অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കണ്ണിന് അഴകായി

കണ്ണിന് അഴകായി

കഥ പറയും കണ്ണുകൾ, നീണ്ട് മനോഹരമായ ആ കണ്ണുകളുടെ വശ്യതയിൽ വീണുപോകാത്തവരായി ആരാണുള്ളത്. മുഖസൗന്ദര്യം പൂർണമാകുന്നത് കണ്ണുകളുടെ അഴകിൽ തന്നെ. തിളങ്ങുന്ന, മനോഹരമായ കണ്ണുകൾ ആരുടെയും മനംമയക്കും. പക്ഷേ മാറിയ കാലത്ത് കണ്ണുകളുടെ ഭംഗി കെടുത്തുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. പണ്ടൊക്കെ കണ്ണിന്റെ പരിചരണത്തിനായി സ്‌ത്രീകൾ ധാരാളം സമയം നീക്കി വയ്‌ക്കാറുണ്ടായിരുന്നു. ഇന്ന് ജോലിത്തിരക്കും സ്ട്രെസും ഉറക്കകുറവുമൊക്കെ കണ്ണുകൾക്ക് നൽകുന്ന ആയാസം അത്ര ചെറുതല്ല. കൺതടങ്ങളിൽ കറുപ്പ് പടർന്ന്, കണ്ണുകൾ കുഴിഞ്ഞ് ഭംഗി നഷ്‌പ്പെടുന്പോഴാണ് പലരും തിരിച്ചറിവിലെത്തുന്നത്. പ്രത്യേക പരിചരണങ്ങളൊന്നും നൽകിയില്ലെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കണ്ണുകളുടെ തിളക്കവും ഭംഗിയുമൊക്കെ വീണ്ടെടുക്കാവുന്നതേയുള്ളൂ.

കൺതടങ്ങളിലെ കറുപ്പ്

കണ്ണിന്റെ സൗന്ദര്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കൺതടങ്ങളിലെ കറുപ്പ്. സ്‌ട്രെസ്, ഉറക്കക്കുറവ്, കരൾരോഗങ്ങൾ, അമിതമായ വായന, ടിവിയുടെയും കന്പ്യൂട്ടറിന്റെയും മുന്നിൽ ഉറക്കമിളച്ച് ഇരിക്കുക ഇവയൊക്കെയും കൺതടത്തിലെ കറുപ്പിന് കാരണമാകാം. വീട്ടിൽത്തന്നെ ചെയ്യാവുന്ന ചില സൗന്ദര്യ പരിചരണത്തിലൂടെ ഇത് പൂർണമായും ഒഴിവാക്കാം.

കറുപ്പകറ്റാൻ

വെള്ളരിക്ക കഷണങ്ങൾ മിക്‌സിയിലടിച്ച്, ഒരു തുണി കൊണ്ട് അരിച്ചെടുക്കുക. കോട്ടൺ ഈ ജ്യൂസിൽ മുക്കിയെടുത്ത് 15 മിനിറ്റ് നേരം കണ്ണിനു മുകളിൽ വയ്‌ക്കുക. ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാവുന്നതാണ്.
ആപ്പിൾ കനം കുറച്ച് അരിഞ്ഞ് കണ്ണിനു താഴെ വയ്ക്കുക. 

തക്കാളിനീരും നാരങ്ങാനീരും തുല്യ അളവിൽയോജിപ്പിച്ച് കൺതടങ്ങളിൽ പുരട്ടുക.
കാരറ്റ് നീരിൽ മുക്കിയ പഞ്ഞി കൊണ്ട് കൺതടങ്ങളിൽ മൃദുവായി ഉഴിയുക
ഒരു ടീസ്‌പൂൺ മുന്തിരി നീരിൽ ഒരു ടീസ്‌പൂൺ നാരങ്ങാനീര് ചേർത്ത് കൺതടങ്ങളിൽ പുരട്ടുക. പത്തുമിനിറ്റിനു ശേഷം ശുദ്ധജലത്തിൽ കഴുകിക്കളയുക.
ഒരു ടീസ്‌പൂൺ തക്കാളിനീര്, ഒരു നുള്ള് മഞ്ഞൾപ്പൊടി, അര ടീസ്‌പൂൺ നാരങ്ങാനീര്, ഒരു ടീസ്‌പൂൺ കടലമാവ് എന്നിവ നന്നായി മിക്സ് ചെയ്‌ത് പേസ്‌റ്റാക്കി കണ്ണുകൾക്ക് താഴെ തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിനുശേഷം കഴുകിക്കളയാം. ആഴ്ചയിലൊരിക്കൽ ഇത് ചെയ്യുന്നത് കൺതടങ്ങളിലെ കറുപ്പ് മാറ്റാൻ സഹായിക്കും.

കണ്ണുകൾക്ക് താഴെ തടിപ്പ്

കണ്ണിന്റെ സ്വാഭാവിക സൗന്ദര്യത്തെ നഷ്ട‌പ്പെടുത്തുന്ന മറ്റൊന്നാണ് കണ്ണുകൾക്കു താഴെ കാണുന്ന തടിപ്പ്. ശരിയായ വ്യായാമവും ഉറക്കവും വിശ്രമവും ലഭിക്കാത്തവരിലലാണ് ഇത് സാധാരണയായി കാണുന്നത്. ഉറക്കകുറവ് , തൈറോയിഡ് പ്രശ്നങ്ങൾ, അനീമിയ, ഉപ്പിന്റെ അമിത ഉപയോഗം തുടങ്ങിയ കാരണങ്ങളാലും കൺതടങ്ങൾക്ക് താഴെ തടിപ്പ് ഉണ്ടാകും.

ശരീരത്തിനും മനസിനും ശരിയായ വിശ്രമം നൽകുക എന്നതാണ് ഇതിൽ പ്രധാനം. അതുപോലെ മറ്റൊരു പ്രശ്‌നമാണ് കുഴിഞ്ഞ കണ്ണുകൾ. കിടക്കുന്നതിനു മുൻപ് ഒരു ടീസ്‌പൂൺ തേനും അര ടീസ്‌പൂൺ ബദാം ഓയിലും മിക്‌സ് ചെയ്‌ത് കണ്ണുകൾക്ക് താഴെ പുരട്ടുക. ആഴ്‌ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുന്നത് കുഴിഞ്ഞ കണ്ണുകൾക്ക് പരിഹാരമാണ്.

തടിപ്പ് മാറ്റാൻ നന്നായി ഉറങ്ങുക
ഉറങ്ങുന്നതിനു മുൻപ് തണുത്ത വെള്ളത്തിൽ മുക്കിയ കോട്ടൺ പഞ്ഞി പത്ത് മിനിറ്റു നേരം കണ്ണിനു മുകളിൽ വയ്ക്കുക.
ഉറങ്ങുന്നതിനു മുൻപ് വെള്ളരിക്ക കഷണങ്ങൾ പത്ത് മിനിറ്റ് കണ്ണിനു മുകളിലും കൺതടങ്ങളിലും വയ്ക്കുക
കണ്ണിനു താഴെ പാൽപ്പാട കൊണ്ട് മൃദുവായി മസാജ് ചെയ്യുക.

ഭക്ഷണവും പ്രധാനം

പോഷകാഹാരക്കുറവ് കണ്ണിന്റെ ആരോഗ്യത്തെയും സൗന്ദര്യത്തെയും ബാധിക്കും. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രാധാന്യമുള്ളതാണ് വിറ്റാമിൻ എ. വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ ആഹാരപദാർത്ഥങ്ങൾ കണ്ണിന്റെ ആരോഗ്യത്തിനായി നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഭക്ഷണത്തിൽ നിത്യവും കറിവേപ്പില ഉൾപ്പെടുത്തുന്നത് കണ്ണുകൾ തിളക്കമുള്ളതാക്കും. കാരറ്റ്, ചീര, ഉള്ളി, ബീറ്റ്‌റൂട്ട് എന്നീ പച്ചക്കറികളും ഏത്തപ്പഴം, ആപ്പിൾ, മുന്തിരി, നാരങ്ങ തുടങ്ങിയ പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണുകൾക്ക് തിളക്കവും ആരോഗ്യവും നൽകും© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate