Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യരംഗത്തെ അറിവുകള്‍
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യരംഗത്തെ അറിവുകള്‍

കൂടുതല്‍ വിവരങ്ങള്‍

ശുദ്ധിചികിത്സ അര്‍ഥവും പൊരുളും

ഡോ. കെ മുരളീധരന്‍

ജര്‍മനിക്കാരനായ ജോസഫ് ലര്‍ച്ച് ആര്യവൈദ്യശാലയില്‍ ചികിത്സയ്ക്കെത്തുന്നത് ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പാണ്. അന്നദ്ദേഹത്തിന് 60 വയസ്സില്‍ത്താഴെ. വാടിയ മുഖത്തുള്ള ജര്‍മന്‍ചിരിക്ക് അപ്പോഴും യൌവനമുണ്ടായിരുന്നു. ഇംഗ്ളീഷ് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചിലപ്പോഴൊക്കെ അദ്ദേഹം പരാജയം സമ്മതിക്കും. സംഭാഷണത്തിന് സഹായിയായി ഒരു ജര്‍മന്‍–ഇംഗ്ളീഷ് നിഘണ്ടുവും സഹായിയായി ശ്രീമതി ഹെര്‍ട്ടയും. ശ്രീമതിക്ക് ജര്‍മന്‍ഭാഷ മാത്രമേ അറിയൂ. എന്നാല്‍, ആംഗ്യങ്ങളിലൂടെ അവര്‍ വൃത്തിയായി ആശയവിനിമയം നടത്തിയിരുന്നു.

ലര്‍ച്ചിന് ഗോതമ്പിന്റെ നിറമായിരുന്നു. ദേഹം നിറയെ സിന്ദൂരം തട്ടിത്തെറിപ്പിച്ചതുപോലെയുള്ള പാടുകളുണ്ടായിരുന്നു. കാലാവസ്ഥയ്ക്കനുയോജ്യമായ രീതിയില്‍ അയഞ്ഞ പരുത്തിവസ്ത്രങ്ങളാണ് ലര്‍ച്ച് ധരിച്ചിരുന്നത്. കഴുത്തില്‍ ലോലമായ ഒരു സ്വര്‍ണച്ചെയിന്‍. അതിനു നടുക്ക് ഒരു ചെറിയ രുദ്രാക്ഷം.

ലര്‍ച്ചിന്റെ സന്ദര്‍ശനോദ്ദേശ്യം തുടക്കത്തിലേ അദ്ദേഹം വ്യക്തമാക്കി. ലര്‍ച്ച് വിശ്വസിക്കുന്നത് തന്റെ ശരീരത്തിനകത്ത് നിറയെ മാലിന്യങ്ങളുണ്ടെന്നാണ്. മാലിന്യങ്ങള്‍ എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ചുള്ള വിശദീകരണമാണ് ഏറ്റവും രസകരം. ലര്‍ച്ചിന് ചെറുപ്പകാലംമുതല്‍ കൂടെക്കൂടെ വിവിധതരം രോഗാണുബാധകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. രോഗാണുക്കളെ നശിപ്പിക്കാന്‍ ഏറെ സംഹാരശേഷിയുള്ള അനേകം ആന്റിബയോട്ടിക്കുകള്‍ അദ്ദേഹം മുന്നും പിന്നും നോക്കാതെ ഉപയോഗിച്ചിട്ടുണ്ട്. ലര്‍ച്ച് ധരിച്ചുവച്ചിരുന്നത് ആന്റിബയോട്ടിക്കുകള്‍ കൊന്നൊടുക്കിയ രോഗാണുക്കളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു തന്റെ ശരീരം എന്നാണ്.

ഈ മാലിന്യം ശരീരത്തെ മാത്രമല്ല, മനസ്സിനെയും ആത്മാവിനെയും ദുഷിപ്പിക്കുന്നുണ്ടെന്നാണ് ലര്‍ച്ചിന്റെ നിഗമനം. ഇങ്ങനെയൊരു ആശയം അദ്ദേഹം സ്വന്തമായി നിരൂപിച്ചെടുത്തതോ മറ്റെവിടെയെങ്കിലുംനിന്ന് കടംകൊണ്ടതോ എന്ന് വ്യക്തമായില്ല. മനസ്സിനെ മഥിച്ചുകൊണ്ടിരുന്ന ഈ ചിന്തയുമായി കഴിയുന്ന കാലത്താണ് ജര്‍മനിയില്‍വച്ച് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ പ്രാക്ടീസ്ചെയ്യുന്ന ഒരു ചികിത്സാകേന്ദ്രം അദ്ദേഹം സന്ദര്‍ശിക്കാനിടയായത്. ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്റെ മുഖ്യധാരയിലുള്ള ആയുര്‍വേദ ചികിത്സയെക്കുറിച്ച് ലര്‍ച്ച് അറിയുന്നത് അവിടെവച്ചാണ്. ശുദ്ധിയാണ് ആയുര്‍വേദചികിത്സയുടെ കാതല്‍ എന്നും സമഗ്രമായ ശോധനചികിത്സാപദ്ധതികളിലൂടെ ശരീരകോശങ്ങളുടെ ശുദ്ധീകരണം കൈവരിക്കാമെന്നും ലര്‍ച്ച് മനസ്സിലാക്കി– ഈ ലക്ഷ്യം തേടിയുള്ള യാത്രാമധ്യേയാണ് അദ്ദേഹം കോട്ടയ്ക്കല്‍ ആര്യവൈദ്യാശാലയില്‍ എത്തിയത്.

ലര്‍ച്ചിന്റെ നിരീക്ഷണവും അഭിപ്രായവും പൂര്‍ണമായി അംഗീകരിക്കാന്‍ സാങ്കേതികമായ ബുദ്ധിമുട്ടുകളുണ്ട്. കാരണം, ശരീരത്തിലടിഞ്ഞുകൂടുന്ന വിഷാംശങ്ങളെയും ഹാനികരമായ മറ്റു പദാര്‍ഥങ്ങളെയും യഥാവിധി നിര്‍ഹരിക്കാനുള്ള നൈസര്‍ഗികമായ ചില ചോദനകളും വ്യവസ്ഥിതികളും ശരീരത്തിനകത്തുതന്നെ ഉണ്ട്. ഒരു മൊബൈല്‍ ആര്‍മി സര്‍ജിക്കല്‍ ഹോസ്പിറ്റല്‍ യൂണിറ്റ്  (Mobile Army Surgical Hospital Unit- MASH)  പോലെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കേടുവന്ന ഭാഗങ്ങളെ നീക്കംചെയ്തും പുനര്‍നിര്‍മിച്ചും (damage removal and repair)  ശരീരത്തിന് സംരക്ഷണം നല്‍കുന്ന വ്യവസ്ഥിതിയാണിത്. ഈ വിശദീകരണം ലര്‍ച്ചിന് സ്വീകാര്യമാകുമെന്ന് തത്സമയം തോന്നിയില്ല. അതിനാല്‍ത്തന്നെ അത്തരമൊരു വിവാദത്തിന് മുതിര്‍ന്നുമില്ല. അതവിടെ നില്‍ക്കട്ടെ.

ആയുര്‍വേദത്തെക്കുറിച്ച് ലര്‍ച്ച് മനസ്സിലാക്കിയത് ശരിയാണ്. വളരെ ഉദാത്തമായ ഒരു സിദ്ധാന്തമാണ് ശുദ്ധിയെക്കുറിച്ച് ആയുര്‍വേദത്തിനുള്ളത്. ശുദ്ധി എന്നാല്‍ ശരീരത്തിന്റെയും മനസ്സിന്റെയും ജീവിതപരിസരത്തിന്റെയും വാക്കിന്റെയും പ്രവൃത്തിയുടെയും എല്ലാം നിര്‍മലാവസ്ഥയാകുന്നു. ഇതിനാകട്ടെ, ഏറെ സമകാലിക പ്രസക്തിയുണ്ടുതാനും. 
ഒരു നൂറ്റാണ്ടുമുമ്പ് മനുഷ്യരാശിയെ ഏറെ ക്ളേശിപ്പിക്കുകയും  മരണത്തിലേക്ക് നയിക്കുകയുംചെയ്തിരുന്നത് രോഗാണു സംക്രമണംമൂലമുള്ള ന്യുമോണിയ, ടിബി, ഡിഫ്ത്തീരിയ, ഇന്‍ഫ്ളുവന്‍സ തുടങ്ങിയ രോഗങ്ങളായിരുന്നു. രോഗകാരണങ്ങളായ അണുക്കളെ കണ്ടെത്താനും അവയെ നിര്‍മ്മൂലനംചെയ്യാനും പ്രതിരോധിക്കാനും കഴിഞ്ഞതോടെ സാംക്രമികരോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഒരു പരിധിവരെ വൈദ്യശാസ്ത്രത്തിന് സാധിച്ചു. വൈദ്യശാസ്ത്രത്തില്‍ പിന്നീടുണ്ടായ മുന്നേറ്റങ്ങളുടെ ഫലമായി ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയുംചെയ്തു. എന്നാല്‍, 21–ാം നൂറ്റാണ്ടായപ്പോഴേക്കും ചിത്രം മറ്റൊന്നായി. ദീര്‍ഘകാലാനുബന്ധിയായ ജീര്‍ണതാജന്യരോഗങ്ങള്‍ (Chronic degenerative diseases)  വൈദ്യശാസ്ത്രത്തിന് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തി. കൊറോണറി ആര്‍ട്ടറി ഡിസീസ്, സ്ട്രോക്ക്, ക്യാന്‍സര്‍, പ്രമേഹം, മാക്യുലാര്‍ ഡീജനറേഷന്‍, കാറ്റ്റാക്ട്, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നവ.

അണുസംക്രമണജന്യരോഗങ്ങളുടെ കാര്യത്തിലെന്നപോലെ ഇവയ്ക്കൊരു പ്രതിവിധി കണ്ടെത്താന്‍ കഴിയുന്നില്ലെന്നുള്ളതാണ് ഇപ്പോള്‍ ആകുലപ്പെടുത്തുന്ന കാര്യം. തല്‍ഫലമായി രോഗംകൊണ്ട് മരിക്കുന്നവരേക്കാള്‍ രോഗവുമായി ജീവിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. ലിവിങ് ടൂ ഷോര്‍ട്ട്, ഡയ്യിങ് ടൂ ലോങ്  Living too short, dying too long എന്ന ഒരവസ്ഥ.

ദീര്‍ഘകാലാനുബന്ധിയായ ജീര്‍ണതാജന്യരോഗങ്ങളുടെ കാരണം ശരീരത്തിന്റെ കോശകോശാന്തരങ്ങളില്‍ (intra cellular, inter cellular) അടിഞ്ഞുകൂടുന്ന ഹാനികരങ്ങളായ പദാര്‍ഥങ്ങളാണെന്ന നിഗമനത്തിലാണ് വൈദ്യനിരീക്ഷണം എത്തിനില്‍ക്കുന്നത്. ഇത്തരം ഒരവസ്ഥാവിശേഷത്തെക്കുറിച്ച് ആയുര്‍വേദത്തില്‍ ഗൌരവമായി ചര്‍ച്ചചെയ്തിട്ടുണ്ട്്.

സര്‍വ്വഥാ ആരോഗ്യകരമായ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരാളില്‍പ്പോലും മലങ്ങള്‍ (bio wastes/toxins)  സഞ്ചയിക്കപ്പെടാന്‍ സാധ്യതയുണ്ട്. പുതിയ കുടത്തില്‍ വച്ചിരിക്കുന്ന ശുദ്ധജലവുമായിട്ടാണ് ഇതിനെ ഉപമിച്ചിരിക്കുന്നത്. കുടം പുതിയതാണ്; ജലം ശുദ്ധവുമാണ്– എങ്കിലും കാലാന്തരത്തില്‍ കുടത്തിനകത്ത് ചളി അടിഞ്ഞുകൂടും. ഈ ന്യായമനുസരിച്ച് ആരോഗ്യാവസ്ഥയിലുള്ള ഒരു ശരീരത്തിലും മാലിന്യമടിഞ്ഞുകൂടാം. ഇതുപോലെതന്നെ വിവിധ രോഗാവസ്ഥകളിലും ഇങ്ങനെ സംഭവിക്കാം. ഇതിനെ റീടെന്‍ഷന്‍  ടോക്സികോസ് retention toxicosis എന്നാണ് പറയുക. അതായത് സഞ്ചിതമാകുന്ന മലംകൊണ്ട് ശരീരത്തിനുണ്ടാകുന്ന വിഷബാധ എന്നര്‍ഥം.

ബാഹ്യസ്രോതസ്സുകളില്‍ക്കൂടി പുറത്തുപോകേണ്ട സ്രവണങ്ങള്‍, വേണ്ടരീതിയില്‍ പാകപ്പെടാതെപോകുന്ന കോശങ്ങള്‍, ശരീരത്തിനകത്ത് നാനാപ്രകാരേണ കെട്ടിക്കിടന്ന് ചീഞ്ഞളിയുന്ന പദാര്‍ഥങ്ങള്‍, രക്തധമനികളിലും മറ്റും പറ്റിപ്പിടിക്കുന്ന മലാംശങ്ങള്‍ എന്നിങ്ങനെ ശരീരത്തിന് 'തിന്മ' ചെയ്യുന്നവയെല്ലാം മലങ്ങള്‍ എന്ന പരിഗണനയിലാണ് വരുന്നത്. ഇപ്രകാരം റീടെന്‍ഷന്‍  ടോക്സികോസ് മൂലമുണ്ടാകുന്ന അസുഖങ്ങളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ട്. അതിസ്ഥൌല്യം, പ്രമേഹം, ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന രോഗങ്ങള്‍, യകൃത് രോഗങ്ങള്‍, അലര്‍ജി മൂലമുണ്ടാകുന്ന ശ്വസനപഥത്തെയും ത്വക്കിനെയും ബാധിക്കുന്ന രോഗങ്ങള്‍, അര്‍ശ്ശസ്, ശരീരത്തിനകത്തുണ്ടാകുന്ന മുഴകള്‍, ദുഃസ്വപ്നദര്‍ശനം മുതലായവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 
ആധുനിക വൈദ്യശാസ്ത്രത്തിലുമുണ്ട് സമാനമായ ചില ചിന്താഗതികള്‍. ഉയര്‍ന്ന രാസക്രിയാശീലമുള്ള സ്വതന്ത്ര റാഡിക്കലുകള്‍ (free radicals)  ക്രമാതീതമായി സഞ്ചയിക്കപ്പെടുമ്പോള്‍ കോശങ്ങളുടെ നാശവും ദീര്‍ഘകാലാനുബന്ധിയായ നിരവധി രോഗങ്ങളും ഉണ്ടാവുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതു വ്യക്തമാകുന്നതിന് സ്വതന്ത്ര റാഡിക്കലുകളെക്കുറിച്ച് സാമാന്യമായ ചിലതു ധരിച്ചിരിക്കേണ്ടതുണ്ട്. ഒരു പുല്‍ത്തകിടിക്ക് മധ്യത്തില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്ന തീക്കുണ്ഠത്തെ സങ്കല്‍പ്പിക്കുക. സാധാരണ നിലയ്ക്ക് സുരക്ഷിതമായും നിശ്ശബ്ദമായും ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നികുണ്ഠത്തില്‍നിന്ന് അപൂര്‍വ്വാവസരങ്ങളില്‍ ചില തീപ്പൊരികള്‍ പറന്നുവന്ന് പുല്‍ത്തകിടിയില്‍ വീഴും. ഇതു വല്ലപ്പോഴും സംഭവിക്കുമ്പോള്‍ പുല്‍ത്തകിടിക്ക് കേടുപാടില്ലാതെ നിലനില്‍ക്കാന്‍ കഴിയും. എന്നാല്‍, ഏതെങ്കിലും സാഹചര്യത്തില്‍ ഈ തീപ്പൊരികള്‍ കൂടുതലാവുകയാണെങ്കില്‍ പുല്‍ത്തകിടി ക്രമേണ കരിഞ്ഞുപോകും. ഇതേ മാതൃകയില്‍ ജൈവകോശത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്നികുണ്ഠമാണ് മൈറ്റോകോണ്‍ട്രിയോണ്‍ (mitochondrion) മൈറ്റോകോണ്‍ട്രിയോണില്‍വച്ചാണ് കോശത്തിലെത്തുന്ന ഓക്സിജന്‍ ഊര്‍ജമായി മാറുന്നത് (അഡിനോസിന്‍ ട്രൈഫോസ്ഫേറ്റ് ATP). ഈ പ്രക്രിയയുടെ ഉപോല്‍പ്പന്നമായി ജലതന്മാത്രകളും ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. സാധാരണ നിര്‍വിഘ്നം നടന്നുപോകുന്നതാണ് ഈ പ്രക്രിയയെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇതില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ഇതിനുള്ള വിശദീകരണം ഇപ്രകാരമാണ്.

മൈറ്റോകോണ്‍ട്രിയോണില്‍വെച്ച് ഓക്സിജന്‍ 4 ഇലക്ട്രോണുകളെവീതം സ്വീകരിച്ച്  എടിപി തന്മാത്രകളും വെള്ളവും ഉണ്ടാക്കുന്നു. പക്ഷേ, ചിലസമയത്ത് (ഈ 4 ഇലക്ട്രോണുകളുടെ അഭാവത്തില്‍) ഓക്സിജന്‍ അസ്ഥിരമായ ഒരു സ്വതന്ത്രറാഡിക്കല്‍ ആയി മാറുന്നു. ഈ അസ്ഥിര ഓക്സിജന്‍ വളരെ ഉയര്‍ന്ന രാസക്രിയാശീലമുള്ളതാണ്.

മേല്‍ ഉദാഹരിച്ച അഗ്നികുണ്ഠത്തില്‍നിന്ന് പുറത്തുവരുന്ന തീപ്പൊരിയുടെ സ്വഭാവമാണ് സ്വതന്ത്രറാഡിക്കലിനുള്ളത്. ഇവ ചുറ്റുമുള്ള പുല്‍ത്തകിടിയെ (കോശപരിസരം) ക്രമേണ ജീര്‍ണിപ്പിച്ചുകൊണ്ടിരിക്കും. ഇത് വിനാശകരമായ ഒരു പ്രക്രിയയാണ്. ദീര്‍ഘകാലാനുബന്ധിയായ ജീര്‍ണതാജന്യരോഗങ്ങളുടെ (chronic degenerative diseases)  തുടക്കം ഇങ്ങനെയാകുന്നു. കണ്ണിനെയാണ് ബാധിക്കുന്നതെങ്കില്‍ മാക്യുലാര്‍ ഡീജനറേഷന്‍ ആകാം. രക്തധമനികള്‍ക്കുള്ളിലാണെങ്കില്‍ ഹൃദ്രോഗമോ സ്ട്രോക്കോ ആകാം. സന്ധികള്‍ക്കുള്ളിലാണെങ്കില്‍ സന്ധിവാതമാകാം. മസ്തിഷ്ക്കത്തിനുള്ളിലാണെങ്കില്‍ അല്‍ഷിമേഴ്സ് ഡിസീസോ പാര്‍ക്കിന്‍സണ്‍സ് ഡിസീസോ ആകാം. ഇത്തരം രോഗങ്ങളുണ്ടാക്കുന്ന സാഹചര്യത്തെയാണ് ഓക്സിഡേറ്റീവ് സ്ട്രെസ് എന്നു പറയുന്നത്. ഓക്സിഡേറ്റീവ് സ്ട്രെസിനെ മറികടക്കാന്‍ ശരീരം സ്വയം ഉല്‍പ്പാദിപ്പിക്കുന്ന ചില ആന്റി ഓക്സിഷഡന്റ്സ് ഉണ്ട്. സൂപ്പറോക്സയിഡ് ഡിസ്മ്യൂടേസ്, കാറ്റലേസ്, ഗ്ളൂട്ടാത്തിയോണ്‍ പെറോക്സിഡേസ് (Superoxide dismutase, catalase, glutathione peroxidase)  എന്നിവയാണ് അവ. ഇവയാണ് പ്രകൃതിദത്തമായ ആന്‍ഡി ഓക്സിഡന്റ് ഡിഫന്‍സ് സിസ്റ്റം (antioxidant defence system) നിര്‍മിക്കുന്നത്.  സ്വതന്ത്ര റാഡിക്കല്‍സിനെ കൂടുതലായി ഉല്‍പ്പാദിപ്പിക്കുമ്പോഴും ആനുപാതികമായി ഇവയെ നിര്‍വീര്യമാക്കാന്‍ ആന്‍ഡി ഓക്സിഡന്റ് ഡിഫന്‍സ് സിസ്റ്റ (antioxidant defence system)ത്തിന് സാധിക്കാതെ വരികയും ചെയ്യുമ്പോഴാണ് രോഗങ്ങളുടെ പരമ്പരതന്നെ ആരംഭിക്കുന്നത്.

ആയുര്‍വേദം ഇവയെ മൊത്തമായി വിലയിരുത്തുന്നത് ഒരു ധാതുപാക/പരിണാമ വൈഷമ്യമായും വിഷരൂപയിയായ മലസഞ്ചയമായും ആണ്. ഈ അവസ്ഥ മറികടക്കുന്നതിന് ഉതകുന്ന സമഗ്രമായൊരു ചികിത്സാപദ്ധതിയാണ് ആയുര്‍വേദത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്. ജൈവാഗ്നിയെ വര്‍ധിപ്പിക്കാനും ദഹിക്കാതെ കിടക്കുന്ന പദാര്‍ഥങ്ങളെ പചിപ്പിക്കാനും ഉതകുന്ന ഔഷധങ്ങള്‍ (ദീപന–പാചനൌഷധങ്ങള്‍) ഉപയോഗിച്ചും മെഴുക്കിട്ടും വിയര്‍പ്പിച്ചും ഇളക്കിയെടുത്ത് അനുയോജ്യമായ രീതിയില്‍ പുറത്തേക്കുകളഞ്ഞും ആണ് ഇത് നിര്‍വഹിക്കപ്പെടുന്നത്. ദീപനം, പാചനം, സ്നേഹനം, സ്വേദനം, ശോധനം എന്നീ സാങ്കേതിക പദാവലി ഉപയോഗിച്ചാണ് ഇവയെ ശാസ്ത്രത്തില്‍ വിവരിച്ചിട്ടുള്ളത്. ശോധനക്രിയയുടെ വിശദരൂപമാണ് പഞ്ചകര്‍മചികിത്സ. കാല–ദേശ–ദേഹാവസ്ഥകള്‍ നോക്കി സുഘടിതമായി ചെയ്യേണ്ടതാണിത്. ദീര്‍ഘകാലാനുബന്ധിയായ ജീര്‍ണതാജന്യരോഗങ്ങളുടെ തീവ്രത കുറയ്ക്കാന്‍ ശുദ്ധിചികിത്സ സഹായകരമാകുമെന്ന് വ്യക്തമാക്കുന്നതാണ് ആചാര്യോക്തമായ അതിന്റെ ഫലശ്രുതി–ബുദ്ധിപ്രസാദം, ഇന്ദ്രിയബലം, ധാതുസമ്പുഷ്ടമായ യൌവനം, അഗ്നിദീപ്തി, ആരോഗ്യസമ്പന്നമായ ദീര്‍ഘായുസ്സ് എന്നിവ ശുദ്ധിചികിത്സ പ്രദാനംചെയ്യുന്നു.

വൃക്കപരാജയവും മരണാനന്തര വൃക്കമാറ്റിവയ്ക്കലും

ഡോ. ജോര്‍ജി കെ നൈനാന്‍

സ്ഥിരമായിട്ടുള്ള വൃക്കപരാജയത്തിനാണ് എന്നു പറയുന്നത്. ചികിത്സയിലൂടെ വലിയ പരിധിവരെ രോഗം മൂര്‍ഛിക്കുന്നത് തടയാന്‍ സാധിക്കും. രക്താതിമര്‍ദം നിയന്ത്രിക്കുക, രക്തത്തിലെ പഞ്ചസാര, യൂറിക് ആസിഡ്, കൊഴുപ്പ് എന്നിവ നിയന്ത്രിക്കുക, ആവശ്യമില്ലാത്ത മരുന്നുകള്‍ കഴിക്കാതിരിക്കുക എന്നുള്ളതാണ് വൃക്കപരാജയം കൂടാതിരിക്കുന്നതിനും അല്ലെങ്കില്‍ അതിനെ തടയുന്നതിനുമുള്ള മാര്‍ഗങ്ങള്‍. ഇതുകൂടാതെ കാല്‍സ്യം, ഫോസ്ഫറസ് എന്നു തുടങ്ങിയ എല്ലുകളുമായ ബന്ധപ്പെട്ട മിനറല്‍സിനെ നിയന്ത്രിക്കേണ്ടതും ആവശ്യമാണ്. സികെഡി ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുകയില്ല. കാലക്രമേണ അതിന്റെ പരാജയം കൂടി സ്റ്റേജ് ഒന്നില്‍നിന്ന് അഞ്ചാം സ്റ്റേജ് അഥവാ എന്‍ഡ് സ്റ്റേജ് റെനല്‍ ഡിസീസിലേക്ക് പോകും. ആ സമയത്ത് റെനല്‍ റീപ്ളേസ്മെന്റ് തെറാപ്പി എന്നു പറഞ്ഞാല്‍ ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കുക എന്നതാണ്.

വൃക്ക മാറ്റിവയ്ക്കുമ്പോള്‍

വൃക്ക മാറ്റിവയ്ക്കലിന് ഒരുങ്ങുമ്പോള്‍ മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഓര്‍ക്കേണ്ടത്. 1. ഒരു വൃക്കദാതാവിനെ കണ്ടെത്തുക, 2. നിയമവശങ്ങള്‍ മനസ്സിലാക്കുക, 3. സാമ്പത്തികമായി ഒരുങ്ങുക. നിയമവശങ്ങള്‍ സ്വന്തക്കാര്‍ക്കും സ്വന്തമല്ലാത്തവര്‍ക്കും വ്യത്യാസമുണ്ട്. സ്വന്തക്കാര്‍ എന്നു പറയുമ്പോള്‍ അച്ഛന്‍, അമ്മ, മുത്തശ്ശീമുത്തശ്ശന്മാര്‍, മക്കള്‍, ചെറുമക്കള്‍, സഹോദരങ്ങള്‍, ഭാര്യ–ഭര്‍ത്താവ് ഇത്രയും പേരില്‍ ആരെങ്കിലും ഒരു വ്യക്തി മറ്റേയാള്‍ക്ക് വൃക്ക ദാനംചെയ്താല്‍ അതുചെയ്യുന്ന ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിന് വൃക്കമാറ്റല്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതിനല്‍കാന്‍ സര്‍ക്കാര്‍ അനുവാദംകൊടുത്തിട്ടുണ്ട്. ഇതില്‍പ്പെടാത്ത ഏതെങ്കിലും വ്യക്തി കൊടുത്താല്‍ സര്‍ക്കാര്‍ ഓഥറൈസേഷന്‍ കമ്മിറ്റിയില്‍ പോകണം. ഇപ്പോള്‍ ഒരു വൃക്കമാറ്റല്‍ ശസ്ത്രക്രിയക്ക് 6–7 ലക്ഷം രൂപ ചെലവുവരും.

മസ്തിഷ്കമരണം

മസ്തിഷ്കമരണത്തിന് (Brain Death) റോഡപകടങ്ങളാണ് കൂടുതല്‍ ഇടയാക്കുന്നത്. ഇത് കൂടാതെ മസ്തിഷ്ക്കത്തിലുള്ള രക്തസ്രാവവും മസ്തിഷ്കമരണം ഉളവാക്കാം. മസ്തിഷ്കമരണം സ്ഥിരീകരിക്കേണ്ടത് ന്യൂറോ സര്‍ജന്‍/ന്യൂറോളജിസ്റ്റ് ഡോക്ടര്‍മാര്‍ ആണ്.  മസ്തിഷ്കമരണത്തില്‍ മസ്തിഷ്കം പ്രവര്‍ത്തിക്കുന്നില്ല. മറ്റ് ആന്തരിക അവയവങ്ങള്‍ വെന്റിലേറ്ററിന്റെ സഹായത്താല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് മൂത്രമുണ്ടാകുന്നു, ഹൃദയം പമ്പ്ചെയ്യുന്നു, ലിവര്‍ വര്‍ക്ക്ചെയ്യുന്നു. കൃത്രിമ ശ്വാസംവഴി നിലനിര്‍ത്തുന്നതുമൂലം വൃക്കകള്‍, കരള്‍, ഹൃദയം, ശ്വാസകോശം, പാന്‍ക്രിയാസ്, കുടല്‍, കൈപ്പത്തികള്‍ എന്നിവ മാറ്റിവയ്ക്കാം. മസ്തിഷ്കമരണം സ്ഥിരീകരിച്ചുകഴിഞ്ഞ ആ ആശുപത്രിയിലെ അധികൃതര്‍ സംസ്ഥാന സര്‍ക്കാര്‍ മൃതസഞ്ജീവനി കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് (KNOS)  എന്ന പദ്ധതിയിലെ തിരുവനന്തപുരം ഓഫീസില്‍ അറിയിക്കാന്‍ ബാധ്യസ്ഥരാണ്.  KNOS ഈ അവയവദാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഇതിന്റെ മേല്‍നോട്ടം വഹിക്കുകയുംചെയ്യുന്നു. ഇതിനകം 350ല്‍പ്പരം മരണാനന്തര വൃക്കമാറ്റല്‍ ശസ്ത്രക്രിയ കേരളത്തില്‍ നടന്നിട്ടുണ്ട്.

ഡയാലിസിസ്

വൃക്കകള്‍ രണ്ടും പരാജയപ്പെട്ട് സ്റ്റേജ് അഞ്ചില്‍ വരുമ്പോള്‍ ക്രിയാറ്റിനിന്‍ 5 മി.ഗ്രാമിന് മുകളിലുള്ള രോഗികള്‍ക്ക് ഡയാലിസിസ് ഏതുസമയവും തുടങ്ങേണ്ടിവരും. കൂടുതലും ബാഹ്യലക്ഷണങ്ങള്‍ വച്ചുകൊണ്ടാണ്  ഡയാലിസിസ് തുടങ്ങുന്നത്. ക്രിയാറ്റിനിന്‍ 5 മി.ഗ്രാം ആകുന്നതിനുമുമ്പേതന്നെ ഭാവി ചികിത്സയെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. ആ വ്യക്തിക്ക് വൃക്കമാറ്റല്‍ ശസ്ത്രക്രിയ വേണ്ടേ? സ്വന്തക്കാര്‍ ആരെങ്കിലും വൃക്ക ദാനംചെയ്യുന്നുണ്ടോ?

അടുത്ത ബന്ധുക്കളില്ലെങ്കില്‍ അകന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ആരെങ്കിലും ഉണ്ടോ? അങ്ങനെ വൃക്കദാതാക്കളില്ലാത്ത ഒരു വ്യക്തിക്ക് വൃക്കമാറ്റാനായിട്ട് ഒരവസരം മൃതസഞ്ജീവനിയിലൂടെ നേരത്തെ രജിസ്റ്റര്‍ചെയ്താല്‍ വൃക്ക ലഭ്യമാണ്. ഇപ്പോള്‍ 1200ല്‍പ്പരം രോഗികള്‍ KNOSല്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നതുകൊണ്ട് വെയ്റ്റിങ്  പിരീഡ് ഒന്നരവര്‍ഷംതൊട്ട് രണ്ടുവര്‍ഷംവരെ ആയി.

മരണാനന്തര വൃക്കമാറ്റിവയ്ക്കല്‍

മരണാനന്തര വൃക്കമാറ്റലിന്റെ ഏറ്റവുംവലിയ ഗുണം കൂടുതല്‍ കടലാസ് ജോലികള്‍ ഇല്ലെന്നതാണ്. കൂടാതെ വൃക്കയുടെ വില ആര്‍ക്കും നല്‍കേണ്ടതില്ല. ഇതിന്റെ പോരായ്മ അധികനാള്‍ വെയിറ്റ്ചെയ്യേണ്ടിവരുമെന്നതാണ്. സീനിയോറിറ്റി അനുസരിച്ചാണ് മരണാനന്തര അവയവങ്ങള്‍ അലോട്ട്ചെയ്യുന്നത്. KNOSല്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള ആശുപത്രിയിലെ ഏറ്റവും സീനിയറായിട്ടുള്ള വ്യക്തിക്ക് കൊടുക്കുകയും മറ്റേ വൃക്ക ഗവ. മെഡിക്കല്‍ കോളേജിനും കൊടുക്കുന്നു. ഗവ. മെഡിക്കല്‍ കോളേജ് തിരസ്കരിച്ചാല്‍ അത് സോണല്‍ ആശുപത്രിയിലൂടെ ഏറ്റവും സീനിയറായിട്ടുള്ള വ്യക്തിയുടെ ക്രമമനുസരിച്ച് അലോട്ട്ചെയ്യും. മസ്തിഷ്കമരണം ട്രാന്‍സ്പ്ളാന്‍് നടക്കാത്ത ആശുപത്രിയിലാണ് നടക്കുന്നതെങ്കില്‍ ആ രണ്ട് വൃക്കകളില്‍ ഒന്ന് ഗവണ്‍മെന്റിനും മറ്റേത് സോണല്‍ ക്വാട്ടയിലും കൊടുക്കും.

എങ്ങനെ രജിസ്റ്റര്‍ചെയ്യാം

ഏത് ആശുപത്രിയിലൂടെയാണ് രജിസ്റ്റര്‍ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ആ ആശുപത്രിയില്‍ രജിസ്റ്റര്‍ചെയ്യണം. നിങ്ങളുടെ രോഗവിവരങ്ങള്‍ അവിടെ രേഖപ്പെടുത്തണം. രക്തഗ്രൂപ്പ് സ്ഥിരീകിരക്കണം. ബ്ളഡ് ഗ്രൂപ്പ് അനുസരിച്ചാണ് അലോട്ട്മെന്റ്. നിര്‍ദിഷ്ട ഫോറം പൂരിപ്പിക്കുകയും നിശ്ചിത ഫീസ് അടച്ച്് ഈ ഫോമിന്റെ കൂടെ നിങ്ങള്‍ ആശുപത്രിവഴി ഫോര്‍വേര്‍ഡ് ചെയ്യുകയും അവിടെ രജിസ്റ്റര്‍ചെയ്ത് വെബ്സൈറ്റില്‍ നിങ്ങളുടെ പേര് വരികയും രജിസ്റ്റര്‍നമ്പര്‍ അറിയിക്കുകയും ചെയ്യുന്നു. രജിസ്റ്റര്‍ചെയ്യുമ്പോള്‍ നിങ്ങളുടെ രണ്ട് ഫോണ്‍നമ്പറുകള്‍ കൊടുക്കണം. മസ്തിഷ്കമരണത്തിലൂടെ ഒരു വൃക്ക ലഭ്യമാകുമ്പോള്‍ മൂന്നു രോഗികളെ വിളിക്കും. അവരുടെ ഡയാലിസിസ് പല സ്ഥലങ്ങളിലായിരിക്കാം. നേരത്തെതന്നെ അവരെ പരിശോധിച്ച് അവരുടെ മെഡിക്കല്‍ ഫിറ്റ്നസ് നോക്കിവച്ചിട്ടുള്ളവരായിരിക്കും. അറിഞ്ഞാലുടനെതന്നെ അവര്‍ വൃക്കമാറ്റല്‍ നടക്കേണ്ട ആശുപത്രിയിലേക്ക് വരേണ്ടതാണ്. അവിടെവന്നാല്‍ ഡയാലിസിസ് ആവശ്യമുണ്ടെങ്കില്‍ അതു ചെയ്യുകയും മറ്റുള്ള പരിശോധനകള്‍ചെയ്ത് ഫിറ്റ്നസ്, കാര്‍ഡിയോളജി, അനസ്തേഷ്യ, ചെക്കപ്പ് നടത്തി രോഗിയെ എത്രയും പെട്ടെന്ന് വൃക്കമാറ്റല്‍ ശസ്ത്രക്രിയക്ക് ഒരുക്കുന്നു. ഇതെല്ലാം നേരത്തെതന്നെ അറിയിക്കുകയും ഇതിന്റെ എല്ലാ സങ്കീര്‍ണവശങ്ങളും നേരത്തെ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്നതിനാല്‍ ആ സമയത്ത് പ്രത്യേകിച്ച് പുതുതായിട്ട് ചെയ്യാന്‍ ഒന്നുംതന്നെ ഇല്ല.

മസ്തിഷ്കമരണം സംഭവിച്ചയാളുടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലനിര്‍ത്തി സ്വീകര്‍ത്താവില്‍ മാറ്റിവയ്ക്കുന്നത് വരെയുള്ള ചെലവ് വൃക്കകള്‍, കരള്‍, ഹൃദയം എന്നീ അവയവങ്ങള്‍ സ്വീകരിച്ചവര്‍ തുല്യമായി പങ്കിട്ട് വഹിക്കുന്നു. ഇതിന് രണ്ടുലക്ഷം രൂപയില്‍ കൂടാത്ത ചെലവ് ആശുപത്രിക്ക് ഗവണ്‍മെന്റ് അനുവദിച്ചിട്ടുണ്ട്്.

കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് 56  മരണാനന്തര വൃക്കദാനം ഞങ്ങളുടെ ടീമിന് ചെയ്യാന്‍ കഴിഞ്ഞു.  ഇതില്‍ 54 പേര്‍ സുഖമായിട്ട് (95%) നല്ല വൃക്കപ്രവര്‍ത്തനവുമായി ജീവിക്കുന്നു. മരണാനന്തര വൃക്കദാനത്തില്‍ അപകടമുണ്ടെന്നു പറയുന്നത് ശരിയല്ല. നല്ലൊരു വിദഗ്ധരുടെ ടീം, കിഡ്നി കൊടുക്കുന്നതിനുമുമ്പ് സ്വീകര്‍ത്താവിനെ നല്ലവണ്ണം ഒരുക്കി, പരിചയസമ്പന്നനായ ഒരു സര്‍ജന്‍ ഓപ്പറേറ്റ്ചെയ്ത്, അതിനുവേണ്ടി നല്ല മരുന്നും കിട്ടിക്കഴിഞ്ഞാല്‍ മരണാനന്തര വൃക്കദാനം ചെയ്യുന്നത് പുറംരാജ്യങ്ങളിലെപ്പോലെ ഇന്ന് കേരളത്തിലും യാഥാര്‍ഥ്യമായിവന്നിരിക്കുകയാണ്. ആളുകള്‍ ഇതിനെപ്പറ്റി ബോധവാന്മാരാണ്. വൃക്കമാറ്റുന്ന ആശുപത്രികളെല്ലാംതന്നെ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ വന്നുകഴിഞ്ഞു.

മരണാനന്തരവൃക്ക സ്വീകരിക്കാന്‍ തയ്യാറായ വ്യക്തി ഇതിനെപ്പറ്റി ബോധവാനായിരിക്കണം. പലര്‍ക്കും മരണാനന്തര അവയവദാനത്തിനുവേണ്ടി വൃക്കള്‍ ഓഫര്‍ചെയ്യുമ്പോള്‍ അവര്‍ സാമ്പത്തികമായി ഒരുങ്ങിയിട്ടില്ലെന്ന കാരണത്താല്‍ തിരസ്കരിക്കാതിരിക്കാന്‍ പണം ആശുപത്രിയില്‍ നിക്ഷേപിക്കാം.

ഒരു ആശുപത്രിയില്‍ രജിസ്റ്റര്‍ചെയ്താല്‍ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ മാറ്റാം. ഏത് ആശുപത്രിയില്‍ രജിസ്റ്റര്‍ചെയ്തോ അവിടെനിന്ന് എന്‍ഒസി വാങ്ങി റീ–രജിസ്റ്റര്‍ ചെയ്യേണ്ട ആശുപത്രിയില്‍ കൊടുത്താല്‍ അതേ സീനിയോറിട്ടി അനുസരിച്ച് രജിസ്ട്രേഷന്‍ മാറ്റാം.

അലോട്ട്ചെയ്ത് അവയവങ്ങള്‍ ഒരു നഗരത്തില്‍നിന്ന് മറ്റു നഗരത്തിലേക്ക് കൊണ്ടുപോകാന്‍ റോഡ്മുഖേന സമയം കൂടുതല്‍ എടുക്കുന്നതുകൊണ്ട് എയര്‍ ആംബുലന്‍സ് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ സിറ്റികളെ ഇതുകൊണ്ട് ബന്ധിപ്പിക്കുന്നു. അവയവങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനും ഇത് ഉപകരിക്കുന്നു. മാധ്യമങ്ങള്‍ അവയവദാനത്തിന്റെ വളര്‍ച്ചയില്‍ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവയവങ്ങള്‍ കൊടുക്കുന്നവരെ ആദരിക്കുക, അവരുടെ ത്യാഗമനോഭാവത്തെ അംഗീകരിക്കുക എന്നിവയടെ പശ്ചാത്തലത്തില്‍ പല കുടുംബങ്ങളും വൃക്കയും മറ്റ് അവയവങ്ങളും മസ്തിഷ്കമരണത്തിനുശേഷം ദാനംചെയ്യുന്നതിനു മുന്നോട്ടുവന്നിട്ടുണ്ട്. കേരളത്തില്‍ മരണാനന്തര അവയവദാനം വൃക്കരോഗികള്‍ക്കും വളരെയധികം പ്രതീക്ഷനല്‍കുന്നു.

കൊച്ചിയില്‍ ലേക്ഷോര്‍, പിവിഎസ് മെമ്മോറിയല്‍ ആശുപത്രികളില്‍ സനീയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റാണ് ലേഖകന്‍

ജലം ജീവന്‍

ഡോ. ഉഷ കെ പുതുമന

ഭൂമിയുടെ ഉപരിതലത്തില്‍ 70 ശതമാനവും ജലമാണ്. അതില്‍ 97.5 ശതമാനവും സമുദ്രജലം. 2.5 ശതമാനം മാത്രമാണ് ശുദ്ധജലം. ജലദൌര്‍ലഭ്യം ഒരു ആഗോളപ്രശ്നമായി മാറിയിരിക്കുന്നു. ശുദ്ധജലത്തിന്റെ ലഭ്യത 20 വര്‍ഷംകൊണ്ട് മൂന്നിലൊന്നായി ചുരുങ്ങുകയും ഉപഭോഗം ഇരട്ടിയാകുകയുംചെയ്തു. തണ്ണീര്‍ത്തടങ്ങള്‍, കായലുകള്‍, തോടുകള്‍, പാടങ്ങള്‍, കുളങ്ങള്‍, ചതുപ്പുനിലങ്ങള്‍ എല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ജലസ്രോതസ്സുകള്‍ മിക്കതും മലിനപ്പെട്ടുകഴിഞ്ഞു. മലിനജല ഉപയോഗംകൊണ്ടുണ്ടാകുന്ന രോഗങ്ങളാല്‍ ഓരോ വര്‍ഷവും 16 ലക്ഷം കുട്ടികള്‍ മരിക്കുന്നു.

44 നദികളാല്‍ സമൃദ്ധമായ നമ്മുടെ നാട്ടില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിനില്‍ക്കുന്നു. കൈയേറ്റങ്ങളാലും മണ്ണെടുപ്പിനാലും മലിനീകരണത്താലും മിക്ക നദികളും വറ്റിവരണ്ടു. മഴയെമാത്രം ആശ്രയിച്ചാണ് നമ്മുടെ നദികളുടെ ജലനിരപ്പ് ഉയരുന്നത്. ജലസംരക്ഷണം നദിസംരക്ഷണത്തിലൂടെയേ സാധിക്കൂ. അതാകട്ടെ, മഴവെള്ളസംരക്ഷണത്തിലൂടെയും സംഭരണത്തില്‍കൂടെയും സാധ്യമാകണം.

വലിയ മുതല്‍മുടക്കില്ലാതെ ഒരു പ്രദേശത്തിന് എല്ലാക്കാലത്തേക്കും ആവശ്യമായ ജലം ലഭ്യമാക്കാന്‍ കഴിയുന്ന ഏറ്റവും  എളുപ്പമുള്ള മാര്‍ഗമാണ് മഴവെള്ളസംഭരണം. ഒരുരീതിയിലും അശുദ്ധമാക്കപ്പെടാത്ത മഴവെള്ളം ഗാര്‍ഹിക–വ്യാവസായികാവശ്യങ്ങള്‍ക്ക് വേണ്ടത്ര ഉപയോഗിക്കാം എന്ന തിരിച്ചറിവുണ്ടായിരിക്കുന്നു.

മഴവെള്ളം

ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ മഴവെള്ളത്തെക്കുറിച്ചും ജലത്തിന്റെ ഉപയോഗവ്യവസ്ഥയെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സൂര്യന്‍ ഭൂമിക്കു നല്‍കുന്ന അമൃതിനു സമാനമായ, ജീവനെ നിലനിര്‍ത്തുന്ന, തൃപ്തിനല്‍കുന്ന, ഹൃദയത്തിന് ഹിതമായ, ബുദ്ധിക്ക് ഉണര്‍വുനല്‍കുന്ന, വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്ത രസങ്ങളോടുകൂടിയ സ്വഛവും നിര്‍മലവുമായ മഴവെള്ളം കുടിക്കാന്‍ ഏറ്റവും ഹിതമായിട്ടുള്ളതാണ്. ഭൂമിയില്‍ വീണുകഴിഞ്ഞാല്‍ ദേശകാലങ്ങള്‍ക്കനുസരിച്ചായിരിക്കും മഴവെള്ളത്തിന്റെ ഗുണം. ആസിഡ്മഴയും മറ്റുമുണ്ടാകുന്നതുകൊണ്ട് മഴവെള്ളവും മലിനപ്പെട്ടുതുടങ്ങിയെന്നു കരുതാം. എല്ലാ ഋതുവിലും കുടിക്കാന്‍പറ്റിയ ജലമിതാണ്. ഇത് ലഭ്യമായില്ലെങ്കില്‍മാത്രം മറ്റ് വെള്ളം ഉപയോഗിക്കാം. തുണിയില്‍ അരിച്ചെടുത്ത് നല്ല വൃത്തിയുള്ള മണ്‍പാത്രത്തില്‍ ശേഖരിച്ചുവച്ച് ഉപയോഗിക്കാം. ചളികൊണ്ട് നിറഞ്ഞ പായല്‍, പുല്ല്, ഇലകള്‍ ഇവയാല്‍ മൂടപ്പെട്ട, വെയിലും നിലാവും കാറ്റുമേല്‍ക്കാത്ത, കൊഴുപ്പുള്ള, പതയുള്ള, കൃമികളുള്ള, ചൂട് പിടിച്ചുകിടക്കുന്ന മഴവെള്ളം ഉപയോഗിക്കരുതെന്നും പ്രത്യേകം പറയുന്നു. ആദ്യത്തെ മഴയുടെ വെള്ളം കുടിക്കാനോ കുളിക്കാനോ ഉപയോഗിച്ചാല്‍ രോഗകാരണമാകും. അകാലത്തില്‍ പെയ്യുന്ന മഴയുടെ വെള്ളവും ഉപയോഗിക്കരുത്.

മനുഷ്യനും ജലവും

പാനീയം പ്രാണിനാം പ്രാണം വിശ്വമേവ ച തന്മയം. പ്രാണനുള്ളവയ്ക്കെല്ലാം പ്രാണനാണ് ജലം. ലോകംതന്നെ ജലാത്മകമാണ്. ജീവന്റെ ഉല്‍ഭവവും ജലത്തില്‍നിന്ന്.

മനുഷ്യശരീരം 80ശതമാനവും  ജലമാണ്. അതുകൊണ്ടുതന്നെ ജലത്തിന്റെ ഉപയോഗം വളരെ ശ്രദ്ധിച്ചുവേണം. കൃത്യമായ ഉപയോഗവിധികള്‍ ഗ്രന്ഥങ്ങളില്‍ നിര്‍ദേശിക്കുന്നു. ദഹനശക്തി കുറഞ്ഞവര്‍, രക്തക്കുറവിനാല്‍ വിളര്‍ച്ചയുള്ളവര്‍, ഉദരരോഗമുള്ളവര്‍, പ്ളീഹോദരം, വ്രണങ്ങള്‍ ഉള്ളവര്‍ അര്‍ശസ്സ്, ഗ്രഹണി, ശരീരം മുഴുവന്‍ നീര് തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ എന്നിവര്‍ അമിതമായി പച്ചവെള്ളം കുടിക്കാന്‍ പാടില്ല. വല്ലാതെ ദാഹമനുഭവപ്പെട്ടാല്‍ ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളം കുറേശ്ശെ ഉപയോഗിക്കാം.

ഗ്രീഷ്മ, ശരത് ഋതുക്കളില്‍ അല്ലാതെ ആരോഗ്യവാന്മാര്‍പോലും അധികമായി പച്ചവെള്ളമുപയോഗിക്കരുത്. പച്ചവെള്ളം കഫവര്‍ധകമാണ്. തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്. ഇത് ദഹനശക്തി വര്‍ധിപ്പിക്കും; ലഘുവായിരിക്കും, തൊണ്ടയിലുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഹിതമാണ്. മൂത്രാശയശുദ്ധി ഉണ്ടാക്കും. എക്കിള്‍, വയറുവീര്‍പ്പ്, പനി, ചുമ, പീനസം, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗങ്ങളില്‍ ഹിതമാണ്. ദഹനരസങ്ങളുടെ വര്‍ധനവിനും ദഹനം എളുപ്പത്തിലാക്കാനും കുടലുകളുടെ പെരിസ്റ്റാലിക് ചലനങ്ങളെ ത്വരിതപ്പെടുത്താനും ചൂടുവെള്ളത്തിനു കഴിയും. രാവിലെ ഉണര്‍ന്നെണീറ്റാലുടന്‍ കാപ്പിയോ ചായയോ കുടിക്കുന്നതിനുപകരം ചൂടുവെള്ളം കുടിക്കുന്നത് നല്ലതായിരിക്കും. ദഹനശക്തി കുറഞ്ഞ രോഗാവസ്ഥകളിലെല്ലാം തിളപ്പിച്ചാറിയ വെള്ളംതന്നെ കുടിക്കാനുപയോഗിക്കണം. ആഹാരം കഴിക്കുന്നതിനുമുമ്പ് ധാരാളം വെള്ളം കുടിച്ചാല്‍ വിശപ്പു കുറയുകയും ഭക്ഷണം കഴിക്കുന്നത് കുറയുകയും ശരീരം മെലിയുകയും ചെയ്യും. ആഹാരശേഷം വെള്ളം കുടിച്ചാല്‍ കൂടുതല്‍ ഭക്ഷണം കഴിച്ച് ശരീരം തടിക്കുകയുംചെയ്യും. ഭക്ഷണത്തിനിടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് ശരിയായ രീതി. മറ്റൊരു ദേശത്തെ വെള്ളം കുടിച്ചത് ദഹിച്ചില്ല എന്നുതോന്നിയാല്‍ ഉടന്‍ മറ്റ് വെള്ളമൊന്നും കുടിക്കാതിരിക്കുക. ചൂടുവെള്ളം കുടിച്ചയുടന്‍ പച്ചവെള്ളവും പച്ചവെള്ളം കുടിച്ചയുടന്‍ ചൂടുവെള്ളവും ഉപയോഗിക്കരുത്. ഉപയോഗിച്ചു ശീലിക്കുന്ന വെള്ളം എപ്പോഴും കുടിക്കാന്‍ ശ്രദ്ധിക്കുക.

വളരെ ആഴമുള്ള കിണറ്റിലെ വെള്ളം (കൌപം എന്നു പേരുള്ളത്) ക്ഷാരസ്വഭാവമുള്ളതും പിത്തത്തെ വര്‍ധിപ്പിക്കുന്നതും ദഹിക്കാന്‍ പ്രയാസമുള്ളതുമായിരിക്കും. നമ്മുടെ കുഴല്‍ക്കിണറുകളിലെ വെള്ളം ഇത്തരത്തിലുള്ളതാകണം. കഠിനജലം തിളപ്പിച്ച് വറ്റിച്ച് പകുതിയാക്കി ഉപയോഗിക്കണം. അത്ര കഠിനമല്ലെങ്കില്‍ മൂന്നിലൊന്നായി വറ്റിക്കണം. ദഹിക്കാന്‍ എളുപ്പമുള്ളതും കഠിനമല്ലാത്തതുമായ ജലം നാലില്‍ മൂന്നാക്കി വറ്റിച്ചുപയോഗിക്കണം. തിളപ്പിച്ച് ഒരു രാവും പകലും കഴിഞ്ഞ് ആ വെള്ളമുപയോഗിച്ചാല്‍ പലവിധ രോഗങ്ങളുണ്ടാകും.

മലിനീകരിക്കപ്പെട്ട ജലത്തിന്റെ ഉപയോഗത്താല്‍ അധികമായ ദാഹം, വയര്‍വീര്‍പ്പ്, ഉദരം, വിവിധ പനികള്‍, ശ്വാസംമുട്ടല്‍, കണ്ണിനു വിവിധ രോഗങ്ങള്‍, ശരീരംമുഴുവന്‍ ചൊറിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാം. ജലജന്യ രോഗങ്ങളായി ആധുനിക വൈദ്യശാസ്ത്രത്തില്‍ വിവരിക്കുന്നത് മഞ്ഞപിത്തം (Hepatitis A & E) അതിസാരം, ടൈഫോയ്ഡ്, കോളറ, അക്യൂട്ട് ഡയേറിയന്‍ ഡിസീസ് തുടങ്ങിയവയാണ്. അഞ്ചു വയസ്സില്‍ത്താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ പ്രധാനകാരണങ്ങളില്‍ രണ്ടാമത്തേത് വയറിളക്കരോഗമാണ്.

കുടിവെള്ളം എന്ന കിട്ടാക്കനി

കുടിവെള്ളം പാഴാക്കി കളയുമ്പോള്‍ ഓര്‍ക്കുക; ലോകത്ത് 180 കോടി ജനങ്ങള്‍ മാലിന്യംകലര്‍ന്ന ജലമാണ് കുടിക്കുന്നത്.   ഓരോ 15 സെക്കന്‍ഡിലും ഒരു കുട്ടി തടയാവുന്ന ജലജന്യ രോഗങ്ങളാല്‍ മരണാവസ്ഥയിലാണ്.

ലോകമാകെയുള്ള മലിനജലത്തിന്റെ 80 ശതമാനവും ശുദ്ധീകരിക്കാതെതന്നെ ജലവിതരണവുമായി കലരുന്നുണ്ടത്രെ. 70 ശതമാനം വ്യവസായമാലിന്യങ്ങളും നദികളിലെ ജലവുമായി കലരുന്നുണ്ട്. പ്രതിദിനം 20 ലക്ഷം ടണ്‍ ജൈവമാലിന്യങ്ങളെങ്കിലും ജലവിതരണ സ്രോതസ്സുകളുമായി കലരുന്നു.–ശുദ്ധജലലഭ്യതയ്ക്കായുള്ള ആഗോളപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യുഎന്‍ വാട്ടര്‍  ലോകജലദിനത്തോടനുബന്ധിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.

എല്ലാവര്‍ക്കും ശുദ്ധജലം

ലോകത്ത് എല്ലാവര്‍ക്കും 2030നകം ശുദ്ധജലം ലഭ്യമാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം. മലിനീകരണം കുറച്ച്, രാസമാലിന്യങ്ങളും ശുദ്ധീകരിക്കാത്ത മലിനജലവും കുടിവെള്ളസ്രോതസ്സുകളില്‍ കലരുന്നത് അവസാനിപ്പിച്ച്, എല്ലാ വീടുകള്‍ക്കും കക്കൂസ് ലഭ്യമാക്കി മാലിന്യം ജലസ്രോതസുകളില്‍ കലരുന്നത് തടഞ്ഞ് 2030ഓടെ കുടിവെള്ളം ശുദ്ധമാക്കുകയാണ് യുഎന്‍ ലക്ഷ്യം. 2020നകം ജലവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകളായ മലകള്‍, വനങ്ങള്‍, നദികള്‍, തടാകങ്ങള്‍, നീര്‍ത്തടങ്ങള്‍ എന്നിവ സംരക്ഷിക്കുകയും ലക്ഷ്യത്തിന്റെ ഭാഗമാണ്.

മികച്ചജലം, മികച്ച ജോലി

ലോകത്ത് 150 കോടിയോളം പേര്‍ തൊഴിലെടുക്കുന്നത് നേരിട്ട് ജലവുമായി ബന്ധപ്പെട്ട മേഖലകളിലാണ്. ഏകദേശം എല്ലാ തൊഴില്‍മേഖലയും ഗുണനിലവാരമുള്ള ജലവും വിതരണവുമായി ബന്ധമുള്ളതുതന്നെ. എന്നാല്‍, അടിസ്ഥാന തൊഴില്‍ അവകാശംപോലും ലഭിക്കാത്തവരാണ് ഇതില്‍ പകുതിയിലധികം തൊഴിലാളികളും. ശുദ്ധജലലഭ്യത ഉറപ്പാക്കുന്നതിലൂടെ തൊഴില്‍ സുരക്ഷ മെച്ചപ്പെടുത്തുക.  അതുവഴി സമൂഹത്തെയും സാമ്പത്തികവ്യവസ്ഥയെയും ഗുണപരമായി മാറ്റിയെടുക്കുക. ഈ ലക്ഷ്യവുമായി 'മികച്ച ജലം, മികച്ച ജോലി' എന്ന സന്ദേശമാണ്  2016ലെ ലോക ജലദിനാചരണം വിളംബരം ചെയ്യുന്നത്.

1993 മാര്‍ച്ച് 22നായിരുന്നു ആദ്യ ലോക ജലദിനം.  ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള 1992ലെ അന്താരാഷ്ട്ര പരിസ്ഥിതി വികസന സമ്മേളനത്തിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്.

ടി ആര്‍

യൌവനം അമ്മയാകുംമുമ്പേ

ഡോ. പ്രിയ ദേവദത്ത്

ആരോഗ്യപരമായി ഏറെ പ്രാധാന്യമുള്ള പ്രായമാണ് യൌവനം. ഗര്‍ഭം ധരിക്കാനും പാലൂട്ടാനും ശരീരത്തെ സജ്ജമാക്കേണ്ട പ്രായമാണിത്. ഗര്‍ഭകാലസങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ ആദ്യപ്രസവം 25–26 വയസ്സില്‍ നടക്കാനും ഗര്‍ഭിണിയാകുന്നതിനു മുമ്പേ പ്രമേഹം, രക്തസമ്മര്‍ദം, തൈറോയ്ഡ് ഇവയുടെ നിലവാരം അറിയാനും സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രസവങ്ങളെല്ലാം 30 വയസ്സിനുമുമ്പ് കഴിയുന്നതാണ് സ്ത്രീയുടെ ആരോഗ്യത്തിനുചിതം. സ്ത്രീയുടെ കൂടിയ പ്രായം വന്ധ്യതയ്ക്കിടയാക്കുന്ന പ്രധാന ഘടകമാണ്.

ഗര്‍ഭകാലപരിചരണം

മാതൃത്വത്തിലേക്കുള്ള ആഹ്ളാദപൂര്‍ണമായ തയ്യാറെടുപ്പാണ് ഗര്‍ഭകാലം. ഒപ്പം നിരവധി ആകുലതകളും പരിഭ്രമവും നിറഞ്ഞ കാലവും.

കരുതിയിരിക്കുക ഈ പ്രശ്നങ്ങളെ:

ഗര്‍ഭകാല പ്രമേഹം

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളിലൊന്നാണ് ഗര്‍ഭകാല പ്രമേഹം. ഇത് രണ്ടുതരത്തില്‍ വരാം. നേരത്തെതന്നെ പ്രമേഹബാധയുള്ള സ്ത്രീ ഗര്‍ഭിണിയാവുക, ഗര്‍ഭാവസ്ഥയില്‍ മാത്രം പ്രമേഹം കണ്ടുവരിക എന്നിങ്ങനെ. കുഞ്ഞിന് ഗുരുതരമായ ജനനവൈകല്യങ്ങള്‍ക്കിടയാക്കുന്ന പ്രമേഹത്തെ ഏറെ ശ്രദ്ധയോടെ കാണണം. മരുന്നും ക്രമപ്പെടുത്തിയ ജീവിതശൈലിയും ലഘുവ്യായാമങ്ങളും പ്രമേഹനിയന്ത്രണത്തിന് അനിവാര്യമാണ്.

തൈറോയ്ഡ് രോഗങ്ങള്‍

ഗര്‍ഭിണിയില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ കൂടുകയോ കുറയുകയോ ചെയ്യുന്നത് ബുദ്ധിമാന്ദ്യമുള്ള കുഞ്ഞുങ്ങളുടെ ജനനം, മാസം തികയാത്ത പ്രസവം, പ്രസവാനന്തരം രക്തസ്രാവം ഇവയ്ക്ക് വഴിയൊരുക്കാറുണ്ട്.

രക്തസമ്മര്‍ദം

ഗര്‍ഭകാലത്ത് കാലിലും സന്ധികളിലും ഉണ്ടാകുന്ന നീര്, തലവേദന, മൂത്രത്തിന്റെ അളവ് കുറയുക ഇവ ഏറെ ശ്രദ്ധിക്കണം. രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ സൂചനകളാണിവ. കൃത്യമായ ഔഷധ–ആഹാര നിയന്ത്രണങ്ങളിലൂടെ രക്തസമ്മര്‍ദം ഗര്‍ഭിണിക്ക് നിയന്ത്രിക്കാനാകും.

ഗര്‍ഭം അലസല്‍

ഗര്‍ഭധാരണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലാണ് ഗര്‍ഭമലസല്‍ കൂടുതലായി കാണുന്നത്. ഗര്‍ഭാശയമുഴകള്‍, അണ്ഡത്തിന്റെയോ ബീജത്തിന്റെയോ ചെറുതകരാറുകള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അമ്മയുടെ അനാരോഗ്യം ഇവയൊക്കെ ഗര്‍ഭം അലസാന്‍ ഇടയാക്കാറുണ്ട്. ഔഷധങ്ങള്‍ക്കൊപ്പം ഉചിതമായ പാല്‍ക്കഷായങ്ങള്‍ കഴിക്കുന്നത് ഗര്‍ഭമലസല്‍ തടയും. മൂത്രത്തിലെ അണുബാധ, അഞ്ചാംപനി തുടങ്ങിയ പ്രശ്നങ്ങളെയും ഗര്‍ഭിണി കരുതിയിരിക്കേണ്ടതാണ്.

ഗര്‍ഭിണിയും മാനസികസമ്മര്‍ദവും

ഗര്‍ഭകാലം ശാന്തവും സമാധാനപൂര്‍ണവും ആകേണ്ടത് കുഞ്ഞിന്റെ ശാരീരിക–മാനസിക ആരോഗ്യത്തിന് ഏറെ ആവശ്യമാണ്. ഗര്‍ഭകാലത്തെ മാനസിക പിരിമുറുക്കം ഗര്‍ഭിണിയുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കും. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ ഗര്‍ഭിണി ബോധപൂര്‍വം സമ്മര്‍ദം ഒഴിവാക്കേണ്ടതാണ്. ഇടവേളകളില്‍ പുസ്തകവായന, പാട്ട് കേള്‍ക്കല്‍, ഡോക്ടറുടെ നിര്‍ദേശാനുസരണം ലഘുവ്യായാമം ഇവ  തെരഞ്ഞെടുക്കാം.

ഗര്‍ഭകാലത്ത് സമീകൃത ഭക്ഷണം

ഗര്‍ഭധാരണത്തിനു മുമ്പും ശേഷവും സമീകൃതമായി ഭക്ഷണം കഴിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഏറെ ഗുണംചെയ്യാറുണ്ട്. ഗര്‍ഭകാലത്ത് ഭക്ഷണം വലിയ അളവില്‍ മൂന്നുനേരം കഴിക്കുന്നതിനു പകരം ഇടവിട്ട് ആറുതവണയായി കഴിക്കുന്നതാണുചിതം. അമ്മമാര്‍  പാല്‍, മുട്ട,  ഇലക്കറികള്‍, ചെറുമത്സ്യങ്ങള്‍,  നെല്ലിക്ക, മാതളം, ഉണക്കപ്പഴങ്ങള്‍, പാവയ്ക്ക,  ചേന, ചുമന്നുള്ളി, മോര്,  പയര്‍വര്‍ഗങ്ങള്‍, നാടന്‍ കോഴിയിറച്ചി, ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.  ഫാസ്റ്റ്ഫുഡ്, കൃത്രിമ പാനീയങ്ങള്‍ ഇവ  ഒഴിവാക്കാനും ശ്രദ്ധിക്കണം.

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന്

ഗര്‍ഭത്തിന്റെ ക്രമാനുഗതമായ വൃദ്ധിക്കും ഗര്‍ഭരക്ഷയ്ക്കും ആയുര്‍വേദം നിര്‍ദേശിക്കുന്ന ഫലപ്രദമായ ചികിത്സയാണ് പാല്‍ക്കഷായങ്ങള്‍. 15 ഗ്രാം മരുന്ന് ചതച്ച് 150 മില്ലി പാലും 600 മില്ലി വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് 150 മില്ലി ആക്കി കഴിക്കുകയാണ് വേണ്ടത്.

1–ാം മാസംകുറുന്തോട്ടി, 2–ാം മാസംതിരുതാളിയോ പുഷ്ക്കരമൂലമോ, 3–ാം മാസം    പുത്തരിച്ചുണ്ടയും കണ്ടകാരിച്ചുണ്ടയും ചേര്‍ത്ത,്, 
4–ാം മാസംഓരില വേര്, 5–ാം മാസംചിറ്റമൃത്, 6–ാം മാസം    കണ്ടകാരിച്ചുണ്ട, 7–ാം മാസം    യവം, 8–ാം മാസംപെരുംകുരുമ്പവേര്, 9–ാംമാസംശതാവരിക്കിഴങ്ങ്. എല്ലാമാസവും കുറുന്തോട്ടി മാത്രമായാലും മതി. 

പ്രസവാനന്തര ശുശ്രൂഷകള്‍ അനിവാര്യം
പ്രസവം കഴിഞ്ഞുള്ള ആദ്യ മൂന്നുമാസങ്ങളില്‍ ആരോഗ്യസംരക്ഷണത്തിന് നല്‍കുന്ന ഔഷധങ്ങളും പരിചരണങ്ങളും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്താന്‍ അമ്മയെയും കുഞ്ഞിനെയും പ്രാപ്തരാക്കും. അമ്മയ്ക്കുണ്ടാകുന്ന ക്ഷീണം, വിളര്‍ച്ച, വേദന ഇവയെ കുറയ്ക്കാനും ഇവ പര്യാപ്തമാണ്.

പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, തവിട് മാറ്റാത്ത ധാന്യങ്ങള്‍ ഇവ അമ്മയുടെ ഭക്ഷണത്തില്‍ പെടുത്തേണ്ടതാണ്. മാംസം ഇഷ്ടമുള്ളവര്‍ക്ക് ചെറുമത്സ്യങ്ങള്‍, ആട്ടിറച്ചി, നാടന്‍കോഴിയിറച്ചി അവ കൊഴുപ്പ് കുറച്ച് കറിയാക്കി നല്‍കാവുന്നതാണ്.

മുലപ്പാല്‍ ജീവനീയം
ആയുര്‍വേദം മുലപ്പാലിനെ ജീവനീയം എന്നാണ് വിശേഷിപ്പിക്കുന്നത്. പിറന്നുവീഴുന്ന കുഞ്ഞിന്റെ ആദ്യഭക്ഷണം മുലപ്പാലാണ്. കുഞ്ഞിന്റെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. സ്തനങ്ങളില്‍നിന്ന് ആദ്യം സ്രവിച്ചുവരുന്ന പോഷകസമ്പന്നമായ കൊളസ്ട്രം കുഞ്ഞിന് രോഗപ്രതിരോധശേഷി നല്‍കും.  എളുപ്പം ദഹിക്കുന്ന തരത്തിലുള്ള പ്രോട്ടീനുകളാണ് മുലപ്പാലിലുള്ളത്. ടോറിന്‍, സിസ്റ്റീന്‍ തുടങ്ങിയ അമിനോ ആസിഡുകള്‍, ലിനോളിക് ആസിഡ്, ലാക്ടോല്‍ബുമിന്‍, പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ തുടങ്ങിയ ഘടകങ്ങളാണ് മുലപ്പാലില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ മുലപ്പാല്‍ കുടിച്ചുവളരുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്.

തിരിച്ചറിയാം ഈ രോഗങ്ങളെ

യൌവനത്തില്‍ തൈറോയ്ഡ് രോഗങ്ങള്‍, സ്തനാര്‍ബുദം, ഗര്‍ഭാശയമുഴകള്‍ ഇവ ബാധിക്കുന്നവരുടെ എണ്ണവും ഇന്ന് വളരെ കൂടുതലാണ്.  ഈ മൂന്നു രോഗങ്ങള്‍ക്കും പാരമ്പര്യമായി അടുത്ത ബന്ധമുണ്ട്.

സ്തനാര്‍ബുദം: സ്തനങ്ങളില്‍ ഉണ്ടാകുന്ന മുഴകളാണ് സ്തനാര്‍ബുദത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം. സ്തനങ്ങളിലുണ്ടാകുന്ന കല്ലിപ്പുകള്‍, തടിപ്പുകള്‍, ആകൃതി മാറിവരുന്ന അരിമ്പാറകള്‍, പൊറ്റകള്‍, ഇവ ശ്രദ്ധയോടെ കാണണം. കുട്ടികളില്ലാത്തവര്‍, നേരത്തെ ആര്‍ത്തവം തുടങ്ങിയവര്‍, ആദ്യപ്രസവം വൈകുന്നവര്‍, പാലൂട്ടാത്തവര്‍, പാലൂട്ടല്‍ ദൈര്‍ഘ്യം കുറഞ്ഞവര്‍ എന്നിവര്‍ ജാഗ്രത പുലര്‍ത്തണം. ആര്‍ത്തവശേഷം എല്ലാ സ്ത്രീകളും 10–ാം ദിവസംമുതല്‍ ഒരുദിവസം കണ്ണാടിയുടെ മുമ്പില്‍നിന്ന് സ്വയം സ്തനം പരിശോധിക്കുന്നതിലൂടെ സ്തനത്തിലെ മാറ്റങ്ങള്‍ കണ്ടെത്താനാകും. ആര്‍ത്തവവിരാമം വന്നവരും സ്തനങ്ങള്‍ ഏതെങ്കിലും ഒരുദിവസം മാസത്തില്‍ പരിശോധിക്കണം.

ഗര്‍ഭാശയമുഴകള്‍: സ്ത്രീവന്ധ്യതയില്‍ 20 ശതമാനം കാരണവും ഗര്‍ഭാശയമുഴകളാണ്. ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രധാന ലക്ഷണം. മുഴകളുടെ എണ്ണം, സ്ഥാനം, വലുപ്പം ഇവയ്ക്കനുസരിച്ച്  ലക്ഷണങ്ങള്‍ക്ക് വ്യത്യാസമുണ്ടാകാം. അമിതരക്തസ്രാവം, കടുത്തവേദന, നീണ്ടുനില്‍ക്കുന്ന രക്തസ്രാവം, രക്തം കലര്‍ന്ന വെള്ളപോക്ക്, മൂത്രതടസ്സം, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, ക്ഷീണം, വിളര്‍ച്ച ഇവ ശ്രദ്ധിക്കണം. പെട്ടെന്നുണ്ടാകുന്ന വലുപ്പമുള്ള മുഴകള്‍ അര്‍ബുദകാരികളല്ലെന്ന് ഉറപ്പുവരുത്തണം.

ദീര്‍ഘനേരം മൂത്രം പിടിച്ചുവയ്ക്കുന്നതും വിവിധ സ്ത്രീരോഗങ്ങള്‍ക്ക് ഇടയാക്കാറുണ്ട്.

സ്ത്രീകളുടെ ആരോഗ്യം

ഡോ പ്രിയ ദേവദത്ത്

സ്ത്രീകള്‍ക്ക് മികച്ച വിദ്യാഭ്യാസനിലവാരം കൈവരിക്കാനായ സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ സാമൂഹികവും സാമ്പത്തികവുമായി നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇവിടത്തെ സ്ത്രീകള്‍ക്കായി. ഏറെക്കുറെ രോഗങ്ങളെപ്പറ്റി ബോധവതികളാകാനും ഉയര്‍ന്ന വിദ്യാഭ്യാസം അവരെ പ്രാപ്തരാക്കി. കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും കേരളത്തിലെ സ്ത്രീകള്‍ ഏറെ മുന്നിലാണ്. എന്നിട്ടും സ്വന്തം ആരോഗ്യകാര്യങ്ങളില്‍ സ്ത്രീകള്‍ കാണിക്കുന്ന അലംഭാവം അവരെ ഗുരുതരമായ രോഗാവസ്ഥകളിലേക്കാണ് നയിക്കുന്നത്. സ്ത്രീരോഗികളുടെ എണ്ണത്തിലുണ്ടായ വന്‍വര്‍ധന ആശങ്കയോടെ മാത്രമേ കാണാനാകൂ.
സ്ത്രീരോഗികളുടെ എണ്ണത്തെ കൂട്ടുന്ന പ്രധാനഘടകങ്ങള്‍

 1. പ്രകടമാകുന്ന രോഗലക്ഷണങ്ങളെ തീര്‍ത്തും അവഗണിക്കുന്ന തെറ്റായ പ്രവണത സ്ത്രീകളില്‍ കൂടുതലാണ്.
 2. രോഗം കണ്ടെത്തിയാല്‍ത്തന്നെ ചികിത്സയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാതിരിക്കുക.
 3. പോഷകഭക്ഷണവും പ്രഭാതഭക്ഷണവും ഒഴിവാക്കുക.
 4. ചെറുപ്പംമുതല്‍ വ്യായാമത്തിന് പ്രാധാന്യം നല്‍കാതിരിക്കുക.
 5. മാനസികസമ്മര്‍ദം
 6. ആരോഗ്യകരമല്ലാത്ത ഫാസ്റ്റ്ഫുഡ്, റെഡി ടു ഈറ്റ് വിഭവങ്ങള്‍ ശീലമാക്കുക.
 7. വിശ്രമമില്ലായ്മ  തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും സ്ത്രീരോഗികളുടെ എണ്ണത്തെ ഉയര്‍ത്തുന്നത്. ബാല്യം, കൌമാരം, യൌവനം, വാര്‍ധക്യം എന്നീ നാലുഘട്ടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ശാരീരിക–മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്.

നിഷ്കളങ്കതയുടെ ബാല്യം

നിഷ്കളങ്കതയുടെ നിറകുടമായ ബാല്യം ഇന്ന് ഏറെ ഗൌരവത്തോടെയാണ് കടന്നുപോകുന്നത്. കുട്ടിത്തം മാറാതെതന്നെ ആര്‍ത്തവാഗമനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെ ഇന്നവള്‍ക്ക് നേരിടേണ്ടിവരുന്നു. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമക്കുറവുമാണിതിനു പ്രധാനമായും വഴിയൊരുക്കുന്നത്. ചിട്ടപ്പെടുത്താതെയുള്ള പഠനശീലങ്ങളും വീട്ടിലെ അരക്ഷിതാവസ്ഥയും കുട്ടികളില്‍ മറവിക്കും മനഃസമ്മര്‍ദത്തിനും ഇട വരുത്തുന്നു.

പരിഹാരങ്ങള്‍

കുട്ടികളുടെ ഭക്ഷണം പോഷകംനിറഞ്ഞതാവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. പോഷകഭക്ഷണം എന്നതുകൊണ്ട് വിലകൂടിയ ഭക്ഷണം എന്നര്‍ഥമില്ല. തവിടോടുകൂടിയ ധാന്യങ്ങള്‍, മുട്ട, പയര്‍ വര്‍ഗങ്ങള്‍, ഈന്തപ്പഴം, എള്ളുണ്ട, വെണ്ണ, നെയ്യ്, ഇലക്കറികള്‍, ചെറുമത്സ്യങ്ങള്‍, നാടന്‍കോഴിയിറച്ചി, പച്ചക്കറികള്‍, പഴങ്ങള്‍ ഇവ ഉള്‍പ്പെട്ട നാടന്‍ ഭക്ഷണശീലങ്ങള്‍ കുട്ടികള്‍ക്ക് മതിയായ പോഷണം നല്‍കും. ഓടിക്കളിച്ചു വളരുന്ന കുട്ടികളില്‍ ഹോര്‍മോണ്‍ വ്യതിയാനംമൂലമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല.

കുഞ്ഞുങ്ങളും ലൈംഗികചൂഷണവും

അതീവ ഗുരുതരമായ സാമൂഹികപ്രശ്നമായി ലൈംഗികചൂഷണം ഇന്നു മാറിക്കഴിഞ്ഞു. ലൈംഗിക വൈകൃതങ്ങളും ആസക്തികളും പരീക്ഷിക്കുന്നതിനുള്ള ഇരകളായാണ് പീഡകര്‍ കുട്ടികളെ കാണുന്നത്. സുരക്ഷിതവും വിശുദ്ധവുമെന്നു കരുതുന്ന വീടിനകത്തുപോലും നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍ ലൈംഗികപീഡനത്തിനിരയാകുന്നുണ്ട്. അച്ഛന്‍, അപ്പൂപ്പന്‍, അയല്‍വാസി, ബന്ധുക്കള്‍, അധ്യാപകര്‍ തുടങ്ങി കുഞ്ഞിനെ കൈപിടിച്ച് വഴികാട്ടേണ്ടവര്‍തന്നെയാണ് പലകേസുകളിലും കുഞ്ഞിന് ഭീഷണിയായി മാറുന്നത്. ആണ്‍കുട്ടികളും ഒട്ടും സുരക്ഷിതരല്ല.

പീഡനത്തിനിരയാകുന്ന കുട്ടികളില്‍ പലതരത്തിലുള്ള ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങളുണ്ടാകാറുണ്ട്. സ്കൂളില്‍ പോകാന്‍ മടി, സംസാരിക്കുമ്പോള്‍ വിക്കല്‍, പഠനത്തില്‍ പെട്ടെന്നു താല്‍പ്പര്യം കുറയുക.

പെട്ടെന്ന് ദേഷ്യംവരിക, അപരിചിതരെ കാണുമ്പോള്‍ ഭയം, എപ്പോഴും വിഷാദം, കാരണമില്ലാതെ കരയുക, കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകളോ പാടുകളോ കാണുക.

രക്ഷിതാക്കളും അധ്യാപികയും ശ്രദ്ധിക്കണം

ചെറുപ്രായത്തില്‍ത്തന്നെ ശരീരഭാഗങ്ങള്‍ പറയാന്‍ പഠിപ്പിക്കുകയും ശരിയായി വസ്ത്രധാരണം ചെയ്യാന്‍ പഠിപ്പിക്കുകയും വേണം.

 • സ്വന്തം പേരും രക്ഷിതാക്കളുടെ പേരും ഫോണ്‍ നമ്പരും പറയാന്‍ പഠിപ്പിക്കുക.
 • സ്കൂളിലേക്കുള്ള യാത്രയില്‍ ആരൊക്കെയാണ് ഒപ്പമുണ്ടാവുക, അവരുടെ പെരുമാറ്റം എങ്ങനെ എന്നുള്ള കാര്യങ്ങള്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. എല്ലാ ദിവസവും സ്കൂളിലെയും യാത്രയുടെയും വിശേഷങ്ങള്‍ ചോദിച്ചറിയാനും ശ്രദ്ധിക്കണം. രണ്ടു മാസത്തിലൊരിക്കല്‍ സ്കൂളില്‍ പോകാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളും തുറന്നുപറയത്തക്കവിധമുള്ള ഒരു സൌഹൃദാന്തരീക്ഷം കുട്ടിയുമായി ഉണ്ടാകണം എന്നത് വളരെ പ്രധാനമാണ്.
 • പീഡനം നടന്നെങ്കില്‍ അത് കുട്ടിയുടെ കുറ്റംകൊണ്ടല്ല എന്നു കുട്ടിയെ ബോധ്യപ്പെടുത്തണം. വീണ്ടും ഭീഷണിക്ക് വഴങ്ങരുതെന്നു പറഞ്ഞുമനസ്സിലാക്കുകയും വേണം.  നല്ല സ്പര്‍ശനം, ചീത്ത സ്പര്‍ശനം ഏതൊക്കെ എന്ന് കുട്ടിയെ തിരിച്ചറിയാന്‍ പഠിപ്പിക്കുകയും വേണം.

ആദ്യാര്‍ത്തവം ആകുലതകള്‍ ഇല്ലാതെ

ആദ്യാര്‍ത്തവം ഇപ്പോള്‍ 10–12 വയസ്സില്‍ത്തന്നെ എത്താറുണ്ട്. ഒമ്പതു വയസ്സാകുമ്പോള്‍ത്തന്നെ അമ്മമാര്‍ ആര്‍ത്തവം എന്താണെന്നും ആര്‍ത്തവത്തെ തികച്ചും സാധാരണമായി കാണണമെന്നും കുട്ടിക്ക് ലളിതമായി പറഞ്ഞുകൊടുക്കണം. കൂടാതെ സാനിട്ടറി പാഡുകളുടെയും തുണികളുടെയും ഉപയോഗം, ഉപയോഗിച്ചവയുടെ ശരിയായ നിര്‍മ്മാര്‍ജനം,  ശുചിത്വത്തിന്റെ ആവശ്യകത തുടങ്ങിയവയൊക്കെ അമ്മമാരില്‍നിന്നാണ് കുട്ടി അറിയേണ്ടത്. അമ്മയോട് എല്ലാം പറയാം എന്ന ആത്മവിശ്വാസവും കുട്ടിക്ക് ഇതിലൂടെ നേടാനാകും.  അമ്മയുടെ അഭാവത്തില്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ക്ക് സഹായിക്കാനാകും. ആര്‍ത്തവം 15 വയസിനുശേഷം വരാതിരിക്കുന്നത് ശ്രദ്ധയോടെ കാണണം.

മുതിര വേവിച്ചുടച്ച് ശര്‍ക്കരയും ജീരകപ്പൊടിയും ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ വേദന കുറയ്ക്കും.  മുതിരയോ, ഉലുവയോ ചൂടാക്കിയശേഷം തിളപ്പിച്ച ഒരു ഗ്ളാസ് വെള്ളം കുടിക്കുന്നതും ആര്‍ത്തവവേദന കുറയ്ക്കും.  രണ്ടു സ്പൂണ്‍ എള്ള് തിളപ്പിച്ച ഒരു ഗ്ളാസ് വെള്ളം ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നതും വേദന കുറയ്ക്കും.

അമിത രക്തസ്രാവം തടയാന്‍  20 ഗ്രാം ജീരകപ്പൊടി തൈരില്‍ ചാലിച്ച് കഴിക്കുക, ഒരു കഷണം വാഴയ്ക്ക ശര്‍ക്കരയ്ക്കൊപ്പം ചതച്ച് കഴിക്കുക, മുക്കുറ്റി ചതച്ച നീര് വെണ്ണചേര്‍ത്ത് കഴിക്കുക.അണ്ഡോല്‍പ്പാദനം ക്രമപ്പെടുത്താന്‍  മുരിങ്ങക്ക ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ശരിയായ ജീവിതരീതി ബാല്യംമുതല്‍ക്കേ.

നാടന്‍ ഭക്ഷണത്തിനും വ്യായാമത്തിനും പ്രാധാന്യം നല്‍കുന്ന ജീവിതരീതി ബാല്യംമുതല്‍ ശീലമാക്കുന്നവരില്‍ ആര്‍ത്തവപ്രശ്നങ്ങളും വന്ധ്യത തുടങ്ങിയ രോഗങ്ങളും ഉണ്ടാകാറില്ല. ആര്‍ത്തവകാലത്ത് എളുപ്പം ദഹിക്കുന്നതും എരിവും കൊഴുപ്പും പുളിയും കുറഞ്ഞ ഭക്ഷണങ്ങളാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. പഴങ്ങള്‍, ക്യാരറ്റ്, വാഴക്കൂമ്പ്, ചെറുപയര്‍, എള്ള്, മുതിര, ഉലുവ, ബീന്‍സ്, ഈന്തപ്പഴം, ഉണക്കമുന്തിരി, പാടമാറ്റിയ പാലും മോരും, തുമര, തവിടുള്ള ധാന്യങ്ങള്‍, മുരിങ്ങയില, മുരിങ്ങക്ക ഇവ ഉള്‍പ്പെട്ട ഭക്ഷണങ്ങള്‍ മാറിമാറി പെടുത്തുന്നത് ആര്‍ത്തവസമയത്തെ രക്തനഷ്ടത്തെ പരിഹരിക്കുന്നതോടൊപ്പം വേണ്ടത്ര പോഷകവും നല്‍കും.  ആര്‍ത്തവകാലത്ത് വ്യായാമം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

കൌമാരം ആഹ്ളാദകാലം, പൊട്ടിത്തെറികളുടെയും

വസന്തകാലത്തേക്കുള്ള യാത്ര തുടങ്ങുന്നത് കൌമാരത്തിലാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍മൂലം ഇന്ന് 9–10 വയസ്സില്‍ത്തന്നെ കൌമാരം വന്നെത്തുകയായി. ശാരീരികമായും മാനസികമായും ഏറെ മാറ്റങ്ങള്‍ വരുന്ന പ്രായമാണിത്. ഹോര്‍മോണ്‍ ഗ്രന്ഥികള്‍ ഊര്‍ജസ്വലമാക്കുന്നതിനാല്‍ വികാരപ്രക്ഷുബ്ധമായ കാലംകൂടിയാണിത്. മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് ചതിക്കുഴികളില്‍ എളുപ്പം വീണുപോകാനിടയുള്ള പ്രായം കൌമാരമാണ്. രക്ഷിതാക്കള്‍ ഏറെ ജാഗ്രത പുലര്‍ത്തുകയും കുട്ടികളെ ശരിയായി വിലയിരുത്തുകയും വേണം.

പെണ്‍കുട്ടികളെ സംബന്ധിച്ച് ഭാവിയില്‍ വന്ധ്യതയ്ക്കിടയാക്കുന്ന പല രോഗങ്ങളുടെയും തുടക്കം കൌമാരമാണ്. പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം ആണ് ഇവയില്‍ പ്രധാനം.  പിസിഒഎസ് ഹോര്‍മോണുകളുടെ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടാകുന്ന അവസ്ഥയാണ്. അണ്ഡവിസര്‍ജനത്തിന്റെ താളംതെറ്റിക്കുന്ന ഈ രോഗം ഭാവിയില്‍ പ്രമേഹം, ഹൃദ്രോഗം, സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ ഭാവിയില്‍ ഉണ്ടാകാനുള്ള സാധ്യത കുട്ടൂന്ന ഒരു രോഗാവസ്ഥയാണ്.

ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യം 24 ദിവസത്തില്‍ കുറയുന്നതും 40 ദിവസത്തില്‍ കൂടുന്നതും തകരാറുകളുടെ ലക്ഷണമാണ്. രണ്ടുമാസത്തിലൊരിക്കലോ ആറുമാസം കൂടുമ്പോഴോ ഉണ്ടാകുന്ന ആര്‍ത്തവം, മുഖം, മീശ, താടി, കാലുകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ അമിതമായി രോമം വളരുക, കഴുത്ത്, കൈകാല്‍മടക്കുകള്‍ ഇവയില്‍ കറുപ്പ്, ശരീരത്തിന്റെ മേല്‍ഭാഗത്ത് അമിത വണ്ണം, കറുത്തപാടുകള്‍ അവശേഷിക്കുന്ന മുഖക്കുരുക്കള്‍, തോളിനു വണ്ണംവയ്ക്കുക, താടിയുടെ ഭാഗത്ത് കൊഴുപ്പടിയുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യേക ശ്രദ്ധയോടെ കാണണം.

ഔഷധങ്ങള്‍ക്കൊപ്പം നസ്യം, സ്വേദനം, സ്നേഹനം, അവഗാഹം, ഉത്തരവസ്തി, വസ്തി, ഉദ്വര്‍ത്തനം ഇവ നല്‍കാറുണ്ട്. ഭക്ഷണക്രമീകരണവും വ്യായാമവും ചികിത്സയുടെ ഭാഗമാണ്.

കൌമാരത്തില്‍ ഭക്ഷണവും വ്യായാമവും ശ്രദ്ധയോടെ

ഭാവിയില്‍ അമ്മയാകാന്‍വേണ്ട മുന്നൊരുക്കങ്ങള്‍ ശരീരത്തില്‍ ഏറെ നടക്കുന്ന ഘട്ടമാണ് കൌമാരം. ശരീരത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ക്ക് വേണ്ടത്ര പോഷകഭക്ഷണങ്ങള്‍ ഇവര്‍ക്ക് കൂടിയേതീരൂ. എന്നാല്‍, ഭക്ഷണശീലങ്ങളില്‍ തെറ്റായ പ്രവണത കൌമാരക്കാരില്‍ കൂടുതലാണ്. ഇന്‍സുലിന്റെ പ്രവര്‍ത്തനക്ഷമതയെ കുറയ്ക്കുന്ന ഉപ്പും മധുരവും കൊഴുപ്പും കൂടിയ ഭക്ഷണങ്ങള്‍, കോള, ബര്‍ഗര്‍ തുടങ്ങിയ പോഷകമൂല്യം തീരെയില്ലാത്ത ഭക്ഷണങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍ കൌമാരക്കാരാണ്.

വന്ധ്യത, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്നതിനു പുറമെ, നാല്‍പ്പതുകളില്‍ കണ്ടിരുന്ന പല രോഗങ്ങളും ഇന്നു കൌമാരത്തില്‍ കണ്ടുതുടങ്ങാനും ഇടയാക്കി. ഓട്സ്, റാഗി, അരി, ഗോതമ്പ്, വാഴപ്പിണ്ടി, വാഴക്കൂമ്പ്, മുരിങ്ങക്ക, ക്യാരറ്റ്, മുട്ട, എള്ള്, മുതിര, പയര്‍, കായം, വെളുത്തുള്ളി, ഇലക്കറി ഇവ ഉള്‍പ്പെട്ട നാടന്‍ഭക്ഷണശീലങ്ങളാണ് കൌമാരത്തില്‍ ഉചിതം. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങളും മദ്യപാനവും കൌമാരക്കാരുടെ മാനസിക ആരോഗ്യത്തെ ഏറെ ബാധിക്കാറുള്ളതിനാല്‍ പ്രത്യേക ശ്രദ്ധയുണ്ടാകണം.

(മാന്നാറിലെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക)

കടപ്പാട് : www.deshabhimani.com

2.77272727273
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ