অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൗമാരക്കാരിലെ അമിതവണ്ണം

കൗമാരക്കാരിലെ അമിതവണ്ണം

അമിതവണ്ണം മൂലം വിഷമിക്കുന്ന തലമുറയാണ് ഇന്നുള്ളത്. കൊച്ചുകുട്ടികള്‍ മുതല്‍ ഈ കൂട്ടത്തില്‍പ്പെടും. ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന സങ്കീര്‍ണമായ ഒരു രോഗമായാണ് അമിതവണ്ണം വിശേഷിപ്പിക്കപ്പെടുന്നത്. ജീവിതദൈര്‍ഘ്യം കുറയ്ക്കുന്നു, ആരോഗ്യപ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നു എന്നതാണ് ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍. ലോകമെങ്ങും, ഇന്ത്യയില്‍ പ്രത്യേകിച്ചും പ്രായം കുറഞ്ഞവരില്‍ അമിതവണ്ണം വര്‍ധിച്ചുവരികയാണ്. അമിതഭാരം അല്ലെങ്കില്‍ അമിതവണ്ണം ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, പകല്‍ കൂടുതല്‍ ഉറങ്ങുന്നതുമൂലം രാത്രിയില്‍ ഉറക്കത്തിനു തടസം നേരിടുന്ന അവസ്ഥയായ ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നീമിയ, മുട്ട്, ഇടുപ്പ് എന്നിവയെ ബാധിക്കുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ചിലതരം കാന്‍സറുകള്‍ എന്നിവയുടെ അപകടസാധ്യതകള്‍ കൂട്ടുന്നു. 2007- ലെ കണക്കുകള്‍പ്രകാരം അമിതവണ്ണത്തില്‍ പഞ്ചാബ് കഴിഞ്ഞാല്‍ കേരളത്തിനാണ് അടുത്ത സ്ഥാനം.

അമിതവണ്ണം അറിയാം

പ്രായവും ലിംഗവും അടിസ്ഥാനമാക്കിയുള്ള ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) അടിസ്ഥാനമാക്കിയാണ് കുട്ടികളിലും മുതിര്‍ന്നവരിലും അമിതഭാരവും അമിതവണ്ണവും ഉണ്ടോ എന്ന് കണ്ടെത്തുന്നത്. കുട്ടികളില്‍ പ്രായവും ലിംഗവും അടിസ്ഥാനമാക്കിയുള്ള 95-ാമത് പെര്‍സന്‍റൈലിന് ഒപ്പമോ കൂടുതലോ ആണ് ബിഎംഐ എങ്കില്‍ അമിതവണ്ണമായി കണക്കാക്കപ്പെടുന്നു. 85 അല്ലെങ്കില്‍ 85-നും 95-നും ഇടയിലോ ആണെങ്കില്‍ അമിതഭാരമാണെന്ന് പറയുന്നു. അമിതവണ്ണംമൂലമുള്ള അപകടസാധ്യതകളും അനുബന്ധരോഗങ്ങളും ഈ കുട്ടികളില്‍ കൂടുതലാണ്.

ബിഎംഐ

മുതിര്‍ന്നവരില്‍ അമിതവണ്ണം കണക്കാക്കുന്നത് ബിഎംഐ അനുസരിച്ചാണ്. ശരീരഭാരത്തെ (കിലോഗ്രാമില്‍) ഉയരത്തിന്‍റെ (മീറ്ററില്‍) ഇരട്ടികൊണ്ട് ഹരിച്ചാല്‍ കിട്ടുന്നതാണ് ബിഎംഐ. ബിഎംഐ 18-ല്‍ താഴെയാണെങ്കില്‍ ശരീരഭാരം ആവശ്യത്തിനില്ല എന്നും ബിഎംഐ 18-നും 24.9-നും ഇടയിലാണെങ്കില്‍ ശരീരഭാരം തൃപ്തികരമാണെന്നും ബിഎംഐ 25-നും 29.9-നും ഇടയിലാണെങ്കില്‍ അമിതഭാരം ആണെന്നും ബിഎംഐ 30-നും 34.9-നും ഇടയിലാണെങ്കില്‍ ഗ്രേഡ് 1 അമിതവണ്ണം, ബിഎംഐ 35-നും 39.9-നും ഇടയിലാണെങ്കില്‍ ഗ്രേഡ് 2 അമിതവണ്ണം, 40 നു മുകളിലാണെങ്കില്‍ ഗ്രേഡ്-3 അമിതവണ്ണം അഥവാ രോഗസൂചകമായ അമിതവണ്ണം എന്നതുമാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യക്കാരില്‍ ശരീരത്തിന്‍റെ ഉപാപചയ പ്രവര്‍ത്തനങ്ങളിലെ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന പ്രമേഹം, കൊളസ്ട്രോള്‍, ഭാവിയിലുണ്ടാകാവുന്ന ഹൃദയസംബന്ധമായ അപകടസാധ്യതകള്‍ എന്നിവ കൂടുതലായതിനാല്‍ അമിതവണ്ണത്തിന്‍റെ നിര്‍വചനം വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍ ഇന്ത്യയില്‍ ബിഎംഐ 23 അല്ലെങ്കില്‍ അതിനുമുകളില്‍ ആണെങ്കില്‍ അത് അമിതഭാരമായും ബിഎംഐ 25 അല്ലെങ്കില്‍ അതിനുമുകളില്‍ ആണെങ്കില്‍ അമിതവണ്ണവുമായി കണക്കാക്കപ്പെടുന്നു.

അമിതവണ്ണത്തിനുള്ള കാരണം

കുട്ടികളിലെ അമിതവണ്ണം ഒരു കുഴയ്ക്കുന്ന പ്രശ്നമാണ്. സാധാരണയായി ശരീരത്തിന് ആവശ്യമായതില്‍ക്കൂടുതല്‍ അഥവാ അമിതമായ അളവില്‍ ഭക്ഷണമോ ഊര്‍ജപാനീയങ്ങളോ കഴിക്കുന്നതുമൂലമാണ് അമിതവണ്ണമുണ്ടാകുന്നത്. ജനിതകം അഥവാ പാരമ്പര്യം, ഉപാപചയപ്രവര്‍ത്തനങ്ങള്‍, മാനസികപ്രശ്നങ്ങള്‍, പരിസ്ഥിതി, സാമൂഹികം, സാസ്കാരികം, ഉപാപചയപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഒന്നിലധികം ഘടകങ്ങള്‍ അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്.

ജീനുകള്‍: അമിതവണ്ണം കുടുംബങ്ങളായി കൈമാറിവരുന്നതിനുള്ള സാധ്യതകള്‍ ഉണ്ട്. മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും അമിതവണ്ണം ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് അതിനുള്ള സാധ്യത വളരെക്കൂടുതലാണ്.

സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍: സാമ്പത്തിക ഘടകങ്ങളും അമിതവണ്ണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മാതാപിതാക്കളുടെ ആഹാരരീതികള്‍ കുട്ടികളുടെ ആഹാരതാത്പര്യങ്ങളെ ഗണ്യമായി സ്വാധീനിക്കുന്നു. കുറഞ്ഞ സാമ്പത്തിക, സാമൂഹിക ചുറ്റുപാടുകളിലുള്ള കുട്ടികള്‍, കൗമാരക്കാര്‍ എന്നിവര്‍ താരതമ്യേന കുറഞ്ഞ അളവിലാണ് പച്ചക്കറികളും പഴവര്‍ഗങ്ങളും ഉപയോഗിക്കുന്നത്. എന്നാല്‍, അവര്‍ പൂരിതകൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി ഉപയോഗിക്കുന്നു. ഇത് കുട്ടികളെ അമിതവണ്ണത്തിലേക്കു നയിക്കുന്നു.

ഉപാപചയ പ്രവര്‍ത്തനങ്ങള്‍: ഓരോ വ്യക്തിയിലും ഊര്‍ജത്തിന്‍റെ ഉപഭോഗം വ്യത്യസ്തരീതിയിലാണ്. ഇത് കുട്ടികളില്‍ അമിതവണ്ണത്തെ സ്വാധീനിക്കുന്നുണ്ട്.

ജീവിതശൈലിയുടെ സ്വാധീനം: അമിതഭക്ഷണവും വ്യായാമരഹിത ജീവിതവും അമിതവണ്ണത്തിനു കാരണമാകുന്നു.

അമിതമായി മധുരവും ഉയര്‍ന്ന തോതില്‍ കൊഴുപ്പും അടങ്ങിയ ഭക്ഷണം, സംസ്കരിച്ച ഭക്ഷണം എന്നിവ അമിതവണ്ണത്തിനു സാധ്യത കൂട്ടുന്നു. ചില ആളുകള്‍ക്ക് ആരോഗ്യകരമായ ഭക്ഷണത്തിനുള്ള പ്രാപ്തി കുറവായിരിക്കും. ഫാസ്റ്റ് ഫുഡ്, നാരുകള്‍ കുറവുള്ള ഭക്ഷണം, ഉയര്‍ന്ന കലോറി അടങ്ങിയ ഭക്ഷണം, മധുരം അടങ്ങിയ പാനീയങ്ങള്‍ എന്നിവ പതിവായി ഉപയോഗിക്കുന്നത് അമിതവണ്ണത്തിനു കാരണമാകുന്നു.

വ്യായാമത്തിന്‍റെ അഭാവം, ടെലിവിഷന്‍ കാണുക, കംപ്യൂട്ടറിന്‍റെ മുന്‍പില്‍ ഇരിക്കുക, വ്യായാമമില്ലാതെ അലസമായി ഇരിക്കുന്ന മറ്റ് പ്രവൃത്തികള്‍ എന്നിവ കുട്ടികളില്‍ അമിതവണ്ണത്തിനു കാരണമാകുന്നു.

ആരോഗ്യപ്രശ്നങ്ങള്‍

1. ടൈപ്പ് 2 പ്രമേഹം: അമിതവണ്ണമുള്ള വ്യക്തികളില്‍ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഇന്‍സുലിനെതിരേ പ്രതിരോധം രൂപപ്പെടുകയും അങ്ങനെ പ്രമേഹത്തിലേക്കു നയിക്കുകയും ചെയ്യുന്നു.

2. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം/ഹൃദ്രോഗം: അമിത ശരീരഭാരം ഹൃദയത്തിന് അധികഭാരം കൊടുക്കുകയും രക്താതിസമ്മര്‍ദ്ദത്തിലേക്കു നയിക്കുകയും അത് സ്ട്രോക്കിനു കാരണമാവുകയും ഹൃദയത്തിന് സാരമായ തകരാറുണ്ടാക്കുകയും വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ക്കു കാരണമാവുകയും ചെയ്യുന്നു.

3. കൊളസ്ട്രോള്‍ താളംതെറ്റല്‍: അമിതവണ്ണമുള്ളവരില്‍ ട്രൈഗ്ലിസറൈസ്ഡ്സ്, എല്‍ഡിഎല്‍ കൊളസ്ട്രോള്‍ എന്നിവയുടെ അളവ് ഉയരുന്നു. അതോടൊപ്പം എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കുറയുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന്‍റെയും രക്തധമനികളുടെയും അസുഖത്തിനു കാരണമാകുന്നു.

4. ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നീയ: അമിതവണ്ണമുള്ളവരില്‍ കൊഴുപ്പ് അടിയുന്നതുമൂലം ശ്വാസമെടുക്കാന്‍ തടസമുണ്ടാകുകയും ഉറക്കത്തിന് തടസമുണ്ടാവുകയും ചെയ്യുന്നു. ഇത് രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുന്നതിലേക്കും അങ്ങനെ പകല്‍ ഉറക്കം തൂങ്ങലും തലവേദനയും ഉണ്ടാകുന്നതിനു കാരണമാവുകയും ചെയ്യുന്നു.

5. ഓസ്റ്റിയോആര്‍ത്രൈറ്റിസ്: സന്ധികളില്‍ പ്രത്യേകിച്ച് മുട്ടുകളിലും ഇടുപ്പിലും അമിതമായി ഭാരം താങ്ങുന്നതുമൂലം തേയ്മാനം ഉണ്ടാവുകയും വേദനയും നീരുമുണ്ടാവുകയും നടക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യുന്നു.

6. ഗാസ്ട്രോ ഈസോഫാഗിയല്‍ റിഫ്ളക്സ് ഡിസീസ് അഥവാ ജെഇആര്‍ഡി/നെഞ്ചരിച്ചില്‍: അമിതവണ്ണമുള്ളവരില്‍ വയറിലെ അമ്ലം അന്നനാളത്തിലേക്കുവരികയും അത് നെഞ്ച് എരിച്ചിലിനു കാരണമാവുകയും ചെയ്യുന്നതിനുള്ള സാധ്യത വളരെക്കൂടുതലാണ്. എന്നാല്‍ ശരീരഭാരം കുറയുമ്പോള്‍ ഈ പ്രശ്നങ്ങള്‍ കുറയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

7. വിഷാദം: ഭക്ഷണക്രമീകരണത്തില്‍ വീഴ്ച വരികയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അംഗീകാരമില്ലായ്മയും അതിഭയങ്കരമായി മാനസികസമ്മര്‍ദ്ദമുണ്ടാക്കുകയും അത് വിഷാദത്തിലേക്കു നയിക്കുകയും ചെയ്യുന്നു. ഇത് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇത് ഏകാന്തതയിലേക്കും അലസതയിലേക്കും എല്ലാവരില്‍നിന്നും അകന്ന് ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യുന്നതിലേക്കും സാമൂഹ്യമായ ഇടപെടലുകള്‍ കുറയുന്നതിലേക്കും നയിക്കുന്നു.

8. വന്ധ്യത: അമിതവണ്ണമുള്ള സ്ത്രീകളില്‍ ആര്‍ത്തവക്രമക്കേടുകള്‍ ഉണ്ടാവുക, കുഞ്ഞുങ്ങളുണ്ടാകുന്നതിനുള്ള കഴിവ് കുറയുക എന്നത് സാധാരണയാണ്.

9. ഫാറ്റി ലിവര്‍: കരളില്‍ കൊഴുപ്പടിഞ്ഞുകൂടുക, കരള്‍വീക്കം, ഫൈബ്രോസിസ്, സിറോസിസ് എന്നിവയുടെ അപകടസാധ്യതകള്‍ വളരെക്കൂടുതലാണ്.

10. മറ്റുള്ളവ: ചുമയ്ക്കുക, തുമ്മുക, ഓടുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ മൂത്രനാളികളില്‍നിന്ന് അറിയാതെ മൂത്രം പോവുക, മൂത്രസഞ്ചി അടയുന്നതിന് ബലക്കുറവ് എന്നിങ്ങനെയുള്ള അവസ്ഥയായ യൂറിനറി സ്ട്രെസ് ഇന്‍കോണ്ടിനെന്‍സ്, മൂത്രം പോവുക, കാലിലേക്കുള്ള രക്തക്കുഴലുകളില്‍ രക്തയോട്ടം കുറയുന്ന അവസ്ഥയായ ലോവര്‍ എക്സ്ട്രിമിറ്റി വീനസ് സ്റ്റാസിസ്, മുഴകളോ മറ്റു രോഗങ്ങളോ ഇല്ലാതെ തലച്ചോറിനു ചുറ്റും രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്ന അവസ്ഥയായ ഇഡിയോപതിക് ഇന്‍ട്രാക്രേനിയല്‍ ഹൈപ്പര്‍ ടെന്‍ഷന്‍, രക്തത്തില്‍ കൊഴുപ്പിന്‍റെ അളവ് വളരെക്കുവോ കൂടുതലോ ഉണ്ടാകുന്ന അവസ്ഥയായ ഡിസ്ലിപിഡീമിയ, ശ്വാസകോശത്തിലേക്കുള്ള രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതുമൂലമുണ്ടാകുന്ന പള്‍മണറി എംബോളിസം എന്നിവയാണ് മറ്റു പ്രശ്നങ്ങള്‍.

അമിതവണ്ണം ഒഴിവാക്കാം

ഏറ്റവും ആദ്യത്തെ ലക്ഷ്യം എന്നു പറയുന്നത് ശരീരഭാരം കുറയ്ക്കാനായി ഒരു നിശ്ചിതകാലം നിര്‍ണയിച്ച് അതിനുള്ളില്‍ ശരീരഭാരം കുറയ്ക്കുക എന്നുള്ളതാണ്. അങ്ങനെ ബിഎംഐ മെച്ചപ്പെടുത്താനാവും. ദീര്‍ഘകാലത്തെ ലക്ഷ്യം എന്നുള്ളത് അമിതഭാരവും അമിതവണ്ണവും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും മരണനിരക്കും കുറയ്ക്കുക എന്നുള്ളതാണ്. ജീവിതശൈലിയിലുള്ള മാറ്റങ്ങള്‍, ആഹാരക്രമത്തിലുള്ള മാറ്റങ്ങള്‍, വ്യായാമം, മരുന്ന്, ശസ്ത്രക്രിയ എന്നിവയിലൂടെ അമിതവണ്ണം കുറയ്ക്കാം.

ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍

ഏറെ സമയം കംപ്യൂട്ടറിനും ടിവിക്കും മുന്നിലിരിക്കുന്നത് ഒഴിവാക്കുക. ഈ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ അമിതമായി ഉയര്‍ന്ന കലോറിയിലുള്ള സ്നാക്സ്, മധുരപാനീയങ്ങള്‍ എന്നിവ കഴിക്കുന്നതിനു സാധ്യതയുള്ളതിനാല്‍ ദിവസത്തില്‍ രണ്ടു മണിക്കൂര്‍ എന്ന തോതില്‍ നിയന്ത്രണം

ആഹാരക്രമം

ശരീരഭാരം ക്രമീകരിക്കാനുള്ള ഏറ്റവും പ്രധാന വഴി ആഹാരക്രമീകരണമാണ്. 58 ശതമാനം കാര്‍ബോഹൈഡ്രേറ്റുകള്‍, 28 ശതമാനം കൊഴുപ്പ്, 14 ശതമാനം മാംസ്യം എന്നിവയാണ് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊഴുപ്പുകുറഞ്ഞ ഭക്ഷണം അല്ലെങ്കില്‍ പാലുത്പന്നങ്ങള്‍ മൂന്നു തവണ, മുഴുധാന്യവും പാലുത്പന്നങ്ങളും അഞ്ചു തവണ എന്നിങ്ങനെ കഴിക്കാവുന്നതാണ്. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. മധുരപാനീയങ്ങള്‍ കുറയ്ക്കുക. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണം ഒഴിവാക്കുക.

വ്യായാമം

മിതമായ തോതില്‍ വ്യായാമം ചെയ്യുന്നത് അമിതവണ്ണവും അമിതഭാരവും കുറയ്ക്കുന്നതിന് അത്യാവശ്യമാണ്. കുട്ടികളും കൗമാരക്കാരും 60 മിനിട്ടില്‍ കുറയാതെ വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടുതല്‍നേരം ചുറുചുറുക്കോടെ നടക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കും. വ്യായാമരീതികള്‍ പ്രായോഗികമായി നടപ്പിലാക്കാനാവുന്നതും ആസ്വദിച്ചു ചെയ്യാവുന്നതും പ്രായത്തിനനുസരിച്ചുള്ളതുമാവണം. സൈക്ലിംഗ്, നീന്തല്‍, മറ്റ് കായികവിനോദങ്ങള്‍ എന്നിവയില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് നല്ലതാണ്.

മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ

കുട്ടികളിലും കൗമാരക്കാരിലും മരുന്നുപയോഗിച്ചുള്ള ചികിത്സ പരിമിതപ്പെടുത്തിയിരിക്കുന്നു. മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ട്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ശരീരഭാരം കുറയ്ക്കാനായി മരുന്നുകള്‍ നല്‍കുന്നതല്ല. 12 മുതല്‍ 16 വയസുവരെയുള്ള കുട്ടികളില്‍ ശരീരഭാരം കുറയ്ക്കാനായി എഫ്ഡിഎ അംഗീകരിച്ച ഏക മരുന്ന് ഓര്‍ലിസ്റ്റാറ്റ് ആണ്.

ഉയര്‍ന്ന ബിഎംഐ ഉള്ള കൗമാരക്കാരില്‍ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പ് ഉണ്ടാകുന്ന ഡിസ്ലിപിഡെമിയ, ശ്വാസതടസംമൂലം ഉറക്കത്തിന് തടസം നേരിടുന്ന അവസ്ഥയായ സ്ലീപ് അപ്നീമിയ സിന്‍ഡ്രോം, ഇന്‍സുലിന്‍ പ്രതിരോധം, ഹൈപ്പര്‍ടെന്‍ഷന്‍, ഫാറ്റി ലിവര്‍ തുടങ്ങിയ അമിതവണ്ണവുമായി ബന്ധപ്പെട്ട അസുഖങ്ങളുള്ളവരില്‍ ഫാര്‍മക്കോതെറാപ്പി അഥവാ മരുന്നുപയോഗിച്ചുള്ള ചികിത്സയാണ് നിര്‍ദ്ദേശിക്കുന്നത്.

ഓര്‍ലിസ്റ്റാറ്റ് എന്ന മരുന്ന് ആമാശയത്തില്‍ നിക്ഷേപിച്ച് അനാവശ്യമായതോ, അധികമോ ഉള്ള കൊഴുപ്പ് ശരീരത്തില്‍ ആഗിരണം ചെയ്യുന്നത് ഒഴിവാക്കാം. വായുക്ഷോഭം, പിത്തഗ്രന്ഥികള്‍ക്ക് അസുഖം വരിക, വയറിളക്കം എന്നിവ മരുന്നിന്‍റെ പാര്‍ശ്വഫലങ്ങളാണ്.

അമിതവണ്ണത്തിനെതിരേയുള്ള മരുന്നുകള്‍ മിതമായി ശരീരഭാരം കുറയ്ക്കുകയാണ് ചെയ്യുന്നത്. അതായത് 3 മുതല്‍ 7 വരെ കിലോ അഥവാ 3 മുതല്‍ 5 ശതമാനം വരെ ശരീരഭാരം കുറയ്ക്കുന്നു. അവ 18 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല. മരുന്നുകള്‍ നിറുത്തിയശേഷം ഭക്ഷണക്രമീകരണവും വ്യായാമമുറകളും നിര്‍ബന്ധമായും പിന്തുടര്‍ന്നില്ലെങ്കില്‍ വീണ്ടും ഭാരം വര്‍ധിക്കാനിടയുണ്ട്. ഈ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളുമുണ്ട്. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യം മനസില്‍ ഓര്‍ക്കേണ്ടതാണ്. അതുകൊണ്ട് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതിനുമുമ്പ് വിദഗ്ധനായ ഡോക്ടറെ കാണുകയും അദ്ദേഹത്തിന്‍റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യേണ്ടതാണ്.

അമിതവണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയകള്‍ (ബേരിയാട്രിക് ശസ്ത്രക്രിയകള്‍)

യുവാക്കളിലുണ്ടാകുന്ന അമിതവണ്ണം ശസ്ത്രക്രിയകള്‍ വഴി ശരിയാക്കാവുന്നതാണ്. ഇവയ്ക്ക് ബേരിയാട്രിക് ശസ്ത്രക്രിയകള്‍ എന്നു പറയുന്നു. ഒന്നിലധികം ശസ്ത്രക്രിയകള്‍ ഉള്‍പ്പെടുന്ന ഇവ അമിതവണ്ണമുള്ളവരില്‍ ശരീരഭാരം സ്ഥിരമായി കുറയ്ക്കുന്നതിന് സഹായിക്കുന്നു.

റെസ്ട്രിക്ടീവ് പ്രൊസീഡിയര്‍ (സ്ലീവ് ഗ്യാസ്ട്രെക്ടമി, ഗ്യാസ്ട്രിക് ബാന്‍ഡ് ആപ്ലിക്കേഷന്‍ പോലുള്ളവ) : ഇവ ആമാശയത്തിന്‍റെ വലിപ്പം കുറയ്ക്കുന്നതിനു സഹായിക്കുന്നു.

റെസ്ട്രിക്ടീവ് ആന്‍ഡ് മാല്‍-അബ്സോര്‍പ്റ്റീവ് പ്രൊസീഡിയര്‍ (മിനിഗ്യാസ്ട്രിക് ബൈപാസ് (എംജിബി), റൂക്സ-എന്‍ വൈ ഗ്യാസ്ട്രിക് ബൈപാസ് (ആര്‍വൈജിബി) പോലുള്ളവ) : ആമാശയത്തിന്‍റെ വലിപ്പം കുറയ്ക്കുകയും ചെറുകുടലില്‍ ഭക്ഷണത്തില്‍നിന്നു കലോറി ആഗിരണം ചെയ്യുന്ന ഭാഗം ബൈപാസ് ചെയ്യുകയും ചെയ്യുന്നു.

ശസ്ത്രക്രിയ ആവശ്യമുള്ളതെപ്പോള്‍

1. യുവാക്കളില്‍ ബിഎംഐ 40 കിലോഗ്രാമിനു മുകളിലാവുമ്പോള്‍

2. വളര്‍ച്ച പൂര്‍ത്തിയാവുമ്പോള്‍. അതായത് പെണ്‍കുട്ടികള്‍ക്ക് 13 വയസിനു മുകളിലും ആണ്‍കുട്ടികള്‍ക്ക് 15 വയസിനു മുകളിലും പ്രായമാവുമ്പോള്‍

3. അമിതവണ്ണംമൂലമുള്ള അസുഖങ്ങള്‍ അതായത് ടൈപ്പ് 2 പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം, കൊളസ്ട്രോളില്‍ വ്യതിയാനങ്ങള്‍, ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നീയ എന്നിവ അധികരിക്കുമ്പോള്‍

അമിതവണ്ണം വരാതെ നോക്കാന്‍

അമിതവണ്ണം ഒഴിവാക്കാനായി കുട്ടികളില്‍ അമിതഭാരമോ അമിതവണ്ണമോ ഉണ്ടാകാതെ സാധാരണ, അനുവദനീയമായ ബിഎംഐ നിലനിര്‍ത്തണം. മധുരപാനീയങ്ങള്‍ മിതമായ അളവില്‍ ഉപയോഗിക്കുക, ദിവസവും സ്ക്രീന്‍ ഉപയോഗിക്കുന്നത് രണ്ടുമണിക്കൂറില്‍ താഴെയായി പരിമിതപ്പെടുത്തുക, ഉറങ്ങുന്ന സ്ഥലങ്ങളില്‍നിന്ന് ടെലിവിഷനും കംപ്യൂട്ടറും നീക്കംചെയ്യുക. കൃത്യമായി പ്രഭാതഭക്ഷണം കഴിക്കുക. പുറത്തുനിന്നുള്ള ഭക്ഷണം പ്രത്യേകിച്ച് ഫാസ്റ്റ് ഫൂഡുകള്‍ കഴിക്കുന്നത് പരിമിതപ്പെടുത്തുക. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നത് പതിവാക്കുക. ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുക എന്നിവയാണ് വ്യക്തിതലത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍.

ആവശ്യമായ അളവില്‍ പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ദിവസവും 60 മിനിട്ടോ അതില്‍ക്കൂടുതലോ സമയം മിതമായി വ്യായാമം ചെയ്യുകയും ഊര്‍ജം കൂടുതലുള്ള ഭക്ഷണം നിയന്ത്രിക്കുകയും വേണം. ബേക്കറി വിഭവങ്ങള്‍ മിതമാക്കുക. സ്കൂളുകളിലും വീട്ടിലും കായികാധ്വാനം വര്‍ധിപ്പിക്കുന്ന കളികള്‍ പ്രോത്സാഹിപ്പിക്കുക.

കുട്ടികളില്‍ അമിതവണ്ണം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കുട്ടിയുടെ ഭാരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ കുടുംബത്തിന്‍റെ മൊത്തമായുള്ള ഭക്ഷണശീലങ്ങളിലും പ്രവൃത്തികളുടെ നിലയിലും പടിപടിയായി മാറ്റം വരുത്തുക.

2. നല്ല മാത്യകയാവുക. മാതാപിതാക്കള്‍ ആരോഗ്യകരമായ ഭക്ഷണശൈലി പുലര്‍ത്തുന്നവരും വ്യായാമം ചെയ്യുന്നവരുമാണെങ്കില്‍ മിക്ക കുട്ടികളും അങ്ങനെ ചെയ്യാന്‍ ശ്രമിക്കും.

3. കായികമായ പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കുക. കുട്ടികള്‍ കുറഞ്ഞത് 60 മിനിട്ടെങ്കിലും വ്യായാമം അഥവാ കായികപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

4. ടെലിവിഷനും കംപ്യൂട്ടറിനും മുന്നില്‍ ചെലവഴിക്കുന്ന സ്ക്രീന്‍ സമയം ഒരു ദിവസം രണ്ടുമണിക്കൂറില്‍ താഴെയായി പരിമിതപ്പെടുത്തുക.

5. മധുരവും കൊഴുപ്പും കൂടുതലുള്ള പാനീയങ്ങള്‍, സ്നാക്ക്സുകള്‍ എന്നിവയ്ക്കു പകരം കൊഴുപ്പില്ലാത്തതോ കുറഞ്ഞ അളവില്‍ കൊഴുപ്പുള്ളതോ ആയ പാല്‍, പുതുമയുള്ള പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചുവയ്ക്കുക.

6. ഒരു ദിവസം 5 സെര്‍വിംഗ്സ് പഴങ്ങളോ പച്ചക്കറികളോ ഉപയോഗിക്കുക.

7. മധുരം കൂടുതല്‍ അടങ്ങിയിട്ടുള്ള പാനീയങ്ങളായ സോഫ്റ്റ് ഡ്രിങ്ക്സ്, സ്പോര്‍ട്സ് ഡ്രിങ്ക്സ്, പഴച്ചാറുകള്‍ എന്നിവയ്ക്കു പകരം വെള്ളം കൂടുതല്‍ കുടിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

കടപ്പാട് :

ഡോ.പ്രസാദ് കൃഷ്ണന്‍

കണ്‍സള്‍ട്ടന്‍റ് ഗ്യാസ്ട്രോ എന്‍ഡറോളജിസ്റ്റ്

ആസ്റ്റര്‍ മെഡ്സിറ്റി, എറണാകുളം

അവസാനം പരിഷ്കരിച്ചത് : 7/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate