অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യവും വിവരങ്ങളും

ആരോഗ്യവും വിവരങ്ങളും
 1. അലര്‍ജിയെ സൂക്ഷിക്കണം
 2. ചോക്ലേറ്റിന്‍റെ അറിയാത്ത ചില ഗുണങ്ങള്‍
 3. മഴക്കാലത്ത് ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 4. കുഞ്ഞരിപ്പല്ലുകള്‍ വൃത്തിയാക്കാന്‍ ചില ടിപ്പുകളിതാ
 5. നെയ്യു കഴിയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍
 6. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
 7. പേവിഷബാധ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
 8. എന്താണ് നിശാന്ധത?
 9. എന്താണ് ബ്ളെഫറൈറ്റിസ്
 10. കുഞ്ഞുങ്ങളിലെ കഫക്കെട്ട്
 11. സിന്ദൂരത്തില്‍ പതിയിരിക്കുന്ന അപകടം
 12. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 13. എന്താണ് മൊളസ്കം കണ്ടാജിയോസം?
 14. കാബേജിന്‍റെ പോഷകഗുണങ്ങള്‍
 15. കണ്‍കുരുവിനെകുറിച്ച്‌ അറിയേണ്ട കാര്യങ്ങള്‍
 16. മാവില: വീട്ടുമുറ്റത്തെ ഔഷധം
 17. ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്കം ലഭിക്കാന്‍ ചില ടിപ്പുകളിതാ...

അലര്‍ജിയെ സൂക്ഷിക്കണം

പ്രായഭേദമെന്യേ പലരെയും ബുദ്ധിമുട്ടിക്കുന്ന അസുഖമാണ് അലര്‍ജി.ചൊറിച്ചില്‍, തുമ്മല്‍, ശരീരമാസകലം ചുവന്നുതടിക്കല്‍, നീറ്റല്‍ തുടങ്ങിയവയൊക്കെയാണ് അലര്‍ജിയുടെ ലക്ഷണങ്ങള്‍. അലര്‍ജിക്ക് കാരണമാവുന്നത്എന്തുതരം വസ്തുവാണെന്ന് തിരിച്ചറിയാന്‍ ശ്രമിക്കാതെ, ചികിത്സിക്കാതിരുന്നാല്‍ അലര്‍ജി ശല്യം കാലങ്ങളോളം അനുഭവിക്കേണ്ടി വരും.ഭക്ഷണത്തിലൂടെയും, ശ്വാസത്തിലൂടെയും, ത്വക്കിലൂടെയുമാണ് പ്രധാനമായും അലര്‍ജി ശല്യമുണ്ടാകുന്നത്. പൊതുവെ കണ്ടുവരുന്ന വിവിധതരം അലര്‍ജികള്‍...
കഴിക്കുന്ന ഭക്ഷണത്തിലൂടെ: 90 ശതമാനം അലര്‍ജിയും നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെ വരുന്നതാണ്. ആദ്യം ഓരോരുത്തര്‍ക്കും അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഏതെന്ന് തിരിച്ചറിയണം. മുട്ട, പാല്‍, ഗോതമ്പ്, നിലക്കടല, കൊഞ്ച് പോലുള്ള ചിലതരം മത്സ്യങ്ങള്‍, കക്കയിറച്ചി, തുടങ്ങിയവയാണ് പ്രധാനമായും അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍. ഭക്ഷ്യഅലര്‍ജിയാണെങ്കില്‍ കഴിച്ച്‌ രണ്ട് മിനിറ്റ്മുതല്‍ ഒന്നോ, രണ്ടോ മണിക്കൂര്‍ വരെയുള്ള സമയത്തിനകം ലക്ഷണങ്ങള്‍പ്രത്യക്ഷപ്പെടാം. ചിലരില്‍ ശരീരമാസകലം ചൊറിച്ചില്‍,നീറ്റല്‍ തുടങ്ങി പലതരത്തിലുള്ള ലക്ഷണങ്ങള്‍ കാണാം. ഇത് വലിയ പ്രശ്നങ്ങളില്ലാത്ത ലക്ഷണങ്ങളാണ്.എന്നാല്‍ ഗുരുതരമായ ലക്ഷണങ്ങളുമുണ്ട്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുക, ഹൃദയമിടിപ്പ് കൂടുക, തുടര്‍ച്ചയായി ചുമയ്ക്കുക തുടങ്ങിയവ അപകടകരമായ ലക്ഷണങ്ങളാണ്. തൊണ്ടയ്ക്കുള്ളിലെ വീക്കം, തലകറക്കം, ബോധക്ഷയം എന്നിവയും കുറെക്കൂടി ഗുരുതരമായ ലക്ഷണങ്ങളാണ്. അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ തിരിച്ചറിഞ്ഞ് അവയുടെ ഉപയോഗം തീര്‍ത്തും ഒഴിവാക്കണം. മാത്രമല്ല ഗുരുതരമായ ലക്ഷണങ്ങളാണ് അനുഭവപ്പെടുന്നതെങ്കില്‍ ഡോക്ടറെ കാണുകയും വേണം.

ത്വക് അലര്‍ജി: സാധാരണ കൂടുതലായി കണ്ടുവരുന്ന അലര്‍ജിയാണിത്. വളര്‍ത്തു മൃഗങ്ങളുമായുള്ള സമ്പര്‍ക്കം, കടന്നല്‍, തേനീച്ച, തേള്‍, എട്ടുകാലി, വിവിധ പുഴുക്കള്‍, പോളിസ്റ്റര്‍ പോലുള്ള വസ്ത്രങ്ങള്‍, ചില ആഭരണങ്ങള്‍ എന്നിവയൊക്കെ ത്വക്കില്‍ അലര്‍ജി ഉണ്ടാക്കും. അര്‍ടിക്കേരിയ, എക്സിമ, കോണ്‍ടാ്ര്രക്ഡെര്‍മറ്റൈറ്റിസ് എന്നിങ്ങനെ മൂന്നു തരത്തിലാണ് തൊലിപ്പുറമെയുള്ള അലര്‍ജികാണപ്പെടുന്നത്. തൊലിപ്പുറമേ കാണുന്ന, പൊങ്ങിയ പാടുകളായിട്ടാണ്അര്‍ടിക്കേരിയ പലപ്പോഴും പ്രത്യക്ഷപ്പെടുക. മിക്കവാറും കടുത്ത ചൊറിച്ചില്‍കാണപ്പെടുമെങ്കിലും തൊലി പൊട്ടുകയോ വ്രണമായിത്തീരുകയോ ചെയ്യാറില്ല.ചിലര്‍ക്ക് പുകച്ചില്‍, ഊത്തല്‍, ചൂടനുഭവപ്പെടുക എന്നിവയും കാണാം. വായ, തൊണ്ട, ജനനേന്ദ്രിയങ്ങള്‍ മുതലായ ഭാഗങ്ങളിലും ഇങ്ങനെ തടിച്ചുപൊങ്ങാം.ഇത്തരം അലര്‍ജിയുള്ളവരില്‍ ചിലപ്പോള്‍ ശ്വാസതടസ മനുഭവപ്പെടാനിടയുണ്ട്.ആഹാരസാധനങ്ങള്‍, പ്രാണികള്‍, ചില മരുന്നുകള്‍ എന്നിവയോടെല്ലാമുളള അലര്‍ജിമൂലം അര്‍ടിക്കേരിയ ഉണ്ടാവാം. ചിലര്‍ക്ക് ചൂട്, തണുപ്പ്, മര്‍ദ്ദം എന്നിവ മൂലവും ഉണ്ടാവാം. തൊലിപ്പുറമേ പേനകൊണ്ടോ മറേറാ വരച്ചാലുടന്‍ തടിച്ചുവീര്‍ത്തുവരുന്ന ഡെര്‍മറ്റോഗ്രാഫിസം എന്ന അവസ്ഥയും ഇതിന്‍റെ ഭാഗമാണ്.

എക്സിമ: പ്രധാനമായും ചില ഭക്ഷണംകൊണ്ടുള്ള അലര്‍ജിയാണിത്. മുഖത്തും കൈകാലുകളിലും മറ്റും ചൊറിഞ്ഞുപൊങ്ങി കരപ്പന്‍ പോലെ കാണപ്പെടും. ഇരുപത്തിയഞ്ചു വയസുവരെയുള്ള കാലയളവില്‍ എക്സിമ വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം അലര്‍ജി കാണപ്പെടുന്നവരില്‍ ഭൂരിഭാഗത്തിനും ഭാവിയില്‍ ആസ്ത്മ വരാനും സാധ്യതയുണ്ട്.

കോണ്‍ട്രാക് ഡെര്‍മറ്റൈറ്റിസ്: ഏററവും കൂടുതല്‍ കാണപ്പെടുന്ന സ്കിന്‍ അലര്‍ജിയാണിത്. അലര്‍ജനുകളുമായിനേരിട്ടുള്ള സ്പര്‍ശനമോ സാമീപ്യമോ മൂലമാണ് ഇത്തരത്തിലുളള അലര്‍ജിഉണ്ടാവുന്നത്. മററു ശരീരഭാഗത്തെങ്ങും ചൊറിച്ചിലുണ്ടാവില്ല. എന്നാല്‍ നിരന്തരമായ ചൊറിച്ചില്‍ കാരണം തൊലി കട്ടികൂടിയും വരണ്ടും കറുത്തും കാണപ്പെടും. കൈകള്‍, മുഖം, ചുണ്ട്, കണ്‍പോളകള്‍, കഴുത്ത്, കാലുകള്‍, ജനനേന്ദ്രിയങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇത്തരം അലര്‍ജി കാണപ്പെടുന്നത്. സൗന്ദര്യവര്‍ധക വസ്തുക്കളുടെ തുടര്‍ച്ചയായുള്ള ഉപയോഗം, ഹെയര്‍ ഡൈ, എണ്ണ, ഡിയോഡറന്‍റുകള്‍, ചെരുപ്പ്, ലൂബ്രിക്കന്‍റ് ജെല്ലി, ഗര്‍ഭനിരോധന ഉറകള്‍ തുടങ്ങിയവയും കോണ്‍ടാ്ര്രക് ഡെര്‍മറ്റൈറ്റിസിനു കാരണമാവാറുണ്ട്. ലതര്‍ സ്ട്രാപ്പുകള്‍, റബര്‍, ഡിറ്റര്‍ജന്‍റുകള്‍എന്നിവയും അലര്‍ജിക്കു കാരണമാകുന്നുണ്ട്.

കാലാവസ്ഥാ മാറ്റവും അലര്‍ജിയും: നാം ശ്വസിക്കുന്ന വായുവിലൂടെയുണ്ടാകുന്ന അലര്‍ജി സര്‍വ സാധാരണമാണ്. ശ്വാസകോശത്തെയും മൂക്കിനെയുമാണിതു കൂടുതലായും ബാധിക്കുക. മഴ, മഞ്ഞ്, വെയില്‍ അങ്ങനെ ഓരോ കാലാവസ്ഥയിലും വിവിധ തരം അലര്‍ജികള്‍ പലരിലും കണ്ടുവരാറുണ്ട്. പൊടി, പൂമ്പൊടികള്‍, മൃഗരോമങ്ങള്‍, പൂപ്പലുകള്‍, അടച്ചിമുറികള്‍ എന്നിവ ശ്വാസകോശ അലര്‍ജിക്ക് കാരണമാവാം. ആസ്ത്മ രോഗമുള്ളവരെ വലയ്ക്കുന്നതാണ് കാലാവസ്ഥാ മാറ്റം. മഞ്ഞുമാറി മഴ വരുമ്പോഴും, ചൂട് മാറി തണുപ്പു വരുമ്പോഴുമെല്ലാം ആസ്ത്മ കൂട്ടാം. മാത്രമല്ല പൊടി, ഫംഗസ്, പൂപ്പല്‍, പൂമ്പൊടി എന്നിവയും അലര്‍ജിക്ക് കാരണമാവും.

ചിലര്‍ക്ക് സൂര്യനോടുപോലും അലര്‍ജിയുണ്ടാവാം. വെയിലുകൊണ്ടാല്‍ മിനിറ്റുകള്‍ക്കകം തൊലിപ്പുറമെ തടിപ്പ്, ചൊറിച്ചില്‍, ചുവപ്പുനിറം എന്നിവയാണ് രോഗലക്ഷണങ്ങള്‍. സൂര്യപ്രകാശം ഏല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ മാത്രം രോഗമുണ്ടാവുന്നു എന്നതുകൊണ്ടുതന്നെ എളുപ്പം രോഗനിര്‍ണയം നടത്താം. വെയിലത്തിറങ്ങുമ്പോള്‍ കുടപിടിക്കുക, ശരീരഭാഗങ്ങള്‍ മറയ്ക്കുന്ന തരത്തില്‍ വസ്ത്രം കൊണ്ടുമൂടുക എന്നിവയോടൊപ്പം ത്വക്കില്‍ സണ്‍സ്ക്രീന്‍ ലോഷന്‍ പുരുന്നതും ഒരുപരിധിവരെ സൂര്യനോടുളള അലര്‍ജിയില്‍നിന്നും സരക്ഷണം നല്‍കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അലര്‍ജിയുള്ള വസ്തുക്കള്‍ തിരിച്ചറിയുകയും അവ ഒഴിവാക്കാന്‍ ശ്രദ്ധിക്കുകയും വേണം. അലര്‍ജിയുണ്ടാക്കുന്നവയെന്ന് ബോദ്ധ്യപ്പെട്ട ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിക്കുന്നതാണ്  ഉചിതം. കോണ്‍ടാ്ര്രക്ഡെര്‍മറ്റൈറ്റിസിനു കാരണമാവുന്ന വസ്തുക്കളും കഴിയുന്നത്ര ഒഴിവാക്കണം. ഗ്ലൗസുപയോഗിച്ച്‌ ജോലി ചെയ്യുന്നത് ജോലിസംബന്ധമായ സ്കിന്‍ അലര്‍ജിക്ക് ഒരുപരിധിവരെ സഹായകമാവും .

കുട്ടികളിലെ അലര്‍ജി : ചിലപ്പോഴൊക്കെ പാരമ്പര്യമായി കാണാറുണ്ടെങ്കിലും എല്ലായ്പ്പോഴും അങ്ങനെയാവണമെന്നില്ല . എന്നാല്‍ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള അലര്‍ജി ഉണ്ടെങ്കില്‍ കുട്ടികള്‍ക്കും അലര്‍ജി വരാനുള്ള സാധ്യതകളുണ്ട്. മാതാപിതാക്കളില്‍ ഇരുവര്‍ക്കും അലര്‍ജിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജി വരാനുള്ള സാധ്യത ഇരട്ടിയാണ്. കളിച്ചു നടക്കേണ്ട പ്രായത്തിലുള്ള അലര്‍ജി കുഞ്ഞുങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഭക്ഷണത്തിലൂടെയും, അന്തരീക്ഷത്തില്‍ നിന്നുമെല്ലാം കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാവാറുണ്ട്. പശുവിന്‍ പാല്‍, മുട്ട, ഗോതമ്പ്, പയര്‍ തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളോടുളള അലര്‍ജി കുട്ടികളില്‍  കൂടുതലായി കണ്ടുവരാറുണ്ട്. ശരീരം ചൊറിഞ്ഞു തടിക്കുക, ചര്‍ദ്ദി, വയറു വേദന, വയറിളക്കംഎന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

മരുന്നുകളും അലര്‍ജിയാകുമോ : ശരീരത്തില്‍ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം തന്നെ അമിതമായിപ്രതികരിക്കുന്നതാണ് അലര്‍ജി . പെനിസിലിന്‍, സല്‍ഫര്‍ അടങ്ങിയ ചിലമരുന്നുകള്‍, ആസ്പിരിന്‍ തുടങ്ങിയ വേദനാസംഹാരികള്‍ എന്നിവ ചിലരില്‍ അലര്‍ജിയുണ്ടാക്കാറുണ്ട്. അലര്‍ജിയുണ്ടാക്കുന്ന മരുന്നുകള്‍ ആണ് ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞാല്‍, അതിന്‍റെ  ഉപയോഗം നിര്‍ത്തുകയും, ഡോക്ടറെ സമീപിച്ച്‌ കുറിപ്പ് മാറ്റിവാങ്ങേണ്ടതുമാണ്.

അലര്‍ജിയുള്ളവര്‍ ചെയ്യേണ്ടത് : ഏത് വസ്തുവാണ് അല്ലെങ്കില്‍ ഭക്ഷണപദാര്‍ത്ഥമാണ് . അലര്‍ജിക്ക് കാരണമാകുന്നതെന്ന് തിരിച്ചറിഞ്ഞ് അതില്‍ നിന്നും അകലം പാലിക്കുകയാണ് ആദ്യംവേണ്ടത്. വിരുദ്ധാഹാരം, പകലുറക്കം ഒഴിവാക്കുക, പൊടിയുള്ള അന്തരീക്ഷത്തില്‍ അധിക സമയം ചെലവഴിക്കാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകളും സ്വീകരിക്കണം.മാത്രമല്ല അലര്‍ജിക്കുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.

ചോക്ലേറ്റിന്‍റെ അറിയാത്ത ചില ഗുണങ്ങള്‍

വയസ്സ് എത്ര കൂടിയാലും ആളുകള്‍ക്ക് ചോക്ലേറ്റുകളോടുള്ള ഭ്രമം കുറയില്ല. ആരോഗ്യത്തിന് ഹാനികരമാണെന്ന് കാണിച്ച്‌ ചോക്ലേറ്റ് കഴിക്കുന്നത് മനസ്സില്ലാ മനസ്സോടെ അവസാനിപ്പിച്ചവര്‍ പോലുമുണ്ട്. എന്നാല്‍ ചോക്ലേറ്റിനും ചില ഗുണങ്ങളുണ്ട്. ഗുണമേന്മയുള്ള ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നല്‍കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചോക്ലേറ്റിന്‍റെ നിങ്ങള്‍ക്കറിയാത്ത ചില ഗുണങ്ങള്‍.
ചോക്ലേറ്റിലെ പോഷകഗുണങ്ങള്‍
ശരീരത്തിന് പോഷകാശം നല്‍കുന്ന ഘടകങ്ങള്‍ ചോക്ലേറ്റിലുണ്ട്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ കൊക്കോയുടെ അളവ് 70-80 ശതമാനം വരെയാണ്. 11 ഗ്രാം ഫൈബര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലേനിയം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയ ധാധുക്കളുടെ വലിയ അളവിലുള്ള സാന്നിധ്യവും ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്. 600 ആണ് 100 ഗ്രാം ചോക്ലേറ്റിലെ കലോറിയുടെ അളവ്. എന്നാല്‍ പഞ്ചാസാരയുടെ അളവും ഇതിന് അനുസൃതമായി ഉണ്ടെന്നോര്‍ക്കുക. 
ഇരുമ്പിന്‍റെ അംശം ധാരാളം
ഡാര്‍ക്ക് ചോക്ലേറ്റില്‍ ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 11.9 മില്ലി ഗ്രാം ഇരുമ്പാണ് അടങ്ങിയിരിക്കുന്നത്. സാധാരണ ചോക്ലേറ്റില്‍ ഇത് 2.4 മില്ലിഗ്രാം ആണെന്നിരിക്കെയാണ് ഈ കണക്ക്.
ആന്‍റിഓക്സിഡന്‍റ്സും ഡാര്‍ക്ക് ചോക്ലേറ്റും
ശരീരത്തിന് ആവശ്യമായ ആന്‍റിഓക്സൈഡുകളെ സജീവമാക്കുന്നതിനായുള്ള പാള്‍ഫീനോല്‍സ്, ഫ്ളവനോള്‍സ്, കാറ്റെഞ്ചിന്‍ എന്നീ ഘടകങ്ങള്‍ ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതു വഴി ശരീരത്തിലെ ആന്‍റിഓക്സൈഡ് ഘടകങ്ങളെ ജൈവീകമായി സജീവമാക്കാന്‍ ഈ ഘടകങ്ങള്‍ക്ക് സാധിക്കും.
രക്തയോട്ടം വര്‍ധിപ്പിക്കുന്നു
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്താക്കുന്നത്. ശരീരത്തില്‍ നൈട്രിക് ഓക്സൈഡുകളെ ഉത്പാദിപ്പിക്കുന്നതിനെ ത്വരിതപ്പെടുത്താന്‍ ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്ക് സാധിക്കും. ഇത് രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. 
ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്കുളള സാധ്യത കുറയ്ക്കുന്നു
ഹൃദയസംബന്ധിയായ അസുഖങ്ങള്‍ക്കുളള സാധ്യത കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിനു സാധിക്കുമെന്നാണ് പഠനങ്ങള്‍. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ശരീരത്തിലെ ആന്‍റി ഓക്സൈഡികള്‍ സജീവമാകുന്നു. രക്തധമനികളിലേക്ക് കൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്നതിനെ നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
സൗന്ദര്യം വര്‍ധിപ്പിക്കുന്നു
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചോക്ലേറ്റിനു കഴിയുമെന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ബ്യൂട്ടി പാര്‍ലറുകളില്‍ നിന്നും നല്‍കുന്ന ചോക്ലേറ്റ് മസാജിംഗ്. ചര്‍മ്മം ഡ്രൈ ആവുന്നതടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിനു കഴിയും.

മഴക്കാലത്ത് ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗര്‍ഭിണികള്‍ക്ക് ഗര്‍ഭത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ പല തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവും. പലപ്പോഴും ഇത്തരം അസ്വസ്ഥതകള്‍ പ്രസവം വരെ ചിലരെ അലട്ടും. എന്നാല്‍ ചില സമയത്ത് ഗര്‍ഭിണികള്‍ കാലാവസ്ഥ മാറുന്നതിനനുസരിച്ച് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

മഴക്കാലത്തും വേനല്‍ക്കാലത്തും പല കാര്യങ്ങളും ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം. അമ്മ ആരോഗ്യ കാര്യത്തില്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ മാത്രമേ കുഞ്ഞിന്‍റെ  ആരോഗ്യം തൃപ്തികരമാവൂ. അതുകൊണ്ട് തന്നെ മഴക്കാലത്ത് ഗര്‍ഭിണികള്‍ ആരോഗ്യ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവ എന്തൊക്കെയെന്ന് നോക്കാം

മണ്‍സൂണ്‍ കാലത്ത് ഹ്യുമിഡിറ്റി കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.അതുകൊണ്ട് തന്നെ അതിനനുസരിച്ചുള്ള വസ്ത്രം ധരിക്കാന്‍ ശ്രമിക്കണം. അധികം ടൈറ്റ് ആയതും അധികം ലൂസ് ആയതുമായ വസ്ത്രങ്ങള്‍ ധരിക്കരുത്.

നല്ല വൃത്തിയുള്ള ലൂസായ കട്ടിയുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാം. ഒരിക്കലും സിന്തറ്റിക് ഫാബ്രിക്‌സ് ഉപയോഗിച്ചിട്ടുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്.

വ്യക്തി ശുചിത്വം പാലിക്കാന്‍ ശ്രദ്ധിക്കുക. എന്നും  കുളിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ മഴക്കാലത്ത് അധികം തല നനക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെറു ചൂടുവെള്ളത്തില്‍ കൈകഴുകാനാണ് ശ്രദ്ധിക്കേണ്ടത്.

ചെരുപ്പ് ധരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. പാദം തുറന്ന ചെരുപ്പുകള്‍ ഒരിക്കലും ധരിക്കരുത്. പാദം മുഴുവനായി മൂടുന്ന ചെരുപ്പുകള്‍ വേണം ധരിക്കാന്‍.

ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കാം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് കുഞ്ഞിനും അമ്മക്കും ഒരു പോലെ പ്രശ്‌നമുണ്ടാക്കുന്നഒന്നാണ്. അതുകൊണ്ട് തന്നെ ദിവസവും2.5 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം.

ഗര്‍ഭാവസ്ഥയില്‍ പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.പ്രത്യേകിച്ച് മഴക്കാലത്ത്. ഇത് പല തരത്തിലുള്ള രോഗങ്ങളിലേക്കും മറ്റ് പലപ്രശ്‌നങ്ങളിലേക്കും കാരണമാകും.

വീട് വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. വീടും പരിസരവും ബാത്ത്‌റൂമും എല്ലാം വൃത്തിയായി സൂക്ഷിക്കുക. ഇത് വഴിയും രോഗത്തിന് സാധ്യത വളരെ കൂടുതലാണ്.

കുഞ്ഞരിപ്പല്ലുകള്‍ വൃത്തിയാക്കാന്‍ ചില ടിപ്പുകളിതാ

കുട്ടികളുടെ ദന്തപരിചരണം അത്ര കാര്യമായ സംഗതിയല്ല എന്നാണ് മിക്ക മാതാപിതാക്കളും ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍, ഭാവിയില്‍ അവരുടെ ദന്ത ആരോഗ്യം ഉറപ്പുവരുത്തുന്നതിന് കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ശരിയായ പരിപാലനം നല്‍കിയേ തീരൂ. കുട്ടിയുടെ നറുപുഞ്ചിരി ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും പല്ല് കേടുവരുന്നത് തടയുന്നതിനും ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടരുന്നത് സഹായിക്കും.

പരിശോധന : ഒരു വയസ്സ് തികയുമ്പോഴേക്കും കുഞ്ഞിനെ ഒരു ദന്തരോഗ വിദഗ്ധനെ/വിദഗ്ധയെ കാണിക്കണം. നേരത്തെ തന്നെ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ദീര്‍ഘകാലത്തേക്ക് നിങ്ങളുടെ കുഞ്ഞിന്‍റെ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ മാത്രമല്ല, പണവും സമയവും ലാഭിക്കാനും സഹായകമാവും. അതിനാല്‍, കുഞ്ഞിനെ ദന്തരോഗ വിദഗ്ധനെ/വിദഗ്ധയെ കാണിക്കാന്‍ മടിക്കേണ്ടതില്ല.

ആരോഗ്യകരമായ ശീലങ്ങള്‍: ജനിച്ച്‌ ഏതാനും ദിവസം കഴിയുമ്പോള്‍ മുതല്‍ കുഞ്ഞിന്‍റെ വായ വൃത്തിയാക്കി തുടങ്ങണം. കുഞ്ഞിന്‍റെ മോണ മൃദുവായ തുണി അല്ലെങ്കില്‍ ഗേസ് പാഡ് ഉപയോഗിച്ച്‌ തുടച്ചെടുക്കുകയാണ് വേണ്ടത്. പല്ലു മുളച്ച ശേഷം ദിവസം രണ്ട് നേരം കുട്ടികള്‍ക്കായുള്ള ടൂത്ത് ബ്രഷ് ഉപയോഗിച്ച്‌ പല്ല് വൃത്തിയാക്കണം. ഇതിനായി ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ആണ് ഉപയോഗിക്കേണ്ടത്.

ഉറങ്ങുമ്പോള്‍ പാല്‍ക്കുപ്പി വേണ്ട: കുട്ടികള്‍ വായില്‍ പാല്‍ക്കുപ്പിയുമായി ഉറങ്ങാന്‍ അനുവദിക്കരുത്. കുപ്പിയില്‍ പാല്‍, ജ്യൂസ് അല്ലെങ്കില്‍ അതുപോലെയുള്ള എന്തുമാവട്ടെ, ഉറങ്ങുന്ന സമയത്ത് അത് പല്ലില്‍ ഒരു ആവരണമായി രൂപപ്പെടാനും പല്ലിനെ ആക്രമിക്കുന്ന ബാക്ടീരിയകള്‍ പെരുകാനും കാരണമാവും.

കൃത്രിമ നിപ്പിളുകള്‍ ഒഴിവാക്കുക: കുഞ്ഞിന് 6-12 മാസം പ്രായമാവുമ്പോഴേക്കും കൃത്രിമ നിപ്പിളുകള്‍ ഒഴിവാക്കുക. ഇതിന്‍റെ  ഉപയോഗം പല്ലുകള്‍ ക്രമംതെറ്റി വളരാന്‍ ഇടയാക്കും.

പഴച്ചാര്‍ നിയന്ത്രിത അളവില്‍: കുട്ടിക്ക് ഒരു ദിവസം 100-120 മില്ലി ലിറ്ററില്‍ അധികം പഴച്ചാര്‍ നല്‍കരുത്. കൂടുതല്‍ പഴച്ചാര്‍ നല്‍കുന്നത് പല്ലിന്‍റെ  ഇനാമല്‍ നശിക്കാന്‍ ഇടവരുത്തും. മുലപ്പാല്‍ നല്‍കുന്നതിന് അനുബന്ധമായി വേണം പഴച്ചാറുകള്‍ നല്‍കേണ്ടത്.

മരുന്നുകള്‍: ആന്‍റിബയോട്ടിക്കുകളും ചില ആസ്ത്മ മരുന്നുകളും വായയില്‍ ഫംഗസ് അണുബാധയ്ക്ക് (ഓറല്‍ ത്രഷ്) കാരണമായേക്കാം. നാക്കിലോ വായയ്ക്ക് ഉള്ളിലോ പാല്‍പ്പാട പോലെയുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഇതിന്‍റെ ലക്ഷണം.

കുഞ്ഞുങ്ങള്‍ ദീര്‍ഘകാലത്തേക്ക് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ പല്ല് ശുചിയാക്കേണ്ട ഇടവേളകളെ കുറിച്ച്‌ ഡോക്ടറുടെ  ഉപദേശം സ്വീകരിക്കുന്നത് നന്നായിരിക്കും.

നെയ്യു കഴിയ്ക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

വെറുംവയറ്റില്‍ നെയ്യു കഴിയ്ക്കുന്നത് ദഹനരസങ്ങളുടെ ഉല്‍പാദനത്തിന് ഏറെ നല്ലതാണ്.  ഇത് വയറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണകരം.  ദഹനം മെച്ചപ്പെടും. നെയ്യ് വെറുംവയറ്റില്‍ കഴിയ്ക്കുമ്പോള്‍ ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും പുത്തനുണര്‍വു ലഭിയ്ക്കും. കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കാനും ഊര്‍ജവും ഓജസും നല്‍കാനും ഇത് സഹായിക്കും. വരണ്ട ചര്‍മമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഏറ്റവും നല്ലൊരു പ്രതിവിധിയാണ് നെയ്യ്. വെറും വയറ്റില്‍ ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ നെയ്യു കഴിച്ചു നോക്കൂ

കുട്ടികള്‍ക്കു വെറുംവയറ്റില്‍ നെയ്യു നല്‍കുന്നത് ബുദ്ധിശക്തി വര്‍ദ്ധിയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ചു 10 വയസു വരെയുള്ള കുട്ടികള്‍ക്ക്. ശരീരത്തിലെ സന്ധികള്‍ക്ക് ഇത് ഈര്‍പ്പം നല്‍കുന്നു. ഇതുവഴി എല്ലുപൊട്ടുന്നതും എല്ലുതേയ്മാനവുമെല്ലാം ഒഴിവാക്കാന്‍ സാധിയ്ക്കും. ശരീരത്തിലുള്ള വാത, പിത്ത, കഫദോഷങ്ങളില്‍ വാതദോഷത്തെ ഒഴിവാക്കിയാണ് ഇതു സാധിയ്ക്കുന്നത്.

5-10 മില്ലി വരെ നെയ്യു കഴിയ്ക്കാം. ഇതു വെറുംവയറ്റില്‍ കഴിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞു മാത്രം ഭക്ഷണം കഴിയ്ക്കുക. നല്ല ശുദ്ധമായ നെയ്യുപയോഗിയ്ക്കുക

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

കംപ്യൂട്ടറിന് മുന്നിലിരുന്ന ജോലി ചെയ്യേണ്ടവരുടെ കണ്ണിന്‍റെ ആരോഗ്യം ശ്രദ്ധിക്കേണ്ട കാര്യമാണ്. സ്ഥിരമായി കംപ്യൂട്ടറില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണിന് പ്രശ്നമുണ്ടാകുന്നത് സ്വാഭാവികമാണ്. കംപ്യൂട്ടര്‍ മാത്രമല്ല, സ്മാര്‍ട്ഫോണ്‍, ടാബ്ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കും കണ്ണിനും പ്രശ്നമുണ്ടാകുന്നത് സ്വാഭാവികമാണ്. കാഴ്ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം.  കാഴ്ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളിതാ....

ധാരാളം വെള്ളം കുടിക്കുക: ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് കാഴ്ചയെ ബാധിക്കും. അതുകൊണ്ടു ധാരാളം വെള്ളം കുടിക്കുന്നത് കണ്ണകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും ഏറെ ഉത്തമമാണ്. ദിവസവും കുറഞ്ഞത് 6-8 ഗ്ലാസ് വെള്ളം കുടിക്കുക.

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക: പോഷകങ്ങളുടെ അപര്യാപ്തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്യും. ഇതൊഴിവാക്കാന്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകമാണ്.

കണ്ണകള്‍ക്ക് വിശ്രമം വേണം: കംപ്യൂട്ടറില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം. കംപ്യൂട്ടര്‍ സ്ക്രീനില്‍നിന്ന് ഇടയ്ക്കിടെ ദൃഷ്ടി മാറ്റുക. ഇതിനായി 20-20 എന്ന നിയമം പാലിക്കുക. ഓരോ 20 മിനുട്ട് കൂടുമ്പോഴും സ്ക്രീനില്‍നിന്ന് കണ്ണെടുത്ത്, 20 അടി ദൂരത്തേക്ക് 20 സെക്കന്‍ഡ് നേരം നോക്കിനില്‍ക്കുക.

പുകവലി ഒഴിവാക്കുക: കണ്ണുകളുടെ ആരോഗ്യത്തിന് പുകവലി ഒഴിവാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. പുകവലി ഒഴിവാക്കിയാല്‍ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുമെന്ന് മാത്രമല്ല, കാഴ്ചശക്തി വര്‍ദ്ധിക്കുകയും ചെയ്യും.

സണ്‍ഗ്ലാസുകളുടെ ഉപയോഗം: സൂര്യപ്രകാശം അധികമുള്ളപ്പോള്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സൂര്യനില്‍നിന്നുള്ള അള്‍ട്രാ-വയലറ്റ് രശ്മികള്‍ കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ അള്‍ട്രാ-വയലറ്റ് രശ്മികള്‍ നേരിട്ട് കണ്ണില്‍ പതിക്കുന്നത് തടയാന്‍ സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ഇതുകൂടാതെ വിറ്റാമിന്‍ എ അടങ്ങിയ പാവയ്ക്ക, ചീരയില പോലെയുള്ള ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുക. ഇത് കണ്ണുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.

പേവിഷബാധ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടാത്തവര്‍ നമുക്കിടയില്‍ വിരളമാണ്. നല്ലൊരു പൂച്ചയെ കൊഞ്ചിക്കാനും നല്ല നായ്ക്കളെ ഓമനിക്കാനും ഇഷ്ടപ്പെടത്തവര്‍ ആരുംതന്നെ ഇല്ല. പക്ഷേ മുന്‍കരുതലുകള്‍ ഒന്നും തന്നെയില്ലാ എങ്കില്‍ ഈ ഇഷ്ട്ടം നമ്മെ മരണത്തില്‍ കൊണ്ടെത്തിക്കും. വീട്ടില്‍ വളര്‍ത്തുന്ന മൃഗമായാലും പേ ഇളകാനുള്ള സാധ്യത ഒരുപാടേറെയാണ്....

വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയുടെയും പട്ടിയുടെയും കടിയേറ്റ് ആശുപത്രിയില്‍ എത്തിക്കുന്നത് ഇന്ന് സര്‍വ്വസാധാണമായ ഒരു കാഴ്ചയാണ്. നമ്മുടെ ഈ ഓമന മൃഗങ്ങള്‍ക്ക് പേയിളകിക്കഴിഞ്ഞാലുള്ള അവസ്ഥ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പേ വിഷം (റാബിസ്) നാഡീഞരമ്പുകള്‍ വഴി മസ്തിഷ്കത്തിലെത്തി അവിടെ വ്യാപിക്കാന്‍ നാലാഴ്ച മുതല്‍ എട്ടാഴ്ച വരെ സമയമെടുക്കും. ഈ സമയത്ത് ശരീരത്തില്‍ മറ്റു രോഗലക്ഷണമൊന്നും കാണുകയില്ല. ഈ ദീര്‍ഘമായ കാലയളവിനുള്ളില്‍ പേ വിഷത്തിനെതിരെയുള്ള കുത്തിവയ്പ് ആരംഭിച്ചാല്‍ മരണം ഒഴിവാക്കാവുന്നതാണ്. പേയിളകി കഴിഞ്ഞാല്‍ മരണം ഉറപ്പാണ്. അതുകൊണ്ട് എത്രയും വേഗം കുത്തിവയ്പ്പെടുക്കുന്നതാവും അഭികാമ്യം. 
പേ വിഷബാധയ്ക്കെതിരെ ചര്‍മ്മത്തിനുള്ളില്‍ എടുക്കുന്ന നൂതന പ്രതിരോധ കുത്തിവയ്പ്പാണ് ഐ.ഡി.ആര്‍.വി (ഇന്‍ട്രാ ഡെര്‍മന്‍ റാബിസ് വാക്സിനേഷന്‍). ) ഇത് പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണ്.

കടിച്ചമൃഗത്തിന് വിഷബാധയേറ്റിരുന്നോ എന്നു മനസിലാക്കാനും ലളിതമായ ഒരു മാര്‍ഗമുണ്ട്. അതിനെ കെട്ടിയിട്ട് നിരീക്ഷിക്കുക. പേ പിടിച്ച മൃഗത്തിന് പത്തു ദിവസത്തില്‍ കൂടുതല്‍ ആയുസുണ്ടാവില്ല. അതു ചത്തുപോയല്‍ കടിയേറ്റ ആളിനും ഈ വിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.

വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച ഇവയുടെ കടിയെറ്റാലോ മാന്തലേറ്റാലോ ഉടന്‍ തന്നെ മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച്‌ 15 മിനിറ്റ് നേരം കഴുകുക. രോഗസാധ്യത 80 ശതമാനം വരെ കുറയ്ക്കാന്‍ ഇതുമൂലം സാധിക്കും, പേവിഷബാധ കുത്തിവയ്പ്പ് (ഐ.ഡി.ആര്‍.വി) കൃത്യമായ ഇടവേളകളില്‍ (കടിയേറ്റ് 0, 3, 7, 28 ദിവസങ്ങളില്‍)) എടുത്തുവെന്ന് ഉറപ്പാക്കുക, കുത്തിവെയ്പ്പ് എടുത്ത ഭാഗം തിരുമ്മുകയോ തുടയ്ക്കുകയോ ചെയ്യരുത്. മുറിവ് സാരമുള്ളതാണെങ്കില്‍ റാബീസ് ഇമ്മ്യൂണോ ഗ്ലോബുലിന്‍ (ആര്‍.ഐ.ജി.എസ്) കുത്തി വയ്ക്കേണ്ടിവരും.

പേ വിഷബാധയുള്ള ജന്തുവിന്‍റെ  കടിയേറ്റാലും എല്ലാവരും രോഗബാധിതരാകണമെന്നില്ല. ജന്തുവിന്‍റെ ഉമിനീരില്‍ നിന്ന് മനുഷ്യനടക്കമുള്ള ജീവജാലങ്ങളിലേക്കും പടരുന്ന വിഷം പത്തില്‍ അഞ്ചുപേരെയേ ബാധിക്കാറുള്ളെന്നാണ് വൈദ്യശാസ്ത്രരംഗത്തെ നിരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ സാധാരണ മൈക്രോസ്കോപ്പില്‍ കൂടി ഈ വൈറസിനെ കാണാന്‍ സാധിക്കാത്തതു കൊണ്ട് വിഷബാധയുണ്ടായോ എന്ന് വിലയിരുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ നിലവിലില്ല. കടിയേറ്റാലുടനെ പ്രതിരോധകുത്തിവെയ്പ്പെടുക്കുക എന്ന പരമ്പരാഗ രീതി തന്നെ പ്രായോഗിക്കുന്നതാണു അഭികാമ്യം.

എന്താണ് നിശാന്ധത?

ഒരു വ്യക്തിക്ക്, കുറഞ്ഞ പ്രകാശത്തില്‍ അല്ലെങ്കില്‍ രാത്രിയില്‍ അനുഭപ്പെടുന്ന കാഴ്ചക്കുറവാണ് നിശാന്ധത അല്ലെങ്കില്‍ നിക്റ്റലോപിയ എന്നു പറയുന്നത്. ഇത് ഒരു രോഗം എന്നതിനെക്കാള്‍ കൂടുതല്‍ മറ്റു അടിസ്ഥാനപരമായ പ്രശ്നങ്ങളുടെ ലക്ഷണമാണ്. പ്രകാശമുള്ള സ്ഥലത്തു നിന്ന് ഇരുട്ടിലേക്ക് എത്തുന്ന അവസരത്തില്‍ ഈ പ്രശ്നം കൂടുതല്‍ വഷളാവുന്നു. രാത്രിയില്‍ ആകാശത്ത് നക്ഷത്രങ്ങളെ കാണുന്നതിനും വെളിച്ചം കുറവുള്ള മുറിയില്‍ നടക്കുന്നതിനും മറ്റും നിശാന്ധതയുള്ളവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. രാത്രികാലത്ത് സുരക്ഷിതമായി വാഹനമോടിക്കുന്നതിനും ഇവര്‍ക്ക് കഴിഞ്ഞില്ലെന്നുവരും.

കാരണങ്ങള്‍

 • തിമിരം - കണ്ണിന്‍റെ ലെന്‍സില്‍ പാടമൂടുന്നതു മൂലം കാഴ്ചക്കുറവ് സംഭവിക്കുന്ന നേത്ര തകരാറാണിത്. തിമിരമുള്ളവര്‍ക്ക് രാത്രിയിലെ കാഴ്ച ബുദ്ധിമുട്ടുള്ളതായിരിക്കും. ഇന്ത്യയില്‍, പഴയ തലമുറയ്ക്ക് ഇരു കണ്ണുകള്‍ക്കും അന്ധത വരുത്തുന്ന വളരെ സാധാരണമായ കാരണമായിരുന്നു തിമിരം. തിമിര ചികിത്സയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വരാം.
 • ഹ്രസ്വദൃഷ്ടി - ഈ അവസ്ഥയെ നേരിടുന്ന ആളുകള്‍ക്ക് ദൂരത്തിലുള്ള വസ്തുക്കള്‍ കാണുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടാമെങ്കിലും അടുത്തുള്ള വസ്തുക്കള്‍ കാണുന്നതിന് ബുദ്ധിമുട്ട് ഉണ്ടായിരിക്കില്ല. ശസ്ത്രക്രിയ, കോണ്ടാക്‌ട്ലെന്‍സുകള്‍, കണ്ണടകള്‍ എന്നിവ ഇതിനുള്ള പരിഹാരമാണ്.
 • ഗ്ളൂക്കോമ - കണ്ണില്‍ സമ്മര്‍ദം കൂടുതലാവുകയും അതുമൂലം ഒപ്റ്റിക് നേര്‍വിന് തകരാര്‍ സംഭവിക്കുകയും ചെയ്യുന്നു. ചികിത്സിച്ചില്ല എങ്കില്‍ സ്ഥിരമായ കാഴ്ച നഷ്ടം സംഭവിച്ചേക്കാം.
 • പ്രമേഹം - രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ അസ്വാഭാവികത കാണപ്പെടുന്ന അവസ്ഥയാണിത്. ശരിയായ ചികിത്സ നല്‍കിയില്ല എങ്കില്‍, പ്രമേഹം മൂലം കാഴ്ച നഷ്ടവും നിശാന്ധതയും ഉണ്ടായേക്കാം. പ്രമേഹത്തെ നിയന്ത്രിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങള്‍ പ്രതിരോധിക്കാന്‍ സാധ്യമാണ്.
 • റെറ്റിനൈറ്റിസ് പിഗ്മെന്‍റോസ - സാവധാനത്തില്‍ റെറ്റിന നശിക്കുന്ന, പാരമ്ബര്യമായി ഉണ്ടാകുന്ന പ്രശ്നമാണിത്.
 • വൈറ്റമിന്‍ എ യുടെ അപര്യാപ്തത: വൈറ്റമിന്‍ എ അപര്യാപ്തത മൂലം, രാത്രിയില്‍ കാഴ്ചക്കുറവ്, കണ്ണുകള്‍ക്ക് വരള്‍ച്ച തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. പ്രതിരോധിക്കാന്‍ കഴിയുന്ന കുട്ടിക്കാലത്തെ അന്ധതയുടെ ഒരു പ്രധാന കാരണം കൂടിയാണിത്. സ്കൂള്‍ കുട്ടികളില്‍ ഏറ്റവും കൂടുതല്‍ തോതില്‍ (31-57%) വൈറ്റമിന്‍ എ അപര്യാപ്തത കണ്ടുവരുന്നത് ഇന്ത്യയിലാണ്. ഏകദേശം അഞ്ച് ശതമാനം വരുന്ന ഗര്‍ഭിണികള്‍ക്കും വൈറ്റമിന്‍ എ യുടെ കുറവു മൂലം നിശാന്ധത ഉണ്ടെന്ന് കണക്കാക്കുന്നു.
 • കെരാട്ടോകോണസ് - ക്രമാനുഗതമായി കോര്‍ണിയയുടെ ആകൃതിയില്‍ വ്യത്യാസം വരുന്ന അവസ്ഥയാണിത്. സാവധാനത്തില്‍, കോര്‍ണിയയുടെ കനം കുറയുകയും കോണാകൃതിയില്‍ മുന്നോട്ടു തള്ളുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇതു മൂലം, നിശാന്ധത, കാഴ്ചമങ്ങല്‍ തുടങ്ങിയ കാഴ്ച തകരാറുകള്‍ ഉണ്ടാകാം.

നിശാന്ധത ഒരു പ്രത്യേക രോഗമല്ല. ഇത് മറ്റ് പല ഗുരുതരമായ രോഗാവസ്ഥകളുടെയും സൂചനയായിരിക്കും.

രോഗനിര്‍ണയം

നിങ്ങള്‍ക്ക് രാത്രിയില്‍ അല്ലെങ്കില്‍ വെളിച്ചത്തു നിന്ന് പെട്ടെന്ന് ഇരുട്ടിലേക്ക് വരുന്ന അവസരത്തില്‍ കാഴ്ചയ്ക്ക് വൈഷമ്യം അനുഭവപ്പെടുന്നുണ്ട് എങ്കില്‍ ഉടന്‍ ഡോക്ടറുമായി ബന്ധപ്പെടുക. നിശാന്ധതയാണ് ഒരു ലക്ഷണമെങ്കില്‍, ഡോക്ടര്‍ ഇനി പറയുന്ന പരിശോധനകള്‍ക്ക് നിര്‍ദേശിച്ചേക്കാം;

 • വിഷ്വല്‍ അക്വിറ്റി, വര്‍ണങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ്, പ്യൂപിള്‍-ലൈറ്റ് റിഫ്ളക്സ്
 • സ്ളിറ്റ്-ലാമ്ബ് പരിശോധന. കണ്‍മിഴിയെയും അകത്തെ കണ്‍പോളയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാളി (കണ്‍ജന്‍ക്റ്റീവ), കോര്‍ണിയ, കണ്‍പോളകള്‍, ഐറിസ്, ലെന്‍സ്, സ്ക്ളീറ എന്നിവയ്ക്ക് തകരാര്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്.
 • വിട്രിയസ്, റെറ്റിന, കോറോയിഡ് എന്നിവയ്ക്ക് തകരാര്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി റെറ്റിന പരിശോധന.

വൈറ്റമിന്‍ എ, ഗ്ളൂക്കോസ് നിലകള്‍ അറിയുന്നതിനായി രക്തപരിശോധനയ്ക്കും വിധേയമാവേണ്ടിവരും.

ചികിത്സയും പ്രതിരോധവും

ചികിത്സ

അടിസ്ഥാന കാരണത്തിനെ ആശ്രയിച്ചായിരിക്കും നിശാന്ധതയ്ക്കുള്ള ചികിത്സ നിശ്ച്ചയിക്കുന്നത്. തിമിരത്തിന് ശസ്ത്രക്രിയയും പ്രമേഹത്തിന് ശരിയായ രീതിയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതായും വരും. ഭക്ഷണക്രമത്തില്‍ വ്യത്യാസം വരുത്തുന്നതും വേണ്ടത്രയളവില്‍ വൈറ്റമിന്‍ എ യും സിങ്കും ഉള്‍പ്പെടുത്തുന്നതും, പ്രത്യേകിച്ച്‌ ഗര്‍ഭിണികള്‍ക്കും കൊച്ചുകുട്ടികള്‍ക്കും, ഈ സാഹചര്യത്തെ നേരിടാന്‍ സഹായിക്കും.

പ്രതിരോധം

നിശാന്ധത പ്രതിരോധിക്കുന്നതിനുള്ള നടപടികളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;

 • ഗര്‍ഭിണികള്‍ക്കും കൊച്ചുകുട്ടികള്‍ക്കും വൈറ്റമിന്‍ എ സമ്പുഷ്ടമായ ആഹാരക്രമം.
 • പ്രമേഹരോഗികള്‍ അവരുടെ കാഴ്ചയ്ക്ക് തകരാര്‍ പറ്റാത്ത വിധത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്.
 • കടുത്ത പ്രകാശത്തില്‍ നിന്ന് കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കുക.

അടുത്ത നടപടികള്‍

നിങ്ങള്‍ക്ക് രാത്രി കാഴ്ചയില്‍ ബുദ്ധിമുട്ട് ഉണ്ട് എന്നും മങ്ങിയ വെളിച്ചം പ്രശ്നമുണ്ടാക്കുന്നുണ്ട് എന്നും തിരിച്ചറിയുന്ന ഉടന്‍ നേത്രരോഗ വിദഗ്ധയെ/വിദഗ്ധനെ കാണുക. നിങ്ങളുടെ കാഴ്ച തകരാര്‍ പരിഹരിക്കപ്പെടുന്നതു വരെ രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യണം.

അപകടസൂചനകള്‍

 • പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന് നിലയിലാണെങ്കിലും ഏറ്റക്കുറച്ചിലോടു കൂടിയാണെങ്കിലും നിയന്ത്രണത്തിലല്ല എങ്കിലും.
 • രാത്രികാലങ്ങളില്‍ മങ്ങിയ കാഴ്ച സ്ഥിരം പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെങ്കില്‍.
 • ഉയര്‍ന്ന പ്രകാശത്തിനോട് സൂക്ഷ്മ സംവേദിയായിരിക്കുകയും മങ്ങിയ വെളിച്ചത്തിലേക്ക് മാറുമ്പോള്‍ കാഴ്ചയുടെ ക്രമീകരണത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിലും.

മുകളില്‍ പറയുന്ന സാഹചര്യങ്ങളില്‍ ഉടന്‍ ഡോക്ടറെ സന്ദര്‍ശിക്കേണ്ടതുണ്ട്.

എന്താണ് ബ്ളെഫറൈറ്റിസ്

കണ്‍പോളകളില്‍ ഉണ്ടാകാവുന്ന സാധാരണ കോശജ്വലനമാണിത്. ബ്ളെഫറൈറ്റിസ് ബാധിക്കുന്നത് സാധാരണഗതിയില്‍ രണ്ട് കണ്ണുകളെയുമാണ്, പ്രത്യേകിച്ച്‌ കണ്‍പീലികള്‍ക്ക് അടുത്ത ഭാഗത്ത്, ബാധിക്കാറുള്ളത്. ഇത് പകരില്ല. ഇത് ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെട്ടേക്കാമെന്നതുകൊണ്ട് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാക്കുന്നു.

കാരണങ്ങളും അപകടസാധ്യതാ ഘടകങ്ങളും

കാരണങ്ങള്‍ : ബ്ളെഫാറൈറ്റിസിന്‍റെ കൃത്യമായ കാരണം എന്തെന്ന് വ്യക്തമല്ല. ബ്ളെഫാറൈറ്റിസിലേക്ക് നയിക്കുന്നനിരവധി കാരണങ്ങള്‍ ഉണ്ട്;

 • കണ്‍പോളകളിലെ എണ്ണ ഗ്രന്ഥികള്‍ അടയുകയോ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുന്നത്
 • ബാക്ടീരിയ അണുബാധ
 • താരന്‍
 • റൊസേഷ്യ
 • അലര്‍ജി
 • കണ്‍പീലികളിലെ പേന്‍

ബ്ളെഫാറൈറ്റിസ് ഇനി പറയുന്ന തരങ്ങളില്‍ കാണപ്പെടുന്നു;

ആന്‍റീരിയര്‍ ബ്ളെഫാറൈറ്റിസ്: ഇവിടെ, കണ്‍പോളകളുടെ മുന്‍ഭാഗത്ത് കണ്‍പീലികള്‍ ചേരുന്ന സ്ഥലത്തായിരിക്കും കോശജ്വലനം സംഭവിക്കുക. താരനും സ്റ്റാഫിലോകോക്കസ് അണുബാധയുമാണ് ഇത്തരം ബ്ളെഫാറൈറ്റിസിനു കാരണം.

പോസ്റ്റീരിയര്‍ ബ്ളെഫാറൈറ്റിസ്: എണ്ണഗ്രന്ഥികളുടെ പ്രശ്നം മൂലമോ റൊസേഷ മൂലമോ കണ്‍പോളകളുടെ ഉള്‍ഭാഗത്തെ ബാധിക്കുന്ന ബ്ളെഫാറൈറ്റിസ് ആണിത്.

ലക്ഷണങ്ങളും സൂചനകളും

 • കണ്‍പോളകള്‍ക്ക് വീക്കം
 • കണ്ണിന് ചുവപ്പു നിറം
 • വരണ്ട കണ്ണുകള്‍
 • മങ്ങിയ കാഴ്ച
 • പുകച്ചില്‍
 • പ്രകാശത്തില്‍ പെട്ടെന്ന് അസ്വസ്ഥമാവുക
 • കണ്‍പോളകള്‍ ഒട്ടുക
 • കണ്‍പീലികള്‍ കൊഴിയുക
 • കണ്‍പീലികളില്‍ താരന്‍ പോലെയുള്ള ശല്‍ക്കങ്ങള്‍

രോഗനിര്‍ണയം : കണ്‍പോളകളും പീലികളും പരിശോധനയ്ക്ക് വിധേയമാക്കി ഡോക്ടര്‍ രോഗനിര്‍ണയം നടത്തും. ചില അവസരങ്ങളില്‍, കണ്‍പീലികളില്‍ നിന്നുള്ള താരന്‍ പോലെയുള്ള ശല്‍ക്കങ്ങളുടെ സ്വാബുകള്‍ വിശകലനത്തിനായി ശേഖരിക്കും. കാഴ്ച, കണ്ണിലെ രക്തസമ്മര്‍ദം, സ്ളിറ്റ്-ലാമ്പ്പരിശോധന എന്നിവയും നടത്തിയേക്കാം.

ചികിത്സയും പ്രതിരോധവും

കണ്‍പോളകളില്‍ താരനും ശല്‍ക്കങ്ങളും ഇല്ലാതെ വൃത്തിയായി സൂക്ഷിക്കുകയാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം.

ബ്ളെഫാറൈറ്റിസ് ചികിത്സയില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;

 • മരുന്നുകള്‍: ബാക്ടീരിയ അണുബാധയ്ക്ക് ആന്‍റിബയോട്ടിക്കുകള്‍ നല്‍കുന്നു.
 • ഇളം ചൂടുവെള്ളത്തില്‍ ആവി പിടിക്കുകയും കണ്‍പോളകളില്‍ വളരെ പതുക്കെ ഉരസുകയും; ഇത് പൊറ്റകള്‍ ഇളകാന്‍ സഹായിക്കും.
 • അടിസ്ഥാനപരമായ കാരണങ്ങള്‍ക്കുള്ള ചികിത്സ: റൊസേഷ പോലെയുള്ള രോഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതിലൂടെ ബ്ളെഫാറൈറ്റിസ് നിയന്ത്രിക്കുന്നു.
 • ആന്‍റി-ഡാന്‍ഡ്രഫ് ഷാമ്പൂ ഉപയോഗിച്ച്‌ തലയോട്ടി വൃത്തിയാക്കുക
 • ചില കേസുകളില്‍ കണ്ണിന് ലൂബ്രിക്കേഷന്‍ നല്‍കുന്നതിനോ അല്ലെങ്കില്‍ കൃത്രിമമായി കണ്ണുനീര്‍ ഉണ്ടാക്കുന്നതിനോ ഉള്ള ഐ ഡ്രോപ്പുകള്‍ നിര്‍ദേശിക്കും.

ചികിത്സാ സമയത്ത് കണ്ണിനുള്ള മേക്കപ്പും കോണ്ടാക്‌ട് ലെന്‍സ് ഉപയോഗം കുറയ്ക്കുന്നതിനും ഫിസിഷ്യന്‍ നിര്‍ദേശിച്ചേക്കാം. അപൂര്‍വമായി മാത്രമേ ബ്ളെഫാറൈറ്റിസ് പൂര്‍ണമായും ഭേദമാവുകയുള്ളൂ. ചികിത്സയ്ക്കു ശേഷവും ഇത് ആവര്‍ത്തിച്ചേക്കാം.

പ്രതിരോധം : രാത്രിയില്‍ കണ്ണുകളുടെ മേക്കപ്പ് നീക്കം ചെയ്യുന്നതും കണ്‍പോളകള്‍ക്ക് അടിയിലും അരുകിലും ഐ ലൈനറുകള്‍ ഉപയോഗിക്കാതിരിക്കുന്നതും ബ്ളെഫാറൈറ്റിസിനെ പ്രതിരോധിക്കാന്‍ സഹായിക്കും.

ആവര്‍ത്തിക്കുന്ന ബ്ളെഫാറൈറ്റിസിനുള്ള ചികിത്സ കണ്‍പോളകളിലെ കോശജ്വലനത്തിന്‍റെ തീവ്രത കുറയ്ക്കുന്നതും അനുബന്ധമായി ഉണ്ടാകാവുന്ന സങ്കീര്‍ണതകള്‍ തടയുന്നതിനുമുള്ള നടപടികളും ലക്ഷ്യമിട്ടുള്ളതായിരിക്കും.

സങ്കീര്‍ണതകള്‍: :: ബ്ളെഫാറൈറ്റിസ് സങ്കീര്‍ണമായ ഒരു അവസ്ഥ അല്ലെങ്കിലും ഇനി പറയുന്ന അവസ്ഥകളിലേക്ക് നയിക്കാന്‍ കാരണമായേക്കാം;

 • വരണ്ട കണ്ണുകള്‍
 • കണ്‍പീലികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ (ക്രമരഹിത വളര്‍ച്ചയും കൊഴിയലും)
 • കണ്‍കുരു
 • കോര്‍ണിയയ്ക്ക് പരുക്ക്

അടുത്ത നടപടികള്‍ : ബ്ളെഫാറൈറ്റിസിന്‍റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക.

അപകടസൂചനകള്‍ : കണ്‍പോളകള്‍ക്ക് ആകൃതിവ്യത്യാസം, കാഴ്ച കുറയുക, കോര്‍ണിയയെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെടുന്ന ഉടന്‍ ഡോക്ടറുടെ സഹായം തേടുക.

കുഞ്ഞുങ്ങളിലെ കഫക്കെട്ട്

കുട്ടികളുടെ ആരോഗ്യത്തെപ്പറ്റി പല അമ്മമാരും ആശങ്കാകുലരാണ്. ചെറിയ കുട്ടികളാണെങ്കില്‍ പലപ്പോഴും പല വിധത്തിലാണ് അവരെ രോഗങ്ങള്‍ ബാധിക്കുക. രോഗപ്രതിരോധ ശേഷി കുട്ടികളില്‍ വളരെ കുറവാണ് എന്നതാണ് പെട്ടെന്ന് തന്നെ കുട്ടികളെ രോഗം ബാധിക്കാന്‍ കാരണം. ഇടക്കിടെയുള്ള കഫക്കെട്ട് കുട്ടികളെ പലപ്പോഴും വലക്കാറുണ്ട്.

എന്നാല്‍ കുട്ടികളിലെ കഫക്കെട്ട് അത്ര ഗൗരവമായി എടുക്കേണ്ട ആവശ്യമില്ല. കാരണം കടുത്ത രോഗമെന്ന് കരുതിയാണ് പലപ്പോഴും മാതാപിതാക്കള്‍ കഫക്കെട്ടിന് കുട്ടികളെ ചികിത്സിക്കുക. എന്നാല്‍ സാധാരണ മരുന്ന് കൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാവുന്നതാണ്.

രണ്ട് തരത്തിലുള്ള കഫക്കെട്ടുകളാണ് കുട്ടികളില്‍ ഉണ്ടാവുന്നത്. രോഗാണുബാധമൂലവും അലര്‍ജി മൂലവുമാണ് ഇതുണ്ടാവുന്നത്. അണുബാധ മൂലം ഉണ്ടാവുന്ന കഫക്കെട്ടാണെങ്കില്‍ ശ്വാസകോശം, തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ അണുബാധയും കഫക്കെട്ടിനോടൊപ്പം പനിയും ഉണ്ടാവുന്നു. എന്നാല്‍ ഈ സമയത്ത് ചികിത്സ അത്യാവശ്യമാണ്.

എന്നാല്‍ അലര്‍ജിമൂലമുണ്ടാകുന്ന കഫക്കെട്ട് ഒരിക്കലും ഗുരുതരമല്ല. അന്തരീക്ഷത്തില്‍ നിന്നുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളിലാണ് കുട്ടികളില്‍ പലപ്പോഴും അലര്‍ജി കഫക്കെട്ടുണ്ടാവുന്നത്. ശരീരത്തിന്‍റെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശരീരത്തിന്‍റെ ചെറുത്ത് നില്‍പ്പിന്‍റെ ഫലമാണ് കഫമായി മാറുന്നത്.

പാല്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളില്‍ മുലപ്പാലല്ല ഒരിക്കലും വില്ലന്‍.  പലരിലും അഭിപ്രായമുണ്ടായിരുന്നു മുലപ്പാല്‍ കഴിക്കുമ്പോള്‍ കുട്ടികളില്‍ കഫക്കെട്ട് ഉണ്ടാവും എന്ന്. എന്നാല്‍ ഒരിക്കലും മുലപ്പാല്‍ ഉപയോഗിക്കുമ്പോള്‍ കുട്ടികളില്‍ കഫക്കെട്ട് ഉണ്ടാവില്ല എന്നാല്‍ പശുവിന്‍ പാല്‍ ഉപയോഗിക്കുന്ന ചില കുട്ടികളില്‍ പലപ്പോഴും കഫക്കെട്ടിനുള്ള സാധ്യത വളരെ കൂടുതലാണ്.

കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കണം എന്നാണെങ്കില്‍ പാല്‍ വെള്ളം ചേര്‍ത്ത് നല്ലതു പോലെ നേര്‍പ്പിച്ച് കൊടുക്കാവുന്നതാണ്. പാല്‍ എളുപ്പം ദഹിക്കുന്നതിനും ഇത് സഹായിക്കുന്നു.

കുഞ്ഞുങ്ങളെ ഇരുന്ന് മുലയൂട്ടാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. കിടന്ന് മുലയൂട്ടുമ്പോള്‍ അത് കുട്ടികളില്‍ കഫക്കെട്ടിന് കാരണമാകുന്നു. ഇത് ചെവിവേദന ഉണ്ടാക്കാനും കാരണമാകുന്നു.

കുട്ടികളില്‍ പാരമ്പര്യമായും കഫക്കെട്ട ഉണ്ടാവാറുണ്ട്. പാരമ്പര്യമായി ശ്വാസംമുട്ടല്‍ ഉള്ളവരുടെ കുട്ടികളില്‍ കഫക്കെട്ടിനുള്ള സാധ്യത വളരെ കൂടുതലാണ്.

ദിവസവും തലയില്‍ എണ്ണ തേച്ച് കുളിപ്പിക്കുന്ന കുട്ടികളില്‍ പലപ്പോഴും കഫക്കെട്ടിന് കാരണമാകും. മാത്രമല്ല കളിച്ച് വിയര്‍ത്ത് കളിക്കുന്ന കുട്ടികളെ കുളിപ്പിക്കുമ്പോഴും പലപ്പോഴും കഫക്കെട്ട് ഉണ്ടാവാനുള്ള സാധ്യതയുണ്ട്.

സിന്ദൂരത്തില്‍ പതിയിരിക്കുന്ന അപകടം

പരിശുദ്ധിയുടെയും പരിപാവനതയുടെയും പ്രതീകമാണ്​ സിന്ദൂരമെന്നാണ്​ സങ്കല്‍പ്പം. സിന്ദൂരക്കുറി വിവാഹിതരായ സ്ത്രീകളുടെ അടയാളമാണ്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ നെറ്റിയില്‍ സിന്ദൂരം തൊടുന്നത് ആചാരങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്. എന്നാല്‍ സിന്ദൂരക്കുറി അണിഞ്ഞുനടക്കുന്നവര്‍ കരുതിയിരിക്കണമെന്നാണ്​ അമേരിക്കയില്‍ നിന്നുള്ള പഠനം മുന്നറിയിപ്പ്​ നല്‍കുന്നത്​..  ഇന്ത്യയിലും അ​മേരിക്കയിലും വില്‍ക്കുന്ന സിന്ദൂരത്തില്‍ അപകടകരമായ അളവില്‍ ഈയത്തി​ന്‍റെ അംശം അടങ്ങിയിട്ടുണ്ടെന്നാണ്​ കണ്ടെത്തല്‍.

മതപരമായ ആവശ്യങ്ങള്‍ക്കായി സിന്ദൂരം ഉപയോഗിക്കുന്നവരാണ്​ കൂടുതലും. പുറമെ സൗന്ദര്യവര്‍ധക വസ്​തുവായും ഇത്​ ഉപയോഗിച്ചുവരുന്നു. സിന്ദൂരത്തിന്​ കടും ചുവപ്പ്​ നിറം ലഭിക്കാന്‍ ചില ഉല്‍പ്പാദകര്‍ ​ലെഡ്​ ടെട്രോക്​സൈഡ്​ കലര്‍ത്തുന്നതായാണ്​ കണ്ടെത്തല്‍..  അമേരിക്കയിലെ ന്യൂജഴ്​സിയില്‍ 118 സിന്ദൂര്‍ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 95 എണ്ണവും ദക്ഷിണേഷ്യയില്‍ നിന്നുള്ളതായിരുന്നു. 23 എണ്ണം മുംബൈയിലെയും ഡല്‍ഹിയിലെയും കടകളില്‍ നിന്ന്​ ശേഖരിച്ചവയും. പരിശോധിച്ച 80 ശതമാനത്തിലും അപകടകരമായ അളവില്‍ ഈയം അടങ്ങിയതായാണ്​ കണ്ടെത്തിയത്​. അമേരിക്കന്‍ ഫുഡ്​ ആന്‍്റ്​ ഡ്രഗ്​ അഡ്​മിനിസ്​​ ട്രഷറര്‍ അനുവദിച്ചതിന്‍റെ മൂന്നിരിട്ടിയോളം അധികമാണ്​ പലതിലും ഈയത്തി​ന്‍റെ സാന്നിധ്യം.

​ഈയത്തിന്‍റെ അംശം അടങ്ങിയ വസ്​തു വയറ്റില്‍ എത്തുന്നതോ ശ്വസിക്കുന്നതോ അപടകരമാണെന്ന്​ പഠനത്തിന്​ നേതൃത്വം നല്‍കിയ ന്യൂജെഴ്​സിയിലെ റൂട്​ജെഴ്​സ്​ സ്​കൂള്‍ ഓഫ്​ പബ്ലിക്​ ഹെല്‍ത്തിലെ ഡോ. ഡെറിക്​ ഷെന്‍ഡല്‍ പറയുന്നു. ഗവേഷക സംഘം പരിശോധിച്ച അമേരിക്കയിലെ 83 ശതമാനം സാമ്പിളുകളിലും ഇന്ത്യയില്‍ നിന്നുള്ള 78 ശതമാനത്തിലും ഒരു ഗ്രാം സിന്ദൂരത്തില്‍ ചുരുങ്ങിയത്​ ഒരു മൈക്രോഗ്രാം ഈയം അടങ്ങിയതായി കണ്ടെത്തി. മനുഷ്യരില്‍, പ്രത്യേകിച്ചും ആറ്​ വയസിന്​ താഴെയുള്ള കുട്ടികളില്‍ ഈയത്തി​ന്‍റെ  സാമീപ്യം ഗുരുതര ആരോഗ്യപ്രശ്​നങ്ങള്‍ക്ക്​ ഇടയാക്കുമെന്ന്​ ഷെന്‍ഡല്‍ പറയുന്നു. രക്​തത്തില്‍ ഈയത്തി​ന്‍റെ നേരിയ അംശത്തി​ന്‍റെ സാന്നിധ്യമുണ്ടായാല്‍ ബുദ്ധി, ശ്രദ്ധിക്കാനുള്ള കഴിവ്​, പഠന മികവ്​ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുമെന്ന്​ അമേരിക്കയിലെ രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ്​ നല്‍കുന്നു.

ഈയത്തി​ന്‍റെ സാന്നിധ്യം തടയുകയാണ്​ ഏറ്റവും ഫലപ്രദമായ പ്രതിരോധം എന്നും ഇവര്‍ പറയുന്നു. സൗന്ദര്യവര്‍ധക വസ്​തുക്കളില്‍ ഒരുഗ്രാമില്‍ 20 മൈക്രോഗ്രാമില്‍ കവിഞ്ഞ്​ ഈയത്തി​ന്‍റെ സാന്നിധ്യം പാടില്ലെന്നാണ്​ അമേരിക്കന്‍ ഫുഡ്​ ആന്‍്റ് ഡ്രഗ്​ അഡ്​മിനിസ്​​ട്രേഷന്‍ പരിധി നിശ്​ചയിച്ചത്​. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള 19 ശതമാനത്തിലും ഇന്ത്യയില്‍ നിന്നുള്ള 43 ശതമാനത്തിലും ഈ  പരിധി കവിഞ്ഞിട്ടുണ്ട്​. അഞ്ച്​ സാമ്പിളുകളില്‍ പതിനായിരം മൈക്രോഗ്രാമില്‍ അധികമാണ്​ ഈയത്തി​ന്‍റെ സാന്നിധ്യം. ഇതില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്നും മൂ​ന്നെണ്ണം അമേരിക്കയില്‍ നിന്നുമുള്ളതാണ്​. 200... കണ്ണിന്​ ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്​തുവായ കാജല്‍ ഉള്‍പ്പെടെയുള്ളവ ഈയത്തിന്‍റെ അംശം കണ്ടതിനെ തുടര്‍ന്ന്​ നിരോധിച്ചിരുന്നു.  സിന്ദൂരത്തിലെ ഈയത്തിന്‍റെ സാന്നിധ്യം സംബന്ധിച്ച്‌​ തുടര്‍നിരീക്ഷണം നടത്താനും ജനങ്ങളില്‍ ബോധവത്​കരണം നടത്താനുമാണ്​ പഠനം നടത്തിയവരുടെ തീരുമാനം. പഠനം അമേരിക്കന്‍ ജേണല്‍ ഓഫ് പബ്ലിക്​ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്​.

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രതിരോധ സംവിധാനം ശരിയായ രീതിയില്‍ വികാസം പ്രാപിക്കാത്തതു കാരണം കൊച്ചു കുട്ടികള്‍ക്ക് അസുഖം ബാധിക്കാന്‍ സാധ്യതയേറെയാണ്. ശരിയായ രീതിയില്‍ പാകം ചെയ്യാത്ത ആഹാരം കഴിക്കുകയാണെങ്കില്‍ അവര്‍ക്ക് ഛര്‍ദ്ദിയോ വയറിളക്കമോ ഉണ്ടാവുക സാധാരണമാണ്. മലിനമായ ആഹാരവും വെള്ളവുമാണ് കുടലിനെയും ആമാശയത്തെയും ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്.

എന്താണ് ഭക്ഷ്യവിഷബാധ?

വൃത്തിഹീനമായ വെള്ളത്തില്‍ നിന്നോ ഭക്ഷണത്തില്‍ നിന്നോ ഉപദ്രവകാരികളായ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിക്കുകയും വയറ്റില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും. ആമാശയത്തിലും കുടലിലും ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഛര്‍ദ്ദിക്കും വയറിളക്കത്തിനും കാരണമാവുന്നു. ഇതിനെയാണ് സാധാരണയായി ഭക്ഷ്യവിഷബാധ എന്ന് വിളിക്കുന്നത്.

ഭക്ഷ്യവിഷബാധയുടെ കാരണങ്ങള്‍

പാല്‍ ഉത്പന്നങ്ങള്‍, സംസ്കരിക്കാത്ത സീഫുഡ്, പാകം ചെയ്യാത്ത മുട്ട, ശരിയായി പാകം ചെയ്യാത്ത ഇറച്ചിയും മറ്റും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാവുന്ന ഭക്ഷണങ്ങളില്‍ ചിലതാണ്. കുട്ടികളിലെ ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍ അവര്‍ക്ക് നന്നായി പാകം ചെയ്തതും പഴക്കമില്ലാത്തതുമായ ഭക്ഷണം നല്‍കുക. വൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ നിര്‍മ്മിക്കുന്നതും സൂക്ഷിക്കുന്നതും കൈകാര്യംചെയ്യുന്നതുമായ ഭക്ഷണത്തിലും വെള്ളത്തിലും ഉപദ്രവകാരികളായ ബാക്ടീരികള്‍ പ്രവേശിക്കാന്‍ ഇടവരികയും ഇത് ഭക്ഷ്യവിഷബാധയ്ക്ക് പ്രധാന കാരണമാവുകയും ചെയ്യുന്നു.

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍

ഛര്‍ദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളാണ് കുട്ടികളില്‍ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളായി കണ്ടുവരുന്നത്. ചില കേസുകളില്‍ പനിയും ഉണ്ടാകാം. പനിയുടെയും വയറുവേദനയുടെയും രൂക്ഷത എല്ലാവരിലും ഒരേപോലെയാവണമെന്നില്ല. ഭക്ഷ്യവിഷബാധ മൂലമുള്ള ഏറ്റവും പ്രധാനപ്പെട്ട സങ്കീര്‍ണത നിര്‍ജലീകരണമാണ്.

ചെറിയ കുട്ടികളിലെ ഭക്ഷ്യവിഷബാധ

ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടാവാന്‍ എളുപ്പമാണ്. ജലാംശം നഷ്ടപ്പെടുന്നത് ശക്തികുറയുന്നതിലേക്കും കുറച്ചു മാത്രം ഭക്ഷണം കഴിക്കുന്നതിലേക്കും നയിച്ചേക്കാം. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് സ്ഥിരമായി ഓറല്‍ ഹൈഡ്രേഷന്‍ നല്‍കികൊണ്ടിരിക്കണം. പ്രായത്തിന് അനുസരിച്ചുള്ള ഭാരം ഇല്ലാത്ത കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പരിചരണം നല്‍കണം, കൂടുതല്‍ ദ്രാവകങ്ങള്‍ നല്‍കുന്നതിലൂടെ നിര്‍ജലീകരണം തടയാന്‍ സാധിക്കും. ദ്രാവകരൂപത്തിലുള്ള ഭക്ഷണവും പഴച്ചാറുകളും കുട്ടികള്‍ക്ക് ധാരാളമായി നല്‍കണം. മലം അയഞ്ഞ് പോകുന്നത് നിലയ്ക്കുന്നത് വരെ പാലും പാല്‍ ഉത്പന്നങ്ങളും ഒഴിവാക്കണം. പാലും പാല്‍ ഉത്പന്നങ്ങളും വയറിന് അസ്വസ്ഥതയുണ്ടാക്കിയേക്കാം. എന്നാല്‍, മുലപ്പാല്‍ ഇതിന് അപവാദമാണ്. സ്വാഭാവികമായ നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുലപ്പാല്‍ നല്‍കുന്നത് തുടരുക, ഇത് കുഞ്ഞിന്‍റെ  പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

കുട്ടികള്‍ക്കുണ്ടാവുന്ന ഭക്ഷ്യവിഷബാധയ്ക്കുള്ള ചികിത്സ

വൃത്തിഹീനമായ ഭക്ഷണം കഴിച്ചാലുടന്‍ കുട്ടികള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടാകും. ഈ ലക്ഷണങ്ങള്‍ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങള്‍ മൂലവും ഉണ്ടായേക്കാം. തുടര്‍ച്ചയായ ഛര്‍ദിയും വയറിളക്കവും മൂലം കുട്ടിക്ക് നിര്‍ജലീകരണം സംഭവിക്കാം. എന്നാല്‍, അണുബാധയുള്ള ഭക്ഷണം ശരീരത്തില്‍ നിന്നു പുറത്തു പോകുന്നതോടെ ഭക്ഷ്യവിഷബാധ മൂലമുള്ള ലക്ഷണങ്ങള്‍ ഇല്ലാതാകും.

രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടില്‍ നല്‍കുന്ന പരിചരണത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. നിര്‍ജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളവും മറ്റു ദ്രാവകങ്ങളും നല്‍കണം. ശരീരലവ‍ണങ്ങള്‍ നഷ്ടപ്പെടുന്നത് പരിഹരിക്കാന്‍ ഒആര്‍എസ് (ഓറല്‍ റീഹൈഡ്രേഷന്‍ സാള്‍ട്ട് സൊലൂഷന്‍) നല്‍കണം.

ഭക്ഷ്യവിഷബാധ ദീര്‍ഘനേരം നീണ്ടുനില്‍ക്കുകയില്ല. 36 - 48 മണിക്കൂറിനുള്ളില്‍ കുട്ടി സുഖം പ്രാപിക്കുകയും 72 മണിക്കൂറിനുള്ളില്‍ സ്വാഭാവികമായി പ്രതികരിച്ചു തുടങ്ങുകയും ചെയ്യും. ലക്ഷണങ്ങള്‍ രൂക്ഷവും നാല് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുകയും ചെയ്താല്‍ ഡോക്ടറെ സന്ദര്‍ശിക്കേണ്ടി വരും. പുനര്‍ജലീകരണമാണ് പ്രധാന ചികിത്സ.

എന്താണ് മൊളസ്കം കണ്ടാജിയോസം?

ചര്‍മ്മത്തെബാധിക്കുന്ന ഒരു സാധാരണ വൈറല്‍ രോഗമാണ് മൊളസ്കം കണ്ടാജിയോസം.സ്പര്‍ശനത്തിലൂടെ അതിവേഗം പകരുന്ന രോഗമാണിത്. ഇത് സാധാരണ കുട്ടികളില്‍ ആണ്കണ്ടുവരാറുള്ളത്. വളരെ അപൂര്‍വമായി മാത്രമേ മുതിര്‍ന്നവരില്‍കാണപ്പെടാറുള്ളൂ.

മൊളസ്കം കണ്ടാജിയോസത്തിന്‍റെ ലക്ഷണങ്ങള്‍

അണുബാധയേറ്റ്ഏഴ് ആഴ്ചകള്‍ക്ക് ശേഷം മാത്രമായിരിക്കും ലക്ഷണങ്ങള്‍ കാണപ്പെട്ടുതുടങ്ങുക. ചില അവസരങ്ങളില്‍ രണ്ട് മാസത്തോളം ലക്ഷണങ്ങള്‍ കണ്ടുവെന്നും വരില്ല.

 • വെളുപ്പ് അല്ലെങ്കില്‍ പിങ്ക് അല്ലെങ്കില്‍ മാംസത്തിന്‍റെ നിറത്തിലുള്ള വൃത്താകൃതിയിലുള്ള ചെറിയ കുരുക്കള്‍.
 • കുരുക്കള്‍ വളരെ ചെറിയവ മുതല്‍ 2-5 മില്ലി മീറ്റര്‍ വരെ വലിപ്പത്തിലുള്ളവയായിരിക്കും.
 • ഇവ ഒറ്റയ്ക്കോ കൂട്ടമായോ പ്രത്യക്ഷപ്പെടാം.
 • ചൊറിച്ചില്‍ ഉണ്ടാകാം.
 • കുരുക്കളുടെ മധ്യത്തില്‍ ഒരു ചുഴി ഉണ്ടായിരിക്കും.
 • കുട്ടികളില്‍, മുഖത്തും അടിവയറ്റിലും കൈത്തണ്ടകളിലും കാലുകളിലും ഉടലിലും കാണപ്പെടാം.
 • മുതിര്‍ന്നവരില്‍, ജനനേന്ദ്രിയങ്ങളിലും തുടകളിലും അടിവറ്റിലും ഇവ പ്രത്യക്ഷപ്പെടാം.

കാരണങ്ങള്‍

മൊളസ്കം കണ്ടാജിയോസം എന്ന വൈറസ് ആണ് അണുബാധയ്ക്ക് കാരണമാകുന്നത്.ഇതൊരു പോക്സ് വൈറസ് ആണ്. ഇനി പറയുന്ന വിധങ്ങളിലാവും പകരുന്നത്;

 • ചര്‍മ്മത്തില്‍ നിന്ന് ചര്‍മ്മത്തിലേക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ
 • അണുബാധയേറ്റയാള്‍ ഉപയോഗിച്ച ടവ്വലുകളും മറ്റും ഉപയോഗിക്കുന്നതിലൂടെ നേരിട്ടല്ലാതെ.
 • മുതിര്‍ന്നവരില്‍ ലൈംഗികബന്ധത്തിലൂടെ
 • ചര്‍മ്മത്തില്‍ പോറലുകള്‍ ഏല്‍ക്കുന്നതും ഷേവിംഗും അണുബാധ പകരാന്‍ കാരണമാവാം.

അപകടസാധ്യതാ ഘടകങ്ങള്‍

 • 1-10 വയസ്സ് പ്രായമുള്ള കുട്ടികള്‍
 • പ്രതിരോധശേഷി കുറവുള്ളവര്‍ (എച്ച്‌ ഐ വി, ക്യാന്‍സര്‍ ചികിത്സ..തുടങ്ങിയവ)
 • ഉഷ്ണമേഖലയില്‍ കഴിയുന്നവര്‍
 • ശാരീരിക സമ്പര്‍ക്കം ഉണ്ടാക്കുന്ന കായികവിനോദങ്ങള്‍

രോഗനിര്‍ണയം

ഈ ചര്‍മ്മ പ്രശ്നത്തിന്‍റെ വ്യത്യസ്തങ്ങളായ ലക്ഷണങ്ങള്‍ക്ക് അനുസൃതമായി ഡോക്ടര്‍ക്ക് അനായാസമായി രോഗനിര്‍ണയം നടത്താന്‍ സാധിക്കും. അതേസമയം, ചിക്കന്‍പോക്സ്, ചര്‍മ്മത്തിലെ ക്യാന്‍സര്‍ അല്ലെങ്കില്‍ അരിമ്പാറകള്‍ അല്ല എന്ന് ഉറപ്പുവരുത്തുന്നതിന് ചര്‍മ്മത്തിന്‍റെ ബയോപ്സി നടത്താന്‍ നിര്‍ദേശിച്ചേക്കാം.

ചികിത്സ

ശരിയായപ്രതിരോധശേഷിയുള്ളവര്‍ക്ക് മിക്കപ്പോഴും ചികിത്സ ആവശ്യമായിവരില്ല. കുരുക്കള്‍ സ്വയം ഭേദമാകും. മുഖത്താണ് പാടുകള്‍ ഉണ്ടാകുന്നത് എങ്കിലും മറ്റു ചര്‍മ്മ രോഗങ്ങള്‍ ഉണ്ട് എങ്കിലും ചികിത്സ ആവശ്യമായിവരും. ചികിത്സ നല്‍കുന്നതിലൂടെ അണുബാധ ശരീരത്തിന്‍റെ  മറ്റു ഭാഗങ്ങളിലേക്ക് പകരുന്നത് തടയാന്‍ സാധിക്കും.

മരുന്നുകള്‍: ആന്റിവൈറല്‍ മരുന്നുകള്‍, റെറ്റിനോയിഡുകള്‍, ഓയിന്മെന്റുകള്‍ എന്നിവ നിങ്ങളുടെ ഡോക്ടര്‍ നിര്‍ദേശിച്ചേക്കാം.

പ്രതിരോധം

രോഗം പകരാതിരിക്കുന്നതിന് ഇനി പറയുന്ന മാര്‍ഗങ്ങള്‍ സഹായിക്കും;

 • നിങ്ങളുടെ കൈകള്‍ വൃത്തിയായി സൂക്ഷിക്കുക
 • കുരുക്കള്‍ പൊട്ടിയിട്ടുണ്ട് എങ്കില്‍ അവ ബാന്‍ഡേജ് ഉപയോഗിച്ച്‌ പൊതിയുക
 • ടവ്വലുകളും സ്വകാര്യ ഉപയോഗത്തിനുള്ള വസ്ത്രങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.
 • മുതിര്‍ന്നവര്‍ സുരക്ഷിത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക

സങ്കീര്‍ണതകള്‍

 • കുരുക്കള്‍ ചൊറിഞ്ഞു പൊട്ടിക്കുന്നതു മൂലമുണ്ടാകാവുന്ന മറ്റ് അണുബാധകള്‍
 • പോറലുകള്‍
 • കണ്‍പോളകളില്‍ കുരുക്കള്‍ വരുന്നതു മൂലം ചെങ്കണ്ണ് വരാന്‍ സാധ്യതയുണ്ട്

അടുത്ത നടപടികള്‍

നിങ്ങളുടെ കുട്ടിക്ക് മൊളസ്കം കണ്ടാജിയോസം ബാധിച്ചിട്ടുണ്ട് എങ്കില്‍, അണുബാധമറ്റുള്ളവരിലേക്ക് പകരുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുക. ഡോക്ടറുടെഉപദേശങ്ങള്‍ പിന്തുടരുകയും ചികിത്സ പൂര്‍ത്തിയാക്കുകയും ചെയ്യുക.

കാബേജിന്‍റെ പോഷകഗുണങ്ങള്‍

പല രോഗങ്ങളും ശമിപ്പിക്കാന്‍ കഴിവുള്ള പച്ചക്കറിയാണ് കാബേജ്. ധാതുക്കളും ക്ഷാരഗുണവുമുള്ള ലവണങ്ങളും വിറ്റാമിനുകളും ഇതില്‍ നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കാബേജില്‍ വിറ്റാമിന്‍ സി യുടെ തോത് 124 മില്ലി ഗ്രാമാണ്. കാത്സ്യം 39 മില്ലിഗ്രാമും ഫോസ്ഫറസ് 44 മില്ലിഗ്രാമുമുണ്ടാകും. പച്ചയിനം കാബേജില്‍ വിറ്റാമിന്‍ - എ യുടെ അളവ് കൂടുതലാണ്. അധികമായി പാചകം ചെയ്യുന്തോറും കാബേജിന്‍റെ പോഷകഗുണവും ദഹനശേഷിയും കുറയുന്നു.

കുടല്‍ വൃണത്തിന് (അള്‍സര്‍) ഏറ്റവും നല്ല ചികിത്സയാണ് കാബേജ് ജ്യൂസിന്‍റെ ഉപയോഗം. കാല്‍ നൂറ്റാണ്ട് മുമ്പ്തന്നെ  സ്റ്റാന്‍ഫോര്‍ഡ് സ്കൂള്‍ ഓഫ് മെഡിസിനിലെ  ഡോ. ഗാര്‍ണറ്റ് ചെനി അള്‍സര്‍ ചികിത്സക്ക് കാബേജ് ജ്യൂസ് ഉപയോഗിച്ചിരുന്നു. കാബേജിലയിലുള്ള 'വിറ്റാമിന്‍ - യു  ആണ് അള്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി . പാചകവേളയില്‍ ഇത് നഷ്ടമാകും. 90 മുതല്‍ 180 ഗ്രാം കാബേജില സത്ത് ദിവസവും 3 തവണ ഭക്ഷണത്തിനു മുന്‍പായി സേവിക്കാനാണ് ശുപാര്‍ശ ചെയ്യപ്പെടുന്നത്. സസ്യ ഭക്ഷണം തന്നെ കഴിക്കുകയും വേണം.

അധിക മേദസ്സുണ്ടാക്കുന്നത് തടയാന്‍ കാബേജിനാവുമെന്ന് സമീപകാല പഠനങ്ങള്‍ തെളിയിച്ചു. കാബേജിലുള്ള ' റ്റാട്രോണിക് അമ്ലം പഞ്ചസാരയും മറ്റു കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പായി മാറുന്നത് തടയും. മാത്രമല്ല കാബേജ് സാലഡായി കഴിക്കുന്നത് വയറ് നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നു. ഇതിന്‍റെ കലോറി മൂല്യവും കുറവാണ്. കുടലിന്‍റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കാനും മലബന്ധം മാറാനും കാബേജില കഴിച്ചാല്‍ മതി. അകാല വാര്‍ദ്ധക്യം തടയാന്‍ കാബേജിനാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിലുള്ള നിരവധി ഘടകങ്ങള്‍ ശരീരത്തിനു പ്രതിരോധ ശേഷി പകരും.

കാബേജിലുള്ള ചില വിറ്റാമിനുകള്‍ രക്ത ധമനികളെ ശക്തിപ്പെത്തുകയും മൂത്രാശയക്കല്ല് രൂപപ്പെടുന്നത് തടയുകയും ചെയ്യും കാബേജിലെ സള്‍ഫര്‍, അയഡിന്‍, ക്ലോറിന്‍ എന്നിവയുടെ സാന്നിദ്ധ്യം ആമാശയത്തിനെയും കുടലിനെയും ശുദ്ധിയാക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടൂണ്ട്.

പരുക്കള്‍, പൊള്ളല്‍, തൊലിയിലെ വിണ്ട് കീറല്‍ എന്നിവ പൊറുപ്പിക്കാന്‍ കാബേജില വെച്ചു കെട്ടാറുണ്ട്. ഇലയിലെ ഞരമ്പുകള്‍ മാറ്റിയതിനു ശേഷം ചെറു ചൂടോടെയാണ് ഒന്നിനു മീതെ ഒന്നായി വെച്ച്‌ തുണി ഉപയോഗിച്ച്‌ കെട്ടി വെക്കുക. പല ഗുണങ്ങളും ഉള്ള പച്ചക്കറിയാണെങ്കിലും കാബേജും കാബേജ് ജ്യൂസും അമിതമായോ മുഖ്യ ഭക്ഷണമായോ കഴിക്കുന്നത് നന്നല്ല. ഇത് തൊണ്ട വീക്കം ഉണ്ടാക്കാനിടയുണ്ട്. മിതമായ തോതില്‍ സാലഡായും മറ്റും കഴിക്കുന്നതാണ് ഉചിതം.

കണ്‍കുരുവിനെകുറിച്ച്‌ അറിയേണ്ട കാര്യങ്ങള്‍

 

 

എന്താണ് കണ്‍കുരു?

കണ്‍പോളയുടെ അരികില്‍ രൂപപ്പെടുന്ന കുരുക്കള്‍ പോലെയുള്ള വേദയുള്ളതും അല്ലാത്തതുമായ തടിപ്പാണ് കണ്‍കുരു. സാധാരണയായി ഇത് കണ്‍പോളയുടെ പുറത്താണ് കാണപ്പെടാറുള്ളത് എങ്കിലും ചിലപ്പോള്‍ കണ്‍പോളകളുടെ അകത്തും പ്രത്യക്ഷപ്പെടാറുണ്ട്. കണ്‍കുരു ഒരു കണ്ണിനെയോ രണ്ട് കണ്ണുകളെയുമോ ബാധിക്കാമെങ്കിലും അത് കാഴ്ചയെ തടസ്സപ്പെടുത്താറില്ല.

ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ കണ്‍കുരു ബാധിക്കാത്തവര്‍ ഉണ്ടാകില്ല എന്നു തന്നെ പറയാം. മിക്ക കേസുകളിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് താനേ ഭേദപ്പെടുകയും ചെയ്യും.

കാരണങ്ങള്‍

കണ്‍കുരുക്കള്‍ ഉണ്ടാകുന്നതിന് ഇനി പറയുന്നവ കാരണമായേക്കാം;

 • എണ്ണ ഗ്രന്ഥികള്‍ക്ക് സ്റ്റാഫിലോകോക്കസ് അണുബാധ ഉണ്ടാവുന്നത്
 • കണ്‍പോളകള്‍ക്ക് ഉണ്ടാകുന്ന അണുബാധ

ലക്ഷണങ്ങള്‍

കണ്‍പോളകളുടെ അറ്റത്ത് ചുവന്ന നിറത്തിലുള്ളതും വേദനയുള്ളതുമായ വീക്കം ഉണ്ടാകുന്നതാണ് പ്രധാനപ്പെട്ട ലക്ഷണം.കണ്‍കുരുവിനൊപ്പം ഇനി പറയുന്നവയും ഉണ്ടായേക്കാം;

 • സ്രവം
 • കണ്ണീര്‍ ഒലിക്കുക
 • കണ്‍പോളകള്‍ക്ക് വേദന
 • ചൊറിച്ചില്‍

രോഗനിര്‍ണയം

കണ്ണ് പരിശോധന നടത്തുന്നതിലൂടെ ഡോക്ടര്‍ക്ക് കണ്‍കുരു തിരിച്ചറിയാന്‍ സാധിക്കും. ഇതിനായി മറ്റു പരിശോധനകളുടെ ആവശ്യമില്ല.

ചികിത്സയും പ്രതിരോധവും

മിക്കവരിലും പ്രത്യേക ചികിത്സയൊന്നും കൂടാതെ പരമാവധി രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്‍കുരു താനേ ഭേദമായിക്കൊള്ളും. ചിലപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ഭേദമാവും. കണ്‍കുരു വേദയുള്ളതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായാല്‍ മാത്രമേ ചികിത്സയുടെ ആവശ്യമുണ്ടാകുന്നുള്ളൂ.

കണ്‍കുരുവിനെതിരെ ആന്‍റിബയോട്ടിക് ഡ്രോപ്പുകള്‍ അല്ലെങ്കില്‍ ഓയിന്മെന്‍റുകള്‍ ആയിരിക്കും ഡോക്ടര്‍ നിര്‍ദേശിക്കുന്നത്. കണ്‍കുരു കണ്‍പോളയും കവിഞ്ഞ് വലുതാകുന്ന അവസരത്തില്‍, കഴിക്കുന്നതിനുള്ള ആന്‍റിബയോട്ടിക്കുകള്‍ നിര്‍ദേശിച്ചേക്കാം. കണ്‍കുരു ഭേദമാകുന്നില്ല എങ്കില്‍, ഡോക്ടര്‍ ചെറിയൊരു മുറിവു സൃഷ്ടിച്ച്‌ അതിലെ ദ്രാവകം വറ്റിച്ചു കളയുന്നു. എന്നാല്‍, ഇത്തരത്തില്‍ സ്വയം ചെയ്യാന്‍ ശ്രമിക്കരുത്.

പ്രതിരോധം

കണ്ണിലെ അണുബാധകള്‍ ഒഴിവാക്കുന്നതിന്;

 • കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ വൃത്തിയാക്കി സൂക്ഷിക്കുക. ആവശ്യമുള്ളപ്പോള്‍ അണുനാശിനികളും (ആല്‍ക്കഹോള്‍ അടിസ്ഥാനമായുള്ള) ഉപയോഗിക്കുക.
 • പഴയ സൗന്ദര്യവര്‍ധക സാമഗ്രികള്‍ ഉപയോഗിക്കാതിരിക്കുക, നിങ്ങളുടെ സൗന്ദര്യവര്‍ധക സാമഗ്രികള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.
 • രാത്രിയിലുടനീളം കണ്ണുകള്‍ക്കുള്ള മേക്കപ്പ് ധരിക്കുന്നത് ഒഴിവാക്കുക
 • കോണ്ടാക്‌ട് ലെന്‍സുകള്‍ അണുനാശനം നടത്തിയ ശേഷം ഉപയോഗിക്കുക. കൈകള്‍ വൃത്തിയാക്കിയ ശേഷം വേണം കോണ്ടാക്‌ട് ലെന്‍സുകളില്‍ സ്പര്‍ശിക്കേണ്ടത്.
 • ചൂട് വയ്ക്കുന്നത് ഗുണകരമായിരിക്കും.

സങ്കീര്‍ണതകള്‍

സാധാരണഗതിയില്‍, കണ്‍കുരു താനേ ഭേദമാവും. അപൂര്‍വം ചില അവസരങ്ങളില്‍ കണ്‍കുരു മൂലം ഇനി പറയുന്ന സങ്കീര്‍ണതകള്‍ ഉണ്ടാകാം;

 • കലേസിയന്‍ - കണ്‍പോളയില്‍ ഉണ്ടാകുന്ന തടസ്സം മൂലം കണ്‍പോളയില്‍ രൂപപ്പെടുന്ന മുഴ.
 • പ്രീസെപ്റ്റല്‍ സെല്ലുലൈറ്റിസ് - അണുബാധ പരക്കുന്നതു മൂലം കണ്ണിനു ചുറ്റുമുള്ള കോശകലകള്‍ വീങ്ങുന്ന അവസ്ഥ.

രണ്ടാഴ്ചയ്ക്ക് ശേഷവും കണ്‍കുരു ഭേദമാകുന്നില്ല എങ്കില്‍, ഡോക്ടറുടെ നിര്‍ദേശം തേടുക.

അപായ സൂചനകള്‍

ഇനി പറയുന്ന സാഹചര്യങ്ങളില്‍ ഉടന്‍ വൈദ്യസഹായം തേടുക;

 • വീക്കം മൂലം കണ്‍പോളകള്‍ തുറക്കാന്‍ സാധിക്കാതിരിക്കുക
 • വീങ്ങിയിരിക്കുന്ന ഭാഗത്തു നിന്നും പഴുപ്പും രക്തവും ഒലിക്കുക
 • കണ്‍പോളകളില്‍ കുരുക്കള്‍
 • കണ്‍കുരുക്കള്‍ ആവര്‍ത്തിച്ചുണ്ടാകുക
 • വീക്കം മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുക

മാവില: വീട്ടുമുറ്റത്തെ ഔഷധം

വീട്ടുമുറ്റത്തെ ഒരു ദിവ്യ ഔഷധമാണ് മാവില. നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ മാവിലക്ക് കഴിയുമെന്ന് വൈദ്യശാസ്ത്ര ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി ഔഷധഗുണങ്ങള്‍ അതില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി, ബി, എ എന്നിവയുടെ കലവറയാണ് മാവില. ശക്തമായ ഒരു ആന്‍റിഓക്സിഡന്‍റ് കൂടിയാണിത്. മാവിലയുടെ ചില ഗുണങ്ങള്‍ പരിചയപ്പെടാം:

പ്രമേഹം നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച്‌ നിര്‍ത്താന്‍ മാവിലക്ക് സാധിക്കും. മാവിലയില്‍ അടങ്ങിയ ടന്നിന്‍സ് എന്ന ആന്തോസൈയ്ഡാണ് ഇതിന് സഹായിക്കുന്നത്. മാവില രാത്രി വെള്ളത്തില്‍ ഇട്ടുവെച്ച ശേഷം രാവിലെ കുടിച്ചാല്‍ പ്രമേഹം കുറയും.

രക്തസമ്മര്‍ദം കുറക്കുന്നു

രക്തസമ്മര്‍ദം കുറയ്ക്കാന്‍ മാവില നല്ലതാണ്. മാവിലയില്‍ അടങ്ങിയ ഹൈപ്പോടെന്‍സിവ് ഘടകങ്ങള്‍ ഇതിന് സഹായിക്കും. ഞരമ്പുകള്‍ ശക്തിപ്പെടുത്താനും വെരിക്കോസ് വെയിന്‍ ഇല്ലാതാക്കാനും മാവില നല്ലത് തന്നെ.

ക്ഷീണവും ഉല്‍കണ്ഠയും അകറ്റുന്നു

ഉത്കണ്ഠ മൂലമുള്ള പ്രശ്നങ്ങള്‍ക്ക് മാവില പ്രതിവിധിയാണ്. കുളിക്കുന്ന വെള്ളത്തില്‍ കുറച്ച്‌ നേരം മാവില ഇടുവെച്ചാല്‍ ശരീരത്തിന് ഓജസ്സും ഉണര്‍വും ലഭിക്കും.

മൂത്രക്കല്ലിന് പരിഹാരം

വൃക്കയിലും പിത്താശയത്തിലുമുള്ള കല്ല് നശിപ്പിക്കാന്‍ മാവില നല്ലതാണ്. മാവിലെ പൊടിച്ച്‌ വെള്ളത്തിലിട്ട് വെച്ച്‌ രാവിലെ കുടിക്കുന്നത് കല്ല് പൊടിച്ചുകളയാന്‍ സഹായിക്കും.

ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്ക്

ജലദോഷം, ബ്രോഞ്ചൈറ്റിസ്, ആസ്മ തുടങ്ങിയ ശ്വസന സംബന്ധിയായ അസുഖങ്ങള്‍ക്ക് മാവിലയും തേനും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കഴിച്ചാല്‍ നല്ലതാണ്. ശബ്ദം അടച്ചാലും ഇതുതന്നെ പ്രതിവിധി.

രക്തത്തോടെയുള്ള വയറിളക്കം

വയറിളക്കത്തോടൊപ്പം രക്തവും പോകുന്നുവെങ്കില്‍ മാവില ഉണക്കിപൊടിച്ച്‌ വെള്ളത്തില്‍ ഇട്ട് ദിവസവും രണ്ടോ മൂന്നോ തവണ കഴിച്ചാല്‍ മതി.

പൊള്ളലേറ്റാല്‍

തീപ്പൊള്ളിയ ഭാഗത്ത് മാവിലയുടെ ചാരം പുരട്ടിയാല്‍ പെട്ടെന്ന് ഫലം ലഭിക്കും.

ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്കം ലഭിക്കാന്‍ ചില ടിപ്പുകളിതാ...

മിക്കവാറും എല്ലാ ഗര്‍ഭിണികളും ചില അവസരങ്ങളില്‍ ഉറക്കമില്ലായ്മ മൂലം കഷ്ടപ്പെടാറുണ്ട്. കിടപ്പിന്‍റെ രീതി മാറ്റിനോക്കിയിട്ടു കൂടി ഇത്തരം അവസരങ്ങളില്‍ ഉറക്കം അനുഗ്രഹിക്കാത്തവരാണ് ഏറെയും.

ഗര്‍ഭിണികളുടെ ഉറക്കം സുഖകരമാക്കാന്‍ സഹായിക്കുന്ന ചില ടിപ്പുകളിതാ

പകലുറക്കം കുറയ്ക്കുക

നിങ്ങള്‍ക്ക് പകല്‍ ഉറങ്ങാനുള്ള സൗകര്യം ലഭിക്കുകയാണെങ്കില്‍, ഉറക്കത്തിന്‍റെ ദൈര്‍ഘ്യം 30 മിനിറ്റില്‍ കൂടാതെയിരിക്കാന്‍ ശ്രദ്ധിക്കുക. ഉറക്കത്തിന്‍റെ ദൈര്‍ഘ്യം 30 മിനിറ്റില്‍ കൂടുകയാണെങ്കില്‍ നിങ്ങള്‍ ഗാഢനിദ്രയിലേക്ക് വഴുതിവീഴുകയും ഉണര്‍ന്നെണീക്കാന്‍ പ്രയാസമനുഭവപ്പെടുകയും ചെയ്യും. അതിലുപരി, പകല്‍ സമയത്തെ നീണ്ട ഉറക്കം രാത്രിയിലെ ഉറക്കത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കും.

രാത്രി വൈകിയുള്ള ഭക്ഷണം വേണ്ട

ഉറങ്ങാന്‍ പോകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ആഹാരം കഴിക്കണം. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഗാസ്ട്രിക് റിഫ്ലക്സിനുള്ള (വയറ്റിലെ അമ്ലം തിരിച്ച്‌ അന്നനാളത്തിലേക്ക് പോകുന്ന അവസ്ഥ) സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് നെഞ്ചെരിച്ചിലിനു കാരണമാവുകയും രാത്രിയിലുടനീളം അസ്വസ്ഥതയുണ്ടാവാന്‍ കാരണമാവുകയും ചെയ്യും.

ഉറങ്ങാന്‍ പോകുന്നതിനു തൊട്ടുമുമ്പ് അമിതമായി വെള്ളം കുടിക്കരുത്

ഉറങ്ങാന്‍ പോകുന്നതിനു തൊട്ടുമുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് രാത്രിയില്‍ നിരവധി തവണ ശുചിമുറി സന്ദര്‍ശിക്കുന്നതിന് ഇടവരുത്തും, ഇത് നിങ്ങളുടെ ഉറക്കത്തിന് തടസ്സം സൃഷ്ടിക്കും.

വായന അല്ലെങ്കില്‍ പാട്ടുകേള്‍ക്കല്‍

ഉറങ്ങാന്‍ പോകുന്നതിനു മുമ്പ്നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകം വായിക്കാനോ അല്ലെങ്കില്‍ മനസ്സിന് സന്തോഷം പകരുന്ന ഒരു പാട്ട് കേള്‍ക്കാനോ ശ്രമിക്കുക. സംഗീതം മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുമെന്ന കാര്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്, അതിനാല്‍ ഒരു തവണ ശ്രമിക്കൂ.

കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ട

കിടന്നിട്ടും ഉറക്കം വരുന്നില്ലേ? അങ്ങനെയെങ്കില്‍, കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. അത് നിങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയേ ഉള്ളൂ. പകരം, എഴുന്നേറ്റ് അല്‍പ്പനേരം ഉലാത്തുക, അല്ലെങ്കില്‍ ചെറിയ എന്തെങ്കിലും ജോലികളില്‍ മുഴുകുക. ഇതിനുശേഷം വീണ്ടും ശ്രമിച്ചാല്‍ നിങ്ങളെ തേടി ഉറക്കമെത്തും, തീര്‍ച്ച.

ശരിയായ സ്ഥലങ്ങളില്‍ ശരിയായ തലയിണകള്‍ ഉപയോഗിക്കുക

തലയ്ക്ക് ശരിയായ രീതിയിലുള്ള താങ്ങ് ലഭിക്കണമെങ്കില്‍ കൂടുതല്‍ കട്ടിയോ കൂടുതല്‍ മൃദുത്വമോ ഇല്ലാത്ത തലയിണകള്‍ ഉപയോഗിക്കണം. അനായാസമായി ശ്വാസോച്ഛ്വാസം ചെയ്യുന്നതിനു സഹായകമായതും നെഞ്ചില്‍ കൂടുതല്‍ സമ്മര്‍ദമേല്‍പ്പിക്കാത്തതും ആയ അധികം കട്ടിയില്ലാത്ത തലയിണകള്‍ വേണം ശരീരത്തിന്‍റെ മുകള്‍ ഭാഗത്തിനു താങ്ങായി വയ്ക്കേണ്ടത്.

ദീര്‍ഘനേരം ഇരിക്കുന്നതിന്‍റെ ദോഷഫലങ്ങള്‍

ഇക്കാലത്ത് ഇരിപ്പ് എന്നാല്‍ പുകവലിയെപ്പോലെയാണ് ഇതു കേട്ട് നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? ആശയവിനിമയം, ഗതാഗത സൗകര്യങ്ങള്‍, സാങ്കേതികവിദ്യ തുടങ്ങിയവയിലുണ്ടായ മുന്നേറ്റം മൂലം നമുക്ക് വളരെ കുറച്ച്‌ ശാരീരികാധ്വാനം മാത്രമേ വേണ്ടിവരുന്നുള്ളൂ. ഇത് ജീവിത ശൈലിയുമായി ബന്ധപ്പെട്ട പുതിയ ശീലങ്ങള്‍ ഉടലെടുക്കാനും അതിന്‍റെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരാനും കാരണമായിത്തീര്‍ന്നിരിക്കുന്നു.

ദീര്‍ഘനേരം ഇരിക്കുന്നതിന്‍റെ ദോഷഫലങ്ങള്‍

ദീര്‍ഘനേരം ഇരിക്കുന്നത് മൂലം ഇനി പറയുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് ആഗോളതലത്തില്‍ നടത്തിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു;

 • ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന രോഗങ്ങള്‍
 • ടൈപ്പ് 2 പ്രമേഹം
 • ക്യാന്‍സര്‍
 • ഉയര്‍ന്ന മരണനിരക്ക്

ഒരു പുതിയ പഠനത്തില്‍ കണ്ടെത്തിയ കാര്യം ശരിക്കും ഗൗരവമര്‍ഹിക്കുന്നതാണ്. 45 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരുടെ മരണത്തിന്‍റെ കണക്കെടുത്താല്‍ അതില്‍ 7% നും ഇരിപ്പിന്‍റെ ദൈര്‍ഘ്യവുമായി ബന്ധമുണ്ടത്രേ.

ഇനി പറയുന്നവ കാരണം ദീര്‍ഘസമയം ഇരിക്കേണ്ടി വരുന്നത് അകാലത്തിലുള്ള മരണ നിരക്ക് ഉയര്‍ത്തുമെന്ന് കേട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം;

 • ടി വി കാണല്‍
 • ജോലിസ്ഥലത്തെ ഇരിപ്പ്
 • യാത്രയിലെ ഇരിപ്പ്
 • കമ്പ്യൂട്ടറുകളും ഗേമിംഗ് കണ്‍സോളുകളും ഉപയോഗിക്കുമ്പോള്‍ ദീര്‍ഘസമയം ഇരിക്കുന്നത്

ദീര്‍ഘനേരം ഇരിക്കുന്നത് കാലിലെ രക്തക്കുഴലുകളിലെ എന്‍ഡോത്തീലിയത്തിന്‍റെ ( രക്തക്കുഴലുകളിലെ ആവരണ കോശങ്ങള്‍)) പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാവുമെന്നും റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. യു എസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ ഗവേഷണങ്ങള്‍ ഉദാസീനമായ സ്വഭാവവും അകാല മരണവും തമ്മിലുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

അടുത്ത നടപടികള്‍

ദീര്‍ഘനേരം ഇരിക്കുന്നത് കഴിവതും ഒഴിവാക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇടക്കിടെ ഇടവേളകള്‍ എടുക്കുന്നത് ദൈര്‍ഘ്യമേറിയ ഇരിപ്പിന്‍റെ അപകടങ്ങള്‍ കുറയ്ക്കും.

ഇടവേളകളില്‍ ശരീരത്തെ ഊര്‍ജ്ജ്വസ്വലമാക്കാന്‍ തക്ക ശാരീരിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടേണ്ടതാണ്.

ഇതിനുള്ള ചില ഉദാഹരണങ്ങള്‍ ഇനി പറയുന്നു;

 • ദീര്‍ഘനേരം ഇരിക്കേണ്ടി വരുമ്പോള്‍ സ്ഥിരമായ ഇടവേളകളില്‍ എഴുന്നേറ്റ് നില്‍ക്കുക.
 • ജോലിസ്ഥലത്ത് ഇരിക്കുമ്പോള്‍ കാലുകള്‍ ചലിപ്പിക്കാന്‍ ശ്രദ്ധിക്കുക.
 • ഫോണ്‍ ചെയ്യുമ്പോള്‍ എഴുന്നേല്‍ക്കുകയും നടക്കുകയും ചെയ്യുക.
 • എഴുന്നേറ്റ് നിന്ന് ഉച്ചഭക്ഷണം കഴിക്കുക.

ഉദാസീനമായ ജീവിതശൈലിയുടെ ദോഷഫലങ്ങളെ കുറിച്ച്‌ മനസ്സിലാക്കുന്നതും ശാരീരികമായി പ്രവര്‍ത്തനനിരതമായിരിക്കാന്‍ സ്ഥിരമായി ശ്രമം നടത്തുന്നതും ഗുണഫലങ്ങള്‍ നല്‍കും. സ്ഥിരമായി ഇരിക്കുന്നതിനു പകരം സാധ്യമാകുമ്പോഴെല്ലാം എഴുന്നേറ്റ് നില്‍ക്കുന്നതിലൂടെയും ജോലിക്കിടയില്‍ നടക്കുന്നതിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിലൂടെയും ഇതിനുള്ള തുടക്കം കുറിക്കാം.

കടപ്പാട് : ഇന്‍ഫോ മാജിക്© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate