Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യനുറുങ്ങുകള്‍
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യനുറുങ്ങുകള്‍

കൂടുതല്‍ വിവരങ്ങള്‍

സ്വഭാവം നോക്കി രോഗം പറയാം

എടുത്തുചാടി തീരുമാനമെടുക്കുന്നവരാണോ നിങ്ങള്‍? കാള പെറ്റെന്നു കേൾക്കുമ്പോഴെ കയറെടുക്കുന്ന സ്വഭാവക്കാർ.... എങ്കിൽ സൂക്ഷിച്ചോളൂ. നിങ്ങൾക്ക് ആമാശയ അൾസർ വരാനുള്ള സാധ്യതയുണ്ട്.

മൂക്കത്താണോ കോപം, എങ്കിൽ കരുതിയിരുന്നോളൂ, നിങ്ങളുടെ വാക്കുകളേല്‍പിക്കുന്ന മുറിവു മാത്രമല്ല ശരീരത്തിലേൽക്കുന്ന മുറിവുകളും ഉണങ്ങാൻ സമയമെടുക്കും.

എന്തിലും ഏതിലും ദോഷം കാണുന്ന ദോഷൈകദൃക്കുകള്‍ക്കും നിരാശാബാധിതർക്കും ഭാവിയിൽ പാർക്കിസൺ രോഗം വരാനുള്ള ‌സാധ്യതയുണ്ട്. ഇതൊക്കെ വായിച്ച്, വല്ലാതെ വ്യാകുലപ്പെടല്ലേ.... എപ്പോഴും ആശങ്കയും ‌വ്യാകുലതയും മാത്രമായാൽ ഹൃദയധമനീ രോഗങ്ങൾക്ക് സാധ്യത കൂടും.

ഒരാൾക്ക് എന്തൊക്കെ രോഗം വരുമെന്നറിയാൻ അയാളുടെ വ്യക്തിത്വ സവിശേഷതകളിലേക്ക് നോക്കിയാൽ മതിയെന്നു പറയുന്നത് ആധുനിക മനഃശാസ്ത്ര പഠനങ്ങളാണ്. അമിതമായ തിടുക്കവും മത്സരമനോഭാവവും ഉത്കണ്ഠയും ഹൃദയധമനീരോഗങ്ങൾക്ക് സാധ്യതയുള്ള പെരുമാറ്റ രീതികളാണെന്നു നേരത്തെ പഠനങ്ങൾ വന്നിരുന്നു. ഇവ മാനസികപിരിമുറുക്കം ഉണ്ടാക്കുന്നു എന്ന ഒറ്റ ലോജിക്കിലാണ് ഈ പഠനഫലങ്ങൾ നിന്നിരുന്നത്. പക്ഷേ, പിന്നീടുവന്ന ‌പഠനങ്ങൾ വ്യക്തിത്വ സവിശേഷതകളുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളെ ‌നിരീക്ഷണ വിധേയമാക്കി. ഒരാളുടെ ശീലങ്ങൾ, വ്യത്യസ്ത ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതി. സാമൂഹികമായ ബന്ധങ്ങൾ, ആരോഗ്യകരമായ സാഹ‌ചര്യങ്ങളെ തിരഞ്ഞെടുക്കാനുള്ള വൈഭവം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ. വ്യക്തിത്വപ്രകൃതങ്ങളും രോഗപ്രതിരോധ ശേഷിയുമായുള്ള ബന്ധവും പഠനവിധേയമായി. എന്തിനേയും ഏതിനേയും എതിർക്കുന്ന പ്രകൃതമുള്ളവരിൽ, പ്രതിരോധകോശങ്ങൾ സ്രവിപ്പിക്കുന്ന സൈറ്റോകൈനുകൾ (ഇവ ‌ശരീരത്തിൽ നീർവീക്കം ഉണ്ടാക്കും.) ധാരാളമുണ്ടാകുന്നെന്ന കണ്ടെത്തൽ ഉദാഹരണം ‌എന്നാൽ, ബഹിർമുഖത്വം ഇത്തരം അമിത പ്രതിരോധപ്രതികരണം കുറയ്ക്കുന്നതായും കണ്ടെത്തി.

ഹൃദ്രോഗവും വ്യക്തിത്വടൈപ്പുകളും

1950–കളിൽ ഹൃദ്രോഗവിദഗ്ധരായ മെയർ ഫ്രീഡ്മാനും ആർ. എച്ച് റോസൻമാനും ഹൃദയധമനി ആരോഗ്യം സംബന്ധിച്ചു പഠനം നടത്തിയപ്പോഴാണ് ശാരീരിക രോഗ‌ങ്ങളും ആരോഗ്യവും ചില സ്വഭാവപ്രത്യേകതകളും തമ്മിൽ ബന്ധമുള്ളതായി കണ്ടത്. 3000 പുരുഷന്മാരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഇവർ ആളുകളെ രോഗസാധ്യ‌തകളനുസരിച്ച് ടൈപ്പ് എ. ടൈപ്പ് ബി എന്നിങ്ങനെ ‌തിരിച്ചു. എന്തിലും ഏതിലും തിടുക്കവും മത്സരമനോഭാവവും കാണിക്കുന്ന, ജോലിഭ്രാന്തന്മാരായ, മുൻകോപമുള്ള ആളുകളെ ടൈപ്പ് എ വിഭാഗത്തിൽപ്പെടുത്തി. അമിതമായ ടെൻഷൻ മൂലം ഉത്പാദിപ്പിക്കപ്പെടുന്ന അടിയന്തിര ഹോർമോണുകളുടെ ‌സ്വാധീനം ഇവരിലെ ‌ഹൃദയ–ധമനീ വ്യ‌വസ്ഥയെ തകരാറിലാക്കുന്നുവെന്ന് അവർ നിരീക്ഷിച്ചു. പൊതുവേ ശാന്തരും സൗമ്യരും എളുപ്പം സന്തോഷം കണ്ടെത്തുന്നവരുമായവരെ ടൈപ്പ് ബി എന്നു വർഗീകരിച്ചു. പിന്നീട് ടൈപ്പ് സി, ടൈപ്പ് ഡി എന്നീ വർഗീകരണങ്ങളും ഉണ്ടായി.

എന്നാൽ, സ്ത്രീകളെ ഉൾപ്പെടുത്തിയിരുന്നില്ല എന്നതുകൊണ്ടും വളരെ പൊതുവായ വർഗീകരണം ആയതിനാലും വ്യക്തിത്വടൈപ്പുകളെ അടിസ്ഥാനമാക്കിയുള്ള പഠന‌ങ്ങൾക്ക് ശാസ്ത്രീയത കുറവാണെന്ന അഭിപ്രായം വന്നു. അതുകൊണ്ട് ‌സ്വഭാവടൈപ്പുകളിലേക്കു പോകാതെ സ്വഭാവപ്രത്യേകതകളും അവയുമായി ബന്ധ‌പ്പെട്ട രോഗസൂചനകളും മനസ്സിലാക്കുന്നതാകും ഉചിതമെന്നാണ് പുതിയ കാഴ്ചപ്പാട്.

പെരുമാറ്റ രീതികളും രോഗവും

വ്യക്തിപ്രകൃതങ്ങളും രോഗസാധ്യതകളും സംബന്ധിച്ച ചില പഠനങ്ങളാണ് ചുവടെ.

∙ എടുത്തുചാട്ടക്കാർ അഥവാ ഇംപൽസീവ് വ്യക്തത്വമുള്ളവർക്ക് ആമാശയ അൾസർ വരാൻ സാധ്യത കൂടുതലെന്ന് ഫിന്നിഷ് പഠനം. മാനസിക സംഘർഷം അനുഭവിക്കുമ്പോള്‍ സാധാരണയിലുമധികം അമ്ലം ഇവരുടെ ആമാശയത്തിലുണ്ടാകുന്നതാണത്രെ കാരണം. ഭക്ഷണം കഴിക്കുന്നതിലും ഈ എടു‌ത്തു ചാട്ടം പ്രതിഫലിക്കുന്നതുമൂലം അമിതവണ്ണത്തിനുള്ള സാധ്യതയുമുണ്ട്.

∙ നോർത്തേൺ അരിസോണ യൂണിവേഴ്സിറ്റിയിലെ ഒരു പഠനം പറയുന്നത് ഉത്‌കണ്ഠാ പ്രകൃതക്കാരിൽ ഉയർന്ന ബിപിക്കും ഹൃദയ–ധമനീപ്രശ്നങ്ങള്‍ക്കും ഇടയുണ്ടെന്നാണ്.

∙ കടിച്ചു കീറാൻ വരുന്ന സ്വഭാവക്കാരിൽ രക്തധമനികൾ ചുരുങ്ങുന്നതു മൂലമുള്ള അതിറോസ്ക്ലീറോസിസിനുള്ള സാധ്യതയുണ്ടത്രെ. 2000–ത്തിലധികം പേരിൽ നടത്തിയ സ്കോട്ടിഷ് പഠനം പറയുന്നതാണിത്. ഇവരിൽ, ശരീരം മുഴുവൻ നീർവീക്കം വരാനുള്ള ‌സാധ്യത ‌കൂടുതലാണെന്ന് മറ്റൊരു അമേരിക്കൻ പഠനം പറയുന്നു. ഇത് ‌ഹൃദ്രോഗം പോലുള്ള മാരകമായ രോഗങ്ങൾക്ക് കാരണമായേക്കാം. ഈ സ്വഭാവക്കാരിൽ ‌പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട പ്രത്യേകതരം പ്രോട്ടീൻ ഉയർന്ന നിരക്കിൽ കാണാറുണ്ടെന്നും ഇതാണ് നീർവീക്കമുണ്ടാക്കുന്നതെന്നും പഠനം ‌പറയുന്നു.

ഇവരിൽ, അരിത്‌മിയ അഥവാ ക്രമാതീതമായ നെഞ്ചിടിപ്പ്, കാർഡിയാക് ഇസ്കീമിയ (ഹൃദയപേശികളിലേക്ക് രക്ത ഓട്ടം കുറയുന്ന അവസ്ഥ) എന്നിവയ്ക്കുള്ള ‌സാധ്യതയുമുണ്ട്. ഇവര്‍ ഇടയ്ക്കിടെ വിഷാദത്തിലടിമപ്പെടാം മുറിവുണങ്ങാനും സമയമെടുക്കും.

∙ അമിത നാണക്കാരിൽ വൈറസ് അണുബാധകൾക്കുള്ള സാധ്യത കൂ‌ടുതലാണെന്നു ചില പഠനങ്ങൾ പറയുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഇവരിൽ ലിംഫ് നോഡുകൾ കുറ‌വാണെന്നതാണ് കാരണം. അണുക്കളെ എതിരിടാൻ സഹായിക്കുന്നവയാണല്ലോ ലിംഫ് നോഡുകൾ.

∙ വൈകാരിക പ്രശ്നങ്ങളെ ഉള്ളിലൊതുക്കുന്നത് ആരോഗ്യകരമായി സുരക്ഷിതമല്ല എന്നാണ് ശാസ്ത്രം പറയുന്നത്. ഇവരിൽ അർബുദ, ഹൃദ്രോഗസാധ്യത വളരെ ‌കൂടുതലാണത്രെ. പുറത്തേക്ക് പ്രകടമാകുന്നില്ലെങ്കിലും. ടെൻഷൻ അനുഭ‌വിക്കുന്ന സമയത്ത് ഇവരുടെ ഹൃദയമിടിപ്പ് കൂടുകയും രക്തക്കുഴലുകൾ വലിഞ്ഞു മുറ‌ുകുകയും രക്തസമ്മർദം കുതിച്ചുയരുകയും ഇതെല്ലാം ഹൃദയ–ധമനി ആരോ‌ഗ്യത്തെ ക്ഷയിപ്പിക്കുകയും ചെയ്യും. പ്രതിരോധ സംവിധാനത്തിന്റെ അമിത പ്ര‌തികരണം നീർവീക്കത്തിനിടയാക്കാം.

∙ എന്തിലും ഏതിലും നെഗറ്റീവ് കാണുന്ന നിരാശാമനോഭാവക്കാരിൽ ആരോ‌ഗ്യവും കൂടെ നിൽക്കില്ല. ഇവരിൽ പാർക്കിൻസൺസ് രോഗം പോലുള്ള നാഡീരോഗ ‌സാധ്യത കൂടുതലാകുമെന്ന് ചില പഠനങ്ങൾ പറയുന്നു.

ആരോഗ്യത്തിനു ചേർന്ന പ്രകൃതം

∙ അർപ്പണബോധവും അടുക്കും ചിട്ടയുമുള്ളവരാണ് ഏറ്റവും മികച്ച ആരോഗ്യടൈപ്പ് വ്യക്തിത്വങ്ങളെന്നാണ് നോട്ടിങ്ഹാം യൂണിവേഴ്സിറ്റി പഠനം പറയുന്നത് ഇവരുടെ സ്വഭാവത്തിലെ അടുക്കും ചിട്ടയും ജീവിതരീതിയിലും പ്രതിഫലിക്കും. അതിനാൽ, രക്തസമ്മർദവും കൊളസ്ട്രോളുമൊക്കെ ഇവരിൽ എപ്പോഴും ആരോഗ്യകരമായ അളവിൽ ആയിരിക്കും.

∙ എപ്പോഴും പ്രത്യാശ കൈവിടാത്തവരും അക്ഷോഭ്യരും ആയവരെ ആരോഗ‌്യവും കൈവിടില്ലെന്നാണ് കാർ‌ണഗിമെലൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ ‌കണ്ടെത്തൽ ഇവർക്ക് പൊതുവേ ടെൻഷ കാണില്ല, സ്വാഭാവിക പ്ര‌തിരോധശേഷി മികച്ചതുമായിരിക്കും.

അഞ്ചു സ്വഭാവങ്ങൾ; ആരോഗ്യപ്രശ്നങ്ങൾ

അമേരിക്കയിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനം വ്യ‌ക്തിത്വവും രോഗസാധ്യതയും സംബന്ധിച്ച് കുറച്ചുകൂടി സൂക്ഷ്മമായ വിലയിരുത്തൽ നട‌‌ത്തിയിട്ടുണ്ട്. അവർ മുതിർന്ന പൗരന്മാരിൽ പക്ഷാഘാതം, ശ്വാസകോശരോഗങ്ങൾ, അമിത ബിപി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഭാവിയിൽ കൂടുതൽ ഉണ്ടാകുമെന്നു കണ്ടെത്തി. അഞ്ച് പ്രധാന സ്വഭാവസവിശേഷതകളെ തിരഞ്ഞെടുത്ത് അതിനെ അടിസ്ഥാനമാക്കിയായിരുന്നു പഠനം ‌നടത്തിയത്. ബിഗ് ഫൈവ് എന്നറിയപ്പെടുന്ന ആ അഞ്ചെണ്ണം ഇവയാണ്. അനുഭവങ്ങളെ തുറന്ന മന‌സ്സോടെ സ്വീകരിക്കുക (ഓപ്പൺനെസ്സ്). മറ്റുള്ളവരുമായി യോജിക്കുന്ന സ്വഭാവം (എഗ്രീയബിൾ), ബഹിർമുഖത്വം (എക്സ്ട്രോവേർട്ട്), ഉത്തരവാദിത്വവും അർ‌പ്പണബോധവും (കോൺഷ്യൻറ്റിയസ്നെസ്), അമിത ഉത്കണ്ഠയും മൂഡ് മാറ്റവും (ന്യൂറോട്ടിസം). ആദ്യ നാലു ഘടകങ്ങൾ മുന്നിട്ടു നിൽക്കുന്നതും ന്യൂറോട്ടിസം കുറഞ്ഞതുമായ വ്യക്തിത്വമാണ് ആരോഗ്യകാരണമെന്നായിരുന്നു പഠനഫലം. ‌മറ്റു ‌നിരീക്ഷണങ്ങൾ ഇങ്ങനെ.

∙ അടുക്കും ചിട്ടയും ഉത്തരവാദിത്ത മനോഭാവവും ഉള്ള കഠിനാധ്വാനികളിൽ പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 37 ശതമാനം കണ്ടുകുറയുന്നു. ∙ അനു‌ഭവങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനുള്ള മനോഭാവത്തിൽ ഒറ്റ യൂണ‌ിറ്റ് വർധനവുണ്ടായാൽ പക്ഷാഘാത സാധ്യത 31 ശതമാനത്തോളം കുറയുന്നു. മറിച്ച് ‌ന്യൂറോട്ടിക് സ്വഭാവം ഒരു യൂണിറ്റ് കൂടുന്നതനുസരിച്ച് ഹൃദ്രോഗം, ‌ശ്വാസകോശരോഗങ്ങൾ, രക്തസമ്മർദം, വാതരോഗം ഇവ വർധിക്കാം. ഇത്തരക്കാരിലെ അതിയായ ഉത്കണ്ഠയും മൂഡ് മാറ്റവും അനുസരിച്ച് അടിക്കടി ഉൽപാദിപ്പിക്കുന്ന കോർട്ടിസോൾ ഹോർമോണുകള്‍ ആണത്രെ രോഗങ്ങൾക്ക് കാരണം.

ഒരാളുടെ വ്യക്തിത്വം കൊണ്ടുമാത്രം രോഗം വരാമെന്നല്ല ഈ പറഞ്ഞതിന്റെ അർഥം, പെരുമാറ്റവും വ്യക്തിത്വവും പോലുള്ള മാനസികഘടകങ്ങൾ കൂടാതെ ജൈവികഘടകങ്ങൾ (ജനിതകസ്വാധീനം), സാമൂഹികഘടകങ്ങൾ (സംസ്കാരം, കുടുംബപാരമ്പര്യം, സാമ്പത്തികം) എന്നിവയും രോഗനിദാനമാകാറുണ്ട്.

വ്യക്തിത്വമെന്നത് പ്രധാനമായും ആദ്യകാല അനുഭവങ്ങളിൽ നിന്നും രൂപപ്പെടുന്നതാണ്. ഒരാളുടെ ആദ്യ അഞ്ചു വർഷങ്ങളിലെ (ജനനം മുതൽ അഞ്ചു വയസ്സുവരെ) അനുഭവങ്ങളാണ് അയാളുടെ വ്യക്തിത്വ വികാസത്തെ ഏറ്റവും ‌സ്വാധീനിക്കുന്നത്. ജീനുകളുമായി ബന്ധപ്പെട്ട് നേരത്തേ ‌തീരുമാനിക്കപ്പെടുന്ന ‌സ്വഭാവങ്ങളും ഉണ്ട്. ഉദാഹരണത്തിന് എംഎസ് ആർ എ പോലുള്ള ജീനുകൾ ഉള്ളവർ പ്രകൃത്യാ നിസ്സാരകാര്യങ്ങള്‍ക്ക് അസ്വസ്ഥപ്പെടുന്നവരായിരിക്കും.

തിരുത്താം ആരോഗ്യത്തിനായി

ഒരാളുടെ വ്യക്തിത്വം പൂർണമായും മാറ്റുക എന്നത് സാധാരണഗതിയിൽ സാധ‌്യമല്ല. എന്നാല്‍ വ്യക്തിത്വപരമായ ചില സവിശേഷതകൾ ചില രോഗങ്ങള്‍ക്കുള്ള സാധ്യത വർധിപ്പിക്കാമെന്നുള്ള തിരച്ചറിവ് രോഗപ്രതിരോധത്തിനും തുടക്കത്തിലേയുള്ള രോഗ‌നിർണയത്തിനും സഹായകമാകും. മാത്രമല്ല, അർബുദം പോലുള്ള രോഗ‌‌ങ്ങൾ വന്നശേഷമെങ്കിലും ആരോഗ്യപരമായ സ്വഭാവരീതികളിലേക്കു മാറുന്നത് ‌രോഗത്തെ അതിജീവിപ്പിക്കാൻ കരുത്തുപകരും, രോഗം വീണ്ടും വരാനുള്ള ‌സാധ്യതയും കുറയ്‍‌ക്കും.

രോഗസാധ്യത കുറയ്ക്കാനായുള്ള ബിഹേവിയറൽ മോഡിഫിക്കേഷൻ പദ്ധതികൾക്ക് വിദേശങ്ങളിലൊക്കെ ഇന്ന് ഏറെ പ്രചാരമുണ്ട്. ഓരോ രോഗവുമായും ബന്ധപ്പെട്ട പ്ര‌‌കൃതങ്ങളെ സ്വയം തിരിച്ചറിയാൻ രോഗിയെ സഹായിക്കുകയാണ് ഈ പദ്ധ‌തിയുടെ ആദ്യപടി. എങ്ങനെയാണ് ഈ പ്രകൃതം ആരോഗ്യത്തിന് ദോഷമാകുന്നതെന്നും; എന്തുകൊണ്ടാണ് ഇതു മാറ്റേണ്ടതെന്നും രോഗിക്കു ‌മനസ്സിലാക്കി കൊടുക്കുന്നു. ഈ അറിവ് അവരുടെ മനോഭാവത്തെ സ്വാ‌ധീനിക്കുകയും സ്വഭാവമാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്യും. ബിഹേവിയറിസ്റ്റ്, ഫിസിയോളജിസ്റ്റ് പോഷകവിദഗ്ധർ എന്നിവർ ചേർന്ന ഒരു ടീം വർക്കാണിത്.

രോഗിയുമായി സംസാരിച്ച്, അമിത ഉത്കണ്ഠയും വിഷാദവുമുണ്ടാക്കുന്ന സാഹച‌ര്യങ്ങൾ ഉണ്ടെങ്കിൽ അവ നേരിടാനുള്ള നിർദേശങ്ങളും റിലാക്സേഷൻ മാർഗങ്ങളും നൽകുന്നു. ഹൃദയധമനീ രോഗങ്ങൾ, അണുബാധകൾ എന്നിങ്ങനെ ഒട്ടേറെ രോഗങ്ങളുടെ ചികിത്സയിൽ ബിഹേവിയറൽ മോഡിഫിക്കേഷൻ ഫലപ്രദമായി ഉപയോഗിക്കുന്നു.

രോഗം സുഖമമാക്കാൻ രോഗിയിലേക്കു തന്നെ തിരിയണമെന്ന മനഃശാസ്ത്രഗവേഷണ ഫലങ്ങൾ ആത്യന്തികമായി ചെന്നെത്തുന്നത് ‌വ്യക്ത്യാധിഷ്ഠിത ചികിത്സ എന്ന ഭാവിവാഗ്ദാനത്തിലേക്കാണ്. ഇത് രോഗചികിത്സയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നതിൽ സംശയമില്ല.

കാൻസർ തടയും വ്യക്തിത്വം

അർബുദസാധ്യതയുള്ളതും അർബുദത്തെ അതിജീവിക്കാൻ കഴിവുള്ളതും എന്ന‌ു രണ്ടുതരം വ്യക്തിത്വങ്ങളുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം.

വികാരങ്ങൾ അടിച്ചമർത്തുന്നതു ദോഷം

 • നല്ലതും ചീത്തയുമായ എല്ലാ വികാരങ്ങളെയും അടിച്ചമർത്തിവയ്ക്കുന്നത് അർബുദ കാരണമാകാം. ∙
 • മറ്റുള്ളവരോട് ദേഷ്യവും ശത്രുതയും കാണിക്കുന്നത്.
 • മാനസികമായ പിരിമുറുക്കം ഉണ്ടാക്കുന്നുവെങ്കിലും അധികമായ കടമകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നത് എന്നിവയും ദോഷകരം തന്നെ.
 • ജീവിതത്തിലെ മാറ്റങ്ങളോട് പൊ‌രുത്തപ്പെടാനാവാത്തതും നെഗറ്റീവ് അല്ലെങ്കിൽ നിരാശാമനോഭാവവും വിശാദവും അർബുദ കാരണമാകാം.
 • മറ്റുള്ളവരെക്കുറിച്ച് അമിതമായും പതിവായും വ്യാകുലതയനുഭവിക്കുന്നവരിലും അർബുദസാധ്യതയുണ്ട്.
 • ദേഷ്യം നിയന്ത്രിക്കുന്നവര്‍
 • എപ്പോൾ നോ പറയണമെന്ന് ഇവർക്കറിയാം.
 • ഏതു സാഹചര്യത്തിലും സമനില കൈവിടില്ല.
 • ടെൻഷനുമായി പൊരുത്തപ്പെടും.
 • സാമൂഹികബന്ധങ്ങളെ കണ്ടെത്താനും നിലനിർത്താനും ഇവര്‍ക്കറിയാം. അമിതമായി വ്യാകുലപ്പെടുന്നത് ഇവരുടെ സ്വഭാവമല്ല– ഇത്തരം മനോഭാവങ്ങൾ അർബുദ‌ത്തെ ‌പ്രതിരോധിക്കുമെന്നു പഠനങ്ങൾ.

ഇതിനും അപവാദങ്ങളുണ്ടാകാം. നല്ലവരും പോസിറ്റീവ് എനര്‍ജിയുള്ളവരുമായവർക്കും കാൻസർ വരാം. എന്നാൽ അര്‍ബുദം ആണെന്നറിഞ്ഞ ശേഷം മേൽപറഞ്ഞ സവിശേഷതകൾ സ്വീകരിച്ചാൽ ‌സ്വാഭാവിക പ്രതിരോധ സംവിധാനം ഉത്തേജിക്കപ്പെട്ട് രോഗമുക്തി എളുപ്പമാകുമെന്നു പഠന‌‌ങ്ങള്‍ പറയുന്നു.

വിവരങ്ങൾക്കു കടപ്പാട്
ഡോ.ടൈറ്റസ് ശങ്കരമംഗലം
ഇരവിപേരൂർ, തിരുവല്ല

ഡോ.റോയ് എബ്രഹാം കള്ളിവയലിൽ
സൈക്യാട്രി വിഭാഗം മേധാവി, പുഷ്പഗിരി മെഡി.കോളജ്, തിരുവല്ല

ചർമത്തിലെ ചൊറിച്ചിൽ നിസ്സാരമാക്കല്ലേ...

ശരീരത്തിലെ ഏറ്റവും വിസ്താരമേറിയ അവയവമാണു ചർമം. ചർമത്തെ ബാധിക്കുന്ന നിരവധി രോഗങ്ങളുണ്ട്. എന്നാൽ ചർമ രോഗങ്ങളി‍ൽ ചിലതെങ്കിലും ആന്തരികാവയവങ്ങളുടെ രോഗത്തിന്റെ ബാഹ്യലക്ഷണമായിരിക്കും. അതായത് ചർമം ശരീരത്തിന്റെ കണ്ണാടിയായി മാറുന്ന അവസ്ഥ. പല ഉൾരോഗങ്ങളുടെയും ലക്ഷണങ്ങൾ ചർമത്തില്‍ മാസങ്ങൾക്കോ വര്‍ഷങ്ങൾക്കോ മുമ്പോ പ്രത്യക്ഷപ്പെട്ടെന്നിരിക്കാം.

∙ ചൊറിച്ചിലിനു പിന്നിൽ
ശരീരം മുഴുവനാണ്ടാകുന്ന അസഹ്യമായ ചൊറിച്ചിൽ ഭാവിയിൽ വരാനിരിക്കുന്ന അര്‍ബുദങ്ങൾ, പ്രത്യേകിച്ച് ലിംഫോമ (Lymphoma)യുടെ ലക്ഷണമാകാം. ഈ രോഗികളെ വിശദമായി പരിശോധിച്ചാലും തുടക്കത്തിൽ രോഗനിർണയം സാധ്യമാകണമെന്നില്ല. ഇടയ്ക്കിടെ പരിശോധനയ്ക്കു വിധേയമാക്കി, രോഗമൊന്നുമില്ലെന്നുറപ്പാക്കണം.

വൃക്കരോഗികളിൽ യൂറിയ (Urea), ക്രിയാറ്റിൻ (Creatin) എന്നീ മാലിന്യങ്ങൾ രക്തത്തിൽ കൂടുന്നതിനാലും കരൾ രോഗികളിൽ ബൈൽ സാൾട്ട് (Bile salt), ബൈൽ പിഗ്മെന്റ് (Bile pigment) എന്നിവയുടെ അളവു വര്‍ധിക്കുന്നതിനാലും ശരീരമാസകലം അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടാം. രക്തത്തിൽ ചുവന്ന രക്താണുക്കൾ കൂടുന്ന രോഗം (Polycythemia) ബാധിച്ചവരിലുണ്ടാകുന്ന ചൊറിച്ചിൽ കുളിച്ചു കഴിയുമ്പോൾ കൂടുതല്‍ അനുഭവപ്പെടുന്നതായി കാണുന്നു.

∙ ഉള്‍രോഗങ്ങൾ ചികിത്സിക്കാം
ചൊറിച്ചിലിനു താൽക്കാലിക ശമനം കിട്ടാൻ പലതരം മരുന്നുകൾ കഴിക്കാനും പുരട്ടാനും ലഭ്യമാണ്. മെൻഥോൾ (Menthol), കാംഫർ (Camphor), ഡൈഫെൻ ഹൈഡ്രാമിൻ (Diphen hydramine), കലാമിൻ (Calamine) എന്നിവ അടങ്ങിയ ലേപനങ്ങളാണു പൊതുവെ കൊടുക്കുന്നത്. എന്നാൽ ചൊറിച്ചിലിനു കാരണമാകുന്ന ഉൾരോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

∙ കൊഴുപ്പുകൾ ചർമത്തിലടിയുമ്പോൾ
രക്തത്തിൽ കൊളസ്ട്രോൾ പോലുള്ള കൊഴുപ്പുകൾ കൂടുന്ന രോഗം വർധിച്ചുവരികയാണ്. പ്രധാന അവയവങ്ങളായ വൃക്ക, ഹൃദയം, തലച്ചോർ എന്നിവിടങ്ങളിലെ രക്തക്കുഴലുകളിൽ ഈ കൊഴുപ്പുകൾ വന്നടിയുമ്പോഴാണ് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുണ്ടാകുന്നത്. ഈ കൊഴുപ്പുകൾ തൊലിയിൽ ചില ഭാഗങ്ങളിലും വന്നടിയാറുണ്ട്.

രക്തത്തിലെ കൊഴുപ്പു ചികിത്സിച്ചു മാറ്റിയാലും തൊലിയിൽ നിന്ന് ഇവ അപ്രത്യക്ഷമാകണമെന്നില്ല. കണ്ണിനു ചുറ്റിലും കൺപോളയിലും മഞ്ഞനിറത്തിലുള്ള തടി‌പ്പുകളും (Xenthelasma), സന്ധികൾക്കു ‌ചുറ്റുമുള്ള‌ ‌തൊലിയിൽ നെല്ലിക്കാവലുപ്പമുള്ള മുഴകളും (Xenthoma tuberosum) കാണാം. എന്നാൽ ഇവയ്ക്കു ചോറിച്ചിലോ വേദനയോ ഉണ്ടാകില്ല.

∙ കരിച്ചു കളയാം
കാർബോളിക് ആസിഡ് (Carbolic acid), ട്രൈക്ലോറോ അസറ്റിക് ആസിഡ് (Trichloro acetic acid) എന്നിവ പുരട്ടിയും ലേസർ (Laser), ഇലക്ട്രോ കോട്ടറി (Electro cautery) ‌എന്നിവ വഴിയും ഇവ കരിച്ചുകളയാന്‍ സാധിക്കും.

∙ തൊലി കറുത്തു തടിച്ചാല്‍
വണ്ണം കൂടുതലുള്ളവരിൽ കഴുത്തിനു പിൻഭാഗം, കക്ഷം. തുടയിടുക്ക് ‌എന്നിവിടങ്ങളിലെ തൊലി കറുത്ത് കട്ടികൂടി വെൽവെറ്റ് പോലിരിക്കും. ഇതാണ് അക്കാന്തോസിസ് നൈഗ്രിക്കൻസ് (Acanthosis Nigricans).

പിറ്റ്യൂട്ടറി, തൈറോയ്ഡ്, അഡ്രീനൽ എന്നീ എൻഡോക്രൈൻ ഗ്രന്ഥികളുടെ ‌പ്രവർത്തനത്തകരാറു കൊണ്ടും ഇതു സംഭവിക്കാം. പക്ഷേ, വളരെ പ്രായമായവരിൽ , ഇത് ആദ്യമായി പ്രത്യക്ഷപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കണം. അത് വയറിനുള്ളിലെ കാൻസറുകളുടെ (കാൻസിനോമ സ്റ്റൊമത്, കോളൺ (Carcinoma Stomach, Colon) ‌എന്നിവയുടെ ലക്ഷണമായിരിക്കാം. ഇത്തരം രോഗികള്‍ക്കു വിദഗ്ധ ‌പരിശോധന ആവശ്യമാണ്.

∙ സാലിസിലിക് ലേപനങ്ങൾ
അക്കാന്തോസിസ് നൈഗ്രിക്കൻസിന് പരിഹാരമായി സാലിസിലിക് ആസിഡ് അടങ്ങിയ ലേപനങ്ങൾ പുരട്ടാം.

ഡോ. കെ. പവിത്രൻ
ഇമേരിറ്റസ് പ്രഫസർ
ഡെര്‍മറ്റോളജി വിഭാഗം
മെഡി.കോളജ്, കോഴിക്കോട്
സീനിയർ കൺസൽറ്റന്റ്
മിംസ്, കോഴിക്കോട്

ഫുഡ് പായ്ക്കറ്റുകൾ നിങ്ങളെ കാൻസർ രോഗിയാക്കുമോ?

ഭക്ഷണം ആകർഷകമായ കവറുകളിൽ പൊതിഞ്ഞിരിക്കുന്നതു കാണുമ്പോഴെ വാങ്ങി കഴിക്കാൻ തോന്നും എന്നാൽ ഈ ഫുഡ് പായ്ക്കറ്റുകളിൽ മാരക വിഷം അടങ്ങിയിട്ടുണ്ട് എന്നറിഞ്ഞാലോ?

ഫാസ്റ്റ് ഫുഡ് ആരോഗ്യത്തിന് ദോഷകരമാണെന്നു നമുക്കറിയാം. എന്നാൽ ഇവയുടെ പായ്ക്കറ്റുകളും അപകടം വിതയ്ക്കുന്നു എന്ന് ഒരു യു. എസ് പഠനം മുന്നറിയിപ്പു നൽകുന്നു.

ഫ്രഞ്ച് ഫ്രൈഡ്, പിസ, ബർഗർ ഇവയെല്ലാം പൊതിയുന്ന കവറില്‍ ഫ്ലൂറിനേറ്റഡ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളിൽ വളർച്ചാവൈകല്യം ഉണ്ടാക്കുന്നതോടൊപ്പം വന്ധ്യത, അർബുദം ഇവയ്ക്കും കാരണമാകും.

മൂന്നിൽ രണ്ടു ഫാസ്റ്റ് ഫുഡ് പായ്ക്കറ്റുകളിലും പി. എഫ്. എസ് പോളിഫ്ലൂറോ ആൽക്കൈൽ ആൻഡ് പെർഫ്ലൂറോ ആൽക്കൈൽ പദാർത്ഥങ്ങള്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തുവാണ് ഭക്ഷണത്തിൽ നിന്നും ജലാംശത്തെ അകറ്റി ഒട്ടിപ്പിടിക്കാതെ അവയെ സംരക്ഷിക്കുന്നത്.

ഈ രാസവസ്തു നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ചിലയിനം കാൻസറുകൾ, ഹോർമോൺ വ്യതിയാനം, ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി, രോഗപ്രതിരോധ ശക്തി ഇല്ലാതാക്കൽ ഇവയ്ക്കു കാരണമാകുന്നു. കുട്ടികളുടെ ശരീരം വിഷഹാരികളായ രാസവസ്തുക്കളോട് വളരെ വേഗം പ്രതികരിക്കും എന്നതിനാൽ കുട്ടികളിലാണ് രോഗസാധ്യത കൂടുതൽ.

യു എസിലെ സൈലന്റ് സ്പ്രിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ എൻവയൺമെന്റൽ കെമിസ്റ്റ് ആയ ലോറൽ ഷെയ്ഡറുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. പഠനത്തിനായി ഷെയ്ഡറും കൂട്ടരും നാനൂറിലധികം സാമ്പിളുകള്‍ ഉപയോഗിച്ചു. ഭക്ഷണ പായ്ക്കറ്റുകൾ, പേപ്പർ ബോര്‍ഡ്, പാനീയങ്ങളുടെ കവറുകൾ തുടങ്ങിയവ പരിശോധിച്ചു.

പഠനസാമ്പിളുകളിലെ പി. എഫ് എസിന്റെ സൂചകമായ ഫ്ലൂറിനെ അനലൈസ് ചെയ്യാൻ പാർട്ടിക്കിൾ ഇന്റഡ്യൂസ്ഡ് ഗാമാ റേ എമിഷൻ (PIGE) എന്ന പുതിയ രീതി ഉപയോഗിച്ചു.

46% പൊതികളിലും പി. എഫ് എസ് അടങ്ങിയിരുന്നു. ഇതിൽ 38% സാൻഡ്‌വിച്ചിന്റെയും ബർഗറിന്റെയും പൊതിയും 56% ബ്രഡിന്റെയും ഐസ്ക്രീമിന്റെയും പൊതിയും ആയിരുന്നു. പാനീയങ്ങളുടെ കവറുകളിലും പി എഫ് എസ് അടങ്ങിയിട്ടുണ്ടെന്നും കണ്ടു.

കൂടാതെ എന്തു തരം PFAS ആണ് അടങ്ങിയിട്ടുള്ളത് എന്നറിയാൻ 20 സാമ്പിളുകൾ വീണ്ടും പരിശോധിച്ചു. ഇതിൽ ആറെണ്ണത്തിൽ പെർഫ്ലൂറോ ഒക്ടാനിക് ആസിഡ് (PPOA) അട‌ങ്ങിയിട്ടുണ്ടെന്നു കണ്ടു. ഇത് ആരോ‌ഗ്യ സുരക്ഷയെക്കരുതി 2011 ൽ യു എസിൽ നിരോധിച്ചതാണ്.

ഭക്ഷണപ്പൊതികൾ കൂടാതെ നോൺസ്റ്റിക് പാത്രങ്ങൾ, വാട്ടർ പ്രൂഫ് ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങളുടെ കോട്ടിങ്ങ് മുതലായവയിലും ഈ രാസവസ്തു അടങ്ങിയിട്ടുണ്ട്. ശ്വസിക്കുമ്പോഴും കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ഈ രാസവസ്തു മനുഷ്യ ശരീരവുമായി സമ്പർക്കത്തിലാകുന്നു.

ഫാസ്റ്റ് ഫുഡുകൾ കഴിയുന്നതും ഒഴിവാക്കണമെന്ന് പഠനസംഘം നിർദേശിക്കുന്നു. ചൂടോടെയും എണ്ണ ചേർത്തതുമായ ഭക്ഷണം ഈ പായ്ക്കറ്റുകളിൽ നിറയ്ക്കുന്നത് ഒഴിവാക്കണമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

ആകർഷകമായി പായ്ക്കു ചെയ്ത് രുചിയൂറുന്ന ഫാസ്റ്റ് ഫുഡ് കുട്ടികൾക്ക് വാങ്ങിക്കൊടുക്കും മുൻപ് ഒന്നു കൂടി ചിന്തിക്കൂ. ഇത് വാങ്ങുക വഴി രോഗങ്ങൾ കൂടിയാണ് നിങ്ങൾ വിലയ്ക്കു വാങ്ങുന്നത്.

താരൻ ചികിത്സിച്ചു മാറ്റാം

ചർമത്തിന്റെ ഉപരിതലത്തിലുണ്ടാകുന്ന മൃതകോശങ്ങളുടെ അളവ് കൂടുകയോ അവ വളരെ വേഗത്തിൽ ഉണ്ടാകുകയോ ചെയ്യുമ്പോൾ താരൻ പ്രത‌്യക്ഷപ്പെടും. ഒപ്പം ചൊറിച്ചിൽ, നീറ്റൽ തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകാം. ചെറിയ അളവിൽ വരണ്ട പൊടിപോലെയുള്ള താരൻ മുതൽ വളരെയധികം കട്ടിയുള്ള പൊറ്റപോലെ ശിരോചർമത്തിലും മുടിയിലും പറ്റിപ്പിടിച്ചിരിക്കുന്ന താരൻ വരെ ഉണ്ടാകാം. ഏറ്റവും കൂടുതലായി കാണപ്പെടുന്ന താരൻ സെബോറിക് ഡെർമറ്റൈറ്റിസ് (Seborrhoeic dermatitis) എന്നതാണ്. പ്രായപൂർത്തിയായവരിലാണ് സാധാരണമെങ്കിലും നവജാതരിലും ചെറിയ തോതിൽ വരാം.

സാധാരണ കാണുന്ന ഒരുതരം ഫംഗസിനു താരനുണ്ടാകുന്നതിൽ വലിയ പങ്കുണ്ട്. സെബേഷ്യസ് ഗ്രന്ഥികളിൽ നിന്നുണ്ടാകുന്ന സ്രവത്തിലെ കൊഴുപ്പുമായി പ്ര‌തി പ്ര‌വർത്തിച്ച് ഈ ഫംഗസ് ഉണ്ടാക്കുന്ന ചില ഫാറ്റി ആസിഡുകൾ ചർമത്തിൽ ചുവന്ന പാടുകളും താരനും ചൊറിച്ചിലും ഉണ്ടാക്കുന്നു. ചിലർക്ക് മുടികൊഴിച്ചിലും വരാം. താരനു കാരണമാകുന്ന മറ്റൊരു രോഗമാണ് സോറിയാസിസ്. സോറിയാസിസ് ഉള്ളവ‌രിൽ ശല്‍ക്കങ്ങൾ കൂടുതലായിരിക്കും. പൊറ്റ പിടിച്ചിരിക്കുകയും ചെ‌യ്യും. ശിരോചർമത്തെ ബാധിക്കുന്ന ഡെർമറ്റോഫൈറ്റോസിസ് എന്ന ഫംഗസ് ബാധയും ഹെയർ ഡൈയുടെയും വീര്യമേറിയ ഷാംപുവിന്റെയും സ്ഥിരമായ ഉപ‌യോഗവും താരനു കാരണമാകാം.

ആന്റിഫംഗൽ മരുന്നുകള്‍

പൊടിപോലെയുള്ള താരന്‍ നീക്കം ചെയ്യാൻ പ്രത്യേക മരുന്നുകൾ ചേർന്നിട്ടില്ലാത്ത വീര്യം കുറഞ്ഞ ഷാംപൂ മതി. അതു കുറച്ചു നാൾ ആവർത്തിക്കണം. സെബോറിക് ഡെർമറ്റൈറ്റിസിന്റെ ചികിത്സയ്ക്ക് ആന്റിഫംഗൽ മരുന്നുകളടങ്ങിയ ഷാംപൂ നൽക‌ുന്നു. ചൊറിച്ചിൽ അധികമുണ്ടെങ്കിൽ സ്റ്റീറോയ്ഡ് ലേപനങ്ങൾ നൽ‌കും. ‌ശിരോചര്‍മത്തെ ബാധിക്കുന്ന സോറിയാസിന് കോൾടാർ അടങ്ങിയ ഷാംപൂ ആണ് പ്രധാനചികിത്സ. ഫലിക്കാത്തവർക്ക് ഉള്ളിൽ കഴിക്കുന്ന മരുന്നുകളുണ്ട്. സോ‌റിയാസിസിന് ഒമേഗാ 3 ഫാറ്റി ആസിഡ്സ് അടങ്ങിയ ആഹാരവും ഗുളികയും സഹായകരമാണ്. ഡെർ‌മറ്റോഫൈറ്റോസിസിന് ആന്റിഫംഗൽ ഗുളികയും ലേപന‌ങ്ങളും നല്ലത്.

ഡോ. സിമി എസ്. എം
കൺസൽ‌റ്റന്റ് ഡെർമറ്റോളജിസ്റ്റ്
ജി ജി ഹോസ്പിറ്റൽ.
അസോഷ്യേറ്റ് പ്രഫസർ, ഗോകുലം മെഡി. കോളജ്, തിരുവനന്തപുരം

മുഖക്കുരു യഥാസമയം ചികിത്സിച്ചില്ലെങ്കിൽ?

കൗമാരപ്രായക്കാരിൽ എൺപതു ശതമാനം പേർക്കും ഒരിക്കലെങ്കിലും മുഖക്കുരു ഉണ്ടാകാറുണ്ട്. പൊതുവേ 10 മുതൽ 12 വയസ്സാകുമ്പോഴാണ് മുഖക്കുരു ഉണ്ടായിത്തുടങ്ങുന്നത്. ചര്‍മത്തിലെ സ്നേഹഗ്രന്ഥികളിൽ (Sebaceous glands) ഉണ്ടാകുന്ന നീർവീക്കമാണ് മുഖക്കുരുവായി പ്രത്യക്ഷപ്പെടുന്നത്. ചുവന്നതോ ചർമത്തിന്റെ നിറത്തിൽ തന്നെ ഉള്ളതോ ആയ കുരുക്കളാണ്(black heads) മുഖക്കുരുവിന്റെ പ്രധാന ലക്ഷണം. കുറച്ചു പേരിൽ പഴുപ്പു നിറഞ്ഞ കുരുക്കളും ഉണ്ടാകാറുണ്ട്. നെഞ്ചിന്റെ മേൽഭാഗത്തും ചുമലിലും മുതുകിന്റെ മേൽഭാഗത്തും മുഖക്കുരു ഉണ്ടാകാം.

കൗമാരപ്രായക്കാരിൽ പ്രായപൂർത്തിയാകുന്ന ഘട്ടത്തിൽ സ്വാഭാവികമായി ഉ‍ണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് മുഖക്കുരുവിന്റെ കാരണം. അമിതമായി വിയർക്കുമ്പോൾ, പ്രത്യേകിച്ച് അന്തരീക്ഷ ഊഷ്മാവും ഈർപ്പവും (humidity) കൂടുമ്പോൾ ചിലരിൽ മുഖക്കുരു വര്‍ധിക്കുന്നതായി കണ്ടുവരുന്നു.

ഓരോ മാസവും ആർത്തവാരംഭത്തിനു മുമ്പായി ചിലരിൽ മുഖക്കുരുവിന്റെ എണ്ണം കൂടാറുണ്ട്. പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (PCOD) ഉള്ളവരിൽ മുഖക്കുരുവിന്റെ എണ്ണം കൂടുന്നതായും സാധാരണ നൽകുന്ന ചികിത്സ ചിലപ്പോൾ ഫലപ്രദമാകാത്തതായും കാണുന്നുണ്ട്. സ്റ്റീറോയ്ഡുകൾ, ക്ഷയരോഗത്തിന്റെയും ചുഴലിയുടെയും ചികിത്സയ്ക്കുപയോഗിക്കുന്ന ചില മരുന്നുകൾ, മാംസപേശീ വലുപ്പം വർധിപ്പിക്കുന്നതിനുള്ള അനബോളിക് സ്റ്റീറോയ്ഡുകൾ തുടങ്ങിയവയുടെ ഉപയോഗം കാരണം മുഖക്കുരുവിനു സമാനമായ കുരുക്കൾ ഉണ്ടാകാം. അപൂർവമായി ആർത്തവ വിരാമത്തോടടുത്തും വരാം.

മുഖക്കുരു പൊട്ടിക്കരുത്

മുഖക്കുരുവും ഭക്ഷണവും തമ്മിൽ ബന്ധമുണ്ടോ? ചോക്ലേറ്റ് കഴിച്ചാൽ കൂടുമോ? ഇത് ചികിത്സിക്കാതെ മാറില്ലേ? പലരും ചോദിക്കുന്നതാണിത്. മുഖക്കുരു യഥാസമയം ചികിത്സിച്ചില്ലെങ്കിൽ കറുത്ത പാടുകളും തഴമ്പുകളും ഉണ്ടാകും. ഇത് പൂര്‍ണായി ചികിത്സിച്ചു മാറ്റുക അസാധ്യമാണ്. എണ്ണത്തിലും തരത്തിലും വ്യത്യസ്തമായിരിക്കും ഓരോരുത്തരിലും മുഖക്കുരു. ഇതും കണക്കിലെടുത്താണ് ‌ചികിത്സ നിർദേ‌ശിക്കുന്നത്.

റെറ്റിനോയ്ഡ് (Retinoid) വിഭാഗത്തിലുള്ള ലേപനങ്ങളാണ് പ്രധാനമായും ‌ഉപയോഗിക്കുന്നത്. ഓരോരുത്തരുടെയും ചർമത്തിന്റെ സ്വഭാവമനുസരിച്ചാണ് (വരണ്ടതോ എണ്ണമയമുള്ളതോ എന്നതനുസരിച്ച്) ക്രീം ജെൽ രൂപത്തിലുള്ള ‌ലേപനങ്ങൾ നിർദേശിക്കുന്നത്.

റെറ്റിനോയ്ഡ് മരുന്നുകള്‍ സൂര്യപ്രകാശവുമായി പ്രതിപ്രവർത്തിക്കുന്നവയായതു കൊണ്ട് പകൽസമയത്തു പുരട്ടരുത്. ശരിയായി ഉപയോഗിച്ചാൽ കുരുക്കളോടൊപ്പം കറുപ്പു നിറവും തഴമ്പുകളും കുറയും.

ക്ളീൻഡോമൈസിൻ (Clindomycin) പോലുള്ള ആന്റിബയോട്ടിക് മരുന്നുകൾ മുഖ‌ക്കുരു ചികിത്സക്കായി ജെൽ രൂപത്തിൽ ലഭ്യമാണ്. എന്നാൽ ഈ മരുന്ന് അൽപകാലത്തേക്ക് ഫലം നൽകുമെങ്കിലും നീണ്ടകാലം ഉപയോഗിക്കുമ്പോൾ മുഖ‌‌ക്കുരു കൂടാം. അതുകൊണ്ട് റെറ്റിനോയ്ഡ് അല്ലെങ്കിൽ ബെൽസോയൽ പെറോക്സൈഡ് അല്ലെങ്കിൽ ബെൻസോയൽ പെറോക്സൈഡ് പോലുള്ള ലേപനങ്ങളും കൂടെ ഉപയോഗിക്കണം.

പഴുപ്പു നിറഞ്ഞ കുരുക്കൾ ഉണ്ടെങ്കിൽ ആന്റിബയോട്ടിക് ഗുളികകൾ നൽകാറുണ്ട്. മേൽപറഞ്ഞ തരത്തിലുള്ള ചികിത്സ ഫലിക്കാത്തവരിലും വളരെയധികം ഉള്ളവരിലും റെറ്റിനോയ്ഡ് വിഭാഗത്തിലുള്ള ഗുളികകളും നൽകാറുണ്ട്. ‌ഗർഭിണികളിലും മുലയൂട്ടുന്നവരിലും റെറ്റിനോയ്ഡ് വിഭാഗം മരുന്നുകൾ ഉപയോഗിക്കാൻ പാടില്ല.

കുരുക്കള്‍ പൊട്ടിക്കാതിരുന്നാൽ കറുത്ത പാടുകളും തഴമ്പുകളും ഉണ്ടാകുന്നത് കുറ‌യ്ക്കാം. കുറഞ്ഞത് ആറ് ആഴ്ചയെങ്കിലും ചികിത്സിച്ചാലേ ഫലം കിട്ടൂ. ചില ‌മരുന്നുകൾ ഉപയോഗിക്കുമ്പോൾ കുരുക്കൾ കുറഞ്ഞാലും ഡോക്ടർ നിർദേശി‌ക്കുന്ന കാലം വരെ ചികിത്സ തുടരണം.

കറുത്ത പാടുകളും തഴമ്പുകളും കുറയ്ക്കാൻ കെമിക്കൽ പീലിങ്, ലേസർ തുട‌ങ്ങിയ ചികിത്സകൾ ഫലപ്രദമാണ്. മുഖക്കുരു ഉള്ള ബഹുഭൂരിപക്ഷം പേരിലും താരന്റെ ശല്യവും കാണാറുണ്ട്.

നെറ്റിയിൽ മുഖക്കുരു കാണുന്നവരിൽ താരൻ ചികിത്സിച്ചു മാറ്റുമ്പോൾ മാത്ര‌മേ ‌മുഖക്കുരുവും കുറയൂ.

ഡോ. സിമി എസ്. എം
കൺസൽ‌റ്റന്റ് ഡെർമറ്റോളജിസ്റ്റ്
ജി ജി ഹോസ്പിറ്റൽ.
അസോഷ്യേറ്റ് പ്രഫസർ, ഗോകുലം മെഡി. കോളജ്, തിരുവനന്തപുരം

ഹൈപ്പോതലാമസിലെ സിഗ്നലുകൾ വഴിതെറ്റി സഞ്ചരിച്ചാൽ?

സ്ത്രീയെ അമ്മയായും ദേവിയുമായും കണക്കാക്കണം എന്നു പറയുമ്പോൾ തന്നെ ഏറ്റവുമധികം അപമാനത്തിനും പീഡനത്തിനും ഇരയാകുന്നതും സ്ത്രീകളാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമുള്ള സ്ത്രീകളിൽ മൂന്നിൽ ഒരു സ്ത്രീ അപമാനിക്കപ്പെടുന്നതായി കണക്ക്.

അമേരിക്കയിൽ മാത്രം വർഷത്തിൽ രണ്ടര ലക്ഷം സ്ത്രീകൾ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാകുന്നുണ്ട്. നാല് സ്ത്രീകളിൽ ഒരാൾ ഇംഗ്ലണ്ടിൽ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുണ്ട്. ഓരോ അര മണിക്കൂറിനുള്ളിലും ഇന്ത്യയിൽ ഒരു സ്ത്രീയും.

മനുഷ്യരുടെ ഇടയിൽ ലൈംഗികത വിചിത്രവും വൈവിധ്യവുമാണ്. ഷൂസ്, ടവൽ, അടിവസ്ത്രം, കണ്ണാടികൾ തുടങ്ങിയ അചേതന വസ്തുക്കളെയും മൃഗങ്ങളെയും മൃത ശരീരങ്ങളെയും കുഞ്ഞുങ്ങളെയും വൃദ്ധരെയുമൊക്കെ ലൈംഗിക ഇംഗിതത്തിനു തിരഞ്ഞെടുക്കുന്നതായായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പങ്കാളിയെ ശാരീരികമായി പീഡിപ്പിച്ചും സ്വയം പീഡിപ്പിച്ചുമുള്ള രതിയും മനുഷ്യരിലുണ്ട്.

ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോണും ഈസ്ട്രജൻ, പ്രൊജസ്‌ട്രോൺ എന്നീ സ്ത്രീ ഹോർമോണുകളുമാണ് മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട ലൈംഗിക ഹോർമോണുകൾ. ആണുങ്ങളിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർഷത്തിൽ 365 ദിവസവും ഉയർന്നു നിൽക്കുന്നു. സ്ത്രീയെ അപേക്ഷിച്ചു പുരുഷനിൽ കാണുന്ന ഉയർന്ന അളവിലുള്ള ടെസ്റ്റോസ്റ്റിറോൺ പുരുഷനെ തീവ്രമായ ലൈംഗികതാല്പര്യത്തിലേക്കു നയിക്കുന്ന ഒരു ഘടകമാണ്. ഒരു വ്യക്തിക്കുണ്ടാകുന്ന പ്രണയം തീവ്രമായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ന്യൂറോട്രാൻസ്മിറ്ററുകളാണ് ഡോപ്പാമിൻ, നോർ എപ്പിനോഫ്രിൻ, സെറോടോണിൻ, ഫിനൈൽ ഈതൈൽ അമിൻ എന്നിവ. ഈ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ കൂടിയ അളവാണ് പ്രണയം ശക്തമായി നിലനിർത്തുന്നത്. ആ അവസ്ഥയിൽ ഉടമഭാവം, അസൂയ എന്നിവ രൂപപ്പെടുന്നു. അതിനാൽ പ്രണയിക്കുന്ന വ്യക്തി മറ്റ് വ്യക്തികളോട് ഇടപെടാതിരിക്കാൻ ആകാവുന്നതൊക്കെ ചെയ്യും.

ബലാത്സംഗം ഒരു സ്വാഭാവിക രതി അല്ല. മനുഷ്യ ലൈംഗികതയിൽ സ്ത്രീയുടെ സമ്മതത്തിന് വളരെ കരുത്തുണ്ട്. ലൈംഗികതയിൽ അധികാരം കൂടുതലുള്ളത് സ്ത്രീക്കാണ് . സ്ത്രീയുടെ സമ്മതമില്ലാതെ നടത്തുന്ന ഏതൊരു ലൈംഗികതയും ബലാത്സംഗമാണ്.

ബലാത്സംഗം ചെയ്യുന്ന ആണിന്റെ മസ്തിഷ്കത്തിൽ സംഭവിക്കുന്ന അനേകം ജൈവ രാസ മാറ്റങ്ങൾ ഉണ്ട്. മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിലെ ഇലക്ട്രിക് സിഗ്നലുകളുടെ സാന്നിധ്യമാണ് മനുഷ്യരിൽ ലൈംഗിക ഉത്തേജനം സൃഷ്ടിക്കുന്നത്. ഹൈപ്പോതലാമസിൽ മീഡിയൽ പ്രീ ഒപ്റ്റിക് ഏരിയ (MPOA) എന്ന ഭാഗം ലൈംഗിക സ്വഭാവത്തെ സ്വാധീനിക്കുന്നു. ഈ ഭാഗത്തിനേൽക്കുന്ന അമിതമായ വൈദ്യുത സിഗ്നൽ അവിടേക്ക് ഡോപോമിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റന്റെ നല്ല ഒഴുക്ക് , ഓര്ബിറ്റഫ്രോണ്ടൽ കോർട്സ്‌സിന് (orbitofrontal cortex)സംഭവിക്കുന്ന തകരാർ എന്നിവയെല്ലാം ചിലരെ വിചിത്രമായ രതിയിലേക്ക് നയിക്കുന്നു.

കാഴ്ച കേൾവി സ്പർശം മുതലായവ ഉളവാക്കുന്ന ലിംബിക് വ്യവസ്ഥ മസ്തിഷ്കത്തിന്റെ പുറംഭാഗമായ കോർട്ടക്സിന് താഴെ നിലനിൽക്കുന്ന ഒരു കൂട്ടം മസ്തിഷ്ക ഭാഗമാണ്. വൈകാരിക അനുഭവങ്ങളുടെയും പ്രേരണയുടെയും ഘടകങ്ങൾ ലിംബിക് വ്യവസ്ഥയുടെ സംയോജിപ്പിച്ചുള്ള പ്രവർത്തനമാണ്, എന്നാൽ ചിലരിൽ കാഴ്ച കേൾവി സ്പർശം മുതലായവ ഉളവാക്കുന്ന സംവേദനങ്ങൾ ലിംബിക് സിസ്റ്റത്തിലേക്ക് തീവ്രമായി അയയ്ക്കുന്നതിനാൽ സ്വയം നിയന്ത്രിച്ചു് ജീവിക്കാൻ അവർക്ക് കഴിയുകയില്ല.
മറ്റുള്ളവരുടെ വേദന ഗ്രഹിക്കുവാനുള്ള മസ്തിഷ്ക ശേഷിയില്ലാത്ത ചിലരുണ്ട്. അവരുടെ മസ്തിഷ്കത്തിലെ ചില വ്യവസ്ഥകളിൽ ന്യൂനതകൾ കാണും . പ്രീഫ്രോണ്ടൽ കോർട്ടക്സ് (prefrontal cortex )ആണ് നമ്മുടെ ബോധത്തിന്റെയും പക്വതയുടേയും കേന്ദ്രം. പ്രീഫ്രോണ്ടൽ കോർട്ടക്സിന്റെ ചില ഭാഗങ്ങളിൽ ന്യൂനതകളുള്ളവർക്ക് മറ്റുള്ളവരുടെ വേദന ഗ്രഹിക്കാൻ കഴിയാതെ വരുന്നു. ഇത്തരക്കാരുടെ അമിഗ്ദലയുടെ(amygdala) പ്രവർത്തനങ്ങളിൽ തകരാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ വൈകാരികതകൾ വേർതിരിക്കുകയും ഓർത്തുവച്ചു പെരുമാറാനും പ്രേരിപ്പിക്കുന്നത് അമിഗ്ദലയാണ്. പ്രീഫ്രോണ്ടൽ കോർട്സ്‌സിന്റെ താഴെഭാഗത്തുള്ള ഓർബിറ്റോഫ്രോണ്ടൽ കോർട്ടക്സാണ് അമിഗ്ദലയുമായി ബന്ധപ്പെടുന്നത് .ഓര്ബിറ്റഫ്രോണ്ടൽ കോർട്ടക്സിന് ക്ഷതം പറ്റിയാൽ (അത് മസ്തിഷ്ക്കരോഗങ്ങൾ മൂലമോ,അപകടം വഴിയോ ആകാം) തോന്നലുകളെയും അനുഭവങ്ങളെയും വികാരങ്ങളെയും നേരാവണ്ണം ഉളവാക്കാനും തീരുമാനമെടുക്കാനും കഴിയാതെവരും.

ഡോ. പ്രസാദ് അമോർ
ലൈസൻസ്ഡ് സൈക്കോളജിസ്റ്റ്
സോഫ്റ്റ് മൈൻഡ്, ലക്ഷ്മി ഹോസ്പിറ്റൽ
അരൂർ

നട്സ് കഴിക്കൂ....കാൻസർ തടയാം

ബദാമും പിസ്തയും ഒക്കെ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം. എന്നാൽ ഹൃദ്രോഗവും പ്രമേഹവും തടയാൻ മാത്രമല്ല കാൻസറിനെ പ്രതിരോധിക്കാനും അണ്ടിപ്പരിപ്പിനു കഴിയുമത്രേ. കുടലിലെ അർബുദം തടയാൻ അണ്ടിപ്പരിപ്പിനു കഴിയുമെന്നു ഗവേഷകർ.

ജർമനിയിലെ ജെനാ സര്‍വകലാശാലയിലെ ഫ്രെഡ്റിക് ഷില്ലറുടെ നേതൃത്വത്തിൽ അഞ്ചിനം അണ്ടിപ്പരിപ്പുകളുടെ ഗുണഫലങ്ങൾ പഠിച്ചു. ഹേസൽ നട്സ്, വാൾനട്ട്, മകഡാമിയ നട്സ്, ബദാം, പിസ്ത ഇവയാണ് പഠനത്തിനുപയോഗിച്ചത്. ഇവ അർബുദ കോശങ്ങളെ നശിപ്പിക്കുന്നതായി പഠനത്തിൽ തെളിഞ്ഞു. പഠനത്തിനുപയോഗിച്ച എല്ലാത്തരം അണ്ടിപ്പരിപ്പുകൾക്കും. ഈ ഗുണം ഉണ്ടെന്നു കണ്ടു.

റിയാക്ടീവ് ഓക്സിജൻ സ്പീഷിസിനെ ഉപദ്രവകാരിയല്ലാതാക്കി ശരീരത്തിന്റെ പ്രതിരോധസംവിധാനം മെച്ചപ്പെടുത്താൻ അണ്ടിപ്പരിപ്പ് സഹായിക്കും. അൾട്രാവയലറ്റ് വികിരണങ്ങള്‍, വിവിധ രാസവസ്തുക്കൾ മുതലായവയിലൂടെ ശരീരത്തിലെത്തുന്ന വിഷപദാർത്ഥങ്ങൾ ഡിഎൻഎ തകരാറിനും അതുവഴി അർബുദത്തിനും കാരണമാകും. ഈ ടോക്സിക് ആയ വസ്തുക്കളെ തടയാൻ ശരീരം അവലംബിക്കുന്ന മാർഗങ്ങളെ ഉദ്ദീപിപ്പിക്കാന്‍ അണ്ടിപ്പരിപ്പിനു കഴിയുമെന്ന് പഠനത്തിലൂടെ തെളിഞ്ഞു.

ഹൃദയാരോഗ്യമേകാനും പ്രമേഹം തടയാനും വണ്ണം കുറയ്ക്കാനും മാത്രമല്ല കുടലിലെ അർബുദം തടയാനും അണ്ടിപ്പരിപ്പിനു കഴിയും. എന്നാൽ ഇതിനെല്ലാം അടിസ്ഥാനം എന്തെന്ന് ഇതുവരെ വിശദമായി അറിഞ്ഞിരുന്നില്ല.

അണ്ടിപ്പരിപ്പുകൾ നൽകുന്ന സംരക്ഷണത്തിനു പിന്നിലുള്ള തന്മാത്രാ പ്രവർത്തനങ്ങളിലേക്കു വെളിച്ചം വീശുന്ന ഈ പഠനം മൊളിക്യുലാർ കാഴ്സിനോജെനസിസ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്

ഉഴുന്നിന്റെ ഗുണങ്ങളും ദോഷങ്ങളും

ക്രിസ്തുവിനു മുൻപുതന്നെ ഇന്ത്യയിൽ ഉപയോഗിച്ചുവന്ന ഒരു ഭക്ഷ്യവസ്തുവാണ് ഉഴുന്ന്. ധാരാളം പ്രോട്ടീനും നാരുകളും വൈറ്റമിനുകളും ഊർജവുമുള്ള ഇവയിൽ ഫാറ്റ് കെളസ്ട്രോൾ പൊതുവേ കുറവാണ്.

പാരമ്പര്യമായി ഗർഭിണികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്ന ഒന്നാണ് ഉഴു‌ന്ന്. ധാരാളം പ്രോട്ടീനും അയണും നാരുകളും ഊർജ്ജവും ഫോളിക് ആസിഡും ഉള്ളതിനാൽ കുട്ടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും ഒപ്പം അമ്മമാരുടെ ആരോഗ്യത്തിനും ഉഴു‌‌‌‌‌‌‌‌‌ന്ന് ഉത്തമമാണ്.

ഫാറ്റും കൊളസ്ട്രോളും കുറവായതിനാലും പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ ഇവ അടങ്ങിയിട്ടുള്ളതിനാലും ഉഴുന്ന് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ‌ആരോഗ്യത്തിനും ഉത്തമമാണ്. പ്രോട്ടീനും ഊർജ്ജവും ഉള്ളതുകൊണ്ടുതന്നെ ശാരീരിക വളർച്ചയ്ക്കും മസിലുകളുടെ വളർച്ചയ്ക്കും സഹായകവുമാണ്.

കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ഉള്ളതിനാൽ പല്ലുകളുടെയും എല്ലുകളുടെയും ആരോ‌ഗ്യത്തിനും ഉഴു‌‌ന്ന് അട‌‌ങ്ങിയ ഭക്ഷണം സഹാ‍യിക്കുന്നു. ഉഴുന്നിലെ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡും എസൻഷ്യൽ ഫാറ്റിആസിഡും ഓർമശക്തി നിലനിർത്താനും അൽഷിമേഴ്സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നതായി ഒരു പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ഈ കാരണങ്ങള്‍ കൊണ്ടു തന്നെ പ്രായമായവർ ഇഡ്‌ലി അല്ലെങ്കിൽ ദോശ അവരുടെ ഭക്ഷണ ക്രമത്തിൽ ഉള്‍പ്പെടുത്തുന്നത് ‌ഉത്തമമാണ്.

ഇവ കൂടാതെ ചർമസംരക്ഷണത്തിനും താരൻ അകറ്റാനും മുടിയുടെ വളർ‌ച്ചയ്ക്കും ഉഴുന്ന് ഉപയോഗിക്കുന്നുണ്ട്.

എന്നാൽ ഉഴുന്നിൽ ഓക്സാലിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ കിഡ്നി സ്റ്റോൺ, റുമാറ്റിക് ഡിസീസ് എന്നിവ ഉള്ളവർ ഡോക്ടറുടെയോ ഡയറ്റീഷന്റെയോ നിർദ്ദേശ പ്രകാരമേ ഇവ ഉപ‌‌യോഗിക്കാവൂ. ഉഴുന്നിന്റെ മറ്റൊരു ദോഷവശം ഗ്യാസിന്റെ പ്രശ്നമാണ്. എന്നാൽ സ്ഥിരമായി ഉഴു‌ന്നു ഉപയോഗിക്കുന്നവരിൽ ഇവ കുറഞ്ഞുവരുന്നതായും പറയുന്നുണ്ട്. ഇഞ്ചി, കുരുമുളക്, കായം ഇവ ഉഴുന്നു ചേർത്തുണ്ടാക്കുന്ന ഭക്ഷണത്തിന്റെ കൂടെ ഉപയോഗിച്ചാലും ഗ്യാസിന്റെ പ്രശ്നം കുറയുന്നതായും പറയുന്നു. മിക്കപ്പോഴും ഉഴുന്നു ചേർ‌ത്തുണ്ടാക്കുന്ന ഭക്ഷണങ്ങളിൽ എണ്ണയുടെ അംശം കൂടുതലായി വരാറുണ്ട്. ഉദാഹരണത്തിന് ഉഴുന്നുവട, നെയ്യ്‌റോസ്റ്റ് തുടങ്ങിയവ. ഇവയുടെ തുടർച്ചയായ ഉപയോഗം ഗുണങ്ങളെക്കാൾ ദോഷങ്ങൾ ഉണ്ടാക്കാനും കാരണമാകും

വണ്ണം കുറയ്ക്കാൻ ഹിപ്നോസിസ്

അമിത വണ്ണവും പൊണ്ണത്തടിയും കുറയ്ക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്? പരസ്യമായും രഹസ്യമായും പലതവണ ശ്രമിച്ച് പരാജയപ്പെട്ടവരാണ് അമിതവണ്ണമുള്ളവരിൽ മിക്കവരും. കഠിനശ്രമങ്ങൾ നടത്തി ഭാരംകുറച്ചാലും സാധാരണ ഭക്ഷണം, ജീവിതരീതിയിലേക്കു തിരിച്ചു വരുമ്പോൾ പോയതിനേക്കാൾ വേഗം വണ്ണം തിരിച്ചു വരുന്നതും കാണാം. അതിനൊക്കെപരിഹാരമായ ഒരു കുറുക്കുവഴ‍ിയാണ് വെയ്റ്റ്‍ലോസ് ഹിപ്നോസിസ്.

വണ്ണം എന്തുകൊണ്ടുകൂടുന്നുവെന്നതിനു സാർവലൗകികമായ ഉത്തരമുണ്ട്. ശരീരത്തിലേക്ക് ഭക്ഷണ രൂപത്തിലെത്തുന്ന ഊർജത്തിന്റെ അളവിനേക്കാൾ കുറവാണ് ശരീരം ചെലവാക്കുന്നതെങ്ക‍ിൽ, വണ്ണം കൂടും.

കുറയ്ക്കാനുള്ള വഴിയെന്താണ്? ശരീരത്തിലെത്തുന്ന ഊർജത്തേക്കാൾ കൂടുതൽ ഊർജം ശരീരം ചെലവഴിക്കുക. ഇതു മാത്രമാണ് മാർഗം. ഇതിനു രണ്ടുവഴികളേയുള്ളൂ. ശരീരത്തെ കൂടുതൽ പ്രവർത്തിച്ച് (അധ്വാനം, വ്യായാമം) ഊർജം കൂടുതൽ ചെലവാക്കുക. മറ്റൊന്ന് ഉള്ളിലെത്തുന്ന ഊർജം കുറയ്ക്കുക. ഹോർമോൺ തകരാറുമൂലം വണ്ണം കൂടുന്ന കുറച്ചു പേരുടെ കാര്യമൊഴിച്ചാൽ ഇതു തന്നെയാണ് 95 ശതമാനം പേർക്കും വണ്ണം കുറയ്ക്കാനുള്ള മാർഗം. പക്ഷേ പ്രശ്നം അവിടെ തുടങ്ങുകയാണ്.

ഭക്ഷണത്തിലെ കൊഴുപ്പും മധുരവും കുറച്ചാൽ ഊർജം കുറയ്ക്കാം. പതിവായി നിശ്ചിതസമയം നടത്തം, ജോഗിങ് തുടങ്ങി മറ്റു വ‍്യായാമങ്ങളിൽ ഏർപ്പെടുകയും വേണം. ഇതൊക്കെ പറയുന്നത്ര എളുപ്പമല്ലെന്നാകും നിങ്ങൾ ആലോചിക്കുന്നത്. ശരിയാണ് എളുപ്പമല്ല, പക്ഷേ അവ എളുപ്പമാക്കുക മാത്രമല്ല ഭാരം കുറയ്ക്കാനും കുറച്ച ഭാരം പിന്നെ കൂടാതിരിക്കാനും ആവശ്യമായ ഒരു ലളിത വിദ്യയാണ് ഹിപ്നോസിസ‍ിലൂടെ ഭാരം കുറയ്ക്കൽ രീതി.

വെയ്റ്റ്ലോസ് ഹിപ്നോസിസ്

ജീവിതത്തിന്റെ വിവിധമേഖലകളിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു ടൂൾ ആണ് ഹിപ്നോസിസ് അഥവാ ഹിപ്നോട്ടിസം എന്ന മോഹനിദ്ര. അമിതവണ്ണം കുറയ്ക്കുന്നതിൽ ലോകത്ത് ലക്ഷണക്കണക്കിനു പേർ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്ത മാർഗമാണു വെയ്റ്റ‍്‍ലോസ് ഹിപ്നോസിസ്. പ്രഫഷനലായ ഒരു ഹിപിനോട്ടിസ്റ്റിന്റെ സഹായത്തോടെ ചെയ്യാവുന്ന ഈ പ്രക്രിയ സെൽഫ് ഹിപ്നോസിസ് ആയി സ്വയം ചെയ്യാം. നിങ്ങൾക്കുതന്നെ സ്വയം നിർദേശങ്ങളിലൂടെ (സജഷൻസ് നൽകി) വണ്ണം കുറയ്ക്കാനുള്ള ഒരു പാക്കേജ് ആയി അവതരിപ്പിക്കുകയാണിവിടെ. വണ്ണം കുറയ്ക്കാനുള്ള മറ്റു മാർഗങ്ങളെല്ലാം പരാജയപ്പെ‌ട്ടു പോയവർക്കുപോലും ഫലപ്രദമായി പ്രയോഗ‍ിച്ചു വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ മാർഗത്തിന്റെ പ്രത്യേകത.

കുറച്ചു സമയത്തേക്കു പുറത്തുനിന്നുള്ള പ്രതികരണങ്ങൾ ബോധമനസ്സിലേക്കു കടന്നുവരാതെ സൂക്ഷിക്കുകയും ഈ സമയം മറ്റൊരാളിൽനിന്നോ സ്വയം നൽകുന്നതോ ആയ നിർദേശങ്ങൾ (സജഷൻസ്) സ്വീകരിക്കുകയും ചെയ്യുന്ന മാനസിക അവസ്ഥയാണു ഹിപ്നോസ്സ് എന്നു പറയാം. ബോധമനസ്സിനെ അൽപനേരത്തേക്കു നിരുത്സാഹപ്പെടുത്തുകയും ഈ സമയം സബ്കോൺഷ്യസ് മൈൻഡ് എന്ന ഉപബോധമനസ്സിനോടു സംവദിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന രീതിയാണിത്. ഇതു സ്വയം ചെയ്യുന്ന പ്രക്രിയയാണു സെൽഫ് ഹിപ്നോസിസ്. വെയ്റ്റ്‍ലോസ് ഹിപ്നോസിസ് സെൽഫ് ഹിപ്നോസിസ് ആയി ചെയ്യുന്നതെങ്ങനെയാണ് ഘട്ടം ഘട്ടമായി മനസ്സിലാക്കാം.

ഘട്ടം 1. സ്വസ്ഥമായി ഇരിക്കാം, സെൽഫ് ഹിപ്നോസിസിനായി തയാറെടുക്കാം

യാതൊരു ഇടപെടലുമില്ലാത്ത അര മണിക്കൂർ സമയമാണ് ആദ്യം കണ്ടെത്തേണ്ടത്. ഫോണും ടിവിയും സുഹൃത്തുക്കളും മറ്റാരും ശല്യം ചെയ്യാത്ത സ്ഥലം. വീട്ടിൽത്തന്നെ കണ്ടെത്തുന്നതാകും ഉചിതം. 
∙ മുറുകിയ വസ്ത്രങ്ങൾ അയച്ചിടുക. പാദരക്ഷകൾ മാറ്റിവയ്ക്കുക. മൊബൈൽ ഫോൺ മാറ്റിവയ്ക്കുക. അതു നിശ്ശബ്ദമാക്കാൻ മറക്കരുത്. 
∙ ഇരിക്കുകയോ കിടക്കുകയോ ചെയ്യാം. കിടക്കുകയാണെങ്കിൽ നീണ്ടു നിവർന്നു മലർന്നു കിടക്കണം. തലയിണയിൽ തല സുഖപ്രദമായിട്ടിരിക്കണം. ഉറങ്ങിപ്പോകാൻ സാധ്യതയുള്ളവർ ഇരുന്നു ചെയ്യുന്നതാണ് നല്ലത്. 
∙ സ്വസ്ഥമായിരിക്കുക. പാദങ്ങൾ തറയിൽ ഷോൾഡർ അകലത്തിൽ അകറ്റിവയ്ക്കുക. കൈകൾ മടിയിൽ വയ്ക്കാം. ഇത്രയുമായാൽ അടുത്ത ഘട്ടത്തിലേക്കു കടക്കാം.

ഘട്ടം 2. നിർദേശങ്ങൾ (സജഷൻസ്) തയാറാക്കാം

ഇവിടെ ചില കാര്യങ്ങൾ മനസ്സിനോട് നിർദേശിക്കാനുണ്ട് അത് ഭാവനയിലൂടെ ചെയ്യാം. എന്തുതരം മാറ്റങ്ങളാണു വേണ്ടത്, എന്തൊക്കെയാണു ഭാവനയിൽ കാണേണ്ടത് എന്ന് ആലോചിക്കാം. ശരിക്കും നമ്മൾ നമ്മളെ എങ്ങനെ കാണാനാണ് ആഗ്രഹിക്കുന്നത്? ആ രൂപത്തെ മനസ്സിൽ കുറിച്ചിടുക.

 • വയറില്ലാതെ നല്ല ഒതുങ്ങിയ അരക്കെട്ട്
 • കൂടുതൽ ആരോഗ്യവാൻ
 • നല്ല ചുറുചുറുക്ക്
 • കൂടുതൽ ചെറുപ്പം
 • ഉറച്ച ശരീരം

ഇങ്ങനെ നിങ്ങളുടെ ശരീരത്തിൽ എന്തു മാറ്റങ്ങളാണോ ആഗ്രഹിക്കുന്നത് അതൊക്കെ മനസ്സിൽ കുറിച്ചിടുക.

ഇനി വണ്ണം കുറയ്ക്കുന്നതിൽ തടസ്സമായി മാറുന്ന കാര്യങ്ങൾ എ‍ന്തൊക്കെയെന്ന് ആലോചിക്കുക. അതിനുശേഷം അവയ്ക്കു പകരം മനസ്സിലുറയ്ക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്നു മനസ്സിൽ തിട്ടപ്പെടുത്തുക.

 • ദിവസവും വ്യായാമം ചെയ്യാൻ മടിക്കില്ല.
 • എനിക്ക് ആവശ്യമുള്ള ഭക്ഷണമേ കഴിക്കൂ.
 • ഭക്ഷണത്തിൽ ഞാൻ സംതൃപ്തനാണ്.
 • മധുരം കുറഞ്ഞ ഭക്ഷണം നല്ലത്.
 • പച്ചക്കറികൾ കൂടുതൽ കഴിക്കും
 • വേണ്ടത്ര വെള്ളം കുടിക്ക‍ും
 • ഇടവേള സ്നാക്കുകൾ വേണ്ട
 • വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കും
 • വയറു നിറഞ്ഞാൽ കഴിക്കുന്നതു നിർത്തും
 • അരവയർ ഭക്ഷണത്തിൽ തൃപ്തനാകും
 • കഴിക്കുന്ന ഭക്ഷണമെല്ലാം രുചികരമാണ്
 • നിർബന്ധിച്ചാലും ആവശ്യത്തിനേ കഴിക്ക‍ൂ

ഇങ്ങനെ നിങ്ങൾക്കു യോജിച്ച കാര്യങ്ങൾ മനസ്സിൽ തയാറാക്കുക. ശരീ‍രത്തെക്കുറിച്ചുള്ള പ്രതീക്ഷയും ഭാവനയും ആഗ്രഹിക്കുന്ന ശീലങ്ങളും മനസ്സിൽ തയാറായി കഴിഞ്ഞാൽ ഹിപ്നോസിസിലേക്കു കടക്കാം. ഇവിടെ പറഞ്ഞ കാര്യങ്ങളെല്ലാം സ്വയം ഉപയോഗിക്കാനുള്ളതാണ്.

ഘട്ടം 3. ശ്വസനത്തിൽ ശ്രദ്ധിക്കാം

കണ്ണുകളടച്ചു സാവധാനം ദീർഘമായി ശ്വസിക്കുക. രണ്ടു നിമിഷം ശ്വ‍ാസം ഉള്ളിൽ നിർത്തി പുറത്തേക്കു വിടുക. ശ്വാസം എടുക്കുമ്പോൾ വയർ പുറത്തേക്കു തള്ളുന്നതും ശ്വാസംവിടുമ്പോൾ വയർ താഴുന്നതും ശ്രദ്ധിക്കുക. (പകരംനെഞ്ചാണു വികസിക്കുന്നതെങ്കിൽ ശ്വസന രീതി തെറ്റാണ്). വീണ്ടും ദീർഘമായി ശ്വസിക്കുക. രണ്ടു സെക്കൻഡ് നിർത്തുക. സാവധാനം പുറത്തേക്കു വിടുക. ശ്രദ്ധ ശ്വസനത്തിൽ കേന്ദ്രീകരിക്കുക. ഇങ്ങനെ മൂന്നു നാലു ദീർഘനിശ്വാസം കഴിഞ്ഞാൽ, ശ്വസനം സാധാരണമട്ടിലാക്കുക.

തുടർന്ന് ശ്വസനഗതി സാധാരണമട്ടിൽ തുടർന്നുകൊണ്ട് ശ്വസനപ്രക്രിയ നിരീക്ഷിക്കുക. ശ്വാസനിശ്വാസങ്ങളുടെ ശബ്ദം കേൾക്കാൻ ശ്രമിക്കുക. ഉള്ളിലേക്കു പോകുന്നതു വളരെ ശുദ്ധമായ വായുവാണെന്നു വിചാരിക്കുക. പുറത്തേക്കു വിടുന്ന നിശ്വാസവായുവിനൊപ്പം നിങ്ങളുടെ ടെൻഷനുകളും ഉത്കണ്ഠകളും നെഗറ്റീവ് വിചാരങ്ങളും എല്ലാം പുറത്തു പോകുന്നതായി സങ്കൽപിക്കാം. വായു ഉള്ളിലേക്കു കയറുമ്പോൾ മൂക്കിന്റെ അഗ്രത്ത് ചെറിയൊരു തണുപ്പും പുറത്തേക്കു പോകുമ്പോൾ നേരിയ ചൂടും അനുഭവിച്ചറിയുക. ഒാരോ ശ്വാസമെടുക്കുമ്പോഴും നിങ്ങളുടെ ശരീരത്തിലേക്ക് ഊർജവും റില‍ാക്സേഷനും വായുവിനൊപ്പം പ്രവേശിക്കുന്നതായി കരുതുക. പുറത്തേക്കുള്ള വായുവിലൂടെ പോകുന്ന പിരിമുറുക്കങ്ങളും അസ്വസ്ഥതകളും നി‍ങ്ങളെ കൂട‍ുതൽ വി‍ശ്രാന്തി (റില‍ാക്സ്ഡ്) യിലേക്കു നയിക്കും മനസ്സിലേക്കു വരുന്ന മറ്റു ചിന്തകളെ പ്ര‍തിരോധിക്കാൻ ശ്രമിക്കേണ്ട, വെറുതേ നിരീക്ഷിക്കുക. ശ്വസനത്തിലേക്കു ശ്രദ്ധതിരിച്ചു കൊണ്ടുവരിക. വിശ്രാന്തി അനുഭവപ്പെട്ടു തുടങ്ങും.

ഘട്ടം 4. ശരീരം പൂർണമായി റിലാക്സ് ചെയ്യാം

കണ്ണടച്ചിരുന്നുകൊണ്ട് നിങ്ങൾക്ക് ശ്വാസനത്തിൽ നിന്നു ശ്രദ്ധ മാറ്റാം. ഇനി കാൽപാദങ്ങളെ മനസ്സിൽ കാണുക. വിരലുകളോടും പാദങ്ങളോടും റ‍ിലാക്സാവ‍ാൻ മനസ്സുകൊണ്ടു നിർദേശിക്കൂ. പാദങ്ങളിൽ നൽകിയിരിക്കുന്ന മുഴുവൻ ബലവും പിൻവലിക്കുക. വെറുതെ പാദങ്ങൾ ഇരിക്കുന്നതു ഫീൽ ചെയ്യുക. തുടർന്നു കാലുകൾ, വയർ, നെഞ്ച്, ചുമലുകൾ, കൈകൾ, കഴുത്ത് ഒാരോന്നായി ഭാവനയിൽ കണ്ട് വിശ്രാന്തിയിലേക്കു നയിക്കുക. ഒാരോ ഭാഗത്തും ഏതെങ്കിലും വിധത്തിൽ ബലമോ സമ്മർദമോ നൽകിയിട്ടുണ്ടെങ്കിൽ അവ നീക്കുക. തുടർന്ന് താടിയെല്ലുകൾ റിലാക്സ് ആവുക.

ഇത്രയും ആയിക്കഴിഞ്ഞാൽ നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും നി‍ങ്ങൾ മോഹനിദ്രയുടെ നിലയിലേക്കു കടന്നു കഴിഞ്ഞു. ബോധമനസ്സിന്റെ നിർദേശങ്ങൾ സ്വീകരിക്കാൻ ഉപബോധമനസ്സു തയാറായിക്കഴിഞ്ഞു.

ഘട്ടം 5. ഹിപ്നോസിസിന്റെ പടികൾ കയറാം

ഇനി പൂർണ ഹിപ്നോട്ടിക് അവസ്ഥയിലേക്കു നിങ്ങൾ പോകുകയാണ്. സ്വയം നിർദേശങ്ങൾ (ബോധമനസ്സ്) നൽകുകയും അവ സ്വയം സ്വീകരിക്കുകയും (ഉപബോധമനസ്സ്) ചെയ്യുന്ന സ്വയം മോഹനിദ്ര (സെൽഫ്ഹിപ്നോസിസ്‌‌‌‌‌‌‌‌‌‌‌‌‌‌‌) യാണിത്. അതിനാൽ സാധാരണ ഹിപ്നോ‌ട്ടിക് നിദ്രയിൽ ബോധമനസ്സ് മയങ്ങുന്ന അത്രയും ആഴത്തിൽ ഇവിടെ എത്തേണ്ടതില്ല. പാതിമയങ്ങ‍ിയ ബോധമനസ്സുകൊണ്ട് ഉപബോധമനസ്സിനുള്ള നിർദേശങ്ങൾ നൽകാം. അതിന‍ായി ബോധപൂർവമായ ഒരു സ്വിച്ചിങ് നടത്തണം. പത്തു മുതൽ ഒന്നുവരെ മനസ്സിൽ എണ്ണുക 10.....9....8.... ഒാരോ സംഖ്യ മനസ്സിൽ പറയുമ്പോഴും റ‍ിലാക്സേഷന്റെ ആഴത്തിലേക്കുള്ള ഒാരോ പടി ഇറങ്ങുകയാണെന്നു കരുതുക. 3....2....1. അതെ, ഇപ്പോൾ ഈ ഹിപ്നോട്ടിക് നിദ്രയിൽ... യു ആർ റെഡി.

നമ്മുടെ ഭാവനാശേഷി പ്രായോഗിക്കേണ്ടത് ഇനിയാണ്. ഇവിടെയാണ്. നി‍ങ്ങളുടെ ശരീരം ഏതൊക്കെ തരത്തിലാകണമെന്നാണോ രണ്ട‍ാം ഘട്ടത്തിൽ തീരുമാനമെടുത്തത് ആ രൂപത്തിൽ ഭാവനയിൽ കാണുക.

വയർ തീരെ കുറഞ്ഞ്, നന്നായി മെലിഞ്ഞ്, കൂടുതൽ സൗന്ദര്യത്തോടെ ആരോഗ്യത്തോടെ, ച‍ുറു ചുറുക്കോടെ, ഊർജത്തോടെ നിൽക്കുന്ന നിങ്ങളെ കാണുക. ആ അവസ്ഥയിലെത്തുമ്പോൾ നിങ്ങളുടെ മനസ്സ് അനുഭവിക്കുന്ന സന്തോഷം ഈ നിമിഷം അനുഭവിച്ചറിയാൻ ശ്രമിക്കുക. സുഹൃത്തുക്കൾ അഭിനന്ദിക്കുന്നതും സുന്ദരികളോ സുന്ദരന്മാരോ നിങ്ങളെ ശ്രദ്ധിക്കുന്നതും ആകൃഷ്ടരാകുന്നതുമൊക്കെ ഭാവനയിൽ കാണാം. സങ്കൽപങ്ങൾക്കും ഭാവനയ്ക്കും പരിധിയില്ല. ആ അവസ്ഥയിലെത്തുമ്പോഴുള്ള മനസ്സിന്റെ സന്തോഷം ഇപ്പോൾ അനുഭവിക്കുന്നതായി കരുതണം.

ഘട്ടം 6. ഭാവനയും നിർദേശങ്ങളും പ്രയോഗിക്കാം

ഈ ഘട്ടം ആവശ്യമുള്ള സമയമെടുത്തു പൂർത്തിയാക്കി കഴിഞ്ഞാൽ ഘട്ടം രണ്ടിൽ തയാറാക്കി വച്ചിര‍‍ിക്കുന്ന നിർദേശങ്ങളിലേക്കു കടക്കാം. നി‍ങ്ങൾ ഉപബോധമനസ്സിന് ആ നിർദേശങ്ങൾ ഒന്നൊന്നായി കൊടുക്കുക.

 • കൊഴുപ്പു കുറഞ്ഞ ഭക്ഷണമാണു നല്ലത്
 • പഴങ്ങളും പച്ചക്കറികളും നല്ലത്
 • വേണ്ടത്ര വെള്ളം കുടിക്കണം
 • കുറച്ചു മധുരം കൊണ്ടുതന്നെ തൃപ്തനാകും
 • വ്യായാമം സുഖകരമായ കാര്യമാണ്. അതു ദിവസവും ചെയ്യും.

ഇങ്ങനെ നിങ്ങൾ എന്തൊക്കെ മാറ്റമാണോ വരുത്താൻ ആഗ്രഹിക്കുന്നത് അവ നിർദേശമായി നൽകുക. ആവർത്തിച്ചു മനസ്സിൽ നിർദേശിക്കുക. എന്ത‍ാ ഈ ഉപബോധമനസ്സ്, അത് എവിടെ എന്നൊന്നും അന്വേഷിച്ചു നടക്കേണ്ട... നിങ്ങൾ നിങ്ങളോടു നടത്തുന്ന നിർദേശമാണ്. അതും പ്രയാസമെന്നു കരുതുന്ന അപൂർവ ചിലരുണ്ടാകും. അങ്ങനെയുള്ളവർ നിങ്ങളുടെ സ്വന്തം രൂപം ഭാവനയിൽ കണ്ടി‌ട്ട്. ആ രൂപത്തോട് നിർദേശിക്കുക.

ഒരു നിർദേശം പല തവണ ആവർത്തിക്കാം. ശക്തമായ ആജ്ഞാപദങ്ങളും ഉപയോഗിക്കാം. അമിതമ‍ായി ചോക്ലേറ്റ് കഴിക്കുന്ന ഒരാൾക്ക്, അത് അമിതവണ്ണത്തിന്റെ കാരണമാണ്. അയാൾക്ക്... ചോക്ലേറ്റ്, എനിക്കിഷ്ടമില്ല, ചോക്ലേറ്റിന് അരുചിയാണ്, ചോക്ലേറ്റ് കഴിക്കരുത് ഇങ്ങനെയുള്ള ചെറു വാക്യങ്ങൾ സജഷനായി നിർദേശിക്കാം.

അമിത വേഗത്തിൽ ഭക്ഷണം കഴിക്കുന്നവർക്ക് അമിതവണ്ണം ഉണ്ടാകും. അ‍ങ്ങനെയുള്ളൊരാൾ എന്തു നിർദേശം നൽകണം? ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കണം നന്നായി ആസ്വദിച്ചു കഴിക്കണം തുടങ്ങിയ നിർദേശങ്ങൾ നൽകാം.

ഘട്ടം 7. ഉണരാം, തിരിച്ചുവരാം..

നിർദേശങ്ങളെല്ലാം കൊടുത്ത് ആറാം ഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞാൽ സെൽഫ് ഹിപ്നോസിസിൽനിന്നു മടങ്ങിവരാം. അതിനായി വീണ്ടും ശ്വാസഗതിയിൽ ശ്രദ്ധിക്കാം. ശ്വസന ശബ്ദം കേൾക്കാം. ക്രമേണ ശരീരത്തിലെ അവയവങ്ങളിൽ ശ്രദ്ധിക്കാം. എവിടെ ഇരിക്കുന്നു എന്നു ചിന്തിക്കാം. കൈകാലുകൾ അവയുടെ സ്ഥാനം ശ്രദ്ധിക്കാം1...2...3... എന്നു മനസ്സിൽ എണ്ണി സാവാധാനം കണ്ണുകൾ തുറക്കാം.

നവോൻമേഷം നിറഞ്ഞ മനോഹരമായ അനുഭവം ഈ സമയം നിങ്ങൾക്ക് അനുഭവിച്ചറിയാനാകും. വണ്ണം കുറയുമെന്ന ആത്മവിശ്വാസം നിങ്ങളിൽ ഉറച്ചു കഴിഞ്ഞിരിക്കുന്നു. അനായാസം അതു സാധ്യമാകുമെന്നു നിങ്ങൾ ഉറച്ചു വ‍ിശ്വസിക്കുകയാണിപ്പോൾ.

എപ്പോഴൊക്കെ ചെയ്യണം?

ദിവസം ഒരു നേരം വീതം ആദ്യ ആഴ്ച എല്ലാ ദിവസവും ഈ സെൽഫ് ഹിപ്നോസിസ് ചെയ്യണം. തുടർന്നുള്ള രണ്ടാഴ്ച ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്താലും മതി. ഈ മൂന്നാഴ്ചയും (21 ദിവസം) എല്ലാ ദിവസവും ചെയ്യാൻ കഴിയുന്നവർ അതു ചെയ്യട്ടെ.. തുടർന്ന് ആഴ്ചയിലൊരിക്കൽ ചെയ്താലും മതി. അദ്ഭുതകരമായ ഫലമായിരിക്കും നിങ്ങളെ കാത്തിരിക്കുക. നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ഭക്ഷണക്കൊതിയും അമി‍ത വിശപ്പുമൊക്കെ വിട്ടൊഴിഞ്ഞിരിക്കും. നിങ്ങൾ മനസ്സിൽ കണ്ട രൂപത്തിലേക്കു ശരീരം എത്തുന്നതും മനസ്സിൽ കുടിയേറിയ വർധിച്ച ആത്മവിശ്വാസവും അനുഭവിച്ചറിയാം. വണ്ണം കുറയ്ക്കൽ പദ്ധതിയിലെ ഒരു മാജിക് ടൂളാണ് വെയിറ്റ്‍ലോസ് ഹിപ‍്നോസിസ്.

ആഗ്രഹം, വിശ്വാസം

വെയ്റ്റ് ലോസ് ഹിപ്നോസിസ് എന്ന സെൽഫ് ഹിപ്നോസിസ് നടപ്പിലാക്കും മുൻപ് രണ്ടു കാര്യങ്ങൾ ഉറപ്പാക്കണം. അതിനുശേഷമേ ഇതു വിജയകരമായി ചെയ്യാനും വിജയിപ്പിക്കാനും കഴിയ‍ൂ. ∙ ഒന്ന് ആഗ്രഹം ∙ രണ്ട് വി‍ശ്വാസം ആഗ്രഹം എന്നൽ വണ്ണം കുറയ്ക്കാനുള്ള തീവ്രമായ ആഗ്രഹം. വിശ‍്വാസമെന്നാൽ വെയ്റ്റ്‍ലോസ് ഹിപ്നോസിസ് ഫലപ്രദമാകുമെന്ന വിശ്വാസം സ്വയം ഹിപ്നോസിസ് ചെയ്യാൻ കഴിയുമെന്ന വിശ്വാസം. സംശയത്തോടെയല്ല 100 ശതമാനം വിശ്വാസത്തോടെയാണ് ഇതിനെ സമീപിക്കേണ്ടത്. അങ്ങനെ ചെയ്താൽ വിജയം ഉറപ്പാണ്.

രക്തസമ്മർദമുള്ളവർ ഫുട്ബോൾ കളിച്ചാൽ?

പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഏറെ ഇഷ്ടപ്പെടുന്ന ഒരു കായിക ഇനമാണ് ഫുട്ബോൾ. ഉയർന്ന രക്തസമ്മർദ്ദമുള്ള സ്ത്രീകളുടെ രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ ഫുട്ബോൾ കളിക്കുന്നതിലൂടെ സാധിക്കുമത്രേ.

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഒരു മണിക്കൂർ വീതം ഫുട്ബോൾ കളിക്കുന്നത് രക്തസമ്മർദ്ദത്തിന് ഗുണകരമെന്ന് പഠനം. കൂടാതെ മികച്ച ശാരീരിക ക്ഷമതയും ശക്തമായ എല്ലുകളും സ്വന്തമാകും എന്നും മെഡിസിൻ ആൻഡ് സയൻസ് ഇൻ സ്പോർട്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ദക്ഷിണ ഡെൻമാർക്ക് സർവകലാശാലയിലെ പീറ്റർ ക്രുസ്ട്രപ്പിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഫുട്ബോൾ കളി സ്ത്രീകൾക്ക് നീണ്ടു നിൽക്കുന്ന ആരോഗ്യം നൽകും.
സ്ത്രീകളിൽ ഉയർന്ന രക്തസമ്മർദം, എല്ലുകളുടെ സാന്ദ്രത, ശാരീരിക ക്ഷമത, ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം ഇവയ്ക്കെല്ലാം ഫുട്ബോൾ കളി ഗുണകരമാണെന്നും സ്ത്രീകളിൽ രക്തസമ്മർദത്തിനുള്ള ഫലപ്രദമായ മരുന്നാണ് ഫുട്ബോൾ കളിയെന്നും ഗവേഷകർ പറയുന്നു.

ഉയർന്ന രക്തസമ്മർദമുള്ള 35 നും 50 നും ഇടയിൽ പ്രായമുള്ള 31 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇതിൽ 19 പേർ കഴിഞ്ഞ ഒരു വർഷമായി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഒരു മണിക്കൂർ ഫുട്ബോൾ ഫിറ്റ്നസ് പരിശീലനം നേടിയവരായിരുന്നു. ഏതാണ്ട് 128 സെഷനുകൾ, ഹൃദയസംബന്ധമായ രോഗങ്ങൾ പ്രമേഹം മുതലായ ജീവിതശൈലീരോഗങ്ങൾ തടയാനും ഫലപ്രദമായ ചികിത്സയ്ക്കും ഉള്ള മാർഗമാണ് ഫുട്ബോൾ കളി.

ഫുട്ബോൾ ഫിറ്റ്നസ് ട്രെയിനിങ്ങ് എന്നാൽ ഹൈപൾസ് ട്രെയിനിങ്ങ്, സ്റ്റാമിന ട്രെയ്നിങ്ങ്, സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങ് ഇവ ഉൾപ്പെടുന്നു. ഒരു വർഷക്കാലമായി ഫുട്ബോൾ കളിച്ചവർക്ക് ആരോഗ്യം ഏറെ മെച്ചപ്പെട്ടതായി കണ്ടു. എന്തിനേറെ, ഈ പരിശീലനം അവർ ഏറെ ആസ്വദിച്ചിരുന്നതായും ഹാജർ നില ഉയർന്നിരുന്നതായും ഡോ. പീറ്റർ പറയുന്നു.

ഫുട്ബോൾ കളിക്കാത്തവരുമായി താരതമ്യപ്പെടുത്തിയപ്പോൾ ഫുട്ബോൾ കളിയിൽ മുഴുകിയ സ്ത്രീകൾക്ക് രക്തസമ്മർദത്തിൽ ഗുണകരമായ മാറ്റം ഉണ്ടായതായി കണ്ടു. കൂടാതെ ഇവരുടെ ബോഡി ഫാറ്റ് മാസ്, ട്രൈഗ്ലിസറൈഡ്, ബോൺ മാസ്, ഫിറ്റ്നസ് ഇവയും മെച്ചപ്പെടുന്നതായി കണ്ടു.

കടപ്പാട്-http://www.manoramaonline.com

3.15625
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ