Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യം കാക്കാനുള്ള വഴികള്‍
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യം കാക്കാനുള്ള വഴികള്‍

കൂടുതല്‍ വിവരങ്ങള്‍

ആയുര്‍വേദം ജീവിതശാസ്ത്രം

ഡോ. കെ മുരളീധരന്‍

ജീവശാസ്ത്രത്തിന്റെ പരിധികള്‍ക്കപ്പുറത്തേക്ക് വ്യാപരിക്കുന്നു ജീവിതശാസ്ത്രം. ആയുര്‍വേദം ഒരു ജീവിതശാസ്ത്രമാകുന്നു. ജീവിതത്തിന്റെ എല്ലാ സ്പന്ദനങ്ങളെയും അതിന്റെ പൂര്‍ണനിറവോടെയും സൌന്ദര്യത്തോടെയും ആയുര്‍വേദം ഉള്‍ക്കൊള്ളുന്നു. ആയുര്‍വേദത്തിന് വൈദ്യരംഗത്ത് സ്വന്തമായൊരിടം ലഭിക്കാനുള്ള കാരണവും ഇതുതന്നെ.

ഘടനാപരമായി പ്രപഞ്ചവും മനുഷ്യനും ഒരേ ചേരുവകളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു എന്നുള്ള തിരിച്ചറിവില്‍നിന്നാണ് ചികിത്സാശാസ്ത്രത്തിന്റെ ആദ്യസൂക്തം ഉരുത്തിരിയുന്നത്. മണ്ണും വെള്ളവും തീയും കാറ്റും ആകാശക്കീറുകളും മനുഷ്യന്റെ ഉള്‍പ്രപഞ്ചത്തിലും സാന്നിധ്യംകൊള്ളുകയും ജീവന്റെ നിലനില്‍പ്പിനായുള്ള ഭൂമിക സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയാകട്ടെ പ്രപഞ്ചതാളവുമായി അവിച്ഛിന്നമായ ബന്ധവും പൊരുത്തവും നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. ഈ ഏകാത്മകത നിലനില്‍ക്കുമ്പോഴാണ് ആരോഗ്യം പുഷ്കലമാകുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള നാഭീനാളബന്ധം എക്കാലവും പ്രത്യുല്‍പ്പന്നമതികളുടെ ചിന്താധാരയ്ക്ക് വിഷയമായിട്ടുണ്ട്. അതിജീവനത്തിന്റെയും ഉപജീവനത്തിന്റെയും ജൈവസാങ്കേതികവിദ്യ അവര്‍ മനസ്സിലാക്കിയത് ധ്യാനപൂര്‍ണമായ മനനങ്ങളിലൂടെയാണ്. ഇത്തരം അടിസ്ഥാനസമീപനങ്ങളെ ഹൃദിസ്ഥമാക്കുന്ന

ഉദാവര്‍ത്തം
ഉദാവര്‍ത്തം എന്നുള്ളതിന് ഒരു നാടന്‍ഭാഷ പറയണമെങ്കില്‍ 'വായുകോപം' എന്നാകാം. ഇതിന് ഒട്ടേറെ അന്തരാര്‍ഥങ്ങളുണ്ട് എന്നുള്ളത് ശരി. പുറത്തുകാണുന്ന കാറ്റുപോലെ സ്വയം ചലിക്കുകയും ചലിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഊര്‍ജമാകുന്നു വായു. വായുവിനെ പിടിച്ചുകെട്ടാതിരിക്കുക. അഥവാ വായു ബന്ധനസ്ഥനാകുന്ന ഒരു സാഹചര്യം ഉണ്ടാക്കാതിരിക്കുക; അതിന്റെ സ്വതന്ത്രഗതി ഉറപ്പുവരുത്തുക. ഇതൊരു പ്രകൃതിപാഠമാകുന്നു.

ഉദാവര്‍ത്തംമൂലം ഉണ്ടാകുന്ന രോഗങ്ങളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ട്. മലബന്ധം, മൂത്രതടസ്സം, വയറിലും നാഭിയിലും പാര്‍ശ്വഭാഗങ്ങളിലും ഉള്ള വേദന, വയറുവീര്‍പ്പ്, നെഞ്ചുരുക്കം, ഛര്‍ദി, അരുചി, പനി, ജലദോഷം, തലവേദന, ശ്വാസംമുട്ടല്‍, അജീര്‍ണം  ഇങ്ങിനെ ഒരുവക. പിന്നെ കുറച്ചുകൂടി ഗൌരവമായ ഹൃദ്രോഗം, രക്തധമനികളുടെ വീക്കം, രക്തസ്രാവം, വയറിനുള്ളിലെ മുഴകള്‍, കരള്‍, പ്ളീഹ മുതലായ അവയവങ്ങളുടെ പ്രവര്‍ത്തനഹാനി ഇങ്ങിനെ ദീര്‍ഘകാലാനുബന്ധമുള്ള രോഗങ്ങള്‍. ഇതിനെല്ലാം പുറമെ മാനസികമായ അസ്വസ്ഥതകളും.

ഒന്നുകൂടി വ്യക്തമാക്കാം– ബന്ധനസ്ഥനാകുന്ന വായു ശരീരകോശങ്ങളെയും അവയവങ്ങളെയും സദാ പീഡിപ്പിച്ചുകൊണ്ടിരിക്കും. ചെറിയചെറിയ ശാരീരികാസ്വാസ്ഥ്യങ്ങളില്‍ തുടങ്ങുന്ന ഇത് കാലംകൊണ്ട് മഹാരോഗങ്ങളായി പരിണമിക്കുന്നു– ഉദാവര്‍ത്തത്തിലേക്കു നയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?
ദ്രവാംശം വളരെ കുറവുള്ളതും മലബന്ധത്തെ ഉണ്ടാക്കുന്നതുമായ ആഹാരങ്ങളുടെ ഉപയോഗമാണ് ഉദാവര്‍ത്തത്തിന്റെ മുഖ്യകാരണം. (ബിസ്കറ്റ്, ചിപ്സ്, ഐസ്ക്രീം, പൊറോട്ട, മൈദകൊണ്ടുണ്ടാക്കുന്ന പലഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായ മാംസാഹാരം മുതലായവ). ഇതിനുപുറമെ മലം, മൂത്രം, അധോവായു മുതലായവ തടയുന്നതും മുക്കി പ്രവര്‍ത്തിപ്പിക്കുന്നതും രാത്രി ഉറക്കമൊഴിയുന്നതും ഉച്ചത്തില്‍ സംസാരിക്കുന്നതും, ഭയവും ദുഃഖവും അമിതമായ ചിന്തയും വഴിവിട്ടുള്ള മൈഥുനവും തുടങ്ങി വാതകോപം ഉണ്ടാക്കുന്ന എല്ലാ കാരണങ്ങളും ഉദാവര്‍ത്തത്തിന്റെ നിദാനമാണ്.

ആനുഷംഗികമായി ഒരുകാര്യംകൂടി ഇവിടെ ധ്വനിപ്പിക്കേണ്ടതുണ്ട്– വായുകോപംകൊണ്ട് വയറ്റിലുണ്ടാകുന്ന അമൂര്‍ത്തങ്ങളും മൂര്‍ത്തങ്ങളുമായ മുഴകള്‍ (ഗുന്മം എന്ന് സാങ്കേതിക സംജ്ഞ) കാലക്രമത്തില്‍ അര്‍ബുദങ്ങളായി മാറിയേക്കാം. അഥവാ, ഗുന്മം അര്‍ബുദത്തിന്റെ മുന്നോടിയാകാമെന്നും വ്യാഖ്യാനിക്കാം. രക്തധമനികളുടെ വീക്കമായാലും കരളിന്റെ കട്ടിപ്പായാലും അടിത്തട്ടില്‍ ഒരുപരിധിവരെ ഈ പ്രതിഭാസംതന്നെയാണ് നടക്കുന്നത്.

അധികം വിസ്തരിക്കുന്നില്ല. ഒരു പുതിയകാല വിശേഷംകൂടി പറയാം. അര്‍ബുദത്തിന്റെ കാര്യത്തില്‍ മൈദയും പൊറോട്ടയും പ്രതിക്കൂട്ടിലാണ്. നമുക്കറിയാം ഇവ ഒരുദിവസംകൊണ്ട് അര്‍ബുദമുണ്ടാക്കുന്നില്ല എന്ന്. ചെറിയചെറിയ ഉദാവര്‍ത്തങ്ങളുണ്ടാക്കി ഗുന്മങ്ങളെ സൃഷ്ടിച്ച് കാലക്രമത്തില്‍ ജൈവകോശങ്ങളുടെ എണ്ണവും പെരുപ്പത്തിന്റെ തോതും വര്‍ധിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കുകയാണ് പൊറോട്ടപോലെയുള്ള ആഹാരങ്ങള്‍ ചെയ്യുന്നത്. ആയുര്‍വേദസിദ്ധാന്തം അനുസരിച്ച് കോശങ്ങളുടെ സംയോജനവും വിഭജനവും നടത്തുന്ന പ്രേരകശക്തി വായുവാണ്.

അര്‍ബുദരോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ വേവലാതിപ്പെടുമ്പോള്‍ ഇത്തരം ചെറിയ 'വലിയ' കാര്യങ്ങള്‍കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അര്‍ബുദരോഗികളാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ സ്മരിക്കപ്പെടുകപോലും ചെയ്യാത്തവര്‍ ഒരു (ദുര്‍) പ്രഭാതത്തില്‍ അര്‍ബുദരോഗികളാണെന്നറിയുമ്പോള്‍ ആധുനിക നിഗമനങ്ങള്‍ അപൂര്‍ണമാണെന്ന് നാം വേദനയോടെ അറിയുന്നു. അര്‍ബുദം ഒരു ഉദാഹരണം മാത്രമായി ചൂണ്ടിക്കാണിക്കുകയാണ്.

രോഗികളാകാന്‍ കാത്തുനില്‍ക്കല്ലേ
ചുറ്റും നോക്കുമ്പോള്‍ രോഗികളാകാന്‍ കാത്തുനില്‍ക്കുകയാണ് എല്ലാവരും എന്നു തോന്നിപ്പോകുന്ന അവസ്ഥയില്ലേ? എന്താണ് പരിഹാരം?”സാധാരണനിലയ്ക്ക് രോഗം വരുമ്പോഴാണ് ആരോഗ്യത്തെക്കുറിച്ചുള്ള ചിന്ത സജീവമാകുന്നത്. ആയുര്‍വേദം ഇത് തിരുത്തുന്നു. 'ശരീരചിന്ത' നിത്യവും ഉണ്ടാകണം. പോരാ, ഇതിനാകണം മുന്‍ഗണന. നിത്യം ഒരു ആത്മപരിശോധന നടത്തണമെന്നു സാരം. ആരോഗ്യം ഭദ്രമാണെന്ന് ഉറപ്പുവരുത്തിയശേഷമേ ജീവിതത്തിലെ ഓരോ ദിനവും തുടങ്ങാവൂ. ആരോഗ്യകാര്യത്തില്‍ സ്വയം നടത്തുന്ന വിമര്‍ശംതന്നെയാണിത്. ഒരു സ്വയംകരുതല്‍ ആവശ്യമാണ് എന്നര്‍ഥം. ഉടമസ്ഥന്റെ കണ്ണാണ് വിളയ്ക്ക് ഏറ്റവും വലിയ വളം എന്ന പഴമൊഴി ഓര്‍ക്കുക. ഔഷധാശ്രിതമായ ഒരു ചികിത്സാസംസ്കാരം വളര്‍ന്നുവരുന്ന ആധുനിക പരിപ്രേക്ഷ്യത്തില്‍ ആയുര്‍വേദത്തിനു നല്‍കാവുന്ന ഒരു സമാന്തര നിര്‍ദേശം ഇതാകാം; കാരണം ആത്യന്തികമായി ആയുര്‍വേദം ഒരു ജീവിതശാസ്ത്രമാണല്ലോ.

ലക്ഷ്മി തരു' ദിവ്യൗഷധമോ?

ഡോ. ദീപു സദാശിവന്‍

ലക്ഷ്മിതരു എന്ന മരത്തിന്റെ ഇല തിളപ്പിച്ച വെള്ളം കുടിച്ചാല്‍ കാന്‍സര്‍ സൌഖ്യം ഉണ്ടാവും എന്ന പ്രചാരണം മെസേജായും ഓണ്‍ലൈന്‍ വാര്‍ത്തകളായും പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ഈ അവകാശവാദങ്ങളുടെ (അ)ശാസ്ത്രീയതയെപ്പറ്റിയാണ് ഈ കുറിപ്പ്.

ക്ഷ്മി തരു അഥവാ Simarouba glauca എന്ന വൃക്ഷം ഒരു പക്ഷെ കല്പവൃക്ഷം ആയ തെങ്ങിന്റെ കാര്യം പറഞ്ഞത് പോലെ വിവിധ

ഗുണഗണങ്ങള്‍ ഉള്ള ഒന്നുതന്നെയാണ്. വളരെ വൈവിധ്യമാര്‍ന്ന ഔഷധ ഘടകങ്ങളും എന്തിനു ബയോ ഇന്ധനം ആക്കാന്‍ ഉതകുന്ന ഘടകങ്ങളും ഈ മരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടങ്ങിയിരിക്കുന്നു എന്നത് ഒരു ശാസ്ത്ര സത്യം തന്നെയാണ്. എന്നാല്‍ ഈ മരത്തിന്റെ വിവിധ ഭാഗങ്ങളെ പല അസുഖങ്ങള്‍ക്കും ഒറ്റമൂലിയായും ദിവ്യൗഷധമായും പ്രചരിക്കുന്ന വാര്‍ത്തകളും സഗന്ദശങ്ങളും പ്രചരിക്കുകയാണ്. ഈ അവകാശവാദങ്ങളില്‍ എത്രത്തോളം കഴമ്പുണ്ട് എന്ന് ഇഴ കീറി തന്നെ പരിശോധിക്കാന്‍ ശ്രമിക്കാം.

അല്പം ചരിത്രം

ഈ മരം കണ്ടു വന്നിരുന്ന തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ തദ്ദേശീയര്‍ ഇതിനെ, Paradise TreeBitterwood,dysentery bark എന്നീ പേരുകളാല്‍ വിശേഷിപ്പിക്കുന്നു.1713 ല്‍ ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ ആണ് ഈ ജീനസ് നാമകരണം ചെയ്തത്,1725 കാലഘട്ടങ്ങളില്‍ ഈ മരത്തിന്റെ പുറം തോട് ഫ്രാന്‍സില്‍ എത്തിക്കുകയും ദിസ്സെന്റ്രി യുടെ ചികില്‍സയ്ക്കു ആയി ഉപയോഗിക്കുകയും ചെയ്തു.

പല രാജ്യങ്ങളിലും ഇത് പല വിധ അസുഖങ്ങള്‍ക്ക് ഉള്ള നാട്ടു മരുന്നായി ഉപയോഗിച്ച് പോരുന്നു എന്നത് ചരിത്രം.

ഇന്ത്യയില്‍ ഈ വൃക്ഷം ബയോ ഡീസല്‍ ഉല്‍പ്പാദനത്തിനു വേണ്ടി ആണ് പ്രധാനമായും എത്തിച്ചത്,ആഗോള താപനം തടയാനായി മഹാരാഷ്ട്രയില്‍ ഈ വൃക്ഷം അമേരിക്കയില്‍ നിന്ന് എത്തിച്ചു വെച്ച് പിടിപ്പിച്ചു. 2010 കാലയളവില്‍ നാഷണല്‍ ഫിലിംസ് ഡിവിഷന്‍ ജൈവ ഇന്ധനം ആയി ഉള്ള ഇതിന്റെ ഗുണ ഗണങ്ങളെ വര്‍ണ്ണിക്കുന്ന ഡോകുമെന്ററി പുറത്തിറക്കിയിരുന്നു.എന്നാല്‍ കാര്‍ഷിക ഗവേഷകര്‍ ആയ ഡോ:ശ്യാമസുന്ദര്‍ ജോഷിയും ഭാര്യ ഡോ:ശാന്ത യും ആണ് ഈ വൃക്ഷത്തിന്റെ മറ്റു ഉപയോഗങ്ങളെ കുറിച്ച് കൂടുതല്‍ പഠനം നടത്തുകയും പ്രചരണം കൊടുക്കുകയും ചെയ്തത്.ഇതേ തുടര്‍ന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനം ഈ മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ മുന്‍ കൈ എടുക്കുകയും ഇതുമായി ബന്ധപ്പെട്ട ചില പേറ്റന്റ്കള്‍ കൈവശമാക്കുകയും ചെയ്തിരുന്നു.

ഈ പ്രസ്ഥാനം ആണ് ലക്ഷ്മി തരു എന്ന പേര് ഈ വൃക്ഷത്തിന് നല്‍കിയത് എന്ന് പറയപ്പെടുന്നു.

ഇപ്പോള്‍ പ്രചരിക്കുന്ന അവകാശവാദങ്ങള്‍

Simarouba  Glauca DC എന്ന മരത്തില്‍ നിന്നും ഉണ്ടാക്കുന്ന ചില പദാര്‍ത്ഥങ്ങള്‍ക്ക്,അവിശ്വസനീയമായ രീതിയില്‍ വിവിധ രോഗങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തനം ഉണ്ടെന്നാണ് പ്രചരണം.ലിസ്റ്റ് കേട്ടാല്‍ കണ്ണ് തള്ളി പോവും...വഴിയോരത്തു മരുന്ന് വില്‍ക്കുന്ന ലാട വൈദ്യന്റെ വാചകമടി പോലെയും തോന്നാം. ബാക്ടീരിയ ഉണ്ടാക്കുന്ന അസിഡിറ്റി,പലതരം കാന്‍സര്‍,പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവ ഉണ്ടാക്കുന്ന മലേറിയ,ഹെര്‍പ്പിസ് ,ഹെപ്പറ്റ്റ്റിസ് പോലുള്ള വൈറല്‍ രോഗങ്ങള്‍,എന്റമീബ ഉണ്ടാക്കുന്ന വയറുകടി, പ്രമേഹം തുടങ്ങി റുമറ്റൊയിഡ് ആര്െ്രതെടിസ് വരെ !!

പലവിധ കൈകാര്യം ചെയ്യുന്ന ഒരു അത്ഭുത മരുന്ന് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ അത് ഒരു വ്യാജ വാര്‍ത്ത ആവാനേ ഇട ഉള്ളൂ എന്നാണു കരുതിയത്.എന്നാല്‍ വിശദമായി അറിഞ്ഞപ്പോള്‍ പലതിലും അല്പം കഴമ്പ് ഉണ്ട് എന്നാണു കണ്ടെത്തിയത്!!

ശാസ്ത്രീയത എത്രത്തോളം?

പൊതുവില്‍ പലരും തെറ്റിദ്ധരിചിരിക്കുന്നത് ആധുനിക വൈദ്യ ശാസ്ത്രം പ്രയോഗിക്കുന്ന മരുന്നുകള്‍ മുഴുവന്‍ കൃത്രിമമായി പരീക്ഷണ ശാലയില്‍ നിര്‍മ്മിചെടുക്കുന്ന രാസവസ്തുക്കള്‍ മാത്രം ആണെന്നാണ്.എന്നാല്‍ പ്രയോഗത്തില്‍ ഉള്ള പല പ്രമുഖ മരുന്നുകളും പ്രകൃതിജന്യമായ സൂക്ഷ്മജീവികളില്‍ നിന്നും സസ്യജന്തുജാലങ്ങളില്‍ നിന്നും ഒക്കെ വേര്‍തിരിച്ചു എടുത്തിട്ടുള്ളവ ആണ്.പക്ഷെ അവയൊക്കെ വെറുതെ ഇലയും മറ്റും ഇടിച്ചു പിഴിഞ്ഞ് സത്ത് എടുക്കുക അല്ല ആ രാസപദാര്‍ത്ഥം എന്താണെന്ന് കണ്ടെത്തി ശുദ്ധീകരിച്ചു വേര്‍തിരിച്ചു അതിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി പ്രയോഗ സാധ്യത മനസ്സിലാക്കി മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷിച്ചു നിരീക്ഷിച്ചു പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തി പലതരം ശാസ്ത്ര പ്രക്രിയകള്‍ക്കും വിധേയമാക്കി ദീര്‍ഘ നാളുകള്‍ക്കു ശേഷം മാത്രം ആണ് ഉപയോഗയുക്തം ആക്കുന്നത്.

ചരിത്ര പ്രധാനമായ പെനിസിലിന്‍ ആന്റിബയോട്ടിക്കിന്റെ കണ്ടെത്തല്‍ പെനിസിലിയം നോട്ടെറ്റം എന്ന ഫംഗസില്‍ നിന്നാണ്,ജീവന്‍രക്ഷാ ഔഷധം ആയ സ്ട്രെപ്ടോകൈനെസ് ഒരു ബാക്ടീരിയയില്‍ നിന്നാണ് വേര്‍തിരിച്ചു എടുത്തത്,അനേകം സസ്യങ്ങളില്‍ നിന്നും ആധുനിക വൈദ്യശാസ്ത്രം മരുന്നുകള്‍ കണ്ടെത്തി എടുത്തിട്ടുണ്ട്, ഉദാ:ഡിജിറ്റാലിസ് ചെടിയില്‍ നിന്നും ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന പ്രമുഖ മരുന്നായ ഡിജോക്സിന്‍,നമ്മുടെ വീടുകളില്‍ ഒക്കെ ഉള്ള Catharanthus roseus (ശവം നാറി)എന്ന ചെടിയില്‍ നിന്നും രക്താര്‍ബുദത്തിനു ഉപയോഗിക്കുന്ന വിന്ക്രിസ്ടിന്‍,വിന്ബ്ലാസിട്ന്‍ എന്നീ മരുന്നുകള്‍ ഒക്കെ അവയില്‍ ചിലത് മാത്രം.

Newman and Cragg 2012, നെ ഉദ്ധരിച്ചു പറഞ്ഞാല്‍ അവസാന 30 വര്‍ഷമെടുത്താല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ മുുൃീ്ലറ റൃൗഴെ ല്‍ 50% ത്തോളം പ്രത്യക്ഷമായോ പരോക്ഷമായോ പ്രകൃതിദത്തമായ പദാര്‍ത്ഥങ്ങളില്‍/ ഉറവിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചു എടുത്തവ ആണത്രേ!കാന്‍സര്‍ ചികിത്സയിലെ 1940 തൊട്ടു ഇത് വരെ ഉള്ള 175 മരുന്നുകളില്‍ 85 എങ്കിലും ഇതേ പോലെ പ്രകൃതിജന്യമായ ഉറവിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചവ ആണ്.

ചുരുക്കം പറഞ്ഞാല്‍ മേല്‍പ്പറഞ്ഞ "ലക്ഷ്മി തരു" വിന്റെ ഗുണഗണങ്ങള്‍ കേട്ടാല്‍ അത്രയ്ക്ക് അത്ഭുതം തോന്നാന്‍ മാത്രം ഒന്നും ഇല്ല എന്നും നിരീക്ഷിക്കാം.

മരത്തിന്റെ ഭാഗങ്ങളില്‍ ഔഷധ ഗുണം ഉള്ള വസ്തുക്കള്‍ ഉണ്ടെന്നുള്ളത് ശരിയാണോ?

ശരിയാണ്. ഈ ചെടിയില്‍ നിന്നും ഔഷധ ഗുണം ഉള്ള പദാര്‍ഥങ്ങള്‍ വേര്‍പെടുത്തി എടുത്തു വിവിധ പഠനങ്ങളും പരീക്ഷണങ്ങളും ശാസ്ത്രം നടത്തിയിട്ടുണ്ട്.എന്നാല്‍ അത് മനുഷ്യരില്‍ മരുന്നായി പ്രയോഗിക്കുന്ന തരത്തില്‍ ഉള്ള വിശദമായ പഠനങ്ങളോ കണ്ടു പിടിത്തങ്ങളിലോ എത്തിയിട്ടില്ല എന്നാണു മനസ്സിലാക്കുന്നത്. ഔഷധ ഗുണങ്ങള്‍ക്ക് പ്രധാന കാരണം, സൈമോരുബ വൃക്ഷത്തില്‍ അടങ്ങിയിരിക്കുന്ന Quassinoids എന്ന plant alkaloids ഘടകങ്ങള്‍ ആണ്, ailanthinone, glaucarubinone, dehydroglaucarubinone and holacanthone തുടങ്ങി പലയിനം quassinoids ഇതില്‍ അടങ്ങിയിരിക്കുന്നു.

ഈ വസ്തുവിന് Anti Microbial properties & Cytotoxic properties തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങല്‍ ഉണ്ടെന്നു സൂചിപ്പിക്കുന്ന പഠനങ്ങള്‍ ലഭ്യമാണ്. Cytotoxic properties അഥവാ കോശങ്ങളെ നശിപ്പിക്കാന്‍ ഉള്ള പ്രവര്‍ത്തനക്ഷമത ഉള്ളതിനാല്‍ കാന്‍സര്‍ കോശങ്ങളെയും നശിപ്പിക്കാന്‍ കഴിയും ,lymphocytic leukemia എന്ന രക്താര്‍ബുദം,ചിലയിനം ട്യൂമറുകള്‍ എന്നീ കാന്‍സര്‍ നു എതിരെ ഈ ചെടിയില്‍ നിന്ന് വേര്‍തിരിച്ച quassinoids നു ഫലം ഉണ്ടെന്നു പഠനങ്ങള്‍ ഉണ്ട്.

*മലേറിയ ഉണ്ടാക്കുന്ന പ്ലാസ്മോഡിയത്തിനും,വയറുകടി ഉണ്ടാക്കുന്ന എന്ടമീബയ്ക്ക് എതിരെയും,വയറിളക്ക രോഗങ്ങള്‍ ഉണ്ടാക്കുന്ന ഷിഗെല്ല ,സാല്മോണെല്ല തുടങ്ങിയവയ്ക്ക് എതിരെയും ഈ quassinoids പ്രവര്‍ത്തിക്കും അത്രേ!

*അള്‍സര്‍ രോഗങ്ങള്‍ക്ക് എതിരെ ഉള്ള പ്രവര്‍ത്തനം അള്‍സര്‍ ഉണ്ടാക്കുന്ന ഹെലികോ ബാക്റെര്‍ പൈലോറി യെ നശിപ്പിക്കുന്നത് കൊണ്ട് ആണെന്ന് പറയപ്പെടുന്നു.എന്നാല്‍ ഇന്ത്യയില്‍ എലികളില്‍ നടത്തിയ ഒരു പഠനത്തില്‍ ഇന്ടോമെതാസിന്‍ മരുന്ന്,മദ്യം എന്നിവ കൊണ്ട് ഉണ്ടാവുന്ന ആമാശയ അള്‍സര്‍ കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു എന്ന് നിരീക്ഷിച്ചിട്ടുണ്ട്.(പ്രോസ്ടാഗ്ലാന്ടിന്‍ ഉല്‍പ്പാദനം കൂട്ടുന്നത് കൊണ്ടോ അല്ലെങ്കില്‍ അതിനു സമാനമായ  ഘടകം ഇതില്‍ അടങ്ങിയത് കൊണ്ടാവാം ഇത് എന്നു കരുതാം.)

ഈ മരത്തിന്റെ ഇല/തടി ഒക്കെ തിളപ്പിച്ച് കഴിച്ചാല്‍ പല പല അസുഖങ്ങള്‍ മാറും എന്ന് പറയുന്നതും /രോഗം വരുന്നത് പ്രതിരോധിക്കും എന്ന് പറയുന്നതും ശാസ്ത്രീയമായി ശരിയാണോ?

ഔഷധ ഗുണം ഉള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നത് കൊണ്ട് മാത്രം അത് ഏതെങ്കിലും തരത്തില്‍ ഏതെങ്കിലും ഒക്കെ അളവില്‍ അകത്താക്കുന്നത് ആശാസ്യകരം എന്ന് പറയുക വയ്യ അത് അശാസ്ത്രീയം ആണ് താനും. പ്രകൃതി ജന്യമായ വസ്തുക്കള്‍ക്ക് മനുഷ്യ ശരീരത്തില്‍ പ്രയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ളതു അവാസ്തവം ആണ്.മനുഷ്യ ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യമായ വസ്തുക്കള്‍ക്ക് എല്ലാം തന്നെ ഗുണഫലങ്ങള്‍ പോലെ തന്നെ നമ്മള്‍ക്ക് താല്പര്യം ഇല്ലാത്ത ഫലങ്ങളും ഉണ്ട്.ആധുനിക ശാസ്ത്രത്തിനു പുറത്തുള്ള പല "മരുന്നുകള്‍ക്കും" പാര്‍ശ്വഫലം ഇല്ല എന്നുള്ള പ്രചരണം പലപ്പോളും അവാസ്തവം ആണ്,പാര്‍ശ്വഫലം കണ്ടെത്തിയിട്ടില്ല ആരും അതിനു മെനക്കെട്ടിട്ടില്ല എന്നതായിരിക്കും സത്യം.

മരുന്നിന്റെ പ്രവര്‍ത്തനം ഓരോ രോഗിയുടെയും പ്രായം,ജനിതക പരമായ സവിശേഷതകള്‍,ശരീരഘടന,മറ്റു രോഗാവസ്ഥകള്‍,കൂടെ ഉള്ളില്‍ ചെല്ലുന്ന മറ്റു വസ്തുക്കള്‍ എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചു വിവിധം ആണെന്നിതിനാല്‍ ഓരോ ഔഷധ വസ്തുവിനും ന്യൂനപക്ഷത്തില്‍ എങ്കിലും പാര്‍ശ്വഫലങ്ങളും ഉണ്ടാക്കാന്‍ കഴിവുണ്ട്. ആയതിനാല്‍ തന്നെ ഒരു മരുന്നായി പ്രയോഗിക്കപെടുന്നതിനു മുന്‍പ് ഓരോ രോഗത്തിനും രോഗിക്ക് നല്‍കേണ്ട ഡോസ്,ആ വസ്തുവിന് ഡോസ് അനുശ്രുതമായി ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍,പാര്‍ശ്വഫലങ്ങള്‍,മറ്റു മരുന്നുകളും ആയുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ പഠന വിധേയം ആക്കെണ്ടതുണ്ട്.

ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചരണത്തില്‍ ചികില്‍സാവിധിയില്‍ അത്തരം ഒരു നിര്‍ണ്ണയം നടന്നിട്ടില്ല കേവല നിരീക്ഷണങ്ങളും,വ്യക്തിഗത അനുഭവ സാക്ഷ്യങ്ങളും ആണ് അടിസ്ഥാനം.ആയതിനാല്‍ "ഒറ്റമൂലി എന്നോ ദിവ്യ ഔഷധം എന്നോ കരുതി അകത്താക്കുന്നതില്‍ അപകട സാധ്യത ഇല്ലാതെ ഇല്ല.

ഒരു പഠനത്തില്‍ പറയുന്നത് ഈ എക്സ്ട്രാക്റ്റ്ല്‍  "highly cytotoxic" ആയ വസ്തുക്കള്‍ അടങ്ങുന്നു എന്നാണു.ഇതിനാല്‍ ആണ് കാന്‍സര്‍ കോശങ്ങളെ കൊല്ലുന്നതു, ഫലത്തില്‍ കീമോ തെറാപ്പി മരുന്നുകളുടെ അതെ പ്രവര്‍ത്തനം ആണ് ഈ പദാര്‍ത്ഥം ചെയ്യുന്നത്.അത് കൊണ്ട് ഇങ്ങനെ ഇല തിളപ്പിച്ച് കഴിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ള വാദം തെറ്റാവാന്‍ ആണ് എല്ലാ സാധ്യതകളും. പല വിധ കാന്‍സര്‍ കള്‍ക്ക് പല വിധ കാരണങ്ങളും സവിശേഷതകളും ആണ് ഉള്ളത്.അത് കൊണ്ട് തന്നെ ഈ പറഞ്ഞ പദാര്‍ഥങ്ങള്‍ എല്ലാ വിധ കാന്‍സര്‍ നും ഉള്ള മരുന്ന് ആവാന്‍ ഉള്ള സാദ്ധ്യതകള്‍ കുറവാണ്.

ഓണ്‍ലൈന്‍ പരതിയതില്‍ കണ്ടെത്തിയ പഠനങ്ങള്‍ തന്നെ ചിലതരം രക്താര്‍ബുദം,ലിംഫോമ എന്നിവക്കെതിരെയുള്ള പ്രയോഗസാ്യതയെപ്പറ്റി മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നത്.മറ്റു ചില കാന്‍സര്‍കളെ കുറിച്ച് പഠനങ്ങള്‍ കുറവാണ്. ചിലതാവട്ടെ മൃഗങ്ങളില്‍ മാത്രം ഉള്ള പഠനങ്ങള്‍ ആണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഓരോ പദാര്‍ത്ഥവും പ്രത്യേകം വേര്‍തിരിച്ചു മരുന്നുകള്‍ ആക്കി ഉചിതമായ രീതിയില്‍ ഉപയോഗ യുക്തം ആക്കുക ആയിരിക്കും ഉചിതം (ഉദാ:മലേറിയയ്ക്ക് മരുന്ന് കഴിക്കുന്ന ഒരാളുടെ ശരീരത്തില്‍ കാന്‍സര്‍ ചികില്‍സയുടെ ഫലം ഉണ്ടാക്കേണ്ടതില്ലല്ലോ.)

ഇല തിളപ്പിച്ച് കഴിച്ചാല്‍ മരുന്നാവുമോ?

കാന്‍സര്‍ ചികില്‍സയ്ക്കു ഉപയോഗിക്കുന്ന പ്രമുഖ മരുന്നായ വിന്ക്രിസ്ടിന്‍ മരുന്നു ശവംനാറി ചെടിയില്‍

നിന്നുള്ള വിന്കാ ആല്‍ക്കലോയിഡ് പദാര്‍ഥത്തില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത് എന്നാല്‍ ഇതിന്റെ ഇല കടിച്ചു തിന്നാന്‍ ആരും ശ്രമിച്ചതായി അറിയില്ല.ഓരോ മരുന്നും ഏതു രൂപത്തില്‍ എത്ര അളവില്‍ എങ്ങനെ പ്രയോഗിക്കെണ്ടതാണ് എന്ന് ശാസ്ത്രീയമായി അറിയേണ്ടതുണ്ട്.ഉദാ: ചില മരുന്നുകള്‍ വായിലൂടെ കഴിക്കുമ്പോള്‍ (ചിലത് ഗുളിക മാത്രമായും,ചിലതും ദ്രവമരുന്ന് മാത്രമായോ ചിലത് രണ്ടു രൂപത്തിലോ ഉണ്ടായിരിക്കും, ഇതിനൊക്കെ പ്രസക്തി ഉണ്ട്) ചിലത് ഇന്‍ജെക്ഷന്‍ ആയി ആയിരിക്കും നല്‍കുക

.ഇങ്ങനെ ഒക്കെ പ്രത്യേകം നല്‍കുന്നതിന് പിന്നിലും ചില ശാസ്ത്രീയ വശങ്ങള്‍ ഉണ്ട് ഉദാ വായിലൂടെ കഴിക്കേണ്ട ഗുളിക കലക്കി ഇന്‍ജെക്ഷന്‍ നല്‍കുകയോ ഇന്‍ജെക്ഷന്‍ മരുന്ന് പൊട്ടിച്ചു കുടിക്കുകയോ ചെയ്യുന്നത് ആശാസ്യമാവില്ല.അത് പോലെ ഡോസ്മായി ബന്ധപ്പെട്ടു ഓരോ മരുന്നിനും പല എഫെക്റ്റ് ആയിരിക്കും.ഉദാ: മുന്‍പ് പറഞ്ഞ സസ്യത്തില്‍ നിന്ന് തന്നെ വേര്‍തിരിക്കുന്ന ഡിജിറ്റാലിസ് മരുന്ന് പല ഡോസില്‍ പല എഫക്റ്റ് ആണ് ഉണ്ടാക്കുക അല്പം ഡോസ് കൂടിയാല്‍ മരണം വരെ സംഭവിക്കാം!

ഡോസ് ഒക്കെ കൃത്യമായി നിശ്ചയിക്കാന്‍ കഴിയില്ലത്തതിനാല്‍ ഇത്തരം ഒരു കലക്കി കുടിക്കല്‍ ശാസ്ത്രീയമായി കണക്കാക്കാന്‍ കഴിയില്ല. ഗുണം ഉണ്ട് എങ്കിലും ഉപയോഗിക്കാന്‍ പാടില്ല എന്നാണോ പറഞ്ഞു വരുന്നത്?

എന്തെങ്കിലും ഗുണ ഫലം ഉള്ളത് കൊണ്ട് മാത്രം ഒരു ഔഷധ വസ്തു രോഗിയില്‍ പ്രയോഗിക്കപ്പെടുന്നത് ശാസ്ത്രീയ രീതി അല്ല .നിശ്ചിത സുരക്ഷ ഉണ്ടെന്നു കണ്ടെത്തി ഫലപ്രദമായി ഉപയോഗിച്ച് പോന്ന മരുന്നുകള്‍ പോലും പിന്നീട് നിരോധിക്കപ്പെട്ടിട്ടുള്ളത് അവയ്ക്ക് ഗുണം ഇല്ലാത്തത് കൊണ്ടല്ല,ആധുനിക വൈദ്യശാസ്ത്രം നിരന്തരം മരുന്നുകളെ പഠിക്കുന്നതിന്റെ ഭാഗമായി അപൂര്‍വമായതും,ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ളതും ആയ പുതിയ എന്തേലും ദോഷം കണ്ടു പിടിക്കപ്പെടുമ്പോള്‍ ഭൂരിഭാഗത്തിനും ഗുണം ഉണ്ടാക്കുന്ന ചില മരുന്നുകള്‍ പോലും പിന്നീട് ഉപയോഗിക്കാതെ ഇരുന്നിട്ടുണ്ട്.

അതിനാല്‍ ചില രോഗങ്ങള്‍ക്ക് എതിരെ ഉള്ള പ്രവര്‍ത്തനം ഉണ്ടെന്നതിനാലും ,പ്രകൃതിദത്തം ആണെന്ന് വിശ്വസിക്കുന്നത് കൊണ്ടും മാത്രം മറ്റു പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നും തികച്ചും സുരക്ഷിതമാണ് എന്നും കരുതുന്നത് മൌഢൃം ആവും.

*ഇതൊരു ഒറ്റമൂലി/അത്ഭുത ഔഷധം ആണെന്ന് ഉള്ള മഹത്വവല്‍ക്കരണവും പ്രചാരണവും ശാസ്ത്രാടിസ്ഥാനത്തില്‍ ഉള്ളത് അല്ല! പല വിധത്തില്‍ ഉള്ള ഔഷധ ഗുണങ്ങള്‍ ഉള്ള സ്ഥിതിക്ക് അനാവശ്യമായ ചില മരുന്നുകള്‍ രോഗം ഇല്ലാത്ത ആളില്‍ എത്തി പ്രഭാവം ഉണ്ടാക്കുന്നത് ആരോഗ്യപരം ആവണം എന്നില്ല.

അതിനാല്‍ ഈ മരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടങ്ങിയിരിക്കുന്ന ഔഷധ വസ്തുക്കളെ പ്രത്യേകം വേര്‍ തിരിച്ചു എടുത്തു ശാസ്ത്രീയമായി പഠിച്ചു ഉപയോഗയുക്തം ആക്കുന്നതിലെക്കായി ശാസ്ത്ര ലോകം പ്രത്യേക ശ്രദ്ധ ചെലുത്തട്ടെ.ഒരു കാരണവശാലും എഴുതി തള്ളാന്‍ പാടുള്ളതല്ല. .അതിനുള്ള നടപടി സര്‍ക്കാരും ഏറ്റെടുത്തു നടത്തട്ടെ. പിന്നെ ആധുനിക വൈദ്യ ശാത്രം കൈകാര്യം ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ ഇത് കുറിപ്പടി ആയി എഴുതി കൊടുക്കാനോ ആധികാരികം അല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാനോ എനിക്കോ സഹ ഡോക്ടര്‍മാര്‍ക്കോ നിയമപരമായും ധാര്‍മ്മികമായും അവകാശം ഇല്ല. എന്നാല്‍ കാന്‍സര്‍ പോലെ മരണം മുന്നില്‍ കാണുന്ന രോഗിക്ക് എന്തും ഒരു പിടി വള്ളി ആണ് ,അങ്ങനെ ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം സ്വന്തം റിസ്കില്‍ കഴിക്കുന്നു എങ്കില്‍ അതിനെ തടയാനും ഒരു ഡോക്ടര്‍ക്കാവില്ല.

ഇതുപയോഗിച്ചുള്ള ചികില്‍സയും ആയി ബന്ധപ്പെട്ടു കഴിഞ്ഞ അഞ്ചു വര്‍ഷത്തോളം ആയിട്ടുള്ള കുറെ അധികം അനുഭവ സാക്ഷ്യങ്ങള്‍" ഓണ്‍ലൈന്‍ വായിച്ചു ഇതില്‍ നിന്ന് എല്ലാം മനസ്സിലാക്കുന്നത്,

*കാന്‍സര്‍നു മറ്റു ചികില്‍സ എടുത്തവര്‍ ഇത് കൂടെ കൂട്ടത്തില്‍ കഴിക്കുക ആണ് ഉണ്ടായത്,പലര്‍ക്കും കൂടുതല്‍ ആശ്വാസവും,മെച്ചപ്പെട്ട അവസ്ഥയും ഉണ്ടായി,ഇത് എടുത്തിട്ടും മരണപ്പെട്ടവരുടെ അനുഭവവും വായിച്ചു എല്ലാം സാധാരണക്കാരന്റെ വ്യക്തിഗത അനുഭവങ്ങള്‍ ആയിരുന്നു

.*ഇത് മാത്രമായി കഴിച്ചു കാന്‍സര്‍നെ നേരിട്ട അനുഭവം ആരും പറഞ്ഞു കേട്ടില്ല. ഇതിനെ വ്യാവസായിക അടിസ്ഥാനത്തില്‍ ദുരുപയോഗം ചെയ്യാന്‍ പ്രവണത ഉണ്ടായാല്‍ അത് തടയുകയും ചെയ്യണം എന്നാണു അഭിപ്രായം.ഇതുമായി ബന്ധപ്പെട്ട വ്യാജ അവകാശ വാദങ്ങളിലോ തട്ടിപ്പുകളിലോ പെട്ട് ആരുടേയും കാശ് പോവാതെ ഇരിക്കട്ടെ എന്ന് മുന്പേര്‍ ആയി ആശംസിക്കുന്നു.

പ്രശസ്ത അര്‍ബുദ രോഗചികില്‍സകനായ ഡോ. വി പി ഗംഗാധരന്‍   ഈ വിഷയത്തില്‍ എഴുതിയ പ്രതികരണം വായിച്ചു. അദ്ദേഹത്തോട് ഉള്ള എല്ലാ ബഹുമാനവും നില നിര്‍ത്തിക്കൊണ്ട് പറയുന്നു. അദ്ദേഹം ഈ വിഷയത്തില്‍ അല്പം മുന്‍വിധിയോടെ ആണ് സമീപിച്ചിരിക്കുന്നത് എന്ന് തോന്നുന്നു.ആന്റി ഒക്സിടന്റ്റ് ന്റെ സാന്നിധ്യം അല്ല ഇതില്‍ ഉള്ളത് കാന്‍സര്‍കോശങ്ങള്‍ക്ക് എതിരെ തന്നെ പ്രവര്‍ത്തിക്കുന്ന വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു എന്ന വസ്തുത അദ്ദേഹം ശ്രദ്ധിക്കാതെ പോയിട്ടുണ്ട്. ഇതിനു മറ്റു ചില പ്രവര്‍ത്തനങ്ങളും ഉണ്ട് എന്ന് ചില പഠനങ്ങള്‍ കണ്ടു..അതായത് mitochondrial activity വര്‍ധിപ്പിക്കുന്നു എന്നും മറ്റും. അതും പരിശോധിക്കപെടട്ടെ.

ഹൃദയത്തെ രക്ഷിക്കാന്‍ രക്തസമ്മര്‍ദം കുറയ്ക്കാം

കേരളത്തിലെ ജനങ്ങളില്‍ 12% പേര്‍ക്ക് രക്തസമ്മര്‍ദത്തിലെ വ്യതിയാനങ്ങള്‍മൂലമുള്ള തകരാറുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാറിരുന്ന ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം.

രക്തസമ്മര്‍ദം നിയന്ത്രിക്കാം അറിവിലൂടെ
ഹൃദയത്തില്‍നിന്നും ധമനികള്‍ വഴിയാണ് രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിച്ചേരുന്നത്. മിനിട്ടില്‍ 70 തവണയോളം ഹൃദയം രക്തം പമ്പ് ചെയ്ത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നു. രക്തം ധമനികളിലൂടെ പ്രവഹിക്കുമ്പോള്‍ അതിന്റെ ഭിത്തിയില്‍ ഏല്‍പിക്കുന്ന സമ്മര്‍ദമാണ് രക്തസമ്മര്‍ദം. ഹൃദയം ശക്തിയായി രക്തം പമ്പ് ചെയ്യുമ്പോള്‍ (സങ്കോചിക്കുമ്പോള്‍) ധമനികളിലെ സമ്മര്‍ദം 120 മില്ലിമീറ്റര്‍ മെര്‍ക്കുറിവരെ ഉയരും. ഹൃദയം വികസിക്കുമ്പോള്‍ അഥവാ പമ്പ് ചെയ്യാതെ വിശ്രമിക്കുമ്പോള്‍ 80 മില്ലിമീറ്റര്‍ മെര്‍ക്കുറി ആയി കുറയും. ഇതാണ് ഡോക്ടര്‍മാര്‍ 120/80 മില്ലിമീറ്റര്‍ മെര്‍ക്കുറി രക്തസമ്മര്‍ദമായി അവരുടെ കുറിപ്പുകളില്‍ എഴുതുന്നത്. ഈ സമ്മര്‍ദത്തോടുകൂടി രക്തം പ്രവഹിക്കുന്നതുകൊണ്ടാണ് തലച്ചോറിനും പേശികള്‍ക്കും കരളിനും ശരീരത്തിലെ ഓരോ കോശത്തിനും രക്തവും അതുവഴി പ്രാണവായുവും മറ്റു പോഷകങ്ങളും ലഭ്യമാകുന്നത്.

രക്തസമ്മര്‍ദത്തിന്റെ വില
120/80 മില്ലിമീറ്റര്‍ എന്ന അളവ് നാം വിശ്രമിക്കുമ്പോള്‍ മാത്രമുള്ള സമ്മര്‍ദമാണ്. വേഗം നടക്കുക, ഓടുക, പടികയറുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പേശികളില്‍ ധാരാളം രക്തംഎത്തിക്കണമെന്നുണ്ടെങ്കില്‍ ഹൃദയം വേഗത്തിലും ശക്തിയിലും രക്തം പമ്പ് ചെയ്യേണ്ടിവരും. ഹൃദയമിടിപ്പ് കൂടുന്നതിനോടൊപ്പം രക്തസമ്മര്‍ദം 120/80ല്‍ നിന്നും 160/90വരെ കൂടുകയും ചെയ്യും. വായന, ചിന്ത, പ്രഭാഷണം, രചന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും തലച്ചോറിലേക്ക് കൂടുതല്‍ രക്തം വേണ്ടിവരും. സിനിമ, ടെലിവിഷന്‍ തുടങ്ങിയവ കാണുമ്പോള്‍പോലും നമ്മുടെ രക്തസമ്മര്‍ദം കൂടുന്നതായി കാണാം. ഇവ സാധാരണ ജീവിതത്തില്‍തന്നെ അവശ്യ സന്ദര്‍ഭങ്ങളില്‍ കാണപ്പെടുന്ന രക്തസമ്മര്‍ദത്തിന്റെ വ്യതിയാനങ്ങളാണ്.

രക്തസമ്മര്‍ദം ഒരു രോഗമാകുമ്പോള്‍
കേരളത്തിലെ ഏകദേശം 12% പേരിലും വിശ്രമിക്കുമ്പോള്‍ രക്തസമ്മര്‍ദത്തിന്റെ അളവ് കൂടുന്നതായി കാണപ്പെടുന്നു. ഇത് രക്തസമ്മര്‍ദം എന്ന രോഗമാണ്. വിശ്രമവേളകളില്‍ രക്തസമ്മര്‍ദം 120/80 മില്ലിമീറ്റര്‍ മെര്‍ക്കുറിയിലധികമായി ഉയരുന്നുവെങ്കില്‍ അതിനെ രോഗമായി കണക്കാക്കണം. രണ്ടുമൂന്നുദിവസങ്ങള്‍ ഇടവിട്ട് പരിശോധിക്കുമ്പോള്‍ മൂന്നുതവണയെങ്കിലും ഇങ്ങനെ കാണപ്പെട്ടാല്‍ രോഗമാണെന്ന് നിശ്ചയിക്കാം. 140/90 മില്ലിമീറ്റര്‍ മെര്‍ക്കുറി എന്ന അളവില്‍ കൂടുതലായി കാണുമ്പോഴാണ് വിദഗ്ധചികില്‍സ വേണ്ടിവരുന്നത്. 

പ്രധാന ചികില്‍സാവിധികള്‍
ശരീരഭാരം നിയന്ത്രിക്കുക, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക, ആഹാരത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുക എന്നിവ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. മരുന്നുകള്‍ ശരീരത്തിന് പ്രയോജനപ്പെടണമെങ്കില്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ പാലിച്ചേ മതിയാകൂ. രക്തസമ്മര്‍ദം 120/80നും 140/90നും മധ്യേ നിലനിര്‍ത്തുക എന്നതാണ് ചികില്‍സയുടെ ഉദ്ദേശം. മരുന്നും അതിന്റെ അളവും ഓരോ രോഗിയിലും വ്യത്യാസപ്പെട്ടിരിക്കും. നിരന്തര പരിശോധനകളിലൂടെ മാത്രമേ മരുന്ന് നിര്‍ണയം സാധ്യമാകൂ. മരുന്നിന്റെ അളവ് നിശ്ചയിച്ചുകഴിഞ്ഞാല്‍ അത് മുടങ്ങാന്‍ പാടില്ല. എന്നാല്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മരുന്നിന്റെ അളവ് നിയന്ത്രിക്കാം. ശരീരഭാരം കൂടാതെ നോക്കുക. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക എന്നിവയാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ നൂറ്റാണ്ടില്‍ ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച മികച്ച നേട്ടങ്ങളില്‍ ഒന്നാണ് രക്തസമ്മര്‍ദത്തെ ഒഴിവാക്കാനായി പാര്‍ശ്വഫലങ്ങള്‍ അധികമില്ലാത്ത മരുന്നുകള്‍ ലഭ്യമാക്കുവാന്‍ സാധിച്ചത്. സര്‍വസാധാരണയായി കാണപ്പെടുന്ന ഈ രോഗം ചികില്‍സിച്ച് ഭേദമാക്കാനും ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കാനും സാധിക്കും.

കിംസ് ഗ്രൂപ്പ് വൈസ് ചെയര്‍മാനും കാര്‍ഡിയോളജി വിഭാഗം തലവനുമാണ് ലേഖകന്‍

ഗര്‍ഭാശയ മുഴകള്‍

പ്രത്യുല്‍പ്പാദനക്ഷമമായ കാലങ്ങളില്‍ സ്ത്രീകളില്‍ വളരെ സാധാരണയായി കാണുന്ന പ്രശ്നമാണ് ഫൈബ്രോയ്ഡുകള്‍ എന്നറിയപ്പെടുന്ന ഗര്‍ഭാശയമുഴകള്‍. പലപ്പോഴും അത്യധികം ആശങ്കയ്ക്കും ഭയപ്പാടിനും ഇവ കാരണമാകാറുണ്ട്. ഈ ആശങ്കകള്‍ക്ക് എത്രമാത്രം അടിസ്ഥാനമുണ്ടെന്നു നോക്കാം.

ഗര്‍ഭാശയത്തിന്റെ മാംസപേശികളില്‍നിന്നുണ്ടാകുന്ന ഒരു ട്യൂമറാണ് ഫൈബ്രോയ്ഡ്. ട്യൂമര്‍ എന്നതിന് ക്യാന്‍സര്‍ എന്ന് അര്‍ഥമില്ല. ഫൈബ്രോയ്ഡ് ഒരു  ക്യാന്‍സര്‍ അല്ലാത്തതരം ദശവളര്‍ച്ച (benign tumour)  യാണ്. ഏകദേശം 30% മുതല്‍ 50% വരെ സ്ത്രീകളിലും ഇവയുണ്ടാകാം. എന്നാല്‍ എല്ലായ്പ്പോഴും ഇവ രോഗലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. 30 വയസ്സിനു ശേഷമാണ് സാധാരണ കാണുന്നതെങ്കിലും കൌമാരപ്രായക്കരില്‍വരെ ചിലപ്പോഴൊക്കെ കാണാറുണ്ട്. ആര്‍ത്തവവിരാമത്തിനുശേഷം പുതുതായി ഫൈബ്രോയ്ഡുകള്‍ ഉണ്ടാകാറില്ല.

വളരെ പതുക്കെ വളരുന്നയവാണ് ഈ ഗര്‍ഭാശയ മുഴകള്‍. സ്ത്രീഹോര്‍മോണുകളെ ആശ്രയിച്ചാണ് ഇവയുടെ വളര്‍ച്ച. അതിനാല്‍ ഗര്‍ഭധാരണം, ഗര്‍ഭനിരോധ ഗുളികകളുടെ ഉപയോഗം തുടങ്ങിയവയൊക്കെ ഇവയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. ഗര്‍ഭസമയത്ത് അവ വലുതാവുകയും മൃദുവാകുകയും ചെയ്യാം. പ്രസവശേഷം ഇവ ചുരുങ്ങിപ്പോവുന്നു. അതുപോലെ ഹോര്‍മോണ്‍ ഗുളികകള്‍ നിര്‍ത്തിയശേഷവും, ആര്‍ത്തവവിരാമത്തിനു ശേഷവും ഇവ ചെറുതാകും. എന്നാല്‍ എത്ര ചുരുങ്ങുന്നു എന്നത് ആദ്യം ഉണ്ടായിരുന്ന വലുപ്പമനുസരിച്ചാകും.

പ്രത്യുല്‍പ്പാദനക്ഷമത കുറഞ്ഞവരില്‍ ഫൈബ്രോയ്ഡ് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ധാരാളം കുട്ടികളെ പ്രസവിച്ച പഴയ തലമുറയിലെ സ്ത്രീകളില്‍ ഇവ വിരളമായിരുന്നു. ഇന്നത്തെ കാലത്ത് വന്ധ്യത, ജനനനിയന്ത്രണം എന്നിവമൂലം ഫൈബ്രോയ്ഡ് കൂടുതല്‍ കാണുന്നുണ്ട്. ഇവ ഉണ്ടാകുന്നതില്‍ പാരമ്പര്യവും ഘടകമാണ്. അതുപോലെ ചില രാജ്യക്കാരില്‍, പ്രത്യേകിച്ച് ആഫ്രിക്കന്‍ വംശജരില്‍ ഫൈബ്രോയ്ഡ് കൂടുതലായി കാണുന്നു.

ഫൈബ്രോയ്ഡ് പല രീതിയിലുണ്ടാകാം. ഗര്‍ഭപാത്രത്തിനുള്ളിലേക്കു തള്ളിനില്‍ക്കുന്നവ (Sub mucous),ഗര്‍ഭാശയ പേശികള്‍ക്കുള്ളില്‍ വളരുന്നവ (Intramural),  ഗര്‍ഭാശയത്തിനു പുറത്തേക്കു തള്ളിനില്‍ക്കുന്നവ (Sub serous)  എന്നിങ്ങനെയാണ് സാധാരണയായി അവയെ തരംതിരിക്കുന്നത്. സ്ഥാനം അനുസരിച്ച് അവയുണ്ടാക്കുന്ന രോഗലക്ഷണങ്ങളിലും ഏറ്റക്കുറിച്ചല്‍ വരാം.

പുറത്തേക്കു തള്ളിനില്‍ക്കുന്ന മുഴകള്‍ വലിയ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കണമെന്നില്ല. അവ പലപ്പോഴും ഗര്‍ഭാശയത്തിന്റെ വലുപ്പം കൂട്ടുകയും വയറില്‍ കട്ടിയായി

പ്രത്യക്ഷപ്പെടുകയും ചെയ്യും. അവയുണ്ടാക്കുന്ന ലക്ഷണങ്ങള്‍ കൂടുതലും ചുറ്റുമുള്ള മറ്റ് അവയവങ്ങളില്‍ സമ്മര്‍ദം ഉണ്ടാക്കുന്നതുമൂലമാണ്. 
ഉള്ളിലേക്കു തള്ളിനില്‍ക്കുന്നതും ഗര്‍ഭാശയപേശികള്‍ക്കുള്ളില്‍ വളരുന്നവയുമായ മുഴകള്‍ ആര്‍ത്തവസമയത്ത് അമിതരക്തസ്രാവവും കഠിനമായ വേദനയും ഉണ്ടാക്കും. ഇത്തരം മുഴകള്‍ അധികം വലുപ്പമുള്ളതല്ലെങ്കില്‍പ്പോലും രോഗലക്ഷണങ്ങളുണ്ടാക്കാം.

സാധാരണയായി ഗര്‍ഭപാത്രത്തില്‍ ഒന്നിലധികം മുഴകള്‍ ഉണ്ടാകാം. വലുതായി ഒരെണ്ണം മാത്രമേ കാണപ്പെടുന്നുള്ളു എങ്കിലും വളരെ ചെറിയ അനേകം മുഴകള്‍ ഉണ്ടായെന്നുവരാം. കടുകുമണിയുടെ വലുപ്പംമുതല്‍ വയറുമുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന വലുപ്പംവരെ അവയ്ക്കുണ്ടാകാം. പലപ്പോഴും അനേകം മുഴകളുള്ള ഗര്‍ഭാശയത്തിന്റെ ആകൃതിതന്നെ വളരെ വ്യത്യാസപ്പെട്ടിരിക്കും. സാധാരണ പേശീതന്തുക്കളെക്കാള്‍ കട്ടിയുള്ളവയാണ് ഈ മുഴകള്‍. പലപ്പോഴും കാത്സ്യം അടിഞ്ഞുകൂടുന്നതുമൂലം വളരെ കഠിനമായോ, ഡീജനറേഷന്‍ വന്ന് മൃദുവായോ ഇവ കാണപ്പെടാം. അമിത രക്തസ്രാവമാണ് ഇവയുണ്ടാക്കുന്ന ഏറ്റവും പ്രധാന രോഗലക്ഷണം. ആര്‍ത്തവചക്രം കൃത്യമാകുകയും എന്നാല്‍ രക്തസ്രാവത്തിന്റെ അളവ്, ആര്‍ത്തവദിനങ്ങളുടെ എണ്ണം എന്നിവ അധികമാകും. അമിതരക്തസ്രാവംമൂലം സ്ത്രീകളില്‍ വിളര്‍ച്ച ഉണ്ടാകുന്നത് സാധാരണയാണ്. രക്തത്തിന്റെ അളവ് വളരെ കുറഞ്ഞാല്‍ ക്ഷീണവും നെഞ്ചിടിപ്പും അണുബാധയും ഉണ്ടാകാം. പലപ്പോഴും രക്തം കുത്തിവയ്ക്കേണ്ടിവന്നേക്കാം. 
ആര്‍ത്തവസമയത്തെ വയറുവേദനയാണ് മറ്റൊരു പ്രധാന ലക്ഷണം. അടിവയറ്റില്‍ കൊളുത്തിപ്പിടിക്കുന്നപോലെയോ കഴയ്ക്കുന്നതുപോലെയോ വേദനയുണ്ടാകാം. വയറിനുള്ളില്‍ ഭാരം അനുഭവപ്പെടല്‍, വയറ് തള്ളിനില്‍ക്കുക തുടങ്ങിയവയും വലിയ മുഴകളുള്ളപ്പോള്‍ അനുഭവപ്പെടാം. മുഴകളുടെ വലുപ്പവും സ്ഥാനവും അനുസരിച്ച് ചുറ്റുമുള്ള അവയവങ്ങളില്‍ സമ്മര്‍ദമുണ്ടാകാം. അങ്ങിനെ മൂത്രസഞ്ചിയില്‍ സമ്മര്‍ദമുണ്ടാകുമ്പോള്‍ മൂത്രതടസ്സം, വന്‍കുടലില്‍ സമ്മര്‍ദമുണ്ടായാല്‍ മലബന്ധം എന്നിവയുമുണ്ടാകാം. വൃക്കകളില്‍നിന്നു താഴേക്കുവരുന്ന മൂത്രനാളികളില്‍  സമ്മര്‍ദമുണ്ടായാല്‍ അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. കാലുകളിലേക്കുള്ള രക്തക്കുഴലുകളില്‍ പ്രഷര്‍ വരുന്നതുവഴി കാലുകളില്‍ നീരും നാഡികളിലുണ്ടാകുന്ന സമ്മര്‍ദംമൂലം നടുവേദനയും ഉണ്ടാകാം.

ഗര്‍ഭാശയമുഴകള്‍ പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകാം. അടിയ്ക്കടി ഗര്‍ഭം അലസാനും അവ കാരണമാകാം. ഗര്‍ഭസമയത്ത് അവയിലെ രക്തചംക്രമണത്തില്‍ വ്യത്യാസം ഉണ്ടാകുന്നതുമൂലം കഠിനമായ വയറുവേദന അനുഭവപ്പെടാം. പ്രസവസമയത്ത് അമിതരക്തസ്രാവം ഉണ്ടാകാനും ഇവ കാരണമാകാം.

സാധാരണഗതിയില്‍ ഗൈനക്കോളജിസ്റ്റിന്റെ പരിശോധനയില്‍ പലപ്പോഴും രോഗനിര്‍ണയം സാധ്യമാകും. എന്നിരുന്നാലും ഓവറിയിലെ ട്യൂമര്‍, അഡീനൊമിയോസിസ് (adenomyosis) എന്നീ അവസ്ഥകളില്‍നിന്ന് വേര്‍തിരിച്ചറിയാനും, മുഴകളുടെ എണ്ണം, വലുപ്പം,സ്ഥാനം എന്നിവ നിര്‍ണയിക്കാനും അള്‍ട്രാസൌണ്ട് സ്കാനിങ് സഹായിക്കും. 
ഗര്‍ഭാശയമുഴകളുടെ ചികിത്സ സാധാരണഗതിയില്‍ ഓപ്പറേഷന്‍ ആണ്. മുഴ മാത്രമായോ ഗര്‍ഭപാത്രം മുഴുവനായോ നീക്കംചെയ്യുന്നു. എന്നാല്‍ എല്ലാ ഫൈബ്രോയ്ഡിനും ചികിത്സ ആവശ്യമില്ല. ചെറുതും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാത്തതുമായ ഫൈബ്രോയ്ഡ് നീക്കംചെയ്യേണ്ടതില്ല. എന്നാല്‍ അവയുടെ വളര്‍ച്ച നിരീക്ഷിക്കേണ്ടതാണ്. പെട്ടെന്ന് വളരുകയോ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യുമ്പോള്‍ അവ നീക്കംചെയ്യണം.

വലുതും, അമിതരക്തസ്രാവം, ചുറ്റുമുള്ള അവയവങ്ങളില്‍ സമ്മര്‍ദം തുടങ്ങിയവ ഉണ്ടാക്കുന്ന ഫൈബ്രോയ്ഡ് നീക്കംചെയ്യുകതന്നെ വേണം. സാധാരണയായി കുട്ടികളൊക്കെയായ സ്ത്രീകളില്‍ ഗര്‍ഭപാത്രം നീക്കംചെയ്യുന്ന ഓപ്പറേഷനാ (Hysterectomy) ണ് ചെയ്യുക. മുഴകള്‍ മാത്രം നീക്കംചെയ്യുന്ന ഓപ്പറേഷന്‍ (Myomectomy) ഗര്‍ഭപാത്രം സംരക്ഷിക്കേണ്ടവര്‍ക്കാണ് ചെയ്യുന്നത്. പലപ്പോഴും മുഴകള്‍ നീക്കംചെയ്തശേഷം മറ്റു മുഴകള്‍ വളര്‍ന്ന് വീണ്ടും രോഗലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. ഗര്‍ഭാശയ മുഴകള്‍ക്കുള്ള ഓപ്പറേഷന്‍ വയറുതുറന്നോ, കീഹോള്‍വഴിയോ ചെയ്യാന്‍സാധിക്കും.

ഫൈബ്രോയ്ഡിന്റെ രക്തക്കുഴലുകളെ ബ്ളോക്ക്ചെയ്യുന്ന (Embolisation)   എന്ന ചികിത്സാരീതിയുണ്ട്. ചില മരുന്നുകള്‍കൊണ്ട് ഓപ്പറേഷനു മുമ്പായി മുഴകളെ താല്‍ക്കാലികമായി ചുരുക്കാന്‍സാധിക്കും. എന്നാല്‍ മരുന്നു നിര്‍ത്തിയാല്‍ അവ തിരിച്ച് പഴയ വലുപ്പത്തിലെത്തും.

ഗര്‍ഭാശയമുഴകള്‍ അര്‍ബുദമായി മാറനുള്ള സാധ്യത  0.5% മാത്രമാണ്.ഇങ്ങിനെ സംഭവിക്കാനുള്ള സാധ്യത വളരെ പെട്ടെന്ന് വളരുന്ന മുഴകളിലും, ആര്‍ത്തവവിരാമശേഷം വലുതാകുന്ന മുഴകളിലും മുന്നില്‍ക്കാണേണ്ടതാണ്. ഗര്‍ഭാശയമുഴകള്‍ക്കെല്ലാം ഓപ്പറേഷന്‍ ആവശ്യമില്ലെങ്കിലും, കൃത്യമായ ഇടവേളകളിലെ പരിശോധന ഒഴിച്ചുകൂടാനാവാത്തതാണ്.

(തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഡോക്ടറാണ് ലേഖിക)

പ്രോസ്റ്റേറ്റ് പ്രശ്നമാകുമ്പോള്‍


ഡോ. പ്രിയ ദേവദത്ത്

കമഴ്ത്തിവച്ച പിരമിഡിന്റെ ആകൃതിയുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. കുറേയേറെ ചെറുഗ്രന്ഥികളുടെ സമുച്ചയമാണ് പ്രോസ്റ്റേറ്റ് എന്നുപറയാം. പുരുഷന്മാരില്‍ മൂത്രസഞ്ചിക്കു തൊട്ടുതാഴെ മൂത്രനാളിയെ പൊതിഞ്ഞ് ഒരു കൊഴുപ്പ് പാളിക്കുള്ളിലായാണ് പ്രോസ്റ്റേറ്റിന്റെ സ്ഥാനം. ലൈംഗികപ്രവൃത്തികളിലും മൂത്രപ്രവൃത്തികളിലും പ്രോസ്റ്റേറ്റ് നിര്‍ണായക പങ്കുവഹിക്കാറുണ്ട്. ദീര്‍ഘനാള്‍ സൌമ്യമായി പ്രവര്‍ത്തിക്കുമെങ്കിലും മധ്യവയസ്സ് പിന്നിടുമ്പോഴാണ് മൂത്രമൊഴിക്കുന്നതിലെ ബുദ്ധിമുട്ടുകളുമായി ഗ്രന്ഥി പ്രശ്നക്കാരനായി മാറുന്നത്.

'പാറാവുകാരന്‍' എന്നര്‍ഥമുള്ള 'പ്രോസ്റ്റാറ്റസ്' എന്ന ഗ്രീക് പദത്തില്‍നിന്നാണ് പ്രോസ്റ്റേറ്റ് എന്ന പേരുണ്ടായത്. കട്ടിയുള്ള പുറന്തോടും സവിശേഷ പേശികളും പ്രോസ്റ്റേറ്റിനുണ്ട്. 'വാതവസ്തി', 'വാതാഷ്ഠീല' എന്നീ പേരുകളിലാണ് ആയുര്‍വേദം പ്രോസ്റ്റേറ്റിനെ സൂചിപ്പിക്കുക.

ചെറിയൊരു ചെറുനാരങ്ങയുടെ വലുപ്പത്തില്‍ ചുളിവുകളുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഗര്‍ഭസ്ഥശിശുവില്‍ ഒമ്പതാമത്തെ ആഴ്ചമുതല്‍ പ്രത്യുല്‍പ്പാദന വ്യവസ്ഥയുടെ ഭാഗമായി പ്രോസ്റ്റേറ്റ് വികസിച്ചുതുടങ്ങും. സ്ത്രീകളില്‍ 'സ്കെയിന്‍സ്' എന്ന പേരില്‍ പ്രോസ്റ്റേറ്റിന് സമാനമായൊരു ഗ്രന്ഥി പിന്നീട് കണ്ടെത്തിയിരുന്നു.

പ്രോസ്റ്റേറ്റിന്റെ ധര്‍മങ്ങള്‍

ശുക്ളോല്‍പ്പാദനവും സ്ഖലന നിയന്ത്രണവുമാണ് പ്രോസ്റ്റേറ്റിന്റെ പ്രധാന ധര്‍മങ്ങള്‍. ശുക്ളത്തിന്റെ 10–30 ശതമാനവും പ്രോസ്റ്റേറ്റിലാണ് ഉണ്ടാകുന്നത്. മൂത്രനാളിയും ശുക്ളനാളിയും കൂടിച്ചേരുന്നത് പ്രോസ്റ്റേറ്റിനുള്ളിലാണ്. ശുക്ളവും മൂത്രവും കൂടിക്കലരാതെ അവ രണ്ടിന്റെയും ഗതി നിയന്ത്രിക്കുന്നതില്‍ പ്രോസ്റ്റേറ്റിന്റെ പങ്ക് വളരെ വലുതാണ്. 
മൂത്രത്തിന്റെ ആസിഡ്സ്വഭാവം ബീജങ്ങളുടെ ശേഷി കുറയ്ക്കുകയോ അവയെ നശിപ്പിക്കുകയോ ചെയ്യും. ഇതൊഴിവാക്കാന്‍ ബീജങ്ങള്‍ മൂത്രനാളിയിലൂടെ കടന്നുപോകുന്നതിനു മുമ്പുതന്നെ അവയെ സംരക്ഷിക്കാന്‍ പ്രോസ്റ്റേറ്റ് ഒരു ക്ഷാരസ്രവം നിര്‍മിക്കുന്നു. ബീജങ്ങള്‍ക്ക് പോഷകം നല്‍കുന്നതോടൊപ്പം അണുബാധ ചെറുക്കാനും സ്രവങ്ങള്‍ക്കാകും. 
പ്രോസ്റ്റേറ്റും രോഗങ്ങളും

പ്രോസ്റ്റേറ്റ് വീക്കം (ആജഒ), അണുബാധ (പ്രോസ്റ്റെറ്റിസ്), പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയാണ് പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന മൂന്നു പ്രധാന രോഗങ്ങള്‍. 

1. നിര്‍ദോഷമായ വീക്കം (ബിനൈന്‍ പ്രോസ്റ്റേറ്റ് ഹൈപ്പര്‍പ്ളാസിയ)
പ്രോസ്റ്റേറ്റ് കോശങ്ങള്‍ പെരുകി വീര്‍ത്ത് വലുതാകുന്നതാണ് നിര്‍ദോഷമായ വീക്കത്തിനിടയാക്കുന്നത്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍മൂലം ഇപ്പോള്‍ നാല്‍പ്പതുകളിലും പ്രോസ്റ്റേറ്റ്വീക്കം കണ്ടുവരുന്നു. മൂത്രമൊഴിക്കുന്നതിലെ ബുദ്ധിമുട്ടായാണ് ലക്ഷണങ്ങള്‍ പ്രകടമാവുക. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമല്ല.

വീക്കം പ്രശ്നമാകുന്നതെങ്ങനെ?

പ്രോസ്റ്റേറ്റില്‍ പ്രധാനമായും മൂന്നുതരം കോശങ്ങളാണുള്ളത്. സ്രവങ്ങളുണ്ടാക്കുന്ന കോശങ്ങള്‍, മൃദുപേശികളിലെ കോശങ്ങള്‍, നാരുകലകള്‍. ഇവ മൂന്നും പെരുകുന്നവയാണ്. വിവിധ കാരണങ്ങളാല്‍ പ്രോസ്റ്റേറ്റിനുള്ളിലെ കോശങ്ങള്‍ പെരുകുന്നതാണ് വീക്കമുണ്ടാക്കുന്നത്. കോശങ്ങള്‍ വളര്‍ന്നുപെരുകിയാലും പുറന്തോടിന് കട്ടിയുള്ളതിനാല്‍ പ്രോസ്റ്റേറ്റ് പുറത്തേക്കു തള്ളി വലുപ്പം കൂടണമെന്നില്ല. പെരുകുന്ന കോശങ്ങള്‍ അതിനുള്ളില്‍തന്നെ തിങ്ങിഞെരുങ്ങും. പ്രോസ്റ്റേറ്റിനുള്ളിലൂടെ കടന്നുപോകുന്ന മൂത്രനാളിയെ ഞെരുക്കുന്നതിനും ഇതിടയാക്കും. പ്രോസ്റ്റേറ്റിന് വലുപ്പം കൂടിയില്ലെങ്കിലും മൂത്രതടസ്സം ഉണ്ടാകുന്നതിന്റെ കാരണമിതാണ്.

പ്രായാധിക്യം, ആന്‍ഡ്രൊജന്‍, ഈസ്ട്രജന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍, വളര്‍ച്ചസഹായ ഘടകങ്ങള്‍, ജനിതകഘടകങ്ങള്‍ ഇവയൊക്കെ നിര്‍ദോഷമായ പ്രോസ്റ്റേറ്റ് വീക്കത്തിന് വഴിയൊരുക്കാറുണ്ട്.

വീക്കംമൂലം മൂത്രതടസ്സം ഉണ്ടാകുമ്പോള്‍ മൂത്രസഞ്ചിക്ക് മൂത്രം തള്ളിക്കളയാന്‍ കൂടുതല്‍ അധ്വാനം വേണ്ടിവരും. ആദ്യഘട്ടങ്ങളില്‍ ഈ തടസ്സം തരണംചെയ്യാന്‍ മൂത്രസഞ്ചിയുടെ പേശികള്‍ക്ക് കഴിയുമെങ്കിലും കാലക്രമേണ ഈ പേശികള്‍ക്ക് ബലക്ഷയം സംഭവിക്കും. കുറേക്കാലം കഠിനാധ്വാനംചെയ്ത ഈ പേശികള്‍ പിന്നീട് ആവശ്യമില്ലാത്ത സമയങ്ങളിലും സങ്കോചിക്കുകയും രോഗിക്ക് എപ്പോഴും മൂത്രം പോകണമെന്ന തോന്നല്‍ ഉളവാക്കുകയും ചെയ്യും.

കൂടാതെ മൂത്രാശയത്തിന്റെ അടിഭാഗത്തിന് ചരിവു വരുത്തുന്നതിനാല്‍ മൂത്രം പൂര്‍ണമായും ഒഴിഞ്ഞുപോകാതെ വരിക, മൂത്രം കെട്ടിക്കിടന്ന് അണുബാധയ്ക്കിടയാക്കുക, മൂത്രസഞ്ചിയില്‍ കല്ലുണ്ടാവുക തുടങ്ങിയവയ്ക്കുള്ള സാധ്യതകളും ഉണ്ട്. അപൂര്‍വമായി മൂത്രാശയത്തില്‍ കെട്ടിക്കിടക്കുന്ന മൂത്രം വൃക്കയില്‍ സമ്മര്‍ദംചെലുത്തി വൃക്ക തകരാറിനിടയാക്കാറുണ്ട്.

പ്രധാന ലക്ഷണങ്ങള്‍ 
മൂത്രവിസര്‍ജനവുമായി ബന്ധപ്പെട്ടവ
 • ഇടയ്ക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നല്‍
 • മൂത്രം ഒഴിക്കുമ്പോള്‍ ഇടയ്ക്കിടെ നിന്നുപോവുക
 • മൂത്രത്തിന്റെ ഒഴുക്കിന്റെ വേഗം സാവധാനത്തിലാവുക.
 • മൂത്രം പോവുന്നതിന് സമ്മര്‍ദംചെലുത്തേണ്ടതായി വരിക.
 • മൂത്രം മുഴുവനായും പോയി എന്ന തോന്നല്‍ ഉണ്ടാകാതിരിക്കുക
 • മൂത്രം ഒഴിച്ചശേഷവും മൂത്രം തുള്ളി, തുള്ളിയായി
 • പുറത്തേക്കു പോവുക * മൂത്രമൊഴിക്കാന്‍ താമസം
 • മൂത്രപ്രവാഹം നേരിയതാവുക
 • മൂത്രശേഖരണവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍
 • അടിക്കടി മൂത്രമൊഴിക്കുക
 • മൂത്രം പിടിച്ചുവയ്ക്കാന്‍പറ്റാതെ അത്യാവശ്യമായി മൂത്രമൊഴിക്കണമെന്ന തോന്നല്‍
 • മൂത്രം അറിയാതെ പോകല്‍
 • രാത്രിയിലുള്ള അമിതമായ മൂത്രംപോക്ക്.
 • വേദനയോടുകൂടിയ മൂത്രംപോക്ക്.
ഗുരുതര പ്രശ്നങ്ങള്‍
പൂര്‍ണമായുള്ള മൂത്രതടസ്സം
പെട്ടെന്നൊരുദിവസം തീരെ മൂത്രംപോകാത്ത അവസ്ഥ വരാം. തുടര്‍ച്ചയായുള്ള കടുത്ത തടസ്സംമൂലം കാലക്രമേണ മൂത്രം പോകാതിരിക്കും. മൂത്രസഞ്ചിയുടെ മൂത്രമൊഴിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉള്ളില്‍ രോഗമുണ്ടാവുകയും ഇതുവരെ അറിയാതിരിക്കുകയും ചെയ്തവരില്‍ പെട്ടെന്ന് മൂത്രതടസ്സം ഉണ്ടാകാം. യാത്രയിലും മറ്റും ഏറെനേരം മൂത്രം പിടിച്ചുവയ്ക്കുക, മദ്യപാനം, ചിലയിനം മരുന്നുകള്‍, അര്‍ശ്ശസ്, അധ്വാനമില്ലാത്തവര്‍, തുടര്‍ച്ചയായി ഇരുന്ന് ജോലിചെയ്യുന്നവര്‍ തുടങ്ങിയവരിലും രോഗം പെട്ടെന്ന് രൂക്ഷമാകാം. 
 • വൃക്കസ്തംഭനം
 • അണുബാധ
 • മൂത്രത്തിലൂടെയുള്ള രക്തംപോക്ക്
 • മൂത്രാശയക്കല്ലുകള്‍  ഇവയാണ് നിര്‍ദോഷമായ പ്രോസ്റ്റേറ്റ് വീക്കംമൂലം ഉണ്ടാകുന്ന ഗുരുതര പ്രശ്നങ്ങള്‍.


2. പ്രോസ്റ്റൈറ്റിസ്
പ്രോസ്റ്റേറ്റിന് അണുബാധയും അതിന്റെ ഫലമായുണ്ടാകുന്ന വീക്കവുമാണ് പ്രോസ്റ്റെറ്റിസ്. നിര്‍ദോഷമായ പ്രോസ്റ്റേറ്റ് വീക്കത്തെക്കാള്‍ ഗൌരവമേറിയ ഒരു രോഗാവസ്ഥയാണിത്. പല കാരണങ്ങള്‍കൊണ്ടും പ്രോസ്റ്റേറ്റില്‍ അണുബാധ ഉണ്ടാകാം. മൂത്രസഞ്ചിയില്‍നിന്ന് മൂത്രം പൂര്‍ണമായും ഒഴിഞ്ഞുപോകാതിരിക്കുന്നത് അണുബാധയ്ക്കിടയാക്കും. പ്രോസ്റ്റേറ്റില്‍ അണുബാധയുള്ള മൂത്രം പ്രവേശിക്കുന്നത് രോഗബാധ ഉണ്ടാക്കും. യുവാക്കളിലും പ്രോസ്റ്റൈറ്റിസ് ഉണ്ടാകാറുണ്ട്.

പേശികളുടെ മുറുക്കം, മൂത്രനാളിയിലെ തടസ്സങ്ങള്‍, അണുബാധയുള്ള സ്ത്രീകളുമായുള്ള വേഴ്ച, ദീര്‍ഘനാളായി കത്തീറ്റര്‍ ഉപയോഗിക്കുക, ശുചിത്വക്കുറവ്, മൂത്രം ദീര്‍ഘനേരം പിടിച്ചുവയ്ക്കുക തുടങ്ങിയ ഘടകങ്ങള്‍ പ്രോസ്റ്റൈറ്റിസിന് ഇടയാക്കാറുണ്ട്. പൊടുന്നനെയോ, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടും വേദനയും ദീര്‍ഘനാള്‍ തുടര്‍ന്നശേഷമോ പ്രോസ്റ്റൈറ്റിസ് ഉണ്ടാകാം. 
പ്രോസ്റ്റേറ്റില്‍ അണുബാധയില്ലാതെ വീര്‍പ്പുമാത്രമായും വരാം. അടിവയറ്റിലോ വൃഷണങ്ങളിലോ അടിക്കടി ഉണ്ടാകുന്ന വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. കൂടാതെ സൂക്ഷ്മപരിശോധനയിലൂടെ മാത്രം ഗ്രന്ഥിയുടെ നീര്‍വീക്കം കണ്ടെത്താനാകുന്ന ഒരുതരം പ്രോസ്റ്റൈറ്റിസും ഉണ്ട്. പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും പ്രകടമല്ല.

പ്രധാന ലക്ഷണങ്ങള്‍
അടിവയറ്റില്‍ വേദന, അടിക്കടി പുകച്ചിലോടുകൂടി മൂത്രം പോകുക എന്നീ ലക്ഷണങ്ങളാണ് പ്രോസ്റ്റൈറ്റിസ് ഉള്ളവരില്‍ പ്രധാനമായും കാണുക. ഇതോടൊപ്പം പനി, വിറയല്‍, ഛര്‍ദി ഇവയും കാണാറുണ്ട്.

സങ്കീര്‍ണതകള്‍
ചികിത്സ ശരിയായില്ലെങ്കില്‍ ഗ്രന്ഥിയില്‍ പഴുപ്പ് കെട്ടിനിന്ന് പരുവിന് സമാനമാകുകയോ മൂത്രം ഒട്ടും പോകാതെ വരികയും ചെയ്യും. പഴുപ്പ് വളരെ പെട്ടെന്നുതന്നെ മറ്റ് അവയവങ്ങളിലെത്തി രോഗി ഗുരുതരാവസ്ഥയില്‍ എത്തുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണം. 

3. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
പുരുഷന്മാരില്‍ വ്യാപകമായി കാണുന്ന അര്‍ബുദങ്ങളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരിലാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കൂടുതലായി കണ്ടിരുന്നതെങ്കിലും ഇപ്പോള്‍ 50–60 വയസ്സുള്ളവരിലും കണ്ടുവരുന്നു. പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ സ്ഥിരോപയോഗം, ജനിതകഘടകങ്ങളിലെ മാറ്റം, വ്യായാമക്കുറവ് ഇവ പ്രോസ്റ്റേറ്റ് ക്യാന്‍സറിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്.

ലക്ഷണങ്ങള്‍
മിക്കവരിലും പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ആരംഭദശയില്‍ ലക്ഷണങ്ങളൊന്നും കാണാറില്ല. അടിക്കടിയുള്ള മൂത്രംപോക്ക്, അമിതമായി മൂത്രമൊഴിക്കാന്‍ തോന്നുക, രക്തംകലര്‍ന്ന മൂത്രവിസര്‍ജനം, മൂത്രതടസ്സം, രക്തംകലര്‍ന്ന ബീജവിസര്‍ജനം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയോടെ കാണണം. ഗ്രന്ഥിവീക്കത്തിന്റെയും പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെയും ലക്ഷണങ്ങള്‍ പലതും ഒന്നുതന്നെയായതിനാല്‍ രോഗനിര്‍ണയം പലപ്പോഴും വൈകാറുണ്ട്.

ഗ്രന്ഥിക്കകത്ത് ഒതുങ്ങിനില്‍ക്കുന്നവ, ഗ്രന്ഥിക്കുചുറ്റുമായി ഒതുങ്ങിനില്‍ക്കുന്നവ, ബാഹ്യമായി ബാധിച്ചവ എന്നിങ്ങനെ പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ മൂന്നായി തിരിച്ചിട്ടുണ്ട്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മറ്റ് അര്‍ബുദങ്ങള്‍പോലെതന്നെ ലിംഫ്നോഡുകള്‍, കരള്‍, തലച്ചോറ്, എല്ലുകള്‍, ശ്വാസകോശം, വന്‍കുടല്‍ എന്നീ അവയവങ്ങളെയെല്ലാം ബാധിക്കാറുണ്ട്.
പ്രാരംഭദശയില്‍തന്നെ കണ്ടെത്തി മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിലൂടെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറയ്ക്കാനായിട്ടുണ്ട്. 

പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍– പരിഹാരങ്ങള്‍, ചികിത്സ
ഔഷധങ്ങള്‍ക്കൊപ്പം ഉത്തരവസ്തി, തൈലവസ്തി, കഷായവസ്തി, ധാന്യാമ്ളധാര, തൈലധാര, ക്ഷീരധാര, പിചു തുടങ്ങിയ വിശേഷ ചികിത്സകളും അവസ്ഥകള്‍ക്കനുസരിച്ച് നല്‍കാറുണ്ട്. കറ്റാര്‍വാഴ, മുരിങ്ങവേരിന്‍ തൊലി, വെള്ളരിക്കുരു, മത്തക്കുരു, തഴുതാമ, ശതാവരിക്കിഴങ്ങ്, അമുക്കുരം, എള്ള്, കൈയ്യോന്നി, ഞെരിഞ്ഞില്‍, നെല്ലിക്ക, താര്‍താവല്‍ ഇവ പ്രോസ്റ്റേറ്റ് രോഗങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന ഔഷധികളില്‍ ചിലതാണ്.

* പൊതുവെ കൊഴുപ്പുകുറഞ്ഞ ഭക്ഷണങ്ങളാണ് പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഒഴിവാക്കാന്‍ ഉചിതം. തവിടു നീക്കാത്ത ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പ്രത്യേകിച്ച് നാരടങ്ങിയവ ശീലമാക്കണം. കുമ്പളങ്ങ, വെള്ളരിക്ക, മത്തങ്ങ, മഞ്ഞള്‍, തക്കാളി, ക്യാരറ്റ്, ബീറ്റ്റൂട്ട്, ചേന, കാച്ചില്‍, വാഴപ്പിണ്ടി, തണ്ണിമത്തന്‍, അകം ചുവന്ന പേരയ്ക്ക ഇവയുടെ മാറിമാറിയുള്ള ഉപയോഗം പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാണ്. ചെറുമത്സ്യങ്ങളും ഉപയോഗിക്കാം. എന്നാല്‍ കൊഴുപ്പടങ്ങിയ ബേക്കറിവിഭവങ്ങള്‍, കൃത്രിമനിറം ചേര്‍ത്തവ, കാപ്പി, കോള, ചുവന്ന മാംസം ഇവ ഒഴിവാക്കണം. ഇടവിട്ടുള്ള മൂത്രമൊഴിക്കല്‍ ഭയന്ന് വെള്ളം കുടിക്കുന്നത് പ്രോസ്റ്റേറ്റ് രോഗി കുറയ്ക്കരുത്. ദിവസവും ഒന്നരലിറ്റര്‍ വെള്ളമെങ്കിലും കുടിക്കേണ്ടതാണ്.

* പ്രോസ്റ്റേറ്റ് രോഗി ദീര്‍ഘദൂര യാത്രചെയ്യുമ്പോള്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള സാഹചര്യം കിട്ടുമെന്ന് ഉറപ്പാക്കണം. 
* കരിക്കിന്‍വെള്ളത്തില്‍ ഏലത്തരി പൊടിച്ചുചേര്‍ത്ത് കുടിക്കുന്നത് പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ക്ക് നല്ല ഫലംതരും. 
* ദിവസവും രണ്ടു തക്കാളി പച്ചയായോ പാകപ്പെടുത്തിയോ കഴിക്കുന്നത് പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ വരാതെ തടയാം. 
* ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ചേന, കാച്ചില്‍ ഇവ ഭക്ഷണത്തില്‍പ്പെടുത്തുന്നതും പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.
* വ്യായാമം പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ക്ക് മികച്ച പ്രതിരോധമാണ്. നടത്തം ഉള്‍പ്പെടെയുള്ള മിതമായ വ്യായാമമാണ് ശീലമാക്കേണ്ടത്. മൂത്രാശയപേശികളെ ബലപ്പെടുത്താന്‍ ഭഗചേശി (പെല്‍വിക് ഫ്ളോര്‍) വ്യായാമങ്ങളും നിത്യവും ശീലമാക്കണം. ധനുരാസനം, യോഗമുദ്ര, ശലഭാസനം ഇവയും വ്യായാമത്തില്‍ ഉള്‍പ്പെടുത്തണം.

(മാന്നാറില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക)

എന്താണ് ശിരോധാര ?

 

ഡോ. കെ. മുരളീധരന്‍

മനുഷ്യമസ്തിഷ്കത്തെക്കുറിച്ച് വെളിവായ അറിവുകളില്‍ പ്രസക്തമായ ചിലത് ഇവിടെ സൂചിപ്പിക്കാം. ഒരാളുടെ ശരീരഭാരത്തിന്റെ രണ്ടുശതമാനത്തോളം മസ്തിഷ്കത്തിന്റേതാവുമെന്നാണ് കണക്ക്. ശ്വസനപ്രക്രിയയിലൂടെ ലഭിക്കുന്ന ശുദ്ധവായുവിന്റെ 20 ശതമാനത്തോളം വിനിയോഗിക്കപ്പെടുന്നത് മസ്തിഷ്കത്തിലാണ്. ഹൃദയത്തില്‍നിന്നുള്ള ശുദ്ധരക്തപ്രവാഹത്തിന്റെ 15 ശതമാനത്തോളം എത്തുന്നതും ഇവിടേയ്ക്കാണ്. മാത്രമല്ല, ജൈവശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഊര്‍ജത്തിന്റെ 25 ശതമാനത്തോളം ഉപയോഗം മസ്തിഷ്ക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുന്നു. 
ആകൃതിയില്‍ മസ്തിഷ്കത്തിന് വാള്‍നട്ടിനോട് സാമ്യമുണ്ട്. ഒരു ഞെട്ടിന്റെ മുകളില്‍ വച്ചിരിക്കുന്ന വാള്‍നട്ടുകളെപ്പോലെയാണ് അത്. മസ്തിഷ്കത്തിന് സമാനാകൃതിയിലുള്ള രണ്ട് അര്‍ധഗോളങ്ങളുണ്ട്. ഓരോ ഗോളാര്‍ധവും നാല് ലോബുകളായി വിഭജിക്കപ്പെടുകയും ചെയ്യുന്നു.  ലോബുകള്‍ എന്നാല്‍ ഖണ്ഡങ്ങള്‍ എന്നര്‍ഥം.

നാനാവിധ ശാരീരികചേഷ്ടകള്‍, ത്യാജ്യ–ഗ്രാഹ്യ വിവേചനശക്തി, ഓര്‍മ, ഭാഷ, യുക്തിബോധം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഫ്രണ്ടല്‍ ലോബില്‍ നടക്കുന്നു. സ്ഥലകാലബോധം സ്പര്‍ശജ്ഞാനം, രൂപഗ്രഹണം, സംസാരശേഷി, എഴുത്ത്, വായന, ഗണിതം എന്നിവയുമായും വിവിധ ശാരീരികചലനങ്ങളുടെ ഏകോപനവുമായും പാരിയേറ്റല്‍ ലോബ് ബന്ധപ്പെട്ടിരിക്കുന്നു. കേള്‍വി, ശബ്ദം, സംഭാഷണം ഇവയുടെ അര്‍ഥപൂര്‍ണമായ ജ്ഞാനം രൂപപ്പെടുന്നത് ടെമ്പറല്‍ ലോബിലാണ്. തലച്ചോറിന്റെ പിന്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒകിപിറ്റല്‍ ലോബ് കാഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓര്‍മ എന്ന വിശേഷശക്തിയുടെ സംവിധാനത്തില്‍ മസ്തിഷ്കത്തിലെ എല്ലാ ലോബുകള്‍ക്കും ചെറുതോ വലുതോ ആയ പങ്കുണ്ട്. ഉദാഹരണം: എൃീിമേഹ ഹീയല ലെ പ്രി ഫ്രണ്ടില്‍ കോര്‍ടക്സ് ഹ്രസ്വകാല ഓര്‍മകളെ രൂപപ്പെടുത്തുകയും ദീര്‍ഘകാല ഓര്‍മകളെ സംഭരിച്ചുവയ്ക്കുകയും ചെയ്യുന്നു. ഇതുപോലെത്തന്നെ മറ്റു ലോബുകള്‍ക്കും ദീര്‍ഘകാല ഓര്‍മകളുടെ കാര്യത്തില്‍ പങ്കുണ്ടെന്നാണ് നിഗമനം.

മസ്തിഷ്ക നിര്‍മിതിയില്‍ പങ്കാളികളാകുന്നതാകട്ടെ, കേന്ദ്രനാഡീവ്യൂഹവ്യവസ്ഥിതി യിലെ അടിസ്ഥാന ഘടകങ്ങളായ ന്യൂറോണുകളാണ്. ഇതിനുപുറമെ ഗ്ളിയാല്‍ സെല്ലുകളും   രക്തധമനികളുംകൂടി ചേരുന്നു. മസ്തിഷ്കത്തെ കേന്ദ്രീകരിച്ചുള്ള വിദ്യുത്–രാസായനിക പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ആവേഗങ്ങളുടെ സംസ്കരണവും സംവഹനവുമാണ് ന്യൂറോണകളുടെ പ്രധാന ധര്‍മങ്ങള്‍.

ന്യൂറോണുകളില്‍നിന്നു വ്യത്യസ്തമായ തരത്തിലുള്ള കോശങ്ങളാണ് ഗ്ളിയാല്‍ സെല്ലുകള്‍.  രക്തധമനികളോടൊപ്പം ന്യൂറോണുകള്‍ക്കുവേണ്ട പ്രാണവായുവും പോഷകങ്ങളും എത്തിക്കുന്നതില്‍ ഗ്ളിയാല്‍ സെല്ലുകള്‍ക്കും പങ്കുണ്ട്. കൂടാതെ, ന്യൂറോണുകളുടെ കവചമായും (ആവരണം) ഈ കോശങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂറോണുകളുടെ സുസ്ഥിതിക്കും ആവേഗങ്ങളുടെ സുഗമനത്തിനും ഇതാവശ്യമാകുന്നു. മസ്തിഷ്കത്തിലുണ്ടാകുന്ന രോഗാല്‍പ്പാദകങ്ങളായ ഘടകങ്ങളെയും നാശംസംഭവിച്ച ന്യൂറോണുകളെയും നീക്കംചെയ്യുന്നതില്‍ക്കൂടി ഗ്ളിയാല്‍ സെല്ലുകള്‍ ഭാഗഭാക്കാകുന്നുണ്ട്. ചുരുക്കി പ്പറഞ്ഞാല്‍ ന്യൂറോണുകളുടെ പ്രവര്‍ത്തനത്തെ അഭംഗുരം നിലനിര്‍ത്താന്‍ ഗ്ളിയാല്‍ സെല്ലുകള്‍ കൂടിയേ തീരൂ. മസ്തിഷ്കത്തിനകത്തുണ്ടാകേണ്ട സന്തുലിതാവസ്ഥ നിലനിര്‍ത്തപ്പെടുന്നത് മേലെഴുതിയ ഘടകങ്ങളുടെ സുഘടിതമായ പ്രവര്‍ത്തനംമൂലമാകുന്നു.

മസ്തിഷ്കമാണ് ഏറ്റവും വലിയ കംപ്യൂട്ടര്‍ എന്നു പറയുമ്പോഴും അതിനൊരു മറുവശമുണ്ടെന്ന് ഓര്‍ക്കേണ്ടതുണ്ട്്. ഒരു കംപ്യൂട്ടറിനകത്തുള്ള ഭാഗങ്ങളും ക്രമീകരണങ്ങളും സ്ഥായിയാണ്. എന്നാല്‍ മസ്തിഷ്കത്തിനകത്തുള്ള കോശജാലകങ്ങള്‍ പ്രത്യേകധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സ്വയം പ്രാപ്തിയുള്ളവയാണ്. മാത്രമല്ല, ആവശ്യങ്ങള്‍ക്കനുസരിച്ച് അതിന്റെ നെറ്റ്വര്‍ക്കുകളും  പാറ്റേണുകളും മാറ്റാന്‍ ശേഷിയുള്ളവയുമാണ്. ശിക്ഷണത്തിനും അനുഭവത്തിനും അനുസരിച്ച് കോശങ്ങളുടെ എണ്ണവും ആകൃതിയുംവരെ മാറാം. ഈ നിലയ്ക്ക് നോക്കുമ്പോള്‍, മസ്തിഷ്കത്തിനകത്ത് സംഭവിക്കുന്ന ഘടനാപരവും ചലനാത്മകവുമായ സങ്കീര്‍ണതകള്‍ ഏറ്റവും ശേഷിയുള്ള ഒരു കംപ്യൂട്ടറുമായി താരതമ്യം ചെയ്യാവുന്നതിലും എത്രയോ മേലെയാണ്.

മസ്തിഷ്കത്തിനേല്‍ക്കുന്ന പരിക്കുകള്‍, അണബാധ (ഉദാഹരണം വൈറല്‍ പനികള്‍), ചില  മരുന്നുകളുടെ ഉപയോഗം തുടങ്ങിയ നിരവധി കാര്യങ്ങള്‍ മസ്തിഷ്കപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കാം. ഉറക്കത്തിലെ ക്രമക്കേടുകളും ഇന്ദ്രിയങ്ങള്‍ക്ക് തളര്‍ച്ചയുണ്ടാക്കുന്ന തരത്തിലുള്ള ജീവിതരീതികളും മസ്തിഷ്കത്തിന് ഹാനികരംതന്നെ. ഈ നിലയ്ക്കു പറഞ്ഞാല്‍, മസ്തിഷ്കകോശങ്ങളെ പ്രകോപിപ്പിക്കുന്ന ഒട്ടേറെ പ്രവൃത്തികളില്‍ വ്യാപൃതമാണ് ആധുനികസമൂഹമെന്ന് മനസ്സിലാക്കാം. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, ടെലിവിഷന്‍ മുതലായവയുടെ അമിത ഉപയോഗം, തുടര്‍ച്ചയായി വാഹനമോടിക്കല്‍ എന്നിവയൊക്കെ മസ്തിഷ്കത്തിനകത്ത് വിക്ഷോഭങ്ങളുണ്ടാക്കും. അതാകട്ടെ, ക്രമേണ മസ്തിഷ്കകോശനാശത്തിലേക്കും അതുവഴി ഓര്‍മക്കുറവ്, ചിന്തകളിലും പ്രവൃത്തികളിലുമുള്ള ആശയക്കുഴപ്പം,  കാര്യഗ്രഹണശക്തിയിലും ധാരണാശക്തിയിലുമുള്ള ന്യൂനതകള്‍, അപസ്മാരം, പെരുമാറ്റ വൈകല്യങ്ങള്‍ മുതലായ അവസ്ഥകളിലേക്കും കൊണ്ടെത്തിച്ചേക്കാം. 
മസ്തിഷ്ക പ്രവര്‍ത്തനങ്ങളെ പൊതുവില്‍ നാലുതരത്തില്‍ പഠിക്കാം.

അവബോധം അഥവാ അന്തര്‍ദര്‍ശനത്തെ സംബന്ധിച്ചത് ,സൂക്ഷ്മവും നിശ്ചിതവുമായ ജ്ഞാനവുമായി ബന്ധപ്പെട്ടത് ,  പെരുമാറ്റരീതികളുമായി ബന്ധപ്പെട്ടത് , ശാരീരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടത്  എന്നിവയാണ് അവ. മസ്തിഷ്കത്തിനുണ്ടാകുന്ന മാറ്റങ്ങളെ ആസ്പദമാക്കി നടക്കുന്ന പുതിയ പഠനങ്ങള്‍ മസ്തിഷ്കത്തെ ഇന്‍ഫ്ളേമ്ഡ് ബ്രെയിന്‍, ഒബീസ് ബ്രെയിന്‍, അഡിക്ടഡ് ബ്രെയിന്‍, ഓടിസ്റ്റിക് ബ്രെയിന്‍, ഡിലൂഡഡ് ബ്രെയിന്‍, ഡീജനറേറ്റഡ് ബ്രെയിന്‍ ,   എന്നിങ്ങനെ വര്‍ഗീകരിക്കുന്നുണ്ട് എന്നുകൂടി ആനുഷംഗികമായി സൂചിപ്പിക്കുന്നു. 
ഇതുവരെ വിവരിച്ചതില്‍നിന്നു മനസ്സിലാകുന്നത് ശാരീരികവും മാനസികവും ധൈഷണകവും വൈകാരികവുമായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഭൂമികയാണ്  മസ്തിഷ്കം എന്നാണ്്. ഇവയുടെയെല്ലാം ഏകോപനമാണ് മസ്തിഷ്കാരോഗ്യത്തിന്റെ കാതല്‍. മസ്തിഷ്കാരോഗ്യ പരിപാലനത്തിനുതകുന്ന ചികിത്സകളില്‍ ഒന്നാകുന്നു ശിരോധാര. 

എന്താണ് ശിരോധാര ?
ധാര എന്നാല്‍ അണമുറിയാതെയുള്ള പ്രവാഹം എന്നര്‍ഥം. ശിരസ്സില്‍ ചെയ്യുന്ന ധാരയാണ് ശിരോധാര. ആയുര്‍വേദശാസ്ത്രം അനുസരിച്ച് ശിരസ്സ് മര്‍മസ്ഥാനമാണ്. മര്‍മമെന്നാല്‍ ജീവന്റെ ഇരിപ്പിടം എന്നര്‍ഥം. മര്‍മത്തിന് പ്രത്യേകതയുണ്ട്. ഈ സ്ഥാനത്ത് ആഘാതമുണ്ടായാല്‍ (പരിക്കേറ്റാല്‍) തീവ്രമായ വേദനയോ അംഗവൈകല്യമോ മരണംതന്നെയോ സംഭവിക്കാം. ഇതിനൊരു മറുവശവുമുണ്ട്. മര്‍മസ്ഥാനങ്ങളില്‍ ശ്രദ്ധാപൂര്‍വം ചെയ്യുന്ന പ്രസാദനകര്‍മങ്ങള്‍ ജീവശക്തി വര്‍ധിപ്പിക്കുകയും (ജീവനം) ധാതുക്കളെ പ്രീണിപ്പിക്കുകയും (തര്‍പ്പണം) മനസ്സിന് ആഹ്ളാദം നല്‍കുകയും (ഹ്ളാദി) ബുദ്ധിവര്‍ധിപ്പിക്കുകയും (ബുദ്ധിപ്രബോധനം) ചെയ്യും. ശിരോധാര എന്ന ആയുര്‍വേദ ചികിത്സയുടെ താത്വികവശം ഇതാണ്. അതുകൊണ്ടാണ് ധാര ചെയ്യുന്നത് ശിരസ്സില്‍ മാത്രമാണെങ്കിലും സര്‍വാംഗീണമായ ഫലം ലഭിക്കുന്നത്. ശിരസ്സില്‍ ചെയ്യുന്ന ധാര ദേഹമാകെ വ്യാപിച്ചുകിടക്കുന്ന സോറിയാസിസിനെ ശമിപ്പിക്കുന്നത് ഇത്തരത്തിലാണ്. ആത്യന്തികമായി സോറിയാസിസിന് ഒരു ജ്യരവീീാമശേര  രോഗം (ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്നത്) ആണെന്നുകൂടി ഇവിടെ പ്രസ്താവിക്കേണ്ടതുണ്ട്.

തക്രധാര (മരുന്നുകള്‍ ചേര്‍ത്തു തയ്യാറാക്കുന്ന മോരുപയോഗിച്ചുള്ള ധാര) പ്രമേഹരോഗികള്‍ക്ക് ഏറെ ഫലംചെയ്തുകാണാറുണ്ട്. ഇന്‍സുലിനെ ആശ്രയിച്ചുകഴിയുന്ന പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്റെ ആവശ്യകത കുറയ്ക്കാന്‍വരെ ഇത് സഹായിക്കുന്നു. പ്രമേഹാനുബന്ധമായുണ്ടാകുന്ന വാതവ്യാധിയിലും തക്രധാര ഫലപ്രദമാാണ്. റേഡിയേഷന്‍, കീമോതെറാപ്പി മുതലായ അര്‍ബുദരോഗ ചികിത്സകള്‍ക്കുശേഷം നിര്‍ജീവമാകുന്ന കോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ധാരയ്ക്കു കഴിയുന്നത് ജീവനം എന്ന ധാരയുടെ ഗുണംകൊണ്ടാണ്. മസ്തിഷ്കശോഷം , സ്മൃതിക്ഷയം ബാധിര്യം മുതലായ നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ശിരോധാര ഫലപ്രദമാകുന്നത് തര്‍പ്പണസ്വഭാവം ഉള്ളതുകൊണ്ടാകുന്നു.

ശിരോധാര ചെയ്യുന്നതിന് ശാസ്ത്രീയവും സാമ്പ്രദായികവുമായ ക്രമമുണ്ട്. മലര്‍ന്നുകിടക്കുന്ന രോഗിയുടെ നെറ്റിത്തടത്തില്‍ നിശ്ചിത അകലത്തില്‍ നിന്ന് നിയന്ത്രിതമായ ചലനരീതിയിലൂടെ ഇടമുറിയാതെ ധാരാദ്രവം വീഴ്ത്തുന്നു. ക്ളോക്കിന്റെ പെന്‍ഡുലം ചലിക്കുന്നതിനു സമാനമായ രീതിയിലുള്ള  ക്രമീകരണമാണിത്. നെറ്റിയോടുചേര്‍ന്ന് സ്ഥപനി, ആവര്‍ത്തം, ശംഖം എന്നീ മര്‍മങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ടെന്നുകൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

മനുഷ്യശരീരത്തിലെ ഓരോ അവയവത്തിലും ജൈവ സ്പന്ദനങ്ങളുണ്ട്. അനുഭവവേദ്യമാകുന്നത് അവയില്‍ ചിലതിന്റെതുമാത്രമാണെന്നേയുള്ളു. മസ്തിഷ്കനാഡികളിലും താളാത്മകമായ ആവേഗങ്ങളുണ്ട്. അവയെ ന്യൂറോ ഓസിലേഷന്‍സ് എന്നാണ് വിവരിച്ചിട്ടുള്ളത്. ഉറക്കത്തിന്റെ സ്വാഭാവികതയും ക്രമവും ഇത്തരം ആവേഗങ്ങളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ധാരാദ്രവം നെറ്റിയില്‍ വീഴ്ത്തുന്നതും ഒരു ഓസിലേറ്ററി മൂവ്മെന്റ് ലൂടെയാണെന്നുള്ളത് കൌതുകകരമായ വസ്തുതയാണ്. മാത്രമല്ല, ധാര ചെയ്യുന്ന സമയത്ത് രോഗിക്ക് നിദ്രയ്ക്ക് സമാനമായ ഒരു സുഖം അനുഭവപ്പെടുന്നതായി പറയാറുണ്ട്. ചിലര്‍ ഉറങ്ങുന്നതുതന്നെ കാണാറുണ്ട്.

ധാര ചെയ്യുമ്പോഴുണ്ടാകുന്ന പാകപ്പിഴകള്‍ ദൂരവ്യാപകങ്ങളായ ദോഷഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. ഹിറ്റ്ലര്‍ യുദ്ധത്തടവുകാരില്‍ പ്രയോഗിച്ചിരുന്ന ഒരു തന്ത്രം ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. ശിക്ഷയായി തടവുകാരുടെ നെറ്റിയില്‍ ഒരു പ്രത്യേക ബിന്ദുവില്‍ മണിക്കൂറുകളോളം വെള്ളം ഇറ്റിച്ചുകൊണ്ടേ ഇരിക്കുമായിരുന്നു. ഇത്തരത്തില്‍ മര്‍മസ്ഥാനങ്ങളിലുണ്ടാക്കിയ നിരന്തരമായ ആഘാതവും അതുമൂലമുള്ള സമ്മര്‍ദവും കാലക്രമത്തില്‍ യുദ്ധത്തടവുകാരുടെ മാനസികമായ സമനിലതന്നെ തെറ്റിച്ചുവത്രെ.

രാജനന്ദനന്റെ അനുഭവവും അഭിപ്രായവും പ്രസക്തമാകുന്നത് മേലെഴുതിയ വിശകലനങ്ങളോട് ചേര്‍ത്തുവായിക്കുമ്പോഴാണ്. ശിരോധാരയുടെ പ്രവര്‍ത്തനപഥങ്ങളെ ഫങ്ഷണല്‍ എംആര്‍ഐ  പോലെയുള്ള ആധുനികപരിശോധനാ രീതികളിലൂടെ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

ഹെപ്പറ്റൈറ്റിസ് എയും ഇയും

 

കരളിലെ കോശങ്ങളെ പ്രത്യേകമായും ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസ്, മലിനജലം, വൃത്തിയാക്കാത്ത പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയില്‍ക്കൂടി പകരുന്നു. രോഗാണുബാധയുള്ള ആളുടെ വിസര്‍ജ്യത്തില്‍നിന്ന്കുടിവെള്ളത്തിലോ മറ്റ് ഭക്ഷ്യവസ്തുക്കളിലോ വൈറസ്ബാധയുണ്ടായി സാംക്രമികരോഗമായി മാറുന്നു. ഹോസ്റ്റല്‍, സ്കൂള്‍, ഹോട്ടലുകള്‍ തുടങ്ങി ഒരേ സ്രോതസ്സില്‍നിന്ന് ആളുകള്‍ ഭക്ഷണംകഴിക്കുകയും വെള്ളംകുടിക്കുകയും ചെയ്യുന്നിടത്ത് വളരെവേഗം പടര്‍ന്നുപിടിക്കുന്നു. പനി, ശരീരവേദന, ക്ഷീണം, ഛര്‍ദി, വയറിളക്കം, മൂത്രത്തിനും കണ്ണിനുമുള്ള മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങള്‍ അണുബാധയുണ്ടായി 4–6 ആഴ്ചയ്ക്കകം കാണപ്പെടുന്നു. കരളിലെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കി കരള്‍വീക്കത്തിന് കാരണമായേക്കാവുന്ന ഇത് ചിലപ്പോള്‍ മാരകമായേക്കാം. പക്ഷേ സാധാരണഗതിയില്‍ മൂന്നുമാസംവരെ കാലയളവില്‍ പൂര്‍ണമായും ഭേദമാവുകയാണ് പതിവ്. കരളിന് ദൂരവ്യാപകമായ കേടുപാടുകള്‍ ഹെപ്പറ്റൈറ്റിസ് എയോ ഇയോ ഉണ്ടാക്കുന്നില്ല. പക്ഷേ ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ഇ വൈറസ് കൂടുതല്‍ അപകടകാരിയാണ്.

വിശ്രമം, പോഷകാഹാരം, രോഗലക്ഷണങ്ങളുടെ ചികിത്സ തുടങ്ങിയവയാണ് ഈ അസുഖത്തിന്റെ ചികിത്സ. ഫലപ്രദമായ വാക്സിനും ഹെപ്പറ്റൈറ്റിസ് എയ്ക്ക് ലഭ്യമാണ്. പക്ഷേ എല്ലാറ്റിനും പ്രധാനം പ്രതിരോധമാണ്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക.

(തിരുവനന്തപുരം പട്ടം എസ്യുടി ഹോസ്പിറ്റലില്‍ മെഡിസിന്‍ വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റാണ് ലേഖിക)

വൈറല്‍ രോഗങ്ങള്‍:

 

ചെങ്കണ്ണ് അഥവാ കണ്‍ജങ്റ്റിവൈറ്റിസ്

വേനല്‍ക്കാലത്ത് വളരെവേഗം പടര്‍ന്നുപിടിക്കുന്ന കണ്‍ജങ്റ്റിവൈറ്റിസ് അഡിനോവൈറസ്ബാധമൂലമാണ് ഉണ്ടാകുന്നത്. കണ്ണുകളില്‍ മണ്ണ് വാരിയിട്ടതുപോലെ തോന്നുകയും, ചൊറിച്ചില്‍, ചുവപ്പ്, വെള്ളം വരിക, പീളയടിയുക, കണ്‍പോളകള്‍ക്ക് നീരുണ്ടാകുക, വെളിച്ചത്തില്‍ നോക്കുമ്പോള്‍ വേദനയുണ്ടാകുക തുടങ്ങിയ ലക്ഷണങ്ങള്‍ ഈ രോഗത്തെ കുറിക്കുന്നു. രോഗി ഉപയോഗിക്കുന്ന ടവല്‍, രോഗിയുടെ സ്പര്‍ശം തുടങ്ങിയവവഴി വേഗം മറ്റൊരാളിലേക്ക് പകരുകയും ചെയ്യുന്നു. കോര്‍ണിയ എന്ന് അറിയപ്പെടുന്ന കണ്ണിലെ നേര്‍ത്ത ഭാഗത്തിലുണ്ടാകുന്ന മുറിവ്, ബാക്ടീരിയല്‍ അണുബാധ തുടങ്ങിയവ ഇതേത്തുടര്‍ന്ന് ഉണ്ടായേക്കാം. നേത്രരോഗവിദഗ്ധന്റെ ഉപദേശപ്രകാരം കണ്ണില്‍ ഒഴിക്കുന്ന തരം മരുന്നുകളും മതിയായ വിശ്രമവുംകൊണ്ട് ഈ രോഗം പൂര്‍ണമായും ഭേദമാകുന്നതാണ്.

നിര്‍ജലീകരണം (ഡീഹൈഡ്രേഷന്‍)

മൂത്രാശയ അണുബാധകള്‍
വേനല്‍ക്കാലത്ത് വിയര്‍പ്പിലൂടെ ധാരാളം ജലാംശവും ലവണങ്ങളും നഷ്ടപ്പെടാനിടയുണ്ട്. ഈ നഷ്ടം നികത്തിയില്ലെങ്കില്‍ നിര്‍ജലീകരണവും മൂത്രാശയ അണുബാധയും ഉണ്ടാകാം. പല  രോഗങ്ങള്‍ക്കും മരുന്നു കഴിക്കുന്നവര്‍ക്കും ലാസിക്സ്പോലെയുള്ള മൂത്രം ധാരാളമായി പുറന്തള്ളുന്ന മരുന്നുകള്‍ ഉപയോഗിക്കുന്ന പ്രായമേറിയവര്‍ക്കും നിര്‍ജലീകരണത്തിന്റെയും മൂത്രാശയ അണുബാധയുടെയും തോത് കൂടുതലായി കണ്ടുവരുന്നു. ഇത്തരം ആളുകള്‍ക്ക് ശരീരത്തില്‍ സോഡിയം ലവണത്തിന്റെ അളവ് കുറയുന്നതുകൊണ്ട് ഓര്‍മക്കുറ്വ, ക്ഷീണം, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. ധാരളം വെള്ളം കുടിക്കുക, ജലാംശം അടങ്ങിയ ശരീരത്തില്‍നിന്ന് വെള്ളം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള പാനീയങ്ങളായ ചായ, കാപ്പി, മദ്യം, കോള തുടങ്ങിയവ കഴിവതും ഒഴിവാക്കുക.

റ്റീനിയ (ഫംഗസ്ബാധ)

ഈര്‍പ്പം തങ്ങിനില്‍ക്കുന്ന ശരീരഭാഗങ്ങളില്‍ ഉദാഹരണത്തിന് തുടയിടുക്കുകളില്‍, കക്ഷത്തില്‍, മാറിടങ്ങളുടെ അടിവശത്ത്, പരന്ന ചെറുതായി തടിച്ച് ചൊറിച്ചിലോടുകൂടിയ, വെളുത്തതോ, ചുവന്നതോ, ത്വക്കിന്റെ നിറമുള്ളതോ ആയ പാടുകളായി ഫംഗസ് ഇന്‍ഫക്ഷന്‍ (റ്റീനിയ) കാണപ്പെടുന്നു. ചുറ്റുമുള്ള ത്വക്കിലേക്ക് പടര്‍ന്നുപിടിക്കാവുന്ന ഈ രോഗം വ്യക്തിശുചിത്വം, ആന്റിഫംഗല്‍ മരുന്നുകള്‍ (പുരട്ടാനും, ചിലപ്പോള്‍ ഉള്ളില്‍ കഴിക്കാനും) തുടങ്ങിയവ ഉപയോഗിച്ച് ചികിത്സിക്കാം. വിയര്‍പ്പു തങ്ങിനില്‍ക്കാനിടയുള്ള ശരീരഭാഗങ്ങളില്‍ പൌഡര്‍ ഉപയോഗിച്ചും, അയഞ്ഞ കോട്ടണ്‍വസ്ത്രങ്ങള്‍ ഉപയോഗിച്ചും ഈ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്.

ചൂടുകുരു (മിലിയേറിയ)

നമ്മുടെ ത്വക്കിലെ സ്വേദഗ്രന്ഥികളുടെ സുഷിരങ്ങള്‍ പൊടിയും അഴുക്കുംകൊണ്ട് അടയുന്നതുമൂലം, നെഞ്ച്, മുഖം പുറംഭാഗം, കഴുത്ത് തുടങ്ങിയ ശരീരഭാഗങ്ങളില്‍ ചുവന്നതോ, പഴുത്തതോ, വെളുത്തതോ ആയ നിറത്തില്‍ ഇത്തരം കുരുക്കള്‍ ഉണ്ടാകുന്നു. ചൊറിച്ചിലും ഉണ്ടാകാം. ഇത് അണുബാധയല്ല. അതിനാല്‍ ആന്റിബയോട്ടിക്കുകളോ മറ്റ് അണുനാശിനികളോ ഉപയോഗിക്കേണ്ടതില്ല. നല്ല തണുത്ത വെള്ളത്തില്‍ കുളിക്കുക, അയഞ്ഞ കോട്ടണ്‍വസ്ത്രങ്ങള്‍ ധരിക്കുക, കലാമിന്‍ ലോഷന്‍, ആന്റി ഹിസ്റ്റമിന്‍ തുടങ്ങിയ മരുന്നുകള്‍ മാത്രം ഉപയോഗിക്കുക.

ശുദ്ധിചികിത്സ അര്‍ഥവും പൊരുളും

 

ഡോ. കെ മുരളീധരന്‍
ജര്‍മനിക്കാരനായ ജോസഫ് ലര്‍ച്ച് ആര്യവൈദ്യശാലയില്‍ ചികിത്സയ്ക്കെത്തുന്നത് ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കുമുമ്പാണ്. അന്നദ്ദേഹത്തിന് 60 വയസ്സില്‍ത്താഴെ. വാടിയ മുഖത്തുള്ള ജര്‍മന്‍ചിരിക്ക് അപ്പോഴും യൌവനമുണ്ടായിരുന്നു. ഇംഗ്ളീഷ് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചിലപ്പോഴൊക്കെ അദ്ദേഹം പരാജയം സമ്മതിക്കും. സംഭാഷണത്തിന് സഹായിയായി ഒരു ജര്‍മന്‍–ഇംഗ്ളീഷ് നിഘണ്ടുവും സഹായിയായി ശ്രീമതി ഹെര്‍ട്ടയും. ശ്രീമതിക്ക് ജര്‍മന്‍ഭാഷ മാത്രമേ അറിയൂ. എന്നാല്‍, ആംഗ്യങ്ങളിലൂടെ അവര്‍ വൃത്തിയായി ആശയവിനിമയം നടത്തിയിരുന്നു.
ലര്‍ച്ചിന് ഗോതമ്പിന്റെ നിറമായിരുന്നു. ദേഹം നിറയെ സിന്ദൂരം തട്ടിത്തെറിപ്പിച്ചതുപോലെയുള്ള പാടുകളുണ്ടായിരുന്നു. കാലാവസ്ഥയ്ക്കനുയോജ്യമായ രീതിയില്‍ അയഞ്ഞ പരുത്തിവസ്ത്രങ്ങളാണ് ലര്‍ച്ച് ധരിച്ചിരുന്നത്. കഴുത്തില്‍ ലോലമായ ഒരു സ്വര്‍ണച്ചെയിന്‍. അതിനു നടുക്ക് ഒരു ചെറിയ രുദ്രാക്ഷം.
ലര്‍ച്ചിന്റെ സന്ദര്‍ശനോദ്ദേശ്യം തുടക്കത്തിലേ അദ്ദേഹം വ്യക്തമാക്കി. ലര്‍ച്ച് വിശ്വസിക്കുന്നത് തന്റെ ശരീരത്തിനകത്ത് നിറയെ മാലിന്യങ്ങളുണ്ടെന്നാണ്. മാലിന്യങ്ങള്‍ എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ചുള്ള വിശദീകരണമാണ് ഏറ്റവും രസകരം. ലര്‍ച്ചിന് ചെറുപ്പകാലംമുതല്‍ കൂടെക്കൂടെ വിവിധതരം രോഗാണുബാധകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. രോഗാണുക്കളെ നശിപ്പിക്കാന്‍ ഏറെ സംഹാരശേഷിയുള്ള അനേകം ആന്റിബയോട്ടിക്കുകള്‍ അദ്ദേഹം മുന്നും പിന്നും നോക്കാതെ ഉപയോഗിച്ചിട്ടുണ്ട്. ലര്‍ച്ച് ധരിച്ചുവച്ചിരുന്നത് ആന്റിബയോട്ടിക്കുകള്‍ കൊന്നൊടുക്കിയ രോഗാണുക്കളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു തന്റെ ശരീരം എന്നാണ്.
ഈ മാലിന്യം ശരീരത്തെ മാത്രമല്ല, മനസ്സിനെയും ആത്മാവിനെയും ദുഷിപ്പിക്കുന്നുണ്ടെന്നാണ് ലര്‍ച്ചിന്റെ നിഗമനം. ഇങ്ങനെയൊരു ആശയം അദ്ദേഹം സ്വന്തമായി നിരൂപിച്ചെടുത്തതോ മറ്റെവിടെയെങ്കിലുംനിന്ന് കടംകൊണ്ടതോ എന്ന് വ്യക്തമായില്ല. മനസ്സിനെ മഥിച്ചുകൊണ്ടിരുന്ന ഈ ചിന്തയുമായി കഴിയുന്ന കാലത്താണ് ജര്‍മനിയില്‍വച്ച് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ പ്രാക്ടീസ്ചെയ്യുന്ന ഒരു ചികിത്സാകേന്ദ്രം അദ്ദേഹം സന്ദര്‍ശിക്കാനിടയായത്. ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്റെ മുഖ്യധാരയിലുള്ള ആയുര്‍വേദ ചികിത്സയെക്കുറിച്ച് ലര്‍ച്ച് അറിയുന്നത് അവിടെവച്ചാണ്. ശുദ്ധിയാണ് ആയുര്‍വേദചികിത്സയുടെ കാതല്‍ എന്നും സമഗ്രമായ ശോധനചികിത്സാപദ്ധതികളിലൂടെ ശരീരകോശങ്ങളുടെ ശുദ്ധീകരണം കൈവരിക്കാമെന്നും ലര്‍ച്ച് മനസ്സിലാക്കി– ഈ ലക്ഷ്യം തേടിയുള്ള യാത്രാമധ്യേയാണ് അദ്ദേഹം കോട്ടയ്ക്കല്‍ ആര്യവൈദ്യാശാലയില്‍ എത്തിയത്.

ലര്‍ച്ചിന്റെ നിരീക്ഷണവും അഭിപ്രായവും പൂര്‍ണമായി അംഗീകരിക്കാന്‍ സാങ്കേതികമായ ബുദ്ധിമുട്ടുകളുണ്ട്. കാരണം, ശരീരത്തിലടിഞ്ഞുകൂടുന്ന വിഷാംശങ്ങളെയും ഹാനികരമായ മറ്റു പദാര്‍ഥങ്ങളെയും യഥാവിധി നിര്‍ഹരിക്കാനുള്ള നൈസര്‍ഗികമായ ചില ചോദനകളും വ്യവസ്ഥിതികളും ശരീരത്തിനകത്തുതന്നെ ഉണ്ട്. ഒരു മൊബൈല്‍ ആര്‍മി സര്‍ജിക്കല്‍ ഹോസ്പിറ്റല്‍ യൂണിറ്റ്  (Mobile Army Surgical Hospital Unit- MASH)  പോലെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കേടുവന്ന ഭാഗങ്ങളെ നീക്കംചെയ്തും പുനര്‍നിര്‍മിച്ചും (damage removal and repair)  ശരീരത്തിന് സംരക്ഷണം നല്‍കുന്ന വ്യവസ്ഥിതിയാണിത്. ഈ വിശദീകരണം ലര്‍ച്ചിന് സ്വീകാര്യമാകുമെന്ന് തത്സമയം തോന്നിയില്ല. അതിനാല്‍ത്തന്നെ അത്തരമൊരു വിവാദത്തിന് മുതിര്‍ന്നുമില്ല. അതവിടെ നില്‍ക്കട്ടെ.
ആയുര്‍വേദത്തെക്കുറിച്ച് ലര്‍ച്ച് മനസ്സിലാക്കിയത് ശരിയാണ്. വളരെ ഉദാത്തമായ ഒരു സിദ്ധാന്തമാണ് ശുദ്ധിയെക്കുറിച്ച് ആയുര്‍വേദത്തിനുള്ളത്. ശുദ്ധി എന്നാല്‍ ശരീരത്തിന്റെയും മനസ്സിന്റെയും ജീവിതപരിസരത്തിന്റെയും വാക്കിന്റെയും പ്രവൃത്തിയുടെയും എല്ലാം നിര്‍മലാവസ്ഥയാകുന്നു. ഇതിനാകട്ടെ, ഏറെ സമകാലിക പ്രസക്തിയുണ്ടുതാനും. 
ഒരു നൂറ്റാണ്ടുമുമ്പ് മനുഷ്യരാശിയെ ഏറെ ക്ളേശിപ്പിക്കുകയും  മരണത്തിലേക്ക് നയിക്കുകയുംചെയ്തിരുന്നത് രോഗാണു സംക്രമണംമൂലമുള്ള ന്യുമോണിയ, ടിബി, ഡിഫ്ത്തീരിയ, ഇന്‍ഫ്ളുവന്‍സ തുടങ്ങിയ രോഗങ്ങളായിരുന്നു. രോഗകാരണങ്ങളായ അണുക്കളെ കണ്ടെത്താനും അവയെ നിര്‍മ്മൂലനംചെയ്യാനും പ്രതിരോധിക്കാനും കഴിഞ്ഞതോടെ സാംക്രമികരോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഒരു പരിധിവരെ വൈദ്യശാസ്ത്രത്തിന് സാധിച്ചു. വൈദ്യശാസ്ത്രത്തില്‍ പിന്നീടുണ്ടായ മുന്നേറ്റങ്ങളുടെ ഫലമായി ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയുംചെയ്തു. എന്നാല്‍, 21–ാം നൂറ്റാണ്ടായപ്പോഴേക്കും ചിത്രം മറ്റൊന്നായി. ദീര്‍ഘകാലാനുബന്ധിയായ ജീര്‍ണതാജന്യരോഗങ്ങള്‍ (Chronic degenerative diseases)  വൈദ്യശാസ്ത്രത്തിന് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തി. കൊറോണറി ആര്‍ട്ടറി ഡിസീസ്, സ്ട്രോക്ക്, ക്യാന്‍സര്‍, പ്രമേഹം, മാക്യുലാര്‍ ഡീജനറേഷന്‍, കാറ്റ്റാക്ട്, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നവ. 

അണുസംക്രമണജന്യരോഗങ്ങളുടെ കാര്യത്തിലെന്നപോലെ ഇവയ്ക്കൊരു പ്രതിവിധി കണ്ടെത്താന്‍ കഴിയുന്നില്ലെന്നുള്ളതാണ് ഇപ്പോള്‍ ആകുലപ്പെടുത്തുന്ന കാര്യം. തല്‍ഫലമായി രോഗംകൊണ്ട് മരിക്കുന്നവരേക്കാള്‍ രോഗവുമായി ജീവിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. ലിവിങ് ടൂ ഷോര്‍ട്ട്, ഡയ്യിങ് ടൂ ലോങ്  Living too short, dying too long എന്ന ഒരവസ്ഥ.
ദീര്‍ഘകാലാനുബന്ധിയായ ജീര്‍ണതാജന്യരോഗങ്ങളുടെ കാരണം ശരീരത്തിന്റെ കോശകോശാന്തരങ്ങളില്‍ (intra cellular, inter cellular) അടിഞ്ഞുകൂടുന്ന ഹാനികരങ്ങളായ പദാര്‍ഥങ്ങളാണെന്ന നിഗമനത്തിലാണ് വൈദ്യനിരീക്ഷണം എത്തിനില്‍ക്കുന്നത്. ഇത്തരം ഒരവസ്ഥാവിശേഷത്തെക്കുറിച്ച് ആയുര്‍വേദത്തില്‍ ഗൌരവമായി ചര്‍ച്ചചെയ്തിട്ടുണ്ട്്.
സര്‍വ്വഥാ ആരോഗ്യകരമായ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരാളില്‍പ്പോലും മലങ്ങള്‍ (bio wastes/toxins)  സഞ്ചയിക്കപ്പെടാന്‍ സാധ്യതയുണ്ട്. പുതിയ കുടത്തില്‍ വച്ചിരിക്കുന്ന ശുദ്ധജലവുമായിട്ടാണ് ഇതിനെ ഉപമിച്ചിരിക്കുന്നത്. കുടം പുതിയതാണ്; ജലം ശുദ്ധവുമാണ്– എങ്കിലും കാലാന്തരത്തില്‍ കുടത്തിനകത്ത് ചളി അടിഞ്ഞുകൂടും. ഈ ന്യായമനുസരിച്ച് ആരോഗ്യാവസ്ഥയിലുള്ള ഒരു ശരീരത്തിലും മാലിന്യമടിഞ്ഞുകൂടാം. ഇതുപോലെതന്നെ വിവിധ രോഗാവസ്ഥകളിലും ഇങ്ങനെ സംഭവിക്കാം. ഇതിനെ റീടെന്‍ഷന്‍  ടോക്സികോസ് retention toxicosis എന്നാണ് പറയുക. അതായത് സഞ്ചിതമാകുന്ന മലംകൊണ്ട് ശരീരത്തിനുണ്ടാകുന്ന വിഷബാധ എന്നര്‍ഥം.
ബാഹ്യസ്രോതസ്സുകളില്‍ക്കൂടി പുറത്തുപോകേണ്ട സ്രവണങ്ങള്‍, വേണ്ടരീതിയില്‍ പാകപ്പെടാതെപോകുന്ന കോശങ്ങള്‍, ശരീരത്തിനകത്ത് നാനാപ്രകാരേണ കെട്ടിക്കിടന്ന് ചീഞ്ഞളിയുന്ന പദാര്‍ഥങ്ങള്‍, രക്തധമനികളിലും മറ്റും പറ്റിപ്പിടിക്കുന്ന മലാംശങ്ങള്‍ എന്നിങ്ങനെ ശരീരത്തിന് 'തിന്മ' ചെയ്യുന്നവയെല്ലാം മലങ്ങള്‍ എന്ന പരിഗണനയിലാണ് വരുന്നത്. ഇപ്രകാരം റീടെന്‍ഷന്‍  ടോക്സികോസ് മൂലമുണ്ടാകുന്ന അസുഖങ്ങളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ട്. അതിസ്ഥൌല്യം, പ്രമേഹം, ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന രോഗങ്ങള്‍, യകൃത് രോഗങ്ങള്‍, അലര്‍ജി മൂലമുണ്ടാകുന്ന ശ്വസനപഥത്തെയും ത്വക്കിനെയും ബാധിക്കുന്ന രോഗങ്ങള്‍, അര്‍ശ്ശസ്, ശരീരത്തിനകത്തുണ്ടാകുന്ന മുഴകള്‍, ദുഃസ്വപ്നദര്‍ശനം മുതലായവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 
ആധുനിക വൈദ്യശാസ്ത്രത്തിലുമുണ്ട് സമാനമായ ചില ചിന്താഗതികള്‍. ഉയര്‍ന്ന രാസക്രിയാശീലമുള്ള സ്വതന്ത്ര റാഡിക്കലുകള്‍ (free radicals)  ക്രമാതീതമായി സഞ്ചയിക്കപ്പെടുമ്പോള്‍ കോശങ്ങളുടെ നാശവും ദീര്‍ഘകാലാനുബന്ധിയായ നിരവധി രോഗങ്ങളും ഉണ്ടാവുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതു വ്യക്തമാകുന്നതിന് സ്വതന്ത്ര റാഡിക്കലുകളെക്കുറിച്ച് സാമാന്യമായ ചിലതു ധരിച്ചിരിക്കേണ്ടതുണ്ട്. ഒരു പുല്‍ത്തകിടിക്ക് മധ്യത്തില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്ന തീക്കുണ്ഠത്തെ സങ്കല്‍പ്പിക്കുക. സാധാരണ നിലയ്ക്ക് സുരക്ഷിതമായും നിശ്ശബ്ദമായും ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നികുണ്ഠത്തില്‍നിന്ന് അപൂര്‍വ്വാവസരങ്ങളില്‍ ചില തീപ്പൊരികള്‍ പറന്നുവന്ന് പുല്‍ത്തകിടിയില്‍ വീഴും. ഇതു വല്ലപ്പോഴും സംഭവിക്കുമ്പോള്‍ പുല്‍ത്തകിടിക്ക് കേടുപാടില്ലാതെ നിലനില്‍ക്കാന്‍ കഴിയും. എന്നാല്‍, ഏതെങ്കിലും സാഹചര്യത്തില്‍ ഈ തീപ്പൊരികള്‍ കൂടുതലാവുകയാണെങ്കില്‍ പുല്‍ത്തകിടി ക്രമേണ കരിഞ്ഞുപോകും. ഇതേ മാതൃകയില്‍ ജൈവകോശത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്നികുണ്ഠമാണ് മൈറ്റോകോണ്‍ട്രിയോണ്‍ (mitochondrion) മൈറ്റോകോണ്‍ട്രിയോണില്‍വച്ചാണ് കോശത്തിലെത്തുന്ന ഓക്സിജന്‍ ഊര്‍ജമായി മാറുന്നത് (അഡിനോസിന്‍ ട്രൈഫോസ്ഫേറ്റ് ATP). ഈ പ്രക്രിയയുടെ ഉപോല്‍പ്പന്നമായി ജലതന്മാത്രകളും ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. സാധാരണ നിര്‍വിഘ്നം നടന്നുപോകുന്നതാണ് ഈ പ്രക്രിയയെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇതില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ഇതിനുള്ള വിശദീകരണം ഇപ്രകാരമാണ്.
മൈറ്റോകോണ്‍ട്രിയോണില്‍വെച്ച് ഓക്സിജന്‍ 4 ഇലക്ട്രോണുകളെവീതം സ്വീകരിച്ച്  എടിപി തന്മാത്രകളും വെള്ളവും ഉണ്ടാക്കുന്നു. പക്ഷേ, ചിലസമയത്ത് (ഈ 4 ഇലക്ട്രോണുകളുടെ അഭാവത്തില്‍) ഓക്സിജന്‍ അസ്ഥിരമായ ഒരു സ്വതന്ത്രറാഡിക്കല്‍ ആയി മാറുന്നു. ഈ അസ്ഥിര ഓക്സിജന്‍ വളരെ ഉയര്‍ന്ന രാസക്രിയാശീലമുള്ളതാണ്.
മേല്‍ ഉദാഹരിച്ച അഗ്നികുണ്ഠത്തില്‍നിന്ന് പുറത്തുവരുന്ന തീപ്പൊരിയുടെ സ്വഭാവമാണ് സ്വതന്ത്രറാഡിക്കലിനുള്ളത്. ഇവ ചുറ്റുമുള്ള പുല്‍ത്തകിടിയെ (കോശപരിസരം) ക്രമേണ ജീര്‍ണിപ്പിച്ചുകൊണ്ടിരിക്കും. ഇത് വിനാശകരമായ ഒരു പ്രക്രിയയാണ്. ദീര്‍ഘകാലാനുബന്ധിയായ ജീര്‍ണതാജന്യരോഗങ്ങളുടെ (chronic degenerative diseases)  തുടക്കം ഇങ്ങനെയാകുന്നു. കണ്ണിനെയാണ് ബാധിക്കുന്നതെങ്കില്‍ മാക്യുലാര്‍ ഡീജനറേഷന്‍ ആകാം. രക്തധമനികള്‍ക്കുള്ളിലാണെങ്കില്‍ ഹൃദ്രോഗമോ സ്ട്രോക്കോ ആകാം. സന്ധികള്‍ക്കുള്ളിലാണെങ്കില്‍ സന്ധിവാതമാകാം. മസ്തിഷ്ക്കത്തിനുള്ളിലാണെങ്കില്‍ അല്‍ഷിമേഴ്സ് ഡിസീസോ പാര്‍ക്കിന്‍സണ്‍സ് ഡിസീസോ ആകാം. ഇത്തരം രോഗങ്ങളുണ്ടാക്കുന്ന സാഹചര്യത്തെയാണ് ഓക്സിഡേറ്റീവ് സ്ട്രെസ് എന്നു പറയുന്നത്. ഓക്സിഡേറ്റീവ് സ്ട്രെസിനെ മറികടക്കാന്‍ ശരീരം സ്വയം ഉല്‍പ്പാദിപ്പിക്കുന്ന ചില ആന്റി ഓക്സിഷഡന്റ്സ് ഉണ്ട്. സൂപ്പറോക്സയിഡ് ഡിസ്മ്യൂടേസ്, കാറ്റലേസ്, ഗ്ളൂട്ടാത്തിയോണ്‍ പെറോക്സിഡേസ് (Superoxide dismutase, catalase, glutathione peroxidase)  എന്നിവയാണ് അവ. ഇവയാണ് പ്രകൃതിദത്തമായ ആന്‍ഡി ഓക്സിഡന്റ് ഡിഫന്‍സ് സിസ്റ്റം (antioxidant defence system) നിര്‍മിക്കുന്നത്.  സ്വതന്ത്ര റാഡിക്കല്‍സിനെ കൂടുതലായി ഉല്‍പ്പാദിപ്പിക്കുമ്പോഴും ആനുപാതികമായി ഇവയെ നിര്‍വീര്യമാക്കാന്‍ ആന്‍ഡി ഓക്സിഡന്റ് ഡിഫന്‍സ് സിസ്റ്റ (antioxidant defence system)ത്തിന് സാധിക്കാതെ വരികയും ചെയ്യുമ്പോഴാണ് രോഗങ്ങളുടെ പരമ്പരതന്നെ ആരംഭിക്കുന്നത്.
ആയുര്‍വേദം ഇവയെ മൊത്തമായി വിലയിരുത്തുന്നത് ഒരു ധാതുപാക/പരിണാമ വൈഷമ്യമായും വിഷരൂപയിയായ മലസഞ്ചയമായും ആണ്. ഈ അവസ്ഥ മറികടക്കുന്നതിന് ഉതകുന്ന സമഗ്രമായൊരു ചികിത്സാപദ്ധതിയാണ് ആയുര്‍വേദത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്. ജൈവാഗ്നിയെ വര്‍ധിപ്പിക്കാനും ദഹിക്കാതെ കിടക്കുന്ന പദാര്‍ഥങ്ങളെ പചിപ്പിക്കാനും ഉതകുന്ന ഔഷധങ്ങള്‍ (ദീപന–പാചനൌഷധങ്ങള്‍) ഉപയോഗിച്ചും മെഴുക്കിട്ടും വിയര്‍പ്പിച്ചും ഇളക്കിയെടുത്ത് അനുയോജ്യമായ രീതിയില്‍ പുറത്തേക്കുകളഞ്ഞും ആണ് ഇത് നിര്‍വഹിക്കപ്പെടുന്നത്. ദീപനം, പാചനം, സ്നേഹനം, സ്വേദനം, ശോധനം എന്നീ സാങ്കേതിക പദാവലി ഉപയോഗിച്ചാണ് ഇവയെ ശാസ്ത്രത്തില്‍ വിവരിച്ചിട്ടുള്ളത്. ശോധനക്രിയയുടെ വിശദരൂപമാണ് പഞ്ചകര്‍മചികിത്സ. കാല–ദേശ–ദേഹാവസ്ഥകള്‍ നോക്കി സുഘടിതമായി ചെയ്യേണ്ടതാണിത്. ദീര്‍ഘകാലാനുബന്ധിയായ ജീര്‍ണതാജന്യരോഗങ്ങളുടെ തീവ്രത കുറയ്ക്കാന്‍ ശുദ്ധിചികിത്സ സഹായകരമാകുമെന്ന് വ്യക്തമാക്കുന്നതാണ് ആചാര്യോക്തമായ അതിന്റെ ഫലശ്രുതി–ബുദ്ധിപ്രസാദം, ഇന്ദ്രിയബലം, ധാതുസമ്പുഷ്ടമായ യൌവനം, അഗ്നിദീപ്തി, ആരോഗ്യസമ്പന്നമായ ദീര്‍ഘായുസ്സ് എന്നിവ ശുദ്ധിചികിത്സ പ്രദാനംചെയ്യുന്നു.

കടപ്പാട്: homeremedyinkerala.blogspot.com

2.85714285714
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ