Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യപരിപാലനം

കൂടുതല്‍ വിവരങ്ങള്‍

വാ​ത​രോ​ഗ​ങ്ങൾ അറിയേണ്ടത്

കോളേജ് വിദ്യാർത്ഥികളെ പോലും ഇപ്പോൾ വാതരോഗങ്ങൾ അലട്ടുന്നുണ്ട്. രാവിലെ ഉറങ്ങിയുണരുമ്പോൾ കാലുകൾ നിലത്തുറപ്പിക്കാൻ പ്രയാസം, കൈകൾ ഉയർത്താൻ ബുദ്ധിമുട്ട് എന്നിവയെല്ലാം വാതരോഗങ്ങളുടെ സൂചനയാകാം. സന്ധികളിൽ കടുത്ത വേദന, പനിയോടു കൂടിയുള്ള വേദന, തരിപ്പ്, കണങ്കാലിൽ വേദന, നടുവിനും കഴുത്തിന് പിൻഭാഗത്തും വേദന, അമിത വിയർപ്പ്, അകാലത്തിൽ ചുളിയുന്ന ചർമം തുടങ്ങിയ ലക്ഷണങ്ങൾ കൂടിയുണ്ടെങ്കിൽ വാതരോഗമാണെന്ന് ഉറപ്പിക്കാം. ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കണം.

ചിലരുടെ പനി പുറമെ കാണില്ലെങ്കിലും സഹിക്കാനാകാത്ത വേദന അലട്ടിക്കൊണ്ടിരിക്കും. ഉറങ്ങിയെഴുന്നേൽക്കുന്ന സമയത്തായിരിക്കും വാതരോഗ ലക്ഷണങ്ങൾ ശക്തമായി പ്രകടമാവുക. ജോലികളിലേക്ക് കടക്കുന്നതോടെ ഇതിന്‍റെ ശക്തികുറഞ്ഞുവരും. പലരും ഇതുകൊണ്ടുതന്നെ രോഗലക്ഷണങ്ങളെ കാര്യമായി എടുക്കാറില്ല. ഇത് പിന്നീട് രോഗം മൂർച്ഛിക്കുന്നതിന് കാരണമാകാറുണ്ട്. സന്ധിവാതം, ആമവാതം, രക്തവാതം തുടങ്ങിയവയാണ് വാതരോഗങ്ങളിൽ മിക്കവാറും കാണുന്നവ. ജീവിതശൈലിയിൽ വന്ന മാറ്റം വാതരോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. വേണ്ടത്ര വ്യായാമമില്ലാത്തതും ഫാസ്റ്റ് ഫുഡുകളുമെല്ലാം വാതരോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു.

സമയം തെറ്റിയുള്ള ആഹാരം, കഴിച്ച ആഹാരം ദഹിക്കുന്നതിന് മുമ്പ് വീണ്ടും കഴിക്കുന്നത്, വിരുദ്ധ ആഹാരം, ഭക്ഷണത്തിന് മുമ്പും ഇടയിലും ശേഷവും അളവിൽ കൂടുതൽ വെള്ളം കുടിക്കുക, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ് ഇവയെല്ലാം വാതരോഗങ്ങൾക്ക് കാരണമായി തീരുന്നു. ജോലിഭാരം മൂലമോ യാത്രാതിരക്കുകൾ കാരണമോ സമയത്ത് ആഹാരം കഴിക്കാൻ പലരും ശ്രദ്ധിക്കാറില്ല. വീട്ടമ്മമാരുടെ കാര്യത്തിൽ പോലും സ്ഥിതി ഇങ്ങനെയായിരിക്കും. വീടുകളിൽ കുട്ടികൾക്ക് പോലും പലപ്പോഴും വിരുദ്ധാഹാരങ്ങൾ നൽകുന്നതും പതിവാണ്. മീൻ കഴിക്കുന്നതിനൊപ്പം പാലു കുടിക്കുന്നതും രാത്രികാലത്ത് തൈര് കഴിക്കുന്നതുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. എരുവ് കൂടിയതും ശരീരത്തിന് ഹാനികരമായ പദാർത്ഥങ്ങൾ കൊണ്ട് ഉണ്ടാക്കുന്നതുമായ ഫാസ്റ്റ് ഫുഡുകൾ, തണുത്ത ആഹാരങ്ങൾ, പഴകിയ ആഹാരങ്ങൾ ചൂടാക്കിയത് എന്നിവയെല്ലാം ദോഷകരമായി തീരുന്നു. ആമവാതത്തിന് പ്രധാന കാരണം ഈ ജീവിതരീതി തന്നെയാണ്.

ബൈക്കുകളിലെ സ്ഥിരമായുള്ള യാത്ര, ദിവസേനയുള്ള യാത്രകൾ എന്നിവയെല്ലാം സന്ധിവാതത്തിന് കാരണമാകുന്നു. ഇതുപോലെ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ, കമ്പ്യൂട്ടറിന് മുന്നിലുള്ള മണിക്കൂറുകൾ നീണ്ടയിരിപ്പ് എന്നിവയെല്ലാം വാതരോഗങ്ങൾക്ക് കാരണമാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് വാതരോഗങ്ങൾ വരാൻ കൂടുതൽ സാദ്ധ്യത. മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാവും രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക. ചെറിയ ബുദ്ധിമുട്ടുകൾ തോന്നുമ്പോൾ തന്നെ ചികിത്സിച്ചു തുടങ്ങുന്നതാണ് ഏറ്റവും നല്ലത്.

മുടികൊഴിച്ചിലിന് ഹോമിയോപ്പതി

മുടികൊഴിച്ചിലിന് പ്രതിവിധി തേടുന്ന നിരവധിപേരെ സമൂഹത്തില്‍ കാണാം. ത്വക്കിനടിയില്‍ സ്ഥിതിചെയ്യുന്ന വിവിധ കോശങ്ങളെയും ഹോര്‍മോണ്‍ ഗ്രന്ഥികളെയും മറികടന്ന് മുളച്ച് അഴകില്‍ വളര്‍ന്നു നില്‍ക്കുന്നവയാണ് മുടി. ആരോഗ്യസംബന്ധമായ ഒട്ടനവധി പ്രശ്‌നങ്ങള്‍ക്കൊപ്പം കാണുന്ന ലക്ഷണങ്ങളാണ് മുടിഊരല്‍, അകാലനര, താരന്‍ എന്നിവ. ദീര്‍ഘനാള്‍ നിലനിന്നിരുന്ന ജ്വരം, അതിസങ്കീര്‍ണമായ ശസ്ത്രക്രിയ, മാനസിക സമ്മര്‍ദ്ദം എന്നിവ മുടിയുടെ നിലനില്‍പ്, ഭംഗി, വളര്‍ച്ച തുടങ്ങിയവയെ സ്വാധീനിക്കുന്നു. തൈറോയ്ഡ് പ്രശ്‌നങ്ങള്‍, രക്തക്കുറവ്, ത്വഗ്രോഗങ്ങള്‍, കാന്‍സര്‍, കാന്‍സര്‍ ചികിത്സകള്‍, ചിലതരം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം തുടങ്ങിയവയും മുടിവളര്‍ച്ചയെ തടസ്സപ്പെടുത്തും. താരന്‍ എന്ന ഫംഗസ് രോഗമാണ് സാധാരണവും വ്യാപകവുമായി മുടികൊഴിച്ചില്‍ ഉണ്ടാക്കുന്നത്. എണ്ണമയമുള്ള ധൂളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് താരന്‍. ഇത് ശിരോചര്‍മത്തിന് വായുസഞ്ചാരവും രക്തപ്രവാഹവും അന്യമാക്കി രോമകൂപങ്ങള്‍ അടയ്ക്കുകയും കിളിര്‍ക്കുന്ന മുടിക്ക് നിലനില്‍പ്പില്ലാതാക്കുകയും ചെയ്യുന്നു. ചിലരില്‍ നാണയത്തിന്‍റെ വട്ടത്തില്‍ പലഭാഗങ്ങളില്‍ മുടി ഇളകിവീഴുന്നത് താരന്‍ പിടികൂടുന്നതു മൂലമാണ്. ഇത് പാരമ്പര്യമില്ലാതെ തന്നെ കഷണ്ടിയിലേക്ക് നയിക്കാറുണ്ട്. കുട്ടികളില്‍ ഇതിനോടു സമാനമായ മുടികൊഴിച്ചില്‍ കാണുന്നു. തലയില്‍ കാണുന്ന ഒരുതരം വട്ടച്ചൊറിയാണ് ഇതിന്റെ കാരണം. ഒരു പ്രത്യേക മാനസികാവസ്ഥയില്‍ കഴിയുന്നവര്‍ തലമുടി വലിച്ചും പറിച്ചും ഇരിക്കുന്നത് കാണാം. മാനസിക സംഘര്‍ഷത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഈ സ്വഭാവം കൂടുതലായി കാണുന്നു. തലച്ചോറിന്‍റെ രാസഘടനയിലെ അസന്തുലിതമായ അവസ്ഥ എന്ന നിലയിലാണ് ഇത് ശ്രദ്ധേയമാകുന്നത്. മുടികൊഴിച്ചിലുമായി ബന്ധപ്പെട്ട സുഖക്കേടുകള്‍ക്ക് 50ല്‍പരം ഔഷധങ്ങള്‍ ഹോമിയോപ്പതി ശുപാര്‍ശ ചെയ്യുന്നു. വ്യക്തിഹിത സവിശേഷതകള്‍ കൂടി നിരീക്ഷിച്ചാണ് ഔഷധ നിര്‍ണയം. ഉദാഹരണമായി വിവിധ തരത്തിലുള്ള മുടികൊഴിച്ചില്‍ പ്രശ്‌നങ്ങളെ പ്രതിനിധാനം ചെയ്യുന്ന രണ്ടു മരുന്നിന്‍റെ സവിശേഷ ലക്ഷണ സംഗ്രഹം താഴെ ചേര്‍ക്കുന്നു. ഹോമിയോപ്പതിയില്‍ മരുന്നുകളുടെ ലക്ഷണവും രോഗി കാട്ടുന്ന ലക്ഷണങ്ങളും ഒന്നാണെന്നോര്‍ക്കുക.

സെപ്പിയ (sepia)
കരള്‍സംബന്ധമായ അസുഖങ്ങള്‍ക്കൊപ്പം ഉണ്ടാകുന്ന മുടികൊഴിച്ചില്‍, താരന്‍, മുഖക്കുരു എന്നിവയ്ക്കാണ് ഈ മരുന്ന് ഫലപ്രദമാവുക. ഈര്‍പ്പം തട്ടുന്നതോടെ തല ചൊറിഞ്ഞ് മുടി ഊരിപ്പോവുക, മുഖത്ത് ഭാഗികമായും നെറ്റി പൂര്‍ണമായും കുരുക്കള്‍ വരിക, തണുപ്പ് അസഹ്യമായി തോന്നുക, ദാഹക്കുറവ്, ഏകാഗ്രത നഷ്ടപ്പെടുക, അകാരണ ഭയം, ഉല്‍ക്കണ്ഠ, സങ്കടം എന്നിവയാണ് ഈ മരുന്നിന്‍റെ മറ്റു പ്രത്യേകതകള്‍. ഇത്തരം ലക്ഷണം കാട്ടുന്ന രോഗിയിലാണ് ഈ മരുന്ന് ഫലപ്രദമാവുക.

ഫോസ്ഫറസ് (phosphorus)
ഹൃദ്യമായ പെരുമാറ്റമുള്ള, മെലിഞ്ഞ് ഉയരവും സൗന്ദര്യവുമുള്ള ‘നെര്‍വസ്’ വിഭാഗക്കാരിലാണ് ഈ മരുന്ന് ഫലപ്രദം. ആമാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കൊപ്പം തലയില്‍ താരന്‍ നിറഞ്ഞ് അകാലനരയും മുടികൊഴിച്ചിലും മുഖം നിറയെ കുരുക്കള്‍ പടരുകയും ചെയ്യുന്ന അവസ്ഥയില്‍ ഫോസ്ഫറസ് ഉപയോഗിക്കാം. ക്ഷീണം, ലൈംഗികത, ഉപ്പ്, മധുരപദാര്‍ഥങ്ങള്‍ എന്നിവ അമിതമാകുന്നതു കൊണ്ടുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഫോസ്ഫറസ് ഉപയോഗിക്കാവുന്ന ലക്ഷണങ്ങളില്‍ പെടുന്നു. മറ്റു മരുന്നുകള്‍ ഓരോന്നും സവിശേഷ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഹോമിയോപ്പതിയില്‍ വൈദഗ്ധ്യം നേടിയവരുടെ സഹായത്തോടെ വേണം ഔഷധനിര്‍ണയവും ചികിത്സയും.

ഉലുവയെന്ന ഗൃഹൗഷധി

നമ്മുടെ അടുക്കളയിലെ അവിഭാജ്യഘടകമായ ഉലുവ നല്ല ഒരു ഗൃഹൗഷധി കൂടിയാണ്. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഉലുവയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞിട്ടുണ്ട്. നല്ല കയ്പുള്ള, മഞ്ഞനിറമുള്ള ഉലുവയും അതിന്‍റെ പച്ചനിറമുള്ള ഇലകളും നമ്മുടെ ആഹാരത്തിന്‍റെ ഭാഗമാണ്, തലമുറകളായി. ഉലുവയില്‍ മാംസ്യം, ജീവകം സി, നിയാസിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യവും കാത്സിയവുമുണ്ട്. പിന്നെ മഗ്‌നീഷ്യവും ഫോസ്ഫറസും ഇരുമ്പും സോഡിയവും. ഇതിനൊക്കെ പുറമെ ചെറിയ അളവില്‍ നാകം, ചെമ്പ്, മാംഗനീസ്, സെലീനിയം എന്നിവയും ഉണ്ട്. സ്‌ത്രൈണ ഹോര്‍മോണായ ഈസ്ട്രജന് തുല്യമായ ഡയോസ്ജനിന്‍ എന്ന ഘടകം വേറെയും. ഇങ്ങനെയൊക്കെയാണെങ്കിലും മിതമായ അളവിലേ ഉലുവ കഴിക്കാവൂ.

ഗര്‍ഭിണികള്‍ ഉലുവ കഴിക്കാതിരിക്കുകയാണ് നല്ലത്. മാസം തികയുന്നതിന് മുമ്പേ പ്രസവിക്കുന്നതിന് അത് ചിലപ്പോള്‍ കാരണമാകാം. കൂടുതല്‍ ഉലുവ കഴിക്കുകയാണെങ്കില്‍ ചിലരിലെങ്കിലും ദഹനേന്ദ്രിയ വ്യൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ്. മാത്രമല്ല, ചില മരുന്നുകള്‍ കഴിക്കുന്നവരില്‍ ഇത് ആ മരുന്നുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. ചിലരില്‍, കൂടിയ അളവില്‍ ഉലുവ കഴിക്കുന്നതിന്‍റെ ഫലമായി അലര്‍ജി പ്രതികരണങ്ങള്‍ ഉണ്ടാകാവുന്നതാണ്. ചിലപ്പോള്‍ വയറിളക്കവും. മിതമായ അളവില്‍ ഉലുവ കഴിക്കുകയാണെങ്കില്‍ കുറെ നല്ല ഫലങ്ങള്‍ കാണാം.

ഇരുപത്തഞ്ച് ഗ്രാം ഉലുവ പതിവായി കഴിക്കുകയാണെങ്കില്‍ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗീരണം മന്ദീഭവിപ്പിക്കാനും അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ നില ക്രമീകരിക്കപ്പെടാനും കഴിയും. കൊളസ്‌ട്രോളിന്‍റെ നില കുറയ്ക്കാന്‍ ശേഷിയുള്ളതുകൊണ്ട് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത ഇരുപത്തഞ്ച് ശതമാനം കുറയ്ക്കാന്‍ കഴിയുന്നു. സ്ത്രീകളില്‍ ലൈംഗിക താത്പര്യം വര്‍ധിപ്പിക്കാന്‍ ഉലുവയ്ക്ക് കഴിവുണ്ട്. മാത്രമല്ല, ശരീരത്തില്‍ ആവിയെടുക്കുക, പെട്ടെന്ന് സ്വഭാവങ്ങള്‍ മാറുക എന്നീ അവസ്ഥകള്‍ ഉള്ളവരിലും നല്ല ഫലം ലഭിക്കും. ഉലുവയില്‍ ഇരുമ്പിന്‍റെ അംശം അടങ്ങിയിരിക്കുന്നതുകൊണ്ട് രക്തക്കുറവുള്ളവര്‍ക്ക് ഒരു നല്ല പ്രതിവിധിയാണത്.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് വേണ്ടത്ര പാലുണ്ടാകാനും ദഹനശേഷി മെച്ചപ്പെടുത്തുക, മലബന്ധം ഇല്ലാതാക്കുക എന്നിവയ്ക്കും ഒന്നാംതരം ഗൃഹൗഷധിയാണ് ഉലുവ. തൊണ്ടവേദന, ചുമ എന്നിവയില്‍നിന്ന് മോചനം നേടാനും കഴിയും. നാം കറികളില്‍ ഉപയോഗിക്കുന്നതിലൂടെയാണ് ഉലുവ പൊതുവെ കഴിക്കാറുള്ളത്. പച്ചക്കറികൊണ്ടുണ്ടാക്കുന്ന മിക്ക വിഭവങ്ങളിലും ഉലുവ ചേര്‍ക്കാറുണ്ട്. കറികള്‍ താളിക്കുന്നതിലും ഉലുവ ചേര്‍ക്കുന്ന പതിവുണ്ട്. ദോശയ്ക്കും ഇഡ്ഡലിക്കും ഉഴുന്നരയ്ക്കുമ്പോള്‍ കൂടെ ഉലുവയും ചേര്‍ക്കുന്ന ശീലം തലമുറകളായി കണ്ടുവരുന്നു.അല്പം ഉലുവ രാത്രി വെള്ളത്തിലിട്ട് വെക്കുക. രാവിലെ അത് നന്നായി അരച്ചെടുത്ത് തലയില്‍ തേച്ചിരിക്കുക. അരമണിക്കൂറിനുശേഷം തല നന്നായി കഴുകണം. താരന് പരിഹാരം കാണാന്‍ നല്ല വഴിയാണത്. ഒപ്പം അഴകുള്ള മുടി സ്വന്തമാക്കാനും.

അമിതരക്തസമ്മര്‍ദം കുറയ്ക്കാന്‍ വെളുത്തുള്ളി

തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്നാണ് പുതിയ കണ്ടെത്തല്‍. സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ സര്‍വകലാശാലയിലെ ഗവേഷകസംഘമാണ് ഇത്ക ണ്ടെത്തിയിരിക്കുന്നത്. വെളുത്തുള്ളിയുടെ ഗുണം സംബന്ധിച്ച് സര്‍വകലാശാല നടത്തിവരുന്ന പതിനൊന്ന് പഠനങ്ങളില്‍ എല്ലാത്തിലും വെളുത്തുള്ളിയുടെ ഈ ശേഷി അംഗീകരിക്കപ്പെട്ടു. ഗവേഷകസംഘം 600 മുതല്‍ 900വരെ മില്ലിഗ്രാം വെളുത്തുള്ളിയാണ് നിത്യേന രോഗികള്‍ക്ക് നല്കിയത്. ഇത്തരക്കാരില്‍ ശരാശരി 4.6 എന്ന തോതില്‍ അമിതരക്തസമ്മര്‍ദം കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്. രക്തസമ്മര്‍ദം വളരെ ഉയര്‍ന്നതോതിലുള്ള രോഗികളില്‍ വെളുത്തുള്ളിയുടെ ഫലം കൂടിയ തോതിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബീറ്റാ ബ്ലോക്കേഴ്‌സ്‌പോലുള്ള പ്രധാന മരുന്നുകള്‍ ഉണ്ടാക്കുന്നു. അത്രതന്നെ ഫലം വെളുത്തുള്ളിയും കാഴ്ചവെക്കുന്നതായി ഗവേഷകസംഘം തലവന്‍ ഡോ. കാനിന്‍റീഡ് പറയുന്നു. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ചിലയിനം കാന്‍സറുകള്‍ക്കും പ്രത്യേകിച്ചും ഉദരത്തില്‍ കാണപ്പെടുന്നതിന്, വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് അമേരിക്കയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ കോംപ്ലിമെന്‍ററി ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ പറയുന്നു.

കൊളസ്ട്രോൾ അറിഞ്ഞിരിക്കേണ്ടവ

കൊളസ്ട്രോൾ എന്നത് ഒരു രോഗമല്ല. അത് ജീവിതശൈലിയുടെ പ്രശ്നമായി രക്തത്തിൽ കൊഴുപ്പിന്‍റെ അളവ് ഉയരുന്ന ഒരു അവസ്ഥയാണ്. ഉയർന്ന കൊളസ്ട്രോൾ അളവ് കൊണ്ട് പല രോഗങ്ങളും ഉണ്ടാകാം. ഹൃദയാഘാതം, സ്ട്രോക്ക്, പ്രമേഹം, പൊണ്ണത്തടി എന്നിങ്ങനെയുള്ള രോഗങ്ങളിലേക്ക് ഇത് ചെന്നെത്തും. ശരീരത്തിലെ കൊളസ്ട്രോളിന് ചില ധർമ്മങ്ങളുണ്ട്. ശരീര കോശങ്ങളുടെ ആകൃതിയും സംരക്ഷണവും നിലനിറുത്തുവാനും, പ്രത്യുത്പാദനവ്യൂഹത്തിന്‍റെ പ്രവർത്തനത്തിനും ഊർജ്ജം ഉത്പാദിപ്പിക്കാനും കൊളസ്ട്രോളിനെ ശരീരം ഉപയോഗിക്കുന്നു. ശരീരത്തിൽ കാണുന്ന കൊളസ്ട്രോളിന്‍റെ വെറും പത്തുശതമാനം മാത്രമാണ് ഭക്ഷണത്തിൽ നിന്ന് ഉണ്ടാകുന്നത്. ബാക്കി 90 ശതമാനവും കരൾ തന്നെയാണ് നിർമ്മിക്കുന്നത്. കരളിൽ കൊളസ്ട്രോൾ നിർമ്മിക്കുന്ന എൻസൈമുകളുടെ പ്രവർത്തനത്തിന് ഉണ്ടാകുന്ന പാകപ്പിഴകളാണ് കൊളസ്ട്രോൾ കൂടാൻ പ്രധാന കാരണം. കൊളസ്ട്രോളിൽ ട്രൈഗ്ളിസറൈഡ്, എൽ.ഡി.എൽ, എച്ച്.ഡി.എൽ എന്നീ വ്യത്യസ്ത ഘടകങ്ങൾ ഉണ്ട്. ട്രൈഗ്ളിസറൈഡുകൾ പ്രധാനമായും രക്തത്തിലുള്ള കൊഴുപ്പു ഘടകങ്ങൾ തന്നെയാണ്. അമിതഭക്ഷണം, ബേക്കറി ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം, ട്രാൻസ്ന്‍റെ ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ, മദ്യം, വ്യായാമമില്ലായ്മ, മാനസിക പിരിമുറുക്കം,ചിലതരം മരുന്നുകളുടെ ഉപയോഗം, പ്രമേഹരോഗം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവ്. പാരമ്പര്യം എന്നീ ഘടകങ്ങൾ എല്ലാം തന്നെ ട്രൈഗ്ളിസറൈഡ് കൊളസ്ട്രോൾ വർദ്ധിപ്പിക്കും.

ഈ ട്രൈഗ്ളിസറൈഡുകൾ അളവിൽ കൂടിയാൽ അത് രക്തക്കുഴലുകളുടെ ഉള്ളിൽ ഒട്ടിക്കിടക്കുകയും ബ്ളോക്ക് ഉണ്ടാക്കുകയും ചെയ്യും. എൽ.ഡി.എൽ എന്നു വിളിക്കുന്ന കൊളസ്ട്രോൾ ഘടകവും അത്യന്തം അപകടകാരികളാണ്. ചീത്ത കൊളസ്ട്രോൾ എന്നു വിളിക്കുന്ന ഈ ഘടകങ്ങൾ കൂടുതലായാൽ ഹൃദയം, തലച്ചോർ എന്നീ ഭാഗങ്ങളിലേക്കുള്ള രക്തക്കുഴലുകളിൽ ബ്ളോക്ക് ഉണ്ടാക്കുകയും ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എച്ച്.ഡി.എൽ എന്നു വിളിക്കുന്ന നല്ല കൊളസ്ട്രോളിന്‍റെ അളവ് എപ്പോഴും ഉയർന്നു നിൽക്കണം. എച്ച്.ഡി.എൽ. രക്തത്തിന്‍റെ അപകടകാരികളായ കൊളസ്ട്രോളിനെ നിർവീര്യമാക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിലെ കൊഴുപ്പിന്‍റെ അളവ് കുറച്ചാൽ മാത്രം കൊളസ്ട്രോൾ കുറയില്ല. അന്നജത്തിന്‍റെ അമിത ഉപയോഗവും, മധുരപലഹാരങ്ങളും കൊളസ്ട്രോൾ വർദ്ധിപ്പിക്കും. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞിട്ടുള്ളവർക്ക് കൊളസ്ട്രോൾ കൂടുതലാകാം. രക്തസമ്മർദ്ദം, പ്രമേഹം എന്നിവയുള്ളവർക്ക് കൊളസ്ട്രോൾ വർദ്ധിക്കാൻ സാദ്ധ്യത കൂട്ടുന്നു.

ജീവിതസാഹചര്യങ്ങൾ ക്രമപ്പെടുത്തൽ, മാനസിക പിരിമുറുക്കം കുറയ്ക്കുക, സ്ഥിരമായ വ്യായാമം, മിതഭക്ഷണം, പഴവർഗങ്ങൾ, നാരുകൾ, ഇലവർഗങ്ങൾ എന്നിവയടങ്ങിയ ഭക്ഷണം തുടങ്ങിയവ കൊളസ്ട്രോൾ കുറയ്ക്കും. ഹോമിയോപ്പതിയിൽ കൊളസ്ട്രോൾ പ്രശ്നങ്ങൾക്ക് ഏറെ ഫലപ്രദമായ മരുന്നുകളുണ്ട്. ഒരു ഹോമിയോപ്പതി ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ ഉപയോഗിച്ചാൽ സൈഡ് ഇഫക്ടുകൾ ഇല്ലാതെ തന്നെ അപകടകാരികളായ ട്രൈഗ്ളിസറൈഡുകളും എൽ.ഡി.എല്ലും കുറയുകയും ശരീരത്തിന് ആവശ്യമായ എച്ച്.ഡി.എൽ കൊളസ്ട്രോൾ വർദ്ധിക്കുകയും ചെയ്യും.

വെള്ളം കുടി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേനല്‍ കാലത്ത് ശരീര താപനില നിയന്ത്രിക്കുന്നതിന് വെള്ളം അത്യാവശ്യമാണ്. രോഗങ്ങളും അണുബാധയും തടയാന്‍ ഇത് സഹായിക്കും. എങ്കിലും വെള്ളം കുടിക്കുമ്പോള്‍ പലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് വിദഗ്ദരുടെ അഭിപ്രായം. വെള്ളം കുടിക്കുന്ന അളവ് മുതല്‍ വെള്ളം കുടിക്കുന്ന രീതിയില്‍ വരെ കൃത്യതയും ശ്രദ്ധയും പാലിക്കേണ്ടതുണ്ട്.

ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കണം. അത് സാധാരാണവും അനിവാര്യവുമാണ്. എന്നാല്‍ ശരീരം ആവശ്യപ്പെടാതെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ദ്രവ തുലനാവസ്ഥയെ ദോഷകരമായി ബാധിക്കും. അമിതമായി വെള്ളം കുടിക്കുന്നതിന്‍റെ അനന്തരഫലങ്ങള്‍ ഒരു പക്ഷെ നിങ്ങള്‍ കരുതുന്നതിനേക്കാള്‍ അപ്പുറമാണ്.
വെള്ളം അല്‍പ്പാല്‍പ്പമായി മൊത്തിക്കുടിക്കുക വേനല്‍ കാലത്ത് ഇടക്കിടെ ദാഹം വരുന്നതും തൊണ്ടവരളുന്നതും സാധാരണമാണ്. എന്നാല്‍ ഇങ്ങനെ തോന്നുമ്പോഴെല്ലാം വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം വര്‍ധിക്കാന്‍ കാരണമായേക്കും. ഇങ്ങനെ വരുമ്പോള്‍ ഒരു കാര്യം ശീലിച്ചാല്‍ മതി. വെള്ളം ധാരാളമായി വായിലേക്കൊഴിച്ച് വിഴുങ്ങുന്നതിന് പകരം ഗ്ലാസില്‍ നിന്നോ കുപ്പിയില്‍ നിന്നോ അല്‍പ്പാല്‍പ്പമായി മൊത്തിക്കുടിക്കുക. ദാഹം വരുമ്പോഴെല്ലാം വെള്ളം ഇങ്ങനെ മൊത്തിക്കുടിക്കാം. ഇത് ദാഹമകറ്റുകമാത്രമല്ല ജലാംശവര്‍ധനവ് തടയുകയും ചെയ്യും.
വൃക്കകളെ ബാധിച്ചേക്കാം അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തില്‍ വലിയ സമ്മര്‍ദ്ദത്തിനിടയാക്കും. ഇത്തരം സമയങ്ങളില്‍ നിങ്ങളുടെ വൃക്കകള്‍ക്ക് അധികജോലി ചെയ്യേണ്ടതായിവരും. അത് ചിലപ്പോള്‍ അവയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചേക്കാം. സാധാരണ നിലയില്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ ജലയളവ് വര്‍ധിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക. ഹൃദയത്തിനും അമിതഭാരമാകുന്നു അമിതമായി ജലംകുടിക്കുന്നത് ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങളിലും സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. അത് രക്തത്തിന്‍റെ അളവ് വര്‍ധിപ്പിക്കുകയും ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും സമ്മര്‍ദ്ദം നല്‍കുകയും ചെയ്യുന്നു. അവശ്യ ധാതുക്കള്‍ നഷ്ടപ്പെടുന്നതിനിടയാക്കും വെള്ളം ധാരാളമായി ശരീരത്തില്‍ എത്തുമ്പോള്‍ അധിക തവണ മൂത്രൊമൊഴിക്കേണ്ടിവരികയും അതുവഴി ശരീരത്തിന് ആവശ്യമായ ധാതുക്കള്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കും. ശരീരത്തിന് വേണ്ട സോഡിയവും നഷ്ടപ്പെടുന്നു.
ശരീരത്തിന്‍റെ പര്യയന വ്യവസ്ഥയെ ക്ഷീണിപ്പിക്കുന്നു അമിത ജലാംശം താങ്ങാനുള്ള ശേഷി ശരീരത്തില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. അത് ശരീരത്തിന്‍റെ പര്യയന വ്യവസ്ഥയെ ക്ഷീണിപ്പിക്കുകയും അത് തലവേദന, മനംപിരട്ടല്‍, പേശീവേദന, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉണ്ടാക്കുകയും ചെയ്യും. ലിംഗം, വയസ്, ഉയരം, ഭാരം, വ്യായാമക്രമം, ദിനചര്യ, രോഗങ്ങള്‍, തുടങ്ങിയ ഘടങ്ങളെ അടിസ്ഥാനപ്പെടുത്തിവേണം വെള്ളം കുടിക്കാന്‍. ഒരോരുത്തര്‍ക്കും ആവശ്യമായ വെള്ളത്തിന്‍റെ അളവ് വ്യത്യസ്തമായിരിക്കും. മറ്റൊരാളുടെ വെള്ളംകുടി ശീലം അനുകരിക്കാന്‍ ആരും ശ്രമിക്കരുത്.

തേനിന്‍റെ ഗുണങ്ങള്‍

ഏവരേയും ആകര്‍ഷിക്കുന്ന നിറവും മധുരവും തേനിനുണ്ട്. ഇരുമ്പ്, കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ ഉത്തമ കലവറയുമാണ് തേന്‍. കൊളസ്‌ട്രോള്‍,സോഡിയം എന്നിവ തീരെയില്ലാത്ത പ്രകൃതിഭക്ഷണമാണിത്. പ്രതിരോധശേഷി കൂട്ടുന്നതിനുപുറമെ ശരീരം മെലിയുന്നതിനുമുള്‍പ്പെടെ ഒരുപാട് നേട്ടങ്ങള്‍ തേനുപയോഗം കൊണ്ട് ലഭിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും തേന്‍ സഹായിക്കും.

*രണ്ടു സ്പൂണ്‍ തേന്‍കൊണ്ട് ദീര്‍ഘകാലമായുള്ള ചുമ മാറുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തൊണ്ടയ്ക്ക് ആശ്വാസം നല്‍കുന്നതിനോടൊപ്പം അണുബാധയുണ്ടാക്കുന്ന ചില ബാക്ടീരിയെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട് തേന്‍.

*ഒരു ഗ്ലാസ്സ് ചൂട് പാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍ ഉറക്കമില്ലായ്മ മാറിക്കിട്ടും.

*മുറിവിനും പൊള്ളലിനും ഫലപ്രദമായ മരുന്നാണ് തേന്‍. ഇതിന്‍റെ അണുനാശകശേഷി രോഗാണുക്കളുടെ വളര്‍ച്ചയെ തടയും. വീക്കവും വേദനയും കുറയാനും മുറിപ്പാടുകള്‍ മായ്ക്കാനും തേന്‍ സഹായിക്കും.

*പ്രഭാതഭക്ഷണത്തിനു മുന്‍പ് ഒരുഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ തേനും പകുതി നാരങ്ങയുടെ നീരും ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കും.അത് ദഹനവ്യവസ്ഥ മെച്ചപ്പെടുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.

*മദ്യപാനത്തിനു ശേഷമുണ്ടാകുന്ന എല്ലാതരം അലസതയും എതാനും ടീസ്പൂണ്‍ തേന്‍ കുടിച്ച് മാറ്റാം. ഹൃദ്രോഗം തടയും തേന്‍കുടിക്കുന്നതു ശീലമായാല്‍ ഹൃദ്രോഗബാധ പോലും തടയാം. കൊളസ്‌ട്രോള്‍ കുറയാന്‍ തേന്‍ സഹായിക്കും.

*ഉറങ്ങുന്നതിനു മുന്‍പ് തേന്‍ കുടിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പ് സംഭരിക്കുന്നത് കുറയും. മധുരപലഹാരങ്ങളോടുള്ള ആര്‍ത്തി തേന്‍ ഉപയോഗിക്കുന്നതു കൊണ്ട് കുറയ്ക്കാന്‍ കഴിയും. സുന്ദരചര്‍മത്തിന് വരണ്ടചര്‍മം സുന്ദരമാവാന്‍ തേന്‍ നല്ലതാണ്. ചുണ്ടുകള്‍ വിണ്ടുപൊട്ടുന്നതു തടയാന്‍ തേന്‍പുരട്ടിയാല്‍ മതി. കൈമുട്ടുകളിലേയും കാല്‍മുട്ടുകളിലേയും ചര്‍മം മൃദുലമാക്കാന്‍ തേന്‍ പുരട്ടാം.

*താരന്‍ നിയന്ത്രിക്കാം തേന്‍ കുറച്ച് ചൂട് വെള്ളത്തില്‍ കലര്‍ത്തി തലയില്‍ പുരട്ടുന്നതു ചൊറിച്ചില്‍ കുറയ്ക്കുന്നതിനും ഒരാഴ്ചയോളം താരന്‍ നിയന്ത്രിക്കുന്നതിനും സഹായിക്കും. മുടികൊഴിച്ചിലും തടയാം. മുടിയുടെ പട്ടഴക് ഒരു സ്പൂണ്‍ തേന്‍ സാധാരണ ഉപയോഗിക്കുന്ന ഷാംപൂവിലോ ഒലിവെണ്ണയിലോ കലര്‍ത്തി കുളിക്കുന്നതിന് 20 മിനിറ്റു മുന്‍പ് തലയില്‍ പുരട്ടി കഴുകിക്കളഞ്ഞാല്‍ പട്ടു പോലെ മൃദുലമായ മുടി സ്വന്തമാക്കാം.

ആരോഗ്യം നിലനിര്‍ത്താന്‍ കാരറ്റ്

കിഴങ്ങുവര്‍ഗത്തിലെ കാരറ്റ് നമുക്ക് വളരെ പ്രിയപ്പെട്ട പച്ചക്കറിവിളയാണ്. കരോട്ടിനാണ് കാരറ്റിലേറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. കരോട്ടിന്‍ ശരീരത്തില്‍ ജീവകം എ ആയി മാറ്റപ്പെടുന്നു. കൂടാതെ, ജീവകം ബി, ജീവകം സി. എന്നിവയും കാരറ്റില്‍ അടങ്ങിയിരിക്കുന്നു.

100 ഗ്രാം കാരറ്റിലെ പോഷകനില:
ഊര്‍ജം-48 കിലോ കലോറി, കാത്സ്യം-80 മില്ലിഗ്രാം, ഫോസ്ഫറസ്-530 മില്ലിഗ്രാം, സോഡിയം – 35.6 മില്ലിഗ്രാം, പൊട്ടാസ്യം-108 മില്ലിഗ്രാം, ജീവകം സി-1890 മൈക്രോഗ്രാം.ഭക്ഷണവസ്തുക്കളില്‍ നിറംനല്കാനും ഉപയോഗിക്കപ്പെടുന്ന കാരറ്റിന്‍റെ ഔഷധവീര്യം മികവുറ്റതാണ്. ചര്‍മസംരക്ഷണത്തിന് പാലില്‍ അരച്ചുചേര്‍ത്ത പച്ചക്കാരറ്റ് ഔഷധമായി നിര്‍ദേശിക്കപ്പെടുന്നു. കൂടാതെ ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലില്‍ അരച്ചുപുരട്ടുന്നത് ഫലപ്രദമാണ്. പൊള്ളലേറ്റഭാഗത്ത് കാരറ്റും പച്ചമഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നത് നന്ന്. അരഗ്ലാസ് കാരറ്റുനീര് രാവിലെയും വൈകിട്ടും കഴിക്കുന്നത് വായുക്ഷോഭത്തിന് പരിഹാരമാണ്. മലബന്ധമൊഴിവാക്കാന്‍ ദിവസവും ഒന്നോ രണ്ടോ പച്ചക്കാരറ്റ് തിന്നുന്നത് ഗുണം ചെയ്യും. പച്ചക്കാരറ്റ് ചവച്ചുതിന്നുന്നത് പല്ലുകള്‍ ശുചിയാക്കാന്‍ എളുപ്പമാര്‍ഗമാണ്.രണ്ടോ മൂന്നോ ഇടത്തരം പച്ചക്കാരറ്റ് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. രണ്ടു ടേബിള്‍ സ്പൂണ്‍ കാരറ്റുനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്തക്കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ചയ്ക്കും പരിഹാരമാണ്. രക്തശുദ്ധിക്കും കാരറ്റ് ഉത്തമ ഔഷധമാണ്.വായ്പ്പുണ്ണ്, മോണരോഗം എന്നിവയ്ക്ക് കാരറ്റിന്‍റെ പച്ചയിലകള്‍ ദിവസവും രണ്ടോമൂന്നോ പ്രാവശ്യം ചവച്ചു വാ കഴുകുന്ന ചികിത്സയുണ്ട്. മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും കാരറ്റുനീര് കഴിക്കുന്നത് ആശ്വാസമേകും. കുടല്‍ രോഗങ്ങള്‍ക്കും വയറിളക്കത്തിനും ചൂട് കാരറ്റ് സൂപ്പ് ഉത്തമ ഔഷധമാണ്. കാരറ്റിലകള്‍ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വാതരോഗം, സന്ധിവേദന എന്നിവ ദൂരീകരിക്കാന്‍ സഹായിക്കും.കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കേശസംരക്ഷണത്തിനും നേത്രാരോഗ്യത്തിനും കാരറ്റിന്‍റെ പ്രസക്തി ഏറെയാണ്. കാരറ്റ് ചെറിയ കഷണങ്ങളാക്കി വെളിച്ചെണ്ണയില്‍ മൂപ്പിച്ച് തലയില്‍ തേക്കുന്നത് മുടികൊഴിച്ചില്‍ തടയും. കരള്‍രോഗം, മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് കാരറ്റ് ഔഷധമത്രേ. ബുദ്ധിശക്തിക്കും ഓര്‍മശക്തിക്കും കാരറ്റ് അതിശ്രേഷ്ഠം.

ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍ തടികൂടും

ഏറെനേരം ഉറങ്ങുന്നതും മടിപിടിച്ച് ഇരിക്കുന്നതും പൊണ്ണത്തടിയുളളവരുടെ ശീലമാണെന്നാണ് പൊതുവെയുളള ധാരണ. എന്നാല്‍ ആവശ്യത്തിന് ഉറങ്ങാതിരിക്കുന്നതും ഏറെനേരം വിശ്രമിക്കാതിരിക്കുന്നതും ഒരാളെ ഭക്ഷണപ്രിയരാക്കി മാറ്റുമെന്നാണ് പുതിയ പഠനം. ഏറെനേരം ഉറങ്ങുന്നതും തീരെ ഉറങ്ങാതിരിക്കുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യുമെങ്കിലും ആവശ്യത്തിന് ഉറങ്ങിയേ മതിയാകൂ എന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. ഇല്ലെങ്കില്‍ ക്ഷീണത്തോടൊപ്പം അമിത വണ്ണവും നിങ്ങളെ തേടിയെത്തിയേക്കും. 172 പേരില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ലണ്ടനിലെ കിങ്സ് കോളേജിലെ ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 172 പേരില്‍ ഒരു വിഭാഗം പേരെ ആവശ്യത്തിന് ഉറങ്ങാന്‍ അനുവദിച്ചശേഷം അവര്‍ കഴിച്ച ഭക്ഷണത്തിന്‍റെ അളവ് ഗവേഷണസംഘം നിരീക്ഷിച്ചു. എന്നാല്‍ ഒരുവിഭാഗംപേരെ രാത്രി കുറച്ച് മണിക്കൂറുകള്‍ ഉറങ്ങാതിരിക്കാനും നിര്‍ദ്ദേശിച്ചു. അതിനുശേഷം അടുത്ത 24 മണിക്കൂറിനുളളില്‍ അവര്‍ കഴിച്ച ഭക്ഷണത്തിന്‍റെ അളവും ഗവേഷകര്‍ നിരീക്ഷിച്ചു. ആവശ്യത്തിന് ഉറങ്ങാത്തവര്‍ 385 കലോറി ഭക്ഷണം കഴിച്ചപ്പോള്‍ നന്നായി ഉറങ്ങിയവര്‍ മിതമായി മാത്രമേ ഭക്ഷണം കഴിച്ചുള്ളൂ. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവര്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നതില്‍ തത്പരരല്ലായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. ഉറക്കക്കുറവ് ശരീരത്തിന്‍റെ സന്തുലിതാവസ്ഥയോടൊപ്പം വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളായ ലെപ്റ്റിന്‍, ഗ്രെലിന്‍ എന്നിവയുടെ ഏറ്റക്കുറച്ചിലിനേയും സാരമായി ബാധിക്കുന്നതാണ് ഇതിന് പിന്നിലെ കാരണം. ആവശ്യത്തിന് വിശ്രമിച്ചില്ലെങ്കില്‍ വീണ്ടും വീണ്ടും ആഹാരം കഴിക്കാനുളള ആഗ്രഹം തോന്നുകയും ചെയ്യുന്നു. ഇത് ക്രമേണ അമിതവണ്ണത്തിലേക്കും നയിക്കുന്നു. ഗവേഷണഫലങ്ങള്‍ യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യുട്രീഷന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേശസംരക്ഷണം ആയുര്‍വേദത്തിലൂടെ

കറുപ്പ് നിറത്തില്‍ നീണ്ട മുടിയിഴകള്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഇത്തരം മുടിയിഴകള്‍ ആരോഗ്യത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും ലക്ഷണമായി ശാസ്ത്രവും അംഗീകരിക്കുന്നു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കേശസംരക്ഷണത്തിനു വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. മുടികൊഴിച്ചില്‍ ഇന്ന് സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. ചെറിയ തോതിലുള്ള മുടികൊഴിച്ചില്‍ എല്ലാവരിലും ജനനം മുതല്‍ കണ്ടുവരുന്നു. ബലക്കുറവുള്ളതും ക്ഷീണിച്ചതും പഴകിയതുമായ മുടിയിഴകള്‍ കൊഴിഞ്ഞ് പുതിയ മുടികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ, അമിതമായ മുടികൊഴിച്ചില്‍ സ്ഥിരമായി നിലനില്‍ക്കുന്നുവെങ്കില്‍ അതിനെ രോഗാവസ്ഥയായി കണക്കാക്കണം. അതിനു ചികിത്സ ആവശ്യമാണ്. കേശസംരക്ഷണത്തില്‍ വളരെ പ്രാധാന്യം നല്‍ക്കുന്ന ഒരു ശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദത്തില്‍ മുടികൊഴിച്ചില്‍ പിത്തരോഗമായി കണക്കാക്കപ്പെടുന്നു. മുടികളുടെ സംരക്ഷണവും പോഷണകര്‍മ്മവും നിര്‍വഹിക്കുന്നത് പിത്ത ദോഷമാണ്. പിത്തദോഷത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് മുടികൊഴിച്ചില്‍, അകാലനര, കഷണ്ടി തുടങ്ങിയവയ്ക്ക് കാരണമായി ആയുര്‍വേദം ചൂണ്ടിക്കാണിക്കുന്നത്.

ഭക്ഷണരീതി
തെറ്റായ ഭക്ഷണരീതികള്‍ തന്നെയാണ് മുടികൊഴിച്ചിലിനു പ്രധാന കാരണം. പിത്തവര്‍ധകമായ എരിവ്, പുളി, ഉപ്പ്, മസാലകള്‍ തുടങ്ങിയവയുടെ അമിതോപയോഗം, മാംസാഹാരം, വിരുദ്ധാഹാരങ്ങള്‍, തൈരിന്‍റെ അമിത ഉപയോഗം, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, മധുര പലഹാരങ്ങള്‍, പഞ്ചസാര, മൈദ, ഡാല്‍ഡ തുടങ്ങിയവയുടെ അമിത ഉപയോഗം തെറ്റായ ഭക്ഷണശൈലിയില്‍പ്പെടുന്നു.
രക്തക്കുറവ്
രക്തക്കുറവ് മുടികൊഴിച്ചിലിന്‍റെ മറ്റൊരു പ്രധാന കാരണമാണ്. രക്തത്തില്‍ ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍ മുടികളുടെ ബലക്കുറവിനും മുടികൊഴിച്ചിലിനും കാരണമാകുന്നു.
വെള്ളം
ക്ലോറിന്‍ കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നതിലൂടെ മുടികൊഴിച്ചിലുണ്ടാകാം. മറ്റു തരത്തിലുള്ള അഴുക്ക് കലര്‍ന്ന വെള്ളവും രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളവും മുടികളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.
സോപ്പ്, ഷാംപൂ –
സോപ്പ്, ഷാംപൂ തുടങ്ങിയവയുടെ അമിത ഉപയോഗം മുടിയുടെ പ്രകൃതിദത്തമായ എണ്ണമയത്തെ ഇല്ലാതാക്കി മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.
മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍
ചില പ്രത്യേകതരം മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍, രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍, ഉറക്ക ഗുളികകളുടെ ഉപയോഗം തുടങ്ങിയവ മുടിയുടെ ആരോഗ്യത്തിനു ദോഷമാകുന്നു. കീമോ തെറാപ്പി പോലുള്ള ചികിത്സയും മുടികൊഴിയാന്‍ കാരണമാകുന്നു.

രോഗങ്ങളെ ചെറുക്കാന്‍ ചുവന്നുള്ളി

പ്രോട്ടീന്‍, വിറ്റമിനുകള്‍, സള്‍ഫര്‍ തുടങ്ങിയ രാസഘടകങ്ങളാല്‍ ഉത്കൃഷ്ടമാണ് ചുവന്നുള്ളി. ആധുനിക ശാസ്ത്രപ്രകാരം രോഗാണുനാശനം, ഹൃദയസംരക്ഷണം, പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവുനിയന്ത്രണം, ആസ്ത്മ, കാന്‍സര്‍ എന്നീ രോഗങ്ങളെ ചെറുക്കുക തുടങ്ങിയ നിരവധി ഗുണങ്ങള്‍ ചുവന്നുള്ളിക്കുണ്ട്. നാട്ടുവൈദ്യസമ്പ്രദായങ്ങളിലും ഉള്ളിക്കുള്ള പങ്ക് അതിപ്രശംസനീയംതന്നെ. പനി, ചുമ, ശ്വാസംമുട്ടല്‍, വിശപ്പില്ലായ്മ, ദഹനക്കുറവ്, മൂത്രാശയരോഗങ്ങള്‍, ആര്‍ത്തവരോഗങ്ങള്‍, ചര്‍മരോഗങ്ങള്‍, വിഷബാധ എന്നിവയില്‍ ചുവന്നുള്ളി ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു.ചുവന്നുള്ളിയുടെ ഏതാനും ചില ഔഷധപ്രയോഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1.ചുവന്നുള്ളിനീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് പനി, ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട് എന്നിവയെ ശമിപ്പിക്കും.
2.ചുവന്നുള്ളി ചതച്ച് ഇടയ്ക്കിടെ മണപ്പിക്കുന്നത് മോഹാലസ്യം, തലവേദന, ജലദോഷം എന്നീ അവസ്ഥകളില്‍ നല്ലതാണ്.
3.ലേശം കറിയുപ്പ് ചേര്‍ത്ത് ചുവന്നുള്ളി വയറുവേദനയ്ക്ക് സേവിക്കാം.
4.ചുവന്നുള്ളി അരച്ച് കഴിക്കുന്നത് മൂത്രവര്‍ധകമാണ്. ചുവന്നുള്ളി കഷായം മൂത്രതടസ്സത്തിനും മൂത്രം ചുടിച്ചിലിനും നല്കാവുന്നതാണ്.
5.ചുവന്നുള്ളി വെള്ളത്തില്‍ തിളപ്പിച്ച് ചെറുചൂടോടുകൂടി സേവിക്കുന്നത് ആര്‍ത്തവസംബന്ധമായ നടുവേദനയ്ക്കും മറ്റു വിഷമതകള്‍ക്കും ഫലപ്രദമാണ്.
6.രക്താര്‍ശസ്സില്‍ ചുവന്നുള്ളി ചെറുതായി നുറുക്കി പാലില്‍ കാച്ചി പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ രക്തസ്രാവം നില്‍ക്കും.
7.ചുവന്നുള്ളിയും ശര്‍ക്കരയും കൂട്ടി കഴിക്കുന്നത് കുട്ടികളുടെ വളര്‍ച്ചയ്ക്കു നന്ന്.
8.കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി ചുവന്നുള്ളിനീരും നാരങ്ങാനീരും ചേര്‍ത്ത് കഴിക്കാവുന്നതാണ്. 10-20 മി.ലി. ഉള്ളിനീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാലും കൊളസ്‌ട്രോള്‍ വര്‍ധന നിയന്ത്രിക്കാം.
9.പുകയില കഴിച്ചുണ്ടാകുന്ന വിഷാംശത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിന് ചുവന്നുള്ളിനീര് സേവിക്കുന്നത് ഉത്തമമത്രേ.
10.ചുവന്നുള്ളിനീരും കടുകെണ്ണയും സമാസമം ചേര്‍ത്ത് പുരട്ടുന്നത് വാതസംബന്ധമായ നീര്‍ക്കെട്ടും വേദനയും അകറ്റും.
11.ചുവന്നുള്ളി ചതച്ച് ഇന്തുപ്പുമായി ചേര്‍ത്ത് ചൂടാക്കി കിഴികെട്ടി അര്‍ശോരോഗികളില്‍ വിയര്‍പ്പിക്കാം.
12.ചുവന്നുള്ളിനീര് എരുക്കിലയില്‍ തേച്ച് വാട്ടി പിഴിഞ്ഞ് നന്നായി അരിച്ചെടുത്ത് ചെറുചൂടോടുകൂടി ചെവിയില്‍ നിറുത്തുന്നത് ചെവിവേദനയ്ക്കും കേള്‍വിക്കുറവിനും നല്ലതാണ്.
13.മുറിവുകളിലും ചതവുകളിലും ചുവന്നുള്ളി അരച്ചു പുരട്ടുന്നത് ചുടിച്ചിലകറ്റാന്‍ സഹായിക്കും.
14.തേള്‍ മുതലായ വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകളില്‍ കടിയേറ്റ ഭാഗത്ത് ചുവന്നുള്ളിനീര് പുരട്ടുന്നത് ഏറെ ഗുണംചെയ്യും.

ഭക്ഷണശീലങ്ങള്‍ സുഖനിദ്രയെ ബാധിക്കും

സുഖനിദ്ര ഇഷ്ടപ്പെടാത്തവര്‍ ആരെങ്കിലുമുണ്ടോ? പക്ഷേ സുഖനിദ്ര ഇന്നത്തെ തലമുറയിലെ പലര്‍ക്കും അന്യമാണ്. ഒരു ദിവസത്തെ ശാരീരികപ്രക്രിയകളാണ് രാത്രിയിലെ നല്ല ഉറക്കത്തിന് സഹായിക്കുന്നത്. കഴിക്കുന്ന ആഹാരം, കുടിക്കുന്ന പാനീയങ്ങള്‍ എന്നിവയൊക്കെ സുഖനിദ്രയെ ബാധിക്കും. പ്രത്യേകിച്ച് വൈകുന്നേരം ആറു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെയുള്ള ഭക്ഷണശീലങ്ങള്‍ സുഖകരമായ ഉറക്കത്തെ സാരമായി ബാധിക്കാം. അവയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് വളരെ നല്ലതാണ്. രാത്രി ഏറെ വൈകി അത്താഴം കഴിക്കുന്നവരുണ്ട്. അവര്‍ കഴിവതും ഇറച്ചി ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഒന്‍പതു മണിക്ക് ശേഷം മാംസാഹാരങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. കൊളസ്‌ട്രോള്‍ ലെവല്‍ കൂടുക മാത്രമല്ല, അമിതവണ്ണമുണ്ടാകാനും കാരണമാകും. കൊഴുപ്പ് അധികമായ മാംസാഹാരങ്ങളില്‍ പ്രോട്ടീന്‍ കൂടുതലാണ്, അത് ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. അതുകൊണ്ട് ഉറക്കചക്രത്തെപ്പോലും ഇത് ബാധിക്കും. കൂര്‍ക്കംവലിയും ഉറക്കത്തിനുള്ള തടസ്സവും പിറ്റേ ദിവസത്തെ ഉന്മേഷത്തെപ്പോലും കെടുത്തും.

ശ​രീ​ര സംരക്ഷണത്തിന് ചില വഴികള്‍

മെലിഞ്ഞ ശരീരം എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ തീരെ മെലിഞ്ഞു പോയാൽ പ്രശ്നമാകും. തടി കൂടിയവർ മെലിയാൻ കഷ്ടപ്പെടുമ്പോൾ മെലിച്ചിൽ അകറ്റി ശരീരപുഷ്ടി നേടാൻ പെടാപ്പാടുപെടുന്നവർ ഏറെയാണ്. ഇങ്ങനെയുള്ളവർ ആദ്യം തന്നെ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. വണ്ണം വയ്ക്കുക എന്നത് 50 ശതമാനം നമ്മുടെ ജീനുകൾ തന്നെ നിശ്ചയിക്കുന്നതാണ്. അതിനാൽ ഇതിൽ പെടാത്ത 50 ശതമാനത്തിലാണോ നാം ഉൾപ്പെടുന്നത് എന്ന് കണ്ടെത്തി അതിനു പരിഹാരം തേടുകയാണ് ഉചിതം. ചില ആൾക്കാർ എത്ര കഴിച്ചാലും മെലിഞ്ഞു തന്നെയിരിക്കുന്നുഎന്നതും ജീനുകളുടെ സ്വഭാവ പ്രത്യേകതകളിൽപ്പെടും. എന്നാൽ ശരീരാകൃതി നമ്മുടെ ജീവിതചുറ്റുപാടുകൾ പ്രധാനമായും ഭക്ഷണശീലങ്ങൾ, ഭൂപ്രകൃതി എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും.മെലിഞ്ഞ ശരീരമുള്ളവരുടെപ്രധാന പ്രശ്നം അവർ കഴിക്കുന്ന ആഹാരത്തിന്‍റെ അളവ് വളരെ കുറവാണ് എന്നതാണ്. ഇവരിൽ വിശപ്പ് എന്നത് വളരെ ചെറിയ അളവിൽ മാത്രമാണുള്ളത്. അതിനാൽ ഇവർക്ക് ഒരു പരിധിയിൽ കൂടുതൽ കഴിക്കാനാവില്ല.

അവരവർക്ക് ചെലവാകുന്നതിലുമധികം ഊർജ്ജം ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുമ്പോൾ അത് ശരീരം കൂട്ടിവയ്ക്കുന്നു. ഇത് തുടർന്ന് കൊണ്ടിരിക്കുമ്പോൾ സ്വാഭാവികമായും വണ്ണം കൂടുകതന്നെ ചെയ്യും. ഇതിൽ പെടാത്തവരാണ് എത്ര കഴിച്ചാലും വണ്ണം വയ്ക്കാത്തവർ. മെറ്റബോളിക് റേറ്റ് കൂടുതലായിരിക്കും എന്നതാണ് ഇവരുടെ പ്രശ്നം. വണ്ണം കൂട്ടാൻ ശ്രമിക്കുന്നവർ പലരും ഭക്ഷണക്രമത്തിന്‍റെ കാര്യത്തിൽ മാത്രമായിരിക്കും ശ്രദ്ധ കൊടുക്കുക. എന്നാൽ ശരീരഭാരം കൂടുന്നതോടൊപ്പം ശരീരത്തിന് രൂപഭംഗിയും വേണമെങ്കിൽ വ്യായാമവും ഉൾപ്പെടുത്തേണ്ടതുണ്ട്. അവയവങ്ങൾക്ക് ദൃഢതയും വലിപ്പവും ആകൃതിയും വേണമെന്നുണ്ടെങ്കിൽ അതതു ഭാഗങ്ങൾക്ക് വേണ്ട വ്യായാമംകൂടി ചെയ്യണം.

ശരീരഭാരം കൂട്ടാൻ ഉദ്ദേശിക്കുന്നവർ ഇനി പറയുന്ന കാര്യങ്ങൾ ജീവിതരീതികളിൽ ഉൾക്കൊള്ളിക്കണം. ഇതിൽ പ്രധാനം പ്രഭാതഭക്ഷണത്തിനു തന്നെയാണ്. കാരണം വിശപ്പിനെ ഉണർത്തുന്നതും പ്രഭാതഭക്ഷണം തന്നെയാണ്. കൂടുതൽ പ്രോട്ടീനും കാർബോഹൈട്രേറ്റ്സും അടങ്ങിയവ ഉൾപ്പെടുത്തുക, പ്രഭാതഭക്ഷണത്തിനുശേഷം നേന്ത്രപ്പഴം കഴിക്കുന്നതും ഉചിതമാണ്. വിശപ്പില്ലായ്മ ഉള്ളവർ കുറച്ച്ദൂരം നടക്കുന്നതോ, ഓടുന്നതോ വിശപ്പ് വർദ്ധിപ്പിക്കാൻ സഹായിക്കും. അതുമല്ലെങ്കിൽ നിങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങൾ ഈ സമയത്ത് കഴിക്കാൻ ശ്രമിക്കുക. പഴവർഗങ്ങളുടെചെറുമധുരം നിങ്ങളിൽ വിശപ്പുണർത്തും. കഴിക്കുന്നതിന് മുൻപോ കഴിക്കുമ്പോഴോ വെള്ളം കുടിക്കരുത്. ഇത് നിങ്ങളുടെ വയർ പകുതി നിറഞ്ഞ പ്രതീതി ഉണ്ടാക്കും. അതുമൂലം ധാരാളം ആഹാരം കഴിക്കാൻ പറ്റാതെയാകും.
ഒറ്റദിവസം കൊണ്ട് ധാരാളം ആഹാരം കഴിക്കാൻ ശ്രമിക്കരുത്. മറിച്ച്, അഞ്ചോ, ആറോ തവണകളായി കഴിക്കാൻ ശ്രമിക്കുക. രണ്ടോ മൂന്നോ മണിക്കൂറുകൾ ഇടവിട്ട് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുക, ശരീരഭാരം കൂട്ടാൻ ആഗ്രഹമുള്ളവർ രാത്രികാലങ്ങളിൽ വൈകി ഭക്ഷണം കഴിക്കുന്നതാവും നല്ലത്. രാത്രികാലങ്ങളിലെ അമിതാഹാരം തീർച്ചയായും ശരീരഭാരം കൂട്ടുക തന്നെ ചെയ്യും. പാലും പാൽ ഉത്പന്നങ്ങളും ധാരാളമായി കഴിക്കുക. ഉണക്ക പഴങ്ങൾ കഴിക്കുന്നതും അണ്ടിപ്പരിപ്പ്, ബദാം, ഈന്തപ്പഴം മുതലായവ കഴിക്കുന്നതും ശരീരഭാരം കൂട്ടാൻ സഹായിക്കുന്നു. കൂടുതൽ കലോറി അടങ്ങിയ ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയും ശരീരഭാരം കൂട്ടാൻ സഹായിക്കുന്നു. ഒരു കാരണവശാലും ഇന്നലെ കഴിച്ചതിനേക്കാൾ കുറവ് കലോറി ആകരുത് നാളെ. എപ്പോഴും അത് കൂട്ടിക്കൊണ്ടിരുന്നാൽ ക്രമേണ ശരീരഭാരം കൂടുക തന്നെ ചെയ്യും. ആയുർവേദം അനുശാസിക്കുന്ന ലേഹ്യങ്ങളും വളരെ ഫലപ്രദമായി കണ്ടുവരുന്നു.

ക്യാന്‍സര്‍ രോഗത്തിന്‍റെ ലക്ഷണങ്ങള്‍

മാനവരാശി ഇന്ന് ഭീതിയോടെ കാണുന്ന രോഗങ്ങളില്‍ പ്രധാന സ്ഥാനമാണ് ക്യാന്‍സറിന്. ജീവനേയും ജീവിതത്തേയും തല്ലികെടുത്താന്‍ ശേഷിയുള്ള ഈ വിനാശകാരിയായ രോഗം പ്രാഥമികാവസ്ഥയില്‍ കണ്ടെത്താനാകില്ലയെന്നാതാണ് പ്രധാന വെല്ലുവിളി. പ്രധാനമായും മനുഷ്യരില്‍ കാണപെട്ടിട്ടുള്ള ക്യാന്‍സറുകളും അവയുടെ രോഗലക്ഷണങ്ങളും ചുവടെ ചേര്‍ക്കുന്നു. ഈ ലക്ഷണങ്ങള്‍ കൊണ്ടു മാത്രം കാന്‍സര്‍ ഉറപ്പിക്കാനാവില്ല. പക്ഷേ, ലക്ഷണങ്ങള്‍ കാന്‍സറിന്റേതല്ലെന്ന് ഉറപ്പുവരുത്തണം.

സ്തനാര്‍ബുദം
ആഗോളതലത്തില്‍ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളില്‍ ഏറ്റവും മുന്നിലാണ് സ്തനാര്‍ബുദം. എന്നാല്‍, തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കാനായാല്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്നതാണ് സ്തനാര്‍ബുദം.
സ്തനത്തില്‍ തടിപ്പ്, മുഴ, സ്തനത്തിലോ മുഴയിലോ വേദന, സ്തന ചര്‍മ്മത്തില്‍ വ്യത്യാസം, മുലക്കണ്ണില്‍ പൊട്ടല്‍, മുലക്കണ്ണ് ഉള്ളിലേക്കു വളയുക, രക്തമയമുള്ള സ്രവം, കക്ഷത്തിലെ തടിപ്പ്, സ്തനങ്ങിലെ തടിപ്പിലുള്ള വ്യത്യാസം എന്നിവ സ്തനാര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. സ്തനാര്‍ബുദം കണ്ടെത്താനുള്ള പ്രധാന പരിശോധന മാമോഗ്രാഫിയാണ്. കൂടാതെ സ്വയം സ്തന പരിശോധനയിയൂടെയും രോഗം കണ്ടെത്താവുന്നതാണ്.

ഗര്‍ഭാശയഗള കാന്‍സര്‍
മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാവുന്ന കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍ സെര്‍വിക്കല്‍ (കാന്‍സര്‍). സ്താനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാന്‍സറാണിത്. ഗര്‍ഭാശയഗളത്തിലെ കോശങ്ങളിലുണ്ടാകുന്ന മാറ്റമാണ് കാന്‍സറിനു കാരണമാകുന്നത്. രോഗം പ്രകടമാകുന്നതിനു 10–15 വര്‍ഷം മുമ്പു തന്നെ കാന്‍സറിനു കാരണമാകുന്ന കോശമാറ്റങ്ങള്‍ ഗര്‍ഭാശയഗളത്തില്‍ നടക്കും. അതുകൊണ്ട് സ്ക്രീനിങ്ങിലൂടെ കോശമാറ്റങ്ങള്‍ കണ്ടെത്താനും രോഗസാധ്യത തിരിച്ചറിയാനും പറ്റും. ലൈംഗിക ബന്ധത്തിനു ശേഷം രക്തസ്രാവമുണ്ടാകുക, ആര്‍ത്തവങ്ങള്‍ക്കിടയ്ക്കുള്ള സമയത്തെ രക്തംപോക്ക് എന്നിവ ഗര്‍ഭാശയഗള കാന്‍സറിന്‍റെ ലക്ഷണമാവാം. അതുകൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഗര്‍ഭാശഗള കാന്‍സറാണോ എന്നറിയാന്‍ സ്ക്രീനിങ്ങ് നടത്തണം. പാപ്സ്മിയറാണ് ഗര്‍ഭാശയഗള കാന്‍സറിന്‍റെ പ്രധാന സ്ക്രീനിങ്ങ് പരിശോധന. വേദനയോ പാര്‍ശ്വഫലങ്ങളോ വളരെ പെട്ടെന്ന് ചെയ്യാവുന്നതുമായ പരിശോധനയാണിത്. നഗ്നനേത്രങ്ങള്‍ കൊണ്ട് ഗര്‍ഭാശയമുഖത്തെ നിരീക്ഷിക്കുകയാണ് ആദ്യ പടി. പിന്നീട് ഗര്‍ഭാശയമുഖത്തിന്‍റെ അകത്തും പുറത്തുമുള്ള കോശങ്ങള്‍ സ്പാറ്റുല എന്ന ഉപകരണം കൊണ്ട് ശേഖരിച്ചു പരിശോധിക്കും. ഈ കോശങ്ങളെ സൂക്ഷ്മ നിരീക്ഷണിയിലൂടെ മാറ്റങ്ങളുണ്ടോയെന്നു നോക്കുന്നു.
പാപ് സ്മിയറില്‍ എന്തെങ്കിലും പ്രകടമായ മാറ്റം കണ്ടാല്‍ കോള്‍പ്പോസ്കോപ്പി പരിശോധന നടത്താം. എച്ച് പി വി ടെസ്റ്റും സ്ക്രീനിങ്ങിന് ഉപയോഗിക്കുന്നു. ഗര്‍ഭാശയഗള കാന്‍സറിനു കാരണമാകുന്ന എച്ച് പി വി ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് സജീവമായ ലൈംഗികബന്ധം തുടങ്ങി രണ്ടു വര്‍ഷം മുതല്‍ പാപ് സ്മിയര്‍ നടത്താം. ആദ്യ മൂന്നു വര്‍ഷത്തില്‍ എല്ലാ പ്രാവശ്യവും തുടര്‍ന്ന് 65 വയസ്സു വരെ മൂന്നു വര്‍ഷത്തിലൊരിക്കലും പരിശോധ നടത്തേണ്ടതാണ്.

പ്രോസ്റ്റേറ്റ് കാന്‍സര്‍ അറിയാം
പുരുഷന്‍മാരില്‍ കണ്ടുവരുന്ന കാന്‍സറാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പ്രായം കൂടുന്നത് ഈ കാന്‍സറിനുള്ള സാധ്യതയെ സ്വാധീനിക്കാം. മൂത്രമൊഴിക്കുന്നതിനുള്ള പ്രശ്നങ്ങളാണ് പ്രേസ്റ്റേറ്റ് കാന്‍സറിന്‍റെ ലക്ഷണമായി കാണുന്നത്. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നതും മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളും കടുത്തവേദനയും അപകട ലക്ഷണങ്ങളായി കരുതേണ്ടതാണ്. രോഗലക്ഷണങ്ങളെ വിലയിരുത്തിയതിനു ശേഷം ശാരീരിക പരിശോധന, സ്കാനിങ്ങ്, ബയോപ്സി എന്നിവ ചെയ്യും. 40 കഴിഞ്ഞാല്‍ പിഎസ്എ ടെസ്റ്റ് എന്നുപറയുന്ന രക്തപരിശോധന നടത്താവുന്നതാണ്. പിഎസ്എ അളവ് എപ്പോഴും കാന്‍സറിന്‍റെ സൂചനയാകണമെന്നില്ല. പിഎസ്എ ഫലത്തോടൊപ്പം, പിഎസ്എ അളവ് നാല് നാനോഗ്രാമോ അതില്‍ കൂടുതലോ ആണെങ്കില്‍ കാന്‍സര്‍ നിര്‍ണ്ണയ പരിശോധനകള്‍ നടത്താറുണ്ട്. 40 വയസ്സിനു ശേഷം എല്ലാ പുരുഷന്‍മാരും വര്‍ഷത്തിലൊരിക്കല്‍ പിഎസ്എ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.

കൊളോറെക്ടല്‍ കാന്‍സര്‍
വന്‍കുടലിലും മലാശയത്തിലുമുണ്ടാകുന്ന കാന്‍സറുകളും ( കൊളോറെക്ടല്‍ കാന്‍സര്‍ ) ലക്ഷണങ്ങളിലൂടെ മുന്‍കൂട്ടി കണ്ടെത്താം. മലത്തിലൂടെ രക്തം പോകുക, മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം, ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന മലബന്ധം, അടിവയറ്റിലുണ്ടാകുന്ന വേദന, ഭാരനഷ്ടം എന്നിവയൊക്കെ ഇത്തരം കാന്‍സറുകളുടെ ലക്ഷണമാവാം. ഇത്തരം ലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍ ഡോക്ടറെ സമീപിക്കണം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വന്‍കുടലില്‍ മുഴകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ 10 വയസ്സിനു മുമ്പേ മറ്റ് അംഗങ്ങളും സ്ക്രീനിങ്ങ് തുടങ്ങണം. മലത്തില്‍ രക്തത്തിന്‍റെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ഫീക്കല്‍ ഔക്കള്‍ട്ട് ബ്ളഡ് ടെസ്റ്റ് ( എഫ്.ഒ.ബി ) കോളനോ സ്കോപ്പി എന്നീ പരിശോധനകളാണ് സ്ക്രീനിങ്ങിനായി ഉപയോഗിക്കുന്നത്. ഇവയില്‍ എഫ്.ഒ.ബി വര്‍ഷന്തോറുമാണ് നടത്തേണ്ടത്. കൂടുതലും പ്രായം ചെന്നവരിലാണ് ഇത്തരം കാന്‍സറുകള്‍ കണ്ടുവരുന്നത് എന്നതുകൊണ്ട് 40 വയസ്സു മുതല്‍ ഇത്തരം സ്ക്രീനിങ്ങിനു വിധേയരാക്കേണ്ടതാണ്.

ശ്വാസകോശ കാന്‍സര്‍
ശ്വാസകോശ കാന്‍സറിന്‍റെ കാര്യത്തില്‍ പലപ്പോഴും രോഗം ഗുരുതരമായി കഴിഞ്ഞേ ലക്ഷണങ്ങള്‍ പ്രകടമാകൂ എന്നതുകൊണ്ടു തന്നെ മുന്‍കൂട്ടി തിരിച്ചറിയല്‍ പ്രയാസമാണ്. പക്ഷേ, രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ചെസ്റ്റ് എക്സ്–റേയിലൂടെ രോഗതീവ്രത ഉണ്ടോ എന്നറിയാം. പുകവലി പതിവാക്കിയവര്‍, ആസ്ബറ്റോസ്, ചില രാസവസ്തുക്കള്‍ എന്നിവയുമായി സ്ഥിരം ബന്ധപ്പെടുന്ന ജോലികളിലേര്‍പ്പെടുന്നവര്‍ തുടങ്ങിയവരെല്ലാം പ്രകടമായ ലക്ഷണങ്ങളില്ലെങ്കിലും സിടി സ്കാന്‍ പരിശോധനയ്ക്കു വിധേയരാകുന്നത് നല്ലതാണ്.

മൂന്നാംലോക രാഷ്ട്രങ്ങളില്‍ കണ്ടെത്തുന്ന 80 ശതമാനം കാന്‍സറുകളും ഗുരുതരാവസ്ഥയിലെത്തിയതിനു ശേഷമാണ് തിരിച്ചറിയപ്പെടുന്നത്. ഇത്തരം കേസുകളില്‍ 70–80 ശതമാനവും മുന്‍കൂട്ടി തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പൂര്‍ണ്ണമായി സുഖപ്പെടുത്താനാവും എന്നതൊരു ദു:ഖ സത്യമാണ്. അതുകൊണ്ടു തന്നെ, സ്പെഷ്യലിസ്റ്റുകളുടെ ഈ യുഗത്തില്‍ ഫാമിലി ഡോക്ടര്‍ എന്ന ആശയത്തിന് പ്രസക്തിയേറുന്നു. വര്‍ഷാവര്‍ഷമുള്ള പരിശോധനകളില്‍ നിങ്ങള്‍ക്കാവശ്യമുള്ള കാന്‍സര്‍ സ്ക്രീനിങ്ങുകള്‍ ഉപ്പെടുത്താനും ലക്ഷണങ്ങളോടൊപ്പം കുടുംബപാരമ്പര്യവും ജീവിതശൈലിയും കണക്കിലെടുത്ത് രോഗം മുന്‍കൂട്ടി തിരിച്ചറിയാനും വേണ്ട സമയത്ത് ചികിത്സ തുടങ്ങാനും കുടുംബ ഡോക്ടര്‍ക്ക് എളുപ്പം കഴിഞ്ഞേക്കും. പുകയില ഒഴിവാക്കുന്നത് ശ്വാസകോശാര്‍ബുദം തടയുന്നതിനു സഹായിക്കും.

ഈ കാന്‍സര്‍ ലക്ഷണങ്ങളിലൂടെ അറിയാം

നാസോഫാരിങ്സ്
മൂക്കൊലിപ്പ്, സ്ഥിരം മൂക്കടപ്പ്, കേള്‍വിക്കുറവ്, കഴുത്തിനു മുകള്‍ വശത്തായി മുഴകളും വീക്കവും.

ലാരിങ്സ്
തുടര്‍ച്ചയായി ഒച്ചയടപ്പ് രണ്ടുമാസത്തില്‍ കൂടുതല്‍.

ആമാശയം
മുകള്‍ വയറ്റില്‍ വേദന, ദഹനക്കുറവ്, ഭാരനഷ്ടം, കറുത്ത നിറത്തിലുള്ള മലം.

സ്കിന്‍ മെലനോമ
കൃത്യമായ അരികുകളില്ലാതെ പടര്‍ന്നു കിടക്കുന്ന തവിട്ടുനിറമുള്ള പാടുകള്‍, ചൊറിച്ചിലുള്ളതോ രക്തം വരുന്നതോ ആയ പാടുകള്‍.

മറ്റ് ത്വക്ക് കാന്‍സറുകള്‍
ത്വക്കിലെ ഭേദമാകാത്ത പാടുകള്‍.

മൂത്രാശയ കാന്‍സര്‍
വേദന, ഇടയ്ക്കിടെയുള്ള ആയാസകരമായ മൂത്രം പോക്ക്, മൂത്രത്തില്‍ രക്തം കാണപ്പെടുക

ടെസ്റ്റിക്കുലര്‍ കാന്‍സര്‍
ഏതെങ്കിലും ഒരു വൃഷണത്തിലുണ്ടാകുന്ന തടിപ്പ്

തൈറോയിഡ് കാന്‍സര്‍
കഴുത്തിലെ വീക്കം

തലച്ചോറില ട്യൂമര്‍
തുടര്‍ച്ചയായ തലവേദന, ഛര്‍ദ്ദി, അപസ്മാരം, ബോധക്ഷയം

ഈ ലക്ഷണങ്ങള്‍ കൊണ്ടു മാത്രം കാന്‍സര്‍ ഉറപ്പിക്കാനാവില്ല. പക്ഷേ, ലക്ഷണങ്ങള്‍ കാന്‍സറിന്റേതല്ലെന്ന് ഉറപ്പുവരുത്തണം.

കി​ഡ്നി​ ​സ്റ്റോൺ​ അറിഞ്ഞിരിക്കേണ്ടവ

കിഡ്നി സ്റ്റോൺ മൂലം ദുരിതമനുഭവിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കല്ല് വൃക്കയിൽ ഒതുങ്ങിയിരിക്കുമ്പോൾ പ്രത്യേക ലക്ഷണങ്ങൾ ഒന്നും കാണണമെന്നില്ല. കല്ലിന്റെ സ്ഥാനം മാറുകയോ അല്ലെങ്കിൽ കല്ലിന്റെ വലിപ്പം കൂടുകയോ ചെയ്യുമ്പോൾ മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. കല്ലിന് അനക്കം സംഭവിക്കുന്നതും രോഗലക്ഷണങ്ങളിൽ ഉൾക്കൊള്ളിക്കാം. കല്ല് വൃക്കയിൽ നിന്ന് ഇറങ്ങിവരുമ്പോഴാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. ആദ്യകാലങ്ങളിൽ വയറിന്‍റെ പിൻഭാഗത്തായാണ് വേദന അനുഭവപ്പെടുക.

ഇങ്ങനെയുണ്ടാകുന്ന വേദന താഴോട്ടുവരികയും അടിവയറ്റിൽ അനുഭവപ്പെടുകയും ചെയ്യും. ജനനേന്ദ്രിയത്തിൽ വരെ വേദന അനുഭവപ്പെടാം. ഈ അവസ്ഥയിൽ വേദന അതിശക്തമായിരിക്കും. ഇടവേളകളിലായിട്ടാകും വേദന അനുഭവപ്പെടുന്നത്. രോഗിയുടെ ദൈനംദിന ജീവിതത്തിൽ ഒട്ടേറെ അസ്വസ്ഥതകളാണ് ഇതുമൂലം ഉണ്ടാവുന്നത്. അതികഠിനമായ വേദന കാരണം ഇരിക്കുവാനോ കിടക്കുവാനോ പോലും കഴിയാത്ത അവസ്ഥയും ഉണ്ടാകാം. ചില രോഗികളിൽ ഓക്കാനവും ഛർദ്ദിയും കാണാറുണ്ട്. ഇടയ്ക്കിടെ മൂത്രമൊഴിക്കുവാൻ തോന്നുക,മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടുണ്ടാവുക, ഇവ കാരണം, രാത്രികാലത്തെ ഉറക്കത്തെപോലും സാരമായി ബാധിക്കാറുണ്ട്.

മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വേദനയും അനുഭവപ്പെടാറുണ്ട്. ചിലരിൽ രക്തത്തോടുകൂടി മൂത്രം വരാറുണ്ട്. ഇങ്ങനെ സംഭവിക്കുന്നതോടൊപ്പം അണുബാധ കൂടിയുണ്ടായാൽ പനിയും വിറയലും വരാം. വൃക്കയിലെ വലിയ കല്ലുകൾ മൂത്ര ഉല്പാദനത്തെ തടസ്സപ്പെടുത്തുന്നവയാണ്. ഈ അവസ്ഥയിൽ ഇടയ്ക്ക് പഴുപ്പും പ്രത്യക്ഷപ്പെടാറുണ്ട്. ഇവയെല്ലാം തന്നെ വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നവയാണ്. വൃക്കകളിലെ കല്ലുണ്ടാകുന്നതിന് പ്രധാനകാരണങ്ങളായി കണക്കാക്കപ്പെടുന്നത്, നാം കുടിക്കുന്ന വെള്ളത്തിൽ കാൽസ്യത്തിന്റെ അളവ് കൂടുതലാണ് എന്നതാണ്. വെള്ളം കുടിക്കാതിരിക്കുന്നവർക്കും ഇതുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ആയുർവേദത്തിൽ ഇതിനെ അശ്മരി എന്നാണ് വിശേഷിപ്പിക്കുന്നത്. കല്ല് എന്നതാണ് അശ്മരി എന്നതിന്‍റെ അർത്ഥം. ആയുർവേദ പ്രകാരം എട്ടുതരം അശ്മരികളാണുള്ളത്. കല്ലുകളിൽ അന്തർലീനമായിരിക്കുന്ന രാസവസ്തുക്കളുടെ ഘടനാപരമായ സവിശേഷതകൾ അടിസ്ഥാനമാക്കിയാണ് തരംതിരിവ്. ശരീരത്തിലെ എല്ലാ വിഷാംശങ്ങളും പുറന്തള്ളുന്ന ജോലി ചെയ്യുന്നത് കിഡ്നികളാണ്. ഒരു തരത്തിൽ ശരീരത്തിന്റെ അരിപ്പയായി കിഡ്നി പ്രവർത്തിക്കുന്നു എന്ന് പറയാം. കിഡ്നികൾക്കു ദോഷം സംഭവിക്കാവുന്ന അനേകം ആഹാരസാധനങ്ങളും പാനീയങ്ങളും ഉണ്ട്. ഇവയിൽ പ്രധാനിയാണ് സോഡ. സ്ഥിരമായി സോഡ ഉപയോഗിക്കുന്നവർക്ക് കിഡ്നിയിലെ രോഗങ്ങൾ വളരെ പെട്ടെന്ന് പിടിപെടുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് സ്റ്റോണിനുള്ള സാധ്യതയെ വർദ്ധിപ്പിക്കുന്നതായി കണ്ടുവരുന്നു. ഫോസ്ഫോറിക് ആസിഡ് കാത്സ്യം പോലുള്ളവയുമായി ചേർന്ന് നെഫ്രോണുകൾഎന്ന കിഡ്നിയുടെ പ്രധാനഭാഗത്തെ ബാധിക്കുന്നു.

കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ
1.വെള്ളം ധാരാളമായി കുടിക്കുക. നമ്മുടെ ശരീരത്തിലെ മാത്രമല്ല കിഡ്നിയുടെ വിഷാംശം പുറന്തള്ളാനും ഇത് വളരെ പ്രധാനമാണ്.
2. മൂത്രമൊഴിക്കാതെ ദീർഘനേരം ഇരിക്കുന്നതും കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതല്ല.
3. ഇല വർഗ്ഗങ്ങൾ ധാരാളമായി കഴിക്കുന്നതും വളരെ നല്ലതാണ്.
4. അധികം എരിവും മസാലയും അടങ്ങിയ ഭക്ഷണവും ഒഴിവാക്കേണ്ടതാണ്.
5. പുകവലിയും മദ്യപാനവും പൂർണമായി ഒഴിവാക്കണം.
6. സ്ട്രെസ്, ടെൻഷൻ എന്നിവയും കിഡ്നിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.
7. കിഡ്നി സ്റ്റോൺ സാധ്യത ഉള്ളവർ കഴിയുന്നതും കാപ്പി കുടിക്കുന്നത് ഒഴിവാക്കുക.
8. എള്ളിന്‍റെ അളവ് ആഹാരക്രമത്തിൽ കൂട്ടുന്നത് ഗുണകരമാണ്.
9. നല്ല ഉറക്കവും കിഡ്നിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
10. വേദന സംഹാര ഗുളികകളുടെ അമിതഉപയോഗവും കിഡ്നിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

ആസ്‌ത്‌മാ രോഗികള്‍ ശ്രദ്ധിക്കേണ്ടവ

ശ്വാസകോശങ്ങളെ ബാധിക്കുന്ന രോഗമാണ് ആസ്‌ത്‌മ. ശ്വാസനാളികള്‍ ചുരുങ്ങി ശ്വാസതടസ്സം അനുഭവപ്പെടുന്ന അവസ്ഥയാണ് ആസ്ത്മ എന്നു പറയാം. കിതപ്പ് എന്ന് അര്‍ഥംവരുന്ന ഗ്രീക് വാക്കായ ‘പാനോസി’ല്‍നിന്നാണ് ആസ്‌ത്‌മ എന്ന പദത്തിന്‍റെ ഉത്ഭവം. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു എന്നതാണ് ആസ്ത്മയുടെ അടിസ്ഥാനപ്രശ്നം. ആയുര്‍വേദത്തില്‍ ‘ശ്വാസരോഗം’ എന്നാണ് ആസ്ത്മ അറിയപ്പെടുക. സ്ത്രീപരുഷ ഭേദമന്യേ ഏതുപ്രായത്തിലും ആസ്ത്മ വരാം. ആസ്‌ത്‌മയ്ക്ക് വഴിയൊരുക്കുന്ന അലര്‍ജിഘടകങ്ങള്‍ നിരവധിയാണ്. വീടിനകത്തും തൊഴിലിടങ്ങളിലും ചുറ്റുപാടുകളിലുമെല്ലാം ഇത്തരം അലര്‍ജിഘടകങ്ങള്‍ ധാരാളമുണ്ട്. ശ്വാസകോശങ്ങളെ അലര്‍ജി ബാധിക്കുന്നതോടെ ആസ്ത്മ ഉണ്ടാകുന്നു. ഒരാളില്‍ത്തന്നെ ഒന്നിലധികം അലര്‍ജിഘടകങ്ങള്‍ ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്. അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ചില രാസവസ്തുക്കള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇവ ശ്വാസനാളങ്ങള്‍ ചുരുങ്ങി ശ്വാസംമുട്ടല്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു. പാരമ്പര്യമായും ചിലരില്‍ ആസ്ത്മ ഉണ്ടാകാം.

ലക്ഷണങ്ങള്‍

ശ്വാസതടസ്സം ഇടയ്ക്കിടെ ഉണ്ടാവുക, ചുരുങ്ങിയ ശ്വാസനാളത്തില്‍ക്കൂടി വായു കടക്കുമ്പോഴുണ്ടാകുന്ന കുറുങ്ങല്‍, ഇടവിട്ട് നീണ്ടുനില്‍ക്കുന്ന ചുമ. കൂടെക്കൂടെ കഫക്കെട്ട്, നെഞ്ചില്‍ വലിഞ്ഞുമുറുക്കം, രാത്രിയില്‍ ചുമ കാരണം ഉറക്കത്തിന് തടസ്സം നേരിടുക, വ്യായാമസമയത്തുണ്ടാകുന്ന ശ്വാസതടസ്സം, ചുമ, ശ്വാസം പുറത്തേക്കു വിടുമ്പോള്‍ ചൂളമടിക്കുന്നപോലെയുള്ള ശബ്ദം, കൂടെക്കൂടെ ജലദോഷവും ചുമയും, അധ്വാനിക്കുമ്പോള്‍ കിതപ്പ്.
രക്തബന്ധമുള്ളവര്‍ക്ക് ആസ്ത്മയോ, അലര്‍ജിയോ അതുമൂലമുള്ള രോഗങ്ങളോ വന്നിട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങളെ പ്രത്യേക പരിഗണനയോടെ കാണണം.

ചികിത്സ

ആസ്ത്മയ്ക്ക് ഇടയാക്കുന്ന ബാഹ്യകാരണങ്ങള്‍ കണ്ടെത്തി അത് ഒഴിവാക്കുന്നത് ചികിത്സയുടെ ഭാഗമാണ്. ഔഷധത്തോടൊപ്പം ജീവിതശൈലി ക്രമീകരണം, ലഘുവ്യായാമം, ശ്വസനവ്യായാമം, വിശ്രമം ഇവയും അനിവാര്യമാണ്. ക്ഷീണം പരിഹരിച്ച് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് പഞ്ചകര്‍മചികിത്സകള്‍ ഫലപ്രദമാണ്. സ്നേഹപാനം, സ്വേദനം, വമനം, നസ്യം, വിരേചനം ഇവ നല്ല ഫലം തരും.

ആസ്ത്മയ്ക്ക് ഔഷധക്കഞ്ഞി

1. പുഷ്കരമൂലവും അരിയും ചേര്‍ത്ത് കഞ്ഞിവച്ചു കുടിക്കുന്നത് ആസ്ത്മയുടെ തീവ്രത കുറയ്ക്കും. 2. മലര്‍, അരി, ഓരിലവേര്, ചുക്ക്, കൂവളത്തിന്‍ വേര്, അയമോദകം, ചതകുപ്പ, വെളുത്തുള്ളി ഇവ ചേര്‍ത്ത് കഞ്ഞിവച്ചുകഴിക്കുന്നത് ആസ്ത്മയ്ക്ക് ആശ്വാസമേകും. കഞ്ഞി രാവിലെ കഴിക്കുന്നതാണ് ഗുണകരം. രാത്രി ഭക്ഷണത്തില്‍നിന്ന് കഞ്ഞി ഒഴിവാക്കാനും ആസ്ത്മരോഗി ശ്രദ്ധിക്കണം.

ഭക്ഷണവും ആസ്‌ത്‌മയും

തണുത്ത ഭക്ഷണം, തുണത്ത വെള്ളം, തൈര്, പാല്‍, പുളിയുള്ള ഓറഞ്ച്, പഴം, പൈനാപ്പിള്‍, കക്ക, ചെമ്മീന്‍, നിറംചേര്‍ത്ത ഭക്ഷണങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഇവ ആസ്ത്മയ്ക്ക് ഇടയാക്കുമെന്നതിനാല്‍ ഒഴിവാക്കണം. മസാല ചേര്‍ത്ത ഭക്ഷണങ്ങള്‍, വിരുദ്ധാഹാരങ്ങള്‍ ഇവയും ഒഴിവാക്കണം.
ആപ്പിള്‍, ഉള്ളി ഇവയിലടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിന്‍ എന്ന പ്രോട്ടീന്‍ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താറുണ്ട്. വെളുത്തുള്ളി, അലര്‍ജിക്ക് കാരണമാകുന്ന ഫ്രീറാഡിക്കിളുകളെ നിയന്ത്രിക്കും. കറികളില്‍ വെളുത്തുള്ളിക്കു പുറമെ ജീരകം, മഞ്ഞള്‍, കറിവേപ്പില, കുരുമുളക് ഇവ ധാരാളം ചേര്‍ക്കുന്നത് ആസ്ത്മാരോഗിക്ക് ഗുണകരമാണ്. കോവയ്ക്ക, പാവയ്ക്ക, പടവലങ്ങ, ചുരക്ക, വെള്ളരി, വഴുതന, ചുണ്ടയ്ക്ക തഴുതാമ ഇവ ഭക്ഷണത്തില്‍ പെടുത്താന്‍ ശ്രദ്ധിക്കണം.

വ്യായാമവും ആസ്‌ത്‌മയും

ശരീരബലം, ശരീരത്തിലെ ജലാംശത്തിന്‍റെ തോത്, അന്തരീക്ഷത്തിലെ ജലാംശം, തണുപ്പ് എന്നീ ഘടകങ്ങളെ കണക്കിലെടുത്താണ് ആസ്ത്മാരോഗിക്ക് ഡോക്ടര്‍മാര്‍ വ്യായാമം നിര്‍ദേശിക്കുക. ആസ്ത്മാനിയന്ത്രണത്തിനുള്ള വ്യായാമങ്ങള്‍ 5–10 മിനിറ്റ്വീതം ദിവസവും മൂന്നുനേരം മതിയാകും. കിതപ്പ് ഒഴിവാക്കാന്‍ വളരെ പതുക്കെ മാത്രമേ എയ്റോബിക് വ്യായാമങ്ങള്‍ ആസ്ത്മാരോഗി തുടങ്ങാവൂ. മെല്ലെയുള്ള നടത്തം ഗുണകരമാണ്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന, ആഴംകുറഞ്ഞ മെല്ലെയുള്ള ശ്വസനവ്യായാമമാണ് ആസ്തമാരോഗിക്ക് ഗുണംചെയ്യുക.

കടപ്പാട് :malayalam.tipofindia.com

3.03703703704
Muhammed rafi May 20, 2018 11:07 PM

വളരെ നല്ല പേജ്.വിവരങ്ങൾ എല്ലാം വളരെ ഉപകാരപ്രദം ആണ്.ഇങ്ങനെ ഒരു ആവിഷ്കരണം നടത്തിയ നിങ്ങൾക്ക് എല്ലാ വിജയാശംസകൾ നേരുന്നു.

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ