Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

സിക വൈറസിനെതിരെ വാക്‌സിന്‍ കണ്ടുപിടിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ലോകത്തെ ഭീതിയിലാലാഴ്ത്തുന്ന സിക വൈറസിനെതിരെ വാക്‌സിന്‍ കണ്ടുപിടിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഹൈദരാബാദിലെ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ആണ് സിക വാക്‌സിന്‍ കണ്ടുപിടിച്ചതായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

സിക വാക്‌സിന്‍ കണ്ടുപിടിക്കുന്ന ആദ്യ കമ്പനി തങ്ങളുടേതായിരിക്കാനാണ് സാധ്യതയെന്ന് ഭാരത് ബയോടെക് ചെയര്‍മാന്‍ ഡോക്ടര്‍ കൃഷ്ണ എല്ല പറയുന്നു. സിക വൈറസിനെതിരെ രണ്ടു വാക്‌സിനുകളാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്.

സിക വാക്‌സിനുകള്‍ പേറ്റന്റിനായി സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. വാക്‌സിനുകളുടെ പേറ്റന്റിനുള്ള അപേക്ഷ ലഭിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സ്ഥിരീകരിച്ചിട്ടുണ്ട്.

വാക്‌സിനുകള്‍ ശാസ്ത്രീയമായി പരിശോധിച്ച ശേഷമാകും പേറ്റന്റ് നല്‍കുന്നതിനെ കുറിച്ച് തീരുമാനമുണ്ടാവുകയെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. വാക്‌സിനുകള്‍ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടാന്‍ വലിയ ചുവടുവെപ്പാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഗര്‍ഭസ്ഥശിശുക്കളുടെ തലച്ചോറിനെ ബാധിക്കുന്ന വൈറസാണ് സിക. സിക ബാധിച്ച് ബ്രസീലില്‍ 2500ഓളം കുട്ടികള്‍ തലയോട്ടി ചുരുങ്ങി ജനിച്ചിരുന്നു. ഈ വൈറസ് അതിവേഗം പകരുന്നതിനാല്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജിമ്മില്‍ പോകുന്നവരില്‍,മനസില്‍ ലൈംഗിക ചിന്തകള്‍

ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് മിക്കവരും ജിംനേഷ്യത്തില്‍ പോകുന്നത്. രാവിലത്തെ വ്യായാമം, ഓട്ടം എന്നിവയ്‌ക്ക് പകരമായാണ് ജിമ്മിന്റെ സഹായം തേടുന്നത്. എന്നാല്‍ ജിമ്മില്‍ പോകുന്നവരില്‍, പ്രത്യേകിച്ചും സ്‌ത്രീകള്‍ക്ക് മനസില്‍ ലൈംഗിക ചിന്തകള്‍ സ്വാഭാവികമാണത്രെ. പുതിയൊരു പഠനമാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. പഠനത്തില്‍ പങ്കെടുത്ത 2000 പേരില്‍ 70 ശതമാനം പേരും ജിമ്മില്‍ നില്‍ക്കുമ്പോള്‍, മനസില്‍ ലൈംഗിക ചിന്തകള്‍ ഉണ്ടാകുമെന്ന് സമ്മതിച്ചു. ഇതില്‍ പകുതിയിലധികം പേര്‍ ജിമ്മില്‍വെച്ച് ലൈംഗികബന്ധം ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പത്തിലൊന്ന് ആളുകള്‍ ജിമ്മില്‍പോകുമ്പോള്‍ ഹാന്‍ഡ് ബാഗില്‍ ഗര്‍ഭനിരോധ ഉറകള്‍ കൂടി കരുതുന്നുവെന്നാണ് പഠനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്. ജിമ്മില്‍ അന്തരീക്ഷം, ലൈംഗികതയ്‌ക്ക് മാത്രമല്ല, പ്രണയത്തിനും അനുയോജ്യമാണെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. ജിമ്മില്‍ വെച്ച് പ്രണയം തുടങ്ങിയ അനുഭവവും പഠനത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പുകയുന്ന ബാല്യം…

യു.എസില്‍ പുകവലി കുട്ടികളുടെ ജീവന് ഭീഷണിയാകുന്നതായി പഠനം. പാസീവ് സ്‌മോക്കിങ് ആണ് വില്ലന്‍.

മൊത്തം കുട്ടികളില്‍ പകുതിയും പാസീവ് സ്‌മോക്കിങിന് ഇരയാകുന്നതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

പൊതുസ്ഥലങ്ങളില്‍ നിയമം കര്‍ശനമാണെങ്കിലും വീട്, സ്വകാര്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിയമം ബാധകമല്ല.

2013 നെ അപേക്ഷിച്ച് ഒന്‍പത് മടങ്ങ് കൂടുതലാണ് പാസീവ് സ്‌മോക്കിങിന് ഇരയാകുന്ന കുട്ടികള്‍ എണ്ണമെന്ന് പഠനത്തില്‍ പറയുന്നു.  കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി വീടുകളില്‍ പുകവലി നിരോധിക്കുന്നത് അടക്കമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു.

പുകവലിയുടെ ദോഷവശങ്ങള്‍ മനസിലാക്കി കുടുംബാംഗങ്ങള്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നതാണ് പ്രധാന നിര്‍ദേശം.

പുകവലിക്ക് കര്‍ശന നിയന്ത്രമുള്ള യുഎസില്‍ ഇതാണ് അവസ്ഥയെങ്കില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ കുട്ടികളുടെ ജീവന്‍ അതിലേക്കാളേറെ അപകടത്തിലാണ്.

യുഎസിലെ 26 സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും പുകവലി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ശന നിയന്ത്രണം ഉണ്ടായിട്ടുകൂടിയാണ് യുഎസില്‍ ഈ സാഹചര്യം നിലവിലുള്ളത്. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ സ്ഥിതി എന്താകും?  വീടുകളില്‍ നിന്നാണ് രാജ്യത്ത് കുട്ടികള്‍ കൂടുതലും പാസീവ് സ്‌മോക്കിങിന് ഇരയാകുന്നത്.

32 ശതമാനം പുരുഷന്‍മാരും 19 ശതമാനം സ്ത്രീകളും ജോലി സ്ഥലങ്ങളില്‍ പാസീവ് സ്‌മോക്കിങിന് ഇരയാകുന്നതായാണ് ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

പാസീവ് സ്‌മോക്കിങ് അപകടകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, പുകവലിക്കുന്നവര്‍ ഇതിനെ കുറിച്ച് ആലോചിക്കാറില്ല.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം..

മദ്യപിക്കുന്നതിനെ ന്യായീകരിക്കുന്നതിനായി കുറച്ച് മദ്യം കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നവര്‍ സൂക്ഷിക്കുക. എത്ര കുറച്ചാണെങ്കിലും മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെ. യു.കെ മദ്യപിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശരേഖകള്‍ പുതുക്കിയിരിക്കുകയാണ്. ഇതിലാണ് മദ്യം കുറഞ്ഞ അളവില്‍ കഴിക്കുന്നതുകൊണ്ട് രോഗസാധ്യത തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കുന്നത്. എത്രത്തോളം മദ്യം കഴിക്കാം?  ആര്‍ക്കൊക്കെ എത്രയൊക്കെ കഴിക്കാം എന്നിവയെല്ലാം അടങ്ങുന്നതാണ് പുതിയ മാര്‍ഗനിര്‍ദ്ദേശ രേഖ. നേരത്തെ ഇറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളെക്കാള്‍ കര്‍ശനമാണ് പുതിയത്.

പുരുഷനായാലും സ്ത്രീയായാലും മദ്യം കഴിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. ആഴ്ചയില്‍ കഴിക്കാവുന്ന മദ്യത്തിന്റെ അളവ് 14 യൂണിറ്റ് മാത്രമാക്കണമെന്നും ഇതില്‍ നിര്‍ദ്ദേശിക്കുന്നു. 5 മുതല്‍ 6 വരെ പൈന്റ് ബിയറിനും 6 മുതല്‍ 7 ഗ്ലാസ് വരെ വൈനിനും തുല്യമാണിത്. നേരത്തെ യു.കെ ഇറക്കിയ മാര്‍ഗനിര്‍ദ്ദേശരേഖയില്‍ പുരുഷന്മാര്‍ക്ക് 21 യൂണിറ്റും സ്ത്രീകള്‍ക്ക് 14 യൂണിറ്റും മദ്യം ആഴ്ചയില്‍ കഴിക്കാമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കാന്‍സര്‍ പോലെയുള്ള രോഗങ്ങളുടെ സാധ്യത കണക്കിലെടുത്താണ് പുതിയ കര്‍ശനനിര്‍ദ്ദേശങ്ങള്‍.

സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്. മദ്യപാനം എങ്ങിനെയായാലും എത്രയായാലും അത് ആരോഗ്യത്തിന് ഹാനികരം തന്നെയാണെന്ന് പഠനം പറയുന്നു. മദ്യപാനം എത്ര അളവിലാണെങ്കിലും അതില്‍ അപകടമുണ്ട്. ആഴ്ചയില്‍ 14 യൂണിറ്റില്‍ താഴെ മാത്രം മദ്യപിക്കുന്നത് രോഗസാധ്യത കുറക്കുമെന്നു മാത്രമേയുള്ളൂവെന്ന് ഗവേഷകരിലൊരാളായ ഡേവിസ് പറയുന്നു. 55 വയസിന് ശേഷം വനിതകള്‍ ആഴ്ചയില്‍ 5 യൂണിറ്റ് മദ്യം കഴിക്കുന്നത് ചില നേട്ടങ്ങളുണ്ടാക്കുമെന്നും പുതിയ രേഖയില്‍ പറയുന്നുണ്ട്. പക്ഷെ, അത് 5 യൂണിറ്റിലധികമായാല്‍ പ്രശ്‌നങ്ങളുണ്ടാകും.

ഗര്‍ഭിണികള്‍ മദ്യം തീരെ കഴിക്കരുത്. സുരക്ഷിതമായ അളവുകളേയില്ല ഗര്‍ഭിണികളെ സംബന്ധിച്ച്. ഗര്‍ഭിണിയാണെന്നറിയുന്നതു മുതല്‍ മദ്യം പൂര്‍ണമായും ഒഴിവാക്കണമെന്നും പഠനം പറയുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്ന 14 യൂണിറ്റ് ആഴ്ചയില്‍ ഒരു ദിവസം തന്നെ കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂട്ടുമെന്നും ദിവസവും രണ്ട് യൂണിറ്റ് വരെ മദ്യം മാത്രം കഴിക്കുന്നത് രോഗസാധ്യത കുറക്കുമെന്നുമാണ് നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.

സൂക്ഷിക്കുക, അമിതവണ്ണം കാന്‍സറുണ്ടാക്കിയേക്കാം

അമിതവണ്ണം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ 670,000 ത്തോളം പേര്‍ക്ക് കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്നും യുകെയില്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

2035 ആകുമ്പോഴേക്കും മൂന്നിലൊന്നുപേരും പൊണ്ണത്തടിയുള്ളവരായിരിക്കും. ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. യു.കെയിലെ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെയും യു.കെ ഹെല്‍ത്ത് ഫോറത്തിന്റെയും റിപ്പോര്‍ട്ടനുസരിച്ച്  ചില ഭക്ഷണങ്ങളെക്കുറിച്ചുള്ള ടെലിവിഷനിലെ പരസ്യം പിന്‍വലിക്കാനാവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തിടെ നടത്തിയ പഠനങ്ങളൊക്കെ തെളിയിക്കുന്നത് അമിതവണ്ണം പലതരത്തിലുമുള്ള കാന്‍സര്‍ ഉണ്ടാക്കുമെന്നു തന്നെയാണ്. അമിതവണ്ണം കൂടുതലായും അന്നനാളം, ഗര്‍ഭാശയം, ആമാശയം എന്നിവിടങ്ങളിലൊക്കെയുള്ള കാന്‍സറിന് വഴി വെയ്ക്കുമെന്നും പഠനത്തില്‍ പറയുന്നു. കൂടാതെ പ്രമേഹം, ഹൃദയസംബന്ധിയായുള്ള അസുഖങ്ങള്‍ എന്നിവയ്ക്കും അമിതവണ്ണം കാരണമാകുന്നുണ്ട്.

പഴയതും പുതിയതുമായ ആരോഗ്യരംഗത്തെ വിവരങ്ങളെ ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് 20 വര്‍ഷമാകുമ്പോഴേക്കും അമിതവണ്ണമുണ്ടാക്കിയേക്കാവുന്ന പരിണിതഫലങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നത്.

2035 ആകുമ്പോഴേക്കും 46 ലക്ഷം പേര്‍ക്ക് പ്രമേഹത്തിനും 16 ലക്ഷം പേര്‍ക്ക് ഹൃദയസംബന്ധിയായ അസുഖത്തിനും സാധ്യത ഉണ്ട്.

പരിഹാരങ്ങള്‍
പഠനറിപ്പോര്‍ട്ടില്‍ത്തന്നെ ഈ പ്രശ്‌നത്തിനുള്ള പരിഹാരവും നിര്‍ദ്ദേശിക്കുന്നുണ്ട്. പഞ്ചസാര അധികമായി അടങ്ങിയ പാനീയങ്ങള്‍ക്ക് അധികനികുതി ചുമത്തുക, ഭക്ഷണങ്ങളുടെ പരസ്യം ഓണ്‍ലൈനില്‍ പ്രചരിക്കുന്ന രീതി വിശദമായി പഠിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പഠനം മുന്നോട്ട് വയ്ക്കുന്നത്. കുറച്ച് വര്‍ഷങ്ങളായി കുട്ടികളിലും യുവാക്കളിലും അമിതവണ്ണം വര്‍ധിക്കുന്നതായി ഗവേഷകര്‍ പറയുന്നു. സാങ്കേതികവിദ്യകളിലും മരുന്നുകളിലും അതിവേഗം മാറ്റം വന്നുകൊണ്ടിരിക്കുന്നത് പഠനം നേരിട്ട വെല്ലുവിളിയാണെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ഇപ്പോള്‍ത്തന്നെ അമിതവണ്ണമുള്ള ആള്‍ക്കാരെ സംബന്ധിച്ച് മുന്‍കരുതലുകളെടുക്കാന്‍ പഠനം സഹായിക്കുമെന്നാണ് ഗവേഷകരിലൊരാളായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫ. സൂസന്‍ ജേബ് പറയുന്നത്. കാന്‍സര്‍ വരാതിരിക്കാനായി പുകവലി ഉപേക്ഷിക്കുന്നവരുണ്ട് എന്നാല്‍ അമിതവണ്ണവും അനാരോഗ്യകരമായ ഭക്ഷണരീതിയും ഉപേക്ഷിക്കുക കൂടി ചെയ്താലേ അത് പൂര്‍ണമാകൂവെന്നും അവര്‍ പറയുന്നു.

ഏതായാലും പഠനത്തെ തുടര്‍ന്ന് കുട്ടികളുടെ ചാനലുകളിലും പരിപാടികളിലും പ്രദര്‍ശിപ്പിക്കുന്ന ജങ്ക് ഫുഡുകളുടെ പരസ്യങ്ങള്‍ നിരോധിക്കാനുള്ള ശ്രമം യു.കെയില്‍ തുടങ്ങിയിട്ടുണ്ട്. കുട്ടികളില്‍ അമിതവണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണിത്.

ശരിയായി കേൾക്കണമെങ്കിൽ കണ്ണട വെയ്ക്കേണ്ടിവരും!

മിന്നുന്നതെല്ലാം പൊന്നല്ല എന്നാണ് പറയുക. എന്നാല്‍ നേരിട്ട് കണ്ടതും കേട്ടതും വിശ്വസിക്കരുതെന്നാണ് ഇപ്പോള്‍ കുറേ ഗവേഷകര്‍ പറയുന്നത്. യണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകരാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഗവേഷണ റിപ്പാര്‍ട്ട് പുറത്ത് വിട്ടത്.

ലഡാന്‍ ഷാംസ് എന്ന ഗവേഷക വിദ്യാര്‍ഥിയുടെ നേതൃത്വത്തിലാണ് പുതിയ പഠനം നടന്നത്.  നമ്മുടെ കാഴ്ചയും കേള്‍വിയും വിശ്വസനീയമല്ലെന്നാണ് ഇവര്‍ പറയുന്നത്.

കണ്ണും കാതും പ്രാഥമിക ഇന്ദ്രിയങ്ങളാണ്. നമ്മള്‍ ലോകത്തെ കൂടുതലും അറിയുന്നതും ഇവ രണ്ടിലൂടെയുമാണ്. എന്നാല്‍ കണ്ണ്, കാത് എന്നിവയില്‍ കൂടി തലച്ചോറിലെത്തുന്ന് വിവരങ്ങള്‍ കൃത്യതയില്ലാത്തതാണെന്നാണ് ലഡാന്‍ ഷാംസും കൂട്ടുകാരും കണ്ടെത്തിയത്.

ചുറ്റുപാടുകളേക്കുറിച്ച് ബോധ്യമുണ്ടോക്കുന്ന സ്പെഷ്ല്‍ ലോക്കലൈസേഷന്‍ എന്ന കഴിവിനേയാണ് ഗവേഷകര്‍ പരീക്ഷിച്ചത്. കണ്ണിന്‌റെയും കാതിന്‌റെയും സംയുക്ത പ്രവര്‍ത്തനത്തിലൂടെയാണ് ചുറ്റുപാടുകളേക്കുറിച്ച് നമുക്ക് ബോധ്യമുണ്ടാകുന്നത്.

പരീക്ഷണത്തിന്റെ ഭാഗമായി കുറെ ആളുകളെ ഒരു കറുത്ത ബോര്‍ഡിന് അഭിമുഖമായി നിര്‍ത്തി. ഇതിന് പിറകില്‍ അഞ്ച് ലൗഡ് സ്പീക്കറും വച്ചു. കൂടാതെ ഇവരുടെ പിറകില്‍ ഒരു പ്രൊജക്ടറും സ്ഥാപിച്ചു.

ഒരേസമയത്ത് പ്രൊജക്ടര്‍ ഉപയോഗിച്ച് ബോര്‍ഡിലേക്ക് പ്രകാശം എത്തിക്കുകയും ലൗഡ് സ്പീക്കറുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. ഇത് പലതരത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. പരീക്ഷണത്തിന് വിധേയരായ ആളുകളോട് ഇവ എവിടെ നിന്നാണ് പുറപ്പെടുന്നത് എന്ന് കണ്ടെത്താന്‍ ആവശ്യപ്പെട്ടു. ഫലം ഞെട്ടിക്കുന്നതായിരുന്നു.

ആര്‍ക്കുംതന്നെ അത് കൃത്യമായി കണ്ടെത്താന്‍ സാധിച്ചില്ല. പലര്‍ക്കും നിഗമനങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പലതരത്തിലുള്ള വിവരങ്ങള്‍ ഒരേസമയം ഒരേസ്ഥലത്തിനെ കേന്ദ്രീകരിച്ച് വന്നതോടെ അതിനെ അപഗ്രഥിക്കാന്‍ തലച്ചോറിന് സാധിക്കാതെ വന്നതാണ് ഇതിന് കാരണം.

അതിനാല്‍ നന്നായി കേള്‍ക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ കണ്ണട ധരിക്കേണ്ടിവരും എന്നാണ് ലഡാന്‍ ഷാംസ് പറയുന്നത്

ഒന്നിലേറെ രോഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മരുന്ന് വികസിപ്പിച്ചു

ഒറ്റമൂലി എന്ന് കേട്ടിട്ടില്ലേ. ഒന്നിലേറെ രോഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മരുന്നുകള്‍. എന്നാലിതാ മനുഷ്യനെ ബാധിച്ചേക്കാവുന്ന മിക്ക രോഗങ്ങളും ഭേദമാക്കിയേക്കാവുന്ന മരുന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. കാലിഫോര്‍ണിയയിലെ സ്‌ക്രിപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുതിയ കണ്ടെത്തലിനു പിന്നില്‍.

പ്രമേഹ ചികിത്സക്കായി പുതിയ മരുന്ന് കണ്ടുപിടിക്കാനായി നടത്തിയ പരീക്ഷണങ്ങള്‍ക്കിടെയാണ് അത്ഭുത മരുന്ന് കണ്ടെത്തിയത്. പ്രമേഹത്തിനുള്ള മരുന്നായി പ്രവര്‍ത്തിക്കുന്നതിനൊപ്പം തന്നെ ഇത് ആന്റിബയോട്ടിക്കായും പ്രവര്‍ത്തിക്കും. പുതുതായി കണ്ടെത്തിയ രാസസംയുക്തത്തിന്റെ പേരുവിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

എന്നാല്‍ ഭാവിയില്‍ കാന്‍സര്‍ ചികിത്‌സക്കുപോലും ഉപയോഗിക്കാമെന്നാണ് കരുതുന്നത്. മരുന്ന് കോശങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന രീതി നോക്കിയാല്‍ കാന്‍സര്‍ ചികിത്‌സക്ക് മരുന്ന് ഗുണം ചെയ്യും. രോഗ ചികിത്സാ മേഖലയില്‍ വിപഌവകരമായ കണ്ടുപിടുത്തമാണിത്. അലോപ്പതി ചികിത്സയില്‍ മരുന്നുകളുടെ ദൂഷ്യഫലങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

അത് തന്നെ ഇവിടെയും വില്ലനാകുന്നു. എന്നാല്‍ മരുന്ന് പ്രാരംഭഘട്ടത്തിലായതിനാല്‍ പ്രതിസന്ധികളെ മറികടക്കാമെന്ന് കരുതുന്നു. മൂന്ന വര്‍ഷം മുമ്പ് റിച്ചാര്‍ഡ് ലീനറും സംഘവും വികസിപ്പിച്ച സാങ്കേതിക വിദ്യയിലൂടെയാണ് പുതിയ മരുന്നിന്റെ  പിറവി. ലീനറിന്റെ തബോറട്ടറിയില്‍ തന്നെയാണ് പുതിയ കണ്ടുപിടുത്തവും.

പുതിയ മരുന്ന് ടൈപ്പ് 2 പ്രമേഹത്തിനെതിരെയുള്ള ശക്തമായ ആയുധം കൂടിയാണ്. ജലദോഷമുണ്ടാക്കുന്ന വൈറസ്, കാന്‍സര്‍ കോശങ്ങള്‍ എന്നിവയെ നശിപ്പിക്കുകയും രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടകുകയും ചെയ്യുന്നതാണ് പുതിയ മരുന്ന്.

ഡെങ്കി പ്രതിരോധ വാക്‌സിന്‍

ലോകത്തിലെ ആദ്യത്തെ ഡെങ്കി പ്രതിരോധ വാക്‌സിന് മെക്‌സിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്ത്യയടക്കം ഡെങ്കി വൈറസ് ബാധ പടരുന്ന രാജ്യങ്ങള്‍ക്ക് മരുന്നിന്റെ കണ്ടുപിടിത്തം ആശ്വാസമാകും.

മരുന്ന് ഉപയോഗിക്കുന്നതിലൂടെ ഒന്‍പതിനും നാല്‍പ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാം.

ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സനോഫി പാസ്‌ച്വേഴ്‌സാണ് മരുന്ന് വികസിപ്പിച്ചത്. രണ്ട് ദശാബ്ദത്തോളം നീണ്ട കഠിന പ്രയത്‌നത്തിനുള്ള ഫലമാണ് ഇപ്പോള്‍ ലഭിച്ചതെന്ന് സനോഫീസ് സിഇഒ ഒലിവര്‍ ബ്രാന്‍ഡികോര്‍ട്ട് പറഞ്ഞു. പൊതുജനാരോഗ്യ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നതാണ് മരുന്നിന്റെ കണ്ടുപിടിത്തമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ ഡെങ്കി രോഗ ബാധ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മരുന്ന് ഉപയോഗിക്കാന്‍ മെക്‌സിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഡെങ്കി രോഗ ബാധയില്‍ വര്‍ദ്ധനവുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

2014 ല്‍ 10,097 പേര്‍ക്കു രോഗബാധ കണ്ടെത്തിയെങ്കില്‍ ഈ വര്‍ഷം സപ്തംബര്‍ ആറ് വരെ 19,704 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 41 പേര്‍ മരിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് 602 ഉം, കാസര്‍ക്കോട് 443 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സന്ധിവാതം കണ്ടെത്താന്‍ ഇനി രക്തപരിശോധന

രക്ത പരിശോധനയിലൂടെ സന്ധിവാതം കണ്ടെത്താമെന്ന് ഗവേഷകര്‍. രോഗപ്രതിരോധശേഷിക്ക് കാരണമാകുന്ന ഗ്ലൂക്കോപ്രോട്ടീന്‍ ഘടകമായ ടെനാസിന്‍സിയുടെ അളവ് കൂടുന്നതാണ് സന്ധിവാതത്തിന് കാരണമാകുന്നത്.

രക്ത പരിശോധനയിലൂടെ ടെനാസിന്‍സിയുടെ അളവ് കണ്ടെത്തി ചികില്‍സ തുടങ്ങാമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ കെന്നഡി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു. രോഗ പ്രതിരോധശേഷിക്ക് കാരണമാകുന്ന ഘടകം ശരീരത്തിന് ദോഷകരമായി മാറുന്ന സാഹചര്യമാണ് ഇവിടെയുണ്ടാകുന്നത്.

വാതരോഗികളുടെ സന്ധികളില്‍ ടെനാസിന്‍ സിയുടെ അളവ് കൂടുതലാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അന്‍ജാ ഷോനേസര്‍ പറഞ്ഞു. ഇതിന്റെ അളവ് വര്‍ധിക്കുന്നതിന് അനുസരിച്ചാണ് രോഗ സാധ്യത കൂടുന്നത്.

2,000 രോഗികളെ പഠനത്തിനായി ഉപയോഗിച്ചു. ഇതില്‍ 50 ശതമാനം രോഗികളുടെ സന്ധികളിലും ടെനാസിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി.

വാതരോഗം വരുന്നതിന് ഏഴ് വര്‍ഷം മുന്‍പേ ഇതിന്റെ അളവ് കൂടിവരുന്നതായി പഠനത്തില്‍ പറയുന്നു. രക്ത പരിശോധനയിലൂടെ നേരത്തെതന്നെ ഫലപ്രദമായ ചികില്‍സ തേടാമെന്ന് ഗവേഷകര്‍ പറയുന്നു

എന്തുപറഞ്ഞാലും വെളിച്ചെണ്ണതന്നെ കേമന്‍…

വെളിച്ചെണ്ണ എന്ന് കേള്‍ക്കുമ്പേള്‍ തന്നെ പലര്‍ക്കും പേടി തുടങ്ങും. വെളിച്ചെണ്ണ ആളൊരു ഭീകരന്‍ ആണെന്നാണ് ഇപ്പോള്‍ ഏത് വീട്ടമ്മയും പറയൂ. കൊളസ്‌ട്രോള്‍ പേടിച്ച് വെളിച്ചെണ്ണയ്ക്ക് പകരം മറ്റ് വെജിറ്റബിള്‍ ഓയിലുകളാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്.

എന്നാല്‍ വെളിച്ചെണ്ണയ്ക്ക് പകരം ഉപയോഗിക്കുന്ന എണ്ണകള്‍ എത്രമാത്രം അപകടകാരികളാണെന്ന് നിങ്ങള്‍ക്കറിയാമോ?  അടുത്തിടെ നടന്ന ചില പഠനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത് ഇത്തരം എണ്ണകള്‍ മാരകമായ കാന്‍സറിനുപോലും കാരണമാകുന്നു എന്നാണ്.

സണ്‍ഫ്ളവര്‍ ഓയില്‍, കോണ്‍ ഓയില്‍, പാം ഓയില്‍ എന്നിവയാണ് സാധാരണയായി പാചകത്തിനായി മലയാളികള്‍ ഉപയോഗിക്കുന്നത്. ഇത്തരം എണ്ണകള്‍ ചൂടാക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനീകരമായ രാസപദാര്‍ഥങ്ങള്‍ ഉണ്ടാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. എണ്ണകള്‍ ചൂടാക്കുമ്പോള്‍ ഉണ്ടാകുന്ന ആല്‍ഡിഹൈഡുകളാണ് ഇതില്‍ ഏറ്റവും അപകടകാരി.

ആല്‍ഡിഹൈഡുകള്‍ ശരീരത്തില്‍ എത്തിയാല്‍ കാന്‍സര്‍, ഹൃദയാഘാതം, മറവി രോഗങ്ങള്‍, ദഹന പ്രശ്‌നങ്ങള്‍, അള്‍സര്‍, രക്ത സമ്മര്‍ദ്ദം, സ്ത്രീകളില്‍ ഗര്‍ഭം അലസിപ്പോവുക തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. എന്നാല്‍ ഇവയേ അപേക്ഷിച്ച് വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ആല്‍ഡിഹൈഡ് കുറഞ്ഞ അളവില്‍ മാത്രമാണ് പുറത്തുവിടുന്നത്.

സാധാരണ ലഘുഭക്ഷണം മേല്‍പ്പറഞ്ഞ എണ്ണകളില്‍ തയ്യാറാക്കുകയാണെങ്കില്‍ 100 മുതല്‍ 200 തവണവരെ ആല്‍ഡിഹൈഡ് ഉണ്ടാകുന്നതായാണ് കണ്ടെത്തിയത്. ആരോഗ്യത്തിന് ഹാനീകരമായ ഒമേഗ 6 ഫാറ്റി ആസിഡും ഇവ പുറത്തുവിടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

സണ്‍ഫ്ളവര്‍ ഓയില്‍, കോണ്‍ ഓയില്‍ എന്നിവ സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന പറയുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ദേയമാണ്.

വെളിച്ചെണ്ണയും ബട്ടറും പാചകത്തിന് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് ഗവേഷകര്‍ പറയുന്നു. വെജിറ്റബിള്‍ ഓയിലുകളും വെളിച്ചെണ്ണയും ചൂടാകുമ്പോള്‍ പുറത്ത് വിടുന്ന ആല്‍ഡിഹൈഡിന്റെ അളവാണ് ഗ്രാഫില്‍ നല്‍കിയിട്ടുള്ളത്. ദീര്‍ഘായുസ് വേണമെന്നുണ്ടെങ്കില്‍ ഇനി പാചകത്തിന് കഴിവതും വെളിച്ചെണ്ണയെ കൂട്ടുപിടിച്ചോളൂ.

മഞ്ഞളില്‍നിന്ന് അര്‍ബുദത്തിന് അദ്ഭുതമരുന്ന്‌

നമ്മുടെയെല്ലാം വീട്ടുമുറ്റത്ത് കാണുന്ന മഞ്ഞളില്‍നിന്ന് അര്‍ബുദം ഭേദമാക്കാനുള്ള മരുന്നുകണ്ടെത്തി. ഭോപ്പാലിലെ സര്‍വകലാശാലയായ രാജീവ് ഗാന്ധി പ്രൗഡ്യോഗികി വിശ്വവിദ്യാലയ(ആര്‍.ജി.പി.വി.)മാണ് അര്‍ബുദചികിത്സയില്‍ വഴിത്തിരിവായേക്കാവുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

മഞ്ഞളില്‍ അര്‍ബുദം പ്രതിരോധിക്കാനുള്ള തന്മാത്രകളുണ്ടെന്നാണ് പത്തുവര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ ഇവരുടെ കണ്ടെത്തല്‍. ഇവയ്ക്ക് സി.ടി.ആര്‍.-17, സി.ടി.ആര്‍.-20 എന്നിങ്ങനെ പേരും നല്‍കി. പേറ്റന്റിനായും അപേക്ഷിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. പീയുഷ് ത്രിവേദിയും അധ്യാപകന്‍ ഡോ. സി. കാര്‍ത്തികേയനും പറഞ്ഞു. മധ്യപ്രദേശില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏക സാങ്കേതിക സര്‍വകലാശാലയാണ് (ആര്‍.ജി.പി.വി).

അര്‍ബുദരോഗികള്‍ക്കിടയില്‍ ഈ മരുന്ന് പരീക്ഷിച്ചപ്പോള്‍ വിസ്മയിപ്പിക്കുന്ന ഫലമാണ് ഉണ്ടായതെന്നും ഇവര്‍ അവകാശപ്പെട്ടു. മറ്റ് അര്‍ബുദമരുന്നുകളെപ്പോലെ ഇതിന് പാര്‍ശ്വഫലങ്ങളില്ല. അര്‍ബുദം ബാധിച്ച കോശങ്ങളെ മാത്രമേ ഈ മരുന്ന് നശിപ്പിക്കൂ. മറ്റ് കോശങ്ങളെ യാതൊരുതരത്തിലും ബാധിക്കില്ലെന്ന് ഇരുവരും അവകാശപ്പെട്ടു.

കാനഡയിലെ അഡ്വാന്‍സ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ചായിരുന്നു ഗവേഷണം. അര്‍ബുദം ബാധിച്ച കോശങ്ങളുടെ വിഭജനം തടയുകയാണ് മഞ്ഞളിലെ പ്രതിരോധതന്മാത്രകള്‍ ആദ്യം ചെയ്യുന്നത്. ഇതിനായി കോശങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന ‘ട്യുബുലിന്‍’ എന്ന പ്രോട്ടീന്റെ വളര്‍ച്ചതടയുകയാണ് ഇവ ചെയ്യുന്നതെന്നും ഇവര്‍ വിശദീകരിച്ചു.

സോഡയും ശീതളപാനീയങ്ങളും പല്ലിന് ഭീഷണി

സോഡയും എനര്‍ജി പാനീയങ്ങളും കുടിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ സൂക്ഷിക്കുക, നിങ്ങളുടെ പല്ലുകള്‍ കേടുവരുത്താന്‍ ശക്തിയുള്ള ആസിഡ് അംശങ്ങള്‍ ഇതിലുണ്ട്. ഓസ്‌ട്രേലിയയിലെ ഓറല്‍ ഹെല്‍ത്ത് കോഓപ്പറേറ്റീവ് റിസര്‍ച്ച് സെന്റര്‍ പ്രൊഫസര്‍ എറിക് റെയ്‌നോള്‍ഡ്‌സ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

സോഡ, എനര്‍ജി പാനീയം എന്നിവ അടക്കം 23 ഉല്‍പ്പന്നങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. പഞ്ചസാരയുടെ അളവ് കുറഞ്ഞ പാനീയങ്ങളില്‍ സിട്രിക് ആസിഡ് കൂടുതല്‍ അടങ്ങിയതായും കണ്ടെത്തി.

ആസിഡ് ഇനാമലിനെയും പല്ലിന്റെ കോശങ്ങളെയും നശിപ്പിക്കുന്നതായി പ്രൊഫ: എറിക് റെയ്‌നോള്‍ഡ്‌സ് പറയുന്നു. ആദ്യഘട്ടത്തില്‍ ആസിഡ് പല്ലിന്റെ പുറമേയുള്ള ഇനാമല്‍ കവചത്തെ ക്ഷയിപ്പിക്കുന്നു. തുടര്‍ച്ചയായുള്ള ഉപയോഗം പല്ലിന്റെ ഇടയില്‍ ദശ വളരാന്‍ കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു.

പഞ്ചസാരയുള്ളതും ഇല്ലാത്തതുമായ ശീതളപാനീയങ്ങളുടെയും രുചികരമായ മിനറല്‍ വാട്ടറുകളുടെയും ഉപയോഗം പല്ലിന്റെ അപചയത്തിന് കാരണമാകും.

എട്ട് എനര്‍ജി പാനീയങ്ങള്‍ പരിശോധിച്ചതില്‍ ആറെണ്ണവും പല്ലിന്റെ ഇനാമലിനെ കേടുവരുത്തുന്നതായി തെളിഞ്ഞു. പഞ്ചസാരയുടെ അളവ് കുറഞ്ഞ മിഠായികളില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പല്ലിന്റെ ഇനാമല്‍ കേടുവരുത്തുന്നതായി പ്രൊഫ: എറിക് റെയ്‌നോള്‍ഡ് പറയുന്നു. പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളും അവയുടെ അളവും പരിശോധിച്ചശേഷം ഉപയോഗിക്കുന്നതാകും ഉചിതം.

ഇവ ശ്രദ്ധിക്കാം:
ശീതളപാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക
സിട്രിക്, പോസ്‌പോറിക് ആസിഡ് അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.
ഇവ കുടിച്ചാല്‍ വെള്ളം ഉപയോഗിച്ച് വായ നന്നായി കഴുകുക.
ഒരു മണിക്കൂറിനു ശേഷം ബ്രഷ് ചെയ്യുക.

ചുണ്ടിനെ സംരക്ഷിക്കാം, ഈ മഞ്ഞുകാലത്ത്

മഞ്ഞുകാലം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുളിരുന്ന നമ്മള്‍ ആ സമയത്ത് വെള്ളംകുടി കുറയ്ക്കുകയാണ് പതിവ്. എന്നാലങ്ങനെ ചെയ്യാന്‍ പാടില്ല. മഞ്ഞുകാലമായാലും വേനല്‍ക്കാലമായാലും 8-10 ഗ്ലാസ് വെള്ളം കുടിക്കണം. ഇതില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ട. ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ അത് ആദ്യം പ്രതിഫലിക്കുന്നത് ചുണ്ടുകളിലാണ്. അതുകൊണ്ട് ശരീരത്തിലെ ജലാംശം കുറയാതിരിക്കാനായി ധാരാളം വെള്ളം കുടിക്കുക. ജ്യൂസോ പഴച്ചാറോ വെള്ളമോ അങ്ങനെ എന്തുമാകാം.

വെള്ളരിക്ക കഷണങ്ങളാക്കി ദിവസം ഒരു പത്ത് മിനിട്ട് ചുണ്ടില്‍ ഉരസുന്നത് ചുണ്ടിന്റെ തിളക്കം കൂട്ടാന്‍ സഹായിക്കും. ഗന്ധമില്ലാത്ത ലിപ് ബാമുകള്‍, കറ്റാര്‍ വാഴയും വൈറ്റമിന്‍ ഇയും അടങ്ങിയ ഓയിന്റ്‌മെന്റുകള്‍ എന്നിവ ചുണ്ടുകളുടെ വരള്‍ച്ച തടയുന്നതില്‍ ഏറെ ഫലപ്രദമാണ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന നിരവധി മാര്‍ഗങ്ങള്‍ വേറെയുമുണ്ട്. ആല്‍മണ്ട് ഓയില്‍, ഒലീവ് ഓയില്‍, വെളിച്ചെണ്ണ തുടങ്ങി പ്രകൃതി ദത്തമായ ഏത് എണ്ണയും ഉപയോഗിക്കാം. തേനും പാലും ഒന്നിനെയും മാറ്റിനിര്‍ത്തണ്ട. കോസ്‌മെറ്റിക്‌സ് ഉല്‍പന്നങ്ങള്‍ ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കും. പരസ്യങ്ങളില്‍ കാണുന്ന ഗ്ലോസി ലിപ്‌സ് ശരിക്കും പ്രലോഭിപ്പിക്കുകയും ചെയ്യും. ഇത്തരം കോസ്‌മെറ്റിക്‌സില്‍ ധാരാളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാവും. ഇവ താല്‍കാലിക ആശ്വാസം മാത്രമേ നല്‍കൂ. വാസ്തവത്തില്‍ ഇവ ചുണ്ടുകളെ കൂടുതല്‍ വരണ്ടതാക്കൂകയാണ് ചെയ്യുന്നത്.

പ്രമേഹം തടയുവാന്‍ കൊക്കോയും, ഗ്രീന്‍ ടീയും

ഇന്ന് സര്‍വ്വസാധരണമായ ഒരു ജീവിത ശൈലി രോഗമാണ് പ്രമേഹം, ചിലപ്പോള്‍ പാരമ്പര്യമായും പ്രമേഹം പിടിപെടാം. എന്നാല്‍ പ്രമേഹം മൂലം ഉണ്ടാകുന്ന രോഗ ലക്ഷണങ്ങളെ നമ്മുടെ ആഹാരരീതി കൊണ്ട് തന്നെ നിയന്ത്രിക്കാം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഡയബറ്റിക്ക് റെറ്റിനോപതിയാണ് പ്രമേഹത്തിന്‍റെ ഏറ്റവും വലിയ ലക്ഷണങ്ങളില്‍ ഒന്ന്. അതായത് പ്രമേഹം ക്രമേണ കണ്ണിന്‍റെ കാഴ്ച ശക്തിയെ ബാധിക്കുന്നതിനെയാണ് ഡയബറ്റിക്ക് റെറ്റിനോപതിയെന്ന് പറയുന്നത്.

എന്നാല്‍ ഇത്തരത്തില്‍ പ്രമേഹം മൂലം അകാലത്തില്‍ അന്ധത വരുന്നത് തടയാന്‍ ഭക്ഷണശീലം കൊണ്ട് സാധിക്കും എന്നാണ് ബ്രസീലിലെ കമ്പിയനസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഗ്രീന്‍ടീയും, കൊക്കോയും ഭക്ഷണത്തിന്‍റെ ഭാഗമാക്കുവനാണ് ഇവിടെ നടത്തിയ പഠനങ്ങള്‍ നല്‍കുന്ന നിര്‍ദേശം. ഗ്രീന്‍ ടീയിലും, കൊക്കോയിലും അടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ്, തീമോബ്രോമീന്‍ എന്നിവ പ്രമേഹ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനം പറയുന്നു.

ഉറക്കം നഷ്ടപ്പെടുന്നുണ്ടോ…? കാരണം നിങ്ങളുടെ സ്മാര്‍ട്ട് ഫോണാവാം

സാങ്കേതികവിദ്യയുടെ സ്വാധീനം ജീവിതത്തിലെല്ലായിടത്തും വ്യാപിച്ചപ്പോള്‍ ഒരു ദിവസത്തേക്ക് പോലും ഒഴിവാക്കാവാത്ത ഉപകരണണായി സ്മാര്‍ട്ട്ഫോണുകള്‍ മാറിക്കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഉറക്കമില്ലാത്ത രാത്രികളാണ് ഇത്തരം ഉഫകരണങ്ങള്‍ അവയുടെ ഉപയോക്താക്കള്‍ക്ക് സമ്മാനിക്കുന്നതത്രെ. സ്മാര്‍ട്ട്ഫോണുകളുടെയും ടാബ്‍ലറ്റുകളുടെയും ഇ-റീഡറുകളുടെയും സ്ക്രീനുകള്‍ പുറപ്പെടുവിക്കുന്ന നീല വെളിച്ചം നമ്മുടെ ഉറക്കം കെടുത്താന്‍ പര്യാപ്തമാണെന്നാണ് വിദ്ധരുടെ കണ്ടെത്തല്‍.  ഇതിന് പരിഹാരമായി ഇത്തരത്തിലുള്ള എല്ലാ ഉപകരണങ്ങളിലും ഒരു ‘ബെഡ് മോഡ് ‘ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ഇതിന് പരിഹാരം നിര്‍ദ്ദേശിക്കുന്നത്.

ശരീരത്തിലെ ജൈവക്ലോക്കായ പിനിയല്‍ ഗ്രന്ഥിയുടെ താളംതെറ്റിക്കാന്‍ പര്യാപ്തമാണത്രെ ഈ നീലവെളിച്ചം. പ്രകൃതിയിലെ സ്വാഭാവിക പ്രകാശത്തില്‍ ഉച്ചസമയങ്ങളിലായിരക്കും നീലനിറം കൂടുതലുണ്ടായിരിക്കുന്നത്. അതിരാവിലെയും വൈകുന്നേരവും മറ്റ് നിറങ്ങളായിരിക്കും കൂടുതല്‍. മനുഷ്യരെ കൂടുതല്‍ സജീവരാക്കി നിര്‍ത്താന്‍ സഹായിക്കുന്ന ഘടകമാണ് ഈ നീലനിറം. ഫോണുകളുടെയും മറ്റും ഉപയോഗത്തിലൂടെ രാത്രിയിലെ ഈ സ്വാഭാവിക നിറവ്യതിയാനം നടസ്സപ്പെടുകയും ക്രമേണ ശരീരത്തിന്റെ ജൈവക്ലോക്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്യും

കമ്പ്യൂട്ടറിനുമുന്നില്‍ ഇരിക്കുന്നവര്‍ കണ്ണിനുവേണ്ടി ചെയ്യേണ്ടത്

കണ്‍മണിയെപ്പോലെ കാക്കണമെന്നുപറയുമ്പോള്‍ത്തന്നെ നേത്രസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കാം. കമ്പ്യൂട്ടറിനു മുന്നിരിക്കുമ്പോള്‍ നാം നമ്മുടെ കണ്ണിനെ മറന്നുകൂടാ.

കണ്ണുകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതിനുമുമ്പ് നമുക്ക് ലളിതമായ ചില വ്യായാമങ്ങള്‍ നോക്കാം. എപ്പോഴും ചെയ്യാനാവുന്ന വ്യായാമങ്ങളാണിത്. കണ്ണിന് മറ്റെന്തെങ്കിലും പ്രശ്നങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെയ്യുക..

കമ്പ്യൂട്ടറില്‍ ശ്രദ്ധിച്ചിരിക്കുമ്പോള്‍ നമ്മള്‍ കണ്ണുകള്‍ ചിമ്മുന്നത് കുറയുന്നു. ഇടയ്ക്ക് കണ്ണുതുറന്നുപിടിച്ചിട്ട് പത്തുതവണ ചിമ്മുക. പിന്നീട് 20 സെക്കന്‍ഡ് കണ്ണടച്ച് പിടിച്ചിട്ട് വീണ്ടും ആവര്‍ത്തിക്കുക. കൂടാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ആവര്‍ത്തിച്ച് കണ്ണ് ചിമ്മുവാന്‍ ശ്രദ്ധിക്കുക.

കൈപ്പത്തികള്‍ പരസ്പരം കൂട്ടിത്തിരുമ്മി ചൂടാക്കുക. കണ്ണിനുമുകളില്‍ ആ ചൂട് പോകുന്നതുവരെ വയ്ക്കുക. മനസ് ശാന്തമായി വെച്ച് അല്‍പ്പനേരം വിശ്രമിക്കുക.

ഇരുവശത്തേക്കും കൃഷ്ണമണികള്‍ ചലിപ്പിക്കുക. പിന്നീട് വൃത്തത്തില്‍ ചലിപ്പിക്കുക. ഇത് ചെയ്യുമ്പോള്‍ കഴുത്ത് അനക്കരുത്.

അകലെയുള്ള വസ്തുക്കളിലും അടുത്തുള്ള വസ്തുക്കളിലും നോട്ടം കേന്ദ്രീകരിക്കുക.

ഓര്‍മ്മശക്‌തി കൂട്ടാന്‍ ഒരു വഴിയുണ്ട്

ഓര്‍മ്മക്കുറവ് ഇക്കാലത്ത് ഒരു പ്രശ്‌നമായി മാറുന്നുണ്ട്. പ്രത്യേകിച്ചും, 30 വയസ് പിന്നിട്ടവരിലാണ് ഇത് കണ്ടുവരുന്നത്. ഒരു കാര്യം എവിടെയെങ്കിലും വെച്ചാല്‍, തൊട്ടടുത്ത നിമിഷം അത് മറന്നുപോകുന്നു. എന്നാല്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ ഒരു വഴിയുണ്ട്. ദിവസവും കുറഞ്ഞത് എട്ടുമണിക്കൂര്‍ ഉറങ്ങുക എന്നതാണ് ഓര്‍മ്മശക്തി കൂട്ടാനുള്ള വഴി. രാത്രിയില്‍ നന്നായി ഉറങ്ങുന്നവര്‍ക്ക് ഓര്‍മ്മശക്തി കൂട്ടാനാകുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമായത്. ഓര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങളുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. ചില പേരുകളും സ്ഥലങ്ങളും ഫോണ്‍ നമ്പരുകളും ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുള്ളവരെ, ദിവസവും എട്ടുമണിക്കൂറിലേറെ ഉറങ്ങാന്‍ അനുവദിച്ചാണ് പഠനം നടത്തിയത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ എട്ടുമണിക്കൂറിലേറെ ഉറങ്ങിയതോടെ അവരുടെ ഓര്‍മ്മശക്തി വര്‍ദ്ധിച്ചതായി പഠനസംഘം കണ്ടെത്തി. ബ്രിഗ്ഹാം ആശുപത്രിയിലെ ന്യൂറോ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ജെന്നി എഫ് ഡഫിയുടെ നേതൃത്വത്തിലുള്ള സംഘമാമ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് ന്യൂറോബയോളജി ഓഫ് ലേണിങ് ആന്‍ഡ് മെമ്മറി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊളസ്ട്രോള്‍ വര്‍ദ്ധിക്കാന്‍ പത്ത് കാരണങ്ങള്‍

ആരോഗ്യകരമായ ജീവിതത്തിന് ശരീരത്തിലെ കൊഴുപ്പിന്റെ അളവ്  ഒരു നിശ്ചിത അളവില്‍ നിയന്ത്രിച്ച് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. മാറിയ ജീവിതശൈലി അധികപേരെയും അമിത കൊളസ്ട്രോള്‍ കൊണ്ടുണ്ടാവുന്ന അസുഖങ്ങള്‍ക്ക് അടിമയാക്കിയിട്ടുണ്ട്. കൊഴുപ്പിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്.

അനാരോഗ്യകരമായ ഭക്ഷണരീതി
കൊഴുപ്പ് കൂടുതലടങ്ങിയ മാംസം, വെണ്ണ, നെയ്യ്, കേക്ക് തുടങ്ങിയ പൂരിത കൊഴുപ്പിന്റെ സാന്നിദ്ധ്യമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ തന്നെയാണ് ഏറ്റവും പ്രധാന കാരണം

പാരമ്പര്യഘടകങ്ങള്‍
കൊളസ്ട്രോള്‍ സംബന്ധിയായ അസുഖങ്ങള്‍ രക്തബന്ധുക്കള്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും അവ പിടിപെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പലപ്പോഴും ഹൃദയപേശികളിലുണ്ടാവുന്ന തടസ്സത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കുന്നത് ശ്രദ്ധിക്കപ്പെടാതെ പോവുന്ന ഇത്തരം ഘടകകങ്ങളായിരിക്കും.

അമിതവണ്ണം
പൊണ്ണത്തടിയും അമിതവണ്ണവും കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നിങ്ങളുടെ സാമൂഹിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കും.

അലസത
ഒരിടത്ത് തന്നെ ഇരുന്നും കിടന്നും ജീവിതം തള്ളിനീക്കുന്നവര്‍ വലിയ അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സജീവമായ ജീവിതം ശരീരത്തില്‍ അധികമുണ്ടാവുന്ന കൊഴുപ്പിന്റെ അംശം ഇല്ലാതാക്കാന്‍ സഹായിക്കും.

പുകവലി
ശ്വാസകോശരോഗങ്ങള്‍ക്കൊപ്പം ശരീരത്തിലെ കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കുന്ന ഘടകങ്ങളെയും പുകവലി ഇല്ലാതാക്കും. ഒരിക്കലെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടുള്ളവര്‍ പുകവലിയോട് വിടപറയാന്‍ ഒട്ടും വൈകരുത്.

പ്രായം
20 വയസ് കഴിയുന്നതോടെ സ്വാഭാവികമായിത്തന്നെ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിച്ചുതുടങ്ങും. 60-65 വയസ് വരെ ഇത്തരത്തില്‍ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിക്കുമെങ്കിലും ഇത് സുരക്ഷിതമായ അളവില്‍ നിയന്ത്രിച്ച്  നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ആര്‍ത്തവ വിരാമത്തിന് മുമ്പ് സ്ത്രീകളില്‍ കൊളസ്ട്രോള്‍ അളവ് താരതമ്യേനെ കുറവായിരിക്കുമെങ്കിലും ആര്‍ത്തവ വിരാമത്തിന് ശേഷം ഇത് പുരുഷന്മാരേക്കാള്‍ വര്‍ദ്ധിക്കും.

മരുന്നുകള്‍
മറ്റ് അസുഖങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമായും കൊഴുപ്പ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

മദ്യപാനം
സ്ഥിരമായി മദ്യപിക്കുന്നത് കരളിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുകയും തുടര്‍ന്ന് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും വര്‍ദ്ധിക്കാന്‍ കാരണമാവുകയും ചെയ്യും.

മാനസിക സമ്മര്‍ദ്ദം
കടുത്തമാനസിക സമ്മര്‍ദ്ദം പൊതുവെ ആളുകളെ പുകവലി, മദ്യപാനം എന്നിവയിലേക്കും തെറ്റായ ഭക്ഷണശീലങ്ങളിലേക്കും നയിക്കുന്നത് കൊഴുപ്പിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കാന്‍ കാരണമാവും.

അസുഖങ്ങള്‍
പ്രമേഹം, തൈറോയിഡ് സംബന്ധിയായ അസുഖങ്ങള്‍ എന്നിവയും ഇത്തരമൊരു രോഗാവസ്ഥക്ക് കാരണമാവാറുണ്ട്

ഉറക്കക്കുറവ് വൃക്കയ്ക്ക് ദോഷം

സ്ഥിരമായ ഉറക്കക്കുറവ് വൃക്കകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കയിലെ ബെർഗാം ആൻഡ്‌ വിമൻസ്‌ ആസ്പത്രിയിലെ വിദഗ്‌ധരാണ് ഉറക്കമിളപ്പ് വൃക്കകളുടെ താളംതെറ്റിക്കുമെന്ന് കണ്ടെത്തിയത്.

ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തുന്നതിന് ഉറക്കത്തിന് പ്രധാന പങ്കുണ്ട്. അതിനാൽ ഇതിലുണ്ടാകുന്ന കുറവ് ആന്തരികാവയവങ്ങളുടെ പ്രവർത്തന താളംതെറ്റിക്കും. ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് വൃക്കകളെയാണ്- പഠനത്തിന് നേതൃത്വം നൽകിയ സിയറൻ ജോസഫ് മാക്മുള്ളൻ പറഞ്ഞു.

പതിനൊന്ന് വർഷത്തിനിടെ 4,238 പേരുടെ ഉറക്കവും വൃക്കകളുടെ പ്രവർത്തനവും തമ്മിലുള്ള ബന്ധമാണ് സംഘം പഠിച്ചത്.
ദിവസേന അഞ്ച് മണിക്കൂർ‌ മാത്രം ഉറങ്ങുന്ന സ്ത്രീകളുടെ വൃക്കകളുടെ പ്രവർത്തനത്തിൽ 65 ശതമാനം വരെ കുറവ് സംഭവിക്കുന്നതായി മാക്മുള്ളൻ പറഞ്ഞു.

കഴിക്കാം സോയാബീൻ

അസ്ഥികളുടെ ബലക്ഷയം കൂടുതലായും കണ്ടുവരുന്നത്  സ്ത്രീകളിലാണ്. 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ പകുതിയോളം പേർക്ക് രോഗം കണ്ടുവരുമ്പോൾ ഈ പ്രായത്തിലുള്ള നാലിലൊന്ന് പുരുഷന്മാർക്കേ രോഗം പിടിപെടുന്നുള്ളൂ. എല്ലിന്റെ സാന്ദ്രതയിലും ബലത്തിലും കുറവുണ്ടാകുന്നതാണ് രോഗത്തിന്റെ പ്രത്യാഘാതം. ഇങ്ങനെ വരുമ്പോൾ ചെറിയ വീഴ്ചയിൽതന്നെ എല്ലുകൾ പൊട്ടും.

ആർത്തവവിരാമം ഉണ്ടാകുമ്പോൾ ശരീരത്തിൽ സ്ത്രീഹോർമോണിലു(ഈസ്ട്രജൻ)ണ്ടാകുന്ന വ്യതിയാനമാണ് സ്ത്രീകളെ ഈ രോഗത്തിലേക്ക് നയിക്കുന്നത്. മാംസ്യവും ഈസ്ട്രജന്‌ സമാനമായ സസ്യഹോർമോണും (ഐസോഫ്ളോവൻ) അടങ്ങിയ ഭക്ഷണവും ആർത്തവവിരാമമുണ്ടായ സ്ത്രീകളെ ഈ രോഗത്തിൽനിന്ന് സംരക്ഷിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

സോയാബീനാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഗുണകരമായ ഭക്ഷണമെന്നും ബ്രിട്ടനിലെ ഹൾ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. സോയയിൽ ഐസോഫ്ളോവൻ ഉണ്ടെന്നതാണ് ഈഗുണത്തിന് കാരണം.

ഗവേഷകർ 200 സ്ത്രീകളിൽ പഠനം നടത്തി. ദിവസേന  ഐസോഫ്ളോവനടങ്ങിയ 30 ഗ്രാം സോയാബീൻ നൽകിയായിരുന്നു പഠനം. ആറുമാസത്തിനുശേഷം ഇവരുടെ രക്തമാതൃക പരിശോധിച്ചപ്പോൾ സോയ കഴിച്ചവരുടെ രക്തത്തിൽ അസ്ഥികളെ ദുർബലപ്പെടുത്തുന്ന ബീറ്റ സി.ടി.എക്സിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഇത്തരം ഭക്ഷണം പിന്തുടർന്നവരുടെ ഹൃദയാരോഗ്യവും മെച്ചമായിരുന്നു.

അടുത്തിടെ നടന്ന ഒരു പഠനത്തിൽ ജപ്പാൻകാരുടെ ആരോഗ്യത്തിന്റെ രഹസ്യം സോയയടങ്ങിയ ‘നാറ്റു’ എന്ന ഭക്ഷണമാണെന്ന് കണ്ടെത്തിയിരുന്നു. കുറഞ്ഞ കലോറിയും കൂടിയ പ്രോട്ടീനുമാണ് നാറ്റുവിന്റെ സവിശേഷത.

ജപ്പാൻ വനിതകളുടെ ശരാശരി ആയുസ്സ് 85-ഉം പുരുഷന്മാരുടേത് എഴുപത്തിയെട്ടുമാണ്.
മതിയായ അളവിൽ കാത്സ്യവും വിറ്റാമിനും കഴിക്കുകയും വ്യായാമം ചെയ്യുകയുമാണ് അസ്ഥിക്ഷയം വരാതിരിക്കാൻ പിന്തുടരേണ്ട മറ്റുമാർഗങ്ങൾ.

കളിയല്ല ആയുര്‍വേദം, ഇതാ ജനിതകതെളിവുകള്‍

ആയുര്‍വേദചികിത്സയ്ക്ക് ശാസ്ത്രീയാടിത്തറയില്ലെന്ന ആരോപണങ്ങള്‍ക്ക് തന്മാത്രാജീവശാസ്ത്രത്തിന്റെ മറുപടി. ആയുര്‍വേദത്തില്‍ രോഗനിര്‍ണയത്തിനും ചികിത്സാക്രമത്തിനും ആധാരമായ ത്രിദോഷങ്ങള്‍ക്ക്(വാതം, പിത്തം, കഫം) മനുഷ്യന്റെ ജനിതകഘടനയുമായി ബന്ധമുണ്ടെന്നാണു കണ്ടെത്തല്‍. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയാണ് (സി.സി.എം.ബി.) ത്രിദോഷങ്ങളും ജനിതകഘടനയും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞിരിക്കുന്നത്. വാതം, പിത്തം, കഫം എന്നിവ സംതുലിതമായ അവസ്ഥയാണ് ആയുര്‍വേദത്തില്‍ ആരോഗ്യം. ഏതെങ്കിലും ഒന്നോ രണ്ടോ അല്ലെങ്കില്‍ മൂന്നും കൂടുകയോ കുറയുകയോ ചെയ്താലുണ്ടാകുന്ന അവസ്ഥയാണ് രോഗമെന്ന് ആയുര്‍വേദം പറയുന്നു. എന്നാല്‍, ഇത് ശാസ്ത്രീയമായി വിശദീകരിക്കുന്നതിന് ഇതുവരെ കഴിഞ്ഞിരുന്നില്ല.

കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ കീഴിലാണ് സി.സി.എം.ബി. ഇവിടത്തെ ഡോ. കെ. തങ്കരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ആയുര്‍വേദഡോക്ടര്‍മാര്‍ ചരകസംഹിതയിലെ മാനദണ്ഡങ്ങളനുസരിച്ച് 3400 പുരുഷന്മാരെ വാത, പിത്ത, കഫത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തായിരുന്നു പഠനം. ഇവരില്‍ 262 പേരെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. ഇവര്‍ക്കു പിന്നീട് ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരുകൂട്ടം ചോദ്യങ്ങള്‍ നല്‍കി ഉത്തരം എഴുതിവാങ്ങി. ഈ ചോദ്യങ്ങളെ ബാംഗ്ലൂര്‍ സി-ഡാക് തയ്യാറാക്കിയ ആയുര്‍സോഫ്റ്റ് എന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് വീണ്ടും പഠനവിധേയമാക്കി. ഈ മൂന്നു ഗ്രൂപ്പുകളുടെയും ഡി.എന്‍.എ. പിന്നീട് സി.സി.എം.ബി.യില്‍ പരിശോധിച്ചു. ഈ പഠനങ്ങളില്‍ ഓരോ വ്യക്തിക്കും ത്രിദോഷങ്ങളിലെ ഓരോ ഘടകവും വ്യത്യസ്തമായ അളവിലാണെന്നു കണ്ടെത്തി. ഇതാണ് ഓരോരുത്തര്‍ക്കുമുണ്ടാകുന്ന രോഗങ്ങളില്‍ വ്യത്യാസമുണ്ടാക്കുന്നത്.

അഫിമെട്രിക്‌സ് 6.0 എസ്.എന്‍.പി. ചിപ് ഉപയോഗിച്ചായിരുന്നു സി.സി.എം.ബി.യിലെ പഠനം. സാമ്പിളുകളില്‍ ഒരു ന്യൂക്ലിയോ ടൈഡിലുള്ള വ്യത്യാസമാണ് ചിപ് കണ്ടെത്തിയത്. ഇതില്‍നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ അതില്‍നിന്ന് മൂന്നു ഗ്രൂപ്പുകള്‍ ലഭിച്ചു. ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍ക്കടിസ്ഥാനം ഇതാണെന്ന് പഠനം പറയുന്നു. സിംഗിള്‍ ന്യൂക്ലിയോടൈഡ് പോളിമോര്‍ഫിസം എന്ന ജനിതകസാങ്കേതികതയുടെ അടിസ്ഥാനത്തിലാണ് പഠനവിധേയമായവരുടെ ജീന്‍വ്യതിയാനങ്ങള്‍ കണ്ടെത്തിയത്. ഒരു ന്യൂക്ലിയോടൈഡില്‍ത്തന്നെ 52 ജീനുകളിലെ വ്യത്യാസമാണ് ത്രിദോഷങ്ങളിലെ വ്യതിയാനങ്ങള്‍ക്കു കാരണമാകുന്നത്. ഇതേ മാതൃകകള്‍ ക്രമാനുസൃതമല്ലാത്ത(റാന്‍ഡം) രീതിയില്‍ പരിശോധിച്ചപ്പോഴും ഇത്തരത്തില്‍ മൂന്നു ഗ്രൂപ്പുകള്‍തന്നെ കാണാന്‍ കഴിഞ്ഞു.

ആയുര്‍വേദത്തിലെ പ്രകൃതിവ്യത്യാസവും ജനിതകഘടനയും തമ്മില്‍ ബന്ധപ്പെടുത്തിയുള്ള ആദ്യപഠനമായാണ് ഇതിനെ കണക്കാക്കുന്നത്. ആയുര്‍വേദത്തെ ആധുനികശാസ്ത്രവുമായി ബന്ധിപ്പിക്കുന്നതിനുള്ള കൃത്യമായ ഉത്തരമാണ് പഠനത്തിലൂടെ ലഭിച്ചിരിക്കുന്നതെന്ന് സി.സി.എം.ബി. ഡയറക്ടര്‍ ഡോ. മോഹന്‍ റാവു അഭിപ്രായപ്പെട്ടു. ഗവേഷണങ്ങള്‍ പൂര്‍ത്തിയായാല്‍ രക്തപരിശോധനയിലൂടെ വാത, പിത്ത, കഫ പ്രകൃതക്കാരെ തിരിച്ചറിയാനാകും.

വയറു കാലിയായാൽ ബുദ്ധി കൂടും

വയർ കാലിയാകുമ്പോഴാണ് ബുദ്ധി കൂടുതൽ പ്രവർത്തിക്കുന്നത് എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. വയറു കാലിയാവുമ്പോൾ ഗ്രേലിൻ എന്ന ഹോർമോൺ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നു. വിശപ്പിന്റെ സന്ദേശം തലച്ചോറിലെത്തിക്കുന്നത് ഈ ഹോർമോൺ ആണ്. ഈ ഹോർമോണിന് വേറെയും ഗുണങ്ങൾ ഉള്ളതുകൊണ്ടാണ് വയറു കാലിയാവുമ്പോൾ ബുദ്ധി കൂടും എന്ന് പറയുന്നത്. ഇത് മസ്തിഷ്കത്തിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നു. ഓർമ ശക്തിയുടെ കേന്ദ്രം മസ്തിഷ്കമാണല്ലോ. പഠനശേഷിയും ഊർജ്ജസ്വലതയും പ്രദാനം ചെയ്യാൻ ഈ ഭാഗത്തിന്റെ പ്രവർത്തനം ത്വരിതപ്പെട്ടേ മതിയാവൂ.

വയറെപ്പോഴും കാലിയായിരിക്കണം എന്നല്ല ഇതിനർത്ഥം, വയറു നിറയെ ഭക്ഷണം കഴിക്കാതെ അളവിലൊരു നിയന്ത്രണം നല്ലതാണ് എന്നാണ് ഉദ്ദേശിക്കുന്നത്. ദിവസം മുഴുവൻ എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കാതെ മൂന്നു നേരം ശരീരത്തിനാവശ്യമായ പോഷകമൂല്യമുള്ള സമീകൃതാഹാരം ശീലമാക്കുക. ദിവസേനയുള്ള ആഹാരത്തിൽ ധാരാളം പച്ചക്കറികളും പയറു വർഗ്ഗങ്ങളും ധാന്യങ്ങളും ഉൾപ്പെടുത്തുക. എത്രത്തോളം ചവച്ചരച്ച് കഴിക്കുന്നുവോ അത്രയും നന്ന്. സുഗമമായ ദഹനത്തിന് ഇത് ആവശ്യമാണ്. എത്ര നല്ല ആഹാരം കഴിച്ചാലും എങ്ങനെ കഴിക്കുന്നു എന്നതും പ്രാധാന്യമുള്ളതാണ്.

പഞ്ചേന്ദ്രിയങ്ങളില്ല, ഒറ്റ ഇന്ദ്രിയമേയുള്ളൂവെന്ന് പഠനം

പഞ്ചേന്ദ്രിയങ്ങളുടെ കാര്യമൊക്കെ പഴങ്കഥയാകുമോ. പഞ്ചേന്ദ്രിയങ്ങള്‍ക്ക് പകരം ഒറ്റ ഇന്ദ്രിയം മാത്രമേയുള്ളോ? രുചി, ഗന്ധം, സ്പര്‍ശം, കേഴ്‌വി, കാഴ്ച എന്നിവയെല്ലാം ഒരേ സംവിധാനത്തിന്റെ വ്യത്യസ്ത ഭാവങ്ങളാണോ?

യു.എസില്‍ ബ്രാന്‍ഡെയ്‌സ് സര്‍വകലാശാലയിലെ സൈക്കോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോണ്‍ കാറ്റ്‌സ് നടത്തിയ പഠനങ്ങള്‍ നല്‍കുന്ന സൂചന, ഒറ്റ ഇന്ദ്രിയം മാത്രമേ ജീവികള്‍ക്കുള്ളൂ എന്നാണ്.

എലികളിലാണ് കാറ്റ്‌സിന്റെ പഠനം. ഗന്ധവും രുചിയും തമ്മിലുള്ള ബന്ധം മനസിലാക്കാനുള്ള ശ്രമത്തിനിടെയാണ്, പഞ്ചേന്ദ്രിയങ്ങളെന്നത് ഒറ്റ ഇന്ദ്രിയത്തിന്റെ വ്യത്യസ്ത ഭാഗങ്ങളല്ലേ എന്ന ആശയം അദ്ദേഹത്തിനുണ്ടായത്.

രുചി മനസിലാക്കാനുള്ള കഴിവ് എലികള്‍ക്ക് നഷ്ടമാകുമ്പോള്‍, എലിയുടെ ഗന്ധമറിയാനുള്ള ശേഷിയില്‍ മാറ്റം വരുന്നതായി 2009 ല്‍ കാറ്റ്‌സ് കണ്ടെത്തിയിരുന്നു. എലികള്‍ ഇഷ്ടഭക്ഷണം നിശ്ചയിക്കുന്നതില്‍ രുചി പോലെ പ്രധാനപ്പെട്ടതാണ് ഗന്ധവുമെന്ന് പിന്നീടൊരു പ്രബന്ധത്തില്‍ കാറ്റ്‌സ് വിശദീകരിച്ചിരുന്നു.

പുതിയ ലക്കം ‘കറണ്ട് ബയോളജി’യില്‍ കാറ്റ്‌സ് പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നത്, രുചിയറിയാനുള്ള കഴിവ് എലിക്ക് നഷ്ടപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്നാണ്. രുചിക്ക് ആധാരമായ മസ്തിഷ്‌ക്ക കോശങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമാക്കുകയാണ് ഇതിനായി ചെയ്തത്.

അതിന്റെ പ്രത്യാഘാതം ഗന്ധമറിയുന്ന സിരാകോശങ്ങളില്‍ ഉടന്‍തന്നെ പ്രകടമായെന്ന് പഠനത്തില്‍ കണ്ടു. സിരാകോശങ്ങള്‍ക്കുണ്ടായ ആ മാറ്റത്തിന്റെ ഫലമായി, പരിചിതമായ ഗന്ധങ്ങള്‍ പോലും എലിക്ക് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി വന്നു.

രുചിയുടെയും ഗന്ധത്തിന്റെയും ഈ പരസ്പരാശ്രിതത്വമാണ്, ഇന്ദ്രിയങ്ങളെക്കുറിച്ചുള്ള തന്റെ നിഗമനങ്ങള്‍ക്ക് രൂപംനല്‍കാന്‍ കാറ്റ്‌സിനെ സഹായിച്ചത്. ഒറ്റ ഇന്ദ്രിയമേയുള്ളൂ എന്നാണ് തന്റെ പഠനം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ആ ഇന്ദ്രിയത്തെ ‘കീമോസെന്‍സറി സിസ്റ്റം’ ( chemosensory system ) എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

‘നാവിലെ രസമുകുളങ്ങള്‍ മാത്രമല്ല, മറ്റനേകം ഘടകങ്ങള്‍ക്കൂടി ഉള്‍പ്പെട്ടതാണ് രുചി’യെന്ന് കാറ്റ്‌സ് ചൂണ്ടിക്കാട്ടുന്നു. ‘ഒരു വലിയ സംവിധാനത്തിന്റെ ഭാഗമായ രണ്ട് വാതായനങ്ങളുള്ള (വദനവും മൂക്കും) ഒന്നാണ് രുചിയും ഗന്ധവു’മെന്ന് അദ്ദേഹം പറയുന്നു.

കേഴ്‌വി, സ്പര്‍ശം, കാഴ്ച എന്നിവയും പരസ്പരബന്ധിതമാണെന്ന് മറ്റ് ചില ഗവേഷകരുടെ പഠനങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. ഇതുകൂടി കണക്കാക്കിയാല്‍ പുതിയ കാലത്ത് പഞ്ചേന്ദ്രയങ്ങളെന്നത് പഴങ്കഥയായേക്കാം.

3.13888888889
nizamudheen Feb 09, 2020 03:02 PM

എല്ലാം നല്ലതുപോലെ ഉപകാരപ്പെട്ടു. ഒരുപാട് ആളുകൾക്ക് ഷെയർ ചെയ്തു കൊടുക്കുക

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ