Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യമേഖലയും വിവരങ്ങളും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യമേഖലയും വിവരങ്ങളും

കൂടുതല്‍ വിവരങ്ങള്‍

മണ്‍സൂണിലെ ആരോഗ്യത്തിന്

മണ്‍സൂണ്‍ കാലത്ത് ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ വിവിധ തരം ഔഷധക്കൂട്ടുകളും മരുന്നുകളും നാം കഴിക്കാറുണ്ട്. മണ്‍സൂണ്‍ മഴയുടെ കോരിച്ചൊരിയുന്ന മഴയില്‍ മനസ്സിനെ തണുപ്പിക്കാനും ശരീരത്തെ ചൂടാക്കാനുമായി പുതിയ നുറുങ്ങുവഴികളാണ് ഇവിടെ. മഴക്കാലം ആരംഭിക്കുന്നതോടെ നാട്ടില്‍ സകലവ്യാധി പകര്‍ച്ചവ്യാധികളും പിടികൂടാറുണ്ട്.

ടൈഫോയിഡ്,മലേറിയ,ഡെങ്കിപ്പനി,ആസ്തമ,ചിക്കുന്‍ഗുനിയ,മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ഇപ്പോള്‍ വ്യാപകമാണ്. ഇതില്‍നിന്നെല്ലാം ശരീരത്തെ സംരക്ഷിക്കാന്‍ പ്രകൃതിയില്‍ തന്നെ ധാരാളം പ്രതിരോധ മരുന്നുകളുണ്ട്.

തുളസി ഇതിനെല്ലാമുള്ള ഒന്നാം തരം പ്രതിരോധമാണ്. അര്‍സോലിക് ആസിഡ് അടങ്ങിയതിനാല്‍തന്നെ ഇത് സാംക്രമിക രോഗങ്ങള്‍ തടയും. മഞ്ഞള്‍,നെല്ലിക്ക, ഇരട്ടിമധുരം, വെളുത്തിള്ളി, ഇഞ്ചി, കറുവാപ്പട്ട, കുരമുളക്, ജാതിക്ക ഇവയെല്ലാം പ്രകൃതി തന്നെ നമുക്ക് ഒരുക്കിവച്ച ഔഷധക്കൂട്ടുകളാണ്. ഇവയെല്ലാം ചേര്‍ത്ത് വിവിധ തരത്തിലുള്ള ആയുര്‍വേദ മരുന്നുകള്‍ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം. ജലദോഷവും പനിയും എല്ലാം പമ്പ കടക്കാന്‍ ഇവ ധാരാളമാണ്.

ഡെങ്കിപ്പനിയെ കരുതിയിരിക്കുക

മഴക്കാലം എന്നത് പനിക്കാലം എന്നായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ രീതിയിലാണ് പനിയും മറ്റ് പകര്‍ച്ച വ്യാധികളും നമ്മുടെ നാട്ടില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്. പാടത്തും വരമ്പത്തും ഓടിനടന്ന് തോട്ടില്‍ ചൂണ്ടയിട്ട് കുളത്തില്‍ മുങ്ങാങ്കുഴിയിട്ട് ആഘോഷകരവും സന്തോഷകരവുമായ മഴക്കാലത്തിനു പകരം ആശുപത്രിക്കിടക്കയില്‍ വിറച്ചു കിടക്കുന്ന അനുഭവമാണ് ഇന്ന്.

നമ്മുടെ നാട്ടില്‍ വ്യാപകമാകുന്ന പകര്‍ച്ച വ്യാധികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഡെങ്കി പനി. കൊതുകിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഒരു പ്രത്യേക തരം വൈറല്‍ രോഗമാണിത്.

ലക്ഷണങ്ങള്‍

104 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ഉയരുന്ന കടുത്ത പനി, തലവേദന, തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന അടയാളങ്ങള്‍, പേശിയിലെയും സന്ധികളിലെയും വേദന, നാഭിയിലും പുറത്തും എല്ലിലും കണ്ണിനു പിന്നിലുമായി കാണുന്ന വേദന, കടുത്ത ക്ഷീണം, ശരീരമാസകലം കുളിര്, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവയെല്ലാമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ആദ്യമായി ഡെങ്കിപ്പനി പിടിപെടുന്നവരുടെ ചികിത്സ താരതമ്യേന എളുപ്പമാണ്. എന്നാല്‍, വീണ്ടും വീണ്ടും ഡെങ്കി പിടിപെടുന്നവര്‍, പ്രതിരോധ ശക്തി കുറഞ്ഞവര്‍, പ്രായമായവര്‍, മറ്റു രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരിലാണ് ഇത് കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത്.

ഡെങ്കി ഹെമറേജിക് ഫീവര്‍, ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്നീ രണ്ട് അവസ്ഥകളിലാണ് ഈ രോഗം ഏറ്റവും ഗുരുതരമാവുന്നത്. രക്തത്തില്‍ പ്ലേറ്റ്‌ലറ്റുകള്‍ അസാധാരണമായി കുറയുകയും വായയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് ഡെങ്കി ഹെമറേജിക് ഫീവര്‍.

രക്തസ്രാവമോ നിര്‍ജലീകരണമോ കൊണ്ട് രക്ത സമ്മര്‍ദം പാടേ താഴുന്ന അവസ്ഥയാണ് ഡെങ്കി ഷോക്ക് സിന്‍ഡ്രോം.

രോഗം പകരുന്ന വിധം

മറ്റു പകര്‍ച്ചവ്യാധികള്‍ പോലെ ഡെങ്കി പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരുകയില്ല. മറിച്ച്, രോഗ ബാധിതനെ കടിക്കുന്ന കൊതുകിലേക്ക് രോഗവൈറസ് പ്രവേശിക്കുകയും അതേ കൊതുക് മറ്റൊരാളെ കടിക്കുമ്പോള്‍ കൊതുകില്‍ നിന്ന് വൈറസ് അയാളിലേക്ക് പകരുകയും രോഗബാധ ഉണ്ടാവുകയും ചെയ്യുന്നു. കാലുകളില്‍ വെള്ള വരകളോടുകൂടിയ ഈഡിസ് ഈജിപ്തി എന്ന കൊതുകുകളാണ് ഈ രോഗം പരത്തുന്നത്.

രോഗബാധയുള്ളവര്‍ ശ്രദ്ധിക്കേണ്ടത്

ഒരു കാരണവശാലും സ്വയം ചികിത്സയ്ക്ക് മുതിരരുത്. ശരിയായ വിശ്രമവും നല്ല ഭക്ഷണവും ധാരാളം വെള്ളവും ശരീരത്തിന് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ക്രിത്രിമ ആഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക. രോഗിയെ കടിച്ച കൊതുക് ആരോഗ്യമുള്ള ഒരാളെ കടിക്കുന്നതിലൂടെയാണല്ലോ രോഗം പകരുന്നത്. ആകയാല്‍, രോഗിയെ കൊതുക് കടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

പ്രതിരോധം ചികിത്സയെക്കാള്‍ മെച്ചം

ചിക്കന്‍പോക്‌സ്, ജലദോഷം എന്നിവ പോലെ ഡെങ്കിപ്പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയില്ല. അതിനാല്‍ തന്നെ, പ്രതിരോധം ഒരു പരിധിവരെ എളുപ്പവുമാണ്.
കൊതുകിലൂടെ മാത്രമേ ഈ രോഗം പകരൂ. ആകയാല്‍ കൃത്യമായ കൊതുകു നശീകരണം കൊണ്ടും, കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുന്നത് കൊണ്ടും ഈ രോഗത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കും.

കൊതുകുവലകള്‍, ഇറക്കമുള്ള പാന്റുകള്‍, ഷര്‍ട്ടുകള്‍, സോക്‌സ് എന്നിവ ഉപയോഗിക്കുക. ജനലുകളും എയര്‍ ഹോളുകളും വലകള്‍ കെട്ടി കൊതുകിന്റെ പ്രവേശനം തടയുക, കൊതുക് തിരികളും കൊതുക് നാശിനികളും ഉപയോഗിക്കുക എന്നിവയിലൂടെ കൊതുകു കടിയില്‍ നിന്നും രക്ഷനേടാം.

കൂടാതെ, കൊതുകിന്റെ വളര്‍ച്ച നിയന്ത്രിക്കാനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വെള്ളം കെട്ടിക്കിടക്കുന്ന ചട്ടികള്‍, പഴയ കുപ്പികള്‍, തുറന്നുവച്ച ചിരട്ടകള്‍, പ്ലാസ്റ്റിക്ക് കവറുകള്‍, ഉപേക്ഷിച്ച ടയറുകള്‍, വെള്ളം കെട്ടിക്കിടക്കുന്ന കുഴികള്‍ ഇവയിലെല്ലാമാണ് കൊതുകുകള്‍ വളരുന്നത്. അതിനാല്‍ ആവശ്യമില്ലാത്ത വെള്ളം കെട്ടിക്കിടക്കുന്ന മേല്‍ പറഞ്ഞവ നശിപ്പിക്കുക ആവശ്യമുള്ള വെള്ളപ്പാത്രങ്ങള്‍ കൊതുകു കടക്കാതെ മൂടിവയ്ക്കുക, ഓടകളില്‍ ഫോഗിങ് നടത്തുക, കൂത്താടികളെ കഴിക്കുന്ന മത്സ്യങ്ങളെ ജലസംഭരണികളില്‍ വളര്‍ത്തുക, വെള്ളക്കെട്ട് നിയന്ത്രിക്കുകയും ചെയ്യുക. കൂടാതെ, രോഗിയെ കൊതുകു കടിക്കുന്നതില്‍ നിന്ന് രക്ഷിച്ചാല്‍ കൊതുകിലേക്ക് രോഗാണുക്കളുടെ പ്രവേശനം തടയാനും അതുവഴി മറ്റുള്ളവരെ രക്ഷിക്കാനും നമുക്ക് സാധിക്കും. ഡങ്കി ബാധിത മേഖലകളിലേക്ക് പോകുന്ന യാത്രക്കാര്‍ ഒരു കാരണവശാലും കൊതുകുകടി കൊള്ളുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

ഡെങ്കിപ്പനി ഭയപ്പെടേണ്ട

ഓരോ ദിവസത്തേയും പത്ര വാര്‍ത്തകള്‍ കണ്ട് നാം ഭയചിക്തരായിരിക്കുകയാണ്. ചെറിയ ജലദോഷം വരുമ്പോഴേക്കും ഡെങ്കിപ്പനിയാണോ എന്ന് പേടിച്ച് ആശുപത്രിയിലെത്തുന്നവരും കുറവല്ല. ഈ സാഹചര്യത്തില്‍ താഴെ പറയുന്നവ ഓര്‍ത്ത് വെക്കുന്നത് നന്നാവും.

  • എല്ലാ പനിയും ഡെങ്കിപ്പനിയല്ല
  • രോഗിയോ പരിചരിച്ചതുകൊണ്ടോ ഒന്നിച്ചിരുന്നത് കൊണ്ടോ രോഗം പകരില്ല. മറിച്ച് കൊതുകുകടിയിലൂടെയാണ് പകരുന്നത്.
  • പ്ലേറ്റ്‌ലറ്റ് അളവ് കുറഞ്ഞത് കൊണ്ട് മാത്രം ഡെങ്കിപ്പനി ആവണമെന്നില്ല. സാധാരണ വൈറല്‍ ഇന്‍ഫക്ഷനുകളിലും പ്ലേറ്റ്‌ലറ്റ് അളവ് കുറയാറുണ്ട്.
  • ശരിയായ ചികിത്സ നേടുകയും ആവശ്യമായവിശ്രമം, നല്ല ഭക്ഷണം എന്നിവ ലഭിക്കുകയും ചെയ്താല്‍ ഒന്നാം തവണ ഡെങ്കിപ്പനി പിടിപെടുന്നവരിലെ അപകട സാധ്യത വളരെ കുറവാണ്.
  • ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, ആദ്യമായി ഡെങ്കിപ്പനി വരുന്ന ഒരാളില്‍ ശരിയായ ചികിത്സയും ഭക്ഷണവും ലഭിക്കുകയാണെങ്കില്‍ മരണ സാധ്യത ഒരുശതമാനത്തില്‍ താഴെ മാത്രമേ ഉള്ളൂ. എന്ന് കരുതി സ്വയം ചികിത്സക്കോ മതിയായ യോഗ്യതയില്ലാത്തവരുടെ ചികിത്സക്കോ മുതിരുന്നത് അപകടം വിളിച്ച് വരുത്തും.

കണ്ണുകള്‍  പറയും രോഗകഥ

കണ്ണുകള്‍ കഥ പറയുന്നു എന്നു തമാശരൂപേണ പറയുന്നതല്ല. കണ്ണുകള്‍ കഥ പറയാറുണ്ടെന്നും അത് ഗൗരവത്തിലെടുക്കേണ്ടതുണ്ടെന്നും ചികിത്സാവിദഗ്ധര്‍ വിശദീകരിക്കുന്നു. കണ്ണുകളിലൂടെ ശാരീരിക അസ്വാസ്ഥ്യങ്ങളും ആരോഗ്യ സ്ഥിതിയും മനസിലാക്കാനാകും.

കാഴ്ച ശക്തിക്കുണ്ടാവുന്ന കുറച്ചിലുകള്‍, പ്രമേഹം, ശാരീരിക ക്ഷീണം, നേത്രപടലത്തിലുണ്ടാവുന്ന വ്യത്യാസങ്ങള്‍ തുടങ്ങിയവയെല്ലാം കണ്ണില്‍ നിന്നറിയാന്‍ കഴിയും. കണ്ണാടിയിലേക്ക് നോക്കുമ്പോള്‍ കണ്ണുകളിലേക്ക് ശ്രദ്ധാപൂര്‍വം നോക്കിയാല്‍ ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ സ്വയം നിര്‍ണയിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ഇത്തരത്തില്‍ കണ്ണുകള്‍ എന്തു മുന്നറിയിപ്പാണ് നല്‍കുന്നതെന്നും ഡോക്ടറെ എപ്പോള്‍ കാണണമെന്നാണ് കണ്ണുകള്‍ പറയുന്നതെന്നും വിദഗ്ധര്‍ പറയുന്നുണ്ട്.

അണുബാധയുണ്ടോ

കണ്ണുകളില്‍ അണുബാധയുണ്ടോ എന്നാണ് ആദ്യം തന്നെ അറിയാന്‍ കഴിയുന്നത്. പ്രത്യേകിച്ച് സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്ക്. അതുപോലെ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ക്കും അണുബാധ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കോര്‍ണിയയില്‍ (കണ്ണിന്റെ മുന്‍ഭാഗത്തുള്ള സുതാര്യമായ ഭാഗം.

ആറുപാളികള്‍ ചേര്‍ന്നതാണ്‌കോര്‍ണിയ. ബൊമാന്‍സ് പാളി, കോര്‍ണിയല്‍ സ്‌ട്രോമ, ദുവപാളി, ഡെസിമെന്റ്‌സ് പാളി, എന്‍ഡോതീലിയം എന്നിവയാണ് ആ പാളികള്‍) വെള്ളപ്പൊട്ടുകളോ പാടുകളോ ഉണ്ടോ എന്ന് നോക്കണം. അങ്ങനെ കാണുന്നുവെങ്കില്‍ അണുബാധ സംശയിക്കണം.

കണ്ണുപറയും മനഃക്ലേശം

മനഃക്ലേശവും ആയാസവും മാനസിക പിരിമുറുക്കവുമൊക്കെ പല രീതിയിലാണ് രോഗികളില്‍ സന്നിവേശിക്കുന്നത്. കണ്ണുവിറയ്ക്കുക, വലിയുക എന്നിവയെല്ലാം ഇതില്‍നിന്നുണ്ടാവുന്നതാണ്. ഇതുപറയുന്നത് വിശ്രമം ഇനിയും വേണമെന്നാണ്.

മനഃക്ലേശവും ആയാസവും നിയന്ത്രിക്കാന്‍ ഉടനെ എന്തെങ്കിലും ചെയ്യണമെന്നുമാണ് കണ്ണുകള്‍ നിങ്ങളോടു നിര്‍ദേശിക്കുന്നത്.

കാഴ്ചമങ്ങല്‍ പ്രമേഹം

കാഴ്ചമങ്ങുകയോ അവ്യക്തമാവുകയോ ചെയ്താല്‍ അതിനര്‍ഥം കണ്ണട വേണമെന്നാണ്. എന്നാല്‍ നിങ്ങള്‍ക്ക് പ്രമേഹബാധയുണ്ടെന്ന് ഉറപ്പിക്കുന്നതും ഇത്തരത്തില്‍ കാഴ്ച മങ്ങുന്നതും അവ്യക്തമാവുന്നതും തന്നെയാണ്. ഒരു വിദഗ്ധനെക്കൊണ്ടു പരിശോധിച്ച് അത് ഉറപ്പുവരുത്തേണ്ടതുണ്ട്. റെറ്റിനയിലുണ്ടാവുന്ന ക്രമരാഹിത്യം മനസിലാക്കി പ്രമേഹ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടാന്‍ നേത്രരോഗവിദഗ്ധനു സാധിക്കും.

കൊളസ്‌ട്രോള്‍ കൂടിയോ

നിങ്ങളുടെ കൊളസ്‌ട്രോള്‍ കൂടുതലാണോ എന്ന് കണ്ണ് പരിശോധിക്കുന്നതുവഴി കണ്ടെത്താന്‍ കഴിയും. പ്രത്യേകിച്ച് നിങ്ങളുടെ കണ്ണിന്റെ കൃഷ്ണമണിക്കുചുറ്റും ഒരു വെളുത്ത വൃത്തം രൂപപ്പെടുന്നതായി തോന്നുന്നു എങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണമെന്നാണര്‍ഥം. ഇത്തരം വെളുത്ത നിറം സാധാരണയായി പ്രായത്തോടൊപ്പം വളരാറുള്ളതാണ്. എങ്കിലും കൊളസ്‌ട്രോള്‍ ലെവല്‍ കൂടുന്നതിന്റെയും ട്രൈഗ്ലിസറൈഡ്‌സ് കൂടുന്നതിന്റെയും ലക്ഷണം കൂടിയാണിത്. ഇതിനര്‍ഥം ഹൃദയാഘാതസാധ്യത ഉണ്ടെന്നുകൂടിയാണ്.

ഹൈപര്‍ടെന്‍സീവ് റെറ്റിനോപ്പതി

ഹൃദയാഘാത സാധ്യതയ്ക്കുപുറമേ രക്തസമ്മര്‍ദ സാധ്യതയും കണ്ണുകള്‍ പറഞ്ഞുതരും. പ്രത്യേകിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദം അറിയാതെ പോയെങ്കില്‍ അത് റെറ്റിനയുടെ രക്തക്കുഴലുകളുടെ നാശത്തിലേക്ക് നയിക്കും. ഇത് നിങ്ങള്‍ക്ക് കണ്ണാടിയില്‍ നിന്നു മനസിലാക്കാനാവില്ലെങ്കിലും നേത്രപരിശോധനയിലൂടെ ഡോക്ടര്‍ക്ക് മനസിലാക്കാനാവും. കണ്ണുകള്‍ യഥാവിധി പരിശോധന നടത്തേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

റെറ്റിന അപകടാവസ്ഥയില്‍

കൃഷ്ണമണികള്‍ക്കുമീതെ പാടകള്‍ തെന്നിമാറുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ. കണ്ണ് കഴുകിയാല്‍ അതുമാറുമെങ്കിലും ഇത്തരം പാടകള്‍ നിസാരവല്‍കരിക്കരുത്. ഒരുപക്ഷേ ഒരു രോഗത്തിന്റെ തുടക്കമായിരിക്കാമത്. റെറ്റിനയിലുണ്ടാകുന്ന മുറിവുകളോ മറ്റോ ഇതിനുകാരണമാകുമെന്ന കാര്യം മറക്കരുത്.

കണ്ണു കഴപ്പ്

കണ്ണ് കഴയ്ക്കുന്നു എന്നു പറയാറില്ലേ. കണ്ണുകളെക്കൊണ്ട് അധിക ജോലി ചെയ്യിക്കുന്നതുതന്നെ കാരണം. രാത്രി ഉറക്കത്തിനുള്ളതാണെന്നു പറയുമ്പോള്‍ തലച്ചോറിനും കണ്ണുകള്‍ക്കും മറ്റ് അവയവങ്ങള്‍ക്കും നമ്മള്‍ വിശ്രമം നല്‍കുന്നു എന്നാണര്‍ഥം. അധിക ജോലി ചെയ്ത കണ്ണുകളുടെ നിറം ചുവന്നിരിക്കുന്നതായി കാണാം. അത് അസുഖമല്ലെങ്കിലും രക്തക്കുഴലുകള്‍ക്ക് തകരാറുണ്ടാവാന്‍ അത് ധാരാളമാണ്.

സൂര്യപ്രകാശം അമിതമാണോ

ചിലരുടെ കണ്ണുകളില്‍ വെളുത്ത ഭാഗത്ത് കോണുകളോടു ചേര്‍ന്ന് ഇളംമഞ്ഞ നിറം കാണാവുന്നതാണ്. ഇത് ഒരു പാടായോ, തൊലിപ്പുറത്തെ തഴമ്പുപോലെ അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന രീതിയിലോ ആണ് കാണപ്പെടുന്നത്. പിന്‍ഗ്വേക്യൂലാ എന്നാണ് ഇതറിയപ്പെടുന്നത്. സാധാരണ ഉപദ്രവകാരിയല്ലാത്ത ഒന്നാണിത്. എന്നാല്‍ ചിലത് കാന്‍സറിന്റെ തുടക്കമാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാധാരണ അമിതസൂര്യപ്രകാശം കാരണമാണ് ഇതുണ്ടാകുന്നത്. തൊലിപ്പുറത്തെ തഴമ്പിനെ അനുസ്മരിപ്പിക്കുന്നതാണ് ഇത്. അമിത സൂര്യപ്രകാശത്തിലിറങ്ങേണ്ടപ്പോള്‍ അതിനനുസരിച്ചുള്ള പ്രത്യേക ലെന്‍സുകള്‍ ഉള്ള കണ്ണടകള്‍ ധരിക്കേണ്ട ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

ഇത്തരം പാടുകളോ നിറമോ കണ്ടാല്‍ ഒരു നേത്രരോഗ വിദഗ്ധനെ കാണുകയും രോഗമില്ലെന്നുറപ്പുവരുത്തുകയും കണ്ണടയ്ക്കുള്ള നിര്‍ദേശം ആരായുകയും വേണം.

അലര്‍ജിയുണ്ടോ എന്നറിയാന്‍

കണ്ണുകള്‍ വരണ്ട അവസ്ഥയിലും കണ്ണുകളുടെ ചുറ്റുമുള്ള ത്വക് ഭാഗം അയഞ്ഞ് ക്ഷീണം പറ്റിയതായും കണ്ടാല്‍ അതിനര്‍ഥം നിങ്ങള്‍ അറിയാതെ തന്നെ കണ്ണുകള്‍ തിരുമ്മുന്നു എന്നാണ്. കണ്ണുകള്‍ ശക്തമായി അമര്‍ത്തി തിരുമ്മുന്നതോ അതല്ലെങ്കില്‍ നിരന്തരം കണ്ണുകള്‍ തിരുമ്മുന്നതോ കണ്‍പോളകളെ ദുര്‍ബലമാക്കും.

അതുമൂലം കണ്‍പോളകള്‍ അയയുകയും ചെയ്യും. ഇത് കണ്ണുകളില്‍ നിന്നു കണ്‍പോളകള്‍ അകന്നുനില്‍ക്കുന്നതിലേക്ക് നയിക്കും. അവയില്‍ ചുളിവുകള്‍ വീഴാനും കണ്ണുകള്‍ പൂര്‍ണമായും അടയ്ക്കാന്‍ ആവാതെ വരുകയും ചെയ്യും. ഇതുമൂലം കണ്ണുകള്‍ കൂടുതല്‍ വരണ്ടതാവും. അലര്‍ജികള്‍ മൂലമുണ്ടാവുന്ന ചൊറിച്ചിലുകളാണ് ഇതിനുപലപ്പോഴും കാരണമാകുന്നത്.

മഞ്ഞപ്പിത്തമുണ്ടോ എന്നറിയാം

കണ്ണുകള്‍ മഞ്ഞപ്പിത്തത്തിന്റെ സൂചകമാകാറുണ്ട്. കണ്ണിലെ വെളുത്തഭാഗത്തിന് ഒരു മഞ്ഞരാശി കൈവരുമ്പോഴാണ് സംശയം ഉടലെടുക്കുക. പഴയ പേപ്പറിന്റെ നിറം ആയാല്‍പോലും ഡോക്ടറെ കാണേണ്ടതുണ്ട്.

ശരീരത്തില്‍ ഉണ്ടാവാന്‍ പാടില്ലാത്ത എന്തോ ഒന്നിന്റെ സാന്നിധ്യമാണ് കണ്ണ് പറയുന്നത്. ചുവന്ന രക്തകോശങ്ങള്‍ വിഘടിച്ച് മഞ്ഞനിറമുണ്ടാവുന്ന അവസ്ഥയുണ്ടാക്കുന്നത് ബിലിറൂബിന്‍ ആണ്.

ഇതിന്റെ സാന്നിധ്യം കൂടുമ്പോഴാണ് നിറം മാറ്റം സംഭവിക്കുന്നത്. മുതിര്‍ന്നവരില്‍ താരതമ്യേന രോഗബാധ കുറവാണ്. എന്നാല്‍ ഹെപറ്റൈറ്റിസ്, മദ്യം മൂലമുള്ള കരള്‍ രോഗം, കാന്‍സര്‍, പിത്തനാളി തടയുന്ന പിത്താശയക്കല്ല് എന്നിവയും ഇതിന് കാരണമാകുന്നു.

മഴക്കാല രോഗങ്ങളും ലക്ഷണങ്ങളും

മഴക്കാലം കനത്തതോടെ മഴക്കാല രോഗങ്ങളും പടര്‍ന്ന് പിടിക്കുകയാണ്. കാര്യമായ മുന്‍കരുതലുകളെടുക്കാത്തതാണ് മഴക്കാലരോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്. പ്രധാനമായും മൂന്ന് പകര്‍ച്ചവ്യാധികളാണ് മഴക്കാലത്ത് പൊതുവേ കാണപ്പെടുന്നത്. ജലജന്യരോഗങ്ങള്‍, വായുവിലൂടെ പകരുന്നവ, ജീവികളിലൂടെ പകരുന്നവ. ഇവയില്‍ നിന്നു രക്ഷനേടാന്‍ ആദ്യം വീടുകളില്‍ തന്നെയാണ് നാം ശ്രദ്ധ ചെലുത്തേണ്ടത്. എങ്കില്‍ ഒരു പരിധിവരെ പകര്‍ച്ചാവ്യാധികളില്‍ നിന്ന് രക്ഷ നേടാവുന്നതാണ്.

രോഗങ്ങളും ലക്ഷണങ്ങളും

മലേറിയ

മഴക്കാലത്ത് വ്യാപകമായി കാണപ്പെടുന്ന രോഗങ്ങളില്‍ ഒന്നാണ് മലേറിയ. പ്രധാനമായും അനാഫലിസ് വര്‍ഗത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. കുളിരും വിറയലുമുള്ള പനി, വിറയല്‍, ശരീര വേദന, കടുത്ത തലവേദന, ക്ഷീണം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. രോഗം അപകടകരമായാല്‍ ന്യുമോണിയ, മഞ്ഞപ്പിത്തം, രക്തസ്രാവം, വൃക്കകളുടെ തകരാറ് എന്നിവയും സംഭവിക്കാം. വാക്‌സിനുകള്‍ ലഭ്യമല്ലാത്തതിനാല്‍ രോഗലക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

വൈറല്‍ പനി

വൈറല്‍ പനി കൂടുതലായും കുട്ടികളിലാണ് കണ്ടുവരുന്നത്. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍. വായുവിലൂടെ പകരുന്ന വൈറല്‍പനി വിവിധ വൈറസുകള്‍ കാരണമാണ് ഉണ്ടാകുന്നത്. സാധാരണഗതിയില്‍ അപകടകരമല്ലാത്ത വൈറല്‍പനി ഏഴുദിവസം വരെ നീണ്ടുനില്‍ക്കാം.

ഡെങ്കിപ്പനി

ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ കാരണമാകുന്നതാണ് ഡെങ്കിപ്പനി. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പനി, തലവേദന, സന്ധിവേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍, എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ശ്വാസംമുട്ടല്‍, തലചുറ്റല്‍, പിച്ചുംപേയും പറയുക, രക്തസ്രാവം, രക്തസമ്മര്‍ദ്ദം കുറയുക എന്നിവ ഇതിന്റെ ലക്ഷണങ്ങളില്‍ പെടുന്നു. അപകട ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടനെ തന്നെ ആശുപത്രികളില്‍ ചികിത്സ തേടണം.

ചിക്കുന്‍ഗുനിയ

ഈഡിസ് വിഭാഗത്തില്‍പ്പെട്ട വൈറസ് രോഗമാണ് ചിക്കുന്‍ഗുനിയ. സന്ധി വേദന (പ്രത്യേകിച്ച് കൈകാല്‍ മുട്ടുകളിലും, സന്ധികളിലും), വിറയലോടുകൂടിയ പനി, കണ്ണിന് ചുറ്റും ചുവപ്പ് നിറം, ചെറിയ തോതിലുള്ള രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങള്‍. പ്രത്യേകമായി ചികിത്സ ലഭ്യമല്ലാത്ത ഈ രോഗത്തിന് വേദന സംഹാരികളും പാരസെറ്റാമോള്‍ ഗുളികകളുമാണ് മരുന്നായി നല്‍കുന്നത്. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഡോക്ടറെ സമീപിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്. രോഗം കൂടുതലായി പകരാതിരിക്കാന്‍ രോഗിയെ കൊതുക് കടിയേല്‍ക്കാതെ സൂക്ഷിക്കേണ്ടതാണ്.

എലിപ്പനി

മനുഷ്യരിലുണ്ടാകുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി. എലികള്‍, കന്നുകാലികള്‍, നായ, കുറുക്കന്‍, ചിലയിനം പക്ഷികള്‍ എന്നിവയാണ് രോഗവാഹകര്‍. രോഗവാഹകരായ ജന്തുക്കളുടെ മൂത്രം കലര്‍ന്ന ജലാശയങ്ങള്‍, ഓടകള്‍ തുടങ്ങവയിലൂടെയാണ് രോഗാണുക്കള്‍ മനുഷ്യ ശരീരത്തിലെത്തുന്നത്. രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ കടന്നുകൂടിയാല്‍ 10 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രകടമാവും. ശക്തമായ വിറയലോട്കൂടിയ പനി, കുളിര്, തളര്‍ച്ച, ശരീര വേദന, വിശപ്പില്ലായ്മ എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. 8-9 ദിവസങ്ങള്‍ അസുഖം കുറഞ്ഞതായി അനുഭവപ്പെടും. പിന്നീട് വീണ്ടും അസുഖം കൂടും. ശക്തമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി, കണ്ണിനു ചുവപ്പുനിറം, പേശികള്‍ വലിഞ്ഞുമുറുകിപൊട്ടുന്ന പോലെയുള്ള വേദന തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തിലെ ലക്ഷണങ്ങള്‍. ചിലര്‍ മാനസിക വിഭ്രാന്തിയും പ്രകടമാക്കും. ഏതുപനിയും എലിപ്പനിയാകാനുള്ള സാധ്യതയുണ്ട് അതിനാല്‍ രക്തം, മൂത്രം, സിറം എന്നിവയുടെ പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു. പെന്‍സിലിന്‍, ടെട്രാസൈക്ലിന്‍, ഡോക്‌സിസൈക്ലിന്‍ എന്നിവയാണ് എലിപ്പനിക്കെതിരെ ഉപയോഗിക്കുന്ന മരുന്നുകള്‍.

സണ്‍സ്‌ക്രീന്‍ ലേപനവും ആരോഗ്യവും

മനുഷ്യരില്‍ വൈറ്റമിന്‍ ഡിയുടെ കുറവിനെക്കുറിച്ചുള്ള പഠനങ്ങള്‍ തുടങ്ങിയത് ഇന്ത്യന്‍ ജനതയില്‍ വൈറ്റമിന്‍ ഡിയുടെ അഭാവം സാധാരണയായിത്തുടങ്ങിയപ്പോഴാണെന്നാണ് പറയുന്നത്്. അതോടെ വൈറ്റമിന്‍ ഡിയും കാത്സ്യവും ഗുളിക രൂപത്തില്‍ വിപണിയില്‍ സജീവമാകാനും ജനങ്ങള്‍ ഉപയോഗിക്കാനും തുടങ്ങി. ഭക്ഷണത്തിലൂടെയും പ്രകൃതിയിലൂടെയും കിട്ടേണ്ട ഇത്തരം അവശ്യഘടകങ്ങള്‍ ശരീരത്തിന് ലഭിക്കാത്തതിന് പുറമേ ലഭിക്കുന്നവ പോലും നഷ്ടമാകുന്ന അവസ്ഥയുമുണ്ട്. ആ കാരണങ്ങളിലേക്കാണ് അമേരിക്കന്‍ ഓസ്റ്റിയോപ്പതിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങള്‍ വിരല്‍ചൂണ്ടുന്നത്.

സ്‌കിന്‍ ക്യാന്‍സറിനെ തടുക്കുമെന്നും സൂര്യനില്‍ നിന്നുള്ള ദോഷകരമായ കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്നും അവകാശപ്പെട്ടുകൊണ്ട് വിപണിയിലെത്തുന്ന പല സണ്‍സ്‌ക്രീനുകളും അവയൊന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല നമ്മുടെ ശരീരത്തിലെ പല അവശ്യഘടകങ്ങളും കവര്‍ന്നെടുക്കുകയും പല പോഷകഘടകങ്ങളും നമ്മുടെ ശരീരത്തിന് ലഭിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നതായും പഠനം പറയുന്നു.

പേശികള്‍ക്കും എല്ലുകള്‍ക്കും ഏറെ ആവശ്യമുള്ള വൈറ്റമിന്‍ ഡി പോലും നമ്മുടെ ശരീരത്തിലേക്കെത്തുന്നതില്‍ നിന്നും ഈ സണ്‍സ്‌ക്രീനുകള്‍ തടയുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന വൈറ്റമിന്‍ ഡിക്ക് പുറമേ സൂര്യപ്രകാശത്തില്‍ നിന്നുള്ള വൈറ്റമിന്‍ ഡിയാണ് വൃക്ക രോഗങ്ങള്‍, ടൈപ്പ് റ്റു ഡയബറ്റിസ് തുടങ്ങിയവയില്‍ നിന്ന് നമ്മെ കാക്കുന്നത്. പഠനത്തിന് വിധേയമാക്കിയവരില്‍ സണ്‍സ്‌ക്രീനുകളുടെ ഉപയോഗം മൂലം പേശികളുടെ ബലക്ഷയവും എല്ലുകളുടെ ക്ഷയവും കണ്ടു. കണക്കുകള്‍ പ്രകാരം ഏകദേശം പത്ത് ലക്ഷത്തോളം ആളുകള്‍ സണ്‍സ്‌ക്രീന്‍ വരുത്തിവയ്ക്കുന്ന അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നുണ്ട്.

കുറഞ്ഞ സമയമാണ് പുറത്തിറങ്ങുന്നതെങ്കില്‍പ്പോലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരാണ് ഇത്തരം അസുഖങ്ങള്‍ കൊണ്ട് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ഇത്തരം സണ്‍സ്‌ക്രീനുകള്‍ ശരീരത്തിന്റെ വൈറ്റമിന്‍ ഡിയെ ഉല്‍പാദിപ്പിക്കാനും വെയിലില്‍ നിന്ന് ആഗിരണം ചെയ്യാനും തടസമായി നിലകൊള്ളുകയും ചെയ്യുന്നുണ്ടെന്ന് ഗവേഷകന്‍ കാലിഫോര്‍ണിയയിലെ തോറോ യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ കിം ഫൊതന്‍ഹ്യൂര്‍ പറഞ്ഞു.

വൈറ്റമിന്‍ ഡി ശരീരത്തിന് നല്‍കുന്ന പോഷണങ്ങള്‍ വളരെ വലുതായതുകൊണ്ടുതന്നെ സൂര്യപ്രകാശത്തില്‍ നിന്ന് യാതൊരുചെലവുമില്ലാതെ ലഭിക്കുന്ന ഇത് സണ്‍സ്‌ക്രീന്‍ ഉപയോഗിച്ച് തടയാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടതെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്.

2.85714285714
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ