অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൊണ്ണത്തടി

അമിതവണ്ണം

പൊണ്ണത്തടി ഒരു രോഗമാണോ? ചിലര്‍ക്കെങ്കിലും അതു് അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമല്ലേ? അതു് അങ്ങനെ തന്നെ നിലനിന്നാല്‍ എന്താണു പ്രശ്നം? തടി കുറയ്ക്കാന്‍ ശ്രമിക്കുന്നതിന്നിടയില്‍ വരാവുന്ന രോഗങ്ങളാണോ അതോ തടി കൂടുമ്പോള്‍ വരാവുന്ന രോഗങ്ങള്‍ ആണോ കൂടുതല്‍ ഗൌരവമുള്ളതു്?
നിങ്ങള്‍ സ്വയം തീരുമാനിക്കുക

ഒരൊളിച്ചോട്ടം :

ഓ... എന്റെ തടി കുറയില്ല!
ഇതു പാരമ്പര്യ രോഗമാണെന്നേ!
ഞാന്‍ ഒന്നും കഴിക്കാറില്ല. എന്നിട്ടും!
ഭക്ഷണം കുറയ്ക്കാതെ തടി കുറയ്ക്കാന്‍ പറ്റുമോ?
എനിക്കു് വിശപ്പ് സഹിച്ചുകൂട!
ജീവിതത്തില്‍ ആകെ സുഖം ഉള്ളതു് ഭക്ഷണം കഴിക്കുമ്പോഴാണു്!
എനിക്കു തൈറോയിഡിന്റെ രോഗമാണെന്നേ!
പ്രസവത്തോടുകൂടി വെച്ച തടിയാണ്!
വ്യായാമം ചെയ്യാന്‍ എവിടാ സമയം?
ന്യായീകരണങ്ങള്‍ പലതു് പക്ഷെ കാരണങ്ങള്‍ രണ്ടു്, ഒറ്റയ്ക്കോ ചേര്‍ന്നോ
1. അമീതാഹാരം - അളവിലോ ഗുണത്തിലോ രണ്ടും ചേര്‍ന്നോ
2. വ്യായാമമില്ലായ്മ

ആത്മപരിശോധന

ഭക്ഷണം :
രണ്ടു പേര്‍ക്കുള്ള ഭക്ഷണം ഒരാള്‍ കഴിക്കുമോ?
രണ്ടു പ്രാവശ്യമോ അതില്‍ കൂടുതലോ ഭക്ഷണം വിളമ്പിക്കഴിക്കുമോ?
നേരെ ചൊവ്വേ ചവയ്ക്കാതെ ഭക്ഷണം ധൃതിയില്‍ കഴിച്ചു തീര്‍ക്കുമോ?
കൊഴുപ്പു കൂടുതല്‍ ഉള്ള ഭക്ഷണം കഴിക്കുമോ?
ഇറച്ചിയും മീനും മുട്ടയും കഴിക്കുമോ?
വറുത്തതും പൊരിച്ചതും കഴിക്കുമോ?
ഭക്ഷണത്തിനു ശേഷം മധുരമോ ചോക്കലേറ്റോ പായസമോ ഐസ്ക്രീമോ കഴിക്കുമോ?
മൂന്നു നേരത്തെ ഭക്ഷണം കൂടാതെ ചില്ലറ ഭക്ഷണം വേറെ കഴിക്കുമോ?
ഇടവേളകളില്‍ സര്‍ബത്തു് ജ്യൂസ് മുതലായവ കുടിക്കുമോ?
മദ്യവും അതിനോടൊപ്പം വിളമ്പുന്ന ചില്ലറഭക്ഷണവും കഴിക്കുമോ?
വിരുന്നുസല്‍ക്കാരങ്ങളിള്‍ വിളമ്പുന്നതെല്ലാം കഴിക്കുമോ?
കൂടെ ജോലി ചെയ്യുന്നവര്‍ കൊണ്ടുവരുന്ന ആഘോഷ പൊതിപ്പലഹാരം കഴിക്കുമോ?
ജോലി കഴിഞ്ഞു മടങ്ങുന്നവഴി ചില്ലറഭക്ഷണം കഴിക്കുമോ?
കുടുംബവുമായി പുറത്തു് പോയി ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കുമോ?
രാത്രി കിടന്നതിനു ശേഷം ഉണര്‍ന്നു ഭക്ഷണം കഴിക്കുമോ?
മാനസിക സംഘര്‍ഷം വരുമ്പോള്‍ ഭക്ഷണം കൂടുതല്‍ കഴിക്കുമോ?
കുട്ടികള്‍ മിച്ചം വെച്ച ഭക്ഷണം കളയാതിരിക്കുവാന്‍ അതു കഴിക്കുമോ?
തടി കുറയ്ക്കാന്‍ വേണ്ടി കഴിക്കുന്ന ‍'ഡയറ്റ് ' കൂടുതല്‍ കഴിക്കുന്നുണ്ടോ? [ :) ]
റ്റി വി പരസ്യങ്ങളില്‍ കാണിക്കുന്ന ഭക്ഷണങ്ങള്‍ വാങ്ങിക്കഴിക്കുമോ?
റ്റി വിയുടെ മുന്നില്‍ ഇരുന്നു് ഭക്ഷണം കഴിക്കുമോ?

വ്യായാമം :

പകലുറക്കം ശീലമുണ്ടോ?
കൂടുതല്‍ നേരം റ്റി വി യുടേയോ കംപ്യൂട്ടറിന്റേയോ മുന്നില്‍ ഇരിക്കുമോ?
സ്വന്തമായി വാഹനമുണ്ടോ?
നടക്കാവുന്ന ദൂരം യാത്ര ചെയ്യാന്‍ വാഹനം ഉപയോഗിക്കുമോ?
കൂടുതല്‍ നേരം ഇരുന്നു ചെയ്യുന്ന തൊഴിലാണോ ചെയ്യുന്നതു്?
വ്യായാമം ഒന്നും ചെയ്യുന്നില്ല എന്നുണ്ടോ?
മേല്പറഞ്ഞ ചോദ്യങ്ങള്‍ക്കുത്തരം അതെ എന്നാണെങ്കില്‍ തടി ഇനിയും കൂടാന്‍ സാദ്ധ്യതയുണ്ടു്.
ഉത്തരം അല്ല എന്നാണെങ്കില്‍ തടി കുറയാന്‍ സാദ്ധ്യതയുണ്ടു്.
തടി കുറക്കണം എന്നാഗ്രഹിക്കുന്നവരും കൂട്ടണം എന്നാഗ്രഹിക്കുന്നവരും എന്തു ചെയ്യണം എന്നു ഇനി പ്രത്യേകിച്ചു പറയേണ്ടതുണ്ടോ?

ഭക്ഷണം കഴിക്കുന്നതെങ്ങനെ കുറക്കാം :

മൂന്നു നേരത്തെ ഭക്ഷണം മാത്രം കഴിക്കുക - 0 - പ്രാതല്‍ - 0 - ഊണു് - 0 - അത്താഴം - 0
പകുതി വയറിനു മാത്രം കഴിച്ചു് അളവു കുറക്കുക
ഊര്‍ജ്ജം കുറവുള്ള ഭക്ഷണം കൂടുതല്‍ കഴിക്കുക
സമയമെടുത്തു് നല്ലതു് പോലെ ചവച്ചു് രുചി ആസ്വദിച്ചു കഴിക്കുക
ഭക്ഷണത്തിനു മുന്‍പും പിമ്പും ധാരാളം വെള്ളം കുടിക്കുക
ഇടയ്ക്കു് പരവേശം വന്നാല്‍ തണ്ണിമത്തനോ, വെള്ളരിക്കയോ, തക്കാളിയോ, സാലഡോ കഴിക്കുക
അമിതാഹാരം പാടില്ല - വിരുന്നു സല്‍ക്കാരങ്ങള്‍, ചില്ലറ ഭക്ഷണം, പാനീയങ്ങള്‍, മദ്യം എന്നിവ ഒഴിവാക്കുക
ഇഷ്ടമുള്ള ആഹാരം കണ്ടു കൊതി തോന്നിയാല്‍ അതിന്റെ ഒരു ചെറിയ കഷണം വായിലിട്ടു് നല്ലതു പോലെ ചവച്ചു് ആസ്വദിച്ചു കഴിക്കുക

തിരക്കിന്നിടയില്‍ എങ്ങനെ വ്യായാമം ചെയ്യാം :

ഒരിടത്തിരുന്നു് മുഷിയുമ്പോളെങ്കിലും അല്പം എഴുന്നേറ്റു് ഉലാത്തുക
ജോലിത്തിരക്കിനു മുമ്പോ പിമ്പോ നടക്കാന്‍ സമയം കണ്ടെത്തുക
നടക്കാവുന്ന ദൂരമാണെങ്കില്‍ ആഫീസിലേക്കു നടന്നു പോവുക. തിരിച്ചു വരുന്നതും അങ്ങനെ തന്നെ.
ബസ്സിലാണു ഓഫീസിലേക്കു യാത്രയെങ്കില്‍ ഒരു സ്റ്റോപ്പു് മുമ്പേ ഇറങ്ങി ഓഫീസിലേക്കു നടക്കുക.
മടക്കയാത്രയില്‍ അടുത്ത സ്റ്റോപ്പു വരെ നടന്നു ബസ്സു് പിടിക്കുക
ഓഫീസില്‍ ലിഫ്റ്റ് ഉപയോഗിക്കുന്നതിനു പകരം പടി കയറിയിറങ്ങുക
നടക്കാവുന്ന ദൂരം പോകാന്‍ വാഹനം ഉപയോഗിക്കാതിരിക്കുക
അടുത്തുള്ള പള്ളിയിലോ അമ്പലത്തിലോ പോകുന്നതു് നടന്നു തന്നെ ആക്കുക

തടി കൂടുന്നുണ്ടോ ഇല്ലയോ എന്നെങ്ങനെ അറിയാം?

സ്വന്തം ശരീരത്തിനു അനുവദിച്ചിരിക്കുന്ന പരമാവധി തൂക്കം മനസ്സിലാക്കുക
ആഴ്ചയിലൊരിക്കലെങ്കിലും തൂക്കം നോക്കി മനസ്സില്‍ കുറിച്ചിടുക
തൊലിമടക്കിന്റെ ഖനം നുള്ളി നോക്കുക
തുന്നിയ വസ്ത്രം അയയുന്നതും മുറുകുന്നതും ശ്രദ്ധിക്കുക
ഭക്ഷണം കഴിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ഇവ ഓര്‍ത്തു പെരുമാറുക
തടി കൂടിയതു് ഒറ്റ ദിവസമോ ഒരു ആഴ്ചക്കുള്ളിലോ ആണോ? അപ്പോള്‍ പിന്നെ അതു കുറയാന്‍ അത്രയും തന്നെയോ അതില്‍ കൂടുതലോ സമയം എടുക്കുകയില്ലേ? ഇനി കഷ്ടപ്പെട്ടു തടി കുറച്ചു കിട്ടിയാല്‍ത്തന്നെ അതങ്ങനെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതു് ഒരു ആയുഷ്ക്കാല പ്രയത്നം ആണു്.
തടി കുറക്കാന്‍ പറ്റിയ ഭക്ഷണം! ഏതു ഭക്ഷണമാണെങ്കിലും അതു ഭക്ഷണമാകുന്നതു് അതില്‍ ഊര്‍ജ്ജം അടിങ്ങിയിരിക്കുന്നു എന്നതുകൊണ്ടല്ലേ? ചുരുക്കിപ്പറഞ്ഞാല്‍ കൊഴുപ്പടങ്ങിയ ഭക്ഷണം വര്‍ജ്ജിക്കാവുന്നടുത്തോളം വര്‍ജ്ജിക്കുക.
വാല്‍ക്കഷ്ണം : ഡയറ്റീഷ്യന്‍ എഴുതിത്തന്ന സമീകൃതാഹാരം ഭക്ഷണത്തിനു മുമ്പാണോ പിമ്പാണോ കഴിക്കേണ്ടതു്?

ഇനി അല്പം വൈദ്യശാസ്ത്രം

ഊര്‍ജ്ജവും കലോറിയും
ആഹാരത്തില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജവും അതു് ശരീരം ഉപയോഗപ്പെടുത്തകയും ചെയ്യുന്നതിന്റെ ഒരു അളവുകോല്‍ ആണു് കലോറി. ഒരു ശരാശരി വ്യക്തിക്കു് ദൈനംദിനം 2500 മുതല്‍ 3000 കലോറി വരെ ആവശ്യമാണു്. കഴിക്കുന്ന ഭക്ഷണത്തില്‍ കലോറി കൂറവാവുകയും വ്യായാമം ചെയ്തു് കലോറിയുടെ ആവശ്യകത കൂട്ടുകയും ചെയ്താല്‍ മാത്രമേ അമിതഭാരം കുറക്കുവാന്‍ സാധിക്കുകയുള്ളു. ഭക്ഷണത്തില്‍ വരുന്ന കുറവിനു പരിഹാരമായി ശരീരത്തിലുള്ള ഊര്‍ജ്ജശ്രോതസ്സുകളില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ചു ശരീരം തന്നത്താനെ പരിഹാരം കണ്ടുകൊള്ളും.
ശരീരത്തിന്റെ ഊര്‍ജ്ജ ശ്രോതസ്സുകള്‍
കഴിക്കുന്ന ഭക്ഷണം
ശരീരത്തിലെ ശേഖരം
കഴിക്കുന്ന ഭക്ഷണത്തിന്റെ ഘടന
a. കാര്‍ബോഹൈഡ്രേറ്റു്/അന്നജം - ഊര്‍ജ്ജം 4 കലോറി/ഗ്രാം - ഇതിന്റെ അടിസ്ഥാന ഘടകങ്ങള്‍ മോണോസാക്കറൈഡുകള്‍ എന്നറിയപ്പെടുന്ന ഗ്ലൂക്കോസ്, ഫ്രക്റ്റോസ്, ഗാലക്റ്റോസ് മുതലായവയാണു്. ഇവ കൂടുതലായി അടങ്ങിയിരിക്കുന്നതു് അരി, ഗോതമ്പു്, ഓട്ട്സ്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പഞ്ഞപ്പുല്ല്, ചോളം എന്നിവകളിലാണു്
b. പ്രോട്ടീന്‍/മാംസ്യം - ഊര്‍ജ്ജം 4 കലോറി/ഗ്രാം - ഇതിന്റെ അടിസ്ഥാന ഘടകങ്ങള്‍ അമിനോ അംമ്ലങ്ങള്‍ ആണു്. ഇവ കൂടുതലായി അടങ്ങിയിരിക്കുന്നതു് ഇറച്ചി, മുട്ട, മത്സ്യം, പയര്‍വര്‍ഗ്ഗങ്ങള്‍, പാല്‍ എന്നിവകളിലാണു്.
c. ഫാറ്റ്/കൊഴുപ്പു് - 9 കലോറി/ഗ്രാം. ഇതിന്റെ അടിസ്ഥാന ഘടകങ്ങള്‍ ട്രൈഗ്ലിസറൈഡ് ഫാറ്റി ആസിഡ് എന്നിവയാണു് - ഇവ കൂടുതല്‍ അടങ്ങിയിരിക്കുന്നതു് എണ്ണ, വെണ്ണ, നെയ്യ് എന്നിവകളിലാണു്
d. വിറ്റാമിന്‍ - അമിതവണ്ണവും ഇതുമായി ബന്ധമൊന്നുമില്ല
e. മിനറല്‍ - അമിതവണ്ണവും ഇതുമായി ബന്ധമൊന്നുമില്ല
f. മദ്യം - 7 കലോറി/ഗ്രാം
൨. ശരീരത്തിലെ ശേഖരത്തിന്റെ ഘടന
a. കാര്‍ബോഹൈഡ്രേറ്റു്/അന്നജം - കരളില്‍ ഗ്ലൈക്കൊജന്‍ എന്ന രൂപത്തില്‍
b. പ്രോട്ടീന്‍/മാംസ്യം - കോശങ്ങളിലെ പ്രധാനപ്പെട്ട ഘടകം. കൂടുതലായി മാംസത്തിലും അസ്ഥികളിലും രക്തത്തിലും
c. ഫാറ്റ്/കൊഴുപ്പു് - ശരീരത്തിലെ തൊലിയുടെ അടിയിലും, കുടലിന്റെ ഓമന്റത്തിലും, മാംസപേശികള്‍ക്കിടയിലും, ആന്തരീകാവയവങ്ങള്‍ക്കിടയിലും അസ്ഥിമജ്ജയിലും ഉള്ള കൊഴുപ്പ് കോശങ്ങളില്‍ കൊഴുപ്പായിട്ടും രക്തത്തില്‍ ലൈപ്പോപ്രോട്ടീന്‍ ആയിട്ടും

കഴിക്കുന്ന ഭക്ഷണത്തിനെന്തു സംഭവിക്കുന്നു

മുകളില്‍ പറ‍ഞ്ഞിരിക്കുന്ന ഘടകങ്ങള്‍ പല രൂപത്തിലും അളവിലും അടങ്ങിയതാണു് നാം കഴിക്കുന്ന ഭക്ഷണം. അവയെ അതിന്റെ ഘടകങ്ങളാക്കി വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയാണു് ദഹനം എന്നു പറയുന്നതു്. ദഹനത്തിനു ശേഷം അവ ശരീരത്തിലേക്കു് പല മാര്‍ഗ്ഗേന ഘടകരൂപങ്ങളില്‍ വലിച്ചെടുക്കപ്പെടുന്നു. ദൈനംദിനം ആവശ്യമായ മോണോസാക്കറൈഡുകളെ ഊര്‍ജ്ജോല്‍പ്പാദനത്തിനും അമിനോ അമ്ലങ്ങളെ കോശനിര്‍മ്മാണപ്രക്രിയക്കും ട്രൈഗ്ലിസറൈഡുകളെയും ഫാറ്റിആസിഡുകളെയും കൊഴുപ്പുല്‍പ്പാദനത്തിനും വൈറ്റമിനുകളെയും മിനറലുകളെയും കോശപ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നു. മോണോസാക്കറൈഡുകളെ ട്രൈഗ്ലിസറൈഡായും ട്രൈഗ്ലിസറൈഡുകളെ മോണോസാക്കറൈഡായും രൂപഭേദം വരുത്തി ആവശ്യാനുസരണം ഉപയോഗിക്കാന്‍ ശരീരത്തിനു കഴിവുണ്ടു്.  ആവശ്യത്തിനേക്കാള്‍ അധികം വരുന്നതു് ശരീരത്തില്‍ നിന്നും പുറംതള്ളപ്പെടാതെ പല രൂപത്തില്‍ ശരീരത്തില്‍ തന്നെ ശേഖരിക്കുന്നു. അവ ഗ്ലൈക്കൊജിന്‍ ആയി കരളിലും, മാംസ്യമായി മാംസപേശികളിലും, കൊഴുപ്പായി കൊഴുപ്പു കോശങ്ങളിലും ശേഖരിക്കുന്നു. കൊഴുപ്പുകോശങ്ങള്‍ നിറഞ്ഞു തികയാതെ വരുമ്പോള്‍ പുതിയ കൊശങ്ങള്‍ ഉല്‍പ്പാദിക്കപ്പെടുന്നു. പുതിയതായി നിര്‍മ്മിക്കപ്പെട്ട കൊഴുപ്പുകോശങ്ങള്‍ എണ്ണത്തില്‍ കൂടുന്നതല്ലാതെ യാതൊരു സാഹചര്യത്തിലും കുറയുന്നില്ല. ഭക്ഷണത്തില്‍ കുറവു വരുന്ന സമയങ്ങളില്‍ ആവശ്യാനുസരണം കൊഴുപ്പുകോശങ്ങളിലെ കൊഴുപ്പിനെയും മാംസപേശികളിലെ മാംസ്യത്തേയും കരളിലെ ഗ്രൈക്കൊജിനേയും ആവശ്യാനുസരണം രൂപഭേദം വരുത്തി ശരീരാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ ശരീരത്തിനു കഴിയും.
കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനും ദൈനദിന ശാരീരികപ്രവര്‍ത്തികള്‍ക്കും അനുസൃതമായി ശരീരത്തിലെ ഊര്‍ജ്ജശേഖരത്തിനു വ്യത്യാസം വന്നുകൊണ്ടിരിക്കും. യാതൊരു ശാരീരികപ്രവര്‍ത്തിയും ചെയ്യുന്നില്ലയെങ്കില്‍ പോലും അടിസ്ഥാനശാരീരികപ്രവര്‍ത്തികളായ ശ്വാസോച്ഛ്വോസത്തിനും ഹൃദയമിടിപ്പിനും അവയവങ്ങളുടെ ദൈനംദിന നിലനില്പിനും ഊര്‍ജ്ജം ആവശ്യമാണു്. ശാരീരിക പ്രവര്‍ത്തികള്‍ക്കും ഊര്‍ജ്ജം ആവശ്യമാണു്. അതിനുള്ള ശ്രോതസ്സുകളാണു് കഴിക്കുന്ന ഭക്ഷണവും ശരീരത്തിലെ ശേഖരവും. ആവശ്യമുള്ള ഊര്‍ജ്ജത്തിനനുസൃതമായാണു് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആഹാരപതാര്‍ത്ഥങ്ങളില്‍ നിന്നു മാത്രമായി ശരീരം ഊര്‍ജ്ജം സ്വീകരിക്കുകയും ശരീരഭാരം ഏറ്റക്കുറച്ചിലുകളില്ലാതെ നിലനിന്നു പോവുകയും ചെയ്യും. ഭക്ഷണം കൂടുതല്‍ കഴിക്കുകയോ വ്യായാമം കുറയുകയോ അതു രണ്ടും ചേര്‍ന്നു വരുകയോ ആണു് ചെയ്യുന്നതെങ്കില്‍ ആവശ്യത്തില്‍ കൂടുതലുള്ള ഊര്‍ജ്ജം ശരീരശേഖരമായി മാറും. അങ്ങനെ തൂക്കം കൂടും. അതേ സമയം ഭക്ഷണം കൂറവാണെങ്കിലോ വ്യായാമം ധാരാളം ചെയ്യുന്നുണ്ടെങ്കിലോ അവ രണ്ടും ചേര്‍ന്നു വരുന്നുണ്ടെങ്കിലോ ശരീരത്തിനു ആവശ്യമുള്ള അധിക കലോറി ശേഖരത്തില്‍ നിന്നും ശരീരം എടുക്കുകയും അങ്ങനെ തൂക്കം കൂറയുകയും ചെയ്യും. ജീവിതകാലം മുഴുവന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയ ആണു് ഇതു്. അതിനാല്‍ ശരീരഭാരം നിലനിര്‍ത്തുന്നതും ഒരു ആയുഷ്ക്കാല പ്രവര്‍ത്തിയാണു്
കടപ്പാട്-madhavabhadran.blogspot.in

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate