অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആയുരാരോഗ്യം

ഭക്‌ഷ്യ സുരക്ഷ- അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുതിര്‍ന്ന ആരോഗ്യവാനായ ഒരു മനുഷ്യനു അതിജീവിക്കാന്‍ പറ്റുന്നത്ര ലഘുവായ ഭക്‌ഷ്യ വിഷബാധ പോലും കുട്ടികള്‍ക്ക് മാരകമായി തീര്‍ന്നേക്കാം എന്നതാണ്‌ മരണം കൂടുതലും കുട്ടികളില്‍ ആകാന്‍ കാരണം. ചൂടുകാലം ഭക്ഷണം വേഗം അണുബാധിതമാകുന്ന കാലമാണെന്നും സമ്മറില്‍ ശരാശരി പ്രതിദിനം അഞ്ചു ഭക്-ഷ്യ വിഷബാധ രോഗികളെ ‍ തങ്ങള്‍ക്ക് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരാറുണ്ടെന്നും ഒരു ആശുപത്രിയുടെ അധികാരി പറയുകയുണ്ടായി.

ഭക്ഷണം ഇരുന്നു ചീത്തയായാല്‍ പിന്നെ അതു കഴിക്കരുത് എന്നല്ലാതെ ഭക്‌ഷ്യസുരക്ഷയെപ്പറ്റി അധികമാരും ഒന്നും അറിഞ്ഞു വയ്ക്കാറില്ല എന്നതാണ്‌ ഏറ്റവും വലിയ പ്രശ്നം.

ഭക്ഷ്യ വിഷബാധ പ്രധാനമായും മൂന്നു തരത്തിലാണ്‌ ഉണ്ടാകുക. 

1. ഭക്ഷണത്തിലെ അണുക്കള്‍- രോഗമുളവാക്കുന്ന ബാക്റ്റീരിയകളും വൈറസുകളും ശരീരത്തില്‍ പ്രവേശിക്കുക വഴി (infection)

2. ഭക്ഷണത്തില്‍ പ്രവേശിച്ച സൂക്ഷ്മാണുക്കളും പൂപ്പലും ഉതിര്‍ക്കുന്ന വിഷവസ്തുക്കള്‍ ശരീരത്തില്‍ കടക്കുക (food intoxication)

3. വിഷമയമായ വസ്തുക്കള്‍- കീടനാശിനികള്‍, മറ്റു രാസവസ്തുക്കള്‍ എന്നിവ ഭക്ഷണത്തില്‍ അബദ്ധത്തില്‍ കലര്‍ന്നു പോകുക വഴി ( chemical contamination) 
സര്‍‌വ്വസാധാരണമായ അണുബാധകള്‍ സാല്‍മൊണെല്ല, ലിസ്റ്റീരിയ തുടങ്ങിയവയും ട്രാവലേര്‍സ് ഡയറിയ തുടങ്ങി അമേദ്ധ്യവും ഭക്ഷണവും തമ്മില്‍ ബന്ധപ്പെട്ടു പോകല്‍ വഴി ഉണ്ടാവുന്ന രോഗവും ആണെങ്കിലും, വളരെയേറെ തരം അണു-വൈറസ് ബാധകള്‍ ഭക്ഷണജന്യമായി ഉണ്ടാകാറുണ്ട്. 
യു ഏ ഈയില്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഭക്‌ഷ്യവിഷബാധകള്‍ ഏതാണ്ട് എല്ലാം തന്നെ റെസ്റ്റോറണ്ടുകളില്‍ - പ്രധാനമായും ചെറുകിട റെസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണം കഴിച്ചവരുടേതാണ്‌ ."കഫെറ്റീരിയ ബാക്റ്റീരിയ" എന്ന് ഡോക്റ്റര്‍മാര്‍ ഇരട്ടപ്പേര്‍ വിളിക്കുന്ന clostridium perfringens സാധാരണയായി ഉണ്ടാകുന്നത്, പാചകം ചെയ്ത് വളരെ നേരം കഴിഞ്ഞ ഭക്ഷണം ഉള്ളില്‍ ചെന്നാണ്‌. ഒരു പക്ഷേ അതാവാം കാരണം. വൃത്തിഹീനമായ പാചകം, പാത്രങ്ങള്‍, വെള്ളം, സുരക്ഷിതമായി സൂക്ഷിക്കാത്ത അസംസ്കൃത പദാര്‍ത്ഥങ്ങള്‍ എന്നിവമൂലവും ആകാം.

ഭക്‌ഷ്യവിഷബാധ, അതേതു കാരണങ്ങള്‍ കൊണ്ടായാലും ഉണ്ടാകാതെ ഇരിക്കാന്‍ നമുക്ക് ചെയ്യാവുന്ന കാര്യങ്ങളില്‍ പ്രധാനമായത്:

പുറത്തെ ഭക്ഷണം

1. കഴിവതും ഭക്ഷണം പുറത്തു നിന്നും കഴിക്കാതെയിരിക്കുക- പ്രത്യേകിച്ച് ചൂടുകാലത്ത്. കുട്ടികളുടെ കാര്യത്തില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കുക.

2. കുട്ടികളുമൊത്ത് ഭക്ഷണം പുറത്തു നിന്നും കഴിക്കേണ്ടി വന്നാല്‍ വന്‍‌കിട ഹോട്ടലുകളില്‍ നിന്ന്, അപ്പോള്‍ പാചകം ചെയ്ത് അപ്പോള്‍ തന്നെ കഴിക്കാവുന്നവ തെരഞ്ഞെടുക്കുക. ഇത് അധികച്ചിലവ് ആണെന്ന് തോന്നേണ്ടതില്ല. കുട്ടികളുടെ മറ്റുചിലവുകള്‍ (താമസം, വസ്ത്രം, വിദ്യാഭ്യാസം, ചികിത്സ) അപേക്ഷിച്ച് ഇത് തീരെ ചെറുതാണ്‌. പുറത്തു നിന്നും കഴിക്കുന്നതിന്റെ ഇടവേള കൂട്ടി ചിലവു കുറയ്ക്കുകയാണ്‌ ഉത്തമം. രണ്ടു രീതിയില്‍ ഇത് റിസ്ക് കുറയ്ക്കുന്നു.

3. ചെറുകിട കഫറ്റീരിയകള്‍- പ്രത്യേകിച്ച് പാചകം ചെയ്ത് കഴിക്കാന്‍ ആളെക്കാത്തിരിക്കേണ്ട വിധമുള്ള കാര്യങ്ങള്‍ (ഷവര്‍മ്മ, ഗ്രില്‍, ഫ്രൈ), ഫ്രോസണ്‍ ഭക്ഷണം ചൂടാക്കി തരുന്നവര്‍ (റെഡി റ്റു പിക്ക് ചൈനീസ്, ഹോട്ട് ഡോഗ്, സാന്‍ഡ്വിച്ച്) എന്നിവ ഒഴിവാക്കുക.

4. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെ മിക്കവയും സാലഡുകള്‍ ഉണ്ടാക്കുന്നത് ക്രോസ് കണ്ടാമിനേഷന്‍ ഒഴിവാക്കിയും, മാലിന്യങ്ങള്‍ വേണ്ടുന്നത്ര കഴുകിയും പീല്‍ ചെയ്തും അല്ലെന്ന് ഓര്‍മ്മിക്കുക. കഴിവതും സലാഡുകള്‍ വീട്ടിനു പുറത്ത് ഒഴിവാക്കുക- കുട്ടികള്‍ പ്രത്യേകിച്ചും.

5. പുറത്തു നിന്നും വെള്ളം കുടിക്കേണ്ടി വരുമ്പോള്‍ ഡ്രിങ്കിങ്ങ് വാട്ടര്‍ ക്വാളിറ്റിയുള്ളത് (മിനറല്‍ വാട്ടര്‍ ആകണമെന്നില്ല) മാത്രം സീല്‍ഡ് പരുവത്തില്‍ വാങ്ങുക.

പാചകം
1. പച്ചക്കറി, മാംസം, മത്സ്യം തുടങ്ങുന്നവ വാങ്ങുമ്പോള്‍ അത് വൃത്തിയായും സുരക്ഷിതമായും സൂക്ഷിച്ചവയാണെന്ന് ഉറപ്പു വരുത്തുക. പല ചെറു ഗ്രോസറികളും രാത്രി കടപൂട്ടുന്നതോടൊപ്പം ഫ്രീസറുകളും മറ്റും ഓഫ് ചെയ്ത് വൈദ്യുതി ലാഭിക്കാറുണ്ട്- ഇത് ഭക്ഷ്യവിഷബാധയുടെ സാദ്ധ്യത പലമടങ്ങ് കൂട്ടുന്നു.

2. മീന്‍ കഴിവതും ഫ്രഷ് ആയി വാങ്ങുക, വാങ്ങിയാല്‍ ഉന് പാചകം ചെയ്യുക. ഫ്രോസണ്‍ മീനുകള്‍ ഡെഫ്രീസ് ചെയ്താണ്‌ ചിലര്‍ വില്‍ക്കുന്നത്. അങ്ങനെയുള്ളത് യാതൊരു കാരണവശാലും വാങ്ങി ഫ്രിഡ്ജില്‍ വീണ്ടും ഫ്രീസ് ചെയ്യാന്‍ വയ്ക്കരുത്.

3. സുരക്ഷിതമായ വെള്ളം മാത്രം പാചകത്തിന്‌ ഉപയോഗിക്കുക. ദുബായിലെ ടാപ്പ് വെള്ളം പാനയോഗ്യമാണെന്ന് അധികാരികള്‍ ഉറപ്പു തരുന്നുണ്ട്, പക്ഷേ കെട്ടിടങ്ങളുടെ ടാങ്കുകള്‍ എത്രമാത്രം വൃത്തിയും സുരക്ഷിതത്വവും ഈ വെള്ളത്തിനു തരുമെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക.

4. മീന്‍, മുട്ട, ഫ്രിഡ്ജില്‍ വച്ചവ എന്നിവ ഷോപ്പിങ്ങിന്റെ അവസാനം മാത്രം വാങ്ങുക, വാങ്ങിയാല്‍ പിന്നെ നേരേ വീട്ടില്‍ പോകുക. പോയാല്‍ ഉടന്‍ ഇവ ഫ്രിഡ്ജില്‍ വേണ്ട സ്ഥാനത്ത് തന്നെ വയ്ക്കുക.

5. പാല്‍, മുട്ട, ഇറച്ചി, മീന്‍ എന്നിവ മറ്റു ഷോപ്പിങ്ങ് സാമഗ്രികളുമായി കൂട്ടിത്തൊടാതെ ശ്രദ്ധിക്കുക. ഇവ കൈകൊണ്ട് തൊട്ടാല്‍ കൈ സോപ്പിട്ട് കഴുകുക.

6. പൊട്ടിയതോ ലീക്ക് ചെയ്യുന്നതോ സെക്യൂരിറ്റി സീല്‍ പോയതോ ആയ യാതൊന്നും വാങ്ങാതെ ശ്രദ്ധിക്കുക.

7. കാഴ്ചക്ക് ഫ്രഷ് അല്ലെന്നു തോന്നുന്നവ, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞവ എന്നിവ വാങ്ങരുത്.

8. ചൂടുകാലത്തേക്ക് ഫ്രിഡ്ജ് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും- വര്‍ഷത്തില്‍ എല്ലാ കാലവും ഫ്രിഡ്ജ് 40 ഡിഗ്രീ എഫ്, ഫ്രീസര്‍ കമ്പാര്‍ട്ട്മെന്റ് 0 ഡിഫ്രീ എഫ് എന്ന താപനിലയില്‍ ആയിരിക്കണം.

9. അണ്‍ഫ്രീസ് ചെയ്യുന്നത് എന്തായാലും അപ്പോള്‍ തന്നെ പാചകം ചെയ്യണം

10. കട്ടിങ്ങ് ബോര്‍ഡുകള്‍, കത്തികള്‍ എന്നിവ ഇറച്ചി മുട്ട മീന്‍ എന്നിവ വെട്ടാന്‍ ഉപയോഗിച്ചാല്‍ അത് സോപ്പിട്ട് കഴികുക. ഇടയ്ക്കിടെ ചോപ്പിങ് ബോര്‍ഡ് ക്ലോറിന്‍ ഉപയോഗിച്ചു കഴുകുക.

11. ഇറച്ചിയും മീനും മുറിച്ചാല്‍ മറ്റെന്തെങ്കിലും എടുക്കും മുന്നേ കൈ സോപ്പിട്ട് കഴുകുക.
12.പാചകം ചെയ്തത് എന്തും രണ്ടു മണിക്കൂറിനുള്ളില്‍ തീര്‍ന്നില്ലെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. 

13. ഫ്രിഡ്ജിനുള്ളില്‍ പാചകം ചെയ്തതെന്തും ഭദ്രമായി മൂടി വയ്ക്കുക.

14. മൂന്നു ദിവസത്തിനപ്പുറം പാചകം ചെയ്ത യാതൊന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കാതെയിരിക്കുക

15. ക്ലീനിങ്ങ് കെമിക്കലുകള്‍, ഡിഷ്‌വാഷ് ലിക്വിഡ് തുടങ്ങിയവയുടെ അംശങ്ങള്‍ പാത്രങ്ങളില്‍ ഇല്ലെന്ന് ഉറപ്പു വരുത്തുക.

16. ഉപയോഗ ശേഷവും ഉപയോഗിക്കും മുന്നേയും എല്ലാ പാത്രങ്ങളും വൃത്തിയായി കഴുകി ഉണക്കി വയ്ക്കുക.

17. ഭക്ഷണത്തിനു മുന്നേയും ശേഷവും കൈ കഴുകുക, കുട്ടികളെ കൈ കഴുകിക്കുക.
18. ഐസ്ക്രീം, പച്ചക്ക് കഴിക്കുന്ന പാലുല്പ്പന്നങ്ങള്‍ എന്നിവ വാങ്ങുമ്പോള്‍ കഴിവതും അറിയപ്പെടുന്ന ബ്രാന്‍ഡുകളുടെ ഔദ്യോഗിക വില്പ്പനശാലകളില്‍ നിന്നും വാങ്ങുക. 

19. വീട്ടില്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്ന ഭക്ഷ്യസാധനങ്ങള്‍ എക്സ്പയറി കഴിയുന്നോ എന്ന് ശ്രദ്ധിച്ചശേഷം മാത്രം ഉപയോഗിക്കുക.

20. സര്‍‌വോപരി- അടുക്കള എപ്പോഴും വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കുക.

വൈദ്യസഹായം തേടേണ്ട സാഹചര്യങ്ങള്‍:

1. പുറത്തു നിന്നും ഭക്ഷണം കഴിച്ച് വയറിളക്കം, ശര്‍ദ്ദി എന്നിവ ഉണ്ടായാല്‍

അങ്ങനെ അല്ലാത്തപ്പോള്‍ പോലും:
2. വയറിളക്കം നില്‍ക്കാതെ വരിക
3. വയറിളക്കത്തിനൊപ്പം ശര്‍ദ്ദി, ശ്വാസം മുട്ട്, പനി എന്നിവ ഉണ്ടാകുക
4. വയറു വേദനയും തലകറക്കവും ഉണ്ടാകുക
5. കുട്ടികളിലെ വയറിളക്കം
6. മൂത്രമൊഴിക്കാന്‍ പറ്റാതെ വരിക, അല്ലെങ്കില്‍ മൂത്രത്തിന്റെ നിറം മാറ്റം വയറിളക്കത്തിനൊപ്പം വരിക
ഡീഹൈഡ്രേഷന്‍ സാദ്ധ്യത
7. മലത്തില്‍ രക്തം
8. വയറിനോടൊപ്പം തക്കിലും സന്ധികളിലും അസുഖം
9. ഇതൊന്നുമല്ലാതെ തന്നെ ആശുപത്രിയില്‍ പോകേണ്ട ആവശ്യമുണ്ടെന്ന് തോന്നുക
എന്നിവ ഉണ്ടായാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തുക. ഒരു കണ്‍സള്‍ട്ടിങ്ങ് ഡോക്റ്ററെ വെയിറ്റ് ചെയ്യാന്‍ മിനക്കെടാതെ ഏതു സമയമായാലും അത്യാഹിത വിഭാഗത്തില്‍ അഡ്മിറ്റ് ആകുകയാണ്‌ ഉചിതം.

ആഹാരവും ആഹോരവവും

പ്രകൃതിചികിത്സാ സമ്പ്രദായത്തെ പറ്റി വിശദീകരിക്കാമോ?
പ്രകൃതിചികിത്സ എന്ന രീതി എം‌പിരിക്കല്‍ ഗവേഷണത്തിനു വിധേയമായിട്ടില്ല എന്നതാണ്‌ പ്രധാന അശാസ്ത്രീയത. രണ്ടാമത്തേത് അത് അംഗീകൃതമായ ഒരു വൈദ്യശാസ്ത്രരീതിയോടും യോജിച്ചു പോകുന്നില്ല എന്നത്. മൂന്നാമതായി ഓരോ നാട്ടിലും പ്രകൃതിചികിത്സകര്‍ ഓരോരോ സമ്പ്രദായമാണ്‌ പിന്‍‌തുടരുന്നത്. കേരളത്തില്‍ അടുത്തിടെ പ്രചാരത്തിലായ രീതി ഞാന്‍ മനസ്സിലാക്കിയിടത്തോളം ഹൃദ്രോഗവിദഗ്ദ്ധന്‍ ഡോ. ഡീന്‍ ഓര്‍ണിഷിന്റെ റിവേര്‍സല്‍ പ്രോഗ്രാമിലെ ലോ ഫാറ്റ് ഡയറ്റിനെ അതിന്റെ കോണ്ടെക്സ്റ്റില്‍ നിന്നും അടര്‍ത്തി മാറ്റി അതില്‍ അന്ധവിശ്വാസങ്ങളും മറ്റും തിരുകി വ്യായാമം, പോഷണം, മരുന്ന് തുടങ്ങിയ അതിന്റെ ഇന്റഗ്രേറ്റഡ് അപ്പ്രോച്ചും നശിപ്പിച്ച ഒന്നാണ്‌. പ്രകൃതിചികിത്സകര്‍ പറയുന്ന നിരവധി കാര്യങ്ങള്‍ അംഗീകൃതമായ വിവരങ്ങള്‍ക്ക് കടകവിരുദ്ധമാണ്‌. ഒന്നാമതായി പരിസരത്ത് വിളയുന്നതെന്തും നിങ്ങള്‍ക്ക് യോജിച്ചതാണെന്ന വിശ്വാസം രാവിലേ രണ്ടു പച്ചത്തേങ്ങ കഴിച്ചാല്‍ ആവശ്യമുള്ളതെല്ലാം അതില്‍ നിന്നും ലഭിക്കും എന്ന രീതിയില്‍ പിന്‍‌തുടരുന്നവരുണ്ട്. ലോ ഫാറ്റ് ഡയറ്റ് തരുന്ന മെച്ചം ഇതില്‍ നഷ്ടമായിക്കിട്ടും. രണ്ടാമതായി നമ്പൂതിരിമാരുടെ ഭക്ഷണക്രമീകരണങ്ങള്‍ അന്ധമായി അനുകരിക്കുകയാണ്‌ ഇവര്‍ ചെയ്യുന്നത് . ഹൃദ്രോഗിക്ക് വെളുത്തുള്ളി കഴിക്കാന്‍ പാടില്ലെന്ന് പറയുന്നവരോട് വെളുത്തുള്ളി എത്രമാത്രം സഹായഭക്ഷണമാണ്‌ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. പ്രകൃതിപാചകവിധിപ്രകാരം അവിയല്‍ എങ്ങനെ ഉണ്ടാക്കാം എന്നൊരു കുറിപ്പ് കാണാന്‍ വഴിയില്ല! (നമ്പൂതിരിമാര്‍ അവിയലിനെ ഉച്ഛിഷ്ടഭക്ഷണമായാണ്‌ കാണുന്നത്). സസ്യാഹാരം പിന്‍‌തുടരുന്നവര്‍ വൈവിദ്ധ്യത്തിന്റെ അത്യാവശ്യം മനസ്സിലാക്കേണ്ടതുണ്ട്. ഇവര്‍ പോഷണം എന്ന ആംഗിളേ കാണുന്നില്ല. പോരാത്തതിനു ചേന പച്ചയ്ക്കു കഴിക്കാന്‍ കഴിയാത്തതുകൊണ്ട് പാചകം ചെയ്തും പാടില്ല, ഉള്ളി കഴിച്ചാല്‍ സ്വഭാവം മാറും എന്നൊക്കെയുള്ള വിശ്വാസങ്ങള്‍ ട്രേസ് മിനറലുകള്‍ പോലെ പലതും ഒരു വഴിക്കും ലഭ്യമാകാത്ത രീതിയിലും മറ്റും ഭക്ഷണത്തെ ശുഷ്കമാക്കിക്കളയുമെന്ന് തോന്നുന്നു.

ഭാരതീയ സസ്യാഹാരരീതിയെപറ്റി എന്താണ്‌ അഭിപ്രായം?
മുസ്ലീങ്ങള്‍ പന്നിയിറച്ചി കഴിക്കില്ല, സിഖ് മതക്കാര്‍ തലമുടിയും താടിയും വളര്‍ത്തും എന്നൊക്കെയുള്ളതുപോലെ ഒരു സമ്പ്രദായം എന്നരീതിയിലേ ഞാന്‍ അതിനെ കാണുന്നുള്ളു. ഏതു വിശ്വാസവും ആര്‍ക്കും പിന്‍ തുടരാമല്ലോ. എന്തു കഴിക്കണം വേണ്ട എന്നത് ആര്‍ക്കും സ്വയം തീരുമാനിക്കാവുന്ന കാര്യമല്ലേ.
ഇത് മികച്ച ആരോഗ്യത്തിനുതകുന്ന ഭക്ഷണശൈലിയാണെന്ന് നിരവധിപേര്‍ അവകാശപ്പെടുന്നുണ്ടല്ലോ?
അത്തരം അവകാശവാദങ്ങളോട് യോജിക്കും മുന്നേ ആര്‍ക്ക് ആരോഗ്യത്തിനുതകുന്നത് എന്ന് ചിന്തിക്കേണ്ടിവരും.

മാംസജന്യാഹാരത്തിന്റെ ശക്തിയും ദൗര്‍ബല്യവും അതിന്റെ പോഷകസമൃദ്ധിതന്നെയാണ്‌. ഒരു കഷണം മീനില്‍ കിട്ടുന്നയത്ര അല്ലെങ്കില്‍ ഒരു തുണ്ട് ഇറച്ചിക്കഷണത്തില്‍ കിട്ടുന്നയത്ര പ്രോട്ടീനുകളും വൈറ്റമിനുകളും ധാതുക്കളും ലഭിക്കാന്‍ സസ്യാഹാരത്തില്‍ ഒട്ടേറെ ഇലക്കറികളും പഴങ്ങളും പയര്‍- അണ്ടി വര്‍ഗ്ഗത്തില്‍ പെടുന്ന ആഹാവും കഴിക്കേണ്ടിവരും. ചുരുക്കത്തില്‍ ആരോഗ്യപ്രദമായ സസ്യാഹാരം ചിലവേറിയതും അദ്ധ്വാനിച്ച് പാചകം ചെയ്യേണ്ടതുമായ ഒന്നാണ്‌. ഇന്ത്യന്‍ ഭക്ഷണരീതിയില്‍ പച്ചക്കറികള്‍, അണ്ടിപ്പരിപ്പുകള്‍ പഴങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് തീരെക്കുറവാണ്‌ സാധാരണക്കാര്‍ക്കിടയില്‍. ചപ്പാത്തിയും പരിപ്പുകറിയും, വെങ്കായ സാമ്പാറും ചോറും രസവും എന്തെങ്കിലും ഒരു വറുവല്‍ (തോരന്‍) ഉം പപ്പടവും ഇങ്ങനെയൊക്കെ പോകുന്നുന്നു ദൈനം ദിന വെജിറ്റേറിയന്‍ ഭക്ഷണം. എണ്ണ ധാരാളം ചേര്‍ത്തുള്ള പാചകം, വറുക്കുക്കുക, ഉപ്പിലിടുക തുടങ്ങിയ രീതികളും ലൈഫ് സ്റ്റൈല്‍ ഗവേഷകര്‍ പറയുന്ന ഫലങ്ങള്‍ അപ്രാപ്യമാക്കിക്കളയും ഇന്ത്യന്‍ രീതിയില്‍.

പാലുല്പ്പന്നങ്ങള്‍, പ്രത്യേകിച്ച് നെയ്യ്, വെണ്ണ, പനീര്‍ തുടങ്ങിയവ ധാരാളമായി ചേരുന്നതും മറ്റൊരു പ്രശ്നമാണ്‌. കുറച്ചു ചോറും ഒഴിക്കാന്‍ ഇത്തിരി മീന്‍ കറിയുമായി ഭക്ഷണം കഴിക്കുന്ന സാധാരണ മലയാളി ഡയറ്റ് ഇതിനെ അപേക്ഷിച്ച് ഏറെ ആരോഗ്യപ്രദമെന്ന് പറയേണ്ടതില്ലല്ലോ.

പഞ്ചസാരയുടെ അമിതമായ ഉപയോഗവും മറ്റൊരു പ്രധാന പ്രശ്നമാണ്‌. ചുരുക്കത്തില്‍ ആചാരപരമായി പിന്‍‌തുടരുന്ന ഇത്തരം ലാക്റ്റോ വെജിറ്റേറിയനിസം ആരൊഗ്യപ്രദമെന്ന് പറയ വയ്യ. ഒരേ സമയം പോഷണക്കുറവും പാലിന്റെയും പഞ്ചസാരയുടെയും അമിതോപയോഗവും വൈവിദ്ധ്യമില്ലായ്മയും ചേരുന്ന ഒരസന്തുലില ഭക്ഷണരീതിയാണെന്നാണ്‌ എന്റെ അഭിപ്രായം.

അതായത് ഇന്ത്യന്‍ ഭക്ഷണ രീതി ലോകത്തെ മികച്ച രീതി എന്ന പ്രചാരങ്ങള്‍ അസത്യമാണെന്നോ?
ഗോതമ്പിനോ അരിക്കോ കൂടെ വലിയ അളവില്‍ വൈവിദ്ധ്യമാര്‍ന്ന പച്ചക്കറികളും പഴങ്ങളും അണ്ടിപ്പരിപ്പുകളും മറ്റും കഴിക്കുന്ന സമ്പന്നനു ഈ ഭക്ഷണരീതികൊണ്ട് പ്രശ്നമില്ല. 

ഇന്ത്യയിലെ ശിശുക്കളില്‍ നാല്പ്പത്തിരണ്ടര ശതമാനം പോഷണക്കുറവ് അനുഭവിക്കുന്നവരാണ്‌. രണ്ടില്‍ ഒരു കുട്ടിയോളം വിളര്‍ച്ചയും മാല്‍ നുട്രീഷനും കൊണ്ട് രോഗങ്ങള്‍ക്കടിപ്പെടുകയാണ്‌. ഈ തോത് ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗങ്ങളോളം ഭീകരമായ ചിത്രമാണ്‌ വരച്ചു തരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പോഷണക്കുറവാല്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ ഇന്ത്യയിലാണ്‌. ഇവരുടെ ഇടയില്‍ സസ്യാഹാരത്തെ വിശ്വാസത്തില്‍ കലര്ത്തിവയ്ക്കുന്നതിനോട് വലിയ വിയോജിപ്പുണ്ട്. പോഷണത്തിന്റെ അതിസമൃദ്ധിയാല്‍ വലയുന്നവര്‍ക്കുള്ള പരിഹാരങ്ങള്‍ അതിനു വേണ്ടി ആയുധമാക്കുന്നതില്‍ പ്രതിഷേധവുമുണ്ട്.

പാലുല്പ്പന്നങ്ങള്‍ മാംസാഹാരത്തിന്റെ ഗുണങ്ങളുള്ള ജന്തുജന്യഭക്ഷണവും അതേസമയം അഹിംസാതത്വത്തിനു യോജിക്കുന്നതുമല്ലേ?

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പശുവിന്‍ പാലുല്പ്പാദനം ക്രൂരത നിറഞ്ഞ പ്രക്രിയ തന്നെയാണ്‌. 
കോഴി രാവിലേ വന്ന് എന്നെ കൊന്നോ എന്നു പറഞ്ഞു കഴുത്തു നീട്ടാത്തതുപോലെ പശു രാവിലേ വീട്ടില്‍ കയറിവന്ന് നിങ്ങളുടെ കുഞ്ഞിനു മുലകൊടുക്കുന്നുമില്ല. അതിനെ കെട്ടിയിട്ടു വളര്‍ത്തി, അതിന്റെ സമ്മതമില്ലാതെ നിരന്തരം ഗര്‍ഭിണിയാക്കി, അതിന്റെ കുഞ്ഞിനെ വിട്ടി അകിടില്‍ മുട്ടിക്കുമ്പോല്‍ ചുരത്തുന്ന പാല്‍ കുട്ടിയെ കെട്ടിയിട്ടശേഷം മോഷ്ടിച്ചു മാറ്റുകയാണ്‌ ചെയ്യുന്നത്. സ്വന്തമായി ഒരിണയെ തെരഞ്ഞെടുക്കാനോ എന്തിനു ലൈംഗികസുഖം പോലും അനുഭവിക്കാനോ മിക്ക പശുക്കള്‍ക്കും ജീവിതത്തിലൊരിക്കലും കഴിയാറില്ല. ഒരു കുട്ടിക്കും അതിന്റെ അമ്മയോടൊപ്പം മതിയാവും വരെ സമയം ചിലവിടാനും കഴിയാറില്ല. പശുവിന്റെ ആണ്‍കുട്ടികള്‍ എങ്ങോട്ടു പോകുന്നു എന്ന് ആരും ആലോചിക്കാറില്ല. പ്രസവശേഷി നഷ്ടപ്പെട്ട പശുവിനു വയറു നിറയെ ഭക്ഷണമുണ്ടോ എന്നും ആരും തിരക്കില്ല. ഇതില്‍ എന്ത് അഹിംസയെന്ന് എനിക്കറിയില്ല, വീക്ഷത്തിന്റെ വത്യാസമായിരിക്കാം.ഒരിക്കല്‍ കൂടി, വിശ്വാസങ്ങള്‍ വെറും വിശ്വാസങ്ങള്‍ മാത്രമല്ലേ.

ആഹാരവും ആഹോരവവും

സസ്യാഹാരമാണോ അഭികാമ്യം?
ഒറ്റ ഉത്തരം പറയുക ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ഓരോ വ്യക്തിയുടെ ആരോഗ്യനില, ജീവിതത്തിലെ ചുറ്റുപാടുകള്‍, ആവശ്യങ്ങള്‍ എന്നിവ അനുസരിച്ച് ഭക്ഷണത്തിന്റെ രീതി മാറുന്നതാണ്‌ അഭികാമ്യം. അതില്‍
തന്നെ മാംസമാണോ സസ്യമാണോ കഴിക്കേണ്ടത് എന്നല്ല തീരുമാനിക്കേണ്ട ഒരേയൊരു കാര്യവും.

മാംസാഹാരം കഴിക്കുന്നവരെക്കാള്‍ സസ്യാഹാരം കഴിക്കുന്നവര്‍ ആരോഗ്യം കൂടിയവരാണെന്ന് ശാസ്ത്രീയമായി തെളിവുകളില്ലേ?
ലൈഫ്സ്റ്റൈലിന്റെ ഭാഗമായി സസ്യാഹാരഭക്ഷകരായി ജീവിക്കുന്നവര്‍ അരോഗാവസ്ഥയെ കൂടുതല്‍ പ്രാപിക്കുന്നതായി കണ്ടുവരുന്നു. ഒരു പൂര്‍ണ്ണ നിശ്ചയം നടത്താന്‍ മാത്രം ഒന്നോ രണ്ടോ ജെനറേഷന്‍ ആളുകളെ ഇതുവരെ പഠിച്ചിട്ടില്ല. മറ്റൊരു പ്രധാന കാര്യവും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ലൈഫ് സ്റ്റൈല്‍ വഴി ആരോഗ്യം നേടുന്നവര്‍ ജീവിക്കുന്നത് ഇന്നുവരെ വൈദ്യശാസ്ത്രം തെളയിച്ചതും
അവരുടെ സ്വന്തം നിരീക്ഷണം വഴി തീരുമാനിച്ചതുമായ സകലമാന കാര്യങ്ങള്‍ക്കും അനുസരിച്ചാണ്‌. അതില്‍ നിന്നും യാതൊന്നും ഒറ്റയ്ക്ക് തിരിച്ചു പഠിക്കുന്നത് ബുദ്ധിയായിരിക്കില്ല. ഭക്ഷണത്തിന്റെ അളവ്, പോഷണരീതി, വ്യായാമം, ചികിത്സാപരിശോധന, രോഗങ്ങളെ തിരിച്ചറിയാനും അവഡോക്ക്റ്ററോട് ചര്‍ച്ച ചെയ്ത് സ്വയം മനസ്സിലാക്കാനുമുള്ള അറിവുനേടല്‍,
അതത് മേഘലകളിലെ അവശ്യവിവരങ്ങള്‍, ശാസ്ത്രീയമായ കണ്ടെത്തലുകള്‍, വൈദ്യത്തിന്റെ വാണിജ്യമുഖത്തെ വേണ്ടതുപോലെ കൈകാര്യം ചെയ്യാനുള്ള ശേഷി എന്നിവ ലൈഫ്സ്റ്റൈല്‍ മോഡിഫിക്ക്കേഷന്റെ ഭാഗമാണ്‌. ഇതില്‍ മാംസാഹാരം ഉള്‍ക്കൊള്ളിക്കാത്തതിന്റെ സംഭാവന എത്ര എന്ന് അളക്കാനൊന്നുമാവില്ല.
പ്രമുഖ ലൈഫ്സ്റ്റൈല്‍ തെറാപ്പിസ്റ്റുകളെല്ലാം തന്നെ വെജിറ്റേറിയന്‍ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്‌.
വൈദ്യശാസ്ത്രം ലൈസന്‍സ് നല്‍കിയ ചികിത്സകരും അതോടൊപ്പം ലൈഫ്സ്റ്റൈലില്‍ ഗവേഷണം നടത്തുന്നവരും ഏതാണ്ട് മൊത്തത്തില്‍ അമേരിക്കയിലാണ്‌. അമേരിക്കന്‍ ജീവിതശൈലീരോഗികള്‍ നേരിടുന്ന പ്രധാന പ്രശ്നം പ്രോട്ടീന്‍ അതിസമൃദ്ധിയും
തദനുബന്ധിയായ കാര്യങ്ങളുമാണ്‌. പോഷകാഹാരക്കൂടുതല്‍ മൂലം പ്രശ്നങ്ങള്‍ നേരിടുന്നവര്‍, വൈവിദ്ധ്യമില്ലാത്ത ഭക്ഷണത്തിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്, എന്നിവര്‍ക്കുള്ള പരിഹാരം ഒന്നിന്റെയും ഒറ്റമൂലിയാണെന്ന് അവരവകാശപ്പെടില്ല. ശാസ്ത്രീയമായി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണവര്‍. ജീവിതചര്യമാറ്റത്തെ സസ്യാഹാരം മാത്രമായി കാണുന്നത് വീടിനുമുകളില്‍ ആന്റിന ഉറപ്പിച്ചാല്‍ സ്വീകരണമുറിയിലിരുന്ന് സിനിമ കാണാം എന്നു പറയുന്നതുപോലെ ആണ്‌. ആന്റിന വച്ചോ കേബിള്‍ വഴിയോ സിനിമ കാണാം, വേണ്ടത് ടെലിവിഷന്‍ ആണ്‌ 

അതായത് മാംസാഹാരമാണൊ സസ്യാഹാരമാണോ മികച്ചത് എന്ന് ആര്‍ക്കും അറിയില്ല.
അറിയില്ല എന്നല്ല, ഒറ്റ ഉത്തരം ഇല്ല എന്നാണു പറഞ്നുവരുന്നത്. അതിഭയങ്കര പോഷണക്കുറവ് അനുഭവിക്കുന്ന സോമാലിയയിലെ കുട്ടിക്ക് അവശ്യ ഫാറ്റി ആസിഡുകള്‍ ലഭിക്കാന്‍ സസ്യ എണ്ണ വായിലൊഴിച്ചു കൊടുക്കുന്ന അതേ ഡോക്റ്റര്‍ തന്നെ
രണ്ടാം തരം പ്രമേഹം സുഖപ്പെടുത്താന്‍ എണ്ണ കഴിക്കരുതെന്ന് നിങ്ങളോട് പറയും.

വൈവിദ്ധ്യമാര്‍ന്ന മാംസാഹാരം നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചീനക്കാര്‍ക്ക് പാലൊഴികെ മറ്റ് മാംസാഹാരം കഴിക്കാത്ത നിരവധി ഇന്ത്യക്കാരെക്കാള്‍ ജീവിത ദൈര്‍ഘ്യം കൂടുതലാണെന്ന് ഓര്‍ക്കണം. ഇതൊരു ജനിതക പ്രത്യേകതയല്ലേ എന്ന് നിങ്ങള്‍ ചോദിക്കും മുന്നേ തന്നെ ഉത്തരം പറയാം. പരമ്പരാഗത ചൈനീസ് ഭക്ഷണത്തില്‍ നിന്നും ആധുനിയ ജീവിതരീതിയിലേക്ക്
മാറുന്ന ചീനക്കാരെക്കുറിച്ച് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ അവര്‍ക്ക് ഹൃദ്രോഗവും പ്രമേഹം രണ്ടും മറ്റും വരാനുള്ള സാദ്ധ്യത അമേരിക്കയിലെ തന്നെ ഏറ്റവും റിസ്കി സമൂഹമായ ആഫ്രിക്കന്‍ അമേരിക്കരുമായി വത്യാസമില്ലായിരുന്നു.

പൂര്‍ണ്ണമായും സസ്യാഹാരിയായതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? ബുദ്ധിവികാസം, പേശീബലം, സൗന്ദര്യം എന്നിവയ്ക്ക് "പാലും മുട്ടയും കഴിക്കണം" എന്നൊരു സങ്കല്പ്പം കേരളീയര്‍ക്കെങ്കിലും ഉണ്ടല്ലോ?

വൈറ്റമിന്‍ ബി പന്ത്രണ്ട് സപ്ലിമെന്റ് അവര്‍ക്ക് വേണ്ടിവരും എന്നതൊഴിച്ചാല്‍ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല. വെജിറ്റേറിയന്‍ ഭക്ഷണക്കാരായ ന്യൂട്ടണ്‍, ഐന്‍സ്റ്റീന്‍, കാള്‍ ലൂയിസ്, പമീല ആന്‍ഡേര്‍സന്‍ നടാഷ കിന്‍‌ക്സി, കാഫ്ക, എഡിസണ്‍, ടോം ക്രൂയിസ്, ബ്രൂക്ക് ഷീല്‍ഡ്സ് തുടങ്ങിയവരൊന്നും അവരവുടെ ബുദ്ധിക്കോ ശക്തിക്കോ
സൗന്ദര്യത്തിനോ പ്രശ്നമുള്ളതായി പരാതിപ്പെട്ടിട്ടില്ല. പ്രമുഖരെല്ലാം വെജിറ്റേറിയന്മാരാണ്‌ എന്ന് ഞാന്‍ സമ്മതിച്ചു എന്ന് ഇതിനെ
വളച്ചൊടിക്കരുത്, മഹാഭൂരിപക്ഷം വരുന്നവര്‍ സസ്യേതരാഹാരികളാണ്‌. പ്രമുഖരില്‍ നിന്ന് ഉദാഹരണമായി കുറച്ചാളെ തെരെഞ്ഞെടുത്തതാണ്‌.

മാംസപ്രധാന ഭക്ഷണം കഴിക്കുന്ന പാശ്ചാത്യ നാടുകളെക്കാള്‍ സസ്യാഹാരപ്രേമികളായ ഇന്ത്യക്കാരുടെ ഇടയില്‍ ഹൃദ്ഗ്രോഹം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ കുറവാണ്‌ എന്നത് ശാസ്ത്രീയമായിത്തന്നെ സസ്യാഹാരത്തിന്റെ ഗുണമേന്മയായി കാണാമല്ലോ?

രോഗങ്ങള്‍ക്ക് ഡെമോഗ്രഫിയുമായി അഭേദ്യ ബന്ധമുണ്ട്. വികസ്വരരാജ്യങ്ങളിലെ ജനങ്ങള്‍ അണുബാധ, പോഷകാഹാരക്കുറവ് എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കൂടുതലും അടിമപ്പെടുമ്പോള്‍ വികസിതരാജ്യങ്ങളിലെ ജനത അമിതപോഷണം, അലസജീവിതം എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളാണ്‌ നേരിടുന്നത്. മൊത്തത്തിലെ ആയുര്‍ദൈര്‍ഖ്യത്തില്‍ അമേരിക്കയൊപ്പം എത്താന്‍ നമ്മള്‍ക്ക് കഴിയാത്തത് നിങ്ങള്‍ക്ക് വൈദ്യസഹായ ലഭ്യതയുടെ അടിസ്ഥാനത്തില്‍ തള്ളിക്കളയാം. പക്ഷേ അമേരിക്കപോലെയുള്ള ധനികരാഷ്ട്രങ്ങളും തായ്‌ലാന്‍ഡ്, ചൈന, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ സസ്യഭക്ഷണപ്രിയര്‍ ശതമാനക്കണക്കില്‍ കൂടുതലൊന്നുമില്ലാത്ത വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ഇതേ വത്യാസം കാണാം. വികസനവും രോഗങ്ങളുമായുള്ള ഈ ബന്ധത്തെ വെജിറ്റേറിയനിസവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല.

വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ മാംസാഹാരം ഭക്ഷിക്കുന്നവരെക്കാള്‍ ശാന്തപ്രകൃരല്ലേ?
അത്തരം യാതൊരു വിശ്വസനീയ ഗവേഷണവും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ശരീരം ദഹനക്രിയയിലൂടെ മാറ്റുന്നതിനെ അത്തരത്തില്‍ പിരിക്കാനാവുമെന്ന് തോന്നുന്നില്ല. ആഹാരവസ്തുക്കളിലടങ്ങിയ രാസവസ്തുക്കള്‍, ഹോര്‍മോണുകള്‍ എന്നിവ ആരോഗ്യത്തെ ബാധിച്ചേക്കാം. എന്നാല്‍ അവയിലും മാംസത്തിനൊരു വേര്‍തിരിവ് കാണുക പ്രയാസം.

അഹിംസയും ക്ഷമയും സഹനവും സ്വായത്തമാക്കുന്നതിനു മഹാത്മാഗാന്ധിയെ സസ്യാഹാരം സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറയുന്നില്ലേ?
ഗാന്ധിജി ഒരു വ്യക്തിയാണ്‌, തീര്‍ച്ചയായും അദ്ദേഹത്തിന്‌ അങ്ങനെ വിശ്വസിക്കാം. ഹിറ്റ്ലര്‍ മറ്റൊരു വെജിറ്റേറിയന്‍ ആയിരുന്നു. അഹിംസയും ക്ഷമയും സഹനവും ഹിറ്റ്ലര്‍ക്ക് ഇല്ലാത്തതെന്തെന്ന് എനിക്കും ചോദിക്കാം. ഇതൊന്നും ഒരു കാര്യവും തീരുമാനിക്കാന്‍ പ്രാപ്തമായ കാര്യങ്ങളല്ല,മനുഷ്യര്‍ പലവിധമാണ്‌.
ലൈഫ്സ്റ്റൈല്‍ തെറാപ്പി പോലെ തന്നെ പ്രകൃതിജീവനവും സസ്യാഹാരവും ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് മുക്തി തരുന്നുണ്ടെന്നതില്‍ തര്‍ക്കമുണ്ടോ?
ലൈഫ്സ്റ്റൈല്‍ ഒരു തെറാപ്പിയല്ല, ജീവിതചര്യയാണ്‌. അത് പ്രകൃതിജീവനവുമല്ല, ആരോഗ്യപ്രദമായ ലൈഫ്സ്റ്റൈല്‍ നയിക്കുന്ന ഒരാളിന്‌ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വൈദ്യ ചികിത്സയ്ക്ക് വിധേയമാകുകയാണ്‌ ചെയ്യുന്നത്. ചികിത്സകന്‍ പറയുന്നതിനെ മനസ്സിലാക്കാനും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സ്വന്തം ഉത്തരവാദിത്വത്തില്‍ തീരുമാനം എടുക്കാനും പ്രാപ്തനാകാന്‍ പരിശ്രമിക്കാറുണ്ടെന്ന് മാത്രം. പ്രകൃതിജീവനം എന്നത് ശാസ്ത്രീയമായി പരീക്ഷിക്കപ്പെട്ടിട്ടുള്ള ഒന്നല്ല എന്നതിനാല്‍
അതിനെക്കുറിച്ച് വ്യക്തമായ തീരുമാനവും എടുക്കാനാവില്ല. എന്നാല്‍ നിലവിലുള്ള അറിവിനു കടകവിരുദ്ധമായ പലകാര്യങ്ങളും പ്രകൃതിചികിത്സ പിന്‍‌തുടരുന്നവരില്‍ നിന്നും കേള്‍ക്കാറുണ്ട്. അവയെക്കുറിച്ച് വിശദമാക്കാം.

ആഹാരവും ആഹോരവവും

മാംസഭോജികളായ ജന്തുക്കള്‍ക്ക്‌ കൂത്ത നഖവും ശക്തിയുള്ള കടവായയും ആണിപോലെ മൂര്‍ച്ചയുള്ള കോമ്പല്ലുകളുമുണ്ട്‌. മനുഷ്യന്‍ സ്വാഭാവികമായി മാംസാഹാരിയാണെങ്കില്‍ അത്തരം ശാരീരിക പ്രത്യേകതകള്‍ ഉണ്ടാവേണ്ടതല്ലേ?
ഒരു പ്രാചീന ഗ്രീക്ക്‌ തത്വചിന്തകന്റെ ഈ നിരീക്ഷണം ശരിയാണെന്ന് വിശ്വസിക്കും മുന്നേ പാമ്പിന്റെ നഖവും ഡോള്‍ഫിന്റെയും ചിമ്പാന്‍സിയുടെയും മറ്റും കോമ്പല്ലുകളും പരിശോധിക്കുക. പിന്നെ, ഈ വാദഗതിപ്രകാരം മനുഷ്യനു മൂക്കില്‍ നിന്നും തീ വരാത്തതുകാരണം ഭക്ഷണം പാചകം ചെയ്യാനും പാടില്ലല്ലോ? മനുഷ്യന്‍ മിശ്രാഹാരിയാണ്‌,ഉദാഹരണത്തിലെ ജന്തുക്കളെപ്പോലെ മാംസാഹാരം മാത്രം കഴിക്കുന്നവരല്ല . മാംസാഹാരികള്‍ തന്നെ ഒരേ ശാരീരികവിശേഷമുള്ളവയുമല്ല.

ശാസ്ത്രീയമായി മനുഷ്യന്‍ കുരങ്ങുവര്‍ഗ്ഗത്തില്‍ പെട്ട ജന്തുവല്ലേ, അപ്പോള്‍ സ്വാഭാവികമായും സസ്യാഹാരിയാണല്ലോ? (ചോദ്യം കേരളത്തില്‍ അലയടിച്ച പ്രകൃതിജീവന തരംഗത്തിന്റെ വക്താവിന്റേത്‌. ശിഷ്യര്‍ ഇതിപ്പോഴും ആവര്‍ത്തിക്കുന്നു.)

കുരങ്ങുവര്‍ഗ്ഗത്തെയും അതിന്റെ പരിണാമവൈവിദ്ധ്യത്തിനെയും അശേഷം അറിയാത്തയാളാകണം ഇങ്ങനെ നിരീക്ഷിച്ചത്‌. വന്‍കുരങ്ങുകള്‍ പ്രത്യേകിച്ച്‌ മാന്‍ഡ്രില്ലുകള്‍, ബബൂണുകള്‍, ചിമ്പാന്‍സികള്‍ എന്നിവ മുട്ട, പക്ഷിമാംസം, ചെറുജന്തുക്കള്‍ എന്നിവയെ ഭക്ഷിക്കാറുണ്ട്‌. തീയുടെ ഉപയോഗം ആയുധമുപയോഗിച്ചുള്ള നായാടല്‍ എന്നിവ മനുഷ്യന്റെ കാര്യത്തില്‍ ഒട്ടേറെ വ്യതിയാനങ്ങളുമുണ്ടാക്കിയിട്ടുണ്ട്‌.

മനുഷ്യന്‍ സസ്യാഹാരിയല്ല എന്നതിനു ശാസ്ത്രീയമായ എന്തെങ്കിലും തെളിവുണ്ടോ?
കൊള്ളാം, ഇപ്പോ താങ്കളുടെ വാദത്തിനു ബര്‍ഡന്‍ ഓഫ്‌ പ്രൂഫ്‌ എനിക്കായോ? ശരി. കൊബലാമിന്‍ (ബി പന്ത്രണ്ട്‌) എന്ന വൈറ്റമിന്‍ പരിപൂര്‍ണ്ണ സസ്യാഹാരിയായ വന്‍ സസ്തനികളെല്ലാം ജീവികളെല്ലാം സ്വയം സൃഷ്ടിക്കുന്നുണ്ട്‌- കൃത്യമായി പറഞ്ഞാല്‍ ഗട്ട്‌ ഫ്ലോറയില്‍ നിന്നും സ്വീകരിക്കാനാവുന്നുണ്ട്‌. എന്നാല്‍ മനുഷ്യനതിനു കഴിവില്ല. ബി പന്ത്രണ്ടിന്റെ അഭാവം രക്തകോശങ്ങളെയും നാഡീവ്യൂഹത്തെയും കരളിന്റെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. മാംസജന്യഭക്ഷണത്തില്‍ നിന്നല്ലാതെ മനുഷ്യനിത്‌ സ്വീകരിക്കാനാവില്ല.

എങ്കില്‍ സസ്യാഹാരം മാത്രം കഴിക്കുന്നവരെല്ലാം എന്തുകൊണ്ട്‌ ഈ പോഷണത്തിന്റെ അഭാവം കാണിക്കുന്നില്ല?വളരെ ചെറിയ അളവിലേ ബി പന്ത്രണ്ട്‌ വേണ്ടൂ എന്നതിനാല്‍ വര്‍ഷങ്ങള്‍ക്ക്‌ വേണ്ടത്ര സ്റ്റോക്ക്‌ കരളിനു സൂക്ഷിക്കാനാവും. മൂന്നുനാലുവര്‍ഷങ്ങള്‍ക്കപ്പുറം പരിപൂര്‍ണ്ണ വെജിറ്റേറിയനായിരിക്കുന്നവര്‍ ഇതിന്റെ അഭാവം കാണിക്കാറുണ്ട്‌.

സ്പൈരുലിന, സോയ്‌ തുടങ്ങിയവയില്‍ ബി പന്ത്രണ്ട്‌ ഉണ്ടല്ലോ? (ചോദ്യം വെജന്‍ ശാസ്ത്രവാദികളുടേത്)
ഉണ്ടല്ലോ എന്നല്ല, ഉണ്ടാക്കാമല്ലോ എന്നു പറയേണ്ടിവരും. ഇത്തരം ഭക്ഷണം പുളിപ്പിച്ചാല്‍ ഇതില്‍ ബി പന്ത്രണ്ട്‌ നല്‍കുന്ന ബാക്റ്റീരിയം വളര്‍ന്നു കയറും. പക്ഷേ ഇത്‌ ബി പന്ത്രണ്ടായി സ്വീകരിക്കാനുള്ള കഴിവ്‌ ശരീരത്തിനുണ്ടായിരുന്നെങ്കില്‍ സ്വന്തം വയറ്റിലുള്ള ബാക്റ്റീരിയയില്‍ നിന്നു തന്നെ സ്വീകരിക്കാമായിരുന്നല്ലോ. ബ്ലൂഗ്രീന്‍ ആല്‍ഗേയും സോയും ശരീരത്തിനുപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ഈ വസ്തു തരുന്നില്ല.

മനുഷ്യന്‍ സ്വാഭാവികമായി സസ്യാഹാരിയല്ലാത്തതുകൊണ്ട്‌ അങ്ങനെ ജീവിക്കുന്നത്‌ പ്രകൃതിവിരുദ്ധമല്ലേ?

മനുഷ്യന്റെ ഒട്ടേറെ പ്രവര്‍ത്തികള്‍ പ്രകൃതിവിരുദ്ധമാണ്‌, എന്നാലവയെല്ലാം നിഷ്ഫലമെന്ന് ആ ഒറ്റക്കാര്യം കൊണ്ട്‌ പറയാമോ? ഉദാഹരണത്തിന്‌ സ്വാഭാവികമായി ഏക ഇണാവ്രതക്കാരല്ലാത്ത മനുഷ്യന്‍ കുടുംബം എന്ന പ്രകൃതിവിരുദ്ധ നടപടിയിലൂടെ സ്വത്ത്‌, അറിവ്‌, പരിരക്ഷ എന്നിവ സന്താനങ്ങള്‍ക്ക്‌ ഉറപ്പാക്കിയ നടപടി മനുഷ്യകുലത്തിന്റെ പുരോഗതിയില്‍ സ്തുത്യര്‍ഹമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. മതവിശ്വാസപരമോ, ആരോഗ്യപരമോ ആയ കാരണങ്ങളാലോ പരിസ്ഥിതിനാശം ഒഴിവാക്കാന്‍ കന്നുകാലികളെ വളര്‍ത്തുന്നത്‌ നിരുത്സാഹപ്പെടുത്താമെന്നു കരുതിയോ വര്‍ഷങ്ങളോളം സസ്യാഹാരിയാകാന്‍ തീരുമാനിക്കുന്നവര്‍ വൈറ്റമിന്‍ ബി 12 ഫോര്‍ട്ടിഫൈ ചെയ്ത ഭക്ഷണമോ സപ്ലിമെന്റോ കഴിക്കേണ്ടിവരുമെന്ന് മാത്രം.

രക്താതിസമ്മര്‍ദ്ദം എങ്ങനെ ചെറുക്കാം

സിരകളും അഡ്രിനല്‍ ഗ്രന്ഥിയും കഴിഞ്ഞു. രക്തസമ്മര്‍ദ്ദത്തെ നേരിട്ടു സ്വാധീനിക്കുന്ന വൃക്കകളിലേക്ക് കടക്കാം. സാങ്കേതിക സങ്കീര്‍ണ്ണതകളിലേക്ക് പോയാല്‍ ലേഖനം നീളുകയും വിരസമാകുകയും ചെയ്യുമെന്നതിനാല്‍ കഴിയുന്നതും ലളിതമാക്കുകയാണ്‌.

ഒരു ജോഡി വൃക്കകള്‍ നമ്മള്‍ക്കുണ്ട്. അവയിലെ ദശലക്ഷക്കണക്കിനു ചെറു നെഫ്രോണുകള്‍ രക്തം അരിച്ച് അനാവശ്യവസ്തുക്കള്‍ പുറന്തള്ളിക്കൊണ്ടേയിരിക്കുന്നു. ചെറിയ ജോലിയൊന്നുമല്ല, ഒരു ദിവസം വെള്ളം കോരുന്ന തൊട്ടിയില്‍ ഇരുപത് അളക്കാവുന്നയത്ര രക്തം അരിച്ച് ഇവ മാലിന്യങ്ങള്‍ എടുത്തു കളയുന്നു. പ്രധാനമായും വെള്ളം, ഭക്ഷണത്തിലെ അനാവശ്യവസ്തുക്കള്‍, മൃതകോശങ്ങള്‍ എന്നിവയാണ്‌ അവ അരിച്ചു മാറ്റുന്നത് (വൃക്ക മാത്രമല്ല കരളും ചര്‍മ്മവും മറ്റും പാഴ്വസ്തുക്കള്‍ കളയുന്നുണ്ട്). പുറമേ അവ ശരീരത്തിന്റെ പി എച്ച് ബാലന്‍സും വെള്ളം എത്രവേണമെന്നും രക്തസമ്മര്‍ദ്ദത്തോതും നിയന്ത്രിക്കുന്നുണ്ട്. വൃക്ക പോയാല്‍ ആളു പോയി.

അത്രയും ശാസ്ത്രം. ഇനി നമുക്ക് കണ്ടുപിടിക്കാം (പ്രയോഗത്തിനു ക്രെഡിറ്റ് റാംജി പാലിയത്തിന്‌). നല്ല പ്രോട്ടീന്‍ റിച്ച് ആയ ഭക്ഷണം (ബീഫ് ഫ്രൈ, മട്ടണ്‍ ബിരിയാണി) കഴിച്ചിട്ട് മുള്ളുമ്പോള്‍ മണം വത്യാസവും മൂത്രം കൂടുതല്‍ പതയുന്നതും ശ്രദ്ധിച്ചിട്ടുണ്ടോ? ശരീരത്തിനാവശ്യമായതില്‍ വളരെയധികം പ്രൊട്ടീനുകളെ വൃക്കകള്‍ പുറന്തള്ളുകയാണപ്പോള്‍ (മണം അസ്പരാജെന്‍ എന്ന പ്രോട്ടീനിന്റേതാവും സാധാരണ) അന്തരീക്ഷത്തിലെ പൊടി എത്രയുണ്ടെന്നനുസരിച്ച് ഏസി ഫില്‍ട്ടറുകള്‍ ചീത്തയാകുന്നതിന്റെ വേഗവും മാറും. അതെടുത്തു കഴുകി വയ്ക്കാം, പക്ഷേ വൃക്കയെ എന്തു ചെയ്യും? ആവശ്യമുള്ളതിലും വളരെയധികം നെഫ്രോണുകള്‍ ഉണ്ടായതുകൊണ്ട് പ്രോഗ്രസീവ് ആയി അവ നശിച്ചാലുംനമുക്ക് കുഴപ്പമില്ല. (സാധാരണ ഒരായുഷ്കാലത്തില്‍ വൃക്കയിലെ പത്തുമുപ്പതു ശതമാനം ഗ്ലോമെരുളി നശിക്കുന്നു, ഒരു ചുക്കും അതുകൊണ്ട് സംഭവിക്കാത്തത്ര സമൃദ്ധി വൃക്കയിലുണ്ട്) . എന്നാല്‍ പാഴ്വസ്തുക്കള്‍ അധികമാവുമ്പോള്‍ നെഫ്രോണുകള്‍ അവയുടെ ഉള്ളിലെ രക്തസമ്മര്‍ദ്ദം വല്ലാതെ ഉയര്‍ത്തിഅധിക ജോലിക്കു സന്നദ്ധരാകുന്നു. സ്ഥിരമായി ഇങ്ങനെ സമ്മര്‍ദ്ദത്തിലാണെങ്കില്‍ വൃക്കയിലെ കോശങ്ങള്‍ വളരെ വേഗം നശിക്കുകയോ ശരിയായല്ലാതെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയോ ചെയ്യുന്നു (Baldwin D. Chronic Glomerulonephritis) . ഫലം വൃക്കരോഗമാകാം, തെറ്റായി ഹോര്‍മോണുകള്‍ ഉണ്ടാക്കലാകാം, ഹൃദ്രോഗമാകാം, പക്ഷാഘാതമാകാം. വൃക്കകള്‍ തകരാറിലായാല്‍ അവസാനം വരെ ലക്ഷണം കാണിക്കാറില്ല, മാറ്റിവയ്ക്കലോ അതുപോലെ അത്യന്തം ഗൗരവമുള്ള നടപടികളോ ഒക്കെയേ ശരണമുള്ളു. അവ റെനിന്‍ ആഞ്ജിയോടെന്‍സിന്‍ തെറ്റിച്ചാല്‍ ACE ഇ‌ഹിബിറ്റര്‍ കൊണ്ട് തടുക്കാന്‍ ഡോക്റ്റര്‍ ശ്രമിക്കും.

"ഡയറ്റ് സൂക്ഷിക്കാന്‍ പറ്റുന്നില്ല എന്ന് ആരെങ്കിലും ദയനീയമായി പറഞ്ഞാല്‍ ഞാന്‍ അവരെ എന്റെ ഡയാലിസിസ് വാര്‍ഡ് ചുറ്റിക്കാണിക്കുകയാണ്‌ ചെയ്യുക" ഡോ. മാക്‌ഡോഗള്‍ പറയുന്നു. അത്ര ഭീതിദമാണ്‌ വൃക്കരോഗിയുടെ ഗുരുതരാവസ്ഥ. ഒരു മനുഷ്യന്റെ ഭക്ഷണത്തിലെ അഞ്ചു ശതമാനം വരെ പ്രോട്ടീനേ ശരീരത്തിനതിന്റെ കോശനിര്‍മ്മാണത്തിനു പരമാവധി ആവശ്യം വരൂ. ഭക്ഷണം അളവില്‍ നിയന്ത്രിക്കുന്നത് പ്രായോജികമോ ആശാസ്യമോ അല്ല. ട്രഡീഷണല്‍ ഏഷ്യന്‍ ഡയറ്റില്‍ പത്തു ശതമാനവും ട്രഡീഷണല്‍ അമേരിക്കന്‍ ഡയറ്റില്‍ മുപ്പതു ശതമാനവും ഫാസ്റ്റ് ഫുഡുകളില്‍ അതിലൊക്കെയേറെയും പ്രൊട്ടീനുകളാണ്‌. ഈ മാരകമായ ഓവര്‍ഡോസിനെയും പോരാഞ്ഞ് പ്രോട്ടീനെന്നാല്‍ നല്ലതാണ്‌ അതുകൊണ്ട് എത്രയും അധികം പ്രോട്ടീന്‍ കഴിക്കുന്നോ അത്രയും നല്ലത് എന്ന രീതിയില്‍ മനുഷ്യനെ വിഢിയാക്കുന്ന ഹെല്‍ത്ത് ഡ്രിങ്കുകളും (അതേ, ഹോര്‍‌ളിക്സ് ശക്തി തരും, കോം‌പ്ലാന്‍ പരീക്ഷയില്‍ ജയിപ്പിക്കും, ബൂസ്റ്റ് ക്രിക്കലിറ്റില്‍‍ സെഞ്ച്വറി അടിപ്പിച്ചേ അടങ്ങൂ) കൂടിയാകുമ്പോള്‍ ദൈനം ദിനം ഇന്റ്റാ ഗ്ലോമെറുലര്‍ ഹൈപ്പര്‍ടെന്‍ഷന്‍ അനുഭവിക്കുകയാണ്‌ സാധാരണ രക്തസമ്മര്‍ദ്ദമുള്ള ആരോഗ്യവാനും. ആര്‍ട്ടെറിയല്‍ സ്ക്ലീറോസിസ് ഡോക്റ്റര്‍ക്ക് ആഞ്ജിയോഗ്രാം ചെയ്തെങ്കിലും കാണാം ഗ്ലോമെറുലര്‍ സ്ക്ലീറോസിസ് അറിയാനുമാവില്ല, പരിഹരിക്കാന്‍ അദ്ദേഹത്തിനു മാജിക്കുമില്ല.
ഭക്ഷണത്തില്‍ പ്രോട്ടീനുകളില്ലെങ്കില്‍ കോശങ്ങള്‍ നാശകോശമാവും, പക്ഷേ അളവിലെത്രകൂട്ടിയാലും നല്ലതെന്ന ബോധം എങ്ങനെയോ ആളുകള്‍ക്കുണ്ടായി, പരസ്യങ്ങള്‍ അവയെ മുതലുമെടുക്കുന്നു.

എങ്ങനെ രക്താതിസമ്മര്‍ദ്ദം ചെറുക്കാം-

നിങ്ങള്‍ ഒരു ഫാക്റ്ററിയുടെ പര്‍ച്ചേസര്‍ ആണെന്ന് വയ്ക്കുക. ആ ഫാക്റ്ററിക്ക് വേണ്ട അസംസ്കൃത വസ്തുക്കള്‍ നിങ്ങളെത്തിച്ചാലേ അത് നടക്കൂ. മെയിന്റനന്‍സ് സാമഗ്രികല് നിങ്ങളെത്തിച്ചാലേ അറ്റകുറ്റപ്പണികള്‍ ചെയ്യാനാവൂ. കമ്പനിയുടെ പ്രമോട്ടര്‍ ആളു പുലിയായിരുന്നു, അദ്ദേഹം വസ്തുക്കള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടിനനുസരിച്ച് ഓരോ വസ്തുവിന്മേലും നിങ്ങള്‍ക്ക് കമ്മീഷന്‍ വച്ചിരിക്കുന്നു. അനാവശ്യമായതിനു കമ്മീഷനില്ല, അത്യാവശ്യമുള്ളതും ദുര്‍ലഭമായതിനും നല്ല പണം തരും.

പക്ഷേ നിങ്ങളാരാ വീരന്‍! അതിശക്തമായ ലോജിസ്റ്റിക്ക് സിസ്റ്റമുണ്ടാക്കിയും അസംസ്കൃതവസ്തുക്കളിന്മേല്‍ മറിമായം നടത്തിയും ഉയര്‍ന്ന കമ്മീഷന്‍ കിട്ടുന്ന സാധനങ്ങളുടെ നിരന്തരവും അനായാസവുമായ ലഭ്യത ഉറപ്പാക്കി നിങ്ങള്‍ കൂറ്റന്‍ കമ്മീഷന്‍ വാരിക്കോരി കൂട്ടുകയാണ്‌.

നല്ല ഇടപാട് ആണോ ഇത്? മാക്സിമം സ്റ്റോക്ക് ലെവല്‍ കഴിഞ്ഞും എത്തിയ ലോഡ് ഗോഡൗണില്‍ വയ്ക്കാന്‍ സ്ഥലമില്ലാതേ പണിക്കാര്‍ ഇടനാഴികളിലും കോണിച്ചുവട്ടിലും എം ഡിയുടെ മുറിയിലും കൊണ്ടിറക്കി വച്ചു. കമ്മീഷന്‍ കുറഞ്ഞ സാധനങ്ങള്‍ കിട്ടാനില്ലാതെ പ്ലാന്റ് മാനേജറന്മാര്‍ പച്ചത്തെറി പറഞ്ഞു. ഫലമില്ലാതെ വന്നപ്പോള്‍ കിട്ടിയ മണ്ണെണ്ണയും മഴവെള്ളവും കൊണ്ട് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് അതിനൊക്കെ കേടുവരുത്തി. അറ്റകുറ്റപണികള്‍ക്കുള്ള സാധനങ്ങള്‍ കമ്മീഷനില്ലാതെ വരവു നിലച്ചു. കൂനിന്റെ മോളില്‍ കുരുവെന്നു പറഞ്ഞതുപോലെ വിറ്റുവരവും കുറവായ കാലം വന്നു. ഓര്‍ക്കുക, ഫാക്റ്ററി അടച്ചു പൂട്ടിയാല്‍ പിന്നെ നിങ്ങള്‍ക്ക് ജോലിയുമില്ല കമ്മീഷനുമില്ല.

സ്വാദാണ്‌ നിങ്ങളുടെ കമ്മീഷന്‍ എന്ന് പറയേണ്ടതില്ലല്ലോ. നല്ല കച്ചവടമുള്ള, ആക്റ്റീവ് ആയ ശരീരത്തിനു ധാരാളം ഊര്‍ജ്ജം വേണം (അത്ര ആക്റ്റീവ് അല്ലെങ്കിലും വേണം കേട്ടോ).
കൊഴുപ്പ്, അന്നജം, മധുരം തുടങ്ങിയ അസംസ്കൃതവസ്തുക്കള്‍ക്ക് നല്ല കമ്മീഷന്‍ കിട്ടുന്നതില്‍ അതിശയിക്കാനില്ല. പക്ഷേ ഇന്‍സന്റീവ് സ്കീം തുടങ്ങിയ കാലമല്ല ഇന്ന്. ഇന്ന് കൃഷിയുണ്ട്, കന്നുകാലി കോഴിവളര്‍ത്തലുണ്ട് അതിലെല്ലാം ഉപരിയായി കച്ചവടം ഉണ്ട്. പൈസ കൊടുത്താല്‍ വാങ്ങിത്തിന്നാന്‍ പറ്റാത്തതൊന്നുമില്ല. കോഴിയെത്തിന്നണമെങ്കില്‍ കുന്തവും കവണയുമായി ഒരു കാട്ടിലും ഓടണ്ടാ, നിരാശനായി മടങ്ങുകയും വേണ്ട. ആ ടീവി റിമോട്ട് താഴെ വച്ച് മൊബൈല്‍ ഫോണ്‍ എടുത്ത് കെ എഫ് സി നംബര്‍ ഞെക്കുകയേ വേണ്ടൂ. നാലോ നാല്പ്പതോ കോഴി വറുത്തും പൊരിച്ചും മടിയിലെത്തും, പണത്തിന്റെ ഒരു ശക്തിയേ.

കമ്മീഷന്‍ വേണം, എന്നാല്‍ ഫാക്റ്ററി അതിന്റെ പേരില്‍ പൂട്ടിയാല്‍ താന്‍ ചത്തു മീന്‍ പിടിക്കലാവും. അല്ലാ എന്താണ്‌ നമ്മുടെ ഫാക്റ്ററി നടത്താന്‍ ദൈനം ദിനം വേണ്ടത്? കണ്‍സ്റ്റ്രക്ഷനൊക്കെ കഴിഞ്ഞ് ഫുള്‍ കമ്മീഷനിങ്ങ് നടത്തിയ ഫാക്റ്ററി ആണെങ്കില്‍?

കൊഴുപ്പ് പഞ്ചസാര അന്നജം ജലം മാംസ്യം ഒക്കെ വേണം. പിന്നെ മനസ്സില്‍ ഓടിവരിക വൈറ്റമിനാണ്‌ (പരസ്യങ്ങളുടെ ഒരു ശക്തിയേ, സ്വാഭാവികമായി കിട്ടണം എന്നു കൂടി പരസ്യത്തിലുണ്ടായിരുന്നെങ്കില്‍)
daily requirement കണക്കുകള്‍ മൈക്രോ ഗ്രാമില്‍:
മുന്നറിയിപ്പ്: സ്വാഭാവികമായുള്ള രീതിയിലല്ലാതെ മരുന്നായോ സപ്പ്ലിമെന്റായോ ധാതുക്കളും വൈറ്റമിനുകളും ഉള്ളിലാക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിയല്ല,ഡോക്റ്റര്‍ ഇങ്ങോട്ടാവശ്യപ്പെട്ടാലല്ലാതെ ചെയ്യുകയും അരുത്.(എന്താണു വത്യാസമെന്ന് അടുത്ത അദ്ധ്യായത്തില്‍ പറയുന്നുണ്ട്) പല ധാതുക്കളും അസ്വാഭാവിക കോണ്‍സണ്ട്റേഷനില്‍ മരണകരിയായേക്കാം. വൈറ്റമിന്‍ ഓവര്‍ഡോസ് പോലും ആപത്കരമാണ്‌.
1.റെറ്റിനോള്‍ (ഏ) - 600
2. തയമിന്‍ (ബി ഒന്ന്) -1000+
3. റൈബോ‌ഫ്ലാവന് ( ബി രണ്ട്) -1200
4. നയസിന്‍ (ബി മൂന്ന്)- 1500
5. പാന്റോഥിനിക്ക് ആസിഡ് (ബി അഞ്ച്)-1000+
6. പൈറിഡോക്സിന്‍- (ബി ആറ്‌) -2000
7. ബയോട്ടിന്‍ (ബി എട്ട്) -100
8. ഫോളിക്ക് ആസിഡ് (ബി ഒമ്പത്)- 100+
9. കൊബളാമിന്‍ (ബി പന്ത്രണ്ട്) -1
10. കോളിന്‍-1000
11. ഇനോസിറ്റൊള്‍-1000
12. അസ്കോര്‍ബിക്ക് ആസിഡ് (സി) -4000+
13. വൈറ്റമിന്‍ ഡി- 10
14.ടോക്കഫെറോള്‍ (ഈ)- 1500
15. വൈറ്റമിന്‍ കെ- 75

ഒരു ശരാശരിക്കണക്കാണ്‌, വിട്ടുപോയതു മുതല്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്തതുവരെയുള്ള സംഭവങ്ങളുണ്ടാവും. നമുക്കറിയില്ലെങ്കിലും ശരീരത്തിനതൊക്കെയറിയാം. ആയിരക്കണക്കിനാണ്‌ ഉപയോഗം ഇവയുടെ. എല്ലാം അറിയില്ല, അറിയുന്നതു പോലും എഴുതണമെങ്കില്‍ ഓരോന്നും ഓരോ അദ്ധ്യായമാക്കണം. നമ്മുടെ വിഷയം രക്തസമ്മര്‍ദ്ദമാണല്ലോ, അതിനാല്‍ അതുമായി ബന്ധപ്പെട്ട ചിലത് (എല്ലാമില്ല, മനസ്സില്‍ വരുന്നവ മാത്രം) സൂചിപ്പിച്ച് പോകാം വൈറ്റമിന്‍ ഏ- സിരകളുടെ കാപ്പിലറൈസേഷനും ഓക്സിജന്‍ സ്വീകരിക്കാനുള്ള മ്യൂക്കസ് ലൈനിങ്ങ് ഉണ്ടാക്കാനും, ബി ഒന്ന്-ഹൃദയത്തിന്റെ റിപ്പയറിന്‌, ബി രണ്ട്- അഡ്രിനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന്‌, ബി മൂന്ന്-സ്വസ്ഥത മുതല്‍ കൊളസ്റ്റ്റോള്‍ കൂടാതിരിക്കാന്‍ വരെ, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, ബി അഞ്ച്- അമിനോ ആസിഡുകള്‍ ആവശ്യത്തിനു കൊടുത്ത് പിറ്റ്യൂട്ടറി- അഡ്രിനലാദികളുടെ സ്രവങ്ങള്‍ നിയന്ത്രിക്കാന്‍, ബി ആറ്‌ വിളര്‍ച്ച ചെറുക്കാന്‍, ബയോട്ടിന്‍ ഹൃദയവും ധമനികളിലും ടിഷ്യൂകള്‍ ആരോഗ്യത്തിലിരിക്കാന്‍, ഫോളിക്ക് ആസിഡ്, ആവശ്യത്തിനു ചുവന്ന രക്താണുക്കളും നല്ല കോശങ്ങളും ഉണ്ടാകാന്‍, ബി പന്ത്രണ്ട് ഏകദേശം ആറിന്റെ ജോലി, കോളിന്‍- കരളിന്റെ ആരോഗ്യം വഴി കൊളസ്റ്റ്റോള്‍ അടക്കം സ്രവങ്ങള്‍ ആവശ്യത്തിനു മാത്രം ഉണ്ടാക്കാന്‍, നിയന്ത്രിക്കാന്‍, ഇന്‍സോസിറ്റോള്‍ കരളില്‍ കൊഴുപ്പടിയാതിരിക്കാന്‍, സി- അഡ്രിനല്‍, തൈറോയിഡ് ഗ്രന്ഥികള്‍ നശിക്കാതിരിക്കാന്‍ മുതല്‍ ഒരുപാട്, ഡി രക്തത്തിലെ കാത്സ്യം തോത് നിയന്ത്രിക്കാന്‍, ഈ- ധമനികള്‍ കട്ടിപിടിക്കാതിരിക്കാന്‍, കെ- രക്തക്കട്ടകളുണ്ടായി ശരീരകോശങ്ങള്‍ മരിക്കാതിരിക്കാന്‍... ഈ ലിസ്റ്റിനു ഒരന്തവുമില്ല, വെറും ഉദാഹരണങ്ങളഅണ്‌ നമ്മുടെ ഫാക്റ്ററിക്ക് ആവശ്യത്തിനു വൈറ്റമിനുകള്‍ കിട്ടിയില്ലെങ്കില്‍ രക്തസമ്മര്‍ദ്ദത്തിന്‌ എന്തു സംഭവിക്കും എന്നതിന്‌.

അടുത്തത് മിനറലുകള്‍ (ധാതു എന്നു തന്നെയോ മലയാളം എന്ന് ഉറപ്പില്ല അറിയുന്നവര്‍ പറഞ്ഞു തരണേ)
മുഖ്യ മിനറലുകള്‍ ദൈനം ദിനാവശ്യത്തിന്‌ മില്ലിഗ്രാമില്‍
1. ബോറോണ്‍- 2 - ശരീരം റ്റ്യൂമറുകളും സിസ്റ്റുകളും ഉണ്ടാക്കാതിരിക്കാന്‍
2.കാത്സ്യം- 400 - രക്തസ്രാവവും വിളര്‍ച്ചയും ഉണ്ടാകാതിരിക്കാന്‍
3.ക്ലോറിന്‍- 300 - കൊഴുപ്പടിയാതെ ഇരിക്കാന്‍
4.ക്രോമിയം 0.002 - മെറ്റബോളിസം നടക്കാന്‍
5.ചെമ്പ്- 200 - വൃക്കകളും കരളും ഹൃദയവും ആരോഗ്യത്തോടെ പ്രവര്‍ത്തിക്കാന്‍
6.അയഡിന്‍- 0.015 - ഹോര്‍മോണുകള്‍ രക്തത്തില്‍ നിയന്ത്രിക്കപ്പെടാന്‍
7.ഇരുമ്പ്- 200+ ചുവന്ന രക്താണുക്കള്‍ക്ക്
8.മഗ്നീഷ്യം- 350 കൊളസ്റ്റ്റോള്‍ നിയന്ത്രിക്കാനും ധമനീരോഗം ചെറുക്കാനും
9.മാംഗനീസ്- 2+ - മെറ്റബോളിസം നടക്കാന്‍
10. മോളിബ്ഡെനം 0.005- മെറ്റബോളിസം നടക്കാന്‍
11.ഫോസ്ഫറസ് - 800- ശരീര പി എച്ച് ബാലന്‍സിന്‌
12. പൊട്ടാസ്യം - 1 - ശരീര പി എച്ച് ബാലന്‍സിന്‌
13. സെലിനിയം - 0.005 - ഹൃദയാരോഗ്യത്തിന്‌
14.സിലിക്കോണ്‍- ട്രേസ്- ശരീരതാപനിയന്ത്രത്തിനായുള്ള ധമനീചുരുക്കവികാസത്തിന്‌
15.സോഡിയം 1000+- രക്തസമ്മര്‍ദ്ദ നിയന്ത്രണത്തിന്‌
16.ഗന്ധകം- ട്രേസ്- കരളിന്റെ പ്രവര്‍ത്തനത്തിന്‌
17.വനേഡിയം- ട്രേസ്- ഹൃദയാരോഗ്യത്തിന്‌
18.നാകം- ട്രേസ്- എന്‍സൈം നിയന്ത്രാത്തിന്‌

അമിനോ ആസിഡുകള്‍
1.അര്‍ജ്ജിനിന്‍- മെറ്റബോളിസത്തിന്‌, വൃക്കകളുടെ പ്രവര്‍ത്തനത്തിന്‌
2.ഹിസ്റ്റിഡിന്‍- കോശനിര്‍മ്മാണത്തിന്‌
3.ഐസോല്യൂസിന്‍- പിറ്റ്യൂട്ടറി ഗ്രന്ഥിക്ക്
4.ല്യൂസിന്‍-പ്രോട്ടീന്‍ നിര്‍മ്മാണം
5.ലൈസിന്‍-രോഗനിയന്ത്രണം
6.മെഥിയൊനിന്‍- കരളിന്റെ പ്രവര്‍ത്തനത്തിന്‌
7.ഫെനിലലനിന്‍- വൃക്കളുടെ പ്രവര്‍ത്തനത്തിന്‌
8.ത്രയോനിന്‍- കരളില്‍ കൊഴുപ്പടിയാതിരിക്കാന്‍
9.ട്രൈറ്റോഫന്‍- മെറ്റബോളിസത്തിന്‌
10.വാലിന്‍- നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തിന്‌

രക്താതിസമ്മര്‍ദ്ദം എങ്ങനെ ചെറുക്കാം-

ധമനികളുടെ ഇലാസ്തികത നിലനിര്‍ത്താന്‍ ശരീരത്തിന്‌ ആവശ്യമുള്ളയത്ര ഒമേഗ 3 കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഒമേഗ മൂന്നെന്നും ആറെന്നും ഒക്കെ കേള്‍ക്കുമ്പോള്‍ കോഡ് ലിവര്‍ ഓയില്‍ മനസ്സില്‍ വന്നാല്‍ പരസ്യം ജയിച്ചു നിങ്ങള്‍ തോറ്റു. എന്താണീ ഒമേഗര്‍ എന്നറിയാന്‍ "വാള്‍നട്ടും ചികുന്‍ ഗുന്യയും" എന്ന എസ്സന്‍ഷ്യല്‍ ഫാറ്റി ആസിഡുകളെക്കുറിച്ചുള്ള പഴയ പോസ്റ്റ് വായിക്കുക.

അടുത്ത രണ്ടു കാരണങ്ങള്‍ അഡ്രിനല്‍ ഹൈപ്പര്‍ടെന്‍ഷനും റെനല്‍ ഹൈപ്പര്‍ടെന്‍ഷനും തൊട്ടു ചേര്‍ന്ന് നില്‍ക്കുന്നു അഡ്രിനല്‍ എന്നാല്‍ തന്നെ റെനലിനൊപ്പം എന്നാണല്ലോ അര്‍ത്ഥം. അഡ്രിനല്‍ ഗ്രന്ഥിയുടെ കാമ്പ് (മെഡുല്ല) അഡ്രിനാലിന്‍ നോറഡ്രിനാലിന്‍ എന്ന രണ്ട് ഹോര്‍മോണുകള്‍ വഴി ശരീരത്തിന്റെ ഫൈറ്റ് & ഫ്ലൈറ്റ് സിസ്റ്റം നിയന്ത്രിക്കുന്നു. ഇതിലെ നോറഡ്രിനാലിന്‌ ബാരോറിസപ്റ്ററുകളെ സ്വാധീനിക്കാനും രക്തസമ്മര്‍ദ്ദം കൂട്ടാനും കഴിയും. (വളരെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്‌ അഡ്രിനാലിന്‍-നോറഡ്രിനാലിന്‍ പ്രവര്‍ത്തനം എന്നതിനാല്‍ വിശദീകരിക്കുന്നില്ല) അഡ്രിനല്‍ ഗ്രന്ഥിയുടെ പുറം ഭാഗ കോശങ്ങള്‍ കോര്‍ട്ടികോസ്റ്റീറോയിഡ്, പുരുഷഹോര്‍മോണുകള്‍ എന്നിവയാണ്‌ ഉത്പാദിപ്പിക്കുന്നത്. ഇവ എത്രയളവില്‍ ഉത്പാദിപ്പിക്കണം എന്നത് ഗ്രന്ഥി മറ്റു ഗ്രന്ഥികളുടെ സ്രവങ്ങള്‍, റെനിന്‍ ആഞ്ജിയോടെന്‍സിന്‍ ( ഡോ. സൂരജിന്റെ പോസ്റ്റ് നോക്കുക) എന്നിവയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. 

വൃക്കകള്‍ രക്തത്തിലെ അനാവശ്യവസ്തുക്കള്‍ പുറന്തള്ളുകയും മറ്റും ചെയ്യുന്നത് വിശദീകരിക്കേണ്ടതില്ലല്ലോ. റെനിന്‍ ആഞ്ജിയോടെന്‍സില്‍ഊത്പാദനം വഴി അവ ധമനികലെ ആവശ്യമുള്ളപ്പോള്‍ ചുരുക്കി രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നു, പിറ്റ്യൂട്ടറി ഗ്രന്ഥികളെ സ്വാധീനിച്ച് രക്തത്തിലെ വെള്ളം ബാലന്‍സ് ചെയ്ത് രക്തത്തിന്റെ മൊത്തം അളവ് നിയന്ത്രിക്കുന്നു. 

ശരീരത്തിലെ അവയവങ്ങളെല്ലാം ഇങ്ങനെ ഒരു ഇന്റഗ്രേറ്റഡ് സിസ്റ്റമായി പരസ്പരം ആശയവിനിമയം നടത്തിയാണ്‌ വര്‍ത്തിക്കുന്നത്. മിടുക്കന്മാരായ അഡ്രിനലിനു കണക്കു പിഴച്ചാല്‍ ബാരോറിസപ്റ്ററിനു പിഴയ്ക്കും. വൃക്കയ്ക്ക് കണക്കു തെറ്റിയാല്‍ പിറ്റ്യൂട്ടറിയ്ക്കും അഡ്രിനലിനും പിഴയ്ക്കും. സിരകള്‍ വൃക്കയുടെ പിഴച്ച റെനിന്‍ ആഞ്ജിയോടെന്‍സിന്‍ വിതരണം കാരണം ചുരുങ്ങുമ്പോള്‍ ബാരോറിസപ്റ്ററിനു വട്ടാകും അങ്ങനെ ഒരിടത്ത് സംഭവിക്കുന്നത് മാലപ്പടക്കത്തിന്റെ തിരി കത്തിയതുപോലെ ചെയിന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കളയും എന്നു പറയാനാണ്‌ ഇത്രയും ചുരുക്കി, ലളിതമാക്കി, പലതും വിട്ടുകളഞ്ഞ് വിവരിച്ചത്.

രക്താതിസമ്മര്‍ദ്ദം എങ്ങനെ ചെറുക്കാം?

, പ്രകൃതിജീവനം എന്നാല്‍ ഒരു ചികിത്സാ സമ്പ്രദായമല്ല, സ്വയം ചികിത്സയോ ചികിത്സവേണ്ടുമ്പോള്‍ ചെയ്യാതിരിക്കലോ അല്ല. പ്രകൃതിജീവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരാളിനു വൈദ്യസഹായം വേണ്ടിവന്നാല്‍ തേടുക തന്നെ വേണം) എന്ന മാര്‍ഗ്ഗത്തില്‍ വെറുതേ സമയം കളയേണ്ടതുണ്ടോ എന്ന് നിങ്ങള്‍ ചോദിക്കാന്‍ പോവുകയല്ലേ?

തീര്‍ച്ചയായും വേണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനു മരുന്നുകള്‍ കഴിച്ചാല്‍ അവ താഴ്ന്നു വരും. പക്ഷാഘാതത്തില്‍ നിന്നും നല്ലൊരളവും രക്തസമ്മര്‍ദ്ദജന്യഹൃദ്രോഗത്തില്‍ നിന്നും ചെറിയൊരളവും അത് നിങ്ങള്‍ക്ക് സം‌രക്ഷണവും തരും. എന്നാല്‍ സ്വാഭാവികമായി രക്തസമ്മര്‍ദ്ദം അനുയോജ്യമായി നില്‍ക്കുന്ന ഒരുവനോളം സം‌രക്ഷണം നിങ്ങള്‍ക്ക് തരാന്‍ മരുന്നുകളാലെ അതിനെ താഴ്ത്തിയാല്‍ കഴിയുമോ? തീര്‍ച്ചയായും ഇല്ല എന്നാണ്‌ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. 

സനാതനരോഗമായതിനാല്‍ ദീര്‍ഘകാലം, ചിലപ്പോല്‍ ശിഷ്ടജീവിതം മുഴുവന്‍ മരുന്നു കഴിക്കേണ്ടിവരുമെന്നും മരുന്നുകളൊന്നും തന്നെ പൂര്‍ണ്ണമായും പാര്‍ശ്വഫലവിമുക്തമല്ലെന്നും ഞാന്‍ പറയേണ്ടതില്ലല്ലോ. ശരീരത്തിനു ഭേദമാക്കാന്‍ കഴിയാതെ വരുന്ന പിഴവുകള്‍ക്കാണ്‌ മരുന്നുകളെ ആശ്രയിക്കേണ്ടിവരുന്നത്. 

രക്തസമ്മര്‍ദ്ദം ഉയര്‍ന്നാല്‍ അതു താഴ്ത്തുന്നതെങ്ങനെ എന്നു പറയും മുന്നേ, അതിന്റെ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാകാതിരിക്കാന്‍ എന്തു ചെയ്യണം? ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രക്തക്കുഴലുകള്‍ പൊട്ടിയോ അടഞ്ഞോ പക്ഷാഘാതമുണ്ടാവാന്‍ കാരണമായേക്കാം എന്ന് സൂരജിന്റെ പോസ്റ്റില്‍ വായിച്ചല്ലോ. നമ്മുടെ ഒന്നാമത്തെ പ്രശ്നം അവിടെക്കിടക്കുന്നു. ഐസോമെട്രിക്സ് (ഭാരോദ്വഹനം പഞ്ചഗുസ്തി തുടങ്ങിയവ) ചെയ്യുമ്പോള്‍ കായികതാരത്തിന്റെ രക്തസമ്മര്‍ദ്ദം 500/400 വരെയൊക്കെ ദിവസേന ഉയരാറുണ്ട്. കുഞ്ചലറാണിക്കും ക്രിസ് ലീറോക്സിനും വരാത്ത പക്ഷാഘാതം സിസ്റ്റോളില്‍ മെര്‍ക്കുറി നൂറ്റമ്പതു വരെ പൊക്കുന്നതല്ലാതെ ജീവിതത്തില്‍ ഇന്നുവരെ ഒരു വെയിറ്റും പൊക്കാത്ത പാവം മത്തായിച്ചനെങ്ങനെ വരുന്നു? ആരോഗ്യമുള്ള രക്തക്കുഴലുകള്‍ വലിയ സമ്മര്‍ദ്ദം താങ്ങും, ഇലാസ്തികത കുറഞ്ഞവയും ഫാറ്റ് പാച്ച് വീണവയും വേഗം പൊട്ടുകയും അടയുകയും ചെയ്യും.

റൂള്‍ നമ്പര്‍ വണ്‍- രോഗിവര്യന്‍ നാഥന്‍ പ്രിട്ടിക്കിന്‍ പണ്ടേ പറഞ്ഞതുപോലെ "ഹാവ് ബേബി-ഫ്രെഷ് ആര്‍ട്ടറീസ് !

ഇനി രക്തസമ്മര്‍ദ്ദത്തിന്റെ കാരണങ്ങളിലേക്ക് പോകാം. ബാരോറിസപ്റ്ററുകള്‍ ഉയര്‍ന്ന സമ്മര്‍ദ്ദത്തെ സാധാരണയെന്ന് അംഗീകരിക്കുക, അഡ്രിനല്‍ ഗ്രന്ഥി തെറ്റായ അളവ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുക, വൃക്കകള്‍ വാട്ടര്‍ റിട്ടന്‍ഷനും മറ്റും നടത്തി രക്തത്തിന്റെ അളവു തെറ്റിക്കുക എന്നിവയാണ്‌ മുഖ്യകാരണങ്ങളഅയി വരുന്നതെന്ന് സൂരജിന്റെ പോസ്റ്റും കമന്റുകളുമായി കണ്ടല്ലോ. ഇത് മൂന്നും എന്തുകൊണ്ട് സംഭവിക്കുന്നു എന്നു കണ്ടെത്തി പരിഹാരം കാണുകയാണ്‌ നമ്മുടെ ലക്ഷ്യം.

ഓരോന്നായി എടുക്കാം: എന്തുകൊണ്ട് ബാരോറിസപ്റ്ററുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്‌ അനുവദിക്കുന്നു? 
ഒന്നുകില്‍ ശരീരത്തിനു സാധാരണ തോതില്‍ രക്തസമ്മര്‍ദ്ദം കൊണ്ട് രക്തത്തിന്റെ ചുമതലകള്‍ നിര്വ്വഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ അല്ലെങ്കില്‍ ബയോറിസപ്റ്ററുകള്‍ക്ക് കണക്കു പിഴച്ചിട്ട്. രക്തം സിരകളിലോടുന്നത് മുഖ്യമായും ഓക്സിജനും മറ്റ് ഇന്ധനങ്ങളും പേശികള്‍ക്ക് നല്‍കുവാനും കാര്‍ബണ്‍ ഡയോക്സൈഡും മറ്റു ചപ്പു ചവറുകളും നീക്കം ചെയ്യാനുനും ശരീരതാപനില ആവശ്യമുള്ളതുപോലെ നിലനിര്‍ത്താനും യുദ്ധോപകരണങ്ങള്‍ പട്രോള്‍ ചെയ്യിക്കാനും ആണ്‌(വിശദമായി ആരുടെയോ ബ്ലോഗില്‍ എഴുതിയെന്ന് ഓര്‍മ്മ) . ശരീരത്തിന്‌ ആവശ്യമുള്ള ഓക്സിജന്‍ കിട്ടാനായി അത് രക്തസമ്മര്‍ദ്ദം ഉയര്‍ത്തും. (സാധാരണഗതിയില്‍ പമ്പിങ്ങ് റേറ്റ് കൂട്ടി) വ്യായാമം ചെയ്യുമ്പോള്‍ ബി പി ഉയരുന്നതിന്റെ (വെയി ലിഫ്റ്റ് ചെയ്യുമ്പോള്‍ അഞ്ചാറിരട്ടിയാകുന്നതിന്റെയും) കാരണം ഇതാണ്‌. ടെന്‍ഷന്‍ അടിച്ചാല്‍ ബി പി കൂടുന്നത് എന്തിനെന്നും ഇപ്പോള്‍ ഊഹിക്കാമല്ലോ. രക്തക്കുഴലുകള്‍ക്ക് ഇലാസ്തികത കുറഞ്ഞാല്‍ ഉയര്‍ന്ന വാസ്കുലര്‍ റെസിസ്റ്റന്‍സ് ആവശ്യമായി വരുന്നു. രക്തത്തിനു കട്ടി കൂടുതലാണെങ്കിലും അങ്ങനെ തന്നെ (Poiseiulle's law) . പരിഹാരം? ഒന്നാമത്തേത് പറഞ്ഞുകഴിഞ്ഞു, ഹാവ് ബേബി ഫ്രഷ് ബ്ലഡ് വെസല്‍സ്. പിന്നെ? രക്തം ഒട്ടല്‍ കൂടിയത് ആക്കാതെയിരിക്കുക. 

ഇത്തരത്തിലുള്ള രക്തസമ്മര്‍ദ്ദത്തെ മരുന്നുകൊണ്ട് കുറച്ചാല്‍ അടിസ്ഥാന പ്രശ്നം പരിഹരിക്കുന്നതിനു പകരം സ്വാഭാവിക പരിഹാരത്തെയാണ്‌ ഇല്ലാതെയാക്കുന്നത്. 

ബാരോറിസ്പ്റ്ററുകള്‍ക്ക് കണക്കു തെറ്റി നൂറ്ററുപതിനെ നൂറെന്ന് വായിക്കുകയാണെങ്കിലോ? ആരോഗ്യമുള്ള ശരീരത്തില്‍ കൊള്ളാവുന്ന ടിഷ്യൂകള്‍ കാണും എന്ന് സമാധാനിക്കാം. തെറ്റിയവയ്ക്ക് മരുന്നു തന്നെ വേണ്ടിവരും. നല്ല ഇലാസ്തിക ധമനിയ്ക്കും അയവുള്ള രക്തത്തിനും പരിഹരിക്കാനാവാത്ത ബാരോ-സിമ്പതി ആണെങ്കില്‍ ആശുപത്രി ചലോ. മരുന്ന് ഖാവോ. (നിസ്സാരന്യൂനപക്ഷത്തിനേ ഈ കഷ്ടകാലം ഉണ്ടാവൂ)

ഇയാള്‍ കുറേ നേരമായി ഫ്രഷ് ബ്ലഡ്‌വെസ്സല്‍ എന്നു പറയുന്നല്ലോ ഇതെങ്ങനെ ഉണ്ടാക്കും എന്നല്ലേ? ആദ്യമായി, പുക വലിക്കരുത്. പുകവലി രക്തക്കുഴലുകളെ കട്ടിയുള്ളതാക്കും, രക്തത്തെ ഒട്ടല്‍ കൂടിയതും. പുകവലി രക്തത്തിലെ ഓക്സിജന്‍ അളവു കുറയ്ക്കും, ശ്വാസകോശത്തിന്റെ കപ്പാസിറ്റി കുറച്ച് ഓക്സിജന്‍ സ്വീകരണത്തോടും കുറയ്ക്കും. ഒരു ബി പി മോണിറ്റര്‍ കെട്ടിക്കൊണ്ട് പുകവലിച്ചാല്‍ തോത് ക്ഷണം പത്തിരുപത് പോയിന്റ് ഉയരുന്നത് കാണാം. 

അടുത്തത് വ്യായാമം. ഏറോബിക്ക് എക്സര്‍സൈസ് (എങ്ങനെ എന്നതിന്‌ പഴയ വ്യായാമം എന്ന പോസ്റ്റ് നോക്കുക) ശ്വാസകോശത്തിന്റെയും ഹൃദയപേശികളുടെയും ധമനികളുടെയും ആരോഗ്യം സ്ഥിരവ്യായാമം മൂലം കൂട്ടുന്നു, ഹാര്‍ട്ട് റേറ്റ് കുറച്ച് ആര്‍ട്ടറിയല്‍ റെസിസ്റ്റന്‍സ് താഴ്ത്തുന്നു. വ്യായാമം തുടങ്ങും മുന്നേ സമൂലം ചെക്ക് അപ്പ് നടത്തി എന്തൊക്കെ ചെയ്യാന്‍ പോകുന്നു എന്ന് ഡോക്ടറോട് ചര്‍ച്ച ചെയ്യുക. ഒറ്റ ദിവസം കൊണ്ട് എടുത്തു ചാടരുത്, പുകവലിയുണ്ടെങ്കില്‍ ഏറോബിക്സ് അരുത്, തുടങ്ങിയാല്‍ കുറഞ്ഞത് ആഴ്ച്ചയില്‍ അഞ്ചു ദിവസം ചെയ്യാന്‍ കഴിയണം. വ്യായാമം തുടങ്ങി രണ്ടുമാസം കൊണ്ട് പ്രകടമായും രക്തസമ്മര്‍ദ്ദ തോതില്‍ നോര്‍മലിലേക്കുള്ള യാത്ര പത്തു മുതല്‍ ഇരുപത് ശതമാനം വരെ കുറഞ്ഞു കണ്ടാല്‍ വര്‍ക്കൗട്ട് ഫലിക്കുന്നുണ്ട്. മൂന്നു നാലു വര്‍ഷം കൊണ്ട് സമ്മര്‍ദ്ദത്തിനെ ഒതുക്കാന്‍ കഴിയേണ്ടതാണ്‌. 

ഇനിയും വഴികളുണ്ട്. ലളിതമയൊരു പ്രാണായാമം വഴി ശ്വാസകോശത്തെയും ധമനികളെയും എക്സര്‍സൈസ് ചെയ്യിക്കാം. കൈവിരല്‍ കൊണ്ട് ഒരു മൂക്ക് അടച്ചു പിടിച്ച് ശ്വാസം വലിക്കാവുന്നതിന്റെ പരമാവധി അകത്തേക്ക് വലിക്കുക. എന്നിട്ട് രണ്ടുമൂക്കും അടയ്ക്കുക. വിഷമതകളൊന്നുമില്ലാതെ ശ്വാസം ഉള്ളില്‍ നിര്‍ത്താവുന്നതിന്റെ പരമാവധി നിര്‍ത്തിയശേഷം മറു മൂക്ക് വഴി തുറന്നു വിടുക. ക്ലീവ്ലന്‍ഡ് ബ്രിഡ്ജ് ആശുപത്രി ഇതിനായി മാര്‍ക്കറ്റ് ചെയ്യുന്ന യന്ത്രം ഉപയോഗിക്കാവുന്നതാണ്‌ (ഞാനിത് കണ്ടിട്ടുപോലുമില്ല, വായിച്ചതേയുള്ളു. പ്രാണായാമത്തിനു യന്ത്രത്തിന്റെ അത്യാവശ്യമൊന്നുമില്ല) . തായ്-ചി ആയോധനം പരിശീലിച്ചാലും പ്രാണായാമത്തോട് അടുത്തു നില്‍ക്കുന്ന ഫലം സിദ്ധിക്കുമെന്ന് അമേരിക്കന്‍ പഠനങ്ങള്‍ കാണിക്കുന്നു.

(സമയപരിമിതി മൂലം ബാക്കി ഭാഗങ്ങള്‍ അടുത്ത ലക്കത്തിലാക്കുന്നു. വരാന്‍ പോകുന്നത് റെനല്‍/ അഡ്രിനല്‍ ഹൈപ്പര്‍ടെന്‍ഷനുകള്‍ക്ക് പ്രകൃതിജീവനം കൊണ്ട് എന്തു ചെയ്യാനാകും, ഭക്ഷണത്തില്‍ എന്തെങ്കിലും ഉള്‍പ്പെടുത്തുന്നത് രക്താതിസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമോ എന്നീ കാര്യങ്ങള്‍)

കേരളത്തിനു ഭീഷണിയാകുന്ന കൊതുകുകള്‍

ഈയിടെയായി എല്ലാദിവസവും പത്രങ്ങളില്‍ ചിക്കുന്‍‌ഗുനിയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മുടങ്ങാതെ വരുന്നുണ്ട്. ഡെങ്കിപ്പനിയെക്കുറിച്ചും, അതിനു മുന്നേ ജാപ്പനീസ് എന്‍സിഫാലിറ്റി

സിനെക്കുറിച്ചും വന്നുകൊണ്ടിരുന്ന സ്ഥിരം കോളത്തിലാണിതും ഇപ്പോള്‍ വരുന്നത്. മന്തും മലേറിയയും ഇക്കാലത്ത് വാര്‍ത്തയാകാന്‍ പോലും പ്രാധാന്യമില്ലാത്ത രോഗങ്ങളായി. വരും നാളുകളില്‍ റോസ് റിവര്‍, ബര്‍മ്മാ ഫോറസ്റ്റ്, മുറേ വാലി, വെസ്റ്റ് നൈല്‍ തുടങ്ങി പലതരം പനികളും മേല്‍പ്പറഞ്ഞവക്കൊപ്പം കേരളത്തില്‍ പ്രതീക്ഷിക്കാം, കൊതുകുകള്‍ മിടുക്കികളായ കുടിയേറ്റക്കാരികളാണ്. കൊതുകുകളുടെ എണ്ണം കൂടുന്നതനുസരിച്ച് പകര്‍ച്ചവ്യാധികളും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.

കൊതുകുളും അവ പരത്തുന്ന രോഗങ്ങളും

ആണും പെണ്ണും രണ്ടു തരം ഭക്ഷണം കഴിക്കുന്നുവെന്ന പ്രത്യേകത കൊതുകുവര്‍ഗ്ഗത്തിനുണ്ട്. പതിമൂന്നു വര്‍ഗ്ഗങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറില്‍ പരം കൊതുകളുണ്ട്. അംഗസംഖ്യ എടുത്താല്‍ ഇതില്‍ ഭൂരിഭാഗവും ക്യൂലക്സ്, അനോഫിലിസ്, അഡെസ് എന്ന മൂന്നു വര്‍ഗ്ഗങ്ങളില്‍പ്പെടുന്നവയാകും. ലോകത്തെ കീഴടക്കാനാഞ്ഞ അലക്സാണ്ടര്‍ മരിച്ചു വീണത് ഈ ചെറുഷഡ്പദം മൂലമാണ്. റോമാ സാമ്രാജ്യം തകര്‍ന്നതിലും മലേറിയ ഒരു വലിയ പങ്കു വഹിച്ചു. രാഷ്ട്രങ്ങളെയും സംസ്കാരങ്ങളെയും കൂടി ഇല്ലാതാക്കിയ ചരിത്രമുള്ള കൊതുകുവര്‍ഗ്ഗത്തോട്‌ മുപ്പതിനായിരം വര്‍ഷത്തെ മനുഷ്യന്റെ അറിയപ്പെടുന്ന ചരിത്രത്തില്‍ നടത്തിയ യുദ്ധങ്ങള്‍ തോറ്റ കഥകളാണ>

 

വംശം

 

ക്യൂലക്സ്‌

 

അനോഫിലിസ്‌

 

അഡെസ്‌

 

കൂടുതലായി പെരുകുന്ന സ്ഥലങ്ങള്‍

 

മലിനമായ നഗരങ്ങള്‍, കെട്ടിക്കിടക്കുന്ന ഓടകള്‍, അഴുക്കു 
കുളങ്ങള്‍, തുറന്ന കക്കൂസ്‌, വാട്ടര്‍ ടാങ്കുകള്‍, ഉപേക്ഷിച്ച പാത്രങ്ങള്‍,

 

ഗ്രാമപ്രദേശങ്ങള്‍, ചതുപ്പുകുളങ്ങള്‍

 

കെട്ടിക്കിടക്കുന്ന ഓടകള്‍, അഴുക്കു കുളങ്ങള്‍, തുറന്ന 
കക്കൂസ്‌, വാട്ടര്‍ ടാങ്കുകള്‍, വെള്ളം കെട്ടുന്ന മരപ്പൊത്തുകള്‍, 
ഉപേക്ഷിച്ച പാത്രങ്ങള്‍, ചെളിക്കുണ്ടുകള്‍, ചിരട്ടകള്‍, കുപ്പിയടപ്പുകള്‍

 

പൊതുവില്‍ ആക്രമിക്കുന്ന സമയം

 

രാത്രി മുഴുവന്‍

 

രാത്രി മുഴുവന്‍

 

രാവിലേയും വൈകുന്നേരവും

 

പരത്തുന്ന വൈറസുകള്‍*

 

വെസ്റ്റ്‌ നൈല്‍

സെന്റ്‌ ലൂയിസ്‌ എന്‍സെഫാലിറ്റിസ്‌

ഈസ്റ്റേണ്‍ ഇക്ക്വിന്‍

വെസ്റ്റേണ്‍ ഇക്ക്വിന്‍ ജാപ്പനീസ്‌ -എന്‍സെഫാലിറ്റിസ്‌

 

ഓനിയോനിയൊങ്ങ്‌

 

ഡെങ്കിപ്പനി-

(4 ഇനങ്ങള്‍)

യെല്ലോ ഫീവര്‍

സെന്റ്‌ ലൂയിസ്‌ എന്‍സെഫാലിറ്റിസ്‌

ചിക്കുന്‍ഗുനിയ

റോസ്‌ റിവര്‍ ബര്‍മ്മാ- ഫോറസ്റ്റ്‌

മുറേ വാലി

 

പരത്തുന്ന വിരകള്‍

 

മന്തും മറ്റു ഫൈലേറിയകളും, Dog Heartworm

 

 

 

Dog Heartworm

 

പരത്തുന്ന പ്രോട്ടോ-സോവ

 

 

 

മലമ്പനി

നാശം വിതക്കുന്ന കൊതുകുനാശിനികള്‍

രാസവസ്തുക്കളുപയോഗിച്ച് കൊതുകിനെ വംശനാശം വരുത്താമെന്ന സ്വപ്നം ഡി. ഡി. റ്റിക്കേറ്റ വന് തിരിച്ചടിയോടെ ഉപേക്ഷിക്കേണ്ടിവന്നു. മലമ്പനി പൊട്ടിപ്പുറപ്പെടുമ്പോള്‍ ഇന്നും മലാത്തിയോണ്‍ ഉപയോഗിക്കാറുണ്ട്. അല്ലെത്രിന്‍ എന്ന കീടനാശിനിയാല്‍ നിര്‍മ്മിതമായ കൊതുകുതിരികള്‍ പുകക്കല്‍‍ (ആമ മാര്‍ക്ക്, മാക്സോ മുതലായ ബ്രാന്റുകളില്‍ ലഭിക്കുന്നു), പല്ലെത്രിന്‍ എന്ന കീടനാശിനി ഇലക്റ്റ്ട്രിക്ക് യന്ത്രത്തില്‍ വച്ച് ബാഷ്പമാക്കല്‍ (Good Knight, Liquidator, AllOut തുടങ്ങിയ ബ്രാന്റുകളില്‍ ലഭിക്കുന്നുണ്ട്), എന്നീ വ്യക്തിതല കൊതുകു നിയന്ത്രണമാണ് ഇന്ന് രാസ നിയന്ത്രണത്തിനു ശ്രമിക്കുന്നവര്‍ ഉപയോഗിക്കുന്നത്.

കീടനാശിനികളുടെ പുകയും ബാഷ്പവും ഗുരുതരവും മാരകവുമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്ന് മാത്രമല്ല, കൊതുകളെ കുറച്ചു നേരത്തേക്ക് മാറ്റി നിറുത്തുകയല്ലാതെ ഇല്ലാതാക്കുവാന്‍ ഇവയ്ക്ക് കഴിയുകയില്ല. പല്ലെത്രിന്‍ ജലജീവികള്‍ക്ക് വലിയ ഭീഷണിയാണ്. ഉപയോഗിച്ചശേഷം ഓടയിലും മറ്റും ഉപേക്ഷിക്കുന്ന പല്ലെത്രിന്‍ "mat" തവള, ആമ, മീനുകള്‍ എന്നിവയെ നശിപ്പിച്ച് കൊതുകളുടെ എണ്ണം കൂട്ടുന്നു.

ഫെന്തിയോണ്‍ പോലെയുള്ള കീടനാശിനികള്‍ കോര്‍പ്പറേഷനുകളും മറ്റും പരിപൂര്‍ണ്ണമായും ഉപയോഗശൂന്യമായ ഇടങ്ങളില്‍ തളിക്കുന്നത്, പരിസ്ഥിതി പ്രശ്നങ്ങള്‍ക്കു വിധേയമായെങ്കിലും താല്ക്കാലിക ഫലം ചെയ്യാറുണ്ട്.

കൊതുകുകള്‍ മറ്റു ജീവികള്‍ പുറപ്പെടുവിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് പോലെയുള്ള പല പദാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞും, ഇരകളെ കണ്ണുകള്‍ കൊണ്ട് തിരഞ്ഞു പിടിച്ചും ചര്‍മ്മത്തിന്റെ ചൂട് കണ്ടെത്തിയുമാണ് അറിയുന്നത്. ഇതിനാല് ഇലക്ട്രിക്ക് റിപ്പല്ലന്റ് തുടങ്ങിയ യന്ത്രങ്ങള് ഫലപ്രദമല്ല. അവ വളരെക്കുറച്ച് കൊതുകുകളെ മാത്രമേ ഇല്ലാതാക്കുന്നുള്ളു.

ഉറങ്ങുന്ന ഭരണകൂടം, ഇരുട്ടില് തപ്പുന്ന മാദ്ധ്യമങ്ങളും. ഒരു പമ്പും നല്കി ഓടകളില്‍ കീടനാശിനി തളിക്കാന്‍ ചില കൂലിപ്പണിക്കാരെ കോര്‍പ്പറേഷനുകള്‍ തോട്ടികളോടൊപ്പം നിയമിക്കുന്നതൊഴിച്ചാല്‍ ഒരു വെക്റ്റര്‍ കണ്ട്രോള്‍ നടപടിയും സ്വീകരിച്ചതായി അറിവില്ല.

ചേര്‍ത്തലയിലെയും ആലപ്പുഴയിലേയും കൊതുകളെക്കുറിച്ച്
പഠിക്കാന്‍ കുറച്ചുവര്‍ഷം മുന്നേ സ്റ്റേറ്റ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിരുന്നു. പ്രസ്തുത സ്ഥാപനം, ആലപ്പുഴയിലെ മെഡിക്കല് കോളേജില്‍ അനുവദിച്ചു കിട്ടിയ മുറിക്കു പകരം സ്വന്തമായി ഒരോഫീസും ലാബും വേണമെന്ന് ആവശ്യപ്പെട്ടതടക്കം തുടങ്ങിയതില്‍ ഇന്നുവരെയുള്ള ഒരു നിവേദനവും പരിഗണിച്ചിട്ടില്ലെന്ന് പരാതിപ്പെടുന്നു.

പത്രമാദ്ധ്യമങ്ങളും കൃത്യമായ വിവരങ്ങള്‍ നല്കുന്നതിനു
ശ്രമിക്കാതെ മരണ വാര്‍ത്തകളില്‍ മാത്രം താല്പ്പര്യം കാട്ടുന്നു. മുഖചിത്രമടക്കം "ചിക്കുന് ഗുനിയ സ്പെഷ്യല്‍" പതിപ്പിറക്കിയ സമകാലിക മലയാളം വാരികയില്‍
പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ഒരു ന്യൂസ് റിപ്പോര്‍ട്ട് ഒഴിച്ചാല്‍ ആകെ ഉണ്ടായിരുന്നത് ഡോ. സിദ്ധാര്‍ത്ഥന്‍ എഴുതിയ വളരെ ചുരുങ്ങിയ ഒരു റിപ്പോര്‍ട്ട് മാത്രമാണ്. പ്രാഥമികമായ വിവരങ്ങള്‍ മാത്രമടങ്ങുന്ന അതില്‍ രോഗനിര്‍ണ്ണയത്തിനാവശ്യമായ ആര്‍ ടി - പീ സി ആര്‍ ടെസ്റ്റ് (ഒരു ആര്‍ എന്‍ ഏ മാപ്പിംഗ് സംവിധാനം) നാട്ടില്‍ ഇല്ലാത്തനിനാല്‍ ഡെല്ഹിയിലോ പൂനയിലോ സാമ്പിളുകള്‍ അയക്കുന്നെന്ന് പറയുന്നു. ക്രിയാത്മകമായ ലേഖനങ്ങള്‍ ആകെ കണ്ടത് മലയാളം ബ്ലോഗ്ഗുകളിലെന്ന് പറയാതെ വയ്യ. സമകാലികത്തിലു മറ്റു ചില ബ്ലോഗ്ഗുകളിലും വിശദമായ റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും പുരോഗമിക്കുന്നു. [ആര്‍ എന്‍ ഏ മാപ്പിംഗ് കിറ്റ് എന്നത് വലിയ വിലപിടിപ്പുള്ള സംവിധാനമല്ലെന്നും ചിക്കുന്‍ ഗുനിയ വൈറസിനു മ്യൂട്ടേഷന്‍ സംഭവിച്ചോയെന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമെന്നും മറ്റുമടങ്ങുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളും ബ്ലോഗ്ഗുകളില്‍ മാത്രമൊതുങ്ങുന്നു.]

കൊതുകുകളെ ജയിക്കാന്‍ അഡെസ് കൊതുകുകള്‍ ഡെങ്കിപ്പനി കൊച്ചിയില്‍ പടര്‍ത്തിയ സമയത്ത് നഗരത്തിലെ കൊതുകുകളെ നശിപ്പിക്കാനുള്ള വഴികളെപറ്റി പഠനം നടത്തിയിരുന്നു. പഠനത്തില്‍ കൊച്ചിയിലെ എതാണ്ട് 90 ശതമാനം കൊതുകുകളും ഓടകളില്‍ നിന്നും വരുന്നവയാണെന്നും, ബാക്കി പത്തു ശതമാനം സെപ്റ്റിക്ക് ടാങ്കുകള്‍, വാട്ടര്‍ ടാങ്കുകള്‍, വാട്ടര്‍ മീറ്റര്‍ ചേംബര്‍, പറമ്പിലും മറ്റും ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, പൊട്ടക്കിണറുകള്‍ എന്നിവയിലാണു വളരുന്നതെന്നും കണ്ടെത്തി.

 • ഓടകളെ മൊത്തം മൂടുന്നതാണ് നഗരങ്ങളില്‍ കൊതുകിനെ ഇല്ലാതാക്കാന്‍ ചെയ്യേണ്ട ആദ്യ പടി. വെള്ളം കെട്ടിക്കിടക്കാതെ ഒഴുകാനുള്ള സംവിധാനവും വേണം.
 • പറമ്പില്‍ പാത്രങ്ങളും മറ്റും ഉപേക്ഷിക്കരുത്, മഴവെള്ളം കെട്ടിക്കിടക്കുന്ന ചെളിക്കുണ്ടുകളും മലിന ജലം കെട്ടിക്കിടക്കുന്ന ഓടകളുംവൃത്തിയാക്കുക. പൊതു ജനങ്ങളും സംഘടനകളും, ക്ലബ്ബുകളും, സാമൂഹ്യപ്രവര്‍ത്തകരും,സര്‍ക്കാരും ഇതിനു ഒരുമിച്ച് തുനിഞ്ഞിറങ്ങണം
 • കൂത്താടികള്‍ ഇല്ലാതെയാകാന്‍ വീട്ടുകുളങ്ങളിലും കിണറുകളിലും (അവയുടെ വലിപ്പമനുസരിച്ച്) ഗംബൂസിയ, ഗപ്പി, ചൈനീസ് കാര്‍പ്പ്, ഗൌരാമി എന്നീ മത്സ്യങ്ങളെ വളര്‍ത്തിയാല്‍ മതിയാവും.
 • വലിയ കുളങ്ങളിലും വയലുകളിലും പ്രകൃതി തന്നെ നിയമിച്ച
  വെക്റ്റര്‍ കണ്ട്രോളര്‍മാരായ മത്സ്യങ്ങളും തവളകളും ആമകളും ഇല്ലാതെയായിപ്പോകാതിരിക്കാന്‍ ശ്രദ്ധിച്ചാല് മതിയാകും.
 • റബര്‍ തോട്ടങ്ങളില്‍ റബര്‍ പാലെടുക്കുന്ന ചിരട്ടകളും മറ്റും മഴക്കാലത്ത് ഉപയോഗിക്കാതെയാകുമ്പോള്‍ എടുത്തുമാറ്റുക.
 • കക്കൂസുകളുടെ സെപ്റ്റിക്ക് ടാങ്ക് മാസ്റ്റിന്റെ മുകളില്‍ ഒരു ചെറു ഇരുമ്പു വലയോ പ്ലാസ്റ്റിക്ക് വലയോ കെട്ടേണ്ടത് അത്യാവശ്യമാണ്.
 • കൊതുകുശല്യമുള്ള ഇടങ്ങളില്‍ വീടുകളുടെ ജനാലകളില്‍ നെറ്റ് അടിക്കുക. വാതിലുകള്‍ക്ക് എയര്‍ കര്‍ട്ടന്‍ വലിയ ഗുണം ചെയ്യും.
 • ഉറങ്ങാന്‍ കൊതുകുവലകള്‍ ഉപയോഗിക്കുക. അഡെസ് കൊതുകു പരത്തുന്ന അസുഖങ്ങള്‍ നിലവില്‍ നില്ക്കെ രാവിലെയും വൈകുന്നേരവും കൊതുകടി ഏല്ക്കാതെ സൂക്ഷിക്കുക.
 • വീട്ടുപറമ്പില്‍ തുളസി, കാശിത്തുമ്പ, ജമന്തി, ലെമണ്‍ ഗ്രാസ്സ് എന്നീ ചെടികളും വേപ്പുമരവും വളര്‍ത്തുന്നത് കൊതുകിന്റെ ശല്യം വളരെയേറെ കുറക്കും.
 • വളരെ കലശലായ ശല്യമുണ്ടെങ്കില്‍ വരാന്തകളിലും മറ്റും പച്ച തുമ്പച്ചെടി കനലില് പുകച്ച പുക കൊള്ളിക്കുക.ഉറക്കറകളില്‍ യാതൊരുവിധ പുകയും അരുത്.
 • ക്യാമ്പിംഗ്, ട്രെക്കിംഗ്, ബാര്‍ബെക്യൂ തുടങ്ങിയ വേളകളില്‍ വേപ്പെണ്ണയോ യൂക്കാലിപ്റ്റസ് എണ്ണയോ തേച്ചയിടങ്ങള്‍ ഏറെ നേരം കൊതുകുകടിയില്‍ നിന്നും രക്ഷപ്പെടും. വേപ്പ് ചേര്‍ന്ന സോപ്പുകള്‍ കുറച്ചൊക്കെ കൊതുകില്‍ നിന്നും സംരക്ഷണം തരുമെന്നും ചിലര്‍ പറയുന്നുണ്ട്

വല്ലപ്പോഴും പൊട്ടിപ്പുറപ്പെടുന്ന കുറച്ച് അസുഖങ്ങള്‍ ഉണ്ടാകാനുള്ള കാരണം എന്നതിനെക്കാള്‍ കൊതുകുശല്യം കേരളത്തിന്റെ ടൂറിസം, ഐ റ്റി മേഖലകളെ പ്രതികൂലമായി ബാധിക്കുകയും നാട്ടില് സുരക്ഷിതമായ ജീവിതം അസാദ്ധ്യമാക്കുകയും ചെയ്യുന്ന ഒരു വന്‍ പ്രശ്നമായി മാറിക്കൊണ്ടേയിരിക്കുന്നു. സാധാരണഗതിയില്‍ മരണഹേതുവല്ലാത്ത ചിക്കുന്‍ ഗുനിയപോലെയുള്ള അസുഖങ്ങള്‍ കൂടി വിനാശകാരികളാകുന്ന നമ്മുടെ നാട്ടിലേക്ക് ഒരു വിമാനത്തിലോ കണ്ടെയിനറിലോ എത്തുന്ന വെസ്റ്റ് നൈല്‍ വൈറസ് പോലെ ഭീകരാണുവിനെ വഹിക്കുന്ന ഒരു കൊതുക് ചിന്തിക്കാനാവാത്തവിധം ഭീകരമായ കൂട്ടമരണങ്ങള്‍ക്ക് ഏതു നിമിഷവും തുടക്കമിട്ടേക്കാം. കേരളത്തിലെ സര്‍ക്കാരും തദ്ദേശ ഭരണസ്ഥാപനങ്ങളും നമ്മളോരോരുത്തരും അടിയന്തിരമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മലയാളിയെന്ന വംശം തന്നെ ഇല്ലാതെയായെന്നു വന്നുകൂടായ്കയില്ല. ഒരതിശയോക്തിയെന്ന് തോന്നുന്നുണ്ടോ? ലോകം മുഴുവന്‍ കീഴടക്കാന് ഒരുമ്പെട്ട അഥില്ലയുടെ ഹണ്‍ വംശം ഇല്ലാതായത് കൊതുകുമൂലമാണ്. അക്കാലത്തെയപേക്ഷിച്ച് കൊതുകു പരത്തുന്ന ചികിത്സിക്കാനാവാത്ത തരം രോഗങ്ങള്‍ ഇന്ന് വളരെ കൂടുതലുണ്ടുതാനും. കൊതുകുകളെ ഏറ്റവും വലിയ ശത്രുവായി കണ്ട് ഒരിക്കല്‍ ന്യൂ ജേഴ്സിയും ബ്രസീലുമൊക്കെ ചെയ്തതുപോലെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയേ കേരളത്തിനിനി നിവൃത്തിയുള്ളു.

ഗൌട്ട്- ഒരു ഡൌട്ട്.

"ഗൌട്ട്‌" എന്ന അസുഖത്തെ അലോപ്പതി ഒരു തരം വാതം ആയിട്ടാണ്‌ കണക്കാക്കുന്നത്‌. രക്തത്തില്‍ ഉയര്‍ന്ന അളവില്‍ യൂറിക്ക്‌ ആസിഡ്‌ ഉണ്ടായി അത് സൂചി പോലെ കട്ടിയായി ശല്യം ചെയ്യുന്നതാണ് ഈ സംഭവം, നല്ല വേദന ഉണ്ടായിരിക്കും- കാലില്‍ ആണു സാധാരണ തുടക്കം( 4 മുതല്‍ 6 mg/dl വരെ ആണ്‌ പൊതുവില്‍ യൂറിക്ക്‌ ആസിഡ്‌ നോര്‍മല്‍ ലെവല്‍.)സനാതന വ്യാധിയാണെങ്കിലും സ്പെല്ലുകള്‍ വന്നും പോയും ഇരിക്കും.

ഗൌട്ട്‌ ബാധിച്ചാല്‍ അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങള്‍
1. ധാരാളം വെള്ളം കുടിക്കുക, യൂറിക്ക്‌ ആസിഡ്‌ കുറയും.

2. മദ്യം യൂറിക്ക്‌ ആസിഡ്‌ വല്ലാതെ കൂട്ടും.

3. അധികം ശരീരഭാരമുള്ളവരില്‍ ഗൌട്ട്‌ അധികമായി കണ്ടുവരുന്നു. തടിയുണ്ടെങ്കില്‍ കുറയ്ക്കുക.

4. അണ്ടിപ്പരിപ്പുകള്‍ (കശു-കപ്പല്‍-ബദാം, വാള്‍നട്ട്‌ ഒന്നും) ഒട്ടും കഴിക്കരുത്‌.

5. അയല പോലെ ഓയില്‍ നിറഞ്ഞ മീനുകള്‍, ബീഫ്‌ (കഴിയുന്നതും ഇറച്ചികള്‍ ഒന്നും) കഴിക്കരുത്‌. കിഡ്നി, ബ്രെയിന്‍ ലിവര്‍, കക്ക, ഞണ്ട്‌, കൊഞ്ച്‌ ഒട്ടും പാടില്ല. (ഹൈ പ്രോട്ടീന്‍ ഭക്ഷണങ്ങളെല്ലാം യൂറിക്ക്‌ ആസിഡ്‌ നില ഉയര്‍ത്തുന്നു).

6. ഇന്‍സുലിന്‍ പോലെയുള്ള ചില മരുന്നുകള്‍, വിറ്റാമിന്‍ സപ്ലിമെന്റുകള്‍ എന്നിവ യൂറിക്ക്‌ ആസിഡ്‌ കൂട്ടും. അങ്ങനെ എന്തെങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ ഡോക്റ്ററോട്‌ ചര്‍ച്ച ചെയ്യുക.

7. ഗൌട്ട്‌ അറ്റാക്കിനു ഏറ്റവും ഫലപ്രദമായ മരുന്നാണ്‌ ചെറി. ചെറിപ്പഴം ഒരു 5 മുതല്‍ 10 എണ്ണം വീതം ദിവസവും തിന്നാല്‍ ഒരാഴ്ചകൊണ്ട്‌ വേദന പോയും യൂറിക്ക്‌ ആസിഡ്‌ കുറഞ്ഞും കിട്ടും.

8. നാരങ്ങാ വെള്ളം, ഓറഞ്ച്‌ ജ്യൂസ്‌ എന്നിവ നല്ലതാണ്‌.

9. ദിവസവും ഒരു ആപ്പിള്‍ അല്ലെങ്കില്‍ ഏത്തപ്പഴം (ഏത്തനില്ലെങ്കില്‍ പൊട്ടാസ്യം കൂടുതലുള്ള എന്തെങ്കിലും പഴം മതി ) കഴിക്കുക.

10. എപ്സം സാള്‍ട്ട്‌ കലക്കിയ വെള്ളത്തില്‍ കാല്‍ മുക്കുന്നത്‌ നല്ലതാണെന്ന് പ്രകൃതി ചികിത്സകര്‍ പറയുന്നു.

11. കിടക്കുമ്പോള്‍ തലയിണയാലെ കാലുയര്‍ത്തി വച്ച്‌ കിടക്കുക.

12. ബീയര്‍, കാപ്പി, കോളകള്‍ കഫീന്‍ ചേര്‍ന്ന എല്ലാം (പറ്റുമെങ്കില്‍ ചായയും) ഒഴിവാക്കുക.

13. അപ്പവും മറ്റും ഉണ്ടാകുമ്പോള്‍ യീസ്റ്റിനു പകരം ബേക്കിംഗ്‌ സോഡ ഉപയോഗിക്കുക (യീസ്റ്റ്‌ ഗൌട്ടിനു വളരെ ചീത്തയും ബേക്കിംഗ്‌ സോഡ വളരെ നല്ലതുമാണ്‌).

14. സ്ട്രെസ്സിനു ഗൌട്ട്‌ സ്പെല്ലുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

15. ഇനി എല്ലാ അസുഖക്കാരോടും അസുഖമില്ലാത്തവരോടും പറയുന്ന കാര്യം- പ്രോസസ്സ്‌ ചെയ്ത ഭക്ഷണം- പ്രധാനമായും മൈദ, പഞ്ചസാര മുതലായവ പരമാവധി കുറക്കുക.

പള്‍സ്‌ പോളിയോ പദ്ധതി ഫലപ്രദമോ?

കുട്ടിക്കാലത്ത്‌ ഓറല്‍ പോളിയോ വാക്സിനേഷന്‍ മൂലം പോളിയോബാധിതനായ കോര്‍ട്ടിസ്‌ സ്ട്രോങ്ങ്‌ എന്ന യുവാവിന്‌ കോടതി എമ്പത്തഞ്ചു ലക്ഷം ഡോളര്‍ നഷ്ടപരിഹാരം സെന്റ്‌ ലൂയിസ്‌ കോടതി വിധിച്ചിട്ട്‌ ഒരു വര്‍ഷം തികയുന്ന സമയത്താണ്‌ ലോകാരോഗ്യ സംഘടനയുടെ പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ത്യയിലെ മറ്റൊരു സ്റ്റേജ്‌ രണ്ടായിരത്തി ആറ്‌ മേയ്‌ ഇരുപത്തൊന്നിനു പൂര്‍ത്തിയാക്കുന്നെന്ന വാര്‍ത്ത കാണാനിടയായത്‌.

പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ എന്തുകൊണ്ട്‌ പഠനവിധേയമാക്കേണ്ടതുണ്ട്‌?
മുന്നൂറു കോടി ഡോളര്‍ ചിലവില്‍ ഇരുപതു കോടി കുട്ടികള്‍ക്ക്‌ ഓറല്‍ പോളിയോ വാക്സിന്‍ നല്‍കി ലോകത്തെ മൂന്നുവര്‍ഷം കൊണ്ട്‌ പോളിയോ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടില്‍ ലോകാരോഗ്യ സംഘടന പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിനു തുടക്കം കുറിച്ചു. രണ്ടായിരത്തിയാറിലും ഈ പ്രോജക്റ്റിനു അറുതിയായില്ല എന്നത്‌ പദ്ധതി നടത്തിപ്പില്‍ പൊതുവിലുള്ള കെടുകാര്യസ്ഥത എന്നോ ഇത്ര വലിയ ഒരു സംരംഭമാകയാല്‍ സ്വാഭാവികമായി വരുന്ന കുഴപ്പങ്ങളാണെന്നോ എഴുതി തള്ളാനാവുന്നില്ല. രണ്ടായിരത്തി ഒന്നാമാണ്ടോടെ പോളിയോ ലോകത്തു നിന്നും തുടച്ചു മാറ്റുമെന്ന് അവകാശപ്പെട്ട ലോകാരോഗ്യ സംഘടനയുടെ വക്താവ്‌ ഡോക്ടര്‍ ഡേവിഡ്‌ ഹെയ്മന്‍ രണ്ടായിരത്തി നാലില്‍ പറഞ്ഞത്‌ " പോളിയോ എന്ന മാരകരോഗം അടുത്തകാലത്തുണ്ടായതില്‍ എറ്റവും വന്‍ തോതില്‍ ഇപ്പോള്‍ വര്‍ദ്ധിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇമ്മ്യൂണൈസേഷനില്‍ കാണിക്കുന്ന അലംഭാവം ആകും കാരണം" എന്നാണ്‌ [1] .ഇതിനാല്‍ പള്‍സ്‌ പോളിയോ എന്ന പ്രോജക്റ്റ്‌ ഫലപ്രദമായ ഒരു പരിപാടിയാണോ എന്ന ചോദ്യം ഉന്നയിക്കേണ്ടി വരുന്നു.
“പ്രതിരോധ കുത്തിവയ്പ്പുകള്‍- നൂറുവര്‍ഷത്തെ ഗവേഷണം” എന്ന തന്റെ പുസ്തകത്തിന്റെ ബ്രോഷറില്‍ (എനിക്ക്‌ ഈ പുസ്തകം ഇനിയും വായിക്കാനായിട്ടില്ല)ആസ്ത്രേലിയയിലെ ശാസ്ത്ര-ഗവേഷണ വിഭാഗം മേധാവിയായിരുന്ന ഡോ. ഷീബ്‌നര്‍ [2] പറയുന്നു " പോളിയോ ഒരിക്കലും തനിയേ പൊട്ടിപ്പുറപ്പെടുന്നില്ല, മനുഷ്യന്‍ പലതരം വാക്സിനേഷനുകളും മറ്റും കൊണ്ട്‌ അതിനെ പ്രകോപിച്ച്‌ ഉയിര്‍ത്തുമ്പോള്‍ മാത്രം അതുണ്ടാവുന്നു.” ഗവേഷകരുടെ ഇത്തരം അഭിപ്രായങ്ങള്‍ പള്‍സ്‌ പോളിയോ പരിപാടിയുടെ ആവശ്യകതയെപ്പറ്റി ചിന്തിക്കാന്‍ പ്രചോദനം ആകുന്നു.
രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും കൊടുക്കുന്ന മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചോ അത്യാഹിതമുണ്ടാകാനുള്ള സാദ്ധ്യതയെക്കുറിച്ചോ സര്‍ക്കാര്‍ പ്രചരണങ്ങളില്‍ ഒന്നും കാണാനാവാത്തത്‌ ഈ പദ്ധതിക്ക്‌ ആവശ്യമായ സുതാര്യത നിലവിലുണ്ടോ എന്നും അന്വേഷിക്കുന്നതിനു പ്രേരിപ്പിക്കുന്നു.

എന്താണ്‌ പോളിയോ?

പോളിയോമിയെലിറ്റിസ്‌ (ചുരുക്കത്തില്‍ പോളിയോ ) എന്ന പിള്ളവാതം (infantile paralysis) പോളിയോവൈറസ്‌ എന്ന തരം RNA വൈറസിനാല്‍ ഉണ്ടാകുന്നു. ഈ സൂക്ഷ്മാണു മനുഷ്യനിലെ ഏ റ്റൈപ്പ്‌ മഞ്ഞപ്പിത്തത്തിനും കന്നുകാലികളിലെ കുളമ്പു ദീനത്തിനും കോഴിവസന്തക്കും കാരണമാകുന്ന പിക്കോണാവിരിഡേ കുലത്തില്‍ പ്പെട്ടവയാകയാല്‍ പോളിയോ രോഗദാതാവിന്റെ മലത്തില്‍ നിന്നും രോഗം ബാധിക്കുന്നയാളിന്റെ വായിലേക്ക്‌ കടന്നെത്തുന്ന തരം പകര്‍ച്ചവ്യാധിയാണ്‌

വിസര്‍ജ്ജ്യങ്ങളും മാലിന്യങ്ങളും കുടിവെള്ളത്തില്‍ കലരുമ്പോഴും, അതിനെക്കാളുപരി കീടനാശിനികളാലും മറ്റും പരിസരം വിഷലിപ്തമാകുമ്പോഴും പോളിയോ പൊട്ടിപ്പുറപ്പെടുന്നെന്നാണ്‌ കാണാന്‍ കഴിയുന്നത്‌. എന്നാല്‍ വസൂരി, പ്ലേഗ്‌ എന്നിവപോലെ വന്‍തോതിലോ മുഖ്യമായൊരു മരണകാരിയായോ പോളിയോ ഒരുകാലത്തും മനുഷ്യന്റെ നിലനില്‍പ്പിനു നേരേ ഭീഷണി ഉയര്‍ത്തിയിട്ടില്ല വായിലൂടെ കടന്ന് കുടലിനേയും രക്തത്തിലെ R N A യെയും ബാധിക്കുന്ന പോളിയോവൈറസ്‌, അവിടെനിന്നും നാഡീവ്യൂഹത്തെ തളര്‍ത്തുകയും അതുവഴി പേശികളുടെ ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു. പലരിലും ഈ തളര്‍ച്ച പല തോതില്‍ ബാധിക്കുന്നു. ഹൃദയത്തെയോ ശ്വാസകോശത്തെയോ പേശീനാശം ബാധിച്ചാല്‍ രോഗി മരിക്കുന്നു. മൂന്നു തരം പോളിയോവൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

പോളിയോ ചരിത്രമുണ്ടായ കാലത്തേയുണ്ടായിരുന്നുവെന്ന് ഗുഹാചിത്രങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ പൊതുവേ വിശ്വസിക്കപ്പെടുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ മാത്രമാണ്‌ ഇതൊരു പരക്കെ പ്രത്യക്ഷമാകുന്ന അസുഖമായി നിരീക്ഷിക്കപ്പെടാന്‍ തുടങ്ങിയത്‌. ലോകത്തെല്ലായിടത്തും ഡി ഡി റ്റി ഉപയോഗത്തിനു ആനുപാതികമായി പോളിയോ പടരുന്നത്‌ കൂടുകയും കുറയുകയും ചെയ്തിട്ടുണ്ടെന്നത്‌ കോശങ്ങള്‍ക്ക്‌ ഡി ഡി റ്റി സംഭരിക്കാനുള്ള കഴിവുമായി ചേര്‍ത്ത്‌ പലതരം ഗവേഷണങ്ങള്‍ നടന്നുവന്നെങ്കിലും ഡി ഡി റ്റി നിരോധിച്ചതിനെ തുടര്‍ന്ന് അതിനു പ്രസക്തി നഷ്ടമാവുകയാണുണ്ടായത്‌.(അമേരിക്കയിലെ ഡി ഡി റ്റി ഉപയോഗവും പോളിയോ പൊട്ടിപ്പുറപ്പെടലും കൃത്യമായ അനുപാതത്തിലാണെന്ന് പലരും കണക്കുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നു.)

ചികിത്സയും പ്രതിരോധവും
പോളിയോയും മറ്റു വൈറസ്‌ ബാധകളെപ്പോലെ ചികിത്സിച്ചു മാറ്റാന്‍ ഇന്നത്തെ വൈദ്യശാസ്ത്രത്തിനു കഴിവില്ല. എന്നാല്‍ ഒരിക്കല്‍ പോളിയോവൈറസിനെ നേരിടേണ്ടിവരുന്ന ശരീരം ആയുസ്സോളം നീളുന്ന പ്രതിരോധശേഷി നേടുമെന്ന തിരിച്ചറിവ്‌ പോളിയോയെ തടുക്കാനുള്ള ശ്രമം വാക്സിന്‍ കണ്ടെത്താനുള്ള അന്വേഷണം മാത്രമായി ചുരുക്കി.

ആയിരത്തി തൊള്ളായിരത്തി അന്‍പത്തഞ്ച്‌ മദ്ധ്യത്തോടെ ഡോ. സാള്‍ക്ക്‌ എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ മൃതരൂപിയായ വൈറസുകളെ കുത്തി വച്ച്‌ പോളിയോയെ ചെറുക്കുന്ന സാള്‍ക്ക്‌ വാക്സിന്‍ കണ്ടെത്തി. ലോകരക്ഷകന്‍ അവതരിച്ചെന്ന മട്ടില്‍ പള്ളികള്‍ കൂട്ടമണിയടിച്ചും ആളുകള്‍ കൂട്ടത്തോടെ പ്രാര്‍ത്ഥിച്ചും അതുവരെ ആഘോഷിച്ചിട്ടില്ലാത്ത വിധത്തിലുള്ള കോലാഹലങ്ങളോടെ സാള്‍ക്‌ വാക്സിനെ സ്വീകരിച്ചു. തുടര്‍ന്ന് അമേരിക്ക മുഴുവന്‍ പോളിയോ വാക്സിനേഷന്‍ നടത്താന്‍ തുടങ്ങി. എന്നാല്‍ അന്‍പത്തിരണ്ടില്‍ അനിയന്ത്രിതമായി പൊട്ടിപ്പുറപ്പെട്ട പോളിയോ പകര്‍ച്ചവ്യാധി ഏതാണ്ട്‌ ഒടുങ്ങുന്നതിന്റെ അവസാന ഘട്ടത്തിലാണ്‌ സാള്‍ക്ക്‌ മരുന്ന് ഇറങ്ങുന്നതെന്ന കാര്യം പലപ്പോഴും മറികടന്ന് 52-ലെ കണക്കില്‍ നിന്നും 60 -ലെ കണക്കിലേക്കുള്ള കുറവ്‌ പോളിയോ വാക്സിനേഷന്റെ ഫലമായിട്ടാണ്‌ വ്യാഖ്യാനിച്ചു കാണുന്നത്‌. ഈ പദ്ധതിക്കു മദ്ധ്യേ കട്ടര്‍ ലാബറട്ടറിയില്‍ ജൈവരൂപത്തിലുള്ള പോളിയോ വൈറസ്‌ കയ്യബദ്ധം മൂലം വാക്സിനില്‍ കടന്ന് പതിനായിരക്കണക്കിന്‌ ആളുകളെ (പലയിടത്ത്‌ കണക്കുകളില്‍ നാല്‍പ്പതിനായിരം മുതല്‍ രണ്ടു ലക്ഷം പേര്‍ വരെ കട്ടര്‍ അത്യാഹിതത്താല്‍ അണുബാധിതരായെന്ന് കാണുന്നു) രോഗബാധിതരാക്കി ലോകത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തങ്ങളില്‍ ഒന്നായി അമേരിക്കന്‍ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതിയെ മാറ്റുകയും ചെയ്തു.

നൂറ്റാണ്ടുകള്‍ക്കു മുന്നേ ഡോ. ജെന്നര്‍ വസൂരി നിര്‍മ്മര്‍ജ്ജനത്തിനായി കണ്ടുപിടിച്ച ഗോവസൂരി പ്രയോഗത്തിന്റെ അതേ തത്വം പിന്തുടര്‍ന്ന സാള്‍ക്കിന്റെ തന്ത്രത്തില്‍ നിന്നും വത്യസ്തമായി ക്ഷീണിത ജൈവ രൂപിയായ പോളിയോ വൈറസിനെ തുള്ളിമരുന്നാക്കി കൊടുത്ത്‌ പ്രതിരോധ ശേഷി നേടിക്കൊടുക്കുന്ന പുതിയ രീതി ആയിരത്തി തൊള്ളായിരത്തി അറുപതില്‍ ഡോ. ആല്‍ബര്‍ട്ട്‌ സാബിന്‍, കണ്ടുപിടിച്ചതിനെ തുടര്‍ന്ന് വന്‍ തോതിലുള്ള പ്രതിരോധ നടപടികള്‍ ലോകമെങ്ങും തുടങ്ങി. രസകരമായ കാര്യം സാള്‍ക്ക്‌ സാബിന്റെ കണ്ടുപിടിത്തത്തേയും സാബിന്‍ മറിച്ചും ഒരിക്കലും അംഗീകരിച്ചില്ല എന്നതാണ്‌. ഇരുവരും പരസ്പരം "അടുക്കള ശാസ്ത്രജ്ഞന്‍, സ്വന്തമായി ഐഡിയ കൂടി ഇല്ലാത്തയാള്‍" എന്നൊക്കെ വിശേഷിപ്പിച്ച്‌ പ്രസ്താവന ഇറക്കുക പതിവായിരുന്നു.

വാക്സിന്‍ജന്യ പോളിയോ
ഇന്ന് അമേരിക്കയില്‍ വൈല്‍ഡ്‌ പോളിയോ കഴിഞ്ഞ പതിനേഴു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തിയിട്ടില്ല, എന്നാല്‍ വാക്സിനാന്‍ സംജാതമാവുന്ന പോളിയോ ഉണ്ടുതാനും. രണ്ടര മില്ല്യണില്‍ ഒരാളെന്ന തോതില്‍ ആളുകള്‍ മാത്രമേ മരുന്നിനാലെ പോളിയോ പിടിപ്പെട്ട്‌ തളര്‍ന്നു വീഴുന്നുള്ളു എന്നാണ്‌ ഓറല്‍ വാക്സിന്‍ നിര്‍മ്മാതാക്കളുടെ വാദം. എന്നാല്‍ ആരോഗ്യ സംഘടനകള്‍ പ്രസിദ്ധപ്പെടുത്തുന്ന കണക്കുകളില്‍ എല്ലാം പ്രതിരോധമരുന്നിലൂടെയല്ലാതെ സംജാതമാവുന്ന "വന്യ" പോളിയോ മാത്രമേ രേഖപ്പെടുത്താറുള്ളു എന്നത്‌ പഠനങ്ങള്‍ ദുഷ്കരമാക്കുന്നു .

വാക്സിന്‍ നിര്‍മ്മാണവും പുതിയ രോഗനങ്ങളുടെ ജനനവും
ലോകത്തിലെ ഒട്ടുമിക്ക കുട്ടികള്‍ക്കും പോളിയോ പ്രതിരോധ മരുന്നു കൊടുക്കുന്നതിനാല്‍ വളരെ വലിയ തോതില്‍ പോളിയോ വൈറസുകളെ വളര്‍ത്തേണ്ടതുണ്ട്‌. ഡോ. സാള്‍ക്കും ഡോ. സാബിനും റീസസ്‌ കുരങ്ങുകളൂടെ വൃക്ക ഉപയോഗിച്ചായിരുന്നു വാക്സിന്‍ നിര്‍മ്മാണത്തിനുള്ള വൈറസുകളെ കൃഷി ചെയ്തിരുന്നത്‌. ക്യാന്‍സറിനു ഹേതുവാകുന്ന സിമിയന്‍ വൈറസ്‌ 40 എന്ന ഭയാനകമാം വിധം അപകടകാരിയായ കുരങ്ങു വൈറസ്‌ പോളിയോ വാക്സിന്‍ വഴി മനുഷ്യനിലേക്കും പടര്‍ന്നു കയറാന്‍ പോളിയോ വാക്സിന്‍ അങ്ങനെ ഹേതുവായെന്ന കണ്ടെത്തല്‍ 1997 ജനുവരി 27നു FDA വിളിച്ചു ചേര്‍ത്ത 30 ശാസ്ത്രജ്ഞന്മാരുടെ യോഗം വഴി അമേരിക്ക ഔദ്യോഗികമായി അംഗീകരിച്ചു. [3] പോളിയോ വാക്സിന്‍ സിമിയന്‍ 40-നു കാരണമായെന്ന് അംഗീകരിക്കപ്പെട്ടതിനെതുടര്‍ന്ന് എയിഡ്‌സിനു ഹേതുവാകുന്ന എച്ച്‌ ഐ വി യും ഇങ്ങനെ സൃഷ്ടമായതാണെന്നും അല്ലെന്നും പലതരം വാദങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്‌.

പോളിയോ ഇന്ത്യയില്‍ എത്രമാത്രം മാരകം?
സെന്‍സസ്‌ കണക്കുകള്‍ അനുസരിച്ച്‌ ഇന്ത്യയില്‍ ആറുവയസ്സിനു താഴെയുള്ള പതിനാറുകോടി മുപ്പത്തെട്ടു ലക്ഷം ആണ്‌. ആയിരത്തിന്‌ അറുപത്തിരണ്ടു മരണം എന്ന കണക്കില്‍ ഇതു പെരുക്കിയാല്‍ ഇന്ത്യയില്‍ ശരാശരി പ്രതിവര്‍ഷം രണ്ടുകോടി തൊണ്ണൂറു ലക്ഷം കുട്ടികള്‍ ജനിക്കുന്നു, പതിനേഴു ലക്ഷത്തി തൊണ്ണൂറ്റേഴായിരം കുട്ടികള്‍ പ്രതിവര്‍ഷം മരിക്കുകയും ചെയ്യുന്നു. ജീവകാരുണ്യ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ എന്‍ ജി ഓ അവരുടെ വെബ്‌ പേജില്‍ കൊടുത്തിരിക്കുന്ന മരണകാരണത്തെ [4] വിഭജിച്ചാല്‍ ശരാശരി രണ്ടര ലക്ഷം കുട്ടികള്‍ ന്യുമോണിയ ബാധിച്ചും അന്‍പത്തിരണ്ടായിരം കുട്ടികള്‍ വിളര്‍ച്ച മൂലവും മുപ്പത്തിനാലായിരം കുട്ടികള്‍ റ്റെറ്റനസ്‌ രോഗത്താലെയും അന്‍പത്തിരണ്ടായിരത്തോളം അതിസാരം ബാധിച്ചും അത്രയും തന്നെ പ്രസവത്തിലും പതിനെണ്ണായിരം കുട്ടികള്‍ അവശ്യം ആഹാരമില്ലാതെയും മരിക്കുന്നു.
മാരകമായ തോതിലോ അല്ലാതെയോ പ്രതിവര്‍ഷം പോളിയോ ബാധിക്കുന്നവര്‍ രണ്ടായിരത്തില്‍ താഴെയാണ്‌. ഇന്ത്യയില്‍ കൊല്ലം തോറും മരിക്കുന്ന പതിനെട്ടു ലക്ഷത്തോളം കുട്ടികളില്‍ പട്ടിണിമരണത്തിനിരയാകുന്ന കുഞ്ഞുങ്ങളോട്‌ തട്ടിച്ചാല്‍ പോലും ഇത്‌ വളരെ ചെറിയ ഒരു സംഖ്യയാണ്‌. മുഖ്യമായ ശിശുമരണഹേതുക്കളില്‍ മിക്കതും ചികിത്സിക്കാനോ പ്രതിരോധിക്കാനോ പോളിയോയുടെയത്ര ബുദ്ധിമുട്ടോ ചെലവോ ഇല്ലയെന്നത്‌ മറ്റുരാജ്യങ്ങളുടേതിനെക്കാള്‍ വത്യസ്തമായ നമ്മുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോളിയോ നിര്‍മ്മാര്‍ജ്ജന പദ്ധതിയെ പുനരവലോകനം ചെയ്യാന്‍ പ്രേരകമാകുന്നു.

പള്‍സ്‌ പോളിയോ തുടരേണ്ടതുണ്ടോ?
എല്ലാ കുട്ടികള്‍ക്കും നിരന്തരം വാക്സിന്‍ കൊടുക്കാന്‍ മാത്രം അപകടകരമായ തോതില്‍ പോളിയോ നിലവിലുണ്ടോ? പള്‍സ്‌ പോളിയോ പദ്ധതി പോളിയോ നിര്‍മ്മാര്‍ജ്ജനത്തിനു ഉപകരിക്കുന്നുണ്ടോ? ബ്രിട്ടനില്‍ ശാസ്ത്രജ്ഞര്‍ അനുമാനിച്ചതുപോലെ ഇന്ത്യയിലും വാക്സിനേഷന്‍ കൊണ്ട്‌ ഉണ്ടാകുന്ന പോളിയോ, വന്യ പോളിയോ ബാധയെക്കാള്‍ കൂടുതല്‍ ഉണ്ടോ? അമേരിക്കന്‍ കോടതി നിര്‍ദ്ദേശിച്ചതുപോലെ വാക്സിനേഷന്‍ കൊണ്ട്‌ കുട്ടിക്കുണ്ടായേക്കാവുന്ന അപകടങ്ങളെപറ്റി മാതാപിതാക്കളെ ആരോഗ്യപ്രവര്‍ത്തകര്‍ ബോധവാന്മാരാക്കുന്നുണ്ടോ? ഇഞ്ചക്ഷന്‍ വാക്സിനും തുള്ളിമരുന്നും തമ്മിലുള്ള വ്യത്യാസങ്ങളറിഞ്ഞ്‌ അവര്‍ വിവേകപൂര്‍വ്വമായ ഒരു തീരുമാനം ആണോ എടുക്കുക്കാറ്‌? ഇത്രയും ഭീമമായ തോതില്‍ വാക്സിനേഷന്‍ നടക്കുന്ന സമയത്ത്‌ കട്ടര്‍ ലാബ്‌ പോലെ ഒരു അത്യാഹിതമുണ്ടാവുകയാണെങ്കില്‍ അത്‌ ഒരു വന്‍ ദുരന്തത്തിലേക്ക്‌ നയിക്കും. മുഖ്യമായും വാക്സിന്‍ ഇന്തോനേഷ്യയില്‍ നിര്‍മ്മിച്ച്‌ ഇന്ത്യയില്‍ ഉപയോഗത്തിനു തയ്യാറാക്കുകയാണ്‌ ചെയ്യുന്നത്‌. അണുബാധയുണ്ടാകാനുള്ള സാദ്ധ്യതകള്‍ പരിശോധിക്കപ്പെടുന്നുണ്ടോ? അവ എത്രമാത്രം സുരക്ഷിതമാണ്‌? സിമിയന്‍ വൈറസ്‌ പോലെ മരണഹേതുവാകാന്‍ കെല്‍പുള്ള വൈറസുകള്‍, തുള്ളിമരുന്ന് കുട്ടികളിലേക്ക്‌ ഇപ്പോഴും പകരുന്നുണ്ടോ?വാക്സിന്‍ജന്യ പോളിയോയുടെയും മറ്റു മാരകമായ അസുഖങ്ങളുടേയും തോത്‌ ശരിയായ രീതിയില്‍ പഠിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടോ? തുള്ളിമരുന്നിന്റെ അപകടസാദ്ധ്യത കണക്കിലെടുത്ത്‌ അമേരിക്കയും മറ്റു പല രാജ്യങ്ങളും സാള്‍ക്ക്‌ ഐ പി വി എന്ന കുത്തിവയ്പ്പു സംവിധാനത്തിലേക്ക്‌ തിരികെ പോയതുപോലെ ഇന്ത്യയും പോകേണ്ടതില്ലേ?

പള്‍സ്‌ പോളിയോ പദ്ധതിക്കു നേരേ ഉയരേണ്ട ചോദ്യങ്ങള്‍ പലതാണ്‌. സങ്കീര്‍ണ്ണമായ ഈ പ്രശ്നങ്ങള്‍ക്ക്‌ കൃത്യമായ ഉത്തരങ്ങള്‍ പലതും ആരുടേയും പക്കലില്ല താനും. ദില്ലിയിലെ മൌലാനാ ആസാദ്‌ മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗത്തലവന്‍ ഡോ മിത്തല്‍ ഇന്ത്യന്‍ ജേണല്‍ ഒഫ്‌ പീഡിയാട്രിക്സില്‍ ഇങ്ങനെ എഴുതി " ഇന്ത്യയില്‍ ഓറല്‍ പോളിയോ വാക്സിന്‍ മൂലം എത്രപേര്‍ക്ക്‌ പോളിയോ ബാധിക്കുന്നുണ്ടെന്നതിനെക്കുറിച്ച്‌ ഗൌരവമായ പഠനമൊന്നും നടന്നിട്ടില്ല. നാഷണല്‍ പോളിയോ സര്‍വെയിലന്‍സ്‌ പ്രോജക്ട് കണക്കുകളില്‍ കാണുന്ന സംഖ്യകള്‍ അവിശ്വസനീയമാം വിധം കുറവാണ്‌ - മരുന്നെന്ന പേരില്‍ നിര്‍വീര്യവും ഉപയോഗശൂന്യവുമായ എന്തെങ്കിലുമല്ല കുട്ടികള്‍ക്ക്‌ കൊടുക്കുന്നതെങ്കില്‍.”

യോഗ: ചിത്തവൃത്തിനിരോധ:

"മനസ്സ്‌ നപുംസകമാണെന്ന് അമര്‍സിങ്ങിന്റെ കോശത്തില്‍ വായിച്ച്‌ ഞാന്‍ അതിനെ അഴിച്ചു വിട്ടു. അതൊരു പെണ്ണിന്റെ പിറകേ പോയി, ഞാന്‍ കുടുക്കില്‍ പെട്ടു" എന്ന് അര്‍ത്ഥം വരുന്ന ഒരു ശ്ലോകമില്ലേ? അത്‌ കോമഡി ആണെങ്കിലും റ്റീച്ചര്‍ പറഞ്ഞതുപോലെ മനസ്സിനെ അഴിച്ചു വിട്ടാല്‍ ചിന്തകള്‍ ഒരോന്നായി മനസ്സില്‍ ഉറുമ്പരിക്കാന്‍ തുടങ്ങും എന്നും അതില്‍ തന്നെയുണ്ട്‌! ചിന്തകള്‍ക്ക്‌ രാഗദ്വേഷ വ്യസനാദികള്‍ മാത്രമേ തരാന്‍ കഴിയൂ. സന്തോഷം തരാന്‍ ഒരു ചിന്തക്കു കഴിയും എന്നാല്‍ ആനന്ദം തരാന്‍ കഴിയുകയുമില്ല. (ആനന്ദം എന്നാല്‍ ബ്രഹ്മ: ഗുണത്രയങ്ങളായ സച്ചിദാന്ദത്തിന്റെ ആനന്ദം)

ചിന്തകള്‍ ഇല്ലാത്ത അവസ്ഥയില്‍ അഹം മൂലാധാരത്തില്‍ മൂന്നര ചുരുളില്‍ ഉറങ്ങുന്ന കുണ്ഡലിനിയെ ഉണര്‍ത്തുന്നു എന്നതാണ്‌ യോഗയുടെ ആധാരശില . ചാക്രിക പഥങ്ങളോന്നും രോഗാതുരപീഢകളില്‍ കുഴങ്ങുന്നില്ലെങ്കില്‍ അതുയര്‍ന്ന് പ്രപഞ്ച ചൈതന്യത്തോട്‌ സംഗമിച്ചോളും. ഈ യോഗം- കൂടിച്ചേരലാണ്‌ യോഗ. യോഗാസങ്ങളെല്ലാം തന്നെ ശരീരത്തിന്റെ ഏഴു പ്രവര്‍ത്തിചൈതന്യ ചക്രങ്ങളെ പീഡിതാവസ്ഥയില്‍ നിന്നും മോചിപ്പിച്ച്‌ യോഗം സുഗമമാക്കാനുള്ള സ്റ്റെപ്പുകള്‍ മാത്രമെന്ന നിലക്ക്‌ യോഗാസനം പഠിപ്പിക്കുന്നവരെല്ലാം ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയവരാണ്‌. അതില്‍ തെറ്റൊന്നുമില്ല, അവര്‍ക്ക്‌ പൂര്‍ണ്ണഗുണം നല്‍കാന്‍ ആവുന്നില്ലെന്നു മാത്രം . ആരോ രവിശങ്കര്‍ ഒരു ഭാഗം അടര്‍ത്തി മാറ്റി എന്നാരോപിച്ചതുകൊണ്ട്‌ പറഞ്ഞെന്നേയുള്ളു, മിക്കവരും അതു തന്നെയാണ്‌ ചെയ്യുന്നതെന്ന്.

ചിന്തകള്‍ ഇല്ലാത്ത അവസ്ഥയിലെത്തുക തീരെ എളുപ്പമല്ല. എത്തിപ്പെട്ടിട്ട്‌ അതില്‍ നിന്നും മാറാതെ മൂന്നോ അഞ്ചോ മിനുട്ട്‌ ഇരിക്കുന്നത്‌ അതിലും വിഷമവും സ്വസ്ഥമായി ഒരിടത്തിരുന്ന് കഴിയുമെങ്കില്‍ നട്ടെല്ലു നിവര്‍ന്ന് സുഖമായി ശ്വാസം പിടിക്കാവുന്ന ഒരു പൊസിഷനിലിരുന്ന് എന്തിനെങ്കിലും ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ മനസ്സിലുള്ള ചിന്താ ഷാന്‍ഡ്ലിയറിനെ ഓരോ ബള്‍ബുകളായി ഓഫ്‌ ചെയ്യുക. എന്തു ചിന്ത നിറുത്താന്‍ പറ്റുന്നില്ലെന്നു തോന്നിയാലും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വസ്തുവില്‍ (കഴിവതും വിളക്കിലും മെഴുകുതിരിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കരുത്‌, വെളിച്ചത്തിലേക്ക്‌ അധികനേരം കണ്ണു വേദനിക്കാതെ നോക്കാന്‍ കഴിയില്ല) ചിന്തകള്‍ ഓരോന്നായി അണഞ്ഞണഞ്ഞ്‌ അവസാനം നമ്മളുടെ ശ്രദ്ധ പറ്റി നില്‍ക്കുന്ന വസ്തു മാത്രമായി മാറും മനസ്സില്‍.

ഇനിയത്തെ പരിപാടി അല്‍പ്പം വിഷമമാണ്‌ ആദ്യമൊക്കെ, പരീക്ഷിക്കും തോറും കൂടുതല്‍ എളുപ്പമാകും.

ഒറ്റ ചിന്ത മാത്രമായി മനസ്സില്‍ നില്‍ക്കുകയാണല്ലോ, മെല്ലെ കണ്ണടച്ച്‌ നമ്മള്‍ നോക്കുന്ന വസ്തുവിനേയും മറക്കുക. ചിന്തയില്ലാത്ത അവസ്ഥ എത്തി. ഇവിടെ വരുമ്പോള്‍ സാധാരണ പറ്റാറുള്ള പറ്റാണ്‌ ഒറ്റയാനെ മറക്കുമ്പോള്‍ അണഞ്ഞ ലൈറ്റുകളെല്ലാം ഒറ്റയടിക്ക്‌ തെളിഞ്ഞു വരിക എന്നത്‌. അതു സംഭവിച്ചാല്‍ സാരമാക്കണ്ട, സുല്ലിട്ട്‌ ഒന്നുകൂടെ തുടങ്ങുക, ആദ്യം എടുത്ത സമയം ഇത്തവണ വേണ്ടി വരില്ല.

വാള്‍നട്ടും ചിക്കുന്‍ഗുന്യയും

ഇനി വൈറ്റമിനിലേക്കു വരാം
മുട്ടകഴിക്കൂ, മീന്‍ കഴിക്കൂ അണ്ടിപ്പരിപ്പു കഴിക്കൂ എന്നു പറയുന്നത്‌ വൈറ്റമിനു വേണ്ടിയല്ല പ്രധാനമായും. വിശദീകരിക്കാം:

EFA അഥവാ എസ്സെന്‍ഷ്യന്‍ ഫാറ്റി ആസിഡുകള്‍:
നൂറുകണക്കിനു ധാതുക്കളും ലവണങ്ങളും അന്നജവും കൊഴുപ്പും വൈറ്റമിനുകളും മറ്റു പലതും (പറഞ്ഞാല്‍ തീരില്ല) ശരീരത്തിനാവശ്യമുണ്ട്‌. അതിലൊരുവക ആണ്‌ ഫാറ്റി ആസിഡുകള്‍(പഴയ എണ്ണ പോസ്റ്റില്‍ അതെന്താണു സാധനമെന്ന് പറഞ്ഞിട്ടുണ്ട്‌). ഫാറ്റി ആസിഡുകള്‍ തന്നെ രണ്ടു തരമുണ്ട്‌, ജന്തുക്കള്‍ സൃഷ്ടിക്കുന്നവയും സസ്യങ്ങള്‍ സൃഷ്ടിക്കുന്നവയും. രണ്ടും നമുക്കു അത്യാവശ്യമാണ്‌. ഇതില്‍ ജന്തുജന്യമായവ നമ്മള്‍ തന്നെ ഉണ്ടാക്കിക്കോളും. സസ്യങ്ങളില്‍ ഉണ്ടാക്കുന്നവ ഭക്ഷണത്തിലൂടെ നമ്മള്‍ അകത്തു വിടണം. ഇവയില്‍ പ്രധാനം ഒമേഗ 3, ഒമേഗ 6 എന്ന രണ്ടു ഫാറ്റി ആസിഡുകളാണ്‌. ഇതു കഴിക്കേണ്ടത്‌ അവശ്യമാകയാല്‍ ഇതിനെ എസ്സെന്‍ഷ്യല്‍ ഫാറ്റി ആസിഡെന്ന് പറയുന്നു.

EFA എന്തിന്‌?
1. ഇതില്ലെങ്കില്‍ cell membrane നിര്‍മ്മിക്കാന്‍ ശരീരം ബുദ്ധിമുട്ടും.

2. ഇതില്ലെങ്കില്‍ ശരീരത്തിലെ കൊളസ്റ്റ്രോള്‍ ഓക്സിഡൈസ്‌ ചെയ്യാനും പുറന്തള്ളാനുമുള്ള കഴിവു കുറഞ്ഞ്‌ കൊളസ്റ്റ്രോള്‍ കൂടും.

3. ഇതില്ലെങ്കില്‍ ഐക്കസനോയിഡ്‌ എന്ന കുലത്തിലെ ഹോര്‍മോണുകള്‍ക്ക്‌ സഞ്ചരിക്കാനാവാതെ ശരീരം തോന്ന്യാസം കാട്ടും.

ഒമേഗ 3 എന്നു കേള്‍ക്കുന്നതും നമുക്ക്‌ മുട്ടയുടെയും മീനിന്റെയും പരസ്യവും പത്രവാര്‍ത്തയും മനസ്സില്‍ വരും അല്ലേ? അതാണു പത്രന്റെയും പൌള്‍ട്രിക്കാരന്റെയും വിജയം.

ഇത്‌ സസ്യജന്യമാണ്‌. കോഴി വിത്തുകളും മറ്റും തിന്നും മീന്‍ പ്ലാങ്ക്ടന്‍ തിന്നുമാണ്‌ ഉണ്ടാക്കുന്നത്‌. ആരെങ്കിലും ഇട്ട ചെരുപ്പ്‌ വാങ്ങിയിടുന്നതിനെക്കാള്‍ നല്ലത്‌ ചെരുപ്പുകടയില്‍ നിന്നും വാങ്ങുന്നതല്ലേ. നമ്മള്‍ ഇത്‌ ചെടിയില്‍ നിന്നും തന്നെ വാങ്ങുന്നതാണു ബുദ്ധി. ഏറ്റവും കൂടുതല്‍ EFA അടങ്ങുന്ന സസ്യഭക്ഷണം അണ്ടിവര്‍ഗ്ഗങ്ങളാണ്‌. ഫ്ലാക്സ്‌ സീഡും ഏറ്റവും നല്ല ഈ എഫ്‌ ഏ സ്രോതസ്സാണ്‌. സെക്കന്‍ഡ്‌ ആയി ഇലക്കറികളും.

പക്ഷേ അണ്ടിവര്‍ഗ്ഗങ്ങള്‍ 70%+ ഫാറ്റുമാണ്‌ . ഇവ അകത്തു പോകുന്നത്‌ വര്‍ദ്ധിച്ചാല്‍ എന്തു രോഗം ഒഴിവാക്കാന്‍ ഈ എഫ്‌ ഏ കഴിച്ചോ അതെല്ലാം വീണ്ടും വരും (താഴെ വിവരിച്ചിട്ടുണ്ട്‌). അതിനാല്‍ നല്ല ആരോഗ്യമുള്ളയാള്‍ ഒരു സ്പൂണ്‍ ഫ്ലാക്സ്‌ സീഡൊ 1/8 കപ്പോളം (പ്രിഫറന്‍ഷ്യല്‍ ഓര്‍ഡറില്‍)വാള്‍നട്ട്‌, സോയ, പെക്കന്‍ നട്ട്‌, ബദാം എന്നിവയില്‍ എന്തെങ്കിലും ഒന്നോ അല്ലെങ്കില്‍ മിശ്രിതമോ (മൊത്തം 1/8 cup) കഴിക്കാം.

യൂറിക്ക്‌ ആസിഡ്‌, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം തുടങ്ങി എന്തെങ്കിലും ഉള്ളവര്‍ ഒട്ടും കഴിക്കേണ്ട. പകരം നല്ല ഇലക്കറികളോ, മത്തങ്ങയോ കുമ്പളങ്ങയോ വെള്ളരിക്കയോ കഴിച്ചാലും EFA കിട്ടും. ഇതൊന്നും തിന്നു ശീലമില്ലാത്ത സായ്പ്പ്‌ അവന്റെ വാള്‍നട്ടു തിന്നോട്ടെ.

EFA കുറഞ്ഞാല്‍ :
ചര്‍മ്മരോഗങ്ങള്‍, ധമനീരോഗങ്ങള്‍, വൈറസ്‌, ബാക്റ്റീരിയ തുടങ്ങി കോശ ഭിത്തീല്‍ കേറി പിടിക്കുന്ന മോന്‍ മാരെ ചെറുക്കാനുള്ള കഴിവു കുറയല്‍ ( ചിക്കുന്‍ ഗുനിയ മുതല്‍ എയിഡ്‌സ്‌ വരെ മത്തങ്ങയും ബദാമുമായി ബന്ധ്പ്പെടുത്തി!) വൃക്കരോഗം എന്നു വേണ്ട, സര്‍വ്വതും കിട്ടും

EFA കൂടിയാല്‍:
ഓക്സിഡേഷന്‍ ഇവന്റെ പണിയാണെന്ന് പറഞ്ഞല്ലോ, ഫ്രീ റാഡിക്കല്‍ (സ്നേഹോപദേശം എന്ന പോസ്റ്റ്‌ നോക്കുക) കൂടി ഹൃദയ ധമനീരോഗം വന്നേക്കാം, പൊണ്ണത്തടി വന്നേക്കാം,
അണ്ടിപ്പരിപ്പുകള്‍ ആണു കൂടുതലായി കഴിക്കുന്നതെങ്കില്‍ യൂറിക്ക്‌ ആസിഡ്‌ ഉയര്‍ന്ന് കിഡ്‌ണിക്കുവരെ ഭീഷണിയാകാം, ഗൌട്ടും വരാം.

EFA എത്ര?
കഴിക്കുന്ന കലോറികളുടെ 0.1 % മുതല്‍ 0.5% വരെ എന്നു ഡോ. ജീന്‍ മാക്‌ ഡോഗള്‍ ഉപദേശിക്കുന്നു. ഒരുമാതിരി തീറ്റ തിന്നുന്ന ഒരാളിന്റെ ഭക്ഷണക്കണക്കിലാണ്‌ 1/8 കപ്പ്‌ അണ്ടിപ്പരിപ്പെന്നു മേലേ കൂട്ടുന്നത്‌. മത്ത-കുമ്പള-ചീര-മുരിങ്ങ ഫാന്‍സിനു ഇതും ആവശ്യമില്ല.

ഓട്ട്‌സിന്റെ തന്ത്രം!
ഓട്ട്‌സ്‌ സോള്യുബിള്‍ ഫൈബര്‍ കൂടുതല്‍ ഉള്ളതിനാല്‍ 5% വരെ ഒക്കെ കൊളസ്റ്റ്രോള്‍ കുറക്കുന്നുണ്ട്‌. അതും ഇതുമായി ബന്ധമില്ല ഇഞ്ചി. സോള്യുബിള്‍ ഫൈബറിനു ഓട്ട്സ്‌ തന്നെ വേണമെന്നില്ല. തണ്ണിമത്തനോ ആപ്പിളോ റൈ ബ്രെഡോ, മാങ്ങായോ എന്തായാലും മതിയല്ലോ. ഈ ക്വാക്കറു കമ്പനി നമ്മളെ ജോക്കറാക്കുന്നതല്ലേ ഓട്ട്ശ്‌ കഴിച്ചാല്‍ സോള്യുബില്‍ ഫൈബര്‍ കിട്ടുമെന്ന് പറയുമ്പോ നമ്മളറിയാതെ വേറൊന്നിലും ഇതില്ലെന്ന് ധരിച്ചു പോകും

1. “ബി കോമ്പ്ലക്സും ആന്റി ഓക്സിഡന്റുകളും ഫലവത്താണോ എന്ന് ഇതുവരെ കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല“

തീര്‍ച്ചയായും ഓക്സിഡേറ്റീവ്‌ സ്റ്റ്രെസ്സ്‌ ഗവേഷണത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ആന്റി ഓക്സിഡന്റുകള്‍ ഗുളിക രൂപത്തില്‍ തന്നെ ഫലം ചെയ്യുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഹെല്‍സിങ്കി പഠനത്തില്‍ നിന്നും തുടങ്ങി സ്റ്റീനര്‍ റിപ്പോര്‍ട്ട്‌ വരെ ഇരുപത്തഞ്ചെണ്ണമെങ്കിലും അംഗീകരിക്കപ്പെട്ട നിര്‍ണ്ണയങ്ങളില്‍ എനിക്കറിവായുന്നവയായി ഉണ്ട്‌. വിസ്താരഭയത്താല്‍ പട്ടിക ഇവിടെ ചേര്‍ത്തിട്ടില്ല.

2. "രണ്ടു കാരറ്റും രണ്ടു കോവക്കയും രണ്ടു വെണ്ടക്കയും നന്നായി കഴുകി ശുദ്ധിയാക്കി വെറുതേ കടിച്ചു തിന്നാല്‍ മതി, ആന്റി ഓക്സിഡന്റ്‌ കിട്ടും"
കിട്ടില്ലല്ലോ. ശരിയായ ഭക്ഷണം കഴിക്കുന്നവര്‍ക്ക്‌ സപ്പ്ലിമന്റുകള്‍ ആവശ്യമില്ല.
പച്ചക്കറി പാചകം ചെയ്യാതെ തിന്നുന്നതിനു വളരേ ഗുണങ്ങളുണ്ട്‌, പക്ഷേ ഡോക്റ്റര്‍ പറയുന്നതുപോലെ രണ്ടു വീതം മൂന്നു പച്ചക്കറി ഏറെയൊന്നും സഹായിക്കില്ല. "ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റ്‌" - ബീറ്റകരോട്ടിനാണ്‌ പ്രധാന ആന്റി ഓക്സിഡന്റ്‌ എന്നു കരുതിയതില്‍ വന്ന തെറ്റായ തീരുമാനമാണ്‌ ഇത്‌.

ഓക്സിഡേറ്റീവ്‌ സ്റ്റ്രെസ്സ്‌ കുറക്കാന്‍ വിറ്റാമിന്‍ E, വിറ്റമിന്‍ A, ഫ്ലാവനോയിഡുകള്‍, എന്നിവക്കാണ് പ്രാദ്ധാന്യം ബീറ്റാ കരോട്ടിന്‍, ആല്‍ഫാ കരോട്ടിന്‍ എന്നിവയെക്കാള്‍.

ഇപ്പറഞ്ഞ പച്ചക്കറികള്‍ കഴിക്കുന്നത്‌ ആരോഗ്യത്തിനു നന്നെങ്കിലും ഇവ കഴിച്ചാല്‍ ബാക്കി എന്തും ചെയ്യാം എന്നര്‍ത്ഥമില്ല. മാത്രമല്ല ഡോക്റ്റര്‍ വിറ്റാമിന്‍ ബി കോമ്പ്ലക്സിനു പകരമായികൂടിയാണ്‌ നിര്‍ദ്ദേശിക്കുന്നതെന്നോര്‍ക്കണം, ഇവയില്‍ ബി വര്‍ഗ്ഗങ്ങള്‍ തുലോം നിസ്സാരമായേ അടങ്ങിയിട്ടുള്ളു. എത്ര പച്ചക്കറി കഴിച്ചിട്ടും വിറ്റാമിന്‍ ബി 12 കിട്ടുകയുമില്ല. അത്‌ ജന്തുജന്യമായ വസ്തുക്കളില്‍ മാത്രമടങ്ങിയിരിക്കുന്നു.

മുഖ്യ ഓക്സിഡന്റുകളെ - വിഷ വസ്തുക്കള്‍, മാലിന്യങ്ങള്‍ എന്നിവയെ കണ്ടെത്തി ഒഴിവാക്കല്‍ ഭക്ഷണത്തോളം വലിയ ആന്റി ഓക്സിഡേഷന്‍ പ്രക്രിയയുമാണ്‌.

3. "ബ്ലഡ്‌ പ്രഷര്‍ 120/80 യില്‍ കൂടാന്‍ പാടില്ലെന്ന് വൈദ്യശാസ്ത്രം ശഠിച്ചു പറഞ്ഞു.. ഇപ്പോള്‍ പറയുന്നു 100/70 ഇല്‍ കൂടാന്‍ പാടില്ലെന്ന്"

ആരുപറയുന്നു? എവിടെപ്പറയുന്നു? അംഗീകൃത വൈദ്യശാസ്ത്രപ്രകാരം 120/80 ഇന്നും നോര്‍മല്‍ ബ്ലഡ്‌ പ്രഷര്‍ തന്നെ. 115/75 നോര്‍മല്‍ ആണെന്ന് ചില ഡോക്റ്റര്‍മാര്‍ സ്വന്തം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അഞ്ചു മില്ലിമീറ്റര്‍ മെര്‍ക്കുറി താഴാന്‍ ആരും മരുന്നു കൊടുത്തതായി കേട്ടിട്ടില്ല, വായിച്ചിട്ടുമില്ല. വളരെ താഴ്ന്ന രക്തസമ്മര്‍ദ്ദം അനോരോഗ്യമുള്ള ഹൃദയത്തിന്റെ വരെ ലക്ഷണമായേക്കാം.

4. ‘നല്ല കൊളസ്റ്റ്രോളും (HDL) ചീത്ത കൊളസ്റ്റ്രോളുമുണ്ട്‌ (LDL). ബദാമിലും അണ്ടിപ്പരിപ്പിലും ആപ്രിക്കോട്ടിലും നല്ല കൊളസ്റ്റ്രോളാണുള്ളത്‌.“

ഒന്നാമതായി, ഒരു മനുഷ്യന്‍ കൊളസ്റ്റ്രോള്‍ എടുത്തു കഴിച്ച്‌ അത്‌ രക്തത്തില്‍ കലരുകയല്ല ചെയ്യുന്നത്‌. അയാളുടെ കരള്‍ ശരീരത്തിനാവശ്യമുള്ള കൊളസ്റ്റ്രോളിനെ ഉല്‍പ്പാദിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഈ ഉല്‍പ്പാദനം കൂടുമ്പോഴാണ്‌ കൊളസ്റ്റ്രോള്‍ നിരക്ക്‌ അപകടകരമായി ഉയരുന്നത്‌. ഫാറ്റുകള്‍ കഴിക്കുന്നത്‌ കൊളസ്റ്റ്രോള്‍ ഉല്‍പ്പാദനത്തെ കൂട്ടുന്നു. കൊളസ്റ്റ്രോള്‍ ഉല്‍പ്പാദനം കൂടുമ്പോഴെല്ലാം LDL & HDL ഉയരുന്നത്‌ ഒരേ തോതില്‍ അല്ല. മോണോ-പോള്യ്‌ അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റുകള്‍ (LDL-HDL)അനുപാതം കൂട്ടുന്നത്‌ സാച്ച്ചുറേറ്റഡ്‌ ഫാറ്റുകളെക്കാല്‍ ആശാസ്യമായ രീതികളിലാണെന്ന് വാദം ഉണ്ട്‌. സത്യത്തില്‍ ഒട്ടും ഫാറ്റ്‌ കഴിക്കാതെ തന്നെ ഒരാള്‍ക്കു വേണ്ട കൊളസ്റ്റ്രോള്‍ ഉണ്ടാക്കാന്‍ അയാളുടെ കരളിനു കഴിയും,എന്നാല്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന മിക്ക ഭക്ഷണത്തിലുംഫാറ്റ്‌ അംശം ഉള്ളതിനാല്‍ മൊത്തത്തില്‍ ഫാറ്റിനെ ഒഴിവാക്കാനാവുന്നില്ല.

കൊളസ്റ്റ്രോള്‍ ജന്തുക്കളുടെ കരളിന്റെ ഉല്‍പ്പന്നം ആണെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ കരളില്ലാത്ത കശുമാവിനും ബദാം മരത്തിനും കൊളസ്റ്റ്രോള്‍ നിര്‍മ്മിച്ച്‌ വിത്തുകളില്‍ കൊണ്ടുവയ്ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ നല്ലതോ ചീത്തയോ ആയ ഒരു കൊളസ്റ്റ്രോളും ഇക്കണ്ട സാധനത്തിലൊന്നും ഇല്ലെന്നും മനസ്സിലാവും. ജന്തുജന്യഭക്ഷണങ്ങളില്‍ മാത്രമേ കൊളസ്റ്റ്രോള്‍ ഉള്ളു.
HDL-LDL എന്നു രണ്ടു തരം കൊളസ്റ്റ്രോള്‍ മാത്രമല്ല ട്രൈഗ്ലിസറൈഡ്‌ എന്ന ന്യൂട്രല്‍ ഫാറ്റും LDLന്റെ തന്നെ ഭാഗമായ LP(a), VLDL എന്നിവയൊക്കെ കണക്കിലെടുത്താണ്‌ ഒരാളിന്റെ ലിപ്പിഡ്‌ മാനേജുമന്റ്‌ നടത്തേണ്ടത്‌.

ദാര്‍ശനികമായ തെറ്റ്‌
പണ്ട്‌ കൊളസ്റ്റ്രോള്‍ 180-250 ഇല്‍ നിര്‍ത്തണമെന്നായിരുന്നുനിയമം, പിന്നീടത്‌ 150-200 ആയി. ഇപ്പോള്‍ പറയുന്നു 150-180 ഇല്‍ കൂടാന്‍ പാടില്ല എന്ന്..... സ്റ്റാറ്റിന്‍ ഗുളികകളുടെ വില്‍പ്പന താഴുന്നതനുസരിച്ച്‌ ഗവേഷണങ്ങ്ഫലങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരിക്കും.
മിക്ക വൈദ്യ ഗവേഷണവും മരുന്നു കമ്പനിക്കാരുടെ അനുഗ്രഹദാങ്ങളോടെയാണ്‌. ഡോ. മാക്‌ഡോഗള്‍ നിരീക്ഷിച്ചതുപോലെ "ആദായം തരാത്ത സത്യത്തിനോട്‌ ആര്‍ക്കും താല്‍പ്പര്യമില്ല എന്നതാണ്‌ കഷ്ടം"

എന്നാല്‍ കൊളസ്റ്റ്രോള്‍ പഠനം തെറ്റില്‍ നിന്നും‌ ശരിയിലേക്ക്‌ നീങ്ങുന്നത്‌ ഇങ്ങനെ ആയിരുന്നു. ശരാശരി അമേരിക്കന്‍ TC ലെവല്‍ ആണ്‌ നോര്‍മല്‍ എന്നു ധരിച്ച കാലത്ത്‌ 200+ നോര്‍മലെന്ന് ഡോക്റ്റര്‍മാര്‍ കരുതി. കാലക്രമേണ അതു മൊത്തില്‍ കൊളസ്റ്റ്രോള്‍ 150 ഇല്‍ താഴെയുള്ളവര്‍ക്ക്‌ മറ്റു പ്രശ്നമൊന്നൊമില്ലെങ്കില്‍ ഹൃദയധമനീരോഗം വരാന്‍ സാദ്ധ്യത വളരെ വളരെ കുറവാണെന്ന തിരിച്ചറിവിലേക്ക്‌ നീങ്ങി.

കൊല്ലുന്ന നിര്‍ദ്ദേശം!
ബദാമിലും അണ്ടിപ്പരിപ്പിലും അത്രൂട്ടിലും ആപ്രിക്കോട്ടിലും
നല്ല കൊളസ്റ്റ്രോളാണുള്ളത്‌. അതു വാരിവലിച്ചു തിന്നുക. അത്‌ ചീത്ത കൊളസ്റ്റ്രോളിനെ താഴ്ത്തിക്കൊണ്ടുവരുമത്രേ.
[ബദാമിലും അണ്ടിപ്പരിപ്പിലും... പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റ്‌ എന്നു വായിക്കുന്നു, സസ്യജന്യമായ ഒന്നിലും കൊളസ്ട്രോളില്ല എന്നത്‌ വിശദീകരിച്ചു കഴിഞ്ഞതാണ്‌]
പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റുകളും ഒമേഗ3 എണ്ണകളും എച്ച്‌ ഡി എല്‍ കൂട്ടുമോ എന്നത്‌ പ്രാരഭ ദിശകളില്‍ ചുറ്റി തിരിയുന്ന ഗവേഷണമാണ്‌. എന്നാല്‍ ആ കണക്കില്‍ പോലും വളരെ പരിമിതമായ രീതിയില്‍ അല്ലാതെ വാരിവലിച്ചു തിന്നുന്ന അണ്ടിവര്‍ഗ്ഗങ്ങള്‍ അപകടമേ ചെയ്യൂ. വ്യായാമമാണ്‌ HDL കൂടാനേറ്റവും ആശാസ്യമായ വഴി.

പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റുകള്‍ സാച്ചുറേറ്റഡ്‌ ഫാറ്റിന്റെ ചീത്തത്തരങ്ങളെ ചെറുക്കുമെന്ന വാദം ഉന്നയിക്കുന്നവര്‍ സാധാരണയായി പരമാവധി കാല്‍ കപ്പ്‌ അണ്ടിപ്പരിപ്പുകള്‍ കഴിയുമെങ്കില്‍ വാള്‍നട്ട്‌ മാത്രം കഴിക്കാനാണ്‌ നിര്‍ദ്ദേശിക്കാറ്‌.

കൂടുതലായി അണ്ടിവര്‍ഗ്ഗങ്ങള്‍ പ്രത്യേകിച്ച്‌ അണ്ടിപ്പരിപ്പ്‌, ബദാം, നിലക്കടല, മക്കാഡെമിയ നട്ട്‌ തുടങ്ങിയാ കഴിക്കുന്നത്‌ ശരീരത്തില്‍ യൂറിക്ക്‌ ആസിഡ്‌ വല്ലാതെ കൂട്ടി "ഗൌട്ട്‌" എന്ന വേദനാജനകമായ അസുഖം വരാനുള്ള സാദ്ധ്യത പരശ്ശതം മടങ്ങ്‌ വര്‍ദ്ധിപ്പിക്കും. ഉയര്‍ന്ന യൂറിക്ക്‌ ആസിഡിനു കിഡ്ണികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കാന്നും കഴിവുണ്ട്‌.

ഗര്‍ഭരക്ഷ: പാഠം ഒന്ന്

I. ഗര്‍ഭിണിക്ക്‌ നിഷിദ്ധമായവ
തീരെ പാടില്ലാത്തത്‌ - പുകവലി, മദ്യപാനം, ഡോക്റ്റര്‍ പറയാത്ത മരുന്നുകളുടെ ഉപയോഗം, കുതിരസ്സവാരി പോലെയുള്ള കഠിനമായ ആയാസം.

1. പപ്പായ (പൈനാപ്പിള്‍, ഏത്തപ്പഴം എന്നിവയെപറ്റി പലതരം വാദങ്ങളുണ്ട്‌. ഡോക്റ്ററോട്‌ ചോദിക്കുക്ക)
2. സീ ഫൂഡ്‌ - കണവ, കൊഞ്ച്‌, ലോബ്സ്റ്റര്‍, നീരാളി ആദിയായവ.
3. മെര്‍ക്കുറി കലരാവുന്ന തരം മീനുകള്‍ . വലിയ അയല, ചൂര, സ്രാവ്‌, വളരെ വലിപ്പമുള്ള മീനുകള്‍ (മീനുകള്‍ ചെറുതും, ഫ്രഷ്‌ ആയതും തെരെഞ്ഞെടുക്കുക)
4. ഫ്രീസറില്‍ വച്ചു വില്‍ക്കുന്ന ബര്‍ഗര്‍ പാറ്റി, ഹോട്ട്‌ ഡോഗ്‌, ലഞ്ചിയോണ്‍ മീറ്റ്‌
5. സോഫ്റ്റ്‌ ചീസ്‌, പച്ച പാല്‍, പച്ച മുട്ട.
6. കൈ കഴുകാതെ ഭക്ഷണം അരുത്‌.
7. രാസവസ്തുക്കള്‍ കര്‍ശ്ശനമായും എടുത്തു പെരുമാറരുത്‌ ( ഭ്രൂണാവസ്തയില്‍ എറ്റവും വലിയ ഭീഷണി വിഷം തീണ്ടലാണ്‌)
8. ക്രീമുകള്‍ ലിപ്സ്റ്റിക്‌ ആദിയാവയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക (മുകളിലെ കാരണം തന്നെ)
9. കഫീന്‍, സാക്കറിന്‍, അജിനോമോട്ടോ (MSG)എന്നിവയും കഴിവതും ഒഴിവാക്കുക.

II. വ്യായാമം, സുരക്ഷ
1. വീഴ്ച, പ്രത്യേകിച്ച്‌ കുളിമുറിയിലും കോണിപ്പടികളിലും പ്രത്യേകം സൂക്ഷിക്കുക
2. ചൂടു വെള്ളത്തില്‍ കുളി, റ്റര്‍ക്കിഷ്‌ ബാത്ത്‌ എന്നിവ ഗര്‍ഭസ്ഥ ശിശുവിനു ഭീഷണിയായേക്കാം.
3. പൂച്ചകളുമായി സമ്പര്‍ക്കമോ പൂച്ചക്കൂടുകള്‍ വൃത്തിയാക്കലോ അരുത്‌. പൂച്ചയില്‍ നിന്നും മാരകമായ രോഗങ്ങള്‍ ഗര്‍ഭിണിക്ക്‌ പകര്‍ന്നേക്കാം. അതുപോലെ തന്നെ എലിശല്യം ഉള്ള വീടും ഗര്‍ഭിണിക്ക്‌ നന്നല്ല.
4. ഡോക്ടര്‍ പറയുന്ന എക്സര്‍സൈസുകള്‍ മാത്രം ചെയ്യുക. ഇരട്ടകളെ ഗര്‍ഭം ധരിച്ചവര്‍, ഗര്‍ഭം അലസിയ മുന്‍ ചരിത്രമുള്ളവര്‍, ഹൃദ്രോഗം, ശ്വാസകോശരോഗം എന്നിവയുള്ളവര്‍ ആദിയായ സ്ത്രീകള്‍ക്ക്‌ വ്യായാമമേ പാടില്ല.
5. ഒരു വശം ചരിഞ്ഞു കിടക്കുക, കഴിഴ്ന്നു കിടന്ന് ഉറങ്ങാന്‍ തീരെ പാടില്ല (ആദ്യ ഘട്ടം കഴിഞ്ഞാല്‍ ഇതു ശ്രമിച്ചാലും കഴിയുകയുമില്ല!)
6. ഡോക്റ്റര്‍ പറയുന്ന മരുന്നുകള്‍ അല്ലാതെ ഒന്നും കഴിക്കരുത്‌- വൈറ്റമിന്‍ സപ്ലിമന്റ്‌ പോലും. അക്യൂട്ടെന്‍, തലോമിഡ്‌ ടെഗിസണ്‍ തുടങ്ങിയ മരുന്നുകള്‍ ക്ഷണം ഗര്‍ഭശ്ചിദ്രം വരുത്തിയേക്കാം. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളും ഹൃദ്രോഗത്തിന്റെ മരുന്നുകളും ഉണ്ടെങ്കില്‍ സാധാരണ അവ നിര്‍ത്തി വയ്ക്കേണ്ടതായി വരും - ഡോക്റ്ററോട്‌ ചോദിച്ച്‌ മനസ്സിലാക്കുക.

III. വേദനകള്‍
ഗര്‍ഭത്തിന്റെ ആദ്യ കാലത്ത്‌ ആര്‍ത്തവസമയം പോലെ കുത്തിക്കുത്തി വേദന സര്‍വ്വസാധാരണമാണ്‌ -ഇത്‌ ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിക്കുന്നതുമൂലമാണ്‌. മൂന്നു മാസത്തിനു ശേഷം ഗര്‍ഭപാത്രം വികസിക്കുന്നതിനാല്‍ പേശികള്‍ വലിയുന്നതു പോലത്തെ വേദനയും പ്രസവമടുത്ത സമയത്ത്‌ പ്രസവവേദനപോലെയുള്ള വ്യാജവേദനയും കണ്ടുവരുന്നു, എന്നാല്‍ ഇതല്ലാതെയോ വളരെ തീവ്രമായോ മണിക്കൂറുകള്‍ നീളുന്നതായോ ഉള്ള എന്തു വേദനയും ഡോക്റ്ററോട്‌ പറയുക. പ്രത്യേകിച്ച്‌ രക്തസ്രാവങ്ങളോടൊപ്പമുള്ള വേദനകള്‍ അപകടകരമാണ്‌.

IV. ഭക്ഷണം
ഗര്‍ഭിണിയുടെ ഭക്ഷണം ധാതുലവണങ്ങളും വൈറ്റമിനുകളും ചേര്‍ന്ന് സമ്പൂര്‍ണ്ണവും സമ്പുഷ്ടവും ആയിരിക്കണം. പ്രതിദിനം അത്യാവശ്യമുള്ളവ
(ഓരോ ദിവസവും ഉള്‍പ്പെടുത്തേണ്ടത്‌)
1. പ്രോട്ടീന് 25 ഗ്രാം
2. കാത്സ്യം 1000 മില്ലിഗ്രം
3. ഇരുമ്പ് ~
4. ഫോളേറ്റ് - 5 മില്ലിഗ്രാം
5. വിറ്റാമിന് എ 0.8 മില്ലിഗ്രാം
6. വിറ്റാമിന് ഡി
7. വിറ്റാമിന് സി
8. കാര്ബോ ഹൈഡ്രേറ്റ് 4-6 കപ്പ്‌ ചോറിനു തുല്യം.
ഫോളിക്ക്‌ ആസിഡ്‌ അത്യാവശ്യം വേണ്ടതിനാല്‍ ഡോക്റ്റര്‍ കുറിച്ചു തരുകയാണ്‌ പതിവ്‌. ഡോക്റ്റര്‍ വിട്ടുപോയെങ്കില്‍ ഫോളിക്ക്‌ ആസിഡ്‌ കഴിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചു മനസ്സിലാക്കുക.

ഒരുപാട്‌ പച്ചയിലക്കറികള്‍ (ചീര-പാലക്ക്‌, ,മുരിങ്ങയില,ചേമ്പിന്‍ താള്‍) കാരറ്റ്‌, ബീറ്റ്‌
നോണ്‍ വെജന്‍ ആണെങ്കില്‍ ലോ ഫാറ്റ്‌ പാല്‍, തൈര്‌. ഫുള്‍ വെജന്‍ ആണെങ്കില്‍ ഫോര്‍ട്ടിഫൈഡ്‌ കോണ്‍ഫ്ലേക്സ്‌ അല്ലെങ്കില്‍ സോയ്‌
ഓറഞ്ച്‌/ നാരങ്ങാ/ മുസംബി/ തക്കാളി
ഉരുളക്കിഴങ്ങ്‌/ ചെറുപയര്‍/വന്‍പയര്‍/കടല

കഠിന നോണ്‍ വെജി ആണെങ്കില്‍ ഇത്രേം ഒക്കെ കൂട്ടി വല്ലപ്പോഴും ചാളയോ പൊടിമീനോ കൂട്ടി, നിറയേ ചോറുണ്ടോ ഗര്‍ഭിണീ, അസ്‌ സിമ്പിള്‍ അസ്‌ ദാറ്റ്‌!
(പച്ചമാങ്ങാ, നെല്ലിക്കാ, ഒന്നും മറക്കണ്ടാ.)

V. ജലം
ശിശുവിന്റെ ജീവനിലും ആരോഗ്യത്തിലും ജലം ഒരു വലിയ പങ്കു വഹിക്കുന്നു. ഗര്‍ഭിണിക്ക്‌ മലബന്ധം, വായുകോപം, എഡീമ, രക്തസമ്മര്‍ദ്ദാധിക്യം. താല്‍ക്കാലിക പ്രമേഹം, യൂറിക്ക്‌ ആസിഡ്‌ കൂടല്‍ എന്നിവ മാറാനും സുഖപ്രസവസാദ്ധ്യത്തിനും ഗര്‍ഭകാലം മുഴുവന്‍ ആവശ്യത്തിനു ജലം കുടിക്കേണ്ടതുണ്ട്‌.ആവശ്യത്തിനു (5 ഗ്ലാസ്സിലധികം) ശുദ്ധ ജലം കുടിക്കുക. ഓരോ ദിവസവും. എന്നും കുളിക്കുക, വലിയ തണുപ്പുള്ള നാട്ടിലല്ലെങ്കില്‍.
രോഗിയുടെ അവകാശവും കടമകളും
1. ചികിത്സ എന്നത്‌ കണ്‍സള്‍ട്ടന്‍സി കോണ്ട്രാക്റ്റാണ്‌. നിങ്ങളെ സ്വയം ചികിത്സിക്കാനുള്ള അറിവും യന്ത്രസാമഗ്രികളും കൈവശമില്ലാത്തതുകൊണ്ട്‌, അതുള്ള വ്യക്തിയേയോ പ്രസ്ഥാനത്തിനേയോ നിങ്ങള്‍ കണ്‍സള്‍ട്ടന്റ്‌ ആയി നിയമിക്കുന്നു. ചികിസ്ല ഇന്‍ഷ്വറന്‍സ്‌ വഴി ആണെങ്കിലും
വത്യാസമില്ല, നിങ്ങളുടെ കണ്‍സള്‍ട്ടന്‍സി കൂലി ബാദ്ധ്യതയെ നിങ്ങള്‍ പണമടച്ച്‌ ഇന്‍ഷ്വര്‍ ചെയ്യുന്നെന്നു മാത്രം.

ഇതേ കാരണം കൊണ്ട്‌ തന്നെ നിങ്ങള്‍ക്ക്‌ പരിപൂര്‍ണ്‍ന ബോദ്ധ്യവും വിശ്വാസവും വരാത്ത ഡോക്റ്റരെ പിരിച്ചുവിട്ട്‌ അടുത്തയാളിനെ നിയമിക്കാന്‍ അവകാശം നിങ്ങള്‍ക്കുണ്ടെന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നതു തന്നെയാവും ബുദ്ധി.

2. നിങ്ങള്‍ക്കറിയാത്ത ഒരു ഉടമ്പടിയും ഒപ്പുവയ്ക്കരുത്‌, ഇന്‍ഷ്വറന്‍സ്‌ പേപ്പറുകള്‍ പോലും.

3. നിങ്ങളുടെ ചികിത്സാസംബന്ധിയായ എല്ലാ റിപ്പോര്‍ട്ടുകളുടെയും പകര്‍പ്പ്‌ കിട്ടാന്‍ അവകാശമുണ്ട്‌ (രഘുനാഥ്‌ രഹേജ vs മഹാരാഷ്ട്രാ മെഡിക്കല്‍ കൌണ്‍സില്‍)
4. മരുന്നു ഗവേഷണമോ പരീക്ഷണമോ ആണ്‌ നിങ്ങളുടെ മേല്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത്‌ അറിയാനും തടയാനുമുള്ള അവകാശം (ഇതിനെക്കുറിച്ച്‌ മുന്‍പൊരു പോസ്റ്റില്‍ വിശദമായി എഴുതിക്കഴിഞ്ഞു)
5. ചികിത്സാ രീതികളും, ചികിത്സകന്റെ പേരുവിവരങ്ങളും മരുന്നുകളും അതുപയോഗിക്കേണ്ട വിധവും, പാര്‍ശ്വഫലങ്ങളും അറിയാനുള്ള അവകാശം
6. ആശുപത്രി നിങ്ങളുടെ അനുവാദമില്ലാതെ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കുകയോ മറ്റൊരാള്‍ക്ക്‌ കൈമാറുകയോ ചെയ്യുന്നത്‌ തടയാനുള്ള അവകാശം

7. ആശുപത്രി നിയമങ്ങള്‍ അറിയാനും അനുസരിക്കാനുമുള്ള കടമ
8. രോഗത്തെ സംബന്ധിക്കുന്ന തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഡോക്റ്ററോട്‌
പറയാനുള്ള കടമ
9. എല്ലാരോഗങ്ങള്‍ക്കും ചികിത്സയും ശാന്തിയും ഇല്ലെന്നും ഡോക്റ്റര്‍ക്കും പിഴവുകള്‍ ന്യായമായി സംഭവിച്ചേക്കാമെന്നും അറിയാനുള്ള കടമ

കടമകള്‍ നിറവേറ്റാതിരുന്നാല്‍ നിങ്ങള്‍ക്കെതിരേയും അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക്‌ ആശുപത്രിക്കെതിരേയും നിയമനടപടികള്‍ സ്വീകരിക്കാം. മെഡിക്കല്‍ കൌണ്‍സില്‍, കണ്‍സ്യൂമര്‍- സിവില്‍ ക്രിമിനല്‍ കോടതികള്‍ എന്നിവയില്‍ അന്യായം ബോധിപ്പിക്കുകയും നാഷ്ടപരിഹാരവും ശിക്ഷകളുമടക്കം പരിഹാരങ്ങളും രോഗിക്കും ഡോക്റ്റര്‍ക്കും തേടാവുന്നതുമാണ്‌.

ലംഘിക്കപ്പെടാത്ത ഒരവകാശവുമില്ല എന്ന ഒറ്റക്കാരണം മതി അവകാശങ്ങളെക്കുറിച്ച്‌ അറിയാന്‍. വൈദ്യത്തിന്റെ ഉപഭോക്താവാകാത്ത പരിഷ്കൃത മനുഷ്യനില്ല. അതിനാല്‍ വൈദ്യത്തെയും വൈദ്യനേയും ചികിത്സാരീതികളെക്കുറിച്ചും രോഗാവസ്ഥകളെക്കുറിച്ചും അറിയാന്‍ നാം ബാദ്ധ്യസ്തരാണ്‌.

ഗര്‍ഭരക്ഷ: സെര്‍ക്ലേജിംഗ്‌

അത്യാഹിതം സംഭവിച്ചശേഷം ചികിത്സിക്കല്‍ എന്നതില്‍ നിന്നും രോഗവും അപായവും ഒഴിവാക്കല്‍ ചികിത്സയിലേക്കുള്ള അലോപ്പതി സമ്പ്രദായത്തിന്റെ ആശാസ്യമായ മാറ്റത്തിന്റെ ഭാഗമാണ്‌ സെര്‍ക്ലേജിംഗ്‌ പോലെയുള്ള ഗര്‍ഭരക്ഷാനടപടികള്‍. cervical cerclage എന്നാല്‍ ഗര്‍ഭപാത്രത്തിന്റെ മുഖം (cervix) ചരടിട്ട്‌ മുറുക്കിക്കെട്ടല്‍ (cerclaging) എന്നാണ്‌ വാഗര്‍ത്ഥം.

1. സെര്‍ക്ലേജ്‌ എന്തിന്‌?
സ്വന്തം വളര്‍ച്ചക്കനുസരിച്ച്‌ ഭ്രൂണം ഗര്‍ഭപാത്രത്തിന്റെ ചുവരുകളില്‍ പുറത്തേക്ക്‌ മര്‍ദ്ദം ചെലുത്തുന്നു. ഈ മര്‍ദ്ദം മൂലം ശേഷി കുറഞ്ഞ ഗര്‍ഭപാത്രമുഖം (incompetent cervix) ഉള്ളവരില്‍ ഗര്‍ഭാശയം വളരെ നേരത്തേ തുറക്കുകയും 4 മുതല്‍ 7 വരെ മാസം ഗര്‍ഭിണീയായിരിക്കെ പൂര്‍ണ്ണവര്‍ച്ചയെത്താതെ പ്രസവിക്കുകയോ ഗര്‍ഭം അലസി പ്രസവിക്കുകയോ ചെയ്യാന്‍ സാദ്ധ്യത വളരെകൂടുതലാണ്‌. 100 ഗര്‍ഭങ്ങളില്‍ ഏകദേശം രണ്ടെണ്ണത്തില്‍ അ ഗര്‍ഭാശയ മുഖത്തിന്‌ ഇങ്ങനെ കണ്ടു വരുന്നു.

പ്രഥാനമായും നാലു കാരണങ്ങളാല്‍ ഗര്‍ഭാശയമുഖ ബലക്ഷയം സംഭവിക്കാം :
i. മുന്‍ പ്രസവങ്ങളില്‍ സംഭവിച്ച കേടുപാടുകള്‍
ii. ജന്മനാ ഉള്ള ഗര്‍ഭാശയ കേടുപാടുകള്‍
iii. നേരത്തേ നടത്തിയിട്ടുള്ള സേര്‍വിക്കല്‍ ശസ്ത്രക്രിയകള്‍ (ഉദാ: ഡി & സി അഥവാ ഡയലേഷന്‍ & ക്യൂററ്റേജ്‌)
iv. രണ്ടാം ലോക മഹായുദ്ധക്കാലത്ത്‌ ജനിച്ചയാളാണ്‌ ഗര്‍ഭിണിയെങ്കില്‍ അവര്‍ക്കു ചെറുപ്പത്തില്‍ ഉണ്ടായ ചില രാസവസ്തൂ സമ്പര്‍ക്കങ്ങള്‍ (ഇന്ത്യയില്‍ ഇത്‌ ഇല്ല)

ബലക്ഷയമുള്ള ഗര്‍ഭപാത്രങ്ങളെ സാധാരണ ഗതിയില്‍ തിരിച്ചറിയുക എളുപ്പമല്ല എങ്കിലും മൂന്നാം മാസത്തോടടുപ്പിച്ചുള്ള അള്‍ട്രാ സൌണ്ട്‌ സ്കാനില്‍ ഗര്‍ഭാശയത്തിന്റെ മുഖത്തിന്‌ നീളക്കൂടുതല്‍ ഉണ്ടോ എന്നളന്ന് ഏകദേശ കൃത്യതയോടെ അറിയാനാവും. മൂന്നു മാസം വളര്‍ച്ച കഴിഞ്ഞ ഭ്രൂണങ്ങളില്‍ 25% അപകടഛിദ്രങ്ങളും ബലക്ഷയമുള്ള സേര്‍വിക്സിനാലെ ഉണ്ടാകുന്നതാണെന്നതിനാല്‍ അതിനെ തിരിച്ചറിയലും ചികിത്സിക്കുന്നതും ഗര്‍ഭരക്ഷയില്‍ വളരെ വലിയ ഒരു പങ്ക്‌ വഹിക്കുന്നുണ്ട്‌. ഇന്ന് നിലവില്‍ ഉള്ളതില്‍ പ്രദ്ധാന ചികിത്സ സെര്‍വിക്കല്‍ സെര്‍ക്ലേജ്‌- (ലളിതമായ ഭാഷയില്‍) ഗര്‍ഭാശയമുഖം തുന്നിക്കെട്ടല്‍ -തന്നെയാണ്‌

2. സെര്‍ക്ലേജ്‌ ആര്‍ക്ക്‌, എപ്പോള്‍?
12 മുതല്‍ 15 ആഴ്ച്ച വരെയുള്ള ഗര്‍ഭകാലമാണ്‌ സെര്‍ക്ലേജിനു സാധാരണ തിരഞ്ഞെടുക്കാറ്‌. എന്നാല്‍ ഇതിനു ശേഷമുള്ള കാലത്ത്‌ ഗര്‍ഭാശയം തുറക്കുന്നതായി സംശയം തോന്നിയാലും അടിയന്തിര സെര്‍ക്ലേജ്‌ ചെയ്യാറുണ്ട്‌.

90 ശതമാനം ബലക്ഷയജന്യമായ അപകടങ്ങളും ഇല്ലാതാക്കാന്‍ സെര്‍ക്ലേജിനു സാധിക്കും. എന്നാല്‍ താഴെപ്പറയുന്നവരില്‍ സെര്‍ക്ലേജ്‌ നടത്താറില്ല.
i. 4 സെന്റിമീറ്ററില്‍ കൂടുതല്‍ ഗര്‍ഭാശയമുഖം തുറന്നു കഴിഞ്ഞവര്‍
ii. ഗര്‍ഭാശയമുഖത്ത്‌ ഇന്‍ഫ്കഷനുകളോ മറ്റ്‌ ക്ഷതങ്ങളോ സംഭവിച്ച്‌ ഇരിക്കുന്നവരില്‍
iii. ഗര്‍ഭം വളരെയേറെ പുരോഗമിച്ചു കഴിഞ്ഞശേഷം ബലക്ഷയം സംഭവിക്കുന്നവരില്‍
ഇങ്ങനെയുള്ളവര്‍ക്ക്‌ മുഴുനീള പരിപൂര്‍ണ്ണ വിശ്രമം മാത്രമേ നിവൃത്തിയുള്ളു.

3. പലതരം സെര്‍ക്ലേജുകള്‍
അഞ്ചുതരം സെക്ലേജുകള്‍ നിലവിലുണ്ട്‌. അതില്‍ പ്രധാനമായും മാക്‌ ഡൊണാള്‍ഡ്‌ സെര്‍ക്ലേജും ശിരോദ്കര്‍ സെര്‍ക്ലേജുമാണ്‌. മാക്‌ ഡൊണാല്‍ഡും ശിരോദ്കറും തമ്മിലുള്ള പ്രധാന വത്യാസം മാക്ക്‌ 37 ആഴ്ചയിലോ അല്ലെങ്കില്‍ പ്രസവലക്ഷണം തുടങ്ങുമ്പോഴോ ഊരി മാറ്റുകയും ശേഷം സാധാരണ ഗര്‍ഭമായി കണക്കാക്കുകയും ശിരോദ്കര്‍ രീതിയില്‍ തുന്നല്‍ ആജീവനാന്തം നിലനില്‍ക്കുകയും പ്രസവം സിസേറിയന്‍ വഴി മാത്രം സാദ്ധ്യമാവുകയും ചെയ്യുന്നു എന്നുള്ളതാണ്‌. മോഡിഫൈഡ്‌ ശിരോദ്കര്‍ എന്ന പുതിയ രീതിയിലും സ്റ്റിച്ചുകള്‍ ഗര്‍ഭാവസാനം ഊരിക്കളയാന്‍ സാദ്ധ്യമാണ്‌

പെര്‍മനെന്റ്‌ സ്റ്റിച്ച്‌ ആണോ താല്‍ക്കാലിക സ്റ്റിച്ച്‌ ആണോ എന്ന് ഡോക്റ്ററോട്‌ ചോദിച്ച്‌ മനസ്സിലാക്ക്കേണ്ടതുണ്ട്‌.

മൂന്നാമത്തെ രീതി ഹെഫ്നര്‍ മെതേഡ്‌ പ്രത്യേക തരം സ്റ്റിച്ചിനാലെ ഏറ്റവും കുറവ്‌ ബലക്ഷയമുള്ളവര്‍ക്ക്‌ ഏറ്റവും കുറഞ്ഞ തുന്നല്‍ നടത്താന്‍ ഉപയോഗിക്കുന്ന്നു

നാലാമത്തെ രീതിയായ യൂട്രോ കനാല്‍ ചികിത്സ മറ്റു രീതികള്‍ പരാജയപ്പെട്ടവര്‍ക്ക്‌ മിക്കവാറും ലാപ്പെറോസ്കോപ്പിക്ക്‌ ചികിത്സയായി നടത്തുന്നതും സിസേറിയന്‍ വഴി മാത്രം പ്രസവിക്കാനാകുന്നതുമാണ്‌.

അഞ്ചാം തരം സെര്‍ക്ലേജ്‌ - ലാഷ്‌ രീതി- ജന്മനാ സെര്‍വിക്സിനു തകരാറുള്ളവര്‍ക്ക്‌ മാത്രം ചെയ്യുന്നതാണ്‌.

4. ആശുപത്രിക്ക്‌ പോകാന്‍ തയ്യാറെടുപ്പ്‌
സ്റ്റിച്ചുകള്‍ ഇടുന്നതിനു തലേന്ന് പാതിരാത്രിക്ക്‌ ശേഷം ഒന്നും കഴിക്കാന്‍ പാടില്ല, മിക്കവാറും വെള്ളം കുടിക്കാനും പാടില്ലെന്ന് നിര്‍ദ്ദേശമുണ്ടാവും.
ഡോക്റ്റര്‍ വജൈനല്‍ അള്‍ട്രാസ്കാന്‍ അടക്കം പലതരം പരിശോധനകളും നടത്തും.

5. സെര്‍ക്ലേജ്‌ ചെയ്യുമ്പോള്‍
രാവിലെ മുതല്‍ IV ഡ്രിപ്പ്‌ കൊടുക്കാറുണ്ട്‌.

ഗര്‍ഭിണിയുടെ ആരോഗ്യവും സ്റ്റിച്ചിന്റെ രീതിയും മറ്റും കണക്കിലെടുത്ത്‌ ലോക്കലോ ജനറലോ അനസ്തീഷ്യ നല്‍കുന്നു
സ്റ്റിച്ച്‌ ഇടാന്‍ 15 മുതല്‍ 30 മിനുട്ട്‌ വേണ്ടിവരാറുണ്ട്‌
അതിനു ശേഷം 4 മുതല്‍ 12 മണിക്കൂര്‍ വരെ ആശുപത്രിയില്‍ കിടത്തുകയും സാധാരണമാണ്‌.
ചെറിയ ബ്ലീഡിങ്ങും ക്രാംപ്‌ അഥവാ കൊളുത്തിപ്പിടിക്കുനതുപോലെയുള്ള വേദനയും സാധാരണയാണെങ്കിലും ഡോക്റ്ററേ അറിയിക്കേണ്ടതുണ്ട്‌
ഡിസ്ച്ചാര്‍ജ്‌ ചെയ്തു കഴിഞ്ഞിട്ട്‌ കുറച്ചു ദിവസം പരിപൂര്‍ണ്ണ ബെഡ്‌ റെസ്റ്റും അതിനുശേഷം ഭാഗിക ബെഡ്‌ റെസ്റ്റും പറയുകയാണ്‌ ചെയ്യാറ്‌.

6. പ്രതിസന്ധികള്‍
അപൂര്‍വമായേ പ്രതിസന്ധികള്‍ ഉണ്ടാവാറുള്ളു. എങ്കിലും
i. കോണ്ട്രാക്ഷന്‍ അതായത്‌ പ്രസവം പോലെയുള്ള വേദന
ii. ഡോക്റ്റര്‍ പ്രതീക്ഷിക്കാന്‍ പറഞ്ഞതിലും കൂടുതല്‍ രക്തം പോക്ക്‌
iii. 100 ഡിഗ്രീയിലും കൂടുതല്‍ പനി
iv. ദുര്‍ഗന്ധമുള്ള വെള്ളപോക്ക്‌
v. ഗര്‍ഭസ്രാവങ്ങള്‍ ഒലിക്കല്‍
എന്നിവയുണ്ടായാല്‍ അടിയന്തിരമായി ഡോക്റ്റര്‍ക്ക്‌ ഫോണ്‍ ചെയ്യുക

സെര്‍ക്ലേജ്‌ നടത്തിയിട്ടുള്ള കാര്യം ഗര്‍ഭകാലം മുഴുവന്‍ ഓര്‍മ്മിക്കുകയും അഴിച്ചു
മാറ്റേണ്ട സമയത്ത്‌ കൃത്യമായി ആശുപത്രിയില്‍ എത്തുകയും അവശ്യം വേണ്ടതാണ്‌.

സ്റ്റിച്ച്‌ എടുക്കാന്‍ നിസ്സാരമായ സമയം മതി. എന്നാല്‍ എടുക്കാതെ പ്രസവത്തിലേക്ക്‌ നീങ്ങിപ്പോയാല്‍ ഗര്‍ഭപാത്രത്തിന്‌ കേടുപാടുകള്‍ സംഭവിച്ചേക്കാം എന്നതിനാല്‍ എല്ലാ ഡോക്റ്ററോടും ഓരോതവണയും സെര്‍ക്ലേജ്‌ ഉള്ള കാര്യം ഓരോ സന്ദര്‍ശനത്തിലും ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്‌.

7. ശേഷം ഗര്‍ഭകാലം
ഭാരം ഉയര്‍ത്താതെയും വളരെ ആയാസപ്പെടാതെയും നോക്കേണ്ടതുണ്ട്‌

ഡോക്റ്റര്‍ പറഞ്ഞ സമയത്തെല്ലാം ചെക്ക്‌ അപ്പ്‌ നടത്തേണ്ടതുണ്ട്‌
ചിലപ്പോള്‍ മരുന്നുകളും കഴിക്കാന്‍ പറഞ്ഞേക്കാം.

ലൈംഗികബന്ധം ഒഴിവാക്കാന്‍ സാധാരണ പറയാറുണ്ട്‌.

8. പ്രസവശേഷം
മിക്കവാറും ഒരിക്കല്‍ സെര്‍ക്ലേജ്‌ നടത്തിക്കഴിഞ്ഞാല്‍ ശേഷമുള്ള ഗര്‍ഭത്തില്‍ വീണ്ടും വേണ്ടിവരുന്നതായാണ്‌ കാണുന്നത്‌ .

ഗിനിപ്പന്നികളാകാതിരിക്കാന്‍

പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും, കേരളാ യൂണിവാഴ്സിറ്റി മുന്‍ വൈസ്‌ ചാന്‍സലറും ന്യൂറോസര്‍ജ്ജനുമായ ഡോ. ഇക്‌ബാല്‍ ഇത്തവണത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ വളരെ ആശങ്കാകുലനായി ലോകത്തിലെ എറ്റവും വലിയ പേഷ്യന്റ്‌ ഔട്ട്‌ സോഴ്സിംഗ്‌ കേന്ദ്രമായി ഇന്ത്യ മാറുന്നതിനെക്കുറിച്ച്‌ എഴുതിയിരുന്നു.

പൊളിച്ചെഴുത്തിലൂടെ കൂടുതല്‍ ദുര്‍ബ്ബലമാക്കപ്പെട്ട മരുന്നു നിയമം അനുശാസിക്കുന്ന സംരക്ഷണം പോലും ഇല്ലാതെയും "അറിഞ്ഞുകൊണ്ടുള്ള സമ്മതം" informed consent" എന്ന കരാര്‍ നിയമത്തിന്റെ അടിസ്ഥാന തത്വം പോലും ലംഘിക്കപ്പെട്ടും ആണ്‌ ഇന്ത്യക്കാരനെ ഗിനിപ്പന്നിയാക്കി പരീക്ഷണങ്ങള്‍ നടത്തുന്നതെന്നുമുള്ള വേദനാജനകമായ സത്യം ഡോ. ഇക്ബാല്‍ വെളിപ്പെടുത്തുമ്പോള്‍ ഒരു പുതിയ ആരിവാകുന്നില്ലെങ്കില്‍പ്പോലും പുനര്‍വിചിന്തനങ്ങള്‍ക്കു പ്രചോദനമാകുന്നു.

പരീക്ഷണത്തോത്‌ എത്രത്തോളം?
2010 ആണ്ടോടെ രണ്ടു മില്ല്യണ്‍ രോഗികളെങ്കിലും പരീഷണവിധേയരായി ഇന്ത്യയില്‍ ഉണ്ടാവുമെന്ന് ബി ബി സി വാര്‍ത്തയില്‍ പറയുന്നു. ഇതെന്താണെന്നു മനസ്സിലാക്കി സമ്മതമോ വിസമ്മതമോ പ്രകടിപ്പിക്കാനുള്ള അറിവും പരിജ്ഞാനവുമില്ല ഇന്ത്യയില്‍ രോഗികള്‍ക്കെന്നതും ഇതെന്തെന്നു മനസ്സിലാക്കിക്കൊടുക്കാനുള്ള ഉദ്ദേശം ആശുപത്രികള്‍ക്കില്ലാ എന്നതും പോകട്ടെ , എന്തു സംഭവിക്കുന്നെന്ന് ഡോക്റ്റര്‍മാര്‍ക്കു പോലും കൃത്യമായി അറിവില്ല (ഡോ
ഇക്ബാലിന്റെ ലേഖനപ്രകാരം ഇന്ത്യയില്‍ വൈദ്യവൃത്തി ചെയ്യുന്ന അഞ്ചു ലക്ഷം അലോപതി ഡോക്റ്റര്‍മാരില്‍ ഒരു ശതമാനം മാത്രമേ മരുന്നു ഗവേഷണ പരിശീലനം കിട്ടിയവര്‍ ഉള്ളൂ)

പരീക്ഷണം- നിയമവും സാമാന്യ നീതിയും മറികടന്ന്
മൃഗങ്ങളില്‍ പോലും പരീക്ഷിച്ചിട്ടില്ലാത്ത M4N ഇഞ്ജക്ഷന്‍ അസംഖ്യം മലയാളികളുടെ മ്മേല്‍ പ്രയോഗിച്ചത്‌ ഒരു സര്‍ക്കാര്‍ hospital ആയിരുന്നു (as told by Dr, NV Bhattathiri to BBC) അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ നവജാത ശിശുക്കളില്‍ വയാഗ്ര പരീക്ഷിച്ചതും (ഇന്‍സ്റ്റിറ്റ്യൂട്ട്‌ വെബ്‌ സൈറ്റില്‍ തന്നെ ഉണ്ട്‌ ഈ വിവരം) പ്രസ്തുത ശിശുക്കളുടെ ഇന്‍ഫോംഡ്‌ കണ്‍സന്റോടെ ആയിരിക്കില്ലല്ലോ . ബീബീസി ഇന്റര്‍വ്യൂവുകളില്‍ ഒരൊറ്റ രോഗി പോലും താന്‍ പരീക്ഷണവസ്തുവാണെന്ന് അറിയാം എന്നു പറഞ്ഞില്ലയത്രേ.

Alden March Bioethics Institute ഡയറക്ടര്‍ ഗ്ലെന്‍ മാക്‌ ഗീ, സൈന്റിസ്റ്റ്‌ മാസികയില്‍ ഇങ്ങനെ എഴുതി " ഇന്നു മോഹന്‍ ദാസ്‌ ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം സ്ഥാപിച്ച സേവാശ്രം അടച്ചു പൂട്ടാന്‍ ജാഥകള്‍ സംഘടിപ്പിക്കുമായിരുന്നു" (ദയാരഹിതമായ വഞ്ചനകളാണ്ട്‌ നിരക്ഷരരായ പാവങ്ങളുടെ മേല്‍ ഗവേഷണമെന്നു പോലും അറിയിക്കാതെ മരുന്നുകള്‍ നല്‍കി സേവാശ്രമില്‍ ഇന്നു നടത്തുന്നതെന്നാണ്‌ ഈ ലേഖനത്തിന്റെ രത്നച്ചുരുക്കം)

എങ്ങനെ സ്വയമറിയാതെ ഗിനിപ്പന്നിയാകുന്നതിനെ തടുക്കാം?
1.ഒരാശുപത്രിയിലും മുഴുവനായി വായിച്ചു നോക്കാതെ ഒന്നും ഒപ്പിട്ടു നല്‍കരുത്‌ . മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ പേപ്പര്‍ പോലും.

2. ആശുപത്രിയില്‍ നിന്നും തരുന്ന മരുന്നുകള്‍, പ്രത്യേകിച്ച്‌ ലേബലുകള്‍ ഇല്ലാത്തവ, നമ്മള്‍ സ്വീകരിക്കാതിരിക്കുക.

3. എന്തു തരം മരുന്നു തന്നാലും അതിന്റെ ജെനറിക്ക്‌ നെയിം അതായത്‌ അതിലടങ്ങുന്ന രാസവസ്തുവിന്റെ പേര്‍ (ഉദാ. ബ്രൂഫന്‍ എന്ന മരുന്നിന്റെ ഗെനെരിക്‌ നെയിം ആണു ഐബുപ്രൂഫന്‍ - കവറില്‍ തന്നെ കാണാം, അതുപോല്‍ പ്ലാവിക്സ്‌ ആണ്‌ ക്ലോപ്പിഡോഗ്രല്‍ എന്നും കാണാം, ക്രെസ്റ്റര്‍ എന്ന മരുന്ന് റോസുവാസ്റ്റിന്‍ എന്ന രാസവസ്തുവാണ്‌) ഇന്റര്‍നെറ്റില്‍ ഒന്നു സേര്‍ച്ച്‌ ചെയ്യുക (ഗൂഗ്ഗിള്‍ സാധാരണയായി ഈ മരുന്നുകളുടെ വിശദമായ അനാലിസിസ്‌ തരും. കാണാത്തതെന്തും സംശയാസ്പദമായ മരുന്നാണ്‌, ഉദാഹരണത്തിന്‌ M4N എന്നു അന്വേഷിച്ചാല്‍ ഡ്രഗ്‌ ട്രയല്‍ റിപ്പോര്‍ട്ട്‌ മാത്രമേ കാണൂ, ഇതില്‍ നിന്നും മരുന്ന് പൊതു വിപണിയില്‍ വില്‍ക്കാന്‍ തുടങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കാം. drugs.com എന്ന സൈറ്റ്‌ മിക്ക മരുന്നുകളെക്കുറിച്ചും ആധികാരികമായ വിവരങ്ങള്‍ തരും.

ബംഗാളില്‍ നിരോധിത മരുന്ന് വന്ധ്യംകരണത്തിന്‌ ഉപയോഗിക്കുന്നുണ്ടത്രേ. ആ സാധു സ്ത്രീകള്‍ക്ക്‌ quinacrine എന്ന് ഇന്റര്‍നെറ്റ്‌ സേര്‍ച്ച്‌ ചെയ്യാനാവുമായിരുന്നെങ്കില്‍ ഈ പാതകത്തിന്‌ ഒരു ഡോക്ടറും ധൈര്യപ്പെടുമായിരുന്നില്ല.

4. ഓരോ മരുന്നുകളും ശരീരത്തില്‍ രാസമാറ്റങ്ങള്‍ വരുത്തുന്നു എന്നതിനാല്‍ ഉറപ്പില്ലാതെ ഒന്നും കഴിക്കാനേ പാടില്ല. വഴിയില്‍ കിടക്കുന്ന ആകര്‍ഷകമായ ഒരു വസ്തു എടുത്തു തിന്നാന്‍ ഒരിക്കലും ധൈര്യപ്പെടാത്ത നമ്മള്‍ നേഴ്‌സ്‌ വായിലിട്ടു തരൂന്ന ഊരും പേരുമില്ലാത്ത ഗുളിക ധൈര്യ പൂര്‍വ്വം വിഴുങ്ങുന്നത്‌ വൈദ്യശാസ്ത്രത്തിന്റെ മര്യാദകളിലുള്ള വിശാസത്തിന്റെ ആഴക്കൂടുതല്‍ കൊണ്ടാണ്‌. ആ വിശ്വാസം ചൂഷണം ചെയ്യപ്പെടുന്ന ഇക്കാലത്ത്‌, ബോദ്ധ്യമാകുംവരെ അന്വേഷിച്ചശേഷം മാത്രം മരുന്നുകള്‍ സ്വീകരിക്കുന്നതാണ്‌ ഉത്തമം.

എണ്ണയുടെ രസതന്ത്രം
ഭക്ഷ്യയെണ്ണകള്‍ ഫാറ്റി ആസിഡ്‌ എന്ന ഹൈഡ്രോകാര്‍ബണുകള്‍ ആണ്‌. രണ്ടു ഹൈഡ്രജനും ഒരു കാര്‍ബണും കൂടിയാലെണ്ണയായി. ദ്രവരൂപത്തിലെ കൊഴുപ്പുകള്‍ എന്നു മനസ്സിലോര്‍ത്താല്‍ എണ്ണയെ മനസ്സിലാക്കാനെളുപ്പമായി.

ഭക്ഷ്യ എണ്ണയെന്ന ഫാറ്റി ആസിഡില്‍ ഒരു കാര്‍ബണിനു രണ്ടു ഹൈഡ്രജനെ താങ്ങാവുന്ന രീതിയിലാണു ജോഡിക്കല്‍. ഒരോ കാര്‍ബണാറ്റത്തിനും രണ്ടു കെട്ടിയോന്‍ വീതമുള്ള തടിച്ചിക്കോതയെ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ എന്നും ഒരു പെയറിനു മാത്രം ഹൈഡ്രജന്‍ ബോണ്ടിംഗ്‌ ഇല്ലാത്ത ചേട്ടനെ മോണോ അണ്‍ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ എന്നും പല പെയറിലും ഹൈഡ്രജന്‍ തികയാത്ത ജോഡിക്കലിനെ പോളി അണ്‍സാചുറേറ്റഡ്‌ ഫാറ്റ്‌ എന്നും പറയും. എണ്ണകളെല്ലാം ഈ മൂന്നു തരം ഫാറ്റി ആസിഡുകളുടേയും ഒരു മിശ്രിതം ആണ്‌. ചേരുവകളുടേ ഏറ്റക്കുറച്ചിലുകള്‍ http://en.wikipedia.org/wiki/Cooking_oil എന്ന ഭാഗത്ത്‌ വിക്കിയിലുണ്ട്‌.

എന്താണു ഫാറ്റ്‌ ശരീരത്തില്‍ ചെയ്യുന്നതെന്ന് കാണുമ്പോള്‍ എണ്ണയെക്കുറിച്ചുള്ള ചിത്രം പൂര്‍ത്തിയാകുന്നു.സാച്ചുറേറ്റഡ്‌ ഫാറ്റുകളെ ഒറ്റയടിക്ക്‌ ശരീരം എല്‍ ഡി എല്‍ ആക്കുന്നു. മോണോ അണ്‍സാചുറേറ്റഡ്‌ ഫാറ്റിനെ കുറഞ്ഞ തോതിലും പോളി അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റ്‌ വളരെ നേരിയ തോതിലും എല്‍ ഡി എല്‍ നിര്‍മ്മാണത്തെ കൂട്ടുന്നു. കൊഴുപ്പധികമാകുമ്പോള്‍ ശരീരം ഐക്കസനോയിഡ്‌ മാക്രൊഫാഗസ്‌ എന്നിവയെ വിട്ട്‌ അതിനെ പിടിച്ചെടുക്കാന്മ്‌ ശ്രമിക്കുന്നു. മാരകമായ ധമനീരോഗമെന്ന (arteriosclerosis) എന്ന ഹൃദ്രോഗത്തിന്റെയും സ്ട്രോക്കിന്റെയുംപിതാവിനു ഐക്കസനോുയിടും മാക്രോഫാഗസും എങ്ങനെ കാരണമാകുന്നു എന്നറിയാല്‍ എന്താണു കൊളസ്റ്റ്രോള്‍ എന്ന അദ്ധ്യായത്തില്‍ വായിച്ചിരിക്കുമല്ലോ. അപ്പോള്‍ പോളി അണ്‍ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ആണ്‌ എറ്റവും നല്ലതെന്ന് ന്യായമായും തോന്നും (അടുത്ത സമയം വരെ അലോപ്പതി ഈ വാദം ഉന്നയിച്ചിരുന്നു), വരട്ടെ.

ഹൈഡ്രജനില്ല്ലാതെ ആര്‍ത്തി മൂത്തു നടക്കുന്ന അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ആദ്യം കാണുന്ന ഓക്സിജനെ പകരം വലിച്ചു കേറ്റുന്നു. ഓക്സിഡേഷന്‍ എന്ന ഈ "റാണിയില്ലേല്‍ തോഴി" പരിപാടിയില്‍ അധികം വന്ന എലക്ര്ട്രോണുകളെ ഫാറ്റ്‌ പുറത്തു വിട്ടുകളയും. ഈ പൈശാച വിവാഹത്തിലെ അനാഥ ബാലന്മാരായ എലക്ട്രോണുകള്‍ - ഫ്രീ റാഡിക്കത്സ്‌- വലിയ അപകടകാരികളാണ്‌. പോകുന്ന വഴി എല്ലാം തകര്‍ത്ത്‌ തരിപ്പണമാക്കി സഞ്ചരിക്കുന്ന ഇവരെ നശിപ്പിച്ചില്ലെങ്കില്‍ മ്രണമുണ്ടാവുമെന്ന് ഭയന്ന് ശരീരം ഐക്കസനോിഡിനെയും മറ്റ്‌ ഇമ്മ്യൂണ്‍ സെല്ലുകളേയും യുദ്ധത്തിനയക്കാന്‍ വീണ്ടും നിര്‍ബന്ധിതമാകുന്നു.

ചുരുക്കി പറഞ്ഞാല്‍ തികച്ചും ഭിന്നമായ രണ്ടു രീതിയിലാണെങ്കിലും സാചുറേറ്റഡ്‌ ഫാറ്റും അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റും നമ്മേ രോഗിയാക്കിക്കളയുന്നു ഇമ്മ്യൂണ്‍ സെല്ലുകളുടെ ഇന്‍ഫ്ലമേറ്ററി റെസ്പോണ്‍സ്‌ ക്യാന്‍സര്‍ റ്റ്യൂമര്‍ മുതലായാ രോഗങ്ങള്‍ക്കും മൂലകാരണമാകുന്നു.ഇതാണ്‌ എണ്ണക്കെണി.

എണ്ണയുടെ ഓക്ഷിഡേഷന്‍ എന്ന എരിതീയില്‍ എണ്ണയൊഴിക്കലാണ്‌ എണ്ണ തിളപ്പിക്കല്‍ എന്നതിനാല്‍ തിളക്കുംതോറും എണ്ണ ല്‍കൂടുതല്‍ അപകടകാരിയാകുന്നു. വറുത്ത ഭക്ഷണം കൊലയാളിയാകുന്നത്‌ ഫ്രീ റാഡിക്കലും ഇമ്മ്യൂണ്‍ സെല്ലുകളും തമ്മിലുള്ള യുദ്ധം മൂലമാണെന്ന് വ്യക്തമായല്ലോ. smoke point വളരെ ഉയര്‍ന്ന എണ്ണകള്‍ തിള അധികം ആകാതെ ആഹാരം വേവിക്കുന്ന്നു എന്നതിനാല്‍ അഭികാമ്യം ആണ്‌.

വെളിച്ചെണ്ണ നല്ലതോ ചീത്തയോ?
ഏത്‌ എണ്ണയും നല്ലതെന്നും ചീത്തയെന്നും പറയുന്നത്‌ കത്തിക്കുത്തു വേണോ കൂമ്പിനിടി വേണോ എന്നു ഗൂണ്ട ചോദിക്കുമ്പോള്‍ നമ്മള്‍ സെലെക്റ്റ്‌ ചെയ്യുമ്പോലെയേ ഉള്ളു എന്നൂ ബോദ്ധ്യമായല്ലോ. എണ്ണ പരമാവധി ഒഴിവാക്കുക (ചില എണ്ണകള്‍ വിറ്റാമിന്‍ ഏയും ഡിയും തരുന്നുണ്ട്‌ എങ്കിലും അതിനു വളരെ നല്ല മറ്റു മാര്‍ഗ്ഗങ്ങളുമുണ്ട്‌)വെളിച്ചെണ്ണ നല്ലതെന്നും ചീത്തയെന്നും രണ്ട്‌ ഗവേഷണമുണ്ടായെന്നു പത്രങ്ങള്‍ വെണ്ടക്കാ നിരത്തിയത്‌ ഓര്‍മ്മയില്ലേ? വിക്കി റ്റേബീല്‍ ഒന്ന്നു കൂടി നോക്കാം. വെളിച്ചെണ്ണ 92% സാച്ചുറേറ്റഡ്‌ കലേഷ്‌, 6% മോണോ വിശാലന്‍ 2% പോളി ദേവന്‍. വളരെ വ്യക്തമായില്ലേ കാര്യം? എല്‍ ഡി എല്‍ തീയറിയില്‍ വെണ്ണയെക്കാള്‍ വെളിച്ചെണ്ണയാണു മാരകം കാരണം എതാണ്ട്‌ മൊത്തത്തില്‍ ഈ സംഭവം സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ആണ്‌. എന്നാല്‍ ഓക്സിഡേഷന്‍ തീയറി അനുസരിച്ച്‌ പോളി അണ്‍ സാച്ചുറേറ്റഡ്‌ ഫാറ്റ്‌ തീരെയില്ലാത്തതിനാല്‍ വെളിച്ചെണ്ണ നല്ലതും ആണ്‌.

എന്തു വേണം? സ്വയം തീരുമാനിക്കുക. രക്തത്തിലെ എറ്റവും വലിയ ഓക്സിഡേഷന്‍ പുകവലിക്കുമ്പോഴും പലതവണ തിളച്ച എണ്ണ കഴിക്കുമ്പോഴുമാണ്‌ സംഭവിക്കുക. പുകവലിക്കാരനും ബീഫുവറുത്തു തീറ്റിക്കാരനും വെളിച്ചെണ്ണ നല്ല നല്ല അസുഖങ്ങള്‍ തരുമെന്നതിനു രണ്ടു പക്ഷമില്ല. വളരെ മിതമായി കറിച്ചട്ടിയില്‍ ഒഴിക്കുന്ന വെളിച്ചെണ്ണ ഒരുപക്ഷേ ഓക്സിഡേഷനുണ്ടാക്കുന്ന ഭക്ഷണം കഴിക്കാത്തയാളിനു ഉപദ്രവം ഉണ്ടാക്കില്ലായിരിക്കാം.മാരകമായ എണ്ണകള്‍ട്രാന്‍സ്‌ ഫാറ്റ്‌, കനോല എന്നീ രണ്ടുതരം എണ്ണകള്‍ വളരെ മാരകവും നിരോധനം എതു നിമിഷവും സംഭവിക്കാവുന്നതുമാണ്‌.റേപ്പ്‌ സീഡ്‌ എന്ന കുരുവില്‍ നിന്നും എടുക്കുന്ന കനോല എണ്‍യില്‍ യൂറിക്ക്‌ ആസിഡ്‌ എന്ന ഹൃദയ പേശീനാശിനി ഉണ്ട്‌ (ഫാക്റ്ററിയില്‍ ഇതു നീക്കം ചെയ്യാറുണ്ടെങ്കിലും ഒരു ശതമാനത്തോളം ബാക്കിയാവുന്നുണ്ടെനാണ്‌ റിപ്പോര്‍ട്ട്‌)

ട്രാന്‍സ്‌ ഫാറ്റ്‌ അല്ലെങ്കില്‍ ഹൈഡ്രജനേറ്റഡ്‌ എണ്ണ.
ഒരു ഫാക്റ്ററി വഴി ഇറങ്ങി വന്ന എന്തും വാങ്ങുമ്പോള്‍ ട്രാന്‍സ്‌ ഫാറ്റ്‌ അല്ലെങ്കില്‍ ഹൈഡ്രജനേറ്റഡ്‌ ഓയില്‍ ഉണ്ടോ എന്നു നോക്കുക. പലതരം ഭക്ഷ്യവസ്തുക്കളേയും ചീത്തയാകാതെ നോക്കുന്ന ഈ ഹൈഡ്രജനേഷന്‍ ഹൃദയരോഗങ്ങളും ക്യാന്‍സറുമടക്കം പല മാരകമായ അസുഖങ്ങള്‍ക്കും മുഖ്യ കാരണമാകുന്നെന്‍ എഫ്‌ ഡി എ അടക്കം എല്ലാ ആരോഗ്യ നിയന്ത്രണ സ്ഥാപനങ്ങളും സമ്മതിച്ചെങ്കിലും ബില്യണുകള്‍ കരം കെട്ടുന്ന കൈക്കൂലിലുന്‍ നല്‍കുന്ന ഭക്ഷ്യക്കമ്പനികള്‍ക്ക്‌ ഷെല്‍ഫ്‌ ലൈഫ്‌ കൂട്ടുന്ന ഈ കൊടും വിഷമുപയോഗിക്കുന്നത്‌ നിരോധിക്കാനൊരു ഉത്തരവിറക്കാന്‍ ധൈര്യം ഇതുവരെ വന്നിട്ടില്ല (അമേരിക്കയില്‍ പലയിടത്തും ഇതു നിരോധിക്കാനുള്ള പൊതുജന താല്‍പര്യ കേസുകള്‍ നിലവില്‍ നടക്കുന്നുണ്ട്‌. മാക്‌ ഡോണള്‍ഡ്‌ അമേരിക്കയില്‍ ട്രാന്‍സ്‌ ഫാറ്റ്‌ പിന്‍ വലിച്ചെങ്കിലും മറ്റുള്ള സ്ഥലത്ത്‌ ഉപയോഗിക്കുന്നെന്ന് പത്രക്കുറിപ്പ്‌)സാധാരണയായി ഈ കൊലയാളി എണ്ണ സാധാരണയായി കൂക്കികള്‍ ,ബിസ്കറ്റുകള്, ‍ഇന്‍സ്റ്റന്റ്‌ ശാപ്പാട്, ‌ചിപ്സ്, ‌ഫ്രെഞ്ച്‌ ഫ്രൈ, പീനട്ട്‌ ബട്ട, ര്‍ഐസ്‌ ക്രീം, ബ്രെഡ്‌എന്നിവയില്‍ കാണുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരഞ്ചു മിനുട്ട്‌ അധികം എപ്പോഴുമെടുക്കുക ലേബല്‍ വായിക്കാന്‍.

ഞാനും എണ്ണയും
പരമാവധി എണ്ണ ഒഴിവാക്കുന്നു ഞാന്‍, എണ്ണ ഒരു പ്രയോജനവും തരാത്ത വസ്തു. ചട്ടി കരിയും, താളിക്കാന്‍ വയ്യാ എന്നൊക്കെ പറഞ്ഞ്‌ വിദ്യ കുറേശ്ശെ എണ്ണ എടുക്കും. അതിനാല്‍ വീട്ടില്‍ റെഫൈന്‍ഡ്‌ ഒലിവ്‌ എണ്ണ വാങ്ങുന്നു. എന്റെ കണക്കില്‍ എറ്റവും കുറച്ച്‌ ദോഷം ഒലിവെണ്ണ ചെയ്യുന്നു. ഒലിവെണ്ണയില്‍ കൂൊടുതലും മോണോ അണ്‍സാച്ചുറേറ്റഡ്‌ ഫാറ്റ്‌ ആയതിനാല്‍ എറ്റവും കുറവ്‌ എല്‍ ഡി എല്‍ വര്‍ദ്ധനയും ഫ്രീ റാഡിക്കല്‍ നിര്‍മ്മാണവുമേ നടക്കുന്നുള്ളൂ. സ്മോക്ക്‌ പോയിന്റും തൃപ്തികരം. വില മാത്രം കടുപ്പം. അളവു കുറച്ചാല്‍ വിലയേയും ഒതുക്കാം!മൃഗജന്യമായ എണ്ണകള്‍ - വെണ്ണ/ നെയ്യ്‌ എന്ന പശുക്കൊഴുപ്പുകളും പന്നി നെയ്യും ഞാന്‍ ഉപയോഗിക്കാതിരിക്കുക.. മാംസം വറുത്ത്‌ ഉപയോഗിക്കാത്ത അതേ കാരണങ്ങള്‍ തന്നെ. (പ്രത്യേകിച്ച്‌ ഒരസുഖവുമില്ലാത്തവര്‍ക്ക്‌ ഇത്തിരി നെയ്യു കഴിക്കണമെന്നു തോന്നിയാല്‍ ചൂടു ചോറിലൊരു തുള്ളി ഇറ്റിച്ചാല്‍ മതി . എന്തിനു അതിന്റെ ചട്ടീല്‍ ഇട്ടു വറുക്കുന്നത്‌?)

ആന്റി ഓക്സിഡന്റ്‌
ഇന്നു വരെ കണ്ടുപിടിച്ചതില്‍ വച്ച്‌ ഏറ്റവും ശക്തവും ഫലപ്രദവും നിരുപദ്രവിയുമായ ആന്റി ഓക്സിഡന്റ്‌ ആണ്‌ വൈറ്റമിന്‍ സി. എല്ലാവരും പൊതുവില്‍ വൈറ്റമിന്‍ സി ആവശ്യത്തിനു കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എണ്ണ വറുത്തു കഴിക്കുന്നവര്‍ ശര്‍മ്മാജി, വള്ളുവനാടന്‍ തുടങ്ങി പുകവലിക്കാര്‍, ഞാന്‍, സിദ്ധാര്‍ത്ഥന്‍, കണ്ണൂസ്‌ തുടങ്ങി എക്സ്‌ പുകവലിക്കാര്‍, അതുല്യാദി പാസ്സീസ്‌ സ്മോക്കര്‍മാര്‍ എന്നിവര്‍ വിറ്റാമിന്‍ സി ഡയറ്ററി സപ്പ്ലിമന്റ്‌ കഴിക്കുന്നത്‌ വളരെ ചെറിയ ഒരംശം ആണെങ്കിലും ഓക്സിഡേഷനില്‍ നിന്നും സംരക്ഷണം തരുന്നു. ആ ചെറിയ മാര്‍ജ്ജിന്‍ പോലും വളരെ വിലപ്പെട്ടതല്ലേ? വിറ്റാമിന്‍ സിയും
അതിന്റെ മാന്ത്രികശക്തി കണ്ടു പിടിച്ച നോബല്‍ ലാവ്രേറ്റ്‌ ഡോ. ലീനസ്‌ പോളിങ്ങും നീണാള്‍ വാഴ്ക!

മറ്റ്‌ ആന്റി ഓക്സിഡന്റ്‌- ആന്റി ഇന്‍ഫ്ലമന്റുകള്‍
ഡോ ബാരി സീയേര്‍സ്‌ എന്ന ഇന്നിന്റെ ആന്റി ഇന്‍ഫ്ലമേഷന്‍ പുലിയുടെ നിരീക്ഷണത്തില്‍ ഓക്സിഡന്റ്‌-റാഡിക്കലാദി കാരണങ്ങളാലുണ്ടാകുന്ന ഇന്‍ഫ്ലമേഷനെ ഒലിവെണ്ണ, വൈന്‍, ഇഞ്ചി, കറ്റാര്‍വാഴ, മഞ്ഞള്‍ എന്നിവക്ക്‌ കുറേശ്ശെ തടുക്കാന്‍ കഴിയും.

ക്രിതൃമമായ ആന്റി ഇന്‍ഫ്ലമന്റുകള്‍ - വിറ്റാമിന്‍ ഈ , കോ എന്‍സൈം Q10 എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ പ്രാഥമിക ഘട്ടത്തിലെത്തി നില്‍ക്കുന്നതേയുള്ളു.

ശാസ്ത്രം, അറിവ്‌, തിരിച്ചറിവ്‌

ആരോഗ്യത്തെക്കുറിച്ച്‌ പ്രത്യേകമായിട്ടല്ലെങ്കിലും ബഹുവര്‍ണ്ണക്കുടയില്‍ സ്നേഹിതന്‍ നാട്ടറിവുകള്‍ ബ്ലോഗിലെത്തിക്കാന്‍ ആഹ്വാനം ചെയ്തതുമുതല്‍ ഞാന്‍ ചിന്തയിലാണ്‌. അതിന്റെ ആവശ്യകത എനിക്കും ബോദ്ധ്യമായതാണ്‌:

ആരോഗ്യം എന്ന വിഷയം കേന്ദ്രീകരിക്കുന്ന ഈ ബ്ലോഗ്‌ ഇതുവരെ പ്രഥാനമായും എഴുതിയത്‌ ആരോഗ്യസംബന്ധിയായ അറിവുകളെക്കുറിച്ചാണ്‌. മലയാളത്തിലല്ലെങ്കിലും ഇത്തരം basic information ഇന്റര്‍നെറ്റില്‍ ലഭ്യമായിരിക്കുമെന്ന് തോന്നുന്നു. അതിനാല്‍ വീണ്ടും അതെഴുതുന്നതൊരു പാഴ്പ്പരിശ്രമം അല്ലേയെന്ന് ആശങ്ക.

അതേസമയം ലോക്കലൈസ്ഡ്‌ അറിവുകള്‍ ഇന്റര്‍നെറ്റില്‍ തുലോം കുറവാണ്‌. വക്കാരി പറയുന്ന എന്നും കഴിക്കുന്ന ആ സദ്യ ആസിഡ്‌ റിഫ്ലക്സ്‌ ഉള്ള ഒരു വ്യക്തിക്ക്‌ എത്ര കണ്ട്‌ നല്ലതോ ചീത്തയോ ആണ്‌ എന്ന് മലയാലത്തിലോ മറ്റു ഭാഷകളിലോ ഇന്റര്‍നെറ്റിലോ പുസ്തകങ്ങളിലോ ഉണ്ടാവില്ല എന്നതിനാല്‍ അത്തരം കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ എഴുതേണ്ടത്‌ അത്യാവശ്യം തന്നെ.

എന്നാല്‍ ഇത്തരം പ്രാദേശികമായ അറിവുകള്‍ പരിമിതവും അംഗീകൃത ശാസ്ത്രശാഖകള്‍ പലപ്പോഴും കൈകാര്യം ചെയ്തിട്ടില്ലാത്തതിനാല്‍ നമുക്ക്‌ ആധികാരികമായി നിര്‍ദ്ദേശിക്കാവുന്നതുമല്ല.

മണ്ണുകൊണ്ട്‌ മുറിവു കെട്ടല്‍
വലിയ ആഴത്തില്‍ മുറിവുകള്‍ ഉണ്ടാകുമ്പോള്‍ മാടോടും (പുര മേച്ചില്‍ ഓട്‌ ചുട്ട്‌ പൊടിച്ച പൊടി) പഞ്ചസാരയും ചേര്‍ത്ത്‌ മുറിവു പൊതിഞ്ഞു കെട്ടുന്ന പതിവുണ്ടായിരുന്നു. ഇതിനാല്‍ വലിയ പ്രയോജനങ്ങളുണ്ടെന്നും മുറിവുകള്‍ അടയാളമില്ലാതെ കൂടുമെന്നും വയസ്സായവര്‍ പറഞ്ഞു തന്നത്‌ എന്റെ തലമുറ തള്ളിക്കളയുകയാണ്‌ ഉണ്ടായത്‌. മണ്ണില്‍ നിന്നും അണുബാധയല്ലാതെ മറ്റൊന്നും കിട്ടില്ല എന്ന അടിസ്ഥാന ശാസ്ത്രബോധവും ഞങ്ങള്‍ക്കുണ്ടായിരുന്നതിനാല്‍ മുറിവുകള്‍ വലുതാണെങ്കില്‍ ആശുപത്രിയില്‍ കൊണ്ട്‌ വച്ചു കെട്ടുവാനും ചെറുതാണെങ്കില്‍ സ്വയം വച്ചു കെട്ടുവാനും രക്തം വാര്‍ന്നുപോകുന്നെങ്കില്‍ ടൂര്‍ണികെറ്റ്‌ കെട്ടുവാനും ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ പറഞ്ഞുകൊടുത്തു. ഇന്നും ആ നിര്‍ദ്ദേശങ്ങള്‍ക്ക്‌ മാറ്റമൊന്നുമില്ലതാനും.

പക്ഷേ മാടോട്‌ മുറിവുകളെ കൂട്ടിച്ചേര്‍ക്കുന്നെന്ന അവരുടെ വാദം ഇന്നെനിക്കു തള്ളാനാവുന്നില്ല. മണ്ണില്‍, പ്രത്യേകിച്ച്‌ റെയര്‍ എര്‍ത്ത്‌ കൂടുതലായുള്ള കൊല്ലത്തിന്റെ മണ്ണില്‍ നിന്നും അണുബാധയല്ലാതെ അവര്‍ക്കൊന്നും കിട്ടാനില്ല എന്നത്‌ ശരിയാകണമെന്നില്ല .

സിറോലിമസ്‌ എന്നും റാപ്പാമൈസിന്‍ എന്നും ‍ അറിയപ്പെടുന്ന മരുന്ന് ഹൃദയം, കരള്‍ വൃക്ക മുതലായ അവയവങ്ങള്‍ മാറ്റിവയ്ക്കുമ്പോഴും ക്യാന്‍സര്‍ വന്ന ഭാഗങ്ങള്‍ മുറിച്ചതുണങ്ങാനും ധമനികള്‍ സ്റ്റെന്റ്‌ ചെയ്യുന്നത്‌ കൂട്ടിയൊട്ടാതേ സൂക്ഷിക്കാനും ഇന്ന് വലരെ ഭലപ്രദമായി ഉപയോഗിക്കുന്നു . ഈ മരുന്ന് ഈസ്റ്റര്‍ ദ്വീപസമൂഹത്തിലെ മണ്ണില്‍
നിന്നുമാണെടുക്കുന്നതെന്ന അറിവ്‌ മാടോടിനെ പുശ്ചിച്ച വെളിവുകേടില്‍ നാണം തോന്നിപ്പിക്കുന്നു ഇന്ന്.

നമ്മുടെ നാട്ടിലെ അല്ലെങ്കില്‍ എന്റെ പ്രദേശത്തു മാത്രമോ ഉള്ള മണ്ണില്‍ റാൂമൈസിനോ അതിനു തുല്യമായ എന്തെങ്കിലുമോ ഉണ്ടോ എന്ന് എനിക്കറിയില്ല. ആര്‍ക്കുമറിയില്ല. റേഡിയേഷന്‍ കൂടുതലായ ആ മണ്ണ്‍ മറ്റെന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നും അറിയില്ല. ഇത്തരം കാര്യങ്ങള്‍ വളരെ ശാസ്ത്രീയമായ പഠനം നടത്താത്തൈടത്തോളം കാലം അര്‍ത്ഥരഹിതമായും ഉപയോഗശൂന്യമായും തുടരും. നാട്ടറിവുകളെ ശാസ്ത്രീയമായി വിശകലനം ചെയ്ത്‌ വെറും വിശ്വാസങ്ങളുണ്ടെങ്കില്‍ അവയെ നീക്കം ചെയ്യുകയും കാലത്തിനൊത്ത്‌ മാറ്റേണ്ടവ മാറ്റുകയും ചെയ്യേണ്ടിയിരിക്കുന്നു.

മദ്യസാരം

ഛീ മദ്യമോ? എന്നു ചോദിക്കാനാണാദ്യം തോന്നുന്നതല്ലേ? മലയാളി പുരുഷന്മാരില്‍ 60 ശതമാനത്തോളം [സ്ത്രീകളുടെ കണക്കുകള്‍ ശരിയാവില്ല!]‍മദ്യപിക്കുന്ന നാടാണു നമ്മുടേത്‌. മദ്യത്തെക്കുറിച്ച്‌ മിണ്ടരുത്‌ എന്നാല്‍ ആരും കാണാതെ വീശാം എന്നൊരു ട്രെന്‍ഡ്‌ ആപല്‍ക്കരമല്ലേ, ഞാന്‍ തന്നെ വിളിച്ചു കൂകാം മലയാളിരാജന്‍ ഉടുമുണ്ടില്ലാതെ ഓടയില്‍ ഇഴയുന്നേ എന്ന്‌.

വേദകാലം മുതല്‍ക്ക്‌ ബ്രാഹ്മണര്‍ ജൈന-ബുദ്ധ അചാരങ്ങളെ അനുകരിക്കുംവരെ സുരസോമാദികള്‍ വളരെ ആദരണീയമായ പാനീയങ്ങളായിരുന്നു. സാത്വികമല്ലാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കിയ കൂട്ടത്തില്‍ നമുക്കു മദ്യപാനവും അധ:കൃതരുടെയും രാജാക്കന്മാരെപ്പോലെ സുഖലോലുപരുടെയും മാത്രം വിനോദമായി.കുറച്ചെങ്കിലും ഇതുമാറ്റാനായത്‌ വെള്ളയീച്ചരന്‍ മഞ്ഞുനാട്ടില്‍ നിന്നും എത്തിയപ്പോഴാണ്‌. (ഇപ്പോഴും സുഖം നമുക്കു പാപം തന്നെ. ഇതു രണ്ടും കൂടെ കൂടിക്കുഴഞ്ഞ്‌ രതിലീലയും പീഡിപ്പിക്കലും ഒന്നാണെന്നും കുടിച്ചാല്‍ മോഷണവും ആകാമെന്നും വരെയായിത്തുടങ്ങി)

1. മദ്യത്തിനു ഒരു റിലാക്സേഷന്‍ ഇഫക്റ്റ്‌ ഉണ്ടെന്നതിനു രണ്ടു പക്ഷമില്ല.
ഇതിനെ പലയിടത്തും പഴയ താടികള്‍ രാസമൂര്‍ച്ഛ chemical orgasm എന്നു വരെ വിശേഷിപ്പിച്ചിട്ടുണ്ട്‌ .
2. മദ്യത്തിനു എല്‍ ഡി എല്‍ കുറക്കാന്‍ കഴിയും. എച്ച്‌ ഡി എല്‍ കൂട്ടാന്‍ കഴിയുന്ന അപൂര്‍വ്വം വസ്തുക്കളില്‍ ഒന്നാണ്‌ മദ്യം. രക്തം നേര്‍പ്പിക്കാനും മദ്യത്തിനു കഴിയും. അങ്ങനെ മദ്യം ഹൃദയ-പക്ഷാഘാതങ്ങള്‍, ഡയബെറ്റിസ്‌ എന്നിവയില്‍ നിന്നും കുറെയൊക്കെ സംരക്ഷണം തരുന്നു.
3.ആര്‍ത്തവവിരാമമായ സ്ത്രീകളില്‍ മദ്യത്തിനു ഈസ്റ്റ്രജന്‍ നിരക്കു കൂട്ടാനും രക്തം കട്ടിപിടിക്കുന്നത്‌ തടയാനും സഹായകരമാണ്‌.
ഒന്നു മുതല്‍ രണ്ടു വരെ ഡ്രിങ്ക്‌ (എന്നു വച്ചാല്‍ രണ്ടു ഗ്ലാസ്‌ വിസ്കി ആണോ എന്നു ഒരു റ്റീം പണ്ട്‌ ചോദിച്ചു!)കഴിക്കുന്നവര്‍ മദ്യപിക്കാത്തവരെക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നു.

എന്നാല്‍ പിന്നെ ഡോക്റ്റര്‍മാരെല്ലാം നമ്മളോട്‌ പോയി അടിക്കടേ വെള്ളം എന്നു പറയാത്തതെന്തേ?

1. മദ്യാസക്തി മൂന്നു തരത്തില്‍ നമ്മളെ തട്ടിക്കളയും- ഒട്ടുമിക്ക ആന്തരികാവയവങ്ങളെയും നാഡീവ്യൂഹത്തേയും പേശികളേയും തകര്‍ക്കും. അപകടത്തില്‍ പെടുത്തും. ജീവിതത്തില്‍ നമ്മളെ ആരുമല്ലാതെയും ആക്കും.

2. 14 മില്ല്യണ്‍ അമേരിക്കക്കാര്‍ മദ്യപാനാസക്തിയെന്ന രോഗത്തിനടിമകളാണ്‌. പ്രതിവര്‍ഷം 100 ബില്ല്യണ്‍ ഡോളര്‍ മദ്യവുമായി ബന്ധപ്പെട്ട ചികിത്സക്ക്‌ അമേരിക്ക ചിലവിടുന്നു. 60% കൊലപാതകം, പീഡനം, മറ്റു കുറ്റകൃത്യങ്ങല്‍ എന്നിവ മദ്യലഹരിയില്‍ സംഭവിക്കുന്നു

മദ്യം ചെറു സുഖവും ചെറിയതോതില്‍ ആരോഗ്യപുഷ്ടിയും തരുന്നെങ്കിലും മദ്യത്തില്‍ പിഴച്ചാല്‍ ജീവിതം കുട്ടിച്ചോറാകുമെന്ന് ചുരുക്കം.

ഇതെല്ലാം അറിയുമെങ്കിലും മദ്യപിക്കാം കുഴപ്പമില്ല എന്ന ധൈര്യം തോന്നുന്നു എങ്കില്‍:
1. ഒരു ദിവസം രണ്ട്‌ ഡ്രിങ്കില്‍ കൂടുതല്‍ കഴിക്കാതെയിരിക്കുക (ഒരു കാരണവശാലും ബിഞ്ജ്‌ അഥവാ കുന്തം മറിയല്‍ എന്ന രീതിയില്‍(സാധാരണ ഗതിയില്‍ 4+ എണ്ണം) കഴിക്കാതെ ഇരിക്കുക

2. വ്യാജ മദ്യം സൂക്ഷിക്കുക. നമ്മൂറ്റെ തൊലിക്കകത്തുള്ളതെല്ലാം തകര്‍ക്കുന്ന വ്യാജന്‍ സിവില്‍ സപ്പ്ലൈസില്‍ വരെ സുലഭം-ഇതില്‍ മീഥെയില്‍ ആല്‍ക്കഹോള്‍ മുതല്‍ Govt India banned drug No. 43 under Section 26A of the Drugs & Cosmetics Act 1940 ആയ ആനമയക്കി അഥവാ ക്ലോറല്‍ ഹൈഡ്രേറ്റ്‌ വരെ ഉണ്ട്‌. ചെത്തുന്നതിന്റെ ഇരട്ടി കള്ള്‌ വില്‍ക്കുന്ന നാടാണു കേരളം!!
(ഞാന്‍ നാട്ടില്‍ ആണെങ്കില്‍ വൈനോ ക്യാനില്‍ കിട്ടുന്ന കിംഗ്‌ ഫിഷര്‍ ബീറോ മാത്രമേ കഴിക്കാറുള്ളു. അതൊന്നും പോരെങ്കില്‍ വിശ്വസ്ഥനായ ഒരു മിലിട്ടറിയെ കണ്ടു പിടിക്കുക (നമ്മുടെ അതുല്യ വരെ മായം ചേര്‍ത്തിട്ടുണ്ടത്രേ!!)

3. ഒരുകാരണവശാലും കുടിച്ച്‌ വാഹനം തൊടരുത്‌. മൊത്തം വാഹനാപകടങ്ങളുടെ പകുതിയിലും ഒരാള്‍ മദ്യപിച്ചിരുന്നതായി കാണുന്നുവെന്ന് കേരളത്തിലെ ഒരു പത്രവാര്‍ത്ത കണ്ടിരുന്നു.
മിക്കവാറും എല്ലാ രാജ്യത്തും വലിയ കുറ്റമാണിത്‌
4. വളരെ സാവധാനം കുടിക്കുക.
5. നിര്‍ബ്ബന്ധത്തിനു വഴങ്ങി കുടിക്കാതെയിരിക്കുക
6.മദ്യാസക്തിയിലെ പാരമ്പര്യത്തിന്റെ പങ്ക്‌ മാനസികമോ ശാരീരികമോ ആയ എന്തെങ്കിലും വിശേഷമാണോ എന്ന് വ്യക്തമായി അറിവില്ല എങ്കിലും കുടുംബത്തില്‍ മുതിര്‍ന്ന മദ്യപരുണ്ടെങ്കില്‍ നിങ്ങള്‍ വളരെയധികം സൂക്ഷിക്കുക.
7. പല മരുന്നുകള്‍ക്കൊപ്പവും [ഉദാ. ആന്റിബയോട്ടിക്കുകള്‍] മദ്യം അപകടകരം ആണ്‌. എന്തു മരുന്നു കഴിക്കുമ്പോഴും കുടിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഡോക്റ്ററോട്‌ അനുവാദം വാങ്ങുക. ആ മരുന്നുകമ്പനിയുടെ സൈറ്റിലും ഒന്നു കയറി നോക്കുക. കരള്‍ വൃക്ക ആമാശയ-കുടല്‍ നാഡീ ഹൃദ്‌ രോഗങ്ങളുള്ളവര്‍ പലതവണ ചോദിച്ച്‌ ഉറപ്പു വരുത്തിയശേഷം മാത്രം മദ്യപിക്കുക . ചില മരുന്നിനോടൊപ്പവും മദ്യം അകത്തു ചെന്നാല്‍ ക്ഷിപ്ര മരണമാണു ഫലം.
8. പലപ്പോഴും നമ്മള്‍ മദ്യത്തോറ്റൊപ്പം അപകടകരമായ ഭക്ഷണം കഴിക്കുന്നു. വറുത്ത കപ്പലണ്ടി, ഇറച്ചി എണ്ണയില്‍ വറുത്തത്‌, "ആറ്‌ മിച്ചര്‍".. മദ്യത്തോളം ദോഷം ഈ ഭക്ഷണവും ചെയ്യുന്നു.

അപായ സൂചനകള്‍:
1.മദ്യം വീട്ടില്‍ ഒരു തര്‍ക്ക വിഷയമാകുന്നെങ്കില്‍
2. മദ്യപിക്കാനായി നിങ്ങള്‍ സാമൂഹ്യമോ മറ്റേതെങ്കിലുമോ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയുന്നെങ്കില്‍
3. മദ്യത്തെക്കുറിച്ച്‌-എണ്ണത്തെയോ തവണകളെയോ
കുറിച്ച്‌ ഭാര്യയോടോ മക്കളോടോ നുണ പറയേണ്ടി വരുന്നെങ്കില്‍
4. മദ്യപാനത്തോത്‌ കൂടുതല്‍ എന്നു നിങ്ങള്‍ക്ക്‌ തോന്നാറുണ്ടെങ്കില്‍
5. സ്വഭാവ വൈകല്യങ്ങള്‍ ഒഴിവാക്കാന്‍ മദ്യം വേണ്ടി വന്നാല്‍
6. സങ്കടം മറക്കാന്‍ കുടിക്കണമെങ്കില്‍
7. എന്നും കുടിക്കാന്‍ തോന്നുന്നെങ്കില്‍
8. കുടി കാരണം വഴക്കുകൂടലോ വാഹനാപകടമോ കുട്ടികളെ തല്ലലോ ഉണ്ടാകുന്നെങ്കില്‍
9. അസുഖമെന്തെങ്കിലും മദ്യം കൊണ്ടുണ്ടായാല്‍
10. മദ്യപിക്കരുതെന്ന് ഡോക്റ്റര്‍ പറഞ്ഞിട്ടും കുടിച്ചാല്‍:
മദ്യപാനാസക്തിയുടെ പടിവാതിലില്‍ ആയിരിക്കാം താങ്കള്‍. നിറുത്തുക മദ്യപാനം. കഴിയുന്നില്ലെങ്കില്‍ ഉടന്‍ വൈദ്യ സഹായം ആവശ്യപ്പെടാന്‍ മടിക്കേണ്ട. നാട്ടില്‍ എമ്പാടും നല്ല ലഹരി വിമോചന ചികിത്സയുണ്ട്‌. മടിയും നാണവും മരണകാരണമാകാം.

വ്യായാമം

എങ്ങനെ വ്യായാമം?
സിമ്പിള്‍ ആയിട്ടു പറഞ്ഞാല്‍പ്രത്യേകിച്ച്‌ ഷേപ്പില്‍ പ്രശ്നമൊന്നുമില്ലാത്തവര്‍ക്ക്‌ ശ്വാസം ദ്രുത ഗതിയിലാകുന്ന രീതിയില്‍ 30-45 മിനുട്ട്‌ വ്യായാമം . ഉത്തമം സ്പീഡില്‍ നടത്തം/ഓട്ടം മദ്ധ്യമം സൈക്കിള്‍, സ്കിപ്പിംഗ്‌, അധമം ടെന്നിസ്‌,ജിം നിന്ദ്യം വെയിറ്റുപൊക്കല്‍.ഇതിന്റെ കാരണം ചോദിച്ചാല്‍ ഉത്തരം കോമ്പ്ലക്സ്‌ ആയിപ്പോകും:

1. അടുത്ത 20 വര്‍ഷം ആഴചയില്‍ 5-6 ദിവസം ചെയ്യാമെന്ന് ഉറപ്പില്ലാത്ത എക്സര്‍സൈസുകള്‍ തുടങ്ങുന്നത്‌ ദോഷമേ ചെയ്യൂ എന്നതില്‍ നിന്നും വെയിറ്റ്‌ ട്രെയിനിംഗ്‌ നടത്തിയാല്‍ ആര്‍നോള്‍ഡ്‌ ശിവശങ്കരന്‍ സാറിന്റെ ഗതി ആകുമെന്ന് മനസ്സിലാക്ക.

2. പരമാവധി ഹൃദയമിടിപ്പിന്റെ 50 ശതമാനത്തിനു മുകളിലും 75 ശതമാനത്തില്‍ താഴെയുമുള്ള വ്യായാമമേ പ്രതീക്ഷിക്കുന്ന ഗുണം തരൂ. പരമാവധി ഹൃദയമിടിപ്പെന്നാല്‍ 220 ഇല്‍ നിന്നും നിങ്ങളുടേ വയസ്സു കുറക്കുന്നതാണ്‌. ഉദാഹരണത്തിനു എനിക്ക്‌ 36 വയസ്സായി. എന്റെ പരമാവധി ഹാര്‍ട്ട്‌ റേറ്റ്‌ 220-36 = 184 . അപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യുമ്പോള്‍ പീക്‌ സമയത്ത്‌ 30 മിനുട്ടോളം സമയം 92 മുതല്‍ 138 വരെ തവണ എന്റെ ഹൃദയം ഒരു മിനുട്ടില്‍ ഇടിക്കണം. എന്തൊരു കുരിശ്ശ്‌. അതാണു സിമ്പിള്‍ ആയി "കുറച്ച്‌ ശ്വാസം സ്പീഡിലാകുന്ന രീതി എന്നു പറയാറ്‌"

ഹൃദയമിടിപ്പ്‌ ഒരു നഴ്സിന്റെ രീതിയില്‍ അളക്കുകയാണെങ്കില്‍ താഴെ ചിത്രത്തില്‍ കാണുമ്പോലെ കൈത്തണ്ടയില്‍ തെളിയുന്ന റേഡിയല്‍ ആര്‍ട്ടറിയില്‍ രണ്ടു വിരല്‍ വച്ച്‌ 10 സെക്കന്റ്‌ പള്‍സ്‌ എണ്ണുക അതിന്റെ ആറിരട്ടി ആണു ഹൃദയമിടിപ്‌/മിനുട്ട്‌.

കുറച്ചുകൂടെ കൃത്യമായി ഇതറിയാന്‍ ഒരു ബി പി മോണിറ്റര്‍ അഥവാ സിഗ്മോമാനോമീറ്റര്‍ -ഹോം എഡിഷന്‍ വാങ്ങിയാല്‍ മതി- അങ്കവും കാണാം താളീം ഒടിക്കാം.

രോഗങ്ങളുടെ സാമ്പത്തികശാസ്ത്രം

അയ്യായിരം വര്‍ഷം മുന്നേ ദന്തക്ഷയമില്ലായിരുന്നു. ആയിരം വര്‍ഷം മുന്നേ ചിലപ്പോള്‍ രക്താതിസമ്മര്‍ദ്ദവും ഇല്ലാതെ ഇരുന്നിരിക്കണം. ഇരുനൂറു കൊല്ലത്തോളം മുന്‍പു വരെ ഹൃദ്രോഗം ഈ ഭൂമുഖത്തില്ലായിരുന്നു. ഇതൊക്കെ എവിടെനിന്നും വന്നെന്നു ചിന്തിച്ചാല്‍ പുരോഗതിയില്‍ നിന്നും എന്ന ഒരുത്തരത്തിലെത്തിച്ചേരുന്നു നാം.

പാലിയോലിത്തിക്‌ മനുഷ്യനു മിക്കവാറും അസുഖങ്ങളൊന്നുമില്ലായിരുന്നു. (ഈ പാപി ഇടിവെട്ടിയും പാമ്പു കടിച്ചും അയലോക്കക്കാരന്‍ പാറക്കിടിച്ചുമൊക്കെ ആയുസ്സാകാതെ മരിക്കുകയായിരുന്നു പതിവത്രേ) പ്രകൃതിയില്‍ നിന്നും കിട്ടുന്നതൊക്കെ വേട്ടയാടിയും ശേഖരിച്ചും ഭക്ഷിച്ചിരുന്ന നായാടികള്‍ (hunter-gatherers) ഒരിടത്തു താമസിച്ചു കൃഷി തുടങ്ങിയതോടെ ആദ്യ രോഗലക്ഷണങ്ങള്‍ കണ്ടെന്നും കാലിവളര്‍ത്തല്‍, കച്ചവടം, ഭക്ഷ്യസംസ്കരണം, രാസവസ്തു നിര്‍മ്മാണം എന്നിങ്ങനെ പുരോഗതിയുടെ ഓരോപാതയിലും അസുഖങ്ങള്‍ ഓരോന്നായി രൂപം മാറിയെന്നുമാണ്‌ിന്‍ഫ്ലമേഷന്‍ വാദം അനുസരിച്ചുള്ള താത്വിക വ്യാഖ്യാനം.

ആഫ്രിക്കന്‍ മസായി വര്‍ഗ്ഗക്കാരിലും മറ്റും പ്രമേഹം രക്ത സമ്മര്‍ദ്ദം ഹൃദ്രോഗം എന്നിവ കേള്‍ക്കാനേയില്ല. എന്നാല്‍
പലതരം പകര്‍ച്ചവ്യാധികളും മരുന്നുകള്‍ മുതലായവയുടെ ദൌര്‍ലഭ്യവും പരിഷ്കൃതലോകത്തില്‍ നിന്നും വളരെക്കൂടുതലാണ്‌. ഇംഗ്ലണ്ടിനെ ഒരുകാലത്ത്‌ ഭയപ്പെടുത്തിയിരുന്നത്‌ സ്കര്‍വി പോലെയുള്ള രോഗങ്ങളാനെന്നും പകര്‍ച്ചവ്യാധികളും അണുബാധകളും മൂലമാണ്‌ ഒരു കാലത്ത്‌ മിക്ക പാശ്ചാത്യരും മരിച്ചിരുന്നതെന്നും വ്യവസായിക വിപ്ലവത്തോടെ അതു നേരെ തിരിഞ്ഞ്‌ ഒന്നാം നമ്പര്‍ മരണ കാരണം ഹൃദ്രോഗം ഒന്നാം നമ്പര്‍ മരണകാരണവും ക്യാന്‍സറാദികള്‍ തൊട്ടടുത്ത്ത കാരണങ്ങളായെന്നതും ഈ വാദത്തിനെ അടിവരയിയിട്ട്‌ ഉറപ്പിക്കുന്നു. വിഖ്യാതമായ ചൈനാ സ്റ്റഡിയില്‍ കണ്ടെത്തിയ ഒന്ന് ക്ലോറിന്‍ കലര്‍ന്ന വെള്ളവും ഫ്രിഡ്ജും മൈക്രോവേവിക്കലും കീടനാശിനിയുമില്ലാത്തവനു ആകെ ജീവിതത്തില്‍ അല്‍പ്പം വ്യായാമം കൂടെ മാത്രം മതിയെന്നാണ്‌. ഭക്ഷണ ക്രമീകരണമെന്നത്‌ ഗ്രാമീണ ചീനനു കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായിരുന്നു പക്ഷേ അവന്‍ ആടിനെ വാങ്ങി വീട്ടില്‍ വെട്ടി അപ്പോ തന്നെ കറി വച്ചു. ബക്കറ്റില്‍ വെള്ളവുമായി പോയി മീനിനെ കടക്കാരന്റെ ടാങ്കില്‍ നിന്നും വെള്ളത്തിലാക്കി വീട്ടില്‍ കൊണ്ടു പോരുന്നു ഫാമില്‍ പോയി.. ഈ കുല വെട്ടു ആ മത്തങ്ങ അറുത്തു തരൂ എന്നാണു പച്ചക്കറി വാങ്ങല്‍. ഐസിലിട്ട മീനെന്നു കേട്ടപ്പോ ഒരു കിഴവന്‍ "പട്ടിക്കു കൊടുക്കാനാണോ മക്കളേ എന്ന് ചോദിച്ചത്രേ." എണ്ണയില്‍
വറുക്കുന്ന പരിപാടിയേയില്ല അവര്‍ക്ക്‌. ഫലം - ശരാശരി ജീവിതത്തിനു നീളം 92 വയസ്സ്‌ (നമ്മുടെ ഒന്നര ഇരട്ടി) എന്നു മത്രമല്ല ഈ വയസ്സുകാലത്തു കുങ്ങ്‌ ഫൂ കുമിന്താങ്ങ്ഫൂ ഫൂ പോ ഒക്കെ വിനോദമാക്കി വയസ്സരു വിലസുന്നു അവിടെ. ഈ പാപികളില്‍ ബീജിങ്ങിലും ന്യൂ യോര്‍ക്കിലും ലണ്ടനിലുമൊക്കെ ചേക്കേറുന്ന പഹയരുടെ ജീവിത ദൈര്‍ഘ്യം 65 ഒക്കെയാകുകയും ചെയ്യുന്നു.

കൊളസ്റ്റ്രോള്‍ എന്നാലെന്ത്‌?

എന്താണീ കൊളസ്റ്റ്രോള്‍?
കൊളസ്റ്റ്രോള്‍ രക്തത്തിലെ ലിപ്പിഡ്‌ എന്ന ഒരു തരം കൊഴുപ്പാണ്‌ വെണ്ണക്കട്ടി പോലെ ഒരു മെഴുമെഴുപ്പന്‍ സാധനം. സ്റ്റീറോള്‍ എന്ന വിഭാഗത്തില്‍ വരുന്ന ഇവനില്‍ നിന്നുമാണ്‌ ശരീരം സ്റ്റീറോയിഡ്‌ ഉണ്ടാക്കുന്നത്‌. ഇവന്‍ രക്തത്തില്‍ കലര്‍ന്ന് സഞ്ചരിക്കേണ്ട വസ്തുവാണെന്ന് അറിയുമല്ലോ. കൊളസ്റ്റ്രോള്‍ ഒരു തരം സ്നേഹ ദ്രവ്യയും രക്തം ജലത്തിന്റെ മിശ്രിതവും ആകയാല്‍ ഇതു രണ്ടും കൂടിക്കലരില്ല -ജലത്തില്‍ മെഴുകുരുകി വീണപോലെ തെളിയുകയേയുള്ളു. അതിനാലെ കൊളസ്റ്റ്രോളിനെ നമ്മുടെ കരള്‍ ട്രൈ ഗ്ലിസറൈഡ്‌ (3 തരം ഫാറ്റും ഗ്ലൈസറോള്‍ എന്ന മദ്യവും ചേര്‍ന്ന ഒരു വസ്തു) വില്‍ കുഴച്ച്‌ ഒരു പ്രോട്ടീന്‍ പൊതിയിലടച്ച്‌ രക്തത്തില്‍ ഒഴുക്കി വിടുന്നു. ഈ പ്രോട്ടീന്‍ -അപ്പോലിപ്പോപ്പ്രോട്ടീന്‍ പൊതിഞ്ഞ കൊളസ്റ്റ്രോള്‍-ട്രിഗ്‌ പൊതികള്‍ (കീമയും ഉള്ളിയും ചേര്‍ത്തു മാവില്‍ പൊതിഞ്ഞ്‌ സമോസയാക്കുന്നതുപോലെ) ലിപ്പോ പ്രോട്ടീന്‍ എന്നറിയപ്പെടുന്നു.

രണ്ടു തരം ലിപ്പോപ്രോട്ടീന്
‍ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍- LDL എന്നാല്‍ ഒരുപാടു കൊഴുപ്പും കുറച്ചു പ്രോട്ടീനും ചേര്‍ന്ന പൊതി. ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍- HDL നേരെ വിപരീതമായി കുറച്ചു ഫാറ്റും കൂടുതല്‍ പ്രോട്ടീനും ചേര്‍ന്ന പൊതി. മിക്കവരിലും എല്‍ ഡി എല്‍ എന്ന അഴുക്കു പൊതി കൂടിയും എച്‌ ഡി എല്‍ എന്ന നല്ല പാക്കറ്റ്‌ കുറഞ്ഞും കാണുന്നു.

എന്തിനാണു ലിപ്പിഡ്‌?
ഇതങ്ങു രക്തത്തില്‍ നിന്നു പോയാല്‍ മനോ നിമ്മിതിയായേനെ എന്നു തോന്നാറുണ്ടോ? ലിപ്പിഡ്‌ പൂജ്യത്തിലേക്കടുത്താല്‍ മരണം നിശ്ചയം; ലിപ്പോ പ്രോട്ടീന്‍ ആണു ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നത്‌.

ലിപ്പിഡ്‌ കെണി
എങ്ങനെ ലിപ്പിഡ്‌ ചതിക്കും എന്നറിയാന്‍ എങ്ങനെ ഹൃദയധമനീരോഗവും (Coronary Artery Disease )വിദൂര ധമനീ രോഗവും peripheral artery disease ഊണ്ടാകുന്നെന്നറിയണം.
സ്റ്റെപ്പ്‌ 1
രക്തക്കുഴലുകള്‍ക്കുള്ളില്‍ ഒരവരി സെല്ലുകള്‍കൊണ്ട്‌ ഒരു മിനുത്ത പാളിയുണ്ട്‌ എതാണ്ട്‌ തെര്‍മോക്കോള്‍ കപ്പിനകത്തെ മെഴുകു ലൈനിംഗ്‌ പോലെ. ഈ മിനുസമുള്ള പാളിക്ക്‌ എന്തെനെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍- കൊഴുപ്പുകൊണ്ടോ ചീത്ത രാസവസ്തുക്കള്‍ കൊണ്ടോ പുകവലി എണ്ണ മുതലായവ ഉണ്ടാക്കുന്ന ഓക്സിഡേഷന്‍ കൊണ്ടോ മറ്റോ ഈ ഗട്ടറുണ്ടാകല്‍ സംഭവിക്കാം- മാക്രോഫാഗസ്‌ എന്ന ഇമ്യൂണ്‍ സെല്ലുകള്‍ അവിടെ ഓടിയെത്തി ഈ വിള്ളല്‍കാത്തു സൂക്ഷിക്കുന്നു.

സ്റ്റെപ്പ്‌ 2
ഈ കുഴിയിലേക്ക്‌ ഒഴുകിയെത്തുന്ന എല്‍ ഡി ഏല്‍ പാര്‍ട്ടിക്കിളിനെ മാക്രോഫാഗസ്‌ പിടിച്ചെടുത്ത്‌ ധമനീഭിത്തിക്കുള്ളിലൂടെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നു. എല്‍ ഡി എല്‍ ഒഴുകി വരവ്‌ വളരെ കൂടുതല്‍ ആണെങ്കില്‍ മാക്രോഫാഗസിനു പിടിച്ച എല്‍ ഡി എലും മറ്റു മൃതകോശങ്ങളും എല്ലാം ചേര്‍ന്ന് ഇതറോമ എന്ന അഴുക്കു കൂമ്പാരം ധമനിക്കുള്ളില്‍ വരുന്നു. മൃദുവും കുഴമ്പു പരുവവുമായ ഇതിന്റെ ധമനികള്‍ ഒരു കട്ടിയുള്ള ആവരണം കൊണ്ട്‌ പൊതിഞ്ഞു മുട്ട പോലെ അകത്ത്‌ ദ്രവവും പുറത്ത്‌ തോടുമുള്ള കട്ടിയുള്ള പ്ലാക്‌ രൂപത്തെടുത്തുന്നു

സ്റ്റെപ്പ്‌ 3
പ്ലാക്കിനകത്തെ ലിപ്പിഡ്‌ കുളം പൊട്ടി രക്തത്തിലേക്കൊഴുകിയാല്‍ രക്തം കട്ടപിടിച്ച്‌ ധമനി മൊത്തമായി അടഞ്ഞു പോകുന്നു. ഇത്‌ ഹൃദയ ധമനികളിലാണെങ്കില്‍ ഹൃദയാഘാതവും മസ്തിഷ്ക ധമനികളിലാണെങ്കില്‍ സ്റ്റ്രോക്കും (പക്ഷാഘാതം) ഉണ്ടാക്കുന്നു.അപ്പോ HDL എന്താ ചെയ്യുന്നത്‌? ധമനികളില്‍ കുടുങ്ങുന്ന LDL കണികകളെ ഊരി പുറത്തു കളയുന്ന മുള്ളൂകുത്തികളാണു HDL എന്നാണു പരക്കെ വിശ്വാസം. എതായാലും LDL ചെയ്യുന്ന ദ്രോഹങ്ങളില്‍ നിന്നും നമുക്കു സംരക്ഷണം തരുന്നത്‌ HDL ആണെന്നു തെളിഞ്ഞിട്ടുണ്ട്‌.

എങ്ങനെ കൊളസ്റ്റ്രോള്‍ കൂടുന്നു?കോളസ്റ്റ്രോള്‍ എങ്ങനെ ചിലരില്‍ കൂടുന്നു എന്നതിനു അടുത്ത സമയം വരെ ഫാറ്റ്‌ ഇന്‍ ഫാറ്റ്‌ ഔട്ട്‌ അഥവാ ഭക്ഷണത്തിലെ കൊഴുപ്പ്‌ രക്തത്തിലടിയുന്നു എന്ന ഒരു സിദ്ധാന്തമായിരുന്നു വൈദ്യശാസ്ത്രം കൈക്കൊണ്ടു പോന്നത്‌. അങ്ങനെയെങ്കില്‍ കടല്‍പ്പന്നിയുടെ കൊഴുപ്പ്‌ കട്ടയായി തിന്നുന്ന എസ്കിമോകള്‍ക്കും പന്നിയേയും സീഫൂഡും തിന്നുന്ന ഗ്രാമീണ ചീനര്‍ക്കും കോളസ്റ്റ്രോല്‍ വളരെ താണ്‌ ഹൃദ്രോഗമേ ഇല്ലാത്തതെന്താണെന്ന ചോദ്യത്തിനു ജനിതകമായ കാരണങ്ങളാണെന്ന ഉത്തരവും നിരത്തി. ഇതേ ചീനരും എസ്കിമോകളും നഗരങ്ങളിലേക്ക്‌ മാറുമ്പോള്‍ വളരെ വേഗം ഹൃദ്രോഗികള്‍ ആകുന്നതെന്താണെന്ന ചോദ്യത്തിനു മുന്നില്‍ മൌനവും ആയിരുന്നു മറുപടി. എന്നാല്‍ ഇന്ന് കൊഴുപ്പുദീനത്തെക്കുറിച്ച്‌ കൂടുതല്‍ വ്യക്തമായ ധാരണകള്‍ ഉണ്ട്‌.നിലവില്‍ നാലു തരം തീയറികള്‍ കൊളസ്റ്റ്രോളിനുണ്ട്‌.ഫാറ്റ്‌ തീയറിഓക്സിഡേഷന്‍ തീയറിനുട്രീഷന്‍ തീയറിപൊല്ല്യൂഷന്‍ തീയറി.തീയറി നാലെങ്കിലും പ്രാക്റ്റികല്‍ ഒന്നേയുള്ളൂ എന്നതാണ്‌ എറ്റവും രസകരം.

വക്കാരി ചോദിച്ച ചോദ്യത്തിലേക്ക്‌ മടങ്ങാം. ലണ്ടനിലെ ബ്രുണല്‍ യൂണിവാഴ്സിറ്റി ഡോ. ഗാരി ഓഡോണോവന്‍ എന്ന വ്യായാമ വിശാരദന്റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വ്യായാമം ചെയ്യുന്ന മെലിഞ്ഞവര്‍ തടിയുള്ളവരെക്കാല്‍ കൊളസ്റ്റ്രോള്‍ നിരക്കിലും ഹൃദയരോഗത്തിലും വളരെ താഴെയാണെന്നാലും വ്യായാമമില്ലാത്ത മെലിഞ്ഞവരും വ്യായാമമില്ലാത്ത തടിച്ചവരും തമ്മില്‍ കൊളസ്ട്രോള്‍ നിരക്കിലോ ഹൃദ്രോഗനിരക്കിലോ വത്യാസമൊന്നുമില്ലെന്ന് കണ്ടെത്തുകയുണ്ടായി.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate