Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യ ചിന്തകളും വിവരങ്ങളും
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യ ചിന്തകളും വിവരങ്ങളും

കൂടുതല്‍ വിവരങ്ങള്‍

ശബ്ദ മലിനീകരണം; നിശബ്ദ കൊലയാളി

ശബ്ദമലിനീകരണം വലിയ വിപത്തായി മാറിയിട്ടുണ്ട്. ജനിതകവൈകല്യങ്ങൾക്ക് വരെ ഇതു കാരണമാവുന്നു

നിശ്ശബ്ദ കൊലയാളിയായി മാറിയിരിക്കുകയാണ്‌ ശബ്ദമലിനീകരണം. അമിതവും സ്ഥിരമായിട്ടുമുള്ള ശബ്ദം ഗർഭസ്ഥശിശുവിൽത്തുടങ്ങി വയോധികർക്കുവരെ കേൾവിക്കുറവിനോടൊപ്പം ഹൃദയം, തലച്ചോറ്‌, രക്തസമ്മർദം, പ്രമേഹം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്‌.

ഇന്ന്‌ തീർത്തും പ്രതിരോധിക്കാനും മുൻകരുതൽ എടുക്കാനും കഴിയുന്നതും സ്ഥായിയായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമാണ്‌ ശബ്ദ മലിനീകരണം. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള രാജ്യങ്ങളിൽ മുൻപന്തിയിൽ ആണ്‌ ഇന്ത്യ.

ശബ്ദത്തെ Decibel എന്ന യൂണിറ്റിലാണ്‌ അളക്കുന്നത്‌. മോട്ടോർ സൈക്കിൾ 100 dBയും ഇടിവെട്ട്‌ 120 dBയും കരിമരുന്ന്‌ പ്രയോഗം 150 Dbയും ആയി കണക്കാക്കാവുന്നതാണ്‌. 120 dB യിൽ ഉള്ള ശബ്ദം ഒറ്റത്തവണ കൊണ്ടും 70 dBയിൽമുകളിലുള്ള ശബ്ദം സ്ഥിരമായി കേൾക്കുന്നതുകൊണ്ടും കേൾവിക്കുറവും മറ്റ്‌ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.

ഗർഭസ്ഥശിശുവിന്റെ ശ്രവണേന്ദ്രിയങ്ങൾ നാലു മുതൽ ആറ്‌ ആഴ്ചയിൽ തുടങ്ങുകയും 20 ആഴ്ചയിൽ പൂർത്തിയാവുകയും ചെയ്യുന്നു. അതിനാൽ ഗർഭസ്ഥ ശിശുവിന്‌ ശ്രവണശക്തിയും ശബ്ദത്തോട്‌ പ്രതികരിക്കാൻ ഉള്ള കഴിവുകളും ഉണ്ട്‌.

ഗർഭസ്ഥ ശിശു അതിന്റെ മാതാവിന്റെ ശബ്ദങ്ങളും ഹൃദയമിടിപ്പുകളും രക്തചംക്രമണങ്ങൾ കൊണ്ടുള്ള ശബ്ദങ്ങളും തിരിച്ചറിയുന്നു. അതിനാൽ ത്തന്നെ 80 dbയിൽ കൂടുതൽ ശക്തിയുള്ള ശബ്ദങ്ങൾ ഗർഭസ്ഥശിശുവിന്റെ ശ്രവണശേഷി കുറയാനും എന്നന്നേക്കുമായി ഇല്ലാതാക്കാനും കാരണമാവുന്നു. ഹൃദയമിടിപ്പ്‌ രക്തസമ്മർദം കൂടാനും വളർച്ചക്കുറവും പൂർണ വളർച്ചയില്ലാതെയുള്ള പ്രസവം തുടങ്ങി ഒരു പാട്‌ ആരോഗ്യ പ്രശ്നങ്ങൾ വരുത്തുന്നു.

തിരക്കുള്ള റോഡിന്‌ അരികെയുള്ള ഹോസ്പിറ്റലിൽ ജനിക്കുന്ന കുട്ടികളിലും അമിതമായ ശബ്ദങ്ങൾ ഉണ്ടാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്ന കരിമരുന്ന്‌ പ്രയോഗം, ഉത്സവങ്ങൾ, ഉച്ചഭാഷിണിയുടെ ഉപയോഗം തുടങ്ങി വീട്ടിൽ സാധാരണ ഉപയോഗിക്കുന്ന മിക്സി, മോട്ടോർ, വാഷിങ്‌ മെഷീൻ, അതിവേഗതയിലുള്ള ഫാൻ തുടങ്ങിയവ മാത്രംമതി ഗർഭസ്ഥശിശുവിനോ, നവജാത ശിശുവിനോ കാര്യമായ വൈകല്യങ്ങൾ ഉണ്ടാകൻ. നവജാതശിശുക്കളിൽ 45 dbൽ മേലുള്ള എല്ലാ ശബ്ദങ്ങളും മേൽപ്പറഞ്ഞ ആരോഗ്യ പ്രശ്നങ്ങൾക്ക്‌ കാരണമാകുന്നു.

മുതിർന്ന കുട്ടികളിൽ Ear Phone ഉപയോഗിച്ചുള്ള പാട്ടുകേൾക്കലും മറ്റ്‌ അതി ശബ്ദങ്ങളും അതിന്റെ ദൈർഘ്യം അനുസരിച്ച കേൾവിക്കുറവ്‌ പഠനവൈകല്യം അനിയന്ത്രിതമായ പ്രമേഹം, രക്തസമ്മർദം, Cardiac Vascular disease തുടങ്ങിയവയും കാണപ്പെടുന്നു. ബോംബ്‌ അമിട്ട്‌ സ്ഫേടനങ്ങൾ പോലുള്ള അമിത ശബ്‌ദങ്ങൾ ഒറ്റതവണ കൊണ്ടുതന്നെ കർണപടലങ്ങൾക്ക്‌ നാശം വരുത്തുകയും കേൾവി നഷ്ടപ്പെടുകയും ചെയ്യുന്നു.

ശബ്ദമലിനീകരണത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്‌ ജനസാന്ദ്രത കൂടിയ വലിയ നഗരങ്ങളിലും വലിയ ഫാക്ടറികളുടെ സമീപത്ത്‌ ജിവിക്കുന്നവരിലുമാണ്‌. ജനസാന്ദ്രതയും ജനപെരുപ്പവും അതിനോടനുബന്ധിച്ച വാഹനപെരുപ്പവും ഇതിന്റെ തീവ്രതകൂട്ടുന്നു. കഴിഞ്ഞ ഒരു വർഷം മാത്രം 30 ലക്ഷത്തിലധികം വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ടെന്നാണ്‌ കണക്ക്‌. അതിൽ ദേശീയ ശരാശരിയെക്കാൾ മുൻപിലാണ്‌ കേരളം. ഇതിൽ പൊതുഗതാഗതത്തിൽനിന്നുവിട്ട്‌ സ്വകാര്യ സംവിധാനത്തിലേക്കുള്ള മാറ്റം വളരെ പ്രകടമായിട്ടുണ്ട്‌. 2000-ത്തിൽ 20 ലക്ഷം വാഹനങ്ങൾ ഉണ്ടായിരുന്നത്‌ ഇന്ന്‌ ഒരു കോടിയിലധികമായി. ഈ വാഹനങ്ങളിൽനിന്നുള്ള ശബ്ദമലിനീകരണം തന്നെ അപകടകരമാം വിധത്തിലുള്ളതാണ്‌.
അത്യാവശ്യഘട്ടങ്ങളിലല്ലാത്ത ഹോണിന്റെ ഉപയോഗം ഈ ആഘാതത്തിന്റെ വ്യാപ്തി കൂട്ടുന്നു.

• എങ്ങനെ നേരിടാം

ആദ്യമായി ശബ്ദമലിനീകരണം കൊണ്ട്‌ സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ പൊതുസമൂഹം മനസ്സിലാക്കണം. ഘട്ടം ഘട്ടമായി പല നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതിന്റെ കാര്യക്ഷമത വേണ്ടതുപോലെ കിട്ടിയിട്ടില്ല. അതിന്‌ ഭരണകൂടവും ഭരണകർത്താക്കളും പൊതുസമൂഹവും ആത്മാർഥമായി സഹകരിക്കണം ഉത്സവങ്ങളുടെ പേരിലുള്ള കരിമരുന്ന്‌ പ്രയോഗങ്ങളും ശബ്ദങ്ങളും അപകടകരമാം വിധത്തിലുള്ളത്‌ കുറയ്ക്കണം. ആരാധനാലയങ്ങളിൽ നിന്നുള്ള അതിമ ശബ്ദങ്ങളും ഉച്ചഭാഷിണികളും ഒഴിവാക്കണം. അത്യാവശ്യഘട്ടങ്ങളിൽ  അല്ലാതെ ഹോൺ ഉപയോഗിക്കരുത്‌.

രാഷ്ട്രീയപാർട്ടികളുടെ ജയപരാജയ ആഘോഷങ്ങളിലും അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കി മാതൃക കാണിക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരേ ജാതിമത രാഷ്ട്രീയ ഭേദമെന്യേ ശിക്ഷാനടപടികൾ എടുക്കാവുന്ന മാനസിക അവസ്ഥ സംജാതമാകണം.

• ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സാധാരണ സംസാരം 40-50 dB വരെയാണ്‌. ഓരോ 10dB കൂടുമ്പോഴും ശബ്ദം പത്തിരട്ടി ശക്തിയേറിയതാകുന്നു. അതുപോലെ 20dB കൂടുമ്പോൾ ശബ്ദം നൂറിരട്ടി ശക്തിയേറിയതാകുന്നു. ഈ രീതിയിൽ ഓരോ dB കൂടുമ്പോഴും ശബ്ദത്തിന്റെ തീവ്രത പതിൻമടങ്ങ്‌ കൂടുന്നു. ചെറുപ്രായം മുതൽ വയോധികർക്ക്‌ വരെയുള്ള കേൾവിക്കുറവിന്റെ ഏറ്റവും പ്രധാനകാരണം ശബ്ദമലിനീകരണം ആണ്‌. വ്യക്തിഗത മാറ്റങ്ങൾ ഉണ്ടെന്ന്‌ മാത്രം.

80dBയിൽ അധികം ശബ്ദമുള്ള അന്തരീക്ഷത്തിൽ ജോലിചെയ്യുന്നവർ ശബ്ദ കവചങ്ങൾ (Ear plug of Muffler) ഉപയോഗിക്കേണ്ടതാണ്‌. നിരന്തരമായ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കണം. നിർബന്ധമാണെങ്കിൽ Speaker phone ഉപയോഗിക്കുക. ഉത്സവങ്ങളിലും സ്റ്റേജ്‌ പരിപാടികളിലും 80 dBയിൽ കൂടുതലുള്ള ശബ്ദമാണെങ്കിൽ ശബ്ദസ്രോതസ്സിൽനിന്ന്‌ വിട്ടുനിൽക്കുക. മൊബൈൽ ആപ്ളിക്കേഷൻ വഴി ശബ്ദത്തിന്റെ തീവ്രത തീരുമാനിക്കാൻ സാധിക്കും. (Sound meter app.) ഹെഡ്‌ ഫോണോ, ഇയർ ഫോണോ ഉപയോഗിച്ച്‌ സംഗീതം ആസ്വദിക്കുന്നവർ വളരെ ചെറിയ ശബ്ദത്തിൽ വെയ്ക്കുകയും ഇടയ്ക്കിടെ ഇടവേള കൊടുക്കുകയും ചെയ്യുക.

ഹോൺ അടിക്കാതെയുള്ള ഡ്രൈവിങ്‌ സ്വായത്തമാക്കുക. Horning നിങ്ങൾക്കും പൊതു ജനങ്ങൾക്കും ഒരുപോലെ ദോഷംചെയ്യുന്നതാണ്‌. വീട്ടിലെ ഉപകരണങ്ങൾ, ഫാൻ, ടി.വി., എ.സി., മിക്സി, വാഷിങ്‌മെഷിൻ തുടങ്ങിയവ അനുവദനീയമായ ശബ്ദത്തിലുള്ളതാക്കുക.=ഉത്സവങ്ങളിലും മറ്റും ശബ്ദമില്ലാത്ത കരിമരുന്ന്‌ പ്രയോഗം നടത്താൻ ശ്രമിക്കുക.

(മോഡേണ്‍ ഇ.എന്‍.ടി.യിലെ ഇ.എന്‍.ടി.സര്‍ജനാണ് ലേഖകന്‍)

പുരുഷ വന്ധ്യത; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍

സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് വന്ധ്യതയുണ്ടാകുന്നത്.

ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം മൂലം ലോകത്താകമാനമുള്ള ദമ്പതികള്‍ അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് വന്ധ്യത. ഇത്തരക്കാര്‍ക്കായി വന്ധ്യതാ ക്ലിനിക്കുകള്‍ വലിയ തോതില്‍ വളര്‍ന്ന് വരുന്നുണ്ടെങ്കിലും വന്ധ്യതയുടെ ശരിയായ കാരണങ്ങള്‍ പലര്‍ക്കും അറിയില്ലെന്നാണ് യാഥാര്‍ഥ്യം. സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് വന്ധ്യതയുണ്ടാകുന്നത്. പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങള്‍ നോക്കാം

ബീജത്തിലെ പ്രശ്‌നങ്ങള്‍

രതിമൂര്‍ച്ചയുടെ സമയത്ത് പുരുഷ ലിംഗത്തില്‍ നിന്നും പുറത്ത് വരുന്ന ശുക്ലത്തില്‍ നിന്നാണ് പുരുഷ ബീജം ഉണ്ടാവുന്നത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥി, സെമിനല്‍ വെസിക്കിള്‍, മറ്റ് ലൈംഗിക ഗ്രന്ഥികള്‍ എന്നിവയില്‍ നിന്നാണ് ഇത് പുറത്ത് വരുന്നത്. ശുക്ലത്തിലെ അപാകങ്ങള്‍, ലൈംഗീക ബന്ധത്തിലെ അപാകങ്ങള്‍ എന്നിവയാണ് പരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണം. ഇതിന് പുറമെ ബീജസംഖ്യയിലെ കുറവും വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ ഒന്നരക്കോടിയിലേറെ ബീജങ്ങള്‍ ഉണ്ടാവുന്നുവെന്നാണ് കണക്ക്. എന്നാല്‍ ചിലരില്‍ ഇതിന്റെ അളവ് കുറയുന്നതാണ് പ്രശ്‌നകാരണമാകുന്നത്.

അസൂസ്‌പേര്‍മിയ

ശുക്ലത്തില്‍ ബീജമില്ലാത്ത അവസ്ഥയെ ആണ് അസൂസ്‌പേര്‍മിയ എന്നറിയപ്പെടുന്നത്. ചിലരുടെ ശുക്ലത്തില്‍ ബീജം ഒട്ടും കാണപ്പെടാറില്ല. ഇത് ചികിത്സയിലൂടെ ഭേദമാക്കാമെങ്കിലും പെട്ടെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. രണ്ട് തരത്തിലുള്ള അസൂസ്‌പേര്‍മിയ ആണ് പ്രധാനമായും കാണപ്പെടുന്നത്. ഒബ്‌സ്ട്രക്റ്റീവ് അസൂസ്‌പേര്‍മിയയും നോണ്‍ ഒബ്‌സ്ട്രക്റ്റീവ് അസൂസ്‌പേര്‍മിയയും. ബീജം പുറത്ത് പോകുന്നതിന് ജന്‍മാനാലോ പില്‍ക്കാലത്തോ ഉണ്ടാകുന്ന തടസമാണ് ഒബ്‌സ്ട്രക്റ്റീവ് അസൂസ്‌പേര്‍മിയ. ബീജോല്‍പ്പാദനം ഇല്ലാത്ത അവസ്ഥയാണ് നോണ്‍ ഒബ്‌സ്ട്രക്റ്റീവ് അസൂസ്‌പേര്‍മിയ. ചെറുപ്പകാലത്ത് കളിക്കുമ്പോഴോ മറ്റോ വൃഷണത്തിനേല്‍ക്കുന്ന ക്ഷതമോ അല്ലെങ്കില്‍ ജന്‍മനാ ഉള്ള ജനിതക പ്രശ്‌നമം മൂലമോ ബീജമില്ലാത്ത അവസ്ഥയുണ്ടാക്കാറുണ്ട്.

ചലനാത്മകത

ബീജത്തിന്റെ ചലനപ്രശ്‌നമാണ് മറ്റൊരു കാരണം. ഇത് മൂലം ശുക്ലത്തില്‍ നിന്നുണ്ടാവുന്ന ഒറ്റ ബീജത്തിനും അണ്ഡവുമായി സംയോജിക്കാന്‍ കഴിയുന്നില്ല.

ബീജത്തിന്റെ ആകൃതി

ബീജത്തിന്റ അസ്വാഭാവിക ആകൃതിയാണ് മറ്റൊരു പ്രധാന കാര്യം. ഇത് മൂലം ബീജത്തിന് അണ്ഡവുമായി ശരിയായി യോജിക്കാന്‍ കഴിയാതാവും. വൃഷണത്തിലെ അണുബാധ, വൃഷണത്തിന്റെ ശസ്ത്രക്രിയ, വൃഷണത്തിന്റെ അമിതമായ ചൂട് എന്നിവയും വന്ധ്യതയ്ക്ക് കാരണമാകുന്ന പ്രധാന പ്രശ്‌നങ്ങളാണ്.

ചികിത്സ

തുറന്ന് പറയാന്‍ മടികാണിക്കാതെയും ഏറെ നാള്‍ കാത്തിരിക്കാതെയും ഉടന്‍ ചികിത്സ തേടുകയാണ് വന്ധ്യതയെ തടയാന്‍ ആദ്യം ചെയ്യേണ്ടത്. ശാരീരിക പരിശോധന, ജനനേന്ദ്രിയ പരിശോധന, ശുക്ലപരിശോധന, വൃഷണപരിശോധന എന്നിവാണ് വന്ധ്യതാ ചികിത്സയില്‍ പ്രധാനമായും നടത്തുന്നത്. ഇതുവഴി ബീജത്തിന്റെ അളവ്, ചലനവേഗത, നിറം, ഗുണം, അണുബാധ എന്നിവയെല്ലാം തിരിച്ചറിയാം.

രോഗ നിര്‍ണയത്തിന് ഇനി ഡിജിറ്റല്‍ ബാന്റേജുകളും

ആധുനിക മനുഷ്യന്റെ ഓരോ നീക്കവും ഡിജിറ്റലിലേക്ക് വഴിമാറുന്നുവെന്ന് കണ്ടതോടെയാണ് ഫൈവ് ജി ഡിജിറ്റല്‍ ബാന്റേജ് എന്ന പഠനവുമായി ഗവേഷകര്‍ മുന്നോട്ട് വന്നത്.

കയ്യില്‍കെട്ടിയ ഒരു ബാന്റേജ് നമ്മുടെ രോഗാവസ്ഥയെ കുറിച്ച്‌ ഡോക്ടറോട് ചര്‍ച്ച ചെയ്താലോ. അങ്ങനെയൊരു ബാന്റേജ് ആരോഗ്യ വിപണിയിലേക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ് സ്വാന്‍സിയ സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍. ഫൈവ് ജി സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ഡിജിറ്റല്‍ ബാന്‍ഡേജ് ഒരു വര്‍ഷത്തിനുള്ളില്‍ പരീക്ഷണം നടത്തി വിപണനത്തിന് തയ്യാറാകുമെന്നാണ് കരുതുന്നത്.

എന്താണ് ഫൈവ് ജി ഡിജിറ്റല്‍ ബാന്റേജ്

ആധുനിക മനുഷ്യന്റെ ഓരോ നീക്കവും ഡിജിറ്റലിലേക്ക് വഴിമാറുന്നുവെന്ന് കണ്ടതോടെയാണ് ഫൈവ് ജി ഡിജിറ്റല്‍ ബാന്റേജ് പഠനവുമായി ഗവേഷകര്‍ മുന്നോട്ട് വന്നത്. ഏറെ നാളത്തെ ശ്രമത്തിന് ശേഷം ഇത് യാഥാര്‍ത്ഥ്യമായെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. മുറിവിനെ ചുറ്റിക്കെട്ടുന്ന ഡിജിറ്റല്‍ ബാന്റേജിലൂടെ മുറിവിന്റെ അവസ്ഥയെ പറ്റിയും ഇതിന് എങ്ങനെയുള്ള ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍ക്ക് ഒരു മൊബൈല്‍ ഫോണിലൂടെ നിര്‍ദേശിക്കാവുന്ന തരത്തിലുള്ളതാണ് പുതിയ കണ്ടുപിടിത്തം. ഡോക്ടറുടെ അടുത്തുപോയി കാത്തിരിക്കുകയോ സമയ നഷ്ടത്തിന്റെ ആവശ്യമോ ഇല്ല. നാനോ ടെക്‌നോളജി വിദഗ്ധര്‍ വികസിപ്പിച്ചെടുത്ത ചെറിയ സെന്‍സറാണ് ഇതിനായി ബാന്റേജില്‍ ഉപയോഗിക്കുന്നതെന്നും സ്വാന്‍സിയ സര്‍വകലാശാല പ്രൊഫ.മാര്‍ക് ക്ലിമന്റ് പറയുന്നു.

ദീര്‍ഘായുസിന് ഏഴ് വഴികള്‍

പ്രായമാകുമ്പോഴാണ് പലരും ആരോഗ്യത്തേക്കുറിച്ചും ആയുസിനേക്കുറിച്ചും ചിന്തിക്കുന്നത്. അപ്പോഴേക്കും എല്ലാം വൈകിയിട്ടുണ്ടാകും. എന്നാലിതാ ആരോഗ്യത്തോടെയിരിക്കാന്‍ 7 വഴികള്‍. വിവാഹം കഴിക്കുക, മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക, എപ്പോഴും എകനായിരിക്കാതിരിക്കുക,  വ്യായായം ശീലമാക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുന്നത് കൂടുതല്‍ കാലം ജീവിച്ചിരിക്കാന്‍ നിങ്ങളെ സഹായിക്കും

വിവാഹം കഴിക്കൂ.. അപ്പോളറിയാം മാറ്റം

നിങ്ങള്‍ക്ക് പ്രായപൂര്‍ത്തിയായോ?  എങ്കില്‍ വിവാഹം കഴിച്ചോളൂ. അകാലത്തില്‍ മരിക്കാതിരിക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മരുന്നാണ് വിവാഹമെന്നാണ് യുഎസിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റി നടത്തിയ പഠനങ്ങല്‍ പറയുന്നു. 2013ല്‍ നടത്തിയ പഠനത്തില്‍ 4,082 ആളുകളെയാണ് നിരീക്ഷണ വിധേയമാക്കിയത്. ഇതില്‍ മധ്യവയസിന് മുകളില്‍ അധിക കാലം ജീവിച്ചിരുന്നത് വിവാഹം കഴിച്ചവര്‍ മാത്രമായിരുന്നു. അതുകൊണ്ട് എത്രയും പെട്ടന്ന ഒരു വിവാഹമൊക്കെ കഴിച്ച് ആയുസ് കൂട്ടാന്‍ ശ്രമിക്കൂ.

മനസിനെ വെറുതെ പീഢിപ്പിക്കരുതേ

മാനസിക സമ്മര്‍ദ്ധമാണ് മനുഷ്യായുസിനെ കാര്‍ന്നു തിന്നുന്ന പ്രധാന ശത്രു. ആരോഗ്യത്തോടെ ഇരിക്കാനും യുവത്വം നിലനിര്‍ത്താനും സഹായിക്കുന്ന ഹോര്‍മോണാണ് ക്ലോത്തോ. മാനസിക സമ്മര്‍ദ്ധം ഹോര്‍മോണിന്റെ ഉത്പാദനത്തെ കുറയ്ക്കും. അതിനാല്‍ മാനസിക സമ്മര്‍ദ്ദത്തെ പടിക്ക് പുറത്ത് നിര്‍ത്തുന്നതാണ് നല്ലത്. യോഗയും ധ്യാനവുമൊക്കെ  പരിശീലിച്ച് നോക്കൂ. എന്നിട്ടും നിങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ എത്രയും പെട്ടന്ന് ഒരു ഡോക്ടറുടെ സഹായം തേടിക്കൊളളു.

ഏകാന്തത നിങ്ങളെ ഉറപ്പായും കൊല്ലും

ഏകാന്തത അനുഭവിക്കുന്നവരാണ് ജീവിതത്തില്‍ അധിക കാലം ആരോഗ്യത്തോടെ ഇരിക്കാതെ പെട്ടന്ന് രോഗങ്ങള്‍ക്ക് കിഴടങ്ങുന്നത്. അതിനാല്‍ ജോലികളില്‍ മുഴുകുന്നത്, കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ഒഴിവ് സമയം ചിലവഴിക്കുന്നത്, ആരോഗ്യവും ആയുസും വര്‍ധിപ്പിക്കാന്‍ നല്ല മാര്‍ഗങ്ങളാണ്. ഏകാന്തത നമ്മെ അമിത ഭക്ഷണത്തിലേക്കും അത് അമിത വണ്ണത്തിലേക്കും നയിക്കും. അമിത വണ്ണം അകാല മരണത്തിന്റെ ചൂണ്ട്പലകയാണ് എന്ന കാര്യം മറക്കരുത്.

വ്യായാമം തന്നെ അമൃതം

അരോഗ്യത്തിന്റെ അടിസ്ഥാനംതന്നെ കൃത്യവും യോജിച്ചതുമായ വ്യായാമമാണെന്ന് പറയേണ്ടതില്ല. ദിവസവും കൃത്യമായ സമയത്ത് വ്യായാമം ശീലമാക്കുന്നത് ആയുസിന്റെ കണക്ക് ബുക്കില്‍ കൂടുതല്‍ ദിനങ്ങള്‍ കൂട്ടിച്ചേര്‍ക്കും. അമേരിക്കന്‍ കാര്‍ഡിയോളജി കോളജിന്റെ പഠനപ്രകാരം മാനസിക സമ്മര്‍ദമകറ്റാനും വ്യായാമം സഹായിക്കുന്നു. എന്നാല്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം നടത്തിയാല്‍ മാത്രമെ പ്രയോജനമുള്ളു. അല്ലെങ്കില്‍ കാര്യങ്ങള്‍ വെറുതെയാകും.

ഉറങ്ങൂ ആവശ്യത്തിന്

ഉറക്കം ശരീരത്തിന്റെ വിശ്രമാവസ്ഥയാണ്. ശരീരത്തിന് ആവശ്യത്തിന് പൂര്‍ണവിശ്രമം ലഭിക്കുന്നത് ഉറക്കത്തിലൂയെയാണ്. എന്നാല്‍ ആവശ്യത്തിന് വിശ്രമം ലഭിച്ചില്ലെങ്കില്‍ ശരീരത്തിന് കൂടുതല്‍ ഊര്‍ജം ആവശ്യമായി വരും. ഇതിനായി കൂടുതല്‍ ഭക്ഷണം നമുക്ക് കഴിക്കേണ്ടതായിവരും. എന്നാല്‍ ഇത് പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ശരീരത്തിന് സാധിക്കാതെ വരും. അന്തരഫലമായി തലച്ചോര്‍, ഹൃദയം, വൃക്കകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും. പിന്നീടെന്താണ് സംഭവിക്കുക എന്ന് പറയേണ്ടതില്ലല്ലോ.

അതുകൊണ്ട് കുറഞ്ഞത് 7 മണിക്കൂറുകളെങ്കിലും ഉറങ്ങണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാലിഫോര്‍ണിയ സ്‌കൂള്‍ ഓഫ് മാഡിസിന്‍ 1100000 ആളുകളില്‍ നടത്തിയ പഠനത്തില്‍ 7 മണിക്കൂറില്‍ കുറഞ്ഞസമയം മാത്രം മാത്രം ഉറക്കത്തിനായി മാറ്റിവച്ചവര്‍ വളരെ പെട്ടന്ന് മരണത്തിന് കീഴടങ്ങിയതായി കണ്ടെത്തി. 7 മണിക്കൂര്‍ ഉറക്കം ആരോഗ്യവും ആയുസും മാത്രമല്ല, ഉന്മേഷത്തിന്റെ മികച്ച പ്രഭാതങ്ങള്‍ കൂടിയാണ് നമുക്ക് നല്‍കുക.

പുകവലിക്ക് വലിയ വിലകൊടുക്കേണ്ടിവരും

പുകവലി ഒരു സ്വഭാവദൂഷ്യമായി കാണുന്നവരാണ് അധികവും. എന്നാല്‍ അതിനുമപ്പുറം വലിക്കുന്നവരേയും അല്ലാത്തവരേയും ഗുരുതരമായി ബാധിക്കുന്ന സാമൂഹിക വിപത്ത്കൂടിയാണ് പുകവലി. പുകവലി എന്ന ദുശീലം ജൂവിതത്തിന്റെ ഭാഗമാക്കിയവര്‍ അല്ലാത്തവരേക്കാള്‍ 10 വര്‍ഷം നേരത്തെ മരിക്കാനുള്ള സാധ്യതകൂടുതലാണ്. 40 വയസാണ് കടുത്ത പുകവലിക്കാര്‍ക്ക് പറഞ്ഞിട്ടുള്ള ശരാശരി അയുസ്. കാരണം പുകവലിയുമായി ബന്ധപ്പെട്ടുള്ള രോഗങ്ങള്‍ ബാധിച്ച് ലോകത്ത് 90 ശതമാനം ആളുകളും മരിക്കുന്നത് 40 വയസിലാണ്.

സ്തനാര്‍ബുദ ചികിത്സക്കുശേഷവും സ്തനങ്ങളുടെ രൂപഭംഗി വീണ്ടെടുക്കാം

സ്തനാര്‍ബുദത്തിനുള്ള ചികിത്സാവിധിയായി ശസ്ത്രക്രിയ ചെയ്യുന്നത് വടുക്കളുണ്ടാകുന്നതിനും വൈരൂപ്യമുണ്ടാകുന്നതിനും ഇടയാക്കുന്നു

ഒരു സ്ത്രീയുടെ ശരീരത്തിന്റെ രൂപഭംഗി നിശ്ചയിക്കുന്നതിലും വൈവിധ്യമാര്‍ന്ന സാംസ്‌കാരങ്ങളിലും സ്തനങ്ങള്‍ക്ക് സവിശേഷമായ സ്ഥാനമുണ്ട്. ഭാരതത്തിലെ സ്ത്രീകള്‍ പൊതുവെ തങ്ങളുടെ ശരീരത്തേക്കുറിച്ച് സംസാരിക്കാന്‍ വിമുഖത കാണിക്കുന്നവരാണ്. സ്തനാര്‍ബുദത്തിന്റെ നീണ്ടുനില്‍ക്കുന്ന ശാരീരികവും മാനസികവുമായ ആഘാതത്തിനുശേഷം അവര്‍ തങ്ങളെത്തന്നെ വിട്ടുകളയുന്നു.

സ്തനാര്‍ബുദത്തിനുള്ള ചികിത്സാവിധിയായി ശസ്ത്രക്രിയ ചെയ്യുന്നത് വടുക്കളുണ്ടാകുന്നതിനും വൈരൂപ്യമുണ്ടാകുന്നതിനും ഇടയാക്കുന്നു. സ്തനാര്‍ബുദ ശസ്ത്രകിയയേക്കുറിച്ചും അതിനുശേഷം സ്തനങ്ങളുടെ രൂപഭംഗി വീണ്ടെടുക്കുന്നതും എങ്ങനെയാണെന്ന് നോക്കാം

സ്തനാര്‍ബുദത്തേക്കുറിച്ചും അതിനുള്ള ചികിത്സാരീതികളേക്കുറിച്ചും ഇന്നത്തെ സ്ത്രീകള്‍ക്ക് എന്തുമാത്രം അവബോധമുണ്ട്?

അനേകം അര്‍ബുദ ബോധവത്കരണ പരിപാടികളിലൂടെയും സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് എന്നിവ യിലൂടെയും സ്ത്രീകള്‍ സ്തനാര്‍ബുദത്തേക്കുറിച്ച് അവബോധമുള്ളവരാണ്. നേരത്തെ അര്‍ബുദം തിരിച്ചറിയുന്നതിനായി സ്തനങ്ങളുടെ കൃത്യമായി പരിശോധന, സംശയകരമായി എന്തെങ്കിലും കണ്ടാല്‍ അര്‍ബുദരോഗവിദഗ്ദ്ധന്റെ സഹായം തേടേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവര്‍ക്ക് അറിയാം.

സ്തനങ്ങളുടെ രൂപഭംഗി വീണ്ടെടുക്കുന്ന ശസ്ത്രക്രിയ
യേക്കുറിച്ച് സ്ത്രീകള്‍ക്ക് ബോധ്യമുണ്ടോ?

മിക്ക സ്ത്രീകളും ഇക്കാര്യത്തേക്കുറിച്ച് അവബോധമുള്ളവരല്ല. സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, റീകണ്‍സ്ട്രക്ടീവ് പ്ലാസ്റ്റിക് സര്‍ജന്‍, മെഡിക്കല്‍ & റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്, പതോളജിസ്റ്റ്, സ്‌പെഷലിസ്റ്റ് ബ്രസ്റ്റ് കെയര്‍ നഴ്‌സസുമാര്‍, പിന്തുണ നല്കുന്ന മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍, കൗണ്‍സിലര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ചേര്‍ന്നാണ് സ്തനാര്‍ബുദം കൈകാര്യം ചെയ്യുന്നത്. ഗ്രീക്ക് വാക്കായ ഓങ്കോ (ട്യൂമര്‍ അഥ വാ മുഴ), പ്ലാസ്റ്റിക്‌സ് (രൂപപ്പെടുത്തുക) എന്നീ വാക്കുകള്‍ ചേര്‍ന്നാണ് ഓങ്കോപ്ലാസ്റ്റിക്‌സ് എന്ന വാക്ക് ഉണ്ടായിരിക്കുന്നത്. രോഗസൗഖ്യം പൂര്‍ണമായും സാധ്യമാകുന്ന രീതിയില്‍ മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് പ്ലാസ്റ്റിക്‌ സര്‍ജറി സങ്കേതങ്ങള്‍ ഉപയോഗിച്ച് സൗന്ദര്യം വീണ്ടെടുക്കുന്നതിനാണ് ഇതില്‍ പ്രാധാന്യം നല്‍കുന്നത്.

സ്തനാര്‍ബുദ ശസ്ത്രകിയ കഴിഞ്ഞുള്ള പുനര്‍നിര്‍മ്മാണ രീതികള്‍ എന്തൊക്കെയാണ്?

ഇംപ്ലാന്റ് അധിഷ്ഠിത പുനര്‍നിര്‍മ്മാണം, ഓട്ടോലോഗസ് ടിഷ്യു (ഫ്‌ളാപ്ത) അധിഷ്ഠിത പുനര്‍നിര്‍മ്മാണം, രണ്ടുംകൂടി ഒരുമിച്ചുള്ളത് എന്നിവയാണ് പുനര്‍നിര്‍മ്മാണ രീതികള്‍. ഇംപ്ലാന്റ് വച്ചുള്ള പുനര്‍നിര്‍മ്മാണത്തില്‍ ഇംപ്ലാന്റുകള്‍ മാത്രം ഉപയോഗിക്കുന്നതാണ് ഒരുരീതി. മുഴ നീക്കം ചെയ്തതിന് ശേഷമുള്ള ചര്‍മ്മത്തിനുള്ളിലേയ്ക്ക് ഇംപ്ലാന്റ് സ്ഥാപിച്ചതിനുശേഷം സ്തനത്തിന്റെ ആകൃതി വീണ്ടെടുക്കുന്നതാണ് മറ്റൊരു രീതി. കോശങ്ങള്‍ നീക്കം ചെയ്ത സ്തനത്തിലെ മുഴകള്‍ നീക്കം ചെയ്തശേഷം ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളില്‍നിന്നും എടുക്കുന്ന യോജിക്കുന്ന കോശങ്ങള്‍ക്കാണ് ഓട്ടോലോഗസ് ടിഷ്യു എന്നു പറയുന്നത്. വയര്‍, തുടകളുടെ ഉള്‍വശം, സ്തനത്തിനോട് ചേര്‍ന്നുള്ള പിന്‍ഭാഗം എന്നിങ്ങനെ കൂടുതല്‍ ചര്‍മ്മവും കൊഴുപ്പും എടുക്കാന്‍ പറ്റുന്ന ഭാഗമാണ് സാധാരണയായി ഉപയോഗിക്കുന്നത്. ധാരാളം സ്ത്രീകളില്‍ ഇന്ന് സ്തനാര്‍ബുദം നേരത്തെതന്നെ കണ്ടുപിടിക്കപ്പെടുന്നുണ്ട്. ഇവരില്‍ പലരും സ്‌കിന്‍ സ്‌പെയറിംഗ് മാസ്‌ടെക്ടമിക്ക് വിധേയരാവുന്നു. ശസ്ത്രക്രിയയില്‍നിന്ന് ഉണരുമ്പോഴേക്കും ഇംപ്ലാന്റ്/കോശങ്ങള്‍ വച്ച സ്തനം പുനര്‍നിര്‍മ്മിക്കുക എന്നത് മികച്ച രീതിയാണ്.

സ്തനാര്‍ബുദ ശസ്ത്രക്രിയയ്ക്കുശേഷം സ്തനം വച്ചുപിടിപ്പിക്കുന്നതിന് ഒരാള്‍ കാത്തിരിക്കണമോ?

വേണ്ട. രണ്ടുതരത്തിലുള്ള പുനര്‍നിര്‍മ്മാണ രീതികളുണ്ട്. മുഴകള്‍ നീക്കം ചെയ്യുമ്പോള്‍ത്തന്നെയുള്ള പുനര്‍നിര്‍മാണം നടത്തുന്നതാണ് ഒരു രീതി. രണ്ടാമത്തേത് ശസ്ത്രക്രിയയ്ക്ക് ശേഷം കീമോതെറാപ്പി, റേഡിയോതെറാപ്പി തുടങ്ങിയവയ്ക്ക് ശേഷം പുനര്‍നിര്‍മ്മാണ ശസ്ത്രക്രിയ നടത്തുക എന്നതാണ്.  ഓങ്കോസര്‍ജനും പ്ലാസ്റ്റിക്‌സ് സര്‍ജനും ശസ്ത്രക്രിയയ്ക്ക് മുമ്പായി എത്രമാത്രം സ്തനകലകള്‍ നീക്കം ചെയ്യണം, എങ്ങനെയാണ് പുതിയതായി സ്തനത്തിന്റെ പുനര്‍നിര്‍മിതി നടത്തേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച പദ്ധതി തയാറാക്കും. അവസാന ഘട്ടത്തില്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ മുലഞെട്ടും ഏരിയോളയും തയാറാക്കുന്നു.

എല്ലാത്തരം സ്തനാര്‍ബുദ ശസ്ത്രക്രിയയിലും സ്തനങ്ങളുടെ പുനര്‍നിര്‍മിതി ആവശ്യമാണോ?

അതെ, സ്തനാര്‍ബുദ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന എല്ലാ സ്ത്രീകള്‍ക്കും സ്തനങ്ങളുടെ പുനര്‍ നിര്‍മിതി സ്വീകരിക്കാവുന്നതാണ്. സ്തനാര്‍ബുദ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവരുടെ മാനസികമായ പുനരധിവാസത്തിന് സ്തനങ്ങളുടെ പുനര്‍നിര്‍മിതി സവിശേഷമായ പങ്ക് വഹിക്കുന്നുണ്ട്. രോഗിക്ക് മുന്നോട്ടുള്ള ജീവിതത്തില്‍ വൈകാരികമായും ശാരീരികമായും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കും.

ആസ്റ്റര്‍ മിംസിലെ പ്ലാസ്റ്റിക്‌സ്, വാസ്‌കൂലര്‍ & റീകണ്‍സ്‌ട്രേറ്റീവ് സര്‍ജറി വിഭാഗം
സീനിയര്‍ കണ്‍സള്‍ട്ടന്റ് & എച്ച്ഒഡി ആണ് ലേഖകന്‍

പത്താംക്ലാസിലെ ഹൃദ്രോഗ വിദഗ്ധന്‍

സാധാരണ ഹൃയാഘാതത്തിന് നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാവാമെങ്കിലും ഒരു തരത്തിലുള്ള ലക്ഷണവും കാണിക്കാത്തതാണ് നിശബ്ദ ഹൃദയാഘാതം.

ന്യൂഡല്‍ഹി: ആകാശ് മനോജ് ഇന്നൊരു പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധനാണ്. മെഡിക്കല്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഇല്ലാതെ പത്താംക്ലാസില്‍ എത്തിയപ്പോള്‍ തന്നെ ഹൃദ്രോഗ ഗവേഷകന്‍ എന്ന പേര് സ്വന്തമാക്കിയ അപൂര്‍വ്വം വ്യക്തികളില്‍ ഒരാള്‍.

തമിഴ്‌നാട്ടിലെ ഹോസുറില്‍ നിന്നുള്ള ഈ പത്താംക്ലാസുകാരനാണ് മെഡിക്കല്‍ ഗവേഷണത്തെ പോലും ഞെട്ടിച്ചുകൊണ്ട് ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാവുന്ന പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. നിശബ്ദ ഹൃദയാഘാതത്തെ തിരിച്ചറിയാനുള്ള ഉപകരണമാണ് ഈ സ്‌കൂള്‍ വിദ്യാര്‍ത്ഥി വികസിപ്പിച്ചെടുത്തിരിക്കുന്നത്‌. ഇതിന് ആരോഗ്യ വിദഗ്ധരുടെ അനുവദവും ലഭിച്ച് കഴിഞ്ഞിട്ടുണ്ട്.

കൈതണ്ടയിലോ ചെവിക്ക് പുറകിലോ ആയി ഒട്ടിച്ച് വെക്കാവുന്ന തരത്തിലുള്ള ചെറിയ ഉപകരണമാണിതെന്ന് ആകാശ് പറയുന്നു. ഈ ഉപകരണത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന ചെറിയ വൈദ്യുത പ്രവാഹമാണ് ഹൃദയസ്തംഭനത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നത്. ഉപകരണത്തില്‍ തെളിഞ്ഞ് വരുന്ന സിഗ്നലുകളുടെ തോതനുസരിച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടുകയും ചെയ്യാം.

മറ്റ് കാര്യമായ അസുഖങ്ങളൊന്നുമില്ലാതിരുന്ന തന്റെ മുത്തച്ഛന്‍ രണ്ട് വര്‍ഷം മുന്നെ ഹൃദയാഘാതം വന്ന് മരിച്ചതോടെയാണ് ഹൃദയത്തെകുറിച്ച് അറിയാനുള്ള യാത്രയ്ക്ക്  ആകാശ് മനോജ് തുടക്കം കുറിച്ചത്. പരന്ന വായനയ്ക്കും പഠനത്തിനും ശേഷം രണ്ട് വര്‍ഷത്തിനിടെ ഇതുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും ആകാശിന് അവസരം ലഭിച്ചു. അങ്ങനെ കുഞ്ഞു ഹൃദ്രോഗ വിദഗ്ധന്‍ എന്ന വിളിപ്പേരും ഈ മിടുക്കന്‍ സ്വന്തമാക്കി.

സാധാരണ ഹൃയാഘാതത്തിന് നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാവാമെങ്കിലും ഒരു തരത്തിലുള്ള ലക്ഷണവും കാണിക്കാത്തതാണ് നിശബ്ദ ഹൃദയാഘാതം. ഇങ്ങനെയുള്ള ഹൃദയാഘാതമാണ് ആകാശിന്റെ ഉപകരണം തിരിച്ചറിയുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇത് വിപണിയിലെത്തിക്കാനാണ് ആകാശിന്റെ തീരുമാനം. ബയോടെക്‌നോളജി വിഭാഗവുമായി ബന്ധപ്പെട്ട് ഉപകരണത്തിന്റെ പേറ്റന്റിന് അപേക്ഷിക്കാനുള്ള ശ്രമത്തിലാണ് ആകാശ്. 900 രൂപയായിരിക്കും വിപണിയില്‍ ഉപകരണത്തിന്റെ വില.

വിഷാദം പിടിമുറുക്കുന്നു

ഏപ്രില്‍ ഏഴ് ലോകാരോഗ്യദിനം. ഈവര്‍ഷം ലോകാരോഗ്യസംഘടന മുന്നോട്ടുവെച്ചിരിക്കുന്ന വിഷയം 'വരൂ, നമുക്ക് വിഷാദത്തെക്കുറിച്ച് സംസാരിക്കാം' എന്നതാണ്.

2030-ല്‍ ലോകത്ത് ഏറ്റവുംകൂടുതല്‍ ആളുകളില്‍ കാണപ്പെടുന്ന രോഗാവസ്ഥയായിരിക്കും വിഷാദമെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. നൂറില്‍ 13 പേര്‍ക്ക് വിഷാദമടക്കമുള്ള മാനസികപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മുതിര്‍ന്നവരിലാണ് കൂടുതല്‍. കൗമാരക്കാരില്‍ നാലുമുതല്‍ എട്ടുശതമാനംവരെയും കൊച്ചുകുട്ടികളില്‍ രണ്ടുമുതല്‍ നാലുശതമാനം വരെയും പേര്‍ക്ക് മാനസികപ്രശ്‌നങ്ങളുണ്ട്.

വിഷാദം
വിഷാദം ഒരു രോഗമാണ്. കരുതലോടെ ചികിത്സവേണം. വിഷാദരോഗികളെ അകറ്റിനിര്‍ത്തുകയല്ല, ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്. വരൂ... വിഷാദരോഗികളോട് നമുക്ക് സംസാരിക്കാം.

ചികിത്സ കേരളത്തില്‍
വിഷാദരോഗികളില്‍ 10 ശതമാനം മാത്രമാണ് ചികിത്സതേടുന്നത്. രോഗം തടയാനും അവബോധം വളര്‍ത്താനും ആരോഗ്യവകുപ്പിന്റെ 'ആശ്വാസ്' പദ്ധതി വെള്ളിയാഴ്ച തുടങ്ങും. 171 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിഷാദരോഗികളെ കണ്ടെത്തി ചികിത്സ നല്‍കാന്‍ മാനസികാരോഗ്യ ക്ലിനിക്കുകള്‍ തുടങ്ങും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇതിന് പരിശീലനം നല്‍കി.

വിഷാദവും മാനസികപ്രശ്‌നങ്ങളും കേരളത്തില്‍ (18 വയസ്സിന് മുകളില്‍)

വിഷാദമടക്കമുള്ള മാനസികപ്രശ്‌നങ്ങള്‍ 12.43%
മനോവിഭ്രാന്തിയുള്ളവര്‍ 0.71%
സ്‌കിസോഫ്രീനിയ 0.23%
ദ്വിമുഖ വിഷാദം 0.29%
സാധാരണ മാനസികപ്രശ്‌നങ്ങള്‍ 9%
മദ്യപാനസംബന്ധമായ മാനസികപ്രശ്‌നങ്ങള്‍ 1.4%
മറവിരോഗം 1.26%
മറവിരോഗം (60 വയസ്സിനുമുകളില്‍) 10.48%
അവലംബം: കേരള മാനസികാരോഗ്യവകുപ്പ് ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട്, കൊല്ലം ജില്ലകളില്‍ നടത്തിയ പഠനം

വിഷാദം എങ്ങനെ
ജീവിത സാഹചര്യങ്ങള്‍കൊണ്ട് വിഷാദം ആരിലും എപ്പോഴുമുണ്ടാകാം. സെറടോണിന്‍ എന്ന ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകളാണ് കാരണം. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം എന്നിവയെ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കുട്ടികളില്‍ വിഷാദം പലപ്പോഴും സാമൂഹിക, ശാരീരിക, പ്രശ്‌നങ്ങള്‍കൊണ്ടാണ് ഉണ്ടാവുന്നത്. അമ്മമാരുടെ വിഷാദം പലപ്പോഴും കുഞ്ഞുങ്ങള്‍ക്കും വരാമെന്ന് വിദഗ്ധര്‍ പറയുന്നു.

ലോകത്ത്
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഏറ്റവുംകൂടുതല്‍ വിഷാദരോഗികളുള്ളത് ഇന്ത്യയില്‍-5.7 കോടി പേര്‍. ലോകത്താകെ 32.2 കോടി ആളുകള്‍ വിഷാദരോഗികളാണ്. 2005-2015 കാലത്ത് ലോകത്ത് 18.4 ശതമാനം ആളുകള്‍ വിഷാദരോഗികളായി മാറി.

ആത്മഹത്യ
ലോകത്ത് ഓരോ 40 സെക്കന്‍ഡിലും ഒരാള്‍ ആത്മഹത്യചെയ്യുന്നു. കേരളത്തില്‍ ആത്മഹത്യാപ്രവണത കൂടുകയാണ്. വിഷാദവും അമിത ഉത്കണ്ഠയും മാനസികസമ്മര്‍ദവുമാണ് കാരണങ്ങള്‍. ലോകാരോഗ്യസംഘടനയുടെ 2014-ലെ കണക്കുപ്രകാരം ലോകത്തില്‍ ഏറ്റവുംകൂടുതല്‍പേര്‍ ആത്മഹത്യചെയ്യുന്നത് ഇന്ത്യയിലാണ്.

രാജ്യം/ വിഷാദരോഗികള്‍/ രോഗബാധിതര്‍
ഇന്ത്യ/ 5.7കോടി /4.5%
ചൈന/ 5.5 കോടി/ 4.2%
ബംഗ്ലാദേശ് /63.9 ലക്ഷം/ 4.1%
ഇന്‍ഡൊനീഷ്യ/ 91.6 ലക്ഷം/ 3.7%
മ്യാന്‍മര്‍/ 19.1 ലക്ഷം /3.7%

അച്ഛന്റെ ആഹാരവും കുഞ്ഞിനെ ബാധിക്കും

എലികളിലായിരുന്നു പരീക്ഷണം. അവയ്ക്ക് ഫോളിക് ആസിഡ്, മെഥിയോനിന്‍, ജീവകം ബി12 എന്നിവ നല്‍കി. ഇവയ്ക്കുണ്ടായ കുഞ്ഞുങ്ങള്‍ക്ക് ഓര്‍മയ്ക്കും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും പ്രശ്‌നങ്ങളുണ്ടായി.

ലണ്ടന്‍: ഗര്‍ഭധാരണത്തിനുമുമ്പ് അമ്മ കഴിക്കുന്ന ആഹാരം മാത്രമല്ല, അച്ഛന്‍ കഴിക്കുന്നതും കുഞ്ഞിന്റെ വളര്‍ച്ചയെ സ്വാധീനിക്കുമെന്ന് പഠനം. അച്ഛന്‍ കഴിക്കുന്ന ഊര്‍ജപാനീയങ്ങളും ഫോളിക് ആസിഡ് ഗുളികകളും കുട്ടിയുടെ മാനസികവളര്‍ച്ചയെ സ്വാധീനിക്കുമെന്നാണ് ശാസ്ത്രപ്രസിദ്ധീകരണമായ 'മോളിക്യുലാര്‍ സൈക്യാട്രി'യില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. 

എലികളിലായിരുന്നു പരീക്ഷണം. അവയ്ക്ക് ഫോളിക് ആസിഡ്, മെഥിയോനിന്‍, ജീവകം ബി12 എന്നിവ നല്‍കി. ഇവയ്ക്കുണ്ടായ കുഞ്ഞുങ്ങള്‍ക്ക് ഓര്‍മയ്ക്കും കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും പ്രശ്‌നങ്ങളുണ്ടായി. മീഥൈല്‍ ദാതാക്കളായ ഈ ഭക്ഷ്യവസ്തുക്കള്‍ ജനിതകഘടനയെയാണ് സ്വാധീനിച്ചത്. ഈ മാറ്റം ബീജത്തിലൂടെ കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകിട്ടി. ഈ കുഞ്ഞുങ്ങള്‍ക്കും അച്ഛനുനല്‍കിയ അതേ ആഹാരംതന്നെ നല്‍കി വളര്‍ത്തി. ഇവയുടെ സ്വഭാവത്തിനുമാത്രമല്ല, തലച്ചോറിനും തകരാര്‍ കണ്ടെത്തി. ഓര്‍മയെ സ്വധീനിക്കുന്ന തലച്ചോറിലെ ഹിപ്പോക്യാമ്പസ് എന്ന ഭാഗത്തെയാണ് ഈ ആഹാരരീതി ബാധിച്ചത്. 

എലികളിലെ പരീക്ഷണഫലം മനുഷ്യരുടെ കാര്യത്തിലും സംഭവിക്കാമെന്ന് പഠനത്തിന്റെ ഭാഗമായ ജര്‍മന്‍ സെന്റര്‍ ഫോര്‍ ന്യൂറോഡീജനറേറ്റിവ് ഡിസീസസിലെ ഡാന്‍ എഹ്നിംഗര്‍ പറഞ്ഞു.

വിശ്വാസം സുഖപ്പെടുത്തുമോ

മസ്തിഷ്‌കത്തിലെ തോന്നലുകളും ശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്ന സങ്കീര്‍ണ്ണതകളുമാണ് പ്ലെസീബോ പ്രതിഭാസത്തിനു പിറകില്‍. പ്ലെസീബോ പ്രതിഭാസം സംഭവിക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് രോഗം സുഖപ്പെടും എന്ന പ്രതീക്ഷയാണ്

മരുന്നൊന്നും കഴിക്കാതെ തന്നെ രോഗങ്ങള്‍ സുഖമാക്കുന്ന അനേകം ചികിത്സകളുണ്ട്. ഹോമിയോപ്പതി, പ്രാണിക് ഹീലിംഗ്, റെയിക്കി ഹീലിംഗ്, അക്യൂപന്‍ക്ചര്‍, മൂത്രചികിത്സ, കാന്തചികിത്സ, പൂജ, ധ്യാനം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്. ഇതില്‍ ഹോമിയോപ്പതിയില്‍ നിങ്ങള്‍ മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കിലും അതില്‍ അവര്‍ അവകാശപ്പെടുന്ന മരുന്നുകളുടെ ഒരു തന്മാത്രപോലും ഉണ്ടാവില്ല!

ഇത്തരം ചികിത്സകളെല്ലാം തട്ടിപ്പാണ്, ഇതിലൊന്നും വലിയ കാര്യമില്ല എന്ന് പറയാന്‍ വരട്ടെ. ഒരു കാര്യവുമില്ലാതെ ആളുകള്‍ കാലാകാലമായി ഈ ചികിത്സകള്‍ തുടര്‍ന്നുപോകുമോ? ഒരിക്കലുമില്ല. ഒരു ജനതയെ എക്കാലവും പറ്റിക്കാന്‍ കഴിയുമോ? എന്നുവച്ചാല്‍ ഇതിലൊക്കെ എന്തൊക്കെയോ കാര്യമുണ്ട്. ഹോമിയോ മരുന്ന് കഴിച്ചു രോഗങ്ങള്‍ കുറഞ്ഞവരെ നിങ്ങള്‍ ധാരാളം കണ്ടിട്ടില്ലേ? പൂജയിലൂടെയും ധ്യാനത്തിലൂടെയും രോഗങ്ങള്‍ മാറിയവരുടെ സാക്ഷ്യങ്ങള്‍ നിങ്ങള്‍ കേട്ടിട്ടില്ലേ? എന്നുവച്ചാല്‍ ഇത്തരം ചികില്‍സകളിലൂടെ കുറച്ചുപേര്‍ക്കെങ്കിലും രോഗങ്ങള്‍ കുറയുന്നുണ്ട് എന്നുവേണം അനുമാനിക്കാന്‍.

പക്ഷെ, എങ്ങനെ? മരുന്നുകളില്ലാതെ എങ്ങനെ രോഗം സുഖപ്പെടും?

മേല്‍ സൂചിപ്പിച്ച ചികിത്സകള്‍ എങ്ങനെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു എന്നറിയണമെങ്കില്‍ പ്ലെസീബോ പ്രതിഭാസം എന്താണെന്നറിയണം. കാരണം ഈ പ്രതിഭാസമാണ് സുഖപ്പെടുത്തലിന് അടിസ്ഥാനം. പ്രത്യേകിച്ച് മരുന്നുകളൊന്നും അടങ്ങാത്ത, എന്നാല്‍ യഥാര്‍ത്ഥമെന്നു തോന്നിപ്പിക്കുന്ന ചികിത്സയിലൂടെ രോഗം കുറയുന്നു എന്ന തോന്നലാണ് പ്ലെസീബോ പ്രതിഭാസം ( Placebo effect ).

നിങ്ങള്‍ ഡോക്ടറെ സന്ദര്‍ശിക്കുമ്പോഴും പ്ലെസീബോ പ്രതിഭാസത്തിനു പ്രാധാന്യമുണ്ട്. ഡോക്ടരുടെ പെരുമാറ്റം ഏതുവിധത്തിലാണ് എന്നതു വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഡോക്ടര്‍ കാര്യമായ പരിശോധനകള്‍ നടത്തുകയാണെങ്കില്‍ നിങ്ങളുടെ രോഗത്തിനു കൂടുതല്‍ ആശ്വാസം ലഭിക്കും. ഡോക്ടര്‍ സ്‌റ്റെതസ്‌കോപ്പ് നെഞ്ചിലും പിടലിക്കുമെല്ലാം വച്ചുനോക്കുമ്പോള്‍ തന്നെ തെല്ലൊരാശ്വാസം തോന്നും. ഹൃദയമിടിപ്പും പ്രഷറുമൊന്നും നോക്കാതെ വെറുതെ മരുന്നുകുറിച്ചാല്‍ രോഗിക്ക് ഒരു സംതൃപ്തി കിട്ടില്ല. 'ആ ഡോക്ടര്‍ക്ക് ഒന്നും അറിയില്ല' എന്ന് ആളുകള്‍ പറഞ്ഞുകളയും.

അതുപോലെ എന്തൊക്കെ ഉപകരണങ്ങള്‍ പരിശോധനക്ക് ഉപയോഗിക്കുന്നു എന്നതിനും പ്രാധാന്യമുണ്ട്. ഡോക്ടര്‍ പരിശോധിക്കുന്നത് ഏതോ ഭയങ്കരന്‍ ഉപകരണം കൊണ്ടാണ് എന്നൊക്കെ തോന്നണം. കമ്പ്യൂട്ടറൈസ്ഡ് രോഗനിര്‍ണ്ണയം എന്നൊക്കെ ആശുപത്രകള്‍ക്ക് മുന്‍പില്‍ എഴുതിവച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? അതുപോലെ ഇപ്പോഴുള്ള സ്‌കാനിംഗ് മെഷിനുകളുടെ വലിപ്പം കുറച്ച് ഒരു കമ്പ്യൂട്ടറിന്റെ വലിപ്പത്തിലാക്കിയാല്‍ രോഗികള്‍ക്ക് ഒരു സുഖക്കുറവുണ്ടാകും.

മസ്തിഷ്‌കത്തിലെ തോന്നലുകളും ശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്ന സങ്കീര്‍ണ്ണതകളുമാണ് പ്ലെസീബോ പ്രതിഭാസത്തിനു പിറകില്‍. പ്ലെസീബോ പ്രതിഭാസം സംഭവിക്കാന്‍ ഏറ്റവും അത്യാവശ്യം വേണ്ടത് രോഗം സുഖപ്പെടും എന്ന പ്രതീക്ഷയാണ്. വിശ്വാസം ശക്തമാണെങ്കില്‍ സുഖപ്പെടുവാനുള്ള സാധ്യതയും കൂടുതലാണ്. ഈ പ്രതീക്ഷ കിട്ടുന്നത് മരുന്നില്‍നിന്നാകാം അല്ലെങ്കില്‍ ചികിത്സാ രീതിയില്‍നിന്നോ അതുമല്ലെങ്കില്‍ സുഖപ്പെടുത്തുന്ന ആളുടെ വാക്ചാതുര്യത്തില്‍ നിന്നുമാകാം.

 

പ്ലെസീബോ പ്രതിഭാസത്തിലൂടെ എന്തു രോഗവും സുഖപ്പെടുമെന്ന് കരുതരുത്. പ്രമേഹവും ക്യാന്‍സറും ജനിതകരോഗങ്ങളുമൊന്നും സുഖപ്പെടില്ല. അതുപോലെ കുരുടന് കാഴ്ചയും ചെവി കേള്‍ക്കാത്തവനു കേള്‍വിയും കിട്ടില്ല. എല്ലാ രോഗങ്ങള്‍ക്കും പ്ലെസീബോ മരുന്നുകള്‍ ഫലപ്രദമല്ലെങ്കിലും പ്രത്യേകിച്ചും ഡിപ്രഷന്‍, വേദന, ഉറക്കമില്ലായ്മ, വയറിലെ ചില പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പ്ലെസീബോ മരുന്നുകള്‍ അത്യുത്തമമാണെന്ന് തെളിയിച്ചിട്ടുണ്ട്.

വേദന കുറയ്ക്കുന്നത്

എങ്ങനെയാണ് പ്ലെസീബോ പ്രതിഭാസം വേദനയെ കുറക്കുന്നത് എന്നുനോക്കാം. നമ്മുടെ ശരീരത്തില്‍ രോഗമുള്ള ഭാഗത്തുനിന്നും വേദനയുടെ സിഗ്‌നലുകള്‍ നാഡികളിലൂടെ മസ്തിഷ്‌കത്തിലെത്തുന്നു. നിങ്ങള്‍ വേദന അനുഭവിക്കുന്നത്  മസ്തിഷ്‌കത്തിലാണ്. പ്ലെസീബോ അല്ലാത്ത യഥാര്‍ത്ഥ മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍ മസ്തിഷ്‌കം ചില ന്യൂറോട്രാന്‍സ്മിറ്ററുകള്‍  പുറപ്പെടുവിക്കാന്‍ ഇടയാക്കും. ഈ രാസവസ്തുക്കള്‍ വേദനയുടെ സിഗ്‌നലുകളെ മയപ്പെടുത്തും. അങ്ങനെ നമുക്ക് വേദനയില്‍ കുറവുണ്ടാകും. യഥാര്‍ത്ഥ മരുന്നിനു പകരം നിങ്ങള്ക്ക് വേദന കുറയും എന്ന ശക്തമായ പ്രതീക്ഷ ഉണ്ടെങ്കില്‍ ഈ സിഗ്‌നലുകള്‍ ന്യൂറോട്രാന്‍സ്മിറ്ററുകള്‍ ഉണ്ടാക്കും. അങ്ങനെ നിങ്ങളുടെ വേദനക്ക് ആശ്വാസം കിട്ടും.

രോഗിയില്‍ എങ്ങനെ പ്രതീക്ഷ ഉണ്ടാക്കാം എന്നതാണ് മരുന്നില്ലാത്ത ചികിത്സകളുടെ ആദ്യ പടി. ഉദാഹരണത്തിന് പ്രാണിക് ഹീലിംഗ് എന്ന ചികിത്സ എടുക്കുക. ഈ പരിപാടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് രോഗിയോട് കുറച്ചു 'ശാസ്ത്രീയമായി' വിശദീകരിക്കണം. രോഗിക്ക് നല്ല പ്രതീക്ഷ കൊടുക്കുക എന്നതാണ് ഉദ്ദേശം. പോസിറ്റീവ് എനര്‍ജി, നെഗറ്റീവ് എനര്‍ജി, ഇത്തരം കുറച്ചു ശാസ്ത്രീയമെന്നു തോന്നിപ്പിക്കുന്ന പദങ്ങള്‍ ഗുണം ചെയ്യും എന്നതില്‍ സംശയം വേണ്ട. വേണമെങ്കില്‍ കുറച്ചു എനര്‍ജി ഫീല്‍ഡ്, ഡാര്‍ക്ക് മാറ്റര്‍ എന്നിവകൂടി ചേര്‍ക്കാം. ഇനി വേണ്ടത് ഈ ചികിത്സയിലൂടെ രോഗം സുഖപ്പെട്ട ആളുകളുടെ സാക്ഷ്യമാണ്. സാക്ഷ്യം പറച്ചില്‍ നല്ല ശക്തമായിരിക്കണം.

ഇത്രയൊക്കെ ആകുമ്പോഴേക്കും രോഗിക്ക് ആവശ്യത്തിനു പ്രതീക്ഷയും വിശ്വാസവും കിട്ടിയിരിക്കും. ഇനി ചികിത്സ തുടങ്ങുമ്പോള്‍ പ്ലെസീബോ പ്രതിഭാസം പ്രവര്‍ത്തിച്ചുതുടങ്ങും.

മരുന്നുകള്‍ പരീക്ഷിക്കുമ്പോള്‍ ഗവേഷകര്‍ പ്ലെസീബോ എഫ്‌ഫെക്റ്റ് കണക്കിലെടുക്കാറുണ്ട്. മരുന്നുകള്‍ പരീക്ഷിക്കുമ്പോള്‍ പ്ലെസീബോ മരുന്നുകളും നല്‍കും. ഉദാഹരണത്തിന് രക്‌സ്തസമ്മര്‍ദ്ദത്തിനു ഉണ്ടാക്കിയ പുതിയ ഒരു മരുന്നിന്റെ ക്ഷമത പരീക്ഷിക്കണമെന്നിരിക്കട്ടെ. യഥാര്‍ത്ഥ മരുന്നും പ്ലെസീബോ മരുന്നും രോഗികള്‍ക്ക് കൊടുക്കും. ചിലര്‍ക്ക് കിട്ടിയത് യഥാര്‍ത്ഥ മരുന്നും ബാക്കിയുള്ളവര്‍ക്ക് കിട്ടിയതു വ്യാജനും (പ്ലെസീബോ) ആയിരിക്കും. ചികിത്സയുടെ ഒരു ഘട്ടത്തിനു ശേഷം ഇതില്‍ ആര്‍ക്കൊക്കെ രോഗം കുറഞ്ഞു എന്ന് പരിശോധിക്കും.

യഥാര്‍ത്ഥ മരുന്ന് കഴിച്ചു രോഗം ശമിച്ചവരുടെ എണ്ണം പ്ലെസീബോ മരുന്ന് കഴിച്ചു രോഗം ശമിച്ചവരെക്കാള്‍ കൂടുതല്‍ ആണെങ്കില്‍ മാത്രമേ മരുന്നിനു ഫലമുള്ളതായി കണക്കാക്കാന്‍ കഴിയൂ.

ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ സൈഡ് എഫക്ട്ടുകള്‍ ഉണ്ടെന്ന് ചിലപ്പോള്‍ രോഗികള്‍ക്ക് തോന്നാം. തങ്ങള്‍ കഴിക്കുന്ന മരുന്നുകളുടെ സൈഡ് എഫ്ഫക്ട്ടുകളെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമാണ് ഇത്തരക്കാര്‍ക്ക് ഈ വിഷമതകള്‍ തുടങ്ങുക. ഉദാഹരണത്തിന് കണ്ണില്‍ ഒഴിക്കുന്ന മരുന്ന് കുപ്പിക്ക് പുറത്ത് 'അലര്‍ജി ഉണ്ടായാല്‍ ഡോക്ടറെ കാണുക' എന്ന് എഴുതിവച്ചിരിക്കുന്നത് വായിച്ചാല്‍ പിന്നെ ആ മരുന്ന് ഒഴിക്കുമ്പോള്‍ എന്തോ ഒരു നീറ്റലോ പുകച്ചിലോ ഒക്കെ തോന്നാം. അത് വായിക്കാതിരുന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഇത് പ്ലെസീബോ പ്രതിഭാസത്തിന്റെ ഒരു വിപരീതമാണ്. ഇതിനു നോസീബോ പ്രതിഭാസം ( nocebo effect ) എന്നാണ് വിളിക്കുന്നത്.

പ്ലെസീബോ പ്രതിഭാസം അത്ര തമാശക്കാര്യമൊന്നുമല്ല. ശരിക്കുമോള്ളോരു പ്രതിഭാസം തന്നെയാണ്. പ്ലെസീബോ പ്രതിഭാസത്തെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. പല സര്‍വ്വകലാശാലകളും ഇതെപ്പറ്റി ധാരാളം പഠിക്കുന്നുണ്ട്. ഉദാഹരണത്തിന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍  പ്ലെസീബോ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സ്ഥാപനം തന്നെയുണ്ട് (http://programinplacebostudies.org/). അതുപോലെ ഇറ്റലിയിലെ ടൂറിന്‍ സര്‍വ്വകലാശാലയിലും (ഗവേഷകന്‍ ഫബ്രിസിയോ ബെനെദേച്ചി- Fabrizio Benedetti) പ്ലെസീബോ പ്രതിഭാസത്തെക്കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട് (https://www.ncbi.nlm.nih.gov/pmc/articles/PMC3055515/ ).

ഗവേഷണങ്ങള്‍ കാണിക്കുന്ന രസകരമായ പലകാര്യങ്ങളുമുണ്ട്. പ്ലെസീബോ ഗുളികകളെക്കാള്‍ ഫലപ്രദമാണ് പ്ലാസീബോ ഇന്‍ജക്ഷന്‍. പഠനങ്ങള്‍ കാണിക്കുന്നത് വ്യാജന്മാരുടെ ആകൃതിക്കും നിറത്തിനുമൊക്കെ പ്രാധാന്യമുണ്ടെന്നാണ്. വെളുത്ത വ്യാജഗുളികകളെക്കാള്‍ ഫലപ്രദം കളറുകളുള്ള വ്യാജന്മാരാണത്രേ. അതുപോലെ ഒരു പഠനത്തില്‍ പിങ്ക് ഗുളികകള്‍ക്കു നീല ഗുളികകളെക്കാള്‍ ഫലമുണ്ടെന്ന് കണ്ടു. രണ്ടു വ്യാജഗുളികകള്‍ ഒരു വ്യാജനേക്കാള്‍ ഫലപ്രദമാണ്. അതുപോലെ ക്യാപ്‌സ്യൂളുകള്‍ സാധാരണ ഗുളികകളെക്കാള്‍ ഫലം ചെയ്യും.

പ്ലെസീബോ മരുന്ന് കഴിക്കുമ്പോള്‍ ലഭിക്കുന്നത് ചെറിയൊരു തോന്നല്‍ മാത്രമാണെന്ന് കരുതണ്ട. ഉദ്ദീപനം നല്‍കുന്ന ഗുളികയാനെന്ന വ്യാജേന കൊടുത്തവ ആളുകളില്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കൂട്ടിയതായി കണ്ടിട്ടുണ്ട്. അതുപോലെ മോര്‍ഫിന്‍ കൊടുക്കേണ്ട വേദനക്ക് വെറും ഉപ്പുവെള്ളം കുത്തിവച്ചുകൊണ്ട് രണ്ടാംലോകമഹായുദ്ധകാലത്ത് ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ വരെ ചെയ്തിട്ടുണ്ടത്രേ! വേദന കുറയാന്‍ മോര്‍ഫിനാണ് കുത്തിവച്ചതെന്ന് രോഗിയോട് പറഞ്ഞാല്‍ വേദനക്ക് അല്‍പ്പം കുറവുകിട്ടും, അത്രതന്നെ.

നിങ്ങളുടെ മുന്‍കാല അനുഭവവും പ്ലെസീബോ പ്രതിഭാസത്തെ ശക്തമാക്കും. ഉദാഹരണത്തിന് രണ്ടു ഗ്രൂപ്പിലുള്ള ആളുകളില്‍ ഒരു ഗ്രൂപ്പിന് വേദനക്കുള്ള യഥാര്‍ത്ഥ മരുന്നും മറ്റേ ഗ്രൂപ്പിന് പ്ലെസീബോ മരുന്നും കൊടുത്തു. അങ്ങനെ ആദ്യത്തെ ഗ്രൂപ്പിന് തീര്‍ച്ചയായും വേദനയില്‍ കാര്യമായ കുറവുണ്ടായി. ഇനി രണ്ടാം പ്രാവശ്യം രണ്ടു കൂട്ടര്‍ക്കും യഥാര്‍ത്ഥ മരുന്നിന്റെ ആകൃതിയിലുള്ള പ്ലെസീബോ മരുന്നുകള്‍ കൊടുത്തു. ഇപ്പോള്‍ ആദ്യത്തെ ഗ്രൂപ്പിലുള്ളവര്‍ക്ക് വേദനയില്‍ കാര്യമായ കുറവുണ്ടായി. ഇതിനര്‍ത്ഥം മുന്‍പ് യഥാര്‍ത്ഥ മരുന്ന് കഴിച്ചുണ്ടായ സൗഖ്യം രണ്ടാം പ്രാവശ്യം പ്ലെസീബോ പ്രതിഭാസത്തെ ശക്തമാക്കി എന്നതാണ്. യഥാര്‍ത്ഥ മരുന്ന് ഒരു പ്രാവശ്യം തന്നു നിങ്ങളുടെ മസ്തിഷ്‌കത്തെ ഒന്ന് പരുവപ്പെടുത്തിയാല്‍ പിന്നീട് പ്ലെസീബോ പ്രതിഭാസം നന്നായി പ്രവര്‍ത്തിക്കും എന്നര്‍ത്ഥം.

'ബാന്‍ഡ്-വാഗണ്‍ പ്രതിഭാസം'

പ്ലെസീബോ പ്രതിഭാസത്തിന്റെ തീവ്രത കൂട്ടുന്ന മറ്റു ചില പ്രതിഭാസങ്ങളുമുണ്ട്. ഒരു കാര്യത്തെ ചുറ്റുമുള്ള വളരെ അധികം ആളുകള്‍ പിന്തുണക്കുകയാണെങ്കില്‍ വീണ്ടും കൂടുതല്‍ ആളുകള്‍ അത് വിശ്വസിക്കാനുള്ള അല്ലെങ്കില്‍ അതിനെ പിന്തുടരാനുള്ള സാധ്യത വളരെ അധികമാണ്. ഇതിന്റെ 'ബാന്‍ഡ്-വാഗണ്‍ പ്രതിഭാസം' ( bandwagon effect ) എന്നാണ് വിളിക്കുന്നത്. ഫാഷനുകള്‍ പ്രചരിക്കുന്നത് ഇതിന്റെ നല്ലൊരു ഉദാഹരണമാണ്.

കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന വിശ്വാസത്തെ, അല്ലെങ്കിള്‍ കാര്യങ്ങളെ മറ്റുള്ളവരും പിന്താങ്ങനുള്ള സാധ്യതയുണ്ട്. ഇങ്ങനെ ആളുകള്‍ ഭൂരിപക്ഷ സ്വഭാവത്തെ പിന്തുടരുമ്പോള്‍ അവര്‍ അവരുടെ സ്വന്തം അനുഭവങ്ങള്‍ക്കും അറിവുകള്‍ക്കും കൊടുക്കുന്ന പ്രാധാന്യം കുറവായിരിക്കും.

രാഷ്ട്രീയത്തിലും ജനങ്ങളുടെ ഇത്തരം സ്വഭാവം കാണുവാന്‍ കഴിയും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വോട്ടെടുപ്പിന് ശേഷം മാത്രം പുറത്തുവിടുന്നതിന്റെ പിന്നിലെ കാര്യം ഇപ്പോള്‍ മനസിലായിക്കാണുമല്ലോ. വോട്ടെടുപ്പിന് മുന്‍പേ ഏതെങ്കിലും പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടും എന്ന വാര്‍ത്ത വന്നാല്‍ ചിലര്‍ ആ പാര്‍ട്ടിക്ക് വോട്ടുചെയ്യാനുള്ള സാധ്യത വളരെ അധികമാണ്. 1950കളില്‍ സോളമന്‍ ആഷ് ( Solomon Asch ) നടത്തിയ പരീക്ഷണങ്ങള്‍ ആളുകളുടെ ഭൂരിപക്ഷത്തെ പിന്താങ്ങുന്ന സ്വഭാവത്തെ വ്യക്തമായി കാണിച്ചിട്ടുണ്ട് (https://en.wikipedia.org/wiki/Asch_conformity_experiments ).

മതങ്ങളും സംഘടനകളും പ്രചരിപ്പിക്കുന്ന യുക്തിരഹിതമായ കാര്യങ്ങള്‍ ആളുകള്‍ പെട്ടന്ന് വിശ്വസിക്കുന്നതും പിന്തുടരുന്നതും ഒരു സാമൂഹ്യസ്വഭാവമാണ്. ഇതിന്റെ പിറകിലും ബാന്‍ഡ്-വാഗണ്‍ പ്രതിഭാസത്തിനു സ്വാധീനമുണ്ട്. പ്രാര്‍ത്ഥനയിലും പൂജയിലുമെല്ലാം ലഭിക്കുന്ന രോഗശാന്തി പ്ലെസീബോ പ്രതിഭാസം മാത്രമല്ല ബാന്‍ഡ്-വാഗണ്‍ പ്രതിഭാസവും കൂടിക്കലര്‍ന്നതാണ്.

ഒരു ഉദാഹരണമെടുക്കാം. ബഹുഭൂരിപക്ഷം വിശ്വാസികളും, പ്രത്യേകിച്ച് ജീവിതത്തില്‍ രോഗങ്ങളോ പ്രശ്‌നങ്ങളോ ഉള്ളവര്‍ സ്വന്തമായി ദിവസേന പ്രാര്‍ത്ഥിക്കുന്നവരായിരികും. എങ്കിലും അവര്‍ക്ക് അപ്പോള്‍ ലഭിക്കാത്ത സൗഖ്യം കൂട്ടപ്രാര്‍ത്ഥനയിലോ ധ്യാനങ്ങളിലോ അവര്‍ക്ക് ലഭിക്കുന്നു. കാരണം ഇത്തരം സ്ഥലങ്ങളില്‍ പ്ലെസീബോ പ്രതിഭാസത്തിനു അത്യാവശ്യമായ വിശ്വാസവും പ്രതീക്ഷയും കൂടുതലായി ഉണ്ടാകും. അതുപോലെ ബാന്‍ഡ്-വാഗണ്‍ പ്രതിഭാസവും ഉണ്ടാകും. സാക്ഷ്യംപറച്ചിലുകള്‍ കാര്യങ്ങള്‍ ഒന്നുകൂടെ ഊട്ടിഉറപ്പിക്കും. ചുറ്റുമുള്ളവരിലെ വിശ്വാസം അല്‍പവിശ്വാസിയെപോലും വിശ്വസിപ്പിക്കും.

മരുന്നുകളില്ലാതെ രോഗങ്ങള്‍ എങ്ങനെയാണ് സുഖപ്പെടുന്നതെന്ന് മനസിലായല്ലോ. ഇവിടെ രോഗം സുഖപ്പെടുന്നു എന്ന് പറഞ്ഞത് അത്ര ശരിയല്ല. കാരണം പ്ലെസീബോ പ്രതിഭാസം തരുന്ന ആശ്വാസം താല്‍ക്കാലികമാണ്. അത് ഒരിക്കലും യഥാര്‍ത്ഥ രോഗകാരണത്തെ സുഖപ്പെടുത്തുന്നില്ല. ഉദാഹരണത്തിന് ക്യാന്‍സര്‍ കാരണം വയറ്റില്‍ ഉണ്ടായ വേദനക്ക് താല്‍ക്കാലിക ആശ്വാസം നല്‍കാന്‍ പ്ലെസീബോ പ്രതിഭാസത്തിനു കഴിയും എന്നാല്‍ അത് വേദനയുടെ മൂലകാരണമായ ക്യാന്‍സറിനെ സുഖപ്പെടുത്തുന്നില്ല. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ രോഗം കണ്ടെത്താതെ പ്ലെസീബോ  പ്രതിഭാസം ഒളിച്ചിരിക്കുന്ന ചികിത്സകള്‍ക്കും രോഗശാന്തി ശിശ്രൂഷകള്‍ക്കും പുറകെ പോകുന്നത് ദോഷമേ ചെയ്യൂ. ഇത് കൃത്യമായ രോഗനിര്‍ണ്ണയവും ചികിത്സയും വൈകിപ്പിക്കും.

(തിരുപ്പതിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

മത്സ്യങ്ങള്‍: പോഷകവും ഔഷധവും

കലോറിയും ലവണാംശവും കുറഞ്ഞ പോഷകാഹാരമാണ് മത്സ്യം. അതേസമയം, പ്രോട്ടീനും ധാതുക്കളും വിറ്റാമിനുകളും സൂക്ഷ്മപോഷകങ്ങളും സമൃദ്ധം. എളുപ്പം ദഹിക്കുകയും ചെയ്യും. സോഡിയം പോലുള്ള ലവണങ്ങള്‍ തീരെ കുറവായതുകൊണ്ട് രക്തസമ്മര്‍ദം കൂടിയവര്‍ക്കും ഹൃദ്രോഗികള്‍ക്കും പേടികൂടാതെ കഴിക്കാം

മത്സ്യം കറിവെച്ച് കഴിക്കുന്നതാണ് ആരോഗ്യത്തിന് നന്ന്

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൊത്തം വിസ്തൃതിക്ക് ആനുപാതികമായി ഏറ്റവുമധികം തീരദേശമുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ മത്സ്യവിഭവങ്ങള്‍ കേരളീയരുടെ ഭക്ഷണത്തില്‍ അവിഭാജ്യഘടകമാണ്. ഏറ്റവും കൂടുതല്‍ പോഷകമൂല്യവും ഔഷധമൂല്യവുമുള്ള ഭക്ഷണവിഭവങ്ങളില്‍ ഒന്നാണ് മത്സ്യം. എല്ലാത്തരം മത്സ്യവിഭവങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. മറ്റു ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കാന്‍ സാധ്യത കുറഞ്ഞ പല പോഷകങ്ങളും മത്സ്യത്തില്‍ നിന്ന് ലഭിക്കുന്നു.

പോഷകഗുണത്തിന്റെ കാര്യത്തില്‍ ചില മത്സ്യങ്ങള്‍ക്ക് മറ്റുള്ളവയേക്കാള്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. ഉദാഹരണത്തിന് കൊഴുപ്പു കൂടുതല്‍ അടങ്ങിയ മത്സ്യങ്ങള്‍. മത്തി, അയല, കൊഴുവ, ചൂര, ട്രൗട്ട്, സാല്‍മണ്‍ എന്നിവയൊക്കെ ഇക്കൂട്ടത്തില്‍ പെടുന്നു. അലിയുന്ന വിറ്റാമിന്‍ ഡി, അപൂരിത കൊഴുപ്പുകളായ ഒമേഗ-3 ഫാറ്റിആസിഡുകള്‍ എന്നിവ ഇത്തരം കൊഴുപ്പേറിയ മത്സ്യങ്ങളില്‍ സമൃദ്ധമാണ്. അതിനാല്‍ ഇവയ്ക്ക് ഔഷധമൂല്യവും കൂടുതലാണ്. അടുത്തകാലത്തായി പല ഗവേഷണഫലങ്ങളും മത്സ്യവിഭവങ്ങളുടെ ഔഷധമൂല്യം ഊന്നിപ്പറയുന്നുണ്ട്.

കാല്‍സ്യം, അയഡിന്‍, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, സെലീനിയം, മഗ്‌നീഷ്യം, സ്‌ട്രോണ്‍ഷ്യം എന്നിവയുടെയും വിറ്റാമിന്‍ എ, ഡി, ബി കോംപ്ലക്‌സ് എന്നിവയുടെയും സാന്നിധ്യം മത്സ്യത്തെ മികച്ച ഭക്ഷണമാക്കുന്നു. ചെമ്മീന്‍, ഞണ്ട്, സാല്‍മണ്‍ മത്സ്യം എന്നിവയില്‍ ധാരാളമുള്ള അസ്റ്റാക്‌സാന്തിനുകള്‍, ഓക്‌സീകരണം വഴി ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ ചെറുക്കുകയും പരിഹരിക്കുകയും ചെയ്യുന്നു.

കടല്‍ മത്സ്യങ്ങളില്‍ പൊതുവായും കക്ക, ചിപ്പി പോലുള്ളവയില്‍ പ്രത്യേകിച്ചും കാണപ്പെടുന്ന ഒരു അമിനോആസിഡ് ആയ ടൗറിന്‍ കണ്ണിന്റെയും നാഡീഞരമ്പുകളുടെയും ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ വളര്‍ച്ചക്കും അത്യാവശ്യമാണ്. ശിശുക്കള്‍ക്കുവേണ്ടിയുള്ള സമീകൃതാഹാരങ്ങളില്‍ ടൗറിന്‍ ഒരു പ്രധാന ഘടകമാകുന്നത് അതുകൊണ്ടാണ്.

കലോറിയും ലവണാംശവും കുറഞ്ഞ പോഷകാഹാരമാണ് മത്സ്യം. അതേസമയം, പ്രോട്ടീനും ധാതുക്കളും വിറ്റാമിനുകളും സൂക്ഷ്മപോഷകങ്ങളും സമൃദ്ധം. എളുപ്പം ദഹിക്കുകയും ചെയ്യും. സോഡിയം പോലുള്ള ലവണങ്ങള്‍ തീരെ കുറവായതുകൊണ്ട് രക്തസമ്മര്‍ദം കൂടിയവര്‍ക്കും ഹൃദ്രോഗികള്‍ക്കും പേടികൂടാതെ കഴിക്കാം.

ഒമേഗ 3 ഫാറ്റി ആസിഡ് എന്ന അനുഗ്രഹം

മത്സ്യങ്ങളില്‍ ഡോക്കോസ ഹെക്‌സനോയിക് ആസിഡ് (DHA), എയ്‌ക്കോസ പെന്റനോയിക് ആസിഡ്  (EPA) എന്നിങ്ങനെ രണ്ടുതരം ഒമേഗ 3 ഫാറ്റി ആസിഡുകളുണ്ട്. ശരീരത്തിന് ദ്രോഹം ചെയ്യാത്ത അപൂരിത കൊഴുപ്പുകളാണിവ. ശരീരത്തിന്റെ പൊതുവായ ആരോഗ്യം നിലനിര്‍ത്താനും നാഡീഞരമ്പുകളുടെയും രക്തക്കുഴലുകളുടെയും ഹൃദയത്തിന്റെയും സുഗമമായ പ്രവര്‍ത്തനത്തിനും ഈ ഫാറ്റി ആസിഡുകള്‍ ഏറെ സഹായിക്കുന്നു. അതിനാല്‍ ഹൃദയാഘാതം, തളര്‍വാതം എന്നിവയുടെ സാധ്യത കുറയ്ക്കാന്‍ കൊഴുപ്പേറിയ മത്സ്യങ്ങളുടെ ഉപയോഗം സഹായിക്കും.

കൂടാതെ വാര്‍ധക്യത്തിന് മുമ്പ് തന്നെ പ്രത്യക്ഷപ്പെടുന്ന നാഡീഞരമ്പുകളുടെ അപചയം മൂലമുള്ള മറവിരോഗം, വിഷാദരോഗം, കുട്ടികളിലെ ആസ്ത്മ, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവ പ്രതിരോധിക്കാനും മത്സ്യം കഴിക്കുന്നത് സഹായിക്കുന്നു. ഇത്തരം അപൂരിത കൊഴുപ്പുകള്‍ ശരീരത്തിലെ കൊഴുപ്പുകലകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഫലപ്രദമായി പുറംതള്ളാനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി ഉയര്‍ത്താന്‍ ശ്വേതരക്താണുക്കളുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും ഇവ തുണയാകുന്നു.

ശര്‍ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും, കുട്ടികളില്‍ തലച്ചാറിന്റെ വികാസത്തിനും കണ്ണിന്റെ ആരോഗ്യത്തിനും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സഹായിക്കുന്നു. അതിനാല്‍, ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഭക്ഷണത്തില്‍ ഭക്ഷ്യവിഭവങ്ങള്‍ ധാരാളമായി ഉള്‍പ്പെടുത്തണം.

അതേസമയം, ശ്രദ്ധിക്കേണ്ട ഒരു പ്രധാന സംഗതിയുണ്ട്. സ്രാവ്, വലിയ ചൂര തുടങ്ങിയ മത്സ്യങ്ങളില്‍ മെര്‍ക്കുറി പോലുള്ള ഘനലോഹങ്ങളുടെ അംശം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭസ്ഥശിശുക്കളിലും കുട്ടികളിലും തലച്ചോറിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ ഇത്തരം ഘനലോഹങ്ങള്‍ കാരണമാകാം. അതിനാല്‍, ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത്തരം വലിയ മത്സ്യങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്.

നല്ല ഉറക്കത്തിനും മത്സ്യം

ജീവല്‍പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഒരു സ്റ്റീറോയിഡ് ഹോര്‍മോണ്‍ പോലെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകമാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വിറ്റാമിന്‍ ഡി വേണം. തലച്ചോറിന്റെയും രോഗപ്രതിരോധവ്യൂഹത്തിന്റെും ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും അത് അത്യന്താപേക്ഷിതമാണ്. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത ഗൗരവമാര്‍ന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതുറക്കുന്നു. ഇന്ത്യക്കാരില്‍ 65-70 ശതമാനം പേരും വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത അനുഭവിക്കുന്നവരാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.

ആവശ്യത്തിന് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുകയും സമീകൃതാഹാരം കഴിക്കാതിരിക്കുകയും ചെയ്താല്‍ വിറ്റാമിന്‍ ഡി യുടെ കുറവ് നികത്താന്‍ മരുന്നുകള്‍ കഴിക്കേണ്ടിവരും. മത്സ്യവിഭവങ്ങള്‍ വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസ്സാണ്. കൊഴുപ്പു കൂടിയ മത്സ്യങ്ങള്‍ പ്രത്യേകിച്ചും. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിറ്റാമിന്‍ ഡിക്ക് കഴിയുമെന്ന് പുതിയ ചില പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ ഡി ധാരാളമടങ്ങളിയ മത്സ്യവിഭവങ്ങള്‍ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ നല്ല ഉറക്കം കിട്ടുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഞണ്ടുകറി

പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് വിറ്റാമിന്‍ ഡി മാത്രം പോര. കാല്‍സ്യം, ഫോസ്ഫറസ്, സ്‌ട്രോണ്‍ഷ്യം തുടങ്ങിയ മൂലകങ്ങളും ഭക്ഷണത്തിലൂടെ ലഭിക്കേണ്ടതുണ്ട്. കടല്‍ മത്സ്യങ്ങളിലും, കക്ക, ചിപ്പി, ചെമ്മീന്‍ പോലുള്ള പുറന്തോടുള്ള ജലജീവികളിലും ഈ മൂലകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ചെമ്മീന്‍, ഞണ്ട്, കക്ക, ചിപ്പി പോലെ പുറന്തോടുള്ള ജലജീവികളുടെ വിഭവങ്ങള്‍ കൊളസ്‌ട്രോള്‍ കൂടിയ ഭക്ഷ്യവസ്തുക്കളായാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ കക്ക, ചിപ്പി തുടങ്ങിയ മൊളസ്‌കന്‍ വിഭാഗങ്ങളില്‍ കൊഴുപ്പിന്റെ അംശം താരതമ്യേന വളരെ കുറവാണ്. ചെമ്മീന്‍, ഞണ്ട് പോലുള്ള ക്രസ്റ്റേഷ്യന്‍ ജീവികളില്‍ കൊളസ്‌ട്രോളിന്റെ അളവ് മറ്റ് കടല്‍വിഭവങ്ങളെ അപേക്ഷിച് കുറച്ചധികമാണെങ്കിലും ഇവയിലെ കൊഴുപ്പുകളുടെ ഔഷധമൂല്യം പല പഠനങ്ങളിലും തെളിയിക്കപ്പെട്ടതാണ്.

അതിനാല്‍ ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവയുടെ കൊളസ്‌ട്രോള്‍ മൂലമുള്ള അപകടസാധ്യതയെക്കാള്‍ കൂടുതല്‍ ഗുണഫലങ്ങള്‍ അവയിലെ അസ്റ്റാക്‌സാന്തിനുകള്‍, ഒമേഗ-3 കൊഴുപ്പുകള്‍, സ്റ്റെറോള്‍ സംയുക്തങ്ങള്‍, വിറ്റാമിന്‍ ബി-12, ചെമ്പ്, സെലീനിയം പോലുള്ള ധാതുക്കള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്നു. ഇവയ്ക്ക് ഹൃദ്രോഗം, പൊണ്ണത്തടി, രക്താതിസമ്മര്‍ദ്ദം, ടൈപ്പ്-2 പ്രമേഹം, വാര്‍ധക്യസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഒരുപരിധിവരെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.

വിളര്‍ച്ചയകറ്റാന്‍

സ്ത്രീകളിലും പെണ്‍കുട്ടികളിലും സാധാരണ കാണപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ് വിളര്‍ച്ച. ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗമാണ് ഇതിനുള്ള പരിഹാരം. സസ്യസ്രോതസ്സുകളെ അപേക്ഷിച് മത്സ്യം ഉള്‍പ്പെടെയുള്ള മാംസഭക്ഷണങ്ങളില്‍നിന്നുള്ള ഇരുമ്പിന്റെ ജൈവലഭ്യത വളരെ കൂടുതലാണ്. വിറ്റാമിന്‍-ബി12, ഫോളിക് ആസിഡ് എന്നിവയുടെ കുറവു മൂലവും വിളര്‍ച്ച സംഭവിക്കാം. ഈ സാഹചര്യത്തിലും മത്സ്യവിഭവങ്ങളുടെ ഉപയോഗം ഒരു ഉത്തമ പരിഹാരമാണ്.

അയോഡിന്‍, സിങ്ക് തുടങ്ങിയ ധാതുക്കളാല്‍ സമൃദ്ധമായ കക്ക, ചിപ്പി, ചെമ്മീന്‍, ഞണ്ട് പോലുള്ള കടല്‍വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പുരുഷബീജങ്ങളുടെ എണ്ണവും ചലനശേഷിയും വര്‍ധിക്കും. പുരുഷഹോര്‍മോണായ റെസ്റ്റോസ്റ്റീറോണിന്റെ അളവും വര്‍ധിക്കുന്നു. അതുവഴി പുരുഷന്മാരിലെ പ്രത്യുല്പാദനശേഷി മെച്ചപ്പെടും.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും മത്സ്യവിഭവങ്ങള്‍ ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് സഹായിക്കും. DHA പോലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകളും മത്സ്യവിഭവങ്ങളിലെ മറ്റു പോഷകങ്ങളും രോഗപ്രതിരോധശേഷി ഉയര്‍ത്തുന്ന ശ്വേതരക്താണുക്കളുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

വലിയ മത്സ്യങ്ങളെക്കാള്‍ ചെറിയ മത്സ്യങ്ങളാണ് ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടത്

സാധാരണ മത്സ്യങ്ങളിലും ചെമ്മീന്‍, കക്ക പോലുള്ള പുറന്തോടുള്ള ജലജീവികളിലും അയോഡിനും സെലീനിയവും സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഈ ധാതുക്കള്‍ അത്യന്താപേക്ഷിതമാണ്. ജനിതകഘടനയില്‍ വരുന്ന കേടുപാടുകള്‍ പരിഹരിക്കാനും അതുവഴി കാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങളും പ്രതിരോധിക്കാനും സെലീനിയം സഹായിക്കുന്നു. ഒരു ശക്തമായ നിരോക്‌സീകാരിയാണിത്. അതിനാല്‍ ശരീരകലകളില്‍ ഓക്‌സീകരണം മൂലമുള്ള കേടുപാടുകള്‍ പ്രതിരോധിക്കാനും പരിഹരിക്കാനും സെലീനിയം സഹായിക്കുന്നു. അതുകൊണ്ടുതന്നെ സെലീനിയം സമൃദ്ധമായുള്ള കടല്‍വിഭവങ്ങള്‍ ശരീരാരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കുന്നു.

കറിയാണ് നല്ലത്, വറുത്തത് വേണ്ട

കാഴ്ചക്കുറവിനും അന്ധതക്കും ഒരു പ്രധാന കാരണമാണ് നേത്രപടലക്ഷയം. സ്ഥിരമായ മത്സ്യോപയോഗം ഈ പ്രശ്‌നത്തില്‍നിന്ന് സംരക്ഷണം തരുന്നതായി കണ്ടുവരുന്നു. മത്സ്യത്തില്‍നിന്നുള്ള ഒരു ഉപോല്‍പന്നമായ  സ്‌ക്വാലീന്‍  ഈ രോഗത്തെ പ്രതിരോധിക്കുന്നതായി പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നു.

മത്സ്യവിഭവങ്ങള്‍ ഒരാളുടെ മനസികാവസ്ഥയെയും അതുവഴി ജീവിതത്തിന്റെ മൊത്തമായ നിലവാരത്തെയും അനുകൂലമായി ബാധിക്കുന്നു എന്ന് പൊതുവായി പറയാം. മത്സ്യം ഭക്ഷിക്കുന്നത് ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താനും വാര്‍ദ്ധക്യത്തെ ഒരു പരിധിവരെ ചെറുക്കാനും സഹായിക്കുന്നു. ആഴ്ച്ചയില്‍ 2-3 തവണയെങ്കിലും മത്സ്യം ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് വളരെ ആരോഗ്യകരമാണ്.

ഉയര്‍ന്ന താപനിലയില്‍ പാചകം ചെയ്യുമ്പോള്‍ മത്സ്യങ്ങളിലെ അപൂരിതകൊഴുപ്പുകളുടെ ഔഷധമൂല്യം നഷ്ടപ്പെടാറുണ്ട്. അതിനാല്‍ വറുക്കുന്നതിന് പകരം മത്സ്യം കറിവെച്ചു കഴിക്കുന്നതാണ് ആരോഗ്യകരം. മത്സ്യത്തിന് വേവ് കുറവായതുകൊണ്ട് തിളച്ചുകഴിഞ്ഞാല്‍ ഏതാനും മിനുട്ട് മാത്രം വേവിച്ചാല്‍ മതിയാകും.

കഴിയുമെങ്കില്‍ വളര്‍ത്തുമത്സ്യങ്ങള്‍ക്കുപകരം കൊഴുപ്പുകൂടിയ ചെറിയ ഇനം കടല്‍മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക. ഇത്തരം മത്സ്യങ്ങള്‍ക്ക് ഔഷധമൂല്യം കൂടുതലാണ്. കൂടാതെ ഇവയില്‍ രാസമാലിന്യങ്ങളുടെ അളവും താരതമ്യേന കുറവായിരിക്കും. വളര്‍ത്തുമല്‍സ്യമായാല്‍ പോലും അവയുടെ ഗുണഫലങ്ങള്‍ ദോഷങ്ങളെക്കാള്‍ അധികമാണ്. അതുകൊണ്ടുതന്നെ എല്ലാത്തരത്തിലുള്ള മത്സ്യങ്ങളും ഒരു പോഷക സ്രോതസ്സ് എന്ന നിലയില്‍ മൂല്യമേറിയതാണ്.

(കൊച്ചിയില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ സീനിയര്‍ റിസര്‍ച്ച് ഫെലോ ആണ് ലേഖിക).

രക്തദാനം ചെയ്യാം പക്ഷെ.....

നമ്മുടെ ശരീരത്തില്‍ ശരാശരിയുളള ആറു ലിറ്റര്‍ രക്തത്തില്‍ 350 മില്ലിലിറ്റര്‍ മാത്രമേ ദാനം ചെയ്യാനായി എടുക്കുകയുളളൂ

ഴുകുന്ന ജീവന്‍ എന്നാണ് വൈദ്യശാസ്ത്രം രക്തത്തെ വിശേഷിപ്പിക്കുന്നത്. മനുഷ്യജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ് രക്തം വഹിക്കുന്നത്. അതുകൊണ്ട് തന്നെ രക്തദാനം മഹാദാനം തന്നെയാണ്. എന്നാല്‍ രക്തം സ്വീകരിക്കുമ്പോഴും നല്‍കുമ്പോഴും ദാതാവും സ്വീകര്‍ത്താവും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. അറിയാം അത്തരത്തിലുളള ചില കാര്യങ്ങള്‍.....

 • ദാതാവിന് പതിനെട്ട വയസ്സ് പൂര്‍ത്തിയായിരിക്കണം. കൂടാതെ ശരീരഭാരം ആവശ്യത്തിന് ഉണ്ടായിരിക്കണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ കൗണ്ട് കുറവായിരിക്കരുത്.
 • പനി-രക്തം സ്വീകരിച്ചാല്‍ ചിലര്‍ക്ക് പനി വരാറുണ്ട്. ഒരു വ്യക്തി സ്വീകരിച്ച രക്തത്തിലെ ശ്വേതരക്താണുക്കളോടുളള ശരീരത്തിന്റെ പ്രതികരണമാണ് ഇത്തരത്തില്‍ പനി വരാന്‍ കാരണം. ചെറിയ പനി കൂടാതെ രോഗിക്ക് നെഞ്ച് വേദനയോ മനംപിരട്ടലോ ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്.
 • അലര്‍ജി-രക്തം സ്വീകരിച്ചതിനോടുളള പ്രതികരണത്തിന്റെ ഭാഗമായി ശരീരത്തില്‍ ചൊറിച്ചിലും തടിച്ച് ചുവന്ന കുരുക്കളും പ്രത്യക്ഷപ്പെട്ടേക്കാം. ഈ സാഹചര്യത്തിലും ഡോക്ടടറുടെ സേവനം തേടണം.
 • അക്യൂട്ട് ഇമ്മ്യുണോ ഹെമോലെറ്റിക് റിയാക്ഷന്‍- രക്തം സ്വീകരിക്കുന്നത് വഴി ഉണ്ടാകുന്ന മറ്റൊരു പ്രധാന രോഗമാണ് അക്യൂട്ട് ഇമ്യൂണോ ഹെമോലെറ്റിക് റിയാക്ഷന്‍. രോഗി സ്വീകരിച്ച രക്തം ശരീരത്തിന് യോജിക്കാതെ വരുമ്പോള്‍ ഇതിനെ പ്രതിരോധിക്കാനായി ശരീരം ഒരു രാസവസ്തു ഉത്പാദിപ്പിക്കുകയും ഇത് വൃക്കയെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഛര്‍ദ്ദി, പനി, നടുവേദന, മൂത്രത്തിന്റെ നിറം വ്യത്യാസം.
 • ഭയക്കണം എച്ച്.ഐ.വി- അപരിചിതരായ രക്തദാതാക്കളില്‍ നിന്നും രക്തം സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം എച്ച്.ഐ.വി അണുബാധയാണ്. രക്തം സ്വീകരിക്കുന്നതിന് മുന്‍പെ ദാതാവിന് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സിഫിലിസ് എന്നിവ കൂടാതെ രക്തം വഴി പകരുന്ന രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.
 • മയക്കുമരുന്ന്, ഒന്നിലധികം പേരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നവര്‍, മഞ്ഞപ്പിത്തം, റുബെല്ല, ടൈഫോയിഡ് എന്നിവ ബാധിച്ചവരുടെ രക്തം സ്വീകരിക്കരുത്.
 • ഹൃദ്രോഗം, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് ചികിത്സ നടന്നുകൊണ്ടിരിക്കുന്ന രോഗികള്‍ രക്തദാനത്തിന് മുതിരരുത്.
 • രക്തദാനത്തിന് മുന്‍പുളള 24 മണിക്കൂറില്‍ ദാതാവ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം.
 • ഗര്‍ഭിണിയായ സ്ത്രീകളും മുലയൂട്ടുന്ന അമ്മമാരും രക്തദാനം ചെയ്യരുത്.
 • സ്ത്രീകള്‍ ആര്‍ത്തവകാലയളവില്‍ രക്തദാനം ചെയ്യരുത്.
 • നമ്മുടെ ശരീരത്തില്‍ ശരാശരിയുളള ആറു ലിറ്റര്‍ രക്തത്തില്‍ 350 മില്ലിലിറ്റര്‍ മാത്രമേ ദാനം ചെയ്യാനായി എടുക്കുകയുളളൂ. ഈ രക്തമാകട്ടെ 24 മുതല്‍ 48 വരെയുളള മണിക്കൂറിനുളളില്‍ ശരീരം വീണ്ടു ഉത്പാദിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ രക്തംദാനം ചെയ്യുന്നത് ശരീരത്തിന് ദോഷം ചെയ്യില്ലെന്നു മാത്രമല്ല ഇത് പുതിയ കോശങ്ങള്‍ ഉണ്ടാകാന്‍ സഹായകമാവുകയും ചെയ്യും.
 • രക്തം ദാനം ചെയ്ത ശേഷം ഒരു മണിക്കൂര്‍ വിശ്രമം ആവശ്യമാണ്. ഈ നേരത്ത് ജ്യൂസോ മറ്റ് പാനീയങ്ങളോ കഴിക്കാം. കഠിനമായ ജോലിയോ കായികവ്യായാമങ്ങളോ ഒഴിവാക്കാം.

(അവലംബം ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി)

ഡോക്ടര്‍ അടുത്തുണ്ട്

പ്രശസ്തിക്ക് പിന്നാലെ ഓടിയില്ല, സ്ഥാനമാനങ്ങള്‍ തേടിയലഞ്ഞില്ല. ചികിത്സാരംഗത്ത് നിഷ്‌കാമകര്‍മത്തിലൂടെ ആറ്് പതിറ്റാണ്ട് പിന്നിട്ട ഡോ.കെ.വി.കൃഷ്ണദാസ് ഓര്‍മയുടെ ഇതള്‍ വിടര്‍ത്തുകയാണിവിടെ

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യബാച്ച് എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍. ഡോ.സി.ഒ.കരുണാകരന്‍ വാത്സല്യത്തോടെ പുഞ്ചിരിച്ചു. പലരുടേയും വേഷം ഷര്‍ട്ടും, മുണ്ടും, വള്ളിച്ചെരിപ്പുമാണ്. ''എല്ലാവരും  ഷര്‍ട്ടും, പാന്റ്‌സും, ഷൂസും ധരിക്കണം. ഷര്‍ട്ട് ടക് ഇന്‍ചെയ്യണം. അതിനുവേണ്ടി രണ്ടാഴ്ചത്തെ സമയം തരാം.''ആദ്യബാച്ചിലെ വിദ്യാര്‍ഥിയായിരുന്ന, ഇന്നത്തെ പ്രശസ്ത ഭിഷഗ്വരന്‍ കെ.വി.കൃഷ്ണദാസി?െന്റയുള്ളില്‍ 66 വര്‍ഷം മുമ്പുള്ള മെഡിക്കല്‍ കോളേജിെന്റ ദൃശ്യങ്ങള്‍ ഓരോന്നായി തെളിഞ്ഞു. കുമാരപുരം പൊതുജനം ലെയ്‌നിലെ 15ാം നമ്പര്‍ വീട്ടിലെ ഒരു ഡെസ്‌കിന് മുകളിലിരുന്ന്, മതിലില്‍ ചാരി ഉത്സാഹത്തോടെ സംസാരിക്കുന്നു.

85 വയസ്സ് കഴിഞ്ഞ ഒരാള്‍ ഇങ്ങനെ ഇരിക്കുന്നത് ബുദ്ധിമുട്ടാവില്ലേയെന്ന സംശയമേ വേണ്ട''ഇതാണ് എനിക്ക് സൗകര്യം''കുട്ടനാട്ടിലെ മങ്കൊമ്പില്‍ സ്വാമിമാരുടെ കുടുംബം. നെല്ല്, തെങ്ങ്, കാപ്പി എന്നിങ്ങനെ പലതരം കൃഷി. എങ്കിലും മുത്തച്ഛന് മക്കള്‍ പഠിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമായിരുന്നു. കൃഷ്ണദാസിന്റെ അച്ഛന്‍ എം.കെ.വെങ്കിടാചലശര്‍മ്മ മദ്രാസ് മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ പഠനം തുടങ്ങിയപ്പോഴാണ് മുത്തച്ഛന്റെ മരണം. കൃഷി നോക്കിനടത്താന്‍ മങ്കൊമ്പില്‍ നില്‍ക്കേണ്ട അവസ്ഥ. അദ്ദേഹം പഠനം മതിയാക്കി  തിരിച്ചുവന്നു.അച്ഛന്റെ മൂത്തസഹോദരന്‍ എം.കെ. നീലകണ്ഠയ്യര്‍ തിരുവിതാംകൂറില്‍ ചീഫ് സെക്രട്ടറിയായിരുന്നു. മറ്റൊരു സഹോദരന്‍ എം.കെ.അനന്തശിവ അയ്യര്‍ ലെജിസ്‌ലേറ്റിവ് കൗണ്‍സില്‍ അംഗവും. ഇളയസഹോദരന്‍ എം.കെ.സാംബശിവന്‍ ഡോക്ടറായി.

സാംബശിവന്റെ മകനാണ് പ്രശസ്ത കൃഷിശാസ്ത്രജ്ഞന്‍ ഡോ.എം.എസ്.സ്വാമിനാഥന്‍. അച്ഛന്റെ മറ്റൊരനിയന്‍ എം.കെ. നാരായണസ്വാമി ബിസിനസ് രംഗത്തായിരുന്നു.ഇളയച്ഛന്‍ സാംബശിവന്‍ ഡോക്ടറായി കുംഭകോണത്ത് പ്രാക്ടീസാരംഭിച്ചെങ്കിലും അദ്ദേഹത്തിന് പൊതുപ്രവര്‍ത്തനത്തോടായിരുന്നു കമ്പം. ജവഹര്‍ലാല്‍ നെഹ്‌റു, ഗോപാലകൃഷ്ണ ഗോഖലെ, രാജഗോപാലാചാരി എന്നിവരൊക്കെയായി നിരന്തരബന്ധമായിരുന്നു. അവരുടെ പ്രവര്‍ത്തനത്തിനാവശ്യമായ നിധിസമാഹരണത്തിലെല്ലാം ഇളയച്ഛന്‍  സജീവമായിരുന്നു.  ചികിത്സയെക്കാള്‍ താത്പര്യം സാമൂഹ്യപ്രശ്‌നങ്ങളോടായി. ഒടുവില്‍ മുത്തച്ഛനും, ബന്ധുക്കളും ഇടപെട്ട് സാംബശിവനെ 'നാടുകടത്തി'. വിയന്നയില്‍ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചെത്തി കുംഭകോണത്ത് മിടുക്കനായ ഡോക്ടറെന്ന പേരെടുത്ത് വരുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി മരണം.

അച്ഛന്റെ മെഡിക്കല്‍ പഠനം പാതിവഴിയില്‍ നിന്നു. ഇളയച്ഛന്‍ ഡോക്ടറായെങ്കിലും പെട്ടെന്ന് അന്തരിച്ചു. അതിനാലായിരിക്കാം  എന്നെ മെഡിക്കല്‍ വിദ്യാര്‍ഥിയാക്കാന്‍ അച്ഛന്‍ ആഗ്രഹിച്ചത്. കൊച്ചിയില്‍ ഇ.എസ്.എസ്.എല്‍.സി.ക്ക് പഠിക്കുമ്പോള്‍ അച്ഛനും, സി.ഒ.കരുണാകരനും സഹപാഠികളായിരുന്നു.''എല്ലാവരെയും സഹായിക്കണമെങ്കില്‍ നീ ഡോക്ടറാകണം. ധനവും, ഭൂമിയുമൊക്കെയുണ്ടെങ്കിലും നാളെ ഈ സാമൂഹികവ്യവസ്ഥിതികളൊക്കെ മാറും. അതുകൊണ്ട് നീ നന്നായി പഠിക്കണം''. അച്ഛന്റെ വാക്കുകള്‍ കൃഷ്ണദാസ് ഇന്നും മറന്നിട്ടില്ല.1956ല്‍ പഠനം പൂര്‍ത്തിയാക്കിയത് മികച്ച ഔട്ട് ഗോയിങ് സ്റ്റുഡന്റ്് എന്ന ബഹുമതിയുമായിട്ടാണ്. എം.എസ്.വല്യത്താന്‍, സരസ്വതിഅമ്മ, ബലരാമന്‍നായര്‍, പി.പി.ജോസഫ് തുടങ്ങിയവര്‍ സഹപാഠികളായിരുന്നു. 195860ല്‍ എഡിന്‍ബറോ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി.

വിദേശത്ത് പഠിക്കാന്‍ പോയാലും നാട്ടില്‍വന്ന് ജോലിചെയ്യണമെന്ന വികാരം ഓരോ ഇന്ത്യന്‍ വിദ്യാര്‍ഥിക്കും അന്നുണ്ടായിരുന്നു.ഗാന്ധിജി, ആചാര്യ കൃപലാനി, രാജഗോപാലാചാരി തുടങ്ങിയവരുടെയൊക്കെ പ്രസംഗങ്ങള്‍ കുട്ടിക്കാലത്ത് ഉള്ളില്‍ ദേശീയവികാരമുണര്‍ത്തിയിരുന്നു. സ്വന്തം നാട് മറ്റെന്തിനെക്കാളും വലുതാണെന്ന തോന്നലുണ്ടായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തന്നെ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകമതാണ്. 1970ല്‍ മെഡിസിന്‍ വിഭാഗം പ്രൊഫസറായി. അന്ന് ഡോ.മാത്യുറോയി ഒപ്പമുണ്ടായിരുന്നു. 1974 മുതല്‍ 1987വരെ മെഡിസിന്‍ വിഭാഗം ഡയറക്ടറും, പ്രൊഫസറുമായി പ്രവര്‍ത്തിച്ചു.രക്തസംബന്ധമായ രോഗനിര്‍ണയത്തിലായിരുന്നു ഗവേഷണം.

ഇതിനുള്ള പരിശീലനം സ്‌കോട്‌ലന്‍ഡില്‍ നിന്നു നേടിയിരുന്നു.കൃഷ്ണദാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അഖിലേന്ത്യാ തലത്തില്‍ അംഗീകാരം കിട്ടി. ഈ വിഷയത്തില്‍ 300ലേറെ പ്രബന്ധങ്ങള്‍ എഴുതി. മെഡിസിനുമായി ബന്ധപ്പെട്ട പാഠപുസ്തകത്തിെന്റ അനവധി പതിപ്പുകളായി.

രോഗനിര്‍ണയം ഇപ്പോള്‍ കൂടുതല്‍ ലളിതമായി. കുറച്ചുകൂടി സൂക്ഷ്മത കൈവന്നു. നല്‍കുന്ന ചികിത്സ ശരിയാണോയെന്ന് ഇപ്പോള്‍ അറിയാന്‍ കഴിയുന്നു. അതിനാല്‍ രോഗം ഭേദമാകാനുള്ള സാധ്യതയേറി. ആധുനിക വൈദ്യശാസ്ത്രം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ അവയവമാറ്റങ്ങള്‍ വരെ സാദ്ധ്യമായിരിക്കുകയല്ലേ. ദക്ഷയാഗത്തില്‍ ദക്ഷന്റെ തലയ്ക്ക് പകരം ആടിന്റെ തലവച്ചതൊക്ക പുരാണങ്ങള്‍ വായിച്ച് ഭാവനയില്‍ കണ്ടതല്ലേ കൃഷ്ണദാസ് സൗമ്യമായി ചിരിക്കുന്നു.

പക്ഷേ കൃഷ്ണദാസിനെ ആകുലപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ഭൗതികമായ പുരോഗതിയുണ്ടായപ്പോള്‍ സമര്‍പ്പണമനോഭാവത്തില്‍ വന്ന കുറവാണത്. അതിന് കാരണം മൂല്യങ്ങളില്‍ വന്ന ഇടിവാണ്.

ഒരു ഡോക്ടര്‍ ഒരിക്കലും ധാര്‍മികമൂല്യങ്ങളില്‍ സന്ധി ചെയ്യരുത്. എന്റെ വിദ്യാര്‍ഥികളോട് ഞാനിക്കാര്യം പറയാറുണ്ട്. വിദ്യാര്‍ഥികളില്‍ മോശം വിദ്യാര്‍ഥികളെന്ന ഒരു വിഭാഗമില്ല. ഞാന്‍ അവരിലെ നന്മ കണ്ടെത്താനാണ് ശ്രമിച്ചിട്ടുള്ളത്.ആറു പതിറ്റാണ്ടിലേറെയായി രോഗികളുടെ ആശ്വാസത്തിനുവേണ്ടി ജീവിക്കുന്ന കൃഷ്ണദാസിന് ചികിത്സ വിട്ടൊഴിഞ്ഞ നേരമില്ലായെന്ന പരിഭവമൊന്നും ആരോടും പറയാറില്ല. കാരണം ടൈം മാനേജ്‌മെന്റാണ് ബുദ്ധിയുള്ളവന്റെ ലക്ഷണം. ഇക്കാര്യത്തില്‍ അച്ചടക്കമുണ്ടെങ്കിലേ ജീവിതത്തില്‍ വിജയിക്കാനാവുകയുള്ളു.

സമയം കിട്ടുമ്പോള്‍ മങ്കൊമ്പിലേക്കൊരു യാത്രയുണ്ട്. അവിടെ ശ്രീമൂലമംഗലം കായലില്‍ 17 ഏക്കര്‍ നെല്‍കൃഷിയുണ്ട്. വിതയ്ക്കുമ്പോഴും കൊയ്യുമ്പോഴും കൃഷ്ണദാസ് അവിടെ ഉണ്ടാകും. മങ്കൊമ്പ് ക്ഷേത്രത്തിലെ ആറാട്ടിനും നവരാത്രിക്കും യാത്രയ്ക്ക് മുടക്കം വരുത്താറില്ല.അല്ലെങ്കിലും കൃഷ്ണദാസ് ഡോക്ടര്‍ ചിട്ടതെറ്റിച്ചൊന്നും ചെയ്യാറില്ല. പുലര്‍ച്ചെ മൂന്നുമണിക്ക് എണീക്കും. ആറ്് മണിവരെ എഴുത്തും വായനയും. പിന്നീട് മെഡിക്കല്‍കോളേജ് വളപ്പില്‍ 45മിനിറ്റ് നടത്തം. ജപവും അപ്പോഴാണ്. 12 മണിക്ക് ഊണ്. ഒരു ചെറിയ മയക്കം.

തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കോട്ടയ്ക്കകത്തെ ക്‌ളിനിക്കില്‍. ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറുവരെയാണ് രോഗികളെ കാണുന്ന സമയം. ഓരോ രോഗിയുടേയും ഉള്ളറിഞ്ഞുള്ള പരിശോധനയാണ്.  അവസാനത്തെ രോഗിയേയും നോക്കിയിട്ടേ മടങ്ങാറുള്ളു.വിശദമായ പരിശോധനയാണ് വേണ്ടതെങ്കില്‍ അവരെ വേറെ ആശുപത്രിയിലേക്ക് പറഞ്ഞുവിടും. ഇവിടത്തെ മിക്ക ഡോക്ടര്‍മാരും ഐന്റ ശിഷ്യരാണ്. രാത്രി വീട്ടിലെത്തിയാല്‍ പുരാണപാരായണം മുടക്കാറില്ല.....ഭാഗവതം, ദേവീഭാഗവതം, ശിവപുരാണം.....സ്വാതിതിരുനാളിന്റെ കൃതികളും വായിക്കാറുണ്ട്. ചിലപ്പോള്‍ ദൃശ്യവേദിയില്‍ പോകും. 'മങ്കൊമ്പിലല്യോ ജനിച്ചത്, കഥകളി കാണാതിരിക്കുന്നതെങ്ങനാ'?

പരീക്ഷാപ്പേടിയകറ്റാൻ ഭക്ഷണശൈലി മാറ്റാം

മസ്‌തിഷ്‌കമാണ്‌ ബുദ്ധി, ചിന്ത, ഓർമ എന്നിവയുടെ ഉറവിടം

ഇനി പരീക്ഷാ കാലമാണ്‌. കുട്ടികൾക്കൊപ്പം രക്ഷാകർത്താക്കളുടെയും പ്രഷർ കൂടുന്ന കാലം. കുട്ടികൾക്ക്‌ പഠിച്ചവയൊക്കെ ഓർക്കാനും വിട്ടുപോകാതെ അത്‌ ഉത്തരപേപ്പറിൽ പകർത്താനും സഹായിക്കുന്ന ചില കാര്യങ്ങൾ നോക്കാം.

മസ്‌തിഷ്‌കമാണ്‌ ബുദ്ധി, ചിന്ത, ഓർമ എന്നിവയുടെ ഉറവിടം. മസ്‌തിഷ്‌കത്തിന്റെ ഊർജസ്വലമായ പ്രവർത്തനത്തിന്‌ സഹായിക്കുന്ന ചില പൊടിക്കൈകൾ പ്രയോഗിച്ച്‌ ഈ പരീക്ഷാസമ്മർദ്ദത്തെ ചിരിച്ചുകൊണ്ട്‌ നേരിടാം.

ആരോഗ്യകരമായ പ്രഭാതഭക്ഷണം

ആവിയിൽ വേവിച്ചെടുക്കുന്ന ഭക്ഷണങ്ങളും ധാന്യങ്ങളും പിന്നെ പാൽ, മുട്ട, പയറുവർഗങ്ങൾ തുടങ്ങിയവയും ഉൾപ്പെട്ടതാവണം പ്രാതൽ.

ഇടവിട്ട്‌ ഭക്ഷണം

നാലുനേരം വയറ്‌ നിറയ്ക്കാതെ ഇടവിട്ട്‌ പോഷകമൂല്യമുള്ള ലഘുഭക്ഷണങ്ങൾ കഴിക്കുക വഴി ബുദ്ധിക്കും ശരീരത്തിനും ഉണർവും ഉന്മേഷവും ലഭിക്കും. പഴവർഗങ്ങൾ, ഡ്രൈ ഫ്രൂട്‌സ്‌, നട്‌സ്‌, സൂപ്പുകൾ, സാലഡുകൾ തുടങ്ങിയവ ശീലമാക്കണം.

മാംസ്യം അത്യാവശ്യം

മാംസ്യം അടങ്ങിയ ഭക്ഷണം സാവധാനം ഊർജം പുറത്തുവിടുന്നവയാണ്‌. അതിനാൽ, മുട്ട, പയറുവർഗങ്ങൾ, മത്സ്യം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ജലം മൃതസഞ്ജീവനി

ജലാംശം ശരീരത്തിൽ കുറഞ്ഞാൽ കുട്ടികൾ അസ്വസ്ഥരാകും. ക്ഷീണം അനുഭവപ്പെടും. ഇത്‌ പഠനത്തെ ബാധിക്കും. എന്നാൽ ശരീരത്തിന്‌ അനിവാര്യമായ ജലം ധാരാളം ലഭിച്ചാൽ ബുദ്ധിക്കും ശരീരകോശങ്ങൾക്കും ഉണർവ്‌ ലഭിക്കും. പഴച്ചാറുകൾ, മോരുവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ അത്യുത്തമം.

മസ്‌തിഷ്‌കത്തിന്‌ കരുത്തേകാൻ

ആന്റി ഓക്‌സിഡന്റ്‌ ആയ വൈറ്റമിൻ എ, സി, ഇ എന്നിവ മുട്ട, ക്യാരറ്റ്‌, ബ്രോക്കോളി, മീൻ, നട്‌സ്‌, ഇലക്കറികൾ എന്നിവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്‌. ഇവ തലച്ചോറിലെ കോശങ്ങളുടെ ക്ഷീണത്തെ കുറയ്ക്കാൻ സഹായിക്കും.
മീൻ, കടുകെണ്ണ, ഉഴുന്ന്‌പരിപ്പ്‌, സോയാബീൻസ്‌, ബജറ, വാൽനട്‌സ്‌ എന്നിവയിൽ ധാരളമായി ഒമേഗാ-3 അടങ്ങിയിട്ടുണ്ട്‌.

ഉറക്കം അത്യാവശ്യം

ഉറക്കം തലച്ചോറിലെ കോശങ്ങൾക്ക്‌ വിശ്രമം നൽകുകയും അതുവഴി ശക്തിയും ഉണർവും നൽകുകയും ചെയ്യുന്നു. അതിനാൽ കുട്ടികൾ ശരാശരി ആറു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങിയിരിക്കണം.

ഇവ വേണ്ട

സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കൾ, ചോക്ക്‌ളേറ്റ്‌, കുക്കീസ്‌, കാർബനേറ്റഡ്‌ പാനീയങ്ങൾ, പാക്കറ്റ്‌ പാനീയങ്ങൾ തുടങ്ങിയവ ഉപേക്ഷിക്കണം. ഇവയിലെ അമിതമായ മധുരം, സോഡിയം, കൊഴുപ്പ്‌ തുടങ്ങിയവ ശരീര കോശപ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കും. മാത്രമല്ല ഇവയിലെ ഘടകങ്ങൾ രക്തത്തിൽ പെട്ടെന്ന്‌ പഞ്ചസാരയുടെ അളവ്‌ വർധിപ്പിക്കുകയും ചെയ്യും.

ചുരുക്കത്തിൽ

സമയബന്ധിതവും കൃത്യവും ക്രമവുമായ ഭക്ഷണരീതി ശീലമാക്കുക വഴി ഏകാഗ്രതയും ബുദ്ധിയും വർധിക്കും.

തടി കുറയ്ക്കാന്‍ മുതിര കഴിക്കാം....

കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാല്‍ അമിതവണ്ണമുളളവര്‍ക്കും പ്രമേഹരോഗികള്‍ക്കും ഇടവേളകളില്‍ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം

മുതിര തിന്നാല്‍ കുതിരയാകാം..എന്ന ചൊല്ല് പണ്ടു മുതലേ നമുക്ക് പരിചിതമാണ്. കുതിരയായില്ലെങ്കിലും മുതിര പോഷകങ്ങളുടെ കലവറയാണ് എന്നതു തന്നെയാണ് ഈ ചൊല്ലിന്റെ പൊരുള്‍. ഇതിന് കാരണങ്ങളും ഏറെയാണ്. അറിയാം മുതിരയുടെ ഗുണങ്ങള്‍.....

 • ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.
 • കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ വിശപ്പറിയാത്തതിനാല്‍ അമിതവണ്ണമുളളവര്‍ക്കും പ്രമേഹരോഗികള്‍ക്കും ഇടവേളകളില്‍ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം.
 • ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയതിനാല്‍ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും.
 • കൊളസ്‌ട്രോളിനെ ചെറുക്കാന്‍ സഹായിക്കും.
 • തണുപ്പുളള കാലാവസ്ഥയില്‍ ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ മുതിര സഹായിക്കും. ശരീരത്തിനകത്ത് ഊഷ്മാവ് വര്‍ധിക്കാന്‍ കാരണമാകുമെന്നതിനാല്‍ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്.
 • ധാരാളമായി കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുളളതിനാല്‍ പുരുഷന്മാരിലെ സ്‌പേം കൗണ്ട് വര്‍ധിക്കാനും മുതിര സഹായിക്കും.
 • സ്ത്രീകളില്‍ ആര്‍ത്തവപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആര്‍ത്തവകാലത്തുണ്ടാകുന്ന ബ്ലീഡിങ് കാരണമുളള ഹീമോഗ്ലോബിന്റെ കൗണ്ട് കുറയുന്നത് പരിഹരിക്കാനും മുതിര കഴിക്കുന്നത് സഹായിക്കും.
 • ധാരാളം നാര് അടങ്ങിയിട്ടുളളതിനാല്‍ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും.
 • മുതിരയിട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് പനി നിയന്ത്രിക്കാന്‍ സഹായിക്കും.
 • ഗര്‍ഭിണികളും, ടിബി രോഗികളും, ശരീരഭാരം തീരെ കുറവുളളവരും മുതിര അധികം കഴിക്കരുത്.

അറിയാം മുട്ടപ്പഴത്തിന്റെ ഹെല്‍ത്തി മാജിക്ക്

മുട്ടപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തില്‍ അമിതമായ തോതില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും

മെക്‌സിക്കോയാണ്  ജന്മദേശമെങ്കിലും കേരളത്തിലെ അനുയോജ്യമായ കാലാവസ്ഥയില്‍ വളരെ സുലഭമായി ലഭിക്കുന്ന  മുട്ടപ്പഴം ഏറെ പോഷകസമൃദ്ധമാണ്. പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന് മുട്ടയുമായുളള സാദൃശ്യവുമാണ് ഈ പേരിന് കാരണമായത്. നാടന്‍ പഴമാണെങ്കിലും ഏറെ പോഷകഗുണങ്ങളുളള ഒന്നാണ് മുട്ടപ്പഴം . വിളര്‍ച്ച, കാന്‍സര്‍, അസിഡിറ്റി തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പ്രതിരോധശക്തി ഉണ്ടാകാന്‍ മുട്ടപ്പഴം സഹായകമാകും.

ധാരാളം ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ പ്രായത്തെ ചെറുത്ത് യുവത്വം നിലനിര്‍ത്താനും മുട്ടപ്പഴം സഹായകമാകും. കരോട്ടിന്‍, വിറ്റാമിന്‍ എ, അയേണ്‍, നിയാസിന്‍, അസ്‌കോര്‍ബിക് ആസിഡ്, ബീറ്റാ കരോട്ടിന്‍ തുടങ്ങി ഒട്ടേറെ പോഷകങ്ങളാണ് മുട്ടപ്പഴത്തില്‍ അടങ്ങിയിട്ടുളളത്.

മഞ്ഞ നിറത്തിലുളള മുട്ടപ്പഴത്തില്‍ ധാരാളം ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുളളത് കൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യത്തിനും തലമുടിയുടെ വളര്‍ച്ചയ്ക്കും മുട്ടപ്പഴം നല്ലതാണ്. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുവാനും ഇത് ഓര്‍മ്മശക്തി കൂടാനും ശരീരത്തിന്റെ ഊര്‍ജം വര്‍ധിപ്പിക്കാനും സഹായിക്കും.

മുട്ടപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തില്‍ അമിതമായ തോതില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും. കൂടാതെ മലബന്ധം പരിഹരിക്കാനും പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കുവാനും മുട്ടപ്പഴം സഹായിക്കും.

തയ്യറാക്കാം മുട്ടപ്പഴം ജ്യൂസ്

ആവശ്യമായ ചേരുവകള്‍

മുട്ടപ്പഴം- രണ്ടെണ്ണം 
പഞ്ചസാര- ആവശ്യത്തിന്
പാല്‍- അരക്കപ്പ്

തയ്യാറാക്കുന്ന വിധം

നന്നായി പഴുത്ത മുട്ടപ്പഴം തൊലി കളഞ്ഞ് പാലും ആവശ്യത്തിന് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിക്കുക. വേണമെങ്കില്‍ തണുപ്പിച്ചും കഴിക്കാം.

അമിതക്ഷീണം മാറാന്‍ കക്കിരിക്ക കഴിക്കാം

വിറ്റാമിന്‍ b, b2, b3, b5, b6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് തുടങ്ങി ധാരാളം വിറ്റാമിനുകളും ധാതുക്കളും കക്കിരിക്കയില്‍ അടങ്ങിയിരിക്കുന്നു.

നി വേനല്‍ക്കാലമാണ്. ശരീരത്തില്‍ നിന്ന് ധാരാളം ജലാശം നഷ്ടപ്പെടുന്നത് കൊണ്ട് തന്നെ വേനല്‍ക്കാലത്ത് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അമിതമായ ക്ഷീണം. വേനലിലെ ഈ അമിതക്ഷീണം കുറയ്ക്കാന്‍ കക്കിരിക്ക ഏറെ സഹായകമാകും.

വിറ്റാമിന്‍ b, b2, b3, b5, b6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് തുടങ്ങി ധാരാളം വിറ്റാമിനുകളും ധാതുക്കളും കക്കിരിക്കയില്‍ അടങ്ങിയിരിക്കുന്നു.

ക്ഷീണം തോന്നുമ്പോള്‍ അല്‍പ്പം ഉപ്പ് വിതറിയും വേണമെങ്കില്‍ അല്‍പ്പം കുരുമുളക് പൊടി വിതറിയും കക്കിരിക്ക കഴിക്കാം.അതിരാവിലെ പ്രഭാതഭക്ഷണത്തിന് മുന്‍പ് കക്കിരിക്ക ചെറിയ കഷ്ണങ്ങളാക്കി കഴിക്കുന്നത് അസിഡിറ്റി ഇല്ലാതാക്കാന്‍ സഹായകമാകും.

ധാരാളം ജലാംശം അടങ്ങിയ കക്കിരിക്ക ഇടനേരങ്ങളില്‍ കഴിക്കാം. ഇത് ശരീരത്തിനകത്തും പുറത്തും ചൂട് നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ വായനാറ്റം തടയാനും കക്കിരിക്ക കഴിക്കുന്നത് സഹായകമാകും. വയറ്റില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാനും കക്കിരിക്ക സഹായകമാകും. കൂടാതെ കണ്‍തടങ്ങളിലെ കറുപ്പ് നിറം മാറാനായി വട്ടത്തിലരിഞ്ഞ കക്കിരക്ക കഷ്ണം കണ്ണിന് മുകളില്‍ വെക്കാം. കൂടാതെ തിളയ്ക്കുന്ന വെള്ളത്തിന് മുകളില്‍ നെടുകെ മുറിച്ച വലിയ കക്കിരിക്കാ കഷ്ണം വെച്ച് ഇതില്‍ നിന്ന് വരുന്ന ആവി മുഖത്ത് തട്ടിയാല്‍ ചര്‍മ്മം ഫ്രഷ് ആകും.

കൂടാതെ ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തളളുവാനും ശരീരഭാരം നിയന്ത്രിക്കുവാനും കക്കിരക്ക സഹായകമാകും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന്റെ അംശം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

തടികുറയ്ക്കാനായി കഴിക്കാം കക്കിരിക്ക ജ്യൂസ്

ചേരുവകള്‍

തേന്‍ ആവശ്യത്തിന്
ചെറുതായി അരിഞ്ഞ തൊലി കളഞ്ഞ കക്കിരിക്ക
രണ്ട് ടീസ്പൂണ്‍ നാരങ്ങനീര്
ഇഞ്ചി ചെറിയ കഷ്ണം

തയ്യാറാക്കുന്ന വിധം

തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ കക്കിരക്ക, തേന്‍, നാരങ്ങനീര്, ഇഞ്ചി ഇവ ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുത്ത ശേഷം അരിക്കുക. ഇത് തണുപ്പിച്ച് കഴിക്കാം.

വിറ്റാമിന്‍ ഡി കുറയുമ്പോള്‍

ശരീരത്തിലെ ഫോസ്‌ഫേറ്റിന്റെ അളവ് തുലനപ്പെടുത്താനും ശരീരഭാഗങ്ങളില്‍ നീര്‍വീക്കം ചെറുക്കാനും ഈ വിറ്റാമിന്‍ അത്യന്താപേക്ഷിതമാണ്

വെയിലുകൊള്ളാതെ നടക്കാനാണ് എല്ലാവരുടേയും ശ്രമം. കുടചൂടിയും നടക്കാവുന്ന ദൂരങ്ങളില്‍ ഓട്ടോ പിടിച്ചും സൂര്യനെ നമ്മള്‍ ഒഴിവാക്കും. എന്നാല്‍ സൂര്യപ്രകാശം നമുക്ക് വിറ്റാമിന്‍ തരുന്നുണ്ട്. വെയിലുകൊള്ളാത്തവര്‍ക്ക് ഉണ്ടാകുന്ന വിറ്റാമിന്‍ ഡിയുടെ കുറവ് ഉണ്ടാകുന്നതിന്റെ കാരണവും ഇതുതന്നെ.

ബലമുളള എല്ലുകള്‍ക്ക് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. ശരീരത്തിലേക്ക് കാത്സ്യം ആഗിരണം ചെയ്യുന്നതിന് ഈ വിറ്റമിന്‍ വേണമെന്നതാണ് കാരണം.  ഇതുകൂടാതെ ശരീരത്തിലെ ഫോസ്‌ഫേറ്റിന്റെ അളവ് തുലനപ്പെടുത്താനും ശരീരഭാഗങ്ങളില്‍ നീര്‍വീക്കം ചെറുക്കാനും ഈ വിറ്റാമിന്‍ അത്യന്താപേക്ഷിതമാണ്.

എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണം.  ദീര്‍ഘകാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും. മുതിര്‍ന്നവരില്‍ ഓര്‍മക്കുറവും ക്ഷീണവും കുട്ടികളില്‍ ആസ്ത്മ എന്നിവയുമാണ് മറ്റ് പ്രത്യാഘാതങ്ങള്‍. വൈകല്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന മൃദുവായ അസ്ഥികള്‍ക്കും കാരണം ഈ കുറവുതന്നെ.

പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം, തലച്ചോറിനെയും നട്ടെല്ലിനെയും ദുര്‍ബലപ്പെടുത്തുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് തുടങ്ങിയവയും വിറ്റാമിന്‍ ഡി കുറവിനാല്‍ ഉണ്ടായേക്കാം.

കുട്ടികള്‍ മുതല്‍ എഴുപത് വയസ്സുവരെയുളളവര്‍ക്ക് 600 ഐ.യു.വിറ്റാമിന്‍ ഡി വേണമെന്നാണ് കണക്ക്. 170 ഗ്രാം കോര മത്സ്യത്തില്‍ ഇതുണ്ടാകും. 71 വയസ്സിനുമുകളിലുളളവര്‍ക്ക് 800 യൂണിറ്റ് ആവശ്യമാണ്.

ശരീരത്തില്‍ ആവശ്യമുളള വിറ്റാമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്ന് കിട്ടുന്നവയില്‍ ഭൂരിഭാഗവും മാംസാഹാരത്തില്‍ നിന്നാണ്. മത്സ്യം, മത്സ്യഎണ്ണ, മുട്ടയുടെ മഞ്ഞക്കരു, മാട്ടിറച്ചി തുടങ്ങിയവ ഉദാഹരണം.

സസ്യാഹാരികള്‍ക്ക് പാല്‍ക്കട്ടിയാണ് ഈ വിറ്റാമിന്റെ  സ്‌ത്രോതസ്സായി പറയാവുന്നത്. ഇവയില്‍ പലതും അധികം കഴിച്ചാല്‍ കൊളസ്‌ട്രോളിനുളള സാധ്യതയുണ്ടാവുകയും ചെയ്യും.

കറുത്ത തൊലിയുളളവരില്‍ സൂര്യപ്രകാശത്തില്‍ നിന്നുളള വിറ്റാമിന്‍ ഡി ആഗിരണം കുറയിമെന്നതും ശ്രദ്ധിക്കേണ്ടതാണ്.  പ്രായമാകുമ്പോള്‍ വൃക്കകള്‍ക്ക് വിറ്റാമിന്‍ ഡി പ്രവര്‍ത്തനക്ഷമമായ രീതിയിലേക്ക് മാറ്റാന്‍ കഴിയാതെ പോകുന്നതും പ്രശ്‌നമാകാറുണ്ട്. ദഹനേന്ദ്രിയത്തെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങള്‍ കൊണ്ട് ശരീരത്തിലേക്ക് വിറ്റാമിന്‍ ഡി ആഗിരണം നടക്കാതിരിക്കാം. അമിതവണ്ണവും മറ്റൊരു കാരണമാണ്.

സമീകൃതാഹാരവും സൂര്യപ്രകാശമേല്‍ക്കലുമാണ് വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാനുളള സ്വാഭാവികമാര്‍ഗങ്ങള്‍. പ്രത്യേക സാഹചര്യങ്ങളില്‍ സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാവുന്നതാണ്.

ഇനി ധൈര്യമായി കരഞ്ഞോളൂ

കരയുമ്പോള്‍ നേത്രഗോളത്തിലേയും കണ്‍തടങ്ങളിലെ മസിലുകളും ആയാസരഹിതമാകുന്നതിനാല്‍ കാഴ്ച വ്യക്തമാകാനും കരയുന്നത് സഹായിക്കും

ന്നായി കരഞ്ഞാല്‍ അതുകൊണ്ട് പല പ്രയോജനങ്ങള്‍ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് നേരത്തെതൊട്ടെ പറയുന്നുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ പ്രയോജനങ്ങള്‍ കണ്ടെത്തുകയാണ് പഠനങ്ങള്‍.

മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ശരീരം ഉത്പാദിപ്പിക്കുന്ന സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ശരീരത്തിനെ ബാധിക്കുന്നത് തടയാന്‍ കരയുന്നത് സഹായിക്കും. കൂടാതെ കണ്ണുനീരിലടങ്ങിയ രാസാഗ്നിയായ ലൈസോസൈം കോശഭിത്തികളില്‍ വളരുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും. കരയുമ്പോള്‍ നേത്രഗോളത്തിലേയും കണ്‍തടങ്ങളിലെ മസിലുകളും ആയാസരഹിതമാകുന്നതിനാല്‍ കാഴ്ച വ്യക്തമാകാനും കരയുന്നത് സഹായിക്കും. വിഷാദരോഗത്തെ ചെറുക്കാനും മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും കരയുന്നത് സഹായിക്കുമെന്നും പഠനം പറയുന്നു.

മാനസിക പിരിമുറുക്കം കുറയ്ക്കാനും വികാരങ്ങളെ ശുദ്ധീകരിക്കാനും കരച്ചിലിന് കഴിയും . ശരീരത്തിലെ വിഷാംശങ്ങളെ  പുറന്തള്ളാനും കരിച്ചിലിന് കഴിവുണ്ട്. ചില സിനിമകള്‍ കണ്ട് നമ്മള്‍ കരയാറില്ലെ. അതുമതി ചില അലര്‍ജികള്‍ മാറാന്‍. ചിലയിനം വാദങ്ങള്‍ മൂലം ഉണ്ടാകുന്ന വേദനകളില്‍ നിന്ന് മുക്തി നേടാനും കരയുന്നത് സഹായിക്കുമെന്നും പഠനം പറയുന്നു.കരയുമ്പോള്‍ നമ്മളെ ആശ്വസിപ്പിക്കാന്‍ വരുന്നവരുമായി നമുക്ക് ഒരു ദൃഢബന്ധം ഉണ്ടാവാനും സാധ്യതയുണ്ട്. ഇത് മികച്ച വ്യക്തിബന്ധത്തിലേക്ക് നയിക്കും.

കടപ്പാട്-മാതൃഭൂമി .കോം

3.28
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ