অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യമുള്ള ജീവിതം

ആരോഗ്യമുള്ള ജീവിതം

 1. കോഴിയിറച്ചി കഴിച്ചാൽ വൈറസ് ബാധയോ?
 2. മെഡിക്ലെയിം പോളിസി: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
 3. ഹെപ്പറ്റൈറ്റിസിനെ സൂക്ഷിച്ചില്ലെങ്കിൽ
 4. ആരോഗ്യമേകുന്ന ഏഴ് ലളിത മാർഗങ്ങള്‍
 5. കുഞ്ഞിക്കാലിനു കൊതിച്ച ജനലക്ഷങ്ങൾ മറക്കില്ല ഈ ദിനം
 6. കാറിനുള്ളിൽ കുട്ടികൾ സുരക്ഷിതരാണോ?
 7. ഉറക്കമില്ലായ്മയെ അകറ്റിനിർത്താം
 8. മറക്കാതിരിക്കാൻ കളിക്കാം
 9. താരൻ അകറ്റാൻ മരുന്ന് വീട്ടിൽത്തന്നെ
 10. വിശപ്പില്ലായ്മയ്ക്ക് പരിഹാരങ്ങൾ
 11. ഉറങ്ങും മുൻപ് മൊബൈല്‍ ഫോൺ മാറ്റിവച്ചേക്കുക; ഇല്ലെങ്കിൽ...!
 12. കുട്ടികളെ തല്ലിവളർത്തരുത്, തല്ലുകൊള്ളികളാകും!
 13. ആരോഗ്യം വേണോ? ശീലമാക്കാം വാൾനട്ട്
 14. അറിഞ്ഞു കഴിക്കാം ചക്കയും ചക്കക്കുരുവും
 15. യോഗ പരിശീലിച്ചാൽ മറവിയെ അകറ്റാം
 16. സ്തനവലിപ്പം കുറയാതെ ശരീരഭാരം കുറയ്ക്കുന്നതെങ്ങനെ?
 17. കായികാഭ്യാസം മറവിരോഗം തടയും
 18. ബോഡി മാസ് ഇൻഡക്സും ബ്രേക്ക്ഫാസ്റ്റും
 19. ഒരു മിനിറ്റ് ഓടിയാൽ എല്ലുകൾക്ക് ആരോഗ്യം
 20. മുലയൂട്ടൽ മൾട്ടിപ്പിൾ സ്ക്ലീറോസിസ് തടയും
 21. ഗർഭിണികൾ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിച്ചാൽ?
 22. ആർത്തവ സമയത്ത് നീന്തൽ വ്യായാമം ചെയ്യാമോ?
 23. മാറിടങ്ങൾക്കു നൽകാം കാബേജ് ചികിൽസ
 24. ഗർഭകാലത്ത് മധുരോപയോഗം കൂടിയാൽ?
 25. സ്ത്രീകളിലെ മദ്യപാനത്തിന് ഇങ്ങനെയുമൊരു പ്രശ്നം!

കോഴിയിറച്ചി കഴിച്ചാൽ വൈറസ് ബാധയോ?

തമിഴ്നാട്ടിൽ നിന്നു കേരളത്തിലെത്തുന്ന കോഴികളിൽ മാരക വൈറസ് ബാധിച്ചിരിക്കുന്നുവെന്നും അതു മനുഷ്യരിൽ സാംക്രമികരോഗത്തിനു കാരണമാകുന്നുവെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ആരോഗ്യഡയറക്ടർ ഡോ. ആർ. എൽ സരിത അറിയിച്ചു.

മാരക വൈറസ് ബാധിച്ച കോഴികളെ ഭക്ഷിക്കുന്നതിലൂടെയും അവയെ പരിപാലിക്കുന്നതിലൂടെയും വൈറസ് മനുഷ്യശരീരത്തിലെത്തുകയും ദേഹം ചൊറിഞ്ഞു തടിച്ച് കുമിളകൾ രൂപപ്പെടുകയും ചെയ്യുമെന്നായിരുന്നു വാർത്ത. ആരോഗ്യ ഡയറക്ടർ തമിഴ്നാട് ആരോഗ്യ വിഭാഗത്തിൽ നിന്നു സ്ഥിരീകരണം തേടുകയും വാർത്ത തെറ്റാണെന്നു മനസ്സിലാക്കുകയും ചെയ്തു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.

മെഡിക്ലെയിം പോളിസി: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അനുദിനം കുതിച്ചുയരുകയാണ് ചികിത്സാചെലവ്. മരുന്നിന്റെയും മറ്റ് അനുബന്ധ വസ്തുക്കളുടെയും വിലക്കയറ്റം ആരുടെയും ഉറക്കം കെടുത്തും. മറ്റെന്തു ചെലവും ചുരുക്കാം, കർശനമായി നിയന്ത്രിക്കാം. പക്ഷേ അസുഖങ്ങൾ വരുമ്പോള്‍ ഇതൊന്നും നടക്കില്ല. എന്താണ് പോംവഴി.

ചികിത്സാ ചെലവിനെക്കുറിച്ചുള്ള ഭയത്തിന് പരിഹാരമാണ് മെഡിക്ലെയിം പോളിസികൾ. വളരെ ചെറിയ ഒരു തുക വർഷാവർഷം പ്രീമിയമായി നൽകി ഒരു മെഡിക്ലെയിം പോളിസി എടുത്താൽ ആശുപത്രിച്ചെലവുകളെപ്പറ്റി പിന്നീട് ആവലാതിപ്പെടുകയേ വേണ്ട. നിങ്ങൾ ജീവനെപ്പോലെ സ്നേഹിക്കുന്ന കുടുംബാംഗങ്ങൾക്ക് ആർക്ക് അസുഖം വന്നാലും ലഭ്യമായ മികച്ച ചികിത്സതന്നെ അവർക്കായി നൽകാം. പണം ഇനി മുതൽ ഒരു തടസ്സമേ ആകില്ല. ഫിനാൻഷ്യൽ പ്ലാനിങ്ങിൽ ഏറ്റവും അത്യാവശ്യമാണ് മെഡിക്ലെയിം പോളിസികൾ. കാരണം ഇതില്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും അസുഖം വന്നാൽ സാമ്പത്തിക നില ആകെ താറുമാറാകും.

എന്താണ് മെഡിക്ലെയിം പോളിസികൾ

ഒരു നിശ്ചിത തുക വർഷാവർഷം പ്രീമിയം നൽകി ഒരു വ്യക്തിയും കുടുംബാംഗങ്ങളും ഇൻഷുറൻസ് കവറേജ് നേടുക. കവറേജ് നേടിയവർ അസുഖത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടാൽ കവറേജിന് തുല്യമായ തുകയ്ക്കുള്ള ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനി നൽകും.

പ്രീമിയം അടയ്ക്കുന്നത് ഒരു വർഷത്തേക്ക് ആണ്. ഒരു വർഷം കവിയുമ്പോൾ അടുത്ത വർഷത്തേക്ക് പ്രീമിയം അടച്ച് പോളിസി പുതുക്കണം. ഇക്കാലയളവിൽ അസുഖങ്ങൾ വരാത്തതിനെത്തുടർന്നോ ആശുപത്രിയിൽ പ്രവേശിക്കപ്പെടേണ്ട രീതിയിൽ ചികിത്സ വേണ്ടിവന്നില്ലെങ്കിലോ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണമൊന്നും കിട്ടില്ല. പോളിസിയുടെ കാലാവധി വർഷത്തിൽ ക്ലെയിം ഒന്നും വന്നില്ല എങ്കിൽ ഒരു നിശ്ചിത ശതമാനം തുക കവറേജ് തുകയോടൊപ്പം  കൂട്ടിത്തരും.

എന്തു ചെലവു വരും

നാൽപതു വയസ്സ് പ്രായമുള്ള ഭർത്താവും മുപ്പത് വയസ്സ് പ്രായമുള്ള ഭാര്യയും അഞ്ച് വയസ്സ് പ്രായമുള്ള കുട്ടിയും അടങ്ങുന്ന കുടുംബത്തിന്റെ കാര്യമെടുക്കാം. ഒരു ലക്ഷം രൂപയുടെ കവറേജിന് പ്രീമിയം വെറും 3000 രൂപയും രണ്ടു ലക്ഷം രൂപയുടെ കവറേജിന് 6000 രൂപയും മൂന്ന് ലക്ഷം രൂപയുടെ കവറേജിന് 7000 രൂപയുമാണ് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ ഈടാക്കുന്ന ഏകദേശ പ്രീമിയം.

ഇതേപോലെ നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും  പ്രായം വിലയിരുത്തി ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥരോ ഏജന്റുമാരോ പോളിസി എടുക്കാൻ എത്ര പ്രീമിയം തുക വേണം എന്നു പറഞ്ഞു തരും.

പോളിസികൾ എത്രവിധം

ഇൻഡംനിറ്റി പോളിസി

ചികിത്സയ്ക്കാവശ്യമായ തുക, സം അഷ്വേഡിന്റെ പരിധിക്കു വിധേയമായി ഇത്തരം പോളിസികളിൽ നിന്ന് ലഭിക്കും. കൂടാതെ ഒരു ക്ലെയിമിൽ തന്നെ അഷ്വേഡ് മുഴുവനായും ഉപയോഗപ്പെടുത്തണമെന്നില്ല.

ബെനിഫിറ്റ് പോളിസി

ഇൻഷ്വർ ചെയ്യപ്പെട്ട ആൾക്ക് ആരോഗ്യപ്രശ്നം ഉണ്ടാകുമ്പോൾ ചികിത്സാചെലവ് പരിഗണിക്കാതെ സം അഷ്വഡ് മുഴുവനായും നൽകുകയും പദ്ധതി അവസാനിപ്പിക്കുകയും ചെയ്യുന്നു. എന്നതാണ് ഇത്തരം പോളിസികളുടെ പ്രത്യേകത.

വ്യക്തിഗത ഇൻഷുറൻസ്

ഇൻഷ്വർ ചെയ്യപ്പെട്ട ആളിന് കുറഞ്ഞത് 24 മണിക്കൂറെങ്കിലും ആശുപത്രിവാസം വേണ്ടിവന്നാൽ ഇത്തരം പദ്ധതികളിൽ നിന്ന് ആനുകൂല്യം ലഭിക്കും. ഡോക്ടർ ഫീസ്, നഴ്സിങ് ഫീസ്, അനസ്തേഷ്യ ഫീസ് തുടങ്ങി ബ്ലഡ്, ഓക്സിജൻ മുതലായ ചെലവുകൾക്കു വരെ സം അഷ്വേഡ് പരിധിക്കു വിധേയമായി ലഭിക്കും. പോളിസിയിൽത്തന്നെ മറ്റു കുടുംബങ്ങളെക്കൂടി ഉൾപ്പെടുത്തി കവറേജ് ഉറപ്പുവരുത്താനുള്ള സംവിധാനവും ഉണ്ട്. ഇത്തരം പോളിസികൾ മിക്കതും നോ ക്ലെയിം ബോണസും നൽകും. അതായത് ഒരു വർഷം ക്ലെയിം ഒന്നും ഉണ്ടായില്ല എങ്കിൽ അടുത്ത വർഷം ചുരുങ്ങിയത് അഞ്ച് ശതമാനം തുകയുടെ കൂടുതൽ കവറേജ് ലഭിക്കും. കാഷ്‌ലെസ് സംവിധാനവും ലഭ്യമായ ഇത്തരം പോളിസികളിൽ സാധാരണയായി 24 മുതൽ 48 മാസങ്ങൾക്കു ശേഷമേ പോളിസിയെടുക്കുമ്പോൾ ഉണ്ടായിരുന്ന രോഗങ്ങൾക്ക് കവറേജ് ലഭിക്കൂ.

ഫാമിലി ഫ്ളോട്ടർ

എല്ലാ കുടുംബാംഗങ്ങൾക്കും  നിശ്ചിത തുകയുടെ ആരോഗ്യരക്ഷ ഒറ്റ പോളിസിയിലൂടെ എടുക്കാവുന്ന സംവിധാനമാണ് ഇത്. എല്ലാവരെയും വ്യത്യസ്തമായി ഇൻഷ്വർ ചെയ്യുന്നതിനു പകരം സ്വീകരിക്കാവുന്ന രീതിയാണ്. ഫാമിലി ഫ്ളോട്ടർ ഏതെങ്കിലും അംഗത്തിലൂടെ ക്ലെയിം ഉണ്ടാവുകയാണെങ്കിൽ മറ്റുള്ളവർക്ക് ലഭ്യമാകുന്ന കവറേജ് ആനുപാതികമായി കുറയുന്ന രീതിയിലാണ് ഇത്തരം പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എല്ലാവർക്കും ഒരേ വർഷം ഒരേ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു സാധ്യത കുറവാണെന്നിരിക്കെ ഇത്തരം പോളിസികളായിരിക്കും വ്യക്തിഗത പോളിസികളെക്കാൾ  ലാഭകരം. എന്നിരുന്നാലും ഒരു വ്യക്തിക്ക് അനുയോജ്യമായ പദ്ധതി ഏതെന്ന് കണ്ടെത്താൻ തികച്ചും വ്യക്ത്യധിഷ്ഠിതമായ കാര്യങ്ങൾകൂടി പരിഗണിക്കേണ്ടതുണ്ട്.,

സീനിയർ കവറേജ്

കുറച്ചു കാലം വരെ 50–55 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ചേരുവാൻ കഴിയുന്ന ഹെൽത്ത് പോളിസികൾ കുറവായിരുന്നു. എന്നാൽ ഇന്ന് എല്ലാ ഹെൽത്ത് പോളിസികളിലും 65 വയസ്സുവരെയുള്ളവർക്ക് ചേരുവാന്‍ അവസരമുണ്ടാകണമെന്ന് ഐ. ആർ. ഡി. ഐ. നിബന്ധന കാരണം കമ്പനികൾ സീനിയർ സിറ്റിസൺസിന് ആവശ്യമായ പദ്ധതികൾ നൽകുന്നുണ്ട്. തുടക്കത്തിൽ ആരോഗ്യപരിശോധന ആവശ്യമായി വന്നേക്കാവുന്ന ഇത്തരം പദ്ധതികളിൽ കവറേജിൽ ഉൾപ്പെടാത്ത വ്യത്യസ്ത രോഗങ്ങൾ ഏതൊക്കെയാണെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആശുപത്രിച്ചെലവിന്റെ നിശ്ചിത ശതമാനം പോളിസിയുടമതന്നെ അടയ്ക്കുന്ന സംവിധാനവും പല പോളിസികളുടെയും പ്രത്യേകതയാണ്.

മാരക രോഗങ്ങൾക്ക് കവറേജ്

ഹാർട്ട് അറ്റാക്ക്, കാൻസർ, സ്ട്രോക്ക്, വൃക്ക മാറ്റിവയ്ക്കൽ തുടങ്ങിയ രോഗങ്ങൾക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നത്രയും കാലം മാത്രം നോക്കി ആനുകൂല്യം തരുന്ന വ്യക്തിഗത പ്ലാനുകൾ അപര്യാപ്തമായിരിക്കും. അതായത് മാരകരോഗങ്ങൾക്കുള്ള (Critical illness) പ്രത്യേക പ്ലാനുകളായിരിക്കും ഇവിടെ കൂടുതൽ ഉപകാരപ്രദം. ഡോക്ടറുടെ സാക്ഷ്യപത്രം മാത്രം മതി ഇത്തരം പോളിസികളിൽ. ഈ ആനുകൂല്യം രോഗം കണ്ടെത്തി 30 ദിവസമെങ്കിലും രോഗി ജീവിച്ചിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമാണെന്നു മാത്രം.

പ്രീമിയം നോക്കിയാൽ മാത്രം പോര

ഒരു പോളിസിയുടെ മികവായി കുറഞ്ഞ പ്രീമിയം നിരക്കിനെ ഒരിക്കലും മാനദണ്ഡമാക്കരുത്. താരതമ്യപഠനത്തിനായി അത്തരം പോളിസികളെ പരിഗണിക്കാം.  വ്യക്തിപരമായ വ്യത്യസ്ത അളവുകോലുകളുമായി പോളിസികളെ സമീപിക്കുക. പോളിസി എടുക്കും മുന്‍പ് ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ആവശ്യമുണ്ടോ എന്നു പരിശോധിക്കുക.

കാഷ്‌ലെസ് സൗകര്യം

ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടാൽ വരുന്ന ചികിത്സാ ചെലവുകൾ ഇൻഷുറൻസ് കമ്പനി നേരിട്ട് ആശുപത്രികൾക്ക് നൽകുന്ന രീതിയാണിത്. 24 മണിക്കൂറിൽ കൂടുതൽ കിടത്തി ചികിത്സ വേണ്ടി വന്നാൽ ഈ സൗകര്യം ലഭ്യമാകും. ചികിത്സയുമായി ബന്ധപ്പെട്ടു വരുന്ന പരിശോധനകൾ, മരുന്നുകൾ തുടങ്ങിയ സകല ചെലവുകൾക്കുമുള്ള പണം കമ്പനി നൽകും. ഇത്തരത്തിൽ കാഷ്‌ലെസ് സൗകര്യമുള്ള പോളിസികൾ തിരഞ്ഞെടുക്കുക.

കോപെയ്മെന്റ്

ചികിത്സാചെലവ് എത്രയായാലും അതിന്റെ ഒരു ഭാഗം പോളിസി ഉടമ തന്നെ വഹിക്കേണ്ട വ്യവസ്ഥയാണ് കോ–പേയ്മെന്റ് വ്യവസ്ഥ. ചിലരിൽ 10 ശതമാനം, 15 ശതമാനം എന്നിങ്ങനെ കോ–പേയ്മെന്റ് നിരക്ക് വ്യത്യസ്തമായിരിക്കും. ഇത്തരത്തിൽ ചികിത്സാ ചെലവിന്റെ ഒരു ഭാഗം വഹിക്കുന്നതിൽ ബുദ്ധിമുട്ടില്ലെങ്കിൽ അത്തരം പോളിസികളെ പരിഗണിക്കാം. അതല്ല ഇത്തരത്തിൽ ചികിത്സ വേണ്ടിവരുമ്പേൾ പണം കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് കരുതുന്നുവെങ്കിൽ കോ–പേയ്മെന്റ് വ്യവസ്ഥയില്ലാത്ത പോളിസി തന്നെ തിര‍ഞ്ഞെടുക്കണം. ഏതു പോളിസി എടുത്താലും ഇത്തരത്തിലുള്ള വ്യവസ്ഥ ഉണ്ടോ എന്ന് അറിഞ്ഞിരിക്കണം.

എക്സസ് ലിമിറ്റ്

ചില പോളിസികളിൽ ചികിത്സാ ചെലവ് അല്ലെങ്കില്‍ ക്ലെയിം തുക ഒരു നിശ്ചിത തുകയിൽ കൂടുതൽ ആണെങ്കിലേ കമ്പനികൾ പണം നൽകൂ. അതായത് പോളിസിയുടെ എക്സസ് ലിമിറ്റ് 5,000 രൂപയാണെന്ന് കരുതുക. അതിനർത്ഥം 5,000 രൂപ വരെ ചികിത്സാ ചെലവ് വന്നാൽ ക്ലെയിം ചെയ്യാൻ പറ്റില്ല. ഈ പോളിസിയിൽ ഒരു ക്ലെയിം നടത്തണമെങ്കിൽ ചികിത്സാ ചെലവ് 5,000 രൂപയിൽ കൂടണം.

നിലവിലുള്ള അസുഖം

പോളിസി എടുക്കുന്ന സമയത്ത് നമ്മളെ ഏതൊക്കെ അസുഖം ബാധിച്ചിട്ടുണ്ടെന്ന് അറിയണമെന്നില്ല. പോളിസിയിൽ ചേരും മുൻപ് മുൻകൂർ വൈദ്യപരിശോധന നടത്തേണ്ട ആവശ്യം ഉണ്ടാകാറില്ല. പക്ഷേ പോളിസി എടുത്ത ശേഷം അസുഖം വന്ന്   ആശുപത്രിയിൽ ആയെന്ന് വിചാരിക്കുക. പരിശോധനയിൽ പോളിസി എടുക്കുന്നതിനു മുൻപേ ഈ അസുഖം ഉണ്ടെന്ന് തെളിഞ്ഞാൽ ക്ലെയിം കിട്ടില്ല. നിലവിലുള്ള അസുഖങ്ങൾക്ക് പോളിസി എടുത്തു കഴിഞ്ഞ് നിശ്ചിത വർഷം കഴിഞ്ഞാലേ ക്ലെയിം കിട്ടൂ. ചില പോളിസികളിൽ ഇതു മൂന്നു വര്‍ഷമാണെങ്കിൽ മറ്റു ചിലതിൽ ഇതു നാലു വർഷമായിരിക്കും.

മുറിവാടക

ചില പോളിസികളിൽ മൊത്തം സം അഷ്വേഡിന്റെ നിശ്ചിത ശതമാനം തുകയേ മുറിവാടകയായി നൽകൂ. ഉദാഹരണത്തിന് ഒരു പോളിസിയുടെ സം അഷ്വേഡ് ഒരു ലക്ഷം രൂപയാണെന്ന് കരുതുക. ഈ പോളിസി മുറിവാടകയായി സം അഷ്വേഡിന്റെ ഒരു ശതമാനമേ നൽകൂ എന്നും കരുതുക. അതായത് രോഗി 1000 രൂപ വാടകയുള്ള മുറിയിൽ താമസിച്ചാലേ ക്ലെയിം ലഭിക്കൂ. അസുഖം വന്നാൽ ഓരോരുത്തരുടേയും ജീവിത നിലവാരമനുസരിച്ച് സൗകര്യമുള്ള മുറികളിൽ ആകുമല്ലോ താമസിക്കാൻ ഇഷ്ടപ്പെടുക. സം അഷ്വേഡ് എത്ര വേണമെന്ന് തീരുമാനിക്കുമ്പോൾ ഇതു കൂടി പരിഗണിക്കുക. 5000 രൂപ വാടകയുള്ള മുറിയിൽ താമസിക്കണമെങ്കിൽ മുകളിൽ സൂചിപ്പിച്ച പോളിസിയിൽ അഞ്ചു ലക്ഷം രൂപയായിരിക്കണം സം അഷ്വേഡ്.

പൊതുവായ അസുഖങ്ങൾക്ക്

ചില അസുഖങ്ങൾക്കുള്ള ചികിത്സയ്ക്ക് ചില പോളിസികളിൽ ക്ലെയിം കിട്ടില്ല. ഇത്തരം അസുഖം ഉള്ളവർ അതിനുള്ള ചികിത്സയ്ക്കായി മെഡിക്ലെയിം പോളിസികൾ എടുക്കേണ്ടതില്ല. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉദാഹരണമായി പറയാം.

ഹോം നഴ്സിന്റെ സേവനം

കുടുംബത്തിലാരെങ്കിലും  അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ആയാൽ കാര്യങ്ങൾ നോക്കാൻ ചിലർക്ക് പുറമേ നിന്നൊരാളുടെ സഹായം വേണ്ടിവരും. അവർക്ക് അതിനുള്ള വേതനവും വേണ്ടിവരും. തിരിച്ച് വീട്ടിലെത്തുന്നതുവരെ ഹോം നഴ്സിന്റെ സേവനവും വേണ്ടി വന്നേക്കാം. ഇവർ ഇത്തരം കാര്യങ്ങൾക്കുള്ള പണം കൂടി നൽകുന്ന പോളിസികൾ പരിശോധിക്കുക.

പോളിസികളിലെ വ്യത്യാസം

മെഡിക്ലെയിം പോളിസികളും ഹെൽത്ത് ഇൻഷുറൻസ് പോളിസികളും തമ്മിലുള്ള വ്യത്യാസം മനസ്സിലായിരിക്കണം. ജനറൽ ഇൻഷുറൻസ് കമ്പനികൾ (ഓറിയന്റൽ, നാഷനൽ പോലുള്ളവ) പുറത്തിറക്കുന്ന പോളിസികളാണ് മെഡി ക്ലെയിം പോളിസികൾ എന്നറിയപ്പെടുന്നത്. ലൈഫ് ഇൻഷുറൻസ് കമ്പനികൾ (എൽ. ഐ. സി, എച്ച് ഡി. എഫ്. സി. ലൈഫ് പോലുള്ളവ) ആവിഷ്കരിച്ചിരിക്കുന്ന പോളിസികളാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എന്നറിയപ്പെടുന്നത്. സം അഷ്വേഡിനു വിധേയമായി ചികിത്സാ ചെലവ് എത്രയാണ് അത്രയും തുക മെഡിക്ലെയിം പോളിസികളിൽ നിന്ന് ലഭിക്കും.

എന്നാൽ ഹെൽത്ത് പോളിസികളിൽ പോളിസിയുടമ മുൻകൂട്ടി തിരഞ്ഞെടുത്ത ഡെയ്‌ലി കാഷ് ബനിഫിറ്റ് മാത്രമേ ആശുപത്രി വാസത്തിൽ ലഭിക്കൂ. മെഡിക്ലെയിം പോളിസികളിൽ ക്ലെയിം ചെയ്യുന്ന ഓരോ തുകയ്ക്കും കൃത്യമായ ബില്ല് വേണം. ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ ചികിത്സയ്്ക്കായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിന്റെ തെളിവ് മാത്രം മതി.

ഫ്ളോട്ടർ അല്ലെങ്കിൽ ഇൻഡിവിജ്വൽ

ഒരു കുടുംബത്തിൽ നാലുപേരുണ്ട് എന്ന് വിചാരിക്കുക. ഇൻഡിവിജ്വൽ പോളിസി ഒരു ലക്ഷം രൂപയുടെ സം അഷ്വേഡിൽ നാലുപേർക്കുമായി എടുക്കുന്നു എന്നു കരുതുക. ഇതാണ് ഇൻഡിവിജ്വൽ മെഡിക്ലെയിം പോളിസി. ഈ പോളിസി പ്രകാരം നാലുപേരിൽ ഓരോരുത്തർക്കും പ്രതിവർഷം ഓരോ ലക്ഷം രൂപയ്ക്കു വരെയുള്ള ചികിത്സയ്ക്കു കവറേജ് ലഭിക്കും.

ഇനി ഇതേ നാലുപേർക്കുമായി ഫാമിലി ഫ്ളോട്ടർ പദ്ധതി നാലു ലക്ഷം രൂപയുടെ സം അഷ്വേഡിൽ എടുക്കുന്നുവെന്ന് കരുതുക. പ്രതിവർഷം കുടുംബത്തിൽ എല്ലാവരുടെയും നാലുലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്ക് കവറേജ് ലഭിക്കും. അല്ലെങ്കിൽ ഒരാൾക്കു മാത്രം നാലുലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്കു കവറേജ് ലഭിക്കും. കുടുംബത്തിൽ എല്ലാവർക്കും ഒരുമിച്ച് അസുഖം വരാൻ സാധ്യതയില്ലാത്തതിനാൽ ഫാമിലി ഫ്ളോട്ടർ പോളിസിയാണ് മിക്ക കുടുംബങ്ങൾക്കും അനുയോജ്യം.

എതു പ്രായത്തിൽ ചേരണം

എത്രയും നേരത്തെ ചേരുന്നോ അത്രയും നല്ലത്. പ്രായം കൂടുംതോറും പ്രീമിയവും കൂടും. അറുപതു കഴിഞ്ഞവരെ മെഡിക്ലെയിം പോളിസികളിൽ ചേർക്കാൻ പൊതുവേ കമ്പനികൾക്ക് താൽപര്യം കുറവാണ്. അതുകൊണ്ട് ചെറുപ്രായത്തിൽ തന്നെ നല്ലൊരു മെഡിക്ലെയിം പോളിസിയുടെ സംരക്ഷണം ഉറപ്പാക്കുകയാവും ഉചിതം.

ഹെപ്പറ്റൈറ്റിസിനെ സൂക്ഷിച്ചില്ലെങ്കിൽ

വിവിധ കാരണങ്ങളാൽ കരളിനു വീക്കമുണ്ടാകുന്ന അവസ്ഥയാണു ഹെപ്പറ്റൈറ്റിസ്. മദ്യപാനം (ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്), വൈറസ് (വൈറൽ ഹെപ്പറ്റൈറ്റിസ്), അമിത വണ്ണം, പ്രമേഹം, വ്യായാമം ഇല്ലായ്മ എന്നിവമൂലം കരളിലടിയുന്ന കൊഴുപ്പ് (നാഷ് ഹെപ്പറ്റൈറ്റിസ്/ഫാറ്റി ലിവർ), രോഗപ്രതിരോധശേഷി ക്രമവിരുദ്ധമായി പ്രവർത്തിച്ചു കരളിനെ ദോഷകരമായി ബാധിക്കുന്ന അവസ്ഥ (ഓട്ടോ ഇമ്യൂൺ ഹെപ്പറ്റൈറ്റിസ്), വിഷപച്ചക്കറികളുടെ ഉപയോഗം, സ്വയം ചികിൽസ എന്നിവ കാരണമാകാം. കേരളത്തിൽ മദ്യപാനമാണു പ്രധാനകാരണം.

വൈറൽ ഹെപ്പറ്റൈറ്റിസ്

എ,ബി,ഇ, സി ഹെപ്പറ്റൈറ്റിസുകൾ സാധാരണ കണ്ടുവരുന്നു. വൈറൽ ഹെപ്പറ്റൈറ്റിസ് രണ്ടു തരമുണ്ട്; അക്യൂട്ട് (ഹ്രസ്വകാലം), ക്രോണിക് (ദീർഘകാലം). അക്യൂട്ട് രോഗത്തിനു കാരണം എ, ബി, ഇ വൈറസുകൾ. കുട്ടികളിൽ സാധാരണ കാണുന്നത് ഹെപ്പറ്റൈറ്റിസ് എ. ലക്ഷണങ്ങൾ: പനി, വിശപ്പില്ലായ്മ, ഛർദി, മൂത്രത്തിനു മഞ്ഞനിറം, കണ്ണിനു മഞ്ഞനിറം.

പൊതുവേ അപകടകാരിയല്ലാത്ത മഞ്ഞപ്പിത്തമാണ് ഇത്. അപൂർവമായി അപകടകരമാകാം. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും അക്യൂട്ട് ഹെപ്പറ്റൈറ്റിസ് പകരാം. ശുദ്ധജലം തിളപ്പിച്ചാറിയശേഷം കുടി‌ക്കുക. കൈകൾ വൃത്തിയായി സൂക്ഷിക്കുക. ഹെപ്പറ്റൈറ്റിസ് എ തടയാൻ പ്രതിരോധ കുത്തിവയ്പുകളുണ്ട്.

അക്യൂട്ട് ലിവർ ഫെയ്‌ലിയർ

അക്യൂട്ട് ഹെപ്പറ്റൈറ്റിസിന്റെ പരിണിത ഫലമായി കരളിന്റെ പ്രവർത്തനം പൂർണമായി നിലയ്ക്കുന്ന അവസ്ഥയുണ്ടായേക്കാം (അക്യൂട്ട് ലിവർ ഫെയ്‌ലിയർ). മരണംവരെ സംഭവിക്കാം. ലക്ഷണങ്ങൾ: ബോധക്ഷയം, മൂക്കിൽനിന്നും വായിൽനിന്നും രക്തം വരിക, മലം കറുത്തു പോകുക. നല്ലപങ്ക് രോഗികൾക്കും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരാം.

ക്രോണിക് ഹെപ്പറ്റൈറ്റിസ്

കാരണം: ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ. ലക്ഷണങ്ങൾ പ്രകടിപ്പിക്കില്ല എന്നതാണ് വലിയ അപകടം. പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ. രോഗം നീണ്ടുനിൽക്കുന്നതിനനുസരിച്ചു കരളിൽ വ്രണങ്ങൾ രൂപപ്പെടും. സിറോസിസ് അടക്കമുള്ള അസുഖങ്ങൾ ഉണ്ടാകാം. 75 ശതമാനവും കരൾ നശിച്ചുകഴിഞ്ഞിട്ടേ സാധാരണ കരൾരോഗ ലക്ഷണങ്ങൾ പുറത്തുവരാറുള്ളൂ. സിറോസിസ് ലക്ഷണങ്ങൾ: മഞ്ഞപ്പിത്തം, കാലിൽ നീര്, കറുത്ത മലം, മഹോദരം, രക്തം ഛർദിക്കൽ, ദേഹത്തു കറുത്ത പാടുകൾ, ബോധക്ഷയം.

ലിവർ കാൻസർ

സിറോസിസ് രോഗികളിൽ ലിവർ കാൻസർ സാധ്യത കൂടുതലാണ്. അൾട്രാ സൗണ്ട് സ്കാനിങ്, സിടി സ്കാൻ, എംആർഐ സ്കാൻ, രക്തപരിശോധന എന്നിവയിലൂടെ അസുഖം കണ്ടെത്താം. സിറോസിസ് രോഗികൾ ആറുമാസത്തിലൊരിക്കൽ അൾട്രാസൗണ്ട് സ്കാനിങ് ചെയ്യണം. ഇത്തരത്തിൽ കരളിലുണ്ടാകുന്ന (മറ്റു ഭാഗങ്ങളിൽനിന്നു കരളിലേക്കു പകരുന്നവയല്ല) കാൻസറുകൾ ശസ്ത്രക്രിയയിലൂടെയോ റേഡിയോ അബ്ലേഷൻ ചികിൽസയിലൂടെയോ ഭേദമാക്കാം. ചിലപ്പോൾ കരൾമാറ്റം വേണ്ടിവരാം.

ക്രോണിക് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗികൾക്കെല്ലാം സിറോസിസ് വരണമെന്നില്ല. ഹെപ്പറ്റൈറ്റിസ് ബി വൈറസ് ശരീരത്തിലെത്തിയാൽ അതു നിർജീവമായിരിക്കാനോ സജീവമാകാനോ സാധ്യതയുണ്ട്. രക്തപരിശോധനയിലൂടെയാണ് വൈറസുകളെ കണ്ടെത്തുക. നിർജീവ വൈറസുകൾക്കു ചികിൽസ വേണ്ട. ഇവ പിന്നീടു സജീവമാകാനിടയുള്ളതിനാൽ ഇടയ്ക്കിടെ പരിശോധന നടത്തണം.

ഹൈപ്പറ്റൈറ്റിസ് ബി പകരുന്നത്: രക്തമാറ്റം, ലൈംഗിക ബന്ധം, അണുവിമുക്തമാക്കാത്ത സിറിഞ്ചുകൾ, സിറിഞ്ചിലൂടെയുള്ള ലഹരി ഉപയോഗം, അണുമുക്തമാക്കാത്ത ഡയാലിസിസ് മെഷിൻ, അമ്മയിൽനിന്നു കുഞ്ഞിലേക്ക്, മുറിവുകൾ എന്നീ മാർഗങ്ങളിലൂടെ.  വീട്ടിൽ ഒരാൾക്കു വന്നാൽ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. കുടുംബാംഗങ്ങൾ പ്രതിരോധ കുത്തിവയ്പെടുക്കണം.

ഹെപ്പറ്റൈറ്റിസ് ബിയേക്കാൾ വേഗത്തിൽ പകരും ഹെപ്പറ്റൈറ്റിസ് സി. നേരത്തെയുണ്ടായിരുന്ന കുത്തിവയ്പ് ചികിൽസയെക്കാൾ ഫലപ്രദമായ മരുന്ന് ഇതിന് ഇപ്പോഴുണ്ട്.

ഗർഭിണികളും പ്രായമായവരും ശ്രദ്ധിക്കുക

ഗർഭിണികളെ ഹെപ്പറ്റൈറ്റിസ് ബി ബാധിക്കാം. ഗർഭകാല മഞ്ഞപ്പിത്തം അമ്മയുടെ മരണത്തിനോ ഗർഭഛിദ്രത്തിനോവരെ കാരണമായേക്കാം. വൈറസ് കൊണ്ടോ ഗർഭസംബന്ധമായ കാരണങ്ങൾ കൊണ്ടോ മഞ്ഞപ്പിത്തമുണ്ടാകാം. രക്തസമ്മർദമുയരുന്നതു കൊണ്ടും കരളിൽ കൊഴുപ്പടിഞ്ഞും മഞ്ഞപ്പിത്തമുണ്ടായേക്കാം. എത്രയും വേഗം രോഗം കണ്ടെത്തി ചികിൽസ ആരംഭിക്കുന്നതും പ്രസവം നേരത്തെയാക്കുന്നതുമാണു പ്രതിവിധി. ഹെപ്പറ്റൈറ്റിസ് ബി കുഞ്ഞിലേക്കും പകരാം. ഈ വൈറസ് ശരീരത്തിൽ ദീർഘകാലം തുടരാനും പിന്നീട് സിറോസിസ് പോലുള്ള രോഗങ്ങളിലേക്കെത്താനും സാധ്യതയുണ്ട്. ഇതു തടയാനായി അമ്മയ്ക്കു ഗർഭാവസ്ഥയിൽ ആവശ്യമായ ചികിൽസകളും പ്രസവശേഷം കുഞ്ഞിന് ആവശ്യമായ വാക്സിനുകളും നൽകണം.

ഗർഭാവസ്ഥയിൽ ഹെപ്പറ്റൈറ്റിസ് ഇ വൈറസ് ഉണ്ടായാലും സാരമായി ബാധിക്കാം. പിത്തസഞ്ചിയിലെ കല്ല് പിത്തക്കുഴലിലേക്ക് ഇറങ്ങി കുഴലിൽ ബ്ലോക്കുണ്ടാക്കുന്നതു മൂലവും മഞ്ഞപ്പിത്തമുണ്ടാകാം. ഗർഭിണികൾക്കു പ്രസവമടുക്കുന്ന സമയത്തായി കഠിനമായ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. ചെറിയ ശതമാനം പേരിൽ ഇതുമൂലം കുഞ്ഞിനു വളർച്ചക്കുറവുണ്ടാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ എത്രയുംവേഗം കരൾ പരിശോധന നടത്തണം.  മഞ്ഞപ്പിത്തം ഏറെ അപകടകരമാകുന്നതു പ്രായമായവരിലാണ്. കാരണം ലിവർ സിറോസിസോ പിത്തക്കുഴലിലെ തടസ്സമോ ആകാം.

ഗിൽബേർട്ട് സിൻഡ്രോം

ചിലരിൽ മറ്റു ലക്ഷണങ്ങളൊന്നും പ്രകടമാകാതെ മഞ്ഞപ്പിത്തം കണ്ടുവരാറുണ്ട്. ഇതു ജന്മനായുണ്ടാകുന്നതാണ് (ഗിൽബേർട്ട് സിൻഡ്രോം) വലിയ അപകടകാരിയല്ല. ആന്റിബയോട്ടിക്കുകൾ, അപസ്മാരത്തിനുള്ള മരുന്നുകൾ, വേദനസംഹാരികൾ എന്നിവയുടെ ഉപയോഗവും ചിലപ്പോൾ മഞ്ഞപ്പിത്തത്തിനു കാരണമായേക്കാം.

ഭക്ഷണം ശ്രദ്ധിക്കുക

കരൾരോഗം മൂർച്ഛിച്ചാൽ വിശപ്പു കുറയും, മെലിയും. ഇടവിട്ട് അൽപാൽപമായി ഭക്ഷണം കഴിക്കണം. സിറോസിസ് രോഗികളിൽ ആൽബുമിന്റെ അളവ് കുറയും. ഇവർ മുട്ടയുടെ വെള്ള കഴിക്കുന്നതു നല്ലതാണ്. കാപ്പി കുടിക്കുന്നതു കരൾരോഗങ്ങൾ തടയുമെന്നാണു പുതിയ പഠനങ്ങൾ പറയുന്നത്. പഞ്ചസാര ചേർക്കാതെ കട്ടൻകാപ്പി ഉയോഗിക്കുന്നതാണ് ഉത്തമം. ഉപ്പിന്റെ അളവ് കുറയ്ക്കണം.

കടപ്പാട്: ഡോ. ജോൺ മേനാച്ചേരി, ഹെപ്പറ്റോളജിസ്റ്റ്

രാജഗിരി ഹോസ്പിറ്റൽ

ചുണങ്ങംവേലി, ആലുവ

ആരോഗ്യമേകുന്ന ഏഴ് ലളിത മാർഗങ്ങള്‍

ചെറുപ്പത്തിൽ പലരും ആരോഗ്യം ശ്രദ്ധിക്കാറേയില്ല. ഫലമോ മധ്യവയസ്സു കഴിയുമ്പോഴേക്കും  രോഗിയായിട്ടുണ്ടാകും . എന്നാൽ ചെറുപ്പത്തിൽ ഹൃദയത്തിനു ശ്രദ്ധ കൊടുത്താൽ മധ്യവയസ്സിലെത്തുമ്പോഴേക്കും തലച്ചോറിന്റെ ആരോഗ്യം മികച്ചതായിരിക്കുമെന്നു ഗവേഷകർ.

ആരോഗ്യമേകുന്ന ഏഴ് ലളിത മാർഗങ്ങള്‍ളാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്. കൊളസ്ട്രോൾ പരിശോധിക്കുക, രക്തസമ്മർദം നിയന്ത്രിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക, ശരീരഭാരം കുറയ്ക്കുക, പുകവലിക്കാതിരിക്കുക, ചുറുചുറുക്കോടെ കാര്യങ്ങൾ ചെയ്യുക ഇവയാണ് ആരോഗ്യ ഘടകങ്ങൾ. ഈ പ്രവർത്തനങ്ങൾ തലച്ചോറിന്റെ ആരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നല്ലേ.

ഓക്സിജൻ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഭാഗം തലച്ചോറാണ്. ഉദാഹരണമായി വ്യായാമം, ഹൃദയമിടിപ്പ് വേഗത്തിലാക്കുന്നു. ഇത് തലച്ചോറിലുള്ള രക്തപ്രവാഹവും ഓക്സിജന്റെ അളവും കൂട്ടുന്നു. പഠനത്തിനായി ഏതാണ്ട് 51 വയസ്സ് പ്രായമുള്ള 518 പേരെ 30 വർഷക്കാലം നിരീക്ഷിച്ചു. പഠനം ആരംഭിച്ചപ്പോൾ സ്ത്രീ പുരുഷന്മാരുടെ നിരവധി ആരോഗ്യ സൂചകങ്ങൾ അളന്നു.

ഓരോ രണ്ടു വർഷം മുതൽ അഞ്ചു വർഷം വരെയും തുടർ പരിശോധനകൾ നടത്തി. തലച്ചോർ സ്കാൻ ചെയ്തു. ആരോഗ്യത്തിന്റെ 7 ലളിത മാർഗങ്ങളെ എല്ലാവരും എങ്ങനെ പിന്തുടരുന്നു എന്നതിന് 0 മുതൽ 14 വരെ സ്കോർ എല്ലാവരും നേടി.

പഠനത്തിന്റെ തുടക്കത്തിൽ നന്നായി സ്കോർ ചെയ്തവർക്ക് മധ്യവയസ്സ് എത്തിയപ്പോഴേക്കും തലച്ചോറിന്റെ വ്യാപ്തം കൂടുതൽ ഉള്ളതായി കണ്ടു. ഈ ഏഴുമാർഗങ്ങളിൽ ഓരോ പോയിന്റ് കുറയുമ്പോഴും ഒരു വർഷവുമായി ബന്ധപ്പെട്ട തലച്ചോർ ചുരുങ്ങുന്നതായി കണ്ടു.

തലയുടെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ തലച്ചോറിന്റെ ഉയർന്ന വ്യാപ്തം മികച്ച ആരോഗ്യത്തിന്റെ ലക്ഷണമാണ്. വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഫെയ്ൻബെർഗ് ബാൻക്സ് പറയുന്നു. തലച്ചോറിന്റെ കുറഞ്ഞ വ്യാപ്തം (brain atrophy) മരണവും വൈകല്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന്റെ വ്യാപ്തം കുറയുന്നതും കുറഞ്ഞ ബൗദ്ധിക പ്രവർത്തനവും മധ്യവയസ്സിനു ശേഷം പക്ഷാഘാതം പോലുള്ളവ വരാനുമുഉള്ള സാധ്യത കൂട്ടുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ഇതേ ആളുകളിൽ തുടർ പഠനങ്ങൾ നടത്തുന്നത് ഹൃദയവും തലച്ചോറും തമ്മിൽ ഉള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുമെന്നും ബാൻക്സ് പറഞ്ഞു. ന്യൂറോളജി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കുഞ്ഞിക്കാലിനു കൊതിച്ച ജനലക്ഷങ്ങൾ മറക്കില്ല ഈ ദിനം

ബോളിവുഡിലെ പ്രശസ്ത അവിവാഹിതരിൽ ഒരാളാണ് സംവിധായകൻ കരൺ ജോഹർ. പക്ഷേ ഇക്കഴിഞ്ഞ മാർച്ചിൽ അദ്ദേഹം ഒരു ട്വീറ്റിട്ടു: താൻ ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയുമായി എന്നായിരുന്നു അത്. മകന്റെ പേര് യഷ്, മകൾ റൂഹി. ആ വാർത്ത കേട്ട് അധികമാരും ഞെട്ടിയതുമില്ല. കാരണം  ടെസ്റ്റ് ട്യൂബ് ശിശു സാങ്കേതിക വിദ്യയിലൂടെ, വാടക ഗർഭപാത്രം വഴിയുള്ള പ്രസവങ്ങൾ ബോളിവുഡിൽ ഇന്നൊരു പുതിയ സംഭവമൊന്നുമല്ല. ലോകത്തു തന്നെ ഇതുവരെ 60 ലക്ഷത്തിലേറെ ടെസ്‌റ്റ് ട്യൂബ് ശിശുക്കൾ ജനിച്ചിട്ടുണ്ടെന്നാണ് കണക്ക്. സൂപ്പർതാരങ്ങളായ ഷാറുഖ് ഖാനും ആമിർ ഖാനുമെല്ലാം ഇത്തരത്തിൽ വാടക ഗർഭപാത്രത്തിലൂടെ തങ്ങളുടെ പുതുതലമുറയ്ക്ക് ജീവൻ നൽകിയവരിൽപ്പെടും. നാലു പതിറ്റാണ്ടു മുൻപേ അതിനു സഹായിക്കുന്ന കണ്ടെത്തൽ ശാസ്ത്രം നടത്തിയതുമാണ്. ലോകത്തിലെ ആദ്യ ടെസ്റ്റ്യൂബ് ശിശു ‘മാരീ ലൂയിസ് ബ്രൗൺ’ പിറന്നിട്ട് ജൂലൈ 25ന് 39 വർഷം തികയുകയാണ്.

ബ്രിട്ടിഷ് ഫിസിയോളജിസ്റ്റ് സർ റോബർട്ട് ജിയോഫെറി എഡ്വേർഡ്സ് ആണ് ലോകത്തിലെ ആദ്യ ടെസ്റ്റ്യൂബ് ശിശുവിന്റെ ജനനത്തിന് സഹായകരമായ കണ്ടെത്തലുകൾക്കു പിന്നിൽ പ്രവർത്തിച്ചത്. മക്കളില്ലാതെ വിഷമിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസമാകുന്നതായിരുന്നു വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ലായി മാറിയ ആ കണ്ടുപിടിത്തം. ഇതിന്റെ പ്രത്യുപകാരമെന്ന വണ്ണം വൈദ്യശാസ്ത്രത്തിനുള്ള 2010ലെ നൊബേല്‍ സമ്മാനവും ഡോ.റോബർട്ടിനായിരുന്നു. അദ്ദേഹത്തിന്റെ എൺപത്തിയഞ്ചാം വയസ്സിലായിരുന്നു ഈ നേട്ടം. പാട്രിക് സ്റ്റെപ്റ്റോ എന്ന ഗൈനക്കോളജിസ്‌റ്റിന്റെ കൂടെ സഹായത്തോടെയായിരുന്നു അദ്ദേഹം ഈ കണ്ടുപിടിത്തം നടത്തിയത്.

1955ൽ തനിയെ ഗവേഷണം തുടങ്ങിയ എഡ്വേഡ്‌സ് കൃത്രിമ ഗർഭധാരണം സാധ്യമാണെന്നു കണ്ടതോടെയാണു സ്‌റ്റെപ്‌റ്റോയുമായി സഹകരിച്ചത്. ഗവേഷണത്തിനായി പണം കണ്ടെത്താൻ പോലും വിഷമിച്ച അവർ വ്യക്‌തികളിൽ നിന്നു ലഭിച്ച തുക ഉപയോഗപ്പെടുത്തിയാണു മുന്നോട്ടുനീങ്ങിയത്. അവർ കണ്ടെത്തിയ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അഥവാ ഐവിഎഫ് (IVF) എന്ന കൃത്രിമ ഗർഭധാരണവിദ്യ ഇന്ന് കേരളത്തില്‍ വരെ സുപരിചിതമാണ്. 2013–ഏപ്രിൽ 11ന്  ഡോ.റോബർട്ട് അന്തരിച്ചു. പക്ഷേ ലോകത്തിലെ ആദ്യ ടെസ്റ്റ്യൂബ് ശിശു മാരീ ലൂയിസ് ബ്രൗണിന് ഇന്ന് മുപ്പത്തിയൊൻപതാം പിറന്നാളാണ്. അതും തികഞ്ഞ ആരോഗ്യത്തോടെ.

ലൂയിയുടെ മാതാപിതാക്കളായ ജോണും ലെസ്‌ലിയും ഒൻപതു വർഷത്തെ ദാമ്പത്യത്തിനു ശേഷവും കുട്ടികളില്ലാതായതോടെയാണു ഈ രീതിയിൽ സന്താനോൽപാദനം നടത്തുന്നതിനു തയാറായത് .ദൈവത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള ഗർഭധാരണമെന്നാണ് പരീക്ഷണകാലത്ത് വിവിധ മതവിഭാഗങ്ങളിൽ  നിന്നും സർക്കാരുകളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും വരെ ഡോക്ടർക്ക് കേൾക്കേണ്ടി വന്ന വിമർശനം. ഗർഭപാത്രത്തിൽ ബീജവും അണ്ഡവും കൂടിച്ചേർന്ന് കുഞ്ഞായി രൂപപ്പെടുന്ന സാധാരണരീതിയിലുള്ള ഗർഭധാരണത്തെ മറികടന്നുകൊണ്ടായിരുന്നല്ലോ ഡോക്ടറുടെ പരീക്ഷണം. അതും ഗർഭപാത്രത്തിനു പുറത്തുവച്ച് കൃത്രിമ സാഹചര്യങ്ങൾ സൃഷ്ടിച്ച് അതിൽ ബീജവും അണ്ഡവും കൂട്ടിച്ചേർത്ത് ‘ജീവൻ’ സൃഷ്ടിച്ചപ്പോൾ പ്രത്യേകിച്ചും. ഇത്തരത്തിൽ സൃഷ്ടിക്കുന്ന ‘ജീവനെ’ പിന്നീട് കൃത്യമായ ഇടവേളയ്ക്കു ശേഷം ഗർഭപാത്രത്തിൽ നിക്ഷേപിക്കും.

ഉയർന്ന എതിർപ്പുകളും ശാസ്‌ത്രസമൂഹം ഉയർത്തിയ സംശയങ്ങളും അതിജീവിച്ചായിരുന്നു ലെസ്‌ലിയുടെ ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞുലൂയീസിന്റെ ജനനം. ഇന്നും തികഞ്ഞ ആരോഗ്യത്തോടെ ജീവിക്കുന്ന ലൂയിസ്. മാത്രവുമല്ല 2004ൽ വിവാഹം കഴിഞ്ഞു. ഡോ.റോബർടും ആ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. 2007ൽ സ്വാഭാവിക രീതിയിൽ ഒരു ആൺകുഞ്ഞിനെയും ലൂയിസ് പ്രസവിച്ചു. അവന്റെ പേര് കാമറൺ. 28–ാം വയസ്സിൽ ലണ്ടനിൽ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്‌റ്റന്റായി ജോലി നോക്കുമ്പോഴായിരുന്നു പ്രസവം. അപ്പോഴും വിമർശനങ്ങൾക്ക് കുറവൊന്നുമില്ലായിരുന്നു. തന്റെ വീട്ടിലേക്കെത്തിയ വിമർശകരുടെ ചീത്തവിളി നിറഞ്ഞ കത്തുകളെല്ലാം സൂക്ഷിച്ചു വച്ചിട്ടുണ്ട് ലൂയിസ്.

ടെസ്റ്റ്യൂബ് ശിശു എന്നു വിളിക്കുന്നത് കേൾക്കാൻ അത്ര ഇഷ്ടമില്ലെങ്കിലും വൈദ്യശാസ്ത്ര ചരിത്രത്തിലെ ഒരു നിർണായക കണ്ണിയായി മാറാൻ കഴിഞ്ഞതില്‍ ഏറെ സന്തോഷവതിയാണ് ലൂയിസ്. തന്റെ അനുഭവങ്ങളെല്ലാം ഉൾപ്പെടുത്തി My Life As the World's First Test-Tube Baby എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. ലോകത്തു ദമ്പതികളിൽ 10 ശതമാനത്തിനു വന്ധ്യതയുണ്ടെന്നാണു റിപ്പോർട്ട്. പാശ്‌ചാത്യരാജ്യങ്ങളിൽ മാത്രം രണ്ടു ശതമാനം വരെ കുട്ടികൾ ഇന്നു ജനിക്കുന്നത് ഐവിഎഫ് രീതിയിലാണ്.

കാറിനുള്ളിൽ കുട്ടികൾ സുരക്ഷിതരാണോ?

വാഹനങ്ങളുടെ പുകക്കുഴലിൽനിന്നു പുറന്തള്ളപ്പെടുന്ന പുകയിൽ അടങ്ങിയ വിഷാംശങ്ങൾ വഴിയാത്രക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യം നമുക്കറിയാം. അപ്പോൾ വാഹനങ്ങൾക്കുള്ളിൽ യാത്രചെയ്യുന്നവർ മലിനീകരണത്തിൽനിന്നു സുരക്ഷിതരാണോ? ഒരിക്കലുമല്ല. ഗ്ലാസുകൾ ഉയർത്തിവച്ച് അടഞ്ഞ വാഹനങ്ങൾക്കുള്ളിലിരുന്ന് യാത്രചെയ്യുമ്പോഴും നമ്മൾ മലിനീകരത്തിന്റെ ഇരകൾ തന്നെ. പ്രത്യേകിച്ചും കാറിനുള്ളിൽ യാത്ര ചെയ്യുന്ന കുട്ടികളെയാണ് ഇത് ഏറെ ദോഷകരമായി ബാധിക്കുക.

ബസ്, ലോറി എന്നിവ ഉൾപ്പെടെ മിക്ക വലിയ വാഹനങ്ങളുടെയും പുകക്കുഴലുകൾ കാറിന്റെ സമനിരപ്പിൽ ആയിരിക്കുമല്ലോ. എസി ഓൺ ചെയ്ത് യാത്ര ചെയ്യുമ്പോൾ പലപ്പോഴും കാറിനു വെളിയിൽനിന്നുള്ള മലിനവായു എസിയുമായി ഘടിപ്പിച്ച കുഴലുകൾ വഴി കാറിനകത്തു പ്രവേശിക്കുന്നു. തുടർച്ചയായി ഇങ്ങനെ ഈ വായു ശ്വസിക്കുന്നവർക്ക് തലചുറ്റലും ബോധക്ഷയവും വന്നേക്കാം.

അതുകൊണ്ട്് കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതു നല്ലതായിരിക്കുമെന്ന് വാഷിങ്ടണിൽനിന്നുള്ള ഗവേഷകർ ആവശ്യപ്പെടുന്നു.

∙ കുഞ്ഞുങ്ങളെ പിൻസീറ്റിനു പകരം മുൻസീറ്റിൽ ഇരുത്തുക

∙ പുറത്തുനിന്നുള്ള മലിന വായു കാറിനകത്തു കയറാത്ത വിധം എസിയുടെ പ്രവർത്തനം ക്രമീകരിക്കുക

∙ യാത്രയ്ക്കിടയിൽ തലചുറ്റലോ ബോധക്ഷ/മോ തോന്നിയാൽ ഉടൻ ജാഗ്രത കാണിക്കുക

∙ ദീർഘയാത്രയാണെങ്കിൽ അരമണിക്കൂർ ഇടവിട്ട് വാഹനം തുറസ്സായ സ്ഥലങ്ങളിൽ നിർത്തി കുട്ടികളെ പുറത്തിറക്കി ശുദ്ധവായു ശ്വസിക്കാൻ അവസരം നൽകുക.

∙ കറുത്ത പുകതുപ്പി പായുന്ന വാഹനങ്ങൾക്കു തൊട്ടുപിന്നാലെയുള്ള യാത്ര ഒഴിവാക്കുക

∙ കുട്ടികളുമായുള്ള ഉല്ലാസയാത്രകൾക്കു കഴിവതും തിരക്കുകുറഞ്ഞ സമയവും വഴിയും തിരഞ്ഞെടുക്കുക.

ഉറക്കമില്ലായ്മയെ അകറ്റിനിർത്താം

വേഗമാർന്ന ഇന്നത്തെ ജീവിതസാഹചര്യത്തിൽ ഉറക്കമില്ലായ്മ ഒരു പ്രശ്നമാണ്. കൃത്യസമയത്ത് ഉറക്കം വരാതിരിക്കുക, ഉറങ്ങിയാൽതന്നെ അൽപ്പസമയത്തിനുശേഷം ഉണരുക, അഗാധമായ ഉറക്കം സ്ഥിരമായി നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥകളുടെയെല്ലാം പ്രധാന കാരണം നമ്മുടെ ജീവിതരീതികൾ തന്നെയാണ്. ജോലിസ്ഥലത്തെ വെല്ലുവിളികളും കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങളും കുട്ടികളുടെ ഭാവി ഓർത്തുള്ള ആശങ്കകളും ഭക്ഷണക്രമവുമൊക്കെ നമ്മെ ഉറക്കത്തിൽനിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. കാനഡയിലെ ബെയ്സ്ഹെൽത്ത് മാഗസിന്റെ വിലയിരുത്തലനുസരിച്ച് ജോലിയിലുള്ള അഡിക്‌ഷൻ, ചായയുടെയും കാപ്പിയുടെയും അമിതമായ ഉപയോഗം, നിരന്തരമായ പുകവലി, വ്യക്തിജീവിതത്തിലെ നിരാശകൾ,  അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതരീതി തുടങ്ങിയവയൊക്കെ ഉറക്കമില്ലായ്മയ്ക്കു കാരണമാണ്. അതിനുള്ള പരിഹാരം നമ്മുടെ പൂർവികർ വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ:

∙ ഒരു നിശ്ചിതസമയം രാത്രി ഉറക്കത്തിനായി തിരഞ്ഞെടുക്കുക. ആ സമയത്തുതന്നെ ഉറങ്ങാൻ കിടക്കുക.

∙ അത്താഴത്തിനുശേഷം ഉണക്കിപ്പൊടിച്ച ഇരട്ടിമധുരം, ജീരകം എന്നിവ 10 ഗ്രാം വീതം പാലിൽ കലക്കി കുടിക്കുക.

∙ ഒരു സ്പൂൺ തേൻ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിൽ കലർത്തി ഉറങ്ങുന്നതിനു മുൻപ് കുടിക്കുക.

∙ തേനിൽ ത്രിഫലചൂർണം ചാലിച്ച് ഉറങ്ങുന്നതിനു മുൻപ് കഴിക്കുക.

∙ ഉറങ്ങുന്നതിനു മുൻപായി കാൽപാദങ്ങൾ അൽപനേരം വെള്ളത്തിൽ മുക്കി വയ്ക്കുക. തുടർന്ന് വെളിച്ചണ്ണയോ വെണ്ണയോ ഉള്ളംകാലിൽ പുരട്ടിയശേഷം ഉറങ്ങാൻ കിടക്കുക.

∙ വെണ്ണയോടൊപ്പം കൂവളത്തിൻവേര് ചേർത്ത് കുഴമ്പുരൂപത്തിലാക്കി ഉള്ളം കാലിൽ പുരട്ടുന്നത് ഉറങ്ങാൻ സഹായിക്കും.

∙ പൊടിച്ച ജീരകവും ഇരട്ടിമധുരവും സമാസമം കദളിപ്പഴത്തിൽ ചേർത്ത് കുഴച്ച് ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപു കഴിക്കുക.

∙ കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ്സ് എരുമപ്പാൽ കുടിക്കുക.

മനസ്സും ഉറക്കവും തമ്മിലുള്ള ബന്ധം വളരെ വലുതാണെന്ന് തിരിച്ചറിയുക. ചില തയാറെടുപ്പുകൾ സ്വയം നടത്തിയാൽ മനസ്സുകൊണ്ടുതന്നെ ഉറക്കത്തെ കീഴ്പ്പെടുത്തുവാൻ കഴിയും.

∙ കിടപ്പറയുടെ ഭിത്തിയുടെയും സാധനങ്ങളുടെയും നിറം നിങ്ങളുടെ ഇഷ്ടത്തിനൊത്ത് മാറ്റുക.

∙ മനസ്സിനെ അലോസരപ്പെടുത്തുന്ന ചിത്രങ്ങൾ, ദീപ,ശബ്ദസംവിധാനങ്ങൾ തുടങ്ങിയവ കിടപ്പുമുറിയിൽ ഉപയോഗിക്കരുത്.

∙ കിടക്ക എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

∙ ഉറങ്ങാൻ നേരം ഇഷ്്ടഗാനങ്ങൾ ചെറിയ ശബ്ദത്തിൽ കേൾക്കുക.

∙ കിടപ്പുമുറി സുഗന്ധപൂരിതമായിരിക്കുവാൻ ശ്രദ്ധിക്കുക.

∙ ഉറങ്ങാൻ കിടക്കുംമുൻപ് മനസ്സിനെ അലോസരപ്പെടുത്തുന്ന കാര്യങ്ങളോട് ഗുഡ്ബൈ പറയുക.

∙ ഉറങ്ങാൻ പോകുന്നതിന് അര മണിക്കൂർ മുൻപ് കുളിക്കുക.

∙ ഉറങ്ങുവാൻ കിടക്കുമ്പോൾ സ്വന്തം ജീവിതത്തിൽ ഭാവിയിൽ സംഭവിക്കുവാൻ പോകുന്ന നല്ല കാര്യങ്ങൾ മനസ്സിൽ കാണുക. അവയുടെ ആനന്ദത്തിൽ മുഴുകി കണ്ണടച്ച് കിടക്കുക. ഉറക്കത്തിലേക്ക് വഴുതി വീണുകൊള്ളും.

∙ ഇഷ്ട ദൈവത്തെ ധ്യാനിക്കുക. കണ്ണടച്ചു കിടന്ന് ഏകാഗ്രതയോടെ മന്ത്രജപം നടത്തുക.

തുടർച്ചയായി ഉറക്കമില്ലായ്മയുണ്ടെങ്കിൽ വിദഗ്ധ ഡോക്ടറുടെ സേവനം തേടുക. ഒരു മനുഷ്യന്റെ രാത്രിയിലെ ഉറക്കസമയം എട്ടു മണിക്കൂർ ആണ്. ഇത്രയും സമയം ഉറങ്ങുക തന്നെ വേണം. ഉറക്കമുള്ള രാത്രികൾ നമുക്ക് നൽകുക ഉന്മേഷമുള്ള പകലുകളെയാണ് എന്ന കാര്യം പ്രത്യേകം ഓർക്കുക.

മറക്കാതിരിക്കാൻ കളിക്കാം

പഠിച്ചതൊന്നും ഓർമയിൽ നിൽക്കുന്നില്ല എന്ന പരാതിയുള്ളവരാണ് പലരും. എന്നാൽ പ്രായമേറി വരുമ്പോൾ അടുത്ത ബന്ധുക്കളെയും എന്തിന് സ്വന്തം പേരു തന്നെ മറന്നുപോയാലോ? എന്തൊരു ഭീകരമായ അവസ്ഥ അല്ലേ?  പ്രായമേറി വരുമ്പോൾ ജീവിതശൈലി രോഗങ്ങളെപ്പോലെ പിടിമുറുക്കുന്നവയാണ് സ്മൃതി നാശം പോലുള്ള അസുഖങ്ങൾ. വ്യായാമവും ആഹാര നിയന്ത്രണവും ചികിത്സയും പോലെതന്നെ പ്രധാനമാണ് ചിന്താശേഷിയും ഓർമശക്തിയും നിലനിർത്തുകയെന്നത്.

എന്നാൽ തലച്ചോറിന് അൽപ്പം ജോലി കൊടുത്ത് നമുക്ക് എപ്പോഴും ഊർജ്ജസ്വലമായി സൂക്ഷിക്കാൻ കഴിഞ്ഞാലോ. അതേ, ഓർമക്കുറവ് പോലെയുള്ളവ വരാതിരിക്കാനും തലച്ചോറിന്റെ പ്രവർത്തനമികവ് പത്ത് വർഷം ചെറുപ്പമാകാനും തലപുകയ്ക്കുന്ന പദപ്രശ്നങ്ങൾ പോലുള്ള കളികൾ സഹായിക്കുമെന്ന് വിദഗ്ധർ. കാരണം ഇത്തരം കളികൾ ഏകാഗ്രതയും ചിന്താശേഷിയും വർധിപ്പിക്കുമെന്ന് പറയുകയാണ് ബ്രിട്ടീഷ് ഗവേഷകർ.

17,000 ഓളം ആളുകളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വേർഡ് പസ്സിലുകളും തലച്ചോറിന്റെ പ്രവർത്തനവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പഠനത്തിലൂടെ കണ്ടെത്തിയത് ബ്രിട്ടനിലെ എക്സിറ്റർ യൂണിവേഴ്സിറ്റിയിലെയും കിംങ്സ് കോളജിലെയും വിദഗ്ധരാണ്. 2017ൽ ലണ്ടനിൽ നടത്തിയ അൽഷിമേഴ്സ് അസോസിയേഷൻ ഇന്റർ‌നാഷണൽ കോൺഫറൻസിൽ ഈ പഠനം അവതരിപ്പിക്കുകയും ചെയ്തു.

പുകവലി പോലെയുള്ളവ ഒഴിവാക്കുകയും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കൊപ്പം ഊർജ്ജസ്വലമായ മനസ്സും സൂക്ഷിക്കണമെന്ന് വിദഗ്ധർ പറയുന്നു. ഇനി മാഗസിനുകളും പത്രങ്ങളും കൈയ്യിലെത്തുമ്പോൾ ഒരു പേനയോ പെൻസിലോ എടുത്ത് ക്രോസ് വേര്‍ഡ് പസിലും സുഡോക്കുവുമൊക്കെ ചെയ്ത് നോക്കി തലച്ചോറിനുകൂടി വ്യായാമം നൽകിക്കോളൂ.

താരൻ അകറ്റാൻ മരുന്ന് വീട്ടിൽത്തന്നെ

തലയിലെ താരൻ പലപ്പോഴും അസ്വസ്ഥതകൾ തരുന്ന ഒന്നാണ്. വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ ചർമം അടർന്നുപോകുന്നതുമാണ്് പ്രധാന ലക്ഷണങ്ങൾ. വരണ്ട  ചർമവും അതിലുണ്ടാകുന്ന ജൈവവ്യതിയാനങ്ങളും തലയിൽ അടിഞ്ഞുകൂടുന്ന പൊടിയും ഫംഗസ്് ബാധയുമൊക്കെ താരന്റെ കാരണമായി കണക്കാക്കാറുണ്ട്. ശിരസ്സിനെ മാത്രമല്ല പുരികങ്ങളെയും കൺപോളകളെയുമൊക്കെ താരൻ ബാധിക്കാം. താരനെ തടഞ്ഞുനിർത്തുവാൻ ചില മാർഗ്ഗങ്ങളുണ്ട്. പ്രകൃതിദത്തമായ ചേരുവകളുടെ പ്രയോഗങ്ങളിലൂടെ താരനെ അകറ്റി നിർത്തുവാൻ കഴിയും. ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന സേബം താരന്റെ മൂലകാരണമാണ്.

∙ കീഴാർനെല്ലി ചതച്ച് താളിയാക്കി കുളിക്കുന്നതിനുമുൻപ് ദിവസവും ഉപയോഗിക്കുക. സ്ഥിരമായി ഇതു ചെയ്യുകയാണെങ്കിൽ താരൻ പൂർണമായും ഇല്ലാതാകുമെന്നു മാത്രമല്ല മുടി തഴച്ചു വളരുകയും ചെയ്യും.

∙ ചെറുനാരങ്ങ, ചീവക്കായ്, വിട്ടിത്താളി ഇവ സമാസമം ചേർത്ത് കുഴമ്പുരൂപത്തിലാക്കി തലയോട്ടിയിൽ തേയ്ക്കുക. പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക.

∙ തെറ്റിപ്പൂവ്, വെറ്റില, തുളസിയില എന്നിവ ചതച്ചെടുത്ത ചാറ് വെളിച്ചെണ്ണയിൽ ചേർത്ത് തലയിൽ പുരട്ടിയശേഷം കുളിക്കുക. ഫലം ഉണ്ടാകും.

∙ കടുക് അരച്ച് വെളിച്ചെണ്ണ ചേർത്ത് കുഴമ്പുരൂപത്തിലാക്കി തലയിൽ തേച്ചുകുളിക്കുന്നതു നല്ലതാണ്.

∙ ഓരിലത്താമര താളിയാക്കി തലയിൽ തേച്ചുകുളിക്കുക.

∙ മുട്ടയുടെ മഞ്ഞക്കരു തലയിൽ തേച്ച് പിടിപ്പിച്ചശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാമ്പുവോ ബാത്ത് സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകികളയുക.

∙ വെളിച്ചെണ്ണയിൽ പച്ചകർപ്പൂരം ചേർത്ത് കാച്ചി തിളപ്പിച്ച എണ്ണ തലയിൽ തേച്ച് കുളിക്കുക.

മരുന്നുകൾ വീട്ടിലുണ്ടാക്കാം

∙ രാമച്ചം, നെല്ലിക്ക എന്നിവ ചേർത്ത വെള്ളം തിളപ്പിച്ചാറ്റിയശേഷം ആ വെള്ളത്തിൽ തല വൃത്തിയായി കഴുകുക. ഇതു കുറച്ചു ദിവസങ്ങളിൽ നിത്യവും ആവർത്തിക്കുക. താരന് ശമനമുണ്ടാകും.

∙ പാളയംകോടൻ പഴം താരനു നല്ലതാണ്. ഇത് ഉടച്ച് കുഴമ്പാക്കി തലയിൽ പുരട്ടിയശേഷം പത്തു മിനിട്ട് കഴിഞ്ഞ് കഴുകികളയുക.

∙ ശുദ്ധമായ ചെറുപയർപൊടി തൈരിൽ കലക്കി തലയിൽ തേച്ചു കുളിക്കുന്നത് ഫലം ചെയ്യും.

∙ ചെമ്പരത്തിപ്പൂവോ തെച്ചിപ്പൂവോ ചേർത്ത് വെളിച്ചെണ്ണ കാച്ചി കുളിക്കുന്നതിനു മുൻപായി സ്ഥിരമായി തലയിൽ തേയ്ക്കുന്നതു നല്ലതാണ്.

∙ ഒരു കപ്പ് വെള്ളത്തിൽ കുതിർത്ത ഉലുവ അരച്ചെടുത്ത് രണ്ടുകപ്പ് വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചി പതിവായി കുളിക്കുന്നതിനു മുൻപായി ഉപയോഗിക്കുക. താരൻ ക്രമേണ മാറികിട്ടും.

ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം തല ചെമ്പരത്തിത്താളി തേച്ച് കഴുകുന്നതു താരനെ പ്രതിരോധിക്കും. തലയിൽ സ്ഥിരമായി എണ്ണ തേയ്ക്കുന്നവർ ഫംഗസ് ബാധയുള്ള എണ്ണ ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം. തലയും തലമുടിയും എപ്പോഴും ശുദ്ധമായി സൂക്ഷിക്കുക. ഇക്കാര്യങ്ങൾ ശദ്ധ്രിച്ചാൽ താരനെ ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും. താരനെ ഓർത്ത് കൂടുതൽ വ്യാകുലപ്പെടേണ്ട  കാര്യമില്ല. ചികിത്സിച്ചാൽ പൂർണമായി ഭേദമാകാവുന്നതേയുള്ളു.

വിശപ്പില്ലായ്മയ്ക്ക് പരിഹാരങ്ങൾ

 

വിശപ്പില്ലായ്മ ഏതു പ്രായത്തിലും കണ്ടുവരുന്ന ഒരു ശാരീരിക അവസ്ഥയാണ്്. ദഹനശേഷി കുറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ, ഗ്യാസ്ട്രബിൾ, ഉദരത്തിലെ ആന്തരിക രോഗങ്ങൾ, മാനസിക സംഘർഷം തുടങ്ങിയവയെ വിശപ്പില്ലായ്മയുടെ കാരണങ്ങളായി കരുതപ്പെടുന്നു. സാധാരണയായി ഉണ്ടാകുന്ന വിശപ്പില്ലായ്മയ്ക്ക് ലളിതമായ പരിഹാരമാർഗങ്ങളുണ്ട്. അവയിൽ സൗകര്യാർത്ഥം പ്രായോഗികമാക്കാവുന്ന ചില വഴികൾ ഏതൊക്കെയെന്ന്് നോക്കാം.

∙ താന്നിക്ക, നെല്ലിക്ക, കടുക്ക എന്നിവ ചേർത്ത മിശ്രിതം രാത്രി ഭക്ഷണത്തിനുശേഷം സ്ഥിരമയി കഴിക്കുക.

∙ ശർക്കരയും അതിന്റെ നേർപകുതി ചുക്കുപൊടിയും മിശ്രിതമാക്കി പ്രഭാതഭക്ഷണത്തിനു ശേഷവും രാത്രി ഭക്ഷണത്തിനും മുൻപുമായി കുറച്ചുനാൾ കഴിക്കുക. വിശപ്പ് ക്രമേണ ഉണ്ടാകും.

∙ ചുക്ക്, ജീരകം, ഗ്രാമ്പു, ഏലക്ക എന്നിവ ഉണക്കി പൊടിച്ച് പഞ്ചസാരയും ചേർത്ത് മിശ്രിതമാക്കി രണ്ടുനേരം കഴിക്കുക.

∙ പഴുത്ത പപ്പായ കഴിക്കുന്നത് വിശപ്പില്ലായ്മയ്ക്ക് ഫലപ്രദമാണ്.

∙ ഇഞ്ചിനീരിൽ കുരുമുളക്പൊടി, ജീരകപൊടിഎന്നിവ ചേർത്ത് കഴിക്കുക. വിശപ്പില്ലായ്മ മാറികിട്ടും.

∙ ആഹാരത്തിനൊപ്പം പൈനാപ്പിൾ ജ്യൂസ് ശീലമാക്കുന്നത് വിശപ്പിനെ ഉത്തേജിപ്പിക്കും.

∙ തിപ്പലിക്കായ രണ്ടെണ്ണമെടുത്ത് നന്നായി പൊടിച്ച് ഒരു ഗ്ലാസ്സ് പാലിൽ ചേർത്ത് രാവിലെയും രാത്രിയിലും ആഹാരത്തിനുശേഷം കഴിക്കുക.

∙ ഏലം, ചുക്ക് എന്നിവ ചേർത്തു തിളപ്പിച്ച വെള്ളം ദിവസവും ഇടയ്ക്കൊക്കെ കുടിക്കുന്നതു നല്ലതാണ്.

∙ രാത്രിയിൽ മൂന്നോ നാലോ ഇതൾ തുളസിയില ഒരു കപ്പ് വെള്ളത്തിൽ കശക്കിയിട്ട ശേഷം പിറ്റേന്ന് പ്രഭാതത്തിൽ ആ വെള്ളം വെറും വയറ്റിൽ കുടിക്കുക.

∙ നാരങ്ങനീരും ഇഞ്ചിനീരും സമാസമം എടുത്ത് അതിൽ ഏലയ്ക്കാപ്പൊടി ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്തു കഴിക്കുക.

∙ കറിവേപ്പില അരച്ച് ഇഞ്ചിയുമായി ചേർത്ത് കുടിക്കുന്നതു ഫലം നൽകും.

∙ കായം, ജീരകം, ചുക്ക്, കടുക്, ഇന്ദുപ്പ് എന്നിവ സമാസമം എടുത്ത് വറുത്ത് പൊടിച്ച് മോരിൽ ചേർത്ത് കുടിച്ചാൽ ഫലം ലഭിക്കും.

ദഹനപ്രക്രിയയിലുണ്ടാകുന്ന അപാകതകൾ മാത്രമാണ് വിശപ്പില്ലായ്മയുടെ കാരണമെന്ന് തെറ്റിദ്ധരിക്കുന്നത് നന്നല്ല. ഗുരുതരമായി മാറാവുന്ന ഉദരരോഗങ്ങൾ ഉൾപ്പടെ പല കാരണങ്ങളും വിശപ്പില്ലായ്മയ്ക്ക് കാരണമാകാറുണ്ട്. സ്ഥിരമായുണ്ടാകുന്ന വിശപ്പില്ലായ്മയെ ഗൗരവമായിതന്നെ കാണണം. വിശദമായ വൈദ്യപരിശോധനയിലൂടെ സ്ഥിരമായുണ്ടാകുന്ന വിശപ്പില്ലായ്മയുടെ യഥാർത്ഥ കാരണം കണ്ടെ ത്താനാകും.

ഉറങ്ങും മുൻപ് മൊബൈല്‍ ഫോൺ മാറ്റിവച്ചേക്കുക; ഇല്ലെങ്കിൽ...!

ഏറ്റവും അടുത്ത സുഹൃത്തിന്റെ പേരു ചോദിച്ചാൽ ഇപ്പോൾ ഭൂരിപക്ഷം പേരും പറയുക തന്റെ സ്മാർട്ഫോണിന്റെ പേരായിരിക്കും. ഊണിലും ഉറക്കത്തിലും നടത്തത്തിനിടയിൽപ്പോലും കണ്ണെടുക്കാൻ പറ്റാത്ത വിധം അത്രയേറെ അടുപ്പമുള്ളതായിരിക്കുന്നു ഈ ‘ചങ്ങാതി’. പക്ഷേ ഈ കൂട്ടുകാരൻ നമ്മുടെ ഉറക്കവും ആരോഗ്യവും കളയുന്ന വില്ലനാണെന്ന് എത്ര പേര്‍ക്കറിയാം. സ്മാർട്ഫോൺ മാത്രമല്ല, രാത്രി കിടക്കും മുൻപ് ലാപ്ടോപിലും ടാബ്‌ലറ്റിലുമെല്ലാം കണ്ണുനട്ടിരിക്കുന്നവർ ശ്രദ്ധിക്കുക– ഇതൊന്നും നല്ലതിനല്ല. ശരീരത്തെ തകർത്തു കളയുന്ന തരം പ്രശ്നങ്ങളിലേക്കായിരിക്കും ഇത്തരം ജീവിതരീതി നയിക്കുക.

സ്മാർട്ഫോണുകളുടെയും മറ്റ് സ്ക്രീനുകളിലെയും കടുത്ത നീല വെളിച്ചം മനുഷ്യന്റെ ഉറക്കത്തെ മാരകമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കൊടുംവെയിലത്തു നിന്നാൽ പോലും എല്ലാം വായിച്ചെടുക്കാൻ പറ്റുന്ന തരത്തിലുള്ള സ്ക്രീനുകളുള്ള ഗാഡ്ജറ്റുകൾ ഉപഭോക്താക്കൾ ചോദിച്ചു വാങ്ങുന്നത് പതിവാണ്. അതിനാൽത്തന്നെ ഏറ്റവും നല്ല രീതിയിൽ വെളിച്ചം പ്രസരിപ്പിക്കുന്ന സ്ക്രീനുകളാണ് മിക്ക കമ്പനികളും തയാറാക്കിയെടുക്കുന്നതും. രാവിലെ ഇത് നല്ലതാണ്. പക്ഷേ രാത്രിയിൽ ഉറങ്ങേണ്ട സമയത്തോ?

അന്നേരം ഈ സ്മാർട് ഫോൺ, ലാപ്ടോപ്, ടാബ്‌ലറ്റ് തുടങ്ങിയവയുടെ സ്ക്രീനുകളിൽ നിന്നുള്ള പ്രകാശം ഒരു ജനലിനകത്തു കൂടെ സൂര്യപ്രകാശം കടന്നുവരുന്നതിന് തുല്യമാണത്രേ. ഉറക്കത്തിനു സഹായിക്കുന്ന ഹോർമോണിന്റെ ഉൽപാദനത്തെയും ഇത് ബാധിക്കും. രാവിലെ ഉണർന്നിരിക്കാനും രാത്രി ഉറക്കാനും സഹായിക്കുന്ന വിധം ഒരു ചാക്രികവ്യവസ്ഥ ഓരോ മനുഷ്യന്റെയും ശരീരം തയാറാക്കി വച്ചിട്ടുണ്ട്. ഉറക്കത്തെയും ഉണർന്നിരിക്കുന്നതിനെയും നിയന്ത്രിക്കാൻ നമ്മെ സഹായിക്കുന്നത് മെലാടോണിൻ എന്ന ഹോർമോണാണ്. മസ്തിഷ്കത്തിലെ പീനിയൽ ഗ്രന്ഥിയാണ് ഇത് ഉൽപാദിപ്പിക്കുന്നത്. രാത്രിയിൽ ഇതിന്റെ ഉല്‍പാദനത്തിനനുസരിച്ചാണ് മനുഷ്യൻ ഉറക്കത്തിലേക്ക് വഴുതിവീഴുക. പുലർച്ചെ വരെ സുഗമമായി മെലാടോണിന്റെ ഉൽപാദനം ശരീരത്തിൽ നടക്കും.

എന്നാൽ നീലപ്രകാശം ‘കുത്തിയൊലിക്കുന്ന’ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നതോടെ മസ്തിഷ്കത്തിലേക്ക് തെറ്റായ സന്ദേശമാണ് പോവുക. അതോടെ മെലാടോണിന്റെ ഉൽപാദനം സംബന്ധിച്ച് പീനിയൽ ഗ്രന്ഥിക്ക് കൺഫ്യൂഷനാകും. ഇത് മെലാടോണിന്റെ ഉൽപാദനം കുറയ്ക്കാനും ഇടയാക്കും. അതോടെ ഉറക്കം നഷ്ടപ്പെടും. മൊബൈലിലേക്ക് നോക്കിയിരിക്കുന്ന സമയത്തോളം ഉറക്കം വരാതാകുമെന്നു ചുരുക്കം. മൊബൈൽ മാറ്റിവച്ചാലും സുഗമമായ ഉറക്കം ദു:സ്വപ്നം മാത്രമായി അവശേഷിക്കുകയും െചയ്യും. ഇത്തരത്തിൽ ഉറക്കം തടസ്സപ്പെടുന്നത് ഹൃദയാഘാതത്തിലേക്കു വരെ നയിക്കുമെന്ന് നേരത്തേ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ആപ്പിൾ തങ്ങളുടെ ഉൽപന്നങ്ങളിൽ നൈറ്റ് ഷിഫ്റ്റ് മോഡ് ഉൾപ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്. ചില സ്മാർട് ആപ്ലിക്കേഷനുകൾ സമയമനുസരിച്ച് സ്ക്രീനിലെ പ്രകാശത്തിന്റെ തീവ്രതയും കുറയ്ക്കും. ഉച്ചയ്ക്ക് നീലപ്രകാശമാണെങ്കില്‍ രാത്രി ഓറഞ്ച് നിറത്തോടെയുള്ള പ്രകാശമായിരിക്കും ഇവ വഴി പുറപ്പെടുവിക്കപ്പെടുക. ഇത് കണ്ണുകൾക്ക് ബുദ്ധിമുട്ടാകുകയുമില്ല. കിടക്കുമ്പോൾ മെസേജിന്റെ ശബ്ദം കേൾക്കുന്നതു പോലും ഉറക്കത്തെ ഇല്ലാതാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിൽ രാത്രിയിൽ കട്ടിലിനു സമീപത്തു നിന്ന് മൊബൈൽ ഉൾപ്പെടെ അൽപം ദൂരേക്ക് മാറ്റിവയ്ക്കുന്നതായിരിക്കും കണ്ണിനും ആരോഗ്യത്തിനും നല്ലത്.

കുട്ടികളെ തല്ലിവളർത്തരുത്, തല്ലുകൊള്ളികളാകും!

‘നുള്ളിക്കൊടു ചൊല്ലിക്കൊടു തല്ലിക്കൊടു തള്ളിക്കള...’ ഈ പഴഞ്ചൊല്ലു പോലും പറയുന്നത് തല്ലി വളർത്തിയിട്ടും നന്നായില്ലെങ്കിൽ ആരെയാണെങ്കിലും തള്ളിക്കളയണമെന്നാണ്. അതായത് ഒരാളെ, പ്രത്യേകിച്ച് പിള്ളേരെ, നന്നാക്കിയെടുക്കുന്നതിന് തല്ലാണ് ഏറ്റവും നല്ല വഴിയെന്നു പറയാതെ പറയുന്നുണ്ട് ഇവിടെ. പഴഞ്ചൊല്ലിൽ പതിരില്ലെന്നൊക്കെയാണ് പറച്ചിൽ. പക്ഷേ ഈ പഴഞ്ചൊല്ലിനെ മാത്രം വെള്ളംതൊടാതെ വിഴുങ്ങാന്‍ വരട്ടെ! നന്നാവുമെന്നു കരുതി കൊച്ചുകുട്ടികളെ തല്ലി വളർത്തുന്നതാണ് മാതാപിതാക്കൾ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമെന്നാണ് ഓസ്ട്രേലിയയിലെ ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത്. അരനൂറ്റാണ്ടു കാലത്തിനിടെ നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിഗമനത്തിലേക്കെത്തിയതെന്നും മനസിലാക്കണം. 1.6 ലക്ഷം കുട്ടികളുടെ സ്വഭാവമാണ് ഇതുമായി ബന്ധപ്പെട്ട് വിദഗ്ധർ പരിശോധനയ്ക്കു വിധേയമാക്കിയത്.

തല്ലിവളർത്തിയാൽ ഭൂരിപക്ഷം പിള്ളേരും തല്ലുകൊള്ളികളാകുമെന്നത് ഉറപ്പാണത്രേ! ഏറ്റവുമധികം ആക്രമണോത്സുകതയുള്ളവരും സാമൂഹ്യവിരുദ്ധരുമായിട്ടായിരിക്കും ഇത്തരം കുട്ടികൾ വളർന്നുവരികയെന്നും ഫാമിലി സൈക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു. അതായത്, എന്തിനു വേണ്ടിയാണോ തല്ലിയത്, സംഭവിക്കുക അതിന്റെ നേർവിപരീതം! ശാരീരികമായി അവരെ ദുർവിനിയോഗം ചെയ്യുമ്പോൾ എന്താണോ അവരുടെ മനസ്സിൽ സംഭവിക്കുന്നത് അതേകാര്യങ്ങൾ തന്നെയായിരിക്കും മോശം പെരുമാറ്റത്തിന്റെ പേരിൽ അവരെ തല്ലുമ്പോഴുമുണ്ടാകുന്നത്! ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഫലങ്ങളായിരിക്കും അനാവശ്യമായ തല്ലലിലൂടെ സൃഷ്ടിക്കപ്പെടുകയെന്നും പഠനത്തിനു നേതൃത്വം നൽകിയ ഓസ്ട്രേലിയയിലെ ഡോ.ആൻഡ്രൂ ഗ്രോഗന്‍–കേലർ പറയുന്നു.

‘കുട്ടികളുടെ കൈകളിലോ കാലുകളിലോ പുറത്തോ മറ്റൊരാൾ കൈകൊണ്ട് തലങ്ങും വിലങ്ങും അടിക്കുന്നത്’ എന്നാണ് പഠനറിപ്പോർട്ടിൽ തല്ലലിലെ (Spanking) വിദഗ്ധർ നിർവചിക്കുന്നത്. പഠനം നടത്തിയ ഓസ്ട്രേലിയയിലെ 70 ശതമാനം പേരും ഇത്തരം തല്ലലിനെ അനുകൂലിക്കുന്നവരാണ്. 2012ൽ നടത്തിയ ഒരു അഭിപ്രായശേഖരണത്തിൽ 39.7% പേരും പറഞ്ഞത് ആക്രമണോത്സുകരായവരെ തടയുന്നതിനുള്ള മികച്ച മാർഗമാണ് തല്ലലെന്നായിരുന്നു. 36 ശതമാനം പേർ പറഞ്ഞു, മറ്റൊരു മാർഗവും മുന്നിലില്ലെങ്കിൽ മാത്രമേ വടിയെ ആശ്രയിക്കാൻ പാടുള്ളൂവെന്ന്. എന്തിനേറെപ്പറയണം ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി വരെ പറഞ്ഞിട്ടുണ്ട്– കുട്ടികളെ നേർവഴിക്കു നടത്താനായി മാതാപിതാക്കൾക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും നല്ല കാര്യം ഒരു തല്ലാണെന്ന്!! എന്നാല്‍ ഇതിനെ അന്നുതന്നെ മന:ശാസ്ത്രവിദഗ്ധർ ഉൾപ്പെടെ തള്ളിക്കളഞ്ഞിരുന്നു.

കുട്ടികളെ തല്ലുമ്പോൾ അവരെ അക്രമണോത്സുരാകാൻ പഠിപ്പിക്കുകയാണ് മാതാപിതാക്കൾ ചെയ്യുന്നത്. അത്തരം കുട്ടികളുടെ ഐക്യു വളരെ കുറവായിരിക്കും. ശാരീരികസ്ഥിതിയും മോശമായിരിക്കും. അലസമായ മട്ടിലായിരിക്കും ജീവിതം. ഇക്കഴിഞ്ഞ മാർച്ചിൽ ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി സ്റ്റഡീസ് പുറത്തുവിട്ട പഠനറിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു ശാരീരികമായി ദുർവിനിയോഗം ചെയ്യപ്പെടുന്ന കുട്ടികൾക്കുണ്ടാകുന്ന അതേ മാനസികാവസ്ഥയായിരിക്കും തല്ലുകൊള്ളുന്നവർക്ക‌ുമെന്ന്.

വടിയെടുക്കേണ്ട അവസരത്തിലേറെയും സ്നേഹപൂർണമായ സമീപനം കൊണ്ട് കുട്ടികളുടെ മനസ്സുമാറ്റാവുന്നതേയുള്ളൂ. വീട്ടിലും അത്തരമൊരു സ്നേഹാന്തരീക്ഷണം സൃഷ്ടിച്ചെടുക്കണം. തല്ലുന്നതിനു പകരം മറ്റുചില ചെറിയ ശിക്ഷാരീതികൾ പ്രയോഗിക്കാം. ഇഷ്ടപ്പെട്ട സംഗതികളൊന്നും വാങ്ങിത്തരില്ലെന്നു പറയുന്ന തരം ചെറുഭീഷണികളും ഇതിൽപ്പെടും. ‘നല്ല കുട്ടിയായി ഇരുന്നാൽ സിനിമയ്ക്കോ പാർക്കിലോ കൊണ്ടുപോകാമെന്ന’ പറച്ചിലിനു മുന്നിൽ അടങ്ങിയൊതുങ്ങി  അനുസരണക്കാരാകുന്നവരാണ് ഭൂരിപക്ഷം കുറുമ്പന്മാരും കുറുമ്പികളുമെന്ന കാര്യവും മനസ്സിലുണ്ടാകണം.

ആരോഗ്യം വേണോ? ശീലമാക്കാം വാൾനട്ട്

വാൾനട്ട് കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. വിശപ്പ് നിയന്ത്രിക്കാനും മലാശയ അർബുദം നിയന്ത്രിക്കാനും വാൾനട്ട് സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

വാൾനട്ട് ശീലമാക്കാൻ ഇതാ ഒരു കാരണം കൂടി. ദിവസവും അര കപ്പ് അതായത് 58 ഗ്രാം വാൾനട്ട് കഴിക്കുന്നത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിർത്തുമെന്നു പഠനം. ഇവ കഴിക്കുന്നത് വയറിലെ ബാക്ടീരിയയുടെ എണ്ണം കൂട്ടുന്നു. നല്ല പ്രോബയോട്ടിക് ബാക്ടീരിയകളുടെ എണ്ണം കൂടുന്നത് ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും.

ബാക്ടീരിയകളുടെ വൈവിധ്യം മികച്ച ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും എന്നാൽ ഇവയുടെ വൈവിധ്യം കുറഞ്ഞത് പൊണ്ണത്തടി, ഇൻഫ്ലമെറ്ററി ബവൽ ഡിസീസ് തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും ഗവേഷകനായ ലോറി ബയേർലി പറയുന്നു. യു എസിലെ ലൂസിയാന സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകനാണ് ഇദ്ദേഹം.

എലികളിലാണ് പഠനം നടത്തിയത്. മനുഷ്യനിൽ രണ്ട് ഔൺസ് അതായത് അരകപ്പ് വാൾനട്ടിനു തുല്യമായ അളവിൽ പൊടിച്ച വാൾ‌നട്ട് ഇവയ്ക്കു നൽകി. ചില എലികൾക്ക് വാൾനട്ട് ഉൾപ്പെടുത്താത്ത ഭക്ഷണവും പത്ത് ആഴ്ച നൽകി. രണ്ട് ഡയറ്റ് ഗ്രൂപ്പിലും കലോറിയുടെ അളവ് തുല്യമായിരുന്നു.

വാൾനട്ട് ഉപയോഗിക്കാത്ത ഗ്രൂപ്പിനെ അപേക്ഷിച്ച് വാൾനട്ട് ധാരാളം കഴിച്ച ഗ്രൂപ്പിൽ ലാക്ടോ ബാസിലസ്, റോസ്ബ്യൂറിയ, റുമിനോ കോക്കേസിയ എന്ന മൂന്നിനം നല്ല ബാക്ടീരിയയുടെ എണ്ണം വർധിച്ചതായി കണ്ടു.

ഉദരത്തിന്റെ ആരോഗ്യം ശരീരത്തിലെ മറ്റു ഭാഗങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വാൾനട്ട്, ഉദരത്തിലെ ബാക്ടീരിയകളെ വളരാൻ അനുവദിച്ച് ഒരു പ്രോബയോട്ടിക് ആയി മാറി ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു.

ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും വാൾനട്ട് വളരെ നല്ലതാണ്. കൂടാതെ അർബുദസാധ്യത കുറയ്ക്കാനും വാൾനട്ട് കഴിക്കുന്നതിലൂടെ സാധിക്കും. വാൾനട്ടിലടങ്ങിയ ബയോ ആക്ടീവ് ഘടകങ്ങളാണ് ഈ ഗുണഫലങ്ങൾ ഏകുന്നത്.  മനുഷ്യനിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് തുടർ പഠനങ്ങൾ ആവശ്യമാണെന്ന് ന്യൂട്രീഷണൽ ബയോകെമിസ്ട്രി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

ചെടികളിൽ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് ആയ ആൽഫാ ലീനോ ലെനിക് ആസിഡ് (ALA) മതിയായ അളവിൽ ലഭിക്കുന്ന ഒരേയൊരു അണ്ടിപ്പരിപ്പ് വാൾനട്ട് ആണ്. കൂടാതെ ഒരു ഔൺസിൽ 2 ഗ്രാം നാരുകളും നാലു ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ വാൾനട്ട് ശീലമാക്കിയാൽ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യവും മികച്ചതാകും. തീർച്ച.

അറിഞ്ഞു കഴിക്കാം ചക്കയും ചക്കക്കുരുവും

ഏഷ്യൻ രാജ്യങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ രൂപം കൊണ്ട ഒന്നാണ് ചക്ക. കേരളം കൂടാതെ ഇന്ത്യയിൽ തന്നെ പശ്ചിമ ബംഗാൾ, ത്രിപുര, ഒറീസ്സ, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിലും ചക്ക കാണപ്പെടുന്നു. ബംഗ്ലാദേശിന്റെ ദേശീയ ഫലം ചക്കയാണ്.

കേരളത്തിൽ 2 ടൈപ്പ് ചക്കയാണ് ഉള്ളത് വരിക്കയും കൂഴയും. പഴുക്കുമ്പോൾ കട്ടിയുള്ള മാംസമുള്ളത് വരിക്കയും സോഫ്റ്റായുള്ളത് കൂഴയും. പിഞ്ചു ചക്ക മുതൽ ചക്കപ്പഴവും കുരുവും വരെ നമ്മൾ പല വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കൊതിയൂറും വിഭവങ്ങൾക്ക് ഒപ്പം പല വിധത്തിലുള്ള പോഷകങ്ങളും ഇവയിൽ നിന്നും ലഭിക്കും. മനുഷ്യ ശരീരത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ പ്രോട്ടീൻ കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നു തുടങ്ങി പല വിറ്റമിനുകളും മിനറലുകളും ചക്കയിലും ചക്കക്കുരുവിലും ചക്കപ്പഴത്തിലുമുണ്ട്.

പച്ച ചക്കയിൽ കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും കുറവും നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സംപുഷ്ടവുണ്. ചക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ചക്കക്കുരുവിലും ചക്കപ്പഴത്തിലും കാർബോഹൈഡ്രേറ്റ് അളവ് കൂടുതലാണ്. അതിനാൽതന്നെ ഊർജ്ജവും ഇവയിലാണ് കൂടുതലായി ഉള്ളത്. ഊർജ്ജം കുറവും നാരുകൾ കൂടുതലും ഉള്ളതിനാലും ഗ്ലൈസീമിക് ഇൻഡക്സ് കുറവായതിനാലും പ്രമേഹരോഗികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് പച്ച ചക്ക. എന്നാൽ അരിയാഹാരത്തിനെക്കാൾ അളവിൽ കൂടുതൽ ചക്കവേവിച്ചത് കഴിക്കുന്നതു കൊണ്ടും തേങ്ങയുടെ അമിത ഉപയോഗം കൊണ്ടും ചില കൂട്ടുകറികൾ കൊണ്ടും പലരിലും ബ്ലഡ് ഷുഗർ ഉയർന്നു കാണാറുണ്ട്. ചക്കപ്പഴത്തിൽ കാർബോഹൈഡ്രേറ്റ് കൂടുതൽ ആയതിനാൽ ഇവയുടെ ഉപയോഗം മിതമാക്കുന്നതാണ് ഉത്തമം.

ചക്കയിലെയും ചക്കപ്പഴത്തിലെയും ആന്റിഓക്സിഡന്റുകളും വിറ്റമിനുകളും പ്രതിരോധശക്തി കൂട്ടാനും പ്രായമാകൽ കുറയ്ക്കാനും ചില അർബുദങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നതായി ചില പഠനങ്ങളിൽ പറയുന്നു. പൊട്ടാസ്യം നല്ല രീതിയിൽ ഉള്ളതുകൊണ്ടുതന്നെ ഇവ രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. എന്നാൽ കിഡ്നിക്ക് അസുഖം ബാധിച്ചവർ  പൊട്ടാസ്യം കൺട്രോൾ ചെയ്യേണ്ടി വരുമ്പോൾ ഇവയുടെ അളവിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കണം.

ഒരാൾക്കു വേണ്ട ഫൈബറിന്റെ 25% ത്തിൽ കൂടുതൽ നാരുകൾ 100 ഗ്രാം ചക്കയിൽ നിന്നും ചക്കക്കുരുവിൽ നിന്നും ലഭിക്കുന്നു. അതിനാൽ തന്നെ ദഹനത്തെ സഹായിക്കാനും മലബന്ധം ഒഴിവാക്കാനും ചക്ക സഹായിക്കുന്നു. എന്നാൽ അമിതമായ ഉപയോഗം വായുവിന്റെ പ്രശ്നം വയറുകമ്പിക്കൽ എന്നിവയ്ക്കും കാരണമാകുന്നു.

കാൽസ്യം, വൈറ്റമിൻ സി, മഗ്നീഷ്യം ഇവ ഉള്ളതുകൊണ്ട് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും സഹായിക്കുന്നു. വൈറ്റമിൻ സി ഉള്ളതിനാൽ കാൽസ്യം ആഗീരണം വേഗത്തിൽ ആകുന്നു. ബി വൈറ്റമിനുകൾ നാഡീവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ചക്കയ്ക്കും ചക്കക്കുരുവിനും ചക്കപ്പഴത്തിനും കഴിയും.

യോഗ പരിശീലിച്ചാൽ മറവിയെ അകറ്റാം

ദീർഘകാലമായി യോഗ പരിശീലിക്കുന്നത് വാർധക്യത്തിൽ ഓർമക്കുറവ് വരാതെ സംരക്ഷിക്കുമെന്നു പഠനം. യോഗ പരിശീലിക്കുന്ന മുതിർന്ന സ്ത്രീകളുടെ തലച്ചോറിന്റെ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ശ്രദ്ധ, ഓർമശക്തി മുതലായവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം കട്ടി കൂടുതൽ ഉള്ളതായി കണ്ടു.

പ്രായമാകുന്തോറും തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുകയും ശ്രദ്ധക്കുറവ്, ഓർമക്കുറവ് ഇവയുണ്ടാകുകയും ചെയ്യും. ഇങ്ങനെ വരുമ്പോൾ സെറിബ്രൽ കോർട്ടക്സിന്റെ കനം കുറയുകയും ഇത് ബുദ്ധിപരമായ നാശത്തിനു കാരണമാകുകയും ചെയ്യും.

ഫ്രണ്ടിയേഴ്സ് ഇൻ ഏജിങ് ന്യൂറോസയൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് യോഗ പരിശീലിക്കുന്നത് ഗുണം ചെയ്യും എന്നാണ്. യോഗ പരിശീലിച്ചിട്ടില്ലാത്ത പ്രായമായവരുടെയും ദീർഘകാലമായി യോഗ ചെയ്യുന്നവരുടെയും തലച്ചോറിന്റെ ഘടന താരതമ്യം ചെയ്തു.

സ്ത്രീ യോഗ പരിശീലകരുടെ ഒരു സംഘത്തെ പഠനത്തിനായി തിരഞ്ഞെടുത്തു. കുറഞ്ഞത് എട്ടുവർഷമെങ്കിലും ആയി ആഴ്ചയിലൽ രണ്ടു തവണ എങ്കിലും യോഗ ചെയ്യുന്നവരായിരുന്നു ഇവർ. ഈ ഗ്രൂപ്പിൽപെട്ട ആൾക്കാരിൽ ‘ചിലരാകട്ടെ 15 വർഷക്കാലമായി യോഗ ചെയ്യുന്നവരായിരുന്നു. ഇതുവരെ യോഗയോ ധ്യാനമോ ഒന്നും പരിശീലിക്കാത്ത ആരോഗ്യവതികളായ സ്ത്രീകളുടെ ഒരു സംഘവുമായാണ് ഇവരെ ‍താരതമ്യം ചെയ്തത്. രണ്ടു ഗ്രൂപ്പിൽപ്പെട്ടവരുടെയും പ്രായം അറുപതോ അതിനു മുകളിലോ ആയിരുന്നു.

തലച്ചോറിന്റെ ഘടനയിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്നറിയാൻ പഠനത്തിൽ പങ്കെടുത്തവരുടെ തലച്ചോറിന്റെ എം ആർ ഐ സ്കാൻ എടുത്തു. സ്കാനിങ്ങിൽ, യോഗിനിമാരുടെ ഇടതു പ്രീഫ്രണ്ടൽ കോർട്ടക്സിന് കട്ടി കൂടുതൽ ആണെന്നു കണ്ടു. ഗ്രഹിക്കാനുള്ള കഴിവ്, ശ്രദ്ധ, ഓർമശക്തി ഇവയുമായി ബന്ധപ്പെട്ട ഭാഗമാണിത്.

ദീർഘകാലം യോഗ പരിശീലിച്ചാൽ വാർധക്യത്തിലെത്തുമ്പോഴും ഊർജ്ജ്വസ്വലരായിരിക്കാൻ സാധിക്കുമെന്ന് ബ്രസീലിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനം പറയുന്നു.

സ്തനവലിപ്പം കുറയാതെ ശരീരഭാരം കുറയ്ക്കുന്നതെങ്ങനെ?

കഠിനപ്രയത്നം നടത്തി ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പം തന്നെ സ്തനങ്ങളുടെ വലിപ്പവും കുറയുന്നു എന്നുള്ളത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അസ്വസ്ഥതയുണ്ടാക്കുന്ന സത്യമാണ്. സ്തനങ്ങൾ പ്രധാനമായും അഡിപ്പോസ് ടിഷ്യൂസ് എന്ന കൊഴുപ്പ് കോശങ്ങൾ കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്നതിനാൽ ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ കൊഴുപ്പിനോടൊപ്പം സ്തനങ്ങളിലേയും കുറയുന്നു.  എന്നാൽ ഇതു ശാരീരിക വ്യായാമം വേണ്ടെന്നു വയ്ക്കാൻ ഒരു കാരണമല്ല.

പെക്ടറൽ മസിൽസ് ബലപ്പെടുത്തുക.

നെഞ്ചിനെ  കൈകളുടെ മുൻഭാഗവും തോളുമായി ബന്ധിപ്പിക്കുന്ന മസിലാണ് പെക്ടറൽ മസിൽ. സ്തനങ്ങൾ പെക്ടറൽ മസിലിന്റെ ഉപരിഭാഗത്തായി സ്ഥിതി ചെയ്യുന്നതിനാൽ ഈ മസിലുകൾ ബലപ്പെടുത്തുന്നത് നല്ല ആകൃതിയും ദൃഢതയും ഉണ്ടാകാൻ സഹായിക്കും. നെഞ്ചിന് ആയാസം കിട്ടുന്ന വ്യായാമം ( chest exercises) പെക്ടറൽ മസിൽസിനെ ബലപ്പെടുത്തും. പുഷ് അപ്സ്, മുന്നോട്ടു വളഞ്ഞുള്ള അഭ്യാസം, വായുവിൽ  ചാടിനിൽക്കൽ എന്നിവയൊക്കെ നെഞ്ചിന്റെ പിൻഭാഗവും മുൻഭാഗവുമൊക്കെ രൂപപ്പെടുത്താൻ സഹായിക്കുന്നു.

ശക്തി വർധിപ്പിക്കുന്നതിൽ ശ്രദ്ധിക്കുക

ഭാരം കുറയുമ്പോൾ നെഞ്ചിനോട് ചേർന്നുള്ള ഭാഗത്തെ കൊഴുപ്പും കുറയും. നിങ്ങൾ സ്ഥിരമായി കാർഡിയോ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ സ്തനങ്ങളിലെ മസിലും കൊഴുപ്പും ഒരേപോലെ നഷ്ടമാകും. അതിനാൽ നെഞ്ചിലെ മസിലുകൾ ശക്തിപ്പെടുന്ന വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.

വ്യായാമം ഫലപ്രദമായി ചെയ്യാൻ

ലഘുഭാരങ്ങൾ ഉപയോഗിച്ചുള്ള അഭ്യാസം ഉദ്ദേശിച്ച ഫലം തരില്ല. അതിനാൽ രണ്ടോ മൂന്നോ കിലോ മാത്രം ഭാരമുളള ഡംബെൽ ഉപയോഗിക്കാതിരിക്കുക. കൂടുതൽ ഭാരമുള്ളത് ഉപയോഗിക്കുക. പക്ഷേ വിദഗ്ധനായ ഒരാളുടെ നിരീക്ഷണം ആവശ്യമാണ്.

പുഷ് അപ്സ് കൊണ്ടുള്ള പ്രയോജനം

പൂർണ ഫലം കിട്ടാൻ പെക്ടറൽ വ്യായാമം ശരിയായ രീതിയിൽ നടത്തേണ്ടത് ആവശ്യമാണ്. വയർ തറയോട് ചേർത്തുവച്ച് കൈ തോളിനേക്കാൾ അല്പം അകറ്റി പാദങ്ങൾ ചേർത്തുവയ്ക്കുക. കൈ അകത്തിവച്ച് തോളിൽ നിന്ന് കണങ്കാൽ വരെ നടുവ് ഉയർത്തി നേരെ ശരീരം വരത്തക്കവണ്ണം പുഷ് അപ് ചെയ്യുക. കൈ താഴ്ത്തി ശരീരം താഴേക്ക് കൊണ്ടുവരിക. വീണ്ടും പഴയ സ്ഥിതിയിലേക്ക് വരിക. ആവർത്തിക്കുക.

ഭിത്തിയോടു ചേർന്നു നിന്നുള്ള പുഷ് അപ്സ്

തറയ്ക്കു പകരം ഭിത്തി ഉപയോഗിക്കുക. പാദങ്ങൾ രണ്ടും ഭിത്തിയിൽ നിന്നകറ്റി കൈപ്പത്തി ഭിത്തിയോടു ചേർത്തു വയ്ക്കുക. കൈമടക്കി ഭിത്തിയിൽ ശക്തിയായി തള്ളുക. നെഞ്ചിലെ വശങ്ങളിലെ മസിലുകളെയും കൈയിലെ ട്രൈസപ്സിനെയും ബലപ്പെടുത്തുന്നു.

ചെസ്റ്റ് ഡിപ്സ്

ഒരു ബെഞ്ചിന്റെയോ കസേരയുടേയോ സഹായത്തോടെ ഇതു ചെയ്യാം. തറയിൽ ഇരുന്ന് കാലുകൾ ബെഞ്ചിലേക്ക് ഉയർത്തി വയ്ക്കുക. കൈകൾ പുറകിലായി ചേര്‍ത്തു വയ്ക്കുക. കൈമുട്ടിൽ ബലം കൊടുത്ത് തറയിൽ തൊടാതെ ഉയർന്നു വരിക. വീണ്ടും തറയിൽ ശരീരം തൊടാതെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക.

ഡംബൽ കൊണ്ടു നെഞ്ചിനുള്ള വ്യായാമം

തറയിലോ മേശയിലോ കിടന്ന് ഡംബൽ പൊക്കുകയോ താഴ്ത്തുകയോ ചെയ്യുക. നിങ്ങൾക്ക് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഡംബൽ ഉപയോഗിക്കുക. തുടക്കത്തിൽ 8 –12 വരെ ചെയ്താൽ മതി. പിന്നീട് എണ്ണം കൂട്ടുക. ബെഞ്ചിൽ നിവർന്നു കിടന്നുകൊണ്ട് വശങ്ങളിലുള്ള ഭാരം ഇരു കരങ്ങളിലുമായി എടുക്കുക. കൈ നേരെ നിവർത്തി ഭാരം നെഞ്ചിനു മുകളിലായി ഉയർത്തി ഡംബൽ കൂട്ടിമുട്ടിക്കുക. പതിയെ ഭാരം താഴ്ത്തി കൊണ്ടു വരിക. ഇത് പല തവണ ചെയ്യുക.

ഭക്ഷണ ശീലം

ഈസ്ട്രജൻ, ഫൈറ്റോ ഈസ്ട്രജൻ അളവ് വർധിപ്പിക്കാൻ സഹായകരമായ രീതിയിൽ ഭക്ഷണം ക്രമീകരിക്കുക. ചണ വിത്ത് (flax seed), സോയാ പയർ, എള്ള്, മത്തങ്ങ, ചുവന്ന പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരഭാഗങ്ങളുടെ വലിപ്പം വർധിപ്പിക്കാൻ ഈസ്ട്രജൻ സപ്ലിമെന്റ് ഉപയോഗിക്കാതിരിക്കുക.

കായികാഭ്യാസം മറവിരോഗം തടയും

ഫിറ്റ്നസിനായി വ്യായാമം ശീലമാക്കുന്നവരാണ് കൂടുതൽ പേരും. വ്യായാമം ചെയ്യുന്നത് എല്ലാ പ്രായത്തിലുള്ളവർക്കും തികച്ചും ആരോഗ്യകരം തന്നെ. ഫിറ്റ്നസ് കൂട്ടാന്‍ മാത്രമല്ല തലച്ചോറിന്റെ പ്രവർത്തനത്തിനും പതിവായ വ്യായാമം ഗുണകരമാണെന്ന് ഗവേഷകർ.

കരളിന്റെ പ്രവർത്തനം, തലച്ചോറിന്റെ വികാസം, നാഡികളുടെ പ്രവർത്തനം, പേശികളുടെ ചലനം, ഊർജ്ജ നിലകളുടെ നിയന്ത്രണം, ആരോഗ്യകരമായ ഉപാപചയ പ്രവർത്തനം ഇവയെ നിയന്ത്രിക്കുന്ന മാക്രോ നൂട്രീയന്റ് ആയ കോളിന്റെ വർധനവിനെ പതിവായുള്ള ശാരീരിക പ്രവർത്തനം തടയും എന്ന് പഠനത്തിൽ കണ്ടു.

നാഡീകോശങ്ങള്‍ വർധിച്ച തോതിൽ നശിക്കുമ്പോഴാണ് കോളിന്റെ അളവ് കൂടുന്നത്. അൽഷിമേഴ്സ് ബാധിച്ചവരിലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്– ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലെ ഗീഥേ സർവകലാശാല ഗവേഷകനായ ജോഹാൻസ് പാന്റെൽ പറഞ്ഞു.

വ്യായാമം ചെയ്യുന്നത് കോളിന്റെ ഗാഢത സ്ഥിരമാക്കി നിർത്തിയപ്പോൾ കൺട്രോൾ ഗ്രൂപ്പിൽ പെട്ടവർക്ക് കോളിന്റെ അളവ് കൂട്ടി. പഠനത്തിൽ പങ്കെടുത്തവരുടെ ഫിസിക്കൽ ഫിറ്റ്നസ് മെച്ചപ്പെട്ടതോടൊപ്പം പരിശീലന കാലത്തിനു ശേഷം ഹൃദയസംബന്ധമായ പ്രവർത്തനങ്ങളുടെ കാര്യക്ഷമത കൂടിയതായും കണ്ടു. വ്യായാമം ഫിറ്റ്നസ് മെച്ചപ്പെടുത്തുക മാത്രമല്ല. കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് പഠനത്തിൽ തെളിഞ്ഞു.

പഠനത്തിൽ പങ്കെടുത്ത 65 നും 85 നും ഇടയിൽ പ്രായമുള്ളവരുടെ ചലനസംബന്ധവും ഹൃദയസംബന്ധവും  ബൗദ്ധികവുമായ പ്രവർത്തനങ്ങൾ പരിശോധിച്ചു.

പതിവായ കായികാഭ്യാസം തലച്ചോറിന്റെ ഉപാപചയ പ്രവർത്തനങ്ങളെയും ഓർമശക്തിയെയും എങ്ങനെ ഗുണകരമായി സ്വാധീനിക്കുന്നു എന്ന് മനസിലാക്കുകയായിരുന്നു ജെറന്റോളജിസ്റ്റുകളും സ്പോർട്സ് ഫിസിഷ്യൻമാരും നടത്തിയ ഈ പഠനത്തിന്റെ ലക്ഷ്യം.

പഠനത്തിൽ പങ്കെടുത്തവരോട് എക്സർസൈസ് ബൈക്ക് ആഴ്ചയില്‍ മൂന്നു തവണ എന്ന രീതിയിൽ 12 ആഴ്ച അരമണിക്കൂർ നേരം ഉപയോഗിക്കാൻ ആവശ്യപ്പെട്ടു.

തലച്ചോറിന്റെ ഘടനയും പ്രവർത്തനങ്ങളും അളക്കാൻ മാഗ്നറ്റിക് റെസൊണൻസ് ടോമോഗ്രഫിയും (MRT) മാഗ്നറ്റിക് റെസൊണന്‍സ് സ്പെക്ട്രോസ്കോപ്പി (MRS) യും ഉപയോഗിച്ചു.

പതിവായ കായികാഭ്യാസം, ബൗദ്ധിക നാശത്തെയും മറവി രോഗത്തെയും തടയും എന്ന് പഠനത്തില്‍ വ്യക്തമായി.

ബോഡി മാസ് ഇൻഡക്സും ബ്രേക്ക്ഫാസ്റ്റും

പ്രഭാതഭക്ഷണവും നിങ്ങളുടെ ബോഡി മാസ് ഇൻഡക്സും (ശരീരഭാരം) തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്നാണ് ലോസ് ആഞ്ചൽസിലെ ആരോഗ്യഗവേഷകർ പറയുന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതാണ് ശരീരഭാരം അനാരോഗ്യകരമാംവിധം കുറയുന്നതിനു കാരണമാകുന്നതത്രേ. രാവിലെ രാജാവിനെപ്പോലെയും രാത്രി യാചകനെപ്പോലെയും കഴിക്കണമെന്നു മുത്തശ്ശിമാർ പറയുന്നതു വെറുതെയല്ല. രാവിലെയാണ് ഒരു ദിവസത്തിലെ ഏറ്റവും പോഷകസമ്പന്നമായ ഭക്ഷണം കഴിക്കേണ്ടതെന്നു ഡോക്ടർമാർ പറയുന്നു.

നമ്മൾ സാധാരണ തിരക്കുകാരണം രാവിലത്തെ ഭക്ഷണം ഒഴിവാക്കുകയോ പേരിനുമാത്രം കഴിക്കുകയോ ചെയ്യുന്നു. രാത്രി അമിതമായി വാരിവലിച്ചുകഴിക്കുന്നു. ഈ രണ്ടു ദുശ്ശീലങ്ങളും അപകടകരമാണ്. രാവിലത്തെ ഭക്ഷണത്തിന്റെ അളവു കുറയ്ക്കുന്നവർക്ക് ശരീരത്തിന് ആവശ്യത്തിന് തൂക്കമില്ലാതെവന്നേക്കാം. രാത്രി അമിതമായി വാരിവലിച്ചുകഴിച്ചാൽ അമിതവണ്ണം ഉറപ്പ്.

അമ്പതിനായിരം പേരിൽ നടത്തിയ പഠനത്തിൽനിന്നാണ് ഈ നിഗമനം. ഇവരിൽ പകുതി പേർ രാവിലെയും ബാക്കി പകുതിപേർ രാത്രിയുമാണ് ഏറ്റവുമധികം ഭക്ഷണം കഴിച്ചിരുന്നത്. രണ്ടുകൂട്ടരും കഴിച്ചത് തുല്യ കലോറി ഭക്ഷണം തന്നെയാണ്. കഴിക്കുന്ന സമയത്തിൽ മാത്രമേ വ്യത്യാസം ഉണ്ടായിരുന്നുള്ളു. ഇവരെ തുടർച്ചയായി നിരീക്ഷണത്തിനു വിധേയമാക്കിയതിനെത്തുടർന്നാണ് ഭക്ഷണശീലം ഇവരിൽ ഉണ്ടാക്കിയ ഭാരവ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. അതുകൊണ്ട് ഇനിമുതൽ പ്രഭാതഭക്ഷണം നന്നായി കഴിക്കാൻ മറക്കേണ്ട. അതോടൊപ്പം അത്താഴം ലഘുവാക്കുകയും ചെയ്തോളൂ

ഒരു മിനിറ്റ് ഓടിയാൽ എല്ലുകൾക്ക് ആരോഗ്യം

ആരോഗ്യം മെച്ചപ്പെടുത്തണം എന്നാണ് മിക്കവരുടെയും ആഗ്രഹം. അതിനായി രാവിലെ ഒരു നടത്തമൊക്കെയാവാം. അല്ലെങ്കിൽ ഒന്ന് ഓടിയിട്ടുവരാം എന്നും ഉണ്ട്. എന്നാൽ പലപ്പോഴും അത് സാധിക്കാറില്ല. സമയക്കുറവാണ് പ്രശ്നമെങ്കിൽ വിഷമിക്കേണ്ട. ഇതിനായി ഒന്നോ രണ്ടോ മിനിറ്റ് മാറ്റി വച്ചാൽ മതിയെങ്കിലോ? ഒന്നോ രണ്ടോ മിനിറ്റ് ദിവസവും ഓടുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമത്രെ.

ഒരു മിനിറ്റിൽ താഴെ ഓടിയവരെക്കാൾ 60 മുതൽ 120 സെക്കന്റു വരെ ദിവസവും ഓടിയ സ്ത്രീകളിൽ എല്ലുകളുടെ ആരോഗ്യം 4% മെച്ചപ്പെട്ടതായി കണ്ടു. രണ്ടു മിനിറ്റിലധികം ഓടിയവരിൽ 6 ശതമാനവും.

ആഴ്ചയിൽ ഒന്നോ രണ്ടോ ‌തവണ ദീർഘസമയം വ്യായാമം ചെയ്യുന്നതുപോലെ ഗുണകരമാണ് ദിവസവും ഒന്നോ രണ്ടോ മിനിറ്റ് ഓടുന്നതെന്ന് എക്സീറ്റർ സർവകലാശാല ഗവേഷകർ പറയുന്നു. സ്ത്രീകളിൽ എല്ലുകളുടെ ആരോഗ്യവും കഠിനവും ഭാരം വഹിക്കുന്നതുമായ വ്യായാമവും തമ്മിൽ ബന്ധമുണ്ടെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

എല്ലുകളുടെ ആരോഗ്യം നിരവധി ആരോഗ്യഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓസ്റ്റിയോപോറോസിസ് പോലെ എല്ലുകളെ ബാധിക്കുന്ന രോഗങ്ങൾ വരാനുള്ള സാധ്യതയും പ്രായമാകുമ്പോൾ എല്ലുകള്‍ക്ക് ഫ്രാക്ചർ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കും തുടങ്ങി നിരവധി ഗുണങ്ങളുണ്ട്.

പഠനത്തിനായി 2500 സ്ത്രീകളുടെ വിവരങ്ങൾ പരിശോധിച്ചു. കൈത്തണ്ടയിൽ ധരിക്കാവുന്ന ഉപകരണം ഉപയോഗിച്ച് ആക്റ്റിവിറ്റി ലെവലും ഉപ്പൂറ്റിയുടെ എല്ലിന്റെ അൾട്രാസൗണ്ട് സ്കാൻ ഉപയോഗിച്ച് എല്ലിന്റെ ആരോഗ്യവും അളന്നു.

ദിവസവും ഉള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ആദ്യം നടത്തം കൂട്ടുകയാണ് ചെയ്യേണ്ടത്. കൂടാതെ നടക്കുന്നതിനിടയിൽ കുറച്ച് ഓട്ടവും ആകാം അതായത് ബസ് കിട്ടാൻ ഓടുന്നതുപോലെ. ഗവേഷകയായ വിക്ടോറിയ സ്റ്റൈൻസ് പറയുന്നു.

മുലയൂട്ടൽ മൾട്ടിപ്പിൾ സ്ക്ലീറോസിസ് തടയും

കുഞ്ഞിനെ 15 മാസമെങ്കിലും മുലയൂട്ടുന്ന അമ്മമാർക്ക് മൾട്ടിപ്പിൾ സ്ക്ലീറോസിസ് വരാനുള്ള സാധ്യത 53 ശതമാനം കുറവായിരിക്കുമെന്നു പഠനം.

ചെറുപ്പക്കാരുടെയും മധ്യവയസ്കരുടെയും നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതര രോഗമാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ്. തലച്ചോറിലെയും സ്പൈനൽ കോഡിലെയും നാഡികളെ ചുറ്റിയുള്ള മയെലിൻഷിത്തുകൾക്ക് നാശം സംഭവിക്കുകയും നാഡികളുടെ സംരക്ഷണ കവചം നശിക്കുക വഴി രോഗപ്രതിരോധ സംവിധാനം നശിക്കുകയും ചെയ്യും.

മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിച്ച സ്ത്രീകളിൽ ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും രോഗം രണ്ടാമതു വരില്ലെന്നു പഠനത്തിൽ കണ്ടു.

ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം, എത്ര തവണ ഗർഭം ധരിച്ചു, ആദ്യ പ്രസവത്തിലെ പ്രായം ഇതിനൊന്നും മൾട്ടിപ്പിൾ സ്ക്ലീറോസിസുമായി ബന്ധമില്ലെന്നും ന്യൂറോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ശരാശരി 37 വയസ്സു പ്രായമുള്ള മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിച്ച 397 സ്ത്രീകളെ രോഗം ബാധിക്കാത്ത 433 സ്ത്രീകളുമായി താരതമ്യം ചെയ്തു.

സ്തനാർബുദം, അണ്ഡാശയ അർബുദം, ടൈപ്പ് 2 പ്രമേഹം, ഹൃദയാഘാതം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കാനും മുലയൂട്ടൽ സഹായിക്കുന്നു.

ഗർഭിണികൾ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിച്ചാൽ?

ഗർഭകാലത്ത് കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്ന അമ്മമാരുടെ കുട്ടികൾക്ക് ഉത്കണ്ഠ, വിഷാദം മുതലായ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു പഠനം മുന്നറിയിപ്പ് നൽകുന്നു.

അനാരോഗ്യകരമായ ഭക്ഷണ ശീലം ഗർഭിണികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുക മാത്രമല്ല കുഞ്ഞുങ്ങളിലെ തലച്ചോറിന്റെ വളർച്ചയെയും അന്ത:സ്രാവി വ്യവസ്ഥയെയും ബാധിക്കുകയും ദീർഘകാലം നീണ്ടു നിൽക്കുന്ന മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.

ഗർഭകാലത്ത് കൊഴുപ്പ് കൂടിയ ഭക്ഷണത്തിന്റെ അമിതോപയോഗം മൂലം പൊണ്ണത്തടിയുള്ളവരുടെ എണ്ണം വികസിത രാജ്യങ്ങളിൽ കൂടുതലാണ്. അതുകൊണ്ടുതന്നെ ഭാവിതലമുറയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതിനാൽ ഈ പഠനഫലം വളരെ പ്രധാനപ്പെട്ടതാണെന്ന് ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയിലെ അസിസിറ്റന്റ് പ്രൊഫസറായ എലിനോർ സുള്ളിവൻ പറയുന്നു.

ഗർഭകാലത്ത് കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത്, തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് നിർണായകമായ ന്യൂറോട്രാൻസ്മിറ്റർ ആയ സെറാടോണിൻ അടങ്ങിയ നാഡീകോശങ്ങളുടെ വികാസത്തെ ദോഷകരമായി ബാധിക്കുന്നു. എന്നാൽ ചെറിയ പ്രായത്തിൽ തന്നെ ആരോഗ്യകരമായ ഭക്ഷണം കുട്ടിക്ക് നൽകുന്നത് ഈ ദോഷഫലങ്ങളെ ഇല്ലാതാക്കുമെന്ന് ഗവേഷകർ പറയുന്നു.

അമ്മയെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് ഗർഭകാലത്ത് കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ച് ഗർഭിണികളായ സ്ത്രീകളെ ശാക്തീകരിക്കുകയും ആരോഗ്യമേകുന്ന ഭക്ഷണങ്ങൾ ലഭ്യമാക്കി കുടുംബം അവർക്ക് ‍പിന്തുണ നൽകുകയും വേണം. ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യനയം രൂപവൽക്കരിക്കേണ്ടതാണെന്നും സുള്ളിവൻ പറഞ്ഞു.

അമ്മയുടെ കൊഴുപ്പു കൂടിയ ഭക്ഷണക്രമം, കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ പ്രൈമേറ്റുകളിൽ നടത്തിയ ഈ പഠനം ഫ്രണ്ടിയേഴ്സ് ഇൻ എൻഡോക്രൈനോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഠനത്തിനായി 65 സിംഹവാലൻ കുരങ്ങുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. ആദ്യ ഗ്രൂപ്പിന് കൊഴുപ്പ് കൂടിയ ഭക്ഷണവും. രണ്ടാമത്തെ ഗ്രൂപ്പിന് നിയന്ത്രിത ഭക്ഷണവും ഗർഭകാലത്ത് നൽകി. 135 സന്തതികളിൽ ഉത്കണ്ഠ പോലുള്ള സ്വഭാവങ്ങൾ അളക്കുകയും താരതമ്യം ചെയ്യുകയും ചെയ്തു.

ഗർഭകാലത്ത് കൊഴുപ്പ് കൂടിയ ഭക്ഷണം കഴിച്ച ആൺപെൺ കുരങ്ങുകളിൽ കൺട്രോൾ ഗ്രൂപ്പിനെ അപേക്ഷിച്ച് ഉത്കണ്ഠ കൂടുതലാണെന്ന് കണ്ടു.

ആർത്തവ സമയത്ത് നീന്തൽ വ്യായാമം ചെയ്യാമോ?

 

ആർത്തവ കാലത്ത് ചെയ്തു കൂടാത്ത കാര്യങ്ങളുടെ ഒരു വലിയ ലിസ്റ്റ് എപ്പോഴും സ്ത്രീകളുടെ മുന്നിലുണ്ട്. ഇതിൽ ചിലത് സഹായകരണമാണെങ്കിലും പലതും വെറും അന്ധവിശ്വാസങ്ങൾ മാത്രമാണ്. വൈകാരികമായ പിരിമുറുക്കം കൂടി ഉള്ള സമയമായതിനാൽ ചില മുന്നറിയിപ്പുകൾ അവഗണിച്ചു കൂടാത്തതും ആകുന്നു.

ആർത്തവ കാലത്ത് നീന്തുന്നതു കൊണ്ട് കുഴപ്പമുണ്ടോ എന്ന ചോദ്യം ചിലരെങ്കിലും ചോദിക്കാറുണ്ട്. ഇൻഫക്ഷൻ വരികയോ പേശികൾ കോച്ചിവലിക്കുകയോ ചെയ്യുമോ?

സ്ഥിരം നീന്തുന്നവർ ആർത്തവകാലത്ത് അത് നിർത്തേണ്ട ആവശ്യമില്ല. വേണ്ടത്ര മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ – ‘‘ഷി കപ്പ്’ പോലുള്ള പ്രതിരോധ മാർഗങ്ങൾ. – വെള്ളം വൃത്തികേടാക്കും എന്ന ഭയം വേണ്ട. നീന്തുമ്പോൾ പൊതുവെ രക്തത്തിന്റെ ഒഴുക്ക് കുറയുകയാണ് ചെയ്യുന്നത്. പക്ഷേ ചിരിക്കുകയോ, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ഒരല്പം രക്തം പൊടിഞ്ഞെന്നു വരാം. എല്ലാ നീന്തൽകുളങ്ങളിലും അല്പം വിയർപ്പും മൂത്രവുമൊക്കെ കലരുന്നുണ്ട്. വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ക്ലോറിൻ ഇതിനെ ശുദ്ധമാക്കുന്നു.

നീന്തൽ പോലുള്ള ലഘു വ്യായാമങ്ങൾ ആർത്തവകാലത്തുണ്ടാകുന്ന കോച്ചിപ്പിടുത്തം സുഖപ്പെടുത്തുകയാണ് ചെയ്യുന്നത്. വ്യായാമ സമയത്ത് ശരീരത്തിൽ ഉണ്ടാകുന്ന എൻഡോർഫിൻ ഹോര്‍മോൺ പ്രകൃതിദത്തമായ വേദനാസംഹാരിയാണ്.

മാറിടങ്ങൾക്കു നൽകാം കാബേജ് ചികിൽസ

വിദേശരാജ്യങ്ങളിൽ ചിലസ്ത്രീകൾ മാറിടങ്ങളിൽ കാബേജ് ഇലകൾ വയ്ക്കുന്ന ഒരു രീതിയുണ്ട്. മാറിടത്തിനു വലിപ്പം തോന്നിപ്പിക്കാനുള്ള സൂത്രവിദ്യയൊന്നുമല്ല ഇത്. മറിച്ച്, മുലയൂട്ടുന്ന സ്ത്രീകൾക്ക് മാറിടങ്ങളിലെ നീർവീക്കം ഒഴിവാക്കാനും കൃത്യമായി ഒതുക്കമുള്ള ആകൃതിയിലേക്ക് അവ മാറുന്നതിനുമുള്ള ഒരു ടെക്നിക്കാണ്.

മുലയൂട്ടുന്ന അമ്മമാർക്ക് ചിലപ്പോൾ മാറിൽ നീർവീക്കവും വേദനയും അനുഭവപ്പെട്ടേക്കാം. എന്നാൽ കാബേജ് ഇലകൾ മാറിലെ ഗ്രന്ഥികളിൽനിന്നുള്ള നീർക്കെട്ട് വലിച്ചെടുത്ത് ഇല്ലാതാക്കുന്നു. ഇല വച്ചുകഴിഞ്ഞ് 12 മണിക്കൂറിനകം നീർവീക്കത്തിന് ശമനമുണ്ടാകുമത്രേ. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

∙കാബേജ് ഇലകൾ വലിപ്പത്തിൽ അടർത്തിയെടുത്ത് ഉപ്പിട്ട വെള്ളത്തിൽ കുതിർത്തുവയ്ക്കുക

∙അഴുക്കെല്ലാം നീക്കിയശേഷം ഇലകൾ ഫ്രിഡ്ജിൽവച്ചു തണുപ്പിക്കുക

∙തണുത്ത കോട്ടൺതുണി ഉപ്പുനീരിൽ മുക്കിയശേഷം മാറിടം തുടയ്ക്കുക

∙അയഞ്ഞ കപ്‌സൈസോടുകൂടിയ ബ്രാ ധരിക്കുക

∙ബ്രായ്ക്കുള്ളിലേക്ക് കാബേജ് ഇലകൾ മാറിടം മുഴുവനായി പൊതിയുന്നവിധം ഇറക്കിവയ്ക്കുക

ഇങ്ങനെ ചെയ്താൽ നീർവീക്കം വൈകാതെ തന്നെ മാറിക്കോളുമത്രേ.

ഗർഭകാലത്ത് മധുരോപയോഗം കൂടിയാൽ?

ഗർഭകാലത്ത് അമിതമായി മധുരം കഴിച്ചാൽ കുഞ്ഞിന് അലർജിക്കും ആസ്ത്‍മയ്ക്കും സാധ്യത കൂടുതലെന്ന് പഠനം. മധുരപാനീയങ്ങളുടെ അമിതോപയോഗം കുട്ടികളിൽ ആസ്ത്‍‌മ ഉണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും ഗർഭകാലത്ത് അമ്മയുടെ പഞ്ചസാരയുടെ അമിതോപയോഗം കുഞ്ഞുങ്ങളിൽ അലർജിയും ആസ്ത്‍‌മയും ഉണ്ടാക്കും എന്നതിനെക്കുറിച്ച് പഠനങ്ങൾ നടന്നിട്ടില്ല.

യു കെയിലെ ക്യൂൻമേരി സർവകലാശാല ഗവേഷകരും ബ്രിസ്റ്റോൾ സർവകലാശാലാ ഗവേഷകരും സംയുക്തമായാണ് പഠനം നടത്തിയത്. 9000 പേരിൽ നടത്തിയ ഈ പഠനത്തിൽ, 1990ന്റെ ആദ്യം ഗർഭിണി ആയിരുന്നവരുടെയും അവരുടെ കുട്ടികളുടെയും വിവരങ്ങൾ ശേഖരിച്ചു.

ഗർഭകാലത്ത് അമ്മയുടെ  പഞ്ചസാര ഉപയോഗവും അവരുടെ കുട്ടികളിൽ 7 വയസ്സിൽ ഉണ്ടായ ആസ്ത്‌മയും അലർജിയും തമ്മിലുള്ള ബന്ധം അപഗ്രഥിച്ചു. പൊടി, പുല്ല്, പൂച്ച മുതലായവ ചർമത്തിൽ അലർജി ഉണ്ടാക്കുന്നുണ്ടോ എന്നും പരിശോധിച്ചു.

ഗർഭകാലത്തെ പഞ്ചസാര ഉപയോഗത്തിന് ആസ്ത്‌മയുമായി വലിയ ബന്ധമൊന്നും കണ്ടില്ല. എങ്കിലും അലർജിയും അലർജി മൂലമുള്ള ആസ്‌ത്‌മയും തമ്മിൽ മധുരോപയോഗത്തിന് ശക്തമായ ബന്ധം ഉണ്ടെന്നു കണ്ടു.

കാലത്ത് പഞ്ചസാര അമിതമായി ഉപയോഗിച്ച 20 ശതമാനം അമ്മമാരെയും വളരെ കുറച്ചു മാത്രം പഞ്ചസാര ഉപയോഗിച്ച 20 ശതമാനം അമ്മമാരെയും താരതമ്യം ചെയ്തു. ഇവരുടെ കുട്ടികളില്‍ അലർജി ഉണ്ടാകാനുള്ള സാധ്യത 38 ശതമാനവും അലർജി മൂലമുള്ള ആസ്ത്‌മ ഉണ്ടാകാനുള്ള സാധ്യത 101 ശതമാനവും ആണെന്നു കണ്ടു.

അമ്മയുടെ പ്രത്യേകതകൾ, സാമൂഹ്യഘടകങ്ങൾ, ഭക്ഷണം, കുട്ടിക്കാലത്തെ ആസ്ത്‌മയും അലർജിയുമായി ബന്ധമുള്ള  ഭക്ഷണവും പോഷകങ്ങളും ഉൾപ്പെട്ട ഭക്ഷണം ഇവയെല്ലാം ഗവേഷകർ പരിശോധിച്ചു.

കുഞ്ഞുങ്ങൾ ചെറുപ്പകാലത്ത് മധുരം ഉപയോഗിക്കുന്നതും ആസ്ത്‌മയുമായി ബന്ധമൊന്നും ഇല്ലെന്നും വ്യക്തമായതായി യൂറോപ്യൻ റെസ്പിറേറ്ററി ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

സ്ത്രീകളിലെ മദ്യപാനത്തിന് ഇങ്ങനെയുമൊരു പ്രശ്നം!

അമിതമായ മദ്യപാനം സ്ത്രീകളില്‍ പ്രത്യുല്‍പാദനശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഡാനിഷ് സര്‍വകലാശാലപഠനം. ആഴ്ചയില്‍ 14 പെഗില്‍ കൂടുതല്‍ മദ്യം കഴിക്കുന്നവരിലാണ് പ്രത്യുൽപാദന ശേഷിക്കുറവു കണ്ടെത്തിയത്. 18 ശതമാനത്തോളം ശേഷിക്കുറവാണ് പഠനഫലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആഴ്ചയില്‍ ഒന്നു മുതല്‍ ഏഴ് പെഗ് വരെ കഴിക്കുന്നവരുടെ പ്രത്യുൽപാദനശേഷിയില്‍ കുറവുകള്‍ കണ്ടെത്തിയിട്ടില്ല.

വൈന്‍, ബിയര്‍ തുടങ്ങി താരതമ്യേന ഹാനികരമല്ല എന്നു വിശ്വസിക്കുന്ന മദ്യയിനങ്ങളും പ്രത്യുൽപാദനശേഷിയെ ബാധിക്കുന്നുണ്ട്. ഇക്കാര്യവും പഠനത്തില്‍ വ്യക്തമായെന്നു ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ലഹരി കൂടിയ മദ്യത്തോളം തന്നെ ഹാനികരമാണ് കൂടിയ അളവില്‍ ലഹരി കുറഞ്ഞ മദ്യം കഴിക്കുമ്പോഴും സംഭവിക്കുന്നത്‌.

വികസിത രാജ്യങ്ങളില്‍ ഇരുപത്തിനാല് ശതമാനമാണ് വന്ധ്യതാനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ക്കായി ശ്രമിക്കുമ്പോള്‍ തന്നെ മദ്യപാനം ഒഴിവാക്കുന്നത് നല്ലതാണെന്ന് പൊതുവേ വിദഗ്ദരുടെ പക്ഷം. എന്നാല്‍ മദ്യം എത്രമാത്രം പ്രത്യുൽപാദനശേഷിയെ ബാധിക്കുമെന്ന് നിരീക്ഷിക്കുന്ന തരത്തിലുള്ള പഠനം ഇത് ആദ്യമായാണ് നടക്കുന്നത്.

അമിതമദ്യപാനം ആര്‍ത്തവചക്രത്തെ ബാധിക്കുമെന്നും പഠനം പറയുന്നു. ആറായിരത്തിലേറെ സ്ത്രീകളിലാണ് പഠനം നടന്നത്. ബ്രിട്ടിഷ്‌ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം സ്ത്രീകളില്‍ മാത്രമാണ് നടന്നതെങ്കിലും കുട്ടികള്‍ക്കായി ശ്രമിക്കുമ്പോള്‍ ദമ്പതികളില്‍ രണ്ടുപേരും മദ്യം ഒഴിവാക്കുന്നത് തന്നെയാണു നല്ലതെന്നും പറയുന്നു. മദ്യപാനം പുരുഷന്‍റെ ബീജഗുണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഒട്ടേറെ പഠനങ്ങൾ നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്.

കടപ്പാട്-മനോരമ ഓണ്‍ലൈന്‍.കോം© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate