Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അൾഷൈമേഴ്സ്

അൾഷൈമേഴ്സ് -കൂടുതൽ വിവരങ്ങൾ

അള്‍ഷൈമേഴ്‌സിന് ഇന്ത്യന്‍ ഡോക്ടറുടെ മരുന്ന്

മറവിരോഗമായ അള്‍ഷൈമേഴ്‌സ് ബാധിച്ചു വലയുന്നവര്‍ക്ക് ആശ്വാസം പകരുന്ന പുതിയ മരുന്ന് ഇന്ത്യയില്‍ വികസിപ്പിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകനായ ഡോക്ടര്‍ മഹാവീര്‍ ഗൊലേച്ചയാണ് ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയ നാരക വര്‍ഗ ചെടികളുടെ ഫലത്തില്‍ നിന്ന് പുതിയ മരുന്ന് കണ്ടെത്തിയത്.
രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള മരുന്നുകളാണ് ഇതുവരെയും അള്‍ഷൈമേഴ്‌സിന് ഉപയോഗിച്ചിരുന്നതെന്നും അടിസ്ഥാനരോഗകാരണത്തെത്തന്നെ ചികിത്സിക്കാന്‍ പുതിയ മരുന്നായ 'നാരിങ്ഗിന്' ശേഷിയുണ്ടെന്നും ഡോക്ടര്‍ മഹാവീര്‍ അവകാശപ്പെട്ടു. രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും രോഗികള്‍ക്കു മെച്ചപ്പെട്ട ജീവിതം നയിക്കാനും പുതിയമരുന്ന് സഹായിക്കുമെന്നാണ് കരുതുന്നത്.

അമേരിക്കയിലെ പ്രശസ്ത അള്‍ഷൈമേഴ്‌സ് ഡ്രഗ് ഡിസ്‌കവറി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ യങ് ഇന്‍വെസ്റ്റിഗേറ്റര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചത് ഡോക്ടര്‍ മഹാവീറിനാണ്. അന്താരാഷ്ട്ര ജേണലായ ജാപ്പനീസ് സൊസൈറ്റി ഓഫ് ഫാര്‍മകോളജി മാഗസിനിലാണ് കണ്ടുപിടിത്തത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലോകത്താകമാനം 2.43 കോടി അള്‍ഷൈമേഴ്‌സ് രോഗികളുണ്ടെന്നാണ് കണക്ക്. വര്‍ഷംതോറും 46 ലക്ഷം പേരെ രോഗം പിടികൂടുന്നുണ്ട്. 2025 ഓടെ ലോകത്തെ അള്‍ഷൈമേഴ്‌സ് രോഗബാധിതരുടെ എണ്ണം 3.4 കോടിയായി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓര്‍മ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ആശ്രയ ഭവനം

സപ്തംബര്‍ 21 ലോക അല്‍ഷൈമേഴ്‌സ് ദിനം

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അവരുടെ സുരക്ഷാഉദ്യോഗസ്ഥരുടെ സംഘത്തിലുണ്ടായിരുന്ന ഐ.പി.എസ്സുകാരനായിരുന്നു ഖാസിയാബാദ് സ്വദേശി ബാലി. ചുറുചുറുക്കും കുശാഗ്രബുദ്ധിയും പ്രകടിപ്പിച്ച് സഹജീവനക്കാരുടെ പ്രശംസപിടിച്ചുപറ്റിയ ബാലിയുടെ അന്ത്യം കോഴിക്കോട്ടെ ഒരു കാരുണ്യകേന്ദ്രത്തിലായിരുന്നു. മറവിരോഗം ബാധിച്ച് തന്നെത്തന്നെ തിരിച്ചറിയാനാവാതെ കഴിഞ്ഞ അദ്ദേഹത്തിന്റെ അവസാന നാളുകള്‍ക്ക് ആ കാരുണ്യകേന്ദ്രം കാവല്‍നിന്നു. 
അതിരൂക്ഷമായ സ്മൃതിനാശം സംഭവിച്ച് അല്‍ഷൈമേഴ്‌സ് രോഗത്തിന് അടിമപ്പെട്ടവരെ താമസിപ്പിച്ച് മരണം വരെ ശുശ്രൂഷിക്കുന്ന രാജ്യത്തെ അപൂര്‍വം സ്ഥാപനങ്ങളിലൊന്നായ മലബാര്‍ ഹാര്‍മണി ഹോമായിരുന്നു അത്. തൊട്ടുമുമ്പ് കഴിച്ച ഭക്ഷണം ഉള്‍പ്പെടെ സ്വന്തം പേരും വിലാസവും ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കാതെവരുന്ന ഒട്ടേറെ പേരുടെ ആശ്രയകേന്ദ്രമായി മാറുകയാണ് ഈ ഹാര്‍മണി ഹോം. 

കോഴിക്കോട് ചെറൂട്ടി റോഡിന് സമീപം കുരിയാല്‍ ലെയ്‌നില്‍ നാലുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഹാര്‍മണി ഹോമില്‍ ഇതിനകം ഒട്ടേറെ പേര്‍ സ്വാന്തനംതേടി എത്തിക്കഴിഞ്ഞു. ഓണ്‍ ലൈന്‍ ക്യാമറയില്‍ രോഗബാധിതരുടെ അവസ്ഥ വിദൂരങ്ങളിലുള്ള ബന്ധുക്കള്‍ക്ക് കാണിച്ച് കൊടുക്കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന ഈ കാരുണ്യകേന്ദ്രം ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഷൈമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ (എ.ഡി.ഐ.) എന്ന സംഘടനയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 

ചണ്ഡീഗഢ് സ്വദേശിയും അവിടത്തെ വനം വകുപ്പ് ഡി.എഫ്.ഒ.യുമായ എഴുപത്തിമൂന്നുകാരന്‍, കണ്ണൂര്‍ സ്വദേശിനി റിട്ട. അധ്യാപിക തുടങ്ങി അഞ്ചുപേര്‍ മാത്രമാണ് ഇപ്പോള്‍ ഈ ഭവനത്തിലുള്ളത്. ഇവര്‍ക്ക് സമയാസമയങ്ങളില്‍ ചികിത്സയും മറ്റും നല്‍കുന്നതിന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ള ഒരാള്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായും മറ്റൊരാള്‍ കെയര്‍ മാനേജറായും പ്രവര്‍ത്തിക്കുന്നുണ്ട്. ഒപ്പം, ഏതാനും കെയര്‍ ടേക്കര്‍മാരും. ഇതിന് പുറമെ, സൈക്യാട്രിസ്റ്റായ ഡോ. മീനു പോത്തന്‍, ഡോക്ടര്‍മാരായ ആദര്‍ശ്കുമാര്‍, കുമിതാബായി, സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കറായ ഡോ. സിനി മാത്യു എന്നിവരുടെ സേവനവും ലഭ്യമാകുന്നുണ്ട്.

മുഴുവന്‍ സമയ പരിചരണ സംവിധാനത്തോടൊപ്പം അല്‍ഷൈമേഴ്‌സുകാര്‍ക്കുള്ള പകല്‍വീട് പദ്ധതിയും ഇവിടെ ഒരുങ്ങുന്നുണ്ട്. നേരത്തേ അത്തരമൊരു പദ്ധതി ആരംഭിച്ചിരുന്നെങ്കിലും അസുഖബാധിതരെ വീടുകളില്‍ പോയി കൂട്ടിക്കൊണ്ടുവന്ന് വൈകിട്ട് വീടുകളില്‍ തിരികെ എത്തിക്കുന്നതിനായി വാഹനം ഇല്ലാത്തത് മൂലം അത് മുടങ്ങി. ഡോ. സിനി മാത്യുവിന്റെ നേതൃത്വത്തിലുള്ള ഓര്‍മ ക്ലിനിക്കും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. ഫോണ്‍: 0495-4022978, 8893270500. 

ആഷിക് കൃഷ്ണന്‍

അള്‍ഷിമേഴ്‌സ് ജീനുകള്‍ കണ്ടെത്തി

മനുഷ്യരില്‍ സ്മൃതിഭ്രംശമുണ്ടാക്കുന്ന അള്‍ഷിമേഴ്‌സ് രോഗത്തിലേക്ക് നയിക്കുന്ന ജീനുകളെ കണ്ടെത്തുന്നതില്‍ ഇംഗ്‌ളണ്ടിലെ ഒരുസംഘം ഗവേഷകര്‍ വിജയിച്ചു. പതിനാറുവര്‍ഷമായി തുടര്‍ന്നുവരുന്ന അള്‍ഷിമേഴ്‌സ് രോഗപ്രതിരോധ ഗവേഷണങ്ങളില്‍ വഴിത്തിരിവാകുകയാണ് പുതിയ കണ്ടെത്തല്‍. പതിനാറായിരം ഡി.എന്‍.എ. സാമ്പിളുകളില്‍ നടത്തിയ സൂക്ഷ്മപരിശോധനകള്‍ക്കൊടുവിലാണ് അള്‍ഷിമേഴ്‌സ് ബന്ധമുള്ള രണ്ടു ജീനുകളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. തലച്ചോറിനെ സംരക്ഷിക്കലാണ് ഈ ജീനുകളുടെ ധര്‍മം. ഇവയില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുമ്പോഴാണ് അള്‍ഷിമേഴ്‌സ് രോഗമുണ്ടാകുന്നത്. 

ശരീരത്തില്‍ നീര്‍ക്കെട്ടും കൊള്‌സ്‌ട്രോളും വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന ജീനുകള്‍ക്കാണ് അള്‍ഷിമേഴ്‌സുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞത്. ഇവ രണ്ടും നിയന്ത്രിച്ചാല്‍ മനുഷ്യരെ അള്‍ഷിമേഴ്‌സ് പിടിപെടാതെ രക്ഷപ്പെടുത്താനാവുമോ എന്ന വഴിക്കാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്ന് ഗവേഷണസംഘാംഗമായ നോട്ടിങ്ഹാം സര്‍വകലാശാല പ്രൊഫസര്‍ കെവിന്‍ മോര്‍ഗന്‍ പറഞ്ഞു. 
മധ്യവയസ്സ് കഴിയുന്നതോടെ സ്മൃതിനാശം വരുത്തുന്ന അള്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം ഓരോവര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ മാത്രം ഏഴു ലക്ഷം അള്‍ഷിമേഴ്‌സ് രോഗികളുണ്ടെന്നാണ് കണക്കുകള്‍. 2050 ആകുമ്പോഴേക്ക് രോഗികളുടെ എണ്ണം 17 ലക്ഷമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ആശങ്കപ്പെടുന്നു. 

പുതിയ കണ്ടുപിടിത്തം അള്‍ഷിമേഴ്‌സ് രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വഴിത്തിരിവുണ്ടാക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം കൊടുത്ത അള്‍ഷിമേഴ്‌സ് റിസേര്‍ച്ച് സെന്റര്‍ അധ്യക്ഷ ജൂലി വില്യംസ് പറഞ്ഞു. 'അള്‍ഷിമേഴ്‌സ് വരാനുള്ള കാരണമെന്താണെന്ന് ഇപ്പോഴും നമുക്കറിയില്ല. അതു കണ്ടെത്തുന്നതിലേക്കുള്ള സുപ്രധാനമായ ഒരു ഘടകമാകും ഈ ജീനുകള്‍. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ രോഗത്തെക്കുറിച്ചുള്ള സമ്പൂര്‍ണചിത്രം നമുക്ക് ലഭിക്കുമെന്നുറപ്പ്'- ജൂലി വില്യംസ് വ്യക്തമാക്കി. 

പി.എസ്‌

കൂട്ടു കൂടൂ .... ഡിമെന്‍ഷ്യയെ അകറ്റാം

നിങ്ങള്‍ തന്നിലേക്കുതന്നെ ഒതുങ്ങുന്ന, പൊതുസമൂഹവുമായുള്ള ഇടപെടലുകള്‍ പരമാവധി കുറയ്ക്കുന്ന സ്വഭാവക്കാരനാണോ? എങ്കില്‍ ശ്രദ്ധിക്കുക: വാര്‍ധക്യത്തില്‍ ഡിമെന്‍ഷ്യയും (മേധാക്ഷയം) അല്‍ഷിമേഴ്‌സും വരാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യമുള്ള മനസ്സ് വാര്‍ധക്യത്തിലും നിലനിര്‍ത്താന്‍ ഒരു 'നല്ല സമൂഹ ജീവി' ആകേണ്ടതുണ്ട് എന്നാണ് അമേരിക്കയില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലം സൂചിപ്പിക്കുന്നത്. 

ദക്ഷിണ കാലിഫോര്‍ണിയയിലെ 'കൈസര്‍ പെര്‍മനന്റെ'യിലെ ഡോ. വലേറി ക്രൂക്ക്‌സും സംഘവും നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് 'അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തി'ന്റെ ജൂലായ് ലക്കത്തിലാണുള്ളത്. 
78 വയസ്സിന് മുകളിലുള്ള 2200 സ്ത്രീകളെ നാലുവര്‍ഷത്തോളും നിരീക്ഷിച്ച ശേഷമാണ് ഗവേഷക സംഘം നിഗമനത്തില്‍ എത്തിയത്. 'നല്ല സാമൂഹിക ബന്ധമുള്ള' വരില്‍ ഡിമെന്‍ഷ്യ ഉണ്ടാകുന്നതിനുള്ള സാധ്യത 26 ശതമാനം കണ്ട് കുറവാണെന്ന് സംഘം പറയുന്നു.

കൂടുതല്‍ കുടുംബങ്ങളുമായോ, സുഹൃത്തുക്കളുമായോ ദൈനംദിനം ബന്ധപ്പെടാന്‍ കഴിഞ്ഞവരിലാണ് 'ഡിമെന്‍ഷ്യ' അകന്ന് നിന്നത്. കുടുംബത്തിനകത്ത് മാത്രമുള്ള ബന്ധത്തെക്കാള്‍ ഫലം ചെയ്യുന്നത് സാമൂഹിക ബന്ധമാണ്. ''എത്രയധികം ആള്‍ക്കാരുമായി നിങ്ങള്‍ സംവദിക്കുന്നുവോ, അത്രത്തോളം കരുത്തുറ്റതാകും നിങ്ങളുടെ തലച്ചോര്‍''- ഡോ. ക്രൂക്ക്‌സ് പറയുന്നു. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്നത് നല്ലതല്ല എന്ന അടിസ്ഥാനതത്ത്വം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് ഗവേഷണഫലം എന്ന് അല്‍ഷൈമേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ഡോ.വില്യം തൈസും അഭിപ്രായപ്പെടുന്നു. 

സാമൂഹിക ബന്ധം എങ്ങനെയാണ് ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുന്നത് എന്ന് സംബന്ധിച്ച വ്യക്തിക്ക് കൂടുതല്‍ ഗവേഷണങ്ങള്‍ ഇനിയും ആവശ്യമാണ്. പക്ഷേ, ഒന്നുറപ്പിക്കാം; പുതിയൊരാള്‍കൂടി നിങ്ങളുടെ സൗഹൃദ വലയത്തിലേക്ക് വരുമ്പോള്‍ 'ഡിമെന്‍ഷ്യ' സാധ്യത നിങ്ങളില്‍ നിന്ന് അല്പം കൂടി പിന്നോട്ട് പോവുകയാണ്.

ജി.കെ.

ഡാര്‍ക്ക് ചോക്ക്‌ലേറ്റും റെഡ് വൈനും അല്‍ഷൈമേഴ്‌സിനെ പ്രതിരോധിക്കും

ഡാര്‍ക്ക് ചോക്ക്‌ലേറ്റിലും റെഡ് വൈനിലും അടങ്ങിയിട്ടുള്ള പ്രകൃതിദത്ത മിശ്രിതം അല്‍ഷൈമേഴ്‌സ് രോഗത്തെ പ്രതിരോധിക്കുമെന്ന് പഠനം. 

ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ മെമ്മറി ഡിസോര്‍ഡര്‍ പ്രോഗ്രാം ഡയറക്ടര്‍ ആര്‍ സ്‌കോട്ട് ടര്‍ണറിന്റെ നേതൃത്വത്തില്‍ ഒരുവര്‍ഷം നീണ്ട് പഠനത്തിലാണ് കണ്ടെത്തല്‍.

അല്‍ഷൈമേഴ്‌സിന്റെ കാര്യത്തില്‍ റെഡ് വൈനിന്റെ ഗുണങ്ങള്‍ വിസ്മയിപ്പിക്കുന്നതാണെങ്കിലും ഏത് ഘടകമാണ് പ്രതിരോധത്തിന് സഹായിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തലച്ചോറിന്റെ കോശങ്ങള്‍ക്ക് ശക്തിപകരുന്ന ഏതോ ഒരു ഘടകം ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 

അതേസമയം, ഇതേക്കുറിച്ച് കൂടുതല്‍ പഠനം വേണമെന്നും റെഡ് വൈനും ചോക്ക്‌ലേറ്റും കൂടുതല്‍ കഴിക്കുന്നത് വിപരീത ഫലംചെയ്‌തേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

3.08695652174
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top