অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ ചിന്തകള്‍

ആരോഗ്യ ചിന്തകള്‍

കൂൺ കഴിച്ചാൽ മറവിരോഗത്തെ പേടിക്കേണ്ട

കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചാൽ സ്മൃതിനാശവും മറവി രോഗവും തടയാമെന്നു പഠനം. ഭക്ഷ്യയോഗ്യവും ഔഷധഗുണമുള്ളതുമായ ചില കൂണുകളിൽ അടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങൾ തലച്ചോറിലെ നാഡികളുടെ വളർച്ചയെ സഹായിക്കുന്നു. അങ്ങനെ സ്മൃതിനാശവും മറവിരോഗവും വരാതെ സംരക്ഷിക്കുന്നു. നാഡികളിൽ വീക്കമുണ്ടാക്കുന്ന ന്യൂറോടോക്സിക് ആയ ഉദ്ദീപനത്തെ തടയുകവഴിയാണ് ഇതു സാധ്യമാകുന്നത്.

ഭക്ഷണമെന്ന രീതിയിൽ കൂണിന്റെ പ്രാധാന്യം വിവരിക്കുന്നതോടൊപ്പം പ്രായമാകുമ്പോഴുണ്ടാകുന്ന ഞരമ്പുകളുടെ നാശത്തെ തടയാനും കൂണുകൾക്കു കഴിയുമെന്ന് മെഡിസിനൽ ഫുഡ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

2020ഓടെ അമേരിക്കയിൽ മാത്രം 5.1 ദശലക്ഷം പേരും ലോകത്താകമാനം 42 ദശലക്ഷം പേരും സ്മൃതിനാശം ബാധിച്ചവരാകുമെന്ന് പഠനം പറയുന്നു. മലേഷ്യയിലെ മലയ സർവകലാശാല ഗവേഷകർ നടത്തിയ ഈ പഠനം ഭക്ഷ്യയോഗ്യമായ കൂണുകളുടെ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കുന്നു.

കൂണിലടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങളുടെ പ്രവർത്തനം പരിശോധിച്ചു. ഇവ നാഡികളെ സംരക്ഷിക്കുന്നതായി കണ്ടു. അർബുദം, ഹൃദയാരോഗ്യം, ഉപാപചയപ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഗുണകരമാകുന്ന ഭക്ഷ്യവസ്തുക്കളുമായി താരതമ്യപ്പെടുത്തിയാൽ ന്യൂറോഡിജനറേറ്റീവ് രോഗങ്ങൾ തടയുന്ന ഭക്ഷണങ്ങളെക്കുറിച്ചുള്ള വളരെ കുറച്ച് പഠനങ്ങളേ നടന്നിട്ടുള്ളുവെന്ന് പഠനത്തിനു നേതൃത്വം നൽകിയ യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിലെ സമ്പത്ത് പാർഥസാരഥി പറയുന്നു.

ഓരോ കൂണും നെർവ് ഗ്രോത്ത് ഫാക്ടർ അഥവാ എൻജിഎഫിന്റെ നിർമാണത്തെ വർധിപ്പിക്കുന്നുവെന്ന് പഠനത്തിൽ കണ്ടു. വളർച്ചാ നിയന്ത്രണം, സ്വയം പെരുകൽ, തലച്ചോറിലെ ചില നാഡീകോശങ്ങളുടെ നിലനിൽപ്പ് എന്നിവയിലെല്ലാം പങ്കുള്ള ഒരു തൻമാത്രയാണ് നെർവ് ഗ്രോത്ത് ഫാക്ടർ. നാഡികളെ സംരക്ഷിക്കുന്ന കൂടുതൽ ഭക്ഷ്യവസ്തുക്കളെ തിരിച്ചറിയാനുള്ള ഗവേഷണങ്ങൾക്ക് ഈ പഠനഫലം ആക്കും കൂട്ടുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

പേടിക്കാതെ മരുന്നു കഴിക്കാം

വേലായുധന്‍പിള്ള സാര്‍ അല്പം ദേഷ്യത്തോടെയാണ് എന്നോട് ആ ചോദ്യം ചോദിച്ചത്. ‘ഡോക്ടർ ഇത്രയും മരുന്നുകൾ ഞാൻ കഴിക്കുന്നു വയർ നിറയാൻ ഇതുമതി. വേറെ ആഹാരം വല്ലതും ഞാൻ കഴിക്കേണ്ടതുണ്ടോ? നിസ്സഹായനായ ഒരു രോഗിയുടെ സംശയമാണിത്. 76–കാരനായ വേലായുധൻപിള്ള സാറിനെ ഇപ്പോള്‍ ചികിത്സിക്കുന്നത് അഞ്ചു ഡോക്ടര്‍മാരാണ്. 55–ാം വയസ്സിൽ പ്രമേഹത്തിനു മരുന്നു കഴിക്കാൻ തുടങ്ങിയതാണ്. . ബിപിക്കും കൊളസ്ട്രോളിനും കൂടാതെ പ്രമേഹ ചികിത്സയിൽ അശ്രദ്ധ കാണിച്ചതിനാൽ പ്രമേഹ സങ്കീർണതകൾക്കും കൂടി 20–30 ഔഷധങ്ങൾ കഴിക്കുന്നുണ്ട്. ഇതൊരു ശരാശരി മലയാളിയുടെ വാർദ്ധക്യത്തിന് ഉത്തമ ഉദാഹരണമാണ്.

വാർധക്യവും പോളിഫാർമസിയും

ഒരു രോഗിക്കു നാലോ അഞ്ചോ അതിലധികമോ മരുന്നുകൾ ഒരുമിച്ച് ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയെയാണ് പോളിഫാർമസി എന്നുദ്ദേശിക്കുന്നത് ഇത്തരം വേളകളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

വാർധക്യത്തിൽ സാധാരണ കാണുന്ന രോഗങ്ങളിൽ70% വരെ ഉള്ള അവസ്ഥകൾ 40 വയസ്സിനു മുമ്പേ കണ്ടെത്താൻ കഴിയും. അതിന് രാജ്യാന്തര ചികിത്സാ മാർഗനിർദേശങ്ങൾ പ്രകാരമുള്ള രീതികൾ സ്വീകരിച്ചാല്‍ വാർധക്യത്തിൽ ആ രോഗങ്ങൾ കാരണമുള്ള മറ്റു രോഗാവസ്ഥകളും ഔഷധങ്ങളും അവശതകളും ഒഴിവാക്കാൻ കഴിയും.

ഗവേഷണഫലങ്ങളൾ സൂചിപ്പിക്കുന്നത് 60 വയസ്സിനു ശേഷം നിരവധി ഔഷധങ്ങൾ ഒരുമിച്ചു കഴിക്കുന്ന പല രോഗികൾക്കും പ്രത്യക്ഷപ്പെടാറുള്ള പുതിയ രോഗലക്ഷണങ്ങളിൽ 40% ലേറെയും ഔഷധങ്ങളുടെ പാർശ്വഫലങ്ങൾ കാരണമുള്ളതോ അവ തമ്മിലുള്ള പ്രതിപ്രവർത്തനം കാരണമോ ആകാം എന്നതാണ്. 5–6 ഡോക്ടർമാർ ഒരു രോഗിയെ ചികിത്സിക്കേണ്ടതായി വരുമ്പോൾ ഒരു മരുന്ന് തന്നെ പലരിൽ നിന്നും ഒരു രോഗി സ്വീകരിക്കുന്നുണ്ടാകും. ഉദാ: ബിപിക്കും കൊളസ്ട്രോളിനും ഉള്ള ഔഷധം ഫിസിഷ്യനും പ്രമേഹം ചികിത്സിക്കുന്ന ഡോക്ടറും കാർഡിയോളജിസ്റ്റും ന്യൂറോളജിസ്റ്റും തന്നുവെന്നിരിക്കാം. ഇതെല്ലാം തിരിച്ചറിഞ്ഞ് മരുന്ന് കഴിക്കേണ്ടത് കുടുംബഡോക്ടറുടെയോ ഒരു ജീറിയാഡ്രിക് വിദഗ്ദന്റെയോ വിദഗ്ദ പരിശീലനം സിദ്ധിച്ച ഒരു ഫാർമസിസ്റ്റിന്റെയോ അറിവോടെ ആകണം.

ഒരുമിച്ചല്ല, ഇടവേളയെടുത്ത്

നിരവധി ഔഷധങ്ങൾ ഒരുമിച്ച് ഉപയോഗിക്കുമ്പോൾ8–10 ഗുളികകൾ ഒരുമിച്ച് ആഹാരത്തിനുശേഷം വായിലിട്ട് വെള്ളം കുടിക്കാതെ രണ്ടോ മൂന്നോ മാത്രം കഴിച്ചശേഷം അല്പം ഇടവേളയ്ക്കുശേഷം ബാക്കി ഔഷധങ്ങൾ ഉപയോഗിക്കാം. രണ്ടോ, മൂന്നോ, നാലോ ഔഷധങ്ങൾ ഒരുമിച്ചുള്ള ഗുളികകൾ ലഭ്യമാണ്. എന്നാൽ ഇത്തരം ഗുളികകളിൽ രോഗികൾക്ക് ആവശ്യമുള്ളതിനെക്കാൾ കൂടതൽ 1–2 ഔഷധങ്ങൾ ഉണ്ടാകാം. അതുകൊണ്ടു 2–3 ഔഷധങ്ങൾ ഒരുമിച്ചുള്ള ഗുളികകൾ ഉപയോഗിക്കാതെ എണ്ണം കൂടുതലാണെങ്കിൽ പോലും ആവശ്യമായ ആ ചെറിയ ഡോസ് മാത്രം ഉപയോഗിക്കുന്നതാകും അഭികാമ്യം.

വാർധക്യത്തിൽ ഔഷധങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു ഔഷധത്തിന്റെ പാർശ്വഫലമായി മറ്റൊരു രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് ഔഷധത്തിന്റെ പാർശ്വഫലമാണ് എന്നു തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോൾ ആ പാർശ്വഫലത്തിനായി മറ്റൊരു ഔഷധം ഉപയോഗിക്കുന്നു. ആ ഔഷധവും മറ്റൊരു രോഗത്തിനോ രോഗലക്ഷണത്തിനോ കാരണമാകുമ്പോള്‍ അതു ചികിത്സിക്കാനായി പിന്നെ മറ്റൊരു മരുന്ന് ഉപയോഗിക്കുന്നു. ഗുണകരമായ ഫലങ്ങളുള്ള എല്ലാ ഔഷധങ്ങള്‍ക്കും പാർശ്വഫലമുണ്ട്. എന്നാല്‍ വാർധക്യത്തിൽ ഇവയെല്ലാം ദോഷം കുറച്ച് എങ്ങനെ ഉപയോഗിക്കാമെന്നതിന് ആധുനിക വൈദ്യശാസ്ത്രം നിർദേശങ്ങൾ നൽകുന്നുണ്ട്.

നമുക്ക് പ്രായമേറും തോറും വൃക്കയുടെയും കരളിന്റെയും പ്രവർത്തനത്തിനു വ്യതിയാനങ്ങൾ സംഭവിച്ചു കൊണ്ടിരിക്കും. ഇതു പ്രായം കാരണം സംഭവിക്കുന്നതാണ്. എന്നാൽ പ്രമേഹം, അമിതവണ്ണം, കാൻസര്‍, ഉയർന്ന രക്തസമ്മർദം ഇങ്ങനെയുള്ള രോഗങ്ങൾക്ക് ശരിയായ ചികിത്സ നാം സ്വീകരിക്കാത്തപക്ഷം ഈ രോഗങ്ങള്‍ കൊണ്ടുതന്നെ കരളിനും വൃക്കയ്ക്കും ദോഷങ്ങള്‍ വന്നുതുടങ്ങും. നാം കഴിക്കുന്ന ആഹാരവും ഔഷധങ്ങളും അത് ഉളവാക്കുന്ന പല രാസപ്രവർത്തനങ്ങളും കരളിന്റെയും വൃക്കയുടെയും പ്രവർത്തനത്തെ അനുകൂലമായും പ്രതികൂലമായും സ്വാധീനിച്ചു കൊണ്ടിരിക്കും. വാർധക്യത്തിൽ നാം ഉപയോഗിക്കുന്ന പല ഔഷധങ്ങളും കൂടുതല്‍ സമയം ശരീരത്തിനുള്ളില്‍ പ്രവർത്തിക്കുവാനുള്ള സാധ്യതയും ഏറെയാണ്.

മരുന്നു കഴിച്ചോസംശയം ഒഴിവാക്കാം

ഇതൊരു ഗുരുതര പ്രതിഭാസമാണ്. രാത്രി ഭക്ഷണത്തിനു ശേഷമുള്ള അഞ്ചു ഗുളികകൾ കഴിച്ച് പത്തു മിനിറ്റു കഴിയുമ്പോൾ പെട്ടെന്നൊരു സംശയം ഞാൻ ഈ മരുന്ന് കഴിച്ചോ ഇല്ലയോ? 3–4 ആവർത്തി അതു സ്വയം ചോദിക്കുന്നു. എന്നിട്ടു തീരുമാനിക്കുന്നു കഴിച്ചിട്ടില്ല എന്ന്. ആ അഞ്ച് ഔഷധങ്ങൾ ഒന്നുകൂടി കഴിക്കാൻ തീരുമാനിക്കുന്നു. ഇത് അത്യന്തം അപകടകരമായ അവസ്ഥയാണ്. ഇത് ഒഴിവാക്കുവാൻ അടുത്ത ആഴ്ച കഴിക്കാൻ ആവശ്യമുള്ള എല്ലാ ഔഷധങ്ങളും ഞായറാഴ്ച വൈകുന്നേരം തന്നെ പിൽ ബോക്സിൽ ആക്കുക എന്നുള്ളതാണ്. രാവിലെ കഴിക്കാനുള്ളവ, അങ്ങനെ അടുത്ത ഏഴു ദിവസങ്ങളിലുള്ളത് നാം പിൽ ബോക്സുകളിൽ ആക്കി വയ്ക്കുക. മറന്നു പോകുന്ന അവസ്ഥ അങ്ങനെ തരണം ചെയ്യുവാൻ സാധിക്കും.

അനാവശ്യ മരുന്നുകൾ തിരിച്ചറിയാം

പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നത് രോഗിക്ക് ഒരു സ്പെഷലിസ്റ്റ് ഡോക്ടർ മരുന്ന് എഴുതി കൊടുത്താൽ മറ്റൊരു ഡോക്ടർക്ക് അതു മാറ്റുവാൻ താൽപര്യമില്ല എന്നാണ്. എന്നാൽ രാജ്യാന്തര ചികിത്സാനിർദേശങ്ങൾ സൂചിപ്പിക്കുന്നത് വാർധക്യത്തിൽ അനാവശ്യമായ മരുന്നുകൾ ഒരാള്‍ ഉപയോഗിക്കുന്നുണ്ട് എന്നു കാണുകയാണെങ്കിൽ അതു നിർത്തലാക്കാനുള്ള അവകാശം കുടുംബഡോക്ടർക്കോ അല്ലെങ്കില്‍ ജീറിയാട്രിക് വിദഗ്ധനോ ഉണ്ട് എന്നാണ്. ഇതിന് മരുന്നുകളുടെ പാർശ്വഫലങ്ങളും നിരവധി മരുന്നുകൾ ഒരുമിച്ചു നൽകുമ്പോൾ പരസ്പരമുള്ള പ്രതി പ്രവർത്തനവും പരിശോധിക്കുവാൻ ഇന്റർനെറ്റിൽ ലഭ്യമായ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം.

ആഹാരത്തിനു മുമ്പ് ഉപയോഗിക്കേണ്ട ഔഷധങ്ങൾ കൃത്യമായി ആഹാരത്തിന് എത്ര മിനിറ്റ് മുമ്പാണ് എന്നു രോഗികൾ ചോദിച്ചു മനസ്സിലാക്കണം. ഉദാഹരണത്തിനു ചില ഇൻസുലിനുകൾ അരമണിക്കൂറിനു മുമ്പും മറ്റു ചില ഇൻസുലിനുകൾ 15 മിനിറ്റു മുമ്പുമാണ്. ആഹാരശേഷം ഉപയോഗിക്കേണ്ട ഔഷധങ്ങളാണ് എങ്കിൽ അതും കൃത്യമായി ചോദിച്ചു മനസ്സിലാക്കുക.

സ്വയം മരുന്നു നിർത്തരുത്

തൊലിപ്പുറത്തു ചൊറിച്ചിലോ മലബന്ധമോ ഉണ്ടാകുമ്പോൾ അത് ഔഷധത്തിന്റെ പാർശ്വഫലം കാരണമല്ലേ എന്നു ചിന്തിക്കുന്ന രോഗികളുണ്ട്. പക്ഷേ എല്ലായ്പ്പോഴും അങ്ങനെയാകണമെന്നില്ല. അതുകൊണ്ടു പുതിയരോഗങ്ങൾ കണ്ടാലും സ്വയം ഔഷധങ്ങൾ നിർത്തലാക്കരുത്. ഔഷധങ്ങൾ പുനർക്രമീകരിക്കേണ്ടത് വൈദ്യശാസ്ത്രവിദഗ്ധന്റെ മേൽനോട്ടത്തിലായിരിക്കണം. രോഗികള്‍ മരുന്നു ക്രമീകരിക്കണം സ്വയം ചെയ്താൽ മരണത്തിനുവരെ കാരണമാകാം. നിരവധി ഔഷധങ്ങൾ വാർധക്യത്തിൽ ഒരുമിച്ചു വേണ്ടിവരും. അതിനെക്കുറിച്ചു ഭയപ്പാട് വേണ്ട.

അത്തർ പുരട്ടും മുമ്പ് അറിയേണ്ട കാര്യങ്ങൾ

വർഷങ്ങൾക്കു മുമ്പ്, ഡിയോഡറന്റുകളും സ്പ്രേകളും വിപണി കൈയടക്കും മുമ്പ് ശരീരത്തിനു സുഗന്ധം ലഭിക്കാൻ അത്തർ ഉപയോഗിച്ചിരുന്നു. മനോഹരമായ പളുങ്കു കുപ്പികളിൽ വന്നിരുന്ന അത്തറിന് ഇന്നും ധാരാളം ആവശ്യക്കാരുണ്ട്. അത്തർ പൂശി ഇറങ്ങിയാൽ അന്തരീക്ഷത്തിലാകെ ആ സുഗന്ധം നിറഞ്ഞു നിൽക്കുമെന്നാണ് പറയാറ്. ഇത് ശരിരത്തിലേക്ക് നേരിട്ട് പുരട്ടുന്നതിനാൽ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം.

ചെടിയിൽ നിന്ന്

അത്തർ എന്നറിയപ്പെടുന്ന സുഗന്ധലേപനത്തിന്റെ ഉപയോഗം 5000 വർഷങ്ങൾക്കു മുമ്പുതന്നെ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അത്തർ ആദ്യമായി ഉത്പാദിപ്പിച്ചത് ഇന്ത്യയിലാണ്. എന്നാൽ ഇത്തർ എന്ന പേരിലും അറിയപ്പെടുന്ന അത്തർ ഇന്ന് അറബ് രാജ്യങ്ങളിൽ വളരെ പ്രചാരത്തിലുണ്ട്.

അത്തർ ഉണ്ടാക്കുന്നത് ചിലതരം ചെടികളുടെ പൂക്കൾ, തണ്ട്, വേര്, മുതലായ ഭാഗങ്ങൾ ഓട്ടോ ഡിസ്റ്റിലേഷൻ (Auto distilation) എന്ന പ്രക്രിയ വഴി വാറ്റിയെടുത്താണ്. ഇങ്ങനെ ലഭ്യമാകുന്ന എണ്ണ വളരെ സാന്ദ്രത കൂടിയതും അതിനാൽ തന്നെ ചെറിയ കുപ്പികളിലാക്കിയുമാണ് വിപണിയിലെത്തുന്നത്. വളരെ ചെറിയ അളവിൽ മാത്രമെ ഇത് ഉപയോഗിക്കേണ്ടതുള്ളൂ. ചെടിയുടെ പേരും ചെടിയുടെ ഏതു ഭാഗമാണ് ഉപയോഗിക്കുന്നത് എന്നതുമനസരിച്ച് അത്തർ പല പേരുകളിൽ അറിയപ്പെടുന്നു.

എവിടെ പുരട്ടണം

അത്തർ ഉപയോഗിക്കേണ്ടത് കൈകളിലും കൈപ്പത്തിയുടെ താഴെയായി ഉൾഭാഗത്തും ചെവിയുടെ പുറകിലുമാണ്. അവിടെ വളരെ കുറച്ച് അളവിലെ പുരട്ടാവൂ. ചിലയിടങ്ങളിൽ ആളുകൾ അത്തര്‍ കാൽമുട്ടിന്റെ പിൻഭാഗത്തും പുരട്ടാറുണ്ട്. യഥാർഥത്തിൽ അത്തറിൽ ചന്ദനതൈലമാണ് അടിസ്ഥാനമായി ഉപയോഗിക്കുന്നത്. സമീപകാലത്തായി ചന്ദനത്തിന്റെ ദൗര്‍ലഭ്യവും വിലക്കൂടുതലും കാരണം ചെലവു കുറഞ്ഞ പെട്രോളിയം ഉൽപന്നമായ പാരഫിൻവാക്സ് പൊലെയുള്ള വസ്തുക്കളാണ് ഉപയോഗിക്കുന്നത്. അതുപോലെ കൃത്രിമ സുഗന്ധ ഫ്ളേവറുകളും ഉപയോഗിച്ചുവരുന്നു. വിപണിയിൽ ഇപ്പോൾ ലഭ്യമായ നല്ലൊരു ശതമാനം അത്തറുകളും ഇത്തരത്തിൽ നിർമിച്ചവയാണ്. യഥാർഥ അത്തറിനു വില കൂടുതലാണ്.

ചര്‍മരോഗങ്ങൾക്കു സാധ്യത

കൃത്രിമ ചേരുവകളുടെ സാന്നിധ്യവും നിലവാരം കുറഞ്ഞ വസ്തുക്കളുടെ ഉപയോഗവും കാരണം ഇത്തരത്തിലുള്ള അത്തർ തുടർച്ചയായി ഉപയോഗിക്കുന്നത് ചർമ്മരോഗങ്ങള്‍ക്കു കാരണമാകാം. അമിതമായി ഉപയോഗിക്കുകയോ നിലവാരമില്ലാത്തവ ഉപയോഗിക്കുകയോ ചെയ്താൽ ചർമ്മത്തില്‍ ചൊറിച്ചിൽ, ചുവപ്പുനിറം, നീറ്റൽ, പൊള്ളൽ, കറുപ്പുനിറം എന്നിവ ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ കണ്ടാൽ അത്തറിന്റെ ഉപയോഗം നിർത്തുകയും വൈദ്യസഹായം തേടുകയും വേണം. തുടക്കത്തിലാണെങ്കിൽ മരുന്ന് ആവശ്യമായി വരില്ല. ഉപയോഗം നിർത്തുന്നതുതന്നെ മതിയാകും. ചില അവസരങ്ങളിൽ മരുന്ന് ആവശ്യമായി വരാം. പാച്ച് ടെസ്റ്റിങ് (patch testing) പരിശോധനയിലൂടെ അലർജിയുണ്ടെങ്കിൽ അതു കണ്ടുപിടിക്കാം. അംഗീകൃത ബ്രാന്‍ഡിന്റെ അത്തർ മാത്രം വാങ്ങുക. ചെറിയ അളവിൽ പുരട്ടി നോക്കിയശേഷം വാങ്ങുന്നതാണ് ഉചിതം.

വിവരങ്ങൾക്കു കടപ്പാട്
ഡോ. ബിഫി ജോയി
പ്രഫസർ, ഡെർമറ്റോളജി വിഭാഗം,
അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്, പരിയാരം

ഡോ. റസീന, ഡോ. അരുൺ (ജൂനിയർ റെസിഡന്റ്സ്)
അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്, പരിയാരം

വാക്വം ക്ലീനറിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട്ടിനുള്ളിൽ കൈയെത്താ ദൂരത്ത് ഒളിഞ്ഞിരിക്കുന്ന അഴുക്കും പൊടിപടലങ്ങളും വീട്ടമ്മമാർക്ക് എന്നും തലവേദന തന്നെയാണ്. ഈ പ്രശ്നത്തിനുള്ള ഒരു ഉത്തരമാണ് വാക്വം ക്ലീനർ. 1901–ൽ കണ്ടുപിടിച്ച ഒരു ഉപകരണമാണ് മോട്ടർ ഘടിപ്പിച്ച വാക്വം ക്ലീനര്‍. ഇന്നു മിക്ക വീടുകളിലും ഇവ കാണാം. ആദ്യം വാക്വം ക്ലീനറിന്റെ പ്രവർത്തനത്തെ കുറിച്ച് മനസ്സിലാക്കാം.

എയർപമ്പ് ഉപയോഗിച്ച് ഒരു ശൂന്യസ്ഥാനം (Vacuum) ഉണ്ടാക്കുകയും അതിലേക്ക് അഴുക്കും പൊടികളും വലിച്ചെടുക്കുകയും അങ്ങനെ തറകളും മറ്റു പ്രതലങ്ങളും വൃത്തിയാക്കുകയുമാണ് വാക്വം ക്ലീനറിന്റെ പ്രവർത്തനം. ഈ അഴുക്ക് മുഴുവനും ഒരു സഞ്ചിക്കുള്ളിൽ നിറയുകയും പിന്നീട് അതു വേണ്ടവിധം നിർമാർജനം ചെയ്യുകയും ആവാം. ബാറ്ററികൊണ്ടു പ്രവർത്തിപ്പിക്കാവുന്ന കൈയിൽ പിടിച്ച് ഉപയോഗിക്കുന്ന ചെറിയ മോഡൽ മുതൽ ചക്രങ്ങളിൽ ഉരുട്ടിക്കൊണ്ടു നടക്കാവുന്ന ഗൃഹോപകരണ മോഡലും വ്യവസായമേഖലകളിലെ കുറ്റൻ മോഡലുകളും ഇന്നുണ്ട്. ഏറ്റവും നൂതനമായ സ്വയം പ്രവര്‍ത്തിക്കുന്ന കോർഡ് ലെസ് റോബോട്ടിക് വാക്വംക്ലീനറും ലോകത്തു പലയിടത്തും ഉപയോഗത്തിലുണ്ട്. ചവിട്ടികളും പരവതാനികളും വൃത്തിയാക്കാന്‍ സഹായിക്കുന്ന ഫ്ലോർ കം കാർപറ്റ് ബ്രഷ്, കസേരകളുടെയും മറ്റും മൂലകൾ വൃത്തിയാക്കുന്ന കോർണർ ക്ലീനർ, 360 ഡിഗ്രി വട്ടം തിരിയാൻ സാധിക്കുന്ന മൾട്ടി പർപ്പസ് ബ്രഷ്, തറയിൽ വീണ ദ്രാവകം വലിച്ചെടുക്കാൻ സഹായിക്കുന്ന വെറ്റ് സ്ക്വീസീ തുടങ്ങിയ അനുബന്ധസാമഗ്രികളും ഉപകരണത്തിന്റെ കൂടെ ലഭിക്കും.

തൃപ്തികരമായ വൃത്തിക്ക്

സാധാരണ ചൂലുകൊണ്ടു തൂത്തുവാരുമ്പോൾ‌ ജോലിയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പരിസരത്ത് നിൽക്കുന്നവർക്കും പൊടിപടലങ്ങള്‍ ശ്വസിക്കേണ്ടതായി വരും. എന്നാൽ വാക്വംക്ലീനർ ഉപകരണത്തിൽ ഘടിപ്പിച്ചിട്ടുള്ള ഫിൽട്ടറുകൾ അതിനുള്ളിലേക്ക് വലിച്ചെടുക്കുന്ന പൊടിപടലങ്ങൾ സഞ്ചിക്കുള്ളിൽ തന്നെ തടഞ്ഞുനിർത്തി വായു ശുദ്ധീകരിക്കും. വീട്ടിനുള്ളിലെ തറയിലും പ്രതലങ്ങളിലും പറ്റിയിരിക്കുന്ന പൊടികൾ, പൊഴിഞ്ഞുവീഴുന്ന മുടിയിഴകൾ, വളർത്തുമൃഗങ്ങളുടെ രോമം, പല്ലി, പാറ്റ, എലി മുതലായവയുടെ അവശിഷ്ടങ്ങൾ‌, ചിലന്തിവല, ചെറുപ്രാണികൾ എന്നിവയെ കൂടാതെ പൊടിയിൽ വസിക്കുന്ന സൂക്ഷ്മജീവികളായ ഡസ്റ്റ് മൈറ്റ് എന്നിവയൊക്കെ വാക്വംക്ലീനർ കൊണ്ടു നീക്കം ചെയ്യാൻ സാധിക്കും. മെഷീൻ സ്വയമേ ഈ ജോലി ചെയ്യുന്നതുകൊണ്ട് മനുഷ്യരുടെ അധ്വാനം വളരെ കുറച്ചേ വേണ്ടൂ.

നനവുള്ള പ്രതലങ്ങളിലും ഉപയോഗിക്കാം

ആദ്യകാലങ്ങളിൽ വാക്വംക്ലീനർ വരണ്ട പ്രതലത്തിൽ മാത്രമെ ഉപയോഗപ്പെട്ടിരുന്നുള്ളൂ. എന്നാൽ ഇന്ന് നനവുള്ള പ്രതലങ്ങളും വരണ്ട തറകളും ഒരുപോലെ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന മെഷീനുകൾ ലഭ്യമാണ്. ചവിട്ടികളും കാർപെറ്റുകളും ഷാംപൂ ഉപയോഗിച്ചു കഴുകി ഈ ഉപകരണം കൊണ്ട് അഴുക്കുവെള്ളം വലിച്ചെടുത്ത് ഉണക്കുകയുമാവാം. ചില മോഡലുകളിൽ ആവികൊണ്ടു പ്രതലങ്ങൾ അണുവിമുക്തമാക്കുന്ന സംവിധാനവും ഉണ്ട്.

നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ എച്ച്ഇപിഎ (HEPA – High Particulate Arrestance) ഫിൽറ്റർ അടങ്ങിയ മോഡലുകളും ഉണ്ട്. ഇത് അന്തരീക്ഷ വായുവിൽ നിന്നു പരാഗരേണുക്കൾ പോലുള്ള അലർജിക്ക് കാരണമായ പൊടികൂടി വലിച്ചുകളയാൻ ഉതകുന്നതാണ്. വീട്ടിനുള്ളിലെ വായു ഇത്തരം അലർജനുകളിൽ നിന്നും മുക്തമാക്കി വയ്ക്കാം. അലർജി മൂലമുള്ള ആസ്മ മൂക്കിന്റെ അലർജി (Allergic Rhinitis) എന്നിവ കൊണ്ടു ബുദ്ധിമുട്ടുന്ന രോഗികൾക്ക് താമസസ്ഥലവും ജോലിസ്ഥലവും ഏറ്റവും വൃത്തിയില്‍ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. കണ്ണുകൊണ്ടു കാണാൻ പറ്റാത്ത പൊടിപടലങ്ങളും സൂക്ഷ്മജീവികളും അലര്‍ജിക്കു കാരണമാണെന്നത് ശക്തിയേറിയ വാക്വംക്ലീനറിന്റെ പ്രസക്തി വർധിപ്പിക്കുന്നു. ഏറെ ബുദ്ധിമുട്ടുള്ള ജോലികളാണ് ഈ ഉപകരണം എളുപ്പമാക്കുന്നത്. വിരുന്നുകാർ വരുമ്പോൾ വീട് വൃത്തിയായും വെടിപ്പായും വയ്ക്കുന്നത് അവര്‍ക്കും ഹൃദ്യമായി തോന്നും.

കൃത്യമായി കൈകാര്യം ചെയ്യണം

പൊടികൾ നിറയുന്ന സഞ്ചി നിറഞ്ഞു കഴിഞ്ഞാൽ ഉപകരണത്തിലെ ഫിൽട്ടറുകൾ തടസ്സപ്പെടും. അങ്ങനെ സക്ഷൻ ഫോഴ്സ് വളരെ കുറയും, പൊടിവലിച്ചെടുക്കാതാകും. നിറയുന്നതിനു മുമ്പു തന്നെ സഞ്ചിയിലെ പൊടി വേണ്ടവിധം നിർമാർജനം ചെയ്തു സഞ്ചി വൃത്തിയാക്കി തിരികെ വയ്ക്കണം. ഉപകരണത്തിന്റെ ഏതെങ്കിലും ഘടകങ്ങൾ പ്രവർത്തനരഹിതമാണെങ്കിൽ, അതുമല്ലെങ്കിൽ ഏതെങ്കിലും ഭാഗങ്ങള്‍ പൊട്ടിപ്പോവുകയോ കാണാതാവുകയോ ചെയ്താൽ, അതു പ്രവർത്തിപ്പിക്കരുത്. ഉപയോഗത്തിലില്ലെങ്കിൽ പ്ലഗ്ഗിൽ നിന്ന് ഊരി മാറ്റണം. ഉപകരണം വൃത്തിയാക്കുമ്പോളും പ്ലഗ്ഗിൽ നിന്നു വിച്ഛേദിക്കണം. ഉപകരണം കൂടുതല്‍ ചൂടായാൽ വൈദ്യുതി തന്നെ സ്വിച്ചോഫാകുന്ന സംവിധാനം ഉണ്ടാവും. എങ്കിലും പ്ലഗ്ഗിൽ നിന്ന് ഊരി മാറ്റി തണുക്കാനായി ഏറെ നേരം കാത്തുനിൽക്കണം. എന്നിട്ടുവേണം ഫിൽട്ടറുകളും മറ്റു തടസ്സങ്ങളും പരിശോധിക്കാൻ.

പ്രവർത്തിക്കുമ്പോൾ ശ്രദ്ധിക്കണം

ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതിനിടയിൽ അഴിച്ചിട്ട തലമുടി, അയഞ്ഞുകിടക്കുന്ന വസ്ത്രധാരണം. വിരലുകൾ, മറ്റു ശരീരഭാഗങ്ങൾ എന്നിവ ഉപകരണത്തിന്റെ ദ്വാരങ്ങൾക്കടുത്തോ ചലിച്ചുകൊണ്ടിരിക്കുന്ന ഹോസിനടുത്തോ ബ്രഷ്ബാറിനടുത്തോ വയ്ക്കരുത്. ഏതെങ്കിലും ദ്വാരങ്ങൾ അടഞ്ഞിരിക്കുന്നെങ്കിൽ ഉപകരണം പ്രവർത്തിപ്പിക്കരുത്. വായൂ സഞ്ചാരം തടസ്സപ്പെടുന്നത് മെഷീന്റെ ക്ഷമത കുറയ്ക്കും. കൈയിൽ പിടിക്കുന്ന ചെറിയ മോഡലല്ലെങ്കിൽ തറയിൽ തന്നെ വച്ച് ഉപയോഗിക്കുന്നതാണു നല്ലത്. മേശയുടെയോ കസേരയുടെയോ മുകളിൽ വയ്ക്കരുത്. കത്തിപിടിക്കാവുന്നതോ പൊട്ടിത്തെറിക്കാവുന്നതോ ആയ വസ്തുക്കൾ വാക്വംക്ലീനർ കൊണ്ടു വലിച്ചെടുക്കാനും ശ്രമിക്കരുത്. സിഗററ്റ് കുറ്റികളിലോ തീപ്പെട്ടിക്കൊള്ളികളിലോ ചാരം പുകഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും വലിച്ചെടുക്കരുത്. ഓപ്പറേറ്റിങ് മാന്വൽ വായിച്ച് അതിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.

ഡോ. ബി. സുമാദേവി
ഇഎൻടി സർജൻ,
ഇഎസ്ഐ ഹോസ്പിറ്റൽ,
ഉദ്യോഗമണ്ഡൽ, എറണാകുളം

പഴമയിലോ പുതുമയിലോ ആരോഗ്യം?

നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ആരോഗ്യസംബന്ധമായ വസ്തുക്കളിൽ വലിയ മാറ്റം വന്നു കഴിഞ്ഞു. അരകല്ലിനു മിക്സിയും ഉറിക്കു ഫ്രിഡ്ജും വന്നു. ഇവയുടെ ഗുണദോഷങ്ങൾ അറിയാം.

ഗൾഫിൽ നിന്ന് ആദ്യമായി അച്ഛന്റെയും അമ്മയുടെയും നാടായ കേരളത്തിലെത്തിയതാണ് ആ നാല് വയസ്സുകാരന്‍. ജനിച്ചതും വളർന്നതും വിദേശത്തായിരുന്നു. പിതാവിന്റെ അച്ഛനും അമ്മയും നാട്ടിൽ ഉണ്ട്. രാവിലെ ഉറക്കമുണർന്ന ആ കുഞ്ഞ് കാണുന്നത് അപ്പൂപ്പൻ ഒരു കമ്പ് കടിക്കുകയും പല്ലിൽ തേക്കുകയും ചെയ്യുന്നതാണ്. ‘മമ്മി.. ലുക്ക് വാട്ട് ഗ്രാൻഡ്പാ ഈസ് ഡൂയിങ്.. ഹി ഈസ് ബൈറ്റിങ് എ സ്റ്റിക്.. ‘മിക്കി മൗസിന്റെയും കാറിന്റെയും രൂപത്തിലുള്ള ടൂത്ത് ബ്രഷു കൊണ്ട് പല്ല് തേക്കുന്ന ആ കുഞ്ഞിന് അറിയില്ലല്ലോ കടന്നുപോയ തലമുറകളുടെ പ്രകൃതിദത്ത ടൂത്ത് ബ്രഷാണ് ആ കമ്പ് എന്ന്. ഇത്തരത്തിൽ വിസ്മൃതിയിലാണ്ടുപോയ ഒരുപാട് ആരോഗ്യ വസ്തുക്കൾ ഉണ്ട്. ഗൃഹോപകരണങ്ങൾ, അടുക്കളയിൽ ഉപയോഗിക്കുന്നവ, സൗന്ദര്യ സംരക്ഷണവസ്തുക്കൾ.. അങ്ങനെ പലതും. ഈ ഉപകരണങ്ങൾക്ക് വന്ന രൂപ,ഭാവ മാറ്റങ്ങൾക്ക് ഗുണവും ദോഷവും ഉണ്ട്. എന്നാൽ പുതിയവയെല്ലാം തന്നെ സമയവും അധ്വാനവും ലഭിച്ചു തന്നു എന്നതും മറക്കാനാകില്ല. പഴമയിൽ ഒളിച്ചിരുന്ന ആരോഗ്യവശങ്ങൾ നമ്മൾ വിസ്മരിച്ചു കളഞ്ഞു. ഇതാ പഴയകാലത്തെ ഉപകരണങ്ങളുടെയും രീതികളുടെയും അവയ്ക്കു പകരം വന്നവയുടെയും പൊസിറ്റീവ്–നെഗറ്റീവ് വശങ്ങൾ.

അരകല്ലിൽ നിന്നു മിക്സിയിലേക്ക്

ജീവിതശൈലീരോഗങ്ങളും നട്ടെല്ലു പ്രശ്നങ്ങളുമായി വരുന്ന ഒട്ടുമിക്ക സ്ത്രീകളോടും ഡോക്ടർമാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. കായികമായ ജോലി ചെയ്യുന്നുണ്ടോ? ഇക്കാലത്തെ വീട്ടുജോലികളൊന്നും കായികമായ അധ്വാനം ആവശ്യമായി വരുന്നവയല്ല. അതിനുദാഹരണങ്ങളാണ് വാഷിങ് മെഷീൻ ഉപയോഗിച്ചുള്ള തുണിഅലക്ക്, കറികൾക്ക് അരയ്ക്കാനും മാവ് ആട്ടാനും മിക്സിയും ഗ്രൈന്‍ഡറും.

∙ നമ്മുടെ നട്ടെല്ലിനും കൈകൾക്കും നല്ലൊരു വ്യായാമമായിരുന്നു തുണിഅലക്ക്. നന്നായി കുനിഞ്ഞും നിവർന്നും ചെയ്തിരുന്ന അലക്ക് നട്ടെല്ലിനു വഴക്കം നൽകി.

എന്നാൽ തിരിച്ച് നട്ടെല്ലിനു പ്രശ്നമുള്ളവർക്ക് വാഷിങ് മെഷീൻ അനുഗ്രഹം തന്നെയാണ്. മഴക്കാലത്ത് വസ്ത്രങ്ങൾ ഉണക്കിയെടുക്കാൻ വാഷിങ് മെഷീനിലെ തന്നെ ഡ്രയർ സഹായിക്കും.

∙ മഴക്കാലമായാൽ സാധാരണ അലക്ക് ദുഷ്കരമായിരുന്നു. ശാരീരികപ്രയാസങ്ങൾ ഉള്ളവര്‍ക്ക് പുതപ്പ് പോലുള്ള ഭാരം കൂടിയ വസ്ത്രങ്ങള്‍ അലക്കുക. ബുദ്ധിമുട്ടുള്ള ജോലിയാണ്.

വാഷിങ് മെഷീനുകൾ വന്നതോടെ ശരീരത്തിനു ലഭിച്ചിരുന്ന വ്യായാമം നിലച്ചു. കൈ കൊണ്ട് അലക്കുന്നതുപോലുള്ള ശ്രദ്ധ വാഷിങ് മെഷീനിൽ കിട്ടണമെന്നുമില്ല... കോട്ടൺ, സില്‍ക്, പോളിസ്റ്റർ എന്നിങ്ങനെ പലതരത്തിലുള്ള വസ്ത്രങ്ങളുണ്ട്. ഇവയെല്ലാം അലക്കുന്ന രീതിയും പലതാണ്. എന്നാൽ ഇതൊന്നും വാഷിങ് മെഷീനിൽ സാധ്യമാവുകയില്ല. വസ്ത്രങ്ങളിലെ, പ്രത്യേകിച്ച് അടിവസ്ത്രങ്ങളുടെ ഇലാസ്റ്റിക് ചീത്തയാകാം. കൈ കൊണ്ടു കഴുകുമ്പോൾ വസ്ത്രങ്ങളിലെ അവസാന സോപ്പുപതയും കഴുകി കളഞ്ഞാണ് ഉണക്കാൻ ഇടുക. മെഷീനിലെ അലക്കിൽ ഇത് ഉറപ്പാക്കാനാവില്ല. സോപ്പിന്റെ അംശം വസ്ത്രങ്ങളിൽ ഉള്ളത് ത്വക്ക് രോഗങ്ങൾ വരുത്താം.

∙ അരകല്ലും ആട്ടുകല്ലും

കറിക്കുവേണ്ടി തേങ്ങയും മറ്റും അരയ്ക്കാനും ചതയ്ക്കാനും ഉപയോഗിച്ചിരുന്നതാണ് അരകല്ല്. ധാന്യങ്ങൾ പൊടിക്കാൻ ഉരലും ഉലക്കയും. ഈ സ്ഥാനം ഇന്ന് മിക്സിക്കാണ്. മാവ് ആട്ടാനായിരുന്നു ആട്ടുകല്ല്. മിക്സിയിലും ഗ്രൈൻഡറിലും ഈ ജോലി ചെയ്യാം.

∙ അരകല്ല് ആട്ടുകല്ല് തുടങ്ങിയവ ശരീരത്തിന് നല്ല വ്യായാമം നൽകിയിരുന്നു.

ഉദ്യോഗസ്ഥരായ വീട്ടമ്മമാർക്ക് അനുഗ്രഹം തന്നെയാണ് മിക്സിയും ഗ്രൈൻഡറുമെല്ലാം. കറിക്ക് അരയ്ക്കലും മാവ് ആട്ടലുമെല്ലാം നിമിഷനേരം കൊണ്ട് പൂർത്തിയാക്കാം. ഈ ഉപകരണങ്ങളെല്ലാം വൃത്തിയാക്കാനും എളുപ്പമാണ്. ഒരുപാട് ഭാരം ഉയർത്താൻ പ്രയാസമുള്ളവര്‍ക്ക് അനുഗ്രഹം തന്നെയാണ് ഗ്രൈൻഡർ.

∙അരകല്ലിനും കുഴവിക്കും ഭാരമുള്ളതിനാൽ അവ വൃത്തിയാക്കാനും ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു മാറ്റാനും പ്രയാസമായിരുന്നു.

വൈദ്യുതി ഇല്ലെങ്കിൽ പുതിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനാവില്ല എന്നതാണ് പ്രധാന ന്യൂനത.

അടുപ്പും സ്റ്റൗവും

മൂന്നോ നാലോ കല്ലുകൾ അടുക്കിവച്ച് ഉണങ്ങിയ വിറക് കത്തിച്ചായിരുന്നു പണ്ടുകാലത്തെ പാചകം. ഇന്ന് അടുക്കളയിൽ ഗ്യാസ്, ഇൻഡക്ഷൻ സ്റ്റൗവുകൾക്കാണ് സ്ഥാനം

∙ വിറക് അടുപ്പിൽ എത്ര വലിയ പാത്രം വേണമെങ്കിലും ഉപയോഗിക്കാമായിരുന്നു. അതനുസരിച്ച് കല്ല് അടുക്കിയാൽ മതി. വിറകും മറ്റും വീട്ടു വളപ്പിൽ നിന്നു തന്നെ ലഭിക്കും.

വീട്ടമ്മമാർക്കു പുകയും കരിയും കൊണ്ട് പാചകം ചെയ്യേണ്ടിവരില്ല എന്നതാണ് പുതിയ രീതിയുടെ പ്രത്യേകത. മാത്രമല്ല പാചകസമയവും ലാഭിക്കാം. ഗ്യാസ് അടുപ്പിൽ ഒരുവിധം എല്ലാ പാത്രങ്ങളും ഉപയോഗിക്കാമെന്നത് മികച്ച പ്ലസ് പോയിന്റാണ്.

∙ അടുപ്പിൽ നിന്നുള്ള കരിയും പുകയും പാചകക്കാരെയും പാത്രങ്ങളെയും വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ശ്വാസകോശ പ്രശ്നങ്ങളുള്ളവരുടെ കാര്യം ഗുരുതരമാകും. പാത്രങ്ങളാകട്ടെ തീയേറ്റ് കരി നിറഞ്ഞിരിക്കും. വിറക് കിട്ടാൻ പ്രയാസമാണെന്നതും വിറക് അടുപ്പിനെ അകറ്റി നിര്‍ത്തി. വിറകും മറ്റും ലഭിക്കാതെ വരുകയോ വിറകിൽ നനവ് ഉണ്ടെങ്കിലോ പാചകം പ്രയാസമാകുമായിരുന്നു. നോൺ‌സ്റ്റിക് സ്റ്റീൽ പാത്രങ്ങള്‍ അടുപ്പിൽ ചൂട് ക്രമീകരിക്കാനുള്ള സംവിധാനമില്ല. നോൺസ്റ്റിക് പാത്രങ്ങളിൽ കൂടുതൽ ചൂടേൽക്കുന്നത് കോട്ടിങ് നഷ്ടമാകാൻ ഇടയാക്കും.

വിറക് അടുപ്പിൽ പാചകം ചെയ്ത വിഭവത്തിനുള്ള രുചി പുത്തൻ രീതിയിലുള്ള പാചകത്തിനു ലഭിക്കാറില്ലെന്നാണ് പ്രധാന പരാതി. ഇൻഡക്ഷൻ സ്റ്റൗവിൽ എല്ലാ പാത്രങ്ങളും ഉപയോഗിക്കാനും സാധിക്കുകയില്ല. മാത്രമല്ല ഇവയുടെ വൈദ്യുതി ഉപഭോഗം കൂടുതലാണ്. ഗ്യാസ് അടുപ്പും ചെലവുള്ളതാണ്.

മൺപാത്രങ്ങൾ നല്ലത്

പാത്രങ്ങളുടെ ഉപയോഗം മൺപാത്രങ്ങളിൽ നിന്നു വളർന്ന് സ്റ്റീൽ, നോൺസ്റ്റിക് പാത്രങ്ങളിൽ വരെ എത്തി നിൽക്കുകയാണ്.

∙ പണ്ടു കാലത്തെ പാത്രങ്ങൾ നിർമിച്ചത് മണ്ണിൽ നിന്നായിരുന്നു. ഉറുമ്പും മറ്റും കയറാതിരിക്കാൻ സാധനങ്ങൾ മൺപാത്രങ്ങളിലാക്കി ഉറി കെട്ടിയാണ് ഉപയോഗിച്ചിരുന്നത്. തൈര്, മോര്, വെണ്ണ എന്നിവ സൂക്ഷിക്കാനും ഉറി ഉപയോഗിച്ചിരുന്നു. പലവ്യഞ്ജനങ്ങളാകട്ടെ പ്രത്യേകം തയാറാക്കിയ തടികൊണ്ടുള്ള പെട്ടികളിലും. മൺകൂജകളിൽ ധാരാളം ചെറു സുഷിരങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ ചൂടുവെള്ളം ഒഴിച്ചു വച്ചാൽ ഈ സുഷിരങ്ങൾ ചൂടുവായു വലിച്ചെടുത്തു വെള്ളത്തെ തണുപ്പിച്ച് സൂക്ഷിക്കും. ഒരു തരം പ്രകൃതിദത്ത കൂളിങ്. ഭക്ഷണപദാര്‍ഥങ്ങൾ കേടുകൂടാതെ ഇരിക്കാനും മൺപാത്രങ്ങളില്‍ സൂക്ഷിച്ചാൽ മതിയായിരുന്നു. പാത്രങ്ങൾ വൃത്തിയാക്കാൻ അടുപ്പിൽ നിന്നുള്ള ചാരമാണ് ഉപയോഗിച്ചിരുന്നത്. ഇത് പ്രകൃതിദത്തമായ ക്ലീനിങ് ഏജന്റാണ്.

പുത്തൻ നോൺസ്റ്റിക് പാത്രങ്ങൾ വന്നതു കൊണ്ടുള്ള പ്രധാന മേന്മ പാചകത്തിന് എണ്ണയുടെ ഉപയോഗം കുറയാക്കാനായി എന്നതാണ്.

∙ മൺപാത്രങ്ങളുടെ ഭാരക്കൂടുതൽ കാരണം അവ ചൂടായി വരാൻ താമസമെടുക്കും. പാചകത്തിന് കൂടുതൽ സമയവും വേണ്ടിവരും.

ഇന്നത്തെ പാത്രങ്ങൾ എല്ലാം തന്നെ പല ലോഹങ്ങളുടെ സങ്കരമാണ്. ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സ്റ്റീൽ, അലുമിനിയം എന്നിവ കൊണ്ടുള്ള പാത്രങ്ങളിൽ പാചകം ചെയ്താൽ ഈ ലോഹങ്ങൾ ഭക്ഷണത്തിൽ കലരാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ ട്രെൻഡായ നോണ്‍സ്റ്റിക് പാത്രങ്ങളാകട്ടെ ടെഫ്ളോൺ എന്ന കോട്ടിങ് കൊണ്ടുള്ളതാണ്. ഈ കൊട്ടിങ് ഇളകിയാൽ അപകടവുമാണ്. സാധനങ്ങൾ സൂക്ഷിക്കുന്നത് ഗുണമേന്മയുള്ള പ്ലാസ്റ്റിക്കിലല്ലെങ്കിൽ അത് ആരോഗ്യത്തിനു ഹാനീകരമാണ്. പാത്രം കഴിക്കാനുപയോഗിക്കുന്ന സോപ്പിലും മറ്റും രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതിനാൽ പലർക്കും ത്വക്ക് അലർജി ഉണ്ടാകുന്നു.

ഭക്ഷണം സൂക്ഷിക്കാൻ

പണ്ടു കാലത്ത് തലേ ദിവസത്തെ ഭക്ഷണം കഴിക്കുന്ന പതിവ് തന്നെയില്ല. അതുകൊണ്ട് തന്നെ ഭക്ഷണം എങ്ങനെ സൂക്ഷിക്കണമെന്ന വിഷയം ഉദിച്ചിരുന്നില്ല. ഇന്ന് സ്ഥിതി അതല്ല ഫ്രിഡ്ജ് ഇല്ലാത്ത വീടുകള്‍ വിരളമാണ്.

∙ അന്നന്നത്തെ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്നാണ് ഡോക്ടർമാരുൾപ്പെടെയുള്ള വിദഗ്ധർ പറയുന്നത്.

ഉദ്യോഗസ്ഥരായ വീട്ടമ്മമാർക്കു ഫ്രിഡ്ജ് അനുഗ്രഹം തന്നെയാണ്. രാവിലെ തയ്യാറാക്കുന്ന വിഭവങ്ങളും കറികളും മറ്റും തലേ ദിവസം തന്നെ തയാറാക്കി ഫ്രിഡ്ജില്‍ വയ്ക്കുകയും രാവിലെ ചൂടാക്കി മാത്രം എടുക്കുന്നതിലൂടെ സമയം ലാഭിക്കുകയുമാവാം.

∙ പലപ്പോഴും ഫ്രിഡ്ജില്‍ ദിവസങ്ങളോളം ഭക്ഷണം സൂക്ഷിക്കും. കൂടാതെ അവ ചൂടാക്കാതെ ഉപയോഗിക്കുന്നത് ആമാശയപ്രശ്നങ്ങൾക്കു കാരണമാകാം. വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന അനാരോഗ്യകരമായ രീതിയും ഉണ്ട്. വൈദ്യുതി ഉപയോഗവും കൂടുതലാണ്.

ടൂത്ത്പേസ്റ്റും ബ്രഷും

പുരാതന കാലം മുതൽക്കേ പല്ല് വൃത്തിയാക്കാന്‍ വേപ്പ്, മാവ്, പേരയ്ക്ക തുടങ്ങിയ മരങ്ങളുടെ ചെറിയ കമ്പാണ് ഉപയോഗിച്ചിരുന്നത്. നാവ് വടിക്കാൻ ഈർക്കിലിയും. പല്ലിനിടയിലെ അവശിഷ്ടങ്ങൾ കളയാൻ ഉമിക്കരി കൊണ്ടും തേച്ചിരുന്നു. ഇന്ന് ഇവയുടെയെല്ലാം സ്ഥാനത്ത് ടൂത്ത് ബ്രഷും പേസ്റ്റും ടങ് ക്ലീനറുമെല്ലാം വന്നു.

∙ മരങ്ങളുടെ കമ്പിൽ പ്രകൃതിദത്ത ആൽക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. എന്നാൽ ബ്രഷാണ് പ്രായോഗികം. ചില കമ്പനികൾ മരക്കൊമ്പ് തന്നെ ബ്രഷായി വിപണിയിലിറക്കുന്നുമുണ്ട്. ഉമിക്കരിയോടൊപ്പം ഉപ്പും ചിലപ്പോൾ കുരുമുളകും യോജിപ്പിച്ചാണ് ഉപയോഗിച്ചിരുന്നത്. ഉമിക്കരിയിൽ കാർബണുണ്ട്. ആഹാരാവശിഷ്ടങ്ങൾ പല്ലിനിടയിൽ തങ്ങിനിൽക്കുന്നതു കാരണം ഉണ്ടാകുന്ന ദുർഗന്ധമുള്ള വാതകം വലിച്ചെടുക്കാനുള്ള കഴിവ് കാർബണിനുണ്ട്.

∙ ഇന്ന് ഉമിക്കരിക്കു പകരം കിട്ടാൻ എളുപ്പം ടൂത്ത് പേസ്റ്റാണ്.

ഇന്നത്തെ ടൂത്ത് ബ്രഷുകളാകട്ടെ പ്ലാസ്റ്റിക്, ഫൈബർ നാരുകൾ കൊണ്ട് നിർമിച്ചവയാണ്. അതുതന്നെ സോഫ്റ്റ്, മീഡിയം, ഹാർഡ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ബ്രഷായാലും കമ്പായാലും തേക്കുന്ന രീതിക്കാണ് പ്രാധാന്യമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ടൂത്ത് പേസ്റ്റുകളിലെല്ലാം തന്നെ കൃത്രിമ വസ്തുക്കൾ ചേർന്നിട്ടുണ്ട്.

∙ കൊതുകിനെ തുരത്താം

കൊതുകിനെ തുരത്താൻ നമ്മുടെ മുൻതലമുറക്കാർ തേങ്ങയുടെ തൊണ്ടും മറ്റും മൺപാത്രത്തിൽ ഇട്ട് കത്തിക്കും. വീടിന്റെ പുറകുവശത്ത് മുളകും മറ്റും ചേർത്ത് കത്തിക്കും. പിന്നിലെ വാതിൽ അടച്ചിടും. മുൻവശത്ത് കർപ്പൂരവും കുന്തിരിക്കവും കത്തിക്കുകയും വാതിൽ തുറന്നിടുകയും. ഇങ്ങനെ ചെയ്യുന്നതിലൂടെ പിൻവശത്തു നിന്നുള്ള രൂക്ഷ ഗന്ധം തേടി കൊതുകുകൾ പോകും. കുന്തിരിക്കത്തിന്റെയും മറ്റും നല്ല ഗന്ധം വീടിനുള്ളിലേക്ക് കടക്കുകയും ചെയ്യും. ഇന്ന് കൊതുകു തിരികളും ലിക്വിഡുകളുമാണ് രംഗത്തുള്ളത്.

∙ കുന്തിരിക്കം, കർപ്പൂരം എന്നിവയുടെ ഗന്ധം ഹാനികരമല്ല. തൊണ്ടും മറ്റും ലഭിക്കാൻ പ്രയാസമായതിനാൽ കൊതുകുതിരികൾ ഉപകാരപ്പെടുന്നു.

∙ രാസവസ്തുക്കൾ ഉള്ള കൊതുകുതിരികൾ അലർജി, ആസ്മ പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. എന്നാൽ പഴയരീതിയിൽ പുക ധാരാളമായി വമിക്കുന്നതു ശ്വാസതടസ്സം ഉണ്ടാക്കുകയും ചെയ്യും.

സോപ്പും ക്രീമുകളും

മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നത് കസ്തൂരി മഞ്ഞളും രക്തചന്ദനവുമൊക്കെയായിരുന്നു. പയറുപൊടി തേച്ചു കുളിച്ചിരുന്നു. മുടിയിൽ ഇന്നത്തെ ഷാംപൂവിനു പകരം ചെമ്പരത്തി ഇലയോ പൂവോ, കറ്റാർവാഴ കൊണ്ടുള്ള താളിയോ. കോസ്മെറ്റിക് എന്നത് വലിയ വിപണിയായി വളർന്നപ്പോൾ പലതരത്തിലുള്ള സോപ്പുകൾ, ഫെയർനസ് ക്രീമുകൾ, ഷാംപൂകൾ എന്നിവ രംഗത്തുവന്നു. മനുഷ്യരുടെ ചർമപ്രകൃതി വ്യത്യസ്തമാണ്. എന്നാൽ ഈ ഘടകം അടിസ്ഥാനമാക്കിയല്ല സോപ്പ് നിർമിക്കുന്നത്. സോപ്പിനു നിറവും പതയും ലഭിക്കാൻ രാസവസ്തുക്കൾ അവയിൽ ചേർക്കുന്നുണ്ട്. ഷാംപൂവിന്റെയും ഫെയർനസ് ക്രീമുകളുടെയും അവസ്ഥയും ഇതുതന്നെ. ഇവയെല്ലാം തന്നെ ചർമ്മത്തിനു ദോഷകരമാണ്. കൃത്രിമം കലരാത്ത, പ്രകൃതിയിൽ നിന്നുള്ള വസ്തുക്കളായ പയറുപൊടിയും രക്തചന്ദനവും മഞ്ഞളുമെല്ലാം നിർദോഷകരമാണ്. ഇവയുടെ ഗുണം തിരിച്ചറിഞ്ഞതു കൊണ്ടായിരിക്കാം ഇന്ന് പായ്ക്കറ്റ് രൂപത്തിൽ ഈ പൊടികൾ ലഭിക്കുന്നത്.

വിവരങ്ങൾക്കു കടപ്പാട്

ഡോ. വി. മോഹനൻ നായർ

മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഹെൽത് സർവീസസ്, തിരുവനന്തപുരം

പാവയ്ക്ക പ്രമേഹം കുറയ്ക്കുമോ?

പഴങ്ങളിലും പച്ചക്കറികളിലും വച്ച് ഏറ്റവും കയ്പ്പുള്ള ഒന്നാണല്ലോ പാവയ്ക്ക. പരമ്പരാഗതമായി പല അസുഖങ്ങൾക്കും ഒരു പരിഹാരമായി പാവയ്ക്ക ഉപയോഗിക്കുന്നു. ധാരാളം വൈറ്റമിനുകളും മിനറലുകളുമുള്ള പാവയ്ക്കയിൽ കലോറിയും ഫാറ്റും നന്നെ കുറവാണ്.

Nutrition details for bitter Gourd (100 gm)

Energy – 25 kcal
Protein -1.6 gm
Fat - .2gm
Fiber - .8 gm
Carbohydrates – 4.2 gm
Calcium – 20 gmg
Iron - .61 mg
Carotene – 126 meg
Thiamine – 0.07 mg
Riboflavin - .09 mg
Niacin - .5 mg
Vit C – 88 mg
Magnesium – 26 mg
Sodium – 2.4 mg
Potassium – 171 mg
Zinc -.38

രോഗപ്രതിരോധ ശക്തി, കരൾ സംബന്ധിയായ അസുഖങ്ങൾ, രക്തസമ്മർദം തുടങ്ങി പല അസുഖങ്ങൾക്കും പാവയ്ക്ക ഒരു പരിഹാരമാർഗം എന്ന നിലയിൽ കാണുന്നുണ്ട്. എങ്കിലും പ്രമേഹരോഗികൾക്കിടയിലാണ് ഇവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചുവരുന്നത്.

പാവയ്ക്കയ്ക്ക് പ്രമേഹത്തെ കുറയ്ക്കാൻ പറ്റുമോ എന്നത് വർഷങ്ങളായി ഉള്ള ചോദ്യമാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പഠനങ്ങളും വരുന്നുണ്ട്. പാവയ്ക്കയിൽ അടങ്ങിയിരിക്കുന്ന Vicine, Charantin, Poly peptide എന്നീ ഘടകങ്ങളാണ് രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാൻ സഹായിക്കുന്നത് എന്നും ഒരു പഠനത്തിൽ പറയുന്നു. ഇവയുടെ ഒരുമിച്ചുള്ള പ്രവർത്തനം രക്തത്തിലേക്ക് പഞ്ചസാര വരുന്നതു നിയന്ത്രിക്കാനും രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും എന്നു പറയുന്നു. മറ്റൊരു പഠനത്തിൽ പാവയ്ക്കായിലുള്ള ഒരു Lactin രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാൻ സഹായിക്കും എന്നു പറയുന്നു. 2011ൽ 4 ആഴ്ച തുടർച്ചയായി നടന്ന പഠനത്തിൽ പാവയ്ക്കയുടെ ഉപയോഗ ശേഷം പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാര കുറയുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു.‌

എന്നാൽ പാവയ്ക്കയുടെ ഉപയോഗ ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറ്റമില്ലാതെ തുടരുന്നു എന്നു കാണിക്കുന്ന പഠനങ്ങളും ഉണ്ട്. ഇവയ്ക്ക് ഉദാഹരണമാണ് ഇന്ത്യയിൽ തന്നെ നടന്ന രണ്ടുപഠനങ്ങൾ. ഇവയിൽ പാവയ്ക്കയുടെ ഉപയോഗ ശേഷവും രക്തത്തിലെ പഞ്ചസാരയുടെ നിലയ്ക്ക് കാര്യമായ മാറ്റം ഉണ്ടാകുന്നില്ല എന്നു പറയുന്നു. പാവയ്ക്ക നീരിന് പാവയ്ക്കയെക്കാൾ ഗുണമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. ചില പഠനങ്ങളിൽ പാവയ്ക്കാ നീരിന്റെ ദോഷവശങ്ങളെക്കുറിച്ചും പറയുന്നു. ഗർഭാവസ്ഥയിൽ പാവയ്ക്ക നീരു ചിലരിൽ ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നതായി കണ്ടുവരുന്നു. അതിനാൽതന്നെ ഗർഭിണിയായ പ്രമേഹരോഗികൾ പാവയ്ക്കാ നീര് ഒഴിവാക്കുന്നതാണ് ഉത്തമം.

ഇന്ത്യയിലും ലോകത്തിന്റെ പല കോണിലുമായി പാവയ്ക്കയെയും പ്രമേഹത്തെയും കുറിച്ചുള്ള പല പഠനങ്ങളും നടന്നു വരുന്നു. പ്രമേഹം ശരിയായ ചികിത്സയും ഭക്ഷണ ക്രമീകരണവും വ്യായാമവും കൊണ്ടുമാത്രം നിയന്ത്രണ വിധേയമാകുന്ന ഒന്നാണ്. പ്രമേഹരോഗികൾക്ക് അവരുടെ ഭക്ഷണത്തില്‍ ഉൾപ്പെടുത്താവുന്ന ഒന്നാണ് പാവയ്ക്ക. എന്നാൽ പാവയ്ക്കായോ പാവയ്ക്കാ നീരോ കൊണ്ടു മാത്രം പ്രമേഹത്തെ നിയന്ത്രിക്കാം എന്നുള്ളതിന് മതിയായ തെളിവുകളില്ല. കിഡ്നി സംബന്ധമായ രോഗമുള്ളവർ ഡോക്ടറുടെയോ ഡയറ്റീഷന്റെയോ നിർദേശ പ്രകാരമേ പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താവു.

അമിതമായാൽ തേനും ആപത്താണേ...

തേനിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. ഭക്ഷണത്തിനൊപ്പം മരുന്നായും തേൻ ഉപയോഗിക്കുന്നു. എന്നാൽ ഏറെ സുരക്ഷിതമെന്നു കരുതിയിരുന്ന തേനും അമിതമായായൽ ശരീരത്തിനു ദോഷം ചെയ്യുമെന്ന് ഒരു പഠനം പറയുന്നു. കൂടിയ അളവിൽ തേൻ, പഴച്ചാറുകൾ, കോൺസിറപ്പ് എന്നിവ കഴിക്കുന്നത് കരളിനെ നശിപ്പിക്കുമത്രേ.

ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നീ രണ്ടിനം പഞ്ചസാരകളാണ് പഠനത്തിനുപയോഗിച്ചത്. ഗ്ലൂക്കോസ് ഗ്രൂപ്പിനെ അപേക്ഷിച്ച് ശരീരഭാരം കൂടി എന്നു മാത്രമല്ല ഹൃദയരോഗങ്ങളുടെയും കരൾനാശത്തിന്റെ സൂചനയും ഫ്രക്ടോസ് ഗ്രൂപ്പ് കാണിച്ചു. ഫ്രക്ടോസ് ഷുഗർ ഹൃദ്രോഗം, പ്രമേഹം, മറ്റു ഗുരുതര രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയെ കൂട്ടുന്നുവെന്നും പഠനത്തിൽ തെളിഞ്ഞു.

രണ്ടിനം പഞ്ചസാരയുടെയും ഉപയോഗം ഉപാപചയപ്രവർത്തനങ്ങളെയും ഹൃദയപ്രവർത്തനങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്നും പരിശോധിച്ചു. പെണ്ണെലികളിലാണ് പഠനം നടത്തിയത്. ഖരരൂപത്തിലുള്ള സാധാരണ ഭക്ഷണത്തിനു പുറമേ ദ്രാവകരൂപത്തിലുള്ള ഗ്ലൂക്കോസും ഫ്രക്ടോസും ഇവയ്ക്കു നൽകി. അന്നജം വിഘടിച്ചശേഷം ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരുതരം പഞ്ചസാരയാണ് ഗ്ലൂക്കോസ്. തേനിലും പഴങ്ങളിലും പഴച്ചാറുകളിലും കാണുന്ന പഞ്ചസാരയാണ് ഫ്രക്ടോസ്.

എട്ടാഴ്ചക്കാലം എലികൾക്ക് മധുരം നൽകി. ഇത് ആറുവർഷം ഒരു മനുഷ്യൻ കഴിക്കുന്ന മധുരത്തിനു തുല്യമായിരുന്നു. ഭക്ഷണത്തിനു പുറമേ വെള്ളം മാത്രം കൊടുത്ത കൺട്രോൾ ഗ്രൂപ്പിലെ എലികളെയും പഞ്ചസാര നൽകിയ എലികളെയും താരതമ്യം ചെയ്തു. കൺട്രോൾ ഗ്രൂപ്പിനെ അപേക്ഷിച്ച് പഞ്ചസാര കഴിച്ച ഗ്രൂപ്പുകൾ കൂടുതൽ കലോറി അകത്താക്കിയതായി കണ്ടു. ഗ്ലൂക്കോസ് കഴിപ്പിച്ച എലികളുടെ കലോറി ഇൻടേക്ക് ഫ്രക്ടോസ് ഗ്രൂപ്പിനെക്കാൾ അധികമായിരുന്നു.

എന്നാൽ ഫ്രക്ടോസ് ഗ്രൂപ്പിനു മാത്രമാണ് ശരീരഭാരം കൂടിയത് എന്നതാണ് രസകരമായ വസ്തുത. ഫ്രക്ടോസ് ഗ്രൂപ്പിലെ എലികളുടെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടി, കരളിന്റെ ഭാരം കൂടി, കരളിന് കൊഴുപ്പിനെ നശിപ്പിക്കാനുള്ള കഴിവ് കുറഞ്ഞു. കൂടാതെ രക്തസമ്മർദത്തെ ബാധിക്കുന്ന അയോർട്ടയുടെ പ്രവർത്തനത്തെയും ബാധിച്ചതായി കണ്ടു.

മധുരത്തിന്റെ പ്രത്യേകിച്ച് ഫ്രക്ടോസ് ഷുഗർ അടങ്ങിയ തേൻ, പഴച്ചാറുകൾ എന്നിവയുടെ അമിതോപയോഗം ശരീരഭാരം കൂട്ടുന്നതോടൊപ്പം ഹൃദ്രോഗം, കരൾരോഗം എന്നിവയ്ക്കുള്ള സാധ്യതയും കൂട്ടുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

വണ്ണം കുറയ്ക്കാൻ ഹിപ്നോസിസ്

അമിത വണ്ണവും പൊണ്ണത്തടിയും കുറയ്ക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്? പരസ്യമായും രഹസ്യമായും പലതവണ ശ്രമിച്ച് പരാജയപ്പെട്ടവരാണ് അമിതവണ്ണമുള്ളവരിൽ മിക്കവരും. കഠിനശ്രമങ്ങൾ നടത്തി ഭാരംകുറച്ചാലും സാധാരണ ഭക്ഷണം, ജീവിതരീതിയിലേക്കു തിരിച്ചു വരുമ്പോൾ പോയതിനേക്കാൾ വേഗം വണ്ണം തിരിച്ചു വരുന്നതും കാണാം. അതിനൊക്കെപരിഹാരമായ ഒരു കുറുക്കുവഴ‍ിയാണ് വെയ്റ്റ്‍ലോസ് ഹിപ്നോസിസ്.

വണ്ണം എന്തുകൊണ്ടുകൂടുന്നുവെന്നതിനു സാർവലൗകികമായ ഉത്തരമുണ്ട്. ശരീരത്തിലേക്ക് ഭക്ഷണ രൂപത്തിലെത്തുന്ന ഊർജത്തിന്റെ അളവിനേക്കാൾ കുറവാണ് ശരീരം ചെലവാക്കുന്നതെങ്ക‍ിൽ, വണ്ണം കൂടും.

കുറയ്ക്കാനുള്ള വഴിയെന്താണ്? ശരീരത്തിലെത്തുന്ന ഊർജത്തേക്കാൾ കൂടുതൽ ഊർജം ശരീരം ചെലവഴിക്കുക. ഇതു മാത്രമാണ് മാർഗം. ഇതിനു രണ്ടുവഴികളേയുള്ളൂ. ശരീരത്തെ കൂടുതൽ പ്രവർത്തിച്ച് (അധ്വാനം, വ്യായാമം) ഊർജം കൂടുതൽ ചെലവാക്കുക. മറ്റൊന്ന് ഉള്ളിലെത്തുന്ന ഊർജം കുറയ്ക്കുക. ഹോർമോൺ തകരാറുമൂലം വണ്ണം കൂടുന്ന കുറച്ചു പേരുടെ കാര്യമൊഴിച്ചാൽ ഇതു തന്നെയാണ് 95 ശതമാനം പേർക്കും വണ്ണം കുറയ്ക്കാനുള്ള മാർഗം. പക്ഷേ പ്രശ്നം അവിടെ തുടങ്ങുകയാണ്.

ഭക്ഷണത്തിലെ കൊഴുപ്പും മധുരവും കുറച്ചാൽ ഊർജം കുറയ്ക്കാം. പതിവായി നിശ്ചിതസമയം നടത്തം, ജോഗിങ് തുടങ്ങി മറ്റു വ‍്യായാമങ്ങളിൽ ഏർപ്പെടുകയും വേണം. ഇതൊക്കെ പറയുന്നത്ര എളുപ്പമല്ലെന്നാകും നിങ്ങൾ ആലോചിക്കുന്നത്. ശരിയാണ് എളുപ്പമല്ല, പക്ഷേ അവ എളുപ്പമാക്കുക മാത്രമല്ല ഭാരം കുറയ്ക്കാനും കുറച്ച ഭാരം പിന്നെ കൂടാതിരിക്കാനും ആവശ്യമായ ഒരു ലളിത വിദ്യയാണ് ഹിപ്നോസിസ‍ിലൂടെ ഭാരം കുറയ്ക്കൽ രീതി.

വെയ്റ്റ്ലോസ് ഹിപ്നോസിസ്

ജീവിതത്തിന്റെ വിവിധമേഖലകളിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു ടൂൾ ആണ് ഹിപ്നോസിസ് അഥവാ ഹിപ്നോട്ടിസം എന്ന മോഹനിദ്ര. അമിതവണ്ണം കുറയ്ക്കുന്നതിൽ ലോകത്ത് ലക്ഷണക്കണക്കിനു പേർ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്ത മാർഗമാണു വെയ്റ്റ‍്‍ലോസ് ഹിപ്നോസിസ്. പ്രഫഷനലായ ഒരു ഹിപിനോട്ടിസ്റ്റിന്റെ സഹായത്തോടെ ചെയ്യാവുന്ന ഈ പ്രക്രിയ സെൽഫ് ഹിപ്നോസിസ് ആയി സ്വയം ചെയ്യാം. നിങ്ങൾക്കുതന്നെ സ്വയം നിർദേശങ്ങളിലൂടെ (സജഷൻസ് നൽകി) വണ്ണം കുറയ്ക്കാനുള്ള ഒരു പാക്കേജ് ആയി അവതരിപ്പിക്കുകയാണിവിടെ. വണ്ണം കുറയ്ക്കാനുള്ള മറ്റു മാർഗങ്ങളെല്ലാം പരാജയപ്പെ‌ട്ടു പോയവർക്കുപോലും ഫലപ്രദമായി പ്രയോഗ‍ിച്ചു വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ മാർഗത്തിന്റെ പ്രത്യേകത.

കുറച്ചു സമയത്തേക്കു പുറത്തുനിന്നുള്ള പ്രതികരണങ്ങൾ ബോധമനസ്സിലേക്കു കടന്നുവരാതെ സൂക്ഷിക്കുകയും ഈ സമയം മറ്റൊരാളിൽനിന്നോ സ്വയം നൽകുന്നതോ ആയ നിർദേശങ്ങൾ (സജഷൻസ്) സ്വീകരിക്കുകയും ചെയ്യുന്ന മാനസിക അവസ്ഥയാണു ഹിപ്നോസ്സ് എന്നു പറയാം. ബോധമനസ്സിനെ അൽപനേരത്തേക്കു നിരുത്സാഹപ്പെടുത്തുകയും ഈ സമയം സബ്കോൺഷ്യസ് മൈൻഡ് എന്ന ഉപബോധമനസ്സിനോടു സംവദിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന രീതിയാണിത്. ഇതു സ്വയം ചെയ്യുന്ന പ്രക്രിയയാണു സെൽഫ് ഹിപ്നോസിസ്. വെയ്റ്റ്‍ലോസ് ഹിപ്നോസിസ് സെൽഫ് ഹിപ്നോസിസ് ആയി ചെയ്യുന്നതെങ്ങനെയാണ് ഘട്ടം ഘട്ടമായി മനസ്സിലാക്കാം.

ഘട്ടം 1. സ്വസ്ഥമായി ഇരിക്കാം, സെൽഫ് ഹിപ്നോസിസിനായി തയാറെടുക്കാം

യാതൊരു ഇടപെടലുമില്ലാത്ത അര മണിക്കൂർ സമയമാണ് ആദ്യം കണ്ടെത്തേണ്ടത്. ഫോണും ടിവിയും സുഹൃത്തുക്കളും മറ്റാരും ശല്യം ചെയ്യാത്ത സ്ഥലം. വീട്ടിൽത്തന്നെ കണ്ടെത്തുന്നതാകും ഉചിതം. 
∙ മുറുകിയ വസ്ത്രങ്ങൾ അയച്ചിടുക. പാദരക്ഷകൾ മാറ്റിവയ്ക്കുക. മൊബൈൽ ഫോൺ മാറ്റിവയ്ക്കുക. അതു നിശ്ശബ്ദമാക്കാൻ മറക്കരുത്. 
∙ ഇരിക്കുകയോ കിടക്കുകയോ ചെയ്യാം. കിടക്കുകയാണെങ്കിൽ നീണ്ടു നിവർന്നു മലർന്നു കിടക്കണം. തലയിണയിൽ തല സുഖപ്രദമായിട്ടിരിക്കണം. ഉറങ്ങിപ്പോകാൻ സാധ്യതയുള്ളവർ ഇരുന്നു ചെയ്യുന്നതാണ് നല്ലത്. 
∙ സ്വസ്ഥമായിരിക്കുക. പാദങ്ങൾ തറയിൽ ഷോൾഡർ അകലത്തിൽ അകറ്റിവയ്ക്കുക. കൈകൾ മടിയിൽ വയ്ക്കാം. ഇത്രയുമായാൽ അടുത്ത ഘട്ടത്തിലേക്കു കടക്കാം.

ഘട്ടം 2. നിർദേശങ്ങൾ (സജഷൻസ്) തയാറാക്കാം

ഇവിടെ ചില കാര്യങ്ങൾ മനസ്സിനോട് നിർദേശിക്കാനുണ്ട് അത് ഭാവനയിലൂടെ ചെയ്യാം. എന്തുതരം മാറ്റങ്ങളാണു വേണ്ടത്, എന്തൊക്കെയാണു ഭാവനയിൽ കാണേണ്ടത് എന്ന് ആലോചിക്കാം. ശരിക്കും നമ്മൾ നമ്മളെ എങ്ങനെ കാണാനാണ് ആഗ്രഹിക്കുന്നത്? ആ രൂപത്തെ മനസ്സിൽ കുറിച്ചിടുക.

∙ വയറില്ലാതെ നല്ല ഒതുങ്ങിയ അരക്കെട്ട്
∙ കൂടുതൽ ആരോഗ്യവാൻ
∙ നല്ല ചുറുചുറുക്ക്
∙ കൂടുതൽ ചെറുപ്പം
∙ ഉറച്ച ശരീരം

ഇങ്ങനെ നിങ്ങളുടെ ശരീരത്തിൽ എന്തു മാറ്റങ്ങളാണോ ആഗ്രഹിക്കുന്നത് അതൊക്കെ മനസ്സിൽ കുറിച്ചിടുക.

ഇനി വണ്ണം കുറയ്ക്കുന്നതിൽ തടസ്സമായി മാറുന്ന കാര്യങ്ങൾ എ‍ന്തൊക്കെയെന്ന് ആലോചിക്കുക. അതിനുശേഷം അവയ്ക്കു പകരം മനസ്സിലുറയ്ക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്നു മനസ്സിൽ തിട്ടപ്പെടുത്തുക.

∙ ദിവസവും വ്യായാമം ചെയ്യാൻ മടിക്കില്ല. 
∙ എനിക്ക് ആവശ്യമുള്ള ഭക്ഷണമേ കഴിക്കൂ. 
∙ ഭക്ഷണത്തിൽ ഞാൻ സംതൃപ്തനാണ്. 
∙ മധുരം കുറഞ്ഞ ഭക്ഷണം നല്ലത്.
∙ പച്ചക്കറികൾ കൂടുതൽ കഴിക്കും 
∙ വേണ്ടത്ര വെള്ളം കുടിക്ക‍ും
∙ ഇടവേള സ്നാക്കുകൾ വേണ്ട
∙ വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കും
∙ വയറു നിറഞ്ഞാൽ കഴിക്കുന്നതു നിർത്തും
∙ അരവയർ ഭക്ഷണത്തിൽ തൃപ്തനാകും
∙ കഴിക്കുന്ന ഭക്ഷണമെല്ലാം രുചികരമാണ്
∙ നിർബന്ധിച്ചാലും ആവശ്യത്തിനേ കഴിക്ക‍ൂ

ഇങ്ങനെ നിങ്ങൾക്കു യോജിച്ച കാര്യങ്ങൾ മനസ്സിൽ തയാറാക്കുക. ശരീ‍രത്തെക്കുറിച്ചുള്ള പ്രതീക്ഷയും ഭാവനയും ആഗ്രഹിക്കുന്ന ശീലങ്ങളും മനസ്സിൽ തയാറായി കഴിഞ്ഞാൽ ഹിപ്നോസിസിലേക്കു കടക്കാം. ഇവിടെ പറഞ്ഞ കാര്യങ്ങളെല്ലാം സ്വയം ഉപയോഗിക്കാനുള്ളതാണ്.

ഘട്ടം 3. ശ്വസനത്തിൽ ശ്രദ്ധിക്കാം

കണ്ണുകളടച്ചു സാവധാനം ദീർഘമായി ശ്വസിക്കുക. രണ്ടു നിമിഷം ശ്വ‍ാസം ഉള്ളിൽ നിർത്തി പുറത്തേക്കു വിടുക. ശ്വാസം എടുക്കുമ്പോൾ വയർ പുറത്തേക്കു തള്ളുന്നതും ശ്വാസംവിടുമ്പോൾ വയർ താഴുന്നതും ശ്രദ്ധിക്കുക. (പകരംനെഞ്ചാണു വികസിക്കുന്നതെങ്കിൽ ശ്വസന രീതി തെറ്റാണ്). വീണ്ടും ദീർഘമായി ശ്വസിക്കുക. രണ്ടു സെക്കൻഡ് നിർത്തുക. സാവധാനം പുറത്തേക്കു വിടുക. ശ്രദ്ധ ശ്വസനത്തിൽ കേന്ദ്രീകരിക്കുക. ഇങ്ങനെ മൂന്നു നാലു ദീർഘനിശ്വാസം കഴിഞ്ഞാൽ, ശ്വസനം സാധാരണമട്ടിലാക്കുക.

തുടർന്ന് ശ്വസനഗതി സാധാരണമട്ടിൽ തുടർന്നുകൊണ്ട് ശ്വസനപ്രക്രിയ നിരീക്ഷിക്കുക. ശ്വാസനിശ്വാസങ്ങളുടെ ശബ്ദം കേൾക്കാൻ ശ്രമിക്കുക. ഉള്ളിലേക്കു പോകുന്നതു വളരെ ശുദ്ധമായ വായുവാണെന്നു വിചാരിക്കുക. പുറത്തേക്കു വിടുന്ന നിശ്വാസവായുവിനൊപ്പം നിങ്ങളുടെ ടെൻഷനുകളും ഉത്കണ്ഠകളും നെഗറ്റീവ് വിചാരങ്ങളും എല്ലാം പുറത്തു പോകുന്നതായി സങ്കൽപിക്കാം. വായു ഉള്ളിലേക്കു കയറുമ്പോൾ മൂക്കിന്റെ അഗ്രത്ത് ചെറിയൊരു തണുപ്പും പുറത്തേക്കു പോകുമ്പോൾ നേരിയ ചൂടും അനുഭവിച്ചറിയുക. ഒാരോ ശ്വാസമെടുക്കുമ്പോഴും നിങ്ങളുടെ ശരീരത്തിലേക്ക് ഊർജവും റില‍ാക്സേഷനും വായുവിനൊപ്പം പ്രവേശിക്കുന്നതായി കരുതുക. പുറത്തേക്കുള്ള വായുവിലൂടെ പോകുന്ന പിരിമുറുക്കങ്ങളും അസ്വസ്ഥതകളും നി‍ങ്ങളെ കൂട‍ുതൽ വി‍ശ്രാന്തി (റില‍ാക്സ്ഡ്) യിലേക്കു നയിക്കും മനസ്സിലേക്കു വരുന്ന മറ്റു ചിന്തകളെ പ്ര‍തിരോധിക്കാൻ ശ്രമിക്കേണ്ട, വെറുതേ നിരീക്ഷിക്കുക. ശ്വസനത്തിലേക്കു ശ്രദ്ധതിരിച്ചു കൊണ്ടുവരിക. വിശ്രാന്തി അനുഭവപ്പെട്ടു തുടങ്ങും.

ഘട്ടം 4. ശരീരം പൂർണമായി റിലാക്സ് ചെയ്യാം

കണ്ണടച്ചിരുന്നുകൊണ്ട് നിങ്ങൾക്ക് ശ്വാസനത്തിൽ നിന്നു ശ്രദ്ധ മാറ്റാം. ഇനി കാൽപാദങ്ങളെ മനസ്സിൽ കാണുക. വിരലുകളോടും പാദങ്ങളോടും റ‍ിലാക്സാവ‍ാൻ മനസ്സുകൊണ്ടു നിർദേശിക്കൂ. പാദങ്ങളിൽ നൽകിയിരിക്കുന്ന മുഴുവൻ ബലവും പിൻവലിക്കുക. വെറുതെ പാദങ്ങൾ ഇരിക്കുന്നതു ഫീൽ ചെയ്യുക. തുടർന്നു കാലുകൾ, വയർ, നെഞ്ച്, ചുമലുകൾ, കൈകൾ, കഴുത്ത് ഒാരോന്നായി ഭാവനയിൽ കണ്ട് വിശ്രാന്തിയിലേക്കു നയിക്കുക. ഒാരോ ഭാഗത്തും ഏതെങ്കിലും വിധത്തിൽ ബലമോ സമ്മർദമോ നൽകിയിട്ടുണ്ടെങ്കിൽ അവ നീക്കുക. തുടർന്ന് താടിയെല്ലുകൾ റിലാക്സ് ആവുക.

ഇത്രയും ആയിക്കഴിഞ്ഞാൽ നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും നി‍ങ്ങൾ മോഹനിദ്രയുടെ നിലയിലേക്കു കടന്നു കഴിഞ്ഞു. ബോധമനസ്സിന്റെ നിർദേശങ്ങൾ സ്വീകരിക്കാൻ ഉപബോധമനസ്സു തയാറായിക്കഴിഞ്ഞു.

ഘട്ടം 5. ഹിപ്നോസിസിന്റെ പടികൾ കയറാം

ഇനി പൂർണ ഹിപ്നോട്ടിക് അവസ്ഥയിലേക്കു നിങ്ങൾ പോകുകയാണ്. സ്വയം നിർദേശങ്ങൾ (ബോധമനസ്സ്) നൽകുകയും അവ സ്വയം സ്വീകരിക്കുകയും (ഉപബോധമനസ്സ്) ചെയ്യുന്ന സ്വയം മോഹനിദ്ര (സെൽഫ്ഹിപ്നോസിസ്‌‌‌‌‌‌‌‌‌‌‌‌‌‌‌) യാണിത്. അതിനാൽ സാധാരണ ഹിപ്നോ‌ട്ടിക് നിദ്രയിൽ ബോധമനസ്സ് മയങ്ങുന്ന അത്രയും ആഴത്തിൽ ഇവിടെ എത്തേണ്ടതില്ല. പാതിമയങ്ങ‍ിയ ബോധമനസ്സുകൊണ്ട് ഉപബോധമനസ്സിനുള്ള നിർദേശങ്ങൾ നൽകാം. അതിന‍ായി ബോധപൂർവമായ ഒരു സ്വിച്ചിങ് നടത്തണം. പത്തു മുതൽ ഒന്നുവരെ മനസ്സിൽ എണ്ണുക 10.....9....8.... ഒാരോ സംഖ്യ മനസ്സിൽ പറയുമ്പോഴും റ‍ിലാക്സേഷന്റെ ആഴത്തിലേക്കുള്ള ഒാരോ പടി ഇറങ്ങുകയാണെന്നു കരുതുക. 3....2....1. അതെ, ഇപ്പോൾ ഈ ഹിപ്നോട്ടിക് നിദ്രയിൽ... യു ആർ റെഡി.

നമ്മുടെ ഭാവനാശേഷി പ്രായോഗിക്കേണ്ടത് ഇനിയാണ്. ഇവിടെയാണ്. നി‍ങ്ങളുടെ ശരീരം ഏതൊക്കെ തരത്തിലാകണമെന്നാണോ രണ്ട‍ാം ഘട്ടത്തിൽ തീരുമാനമെടുത്തത് ആ രൂപത്തിൽ ഭാവനയിൽ കാണുക.

വയർ തീരെ കുറഞ്ഞ്, നന്നായി മെലിഞ്ഞ്, കൂടുതൽ സൗന്ദര്യത്തോടെ ആരോഗ്യത്തോടെ, ച‍ുറു ചുറുക്കോടെ, ഊർജത്തോടെ നിൽക്കുന്ന നിങ്ങളെ കാണുക. ആ അവസ്ഥയിലെത്തുമ്പോൾ നിങ്ങളുടെ മനസ്സ് അനുഭവിക്കുന്ന സന്തോഷം ഈ നിമിഷം അനുഭവിച്ചറിയാൻ ശ്രമിക്കുക. സുഹൃത്തുക്കൾ അഭിനന്ദിക്കുന്നതും സുന്ദരികളോ സുന്ദരന്മാരോ നിങ്ങളെ ശ്രദ്ധിക്കുന്നതും ആകൃഷ്ടരാകുന്നതുമൊക്കെ ഭാവനയിൽ കാണാം. സങ്കൽപങ്ങൾക്കും ഭാവനയ്ക്കും പരിധിയില്ല. ആ അവസ്ഥയിലെത്തുമ്പോഴുള്ള മനസ്സിന്റെ സന്തോഷം ഇപ്പോൾ അനുഭവിക്കുന്നതായി കരുതണം.

ഘട്ടം 6. ഭാവനയും നിർദേശങ്ങളും പ്രയോഗിക്കാം

ഈ ഘട്ടം ആവശ്യമുള്ള സമയമെടുത്തു പൂർത്തിയാക്കി കഴിഞ്ഞാൽ ഘട്ടം രണ്ടിൽ തയാറാക്കി വച്ചിര‍‍ിക്കുന്ന നിർദേശങ്ങളിലേക്കു കടക്കാം. നി‍ങ്ങൾ ഉപബോധമനസ്സിന് ആ നിർദേശങ്ങൾ ഒന്നൊന്നായി കൊടുക്കുക.

∙ കൊഴുപ്പു കുറഞ്ഞ ഭക്ഷണമാണു നല്ലത്
∙ പഴങ്ങളും പച്ചക്കറികളും നല്ലത്
∙ വേണ്ടത്ര വെള്ളം കുടിക്കണം
∙ കുറച്ചു മധുരം കൊണ്ടുതന്നെ തൃപ്തനാകും
∙ വ്യായാമം സുഖകരമായ കാര്യമാണ്. അതു ദിവസവും ചെയ്യും.

ഇങ്ങനെ നിങ്ങൾ എന്തൊക്കെ മാറ്റമാണോ വരുത്താൻ ആഗ്രഹിക്കുന്നത് അവ നിർദേശമായി നൽകുക. ആവർത്തിച്ചു മനസ്സിൽ നിർദേശിക്കുക. എന്ത‍ാ ഈ ഉപബോധമനസ്സ്, അത് എവിടെ എന്നൊന്നും അന്വേഷിച്ചു നടക്കേണ്ട... നിങ്ങൾ നിങ്ങളോടു നടത്തുന്ന നിർദേശമാണ്. അതും പ്രയാസമെന്നു കരുതുന്ന അപൂർവ ചിലരുണ്ടാകും. അങ്ങനെയുള്ളവർ നിങ്ങളുടെ സ്വന്തം രൂപം ഭാവനയിൽ കണ്ടി‌ട്ട്. ആ രൂപത്തോട് നിർദേശിക്കുക.

ഒരു നിർദേശം പല തവണ ആവർത്തിക്കാം. ശക്തമായ ആജ്ഞാപദങ്ങളും ഉപയോഗിക്കാം. അമിതമ‍ായി ചോക്ലേറ്റ് കഴിക്കുന്ന ഒരാൾക്ക്, അത് അമിതവണ്ണത്തിന്റെ കാരണമാണ്. അയാൾക്ക്... ചോക്ലേറ്റ്, എനിക്കിഷ്ടമില്ല, ചോക്ലേറ്റിന് അരുചിയാണ്, ചോക്ലേറ്റ് കഴിക്കരുത് ഇങ്ങനെയുള്ള ചെറു വാക്യങ്ങൾ സജഷനായി നിർദേശിക്കാം.

അമിത വേഗത്തിൽ ഭക്ഷണം കഴിക്കുന്നവർക്ക് അമിതവണ്ണം ഉണ്ടാകും. അ‍ങ്ങനെയുള്ളൊരാൾ എന്തു നിർദേശം നൽകണം? ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കണം നന്നായി ആസ്വദിച്ചു കഴിക്കണം തുടങ്ങിയ നിർദേശങ്ങൾ നൽകാം.

ഘട്ടം 7. ഉണരാം, തിരിച്ചുവരാം..

നിർദേശങ്ങളെല്ലാം കൊടുത്ത് ആറാം ഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞാൽ സെൽഫ് ഹിപ്നോസിസിൽനിന്നു മടങ്ങിവരാം. അതിനായി വീണ്ടും ശ്വാസഗതിയിൽ ശ്രദ്ധിക്കാം. ശ്വസന ശബ്ദം കേൾക്കാം. ക്രമേണ ശരീരത്തിലെ അവയവങ്ങളിൽ ശ്രദ്ധിക്കാം. എവിടെ ഇരിക്കുന്നു എന്നു ചിന്തിക്കാം. കൈകാലുകൾ അവയുടെ സ്ഥാനം ശ്രദ്ധിക്കാം1...2...3... എന്നു മനസ്സിൽ എണ്ണി സാവാധാനം കണ്ണുകൾ തുറക്കാം.

നവോൻമേഷം നിറഞ്ഞ മനോഹരമായ അനുഭവം ഈ സമയം നിങ്ങൾക്ക് അനുഭവിച്ചറിയാനാകും. വണ്ണം കുറയുമെന്ന ആത്മവിശ്വാസം നിങ്ങളിൽ ഉറച്ചു കഴിഞ്ഞിരിക്കുന്നു. അനായാസം അതു സാധ്യമാകുമെന്നു നിങ്ങൾ ഉറച്ചു വ‍ിശ്വസിക്കുകയാണിപ്പോൾ.

എപ്പോഴൊക്കെ ചെയ്യണം?

ദിവസം ഒരു നേരം വീതം ആദ്യ ആഴ്ച എല്ലാ ദിവസവും ഈ സെൽഫ് ഹിപ്നോസിസ് ചെയ്യണം. തുടർന്നുള്ള രണ്ടാഴ്ച ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്താലും മതി. ഈ മൂന്നാഴ്ചയും (21 ദിവസം) എല്ലാ ദിവസവും ചെയ്യാൻ കഴിയുന്നവർ അതു ചെയ്യട്ടെ.. തുടർന്ന് ആഴ്ചയിലൊരിക്കൽ ചെയ്താലും മതി. അദ്ഭുതകരമായ ഫലമായിരിക്കും നിങ്ങളെ കാത്തിരിക്കുക. നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ ഭക്ഷണക്കൊതിയും അമി‍ത വിശപ്പുമൊക്കെ വിട്ടൊഴിഞ്ഞിരിക്കും. നിങ്ങൾ മനസ്സിൽ കണ്ട രൂപത്തിലേക്കു ശരീരം എത്തുന്നതും മനസ്സിൽ കുടിയേറിയ വർധിച്ച ആത്മവിശ്വാസവും അനുഭവിച്ചറിയാം. വണ്ണം കുറയ്ക്കൽ പദ്ധതിയിലെ ഒരു മാജിക് ടൂളാണ് വെയിറ്റ്‍ലോസ് ഹിപ‍്നോസിസ്.

ആഗ്രഹം, വിശ്വാസം

വെയ്റ്റ് ലോസ് ഹിപ്നോസിസ് എന്ന സെൽഫ് ഹിപ്നോസിസ് നടപ്പിലാക്കും മുൻപ് രണ്ടു കാര്യങ്ങൾ ഉറപ്പാക്കണം. അതിനുശേഷമേ ഇതു വിജയകരമായി ചെയ്യാനും വിജയിപ്പിക്കാനും കഴിയ‍ൂ. ∙ ഒന്ന് ആഗ്രഹം ∙ രണ്ട് വി‍ശ്വാസം ആഗ്രഹം എന്നൽ വണ്ണം കുറയ്ക്കാനുള്ള തീവ്രമായ ആഗ്രഹം. വിശ‍്വാസമെന്നാൽ വെയ്റ്റ്‍ലോസ് ഹിപ്നോസിസ് ഫലപ്രദമാകുമെന്ന വിശ്വാസം സ്വയം ഹിപ്നോസിസ് ചെയ്യാൻ കഴിയുമെന്ന വിശ്വാസം. സംശയത്തോടെയല്ല 100 ശതമാനം വിശ്വാസത്തോടെയാണ് ഇതിനെ സമീപിക്കേണ്ടത്. അങ്ങനെ ചെയ്താൽ വിജയം ഉറപ്പാണ്.

പ്രമേഹത്തിന് 6 വ്യായാമപരിഹാരങ്ങൾ

പ്രമേഹ രോഗികളിൽ അഞ്ചെട്ടു വർഷം കഴിയുമ്പോൾ (ചിലർക്ക് അതിലും നേരത്തെ തന്നെ) ആന്തരികാവയവങ്ങൾ തകരാറിലാകുന്നതിനു പുറമേ പേശിനഷ്‌ടവും ബലക്ഷയവും അസാധാരണമായ ഭാരം കുറയലും കണ്ടുതുടങ്ങും. സന്ധികളിൽ രക്തസഞ്ചാരം കുറഞ്ഞു കലശലായ തേയ്മാനവും വേദനയുമുണ്ടാകും. ചലനാത്മകതയും നഷ്ടപ്പെടും. എന്നാൽ വ്യായമത്തിലൂടെ ഇൻസുലിന്റെ സഹായമില്ലാതെതന്നെ രക്തത്തിലെ ഗ്ലൂക്കോസ് കോശങ്ങൾ ഉപയോഗിക്കാനുള്ള കഴ‍‍ിവു ലഭിക്കുന്നു. വ്യായാമം പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിച്ച‍ു റെസിസ്റ്റൻസ് കുറഞ്ഞ കഴിവുള്ള ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. ഇതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാര കുറയാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയുമ്പോൾ ആഹാരം കൂടുതൽ കഴിച്ച് അതു വർധിപ്പിക്കുകയല്ല, ഡോക‍്ടറോടു സംസാരിച്ച് മരുന്നിന്റെ അളവു കുറയ്ക്കുകയാണു വേണ്ടത്.

വ്യായാമങ്ങൾ

താഴെപ്പറയുന്ന വ്യായാമങ്ങൾ ബ്ലഡ്ഷുഗർ കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്, ഇൻസുലിന്റെ ഉത്പാദനം മികച്ച നിലയിലാക്ക‍ുന്നു. മുൻപു സൂചിപ്പിച്ച പേശിനഷ്ടം, ബലക്ഷയം അസാധാരണ ഭരം കുറയൽ ഇവയൊക്കെത്തന്നെ തടയുന്നു. ശരീരത്തിന്റെ എല്ലാം ഭാഗങ്ങൾക്കുമ‍ുള്ള ഏറ്റവും ഫലപ്രദമായ വ്യായാമങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ആകാരഭംഗിയും ഊർജ നിരക്കും വർധിപ്പിക്കാനും സഹായിക്കും. അത് പ്രമേഹ രോഗികളുടെ ആത്മവിശ്വസവും വർധിപ്പിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ പ്രമേഹ രോഗികൾ വ്യയാമത്തിലേർപ്പെടുന്നതിനു മുമ്പ് ഡോക്ടറെ കൺസൽറ്റു ചെയ്ത് ആവശ്യമെങ്കിൽ ടി.എം.ടി പോലുള്ള ചെക്കപ്പുകൾ ചെ‍‍യ്യുന്നതു നന്നായിരിക്കും.

∙ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് വ്യായാമത്തിനു മുമ്പും ശേഷവും ബ്ലഡ്ഷുഗർ ലോഡ് നോക്കുന്നതു നന്നായിരിക്കും.

∙ ഇൻസുലിൻ പോലുള്ളവ ഉപയോഗിക്കുന്നവരാണെങ്കിൽ ഇവ ഉപയോഗിച്ച ഉടനെ വ്യായമത്തിൽ ഏർപ്പെടരുത്.

∙ വ്യായാമത്തിനു മുമ്പ് ബ്ലഡ് ഷുഗർ നില കുറവാണെങ്കിൽ 15 ഗ്രാം കാർബോ ഹൈഡ്രേറ്റ് അടങ്ങുന്ന ലഘുഭക്ഷണം കഴിച്ചതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞു മാത്രം വ്യായാമത്തിലേർപ്പെടുക.

∙ വ്യായാമവേളയിൽ മുറിവ് സംഭവിക്കാൻ ചെറിയ സാധ്യതകൾ ഉള്ളതുകൊണ്ട് ഗ്ലൗസ്, ഷൂസ് എന്നിവ ധരിക്കുന്നതു നല്ലതാണ്.

∙ ഒട്ടും വ്യായമം ചെയ്യാത്തവരോ ദീർഘനാളായി വ്യായാമം നിർ‍ത്തിവച്ചവരോ ആണെങ്കിൽ വളരെ ചെറിയ ര‍‍ീതിയിൽ തുടങ്ങി പതിയെ കടുത്തരീതിയിലുള്ള വ്യായമത്തിലേക്കു കടക്കുക.

∙ വ്യായാമത്തിന് മുമ്പ് ഒരു വാം അപും ശേഷം ഒരു കൂൾഡൗണും നി‍ർബന്ധമായും ചെയ്തിരിക്കണം.

∙ നിർജലീകരണം തടയാൻ ശ്രദ്ധിക്കണം. പ്രമേരോഗികളിൽ കിറ്റോൺസ് ശരീ‍ത്തിൽ ധാരാളമായി ഉൽപാദിപ്പിക്കാൻ ഇടയുള്ളതുകൊണ്ട് ദിവസം മൂന്നു ലീറ്ററെങ്കിലും വെള്ളം പലപ്പോഴായി കുടിക്കണം.

∙ ജിം പോലുള്ള സ്ഥലങ്ങളിലാണു വ്യായാമം ചെയ്യുന്നതെങ്കിൽ. ഡയബറ്റിസ് െഎഡന്റിറ്റി കാർഡ് ഉള്ള ടാഗ് (Tag) ധരിക്കാം. വ്യായാമസമയത്ത് ഷുഗർ താഴ്ന്ന് ബോധക്ഷയമോ മറ്റോ ഉണ്ടായാൽ സമീപത്തുള്ളവർക്ക് തിര‍ിച്ചറിയാനും ഉടനെ കുറച്ചു മധുരം നൽകാനായാൽ രോഗിയെ വേഗം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുമാകും.

∙ പ്രമേഹരോഗികളിൽ കോശനഷ്ടസാധ്യത വളരെ കൂടുതലായതുകൊണ്ടു വ്യായാമത്തിനും മുമ്പും ശേഷവും പ്രോട്ടീൻ കൂടുതലായുള്ള ആഹാരപദാർഥങ്ങൾ കഴിക്കുക. വ്യായാമഫലം വർധിപ്പിക്കാനും പേശ‍ിനഷ്ടം തടയാനുമാകും. ബ്ലഡ് ഷുഗർ ലവലും അനിയന്ത്രിതമാകില്ല.

ആദ്യം ബ്രീത്തിങ് (പ്രാണായാമം) തുടർന്നു ചെറിയൊരു ഒാവറോൾ വാം അപ്പ് (ഫ്രീ എക്സർസൈസും സ്ട്രച്ചിങ്ങും) ഇതിനുശേഷം താഴെപ്പറയുന്ന വ്യായാമങ്ങൾ കൃത്യമായി മനസ്സിലാക്കി പ്രാവർത്തികമാക്കുക. എല്ലാത്തിനും ശേഷം ശരീരോഷ്മാവും ഹൃദയമിടിപ്പും ശ്വസനവും സാധാരണ നിലയ‍ിലെത്തിക്കുന്ന കൂൾ ഡൗൺ പ്രക്രിയകളും ചെയ്യണം.

1. ജോഗിങ്ങ്
ഒട്ടും വ്യായാമത്തിലേർപ്പെടാത്തവരോ കുറേ നാളായി വ്യായാമം നിർത്തിയവരോ ആണെങ്കിൽ ആരംഭത്തിൽ നടത്തത്തിൽ നിന്നു തുട‍ങ്ങുക. ക്രമേണ നടത്തത്തിന്റെ വേഗത കൂട്ടുക, കുറച്ചു ദിവസങ്ങൾക്കുശേഷം പതുക്കെ ഒാടി തുടങ്ങുക, ഫിറ്റ്നസ് ശേഷി കൂടുന്നതിനനുസരിച്ച് ഒാട്ടത്തിന്റെ വേഗത കൂട്ടാം. നല്ല വേഗത്തിൽ ഒാടിത്തുടങ്ങിയാൽ നിശ്ചിത സമയത്തിനുശേഷം വേഗത കുറച്ചു പിന്നീട് നടത്തത്തിലാകണം അവസാനിപ്പിക്കേണ്ടത്. തുടക്കത്തിൽ എല്ലാംകൂടി 20 മിനിറ്റ് മതിയാകും. പിന്നീട് അതു 30 മിനിറ്റാക്കാം. ആഴ്ചയിൽ ഒന്നിടവിട്ട മൂന്നു ദിവ‍സം മതിയാകും. നടക്കാനോ ഒാടാനോ എന്തെങ്കിലും സന്ധിവേദനകൾ മൂലം പറ്റാത്തവരാണെങ്കിൽ സ്വിമ്മിങ്ങോ സൈക്കിളിങ്ങോ പരീക്ഷിക്കാം. സ്വ‍ിമ്മിങ്ങാണു ചെയ്യുന്നതെങ്കിൽ എല്ലാ വ്യായാമങ്ങൾക്കും ശേഷം അവസാനം ചെയ്യുന്നതാകും സൗകര്യം. ഈ പറഞ്ഞവ ഒന്നും ചെ‍യ്യാൻ പറ്റാത്തവരാണെങ്കിൽ വാം അപ്പ് ആയി ചെയ്യുന്ന ഫ്രീ എക്സർസൈസുകൾ ആദ്യം ചെറിയ വിശ്രമം എടുത്തും പിന്നീട് ഒട്ടും വിശ്രമിക്കാതെയും 20 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ചെയ്താൽ മതി.

2. പുഷ് അപ്
ഇത് ഏവർക്കും സുപരിചിതമായ വ്യായാമമാണ്. എങ്കില‍ും വ്യായാമരഹിതർക്ക് കുറച്ചു ദിവസത്തെ പരിശ്രമം കൊണ്ടു മാത്രമേ നിശ്ചിത എണ്ണം പൂർത്തിയാക്കാനാകൂ. കാലുകൾ രണ്ടും നിവർത്തി നിലത്തു കുത്തിവച്ച് കൈകൾ നിലത്തു കുത്തി ശരീരം ഒരു ലയിൻ കണക്കെ നിർത്തിയ ശേഷം പതുക്കെ ദീർഘശ്വാസം എടുത്തുകൊണ്ടു നെഞ്ച് നിലത്തുമുട്ടാത്ത തരത്തിൽ താഴുക ഉടനെ ശ്വസം പതുക്കെ വിട്ടുകൊണ്ടു പൊങ്ങുക. നോട്ടം മൂന്നടി മുന്നോട്ട്. ഈ രീതിയിൽ തുടക്കം 12 ആവർത്തനം (റെപ്പിറ്റീഷൻ) ദിവ‍സേന ഒരു സെറ്റ്, ക്രമേണ 15 ആവർത്തനം 3 സെറ്റ്, ആഴ്ചയിൽ ഒന്നിടവിട്ട മൂന്നു ദിവസം ഒരു സെറ്റിൽ നിശ്ചിത ആവർത്തനം തുടക്കത്തിൽ പൂർത്ത‍‍ീകരിക്കാനാവത്തവർ–സ്ത്രീകൾ ഉൾ‍പ്പെടെ– കാലുകൾ നിവർത്തിവച്ച്, മുട്ട് കുറച്ചു മടക്കി നിലത്തു സപ്പോർട്ട് ചെയ്തു നിർവഹിക്കുക. ക്രമേണ ഇതുതന്നെ ഒരു കാൽ നിവർത്തി വച്ചും പൊന്തിച്ചു പിടിച്ചും ചെയ്യാം. സാധാരണ പുഷ്അപ് നിശ്ചിത ആവർത്തനം നിഷ്പ്രയാസം ചെയ്യാൻ കരുത്തുള്ളവർ കാൽ രണ്ടും നിലത്തുവയ്ക്കുന്നതിനും പകരം ബെഞ്ചിലോ സ്റ്റൂളിലോ നിവർത്തിവച്ചും ചെയ്യാം. ഇതു ബ്ലഡ് ഷുഗർ ഉപയോഗം വർധിപ്പിക്കാൻ സഹായിക്കും.

3. ബഞ്ച് പ്രസ്സ്
ഒരു ബഞ്ചിൽ മലർന്നു കിടന്ന് ഒരു ബാർബൽ അല്ലെങ്കിൽ ഒരു ജോഡി ഡംബൽ എടുത്ത് ഉയർത്തി പിടിക്കുക. പിടിത്തം തോൾ അകലത്തിനു പുറത്തായിരിക്കണം. തുടക്കത്തിൽ സുരക്ഷിതമായ കൺട്രോളും ബാലൻസും നിലനിർത്തി ചെയ്യാവുന്ന തരം ചെറിയ ഭാരം മാത്രം ഉപയോഗിക്കുക. ദ‍ീർഘശ്വാസം എടുത്തുകൊണ്ടു ഭാരം പതുക്കെ ചെസ്റ്റിൽ മുട്ടാത്തവിധം താഴ്ത്തുക. ശ്വാസം കുറശ്ലെ വിട്ടു‍കൊണ്ടു ഭാരം പഴയ സ്ഥിതിയിലേക്ക് ഉയർത്തുക തുടക്കത്തിൽ ദിവസേന ഒരു സെറ്റ് 12 ആവർത്തനം ചെയ്യുക പിന്നീട് 15 ആവർത്തനം ചെയ്യുക. പിന്നീട് 18 ആവർത്തനം 3 സെറ്റ് ചെയ്യുക. ആഴ്ചയിൽ ഒന്നിടവിട്ട് 3 ദിവസം. ബ‍ാലൻസും സ്ട്രങ്തും വർധിക്കുന്നതിനനുസരിച്ചു ഭാരം ക്രമേണ സുരക്ഷിതമായ തോതിൽ വർധിപ്പിക്കാം. ഈ വ്യായമവും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെട‍ുത്തുന്നു. വീട്ടിലാണ് ഈ വ്യായമം ചെ‍യ്യുന്നതെങ്കിൽ ഇനി അനുയോജ്യമായ ബഞ്ച് ലഭ്യമല്ലെന്നുണ്ടെങ്കിൽ നിലത്തു മലർന്നുകിടന്ന് കാൽമുട്ടു മടക്കി പാദങ്ങൾ നിലത്ത് അമർത്ത് വച്ച് നടു ഉയർത്തി ഷോൾഡറിൽ ബലം കൊടുത്തും ഈ വ്യായമം ചെയ്യാം. കൈകൾ മടക്കി താഴ്ത്തുന്ന സമയത്ത് കൈമുട്ട് നിലത്തു തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നതിനെ ബ്രിഡ്ജസ് എന്നാണു പറയുക.

4. ഷോൾഡർ പ്രസ്സ്
ഷോൾഡർ ഭാഗത്തേക്കുള്ള ഈ വ്യായാമത്തിലും പ്രധാന ഊർജമായി ഗ്ല‍ൂക്കോസ് തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. ഒരു സ്റ്റൂളിലോ ബഞ്ചിലോ ഇരുന്ന് ബാർബലോ ഡംബലോ ഉപയോഗിച്ചാണ് ഈ വ്യായാമം ചെയ്യുക. ജിംനേഷ്യങ്ങളിൽ ആണെങ്കിൽ പലതരത്തിലുള്ള മെഷിനറികൾ ഉപയോഗിച്ചും ഈ വ്യായാമം ചെയ്യാം. നേരത്തെ പറഞ്ഞപോലെ ഇവിടെയും തുടക്കത്തിൽ ചെറിയ ഭാരം മാത്രം ഉപയോഗിക്കുക.

ബാർബൽ അല്ലെങ്കിൽ ഡംബൽ‍ ഉപയോഗിക്കാം. ഭാരം കൈയിലെടുത്ത് തോളിനു മുകളിലേക്ക് ഉയർത്തിപ്പിടിച്ച് ഇരിക്കുക. പ്ര‍‍ായമുള്ള വരാണെങ്കിൽ ബാക്ക് സപ്പോർട്ടഡ് സ്റ്റൂളിലോ ബഞ്ചിലോ ഇരിക്കുന്നതു സുരക്ഷിതമായിരിക്കും. ശ്വാസം നല്ലതുപോലെ എടുക്കുന്നതോടൊപ്പം ഭാരം ചെസ്റ്റിലേക്ക് മുഖത്തു തട്ടാതെ പതുക്കെ താഴ്ത്തുക. ശേഷം ശ്വാസം കുറേശ്ശ വിട്ടുകൊണ്ടു താഴ്ത്തുക തുടക്കത്തിൽ 12 ആവർത്തനം ഒരു സെറ്റ് വീതം ദിവസവും ചെയ്യുക. പിന്നീട് രണ്ടോ മൂന്നോ സെറ്റ് 10 മുതൽ 12 ആവർത്തനം ആഴ്ചയിൽ ഒന്നിടവിട്ടു മൂന്നു ദിവസം ചെയ്യുക.

5. ഒാവർ ഹെഡ്ഡ് ട്രൈസെപ്സ് എക്സ്റ്റൻഷൻ
ഈ വ്യായമം ഇരുന്നോ നിന്നോ ചെയ്യാം. ഗ്ലൂക്കോസ് മെറ്റബോളിസത്തിനു നിന്നുകൊണ്ടു ചെയ്യുന്നതാകും കൂടുതൽ നല്ലത്. എങ്കിലും പ്രായമായവരും ആരോഗ്യം കുറഞ്ഞവരും ചാരി ഇരിക്കാവുന്ന സ്റ്റൂളിൽ ഇരുന്നു ചെയ്താൽ മതി. ഇതിലും ബാർബലോ ഡംബലോ ഉപയോഗിക്കാം. മേൽ കൈയ‍ിന്റെ ട്രൈസെപ്സ് മസിൽ ഉപയോഗിച്ചാണ് ഈ വ്യായാമം നിർവഹിക്കുന്നത്. ചെറിയ ഭാരം രണ്ടു കൈയിലും എടുത്തു തലയ്ക്ക് മുകളിലായി നിവർത്തിപ്പിടിക്കുക. മേൽ കൈകൾ രണ്ടും തലയുടെ ഇരുവശങ്ങളിലായി ചെവിയോടു ചേർത്തുവയ്ക്കുക. ശ്വാസം കുറേശ്ശെ എടുത്തുകൊണ്ടു പതുക്കെ തലയുടെ പുറത്തുകൂടെ ഭാരം കീഴ്പോട്ട് വരത്തക്കരീതിയിൽ കൈമുട്ടുകൾ മടക്കുക. ചെവിക്കൊപ്പം ഭാരം താഴ്ന്നു കഴിഞ്ഞാൽ കുറേശ്ശെ ശ്വാസം വിട്ടുകൊണ്ട് ഉയർത്തുക. ഈരീതിയിൽ 10 ആവർത്തനം ദിവസവും ചെയ്യുക. ക്രമേണ 12 ആവർത്തനം രണ്ടോ മൂന്നോ സെറ്റ് ഒന്നിടവിട്ട ആഴ്ചയിൽ മൂന്നു ദിവസം ചെയ്യുക.

6. വി അപ്സ്
ഇതു ഭാരം ഉപയോഗിച്ചുകൊണ്ടുള്ള വ്യായാമം അല്ലെങ്ക‍ിലും ശരീരഭ‍ാരം നന്നായി പ്രയോജനപ്പെടുത്തുന്ന വ്യായാമമാണ്. ചെയ്യുന്നതുവയറിലെ റക്റ്റസ് അബ്ഡോമിനൽ മസിലുകൊണ്ടാണെങ്കിലും ശരീരത്തിന്റെ ഒ‌ട്ടുമിക്ക ഭാഗങ്ങളും ഇതിൽ പങ്കാളി ആകുന്നു. ബ്ലഡ് ഗ്ലൂക്കോസ് പ്രയോജനപ്പെടുത്തുന്നു. പാൻക്രിയാസ് ഉത്തേജിക്കപ്പെടുന്നു.

മലർന്നു കിടന്നു കൈകാലുകൾ നിവർത്തിവച്ചു കാൽ മുട്ട് അൽപം മാത്രം മടക്കി ലോക്ക് ചെയ്തു വയ്ക്കുക. ഇവിടെ ശ്വ‍ാസം പുറത്തേക്കു വിട്ടുകൊണ്ടാണ് ഈ വ്യായാമം തുടങ്ങുന്നത്. ശക്തമായ രീതിയിൽ കുറെശ്ശെ ശ്വാസം പുറത്തേക്ക് വിടാൻ തുടങ്ങുമ്പോൾ അബ്ഡോമിനൽ മസിൽ പരമാവധി മുറുകുന്നതോടൊപ്പം കൈകാലുകൾ ഒരേസമയം ഉയർത്തിക്കൊണ്ടുവന്നു കൈകൾ കാൽപാദങ്ങളിൽ തൊടാൻ ശ്രമിക്കുക. ശ്വാസം പൂർണമായും വിട്ടു കഴിഞ്ഞാൽ രണ്ടു സെക്കൻഡ് ആ അവസ്ഥയ‍ിൽ നിൽക്കാൻ ശ്രമിക്കുക പിന്നീട് പതുക്കെ ശ്വാസം എടുത്തുകൊണ്ടു പൂർവസ്ഥിതിയിലേക്ക് താഴുക. ഇങ്ങനെ 8 മുതൽ 12 ആവർത്തനം ഒരു സെറ്റ് വീതം കുറച്ച‍ു ദിവസങ്ങൾ ചെയ്ത ശേഷം പിന്നീട് 15 മുതൽ 20 റെപ്സ് 3 സെറ്റ് വീതം ഒന്നിടവിട്ട ദിവസം ചെയ്യുക.

ശ്വസനരീതികൾ തെറ്റരുത്

മേൽപറഞ്ഞ വ്യായാമങ്ങൾ ചെയ്യുമ്പോൾ ഒാരോ വ്യായാമത്തിലും ശ്വസനരീതി തെറ്റിക്കാൻ പാടില്ല. ചില വ്യായമങ്ങൾ തുടങ്ങുന്ന സമയത്തു ശ്വാസം വിടുകയും മറ്റു ചിലത് എടുക്കുകയുമാണു ചെയ്യുന്നത്. മറ്റൊരു പ്രധാന കാര്യം. ശ്വസനം വ്യായാമത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. പ്രമേഹരോഗികൾക്കും ഇതു ഗുണകരമാണ്.

എല്ലാ വ്യായാമങ്ങളും കഴിഞ്ഞ ശേഷം കപാലഭാതി എന്ന ശ്വസന വ്യ‍ായാമം ചെയ്യുന്നതു പ്രമേഹരോഗികൾക്കും അല്ലാത്തbർക്കും വളരെ ഫലപ്രദമാണ്. ഒരു തവണ ശ്വാസം ഉള്ളിലേക്ക് നന്നായി വലിച്ചശേഷം അതു പുറത്തേക്ക് 30 മുതൽ 50 പ്രാവശ്യമായി വേഗത്തിൽ വിടുക. തുടക്കത്തിൽ വിടുന്ന എണ്ണം ഉദ്ദേശിച്ച രീതിയിൽ ചിലപ്പോൾ കിട്ടിയെന്നുവരില്ല. കുറച്ചുനാളത്തെ പ്രാക്ടീസിനുശേഷം ലക്ഷ്യത്തിലെത്താനാകും

വ്യായാമം സമഗ്രമാകട്ടെ‌

ഏതു രോഗമായാലും അതിനെ ചെറുക്കാനുള്ള വ്യായമങ്ങൾ രൂപപ്പെടുത്തുമ്പോൾ രോഗിയുടെ സമൂലമായ ആരോഗ്യസംതുലിതാവസ്ഥയ്ക്ക് കൂടി യോജിച്ചതാകണം അത്. അല്ലെങ്കിൽ ആ പ്രത്യേക രോഗം നിയന്ത്രിതമായാലും മറ്റു പല പ്രശ്നങ്ങൾക്കും അതു വഴിയൊരുക്കും. അതുകൊണ്ട് ഇവിടെ പ്രമേഹരോഗികൾക്കായി ചിട്ടപ്പെടുത്തിയിട്ടുള്ള വ്യായാമങ്ങൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിതമാക്കുന്നു . മാത്രമല്ല ഇവയ‍ിൽ ഹൃദയം, ശ്വ‍ാസകോശം എ‍ന്നിവയുടെ സംരക്ഷണത്തിന് അനിവാര്യമായ കാർഡിയോ വ്യായാമങ്ങൾ, സന്ധികൾ, പേശികൾ, സർക്കുലേറ്ററി സിസ്റ്റം എന്നിവ മെച്ചപ്പെടുത്തുന്ന സ്ട്രങ്ത് വ്യായമങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

വി.എം. ബഷീർ
ഫിറ്റ്നസ് കൺസൽറ്റന്റ്, മുൻ മിസ്റ്റർ സൗത് ഏഷ്യ, സർട്ടിഫൈഡ് ഫിറ്റനസ് ട്രെയിനർ, ത‍ൃശൂർ

വ്യായാമം ഇനി ആഴ്ചയിൽ ഒരിക്കൽ മതി

ദിവസവും വ്യായാമം ചെയ്യണമെന്ന് ആഗ്രഹിക്കുകയും സാഹചര്യങ്ങൾ മൂലം അതിന് സാധിക്കാതെ വരുകയും ചെയ്യുന്ന ആളാണോ നിങ്ങൾ? എങ്കിൽ ഇനി വിഷമിക്കേണ്ട ഒരു പഠനം പറയുന്നത് ആഴ്ചയിൽ ഒരു തവണ വ്യായാമം ചെയ്യുന്നവർക്കും ദിവസവും വർക്കൗട്ട് ചെയ്യുന്നതിന്റെ അതേ ഗുണങ്ങൾ ലഭിക്കും എന്നാണ്

പ്രമേഹം, അർബുദം തുടങ്ങിയ ഗുരുതര രോഗങ്ങളും അതുവഴി നേരത്തെയുള്ള മരണവും തടയാൻ വ്യായാമം ആണ് മികച്ച മാർഗം. ഓരോ ആഴ്ചയും 150 മിനിറ്റ് അതായത് രണ്ടരമണിക്കൂർ നീണ്ടുനിൽക്കുന്ന മിതമായ വ്യായാമമോ അല്ലെങ്കിൽ ഒന്നേകാൽ മണിക്കൂർ കഠിന വ്യായാമമോ ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.

ദിവസവും വ്യായാമം ചെയ്യാൻ എല്ലാവർക്കും പറ്റാത്തതിനാൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വ്യായാമം ചെയ്താൽ അതേ ഗുണങ്ങള്‍ കിട്ടുമോ എന്നറിയുകയായിരുന്നു. ഗവേഷകരുടെ ഉദ്ദേശം.

ഇംഗ്ലണ്ടിലെ ലോഫ്ബോറോ സർവകലാശാലയിലെ ഓഡോണോവന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 63000 പേരിൽ നടത്തിയ ദേശീയ ആരോഗ്യ സർവേകളിലെ വിവരങ്ങൾ വിശകലനം ചെയ്തു.

വ്യായാമം ചെയ്യാത്ത ആളുകളെ അപേക്ഷിച്ച് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വ്യായാമം ചെയ്യുന്നവർ ഏതെങ്കിലും കാരണവശാൽ നേരത്തെ മരിക്കാനുള്ള സാധ്യത 30 മുതല്‍ 34 ശതമാനം വരെ കുറവാണെന്നു കണ്ടു. ആഴ്ചയിൽ എല്ലാ ദിവസവും വ്യായാമം ചെയ്യുന്നവർക്ക് ഇത് 35 ശതമാനം കുറവാണെന്നു കണ്ടു. അതായത് വളരെ കുറച്ചുമാത്രം വ്യായാമം ചെയ്യുന്നവരുമായി ദിവസവും വ്യായാമം ചെയ്യുന്നവര്‍ക്ക് വല്യവ്യത്യാസം ഒന്നും കണ്ടില്ല എന്നത് പ്രധാനമാണ്.

വ്യായാമം എത്ര തവണ ചെയ്യുന്നു എന്നത് ഒട്ടും പ്രധാനമല്ല. പതിവായി വ്യായാമം ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാകുന്നില്ലെന്ന് ഈ പഠനം പറയുന്നു. ഈ ബന്ധം വിശദീകരിക്കാൻ മറ്റു ചില വേരിയബിളുകളും ഡോണോവൻ ഉപയോഗിച്ചു. ഒരാളുടെ ബി. എം. ഐ എത്രയെന്നു പരിശോധിച്ചു.

അമിതഭാരവും പൊണ്ണത്തടിയും ഉള്ള ആളുകൾ ഉൾപ്പെടെ എല്ലാവർക്കും ആഴ്ചാവസനം മാത്രമുള്ള വ്യായാമം ഗുണം ചെയ്യും. ഒഴിവു സമയങ്ങളിൽ മിതമായ വ്യായാമം മുതൽ കഠിന വ്യായാമം വരെ ചെയ്യുന്നവരിലാണ് ഈ പഠനം ഊന്നൽ കൊടുത്തത്. ത്വരിതഗതിയിലുള്ള നടത്ത (brisk walking) വും പഠനപരിധിയിൽപ്പെടും.

ഒരു വ്യായാമം തുടങ്ങാന്‍ ഏറ്റവും നല്ല മാർഗം ബ്രിസ്ക്ക് വോക്കിങ് ആണെന്നും ജാമാ ഇന്റേർണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു

തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്ന സ്ത്രീകൾ സൂക്ഷിക്കുക

തുടർച്ചയായി ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്ന സത്രീയാണോ നിങ്ങൾ? എങ്കിൽ ഇടയ്ക്കൊന്ന് എഴുന്നേറ്റു നടക്കുന്നതാകും നല്ലത്. കാരണം കുത്തിയിരുപ്പ് കുറച്ചില്ലെങ്കിൽ വേഗം പ്രായക്കൂടുതൽ തോന്നുമത്രേ.

പത്തു മണിക്കൂറിലധികം ഇരിക്കുന്നവർക്കും മെയ്യനങ്ങി ജോലി ചെയ്യാത്തവർക്കും യഥാർഥപ്രായത്തെക്കാൾ എട്ടു വയസ്സു കൂടുതലായിരിക്കും ജീവശാസ്ത്രപരമായ പ്രായമെന്ന് ഒരു പഠനം മുന്നറിയിപ്പു നൽകുന്നു. അതായത് കാഴ്ചയിൽ എട്ടു വയസ്സു കൂടുതൽ തോന്നിക്കുമെന്ന് അർഥം. യു.എസിലെ കലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്.

പ്രായം കൂടുന്തോറും ചെറുതാകുകയും ക്രോമസോമുകളുടെ നാശത്തിൽ നിന്നു രക്ഷിക്കുകയും ചെയ്യുന്ന, ഡിഎൻഎ നാരുകളുടെ അറ്റത്തു കാണുന്ന ചെറിയ ക്യാപ്പുകളാണ് ടെലോമിയർ. ദിവസവും 40 മിനിറ്റിൽ കുറഞ്ഞ ശാരീരികപ്രവർത്തനങ്ങൾ ചെയ്യുന്ന മുതിർന്ന സ്ത്രീകളുടെ ടെലോമിയർ ചെറുതായിരിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു.

ആരോഗ്യം, ജീവിതശൈലീ ഘടകങ്ങളായ പൊണ്ണത്തടി, പുകവലി മുതലായവ ടെലോമിയറിന്റെ നീളം വേഗത്തിൽ കുറയ്ക്കും. നീളം കുറഞ്ഞ ടെലോമിയറുകൾ ഹൃദ്രോഗം, പ്രമേഹം, അർബുദം ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കുറേസമയം കുത്തിയിരുന്ന് ജോലി ചെയ്യുന്നവരിൽ കോശങ്ങൾക്ക് വേഗം പ്രായം കൂടുന്നുവെന്ന് പഠനത്തിൽ കണ്ടു. യഥാർഥ പ്രായം ബയോളജിക്കൽ ഏജുമായി ചേരുന്നില്ല. കുത്തിയിരിക്കുന്ന സമയവും വ്യായാമവും പ്രായമാകലിന്റെ ജൈവസൂചകത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ആദ്യമായി കണക്കാക്കിയത് ഈ പഠനത്തിലൂടെയാണെന്ന് യുഎസ് ഗവേഷകർ അവകാശപ്പെടുന്നു.

64 മുതൽ 69 വയസ്സുവരെ പ്രായമുള്ള 1500 സ്ത്രീകളാണ് പഠനത്തിൽ പങ്കെടുത്തത്. ചോദ്യാവലി നൽകിയതിനോടൊപ്പം ചലനങ്ങൾ മനസ്സിലാക്കാൻ ഇവരുടെ ഹിപ്പിൽ ഒരു ആക്സറോമീറ്ററും ഘടിപ്പിച്ചു. കൂടുതൽ സമയം ഇരിക്കുന്ന സ്ത്രീകളിലും അവർ ദിവസം കുറഞ്ഞത് അര മണിക്കൂർ വ്യായാമം ചെയ്യുന്നവരാണെങ്കിൽ അവരുടെ ടെലോമിയറിന് നീളക്കുറവ് ഇല്ലായിരുന്നു.

ചെറുപ്പം മുതലേ വ്യായാമം ചെയ്തുതുടങ്ങണമെന്നും അതു നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയാക്കണമെന്നും അമേരിക്കൻ ജേണൽ ഓഫ് എപ്പിഡമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

സെർവിക്കൽ കാൻസറിനെ അടുത്തറിയാം

സ്ത്രീകളിൽ കണ്ടുവരുന്ന കാൻസറുകളിൽ ഏതാണ്ട് 25 ശതമാനവും ഗർഭാശയമുഖ കാൻസർ (സെർവിക്കൽ കാ‌ൻസർ) ആണ്. കൃത്യസമയത്തു കണ്ടെത്തുകയും ആവശ്യമായ ചികിൽസയ്ക്കു വിധേയമാകുകയും ചെയ്താൽ പൂർണമായി ഭേദമാകാൻ സാധ്യതയുള്ള അസുഖമാണ് ഇത്.

ഗർഭാശയമുഖ കാൻസർ
ഹ്യൂമൻ പാപ്പിലോമ (എച്ച് പിവി) എന്ന വൈറസ് ബാധയെ തുടർന്നാണ് പലപ്പോഴും ഗർഭാശയമുഖ കാൻസർ ഉണ്ടാകുന്നത്. ഗർഭാശയത്തിനു സമീപത്ത് സ്ഥിതിചെയ്യുന്ന മൂത്രാശയം, മലദ്വാരം തുടങ്ങിയ അവയവങ്ങളിലേക്ക് ഇതു പിന്നീട് നേരിട്ടു വ്യാപിക്കാം. അടിവയറ്റിലും മേൽവയറ്റിലുമുള്ള കഴലകളിലും ശരീരത്തിന്റെ ഇതരഭാഗങ്ങളിലും ചുരുക്കം ചില സാഹചര്യങ്ങളിൽ കരളിനെയും ബാധിക്കുന്നതായി കാണാറുണ്ട്. ചെറുപ്രായത്തിലും ഗർഭാശയമുഖ കാൻസറിന് സാധ്യതയുണ്ടെങ്കിലും മുപ്പത്തിയഞ്ചു വയസ്സിനു ശേഷമാണ് ഈ രോഗം സാധാരണ കണ്ടുവരുന്നത്. തുടക്കത്തിലേ കണ്ടെത്തുകയും കൃത്യമായ ചികിൽസ നൽകുകയും ചെയ്താൽ തൊണ്ണൂറു ശതമാനവും പൂർണമായി ഭേദമാകാൻ സാധ്യതയുണ്ട്. രോഗത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിലാണെങ്കിൽ പോലും പൂർണമായി ഭേദമാക്കാൻ സാധിക്കാറുണ്ട്. രോഗം നാലാം ഘട്ടത്തിലോ അതിനുശേഷമോ ആണെങ്കിൽ പോലും കൃത്യമായി ചികിൽസ നൽകിയാൽ ചെറിയ ശതമാനമെങ്കിലും ഭേദമാക്കാനും നീണ്ടകാലത്തേക്ക് ജീവൻ നിലനിർത്താനും സാധിക്കും. രോഗം ഏറ്റവും തുടക്കത്തിൽത്തന്നെ കണ്ടെത്തിയാൽ അത്യപൂർവമായി ഗർഭപാത്രം സംരക്ഷിച്ചുകൊണ്ടുള്ള ചികിൽസയും സാധ്യമായിട്ടുണ്ട്. ഇതുമൂലം രോഗിക്ക് പിന്നീട് ഗർഭധാരണത്തിനും സാധിച്ചേക്കാം.

ലക്ഷണങ്ങൾ
∙ വെള്ളപോക്ക് ∙ രക്തസ്രാവം ∙ നടുവേദന ∙ വയറുവേദന ∙ മൂത്രക്കുഴലുകളിലുണ്ടാകുന്ന തടസ്സം മൂലം കിഡ്നിയുടെ പ്രവർത്തനം ചിലപ്പോൾ പൂർണമായോ ഭാഗികമായോ തകരാറിലായേക്കാം. ഇതുമൂലം കാലിലും ശരീരത്തിന്റെ ഇതരഭാഗങ്ങളിലും നീരുണ്ടാകാവുന്നതാണ്. ∙ രോഗം കരളിനെ ബാധിക്കുന്ന സാഹചര്യത്തിൽ വിശപ്പില്ലായ്മ പോലുള്ള ലക്ഷണങ്ങൾ കാണാം. ∙ പലപ്പോഴും ലൈംഗികബന്ധത്തിനു ശേഷം രക്തസ്രാവമുണ്ടാകുന്നതായിരിക്കാം ആദ്യ രോഗലക്ഷണം ∙ ആർത്തവ വിരാമത്തിനു ശേഷമുള്ള രക്തസ്രാവം ∙ ആർത്തവത്തിന് ഇടയ്ക്കുള്ള രക്തസ്രാവം

കാരണം
∙ വളരെ ചെറുപ്പത്തിലേയുള്ള ലൈംഗികബന്ധം ∙ പല പുരുഷന്മാരുമായുള്ള ലൈംഗികബന്ധം ∙ പല സ്ത്രീകളുമായി ബന്ധപ്പെടുന്ന പുരുഷന്മാരുമായുള്ള ലൈംഗികബന്ധം ∙ കൂടെക്കൂടെയുള്ള പ്രസവം ∙ ലൈംഗിക ശുചിത്വമില്ലായ്മ

ശ്രദ്ധിക്കാൻ
∙ രോഗി കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ടു ചികിൽസയ്ക്ക് വിധേയയാകുന്നതിൽ വീഴ്ച വരുത്തരുത്. ∙ മലബന്ധമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക ∙ രോഗം വരാതിരിക്കാൻ, ചെറുപ്രായത്തിലേയുള്ള വിവാഹം, ലൈംഗികബന്ധം ഇവ ഒഴിവാക്കണം ∙ പെൺകുട്ടികൾക്ക് ചെറുപ്രായത്തിലേ ഹ്യൂമൻ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിനുകൾ നൽകുക ∙ ലൈംഗിക ശുചിത്വം പാലിക്കുക ∙ രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾത്തന്നെ ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടണം.

പാപ്സ്മിയർ ടെസ്റ്റ്
ഗർഭാശയമുഖ കാൻസർ സാധ്യത കണ്ടെത്തുന്നതിനായി മുപ്പത്തിയഞ്ചു വയസ്സിനു ശേഷമുള്ള സ്ത്രീകൾ പാപ്സ്മിയർ ടെസ്റ്റിന് വിധേയമാകുന്നത് നല്ലതാണ്. തികച്ചും വേദനാരഹിതവും പാർശ്വഫലങ്ങളില്ലാത്തതുമായ ഈ പരിശോധനയ്ക്ക് ചുരുങ്ങിയ സമയവും ചെലവുമേ ആവശ്യം വരുന്നുള്ളു.

ചികിൽസ
റേഡിയേഷൻ ചികിൽസയാണ് ഒന്നു മുതൽ നാലാം ഘട്ടം വരെ രോഗികൾക്ക് സാധാരണ നൽകിവരുന്ന പ്രധാന ചികിൽസ. രോഗം ആദ്യഘട്ടത്തിലും രോഗി വളരെ ചെറുപ്പവുമാണെങ്കിൽ അണ്ഡാശയത്തിന്റെ പ്രവർത്തനം നിലനിർത്തിക്കൊണ്ടുള്ള ചികിൽസ എന്ന നിലയ്ക്ക് ശസ്ത്രക്രിയയ്ക്കു വിധേയയാകാവുന്നതാണ്. ഗർഭാശയത്തിന്റെ അനുബന്ധഭാഗങ്ങളിൽ കാൻസറിന്റെ വിത്തുകോശങ്ങളുണ്ടെങ്കിൽ ആ ഭാഗം കൂടി ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യേണ്ടി വന്നേക്കാം. ഹൈ റസലൂഷൻ സിടി സ്കാൻ, എംആർഐ സ്കാൻ, പെറ്റ് സ്കാൻ തുടങ്ങിയവയിലൂടെ ഈ രോഗത്തിന്റെ വ്യാപ്തി നിർണയിക്കാൻ ഇന്നു സാധിക്കും.

ഇതിനു ശേഷമാണ് റേഡിയേഷൻ ചികിൽസയ്ക്കു വിധേയമാക്കുക. രോഗകോശങ്ങളിൽ കൂടിയ അളവിൽ റേഡിയേഷൻ നൽകാനും മറ്റു കോശങ്ങളെ റേഡിയേഷൻ ബാധിക്കുന്നതു പരിമിതപ്പെടുത്താനും, ചുരുങ്ങിയ സമയംകൊണ്ട് ഫലപ്രദമായ ചികിൽസ നൽകാനുള്ള സംവിധാനങ്ങൾ (ബ്രാക്കി തെറപ്പി) ഇന്നു ലഭ്യമാണ്. യോനി, ഗർഭാശയം പോലുള്ള അവയവങ്ങൾക്ക് വളരെ വലിയ അളവിൽത്തന്നെ റേഡിയേഷൻ താങ്ങാനുള്ള കഴിവുണ്ട്. അതേക്കുറിച്ചുള്ള ആശങ്കയും ആവശ്യമില്ല.

വിവരങ്ങൾ: ഡോ. സി. എസ്. മധു
കാൻസർ ചികിൽസാ വിഭാഗം മേധാവി,
ലൂർദ് ഹോസ്പിറ്റൽ, എറണാകുളം.

ഗർഭകാലത്തെ മരുന്നുപയോഗവും കുഞ്ഞുങ്ങളിലെ ആസ്ത്മയും

അമ്മയാകാന്‍ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ഗർഭകാലത്ത് നെഞ്ചെരിച്ചിലിനു മരുന്നു കഴിക്കുന്നത് കുട്ടികളിൽ ആസ്ത്‌മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുമെന്ന് ഒരു പഠനം മുന്നറിയിപ്പ് നൽകുന്നു.

യുകെയിലെ എഡിൻബർഗ് സർവകലാശാലയിലെയും ഫിൻലൻഡിലെ ടാംപിയർ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ, ഗർഭകാലത്ത് ആസിഡ് റിഫ്ലക്സിനു മരുന്നു കഴിച്ച അമ്മമാരുടെ കുട്ടികൾക്ക് ആസ്ത്‌മയ്ക്കു ചികിത്സ തേടിയതായി കണ്ടു.

വയറ്റിലെ ആസിഡ് വയറിൽ നിന്നു തിരിച്ച് ഈസോഫാഗസിലേയ്ക്കു പോകുന്നതു മൂലമാണ് നെഞ്ചെരിച്ചിൽ ഉണ്ടാകുന്നത്. വലുതാകുന്ന ഗർഭപാത്രം വയറിൽ ഏൽപ്പിക്കുന്ന സമ്മർദ്ദം കൊണ്ടും ഹോർമോൺ വ്യതിയാനം മൂലവും ഗർഭകാലത്ത് ഈ അവസ്ഥ സാധാരണമാണ്.

H2 റിസപ്റ്റർ പോലുള്ള മരുന്നുകൾ ആസിഡ്റിഫ്ലക്സ് തടയാൻ സഹായിക്കും. ഗർഭകാലത്ത് ഈ മരുന്നുകളുടെ ഉപയോഗം സുരക്ഷിതമാണെന്നാണ് കരുതിയിരുന്നത്. 1.3 ദശലക്ഷം കുട്ടികളിൽ നടത്തിയ എട്ടുപഠനങ്ങൾ അപഗ്രഥിച്ചു. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും വിവരങ്ങൾ അടങ്ങിയ ആരോഗ്യ റജിസ്റ്ററും പ്രിസ്ക്രിപ്ഷൻ ഡാറ്റാബേസും ഗവേഷകർ പരിശോധിച്ചു.

ഗർഭകാലത്ത് നെഞ്ചെരിച്ചിലിന് മരുന്നു കഴിച്ച അമ്മമാർക്ക് ജനിച്ച കുഞ്ഞുങ്ങൾ ആസ്തത്മയുടെ ലക്ഷണങ്ങളുമായി മൂന്നിൽ ഒന്നെങ്കിലും ഡോക്ടറെ സമീപിച്ചതായി കണ്ടു. അലർജി ആൻഡ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കടപ്പാട്- മനോരമ ഓണ്‍ലൈന്‍.കോം© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate