অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇറിറ്റബ്ള്‍ ബവല്‍ സിന്‍ഡ്രോം (ഗ്രഹണി)

ഇറിറ്റബ്ള്‍ ബവല്‍ സിന്‍ഡ്രോം (ഗ്രഹണി)

ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഗ്രഹണി അഥവാ ‘ഇറിറ്റബ്ള്‍ ബവല്‍ സിന്‍ഡ്രോം’. കുടലില്‍ അനുഭവപ്പെടുന്ന ഒരുകൂട്ടം അസ്വസ്ഥതകളാണിത്. കുടലിലത്തെുന്ന ആഹാരപദാര്‍ഥങ്ങള്‍ മുന്നോട്ടുനീങ്ങുന്നത് കുടലിന്‍െറ ‘പെരിസ്റ്റാള്‍സിസ്’ എന്ന താളാത്മക ചലനം മൂലമാണ്. വിവിധ കാരണങ്ങളാല്‍ ഈ ചലനത്തിന്‍െറ സ്വാഭാവിക രീതിക്ക് മാറ്റമുണ്ടായാല്‍ കുടല്‍ അസ്വസ്ഥമാകും. പരീക്ഷയടുക്കുമ്പോഴും യാത്രകള്‍ക്കും മറ്റും ഒരുങ്ങുമ്പോഴും വയറുവേദന, ടോയ്ലറ്റില്‍ പോകണമെന്ന തുടരെയുള്ള ആശങ്ക ഇവയുണ്ടാകുന്നത് ഇത്തരം കുടല്‍പ്രശ്നങ്ങള്‍ മൂലമാണ്. ലോകത്ത് 10-20 ശതമാനത്തോളം പേര്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ കാണുന്നു.

പ്രധാന കാരണങ്ങള്‍


ചില ആളുകളില്‍ കുടലിന്‍െറ സംവേദനശേഷി കൂടുതലായിരിക്കും. തലച്ചോറില്‍നിന്നുള്ള സന്ദേശങ്ങളോട് ഇവരുടെ കുടല്‍ താളംതെറ്റിയ രീതിയില്‍ പെട്ടെന്നു പ്രതികരിക്കുന്നു. ഇത്തരക്കാരില്‍ കുടലിന്‍െറ ചലനം വേഗത്തിലാണെങ്കില്‍ വയറിളക്കത്തിനും സാവകാശത്തിലാണെങ്കില്‍ മലബന്ധത്തിനും കാരണമാകുന്നു. കൂടാതെ മാനസിക സംഘര്‍ഷം, പ്രതിരോധ വ്യവസ്ഥ, അതിശക്തമായി ശരീരത്തിനെതിരെ പ്രവര്‍ത്തിക്കുക, പാരമ്പര്യം, അണുബാധ ഇവയും ഐ.ബി.എസിനിടയാക്കാറുണ്ട്. സ്ത്രീകളില്‍ ഇതിനുപുറമെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഐ.ബി.എസ് സാധ്യത കൂട്ടാറുണ്ട്. ആര്‍ത്തവ ദിനങ്ങളില്‍ ഐ.ബി.എസ് ചിലരില്‍ തീവ്രമാകാറുണ്ട്.

ഐ.ബി.എസ് നാലുതരം


ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഐ.ബി.എസ് പ്രധാനമായും നാലായി തിരിക്കുന്നു. 1. വയറിളക്കം പ്രധാന ലക്ഷണമായി കാണുക. 2. മലബന്ധം കൂടുതലായി കാണുക. 3. വയറിളക്കവും മലബന്ധവും ഒരുപോലെ വരുക. 4. മാറിമാറി വരുന്ന വയറിളക്കവും മലബന്ധവും.
കുടലിനുള്ളിലെ ചലനങ്ങള്‍ വേഗത്തിലാകുമ്പോള്‍ അതിലൂടെ കടന്നുപോകുന്ന ആഹാരപദാര്‍ഥങ്ങളില്‍നിന്ന് പോഷകങ്ങളോ ജലമോ വലിച്ചെടുക്കാന്‍ കുടലിന് കഴിയാതെ പോകുന്നു. അപ്പോള്‍ മലത്തില്‍ വളരെയധികം ജലാംശം കലര്‍ന്ന് വയറിളകിപ്പോകും. മറിച്ച് കുടലിന്‍െറ ചലനങ്ങള്‍ വളരെയധികം സാവധാനത്തിലാകുമ്പോള്‍ അതിലൂടെ കടന്നുപോകുന്ന ആഹാരപദാര്‍ഥങ്ങളില്‍നിന്ന് ധാരാളം ജലം ആഗിരണംചെയ്യുകയും മലബന്ധമുണ്ടാവുകയും ചെയ്യും.

മറ്റു ലക്ഷണങ്ങള്‍


* വയറുവേദന
* ഇടക്കിടെ ടോയ്ലറ്റില്‍ പോകണമെന്ന തോന്നല്‍
* വയര്‍ നിറഞ്ഞതായി തോന്നുക
* മലത്തോടൊപ്പം കഫം
തുടങ്ങിയവ ഓരോരുത്തരിലും വ്യത്യസ്തമായി കാണുന്നു. ഐ.ബി.എസ് ലക്ഷണങ്ങള്‍ ചിലപ്പോള്‍ നീണ്ടുനില്‍ക്കാറുണ്ട്.

മാനസികസംഘര്‍ഷം ഐ.ബി.എസ് സാധ്യത കൂട്ടും
വൈകാരിക വിക്ഷോഭങ്ങളും ചിന്താകുഴപ്പങ്ങളുമൊക്കെ ഉണ്ടാകുമ്പോള്‍ പ്രത്യാഘാതങ്ങള്‍ കുടലിലുമുണ്ടാകാറുണ്ട്. പരീക്ഷയടുക്കുമ്പോഴും യാത്രക്കൊരുങ്ങുമ്പോഴും ഐ.ബി.എസിന്‍െറ ലക്ഷണങ്ങള്‍ കൂടുതലായുണ്ടാകുന്നതിന്‍െറ കാരണമിതാണ്.
നേരത്തെതന്നെ ഐ.ബി.എസ് ഉള്ളവരില്‍ മാനസികസമ്മര്‍ദം ഉണ്ടാകുമ്പോള്‍ ലക്ഷണങ്ങള്‍ തീവ്രമാകും. ടെന്‍ഷന്‍ അനുഭവിക്കുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന രാസമാറ്റങ്ങള്‍ നാഡി വഴി കുടലിലത്തെും. കുടലിന്‍െറ സ്വാഭാവിക ചലനങ്ങളില്‍ ഇത് മാറ്റംവരുത്തി ഐ.ബി.എസിനിടയാക്കും. തൊഴില്‍ സാഹചര്യങ്ങളടക്കം ദൈനംദിന ജീവിതത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളൊക്കെ ഐ.ബി.എസ് സാധ്യത കൂട്ടാറുണ്ട്.

ഉത്കണ്ഠ കൂടുതല്‍
ഉത്കണ്ഠയും വിഷാദവും ഐ.ബി.എസ് രോഗികളില്‍ കൂടുതലായി കാണാറുണ്ട്. ഐ.ബി.എസ് ഒരു ഗുരുതരരോഗമാണെന്ന് കരുതുന്നതാണ് ഉത്കണ്ഠക്കും വിഷാദത്തിനും ഇടയാക്കുന്നത്. ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുമെങ്കിലും കുടലിന് കാര്യമായ തകരാറുകളുണ്ടാക്കുന്നതിനോ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുന്നതിനോ ഐ.ബി.എസ് ഇടയാക്കാറില്ല.

ഭക്ഷണം: ഐ.ബി.എസ് കൂട്ടുമോ?
ചിലരില്‍ ചിലയിനം ഭക്ഷണം ഐ.ബി.എസ് സാധ്യത വര്‍ധിപ്പിക്കാറുണ്ട്. വെള്ളക്കടല, വന്‍പയര്‍, തുവര, ഗോതമ്പ്, കാബേജ്,  ബ്രോക്കോളി, വെളുത്തുള്ളി, ഉണക്കപ്പഴം, പാല്‍, ചായ, കിഴങ്ങുവര്‍ഗങ്ങള്‍, പുളിരസമുള്ള ഫലങ്ങള്‍ ഇവ ചിലരില്‍ പ്രശ്നമുണ്ടാക്കാം. എന്നാല്‍ വെള്ളരി, കാരറ്റ്, ചീര, ഇഞ്ചി, വാഴപ്പഴം, മുന്തിരി, കട്ടന്‍ചായ, മത്സ്യം, അരി, തക്കാളി, ചോളം ഇവ ഐ.ബി.എസ് രോഗികള്‍ക്ക് ഗുണകരമാണ്.
കൂടാതെ, ശുചിത്വമില്ലാത്ത ഭക്ഷണം കഴിക്കുന്നത് കുടലില്‍ അണുബാധയുണ്ടാക്കുകയും ഐ.ബി.എസ് സാധ്യത കൂട്ടുകയും ചെയ്യും.

പരിഹാരങ്ങള്‍ ചികിത്സ


ഒൗഷധത്തോടൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമീകരണവും ഐ.ബി.എസ് നിയന്ത്രണത്തിന് അനിവാര്യമാണ്. കുടലിന്‍െറ ചലനം ക്രമപ്പെടുത്തുന്നതോടൊപ്പം മലബന്ധം, വയറിളക്കം, വയറുവേദന തുടങ്ങിയവ കുറക്കാനുള്ള മരുന്നുകളും നല്‍കാറുണ്ട്. ചിലരില്‍ ഉത്കണ്ഠ, വിഷാദം ഇവ അകറ്റാനുള്ള മരുന്നുകളും വേണ്ടിവരാറുണ്ട്. കൂവളം, മാതളം, പുളിയാറില, കറിവേപ്പില, ചേന തുടങ്ങിയവ പ്രധാനമായും അടങ്ങിയ ഒൗഷധങ്ങള്‍ ഐ.ബി.എസ് ചികിത്സയില്‍ നല്ല ഫലം തരാറുണ്ട്.
വയറിളക്കം കൂടുതലുള്ളവര്‍ക്ക് നാരുകള്‍ കുറഞ്ഞ ഭക്ഷണക്രമമാണ് നല്ലത്. എന്നാല്‍, മലബന്ധം അനുഭവപ്പെടുന്നവര്‍ക്ക് നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് ഗുണംചെയ്യുക. കുടലിലൂടെ ആഹാരം സമഗ്രമായി നീങ്ങുന്നതിന് നാരുകള്‍ കൂടിയേ തീരൂ. കൂടാതെ, ആഹാരത്തിലെ കൊഴുപ്പ് ഘടകങ്ങളെ ആഗികരണംചെയ്ത് പുറന്തള്ളാനും ജലം ആഗികരണം ചെയ്യാനും നാരുകള്‍ സഹായകമാണ്. പഴങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്‍ ഇവയൊക്കെ നാരുകളാല്‍ സമ്പന്നമാണ്. ദിവസവും 8-10 ഗ്ളാസ് വെള്ളം കുടിക്കുവാനും ശ്രദ്ധിക്കണം.
* മദ്യപാനം, പുകവലി, ലഹരിവസ്തുക്കള്‍ ഇവയുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
* ലഘു വ്യായാമങ്ങളും യോഗയും മാനസിക സമ്മര്‍ദം കുറച്ച് മനസ്സ് ശാന്തമാക്കും.

കടപ്പാട് : ഡോ.പ്രിയ ദേവദത്ത്,കോട്ടക്കൽ ആര്യവൈദ്യശാല,മാന്നാർ

(State Medicinal Plant Board Member,Kerala)© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate