অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യം കാക്കാന്‍

ആരോഗ്യം കാക്കാന്‍
 1. രക്തസമ്മര്‍ദ്ദത്തിന് ശസ്ത്രക്രിയാ ചികിത്സ
 2. പേപ്പട്ടി വിഷം: കുത്തിവെയ്‌പിന്‌ പകരം പുതിയ ചികിത്സ...
 3. പ്രമേഹം... അറിഞ്ഞിരിക്കേണ്ടതെല്ലാം
 4. പാനിക് അറ്റാക്ക്
 5. ഉറക്കക്കുറവ് പ്രമേഹസാധ്യത വര്‍ധിപ്പിക്കും?
 6. പാല് സമ്പൂര്‍ണാഹാരം
 7. ഗര്‍ഭധാരണം വൈകുമ്പോള്‍...........
 8. വഴി തെറ്റുന്ന പല്ലുകള്‍
 9. ആരോഗ്യമുള്ള കുഞ്ഞ് പിറക്കാന്‍
 10. ചുംബനത്തിലൂടെ അലര്‍ജി പടരും
 11. കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിനെ സൂക്ഷിക്കുക
 12. കൂര്‍ക്കംവലി പരിഹരിക്കാം
 13. വടിവൊത്ത ശരീരം
 14. പാദരക്ഷ കരുതലോടെ
 15. അമ്മമാരുടെ പൊണ്ണത്തടി നവജാതശിശുക്കള്‍ക്ക് അപകടം
 16. വാര്‍ധക്യം ബാധിക്കാതിരിക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍
 17. താരന്‍ എന്ന തീരാശല്യത്തിനെതിരെ

രക്തസമ്മര്‍ദ്ദത്തിന് ശസ്ത്രക്രിയാ ചികിത്സ

രക്താതിമര്‍ദ്ദത്തിന് ശാസ്ത്രക്രിയാ ചികിത്സ വരുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് മരുന്നില്ലാതെ അസുഖം മാറ്റാനും നിലവില്‍ ചികിത്സകളൊന്നും ഫലിക്കാത്തവര്‍ക്കും ഈ പുതിയ ശാസ്ത്രക്രിയാ ചികിത്സ അനുഗ്രഹമാകുമെന്നാണ് കരുതപ്പെടുന്നത്.

ബ്രിട്ടനില്‍ പരീക്ഷണാര്‍ത്ഥം നടത്തിയ ശസ്ത്രക്രിയാ ചികിത്സ വിജയകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 110 പേരാണ് പരീക്ഷണത്തിന് വിധേയരാകുന്നത്. വിജയിച്ചാല്‍ ചികിത്സാക്രമത്തിന് വിപ്ളവകരമായ മാറ്റങ്ങള്‍ വരും.

ലണ്ടനിലെ ക്വീന്‍മേരി യൂണിവേഴ്സിറ്റിയിലെ ബയോ മെഡിക്കല്‍ റിസര്‍ച്ച് യൂണിറ്റിലെ സീനിയര്‍ ക്ളിനിക്കല്‍ ട്രയല്‍സ് ഫെലോ ആയ ഡോക്ടര്‍ ഡേവിഡ് കൊളിയയും ലണ്ടന്‍ ബാര്‍ട്സ് അന്‍ഡ് എന്‍ എച്ച് എസ് ട്രസ്റ്റിലെയും ക്ളിനിക്കല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ മെല്‍ലൊബൊയും പുതിയ ചികിത്സയുടെ വിജയത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

റിനല്‍ സിമ്പതറ്റിക് നെര്‍വ് അബ്ലോഷന്‍ എന്ന് പേരിട്ടിരിക്കുന്ന ശസ്ത്രക്രിയയില്‍ വൃക്കയോട് അടുത്തു നില്‍ക്കുന്ന രക്തക്കുഴലുകളില്‍ ഒന്നില്‍ വൈദ്യുതി പ്രവഹിക്കാവുന്ന വയര്‍ കടത്തി മര്‍ദ്ദം സൃഷ്ടിക്കാനുള്ള സിഗ്നലുകള്‍ വഹിക്കുന്ന ഞരമ്പുകള്‍ കരിച്ചു കളയുന്ന പ്രക്രിയയാണ് നടത്തുന്നത്.

രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മസ്തിഷ്ക്കത്തില്‍ നിന്നുള്ള സിഗ്നലുകള്‍ മസ്തിഷ്കത്തില്‍ നിന്നും വൃക്കകളില്‍ എത്തുന്നത് തടയാനും ഇതുമുലം സാധിക്കും.

ഒരു മണിക്കൂര്‍ മാത്രമേ ശസ്ത്രക്രിയയ്ക്ക് സമയം വേണ്ടതുള്ളു രോഗിക്ക് അതേ ദിവസം തന്നെ അശുപത്രി വിടാനും കഴിയും

പേപ്പട്ടി വിഷം: കുത്തിവെയ്‌പിന്‌ പകരം പുതിയ ചികിത്സ...

ചെന്നൈ: പേപ്പട്ടിവിഷത്തിനെതിരെയുള്ള കുത്തിവയ്‌പിന്‌ പകരം പുതിയ ചികിത്സാരീതി വരുന്നു. പട്ടിയുടെ കടിയേറ്റഭാഗത്തെ തൊലി നീക്കിയുള്ള ചികിത്സാരീതിയാണിത്‌.
പുതിയ ചികിത്സ നടപ്പിലായായാല്‍ കുത്തിവെയ്‌പുമൂലം സഹിക്കേണ്ടിവരുന്ന കഠിനമായ വേദനയില്‍ നിന്നും രോഗികള്‍ക്ക്‌ രക്ഷ നേടാന്‍ കഴിയും. പട്ടി കടിച്ച ഭാഗത്തെ തൊലി മാറ്റി ആന്റി റാബീസ്‌ ഘടകമായ ഇമ്യൂണോ ഗ്ലോബിന്‍ വെയ്‌ക്കുകവഴി വൈറസിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുമെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കുന്ന വിദഗ്‌ധര്‍ പറയുന്നു.
റാബീസ്‌ വൈറസ്‌ പകരുന്നത്‌ തടയാന്‍ തൊലി മാറ്റിയുള്ള ചികിത്സ കൂടുതല്‍ ഫലപ്രദമാണെന്ന്‌ തമിഴ്‌നാട്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചു. പരീക്ഷണം വിജയകരമായി പൂര്‍ത്തിയായാല്‍ ആദ്യം മധുരയില്‍ ചികിത്സ ആരംഭിക്കും. തുടര്‍ന്ന്‌ നാല്‌ ജില്ലകളില്‍ക്കൂടി ഇത്‌ നടപ്പിലാക്കും ഇത്‌ വിജയകരമാവുകയാണെങ്കില്‍ രാജ്യത്തൊട്ടാകെ ഈ ചികിത്സാരീതി പ്രചരിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു
ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടന്ന പുതിയ ചികിത്സാരീതിയെക്കുറിച്ചുള്ള ഗവേഷണം വിജയമാണെന്ന്‌ തമിഴ്‌നാട്‌ ആരോഗ്യവകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ പളനിസ്വാമി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും ആരോഗ്യവകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക്‌ പുതിയ ചികിത്സാ രീതിയില്‍ പരിശീലനം നല്‍കും.

പരിശീലന പദ്ധതിയ്‌ക്കായി സാമ്പത്തിക സഹായം നല്‍കാമെന്ന്‌ ലോകാരോഗ്യ സംഘടന നേരത്തേ അറിയിച്ചിട്ടുണ്ട്‌. അടുത്തകാലത്ത്‌ പേപ്പട്ടി വിഷബാധയേറ്റുള്ള മരണങ്ങള്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്‌ത മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്‌, ദില്ലി, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ ആദ്യം ഈ ചികിത്സാരീതി പ്രചാരത്തില്‍ വരുത്തുക.

പ്രമേഹം... അറിഞ്ഞിരിക്കേണ്ടതെല്ലാം

സമൂഹം ഇന്നു നേരിടുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ്‌ പ്രമേഹം. മുന്‍പ്‌ പണക്കാരുടെ മാത്രം രോഗം എന്നറിയപ്പെട്ടിരുന്ന ഈ രോഗം ഇന്ന്‌ കുട്ടികളിലും സ്‌ത്രീകളിലും പോലും സാധാരണമായിരിക്കുന്നു എന്നതാണ്‌ പേടിപ്പെടുത്തുന്ന വസ്‌തുത. ഈ രോഗത്തെ കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെ ഒരുപാട്‌ തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ ഇപ്പോഴുമുണ്ട്‌. ഇതുവരെ പ്രമേഹത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ കഴിയുന്നതിനു സഹായകമായ മരുന്ന്‌ വൈദ്യശാസ്‌ത്രം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഭക്ഷണക്രമത്തിലൂടെയും മരുന്നിലൂടെയും രോഗം നിയന്ത്രിക്കുക എന്ന പ്രതിവിധിമാത്രമേ രോഗിക്കു മുന്നിലുള്ളൂ. രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ശരിയായ അറിവുണ്ടെങ്കില്‍ മാത്രമേ രോഗം സങ്കീര്‍ണ്ണമാകുന്നത്‌ തടയാനും പ്രതിരോധിക്കുവാനും കഴിയുകയുള്ളൂ. മധുരപലഹാരങ്ങള്‍ കഴിക്കുന്നത്‌ പ്രമേഹരോഗബാധയ്‌ക്കു കാരണമാകുമോ? കുട്ടിക്കാലത്ത്‌ മധുരപലഹാരങ്ങളും മറ്റും കഴിക്കുന്നതാണ്‌ പ്രമേഹരോഗബാധയ്‌ക്കു കാരണമെന്ന ഒരു അബദ്ധധാരണ ആളുകള്‍ക്കിടയിലുണ്ട്‌. പ്രമേഹബാധയുമായി മധുരത്തിനു വല്യ ബന്ധമൊന്നുമില്ല. മൂത്രത്തില്‍ പഞ്ചസാരയുടെ അളവു കൂടുന്നതാണ്‌ പ്രമേഹരോഗബാധയുടെ മുഖ്യലക്ഷണമെന്ന്‌ പലരും കരുതുന്നു. പ്രമേഹരോഗികളുടെ മൂത്രത്തില്‍ പഞ്ചസാരയുടെ അളവ്‌ കൂടുതലായിരിക്കുമെങ്കിലും രോഗലക്ഷണത്തോടു ബന്ധപ്പെട്ട വിശകലനത്തില്‍ മൂത്രത്തിലെ പഞ്ചസാരയ്‌ക്ക് വലിയ പ്രാധാന്യമൊന്നും ആധുനിക ചികിത്സകര്‍ കല്‍പ്പിക്കുന്നില്ല.ശരീരത്തില്‍ ഊര്‍ജ്‌ജം നിലനിര്‍ത്താന്‍ പഞ്ചസാര അഥവാ ഗ്ലൂക്കോസ്‌ ആവശ്യമാണ്‌. ഭക്ഷണപദാര്‍ത്ഥങ്ങളിലുള്ള ഗ്ലൂക്കോസ്‌ ഇന്‍സുലിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ ശരീരത്തിന്‌ ഉള്‍ക്കൊള്ളാനാവൂ.പാന്‍ക്രിയാസ്‌ ഗ്രന്ഥിയാണ്‌ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്‌. പാന്‍ക്രിയാസ്‌ ഗ്രന്ഥിക്ക്‌ ഉണ്ടാകുന്ന തകരാറു നിമിത്തം ഇന്‍സുലിന്റെ ഉല്‍പ്പാദനം കുറയുന്നു. അപ്പോള്‍ ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെ ലഭിക്കുന്ന ഗ്ലൂക്കോസ്‌ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ രീതിയില്‍ മാറ്റപ്പെടാന്‍ കഴിയാതെ വരുന്നു. അപ്പോഴാണ്‌ രക്‌തത്തിലും മൂത്രത്തിലും പഞ്ചസാരയുടെ അളവ്‌ വര്‍ദ്ധിക്കുന്നത്‌. ഒരു ഡസിലിറ്റര്‍ രക്‌തത്തില്‍ 80 മുതല്‍ 126 മില്ലിഗ്രാം വരെ പഞ്ചസാരയുണ്ടാവുക സാധാരണമാണ്‌. ഈ അളവില്‍ കൂടുന്നതാണ്‌ പ്രമേഹരോഗാവസ്‌ഥ. മധുരം കൂടുതല്‍ കഴിക്കുന്നത്‌ ആരോഗ്യത്തിനു പൊതുവേ നല്ലതല്ല. എന്നാല്‍ അത്‌ പ്രമേഹത്തിന്‌ കാരണമാകുന്നില്ല. എന്നാല്‍ പ്രമേഹം ബാധിച്ചവര്‍ മധുരം കഴിക്കുന്നത്‌ അപകടകരമാണ്‌. ചുരുക്കത്തില്‍ പ്രമേഹബാധയ്‌ക്കുശേഷമേ മധുരം വിലക്കപ്പെട്ടതാകുന്നുള്ളൂ.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി കൂടുന്നത്‌ മധുരപലഹാരങ്ങളുടെ ഉപയോഗം കൊണ്ടു മാത്രമാവണമെന്നില്ല. കാര്‍ബോഹൈഡ്രേറ്റ്‌ ഉള്‍പ്പെട്ട ഏതു ഭക്ഷണം കഴിക്കുന്നതും കൊണ്ടും ഇതുണ്ടാകാം. സ്‌റ്റാര്‍ച്ച്‌ എന്നു പറയുന്ന ധാന്യനൂറാണ്‌ പ്രശ്‌നമുണ്ടാക്കുന്നത്‌. സ്‌റ്റാര്‍ച്ചിന്റെ ശാസ്‌ത്രനാമമാണ്‌ കാര്‍ബോ ഹൈഡ്രേറ്റ്‌. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന സ്‌റ്റാര്‍ച്ചിന്റെ അമിതസാന്നിദ്ധ്യമാണ്‌ പ്രമേഹരോഗികളുടെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌കൂട്ടുന്നത്‌. ധാന്യങ്ങളിലും ചില കിഴങ്ങുവര്‍ഗ്ഗങ്ങളിലും സ്‌റ്റാര്‍ച്ചിന്റെ അംശം കൂടുതലായി കണ്ടു വരുന്നു. അരികൊണ്ടുള്ള വിഭവങ്ങളില്‍ പൊതുവേ സ്‌റ്റാര്‍ച്ച്‌ കൂടുതലാണ്‌. ചിലയിനം പയറുവര്‍ഗ്ഗങ്ങളിലും സ്‌റ്റാര്‍ച്ച്‌ കൂടുതലാണ്‌. ധാന്യങ്ങളില്‍ ഗോതമ്പ്‌ , മുത്താറി, തിന തുടങ്ങിയവയില്‍ സ്‌റ്റാര്‍ച്ച്‌ കുറവാണ്‌. പ്രമേഹരോഗികള്‍ അരിഭക്ഷണം ഒഴിവാക്കി ഗോതമ്പിലേക്കോ സ്‌റ്റാര്‍ച്ചിന്റെ അംശങ്ങള്‍ കുറവായ മറ്റു ധാന്യങ്ങളിലേക്കോ മാറിയാല്‍ രോഗാവസ്‌ഥ കൂടുതല്‍ നിയന്ത്രണവിധേയമാകും. സ്‌റ്റാര്‍ച്ച്‌ കുറവായ ധാന്യങ്ങളില്‍ പൊതുവേ ശരീരത്തിനാവശ്യമായ മാംസ്യം തുടങ്ങിയ മറ്റു പോഷകങ്ങളും ധാരാളമായി ലഭിക്കും. ലഘുവായ ഇന്‍സുലിന്‍ തകരാറുകള്‍ മാത്രമേ ഭക്ഷ്യക്രമത്തിലൂടെ നിയന്ത്രിക്കുവാന്‍ സാധിക്കുകയുള്ളൂ. രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ വളരെ കൂടുതലുള്ളവര്‍ കണിശമായ ഭക്ഷ്യക്രമത്തോടൊപ്പം പ്രമേഹവിരുദ്ധമരുന്നുകളും ഉപയോഗിക്കേണ്ടതുണ്ട്‌. പ്രമേഹരോഗമുള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കണം.

പ്രമേഹം ഒരു പാരമ്പര്യരോഗമാണോ?

പരമ്പരാഗതമായി പ്രമേഹരോഗം കണ്ടു വരുന്നുണ്ട്‌. എന്നാല്‍ പ്രമേഹരോഗിയുടെ സന്താനങ്ങള്‍ പ്രമേഹരോഗികളല്ലാതായിരിക്കുകയും പ്രമേഹരോഗി അല്ലാത്തവരുടെ അടുത്ത തലമുറ പ്രമേഹരോഗികളായി മാറിയിട്ടുള്ളതുമായ അവസ്‌ഥ ഉള്ളതിനാല്‍ പ്രമേഹത്തെ പൂര്‍ണ്ണമായും ഒരു പാരമ്പര്യരോഗമെന്ന്‌ വിലയിരുത്തുന്നത്‌ ശരിയല്ല. എന്നാല്‍ നല്ലൊരു ശതമാനം പേരിലും പ്രമേഹം പാരമ്പര്യമായി കാണപ്പെടുന്നു എന്ന വസ്‌തുത വിസ്‌മരിക്കുന്നുമില്ല. പുരുഷന്മാരെ സംബന്ധിച്ച്‌ സ്‌ത്രീകളാണ്‌ പെട്ടെന്ന്‌ പ്രമേഹരോഗ മൂര്‍ച്ചയിലേക്ക്‌ എത്തുന്നതെന്ന്‌ പറയപ്പെടുന്നതില്‍ വസ്‌തുതയുണ്ടോ? അന്‍പത്‌ സ്‌ത്രീകളെ ഉള്‍പ്പെടുത്തി കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പുരുഷന്മാരേക്കാള്‍ രോഗമൂര്‍ച്ചയിലേക്ക്‌ പെട്ടെന്ന്‌ എത്തിപ്പെടുന്നത്‌ സ്‌ത്രീകളാണ്‌ എന്നു മനസ്സിലാക്കുകയുണ്ടായി. മാനസികമായ പ്രശ്‌നങ്ങളാണ്‌ രോഗം സങ്കീര്‍ണ്ണമാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നതെന്നും കണ്ടെത്തി. സ്‌ത്രീകളുടെ പ്രത്യേക ശാരീരിക മാനസിക അവസ്‌ഥകള്‍ കണക്കിലെടുത്തായിരുന്നു പഠനം. മുപ്പതിനും അന്‍പതിനും വയസ്സിനിടയ്‌ക്കു പ്രായമുള്ള സ്‌ത്രീകളെയായിരുന്നു ഈ പഠനത്തിനായി ഉള്‍പ്പെടുത്തിയിരുന്നത്‌. മുപ്പതാം വയസ്സില്‍ പ്രമേഹലക്ഷണങ്ങള്‍ പ്രകടമാക്കിയത്‌ രണ്ടുപേര്‍മാത്രമായിരുന്നു. മുപ്പത്തിയെട്ടുവയസ്സിനു ശേഷമാണ്‌ ഭൂരിഭാഗം പേരിലും രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയത്‌. ദാഹം, തൊണ്ടവരള്‍ച്ച, കൈകാല്‍ കുഴച്ചില്‍, കടുത്തക്ഷീണം, ഉറക്കമില്ലായ്‌മ, ഇടക്കിടെ മൂത്രശങ്ക എന്നീ ലക്ഷണങ്ങളില്‍ ഒന്നിലധികം എല്ലാ സ്‌ത്രീകളിലും കാണപ്പെടുകയും ചെയ്‌തിരുന്നു. പഠനവിധേയരായ അന്‍പതു പേരില്‍ നാല്‍പ്പത്തിമൂന്നു സ്‌ത്രീകളുടെ മാതാവിനോ പിതാവിനോ പ്രമേഹബാധയുണ്ടായിരുന്നു എന്ന്‌ വെളിപ്പെടുത്തപ്പെട്ടതാണ്‌ ഗവേഷകരില്‍ അല്‍ഭുതമുളവാക്കിയത്‌. അവശേഷിച്ച ഏഴുസ്‌ത്രീകളുടെ മാതാപിതാക്കള്‍ പ്രത്യേകിച്ച്‌ ഒരു രോഗവുമില്ലാതെ ജീവിക്കുകയും ചെയ്യുന്നു. വിവാഹിതരും അമ്മാരും ആയതോടെയാണ്‌ മിക്കവരിലും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്‌ എന്നതാണ്‌ മറ്റൊരു കണ്ടെത്തല്‍. സ്‌ത്രീകളില്‍ രോഗാവസ്‌ഥ പുരുഷന്മാരേക്കാള്‍ സങ്കീര്‍ണ്ണമാകാന്‍ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്‌ത്രീഹോര്‍മ്മോണുകളുടെ പ്രവര്‍ത്തനം തന്നെയാണ്‌ ഒന്നാമത്തെ കാര്യം. ഉപാപചയപ്രക്രിയ തകരാറിലാവാന്‍ സ്‌ത്രീകളിലാണ്‌ സാധ്യത കൂടുതലായി കാണപ്പെടുന്നത്‌.

മധ്യവയസ്സിനു മുന്‍പ്‌ പ്രമേഹരോഗം കാണപ്പെടുന്നത്‌?

മധ്യവയസ്സെത്തുന്നതോടെയാണ്‌ പ്രമേഹലക്ഷണങ്ങള്‍ മിക്കവരിലും കണ്ടു തുടങ്ങുന്നത്‌. എന്നാല്‍ ഇപ്പോള്‍ ചുരുക്കമെങ്കിലും ശൈശവം തൊട്ട്‌ യൗവ്വനം വരെയുള്ള ഈ രോഗം ചിലരില്‍ കണ്ടുവരുന്നുണ്ട്‌. ശൈശവഘട്ടത്തിലെ രോഗലക്ഷണങ്ങള്‍ മുതിര്‍ന്നവരുടേതില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്‌തവും കൂടുതല്‍ സങ്കീര്‍ണ്ണവുമായിരിക്കും എന്നതിനാല്‍ എളുപ്പത്തില്‍ തിരിച്ചറിഞ്ഞെന്നു വരില്ല. കടുത്ത പനി, ദാഹം, കഠിനമായ ക്ഷീണം, നെഞ്ചിലും ആമാശയത്തിലും വേദനയോ എരിച്ചിലോ എന്നിവയില്‍ ഏതെങ്കിലുമോ എല്ലാം കൂടിയോ ആവാം രോഗലക്ഷണം. കുട്ടികള്‍ അറിയാതെ മൂത്രം ഒഴിക്കുന്നതും രോഗലക്ഷണമായി കണക്കാക്കേണ്ടതുണ്ട്‌. പാന്‍ക്രിയാസ്‌ ഗ്രന്ഥിയുടെ ദുര്‍ബലതയോ പ്രവര്‍ത്തനവൈകല്യമോ ആകാം രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ കാരണം. വിദഗ്‌ധപരിശോധനയിലൂടെ മാത്രമേ രോഗനിര്‍ണ്ണയം കൃത്യമായി നടത്താന്‍ കഴിയുകയുള്ളൂ. ഇളംപ്രായത്തിലുള്ള പ്രമേഹബാധ ബന്ധപ്പെട്ടവരുടെ അശ്രദ്ധ കാരണം മാരകമായിത്തീരാം. അതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ശിശുരോഗ വിദഗ്‌ധന്റെ പരിശോധനയ്‌ക്കു വിധേയമാക്കണം. യൗവ്വനാരംഭത്തിലോ മധ്യഘട്ടത്തിലോ പ്രമേഹബാധയുണ്ടാകാം. അപ്പോഴും രോഗനിര്‍ണ്ണയം കൃത്യമായി നിര്‍വ്വഹിക്കുക എന്നതു തന്നെയാണ്‌ പ്രധാനം. കടുത്ത പനിയോടൊപ്പം ശരീരം പെട്ടെന്ന്‌ മെലിയല്‍, വയറു വേദന, നെഞ്ചെരിച്ചില്‍ എന്നിവയൊക്കെ രോഗലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാം. സാധാരണ ചികിത്സ കൊണ്ട്‌ പെട്ടെന്ന്‌ ശമനലക്ഷണങ്ങള്‍ കാണുന്നില്ലെങ്കില്‍ വിദഗ്‌ധ ചികിത്സകന്റെ സഹായം അടിയന്തിരമായി ലഭ്യമാക്കണം. മരുന്നുകള്‍ ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണമല്ലാതെ നിര്‍ത്തിക്കളയുകയോ ഭക്ഷണക്രമത്തില്‍ പാലിച്ചു വന്ന നിയന്ത്രണം ഉപേക്ഷിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.ഏതു പ്രായത്തിലായാലും പ്രമേഹബാധ ഒരിക്കല്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ദിനചര്യകളും ഭക്ഷണക്രമവും കര്‍ശനമായ നിയന്ത്രണത്തില്‍ തുടരേണ്ടതുണ്ട്‌. അല്ലെങ്കില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും രോഗബാധിതരുടെ മാനസികവും ശാരീരികവുമായ അവസ്‌ഥ സങ്കീര്‍ണ്ണമായിത്തീരുകയും ചെയ്യും. ഈ സങ്കീര്‍ണ്ണത ഒഴിവാക്കുക എന്നതാണ്‌ മരുന്നിനേക്കാളും ചികിത്സയേക്കാളും പ്രധാനം. രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ കൂടുന്നതു മൂലം തകരാറിലാവുന്നത്‌ ശരീരികപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല. മാനസികമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ അതുണ്ടാക്കുന്നുണ്ട്‌. ശാരീരികവും മാനസികവുമായ അസ്വസ്‌ഥതകളിലേക്ക്‌ വ്യക്‌തി ഒരേ സമയം നിപതിക്കുന്നത്‌ ഒഴിവാക്കുക എന്നതാണ്‌ അത്യാവശ്യം. ഇളംപ്രായത്തിലുള്ള പ്രമേഹം ആയുര്‍ദൈര്‍ഘ്യത്തെ പ്രതികൂലമായി ബാധിക്കാതിരിക്കുന്നത്‌ ശരിയായ രോഗനിര്‍ണ്ണയവും ചികിത്സയും സാധ്യമാകുന്നതു കൊണ്ടു മാത്രമാണെന്നോര്‍ക്കുക.

ഗര്‍ഭിണികളില്‍ പ്രമേഹബാധ

ഗര്‍ഭിണികളില്‍ പ്രമേഹബാധയ്‌ക്ക് ചില പ്രത്യേക കാരണങ്ങളുണ്ട്‌. രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്ന ഹോര്‍മ്മോണാണ്‌ ഇന്‍സുലിന്‍. ഈ ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനം. തകരാറിലാകുമ്പോള്‍ രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ കുത്തനെ ഉയരുന്നു. ഗര്‍ഭകാലത്ത്‌ സ്‌ത്രീകളുടെ ശരീരത്തിന്റെ തൂക്കം കൂടുന്നത്‌ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കിയേക്കാം. ഗര്‍ഭിണികളല്ലാത്തവര്‍ക്കുള്ള ചികിത്സ തന്നെയാണ്‌ ഗര്‍ഭിണികള്‍ക്കും ചെയ്യുന്നത്‌. ഭക്ഷണക്രമംത വ്യായാമം എന്നിവ പ്രധാനമാണ്‌. തൂക്കം വര്‍ദ്ധിക്കുന്നത്‌ നിയന്ത്രിക്കുന്നതിനുള്ള വ്യായാമം ഇന്‍സുലിന്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിന്‌ ഉല്‍ക്കണ്‌ഠ ഗര്‍ഭത്തിലുള്ള ശിശുവിനെ കുറിച്ചാണ്‌. മാതാവിന്റെ രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ കൂടിയിരുന്നാല്‍ ഗര്‍ഭസ്‌ഥശിശുവിന്റെ വളര്‍ച്ചയും അധികമായിരിക്കും. ശിശു വളരെ വലുതായാല്‍ മാതാവിന്‌ സാധാരണ പ്രസവം സാധ്യമായെന്നു വരില്ല. ശസ്‌ത്രക്രിയ വേണ്ടി വരും. ബാധിക്കാനും സാധ്യത കൂടുതലാണ്‌. ഇവയേക്കാളൊക്കെ അപകടം പ്രമേഹബാധിതയായ ഗര്‍ഭിണി പ്രസവിക്കുന്ന കുഞ്ഞിന്‌ ഭാവിയില്‍ പ്രമേഹബാധയുണ്ടാവാന്‍ സാധ്യതയുണ്ട്‌ എന്നതാണ്‌.

ഗര്‍ഭകാല പ്രമേഹബാധ തടയാന്‍ കഴിയുമോ?

ശരിയായ പരിചരണമുണ്ടെങ്കില്‍ വലിയൊരു പരിധി വരെ ഗര്‍ഭകാലത്തെ പ്രമേഹബാധയെ തടയാന്‍ കഴിയും. ശര്‍ഭധാരണത്തിനു മുന്‍പ്‌ ശരീരതൂക്കം മാതൃകാപരമായി നിലനിര്‍ത്താന്‍ ശ്രമിക്കുക എന്നതാണ്‌ ഒന്നാമത്തെ കാര്യം. ഒമ്പതു മുതല്‍ പതിനൊന്നു കിലോഗ്രാം വരെ തൂക്കം കുറയ്‌ക്കുന്നതിന്‌ സാധ്യമാകും വിധം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക. ഡോക്‌ടറുമായി ആലോചിച്ച്‌ ഗര്‍ഭകാലത്ത്‌ ചെയ്യാവുന്ന വ്യായാമങ്ങള്‍ ചെയ്‌ത് ശരീരത്തിന്റെ ഉന്‍മേഷം നിലനിര്‍ത്തുക. ഭാരം, രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ , രക്‌തസമ്മര്‍ദ്ദം എന്നിവ പരിശേ=BEധിച്ചറിഞ്ഞ്‌ ശരിയായ രീതിയില്‍ ക്രമപ്പെടുത്തുക. ഇതെല്ലാം ശരിയായി പാലിച്ച്‌ മുന്നോട്ടു പോയാല്‍ ഗര്‍ഭകാലത്ത്‌ സംഭവിക്കുന്ന പാരമ്പര്യേതരമായ പ്രമേഹബാധയെ തടയാനാകും

പാനിക് അറ്റാക്ക്

പ്രായം ഇരുപത്തിരണ്ടുള്ള അവിവാഹിതയായ ശ്രീലത ഒരു സ്വകാര്യ കമ്പനിയില്‍ സ്റ്റെനോഗ്രാഫര്‍ ആയിരുന്നു. ശ്രീലത ഒരുദിവസം രാവിലെ ജോലിക്ക് പോകാനായി തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ശക്തമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. ഇപ്പോള്‍ മരിച്ചുപോകും എന്ന പരിഭ്രാന്തിമൂലം ശ്രീലത ഉടന്‍ ബസ്സില്‍നിന്ന് ഇറങ്ങി ഓട്ടോ വിളിച്ച് സമീപത്തുള്ള ആസ്​പത്രിയിലെത്തി. ഉടന്‍ തന്നെനിരവധി പരിശോധനകള്‍ക്ക് വിധേയമാകുകയും അതിലൊന്നും പ്രശ്‌നമില്ലെന്നു കാണിക്കുകയും ചെയ്തു.  പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലാതെ തന്നെ അല്പസമയത്തിനുള്ളില്‍ ശ്രീലതയുടെ പരിഭ്രമം മാറുകയും ആശ്വാസത്തോടെ ജോലിക്കുപോകുകയും ചെയ്തു. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥ ഒരു മാസത്തിനുള്ളില്‍ മൂന്നുനാല് പ്രാവശ്യം അനുഭവപ്പെടുകയും തന്മൂലം പുറത്ത് ഇറങ്ങാനുള്ള പേടിമൂലം ശ്രീലതയ്ക്ക് ജോലി രാജിവെക്കേണ്ടതായും വന്നു. നിരാശ ബാധിച്ച ശ്രീലത അവസാനമായി ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുകയും രോഗം 'ഹാര്‍ട്ട് അറ്റാക്ക്' അല്ല 'പാനിക് അറ്റാക്ക്' ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടുകൂടി തന്നെ പകുതി ആശ്വാസം കിട്ടിയ ശ്രീലത മറ്റു ചികിത്സകള്‍കൂടി കഴിഞ്ഞപ്പോള്‍ പാനിക് അറ്റാക്കില്‍നിന്ന് പൂര്‍ണമായും മുക്തി നേടുകയും ചെയ്തു.

എന്താണ് പാനിക് അറ്റാക്ക്?
ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് 'പാനിക് അറ്റാക്ക്'. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനില്‍ക്കൂ. ഈ അവസ്ഥയുടെ മൂര്‍ധന്യത്തില്‍ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈകാല്‍ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം. 

അഗോറഫോബിയ
ഒറ്റപ്പെട്ട സ്ഥലങ്ങളിലോ തിക്കിലും തിരക്കിലോ അകപ്പെട്ടുപോയാല്‍ പാനിക് അറ്റാക് ഉണ്ടാകുമോ, തങ്ങള്‍ക്ക് അവിടെനിന്നു രക്ഷപ്പെടാന്‍ സാധിക്കുമോ, ചികിത്സ ലഭിക്കുമോ എന്ന നിരന്തരമായ ഭയംകാരണം വ്യക്തികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് അഗോറഫോബിയ. 

ലക്ഷണങ്ങള്‍
ഇനി പറയുന്ന ലക്ഷണങ്ങളില്‍ ചുരുങ്ങിയത് നാല് എണ്ണമെങ്കിലുമുള്ളവര്‍ക്ക് പാനിക് ഡിസോര്‍ഡറാണെന്ന് ഉറപ്പിക്കാം. കാരണംകൂടാതെയുള്ള ശക്തമായ ഹൃദയമിടിപ്പ്, വിയര്‍പ്പ്, വിറയല്‍, ശ്വാസം കിട്ടുന്നില്ലെന്ന തോന്നല്‍, നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ, വയറ്റില്‍ കാളിച്ച, മനംപിരട്ടല്‍, തലചുറ്റുന്നതുപോലെയുള്ള തോന്നല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടമാകല്‍, നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിക്കുകയാണെന്ന തോന്നല്‍, ഉടന്‍ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീരഭാഗങ്ങളിലും മരവിപ്പും ചൂടും വ്യാപിക്കലും.

എങ്ങനെ കണ്ടുപിടിക്കാം?
മുകളില്‍പറഞ്ഞ ലക്ഷണങ്ങള്‍ പല ശാരീരിക രോഗങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുള്ളതു കൊണ്ട് അത്തരം അസുഖങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്താന്‍ വിശദമായ ശാരീരിക പരിശോധനയാണ് പ്രാഥമിക നടപടി. 

ചികിത്സ
മനോരോഗ വിദഗ്ധരുടെ ചികിത്സാ രീതി താഴെപ്പറയും വിധത്തിലായിരിക്കും. അസ്വസ്ഥമായ ചിന്തകളെക്കുറിച്ചും പാനിക് അറ്റാക്കിനോടൊപ്പം അനുഭവപ്പെടുന്ന ശാരീരിക ലക്ഷണങ്ങളെക്കുറിച്ചും വിശദമായി ആരായുക, പാനിക് അറ്റാക്ക് അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗിയുടെ പെരുമാറ്റരീതികളെക്കുറിച്ചുള്ള അന്വേഷണം, മറ്റു മാനസിക രോഗങ്ങളുണ്ടോയെന്ന് പരിശോധിച്ചറിയല്‍.

ഔഷധ ചികിത്സ: ഏറ്റവും പ്രധാനപ്പെട്ടവയാണ് ആന്‍റി ഡിപ്രസന്‍സ് മരുന്നുകള്‍. പാനിക് ഡിസോര്‍ഡറിന്റെ കൂടെ വിഷാദ രോഗമുള്ളവര്‍ക്കും അഗോറ ഫോബിയയുള്ളവര്‍ക്കും ഇവ ഫലപ്രദമാണ്. ഫ്‌ളൂവോക്‌സെറ്റിന്‍, ഫ്‌ളൂവോക്‌സിന്‍, സെര്‍ട്രാലിന്‍, പരോക്‌സെറ്റിന്‍, എസിറ്റലോപ്രാം, വെന്‍ലാഫാക്‌സിന്‍ തുടങ്ങിയവ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമായ മരുന്നുകളാണ്.

ഇത്തരത്തിലുള്ള എല്ലാ മരുന്നുകളും ശരീരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങാന്‍ മൂന്നോ നാലോ ആഴ്ചകള്‍ എടുക്കുമെന്നതിനാല്‍ ആരംഭത്തില്‍ താത്കാലികാശ്വാസത്തിന് ബന്‍സോഡയാസിപൈന്‍സ് ഗ്രൂപ്പില്‍പ്പെട്ട മരുന്നുകള്‍ കൊടുക്കാറുണ്ട്. ക്ലോണാസിപാം, ലോറാസിപാം, ഡയസിപാം, ആല്‍പ്രസോളാം തുടങ്ങിയ മരുന്നുകള്‍ ഇതിലുള്‍പ്പെടുന്നു. രോഗത്തിന് കാര്യമായ ശമനം ലഭിച്ചാല്‍ ബന്‍സോഡയാസിപൈന്‍സിന്റെ അളവ് കുറച്ചുകൊണ്ടുവന്ന് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി
മരുന്നിലൂടെയല്ലാതെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെയുംനിരന്തരമായ പെരുമാറ്റ പരിശീലനത്തിലൂടെയും രോഗികളെ അവരുടെ പ്രശ്‌നകാരണങ്ങളുമായി പൊരുത്തപ്പെടുകയും അവയെ എങ്ങനെ നിയന്ത്രിക്കാമെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണിത്. പാനിക് അറ്റാക്ക് സ്വയം നിയന്ത്രിക്കാനുള്ള ശ്വസനവ്യായാമങ്ങളും മറ്റു വ്യായാമങ്ങളും വിശ്രമരീതികളും കൂടി ഇതിലുള്‍പ്പെടുന്നു

ഉറക്കക്കുറവ് പ്രമേഹസാധ്യത വര്‍ധിപ്പിക്കും?

മൂന്ന് ദിവസം തുടര്‍ച്ചയായി ഗാഢനിദ്ര നഷ്ടപ്പെടുന്നത് ശരീരത്തിന്റെ ഇന്‍സുലിന്‍ സന്തുലിതാവസ്ഥ തകരാറിലാക്കുമെന്ന് പ്രമേഹ ഗവേഷകര്‍ പറയുന്നു. 20-30 പൗണ്ട് തൂക്കം വര്‍ധിക്കുന്നതിന് തുല്യമായ ഇന്‍സുലിന്‍ വര്‍ധനയാണത്രെ ഇതുമൂലം ഉണ്ടാകുക.
ഗാഢനിദ്രയുടെ അഭാവത്തില്‍ യുവാക്കള്‍ക്ക് ടൈപ്പ്-രണ്ട് പ്രമേഹം വരാന്‍ സാധ്യതയേറെയാണെന്നാണ് പ്രൊസീഡിംഗ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. മൂന്ന് രാത്രികളില്‍ ഉറക്കം തടസ്സപ്പെട്ട 20 വയസ്സുകാരിലെ ഗ്ലൂക്കോസ്, ഇന്‍സുലിന്‍ ഉപാപചയ പ്രവര്‍ത്തനനിരക്ക് അതേ പ്രായക്കാരുടെതിന്റെ മൂന്നിരട്ടിയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വേണ്ടത്ര ഉറക്കം കിട്ടാത്തത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കുന്നതായി നേരത്തെത്തന്നെ പഠനങ്ങളില്‍ വ്യക്തമായിരുന്നു. ഇത് പ്രമേഹത്തിനും പൊണ്ണത്തടിക്കുമുള്ള സാധ്യത വര്‍ധിപ്പിക്കും. ഗാഢനിദ്ര ലഭിക്കാത്ത അവസ്ഥ പ്രമേഹസാധ്യത കൂട്ടുന്നു എന്ന വാദത്തിന് ശക്തമായ തെളിവു നല്‍കുന്നതാണ് പുതിയ പഠനമെന്ന് ചിക്കാഗോ സര്‍വകലാശാലയിലെ മെഡിക്കല്‍ സെന്റര്‍ ഗവേഷകസംഘം പറയുന്നു. ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതില്‍ ഉറക്കത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് പഠനമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഇസ്ര തസാലി പറഞ്ഞു. പ്രായമുള്ളവര്‍ക്കും പൊണ്ണത്തടിയന്മാര്‍ക്കും നല്ല ഉറക്കം കിട്ടുന്നത് ടൈപ്പ് രണ്ട് പ്രമേഹം വരുന്നതിനെ തടയുമെന്നും പഠനത്തില്‍ വ്യക്തമാക്കി.

20നും 31നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ അഞ്ച് പുരുഷന്മാരിലും, നാല് സ്ത്രീകളിലുമാണ് പഠനം നടത്തിയത്. ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് രണ്ട് രാത്രികളില്‍ എട്ടരമണിക്കൂര്‍ ഗാഢനിദ്രയ്ക്ക് അവസരം നല്‍കി. രണ്ടാം ഘട്ടത്തിലാകട്ടെ മൂന്ന് രാത്രി ഗാഢനിദ്ര തടസ്സപ്പെടുത്തിയും ഇവരെ പഠനവിധേയമാക്കി. പഠനത്തിന്റെ ഭാഗമായി പൂര്‍ണമായും ഉണര്‍ത്തുന്നതിന് പകരം, ഗാഢനിദ്രയ്ക്ക് ഭംഗം വരുന്ന രീതിയില്‍ ശബ്ദം ഉണ്ടാക്കുകയാണ് ചെയ്തത്. ഓരോരുത്തര്‍ക്കും 250-300 തവണ രാത്രി ഉറക്കം തടസ്സപ്പെട്ടു. കൂടുതല്‍ ഗാഢനിദ്ര ആവശ്യമാകുന്തോറും തടസ്സപ്പെടുത്തലും വര്‍ധിപ്പിച്ചിരുന്നു.

40 വയസ്സാകുമ്പോള്‍ ഉറക്കത്തിന്റെ രീതിക്ക് വരുന്ന മാറ്റത്തിന് സമാനമായിരുന്നു ഇവരുടെ ഗാഢനിദ്രയ്ക്ക് സംഭവിച്ച കുറവ്. യുവാക്കള്‍ 80-100 മിനിറ്റ് ഓരോ രാത്രിയും ഗാഢമായി ഉറങ്ങും. എന്നാല്‍, 60 കഴിഞ്ഞവര്‍ക 20 മിനിറ്റില്‍ കുറച്ചേ ഗാഢമായി ഉറങ്ങുകയുള്ളൂ. 60 വയസ്സുകാരുടെ ഉറക്കമാണ് പഠന കാലയളവില്‍ തങ്ങള്‍ 20 വയസ്സുകാര്‍ക്ക് നല്‍കിയതെന്ന് തസാലി പറഞ്ഞു.ഓരോ പഠനത്തിന് ശേഷവും ഓരോരുത്തരിലും ഗ്ലൂക്കോസ് കുത്തിവെച്ചിരുന്നു. അതിനുശേഷം രക്തത്തിലെ ഗ്ലൂക്കോസ്, ഇന്‍സുലിന്‍ അളവ് പരിശോധിക്കുകയും ചെയ്തു. 

കിട്ടിയ വിവരങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ വ്യക്തമായത് രാത്രി ഉറക്കം തടസ്സപ്പെട്ടവരില്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി 25 ശതമാനം കുറഞ്ഞതായാണ്. ഇതുമൂലം ഇവരില്‍ ഗ്ലൂക്കോസ് നിയന്ത്രണത്തിന് കൂടുതല്‍ ഇന്‍സുലിന്‍ ആവശ്യമായി വരുന്നതായും കണ്ടു. എന്നാല്‍, ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിച്ചതായാി കണ്ടെത്തിയതുമില്ല. ഇതുമൂലം 23 ശതമാനം രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരുകയായിരുന്നു. ഇത് ഗ്ലൂക്കോസ് ക്ഷമത തകരാറിലായ വൃദ്ധന്മാരിലേതിന് സമാനമാണ്. ഗാഢനിദ്ര വളരെക്കൂടുതല്‍ നഷ്ടപ്പെട്ടവരില്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വളരെ കുറഞ്ഞതായും പഠനത്തില്‍ വ്യക്തമായി.

പാല് സമ്പൂര്‍ണാഹാരം

പാല് സമ്പൂര്‍ണാഹാരമാണെന്നാണ് പറയാറുള്ളത്. എന്നാല്‍ ചിലര്‍ക്കെങ്കിലും പാലിന്റെ ഗുണങ്ങളില്‍ സംശയമാണ്. 

അമിതവണ്ണം കുറയ്ക്കാനും സ്ലിം ആയി ശരീരം നിലനിര്‍ത്താനും ശ്രമിക്കുന്നവരില്‍ പലരും വിശ്വസിക്കുന്നത് പാല്‍ തടികൂട്ടുന്ന പാനീയമാണെന്നാണ്. 

എന്നാല്‍ അങ്ങനെയല്ലെന്നുമാത്രമല്ല പാല്‍ തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇസ്രയേലിലെ ഒരു സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

ദിവസവും പാല്‍ കുടിയ്ക്കുന്ന ശീലമുള്ളവര്‍ക്ക് ഈ ശീലമില്ലാത്തവരെ അപേക്ഷിച്ച് ശരീരഭാരം കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദിവസം രണ്ടു ഗ്ലാസ് പാല്‍ കുടിയ്ക്കുന്ന പ്രായപൂര്‍ത്തിയായ ആളുകളുടെ ശരീരത്തില്‍ ആറുമാസത്തിനുള്ളില്‍ വിറ്റമിന്‍ ഡിയുടെ അളവ് കൂടും. 

ഇവരില്‍ രണ്ടുവര്‍ഷം കൊണ്ട് ശരാശരി 6 കിലോഗ്രാം വരെ ഭാരം കുറയുകയും ചെയ്യും. 40നും 65നും ഇടയില്‍ പ്രായമുള്ള 300ല്‍ അധികം ആളുകളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കൊഴുപ്പു കുറഞ്ഞ മെഡിറ്ററേനിയന്‍ ഡയറ്റ് ആണ് ഇവര്‍ക്ക് രണ്ടുവര്‍ഷത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്. 

രണ്ടുവര്‍ഷത്തിന് ശേഷം പരിശോധന നടത്തിപ്പോള്‍ പാലില്‍ നിന്നുള്ള കാല്‍സ്യം ഇവരുടെ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. മാത്രമല്ല രണ്ടുവര്‍ഷം മുമ്പുള്ള ശരീരഭാരം വച്ചുനോക്കുമ്പോള്‍ എല്ലാവരും ആറു കിലോഗ്രാം വരെ ഭാരം കുറയുകയും ചെയ്തിരുന്നു.

എന്നാല്‍ പാല് കൂടുതലായി ഉപയോഗിക്കാത്തവരില്‍ ഇതിന്റെ തോത് വളരെ കുറവായിരുന്നു. കാത്സ്യം കൂടാതെ വിറ്റാമിന്‍ ഡിയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാലും പാലുല്‍പന്നങ്ങളും വിറ്റമിന്‍ ഡി വേണ്ടുവോളം ശരീരത്തിന് പ്രദാനം ചെയ്യും.

ഗര്‍ഭിണികള്‍ക്ക് സാധാരണ എല്ലായിടത്തും പ്രത്യേക പരിഗണനയാണ്. അവരുടെ ഭക്ഷണകാര്യം ഏറെ ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ്. കൃത്യമായ രീതിയില്‍ പോഷകഘടകങ്ങള്‍ ശരീരത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 

അമ്മയുടെ ശരീരത്തിലെ പോഷകക്കുറവ് കുഞ്ഞിനെയും ബാധിയ്ക്കും. ഒപ്പം തന്നെ വാരിവലിച്ച് കഴിയ്ക്കുന്നതും ഗര്‍ഭിണികള്‍ക്ക് പറ്റിയ കാര്യമല്ല. പഴയ വിശ്വാസമനുസരിച്ച് ഗര്‍ഭിണിയായാല്‍ രണ്ടുപേര്‍ക്കുള്ളത് ഒരുമിച്ച് കഴിയ്ക്കണമെന്നാണ് പറയുക. 

എന്നാല്‍ ഈ രീതി തെറ്റാണെന്നതാണ് യാഥാര്‍ത്ഥ്യം. ബ്രിട്ടനിലെ ഗവേഷകരാണ് ഗര്‍ഭിണികള്‍ രണ്ടുപേര്‍ക്കുള്ളത്് കഴിയ്ക്കുന്നത് ആരോഗ്യകരമല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണരീതി ഗര്‍ഭിണികളില്‍ പൊണ്ണത്തടിയുണ്ടാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് ക്ലിനിക്കല്‍ എക്‌സലന്‍സ് ആണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്. ഗര്‍ഭിണികള്‍ പ്രസവം വരെ അനങ്ങാതിരിക്കുന്ന രീതിയും നല്ലതല്ലെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. 

ദിവസം കുറഞ്ഞത് 30മിനിറ്റെങ്കിലും അനുവദനീയമായ വ്യായാമങ്ങള്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ വ്യായാമമെന്ന രീതിയില്‍ അമിതമായ അധ്വാനവും പാടില്ല. വേഗത്തിലുള്ള നടത്തം. സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍ എന്നിവയെല്ലാം ചെയ്യാവുന്നതാണ്. 

ബ്രിട്ടനിലെ കണക്കുകള്‍ അനുസരിച്ച് ഗര്‍ഭിണികളില്‍ പകുതിയോളം പേരും അമിതഭാരവും, പൊണ്ണത്തടിയും ഉള്ളവരാണ്. ഇത്തരക്കാരില്‍ ഗര്‍ഭം അലസല്‍, രക്തസ്രാവം, പ്രസവത്തിലെ ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. 

നല്ല ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. കൃത്യമായ സമയത്ത് മിതമായ അളവില്‍ ഭക്ഷണം കഴിയ്ക്കുക. പ്രാതല്‍ ഒഴിവാക്കാതിരിക്കുക, ഉപ്പും എണ്ണയുടെ അംശവും കൂടുതലുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. 

ഗര്‍ഭധാരണത്തിന്റെ അവസാനത്തെ മൂന്നുമാസം അമിതമായി ഭക്ഷണം കഴിയ്ക്കുകയേ അരുതെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ സാധാരണ കാലത്തെ അപേക്ഷിച്ച് ഗര്‍ഭകാലത്ത് 200 കിലോകലോറിയെങ്കിലും അധികമായി ശരീരത്തിന് ലഭിയ്ക്കുകയും വേണം. ഇത് രണ്ട് ഏത്തപ്പഴങ്ങളില്‍ നിന്നും ലഭിക്കുന്നതിന് സമമാണ്.

ഗര്‍ഭധാരണം വൈകുമ്പോള്‍...........

സ്വാഭാവിക ഗര്‍ഭധാരണത്തിന് സ്ത്രീയിലും പുരുഷനിലുമുള്ള ജീവശ്ശാസ്ത്രപരമായ പല ഘടകങ്ങളുടെയും ശരിയായ പ്രവര്‍ത്തനം ആവശ്യമാണ്. സ്ത്രീകളില്‍ ഗര്‍ഭാശയം, അണ്ഡാശയം, അണ്ഡവാഹിനിക്കുഴല്‍ എന്നീ പ്രത്യുല്പാദന വ്യവസ്ഥകള്‍ അതിസങ്കീര്‍ണമാണ്. അണ്ഡാശയത്തിന്റെ പ്രവര്‍ത്തനങ്ങളായ അണ്ഡത്തിന്റെ വികാസം, അണ്ഡവിസര്‍ജനം തുടങ്ങിയവയിലുണ്ടാവുന്ന ചെറിയ താളപ്പിഴകള്‍പോലും വന്ധ്യതയ്ക്ക് കാരണമാവാറുണ്ട്.

അണ്ഡവളര്‍ച്ച
ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോള്‍ പെണ്‍കുട്ടിയില്‍ എഴുപത് ലക്ഷത്തോളം അണ്ഡകോശങ്ങള്‍ ഉണ്ടാവുന്നു. ഇവയുടെ എണ്ണം കുറഞ്ഞുവരുന്നു. പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ ഇവയുടെ എണ്ണം ഏകദേശം പത്തു ലക്ഷമായി കുറയുന്നു. കൗമാരമാവുമ്പോഴേക്കും വീണ്ടും എണ്ണം കുറയുന്നു. ആര്‍ത്താവാരംഭം മുതല്‍ ആര്‍ത്തവ വിരാമം വരെയുള്ള കാലഘട്ടത്തില്‍ ഏകദേശം 400 എണ്ണം മാത്രമേ ഗര്‍ഭധാരണശേഷി നേടുന്നുള്ളൂ. മറ്റുള്ളവെയെല്ലാം വളര്‍ച്ചയെത്താതെ നശിച്ചുപോകുന്നു. ഓരോ സ്ത്രീയിലും ഗര്‍ഭധാരണശക്തിയുള്ള അണ്ഡങ്ങളുടെ എണ്ണം നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. പുതിയ അണ്ഡം ഉണ്ടാകുന്നില്ല. ഉള്ളവ വളര്‍ന്ന് വികസിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. 

ഓരോ ആര്‍ത്തവചക്രത്തിലും ധാരാളം അണ്ഡകോശങ്ങള്‍ വളരാന്‍ തുടങ്ങുന്നു. ഇവയില്‍നിന്ന് ഒന്നുമാത്രം മറ്റുള്ളവയെ പിന്‍തള്ളി വളര്‍ച്ചയില്‍ മുന്നേറുന്നു. ഈ അണ്ഡംമാത്രം പൂര്‍ണവളര്‍ച്ചയെത്തി അണ്ഡവിസര്‍ജനം (ഓവുലേഷന്‍) നടക്കുന്നു. ഒരുകൂട്ടം അണ്ഡകോശങ്ങളില്‍നിന്ന് ഒന്നുമാത്രം എങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നു, അതിന്റെ വളര്‍ച്ച എങ്ങനെ ത്വരിതപ്പെടുന്നു, എങ്ങനെ പാകമെത്തി ശരിയായ സമയത്ത് ഓവുലേഷന്‍ നടക്കുന്നു എന്നതെല്ലാം അതിസങ്കീര്‍ണമായ രാസപ്രവര്‍ത്തനങ്ങളുടെയും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെയും പരിണത ഫലമാണ്. ധാരാളം ജീനുകളുടെ നിയന്ത്രണത്തിലാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. ജീനുകളിലെ തകരാറുകള്‍ അണ്ഡത്തിന്റെ തിരഞ്ഞെടുപ്പ്, വളര്‍ച്ച, ഓവുലേഷന്‍ എന്നിവയെ എല്ലാം പ്രതികൂലമായി ബാധിച്ചേക്കും. 

വ്യക്തമായ കാരണങ്ങള്‍ കണ്ടുപിടിക്കാനാവാത്ത പല വന്ധ്യതാ കേസുകളിലും ജനിതകപ്രശ്‌നങ്ങളുടെ പങ്ക് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പലതും കണ്ടുപിടിക്കാനുള്ള മാര്‍ഗം നമ്മുടെ നാട്ടില്‍ ലഭ്യമല്ല. കൃത്യമായ ആര്‍ത്തവചക്രമുള്ളവരില്‍, ആര്‍ത്തവം തുടങ്ങുന്ന ദിവസത്തിനും 14 ദിവസത്തിനും മുന്‍പേ അണ്ഡവിസര്‍ജനം നടക്കുന്നു. അതു കഴിഞ്ഞാല്‍ 12 മുതല്‍ 24 മണിക്കൂര്‍ വരെ മാത്രമേ അണ്ഡത്തിന് ഗര്‍ഭധാരണശേഷി നിലനില്‍ക്കുകയുള്ളൂ.

പ്രധാന പ്രശ്‌നങ്ങള്‍
ശരിയായ അണ്ഡവളര്‍ച്ചയെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തകരാറുകള്‍, തലച്ചോറിലെ ഗ്രന്ഥികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയും അണ്ഡത്തിന്റെ തിരഞ്ഞെടുപ്പിനെയും വളര്‍ച്ചയേയും ബാധിക്കും. അമിത വണ്ണമുള്ളവരിലും തീരെ മെലിഞ്ഞവരിലും ഹോര്‍മോണ്‍ തകരാറുകള്‍ ഉണ്ടാവുന്നു. അമിതമായി വ്യായാമം ചെയ്യുന്നവരിലും അത്‌ലറ്റുകളിലും ഹോര്‍മോണ്‍ വ്യതിയാനം മൂലം അണ്ഡവളര്‍ച്ച തടയപ്പെടാം. 

ഇന്ന് വന്ധ്യതയുടെ ഒരു പ്രധാന കാരണമായി കണ്ടുവരുന്ന പി.സി.ഒ.ഡി. എന്ന രോഗാവസ്ഥ അണ്ഡവളര്‍ച്ചാ വൈകല്യങ്ങളുടെ പ്രധാന കാരണമാണ്. ഈ രോഗമുള്ളവരില്‍, അണ്ഡകോശങ്ങള്‍ വളരാന്‍ തുടങ്ങുന്നു. എങ്കിലും പാകമെത്തുന്നതിനുമുന്‍പേ വളര്‍ച്ച മുരടിച്ചു കുമിളകളായി മാറുന്നതുമൂലം അണ്ഡവിസര്‍ജനം നടക്കാതെ പോകുന്നു. തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലും ശരിയായ അണ്ഡവളര്‍ച്ചയെ ബാധിക്കുന്നു. 

സ്ത്രീയുടെ പ്രായം ഒരു പ്രധാന ഘടകമാണ്. പ്രായം കൂടുന്തോറും ഗര്‍ഭധാരണശേഷി കുറഞ്ഞ അണ്ഡങ്ങളാണ് വളരുന്നത്. 30 വയസ്സിനു മേല്‍ അണ്ഡത്തിന്റെ സ്വാഭാവിക കാര്യക്ഷമത കുറഞ്ഞുവരുന്നു. അത് ഗര്‍ഭധാരണസാധ്യത കുറയ്ക്കുകയും വൈകല്യങ്ങള്‍ ഉള്ള കുഞ്ഞുങ്ങള്‍ ജനിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. 

മറ്റു കാരണങ്ങള്‍ ഇല്ലാത്തവരില്‍ ജനിതക കാരണങ്ങള്‍ തള്ളിക്കളയാനാവില്ല. ഇത്തരം സ്ത്രീകളില്‍ അണ്ഡവളര്‍ച്ച കൃത്യസമയത്തിനു മുന്‍പേ തുടങ്ങുന്നു. ഇതുമൂലം ഹോര്‍മോണുകളുടെ താളാത്മക പ്രവര്‍ത്തനം സമയവുമായി പൊരുത്തപ്പെടാനാവാതെ വരുന്നു. തത്ഫലമായി അണ്ഡം ഉപയോഗശൂന്യമാവുന്നു.

തകരാര്‍ കണ്ടുപിടിക്കാം
കൗമാരത്തില്‍ ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം ആര്‍ത്തവം ക്രമരഹിതമാവാം. അതിനുശേഷം ക്രമമില്ലാതെ വരുകയോ, ആര്‍ത്തവം മുടങ്ങുകയോ, അമിതരക്തസ്രാവമുണ്ടാവുകയോ ചെയ്താല്‍ അണ്ഡവിസര്‍ജന തകരാറിന്റെ ലക്ഷണമാണ്. കൗമാരക്കാരിലാണ് പി.സി.ഒ.ഡി. എന്ന രോഗം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അമിതവണ്ണം, അനാവശ്യ സ്ഥാനങ്ങളിലുള്ള രോമവളര്‍ച്ച ഇവയെല്ലാം ഇതിന്റെ സൂചനകളാണ്. 

ഫോളിക്കുലാര്‍ സ്റ്റഡി എന്ന പേരില്‍ ചെയ്യുന്ന ഈ സ്‌കാന്‍ പരിശോധനയിലൂടെ അണ്ഡത്തിന്റെ വളര്‍ച്ച, വികാസം, അണ്ഡവിസര്‍ജനം ഇവയെല്ലാം മനസ്സിലാക്കാനാവും. ഹോര്‍മോണിന്റെ അളവ് രക്തപരിശോധനയിലൂടെ നിര്‍ണയിക്കുന്നത് മറ്റൊരു മാര്‍ഗമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ജനിതകതകരാറുകള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാനുള്ള മാര്‍ഗങ്ങളും ലഭ്യമാണ്. ഉയര്‍ന്ന സാമ്പത്തിക ബാധ്യതയുള്ള ഈ പരിശോധനകള്‍ നമ്മുടെ നാട്ടില്‍ സുലഭമല്ല.

ചികിത്സ
അമിത വണ്ണമുള്ളവര്‍ ആഹാരരീതിയിലും ജീവിതശൈലിയിലും മാറ്റം വരുത്തിയാല്‍ സ്വാഭാവികമായി അണ്ഡോല്പാദനം നടക്കുന്നു. മറ്റു കാരണമുള്ളവരില്‍, ഗുളികകള്‍ നല്‍കുകയാണ് ആദ്യപടി. മൂന്നു മുതല്‍ ആറു മാസം വരെ ഗുളിക കഴിച്ചിട്ടും അണ്ഡോല്പാദനം നടന്നില്ലെങ്കില്‍ ഇന്‍ജെക്ഷന്‍ എടുക്കേണ്ടതായി വരുന്നു. വിശദമായ സ്‌കാന്‍ പരിശോധനയിലൂടെ യഥാര്‍ഥ ചിത്രം മനസ്സിലാക്കിയശേഷം ആര്‍ത്തവത്തിന്റെ രണ്ടാം ദിവസം മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍, പ്രത്യേകതരം ഹോര്‍മോണ്‍ കുത്തിവെപ്പ് നടത്തുന്നു. ഇത്തരം ചികിത്സ വില കൂടിയതും ചിലപ്പോള്‍ പല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നതുമാണ്. അതില്‍ ചിലത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്കും വഴിവെക്കും. അതുകൊണ്ട് നല്ല അറിവും വൈദഗ്ധ്യവും ഉള്ളവര്‍മാത്രം കൈകാര്യം ചെയ്യേണ്ട മേഖലയാണിത്. 

ഈ വഴികള്‍ പരാജയപ്പെടുന്നവര്‍ക്കും, ജനിതക വൈകല്യം ഉള്ളവര്‍ക്കും സ്വീകരിക്കാവുന്ന മറ്റൊരു മാര്‍ഗമാണ് അണ്ഡം സ്വീകരിക്കല്‍. ആരോഗ്യവതിയായ അണ്ഡദാതാവില്‍നിന്ന് എടുക്കുന്ന വളര്‍ച്ചയെത്തിയ അണ്ഡവും ഭര്‍ത്താവിന്റെ ബീജവും കൃത്രിമമാര്‍ഗത്തിലൂടെ കലര്‍ത്തി, ഗര്‍ഭധാരണം നടത്തി, സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നു. സ്ത്രീയുടെ 'സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞ്' ആവില്ല എന്നുമാത്രം. ജനിക്കുന്നതിനു മുന്‍പേ നടത്തുന്ന ഒരു പകുതി ദത്തെടുക്കലാണ് ഈ പ്രക്രിയ. 

വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ അണ്ഡവളര്‍ച്ച തടസ്സപ്പെടുന്നവരില്‍ നൂതന ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സന്താനഭാഗ്യം ലഭിക്കാനുള്ള വിധത്തില്‍ ഇന്ന് വൈദ്യശാസ്ത്രം വളര്‍ന്നിട്ടുണ്ടെന്നുള്ളത് ഇത്തരം ദമ്പതികള്‍ക്ക് ആശ്വാസത്തിന് വകയേകുന്നു

വഴി തെറ്റുന്ന പല്ലുകള്‍

ചെറിയ പ്രായത്തില്‍ ഏതാണ്ടെല്ലാ കുട്ടികളുടെയും പല്ലുകള്‍ നിരയൊത്തവയായിരിക്കും. എന്നാല്‍ പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുമ്പോള്‍ അവ നിരതെറ്റി വരുന്നതായും തള്ളിവരുന്നതായും കാണുന്നത് സാധാരണയാണ്. കുഞ്ഞുങ്ങള്‍ക്ക് ഏതാണ്ട് പത്തു വയസ്സാകുമ്പോള്‍ മുതല്‍ നല്ലൊരു പങ്ക് മാതാപിതാക്കളും മക്കളുടെ ദന്തസൗന്ദര്യത്തെക്കുറിച്ച് വേവലാതിപ്പെടാന്‍ തുടങ്ങാറുണ്ട്. അതോടെ, ഏതു പ്രായത്തിലാണ് പല്ലുകള്‍ കമ്പിയിട്ട് ശരിയാക്കാന്‍ പറ്റുക എന്നതിനെക്കുറിച്ച് അച്ഛനമ്മമാര്‍ അന്വേഷിക്കാന്‍ തുടങ്ങുകയായി. 

വളര്‍ന്നുവരുന്ന പ്രായത്തില്‍ കുട്ടികളുടെ പല്ലുകള്‍ക്ക് നിരതെറ്റിയിരിക്കുന്നതായി തോന്നുന്നത് പലപ്പോഴും ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. 'അഗ്ലി ഡക്ലിങ് സ്റ്റേജ്' എന്നാണ് ഈ അവസ്ഥയ്ക്ക് പറയുക. 13-14 വയസ്സാകുമ്പോഴേക്ക് സ്ഥിരദന്തങ്ങള്‍ വന്നുകഴിയും. അതോടെ ഒരുവിധം കുട്ടികളുടെയൊക്കെ ദന്തനിരകളുടെ അഭംഗി മാറുകയും ചെയ്യും. 14 വയസ്സിനു ശേഷവും കുട്ടികളുടെ പല്ലുകള്‍ നിരതെറ്റി നില്‍ക്കുന്നതായോ പൊന്തിനില്‍ക്കുന്നതായോ കാണുന്നുവെങ്കിലേ ദന്തക്രമീകരണ ചികില്‍സ നടത്തേണ്ടതുള്ളൂ. 

എന്നാല്‍ ചില കുട്ടികളുടെ കാര്യത്തില്‍ സ്ഥിതി ഇതായിരിക്കില്ല. സ്ഥിരദന്തങ്ങള്‍ വളര്‍ന്നുവരുന്ന 1-13 പ്രായത്തില്‍, പല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ചില അപാകതകള്‍ കൊണ്ടോ താടിയെല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൊണ്ടോ താടിയെല്ലുകളിലും സ്ഥിരദന്തങ്ങളിലും ചില വൈകല്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവ യഥാസമയം കണ്ടെത്തുകയും ചികില്‍സിക്കുകയും വേണം. അതായത്, അത്തരം പ്രശ്‌നങ്ങള്‍ ചികില്‍സിക്കാന്‍ 13-14 വയസ്സുവരെ കാത്തിരിക്കരുത് എന്നര്‍ഥം. ഇത്തരം വൈകല്യങ്ങള്‍ യഥാസമയം തിരിച്ചറിഞ്ഞ് ചികില്‍സിച്ചില്ലെങ്കില്‍ വളര്‍ച്ചയിലുണ്ടാകുന്ന അപാകതകള്‍ പല്ലുകളുടെയും താടിയെല്ലിന്റെയും സ്വാഭാവിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇത് പലപ്പോഴും സ്ഥായിയായ മുഖവൈകല്യത്തിനു തന്നെ കാരണമായേക്കാം. 

കുട്ടികളുടെ പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുന്നത് 6-13 പ്രായത്തിലാണ്. താടിയെല്ലിനും മറ്റും ശരിയായ വളര്‍ച്ചയുണ്ടാകുന്നതും ഈ കാലഘട്ടത്തിലാണ്. സാധാരണഗതിയില്‍ കുഞ്ഞുങ്ങള്‍ക്ക് 20 പാല്‍പ്പല്ലുകളാണ് ഉണ്ടാവുക. സ്ഥിരദന്തങ്ങളാകട്ടെ 28 എണ്ണം വരും. പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരുന്നത് ആറേഴു വര്‍ഷം കൊണ്ട് ക്രമാനുഗതമായി നടക്കുന്ന പ്രക്രിയയാണ്. ഓരോ സ്ഥിരദന്തത്തിനും മോണയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു സ്ഥാനമുണ്ട്. ഓരോ വ്യക്തിയുടെയും പാരമ്പര്യം, ജനിതക സവിശേഷതകള്‍ തുടങ്ങിയവയാണ് ഈ സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നത്. 

പലപ്പോഴും വായിലെ തന്നെ ചില കാരണങ്ങള്‍ കൊണ്ട് സ്ഥിരദന്തങ്ങള്‍ വഴിതെറ്റി മുടം പല്ലുകള്‍ വളരാറുണ്ട്. പാല്‍പ്പല്ലുകള്‍ നേരത്തേ കൊഴിഞ്ഞുപോവുക, കേടു മൂലം അവ എടുത്തുകളയേണ്ടി വരിക, സമയമായിട്ടും പാല്‍പ്പല്ലുകള്‍ പൊഴിഞ്ഞു പോകാത്തതിനാല്‍ സ്ഥിരദന്തങ്ങള്‍ വരാന്‍ സ്ഥലം കിട്ടാതിരിക്കുക തുടങ്ങിയവയാണ് മുടം പല്ലുകളുണ്ടാകുന്നതിന്റെ ചില കാരണങ്ങള്‍. വിരല്‍ കുടിക്കുക, നഖം കടിക്കുക, പേന, പെന്‍സില്‍ തുടങ്ങിയവ കടിച്ചുകൊണ്ടേയിരിക്കുക, വായ് തുറന്ന് ഉറങ്ങുക തുടങ്ങിയ ശീലങ്ങള്‍ മൂലം സ്ഥിരദന്തങ്ങളുടെ ശരിയായ സ്ഥാനം മാറിപ്പോകുന്നത് സാധാരണയാണ്. പല്ലിലോ മോണയിലോ ഉണ്ടാകുന്ന ക്ഷതങ്ങള്‍ മൂലവും സ്ഥിരദന്തങ്ങള്‍ക്ക് സ്ഥാനമാറ്റം സംഭവിക്കാം.

പുതുതായി വരുന്ന സ്ഥിരദന്തങ്ങള്‍ക്ക് സ്ഥാനമാറ്റമുണ്ടാകുന്നുവെങ്കില്‍ അതു കണ്ടുപിടിച്ച് ശരിയായ ദിശയിലേക്കു കൊണ്ടുവരണം. അല്ലെങ്കില്‍ തെറ്റായ സ്ഥാനങ്ങളില്‍ത്തന്നെ പല്ലുകള്‍ വളരുകയും ഇത് അഭംഗിയുണ്ടാക്കുകയും ചെയ്യും. മറ്റു പല്ലുകള്‍ വളര്‍ന്നുവരാന്‍ തടസ്സമുണ്ടാവുക, താടിയെല്ലിന്റെ ശരിയായ വളര്‍ച്ചയ്ക്ക് പ്രശ്‌നങ്ങളുണ്ടാവുക തുടങ്ങി ഒട്ടേറെ വൈഷമ്യങ്ങളും ഇതുകൊണ്ടുണ്ടാകാം. അതിനാല്‍ ചികില്‍സകള്‍ നേരത്തേ തന്നെ തുടങ്ങണം. ഏഴിനും 13 വയസ്സിനും ഇടയിലാണ് ഇത്തരം ചികില്‍സകള്‍ ഫലപ്രദമായി ചെയ്യാന്‍ കഴിയുക. 

താരതമ്യേന ചെലവു കുറഞ്ഞതും ലളിതവുമായ ചികില്‍സകളേ വേണ്ടിവരാറുള്ളൂ. ശരിയായ സമയത്ത് ഈ ചികില്‍സകള്‍ ചെയ്യുന്നതിലൂടെ കുട്ടികളിലുണ്ടാകാവുന്ന ദന്ത വൈകല്യങ്ങളും മുഖ വൈകല്യങ്ങളും അതിന്റെ തുടക്കത്തില്‍ത്തന്നെ തടഞ്ഞ് താടിയെല്ലുകളുടെ ശരിയായ വളര്‍ച്ച ഉറപ്പാക്കാന്‍ കഴിയും. തുടക്കത്തില്‍ ചെയ്യുന്ന ഇത്തരം ചികില്‍സകളിലൂടെ വൈകല്യങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. പിന്നീട്, അതായത് 14 വയസ്സിനു ശേഷം നടത്തുന്ന ദന്ത്രക്രമീകരണ ചികില്‍സ കൂടുതല്‍ എളുപ്പമുള്ളതാക്കാനും ഫലപ്രമാക്കാനും തുടക്കത്തിലേ നടത്തുന്ന ചികില്‍സകള്‍ ഗുണകരമാകാറുണ്ട്. 

താടിയെല്ലുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും പല്ലുകളുടെ ക്രമീകരണത്തെയും സ്ഥാനത്തെയും ബാധിക്കാറുണ്ട്. മേല്‍ത്താടിയിലെ മോണ അമിതമായി വെളിയില്‍ കാണുക, കീഴ്ത്താടി ചെറുതായിരിക്കുക, താടിയെല്ലുകള്‍ക്ക് മറ്റു തരത്തിലുള്ള വൈകല്യങ്ങളുണ്ടാവുക തുടങ്ങിയവയാണ് സാധാരണ കാണാറുള്ള പ്രശ്‌നങ്ങള്‍. സൗന്ദര്യപരമായ പ്രശ്‌നങ്ങള്‍ മാത്രമല്ല ഇതു കൊണ്ടുണ്ടാകുന്നത്. 

ശരിയായി സംസാരിക്കാന്‍ കഴിയാതെ വരിക, ഭക്ഷണം ചവച്ചരയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക തുടങ്ങിയ പ്രശ്‌നങ്ങളും സാധാരണമാണ്. ഇത്തരത്തിലുള്ള ഏതു പ്രശ്‌നവും കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും. 13 വയസ്സിനു മുമ്പു തന്നെയാണെങ്കില്‍ ലളിതമായ ചികില്‍സകളിലൂടെ നേരേയാക്കാന്‍ കഴിയുന്ന പല കാര്യങ്ങളും പിന്നീട് ശരിയാക്കണമെങ്കില്‍ ഓപ്പറേഷന്‍ തന്നെ വേണ്ടിവന്നേക്കും. മാതാപിതാക്കള്‍ മാത്രമല്ല ചില ചികില്‍സകരും ഇത്തരം കാര്യങ്ങളില്‍ അറിവില്ലായ്മ വെച്ചുപുലര്‍ത്തുന്നുണ്ട്. 

കുട്ടികളുടെ ദന്തക്രമീകരണവുമായി ബന്ധപ്പെട്ട ഏതു ചികില്‍സയും 13 വയസ്സിനു ശേഷമേ പാടുള്ളൂ എന്ന തെറ്റിധാരണയാണ് പ്രശ്‌നമാവാറുള്ളത്. നേരത്തേ തിരുത്താനാവുന്ന പ്രശ്‌നങ്ങള്‍ ഏറ്റവും നേരത്തേ തിരുത്തുക തന്നെയാണ് വേണ്ടത്. ഏതേതു പ്രശ്‌നങ്ങള്‍ എപ്പോഴാണ് പരിഹരിക്കേണ്ടത് എന്നറിയാനും എങ്ങനെയാണ് ഏറ്റവും കുറഞ്ഞ ചെലവിലും ഏറ്റവും ലളിതമായ ചികില്‍സാ രീതികളിലൂടെയും പരിഹരിക്കാനാവുക എന്നും തിരിച്ചറിയാന്‍ യഥാസമയം പരിചയ സമ്പന്നരായ ദന്തരോഗ വിദഗ്ധരുടെ ഉപദേശം തേടണം

ആരോഗ്യമുള്ള കുഞ്ഞ് പിറക്കാന്‍

മാതൃത്വം ശ്രദ്ധയോടും കരുതലോടും കൂടി കൈകാര്യം ചെയ്യേണ്ടത് അതിപ്രധാനമാണ്. കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്നത് അമ്മയാണെങ്കിലും ആരോഗ്യമുള്ള കുഞ്ഞായി പുറത്തുവരുന്നതില്‍ അച്ഛനും പങ്കുണ്ട്. എങ്ങനെയെങ്കിലും കുഞ്ഞുണ്ടാവുക എന്നതല്ല നല്ല ആരോഗ്യമുള്ള കുട്ടിയുണ്ടാവുക എന്നതാവണം ഓരോ ഗര്‍ഭധാരണത്തിന്റെയും ലക്ഷ്യം. 38 ആഴ്ച അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഗര്‍ഭസ്ഥശിശുവിന് പൂര്‍ണ വളര്‍ച്ചയിലെത്താന്‍ വേണ്ട സര്‍വ ഘടകങ്ങളും നല്‍കേണ്ടത് ദമ്പതികളുടെ ഉത്തരവാദിത്വമാണ്.

ഗര്‍ഭധാരണം എപ്പോള്‍? 
ഗര്‍ഭധാരണം ഒരിക്കലും 'അബദ്ധ'ത്തില്‍ ആവരുത്. ഒരു കുഞ്ഞിനെ വഹിക്കാന്‍ ശാരീരികവും മാനസികവുമായ ഒരുക്കം ആത്യാവശ്യമാണ്. എപ്പോള്‍ ഗര്‍ഭിണിയാവണം എന്നത് ആസൂത്രിതമായി ചെയ്യുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലത്. ഓരോ വ്യക്തിയുടെയും ജീവിതം ഗര്‍ഭാവസ്ഥയില്‍ തുടങ്ങുന്നു. ഗര്‍ഭപാത്രത്തില്‍ കഴിയുന്ന 266 ദിവസങ്ങളില്‍ ഭാവിജീവിതത്തിന്റെ എല്ലാ അടിത്തറയും സൃഷ്ടിക്കപ്പെടുന്നു. പ്രത്യേകിച്ച് ആദ്യത്തെ 5 മാസത്തിലാണ് ഗര്‍ഭസ്ഥശിശുവിന്റെ ശാരീരിക അവയവങ്ങള്‍ രൂപാന്തരപ്പെടുന്നത്.

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയോടൊപ്പം ഈ 'ഭാരം' ചുമക്കാനായി ഗര്‍ഭിണിയുടെ ഗര്‍ഭപാത്രമടക്കം മറ്റെല്ലാ അവയവങ്ങളിലും മാറ്റം സംഭവിക്കുന്നു. ഹൃദയം, രക്തധമനികള്‍, വൃക്ക, കരള്‍ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും പുതിയ അതിഥിക്ക് സൗകര്യമൊരുക്കാനായി തയ്യാറാവുന്നു. ആരോഗ്യപ്രശ്‌നമുള്ളവര്‍ ശരിയായ തയ്യാറെടുപ്പില്ലാതെ ഗര്‍ഭിണിയാവരുത്. അത് ആരോഗ്യമുള്ളകുഞ്ഞിന് ജന്മം നല്‍കാന്‍ ബുദ്ധിമുട്ടാവും. അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ ഗര്‍ഭിണിയാവുന്നതിനു മുന്‍പ് ദമ്പതികള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാവണം. പ്രമേഹ രോഗമുള്ളവര്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച ശേഷമേ ഗര്‍ഭിണിയാകാവൂ. പ്രമേഹരോഗികളില്‍ അംഗവൈകല്യമുള്ള കുഞ്ഞ് ജനിക്കാനുള്ള സാധ്യത കൂടുതലാണ്. ഹൃദയസംബന്ധമായ രോഗം, അപസ്മാരം, തൈറോയിഡ് രോഗങ്ങള്‍, മറ്റു പാരമ്പര്യ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ ഗൈനക്കോളജിസ്റ്റിനെ കണ്ട് നിര്‍ദേശങ്ങള്‍ സ്വീകരിച്ചശേഷം മാത്രമേ ഗര്‍ഭിണിയാവാന്‍ പാടുള്ളൂ. ഗര്‍ഭിണിയാവുന്നതിന്റെ ഒരു മാസം മുന്‍പെങ്കിലും ഫോളിക് ആസിഡ് എന്ന വിറ്റാമിന്‍ ഗുളിക കഴിക്കുന്നതുമൂലം ചിലതരം അംഗവൈകല്യങ്ങള്‍ തടയാനാവും.

മാനസിക തയ്യാറെടുപ്പ്
മാനസികമായ തയ്യാറെടുപ്പും പ്രധാനം തന്നെ. അച്ഛനും അമ്മയും ആവാനുള്ള മാനസിക പക്വത ഉണ്ടോ എന്ന് സ്വയം ചോദിക്കണം. സന്തോഷവും സമാധാനവും സ്‌നേഹവും പകര്‍ന്നുകൊടുക്കുന്ന അന്തരീക്ഷത്തില്‍ കുഞ്ഞിനെ വളര്‍ത്താനാവുമോ? എങ്കില്‍മാത്രം മുന്നോട്ടു പോവുക. ഗര്‍ഭകാലത്ത് സ്ത്രീകള്‍ സന്തോഷവും സമാധാനവുമുള്ളവരായിരിക്കണം.
പരിരക്ഷ
മാസമുറ തെറ്റുമ്പോഴേക്കും ഗര്‍ഭസ്ഥശിശുവിന് രണ്ട് ആഴ്ച വളര്‍ച്ചയായിട്ടുണ്ടാവും. മാസമുറ തെറ്റിയാല്‍ ഉടനെ ഡോക്ടറെ കാണുന്നതാണ് ഉത്തമം. പാരമ്പര്യ രോഗമുള്ളവര്‍, കുടുംബത്തില്‍ അംഗവൈകല്യങ്ങള്‍ ഉള്ളവര്‍ അക്കാര്യം ഡോക്ടറോട് തുറന്നുപറയണം. ഏതെങ്കിലും മരുന്നിന് അലര്‍ജിയുണ്ടെങ്കിലും മറച്ചുവെക്കരുത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പേപ്പറുകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണം. ഡോക്ടര്‍ പറയുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 7 മാസം വരെ മാസത്തില്‍ ഒരിക്കലും അതിനുശേഷം രണ്ടാഴ്ചയിലൊരിക്കലും ഡോക്ടറെ കാണേണ്ടതാണ്. ആവശ്യമുള്ള വിറ്റാമിന്‍ ഗുളികകള്‍, അയേണ്‍, കാത്സ്യം ഗുളികകള്‍ എന്നിവ ഡോക്ടറുടെ നിര്‍ദേശാനുസരണം കഴിക്കുകയും വേണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കുവേണ്ട ഘടകങ്ങള്‍കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതില്‍ പ്രധാനം ശരിയായ ആഹാരരീതിയും അമ്മയുടെ മാനസിക അവസ്ഥ, ശരിയായ കുടുംബാന്തരീക്ഷം എന്നിവയാണ്.

ആഹാരക്രമം
ശരിയായ ഭക്ഷണക്രമം കുഞ്ഞിന്റെ കൃത്യമായ വളര്‍ച്ചയെ സഹായിക്കുന്നു. അമ്മ കഴിക്കുന്ന ആഹാരം രക്തത്തിലലിഞ്ഞ്, അതിലൂടെ ഗര്‍ഭസ്ഥശിശുവിന് ആവശ്യമായ പോഷകം ലഭിക്കുന്നു.'പൊടി' വാങ്ങി കലക്കിക്കുടിച്ചാല്‍ മതി, ആരോഗ്യമുള്ള കുഞ്ഞുണ്ടാവും എന്ന പരസ്യവാചകത്തില്‍ മയങ്ങി, അതു മാത്രം കഴിക്കുന്ന അമ്മമാരും കുറവല്ല. 

വീട്ടില്‍ ലഭ്യമാവുന്ന ഊര്‍ജവും പോഷകവും നിറഞ്ഞ ആഹാരം കഴിക്കുന്നതാണ് ബുദ്ധി. ഇവയിലൂടെ ലഭിക്കുന്ന ഊര്‍ജവും പോഷകവും തീര്‍ച്ചയായും പരസ്യങ്ങളില്‍ കാണുന്ന ടിന്‍ഫുഡുകളില്‍ ഇല്ല. ചോറ്, പയറ്, കടല, പരിപ്പ്, മീന്‍, മുട്ട, പാല്‍, കൂവരക്, പച്ചക്കറികള്‍, ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍ ഇവയെല്ലാം പ്രധാനമാണ്. നിത്യേന മൂന്നോ നാലോ ഗ്ലാസ് പാല്‍ അല്ലെങ്കില്‍ പാല്‍ ഉത്പന്നങ്ങള്‍ കഴിക്കണം . അഞ്ചു മുതല്‍ പത്തു വരെ കപ്പ് പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആഹാരം ഏഴു പ്രാവശ്യമായി ഇടവിട്ട് കഴിക്കുന്നതാണ് നല്ലത്. കുറഞ്ഞത് 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. 

ധാരാളം മീന്‍ കഴിക്കുന്നവര്‍ക്ക് ഗര്‍ഭകാല പ്രയാസങ്ങള്‍ കുറയുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. മാസം തികയാതെയുള്ള പ്രസവം, തൂക്കം കുറഞ്ഞ കുഞ്ഞ് ഇവയെല്ലാം ധാരാളം മത്സ്യം കഴിക്കുന്നവരില്‍ കുറവാണ്. നിത്യേന കരിക്കിന്‍വെള്ളം കുടിച്ചാല്‍ കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയെ അത് സഹായിക്കും. പരസ്യങ്ങളില്‍ കാണുന്ന നിറം പിടിപ്പിച്ച പാനീയങ്ങള്‍ കുടിക്കരുത്.

രാവിലെയുള്ള ഛര്‍ദി
ഇത് ആദ്യത്തെ മൂന്നു മാസം സാധാരണമാണ്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയുടെ പ്രധാന ഘട്ടമാണ് ഈ സമയത്ത് നടക്കുന്നത്. ഹാനികരമായതൊന്നും ഗര്‍ഭസ്ഥശിശുവിന് ഏല്‍ക്കാതിരിക്കാനായി പ്രകൃതി ഒരുക്കുന്ന പ്രതിരോധമാര്‍ഗമാണ് ഛര്‍ദി. ഇത് ഒരു രോഗമല്ല. ഛര്‍ദിച്ചാല്‍ കുഴപ്പമാവും എന്ന് തെറ്റിദ്ധരിച്ച് അത് മാറ്റാനായി മരുന്ന് കഴിക്കുന്നതും, ഡ്രിപ്പ് എടുക്കുന്നതും കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും. അതുകൊണ്ട് ചില മുന്‍കരുതലുകള്‍ എടത്താല്‍ മാത്രം മതി. ഇഞ്ചിനീര് കുടിക്കുന്നത് നല്ലൊരു പ്രതിവിധിയാണ്. തണുത്ത ആഹാരം, എരിവും മസാലയും കുറഞ്ഞ ആഹാരം, ഇഷ്ടം തോന്നുന്ന ആഹാരം എന്നിവ ഉപയോഗിച്ചാല്‍ ഓക്കാനവും ഛര്‍ദിയും നിയന്ത്രിക്കാനാവും.

സ്‌കാനിങ്
അഞ്ച് മാസത്തിനു മുന്‍പേ ചെയ്യുന്ന സ്‌കാനിങ്ങിലൂടെ അംഗവൈകല്യങ്ങള്‍ പലതും കണ്ടുപിടിക്കാനാവുന്നു. ഭൂണത്തിന്റെ വളര്‍ച്ച, അസാ ധാരണമായ ഗര്‍ഭാവസ്ഥ, ഗര്‍ഭസ്ഥശിശുവിന്റെ കിടപ്പ്, ശിശുവിനു ചുറ്റും ആവരണം ചെയ്യുന്ന വെള്ളത്തിന്റെ അളവ്, ശിശുവിന്റെ ശ്വാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും അനക്കത്തിന്റെയും അവസ്ഥ, മറുപിള്ളയുടെ സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ സ്‌കാനിങ്ങിലൂടെ മനസ്സിലാക്കാം. മറ്റു പ്രശ്‌നങ്ങളില്ലാത്ത സാധാരണ ഗര്‍ഭിണികള്‍ക്ക് ഒന്നോ രണ്ടോ സ്‌കാന്‍ മാത്രം മതിയാവും.

140 സെന്റീമീറ്ററില്‍ കുറവു പൊക്കമുള്ളവര്‍, 40 കിലോയില്‍ താഴെ തൂക്കമുള്ളവര്‍, പ്രായം 18 വയസ്സിനു താഴെയും 35 വയസ്സിനു മുകളിലുള്ളവര്‍, മറ്റു ആരോഗ്യപ്രശ്‌നമുള്ളവര്‍, നേരത്തെ സിസേറിയന്‍ വഴി പ്രസവം നടന്നവര്‍, ആദ്യപ്രസവത്തില്‍ മാസം തികയാതെ പ്രസവിച്ചവര്‍, പ്രസവത്തില്‍ കുഞ്ഞു മരിച്ചവര്‍, മൂന്നില്‍ കൂടുതല്‍ പ്രസവിച്ചിട്ടുള്ളവര്‍, രണ്ടോ അതില്‍ കൂടുതല്‍ പ്രാവശ്യമോ അടുപ്പിച്ച് ഗര്‍ഭം അലസിപ്പോയിട്ടുള്ളവര്‍, വന്ധ്യതാ ചികിത്സയിലൂടെ ഗര്‍ഭിണിയായവര്‍ - ഇവര്‍ക്കെല്ലാം പ്രത്യേകമായി വിദഗ്ധചികിത്സ ആവശ്യമാണ്.

ഗര്‍ഭിണികളിലുണ്ടാവുന്ന അപായസൂചനകള്‍ പ്രത്യേകം അറിയേണ്ടതാണ്. ഗര്‍ഭകാലത്തുണ്ടാവുന്ന രക്തസ്രാവം, കാല്‍പ്പാദങ്ങളില്‍ നീരു വന്ന് വീര്‍ക്കുക, മൂത്രത്തിന്റെ അളവ് കുറയുക, നീണ്ടുനില്‍ക്കുന്ന തലവേദന, വയറുവേദന, ഉറക്കക്കുറവ്, വെള്ളം പൊട്ടിപ്പോവുക, ഗര്‍ഭസ്ഥശിശുവിന്റെ അനക്കം കുറയുക എന്നിവ കണ്ടാല്‍ ഉടനെ വിദഗ്ധപരിശോധന തേടുക.

നടുവേദന
മിക്കവാറും എല്ലാ ഗര്‍ഭിണികളെയും നടുവേദന അലട്ടാറുണ്ട്. വളരെനേരം നിന്നോ ഇരുന്നോ ജോലിചെയ്യുന്നവര്‍, അമിത വണ്ണമുള്ളവര്‍, ശരിയായ വ്യായാമമില്ലാത്തവര്‍ എന്നിവരിലാണ് കൂടുതലായി ഇതു കണ്ടുവരുന്നത്. വേദനയുള്ള ഭാഗത്ത് ചെറിയ ചൂടുവെക്കുന്നത് വേദന കുറയാന്‍ സഹായിക്കും. ഇരിക്കുമ്പോള്‍ നടുവിന് താങ്ങ് നല്‍കാനായി ഉറപ്പുള്ള തലയണയോ മറ്റോ ഉപയോഗിക്കുക. കിടക്കുമ്പോള്‍ ചെരിഞ്ഞു കിടക്കണം. നടുവിന്റെ ഭാഗത്ത് ഒരു ബഡ് ഷീറ്റ് മടക്കിയോ തലയണയോ താങ്ങായി വെക്കുക. കാല്‍മുട്ടുകള്‍ മടക്കിവക്കുക എന്നിവ വേദനയകറ്റാന്‍ സഹായിക്കും. ഗര്‍ഭകാലത്തെ ഒരു പ്രത്യേകതയാണ് മലബന്ധം. ചെറു ചൂടുവെള്ളം കുടിക്കുക, നാരുകള്‍ നിറഞ്ഞ ഭക്ഷണം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നിവയാണ് പ്രതിവിധി.

തൂക്കം കുറഞ്ഞാല്‍
ശിശുവിന്റെ ശാരീരിക, മാനസിക, ബുദ്ധിപരമായ വളര്‍ച്ചയെയും വികാസത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് തൂക്കക്കുറവ്. ജനനസമയത്ത്് കുഞ്ഞിന് 2.8 മുതല്‍ 3 കിലോ വരെ തൂക്കം വേണം. 2.5 കിലോക്കു താഴെയുള്ള കുഞ്ഞുങ്ങളെയാണ് വളര്‍ച്ച മുരടിച്ചതും തൂക്കം കുറഞ്ഞതുമായി കരുതുന്നത്. പ്രതിരോധശക്തി കുറഞ്ഞ ശിശുക്കള്‍ക്ക് പ്രസവശേഷം അണുബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭകാലത്ത് തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഓക്‌സിജന്‍ ശരിയായി കിട്ടാതെവരുന്നു. ജന്നി വന്ന് സ്ഥിരമായ ബുദ്ധിമാന്ദ്യത്തിനുവരെ ഇടയായേക്കാം.

ഗര്‍ഭകാലത്ത് പോഷകാഹാരക്കുറവ്, മാനസികസമ്മര്‍ദ്ദം എന്നിവ ഉള്ളവരിലാണ് ഇത്തരം കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. ഗര്‍ഭകാലത്തെ മാനസിക സംഘര്‍ഷം, ചുറ്റുമുള്ള ശബ്ദകോലാഹലങ്ങള്‍ തുടങ്ങിയവയെല്ലാം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയിലും ഭാവിയിലെ സ്വഭാവരൂപവത്കരണത്തിലും സുപ്രധാന പങ്ക് വഹിക്കുന്നു.

ചുംബനത്തിലൂടെ അലര്‍ജി പടരും

ചുംബനം രോഗങ്ങള്‍ പടര്‍ത്തുമോ? പടര്‍ത്തുമെന്നുതന്നെയാണ് ഗവേഷകരുടെ കണ്ടെത്തല്‍, ചില തരം അലര്‍ജികള്‍ ചുംബനത്തിനിടെ പടരുക പതിവാണെന്നും വായും ചുണ്ടുകളും എത്ര കഴുകിയാലും അലര്‍ജിയുള്ളയാളുമായാണ് ചുംബനം പങ്കിടുന്നതെങ്കില്‍ അത് പടരാനുള്ള സാധ്യത കൂടുതലാണത്രേ. 
ചില ഭക്ഷണപദാര്‍ഥങ്ങള്‍ കഴിയ്ക്കുമ്പോള്‍ അലര്‍ജിയുണ്ടാകുന്ന പതിവുള്ളവരാണെങ്കില്‍ ഇയാളില്‍ നിന്നും ചുംബനപങ്കാളിയ്ക്ക് അലര്‍ജി പടരുക എളുപ്പമാണ്. 
ഭക്ഷണശേഷം നന്നായി ബ്രഷ് ചെയ്യുകയും മറ്റു ചെയ്താലും അലര്‍ജി പടരാന്‍ സാധ്യതയുണ്ട്. മിക്കപ്പോഴും ചുണ്ടുകള്‍ ചേര്‍ത്തുള്ള ചുംബനത്തിനിടെ ഉമിനീര് പരസ്പരം കലര്‍ന്നാണ് അലര്‍ജി പടരുന്നത്.
പലരിലും ചുംബനത്തിലൂടെ പടരുന്ന അലര്‍ജികള്‍ ചുണ്ടുകളില്‍ തടപ്പായും തൊണ്ടകളില്‍ വേദനയും നീര്‍ക്കെട്ടുമായുമെല്ലാമാണ് കണ്ടുവരുന്നത്. ചിലരിലാണെങ്കില്‍ വായ്ക്കുള്ളില്‍ ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകളുണ്ടാവുകയും ചെയ്യും. 
അപൂര്‍വ്വം ചിലരില്‍ ശ്വസനസംബന്ധമായ അസ്വസ്ഥകളും കണ്ടുവരാറുണ്ട്. ഭക്ഷണം, മരുന്ന് എന്നിവകാരണം അലര്‍ജിയുണ്ടാകുന്നവര്‍ ഭക്ഷണം അല്ലെങ്കില്‍ മരുന്ന് കഴിച്ച് കഴിഞ്ഞ് 16 മുതല്‍ 24 മണിക്കൂര്‍ വരെ പങ്കാളിയുമായി ചുംബനത്തിലേര്‍പ്പെടാതിരിക്കുകയായിരിക്കും നല്ലത്. 
ചുംബിക്കുകയാണെങ്കില്‍ത്തന്നെ വായും പല്ലുകളും നന്നായി വൃത്തിയാക്കിയശേഷം മാത്രമേ പാടുള്ളുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാലും അലര്‍ജി പടരാന്‍ സാധ്യതയുണ്ട്.
ചുംബനത്തിലൂടെ അലര്‍ജി പടരും

കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിനെ സൂക്ഷിക്കുക

ഏറെനേരം കംപ്യൂട്ടറിന്‌ മുന്നിലിരിക്കുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്ക്‌ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന നേത്രരോഗം പിടിപെട്ടേക്കാം. കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക്‌ മണിക്കൂറുകളോളം നോക്കിയിരുന്നാല്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം പിടിപെടാനുള്ള സാധ്യത കൂടുതലാണ്‌. കണ്ണിന്‌ വേദന, ചെങ്കണ്ണ്‌, കണ്ണിലൂടെ വെള്ളം വരുക, കാഴ്‌ചയ്‌ക്ക്‌ തകരാര്‍, തലവേദന, കണ്ണില്‍ ഈര്‍പ്പമില്ലായ്‌മയും ചൊറിച്ചിലും തുടങ്ങിയ വ്യത്യസ്‌ത രൂപങ്ങളില്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം പിടിപെടാം.

ഇതിനെ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങള്‍ വിശദീകരിക്കാം.

ഓരോ 20 മിനിട്ടിനിടയിലും ഇടവേളയുണ്ടാക്കി കണ്ണടയ്‌ക്കുകയാണ്‌ ഈ രോഗത്തെ ചെറുക്കാന്‍ ഒരു മാര്‍ഗം. മാസത്തില്‍ ഒരുതവണയെങ്കിലും ഒരു നേത്രരോഗ വിദഗ്‌ദ്ധനെ കണ്ട്‌ കണ്ണുകള്‍ പരിശോധിപ്പിക്കണം. സി ആര്‍ ടി മോണിറ്റര്‍ ഒഴിവാക്കി, എല്‍ സി ഡി മോണിറ്റര്‍ ഉപയോഗിക്കണം. കംപ്യൂട്ടര്‍ വെച്ചിരിക്കുന്ന മുറിയില്‍ ആവശ്യത്തിന്‌ വെളിച്ചം കടക്കുന്നതാണെന്ന്‌ ഉറപ്പ്‌ വരുത്തണം. മോണിറ്ററില്‍ നിന്ന്‌ 20-30 ഇഞ്ച്‌ അകലെയിരുന്ന്‌ മാത്രമെ കംപ്യൂട്ടറിലേക്ക്‌ നോക്കാന്‍ പാടുള്ളു.

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ എ സിയുടെ തണുപ്പ്‌ കുറയ്‌ക്കണം. കംപ്യൂട്ടര്‍ സ്‌കീനില്‍ ആന്റി ഗ്‌ളെയര്‍ ഗ്‌ളാസ്‌ ഉപയോഗിച്ചാല്‍ ഉത്തമമായിരിക്കും. 17 ഇഞ്ചോ അതില്‍ കൂടുതലോ വലുപ്പമുള്ള മോണിറ്റര്‍ ഉപയോഗിക്കുക. മോണിറ്ററിന്റെ ബ്രൈറ്റ്‌നെസ്‌, കോന്‍ട്രാസ്‌റ്റ്‌, കളര്‍ എന്നിവ കണ്ണിന്‌ അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുക. തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിനെ ചെറുക്കാനാകും.

കൂര്‍ക്കംവലി പരിഹരിക്കാം

ഉറക്കപ്രശ്‌നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളായി മാറാറുണ്ട്.
ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ്

നിദ്രായത്തം സുഖം ദുഃഖം എന്നാണ് ആയുര്‍വേദാചാര്യനായ വാഗ്ഭടന്‍ പറഞ്ഞിട്ടുള്ളത്. ജീവിതത്തിലെ സുഖവും ദുഃഖവും ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു എന്നര്‍ഥം. ഉറക്കപ്രശ്‌നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളായി മാറാറുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ്. ഉറക്കത്തില്‍ ശബ്ദത്തോടെ ശ്വാസോച്ഛ്വാസം ചെയ്യേണ്ടി വരുന്നപ്രശ്‌നം തന്നെ കൂര്‍ക്കംവലി. ഉണര്‍ന്നിരിക്കുമ്പോള്‍ ഒരു നിമിഷം പോലും വിടാതെ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ടിരിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ ആ വേളയില്‍ നേരിയശബ്ദം പോലും ഉണ്ടാകാറില്ല. ഉറക്കത്തില്‍ മാത്രമാണ് ശ്വാസോച്ഛ്വാസത്തില്‍ ഒച്ചപ്പാടുണ്ടായി കൂര്‍ക്കം വലിയാകുന്നത്.

കാരണങ്ങള്‍
ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സങ്ങളുണ്ടാകുന്നതാണ് കൂര്‍ക്കം വലി.പലകാരണങ്ങള്‍ കൊണ്ട് ഇങ്ങനെ കൂര്‍ക്കംവലിയുണ്ടാകാം.

ജലദോഷവും മൂക്കടപ്പും: ജലദോഷവും മൂക്കടപ്പുമുള്ളപ്പോള്‍ മിക്കയാളുകള്‍ക്കും കൂര്‍ക്കം വലിയുണ്ടാകാറുണ്ട്. ശ്വാസവായുവിന് നേരേ ശ്വാസകോശത്തിലേക്കു കടന്നെത്താന്‍കഴിയാത്തവിധം തടസ്സങ്ങളുണ്ടാകുന്നതാണ് ഇതിനു കാരണം. കുട്ടികളില്‍ ഇതു കൂടുതലായി കാണാറുണ്ട്.

ശ്വാസഗതിയില്‍ കുറുനാക്ക് തടസ്സമായി വരുന്നത്: വളരെ ചുരുക്കം ചിലരില്‍ മാത്രം കാണുന്ന പ്രശ്‌നമാണിത്. കുറുനാക്കിന് അല്പം നീളം കൂടുതലുള്ളവരില്‍ അത് ശ്വാസ വായുവിന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നതാണ് കൂര്‍ക്കം വലിക്കു കാരണം.

തൊണ്ടയിലെ പേശികള്‍ അയഞ്ഞ് ദുര്‍ബലമാകുന്നത്: കൂര്‍ക്കംവലിയുടെ ഏറ്റവും പ്രധാനപ്പെട്ടകാരണം ഇതു തന്നെ. ഉറങ്ങുമ്പോള്‍ കഴുത്തിലെ പേശികളും നാവുമായി ബന്ധപ്പെട്ട പേശികളുമൊക്കെ തെല്ലൊന്ന് കുഴഞ്ഞ് ബലം കുറഞ്ഞിരിക്കും. നാവും വലിയൊരു പേശിയാണല്ലോ.

ഉണര്‍ന്നിരിക്കുമ്പോള്‍ ദൃഢമായി നില്‍ക്കുന്ന നാവ് ഉറക്കത്തില്‍ ദൃഢത കുറഞ്ഞ് കുഴഞ്ഞു താഴേക്കു തൂങ്ങിനില്‍ക്കും.കഴുത്തില്‍ പേശികളല്ലാതെ അസ്ഥികളൊന്നുമില്ല എന്നതുമോര്‍ക്കുക. ഉറങ്ങുമ്പോള്‍ ഈ പേശികളെല്ലാം കുറച്ചൊന്ന് അയഞ്ഞ് തളര്‍ന്നിരിക്കും.
തൊണ്ടയിലൂടെയാണല്ലോ ശ്വാസനാളി കടന്നുപോകുന്നത്. ഈ ശ്വാസക്കുഴല്‍ അയഞ്ഞ് തളര്‍ന്നിരിക്കുന്നതിനാല്‍ അതിലൂടെ വായുവിന് ശരിക്കു കടന്നുപോകാന്‍ കഴിയാതെ വരും. ഇങ്ങനെ തടസ്സപ്പെട്ട് വായു കടന്നുപോകുമ്പോഴുണ്ടാകുന്ന ശബ്ദമാണ് കൂര്‍ക്കം വലിയായി അനുഭവപ്പെടുന്നത്.

മൂക്കിന്റെ പാലത്തിനുണ്ടാകുന്ന തകരാറുകള്‍: ജനിക്കുമ്പോള്‍തന്നെ മൂക്കിനുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ കൂര്‍ക്കംവലിക്കു കാരണമാകാറുണ്ട്. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നതു പോലുള്ള പ്രശ്‌നങ്ങള്‍ ഉദാഹരണം.

ടോണ്‍സിലൈറ്റിസ്: കഴുത്തിന്റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ലിംഫ് കലകളാണ് ടോണ്‍സിലുകള്‍. ഇവയ്ക്ക് അണുബാധയുണ്ടായി വീങ്ങുമ്പോള്‍ തൊണ്ടയില്‍ ശ്വാസനാളം ഇടുങ്ങുകയും കൂര്‍ക്കംവലിയുണ്ടാവുകയും ചെയ്യും.

പരിഹാരം
പലപ്പോഴും ജീവിതക്രമീകരണങ്ങള്‍ കൊണ്ടു തന്നെ കൂര്‍ക്കംവലി വലിയൊരളവോളം പരിഹരിക്കാന്‍ കഴിയും

വടിവൊത്ത ശരീരം

തടി കൂടിപ്പോയതിന്‍റെ പേരില്‍ ശരീരം ഒന്നു ‘വടി’ പോലെയാക്കാന്‍ പട്ടിണി കിടക്കുന്നവരും വ്യായാമത്തില്‍ ഏര്‍പ്പെടുന്നവരും കുറവല്ല. വടിവൊത്ത ശരീരം പെണ്‍‌മണികള്‍ക്ക് സൌന്ദര്യപ്രദം മാത്രമല്ല ആരോഗ്യദായകം കൂടിയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അനാകര്‍ഷകമായ വീര്‍ത്തിരിക്കുന്ന ശരീര പ്രകൃതമുള്ളവരെക്കാള്‍ വടിവൊത്ത ശരീരമുള്ള (വലിയ തുടകളും നിതംബവുമുള്ള) സ്ത്രീകള്‍ക്ക് ഏറെക്കാലം ആയുസ്സുണ്ടാകുമെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

പഠനത്തിന് വിധേയരായവര്‍ക്ക് എട്ട് ആഴ്ചയോളം അടിപോളി ഭക്ഷണമായിരുന്നു നല്ലത്. ഐസ്ക്രീം, ചോക്‍ലേറ്റ്, മധുര പാനീയങ്ങള്‍ തുടങ്ങി കൊഴുപ്പുള്ള ഭക്ഷണം കൊതി തിരും വരെ നല്കി. ഈ കാലയളവിന് മുമ്പും അതിന് ശേഷവും അവരുടെ ശരീരത്തിലുള്ള കൊഴുപ്പിന്‍റെ അളവ് ഗവേഷകര്‍ അളന്ന് തിട്ടപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് കണ്ടെത്താനായത് ഓരോരുത്തരുടേയും ശരീരത്തിന്‍റെ മുകള്‍ ഭാഗത്ത് ശരാശരി 2.5 കിലോയും കീഴ്ഭാഗത്ത് 1.5 കിലോയും കൊഴുപ്പ് കൂടിയെന്നാണ്. എന്നാല്‍ ഇതേസമയം തന്നെ ആമാശയം, ഹൃദയം എന്നിവയുടെ ചുറ്റുമുള്ള കൊഴുപ്പ് കോശങ്ങളുടെ വലുപ്പം കൂടുന്നതായും പഠനത്തില്‍ കണ്ടെത്തി. ഈ കോശങ്ങള്‍ കൂടുതല്‍ കൊഴുപ്പ് സംശ്ലേഷണ പ്രോട്ടീന്‍ ഉല്‍‌പ്പാദിപ്പിക്കുന്നതിനാലാണിത്. എന്നാല്‍, കാലിന്‍റെ തുടകളിലെ കൊഴുപ്പ് കോശങ്ങള്‍ എണ്ണത്തില്‍ കൂടിയെന്നല്ലാതെ അവ വലുതാവുന്നതായി കണ്ടില്ല.

ശരീരത്തിന്‍റെ മുകള്‍ഭാഗത്തും കീഴ്ഭാഗത്തും കൊഴുപ്പ് അടിയുന്നത് വ്യത്യസ്തമാണെന്നാണ് കണ്ടെത്തല്‍. അതായത് ശരീരത്തിന്‍റെ മുകള്‍ ഭാഗത്ത് കൊഴുപ്പ് കോശങ്ങളുടെ വലിപ്പം വര്‍ദ്ധിക്കുമ്പോള്‍ കീഴ്ഭാഗത്ത് ഇവയുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്. അരക്കെട്ടിന് താഴെയുള്ള ഭാഗത്ത് കൂടുതല്‍ എണ്ണം കൊഴുപ്പ് കോശങ്ങള്‍ ഉല്പാപ്പിദിക്കാനുള്ള കഴിവ് ശരീരത്തിന്‍റെ മുകള്‍ ഭാഗത്തിന് സംരക്ഷണം നല്‍കുമെന്നും ഗൌരവകരമായ പോഷണ സംബന്ധിയായ രോഗങ്ങള്‍ തടയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. 

ശരീരത്തിന്‍റെ മേല്‍‌ഭാഗത്തിനും കീഴ്ഭാഗത്തിനും ഇടയില്‍ കൊഴുപ്പ് കോശങ്ങളുടെ എണ്ണം വ്യത്യാസപ്പെടില്ലെന്ന വിശ്വാസം ശരിയല്ലെന്ന് തെളിഞ്ഞതായി പഠന സംഘത്തിന്‍റെ മേധാവിയായ, റോക്കെസ്റ്ററിലെ മയോ ക്ലിനിക്കിലെ മൈക്കില്‍ ജെന്‍‌സണ്‍ പറഞ്ഞു.

വടിവൊത്ത ശരീരം ഇല്ലെന്നുള്ള ദുഖമുണ്ടോ? ആഹാരത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും ശരീരം കൂടുതല്‍ ആകര്‍ഷകമാക്കാം. ഉപ്പ്, പഞ്ചസാര തുടങ്ങിയവ കുറയ്ക്കുക. പഞ്ചസാര കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ഊര്‍ജ്ജം വ്യായാമം ചെയ്ത് പുറത്ത് കളഞ്ഞില്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പായി അടിഞ്ഞ് കൂടും. കൂടുതല്‍ ഉപ്പ് ശരീരത്തിലുണ്ടെങ്കില്‍ ജലാംശം അധികം പുറത്ത് പോകാതെ ശരീരത്തില്‍ തങ്ങി നില്‍ക്കും. പതിവായി ചായ കുടിക്കുന്ന ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്. 

മാനസിക സംഘര്‍ഷം ശരീരവണ്ണം കൂടുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതിന് കാരണമാകാവുന്ന ഹോര്‍മോണുകള്‍ ഉല്‍‌പാദിപ്പിക്കപ്പെടാന്‍ മനസംഘര്‍ഷം ഇടയാക്കുമെന്നതിനാലാണിത്. അരക്കെട്ടില്‍ വലിയ അളവില്‍ കൊഴുപ്പടിഞ്ഞ് കൂടിയവര്‍ക്ക് കൂടുതല്‍ മനസംഘര്‍ഷം ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

പാദരക്ഷ കരുതലോടെ

ഫാഷന്‍ ഭ്രമം മൂലം ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം. വസ്ത്രങ്ങള്‍ കഴുകി ഉപയോഗിക്കുന്നതുപോലെ എല്ലാദിവസവും ചെരുപ്പും വൃത്തിയാക്കേണ്ടതാണ്

പാദരക്ഷ എന്നതിനപ്പുറം, വസ്ത്രധാരണത്തിലെ സ്റ്റൈലിന്റെയും ഫാഷന്റെയും കൂടി ഭാഗമാണ്് ചെരിപ്പ്. എന്നാല്‍ ഫാഷനു വേണ്ടി വാങ്ങുന്ന പല ചെരിപ്പുകളും ആരോഗ്യത്തിന് അത്ര നന്നല്ല എന്നതാണ് വസ്തുത. ചെരിപ്പിന്റെ കാര്യത്തില്‍ ഫാഷനൊപ്പം ആരോഗ്യത്തെ കൂടി പരിഗണിക്കേണ്ടതാണ്. ഫാഷന്റെ ഭാഗമായി ഹീലിന് ഉയരം കൂടിയ ചെരിപ്പുകള്‍ പലരും തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ചെരിപ്പ് തിരഞ്ഞെടുക്കുമ്പോള്‍ കാലിന്റെ സുഖത്തിനും സുരക്ഷക്കുമാണ് പരമാവധി പ്രാധാന്യം നല്‍കേണ്ടത്. 

ചെരിപ്പ് ഉണ്ടാക്കിയിരിക്കുന്ന പദാര്‍ഥം, ചെരിപ്പിന്റെ ഭാരം, മൃദുത്വം തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. മടമ്പ് ഉയര്‍ന്ന ചെരിപ്പുകള്‍ സ്‌ത്രൈണതയെ നന്നായി പ്രദര്‍ശിപ്പിക്കുന്നതിനാലാണ് സ്ത്രീകള്‍ പലപ്പോഴും ഹൈഹീലിനോട് താല്‍പ്പര്യം കാണിക്കുന്നത്. ഉപ്പൂറ്റി ഉയര്‍ന്ന ചെരിപ്പ് ധരിക്കുമ്പോള്‍ നിതംബം പിന്നിലേക്ക് അലപം കൂടി തള്ളി നില്‍ക്കും. അതിനെ ബാലന്‍സ് ചെയ്യാനായി ശരീരം അല്പം മുന്നോട്ട് വളഞ്ഞ് നില്‍ക്കും. ഇങ്ങനെ സ്‌ത്രൈണവടിവുകള്‍ സ്വാഭാവികമെന്നോണം കൂടുതല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. എന്നാല്‍ ഈ ഫാഷന്‍ ഭ്രമം മൂലം നടുവേദന, കാലുവേദന തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് സര്‍വസാധാരണമാണ്. നിത്യോപയോഗത്തിനുള്ള ചെരിപ്പുകള്‍ ഒരിക്കലും ഹൈഹീല്‍ഡ് ആയിരിക്കരുത്. ശരീരവടിവ് പ്രദര്‍ശിപ്പിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഫാഷന്‍ ഷോകള്‍, വിരുന്നു സല്‍ക്കാരങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ പോകുമ്പോള്‍ മാത്രം ഉപയോഗിക്കാനായി ഇത്തരം ചെരിപ്പുകള്‍ മാറ്റി വെക്കാവുന്നതാണ്.

> ചെരിപ്പ് കാലിന് പൂര്‍ണ സംരക്ഷണം നല്‍കുന്നതായിരിക്കണം. പാദം പൂര്‍ണമായി ഉള്ളിലായിരിക്കും വിധമുള്ള ചെരിപ്പുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

> പിന്നില്‍ കെട്ടുള്ള തരം ചെരിപ്പുകള്‍ ഉപയോഗിക്കുന്നതാണ് പലപ്പോഴും കൂടുതല്‍ ഗുണകരം.

> പ്ലാസ്റ്റിക് ചെരിപ്പുകള്‍ വാങ്ങുമ്പോള്‍ വളരെയധികം സൂക്ഷിക്കണം. പലപ്പോഴും ഗുണംകുറഞ്ഞ പ്ലാസ്റ്റിക്കു കൊണ്ടാണ് ചെരിപ്പുകള്‍ ഉണ്ടാക്കാറുള്ളത്. കുറഞ്ഞയിനം പ്ലാസ്റ്റിക് ചെരിപ്പുകള്‍ ഉപയോഗിക്കുന്നത് കാലിന്റെ ആരോഗ്യത്തെ ഗൗരവമായി ബാധിക്കാം.

> ഒറ്റ അച്ചിലുണ്ടാക്കിയതു പോലുള്ള പ്ലാസ്റ്റിക് ഷൂസുകള്‍ പലപ്പോഴും അത്ര നല്ലതാവാറില്ല.

> പ്രമേഹമുള്ളവര്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ചെരിപ്പുകള്‍ ഉപയോഗിക്കണം. വള്ളിച്ചെരിപ്പുകളെക്കാള്‍ പാദം മൊത്തത്തില്‍ മൂടുന്ന തരം ചെരിപ്പുകളാണ് പ്രമേഹക്കാര്‍ക്ക് നല്ലത്.

> കൃത്യമായ അളവുള്ള ചെരിപ്പ് തിരഞ്ഞെടുക്കണം. ഉപോയഗിക്കാനുള്ള ആള്‍ നേരിട്ടു പോയി ധരിച്ചു നോക്കിയേ ചെരിപ്പു വാങ്ങാവൂ. അളവു പറഞ്ഞ് വാങ്ങുന്ന രീതി നന്നല്ല. പല കമ്പനിയുടെ അളവുകള്‍ തമ്മില്‍ വ്യത്യാസമുണ്ടാവാം. ഒരുകമ്പനിയുടം തന്നെ പല മോഡലുകള്‍ തമ്മിലും അളവില്‍ വ്യത്യാസം വരാം.

> ദൃഢത കൂടിയ ചെരിപ്പുകള്‍ പലപ്പോഴും കാലിലുരഞ്ഞ് അസ്വസ്ഥതയോ പൊട്ടലോ ഉണ്ടാക്കാറുണ്ട്. അതിനാല്‍ മൃദുവായ ചെരിപ്പുകള്‍ മാത്രം ഉപയോഗിക്കുക.

> മഴക്കാലത്തെ ഉപയോഗത്തിനായി വില കുറഞ്ഞ ചെരിപ്പുകള്‍ മാര്‍ക്കറ്റില്‍ വ്യാപകമായി എത്തിച്ചേരാറുണ്ട്. അവയുടെ ഗുണം വിലയെക്കാള്‍ വളരെ വളരെ കുറവായിരിക്കുമെന്ന് ഓര്‍ക്കുക. മഴക്കാലത്തേക്ക് മൃദുവായ റബ്ബര്‍ ചെരിപ്പുകളോ മറ്റോ തിരഞ്ഞെടുക്കുക.

> ഷൂ ഉപയോഗിക്കുമ്പോള്‍ എപ്പോഴും സോക്‌സ് ധരിക്കുക. സോക്‌സ് ഇല്ലാതെ പ്ലാസ്റ്റിക് ഷൂ ഉപയോഗിക്കരുത്.

> എപ്പോഴും കോട്ടണ്‍ സോക്‌സ് മാത്രം ധരിക്കുക. ഒരു സോക്‌സ് ഒരു ദിവസമേ ഉപയോഗിക്കാവൂ. 

> നനഞ്ഞ സോക്‌സ്, ചെരിപ്പ് തുടങ്ങിയവ ധരിക്കരുത്. അവ അഴിച്ചു വെച്ച് ഉണങ്ങിയ ശേഷമേ ഉപയോഗിക്കാവൂ.

> ഷൂ വാങ്ങുമ്പോള്‍ സോക്‌സ് കൂടി ഉപയോഗിക്കുമ്പോഴും മുറുക്കമുണ്ടാകാത്തത്ര വലിപ്പമുളളത് തിരഞ്ഞെടുക്കണം. 

> ഷൂവിനുള്ളില്‍ കാല്‍ വിരലുകള്‍ സ്വതന്ത്രമായി ചുഴറ്റാന്‍ തക്ക ഇടം ഉണ്ടായിരിക്കണം.

> പുതിയ ചെരിപ്പ് വാങ്ങിയാല്‍ അന്നു തന്നെ അത് ധരിച്ചു തുടങ്ങാതെ ഏതാനും ദിവസം കുറച്ചു മണിക്കൂറുകള്‍ വീതം ധരിച്ച് പതുക്കെ കാലിനോട് ഇണങ്ങിയ ശേഷം മാത്രം പതിവുപയോഗത്തിനെടുക്കുക.

> വസ്ത്രങ്ങള്‍ എന്നും കഴുകിയുണക്കി തേച്ച് ഉപയോഗിക്കുന്നവരും ചെരിപ്പിന്റെ കാര്യത്തില്‍ ഒരു ശ്രദ്ധയും നല്‍കാറില്ല. ചെരിപ്പിന്റെ വൃത്തി കാലിന്റെ ആരോഗ്യകാര്യത്തില്‍ ഏറെ പ്രധാനമാണെന്നത് മറക്കാതിരിക്കുക. ചെരിപ്പ് പതിവായി വൃത്തിയാക്കിത്തന്നെ ഉപയോഗിക്കുക

അമ്മമാരുടെ പൊണ്ണത്തടി നവജാതശിശുക്കള്‍ക്ക് അപകടം

അമ്മമാരിലെ പൊണ്ണത്തടി നവജാതശിശുക്കളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഹൃദയത്തിന്റെയോ ഹൃദയധമനികളുടെയോ ഘടനയില്‍ തകരാറ് കാണപ്പെടുന്ന കോഞെ്ജനിറ്റല്‍ ഹാര്‍ട്ട് ഡിഫക്ട് ആണ് അനാരോഗ്യകരമായ തടിയുള്ള അമ്മമാരുടെ കുട്ടികളില്‍ കാണപ്പെടുന്ന മാരകമായ തകരാറ്. ഗര്‍ഭിണികളിലെ പൊണ്ണത്തടി അമ്മയ്ക്കും കുഞ്ഞിനും ഒട്ടേറെ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു. 

ഗര്‍ഭകാലത്തെ പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവയ്‌ക്കൊപ്പം അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് സിസേറിയന്‍ പ്രസവത്തിനും സാധ്യതയുണ്ടെന്നാണ് മറ്റ് പഠനഫലങ്ങള്‍. ഇത്തരം അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടിയും പിന്നീട് ടൈപ്പ് 2 പ്രമേഹവും ഉണ്ടാകാനിടയുണ്ടെന്നും ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നു. കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള ഉയരത്തിന്റെ പെരുക്കം കൊണ്ട് ഹരിച്ച് കിട്ടുന്ന തുകയായ ബോഡി മാസ് ഇന്‍ഡക്‌സ് 30-ല്‍ കൂടുതലുള്ളവരെയാണ് പൊണ്ണത്തടിക്കാരായി പരിഗണിക്കുന്നത്.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്‍റും എന്‍.ഐ.സി.എച്ച്.ഡി.യും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 11 വര്‍ഷത്തിനുള്ളില്‍ നടന്ന 15ലക്ഷം പ്രസവങ്ങള്‍ നിരീക്ഷണവിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വെളിവായത്. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധപ്പെടുത്തിയ മറ്റൊരു ഗവേഷണഫലത്തില്‍, പൊണ്ണത്തടിയുള്ള അമ്മമാരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാരോഗ്യം കുറഞ്ഞ കുട്ടികളുണ്ടാകാനുള്ള സാധ്യത 11ശതമാനം അധികമാണെന്ന് കണ്ടെത്തുകയുണ്ടായി. എന്നാല്‍ അമിതഭാരമുള്ള അമ്മമാര്‍ക്ക് (വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ അവര്‍ക്ക് പൊണ്ണത്തടിയില്ലെങ്കില്‍)ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്നും പഠനം വെളിപ്പെടുത്തുന്നു.

പൊണ്ണത്തടിയുള്ള അമ്മമാര്‍ക്ക് പിറക്കുന്ന കുട്ടികള്‍ക്കും പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയുണ്ട്.ഇത്തരം അമ്മമാരില്‍ പിറക്കുന്ന കുട്ടികളില്‍ 29ശതമാനം പേര്‍ക്കും ഈയവസ്ഥയുണ്ടാകുമെന്ന് അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നു. അതുപോലെ ന്യൂറല്‍ ട്യൂബില്‍ തകരാറും(ന്യൂറല്‍ ട്യൂബ് ഡിഫക്ട്‌സ്) ഇത്തരം കുട്ടികളില്‍ കണ്ടുവരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ തകരാറ് കണ്ടെത്തി പരിഹരിക്കാം. അതുപോലെ ഗര്‍ഭസ്ഥശിശുവിനും അമിതഭാരമുണ്ടായി പ്രസവത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാനിടയുണ്ട്.
പ്രതിരോധം

പ്രസവത്തിനുമുന്‍പ് ശരീരഭാരം കുറയ്ക്കുകയാണ് പൊണ്ണത്തടികൊണ്ടുള്ള അപകടം ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത്.ഡോക്ടറുടെ ഉപദേശം തേടിയതിനുശേഷം ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തും ഭാരം കുറയ്ക്കാം. ചെറിയതോതില്‍ ഭാരം കുറയ്ക്കുന്നതുപോലും പ്രസവകാലത്തെ സങ്കീര്‍ണതകള്‍ ഒഴിവാക്കാം. പൊണ്ണത്തടി പരിധിവിട്ടുള്ളതാണെങ്കില്‍ അത് കുറയ്ക്കാനുള്ള ശസ്ത്രക്രിയയും പരിഹാരമാണ്.

എന്നാല്‍ ഗര്‍ഭകാലത്ത് ഭാരം കുറയ്ക്കുന്നത് അപകടം ചെയ്യുമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്തുള്ള ഭക്ഷണക്രമീകരണം കുട്ടിക്ക് പോഷകങ്ങള്‍ കിട്ടുന്നത് ഇല്ലാതാക്കും. പകരം നിലവിലുള്ളത് അമിതമായി കൂടുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.

ഗര്‍ഭകാലത്ത് വിദഗ്ധരുടെ നിര്‍ദേശാനുസരണമുള്ള വ്യായാമം ചെയ്യാവുന്നതാണ്. വീടിനുചുറ്റും മുറിയിലുമുള്ള നടത്തംപോലും ഗുണം ചെയ്യും. ഇത് പ്രസവസമയത്തുള്ള സങ്കീര്‍ണതകള്‍ ഒരളവോളം കുറയ്ക്കും.

വാര്‍ധക്യം ബാധിക്കാതിരിക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍

ചര്‍മംകണ്ടാല്‍ പ്രായംതോന്നുകയേയില്ല. വാര്‍ധക്യം ബാധിക്കാതിരിക്കാന്‍ വിപണിയില്‍ കിട്ടുന്ന മരുന്നിന്റെ പരസ്യമാണോ?. അല്ലങ്കില്‍ ചുളിവുകള്‍വീണ ചര്‍മത്തെ മൂടിവെയ്ക്കാന്‍ പുതിയതായി വികസിപ്പിച്ച സൗന്ദര്യവര്‍ധക വസ്തുവിനെക്കുറിച്ചുള്ള പ്രതികരണമോ? അല്ലേയല്ല. പ്രകൃതിയില്‍തന്നെ ലഭ്യമായ ജീവകങ്ങളും ധാതുക്കളുംതന്നെയാണ് പ്രായത്തെ തോല്‍പ്പിക്കാനുള്ള കരുത്തുമായി മനുഷ്യരാശിക്കുമുന്നില്‍ നില്‍ക്കുന്നത്. സ്വപ്‌നത്തിലെന്നപോലെ നമ്മുടെ മുന്നില്‍ ഈ ജീവകങ്ങളുടെ സാന്നിധ്യമുണ്ട്. ശരീരകോശങ്ങള്‍ക്കുണ്ടാകുന്ന നാശവും ക്ഷതവും തടയാന്‍കഴിയുന്ന ഇവ ആന്റിഓക്‌സിഡന്റുകള്‍ എന്നാണ് അറിയപ്പെടുന്നത്.

എന്താണ് ആന്റിഓക്‌സിഡന്റുകള്‍
വയസുകൂടിയാലും വയസന്‍മാരാകാതെ ശരീരത്തെ യൗവനതുടിപ്പോടെ കാത്തുസൂക്ഷിക്കാന്‍ ഇവക്കാകും. അതിന് സഹായകമായ വൈറ്റമിനുകളും ധാതുക്കളുമാണ് ആന്റിഓക്‌സിഡന്റുകള്‍. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്‍ഭുതകരമായ സാധ്യതകളുണ്ട് ഇവയ്ക്ക്. ബീറ്റ കരോട്ടിന്‍, ലൈകോപിന്‍, ജീവകം സി, ജീവകം ഇ തുടങ്ങിയവയാണ് ആന്റിഓക്‌സിഡന്റുകള്‍ എന്നപേരില്‍ അറിയപ്പെടുന്നത്.

ആന്റിഓക്‌സിഡന്റുകളടങ്ങിയ ഭക്ഷണം
പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പയറുകള്‍ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഉറവിടം. പഴങ്ങളില്‍തന്നെ ആപ്പിള്‍, മുന്തിരി, ഓറഞ്ച്, പീച്ച്, പ്ലം, സ്‌ട്രൊബറീസ്, പച്ചക്കറികളില്‍ ബീറ്റ്‌റൂട്ട്, കോളിഫ്ലര്‍, കാബേജ്, ഉള്ളി, തക്കാളി തുടങ്ങിയവ ഇവയുടെ പ്രധാന ഉറവിടങ്ങളാണ്. നട്‌സ്, മത്സ്യം, കോഴിയിറച്ചി, വിവിധ ധാന്യങ്ങള്‍ എന്നിവയിലും ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ബീറ്റ കരോട്ടിന്‍: ഓറഞ്ച്, മധുരമുള്ള തക്കാളി, കാരറ്റ്, ആപ്രിക്കോട്ട്(ശീമബദാം പഴം), മത്തങ്ങ, മാമ്പഴം, ഇലക്കറികള്‍ തുടങ്ങിയവയില്‍ ബീറ്റ കരോട്ടിന്‍ ധാരാളണായി അടങ്ങിയിട്ടുണ്ട്. 

ലൈകോപിന്‍: തക്കാളി, തണ്ണിമത്തന്‍, പപ്പായ, ആപ്രിക്കോട്ട്, റോസ് മുന്തിരി, ഓറഞ്ച് തുടങ്ങിയവയിലാണ് ലൈകോപിന്‍ ധാരാളമായി അടങ്ങിയിട്ടുള്ളത്. 

ലൂട്ടിന്‍: കണ്ണിന്റെ ആരോഗ്യത്തിന് ഏറെ സഹായകമാണ് ലൂട്ടിന്‍. പ്രായമായവരുടെ അന്തതക്ക് പ്രധാനകാരണമായ തിരമിരം തടയാന്‍ ഇത് സഹായകമാണ്. ഇലക്കറികള്‍, മുന്തരി, മുട്ടയുടെ മഞ്ഞ, ഓറഞ്ച്, പയറുകള്‍ തുടങ്ങിയവ ലൂട്ടിന്റെ പ്രധാന ഉറവിടമാണ്. 

സെലേനിയം: മണ്ണിലാണ് സെലേനിയം ധാരാളം അടങ്ങിയിട്ടുള്ളത്. ചിലപ്രദേശങ്ങളിലെ മണ്ണില്‍ സെലേനിയത്തിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വളരുന്ന പഴങ്ങളിലും പച്ചക്കറികളിലും ഈ ധാതുവിന്റെ അളവ് കൂടുതലായി കണ്ടുവരുന്നു. സെലേനിയം ധാരാളമുള്ള സ്ഥലങ്ങളില്‍ മേയുന്ന ആടുമാടുകളുടെ പേശികളില്‍ സെലേനിയം ധാരാളം കണ്ടുവരുന്നുണ്ട്. 

ജീവകം എ: പാല്‍, മുട്ടയുടെ മഞ്ഞ, കരള്‍, തക്കാളി, കാരറ്റ് തുടങ്ങിയവയിലാണ് ജീവകം എ ധാരാളമായി അടങ്ങിയിട്ടുള്ളത്. 

ജീവകം ഡി: പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പോത്തിറച്ചി, കോഴിയിറച്ചി, മത്സ്യം തുടങ്ങിയവയിലാണ് ജീവകംഡി ധാരാളമായി കണ്ടുവരുന്നത്. 

ജീവകം ഇ: സണ്‍ഫ്‌ളെവര്‍ എണ്ണ, സോയാബീന്‍, മാമ്പഴം, നട്‌സ് തുടങ്ങിയവയില്‍ ധാരാളം ജീവകം ഇ അടങ്ങിയിട്ടുണ്ട്. കോശഭിത്തിയെയും കോശസ്തരങ്ങളെയും സംരക്ഷിക്കുന്നവയാണ് ജീവകം ഇ. 

ആന്റിഓക്‌സിഡന്റുകളുടെ പ്രവര്‍ത്തനം
അര്‍ബുദം, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവക്കുള്ള സാധ്യതയെ ചെറുക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍ക്കാകും. ജീവകം എ, ജീവകം സി, ജീവകം ഇ, ബീറ്റ കരോട്ടിന്‍ എന്നിവ ഹൃദയാഘാതത്തെ പ്രതിരോധിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ്. ഹൃദയധമനികളില്‍ രക്തംകട്ടപിടിക്കുന്നതും കൊഴുപ്പ് ശകലങ്ങള്‍ അടിഞ്ഞകൂടി കട്ടപിടിക്കുന്നതും ജീവകം ഇ പ്രതിരോധിക്കുന്നു. 

രക്തയോട്ടം സുഗമമാക്കുന്ന വയാണ് ജീവകം സി. ബീറ്റ കരോട്ടിന്‍, ലൈകോപിന്‍ എന്നിവ മസ്തിഷ്‌കാഘാതത്തില്‍നിന്ന് സംരക്ഷണം നല്‍കുന്നതായി പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ജീവകം സി, ജീവകം ബി6, ബി 12 എന്നിവയിലെ രാസവസ്തുക്കള്‍ തലച്ചോറിലെ ഭാവനിലക്രമീകരിക്കുകയും കൂര്‍മബൂദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. 

പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള രാസവസ്തുക്കളാണ് കാന്‍സര്‍ സാധ്യതകളെ ഉന്മൂലനം ചെയ്യാന്‍ സഹായിക്കുന്നത്. 

അല്‍ഷിമേഴ്‌സ്, ആസ്തമ, ചര്‍മരോഗങ്ങള്‍, അസ്ഥിക്ഷയം, ആര്‍ത്തവ തകരാറുകള്‍ എന്നിവയെ ചെറുക്കാനും ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നുണ്ട്

താരന്‍ എന്ന തീരാശല്യത്തിനെതിരെ

എല്ലാ ചികില്‍സാ ശാഖകളും താരനു മരുന്നുകള്‍ പറയാറുണ്ട്. എന്നാല്‍,എല്ലാ 
ആളുകള്‍ക്കും ഒന്നു പോലെ പ്രയോജനപ്പെടുന്ന മരുന്നുകളൊന്നും തന്നെയില്ല എന്നതാണു വസ്തുത.

കഷണ്ടി ഉത്തമ പുരുഷന്റെ ലക്ഷണമായിരുന്നു മുമ്പ്. മധ്യവയസ്സിലെത്തി എന്നതിന്റെ മുഖ്യലക്ഷണമായിരുന്നു മുമ്പ് കഷണ്ടി. എന്നാലിപ്പോള്‍ 25 വയസ്സു കഴിയുന്നതോടെ കഷണ്ടി കയറാന്‍ തുടങ്ങും. ആഗോളതാപനവും അന്തരീക്ഷമലിനീകരണവും മുതല്‍ നൂറുനൂറു കാരണങ്ങളുണ്ട് ഈ കഷണ്ടിക്കും അകാല നരയ്ക്കും പിന്നില്‍. എങ്കിലും അക്കൂട്ടത്തില്‍ ഏറ്റവും പ്രധാന വില്ലന്റെ റോളിലുള്ളത് താരന്‍ എന്ന നേരിയഇനം പൂപ്പലു(ഫംഗസു)കളാണ്. കൗമാരയൗവനകാലങ്ങലിലുണ്ടാകുന്ന മുടികൊഴിച്ചിലിന്റെ മുഖ്യ കാരണങ്ങളിലൊന്ന് താരന്‍ തന്നെ.

തലയോട്ടിയിലെ ചര്‍മത്തില്‍ വെളുത്ത പൊടി പോലെ പറ്റിപ്പിടിച്ചു കാണുന്ന ഒരിനം പൂപ്പലാണ് താരന്‍ അഥവാ ഡാന്‍ഡ്രഫ്. താരന്റെ ശല്യമില്ലാത്തയാളുകള്‍ കുറവാണെന്നു പറയാം. അത്രയ്ക്കു വ്യാപകമാണത്. താരന്റെ ശാസ്ത്രീയ നാമം പിറ്റിറിയാസിസ് കാപ്പിറ്റിസ് എന്നാണ്. മലസ്സീസ്സിയ ഫര്‍ഫര്‍അഥവാ പിറ്റിറോസ്‌പോറം എന്നയിനം ഫംഗസാണ് താരന്റെ മുഖ്യകാരണം. ഏതാണ്ട് 14-15 വയസ്സുമുതലാണ് താരന്റെ ആക്രമണം തുടങ്ങുക. 17-18 വയസ്സാകുമ്പോഴേക്ക് അതു ശക്തി പ്രാപിക്കും. 45- 50 വയസ്സു വരെയാണ് താരന്റെ ഉപദ്രവം രൂക്ഷമായിക്കാണുന്നത്.കുട്ടികളിലും മുതിര്‍ന്നവരിലും താരന്റെ ശല്യം പൊതുവേ കുറവാണ്. അവര്‍ക്കു വരില്ലെന്നല്ല. 

യുവാക്കളിലുംമധ്യവയസ്‌കരിലും കാണുന്നത്ര വ്യാപകമല്ല എന്നു മാത്രം. ചുരുക്കമായി നവജാതശിശുക്കളില്‍ ഇതു കാണാറുണ്ട്. 
പ്രധാനമായും രണ്ടു തരത്തിലാണ് താരന്‍ കാണുന്നത്. എണ്ണമയമുള്ള താരന്‍ അഥവാ ഗ്രീസി ഡാന്‍ഡ്രഫ്, വരണ്ടതാരന്‍ അഥവാ ഡ്രൈ ഡാന്‍ഡ്രഫ് എന്നിവയാണവ. ചെറിയ തോതിലേ ഉള്ളൂവെങ്കില്‍ താരന്‍ അത്ര വലിയൊരു ശല്യക്കാരനൊന്നുമല്ല. അതിനെ നമുക്ക് മൈന്റു ചെയ്യാതെ വിട്ടുകളയാം എന്നാല്‍ താരന്‍ വളര്‍ന്നു പെരുകുന്നതോടെ പലതരത്തിലുള്ള അസ്വസ്ഥതകള്‍ തലപൊക്കാന്‍ തുടങ്ങും. മുഖ്യമായും ചൊറിച്ചിലാണ് പ്രശ്‌നം. സമയവും സന്ദര്‍ഭവും നോക്കാതെ സദാ തല ചൊറിഞ്ഞു കൊണ്ടേയിരിക്കേണ്ടി വരാറുണ്ട് പലര്‍ക്കും. ചൊറിച്ചില്‍ കൂടുന്നതോടെ മുടികൊഴിച്ചിലും തുടങ്ങും. താരന്റെ ശല്യം പൂര്‍ണമായി ഒഴിവാക്കാന്‍ അത്രയെളുപ്പമല്ല. തികഞ്ഞ ശ്രദ്ധയും ചിട്ടകളും അതിനാവശ്യമാണ്.

താരനുള്ളയാളുമായി അടുത്ത സമ്പര്‍ക്കത്തില്‍ കഴിയുന്നത് ഫംഗസ് പകരാന്‍ കാരണമാകും. താരനുള്ളയാള്‍ ഉപയോഗിച്ച ടവലോ തുവര്‍ത്തോ കൊണ്ട് തല തുവര്‍ത്തുക, താരനുള്ളയാള്‍ മുടി ചീകിയ ചീപ്പ് ഉപയോഗിക്കുക തുടങ്ങിയവയൊക്കെ അതു പകരാന്‍ ഇടയാക്കും. വിറ്റാമിന്‍ ബി കോംപ്ലക്‌സിന്റെ കുറവ്, പൊണ്ണത്തടി, മദ്യപാനം, പാര്‍ക്കിന്‍സണിസം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും താരന്‍ പെരുകാം. താരനുണ്ടാകുന്നതിനും അതു പെരുകുന്നതിനുമുള്ള മുഖ്യകാരണങ്ങളിലൊന്നാണ് മാനസികസമ്മര്‍ദം. മാനസികപ്രശ്‌നങ്ങള്‍ക്കു കഴിക്കുന്ന ചില മരുന്നുകളും താരനുണ്ടാക്കുന്നവയാണ്. രക്താതിമര്‍ദത്തിനുപയോഗിക്കുന്ന ക്ലോര്‍പ്രോമെസിന്‍, അസിഡിറ്റിക്കു കഴിക്കുന്ന സിമെറ്റിഡിന്‍ തുടങ്ങിയ മരുന്നുകളും താരനുണ്ടാക്കിയെന്നു വരാം.

താരന്‍ കൂടുന്നത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. കുട്ടികളില്‍ താരന്‍ കൂടുതലായി കാണുന്നുവെങ്കില്‍ അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശ്വാസ കോശ രോഗങ്ങളുണ്ടോ എന്നു പരിശോധിക്കുന്നതു നന്നായിരിക്കും. താരനും ആസ്ത്മയും തമ്മില്‍ ചില ബന്ധങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

എല്ലാ ചികില്‍സാശാഖകളും താരനു മരുന്നുകള്‍ പറയാറുണ്ട്. എന്നാല്‍, എല്ലാ ആളുകള്‍ക്കും ഒന്നു പോലെ പ്രയോജനപ്പെടുന്ന മരുന്നുകളൊന്നും തന്നെയില്ല എന്നതാണു വസ്തുത.ചിലര്‍ക്ക ഹോമിയോക്കാരുടെ എണ്ണ പുരട്ടിയാല്‍ ദിവസങ്ങള്‍ക്കകം തന്നെ ഫലം കിട്ടിയെന്നു വരും. ചിലര്‍ക്ക് അതു കൊണ്ട് ഒരു പ്രയോജനം കിട്ടിയില്ലെന്നും വരും. 

*കുളിക്കുമ്പോള്‍ ആദ്യം തല നനയ്ക്കണമെന്നാണ് ആയുര്‍വേദ വിധി.ആദ്യം ശരീരം കഴുകി പിന്നീട് തല കഴുകുന്നത് മുടി കൊഴിച്ചിലിനും താരനും കാരണമാകാറുണ്ട്. 

*കുറുന്തോട്ടിത്താളി,നെന്മേനിവാകപ്പൊടി,ചെമ്പരത്തിത്താളി തുടങ്ങിയവ ഉപയോഗിച്ച് മുടി കഴുകുന്നത് താരന്റെ ശല്യം കുറയ്ക്കും.

*നീലിഭൃംഗാദി,കയ്യുണ്യാദി, ചെമ്പരത്യാദി,ഭൃംഗാമലകാദി തുടങ്ങിയ എണ്ണകള്‍ ഉപയോഗിക്കുന്നത് താരനകറ്റാന്‍ സഹായിക്കും. എന്നാല്‍ ശരീരത്തിന്റെയും ചര്‍ത്തിന്റെയും പ്രകൃതത്തിനനുസരിച്ച് പറ്റിയ എണ്ണ തിരഞ്ഞെടുക്കണം. അതിനാല്‍ എണ്ണയുടെ കാര്യത്തില്‍ തീര്‍ച്ചയായും വൈദ്യനിര്‍ദേശം തേടണം.

*കീറ്റോകൊണസോള്‍, സിങ്ക് പൈറത്തിയോണ്‍ തുടങ്ങിയവ അടങ്ങിയ ഷാമ്പൂ ഉപയോഗിക്കുന്നത് താരന്‍ കുറയാന്‍ സഹായിച്ചേക്കും.

*ആദ്യം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണഷാമ്പൂ ഉപയോഗിക്കാം. ക്രമേണ ആഴ്ചയിലൊന്ന്, മാസത്തില്‍ രണ്ട് എന്നിങ്ങനെ ഉപയോഗം കുറച്ചു കൊണ്ടു വരാം.

*സെലീനിയം സള്‍ഫൈഡ്, സാലിസിലിക് ആസിഡ്, കോള്‍ടാര്‍,ടെര്‍ബിനഫിന്‍ തുടങ്ങിയ മരുന്നുകള്‍ ത്വഗ്രോഗ വിദഗ്ധരുടെ നിര്‍ദേശാനുസരണം ഉപയോഗിക്കാം.

*കുളിക്കുന്നതിനു മുമ്പ് ഇളംചൂടോടെ അല്പം വെളിച്ചെണ്ണ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുന്നത് താരന്റെ പൊടിയും പൊറ്റനും ഇളകിപ്പോകാന്‍ സഹായിക്കും.

*മാസത്തിലൊരിക്കല്‍ ഹെന്ന ചെയ്യുന്നത് താരന്‍ തടയാന്‍ നല്ലതാണ്.

*ചെറുനാരങ്ങ നീര് നല്ലൊരു ക്ലെന്‍സിങ് ഏജന്റാണ്. മാസത്തിലൊരിക്കല്‍ മുടിയില്‍ ചെറുനാരങ്ങനീരു തേയ്ക്കുന്നത് താരനൊഴിവാക്കാന്‍ സഹായിക്കും

കടപ്പാട് : noufalhabeeb.blogspot.in© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate