Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യം ശ്രദ്ധിക്കേണ്ട വസ്തുതകള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യം ശ്രദ്ധിക്കേണ്ട വസ്തുതകള്‍

കൂടുതല്‍ വിവരങ്ങള്‍

ആസ്ത്മ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആസ്ത്മ രോഗികള്‍ രോഗത്തെക്കുറിച്ച് സ്വയം നടത്തുന്ന വിലയിരുത്തലുകള്‍ പലപ്പോഴും ഡോക്ടര്‍മാരുടെ നിഗമനങ്ങളുമായി ഒത്തുപോവാത്തതായിരിക്കും. ഭൂരിപക്ഷം രോഗികളും രോഗം നിയന്ത്രണ വിധേയമാകാതെ തന്നെ അവരുടെ ദൈനംദിന ജോലികള്‍ ചെയ്ത് ജീവിക്കുന്നവരാണ്. ഇത് വളരെ അപകടകരമായ സ്ഥിതിയാണ്. എന്തെന്നാല്‍, രക്ത സമ്മര്‍ദമുള്ള ചില രോഗികള്‍ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തുന്നതുപോലെ, പല ആസ്ത്മ രോഗികളും ശ്വാസംമുട്ട് കൂടുതല്‍ അനുഭവപ്പെടുന്നില്ലെങ്കില്‍ സ്ഥിരമായി ഉപയോഗിക്കേണ്ട ഇന്‍ഹേലറുകള്‍ നിര്‍ത്തിവെക്കുന്നു. മാത്രമല്ല, ശ്വാസംമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ഇത്തരം രോഗികള്‍ ഇങ്ങനെ കായികാധ്വാനം കുറച്ച് ആസ്ത്മ നിയന്ത്രണ മരുന്നുകള്‍ നിര്‍ത്തി ഡോക്ടറെ സമീപിക്കുമ്പോള്‍ രോഗാവസ്ഥയുടെ ശരിയായ ഒരു ചിത്രമല്ല ഡോക്ടറുടെ മുമ്പില്‍ വരുന്നത്.

ആസ്ത്മ നിയന്ത്രണാധീനമായോ എന്നറിയാന്‍ ഭിഷഗ്വരന് അനവധി ഉപാധികളുണ്ട്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് മാര്‍ഗരേഖകള്‍ അനുസരിച്ച് സ്‌പൈറോമെട്രിയും ഉച്ഛ്വസിക്കുന്ന നൈട്രിക് ഓകൈ്‌സഡിന്റെ അളവും ഇതിന് വളരെ ഉപകാരപ്രദമാണ്. ചികിത്സയിലിരിക്കുന്ന ആസ്ത്മരോഗിയെ പരിശോധിക്കുമ്പോള്‍ 'നിങ്ങളുടെ ആസ്ത്മ എങ്ങനെയുണ്ട്?' എന്ന ചോദ്യത്തിന് അര്‍ഥമില്ല. ഇതിന് രോഗിയുടെ മറുപടി 'സുഖമുണ്ട്' എന്നാണ്. 'നിങ്ങളുടെ ആസ്ത്മ നിങ്ങളെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തുന്നുണ്ടോ? സാല്‍ബ്യുട്ടമോള്‍ എന്ന രോഗശമനൗഷധം ആഴ്ചയില്‍ എത്രതവണ ഉപയോഗിക്കേണ്ടി വരുന്നുണ്ട്? നിങ്ങള്‍ക്ക് സാല്‍ബ്യുട്ടമോള്‍ വലിക്കാതെ തന്നെ സാധാരണ ശാരീരികാധ്വാനം സാധ്യമാകുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ കൊണ്ട് ആസ്ത്മ നിയന്ത്രണത്തെപ്പറ്റി ശരിയായ അറിവ് ലഭിക്കും.

ആസ്ത്മ നിയന്ത്രണാധീനമായി എന്ന് ആധികാരികമായി പറയണമെങ്കില്‍ സാല്‍ബ്യുട്ടമോളിന്റെ ഉപയോഗം ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടരുത്. ഈ കണക്കനുസരിച്ച് 200 പഫുകള്‍ ഉള്ള ഒരു ഇന്‍ഹേലര്‍ ഒരു വര്‍ഷത്തേക്ക് തികയും. പതിവായി ഉപയോഗിക്കേണ്ട സ്റ്റിറോയ്ഡ് ഇന്‍ഹേലറിന് പകരം സാല്‍ബ്യുട്ടമോള്‍ ഇന്‍ഹേലര്‍ ആണ് പതിവായി ഉപയോഗിക്കുന്നതെങ്കില്‍ രോഗിക്ക് വഴിതെറ്റിയിട്ടുണ്ട്. എ.സി.ടി. അഥവാ ആസ്ത്മ കണ്‍ട്രോള്‍ ടെസ്റ്റിലെ ചോദ്യാവലികൊണ്ട് ആസ്ത്മ നിയന്ത്രണം എത്രമാത്രം സാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം.
മറ്റു രോഗങ്ങള്‍ ആസ്ത്മ നിയന്ത്രണത്തെ എങ്ങനെ ബാധിക്കുന്നു?
മറ്റ് അവയവങ്ങളിലെ രോഗങ്ങള്‍ ശ്വാസനാളികളില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കാം. ശരിയായി ചികിത്സിക്കാത്ത ജലദോഷവും സൈനസ്സ് രോഗങ്ങളും ആസ്ത്മ നിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു. ജലദോഷത്തിലുണ്ടാകുന്ന കഫം മൂക്കിന്റെ പിറകില്‍ക്കൂടി ഒഴുകി ശ്വാസനാളികളില്‍ കടന്ന് അവയുടെ സങ്കോചത്തിന് കാരണമാകുന്നു. നെഞ്ചെരിച്ചില്‍ ഉള്ള രോഗികളില്‍ ആമാശയത്തിലെ അമ്ലം അന്നനാളത്തിലേക്ക് തികട്ടിവന്ന് ശ്വാസനാളികള്‍ ചുരുങ്ങാന്‍ കാരണമാകുന്നു. ഈ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുന്നത് രോഗി മലര്‍ന്ന് കിടക്കുമ്പോഴാണ്. തക്കതായ ഇന്‍ഹേലര്‍ ചികിത്സകൊണ്ട് ആസ്ത്മ ശമിക്കാതെവന്നാല്‍ സൈനസൈറ്റിസും നെഞ്ചെരിച്ചിലും സംശയിക്കണം. 
ആസ്ത്മരോഗി അപകടനിലയിലാണ് എന്നുള്ളതിന് സൂചനകള്‍ എന്തെല്ലാം? ജീവനുതന്നെ അപകടമുണ്ടാക്കുന്ന രീതിയിലുള്ള ആസ്ത്മയെ എങ്ങനെ മുന്‍കൂട്ടി അറിയാം?
രോഗപ്രതിരോധത്തിനായുള്ള ഇന്‍ഹേലര്‍ മരുന്നുകള്‍ ഉപയോഗിക്കേണ്ട നിര്‍ദേശങ്ങള്‍ ശരിയായി പാലിക്കാതെ വരുമ്പോള്‍.
രോഗികള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കാതിരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം. മരുന്നു വാങ്ങാന്‍ പണമില്ല. ചികിത്സാ രീതിയെക്കുറിച്ച് ഡോക്ടറും രോഗിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം. മറ്റു രോഗങ്ങള്‍ (ഉദാ- വിഷാദ രോഗം). പൂപ്പലിനോടുള്ള അലര്‍ജി ഗുരുതരമായ ആസ്ത്മയ്ക്ക് കാരണമാണെന്ന് 20 വര്‍ഷം മുമ്പ് നടത്തിയ ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

കുട്ടികളില്‍ ഇന്‍ഹേലര്‍ ചികിത്സ നിര്‍ദേശിച്ചാല്‍ അത് നിരസിക്കുന്ന രക്ഷകര്‍ത്താക്കള്‍ അവരെ അപകടകരമായ ആസ്ത്മയിലേക്ക് തള്ളിവിടുകയാണ്. കായിക മത്സരങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഡോക്ടറുടെ നിര്‍ദേശം സ്വീകരിച്ചേ മതിയാകൂ. ആസ്ത്മ മൂലം ക്ലാസ്സുകള്‍ മുടങ്ങാതിരിക്കണമെങ്കില്‍ ഡോക്ടറുടെ ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കണം.

ആസ്ത്മ ലക്ഷണങ്ങളെ അവഗണിക്കുന്ന രോഗികളും കുറവല്ല. സ്‌പൈറോമെട്രി ഉപയോഗിച്ച് ശ്വാസകോശങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിച്ചാല്‍ എഫ്.ഇ.വി.ഐ. (Forced Expiratory Volume in 1 Second) 60 ശതമാനം മാത്രമേ കാണൂ. ഈ താഴ്ന്നനിലയിലുള്ള ശ്വാസകോശ പ്രവര്‍ത്തന ക്ഷമതയുമായി ഇണങ്ങിച്ചേര്‍ന്ന് രോഗി ശ്വാസംമുട്ട് അറിയാതെ പോകുന്നു. ഇത് അപകട സൂചനയാണ്.
ശ്വസിക്കാനും സംസാരിക്കാനും ശേഷി നഷ്ടപ്പെട്ട രോഗി ഗുരുതരാവസ്ഥയിലാണ്. ഇത്തരം രോഗികള്‍ സാല്‍ബ്യുട്ടമോള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുമ്പോള്‍ ഉടന്‍ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടും. പക്ഷേ, ഈ സ്ഥിതി വീണ്ടും ആവര്‍ത്തിച്ച് മരണത്തിലേക്ക് നയിക്കാം. ആസ്ത്മ ലക്ഷണങ്ങളെ അവഗണിക്കുന്ന രോഗി മരുന്നുകള്‍ ശരിയായി ഉപയോഗിക്കാറില്ല.

പല ആസ്ത്മരോഗികള്‍ക്കും സ്റ്റിറോയ്ഡ് ഇന്‍ഹേലര്‍ ഉപയോഗിക്കാന്‍ വൈമനസ്യം കാണും. ഈ ഇന്‍ഹേലറിന്റെ പതിവായ ഉപയോഗം അത്യാഹിത വിഭാഗത്തില്‍ പോകേണ്ട ആവശ്യകതയും ആസ്പത്രിയില്‍ കിടത്തിച്ചികിത്സയും ഇല്ലാതാക്കുന്നു. പലപ്പോഴും മരണത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.

സ്റ്റിറോയ്ഡ് ഇന്‍ഹേലര്‍ അപകടകാരിയും സാല്‍ബ്യുട്ടമോള്‍ ഇന്‍ഹേലര്‍ തീരെ അപായരഹിതവും ആണെന്ന് പല രോഗികളും തെറ്റായ വിശ്വാസം വെച്ചുപുലര്‍ത്തുന്നു. പതിവായി സാല്‍ബ്യുട്ടമോള്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നവരില്‍ ആസ്പത്രിയില്‍ കിടത്തിച്ചികിത്സയും മരണനിരക്കും കൂടുതലാണ്. സ്റ്റിറോയ്ഡ് ഇന്‍ഹേലറിന്റെ ഉപയോഗം കുട്ടികളില്‍ വളര്‍ച്ചക്കുറവ്, എല്ലിന്റെ ശക്തിക്ഷയം, തിമിരം, മാനസിക വ്യതിയാനങ്ങള്‍ എന്നിവയ്ക്ക് കാരണമല്ലെന്ന് ഒരു ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ആസ്ത്മ നിയന്ത്രണത്തില്‍ മുഖ്യമരുന്ന് സ്റ്റിറോയ്ഡ് ഇന്‍ഹേലറാണ്. സാല്‍ബ്യുട്ടമോള്‍ ഇന്‍ഹേലര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ആവശ്യമുണ്ടെങ്കില്‍ ഉപയോഗിക്കാം. അമേരിക്കന്‍ ഒളിമ്പിക്‌സ് ടീമിലെ 10 ശതമാനം കായിക താരങ്ങളും ആസ്ത്മ രോഗികളാണ്. അവര്‍ വിദഗ്ധ മേല്‍നോട്ടത്തില്‍ സ്റ്റിറോയ്ഡ് ഇന്‍ഹേലര്‍ പതിവായി ഉപയോഗിച്ച് മത്സരങ്ങളില്‍ സ്വര്‍ണമെഡല്‍ വാരിക്കൂട്ടുന്നു.

ഡോ. വി.കെ. ശ്രീനിവാസന്‍

അപകര്‍ഷതാബോധം

ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ സ്വയം അപര്യാപ്തത തോന്നിയിട്ടില്ലാത്തവരായി ആരുമില്ല. എന്നാല്‍ ചിലയാളുകളില്‍ ഈ ചിന്ത എപ്പോഴും എവിടെയും പിന്തുടരുന്നു. എത്ര സമര്‍ഥമായി മറച്ചുവച്ചാലും നിര്‍ണായക നിമിഷങ്ങളില്‍ ഇതു പുറത്തു വന്ന് തല്‍സ്വരൂപം കാട്ടുകതന്നെ ചെയ്യും. അടിസ്ഥാനപരമായ വ്യക്തത്വ വൈകല്യങ്ങള്‍, അപ്രതീക്ഷിതമായ ആഘാതങ്ങള്‍, ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍, സ്വന്തം പരിമിതികളെപ്പറ്റിയുള്ള അറിവില്ലായ്മ, ഉയര്‍ന്ന ലക്ഷ്യത്തോടുള്ള പ്രേരണ, ആത്മവിശ്വാസകുറവ്, സുരക്ഷിതത്വബോധത്തിന്റെ അഭാവം, നീണ്ടു നില്‍ക്കുന്ന അസന്ദിഗ്ധാവസ്ഥ - ഇവയൊക്കെ ഒരാളെ അപകര്‍ഷതാബോധത്തിന്റെ തീച്ചുളയിലെത്തിക്കുന്നു.

വ്യക്തിയില്‍ സാമൂഹികവല്‍ക്കരണം നടക്കുന്നത് കുട്ടിക്കാലത്താണ്. മറ്റുള്ളവരെ അവരുടെ പ്രത്യേകതകളോടു കൂടി അംഗീകരിക്കാന്‍ ശീലിക്കുന്നതും ഈ കാലയളവില്‍ത്തന്നെ. സ്വയം വസ്തുനിഷ്ഠമായി വിലയിരുത്താനും യുക്തിസഹമായ ഒരു പ്രതിച്ഛായ സൂക്ഷിക്കാന്‍ കഴിയുകയും വേണം. സ്വയം ബഹുമാനിക്കുന്ന ഒരാള്‍ക്കു മാത്രമേ അന്യരുടെ വികാരവിചാരങ്ങളെ മാനിക്കാന്‍ കഴിയൂ. സഹോദരങ്ങളില്ലാതെ ഒറ്റയ്ക്കു വളരുന്ന കുട്ടികളിലും ഏറെ കര്‍ശനമായി വളര്‍ത്തപ്പെട്ടവരിലും അപകര്‍ഷതാബോധം കൂടുതലായി കണ്ടിട്ടുണ്ട്. എന്താണ് ശരി, എന്താണ് തെറ്റ്, എന്തു ചെയ്യാം, എന്തു ചെയ്യാന്‍ പാടില്ല - എപ്പോഴും ഇത്തരം കുട്ടികള്‍ക്ക് സംശയങ്ങളാണ് പല മാതാപിതാക്കള്‍ക്കുമുള്ള ഒരു ചീത്ത ശീലം സ്വന്തം കുട്ടിയെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി അഭിപ്രായങ്ങള്‍ പറയുക എന്നാണ്. 'വടക്കേലെ ഷാജി മിടുക്കനാണ്, നീ കാശിനു കൊള്ളാത്തവന്‍' എന്നു പറയുന്ന പിതാവ് സ്വന്തം കുഞ്ഞിന്റെ ഇളം മനസില്‍ അപര്യാപ്തതയുടെയും അപകര്‍ഷതയുടെയും വിഷബീജം വിതയ്ക്കുകയാണ് ചെയ്യുന്നത്.

അപകര്‍ഷതാബോധം പുറത്തു വരുന്നത് പല രീതികളിലാണ്. മറ്റുള്ളവരോട് തുറന്ന് ഇടപെടാന്‍ കഴിയുന്നില്ല. അതിവേഗം ചമ്മുക, മറ്റുള്ളവരുടെ നിസാരമായ കളിയാക്കലുകളെക്കുറിച്ച് ചിന്തിച്ചു മനസു പൂണ്ണാക്കുക, ഉല്ലസിക്കാന്‍ കഴിയാതിരിക്കുക, ഒറ്റപ്പെടുന്നു എന്ന തോന്നല്‍ - എന്നിങ്ങനെ ഇതിന്റെ ലക്ഷണങ്ങള്‍ ഏറെയാണ്, അപകര്‍ഷത ചിലപ്പോള്‍ ഉത്കണ്ഠയുടെ രൂപത്തില്‍ പുറത്തുവന്നേക്കാം. പുതുതായി ആരെയെങ്കിലും പരിചയപ്പെടേണ്ടി വരുമ്പോള്‍ കൈകാല്‍ വിറയല്‍, നെഞ്ചിടിപ്പ്, ഒക്കെ അനുഭവപ്പെടുന്നു. അപകര്‍ഷതാബോധം വിഷാദത്തിന്റെ രൂപം സ്വീകരിക്കുന്നപക്ഷം ആത്മഹത്യക്കുള്ള സാധ്യത തള്ളികളയാനാവില്ല. ചിലര്‍ സ്വയം ഉള്‍വലിയുന്നവരാണെങ്കില്‍ മറ്റു ചിലര്‍ പൊങ്ങച്ചത്തിന്റെ 'കോമാളിവേഷം കെട്ടുന്നവരാണ്.'

അപകര്‍ഷതാബോധത്തെ അതിജീവിക്കാനുള്ള എളുപ്പമാര്‍ഗം സ്വയം മനസിലാക്കു എന്നതാണ്. സ്വന്തം കഴിവുകളെപ്പറ്റിയും ബോധമുള്ളയാള്‍ക്ക് നിരാശയുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. ആദ്യം ചെയ്യേണ്ടത് സ്വന്തം കഴിവുകളെപ്പറ്റിയും ബലഹീനതകളെപ്പറ്റിയും ഒരു ലിസ്റ്റുണ്ടാക്കുക എന്നതാണ്. കഴിവുകളില്‍ അഭിമാനിക്കാനും ബലഹീനതകളെ അംഗീകരിക്കാനും തയാറെടുക്കുകയാണ് അടുത്ത പടി. എല്ലാത്തിനും കഴിവുള്ളവരായി ഈ ലോകത്തില്‍ ആരും തന്നെയില്ലെന്ന് മറക്കരുത്.

പരിഹരിക്കാനാവുന്ന കുറവുകള്‍ നികത്താനായി ആരോഗ്യകരമായ ശ്രമത്തില്‍ ഏര്‍പ്പെടുകയും പരിഹരിക്കാനാവാത്ത കുറവുകളെ സ്വന്തം പ്രത്യേകതകളായി അംഗീകരിക്കുകയും വേണം. സമൂഹത്തിന് പൊതുവായി പ്രയോജനകരമായി ജീവിക്കാന്‍ സന്നദ്ധനായാല്‍ ലോകത്തിന്റെ മുഴുവന്‍ സ്‌നേഹവും ആശീര്‍വാദവും തന്നിലേക്ക് ഒഴുകുന്നതായിത്തോന്നും. മുമ്പു മറ്റുള്ളവരോട്് തോന്നിയ അസൂയ, പക തുടങ്ങിയ വികാരങ്ങളില്‍ വ്യക്തിക്കു സ്വയം ലജ്ജ അനുഭവപ്പെട്ടാല്‍ അയാള്‍ അപകര്‍ഷതാബോധത്തില്‍ നിന്നും മോചിതനായി എന്ന് അനുമാനിക്കാം.

ടെന്‍ഷനോ? ചെവിയില്‍ പിടിച്ചോളൂ...

അരിശം അടക്കാന്‍ കഴിയുന്നില്ലേ? ടെന്‍ഷന്‍ മാറുന്നില്ല? വഴിയുണ്ട്. രണ്ടും കുറയ്ക്കാന്‍ നിങ്ങളുടെ ശരീരത്തില്‍ത്തന്നെയുണ്ട് രണ്ടു സ്വിച്ചുകള്‍. അവിടെ പതിയെ കുറച്ചുനേരം തൊട്ടാല്‍ മതി. ആ സ്വിച്ച് ഏതെന്നറിയേണ്ടേ? ചെവിയുടെ കീഴ്ഭാഗം! വേണമെങ്കില്‍ ഇപ്പോള്‍ത്തന്നെ ഒന്നു പരിശോധിച്ചു നോക്കൂ. ആ മൃദുലഭാഗത്ത് തള്ളവിരലും ചൂണ്ടുവിലരും കൊണ്ട് ചെറുതായമര്‍ത്തി പതിയെ താഴേക്കു വലിക്കുക. ഇതു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വേണമെങ്കില്‍ കണ്ണുകളും അടയ്ക്കാം. മനസ്സിലെ അലകള്‍ പതുക്കെ അടങ്ങും. അലയില്ലാത്ത കടല്‍ ശാന്തമാണ്. അതുപോലെ ചിന്തകളുടെ ശക്തികുറഞ്ഞ മനസ്സും ശാന്തമാകും. മനസ്സിന്റെ ക്ഷോഭങ്ങള്‍ക്ക് തടയിടാന്‍ ചെവിയുടെ കീഴ്ഭാഗത്ത് നല്‍കുന്ന മൃദുവായ സമ്മര്‍ദ്ദങ്ങള്‍ക്ക് കഴിയുമെന്ന് നമ്മുടെ പൂര്‍വ്വികര്‍ നേരത്തേ മനസ്സിലാക്കിയിരുന്നു. ഏത്തമിടല്‍ തുടങ്ങി കര്‍ണ്ണാഭരണം ധരിക്കുന്നതു വരെ ഇതിന് ഉദാഹരണമത്രെ. നീണ്ട ചെവികളുള്ളവര്‍ പൊതുവെ ക്ഷമാശീലരായിരിക്കും. കഴിഞ്ഞ തലമുറയിലെ സ്ത്രീകള്‍ ഭാരമുള്ള ആഭരണങ്ങള്‍ അണിഞ്ഞ് ചെവിയെ താഴേക്കു നീട്ടാറുണ്ടായിരുന്നു. സ്ത്രീകളുടെ ക്ഷമാശീലത്തിന് ഒരു പരിധിവരെ താങ്ങായി നിന്നത് ഈ കര്‍ണ്ണാഭരണ ധാരണമായിരിക്കാം! ക്ഷമയുടെ അവസാനവാക്കായിരുന്ന ശ്രീബുദ്ധന്റെ ചെവികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? തോളറ്റം വരെ നീണ്ടുകിടക്കുന്ന ചെവി. ഗാന്ധിജിയുടെ ചെവിയും നീളം കൂടിയതായിരുന്നു. ഇവരെല്ലാം പ്രശസ്തര്‍! ഇനി നമ്മുടെ ചുറ്റുവട്ടത്തും ഒന്നു ശ്രദ്ധിച്ചാല്‍ മതി. ചെറിയ ശ്രീബുദ്ധന്മാരെയും ഗാന്ധിജിമാരെയും കാണാന്‍ കഴിയും. ടെന്‍ഷനില്ലാതെ, അരിശം നിയന്ത്രിച്ച് ജീവിച്ചുപോകുന്നവര്‍. കൂടുതല്‍ ടെന്‍ഷനിലിരിക്കുന്ന ഒരാളിനോട് തമാശ പറഞ്ഞാല്‍ അയാള്‍ക്ക് അത് ആസ്വദിക്കാന്‍ പറ്റിയെന്നു വരില്ല. ഒരാള്‍ക്ക് ക്ഷമിക്കാന്‍ പറ്റണമെങ്കില്‍ മാനസിക പിരിമുറുക്കം പാടില്ല. ശ്രീബുദ്ധന് ടെന്‍ഷനില്ലായിരുന്നു എന്നു സാരം. പഴയകാലത്ത് ജാതിമതവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകളും കാത് തോള് വരെ നീട്ടാന്‍ ശ്രമിച്ചിരുന്നു. ക്രിസ്ത്യന്‍ സ്ത്രീകള്‍ തോടയും കടുക്കനും ധരിക്കുമായിരുന്നു. ക്ലേശകരമായ സാഹചര്യത്തിലും അന്നത്തെ സ്ത്രീകള്‍ സന്തോഷത്തോടെ ജീവിച്ചിരുന്നു. സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിച്ചതുകൊണ്ടാണിത്. ക്ഷേത്രനടയില്‍ ഏത്തമിടുന്നത് കണ്ടിട്ടില്ലേ. രണ്ടു കൈകളും പിണച്ചുവച്ച് ചെവിയുടെ താഴെ പിടിച്ച് താഴോട്ട് വലിച്ച് കൈമുട്ടുകള്‍ രണ്ടും നിലത്തുമുട്ടിച്ച് തിരിച്ചെഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിലെ ഞരമ്പുകളെല്ലാം ഒരുമിച്ച് ഉത്തേജിക്കപ്പെടുന്നു. ഇതിന്റെ സാംഗത്യം മനസ്സിലാക്കാതെ വെറുതെ ചെവിയുടെ മുകളില്‍ കൈവച്ച് 'ഇങ്ങോട്ടു വാ, ഇങ്ങോട്ടു വാ' എന്നുള്ള രീതിയില്‍ നമസ്‌കാരം ചെയ്യുന്നവര്‍ ആചാര്യമര്യാദകളുടെ അന്തസ്സത്ത അറിയാത്തവരാണ്. ഇത്രയും മനസ്സിലാക്കിയ സ്ഥിതിക്ക് നിങ്ങളും ടെന്‍ഷന്‍ വരുമ്പോള്‍ ചെവിയില്‍ പിടിച്ചോളൂ. അന്യന്റെ ചെവിയിലല്ല, സ്വന്തം ചെവിയില്‍!..

മനസ്സെരിഞ്ഞാല്‍ തല വെളുക്കും, ആയുസ്സ് കുറയും

മാനസിക സമ്മര്‍ദം കൂടുന്നത് അകാലനരയ്ക്കിടയ്ക്ക് ഇടയാക്കുമെന്നതിന് ശാസ്ത്രീയ പഠനത്തിന്റെ പിന്തുണയും. അകാലനര മാനസികസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങളാണ്. അമിതമായ മാനസിക സമ്മര്‍ദം ശരീരത്തില്‍ ചില രാസവസ്തുക്കള്‍ രൂപം കൊള്ളുന്നതിനിടയാക്കുന്നു. ഇവ ഡിഎന്‍എയ്ക്ക് കേടുവരുത്തി ആരോഗ്യം നശിപ്പിക്കുകയും അകലാവാര്‍ധക്യത്തിന് കാരണമാക്കുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. 

ലണ്ടനിലെ ഡ്യൂക സര്‍വകലാശാലയിലെ പ്രൊഫസര്‍ റോബര്‍ട്ട് ലെകേ്ാവിഷ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. വര്‍ധിച്ച അളവില്‍ അഡ്രിനാലിന്‍ പോലുള്ള പദാര്‍ഥം എലികളില്‍ കുത്തിവെച്ചാണ് പഠനം നടത്തിയത്. ഈ എലികളില്‍ ശരീരകോശങ്ങളെ സംരക്ഷിയ്ക്കുന്ന പ്രോട്ടീന്റെ അളവ് ഹാനികരമായ തോതില്‍ കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. 

അമിതമായ മാനസിക സമര്‍ദം മാനുഷ്യശരീരത്തിലെ ക്രമങ്ങളെ തകര്‍ക്കുകയും ആയുസ്സിനെ വരെ ബാധിയ്ക്കുകയും ചെയ്യുമെന്നതിന് യുക്തിസഹമായ വിശദീകരണമാണ് പഠനം നല്‍കുന്നത്.' പ്രൊഫസര്‍ റോബര്‍ട്ട് ചൂണ്ടിക്കാട്ടി

ഹൃദയാരോഗ്യത്തിന് ഭക്ഷണക്രമം പ്രധാനം

ആയുസിന്റെ നീളം കൂട്ടുന്നത് ഹൃദയാരോഗ്യമാണ്. അമിതവണ്ണം, കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം എന്നിവ പ്രധാനമായും ഹൃദയാരോഗ്യത്തിന് കേടു വരുത്തും. ഭക്ഷണക്രമീകരണം വഴി ഒരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. 

ഹൃദയത്തിന്റെ ആരോഗ്യത്തെ കാത്തുരക്ഷിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍എന്നിവ ഇവയില്‍ പ്രധാനമാണ്. കാരറ്റ്, തക്കാളി, ചീര, കാപ്‌സിക്കം, ബെറി, ഓറഞ്ച്, പപ്പായ എന്നിവ നല്ല ഭക്ഷണങ്ങളാണ്. 

ഗോതമ്പും വിവിധ ധാന്യങ്ങളും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. ഗോതമ്പു ബ്രഡ്, പാസ്ത, റൊട്ടി, തവിടു കളയാത്ത അരി, റാഗി, ഓട്‌സ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 

മുളപ്പിച്ച ധാന്യങ്ങള്‍, കിഡ്‌നി ബീന്‍സ്, ചിക്പീസ് എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കും. ബദാം, വാള്‍നട്ട്, മത്തങ്ങയുടെ കുരു എന്നിവിയില്‍ ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ ഉണ്ടാക്കുകയും ചെയ്യും. ഫാക്‌സ് സീഡുകളും ഇതേ ഗുണം ഉള്ളവയാണ്. 

കൊഴുപ്പു കളഞ്ഞ പാല്‍, തൈര്, വീട്ടിലുണ്ടാക്കിയ പനീര്‍ എന്നിവ കാല്‍സ്യത്തിന്റെ മുഖ്യഉറവിടമാണ്. 

മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങളും ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയവയാണ്. ഹൃദയത്തിന് ഇത് നല്ലതാണ്. സോയ, ഗ്രീന്‍ ടീ തുടങ്ങിയവയും ഹൃദയാരോഗ്യത്തിന് നല്ലതാണ്. 

ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങളില്‍ വൈറ്റ് ബ്രെഡ്. മൈദ, പാസ്ത, മട്ടന്‍, തൊലി കളയാത്ത ചിക്കന്‍, ബീഫ് എന്നിവ ഉള്‍പ്പെടുന്നു.

കൊഴുപ്പു കലര്‍ന്ന പാലുല്‍പന്നങ്ങളും വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങളും ഹൃദയാരോഗ്യത്തിന് നല്ലതല്ല.

ഭക്ഷണക്രമീകരണത്തിനൊപ്പം വ്യായാമവും ഹൃദയത്തിന് അത്യാവശ്യമാണ്

ഡയറ്റിലെ ചില തെറ്റുകള്‍

ഡയറ്റ് ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പറയാന്‍ വരട്ടെ, ഡയറ്റ് ശരിയായ രീതിയിലാണെങ്കിലേ പ്രയോജനമുണ്ടാകൂ എന്നോര്‍ക്കണം. ഡയറ്റിംഗില്‍ തന്നെ തെറ്റുകള്‍ വരുത്തുവാനുള്ള സാധ്യതകള്‍ കൂടുതലാണ്. 

ഡയറ്റിംഗിന്റെ പേരില്‍ ഫലവര്‍ഗങ്ങള്‍ മാത്രം കഴിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഈ ശീലം ആരോഗ്യം കളയുകയാണ് ചെയ്യുന്നത്. ഫലങ്ങളില്‍ വൈറ്റമിനുകളും കാര്‍ബോഹൈഡ്രേറ്റുകളും ധാരാളമുണ്ട്, എന്നാല്‍ പ്രോട്ടീനുകളും കൊഴുപ്പും ഫലങ്ങളില്‍ നിന്ന് ലഭിക്കില്ല. ഇതുകൊണ്ട് വണ്ണം കുറയും, എന്നാല്‍ മസിലുകളുടെ ശക്തി ക്ഷയിക്കുകയും ചെയ്യും. മസിലുകളുടെ ഭാരമായിരിക്കും ഇവിടെ കുറയുന്നത്. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും. അതുപോലെ കൊഴുപ്പ് ഭക്ഷണത്തില്‍ നിന്ന് പാടെ ഒഴിവാക്കുന്നത് ധാതുക്കള്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യും. ഫലത്തില്‍ വണ്ണം കുറയുന്നതോടൊപ്പം ആരോഗ്യം നഷ്ടപ്പെടുന്നതും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുകയുമായിരിക്കും ഫലം. 

ഭക്ഷണത്തിനിടെ നീണ്ട ഇടവേളകള്‍ വയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇത് ശരീരത്തെ കൊഴുപ്പു സംഭരിച്ചു വയ്ക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്രേക് ഫാസ്റ്റ് ഒഴിവാക്കിയാല്‍ ശരീരം തടിക്കുമെന്ന് പറയുന്നതിന് ഒരു കാരണം ഇതാണ്. അത്താഴത്തിനും ശേഷം സാധാരണ ഗതിയില്‍ പ്രഭാതഭക്ഷണത്തില്‍ നിന്നാണ് ശരീരം ഊര്‍ജം സംഭരിക്കുന്നത്. ഇതു ലഭിക്കാതെ വരുമ്പോള്‍ ഉള്ള ഊര്‍ജം കൊഴുപ്പായി മാറ്റുകയാണ് ശരീരം ചെയ്യുന്നത്. മാത്രമല്ലാ, ഇടവേളകള്‍ വിശപ്പു വര്‍ദ്ധിപ്പിക്കുമെന്നുള്ളതുകൊണ്ട് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനും സാധ്യതയുണ്ട്. 

മധുരം ഡയറ്റിംഗില്‍ ഒഴിവാക്കേണ്ട വസ്തുവാണെന്നാണ് പൊതുവെയുള്ള ധാരണ. പഞ്ചസാരയ്ക്കു പകരം മധുരം നല്‍കുവാനായി ഉപയോഗിക്കുന്ന പലതും രാസവസ്തുക്കള്‍ കലര്‍ന്നവയായിരിക്കും. ഇത് പലവിധ അസുഖങ്ങളും വരുത്തിവയ്ക്കാന്‍ ഇടയാക്കും. 

ഡയറ്റിംഗിന്റെ ഭാഗമായി ജ്യൂസ് കുടിയ്ക്കുന്നവരുണ്ട്. വീട്ടില്‍ തയ്യാറാക്കുന്ന ജ്യൂസുകള്‍ മാത്രം ഉപയോഗിക്കുക. പായ്ക്കറ്റ് ജ്യൂസുകള്‍ ഉദ്ദേശിക്കുന്നതിന്റെ വിപരീതഫലമാണ് പലപ്പോവും ഉണ്ടാക്കുക.

ശരീരത്തില്‍ ശേഖരിച്ചു വച്ചിട്ടുള്ള കൊഴുപ്പു കുറയ്ക്കുകയാണ് ആരോഗ്യകരമായ ഡയറ്റിംഗ്. ഭക്ഷണമുപേക്ഷിച്ചിട്ടല്ല ഡയറ്റിംഗ് ചെയ്യേണ്ടതും. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ലഭ്യമാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തിട്ടാണ് ഡയറ്റിംഗ് നടപ്പില്‍ വരുത്തേണ്ടത്

വ്യായാമത്തോടെ ഒരു ദിവസമാരംഭിക്കുക. സമയമില്ലെന്ന ന്യായം ഇക്കാര്യത്തില്‍ പറയാതിരിക്കുക. വ്യായാമം ചെയ്താല്‍ ക്ഷീണം തോന്നുമെന്നു ചിലരെങ്കിലും പറയാറുണ്ട്. എന്നാല്‍ വ്യായാമം അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ അളവ് കൂട്ടുകയും ദിവസം മുഴുവനുമുള്ള ഊര്‍ദം നല്‍കുകയുമാണ് ചെയ്യുന്നത്.

മറവി മാറ്റാന്‍ മരുന്നുകള്‍


ചിലപ്പോഴെങ്കിലും മറവി അനുഗ്രഹമാകുമെന്ന് പറയും. എന്നാല്‍ ആവശ്യമുള്ള കാര്യങ്ങള്‍ പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്തത് ധാരാളെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഓര്‍മ കൂട്ടുവാന്‍ മരുന്നുകളുണ്ടെന്ന് പറയുമെങ്കിലും ഇത് എത്രത്തോളം പ്രയോജനം ചെയ്യുമെന്ന് പറയാനാവില്ല. മരുന്നുകളെ ആശ്രയിക്കാതെ തന്നെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

തലച്ചോറാണ് ബുദ്ധിയുടേയും ഓര്‍മയുടേയും പ്രധാന കേന്ദ്രം. അതുകൊണ്ട് തലച്ചോറിനെ ലക്ഷ്യമാക്കി വേണം പ്രവര്‍ത്തിക്കാന്‍. ഇതിനുള്ള പ്രധാനമാര്‍ഗം വ്യായാമമാണ്. പ്രത്യേകിച്ച് ഏറോബിക്‌സ് വ്യായാമങ്ങള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും ഓര്‍മശക്തിയെ സഹായിക്കുകയും ചെയ്യും. 

രോഗങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. ജീവിത, ഭക്ഷണ രീതികളിലെ നിയന്ത്രണം ഇതിന് പ്രധാനമാണ്. 

ശരീരത്തിന് മാത്രമല്ലാ, തലച്ചോറിനും സഹായകരമായ വ്യായാമങ്ങള്‍ ചെയ്യുക. കണക്കുകള്‍ ഉപയോഗിച്ചുള്ള കളികളും പഴയ കാര്യങ്ങള്‍ ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ സഹായിക്കുന്നതും ഇത്തരം വ്യായാമങ്ങളില്‍ പെടുന്നു.

ഓര്‍മയും ബുദ്ധിയും വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണങ്ങളും സഹായിക്കുന്നു. നട്‌സും പച്ചക്കറി, ഫലവര്‍ഗങ്ങള്‍ എന്നിവയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. മീനിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ഓര്‍മക്കും ബുദ്ധിക്കും വളരെ നല്ലതാണ്. 

വിശ്രമവും തലച്ചോറിന് അത്യാവശ്യമാണ്. ഉറക്കവും മാനസികോല്ലാസം നല്‍കുന്ന ഹോബികളും തലച്ചോറിനേയും അതുവഴി ഓര്‍മയേയും സഹായിക്കും.

പലരും പലപ്പോഴും പറയാറുണ്ട്‌ ഒന്നും ഓര്‍മയില്‍ നില്‍ക്കുന്നില്ല എന്ന്. ചില വിദ്യാര്‍ഥികള്‍ക്ക് ഈ പ്രശ്നം മൂലം എത്ര പഠിച്ചാലും പരീക്ഷയില്‍ മാര്‍ക്ക്‌ ലഭിക്കില്ല. എന്ത് കൊണ്ടായിരിക്കും ഓര്‍മ എന്നത് നമ്മുടെ നിയന്ത്രണത്തില്‍ അല്ലാതാകുന്നത്. സത്യത്തില്‍ ചെറിയ ചെറിയ ടെക്നിക്കുകളിലൂടെ നമുക്ക് ഓര്‍മ കുറച്ചൊക്കെ വരുതിയിലാക്കാന്‍ സാധിക്കും. ഈ വിഷയത്തില്‍ എണ്‍പതോളം പുസ്തകം എഴുതിയ ടോണി ബുസാന്‍ പറയുന്നത് ചില ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ചു കാര്യങ്ങള്‍ പെട്ടെന്ന് മറന്നു പോകുന്നവരാണ് എന്ന് തന്നെയാണ്. നമ്മുടെ ഓര്‍മയെ ശരിയായി ഉപയോഗിക്കുവാന്‍ അറിയാത്തവര്‍ക്കാണ് ഈ പ്രശ്നം കൂടുതല്‍ കണ്ടു വരുന്നത്.

ഓര്‍മ ഉണ്ടാകുന്നത് എങ്ങിനെ?

നമ്മുടെ തലച്ചോറില്‍ മാത്രം 100ബില്ല്യനോളം ന്യൂറോണുകള്‍ ഉണ്ട്. ഇവയാണ് നമുക്ക് സംവേദനക്ഷമത നല്‍കുന്നത്. നമ്മള്‍ ഒരു പരീക്ഷക്ക്‌ പഠിക്കുമ്പോഴും ഇവയിലൂടെയാണ് നമ്മള്‍ ഒര്മൈക്കുന്നതും ഒരമകള്‍ സൂക്ഷിക്കുന്നതും. കുട്ടികള്‍ പഠിക്കുമ്പോള്‍ വാക്കുകള്‍ക്കു പകരം ചിത്രങ്ങളിലൂടെയും മറ്റു ഭാവനകളിലൂടെയും പഠിക്കുന്ന കാര്യം ഓര്‍ത്തു വക്കുന്നത് പിന്നീട് ഓര്മിക്കുവാന്‍ എളുപ്പമാക്കുന്നു. കാര്യങ്ങള്‍ മനസിലാക്കുന്ന എന്നത് വിട്ടു പലപ്പോഴും കുട്ടികള്‍ അന്ധമായി അക്ഷരങ്ങളെ ആണ് മനസ്സില്‍ ഓര്‍ത്തു വക്കുക. കാണാപാഠം പഠിക്കുന്നത് പലപ്പൊഴു മറന്നു പോകുന്നതിനു ഇടയാക്കുന്നു. ജീവിത സാഹചര്യം പോലും ഓര്‍മയുമായി ബന്ധമുണ്ട്. അതായത് നമ്മള്‍ വലിയ ടെന്‍ഷനില്‍ ഒക്കെ ആകുമ്പോള്‍ ഓര്മിക്കുവാനുള്ള സാധ്യത കുറയും. ശ്രദ്ധ എന്നുള്ളതും ഇതില്‍ പ്രധാനപ്പെട്ടതാണ്.

ഒരു ഉദാഹരണം നോക്കാം

ഡൊമനിക് ഒബെരെന്‍ എന്ന് പറയുന്ന വ്യക്തി ഓര്‍മയുടെ ചാമ്പ്യന്‍ ആണ്. ചീട്ടുകളുടെ 54 മാറി മറയുന്ന സീക്വന്‍സ് ആണ് ഇദ്ദേഹം ഓര്‍ത്തു വച്ചത്.അതായത് 2808 നമ്മള്‍ എവിടെ വച്ചാലും അത് അദ്ദേഹം ഓര്‍ത്തു പറയും എന്നര്‍ത്ഥം. ജനിക്കുമ്പോള്‍ ഈ കഴിവ് ഇദ്ദേഹതിനില്ലായിരുന്നു എന്ന് നമുക്കറിയാം പിന്നെ എങ്ങിനെ? ഒര്മിക്കുവാനുള്ള പരിശീലനങ്ങളിലൂടെ ആണ് ഇദ്ദേഹം കാര്യങ്ങള്‍ നടത്തിയത് എന്ന് പറയുന്നു. പരിശീലനത്തിലൂടെ ഓര്‍മശക്തി കൂട്ടാവുന്നത്തെ ഉള്ളൂ. പതുക്കെ ഓര്‍ത്തു നോക്കുന്നതും പിന്നീട് ഓര്‍ത്തു നോക്കുന്നവയുടെ എണ്ണം കൂട്ടുന്നതുമാണ് സാധാരണമായ പരിശീലനം. ഇങ്ങനെ നമുക്ക് ചെയ്തു നോക്കാവുന്നത്തെ ഉള്ളൂ. നമ്മുടെ ന്യൂറോണ്കളെ ഉദ്ദീപിപ്പിക്കുക എന്നതു മാത്രമാണ് നാം ചെയ്യേണ്ടതുള്ളൂ. പതുക്കെ പതുക്കെ ഓര്‍മ ശക്തി നമ്മില്‍ മടങ്ങി വരും.

മെലിയാം,ഷുഗര്‍ ഫ്രീ ഡയറ്റിലൂടെ

മധുരം ഇഷ്ടമില്ലാത്തവര്‍ ചുരുക്കം. പലര്‍ക്കും മധുരമെന്നാല്‍ പഞ്ചസാരയും മധുരപലഹാരവും പായസവുമൊക്കെയാണ്. എന്നാല്‍ ദിവസവും കഴിക്കുന്ന ധാന്യങ്ങളിലൂടെയും പഴവര്‍ഗങ്ങളിലൂടെയും മധുരം നമ്മുടെ ഉള്ളിലെത്തുന്നുണ്ടെന്നതാണ് വാസ്തവം. 

മധുരം ശരീരഭാരവും വര്‍ദ്ധിപ്പിക്കും. അതുകൊണ്ടു തന്നെ വണ്ണം കുറയ്ക്കാനുള്ള ഒരു മാര്‍ഗമാണ് ഷുഗര്‍ ഫ്രീ ഡയറ്റ്.
ഈ ഡയറ്റ് അനുസരിച്ചുള്ള ബ്രേക്ഫാസ്റ്റില്‍ പച്ചക്കറികള്‍, ബെറി എന്നിവ ഉള്‍പ്പെടുത്തണം. ഇതു കൂടാതെ മുട്ടയും പാലുമാകാം. പാലില്‍ പഞ്ചസാര ചേര്‍ക്കരുത്.

ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം ചപ്പാത്തിയാണ് നല്ലത്. ചോറിലും ചെറിയ തോതില്‍ മധുരം അടങ്ങിയിട്ടുള്ളതു തന്നെ കാരണം. ഉച്ചഭക്ഷണത്തിന് ശേഷം ഏതെങ്കിലും പഴം കഴിയ്ക്കാം. ഡിസെര്‍ട്ടിന് പകരമാകും. അല്ലെങ്കില്‍ തൈര്, മധുരം ചേര്‍ക്കാത്ത ഫ്രൂട്ട് സാലഡ് എന്നിവയാകാം. ഇവയില്‍ ഈന്തപ്പഴം, തേന്‍ എന്നിവ ചേര്‍ക്കുന്നത് ഒഴിവാക്കണം.

ഗോതമ്പ് ബ്രെഡ്, ബീന്‍സ്, മധുരക്കിഴങ്ങ് എന്നിവ ഷുഗര്‍ ഫ്രീ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ചോറു വേണമെന്നുള്ളവര്‍ ചുവന്ന അരി മാത്രം ഉപയോഗിക്കുക. നാരുകളടങ്ങിയ ഏതു ഭക്ഷണവും ഈ ഡയറ്റിന് കീഴില്‍ വരും. 

കൃത്യ സമയത്ത് മിതമായ തോതില്‍ ഭക്ഷണമെന്നത് ഷുഗര്‍ ഫ്രീ ഡയറ്റില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

മറവിക്കും ചികിത്സയുണ്ട്

പ്രായമായവരെ ബാധിക്കുന്ന മസ്തിഷ്ക സംബന്ധമായ ഒരു അസുഖമാണ് മറവിരോഗം അഥവാ മേധാക്ഷയം. മറവിയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. സ്ഥലകാല വിഭ്രാന്തി, സംസാരത്തിലും ഭാഷാപ്രയോഗത്തിലുമുള്ള വ്യത്യാസങ്ങള്‍, ചിത്രരചന, വസ്ത്രധാരണം തുടങ്ങിയവ ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചിലര്‍ ഇതിനോടൊപ്പം മാനസികരോഗികളുടെ ലക്ഷണങ്ങളും കാട്ടുന്നു. മേധാക്ഷയത്തിന് പല കാരണങ്ങളുണ്ട്. അനേകതരം രോഗങ്ങള്‍ മേധാക്ഷയമായി പ്രത്യക്ഷപ്പെടാം എന്ന് ചുരുക്കം. മേധാക്ഷയത്തിന് കാരണമായ മിക്ക രോഗങ്ങള്‍ക്കും ഇന്ന് ഫലപ്രദമായ ചികിത്സ നിലവിലില്ല. എന്നാല്‍, 20 ശതമാനത്തോളം രോഗികള്‍ക്ക് ചികിത്സിച്ചു മാറ്റാവുന്ന രോഗങ്ങളാണ് മേധാക്ഷയത്തിന് കാരണമായി തീരുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മറവിരോഗം ഉള്ള നൂറുരോഗികളെ പരിഗണിച്ചാല്‍ അവരില്‍ 20 പേര്‍ക്ക് ചികിത്സിച്ചുമാറ്റാവുന്ന രോഗമായിരിക്കും മറവിക്കു കാരണമായിട്ടുണ്ടാവുക. ഒരു രോഗിക്ക് മറവിരോഗം ഉണ്ട് എന്ന് തീരുമാനിച്ചാല്‍ അടുത്തതായി അറിയേണ്ടത് അതു ചികിത്സിച്ച് മാറ്റാന്‍ പറ്റുന്ന രോഗമാണോ എന്നതാണ്.

കൃത്യമായ രോഗനിര്‍ണയത്തിലൂടെ മാത്രമേ ഇത് അറിയാനാകൂ. ചില സാഹചര്യങ്ങളില്‍ സങ്കീര്‍ണ്ണമായ പരിശോധനകളിലൂടെ മാത്രമേ കൃത്യമായ രോഗനിര്‍ണയം സാദ്ധ്യമാവുകയുള്ളൂ. ഇപ്രകാരം സങ്കീര്‍ണ്ണമായ പരിശോധനകള്‍ ചെയ്യാന്‍ പരിമിതികളുള്ള സാഹചര്യത്തില്‍പ്പോലും ചികിത്സിച്ചു ഭേദപ്പെടുത്താന്‍ കഴിയുന്ന രോഗമാണോയെന്ന് കണ്ടുപിടിക്കേണ്ടത് പ്രധാനമാണ്. സൂഡോഡിമന്‍ഷ്യ, എസ്.ഡി.എച്ച്, ടൂമറുകള്‍, മസ്തിഷ്കാഘാതം, തലച്ചോറിലെ ടി.ബി, വിറ്റാമിനിന്റെ കുറവ്, സിഫിലിസ്, മദ്യപാനികളില്‍ കാണുന്ന മറവിരോഗം, വൃക്ക സംബന്ധമായ രോഗങ്ങള്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍, എന്‍. പി. എച്ച് എന്നിവയാണ് ചികിത്സിച്ചുമാറ്റാന്‍ സാധിക്കുന്ന മേധാരോഗങ്ങള്‍.

പ്രായമായവരിലെ മറവിക്ക് പ്രധാന കാരണമായി കരുതപ്പെടുന്ന അള്‍ഷൈമര്‍ ഡിമന്‍ഷ്യ എന്ന മറവിരോഗം ചികിത്സിച്ചു മാറ്റാവുന്ന മറവിരോഗങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നില്ല. എന്നാല്‍, ഈ രോഗത്തിനും ഫലപ്രദമായ ചികിത്സ നിലവിലുണ്ട്. രോഗം മൂര്‍ച്ഛിക്കുന്നത് ഒരു പരിധിവരെ തടയാന്‍ ഇവയ്ക്കു സാധിക്കും. എന്നാല്‍, ഇത്തരം മരുന്നുകള്‍ക്ക് രോഗം ഭേദമാക്കാനുള്ള ശേഷി ഇല്ല. ചികിത്സ ഇല്ലാത്ത രോഗങ്ങളാണെങ്കില്‍ പോലും രോഗിക്ക് ഉണ്ടാകുന്ന പെരുമാറ്റത്തിലെ വ്യതിയാനങ്ങള്‍ ചികിത്സിക്കാന്‍ മരുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ചികിത്സ ഉള്ളതായാലും ഇല്ലാത്തതായാലും എല്ലാ മറവിരോഗങ്ങള്‍ക്കും ചികിത്സ അത്യാവശ്യമാണ്

പോപ്കോൺ ആരോഗ്യത്തിന് ഉത്തമാഹാരം

യാത്രാവേ‌‌ളകളിലും സിനിമാശാലകളിലും നിങ്ങളുടെ മുന്നിലെത്തുന്ന പോപ്കോൺ വിതരണക്കാരെ ഇനിമുതൽ അവഗണിക്കേണ്ട. ഒരു നേരംപോക്ക് എന്നതിനപ്പുറം നമ്മുടെ ആരോഗ്യപരിപാലനത്തിന് ഗുണം ചെയ്യുന്ന ഒരുത്തമാഹാരം കൂടിയാണത്രെ ‘മിസ്റ്റർ.പോപ്കോൺ’ . അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള സ്ക്രാന്റൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് തങ്ങളുടെ പഠനറിപ്പോർട്ടിൽ പോപ്കോണിന്റെ ഗുണഗണങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
മ‌റ്റ് പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിക്കുന്നതിനേക്കാളധികം ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റ്സ് പോപ്കോണിൽ നിന്നും ലഭിക്കും എന്നതാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. പോപ്കോണിന്റെ തോടിനകത്തുപോലും വർദ്ധിച്ച അളവിൽ ആന്റിഓക്സിഡന്റ്സും ഫൈബറും പോളിഫിനോൾസും അടങ്ങിയിരിക്കുന്നു എന്നാണ് കണ്ടെത്തൽ. ഇത് മറ്റ് പഴങ്ങളിൽ( ജലാംശം കൂടുതലുള്ളതിനാൽ) വളരെയധികം കുറവായിരിക്കും.
പോപ്കോൺ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പുകൾ നിയന്ത്രിക്കാൻ കഴിയുമെന്ന് മുൻപുതന്നെ പഠനറിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ എണ്ണയിലോ മറ്റ് കൊഴുപ്പുകളിലോ വറുത്തെടുത്ത് കഴിക്കുന്നതിനേക്കാളും ചെറുതായി വേവിച്ച് കഴിക്കുന്ന ധാന്യങ്ങൾ ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് പഠനറിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ഗവേഷകനായ ജോയ് വിൻസൺ അഭിപ്രായപ്പെട്ടത്. പക്ഷെ, എല്ലാ തരത്തിലുമുള്ള ജീവദായക വിറ്റാമിനുകൾ അടങ്ങിയിട്ടില്ലാത്തതിനാലും ശരീരപുഷ്ടിക്കാവശ്യമായ പോഷകമൂല്യങ്ങൾ കുറഞ്ഞിരിക്കുന്നതിനാലും പഴങ്ങൾക്കും പച്ചക്കറികൾക്കും ബദലായി പോപ്കോൺ ഉപയോഗിക്കാൻ കഴിയില്ലെന്ന് അമേരിക്കൻ കെമിക്കൽ സൊസൈറ്റിയിലെ സാന്റിയാഗ്ഗോ കണ്ടെത്തിയിരുന്നു

വയര്‍ കുറയ്ക്കാന്‍ ഭക്ഷണവും

സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ചാടിയ വയര്‍ ആര്‍ക്കും താലപര്യമുണ്ടാവില്ല. വയര്‍ കുറയ്ക്കുവാന്‍ ധാരാളം വ്യായാമങ്ങളുണ്ട്. ചില ഭക്ഷണങ്ങളും വയര്‍ കുറയ്ക്കുവാന്‍ സഹായിക്കും. 

ബദാം, പിസ്ത, വാള്‍നട്ട് തുടങ്ങിയവ ശരീരത്തിലെ കൊഴുപ്പു കത്തിച്ചുകളയാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. വിശപ്പു മാറ്റുവാനും ആരോഗ്യത്തിനും ഇവ നല്ലതു തന്നെ. 

കറുത്ത നിറത്തിലുളള പയര്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. ശരീരത്തിലെ വിഷാംശം പുറത്തു കളയുവാനും ഇവ നല്ലതാണ്.

പ്രാതലിന് മുട്ട പുഴുങ്ങിയതോ സ്‌ക്രാമ്പിള്‍ ചെയ്തതോ കഴിച്ചു നോക്കൂ. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ മുട്ട സ്വാഭാവിക രീതിയില്‍ സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. അങ്ങനെ ഇവ വയര്‍ കുറയ്ക്കാനും സഹായിക്കും. 

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഡാര്‍ക് ചോക്ലേറ്റ്. ഇവ തടി കുറയ്ക്കാനും ഹൃദയാരോഗ്യത്തെ കാക്കാനും നല്ലതാണ്. 

സിട്രസ് അടങ്ങിയിരിക്കുന്ന ഫലവര്‍ഗങ്ങളെല്ലാം വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. ചെറുനാരങ്ങ, ഗ്രേപ് ഫ്രൂട്ട്, ഓറഞ്ച് തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു. ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ ഫലവര്‍ഗങ്ങളും തടിയും അതുവഴി വയറും കുറയ്ക്കാന്‍ സ്വാഭാവികമായും സഹായിക്കും.

തടി കുറയ്ക്കും വെളിച്ചെണ്ണ

വെളിച്ചെണ്ണയെ കുറിച്ച് ഗുണങ്ങളും ദോഷങ്ങളും പറയും. കൊളസ്‌ട്രോള്‍ കൂട്ടുമെന്നതാണ് ഇതിനുള്ള പ്രധാന ആരോപണം. ഇത്തരം ആരോപണങ്ങളുണ്ടെങ്കിലും മലയാളികള്‍ക്ക് വെളിച്ചെണ്ണയെ തള്ളിക്കളയാനാവില്ല. രുചിക്കൂട്ടായി മാത്രമല്ലാ, വണ്ണം കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കും.

വെളിച്ചെണ്ണ ദഹിക്കുവാന്‍ എളുപ്പമാണ്. ഇതില്‍ ഫാറ്റി ആസിഡുകള്‍ കുറവാണെന്നതാണ് ഇതിന് കാരണം. മറ്റു ഭക്ഷണങ്ങള്‍ ദഹിക്കാനും വെളിച്ചെണ്ണ സഹായിക്കും. ദഹനം സ്വഭാവികമായും വണ്ണം കുറയ്ക്കുകയും ചെയ്യും.

വെളിച്ചെണ്ണയില്‍ ഗ്ലിസറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് അപചയപ്രക്രിയ എളുപ്പമാക്കുകയും ഫാറ്റി ആസിഡുകളെ ഊര്‍ജമാക്കി മാറ്റുകയും ചെയ്യും. 

ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. വിശപ്പു കുറയ്ക്കാന്‍ ഇത് സഹായിക്കും. ഭക്ഷണം കുറച്ചാല്‍ തടി കുറയും. 

ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ കലര്‍ത്തി കുടിയ്ക്കുന്നത് തടി കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇതിന് കഴിയും.

വണ്ണം കുറയ്ക്കുന്നതിന് പുറമെ എല്ലുകളുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ സഹായിക്കും. ശരീരത്തിന് കൂടുതല്‍ വേഗത്തില്‍ കാല്‍സ്യം വലിച്ചെടുക്കാനുള്ള കഴിവു നല്‍കാന്‍ വെളിച്ചെണ്ണയ്ക്കാവും. ഇതുവഴി സ്ത്രീകളില്‍ മെനോപോസിനോട് അനുബന്ധമായി കണ്ടു വരുന്ന ഓസ്റ്റിയോപെറോസിസ് വരുന്നതു തടയാന്‍ വെളിച്ചെണ്ണയ്ക്കാവും. 

ചര്‍മ, കേശ സംരക്ഷണത്തിനും വെളിച്ചെണ്ണ വളരെയേറെ ഗുണം ചെയ്യും

ദീര്‍ഘനേരം ഇരുന്നുള്ള ജോലി ഹൃദയസ്തംഭനത്തിന് കാരണമാകും

നിങ്ങള്‍ ദീര്‍ഘനേരം ഇരുന്ന് ജോലിചെയ്യുന്നവരാണോ എങ്കില്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അധികനേരം ഇരുന്നു ജോലിചെയ്യുന്നത് ഹൃദയത്തെ ദോഷകരമായി ബാധിക്കുകയും അത് മരണത്തില്‍ വരെ കലാശിക്കാനും സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

റോചസ്റ്ററിലെ മേയൊ ക്ലിനിക്കിലെ ഡോക്ടറായ മിന്‍ ആണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. സിറ്റിംഗ് ഡിസീസ് എന്നാണ് അദ്ദേഹം ഈ അസുഖത്തെ കുറിച്ച് പറയുന്നത്. ഇത് മനുഷ്യശരീരത്തെ പുകവലിയേക്കാള്‍ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്നാണ് പറയുന്നത്.

ഈ വിഷയത്തില്‍ പഠനം നടത്തിയ ഡോക്ടര്‍ ലെവിന്റെ അഭിപ്രായത്തില്‍ ഇത്തരം നിരവധി കേസുകളാണ് അദ്ദേഹത്തിന്റെ അടുത്ത് വന്നിട്ടുള്ളതെന്നാണ് പറയുന്നത്. ഹൃദയസംബന്ധമായ അസുഖം ബാധിച്ച് അദ്ദേഹത്തിനടുത്തെത്തിയ രോഗികളില്‍ പലരും ദീര്‍ഘകാലമായി ഇരുന്ന് ജോലിചെയ്യുന്നവരായിരുന്നു എന്ന് വെളിപ്പെടുത്തുന്നുണ്ട്.

ഈ പഠനത്തില്‍ ടെലിവിഷനുമുന്നില്‍ അധികസമയം ഇരുന്ന് സമയം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പറയുന്നുണ്ട്. അതില്‍ തന്നെ 80 ശതമാനം പേരും മരണത്തിന്റെ പിടിയിലാണെന്നുമാണ് പറയുന്നത്. എന്നാല്‍ രണ്ടുമണിക്കൂറില്‍ കുറവ് സമയം ടെലിവിഷനുമുന്നില്‍ ചെലവഴിക്കുന്ന കുട്ടികളില്‍ ഇത്തരം അസുഖങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കുറേനേരം ഇരുന്ന് ജോലി ചെയ്തതിനു ശേഷം പിന്നീട് ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നതും അപകടമാണെന്നാണ് ഇവര്‍ പറയുന്നത്. കുറേ സമയം ശരീരം ഇളക്കാതെ ഇരുന്ന് പിന്നീട് കഠിന വ്യായമത്തില്‍ ഏര്‍പ്പെടുന്നത് ശരീരത്തെ ദോഷമായാണ് ബാധിക്കുക.

ഇതിനുള്ള ഏകഉപായം കുറച്ച് സമയം ഇരിക്കുകയും കൂടുതല്‍ സമയം നടക്കുകയും മറ്റും ചെയ്ത് ശരീരത്തിന് ആയാസം നല്‍കുകയെന്നത് മാത്രമാണ്. കുറേ സമയം തുടര്‍ച്ചയായി ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റ് നില്‍ക്കുകയും നടക്കുകയും ചെയ്യുന്നത് ശരീരത്തിന് ഗുണം ചെയ്യും.

ഇരിക്കുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന കലോറികളുടെ അളവ് ഒന്ന് എഴുന്നേറ്റ് നിന്നാല്‍ കുറയും. തുടര്‍ച്ചയായി ഇരിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും. പൊണ്ണത്തടിയും കൊഴുപ്പും എല്ലാം കൂടിച്ചേര്‍ന്ന് നമ്മുടെ ഹൃദയത്തിന്റെ താളം പാടേ തെറ്റിക്കും.

ഇടയ്ക്കിടെ എഴുന്നേറ്റ് നില്‍ക്കുകയും നടക്കുകയും ചെയ്യുമ്പോള്‍ തന്നെ നമ്മുടെ മസ്സിലുകള്‍ ആയാസപ്പെടുകയും ചെയ്യും. രക്തസമ്മര്‍ദ്ദവും മറ്റും കൂടുന്നതിനും ദീര്‍ഘനേരത്തെ ഇരിപ്പ് കാരണമാകും. നിങ്ങള്‍ മാരത്തോണിന് ഓടുന്നതുപോലെ ഓടണം എന്നല്ല പറയുന്നതെന്നും ശരീരത്തെ ചലിപ്പിക്കുന്ന രീതിയിലുള്ള വ്യായാമ മുറകള്‍ അഭ്യസിക്കുകയുമാണ് വേണ്ടതെന്ന് മിസ്സൗറി യൂണിവേഴ്‌സിറ്റിയിലെ ഡോ.ജോണ്‍ അഭിപ്രായപ്പെടുന്നു.

പുരുഷന്‍മാരിലെ കഷണ്ടിയുടെ കാരണം കണ്ടെത്തി

ഒടുക്കും പുരുഷന്‍മാരില്‍ കഷണ്ടിയുണ്ടാക്കുന്ന വില്ലനെ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചു. പ്രോസ്റ്റാഗ്ലാഡിന്‍ ഡി2 അഥവാ PGD2 എന്ന പ്രോട്ടീനും അതില്‍ നിന്നുണ്ടാവുന്ന മറ്റ് പ്രോട്ടീനുകളുമാണ് കഷണ്ടിയുണ്ടാക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളുടെ പിന്‍ബലത്തില്‍ സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിനിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ പ്രോട്ടീന്‍ മുടിവളര്‍ച്ച തടയുമെന്നാണ് പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത്. ശാരീരിക വളര്‍ച്ച അവസാനിക്കുന്ന ഘട്ടത്തില്‍ ഈ പ്രോട്ടീനിന്റെ അളവ് പെട്ടെന്ന് കൂടുന്നതാണ് കഷണ്ടിക്ക് കാരണമാകുന്നത്. കഷണ്ടിയുള്ള ആളുകളില്‍ ഈ പ്രോട്ടീനിന്റെ അളവ് മറ്റുള്ളവരിലേതിനേക്കാള്‍ മൂന്ന് മടങ്ങായിരിക്കും. മുടിയുള്ള തലയോട്ടിയിലെ PGD2 പ്രോട്ടീനിന്റെ അളവ് 1.5ng/g ആണ്. എന്നാല്‍ കഷണ്ടിയുള്ളവരില്‍ ഇതിന്റെ അളവ് 16.3ng/g ആണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

വേരോടെയുള്ള മുടി പിഴുതെടുത്ത് അത് ഒരാഴ്ചയോളും കൃത്രിമമായി വളര്‍ത്തിയാണ് ശാസ്ത്രജ്ഞന്‍മാര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഈ മുടി വളര്‍ത്തുന്നതിനായി ഈ പ്രോട്ടീനും ഇതിന്റെ ഉപോല്പനങ്ങളും വ്യത്യസ്ത അളവില്‍ ഉപയോഗിച്ചു. കുറഞ്ഞ അളവില്‍ (5 മൈക്രോമോളാര്‍) ഈ പ്രോട്ടീന്‍ മുടിവളര്‍ച്ചയെ സഹായിക്കുന്നു. 10 മൈക്രോമോളാറാകുമ്പോള്‍ മുടിയുടെ വലുപ്പം കുറയുന്നു. ഇതില്‍ നിന്നുണ്ടാവുന്ന മറ്റു പ്രോട്ടീനുകള്‍ 10 മൈക്രോമോളാറിലും മുടി വളര്‍ച്ചയെ സഹായിക്കുന്നുണ്ടെന്നും കണ്ടെത്തി.

വിവിധ തരത്തിലുള്ള പ്രോസ്റ്റാഗ്ലാഡിനുകളാണ് മുടിവളര്‍ച്ചയെ നിയന്ത്രിക്കുന്നത്. ഇത്തരത്തിലുള്ള ഒരു പ്രോസ്റ്റാഗ്ലാഡിന് റേഡിയേഷന്‍ കാരണം മുടി നഷ്ടപ്പെടുന്നത് തടയാനാവുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

എലികളിലും മനുഷ്യശരീരത്തിലും രണ്ട് പ്രധാന പ്രോസ്റ്റാഗ്ലാഡിനുകളായ PGE2ഉം PGD2 ഉം കൃത്യമായ അനുപാതത്തില്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. ഈ അളവില്‍ വ്യത്യാസം വന്നാല്‍ അതും കഷണ്ടിയുണ്ടാക്കുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കഷണ്ടിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്ന ആളുകള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ കണ്ടെത്തല്‍. ഈ പ്രോട്ടീനുകളുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ മുടി പൂര്‍ണമായി കൊഴിയുന്നത് തടയാനാകുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ കഷണ്ടിയുള്ളവരില്‍ ഇത് ഫലം ചെയ്യുമോ എന്ന് വ്യക്തമായിട്ടില്ലെന്നും ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

മാംസാഹാരികളുടെ ശ്രദ്ധയ്ക്ക്...

മേശപ്പുറത്തിരിക്കുന്ന മാട്ടിറച്ചി കാണുമ്പോള്‍ നിസ്സഹായനോ നിസ്സഹായയോ ആയ ഒരു മൃഗത്തിന്റെ നിലവിളി നിങ്ങളുടെ കാതില്‍ മുഴങ്ങാറുണ്ടോ? അതോ ഇറച്ചി കണ്ടാല്‍ നാവില്‍ വെള്ളം പെരുകുന്ന മാംസാഹാരിയാണോ നിങ്ങള്‍? രണ്ടായാലും പറഞ്ഞു വരുന്നത് ഇത്തിരി കുഴപ്പം പിടിച്ച ഒരു മാംസത്തെക്കുറിച്ചാണ്. പരീക്ഷണശാലയില്‍ നിരവധി വര്‍ഷങ്ങള്‍ ചിലവഴിച്ച് ഉത്പാദിപ്പിച്ചെടുത്തതാണീ കൃത്രിമ മാംസം. ശാസ്ത്രത്തിന്റെ പുതിയ നേട്ടം എന്നു വിശേഷിപ്പിക്കാവുന്ന ഈ കണ്ടുപിടുത്തത്തെ അംഗീകരിക്കാന്‍ നമുക്ക് ബുദ്ധിമുട്ടായിരിക്കുമെന്നു മാത്രം. പ്രകൃതി ദത്തമായ ഇറച്ചി ലോകത്തെമ്പാടുമുള്ളപ്പോള്‍ എന്തിനാണീ കൃത്രിമം എന്നു ചോദിക്കുന്നവരുണ്ടാകാം. പക്‌ഷെ വര്‍ദ്ധിച്ചു വരുന്ന ലോകജനസംഖയ്ക്കനുസരിച്ച് ഇറച്ചി ലഭ്യമാകാന്‍ വരുംകാലങ്ങളില്‍ ബുദ്ധിമുട്ടാണെന്നാണ് ആംസ്റ്റര്‍ഡാം, ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലകളില്‍  നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മൃഗങ്ങളുടെ കോശങ്ങളില്‍ നിന്ന് വളര്‍ത്തിയെടുക്കുന്ന കൃത്രിമ മാംസ നിര്‍മ്മാണ രീതിയില്‍ നാസ അടക്കമുള്ള കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്നതിനിടയിലാണ് പുതിയ കണ്ടുപിടുത്തം നടന്നിരിക്കുന്നത്. മൃഗങ്ങളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഒരു ശതമാനം സ്ഥലം മതി ഈ രീതിയില്‍ മാംസമുണ്ടാക്കാന്‍. മൃഗങ്ങളെ വളര്‍ത്താനാവശ്യമായി വരുന്ന ജലത്തിന്റെ നാലു ശതമാനം കൊണ്ട് കൃത്രിമ മാംസം സംഘടിപ്പിക്കാം. പന്നി, പോത്ത്, ആട് തുടങ്ങിയവയുടെ ഇറച്ചി ശരിപ്പെടുത്തിയെടുക്കുന്നതിന്റെ പകുതി അദ്ധ്വാനം പോലും ഇതു ശരിയാക്കാനാവശ്യമില്ല. മൃഗങ്ങളോടുള്ള ക്രൂരത നിമിത്തം സമ്പൂര്‍ണ സസ്യാഹാരികളായവര്‍ക്കും മനസ്സാക്ഷിക്കുത്തില്ലാതെ ഭക്ഷിക്കാവുന്നതാണീ കൃത്രിമ മാംസം. ഇത്രയൊക്കെ നല്ല 'ഐറ്റ'മാണെങ്കില്‍ എന്തിനാ ഇതിനെ എതിര്‍ക്കുന്നതെന്ന ചോദ്യമാകും വായനക്കാരുടെ മനസ്സില്‍ ഇപ്പോളുണ്ടാകുക. പറയാം... ഞെട്ടരുത്... മനുഷ്യമലത്തില്‍ നിന്നാണ് ഈ കൃത്രിമ മാംസം ഉല്പാദിപ്പിക്കുന്നത്. സംഗതി സത്യമാണ്. മാലിന്യ നിര്‍മ്മാര്‍ജന വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ജാപ്പനീസ് ശാസ്ത്രജ്ഞന്‍ മിത്‌സുയുക്കി ഇക്കഡയാണ് ഒകയാമാ ലാബില്‍ പഠനം നടത്തി ഈ 'മഹത്തായ'കണ്ടെത്തല്‍ നടത്തിയത്. ഫലപ്രദമായി മാലിന്യങ്ങള്‍ എങ്ങനെ നിര്‍മാര്‍ജ്ജനം ചെയ്യാം എന്നു ഗവേഷണം നടത്തുന്നതിനിടയിലാണ് ബാക്ടീരിയയുടെ പ്രവര്‍ത്തനം മൂലം മലത്തില്‍ ധാരാളം പ്രോട്ടീനുണ്ടാകുന്നുവെന്ന് ഇക്കഡോ കണ്ടെത്തിയത്. പിന്നെ വൈകിയില്ല ഒക്കെ ശുദ്ധീകരിച്ചെടുത്ത് അദ്ദേഹം പുതിയ മാംസം ലാബില്‍ സൃഷ്ടിച്ചെടുത്തു. 63% പ്രോട്ടീനും 25% കാര്‍ബോ ഹൈഡ്രേറ്റ്‌സും 9% മിനറത്സും 3% ലിപിഡ്‌സും കൊണ്ട് പോഷകസമൃദ്ധമാണീ  സമീകൃതാഹാരം. മാംസത്തിന്റെ നിറവും സോയാപ്രോട്ടീന്റെ സത്തും ചേര്‍ത്ത് പാകം ചെയ്തു വിളമ്പിയപ്പോള്‍ കഴിച്ചവരെല്ലാം ഒരേമ്പക്കവും വിട്ടു പറഞ്ഞു. “നല്ല അസ്സലു ബീഫു തന്നെ.” പാകം ചെയ്തു കഴിക്കുമ്പോള്‍ സാദാ മാംസത്തില്‍ കാണുന്നത്ര അണുക്കള്‍ പോലും ഇതിലുണ്ടാവില്ല എന്നാണ് ഈ 'മല'മാംസത്തെ അനുകൂലിക്കുന്ന വിദഗ്ധരുടെ പക്ഷം. എന്തായാലും ആഹാര രംഗത്ത് ഇനി വിവാദങ്ങളുടെ നാളുകളാണ് വരാനിരിക്കുന്നതെന്നു തീര്‍ച്ച. പുതിയ മാംസത്തെ അനുകൂലിക്കുന്നവരേക്കാളെ പ്രതികൂലിക്കുന്നവരുടെ സംഖ്യ ഉയര്‍ന്നു നില്‍ക്കാനാണ് സാധ്യത.

ആകര്‍ഷകമായ വ്യക്തിത്വം സ്വന്തമാക്കുക

എന്തിനെയും സധീരം നേരിടുക
കരുതി ഇരിക്കുക. ഇത് പലരും ചെയ്യാറില്ല. അതുകൊണ്ടുതന്നെ ''ഒരിക്കലും പ്രതീക്ഷിക്കാത്ത'' എന്തെങ്കിലും സംഭവിക്കുമ്പോള്‍ മിക്കവരും നിര്‍വ്വീര്യരാകുന്നു. പിന്നെ അതോര്‍ത്ത് വിഷമിക്കുന്നു, സമയവും, ശക്തിയും പാഴാകുന്നു, അതില്‍ത്തന്നെ മനസ്സ് ചുറ്റിത്തിരിയുന്നു.
എപ്പോഴും അകലേക്ക് നോക്കുക, മുന്നോട്ട് നോക്കുക, ഉയരങ്ങളിലേക്ക് നോക്കുക ജീവിതത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. ചലനാത്മകമായ ജീവിതത്തിന്റെ മുഖമുദ്രയാണ് മാറ്റങ്ങള്‍ എന്ന് അറിയുക. മാറ്റങ്ങള്‍ എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്നു. ശുഭാപ്തിവിശ്വാസം കൈവിടാതിരുന്നാല്‍ എല്ലായ്‌പ്പോഴും വിജയിക്കാന്‍ കഴിയും. എല്ലായ്‌പ്പോഴും വിജയിച്ചില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല- എല്ലാ തവണയും ഇല്ലെങ്കിലും കുറെ തവണയെങ്കിലും വിജയിക്കും. ഓരോ വിജയവും ഓരോ ''ബോണസ്'' ആയി കരുതുക. പരാജയപ്പെട്ടതോര്‍ത്ത് സങ്കടപ്പെടേണ്ടതില്ല. പരാജയം കാരണം ഉത്സാഹക്കുറവ് തോന്നരുത്. ശ്രമിക്കുക, വീണ്ടും വീണ്ടും ശ്രമിച്ച് വിജയം നേടുക. ആസൂത്രണം പരിധി കവിയരുത്. ധൃതിയിലുമാകരുത്. സ്വയം നിയന്ത്രിക്കുക, പരിധികള്‍ കല്പിക്കുക.
മാറ്റങ്ങളെ ഭയക്കരുത്. ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുക. മാറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും അരുത്. അതില്‍ നിന്ന് പരമാവധി മെച്ചം നേടാനാവണം ശ്രമം. മാറ്റങ്ങള്‍ നല്‍കുന്ന സൂചനകളും, പാഠങ്ങളും പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ മാറ്റവും നന്മയ്ക്ക് ആയിരിക്കണം എന്നില്ല. അതില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് ഭാവിയില്‍ അത് പ്രയോജനപ്പെടുത്തുക.
ഓര്‍ക്കുക - പ്രതീക്ഷിക്കാത്തത് പലപ്പോഴും സംഭവിക്കും. അതുകൊണ്ട് അത് എപ്പോഴും നിങ്ങളുടെ മെച്ചത്തിനായി പ്രയോജനപ്പെടുത്താന്‍ തയ്യാറായിരിക്കുക. അവിടെയാണ് ജീവിത വിജയം.
നിങ്ങള്‍ നിങ്ങള്‍ മാത്രമായിരിക്കുക
ദ്വിമുഖ വ്യക്തിത്വം ദോഷകരമാണ്. നിങ്ങള്‍ നിങ്ങളായിത്തന്നെ ഇരിക്കാന്‍ പരമാവധി ശ്രമിക്കുക. സ്വയം ആദരവ് പുലര്‍ത്തുക. സ്വതവേയുള്ള പ്രകൃതം നിലനിര്‍ത്തുക. വ്യക്തിത്വത്തില്‍ അടിസ്ഥാനപരമായ ഒട്ടനവധി വ്യത്യാസങ്ങള്‍ വരുത്താനുള്ള ശ്രമം ദോഷം മാത്രമെ ചെയ്യുകയുള്ളൂ. അധികം സംസാരിക്കാത്ത ശാന്തപ്രകൃതമാണെങ്കില്‍ എപ്പോഴും ഒച്ചവെച്ച് മറ്റുള്ളവരുമായി ഇടപഴകാന്‍ ജീവിതകാലമത്രയും ശ്രമിച്ചിട്ടും കാര്യമില്ല. നിങ്ങളുടെ താല്പര്യങ്ങളും, കഴിവുകളും ഏത് രംഗത്താണെന്ന് മനസ്സിലാക്കി അത് വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. തികച്ചും വ്യത്യസ്തമായ മറ്റൊരു രംഗത്താണ് വിജയവും സന്തോഷവും ഉണ്ടാവുക എന്ന് ഭാവനയില്‍ കണ്ടിട്ട് കാര്യമില്ല. അവിടെ എത്താനും ശോഭിക്കാനും പരിശ്രമിക്കുകയാണാവശ്യം.
മുഖം മൂടി അണിയരുത്. എല്ലാവരുടെ മുന്നിലും ഒരേ വ്യക്തിത്വം പ്രകടമാക്കുക. നിങ്ങളുടെ സ്വാഭാവിക രീതിക്കനുസരിച്ച് നീങ്ങുക, പ്രവര്‍ത്തിക്കുക, ചിന്തിക്കുക മറ്റൊരാളാകാന്‍ ശ്രമിച്ചിട്ട് കാര്യമില്ല. അത് വിപരീതഫലം ചെയ്യുകയേ ഉള്ളൂ.
അപ്രധാനകാര്യങ്ങള്‍ക്കായി ഊര്‍ജ്ജം നഷ്ടപ്പെടുത്താതിരിക്കുക
അപ്രധാന കാര്യങ്ങള്‍ പലതാണ് - പൊങ്ങച്ചം കാണിക്കുക, ക്ഷോഭിക്കുക, അകാരണമായി വാദിക്കുക, കലഹിക്കുക, കുത്തുവാക്ക് പറയുക, ബഹളം വെയ്ക്കുക, കുറ്റപ്പെടുത്തുക മറ്റുള്ളവരുമായി യോജിച്ചു പോകാതിരിക്കുക, പരിപൂര്‍ണ്ണതാവാദിയാകുക, കുറ്റാരോപണം നടത്തുക എന്നിങ്ങനെ ഒട്ടനവധി. ഇതിനു വേണ്ടി സമയം വിനിയോഗിക്കുന്നവര്‍ വിലപിടിച്ച സമയവും, ഊര്‍ജ്ജവും പാഴാക്കുകയാണെന്നോര്‍ക്കുക. സമയം ഇങ്ങിനെ കളയുന്നത് തികഞ്ഞ വിഡ്ഡിത്തമാണ്.
സ്വയം കൂടുതല്‍ പരുക്കരാകരുത്
നിങ്ങള്‍ പലപ്പോഴും സ്വയം കരുതുന്നതിലധികം നല്ലവരാണ്, സൗമ്യരാണ്, ദയാശീലരാണ്, പരോപകാരികളാണ്. നിങ്ങളുടെ ആത്മാഭിമാനം അങ്ങിനെ ഉയര്‍ത്തിപ്പിടിക്കുക, മുന്‍വിധികളില്ലാതെ പെരുമാറുക, മറ്റുള്ളവരുമായി ഇടപഴകുക. സ്വന്തം വാക്കുകളും പ്രവൃത്തികളും ഇടയ്‌ക്കെങ്കിലും സ്വയം വിലയിരുത്തുക. നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ സന്തോഷിക്കുക, സ്വയം അഭിനന്ദിക്കുക, മന:സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ഉല്ലസിക്കാനും അവസരം കണ്ടെത്തണം. സ്ഥിരം ടൈംടേബിള്‍ മടുപ്പ് തോന്നിക്കുന്നുവെങ്കില്‍ ഇടയ്‌ക്കെങ്കിലും സ്വയം മാറ്റം വരുത്തുക. അതിനു ആഗ്രഹം മാത്രം പോരാ - പ്രാവര്‍ത്തികമാക്കാനുള്ള സന്നദ്ധതയും വേണം.
തികച്ചും വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കുക. അലങ്കാര തയ്യല്‍, പൂന്തോട്ടം, അടുക്കളത്തോട്ടം, ടൈപ്പ്‌റൈറ്റിങ്ങ്, കളിപ്പാട്ടം നിര്‍മ്മിക്കല്‍ എന്നിങ്ങനെ നിങ്ങള്‍ ശ്രമിച്ചിട്ടില്ലാത്ത, ഒരു പക്ഷെ ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലാത്ത, ഏതെങ്കിലും രംഗത്ത് താല്പര്യം ഉണ്ടാക്കിയെടുക്കുക. വിജയിക്കുമോ, പരാജയപ്പെടുമോ എന്നതല്ല പ്രശ്‌നം - പുതിയ രംഗങ്ങളില്‍ മനസ്സ് വ്യാപരിക്കട്ടെ. പരിശ്രമിക്കുക, പരിചയം നേടുക, നിങ്ങളുടെ അറിവിന്റെ ചക്രവാളങ്ങള്‍ വികസിക്കും തോറും ജീവിതം സജീവമാകുന്നു.
പണം നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കട്ടെ
പണം വെറും ഒരു ഉപകരണമോ, ഉപാധിയോ മാത്രമാണ്. നിങ്ങള്‍ ആര്‍ജ്ജിക്കുന്ന പണം നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കട്ടെ. അഥവാ പണം നല്ല കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുക. മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാന്‍, അറിവ് വര്‍ദ്ധിപ്പിക്കാന്‍, കാഴ്ചപ്പാടുകള്‍ വികസിപ്പിക്കാന്‍, ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍, എല്ലാം കൊണ്ടും സ്വന്തം നില ഉയര്‍ത്താന്‍ വേണം അത് ഉപകരിക്കേണ്ടത്.
വ്യക്തിത്വ വികാസത്തിനും ജീവിതാനുഭവങ്ങള്‍ നേടാനും പ്രയോജനപ്പെടുത്തുന്ന പണമേ ശരിയായി വിനിയോഗിക്കപ്പെട്ടതായി കണക്കാക്കാനാവൂ.
അന്വേഷണ ത്വര വളര്‍ത്തുക
അന്വേഷണത്വരയാണ് ജീവിത വിജയത്തിന്റെ അടിസ്ഥാന ഘടകം. ആധുനിക ജീവിതത്തില്‍ ഇതിന്റെ പ്രസക്തി ഏറെയുമാണ്. ചെറിയ സാധനങ്ങളെക്കുറിച്ചുപോലും പൂര്‍ണ്ണമായ അറിവ് ആര്‍ക്കും ഉണ്ടായെന്ന് വരില്ല. എങ്ങിനെ അത് ആര്‍ജ്ജിക്കാനാവും എന്നറിയാവുന്നതിനെ ആസ്പദിച്ചിരിക്കുന്നു ജീവിത വിജയം.
കലുങ്കഷമായി പരിശോധിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, സമഗ്രമായന്വേഷിക്കുക - വ്യക്തമായി മനസ്സിലാക്കുക. മറ്റുള്ളവരെ ഇതിന് സഹായിക്കുകയും ചെയ്യുക. അധികം ദൂരെയല്ലാതെയുള്ള വായനശാലകളില്‍ പോയി പുസ്തകങ്ങളും മറ്റും പരമാവധി പ്രയോജനപ്പെടുത്തുക. കംപ്യൂട്ടറിന്റെ സഹായവും തേടാം. വിജ്ഞാനമേഖല പരമാവധി വിസ്തൃതമാക്കുക, എല്ലാം ഓര്‍മ്മിക്കാന്‍ ശീലിക്കുക. അതിന് പരിശീലനമാവശ്യമാണെങ്കില്‍ അതും നടത്തുക.
ഒന്നിലും താല്പര്യമില്ലായ്മ ജീവിതത്തെ വിരസമാക്കുന്നു. എല്ലാറ്റിനോടും നിര്‍മ്മമമായ താല്പര്യം പുലര്‍ത്തുക - ജനങ്ങള്‍, സ്ഥലങ്ങള്‍, ആശയങ്ങള്‍, ചരിത്രം, പ്രകൃതി അങ്ങിനെ എല്ലാറ്റിനോടും. സന്തോഷത്തിന്റെ രഹസ്യം ഈ കുതൂഹലമാണ്. കാര്യങ്ങളറിയാനുള്ള വ്യഗ്രത കുറവാണെങ്കില്‍ സന്തോഷവും കുറഞ്ഞിരിക്കും. ജീവിതവിജയം നേടിയവരും സംതൃപ്തരുമായവര്‍ എപ്പോഴും ''എന്തുകൊണ്ട്, എന്തുകൊണ്ട്'' എന്ന ചോദ്യങ്ങള്‍ ഉന്നയിച്ചവരാണ്. ജീവിതാന്ത്യം വരെ അവരില്‍ ആ ചോദ്യം എപ്പോഴും തലയുയര്‍ത്തി നില്‍ക്കും. ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ കണ്ടുപിടിച്ചാല്‍ സദാ ജോലിയില്‍ വ്യാപൃതരാകാന്‍ കഴിയും. ഉല്ലാസം തോന്നും, വിജ്ഞാനം വര്‍ദ്ധിക്കും.
വിദഗ്ധരോടും നിങ്ങള്‍ ആദരിക്കുന്ന വിജ്ഞാനികളോടും ഉപദേശങ്ങളും, നിര്‍ദ്ദേശങ്ങളും തേടാന്‍ ഒരിക്കലും മടിക്കരുത്. എന്തെന്നാല്‍ ആരും പൂര്‍ണ്ണരല്ല.
ചെവിയും, മനസ്സും മലര്‍ക്കെ തുറന്നു വെയ്ക്കുക. മറ്റുള്ളവര്‍ ഏത് തരക്കാരായാലും പറയുന്നത് തുറന്ന മനസ്സോടെ കേള്‍ക്കുക. അവരുടെ അനുഭവങ്ങളില്‍ നിന്നും, കഥകളില്‍ നിന്നും നമുക്ക് പലതും പഠിക്കാനുണ്ടാവും ക്ഷമയോടെ കേള്‍ക്കുന്നവരുടെ ബുദ്ധി വികസിക്കുന്നു. മനുഷ്യജീവിതത്തെ ക്ഷമാപൂര്‍വ്വം നേരിടാനും അത്തരക്കാര്‍ക്ക് കഴിയുന്നു.
സന്തോഷത്തോടെ കഴിയുക
സന്തോഷം, മനസ്സിന്റെ ഉല്ലാസം നമ്മള്‍ എല്ലാവരുടേയും ജന്മാവകാശമാണ്. ജീവിതം വളരെ ഉദാരമായി നല്‍കുന്നു. അതെല്ലാം സധൈര്യം, നന്ദിപൂര്‍വ്വം സ്വീകരിക്കുക. വിസ്തൃതമായ വീക്ഷണങ്ങളെ ചെറു ചക്രവാളങ്ങള്‍ മറയ്ക്കാന്‍ അനുവദിച്ചുകൂടാ.
നമ്മുടെ ചിന്താഗതിക്കനുസൃതമായാണ് നമ്മുടെ ജീവിതം ചലിക്കുന്നത്.
നിങ്ങള്‍ക്ക് വേണ്ടി ജീവിച്ചാല്‍ ജീവിതം മുഷിപ്പനായിരിക്കും. നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് എപ്പോഴും സ്‌നേഹവും, ഊഷ്മളതയും, സഹതാപവും, സൗഹൃദവും, സഹായവും, പിന്തുണയും, ധാരണയും, സമയവും, വിജ്ഞാനവും നല്‍കാനും പരിചയം ഭാവിക്കാനും സന്മനസ്സ് കാണിക്കുക. നിങ്ങള്‍ക്ക് ആകുന്നതെല്ലാം ചെയ്യുക. അപ്പോള്‍ ജീവിതം സജീവമാകുന്നു. നിങ്ങള്‍ സഹായിച്ചവരുടെ ജീവിതവും തളിര്‍ക്കുന്നു. കൊടുക്കലും, വാങ്ങലും ഉള്ള ബന്ധങ്ങള്‍ ജീവിതത്തെ കൂടുതല്‍ സാര്‍ത്ഥകമാക്കുന്നു.
ഏറ്റവും മികച്ചത് മാത്രമേ വേണ്ടൂ എന്ന ശാഠ്യം അരുത്. അത് ഉപേക്ഷിക്കുക. ലോകം തന്നെ പൂര്‍ണ്ണതയുള്ളതല്ല. അപ്പോള്‍ അതിലും ചെറിയ ജീവിതം പൂര്‍ണ്ണതയുള്ളതാവുകയില്ലല്ലോ. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ ജീവിതത്തില്‍ കൂടുതല്‍ താല്പര്യം തോന്നിത്തുടങ്ങും, ഉല്ലാസവും.
ഒരു വെല്ലുവിളിയെക്കുറിച്ചുള്ള ചിന്തപോലും ജീവിതത്തില്‍ കൂടുതല്‍ താല്പര്യം ജനിപ്പിക്കുന്നു എന്നതല്ലേ സത്യം?

ഈന്തപ്പഴം കഴിക്കൂ കൊളസ്ട്രോള്‍ കുറയ്ക്കൂ

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു പഴമാണ് ഈന്തപ്പഴം. ഊര്‍ജത്തിന്റെ ഒരു വന്‍ കലവറ തന്നെയാണത് . ദിവസവും ഓരോ ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യകാരമായ ജീവിതത്തിനു വളരെ സഹായകമാണ്. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷകം അന്നജമാണ്‌ . അത് കൂടാതെ വിറ്റാമിനുകള്‍, ധാതു ലവണങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ധാരുകള്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല ഈന്തപ്പഴം കഴിക്കുന്നത്‌ വഴി വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങള്‍, കാന്‍സര്‍ എന്നിവയെ അകറ്റി നിര്‍ത്താനാവും .കൂടാതെ മെലിഞ്ഞിരിക്കുന്നവര്‍ക്ക് വണ്ണം വെക്കുവാനും ലൈംഗീക ശേഷി വര്‍ദ്ധിപ്പിക്കാനുമൊക്കെ ഈന്തപ്പഴം ഉപയോഗിക്കുക വഴി സാധിക്കും. ഈന്തപ്പഴം വേഗത്തില്‍ ദഹിക്കുന്നതിനാല്‍ ഇതിലുള്ള പോഷകാംശങ്ങള്‍ ശരീരത്തിന് എളുപ്പം ലഭ്യമാകുകയും ചെയ്യും

അസ്ഥികള്‍ക്ക് ബലം കൂട്ടാന്‍ അഞ്ചു വഴികള്‍

വാര്‍ദ്ധക്യത്തില്‍ സാധാരണയായ് കാണപ്പെടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അസ്ഥികളുടെ ബലക്ഷയം. പൊതുവേ സ്ത്രീകളെയാണ് ഈ രോഗം കൂടുതലായി ബാധിക്കാറുല്ലതെങ്കിലും പുരുഷന്മാരിലും കാണപ്പെടാറുണ്ട്. ഈ രോഗാവസ്ഥയിലുള്ള ആളുകളുടെ ശരീരത്തിന്റെ പ്രവര്‍ത്തനശേഷി കുറയുന്നു. മാത്രമല്ല, ചെറു സമ്മര്‍ദ്ദങ്ങളില്‍ പോലും അസ്ഥികള്‍ ഒടിയുന്ന അവസ്ഥ ഉണ്ടാകാനും ഇത് കാരണമാകും. വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിക്കും മുന്പ് തന്നെ അസ്ഥികളുടെ കാര്യത്തില്‍ ശ്രദ്ധിച്ചു തുടങ്ങിയാല്‍ ഒരു പരിധി വരെ അസ്ഥിക്ഷയത്തെ തടഞ്ഞു നിര്‍ത്താന്‍ നമുക്കാകും. ഭക്ഷണ ക്രമീകരണം വഴിയും വ്യായാമത്തിലൂടെയും ഇത് സാദ്ധ്യമാക്കാവുന്നതാണ്. അസ്ഥികളുടെ ആരോഗ്യത്തിനു അത്യന്താപേക്ഷിതമായ ചില പോഷകങ്ങളെയും ജീവകങ്ങളെയും കുറിച്ചും അവ അടങ്ങിയിരിക്കുന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളെ കുറിച്ചും ചുവടെ ചേര്‍ക്കുന്നു. 1. കാത്സ്യം കാത്സ്യം അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു അത്യന്താപേക്ഷിതമായ ഒരു പോഷകം ആണ്. കാത്സ്യം ധാരാളമായി ലഭിക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് പാല്‍. അത് പോലെ കാല്‍സ്യത്തിന്റെ മറ്റൊരു നല്ല സ്രോതസ്സാണ് മത്തി. കൂടാതെ പഴങ്ങളിലും പച്ചക്കറികളിലും കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. 2. വിറ്റാമിന്‍ ഡി വിറ്റാമിന്‍ ഡി ശരീരം തന്നെ ഉത്പാദിപ്പിക്കുന്ന ഒരു ജീവകം ആണ്. സൂര്യപ്രകാശം എല്ക്കുമ്പോഴാണ് ശരീരം വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്നത്. ദിവസം ഏകദേശം 15 മിനുട്ട് വീതം ആഴ്ചയില്‍ മൂന്നോ നാലോ ദിവസം വെയിലേല്‍ക്കുന്നത് ശരീരത്തില്‍ ആവശ്യത്തിനു വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപെടുന്നതിനു സഹായകമാകും. 3.വിറ്റാമിന്‍ എ പ്രധാനമായും വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കാന്‍ ശ്രമിക്കേണ്ടതാണ്. ഇതില്‍ പ്രധാനം മാമ്പഴം, പപ്പായ, തണ്ണിമത്തന്‍ എന്നീ പഴവര്‍ഗ്ഗങ്ങളും ഇലക്കറികള്‍, കാരറ്റ് ,കാബേജു, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും ആണ്. 4 . വിറ്റാമിന്‍ കെ അസ്ഥികളുടെ ആരോഗ്യത്തിനു അത്യന്താപേക്ഷിതമായ ചില മാംസ്യങ്ങളുടെ പ്രവര്‍ത്തനത്തിന് വിറ്റാമിന്‍ കെ കൂടിയേ തീരു. മുട്ട ,പാല്‍, മാങ്ങ, മുന്തിരിങ്ങ, പയറു വര്ഗ്ഗങ്ങള്‍ എന്നിവയില്‍ വിറ്റാമിന്‍ കെ ധാരാളമായി അടങ്ങിയിരിക്കുന്നു. വാര്‍ദ്ധക്യത്തില്‍ സാധാരണയായ് കാണപ്പെടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അസ്ഥികളുടെ ബലക്ഷയം. പൊതുവേ സ്ത്രീകളെയാണ് ഈ രോഗം കൂടുതലായി ബാധിക്കാറുല്ലതെങ്കിലും പുരുഷന്മാരിലും കാണപ്പെടാറുണ്ട്. ഈ രോഗാവസ്ഥയിലുള്ള ആളുകളുടെ ശരീരത്തിന്റെ പ്രവര്‍ത്തനശേഷി കുറയുന്നു. മാത്രമല്ല, ചെറു സമ്മര്‍ദ്ദങ്ങളില്‍ പോലും അസ്ഥികള്‍ ഒടിയുന്ന അവസ്ഥ ഉണ്ടാകാനും ഇത് കാരണമാകും. വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിക്കും മുന്പ് തന്നെ അസ്ഥികളുടെ കാര്യത്തില്‍ ശ്രദ്ധിച്ചു തുടങ്ങിയാല്‍ ഒരു പരിധി വരെ അസ്ഥിക്ഷയത്തെ തടഞ്ഞു നിര്‍ത്താന്‍ നമുക്കാകും. ഭക്ഷണ ക്രമീകരണം വഴിയും വ്യായാമത്തിലൂടെയും ഇത് സാദ്ധ്യമാക്കാവുന്നതാണ്. അസ്ഥികളുടെ ആരോഗ്യത്തിനു അത്യന്താപേക്ഷിതമായ ചില പോഷകങ്ങളെയും ജീവകങ്ങളെയും കുറിച്ചും അവ അടങ്ങിയിരിക്കുന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളെ കുറിച്ചും ചുവടെ ചേര്‍ക്കുന്നു. 1. കാത്സ്യം കാത്സ്യം അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു അത്യന്താപേക്ഷിതമായ ഒരു പോഷകം ആണ്. കാത്സ്യം ധാരാളമായി ലഭിക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് പാല്‍. അത് പോലെ കാല്‍സ്യത്തിന്റെ മറ്റൊരു നല്ല സ്രോതസ്സാണ് മത്തി. കൂടാതെ പഴങ്ങളിലും പച്ചക്കറികളിലും കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. 2. വിറ്റാമിന്‍ ഡി വിറ്റാമിന്‍ ഡി ശരീരം തന്നെ ഉത്പാദിപ്പിക്കുന്ന ഒരു ജീവകം ആണ്. സൂര്യപ്രകാശം എല്ക്കുമ്പോഴാണ് ശരീരം വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്നത്. ദിവസം ഏകദേശം 15 മിനുട്ട് വീതം ആഴ്ചയില്‍ മൂന്നോ നാലോ ദിവസം വെയിലേല്‍ക്കുന്നത് ശരീരത്തില്‍ ആവശ്യത്തിനു വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപെടുന്നതിനു സഹായകമാകും. 3.വിറ്റാമിന്‍ എ പ്രധാനമായും വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കാന്‍ ശ്രമിക്കേണ്ടതാണ്. ഇതില്‍ പ്രധാനം മാമ്പഴം, പപ്പായ, തണ്ണിമത്തന്‍ എന്നീ പഴവര്‍ഗ്ഗങ്ങളും ഇലക്കറികള്‍, കാരറ്റ് ,കാബേജു, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും ആണ്. 4 . വിറ്റാമിന്‍ കെ അസ്ഥികളുടെ ആരോഗ്യത്തിനു അത്യന്താപേക്ഷിതമായ ചില മാംസ്യങ്ങളുടെ പ്രവര്‍ത്തനത്തിന് വിറ്റാമിന്‍ കെ കൂടിയേ തീരു. മുട്ട ,പാല്‍, മാങ്ങ, മുന്തിരിങ്ങ, പയറു വര്ഗ്ഗങ്ങള്‍ എന്നിവയില്‍ വിറ്റാമിന്‍ കെ ധാരാളമായി അടങ്ങിയിരിക്കുന്നു. 5 . വ്യായാമം എന്തൊക്കെ കഴിച്ചാലും വ്യായാമം ഇല്ലെങ്കില്‍ അതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടി എന്ന് വരില്ല. അസ്ഥികള്‍ക്ക് ഉറപ്പും ബലവും നല്കാന്‍ സ്ഥിരമായ വ്യായാമം കൂടിയേ തീരൂ. രാവിലെയോ വൈകുന്നേരമോ നടക്കുന്നതും കളികളില്‍ ഏര്‍പ്പെടുന്നതും നല്ല വ്യായാമ രീതികളാണ്. 5 . വ്യായാമം എന്തൊക്കെ കഴിച്ചാലും വ്യായാമം ഇല്ലെങ്കില്‍ അതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടി എന്ന് വരില്ല. അസ്ഥികള്‍ക്ക് ഉറപ്പും ബലവും നല്കാന്‍ സ്ഥിരമായ വ്യായാമം കൂടിയേ തീരൂ. രാവിലെയോ വൈകുന്നേരമോ നടക്കുന്നതും കളികളില്‍ ഏര്‍പ്പെടുന്നതും നല്ല വ്യായാമ രീതികളാണ്.

കമ്പ്യൂട്ടര്‍ കണ്ട് നട്ടെല്ലു മറക്കരുത്‌

ആധുനിക ജീവിതത്തില്‍ കമ്പ്യൂട്ടറുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ഒഴിവാക്കാനാവാത്ത സ്ഥാനമാണുള്ളത്. ഭൂരിഭാഗം ഓഫീസുകളും ബാങ്കുകളും വ്യാപാര സ്ഥാപനങ്ങളും കമ്പ്യൂട്ടര്‍ വല്‍കൃതമാണെന്നതിനു പുറമേ ധാരാളം വീടുകളിലും കമ്പ്യൂട്ടര്‍ ഉപയോഗിച്ചുവരുന്നുണ്ട്. പല സാങ്കേതിക വിദഗ്ധരും വീട്ടിലും ഓഫീസിലുമായി പത്തോ പന്ത്രണ്ടോ അതിലധികമോ മണിക്കൂറുകള്‍ കമ്പ്യൂട്ടറിനു മുമ്പില്‍ ചെലവഴിക്കുന്നു. ഇതിന്റെ ഫലമായി അവരില്‍ നല്ലൊരു ശതമാനം ആളുകളും സന്ധി വേദന, രക്തയോട്ടക്കുറവ്, കാഴ്ച തകരാറുകള്‍, ഞരമ്പ് സംബന്ധമായ രോഗങ്ങള്‍ എന്നിവ ബാധിച്ചവരായി മാറാന്‍ ഇടയാകുന്നു. ഇത്തരം പ്രശ്‌നങ്ങളെ നേരിടുന്നവര്‍ ഉന്നയിക്കുന്ന ചില പ്രധാന പ്രശ്‌നങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
വിരലുകള്‍ക്ക് മരവിപ്പ്, കൈത്തണ്ടയില്‍ പിടുത്തവും വേദനയും, വിരല്‍ മടക്കുകളിലും കൈത്തണ്ടയുടെ മടക്കിലും കഴപ്പ്, കഴുത്തിനു പിന്നിലും മുതുകിലും കൂടുതലായി കാണപ്പെടുന്ന പുറംവേദന, കണ്ണിനു വേദനയും കണ്ണു ചുരുങ്ങലും, തല വേദനയും തല കറക്കവും, ചുമലിലും കൈക്കുമുണ്ടാകുന്ന വേദന, രക്തയോട്ടവും ശരീര ചലനങ്ങളും കുറയുന്നതു മൂലം അരക്കെട്ടിനും സന്ധികള്‍ക്കുമുണ്ടാവുന്ന വേദന, മസ്സിലുകള്‍ ദൃഢമാവുകയും കോച്ചി വലിക്കുകയും ചെയ്യുക, കൈകാല്‍ തരിപ്പും വേദനയും.
ഈപ്രശ്‌നങ്ങളില്‍ ഭൂരിഭാഗത്തിനും ഏതാണ്ടൊരേ കാരണങ്ങളാണുള്ളത്. ചലനങ്ങളധികമില്ലാതെ ഒരേ രീതിയില്‍ മണിക്കൂറുകളോളം ഇരിക്കുന്നതിനാല്‍ രക്തയോട്ടം കുറയുന്നു. ഇതുമൂലം മസിലുകള്‍ക്കും ഞരമ്പുകള്‍ക്കും വേണ്ട ഓക്‌സിജനും മറ്റു പോഷകങ്ങളും വേണ്ട വിധത്തിലെത്തുന്നില്ല. ഈ ഭാഗങ്ങളില്‍ കൊഴുപ്പും ശരീരത്തിനാവശ്യമില്ലാത്ത വസ്തുക്കളും അടിഞ്ഞു കൂടി കാലക്രമത്തില്‍ അവ ഞരമ്പുകളേയും മസിലുകളേയും ബാധിക്കുന്ന വിധത്തിലാവുന്നു. കഴുത്തിലും പുറത്തുമുള്ള മസിലുകളുടെ വലിച്ചില്‍ പേശികളുടെ വീക്കത്തിനും മസിലുകളിലെ ചലന ഞരമ്പുകളുടെ നാശത്തിനും വഴിവെയ്ക്കുന്നു. ഒരേ രീതിയില്‍ ചലനങ്ങളില്ലാതുള്ള ഇരിപ്പ് ജോയിന്റുകളുടെ ദൃഢതയ്ക്കും അതു വഴി വ്വേദനയ്ക്കും കാരണമാകുന്നു. തുടര്‍ച്ചയായി കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നത് വിരലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും തരിപ്പ് പടരുകയും ചെയ്യുന്നു.
തുടര്‍ച്ചയായി കമ്പ്യൂട്ടറിനു മുന്നിലുള്ള ഇരിപ്പും ശരീര ക്രമീകരണത്തിലുള്ള അപാകതയും നട്ടെല്ലിനെ ദോഷകരമായി ബാധിക്കുന്നു. കാലക്രമേണ ഇത് സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ് പോലെയുള്ള സ്‌പൈനല്‍ തകരാറുകള്‍ക്കും ഒപ്പം ഡിസ്‌കുകളും നട്ടെല്ലും തമ്മിലുള്ള അനാരോഗ്യകരമായ സമ്പര്‍ക്കം മൂലം കഠിനമായ മുതുകു വേദനയ്ക്കും ഇടയാക്കുന്നു. നട്ടെല്ലിനിടയിലായിപ്പോകുന്ന ഞരമ്പുകളില്‍ വേദന അനുഭവപ്പെടുന്നു. ന്യൂറാള്‍ജിയ എന്നറിയപ്പെടുന്ന ഈസ്ഥിതി വിശേഷമാണ് ചുമലുകളില്‍ നിന്നും കഴുത്തില്‍ നിന്നും ആരംഭിച്ച് കൈയിലേക്കും കൈത്തണ്ടയിലേക്കും വിരലുകളിലേക്കുമെല്ലാം വ്യാപിക്കുന്ന വേദനയുടെ കാരണം.
മറ്റൊരു പ്രധാന പ്രശ്‌നം കണ്ണുകള്‍ക്കും ചെവികള്‍ക്കുമുണ്ടാവുന്ന തകരാറുകളാണ്. തുടര്‍ച്ചയായി കമ്പ്യൂട്ടറിലേക്കു കണ്ണും നട്ടിരിക്കുന്നത് മോണിറ്ററില്‍ നിന്നുള്ള റേഡിയേഷന്‍ കണ്ണില്‍ പതിക്കാനും തന്മൂലം കണ്ണുകളില്‍ കഠിനമായ വേദന അനുഭവപ്പെടാനും ഇടയാക്കുന്നു. കണ്ണു ചുരുങ്ങല്‍, കാഴ്ചത്തകരാറുകള്‍, കണ്‍പോളകളിലെ ചൊറിച്ചിലും തരിപ്പും എന്നിവയാണ് പില്‍ക്കാലത്ത് ഇതുമൂലം അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍.
ഇയര്‍ ഫോണിന്റെയും മൊബൈല്‍ ഫോണിന്റെയും തുടര്‍ച്ചയായ ഉപയോഗം കേള്‍വി സംബന്ധമായ തകരാറുകള്‍ക്കും സന്തുലനമില്ലായ്ക്കും വഴി തെളിക്കും. ചെവിയ്ക്കു വേദന, തലകറക്കം, തലവേദന, മന്ദത എന്നിവ അനുഭവപ്പെടുന്നവര്‍ സൂക്ഷിക്കുക.

ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും വ്യക്തികളിലുളവാക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ അവഗണിക്കുന്നതായാണു കണ്ടുവരുന്നത്. മാനസിക പിരിമുറുക്കം, ഡിപ്രഷന്‍ തുടങ്ങിയ മനശാസ്ത്ര പരമായ രോഗങ്ങള്‍ക്കും ലൈംഗിക വൈകൃതങ്ങള്‍, നിയമ വിരുദ്ധമായ വഴികളിലൂടെയുള്ള സഞ്ചാരം തുടങ്ങിയ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും ഇവ വഴി വെയ്ക്കുന്നുണ്ട്.
കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിലുള്ള പിരിമുറുക്കത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇരിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ ഒരു പരിധി വരെ പരിഹാരമാകും. ഉയരം ക്രമീകരിക്കാവുന്നതും ശരീരത്തിന്റെ പുറംഭാഗം ശരിയായി താങ്ങുന്നതുമായ റിവോള്‍വിംഗ് ചെയറുകളാണ് കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കാന്‍ ഉത്തമം.. ചുമലുകളും അരക്കെട്ടുമെല്ലാം കൃത്യമായ പൊസിഷനില്‍ ഉറപ്പിച്ചു വേണം ജോലി ചെയ്യാന്‍.
കഴുത്തു വേദനയും കണ്ണുകളുടെ സ്‌ട്രെയിനും ഒഴിവാക്കത്തക്ക വിധം വേണം കമ്പ്യൂട്ടര്‍ സ്‌ക്രീനും കീ ബോര്‍ഡും ക്രമീകരിക്കാന്‍. തുടര്‍ച്ചയായി കമ്പ്യൂട്ടറിനു മുന്നിലിരിക്കുമ്പോള്‍ റേഡിയേഷന്‍ പരമാവധി ഒഴിവാക്കാനായി മോണിറ്റര്‍ കണ്ണില്‍ നിന്നു കൈപ്പാടകലെ വെയ്ക്കുക. മൗസ് ഉപയോഗിക്കുമ്പോള്‍ കൈത്തണ്ട മാത്രം ചലിപ്പിക്കാതെ കൈ പൂര്‍ണമായും ചലിപ്പിക്കുക.
7 മണിക്കൂര്‍ ടൈപ്പ് ചെയ്യുന്ന ഒരാള്‍ അതിനിടയില്‍ 50000നും 2 ലക്ഷത്തിനുമിടയില്‍ തവണകള്‍ കീയില്‍ വിരലമര്‍ത്തുന്നു എന്നാണു കണക്ക്. അതുകൊണ്ട് കഴിയുന്നത്ര മൃദുവായി ടൈപ്പ് ചെയ്യുന്നത് വിരലുകളുടെ ആരോഗ്യത്തിനുത്തമമാണ്. ഇടയ്ക്കിടെ വിശ്രമിക്കാന്‍ ഒട്ടും മടിക്കരുത്. ഈ സമയം കണ്ണുകള്‍ക്കും ഇടവേള നല്‍കാനായി കണ്ണുകള്‍ അടച്ച് മൃദുവായി ശ്വാസോച്ഛ്വാസം ചെയ്യുക. ശരീരം ചലിപ്പിക്കുന്നത് രക്തയോട്ടത്തെ സഹായിക്കും. തല ഇരുവശത്തേക്കും ചലിപ്പിക്കുന്നത് കഴുത്ത് വേദനയും പുറംവേദനയുമകറ്റാന്‍ സഹായകമാവും. നട്ടെല്ലിനുണ്ടാകാന്‍ സാധ്യതയുള്ള കുഴപ്പങ്ങള്‍ പരിഹരിക്കാനായി കുനിയുകയും നിവരുകയും ചെയ്യുന്ന വ്യായാമം ശീലിക്കുക. ആരോഗ്യകരമായ ഭക്ഷണ ശീലവും ആവശ്യത്തിനുള്ള ജലപാനവും ജോലിയുടെ കാഠിന്യം കൊണ്ടുള്ള ക്ഷീണമകറ്റാന്‍ സഹായകമാവും

കൂടുതല്‍ ആരോഗ്യത്തിന്, കൂടുതല്‍ സന്തോഷത്തിന്, ജീവിതദൈര്‍ഘ്യം കൂടാനും

നാലപത്തിയേഴുകാരിയായ വസുമതിക്ക് ഉയരം അധികമില്ല, തടിച്ചിട്ടാണ്, തൂക്കം 80 കിലോഗ്രാം. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവുമൊക്കെ നന്നെ ശല്യപ്പെടുത്തിയിരുന്നു അവരെ. നടക്കാനും യാത്ര ചെയ്യാനും നന്നെ ക്ലേശിച്ചിരുന്നു, ശ്വാസതടസ്സവും അവരെ വിഷമിപ്പിച്ചു. വ്യായാമം തീരെയില്ലാത്ത ജീവിതരീതിയും കോളപോലുള്ള പാനീയങ്ങളുടെ അമിത ഉപഭോഗവും ടെലിവിഷനുമുമ്പില്‍ സദാ ചടഞ്ഞിരിക്കുന്നതും എല്ലാം ഏറെ ദോഷം ചെയ്യുമെന്ന് അവരെ ഡോക്ടര്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചിരുന്നു. ദിവസത്തിന്റെ ഭൂരിഭാഗവും പകലും രാത്രിയും അവര്‍ ഉറങ്ങി, അല്ലാത്തപ്പോള്‍ സല്‍ക്കാരങ്ങളില്‍ പങ്കുകൊണ്ടും തിന്നുന്നതിനും കുടിക്കുന്നതിനും പരിധിയില്ലാത്ത ഒരു സ്ഥിതി.
വിക്രമനും ശ്രീകുമാരിയും നല്ല ദമ്പതികളായിരുന്നു. ഇരുവരും ഉദ്യോഗസ്ഥര്‍. ആഹ്ലാദത്തോടെ കഴിഞ്ഞിരുന്ന ഇവര്‍ക്ക് വിവാഹം കഴിഞ്ഞ് ആറുവര്‍ഷമായെങ്കിലും കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല. ഇരുവരും അവരവരുടേതായ ജോലിത്തിരക്കുകളില്‍ മുഴുകി, രാത്രിയിലെ പാര്‍ട്ടികളിലും മറ്റും പങ്കെടുത്ത് ഔദ്യോഗികരംഗത്ത് ഉയരങ്ങളിലെത്താന്‍ ശ്രമിച്ചു. ഇരുവരുടെയും ഔദ്യോഗിക യാത്രകളും അധികരിച്ചു.
കിടപ്പറയിലെത്തിയാലും അവര്‍ക്ക് സംസാരിക്കാന്‍ പൊതുവിഷയങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുങ്ങി ആ ബന്ധം. വൈകാരികമായ അടുപ്പം ഒട്ടും ഇല്ലാതായതുപോലെ.
പിരിമുറുക്കം കൂടിയ ജീവിതരീതി കാരണവും മറ്റും ശ്രീകുമാരിക്ക് ദഹനസംബന്ധമായ അസ്വാസ്ഥ്യങ്ങളും കൃത്യതയില്ലാത്ത ആര്‍ത്തവക്രമവുമൊക്കെയായി. വിക്രമനാകട്ടെ അസിഡിറ്റി, വിഷാദരോഗം എന്നീ പ്രശ്‌നങ്ങളാല്‍ വലഞ്ഞു. പലപ്പോഴും ഉറക്കഗുളികകളെ അഭയം പ്രാപിക്കേണ്ടതായും വന്നു. കടുത്ത മന:സംഘര്‍ഷം ഇല്ലാതാക്കാന്‍ പതിവുശീലങ്ങള്‍ പലതും ഒഴിവാക്കണമെന്ന് ഡോക്ടര്‍ മുന്നറിയിപ്പും നല്കി.
ആധുനിക ജീവിതരീതികള്‍ അവലംബിച്ച് രോഗങ്ങള്‍ക്ക് അടിമപ്പെട്ടുപോകുന്ന ആയിരങ്ങളുടെ പ്രതിനിധികളാണിവര്‍ മൂവരും. അതിരക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം, അമിതഭാരം, ഉറക്കമില്ലായ്മ, വിഷാദരോഗം, മയക്കുമരുന്ന് ഉപയോഗം, ക്രമമില്ലാത്ത ഭക്ഷണരീതി- ഇങ്ങിനെ നിരവധി പ്രശ്‌നങ്ങള്‍.
മധ്യവയസ്സിലും വാര്‍ദ്ധക്യത്തിലും പിടിപെടുന്ന രോഗങ്ങള്‍ എന്ന് അവയെ നമ്മള്‍ പണ്ട് വിശേഷിപ്പിച്ചിരുന്നുവെങ്കില്‍ സ്ത്രീപുരുഷഭേദമില്ലാതെ ഇരുപതുകളിലും മുപ്പതുകളിലുമെത്തിയവരെയാണ് ഇന്ന് ഇത്തരം രോഗങ്ങള്‍ പിടികൂടുന്നത്.
ഇതിന് വ്യക്തികളെത്തന്നെയാണ് നാം പഴി പറയേണ്ടത്: ഏറെ തിരക്കു പിടിച്ചതും സമ്മര്‍ദ്ദം നിറഞ്ഞതുമായ ജീവിതരീതിതന്നെയാണിതിനു വഴിയൊരുക്കുന്നത് എന്നതില്‍ സംശയമില്ല. ഇരുന്നിടത്തുനിന്ന് അനങ്ങാതെയുള്ള ജീവിതരീതി വയര്‍ വലുതാകാനും തൂങ്ങാനും കാരണമാകുന്നു- കിട്ടുന്നതെല്ലാം അഥവാ കിട്ടുന്നതെന്തും എപ്പോഴും തിന്നുന്നതും ഇത്തരക്കാരുടെ സ്വഭാവമാണ്. സ്വന്തം ശരീരം അനാവശ്യവസ്തുക്കള്‍ ഇടാനുള്ള സംഭരണി ആണെന്നണ് ഇത്തരക്കാരുടെ ധാരണ. കൂടാതെ അമിതാദ്ധ്വാനം കൊണ്ട് ശരീരത്തെയും മനസ്സിനെയും പീഡിപ്പിക്കുന്നു. മനസ്സിന് സംഘര്‍ഷം ഉണ്ടാക്കുന്നു. എല്ലാതരം വിഷവസ്തുക്കളും ശരീരത്തില്‍ സംഭരിക്കപ്പെടുന്നു. തുടരെയുള്ള രോഗബാധകള്‍ക്കും ഇത് വഴിയൊരുക്കും.
ജീവിതരീതികളില്‍ മാറ്റം വരുത്താനും ഡോക്ടര്‍ പറയുന്നത് അനുസരിക്കാനും തയ്യാറാകുകയാണ് ആദ്യം വേണ്ടത്. ദൗര്‍ഭാഗ്യമെന്നു പറയട്ടെ പലരും ഇത് ചെയ്യാറില്ല. ശ്രദ്ധിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാം, ആരോഗ്യനില മെച്ചപ്പെടുത്തുകയും ചെയ്യാം.
ആരോഗ്യം വീണ്ടെടുത്താല്‍ ആഹ്ലാദം കൈവരുന്നു. കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു, കൂടുതല്‍ സംതൃപ്തി തോന്നുന്നു, അങ്ങിനെ സമാധാനവും അനുഭവപ്പെടുന്നു.
ആരോഗ്യകരമായ മാറ്റങ്ങള്‍ക്കായി ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്തൊക്കെയാണെന്ന് നോക്കാം.
അമിതഭാരം നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നു. അമിതരക്തസമ്മര്‍ദ്ദം, ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, പ്രമേഹം, സന്ധിവാതം എന്നിങ്ങനെയുള്ള രോഗങ്ങള്‍ പൊതുവെ നമ്മള്‍ എല്ലാവരെയും അസ്വസ്ഥരാക്കുന്ന ഒരു പ്രവണത കാണുന്നു- സ്‌കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികള്‍ പോലും പലരും അമിതഭാരമുള്ളവരായാണ് കണ്ടുവരുന്നത്. അതുകൊണ്ട് ഭാരം അല്പം മാത്രം കൂടുതലാണെങ്കില്‍ അതുപോലും കുറയ്ക്കാന്‍ ശ്രമം ആവശ്യമാണ്.
ഒരാള്‍ എന്തു തിന്നണമെന്നോ എന്തു തിന്നരുതെന്നോ സംബന്ധിച്ച കര്‍ശനമായ നിബന്ധനകളോ നിര്‍ദ്ദേശങ്ങളോ ഇല്ലെന്നതാണ് സത്യം. എങ്കിലും നിത്യവും ഭക്ഷണത്തില്‍ കൂടുതല്‍ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. കൊഴുപ്പ്, നെയ്യ്, ഫാസ്റ്റ് ഫുഡുകള്‍, പ്രത്യേക പ്രക്രിയയ്ക്ക് വിധേയമാക്കിയ ഭക്ഷ്യവസ്തുക്കള്‍ (ടീന്‍ഡ്, കാന്‍ഡ്)ചട്ട്ണി, അച്ചാര്‍ തുടങ്ങി ഉപ്പ് വളരെയധികം അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, ചായസമയങ്ങളില്‍ കഴിക്കുന്ന സമോസ, കോള പോലുള്ള ഇന്ത്യക്കാരുടെ ഇഷ്ടപാനീയങ്ങള്‍ എന്നിവ ഒഴിവാക്കാനും ശ്രമിക്കണം.
മാസത്തില്‍ ഒന്നോ രണ്ടോ തവണ നൂഡില്‍സ്, ബര്‍ഗര്‍ തുടങ്ങിയവ കഴിക്കരുതെന്നല്ല, ഇതൊന്നും പതിവാക്കരുതെന്ന് മാത്രം. ഫാസ്റ്റ് ഫുഡുകള്‍ പലവിധത്തില്‍ ദോഷം ചെയ്യുന്നു. പരമ്പരാഗതമായ കേരള/ഇന്ത്യന്‍ ഭക്ഷണരീതികള്‍ എല്ലാം കൊണ്ടും നല്ലതാണ്- പോഷക സമൃദ്ധിയും അതേ സമയം ആരോഗ്യകരവും. ചെലവും കുറവ്, എളുപ്പത്തില്‍ ലഭ്യമാണ്, നമുക്ക് എല്ലാം കൊണ്ടും താങ്ങാവുന്നതുമാണിവ.
ജനങ്ങള്‍ പൊതുവെ, സ്ത്രീകളും കുട്ടികളും പ്രത്യേകിച്ചും ടെലിവിഷന്‍, കമ്പ്യൂട്ടര്‍ എന്നിവയുടെ അടിമകളായി മാറിയിരിക്കുന്നു എന്ന സത്യം മറയ്ക്കാനാവില്ല. കുട്ടികള്‍ സ്വയം മറന്ന് കാര്‍ട്ടൂണ്‍ പരമ്പരകള്‍ക്കു മുമ്പില്‍ മണിക്കൂറുകളോളം ഇരിക്കുന്നു. ഇന്റര്‍നെറ്റില്‍ വേണ്ടതും വേണ്ടാത്തതുമായ പലതും തേടുന്നു. സ്ത്രീകളാവട്ടെ സിനിമയും പരമ്പരകളും കണ്ട് തിന്നും കുടിച്ചും മണിക്കൂറുകളോളം തുടര്‍ച്ചയായി സോഫയിലോ കിടക്കയിലോ കഴിയുന്നു. ഭക്ഷണം പാകം ചെയ്യുന്നില്ലെന്നതുപോകട്ടെ, പ്രധാന സീനുകള്‍ കാണാതെ പോയെങ്കിലോ എന്ന ആശങ്കയോടെ മൂത്രമൊഴിക്കാന്‍ പോലും ഇവര്‍ എഴുന്നേല്ക്കുന്നില്ല. ഇതെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
നടത്തം, ജോഗിങ്ങ്, വീട്ടിലെ കോണിപ്പടികള്‍ പല തവണ കയറിയിറങ്ങല്‍, ഒറ്റക്കാലില്‍ ചാട്ടം, കയര്‍ചാട്ടം, സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍, ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങി ശരീരം ഇളകുന്ന, അദ്ധ്വാനം ആവശ്യമായ എന്തും ചെയ്യാം- സമയം കിട്ടുമ്പോള്‍. 'സമയം ഇല്ല' എന്ന ഒഴിവുകഴിവു മാത്രം പറയാതിരിക്കുക. ആധുനികരുടെ അലസമായ ജീവിതരീതിയും അത്യാധുനിക വീട്ടുപകരണങ്ങളുടെ അമിത സാന്നിദ്ധ്യവുമെല്ലാം നമ്മളെ ചടഞ്ഞുകൂടുന്നവര്‍ മാത്രമായി മാറ്റിയിരിക്കുന്നു.
സിഗരറ്റിന്റെ പുകയില്‍ അപകടകാരികളായ ഒട്ടനവധി രാസവസ്തുക്കള്‍ ഉണ്ടെന്നറിയാമെങ്കിലും 'പുകവലി ആരോഗ്യത്തിന് ഹാനികരമാണ്' എന്ന് സിഗരറ്റ് പാക്കറ്റിനു മുകളില്‍ 'മുന്നറിയിപ്പ്' ഉണ്ടെങ്കിലും സിഗരറ്റ് വില്പന കൂടിവരുന്നതായും യുവതലമുറയ്ക്ക് പുകവലിയോടുള്ള ആഭിമുഖ്യം കൂടിവരുന്നതായുമാണ് കാണുന്നത്. യുവാക്കള്‍ പുകവലി പതിവാക്കുന്നു. മദ്യപാനം വ്യക്തികളെയും കുടുംബങ്ങളെയും കുറച്ചൊന്നുമല്ല തകര്‍ത്തിട്ടുള്ളത്. കൂടാതെ ലഹരിവസ്തുക്കളുടെ ഉപഭോഗവും യുവാക്കള്‍ക്കിടയില്‍ അപകടകരമായി വര്‍ദ്ധിക്കുന്നു. ദുരിതം വിതയ്ക്കുന്ന നിരവധി സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്യുന്നു.
ഗ്ലാസ് പകുതി കാലിയാണ് എന്ന് ഒരിക്കലും പറയരുത്; പകുതി നിറഞ്ഞതാണ് എന്നേ പറയാവൂ. ഏറ്റവും വിഷമകരമായ സ്ഥിതിഗതികളില്‍ പോലും ധനാത്മകമായ വീക്ഷണം പുലര്‍ത്തുക- തികച്ചും ആരോഗ്യകരമാണിത്.
യോഗ ചെയ്യുക, ധ്യാനിക്കുക, സമാധാനപരമായ ചുറ്റുപാടുകളില്‍ വിശ്രമിക്കുക, സമ്മര്‍ദ്ദ നില കുറയ്ക്കാന്‍ ശ്രമിക്കുക. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഇതൊക്കെ ഉപകരിക്കും.
കടുംപിടുത്തക്കാരുടെയും കഠിന സമ്മര്‍ദ്ദങ്ങളില്‍ ജീവിക്കുന്നവരുടെയും ജീവിതദൈര്‍ഘ്യം കുറയും. അത്തരത്തിലൊരാളുടെ സാമീപ്യം ആരും ഇഷ്ടപ്പെടുന്നില്ല. മറിച്ച് ആഹ്ലാദവാനായ, നര്‍മ്മശീലനായ ഒരാളുടെ സാമീപ്യം നമുക്ക് ആഹ്ലാദമോകുന്നു. കോമഡിഷോ കാണുക, ഫലിത പുസ്തകങ്ങള്‍ വായിക്കുക, നേരമ്പോക്ക് കണ്ടാല്‍ ഉള്ളുതുറന്ന് ചിരിക്കുക- ചിരി ജീവിതത്തിന്റെ തന്നെ ഒരു ഭാഗമാക്കുക, ചെലവില്ലാത്ത കാര്യമാണിത്.
എപ്പോഴും ഊര്‍ജ്ജസ്വലര്‍ ആകണമെന്നോ കര്‍മ്മനിരതരാകണമെന്നോ അല്ല- അച്ചടക്കവും ചിട്ടയും ജീവിതത്തിന് വര്‍ദ്ധിച്ച ഊര്‍ജ്ജം നല്കുന്നു.
ആവശ്യത്തിന് ഉപകരിക്കുന്നയാളാണ് .യഥാര്‍ത്ഥ സുഹൃത്ത്. അവര്‍ ജീവിതത്തിന് അര്‍ത്ഥപൂര്‍ണ്ണത നല്കുന്നു. ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവര്‍ വേഗം രോഗങ്ങള്‍ക്കടിമപ്പെടുന്നു. ധാരാളം നല്ല സുഹൃത്തുക്കള്‍ ഉള്ളവര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യവുമുണ്ടാകും, തീര്‍ച്ച.
അമ്മ താരാട്ടുപാടുമ്പോള്‍ കുഞ്ഞ് സമാധാനത്തോടെ ഉറങ്ങുന്നു. അതുപോലെതന്നെ മൃദുവും കര്‍ണ്ണാനന്ദകരവുമായ സംഗീതം മനസ്സിന് സമാധാനം തരുന്നു. പാട്ടുപാടുക, നല്ല പാട്ടുകള്‍ ധാരാളം കേള്‍ക്കുക, ഉപകരണസംഗീതം ആസ്വദിക്കുക. പാട്ടുകേള്‍ക്കുമ്പോള്‍ താളം പിടിക്കുന്നതും നല്ലതാണ്.
ഇനി മുതിര്‍ന്നവരോട്- അവിവാഹിതരാണെങ്കില്‍ വേഗം വിവാഹിതരാകുക. സാമ്പത്തിക സുരക്ഷിതത്വമുണ്ടാകണം. രക്ഷിതാക്കളുടെ അനുമതിയോടെയുള്ള ബന്ധമാണെങ്കില്‍ ഉത്തമം. ആരോഗ്യകരമായ വൈവാഹിക ബന്ധത്തിന് പരസ്പരവിശ്വാസം അനിവാര്യമാണ്. ഇരുവരും തമ്മില്‍ തൃപ്തികരമായ ശാരീരിക ബന്ധവും ആവശ്യമാണ്. ലൈംഗികബന്ധം ജീവിതദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നത്രെ.
ഒഴിവു സമയവിനോദത്തിന് അധികമാര്‍ക്കും സമയമില്ല ഇപ്പോള്‍. പക്ഷെ, അതിന് സമയം കണ്ടെത്തുക തന്നെ വേണം. സ്റ്റാമ്പ്, നാണയം എന്നിവ ശേഖരിക്കാം, വായന ശീലമാക്കാം. ഡയറി എഴുതുന്നത് പതിവാക്കാം. ഉദ്യാന പരിപാലനം, പെയിന്റിങ്ങ് അങ്ങിനെ ക്രിയാത്മകമായ എന്തുമാകാം.
ഈ നിര്‍ദ്ദേശങ്ങള്‍ വേണ്ടുംവണ്ണം പാലിച്ചാല്‍ ജീവിതം ആഹ്ലാദപൂര്‍ണ്ണമാകും. ആരോഗ്യദായകമായ മന്ത്രങ്ങളാണിവയെന്ന് അറിയുക. അനാരോഗ്യകരമായ പ്രവണതകള്‍ തീര്‍ത്തും ഒഴിവാക്കുക.

ചികിത്സിക്കാന്‍ നാടന്‍ മരുന്നുകള്‍

ചെറിയ അസുഖങ്ങള്‍ക്കുപോലും മരുന്ന് 'ഓവര്‍ഡോസ്' കഴിക്കുന്നത് മലയാളിയുടെ ശീലമായിരിക്കുന്നു. നമ്മുടെ അടുക്കളയിലും അടുക്കളത്തോട്ടത്തിലുമുള്ള പല ആഹാരവസ്തുക്കളും ഉത്തമ ഔഷധങ്ങളാണെന്ന് നാം അറിയുന്നില്ല. ഇതാ പരീക്ഷിച്ചുനോക്കൂ. പുളിച്ചുതികട്ടലോ വായുകോപമോ അനുഭവപ്പെടുന്നുവോ? ഭക്ഷണത്തിനുശേഷം ഒരു ടീസ്പൂണ്‍ പെരുഞ്ചീരകം വായിലിട്ട് സാവകാശം ചവച്ചരയ്ക്കുക. ഇതിന് മടിയുണ്ടെങ്കില്‍ കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോള്‍ അതില്‍ ജീരകം ഇടുക. ജീരകവെള്ളം കുടിയ്ക്കുന്നത് പതിവാക്കുക.
തുളസി ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ്. തുളസിയില ചവച്ചുതിന്നാല്‍ ദഹനപ്രക്രിയ എളുപ്പമാകും. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ ചായ ഉണ്ടാക്കിക്കുടിച്ചാല്‍ ഛര്‍ദ്ദി ഒഴിവാക്കാം. തുളസിയില നീരില്‍ തേന്‍ ചാലിച്ച് ദിവസം രണ്ടുനേരവും കഴിച്ചാല്‍ ചുമയും ദലദോഷവും കുറയും. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍കൊണ്ടാല്‍ തൊണ്ടവേദന ശമിക്കും.
ഛര്‍ദ്ദി നിര്‍ത്താന്‍ കൊത്തമല്ലി കുതിര്‍ത്ത വെള്ളം നിശ്ചിത ഇടവേളകളില്‍ കുടിക്കുക. കണ്ണില്‍ ദീനം വന്നാല്‍ മല്ലിയിട്ട് തിളപ്പിച്ച് തണുപ്പിച്ച വെള്ളത്തില്‍ പഞ്ഞിമുക്കി ഇടക്കിടെ കണ്ണുകള്‍ തുടയ്ക്കുക. രോഗം വേഗം ഭേദപ്പെടും. ആര്‍ത്തവ രക്തത്തിന്റെ അമിതസ്രവം ഒഴിവാക്കാന്‍ കൊത്തമല്ലി പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്. പുളിച്ചു തികട്ടല്‍ ഒഴിവാക്കാനും മല്ലിയുടെ ഉപയോഗം ഉപകരിക്കും.
കായം ദഹനസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. പുളിച്ചു തികട്ടലോ വായുകോപമോ ഉണ്ടെങ്കില്‍ ഭക്ഷണത്തിനുശേഷം മോരില്‍ ഒരല്പം കായം കലക്കി കുടിച്ചാല്‍ മതി വിഷമം മാറും. ഭക്ഷണം എളുപ്പം ദഹിക്കാനും ഇതുപകരിക്കും. ഭക്ഷണം അധികം കഴിച്ചതുമൂലമോ ദഹനക്കേടുമൂലമോ വയറുവേദന അനുഭവപ്പെടുന്നുവെങ്കില്‍ മോരില്‍ കായം ചാലിച്ച ലേപനം അലപം പൊക്കിളിലും പൊക്കിളിനു ചുറ്റിലും പുരട്ടിയാല്‍ വേദന വേഗം ശമിക്കും. പല്ല് വേദന അനുഭവപ്പെടുമ്പോള്‍ ഒരു നുള്ള് കായം വേദനിക്കുന്ന ഭാഗത്ത് വെച്ചാല്‍ വേദന ശമിക്കും.
വായുകോപവും പുളിച്ചു തികട്ടലും ഇല്ലതാക്കാന്‍ ഉത്തമമാണ് ഏലക്ക. ചായയില്‍ ഏലക്കാ ഇട്ട് നിത്യവും ഏലക്ക ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഏലക്കാ വായിലിട്ട് ചവച്ചാല്‍ വായ്‌നാറ്റവും ഇല്ലാതാക്കാം. രണ്ടുനുള്ള് കറുവപ്പട്ട പൊടിച്ചതും ഒരു ടീസ്പൂണ്‍ തേനും കാല്‍ടീസ്പൂണ്‍ കുരുമുളകും രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരും കൂട്ടിക്കലര്‍ത്തി കഴിച്ചാല്‍ ജലദോഷം കുറയും. ഛര്‍ദ്ദി, വയറുവേദന എന്നിവയ്ക്ക് കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം ഉത്തമ ഔഷധമാണ്. ഒരു തണ്ട് വായിലിട്ട് ചവച്ചാല്‍ വായിലെ ദുര്‍ഗന്ധം ഇല്ലാതാക്കുകയും ചെയ്യാം. ചുമയുള്ളപ്പോള്‍ തൊണ്ടയിലെ അസ്വാസ്ഥ്യം കുറയ്ക്കാന്‍ ഒരു കരയാമ്പൂ വായിലിട്ട് ചവച്ച് വെള്ളം ഇറക്കിക്കൊണ്ടിരിക്കുക. തൊണ്ടിയില്‍ അണുബാധ ഉണ്ടെങ്കില്‍ കരയാമ്പൂ ഇട്ട് തിളപ്പിച്ച വെള്ളം ഇടക്കിടെ കവിള്‍ക്കൊള്ളുന്നതും നല്ലതാണ്. അണുനാശിനിയുടെ ഗുണം ഉണ്ട് കരയാമ്പൂവിന്. പല്ലുവേദന അനുഭവപ്പെടുന്നിടത്ത് കരയാമ്പൂ വെച്ച് കടിച്ചുപിടിച്ചാല്‍ വേദന പെട്ടെന്ന് ശമിക്കും. ദഹനം എളുപ്പമാക്കാനും ഇതുപകരിക്കും. കരയാമ്പൂ പൊടിച്ചതും ഒരു ടീസ്പൂണ്‍ തേനും രണ്ടുനുള്ള് ഉപ്പും ചേര്‍ന്ന മിശ്രിതം ഇടക്കിടെ രണ്ടുതുള്ളി നാവില്‍ ആക്കിയാല്‍ ഛര്‍ദ്ദി നില്ക്കും.
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വയറുവേദന അനുഭവപ്പെടുന്നുവെങ്കില്‍ ജീരകം ചീനച്ചട്ടിയില്‍ എണ്ണയില്ലാതെ വറുത്ത്, പൊട്ടിക്കഴിഞ്ഞാല്‍ ഒരു കപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് അര കപ്പായി വറ്റിക്കുക. രണ്ടോ മൂന്നോ തുള്ളി നെയ്യു കൂടി ഇതില്‍ ചേര്‍ത്ത് ഓരോ ഇറക്കായി ഇടയ്ക്ക് കഴിക്കുക. വായു പുറത്തുപോകുകയും വയറുവേദന ശമിക്കുകയും ചെയ്തുവെങ്കില്‍ അസ്വാസ്ഥ്യത്തിന് കാരണം മനസ്സിലാക്കാം. എന്നിട്ടും വയറുവേദന ശമിക്കുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിക്കുക. ദഹനക്കേട് ഉള്ളവര്‍ ഭക്ഷണത്തിനുശേഷം രണ്ടുതുള്ള് ജീരകം വായിലിട്ട് ചവച്ചാല്‍ അസ്വാസ്ഥ്യം കുറഞ്ഞതായി അനുഭവപ്പെടും. വയറിളക്കം ഉണ്ടാകുമ്പോള്‍ രാവിലെ വെറും വയറ്റില്‍ ഒരു കപ്പ് വെള്ളത്തില്‍ അര ടീസ്പൂണ്‍ ഉലുവപ്പൊടി കലക്കി കുടിക്കുക. ഉലുവപ്പൊടി മോരില്‍ കലക്കി കുടിച്ചാലും പുളിച്ചു തികട്ടലും ദഹനക്കേടും ശമിക്കും. വയറിന് അസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെങ്കില്‍ ഉലുവപ്പൊടി ഇട്ട വെള്ളം കൊണ്ട് ചായ ഉണ്ടാക്കി കുടിക്കുന്നത് നല്ലതാണ്. വായിലെ ദുര്‍ഗന്ധം ഇല്ലാതാക്കാനും ഇത് ഉപകരിക്കും. ഈ ചായവെള്ളം കവിള്‍കൊണ്ടാല്‍ തൊണ്ടവേദനയും ഇല്ലാതാകും.
വയറുവേദനയും ദഹനസംബന്ധമായ മറ്റ് അസ്വാസ്ഥ്യങ്ങളും ഇല്ലാതാക്കാന്‍ വെളുത്തുള്ളി ഉത്തമമാണ്. രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി തൊലികളഞ്ഞ് അരകപ്പ് വെള്ളത്തിലിട്ട് കുടിച്ചാല്‍ മതി. വെളുത്തുള്ളിയുടെ ഉപയോഗം ദഹനം എളുപ്പമാക്കും, വിരശല്യം ഇല്ലാതാക്കും, ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ ഇല്ലാതാക്കും. കൊളസ്റ്ററോള്‍ നില കുറയ്ക്കാന്‍ അത്യുത്തമമാണ് വെളുത്തുള്ളി. ചെറിയ രീതിയിലുള്ള വയറിളക്കം ഇല്ലാതാക്കാനും ഇതുപകരിക്കും.
അണുനാശിനിയുടെ ഗുണങ്ങളുള്ളതാണ് മഞ്ഞള്‍. പുളിച്ചു തികട്ടല്‍ ഇല്ലാതാക്കാനും ദഹനം എളുപ്പമാക്കാനും മഞ്ഞളിന്റെ ഉപയോഗം സഹായിക്കുന്നു. മോരില്‍ മഞ്ഞള്‍പ്പൊടിയും ഇട്ട് കാച്ചിക്കുടിച്ചാല്‍ ഏത് വയറിളക്കവും നില്ക്കും. ജലദോഷവും ചുമയും ഇല്ലാതാക്കാന്‍ പാലില്‍ മഞ്ഞള്‍പ്പൊടി ഇട്ട് തിളപ്പിച്ച് കുടിക്കുക. മൂക്കടപ്പുണ്ടെങ്കില്‍ ഒരു മഞ്ഞള്‍ക്കഷ്ണം തീയില്‍ ചുട്ട് അതിന്റെ പുക ഉള്ളിലേക്ക് വലിച്ച് ശ്വസിക്കുക.
ചുമയുണ്ടെങ്കില്‍ അല്പം ഇഞ്ചിനീരും അര ടീസ്പൂണ്‍ നാരങ്ങാനീരും മുക്കാല്‍ ടീസ്പൂണ്‍ തേനും ചേര്‍ത്ത് നാലോ അഞ്ചോ നേരം കാല്‍ടീസ്പൂണ്‍ വീതം കഴിക്കുക.
വയറിളക്കത്തിന് ഇഞ്ചിപ്പൊടിയും ഉപ്പും ഇട്ട മോര് തിളപ്പിച്ചോ തിളപ്പിക്കാതെയോ കഴിക്കാം, പെട്ടെന്ന് ആശ്വാസം ലഭിക്കും. ദഹനത്തിനുള്ള ഔഷധമായാണ് ഇഞ്ചി അറിയപ്പെടുന്നത്. അതുകൊണ്ട് നിത്യവും ഇഞ്ചി കഴിച്ചാല്‍ ദഹനക്കേട്, വായുകോപം, പുളിച്ചുതികട്ടല്‍ എന്നീ അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാക്കാം. ചായയില്‍ ഇഞ്ചി ചതച്ചിടാം അല്ലെങ്കില്‍ ഇഞ്ചിപ്പൊടി ഇടാം.
ദഹനസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ മിക്കതും ഇല്ലാതാക്കാന്‍ കഴിയുന്ന മികച്ച ഔഷധമാണ് കുരുമുളക്. ഭക്ഷണത്തിനുശേഷം നിത്യവും അല്പം മോരില്‍ മൂന്ന് നുള്ള് കുരുമുളക് പൊടി ഇട്ട് കുടിച്ചാല്‍ ദഹനം എളുപ്പമാകും. പുളിച്ചു തികട്ടല്‍ ഇല്ലാതാക്കാനും ഇതുപകരിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ അഞ്ചോ ആറോ മണി കുരുമുളക്, മൂന്ന് അല്ലി വെളുത്തുള്ളി, അര ഇഞ്ച് വലിപ്പമുള്ള ഇഞ്ചി ചതച്ചത് എന്നിവയോടൊപ്പം രണ്ട് അച്ച് ശര്‍ക്കരയും ഇട്ട് കുറുക്കി പകുതിയാക്കി ഇളം ചൂടില്‍ കുറേശ്ശയായി കുടിച്ചാല്‍ ജലദോഷം, ചുമ, തൊണ്ടവേദന എന്നിവ ശമിക്കും.
ദഹനസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ ശമിപ്പിക്കാന്‍ പുളിയും ഉപയോഗിക്കാം. പുളിച്ചു തികട്ടല്‍ ഇല്ലാതാക്കാനും ദഹനം എളുപ്പത്തിലാക്കാനും രുചി ഉണ്ടാകാനും പുളി നല്ലതാണ്. അല്പം പുളി വെള്ളത്തില്‍ കലക്കി, തക്കാളിയുടെ കൊഴുത്ത നീരും കുരുമുളക് ചതച്ചതും ഒരു ചുകന്ന മുളകും ഉപ്പും ഇട്ട് സൂപ്പ് ആക്കി ചൂടോടെ കഴിച്ചാല്‍ ജലദോഷവും മൂക്കടപ്പും ഇല്ലതാകും.
നേര്‍ത്ത ചൂടുവെള്ളത്തില്‍ ഉപ്പിട്ട് തിളപ്പിച്ച് ഈ വെള്ളം കവിള്‍കൊണ്ടാല്‍ തൊണ്ടവേദനയും അതുമായി ബന്ധപ്പെട്ട അസ്വാസ്ഥ്യങ്ങളും ഇല്ലാതാക്കാം.
വയറുവേദനയും ദഹനസംബന്ധമായ അസുഖങ്ങളും ഇല്ലതാക്കാന്‍ അയമോദകം അഥവാ ഓമം വളരെ നല്ലതാണ്. വായുകോപമോ വയറുവേദനമൂലമുള്ള അസ്വാസ്ഥ്യമോ അനുഭവപ്പെടുമ്പോള്‍ കുറച്ച് അയമോദകം ചീനച്ചട്ടിയിലിട്ട് ചൂടാക്കുക, പൊട്ടിത്തെറിക്കുമ്പോള്‍ വെള്ളമൊഴിച്ച് തിളപ്പിക്കുക. വെള്ളം കുറേ വറ്റിക്കഴിയുമ്പോള്‍ ഉപ്പോ പഞ്ചസാരയോ ഇട്ട് ഇളം ചൂടില്‍ അത് കുടിക്കുക. ഒരു നുള്ള് അയമോദകവും വായിലിട്ട് ചവച്ച് ആ വെള്ളം ഇറക്കിയാലും ദഹനക്കേടോ പുളിച്ചുതികട്ടലോ ഒക്കെ ശമിക്കും. ചുമ ശമിക്കാനും ഇതുപകരിക്കും. അയമോദകം ചതച്ച് അത് മണത്താല്‍ മൂക്കടപ്പ് ഇല്ലാതാകും. അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കവിള്‍കൊണ്ടാല്‍ തൊണ്ടവേദന ശമിക്കും.

വൃക്കകളെ ജോലിഭാരം കൂട്ടാതെ സംരക്ഷിക്കാം

വൃക്കരോഗങ്ങള്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരികയാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പുതിയ ആരോഗ്യ സംസ്‌കാരത്തിന്റെ ഭാഗമായി വിപണിയിലെത്തിയിരിക്കുന്ന പാനീയങ്ങളും ആഹാരകാര്യത്തില്‍ പോലും വേഗതയാര്‍ജ്ജിക്കാനായി ഫാസ്റ്റ് ഫുഡ്ഡിനു പിന്നാലേയുള്ള നമ്മുടെ ഓട്ടവുമാണിതിന്റെ പ്രധാന കാരണങ്ങള്‍. ശരീരത്തിന്റെ പൂര്‍ണാരോഗ്യത്തിനു വേണ്ടി 24 മണിക്കൂറും ഉള്ളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അവയവങ്ങളെ മറന്നുള്ള ഓട്ടം അധികം വൈകാതെ കേരളത്തെ വൃക്കരോഗ തലസ്ഥാനം എന്ന പദവിയ്ക്ക് അര്‍ഹമാക്കിയേക്കാം.

സൂക്ഷ്മ രക്തക്കുഴലുകളുടെ കൂട്ടമാണ് വൃക്കകള്‍. നെഫ്രോണുകളാണ് ഇവയുടെ പ്രവര്‍ത്തന ഘടകം. ഓരോ വൃക്കയിലുമുള്ളത് പ്ത്തു ലക്ഷത്തോളം നെഫ്രോണുകളാണ്. നെഫ്രോണിനുള്ളിലെ മുന്തിരിക്കുലകള്‍ പോലുള്ള രക്തക്കുഴലുകളുടെ കൂട്ടം ഒരു അരിപ്പ പോലെ പ്രവര്‍ത്തിച്ച് ശരീരത്തിലൂടെ ഒഴുകുന്ന രക്തത്തെ ശുദ്ധീകരിക്കുന്നു. 180 ലിറ്റര്‍ രക്തമാണ് ഒരു ദിവസം വൃക്കയിലൂടെ കടന്നു പോകുന്നത്. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് പ്രോട്ടീനുകള്‍, ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍ തുടങ്ങിയവയെ രക്തത്തില്‍ തന്നെ നിലനിര്‍ത്തി വെള്ളവും മറ്റ് ലവണങ്ങളും നെഫ്രോണുകളില്‍ നിന്ന് തൊട്ടടുത്തുള്ള ട്യൂബിളുകളിലേക്കയയ്ക്കുന്നു. ശരീരത്തിന് ആവശ്യമുള്ള ലവണങ്ങളും ജലവും ഇവിടെ വെച്ച് ആഗിരണം ചെയ്തതിനു ശേഷം ബാക്കിയുള്ളവ പുറന്തള്ളുന്നു. ഇതാണ് മൂത്രമായി പുറത്തു വരുന്നത്. 180 ലിറ്റര്‍ രക്തം വൃക്കകളിലൂടെ കടന്നു പോകുമ്പോള്‍ അതില്‍ നിന്ന് ഒന്നര ലിറ്റര്‍ മാത്രമാണ് പുറന്തള്ളപ്പെടുന്നത്.   മനുഷ്യ ശരീരത്തില്‍ സങ്കീര്‍ണമായ ജോലികള്‍ നിര്‍വഹിക്കുന്ന വൃക്കകളെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ റീനല്‍ ഫെയ്‌ലിയര്‍ അഥവാ വൃക്ക സ്തംഭനം, നെഫ്രൈറ്റിസ് അഥവാ വൃക്കവീക്കം, നെഫ്രോട്ടിക് സിന്‍ഡ്രോം എന്നിവയാണ്.   ക്രോണിക് റീനല്‍ ഫെയ്‌ലിയര്‍, അക്യൂട്ട് റീനല്‍ ഫെയ്‌ലിയര്‍ എന്നിങ്ങനെ രണ്ടു തരം വൃക്ക സ്തംഭനങ്ങളുണ്ട്. കാലക്രമേണ രോഗം വൃക്കയെ കീഴടക്കി ഗുരുതരാവസ്ഥയിലെത്തി സ്തംഭനത്തിനു വഴി തെളിക്കുന്നതണാണ് ക്രോണിക് റീനല്‍ ഫെയ്‌ലിയര്‍. അണലി പോലുള്ള വിഷ ജന്തുക്കളുടെ ദംശനം മൂലമോ മലേറിയ പോലുള്ള രോഗങ്ങളുടെ പരിണിത ഫലമായോ അതിവേഗം വൃക്ക സ്തംഭനമുണ്ടായാണ് റീനല്‍ അക്യൂട്ട് ഫെയ്‌ലിയര്‍ സംഭവിക്കുന്നത്. ഏതു രീതിയില്‍ വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചാലും മാലിന്യങ്ങള്‍ രക്തത്തില്‍ നിന്ന് പുറന്തള്ളാനാവാത്ത സ്ഥിതിയുണ്ടാവുകയും അവ രക്തത്തില്‍ അടിഞ്ഞു കൂടി യുറീമിയ എന്ന രോഗാവസ്ഥ സംജാതമാവുകയും ചെയ്യുന്നു.   പ്രായ, ലിംഗ ഭേദമില്ലാതെ ആരെയും ബാധിക്കാവുന്ന രോഗമാണ് വൃക്കവീക്കം. ശരീരത്തില്‍ പെട്ടന്ന് നീരു വെയ്ക്കുകയും മൂത്രം കുറയുകയും ചെയ്യുന്നതാണിതിന്റെ ലക്ഷണങ്ങള്‍. മൂത്രത്തില്‍ രക്തവും ആല്‍ബുമിനും കലരുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്.   മൂത്രത്തിലൂടെ അമിതമായി ആല്‍ബുമിന്‍ നഷ്ടപ്പെടുന്ന അവസ്ഥയായ നെഫ്രോട്ടിക് സിന്‍ഡ്രോമിനും നെഫ്രൈറ്റിസിന്റെ അതേ ലക്ഷണങ്ങളാണു പ്രത്യക്ഷപ്പെടുക. ഇത് കുട്ടികളെയും പ്രായമായവരേയുമാണ് കൂടുതല്‍ ബാധിക്കാറുള്ളത്.   കിഡ്‌നികള്‍ പ്രവര്‍ത്തന രഹിതമാകുന്നതോടെ മാലിന്യം ബഹിഷ്‌കരിക്കാന്‍ ശരീരം നടത്തുന്ന ശ്രമങ്ങളാണ് ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, ശരീരത്തില്‍ നീര് തുടങ്ങിയ അവസ്ഥകളിലേക്ക് എത്തിക്കുന്നത്. കൈ കാലുകളിലും മുഖത്തും നീരു വരുന്നതാണ് വൃക്ക രോഗത്തിന്റെ പ്രഥമ ലക്ഷണമായി കണക്കാക്കപ്പെടുന്നത്.    പ്രമേഹം, അമിതമായ രക്ത സമ്മര്‍ദ്ദം തുടങ്ങിയ ചില രോഗങ്ങളും അവയ്ക്കു വേണ്ടി കഴിക്കുന്ന മരുന്നുകളും വൃക്കകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത്തരക്കാര്‍ രണ്ടു മാസത്തിലൊരിക്കലെങ്കിലും കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കേണ്ടതാണെന്ന് ആധുനിക വൈദ്യ ശാസ്ത്രം മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് കുഴപ്പങ്ങളൊന്നുമില്ലാത്തവരും വര്‍ഷത്തിലൊരിക്കല്‍ ഇതു ചെയ്യുന്നത് നല്ലതാണ്. മുപ്പതു വയസ്സു കഴിഞ്ഞവര്‍ ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം.   രാസവസ്തുക്കള്‍ കലര്‍ന്ന കൃത്രിമ പാനീയങ്ങളും ഫാസ്റ്റ്ഫുഡ്ഡും മദ്യവുമൊക്കെ വൃക്കകളുടെ ജോലിഭാരം കൂട്ടുകയാണ്. അവയ്ക്കെല്ലാം ഗുഡ്‌ബൈ പറഞ്ഞ് ആരോഗ്യപരമായ ഭക്ഷണശീലം സ്വായത്തമാക്കുന്നതിലൂടെയും പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ അത് നിയന്ത്രിച്ചു നിര്‍ത്തുന്നതിലൂടെയും വൃക്കകള്‍ക്ക് സംരക്ഷണം നല്‍കാന്‍ നമുക്ക് ശ്രമിക്കാം.

നിങ്ങളെ ആര്‍ക്കും വേണ്ടാതായി എന്നു തോന്നുന്നുണ്ടോ?

എന്നെ ആര്‍ക്കും വേണ്ട... ഞാന്‍ ഒറ്റപ്പെട്ടിരിക്കുന്നു... ഞാന്‍ എന്തു ചെയ്താലും പരാജയം മാത്രം... ഇത്തരം ചിന്തകള്‍ അടിക്കടി ഉണ്ടാകുന്നെങ്കില്‍ സൂക്ഷിക്കുക. നിങ്ങള്‍ വിഷാദ രോഗത്തിന്റെ ആദ്യത്തെ പടിയിലാണ് നില്‍ക്കുന്നത്. ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ അത് കൂടുതല്‍ വഷളാവും. നമ്മുടെ നാട്ടില്‍ നടക്കുന്ന ആത്മഹത്യകളില്‍ പകുതിയിലേറെയും വിഷാദരോഗത്തിന്റെ അനന്തര ഫലമാണെന്നു കൂടി അറിയുമ്പോള്‍ ഈ രോഗത്തിന്റെ ഗുരുതരാവസ്ഥ കൂടുതല്‍ വ്യക്തമാകുന്നു.

മനുഷ്യന് സന്തോഷിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ സങ്കടം കൂടുതല്‍ വരുന്ന അവസ്ഥ. വിഷാദരോഗം എന്നിതിനു പേരുവരാനുള്ള കാരണം അതാണ്. ദൈനംദിന ജീവിതത്തില്‍ സങ്കടം സാധാരണമാണ്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ നമ്മള്‍ വീണ്ടെടുക്കാറുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായി വിഷാദരോഗികളില്‍ സങ്കടമെന്ന വികാരം സ്ഥായിയായി നിലനില്‍ക്കുകയും ഒപ്പം ശാരീരികവും മാനസികവുമായ മറ്റു പല ലക്ഷണങ്ങളും കണ്ടുതുടങ്ങുകയും ചെയ്യും. ഇത്തരം ലക്ഷണങ്ങള്‍ അനുഭവിക്കുന്ന ഒരു വ്യക്തിക്ക് അവന്റെ വൈകാരികാവസ്ഥയുടെ ഭാഗമായി ഇതിനെ മനസ്സിലാക്കുവാന്‍ കഴിയില്ല. കാരണം ബോധമനസ്സിന് ഇത്തരം ലക്ഷണങ്ങളില്‍ വലിയ സ്ഥാനമില്ല. ഒരു വിഷാദരോഗി ജീവിതത്തിലെ ഏറ്റവും ദുസ്സഹമായ അവസ്ഥയിലൂടെയായിരിക്കും കടന്നു പോകുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും ശക്തി മുഴുവന്‍ ചോര്‍ന്നുപോകുമ്പോള്‍ മരിച്ചാല്‍ മതിയെന്ന തോന്നല്‍ ശക്തമാവുകയും ആത്മഹത്യാ പ്രവണത കാണിച്ചു തുടങ്ങുകയും ചെയ്യും.   സാമൂഹികമായ പിന്തുണയില്ലായ്മ, കുടുംബത്തിലെ ആശയവിനിമയത്തിലുള്ള വൈകല്യങ്ങള്‍, ഏറെ പ്രിയപ്പെട്ടവരുടെ സ്‌നേഹരാഹിത്യം, വളര്‍ന്നുവന്ന സാഹചര്യങ്ങള്‍, താഴ്ന്ന വിദ്യാഭ്യാസ നിലവാരം, വ്യക്തിത്വ വൈകല്യങ്ങള്‍, വിവിധ മാനസിക രോഗങ്ങള്‍ എന്നിവയൊക്കെ വിഷാദരോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രായമായവരിലാണ് ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. പ്രായമാകുമ്പോഴുണ്ടാകുന്ന വിവിധ അസുഖങ്ങളും അധികാര സ്ഥാനങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയും മരണങ്ങള്‍ക്ക് സാക്ഷിയാകുന്നതുമൊക്കെ ഇതിനു കാരണമാകുന്ന ഘടകങ്ങളാണ്.   കുറേനാള്‍ വിഷാദാവസ്ഥയിലിരിക്കുന്നത് ഒരു രോഗലക്ഷണമായി മനസ്സിലാക്കാനുള്ള തിരിച്ചറിവ് നമ്മുടെ സമൂഹം ഇപ്പോഴും നേടിയെടുത്തിട്ടില്ല. മനോവിഷമമെന്നത് ദുര്‍ബലരുടെ ലക്ഷണമാണെന്നുള്ള തെറ്റായ ഒരു ധാരണ മൂലം പലപ്പോഴും രോഗികള്‍ ഇത് മറ്റുള്ളവരോട് പറയാന്‍ മടിക്കുന്നു. കൂടാതെ മാനസിക പ്രശ്‌നമുള്ളവരോട് സമൂഹം കാണിക്കുന്ന അവഗണനയും ചികിത്സയെ കുറിച്ചുള്ള തെറ്റിദ്ധാരണകളും ഭാരിച്ച ചികിത്സാ ചെലവുകളുമൊക്കെ ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും രോഗിയെ പിന്നോട്ട് വലിക്കുന്നു. പലപ്പോഴും ആത്മഹത്യാ പ്രവണത കണ്ടു തുടങ്ങുമ്പോഴാണ് മറ്റുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കാറുള്ളത്.    വിഷാദരോഗത്തിന് ഫലപ്രദവും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ ചികിത്സ ഇന്ന് ലഭ്യമാണ്. മരുന്ന് കഴിച്ചുതുടങ്ങിയാല്‍ അതിന് അടിമപ്പെടും എന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കുണ്ട്. ഉറക്കഗുളികകളില്‍ നിന്നും വ്യത്യസ്തമായി വിഷാദരോഗത്തിനുള്ള മരുന്നുകള്‍ ഒരിക്കലും അഡിക്ഷന്‍ ഉണ്ടാക്കില്ല. ചില രോഗികളില്‍ രോഗശമനത്തിന് മരുന്നിനോടൊപ്പം കൗണ്‍സിലിങ് ആവശ്യമായി വരാറുണ്ട്. രോഗകാരണമാകുന്ന ചിന്താ രീതികളെയും പെരുമാറ്റങ്ങളെയും തന്നത്താന്‍ മനസ്സിലാക്കുവാന്‍ സഹായിക്കുക എന്നതാണ് ഇത്തരം ചികിത്സയിലൂടെ സാധ്യമാക്കുന്നത്

മന:സംഘര്‍ഷം അകറ്റാം

നമ്മുടെ ജോലി, നമ്മുടെ പ്രശ്‌നങ്ങള്‍, നമ്മുടെ നിരാശകള്‍. ഇതെല്ലാം നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. ഒരു ഘട്ടമെത്തുമ്പോള്‍ പ്രശ്‌നങ്ങളും നിരാശകളും അല്ലലുകളും നമ്മെ ദോഷകരമായി ബാധിച്ചു തുടങ്ങുന്നു. ജീവിതത്തിന്റെ ഗുണനിലവാരം കുറഞ്ഞു വരും. മറ്റുള്ളവരുമായുള്ള ബന്ധങ്ങളെയും ഈ നിലവാരത്തകര്‍ച്ച ബാധിക്കുന്നു. ക്രമേണ ആരോഗ്യവും ക്ഷയിക്കുന്നു.
സംഘര്‍ഷം മനസ്സില്‍ പടരാതിരിക്കട്ടെ, അത് ജീവിതത്തിന്റെ ഭാഗമാകാതിരിക്കട്ടെ. നിസാരകാര്യങ്ങള്‍ക്ക് ഏറെ വേവലാതിപ്പെടുന്നവരുണ്ട്. ചെറിയ ചെറിയ നഷ്ടങ്ങള്‍ ഓര്‍ത്ത് ഓര്‍ത്ത് പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നവരുണ്ട്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കി ജീവിക്കാന്‍ ശ്രമിക്കണം.
അല്പമൊക്കെ വേവലാതിയോ പിരിമുറുക്കമോ ആകാം, വേണ്ടെന്നല്ല. പരിധി വിടരുതെന്നു മാത്രം. ചെറിയ പിരിമുറുക്കമുള്ളപ്പോള്‍ നാം അധികം ജോലി ചെയ്യുന്നു, കൂടുതല്‍ നന്നായി ചെയ്യുന്നു. പിന്നീട്, പിരിമുറുക്കം വര്‍ദ്ധിക്കുമ്പോള്‍, പിരിമുറുക്കം കൂടുതല്‍ പതിവാകുമ്പോള്‍ എന്തുകൊണ്ടിങ്ങനെ എന്നു നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. പിരിമുറുക്കം പതിവാകുമ്പോള്‍ ലഹരിയോ മയക്കുമരുന്നോ കഴിച്ചതുപോലെ മനസ്സ് വല്ലാത്ത ഒരവസ്ഥയിലാകാന്‍ ഇത് കാരണമാകുന്നു.
പിരിമുറുക്കം പരിധി വിടുന്നു എന്നു തോന്നുമ്പോള്‍ സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കുക.
ഞാന്‍ പരിധിവിട്ട് പ്രതികരിക്കുന്നുവോ? സാഹചര്യങ്ങള്‍ കരുതുംപോലെ അത്രയ്ക്ക് മോശമാണോ? വ്യക്തമായി ചിന്തിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും കാര്യങ്ങള്‍ കരുതിയിരുന്നതുപോലെ അത്രയ്ക്ക് മോശമല്ലെന്ന്.
ഇതില്‍ നിന്നെങ്ങിനെ കരകയറാം? എനിക്കതിനെ നിയന്ത്രിക്കാനാവുമോ? ഓര്‍ക്കുക, ജീവിതം എപ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലല്ല. ജീവിതത്തില്‍ സംഭവിക്കുന്ന പലതും നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കും, എങ്കിലും അങ്ങിനെയല്ലാത്തവയും ധാരാളമാണ്. ഇവ രണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും അതിലൊന്നും നിങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ ആവില്ലായിരുന്നു എന്ന്.
ഇക്കാര്യമോര്‍ത്ത് ഇത്രയൊക്കെ പിരിമുറുക്കം അനുഭവിക്കേണ്ടതുണ്ടോ? എന്റെ മനോനിലയേക്കാള്‍ പ്രധാനമാണോ ഇതൊക്കെ? അല്ലേ അല്ല. പച്ചക്കറിയോ തുണിയോ വീട്ടുസാധനങ്ങളോ വാങ്ങുമ്പോള്‍ വിലപേശിയിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ലാഭിക്കാന്‍ കഴിയുമായിരുന്നത് എന്താണ്? നമുക്ക് സന്തോഷവും സമാധാനവും ഇല്ലാത്ത ഒരു വാക്കു തര്‍ക്കം കൊണ്ടെന്താണ് പ്രയോജനം? പിരിമുറുക്കമല്ലാതെ നമുക്കെന്താണ് ലാഭം?
പ്രായോഗിക ചിന്താഗതിയാണോ എന്റേത്? ഒരു പക്ഷെ, എന്തെങ്കിലും പരിഹാരമുണ്ടാവാം. പക്ഷെ, അതേക്കുറിച്ചോര്‍ത്ത് ഇത്രയൊക്കെ വേവലാതിപ്പെടാനുണ്ടോ? ഇക്കാര്യംമനസ്സിലാക്കാത്തതെന്താണ്? വേഗമേറിയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. പിരിമുറുക്കം കൊണ്ട് കാര്യമില്ല. കാരണവും യുക്തിയുമാണാവശ്യം.
പ്രിയപ്പെട്ടവരുടെ സാന്നിധ്യം മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാന്‍ എപ്പോഴും നല്ലതാണ്. പിരിമുറുക്കമുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് അവരോട് തുറന്നു പറയുക. സ്‌നേഹമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്ന മഹൗഷധം. ജീവിത പങ്കാളിയോട്, മക്കളോട്, അടുത്ത സുഹൃത്തുക്കളോട് ആരുമായും പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാം. പലപ്പോഴും പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ഇത്തരം ഒരു തുറന്നു പറച്ചില്‍ ഉപകരിക്കും.
സംഗീതം സാന്ത്വനമാണ്. ഇഷ്ടപ്പെട്ട ഗസല്‍, സംഗീതക്കച്ചേരി, ഉപകരണസംഗീതം- ഇതെല്ലാം കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതിന് പലപ്പോഴും സമയം കിട്ടിയിരുന്നില്ല. എങ്കില്‍, ഇപ്പോഴത് കേള്‍ക്കാം.
നിങ്ങളുടെ മനസ്സിനും ശരീരത്തിനും വേണ്ടത് സംഗീതമാണ്. വീട്ടുജോലിയെടുക്കുമ്പോഴും യാത്രചെയ്യുമ്പോഴുമെല്ലാം സംഗീതം ആസ്വദിക്കാം.
ചിരി, തീര്‍ച്ചയായും മികച്ച ഔഷധമാണ്. കഴിഞ്ഞ തവണ നിങ്ങള്‍ സ്വയം മറന്ന് ചിരിച്ചത് എന്നാണെന്ന് ഓര്‍ക്കുന്നുവോ? അത് ഓര്‍ക്കുന്നില്ലെങ്കില്‍ അഥവാ അത് വര്‍ഷങ്ങള്‍ക്കുമുമ്പ് ആണെങ്കില്‍ ജീവിതത്തിന് ഇപ്പോള്‍ നര്‍മ്മം അത്യാവശ്യമാണ്. നമ്മള്‍ക്ക് പറ്റിയ അമളികള്‍, അല്ലെങ്കില്‍ നമ്മള്‍ ആസ്വദിച്ച മറ്റുള്ളവര്‍ക്കു പറ്റിയ അമളികള്‍ ഓര്‍ത്തുനോക്കൂ, നന്നായൊന്ന് ചിരിക്കാന്‍ അതുപോരേ? പിരിമുറുക്കം തുടങ്ങുമ്പോള്‍ ഇങ്ങിനെ എന്തെങ്കിലും ഓര്‍ക്കുക. ഉള്ളുതുറന്ന് നന്നായൊന്ന് ചിരിച്ചാല്‍ ഏത് പിരിമുറുക്കവും പമ്പകടക്കും.
സമീകൃതാഹാരം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പോഷകങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ള ഭക്ഷണരീതി ഏറെ പ്രയോജനം ചെയ്യും. ശരീരവും മനസ്സും തമ്മില്‍ നല്ല പൊരുത്തത്തിലാണ്. മനസ്സിന്റെ ആരോഗ്യവും ശരീരത്തിന്റെ ആരോഗ്യവും പരസ്പരം ഇഴചേര്‍ന്ന് കിടക്കുന്നുവെന്ന് ഓര്‍ക്കുക. നല്ല ഭക്ഷണം നന്നായി ആസ്വദിച്ച് കഴിക്കുന്നത് മനസ്സിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യും.
വ്യായാമം വളരെ നല്ലതാണ്. ആദ്യമൊക്കെ ചെയ്യാന്‍ വൈമുഖ്യം തോന്നിയേക്കാം. പക്ഷേ, പതിവാക്കിക്കഴിഞ്ഞാല്‍ അതിന്റെ പ്രയോജനം ശരിക്കും ബോധ്യപ്പെടും. പുതിയ ഊര്‍ജ്ജം അനുഭവപ്പെടും, ഉള്ളില്‍ വൈകാരികമായ സ്വാസ്ഥ്യം ഉണ്ടാകുന്നതായി മനസ്സിലാകും.
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക. അലസന്റെ മനസ്സ് വന്യമാകും. ചെയ്യാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതേക്കുറിച്ച് പ്രതീക്ഷയോടെ ചിന്തിക്കാം. അത് ആസ്വദിച്ച് ചെയ്യാം. എന്തെങ്കിലും വിനോദങ്ങളില്‍ താല്‍പര്യമുണ്ടെങ്കില്‍ അതിലേര്‍പ്പെടാന്‍ സമയം കണ്ടെത്തണം. പൂന്തോട്ടം ശ്രദ്ധിക്കുക, സ്റ്റാമ്പ്-നാണയം എന്നിവ ശേഖരിക്കുക, നായയേയോ പൂച്ചയേയോ വളര്‍ത്തുക അല്ലെങ്കില്‍ കുഞ്ഞുങ്ങളോടൊപ്പം കളിക്കുക. പിരിമുറുക്കം ലഘൂകരിക്കാന്‍ ഇത്തരം മാര്‍ഗ്ഗങ്ങളുണ്ട്. അതിന് സമയം കണ്ടെത്തണമെന്നേ ഉള്ളൂ.
എന്റേതുമാത്രമായ സമയം- അത് എല്ലാ പ്രായക്കാര്‍ക്കും അഥവാ ഏതു പ്രായക്കാര്‍ക്കും ആവശ്യമാണ്. അവനവനെക്കുറിച്ച് ഓര്‍ക്കാന്‍, സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍- അതിനും അല്പം സമയം കണ്ടെത്തണം. ജോലിയോന്നും ചെയ്യാതെ, കുടുംബപ്രശ്‌നങ്ങളൊന്നും ഓര്‍ക്കാതെ, അലട്ടാതെ ഏതാനും നിമിഷങ്ങള്‍. നമ്മള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഈ സമയം വിനിയോഗിക്കാം. ധ്യാനം, യോഗ എന്നിവ ചെയ്യാം. പ്രാര്‍ത്ഥിക്കാം, സ്‌ത്രോത്രങ്ങള്‍ ചൊല്ലാം. ആത്മമിത്രത്തിനോട് സംസാരിക്കാം. കത്തുകള്‍ എഴുതാം, ഇ മെയില്‍ എസ്എംഎസ് സന്ദേശങ്ങള്‍ കൈമാറാം. പഴയ ആല്‍ബങ്ങള്‍ നോക്കി ഇരിക്കാം.
സ്വന്തം സൗഭാഗ്യങ്ങളെക്കുറിച്ച് ചിന്തിക്കുക. എല്ലാവരുടെയും ജീവിതം നമ്മുടേതുപോലെ ആകണമെന്നില്ല. എല്ലാവരോടും സഹാനുഭൂതി കാണിക്കുക. നിങ്ങള്‍ കാണുന്ന ഓരോരുത്തരും ജീവിതത്തില്‍ കഠിനമായ പോരാട്ടങ്ങള്‍ക്ക് വിധേയരാകുന്നവരാണ് എന്നതാണ് സത്യം.
സ്വന്തം ജീവിതത്തെ സത്യസന്ധമായി വിശകലനം ചെയ്യുക. നിങ്ങള്‍ക്കുണ്ടായതിനേക്കാള്‍ മോശമായ അനുഭവമുണ്ടായ എത്രയോ പേര്‍ നമ്മള്‍ക്കൊപ്പമുണ്ട്. മരുഭൂമികളിലൂടെ മാത്രം യാത്രചെയ്യുന്നവരുണ്ട്, ഒരിക്കലും മരുപ്പച്ച കാണാത്തവര്‍, ഇരുണ്ട ഗുഹയ്ക്കുള്ളിലൂടെ നടന്ന് പ്രകാശമുള്ള മറുവശത്ത് ഒരിക്കലും എത്താത്തവര്‍. കഠിനാധ്വാനം കൊണ്ട് പിരിമുറുക്കം കൂടുന്നുണ്ടാകും, അത് കാര്യമാക്കണ്ട. കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം സമയം ചെലവഴിച്ച് ആഹ്ലാദിക്കുക. സ്‌നേഹം എന്തെന്നറിയാതെ, ഒരു തരി സ്‌നേഹം പോലും കിട്ടാതെ എത്രയോപേര്‍ ഇവിടെ ജീവിക്കുന്നു എന്നും ഓര്‍ക്കുക.
നമ്മളെ നമ്മളാക്കിയ ദൈവത്തിനെ സദാ നന്ദിപൂര്‍വ്വം ഓര്‍ക്കുക. പ്രസാദാത്മകത ഒരിക്കലും കൈവെടിയരുത്

കടപ്പാട്-alchemisthealth.blogspot.in

3.38888888889
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ