Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യ പരിപാലനവും മാര്‍ഗ്ഗങ്ങളും
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യ പരിപാലനവും മാര്‍ഗ്ഗങ്ങളും

കൂടുതല്‍ വിവരങ്ങള്‍

അകാല നര ആരോഗ്യം കൂട്ടും

ഈ ചെറു പ്രായത്തില്‍ തന്നെ തലമുടി നരക്കുന്നു എന്ന വിഷമത്തിലാണോ നിങ്ങള്‍ .കൂട്ടുകാരൊക്കെ വയസന്‍ എന്നു വിളിച്ചു തുടങ്ങിയോ ? എങ്കിലിതാ അകാല നര കാരണം വിഷമിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത‍ .
മനുഷ്യര്‍ക്ക് വരുന്ന നരയും വ്യക്തിയുടെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ . നര ആരോഗ്യത്തിന്റെ പ്രത്യക്ഷ സൂചനയാണെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.പെട്ടന്ന് നരക്കുന്നവര്‍ക്ക് ആരോഗ്യ പരവും നീണ്ടതുമായ ഒരു ജീവിതം മുന്നിലുണ്ടെന്ന് ഗവേഷണ ഫലങ്ങള്‍ ആധാരമാക്കി സ്പാനിഷ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. കാട്ടുപന്നികളില്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് അവര്‍ ഇത്തരം ഒരു അഭിപ്രായത്തില്‍ എത്തി ചേര്‍ന്നത്‌.

കാട്ടുപന്നികളില്‍ മനുഷ്യരെപോലെ നരച്ച രോമങ്ങള്‍ കാണാറുണ്ട്. ഇത്തരം കാട്ടുപന്നികള്‍ക്ക് നല്ല ആരോഗ്യമായിരിക്കുമെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേവിധം,മെലാനിന്റെ കുറവുകൊണ്ടുണ്ടാകുന്ന നര മനുഷ്യരുടെ കാര്യത്തിലും ആരോഗ്യത്തിന്റെയും ആഹ്ലാദത്തിന്റെയും സൂചകമാകുകയാണ്. നേരത്തേ നരക്കുന്നവരും കൂടുതല്‍ നരക്കുന്നവരും താരതമ്യേന അധികകാലം ജീവിക്കുന്നുവെന്ന് കാണാമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. അതേസമയം ചെമ്പിച്ച മുടിയുള്ളവര്‍ ശ്രദ്ധിക്കണം. ഇത്തരക്കാരുടെ ആരോഗ്യം മോശമായിരിക്കും.

ഇക്കാര്യത്തിലും കാട്ടുപന്നികളുടെ ഉദാഹരണം തന്നെയാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ചെമ്പന്‍ രോമമുള്ള കാട്ടുപന്നികളില്‍ കോശനാശം കൂടുതലായിരിക്കും. നരയുമായി ബന്ധപ്പെട്ട പഠന ഫലങ്ങള്‍ ഫിസിയോളജിക്കല്‍ ആന്‍ഡ് ബയോകെമിക്കല്‍ സുവോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രമേഹരോഗികളുടെ ആഹാരക്രമം.

മധുരം ഒഴിവാക്കുക.

എണ്ണയും തേങ്ങയും നിയന്ത്രിക്കുക.

കൃത്യസമയങ്ങളില്‍ ആഹാരം കഴിക്കുക.

വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കുക.

പഴങ്ങള്‍ ദിവസം ഒന്നോ രണ്ടോ മാത്രം കഴിക്കുക.

പച്ചക്കറികളും ഇലവര്‍ഗങ്ങളും എല്ലാ ഭക്ഷണത്തിനൊപ്പവും ഉള്‍പ്പെടുത്തുക.

തൊലികളഞ്ഞ കോഴിയിറച്ചി കഴിക്കാം.

മാട്ടിറച്ചി പരമാവധി ഒഴിവാക്കണം.  പൊറോട്ട, ബേക്കറി ഉല്‍പന്നങ്ങള്‍, ലഘുപാനീയങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു എന്നിവ ഒഴിവാക്കുക.

ഉപ്പിന്റെ ഉപയോഗം കുറക്കുക.

തവിടോടുകൂടിയ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പാലിന്റെ അളവ് നിയന്ത്രിക്കുക.

ആഹാരത്തിന്റെ അളവ് നിയന്ത്രിക്കുക.

ദിവസവും 8 മുതല്‍  12 വരെ ഗ്ലാസ്സ് വെള്ളം കുടിക്കുക.

കാപ്പിയും ചായയും അമിതമായി കഴിക്കരുത്.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

ശിരോ രോഗങ്ങള്‍

ശിരോ രോഗികള്‍ക്കുള്ള ഭക്ഷണക്രമവും ജീവിതക്രമവും ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നുണ്ട്.  ആട്ടിന്‍മാംസം, പഴകിയ ചെന്നല്ലരി, ചെറുപയര്‍, പഴം, മുതിര, ഉഴുന്ന്, പഴകിയ നെയ്യ്, ചൂടുപാല്‍, മുന്തിരി, നെല്ലിക്ക, പടവലങ്ങ, മാതളപ്പഴം എന്നീ ഭക്ഷണങ്ങള്‍ ശിരോരോഗികള്‍ക്ക് ഉത്തമമാണ്.  ദുഷിച്ച ജലം, പകലുറക്കം, അമിത മാനസിക വിക്ഷോഭം, വേഗധാരണം, പുളി, എരിവ്, ഉപ്പ് എന്നീ രസങ്ങളടങ്ങിയ ഭക്ഷണങ്ങളുടെ അമിതോപയോഗം എന്നിവ ശിരോ രോഗികള്‍ക്ക് നിഷിദ്ധമാണ്.

ശിരസ്സിനെ സംബന്ധിക്കുന്ന രോഗങ്ങള്‍ക്കുള്ള പ്രധാന ചികിത്സ നസ്യം ആണ്.  പ്രഭാതത്തിലാണ് നസ്യം ചെയ്യുന്നത്.  രോഗിയെ രോഗത്തിനനുസരിച്ചുള്ള എണ്ണ പുരട്ടി വിയര്‍പ്പിക്കുകയാണ് ആദ്യം. എന്നിട്ട് മൂക്കിലൂടെ ഔഷധപ്രയോഗം നടത്തുന്നു.  നസ്യം കൂടാതെ ശിരോവസ്തി, ശിരോധാര തുടങ്ങിയ ചികിത്സാ ക്രമങ്ങളും നടത്താറുണ്ട്.  ആയുര്‍വേദം ആദ്യം ചെയ്യുക രോഗകാരണം കണ്ടെത്തി അത് ഒഴിവാക്കുകയാണ്. രോഗകാരണങ്ങള്‍ ഉപേക്ഷിച്ചിട്ടും മാറാത്തവയ്ക്കാണ് ദോഷാനുസരേണ ചികിത്സ നടത്തുന്നത്.

മൂത്രാശയ കല്ലുകള്‍.

കല്ലുരുക്കി എന്ന പച്ചമരുന്ന് അതിരാവിലെ പച്ചയായി അരച്ചുകലക്കി കഴിച്ചാല്‍ മൂത്രാശയകല്ലുകള്‍ക്ക് ആശ്വാസം കാണുന്നു.  കല്ലൂര്‍വഞ്ചി എന്ന മരുന്ന് കഷായം വെച്ചും ഈ മരുന്നിട്ട് വെള്ളം തിളപ്പിച്ചും സ്ഥിരമായി കുടിക്കുന്നത് ആശ്വാസകരമാണ്.  ഇളനീര്‍ വെള്ളത്തില്‍ രാത്രി ഏലത്തരി പൊടിച്ചു ചേര്‍ത്ത് രാവിലെ കുടിക്കുന്നതും നല്ലതാണ്.  വിരതരാദി കഷായം, കന്മദ ഭസ്മം മുതലായവ വിദഗ്ദ നിര്‍ദേശത്തില്‍ സേവിക്കാവുന്നതാണ്.  വാതഹരങ്ങളായ തൈലങ്ങള്‍ പുരട്ടി വിയര്‍പ്പിക്കുന്നത് ഇതിന്റെ വേദന കുറയ്ക്കുവാനും മൂത്രം പോകുന്നതിനും ഉപകരിക്കും. ആയുര്‍വേദത്തില്‍ ഈ രോഗത്തിനെ അശ്മരി എന്നാണ് പറയുന്നത്.  നാലു തരത്തിലുള്ള അശ്മരി രോഗമുണ്ട്. വാതാശ്മരി, പിത്താശ്മരി, കഫാശ്മരി, ശുക്ലാശ്മരി എന്നിങ്ങനെയാണിവ. കുടിക്കുന്ന വെള്ളത്തില്‍ കാല്‍സ്യത്തിന്റെ അളവു കൂടുതലാകുന്നതാണ് മൂത്രാശയ രോഗത്തിന് പ്രധാന കാരണം.  വെള്ളം കുടിക്കുന്നത് കുറവായിരിക്കുക, വിയര്‍പ്പു രൂപത്തില്‍ വെള്ളം ശരീരത്തില്‍ നിന്ന് ധാരാളമായി പോകുക എന്നീ കാരണങ്ങളാല്‍ മൂത്രാശയത്തിലെത്തുന്ന ജലാംശം കുറയുന്നതും മറ്റൊരു കാരണമാണ്.  കാല്‍സ്യം കാര്‍ബണേറ്റ്, ഫോസ്ഫേറ്റ്, യൂറിക് ആസിഡ് എന്നിവ ചേര്‍ന്നതാണ് സാധാരണ ഈ കല്ലുകള്‍.

വായുശമനത്തിന്

വായുവിന്റെ പ്രധാനസ്ഥാനങ്ങളിലൊന്നാണ് ചെവി. വായുവിന് ശമനമുണ്ടാകാന്‍ ചെവിയില്‍ എണ്ണ വീഴ്ത്തി ശീലിക്കേണ്ടതാണ്. രോഗാവസ്ഥയില്‍ വൈദ്യ നിര്‍ദ്ദേശപ്രകാരവും രോഗമില്ലാത്ത അവസ്ഥയില്‍ നിത്യേന തേച്ചുകുളിക്കുമ്പോഴും ചെവിയില്‍ എണ്ണ വീഴ്ത്തി ശീലിക്കാം. സഹിക്കാവുന്ന ചൂടോടെ എണ്ണ ഓരോ ചെവിയിലും നിറക്കുകയും 10-15 മിനിറ്റ് അതേപടി വയ്ക്കുകയുമാണ് വേണ്ടത്.   പിന്നീട് ഒരു തിരികൊണ്ട് തുടച്ച് എണ്ണ എടുത്തു കളയണം. കര്‍ണ്ണരോഗങ്ങള്‍ അകറ്റാന്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന മറ്റൊരു ചികിത്സാക്രമമാണ് പുക കൊള്ളിക്കല്‍. കുരുമുളക് പൊടി കനലില്‍ വിതറിയുണ്ടാകുന്ന പുക ഒരു ചോര്‍പ്പിലൂടെയോ പേപ്പര്‍ കോട്ടിയുണ്ടാക്കിയ കുഴലിലൂടെയോ ചെവിയിലെത്തിച്ചാല്‍ ചെവിവേദനയും ചെവിയിലെ ദുര്‍ഗന്ധവും ശമിക്കും.  ഗുല്‍ഗുലു, കുന്തിരിക്കം, തുളസിയില തുടങ്ങിയവ നെയ്യ് ചേര്‍ത്തോ, വേപ്പെണ്ണ ചേര്‍ത്തോ പുകച്ചും ചെവിയില്‍ കൊള്ളിക്കാവുന്നതാണ്.  കേള്‍വിക്കുറവിനും ചെവിയിലെ മൂളല്‍ അകറ്റുന്നതിനും എള്ള്, ചെറുപയര്‍, കായം, ഏലത്തരി ഇവ കടുകെണ്ണയില്‍ കുഴച്ചു പുകയ്ക്കുന്ന ചികിത്സ ദിവസം 3-4 തവണ ചെയ്യണം.

ജ്വരം- രോഗമായും രോഗലക്ഷണമായും

ജ്വരം ഒരു വ്യാധിയായും മറ്റു വ്യാധികളുടെ ലക്ഷണമായും പ്രത്യക്ഷപ്പെടാമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു.  മറ്റു വ്യാധികള്‍ മൂലമാണു ജ്വരമെങ്കില്‍ യഥാര്‍ത്ഥ രോഗം ഏതെന്നു നിര്‍ണയിക്കണം. മുത്തങ്ങയും പര്‍പ്പടകപ്പുല്ലും കഷായമായി നല്‍കുന്നതാണ് ജ്വരത്തിനുള്ള ഏറ്റവും ശ്രേഷ്ഠമായ ഔഷധം.  വാതവുമായി ബന്ധപ്പെട്ട ജ്വരങ്ങളില്‍ അമൃതു ചേര്‍ന്ന കഷായങ്ങളും പിത്തജന്യമായ ജ്വരങ്ങളില്‍ മധുരശീതഗുണങ്ങളോടുകൂടിയ കഷായങ്ങളും കഫം മൂലമുണ്ടാകുന്ന ജ്വരത്തിന് തിക്തരസത്തോടുകൂടിയ കഷായങ്ങളും ഹിതകരമാണ്. ജ്വരത്തിന്റെ തീവ്രതയും അനുബന്ധവികാരങ്ങളും പരിശോധിച്ച ശേഷമാണ് ചികിത്സ നിശ്ചയിക്കുക.

വാതജ്വരത്തില്‍ ഗളുച്യാദികഷായം, കിരാതതിക്താകാദി കഷായം എന്നിവയും പിത്തജ്വരത്തില്‍ ദ്രാക്ഷാദികഷായം പര്‍പ്പടകപ്പുല്ലു കഷായം എന്നിവയും കഫജ്വരത്തില്‍ പാര്‍ങ്യാദി കഷായം എന്നിവയും നല്‍കുന്നു. ഇവയോടൊപ്പം സര്‍വജ്വരഹരമായി കടുക്ക, നെല്ലിക്ക, തിപ്പലി, കൊടുവേലി, ഇവ കൊണ്ടുള്ള കഷായവും നല്‍കണമെന്നു നിഷ്കര്‍ഷിച്ചിട്ടുണ്ട്.  കഷായം കുടിക്കാന്‍ പല രോഗികള്‍ക്കും ബുദ്ധിമുട്ടായതിനാല്‍, അരിഷ്ടങ്ങളും ഗുളികകളും ചേര്‍ത്തുള്ള മിശ്രിതങ്ങള്‍ നല്‍കാവുന്നതാണ്.

ദ്രാക്ഷാരിഷ്ടം, അമൃതാരിഷ്ടം, സുദര്‍ശനാരിഷ്ടം ഇവ പ്രയോജനപ്രദമാണ്. സൂര്യപ്രഭാഗുളിക, ആരോഗ്യവര്‍ദ്ധിനി ഗുളിക ഇവ ചേര്‍ത്തുള്ള ഔഷധപ്രയോഗങ്ങളും ജ്വരം അകറ്റാന്‍ ഉപകരിക്കും.  തളം വെയ്ക്കുക, തുണി നനച്ചിടുക എന്നിവ ശരീരത്തിന്റെ ചൂടുകുറയ്ക്കാന്‍ ചെയ്യാവുന്നതാണ്.  ഭക്ഷണം കുറയ്ക്കുന്നതാണ് നല്ലത്.  രോഗിക്ക് വിശപ്പനുഭവപ്പെടുന്നതനുസരിച്ച് ഔഷധങ്ങളിട്ടു പാകപ്പെടുത്തിയ കഞ്ഞി നല്കാം.

രോഗങ്ങളും ഔഷധ ചേരുവകളും

ജലദോഷം, നീരിറക്കം

കുളികഴിഞ്ഞ് രാസ്നാദി ചൂര്‍ണ്ണം തലയില്‍ തിരുമ്മുന്നത് പതിവാക്കുക. ജലദോഷവും തലനീരിറക്കവും നിശ്ശേഷം മാറുന്നതാണ്.

മുട്ടുവേദന

കരിനൊച്ചിയില അരച്ചിട്ടാല്‍‍ മുട്ടുവേദന മാറും.

മുലപ്പാല്‍‍  വര്‍ദ്ധിക്കാന്‍‍

ശതാവരിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് പശുവി‍ന്‍‍ പാലില്‍  കലക്കി സേവിക്കുന്നത് മുലപ്പാല്‍‍  വര്‍ദ്ധിക്കാന്‍‍ വിശേഷമാണ്.

ദഹനക്കേട്, വായുകോപം

ഇഞ്ചിനീര്, നാരങ്ങാനീര് ഇവ ചേര്‍ത്തു കഴിച്ചാല്‍ ദഹനക്കേടുംവായുകോപവും മാറും.

കുരുക്കള്‍

വിങ്ങിപ്പൊട്ടിയ കുരുക്കളില്‍‍ നിന്ന് പഴുപ്പു പൂര്‍ണ്ണമായും പോയില്ലെങ്കില്‍‍  മുളമ്പഞ്ഞിവെയ്ക്കാവുന്നതാണ്.

നടുവേദന

ആവണക്കെണ്ണയും കരിനൊച്ചിയിലയുടെ ചാറും  സമാസമം ചേര്‍ത്തു സേവിക്കുന്നത്നടുവേദന കുറയാന്‍ സഹായിക്കും.

മോണപഴുപ്പ്

മല്ലിയുടെ ഇല ചവച്ചുതുപ്പിയാല്‍ മോണപഴുപ്പ് ശമിക്കും.

പ്രസവാനന്തരമുള്ള നടുവേദന

ഉലുവ കഞ്ഞിവെച്ച് കുടിച്ചാല്‍‍ പ്രസവാനന്തരമുള്ള നടുവേദനയുംക്ഷീണവും മാറും.

മുറിവ്

മുക്കുറ്റിയുടെ വിത്ത് അരച്ച് പുരട്ടിയാല്‍ മുറിവ് ഉണങ്ങും. മുറിവിന് മുളയുടെ മൊരിയും നൂറും ചാലിച്ച് പുരട്ടുക.

രക്താര്‍ശസ്സ്

പാവയ്ക്കയുടെ വേര് അരച്ച് മോരില്‍‍ ചേര്‍ത്ത് കുടിക്കുന്നത് രക്താര്‍ശസ്സ്  മാറാന്‍‍സഹായിക്കും.

ശരീരക്ഷീണം

വെള്ളത്തില്‍ പുളിയിലയിട്ട് തിളപ്പിച്ച ശേഷം കുളിച്ചാല്‍ ശരീരക്ഷീണം മാറും.

വളം കടി

കാലിന്റെ വളം കടിക്ക്  മൈലാഞ്ചി അരച്ച് വിരലില്‍ പൊത്തുക.

വാതം, തരിപ്പ്, കടച്ചില്‍‍, നീര്‍ക്കെട്ട്  എന്നിവക്ക്

വെയിലിപ്പരുത്തി സമൂലം ഇടിച്ച് പിഴിഞ്ഞ നീരും,തേങ്ങാപാലും, വെളിച്ചെണ്ണയും സമം ചേര്‍ത്ത് കൊട്ടം, കരിഞ്ചീരകം എന്നിവയും അരച്ച് കലക്കി സമംചേര്‍ത്ത് തേച്ചാല്‍ മതി.

തലവേദന, പനി

മുഞ്ഞയുടെ ഇല അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനക്കും പനിക്കും ആശ്വാസംകിട്ടും.

ചോരക്കുരു

കോവലിന്റെ ഇല നെയ്യുടെ പാകത്തില്‍ അരച്ച് വെണ്ണയില്‍ ചേര്‍ത്ത് ചാലിക്കുക. ഇത് പുരട്ടിയാല്‍ ചോരക്കുരു പൊട്ടി ചലവും, ദുഷിച്ച ചോരയും പോയി വളരെ പെട്ടെന്ന് സുഖമാവും.

മുള്ള് കുത്തിയാല്‍

കാരത്തൊട്ടിയുടെ ഇല വെണ്ണപോലെ അരച്ച് പുരട്ടിയാല്‍ കുത്തിയമുള്ള്, കുപ്പിച്ചില്ല് എന്നിവ പുറത്തുപോരും.

നെഞ്ചെരിച്ചില്‍

പെരുംജീരകം ദിവസത്തില്‍ പലതവണ ചവച്ചിറക്കിയാല്‍ നെഞ്ചെരിച്ചില്‍ മാറും.

തൊണ്ടയടപ്പ്

തിപ്പലിയും ഇഞ്ചിയും ഒരു ഗ്ലാസ്സ് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ തൊണ്ടയടപ്പ് മാറും.

അഞ്ചാംപനി വരാതിരിക്കാന്‍

തുളസിനീരും ശര്‍ക്കരയും ചേര്‍ത്ത് മൂന്നുനേരം കഴിക്കുക.

ബുദ്ധിശക്തി

ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് പാലിലോ തേനിലോ പതിവായി കഴിച്ചാല്‍ നല്ല ബുദ്ധിശക്തിയുണ്ടാകും.

കാലിലെ മുഴ

പുല്ലാനിയുടെ കായ ചൂടാക്കി അതില്‍ ചവിട്ടിയാല്‍ ഭേദമാകും.

ചുമ, ശ്വാസം മുട്ടല്‍

ചെറിയ ആടലോടകത്തിന്റെ ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീര് ഒരു സ്പൂണ്‍ എടുത്ത് അത്രയും തേനും ചേര്‍ത്ത് കഴിക്കുക.

അപസ്മാരം

വയമ്പ് പൊടിച്ചതും തേനും ബ്രഹ്മിനീരില്‍ ചേര്‍ത്ത് കഴിച്ചാല്‍ അപസ്മാരം ശമിക്കും.

ശ്വാസാദിരോഗങ്ങള്‍ക്ക്

ചങ്കിനകത്തുണ്ടാകുന്ന എരിച്ചില്‍‍, വേദന, വരള്‍ച്ച, വിയര്‍പ്പ് മുതലായരോഗങ്ങള്‍ക്കും ക്ഷയത്തിനും പലതരത്തിലുള്ള ഹൃദ്രോഗങ്ങള്‍ക്കും ഏത്തവാഴച്ചുണ്ട് കൊത്തിയരിഞ്ഞ് ഇന്തുപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ച് നെയ്യില്‍‍ കടുകുവറുത്ത് ചോറിന് കറിയായിട്ടോപലഹാരമായിട്ടോ 41 ദിവസം ഉപയോഗിച്ചാല്‍‍ ഈ രോഗങ്ങള്‍ കുറയും.

അഞ്ച് ഔഷധക്കഞ്ഞിക്കൂട്ടുകള്‍

ഇതില്‍  ഏതെങ്കിലുമൊരു കൂട്ടു തെരഞ്ഞെടുക്കാം. കൊളസ്ട്രോള്‍, പ്രമേഹം എന്നിവയുള്ളവര്‍  തേങ്ങാ, ശര്‍ക്കര എന്നിവയില്ലാത്ത കൂട്ട് ഉപയോഗിക്കണം. ഔഷധകഞ്ഞിച്ചേരുവകള്‍  അങ്ങാടി മരുന്നു കടയില്‍ കിട്ടും.

 1. 10 ഗ്രാം ആശാളി 25ഗ്രാം ഉലുവ 100ഗ്രാം ഉണക്കലരി ഇവ കഞ്ഞി വെച്ച് അല്‍പം നെയ്യ് ചേര്‍ത്ത് കഴിക്കുക.
 2. 100 ഗ്രാം ചെന്നെല്ലരി, ആശാളി, ഉലുവ, ചുക്ക് എന്നിവ ഓരോന്നും 10ഗ്രാം ആവശ്യത്തിനു വെള്ളം ചേര്‍ത്തു വേവിക്കുക. നല്ലവണ്ണം വെന്തു കഴിഞ്ഞാല്‍  ജീരകപ്പൊടി, തേങ്ങാചിരകിയത്, മഞ്ഞള്‍പ്പൊടി, കറിവേപ്പില (10ഗ്രാം വീതം) ഇവ അരച്ചുചേര്‍ത്തു തിളപ്പിച്ചു പഞ്ചകോലചൂര്‍ണമോ, അഷ്ടചൂര്‍ണമോ ഒരു ടീസ്പൂണ്‍  ചേര്‍ത്തു കഴിക്കുക.
 3. പഞ്ചകോലചൂര്‍ണ്ണം 50ഗ്രാം കിഴികെട്ടി ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് ഇടുക. അതില്‍ 250ഗ്രാം അരിയിട്ടു (നവരയരിയോ ഉണക്കലരിയോ) പാചകം ചെയ്യുക. അടുപ്പത്തു നിന്നു വാങ്ങുമ്പോള്‍  കിഴിപിഴിഞ്ഞിട്ടു കഞ്ഞി കുടിക്കുക.
 4. 60 ഗ്രാം ചെറുപയര്‍  കഴുകി കരടു കളഞ്ഞ് ഒരു ലിറ്റര്‍  വെള്ളത്തില്‍ കുറുക്കി അരലിറ്ററാക്കുക. ഇത് അരച്ചെടുത്തതില്‍  ഇന്തുപ്പ്, മല്ലി, ചുക്ക് (50 ഗ്രാം) പൊടിച്ചു ചേര്‍ക്കുക. ആറുമ്പോള്‍  അല്പം മാതളങ്ങാ നീരു ചേര്‍ത്ത് കറിവേപ്പിലയും ചുവന്നുള്ളിയും പശുവിന്‍ നെയ്യില്‍  വറുത്തു താളിച്ച് ഉപയോഗിക്കുക.
 5. 100 ഗ്രം ചെന്നെല്ലരിയിട്ടു പകുതി വേവാകുമ്പോള്‍  ആശാളി, ഉലുവ, ജീരകം, ഏലക്കായ്, അയമോദകം, വിഴാലരി, ചുക്ക് (10 ഗ്രാം വീതം) ഇവ പൊടിച്ചു ചേര്‍ത്തു കഴിക്കാം. 10 ഗ്രാം തേങ്ങാ ചിരകിയതും ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍  വാത, പിത്ത, കഫ ദോഷങ്ങളകലും.

തിളപ്പിച്ചു കുറുക്കിയ പാകത്തില്‍  വേണം കഞ്ഞി ഉപയോഗിക്കുവാന്‍. മരുന്നു കഞ്ഞി കഴിക്കുമ്പോള്‍  ഭക്ഷണം തന്നെ മരുന്നായി മാറുകയാണ്. വിപണിയിലെ ഏതെങ്കിലും കര്‍ക്കിടക കഞ്ഞിക്കൂട്ട് വാങ്ങി ഉപയോഗിക്കുന്നതിനു മുമ്പു വൈദ്യ നിര്‍ദേശം തേടുന്നതു നല്ലതാണ്

മരുന്നുകഞ്ഞി: ചിട്ടകള്‍

 1. മരുന്നുകഞ്ഞി ചൂടോടെ കഴിക്കണം.
 2. ചുക്കും ജീരകവുമിട്ട് തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
 3. ഒരു വര്‍ഷത്തിലേറെ പഴക്കം ചെന്ന ഗോതമ്പ്, ചെന്നെല്ലരി, നവര തുടങ്ങിയവ വേണം മരുന്നു കഞ്ഞിക്ക് ഉപയോഗിക്കുവാന്‍.
 4. മരുന്ന് കിഴികെട്ടിയിടുമ്പോള്‍, കഞ്ഞി വെന്തശേഷം മരുന്നുകിഴി പിഴിഞ്ഞു കഞ്ഞിയില്‍ ചേര്‍ത്തിട്ടു ചണ്ടി കളയുക.
 5. മഴ ശക്തമായ ദിവസങ്ങളില്‍ വിശപ്പു കൂടും. ആ ദിവസങ്ങില്‍ താഴെപ്പറയുന്ന ഏതെങ്കിലുമൊരു കൂട്ട് രാവിലെ ഒരു നേരം കഴിക്കുക.
 6. 10 ഗ്രാം പുളിയും ( മാതളനാരങ്ങയുടെ പുളി ) നെയ്യും പാകത്തിന് ഇന്തുപ്പും ചേര്‍ത്ത് കുറുക്കിയ ആഹാരം അല്പം തേന്‍ ചേര്‍ത്ത് ഒരു നേരം കഴിക്കുന്നതു ഗുണം ചെയ്യും.
 7. തുവരച്ചീര,പാകത്തിനു  ഉപ്പും 10 ഗ്രാം പഞ്ചകോലചൂര്‍ണ്ണവും ഒരു ഔണ്‍സ് തൈരിന്‍ വെള്ളത്തില്‍  (തൈരിന്റെ തെളി) ചേര്‍ത്ത് ഉപയോഗിക്കാം.
 8. പകലുറക്കം, അമിതാധ്വാനം, വെള്ളത്തില്‍  കൂടുതല്‍ സമയം നിന്നുള്ള ജോലികള്‍, തണുത്ത കാറ്റേല്‍ക്കല്‍  തുടങ്ങിയവ ഒഴിവാക്കണം.
 9. കഴിവതും മത്സ്യവും മാംസവും ഉപേക്ഷിക്കുക.
 10. ചെറു ചൂടുവെള്ളത്തില്‍  കുളിക്കുക.
 11. എപ്പോഴും ചെരുപ്പു ധരിക്കുക.
 12. പുകവലി, മദ്യപാനം എന്നിവ പാടില്ല.

വീട്ടു ചികിത്സ

നമ്മുടെ വീട്ടിലും പരിസരത്തുമായുള്ള മരുന്നു കൊണ്ട് രോഗം മാറ്റിയിരുന്ന ഒരു കാലഘട്ടംഉണ്ടായിരുന്നു.   പ്രകൃതിയില്‍ നിന്നും അവരുടെ ജീവിത ചുറ്റുപാടില്‍ നിന്നും ലഭ്യമായസസ്യചോതാദികളെയും, പ്രകൃതി വിഭവങ്ങളെയും മരുന്നായി ഔഷധങ്ങളെയും മരുന്നായി ഉപയോഗിച്ചു.ഈ ഔഷധങ്ങളെനേരിട്ട് മരുന്നായും ഭക്ഷണത്തിന്റെ കൂടെയുമാണ് ഉപയോഗിച്ചിരുന്നത്.

ചില നാട്ടറിവുകള്‍

പുളിച്ചു തികട്ടല്‍

 • ചെറുവഴുതിന വേര്, ആടലോടകത്തിന്‍ വേര്, ചിറ്റമൃത് എന്നിവ സമം കഷായം വെച്ചു തേന്‍‍ മേമ്പൊടിചേര്‍ത്തു കഴിക്കുക.
 • വൈകുന്നേരം ചെറുനാരങ്ങാനീര് കഴിക്കുക.
 • കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലിപ്പത്തില്‍ കാച്ചിയ ആട്ടിന്‍‍ പാലിന്റെ കൂടെരാവിലെ സേവിക്കുക.
 • മുന്തിരി പതിവായി കഴിക്കുക.
 • കരിംജീരകം കഷായം വെച്ചു വെളുത്തുള്ളി നീര് ചേര്‍ത്തു കഴിക്കുക.

നെഞ്ചെരിച്ചില്‍

 • പെരും ജീരകമോ കൊത്തംമല്ലിയോ അല്പാല്പമായി പലവട്ടം ചവച്ചിറക്കുക.
 • ഒരു വെറ്റില അല്പം ഉപ്പും ജീരകവും കൂട്ടി സാവധാനം ചവച്ചിറക്കുക.

ചെന്നിക്കുത്ത്

 • തണുത്ത വെള്ളം കൊണ്ടോ ആറിയ പാല്‍ കൊണ്ടോ ചെന്നിക്കുത്തുള്ള ഭാഗത്തു ധാര ചെയ്യുക.
 • കഞ്ഞുണ്ണിനീര് നസ്യം ചെയ്യുക.

തലവേദന

 • കൊഴുപ്പ നീരും നല്ലെണ്ണയും കൂട്ടിച്ചേര്‍ത്തു മൂന്നുതുള്ളി വീതം നസ്യം ചെയ്യുക. പാണല്‍‍ വേര് പാലില്‍‍അരച്ച് നെറ്റിയില്‍‍‍ പുരട്ടുക.
 • നെല്ലിക്കാ തൊലി പാലില്‍ അരച്ചു നെറ്റിയില്‍‍ പുരട്ടുക.
 • തങ്കാവേര് മുലപ്പാലില്‍‍‍ അരച്ച് നെറ്റിയില്‍‍‍ ഇടുക.
 • തേറ്റാം പരല്‍ ‍കോഴിമുട്ടയുടെ വെള്ളയില്‍‍‍ അരച്ച് നെറ്റിയില്‍‍‍ ഇടുക.
 • നിലവാര്‍ കുത്തിപ്പിഴിഞ്ഞ നീര് തലവേദന വലതു ഭാഗത്താണെങ്കില്‍‍‍ ഇടത്തെ ചെവിയിലും മറിച്ചാണെങ്കില്‍‍‍വലത്തെ  ചെവിയിലും ഒഴിക്കുക.

പനി

 • ചുക്ക്, കുരുമുളക്, കടുക്കമൂലി, കടുംജീരകം എന്നിവയെടുത്ത് കഷായം ഉണ്ടാക്കി കുടിക്കുക
 • കൃഷ്ണ തുളസിഅരച്ചു കുടിച്ചാല്‍ പനി പെട്ടന്ന് ഭേദപ്പെടും.

വിരേചനം

 • ആറു ഗ്രാം കടുക്കതോടു പൊടിച്ച് ചൂടുവെള്ളത്തില്‍ കലക്കി അതിരാവിലെ കുടിക്കുക.

ഉദരകൃമി

 • കണിക്കൊന്നയുടെ തോല്‍ 100 ഗ്രാം ഇടിച്ച് രണ്ടു ഗ്ലാസ്സ് വെള്ളത്തില്‍ കാച്ചി നാലിലൊന്നാക്കി അതിരാവിലെ കഴിക്കുക.
 • ആര്യവേപ്പില നീര് 10 മില്ലിയും അത്ര തന്നെ തേനും ചേര്‍ത്ത് രാവിലെയും വൈകിട്ടും മൂന്നു ദിവസം തുടര്‍ച്ചയായി കഴിക്കുക.

നാഡീബലം

 • കറുകയുടെ പച്ചനീര് പത്തുമില്ലി വീതം രാവിലേയും വൈകിട്ടും കഴിക്കുക.അമുക്കരത്തിന്റെ വേര് ഇടിച്ചുപൊടിച്ചത് പാലില്‍ കലക്കി കുടിക്കുക.

ധാതുക്ഷയം

 • അടപതിയന്‍ വേര് പാലില്‍ വേവിച്ച് വെയിലത്തുണക്കി പൊടിച്ചെടുത്ത ചൂര്‍ണ്ണം ആറു ഗ്രാം വീതം കലക്കി ദിവസവും രാത്രി സേവിക്കുക.

ദുര്‍മേദസ്സ്

 • ഒരു ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ 10 മില്ലി തേനും ചേര്‍ത്ത് പതിവായി രാവിലെ കഴിക്കുക.
 • ഉങ്ങിന്‍പൂവ് ഭക്ഷിക്കുക.

രക്ത സമ്മര്‍ദ്ദം

 • അമല്‍പൊരിയുടെ ഉണങ്ങിയ വേര് പൊടിച്ചുണ്ടാക്കിയ ചൂര്‍ണ്ണം ഒരു ഗ്രാം ത്രിഫല ചൂര്‍ണ്ണവുമായി ചേര്‍ത്ത് ദിവസം രണ്ടു നേരവും കഴിക്കുക.

ചര്‍മ്മ രോഗങ്ങള്‍

 • അമുക്കരത്തിന്റെ ഇല അരച്ച് ബാഹ്യലേപമായി പയോഗിക്കുക.വേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക

ദീര്‍ഘകാല യൌവ്വനം

 • കടുങ്ങല്‍ സമൂലം പിഴിഞ്ഞെടുത്ത രസം അര ഔണ്‍സ് വീതമെടുത്ത് വെണ്ണ ചേര്‍ത്തുണ്ടാക്കുന്ന ഔഷധംകല്‍ക്കവും രസവുമായെടുത്ത് നെയ്യ് കാച്ചി പത്തു ഗ്രാം വീതം ദിവസവും രണ്ടു നേരം കഴിക്കുക.

ആയുര്‍വേദ വിധി പ്രകാരം വിരുദ്ധാഹാരങ്ങള്‍

പാല്‍, തേന്‍, ഉഴുന്ന്, സസ്യങ്ങളുടെ മുളകള്‍, മുള്ളങ്കി ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത് .

മത്സ്യവും മാംസവും ഒരുമിച്ചു കഴിക്കരുത്

പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്ന്, അമരക്കായ് , മത്സ്യം, നാരങ്ങ, കൈതച്ചക്ക, നെല്ലിക്ക, ചക്ക, തുവര, ചെമ്മീന്‍, മാമ്പഴം,മോര്,

ആടിന്‍ മാംസം, മാറിന്‍ മാംസം, കൂണ്‍, ഇളനീര്,ഇലനീര്‍ക്കാംബ്, അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല.

ഉഴുന്നു, തൈര്, തേന്‍, നെയ്യ്, എന്നിവയ്ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്

മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനോട് ഒപ്പം കഴിക്കരുത്

എള്ള്, തേന്‍, ഉഴുന്നു എന്നിവ ആട്ടിന്‍ മംസത്തോടെയും , മാട്ടിന്‍ മംസത്തോടെയും കൂടെ കഴിക്കരുത്

പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്

പാകം ചെയ്ത മാംസത്തില്‍ അല്പ്പമെങ്ങിലും പച്ചമാംസം ചേര്‍ന്നാല്‍ വിഷം ആണ്

കടുകെണ്ണ ചേര്‍ത്ത് കൂണ്‍ വേവിച്ചു കഴിക്കരുത്

തേന്‍, നെയ്യ്, ഉഴുന്നു ശര്‍ക്കര എന്നിവ തൈരിനോടൊപ്പം കഴിക്കരുത്

തൈരും കൊഴിമംസംവും ചേര്‍ത്ത് കഴിക്കരുത്

പാല്‍പായസം കഴിച ഉടന്‍ മോര് കഴിക്കരുത്

മുള്ളങ്കിയും ഉഴുന്നുപരിപ്പും ഒന്നിച്ചു കഴിക്കരുത്

പത്തുനാള്‍ കൂടുതല്‍ ഓട്ടുപാത്രത്തില്‍ വെച്ച നെയ്യ് കഴിക്കരുത്

തേന്‍, നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെന്ണമോ മൂന്നെന്ണമോ തുല്യമാക്കി ചേര്‍ത്താല്‍ വിഷം ആണ്

ചൂടാക്കിയോ, ചൂടുള്ള ഭക്ഷണതോടോപ്പമോ തേന്‍ കഴിക്കരുത്.

നിലക്കടല കഴിച്ചു വെള്ളം കുടിക്കരുത്

ചെമ്മീനും കൂനും ഒരുമിച്ചു കഴിക്കരുത്

ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത് – (എള്ളെണ്ണ പുരട്ടിയുള്ള ഗോതമ്പ് ദോശ അപകടം എന്നര്‍ഥം )

പ്രമേഹംനിയന്ത്രിക്കാന്‍ ആയുര്‍വേദം

പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ആയുര്‍വേദത്തിലൂടെ ഫലപ്രദമായി സാധിക്കും. ശരിയായ ഔഷധപ്രയോഗത്തോടൊപ്പം പഥ്യാഹാരവും വ്യായാമവും എണ്ണതേച്ചുകുളി തുടങ്ങിയവയും ശീലിക്കണം. മധുരം, പുള്, എരിവ്, പകലുറക്കം അലസത എന്നിവ ഉപേക്ഷിക്കുകയും വേണം.

പ്രമേഹചികിത്സയില്‍ പ്രഥമവും പ്രധാനവുമായ ഭാഗം ആഹാരക്രമീകരണമാണ്.  എന്നാല്‍ ആഹാരത്തെ ഒഴിവാക്കുകയുമരുത്.  ഗോതമ്പ്, റാഗി, യവം, പയറുവര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, വെണ്ടക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ഇലക്കറികള്‍, ചെറു മത്സ്യങ്ങള്‍ ഇവയൊക്കെ മാറിമാറി ഭക്ഷണത്തിലുള്‍പ്പെടുത്താം.  ശീതളപാനീയങ്ങളും മറ്റും നിത്യോപയോഗത്തിന് നല്ലതല്ല.  മോര്, നാരങ്ങാനീര്, കരിങ്ങാലിയോ വേങ്ങയോ വെന്തവെള്ളം ഇവയൊക്കെ ദാഹശമനത്തിന് ഉപയോഗിക്കാം. കഞ്ഞി, ചോറ്, ഇവ പാകം ചെയ്യുമ്പോള്‍ ചെറൂള, കറുക എന്നിവ ചതച്ച് കിഴികെട്ടിയിടുന്നത് ആഹാരത്തെത്തന്നെ ഔഷധമാക്കി മാറ്റുന്നു.  പ്രമേഹരോഗികള്‍ ആഹാരത്തില്‍ കൊഴുപ്പിന്റെ അളവ് വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ചിട്ടയായ വ്യായാമം പ്രമേഹരോഗനിയന്ത്രണത്തോടൊപ്പം രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും അമിതവണ്ണവും കുറക്കുകയും മാനസിക പിരിമുറുക്കങ്ങള്‍ അകറ്റുകയും ചെയ്യും.

നാല്പാമരാദികേരം, ഏലാദികേരം, ധന്വന്തരം കുഴമ്പ്, പിണ്ഡതൈലം ഇവയില്‍ ഏതെങ്കിലും ദേഹത്ത് തേച്ചുകുളിക്കുന്നത് നാഡികളെയും പാദങ്ങളെയും ത്വക്കിനെയും കണ്ണുകളെയും രുപോലെ സംരക്ഷിക്കും. പ്രമേഹരോഗി ഷധോപയോഗത്തോടൊപ്പം ഉലുവ പൊടിച്ചോ വെള്ളത്തിലിട്ടുവെച്ചോ ഉപയോഗിക്കുന്നത് ത്തമമാണ്.  ഭക്ഷണത്തില്‍ മഞ്ഞളിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും ശ്രദ്ധിക്കണം.

15 മില്ലി നെല്ലിക്കാനീരില്‍ അരടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ സേവിക്കാം. വാഴപ്പിണ്ടിനീരില്‍ ഞ്ഞള്‍പൊടി ചേര്‍ത്ത് ഉപയോഗിക്കുന്നതും കടുക്കാത്തൊണ്ട്, കുമ്പിള്‍വേര്, മുത്തങ്ങ, പാച്ചോറ്റിത്തൊലി ഇവ സമം ഷായംവെച്ചു കുടിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഗുണപ്രദമാണ്. നിശാകതകാദി കഷായം പതിവായി സേവിച്ചാല്‍ പ്രമേഹം നിയന്ത്രണവിധേയമാകും.

കടപ്പാട് : www.balusseryonline.com

2.86956521739
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ