Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / എച്ച്‌ഐവി/എയിഡ്സ്
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

എച്ച്‌ഐവി/എയിഡ്സ്

എച്ച്‌ഐവി/എയിഡ്സ്: ലക്ഷണങ്ങൾ, കാരണങ്ങൾ,ചികിത്സ,പ്രതിരോധം

എന്താണ് എച്ച്‌ഐവിയും എയിഡ്സും ?

അക്വയേഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം’ എന്നതിന്റെ ചുരുക്കപ്പേരാണ് എയിഡ്സ് (AIDS). അതേപോലെ, ‘ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ്’ എന്നതിന്റെ ചുരുക്കപ്പേരാണ് എച്ച്‌ഐവി(HIV).

എച്ച്‌ഐവി എന്നാൽ ഒരു വൈറസിന്റെ പേരും എയിഡ്സ് എന്നാൽ വൈദ്യശാസ്ത്രപരമായ ഒരു അവസ്ഥയുമാണ്. എച്ച്‌ഐവി ബാധ പുരോഗമിക്കുന്ന അവസ്ഥയാണ് എയിഡ്സ്. ഈ അവസ്ഥയിൽ ശരീരത്തിന്റെ പ്രതിരോധസംവിധാനം പൂർണമായും പരാജയപ്പെടുന്നു.  എച്ച്‌ഐവി/എയിഡ്സ് എന്ന പ്രയോഗം വൈറസിനെയും ലക്ഷണങ്ങളെയും ഒരുമിച്ച് സൂചിപ്പിക്കുന്നു.

ലളിതമായി പറഞ്ഞാൽ, എച്ച്‌ഐവി ശരീരത്തെ ആക്രമിക്കുന്ന അവസരത്തിൽ, പ്രതിരോധ സംവിധാനത്തിൽ വലിയതോതിലുള്ള വിള്ളലുകൾ ഉണ്ടാകുന്നു. സ്വാഭാവിക രീതിയിൽ ആരോഗ്യമുള്ള ഒരു വ്യക്തിക്ക് സാധിക്കുന്നതുപോലെ വിവിധ അണുബാധകളോട് പൊരുതുന്നതിനുള്ള ശേഷി ശരീരത്തിനു നഷ്ടമാകുന്നു. അതിനാൽ, അവസരം നോക്കിയിരിക്കുന്ന അണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നതിനിടയാവുകയും പ്രതിരോധിക്കാൻ കഴിയാതെ ശരീരം കീഴടങ്ങുകയും ചെയ്യുന്നു.

കാരണങ്ങൾ

എച്ച്‌ഐവി അണുബാധയേറ്റ ഒരാളുടെ ശരീര ദ്രവങ്ങളിൽ (ശുക്ളം, യോനീസ്രവം, രക്തം, മുലപ്പാൽ) വൈറസിന്റെ സാന്നിധ്യമുണ്ടായിരിക്കും. ഇത് ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിലേക്ക് ഇനി പറയുന്ന രീതികളിൽ പ്രവേശിക്കാം;

 • എച്ച്‌ഐവി പോസിറ്റീവ് ആയ ഒരാളുമായി അരക്ഷിതമായി ബന്ധപ്പെടുന്നത്: വജൈനൽ, അനൽ, ഓറൽ സെക്സ് അല്ലെങ്കിൽ അണുബാധയേറ്റയാളുടെ ലൈംഗികസ്രവങ്ങളുമായി സമ്പർക്കത്തിലായ സെക്സ് ടോയികൾ പങ്കുവയ്ക്കൽ എന്നിവയിലൂടെ.
 • അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്: ഗർഭാവസ്ഥയിലും പ്രസവ സമയത്തും മുലയൂട്ടുമ്പോഴും ഇത് സംഭവിക്കാം.
 • രക്തം പകരുമ്പോൾ: അണുബാധയുള്ള ഒരാളുടെ രക്തം ശരിയായ പരിശോധനയ്ക്ക് വിധേയമാക്കാതെ മറ്റൊരാളിലേക്ക് പകർത്തുമ്പോഴും മയക്കുമരുന്ന് ഉപയോഗിക്കുന്നവർ സിറിഞ്ച് പങ്കുവയ്ക്കുമ്പോഴും (ഉപയോഗിക്കുന്നവരിൽ ആർക്കെങ്കിലും അണുബാധയുണ്ടെങ്കിൽ).

ശരീരദ്രവങ്ങളിൽ ഉയർന്ന തോതിൽ വൈറസുകൾ കാണപ്പെടുമെന്നതിനാൽ,  അപൂർവമെങ്കിലും ഇനി പറയുന്ന രീതിയിൽ ഒരു തവണത്തെ സമ്പർക്കം മൂലം അണുബാധയുണ്ടാകാം;

 • എച്ച്‌ഐവി അണുബാധയേറ്റ ആൾ ചവച്ച ഭക്ഷണം കഴിക്കുന്നത്.
 • എച്ച്‌ഐവി അണുബാധയേറ്റ ആൾ കടിക്കുന്ന അവസരത്തിൽ, ചർമ്മത്തിൽ പൊട്ടലുണ്ടായാൽ അണുബാധ പകരുന്നതിനുള്ള അപകടസാധ്യത കൂടുതലായിരിക്കും.
 • പൊട്ടിയ ചർമ്മം, മുറിവുകൾ, ശ്ളേഷ്മ സ്തരങ്ങൾ എന്നിവയുമായുള്ള സമ്പർക്കം മൂലവും എച്ച്‌ഐവി അണുബാധയുള്ള രക്തം, ശരീരദ്രവങ്ങൾ മൂലം മലിനമായ രക്തം എന്നിവ മൂലവും.

എച്ച്‌ഐവി/എയിഡ്സുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകൾ നിലവിലുണ്ട്. എന്നാൽ, ഇത് ഇനി പറയുന്ന വഴികളിലൂടെ പകരില്ല;

 • സാധാരണ രീതിയിലുള്ള ഹസ്തദാനം, കെട്ടിപ്പിടുത്തം, സ്വാഭാവിക രീതിയിലുള്ള ചുംബനം, സ്പർശനം തുടങ്ങിയവ.
 • തുമ്മൽ
 • ടവ്വലുകൾ പങ്കുവയ്ക്കുന്നത്
 • വായു അല്ലെങ്കിൽ വെള്ളം
 • കൊതുകുകൾ അല്ലെങ്കിൽ പ്രാണികൾ
 • ഉമിനീർ, കണ്ണുനീർ അല്ലെങ്കിൽ വിയർപ്പ്
 • ടോയ്ലറ്റ് സീറ്റുകൾ

ലക്ഷണങ്ങൾ

എച്ച്‌ഐവി ബാധിച്ചിട്ടുള്ള നിരവധി ആളുകൾക്ക് വർഷങ്ങളോളം പ്രത്യേക ലക്ഷണങ്ങളൊന്നും അനുഭവപ്പെടില്ല. യഥാർത്ഥത്തിൽ, അണുബാധയുണ്ടെന്ന് അവർക്ക് മനസ്സിലാകുകപോലുമില്ല. ചിലർക്ക് അണുബാധയുണ്ടായി രണ്ട് മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ പകർച്ചപ്പനി പോലെയുള്ള ലക്ഷണങ്ങൾ അനുഭവപ്പെടാം. ഇത് രണ്ട് ആഴ്ച വരെ നീണ്ടുനിന്നേക്കാം.

എച്ച്‌ഐവി അണുബാധയുടെ പ്രാരംഭ ഘട്ടങ്ങളിൽ ഇനി പറയുന്ന ചില ലക്ഷണങ്ങൾ ഉണ്ടാകാം;

 • പനി
 • ശരീരവേദന
 • തൊണ്ടവേദന
 • കുളിര്
 • വിയർക്കൽ, പ്രത്യേകിച്ച് രാത്രികളിൽ
 • ഗ്രന്ഥികൾ വീങ്ങുക
 • ചുവന്ന പാടുകൾ
 • ശക്തിയില്ലായ്മ
 • ഭാരം കുറയുക

ലക്ഷണമില്ലാത്ത എച്ച്‌ഐവി അണുബാധ: ചിലയവസരങ്ങളിൽ പ്രാരംഭ ഘട്ടത്തിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ 10 വർഷക്കാലത്തേക്ക് പ്രത്യക്ഷമായിരിക്കില്ലെന്നു മാത്രമല്ല, അണുബാധയേറ്റ വ്യക്തി പൂർണ ആരോഗ്യവാൻ/ആരോഗ്യവതി ആണെന്ന് തോന്നുകയും ചെയ്യും. എന്നാൽ, ഈ സമയമെല്ലാം വൈറസുകൾ പ്രതിരോധ സംവിധാനത്തെ സാവധാനത്തിൽ നശിപ്പിച്ചുകൊണ്ടിരിക്കുകയായിരിക്കും. വർഷങ്ങൾക്ക് ശേഷം ഇവയുടെ ആക്രമണം വളരെപ്പെട്ടെന്ന് ശരീരത്തിന്റെ പ്രതിരോധശേഷി ഇല്ലാതാക്കുകയും ചെയ്യും.

എച്ച്‌ഐവി അണുബാധ രൂക്ഷമാകുന്ന ഘട്ടം: ഈ ഘട്ടത്തിൽ, എച്ച്‌ഐവി പ്രതിരോധ സംവിധാനത്തെ പൂർണമായി തകർക്കുകയും എല്ലാത്തരം അണുബാധകളും രോഗങ്ങളും പിടിപെടാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യും. ഈ അവസ്ഥയാണ് എയിഡ്സ് എന്ന് അറിയപ്പെടുന്നത്.

എച്ച്‌ഐവി അണുബാധയുടെ അവസാന ഘട്ടത്തിന്റെ ലക്ഷണങ്ങൾ: അതിസാരം (ക്രോണിക്, പെർസിസ്റ്റന്റ്), വരണ്ട ചുമ, മങ്ങിയ കാഴ്ച, കിതപ്പ്, ആഴ്ചകളോളം നീണ്ടുനിൽക്കുന്ന പനി, കടുത്ത തോതിലുള്ള ദുർബലത, രാത്രിസമയങ്ങളിൽ  കടുത്ത തോതിലുള്ള വിയർക്കൽ, ഭാരം കുറയൽ, ഗ്രന്ഥികളുടെ വീക്കം തുടങ്ങിയവ. ന്യൂമോണിയ, ക്യാൻസർ, ക്ഷയം തുടങ്ങിയ രോഗാവസ്ഥകളും ഉണ്ടാകാം.

രോഗനിർണയം

വൈറസുമായി സമ്പർക്കത്തിലായി എന്ന് സംശയമുണ്ടെങ്കിൽ, എത്രയും വേഗം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. നേരത്തെ തന്നെ രോഗനിർണയവും നിയന്ത്രണവും നടത്തുന്നത് കൂടുതൽ കാലം ഗുണമേന്മയുള്ള ജീവിതം നയിക്കുന്നതിനു സഹായകമായിരിക്കും.

രക്തസാമ്പിളുകളുടെ വൈറോളജി പരിശോധനയിലൂടെയാണ് എച്ച്‌ഐവി നിർണയം നടത്തുന്നത്. പരിശോധനാഫലം പോസിറ്റീവ് ആണെങ്കിൽ, പ്രത്യേക സമയപരിധിക്കുള്ളിൽ നിരവധി തവണ പരിശോധന ആവർത്തിച്ച് സ്ഥിരീകരണം നടത്തുന്നു.

വൈറസിന്റെ സാന്നിധ്യം രക്ത സാമ്പിളിൽ പ്രത്യക്ഷമാകണമെങ്കിൽ മൂന്ന് ആഴ്ച മുതൽ മൂന്ന് മാസം വരെ വേണ്ടിവരാമെന്നതിനാൽ, ആവർത്തിച്ചുള്ള രക്തപരിശോധന ആവശ്യമായിവരും. വ്യക്തിയുടെ ഏറ്റവും അപകടസാധ്യതയുള്ള സമയം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ആയിരുന്നെങ്കിൽ, ഉടൻ പരിശോധന നടത്തേണ്ടതാണ്.

ചികിത്സ

നിലവിൽ, എച്ച്‌ഐവി/എയിഡ്സിന് പ്രതിരോധ കുത്തിവയ്പുകളോ മരുന്നുകളോ ലഭ്യമല്ല. വൈറസിന്റെ വ്യാപനം നിയന്ത്രിക്കുക മാത്രമാണ് ചികിത്സകൊണ്ട് ലക്ഷ്യമിടുന്നത്.

 • ഹാർട്ട് (HAART – ഹൈലി ആക്ടീവ് ആന്റിറിട്രോവൈറൽ തെറാപ്പി): ഇത് മരുന്നുകളുടെ ഒരു സങ്കലനമാണ്. ഇത് ജീവിതകാലം മുഴുവൻ തുടരേണ്ട ചികിത്സയാണ്. ഈ രീതിയിലൂടെ അണുബാധയേറ്റ ആളിന് 10-15 വർഷം വരെ ജീവിച്ചിരിക്കാൻ സാധിക്കുമെന്ന് കരുതുന്നു.
 • എമർജെൻസി എച്ച്‌ഐവി പിൽസ്: കഴിഞ്ഞ 72 മണിക്കൂറിനുള്ളിലാണ് വൈറസുമായി സമ്പർക്കമുണ്ടായതെന്ന് വ്യക്തിക്ക് തോന്നുകയാണെങ്കിൽ, എത്രയും വേഗം പോസ്റ്റ്-എക്സ്പോഷർ പ്രോഫിലാക്സിസ് (പി‌ഇ‌പി) മരുന്ന് കഴിക്കേണ്ടതാണ്. ഇത് അണുബാധ തടയാൻ സഹായിച്ചേക്കും.

പ്രതിരോധം

പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലതെന്ന് പറയാറുണ്ടല്ലോ. എയിഡ്സിന്റെ കാര്യത്തിൽ ഇത് ഇനി പറയുന്ന രീതിയിൽ മാറ്റി പറയാം – ചികിത്സയില്ലാത്തതിനാൽ പ്രതിരോധമാണ് നല്ലത്.

ലൈംഗിക ബന്ധം (Sexual Contact)

 • സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കുക
 • എളുപ്പത്തിൽ സമീപിക്കാവുന്ന തരത്തിലുള്ള കൗൺസിലിംഗ്, പരിശോധനാ കേന്ദ്രങ്ങൾ
 • സുരക്ഷിതമായ ലൈംഗിക പ്രവൃത്തികൾ (കോണ്ടം ഉപയോഗിക്കുക, ഒന്നിലധികം ലൈംഗിക പങ്കാളികൾ ഇല്ലാതിരിക്കുക)
 • എച്ച്‌ഐവി ബാധിച്ചവർക്ക് ഫലപ്രദമായ ആന്റിറിട്രോവൈറൽ ചികിത്സ.
 • ഉയർന്ന അപകടസാധ്യതയുള്ള വിഭാഗങ്ങൾക്ക് പ്രീ-എക്സ്പോഷർ പ്രോഫിലാക്സിസ്.
 • പുരുഷന്മാരുടെ അഗ്രചർമ്മ ഛേദനം.

കുത്തിവയ്പുകളും ഡ്രിപ്പുകളും മറ്റും

 • രക്ത ഉത്പന്നം പകരൽ: ദാതാവിനോടുള്ള ചോദ്യങ്ങൾ, പതിവുള്ള രക്ത പരിശോധനകൾ എന്നിവയ്ക്ക് ശേഷം.
 • കുത്തിവയ്ക്കുന്ന മരുന്ന് ഉപയോഗം: ബോധവൽക്കരണം, ഉപയോഗിച്ച സിറിഞ്ചുകൾ നശിപ്പിക്കൽ, മയക്കുമരുന്നുകൾ നിറച്ച സിറിഞ്ച് പങ്കുവയ്ക്കുന്നത് ഒഴിവാക്കൽ തുടങ്ങിയവ.

പ്രസവത്തിനു മുമ്പും പിമ്പുമുള്ള ആഴ്ചകൾ (Perinatal)

 • അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരുന്നതിനുള്ള സാധ്യതകൾ കുറയ്ക്കുന്നതിനുള്ള നടപടികൾ.
 • വിദ്യാഭ്യാസം/പരിശീലനം: പൊതുവായ പ്രതിരോധനടപടികൾ, കുത്തിവയ്പ് സൂചികൊണ്ടുള്ള പരുക്ക് ഒഴിവാക്കൽ.
 • സ്വാഭാവിക പ്രസവം, സിസേറിയൻ എന്നിവയെക്കുറിച്ച് മനസ്സിലാക്കൽ.
 • മുലയൂട്ടൽ: എച്ച്‌ഐവി/എയിഡ്സ് ബാധയുള്ള അമ്മമാർക്ക് മുലയൂട്ടലിനു പകരം ഫോർമുല ഫീഡിങ്ങ് തെരഞ്ഞെടുക്കാവുന്നതാണ്.

സങ്കീർണതകൾ

 • പ്രതിരോധസംവിധാനം ദുർബലമാകുന്നു
 • ചില തരം ക്യാൻസറുകളും അണുബാധകളും പിടിപെടാനുള്ള സാധ്യത
 • കേന്ദ്രനാഡീവ്യൂഹത്തിനു സംഭവിക്കാവുന്ന സങ്കീർണതകൾ
 • ട്യൂമറുകൾ

അടുത്ത നടപടികൾ

ശരിയായ രീതിയിലുള്ള ബോധവൽക്കരണം മൂലം സമീപനങ്ങളിലും പെരുമാറ്റ രീതികളിലും മാറ്റങ്ങളുണ്ടാക്കുന്നതിനു സാധിക്കും. ഏതൊക്കെ രീതികളിലാണ് അണുബാധയേൽക്കാൻ സാധ്യതയുള്ളത് എന്ന് മനസ്സിലാക്കുന്നത് ഒരു വ്യക്തിക്ക് കൂടുതൽ പ്രതിരോധം സ്വീകരിക്കുന്നതിന് പ്രോത്സാഹനം നൽകും. രോഗത്തെക്കുറിച്ചുള്ള അബദ്ധധാരണകൾ മാറ്റുന്നതിനും ബോധവൽക്കരണം സഹായിക്കും.

അപകട സൂചനകൾ

ഇനി പറയുന്ന അപകട സൂചനകൾ ശ്രദ്ധിക്കുക;

 • അരക്ഷിതമായ ലൈംഗികബന്ധം
 • ഒന്നിലധികം ലൈംഗിക പങ്കാളികൾ
 • ലൈംഗികജന്യരോഗങ്ങളുടെ ചരിത്രം
 • അണുക്കൾ ഉള്ള സൂചിയുടെ ഉപയോഗം അല്ലെങ്കിൽ അതുകൊണ്ടുള്ള മുറിവ്
 • ശരിയായ പരിശോധനയ്ക്ക് വിധേയമാക്കാത്ത രക്തം സ്വീകരിക്കൽ.
കടപ്പാട്: modasta
2.55555555556
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top