Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കര്‍ക്കിടക ചികിത്സ

കേരളത്തിന്‍െറ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ.

കേരളത്തിന്‍െറ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് പ്രാധാന്യം നല്‍കുന്ന ആയുര്‍വേദം, ഇതിനായി കര്‍ക്കടക ചികിത്സ ഉത്തമമെന്ന് ചൂണ്ടിക്കാട്ടുന്നു. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ സന്തുലനാവസ്ഥയാണ് ആരോഗ്യത്തിന്‍െറ അടിസ്ഥാന ശിലകളായി ആയുര്‍വേദം വിവരിക്കുന്നത്. ഇതിന് ഭംഗം നേരിടുമ്പോള്‍ ശരീരത്തെ രോഗങ്ങള്‍ കീഴ്പ്പെടുത്തും. വേനല്‍കാലം, മഴകാലം, മഞ്ഞുകാലം തുടങ്ങിയ ഋതുഭേദങ്ങളില്‍ വരുന്ന മാറ്റങ്ങളും ഇതിന് ഒരു കാരണമാണ്. വേനലില്‍ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നത് വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി സുഖചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കും.

പഞ്ചകര്‍മ ചികിത്സ


ശരീരത്തിന് താങ്ങായിരിക്കുന്ന ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥയെ പുന:ക്രമീകരിക്കുന്ന ചികിത്സാരീതികളും പഥ്യാഹാരങ്ങളുമാണ് കര്‍ക്കടക ചികിത്സയിലുള്ളത്. ആയുര്‍വേദത്തില്‍ പഞ്ചകര്‍മങ്ങളെന്ന് അറിയപ്പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ ശോധന ചികിത്സകളാണ് പ്രധാനം. രക്തമോക്ഷ ചികില്‍സ മാറ്റിനിര്‍ത്തിയാല്‍ മറ്റ് നാലു കാര്യങ്ങളും കേരളീയ പഞ്ചകര്‍മ ചികിത്സാരീതിയില്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നു. പഞ്ചകര്‍മ ചികിത്സകള്‍ക്ക് മുമ്പായി സ്നേഹ, സ്വേദ രൂപത്തിലുള്ള ക്രിയകള്‍ (പൂര്‍വകര്‍മങ്ങള്‍) ചെയ്യുന്നു. പഞ്ചകര്‍മ ചികിത്സകള്‍ പൂര്‍ണ ഫലപ്രാപ്തിയില്‍ എത്തിക്കുവാനാണിത്. ശരീരധാതുക്കളില്‍ വ്യാപിച്ചിരിക്കുന്ന മാലിന്യങ്ങളെ സ്നേഹ, സ്വേദങ്ങള്‍ വഴി പുറത്തെ ത്തിക്കാന്‍ കഴിയും. മാലിന്യങ്ങളെ ഛര്‍ദിപ്പിച്ചും വയറിളക്കിയും വസ്തിരൂപേണയും പുറത്തു കളയുന്നതാണ് ശോധനാ ചികിത്സ. കൂടാതെ ഇലക്കിഴി, അഭ്യംഗം, പിഴിച്ചില്‍, ഞവരക്കിഴി തുടങ്ങിയവയും പൂര്‍വ കര്‍മങ്ങളില്‍പ്പെടുന്നു.

ഇലക്കിഴി

കരിനൊച്ചിയില, പുളിയില, ആവണക്കില എന്നിവ വൈദ്യ നിര്‍ദേശപ്രകാരം ഒൗഷധ സമ്പുഷ്ടമായ ഇലകളും തേങ്ങാപ്പീരയും വേപ്പെണ്ണയോ അനുയോജ്യമായ ഒൗഷധ തൈലങ്ങളോ ചേര്‍ത്ത് വറുത്ത് കിഴികെട്ടി തൈലത്താല്‍ അഭ്യംഗം ചെയ്തശേഷം ശരീരത്തില്‍ കിഴി ഉഴിയുന്നു.

ഞവരക്കിഴി


തവിട് കളയാത്ത ഞവരയരി, കുറുന്തോട്ടി കഷായം, പാല് ഇവ ചേര്‍ത്ത് വേവിച്ച് പായസ പരുവത്തിലെടുത്ത് തുണിയില്‍ കിഴികെട്ടി നിശ്ചിതസമയം ശരീരം മുഴുവനായി വിധിപ്രകാരം കിഴി പിടിക്കുന്നു. കിഴി പിടിക്കുന്ന സമയം ശരീരത്തിലെ താപനില ഒരേ രീതിയില്‍ ക്രമീകരിക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഒരു സ്നിഗ്ധ സ്വേദമാണ്.

പിഴിച്ചില്‍


ഒൗഷധങ്ങളാല്‍ സംസ്കരിക്കപ്പെട്ട തൈലങ്ങള്‍ (വ്യക്തിയുടെ ശരീരപ്രകൃതിക്ക് അനുയോജ്യമായവ) തെരഞ്ഞെടുത്ത് ധാരപാത്തിയില്‍ കിടക്കുന്ന രോഗിയുടെ ഇരുവശത്തുമായി നില്‍ക്കുന്ന പരിചാരകര്‍ ശരീരം മുഴുവന്‍ ധാരയായി തൈലം ഒഴിക്കുന്നു. തൈലത്തിന്‍െറ ചൂട് ക്രമീകരിച്ചു കൊണ്ടിരിക്കും. ഇതും സ്നേഹ സ്വേദത്തില്‍ ഉള്‍പ്പെടുന്ന പ്രക്രിയയാണ്.

ശിരോധാര


ഒൗഷധ സംസ്കൃതമായ തൈലം നെറ്റിയിലൂടെ ധാരപാത്രത്തില്‍ നിന്ന് ധാരയായി വീഴ്ത്തുന്ന പ്രക്രിയയാണ് ഇത്. ഊര്‍ധ്വ ജത്രു വികാരങ്ങളില്‍ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അതുപോലെ മാനസിക സമ്മര്‍ദം കൊണ്ടുണ്ടാകുന്ന ഉറക്കമില്ലായ്മയിലും മറ്റ് അനുബന്ധ വികാരങ്ങളിലും ഇത് വളരെ ഫലപ്രദമാണ്.

അഭ്യംഗം സ്വേദം


ശരീരപ്രകൃതിക്കും ദോഷദുഷ്ടിക്കും അനുയോജ്യമായ തൈലങ്ങള്‍ കൊണ്ട് ശരീരം പൂര്‍ണമായി പുരട്ടിയശേഷം പ്രത്യേക രീതിയില്‍ മസാജ് ചെയ്യുകയും ശരീരം മുഴുവനായി വിയര്‍പ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. മേല്‍പറഞ്ഞ ചികിത്സകളെ കൊണ്ട് ശരീരമാലിന്യങ്ങളെ കോഷ്ഠത്തിലേക്ക് കൊണ്ടുവന്ന് വമനം, വിരേചനം, വസ്തി തുടങ്ങിയവയിലൂടെ പുറത്തുകളയുകയാണ് ചെയ്യുന്നത്.

നസ്യം

ശിരോമാലിന്യങ്ങളെ പുറത്തു കളയുന്നതിനുവേണ്ടി ഒൗഷധ സംസ്കൃതമായ നസ്യ തൈലങ്ങള്‍ യഥാവിധി മൂക്കില്‍ ഒഴിക്കുന്ന രീതിയാണിത്. ഇപ്രകാരം ശുദ്ധീകരിക്കപ്പെട്ട ശരീരത്തില്‍ വിവിധ തരത്തിലുള്ള പഥ്യാഹാരങ്ങളെ ശീലിപ്പിക്കുകയും അനുയോജ്യമായ ഒൗഷധങ്ങളെ പാനലേപനാദികളായി പ്രയോഗിക്കുകയും ചെയ്ത് ബലമുള്ളതാക്കുകയും അതുവഴി ശരീരത്തിന് രോഗ പ്രതിരോധശേഷി കൈവരികയും ചെയ്യുന്നു.

പഥ്യാഹാരം


പഞ്ചകര്‍മ ചികിത്സ വളരെ സാമ്പത്തിക ചെലവേറിയതായി മാറിയിട്ടുണ്ട്. അത്തരക്കാര്‍ക്ക് പഥ്യാഹാരവും അത്യാവശ്യം ശമന ഒൗഷധങ്ങളും കൊണ്ട് ആരോഗ്യത്തെ വീണ്ടെടുക്കാന്‍ കഴിയുന്നതാണ്. മധുരരസവും സ്നിഗ്ധഗുണവും ഉഷ്ണവീര്യവുമുള്ള ആഹാര ഒൗഷധങ്ങള്‍ പ്രയോഗിക്കപ്പെടണമെന്ന് ശാസ്ത്രം നിര്‍ദേശിക്കുന്നു. ത്രിദോഷഹരങ്ങളായ പഴകിയ യവം, ഗോതമ്പ്, ഞവരയരി, ചെറുപയര്‍ തുടങ്ങിയവ പഥ്യാഹാരങ്ങളായി ഉപയോഗിക്കാം.

മരുന്നുകഞ്ഞി


ഇരുപതോളം ഒൗഷധങ്ങള്‍ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കുന്നതാണ് ‘മരുന്നുകഞ്ഞി’. ആവശ്യമായ ഒൗഷധക്കൂട്ടും അതിനനുസൃതമായ വെള്ളവും ശരീര ഊര്‍ജത്തിനുള്ള നെല്ലരിയും ചേര്‍ത്ത് തയാറാക്കുന്നതാണിത്. അഗ്നി/ദഹന ശക്തിയെ ദീപ്തമാക്കുന്നതാണ് കര്‍ക്കടക കഞ്ഞിയില്‍ ചേര്‍ക്കുന്ന ഒൗഷധങ്ങള്‍. ശരീരത്തിന്‍െറ ഓരോ കോശത്തെയും അതിന്‍െറ രീതിയില്‍ സംരക്ഷിക്കാന്‍ ഉതകുന്നതുമാണ്. വേഗത്തില്‍ ദഹനം നടക്കുന്ന കഞ്ഞിക്കൊപ്പം മരുന്നു ചേരുവകളും ചേരുമ്പോള്‍ ശരീരത്തിന്‍െറ പ്രതിരോധ ശേഷി വര്‍ധിക്കുന്നു.

കടപ്പാട് :പി.എ.എം റസിലി

‘രോഗിയുടെ അഥവാ ചികിൽസയ്ക്കു വിധേയനാകുന്ന ആളുടെ അവസ്ഥയ്ക്കനുസരിച്ചാണു പഞ്ചകർമ ചികിൽസ ചെയ്യേണ്ടത്. പഥ്യത്തോടും മറ്റു മരുന്നുകളോടും ഒപ്പമാണ് ഇത്തരം ചികിൽസകൾ ചെയ്യേണ്ടത്.’’ പ്രശസ്ത അഷ്ടവൈദ്യനും തൃശൂരിലെ എസ്. എൻ. എ. നഴ്സിങ് ഹോമിന്റെ മാനേജിങ് ഡയറക്ടറുമായ പി.ടി.എൻ. വാ സുദേവൻ മൂസ് പറയുന്നു. വസ്തി, വമനം, വിരേചനം, നസ്യം, രക്തമോക്ഷം എന്നിങ്ങനെ അഞ്ചു ചികിൽസകളാണ് പഞ്ചകർമ ചികിൽസയിൽ ഉള്ളത്. സ്നേഹവസ്തിയെന്നും കഷായവസ്തിയെന്നും രണ്ടുതരം വസ്തി കളുണ്ട്. മരുന്നെണ്ണകൾകൊണ്ടുള്ള ഒരുതരം എനിമയാണ് സ്നേഹവ സ്തി. മരുന്നുകൾ അരച്ചു നൽകുന്നതു കഷായവസ്തി. 

മരുന്നുകൾ നൽകി ഛർദിപ്പിക്കുന്ന ചികിൽസയ്ക്കു വമനം എന്നു പറയുന്നു.കുടലുകളുടെ ശുദ്ധീകരണത്തിനുള്ള ചികിൽസയാണു വിരേചനം.മൂക്കിലൂടെ മരുന്നുകൾ നൽകുന്നതു നസ്യവും അശുദ്ധരക്തം ശുദ്ധിചെയ്യുന്നത് രക്തമോക്ഷവുമാണ്. പഞ്ചകർമ ചികിൽസയും സുഖചികിൽസയുടെ ഭാഗമാണ്. ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള ദോഷങ്ങളെ അകറ്റാനും മനസ്സിനും ശരീരത്തിനും ഉൗർജം പകരാനും സുഖചികിൽസ സഹായകമാണ്. വേനൽക്കാലത്തും മഞ്ഞുകാലത്തും സുഖചികിൽസ ചെയ്യാ റില്ല. അ ധികം ചൂടും തണുപ്പുമില്ലാത്ത കർക്കടകം, ചിങ്ങം, കന്നി മാസത്തിന്റെ പകുതിയും മാസങ്ങളാണ് സുഖചികിൽസയ്ക്ക് ഉത്തമം. 

സാധാരണയായി ഏഴ്, 14, 21 ദിവസങ്ങളിലാണു സുഖചികിൽസ ചെയ്യേണ്ടത്. എത്ര ദിവസം ചികിൽസ നടത്തിയാലും അത്രയും നാൾ പഥ്യം പാലിക്കണം. പ്രധാന പഥ്യങ്ങളിൽ ഒന്ന് ബ്രഹ്മചര്യമാണ്. തി ളപ്പിച്ചാറിയ വെള്ളം കുടിക്കുക, ലഹരിപദാർഥങ്ങൾ ഉപേക്ഷിക്കുക, പകലുറക്കവും രാത്രിയിൽ ഉറക്ക മൊഴിയുന്നതും ഒഴിവാക്കുക, ശരീരം അധികം ഇളകാതെ വിശ്രമിക്കുക, ദേഷ്യം, കോപം, അസൂയ തുടങ്ങിയ ദോഷവികാരങ്ങൾ അകറ്റുക, പ്രാർഥനയ്ക്കു പ്രാധാന്യം കൊടുക്കുക എന്നിങ്ങനെ മനസ്സിനും ശരീര ത്തിനും ബാധകമായ പഥ്യങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു.വസ്തി, കിഴി, ധാര, പിഴിച്ചിൽ തുടങ്ങിയ ആയുർവേദ ചികിൽസകൾ സുഖചികിൽസയിൽ ഉൾപ്പെടു ത്താറുണ്ട്. പ്രത്യേക മരുന്നുകൾകൊണ്ടു തയാറാക്കിയ ചെറുചൂടുള്ള എണ്ണ തലയിൽ ധാരപോലെ ഒഴിക്കുന്ന ചികിൽസയാണു ശിരോവസ്തി. തലയിൽ തൊപ്പിപോലെ വച്ചിരിക്കുന്ന പ്രത്യേക പാത്രത്തിലാണ് എണ്ണ നിർത്തുക. അടുപ്പിച്ച് ഏഴു ദിവസമാണ് ഇൗ ചികിത്സ ചെയ്യേണ്ടത്. 

പ്രത്യേകം തയാറാക്കിയ പാത്തിയിൽ കിടത്തി ചെയ്യുന്ന ചികിത്സയാണു പിഴിച്ചിൽ. രോഗമില്ലാത്തവർക്ക് എണ്ണയും കുഴമ്പുകളും ഉപയോഗിക്കുന്നു. രോഗമുള്ളവർക്ക് അവരുടെ രോഗാവസ്ഥയ്ക്കനുസരിച്ചുള്ള ഒൗഷധങ്ങൾ ചേർത്ത എണ്ണ ഉപയോഗിക്കുന്നു. ചെറുചൂടോടെ പാത്തിയിൽ ഇൗ എണ്ണ നിർത്തും. എണ്ണയിൽ മുക്കിയ തുണികൊണ്ടു ശരീരത്തിൽ എണ്ണ വീഴ്ത്തുകയും ചെയ്യും. ഒന്ന് ഒന്നര മണിക്കൂർ ഇൗ ചികിത്സയ്ക്കു വേണ്ടിവരും. മരുന്നുകൾ ചേർത്ത മോരോ എണ്ണയോ ധാരമുറിയാതെ തലയിൽ വീഴ്ത്തുന്ന ചികിത്സയാണു ധാര. പ്രത്യേക തരത്തിലുള്ള പാത്രം ഉറിപോലെ തൂക്കി അതിലൂടെ ധാര നെറ്റിയിൽ വീഴ്ത്തുന്നു. ശരീരത്തിന്റെ സൗമ്യഭാവം നിലനിർത്താൻ ഉപകരിക്കുന്ന ഞവരക്കിഴി 14, 21 ദിവസങ്ങളിൽ ചെയ്യാറുണ്ട്. ഞവരയരി കിഴിപോലെ കെട്ടി, കുറുന്തോട്ടിക്കഷായവും പാലും ചേർത്തു തിളപ്പിച്ചതിൽ ഇട്ടു വേവിച്ചശേഷം ആ കിഴി മരുന്നിൽ മുക്കി ശരീരം ഉഴിയുന്നു.

കരുത്തേകാൻ കർക്കടകക്കഞ്ഞി

വീണ്ടും കർക്കടകം. ശരീരത്തെ വാഹനമായി സങ്കൽപി ച്ചാൽ അതിനെ ‘പണിക്കു കയറ്റുന്ന’ കാലമാണു കർക്കടകം. മനസ്സിനെ കുളിർപ്പിക്കുന്ന മഴയുടെ ഇൗ മാസത്തെ, ശരീരത്തിനു നവജീവൻ നൽകുന്ന ചികിൽസകൾക്ക് ഏറ്റവും അനുയോജ്യമായ കാലമെന്നാണു പൂർവികർ പറയുക. പ്രതിരോധശേഷി വർധിപ്പിച്ച്, വിഷാംശങ്ങൾ പുറത്തുകളഞ്ഞ്, ത്രിദോഷങ്ങളായ വാത പിത്ത കഫങ്ങളെ നിലയ്ക്കു നിർത്തി ശരീരത്തിനു നവജീവൻ നൽകാനുള്ള ചികിൽസകളിൽ പ്രധാനമാണു കർക്കടകക്കഞ്ഞി അഥവാ മരുന്നുകഞ്ഞി. വഴിവക്കുകളിലും തൊടിയിലും കാണുന്ന പച്ചമരുന്നുകളിട്ടാണ് ഇൗ കഞ്ഞി പണ്ടു തയാറാക്കിയിരുന്നത്. ചെലവു തീരെക്കുറവായിരുന്നുവെന്നർഥം. എന്നാൽ, ഇപ്പോൾ അങ്ങാടിമരുന്നുകടകളെ ആശ്രയിക്കാതെ നിവൃത്തിയില്ല. ഇപ്പോഴാകട്ടെ, പല കമ്പനികളും പായ്ക്കറ്റ് കർക്കടകക്കഞ്ഞിതന്നെ മാർക്കറ്റിൽ എത്തിച്ചുകഴിഞ്ഞു.മരുന്നുകഞ്ഞി നിർമാണത്തിൽ ഓരോ നാടിനും വ്യത്യസ്ത രീതിയാണ്. വലിയ ചെലവില്ലാതെ പച്ചമരുന്നുകൾ ചേർത്തു നമുക്കുതന്നെ ഇതു തയാറാക്കാം. 

അതിനുള്ള വിധം: ഒരു വാളകം (നാഴി) ഉണക്കലരി ഉപയോഗിച്ചു മരുന്നുകഞ്ഞി ഉണ്ടാക്കാൻ വേണ്ടത്: 
ചെറുപുള്ളടി സമൂലം 
പച്ചക്കുറുന്തോട്ടി സമൂലം 
കയ്യുണ്ണി സമൂലം 
ബലിക്കറുക സമൂലം 
പർപ്പടകപ്പുല്ല് സമൂലം 
ചെറുചീര സമൂലം 
ചെറുപൂള സമൂലം 
കൊഴുപ്പ സമൂലം 
വിധം: മേൽപ്പറഞ്ഞ പച്ചമരുന്നുകൾ ഓരോ പിടിവീതം ഇടിച്ചു പിഴിഞ്ഞു നീരെടുക്കുക. അരി വെന്തുവരുമ്പോൾ ഈ മിശ്രിതം അതിൽ ചേർത്തു വീണ്ടും വേവിക്കുക. വെന്തുകഴിയുമ്പോൾ പച്ചമരുന്നുനീരിന്റെ ആകെ അളവിനു സമം തേങ്ങാപ്പാൽ കഞ്ഞിയിൽ ചേർക്കുക. ഇതിലേക്ക് ഒരു നാഴി പശുവിൻപാലോ ആട്ടിൻപാലോ (സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്) ചേർത്ത് ഒരുവശത്തേക്കുതന്നെ ഇളക്കുക (മറുവശത്തേക്ക് ഇളക്കിയാൽ കഞ്ഞി പിരിയും). കഞ്ഞി വാങ്ങിവച്ചശേഷം അൽപ്പം ജീരകപ്പൊടിയും നെയ്യും ചേർത്ത് ആവശ്യത്തിന് ഉപ്പുകൂട്ടി കഴിക്കാം. തണുത്തുപോകുംമുൻപു കഴിച്ചാലേ പൂർണഗുണം കിട്ടൂ. ഈ രീതിയിൽ തയാറാക്കുമ്പോൾ കഞ്ഞിക്ക് അരുചി ഉണ്ടാകില്ല. ചുവന്ന ഇരുപ്പുഴുക്കൻ അരിയും കഞ്ഞിവയ്ക്കാൻ ഉപയോഗിക്കാം. പക്ഷേ, ഇതു മായം ചേർന്നതല്ലെന്ന് ഉറപ്പുവരുത്തണം. അരി കഴുകുമ്പോൾ ചുവന്ന നിറം ഇളകിവരികയാണെങ്കിൽ അതിൽ മായം ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കാം. 

തുളസിയില, ചുക്ക്, ജീരകം, കുരുമുളക്, ഉലുവ, കറുക എന്നിവ പൊടിച്ചു ചേർത്തും കഞ്ഞി തയാറാക്കാം. മധുരത്തക്കാളി എണ്ണയിൽ വഴറ്റിയെടുത്ത് ഇതോടൊപ്പം ചേർക്കുന്ന പതിവും ചില നാടുകളിലുണ്ട്. തഴുതാമ, കീഴാർനെല്ലി, വള്ളിയുഴിഞ്ഞ, നിലപ്പന, വിഷ്ണുക്രാന്തി, പൂവാംകുറുന്തൽ, മുയൽചെവിയൻ, കറുക, തിരുതാളി, മുക്കുറ്റി, പനിക്കൂർക്ക, തൊട്ടാവാടി, ശംഖുപുഷ്പം, കൊടിയാവണക്ക്, ആടുതിന്നാൻപാല, ചെറുകടലാടി എന്നീ പച്ചമരുന്നുകളും മരുന്നുകഞ്ഞിയിൽ ചേർക്കാറുണ്ട്. നവരപ്പൊടിയരിയിൽ ആട്ടിൻപാലും പശുവിൻപാലും വെള്ളവും കുറുന്തോട്ടിവേര്, ജീരകം, പഴുക്കാപ്ലാവിലഞെട്ട് എന്നിവ അരച്ചതും ചേർത്തു തിളപ്പിച്ചും ഉപയോഗിക്കാം. രാമച്ചം, ശതാവരി, മൂവില, ഓരില തുടങ്ങി 21 ഇനം പച്ചമരുന്നുകളും ജാതിക്ക, ജീരകം, വിഴാലരി, കക്കുംകായ് തുടങ്ങി 13 ഇനം പൊടിമരുന്നുകളും തവിടു കളയാത്ത നവരയരിയും ഉലുവയും ആശാളിയും ചേർത്തു തയാറാക്കുന്ന മരുന്നുകഞ്ഞിയുമുണ്ട്. 

ചെറുപനച്ചി, കുടങ്ങൽ, തൊട്ടാവാടി, നെയ്വള്ളി, ചങ്ങലംപരണ്ട എന്നിവ ചതച്ചു നേർത്ത തുണിയിൽ കിഴികെട്ടുക. ചുവന്ന ഇരുപ്പുഴുക്കൻ അരികൊണ്ടു കഞ്ഞിവച്ചു തിളച്ചുവരുമ്പോൾ ഈ കിഴി കഞ്ഞിയിലേക്ക് ഇടുക. കുരുമുളകു ചതച്ചതും ജീരകപ്പൊടിയും ചുക്കുപൊടിയും ഒന്നോ രണ്ടോ തുണ്ടു കറുവാപ്പട്ടയും കഞ്ഞിയിൽ ചേർത്ത് അടുപ്പിൽനിന്നു വാങ്ങി ചെറുചൂടോടെ കഴിക്കാം. കിഴി കഞ്ഞിയിൽനിന്നു മാറ്റുമ്പോൾ പിഴിഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. എങ്കിലേ പൂർണഗുണം ലഭിക്കൂ. ഉലുവയും ഏലക്കയും മരുന്നുകഞ്ഞിയിൽ ചേർത്താൽ സ്വാദേറും. ആരോഗ്യം വർധിപ്പിക്കുന്നതോടൊപ്പം പല രോഗങ്ങളും അകറ്റാനും മരുന്നുകഞ്ഞി ഉപയോഗിക്കാം. അത്താഴസമയത്താണു മരുന്നുകഞ്ഞി കഴിക്കേണ്ടത്. മറ്റു ചികിത്സാവിധികളിൽനിന്നു വ്യത്യസ്തമായി മരുന്നുകഞ്ഞി കുടിക്കുമ്പോൾ പഥ്യം നോക്കേണ്ടതില്ല. എങ്കിലും, മത്സ്യമാംസാദികൾ ഒഴിവാക്കുന്നതു നന്ന്. ലഹരിപദാർഥങ്ങളുടെ ഉപയോഗവും നിയന്ത്രിക്കണം. പത്തുദിവസംവരെ മരുന്നുകഞ്ഞി സേവിച്ചാൽ പൂർണഗുണം ലഭിക്കും. 

രക്തസമ്മർദം, പ്രമേഹം, വായുകോപം എന്നിവ അകറ്റാനും ഹൃദയ ശ്വാസകോശ സംരക്ഷണത്തിനും മരുന്നുകഞ്ഞി ഉത്തമമാണ്. വാതം, പിത്തം, വിശപ്പില്ലായ്മ, നെഞ്ചുവേദന, ശ്വാസംമുട്ടൽ, മൂത്രത്തിൽ പഴുപ്പ്, അർശസ് എന്നിവ ശമിപ്പിക്കാനും ഇതിനാകും. വർഷകാലത്തെ പച്ചമരുന്നുസേവമൂലം ശരീരവേദനകൾക്ക് ആശ്വാസം ലഭിക്കും. കർക്കടകത്തിൽ നെയ്സേവ നടത്തുന്നതു ശരീരം നന്നാകാനും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും. ഇതുപോലെതന്നെ പ്രധാനമാണു തേച്ചുകുളി. ദേഹമാസകലം എണ്ണതേച്ചുപിടിപ്പിച്ചശേഷം ഇളംചൂടുവെള്ളത്തിൽ കുളിക്കാം. എണ്ണമെഴുക്കു നീക്കാൻ പയറുപൊടി ഉപയോഗിച്ചാൽ ത്വക്കിന് ആരോഗ്യവും സൗന്ദര്യവുമേറും.

കർക്കടക ശീലങ്ങൾ

കർക്കടകമെത്തി. മനസും ശരീരവും ഒരു വർഷക്കാലത്തേക്ക് ഉന്മേഷത്തോടെ നിലനിർത്താൻ തയാറെടുക്കേണ്ട കാലമായിരിക്കുന്നു. ആയുർവേദം കർക്കടകത്തിൽ പാലിക്കേണ്ട ശീലങ്ങളെ കുറിച്ചു പറഞ്ഞിട്ടുണ്ട്. 

കർക്കടകത്തിൽ അഗ്നിദീപ്‌തികരവും (വിശപ്പുണ്ടാകുന്ന) തൃദോ ഷശമനങ്ങളുമായ ആഹാരങ്ങളും ഔഷധങ്ങളും പ്രത്യേകം ശീലിക്കണം. പഞ്ചകോലം, കൂവളയില, പഴ മുതിര, ചെറുപയർ, അയമോദകം, ജീരകം, ദശമൂലം, ഇന്തുപ്പ് തുടങ്ങി നിരവധി ഔഷധങ്ങൾ ചേർന്ന കർക്കടക കഞ്ഞി ഏറ്റവും വിശേഷമത്രെ. 

വാതശമനത്തിന് ഔഷധങ്ങൾ സേവിക്കുകയും എണ്ണ, കുഴമ്പ് ഉപയോഗിച്ച് തേച്ചുകുളിക്കുകയും ചെയ്യാം. ദിവസേന തേച്ചുകുളി (അഭ്യംഗം) ആയുർവേദത്തിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. തേച്ചുകുളി വാതം, ക്ഷീണം എന്നിവ ശമിപ്പിക്കുന്നതിനും ജരാനരകൾ തടയുന്നതിനും കാഴ്‌ച ശക്‌തി, ദേഹപുഷ്‌ടി, ദീർഘായുസ്സ്, നല്ല ഉറക്കം, തൊലിക്ക് മാർദ്ദവവും ഉറപ്പും എന്നിവയ്‌ക്ക് കാരണമാകുന്നു. തേച്ചുകുളിക്ക് നല്ലെണ്ണ മികച്ചതെന്ന് പഠനങ്ങളിൽ വ്യക്‌തമായിട്ടുണ്ട്. രോഗങ്ങളെ ചെറുക്കുന്നതിൽ നല്ലെണ്ണയ്‌ക്ക് പ്രത്യേക കഴിവുണ്ട്. തലയിലും ചെവിയിലും ഉള്ളം കാലിലും പ്രത്യേകമായി എണ്ണ തേയ്‌ക്കണം. കഫം വർധിച്ചിരിക്കുന്നവരും, ഛർദ്ദിപ്പിക്കുക, വയറിളക്കുക എന്നിവയ്‌ക്ക് വിധേയമായിരിക്കുന്നവരും അഭ്യംഗം ചെയ്യരുത്. അജീർണമുള്ളവരും എണ്ണ തേയ്‌ക്കരുത്. 

പ്ലാവില, വാതം കൊല്ലിയില, ആവണക്കില, കടുക്കതോട് ഇവയിട്ട് തിളപ്പിച്ച വെള്ളം കുളിക്കാൻ ഉപയോഗിക്കാം. ധന്വന്തരം തൈലം കുഴമ്പ്, ബലാശ്വഗന്ധാദി തൈലം, സഹചരാദി തൈലം എന്നിവ ദേഹത്തും ക്ഷീരബല തൈലം, അസനവില്വാദി തൈലം തുടങ്ങിയവ തലയിലും പുരട്ടാം. രാവിലെ തയാറാക്കിയ കർക്കടക കഞ്ഞി തേച്ചു കുളികഴിഞ്ഞ് പത്തു മണിയോടെ കഴിക്കാം. 

ശരീരശുദ്ധി വരുത്തി പഞ്ചകർമ ചികിത്സ പ്രധാനമായി കഷായവസ്‌തി ചെയ്യാം. കഷായ വസ്‌തിക്കു ശേഷം പഴക്കം ചെന്ന ഗോതമ്പ്, കാട്ടുഴുന്ന്, കാട്ടുപയറ് എന്നീ ധാന്യങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന ആഹാരങ്ങൾ കഴിക്കാം. എപ്പോഴും പുകച്ച വസ്‌ത്രം ഉപയോഗിക്കണം. പകലുറക്കം പാടില്ല. കൂടുതൽ അധ്വാനം, വെയിൽ ഒഴിവാക്കണം.

കർക്കടകത്തിലെ സുഖചികിത്സ

കർക്കടക മാസത്തിൽ ചെയ്യുന്ന പഞ്ചകർമ ചികിത്സയാണു കർക്കടക ചികിത്സ. കൃത്യമായ മാർഗങ്ങളിലൂടെ ശരീരത്തിൽ വർധിച്ചിരിക്കുന്ന ദോഷങ്ങളെ പുറത്തേക്കു തള്ളി ആരോഗ്യം നിലനിർത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കിൽക്കൂടി ശരീരത്തിന്റെ സ്വാസ്ഥ്യം സംരക്ഷിക്കുന്നതിനായി ഈ ചികിത്സ ചെയ്യാവുന്നതാണ്. അതുകൊണ്ട് ഈ ചികിത്സയെ സുഖചികിത്സ എന്നും പറയാറുണ്ട്. 

രോഗകാരണങ്ങളായ വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങൾക്കു വർധന ഉണ്ടാകുന്ന സമയമാണു കർക്കടകം. അതിശക്തമായ മഴക്കാലമായതിനാൽ, കാർഷിക വൃത്തികളിൽ വ്യാപൃതരായിരുന്ന കേരളീയർക്ക് ആയുർവേദ ചികിത്സയ്ക്കും പഥ്യത്തിനും കൂടുതൽ സമയം കണ്ടെത്താൻ സാധിക്കുന്നതും കർക്കടകമാസത്തിലെ ആയുർവേദ ചികിത്സയ്ക്കു പ്രാധാന്യം കൂട്ടി. 

ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ 
ജൂലൈ മധ്യത്തിൽ തുടങ്ങി ഓഗസ്റ്റ് പകുതി വരെയാണു കർക്കടക ചികിത്സാകാലം. യൗവനാവസ്ഥയിൽ തുടങ്ങി വാർധക്യം വരെയുള്ള ഏതൊരു പ്രായക്കാർക്കും കർക്കടക ചികിത്സ ചെയ്യാം. കഷായചികിത്സ, പിഴിച്ചിൽ, ഉഴിച്ചിൽ, ഞവരക്കിഴി, ധാര, വസ്തി പിന്നെ വിശ്രമിക്കുന്നതും നല്ല ഇരിപ്പുമാണു പ്രധാന ചികിത്സാഘട്ടങ്ങൾ. 

കർക്കടക കഞ്ഞിക്കൂട്ട് 
ഏലയ്ക്ക, കുരുമുളക്, കരിംജീരകം, ജീരകം, പെരുംജീരകം, ചെറുപുന്നയരി, കാർകോകിലരി, കൊത്തമല്ലി, വിഴാലരി, അയമോദകം, ജാതിപത്രി, ഗ്രാമ്പു, കുടകപ്പാലയരി, ചുക്ക്, കുറുന്തോട്ടി, കാട്ടുതിപ്പലി, ചെറൂള, തവിഴാമ എന്നീ 18 തരം ദ്രവ്യങ്ങൾ സമമെടുത്തു പൊടിയാക്കുക. 15 ഗ്രാം പൊടി 2 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 1 ലിറ്റർ ആക്കി വറ്റിച്ച് അതിൽ 50 ഗ്രാം നവരയരി വേവിച്ച് ഇറക്കിവയ്ക്കുന്നതിനു മുമ്പായി ഒരു മുറി തേങ്ങയുടെ പാലെടുത്തു ചേർത്ത് അൽപം ഇന്തുപ്പും കൂടി ചേർക്കുക. ഈ ഔഷധക്കഞ്ഞി നെയ്യിൽ താളിച്ചു സേവിക്കുക.

കർക്കടകത്തെ കമനീയമാക്കാം

പേരുദോഷമാണ് കർക്കടക മാസത്തിന്റെ ജാതകദോഷം. പഞ്ഞക്കർക്കടകം, കള്ളക്കർക്കടകം എന്ന് ചേർത്തുവിളിച്ചാലേ തൃപ്തി വരൂ! കർക്കടകത്തിൽ കല്യാണങ്ങൾ പോലും കുറവാണ്.എന്നാൽ, പ്രകൃതി കർക്കടകത്തിന് ഒന്നാം സ്ഥാനമാണ് നൽകിയിരിക്കുന്നത്. പ്രത്യേകിച്ചും മഞ്ഞും മഴയും വെയിലും മാറിമാറി വരുന്ന കേരളത്തിൽ. കർക്കടകവും കുംഭവുമാണ് കേരളത്തിലെ രണ്ടു മിതശീതോഷ്ണ കാലങ്ങൾ. മകരക്കുളിര് കഴിഞ്ഞ് പ്രകൃതി തണുപ്പു വിടുന്ന കുംഭവും കൊടുംവേനൽ കഴിഞ്ഞ് പ്രകൃതി തണുക്കുന്ന കർക്കടവും സംസ്ഥാനാടിസ്ഥാനത്തിൽ എസി ഓൺ ചെയ്യുന്നു. ജീവിതയന്ത്രത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണിത്. കാലത്തിന്റെ മാറ്റവും കർമത്തിലെ മാറ്റവും ശരീരത്തെ ബാധിക്കും. ശരീരം നിർമിച്ചിരിക്കുന്ന സപ്തധാതുക്കളും ക്ഷയിക്കും. വാതരോഗങ്ങളും വർധിക്കും. അതിനാൽ ഭക്ഷണക്രമവും ജീവിതക്രമവും ചെറിയ തോതിൽ ക്രമീകരിക്കേണ്ട സമയമാണിത്. 

വേണ്ടതും വേണ്ടാത്തതും 
ഇവ രണ്ടും സമന്വയിപ്പിച്ച വീണ്ടുവിചാരം കർക്കടകത്തിൽ അത്യാവശ്യം. തണുപ്പ് ക്രമേണ വർധിക്കുന്നതാണ് കാലം. ഭക്ഷണം, വിശ്രമം, മൈഥുനം, ഉറക്കം ഇവ ഏറ്റക്കുറച്ചിലില്ലാതെയും മിതമായും അനുവർത്തിക്കേണ്ട കാലമാണ് കർക്കടകം. വ്യായാമം അധികമാകാതെ ശ്രദ്ധിക്കണം.പനി മുതൽ വയറിളക്കം വരെ നീളുന്ന പകർച്ചവ്യാധികൾ കർക്കടകം എത്താൻവേണ്ടി കാത്തിരിക്കുകയാണ്. നനഞ്ഞ വസ്ത്രങ്ങൾ ഉപേക്ഷിക്കാം. തണുത്ത ഭക്ഷണം പൂർണമായും വർജിക്കണം. എരിവിനും ചവർപ്പിനും മുൻതൂക്കം കൊടുക്കാം. ധാന്യങ്ങളും പയറും കൂടുതൽ കഴിക്കാം. ബാക്ടീരിയയും വൈറസും വെള്ളത്തിലൂടെയാണ് എത്തുന്നത്. വെള്ളം തിളപ്പിച്ചാറ്റിത്തന്നെ കുടിക്കണം. മഴമൂലം വെള്ളം ഒഴുകിനടന്ന് മലിനപ്പെടുന്നതാണ് ഒരു മാറ്റം. പഴയ വെള്ളവും പുതിയ വെള്ളവും കൂടി ചേരുമ്പോൾ കിണറ്റിലെ വെള്ളത്തിനും മിശ്രഭാവം വരും. തണുപ്പിൽ വീടിനുള്ളിൽ രോഗാണുക്കളുടെ സാന്നിധ്യം വർധിക്കും. വീടും പരിസരവും പുകയ്ക്കുന്നത് ഇവയെ പുറംതള്ളാനാണ്. ആവശ്യമെങ്കിൽ മാത്രം എല്ലാ വാതിലുകളും ജനലുകളും തുറന്നാൽ മതി. മാംസം വർജിക്കണമെന്നില്ലെങ്കിലും ദഹനക്കുറവിന് ഇടയാക്കുന്നതിനാൽ അമിത ഉപയോഗം കുറയ്ക്കണം. മോര് കാച്ചി ഉപയോഗിക്കാം, പക്ഷേ തൈര് വർജിക്കണം. പകൽ ഉറക്കം തീർത്തും ഒഴിവാക്കണം. ശരീരത്തിനും മനസ്സിനും നൈർമല്യമുള്ള കാലമായതിനാൽ ഉഴിച്ചിലും പിഴിച്ചിലും ഔഷധസേവയും അടങ്ങുന്ന സുഖചികിത്സയ്ക്കും കർക്കടകം ഉത്തമമാണ്. 

മരുന്നുകഞ്ഞി 
ശരീരത്തെ ആകെ പുനരുജ്ജീവിപ്പിക്കുകയാണു മരുന്നുകഞ്ഞി സേവയുടെ ലക്ഷ്യം. ക്ഷീണം മാറാനും വിശപ്പ് വർധിക്കാനും ധാതുക്കളുടെ പുഷ്ടിക്കും ഉതകുന്നവയാണ് മരുന്നുകഞ്ഞിയുടെ കൂട്ട്. മരുന്നു കഞ്ഞി വീട്ടിൽ തയാറാക്കാം. 41 ദിവസം തുടർച്ചയായി കഴിക്കാം. 

ഉഴിച്ചിലും പിഴിച്ചിലും 
ശരീരത്തിന് ഇളപ്പമുള്ള കാലമായതിനാൽ ഉഴിച്ചിലിനും പിഴിച്ചിലിനും കർക്കടകം നല്ല സമയമാണ്. രക്തയോട്ടം വർധിപ്പിക്കുന്നതിനും മൃതകോശങ്ങളെ പുറന്തള്ളി പുതിയ കോശങ്ങളുടെ വർധനയ്ക്കും ശരീരത്തിലെ വിവസ്തുക്കളെ പുറത്താക്കുന്നതിനും ഉഴിച്ചിലും പിഴിച്ചിലും നല്ലതാണ്. 

പ്രായത്തെ മറക്കരുത്
ഓരോ പ്രായക്കാർക്കും ഓരോ തരത്തിലാണ് കർക്കടകത്തിലെ ചര്യ. കർക്കടകത്തിൽ ഒട്ടേറെ അസുഖങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നത്. ചുമ, പനി, വയറിളക്കം, വളംകടി, മറ്റു പകർച്ചവ്യാധികൾ എന്നിവ കർക്കടകത്തിൽ കുട്ടികളെ വിടാതെ പിന്തുടരും. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണവും ആവിയിൽ വേവിച്ച ഭക്ഷണവും ഇക്കാലത്ത് കുട്ടികൾക്കു നൽകാം. വനിതകൾക്ക് സൗന്ദര്യസംരക്ഷണത്തിന് ഉചിതമായ കാലമാണ് കർക്കടകം. 

ദശപുഷ്പം ചൂടാം 
രോഗപ്രതിരോധശേി വർധിപ്പിക്കുന്ന ദശപുഷ്പം കർക്കടകത്തിൽ മുടിയിൽ ചൂടുന്ന പതിവുണ്ട്. പൂവാംകുരുന്നില, മുയൽച്ചെവിയൻ, കറുക, നിലപ്പന, കഞ്ഞുണ്ണി, വിഷ്ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നിവയാണു ദശപു്പങ്ങൾ.

3.1
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ