രക്‌തമെത്തിക്കുന്ന കുഴലുകളടയും. കാര്യം കുഴപ്പത്തിലാകും. ഹൃദയാഘാതവും പക്ഷാഘാതവും നേരവും കാലവും നോക്കാതെയെത്തും.

എന്നാൽ, നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ ഹൃദയാഘാതം തടയും. ഇതിന്റെ അളവു തീരെക്കുറഞ്ഞാൽ ഹൃദയാഘാതസാധ്യത കൂടും.

എച്ച്ഡിഎലും എൽഡിഎലും കൂടാതെ ട്രൈഗ്ലിസറൈഡ്സ് എന്നറിയപ്പെടുന്ന ഒരു തരം കൊഴുപ്പും നമ്മുടെ ശരീരത്തിലുണ്ട്്. പൊണ്ണത്തടി, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, കാർബോഹൈഡ്രൈറ്റ് അടങ്ങിയ ആഹാരം കൂടുതൽ കഴിക്കുക എന്നിവയെല്ലാം ട്രൈഗ്ലിസറൈഡ്സിന്റെ അളവു കൂട്ടും.

എച്ച്ഡിഎൽ, എൽഡിഎൽ, ട്രൈഗ്ളിസറൈഡ് തുടങ്ങിയവ ചേർന്നതാണ് ആകെയുളള കൊളസ്ട്രോൾ അഥവാ ടോട്ടൽ കൊളസ്ട്രോൾ. ട്രൈഗ്ലിസറൈഡ്സിന്റെ അളവു കൂടിയാൽ ചീത്ത കൊളസ്ട്രോളും കൂടും. ഫലത്തിൽ ടോട്ടൽ കൊളസ്ട്രോളിൽ നല്ല കൊളസ്ട്രോളിന്റെ തോതു കുറയും. അങ്ങനെയുളളവരിലാണു ഹൃദയാഘാതം, പ്രമേഹം എന്നിവയ്ക്കുളള സാധ്യത കൂടുന്നത്. രക്‌തം പരിശോധിക്കാൻ പോകുമ്പോൾ ടോട്ടൽ കൊളസ്ട്രോൾ പരിശോധിക്കാൻ ലാബുകാരോടു പ്രത്യേകം പറയണം.

കൊളസ്ട്രോളെന്നാൽ ഒരുതരം കൊഴുപ്പ്. അതു രക്‌തത്തിൽ അലിയില്ല. എന്നാൽ അതിനു വിവിധ ശരീര കോശങ്ങളിൽ എത്താനാകും. തനിയേ എത്തില്ല. ലിപ്പോ പ്രോട്ടീനുകളാണു കൊളസ്ട്രോളിനെ വിവിധ കോശങ്ങളിലെത്തിക്കുന്നത്്. ചീത്തക്കൊഴുപ്പ് രക്‌തക്കുഴലിന്റെ ഉൾഭിത്തിയിൽ അടിഞ്ഞു കൂടിയാൽ അതിലൂടെയുളള രക്‌തസഞ്ചാരം തടസപ്പെടും.

വീട്ടിലെ പൈപ്പിൽ പായലും മറ്റും അടഞ്ഞുകൂടിയാ എന്താണുസംഭവിക്കുക. ടാപ്പു തിരിച്ചാൽ ശക്‌തിയോടെ വെളളം വരില്ല. ക്രമേണ പൈപ്പ് അടയും. വെളളം തങ്ങിനിന്ന് അവസാനം പൈപ്പ് പൊട്ടും. നമ്മുടെ നഗരങ്ങളിൽ പൈപ്പുകൾ പൊട്ടുന്ന മാതിരി. ഇതേ കാര്യം തന്നെ രക്‌തക്കുഴലിനുള്ളിലും നടക്കും. കൊളസ്ട്രോൾ അടിഞ്ഞു രക്‌തസഞ്ചാരം തടസപ്പെടും. രക്‌തക്കുഴലിനുളളിൽ മർദം കൂടും. ഉടൻ ഡോക്ടർ പറയും ബിപി കൂടീന്ന്. ബിബി വന്നു കൂടിയാ കുടുംബക്കാരു കൂട്ടത്തോടെയെത്തും. ഷുഗറും കൊളസ്ട്രോളുമൊക്കെ. ഒന്നു വന്നാ മറ്റേതൊക്കെ താനേ വരും. അത്തരം ലക്ഷണങ്ങൾ കണ്ടില്ലെന്നു നടിച്ചാൽ രക്‌തക്കുഴലുകൾ പൊട്ടാനിടയാകും. അതു കൊണ്ടു ഭക്ഷണം കരുതി കഴിക്കണം. അതിനാണ് നാരുകളടങ്ങിയ ഭക്ഷണം കഴിക്കണമെന്നു നേരത്തേ പറഞ്ഞത്. തവിടു കളയാത്ത ധാന്യപ്പൊടിയിൽ നാരുകൾ ധാരാളം. എന്നാൽ കമ്പനി നിർമിത പായ്ക്കറ്റ് പൊടിയിൽ...അതിൽ നാരുകളുടെ അളവു തീരെ കുറവായിരിക്കും. നാരൊക്കെ കളഞ്ഞ് നന്നായി വെളുപ്പിച്ചിരിക്കും. മൈദയുടെ അംശം കൂടിയ പൊടി. ചപ്പാത്തി പരത്താൻ സുഖം. നല്ല മയം. നല്ല സ്വാദ്. ആഹാ എന്തു രസം. പക്ഷേ, അതു ശീലമാക്കിയാൽ ആരോഗ്യകാര്യം അവതാളത്തിലാകും.

പായ്ക്കറ്റ് പൊടി വാങ്ങുന്നവർ ടിവിപരസ്യത്തിനുളള പൈസ കൂടി കൊടുക്കണം! കേടുകൂടാതെ അധികനാളിരിക്കാൻ കമ്പനിക്കാർ പ്രിസർവേറ്റീവുകളും ചേർക്കും.

അത്തരം ധാന്യപ്പൊടി ശീലമാക്കിയാൽ അപകടം ഉറപ്പ്. അധികവില കൊടുത്തു കൊടിയ ആരോഗ്യപ്രശ്നങ്ങൾ വരുത്തി വയ്ക്കണോ. നമുക്കും മടങ്ങാം പഴമക്കാരുടെ അടുക്കളശീലങ്ങളിലേക്ക്, ആരോഗ്യ നേരുകളിലേക്ക്. ധാന്യങ്ങൾ വാങ്ങി കഴുകിയുണക്കി പൊടിപ്പിച്ച് ഉപയോഗിക്കാം.

പോഷകസമൃദ്ധം കാബേജ്

പോഷകസമൃദ്ധമാണ് കാബേജ്. സൾഫർ ധാരാളമായി അടങ്ങിയിരിക്കുന്നു. കീടനാശിനികളും മരുന്നുകളും അവശേഷിപ്പിക്കുന്ന വിഷമാലിന്യങ്ങളെ ശരീരത്തിൽ നിന്നു നീക്കുന്നതിന് സഹായകം. കരളിൽ നിന്നു മാലിന്യങ്ങൾ നീക്കുന്നതിനും സഹായി.

കാബേജിലെ നാരുകൾ മലബന്ധം കുറയ്ക്കുന്നു എന്നാൽ മാർക്കറ്റിൽ നിന്നു വാങ്ങിയ കാബേജ് അപ്പടി ഉപയോഗിക്കരുത്. ഇതളടർത്തി മഞ്ഞളും ഉപ്പും ചേർത്ത വെളളത്തിലോ പുളിവെള്ളത്തിലോ മുങ്ങിക്കിടക്കും വിധം സൂക്ഷിച്ച ശേഷം (അര മണിക്കൂറെങ്കിലും) അരിഞ്ഞ് പാകം ചെയ്യാം.

കീടനാശിനികൾ നീക്കുന്നതിന് ഈ മുൻകരുതൽ ഏറെക്കുറേ ഫലപ്രദം. കാബേജിൽ അടങ്ങിയ സൾഫർ വിഷമാലിന്യങ്ങളെ വിഘടിപ്പിച്ചു ശരീരത്തിൽ നിന്നു പുറന്തളളുന്നതിനു സഹായിക്കുന്നു.

കൂടാതെ കോശങ്ങളിലെ ഡിഎൻഎയുടെ കേടുപാടുകൾ തീർക്കുന്നതിന് കാബേജിൽ

അടങ്ങിയ indole3carbino l എന്ന ഘടകം സഹായകം. കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിനും ഗുണപ്രദ. ആവിയിൽ വേവിച്ച കാബേജ് കൊളസ്ട്രോൾ കുറയ്ക്കാൻ ഫലപ്രദം. ശ്വാസകോശം, കുടൽ, ആമാശയം എന്നിവയിലെ കാൻസർ സാധ്യത കുറയ്ക്കുന്നു.

പേശീവളർച്ചയ്ക്കു സഹായകം. ഫംഗസ് അണുബാധ കുറയ്ക്കാൻ് കാബേജ് ജ്യൂസ് ഫലപ്രദം. കാഴ്ചശക്‌തി മെച്ചപ്പെടുത്താൻ സഹായകം. ചുവന്ന കാബേജിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുന്നു. അൽസ്ഹൈമേഴ്സിനെ പ്രതിരോധിക്കാൻ സഹായകം. അമിതഭാരം, സന്ധിവാതം, ഹൃദയരോഗങ്ങൾ എന്നിവയ്ക്കും കാബേജ് പ്രതിവിധിയായി ഉപയോഗിക്കാമെന്നു വിദഗ്ധർ. കാബേജിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി രോഗപ്രതിരോധശക്‌തി വർധിപ്പിക്കുന്നു;

സ്കർവി പോലെ വിറ്റാമിൻ കുറവുമൂലമുണ്ടാകുന്ന രോഗങ്ങളെ അകറ്റിനിർത്തുന്നു. നാഡിവ്യവസ്‌ഥയുടെ ആരോഗ്യത്തിനും ഉത്തമം. ത്വക്ക്, കണ്ണ്, തലമുടി എന്നിവയുടെ ആരോഗ്യത്തിനു നിദാനമായ വിറ്റാമിൻ ഇ, കൂടാതെ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും കാബേജിൽ അടങ്ങിയിരിക്കുന്നു.

ക്ഷയ രോഗം: പ്രതിരോധശക്‌തി കുറഞ്ഞാൽ രോഗസാധ്യതയേറും

പ്രമേഹവും ക്ഷയരോഗവുംകേരളത്തിൽ കണ്ടെത്തുന്ന ക്ഷയരോഗികളിൽ 25% പേരും പ്രമേഹബാധിതരാണെന്നാണ് തെളിഞ്ഞിട്ടുള്ളത്. പ്രമേഹ രോഗികളിൽ ക്ഷയരോഗാണുബാധ ക്ഷയരോഗമായിത്തീരുവാൻ എളുപ്പമാണ്. ശരീരത്തിന്റെ പ്രതിരോധപ്രവർത്തനങ്ങൾ കുറയുന്നത് കാരണം ക്ഷയരോഗാണുക്കൾ എളുപ്പത്തിൽ വളരാം. ആയതിനാൽ ക്ഷയരോഗലക്ഷണങ്ങൾക്ക് കാത്ത് നിൽക്കാതെ പ്രമേഹ രോഗികൾ ഇടക്കിടെ ക്ഷയരോഗ പരിശോധനകൾ നടത്തുന്നത്, ക്ഷയരോഗം തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിന് സഹായിക്കും. പ്രമേഹ രോഗികളിൽ ക്ഷയം ഉണ്ടെങ്കിൽ, പ്രമേഹം ഇൻസുലിൻ വഴി നിയന്ത്രിച്ച് നിർത്തിയില്ലെങ്കിൽ, ക്ഷയരോഗം മാറുന്നതിന് കാലതാമസം കണ്ടുവരികയും പിന്നീട് മരുന്നിനെ പ്രതിരോധിക്കുന്ന ക്ഷയം പിടിപെടുകയും ചെയ്യാം.

ക്ഷയരോഗബാധിതനായ ഒരാൾക്ക് ഓരോ വർഷവും ടിബി വരാനുള്ള സാധ്യത 10% ആണ്. ഒകഢ ബാധിതരുടെ മൂന്നിൽ ഒരു മരണത്തിനും കാരണം ക്ഷയരോഗമാണ്. 2014 ൽ ലോകത്താകെ 40 ലക്ഷം HIV – TB രോഗികൾ മരണമടഞ്ഞിട്ടുണ്ട്. എങ്കിലും ഇവരിലും കൃത്യമായ മരുന്നുകൾ വഴി ക്ഷയരോഗം ഭേദമാക്കാം.

MDR TB(മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ടി.ബി)

ആന്റീബയോട്ടിക്കുകളുടെ ദുരുപയോഗം ഇന്ന് ഇന്ത്യ നേരിടുന്ന ഒരു പ്രധാന പൊതുജനാരോഗ്യപ്രശ്നമാണ്. സ്വന്തമായും അല്ലാതെയും വിവേചനമില്ലാതെ, കൃത്യതയില്ലാതെ, ആന്റി ബയോട്ടിക്കുകൾ ശരീരത്തിലെത്തുന്നത് രോഗാണുക്കൾക്ക് ശക്‌തി പകരുവാൻ സഹായിക്കും. ഈ അവസ്‌ഥ ക്ഷയരോഗാണുവും നേടിക്കഴിഞ്ഞിട്ടുണ്ട് MDR ടി.ബി ഈ അവസ്‌ഥയാണ്. ഏറ്റവും ഫലപ്രദമായി ക്ഷയരോഗാണുക്കളെ നശിപ്പിക്കുന്ന ആന്റിബയോട്ടിക്കുകൾ കൃത്യഡോസിൽ അല്ലാതെയും കൃത്യമായ കാലയളവിൽ അല്ലാതെയും, ഇടയ്ക്ക് മുടക്കുന്നതു കൊണ്ടും, രോഗാണുക്കൾ തിരിച്ചറിഞ്ഞ് ശക്‌തി വർധിപ്പിക്കുന്നു. പിന്നീട് രണ്ടാം നിര ആന്റിബയോട്ടിക്കുകളും മൂന്നാം നിര മരുന്നുകളും വർഷങ്ങളോളം രോഗിയിൽ പരീക്ഷിക്കേണ്ടി വരുന്നു.

ചില സ്വകാര്യ മേഖലയിൽ രണ്ടാം നിര മരുന്നുകൾ ആദ്യഘട്ടത്തിൽ തന്നെ ക്ഷയരോഗികൾക്ക് നൽകുന്നതും ഇപ്പോൾ കണ്ടുവരുന്നു. ഇന്ത്യയിൽ ഇതുവരെ ഏതാണ്ട് 80,000 ൽ അധികം MDR ടി.ബി കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു പ്രധാന പ്രശ്നം ഇവരിൽ നിന്നും മറ്റുള്ളവരിലേക്ക് MDR ടി.ബി പകരുന്നു എന്നതാണ്. ങഉഞ ടി.ബി വന്നാൽ ചികിത്സാവിജയം 50 ശതമാനത്തിൽ താഴെയാണ്. MDR ടി.ബി.ക്ക് കഴിക്കുന്ന രണ്ടാം നിര മരുന്നുകൾക്കെതിരെ ബാക്ടീരിയ ശക്‌തിപ്രാപിക്കുമ്പോൾ അത് കൂടുതൽ ഗുരുതരമായ തഉഞ ടി.ബി. ആയി മാറുന്നു. (Extensively drug resistant – TB)

കഫ പരിശോധനയും ചികിത്സയും

ക്ഷയരോഗനിർണയത്തിനുള്ള പരിശോധനയും ഡോട്ട് ചികിത്സയും സർക്കാർ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും സൗജന്യമാണ്. കഫപരിശോധന ഡോക്ടറുടെ കുറിപ്പില്ലാതെ തന്നെ ലാബുകളിൽ സ്വയം ആവശ്യപ്പെടാവുന്നതാണ്.

എം.കെ. ഉമേഷ്

ഐഇസി നോഡൽ കോർഡിനേറ്റർ (ആർഎൻടിസിപി)ജില്ലാ ടിബി സെന്റർ, കണ്ണൂർ

ചിക്കൻപോക്സ് ബാധിതൻ കുളിക്കുമ്പോഴല്ല രോഗം പകരുന്നത്

വേനൽക്കാലമാകുന്നതോടെ കുട്ടികളിൽ പടരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്. പനിയും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം തലവേദന, പുറംവേദന, തൊണ്ടവേദന, ക്ഷീണം എന്നിവയും അനുഭവപ്പെടുന്നു.

രോഗകാരി വേരിസെല്ല സോസ്റ്റർ

ഡിഎൻഎ വൈറസ് ആയ ’വേരിസെല്ല സോസ്റ്റർ’ ആണ് രോഗകാരി. നിശ്വാസവായു, സ്പർശനം, തുമ്മൽ, ചുമ എന്നിവയിലൂടെയൊക്കെ രോഗം പകരാം. സത്യത്തിൽ കുമിളകൾ വരുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പു മുതൽ രോഗം പകരാൻ സാധ്യതയുണ്ട്. ഈ കുമിളകൾ ഉണങ്ങുന്നതുവരെ രോഗം പകരാം.

രോഗാണു ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടാഴ്ച കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമാവുക. അപ്പോഴേക്കും ആദ്യത്തെയാളുടെ രോഗം മാറി കുളിക്കാൻ തുടങ്ങിയിട്ടുണ്ടാവും. അതിനാൽ ചിക്കൻപോക്സ് മാറി രോഗി കുളിക്കുമ്പോഴാണ് രോഗം പകരുക എന്നൊരു ധാരണ കേരളീയരിൽ വേരോടിയിട്ടുണ്ട്.

രോഗാരംഭത്തിലെ കുമിളകൾ കണ്ണുനീർത്തുള്ളിപോലെ സുന്ദരസുതാര്യ രൂപത്തിലായിരിക്കും. പിന്നീടതിൽ പഴുപ്പ് നിറയും. രോഗം തനിയെ മാറും. പാടുകളും തനിയെ മാഞ്ഞുപോകും. രോഗപ്രതിരോധശേഷി വളരെ കുറഞ്ഞവരിലും സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നവരിലും കോംപ്ലിക്കേഷനുകൾ വരാം.

രോഗം മാറിയാലും ചിലരിൽ ശിരോനാഡിയിലും ഡോർസൽ റൂട്ട് ഗാഗ്ലിയ എന്ന നാഡീമൂലത്തിലും ഒളിച്ചിരിക്കുന്ന രോഗാണു വ്യക്‌തിക്ക് രോഗപ്രതിരോധശക്‌തി കുറയുന്ന ഘട്ടത്തിൽ പുറത്തുവന്ന് വിസർപ്പം എന്ന വേദനയോടുകൂടിയ രോഗമുണ്ടാക്കാം. രോഗത്തിനുശേഷം ഭാഗിക പ്രതിരോധം മാത്രം കിട്ടിയവരിൽ വിസർപ്പം വരാം. എന്നാൽ പൂർണ പ്രതിരോധം കിട്ടിയാൽ പത്തുവർഷത്തേക്കെങ്കിലും രോഗം വരില്ലെന്നാണു തിയറി.

കോംപ്ലിക്കേഷൻസ്

15 ശതമാനംപേരിൽ ന്യൂമോണിയ വരാറുണ്ടെങ്കിലും പ്രശ്നമില്ലാതെ മാറുന്നു. തലച്ചോറിനു പഴുപ്പ്, നീർക്കെട്ട്, റൈസ് സിൻഡ്രോം എന്നിവ ചിലപ്പോഴെങ്കിലും രോഗികളിൽ കോംപ്ലിക്കേഷനായി വരാം എന്നതിനാൽ രോഗം ശ്രദ്ധിക്കണം.

ഗർഭിണികളിൽ ആദ്യമാസങ്ങളിൽ രോഗം വന്നാൽ 9 ശതമാനം പേരിൽ കുഞ്ഞിനു ജന്മവൈകല്യം വരാം. അതിൽ 0.7 ശതമാനം മുതൽ 2 ശതമാനം പേരിൽ ’കൺജനിറ്റൽ വേരിസില്ല സിൻഡ്രോം’ എന്ന ഗുരുതരമായ ജന്മവൈകല്യം വരാം. ആയതിനാൽ ചിക്കൻപോക്സ് ബാധിതരുടെ വീട്ടിൽ ഗർഭിണികൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അവരെയോ രോഗിയെയോ ആ വീട്ടിൽനിന്നു മാറ്റേണ്ടതാണ്. (തുടരും).

വിവരങ്ങൾ: ഡോ. ടി.ജി. മനോജ്കുമാർ, മെഡിക്കൽ ഓഫീസർ ഗവ. ഹോമിയോ ഡിസ്പൻസറി, കണിച്ചാർ,കണ്ണൂർ

കാൻസർ തടയാൻ കരുതലോടെ ജീവിതം

പുകവലി ഒഴിവാക്കുക. ശ്വാസകോശം, വായ, പാൻക്രിയാസ്, തൊണ്ട, സ്വനപേടകം, കിഡ്നി, ചുണ്ട് തുടങ്ങിയ അവയവങ്ങളിലെ കാൻസർസാധ്യത പുകവലി ഒഴിവാക്കുന്നതിലൂടെ കുറയും. പുകവലിക്കാരുടെ സാന്നിധ്യമുളള മുറിയിലിരിക്കുന്നതും നല്ലതല്ല. ഇവർ പുറന്തളളുന്ന പുകയിൽ കാൻസറിനു കാറണമായ 60 ൽ അധികം വിഷപദാർഥങ്ങളുണ്ട്. ഇത്തരം പുക ശ്വസിക്കുന്നതും അപകടമാണ്. അതിനാൽ പുകവലി ഒരു സാമൂഹിക വിപത്താണെന്നു കരുതി ഒഴിവാക്കുക.

 • പഴങ്ങളും പച്ചക്കറികളും ഉൾപ്പെട്ട സസ്യാഹാരം ശീലമാക്കുക. ദിവസവും 400 മുതൽ 800 ഗ്രാം വരെ പഴങ്ങളും പച്ചക്കറികളും ആഹാരത്തിലുൾപ്പെടുത്തുക.
 • കരിഞ്ഞ ഭക്ഷണപദാർഥങ്ങൾ കഴിക്കരുത്.
 • ഉപ്പിലിട്ട ആഹാരപദാർഥങ്ങൾ, ഭക്ഷ്യഎണ്ണ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
 • പൂപ്പൽ ബാധിച്ച ഭക്ഷണസാധനങ്ങൾ കഴിക്കരുത്.
 • ലൈംഗിക ജീവിതം നയിക്കുന്ന സ്ത്രീകൾ സെർവിക്കൽ സ്മിയർ ടെസ്റ്റിനു  വിധേയമാകണം.
 • പുകയിലമുറുക്ക് ഒഴിവാക്കുന്നതു വായ, തൊണ്ട, ശ്വാസകോശം. അന്നനാളം, ആമാശയം എന്നിവയിൽ കാൻസറിനുളള സാധ്യത കുറയ്ക്കും. പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഉപേക്ഷിക്കുക. മദ്യപാനം പൂർണമായും ഒഴിവാക്കണം.
 • അമിതഭാരവും ഭാരക്കുറവും ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുടെ ഉപദേശം തേടണം.
 • വ്യായാമം ശീലമാക്കുക. നടത്തം ഗുണപ്രദം.
 • ചുവന്നമുളകിന്റെ ഉപയോഗം, ചൂടുകൂടിയ ആഹാരം എന്നിവ കഴിയുന്നത്ര ഒഴിവാക്കുന്നതു ആമാശയ കാൻസർസാധ്യത കുറയ്ക്കും.
 • കൊഴുപ്പു കൂടിയ ഭക്ഷണപദാർഥങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ശരീരഭാരം നിയന്ത്രിക്കുക.
 • സുരക്ഷിതമല്ലാത്ത ലൈംഗിക ജീവിതം ഒഴിവാക്കുക.
 • മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പൊതിനയില എന്നില ധാരാളം ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. പച്ചക്കറികൾ ഏറെ നേരം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെളളത്തിൽ (വിനാഗരിയോ പുളിവെളളമോ ചേർത്ത വെളളത്തിലോ)സൂക്ഷിച്ച ശേഷമേ പാകം ചെയ്യാവൂ.
 • നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കാം. (ആപ്പിൾ, കാബേജ്, ചീര, ബാർലി, ഓട്സ്, ബീൻസ്, തവിടു നീക്കം ചെയ്യാത്ത ധാന്യപ്പൊടി, പയർ, ബദാം, കശുവണ്ടി, കുമ്പളങ്ങ, മധുരക്കിഴങ്ങ്, കാരറ്റ്, തക്കാളി, ഉളളി, ഈന്തപ്പഴം, സോയാബീൻ, ഓറഞ്ച്...) ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക
 • ലൈംഗിക ശുചിത്വം പാലിക്കുക. ഒന്നിലധികം പങ്കാളികളുമായുളള ലൈംഗിക ജീവിതം ഉപേക്ഷിക്കുക.പ്രസവങ്ങൾക്കിടയിലെ ഇടവേളയുടെ ദൈർഘ്യം വർധിപ്പിക്കുക. കുറഞ്ഞ പ്രായത്തിലുളള വിവാഹം ഒഴിവാക്കുക
 • ജൈവകൃഷിയിലൂടെ വിളയിച്ച ഇലക്കറികൾ, സിട്രസ് ഫലങ്ങൾ(നാരങ്ങ, ഓറഞ്ച്) എന്നിവ ഭക്ഷണത്തിലുൾപ്പെടുത്തുക.
 • ചക്കപ്പഴം, മാതളനാരങ്ങ, പപ്പായ തുടങ്ങിയ പഴങ്ങൾ ശീലമാക്കുക
 • കുടുംബത്തിലാർക്കെങ്കിലും സ്തനാർബുദമോ ഓവേറിയൻ കാൻസറോ ഉണ്ടായിട്ടുണ്ടങ്കിൽ ആ കുടുംബത്തിലെ സ്ത്രീകൾ നിർബന്ധമായും ജെനറ്റിക്് ടെസ്റ്റിനു വിധേയരാകണം. സ്തനാർബുദം മുൻകൂട്ടിയറിയാൻ സഹായകമായ ടെസ്റ്റുകൾക്ക് ഒരു ഓങ്കോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ വിധേയമാകണം.
 • വറുത്തതും എണ്ണയിൽ പൊരിച്ചതുമായ ആഹാരം പരമാവധി കുറയ്ക്കുക. മൈദ വിഭവങ്ങളും പരമാവധി ഒഴിവാക്കുക
 • ഉപ്പ്, എണ്ണ, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
 • പുകയില ഉത്പന്നങ്ങൾ, പാൻമസാല എന്നിവ പൂർണമായും ഒഴിവാക്കുക.
 • പ്രകൃതിയോടിണങ്ങിയ ജീവിതശൈലി സ്വീകരിക്കുക. ആഴ്ചയിൽ ഒരിക്കൽ ഉപവസിക്കുക. യോഗ ശീലമാക്കുക. ആഴ്ചയിൽ ഒരു ദിവസമെങ്കിലും സസ്യാഹാരം മാത്രം കഴിക്കുക.
 • പുരുഷൻമാർ പ്രോസ്റ്റേറ്റ് കാൻസർസാധ്യത മുൻകൂട്ടി കണ്ടുപിടിക്കുന്നതിനുളള സ്ക്രീനിംഗ്് ടെസ്റ്റിനു വിധേയരാവുക.
 • ഹെപ്പറ്റൈറ്റിസ് ബിയ്ക്കെതിരേയുളള പ്രതിരോധ വാക്സിൻ എടുത്തുക. കരളിനുണ്ടാകുന്ന് ചിലതരം കാൻസറുകളെ പ്രതിരോധിക്കാൻ ഇതു സഹായകം.
 • സെർവിക്കൽ കാൻസറിനു കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെ (എച്ച്പിവി) പ്രതിരോധിക്കാൻ പെൺകുട്ടികൾ നിർബന്ധമായും വ്ാക്സിനേഷനു വിധേയരാകണം.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്

ക്ഷയം ചികിത്സിച്ചില്ലെങ്കിൽ അപകടം

രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമയാണ് ശ്വാസകോശ ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണം. ഇവർ ഉടൻ കഫപരിശോധനയ്ക്ക് വിധേയരായി ക്ഷയരോഗമില്ല എന്നുറപ്പുവരുത്തണം. ഇതിനുള്ള ലബോറട്ടി സംവിധാനങ്ങൾ മിക്ക സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഏർപ്പെടുത്തിയിട്ടുണ്ട്. കഫ പരിശോധന ആർക്കും ഇവിടെ സ്വയം ആവശ്യപ്പെടാവുന്നതാണ്.

പകരുന്നത് എങ്ങനെ

ക്ഷയരോഗം പകരുന്നത് വായുവിലൂടെയാണ്. ശ്വാസകോശ ക്ഷയമുള്ള ഒരു രോഗി ശരിയായി ചികിത്സിച്ചില്ലെങ്കിൽ അവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉറക്കെ സംസാരിക്കുമ്പോഴും ലക്ഷക്കണക്കിന് അണുക്കൾ വായുവിലൂടെ കഫ കണികകളായി പരക്കുന്നു.

ഇത് ശ്വസിക്കുന്ന ഒരാൾക്ക് അണുബാധ ഉണ്ടാകുകയും പിന്നീട് ക്ഷയമായി തീരുകയും ചെയ്യുന്നു. ഇന്ത്യയിൽ 40 ശതമാനം ജനങ്ങളിലും ഇപ്രകാരം അണുക്കൾ കയറിയിട്ടുണ്ട്. ഇവരിൽ പത്ത് ശതമാനത്തോളം പേർ പിന്നീട് ക്ഷയരോഗികളാകുന്നു എന്നാണ് കണക്ക്. ഇതിൽ എച്ച്ഐവി ബാധിതർക്കും പ്രമേഹരോഗികൾക്കും പുകവലിക്കാർക്കും മറ്റ് പ്രതിരോധശേഷി കുറഞ്ഞവർക്കും ക്ഷയരോഗം വരാനുള്ള സാധ്യത വളരെ അധികമാണ്.

ഡോട്സ് ചികിത്സ

പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി (RNTCP) ക്ഷയരോഗം കണ്ടെത്തുന്നതിനും ശരിയായി ചികിത്സിക്കുന്നതിനും രോഗം പൂർണമായും ഭേദമാക്കി എന്നുപറയുന്നതിനുമുള്ള സമ്പ്രദായമാണ് ഡോട്സ്. സർക്കാർ പദ്ധതിയായി മാത്രം ഇതു നിർത്താതെ ഇപ്പോൾ സ്വകാര്യ മേഖലയിലും ഈ പദ്ധതി വ്യാപകമാക്കിക്കൊണ്ടിരിക്കുകയാണ്. കാരണം സ്വകാര്യ മേഖലയിലാണ് പകുതിയിലധികം പേരും ചികിത്സയ്ക്കെത്തുന്നത് എന്നതുതന്നെ.

MDR TB (മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ടിബി)

ക്ഷയരോഗ നിയന്ത്രണപ്രവർത്തനങ്ങളിൽ ഇന്ന് നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് മരുന്നിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ഗുരുതരമായ ക്ഷയരോഗത്തിന്റെ വ്യാപനം. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും ക്ഷയരോഗമരുന്നുകൾ മുടക്കുന്നതും കൃത്യമായ അളവിലല്ലാതെ കഴിക്കുന്നതും ഡോട്സ് വഴിയല്ലാതെ ടിബി മരുന്നുകൾ കഴിക്കുന്നതും ഈ ഗുരുതര ക്ഷയരോഗം ഉണ്ടാകുന്നതിനു കാരണമാകുന്നു.

RNTCP യിൽ ഇതിന്റെ നിർണയവും (Culture and Sensitivity) മരുന്നുകളും ഇപ്പോൾ സൗജന്യമാണ്. തിരുവനന്തപുരം RNTCPIRL ൽ (Intermediate Reference Laboratory) ആണ് ഇതു നടത്തുന്നത്. ചികിത്സ രണ്ടുവർഷത്തോളം നീണ്ടുനിൽക്കുന്നതാണ്. ക്ഷയരോഗം ശരിയായി ഡോട്സ് വഴി ചികിത്സിക്കുകയാണ് ഇത്തരത്തിലുള്ള ഗുരുതര ക്ഷയരോഗം തടയുവാനുള്ള മാർഗം.

വിവരങ്ങൾ: എം.കെ. ഉമേഷ്

ഐഇസി നോഡൽ ഓഫീസർ– ആർഎൻടിസിപി.

എല്ലുകളുടെ കരുത്തിനും വിളർച്ച തടയാനും തക്കാളി

മുടിയുടെ ആരോഗ്യത്തിനു തക്കാളിയിലെ വിറ്റാമിൻ എയും ഇരുമ്പും ഗുണപ്രദം. മുടിയുടെ കരുത്തും തിളക്കവും മെച്ചപ്പെടുത്തുന്നു. തക്കാളിയുടെ അസിഡിറ്റി മുടിയുടെ പിഎച്ച് നില സംതുലനം ചെയ്ത് മുടിയുടെ സ്വാഭാവിക നിറം നിലനിർത്തുന്നു.

പ്രായമായവരുടെ ആരോഗ്യത്തിനു തക്കാളി സഹായകം. തക്കാളിയിലുളള വിറ്റാമിൻ കെയും കാൽസ്യവും എല്ലുകളുടെ കേടുപാടുകൾ തീർക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായകം. തക്കാളിയിലുളള ലൈകോപീൻ എന്ന ആന്റിഓക്സിഡന്റ് ബോൺ മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നു.

പ്രമേഹബാധിതർക്കു രക്‌തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാൻ തക്കാളി ചേർത്ത ഭക്ഷണം സഹായകം. തക്കാളിയിലുളള ക്രോമിയം, നാരുകൾ എന്നിവയും ഷുഗർ നിയന്ത്രിതമാക്കുന്നു.

തക്കാളിയിലെ ആന്റിഓക്സിഡന്റുകൾ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകം. തക്കാളിക്കു കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനും സഹായകം.

തക്കാളിയിലെ ആന്റി ഓക്സിഡന്റുകൾ കാൻസർ തടയുന്നതിനും സഹായകം. തക്കാളി ശീലമാക്കിയാൽ പ്രോസ്റ്റേറ്റ് കാൻസർസാധ്യത കുറയ്ക്കാമെന്ന് ചില പഠനങ്ങൾ പറയുന്നു. ശ്വാസകോശം, ആമാശയം, വായ, തൊണ്ട, കുടൽ, അണ്ഡാശയം തുടങ്ങിയ അവയവങ്ങളിലെയും കാൻസർസാധ്യത കുറയ്ക്കാം. തക്കാളിയിലെ ലൈകോപീൻ എന്ന ആന്റി ഓക്സിഡന്റാണ് ഈ സിദ്ധിക്കു പിന്നിലെന്നു ശാസ്ത്രം.

തൂക്കം കുറച്ച് സ്ളിം ആകാൻ പദ്ധതിയിടുന്നവർ ആഹാരക്രമത്തിൽ തക്കാളി കൂടുതൽ ഉൾപ്പെടുത്തണമെന്ന് പറയാറുണ്ട്. തക്കാളിയിൽ കൊഴുപ്പു കുറവാണ്. കൊളസ്ട്രോൾ ഇല്ല. ജലാംശവും നാരുകളും ധാരാളം. അതിനാൽ വളരെപ്പെട്ടെന്നു വയറുനിറയും. അധിക കലോറി ഭക്ഷണം കഴിക്കുന്നത് അങ്ങനെ ഒഴിവാക്കാം. അതു ശീലമാക്കിയാൽ ക്രമേണ തൂക്കം കുറയും. ആപ്പിളിനൊപ്പം സാലഡിൽ ചേർത്തു കഴിക്കാം.

നീർവീക്കത്തെ തുടർന്നുളള ശരീരവേദന കുറയ്ക്കുന്നതിന് തക്കാളിയിലെ ആന്റി ഇൻഫ്ളമേറ്ററി ഏജന്റുകളായ ബയോ ഫ്ളേവോനോയ്ഡുകളും കരോട്ടിനോയ്ഡുകളും സഹായകം. തക്കാളിയിലുളള ലൈകോപീൻ, വിറ്റാമിൻ സി എന്നിവ സുഖനിദ്ര സമ്മാനിക്കുന്നു. പക്ഷേ, ഗുണകരമാണെന്നു കരുതി അമിതമായി കഴിക്കരുത്. ആസിഡിന്റെ തോത് കൂടുതലായതിനാൽ തക്കാളി അമിതമായി കഴിച്ചാൽ നെഞ്ചെരിച്ചിലിനു സാധ്യതയുണ്ട്.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്

ഗർഭിണികളുടെ ആരോഗ്യത്തിന് ഏത്തപ്പഴം

ഏത്തപ്പഴത്തിൽ കൊഴുപ്പു കുറവാണ്, നാരുകളും വിറ്റാമിനുകളും ധാരാളവും. അമിതഭാരം കുറയ്ക്കുന്നതിനു ഫലപ്രദം. അതിലുള്ള ബി വിറ്റാമിനുകൾ ഭക്ഷണത്തെ ഊർജമാക്കി മാറ്റുന്നതിനും സഹായകം. ഗർഭിണികൾ ഏത്തപ്പഴം ശീലമാക്കുന്നതു ഗർഭസ്‌ഥശിശുവിന്റെ ശരീരവികാസത്തിനു ഗുണപ്രദം. ഏത്തപ്പഴം കഴിച്ചാൽ മനസിന്റെ വിഷാദഭാവങ്ങൾ അകറ്റി ആഹ്ളാദകരമായ മൂഡ് സ്വന്തമാക്കാമെന്ന് പഠനങ്ങൾ പറയുന്നു. അതിലുളള ട്രിപ്റ്റോഫാൻ എന്ന പ്രോട്ടീനെ ശരീരം സെറോടോണിനാക്കി മാറ്റുന്നതിലൂടെയാണ് ഡിപ്രഷൻ അകലുന്നത്.

നാഡീവ്യവസ്‌ഥയുടെ കരുത്തിനും വെളുത്ത രക്‌താണുക്കളുടെ നിർമാണത്തിനും ഏത്തപ്പഴത്തിലുളള വിറ്റാമിൻ ബി6 സഹായകം. പുകവലി നിർത്തുന്നവർ നേരിടുന്ന പിൻവാങ്ങൽ ലക്ഷണങ്ങളിൽ നിന്ന്(നിക്കോട്ടിൻ അഡിക്ഷൻ) മോചനത്തിന് ഏത്തപ്പഴത്തിലെ ബി വിറ്റാമിനുകളായ ബി6, ബി12, പൊട്ടാസ്യം മഗ്നീഷ്യം ഗുണപ്രദം. മുടിയുടെ തിളക്കത്തിനും വളർച്ചയ്ക്കും മുടിയുടെ അറ്റം പൊട്ടുന്നതു തടയുന്നതിനും ഏത്തപ്പഴം ഗുണപ്രദം. പ്രായമാകുന്നതോടെ എല്ലുകളുടെ കട്ടി കുറഞ്ഞു പൊടിയുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗം ചെറുക്കുന്നതിനും ഏത്തപ്പഴം സഹായകം.

കാൽസ്യത്തിന്റെ ആഗിരണത്തിനും ഏത്തപ്പഴത്തിലെ പ്രോബയോട്ടിക് ബാക്ടീരിയ സഹായകം. കാൽസ്യം എല്ലുകൾക്കു കരുത്തുനല്കുന്നു.

ചർമത്തിന്റെ ഇലാസ്തിക നിലനിർത്തുന്നതിനു സഹായകമായ വിറ്റാമിൻ സി, ബി6 തുടങ്ങിയ പോഷകങ്ങൾ ഏത്തപ്പഴത്തിൽ ധാരാളം.ഏത്തപ്പഴത്തിലുളള ആന്റിഓക്സിഡന്റുകളും മാംഗനീസും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തിൽനിന്നു ചർമകോശങ്ങളെ സംരക്ഷിക്കുന്നു. ചുരുക്കത്തിൽ ചർമത്തിന്റെ തിളക്കവും ചെറുപ്പവും നിലനിർത്തുന്നതിന് ഏത്തപ്പഴം പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതു ഗുണകരം. ഏത്തപ്പഴത്തിൽ 75 ശതമാനം ജലാംശമുണ്ട്. ഇത് ചർമം ഈർപ്പമുളളതാക്കി സൂക്ഷിക്കുന്നതിനു സഹായകം. ചർമം വരണ്ട് പാളികളായി അടരുന്നതു തടയുന്നു.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്

ഫാസ്റ്റ്ഫുഡിലെ ട്രാൻസ്ഫാറ്റ്

അപകടം ട്രാൻസ്ഫാറ്റ് വില്ലൻ

ഫാസ്റ്റ് ഫുഡ് തയാറാക്കാൻ പലപ്പോഴും വനസ്പതി ഉപയോഗിക്കാറുണ്ട്്. വനസ്പതി യഥാർഥത്തിൽ സസ്യ എണ്ണയാണ്. കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ അതിനെ ഖരാവസ്‌ഥയിലേക്കു മാറ്റുന്നതാണ്. ഇതിൽ അടങ്ങിയ കൊഴുപ്പ് ട്രാൻസ് ഫാറ്റ് എന്നറിയപ്പെടുന്നു. അതു ശരീരത്തിന്റെ പ്രതിരോധശക്‌തി നശിപ്പിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്കുളള സാധ്യത കൂട്ടുന്നു. അതുപോലെതന്നെ വെളിച്ചെണ്ണയിലെ സാച്ചുറേറ്റഡ് ഫാറ്റും അപകടകാരിയാണ്. ആവർത്തിച്ചുപയോഗിക്കുന്ന എണ്ണയാകുമ്പോൾ പ്രശ്നം സങ്കീർണമാകും.

കനലിൽ ഗ്രിൽ ചെയ്താലും

എണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. കനലിൽ വേവിക്കുമ്പോൾ (Grilling) ചിക്കനിലുളള എണ്ണ പുറത്തുവന്ന് അവിടവിടെ കരിഞ്ഞ അവസ്‌ഥയിലായിരിക്കും. അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ഹൈഡ്രോകാർബൺ (polycyclic hydrocarbon) കാൻസറിനിടയാക്കുന്നു. ആവർത്തിച്ചു ചൂടാക്കുമ്പോൽ ഉണ്ടാകുന്ന അക്രിലിനും കാൻസറിനിടയാക്കും.

മാലിന്യം കലരാം

നിർമാണം മുതൽ തീൻമേശയിലെത്തുന്നതു വരെയുളള ഏതുഘട്ടത്തിലും ഫാസ്റ്റ്ഫുഡ് വിഭവങ്ങളിൽ കണ്ടാമിനേഷൻ (സൂക്ഷ്മാണുക്കൾ, മാലിന്യങ്ങൾ... ആരോഗ്യത്തിനു ദോഷകരമായ പദാർഥങ്ങൾ കലരുക) സാധ്യത ഏറെയാണ്. പ്രത്യേകിച്ചു ഷവർമ പോലെയുളള ജനപ്രിയ ഫാസ്റ്റ് ഫുഡ് ഇനങ്ങളിൽ. അതിലുപയോഗിക്കുന്ന ാമ്യീിമശലെ (എണ്ണയും മുട്ടയും കൂടി മിക്സ് ചെയ്തത്) ചിലപ്പോൾ അപകടകാരിയാകുന്നു. ഒരു മുട്ട കേടാണെങ്കിൽ അതിൽനിന്നു വരുന്ന സാൽമൊണല്ല എന്ന ബാക്ടീരിയ അസുഖങ്ങളുണ്ടാക്കാം. അതു തയാറാക്കാൻ ഉപയോഗിക്കുന്ന ചിക്കൻ കേടാകാനുളള സാധ്യതകൾ പലതാണ്. വേവിച്ചചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതിയാണു കണ്ടുവരുന്നത്. താപനിലയിൽ വ്യത്യാസം വന്നാൽ ഫ്രിഡ്ജിനുള്ളിലിരുന്നുതന്നെ കേടാകാം. അല്ലെങ്കിൽ പാകം ചെയ്തപ്പോൾ വേണ്ടവിധം വേവാത്ത ചിക്കൻ ഭാഗങ്ങൾ വഴിയും കണ്ടാമിനേഷൻ വരാം.

വിവരങ്ങൾ: ഡോ. അനിതമോഹൻ ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്

 • ഡയറ്റ് കൺസൾട്ടന്റ്

അർബുദത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാം

സ്തനാർബുദം

ആഗോളതലത്തിൽ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളിൽ ഏറ്റവും മുന്നിലാണ് സ്തനാർബുദം. എന്നാൽ, തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കാനായാൽ പൂർണ്ണമായും സുഖപ്പെടുത്താവുന്നതാണ് സ്തനാർബുദം.

സ്തനത്തിൽ തടിപ്പ്, മുഴ, സ്തനത്തിലോ മുഴയിലോ വേദന, സ്തന ചർമ്മത്തിൽ വ്യത്യാസം, മുലക്കണ്ണിൽ പൊട്ടൽ, മുലക്കണ്ണ് ഉള്ളിലേക്കു വളയുക, രക്‌തമയമുള്ള സ്രവം, കക്ഷത്തിലെ തടിപ്പ്, സ്തനങ്ങിലെ തടിപ്പിലുള്ള വ്യത്യാസം എന്നിവ സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. സ്തനാർബുദം കണ്ടെത്താനുള്ള പ്രധാന പരിശോധന മാമോഗ്രാഫിയാണ്. കൂടാതെ സ്വയം സ്തന പരിശോധനയിയൂടെയും രോഗം കണ്ടെത്താവുന്നതാണ്.

ഗർഭാശയഗള കാൻസർ

മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാവുന്ന കാൻസറാണ് ഗർഭാശയഗള കാൻസർ സെർവിക്കൽ (കാൻസർ). സ്താനാർബുദം കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാൻസറാണിത്. ഗർഭാശയഗളത്തിലെ കോശങ്ങളിലുണ്ടാകുന്ന മാറ്റമാണ് കാൻസറിനു കാരണമാകുന്നത്. രോഗം പ്രകടമാകുന്നതിനു 10–15 വർഷം മുമ്പു തന്നെ കാൻസറിനു കാരണമാകുന്ന കോശമാറ്റങ്ങൾ ഗർഭാശയഗളത്തിൽ നടക്കും. അതുകൊണ്ട് സ്ക്രീനിങ്ങിലൂടെ കോശമാറ്റങ്ങൾ കണ്ടെത്താനും രോഗസാധ്യത തിരിച്ചറിയാനും പറ്റും.

ലൈംഗിക ബന്ധത്തിനു ശേഷം രക്‌തസ്രാവമുണ്ടാകുക, ആർത്തവങ്ങൾക്കിടയ്ക്കുള്ള സമയത്തെ രക്‌തംപോക്ക് എന്നിവ ഗർഭാശയഗള കാൻസറിന്റെ ലക്ഷണമാവാം. അതുകൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ ഗർഭാശഗള കാൻസറാണോ എന്നറിയാൻ സ്ക്രീനിങ്ങ് നടത്തണം.

പാപ്സ്മിയറാണ് ഗർഭാശയഗള കാൻസറിന്റെ പ്രധാന സ്ക്രീനിങ്ങ് പരിശോധന. വേദനയോ പാർശ്വഫലങ്ങളോ വളരെ പെട്ടെന്ന് ചെയ്യാവുന്നതുമായ പരിശോധനയാണിത്. നഗ്നനേത്രങ്ങൾ കൊണ്ട് ഗർഭാശയമുഖത്തെ നിരീക്ഷിക്കുകയാണ് ആദ്യ പടി. പിന്നീട് ഗർഭാശയമുഖത്തിന്റെ അകത്തും പുറത്തുമുള്ള കോശങ്ങൾ സ്പാറ്റുല എന്ന ഉപകരണം കൊണ്ട് ശേഖരിച്ചു പരിശോധിക്കും. ഈ കോശങ്ങളെ സൂക്ഷ്മ നിരീക്ഷണിയിലൂടെ മാറ്റങ്ങളുണ്ടോയെന്നു നോക്കുന്നു.

പാപ് സ്മിയറിൽ എന്തെങ്കിലും പ്രകടമായ മാറ്റം കണ്ടാൽ കോൾപ്പോസ്കോപ്പി പരിശോധന നടത്താം. എച്ച് പി വി ടെസ്റ്റും സ്ക്രീനിങ്ങിന് ഉപയോഗിക്കുന്നു. ഗർഭാശയഗള കാൻസറിനു കാരണമാകുന്ന എച്ച് പി വി ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് സജീവമായ ലൈംഗികബന്ധം തുടങ്ങി രണ്ടു വർഷം മുതൽ പാപ് സ്മിയർ നടത്താം. ആദ്യ മൂന്നു വർഷത്തിൽ എല്ലാ പ്രാവശ്യവും തുടർന്ന് 65 വയസ്സു വരെ മൂന്നു വർഷത്തിലൊരിക്കലും പരിശോധ നടത്തേണ്ടതാണ്.

പ്രോസ്റ്റേറ്റ് കാൻസർ അറിയാം

പുരുഷന്മാരിൽ കണ്ടുവരുന്ന കാൻസറാണ് പ്രോസ്റ്റേറ്റ് കാൻസർ. പ്രായം കൂടുന്നത് ഈ കാൻസറിനുള്ള സാധ്യതയെ സ്വാധീനിക്കാം.

മൂത്രമൊഴിക്കുന്നതിനുള്ള പ്രശ്നങ്ങളാണ് പ്രേസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണമായി കാണുന്നത്. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുന്നതും മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്‌ഥതകളും കടുത്തവേദനയും അപകട ലക്ഷണങ്ങളായി കരുതേണ്ടതാണ്. രോഗലക്ഷണങ്ങളെ വിലയിരുത്തിയതിനു ശേഷം ശാരീരിക പരിശോധന, സ്കാനിങ്ങ്, ബയോപ്സി എന്നിവ ചെയ്യും.

40 കഴിഞ്ഞാൽ പിഎസ്എ ടെസ്റ്റ് എന്നുപറയുന്ന രക്‌തപരിശോധന നടത്താവുന്നതാണ്. പിഎസ്എ അളവ് എപ്പോഴും കാൻസറിന്റെ സൂചനയാകണമെന്നില്ല. പിഎസ്എ ഫലത്തോടൊപ്പം, പിഎസ്എ അളവ് നാല് നാനോഗ്രാമോ അതിൽ കൂടുതലോ ആണെങ്കിൽ കാൻസർ നിർണ്ണയ പരിശോധനകൾ നടത്താറുണ്ട്. 40 വയസിനു ശേഷം എല്ലാ പുരുഷന്മാരും വർഷത്തിലൊരിക്കൽ പിഎസ്എ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.

കൊളോറെക്ടൽ കാൻസർ

വൻകുടലിലും മലാശയത്തിലുമുണ്ടാകുന്ന കാൻസറുകളും (കൊളോറെക്ടൽ കാൻസർ) ലക്ഷണങ്ങളിലൂടെ മുൻകൂട്ടി കണ്ടെത്താം. മലത്തിലൂടെ രക്‌തം പോകുക, മലദ്വാരത്തിൽ നിന്നുള്ള രക്‌തസ്രാവം, ആഴ്ചകളോളം നീണ്ടുനിൽക്കുന്ന മലബന്ധം, അടിവയറ്റിലുണ്ടാകുന്ന വേദന, ഭാരനഷ്‌ടം എന്നിവയൊക്കെ ഇത്തരം കാൻസറുകളുടെ ലക്ഷണമാവാം. ഇത്തരം ലക്ഷണങ്ങൾ നീണ്ടുനിന്നാൽ ഡോക്ടറെ സമീപിക്കണം. കുടുംബത്തിൽ ആർക്കെങ്കിലും വൻകുടലിൽ മുഴകൾ ഉണ്ടായിട്ടുണ്ടെങ്കിൽ 10 വയസ്സിനു മുമ്പേ മറ്റ് അംഗങ്ങളും സ്ക്രീനിങ്ങ് തുടങ്ങണം. മലത്തിൽ രക്‌തത്തിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ഫീക്കൽ ഔക്കൾട്ട് ബ്ലഡ് ടെസ്റ്റ് ( എഫ്.ഒ.ബി ) കോളനോ സ്കോപ്പി എന്നീ പരിശോധനകളാണ് സ്ക്രീനിങ്ങിനായി ഉപയോഗിക്കുന്നത്. ഇവയിൽ എഫ്.ഒ.ബി വർഷന്തോറുമാണ് നടത്തേണ്ടത്. കൂടുതലും പ്രായം ചെന്നവരിലാണ് ഇത്തരം കാൻസറുകൾ കണ്ടുവരുന്നത് എന്നതുകൊണ്ട് 40 വയസ്സു മുതൽ ഇത്തരം സ്ക്രീനിങ്ങിനു വിധേയരാക്കേണ്ടതാണ്.

ശ്വാസകോശ കാൻസർ

ശ്വാസകോശ കാൻസറിന്റെ കാര്യത്തിൽ പലപ്പോഴും രോഗം ഗുരുതരമായി കഴിഞ്ഞേ ലക്ഷണങ്ങൾ പ്രകടമാകൂ എന്നതുകൊണ്ടു തന്നെ മുൻകൂട്ടി തിരിച്ചറിയൽ പ്രയാസമാണ്. പക്ഷേ, രോഗലക്ഷണങ്ങളുള്ളവർക്ക് ചെസ്റ്റ് എക്സ്റേയിലൂടെ രോഗതീവ്രത ഉണ്ടോ എന്നറിയാം. പുകവലി പതിവാക്കിയവർ, ആസ്ബറ്റോസ്, ചില രാസവസ്തുക്കൾ എന്നിവയുമായി സ്‌ഥിരം ബന്ധപ്പെടുന്ന ജോലികളിലേർപ്പെടുന്നവർ തുടങ്ങിയവരെല്ലാം പ്രകടമായ ലക്ഷണങ്ങളില്ലെങ്കിലും സിടി സ്കാൻ പരിശോധനയ്ക്കു വിധേയരാകുന്നത് നല്ലതാണ്.

മൂന്നാംലോക രാഷ്ര്‌ടങ്ങളിൽ കണ്ടെത്തുന്ന 80 ശതമാനം കാൻസറുകളും ഗുരുതരാവസ്‌ഥയിലെത്തിയതിനു ശേഷമാണ് തിരിച്ചറിയപ്പെടുന്നത്. ഇത്തരം കേസുകളിൽ 7080 ശതമാനവും മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നെങ്കിൽ പൂർണ്ണമായി സുഖപ്പെടുത്താനാവും എന്നതൊരു ദു: ഖ സത്യമാണ്. അതുകൊണ്ടു തന്നെ, സ്പെഷ്യലിസ്റ്റുകളുടെ ഈ യുഗത്തിൽ ഫാമിലി ഡോക്ടർ എന്ന ആശയത്തിന് പ്രസക്‌തിയേറുന്നു. വർഷാവർഷമുള്ള പരിശോധനകളിൽ നിങ്ങൾക്കാവശ്യമുള്ള കാൻസർ സ്ക്രീനിങ്ങുകൾ ഉപ്പെടുത്താനും ലക്ഷണങ്ങളോടൊപ്പം കുടുംബപാരമ്പര്യവും ജീവിതശൈലിയും കണക്കിലെടുത്ത് രോഗം മുൻകൂട്ടി തിരിച്ചറിയാനും വേണ്ട സമയത്ത് ചികിത്സ തുടങ്ങാനും കുടുംബ ഡോക്ടർക്ക് എളുപ്പം കഴിഞ്ഞേക്കും. പുകയില ഒഴിവാക്കുന്നത് ശ്വാസകോശാർബുദം തടയുന്നതിനു സഹായിക്കും.

ഈ കാൻസർ ലക്ഷണങ്ങളിലൂടെ അറിയാം

 

നാസോഫാരിങ്സ്

 

മൂക്കൊലിപ്പ്, സ്‌ഥിരം മൂക്കടപ്പ്, കേൾവിക്കുറവ്, കഴുത്തിനു മുകൾ വശത്തായി മുഴകളും വീക്കവും.

ലാരിങ്സ്

തുടർച്ചയായി ഒച്ചയടപ്പ് രണ്ടുമാസത്തിൽ കൂടുതൽ.

ആമാശയം

മുകൾ വയറ്റിൽ വേദന, ദഹനക്കുറവ്, ഭാരനഷ്‌ടം, കറുത്ത നിറത്തിലുള്ള മലം.

സ്കിൻ മെലനോമ

കൃത്യമായ അരികുകളില്ലാതെ പടർന്നു കിടക്കുന്ന തവിട്ടുനിറമുള്ള പാടുകൾ, ചൊറിച്ചിലുള്ളതോ രക്‌തം വരുന്നതോ ആയ പാടുകൾ.

മറ്റ് ത്വക്ക് കാൻസറുകൾ

ത്വക്കിലെ ഭേദമാകാത്ത പാടുകൾ.

മൂത്രാശയ കാൻസർ

വേദന, ഇടയ്ക്കിടെയുള്ള ആയാസകരമായ മൂത്രം പോക്ക്, മൂത്രത്തിൽ രക്‌തം കാണപ്പെടുക

ടെസ്റ്റിക്കുലർ കാൻസർ

ഏതെങ്കിലും ഒരു വൃഷണത്തിലുണ്ടാകുന്ന തടിപ്പ്

തൈറോയിഡ് കാൻസർ

കഴുത്തിലെ വീക്കം

തലച്ചോറില ട്യൂമർ

തുടർച്ചയായ തലവേദന, ഛർദ്ദി, അപസ്മാരം, ബോധക്ഷയം

ഈ ലക്ഷണങ്ങൾ കൊണ്ടു മാത്രം കാൻസർ ഉറപ്പിക്കാനാവില്ല. പക്ഷേ, ലക്ഷണങ്ങൾ കാൻസറിന്റേതല്ലെന്നു ഉറപ്പുവരുത്തണം.

ഡോ. ജയപ്രകാശ്

ഓങ്കോളജിസ്റ്റ്, കിംസ് കാൻസർ സെന്റർ, തിരുവനന്തപുരം –

മധുരം കഴിക്കുമ്പോൾ: വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്

പഞ്ചസാര എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം ശരീരഭാരവും കൂടും. ഇടയ്ക്കിടെ മധുരം ചേർത്ത ചായ കഴിക്കുന്നതാണ് സ്ത്രീകളുടെ വണ്ണം കൂടുന്നതിനുള്ള കാരണങ്ങളിലൊന്ന്. കുട്ടികൾക്കു കൊടുത്ത മധുരപലഹാരങ്ങളുടെ ബാലൻസ് ഉണ്ടെങ്കിൽ അതു കളയേണ്ട എന്നു കരുതി കഴിക്കുന്ന വീട്ടമ്മമാർ ധാരാളം. ദിവസം മധുരമിട്ട ചായ രണ്ടിൽ അധികം കഴിക്കുന്ന സ്ത്രീകളും ധാരാളം. ഇതെല്ലാം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അമിതഭാരം വരുന്നതിനിടയാക്കുന്നു.

വീട്ടിൽ നിൽക്കുമ്പോൾ ഇടയ്ക്കിടെ സോഫ്റ്റ് ഡ്രിംഗ്സ് (നാരങ്ങാവെള്ളം, ജ്യൂസ്...)കഴിക്കുന്നതും സ്ത്രീകളുടെ ശരീരത്തിലെത്തുന്ന മധുരത്തിന്റെ തോതു വർധിപ്പിക്കുന്നു. അവയൊക്കെ ഒരു ഭക്ഷണമായി തോന്നില്ലെങ്കിലും അവയിലൂടെയൊക്കെ അമിത കലോറി ശരീരത്തിലെത്തുന്നു. അതു കൊഴുപ്പായി മാറ്റി ശരീരത്തിൽ അടിയും.

മധുരവും സ്ത്രീരോഗങ്ങളും

മധുരവും സ്ത്രീരോഗങ്ങളും തമ്മിൽ നേരിട്ടു ബന്ധമില്ല. മധുരം കഴിച്ചതുകൊണ്ടു പിസിഒഡി സാധ്യതയില്ല. വണ്ണമുള്ളവർക്കു പിസിഒഡി വന്നാൽ അവരോടു മധുരം കുറയ്ക്കാൻ നിർദേശിക്കാറുണ്ട്. വണ്ണം കുറയ്ക്കുന്നതിനു മധുരം കുറയ്ക്കണം.

സോഫ്റ്റ് ഡ്രിംഗ്സിൽ മധുര കൂടും

ഗാഢത കൂടിയ പഞ്ചസാരയാണ് സോഫ്റ്റ് ഡ്രിംഗ്സിലൂടെ കിട്ടുന്നത്. ഒരാൾക്ക് ഒരു ദിവസം ആവശ്യമായതിന്റെ മൂന്നിരട്ടി പഞ്ചസാര സോഫ്റ്റ് ഡ്രിംഗ്സിൽ നിന്നു

ലഭിക്കും. അതിനാൽ അത് ശീലമാക്കേണ്ട,

അമിതഭാരവും കാൻസർ സാധ്യതയും

 

പഞ്ചസാരയും കാൻസറും തമ്മിൽ നേരിട്ടു ബന്ധമില്ല. പഞ്ചസാര കൂടുതൽ കഴിച്ചാൽ അമിതഭാരം വരും. അമിതഭാരം കാൻസർസാധ്യത വർധിപ്പിക്കുമെന്നു പഠനങ്ങളുണ്ട്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

 

പഞ്ചസാരയിലുള്ളത് എംറ്റി കലോറി

പഞ്ചസാരയുടെ അമിതോപയോഗമാണ് അമിതഭാരത്തിന്റെ പ്രധാന കാരണം. എനർജി കിട്ടുമെന്ന ന്യായം പറഞ്ഞ് പഞ്ചസാര കൂടുതലായി കഴിക്കരുത്. പഞ്ചസാരയിലുള്ളത് എംറ്റി(ശൂന്യമായ) കലോറിയാണ്. അതിൽ പോഷകങ്ങളില്ല. വെറും കാലറി മാത്രം. അധികമായുള്ള കാലറി ശരീരത്തിലെത്തിയാൽ അതു കൊഴുപ്പായി മാറും. പഞ്ചസാര കഴിച്ചാൽ ഇൻസ്റ്റന്റ് ആയി എനർജി കിട്ടുമെങ്കിലും അതിൽ പോഷകങ്ങളില്ലാത്തതിനാൽ ഗുണത്തേക്കാൾ ദോഷമാണു കൂടുതൽ.

വിവരങ്ങൾ: ഡോ. അനിതമോഹൻ

ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്

 • ഡയറ്റ് കൺസൾട്ടന്റ്.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്

നാരുകൾ കുറഞ്ഞാൽ അമിതഭാരം, കൊളസ്ട്രോൾ..!

ഫാസ്റ്റ്ഫുഡ് എന്നാൽ പെട്ടെന്നു തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം; ജീവിതത്തിരക്കിനിടയിൽ സൗകര്യപ്രദമായി കഴിക്കാവുന്ന ഭക്ഷണം(കൺവീനിയന്റ് ഫുഡ്്)എന്നർഥം; പത്തു മിനിട്ടിനകം തയാറാക്കി കൊടുക്കാവുന്ന ഭക്ഷണം. ഉദാഹരണത്തിനു പൊറോട്ട ഫാസ്റ്റ് ഫുഡാണ്. അതിന്റെ കൂടെ കഴിക്കുന്ന ചില്ലി ബീഫ്, ചിക്കൻ ഫ്രൈ എന്നിവയും ഫാസ്ററ് ഫുഡാണ്. ചപ്പാത്തി ഫാസ്റ്റ് ഫുഡ് അല്ല. എന്നാൽ അതിനൊപ്പം കഴിക്കുന്ന ബട്ടർ ചിക്കൻ, ചില്ലി ചിക്കൻ തുടങ്ങിയവ ചൈനീസ് വിഭവങ്ങളാണെങ്കിലും അവയെയും ഫാസ്റ്റ് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്താം.

എംറ്റി കലോറി

ബർഗർ, പിസ തുടങ്ങിയവയും കോള ഡ്രിംഗ്സും ഫാസ്റ്റ് ഫുഡ് പരിധിയിൽ വരുന്നു. ഒരു കപ്പ് കോള കുടിച്ചാൽ 200 കലോറി ഊർജം കിട്ടുന്നു. അതിനെ എംറ്റി(ശൂന്യം) കലോറി എന്നു പറയുന്നു. അതിൽ ഊർജം മാത്രമേയുളളു. ശരീരത്തിനാവശ്യമായ യാതൊരുവിധപോഷകങ്ങളുമില്ല.

മധുരം അധികമായാൽ

മധുരം അധികമായിക്കഴിഞ്ഞാൽ ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടും. ഫലത്തിൽ തടി കൂടും. അരക്കെട്ടിന്റെ വണ്ണ കൂടും. വയറിൽ കൊഴുപ്പടിയുന്നത് അമിതഭാരത്തിന്റെ സൂചനയാണ്. അതാണു ക്രമേണ പ്രമേഹത്തിനിടയാക്കുന്നത്്. പുരുഷൻമാർക്ക് അരക്കെട്ടിന്റെ ചുറ്റളവ് 90 സെന്റിമീറ്ററിൽ കൂടാൻ പാടില്ല. സ്ത്രീകളിൽ അത്് 80 സെന്റിമീറ്ററിൽ കൂടുതലാകരുത്.

ആവർത്തിച്ച് ഉപയോഗിച്ച എണ്ണ

ഫാസ്ററ് ഫുഡിൽ കൊഴുപ്പിന്റെ അളവു കൂടുതലാണ്. അതാണു ഫാസ്റ്റ് ഫുഡിന്റെ പ്രധാന പ്രശ്നം. മിക്കപ്പോഴും ആവർത്തിച്ചുപയോഗിച്ച എണ്ണയിലാകും മിക്കവരും ഫാസ്റ്റ് ഫുഡ്് തയാറാക്കുന്നത്്. ഫാസ്റ്റ് ഫുഡിൽ മായം ചേർക്കാനുളള സാധ്യതയും കൂടുതലാണ്. പഴകിയ ഭക്ഷ്യവസ്തുക്കൾ

ചൂടാക്കി മസാലക്കൂട്ടും അജിനോമോട്ടോയും ചേർത്തു പത്തു മിനിട്ടിനുളളിൽ പുതിയ ഭക്ഷണമാക്കി കൊടുക്കുന്ന രീതിയാണു മിക്കപ്പോഴും ചില ഫാസ്റ്റ് ഫുഡ് ശാലകളിൽ നടക്കുന്നത്. മിക്കവാറും ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ ഗ്രേവി ഇല്ല. ഏറെയും ഡ്രൈ ആണ്; ചിക്കൻ പോലെ എണ്ണയിൽ പാകം ചെയ്യുന്ന വിഭവങ്ങൾ.

നാരിന്റെ തോതു കുറവ്

സംസ്കരിച്ച ഭക്ഷ്യധാന്യങ്ങളാണു ഫാസ്റ്റ് ഫുഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്്. പച്ചക്കറികളുടെ തോതും തീരെ കുറവാണ്. അതിനാൽ ഫാസ്റ്റ് ഫുഡ് വിഭവങ്ങളിൽ നാരിന്റെ അംശം തീരെ കുറവാണ്. ഇത്തരം വിഭവങ്ങൾ ഉപയോഗിക്കുന്ന ചെറുപ്പക്കാർ നേരിടുന്ന പ്രധാനം പ്രശ്നം അമിതഭാരമാണ്. പെട്ടെന്നു ഭാരം കൂടും. ചെറുപ്പക്കാരിൽ കൊളസ്ട്രോൾ ലെവലും ബിപിയും കൂടുന്നതായി റിപ്പോർട്ടുണ്ട്. പലപ്പോഴും മറ്റ് ആവശ്യങ്ങൾക്കായി രക്‌തപരിശോധന നടത്തുമ്പോഴാണ് അധിക കൊളസ്ട്രോൾ ഉളളതായി തിരിച്ചറിയുന്നത്്. അരക്കെട്ടിന്റെ വണ്ണം കൂടുന്നതും ഇതിന്റെ സൂചനയാണ്. അത് അബ്ഡമൻ ഒബീസിറ്റി എന്നറിയപ്പെടുന്നു. കൂടുതൽ നടക്കുമ്പോൾ ക്ഷീണം, തലകറക്കം എന്നിവയുണ്ടാകുന്നു. ആരോഗ്യജീവിതത്തിന് അവശ്യമായ മറ്റു വിറ്റാമിനുകളുടെ കുറവും ഇവരിൽ കാണപ്പെടുന്നു.

കൊഴുപ്പും ഉപ്പും കൂടുതൽ

ഏറ്റവുമധികം സ്വാദ് കിട്ടുന്നതു കൊഴുപ്പിൽ നിന്നും ഉപ്പിൽ നിന്നുമാണ്. ഫാസ്റ്റ് ഫുഡിൽ ഇവയുടെ തോത് വളരെക്കൂടുതലാണ്. ഇത്തരം ഭക്ഷണം കഴിക്കുന്നവർ പച്ചക്കറികൾ അടങ്ങിയ മറ്റു വിഭവങ്ങൾ കഴിക്കുന്നതും കുറവാണ്.

ചുരുക്കത്തിൽ സാധാരണ ഭക്ഷണത്തിനു പകരം ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിൽ കൊഴുപ്പിന്റെ അളവു കൂടുതലാകുന്നു. നാരിന്റെ തോതു കുറയുന്നു. ഉളളിലെത്തുന്നതു പോഷകാംശം തീരെക്കുറഞ്ഞ സംസ്കരിച്ച ഭക്ഷണമായിരിക്കും. ഇതു വിവിധ ജീവിതശൈലീരോഗങ്ങൾക്കുളള സാധ്യത കൂട്ടുന്നു. (തുടരും)

ഡോ. അനിതമോഹൻ

ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്

 • ഡയറ്റ് കൺസൾട്ടന്റ്.

രണ്ടു വയസുവരെയുളള കുട്ടികൾക്ക് എണ്ണ അത്യാവശ്യം

മറ്റുളള എല്ലാ പോഷകങ്ങളെയുംപോലെ എണ്ണയ്ക്കും ശാരീരികപ്രവർത്തനങ്ങളിൽ സുപ്രധാന

പങ്കുണ്ട്. എന്നാൽ, അമിതമാകരുതെന്നു മാത്രം. വെളിച്ചെണ്ണ പൂർണമായും ഒഴിവാക്കണം എന്ന് ആരും നിർദേശിക്കാറില്ല. കൂടുതലായി ഉപയോഗിക്കരുതെന്നു ചുരുക്കം. രണ്ടു വയസുവരെ പ്രായമുളള കുട്ടികൾക്കു സാച്ചുറേറ്റഡ് ഫാറ്റ് (പൂരിതകൊഴുപ്പ്)ഏറ്റവും അത്യാവശ്യമാണ്.

ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും അവശ്യം. കുഞ്ഞുങ്ങൾക്കു ശുദ്ധമായ നാടൻ വെളിച്ചെണ്ണ ചേർത്ത് ചോറു കൊടുക്കാം. ശരീരത്തിന് എണ്ണ അവശ്യമാണ്. എന്നാൽ അമിതമാകരുതെന്നു മാത്രം. മറ്റുളള എല്ലാ പോഷകങ്ങളെയും പോലെ എണ്ണയ്ക്കും ശാരീരികപ്രവർത്തനങ്ങളിൽ സുപ്രധാനപങ്കുണ്ട്. ഫാറ്റ് സോലുബിൾ വൈറ്റമിൻസ് (കൊഴുപ്പിൽ (ഫാറ്റിൽ) മാത്രം അലിയുന്ന വിറ്റാമിനുകൾ) നേരിട്ട് ആഗിരണം ചെയ്യണമെങ്കിൽ ഫാറ്റിന്റെ സാന്നിധ്യം അത്യന്താപേക്ഷിതം.

പ്രോട്ടീനും കാർബോഹൈഡ്രേറ്റും ഫാറ്റുമാണ് ശരീരത്തിന് ഏറ്റവുമധികം വേണ്ട പോഷകങ്ങൾ. എന്നാൽ, പലപ്പോഴും നമ്മുടെ ഭക്ഷണത്തിൽ എണ്ണയുടെ അളവു മാത്രം കൂടിപ്പോകുന്നു എന്നതാണു വാസ്തവം. അത് ആരോഗ്യജീവിതത്തിനു തന്നെ ഭീഷണിയായിത്തീരുന്നു.

മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ്സ്(എംസിടി) ആണ് വെളിച്ചെണ്ണയിലുളളത്. അതു വളരെ വേഗം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. വളരെപ്പെട്ടെന്നു ദഹിക്കും. പെട്ടെന്നു തൂക്കം കൂട്ടും. തലച്ചോറിന്റെ പ്രവർത്തനത്തിന് എണ്ണ അത്യന്താപേക്ഷിതം. തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യപൂർണമായ പ്രവർത്തനത്തിനും എണ്ണ ആവശ്യമാണ്.

ആഹാരത്തിൽ എണ്ണ തീരെ കുറഞ്ഞാൽ അതു ഡിപ്രഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നു പഠനങ്ങൾ പറയുന്നു. ഡിപ്രഷനും പോഷകങ്ങളുടെ ആഗിരണവും തമ്മിലും ബന്ധമുണ്ട്. അതിനാൽ എണ്ണ തീരെ കുറയ്ക്കരുത്.

അതേസമയം എണ്ണ അധികമായി കഴിച്ചാൽ ചിലർക്കെങ്കിലും മലബന്ധവും ഡയേറിയവും ഉണ്ടാ

കാറുണ്ട്. പ്രായമുളളവരെയാണു വെളിച്ചെണ്ണയുടെ അമിതോപയോഗം കൂടുതൽ ബാധിക്കുന്നത്. വെളിച്ചെണ്ണ പൂർണമായും ഒഴിവാക്കണം എന്ന് ആരോഗ്യവിദഗ്ധരും നിർദേശിക്കാറില്ല. കൂടുതലായി ഉപയോഗിക്കരുതെന്നു ചുരുക്കം.

രണ്ടു വയസുവരെ പൂരിതകൊഴുപ്പ് അത്യാവശ്യം

കൊച്ചുകുട്ടികൾക്കു പൂരിതകൊഴുപ്പ് അത്യാവശ്യമാണ്. 2 വയസുവരെ പ്രായമുളള കുട്ടികൾക്കു സാച്ചുറേറ്റഡ് ഫാറ്റ് ഏറ്റവും അത്യാവശ്യമാണ്. ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും അവശ്യം. കൊച്ചുകുട്ടികൾക്കു വെളിച്ചെണ്ണ ചേർത്തു ചോറു കൊടുക്കാം.

പരിപ്പും നെയ്യും ചേർത്തു കൊടുക്കാം. വെളിച്ചെണ്ണയിൽ പപ്പടം കാച്ചിക്കൊടുക്കാം. കുറുക്കു കൊടുക്കുമ്പോൾ വേണമെങ്കിൽ നെയ്യോ വെളിച്ചെണ്ണയോ ചേർത്തുകൊടുക്കാം.

എണ്ണപ്പലഹാരങ്ങൾ അമിതമായാൽ പൊണ്ണത്തടി

കുട്ടികൾ പതിവായി എണ്ണപ്പലഹാരങ്ങൾ ധാരാളം കഴിക്കുന്നു. പല മാതാപിതാക്കളും ടിഫിൻ ബോക്സുകളിൽ ബേക്കറി വിഭവങ്ങളാണു കൊടുത്തയയ്ക്കുന്നത്. ബേക്കറിവിഭവങ്ങളിൽ

നിന്നുതന്നെ കുട്ടികൾക്ക് അവരറിയാതെ അമിതതോതിൽ എണ്ണ കിട്ടുന്നുണ്ട്. അതിനാൽ അവരുടെ ശരീരഭാരം കൂടുന്നു, തടി കൂടുന്നു. ഒരു ഗ്രാം എണ്ണ 9 കാലറിയാണ്. ഏതുതരം എണ്ണയായാലും കൊഴുപ്പായാലും ഒരു ഗ്രാമിൽ 9 കലോറി എന്ന തോതിൽ ഊർജം അടങ്ങിയിരിക്കുന്നു. ഒരു ടീസ്്പൂൺ എന്നത് 45 കലോറി വരും. ശരീരത്തിന് എത്ര കൂടുതൽ കാലറി കിട്ടിയാലും അതു നമ്മൾ ചെലവാക്കിയില്ലെങ്കിൽ അതു ശരീരത്തിനു കൊഴുപ്പായി ശേഖരിച്ചു വയ്ക്കാൻ മാത്രമേ സാധിക്കുകയുളളൂ.

 

എണ്ണ കൂടുതലുളള ഭക്ഷണം കഴിച്ചാൽ നമ്മളറിയാതെ തന്നെ ശരീരത്തിന്റെ തൂക്കം കൂടും. കൊഴുപ്പ് അധികമായാൽ ശരീരഭാഗങ്ങളിൽ അടിഞ്ഞുകൂടും. ചിലർക്ക് വയറിലായിരിക്കും; പ്രത്യേകിച്ചു ആണുങ്ങൾക്ക്.

 

ഡോ. അനിതമോഹൻ

ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്

 • ഡയറ്റ് കൺസൾട്ടന്റ്

തൊട്ടാൽ പകരില്ല സോറിയാസിസ്

സോറിയാസിന് ചൊറിച്ചിൽ പൊതുവെ കുറവാണ്. വ്യക്‌തമായി തിരിച്ചറിയാവുന്ന അരികുകളും അതിരുകളോടും കൂടിയാണ് സ്കാൽപ്പ് സോറിയാസിസ്(തലയിലെ) കാണപ്പെടാറ്. ഇത്തരം അവസരങ്ങളിൽ ഡോക്ടറുടെ സഹായം തേടുക. സ്വയം ചികിത്സിച്ചാൽ രോഗം ഭേദമാക്കാവുന്നതാണ്.

പിന്നെ കാണപ്പെടുന്നത്. PalmoPlantar (കൈ–കാലിൽ) സോറിയാസിസാണ്. കാണുമ്പോൾ അലർജി പോലെയോ തണുപ്പിനുള്ള വിണ്ടുകീറൽപോലെയോ ഒക്കെ തോന്നാം. ഇതിലെ പാളികൾ പൊളിയുമ്പോൾ ചെറുതായി രക്‌തം പൊടിയുന്ന അവസ്‌ഥയുണ്ടാവാറുണ്ട്.

പലപ്പോഴും കാലിലെ ഡെർമറ്റൈറ്റിസ്, ഫംഗൽ രോഗങ്ങൾ എന്നിവയൊക്കെയായി സംശയിക്കാം. വിദ്ഗധനായ ഒരു ഡോക്ടറെ കണ്ട് ചികിത്സ തുടങ്ങാവുന്നതാണ്. സോറിയാസിസ് വൾഗാരിസ്, ഗട്ടേറ്റ് സോറിയാസിസ് എന്നിവ ശരീരത്തിൽ മുഴുവനായും പ്രത്യേകിച്ച് വയർ, മുതുക്, കാൽ, കൈകളിൽ കാണുന്നു. സോറിയാസി എന്ന രോഗം തീരെ കാണാതാവുകയും വീണ്ടും വരികയും ചെയ്യുന്ന രോഗമാണ്. അതിനാൽ ചികിത്സ ആരംഭിച്ച് ചിതമ്പലുകൾ അപ്രത്യക്ഷമായാൽ ചികിത്സ നിർത്തരുത്. തുടർ ചികിത്സ വേണ്ട രോഗമാണ്. ഹോമിയോ ചികിത്സ, മനസിന്റെ താളപ്പിഴകൾ പരിഹരിച്ച് ആന്തരിക പ്രതിരോധ ശക്‌തി വർധിപ്പിക്കാൻ ഏറ്റവും ഉത്തമമായ ചികിത്സാരീതി ആവശ്യമാണ്.

ബീഫ്, മട്ടൻ, പോർക്ക്, വിനഗർ അടങ്ങിയ ഭക്ഷണങ്ങൾ, പുളി, എരിവ് എന്നിവയൊക്കെ നിയന്ത്രിക്കുന്നത് വളരെ നല്ലതാണ്. ധാരാളം വെള്ളം കുടിക്കുക. യാത്രകൾ മാനസികാരോഗ്യം കൂട്ടും. ശരിയായ ഉറക്കം, വ്യായാമം, ശരീരഭാരം നിയന്ത്രിക്കുക,. ഹോമിയോ ചികിത്സ നേടുകവഴി സോറിയാസിസ് അകറ്റാം.

സോറിയസിസ് തൊട്ടാൽ പകരുന്ന രോഗമല്ല, മറിച്ച് ജനിതകപരമായ തുടർച്ച ഉണ്ടാവാം. ഹോമിയോപ്പതിയിലെ ഇമ്യൂൺ ബൂസ്റ്റർ വളരെ പലപ്രദമാണ് ഇത്തരം ഘട്ടങ്ങളിൽ.

ഡോ. സജിൻ എംഡി ഹോമിയോപ്പതി

സ്കിൻ

 • അലർജി വിഭാഗം ചെയർമാൻ
 • മാനേജിംഗ് ഡയറക്ടർ

വി. കെയർ മൾട്ടി സ്പെഷാലിറ്റി ഹോമിയോപ്പതി, കൈരളി റോഡ്, ബാലുശേരി, കോഴിക്കോട്. 9048624204.

സുരക്ഷിതമല്ലാത്ത ലൈംഗികശീലങ്ങൾ ഒഴിവാക്കുക

ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
എച്ച്ഐവി (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്) വൈറസ് ബാധയുടെ അവസാനഘട്ടമാണ് എയ്ഡ്സ് അഥവാ അക്വേഡ് ഇമ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം. ഇതു രോഗപ്രതിരോധസംവിധാനം തകരാറിലാക്കുന്നു. ജീവനുതന്നെ ഭീഷണിയാകുന്ന അസുഖങ്ങൾ, അണുബാധ, കാൻസറുകൾ എന്നിവയ്ക്കിടയാക്കുന്നു. എയ്ഡ്സ് ബാധിച്ച വ്യക്‌തിയുടെ ഉമിനീർ, കണ്ണുനീർ, നാഡീകോശങ്ങൾ, സ്പൈനൽ ദ്രവം, രക്‌തം, ശുക്ലം, യോനീസ്രവം, മുലപ്പാൽ തുടങ്ങിയവയിൽ എച്ച്ഐവി വൈറസ് അടങ്ങിയിരിക്കുന്നു. പക്ഷേ, ഉമിനീർ, കണ്ണുനീർ, വിയർപ്പ് എന്നിവയിലൂടെ എച്ച്ഐവി പകരില്ല. എച്ചഐവി പോസീറ്റീവ് ആയ വ്യക്‌തിയുടെ ശരീരസ്രവങ്ങളുമായി(രക്‌തം, ശുക്ലം, യോനീസ്രവങ്ങൾ, മുലപ്പാൽ)ബന്ധം ഉണ്ടാകുന്നതു വഴിയാണ് എയ്ഡ്സ് പകരുന്നത്.

വൈറസ് പകരുന്ന വഴി

 1. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ.
 2. സുരക്ഷിതമല്ലാത്ത രക്‌തം സ്വീകരിക്കുന്നതു വഴി, സിറിഞ്ച്, സൂചി എന്നിവ പങ്കുവയ്ക്കുന്നതിലൂടെ
 3. എച്ച്ഐവി ബാധിതയായ ഗർഭിണിയിൽ നിന്നു ഗർഭസ്‌ഥശിശുവിലേക്ക്, എച്ച്ഐവി ബാധിതയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് (രക്‌തം, മുലപ്പാൽ എന്നിവയിലൂടെ)
 4. എയ്ഡ്സ്ബാധിതന്റെ സ്രവങ്ങൾ പുരണ്ട വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ
 5. എച്ച്ഐവി ബാധിതനിൽ നിന്നു സ്വീകരിച്ച ബീജം ഉപയോഗിച്ചു നടത്തുന്ന കൃത്രിമ ബീജസങ്കലനത്തിലൂടെ
 6. എച്ച്ഐവി ബാധിതന്റെ അവയവം സ്വീകരിക്കുന്നതിലൂടെ

ഈ മാർഗങ്ങളിലൂടെ എച്ച്ഐവി പകരില്ല

 1. ആലിംഗനം, ഹസ്തദാനം, പൊതു ടോയ്ലറ്റ് ഉപയോഗം
 2. കൊതുകുകടി
 3. കായികമത്സരങ്ങളിൽ
 4. ഒന്നിച്ചിടപഴകുന്നതിലൂടെ
 5. എച്ച്ഐവി ബാധിതനെ സ്പർശിക്കുന്നതിലൂടെ(എന്നാൽ നിങ്ങളുടെ ശറീരത്തിലെ മുറിവുകളിൽ എച്ച്ഐവി ബാധിതന്റെ ശരീരസ്രവങ്ങൾ പുരണ്ടാൽ എയ്ഡ്സ് പകരാനുളള സാധ്യതയുണ്ട്)
 6. അവയവങ്ങളോ രക്‌തമോ

എയ്ഡ്സ് ബാധിതനു ദാനം ചെയ്യുന്നതിലൂടെ(അവയവം ദാനം ചെയ്യുമ്പോൾ 
സ്വീകർത്താവുമായി നേരിട്ടു ബന്ധത്തിൽ വരുന്നില്ല) ദാനം ചെയ്യുന്നയാൾക്ക് എയ്ഡസ് പിടിപെടില്ല. (എന്നാൽ എച്ച്ഐവി ബാധിതനിൽ നിന്നു രക്‌തമോ അവയവമോ സ്വീകരിക്കുന്നതു വഴി എയ്ഡ്സ് പകരാം.)

എച്ച്ഐവി ബാധയ്ക്കു സാധ്യത ഏറെയുളളവർ

 1. മരുന്നു കുത്തിവയ്ക്കാൻ പലരുപയോഗിച്ച സൂചി വീണ്ടും ഉപയോഗിക്കുന്നവർ
 2. എച്ച്ഐവി ബാധിതയായ അമ്മയ്ക്കു ജനിക്കുന്ന കുഞ്ഞ്
 3. സുരക്ഷിതമല്ലാത്ത ലൈംഗികജീവിതം നയിക്കുന്നവർ.

ലക്ഷണങ്ങൾ

എച്ച്ഐവി ബാധിതരിൽ പത്തു വർഷത്തോളം ലക്ഷണങ്ങളൊന്നും പ്രകടമാവില്ല. ഈ ഘട്ടത്തിലും ഇവരിൽ നിന്നു മറ്റുളളവരിലേക്കു രോഗം പകരാം. രോഗം കണ്ടെത്തുകയോ ചികിത്സയ്ക്കു വിധേയമാവുകയോ ചെയ്യാത്ത പക്ഷം രോഗപ്രതിരോധസംവിധാനം തകരാറിലാകുന്നു. വിറയൽ, പനി, രാത്രിയിൽ അമിതമായി വിയർക്കൽ, ക്ഷീണം, ഭാരക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. ചൊറിഞ്ഞു തടിക്കൽ, തൊണ്ടയ്ക്ക് അണുബാധ, ലിംഫ് നോഡുകളിൽ വീക്കം തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നു. അവയൊക്കെ മറ്റുപല രോഗങ്ങളുടെയും കൂടി ലക്ഷണങ്ങളാണ്. അതിനാൽ സന്ദേഹമുളളവർ കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ജ്യോതിസ് കേന്ദ്രങ്ങളിലെത്തി എച്ച്ഐവി പരിശോധനയ്ക്കു വിധേയമാവുക. പരിശോധനയും ചികിത്സയും സൗജന്യം.

ജ്യോതിസ് കേന്ദ്രങ്ങൾ

കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ജ്യോതിസ് കേന്ദ്രങ്ങളിൽ എച്ച്ഐവി പരിശോധനയും ചിക ിത്സയും സ ൗജന്യമായി ലഭ്യമാണ്. സംസ്ഥാനത്ത് ഒട്ടാകെ 163 ജ്യോതിസ് കേന്ദ്രങ്ങളുണ്ട്. മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, ചില ഇഎസ്ഐ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ജ്യോതിസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. കൂടാതെ ചില റെയിൽവേ സ്റ്റേഷനുകൾ, പ്രധാന ജയിലുകൾ എന്നിവിടങ്ങളിലും ജ്യോതിസ് – ഇന്റഗ്രേറ്റഡ് കൗൺസലിംഗ് ആൻഡ് ടെസ്റ്റിംഗ് – കേന്ദ്രങ്ങളുണ്ട്.

രോഗനിർണയം

 1. എലൈസ ടെസ്റ്റ്– എൻസൈം ലിങ്ക്ഡ് ഇമ്യൂണോസോർബന്റ് അസെയ് അഥവാ എലൈസാടെസ്റ്റ് എച്ച്ഐവി അണുബാധ സ്‌ഥിരീകരിക്കാൻ സഹായകം. പരിശോധനാഫലം പോസിറ്റീവാണെങ്കിൽ ഫലം ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിന് രണ്ടാമതൊരു ടെസ്റ്റിനു വിധേയനാകാൻ നിർദ്ദേശിക്കും. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ വ്യക്‌തി എച്ച്ഐവി ബാധിതനല്ലെന്ന് ഉറപ്പുവരുത്താം.
 2. വെസ്റ്റേൺ ബ്ലോട്ട്– എലൈസ ടെസ്റ്റിന്റെ ഫലം ഉറപ്പു വരുത്തുന്നതിനാണ് ഇതു നടത്തുന്നത്. എച്ച്ഐവി ബാധിതരുടെ ശരീരത്തിലെ പ്രോട്ടീൻ കണ്ടെത്തുന്നതിന് ഇതുപയോഗിക്കുന്നു.
 3. പിസിആർ– എച്ച്ഐവി ബാധിതരിലെ ജനിതകഘടനയിലെ ഡിഎൻഎ, ആർഎൻഎ ക്രമങ്ങൾ നിർണയിക്കുന്നതിന് പോളിമേഴ്സ് ചെയ്ൻ റിസേർച്ച് ടെസ്റ്റ് സഹായകം. ജനിതഘടനയിലെ എച്ച്ഐവി സാന്നിധ്യം കണ്ടെത്തുന്നതിനാണിത്. രോഗപ്രതിരോധശക്‌തിയുമായി ബന്ധപ്പെട്ട കോശങ്ങളാണ് സിഡി 4 കോശങ്ങൾ. എയ്ഡ്സ് രോഗികളിൽ ഇത്തരം കോശങ്ങളുടെ എണ്ണം കുറയുന്നതായി കാണുന്നു. സിഡി 4 കൗണ്ട് ടെസ്റ്റാണ് എയ്ഡ്സ് പരിശോധനകളിലൊന്ന്. എച്ച്ഐവി ആർഎൻഎ ലെവൽ ടെസ്റ്റാണ് മറ്റൊന്ന്. രക്‌തപരിശോധനകൾ, സെർവിക്കൽ പാപ് സ്മിയർ പരിശോധന എന്നിവയും രോഗാവസ്‌ഥ നിർണയിക്കുന്നതിനു സഹായകം.

ചികിത്സ

നിലവിൽ എയ്ഡ്സിനു ചികിത്സയില്ല. എന്നാൽ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും അണുബാധ കുറയ്ക്കുന്നതിനും സഹായകമായ മരുന്നുകൾ ലഭ്യമാണ്. ഇത്തരം മരുന്നുകൾ എയ്ഡ്സ് വൈറസ് പെരുകുന്നതു തടയുന്നു. എയ്ഡസിനു ഫലപ്രദമായ മരുന്നു കണ്ടുപിടിക്കാനുളള ഗവേഷണങ്ങൾ നടന്നുവരുന്നു.

പ്രതിരോധിക്കാം

 1. ഒന്നിലധികം പങ്കാളികളുമായുളള ലൈംഗികജീവിതം ഒഴിവാക്കുക. സുരക്ഷിതമല്ലാത്ത ലൈംഗികശീലങ്ങൾ ഒഴിവാക്കുക.
 2. രക്‌തം സ്വീകരിക്കേണ്ടി വരുമ്പോൾ എച്ച്ഐവി
 3. വിമുക്‌തമെന്ന് ഉറപ്പുവരുത്തുക
 4. ഒരിക്കൽ ഉപയോഗിച്ച സിറിഞ്ചും സൂചിയും വീണ്ടും ഉപയോഗിക്കരുത്. അവ നശിപ്പിച്ചു കളയുക. ഡിസ്പോസിബിൾ സിറിഞ്ചുകൾ ഉപയോഗിക്കുക.
 5. ഒരാൾക്കു പച്ച കുത്താൻ ഉപയോഗിച്ച സൂചി മറ്റൊരാൾക്ക് ഉപയോഗിക്കരുത്.
 6. ബാർബർ ഷോപ്പുകളിൽ ഒരോരുത്തർക്കും പ്രത്യേകം ഷേവിംഗ് ബ്ലേഡ് ഉപയോഗിക്കുക.
 7. മയക്കുമരുന്നുകൾ ഉപയോഗിക്കരുത്. (മയക്കുമരുന്നുകൾ കുത്തിവയ്ക്കാൻ പലരുപയോഗിച്ച സൂചി ഉപയോഗിക്കുന്നതു വഴി എച്ച്ഐവി പകരാം)
 8. രക്‌തം ദാനം ചെയ്യുമ്പോഴും സ്വീകരിക്കുമ്പോഴും അത് അണുവിമുക്‌തമെന്ന് ഉറപ്പുവരുത്തുക.
 9. ലൈംഗിക പങ്കാളിയുടെ ആരോഗ്യനില, ജീവിതരീതി, ബന്ധങ്ങൾ എന്നിവയിൽ സജീവശ്രദ്ധ പുലർത്തുക.

കടപ്പാട് : www.deepika.com© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate