Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / അല്‍പം ശ്രദ്ധ; ഒഴിവാക്കാം പനി
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അല്‍പം ശ്രദ്ധ; ഒഴിവാക്കാം പനി

മഴതുടങ്ങിയതോടെ കേരളം വീണ്ടും ഡെങ്കി ഭീഷണിയിലായി.

മഴതുടങ്ങിയതോടെ കേരളം വീണ്ടും ഡെങ്കി ഭീഷണിയിലായി. കോഴിക്കോട് ജില്ലയില്‍മാത്രം 15 ദിവസത്തിനുള്ളില്‍ പനിബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. അല്പമൊന്നുശ്രദ്ധിച്ചാല്‍ പനിയെ പ്രതിരോധിക്കാം.
ഡെങ്കിലോകത്ത് പ്രതിവര്‍ഷം 10 കോടിയോളം പേര്‍ക്ക് പിടിപെടുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഇവരില്‍ അഞ്ചുലക്ഷം പേര്‍ക്ക് മാരകമായ ഡെങ്കി ഹെമറേജിക് ഫീവര്‍ (ഡി.എച്ച്.എഫ്.) പിടിപെടുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏയ്ഡീസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോഗം പെട്ടെന്ന് പിടികൂടുക. ഒരുതവണ കൊതുകിന്റെ കടിയേറ്റാല്‍ തന്നെ രോഗം പിടിപെട്ടേക്കാം. എന്നാല്‍ രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം നേരിട്ട് പകരില്ല. രോഗിയെ കടിക്കുന്ന കൊതുകുകളിലൂടെ മറ്റൊരാള്‍ക്ക് രോഗം പകരും.
ലക്ഷണങ്ങള്‍
മൂന്നുദിവസം മുതല്‍ 15 ദിവസം വരെയാണ് ഡെങ്കിപ്പനി നീണ്ടുനില്‍ക്കുന്നത്. തലവേദന, പനി, കടുത്ത ക്ഷീണം, സന്ധികളിലും പേശികളിലും വേദന തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. പനി പെട്ടെന്ന് 104 ഡിഗ്രിവരെ ഉയരുന്നതായും കാണപ്പെടുന്നു. ഹൃദയമിടിപ്പ് സാവധാനത്തിലാകുന്നതും രക്തസമ്മര്‍ദം കുറയുന്നതും രോഗത്തിന്റെ മറ്റു ലക്ഷണങ്ങളാണ്.
സാധാരണ ഡെങ്കിപ്പനി അത്ര അപകടകാരിയല്ല. രോഗം പിടിപെട്ടവരില്‍ ഒരുശതമാനത്തില്‍ താഴെമാത്രമേ മരണനിരക്ക് ഉണ്ടാകാറുള്ളൂ. ഒന്നോ രണ്ടോ ആഴ്ച നീണ്ടുനില്‍ക്കുന്ന പനി കടുത്തക്ഷീണം അവശേഷിപ്പിച്ച് പിന്മാറും. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ പിന്നെയും ആഴ്ചകളെടുക്കും.
ഡെങ്കി ഹെമറേജിക് ഫീവര്‍
കേരളത്തിലെ ആറു ജില്ലകളില്‍ രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനി-ഡെങ്കി ഹെമറേജിക് ഫീവര്‍ പരക്കാനിടയുണ്ടെന്ന് ദേശീയ സാംക്രമികരോഗനിവാരണ യൂണിറ്റ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
നാലുതരം വൈറസുകളാണ് ഡെങ്കി ഹെമറേജസ് ഫീവര്‍ പരത്തുന്നത്. ഒരിനം ഡെങ്കിപ്പനി പിടിപെട്ടയാള്‍ക്ക് മറ്റൊരു വൈറസ് ബാധകൂടിയുണ്ടാകുമ്പോഴാണ് ഡി. എച്ച്.എഫ് ഉണ്ടാകുന്നത്. തൊണ്ടവേദന, ചുമ, മനംപിരട്ടല്‍, ഛര്‍ദി, അടിവയറ്റില്‍ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ തുടങ്ങി ഒരാഴ്ചയ്ക്കകം രോഗം മൂര്‍ച്ഛിക്കും. ഇതോടെ രോഗി തളര്‍ന്നുപോകും. നാഡിമിടിപ്പ് ദുര്‍ബലമാവുന്നതും വായയ്ക്കുചുറ്റും കരുവാളിപ്പുണ്ടാകുന്നതും ലക്ഷണങ്ങളില്‍ പെടുന്നു. രോഗം ഗുരുതരമായാല്‍ രക്തസ്രാവമുണ്ടാകും. വായ, മൂക്ക് എന്നിവയിലൂടെയും മലത്തിലൂടെയും രക്തം വരാം. ത്വക്കിലും രക്തസ്രാവലക്ഷണങ്ങള്‍ കണ്ടേക്കാം. അടിയന്തര വൈദ്യസഹായം കിട്ടിയില്ലെങ്കില്‍ രോഗിയുടെ ജീവന്‍ അപകടത്തിലായേക്കും. ഇത്തരം പനിയില്‍ ആറുമുതല്‍ 30 ശതമാം വരെയാണ് മരണനിരക്ക്. കുട്ടികളിലാണ് ഡെങ്കി ഹെമറേജിക് ഫീവര്‍ അപകടകരമാകുന്നത്.
കൊതുക് പെരുകുന്നത് തടയുകയും വലകളുപയോഗിച്ച് കൊതുക് കടിക്കാതെ നോക്കുകയുമാണ് ഡെങ്കിപ്പനി വരാതിരിക്കാന്‍ ചെയ്യേണ്ടത്. രോഗിയും കൊതുകുവല ഉപയോഗിക്കാന്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ രോഗപ്പകര്‍ച്ച തടയാന്‍ കഴിയൂ. വെള്ളം കെട്ടിക്കിടക്കുന്ന മഴക്കാലത്താണ് കൊതുകുകളുടെ പെരുക്കവും അതുവഴി ഡെങ്കിപ്പനിപോലുള്ള പനികളും പടരുന്നത്. മുന്‍കരുതലാണ് ഇവിടെ ഒരേയൊരു രക്ഷാമാര്‍ഗം.
കടപ്പാട്:mathrubhumi
3.05
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top