অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യം സമ്പത്ത്

ആരോഗ്യം സമ്പത്ത്

ചര്‍മത്തിലെ കറുത്ത പാടുകള്‍ സൂക്ഷിക്കുക

ശരീരത്തിന് ദോഷമുണ്ടാക്കാത്ത ചര്‍മത്തിന്‍റെ അവസ്ഥയാണ് ഹൈപ്പര്‍ പിഗ്മെന്‍റേഷന്‍. ഇവിടെ ശരീരത്തിന്‍റെ ചില ഭാഗങ്ങളിലെ ചര്‍മം സമീപഭാഗത്തേക്കാള്‍ ഇരുണ്ട നിറമുള്ളതായി കാണപ്പെടുന്നു. ചര്‍മത്തിനു തനതായ നിറം നല്‍കുന്ന മെലാനിന്‍ കണികകളുടെ അമിതവും ക്രമവിരുദ്ധവുമായ ഉല്‍പാദനവും ചര്‍മത്തില്‍ കൂടുതലായി അടിഞ്ഞു കൂടുന്നതിന്‍റെയും ഫലമാണിത്.

സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ

സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഈ പ്രശ്നത്തിന്‍റെ കാരണങ്ങള്‍ പലതാണ്.

 • അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നതാണ് പിഗ്മെന്‍റേഷനും ഡാര്‍ക്ക് പാച്ചസുകളും (ഇരുണ്ടനിറത്തിലുള്ള കട്ടികൂടിയ ചര്‍മഭാഗങ്ങള്‍) ഉണ്ടാകാനുള്ള പ്രധാനകാരണമായി കണക്കാക്കുന്നത്. സൂര്യപ്രകാശത്തില്‍ യുവിഎ, യുവിബി കിരണങ്ങളാണുള്ളത്. പിഗ്മെന്‍റേഷനും ഡാര്‍ക്ക് പാച്ചസുകള്‍ക്കും കാരണം യുവിഎ രശ്മികളാണ്. സൂര്യപ്രകാശത്തിന്‍റെ  തീവ്രത കൂടുതലുള്ളസമയങ്ങളില്‍ സണ്‍സ്ക്രീന്‍ തേക്കണം.
 • പോസ്റ്റ ഇന്‍ഫ്ളമേറ്ററി ഹൈപ്പര്‍ : പിഗ്മെന്‍റേഷന്‍ കറുത്തപാടുകള്‍ക്കുള്ള രണ്ടാമത്തെ പ്രധാനകാരണമാണിത്. മുഖക്കുരു, പൊള്ളല്‍ തുടങ്ങിയവ വന്ന് ഭേദമാകുന്ന അവസരത്തില്‍ ചില അണുബാധകള്‍ ഉണ്ടാകുന്നു. ഇവ പിഗ്മെന്‍റേഷന്‍ കോശങ്ങളെ സജീവമാക്കുന്നു.
 • മരുന്നുകള്‍: ചില മരുന്നുകള്‍ കൂടുതല്‍ കാലത്തേക്കു സ്ഥിരമായി ഉപയോഗിക്കുന്നത് പിഗ്മെന്‍റേഷനു കാരണമാകുന്നു. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം പിഗ്മെന്‍റേഷന്‍ വരുത്താത്ത മരുന്നുകളിലേക്ക് മാറാം.
 • ഫോട്ടോ സെന്‍സിറ്റീവ് ഘടകങ്ങള്‍: വീടുകളില്‍ തയാറാക്കുന്ന പലതരം ലേപനങ്ങള്‍, ഫെയ്സ് പാക്കുകള്‍, പല ചേരുവകള്‍ അടങ്ങിയ നാടന്‍ മരുന്നുകള്‍ എന്നിവയുടെ സ്ഥിരമായ ഉപയോഗം ചര്‍മത്തില്‍ പിഗ്മെന്‍റേഷന്‍ ഉണ്ടാക്കാം. വെയിലുമായി ഉണ്ടാകുന്ന പ്രതിപ്രവര്‍ത്തനം മൂലമാണിത്.
 • പ്രമേഹം:  അമിതവണ്ണമുള്ളവരുടെ കഴുത്തിനു പിറകിലും കക്ഷത്തിലും തുടകള്‍ക്കിടയിലും ഇരുണ്ട നിറത്തില്‍ പിഗ്മെന്‍റേഷന്‍ കാണപ്പെടാം. ഇതുള്ളവര്‍ക്ക് പ്രമേഹസാധ്യത കൂടുതലാണ്. ഇത് അക്കാന്തോസിസ് നൈഗ്രിക്കന്‍സ് എന്നാണറിയപ്പെടുന്നത്.
 • ഹോര്‍മോണുകള്‍ : ശരീരത്തിലെ ഹോര്‍മോണുകളുടെ വ്യതിയാനവും അസന്തുലിതാവസ്ഥയും വിവിധ പ്രായക്കാരില്‍ പിഗ്മെന്‍റേഷനു കാരണമാകുന്നു. ഗര്‍ഭകാലം ഉദാഹരണമാണ്.
 • ഡെര്‍മറ്റോസിസ് പാപ്പുലോസ നൈഗ്ര:  ഇവ സാധാരണ കാണുന്നത് ഇരുണ്ട്, മെലിഞ്ഞ ശരീരമുള്ളവരിലാണ്. ചെറിയ ഇരുണ്ട നിറത്തിലുള്ള കേടായ ചര്‍മമാണിത്.
 • പെരിഓര്‍ബിറ്റല്‍ ഹൈപ്പര്‍ പിഗ്മെന്‍റേഷന്‍:  കണ്ണിനു ചുറ്റിലുമുണ്ടാകുന്ന ഇരുണ്ടനിറത്തിലുള്ള വലയങ്ങളാണിത്. ശരിയായ ഉറക്കത്തിന്‍റെ  അഭാവം, ഉറക്കകൂടുതല്‍, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക തുടങ്ങിയവയാണ് ഈ അവസ്ഥയ്ക്കുള്ള കാരണങ്ങള്‍.
 • പിഗ്മെന്‍റേഷന്‍ എന്ന അവസ്ഥ വെറുമൊരു സൌന്ദര്യപ്രശ്നം മാത്രമല്ല. പലരോഗങ്ങളുടെയും സൂചനയാണ്. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സ തേടണം.

ചോറോ ചപ്പാത്തിയോ ഏതാണ് നല്ലത്

അരിയാഹാരം ഒഴിവാക്കി ഗോതമ്പ് വിഭവങ്ങള്‍ കഴിക്കുന്നതാണ് പുതിയ ട്രെന്‍ഡ്. ശരിക്കും അരിയെക്കാള്‍ മെച്ചമാണോ ഗോതമ്പ്. അരിയും ഗോതമ്പും ധാന്യാഹാരങ്ങളാണ്. രണ്ടും ഘടനാപരമായും ഒരുപോലെ തന്നെ. അരിയില്‍ നിന്നും ഗോതമ്പില്‍ നിന്നും ലഭിക്കുന്നതാകട്ടെ ഒരേ അളവിലുള്ള ഊര്‍ജവുമാണ്. അരിയോ ഗോതമ്പോ ഏതാണ് ഗുണകരം?  ഈ സംശയം ഇല്ലാത്ത ഒരു മലയാളിയും ഇല്ല എന്നു തന്നെ പറയാം.

അരിയും ഗോതമ്പും ഒരുപോലെ

കട്ടിയുള്ള ഒരു പുറം കവചവും അതിനുള്ളില്‍ നേര്‍ത്ത ആവരണവും ഉള്ളില്‍ അന്നജം അടങ്ങിയ ഉള്‍ക്കാമ്പും ചേര്‍ന്നതാണ് ധാന്യമണിയാണ് അരിയും ഗോതമ്പും. മുഖ്യഘടകം അന്നജമായതിനാല്‍ രണ്ടിന്‍റെയും ഊര്‍ജ്ജമൂല്യം 100 ഗ്രാമില്‍ നിന്ന് ഏകദേശം 346 കിലോകലോറിയാണ്. അന്നജത്തിന്‍റെ തന്നെ മറ്റൊരു രൂപമായ ഭക്ഷ്യനാരുകള്‍ അരിയിലും ഗോതമ്പിലും അടങ്ങിയിട്ടുണ്ട്. ഗോതമ്പില്‍ നാരിന്‍റെ അശം താരതമ്യേന കൂടുതലാണ്.

നെല്ല് കുത്തി അരിയാക്കി പോളിഷ് ചെയ്ത് എടുക്കുമ്പോള്‍ നാരിന്‍റെ  അംശം നഷ്ടപ്പെടുന്നുണ്ട്. പുഴുക്കലരിയില്‍ ഈ നഷ്ടം കുറവാണ്. ഗോതമ്പില്‍ ഭക്ഷ്യനാരുകള്‍ കൂടുതലായും പുറന്തൊലിയിലാണ്. വ്യവസായികാടിസ്ഥാനത്തില്‍ സംസ്ക്കരിക്കുമ്പോള്‍ ഇത് നഷ്ടമാകുന്നു. വീട്ടില്‍ തന്നെ ഉണക്കിപ്പൊടിച്ചെടുക്കുന്ന ഗോതമ്പുപൊടിയും ഉപയോഗത്തിനുമുമ്പ് പലതവണ അരിച്ചെടുക്കുന്നത് ഇതേ രീതിയില്‍ ഭക്ഷ്യനാരുകള്‍ നഷ്ടപ്പെടുത്തും. മാംസ്യത്തിന്റെ അളവും ഗോതമ്പില് കൂടുതലാണ്. എന്നാല് അരിയിലെ മാംസ്യം എളുപ്പത്തില് ദഹിക്കുന്നതും അത്യാവശ്യ അമിനോ ആസിഡുകളായ മെതയോനിന്‍, ടൈറോസിന്‍ എന്നിവയാല്‍ സമ്പുഷ്ടവുമാണ്. ഗോതമ്പിലെ മാംസ്യമായ ഗ്ലൂട്ടന്‍ പലവിധ അലര്‍ജികള്‍ക്കും സീലിയാക് രോഗങ്ങള്‍ക്കും കാരണമാവാം.

പുഴുക്കലരിയുടെ മെച്ചം

ജീവകം- ബി ഗ്രൂപ്പ്, ധാന്യങ്ങളില്‍ കൂടുതലായി കാണാം. ജലത്തില്‍ അലിയുന്ന ഇവയ്ക്ക് പാചകനഷ്ടം പൊതുവേ കൂടുതലാണ്. എന്നാല്‍ അരിയുടെ കാര്യത്തില്‍ കേരളീയര്‍ കൂടുതലായും ഉപയോഗിക്കുന്നത് പുഴുക്കലരിയാണ്. ഈപ്രക്രിയ അരിയുടെ പോഷകഗുണത്തില്‍ ഗണ്യമായ മാറ്റം വരുത്തുന്നുണ്ട്. പുഴുങ്ങിയ നെല്ല് അരിയാകുമ്പോള്‍ ഭക്ഷ്യനാരുകളും സംരക്ഷിക്കപ്പെടുന്നുണ്ട്. അന്നജത്തിന്‍റെ ഘടനയില്‍ മാറ്റം വരുന്നതിനാല്‍ കുറച്ചുഭാഗം റെസിസ്റ്റന്‍റ് സ്റ്റാര്‍ച്ച് ആയി മാറുന്നുണ്ട്. ഇവ നല്ലൊരു പ്രീബയോട്ടിക് ആണ്. ദഹനവ്യൂഹത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കും. ഗ്ലൂക്കോസ് ആയി രക്തത്തിലെത്തുന്ന സമയം കൂടുകയും ചെയ്യും. മൂലകങ്ങളുടെ സാന്നിധ്യം അരിയിലും ഗോതമ്പിലും ഉണ്ട്. ചെമ്പ്, ഇരുമ്പ്, എന്നിവ ഏകദേശം ഒരേ അളവില്‍ എന്നാല്‍ സിങ്ക്, സോഡിയം മുതലായവ ഗോതമ്പില്‍ താരതമ്യേന ഉയര്‍ന്ന അളവില്‍ കാണുന്നു. അമിത രക്തംസമ്മര്‍ദം, വൃക്കരോഗങ്ങള്‍ എന്നിങ്ങനെ സോഡിയം നിയന്ത്രണം ആവശ്യമുള്ളവര്‍ക്ക് ഗോതമ്പിനേക്കാള്‍ അരിയായിരിക്കും ഗുണകരം. ഗോതമ്പുപൊടികൊണ്ട് എണ്ണയില്ലാതെ ഉണ്ടാക്കിയെടുക്കുന്ന ചപ്പാത്തിയുടെയും പുഴുക്കലരിച്ചോറിന്‍റെയും ഗ്ലൈസിമിക് ഇന്‍ഡക്സ് ശരാശരി 62-ഉം 64-ഉം ആണ്. ചപ്പാത്തിയായാലും ചോറായാലും ഗ്ലൈസിമിക് ലോഡ് കൂടും. 25 ഗ്രാം അരികൊണ്ട് കിട്ടുന്ന അരകപ്പ് ചോറിലും 25ഗ്രാം ആട്ടകൊണ്ട് ഉണ്ടാക്കുന്ന എണ്ണയില്ലാത്ത ഒരു ചപ്പാത്തിയിലും 80 കിലോ കലോറിയാണ് ഊര്‍ജം. ഗോതമ്പിന് പാക്കറ്റ് ഉല്‍പന്നങ്ങളെയാണ് ആശ്രയിക്കുന്നത്. ആട്ട, റവ, മൈദ, സേമിയ എല്ലാം വ്യവസായികാടിസ്ഥാനത്തില്‍ സംസ്ക്കരിച്ചത് വാങ്ങി ഉപയോഗിക്കുകയാണ്. ഇതിലൂടെ ഭക്ഷ്യനാരുകളും മറ്റു പോഷകഘടകങ്ങളും ഗണ്യമായി നഷ്ടപ്പെടുന്നുണ്ട്.

ടോണ്‍സിലൈറ്റിസ് പ്രതിരോധിക്കാം

മനുഷ്യശരീരത്തിലെ പ്രതിരോധസംവിധാനത്തിലെ സുപ്രധാന കണ്ണികളാണ് ടോണ്‍സിലുകള്‍. ശ്വാസനാളം, അന്നനാളം, വായു, ഭക്ഷണം എന്നിവയിലൂടെയെല്ലാം എത്തിപ്പെടുന്ന അണുക്കളെ ആദ്യം നേരിടുന്നത് ടോണ്‍സിലുകളാണ്. ആയുര്‍വേദം ‘താലുഗ്രന്ഥി’ എന്നാണ് ടോണ്‍സിലുകളെ പറയുക. തൊണ്ടയില്‍ നാവിന്‍െറ ഉദ്ഭവസ്ഥാനത്ത് അണ്ണാക്കിന്‍െറ ഇരുവശങ്ങളിലുമായാണ് ഇവ സ്ഥിതിചെയ്യുക. മുട്ടയുടെ ആകൃതിയാണ് ഈ ഗ്രന്ഥികള്‍ക്ക് .

ടോണ്‍സിലുകള്‍ കീഴടങ്ങുന്നതെങ്ങനെ?
സാധാരണഗതിയില്‍ ടോണ്‍സിലുകള്‍ അണുക്കളെ തടഞ്ഞുനിര്‍ത്തി അവയെ നശിപ്പിച്ചോ നിര്‍വീര്യമാക്കിയോ ആണ് ആരോഗ്യം സംരക്ഷിക്കുക. എന്നാല്‍, ഈ പ്രതിരോധ നടപടികളുടെ താളം ചിലപ്പോള്‍ തെറ്റാറുണ്ട്. അണുക്കള്‍ കൂട്ടത്തോടെ എത്തി ആക്രമണത്തിന്‍െറ ശക്തി കൂടുമ്പോള്‍ ടോണ്‍സിലുകള്‍ കീഴടങ്ങുന്നു.

ശരീരത്തിന്‍െറ പ്രതിരോധശക്തി കുറയുമ്പോഴും രോഗാണു ശക്തമാകുമ്പോഴും മറ്റും ടോണ്‍സില്‍ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധ ആണ് ടോണ്‍സിലൈറ്റിസ്. മുതിര്‍ന്നവരില്‍ ‘തുണ്ഡികേരി’ എന്നും ശിശുക്കളില്‍ ‘താലുകണ്ഡകം’ എന്ന പേരും ടോണ്‍സിലൈറ്റിസിനുണ്ട്. 
ടോണ്‍സിലൈറ്റിസ് മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കാറുണ്ടെങ്കിലും കുട്ടികളിലാണ് ധാരാളമായി കാണുക. സാധാരണഗതിയില്‍ ശ്രദ്ധയില്പ്പെടാതെയിരിക്കുന്ന ടോണ്‍സിലുകള്‍ അണുബാധ ഉണ്ടാകുന്നതോടെ തടിച്ച് ചുവന്ന് വലുതാകും.

കാരണങ്ങള്‍
ടോണ്‍സിലൈറ്റിസ് പെട്ടെന്നുണ്ടാവുകയോ നീണ്ടുനില്ക്കുന്ന അണുബാധയുടെ ഭാഗമായോ ഉണ്ടാകാം. വൈറസുകളും ബാക്ടീരിയകളും അണുബാധക്കിടയാക്കാറുണ്ട്. ശരീരത്തിന്‍െറ അകത്തും പുറത്തും അണുബാധക്കനുകൂലമായ സാഹചര്യം ഒരുങ്ങുന്നതോടെ രോഗം എളുപ്പം പിടിപെടുന്നു. അണുക്കള്‍ ടോണ്‍സിനല്‍ ഗ്രന്ഥിയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടി അണുബാധക്കിടയാക്കും.

തൊണ്ടയില്‍ താപനിലയില്‍ കുറവുണ്ടാകുന്നത് താല്ക്കാലികമാണെങ്കിലും അണുബാധ ഉണ്ടാക്കാം. നല്ല ചൂടുള്ള കാലാവസ്ഥയില്‍ തണുത്തവെള്ളം, തണുത്ത ഭക്ഷണം ഇവ കഴിക്കുക, മഞ്ഞുകൊള്ളുക, മഴ നനയുക, തുടര്‍ച്ചയായി എ.സി ഉപയോഗിക്കുക എന്നിവയും ടോണ്‍സിലൈറ്റിസിനിടയാക്കാറുണ്ട്.

പകരുന്നരോഗം
ടോണ്‍സിലൈറ്റിസ് പടരുന്ന രോഗമാണ്. രോഗിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളുമായുള്ള സമ്പര്‍ക്കം രോഗം പരക്കാനിടയാക്കും. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലെത്തും. വായുവിലൂടെയും കൈകള്‍ വഴി അന്നപഥത്തിലൂടെയും അടുത്തിടപെടുമ്പോള്‍ രോഗാണുക്കള്‍ പ്രവേശിക്കുന്നു.

ലക്ഷണങ്ങള്‍

 • പനി, ശരീരവേദന, ക്ഷീണം, ഇവക്കൊപ്പം ഉണ്ടാകുന്ന ശക്തിയായ തൊണ്ടവേദന
 • ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്
 • ടോണ്‍സിലുകളില്‍ ചുവപ്പ്, പഴുപ്പ്, വെളുത്ത പാട ഇവ കാണുക
 • കഴുത്തിലെ കഴലകളില്‍ വീക്കവും വേദനയും
 • ചെവിവേദന  ഇവയാണ് പ്രധാന ലക്ഷണങ്ങള്‍.

പലതവണ ടോണ്‍സിലൈറ്റിസ് വന്നവരില്‍ സ്ഥിരമായി ഒരു തടിപ്പ് കാണാറുണ്ട്. അണുബാധയുള്ളപ്പോള്‍ തടിപ്പില്‍ തൊട്ടാല്‍ വേദന ഉണ്ടാകും.

തൊണ്ടവേദന അവഗണിക്കരുത്
ചില ഗുരുതരരോഗങ്ങളുടെ പ്രധാന ലക്ഷണമായും തൊണ്ടവേദന വരാറുണ്ട്. തൊണ്ടയുടെ ഒരുഭാഗത്ത് മാത്രമായുണ്ടാകുന്ന വേദനയെ ഗൗരവമായി കാണണം, പ്രത്യേകിച്ച് മുതിര്‍ന്നവര്‍. അര്‍ബുദമല്ലെന്ന് പരിശോധനയിലൂടെ ഉറപ്പാക്കേണ്ടതുണ്ട്. ആവര്‍ത്തിച്ചുള്ള ടോണ്‍സിലൈറ്റിസും ശ്രദ്ധയോടെ കാണണം.

കുട്ടികളില്‍
2-5 വയസ്സുവരെയുള്ള കുട്ടികളില്‍ ശക്തമായ തൊണ്ടവേദനക്കും പനിക്കുമൊപ്പം കഴുത്തില്‍ മുഴകള്‍ കൂടിയുണ്ടെങ്കില്‍ അത്യന്തം അപകടകാരിയായ ഡിഫ്തീരിയ ആണോ എന്ന് പരിശോധിക്കണം.

സങ്കീര്‍ണ്ണതകള്‍
ഫലപ്രദമായി ചികിത്സിക്കാത്ത ടോണ്‍സിലൈറ്റിസും ആവര്‍ത്തിച്ചുണ്ടാകുന്ന ടോണ്‍സിലൈറ്റിസും നിരവധി സങ്കീണതകള്‍ക്ക് വഴിയൊരുക്കാറുണ്ട്.

 • ഹൃദയവാല്‍വിനെയും വൃക്കകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുക
 • ടോണ്‍സിലൈറ്റിസ് ഉള്ളവരില്‍ റുമാറ്റിക് ഫിവര്‍ എന്ന രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
 • രോഗത്തെ അശ്രദ്ധമായി കാണുന്നവരില്‍ സൈനസുകള്‍, മധ്യകര്‍ണം, ശ്വാസകോശം, കഴുത്തിലെ ലസികാഗ്രന്ഥി തുടങ്ങിയ ഭാഗങ്ങളിലും അണുബാധ ഉണ്ടാകുന്നു.
 • ഗ്രന്ഥിയുടെ ചുറ്റുമുള്ള ഭാഗത്ത് പഴുപ്പ് ബാധിക്കുന്നു.
 • പഴുപ്പ് കഴുത്തിലേക്ക് ബാധിക്കുന്ന അതീവ ഗുരുതരാവസ്ഥയും ഉണ്ടാകാറുണ്ട്.

ടോണ്‍സിലൈറ്റിസ് സ്ഥിരമായി വരുന്നവര്‍ക്ക് ചെവിവേദന ശക്തമായി ഉണ്ടാകും. അടിക്കടിയുള്ള ടോണ്‍സിലൈറ്റിസ് രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനൊപ്പം വായനാറ്റം, രുചിവ്യത്യാസം ഇവക്കുമിടയാക്കും. 
കുട്ടികളില്‍ കൂര്‍ക്കംവലിയും ടോണ്‍സിലൈറ്റിസ് ഇടയാക്കാറുണ്ട്.

ചികിത്സ
ഒൗഷധങ്ങള്‍ക്കൊപ്പം നസ്യം, പ്രതിസാരണം (നീര്‍വാര്‍ത്തുകളയുക), ലേപനം, ഗണ്ഡൂഷം (കവിള്‍ക്കൊള്ളല്‍) ഇവ ഉള്‍പ്പെടെ ചികിത്സകളാണ് ടോണ്‍സിലൈറ്റിസിന് നല്കുക. ഒപ്പം വീണ്ടും ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രതിരോധചികിത്സകളും നല്കുന്നു. ചികിത്സക്കൊപ്പം രോഗി വിശ്രമിക്കുകയും കര്‍ശനമായി ശുചിത്വം പാലിക്കുകയും വേണം. രോഗി ഉപയോഗിച്ച പാത്രങ്ങള്‍, ടവല്‍ ഇവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്.

ഭക്ഷണം ശ്രദ്ധയോടെ
ടോണ്‍സിലൈറ്റിസ് രോഗിക്ക് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ നിര്‍ജലീകരണത്തിനുള്ള സാധ്യത ഏറെയാണ്. ഇത് ഒഴിവാക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം, നെല്ലിക്കനീര്, പേരക്ക വെള്ളവും ചേര്‍ത്തരച്ചത്, കഞ്ഞിവെള്ളം, പച്ചക്കറി സൂപ്പ് ഇവ മാറിമാറി നല്കണം.

ലഘുചികിത്സകള്‍

 1. മുയല്ച്ചെവിയന്‍ വേരോടെ അരച്ച് തൊണ്ടയില്‍ പുരട്ടുക. വേദന പെട്ടെന്ന് കുറക്കും.
 2. മുയല്ച്ചെവിയന്‍ നീരും കുമ്പളങ്ങാനീരും ചേര്‍ത്ത് കഴിക്കുക.
 3. ചുക്കും ഇന്തുപ്പും പൊടിച്ച് ചേര്‍ത്ത് വീക്കമുള്ള ഭാഗത്ത് പുരട്ടുക.
 4. തുളസിയില ധാരാളം ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഇളംചൂടോടെ വായില്‍ നിര്‍ത്തുക.
 5. മുക്കുറ്റിയോ ആനച്ചുവടിയോ ചേര്‍ത്തു എണ്ണ കാച്ചി പുരട്ടുന്നത് ടോണ്സിലൈറ്റിസിന്‍െറ ആവര്‍ത്തനം കുറക്കും.

ഫാറ്റി ലിവറാണോ?

ഇന്ന് വളരെ സാധാരണയായി കേള്‍ക്കുന്ന ഒന്നാണ് ഫാറ്റി ലിവര്‍. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഇത്. ആദ്യ കാലങ്ങളില്‍ അത്ര പ്രശ്നക്കാരനല്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കുകയും മറ്റ് ശാരീരിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഫാറ്റി ലിവര്‍ ഉള്ള എല്ലാ രോഗികളിലും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. എന്നാല്‍ ഫാറ്റി ലിവര്‍ ഉണ്ടെന്ന് കണ്ടെത്തുന്ന കാലം മുതല്‍തന്നെ ശ്രദ്ധചെലുത്തിയില്ലെങ്കില്‍ കരളിലെ കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. ഇത് പില്‍ക്കാലത്ത് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. ഫാറ്റിലിവര്‍ ഉള്ളവരില്‍ ആദ്യകാലങ്ങളില്‍ പ്രത്യേക അസ്വസ്ഥതകളൊന്നും പ്രകടമാകണമെന്നില്ല.

സ്വാഭാവികമായി കരളില്‍ സംഭവിക്കുന്ന ചെറിയ പ്രശ്നങ്ങള്‍ കരള്‍ തന്നെ സ്വയം പരിഹരിക്കാറുണ്ട്. അതിനാലാണ് ആദ്യകാലങ്ങളില്‍ കാര്യമായ അസ്വസ്ഥത കാണിക്കാത്തത്.

ഫാറ്റിലിവറിനെ രണ്ടായി തരം തിരിക്കാം.
ഇതില്‍ പ്രധാനം മദ്യപാനംമൂലം ഉണ്ടാകുന്ന ഫാറ്റിലിവറാണ്. രണ്ടാമത്തേത് മദ്യപാനം മൂലമല്ലാത്തത്. ഈ ഒരു ചെറിയ തരം തിരിക്കലില്‍ തന്നെ ഫാറ്റിലിവര്‍ മദ്യപാനികളില്‍ എത്ര കൂടുതലായി കാണാം എന്നു മനസിലാവും. ഇതിനെ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ എന്നും മദ്യപാനം മൂലമല്ലാതെ ഫാറ്റിലിവര്‍ ഉള്ളവരില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ എന്നും പറയുന്നു. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍ ജീവിതരീതികളും വ്യായാമം ഇല്ലായ്മയും ഭക്ഷണത്തിലെ നിയന്ത്രണമില്ലായ്മയുമാണ്.

വ്യായാമം ഇല്ലാതിരിക്കുന്നതും അമിതമായി ഭക്ഷണം കഴിക്കുന്നതും കരളില്‍ അധികമായ അളവില്‍ കൊഴുപ്പ് അടിയാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് കൂടുതല്‍ ഉള്ളവരിലും ഫാറ്റിലിവര്‍ കണ്ടുവരുന്നുണ്ട്. ഇനി മദ്യം എങ്ങനെ നമ്മുടെ കരളിനെ അല്ലെങ്കില്‍ കരളിന്റെ കോശങ്ങളെ കേടുവരുത്തുന്നു എന്നു നോക്കാം. മദ്യപിക്കുമ്പോള്‍ മദ്യത്തിലെ വിഷമയമായ രാസപദാര്‍ത്ഥങ്ങളെ വിഘടിപ്പിക്കുന്നത് കരളാണ്. അതിനാലാണ് മദ്യം കരളിനെ ഏറ്റവുമധികം ബാധിക്കുന്നത്. ഇതുമൂലം കരള്‍ നീര്‍ കെട്ടി വീക്കം സംഭവിക്കുന്നു.

ഇതേത്തുടര്‍ന്ന് കരളിന്റെ കോശങ്ങള്‍ക്ക് കേടുവരുകയും ചെയ്യുന്നു. മദ്യപാനികളില്‍ ലിവര്‍ സിറോസിനുള്ള സാദ്ധ്യതകള്‍ വളരെ കൂടുതലാണ്.

അമിത വണ്ണമുള്ളവരിലും ഫാറ്റിലിവര്‍ കൂടുതലായി കണ്ടുവരുന്നു. ഇത്തരക്കാര്‍ പ്രമേഹ രോഗി കൂടിയാണെങ്കില്‍ ഫാറ്റി ലിവര്‍ വരാനുള്ള സാദ്ധ്യത പതിന്‍മടങ്ങാകും. കൂടുതലായി മദ്യപിക്കുന്നവര്‍ക്ക് ഉണ്ടാവുന്ന സംശയമാണ് മദ്യപിക്കുന്ന എല്ലാവരിലും ലിവര്‍ സിറോസിസ് പിടിപെടുമോ എന്നത്. മദ്യപിക്കുന്ന എല്ലാവര്‍ക്കും ലിവര്‍ സിറോസിസ് വരണമെന്നില്ല.

പക്ഷേ അവിടെ നാം മനസിലാക്കേണ്ടത് ലിവര്‍ സിറോസിസ് എന്നത് കരളില്‍ കൊഴുപ്പടിയുന്നതിന്റെ മൂന്നാമത്തെയും അവസാനത്തെയും അവസ്ഥ എന്നതാണ്. ഇതിന്റെ ആദ്യഘട്ടം മാത്രമാണ് ഫാറ്റിലിവര്‍ അഥവാ കരള്‍വീക്കം എന്നത്. ഇതിന്റെ രണ്ടാം ഘട്ടത്തിനെ ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്നു പറയുന്നു. മൂന്നാമത്തേത് സിറോസിസ്. ലിവര്‍ സിറോസിസ് എന്ന അവസ്ഥ കരളിനു സംഭവിച്ചുകഴിഞ്ഞാല്‍ ചികിത്സിച്ചു മാറ്റാന്‍ പറ്റില്ല. 
ഇതേത്തുടര്‍ന്ന് നിരവധി ശാരീരിക പ്രശ്നങ്ങളും ഉണ്ടാവും. ഫാറ്റിലിവര്‍ ഉള്ളവരില്‍ ആമാശയത്തിന് ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ഇടയ്ക്കിടെ ഉണ്ടാവുന്ന വയറുവേദന, ശാരീരിക ക്ഷീണം തുടങ്ങിയവ പ്രകടമാകാറുണ്ട്. ആയുര്‍വേദ മരുന്നുകളും ലേഹ്യങ്ങളും വളരെ ഫലപ്രദമാണ്.

ഹൃദയാഘാതത്തിന് ഒരു മാസം മുമ്പ് തന്നെ ശരീരം ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും; ഈ ആറ് സൂചനകള്‍ അവഗണിക്കാതിരിക്കുക

ഹൃദയാഘാതം മൂലം ലോകത്ത് കൊല്ലപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരുന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് ഇടയാക്കുന്നത് ഹൃദയാഘാതമാണ്. ജങ്ക് ഫുഡ് സംസ്‌കാരവും സ്ട്രസ് നിറഞ്ഞ ജീവിതവും ഫാസ്റ്റ് ഫുഡ് ജീവിതരീതികളുമെല്ലാം ഹൃദയാഘാതത്തിന് കാരണമാകുന്നു. ജീവിത രീതിയിലെ മാറ്റവും സമ്മര്‍ദ്ദത്തിന് അടിപ്പെടാതെയുള്ള ജീവിതവും വ്യായാമവുമെല്ലാം ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും.
ഹൃദയാഘാതത്തിന് മുമ്പ് ശരീരം ലക്ഷണങ്ങളും സൂചനയും നല്കും. ഇത് അവഗണിക്കുന്നതാണ് മരണത്തിന് കാരണമാകുന്നത്. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. ഹൃദയം പണിമുടക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ അതിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. ഈ ആറ് ലക്ഷണങ്ങള്‍ ഒരു കാരണവശാലും പ്രയഭേതമെന്യേ അവഗണിക്കാന്‍ പാടില്ല.

1.ക്ഷീണം
രക്തധമിനികള്‍ ചുരുങ്ങുന്നതോടെ ഹൃദയത്തിന് ആവശ്യത്തിന് രക്തം പമ്പ് ചെയ്യാനാവില്ല. ഇത് തുടര്‍ച്ചയായ ക്ഷീണത്തിന് കാരണമാകും. അകാരണമായ ഉറക്കം തൂങ്ങല്‍ സ്ഥിരമാകും.

2.ശ്വാസ തടസം
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമാണ് ഇത്. കൊഴുപ്പ് അടിഞ്ഞ് ഇടുങ്ങിയ ധമനികളിലൂടെ ആവശ്യത്തിന് രക്തം ലഭിക്കാതെ വരുന്നതോടെ ശ്വാസ കോശത്തിന് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കില്ല. ഇത് ശ്വാസതടസത്തിന് കാരണമാകും.

3.തളര്‍ച്ച
രക്തചംക്രമണം കൃത്യമായി നടക്കാത്തതിന്റെ സൂചനയാണ് പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച. മസിലുകള്ക്ക് ആവശ്യത്തിന് ഊര്‍ജ്ജം ലഭിക്കാത്ത അവസ്ഥ പെട്ടെന്ന് വീണുപോകാന്‍ കാരണമാകും.

4.തലചുറ്റലും കുളിരും
രക്തം അവയവങ്ങളിലേക്ക് എത്താതിരിക്കുന്നത് തലചുറ്റലിന് കാരണമാകും. അകാരണമായി ശരീരത്തിന് വല്ലാത്ത കുളിര് തോന്നുന്ന അവസ്ഥയും ഇത് മൂലമാകാം.

5.നെഞ്ചിലെ അസ്വസ്ഥത
തുടര്‍ച്ചയായി നെഞ്ചില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുവെങ്കില്‍ ഉടനടി ഡോക്ടറെ കാണണം. ഹൃദയാഘാതത്തിന് മുമ്പുള്ള ഏറ്റവും പ്രധാന സൂചനയാണ് നെഞ്ചില്‍ അതീവ സമ്മര്‍ദ്ദം അനുഭവപ്പെടുന്നത്.

6.പനിയും ലക്ഷണങ്ങളും
മറ്റ് അഞ്ച് ലക്ഷണങ്ങള്‍ക്കൊപ്പം പനിയും ജലദോഷവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ സംശയിക്കേണ്ട, ഉടന്‍ തന്നെ വിദഗ്ധ പരിശോധന തേടണം.

ഹാര്‍ട്ട് അറ്റാക്കിന് മുമ്പ് ഭൂരിഭാഗം പേര്‍ക്കും ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ട്. ചിലര്‍ക്ക് മാത്രമാവും പ്രകടമായ ലക്ഷണങ്ങള്‍ കാണാത്തത്.

വിഷാദം അകറ്റാന്‍ വാഴപ്പഴം

പഴങ്ങളില്‍ രാജാവാണ് വാഴപ്പഴം. ഈ വിശേഷണത്തിന് യോജിച്ച വിധത്തിലുള്ള പോഷകങ്ങള്‍ വാഴപ്പഴത്തിലുണ്ട്. ശാരീരികമായ കരുത്ത് നല്‍കുന്നതിന് പുറമേ മാനസിക നില മെച്ചപ്പെടുത്താനുള്ള കഴിവും വാഴപ്പഴത്തിനുണ്ട്. വാഴപ്പഴം കഴിക്കുന്നത് വിഷാദത്തെ മറികടക്കാന്‍ സഹായിക്കും. ഇതിലെ ട്രിപ്റ്റോഫന്‍ ശരീരത്തിലെത്തുമ്പോള്‍ സെറടോണിന്‍ ആയി മാറും. ഇത് നല്ലമൂഡ് നല്‍കാന്‍ സഹായിക്കും. കൂടാതെ ബി-6 വിറ്റാമിന്‍ നല്ലഉറക്കം നല്‍കുകയും ചെയ്യും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും രക്തസമ്മര്‍ദം സാധാരണ നിലയില്‍ തുടരുന്നതിനും വാഴപ്പഴത്തിലെ പൊട്ടാസ്യം സഹായിക്കും. കൂടുതല്‍ പൊട്ടാസ്യവും കുറഞ്ഞ അളവില്‍ സോഡിയവും അടങ്ങിയതിനാല്‍ അമിത രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കുകയും ചെയ്യും. അതിനാല്‍ അമിത ബിപിയുള്ളവര്‍ക്കും അനുയോജ്യമാണ് വാഴപ്പഴം. ഒരേസമയം ആഹാരവും ഔഷധവുമെന്നു വാഴപ്പഴത്തെ വിശേഷിപ്പിക്കാം. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ബൈ കാര്‍ബണേറ്റ് നമ്മുടെ ശരീരത്തിലുള്ള വിഷാംശങ്ങളെ പുറത്തുകളഞ്ഞ് ശരീരത്തെ ശുദ്ധമാക്കുന്നതിനും സഹായിക്കുന്നു. വൈറ്റമിന്‍, ധാതുക്കള്‍, പഞ്ചസാര തുടങ്ങിയ ഘടകങ്ങള്‍ പഴങ്ങളില്‍ സുലഭമായിട്ടുണ്ട്. ഓരോ സീസണിലും സമൃദ്ധിയായി ലഭിക്കുന്ന പഴങ്ങള്‍ ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറകൂടിയാണ്. പഴങ്ങള്‍ പതിവാക്കുന്നതുമൂലം ശരീരോഗ്യം നിലനിര്‍ത്തുന്നതിനും വളര്‍ച്ചയ്ക്കും രോഗപ്രതിരോധത്തിനും സഹായിക്കും.

ഉറക്കംകെടുത്തും വെരിക്കോസ് വെയിന്‍

വെരിക്കോസ് വെയിന്‍ - സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ അനേകം പേര്‍ ഇതിന്റെ ദുരിതം അനുഭവിക്കുന്നു. വെരിക്കോസ് വെയിന്‍ എന്നാല്‍ സിരാഗ്രന്ഥി എന്നാണ്. സിരകള്‍ക്കുണ്ടാകുന്ന വീക്കം എന്നാണ് അര്‍ത്ഥം. തൊലിക്കു താഴെ നിറ വ്യത്യാസത്തില്‍ ചെറിയ സിരകള്‍ക്കും പേശികളില്‍ പേശിയുടെ അകത്തായി വലിയ സിരകള്‍ക്കുമാണ് ഇത് ഉണ്ടാകുന്നത്. സ്ത്രീകളിലാണ് ഇത് അധികമായി കാണുന്നത്.

നൂറ് രോഗികളെത്തിയാല്‍ അതില്‍ അറുപത് ശതമാനത്തിലേറെയും സ്ത്രീകള്‍ എന്നാണ് കണക്ക്. ഗര്‍ഭിണികളിലും വെരിക്കോസ് വെയിന്‍ കണ്ടുവരുന്നു. ഗര്‍ഭപാത്രത്തിന്റെ വികാസംമൂലം വയറിനുള്ളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം അധികരിച്ച് രക്തചംക്രമണത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. വെരിക്കോസ് ബാധിച്ച വ്യക്തിയുടെ രക്തക്കുഴലുകള്‍ക്ക് തിരിച്ചു രക്തം പ്രവഹിക്കാനുള്ള ശേഷി ഉണ്ടാവില്ല. രക്തക്കുഴലിലെ വാല്‍വുകള്‍ പല കാരണങ്ങളാല്‍ ദുര്‍ബലമാവുകയും രക്തം കെട്ടിനില്‍ക്കാന്‍ കാരണമാവുകയും ചെയ്യും. ഇതിനെത്തുടര്‍ന്ന് ഞരമ്പുകള്‍ വികസിക്കുകയും കെട്ടുപിണഞ്ഞതുപോലെ കാണപ്പെടുകയും ചെയ്യും.

കൂടുതല്‍ സമയം നില്‍ക്കുമ്പോള്‍ കാലിന് നേരിയ വേദനയോ കഴപ്പോ തോന്നുന്നതാണ് ആദ്യ ലക്ഷണം. ആദ്യകാലങ്ങളില്‍ വൈകുന്നേരമോ രാത്രിയിലോ കഴപ്പ് അനുഭവപ്പെടാം. കാലിന്റെ നിറവ്യത്യാസം വെരിക്കോസ് വെയിനിന്റെ ഒരു അടയാളമാണ്. രോഗം കൂടുമ്പോള്‍ വേദന അധികമായി അനുഭവപ്പെടാം. തുടര്‍ന്ന് വേദന തോന്നുന്ന ഭാഗങ്ങളില്‍ തടിപ്പ് അനുഭവപ്പെടും,. കാല്‍വണ്ണയുടെ ഭാഗങ്ങളിള്‍ വേദന, നീര്, ചൊറിച്ചില്‍ തുടങ്ങിയവയും ഈ അവസ്ഥയില്‍ കാണപ്പെടുന്നു. രാത്രികാലങ്ങളില്‍ മസില്‍ ക്ളാംപ്സ് (ഉരുണ്ടുകയറ്റം) ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്.

വെരിക്കോസ് വെയിന്‍ തുടക്കത്തില്‍ തന്നെ ചികിത്സിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കില്‍ ക്രമേഷണ ദുഷിച്ച രക്തം കെട്ടിനില്‍ക്കാനിടയുണ്ട്. ഇങ്ങനെ ദുഷിച്ച രക്തം കെട്ടിനിന്നാല്‍ ആ ഭാഗങ്ങളില്‍ കറുപ്പു നിറത്തോടുകൂടിയ വീക്കമുണ്ടാവും. ഇങ്ങനെ ഉണ്ടാകുന്ന വീക്കം പൊട്ടി രക്തം വരികയും പൊട്ടിയ ഭാഗങ്ങള്‍ കാലം കഴിയുമ്പോള്‍ വ്രണമായി രൂപപ്പെടുകയും ചെയ്യും. ഈ വ്രണങ്ങള്‍ ഉണങ്ങാനുള്ള സാദ്ധ്യത വളരെയധികം കുറയാം. താത്കാലിക ആശ്വാസമായി ബാന്‍ഡേജിന്റെ ഉപയോഗമോ ഇരിക്കുമ്പോഴും കിടക്കുമ്പോഴും കാല്‍ ഉയര്‍ത്തിവച്ചിരിക്കുന്നതു നന്നാകും.

വെരിക്കോസ് വെയിന്‍ ഉള്ള രോഗികളില്‍ അമിതഭാരം ഉയര്‍ത്തുന്നതും ദീര്‍ഘനേരം നില്‍ക്കുന്നതും നന്നല്ല. രോഗം കൂടുന്നതിനുമുമ്പ് ചികിത്സ നേടിയാല്‍ ഇതിന്റെ വ്യാപനം തടയാന്‍ കഴിയും.വെരിക്കോസ് വെയിന്‍ ഉള്ള കാലില്‍ ആയുര്‍വേദ എണ്ണകള്‍ പുരട്ടി ചെറുചൂടു കൊടുക്കുന്നത് നന്നാവും. വെരിക്കോസ് വെയിന്‍ ഉള്ള രോഗികള്‍ പൂര്‍ണമായും പുകവലി ഒഴിവാക്കണം. ഇലക്കറികള്‍ ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.

മയാസ്തിനിയാ ഗ്രേവിസ് എന്ന അപൂര്‍വരോഗം

പേശികളുടെ ഗുരുതരമായ ബലക്ഷയമാണ് മയാസ്തിനിയാ ഗ്രേവിസ് എന്ന് ലാറ്റിന്‍ ഭാഷയില്‍ അറിയപ്പെടുന്ന അപൂര്‍വ രോഗം. പേശികള്‍ ആവര്‍ത്തിച്ചുപയോഗിക്കുമ്പോള്‍ ക്രമേണ അവയുടെ ബലം ഗണ്യമായി കുറഞ്ഞുപോകുന്നതാണ് രോഗം. 20 – 40 വയസ്സിനു മധ്യേയുള്ള സ്ത്രീകളിലും 50 -70 വയസിന് ഇടയ്ക്കുള്ള പുരുഷന്മാരിലുമാണ് കൂടുതലായും കാണുന്നത്.

കണ്‍പോള വീഴുന്നു

നമുക്കു ചലിപ്പിക്കാന്‍ കഴിയുന്ന ഏതു പേശിയേയും രോഗം ബാധിക്കാമെങ്കിലും കണ്ണിലെ പേശികളെയാണ് 50 ശതമാനം പേരിലും ആദ്യം ബാധിക്കുക. രോഗം ബാധിച്ചാല്‍ മേല്‍കണ്‍പോള പാതി അടഞ്ഞ് കൂമ്പായിരിക്കും. കണ്ണുകളെ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കുന്ന പേശികളേയും ബാധിക്കുമെന്നതിനാല്‍ ഇരട്ടക്കാഴ്ചയും സാധാരണമാണ്. കണ്‍പോള ഉയര്‍ത്താന്‍ ബുദ്ധിമുട്ടാകുമ്പോള്‍ നെറ്റി ചുളിച്ച് കണ്ണു തുറക്കാന്‍ മയാസ്തേനിയാ ഗ്രേവിസ്  രോഗികള്‍ ശ്രമിക്കുന്നതും സാധാരണമാണ്. ഈ പ്രശ്നം ഒരു കണ്ണില്‍ മാത്രമായോ രണ്ടു കണ്ണിലും ഒരുപോലെയോ കണ്ടെന്നു വരാം. കാലക്രമേണ ബലക്ഷയം മുഖത്തെ പേശികളെയും ബാധക്കും. മുഖത്തെ ഭാവഭേദങ്ങള്‍ ഇല്ലാതാവും. രോഗി ചിരിക്കുന്നുപോലുമില്ല എന്നാകും മറ്റുള്ളവരുടെ പരാതി. മുഖ പേശികളുടെ ബലക്കുറവുകാരണം താടി താഴേക്കു വീണു കിടക്കും. രോഗി എപ്പോഴും താടിക്കു കൈകൊടുത്തിരിക്കേണ്ടി വരുന്നതും കാണാം. തല മുമ്പോട്ടു കുനിക്കാനും പുറകോട്ടു വലിക്കാനും പാടുപെടും. ക്രമേണ ഭക്ഷണം കഴിക്കാനും വെള്ളം പോലും ഇറക്കാന്‍ പാടുപെടും. വല്ലതും കഴിച്ചാല്‍ അതു മൂക്കിലൂടെ പുറത്തേക്കു വരാം. ശബ്ദം പതിഞ്ഞ സ്വരത്തിലാകും. ചുമപോലും നേരിയ ശബ്ദത്തിലാകും.

ശ്വസന പരാജയം വരെ

രോഗം പഴകുന്നതോടെ ശ്വാസോച്ഛ്വാസത്തിനുപയോഗിക്കുന്ന പേശികളെയും രോഗം ബാധിക്കും. ശ്വസന പരാജയത്തിലേക്കു രോഗി ചെന്നു പെടും. മയാസ്തിനിയ ക്രൈസിസ് എന്നാണ് ഇത് അറിയപ്പെടുക. അതീവ ഗുരുതരമായ അവസ്ഥയാണ്. ഉടനടി ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗി മരണപ്പെടും. കൈകാലുകളെയും വിരലുകളെയും രോഗം ബാധിച്ചെന്നു വരാം.

കാരണങ്ങള്‍

ചില പ്രത്യേക കാരണങ്ങളാല്‍ ജനിച്ചു വീഴുന്ന കുട്ടിക്കുവരെ മയാസ്തിനിയാ ഗ്രേവിസ് വരാം. എങ്കിലും പ്രായമുള്ളവരിലാണ് രോഗം സാധാരണ കാണുക. ഇതൊരു പാരമ്പര്യ രോഗമല്ല. പകരുകയുമില്ല. എന്നാല്‍ ചില കുടുംബത്തില്‍ ഒന്നിലേറെപേര്‍ക്ക് ഈ രോഗം വന്നെന്നും വരാം. വളരെ ചുരുക്കം ചിലരില്‍ ജന്മനാ കാണുന്നുണ്ട്. നേര്‍നെഞ്ചിനു താഴെയിരിക്കുന്ന തൈമസ് ഗ്രന്ഥിയുടെ വളര്‍ച്ചയും മയാസ്തിനിയാ ഗ്രേവിസ് രോഗവുമായി ഒരു പരിധിവരെയെങ്കിലും ബന്ധപ്പെട്ടിരിക്കുന്നു.

രോഗനിര്‍ണയം, ചികിത്സ

രോഗലക്ഷണങ്ങളില്‍ നിന്നും രോഗം മനസ്സിലാക്കാം. പക്ഷെ ആരംഭഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകില്ല. പതിവായി വൈകുന്നേരം ആകുമ്പോഴേക്കും പേശികളുടെ ബലം ഗണ്യമായി കുറയും. കടുത്ത ക്ഷീണം ആവര്‍ത്തിച്ച് അനുഭവപ്പെടുന്ന രീതിയിലെ ഏറ്റക്കുറച്ചിലുകള്‍ രോഗനിര്‍ണയത്തിന്‍റെ നിര്‍ണായക സൂചനയാണ്. സംശയം തോന്നിയാല്‍ പിന്നെ രക്തപരിശോധന ഉള്‍പ്പെട്ട പല ആധുനിക രോഗനിര്‍ണയ മാര്‍ഗങ്ങളുണ്ട്. പൂര്‍ണമായും ചികിത്സിച്ചു മാറ്റാനാകില്ലെങ്കിലും രോഗികള്‍ക്ക് ആശ്വാസം നല്‍കി സാധാരണ രീതിയിലേക്ക് മടങ്ങിവരാന്‍ ഉതകുന്ന രീതിയും ഇപ്പോള്‍ ലഭ്യമാണ്.

അമിത ചൂടില്‍ പാചകം ചെയ്യല്ലേ

ഉയര്‍ന്ന ഊഷ്മാവില്‍ പാചകം ചെയ്യുമ്പോള്‍ ആരോഗ്യത്തിന് ഹാനികരങ്ങളായ പല രാസവസ്തുക്കളും ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഒപ്പം പോഷകനഷ്ടവും സംഭവിക്കുന്നു. എന്തുകഴിക്കുന്നു എന്നതുപോലെ പ്രധാനമാണ് ആരോഗ്യകരമായ ഭക്ഷണംഎങ്ങനെ പാകപ്പെടുത്തുന്നു എന്നതും. ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. വേവിച്ച ഭക്ഷണങ്ങളില്‍ ഒരു പാട് രുചിവൈവിധ്യങ്ങള്‍ ഉണ്ടാക്കാം നിറത്തിലും മണത്തിലും ഘടനയിലും ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാം. ദഹനം എളുപ്പമായിത്തീരും രോഗകാരികളായ സൂഷ്മാണുക്കള്‍ നശിക്കും ഭക്ഷണത്തില്‍ കാണപ്പെടുന്ന ചില ആന്‍റി ന്യൂട്രീഷണല്‍ സംയുക്തങ്ങളുടെ പ്രവര്‍ത്തനം കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ പാചകരീതികളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങളെ വിളിച്ചുവരുത്തും.

പാചക ഊഷ്മാവ്

 • തിളപ്പിക്കല്‍, ആവിയില്‍ വേവിക്കല്‍ മുതലായവ 212 ഡിഗ്രി ഫാരന്‍ഹീറ്റ്- 230 ഡിഗ്രി ഫാരന്‍ഹീറ്റ്
 • ഓവന്‍ ഉപയോഗിച്ചുള്ള പാചകം 250 ഡിഗ്രി ഫാരന്‍ഹീറ്റ് -450 ഡിഗ്രി ഫാരന്‍ഹീറ്റ്
 • ഗ്രില്ലിങ് നേരിട്ട് തീ ഉപയോഗിച്ചും അല്ലാതെയും 500 ഡിഗ്രി ഫാരന്‍ ഹീറ്റ് 1000 ഡിഗ്രി ഫാരന്‍ഹീറ്റ്
 • റോസ്റ്റിങ്, ബ്രോയിലിങ് 400 ഡിഗ്രി ഫാരന്‍ഹീറ്റ്

ഉയര്‍ന്ന ഊഷ്മാവില്‍ പാചകം ചെയ്താല്‍

മാംസാഹാരം പാകം ചെയ്യുമ്പോള്‍ കാന്‍സറിന് കാരണമായേക്കാവുന്ന ഹൈട്രോസൈക്ലിക് അമീനുകള്‍(Heteroclinic amines – HA) എന്ന രാസപദാര്ഥം രൂപംകൊള്ളുന്നു. നേരിട്ട് തീജ്വാല ഏല്‍ക്കാത്ത ഗ്രില്ലിങില്‍ 325 ഡിഗ്രി ഫാരന്‍ ഹീറ്റിന്  താഴെയുള്ള ഉഷ്മാവില്‍ പോലും ഇത് ഉണ്ടാകുന്നുണ്ട്. പാചകസമയം ഏതാനും മിനിറ്റുകള്‍ കൂടുന്നതും ഊഷ്മാവ് കൂടുന്നതും ഹൈട്രോസൈക്ലിക്ക് അമീനുകള്‍ ഉണ്ടാകുന്നത് പതിന്മടങ്ങ് വര്‍ധിപ്പിക്കും. മാംസാഹാരത്തിലെ അമിനോ അമ്ലങ്ങളും ക്രിയാറ്റിനും പഞ്ചസാരയും ചേര്‍ന്നാണ് ഇവ ഉണ്ടാകുന്നത്.

നേരിട്ട് തീജ്വാലയില്‍ ഗ്രില്ലിങ് സമയത്ത് പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍ (Polycyclic Aromatic hydrocarbon – PAH) എന്ന കാര്‍സിനോജന്‍ ആണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഭക്ഷണപദാര്‍ഥങ്ങളിലെ കൊഴുപ്പും മറ്റു ദ്രാവകങ്ങളും തീയിലേക്ക് വീണ് ആളിക്കത്തുന്നു. ഇവയില്‍ ഉണ്ടാകുന്ന ഈ കാര്‍സിനോജന്‍ ഭക്ഷണത്തിന്‍റെ ഉപരിതലത്തില്‍ പറ്റിപ്പിടിക്കുന്നു. ഈ തീയില്‍ നിന്നുണ്ടാകുന്ന പുകയിലും ഈ കാര്‍സിനോജിന്‍റെ സാന്നിധ്യം കാണാം. ഇവ കൂടുതലായും മാംസാഹാരത്തിലാണ് കാണപ്പെടുന്നത്. ഫാസ്റ്റ് ഫുഡ് കടകളില്‍ നിന്നു വരുന്ന കരിഞ്ഞ മണം ഒരു മുന്നറിയിപ്പാണ്.

ഉയര്‍ന്ന ഊഷ്മാവിലെ പാചകത്തില്‍ രൂപപ്പെടുന്ന മറ്റൊരു ഹാനികരമായ രാസവസ്തുവാണ് എ.ജി.ഇ (Advanced glycation end – product). നേരിട്ട് രോഗം വരുത്താനുള്ള സാധ്യതകുറവാണെങ്കിലും ഇവ ശരീരത്തിന്‍റെ പ്രതിരോധ വ്യവസ്ഥയെ തകര്‍ക്കുന്നു. കോശങ്ങള്‍ക്ക് ക്ഷതം ഉണ്ടാക്കി ഫ്രീറാഡിക്കലുകള്‍ പല രോഗങ്ങള്‍ക്കും വഴിയൊരുക്കുന്നു. നേരിട്ടല്ലെങ്കിലും എ.ജി.ഇ. പ്രമേഹം, ഹൃദ്രോഹം എന്നിവയ്ക്ക് കാരണമായേക്കാം.

ഗണ്യമായ പോഷക നഷ്ടം ഉണ്ടാവുന്നു. മാംസ്യം, അന്നജം, കൊഴുപ്പ് എന്നിവയ്ക്ക് ഘടനാപരമായ മാറ്റങ്ങള്‍ വരുന്നു. ജീവകങ്ങള്‍ക്കും. ഗണ്യമായ നഷ്ടം സംഭവിക്കുന്നുണ്ട്. ഊഷ്മാവും പാചകസമയവും കൂടുന്തോറും പോഷക നഷ്ടവും കൂടും.

ദോഷഫലങ്ങള്‍ കുറയ്ക്കാന്‍

ഉയര്‍ന്ന ഊഷ്മാവില്‍ പാചകം ചെയ്യുന്നതിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ ചില വഴികളുണ്ട്.

മാംസാഹാരങ്ങള്‍നേരിട്ട് തീയില്‍ ചുടുന്നതും ലോഹപാത്രങ്ങളില്‍ നേരിട്ട് ഗ്രില്‍ചെയ്യുന്നതും പരമാവധി കുറയ്ക്കുക.

ഉയര്‍ന്ന ഊഷ്മാവിലെ പാചക സമയം കുറയ്ക്കുക.

മാംസാഹാരങ്ങള്‍ മറ്റു മാര്‍ഗങ്ങളിലൂടെ വേവിച്ചതിനു ശേഷം മാത്രം ഗ്രില്ലിങ്, റോസ്റ്റിങ് ചെയ്യുക.

മാംസം ഗ്രില്‍ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തിരിച്ചും മറിച്ചും വേവിക്കുക.

ഗ്രില്‍ ചെയ്ത് എടുത്ത ശേഷം ഭക്ഷണപദാര്‍ഥത്തിലെ കൂടുതല്‍ മൊരിഞ്ഞ് കരിഞ്ഞ ഭാഗം ഒഴിവാക്കി ഉപയോഗിക്കുക.

ഗ്രില്‍ ചെയ്യുമ്പോള്‍ ഊറി വരുന്ന കൊഴുപ്പും ദ്രാവകങ്ങളും കറിയുടെ ചാറിലേക്ക് ഉപയോഗിക്കാതിരിക്കുക.

സാധാരണ ഊഷ്മാവിലെ പാചകരീതികള്‍ ശീലിക്കുക.

ആന്‍റി ഓക്സിഡന്റുകളും ബയോഫ്ളേവ്നോയിഡുകളും അടങ്ങിയ പച്ചക്കറികള്‍, ഇഞ്ചി, വെളുത്തള്ളി, കുരുമുളക്, മസാലകള്‍ എന്നിവ ചേര്‍ത്തു പാകം ചെയ്യുക.

വാര്‍ദ്ധക്യം കരുതലോടെ

വയസ്സാകുന്നവര്‍ നേരിടുന്ന വലിയൊരു പ്രശ്നമാണ് അസ്ഥികളുടെ ബലക്ഷയം. അതുമാത്രമല്ല 50 വയസ്സ് കഴിഞ്ഞാല്‍ പിന്നെ ആരോഗ്യ പ്രശ്നങ്ങള്‍ഒന്നൊന്നായി വന്നു തുടങ്ങും.

വില്ലനാകുന്ന വീഴ്ചകള്‍

അറുപത് വയസ്സ് കഴിഞ്ഞ 30 ശതമാനത്തോളം പേര്‍ വീഴ്ചകളെത്തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. വീഴ്ചയും തുടര്‍ന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ജീവിത സയാഹ്നത്തിലെത്തി നില്‍ക്കുന്നവരെ കൂടുതല്‍ തളര്‍ത്തുന്നു.

വീഴ്ചയുടെ കാരണങ്ങള്‍

പ്രായമാകുന്നവരില്‍ പല കാരണങ്ങള്‍കൊണ്ടും വീഴ്ചയുണ്ടാകാം. കാഴ്ചക്കുറവ്, പേശികളുടെ ബലക്കുറവ്, നാഡീഞരമ്പുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍, ചില മരുന്നുകള്‍ ഇവയൊക്കെ ശരീരത്തിന്‍റെ ബാലന്‍സ് നഷ്ടപ്പെടാന്‍ കാരണമായേക്കാം. ഭക്ഷണം കഴിച്ചശേഷവും കിടപ്പില്‍ നിന്നും മറ്റും പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോഴുമുണ്ടാകുന്ന രക്തസമ്മര്‍ദ്ദക്കുറവ് ശരീരത്തിന്‍റെ ബാലന്‍സ് തെറ്റിച്ചേക്കാം. കൂടാതെ കാലുകളിലെ നീര്, മൂത്രം പിടിച്ചുനിര്‍ത്താനുള്ള കഴിവില്ലായ്മ തുടങ്ങിയവയും വീഴ്ചയ്ക്കുള്ള കാരണങ്ങളാണ്. വൃദ്ധരിലേറെയും വീടിനുള്ളില്‍ തന്നെയാണ് കൂടുതലും വീഴുന്നത്. വീട്ടിലെ അനാവശ്യ പടികള്‍, തെന്നുന്ന തറ, കാര്‍പ്പെറ്റുകള്‍, വലിച്ചെറിഞ്ഞ സാധനങ്ങള്‍, ചെരിപ്പ് ഇവയിലൊക്കെ തട്ടിവീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. മുറികളില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തതും പ്രായമായവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.

വീഴ്ചകള്‍ ഒഴിവാക്കാന്‍

മരുന്ന് കഴിച്ച ശേഷം അല്‍പ്പസമയം വിശ്രമിക്കുക. ഉടന്‍ എഴുന്നേല്‍ക്കാതെ ശ്രദ്ധിക്കണം. എന്തെങ്കിലും അസ്വസ്ഥത തോന്നിയാല്‍ നിലത്തിരിക്കുക. കാലുകള്‍ക്ക് ബലം കിട്ടാന്‍ ലഘു വ്യായാമങ്ങള്‍ ചെയ്യാം. കാല്‍സ്യത്തിന്‍റെ കുറവ് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ ധാരാളം കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കുക.

വീടിനുള്ളില്‍ ചെയ്യാവുന്നവ

വീടിനുള്ളിലെ പടികള്‍ പ്രായമായവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കും. പടികള്‍ക്ക് സമാന്തരമായി റാമ്പുകള്‍ പണിതാല്‍ വീല്‍ച്ചെയറിലുള്ള രോഗികള്‍ക്കും ഉപകാരമാകും.

പരുക്കന്‍ തറകള്‍ : വഴുക്കുന്ന തറ വീഴാനുള്ള സാധ്യത കൂട്ടുന്നു. ശാരീരികാവശതകള്‍ ഉള്ളവര്‍ ഉപയോഗിക്കുന്ന കുളിമുറിയിലും കിടപ്പുമുറിയിലും പരുക്കന്‍ തറകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

സ്ളൈഡിങ് ഡോര്‍ :   ഒരു വശത്തേക്കു നീക്കാവുന്ന സ്ളൈഡിങ് ഡോര്‍ പ്രായമായവര്‍ക്ക് വളരെയധികം ഉപകാരപ്രദമാണ്.

ബാത്ത്റൂം : ബാത്ത്റൂമില്‍ കൈവരികള്‍ നല്‍കാം. പ്രായമായവര്‍ക്ക് യൂറോപ്യന്‍ ക്ലോസറ്റാണ് സൌകര്യം. ക്ലോസറ്റിന് സമീപം ഒരു പിടി ഘടിപ്പിക്കുന്നത് ഇരിക്കാനും എഴുന്നേല്‍ക്കാനും സഹായിക്കും.

ഓര്‍മക്കുവ്

വാര്‍ധക്യത്തില്‍ നേരിടുന്നപ്രശ്നമാണ് മറവി. ഡിമന്‍ഷ്യ, അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ കൂടുതല്‍ കണ്ടു വരുന്നത് പ്രായമായവരിലാണ്. ബുദ്ധിയും ഓര്‍മശക്തിയും നിലനിര്‍ത്താനുള്ള വ്യായാമങ്ങള്‍ ഒരു പരിധി വരെ മറവിയെ പ്രതിരോധിക്കുന്നു. ചെസ്കളി, വായന, ഡയറി എഴുത്ത് തുടങ്ങിയവ ഓര്‍മ നിലനിര്‍ത്താന്‍ സഹായിക്കും. പഴയകാര്യങ്ങള്‍ വ്യക്തമായി ഓര്‍മിക്കുകയും അടുത്തു നടന്ന കാര്യങ്ങള്‍ മറക്കുക, ബന്ധുക്കളുടെ പേരുകള്‍ മറക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഡിമന്‍ഷ്യയുടെ തുടക്കമാണ്.ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ന്യൂറോളജിസ്റ്റിന്‍റെ  സഹായം നേടാം. പോഷകാംശമടങ്ങിയ ഭക്ഷണം, പതിവായ വ്യായാമം, നല്ല ഉറക്കം, ചിട്ടയായ ജീവിതം എന്നിവയിലൂടെ ഒരു പരിധി വരെ മറവിയെ അതിജീവിക്കാം.

ഉറക്കക്കുറവ്

പ്രായമാകുന്നതോടെ ഉറക്കം കുറയുന്നു. ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍, മറ്റ് രോഗങ്ങള്‍ എന്നിവ ഉറക്കം കുറയുന്നതിന് കാരണമാകാം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഉറക്ക ഗുളിക കഴിക്കരുത്. പകല്‍ സമയത്തുള്ള വ്യായാമങ്ങള്‍ രാത്രിയില്‍  നല്ല ഉറക്കം നല്‍കും. ഉറക്കം വരുമ്പോള്‍ മാത്രം കിടക്കുക. ഉറങ്ങാനായി അധികനേരം കിടക്കയില്‍ കിടക്കരുത്. കൃത്യ സമയത്ത് ഉറങ്ങാനും ഉറക്കമുണരാനും ശ്രമിക്കണം. ഉറക്കം കിട്ടിയില്ലെങ്കില്‍ മറ്റൊരു മുറിയില്‍ ചെന്നിരുന്ന് ടിവി കാണുകയോ പുസ്തകങ്ങള്‍ വായിക്കുകയോ ചെയ്യാം. ചായയും കാപ്പിയും ഒഴിവാക്കണം. എന്നാല്‍ ഉറങ്ങുന്നതിനു മുമ്പ് വയറുനിറയെ ഭക്ഷണം കഴിക്കുന്നതും പകല്‍ സമയത്തെ ഉറക്കവും ഒഴിവാക്കണം.

വിശപ്പില്ലായ്മ

ഒന്നിനും ഒരു രുചിയില്ല. വാര്‍ധക്യത്തില്‍ സ്ഥിരമായി കേള്‍ക്കുന്ന പരാതിയാണിത്. പ്രായമാകുന്തോറും നാവിലെ രുചിമുകുളങ്ങളുടെ എണ്ണം കുറയുന്നതുകൊണ്ടാണ് ആഹാരത്തിന്‍റെ രുചിയും മണവും അറിയാന്‍ കഴിയാത്തത്.

പരിഹാരങ്ങള്‍

 • ധാരാളം പഴവും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
 • മീന്‍ കറിയും സസ്യാഹാരവുമാണ് നല്ലത്.
 • കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക.
 • ഉപ്പ് കൂടിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക.
 • ഭക്ഷണം  നന്നായി ചവച്ചരച്ച് കഴിക്കണം.
 • ആറു മുതല്‍ എട്ടു ഗ്ലാസ് വെള്ളം കുടിക്കണം.

പെരും ജീരകം അത്ര നിസാരമല്ല

അടുക്കളക്കൂട്ടിലെ ഈ ഇത്തിരിക്കുഞ്ഞനായ പെരും ജീരകം ഗുണത്തില്‍ അത്ര പിന്നിലൊന്നുമല്ല. വിറ്റാമിന്‍ സി, പൊട്ടാസ്യം, മാംഗനീസ്, അയണ്‍, ഫോളേറ്റ്, ഫൈബര്‍ എന്നിവ ധാരാളമടങ്ങിയ പെരും ജീരകം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മാത്രമല്ല സൌന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.

 • ഭക്ഷണം കഴിച്ചു കഴിഞ്ഞ് അല്‍പം പെരും ജീരകം ചവച്ചിറക്കുന്നത് ദഹനം എളുപ്പത്തിലാക്കും, ആമാശയത്തിലെയുമ അന്നനാളത്തിലെയും അസ്വസ്ഥതയും ഗ്യാസും ഒഴിവാക്കും.
 • വയറു വേദന, വയറിളക്കം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ളവയ്ക്ക് പെരും ജീരകം മരുന്നാണ്. പൊടിച്ച ജീരകം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം കുറയ്ക്കും.
 • വിളര്‍ച്ച മാറാന്‍ സഹായിക്കുന്ന അയണിന്‍റെയും ഹിസ്റ്റഡിന്‍ എന്ന അമിനോ ആസിഡിന്‍റെയും നല്ല സ്രോതസാണ് ഇത്. ഹിസ്റ്റഡിന്‍ കുട്ടികള്‍ക്ക് വളരെ അത്യാവശ്യമാണ്.
 • നാരുകള്‍ ധാരാളമടങ്ങിയ പെരുംജീരകം കൊളസ്ട്രോളിന്‍റെ അളവ് സന്തുലിതമാക്കി ഹൃദ്രോഹം, സ്ട്രോക്ക്, രക്തസമ്മര്‍ദം എന്നിവ തടയാന്‍ സഹായിക്കും.
 • പെരുംജീരകത്തിലെ പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കും.
 • രോഗപ്രതിരോധ ശക്തി കൂട്ടുന്ന വിറ്റാമിന്‍ സി ധാരാളമുണ്ട് പെരുംജീരകത്തില്‍. ത്വക്കിലെ പുതിയ കോശങ്ങളും കലകളും രൂപപ്പെടുന്നതിനും കൊളാജന്‍റെ  ഉല്‍പാദനം കൂട്ടി ചര്‍മത്തിന്‍റെ  മൃദുത്വം നിലനിര്‍ത്താനും സഹായിക്കും. രക്തക്കുഴലുകളുടെ ഉള്‍ഭിത്തി സംരക്ഷിക്കുന്നതിലും ഇതിനു പങ്കുണ്ട്.
 • ഒരു ചെറിയ സ്പൂണ്‍ പെരും ജീരകം പൊടിച്ചത് ഒരു ഗ്ലാസ് ഇളംചൂട് വെള്ളത്തില്‍ കലക്കി ദിവസവും രണ്ടുനേരം കുടിക്കുന്നത് അമിതഭാരം കുറയ്ക്കാന്‍സഹായിക്കും.
 • തലേദിവസം വെള്ളത്തിലിട്ടുവച്ച ഒരു പിടി പെരും ജീരകം വെറും വയറ്റില്‍ കഴിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാനും ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ പുറന്തള്ളാനും രക്തശുദ്ധിക്കും ദഹനം സുഗമമാക്കാനും സഹായിക്കും.

സൌന്ദര്യത്തിനും മരുന്ന്

 • മുഖക്കുരു കുറയ്ക്കാനും ത്വക്കിനു തിളക്കം കൂട്ടി യുവത്വം നിലനിര്‍ത്താനും പെരുംജീരകമിട്ട ചായ ശീലമാക്കാം. ത്വക്കിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്ന സിങ്ക്, സെലിനീയം, കാല്‍സ്യം എന്നിവ പെരും ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്.
 • പെരും ജീരകത്തിന്‍റെ സത്ത് അടങ്ങിയ ലേപനങ്ങള്‍ പുരട്ടുന്നത് ത്വക്കിനെ ശുദ്ധമാക്കി വയ്ക്കാനും മൃതകോശങ്ങളകറ്റി ചര്‍മം സുന്ദരമാക്കാനും നല്ലതാണ്. പെരും ജീരകവും സെല്ലുലൈറ്റും ചേര്‍ന്ന ലേപനം പുരട്ടുന്നത് ചര്‍മം മൃദുവാക്കും.
 • പെരും ജീരകം ഇട്ടുവച്ച വെള്ളം കൊണ്ട് കഴുകുന്നത് മുടി കൊഴിച്ചില്‍ മാറാന്‍ നല്ലതാണ്. പെരും ജീരകം ഇട്ടുവെച്ച വെള്ളം പതിവായി കുടിക്കുന്നത് അകാലനര തടയും.
 • കറികളില്‍ പെരുംജീരകത്തിന്‍റെ മണവും ഗുണവും നന്നായി കിട്ടാന്‍ വഴിയുണ്ട്. കറികളില്‍ ചേര്‍ക്കുന്നതിന് തൊട്ടുമുമ്പ് ചെറുതായി ചൂടാക്കി പൊടിച്ചെടുക്കുക.
 • ചിലര്‍ക്ക് പെരുംജീരകത്തിന്‍റെ ഉപയോഗം അസ്വസ്ഥതകളുണ്ടാക്കാം. ഹൃദയമിടിപ്പിന്‍റെ  താളംതെറ്റുകയോ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. ഗര്‍ഭിണികള്‍ പെരുംജീരകം കൂടുതലായി ഉപയോഗിക്കുന്നത് നല്ലതല്ല.

മുടികൊഴിച്ചിലിന് ആയുര്‍വേദ പരിഹാരം

സൗന്ദര്യ സങ്കല്പ്പങ്ങളില്‍ വലിയൊരു പങ്ക് കേശസംരക്ഷണത്തിനുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍. കറുപ്പ് നിറത്തില്‍ നീണ്ട മുടിയിഴകള്‍ എല്ലാവരും ആഗ്രഹിക്കുന്നു.

ഇത്തരം മുടിയിഴകള്‍ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമായി ശാസ്ത്രവും അംഗീകരിക്കുന്നു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കേശസംരക്ഷണത്തിനു വലിയ പ്രാധാന്യം നല്കുന്നുണ്ട്.

ബ്രഹ്മ മുഹൂര്‍ത്തില്‍ ഉണര്‍ന്ന് എണ്ണ തേച്ച് കുളിച്ച്, മുടിയിഴകള്‍ പിന്നിയിട്ട് മുല്ലപ്പൂ ചൂടി വരുന്ന സ്ത്രീ സങ്കല്പ്പങ്ങള്‍ പണ്ടുമുതല്‍ തന്നെ നിലനില്ക്കു ന്നുണ്ട്. എന്നാല്‍ മുടികൊഴിച്ചില്‍ ഇന്ന് സര്‍വസാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്.

ചെറിയ തോതിലുള്ള മുടികൊഴിച്ചില്‍ എല്ലാവരിലും ജനനം മുതല്‍ കണ്ടുവരുന്നു. ബലക്കുറവുള്ളതും ക്ഷീണിച്ചതും പഴകിയതുമായ മുടിയിഴകള്‍ കൊഴിഞ്ഞ് പുതിയ മുടികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

പക്ഷേ, അമിതമായ മുടികൊഴിച്ചില്‍ സ്ഥിരമായി നിലനില്ക്കുന്നുവെങ്കില്‍ അതിനെ രോഗാവസ്ഥയായി കണക്കാക്കണം. അതിനു ചികിത്സ ആവശ്യമാണ്.

കേശസംരക്ഷണത്തില്‍ വളരെ പ്രാധാന്യം നല്‍കുന്ന ഒരു ശാസ്ത്രമാണ് ആയുര്‍വേദം. ആയുര്‍വേദത്തില്‍ മുടികൊഴിച്ചില്‍ പിത്തരോഗമായി കണക്കാക്കപ്പെടുന്നു. മുടികളുടെ സംരക്ഷണവും പോഷണകര്‍മ്മവും നിര്‍വഹിക്കുന്നത് പിത്തദോഷമാണ്.

പിത്തദോഷത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് മുടികൊഴിച്ചില്‍, അകാലനര, കഷണ്ടി തുടങ്ങിയവയ്ക്ക് കാരണമായി ആയുര്‍വേദം ചൂണ്ടിക്കാണിക്കുന്നത്.

കാരണങ്ങള്‍ പലതുണ്ട്.

ഭക്ഷണരീതി

തെറ്റായ ഭക്ഷണരീതികള്‍ തന്നെയാണ് മുടികൊഴിച്ചിലിനു പ്രധാന കാരണം. പിത്തവര്‍ധകമായ എരിവ്, പുളി, ഉപ്പ്, മസാലകള്‍ തുടങ്ങിയവയുടെ അമിതോപയോഗം, മാംസാഹാരം, വിരുദ്ധാഹാരങ്ങള്‍, തൈരിന്റെ അമിത ഉപയോഗം, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്ത്ഥങ്ങള്‍, മധുര പലഹാരങ്ങള്‍, പഞ്ചസാര, മൈദ, ഡാല്ഡ തുടങ്ങിയവയുടെ അമിത ഉപയോഗം തെറ്റായ ഭക്ഷണശൈലിയില്പ്പെ ടുന്നു.

രക്തക്കുറവ്

രക്തക്കുറവ് മുടികൊഴിച്ചിലിന്റെ മറ്റൊരു പ്രധാന കാരണമാണ്. രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ മുടികളുടെ ബലക്കുറവിനും മുടികൊഴിച്ചിലിനും കാരണമാകുന്നു.

വെള്ളം

ക്ലോറിന്‍ കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നതിലൂടെ മുടികൊഴിച്ചിലുണ്ടാകാം. മറ്റു തരത്തിലുള്ള അഴുക്ക് കലര്‍ന്ന വെള്ളവും രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളവും മുടികളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു.

സോപ്പ്, ഷാംപൂ

സോപ്പ്, ഷാംപൂ തുടങ്ങിയവയുടെ അമിത ഉപയോഗം മുടിയുടെ പ്രകൃതിദത്തമായ എണ്ണമയത്തെ ഇല്ലാതാക്കി മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും.

മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍

ചില പ്രത്യേകതരം മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍, രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍, ഉറക്ക ഗുളികകളുടെ ഉപയോഗം തുടങ്ങിയവ മുടിയുടെ ആരോഗ്യത്തിനു ദോഷമാകുന്നു. കീമോ തെറാപ്പി പോലുള്ള ചികിത്സയും മുടികൊഴിയാന്‍ കാരണമാകുന്നു.

പാരമ്പര്യം

പാരമ്പര്യമായി മുടികൊഴിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ചിലരില്‍ പാരമ്പര്യമായി മുടികൊഴിയുന്നതുമാകാം.

സൗന്ദര്യവര്ദ്ധസക വസ്തുക്കള്‍

കേശസംരക്ഷണമെന്ന പേരില്‍ മുടിയില്‍ തേക്കുന്ന പല രാസവസ്തുക്കള്‍, ഡൈകള്‍, ക്രീമുകള്‍, മുടിക്ക് നിറം നല്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവയൊക്കെ ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കിയേക്കാം.

രോഗാവസ്ഥകള്‍

പലവിധ രോഗാവസ്ഥകളും മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. പ്രമേഹം, അമിതവണ്ണം, തൈറോയിഡ്, കാന്‍സര്‍, മാനസികരോഗങ്ങള്‍, അനീമിയ, സോറിയാസിസ്, താരന്‍ തുടങ്ങി രോഗങ്ങളൊക്കെ മുടികൊഴിച്ചിലിനു കാരണമാകുന്നു.

മാനസികസമ്മര്ദം

മുടികൊഴിച്ചിലിനുള്ള മറ്റൊരു പ്രധാന കാരണമാണ് മാനസിക സമ്മര്‍ദം. അമിതമായ ഉത്കണ്ഠ, ഉറക്കക്കുറവ്, അമിതമായ ചിന്തകള്‍, അശാന്തമായ മാനസിക അന്തരീക്ഷം, എന്നിവ പ്രത്യക്ഷമായും പരോക്ഷമായും മുടിയെ ബാധിക്കും.

ലഹരി പദാര്ഥ്ങ്ങളുടെ ഉപയോഗം

മദ്യം, പുകവലി, പാന്മസാല എന്നീ ലഹരിപദാര്ഥങ്ങളുടെ ഉപയോഗവും മുടികൊഴിച്ചിലിനു കാരണമാകുന്നു. സ്ത്രീകളെ സംബന്ധിച്ച് ഇവയുടെ ഉപയോഗം താരതമ്യേന കേരളത്തില്‍ കുറവായതിനാല്‍ ലഹരിപദാര്ഥങ്ങളുടെ ഉപയോഗം കൊണ്ടുള്ള മുടികൊഴിച്ചില്‍ കുറവായിരിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

 1. താരന്‍, സോറിയാസിസ്, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ രോഗാവസ്ഥകള്‍ യഥാസമയം ചികിത്സിച്ച് ഭേദമാക്കുക.
 2. മലയാളി മറന്നുപോയ നല്ല ശീലങ്ങളില്‍ ഒന്നാണ് എണ്ണ തേച്ചുള്ള കുളി. ദിവസവും എണ്ണ തേച്ചുള്ള കുളി കേശസംരക്ഷണത്തിനു ഉത്തമമാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതി, പ്രകൃതി,കേശഘടന എന്നിവയനുസരിച്ച് വൈദ്യനിര്ദേ‍ശപ്രകാരമുള്ള എണ്ണകള്‍ തിരഞ്ഞെടുക്കേണ്ടതാണ്.
 3. ശുദ്ധമായ വെളിച്ചെണ്ണയും വെന്ത വെളിച്ചെണ്ണയും വളരെ നല്ലൊരു നാടന്‍ പ്രയോഗമാണ്.
 4. ശ്രദ്ധയോടെ മാത്രം തലയില്‍ എണ്ണ തേയ്ക്കുക. വിയര്‍ത്തിരിക്കുമ്പോള്‍ എണ്ണ തേയ്ക്കരുത്. എണ്ണ തേച്ചതിനു ശേഷം വിയര്‍ക്കുകയുമരുത്.
 5. രാത്രി മുഴുവന്‍ എണ്ണ തേച്ച് രാവിലെ കഴുകിക്കളയുന്നതും തെറ്റായ ശീലമാണ്.
 6. 30 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ തലയില്‍ എണ്ണ വയ്ക്കാവുന്നതാണ്. അതില്‍ കൂടുതല്‍ സമയദൈര്ഘ്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യും.
 7. തല കഴുകാന്‍ പ്രകൃതിദത്ത രീതികള്‍ ശീലിക്കുക. പയര്പൊടി, കടലപ്പൊടി, താളി തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.
 8. തലയിലൊഴിക്കാന്‍ സാധാരണ പച്ചവെള്ളം അല്ലെങ്കില്‍ തണുപ്പ് കുറഞ്ഞ വെള്ളം ഉപയോഗിക്കുക. യാതൊരു കാരണവശാലും തലയില്‍ ചൂടുവെള്ളം ഉപയോഗിക്കരുത്. കുളി കഴിഞ്ഞ് തലമുടി നന്നായി ഉണങ്ങാന്‍ ശ്രദ്ധിക്കണം.

കേശസംരക്ഷണത്തിനുള്ള പച്ചമരുന്നുകള്‍

സാധാരണയായി കേശസംരക്ഷണത്തിനു ഉപയോഗിക്കുന്ന പച്ചമരുന്നുകളാണ് ഭൃംഗരാജ, ബ്രഹ്മി, ചെമ്പരത്തി, നെല്ലിക്ക, മൈലാഞ്ചി, തുളസി, ആര്യവേപ്പ്, കറിവേപ്പ്, കറ്റാര്‍വാഴ തുടങ്ങിയവ.

കേശസംരക്ഷണത്തിനുള്ള എണ്ണകള്‍

 1. സാധാരണയായി നീലഭൃംഗാദി കേരതൈലം, ചെമ്പരത്യാദി കേരം, ധുര്ധുകരപത്രാദി കേരം, കയ്യോന്യാദി കേരം, ത്രിഫലാദി കേരം, ഭൃംഗാമല കാദി കേരം എന്നിവയാണ് കേശസംരക്ഷണത്തിനുപയോഗിക്കുന്ന ആയുര്‍വേദ എണ്ണകള്‍. ആയുര്‍വേദ വിധിപ്രകാരം നിരവധി ഔഷധങ്ങളും എണ്ണകളും മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ നിര്ദേശിക്കുന്നുണ്ട്.
 2. മുടികൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും ഒരുത്തമ പരിഹാരമാണ് ഉണക്കനെല്ലിക്കയും, കറിവേപ്പിലയും വെളിച്ചെണ്ണയില്‍ ചേര്ത്ത് കാച്ചി തലയില്‍ തേക്കുന്നത്.
 3. മൈലാഞ്ചിയും നെല്ലിക്കയും നീലിയമരിയും ചേര്ത്ത് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ അകാലനരയും മുടികൊഴിച്ചിലും ഒരു പരിധി വരെ തടയാനാകും.
 4. കയ്യോന്നിയും തുളസിയും ചേര്ത്ത് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ താരനും മുടികൊഴിച്ചിലും തടയാം.
 5. കറ്റാര്‍ വാഴയും നീലിയമരിയും ചേര്ത്ത വെളിച്ചെണ്ണയും മുടികൊഴിച്ചിലിനു ഒരു ഉത്തമ പരിഹാരമാണ്.

ആഹാരം കഴിച്ചും വണ്ണം കുറയ്ക്കാം

വയറു നിറയെ ഭക്ഷണം കഴിച്ചും കഠിന വ്യായാമം ചെയ്യാതെയും വണ്ണം കുറയ്ക്കാം.

പ്രായപൂര്‍ത്തിയായ ഒരാളുടെ സെന്‍റിമീറ്ററിലുള്ള ഉയരത്തില്‍ നിന്ന് 100 കുറയ്ക്കുമ്പോള്‍ കിട്ടുന്ന തൂക്കമാണ് ഒരാള്‍ക്ക് വേണ്ട ശരിയായ ശരീരഭാരം. അതായത് 165 സെ.മി ഉയരമുള്ള ഒരാളുടെ ആരോഗ്യകരമായ തൂക്കം 65 കിലോഗ്രാം ആയിരിക്കും.

ആദ്യം തയാറെടുത്ത് തുടങ്ങേണ്ടത് മനസ്സാണ്. വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ ആ ലക്ഷ്യത്തില്‍ നിങ്ങള്‍ നിശ്ചയിച്ച ദിവസങ്ങള്‍ക്കുള്ളില്‍ എത്തിയിരിക്കുമെന്ന് ഉറപ്പിക്കുക. ഒരു സുന്ദരിയായി നിങ്ങള്‍ സ്വയം സങ്കല്‍പിച്ചു നോക്കൂ. എന്നും രാവിലെ ഉണരുമ്പോള്‍ ഈ രൂപം മനസ്സില്‍ കാണണം. ആ രൂപമാണ് നിങ്ങളുടെ ലക്ഷ്യമെന്ന ചിന്തയില്‍ ഓരോ ദിവസവും ഉണരണം.

പരീക്ഷാ ടെന്‍ഷന്‍റെ ഇടയില്‍ ഭക്ഷണം കഴിച്ചത് കൂടിയോ ? പകല്‍ കഴിക്കാതെ രാത്രി മാത്രം വാരിവലിച്ചു കഴിക്കുകയാണോ ചെയ്തത് ? ഇതെല്ലാം ഓരോ തരം ഈറ്റിങ് ഡിസോര്‍ഡറുകളാണ്. നിങ്ങള്‍ സ്വയം പരിഹരിച്ചു മാറ്റേണ്ട പ്രശ്നങ്ങള്‍.

അമിത വണ്ണമുള്ള 90 ശതമാനം ആളുകളിലും ഏതെങ്കിലും ഈറ്റിങ് ഡിസോര്‍ഡര്‍ കാണാറുണ്ട്. മൂഡോഫായാല്‍ പാട്ടു കേള്‍ക്കുകയോ ഒന്നു കറങ്ങാന്‍ പോവുകയോ ചെയ്യുക. 8 മണിക്ക് മുമ്പ് അത്താഴം കഴിച്ച് വീടിനുള്ളില്‍ തന്നെ അല്‍പം നടന്നശേഷം രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞ് ഉറങ്ങുക. ടിവി കാണുമ്പോള്‍ കഴിച്ചു ശീലിക്കേണ്ട.

വയറു നിറയേ ഭക്ഷണം കഴിക്കാം. പക്ഷേ, കാലറി അറിഞ്ഞു കഴിക്കണമെന്നു മാത്രം. ഈ കാലറി എരിച്ചു കളയാനുള്ള വഴിയും അറിഞ്ഞിരിക്കണം. ഒരു പിടി കായ വറുത്തതേ കാലറി എരിച്ചു കളയാന്‍ അരമണക്കൂര്‍ എങ്കിലും ഓടേണ്ടി വരും. വയറു നിറയ്ക്കാന്‍ കാലറി കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. പച്ചയ്ക്കോ ആവിയില്‍ പുഴുങ്ങിയോ കഴിക്കുക.

അധികം ശാരീരികാധ്വാനമില്ലാത്തവര്‍ക്ക് ഒരു ദിവസം 1000 മുതല്‍ 1500 കാലറി മതി. ചോറ് കഴിക്കുന്നത് നിര്‍ത്തി ചപ്പാത്തിയാക്കി എന്നും പറഞ്ഞ് ആറ് ചപ്പാത്തി അകത്താക്കാറുണ്ട് പലരും. മൂന്ന് കപ്പ് ചോറിലുള്ളത് ഈ ആറ് ചപ്പാത്തിയിലുള്ള അതേ അളവ് കാലറിയാണ്.

മുട്ടയില്‍ 150 കാലറിയാണുള്ളത്. എന്നാല്‍ മുട്ടവെള്ള മാത്രം കഴിച്ചാല് 17 കാലറി ഊര്‍ജമേ ഉള്ളൂ. ഒരു ചിക്കന്‍ ഫ്രൈയിലുള്ള കാലറിയിലും വളരെ കുറവാണ് കോഴിക്കറിയിലുള്ളത്. ഇങ്ങനെ ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ പട്ടിണി കിടക്കാതെ തന്നെ തടി കുറയ്ക്കാം.

വ്യയാമം ചെയ്യുന്നത് തടി കുറയ്ക്കാന്‍ മാത്രമല്ല, സമ്പൂര്‍ണ ആരോഗ്യം നേടാനാണ്. കൈ നന്നായി വീശി അരമണിക്കൂര്‍ നടന്നാല്‍ തന്നെ നല്ലൊരു വ്യായാമമാണ്. എന്തെങ്കിലും ഒരു വ്യായാമം ദൈനംദിനശീലമാക്കണം.

പ്രിയപ്പെട്ട കാപ്പി

കടുംകാപ്പിയിലാണ് ദിവസത്തിന്‍റെ തുടക്കം. കാപ്പി ഈതിക്കുടിച്ചു തുടങ്ങുമ്പോള്‍ തന്നെ എത്ര ഉന്മേഷമാണ്. കടുംകാപ്പി അഥവാ പാലൊന്നും ചേര്‍ക്കാത്ത കാപ്പി (ബ്ലാക് കോഫി)യില്‍ റൈബോഫ്ലേവിന്‍, പാന്‍റോത്തെനിക് ആസിഡ്, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, നിയാസിന്‍ എന്നിവയെല്ലാമുണ്ട്. പാലു ചേര്‍ക്കാത്ത ബ്ലാക്ക് കോഫിയായി കുടിക്കുമ്പോള്‍ കാപ്പിയില്‍ കാലറി ഒട്ടും ഇല്ല. പാല്‍ പഞ്ചസാര എന്നിങ്ങനെ രുചിക്കുവേണ്ടി ചേര്‍ക്കുന്ന ചേരുവകളാണ് കാപ്പിയുടെ പോഷകമൂല്യവും കാലറിനിലയും വര്‍ധിപ്പിക്കുന്നത്.

ദിവസം എത്ര കാപ്പി?

മുതിര്‍ന്ന ഒരാള്‍ക്ക് വീട്ടില്‍ തയാറാക്കുന്ന കാപ്പി ദിവസം നാലുകപ്പു വരെയാകാം. ഒരു കപ്പ്കാപ്പി എന്നതു 125 മീ.ലി. ആണ്. നാലു കപ്പ് എന്നു പറയുമ്പോള്‍ അതില്‍ 500 മി.ഗ്രാം. കഫീന്‍ ഉണ്ട്. എന്നാല്‍ ഗര്‍ഭിണിയാണെങ്കില്‍ ദിവസം ഒന്നു മുതല്‍ രണ്ടു കപ്പില്‍ കൂടുതല്‍‍ കാപ്പി കുടിക്കേണ്ട.

കുട്ടികള്‍ക്കു കാപ്പി നല്ലതോ?

കുട്ടികളില്‍ കാപ്പി പ്രോത്സാഹിപ്പിക്കേണ്ടതില്ല കാപ്പി കുട്ടികളില്‍ ഉറക്കക്കുറവ് ഉണ്ടാക്കും. ദന്തക്ഷയം, കാത്സ്യത്തിന്‍റെ  നഷ്ടം, പിരുപിരുപ്പ്, ഏകാഗ്രതക്കുറവ് ഉണ്ടാകും കാപ്പിയിലെ ഉത്തേജകഗുണം വിശപ്പില്ലായ്മയിലേക്കു നയിക്കുന്നു.

രോഗങ്ങളില്‍ നിന്നു പ്രതിരോധം

കാപ്പികുടിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹസാധ്യത കുറവാണ്. അതുപോലെ അല്‍സഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് രോഗസാധ്യതയും കുറവായി കാണുന്നു. സിറോസിസ് എന്ന കരള്‍ രോഗത്തില്‍ നിന്നു കാപ്പി സംരക്ഷണം നല്‍കുന്നു. നാലോ അതിലധികമോ കപ്പ് കാപ്പി ദിവസവുംകുടിച്ച സ്ത്രീകളില്‍ വിഷാദരോഗസാധ്യത കുറഞ്ഞതായി പഠനങ്ങള്‍ രേഖപ്പെടുത്തുന്നു. കരള്‍ കാന്‍സര്‍, കൊളോറെക്റ്റല്‍ കാന്‍സര്‍ എന്നിവയില്‍ നിന്നും കാപ്പി സംരക്ഷണം നല്‍കുന്നു. കാപ്പി ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നില്ല. സ്ട്രോക്കിന്‍റെ സാധ്യതയും കുറയ്ക്കുന്നു.

ക്ഷീണം മാറുന്നു കൊഴുപ്പുരുകുന്നു

കാപ്പികുടിച്ചാല്‍ ആരോഗ്യഗുണങ്ങളുണ്ട് ക്ഷീണം കുറവായി തോന്നും. അതിനു കാരണം കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ ആണ്. കാപ്പി തലച്ചോറിന്‍റെ വിവിധപ്രവര്‍ത്തനതലങ്ങളെ മെച്ചപ്പെടുത്തുന്നതായി പഠനങ്ങള്‍ പറയുന്നു. ഓര്‍മ, മൂഡ്, ജാഗ്രത, ഊര്‍ജനിലകള്‍ എന്നിവയെല്ലാം കാപ്പി ഏറെ സ്വാധീനിക്കുന്നുണ്ട്. കൊഴുപ്പിനെ ഉരുക്കുന്നുവെന്ന് അവകാശപ്പെടുന്ന എല്ലാവിധ ഫാറ്റ് ബേണിങ് സപ്ലിമെന്‍റുകളിലും കഫീന്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. കൊഴുപ്പ് ഉരുക്കിക്കളയുന്നതിനു കഴിവുള്ള അപൂര്‍വം പ്രകൃതിദത്ത വസ്തുക്കളില്‍ ഒന്നാണ് കഫീന്‍.

കാപ്പികൂടുതലായാല്‍ വിഷാദം

കാപ്പിയുടെ ഗുണഗണങ്ങള്‍ കേട്ട് കാപ്പി അല്‍പം കൂടുതലായാലും കുഴപ്പമില്ല എന്നു കരുതരുത്. ഒക് ലഹോമ സര്‍ വകലാശാലയിലെ ഗവേഷകര്‍ പറയുന്നതു കഫീന്‍ ഉത്കണ്ഠാലക്ഷണങ്ങള്‍ പ്രകടമാക്കുമെന്നാണ്. നേരത്തെ ഉത്കണ്ഠാ പ്രശ്നമുള്ളവരില്‍ പ്രത്യേകിച്ചും. കഫീന്‍റെ ഉപയോഗം വിഷാദലക്ഷണങ്ങള്‍ വരുത്തുന്നുവെന്നും പറയുന്നുണ്ട്.

കാപ്പികുടിച്ചാല്‍ കാന്‍സര്‍ വരില്ല

കാപ്പികുടിക്കുന്നതു കാന്‍സറിനു കാരണമാകില്ല എന്നു ഐഎആര്‍സി (International Agency For Resaerch on Cancer)ദീര്‍ഘകാലമായി നടത്തിയ പഠനങ്ങള്‍ക്കു ശേഷം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഏതുതരം പാനീയമായാലും ഉയര്‍ന്ന ചൂടില്‍ കുടിക്കുന്നതു കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നതായിരുന്നു ആ നിഗമനം. 65 ഡിഗ്രി സെല്‍ഷ്യസിനും മുകളിലും ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് അന്നനാളത്തില്‍ കാന്‍സറുണ്ടക്കുന്നതിന്‍റെ ഒരു കാരണമാണത്രേ. അതുകൊണ്ടു തന്നെ കാപ്പിയല്ല, ഏതുചൂടന്‍ പാനീയമായാലും അല്‍പമൊന്നു കൂള്‍ ഡൌണ്‍ ചെയ്തശേഷം കുടിക്കുന്നതാണ് നല്ലത്. കാപ്പി ഗര്‍ഭാശയം, സ്തനം, കരള്‍ എന്നിവയെ ബാധിക്കുന്ന കാന്‍സറുകളില്‍ നിന്നു സംരക്ഷണവും നല്‍കുന്നുവെന്നും ഐഎആര്‍സി പറയുന്നു.

കുടിക്കാന്‍ നല്ലത് ചൂടുവെള്ളമോ പച്ചവെള്ളമോ?

0 ഡിഗ്രി ഫാരന്‍ഹീറ്റ് ഊഷ്മാവുള്ള വെള്ളമാണു കുടിക്കുവാന്‍ ഏറ്റവും നല്ലത്. അതായത് സാധാരണ പച്ചവെള്ളമാണു നല്ലത്. (60 ഡിഗ്രി ഫാരന്‍ഹീറ്റ്= 15 ഡിഗ്രി സെല്‍ഷ്യസ്). ചില പ്രത്യേക സാഹചര്യങ്ങളില്‍ 50 ഡിഗ്രി ഫാരന്‍ഹീറ്റ് ‌(10 ഡിഗ്രി സെല്‍ഷ്യസ്) ഊഷ്മാവ് ഉള്ള വെള്ളം (മലബന്ധം, പനി) കുടിക്കാവുന്നതാണ്. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ശുദ്ധമായ പച്ചവെള്ളം തന്നെയാണ് ഏറ്റവും നല്ലത്. എന്നാല്‍ മലിനീകരണസാധ്യതയുള്ള സ്ഥലത്തു നിന്നാണെങ്കില്‍ വെളളം നല്ലവണ്ണം ചൂടാക്കി ചൂടുമാറിയതിനുശേഷം കുടിക്കുന്നതാണു നല്ലത്. രാവിലെയും വൈകുന്നേരവും വെള്ളം രണ്ടു ഗ്ലാസ്സ് കുടക്കുന്നതു (വെറും വയറ്റിലും കിടക്കുന്നതിനു മുമ്പും) ദഹനത്തിനും നല്ല ശോധനയ്ക്കും നല്ലതാണ്. പച്ചവെള്ളം കുടിക്കുമ്പോള്‍ ശരീരത്തിന്റെ ചൂടു കുറയുന്നതായി കണ്ടിട്ടുണ്ട്.

ചൂടുവെള്ളത്തിന്റെ ഗുണങ്ങള്‍

 1. ആമാശയത്തിലുള്ള ഹൈട്രോക്ലോറിക് ആസിഡ് ഉല്‍പാദനം കുറയുന്നു.
 2. വിശപ്പ് കുറയ്ക്കുന്നു.
 3. രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നു.
 4. അല്പസമയം രക്തയോട്ടം കൂട്ടുമെങ്കിലും ക്രമേണ രക്തയോട്ടം കുറയ്ക്കുന്നു.
 5. ശരീരവേദന, നീര്, ഹൈപ്പര്‍ അസിഡിറ്റി, ചില ഇന്‍ഫെക്ഷന്‍ ഇവയ്ക്കെല്ലാം ചൂടുവെള്ളം കുടിക്കുന്നത് ഉത്തമം.

പച്ചവെള്ളം കുടിച്ചാല്‍

 1. ഹൈഡ്രോക്ലോറിക് ആസിഡ് ഉല്‍പാദനം കൂടുന്നു.
 2. വിശപ്പ് കൂട്ടുന്നു.
 3. രക്തക്കുഴലുകള്‍ ചുരുക്കുന്നു.
 4. രക്തയോട്ടം ആദ്യം കുറയുമെങ്കിലും പിന്നീടു കൂടുന്നു.
 5. പ്രമേഹം, ത്വക് രോഗങ്ങള്‍, രക്തശുദ്ധീകരണം, ദഹനക്കുറവ് എന്നിവയ്ക്കു തണുത്തവെള്ളം കുടിക്കുന്നത് ഉത്തമം.

വാസോപ്രസില്‍, ഒാക്സിടോസിന്‍, അല്‍ഡോസ്റ്റീറോണ്‍, അഡ്രിനായില്‍, തൈറോയ്ഡ് ഹോര്‍മോണ്‍ (തൈറോക്സിന്‍) എന്നീ ഹോര്‍മോണുകള്‍ ശരീരത്തില്‍ വെള്ളത്തിന്റെ അളവു കുറവുള്ളപ്പോള്‍ മൂത്രം, വിയര്‍പ്പ്, ശ്വാസത്തിലൂടെയുള്ള ഈര്‍പ്പം എന്നിവയുടെ അളവു കുറച്ചു വെളളത്തിന്റെ ആഗീരണം (പ്രധാനമായും കിഡ്നിയിലൂടെയും വന്‍കുടലിലൂടെയും) കൂട്ടുന്നു. വെള്ളത്തിന്റെ അളവു ശരീരത്തില്‍ കൂടുമ്പോള്‍ വെളളത്തിന്റെ ആഗീരണം കുറച്ചു വെള്ളം പുറത്തുകളയുന്നു. പിറ്റ്യൂട്ടറി ഗ്രന്ഥി, അഡ്രിനല്‍ കോര്‍ട്ടക്സ്, തൈറോയ്ഡ്, ഹൈപ്പോതലാമസ്, കിഡ്നി എന്നിവയ്ക്കുണ്ടാകുന്ന തകരാറുകള്‍ വെള്ളത്തിന്റ സന്തുലിതാവസ്ഥയെ ബാധിക്കും. അതുപോലെ തന്നെ പ്രമേഹം, അമിതരക്തസമ്മര്‍ദം പോലുള്ള രോഗങ്ങളില്‍ വെള്ളത്തിന്റെ പ്രവര്‍ത്തനം താറുമാറാകാറുണ്ട്. ഇങ്ങനെയുള്ള അവസ്ഥകളില്‍ വെള്ളം കൂടുതല്‍ കുടിക്കേണ്ടതാണ്.

വെള്ളം കുറഞ്ഞാല്‍
വെള്ളം ശരീരത്തില്‍ നിന്നും പലവിധത്തില്‍ നഷ്ടമാകുന്നുണ്ട്. മൂത്രത്തിലൂടെ- 1500 മി.ലീ, ത്വക്കിലൂടെ -800 മി.ലീ. ശ്വാസകോശങ്ങളിലൂടെ - 400 മി.ലി, മലത്തിലൂടെ- 100 മി.ലീ. വെള്ളത്തിന്റെ അളവു കുറഞ്ഞാല്‍ എക്സ്ട്രാ സെല്ലുലാര്‍ ഫ്ളൂയിഡ്, ഇന്‍ട്രാ സെല്ലുലാര്‍ ഫ്ളൂയിഡ് എന്നിവയുടെ അളവു കുറയുന്നു. സോഡിയം, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവ കൂടുതലായി നഷ്ടപ്പെടുന്നു. ക്രമേണ രക്തത്തിന്റെ അളവു കുറയുകയും വിയര്‍പ്പ്, മൂത്രം എന്നിവയുടെ അളവു കുറഞ്ഞു വിഷാംശങ്ങള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. തുടര്‍ന്നു ശരീരപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ് (മെറ്റബോളിസം), കിഡ്നി തകരാറിലാവുകയും പല രോഗങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പ്രമേഹരോഗികളില്‍ കൂടുതല്‍ വെള്ളം കുടിച്ചാല്‍ (കുറഞ്ഞത് മൂന്നര ലീറ്റര്‍) അധികമുള്ള ഗ്ലൂക്കോസ് മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും പോകുന്നതാണ്.

വെള്ളം ശുദ്ധീകരിക്കാന്‍ മാര്‍ഗങ്ങള്‍
നെല്ലി, വട്ട (ഉപ്പില) എന്നീ മരങ്ങള്‍ കിണറുകളിലും കുളങ്ങളിലുമുള്ള വെള്ളത്തിലെ അധികമായ ധാതുലവണങ്ങളെ കുറയ്ക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു. അതുപോലെ മണ്ണിന്റെ അസിഡിറ്റി കുറച്ച് പിഎച്ച് നിലനിര്‍ത്തുവാന്‍ ചില പാഴ്മരങ്ങള്‍ ഉപകരിക്കുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വട്ട, നെല്ലി പോലുള്ള വൃക്ഷങ്ങള്‍ കിണറിനു ചുറ്റുവട്ടത്തു വളര്‍ത്തുന്നത് വെള്ളത്തിന്റെ കടുപ്പം, അമ്ലത്വം എന്നിവ കുറയ്ക്കുവാന്‍ ഉപകരിക്കും.

സാധാരണയായി വെള്ളം തിളപ്പിച്ചാല്‍ അണുക്കള്‍ ഒരു പരിധിവരെ മാറുമെങ്കിലും വെള്ളം ശുദ്ധിയാക്കേണ്ടത് അത്യാവശ്യമാണ്.

ചിരട്ടക്കരി വെള്ളത്തില്‍ (കിണറ്റിലോ/ടാങ്കിലോ) ഇടുന്നതു വെള്ളത്തിന്റെ അമ്ലതയും കടുപ്പവും മാറ്റി രോഗാണുവിമുക്തമാക്കും. 

കിണര്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിങ് പൗഡര്‍ (ക്ലോറിനേഷന്‍) ഉപയോഗിക്കാറുണ്ട്. 2.5 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ 1000ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കിലാണു കിണറ്റിലെ വെള്ളത്തില്‍ ചേര്‍ക്കേണ്ടത്. സാധാരണയായി രണ്ട് ആഴ്ചയിലൊരിക്കല്‍ ഈ വിധം ശുദ്ധിയാക്കാവുന്നതാണ്.
ഉണങ്ങിയ മുരിങ്ങക്കുരു വെള്ളത്തില്‍ ഇട്ടുവച്ചിരിക്കുന്നതും ഫലപ്രദമാണ്.
കളിമണ്‍പാത്രങ്ങളില്‍ വെള്ളം സൂക്ഷിച്ചുവയ്ക്കുന്നതും വെള്ളത്തിനു കുളിര്‍മയേറാനും ശുദ്ധിയാകാനും സഹായിക്കും.

കുട്ടികളിലെ പൊണ്ണത്തടി തടയാം

പണ്ടൊക്കെ ഒരു ക്ലാസില്‍ ഒന്നോരണ്ടോ കുട്ടികള്‍ കാണും തടിയുള്ളവരായി. ഇന്ന് 100 കുട്ടികളെ എടുത്താല്‍ അതില്‍ 60ശതമാനം പേര് സാധാരണഭാരമായിരിക്കും. 40 ശതമാനം പേര് പൊണ്ണത്തടിയുള്ളവരായിരിക്കും. ഇവരില്‍ മിക്കവര്‍ക്കും ഫാറ്റി ലിവറും കാണും. ഈ മാറ്റത്തിനു കാരണം നമ്മുടെ ഭക്ഷണശീലങ്ങളും കുട്ടികള്‍ക്കു വ്യായാമം വേണ്ട എന്ന ചിന്തയുമാണ്. ചോക്ലേറ്റ്, പിസ, ബര്‍ഗര്‍, എസ്ക്രീം, എണ്ണപ്പലഹാരങ്ങള്‍ ഇവയൊക്കെയായിരിക്കും കുട്ടി പ്രധാനമായി കഴിക്കുന്നത്. കുടിക്കാന്‍ കുപ്പിയില്‍ നിറച്ച പാനീയങ്ങളും വാങ്ങി നല്‍കും. ഉടനടി പ്രശ്നങ്ങളൊന്നും ഉണ്ടായെന്നു വരില്ല. അതുകൊണ്ട് മതാപിതാക്കന്മാരും അപകടത്തേക്കുറിച്ച് ബോധവാന്മാരായിരിക്കില്ല. എന്നാല്‍ വെറും ആറുമാസം മതി കരളില്‍ കൊഴുപ്പടിഞ്ഞുതുടങ്ങും. കരള്‍ രോഗങ്ങള്‍ വര്‍ഷങ്ങള്‍ കൊണ്ടാണ് വഷളാകുന്നത്. അതുകൊണ്ടാണ് കൊച്ചുകുട്ടികളില്‍ ഫാറ്റി ലിവര്‍ സിറോസിസ് ആയി മാറാത്തത്. 45 കാരനു വരുന്ന കരള്‍ രോഗം പെട്ടെന്നു വന്നതാകണമെന്നില്ല ചെറുപ്പത്തിലേ തുടങ്ങിയതാണ്. കുഞ്ഞുങ്ങളില്‍ ഇപ്പോഴെ ശ്രദ്ധിച്ചാല്‍ ഭാവിയില്‍ രോഗമുണ്ടാകില്ല. കുട്ടികള്‍ തടിച്ചുരുണ്ടിരിക്കുന്നതാണ് ആരോഗ്യകരം എന്നൊരു തെറ്റിധാരണയുണ്ട്.

എങ്ങനെ തടയാം

 • കുട്ടികളിലെ കൊഴുപ്പടിഞ്ഞുകൂടല്‍ തടയാന്‍ ദിവസവും ഒരു മണിക്കൂര്‍ ആക്ടിവിറ്റി വേണം. സൈക്ലിങ്, ഫുട്ബോള്‍, ഓട്ടം പോലുള്ള പുറത്തിറങ്ങിയുള്ള കളികള്‍ക്ക് വിടണം. ഇതു വഴി ശരീരത്തിനു മുഴുവന്‍ ഗുണം ലഭിക്കും.
 • ജങ്ക് ഫുഡ് പാടേ ഒഴിവാക്കണം. ദിവസം രണ്ട് പിസ കഴിച്ചാല്‍ തന്നെ ഒരു ദിവസത്തേക്കു വേണ്ട കാലറി തികയും. പിന്നെ കഴിക്കുന്നതെന്തും ശരീരത്തില്‍ കൊഴുപ്പായി സംഭരിക്കപ്പെടും.
 • ഫാറ്റിലിവര്‍ വന്നു കഴിഞ്ഞാല്‍ മാറുവാന്‍ ഒരു വര്‍ഷമെടുക്കും. ഈ കാലയളവു മുഴുവന്‍ ജീവിതശൈലിയും ഭക്ഷണവും പ്രത്യേകം ശ്രദ്ധിക്കണം.

വെള്ളം കുടിക്കൂ, വണ്ണം അകറ്റൂ

വെള്ളം കുടിക്കുക ശരീരഭാരം കുറയാന്‍ ഇതിലും ലളിതമായ മാര്‍ഗമില്ല. വെള്ളം ധാരാളം കുടിക്കുന്നതുവഴി കൊഴുപ്പ് എരിച്ചുകളയാനുള്ള ശരീരത്തിന്‍റെ കഴിവിനെ വര്‍ദ്ധിപ്പിക്കുമത്രേ. ആരോഗ്യമുള്ള പുരുഷന്മാരിലും സ്ത്രീകളിലും വെള്ളം കുടിക്കുന്നതിലൂടെ ഉപാപചയ നിരക്ക് 30 ശതമാനം വരെ വര്‍ധിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. നിര്‍ജലീകരണം ഉപാപചയ നിരക്ക് കുറയ്ക്കുകയും ചെയ്യുന്നു. ഇതുമാത്രമല്ല ഭക്ഷണത്തിനു മുമ്പ് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് കൊണ്ട് വയര്‍ നിറയുകയും തുടര്‍ന്ന് കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയുകയും ചെയ്യുന്നു.

വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന്‍റെ കൊഴുപ്പു കുറയുമെന്നു മാത്രമല്ല ശരീരത്തിനു തിളക്കം വര്‍ധിക്കുകയും യവത്വം നിലനിര്‍ത്തുകയും ചെയ്യുന്നു. ശരീരത്തിലെ ജലാംശം ത്വക്ക് ഉള്‍പ്പെടെയുള്ള എല്ലാ അവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് ജലാംശം ഇല്ലെങ്കില്‍ അവ വരണ്ടും ചുളിഞ്ഞും ഇരിക്കും. വിശക്കുമ്പോള്‍ കൊറിക്കുന്ന രീതി നിര്‍ത്തി പകരം വെള്ളം കുടിക്കുന്നതു നല്ലതാണ്. മാത്രമല്ല ശീതളപാനീയങ്ങള്‍ക്കു പകരം വെള്ളം കുടിക്കാം. ജലാംശം കൂടുതലടങ്ങിയ ഭക്ഷണവും ഭാരം കുറച്ച് ശരീരത്തിന് സൌന്ദര്യം നല്‍കും. ദിവസവും കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.

മൈഗ്രേന്‍ ത‌ടയാന്‍ ഇഞ്ചിച്ചായ...

മൈഗ്രേന്‍ ചികിത്സയില്‍ ഒൗഷധങ്ങളെക്കാളുപരി ജീവിതശൈലിയില്‍ വരുത്തേണ്ട കാതലായ മാറ്റങ്ങള്‍ക്കാണു പ്രാധാന്യം. മൈഗ്രേന്‍ ഉണ്ടാക്കുന്ന കൃത്യമായ ഉദ്ദീപനഘടകങ്ങള്‍ അഥവാ ട്രിഗറുകള്‍ (Triggers) ആദ്യം മനസ്സിലാക്കണം. അവയുടെ പ്രകോപനമാണ് മിക്കപ്പോഴും മൈഗ്രേന്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ട്രിഗറുകളില്‍ ഏറ്റവും പ്രധാനം ഭക്ഷണശൈലിയില്‍ പുലര്‍ത്തുന്ന സവിശേഷതകള്‍ തന്നെ.

ഭക്ഷണഇനങ്ങളും ഭക്ഷണനേരങ്ങളുമെല്ലാം മൈഗ്രേന്‍ ഉണ്ടാകുന്നതിനു കാരണങ്ങളാകുന്നുവെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. മൈഗ്രേനെ സമുചിതമായി പ്രതിരോധിക്കാന്‍ ഉതകുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ട്. കാപ്പി ചിലപ്പോള്‍ മൈഗ്രേനു കാരണമാകാമെങ്കിലും വേദന കുറയ്ക്കാന്‍ കാപ്പി കഴിക്കുന്നതു സഹായകരമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. മഗ്നീഷ്യം, കാത്സ്യം, അന്നജം, ഫൈബര്‍ ഡയറ്റ്, ഇഞ്ചി ഇവ മൈഗ്രേനെ പ്രതിരോധിക്കും.

പഠനങ്ങള്‍ പറയുന്നത്
1983–ല്‍ ലണ്ടനിലെ ഹോസ്പിറ്റല്‍ ഫോര്‍ സിക് ചില്‍ഡ്രന്‍–ല്‍ പ്രവേശിപ്പിക്കപ്പെട്ട മൈഗ്രേനുള്ള 88ക‍ു‌‌ട്ടികളില്‍ ന‌ടത്തിയ പഠനത്തില്‍ സമുചിതമായ ഭക്ഷണനിയന്ത്രണം കൊണ്ട് 78 പേര്‍ക്ക് പൂര്‍ണമായും ബാക്കിയുള്ളവര്‍ക്ക് ഭാഗികമായും മൈഗ്രേന്‍ ത‌ടയുവാന്‍ സാധിച്ചു. ഒരു മൈഗ്രേന്‍ ഡയറ്റ് തന്നെ ഇന്നു പ്രാബല്യത്തിലുണ്ട്.

മൈഗ്രേന്‍ ഡയറ്റ്

മൈഗ്രേന്‍ സ്ഥിരമായി ശല്യം ചെയ്യുന്നവര്‍ക്ക് രോഗത്തെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണപദാര്‍ഥങ്ങളെ കുറിച്ച് അറിയാം.

 • തവിടുകളയാത്ത ചോറ്.
 • വേവിച്ച പച്ചക്കറികള്‍ (ബ്രൊക്കൊളി, സ്പിനാച്ച് തുടങ്ങിയവ)‌
 • വേവിച്ച കാരറ്റ്, മധുരക്കിഴങ്ങ്
 • ജീവകങ്ങള്‍ (റൈബോഫ്ലാവില്‍ (വൈറ്റമിന്‍ ബി), (ദിവസേന 400 മി. ഗ്രാം), ഒമേഗ 3 ഫാറ്റി ആസിഡ്, കൊക്യു പത്ത് (CoQ10).
 • ധാതുലവണങ്ങള്‍– മൈഗ്രേനുള്ള 40 ശതമാനം രോഗികള്‍ക്കും മഗ്നീഷ്യത്തിന്റെ അപര്യാപ്തതയുണ്ട്. അതുകൊണ്ടു മഗ്നീഷ്യം 400മി. ഗ്രാം ദിവസേന ഭക്ഷണത്തോടെപ്പം കഴിക്കണം. മുഴുധാന്യങ്ങള്‍, ഇലക്കറികള്‍ എന്നിവയെല്ലാം മഗ്നീഷ്യത്തിന്റെ സ്രോതസ്സുകളാണ്.

പ്രതിരോധിക്കുന്ന ഭക്ഷണങ്ങള്‍

 • ദിവസവും ഇഞ്ചിനീര് : അര– ഒന്ന് സ്പൂണ്‍.
 • മഗ്നീഷ്യം 400–700മി.ഗ്രാം ദിവസവും.
 • കാത്സ്യം (1–2 ഗ്രാം), ഒപ്പം വൈറ്റമിന്‍–ഡി 5 മൈക്രോഗ്രാം.
 • കരിക്കിന്‍വെള്ളം: പഴച്ചാറുകള്‍ എല്ലാവര്‍ക്കും ചേരണമെന്നില്ല. ഈ സാഹചര്യത്തില്‍ ഏറ്റവും സുരക്ഷിതമായ പാനീയമാണ് കരിക്കിന്‍ വെള്ളം.
 • ഒമേഗ 3 ഫാറ്റി അമ്ലം (കടല്‍ മത്സ്യം)
 • കൊ എന്‍സൈം–ക്യൂ–പത്ത് (CoQ10) അഥവാ യൂബിക്യൂനോണ്‍– ജീവകങ്ങളോടു സാദശ്യമുള്ള കൊഎന്‍സൈമാണ്. മൈഗ്രെയിനുള്ള 35% രോഗികളിലും ഇതിന്റെ അപര്യാപ്തതയുണ്ട്. ദിവസേന 200മീ.ഗ്രാം യൂബിക്യുഗനോന്‍ മൈഗ്രേന്‍ ത‌ടയും.

തീര്‍ച്ചയായും കഴിക്കേണ്ടവ

 • മഗ്നീഷ്യത്തിന്റെ സ്രോതസ്സുകളായ സ്പിനാച്ച്, മധുരക്കിഴങ്ങ്, തവിടുള്ള അരി, ധാന്യങ്ങള്‍.
 • ബ്രൊക്കൊളി, കൊഴുപ്പില്ലാാത്ത പാല്‍, ധാന്യങ്ങള്‍, കൂണ്‍, കൊഴുപ്പില്ലാത്ത ബീഫ് (റിബോഫ്ലാവിന്‍ ധാരാളമുള്ളവ. കുറഞ്ഞത് 400 മി.ഗ്രാം റിബോ ഫ്ലാവിന്‍ കഴിക്കണം.)
 • കടല്‍മത്സ്യം (മത്തി), ഒലിവ് എണ്ണ, മു‌ട്ട (ഒമേഗ 3 ഫാറ്റി അമ്ലങ്ങള്‍ അടങ്ങിയവ)
 • കുറഞ്ഞതു 12 ഗ്ലാസ് വെള്ളം കുടിക്കണം. നിര്‍ജലീകരണം (Dehydration) മൈഗ്രേന്‍ ഉണ്ടാക്കും. ഹെര്‍ബല്‍ ചായ, കൊഴുപ്പുകളഞ്ഞ പാല്‍ എന്നിവ കു‌ടിക്കാം.

തലവേദന വരുത്തുന്നവ

 • ടൈറമീനും ഫിനൈല്‍ ഈതൈല്‍ അമീനും അടങ്ങുന്നവ (ചോക്ലേറ്റ്, ചീസ്, ക‌ലകള്‍, വിനാഗിരി, നാരങ്ങ, ഒലിവ്, അവക്കാഡോ, പ്ലം, പഴങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണ ഉല്‍പന്നങ്ങള്‍, ബേക്കണ്‍, ഹോട്ട്ഡോഗ്, ബീയര്‍, ചുവന്ന വീഞ്ഞ്)
 • കഫീന്‍ അടങ്ങുന്നവ (കോഫ‍ി, ചായ, ഗ്രീന്‍ ‌ടീ, കോളകള്‍)
 • അസ്പാര്‍ട്ടം അടങ്ങുന്നവ (കൃത്രിമമധുരമുണ്ടാക്കുന്ന സ്വീറ്റ്നറുകള്‍, യോഗര്‍ട്ട്, ചില മധുര പലഹാരങ്ങള്‍)
 • മോണോ സോഡിയം ഗ്ലൂ‌ട്ടമേറ്റ് അടങ്ങുന്നവ (ചൈനീസ് ഭക്ഷണവിഭവങ്ങളിലെ പ്രധാന ഘ‌ടകങ്ങള്‍).
 • സള്‍ഫേറ്റുകള്‍ അടങ്ങുന്നവ (ഉണങ്ങിയ വിവിധ പഴങ്ങളിലും വൈനിലും മറ്റു പ്രോസസ്ഡ് ഭക്ഷണപദാര്‍ഥങ്ങളിലും കാണുന്ന പ്രിസര്‍വേറ്റീവ് ആണ് സള്‍ഫേറ്റുകള്‍)
 • നൈട്രേറ്റുകള്‍ അടങ്ങുന്നവ (ഹോട്ട് ഡോഗ്, വിവിധ സോസെയ്ജുകള്‍, അച്ചാറുകള്‍, കാപ്സിക്കം)
 • മദ്യം (ബിയര്‍, ചുവന്ന വീഞ്ഞ്, ഷെറി തുടങ്ങിയ മദ്യ ഇനങ്ങള്‍ കൂ‌ടാതെ മദ്യപാനത്തോ‌ടനുബന്ധിച്ച ശരീരത്തിലെ നിര്‍ജലീകരണം മൂലവും തലവേദനയുണ്ടാകുന്നു.)
 • കൊമാറിന്‍ അടങ്ങുന്നവ (യീസ്റ്റില്‍ അടങ്ങിയിട്ടുള്ള കൊമാറിന്‍ മൂലം വിവിധ ബ്രെഡുകള്‍ കഴിക്കുമ്പോള്‍ തലവേദനയുണ്ടാകാം. അതുപോലെ പിസ്സയിലെ യീസ്റ്റും പ്രശ്നമുണ്ടാക്കും.)
 • കോളിനും കെയ്സിനും അടങ്ങുന്നവ (പാലില്‍ അടങ്ങിയിട്ടുള്ള ഈ പദാര്‍ഥങ്ങള്‍ തലവേദനയെ ഉദ്ദീപിപ്പിക്കുന്നു.)
 • ഐസ്ക്രീം (തണുത്ത ഐസ്ക്രീം കഴിക്കുന്നതു കൊണ്ടു ചിലര്‍ക്ക് തലവേദനയുണ്ടാകാം. കഴിച്ചു 30–60 സെക്കന്‍ഡുകള്‍ക്കകം തലവേദനയുണ്ടാകുന്നു. ഇത്  ഐസ്ക്രീം കൊണ്ടല്ല, അതു കഴിക്കുമ്പോള്‍ വായില്‍ പെട്ടെന്നുണ്ടാകുന്ന തണുപ്പുതന്നെ കാരണം. എന്നാല്‍ ഈ മൈഗ്രേന്‍ കുറയും. ഐസ്ക്രീം എപ്പോഴും സാവധാനം കഴിക്കുക.


Best food ഇഞ്ചി
ഇഞ്ചി മൈഗ്രേന്‍ പ്രതിരോധിക്കാന്‍ ഉത്തമമാണ്. വെറുതെ ഇഞ്ചി കഴിക്കുന്നതിലും നല്ലതാണ് ഇതു കൊണ്ടുള്ള ക‌ട്ടന്‍ചായ കു‌ടിക്കുന്നത്. ഇഞ്ചി ചെറിയ കഷണം ഇട്ട് വെള്ളം തിളപ്പിച്ച്, അതില്‍ തേയില ഇ‌‌ടാം. ആവശ്യമുള്ളവര്‍ക്ക് മധുരം ചേര്‍ക്കാം ഇതു ദിവസവും രാവിലെ കു‌‌ടിക്കുക. വേദനയ്ക്കും വീക്കത്തിനും കാരണമാകുന്ന ഹോര്‍മോണ്‍ സമാന പദാര്‍ഥങ്ങളായ പ്രോസ്റ്റാഗ്ലാന്‍ഡിനുകളെ ത‌ടഞ്ഞാണ് ഇഞ്ചി വേദന കുറയ്ക്കുന്നത്.
Disease info മൈഗ്രേന്‍
തലവേദന വരുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് 60 ശതമാനം പേര്‍ക്കും വിഷാദം, വിഭ്രാന്തി, ഉത്കണ്ഠ, ഭക്ഷണത്തോടുള്ള ആര്‍ത്തി, തളര്‍ച്ച, മലബന്ധം, അമിതദാഹം, മൂത്രശങ്ക എന്നിവ ഉണ്ടാകാം. മറ്റൊരു ലക്ഷണമാണ് ഒാറ. തലവേദനയ്ക്കു മുമ്പ് 5–20 മിനിറ്റില്‍ തു‌ടങ്ങി ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കും പ്രകാശവലയം, കറുത്ത പൊ‌‌ട്ട്, മങ്ങുന്ന കാഴ്ച, ഒരു വശത്തു ശക്തി കുറയുക, തരിപ്പ് എന്നിവയാണവ. പാരസെറ്റാമോള്‍ എപ്പോഴു‍ം കഴിക്കരുത്. സുമിട്രിപ്റ്റാന്‍ ചികിത്സയിലെ പ്രധാന മരുന്നാണ്. (ട്രിപ്റ്റാന്‍സ്). കൂ‌ടാതെ അമിട്രിപ്റ്റിലിന്‍, ടോപ്രാമെറ്റ്, സോഡിയം വാല്‍പ്രൊയേറ്റ് എന്നിവയും പ്രതിരോധത്തിനും ചികിത്സയ്ക്കുമായി നല്‍കുന്നു.

കരള്‍ രോഗങ്ങള്‍ക്കു യൂനാനി പരിഹാരങ്ങള്‍

യുനാനി വൈദ്യശാസ്ത്രമനുസരിച്ച് അഞ്ചു പ്രധാന അവയവങ്ങളില്‍ ഒന്നായ കരള്‍ ദഹനവ്യവസ്ഥയുടെ കേന്ദ്ര അവയവമായി പരിഗണിക്കപ്പെടുന്നു. ശരീരനിര്‍മിതിയിലെ പ്രധാനഘടകങ്ങളിലൊന്നായ ചതുര്‍ദോഷങ്ങള്‍ രൂപം കൊള്ളുന്നതു കരളില്‍ വെച്ചാണ്. അതിനാല്‍ കരളിനു പ്രത്യേക പരിഗണന യുനാനി വൈദ്യശാസ്ത്രം നല്‍കുന്നു.

കരളിന്‍റെ മിസാജ്

യുനാനി വൈദ്യശാസ്ത്രത്തിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ് മിസാജ്(Temperament) . ഒരു വസ്തുവിന്‍റെ സ്വഭാവ സവിശേഷതയെ അതു സൂചിപ്പിക്കുന്നു. സാധാരണഗതിയില്‍ നാലുതരം മിസാജുകള്‍ ആണുള്ളത്. ചൂടും ഈര്‍പ്പവും(Hot and moist) , ചൂടും വരള്‍ചയും, (Hot and dry)തണുപ്പും ഈര്‍പ്പവും, (Cold and moist) തണുപ്പും വരള്ച്ചയും (Cold and dry). കരളിന്‍റെ മിസാജ് ചൂടും വരള്‍ച്ചയുമാണ്. ഒരു അവയവത്തിന്‍റെ മിസാജിനു ഭംഗം വരുമ്പോള്‍ ആ അവയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉണ്ടാകുന്നു. ചൂടന്‍ അവയവമായ കരളിനു പലപ്പോഴും ചൂട് അധികരിക്കുന്നതു കൊണ്ടാണു രോഗങ്ങള്‍ ഉണ്ടാകാറുള്ളത്. അതുകൊണ്ട് കരള്‍ രോഗങ്ങളില്‍ കരളിനെ തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ക്കും പ്രാധാന്യം കൂടുതലുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ തണുപ്പു മൂലവും കരളിനു മിസാജ് ഭംഗം ഉണ്ടാകാറുണ്ട്.

കരളിന്‍റെ ആരോഗ്യത്തിന്

 • ആവശ്യമായ ശുദ്ധജലം കുടിക്കുക. ദാഹിച്ചിട്ടും വെള്ളം കുടിക്കാതിരിക്കുന്നത് കരളിന്‍റെ  പ്രവര്‍ത്തനക്ഷമതയെ ബാധിക്കും.
 • ഭക്ഷണത്തോടൊപ്പം വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ശീലമാക്കുക.
 • കൊഴുപ്പു കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ കുറയ്ക്കുക.
 • ചൂടുള്ള കാലാവസ്ഥകളില്‍ കോഴി, കാടപോലെയുള്ള മാംസങ്ങളും, അയല, മത്തി, പോലുള്ള മത്സ്യങ്ങളും മുരിങ്ങ, പാവല്‍ പോലെയുള്ള പച്ചക്കറികളും ഒഴിവാക്കുക. പകരം വെള്ളരി, കുമ്പളംപോലുള്ളവയും തണ്ണിമത്തന്‍, പൈനാപ്പിള്‍ പോലെയുള്ള പഴവര്‍ഗങ്ങളും ധാരാളം കഴിക്കുക.
 • മിതമായ വ്യായാമം ശീലിക്കുക.
 • മദ്യപാനം വര്‍ജിക്കുക.
 • ഗരംമസാലകള്‍ മിതമായ രീതിയില്‍ മാത്രം ഉപയോഗിക്കുക.
 • അമിതഭക്ഷണം, ഒരിക്കല്‍ കഴിച്ചത് ദഹിക്കുന്നതിന് മുമ്പ് അടുത്ത ഭക്ഷണം ഒഴിവാക്കുക.
 • രാവിലെ ഉണര്‍ന്ന ഉടനെയും ഭക്ഷണം കഴിച്ചയുടനെയും കുളിക്കരുത്.
 • വെറും വയറ്റിലും ഭക്ഷണം കഴിച്ച ഉടനെയുമുള്ള കഠിനജോലികള്‍, വ്യായാമം ഒഴിവാക്കുക.

യുനാനി ചികിത്സ

സിറോസിസ് പോലുള്ള മാരക കരള്‍ രോഗം ഗുരുതരമായ അവസ്ഥകളിലും ജീവിതദൈര്‍ഘ്യം കൂട്ടാന്‍ കഴിയുന്നതായി വിവിധ അനുഭവങ്ങളില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടന ബദല്‍ ചികിത്സകളുടെ പ്രാധാന്യം പറയുന്നതിന്‍റെ കൂട്ടത്തില്‍ യുനാനി ചികിത്സയുടെ മേന്മയായി കരള്‍ രോഗങ്ങളില്‍ യുനാനി ചികിത്സ അതീവ ഫലപ്രദമാണെന്ന് എടുത്തു പറയുന്നുണ്ട്.

ആരോഗ്യത്തിനായി ഏലം ശീലമാക്കാം

 • ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവ ശമിക്കുന്നതിന് ഏലം ഗുണകരമാണ്. ഉയര്‍ന്ന തോതിലുള്ള ലിനോളിക് അമ്ളം രക്തത്തിന്‍റെ സാന്ദ്രത കുറച്ച് ശ്വാസകോശത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതുകൊണ്ടാണിത്.
 • കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ ഉള്ളില്‍ കഴിക്കുന്ന ഏലക്കായ്കള്‍ക്ക് കഴിയുമത്രേ.
 • സ്ഥിരമായി ഏലക്കായ് കഴിക്കുന്നത് ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോളിനേയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തേയും കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ഹൃദയസംബന്ധമായ രോഗങ്ങളുണ്ടാകുന്നത് കുറയ്ക്കാം.
 • സ്വാഭാവികമായി ബാക്ടീരിയയ്ക്കെതിരേ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതിനാല്‍ പല്ലുകള്‍ കേടാക്കുന്ന ബാക്ടീരിയകള്‍ക്കെതിരേ പ്രവര്‍ത്തിക്കാനും വായ്നാറ്റം, മറ്റ് വായിലെ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനും സഹായിക്കും.
 • ഏലക്കായ്കളും കറുവയും ചേര്‍ത്ത് തിളപ്പിച്ച് ഉപയോഗിച്ചാല്‍ ഫാരിഞ്ചൈറ്റിസ്, തൊണ്ടവേദന, ഇന്‍ഫ്ലുവന്‍സ പകരുന്ന സമയത്തുണ്ടാകുന്ന അടഞ്ഞശബ്ദം എന്നിവയ്ക്കെതിരേ ഫലപ്രദമാണ്.
 • ദഹനക്കേട്, മനംപുരട്ടല്‍, ഛര്‍ദ്ദി, വയറുവേദന, മലബന്ധം, വായുകോപം തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏലക്കായ് ഉപയോഗിക്കുന്നു.
 • ഞരമ്പുവലിയുന്നതിനെതിരേ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനാല്‍ കോച്ചിവലിക്കുക, അപസ്മാരം എന്നിവയ്ക്കെതിരെ ഏലക്കായ് ഉപയോഗിക്കുന്ന.
 • നീര് വന്ന നാഡികള്‍, പുറംവേദന എന്നിവയ്ക്കെതിരേ ഏലക്കാതൈലം അല്ലെങ്കില്‍ വിത്തുകള്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.
 • ഭക്ഷണം കഴിക്കാതെ മെലിഞ്ഞ് വരികയും അധികമായി ശരീരഭാരം കുറയുകയും ചെയ്യുന്ന രോഗികള്‍ക്ക് വിശപ്പുണ്ടാകാനും രോഗവിമുക്തി നേടാനും ഏലക്കായ് സഹായിക്കും.
 • സ്വാഭാവികമാ രീതിയില്‍ വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തുപോകാന്‍ ഏലക്കായ് ഗുണകരമാണ്. അതുവഴി വൃക്കകളെയും മൂത്രാശയസംവിധാനത്തെയും ശക്തിപ്പെടുത്തും.
 • വയറ്റിലെ വായുവിന്‍റെയും വെള്ളത്തിന്‍റെയും അംശങ്ങളെ കുറയ്ക്കുന്നതിനാര്‍ അജീര്‍ണ്ണവും ദഹനക്കുറവും പരിഹരിക്കുകയും ശ്ലഷ്മസ്തരത്തിന് ആശ്വാസം നല്‍കുകയും ചെയ്യും വെളുത്തുള്ളി ഉള്ളി എന്നിവ കഴിക്കുന്നതുമൂലമുള്ള നെഞ്ചെരിച്ചില്‍, വായുകോപം എന്നിവ ശമിക്കാന്‍ ഏലക്കയുടെ ഉപയോഗം വഴി കഴിയും.
 • വാഴയില പൊടിച്ചെടുത്തതും നെല്ലിക്കനീരും ചേര്‍ത്ത് ഏലക്കായ് കഴിക്കുന്നത് മൂത്രം പോകുന്നതിന് നല്ലതാണ്. ഗൊണേറിയ, സിസ്റ്റിറ്റൈസ്, വൃക്കകളെബാധിക്കുന്ന നെഫ്രൈറ്റിസ്, എരിച്ചില്‍, ക്രമമല്ലാത്ത മൂത്രം പോക്ക് എന്നിവയ്ക്കുള്ള ചികിത്സയിലും ഇത് ഉപയോഗിക്കുന്നുണ്ട്.
 • ചായയ്ക്കൊപ്പം ഏലക്കായ് ചേര്‍ക്കുമ്പോള്‍ സുഖകരമായ സുഗന്ധമുണ്ടാകും. വിഷാദത്തിന് ഇത് പരിഹാരമാണ്.
 • വിവിധതരം രാസാഗ്നികള്‍, ഹോര്‍മോണുകള്‍, ആമാശയരസങ്ങള്‍, കുടലിന്‍റെ അനക്കം, രക്തയോട്ടം, വിസര്‍ജ്ജനം എന്നിവയെ ത്വരിതപ്പെടുത്തുമെന്നതിനാല്‍ ശരീരത്തിന്‍റെ  ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്ക് ഏലക്കായ് ഗുണകരമാണ്.
 • രാത്രിയില്‍ കിടക്കാന്‍ നേരം പാലിനും തേനിനുമൊപ്പം ഏലക്കായ് കഴിക്കുന്നത് പ്രകൃതിദത്തമായ ടോണിക്കാണ്. ഓര്‍മക്കുറവ് പരിഹരിക്കുന്നതിനും ഇത് സഹായിക്കും.
ഹൃദയാരോഗ്യത്തിനു സീതപ്പഴം

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു സീതപ്പഴം ഗുണകരം. സീതപ്പഴത്തില്‍ സോഡിയവും പൊട്ടാസ്യവും സംതുലിതം. അത് രക്‌തസമ്മര്‍ദ വ്യതിയാനങ്ങള്‍ നിയന്ത്രിതമാകുന്നതിനു സഹായകം. സീതപ്പഴത്തില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയ മഗ്നീഷ്യം ഹൃദയപേശികളുടെ ആരോഗ്യത്തിനു ഗുണപ്രദം. ഹൃദയാഘാതം, സ്ട്രോക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.

സീതപ്പഴത്തിലുളള നാരുകളും നിയാസിന്‍ എന്ന ആന്റിഓക്സിഡന്റും ചീത്ത കൊളസ്ട്രോള്‍ (എല്‍ഡിഎല്‍)കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോള്‍(എച്ച്ഡിഎല്‍) കൂട്ടുന്നതിനും സഹായകം. കുടലില്‍ നിന്നു കൊളസ്ട്രോള്‍ ശരീരത്തിലേക്കു വലിച്ചെടുക്കപ്പെടുന്നതു തടയുന്നതിനും സഹായകം. ശരീരത്തിലേക്കു ഷുഗര്‍ വലിച്ചെടുക്കപ്പെടുന്നതിന്റെ വേഗം കുറയ്ക്കുന്നതിനു സീതപ്പഴത്തിലെ നാരുകള്‍ ഗുണപ്രദം. ഇതു ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിനു സഹായകം. എന്നാല്‍ മധുരം ഏറെയായതിനാല്‍ പ്രമേഹബാധിതര്‍ സീതപ്പഴം മിതമായി മാത്രം കഴിക്കുക. ഇക്കാര്യത്തില്‍ കുടുംബ ഡോക്ടര്‍, ഡയറ്റീഷന്‍ എന്നിവരുടെ നിര്‍ദേശം സ്വീകരിക്കാവുന്നതാണ്.

പ്രായമായവരുടെ ആരോഗ്യത്തിനു സീതപ്പഴം സഹായകം.സീതപ്പഴത്തില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുളള മഗ്നീഷ്യം ശരീരത്തിലെ ജലാംശം സംതുലനം ചെയ്യുന്നു, സന്ധികളില്‍ നിന്ന് ആസിഡിനെ നീക്കുന്നു. റുമാറ്റിസം, സന്ധിവാതം എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു. പേശികളുടെ തളര്‍ച്ച കുറയ്ക്കുന്നതിനു സഹായകം. സീതപ്പഴത്തിലുളള കാല്‍സ്യവും എല്ലുകളുടെ ആരോഗ്യത്തിനു സഹായകം.

ദഹനക്കേടു മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കു പ്രതിവിധിയായും സീതപ്പഴം ഗുണപ്രദം. കുടലില്‍ നിന്നു വിഷമാലിന്യങ്ങളെ പുറന്തളളുന്ന പ്രവര്‍ത്തനങ്ങള്‍ക്കു സഹായകം. ആമാശയവുമായി ബന്ധമുളള ആരോഗ്യപ്രശ്നങ്ങളായ നെഞ്ചെരിച്ചില്‍, അള്‍സര്‍, അസിഡിറ്റി, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സീതപ്പഴം ഗുണപ്രദം. ഇടത്തരം വലുപ്പമുളള ഒരു സീതപ്പഴത്തില്‍ ആറു ഗ്രാം ഡയറ്ററി നാരുകളുണ്ട്. ഇത് ശരീരത്തിന് ഒരു ദിവസം ആവശ്യമായതിന്റെ 90 ശതമാനം വരും. മലബന്ധം അകറ്റുന്നതിനും നാരുകള്‍ സഹായകം. ബി കോപ്ലക്സ് വിറ്റാമിനുകള്‍ സീതപ്പഴത്തില്‍ ധാരാളം. തലച്ചോറിലെ ന്യൂറോണുകളുടെ പ്രവര്‍ത്തനത്തെ ഇവ നിയന്ത്രിക്കുന്നുണ്ട്. അതിനാല്‍ സ്ട്രസ്, ടെന്‍ഷന്‍, ഡിപ്രഷന്‍ തുടങ്ങിയ മാനസിക വിഷമതകള്‍ കുറയ്ക്കുന്നതിനു സഹായകം. പാര്‍ക്കിന്‍സണ്‍സ് രോഗ സാധ്യത കുറയ്ക്കുന്നതിനും സീതപ്പഴം ഗുണപ്രദം.

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് ആപ്പിള്‍

ആപ്പിളില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം. ഇവ കോശങ്ങളില്‍ ഫ്രീ റാഡിക്കലുകള്‍ രൂപപ്പെടുന്നതു തടയുന്നതിലൂടെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.

കാന്‍സര്‍ മുഴകളുടെ വളര്‍ച്ച തടയുന്നു. കാന്‍സര്‍കോശങ്ങളുടെ നാശം ത്വരിതപ്പെടുത്തുന്നു. കുടല്‍. സ്തനം, കരള്‍, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന തരം കാന്‍സറുകള്‍ക്കുളള സാധ്യത ആപ്പിള്‍ ശീലമാക്കിയാല്‍ കുറയുമെന്നു പഠനങ്ങള്‍ പറയുന്നു.

ആപ്പിളില്‍ ധാരാളമായുളള വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുതന്നെ. രോഗപ്രതിരോധശക്‌തി കൂട്ടുന്നതിനു വിറ്റാമിന്‍ സി സഹായകം. ശ്വാസകോശങ്ങള്‍ക്ക് ആരോഗ്യവും കരുത്തും നല്കുന്നു.
ശ്വാസനാളത്തിലെ നീര്‍വീക്കം കുറച്ച് ശ്വസനം സുഗമമാക്കുന്നതിനു വിറ്റാമിന്‍ സി സഹായകം. പതിവായി ആപ്പിള്‍ കഴിക്കുന്നതിലൂടെ ആസ്തമ സാധ്യത കുറയ്ക്കാമെന്ന് ബ്രിട്ടനില്‍ നടന്ന ഒരു പഠനം പറയുന്നു. ആപ്പിളിലുളള ഫ്ളേവനോയിഡുകളും ഫീനോളിക് ആഡിഡുകളും ശ്വാസനാളത്തിലെ നീര്‍വീക്കം (inflammation) കുറച്ച് ശ്വസനം സുഗമമാക്കുന്നു.

പ്രായമായവരുടെ ആരോഗ്യജീവിതത്തിനും ആപ്പിള്‍ ഗുണപ്രദം. പ്രായമായവരില്‍ എല്ലുകള്‍ക്കു ബലക്ഷയം സംഭവിച്ചു പൊട്ടാനും ഒടിയാനുമുളള സാധ്യത ഏറെയാണ്; പ്രത്യേകിച്ചും 50 വയസിനു മുകളില്‍ പ്രായമുളള സ്ത്രീകളില്‍. എല്ലുകളുടെ കരുത്തുകൂട്ടുന്നതിന് അവശ്യം വേണ്ട പോഷകമാണു കാല്‍സ്യം.

ആപ്പിളില്‍ കാല്‍സ്യം ധാരാളം. കൂടാതെ അതിലുളള ആന്റി ഓക്സിഡന്റുകള്‍ ബോണ്‍ ഡെന്‍സിറ്റി കൂട്ടുന്നു. ആപ്പിളിലുളള ബോറോണ്‍ എല്ലുകളെ കരുത്തുറ്റതാക്കി പൊട്ടലുകള്‍ തടയുന്നു. ആപ്പിളിലുളള phloridzin എന്ന ഫ്ളേവനോയിഡ് എല്ലുകള്‍ കട്ടികുറഞ്ഞു പൊടിയുന്ന ഓസ്റ്റിയോപൊറോസ് എന്ന എല്ലുരോഗത്തിനുളള സാധ്യത കുറയ്ക്കുന്നു.

ആപ്പിളില്‍ ധാരാളമുളള കാല്‍സ്യം പല്ലുകളുടെ ആരോഗ്യത്തിനും ഗുണകരം. അറിയാമല്ലോ. കൂടാതെ പതിവായി ആപ്പിള്‍ നന്നായി ചവച്ചരച്ചു കഴിക്കുന്നത് പല്ലുകളുടെ മഞ്ഞക്കറ അകറ്റി തിളക്കം കൂട്ടുന്നതിനു സഹായകം.

കൈയടിച്ച് നേടാം ആരോഗ്യം...

ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും കൈയടിച്ച് സ്വീകരിക്കുന്നവരാണു നമ്മള്‍. ഉദ്യോഗക്കയറ്റം, പരീക്ഷാവിജയം, ആഘോഷങ്ങള്‍, പ്രാര്‍ഥന, പാട്ടു പാടുമ്പോള്‍, കായികമത്സരങ്ങള്‍ അങ്ങനെയങ്ങനെ... സന്തോഷകരമായ എന്തിനെയും നമ്മള്‍ കൈയടിച്ച് സ്വീകരിക്കുന്നു.

കൈയടി അഥവാ കൈകൊട്ടല്‍ കൈകള്‍ തമ്മില്‍ കൂട്ടിയടിക്കല്‍ മാത്രമാണെന്നു കരുതരുത്. നിരവധി രോഗങ്ങള്‍ സുഖപ്പെടുത്താന്‍ കഴിയുന്ന ഫലപ്രദമായ വ്യായാമമാണിതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

നമ്മുടെ ശരീരത്തില്‍ 340 പ്രഷര്‍ പോയിന്റുകളുണ്ട്. ഇതില്‍ 28 എണ്ണം കൈകളിലാണ്. ഈ പ്രഷര്‍ പോയിന്റുകള്‍ക്ക് ശരീരത്തിലെ വിവിധ അവയവങ്ങളുമായി ബന്ധമുണ്ട്. അതായത് വിവിധ ശരീരാവയവങ്ങളിലെ വേദനകള്‍ ഇല്ലാതാക്കാന്‍ ഈ പ്രഷര്‍ പോയിന്റുകളെ ഉത്തേജിപ്പിച്ചാല്‍ മതി.

ക്ലാപിങ് തെറാപ്പി
വെളിച്ചെണ്ണ, കടുകെണ്ണ ഇവയില്‍ ഏതെങ്കിലും അല്ലെങ്കില്‍ ഇവയുടെ മിശ്രിതം കൈപ്പത്തിയില്‍ തടവുക. ഇത് ശരീരം വലിച്ചെടുക്കും. ശരീരത്തിനുള്ളില്‍ ഉണ്ടാകുന്ന ഊര്‍ജ്ജം ചോര്‍ന്നു പോകാതിരിക്കാന്‍ സോക്സോ തുകല്‍ ചെരിപ്പോ ധരിക്കുക. രണ്ടു കൈകളും ചേര്‍ത്തുവയ്ക്കുക. വിരല്‍ത്തുമ്പുകളും കൈപ്പത്തിയും എല്ലാം പരസ്പരം സ്പര്‍ശിക്കണം. ഈ വ്യായാമം രാവിലെ ചെയ്യുന്നതാണു നല്ലത്. ഇരുപതു മുതല്‍ മുപ്പത് മിനിറ്റു വരെ കൈകൊട്ടുന്നത് നിങ്ങളെ ഊര്‍ജ്ജസ്വലരാക്കും.

പ്രധാനമായും അഞ്ച് അക്യുപ്രഷര്‍ പോയിന്റുകളാണ് കൈകളിലുള്ളത്. ഹാന്‍ഡ്‌വാലി പോയിന്റ്, ബേസ് ഓഫ് തംബ് പോയിന്റ്, റിസ്റ്റ് പോയിന്റ്, ഇന്നര്‍ഗേറ്റ് പോയിന്റ്, തംബ് നെയില്‍ പോയിന്റ് എന്നിവയാണവ.

കൈയടി നല്‍കും ഗുണങ്ങള്‍

 1. ഹൃദയത്തിന്റെ പ്രശ്നങ്ങള്‍ക്കും ശ്വാസകോശരോഗങ്ങള്‍ക്കും ശമനം നല്‍കുന്നു.
 2. പുറംകഴുത്ത്, സന്ധിവേദനകളില്‍ നിന്ന് ആശ്വാസമേകുന്നു.
 3. ദഹനപ്രശ്നങ്ങള്‍ക്കുള്ള ഫലപ്രദമായ ചികിത്സയാണിത്.
 4. കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് സഹായകം.
 5. പ്രായമായവര്‍ക്കുണ്ടാകുന്ന സന്ധിവാതത്തിനു് ആശ്വാസമേകുന്നു.
 6. കുട്ടികളെ സമര്‍ഥരാക്കുന്നു. പതിവായി കൈകൊട്ടന്‍ ശീലമാക്കിയ കുട്ടികള്‍ മറ്റു കുട്ടികളെ അപേക്ഷിച്ച് കുറച്ചുമാത്രം അക്ഷരത്തെറ്റുകളേ വരുത്തുകയുള്ളു.
 7. കൈകൊട്ടല്‍ ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നു.
 8. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു.
 9. പ്രമേഹം, സന്ധിവാതം, രക്താതിമര്‍ദ്ദം, ഡിപ്രഷന്‍, തലവേദന, ജലദോഷം, ഉറക്കമില്ലായ്മ, നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍ ഇവയില്‍ നിന്ന് ആശ്വാസമേകാന്‍ ദിവസവും അരമണിക്കൂര്‍ കൈകൊട്ടല്‍ ശീലമാക്കുന്നതിലൂടെ സാധിക്കും.
 10. ശീതീകരിച്ച വീടുകളിലും ഓഫീസുകളിലും കഴിയുന്നവരില്‍ അതായത് ഒട്ടും വിയര്‍ക്കാത്തവര്‍ ക്ലാപിങ് തെറാപ്പി പരിശീലിക്കുന്നത് വളരെ നല്ലതാണ്. ഇത് രക്തചംക്രമണം വര്‍ധിപ്പിക്കാനും ശരീരം മുഴുവന്‍ ശുചിയാക്കാനും സഹായിക്കും.

വാര്‍ധക്യത്തിലെ ദഹനപ്രശ്നങ്ങള്‍

ഉപാപചയപ്രവര്‍ത്തനങ്ങള്‍ കുറയുന്ന കാലമാണ് വാര്‍ധക്യം. ദഹനക്ഷമതയും കുറയുന്നു. അതുകൊണ്ടുതന്നെ ആഹാരത്തിന്‍റെ അളവു കുറയ്ക്കണം. എളുപ്പം ദഹിക്കുന്ന ആഹാരം മാത്രമേ കഴിക്കാവൂ. അന്നനാളത്തിന്‍റെ ചലനം ശരിയായി നടക്കാത്തതിനാല്‍ ആഹാരം തടഞ്ഞുനില്‍ക്കുന്നതുപോലെ തോന്നാം. വിശപ്പില്ലായ്മയും വരാം.

ലക്ഷണങ്ങളും ആഹാരവും ശ്രദ്ധിക്കുക

ആഹാരം തടഞ്ഞു നില്‍ക്കുക, വിശപ്പില്ലായ്മ, തൂക്കകുറവ്, വിസര്‍ജ്യത്തില് രക്തം കാണുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ നിസ്സാരമാക്കരുത്. ഡോക്ടറെ കാണണം. രോഗം നേരത്തെ കണ്ടെത്തിയാല്‍ ഉചിതമായ ചികിത്സകള്‍ ചെയ്തു രോഗം സുഖപ്പെടുത്താം. ഇലക്കറികള്‍, തവിടുനീക്കാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. മൈദ, റവ തുടങ്ങിയ നാരുകള്‍ നീക്കം ചെയ്ത ധാന്യപ്പൊടികള്‍ കൊണ്ടുള്ള ആഹാരം ഉപേക്ഷിക്കണം. കാലറികൂടുതലുള്ള ആഹാരവും മധുരപലഹാരങ്ങളും കഴിയുന്നത്ര കുറയ്ക്കണം. രാത്രിയില്‍ ചൂടു കഞ്ഞിയോ, ചപ്പാത്തിയോ പച്ചക്കറിക്കൊപ്പം കഴിക്കാം. മദ്യപാനവും, പുകവലിയും നിര്‍ത്തണം. ആഹാരശേഷം ഉടന്‍ കിടക്കരുത്.

ഗ്യാസ്ട്രബിളും ആഹാരവും

മധ്യവയസുമുതല്‍ ഗ്യാസ്ട്രബിള്‍ പ്രശ്നക്കാരനാകും. പ്രമേഹരോഗികളില്‍ ഗ്യാസ്ട്രബിള്‍ പ്രശ്നം കൂടുതലായി കാണാറുണ്ട്. ദഹനം നന്നായി നടക്കാതെ വന്നാല്‍ ബാക്ടീരിയ ആഹാരത്തില്‍ പ്രവര്‍ത്തിച്ച് ഫെര്‍മെന്‍റേഷന്‍ സംഭവിച്ച് ഗ്യാസ് ഉണ്ടാക്കും. കുടലിന്‍റെ ചലനശേഷി കുറഞ്ഞാലും ഗ്യാസട്രബിള്‍വരും. നന്നായി ചവച്ചരച്ചു കഴിക്കുന്നതും ദഹിക്കാന്‍ എളുപ്പമുള്ളവ കഴിക്കുന്നതും വ്യായാമവും ഗ്യാസ്ട്രബള്‍ വരാതെ തടയും.

കടല, ഉണങ്ങിയ പയര്‍, ഗ്രീന്‍പീസ്, കപ്പ, തുവരപരിപ്പ്, കിഴങ്ങുവര്‍ഗങ്ങള്‍, കൊഴുപ്പടങ്ങിയ ആഹാരം എന്നിവ ഗ്യാസ് ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ഈ ആഹാരങ്ങള്‍ എല്ലാവരിലും ഗ്യാസ് ഉണ്ടാക്കുന്നതായി കാണുന്നില്ല. പ്രശ്നമുള്ളവര്‍ ഇവ ഒഴിവാക്കുക.

ഭക്ഷ്യവിഷബാധ നിസാരമാക്കല്ലേ

പഴകിയആഹാരം

പഴകിയ ആഹാരം കഴിക്കുന്നതാണ് മിക്കപ്പോഴും ഭക്ഷ്യവിഷബാധയിലേക്കു വഴി തെളിക്കുന്നത്. ഹോട്ടലിലെ പഴയ ആഹാരം ചൂടാക്കിയത്. ബേക്കറിയിലെ പഴയ സ്നാക്കുകള്‍, ബിരിയാണിപോലുള്ള ആഹാരം വൈകി കഴിക്കുന്നത് ഇവയെല്ലാം കാരണമാകും.

പഴകുന്തോറും ആഹാരത്തില്‍ അണുക്കള്‍ വര്‍ധിക്കുകയാണ്. സാലഡ്, ചട്നി, തൈരുസാദം എന്നിവ തയാറാക്കിയ ഉടന്‍ കഴിക്കണം. ഇല്ലെങ്കില്‍ വിഷബാധയുണ്ടാകും. ക്ലോസ്ട്രിഡിയം വിഭാഗത്തിലുള്ള ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യവിഷബാധയുണ്ടാക്കുന്നത്.ക്ളോസ്ട്രിഡിയം ബോട്ടുലിനം,സാലമൊണല്ല, സ്റ്റെഫൈലോകോക്കസ് എന്നിവയും ഇതിനു കാരണമാകുന്നു. ഈ ബാക്ടീരിയകള്‍ പുറത്തുവിടുന്ന അപകടകാരികളായ ടോക്സിനുകള്‍ ജീവനുപോലും ഭീഷണിയാണ്. ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യംമുള്ള ആഹാരം കഴിച്ച് ഏകദേശം പന്ത്രണ്ടു മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ തുടങ്ങും. പ്രഥമശുശ്രൂഷ എന്ന നിലയില്‍ വിഷാംശം കുറയ്ക്കുന്നതിന് ധാരാളം വെള്ളം കുടിക്കണം. ഓആര്‍എസ് ലായനിയും ഫലപ്രദാണ്.

എങ്ങനെ തടയാം?

പഴയ ആഹാരം ഉപയോഗിക്കരുത്. രുചി, മണം, നിറം എന്നിവയില്‍ വ്യത്യാസമനുഭവപ്പെട്ടാല്‍ എത്ര വിലകൂടിയ ആഹാരമായാലും കഴിക്കരുത്.

പാകം ചെയ്ത ആഹാരം ഏറെനേരം തുറന്നു വയ്ക്കാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പാകം ചെയ്ത മാംസം, മുട്ട- മത്സ്യം ഇവയും അധികനേരം തുറന്നു വയ്ക്കരുത്.

തണുത്ത ആഹാരം നന്നായി ചൂടാക്കി അല്ലെങ്കില്‍ തിളപ്പിച്ചു മാത്രം കഴിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

ബേക്കറി പലഹാരങ്ങള്‍ അന്നന്നു പാകപ്പെടുത്തിയവ തന്നെ കഴിക്കുക. പഴകിയ എണ്ണപ്പലഹാരങ്ങളും ഉപയോഗിക്കരുത്.

പായ്ക്കറ്റ് ഫുഡ് വാങ്ങുമ്പോള്‍ നല്ല ബ്രാന്‍ഡ് തിരഞ്ഞെടുക്കണം. എക്സപെയറി ഡേറ്റും പരിശോധിക്കണം.

ഇന്‍സ്റ്റന്‍റ് കറിക്കൂട്ടുകള്‍

മഞ്ഞള്‍പ്പൊടി, മുളകുപൊടി തുടങ്ങി എല്ലാത്തരം പൊടികളും മസാലകളും ഇന്നു വിപണിയിലുണ്ട്. വാങ്ങി നേരിട്ടുപയോഗിച്ചാല്‍ മാത്രം മതി. എന്നാല്‍ ഇവയില്‍ ചിലതെങ്കിലും മായം കലര്‍ത്തപ്പെടുന്നു എന്ന് ആരോപണമുണ്ട്. അത്തരം ആഹാരം കഴിക്കുന്നതിലൂടെ ദഹന പ്രശ്നങ്ങളുണ്ടാകുമെന്നതില്‍ സംശയം വേണ്ട. അവ തിരഞ്ഞെടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം.

നല്ലബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ മാത്രം വാങ്ങുക. കാലഹരണതീയതി കൃത്യമായി പരിശോധിക്കണം.

ഉപയോഗിക്കാന്‍ ആവശ്യമുള്ളത്ര ചെറിയ അളവില്‍ വാങ്ങിയാല്‍ മതി. കൂടുതല്‍ കാലത്തേക്ക് മുന്‍കൂട്ടി വാങ്ങി വയ്ക്കുന്നത് ഗുണമേന്മയെ ബാധിക്കും. ഇരുന്നു പഴകാം.

ഉപയോഗം കഴിഞ്ഞാല്‍ വായു കടക്കാത്ത ബോട്ടിലില്‍ ഇവ ഭദ്രമായി അടച്ചു സൂക്ഷിക്കണം. നനഞ്ഞ സ്പൂണ്‍ ഇട്ട് കോരിയെടുക്കരുത്, ഫംഗസ് ബാധയുണ്ടാകും.

പേരയ്ക്ക കഴിച്ചാല്‍ ഉള്ള ഗുണങ്ങള്‍

പേരയ്ക്കയ്ക്ക് ഇത്രയേറെ ഗുണങ്ങളോ എന്നാണ് ചിന്തിക്കുന്നതെങ്കില്‍ വേണ്ട. ഒരുപാട്ചിന്തിക്കണ്ട.പോഷകങ്ങളുടെ കാര്യത്തില്‍ ഇത്രയെറെ മികച്ച പഴങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ പേരയ്ക്ക ആന്‍റി ഓക്സിഡന്‍റ്, മിനറന്‍സ്, തുടങ്ങിയവയാല്‍ സമ്പന്നമായ പേരയ്ക്ക സ്ഥിരമായി കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണം ഉണ്ടാകും.സ്ഥിരമായി കഴിക്കുന്നതു രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. കൂടാതെ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യും. ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ പേരക്കായ്ക്കു പ്രത്യേക കഴിവുണ്ട്. സ്ഥിരമായി കഴിക്കുന്നത് കാഴ്ച ശക്തി വര്‍ധിപ്പിക്കും. ബുദ്ധിവികാസത്തിനും മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പേരയ്ക്ക സ്ഥിരം കഴിക്കുന്നതു കൊണ്ടു സാധിക്കും.ഗര്‍ഭിണികള്‍ പേരയ്ക്ക കഴിക്കുന്നതു ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തിനു വളരെ നല്ലതാണ്.

സ്ഥിരമായി കഴിക്കുന്നതു ചര്‍മ്മത്തതിനു പ്രായമാകുന്നതിനെ ചെറുക്കുന്നു. സ്ഥിരമായി പേരയ്ക്ക കഴിച്ചാല്‍ വണ്ണം കുറയാന്‍ സഹായിക്കും. പേരയില ഇട്ടു ചായ കുടിക്കുന്നതു പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണം ചെയ്യും. സ്ഥിരമായി ഇതു കുടിക്കുന്നതു ക്യാന്‍സറിനെ ചെറുക്കുമെന്നു പഠനങ്ങള്‍ പറയുന്നു.അതികം മൂപ്പില്ലാത്ത പേരയില കഴുകിയെടുത്ത ശേഷം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്‌ ആ വെള്ളം കൊണ്ടു ചായ ഉണ്ടാക്കിയാണു കൂടിക്കേണ്ടത്. പ്രമേഹ രോഗികള്‍ക്ക് ഈ ചായ ഏറെ ഗുണം ചെയ്യും. കൂടാതെ അമിതവണ്ണം കുറയ്ക്കാനും ഈ ചായ ഉപകരിക്കും. ചീത്ത കൊളസ്ട്രോള്‍ കുറച്ച്‌ നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാന്‍ ഈ ചായയ്ക്കു കഴിയും. പേരയില വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച്‌ ശേഷം ആ വെള്ളം കൊണ്ടു തലകഴുകുന്നത് മുടി വളരാനും നര ഒഴിവാക്കാനും സാധിക്കും എന്നും പറയുന്നു

സ്ത്രീകളിലെ കരള്‍ രോഗങ്ങള്‍

സ്ത്രീകളിലെ കരള്‍ രോഗങ്ങള്‍ തിരിച്ചറിയുന്നതു പലപ്പോഴും അവസാനഘട്ടത്തിലാണ്. ആദ്യസമയങ്ങളില്‍ ലക്ഷണങ്ങളത്ര പ്രകടമല്ല അഥവാ എന്തെങ്കിലും കണ്ടാല്‍ തന്നെ സ്ത്രീകള്‍ അതു കാര്യമാക്കാറില്ല. കരളിനെ രോഗം ബാധിച്ച് സാവധാനം അതു മൂര്‍ച്ഛിച്ച് അവസാനഘട്ടത്തില്‍ കാലില്‍ നീര്, വയറ്റില്‍ നീര്‍ക്കെട്ട് എന്നിവയൊക്കെകാണുമ്പോഴാണ് ചികിത്സ തേടുന്നത്. അശ്രദ്ധയും നിസ്സാരമാക്കലുമാണ് ഏതുരോഗത്തിന്‍റെയും കാര്യത്തിലെന്നതുപോലെ സ്ത്രീകളിലെ കരള്‍ രോഗങ്ങളെയും മാരകമാക്കുന്നത്. ഈ അശ്രദ്ധ ഭക്ഷണകാര്യത്തിലും വ്യായാമത്തിന്‍റെ കാര്യത്തിലുമൊക്കെയുണ്ട്. കുടുംബത്തിന്‍റെ ഭക്ഷണം ആരോഗ്യകരമാക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വന്തം ആരോഗ്യത്തെ അവര്‍ മറന്നു കളയുന്നു. സമയം തെറ്റിയുള്ള ഭക്ഷണം അമിത അളവില്‍ ഭക്ഷണം കഴിക്കാന്‍ ഇടയാക്കുന്നു. അതുപോലെ മിച്ചം വരുന്ന ഭക്ഷണം കളയാതിരിക്കാന്‍ കഴിക്കുന്നതും പതിവാണ്. കൌമാരത്തിലെ വളര്‍ച്ച, പ്രസവം എന്നിവയോടനുബന്ധിച്ചും അളവില്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നുണ്ട്. ഇങ്ങനെ അമിതഅളവില്‍ കാര്‍ബോഹൈഡ്രേറ്റും ഊര്‍ജവും സ്ത്രീകളുടെ ശരീരത്തിലടിയാന്‍ സാഹചര്യങ്ങള്‍ നിരവധിയാണ്. പലവിധ ജോലിത്തിരക്കുകള്‍ക്കിടയില്‍ വ്യായാമം നടക്കുന്നുമില്ല. ഇതുമൂലം അമിതഭാരവും കുടവയറും അടുത്തഘട്ടമായി കരളില്‍ കൊഴുപ്പടിഞ്ഞുകൂടുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറും പിടികൂടുന്നു. വല്ലാത്ത ക്ഷീണം എപ്പോഴും കിടക്കാന്‍ തോന്നുക എന്നീ രണ്ടുലക്ഷണങ്ങളും കരള്‍ രോഗങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ച് സത്രീകളിലെ കരള്‍ രോഗങ്ങളുടെ കാര്യത്തില്‍ ഈ ലക്ഷണങ്ങള്‍ കാണുന്നതു 30-40 വയസ്സിനു മുകളിലുള്ള അമിതവണ്ണമുള്ള സ്ത്രീകളിലാണെങ്കില്‍ പ്രത്യേകിച്ച് ശ്രദ്ധിക്കുക. കരള്‍ രോഗം ഗുരുതരമാകുന്നതിന്‍റെ സൂചനയാകാമിത്. എത്രയും വേഗം ഒരു ഡോക്ടറെകണ്ട് കരളിന്‍റെ പ്രവര്‍ത്തനക്ഷമതയ്ക്കു കുറവില്ലെന്നു പരിശോധിച്ച് ഉറപ്പുവരുത്തുന്നതു നല്ലതാണ്.

വിവിധതരം അണുബാധകള്‍ മൂലവും കരള്‍ രോഗങ്ങള്‍ പിടിപെടാം എന്നതിനാല്‍ കാതുകുത്തുന്നതും ശരീരത്തില്‍ പച്ചകുത്തുന്നതും അണുവിമുക്തമായ സൂചികൊണ്ടാണെന്ന് ഉറപ്പാക്കണം.. ഇതുകൂടാതെ ഗര്‍ഭകാലത്തുമാത്രമായി സ്ത്രീകളെ ബാധിക്കുന്ന ചില കരള്‍ രോഗങ്ങളുമുണ്ട്. ഹോപ്പാറ്റിക് കൊളസ്റ്റാസിസ് ഓഫ് പ്രഗ്നന്‍സി, ഹെല്‍പ് സിന്‍ഡ്രം, അക്യൂട്ട് ഫാറ്റി ലിവര്‍ ഓഫ് പ്രഗ്നന്‍സി എന്നിവ ഉദാഹരണം. ഇവയില്‍ ചിലത് അപൂര്‍വമായി പ്രസവശേഷവും നിലനില്‍ക്കും

മദ്യം മൂലമല്ലാത്ത കരള്‍ രോഗം പുതിയ വില്ലന്‍

പണ്ട് കുടവയര്‍ എന്നത് ആഢ്യത്വത്തിന്‍റെ  പ്രതീകമായിരുന്നു. എന്നാല്‍ ഇന്ന് കുടവയര്‍ കണ്ടാല്‍ കരളിലേക്കു നോക്കണ്ട സ്ഥിതിയാണ്. ഫാറ്റി ലിവറുണ്ടോയെന്ന്?.  പലരിലും ബോഡി മാസ് ഇന്‍ഡക്സ് (പൊക്കത്തിനനുസരിച്ചുള്ള ശരീരഭാരം) കൃത്യമായിരിക്കും. ശരീരഭാരവും വേണ്ടത്രയെ കാണൂ. പക്ഷേ കുടവയര്‍ ഉണ്ടെങ്കില്‍ അതുമതി, കരളില്‍ കൊഴുപ്പടിഞ്ഞിട്ടുണ്ടാകും. പ്രധാനകാരണം ജീവിതശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ്. അധ്വാനം കുറഞ്ഞു, ഭക്ഷണംകൂടി, വ്യായാമം പേരിനുപോലുമില്ല. കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിക്കുന്ന അധിക ഊര്‍ജത്തെ ചെലവാക്കാന്‍ ശരീരത്തിനു മറ്റു മാര്‍ഗങ്ങളില്ല. അതുകൊണ്ട് അതു സംഭരിച്ചു വയ്ക്കുന്നു. കേരളീയരുടെ ജനിതക പ്രത്യേകത കാരണം ഈ കൊഴുപ്പ് അവയവങ്ങളിലേക്ക് അടിയാനാണ് സാധ്യത കൂടുതല്‍. അമിതവണ്ണവും ഇന്‍സുലിന്‍ പ്രതിരോധം മൂലമുള്ള പ്രമേഹവും ഉള്ളവരിലും മദ്യരഹിത കരള്‍ രോഗത്തിന് സാധ്യത കൂടുതലാണ്.

കീടനാശിനി കലര്‍ന്ന ഭക്ഷണം

വലിയ അളവില്‍ കീടനാശിനികള്‍ തളിച്ചും രാസവസ്തുക്കള്‍ കുത്തിവെച്ചും വിളയിച്ചെടുക്കുന്ന ഇവയില്‍ രാസവിഷങ്ങളുടെ അവശിഷ്ടം കാണും. ഇതിനേയും കൈകാര്യം ചെയ്യേണ്ടത് നമ്മുടെ കരളാണ്. രകതത്തില്‍ നിന്നും വിഷമാലിന്യങ്ങളെ ശുദ്ധീകരിച്ചെടുക്കുന്നത് കരളിന്‍റെ ധര്‍മ്മമാണല്ലോ. എന്നാല്‍ കരളിന് ഒരു പരിധിയിലധികം ജോലിഭാരമായാല്‍ പ്രവര്‍ത്തനം തകരാറിലാകും. ഇതിന് സെക്കന്‍ഡ് ഹിറ്റ് എന്നു പറയും കരളില്‍ കൊഴുപ്പടിയുന്നതിനോടൊപ്പം ഇങ്ങനെയൊരു സെക്കന്‍റ് ഹിറ്റ് കൂടിആകുമ്പോള്‍ വേഗം തന്നെ കരള്‍ പരാജയത്തിലേക്കത്താം. മെലിഞ്ഞിരിക്കുന്നവരില്‍ ഫാറ്റി ലിവര്‍ വരില്ല എന്നൊരുധാരണയുണ്ട്. അതുതെറ്റാണ്. പോഷകരാഹിത്യം, തൈറോയ്ഡ് രോഗം, മെറ്റബോളിക് സിന്‍ഡ്രം എന്നിവയുള്ളവരിലാണ് ലീന്‍ ഫാറ്റിലിവര്‍ കാണുന്നത്.

പ്രചാരം കൂടുന്നു

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ 20-30 ശതമാനം വരെ മദ്യ രഹിത കരള്‍രോഗം വ്യാപകമാണ്. കേരളത്തിലും ഇതു പ്രായഭേദമില്ലാതെ പ്രചാരത്തിലാവുകയാണെന്നാണു സൂചന. ഇങ്ങനെ പോയാല്‍ പ്രചാരത്തില്‍ മദ്യം മൂലമുള്ള കരള്‍ രോഗങ്ങളെ കവച്ചു വച്ചേക്കും മദ്യരഹിത കരള്‍രോഗങ്ങള്‍. ഇതു തിരിച്ചറിഞ്ഞ് സ്വയം തിരുത്തിയില്ലെങ്കില്‍ ഭാവിയില്‍ കേരളം കരള്‍ രോഗങ്ങളുടെ തലസ്ഥാനമായിമാറിയേക്കാം.

എരിഞ്ഞു വേദനിപ്പിക്കുന്ന അള്‍സര്‍

വയറിന്‍റെ മധ്യഭാഗത്ത് പൊക്കിളിനു മുകളിലായി എരിച്ചിലോടുകൂടിയ വേദനയാണ് പെപ്റ്റിക് അള്‍സറിന്‍റെ പ്രധാനലക്ഷണം ഓക്കാനം ഛര്‍ദി എന്നിവയും വിശന്നിരിക്കുമ്പോള്‍ വേദന, നെഞ്ചെരിച്ചില്‍, വയറുകാളല്‍ എന്നിവയും ഉണ്ടാകും.

ആമാശയത്തേയും ചെറുകുടലിന്‍റെ  ആദ്യഭാഗത്തേയും മാത്രം ബാധിക്കുന്ന രോഗമാണ് അള്‍സര്‍. ആമാശയത്തിലയും കുടലിന്‍റെയും ഉള്ളിലെ ആവരണത്തിനുണ്ടാകുന്ന മുറിവുകളും വ്രണങ്ങളുമാണ് ഇത്.

എരിവും പുളിയും കൂടുതലുള്ള ഭക്ഷണം പതിവാക്കിയവര്‍ക്കാണ് ഇത് വരാനുള്ള സാധ്യത കൂടുതല്‍. ചില വേദനസംഹാരി മരുന്നുകളുടെ പ്രവര്‍ത്തനം അള്‍സറിനു കാരണമായേക്കാം. ഇതിന് എരിച്ചിലോടുകൂടിയ വേദന ഉണ്ടാകണമെന്നില്ല. മാനസിക സംഘര്‍ഷവും സ്ട്രെസ്സും പെപ്റ്റിക് അള്‍സറിലേക്ക് നയിക്കാം.

പുകവലിയും മദ്യപാനവും അള്‍സറിനു സാധ്യത കൂട്ടുന്നവയാണ്. വൃക്കകള്‍ക്ക് തകരാറുള്ളവര്‍ക്കും അള്‍സര്‍ വരാനുള്ള സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍ കൊണ്ടുമാത്രം രോഗനിര്‍ണയം സാധ്യമാകാത്തതിനാല്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്‍ഡോസ്കോപിയാണ്. ആമാശയത്തിലുള്ള അള്‍സറുകള്‍ അര്‍ബുദമല്ല എന്ന് സ്ഥിരീകരിക്കുന്നതിനും എന്‍ഡോസ്കോപി സഹായിക്കും. അള്‍സറുകളില്‍ നിന്നുള്ള രക്തസ്രാവം നിയന്ത്രിക്കാനുള്ള എന്‍ഡോസ്കോപി ചികിത്സയും നിലവിലുണ്ട്.

അള്‍സര് പൂര്‍ണമായും ചികിത്സിച്ചു മാറ്റാം. ആന്‍റിബയോട്ടിക്കുകളും പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്റേഴ്സ് ഗണത്തില്‍ പെടുന്ന ഗുളികകളുമാണ് സാധാരണ നല്‍കാറുള്ളത്. വളരെ വിരളമായേ അള്‍സറിന് ശസ്ത്രക്രിയ വേണ്ടി വരാറുള്ളൂ.

ആഹാരം കൃത്യസമയത്തു കഴിക്കുന്നതും വറുത്തതും പൊരിച്ചതും അധികം എരിവും പുളിയുമുള്ളവയും ഒഴിവാക്കുന്നതുമാണ് അള്‍സര്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ വേദനസംഹാരികള്‍ കഴിക്കാതിരിക്കുക.

ഉള്ളി പച്ചയ്ക്ക് കഴിയ്ക്കുന്നവര്‍ ശ്രദ്ധിക്കുക

ഉള്ളി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെറ്റി ചുളിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിന്‍റെ ഗുണങ്ങള്‍ എണ്ണിയാലും പറഞ്ഞാലും തീരാത്തതാണ്. പാചകം ചെയ്താണ് ഉള്ളി പലപ്പോഴും ഉപയോഗിക്കുന്നത്. പക്ഷേ പാചകം ചെയ്ത് ഉപയോഗിച്ചാല്‍ ഉള്ളിയിലെ ഗുണങ്ങള്‍ ഇല്ലാതാവും. എന്നാല്‍ പച്ചയ്ക്ക് ഉപയോഗിക്കുമ്പോള്‍ ഉള്ളിയിലെ ഗുണങ്ങളൊന്നും നഷ്ടപ്പെടുകയും ഇല്ല. ക്യാന്‍സര്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം ഇല്ലാതാക്കാന്‍ ഉള്ളിയ്ക്ക് കഴിയും. ഇതല്ലാതെ എന്തൊക്കെ ആരോഗ്യഗുണങ്ങള്‍ ഉള്ളിയില്‍ ഉണ്ട് എന്ന് നോക്കാം.

ജീവിതശൈലിയില്‍ ദിവസവും വരുന്ന മാറ്റങ്ങള്‍ അനുസരിച്ച്‌ ക്യാന്‍സര്‍ എന്ന വില്ലന്‍ നമ്മുടെ ജീവിതത്തെ പിടികൂടിയിട്ട് നാളുകള്‍ ഏറെയായി.

എന്നാല്‍ ഉള്ളിയില്‍ ധാരാളം സള്‍ഫര്‍ ഉള്ളതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ഉള്ളിയ്ക്ക് കഴിയും.

യൂറിനറി ഇന്‍ഫെക്ഷനെ ഇല്ലാതാക്കാന്‍ ഉള്ളിയ്ക്ക് കഴിയും. ഉള്ളിയിലെ പല വിറ്റാമിനുകളും യൂറിനറി ഇന്‍ഫെക്ഷനെതിരെ പൊരുതും.

പ്രമേഹത്തെ നിയന്ത്രിക്കാന്‍ പലപ്പോഴും മരുന്നുകള്‍ക്ക് പകരം ഉള്ളി ഉപയോഗിച്ച്‌ നോക്കൂ. ഇത് ഇരട്ടി ഫലം നല്‍കും. ഇന്‍സുലിന്‍റെ നിര്‍മ്മാണം ശരീരത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ ഉള്ളി സഹായിക്കുന്നു.

മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഇന്നത്തെ കാലത്ത് സ്ഥിരമാണ്. ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാനും ദഹനം സുഗമമായി നടക്കാനും ഉള്ളി ഉപയോഗിക്കാം.

തൊണ്ട വേദന എപ്പോള്‍ വരുമെന്ന് പറയാന്‍ കഴിയില്ല. തൊണ്ട വേദന പോലുള്ള പ്രശ്നങ്ങളെ നേരിടാനും ഉത്തമപരിഹാരമാണ് ഉള്ളി.

മൂക്കില്‍ നിന്നും രക്തം വരുന്നതും ഇത്തരത്തില്‍ പ്രധാന പ്രശ്നമാണ്. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ ഉള്ളി മണക്കുന്നത് സഹായകമാകും.

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഓരോ ദിവസവും കൂടിക്കൊണ്ട് വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇല്ലാതാക്കും.

കൊളസ്ട്രോള്‍ സംബന്ധമായ പ്രശ്നങ്ങളും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഉള്ളി സ്ഥിരമായി കഴിയ്ക്കാം.

കുഞ്ഞുങ്ങളെ ആഹാരം കഴിപ്പിക്കാം

മക്കളെ ആഹാരം കഴിപ്പിക്കുന്ന ബുദ്ധിമുട്ട് അമ്മമാര്‍ക്കേ അറിയൂ. കുസൃതിക്കുരുന്നുകളെ ഭക്ഷണം കഴിപ്പിക്കാന്‍ ഇതാ ചില വഴികള്‍

ഇഷ്ടവിഭവങ്ങളില്‍ പോഷകചേരുവകള്‍ ചേര്‍ക്കാം.ഓംലെറ്റ് ഇഷ്ടമാണെങ്കില്‍ അതില്‍ പാല്‍ ചേര്‍ക്കാം. നിറവ്യത്യാസം മനസിലാകാത്ത കാബേജ്, കോളിഫ്ളവര്‍, പനീര്‍ എന്നിവ അരിഞ്ഞും തേങ്ങ ചുരണ്ടിയും ചേര്‍ക്കാം.

രുചിവ്യത്യാസം കുട്ടിക്കും പിടികിട്ടും. അതുകൊണ്ട് കുറച്ച് മാത്രം മറ്റ് ചേരുവകള്‍ ചേര്‍ക്കുക. ക്രമേണ അളവ് കൂട്ടാം.

പലരൂപങ്ങളിലുള്ള കുക്കീകട്ടറുകള്‍ വാങ്ങാന്‍ കിട്ടും. ചപ്പാത്തിയും ദോശയും ഉണ്ടാക്കി കട്ടറുപയോഗിച്ച് മുറിച്ച് നല്കിയാല്‍ കുട്ടിക്ക് താല്‍പര്യം കൂടും. തണ്ണിമത്തനും ആപ്പിളുമെല്ലാം ഇങ്ങനെ  പൂവായും പൂമ്പാറ്റയായും മുറിച്ചു നല്‍കാം.

പുറകെ നടന്ന് നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കരുത്. വിശക്കുമ്പോള്‍ മാത്രം നല്‍കുക. വിശന്നിരിക്കുമ്പോള്‍ എന്തും കഴിക്കും എന്നു കരുതി ഇഷ്ടമില്ലാത്തവ നല്‍കുകയുമരുത്. ഈ രണ്ടു കാര്യങ്ങളും ആഹാരത്തോട് മടുപ്പ് ഉണ്ടാക്കാനേ ഉപകരിക്കൂ എന്നോര്‍ക്കുക.

കുട്ടിയുടെ പ്രായത്തിന് അനുസൃതമായി പോഷണം കിട്ടുന്നുണ്ടോ എന്ന ശ്രദ്ധിക്കുക. നിങ്ങളുടെ സംതൃപ്തി നോക്കി കുട്ടിക്ക് ആഹാരം നല്‍കുന്നത് നല്ല രീതിയല്ല.

ആഹാരം കഴിപ്പിക്കാന്‍ മെനക്കെടുന്ന പല അമ്മമാരും വെള്ളം ആവശ്യത്തിനു കൊടുക്കാന്‍ മറന്നു പോകും. ഒരു വയസ്സുമുതല്‍ മൂന്നു വയസ്സു വരെയുള്ള ദിവസം നാല് – അഞ്ച് ഗ്ലാസ് വെള്ളം കുടിക്കണം. മൂന്നു വയസ്സു മുതല്‍ എട്ട് – പത്ത് ഗ്ലാസ് വെള്ളം കുടിക്കണം.

ആറുമാസം വരെ മുലപ്പാല്‍മാത്രം നല്‍കുന്നതാണ് കുഞ്ഞിന്‍റെ ആരോഗ്യത്തിനും പ്രതിരോധശക്തിക്കും നല്ലത്. ഏഴാം മാസം മുതല്‍ കട്ടിയാഹാരം നല്‍കിത്തുടങ്ങാം. ആദ്യം പഴച്ചാറുകള്‍ പരിചയപ്പെടുത്താം. പിന്നെ റാഗി, ഏത്തയ്ക്കാപ്പൊടി എന്നിവ കുറുക്കി നല്‍കാം. എട്ടാം മാസം മുതല്‍ പയറു പരിപ്പ് വര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവ പേസ്റ്റ് രൂപത്തിലാക്കിയതും ഒമ്പതാം മാസം മുതല്‍ചവച്ചു കഴിക്കാവുന്ന മാര്‍ദവമേറിയ ആഹാരവും കൊടുത്തു തുടങ്ങാം.

കട്ടിയാഹാരം കഴിച്ചു തുടങ്ങുന്ന പ്രായം മുതല്‍ കൃത്യമായ ടൈം ടോബിളില്‍ കുട്ടിക്ക് ആഹാരം നല്‍കണം. ചിട്ട ഉണ്ടാക്കിയെടുത്താല്‍ വളരുമ്പോള്‍ ആഹാരക്രമത്തിലേക്കു കുട്ടിയെത്തും.

കുടലിന്‍റെ ആരോഗ്യത്തിന് വേണം നല്ല ആഹാരം

ഏറെ നാരുകളുള്ള ആഹാരം കുടലിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്,. ചെറുതായി ആവികയറ്റിയതോ ആയ പച്ചക്കറികളും ഫ്രെഷ് പഴങ്ങളും നാരിന്‍റെ സമ്പന്നമായ ഉറവിടങ്ങളാണ്. മഞ്ഞനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളുമെല്ലാംസ്വാഭാവിക ശോധനയെ സഹായിക്കുന്നവയാണ്. മാത്രമല്ല കുടലിന് വളരെ നല്ലതുമാണ്. ഇവയിലെല്ലാം ധാരാളം മംഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ആമാശയത്തിന്‍റെ പെരിസ്റ്റാള്‍റ്റിക് ചലനത്തെ മഗ്നീഷ്യം സഹായിക്കുന്നുണ്ട്. തവിടു നീക്കാത്ത ധാന്യങ്ങളിലെ നാരുകള്‍ വെള്ളത്തെ വലിച്ചെടുക്കുകയും വീര്‍ക്കുകയും ചെയ്യുന്നു. മാത്രമല്ല ഇവ കുടല്‍ വൃത്തിയാക്കാനും സഹായിക്കുന്നു. പപ്പായ, അത്തിപ്പഴം, യോഗര്‍ട്ട്, സ്പിനാച്ച്ചീര, സെലറി എന്നിവയെല്ലാം കുടലിന്‍റെ  ആരോഗ്യത്തിന് ഉത്തമമാണ്. പപ്പായ ജ്യൂസ്, കാരറ്റ് ജ്യൂസ് എന്നീ ജ്യൂസുകളും കുടലിന് വളരെ സുഖപ്രദമാണ്. വിറ്റാമിന്‍ എ, ബി കോംപ്ലക്സ്, ബി1, ബി2, ബി 6,ബി 12, വിറ്റാമിന്‍ സി, ഡി, ഇ,എഫ്, കെ, ഫോളിക് ആസിഡ്, ഇനോസിറ്റോള്‍, നിയാസിന്‍, പാന്‍റോതെനിക് ആസിഡ് എന്നീ വിറ്റാമിനുകള്‍ കുടലിന്‍റെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. മഗ്നീഷ്യം, സോഡിയം, ക്ലോറിന്‍, പൊട്ടാസ്യം, അയണ്‍, കോപ്പര്‍, സിലിക്കോണ്‍, സിങ്ക്, അയഡിന്‍ എന്നീ ധാതുക്കളും ഉത്തമമാണ്. കറ്റാര്‍വാഴ, പെപ്പര്‍മിന്‍റ്, ഇഞ്ചി എന്നീ ഔഷധങ്ങളും കുടല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കുടല്‍വീക്കം സുഖപ്പെടുത്തുന്നതിനു ഫലപ്രദമാണെന്നു ഗവേഷണങ്ങള്‍ തെളിയിക്കുന്നുണ്ട്. നമ്മുടെ മത്സ്യ സമ്പത്ത് ഒമേഗ3ഫാറ്റി ആസിഡിനാല്‍ സമൃദ്ധമാണ്.

ഈ ലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍ സൂക്ഷിക്കുക

ജീവിതശൈലി കൊണ്ടും ഭക്ഷണക്രമം കൊണ്ടും ഹൃദ്രോഗ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരികയാണ്. അന്‍പതുവയസിലും അറുപത് വയസിലും ഉണ്ടാകുന്ന അറ്റായ്ക്ക് ഇന്ന് 25നു ശേഷം എപ്പോള്‍ വേണമെങ്കിലും വരാം എന്നായിരിക്കുന്നു. ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമവും വ്യായാമക്കുറവുമാണ് ഇതിനു കാരണം. താഴെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടുക. കാരണം ഹൃദയാഘാതം ഉണ്ടാകുന്നതിനു ഒരു മാസം മുന്‍പ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകാം.

 1. ശരീരത്തിന്‍റെ ആരോഗ്യം നഷ്ടപ്പെടുകയും ശക്തമായ തളര്‍ച്ചയും ക്ഷീണവും തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ശരീരത്തിലെ രക്തപ്രവാഹം കുറഞ്ഞുവരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
 2. ശരീരം അമിതമായി വിയര്‍ക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
 3. നെഞ്ചില്‍ ഭാരം ഇരിക്കുന്ന പോലെ തോന്നുകയും ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്താല്‍ അവഗണിക്കരുത്. ഈ വേദന തോളിലേയ്ക്കും കൈകളിലേയ്ക്കും പുറത്തേയ്ക്കും വ്യാപിച്ചാല്‍ സൂക്ഷിക്കുക.
 4. മുകളില്‍ പറഞ്ഞ ലക്ഷണങ്ങളൊടൊപ്പം ശക്തമായ ജലദോഷം, പനി എന്നിവ ഉണ്ടാകുന്നതും അവഗണിക്കാതിരിക്കുക. ഇത് ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കുന്നു.
 5. ശക്തമായ ശ്വാസതടസം അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത്. രക്തപ്രവാഹം കുറയുന്നതിന്‍റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണിത്.

കടപ്പാട് : www.infomagic.com© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate