অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യത്തോടെ ഇരിക്കാം

ആരോഗ്യത്തോടെ ഇരിക്കാം
 1. നടുവേദനയോ? ഓഫിസിലെ ഇരിപ്പ് ശരിയാക്കാം
 2. യൂറിക് ആസിഡ് കൂടിയാൽ?
 3. ഉന്മേഷക്കുറവുണ്ടോ? ഇതാ പരിഹാരം
 4. ഫ്രിഡ്ജിൽ സൂക്ഷിക്കാം ആരോഗ്യത്തിന്റെ ഐസ് ക്യൂബുകൾ
 5. 7 മണിക്കൂർ 6 മിനിറ്റ് ഉറക്കം; സന്തോഷം നിങ്ങളെ തേടിയെത്തും
 6. ഷാംപൂവിലെ രാസവസ്തു അപകടകരം
 7. പ്ലാസ്റ്റിക് കുപ്പികളിലെ മരുന്നിനെ പേടിക്കണോ?
 8. ഇനി ശീലമാക്കാം ഗ്രീൻ ബ്രേക്ക്ഫാസ്റ്റ്
 9. യോഗ ചെയ്യുന്നതിനു മുൻപ് അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
 10. തൈറോയ്ഡ് പ്രശ്നങ്ങൾ യോഗയിലൂടെ പരിഹരിക്കാം
 11. ഭാരം കുറയ്ക്കണോ? സസ്യഭക്ഷണം ശീലമാക്കൂ
 12. ആരോഗ്യം നിലനിർത്താൻ വേണം നല്ല സൗഹൃദം
 13. മുലയൂട്ടൽ അമ്മയ്ക്ക് ഹൃദയാരോഗ്യമേകും
 14. ഗർഭകാലത്ത് വെള്ള അരി ഉപയോഗിച്ചാൽ?
 15. ചായകുടി ശീലം അർബുദം തടയും

നടുവേദനയോ? ഓഫിസിലെ ഇരിപ്പ് ശരിയാക്കാം

ഓഫിസ് ജോലിക്കാരിൽ 75 ശതമാനം പേരും നടുവേദനയാൽ വിഷമിക്കുന്നവരാണ്. പരിമിതമായ സ്ഥലസൗകര്യങ്ങൾക്കുള്ളിൽ പരമാവധി ആളുകൾക്കു സീറ്റ് ഒരുക്കുക എന്ന വെല്ലുവിളി നിറവേറ്റുമ്പോൾ കസേര, മേശ, കംപ്യൂട്ടർ കീബോർഡ് മുതലായ ഉപകരണങ്ങൾ ജോലിക്കാരുടെ ശരീരവലുപ്പത്തിനും പ്രകൃതത്തിനുമനുസൃതമല്ലാതെ വരുന്നു. ഇതു തലവേദന, കാഴ്ചത്തകരാറുകൾ, കഴുത്തുവേദന തുടങ്ങിയവയുടെ ആക്കം കൂട്ടും. ഓരോ ജോലിക്കും ശരീരത്തിന് അധികം ആയാസമോ ക്ഷീണമോ ഉണ്ടാക്കാത്ത രീതികളുണ്ട്. ഇതു ശീലിക്കുകയും ഓഫിസ് ഉപകരണങ്ങളെ ജോലി അനായാസമാക്കുന്ന രീതിയിൽ ക്രമീകരിക്കുകയും ചെയ്താൽ വേദനകളും അസ്വസ്ഥതകളും കുറയ്ക്കാം.

ശരീരത്തിന്റെ പിൻഭാഗത്തിനു താങ്ങുനൽകുന്ന തരം കസേരകളാണു നടുവേദനയുണ്ടാക്കാത്ത ഇരിപ്പിനു നല്ലത്. കാലു തറയിൽ പതിച്ചുവയ്ക്കാവുന്നത്ര ഉയരമേ കസേരയുടെ സീറ്റിനു തറയിൽ നിന്ന് ഉണ്ടാകാവൂ. കാൽ തറയിൽ തൊടുന്നില്ലെങ്കിൽ ഫൂട്ട്റെസ്റ്റിൻമേൽ കാൽ വയ്ക്കാം.

 • ഇരിക്കുന്ന ആളുടെ സ്ഥാന ചിലനത്തിനനുസൃതമായി സ്വതന്ത്രമായി ചലിപ്പിക്കാവുന്ന കസേരകളാണ് നല്ലത്.
 • നട്ടെല്ലു നിവർത്തി നേരേ മുന്നിലേക്കു നോക്കി ശരീരത്തിന്റെ പിൻഭാഗം കസേരയിൽ ചേർത്ത് അമർത്തി വേണം ഇരിക്കാൻ.
 • കസേരയിൽ ഇരിക്കുമ്പോൾ നടുവിനോടു ചേർത്തു കുഷ്യനോ ഉറപ്പുള്ള തലയണയോ വയ്ക്കുന്നതു നട്ടെല്ലു നിവർന്നിരിക്കാൻ സഹായിക്കും.
 • ഓരോ മണിക്കൂറിലും അൽപസമയം എഴുന്നേറ്റു നിൽക്കുകയോ നടക്കുകയോ ചെയ്യുക. കൈകൾ എളിയുടെ ഇരുവശത്തും പിടിച്ചു പിന്നോട്ടു വളയുന്നതു നടുവിന്റെ പേശികൾക്ക് അയവു നൽകും.

കംപ്യൂട്ടറും നടുവേദനയും

 • കംപ്യൂട്ടർ മോണിട്ടറിന്റെ സ്ഥാനം കണ്ണിന്റെ അതേ ലെവലിൽ ആയിരിക്കണം. അങ്ങനെയെങ്കിൽ കസേരയുടെ ഉയരം മോണിട്ടറിനനുസരിച്ചു ക്രമീകരിക്കണം.
 • കംപ്യൂട്ടർ മോണിട്ടറും ഇരിക്കുന്ന ആളും തമ്മിൽ ഒരു കൈ അകലത്തിൽ കുറയാത്ത ദൂരം വേണം.
 • ഒരേ ഇരിപ്പിരുന്നുള്ള ജോലി അമിതവണ്ണം ഉണ്ടാക്കും. അത് ശരീരത്തെ ദോഷകരമായി ബാധിക്കും.

നടുവിനു സാധാരണയിൽ കൂടുതൽ ഭാരം താങ്ങേണ്ടിവരും. ഇതു നടുവേദയുണ്ടാക്കും. അതുകൊണ്ടു നടുവിനും കഴുത്തിനും വേണ്ട വ്യായാമങ്ങൾ ശീലിക്കണം.

യൂറിക് ആസിഡ് കൂടിയാൽ?

മുപ്പത്തിയഞ്ചു വയസ്സുള്ള യുവാവ് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരു വിവാഹസൽക്കാരത്തിന് പങ്കെടുക്കുന്നു. വിഭവസമൃദ്ധമായ നോൺ വെജിറ്റേറിയൻ സദ്യ. കൈയിൽ കിട്ടിയതെല്ലാം അയാൾ കഴിച്ചു. മട്ടൻകറി, ബീഫ് റോസ്റ്റ്, വലിയകൊഞ്ച്, കടൽ മത്സ്യം ഇവയെല്ലാം അയാൾ കാര്യമായിത്തന്നെ കഴിക്കുന്നു. അവിടെ ഒരുക്കിയിരുന്ന മദ്യസൽക്കാരത്തിലും അയാൾ പങ്കെടുക്കുകയുണ്ടായി. വീട്ടിലെത്തിയ അയാൾക്ക് അർധരാത്രിയോടെ കാലിന്റെ പെരുവിരലിൽ അസഹനീയമായ വേദന തുടങ്ങി. ജീവിതത്തിൽ ആദ്യമായാണ് ഇത്രയും കഠിനമായ വേദന അനുഭവിക്കുന്നത്. വേദനസംഹാരി കഴിച്ചു രാത്രി കഴിച്ചു കൂട്ടിയ അയാൾ രാവിലെ തന്നെ ഡോക്ടറെ കണ്ടു. ലാബ് റിപ്പോർട്ടിൽ യൂറിക് ആസിഡ് കൂടുതൽ. അതിനോടൊപ്പം മറ്റു ചില പരിശോധനകളും ചേർത്തു വച്ച് ഡോക്ടർ വിധിയെഴുതി അയാളുടെ രോഗം ‘ഗൗട്ട്’.

സന്ധിവേദനയുണ്ടെന്നു പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് പരിശോധന. സന്ധികളിൽ കഠിന വേദനയുണ്ടാകുന്ന ‌ഗൗട്ടു മുതൽ ചിലപ്പോൾ അർബുദസൂചനയായി വരെ യൂറിക് ആസിഡ് കൂടിനിൽക്കാം.

യൂറിക് ആസിഡിന്റെ വരവ്

ശരീരത്തിലെ കോശങ്ങളിലെ ഡി. എൻ. എ. യുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിന്‍. കോശങ്ങൾ നശിക്കുമ്പോള്‍ അതിലെ പ്യൂരിൻ വിഘടിച്ചാണ് പ്രധാനമായും ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാവുന്നത്. കൂടാതെ നമ്മൾ കഴിക്കുന്ന ആഹാരത്തിലെ (ഉദാ: മാംസം, മത്സ്യങ്ങൾ, മദ്യം തുടങ്ങിയവ) പ്രോട്ടീൻ വിഘടിച്ചു പ്യൂരിൻ ഉണ്ടാവുകയും അതിൽ നിന്നും ധാരാളമായി യൂറിക് ആസിഡ് ശരീരത്തിൽ ഉണ്ടാവുകയും ചെയ്യുന്നു.

സാധാരണയായി പുരുഷന്മാരിൽ മൂന്നു മുതൽ ഏഴു വരെ mg/dl യൂറിക് ആസിഡ് ആണു കാണാറുള്ളത്. എന്നാൽ സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കുറവായിരിക്കും (2.4–6 mg/dl). ആർത്തവം ഉള്ള സ്ത്രീകളിൽ യൂറിക് ആസിഡ് ഉയരാതെ കാക്കുന്നത് അവരിലുള്ള ഈസ്ട്രജൻ എന്ന ഹോർമോൺ ആണ്. ഈ ഹോർമോണിന് യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവുണ്ട്. യൂറിക് ആസിഡ് എഴുപതു ശതമാനവും മൂത്രത്തിൽ കൂടിയും ബാക്കി മുപ്പതു ശതമാനം മലത്തിലൂടെയും പുറംതള്ളപ്പെടുന്നു. യൂറിക് ആസിഡ് പുറന്തള്ളാതെ ശേഷിച്ചാൽ അവ ശരീരത്തിൽ അടിഞ്ഞു കൂടാൻ തുടങ്ങും.

പെരുവിരൽ മുതൽ ഗൗട്ട്

ശരീരത്തിൽ അധികമായുള്ള യൂറിക് ആസിഡ് ക്രിസ്റ്റലുകളായി പ്രധാനമായും കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം 12 മുതൽ 24 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന അതികഠിനമായ വേദന ഈ ഭാഗങ്ങളിൽ അനുഭവപ്പെടുന്നു. കൂടാതെ നീര്‍ക്കെട്ടും വിരല്‍ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാവുന്നു. ഈ വേദന രണ്ടു മുതൽ നാലാഴ്ച വരെ തുടരാം. കാലിന്റെ പെരുവിരലിൽ ആണ് ആദ്യം ഇതു ഉണ്ടാകുന്നതെങ്കിലും പിന്നീട് കാലിന്റെ ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലും ഉണ്ടാകാം, ഈ രോഗാവസ്ഥയാണ് ഗൗട്ട്. റുമറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന വാതരോഗം മൂലം കൈയിലെയും കാലിലെയും എല്ലാ വിരലുകളിലും വേദനയും വൈകല്യവും അനുഭവപ്പെടുന്നു. അതുപോലുള്ള മറ്റു വാതരോഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഗൗട്ട് പ്രധാനമായും ഒരു സന്ധിയില്‍ കേന്ദ്രീകരിച്ച് വേദനയും നീരും അനുഭവപ്പെടുത്തുന്ന വാതരോഗമാണ്. അപൂർവമായേ ഒന്നിലധികം സന്ധികളിൽ വരൂ. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമായിരിക്കും ഗൗട്ട് അറ്റാക്ക് ഉണ്ടാവുക. പൊതുവേ സ്ത്രീകളിലാണ് റുമറ്റോയ്ഡ് ആർത്രൈറ്റിസ് കാണപ്പെടുന്നത്.

ലക്ഷണമില്ലാതെയും

രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കിൽ പോലും ചില അവസരങ്ങളിൽ സന്ധികളിൽ ഇത് അടിഞ്ഞുകൂടാറില്ല. രോഗലക്ഷണങ്ങള്‍ കാണിക്കാത്ത ഇത്തരം ആളുകൾക്ക് ചികിത്സ ആവശ്യമില്ല. എന്നാൽ ഇവർക്ക് ഗൗട്ട് വരാനുള്ള സാധ്യത കൂടുതലാണ്. ഒരു വര്‍ഷത്തിൽ ഉണ്ടാകുന്ന ഗൗട്ട് അറ്റാക്കുകളുടെ ആവർത്തി അനുസരിച്ച് ഇതിനെ അക്യൂട്ട്, ക്രോണിക് എന്നിങ്ങനെ തരംതിരിക്കാം.

വൃക്കയിലെ കല്ലിനും കാരണം

യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല് (Kidney Stone), വൃക്കസ്തംഭനം (Kidney Failure) എന്നീ സങ്കീർണ പ്രശ്നങ്ങൾ ഉണ്ടാകാം, യൂറിക് ആസിഡ് അളവു വളരെ കൂടിയ അമ്പതു ശതമാനം പേരിലും വൃക്കയിൽ കല്ലുണ്ടാകും. മറ്റൊരു രീതിയിലും യൂറിക് ആസിഡ് കല്ലായി പരിണമിക്കാം, യൂറിക് ആസിഡ് പരലുകൾ ഒരു ന്യൂക്ലിയസ് പോലെ പ്രവർത്തിക്കുകയും അതിനു ചുറ്റും കാൽസ്യം ഓക്സലേറ്റ് അടിഞ്ഞു കൂടി കല്ലുണ്ടാകുകയുമാണു ചെയ്യുന്നത്. ഈ പരലുകൾ വൃക്കാ നാളിയിലോ മൂത്രനാളത്തിലോ അടിഞ്ഞു കൂടുന്നത് ഗുരുതരമായ വൃക്കാ സ്തംഭനത്തിന് കാരണമാകുന്നു.

അനിയന്ത്രിതമായി കൂടിയാൽ

ലിംഫോമ, ലുക്കീമിയ തുടങ്ങിയ അർബുദരോഗങ്ങളുടെ ചികിത്സയെ തുടർന്ന് അർബുദകോശങ്ങൾ പെട്ടെന്നു നശിക്കുമ്പോഴും അതികഠിനമായ വ്യായാമശീലത്തെ തുടർന്നും അപസ്മാരബാധയെ തുടര്‍ന്നും യൂറിക് ആസിഡ് അനിയന്ത്രിതമായി ഉയരാം.

ശരീരത്തിൽ നിന്നും യഥാസമയം പുറം തള്ളപ്പെടാത്ത യൂറിക് ആസിഡ് വർഷങ്ങൾ കൊണ്ടു പരലുകളായി രൂപാന്തരപ്പെടുകയും അതു കൈവിരലുകൾ, കാൽമുട്ടുകള്‍, ചെവി തുടങ്ങിയ ശരീരഭാഗങ്ങളിൽ തടിപ്പുകളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതിനു ടോഫൈയുടെ മുകളില്‍ വ്രണമുണ്ടാവുകയും അതു പൊട്ടി വെളുത്ത പേസ്റ്റ് രൂപത്തിൽ യൂറിക് ആസിഡ് പുറത്തുവരുകയും ചെയ്യുന്നു.

കൂടാൻ മൂന്നാണു കാരണം

യൂറിക് ആസിഡ് ശരീരത്തിൽ കൂടുതലായി കാണപ്പെടുന്നതു പ്രധാനമായും മൂന്നു കാരണങ്ങൾ കൊണ്ടാണ്.

 • കോശങ്ങൾ നശിക്കുമ്പോള്‍ ഉണ്ടാകുന്ന പ്യൂരിന്‍ വിഘടിച്ച് ഉണ്ടാകുന്നത് യൂറിക് ആസിഡ് ആണ്. ഗൗട്ട് രോഗികളിൽ മൂന്നിൽ രണ്ടു ഭാഗവും ഈ വിഭാഗത്തില്‍ പെടുന്നു. സോറിയാസിസ്, ലുക്കീമിയ, അര്‍ബുദ ചികിത്സയുടെ പ്രതിപ്രവർത്തനം എന്നിവ മൂലമാണ് പ്രധാനമായും ഇതു സംഭവിക്കുന്നത്.
 • ആഹാരം: മാംസം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, അമിതമായിട്ടുള്ള ഭക്ഷണം, മദ്യം എന്നിവയിൽ അടങ്ങിയിരിക്കുന്ന പ്യൂരിൻ വിഘടിക്കുമ്പോൾ.
 • ദീർഘകാല വൃക്കാരോഗങ്ങൾ, വൃക്കാസ്തംഭനം എന്നീ രോഗങ്ങൾ കാരണം രക്തത്തിലുള്ള യൂറിക് ആസിഡ് പുറംതള്ളാൻ സാധിക്കാതെ വരുമ്പോള്‍.

തൈറോയ്ഡിന്റെ പ്രവർത്തനം മന്ദിക്കുക, പാരാതൈറോയ്ഡ് അമിതമായി പ്രവര്‍ത്തിക്കുക, പൊണ്ണത്തടി, ഹൈപ്പർ ടെൻഷൻ, ഡൈയൂറിറ്റിക്സിന്റെ അമിത ഉപയോഗം, ശരീരത്തില്‍ നിന്നും അമിതമായി ജലം പുറത്തുപോവുക. കൊഴുപ്പ് രക്തത്തിൽ അമിതമായി കൂടുക എന്നിവ കാരണങ്ങളായി പറയപ്പെടുന്നു.

രക്താർബുദമുള്ള രോഗികളിൽ 60%-70% ത്തിലും യൂറിക് ആസിഡ് ലെവൽ വളരെയധികം ഉയർന്ന തോതിൽ ആയിരിക്കും. ഈ രോഗികളിൽ കോശങ്ങളിലുണ്ടാകുന്ന വളരെ വേഗത്തിലുള്ള പരിണാമത്തിന്റെ ഭാഗമായി യൂറിക് ആസിഡ് അമിതമായി ഉത്പാദിക്കപ്പെടുന്നു. സോറിയാസിസ് രോഗികളിൽ 70% വരെ യൂറിക് ആസിഡിന്റെ അളവ് കൂടുതലായിരിക്കും.

രക്തം പരിശോധിച്ച്

രോഗിയുടെ രക്തത്തിലെ യൂറിക് ആസിഡ് അളവു കൂടിയിരിക്കുന്നത് രക്ത പരിശോധനയിലൂടെ അറിയാം. എന്നാൽ ഈ രക്തപരിശോധന കൊണ്ടു ഗൗട്ട് ഉണ്ടോ എന്നു തീരുമാനിക്കാനാകില്ല. ഗൗട്ട് അവസ്ഥയിൽ നീരു വച്ച സന്ധിയിൽ നിന്നും കുത്തിയെടുക്കുന്ന ദ്രാവകത്തിൽ കാണപ്പെടുന്ന യൂറിക് ആസിഡ് പരലുകളാണു രോഗം ഉറപ്പാക്കാൻ സഹായിക്കുന്നത്. കൂടാതെ എക്സ്–റേ പരിശോധനയിൽ സന്ധികളിലെ അസ്ഥി ദ്രവിച്ചിരിക്കുന്നതായും നീർവീക്കം വ്യാപിച്ചിരിക്കുന്നതായും കാണാം. യൂറിക് ആസിഡ് കൂടാതിരിക്കാൻ ശരീരഭാരം നിയന്ത്രിക്കുക പ്രധാനമാണ്. രക്തത്തിലെ കൊഴുപ്പ്, ഷുഗര്‍ എന്നിവയും നിയന്ത്രിക്കണം

അവയവമാംസം വേണ്ട

കൊ‌ഴുപ്പ് കൂടുതൽ അടങ്ങിയ മാംസാഹാരങ്ങളിലും വിവിധയിനം യീസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ബ്രഡ്, കേക്ക്, ബിയർ, മദ്യം, അവയവ മാംസങ്ങളായ കരൾ, കിഡ്നി ഇവ പ്രധാനമായും ഒഴിവാക്കണം.

നെയ്യുള്ള മത്സ്യം, ഒലിവ് എണ്ണ്, വെർജിന്‍ വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ, ഇഞ്ചി, വാഴപ്പഴം, തക്കാളി, കൈതച്ചക്ക ചുവന്ന കാബേജ്, നാരങ്ങാവർഗങ്ങൾ, തവിട് അധികമുള്ള അരി, റാഗി തുടങ്ങിയവ ഉൾപ്പെടുത്തി മിതമായ പ്രോട്ടീൻ, അധികം തവിടുള്ള അന്നജം, കുറഞ്ഞ കൊഴുപ്പുചേർന്ന ഭക്ഷണക്രമം എന്നിവ സ്വീകരിച്ചുകൊണ്ടു യൂറിക് ആസിഡ് നിയന്ത്രിക്കാം. ഞാവൽപഴം, കറുത്ത ചെറി, സെലറിയുടെ അരി തുടങ്ങിയവയിൽ യൂറിക് ആസിഡ് കുറയ്ക്കുന്നതും വേദനയും നീരും ശമിപ്പിക്കുന്നതുമായ ഘടകങ്ങളുണ്ട്. ശരീരഭാരം അധികമുണ്ടെങ്കില്‍ ഭക്ഷണക്രമീകരണം, വ്യായാമം ഇവ ശീലിച്ചു കുറയ്ക്കണം. പട്ടിണി കിടന്നാൽ യൂറിക് ആസിഡ് വർധിക്കും. മൂത്രം എപ്പോഴും ജലനിറത്തിൽ പോകുന്നു എന്ന് ഉറപ്പാകുംവിധം ദിവസം കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലിക്കുക. മുസമ്പി ജ്യൂസ്, നാരങ്ങാവെള്ളം ഇവ ശീലിക്കുക. ടിന്നിലടച്ചവ, കോള തുടങ്ങിയവ ഒഴിവാക്കണം.

യൂറിക് ആസിഡ് കൂടിയാല്‍ ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റം

നല്ല ചികിത്സയുണ്ട്

അമിതമായ യൂറിക് ആസിഡിനെയും ഗൗട്ടിനെയും ചികിത്സിക്കാൻ മരുന്നുകളുണ്ട്. ഗൗട്ട് ചികിത്സിക്കാൻ വേദനാസംഹാരികളാണ് (Analgesic) ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്.

ആറാം നൂറ്റാണ്ടിൽ ‘കൊൾക്കിസം ഓട്ടംനേൽ’ എന്ന ചെടിയിൽ നിന്നും ‘കൊൾക്കിസൈൻ’ എന്ന മരുന്നു വേർതിരിച്ചെടുത്ത് ഉപയോഗിച്ചുതുടങ്ങി. ഇപ്പോഴും കഠിനമായ വേദനയുമായി എത്തുന്ന രോഗികൾക്ക് ആദ്യം വേദനസംഹാരികൾ (NSAID) തന്നെയാണു നൽകുന്നത്.

വേദന മാറിയതിനുശേഷം ശരീരത്തിലെ അധികമുള്ള യൂറിക് ആസിഡ് പുറംതള്ളുന്നതിനായി അലോപ്യൂരിനോൾ അല്ലെങ്കിൽ, ഫെബുക്സോസ്ടാറ്റാ (Febuxostat) എന്നീ മരുന്നുകൾ നൽകുന്നു. ഫെബുക്സോസ്ടാറ്റ് യൂറിക് ആസിഡ് ഉത്പാദനത്തെ ഗണ്യമായി കുറയ്ക്കുന്നു. കൂടാതെ അലർജി പോലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. ഇതു പക്ഷേ, വേദന സംഹാരികൾ, കൊൾക്കിസൈൻ എന്നിവ കൊണ്ടു സന്ധികളുടെ വേദന, നീര് എന്നിവ നിയന്ത്രിച്ചതിനു ശേഷമാണ് ഉപയോഗിക്കേണ്ടത്. മരുന്ന് ദീർഘനാൾ ഉപയോഗിക്കേണ്ടിയും വരാം.

മരുന്നുകൾ കരുതലോടെ

ആസ്പിരിന്‍ ശരീരത്തിലെ യൂറിക് ആസിഡ് അളവ് കൂട്ടൂം. വേദനയും വീക്കവും കുറയ്ക്കാൻ നല്ലൊരു മരുന്നാണെങ്കിലും യൂറിക് ആസിഡ് കൂടിനിൽക്കുമ്പോഴും ഗൗട്ട് ഉള്ളപ്പോഴും ആസ്പിരിൻ കഴിക്കരുത്.

ചില മരുന്നുകളുടെ ഉപയോഗം തന്നെ യൂറിക് ആസിഡ് കൂടാൻ കാരണമാകും. ഡൈയൂറിറ്റിക്സ് വിഭാഗത്തിൽപ്പെട്ട രക്തസമ്മർദമരുന്നുകളാണ് (Thiazides, Furosemide) ഇതിൽ പ്രധാനം ചില കാൻസർമരുന്നുകളും യൂറിക് ആസിഡ് കൂട്ടാം.

അറിയാം പരിശോധനകൾ ലിവർ ഫങ്ഷൻ ടെസ്റ്റ് (LFT)

ലിവർ ഫങ്ഷൻ ടെസ്റ്റ് (LFT) സാധാരണ ബ്ലഡ് റൂട്ടീൻ പരിശോധനകളുടെ കൂട്ടത്തിലില്ലെങ്കിലും കരളിന്റെ പ്രവർത്തനവും ആരോഗ്യവും വിലയിരുത്താനാണ്.

പ്രധാനമായും രക്തത്തിലെ ചില പ്രോട്ടീനുകളുടെയും എൻസൈമുകളുടെയും നിലയാണു പരിശോധിക്കുന്നത്. കരളിന് എന്തെങ്കിലും തരത്തിലുള്ള നാശങ്ങൾ ഉണ്ടാവുമ്പോൾ ഇവയുടെ നിലയിൽ കാര്യമായ വ്യത്യാസം വരും. താൽക്കാലികവും പരിഹരിക്കാൻ കഴിയുന്നതുമായ തകരാറുകളിലും ലിവർ എൻസൈമുകളുടെ നിലയിൽ മാറ്റങ്ങൾ വരാം.

എൽ എഫ് ടി പരിശോധനയുടെ ലക്ഷ്യങ്ങൾ:

 • കരളിലെ അണുബാധകൾ കണ്ടുപിടിക്കാൻ (ഉദാ: ഹൈപ്പറ്റെറ്റിസ് രോഗബാധ)
 • രോഗക്കിന്റെ പുരോഗതി വിലയിരുത്താൻ അഥവാ ചികിത്സയുടെ ഫലപ്രാപ്തി അറിയാൻ.
 • രോഗി കഴിക്കുന്ന മരുന്നുകളിൽ കരളിനെ ബാധിക്കുന്ന പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നവയുണ്ടെങ്കിൽ അവ ബാധിക്കുന്നുണ്ടോയെന്നറിയാൻ.
 • ഉപവാസത്തിനു ശേഷമാണ് (രാവിലെ) ഈ പരിശോധനകൾ ചെയ്യാറുള്ളത്.

ഡോ. സദക്കത്തുള്ള
കൺസൾറ്റന്റ് ഫിസിഷ്യൻ
കിംസ് ഹോസ്പിറ്റൽ, കോട്ടയം

ഉന്മേഷക്കുറവുണ്ടോ? ഇതാ പരിഹാരം

എപ്പോഴും തളർച്ച! ഒന്നും ചെയ്യാൻ ഒരുൽസാഹമില്ല. ഏതുനേരവും എവിടെയെങ്കിലും ചുരുണ്ടുകൂടിക്കിടന്നാൽ മതിയെന്നൊരു തോന്നൽ..ഇതൊക്കെയാണോ നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ. എങ്കിൽ കുഴപ്പം നിങ്ങൾക്കല്ല, നിങ്ങളുടെ ഭക്ഷണക്രമത്തിനാണ്. നിങ്ങൾ എന്തു കഴിക്കുന്നു, എന്തു കഴിക്കാതിരിക്കുന്നു എന്നതിനെക്കുറിച്ച് ഒരു വിശകലനം നടത്തിനോക്കൂ. ഒരു കടലാസും പേനയുമെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണപദാർഥങ്ങൾ ഏതൊക്കെ എന്നു കുറിച്ചുവയ്ക്കു. മറ്റൊരു കടലാസിൽ ആഹാരക്രമത്തിൽ അധികം ഉൾപ്പെടാതെ പോകുന്ന ഭക്ഷണപദാർഥങ്ങൾ ഏതൊക്കെ എന്നും കുറിച്ചുവയ്ക്കൂ. ഇനി ആ ലിസ്റ്റൊന്നു വിശകലനം ചെയ്താൽ ക്ഷീണത്തിന്റെ കാരണം പിടികിട്ടും. ക്ഷീണം വരാതിരിക്കാൻ ആഹാരക്രമത്തിലെ ചില പദാർഥങ്ങൾ പൂർണമായോ ഭാഗികമായോ ഒഴിവാക്കിയാൽ മതി.

കഫീൻ– ദിവസവും രണ്ടോ അതിലധികമോ നേരം കാപ്പി കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ കാപ്പികുടി ഒരു നേരമാക്കി കുറച്ചോളൂ. കഴിവതും സന്ധ്യ കഴിഞ്ഞാൽ കാപ്പി കുടിക്കുന്നത് വേണ്ടെന്നുവയ്ക്കണം. ഇല്ലെങ്കിൽ ഉറക്കത്തെ ദോഷകരമായി ബാധിക്കും.

അമിതമായ മധുരം– ഭക്ഷണത്തിൽ അമിതമായ അളവിൽ പഞ്ചസാര ഉൾപ്പെടുന്നുണ്ടോ? പഞ്ചസാര അമിതമായാൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് എപ്പോഴും മന്ദത അനുഭവപ്പെടും. ഇത് ഉറക്കച്ചടവിലേക്കും ആലസ്യത്തിലേക്കും നിങ്ങളെ കൊണ്ടെത്തിക്കും. കൃത്രിമമധുരങ്ങൾ ഒഴിവാക്കുകയാണ് നല്ലത്.

ഫ്രൈ ഫുഡ്– വറുത്തും പൊരിച്ചതുമായ ഭക്ഷണം നിങ്ങളുടെ പ്രസരിപ്പ് നഷ്ടപ്പെടുത്തും. ഇവയിൽ അടങ്ങുന്ന ഉയർന്ന കലോറി ഊർജത്തെ ദഹിപ്പിക്കാനുള്ള പെടാപ്പാടിലായിരിക്കും നിങ്ങളുടെ ദഹനവ്യവസ്ഥ. അതുമൂലം ഉണർവും ഊർജവും നഷ്ടമാകുന്നു

അമിതമായ അരി ആഹാരം– അരിയാഹാരം മലയാളിക്ക് പ്രിയപ്പെട്ടതാണ്. പക്ഷേ ദിവസവും മൂന്നുനേരവും നിങ്ങൾ അരിയാഹാരം തന്നെ കഴിച്ചാൽ കടുത്ത ക്ഷീണവും ഉദാസീനതയും അനുഭവപ്പെട്ടേക്കാം. കാര്യമായ ശാരീരികാധ്വാനം ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഒരു നേരം മാത്രം അരിയാഹാരം കഴിക്കുന്നതാണ് ഉത്തമം.

ഫ്രിഡ്ജിൽ സൂക്ഷിക്കാം ആരോഗ്യത്തിന്റെ ഐസ് ക്യൂബുകൾ

കുട്ടികൾക്ക് പഴങ്ങളും പച്ചക്കറികളും കഴിക്കാൻ വലിയ മടിയാണെന്നതാണ് മിക്ക മാതാപിതാക്കളുടെയും പരാതി. വേവിച്ചുനൽകുമ്പോൾ പലതിന്റെയും പാതിഗുണം നഷ്ടപ്പെടുമെന്നു മാത്രമല്ല കുട്ടികൾ കഴിക്കാൻ താൽപര്യം കാണിക്കുകയുമില്ല. ഇത്തരം കുട്ടികളെ ‘പാട്ടിലാക്കി’ കഴിപ്പിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്ന പുതിയ മാർഗം ഐസ് തെറപ്പിയാണ്.

തെറപ്പി എന്നുകേട്ട് തെറ്റിദ്ധരിക്കേണ്ട. ഇത് വളരെ സിംപിൾ ആണ്. കുട്ടികൾക്ക് ഇഷ്ടപ്പെട്ട ആകൃതിയിലുള്ള ഐസ് ട്രേകൾ സംഘടിപ്പിക്കുക. ഇതിൽ ജ്യൂസ് ഒഴിച്ചുവച്ച് ഐസ് കട്ടയാകുമ്പോൾ കുട്ടികൾക്ക് നൽകാം. തണുത്ത ഭക്ഷണം മൂലം ആരോഗ്യപ്രശ്നമുണ്ടാക്കുന്ന കുട്ടികൾക്ക് ഇത്തരത്തിൽ നൽകരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു.

വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതുമൂലം കുട്ടികൾക്ക് പലവിധത്തിലുള്ള രോഗങ്ങളും അസ്വസ്ഥതകളും പിടിപെടുന്നത് ഒഴിവാക്കാനും ഇതു സഹായിക്കുന്നു.

നാരങ്ങാ ജ്യൂസ് പഞ്ചസാര ചേർത്തത് ഐസ് ക്യൂബാക്കി നൽകിയാൽ കുട്ടികൾക്ക് വിറ്റാമിൻ സിയുടെ ഗുണം ലഭിക്കും. ഇത് ശരീരത്തെ തണുപ്പിക്കുകയും ചെയ്യും.

ഓറഞ്ച്, കിവി, സ്ട്രോബറി, തണ്ണിമത്തൻ, പപ്പായ, മാമ്പഴം തുടങ്ങിയ പഴങ്ങളും ഇത്തരത്തിൽ ജ്യൂസ് ആക്കി ക്യൂബുകളുടെ രൂപത്തിൽ സൂക്ഷിക്കാം. ഓരോദിവസവും രണ്ടോ മൂന്നോ ക്യൂബുകൾ കുട്ടികൾക്കു നൽകിയാൽ ദിവസവും പഴവർഗങ്ങൾ കഴിക്കുന്നതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും.

പഴങ്ങൾ ജ്യൂസ് ആക്കി വയ്ക്കുന്നതിനു പകരം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് പഞ്ചസാര ലായനിയിൽ മുക്കിവയ്ക്കാം. ഈ ലായനി ഐസ് ട്രേയിലൊഴിച്ച് ക്യൂബുകളാക്കി നൽകാം.

രാവിലെ പ്രഭാതഭക്ഷണത്തോടൊപ്പം ഫ്രൂട്ട് സ്മൂത്തി നൽകുന്നത് നല്ലതായിരിക്കും. സ്മൂത്തി തയാറാക്കാനായി ഐസ് ക്യൂബുകൾ മിക്സിയിൽ അടിച്ച് പാലിൽ ചേർത്തു നൽകാം

പഴങ്ങൾ ഐസ് ക്യൂബുകളാക്കിവച്ചാൽ പെട്ടെന്നൊരു അതിഥിയോ മറ്റോ വരുമ്പോൾ ജ്യൂസ് ആക്കിനൽകാനും എളുപ്പമുണ്ട്.

7 മണിക്കൂർ 6 മിനിറ്റ് ഉറക്കം; സന്തോഷം നിങ്ങളെ തേടിയെത്തും

‘ഉറക്കമാണ് ഏറ്റവും മികച്ച ധ്യാനം’ ആത്മീയാചാര്യൻ ദലൈ ലാമയുടെ വാക്കുകളാണിത്. ഇപ്പോഴിതാ എത്ര സമയം ഉറങ്ങിയാലാണ് ഒരു മനുഷ്യന് ജീവിതത്തിൽ ഏറ്റവുമധികം സന്തോഷം ലഭിക്കുകയെന്ന റിപ്പോർട്ടും പുറത്തിറങ്ങിയിരിക്കുന്നു. ദിവസവും ഏഴുമണിക്കൂർ ആറു മിനിറ്റ് സമയത്തെ ഉറക്കം ലഭിക്കുന്നവർ ജീവിതത്തിൽ ‘പെർഫെക്ട്‌ലി ഹാപ്പി’ ആയിരിക്കുമെന്നാണ് സർവേഫലം. അമേരിക്കയിലെ 2000 പേരുടെ ജീവിതരീതി നിരീക്ഷിച്ചായിരുന്നു ‘അമേരിസ്‌ലീപ്’ എന്ന കിടക്കനിർമാണ കമ്പനി സർവേ റിപ്പോർട്ട് തയാറാക്കിയത്. ആരോഗ്യവും ഉറക്കവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നേരത്തേത്തന്നെ ഗവേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മുതിർന്ന ഒരാൾക്ക് ഏഴുമണിക്കൂർ ഉറക്കം നിർബന്ധമാണെന്ന് വൈദ്യശാസ്ത്രവും അനുശാസിക്കുന്നു. ഈ സാഹചര്യത്തിൽ സർവേയിലെ മറ്റു വിവരങ്ങൾ:

 • ഏഴ് മണിക്കൂർ ഉറക്കം ലഭിക്കുന്നവരെല്ലാം Mostly Happy എന്നാണ് ജീവിതത്തെപ്പറ്റി അഭിപ്രായപ്പെട്ടത്.
 • ‘തട്ടീം മുട്ടിയുമൊക്കെ സന്തോഷിച്ചു പോകുന്നു’ എന്ന് അഭിപ്രായപ്പെട്ടവർക്കാകട്ടെ ദിവസവും ശരാശരി ആറു മണിക്കൂർ 54 മിനിറ്റ് എന്ന കണക്കിന് ഉറക്കം ലഭിക്കുന്നുണ്ട്.
 • 6 മണിക്കൂർ 48 മിനിറ്റിനും താഴെ ഉറക്കം ലഭിക്കുന്നവർ ജീവിതത്തോട് തികച്ചും അസംതൃപ്തരാണ്. ബന്ധങ്ങളിലൊന്നും അവർക്ക് സംതൃപ്തി കണ്ടെത്താനാകുന്നില്ല, എല്ലായിപ്പോഴും എന്തെങ്കിലും ആലോചിച്ച് ടെൻഷനിലുമായിരിക്കും.
 • ഉറക്കമില്ലായ്മയുടെ കാര്യത്തിൽ സ്ത്രീകളാണ് മുന്നിൽ. രാത്രിയിൽ ഏറ്റവും കുറവ് ഉറക്കം രേഖപ്പെടുത്തിയതും അവർക്കാണ്. അതിനാൽത്തന്നെ ജീവിതത്തിലും ഒട്ടും സന്തുഷ്ടരല്ലെന്നും അവർ പറയുന്നു.
 • അതേസമയം പ്രായവും ഉറക്കത്തെ ബാധിക്കുന്നുണ്ട്. 25ഉം അതിനു താഴെയും പ്രായമായവർ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ ധാരാളം ഉറക്കം കിട്ടുന്നു എന്ന അഭിപ്രായക്കാരാണ്.
 • അവിവാഹിതരാണ് ഏറ്റവുമധികം ഉറങ്ങുന്നത്. സ്ത്രീയായാലും പുരുഷനായാലും അങ്ങനെത്തന്നെ. വിവാഹമോചനം  നേടിയവർക്ക് പക്ഷേ ഉറക്കം പലപ്പോഴും പിടികിട്ടാപ്പുള്ളിയാണ്. സർവേയിൽ പങ്കെടുത്ത ഇത്തരക്കാരിൽ ഭൂരിപക്ഷം പേരും ഉറക്കമില്ലായ്മയുടെ പിടിയിലാണ്.
 • ഉറങ്ങാൻ പോകുന്നതിനു മുൻപ് ധ്യാനിക്കുന്നവർക്കും കുളിക്കുന്നവർക്കും സുഖകരമായി നിദ്രയെ പുൽകാനാകുന്നുണ്ട്.
 • അതികഠിനമായ ജോലിയുള്ളവരും വിഡിയോ ഗെയിമുകൾ പോലെ ഏറെ നേരം സ്ക്രീനിൽ കണ്ണുനട്ട് സമയം കളയുന്നവരും തടസ്സങ്ങളില്ലാത്ത ഉറക്കം ലഭിക്കാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
 • മൂന്നിലൊരാൾ എന്ന കണക്കിന് ഉറക്കമില്ലായ്മയുടെ പ്രശ്നമുണ്ട്. അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നവയിൽ പ്രധാനപ്പെട്ടവ ഇവയാണ്. 1) അമിതസമ്മർദം. 2) ദീർഘനേരത്തെ കംപ്യൂട്ടർ–മൊബൈൽ ഫോൺ ഉപയോഗം. 3) ഇടയ്ക്കിടെ മാറുന്ന ജോലി ഷിഫ്റ്റ് പാറ്റേണ്‍. 4) ഓഫിസിലെ ജോലി തീരാതെ വീട്ടിലേക്കും കൊണ്ടുവരുന്നത്.

കുറഞ്ഞ സമയം മാത്രം ഉറങ്ങുന്നവരെ വിഷാദരോഗം, പൊണ്ണത്തടി, ഹൃദയസ്തംഭനം, മസ്തിഷ്കാഘാതം, പ്രമേഹം തുടങ്ങിയവ കാത്തിരിക്കുന്നുണ്ടെന്നും സർവേറിപ്പോർട്ടിലെ മുന്നറിയിപ്പ്. ആയുർദൈർഘ്യത്തെ കുറയ്ക്കുന്നതിലും ഉറക്കമില്ലായ്മയ്ക്കു നിർണായക പങ്കുണ്ട്. എല്ലാ ദിവസവും ഒരേ സമയത്തു തന്നെ ഉറങ്ങുന്നവർ ഏറെ ആരോഗ്യവാന്മാരായിരിക്കുമെന്നും ജീവിതത്തിൽ വിജയം അവർക്കൊപ്പമായിരിക്കുമെന്നും സർവേ പറയുന്നു. ഉറക്കത്തിൽ കൃത്യതയില്ലാത്ത വിദ്യാർഥികളുടെ മോശം പരീക്ഷാഫലങ്ങളാണ് ഇതിനു തെളിവായി നൽകുന്നത്. അലാം വച്ചാൽത്തന്നെ ‘സ്നൂസ്’ ബട്ടണമർത്തി ഉറങ്ങുന്ന മടിയന്മാരാണ് ഇത്തരക്കാർ. പിന്നീ‍ട് ദിവസം മുഴുവൻ ‘ഉറക്കംതൂങ്ങി’യായി നടക്കേണ്ടി വരും എന്നതാണതിന്റെ ഫലം. എല്ലാദിവസവും കൃത്യസമയത്ത്, കൃത്യമായ ദൈർഘ്യത്തിൽ ഉറക്കം ലഭിച്ചാൽത്തന്നെ ജീവിതത്തിലെ ഒരുവിധത്തിൽപ്പെട്ട എല്ലാ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാകുമെന്നും സർവേയെ അടിസ്ഥാനമാക്കി വിദഗ്ധർ സൂചന നൽകുന്നു

ഷാംപൂവിലെ രാസവസ്തു അപകടകരം

ഷാംപൂ, സോപ്പുപൊടി, കണ്ടീഷണർ ഇവയൊന്നും ഇല്ലാത്ത വീടുകൾ ഉണ്ടാവില്ല. ഇവയുടെ ഉപയോഗം കുട്ടികളിൽ ജനനവൈകല്യത്തിനു കാരണമാകുമെന്നു ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ക്വാറ്റേനറി അമോണിയം സംയുക്തങ്ങൾ അഥവാ ‘ക്വാട്സ്’ സാധാരണയായി അണുനാശിനിയായും പ്രിസർവേറ്റീവുകളായും വീടുകളിലും പേഴ്സണൽ കെയര്‍ ഉൽപന്നങ്ങളിലും ഉപയോഗിക്കുന്ന രാസവസ്തുവാണ്. ശുചീകരണികൾ, സോപ്പുപൊടി, ഫാബ്രിക് സോഫ്റ്റ്നർ, ഷാംപൂ, കണ്ടീഷണർ, ഐ ഡ്രോപ്സ് മുതലായവയിൽ ക്വാട്സ് ഉണ്ട്. ഇവയുടെ ഉപയോഗം ജനിതക വൈകല്യത്തിന് കാരണമാകുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. വീട്, ആശുപത്രികൾ, പൊതുസ്ഥലങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിൽ ഈ രാസവസ്തുക്കൾ പതിവായി ഉപയോഗിക്കുന്നുണ്ട്.

എഡ്‌വാര്‍ഡ്‌വയ കോളജ് ഓഫ് ഓസ്റ്റിയോപ്പതിക് മെഡിസിനും വിർജീനിയ മേരിലാൻഡ് കോളജ് ഓഫ് വെറ്ററിനറി മെഡിസിനും ചേർന്നാണ് പഠനം നടത്തിയത്. വിർജീനിയ ക്യാംപസിലെ റിസർച് അസിസ്റ്റന്റും വെറ്ററിനറി കോളജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോമെഡിക്കൽ സയൻസ് ആൻഡ് പാതോബയോളജിയിലെ പ്രഫസറുമായ ടെറി ഹ്രൂബെക്കിന്റെ നേതൃത്വത്തിലാണു പഠനം നടത്തിയത്.

പതിവായി ഉപയോഗിക്കുന്ന 2 ക്വാഡ്സുകളായ Alkyl Dimethyl benzyl ammonium chloride (ADBAC), didecyl dimethyl ammonium chloride (DDAC) എന്നിവയിലാണ് പഠനം നടത്തിയത്. ആന്റി മൈക്രോബിയൻ, ആന്റിസ്റ്റാറ്റിക് ഗുണങ്ങൾ ഇവയ്ക്കുണ്ട്.

ന്യൂറൽ ട്യൂബില്‍ ഉണ്ടാകുന്ന വൈകല്യങ്ങൾക്ക് ഇവ കാരണമാകുന്നുണ്ട്. ഇത് മനുഷ്യനിൽ ഉണ്ടാകുന്ന സ്പൈന ബൈഫിഡ, അനൻസെഫലി എന്നീ ജനനവൈകല്യങ്ങൾക്ക് തുല്യമാണ്.

ആണെലികളിലും പെണ്ണെലികളിലും ഈ ജനനവൈകല്യം കാണപ്പെട്ടു. കൂടാതെ ഏതെങ്കിലും  ഒരു രക്ഷിതാവ് ഈ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തിയാലും ജനനവൈകല്യം ഉണ്ടാകുന്നുണ്ട്. ‌‌‌

എലികളെ പാർപ്പിച്ചിരുന്ന മുറികളിൽ ക്വാട്സ് അടിസ്ഥാനമാക്കിയ ശുചീകരണികൾ (Cleaners) ഉപയോഗിച്ചപ്പോൾ തന്നെ അവ ജനനവൈകല്യങ്ങൾക്ക് കാരണമായി.

ഇവയുടെ സമ്പർക്കം അവസാനിപ്പിച്ചിട്ടും റോഡെന്റുകളിൽ (എലി, അണ്ണാൻ, മുതലായവ) രണ്ടു തലമുറയ്ക്കു ശേഷവും ജനനവൈകല്യങ്ങൾ വർദ്ധിച്ചതായി കണ്ടു.

ഈ രാസവസ്തുക്കൾ  എലികളിൽ പ്രത്യുൽപ്പാദന ക്ഷമത കുറയ്ക്കുന്നതായും കണ്ടു. ആണെലികളിൽ ബീജത്തിന്റെ അളവ് കുറയുന്നതായും പെണ്ണെലികളിൽ ഓവുലേഷന്‍ കുറയുന്നതായും ഫോളോഅപ്പ് പഠനത്തിൽ പറയുന്നു.

മനുഷ്യനിൽ അടുത്ത കാലത്തായി വർധിച്ച ഒരു പ്രശ്നമായ വന്ധ്യതയ്ക്ക് ക്വാട്സ് എന്ന രാസവസ്തുക്കൾ കാരണമാകാനുള്ള സാധ്യതയും ഈ പഠനം ഉയർത്തുന്നു.

മൃഗങ്ങളുടെ ഭ്രൂണവളർച്ചയെ ഈ രാസവസ്തുക്കൾ ബാധിക്കുന്നതായി പഠനത്തിൽ തെളിഞ്ഞു. ബയോ മെഡിക്കൽ സയൻസിൽ എലിവർഗത്തിൽപ്പെട്ട ജീവികളിൽ നടത്തുന്ന പഠനം വളരെ പ്രധാനമാണ്. മനുഷ്യനിലും ഈ രാസവസ്തുക്കൾ വിഷകാരികളാണ് എന്ന അപകടസൂചനയും ഈ പഠനഫലം നൽകുന്നു.

ടോക്സിസിറ്റി ‌പഠനങ്ങളുടെ സ്റ്റാൻഡേഡൈസേഷൻ വരും മുൻപ് 1950 കളിലും 60 കളിലും ആണ് ക്വാടേർനറി അമോണിയം സംയുക്തങ്ങൾ രംഗത്തു വന്നത്. രാസവസ്തു നിർമാതാക്കൾ ആ സമയത്ത് ചില പഠനങ്ങൾ നടത്തിയിരുന്നെങ്കിലും അവ ഒരിക്കലും പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്ന് അവ പരിസ്ഥിതി സംരക്ഷണ ഏജൻസികളുടെ നിയന്ത്രണത്തിലാണ്.

ഉയർന്ന അളവിൽ ഈ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തേണ്ടി വരുന്ന ആരോഗ്യ രംഗത്തെ ജോലിക്കാർക്കും ഹോട്ടൽ ജീവനക്കാർക്കും ഗർഭധാരണം വൈകിയിട്ടുണ്ടോ എന്നും ന്യൂറൽ ട്യൂബിൽ ജനന വൈകല്യങ്ങളുള്ള കുട്ടികൾ ഉണ്ടോ എന്നതിനെക്കുറിച്ചും എപ്പിഡമിയോളജിക്കൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും ഫ്രൂബെക് പറയുന്നു.

‘ബർത്ത് ഡിഫക്ട്സ് റിസർച്ച്’ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് കുപ്പികളിലെ മരുന്നിനെ പേടിക്കണോ?

കുടിവെള്ളത്തെ നമുക്കു പേടിയില്ല, പക്ഷേ ആ വെള്ളം പ്ലാസ്റ്റിക് കുപ്പിയിലാക്കി കുടിക്കുമ്പോൾ പേടിക്കണം. കുപ്പി ചൂടാകുകയും കൂടി ചെയ്താൽ പിന്നെ പറയുകയും വേണ്ട, സംഗതി അത്യപകടകാരിയായിരിക്കും. കുപ്പിവെള്ളത്തിന്റെ കാര്യത്തിൽ മാത്രമാണോ ഈ പ്രശ്നം. അല്ലെന്നാണ് കേന്ദ്രസർക്കാരിലെ ഉന്നതവൃത്തങ്ങൾ തന്നെ പറയുന്നത്. പ്ലാസ്റ്റിക് കുപ്പികളിലുള്ള മരുന്നുകളിലേക്ക് വിഷവസ്തുക്കളൊന്നും കലരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം നിർദേശം വരെ പുറത്തിറക്കി. ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനോട് നിർദേശിക്കുകയും ചെയ്തിരിക്കുന്നു.

പഠനവിധേയമാക്കേണ്ട പ്രധാന വിഷയം ഇതാണ്– പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് ഏതെങ്കിലും വിധത്തിലുള്ള രാസവസ്തുക്കൾ മരുന്നുകളിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടോ? താപനില മാറുന്നതിനനുസരിച്ച് പ്രത്യേകിച്ച്! എന്തുകൊണ്ടാണിപ്പോൾ കേന്ദ്രത്തിന് ഇത്തരമൊരു നീക്കം നടത്തേണ്ടതായി വന്നത്? അക്കാര്യം അന്വേഷിച്ചാലറിയാം ഇതാദ്യമായിട്ടല്ല ഇത്തരമൊരു നീക്കം. രണ്ടര വർഷം മുൻപ് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ ഇതു സംബന്ധിച്ച ഒരു കരടുനിർദേശം പുറത്തുവിട്ടിരുന്നു. പ്ലാസ്റ്റിക്, പിഇടി (polyethylene terephthalate) നിർമിത കുപ്പികൾ മാറ്റി മരുന്നുകളെല്ലാം ചില്ലുകുപ്പികളിൽ നൽകണം എന്നതായിരുന്നു അത്. എന്നാൽ ആരും ഇക്കാര്യം ചെവിക്കൊണ്ടില്ല.

പ്ലാസ്റ്റിക് കുപ്പികളിൽ നിന്നുള്ള രാസവസ്തുക്കൾ മരുന്നിലേക്ക് ഒലിച്ചിറങ്ങുന്നതിനെ ‘ലീച്ചിങ്’ എന്നാണു പറയുക. ഇത്തരത്തില്‍ ഒലിച്ചിറങ്ങുന്നവയ്ക്കാകട്ടെ വെള്ളത്തിൽ ലയിച്ചു ചേരുന്ന സ്വഭാവവുമുണ്ട്. അതായത് മരുന്നുകളുടെ രാസഘടനയെ തന്നെ മാറ്റിമറിയ്ക്കാനോ വിഷലിപ്തമാക്കാനോ ഇവയ്ക്കാകുമെന്നു ചുരുക്കം. ഏത് അസുഖത്തിനു വേണ്ടിയാണോ മരുന്ന് കഴിക്കുന്നത് ആ അസുഖം ഇല്ലാതാക്കാനുള്ള മരുന്നിന്റെ ശേഷിയും ഒരുപക്ഷേ ഇത്തരത്തിൽ തകർക്കപ്പെട്ടേക്കാം. കഴിഞ്ഞ വർഷം സർക്കാർ തലത്തിൽ തന്നെ നടത്തിയ ഒരു പഠനത്തിൽ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച കഫ് സിറപ്പിലും മറ്റ് ദ്രാവക രൂപത്തിലുള്ള മരുന്നുകളിലും ഈയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വിഷവസ്തുവാണിത്.

ഈ സാഹചര്യത്തിലാണ് ശരീരത്തിന് ദോഷകരമായ വസ്തുക്കൾ മരുന്നിലേക്ക് ഊറിയിറങ്ങുന്നുണ്ടെന്നും അത്തരം കുപ്പികൾ ഒഴിവാക്കണമെന്നും നിർദേശിച്ചത്. മരുന്നുകളുടെ നിലവാരപരിശോധന നടത്തുന്ന ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡ്(ഡി‍ടിഎബി) ഉൾപ്പെടെ ഈ പഠനറിപ്പോർട്ട് അംഗീകരിച്ചതുമാണ്. പ്ലാസ്റ്റിക്, പിഇടി കുപ്പികൾ മരുന്ന് നിറയ്ക്കാൻ ഉപയോഗിക്കരുതെന്ന് നിർദേശവും നൽകി. കുട്ടികൾക്കും വാർധക്യത്തിലെത്തിയവർക്കുമുള്ള മരുന്നുകളിൽ പ്രത്യേകിച്ച്. പക്ഷേ എല്ലാം വെള്ളത്തിൽ വരച്ചതു പോലെയായെന്നു മാത്രം.

2016 മേയിൽ വന്ന പ്രസ്തുത റിപ്പോർട്ടിന് ബദലായി മറ്റൊന്നു കൂടി വന്നിരുന്നു. മുൻ ജൈവസാങ്കേതികതാ വകുപ്പ് സെക്രട്ടറി  എം.കെ.ഭാനിന്റേതായിരുന്നു ആ റിപ്പോർട്ട്. ദേശീയ ഹരിത ട്രിബ്യൂണലിനു മുന്നിൽ വച്ച ആ റിപ്പോർട്ടിൽ പിഇടി, പ്ലാസ്റ്റിക് നിർമിത കുപ്പികളിൽ മരുന്ന് നിറയ്ക്കുന്നത് കുഴപ്പമില്ലെന്നാണു വ്യക്തമാക്കിയത്. മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അളവിലുള്ള മാരകവസ്തുക്കളൊന്നും മരുന്നിൽ കലരുന്നില്ലെന്നും വ്യക്തമാക്കി.

കേന്ദ്രത്തിനു കീഴിലുള്ള ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീൻ ആൻഡ് പബ്ലിക് ഹെൽത്ത് ആണ് ഈ പഠനത്തിനാവശ്യമായ സഹായങ്ങൾ നൽകിയത്. അതേസമയം ഈയം, സ്റ്റിബ്നൈറ്റ്, ഡി–ഫ്തലേറ്റ്(Di-(2-ethylhexyl) phthalate –ഡിഇഎച്ച്പി എന്നും പേര്), ക്രോമിയം എന്നിവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പിഇടി കുപ്പികളിൽ ഈ ലോഹങ്ങൾ മരുന്നിലേക്ക് ഒലിച്ചിറങ്ങുന്നത് താപനില കൂടുന്നതിനനുസരിച്ച് വർധിക്കുന്നതായും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുതിയ പഠനത്തിനൊരുങ്ങുന്നത്. ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷനായിരിക്കും പഠന ചുമതല.

ഇനി ശീലമാക്കാം ഗ്രീൻ ബ്രേക്ക്ഫാസ്റ്റ്

എല്ലാദിവസവും നിങ്ങൾ എന്താണ് പ്രഭാതഭക്ഷണമായി കഴിക്കാറുള്ളത്? ദോശ, ഇഡ്ഡലി, പുട്ട്, ചപ്പാത്തി, അപ്പം... തീർന്നോ ലിസ്റ്റ്. സ്ഥിരമായി ഇതൊക്കെത്തന്നെ മാറിമാറിക്കഴിച്ചു മടുത്തെങ്കിൽ ബ്രേക്ക്ഫാസ്റ്റ് കൂടുതൽ വ്യത്യസ്തവും പോഷകസമ്പന്നവുമാക്കാനുള്ള വഴികൾ പറഞ്ഞുതരാം. പ്രഭാതഭക്ഷണത്തിൽ അത്യാവശ്യം ഉൾപ്പെടുത്തേണ്ട ചില ഘടകങ്ങൾ ചേർത്ത് ഗ്രീൻ ബ്രേക്ക്ഫാസ്റ്റ് എന്ന ഒരു ആശയം മുന്നോട്ടുവച്ചിരിക്കുകയാണ് ആരോഗ്യഗവേഷകർ.

 1. ഒരു ചപ്പാത്തി അല്ലെങ്കിൽ ദോശ. അതിന്റെ കൂടെ കറിയായി പച്ചക്കറി സ്റ്റ്യൂ തിരഞ്ഞെടുക്കാം
 2. ഏതെങ്കിലും രണ്ട് പഴവർഗങ്ങൾ. ഉദാഹരണത്തിന് ഏത്തപ്പഴം പുഴുങ്ങിയതോ രണ്ടു കഷ്ണം ആപ്പിളോ പപ്പായയോ അങ്ങനെയെന്തെങ്കിലും സ്ഥിരമായി കഴിക്കണം
 3. പച്ചക്കറി സ്റ്റ്യൂവിനു പുറമേ പച്ചക്കറികൾ പച്ചയായി തന്നെ കഴിക്കണം. അതിനായി തക്കാളി, കാപ്സിക്കം, വെള്ളരി, സവാള എന്നിവ വിനാഗിരിയോ നാരങ്ങാനീരോ ചേർത്ത് ഗ്രീൻ സാലഡ് തയാറാക്കാം
 4. നട്സ്– തലേദിവസം വെള്ളത്തിൽ ഇട്ടുവച്ച് കുതിർത്തിയ ബദാം നാലഞ്ചെണ്ണം. അല്ലെങ്കിൽ കശുവണ്ടിയോ കപ്പലണ്ടിയോ അങ്ങനെയെന്തെങ്കിലും
 5. കുടിക്കാൻ അധികം പാൽ ചേർക്കാത്ത ചായ, അല്ലെങ്കിൽ പാലുംവെള്ളം
 6. തലേദിവസം വെള്ളത്തിൽ കുതിർത്തുവച്ചു മുളപ്പിച്ച ചെറുപയർ രണ്ട് ടീസ്പൂൺ

ഇത്രയും വിഭവങ്ങൾ കൃത്യമായ അളവിൽ ഉൾപ്പെടുത്തി പ്രഭാതഭക്ഷണം ക്രമീകരിച്ചുനോക്കൂ. രാവിലെ എഴുന്നേറ്റ് ഇടിയപ്പവും ചിക്കൻകറിയും മറ്റും തയാറാക്കുന്നതിന്റെ ബുദ്ധിമുട്ടും ഒഴിവാക്കാം, ഭക്ഷണം കൂടുതൽ പോഷകസമ്പന്നവുമാക്കാം. സാലഡും പഴവർഗങ്ങളും പച്ചക്കറിയും ചെറുപയറുമൊക്കെ തലേന്നു കിടക്കും മുൻപേ തയാറാക്കി വയ്ക്കാം. പ്രഭാതഭക്ഷണം എളുപ്പത്തിൽ കഴിക്കുകയും ചെയ്യാം. മിച്ചം വരുന്നത് കുട്ടികൾക്ക് ഉച്ചയൂണിനൊപ്പം കൊടുത്തുവിടുകയുമാവാം

ആരോഗ്യം വേണോ? എങ്കിൽ കുട്ടികൾക്കു നൽകിയിരിക്കണം ഈ ആഹാരങ്ങൾ

കുട്ടികളുടെ ആഹാരകാര്യത്തെക്കുറിച്ച് അമ്മമാർക്ക് എപ്പോഴും ടെൻഷനാണ്. ഒട്ടും ആഹാരം കഴിക്കാത്ത കുഞ്ഞുങ്ങവാണെങ്കിൽ ഇവർക്കു വേണ്ട പോഷണം എങ്ങനെ ലഭിക്കുമെന്നും ഇടയ്ക്കിടെ ആഹാരം ആവശ്യപ്പെടുന്ന കു‍ഞ്ഞുങ്ങളാണെങ്കിൽ ഈ ശീലം അവരിൽ പൊണ്ണത്തടി പോലുള്ള രോഗാവസ്ഥകൾ സൃഷ്ടിക്കുമോയെന്നും. എന്തായാലും അമ്മമാരുടെ ആകുതലതകൾ അവസാനിക്കുന്നില്ല. കൊച്ചു കുഞ്ഞുങ്ങൾ തുടങ്ങി സ്കൂളിൽ പോകുന്ന കുട്ടികളുടെ വരെ വളർച്ചയും ആഹാര കാര്യങ്ങളും പോഷണ വിവരങ്ങളും മനസ്സിലാക്കാം.

പ്രീസ്കൂൾ, സ്കൂൾ ഗോയിങ് കുട്ടികളിലെ വളർച്ച ക്രമേണയുള്ളതും സ്ഥിരതയാർന്നതുമാണ്. ഓരോ വര്‍ഷവും 1.6 മുതൽ 3.3 കി.ഗ്രാം വരെ ഭാരവും 5 മുതൽ 9 സെ.മീ വരെ ഉയരവും 9 മുതൽ 10 വയസാകുന്നതുവരെ ഉയർന്നു കൊണ്ടിരിക്കുന്നു. ഈ കാലയളവിൽ എല്ലുകൾ, പല്ലുകൾ, പേശികൾ എന്നിവയുടെ വളർച്ചയും രക്തത്തിന്റെ ഉത്പാദനവും കൂടിവരുന്നു അതുകൊണ്ടുതന്നെ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് മുതിർന്നവരെ അപേക്ഷിച്ച് ഇവരുടെ വലുപ്പത്തിന് ആനുപാതികമായ പോഷകാഹാരം കൂടിയ അളവിൽ ആവശ്യമാണ്. ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവും നാളുകളായിട്ടുള്ള വിശപ്പില്ലായ്മയും വളരെ നാളായി വളരെ കുറച്ചു മാത്രം ഭക്ഷണം കഴിക്കുന്നതും പോഷകാഹാരക്കുറവിന് കാരണമാകുന്നു. കുട്ടികളുടെ പ്രായത്തിന് അനുസൃതമായ പോഷകങ്ങളുടെ അളവ് താഴെ  കൊടുത്തിരിക്കുന്നു.

കുട്ടികളിൽ വളർച്ചക്കൊപ്പം  കളികളും കൂടുതലായ ഈ കാലയളവിൽ എനർജിയുടെ ആവശ്യവും കൂടുതലാണ്. അതിനാൽത്തന്നെ കൂടുതൽ ഊർജം പ്രദാനം ചെയ്യുന്ന ആഹാരങ്ങൾ ഇവർക്ക് കൊടുക്കാം എന്നാൽ അമിതഭാരം ആകാതെയും ശ്രദ്ധിക്കണം. ചെറിയ കുട്ടികളിൽ Stomach capacity കുറവായതിനാൽ ചെറുതും ഇടവിട്ടുള്ളതുമായ ഭക്ഷണക്രമീകരണമാണു നല്ലത്. സാധാരണ വീട്ടിൽ ഉണ്ടാക്കുന്ന ചോറ്, ഇഡ്ഡലി, ദോശ, അപ്പം തുടങ്ങി പഴവർഗങ്ങളും പരിപ്പ്, പയർ, കടല വർഗങ്ങളും ഊർജ്ജം ഉള്ള ഭക്ഷണം തന്നെയാണ്. ചെറിയ കുട്ടികളിൽ ചോക്കിങ്(ശ്വാസംമുട്ട്) ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ പഴവർഗ്ഗങ്ങളും മറ്റും ചെറിയ കഷണങ്ങളായി മുറിച്ചു കൊടുക്കുന്നതാണ് നല്ലത്.

കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ഓക്സിജന്റെ സുഗമസഞ്ചാരത്തിനും കോശങ്ങളുടെ പുനർനിർമാണത്തിനും ഹോർമോണിന്റെയും എൻസൈമിന്റെയും ശരിയായ ഉത്പാദനത്തിനും പ്രവർത്തനത്തിനും പ്രോട്ടീൻ കൂടിയെ തീരു. ഇറച്ചി, മീൻ, മുട്ട, പാൽ, ഓട്ട്സ്, പയറു പരിപ്പു വർഗ്ഗങ്ങൾ എന്നിവയിൽ ധാരാളം പ്രോട്ടീനുണ്ട്. ഇവയും ചോക്കിങ് തടയാനായി ചെറു കഷണങ്ങളായി കുട്ടികൾക്ക് കൊടുക്കുന്നതാണ് നല്ലത്.

കുട്ടികളിൽ ഫാറ്റ് തീരെ കുറയ്ക്കേണ്ട. ഫാറ്റ് തീരെ കുറഞ്ഞ ആഹാരത്തിൽ ഊർജ്ജം കുറവായിരിക്കും. അതിനാൽതന്നെ ഇവർക്ക് ഫാറ്റ് അടങ്ങിയിട്ടുള്ള മുട്ടയുടെ മഞ്ഞ, നട്സ്, നെയ്യ് ഇവ മിതമായ രീതിയിൽ ഉപയോഗിക്കാം.

ഇവ കൂടാതെ വൈറ്റമിനുകളും മിനറലുകളും കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും അത്യന്താപേക്ഷിതമാണ്. ഇവ കുറഞ്ഞാൽ പലതരത്തിലുള്ള ഡെഫിഷ്യൻസി സിസീസ് ഉണ്ടാകാൻ കാരണമാകുന്നു. കുട്ടികളിൽ വളർച്ചയ്ക്കൊപ്പം രക്തത്തിന്റെ അളവും ഹീമോഗ്ലോബിനും കൂടുന്നു. ഇത് അയണിന്റെ ആവശ്യകതയും കൂട്ടുന്നു. അയൺ കുറവ് കുട്ടികളിൽ വിളർച്ചപോലുള്ള അസുഖങ്ങൾക്കു കാരണമാകുന്നു. ശർക്കര, ഈന്തപ്പഴം, ഉണക്കമുന്തിരി, റെഡ് മീറ്റ്, ചില ചീര ഇലകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു വഴി അയൺ ലഭിക്കും. കൂടാതെ വൈറ്റമിൻ സി കൂടി ഉണ്ടെങ്കിൽ അയണിന്റെ ലഭ്യത കൂടുന്നു. നെല്ലിക്ക, പേരക്ക, പപ്പായ, മാങ്ങ, ഓറഞ്ച് തുടങ്ങിയ പഴങ്ങളിൽ സി വൈറ്റമിൻ അടങ്ങിയിട്ടുണ്ട്.

എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും കാൽസ്യം കൂടിയേ തീരൂ. പാലും പാലുൽപ്പന്നങ്ങളും തന്നെയാണ് കാൽസ്യത്തിന്റെ ആദ്യ സോഴ്സ്. ഒന്നോ രണ്ടാ ഗ്ലാസ് പാലോ പുഡിങ്ങോ വെണ്ണയോ ചീസോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി പ്രോട്ടീനും കാൽസ്യവും കുട്ടികൾക്ക് ലഭിക്കുന്നു. വൈറ്റമിൻ ഡി കാത്സ്യത്തിന്റെ ആഗീരണത്തിന് സഹായിക്കുന്ന ഒന്നാണ്. സൂര്യപ്രകാശത്തിലും വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാവിലെയുള്ള വെയിൽ ശരീരത്തിലേൽക്കുന്നത് നല്ലതാണ്.  ചീസ്,  മുട്ടയുടെ മഞ്ഞ,  ബീഫിന്റെ കരൾ എന്നിവ  വൈറ്റമിൻ ഡി അടങ്ങിയിട്ടുള്ള ഭക്ഷണമാണ്.

സിങ്കിന്റെ കുറവ് വളർച്ച കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും മുറിവുകൾ താമസിച്ച് ഉണങ്ങാനും കാരണമാകുന്നു. ബദാം, നട്സ്, ഇറച്ചി, ചോളം, ഗോതമ്പ് എന്നിവയിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. മറ്റു വൈറ്റമിനുകളും മിനറലുകളും ഇതുപോലെ തന്നെ കുട്ടികളിൽ പ്രാധാന്യമുള്ളതാണ്. അതിനാൽ തന്നെ ഇവ അടങ്ങിയിട്ടുള്ള പഴങ്ങളും  പച്ചക്കറികളും കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ശരിയായ ഭക്ഷണക്രമത്തോടൊപ്പം ശരിയായ സമയ ക്രമീകരണവും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. പ്രഭാത ഭക്ഷണം ദിവസവും കഴിച്ചിരിക്കണം. ഇതു കുട്ടികളിലെ ക്ളാസ്റൂം പെർഫോമൻസ് കൂട്ടും. പ്രഭാതഭക്ഷണം മാത്രമല്ല മറ്റു ഭക്ഷണങ്ങളും ശരിയായ രീതിയിൽ ശരിയായ സമയത്തു തന്നെ കുട്ടികൾക്ക് കൊടുക്കണം. കാർബോഹൈഡ്രേറ്റും പ്രോട്ടീനും ഫാറ്റ്, വൈറ്റമിൻ, മിനറലുകൾ എല്ലാം ഭക്ഷണത്തിൽ ഉണ്ടോ എന്നു ശ്രദ്ധിക്കണം. മാത്രമല്ല കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണം എത്രത്തോളം കഴിക്കുന്നു എന്നു കൂടി മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.

യോഗ ചെയ്യുന്നതിനു മുൻപ് അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

യോഗ ഒരു ജീവിതചര്യയാണ് അതുപോലെ ഒരു കര്‍മപദ്ധതിയുമാണ്. ആബാലവൃദ്ധം ജനങ്ങൾക്കും ഒരുപോലെ ചെയ്യാൻ പറ്റുന്ന ഒരു ശാസ്ത്രവുമാണ്. താളം തെറ്റിയ ശിരമനസ്സുകളെ നേർവഴിക്കുന്നു നടത്തുവാനുള്ള ഒരു ജീവിതചര്യകൂടിയാണു യോഗ.

യോഗ എങ്ങനെ? എവിടെ?

 • വൃത്തിയുള്ളതും വിശാലവും ശുദ്ധവായു ധാരാളം കടക്കുന്നതും വെളിച്ചമുള്ളതുമായ മുറിയായിരിക്കണം യോഗ ചെയ്യുവാൻ തിരഞ്ഞെടുക്കേണ്ടത്.
 • പ്രഭാതകർമങ്ങളെല്ലാം കഴിഞ്ഞ് കുളിച്ചു ശരീരശുദ്ധി വരുത്തി പ്രാർഥനയോടു കൂടിയായിരിക്കണം യോഗ ആരംഭിക്കുവാൻ. പ്രഭാതത്തിൽ നാലു മുതൽ എട്ടുമണി വരെയാണ് ഇതു ചെയ്യേണ്ടത്.
 • കിഴക്കിന് അഭിമുഖമായി നിന്നു യോഗ ചെയ്യുന്നതായിരിക്കും ഉത്തമം.
 • വൃത്തിയുള്ള തറയിൽ കോട്ടൺഷീറ്റോ പുൽപ്പായയോ വിരിച്ചു വേണം യോഗ ചെയ്യുവാൻ.
 • ഒഴിഞ്ഞ വയറോടെയായിരിക്കണം യോഗ ആരംഭിക്കുവാൻ.
 • ഭക്ഷണം കഴിഞ്ഞ് നാലു മണിക്കൂർ കഴിഞ്ഞും യോഗ കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞുമേ ഭക്ഷണം കഴിക്കാവൂ.
 • പുരുഷന്മാർ യോഗ ചെയ്യുന്ന സമയത്ത് ലങ്കോട്ടിയും സ്ത്രീകൾ ഇറുക്കമുള്ള അടിവസ്ത്രവും ധരിക്കുന്നതായിരിക്കും ഉത്തമം.
 • ഗർഭകാലയളവിൽ‌ സ്ത്രീകൾ ഒരു ഉത്തമ ഗുരുവിന്റെ കീഴിലേ യോഗ അഭ്യസിക്കാവൂ.
 • യോഗ ചെയ്യുമ്പോൾ എയർകണ്ടീഷനോ ഫാനോ ഉപയോഗിക്കരുത്.
 • കഠിനമായ രോഗങ്ങളുള്ളപ്പോഴും മാനസികസമ്മർദം കൂടുതലുള്ളപ്പോഴും യോഗ ചെയ്യുന്നതു നല്ലതല്ല.
 • യോഗ ചെയ്യുന്നവർ ലഹരിവസ്തുക്കൾ ഒഴിവാക്കുന്നതായിരിക്കും ഉത്തമം.
 • യോഗ ചെയ്യുന്ന സമയത്തു ക്ഷീണം തോന്നിയാൽ തൽക്കാലത്തേക്കു നിർത്തിവയ്ക്കണം. അതേസമയം സാവധാനം യോഗ ഒരു ജീവിതചര്യ ആക്കുകയും വേണം.

തൈറോയ്ഡ് പ്രശ്നങ്ങൾ യോഗയിലൂടെ പരിഹരിക്കാം

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവ ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥ‍ി ഉൽപാദിപ്പിക്കുന്ന ഹോർമോണാണ് തൈറോക്സിൻ. ഇതിന്റെ പ്രവർത്തനത്തിനു അയഡിൻ ആവശ്യമാണ്. രക്തത്തിൽ ആവശ്യത്തിന് അയഡിൻ ഇല്ലാതെവന്നാൽ തൈറോയ്ഡ് ഗ്രന്ഥികൾ വികസിച്ച് വലുപ്പം വയ്ക്കും. ഈ രോഗാവസ്ഥയാണ് ഗോയിറ്റർ.

തൈറോയ്ഡിന്റെ ഉൽപാദനം കുറഞ്ഞാൽ ഹൈപ്പോ തൈറോയ്ഡിസം എന്ന രോഗാവസ്ഥയ്ക്കു കാരണമാകുന്നു. ഉൽപാദനം കൂടിയാൽ ഉണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം യോഗയിലൂടെ പരിഹരിക്കാവുന്നതാണ്. ഇതിനുള്ള അഞ്ചു ആസനങ്ങൾ പരിചയപ്പെടാം. പതിനഞ്ചു വയസ്സു മുതൽ മുപ്പതു വയസ്സുവരെയുള്ളവർക്കുള്ള ആസനങ്ങവാണ് ഇവ.

ഉപവിഷ്ഠകോണാസനം (1)

ചെയ്യുന്ന വിധം: കാലുകൾ രണ്ടും നീട്ടി നിവർന്നിരിക്കുക. അതോടൊപ്പം കൈകൾ രണ്ടും അതതുവശത്തെ കാലുകളുടെ തുടകളിൽ കമഴ്ത്തി വയ്ക്കുക. ഇനി കാലുകൾ രണ്ടും കഴിയുന്നത്ര ഇരുവശങ്ങളിലേക്കും അകത്തി വയ്ക്കുക. ഈ ഇരിപ്പിൽ സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരു കൈകളും മുകളിലേക്കുയർത്തുകയും ശ്വാസംവിട്ടുകൊണ്ട് കുനിഞ്ഞ് വലതു കാലിന്റെ വിരലിൽ പിടിക്കുകയും ചെയ്യുക. ഇതോടൊപ്പം തല കുനിച്ച് നെറ്റി കാല്‍മുട്ടിൽ  മുട്ടിക്കുകയും ചെയ്യുക.

വീണ്ടും ശ്വാസമെടുത്തുകൊണ്ട് കാലിലെ പിടി വിടതെ തല ഉയർത്തുകയും വീണ്ടും ശ്വാസം വിട്ടുകൊണ്ടു കുനിയുകയും ചെയ്യുക. ഇതേ പോലെ അഞ്ചോ ആറോ തവണ കൂടി ആവർത്തിക്കുക. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കുക. പിന്നീട് ഇടതുകാലിലും പിടിച്ച് ഇതുപോലെതന്നെ ആറോ ഏഴോ തവണ ആവർത്തിക്കുക.

ഇതു ചെയ്യുമ്പോൾ‌ കാൽമുട്ടുകൾ മടങ്ങ‍ാതിരിക്കുവാൻ പ്രത്യേകംശ്രദ്ധിക്കേണ്ടതാണ്.

ഗുണങ്ങൾ

തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. അകാരണമായുണ്ടാകുന്ന അസ്വസ്ഥത, പേടി മുതലായവയ്ക്ക് കുറവു കാണപ്പെടുന്നു. അരക്കെട്ട്, നട്ടെല്ല്, പുറത്തെ പേശികൾ മുതലായവയുടെ പ്രവർത്തനം ഭംഗിയായി നടക്കുന്നു.

ഉത്ഥാനപാദാസനം

ചെയ്യുന്ന വിധം: കാലുകൾ രണ്ടും ചേർത്തുവച്ചു മലർന്നു കിടക്കുക. അതോടൊപ്പം ഇരുകൈകളും ശരീരത്തോടു ചേർത്തു തറയിൽ കമഴ്ത്തി വയ്ക്കുകയും വേണം. ഇനി നെഞ്ച് തറയിൽ നിന്ന് അൽപ്പം ഉയർത്തി തല പുറകോട്ടുവളച്ച് തലയുടെ പുറകുമേൽഭാഗം തറയിൽ ഉറപ്പിച്ചു വയ്ക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരു കാലുകളും കൈകളും തറയിൽ നിന്നു 35 ‍ഡിട്രിയോളം ഉയർത്തുകയും ആ നിലയിൽ നിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്.

ഇരു തോളുകളുടെ അകലമായിരിക്കണം കൈപ്പത്തികൾ തമ്മിലുള്ള അകലവും . ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിത‍‌ിയെ പ്രാപിക്കാവുന്നതാണ്. ഇതുപോലെ ഒന്നോ രണ്ടോ തവണ കൂടി ചെയ്യുക.

ഗുണങ്ങൾ

ഈ ആസനം ചെയ്യുന്നതുമൂലം തൈറോയ്ഡ് ഗ്രന്ഥികൾക്കു നല്ല വലിച്ചിലും മർദവും കിട്ടുന്നു. അരക്കെട്ടും നട്ടെല്ലും അടിവയറും ശക്തങ്ങളാകുന്നു. തുടയുടെ പേശികൾക്കു ദൃഢത കിട്ടുന്നു. ശരീരത്തിലുള്ള സകല നാഡ‍ീഞരമ്പുകളും ശക്തങ്ങളാകുകയും ശരിയായ പ്രവർത്തനം കിട്ടുകയും ചെയ്യുന്നു.

ക്രൗഞ്ചാസനം

ചെയ്യുന്ന വിധം : ഇരു കാലുകളും നീട്ടിവച്ചു നിവർന്നിരിക്കുക. അതോടൊപ്പം വലതുകാൽ മടക്കി ഇടത്തെ തുടയുടെ അടിയിലേക്കു കയറ്റി വയ്ക്കുക. വലതുകാലിന്റെ ഉപ്പൂറ്റി ഇടത്തെ തുടയുടെ ഇടതുവശത്ത് പൃഷ്ഠഭാഗത്തേ‌ാടു ചേർത്തു വയ്ക്കുക. ഇനി രണ്ടു കൈകൾകൊണ്ടും ഇടതുകാലിന്റെ പാദത്തിൽ കോർത്തുപിടിച്ച് ശ്വാസമെടുത്തുകൊണ്ട് കഴിയുന്നത്ര ഉയർത്തുക. അതോടൊപ്പം ശ്വാസം വിട്ടുകൊണ്ടു കുനിഞ്ഞ് നെറ്റി ഇടതുകാലിന്റെ മുട്ടിൽ തൊടാൻ ശ്രമിക്കുക. വീണ്ടും ശ്വാസമെടുത്തുകൊണ്ട് തലയും ഉടലും നിവർന്നു കൊണ്ടുവരുകയും ശ്വാസം വിട്ടുകൊണ്ടു കുനിയുകയും ചെയ്യുക.

ഈ സമയം ഇടതുകാലിന്റെ പിടിവിടുകയോ ഇടതുകാൽ മടക്കുകയോ ചെയ്യാൻ പാടില്ല. ഇതുപോലെ വലതുകാൽ ഉയർത്തിയും ചെയ്യേണ്ടതാണ് ഇരു കാലുകളും ഉപയേ‍ാഗിച്ച് അ‍ഞ്ചോ ആറോ തവണ ആവർത്തിക്കേണ്ടതാണ്.

ഗുണങ്ങൾ

ശരീരത്തിന് ലാഘവം സിദ്ധിക്കുകയും അതോടൊപ്പം ഉന്മേഷം ലഭിക്കുകയും ചെയ്യുന്നു വൃക്കകൾക്കു നല്ല പ്രവർത്തനം കിട്ടുന്നു. തൈറോയ്ഡ് ഗ്രന്ഥികൾ ഉണർന്നു പ്രവർത്തിക്കുന്നു. ജനനേന്ദ്രിയവ്യൂഹങ്ങളുടെ പ്രവർത്തനം ശരിയായ രീതിയിൽ‌ നടക്കുന്നു. ആ ഭാഗത്തുള്ള ഊഷ്മാവിനെ നിയന്ത്രിക്കുന്നതിനു സാധിക്കുന്നു.

ആർധമത്സ്യേന്ദ്രാസനം

ചെയ്യുന്ന വിധം: രണ്ടു കാലുകളും നീട്ടിവച്ചു നിവർന്നിരിക്കുക. ഇനി വലതുകാൽ മടക്കി ആ കാലിന്റെ ഉപ്പൂറ്റി ജനനേന്ദ്രിയത്തിനും മലദ്വാരത്തിനുമിടയിൽ ചേർത്തുവയ്ക്കുക. ഇതോടൊപ്പം ഇടതുകാൽ മടക്കി വലതുകാലിന്റെ തുടയുടെ വലതുവശത്തായി തറയിൽ ഉറപ്പിച്ചു കുത്തുക. ഇനി വലതുകൈ ഇടതുകാലിന്റെ മുട്ടിനു വെളിയിൽ കൂടി ഇടത്തെ കാൽപ്പാദത്തിൽ പിടിക്കുക. അതോടൊപ്പം ഇടതുകൈ ഉടലിന്റെ പുറകിൽ കൂടി കൊണ്ടുവന്ന് വലതുവശത്തെ പള്ളയിൽ കമഴ്ത്തി വയ്ക്കുക. ഇതിനുശേഷം നട്ടെല്ലു നിവർന്നിരിക്കുകയും വേണം.

ഇനി സാവധാനം ശ്വാസം എടുക്കുകയും ശ്വാസംവിട്ടുകൊണ്ട് ശരീരം മുഴുവനും ഇടത്തോട്ടു തിരിക്കുകയും ശ്വാസം എടുത്തുകൊണ്ട് പൂർവസ്ഥിതിയെ പ്രാപിക്കുകയും ചെയ്യുക. ഇതുപോലെ  കൈകാലുകൾ തിരിച്ചുവച്ചും ചെയ്യേണ്ടതാണ് . ഇരുവശവും എട്ടോ പത്തോ തവണ ആവർത്തിക്കുക.

ഗുണങ്ങൾ

ഈ ആസനം ചെയ്യുന്നതുമൂലം അരക്കെട്ടിന്റെ വണ്ണം കുറയുന്നു. നട്ടെല്ലിനും സുഷുമ്നാ നാഡിക്കും നല്ല ആരോഗ്യം ലഭിക്കുന്നു. മൂത്രക്കടച്ചിൽ. മൂത്രച്ചൂട്, ഗുഹൃഭാഗത്തെ നീറ്റൽ മുതലായവ മാറിക്കിട്ടുന്നു. കൂട‍ാതെ തൈറോയ്ഡ് ഗ്രന്ഥികൾക്കും കഴുത്തിന്റെ കശേരുക്കൾക്കും ഉത്തേജനം കിട്ടുന്നു.

പവനമുക്ത സർവാംഗാസനം

ചെയ്യുന്ന വിധം: കാലുകൾ രണ്ടും ചേർത്തുവച്ചു മലർന്നു കിടക്കുക.. അതോടൊപ്പം  കൈകൾ രണ്ടും ശരീരത്തോടു ചേർത്തു തറയിൽ കമഴ്ത്തിവയ്ക്കുക. ഇനി ശ്വാസമെടുത്തുകൊണ്ട് കാലുകൾ രണ്ടും തറയ്ക്കു ലംബമായി ഉയർത്തുക. അതോടൊപ്പം ശ്വാസം വിട്ടുകൊണ്ട് ശരീരം മുഴുവനും തറയിൽനിന്നുയർത്തുകയും ഉടൻ തന്നെ ഇരുകൈകളുടെയും മുട്ടുകൾ രണ്ടും തറയ‍ിലൂന്നി നടുവിനു താങ്ങിപ്പിടിച്ച് ശരീരം കഴിയുന്നത്ര മുകളിലേക്കുയർത്തുക . ഇപ്പേ‍ാൾ തലയുടെ പുറകും ഇരു തോളുകളും കൈമുട്ടുകളും മാത്രമേ തറയിൽ പതിക്കാവൂ.

ഈ അവസ്ഥയിൽ ശ്വാസം വിട്ടുകൊണ്ട് ശ്വാസം വിട്ടുകൊണ്ട് വലതുകാൽ മടക്കി കാൽമുട്ട് നെറ്റിയിൽ മുട്ടിക്കുവാൻ ശ്രമിക്കുകയും ശ്വാസമെടുത്തുകൊണ്ട് നിവർത്തുകയും ചെയ്യുക. ഇതുപോലെ ഇടതുതുകാലും ചെയ്യേണ്ടതാണ്. ഇരുകാലുകളും അഞ്ചോ ആറോ തവണ കൂടി ആവർത്തിക്കാവുന്നതാണ്. വീണ്ടും ഇതുപോലെതന്നെ രണ്ട‍ു കാലുകളും ഒരു മിച്ചു ശ്വാസം വിട്ടുകൊണ്ടു മടക്കുകയും ശ്വാസം എടുത്തുകൊണ്ട് നിവർക്കുകയും ചെയ്യേണ്ടതാണ് അഞ്ചോ ആറോ തവണ കൂടി ആവർത്തിക്കാവുന്നതാണ്.

ഗുണങ്ങൾ

ഈ ആസനം ചെയ്യുമ്പോൾ താടി തൊണ്ടക്കുഴിയിൽ അമർന്നിരിക്കുന്നതുകൊണ്ട് തൈറോയ്ഡ് ഗ്രന്ഥികൾക്കു നല്ല ഉത്തേജനം കിട്ടുന്നു. മലബന്ധമുള്ളവർക്ക് വളരെയധികം പ്രയോജനപ്പെടുന്നു. കാലുകളിലുണ്ടാകുന്ന രക്തവാതത്തിന് ശമനം കാണപ്പെടുന്നു.

ഭാരം കുറയ്ക്കണോ? സസ്യഭക്ഷണം ശീലമാക്കൂ

സസ്യഭക്ഷണം ശീലമാക്കിയാൽ ശരീരഭാരം കുറയുമോ? ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല പേശികളിലെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും കഴിയുമെന്ന് ജേണൽ ഓഫ് അമേരിക്കൻ കോളജ് ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

പേശികളിലെ കൊഴുപ്പ് ഇല്ലാതാക്കുമ്പോൾ ഗ്ലൂക്കോസിന്റെയും ലിപ്പിഡിന്റെയും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുന്നു. മെറ്റബോളിക് സിൻഡ്രോമും ടൈപ്പ് 2 പ്രമേഹവും ബാധിച്ചവരെ സംബന്ധിച്ച് ഇത് പ്രധാനമാണെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഡോ. ഹാനാ കഹ്‌ലോവ പറഞ്ഞു.

ടൈപ്പ് 2 പ്രമേഹം ബാധിച്ച 74 പേരിലാണ് പഠനം നടത്തിയത്. ഇവരോട് സസ്യഭക്ഷണമോ പ്രമേഹരോഗികൾ പിന്തുടരുന്ന ഭക്ഷണമോ കഴിക്കാൻ ആവശ്യപ്പെട്ടു.

പച്ചക്കറികൾ, ധാന്യങ്ങള്‍, പരിപ്പ്, പയർവർഗങ്ങൾ, പഴങ്ങൾ, നട്സ് എന്നിവയും അതോടൊപ്പം ദിവസം ഒരു നേരം മൃഗോൽപ്പന്നമായ കൊഴുപ്പ് കുറഞ്ഞ തൈരും അടങ്ങിയതായിരുന്നു സസ്യഭക്ഷണം. യൂറോപ്യന്‍ അസോസിയേഷൻ ഫോർദി സ്റ്റഡി ഓഫ് ഡയബറ്റിസ് (EASD) നിർദേശിച്ചതാണ് പ്രമേഹ ഭക്ഷണരീതി. ഒരു ദിവസത്തെ ഭക്ഷണം രണ്ടു കൂട്ടർക്കും ദിവസം 500 കിലോ കലോറിയായി പരിമിതപ്പെടുത്തിയിരുന്നു.

ശരീരഭാരം കുറയ്ക്കുന്നതിൽ സസ്യഭക്ഷണം ഇരട്ടി ഫലപ്രദമാണെന്നു കണ്ടു. സാധാരണ ഭക്ഷണം കഴിച്ചപ്പോൾ 3.2 കി. ഗ്രാം കുറഞ്ഞപ്പോൾ സസ്യഭക്ഷണം കഴിച്ചവർക്ക് 6.2 കിലോ കുറഞ്ഞതായി കണ്ടു.

കഹ്‌ലോവയും സംഘവും പഠനത്തിൽ പങ്കെടുത്തവരുടെ തുടയുടെ എം. ആർ ഐ സ്കാൻ ഉപയോഗിച്ച് അഡിപ്പോസ് കലയെക്കുറിച്ച് പഠിച്ചു. എങ്ങനെയാണ് രണ്ട് വ്യത്യസ്ത ഭക്ഷണം ചർമത്തിനടിയിലെയും പേശികൾക്കുള്ളിലെയും കൊഴുപ്പിനെ ‍ബാധിക്കുന്നത് എന്ന് അറിയാനാണിത്.

രണ്ടു ഭക്ഷണരീതിയും ചർമത്തിനടിയിലെ കൊഴുപ്പ് (Subcutanenus fat) ഒരേ പോലെ കുറച്ചു. എന്നാൽ സസ്യഭക്ഷണം കഴിച്ചവരിൽ മാത്രമാണ് പേശികളുടെ ഉപരിതലത്തിലെ (Subfascial) കൊഴുപ്പ് കുറഞ്ഞത്. പേശികൾക്കുള്ളിലെ കൊഴുപ്പ് (Intramuscular fat) സസ്യഭുക്കുകളിലാണ് വളരെയധികം കുറഞ്ഞത് എന്ന് കണ്ടു.

പേശികളുടെ ഉപരിതലത്തിലെ വർധിച്ച കൊഴുപ്പ്, ടൈപ്പ് 2 പ്രമേഹരോഗികളിൽ ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കൊഴുപ്പ് കുറയുന്നത് ഗ്ലൂക്കോസിന്റെ ഉപാപചയ പ്രവർത്തനത്തിന് പ്രയോജനകരമാണ്. കൂടാതെ പേശികൾക്കുള്ളിലെ കൊഴുപ്പ് കുറയുന്നത് പ്രായമായ പ്രമേഹ രോഗികളിൽ പേശികളുടെ ശക്തിയും ചലനാത്മകതയും വർധിപ്പിക്കും.

ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണരീതി സസ്യഭക്ഷണം കഴിക്കുക എന്നതു തന്നെയാണ്. കൂടാതെ സസ്യഭക്ഷണം കഴിക്കുക വഴി പേശികളിലെ കൊഴുപ്പ് കുറച്ച് മെറ്റബോളിസം മെച്ചപ്പെടുത്താൻ കഴിയുമെന്നും പഠനത്തിലൂടെ തെളിഞ്ഞു.

മെറ്റബോളിക് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവ ബാധിച്ചവർക്കും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഈ പഠനഫലം ആശ്വാസമേകും.

ആരോഗ്യം നിലനിർത്താൻ വേണം നല്ല സൗഹൃദം

നല്ല കുടുംബബന്ധങ്ങളാണോ സൗഹൃദങ്ങളാണോ ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ രഹസ്യം?  വാഷിങ്ടണിലെ ഗവേഷകർ പറയുന്നത് നല്ല സൗഹൃങ്ങളുള്ളവർക്കാണത്രേ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ആരോഗ്യം ഉണ്ടായിരിക്കുകയെന്നാണ്. നല്ല കുടുംബബന്ധങ്ങൾ ഉണ്ടാക്കിയാൽ മാത്രം പോര, നല്ല സുഹൃത്തുക്കളെയും സമ്പാദിക്കണം.

അമേരിക്കയിൽ മൂന്നുലക്ഷം പേരിൽ നടത്തിയ പഠനത്തിൽനിന്നാണ് ഈ കണ്ടെത്തൽ. പ്രത്യേകിച്ചും പ്രായം കൂടുന്തോറും സൗഹൃങ്ങൾക്ക് ആരോഗ്യത്തിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമത്രേ. ഏറ്റവും നല്ല സൗഹൃങ്ങൾ സൂക്ഷിക്കാൻ കഴിയുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മാനസികസമ്മർദം കുറവുള്ളതായി കണ്ടെത്തി. നാലോ അഞ്ചോ സുഹൃത്തുക്കളോട് ഒരുമിച്ചിരുന്നു മനസ്സുതുറന്നു സംസാരിച്ചാൽ തീരുന്നതേയുണ്ടായിരുന്നുള്ളു മിക്കവരുടെയും പ്രശ്നങ്ങൾ.

സുഹൃത്തുക്കളെ കൂടെക്കൂടെ സന്ദർശിക്കുന്നതും മാനസിക ഉല്ലാസം നൽകുന്നു. സമീപപ്രദേശങ്ങളില്‍നിന്നു തന്നെയാണ് സുഹൃത്തുക്കളെങ്കിൽ വ്യായാമത്തിനും മറ്റും അവരെ ഒപ്പം കൂട്ടുകയുമാവാം. ഇതു വ്യായാമം ചെയ്യുന്നതിനുള്ള മടുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. സമപ്രായക്കാരായ സുഹൃത്തുക്കൾ മാത്രം പോര, പ്രായത്തിൽ ചെറുപ്പമുള്ള സുഹൃത്തുക്കളും വേണം കൂടെ. അതു നിങ്ങളുടെ മനസ്സിനെ കൂടുതൽ ചെറുപ്പമാക്കി നിലനിർത്തുന്നു.

എതിർലിംഗത്തിൽ പെട്ട സുഹൃത്തുക്കളും അത്യാവശ്യമാണ്. എങ്കിൽ മാത്രമേ കൂടുതൽ വിശാലമനസ്സോടെ പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ സാധിക്കുകയുള്ളൂ. എതിർലിംഗത്തിൽപെട്ട നല്ല സുഹൃത്തുക്കൾ ഉള്ളവർക്ക് ജീവിതപങ്കാളിയെ കൂടുതൽ നന്നായി മനസ്സിലാക്കാൻ സാധിക്കുന്നതായും പഠനത്തിൽനിന്നു വ്യക്തമായി.

ഇനി മരുന്നിനും ഭക്ഷണത്തിനും വ്യായാമത്തിനും സമയം കണ്ടെത്തുന്ന പോലെ നല്ല സുഹൃത്തുക്കളെ സമ്പാദിക്കാനും വൈകിക്കേണ്ട. അവരായിരിക്കും നിങ്ങളുടെ ആരോഗ്യത്തിന് പോസിറ്റീവ് ഊർജം നൽകുന്നത്.

മുലയൂട്ടൽ അമ്മയ്ക്ക് ഹൃദയാരോഗ്യമേകും

കുഞ്ഞിന്റെ അവകാശമാണ് മുലപ്പാൽ. ശാരീരിക വളര്‍ച്ചയ്ക്കും രോഗപ്രതിരോധ ശേഷിക്കും വേണ്ട ഘടകങ്ങൾ മുലപ്പാലിൽ നിന്നും കുഞ്ഞിനു ലഭിക്കുന്നു. മുലപ്പാൽ കുടിച്ചു വളരുന്ന കുഞ്ഞിന് രോഗങ്ങളും കുറവായിരിക്കും. മുല കുടിക്കുന്ന കുഞ്ഞിനു മാത്രമല്ല, അമ്മയ്ക്കും മുലയൂട്ടൽ ആരോഗ്യമേകും.

മുലയൂട്ടൽ അമ്മയ്ക്ക് ഹൃദ്രോഗവും പക്ഷായഘാതവും വരാനുള്ള സാധ്യത കുറയ്ക്കുമെന്നു പഠനം. ഇത്തരക്കാരിൽ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത 10 ശതമാനം കുറവാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഗർഭധാരണത്തിനു ശേഷം അമ്മയുടെ ഉപാപചയ പ്രവർത്തനങ്ങളെ പഴയപടി ആക്കാൻ മുലയൂട്ടൽ സഹായിക്കും. നിരവധി ആരോഗ്യ ഗുണങ്ങളും ഇതുമൂലമുണ്ട്.’’ ഓക്സ്ഫോർഡ് സർവകലാശാലയിലെ റിസർച്ച് ഫെല്ലോ ആയ സെയ്ൻപീറ്റേഴ്സ് പറയുന്നു.

കുഞ്ഞിന്റെ വളർച്ചയ്ക്കാവശ്യമായ ഊർജ്ജം പ്രദാനം ചെയ്യാനായി കൊഴുപ്പ് ശേഖരിച്ചു വയ്ക്കുന്നതിനാൽ ഗർഭിണിയാകുമ്പോൾ ഒരു സ്ത്രീയുടെ ഉപാപചയ പ്രവർത്തനങ്ങൾക്ക് മാറ്റം വരുന്നു. മുലയൂട്ടൽ ഈ കൊഴുപ്പിനെ വേഗത്തിലും  പൂർണമായും ഇല്ലാതാക്കുന്നു.

പഠനത്തിനായി ചൈനയിലെ 2,89,573 സ്ത്രീകളുടെ ജീവിതശൈലി ഘടകങ്ങളും പ്രത്യുല്പാദന ചരിത്രവും വിശകലനം ചെയ്തു.

പ്രസവശേഷം ശരീരഭാരം കുറയുക, കൊളസ്ട്രോൾ, രക്തസമ്മർദം, രക്ത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇവ കുറയ്ക്കുക തുടങ്ങി ഹ്രസ്വകാലത്തേക്കുള്ള ആരോഗ്യ ഗുണങ്ങൾ മുലയൂട്ടലിനുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ദീർഘകാലത്തേക്ക് അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ ആരോഗ്യമേകുമെന്നും അതിനാൽ മുലയൂട്ടലിന്റെ ഗുണങ്ങൾ വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്നും ഈ പഠനം പറയുന്നു.

സ്ത്രീകളുടെ ഹൃദയാരോഗ്യം; ഡോക്ടർമാരുടെ ടിപ്സ്

ഹൃദയത്തിന്റെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാറില്ല പലപ്പോഴും സ്ത്രീകൾക്ക്. ഇത്തരം സ്ത്രീകളോട് അമേരിക്കയിലെ ഡോക്ടർമാർക്ക് ചില അത്യാവശ്യ മാർഗനിർദേശങ്ങൾ പറയാനുണ്ട്.

ഓരോ ദിവസവും ഏറ്റവും ചുരുങ്ങിയത് 30 മിനിറ്റ് വ്യായാമം ചെയ്യുക. ജിമ്മിലോ മറ്റോ പോകാൻ കഴിയണമെന്നു നിർബന്ധമില്ല. വീട്ടിലെ സ്റ്റെയർകേസ് കയറിയിറങ്ങുകയോ പറമ്പിലൂടെ വേഗത്തിൽ നടക്കുകയോ അങ്ങനെയെന്തെങ്കിലും മതി.

ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ലഭിക്കാൻ ദിവസവും ഒരു കപ്പ് പച്ചക്കറിയും പഴവർഗങ്ങളും കഴിക്കുക. പാതി പാകം ചെയ്തും പച്ചയ്ക്കും കഴിക്കുന്നതാണ് ഉത്തമം.

ശരീരത്തിന്റെ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) ഓരോ മാസവും പരിശോധിക്കുക. ശരീരഭാരം വർധിക്കുന്നതായി തോന്നിയാൽ ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവു കുറച്ച്. പ്രോട്ടീനിന്റെ അളവ് വർധിപ്പിക്കുക

ഭക്ഷണക്രമത്തിൽ ഉപ്പിന്റെ അളവ് നിയന്ത്രിക്കുക. ഒരു ദിവസം അരടീസ്പൂൺ ഉപ്പ് മാത്രമേ ശരീരത്തിൽ എത്താവൂ. ഹൈപ്പർ ടെൻഷൻ നിയന്ത്രിക്കാൻ ഇതു സഹായിക്കും.

ഹൃദയവുമായി ബന്ധപ്പെട്ട എന്തെങ്കിലും വേദനകൾ ഉണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണുക. വേദനകൾ നിസ്സാരമായി കാണരുത്.

ഗർഭകാലത്ത് വെള്ള അരി ഉപയോഗിച്ചാൽ?

ഗർഭകാല പ്രമേഹമുളള അമ്മമാർ കഴിക്കുന്നത് കൂട്ടികൾക്ക് പൊണ്ണത്തടിയ്ക്കുള്ള സാധ്യത കൂട്ടുമോ? അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിലെ പുതിയ പഠനം അത്തരമൊരു സാധ്യത തള്ളി കളയുന്നില്ല. ഗർഭകാലത്ത് വെള്ള അരി പോലുള്ള ധാന്യങ്ങൾ കൂടുതൽ അളവിൽ കഴിച്ച ഗർഭകാല പ്രമേഹം ഉള്ളവരുടെ കുഞ്ഞുങ്ങൾക്ക് ഏഴു വയസ്സു മുതൽ പൊണ്ണത്തടി ഉണ്ടാകാൻ സാധ്യത കൂടുതലെന്നാണ് ഇവരുടെ വാദം. ധാന്യങ്ങളിൽ ഡയറ്ററി കാർബോഹൈഡ്രേറ്റ് കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ ടൈപ്പ് 2 ഡയബറ്റിസ്, പൊണ്ണത്തടി, ഹൃദയരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്.

പഠനത്തിനായി തിരഞ്ഞെടുത്തവരിൽ, 156 ഗ്രാമിൽ കൂടുതൽ ധാന്യങ്ങൾ ഒരു ദിവസം ഉപയോഗിച്ച ജെസ്റ്റേഷണൽ ഡയബറ്റിസോ രക്തത്തിൽ ഉയർന്ന അളവിൽ പ‍ഞ്ചസാരയോ കാണപ്പെട്ട  അമ്മമാർക്കുണ്ടായ കുഞ്ഞുങ്ങൾക്ക് ഏഴുവയസ്സിൽ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത ദിവസവും 37 ഗ്രാമിൽ കുറച്ച് ധാന്യങ്ങൾ കഴിച്ചവരെക്കാൾ രണ്ടു മടങ്ങ് കൂടുതലായിരുന്നു.

കുട്ടികളുടെ ഭാരം കുറയ്ക്കാനായി ശാരീരിക പ്രവർത്തനങ്ങളും ഭക്ഷണത്തിൽ പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും അളവ് കൂട്ടുകയും മധുരം നിയന്ത്രിക്കുകയുമൊക്കെ ചെയ്തിട്ടും ഇത്തരക്കാരായ അമ്മമാരുടെ മക്കളിൽ പൊണ്ണത്തടി ഉണ്ടായതായി പഠനത്തിനു നേതൃത്വം നൽകിയ അമേരിക്കയിലെ യൂനിസ് കെന്നഡി ഷ്രിവർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റിലെ ഗവേഷകനായ ക്യൂലിൻ ഷാങ് പറയുന്നു. 918 അമ്മമാരേയും കു‍ഞ്ഞുങ്ങളേയുമാണ് ഗവേഷകർ പഠനത്തിനായി തിരഞ്ഞെടുത്തത്

ചായകുടി ശീലം അർബുദം തടയും

രാവിലെയും വൈകിട്ടും ഓരോ ചായ കുടിച്ചില്ലെങ്കിൽ ഒരുഷാറില്ലാത്ത അവസ്ഥയിലാകും മിക്കവരും. ചായകുടി ശീലമാക്കിയവർക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് ഒരു ശുഭവാർത്തയുണ്ട്. ഈ ശീലം നിങ്ങളെ അർബുദത്തിൽ നിന്നും സംരക്ഷിക്കും.

ശരീരത്തിൽ ജനിതകമാറ്റം (epigenetic changes) ഉണ്ടാക്കുക വഴി അർബുദത്തെ പ്രതിരോധിക്കാൻ ചായകുടി ശീലം സ്ത്രീകളെ സഹായിക്കുമെന്നു പഠനം. നമ്മുടെ ജീനുകളെ ‘ഓൺ’ അല്ലെങ്കിൽ ‘ഓഫ്’ ആക്കുന്ന രാസപരിണാമം ആണിത്.

സ്വീഡനിലെ ഉപ്പ്സല സർവകലാശാലാഗവേഷകർ യൂറോപ്പിലാകമാനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കാപ്പിയും ചായയും കുടിക്കുന്നത് ജനിതക മാറ്റത്തിന് കാരണമാകുമോ എന്ന് 3096 സ്ത്രീ പുരുഷന്മാരിലാണ് പഠനം നടത്തിയത്.

ജീവിതശൈലീ ഘടകങ്ങളായ ഭക്ഷണം, പുകവലി, രാസവസ്തുക്കളുമായുള്ള സമ്പർക്കം  ഇവ ജനിതകമാറ്റത്തിലേക്കു നയിക്കും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ചായയുടെ ഉപയോഗം സ്ത്രീകളിൽ മാത്രമാണ് ജനിതക മാറ്റത്തിന് കാരണമാകുന്നത്. അർബുദത്തിനും ഈസ്ട്രജൻ മെറ്റബോളിസത്തിനും കാരണമാകുന്ന ജീനുകളിലാണ് മാറ്റം കണ്ടത്.

കാപ്പിയുടെ ഉപയോഗം ജീനുകൾക്ക് മാറ്റമൊന്നും വരുത്തുന്നതായി കണ്ടില്ല. എന്നാൽ ചില അർബുദങ്ങൾ വരാതെ തടയാൻ കാപ്പിക്കു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. അവയിലടങ്ങിയ ചില സംയുക്തങ്ങൾ മൂലമാണിത്.

എങ്ങനെയാണ് ജനിതക (epigenetic) മാറ്റങ്ങൾ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത് എന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

ഹ്യൂമൻ മോളിക്യുലാർ ജനറ്റിക്സ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കടപ്പാട്- മനോരമ ഓണ്‍ലൈന്‍.കോം© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate