Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

എബോള

എബോള വന്ന വഴി

എബോള

ഇന്ന് ലോകരാഷ്ട്രങ്ങളുടെയും ലോക ആരോഗ്യസംഘടനയുടെയും ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്ന മാരകരോഗമാണ് എബോള വൈറസ് രോഗം.

1976ല്‍ ആഫ്രിക്കയില്‍ സെയറിലെ(Zaireപഴയ കോംഗോ) യാംബുക്കൊ ഗ്രാമത്തിലാണ്, എബോളരോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അവിടെ ഒരു മിഷന്‍ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നു. ഒരുദിവസം മാബാലൊ ലോക്കീല എന്ന അധ്യാപകന്‍ പനിയും വയറിളക്കവുമായി ആശുപത്രിയില്‍ വന്നു. ആയിടെ അയാളും കൂട്ടുകാരും ചേര്‍ന്ന് നാടുചുറ്റാന്‍ പോയി മടങ്ങിവന്നതേയുള്ളു. അന്ന് ഹോട്ടലുകളും മറ്റുമില്ല. കുറ്റിക്കാടുകളിലെ ജന്തുക്കളാണ് മുഖ്യ ആഹാരം. അക്കാലത്ത് ആഫ്രിക്കയില്‍ മലമ്പനി സാധാണമായിരുന്നു. അതിനാല്‍ അതിനുള്ള മരുന്നുകള്‍ കൊടുത്തുവിട്ടു. താമസിയാതെ അയാള്‍ തിരികെവന്നു. അപ്പോള്‍ വയറിളക്കം രൂക്ഷമായിരുന്നു. മാത്രമല്ല, ഛര്‍ദിയും തുടങ്ങി. കണ്ണുകള്‍ കുഴിയിലായി. ആശുപത്രിയിലെ നേഴ്സുമാര്‍ (അവിടെ ഡോക്ടര്‍ ഉണ്ടായിരുന്നില്ല) കൈയിലുള്ള ആന്റിബയോട്ടിക്കുകളും മറ്റു മരുന്നുകളുമെല്ലാം കൊടുത്തു. അവസാനം മൂക്കില്‍നിന്നും ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും രക്തം ഒഴുകാന്‍ തുടങ്ങി. അവസാനം അയാള്‍ മരിച്ചു. താമസിയാതെ ലോക്കീലയുടെ ഭാര്യയും സഹോദരിമാരുമെല്ലാം ഇതേ രോഗം വന്ന് മരിച്ചു.

1976 ആഗസ്ത് 28ന് അജ്ഞാതനായ ഒരാള്‍ വയറിളക്കവും പനിയുമായി ഇതേ മിഷന്‍ ആശുപത്രിയില്‍ വന്നു. അയാളെ അവിടെ കിടത്തിച്ചികിത്സിച്ചു. അയാളുടെ രോഗവും എന്താണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരുദിവസം രാത്രി പനി കൂടി അയാള്‍ ആശുപത്രിയില്‍നിന്ന് ഇറങ്ങിയോടി. പിന്നീട് അയാളെ ആരും കണ്ടിട്ടില്ല. ആശുപത്രിയില്‍ പലരെയും ബാധിച്ചത് അജ്ഞാതരോഗമാണെന്ന് അറിഞ്ഞശേഷം, ഇയാളെ തേടി വ്യാപക തെരിച്ചില്‍ നടത്തി. തുടര്‍ന്ന് ആശുപത്രിയിലെ നേഴ്സുമാര്‍ ഓരോരുത്തരായി മരിക്കാന്‍ തുടങ്ങി. എല്ലാവര്‍ക്കും ആദ്യം വയറിളക്കവും പനിയും, അവസാനം ശരീരത്തില്‍ പലയിടത്തുനിന്നും രക്തസ്രാവവും. ഒരുകാലത്ത് കോംഗോ ഒരു ബല്‍ജിയന്‍ കോളനിയായിരുന്നുവല്ലോ. അതിനാല്‍ ഈ രോഗം എന്താണെന്നു കണ്ടെത്താനായി രക്തസിറത്തിന്റെ സാമ്പിളുകള്‍ അയച്ചത് അങ്ങോട്ടാണ്. ഏതാണ്ട് ഇതേ സമയത്ത് സുഡാന്റെ തെക്കുഭാഗത്തുള്ള എന്‍സാറ (Nzara) എന്ന സ്ഥലത്തും ഇതേ രോഗം പ്രത്യക്ഷപ്പെട്ടു. അവിടെയും കുറേ പേര്‍ മരിച്ചെങ്കിലും, രോഗം പടര്‍ന്നുപിടിച്ചില്ല.

പുതിയൊരു രോഗം

അന്നത്തെ കാലത്ത് തന്മാത്രാ ജൈവശാസ്ത്രം വികസിച്ചിരുന്നില്ല. എബോള വൈറസ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍, മലമ്പനി, ഡെങ്കിപ്പനി അല്ലെങ്കില്‍ മറ്റു പല ഉഷ്ണമേഖലാ പനികള്‍ എന്നിവയുടേതുപോലെ ആയിരുന്നു. തുടക്കത്തില്‍ ഇന്‍ഫ്ളൂവെന്‍സ ആണെന്ന് തോന്നിയേക്കാം. പക്ഷെ, വളരെ വേഗം ഛര്‍ദി, വയറിളക്കം എന്നിവ പ്രത്യക്ഷപ്പെടും. പിന്നീട് മൂക്ക്, കുടല്‍, യോനി, മോണകള്‍ എന്നിവിടങ്ങളില്‍നിന്ന് രക്തസ്രാവം തുടങ്ങും. രക്തസ്രാവം തുടങ്ങിയാല്‍ പിന്നീട് അധികദിവസം ജീവിക്കില്ല. രോഗകാരണമായ വൈറസിനെ തിരിച്ചറിയാന്‍, അന്നത്തെ പ്രധാന മാര്‍ഗം, രക്തസിറത്തിലെ ആന്റിബോഡിക് പരിശോധിക്കലാണ്. പ്രധാനപ്പെട്ട ലബോറട്ടറികളില്‍ അറിയപ്പെടുന്ന വൈറസുകള്‍മൂലം ഉല്‍പ്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ ശേഖരിച്ചുവച്ചിട്ടുണ്ടാകും. ഇവയില്‍ ഏതെങ്കിലുമായി സാമ്യമുണ്ടോ എന്നു നോക്കും. സെയറിലെ യാംബുക്കൊവിലെ രോഗികളില്‍നിന്നു ശേഖരിച്ച ആന്റിബോഡികള്‍ക്ക്, ഒന്നുമായും സാമ്യമുണ്ടായിരുന്നില്ല. അതിനാല്‍ ഇതൊരു പുതിയ വൈറസ് രോഗമാണെന്ന തീരുമാനത്തിലെത്തി. ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിലൂടെ നോക്കിയാല്‍ വൈറസുകളെ കാണാം. (കൃത്യമായിപ്പറഞ്ഞാല്‍ അവയുടെ ഫോട്ടോ എടുക്കാം). അങ്ങനെ പീറ്റര്‍ പിയോട്ട് (Peter Piot) എന്ന യുവശാസ്ത്രജ്ഞന്‍ പുതിയ വൈറസിന്റെ ചിത്രമെടുത്തു. നാരുപോലുള്ള ആകൃതി. രൂപം ചോദ്യചിഹ്നമോ, കൊളുത്തോപോലെ. ഇതിന്റെ വലുപ്പം നാനോ മീറ്ററുകളില്‍ (മീറ്ററിന്റെ 100 കോടിയുടെ ഒരംശം) മാത്രമേ വിവരിക്കാനാകൂ. വൈറിയോണിന് (സ്വതന്ത്ര വൈറസ് കണിക) ശരാശരി 80 നാനോ മീറ്റര്‍ വ്യാസമുണ്ടാകും. യുവാവായ പീറ്റര്‍ പിയോട്ട് താമസിയാതെ യാംബുക്കൊവിലേക്കു തിരിച്ചു. 

എബോളയും കുടുബാംഗങ്ങളും

യാംബുക്കോ മിഷന്‍ ആശുപത്രിയിലെ രോഗികളില്‍നിന്നാണല്ലോ എബോള വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ആ പ്രദേശത്തുകൂടി ഒഴുകുന്ന ചെറിയൊരു നദിയുടെ പേരാണ് എബോള. അങ്ങനെയാണ് വൈറസിന് ആ പേരിടാന്‍ ഇടയായത്. നാരുപോലെ രൂപമുള്ള വൈറസുകളടങ്ങിയ ഫൈലോവൈറിഡെ എന്ന കുടുംബത്തില്‍പ്പെട്ടതാണിത്. എബോള ഇനത്തില്‍പ്പെട്ട വൈറസുകളെ പിന്നിട് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ എബോളയെ സെയര്‍ എബോളവൈറസ് (Zaire Ebolavirus) എന്ന് നാമകരണം ചെയ്തു. ഇപ്പോള്‍ ഗിനിയ, സിയറ ലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളില്‍ പടര്‍ന്നുപിടിച്ചിട്ടുള്ളത് ഈ വൈറസാണ്. 2007ല്‍ ഉഗാണ്ടയില്‍ എബോള വൈറസ് പ്രത്യക്ഷപ്പെട്ടു. ഇത് ബുണ്‍ഡിബുഗ്യൊ എബോള വൈറസ് എന്ന ഇനമാണ്. സുഡാനില്‍ രോഗം പടര്‍ത്തിയത് (എന്‍സാറയില്‍) വേറെയൊരു ഇനമാണ്. ഇതിനെ സുഡാന്‍ എബോള വൈറസ് എന്നുവിളിക്കും. 1983ല്‍ യുഎസ്എയിലെ റെസ്റ്റണ്‍ പ്രൈമേറ്റ് കോളനിയില്‍ എബോള വൈറസ് പടര്‍ന്നുപിടിച്ചു. അവിടത്തെ കുരങ്ങുകളെല്ലാം രക്തസ്രാവരോഗം ബാധിച്ച് ചത്തു. ഈ കുരുങ്ങുകളെ ഫിലിപ്പീന്‍സില്‍നിന്നു കൊണ്ടുവന്നതാണ്. ഇതിനു കാരണമായ വൈറസിനെ റെസ്റ്റണ്‍ എബോള വൈറസ് എന്നു വിളിക്കും. ഇത് ഇതുവരെ മനുഷ്യനെ ബാധിച്ചിട്ടില്ല. എന്നാല്‍, ഫിലിപ്പീന്‍സില്‍ ഇത് പന്നികളെ ബാധിച്ചു എന്ന വസ്തുത ആശങ്കാജനകമാണ്. കാരണം പന്നിയിറച്ചി മനുഷ്യര്‍ കഴിക്കുമല്ലോ.

വൈറസ് സംക്രമണം

എബോള വൈറസ് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കംവഴി മാത്രമേ പകരുകയുള്ളു. രോഗികളുടെ ശരീരസ്രവങ്ങളിലും രക്തത്തിലും വൈറസുകളുണ്ടാകും. ഇവ സ്പര്‍ശിച്ചാല്‍, ശരീരത്തിലെ തൊലിയിലെ സൂക്ഷ്മമായ വിടവുകളിലൂടെ, വൈറസ് കോശത്തിനകത്തു കടക്കും. രക്തക്കുഴലുകളുടെ ആവരത്തില്‍ എന്‍ഡോതീലിയ കോശങ്ങളുണ്ട്. ഇത് ലിംഫാറ്റിക വ്യൂഹത്തിലെ (രോഗപ്രതിരോധവ്യൂഹം) കുഴലുകളിലും ഉണ്ട്. വൈറസ് ഈ കോശങ്ങളിലേക്കും, മാക്രോഫെയ്ജുകളിലേക്കു പ്രവേശിക്കും. കോശങ്ങള്‍ക്കകത്തേക്ക് കൊളസ്ട്രോളിന് പ്രവേശിക്കാനും ഗ്രാഹികള്‍ ഉണ്ട്. ഇവയും ബന്ധപ്പെട്ടാണ് വൈറസ് കോശത്തിനകത്ത് കടക്കുന്നത്. അവിടെ അവ പുനരുല്‍പ്പാദനം നടത്തും. ലക്ഷക്കണക്കിന് വൈറസുകള്‍ ഉണ്ടാകുമ്പോള്‍, കോശം ഇലക്ട്രോണ്‍മൈക്രോസ്കോപ്പിലൂടെ നോക്കിയല്‍ ഒരു നൂല്‍പ്പന്തുപോലെയാകും. വൈറസിന് നാരിന്റെ ആകൃതിയിലാണല്ലോ ഉള്ളത്. അവസാനം കോശം തകര്‍ന്ന്, കോശസ്തരത്തിന്റെ ഭാഗങ്ങള്‍കൊണ്ടു പൊതിഞ്ഞ വൈറസുകള്‍ പുറത്തുവരും. മാക്രോഫെയ്ജുകളെ നശിപ്പിക്കുന്നതിനാല്‍, രോഗിയുടെ പ്രതിരോധശേഷി കുറയും. കൂടാതെ കീമൊക്കൈനുകള്‍ (ഇവലാീസശിലെ) എന്ന രാസപദാര്‍ഥങ്ങളും ധാരാളമായി പുറത്തുവരും. അങ്ങനെ രോഗിയുടെ രോഗപ്രതിരോധ സംവിധാനം താറുമാറാകും. അങ്ങനെ തുടക്കത്തില്‍ത്തന്നെ രോഗിക്ക് പ്രതിരോധശേഷി ഇല്ലാതാകും. സംക്രമണം (Chemokines) രോഗിയുമായി നേരിട്ട് ബന്ധപ്പെട്ടാല്‍ മാത്രമേ രോഗം പകരുകയുള്ളു.

രോഗിയുടെ ശരീരസ്രാവങ്ങളിലും, രക്തത്തിലും, ശുക്ലത്തിലുമെല്ലാം വൈറസുകളുണ്ടാകും. മൃതശരീരത്തില്‍പ്പോലും വൈറസുകളുണ്ടാകും. ആഫ്രിക്കയില്‍ പഴയ ആചാരപ്രകാരമുള്ള ശവസംസ്കാരത്തില്‍, മൃതശരീരം സ്പര്‍ശിക്കാനുള്ള അവസരമുണ്ട്. അങ്ങനെയാണ് യാംബുക്കോവില്‍ രോഗം പടര്‍ന്നത്. ഇപ്പോള്‍ (2014) സിയറാ ലിയോണിലെ ആശുപത്രിയില്‍ എത്തിയ 12 സ്ത്രീകളും, ഒരു മന്ത്രവാദിയുടെ ശവസംസ്കാരത്തില്‍ പങ്കെടുത്തവരാണ്. കൂടാതെ സിറിഞ്ചുകള്‍, ഐവി ദ്രാവകം കയറ്റാനുള്ള സൂചികള്‍ എന്നിവ വീണ്ടും ഉപയോഗിക്കുന്നതുകൊണ്ടും, രോഗം ബാധിക്കും. പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ശോചനീയമായ അവസ്ഥയാണ് ഇതിനു കാരണം. രോഗിയുടെ ഒരുതുള്ളി രക്തം കൈയില്‍ പറ്റിയാല്‍ മതി. രോഗബാധ ഉണ്ടാകും. അതിനാലാണ് ആരോഗ്യപ്രവര്‍ത്തകര്‍ രോഗംബാധിച്ച് മരിക്കാനിടയായത്. യാംബുക്കോവിലെ നേഴ്സുമാരെല്ലം എബോള രോഗം ബാധിച്ചാണ് മരിച്ചത്. ഈയിടെ സിയറാ ലിയോണിലെ വൈറസ്രോഗ ചികിത്സകനായ ഹുമാര്‍ഖാനും എബോളരോഗം ബാധിച്ചു മരിച്ചു.

ജീനോം ഗവേഷണങ്ങള്‍

ഇന്ന് തന്മാത്രാ ജൈവശാസ്ത്രത്തിലെ പുരോഗതി, എബോളവൈറസ് ജീനോം സീക്വന്‍സിങ്ങിന് വഴിയൊരുക്കിയിട്ടുണ്ട്. അതിനാല്‍ എബോളയില്‍ ഏതാണ് 18-19 kb (kb  ആയിരം) ന്യൂക്ലിയോറൈഡുകളുള്ള ഒരു നാരു മാത്രമായ ആര്‍എന്‍എയാണ് ഉള്ളതെന്നറിയാം. ബഹുഭൂരിഭാഗം ജീവികള്‍ക്കും വൈറസുകള്‍ക്കും ജനിതകപദാര്‍ഥം ഡിഎന്‍എയാണ്. എന്നാല്‍, ചില വൈറസുകള്‍ക്ക് ആര്‍എന്‍എയാണ് ജനിതകപദാര്‍ഥം. ഡിഎന്‍എക്കാള്‍ മുമ്പ് ആര്‍എന്‍എയാണ് ഉത്ഭവിച്ചതെന്ന വാദം ഉണ്ടെന്ന് ഓര്‍ക്കണം. എബോളവൈറസ് ഉല്‍പ്പാദിപ്പിക്കുന്ന പ്രോട്ടീനുകള്‍ എന്തെല്ലാമാണെന്നറിയാം. ഇതെല്ലാം വാക്സിന്‍ കണ്ടുപിടിക്കാനും, മരുന്ന് ഉണ്ടാക്കാനും ഉപകരിക്കും. യുഎസ്എയിലെ ബ്രോഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍, സിയറാ ലിയോണിലെ എബോള വൈറസിലെ ജീനോം

കടപ്പാട് :പ്രൊഫ. എം ശിവശങ്കരന്‍

3.0612244898
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top