Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യം -ചില അറിവുകള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യം -ചില അറിവുകള്‍

കൂടുതല്‍ വിവരങ്ങള്‍

അമിതഭാരം കുറയ്ക്കുന്നതില്‍ വില്ലനാകുന്ന മെറ്റബോളിസം നിരക്ക്; ശരിയാക്കാന്‍ ചില എളുപ്പ വഴികള്‍

ആരോഗ്യകരമായ ശരീരത്തിന് വേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും മെറ്റബോളിസം പ്രശ്‌നമാകാറുണ്ട്. അമിത ഭാരം കുറയ്ക്കാന്‍ കൃത്യമായ ഭക്ഷണക്രമവും വ്യായാമങ്ങളും ശ്രദ്ധിച്ചിട്ടും ഭാരം കുറയ്ക്കാന്‍ സാധിക്കാത്ത അവസ്ഥ പലരേയും സങ്കടത്തിലാക്കാറുണ്ട്. ചില കേസുകളില്‍ അതിന് പഴിക്കേണ്ടത് മെറ്റബോളിസത്തേയാണ്. ശരീരത്തിന്റെ ചയാപചയ പ്രവര്‍ത്തനങ്ങളിലെ പ്രശ്‌നം ഇത്തരത്തില്‍ അമിത ഭാരത്തിന് ഇടയാക്കാം.

ശരീരപോഷണ പരിണാമ പ്രശ്‌നത്തെ ഫലപ്രദമായി നേരിടാന്‍ ചില മാര്‍ഗങ്ങളുണ്ട്. മെറ്റബോളിസം നിരക്ക് വര്‍ധിപ്പിക്കാനും വണ്ണം കുറയ്ക്കാനും ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.

1.കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക

ദിവസത്തില്‍ ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഉചിതമായ സമയങ്ങളില്‍ വെള്ളം കുടിക്കുക എന്നതാണ് മെറ്റബോളിസത്തില്‍ പ്രധാനം. രാവിലെ ഉണര്‍ന്നുടന്‍ ഒന്നോ രണ്ടോ ഗ്ലാസ് നാരങ്ങവെള്ളം വെറുവയറ്റില്‍ കുടിക്കുന്നത് ദഹനവ്യവസ്ഥയെ മികച്ചതാക്കും. ഉപ്പോ മധുരമോ ചേര്‍ക്കാതെ ചെറുചൂടുവെള്ളത്തില്‍ നാരങ്ങ നീര് കുടിക്കുന്നതാണ് ഉത്തമം. ഭക്ഷണത്തിന് മുമ്പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നതും ഭാരം കുറക്കാന്‍ സഹായിക്കും.

2.ഉദാസീനമായ ഒരേ ഇരുപ്പിലിരുന്നുള്ള ജീവിത ശൈലി ഒഴിവാക്കുക

ഒറ്റ ഇരിപ്പിലുള്ള ജീവിത രീതികള്‍ ഒഴിവാക്കുക. ഓഫീസിലായാലും വീട്ടിലായാലും നിശ്ചലാവസ്ഥ അധിക നേരം തുടരാതിരിക്കുക. ഇടയ്ക്കിടെ എഴുന്നേല്‍ക്കുകയും നടക്കുകയും ചെയ്യണം. ഇരിപ്പ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും.

3.ഭക്ഷണം ശ്രദ്ധിക്കുക

പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാനും ശ്രമിക്കണം.

4.മിതമായ അളവില്‍ ഇടവേളകളിലായി ഭക്ഷണം കഴിക്കുക

ശരീരത്തെ പട്ടിണിക്കിടാതെ ഇടവേളകളില്‍ മിതത്വം പാലിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഭാരം കുറയ്ക്കാന്‍ സഹായിക്കുക.

ശരീരത്തിലെ ഓരോ അധിക കിലോയും കാഴ്ചയെ ബാധിക്കും; ഒടുവില്‍ ഇരിട്ടിലുമാക്കും

അരക്കെട്ടിലുണ്ടാകുന്ന വണ്ണക്കൂടുതലും അമിതഭാരവും മാത്രമല്ല കൊഴുപ്പ് സമ്മാനിക്കുന്നത്, കണ്ണിനെ കൂടി ഇരുട്ടിലാക്കാനതിന് കഴിയും. അന്നനാളത്തിലെ ബാക്ടീരയകളുടെ കൂട്ടത്തെ മാറ്റിമറിക്കാന്‍ കൊഴുപ്പിന് കഴിയും. ഇവയുടെ പരിവര്‍ത്തനം പ്രായാധിക്യത്താല്‍ ഉണ്ടാകുന്ന മാക്യലര്‍ ഡീജനറേഷന്‍ അഥവ AMD ക്ക് കാരണമാകും. അന്ധതാ രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്ന് ചുരുക്കം. കാഴ്ച മങ്ങാനും തിളക്കത്തെ പ്രതിരോധിക്കാനും കഴിയാത്ത അവസ്ഥയിലേക്കാണ് ഇവ കൊണ്ടു ചെന്നെത്തിക്കുക.

അമിത ഭാരവും കൊഴുപ്പും കാഴ്ചയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ പഠനമാണ് മുന്നറിയിപ്പ് നല്‍കുന്നത്. കുടലുകളിലെ ബാക്ടീരിയകള്‍ക്ക് അന്ധതയിലേക്ക് ശരീരം നീങ്ങുന്നതില്‍ വലിയ പങ്കുണ്ടെന്നാണ് പഠനം പറയുന്നത്. രക്തക്കുഴല്‍ സംബന്ധമായ കണ്ണിന്റെ പ്രായാധിക്യത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഗട്ട് മൈക്രോബയോം കാരണമാകുമെന്ന് ഗവേഷകനായ മൈക് സഫീഹ പറയുന്നു. കാനഡയിലെ മോണ്‍ട്രിയല്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറാണ് ഇദ്ദേഹം.

അന്ധരോഗങ്ങള്‍ക്ക് കാരണമാകാന്‍ ശരീരത്തിനുള്ളില്‍ വസിക്കുന്ന ബാക്ടീരിയകള്‍ കാരണമാകും. അന്നനാളത്തിലും കുടലിലും വസിക്കുന്ന ബാക്ടീരിയകള്‍ക്ക് കൊഴുപ്പ് മൂലമുണ്ടാകുന്ന വ്യതിയാനങ്ങള്‍ ആരോഗ്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

കണ്ണിന്റെ പിന്‍ഭാഗത്ത് വലിയ രീതിയില്‍ കൊഴുപ്പ് അടിയുന്നതാണ് AMD രോഗം. നാഡികോശങ്ങളെ കൊഴുപ്പ് നശിപ്പിക്കുന്നതാണ് ഈ രീതിയിലുള്ള അന്ധതയ്ക്ക് കാരണം. നാഡീ കോശങ്ങളെ നശിപ്പിച്ച ശേഷം രക്തക്കുഴലില്‍ അസുഖകരമായ വളര്‍ച്ചയുണ്ടാകുന്നു. തുടക്കത്തില്‍ തന്നെ എഎംഡി തിരിച്ചറിഞ്ഞാല്‍ ചികില്‍സ തേടാം. എന്നാല്‍ കാലം കഴിയുതോറും ചികില്‍സയുടെ ഫലം കുറഞ്ഞുവരും. അതിനാല്‍ രോഗം തടയാനുള്ള പുതിയ മാര്‍ഗങ്ങളാണ് വേണ്ടതെന്നും ഗവേഷക സംഘം പറയുന്നു.

ശരീരത്തില്‍ സംഭവിക്കുന്നതെന്ത്?; കണ്ടെത്തലുമായി പുതിയ പഠനം

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ ഇതറിഞ്ഞും പുകവലി ശീലമാക്കിയവരാണ് ഭൂരിഭാഗവും. ക്യാന്‍സറിന് കാരണമാകുന്ന പുകവലി ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനത്തെ താറുമാറാക്കും. പക്ഷേ ചിലര്‍ക്കെങ്കിലും ഒഴിവാക്കാന്‍ പറ്റാത്തതായി മാറിയിരിക്കുന്നു സിഗറിറ്റിന്റേയും പുകയില ഉല്‍പന്നങ്ങളുടേയും ഉപഭോഗം. സിഗററ്റും വൈനും ഒന്നിച്ച് ശീലമാക്കിയവര്‍ ഇതും അറിഞ്ഞിരിക്കുക.

സിഗററ്റില്‍ അഭയം പ്രാപിക്കുന്നവര്‍ക്ക് ഒട്ടൊരു ആശ്വാസമാണ് പുതിയ പഠനം. സിഗററ്റ് വലിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വൈന്‍ കുടിക്കുന്നത് ശരീരത്തില്‍ പുകവലിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. 20 പേരില്‍ നടത്തിയ നിരീക്ഷണത്തിലൂടെയാണ് ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം.

പകുതി പേരെ വൈന്‍ നല്‍കി ഒരു മണിക്കൂറിന് ശേഷമാണ് പുകവലിക്കാന്‍ അനുവദിച്ചത്. രക്തത്തില്‍ 0.75% ആല്‍ക്കഹോളിന്റെ അളവ് ഉണ്ടാകാന്‍ പാകത്തിലാണ് വൈന്‍ നല്‍കിയത്. പുകവലിയെ തുടര്‍ന്ന് രക്തധമിനികളുടെ ഭിത്തിയില്‍ നിന്നും പ്ലേറ്റ്‌ലെറ്റുകളില്‍ നിന്നും ശ്വേത രക്താണുക്കളില്‍ നിന്നും വിട്ടുവരുന്ന മൗലിക കണങ്ങളെ തടയാന്‍ വൈന്‍ കുടിച്ചവര്‍ക്ക് സാധിക്കുന്നതായി കണ്ടെത്തി. പുകവലിയുടെ ആഘാതവും നശീകരണവും സൂചിപ്പിക്കപ്പെടുന്നത് ഈ കണങ്ങളുടെ പിന്‍മാറ്റമാണ്.

പുകവലിക്ക് ശേഷം ത്വരിതപ്പെടുന്ന പ്രായം കൂട്ടാന്‍ ഇടയാക്കുന്ന ടെലോമെറസ് എന്ന എന്‍സൈമിന്റെ പ്രവര്‍ത്തനം പതുക്കെയാക്കാനും വൈനിന്റെ ഉപഭോഗത്തിലൂടെ സാധിച്ചതായി കണ്ടെത്തി. ജര്‍മ്മനിയിലെ സാര്‍ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ വിക്ടോറിയ ഷ്വാര്‍സാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ധമിനികളില്‍ പുകവലിയും റെഡ് വൈനും ഉണ്ടാക്കുന്ന മാറ്റങ്ങളാണ് നിരീക്ഷിച്ചതെന്നും പുകവലിയുടെ ദോഷഫലങ്ങള്‍ ആരും മറക്കരുതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

അമിതമായ പുകവലിയുടെ ദോഷങ്ങള്‍ തടയാന്‍ റെഡ് വൈനെന്നല്ല ഒന്നിനും കഴിയില്ലെന്നും ഷ്വാര്‍സ് ഓര്‍മ്മപ്പെടുത്തി

സ്ത്രീകളിലും പുരുഷന്‍മാരിലും തലമുടി കൊഴിച്ചിലിന് പിന്നില്‍ ഈ അഞ്ച് കാരണങ്ങളാകാം

തലമുടി ഊരല്‍ ഉണ്ടാക്കുന്ന മാനസികവ്യഥ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒന്നു തന്നെയാണ്. സറ്റൈലായി നടക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പേടിയാണ് മുടികൊഴിച്ചില്‍. തടയാനായി പലവിധ മാര്‍ഗങ്ങള്‍ പയറ്റുന്നുവരും നിരവധി. എന്നാല്‍ തലമുടി ഊരലിന് പിന്നിലെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. തലമുടി കെരാറ്റീന്‍ എന്ന പ്രോട്ടീനാല്‍ നിര്‍മ്മിതമാണ്. ഇത് തലയോട്ടിയിലെ മുടിയുടെ അറ്റത്തായുള്ള ചെറിയ സുഷിരങ്ങളിലാണ് നിര്‍മ്മിക്കപ്പെടുന്നത്. തലയോട്ടിയ്ക്കുള്ളിലെ ഈ ചെറു രോമകൂപങ്ങളില്‍ നിന്നാണ് മുടിയുടെ സെല്ലുകള്‍ വളരുന്നത്. പഴയ കോശങ്ങള്‍ ചര്‍മ്മത്തില്‍ നിലനില്‍ക്കുന്നത് മുടികൊഴിച്ചിലിനും വളര്‍ച്ചയില്ലായ്മയ്ക്കും കാരണമാകും. അതിയായി മുടി കൊഴിയുന്നതിന് പിന്നില്‍ അഞ്ച് കാരണങ്ങളാകാം.

1.ശാരീരിക പ്രശ്‌നങ്ങള്‍

ശാരീരിക വ്യഥകള്‍ മുടിയുടെ വളര്‍ച്ചയെ ബാധിക്കും. മുറിവുകളും ആഘാതങ്ങളും അപകടങ്ങളുമെല്ലാം തലമുടി കൊഴിയാന്‍ ഇടവരുത്തും. ഇത് താല്‍ക്കാലികമായിരിക്കും. പനിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമെല്ലാം ഉണ്ടായാല്‍ മുടി കൊഴിയുന്നത് അതിനാലാണ്.

2.പാരമ്പര്യം

പുരുഷന്‍മാരില്‍ കഷണ്ടിയ്ക്ക് പിന്നിലെ പ്രധാന കാരണം പാരമ്പര്യമാണ്. മുടി കൊഴിച്ചിലിന്റെ പ്രായത്തേയും നിരക്കിനേയും സ്വാധീനിക്കാന്‍ പാരമ്പര്യത്തിന് കഴിയും. സ്ത്രീകള്‍ക്കും ഇത്തരത്തില്‍ പാരമ്പര്യം മൂലം അതിയായി മുടികൊഴിച്ചിലുണ്ടാകാറുണ്ട്.

3.പ്രോട്ടീന്‍ കുറവ്

ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയിട്ടില്ലെങ്കില്‍ മുടി കൊഴിച്ചില്‍ ഉറപ്പാണ്. പ്രോട്ടീനാല്‍ നിര്‍മ്മിതമാണ് തലമുടി. അതിനാല്‍ ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ പുതിയ മുടിയുടെ രൂപീകരണം നടക്കില്ല. ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉറപ്പാക്കുകയാണ് മുടികൊഴിച്ചില്‍ തടയാന്‍ ശ്രദ്ധിക്കേണ്ടത്. മുട്ട, ചിക്കന്‍, മല്‍സ്യം, സോയ, ബദാം, പയറുവര്‍ഗങ്ങള്‍, തൈര് എന്നിവ ഉള്‍പ്പെടുത്തിയാല്‍ ഇത് പരിഹരിക്കാം.

4.ഹെയര്‍ സ്റ്റൈലിംങ് പ്രൊഡക്ടുകള്‍

മുടിയില്‍ അമിതമായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് ഇടയാക്കും. അയണിങും ഡ്രൈയിങുമെല്ലാം ദിനംപ്രതിയാകുമ്പോള്‍ മുടിയുടെ ആരോഗ്യവും തനിമയും നഷ്ടമാകും. അതിനാല്‍ അമിതമായി മുടിക്ക് ചൂടേല്‍പ്പിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക.

5.ഗര്‍ഭധാരണം

സ്ത്രീകളില്‍ മുടികൊഴിച്ചിലിന് ഒരു പ്രധാന കാരണം ഗര്‍ഭാവസ്ഥയാണ്. പ്രസവശേഷം മുടികൊഴിച്ചില്‍ സാധാരണമാണ്. പ്രസവശേഷം മൂന്നാം മാസം മുതല്‍ മുടികൊഴിച്ചില്‍ കൂടുതലാകും. ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനവും ഹോര്‍മോണ്‍ നിരക്കുകള്‍ ഉയരുന്നതുമാണ് ഇതിന് കാരണം. പ്രസവശേഷം ഹോര്‍മോണ്‍ സാധാരണ നിലയിലേക്കെത്തുമ്പോഴും മുടിയെ ബാധിക്കും.

മുടികൊഴിച്ചിലിന്റെ ചില കാര്യങ്ങള്‍ നിയന്ത്രണവിധേയമല്ലെങ്കിലും മറ്റ് ചിലത് കരുതല്‍ കൊണ്ട് നിയന്ത്രിക്കാനാവുന്നതാണ്. ഭക്ഷണകാര്യത്തിലും ഹെയര്‍ പ്രൊഡക്ടിന്റെ ഉപയോഗത്തിലും പ്രത്യേകം ശ്രദ്ധവെച്ചാല്‍ മുടികൊഴിച്ചിലില്‍ നിന്ന് രക്ഷപ്പെടാം

നിത്യജീവിതത്തിലെ നിശബ്ദ കൊലയാളികള്‍; ആധുനികത നല്‍കിയ പതുക്കെ കൊല്ലിക്കുന്ന വസ്തുക്കള്‍

ഫാസ്റ്റ്ഫുഡ് ജീവിതത്തിലെ പല കാര്യങ്ങളും ജീവിതത്തെ പതുക്കെ മരണത്തിലേക്ക് അടുപ്പിക്കുന്നവയാണ്. 'സ്ലോ പോയ്‌സണ്‍' പോലെ ശരീരത്തെ ബാധിക്കുന്നവയില്‍ പലതും നമ്മള്‍ ഒരിക്കലും ചിന്തിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്ത ചില വസ്തുക്കളാണെന്നതാണ് ശ്രദ്ധേയം. സാധാരണ ജീവിതത്തിന്റെ ഭാഗമായ വസ്തുക്കള്‍ കാലങ്ങള്‍ പിന്നിടുമ്പോള്‍ ശരീരത്തെ ദോഷമായി ബാധിക്കും. പലപ്പോഴും ഇത് തിരിച്ചറിയാതെ വീണ്ടും വീണ്ടും അവ ഉപയോഗിക്കുന്നത് മരണത്തിന് വരെ കാരണമായി തീര്‍ന്നേക്കാം. ഇവയുടെ ഉപയോഗത്തില്‍ ശ്രദ്ധ വെയ്ക്കുക.

1.മൊബൈല്‍ ഫോണ്‍

മൊബൈല്‍ റേഡിയേഷനുകള്‍ പല വിധം ക്യാന്‍സറുകളിലേക്കാണ് കൊണ്ടെത്തിക്കുന്നതെങ്കിലും സാങ്കേതിക യുഗത്തില്‍ മൊബൈല്‍ റേഡിയേഷനെ ആരും ഗൗരവമായി എടുക്കാറില്ല.

2.ഉപ്പെന്ന വെള്ള വിഷം

സോഡിയം ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും മസ്തിഷ്‌കാഘാതത്തിനും കാരണമായി തീരും. ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഒടുവില്‍ ഹൃദയാഘാതത്തിലേക്കും നയിക്കും. ഭക്ഷണത്തില്‍ ഏറ്റവും അധികം ഉപ്പ് ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണെന്നാണ് സര്‍വ്വേകള്‍ തെളിയിക്കുന്നത്.

3.ഫ്രൈയ്‌സ്

ഫ്രൈയ്ഡ് ചിപ്‌സിനോടുള്ള അടങ്ങാത്ത കൊതിയാണ് ഫാസ്റ്റ് ഫുഡ് ജീവിതത്തിലെ പ്രധാന വില്ലന്‍. ലെയ്‌സും,ബൈറ്റ്‌സും,കുര്‍കുറയുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ ക്യാന്‍സറാണ് ദീര്‍ഘനാളുകള്‍ക്ക് അപ്പുറം കാത്തിരിക്കുന്നതെന്ന് സൗകര്യപൂര്‍വ്വം എല്ലാരും മറക്കും.

4.കോളകള്‍

കോളകളും നിറം ചേര്‍ത്ത ശീതളപാനീയങ്ങളും അമിത ഭാരമുണ്ടാകുന്നതിനും പല്ലുകള്‍ക്കും ചര്‍മ്മവും നശിക്കുന്നതിനും ഇടയാക്കും. ഡയബറ്റീസിനും വഴിവെക്കും.

5.ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റുകളില്‍ മാരകമായ രാസവസ്തുവായ ട്രിക്ലോസന്റെ അളവ് ക്രമാതീതമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഹൃദയത്തിനും നെര്‍വസ് സിസ്റ്റത്തിനുമാണ് ഇത് ദോഷമായി ബാധിക്കുക

6.എയര്‍ ഫ്രഷ്‌നര്‍

മാരകമായ രാസ വസ്തുക്കളുടെ ഒരു മിശ്രിതമാണ് എയര്‍ഫ്രഷ്‌നറുകള്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും ഇത് കാരണമായി തീരും

7.നഫ്ത്താലിന്‍ ഗുളികകള്‍

പാറ്റകളെ അകറ്റുന്നതിന് അലമാരിയില്‍ വെക്കാറുള്ള നഫ്ത്താലിന്‍ ഗുളികകള്‍ വിളര്‍ച്ചക്കും തലകറക്കത്തിനും കാരണമാകും.

8.ഇരിപ്പ്

മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ഇരിക്കുന്നത് പോലും ആരോഗ്യത്തിന് ദോഷം ചെയ്യും. പ്രതികരണങ്ങള്‍ വൈകിക്കാനും,അവയവങ്ങള്‍ക്ക് നാശമുണ്ടാകാനും ഇത് കാരണമാകുമെന്നിരിക്കെ മണിക്കൂറുകള്‍ ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ഉണ്ടാവുന്ന ദോഷങ്ങള്‍ തിരുത്താനാവാത്തതാണ്.

ഇത്തരം സ്വാഭാവിക സാധാരണ കാരണങ്ങളും വസ്തുക്കളുമാണ് നാളുകള്‍ക്ക് ശേഷം ജീവിതത്തെ തകര്‍ക്കുന്ന രോഗങ്ങളായി പരിണമിക്കുന്നത്.

കറുവാപ്പട്ടയും തേനും തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരത്തിലുണ്ടാവുന്ന മാറ്റം ചില്ലറയല്ല

ആയുര്‍വ്വേദപ്രകാരം കാലങ്ങളായി ഔഷധങ്ങളായി കരുതിപ്പോരുന്നവയാണ് തേനും കറുവാപ്പട്ടയും. ആയുര്‍വ്വേദം തേനിനെ യോഗവാഹിയെന്നാണ് വിളിക്കുന്നത്. നാഡീവ്യൂഹത്തേയും കോശങ്ങളേയും സുഖപ്പെടുത്തുന്ന വസ്തുവെന്നാണ് ചുരുക്കം. തേനിനൊപ്പം മിതമായ അളവില്‍ മറ്റ് ചില ഔഷധങ്ങളോ സുഗന്ധവ്യഞ്ജനങ്ങളോ കലര്‍ത്തിയാല്‍ ഗുണം ഇരട്ടിയാകും. അത്തരത്തില്‍ ശരീരത്തില്‍ മികച്ച മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന ഒന്നാണ് തേനും കറുവാപ്പട്ടയും ചേര്‍ന്ന മിശ്രിതം.

തേന്‍ സൗന്ദര്യവര്‍ധക കാര്യത്തിലും ഒന്നാമതാണ്. കറുവാപ്പട്ടയ്‌ക്കൊപ്പം ചേരുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പല അസുഖങ്ങളില്‍ നിന്നും രക്ഷ നേടാനും സഹായകമാകും.

1.ആര്‍ത്രൈറ്റിസ്

സന്ധിവേദന കൊണ്ട് പൊറുതി മുട്ടുന്നവരും ആര്‍ത്രൈറ്റിസ് പേടിയില്‍ കഴിയുന്നവരും ദിവസേനെ തേനും കറുവാപ്പട്ടയും കഴിക്കുന്നത് ശീലമാക്കിയാല്‍ ഇവ ഒഴിവാക്കാം. ഒരു സ്പൂണ്‍ തേനില്‍ അരസ്പൂണ്‍ കറുവാപ്പട്ട പൊടിയും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ദിവസേനെ രണ്ട് തവണ കഴിച്ചാല്‍ പിന്നീട് ആര്‍ത്രൈറ്റിസിനെ പേടിക്കേണ്ട.

2.മൂത്രാശയത്തിലെ അണുബാധ

മൂത്രാശയത്തിലെ അണുബാധയും ദഹനപ്രശ്‌നങ്ങളും വല്ലാതെ അലട്ടുന്നുണ്ടെങ്കില്‍ ചൂടുവെള്ളത്തില്‍ തേനും കറുവാപ്പട്ട പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും. വെറുവയറ്റില്‍ ദിവസേനെ കഴിക്കുന്നതാണ് ഉത്തമം.

3.കൊളസ്‌ട്രോള്‍

തേനും കറുവാപ്പട്ടയും ചേര്‍ന്ന മിശ്രിതത്തിന് ശരീരത്തിലെ കൊളസ്‌ട്രോള്‍ നിരക്ക് 20% കുറയ്ക്കാന്‍ സാധിക്കും. ചായകുടിക്കുമ്പോള്‍ പഞ്ചസാരയ്ക്ക് പകരം ഒരു സ്പൂണ്‍ തേനും ഒരു നുള്ള് കറുവാപ്പട്ടയും ചേര്‍ത്താല്‍ കൊളസ്‌ട്രോളില്‍ നിന്നും രക്ഷനേടാം.

4.പ്രതിരോധശേഷി വര്‍ധിപ്പിക്കും

തേനില്‍ ഇരുമ്പ് സത്ത് അടക്കമുണ്ട്. ഇത് ശ്വേത രക്താണുക്കളെ ശക്തിപ്പെടുത്താനും പ്രതിരോധ ശേഷി മികച്ചതാക്കാനും സഹായിക്കും. അടിയ്ക്കടി ജലദോഷവും പനിയും ശരീരത്തെ കീഴ്‌പ്പെടുത്താതെ രക്ഷിക്കുകയും ചെയ്യും.

5.ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം

വയറ്റിലെ അസ്വസ്ഥതകള്‍ പരിഹരിക്കാന്‍ സഹായിക്കും.

6.മുഖക്കുരുവും പാടുകളും

മൂന്ന് സ്പൂണ്‍ തേനിനൊപ്പം ഒരു നുള്ള് കറുവാപ്പട്ട പൊടിയും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് മുഖക്കുരുവും പാടുകളും ഇല്ലാതാക്കാന്‍ സഹായിക്കും.

7.ഭാരം കുറയ്ക്കാം

രണ്ട് സ്പൂണ്‍ തേനും ഒരു നുള്ള കറുവാപ്പട്ട പൊടിയും ദിവസേനെ വെറും വയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. കൊഴുപ്പ് ശരീരത്തില്‍ അടിയുന്നത് തടയും.

8.ചര്‍മ്മ രോഗങ്ങളില്‍ നിന്നും രക്ഷിക്കും

വരട്ടുചൊറിയും പുഴുക്കടിയും വളംകടിയുമടക്കം ചര്‍മ്മത്തെ ദോഷമായി ബാധിക്കുന്ന ഇന്‍ഫെക്ഷനുകളില്‍ നിന്ന് ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കാന്‍ ദിവസേനെ തേനും കറുവാപ്പട്ടയും ശീലമാക്കിയാല്‍ മതി.

വിറ്റാമിന്‍ ബി12 അപര്യാപ്തത അത്ര ലാഘവത്തോടെ കാണരുത്; മറവി രോഗവും നാഡീ തളര്‍ച്ചയും ജീവിതം ഇല്ലാതാക്കും

വിറ്റാമിന്‍ കുറവുകളെ പലപ്പോഴും പുച്ഛിച്ച് തള്ളുന്നവരാണ് അധികവും. വിറ്റാമിന്‍, എ, ബി, ഡി എന്നെല്ലാം കേള്‍ക്കുന്നതും കുറവാണെന്ന് കേള്‍ക്കുന്നതും വലിയ കാര്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളയുന്നതും പതിവ് രീതികള്‍. എന്നാല്‍ വിറ്റാമിന്‍ ബി12നെ അത്ര ലാഘവത്തോടെ കാണുന്നത് ഓര്‍മ്മയില്ലായ്മയുടെ ലോകത്തേക്ക് ഒടുക്കം തള്ളിയിടും. നാഡികളും ഞരമ്പുകളും നശിക്കാനും ഈ ന്യൂനത കാരണമാകും.

വര്‍ഷങ്ങളോളം ബി12 അപര്യാപ്തത തിരിച്ചറിയപ്പെടാതിരിക്കാം. ക്ഷീണവും ദുര്‍ബലതയും മലബന്ധവും വിശപ്പില്ലായ്മയുമെല്ലാമാണ് തുടക്ക ലക്ഷണങ്ങള്‍. ചിലര്‍ക്ക് നാഡീസംബന്ധ പ്രശ്‌നങ്ങളും തുടക്കത്തില്‍ അനുഭവപ്പെടും.

കാലുകളിലും കൈകളിലും ഒരു തരിപ്പും മരവിപ്പുമായി വിറ്റാമിന്‍ ബി12ന്റെ അഭാവം ശക്തമായി അറിഞ്ഞു തുടങ്ങും. ക്ഷീണവും ശ്വാസ തടസവും ഓര്‍മ്മക്കുറവുമെല്ലാം പിന്നീട് കരുത്താര്‍ജ്ജിക്കും. ഈ അവസ്ഥ തള്ളിക്കളയാന്‍ പാടില്ല.

ആര്‍ക്കാണ് കൂടുതലായി ബി12 അപര്യാപ്തത കാണാന്‍ സാധ്യതയെന്ന് സംശയിക്കേണ്ട. ഈ മൂന്ന് കൂട്ടര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

വെജിറ്റേറിയന്‍സ്: ബി12 മാംസാഹാരങ്ങളിലാണ് കൂടുതല്‍ അടങ്ങിയിരിക്കുന്നത് എന്നതിനാല്‍ സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ശ്രദ്ധിക്കണം.

മദ്യപര്‍: കരളിലാണ് വിറ്റാമിന്‍ ബി12 കേന്ദ്രീകരിക്കപ്പെടുക, അമിത മദ്യപാനം ഇതിന്റെ അളവിന് കാര്യമായി ബാധിക്കും.

അസിഡിറ്റിയുള്ളവര്‍: അസിഡിറ്റിക്ക് മരുന്നു കഴിക്കുന്നവര്‍ക്കും ബി12 നഷ്ടമാകാം.

ഒടുവില്‍ ദൂരവ്യാപകമായ ഫലങ്ങളിലേക്ക് വിറ്റാമിന്‍ ബി12 ന്റെ കുറവ് മനുഷ്യ ശരീരത്തെ തള്ളിവിടും. നാഡി സ്തംഭനം, നാഡീ തകരാറുകള്‍, ഓര്‍മ്മശക്തി ഇല്ലാതാവുക, ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത അവസ്ഥ എന്നിവയാണ് ഒടുവിലത്തെ ഫലം. മൂത്രാശയത്തിലെ നിയന്ത്രണം പോലും ശരീരത്തിന് നഷ്ടമാവാം.

വിറ്റാമിന്‍ ബി12 ശരീരത്തിന് ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ശീലമാക്കുക.

ബീഫ്, ചിക്കന്‍, ടര്‍ക്കി, സാല്‍മണ്‍ മല്‍സ്യം എന്നിവയില്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. സസ്യങ്ങള്‍ക്ക് ബി12 ആവശ്യമില്ലാത്തതിനാല്‍ അവയില്‍ ഈ വിറ്റാമിന്‍ ഉണ്ടാവില്ല. അതിനാല്‍ സസ്യാഹാരം കഴിക്കുന്നവര്‍ ബി12 അപര്യാപ്തതയെ കുറിച്ച് കൂടുതല്‍ ശ്രദ്ധാലുക്കളാകണം.

ഹൃദയാഘാതമോ നെഞ്ചെരിച്ചിലോ, എങ്ങനെ തിരിച്ചറിയും?; നെഞ്ചുവേദനയിലെ അപകടം തിരിച്ചറിയാനുള്ള മാര്‍ഗം

ഇന്ത്യയിലെ നല്ലൊരു ശതമാനം മരണങ്ങള്‍ക്കും കാരണമാകുന്നത് ഹൃദയ രോഗങ്ങളാണ്. അതിനാല്‍ തന്നെ നെഞ്ചുവേദനയെ സംശയത്തോടെയാണ് പലരും നോക്കികാണുന്നത്. ഏത് തരത്തിലുള്ള നെഞ്ചുവേദനയും ഹൃദയാഘാതമായി തെറ്റിദ്ധരിക്കുന്നതും പതിവാണ്. ആശുപത്രിയില്‍ എത്തിക്കപ്പെടുന്നതില്‍ നല്ലൊരു ഭാഗവും നെഞ്ചെരിച്ചില്‍ തെറ്റിദ്ധരിച്ച് എത്തുന്നവരാണ്.

അതിനാല്‍ നെഞ്ചുവേദനയെ തിരിച്ചറിയാനും ഹൃദയാഘാതത്തിന് മുന്നോടിയായി അടിയന്തര കരുതലുകളെടുക്കാനും കഴിയുക എന്നത് പ്രധാനമാണ്. ഒരിക്കല്‍ നെഞ്ചെരിച്ചിലിനെ തെറ്റിദ്ധരിച്ച് ആശുപത്രിയിലെത്തുന്നവര്‍ പിന്നീട് യഥാര്‍ത്ഥ ഹൃദയാഘാത അവസ്ഥയില്‍ നെഞ്ചെരിച്ചിലെന്ന് തെറ്റിദ്ധരിക്കപ്പെട്ട ചികില്‍സ തേടുന്നതില്‍ വൈമനസ്യം കാണിക്കുന്നതും അപകടത്തിനിടയാക്കും.

എങ്ങനെ നെഞ്ചെരിച്ചിലും കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയ സ്തംഭനവും തിരിച്ചറിയാന്‍ കഴിയും. ജമ്മു കശ്മീരിലെ ജിഎംസിയിലെ ഡോക്ടര്‍ വിജയ് കുന്തല്‍ പറയുന്നു.

ഹൃദയാഘാതവും നെഞ്ചെരിച്ചിലും തമ്മിലുള്ള വ്യത്യാസം അസ്വസ്ഥതകളിലൂടെ തന്നെ തിരിച്ചറിയാനാകും. നെഞ്ചുവേദനയ്‌ക്കൊപ്പം ശ്വാസം മുട്ടലും ശ്വാസമെടുക്കാനാകാത്ത അസ്വസ്ഥതയും ഹൃദയാഘാതം അഥവാ കാര്‍ഡിയാക് അറസ്റ്റിന്റെ ലക്ഷണമാണ്.

നെഞ്ചെരിച്ചില്‍ മൂലമുണ്ടാകുന്ന അസ്വസ്ഥതയും വേദനയും ശ്വാസം മുട്ടലോ ശ്വാസ തടസ്സമോ ഉണ്ടാക്കില്ല.

ഹൃദയാഘാത സമയത്ത് വയര്‍ വീര്‍ത്തത് പോലെയോ തികട്ടി വരുന്നതു പോലെയോ ഉള്ള അസ്വസ്ഥതകള്‍ ഉണ്ടാവില്ല. ഇത് നെഞ്ചെരിച്ചിലിന്റെ ലക്ഷണമാണ്. ഗ്യാസിന്റെ വിഷമതകളും വയറു കെട്ടിനില്‍ക്കുന്ന അവസ്ഥയും നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങളാണ്. കാര്‍ഡിയാക് പ്രശ്‌നമല്ല.

നെഞ്ചെരിച്ചില്‍ മൂലമുണ്ടാകുന്ന ഈ അസ്വസ്ഥതകള്‍ വയറ്റിലെ ആസിഡ് നിരക്ക് ഇല്ലാതാക്കുന്ന തരത്തിലുള്ള മരുന്നുകള്‍ കൊണ്ട് ഭേതപ്പെടും.

നെഞ്ചെരിച്ചിലും ഹൃദയാഘാതവും സാധാരണക്കാര്‍ക്ക് തിരിച്ചറിയുക വലിയ പ്രതിസന്ധിയാണെങ്കിലും മെഡിക്കല്‍ രീതിയില്‍ രണ്ടും തികച്ചും വ്യത്യസ്തമാണെന്നും ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. ഹൃദയാഘാതം ഒരു രോഗവും നെഞ്ചെരിച്ചില്‍ ഒരു ലക്ഷണവുമാണ്. ഇതിന് ഹൃദയവുമായി യാതൊരു ബന്ധവുമില്ല.

ഹൃദയാഘാതം സംഭവിക്കുന്നത് ഹൃദയ പേശികള്‍ക്ക് ആവശ്യത്തിനുള്ള രക്തം പമ്പ് ചെയ്ത് കിട്ടാതെ വരുമ്പോഴാണ്.

ഡോക്ടര്‍മാര്‍ക്ക് 10 സെക്കന്റുകള്‍ കൊണ്ട് CT angio എന്ന ടെസ്റ്റിലൂടെ ഇവ രണ്ടും തിരിച്ചറിയാന്‍ സാധിക്കും.

തുടര്‍ച്ചയായി മടുപ്പും ക്ഷീണവും അലട്ടുന്നുണ്ടെങ്കില്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ വേണം

രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നാത്ത വിധം ക്ഷീണവും മടുപ്പും അനുഭവപ്പെടാറുള്ളവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. സാധാരണ ഒന്നല്ല തുടര്‍ച്ചയായി ഉണ്ടാവുന്ന മാറ്റം. ആധുനിക ജീവിതത്തിലെ ശീലങ്ങള്‍ മൂന്നില്‍ ഒരാളെ വീതം തുടര്‍ച്ചയായി ക്ഷീണവും മടിയും തോന്നുന്ന അവസ്ഥയിലേക്ക് തള്ളി വിട്ടിരിക്കുകയാമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഫാസ്റ്റ് ഫുഡ് രീതിയും ശരീരത്തെ അധികം ചലിക്കാന്‍ അവസരം നവല്‍കാത്ത ഇരുന്നുള്ള ജോലിയും യാത്രാമാര്‍ഗങ്ങളുടെ വര്‍ധനയുമാണ് ആരോഗ്യകരമല്ലാത്ത ശരീരാവസ്ഥയിലേക്ക് നയിക്കുന്നത്. ക്ഷീണത്തിന് കാരണമാകുന്ന ഇക്കാര്യങ്ങളില്‍ ശ്രദ്ധവെയ്ക്കുക.

1.അയണിന്റെ കുറവ്

മൂന്നിലൊരാള്‍ എന്ന നിലയില്‍ സ്ത്രീകളില്‍ അയണിന്റെ കുറവ് കണ്ടെത്താറുണ്ട്. ആര്‍ത്തവകാലത്തെ ശക്തമായ രക്തകുറവും ഇതിന് ഒരു പരിധി വരെ കാരണമാണ്. വിളര്‍ച്ച എന്ന അവസ്ഥയാണ് പലരിലും കാണുന്നത്. കണ്‍പോളയുടെ താഴെ ഇളം ചുവപ്പ് നിറത്തിന് പകരം വെള്ള നിറമാണെങ്കില്‍ അത് നിങ്ങള്‍ക്കുള്ള സൂചനയാണ്. കൂടുതല്‍ ഇരുമ്പ് സത്ത് അടങ്ങിയ ഭക്ഷണം ശീലമാക്കണം. വിറ്റാമിന്‍ സി അടങ്ങിയ നാരക വിഭാഗത്തിലുള്ള പഴങ്ങള്‍ കഴിക്കുന്നതും അത്യുത്തമം. ഉണക്ക മുന്തിരിയും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുക

2.തൈറോയിഡ് പ്രശ്‌നങ്ങള്‍

ക്ഷീണത്തിനും മടുപ്പിനും പിന്നിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായി വിദഗ്ധര്‍ കാണുന്നത് തൈറോയിഡിലെ പ്രശ്‌നങ്ങളാണ്. ആവശ്യത്തിന് തൈറോക്‌സിന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാത്ത തൈറോയിഡ് ക്ഷീണത്തിന് പ്രധാന കാരണമാണ്. മധ്യവയസ്‌കരായ സ്ത്രീകളില്‍ കാണുന്ന ക്ഷീണത്തിന് പിന്നിലെ പ്രധാന കാരണം ഇതാണ്. അമിത ദാഹവും, ഭാരക്കൂടുതലും, വല്ലാതെ തണുപ്പ് തോന്നുന്ന അവസ്ഥയും തൈറോയിഡ് പ്രതിസന്ധിയുടെ ലക്ഷണമാകാം.

കാരണങ്ങളില്ലാതെ അലസതയും ക്ഷീണവും തോന്നുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് രക്ത പരിശോധന നടത്തേണ്ടതാണ്. തൈറോയിഡ് പ്രശ്‌നങ്ങള്‍ തുടക്കത്തിലെ കണ്ടെത്തിയാല്‍ വളരെ പെട്ടെന്ന് തന്നെ ഭേതമാക്കാന്‍ കഴിയും.

3.വ്യായാമം ചെയ്യാത്തത്

ക്ഷീണം ഉണ്ടെന്ന കാരണം കൊണ്ട് വ്യായാമം ഒഴിവാക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. ദിവസവും വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം എളുപ്പത്തിലാക്കുന്നു. ശരീരത്തിലാകമാനം ഓക്‌സിജനും ആവശ്യമായ പോഷകങ്ങള്‍ എത്തിക്കുന്നതിനും ഇത് സഹായകമാകുന്നു. ഉറക്കമെഴുന്നേറ്റ് കഴിഞ്ഞ് വീണ്ടും ചുരുണ്ടു കൂടി കിടക്കാതെ ഒരു 10 മിനിട്ട് നടക്കുന്നത് നിങ്ങളുടെ ദിവസം ഉന്മേഷം നിറഞ്ഞതാക്കും.

4.നിര്‍ജലീകരണം

ശരീരത്തിലെ സാധാരണ ജലാംശത്തിന്റെ അളവ് രണ്ട് ശതമാനം കുറയുന്നത് പോലും പ്രസരിപ്പിനും ഉല്‍സാഹത്തിനും കുറവ് വരുത്തും. പ്രായം കൂടും തോറും ദാഹം തോന്നുന്നതിന്റെ അളവിലും വ്യത്യാസമുണ്ടാകും. എയര്‍കണ്ടീഷന്‍ ഉള്ള ഇടങ്ങളില്‍ ജോലി ചെയ്യുന്നതും വെള്ളം കുടിക്കുന്നതിന്റെ അളവില്‍ കുറവ് വരുത്തും. ഇത് രക്തസമ്മര്‍ദ്ദം കുറാന്‍ ഇടയാക്കുന്നതോടൊപ്പം തലച്ചോറിലും മസിലുകളിലും രക്തമെത്തുന്നതിന്റെ അളവ് കുറയ്ക്കുകയും ക്ഷീണത്തിന് ഇടയാക്കുകയും ചെയ്യും. തലവേദനയ്ക്ക് കാരണമാകുന്നതോടൊപ്പം ജോലിയില്‍ ശ്രദ്ധയും ഇല്ലാതാക്കും

എല്ലാ രണ്ട് മണിക്കൂറിനിടയിലും വെള്ളം കുടിക്കുന്നത് ശീലമാക്കുക. പച്ചവെള്ളം കുടിക്കാന്‍ മടിയാണെങ്കില്‍ മധുരം ഒഴിവാക്കി നാരങ്ങ വെള്ളം ശീലമാക്കുന്നതും നല്ലത്

5.ഉറക്കമില്ലായ്മ

ഇടയ്ക്കിടെ ഉണര്‍ന്നുള്ള ഉറക്കങ്ങള്‍ ശരിക്കും ശരീരത്തിന് ഗുണം ചെയ്യുന്നില്ലെന്നാണ് ഗവേഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് 'ജങ്ക്' ഫുഡ് എന്നതു പോലെ 'ജങ്ക്' ഉറക്കവും ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഉറക്കം തുടര്‍ച്ചയുള്ളതും ഗാഢവുമായിരിക്കണം. നല്ല ഉറക്കം കിട്ടുന്നില്ലെങ്കില്‍ രാത്രിയില്‍ ഉറക്കത്തിന് മുമ്പ് കുളിക്കുന്നതും ഒരു ഗ്ലാസ് ചൂട് പാല് കുടിക്കുന്നതും ഉറക്കം ലഭിക്കാന്‍ സഹായിക്കും

6.മധുരം കൂടുതലാകുന്നത്

മധുരം നിറഞ്ഞ ഉല്‍സാഹ വര്‍ധക പാനീയങ്ങളും, ചെറു സ്‌നാക്കുകളും ബിസ്‌കറ്റുകളും ശരീരത്തിലെ ഷുഗര്‍ നിരക്ക് ഉയര്‍ത്തും. മധുരം കുറഞ്ഞ ഭക്ഷണത്തിലേക്ക് മാറുന്നത് ക്ഷീണം ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സഹായിക്കും.

7.പ്രോട്ടീന്‍ കുറവ്

ഡയറ്റ് നിയന്ത്രണങ്ങളുടെ ഭാഗമായി പഴങ്ങളും സലാഡുകളും മാത്രമായി ചുരുങ്ങുന്നത് നല്ല കാര്യമാണ്, പക്ഷേ പ്രോട്ടീന്‍ അഥവാ യഥാര്‍ത്ഥ പോഷണങ്ങള്‍ ശരീരത്തിന് ലഭിക്കാന്‍ അവസരമുണ്ടാക്കേണ്ടത് അത്യാവശവുമാണ്. ധാന്യങ്ങളും പയറു വര്‍ഗ്ഗങ്ങളും നട്‌സും കഴിക്കുന്നത് ക്ഷീണമകറ്റും. മല്‍സ്യം, മാംസം, ചീസ്, ധാന്യങ്ങള്‍, പയര്‍, തൈര് എന്നിവ ശരീരത്തിന് പ്രോട്ടീനുകള്‍ നല്‍കും

അമിതവണ്ണത്തിനു പിന്നിലെ കാരണം ഇതാവാം; ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കണം

ആരാണ് മെലിഞ്ഞ് ഭംഗിയുള്ള ശരീരം ആഗ്രഹിക്കാത്തത്. എന്നാല്‍, ചിലര്‍ എത്ര ശ്രമിച്ചിട്ടും ശരീരഭാരം കുറയ്ക്കാന്‍ കഴിയാറില്ല. പുതിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍, മതിയായ ഉറക്കം ലഭിക്കാത്തത് അമിത വണ്ണത്തിന് ഇടയാക്കുന്നുവെന്ന് പറയുന്നു. ഉറക്കക്കുറവ് അമിതവണ്ണത്തിന് മാത്രമല്ല, ആരോഗ്യത്തെ മുഴുവന്‍ ഗുരുതരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ശരീരത്തിലെ 385 കിലോ കലോറി നശിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഒരു ദിവസത്തെ ഉറക്കമെന്നും ഇത് ശരിയായ രീതിയില്‍ സ്ഥിരമായി നടന്നില്ലെങ്കില്‍ ഇത് അമിതവണ്ണത്തിലേക്ക് നയിക്കുമെന്നുമാണ് പഠനത്തിന്റെ സാരം. അതായത് ഏകദേശം നാലര കഷണം ബ്രെഡില്‍ നിന്നും ലഭിക്കുന്ന കലോറിയാണ് ഉറക്കം നിഷേധിക്കുന്നതിലൂടെ ശരീരത്തില്‍ അടിഞ്ഞുക്കൂടുന്നത്. ലണ്ടനിലെ കിംഗ്സ് കോളേജില്‍ പങ്കെടുത്ത 172 പേരില്‍ 11 രീതിയില്‍ നടത്തിയ പഠനത്തിലാണ് ഉറക്കക്കുറവ് അമിതവണ്ണത്തിലേക്ക് നയിക്കുന്നുവെന്ന പഠന റിപ്പോര്‍ട്ടുള്ളത്. ക്ലിനിക്കല്‍ ന്യൂട്രീഷനെ സംബന്ധിച്ചുള്ള യൂറോപ്യന്‍ ജേണലാണ് പഠനം പുറത്തുവിട്ടിരിക്കുന്നത്.

പഠനത്തില്‍ വേണ്ടത്ര ഉറക്കം ലഭിച്ച ആളുകളെക്കാള്‍ ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പും താഴ്ന്ന പ്രോട്ടീന്‍ ലഭ്യതയുമാണ് കൃത്യമായ ഉറക്കം ലഭിക്കാത്ത ആളുകളില്‍ കാണപ്പെട്ടത്. എന്നാല്‍ ഇരുകൂട്ടരും സമാനമായ കാര്‍ബോഹൈഡ്രേറ്റ് ഉപഭോഗം ഉണ്ടായിരിക്കും. സ്ഥിരമായ വ്യായമത്തിനും ഭക്ഷണനിയന്ത്രണത്തിനു പുറമേ ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള മൂന്നാമത്തെ ഘടകം ഉറക്കം എന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. ഉറങ്ങുന്ന സമയത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, ഉറങ്ങുന്ന സമയത്തിലുള്ള മാറ്റം എന്നിവ അമിതവണ്ണത്തിലേക്ക് നയിക്കാന്‍ ഇടവരുത്തുന്നു.

പൊണ്ണത്തടി ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണം, കലോറിയുടെ വരും ചെലവും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ്. ഉറക്കം നിഷേധിക്കുന്നത് ഈ സന്തലിതാവസ്ഥയെ ഇല്ലാതെയാക്കുന്നു എന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. മനുഷ്യന്റെ ആരോഗ്യവും ബുദ്ധിയും തമ്മില്‍ ഉറക്കം ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.

പഠനത്തിന് നേതൃത്വം നല്‍കിയ ഗെര്‍ഡ പോട്ട്

ഭക്ഷണത്തിലൂടെ ശരീരത്തില്‍ എത്തുന്ന കലോറി, കൊഴുപ്പ്, വ്യായാമത്തിലൂടെ പുറത്തേക്ക് പോകുന്ന കൊഴുപ്പ്, ഇവ തമ്മിലുള്ള തോത് വ്യത്യാസമാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്നത്. ഉറക്കക്കുറവ് ഈ വ്യത്യാസത്തിന് കാരണമാകുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. ഏര്‍ലി റ്റു ബെഡ്, ഏര്‍ലി വേയ്ക്ക് അപ്പ് എന്നതാണ് ഒരു വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ച് ഏറ്റവും മികച്ച രീതിയെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു

ഇടതു വശം ചെരിഞ്ഞു വേണം കിടക്കാന്‍; വലത്തേക്ക് ചെരിയരുതെന്ന് പറയാന്‍ ഞെട്ടിക്കുന്ന കാരണങ്ങളുണ്ട്!

ഉറക്ക സമയത്ത് വലതു വശം ചെരിഞ്ഞ് കിടക്കുന്നത് കഴിവതും ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയും. ഇടതു വശം ചെരിഞ്ഞ് ഉറങ്ങുന്നതാണ് ആരോഗ്യത്തിനെപ്പഴും നല്ലത്. വെറുതെ കാലങ്ങളായി പറഞ്ഞുപോന്ന ഒരു കാര്യമല്ല ഇത്, ഇതിന് പിന്നില്‍ ഞെട്ടിക്കുന്ന ഒരുപാട് കാരണങ്ങളും ജീവശാസത്ര വസ്തുതകളുമുണ്ട്.

ഉറക്കം മാനസികാരോഗ്യത്തിന് അത്യാവശ്യമാണെന്ന് കേട്ടിട്ടുണ്ടാവും എന്നാല്‍ പൊസിഷനും പ്രധാനമാണെന്ന് പലര്‍ക്കും അറിയില്ല. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ചില ഉറക്ക രീതികളുണ്ട്, പല പൊസിഷനുകളിലായി കറങ്ങി തിരിഞ്ഞ് ഉറങ്ങുന്നവരും നിരവധി. സ്റ്റഡിയായി പുറം ബെഡില്‍ ശക്തമായി അമര്‍ത്തി കിടന്നുറങ്ങുന്നവരുണ്ടാവും. എന്നാല്‍ ഇത് ശ്വാസ തടസത്തിന് കാരണമാകും. പ്രത്യേകിച്ചും ആസ്തമയും സിലീപ് അപ്‌നിയയും ഉള്ളവര്‍ക്ക്. ഓരോ വശങ്ങള്‍ക്കും ശരീരത്തില്‍ ഓരോ മാറ്റവും പ്രത്യാഘാതവും ഉണ്ടാക്കാന്‍ കഴിയും.

ആധുനിക ശാസ്ത്രവും ആയുര്‍വ്വേദവും ഇടതു വശം ചേര്‍ന്ന് ഉറങ്ങാന്‍ പറയുകയും വലതുവശം ഒഴിവാക്കണമെന്ന് പറയുകയും ചെയ്യുന്നതിന്റെ ഗുരതരമായ കാരണങ്ങളില്‍ ചിലത് ഇവയാണ്

ഇടതു വശത്തിലാണ് ശരീരത്തിലെ ലസിക അഥവ കോശദ്രാവക അവയങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടതുവശത്തേക്ക് ചെരിഞ്ഞു കിടക്കുമ്പോള്‍ ശരീരത്തിന് വിഷാംശങ്ങളും ദ്രാവകങ്ങളും മാലിന്യങ്ങളും ഫില്‍ട്ടര്‍ ചെയ്യാന്‍ കൂടുതല്‍ സമയം കിട്ടുന്നു. എന്നാല്‍ വലതുവശം ചേര്‍ന്ന് ഉറങ്ങുമ്പോള്‍ ഈ പ്രക്രിയ അവതാളത്തിലാകുന്നു.

ഇടതുവശത്തേക്ക് ചെരിഞ്ഞുള്ള ഉറക്കത്തിന്റെ ഗുണങ്ങള്‍ ഇവയാണ്.

1.പുറംവേദന കുറയ്ക്കാന്‍ സഹായിക്കും

നടുവേദന സ്ഥിരമായി അലട്ടുന്നവര്‍ക്ക് ഇടത്തേക്ക് തിരിഞ്ഞുള്ള കിടപ്പ് വേദന കുറയാന്‍ സഹായിക്കും. നട്ടെല്ലിലുള്ള അധിക സമ്മര്‍ദ്ദം ഇല്ലാതാക്കി ആശ്വാസം നല്‍കും

2.ഹൃദയാരോഗ്യത്തിന് നല്ലത്

രക്തചംക്രമണം നന്നായി നടക്കാന്‍ ഇടതുവശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും. ഹൃദയത്തിന്റെ പ്രഷര്‍ ഇല്ലാതാക്കാനും ഈ രീതി ഉപകരിക്കും.

3.ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ഉത്തമം

ഗര്‍ഭിണികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അടിസ്ഥാന പൊസിഷന്‍ ഇടത്തേക്ക് തിരിഞ്ഞുള്ള ഉറക്കമാണ്. പുറത്തെ പ്രഷര്‍ ഇല്ലാതാക്കാനും രക്തത്തിന്റെ ഒഴുക്ക് കൂട്ടാനും ഇത് സഹായിക്കും. ഗര്‍ഭാഷയം, ഭ്രൂണം, വൃക്ക എന്നവിടങ്ങളിലേക്കുള്ള രക്തചംക്രമണം മികച്ചതാക്കും.

4.നെഞ്ചെരിച്ചില്‍ ഒഴിവാക്കും

ഗ്യാസ്‌ട്രോന്റെറോളജി ഇടത് വശത്തേക്ക് തിരിഞ്ഞുള്ള കിടപ്പ് മതിയെന്ന് നിര്‍ദ്ദേശിക്കുന്നത് ആസിഡിന്റെ നീക്കം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാതിരിക്കാനാണ്.

ഇനി ഇടത്തേക്ക് തിരിഞ്ഞ് കിടക്കാന്‍ പറ്റാതെ വീണ്ടും വലതുവശത്തേക്ക് ഉറക്കത്തിനിടയില്‍ തിരിഞ്ഞു പോരുന്നുവെന്ന പ്രശ്‌നമുണ്ടെങ്കില്‍ ചില പൊടിക്കൈകള്‍ ചെയ്യവുന്നതാണ്. ഇടത് വശത്തേക്ക് തിരിഞ്ഞു കിടന്ന ശേഷം പുറകില്‍ ഒരു തലയണവെയ്ക്കുക. ഇത് ഒരു പരിധിവരെ കറങ്ങിമറിയാനുള്ള ശ്രമം തടയും. വലതുവശത്ത് മേശയില്‍ ഒരു മങ്ങിയ ലൈറ്റ് വെക്കുന്നതും ഇടത്തേക്കുള്ള കിടപ്പിന് സഹായകമാകും. പ്രകാശത്തോട് പുറംതിരിയാനാകും ഉറങ്ങുമ്പോള്‍ ശരീരം ശ്രദ്ധിക്കുക.

‘മസില്‍ പവര്‍’ വേണം, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കാന്‍!

മസിലുകള്‍ക്ക് ബലം കൈവരുന്നത് സിക്‌സ് പാക്ക് ബോഡിക്കും ശരീരാകാരം വടിവൊത്തതാക്കാനും മാത്രമല്ല സഹായിക്കുക. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കാനും മസില്‍ സഹായിക്കും. യുവാക്കളില്‍ തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മസിലുകളിലെ ശക്തിവര്‍ധിക്കുന്നത് സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. പ്രത്യേകിച്ചും തിരിച്ചറിയല്‍, അവബോധശേഷി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക്.

മൈല്‍ഡ് കോഗ്നിറ്റീവ് ഇംപെയര്‍മെന്റ് (എംസിഐ) പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മസില്‍ സ്‌ട്രേങ്ത് കൂടുന്നതിന് അനുസരിച്ച് ഈ പ്രശ്‌നങ്ങള്‍ക്ക് കുറവു വരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഓര്‍മ്മക്കുറവ്, ധാരണ പിശകുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പിന്നീട് അല്‍ഷിമേഴ്‌സ് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. മസിലുകളിലുണ്ടാവുന്ന മാറ്റങ്ങള്‍ക്ക് തലച്ചോറിന്റെ പ്രതിരോധ സംവിധാനങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ ജെരിയാട്രിക്‌സിന്റെ പഠനം തെളിയിക്കുന്നത്.

എംസിഐ ബാധിച്ച 55 വയസായവര്‍ക്ക് മസിലിന്റെ ശേഷി വ്യായാമത്തിലൂടെ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതവരുടെ തലച്ചോറിന്റെ ക്ഷമതയെ കാര്യമായി സ്വാധീനിക്കുന്നുവെന്നും ഓര്‍മ്മപ്പിശകുകള്‍ക്ക് അടക്കം കുറവ് വരുത്തുന്നുവെന്നുമാണ് പഠനം പറയുന്നത്.

എത്രത്തോളം ശക്തി ആളുകള്‍ക്ക് ഉണ്ടാവുന്നോ, അത്രത്തോളം അത് തലച്ചോറിനും ഗുണം ചെയ്യും. പ്രത്യേകിച്ചും ഓര്‍മ്മയുടേയും ധാരണകളുടേയും കാര്യത്തില്‍.

യോര്‍ഗി മാവ്‌റോസ്, ഗവേഷകന്‍, സിഡ്‌നി യൂണിവേഴ്‌സിറ്റി

ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മികച്ച വ്യായാമ മുറകള്‍ ചെയ്യുന്നത് തലച്ചോറിനെ ബലപ്പെടുത്തുമെന്നാണ് ഗവേഷകരുടെ നിഗമനം.

വൃക്ക തകരാറിലാവുന്നതിന്റെ തുടക്കത്തിലേയും അവസാന ഘട്ടത്തിലേയും ലക്ഷണങ്ങള്‍ ഇവയാണ്!

വൃക്ക തകരാറിലാവുന്നതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ വളരെ പെട്ടെന്ന് തന്നെ പ്രകടമാകും. ഇവ അവഗണിച്ചാല്‍ ഒടുവില്‍ അവസാനഘട്ട ലക്ഷണങ്ങളിലേക്ക് എത്തുമ്പോഴാകും പലരും രോഗം തിരിച്ചറിയുക. അപ്പോഴേക്കും കടുത്ത വൃക്ക രോഗത്തിന് ശരീരം അടിപ്പെട്ടിട്ടുണ്ടാവും. വളരെ പെട്ടെന്ന് പ്രമേഹമുള്ളവര്‍ക്ക് വൃക്കരോഗത്തിന് സാധ്യതയുണ്ട്. ഇത് ഒടുവില്‍ വൃക്കകളുടെ പ്രവര്‍ത്തനം തന്നെ തകരാറിലാക്കിയേക്കാം.

പലപ്പോഴും ആദ്യ ഘട്ടത്തില്‍ ഡയബറ്റിക് നെഫ്രോപതി തിരിച്ചറിയപ്പെടാറില്ല. വൃക്കകളുടെ നാശം തുടങ്ങി അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്ക് ശേഷമാവും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പലരിലും രോഗം മൂര്‍ച്ഛിക്കുന്ന ഘട്ടമാകുമ്പോഴാണ് പ്രകടമായ ലക്ഷണങ്ങള്‍ പോലും കാണാന്‍ സാധ്യമാവുക. അതിനാല്‍ ഡയബറ്റീസ് ഉള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിദഗ്ധ പരിശോധന തേടി വൃക്കകള്‍ക്ക് തകരാറില്ലെന്ന് ഉറപ്പു വരുത്തണം. രക്ത പരിശോധനയിലൂടെയും, യൂറിന്‍ പരിശോധനയിലൂടെയും വൃക്കകളുടെ പ്രവര്‍ത്തന ക്ഷമത എങ്ങനെയെന്ന് തിരിച്ചറിയാനാവും.

വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുന്നതിന്റെ ലക്ഷണങ്ങള്‍ ഇവയാണ്, ശ്രദ്ധിക്കുക

  1. കൈകളിലും മുഖത്തും കാല്‍പാദങ്ങളിലും നീരുവെക്കുക
  2. ഉറങ്ങാനും ശ്രദ്ധകേന്ദ്രീകരിക്കാനും പറ്റാത്ത അവസ്ഥ
  3. വിശപ്പില്ലായ്മ
  4. തലകറക്കവും ഛര്‍ദ്ദിയും
  5. തളര്‍ച്ച
  6. ശരീരത്തില്‍ വല്ലാത്ത ചൊറിച്ചിലും അസ്വസ്ഥതയും (വൃക്കരോഗം മൂര്‍ച്ഛിക്കുന്ന അവസാന ഘട്ടം)
  7. എല്ലായെപ്പോഴും മയക്കം, ഒന്നിനും സാധിക്കാത്ത ഉറക്കം തൂങ്ങല്‍ (വൃക്കരോഗം മൂര്‍ച്ഛിക്കുന്ന അവസാന ഘട്ട ലക്ഷണങ്ങളില്‍ ഒന്ന്)
  8. ഹൃദയസ്പന്ദനത്തിന്റെ താളത്തിലും നിരക്കിലും വ്യത്യസ്തത അനുഭവപ്പെടുക, രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് വര്‍ധിക്കുന്നതാണ് ഇതിന് കാരണം
  9. മസിലുകള്‍ വല്ലാതെ വിറങ്ങലിക്കുകയും കോച്ചിപ്പിടിക്കുകയും ചെയ്യുന്ന അവസ്ഥ

വൃക്കകള്‍ക്ക് രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കാതെ വരുന്നതാണ് വൃക്കകള്‍ തകരാറിലാവുന്നത് കൊണ്ട് സംഭവിക്കുക. ഇതോടെ ശരീരത്തിലെ മാലിന്യങ്ങള്‍ വിഷാംശമായി കുന്നുകൂടും. ഈ അവസ്ഥയെ യുറേമിയ എന്ന് പറയും.

വൃക്കരോഗം മൂര്‍ച്ഛിക്കുന്നത് തടയാനും നിയന്ത്രണത്തിലാക്കുനും തുടക്കത്തില്‍ കണ്ടെത്തിയാല്‍ സാധ്യമാണ്. അവസാനഘട്ടത്തില്‍ വൃക്കകള്‍ പ്രവര്‍ത്തന രഹിതമായാല്‍ ഡയാലിസിസിലൂടെയോ വൃക്ക മാറ്റിവെയ്ക്കലിലൂടെയോ മാത്രമേ മരണത്തെ അതിജീവിക്കാന്‍ കഴിയു

കടപ്പാട്- http:ml.southlive.in

2.57894736842
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ